Friday, March 14, 2014

രാഷ്ട്രീയ സദാചാരം വീണ്ടെടുക്കാന്‍

ആലപ്പുഴയുടെ ഇടതുപക്ഷ മനസ്സ് ഊട്ടിയുറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പുന്നപ്ര വയലാറിന്റെ പിന്മുറക്കാര്‍. ഒപ്പം നേരിന്റെ നെഞ്ചുറപ്പുള്ള ഈ മണ്ണിന്റെ രാഷ്ട്രീയ സദാചാരം വീണ്ടെടുക്കാനുള്ള ധര്‍മയുദ്ധത്തിലും. ഏറ്റവും നീളംകൂടിയ മണ്ഡലം പക്ഷേ പ്രായത്തില്‍ ശിശുവാണ്. 1977ലാണ് ആലപ്പുഴ നിലവില്‍ വരുന്നത്. അതിനുമുമ്പ് അമ്പലപ്പുഴയെന്നായിരുന്നു പേര്. പി ടി പുന്നൂസ്, പി കെ വാസുദേവന്‍നായര്‍, സുശീല ഗോപാലന്‍ തുടങ്ങിയ കമ്യൂണിസ്റ്റ് നേതാക്കള്‍ക്ക് വിജയപാതയൊരുക്കിയ മണ്ഡലം. അതുകൂടി കണക്കിലെടുത്താല്‍ എല്‍ഡിഎഫ് ഏഴുപ്രാവശ്യവും യുഡിഎഫ് എട്ടുവട്ടവും ഇവിടെ വിജയിച്ചു. ആലപ്പുഴ ജില്ലയിലെ അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളവും കൊല്ലത്തെ കരുനാഗപ്പള്ളി അസംബ്ലിമണ്ഡലവും ചേര്‍ന്നതാണ് അറബിക്കടലിന്റെ ഓരംചേര്‍ന്ന് തെക്കുവടക്ക് നീണ്ടുകിടക്കുന്ന ആലപ്പുഴ ലോക്സഭാ മണ്ഡലം.

ഇതില്‍ ഉള്‍പ്പെട്ട ഏഴു നിയമസഭാ മണ്ഡലങ്ങളില്‍ ആറും എല്‍ഡിഎഫിനൊപ്പമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് കണക്കാക്കിയാല്‍ 79,000ല്‍ അധികം വോട്ടിന്റെ ഭൂരിപക്ഷം എല്‍ഡിഎഫിനുണ്ട്. മണ്ഡലത്തില്‍ 12,31,230 വോട്ടാണുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ 84,068 വോട്ടര്‍മാരുടെ വര്‍ധന. പുതിയ വോട്ടര്‍മാരുടെ ചായ്വ് ഇടതുപക്ഷത്തോടൊപ്പമാണെന്ന് കഴിഞ്ഞ പാര്‍ലമെന്റിനുശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ കണക്ക് വ്യക്തമാക്കുന്നു.

ആലപ്പുഴ വീണ്ടും തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ തീരദേശപരിപാലന നിയമംമുതല്‍ സോളാര്‍ തട്ടിപ്പുവരെയുള്ള വിഷയങ്ങളും സജീവചര്‍ച്ചയാണ്. 110 കിലോമീറ്റര്‍ കടലുമായി തീരം പങ്കിടുന്ന മണ്ഡലമെന്ന നിലയില്‍ തീരദേശ പരിപാലന നിയമംതന്നെയാണ് പ്രധാന ചര്‍ച്ച. മത്സ്യത്തൊഴിലാളികളെയും തീരദേശവാസികളെയും ദ്രോഹിക്കുന്ന നിയമം പാര്‍ലമെന്റ് അംഗീകരിച്ചപ്പോള്‍ കെ സി വേണുഗോപാല്‍ അതിനെതിരെ ചര്‍ച്ചചെയ്യുകയോ വിയോജനക്കുറിപ്പ് എഴുതുകയോ ചെയ്യാതിരുന്നത് കോണ്‍ഗ്രസിനെതിരെ തീരദേശത്ത് വികാരമുണ്ടാക്കിയിട്ടുണ്ട്. സോളാര്‍ വിവാദം പൊട്ടിപ്പുറപ്പെട്ട ദിവസങ്ങളില്‍ കെ സി വേണുഗോപാല്‍ മൂന്നാഴ്ചയോളം വീട്ടിലടച്ചിരുന്നതും ചര്‍ച്ചയാണ്. ഗണേശ്കുമാറുമായുള്ള പ്രശ്നം കെ സി വേണുഗോപാല്‍ വിളിച്ചുചോദിച്ചതായി സരിത വെളിപ്പെടുത്തിയതും കേസില്‍ എംപിക്കുള്ള ബന്ധം വെളിപ്പെടുത്തി. ആലപ്പുഴ ബൈപാസ് നിര്‍മാണം, ചേര്‍ത്തല വാഗണ്‍ ഫാക്ടറി, കായംകുളം താപനിലയം രണ്ടാംഘട്ടം എന്നീ വാഗ്ദാനങ്ങള്‍ പാലിക്കാതിരുന്നതും മണ്ഡലത്തില്‍ ചര്‍ച്ചയാണ്.

ഡി ദിലീപ് deshabhimani

No comments:

Post a Comment