Sunday, May 18, 2014

പുതിയ സഭയില്‍ മുസ്ലിം പ്രാതിനിധ്യം 22 മാത്രം

ഹിന്ദുത്വരാഷ്ട്രീയവാദികള്‍ക്ക് മൃഗീയഭൂരിപക്ഷമുള്ള 16-ാം ലോക്സഭയില്‍ ന്യൂനപക്ഷശബ്ദം ദുര്‍ബലം. ചരിത്രത്തിലാദ്യമായി മുസ്ലിം മതവിഭാഗത്തില്‍നിന്നുള്ള അംഗങ്ങളുടെ എണ്ണം 22ല്‍ ഒതുങ്ങി. സഭയിലെ മുസ്ലിം പ്രാതിനിധ്യം 4.05 ശതമാനം മാത്രം. പശ്ചിമബംഗാളില്‍ നിന്നാണ് കൂടുതല്‍ മുസ്ലിങ്ങള്‍ ഇക്കുറി സഭയിലെത്തിയത്. എട്ടുപേര്‍. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നാലും സിപിഐ എം, കോണ്‍ഗ്രസ് പട്ടികയിലെ രണ്ടുപേര്‍ വീതവും. ബിഹാറില്‍നിന്ന് ആര്‍ജെഡി, എന്‍സിപി, എല്‍ജെപി, കോണ്‍ഗ്രസ് പ്രതിനിധികളായി ഒരാള്‍ വീതം മുസ്ലിം മതവിഭാഗത്തില്‍നിന്ന് സഭയിലെത്തും. കേരളത്തില്‍നിന്ന് മൂന്നുപേരുണ്ട്- മുസ്ലിംലീഗിന്റെ രണ്ടും കോണ്‍ഗ്രസിന്റെ ഒന്നും. ഓള്‍ ഇന്ത്യാ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ രണ്ടുപേര്‍ അസമില്‍ നിന്നുണ്ട്. കശ്മീരില്‍നിന്ന് മൂന്നുപേര്‍ പാര്‍ലമെന്റില്‍ എത്തി. തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍നിന്ന് ഒന്നുവീതം എംപിമാര്‍ പുതിയ സഭയിലുണ്ട്. വന്‍ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ ബിജെപി പാനലില്‍ മുസ്ലിങ്ങളാരുമില്ല. ബിഹാറിലെ ഭാഗല്‍പുരില്‍നിന്ന് ജനവിധി തേടിയ ഷാനവാസ് ഹുസൈന്‍ മാത്രമാണ് ബിജെപി പട്ടികയില്‍ ഇടംനേടിയ ഏക മുസ്ലിം സ്ഥാനാര്‍ഥി. എന്നാല്‍, ആര്‍ജെഡി സ്ഥാനാര്‍ഥി ഷൈലേഷ്കുമാറിനോട് പതിനായിരത്തോളം വോട്ടിന് തോറ്റു. രാജ്യത്ത് ഏറ്റവുമധികം മുസ്ലിങ്ങളുള്ള സംസ്ഥാനം ഉത്തര്‍പ്രദേശാണ്.

യുപിയിലെ 80 മണ്ഡലത്തില്‍ ഭൂരിഭാഗം എണ്ണത്തിലും മുസ്ലിങ്ങള്‍ക്ക് ശക്തമായ സ്വാധീനമുണ്ട്. 73 സീറ്റില്‍ ജയിച്ച ബിജെപി ഒരു സീറ്റില്‍ പോലും മുസ്ലിങ്ങളെ സ്ഥാനാര്‍ഥിയാക്കിയില്ല എന്നത് ശ്രദ്ധേയം. മുസ്ലിം കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ തീവ്രഹിന്ദുത്വവാദികളെ മത്സരിപ്പിച്ച് ജയിപ്പിക്കുകയും ന്യൂനപക്ഷശബ്ദം അടിച്ചമര്‍ത്തുകയും ചെയ്യുകയെന്ന ആര്‍എസ്എസ് തന്ത്രമാണ് ഇക്കുറി ബിജെപി വിജയകരമായി പരീക്ഷിച്ചത്. ന്യൂനപക്ഷവിരുദ്ധ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ മോഡി ഒരുങ്ങിയാല്‍ കാര്യമായ എതിര്‍പ്പ് പാര്‍ലമെന്റില്‍ ഉയരാതിരിക്കാനും ഇത് സഹായിക്കുമെന്ന്് ബിജെപി കണക്കുകൂട്ടുന്നു.

രാജ്യത്താകമാനം 14.4 ശതമാനം ജനസംഖ്യയുള്ള മുസ്ലിം വിഭാഗത്തില്‍നിന്നുള്ള പ്രാതിനിധ്യം ഇത്രയേറെ കുറയുന്നത് ഇതാദ്യമാണ്. 1952ലെ ആദ്യ ലോക്സഭയിലും 1957ലെ രണ്ടാം സഭയിലുമാണ് സമാനമായ അവസ്ഥയുണ്ടായത്. 52ല്‍ 25ഉം 57ല്‍ 23ഉം മുസ്ലിങ്ങളായിരുന്നു സഭയിലെത്തിയത്. ഏറ്റവുംകൂടുതല്‍ മുസ്ലിം അംഗങ്ങള്‍ പ്രതിനിധാനംചെയ്ത സഭ 1980ലേതായിരുന്നു. 49 പേര്‍. പിന്നീട് 84ലും മുസ്ലിം പ്രാതിനിധ്യം സാമാന്യം ഭേദപ്പെട്ടതായിരുന്നു-45. 62ല്‍ 26, 67ല്‍ 28, 71ല്‍ 32, 89ല്‍ 33, 91ല്‍ 29, 96ല്‍ 27, 98ല്‍ 38, 99ല്‍ 32, 2004ല്‍ 35, 2009ല്‍ 28 എന്നിങ്ങനെയായിരുന്നു മറ്റ് ലോക്സഭകളിലെ മുസ്ലിം പ്രാതിനിധ്യം.

deshabhimani

2 comments:

  1. //യുപിയിലെ 80 മണ്ഡലത്തില്‍ ഭൂരിഭാഗം എണ്ണത്തിലും മുസ്ലിങ്ങള്‍ക്ക് ശക്തമായ സ്വാധീനമുണ്ട്. 73 സീറ്റില്‍ ജയിച്ച ബിജെപി ഒരു സീറ്റില്‍ പോലും മുസ്ലിങ്ങളെ സ്ഥാനാര്‍ഥിയാക്കിയില്ല //

    അവിടെ മറ്റുപാർട്ടികൾ മുസ്ലീങ്ങളെ സ്ഥാനാർഥിയാക്കിയിരുന്നല്ലോ. എന്നിട്ടും മുസ്ലീങ്ങൾ ബിജെപിക്ക് വോട്ടുചെയ്തതുകൊണ്ടാണല്ലോ അവർ ജയിച്ചത്.

    //തീവ്രഹിന്ദുത്വവാദികളെ മത്സരിപ്പിച്ച് ജയിപ്പിക്കുകയും//

    ജനത്തിന്റെ കയ്യ് പിടിച്ച് വോട്ടുചെയ്യിക്കാനാവില്ലല്ലോ, ജനം ഇഷ്ടമുള്ളവർക്ക് കുത്തി. അത്രതന്നെ.

    ഇന്ത്യൻ ഭരണഘടന ജനത്തിന്റെ പ്രാതിനിധ്യം മാത്രമേ ആവശ്യപ്പെടുന്നുള്ളൂ. അല്ലാത്ത മതജാതി സംവരണമൊന്നുമില്ല. ജനം അവർക്കിഷ്ടപ്പെട്ടവരെ തിരഞ്ഞെടുത്തു, അവർ ഭരിക്കും. ഭരണം മോശമായാൽ അടുത്തതവണ തിരിച്ചുകുത്തും അത്രതന്നെ.

    ReplyDelete
  2. യു പി യില്‍ രണ്ട് പാര്‍ട്ടികള്‍ തമ്മിലുള്ള മത്സരം അല്ല നടന്നത്. ചതുഷ്കോണ, ചിലപ്പോള്‍ പഞ്ചകോണ മത്സരം ആണ്. മുസ്ലീം വോട്ടുകള്‍ എസ് പി, ബി എസ് പി, കോണ്‍ഗ്രസ്, ആപ് എന്നിവയ്ക്ക് വിഭജിച്ച് പോയപ്പോള്‍ ഹിന്ദു വോട്ടുകള്‍ മുസാഫിര്‍ നഗര്‍ കലാപത്തിന്റെ ബാക്കിയായി പോളറൈസ് ചെയ്യപ്പെടുകയും ബി ജെ പി അതിന്റെ ഗുണം അനുഭവിക്കുകയും ആണ് ഉണ്ടായത്.

    ReplyDelete