Thursday, March 13, 2014

അബ്ദുള്ളക്കുട്ടിക്കെതിരെ പ്രതിഷേധം: സ്ത്രീകളോട് പുരുഷപൊലീസ് പരാക്രമം

കണ്ണൂര്‍: അബ്ദുള്ളക്കുട്ടി എംഎല്‍എയെ സംരക്ഷിക്കുന്ന പൊലീസ് നിലപാടില്‍ പ്രതിഷേധിച്ചവര്‍ക്കു നേരെയുണ്ടായ ലാത്തിച്ചാര്‍ജില്‍ നിരവധി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ബിജു കണ്ടക്കൈ, ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എം ജയലക്ഷ്മി, ജില്ലാസെക്രട്ടറി എം വി സരള, സംസ്ഥാന കമ്മിറ്റിയംഗം എ മാധവി, ജില്ലാ എക്സിക്യൂട്ടീവംഗം കെ വി ഉഷ, കെ പി രമണി, വി ലീല, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റംഗം ഒ കെ വിനീഷ്, കണ്ണൂര്‍ ബ്ലോക്ക് പ്രസിഡന്റ് പി പ്രശാന്തന്‍, ജോ. സെക്രട്ടറി കെ ഷഹറാസ്, എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് പി അഖില്‍, ശ്രീരാമന്‍, എ വി റോഷില്‍, കെ വി ജിതിന്‍, ഷബീര്‍ അലി, എം സി റമില്‍, എന്നിവര്‍ക്കാണ് പരിക്കേറ്റത്. ക്രൂരമായി മര്‍ദിച്ചശേഷം ബിജു കണ്ടക്കൈയെ പൊലീസ് ജീപ്പിലേക്ക് വലിച്ചെറിയുകയായിരുന്നു. കെ വി ഉഷയുടെ കൈ ഒടിഞ്ഞു.

അബ്ദുള്ളക്കുട്ടിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമുയര്‍ത്തി പ്രതിഷേധമാരംഭിച്ചതോടെയാണ് പൊലീസും ദ്രുതകര്‍മസേനയും പ്രവര്‍ത്തകരെ ആക്രമിച്ചത്. ഹോട്ടലിന്റെ മുന്‍വശത്ത് കുത്തിയിരുന്നവരെ പ്രകോപനമില്ലാതെ പൊലീസ് മര്‍ദിക്കുകയായിരുന്നു. കൂടുതല്‍ പൊലീസും ദ്രുതകര്‍മസേനയും സ്ഥലത്തെത്തിയാണ് പ്രവര്‍ത്തകരെ വലിച്ചിഴച്ച് വാഹനത്തിലേക്ക് തള്ളിയത്. സ്റ്റേഷനിലേക്ക് പുറപ്പെട്ട പൊലീസ് വാഹനം ഹോട്ടല്‍ ഗേറ്റില്‍ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് ലാത്തിചാര്‍ജ് ആരംഭിച്ചത്. മഹിളാ പ്രവര്‍ത്തകരുള്‍പ്പെടെയുള്ള പ്രതിഷേധക്കാരെയും ഹോട്ടലിന് മുന്നില്‍ തടിച്ചുകൂടിയ ജനങ്ങളെയും പൊലീസ് ഓടിച്ചിട്ട് തല്ലി. സംഘര്‍ഷാവസ്ഥയുണ്ടാക്കി പ്രതിഷേധക്കാരെ ഹോട്ടല്‍ പരിസരത്തുനിന്ന് ഒഴിപ്പിച്ച ശേഷമായിരുന്നു നേരത്തെ വാഹനത്തില്‍ കയറ്റിയ പ്രവര്‍ത്തകരെ സ്റ്റേഷനിലെത്തിച്ചത്. വനിതാ പൊലീസില്ലാതെയാണ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഹോട്ടലിലെത്തിയത്. മഹിളാ പ്രവര്‍ത്തകരെ പുരുഷ പൊലീസ് ആക്രമിക്കുകയായിരുന്നു. കേട്ടാലറക്കുന്ന ഭാഷയില്‍ അസഭ്യം പറഞ്ഞായിരുന്നു ലാത്തിച്ചാര്‍ജ്. വഴിയാത്രക്കാരെയും പൊലീസ് ഉപദ്രവിച്ചു. കോണ്‍ഗ്രസ് നേതാക്കളും ഹോട്ടല്‍ ഗേറ്റിനപ്പുറത്തുനിന്ന് അസഭ്യം ചൊരിഞ്ഞു.

ക്രൂരമായി ബലാത്സംഗംചെയ്തു; കൊല്ലുമെന്നും ഭീഷണിപ്പെടുത്തി

മസ്ക്കറ്റ് ഹോട്ടലില്‍ വിളിച്ചുവരുത്തി തന്നെ ബലാത്സംഗം ചെയ്തത് പുറത്തുപറഞ്ഞാല്‍ പിന്നെ ജീവനോടെയുണ്ടാകില്ലെന്ന് എ പി അബ്ദുള്ളക്കുട്ടി ഭീഷണിപ്പെടുത്തിയെന്ന് സരിത നായരുടെ പരാതിയില്‍ പറഞ്ഞു. "ജാമ്യം കിട്ടി ജയിലില്‍നിന്ന് ഇറങ്ങിയതിനു ശേഷവും അബ്ദുള്ളക്കുട്ടിയുടെ ആളുകള്‍ എംഎല്‍എയെപ്പറ്റി പറഞ്ഞാല്‍ പിന്നെ സംസാരിക്കാനുണ്ടാകില്ലെന്ന് എന്റെ അഭിഭാഷകനെ വിളിച്ചുപറഞ്ഞു. ജീവന്‍ പോയാലും ഇനി കേരളത്തിലെ ഒരു സ്ത്രീക്കും അബ്ദുള്ളക്കുട്ടിയില്‍നിന്ന് എനിക്കുണ്ടായ അനുഭവം ഉണ്ടാകരുതെന്ന് ഞാനാഗ്രഹിക്കുന്നു" സരിതയുടെ ഏഴു പേജുള്ള പരാതി അവസാനിക്കുന്നത് ഇങ്ങനെയാണ്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി മൂന്നില്‍ അബ്ദുള്ളക്കുട്ടിയെ പ്രതിയാക്കി പൊലീസ് സമര്‍പ്പിച്ച പ്രഥമവിവര റിപ്പോര്‍ട്ടിനോടൊപ്പം സരിതയുടെ പരാതിയുടെ പകര്‍പ്പും ഹാജരാക്കിയിട്ടുണ്ട്.

അതേസമയം, പ്രത്യേക അന്വേഷണസംഘം സരിതയില്‍നിന്ന് വിശദമായ മൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചു. മൊഴി നല്‍കുന്നതിന് സൗകര്യമുള്ള ദിവസവും സമയവും അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക സംഘത്തിലെ ഡിവൈഎസ്പി കെ ഇ ബൈജു സരിതയുടെ ചെങ്ങന്നൂരിലെ വിലാസത്തില്‍ ബുധനാഴ്ച നോട്ടീസ് അയച്ചു. സരിതയുടെ മറുപടി കിട്ടിയതിനുശേഷം മൊഴി എടുക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

സരിതയുടെ പരാതിയിലെ പ്രസക്തഭാഗം ചുവടെ:

2012ല്‍ എന്റെ ഔദ്യോഗിക നമ്പരായ 8606161700 ല്‍ അബ്ദുള്ളക്കുട്ടി വിളിച്ചു. അദ്ദേഹത്തിന് ഒരു രാഷ്ട്രീയസുഹൃത്ത് നല്‍കിയതാണെന്ന് പറഞ്ഞു. സോളാര്‍ പവറിനെപ്പറ്റി അദ്ദേഹത്തിന്റെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി. അതിനുശേഷം തുടരെത്തുടരെ ഈ മേല്‍പ്പറഞ്ഞ നമ്പരിലും സഹപ്രവര്‍ത്തകരുടെ നമ്പരിലും വിളിച്ചു... അടുപ്പമുള്ളവരോട് സംസാരിക്കുന്നതു പോലെ നീ എന്നൊക്കെയാണ് അഭിസംബോധന നടത്തിയത്. ചായകുടിച്ചോ, എന്തു കഴിച്ചു എന്നൊക്കെ തരംതാഴ്ന്നനിലയില്‍ ചോദിച്ചു. അതിനുശേഷം കണ്ണൂര്‍ക്ക് വരാന്‍ ആവശ്യപ്പെട്ടു. രണ്ടാഴ്ചയ്ക്കകം വരാമെന്ന് പറഞ്ഞെങ്കിലും എത്രയുംവേഗം വരണമെന്ന് പലപ്രാവശ്യം നിര്‍ബന്ധിച്ചു. കണ്ണൂരില്‍ ചെന്ന് അദ്ദേഹത്തെ കണ്ട് സംസാരിച്ചപ്പോള്‍ ശരീരത്തിന്റെ ഷെയ്പ്പിനെ പറ്റിയും നിറത്തെ കുറിച്ചുമാണ് സംസാരിച്ചത്. സ്വാധീനമുള്ള എംഎല്‍എ ആയതിനാല്‍ മോശമായ പ്രതികരണത്തോട് പ്രതികരിച്ചില്ല. പിന്നീട് നിരന്തരം വിളിച്ച് സഭ്യതയുടെ അതിര്‍വരമ്പ് ലംഘിച്ച് സംസാരിച്ചു. നേരിട്ടുകണ്ടാലേ പ്രോജക്ടിനെ കുറിച്ച് സംസാരിക്കാന്‍ കഴിയൂവെന്നും ഇനി തെറ്റായി ഒന്നും പറയില്ലെന്നും പറഞ്ഞു... പല നമ്പരുകളില്‍നിന്നും വിളിച്ചിട്ടുണ്ടെങ്കിലും 9496666666 എന്ന നമ്പരില്‍നിന്നാണ് കൂടുതല്‍ വിളിക്കുകയും എസ്എംഎസ് അയക്കുകയും ചെയ്തത്.

നിയമസഭാ സമ്മേളനം നടക്കുന്ന സമയത്താണ് മസ്ക്കറ്റ് ഹോട്ടലിലേക്ക് വിളിച്ചത്. ഞാനും ഡ്രൈവറുമൊത്താണ് അവിടെ ചെന്നത്. റിസപ്ഷനില്‍ ചെന്ന് ഫോണില്‍ വിളിച്ചപ്പോള്‍ ലിഫ്റ്റ് വഴി ഒന്നാം നിലയിലെ വലതുവശത്തെ രണ്ടാം നമ്പര്‍ റൂമില്‍ വരാന്‍ ആവശ്യപ്പെട്ടു. മുറിയില്‍ പിഎയും സന്ദര്‍ശകരും ഉണ്ടെന്നാണ് പറഞ്ഞത്. അബ്ദുള്ളക്കുട്ടി തന്നെയാണ് വാതില്‍ തുറന്നത്. ഖദര്‍ ഷര്‍ട്ടിട്ട ഒരാള്‍ മുറിയില്‍ കയറിവരികയും ആഹാരം കഴിച്ചിട്ടുവരാമെന്നു പറഞ്ഞ് പോകുകയും ചെയ്തു. മുറിയില്‍ മറ്റാരെയും കണ്ടില്ല. ഭക്ഷണം കഴിക്കാന്‍ പോയിരിക്കുകയാണെന്നാണ് ഞാന്‍ ചോദിച്ചപ്പോള്‍ പറഞ്ഞത്. പ്രോജക്ടിനെപ്പറ്റി സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ അത് അവിടെ നില്‍ക്കട്ടെയെന്നാണ് പറഞ്ഞത്.

"ഇയാള്‍ എന്റെ ഒരു സ്വപ്നമാണ് എന്ന് പറഞ്ഞുകൊണ്ട് അടുത്തേക്ക് വന്നു. സോഫയിലിരുന്ന എന്റെ തോളിലേക്ക് രണ്ടു കൈകള്‍ കൊണ്ട് ബലമായി പിടിച്ച് ചുംബിക്കാന്‍ ശ്രമിച്ചു. എതിര്‍ത്തപ്പോള്‍ ബലം പ്രയോഗിച്ചു. എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ സാരി പിടിച്ചുവലിച്ച് കിടക്കയിലേക്ക് തള്ളിയിട്ടു. വീട്ടുകാരെ ചീത്ത പറഞ്ഞു. പിന്നെ ക്രൂരമായി ബലാത്സംഗം ചെയ്തു. ശരീരത്തില്‍ മുറിവേല്‍പ്പിച്ചതായും സരിതയുടെ പരാതിയില്‍ പറയുന്നു. അബ്ദുള്ളക്കുട്ടി ആരെയോ ഫോണ്‍ ചെയ്ത തക്കത്തില്‍ താന്‍ അവിടെനിന്ന് രക്ഷപ്പെട്ടെന്നും തന്നെ ഇനിയും വേണമെന്നു പറഞ്ഞ് പിന്നെയും വിളിച്ചെന്നും എംഎല്‍എ ക്വാര്‍ട്ടേഴ്സില്‍ ചെല്ലാന്‍ ആവശ്യപ്പെട്ടെന്നും പരാതിയിലുണ്ട്. 2013 ജൂണ്‍ രണ്ടിന് താന്‍ അറസ്റ്റിലാകുന്ന ദിവസംവരെ തന്നെ ലൈംഗികബന്ധത്തിനായി ക്ഷണിച്ചുകൊണ്ടുള്ള എസ്എംഎസുകള്‍ വന്നിരുന്നു. പെരുമ്പാവൂര്‍ ഡിവൈഎസ്പി ഓഫീസില്‍ കസ്റ്റഡിയില്‍ കഴിയുമ്പോള്‍ ജൂണ്‍ രണ്ടിനും മൂന്നിനുമാണ് പൊലീസിനോട് തന്റെ ഒരു കാര്യവും പറയരുതെന്ന് അബ്ദുള്ളക്കുട്ടി എസ്എംഎസ് അയച്ചതെന്ന് സരിത പരാതിയില്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment