Sunday, March 16, 2014

ജനത്തെ വലച്ച് ആധാറും

കല്യാണിയമ്മയ്ക്ക് പ്രായം 80 കാണും. വിവാഹം കഴിച്ചിട്ടില്ല. കുടുംബം എന്നു പറയാന്‍ കൂടെയുള്ളത് സഹോദരന്റെ ഭാര്യയും മക്കളുമാണ്. സഹോദരനും ജീവിച്ചിരിപ്പില്ല. അയല്‍വീടുകളില്‍ ജോലിക്കുപോയാലേ കല്യാണിയമ്മയ്ക്ക് ആഹാരത്തിനും മരുന്നിനുമുള്ള പണം കിട്ടൂ. സഹോദരിയുടെ മക്കള്‍ കൂടെയുണ്ടെങ്കിലും അത് ആശ്രയമല്ല. മാത്രമല്ല, സ്വയം അധ്വാനിച്ച് ജീവിക്കുന്നതാണ് ഈ പ്രായത്തിലും അവര്‍ക്കിഷ്ടം. കൂനിക്കൂനി നടക്കുന്ന അവര്‍ ഇപ്പോഴും വീട്ടുജോലിക്ക് പോകുന്നു. ചെറിയ വാര്‍ധക്യപെന്‍ഷന്‍ ആശ്വാസമാണ്. ഉള്ളതുകൊണ്ട് സന്തോഷമായി കഴിഞ്ഞിരുന്ന കല്യാണിയമ്മയ്ക്ക് കുറച്ചുമാസമായി മനഃസമാധാനമില്ല. കാരണം, അവര്‍ക്ക് ആധാര്‍ കാര്‍ഡും ബാങ്ക് അക്കൗണ്ടുമില്ല. ഇത് രണ്ടുമില്ലെങ്കില്‍ പെന്‍ഷന്‍ കിട്ടില്ലെന്ന് ആരോ അവരോട് പറഞ്ഞിട്ടുണ്ട്.

എത്രകാലം ജോലിചെയ്യാന്‍ പറ്റുമെന്ന് അറിയില്ല. ആരോടും കൈനീട്ടാതെ കഞ്ഞികുടിക്കാന്‍ പെന്‍ഷന്‍ സഹായിക്കുമെന്നായിരുന്നു കരുതിയത്. അതുകൂടി കിട്ടാതായാല്‍. ഭാഗ്യത്തിന് അവര്‍ക്ക് പാചകവാതക കണക്ഷന്‍ ഇല്ല. നഗരത്തിലാണെങ്കിലും വിറകും ചിരട്ടയും തന്നെയാണ് അടുപ്പുകത്തിക്കാന്‍ അവര്‍ ഉപയോഗിക്കുന്നത്. ആധാര്‍ കാര്‍ഡ് ശരിയാക്കിക്കൊടുക്കാമെന്ന് അടുത്തുള്ള രാഷ്ട്രീയ പാര്‍ടി പ്രവര്‍ത്തകര്‍ അവരോട് പറഞ്ഞിട്ടുണ്ട്. അതിനും തിരിച്ചറിയല്‍ രേഖയും വിലാസം തെളിയിക്കുന്ന രേഖയും മറ്റും ഹാജരാക്കണം. അക്ഷയ സെന്ററില്‍ പോയി ക്യൂ നില്‍ക്കണം. ബയോമെട്രിക് വിവരം രേഖപ്പെടുത്തുന്ന യന്ത്രത്തില്‍ വിരലുകള്‍ നന്നായി അമര്‍ത്തിയാലേ രേഖ തെളിയൂ. അതിനുള്ള ശക്തിപോലും അവര്‍ക്കുണ്ടെന്നു തോന്നുന്നില്ല. അതൊക്കെ ശരിയായാല്‍ ബാങ്ക് അക്കൗണ്ട്. മുമ്പ് അവര്‍ ഒരു ബാങ്ക് അക്കൗണ്ട് ശരിയാക്കിയിരുന്നു. എന്തോ വായ്പയെടുക്കാന്‍. ആ അക്കൗണ്ട് പോരാ. വാണിജ്യബാങ്കില്‍ത്തന്നെ അക്കൗണ്ട് തുറക്കണം. എല്ലാം ശരിയായാല്‍ സബ്സിഡിയും പെന്‍ഷനുമൊക്കെ ബാങ്കില്‍ വരും. വിവരത്തിന് എസ്എംഎസും ഇ-മെയിലും അയക്കും. പണം വന്നാല്‍ എടുക്കാന്‍ എടിഎം കാര്‍ഡ് നല്‍കിയിട്ടുണ്ടാകും. ഇതൊക്കെ കേട്ടാണ് കല്യാണിയമ്മ കരഞ്ഞത്. അവരെ എങ്ങനെയാണ് ആശ്വസിപ്പിക്കുക?

കല്യാണിയമ്മയെപ്പോലെ കോടിക്കണക്കിനാളുകള്‍ ഇന്ത്യയിലുണ്ട്. അവര്‍ക്ക് സ്വന്തമായ വീടോ വിലാസം തെളിയിക്കുന്ന രേഖയോ ബാങ്ക് അക്കൗണ്ടോ ഇല്ല. അവരോടാണ് മന്‍മോഹന്‍സിങ് പറയുന്നത്: ""ആപ്കാ പൈസ ആപ്കേ ഹാത്ത്"". നിങ്ങളുടെ പണം നിങ്ങളുടെ കൈയിലെന്ന്. കല്യാണിയമ്മയ്ക്ക് അര്‍ഹമായത് അവരുടെ കൈകളില്‍ എത്തിക്കാനാണോ ആധാര്‍? അധികാരം കൈയാളുന്നവരോട് ഗാന്ധിജി പറഞ്ഞു: "നിങ്ങള്‍ പദ്ധതി ആവിഷ്കരിക്കുമ്പോള്‍, തീരുമാനമെടുക്കുമ്പോള്‍, ദരിദ്രരില്‍ ദരിദ്രനായ മനുഷ്യനെ കാണണം. നിങ്ങളുടെ തീരുമാനം ആ പാവത്തെ എങ്ങനെ ബാധിക്കുമെന്ന് നോക്കണം". ഇവിടെ ദരിദ്രരെയും ദുര്‍ബലവിഭാഗങ്ങളെയും കബളിപ്പിച്ച് സാമ്പത്തിക ഉദാരവല്‍ക്കരണത്തിന് ശക്തിയും വേഗവും കൂട്ടുന്നതിനാണ് ആധാര്‍ കൊണ്ടുവന്നത്. ആധാര്‍ കിട്ടിയാല്‍ സ്വസ്ഥതയായി എന്ന് ആരും തെറ്റിദ്ധരിക്കരുത്. അതിലും കടുപ്പമുള്ളത് വേറെ വരുന്നുണ്ട്. എന്‍പിആര്‍. നാഷണല്‍ പോപ്പുലേഷന്‍ രജിസ്റ്റര്‍.

കാര്‍ഗില്‍ യുദ്ധത്തിനുശേഷം 2001ലാണ് എല്ലാ പൗരന്മാര്‍ക്കും തിരിച്ചറിയല്‍രേഖ നല്‍കാന്‍ അന്നത്തെ എന്‍ഡിഎ സര്‍ക്കാര്‍ തീരുമാനിച്ചത്. അനധികൃത കുടിയേറ്റവും നുഴഞ്ഞുകയറ്റവും തടയുക ലക്ഷ്യം. അതിനുവേണ്ടി 1955ലെ പൗരത്വനിയമം ഭേദഗതിചെയ്തു. പുതിയ ചട്ടങ്ങള്‍ കൊണ്ടുവന്നു. അതനുസരിച്ച് എന്‍പിആര്‍ പ്രകാരമുള്ള രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. ഇല്ലെങ്കില്‍ ശിക്ഷിക്കാന്‍വരെ വകുപ്പുണ്ട്. വിവരശേഖരണം പലതലത്തില്‍ നടക്കുന്നുണ്ട്. ആധാര്‍ ഒരുവഴിക്ക്, എന്‍പിആര്‍ വേറൊരു വഴിക്ക്. എന്‍പിആര്‍ എടുത്താല്‍ ആധാര്‍ "ഫ്രീ" എന്നും പ്രചാരണമുണ്ട്. എന്‍പിആര്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ പരിപാടിയാണ്. എന്നാല്‍, ആധാര്‍ അതോറിറ്റി ആസൂത്രണമന്ത്രാലയത്തിനു കീഴിലാണ് വരുന്നത്. ആഭ്യന്തര, ധനകാര്യ, ആസൂത്രണ മന്ത്രാലയങ്ങള്‍ തമ്മില്‍ ആധാര്‍കാര്‍ഡ് കാര്യത്തില്‍ ഒരു അഭിപ്രായ ഐക്യവുമില്ല. ആധാര്‍ നടപ്പാക്കുന്നതിനുള്ള നാഷണല്‍ ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ബില്‍ ഇപ്പോള്‍ പാര്‍ലമെന്റിന്റെ പരിഗണനയിലാണ്. ഈ ബില്‍ പരിശോധിക്കുന്ന ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി മുമ്പാകെ മന്ത്രാലയങ്ങള്‍ ഭിന്ന നിലപാടുകളാണ് എടുത്തത്. പാര്‍ലമെന്ററി കമ്മിറ്റിതന്നെ ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിസഭയിലും ആധാര്‍ സംബന്ധിച്ച തര്‍ക്കം അവസാനിച്ചിട്ടില്ല. എങ്കിലും ആധാര്‍ അതോറിറ്റിയും വിവിധ സര്‍ക്കാര്‍വകുപ്പുകളും ഈ പദ്ധതിയുമായി മുമ്പോട്ടുപോകുന്നു. ആധാര്‍ എന്തിന് കൊണ്ടുവന്നു എന്നതിനെപ്പറ്റി സര്‍ക്കാരിന് വ്യക്തമായ വിശദീകരണം ജനങ്ങള്‍ക്കു മുമ്പിലോ പാര്‍ലമെന്റിലോ കോടതിയിലോ പറയാന്‍ കഴിഞ്ഞിട്ടില്ല.

ആധുനിക ഇന്ത്യയുടെ പ്രതീകം എന്നാണ് ആധാര്‍ കാര്‍ഡിനെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഒരിടത്ത് പറഞ്ഞത്. അദ്ദേഹത്തിന്റെ ഓഫീസ് പറഞ്ഞത് സബ്സിഡിയും ആനുകൂല്യങ്ങളും നേരിട്ട് എത്തിക്കാന്‍ ഇത് സഹായിക്കുമെന്നാണ്. മാത്രമല്ല, ചെലവ് നിയന്ത്രിക്കാനും സാമ്പത്തിക പരിഷ്കാരം മുമ്പോട്ടുകൊണ്ടുപോകാനും ഇത് സഹായിക്കും. കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാരിന്റെ ഉള്ളിലിരിപ്പ് ഇതില്‍ നിന്ന് മനസ്സിലാക്കാം. സബ്സിഡി വെട്ടിക്കുറയ്ക്കണം. ഉദാരവല്‍ക്കരണം മുമ്പോട്ടുകൊണ്ടുപോകണം. അതിനാണ് ""ആപ്കാ പൈസ ആപ്കേ ഹാത്ത്"" എന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുന്നത്. ഇന്‍ഫോസിസസ് മേധാവിയായിരുന്ന നന്ദന്‍ നിലേകനിയെയാണ് യുഐഡിഎഐ (ആധാര്‍ നടപ്പാക്കുന്ന അതോറിറ്റി) ചെയര്‍മാനായി നിശ്ചയിച്ചത്. ആധാര്‍ തുടങ്ങിയേടത്തുനിന്ന് അധികം മുമ്പോട്ടുപോയിട്ടില്ല. നിലേകനി രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബംഗളൂരില്‍ അദ്ദേഹം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ലോക്സഭയിലേക്ക് മത്സരിക്കുന്നു. കോണ്‍ഗ്രസിന്റെ താല്‍പ്പര്യത്തിന് തുള്ളുന്ന, വലിയ രാഷ്ട്രീയമോഹമുള്ള ഐടി പ്രൊഫഷണലായിരുന്നു നിലേകനിയെന്ന് വ്യക്തമായി. കേന്ദ്രത്തില്‍ ഏത് സര്‍ക്കാര്‍ വന്നാലും ആധാര്‍ പൂര്‍ത്തിയാകുമോ എന്ന് സംശയമാണ്. 50,000 കോടി രൂപയാണ് പദ്ധതിയുടെ എസ്റ്റിമേറ്റ്. എന്നാല്‍, ചെലവ് 72,000 കോടി രൂപയാകുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. അത് ഒരു ലക്ഷം കോടി രൂപയിലെത്തിയാലും അത്ഭുതമില്ല. ഇതിന്റെ സാമ്പത്തിക പ്രത്യാഘാതവും വിലയിരുത്തിയിട്ടില്ല. മിക്കവാറും ജോലി സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിച്ചിരിക്കയാണ്.

ഐടി ഹാര്‍ഡ്വെയര്‍, സോഫ്റ്റ്വെയര്‍ രംഗത്തെ സ്വകാര്യകമ്പനികള്‍ക്ക് കുശാല്‍. ബ്രിട്ടനില്‍ തിരിച്ചറിയല്‍ കാര്‍ഡ് പദ്ധതി നടപ്പാക്കാന്‍ 2004 മുതല്‍ ശ്രമം തുടങ്ങിയിരുന്നു. എന്നാല്‍, പരാജയപ്പെട്ടു. ജനങ്ങളുടെ എതിര്‍പ്പുകാരണം പദ്ധതി പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു. ലോകപ്രശസ്തമായ ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സിന്റെ പഠനറിപ്പോര്‍ട്ടില്‍നിന്ന്: ""പൊതുതാല്‍പ്പര്യത്തിനും വ്യക്തികളുടെ നിയമപരമായ അവകാശങ്ങള്‍ക്കും വലിയ ഭീഷണിയാണ് ഈ പദ്ധതി."" ഈ നിരീക്ഷണം ഇന്ത്യയിലെ ആധാര്‍പദ്ധതിക്കും ബാധകമാണെന്ന് ഇതുസംബന്ധിച്ച ബില്‍ പരിശോധിച്ച പാര്‍ലമെന്ററി കമ്മിറ്റി ചൂണ്ടിക്കാട്ടി. ബ്രിട്ടനില്‍ "നോ ടു ഐഡി" എന്ന ജനകീയപ്രസ്ഥാനംതന്നെ രൂപമെടുത്തിരുന്നു. ആധാര്‍പദ്ധതിക്കും ബ്രിട്ടനിലെ തിരിച്ചറിയല്‍കാര്‍ഡ് പദ്ധതിയുടെ ഗതിവരില്ലെന്നു പറയാനാകില്ല. അത് ലോക്സഭാ തെരഞ്ഞെടുപ്പു ഫലത്തെക്കൂടി ആശ്രയിച്ചിരിക്കുന്നു.

പി പി അബൂബക്കര്‍ deshabhimani

No comments:

Post a Comment