Sunday, March 16, 2014

പദ്ധതി നടപ്പാക്കാതെ യുപിഎ സര്‍ക്കാര്‍

ഇപിഎഫ് പദ്ധതിപ്രകാരമുള്ള കുറഞ്ഞ പെന്‍ഷന്‍ 1000 രൂപയാക്കി ഉയര്‍ത്താനുള്ള വിജ്ഞാപനം പുറപ്പെടുവിക്കാതെ യുപിഎ സര്‍ക്കാര്‍ തൊഴിലാളികളെയും ആശ്രിതരെയും വഞ്ചിക്കുന്നു. സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലുള്ള 27 ലക്ഷം പേര്‍ക്ക് പ്രയോജനമാകേണ്ട തീരുമാനം ഏപ്രില്‍ ഒന്നിനാണ് നിലവില്‍വരേണ്ടത്. മിനിമം പെന്‍ഷന്‍ ആയിരം രൂപയായി ഉയര്‍ത്താനും അംഗത്വത്തിനുള്ള ശമ്പളപരിധി വര്‍ധിപ്പിക്കാനും ഫെബ്രുവരി അഞ്ചിനുചേര്‍ന്ന ഇപിഎഫ് കേന്ദ്രട്രസ്റ്റ് ബോര്‍ഡ് ഏകകണ്ഠമായി ശുപാര്‍ശചെയ്തിരുന്നു. കേന്ദ്രമന്ത്രിസഭ അംഗീകരിച്ചതിനെ തുടര്‍ന്ന് മന്ത്രിമാരടക്കം കോണ്‍ഗ്രസ് നേതാക്കള്‍ വന്‍തോതില്‍ പ്രചാരണവും നടത്തി. എന്നാല്‍, പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച അറിയിപ്പ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് തൊഴില്‍മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറയുന്നു.

ട്രേഡ്യൂണിയനുകള്‍ അഞ്ചുവര്‍ഷമായി നടത്തിയ പോരാട്ടത്തിന്റെ ഫലമായാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പെങ്കിലും കുറഞ്ഞ പെന്‍ഷന്‍ ആയിരം രൂപയായി വര്‍ധിപ്പിക്കണമെന്ന ആവശ്യം അംഗീകരിച്ചത്. 2009നുശേഷം നടത്തിയ എല്ലാ പ്രക്ഷോഭങ്ങളിലും ഈ ആവശ്യം ഉന്നയിച്ചു. കുറഞ്ഞ പെന്‍ഷന്‍ വര്‍ധിപ്പിക്കാനും പിഎഫ് അംഗമാകാനുള്ള ശമ്പളപരിധി 15,000 രൂപയായി ഉയര്‍ത്താനും തുടര്‍ന്ന് മന്ത്രിസഭ അനുമതി നല്‍കി. എന്നാല്‍, ഇത് നടപ്പാക്കാനുള്ള വിജ്ഞാപനം ഇറക്കാന്‍ തൊഴില്‍മന്ത്രാലയവും ഇപിഎഫും തുടര്‍നടപടിയൊന്നും എടുക്കുന്നില്ല. ചെറുകിട വ്യാപാരമേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം, പുതിയ ബാങ്കിങ് ലൈസന്‍സ്, പ്രകൃതിവാതകവില വര്‍ധിപ്പിക്കല്‍ തുടങ്ങി കോര്‍പറേറ്റുകള്‍ക്ക് താല്‍പ്പര്യമുള്ള വിഷയങ്ങളില്‍ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കേന്ദ്രമന്ത്രിമാര്‍ ഭരണത്തിന്റെ അവസാനാളുകളിലും കഠിനാധ്വാനം ചെയ്യുകയാണ്. എന്നാല്‍, ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് ആശ്വാസമേകുന്ന പദ്ധതിക്കായി ആരും മുന്‍കൈയെടുക്കുന്നില്ല. കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നിലപാടിനെ സിഐടിയു അപലപിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനുമുമ്പേ തീരുമാനം എടുത്ത ഈ വിഷയത്തില്‍ ഉടന്‍ വിജ്ഞാപനം പുറപ്പെടുവിക്കണം. കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നിലപാടിനെതിരെ ഒറ്റക്കെട്ടായി പ്രതിഷേധിക്കാന്‍ സിഐടിയു പ്രസിഡന്റ് എ കെ പത്മനാഭനും ജനറല്‍ സെക്രട്ടറി തപന്‍സെന്നും അഭ്യര്‍ഥിച്ചു.

deshabhimani

No comments:

Post a Comment