Sunday, March 16, 2014

വഞ്ചനയുടെ ആള്‍രൂപം

""ആശയക്കുഴപ്പമുണ്ടാക്കുന്നതും ആക്ഷേപകരവുമായ പ്രസ്താവന ആരില്‍നിന്നും പ്രതീക്ഷിക്കുന്നില്ല; അങ്ങിനെ ഉണ്ടായാല്‍ അവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകും""- കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറയുന്നു. കോണ്‍ഗ്രസ് പ്രതിപക്ഷത്തിരിക്കേണ്ടിവരുമെന്ന് പി സി ചാക്കോ തുറന്നടിച്ചപ്പോള്‍ അച്ചടക്കത്തിെന്‍റ വാളെടുക്കുകയാണ് സുധീരന്‍. ചാക്കോയ്ക്കും ചിതറ നിയാസിനുമെതിരെ ചൂരലുമായി ഇറങ്ങിയ സുധീരന്‍, കോണ്‍ഗ്രസിലെ ഏറ്റവും വലിയ അച്ചടക്ക ലംഘകനാണെന്നത് മങ്ങാത്ത ചരിത്രം.

സുധീരന് ആദര്‍ശധീരതയുടെ പരിവേഷം ചാര്‍ത്തിക്കൊടുത്തത് കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളുടെ തലപ്പത്തിരിക്കുന്ന ചിലരാണ്. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ കരുണാകരനെതിരെ എ ഗ്രൂപ്പിന്റെ "ചാവേറാ"യി നിന്ന് വാതോരാതെ പ്രസംഗിക്കുകയും പ്രസ്താവനയിറക്കുകയും ചെയ്തതുതൊട്ട് കെപിസിസി പ്രസിഡന്റാകുന്നതുവരെ എടുത്ത ഈ വിമതനിലപാടൊഴിച്ചുനിര്‍ത്തിയാല്‍ എന്താണ് ആദര്‍ശമെന്ന് ചോദിച്ചാല്‍ ഈ മാധ്യമവൈതാളികര്‍ തലകുനിക്കും.

നല്ല ആരോഗ്യമന്ത്രിയായിരുന്നുവെന്നാണ് മറ്റൊരു പ്രചാരണം. മന്ത്രി എന്നനിലയില്‍ സുധീരന്‍ എന്തുചെയ്തുവെന്ന് ചോദിച്ചാലും ഇവര്‍ക്ക് ഉത്തരംമുട്ടും. അഴിമതിയുടെ വിഹാരകേന്ദ്രമായിരുന്ന ആരോഗ്യമേഖല സുധീരന്റെ കാലത്തും അതേപടി തുടര്‍ന്നു. തകര്‍ന്നടിഞ്ഞിരുന്ന ആരോഗ്യമേഖലയില്‍ ഒരു ചെറുചലനംപോലും അക്കാലത്ത് ഉണ്ടായില്ല. സ്പീക്കറായ കാലത്തെ വിശേഷവും മറ്റൊന്നല്ല. കരുണാകരനെതിരെ ഒളിയമ്പെയ്ത് കാലംകഴിച്ചു. ലോക്സഭാംഗം എന്നനിലയിലെ പ്രവര്‍ത്തനം ആലപ്പുഴയിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞതാണ്. അവര്‍ അതുകൊണ്ടുതന്നെ "ആദര്‍ശധീരനെ" കൈയൊഴിഞ്ഞു. പിന്നീടുള്ള കാലവും ചരിത്രമാണ്. മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ കുറവെന്ന് തോന്നുന്ന ദിവസങ്ങളില്‍ പ്രസ്താവന. വിവാദവിഷയങ്ങളില്‍ ജനപക്ഷത്തെന്ന് തോന്നിപ്പിക്കുംവിധമുള്ള പ്രതികരണം. കാര്യത്തോടടുക്കുമ്പോഴോ? തികച്ചും പിന്തിരിപ്പന്‍നിലപാട്. ഇങ്ങനെ കപടവേഷമണിഞ്ഞ വഞ്ചനയുടെ ആള്‍രൂപമാണ് കെപിസിസി പ്രസിഡന്റ്.

ചുരുങ്ങിയ കാലയളവിലെ പ്രതികരണവും പ്രവൃത്തികളും നോക്കിയാല്‍ മതി ഈ നേതാവിന്റെ തനിനിറം മനസ്സിലാക്കാന്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ രണ്ടരവര്‍ഷമായി ഓരോ വിഷയത്തിലും അതിശക്തമെന്ന് തോന്നിപ്പിക്കുന്ന നിലപാടുകള്‍ എടുത്തു. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെയും ഒരു നിമിഷംപോലും വിമര്‍ശിക്കാതെ വെറുതെ വിട്ടില്ല. ഇങ്ങനെ എന്തിനും ഏതിനും വിമര്‍ശങ്ങള്‍ നടത്തിയ ആള്‍ കെപിസിസി പ്രസിഡന്റായതോടെ അച്ചടക്കത്തിന്റെ വാള്‍ ഓങ്ങുന്നത് കാപട്യത്തിന്റെ ആദ്യമുഖം. സ്വതന്ത്രമായ അഭിപ്രായപ്രകടനംപോലും നിഷേധിക്കുന്ന ഏകാധിപത്യനിലപാടാണ് സ്വീകരിക്കുന്നത്. ഇതിന് കേന്ദ്രത്തിന്റെ പിന്തുണയുണ്ടെന്ന ഭീഷണിയും മുഴക്കുന്നു. തനിക്കെന്തുമാകാം, തനിക്കെതിരെ ഒന്നുംപാടില്ലെന്ന ഇരട്ടവ്യക്തിത്വം.

മറ്റെല്ലാറ്റിലും സുധീരന്റെ ഈ ദ്വന്ദ്വമുഖം തെളിഞ്ഞുനില്‍ക്കുന്നു. ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിലും കരിമണല്‍ഖനത്തിലും വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയെ അതിനിശിതമായി വിമര്‍ശിച്ചു. എന്നാല്‍, കെപിസിസി പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന ചടങ്ങിലേക്ക് പ്രത്യേകം ക്ഷണിച്ചുവരുത്തി. കെപിസിസി പ്രസിഡന്റിന്റെ സ്ഥാനാരോഹണചരിത്രത്തില്‍ ആദ്യമായി പങ്കെടുക്കുന്ന മറ്റൊരു പാര്‍ടിയുടെ നേതാവെന്ന ഖ്യാതി കുഞ്ഞാലിക്കുട്ടിക്ക് ചാര്‍ത്തിക്കൊടുത്തതോടെ കുഞ്ഞാലിക്കുട്ടിക്കെതിരായ ആ അധ്യായം സുധീരന്‍ അവസാനിപ്പിച്ചു. താന്‍ എന്താണെന്ന് ഈ ചടങ്ങിലൂടെതന്നെ സുധീരന്‍ തെളിയിച്ചു.

ആറന്മുള വിമാനത്താവളത്തിനെതിരെ വാതോരാതെ പ്രസംഗിച്ചു. അവിടെ പോയി ജനങ്ങളോടൊപ്പം നില്‍ക്കുന്ന നേതാവെന്ന് പറഞ്ഞു. ഒടുവില്‍ ഉമ്മന്‍ചാണ്ടിക്ക് കീഴടങ്ങിയെന്നുമാത്രമല്ല, ആറന്മുള വിമാനത്താവളത്തിനുവേണ്ടി വീറോടെ വാദിക്കുന്ന ആന്റോ ആന്റണിക്ക് പിന്തുണയും നല്‍കി. അങ്ങനെ സുധീരന് ആറന്മുളയും ആവിയായി. സോളാര്‍ തട്ടിപ്പുകേസിലും മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിന്റെ ഭൂമിതട്ടിപ്പ് കേസിലുമെല്ലാം ആദര്‍ശങ്ങള്‍ അപ്പാടെ വിഴുങ്ങി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തിലാകട്ടെ, പരിസ്ഥിതിസ്നേഹി എന്ന ഇമേജ് സൃഷ്ടിക്കാന്‍ കര്‍ഷകര്‍ക്കെതിരായ നിലപാടെടുത്തു. കെപിസിസി പ്രസിഡന്റായതോടെ ഇതെല്ലാം മറന്നു. സുധീരന്‍ നേരത്തെ എടുത്ത അതേനിലപാടില്‍ ഉറച്ചുനിന്ന പി ടി തോമസിനെ കയ്യൊഴിഞ്ഞു. ആന്റോ ആന്റണിയെ സംരക്ഷിക്കുകയും പി ടി തോമസിനെ വിട്ടുകളയുകയും ചെയ്ത "ആദര്‍ശധീരത." നെല്ലിയാമ്പതി വനം ഭൂമിതട്ടിപ്പ് കേസിലും പാറമടകള്‍ക്ക് ഖനാനുമതി നല്‍കിയ വിഷയത്തിലുമെല്ലാം മുന്‍ നിലപാടുകള്‍ അപ്പാടെ ഉപേക്ഷിക്കാന്‍ ഒരു മടിയുമില്ല. ആദര്‍ശധീരതയുടെ കുപ്പായമിട്ട നാള്‍തൊട്ട് ഇതുവരെ എടുത്ത എല്ലാ നിലപാടുകളില്‍നിന്നും മലക്കംമറിഞ്ഞ കാപട്യങ്ങളുടെ പ്രതിപുരുഷനാണ് സുധീരന്‍.

എം രഘുനാഥ് deshabhimani

No comments:

Post a Comment