Friday, September 18, 2009

ഇസ്രയേലിന്റെ തനിനിറം

ഇസ്രയേല്‍ യുദ്ധക്കുറ്റവാളിയാണെന്ന് വെളിപ്പെടുത്തുന്ന ഐക്യരാഷ്ട്രസഭയുടെ അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ട് ആ രാജ്യത്തിന്റെ തനിനിറം ലോകത്തിന്റെ മുമ്പില്‍ തുറന്നുകാട്ടുന്നതും മനുഷ്യസ്നേഹത്തിന്റെ ചെറുകണികയെങ്കിലും അവശേഷിക്കുന്ന ഏതൊരാളിലും ഞെട്ടല്‍ ഉളവാക്കുന്നതുമാണ്. പക്ഷപാതിത്വം ആരോപിക്കാവുന്ന ആളല്ല അന്വേഷണം നടത്തിയതെന്ന വസ്തുത റിപ്പോര്‍ട്ടിന്റെ ഗൌരവം വര്‍ധിപ്പിക്കുന്നു. ദക്ഷിണാഫ്രിക്കയിലെ മുന്‍ ജഡ്ജി റിച്ചാര്‍ഡ് ഗോള്‍ഡ്സ്റണിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് അന്വേഷണം നടത്തിയത്. ഗോള്‍ഡ്സ്റണ്‍ അന്തര്‍ദേശീയ കോടതിയില്‍ യൂഗോസ്ളാവിയ, റുവാണ്ട എന്നീ രാജ്യങ്ങളുടെ ചീഫ് പ്രോസിക്യൂട്ടറായി സേവനം അനുഷ്ഠിച്ച പരിചയസമ്പന്നനായ വ്യക്തിയാണ്. ഇസ്രയേല്‍സേന യുദ്ധക്കുറ്റങ്ങളും മനുഷ്യത്വരഹിതമായ മറ്റ് കുറ്റകൃത്യങ്ങളും നടത്തിയതായി കമീഷന്‍ കണ്ടെത്തി.

പലസ്തീനിലെ ഗാസ പ്രദേശത്തിനെതിരെ 2008 ഡിസംബറിലും 2009 ജനുവരിയിലും ആസൂത്രിതമായ ആക്രമണമാണ് നടത്തിയത്. ഹമാസ് ഇസ്രയേലിനെതിരെ റോക്കറ്റാക്രമണം നടത്തിയതിന് തിരിച്ചടിയാണ് സിവിലിയന്‍ കേന്ദ്രങ്ങള്‍ക്കു നേരെയുള്ള ആക്രമണം എന്നാണ് ന്യായീകരിച്ചത്. ഹമാസ് നടത്തിയ ആക്രമണത്തില്‍ പതിമൂന്നുപേര്‍മാത്രമാണ് മരിച്ചത്. ഇത് യുദ്ധക്കുറ്റമായി കമീഷന്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ഇസ്രയേല്‍ സേനയുടെ കണ്ണില്‍ച്ചോരയില്ലാത്ത അത്യന്തം ക്രൂരമായ ബോംബാക്രമണത്തില്‍ നിരപരാധികളായ 1400 പൌരന്മാര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ മൂന്നിലൊന്ന് സ്ത്രീകളും കുട്ടികളുമാണ്. ആയിരക്കണക്കിനാളുകള്‍ക്ക് പരിക്കുപറ്റി. ആശുപത്രികളും വിദ്യാലയങ്ങളും ബോംബിട്ട് തകര്‍ത്തു. കുടിവെള്ളമുള്‍പ്പെടെയുള്ള സൌകര്യങ്ങള്‍ നിഷേധിച്ചു. പശ്ചാത്തല സൌകര്യങ്ങള്‍ തകര്‍ത്തു തരിപ്പണമാക്കി. ജനുവരി 15ന് ഐക്യരാഷ്ട്രസഭയുടെ ഗാസയിലെ കേന്ദ്രത്തിനുനേരെയാണ് ആക്രമണം സംഘടിപ്പിച്ചത്. അറുനൂറിനും എഴുനൂറിനും ഇടയ്ക്കുള്ള ജനങ്ങള്‍ അഭയാര്‍ഥികളായി അവിടെ കഴിഞ്ഞിരുന്നു. അവര്‍ക്കുനേരെ ഫോസ്ഫറസ് രാസായുധം ഉപയോഗിച്ചു. ജനങ്ങളെ ഒരു കേന്ദ്രത്തില്‍ കൊണ്ടുവന്ന് പാര്‍പ്പിച്ച് ആക്രമിച്ചു കൊല്ലുകയായിരുന്നു.

2006ലെ 'ദഹിയ സിദ്ധാന്തം' ഇസ്രയേല്‍ പ്രയോഗിച്ചതായി കമീഷന്‍ കണ്ടെത്തി. നിരപരാധികളായ സാധാരണ പൌരന്മാരെ കൂട്ടത്തോടെ കൊന്നൊടുക്കാനും അവര്‍ക്കുള്ള പശ്ചാത്തലസൌകര്യങ്ങള്‍ തകര്‍ക്കാനും അമിതമായ തോതില്‍ സൈന്യവും ആയുധവും ഉപയോഗപ്പെടുത്തി ആക്രമിക്കുക എന്നതാണ് 'ദഹിയ സിദ്ധാന്തം' എന്ന് കമീഷന്‍ പറയുന്നു. അതാണ് ഗാസയിലും ആവര്‍ത്തിച്ചത്. ചരിത്രത്തില്‍ സമാനതകളില്ലാത്ത ക്രൂരകൃത്യങ്ങളാണ് ഇസ്രയേല്‍സേന ഗാസയില്‍ ചെയ്തത്.

ഇത്തരം ഒരു കമീഷന്‍ സത്യം കണ്ടെത്തുന്നതിനു ഒമ്പതുമാസംമുമ്പ് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗീകരിച്ച പ്രമേയത്തില്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ മനുഷ്യത്വരഹിതമായ ആക്രമണം തുറന്നുകാട്ടിയിരുന്നു. പ്രമേയത്തിന്റെ ആമുഖംമാത്രം ഇവിടെ ഉദ്ധരിക്കുന്നത് അവസരോചിതമാണ്.

'ഗാസയ്ക്കുമേല്‍ ഈയിടെ നടന്ന കിരാതാക്രമണങ്ങളില്‍ ആയിരത്തിമുന്നൂറിലേറെപേര്‍ കൊല്ലപ്പെടുകയും അയ്യായിരത്തോളംപേര്‍ക്ക് പരിക്കേല്‍ക്കുകയുംചെയ്തു. മരിച്ചവരില്‍ മുന്നൂറിലേറെപേര്‍ സ്ത്രീകളും കുട്ടികളും ആയിരുന്നു. ഗാസയിലെ പശ്ചാത്തല സൌകര്യങ്ങളാകെ സ്കൂളുകളും ആശുപത്രികളും ജലസേചനസൌകര്യങ്ങളും ഉള്‍പ്പെടെ തകര്‍ത്ത് ചരല്‍ക്കൂമ്പാരമായി മാറി. ഗാസക്കെതിരായി നടന്ന വിവേചനരഹിതമായ ബോംബാക്രമണത്തിലും ഷെല്‍ വര്‍ഷത്തിലും ഇരുപത്താറായിരത്തിലേറെ വീടുകള്‍ തകര്‍ക്കപ്പെട്ടു. ഇന്ന് ഗാസയില്‍ വൈദ്യുതി ഇല്ല. കുടിവെള്ളമില്ല. മുറിവേറ്റവരെക്കൊണ്ട് ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞിരിക്കുന്നു. ഭക്ഷണമോ, മരുന്നോ ലഭ്യമല്ലാത്ത സ്ഥിതിയാണ് ആശുപത്രികളില്‍. പതിനെട്ടു മാസമായി തുടര്‍ന്നുവരുന്ന ഉപരോധംമൂലം പതിനഞ്ച് ലക്ഷത്തോളംവരുന്ന ഗാസയിലെ പലസ്തീനികള്‍ പട്ടിണിയിലാണ്. എല്ലാ സാധനങ്ങളുടെയും വിതരണം തടഞ്ഞുകൊണ്ടുള്ള ഉപരോധം ഇപ്പോഴും തുടരുകയാണ്. ഇത് പലസ്തീന്‍ ജനതക്കെതിരായ വംശഹത്യയില്‍ കുറഞ്ഞ ഒന്നുമല്ല. ഗാസ ഇന്ന് നേരിടുന്നത് മനുഷ്യത്വത്തിനെതിരായ അതിക്രമമാണ്. പലസ്തീന്‍ ജനതയെ കൂട്ടക്കൊലചെയ്തുകൊണ്ട് അതിന്റെ സ്ഥാപനത്തിന്റെ അറുപതാം വര്‍ഷം പൂത്തീകരിക്കുകയാണ്. അമേരിക്കയും യൂറോപ്യന്‍ യൂണിയനും മറ്റ് രാജ്യങ്ങളുമൊക്കെ ഗാസക്കെതിരായ ആക്രമണങ്ങളിലും പലസ്തീന്‍ഭൂമി തുടര്‍ച്ചയായി കൈവശപ്പെടുത്തിക്കൊണ്ടിരിക്കുന്നതിലുമൊക്കെ ഇസ്രയേലിനൊപ്പം നില്‍ക്കുകയാണ്. ഇന്ത്യാ ഗവമെന്റ് പലസ്തീന്റെ അവകാശങ്ങള്‍ക്കുവേണ്ടി അധരവ്യായാമം നടത്തിക്കൊണ്ടിരിക്കുമ്പോള്‍തന്നെ ഇസ്രയേലില്‍നിന്ന് ഏറ്റവും കൂടുതല്‍ ആയുധം വാങ്ങുന്ന രാജ്യവും ഇസ്രയേലി പട്ടാളത്തെ കുറഞ്ഞചെലവില്‍ സഹായിച്ചുകൊണ്ടിരിക്കുന്ന രാജ്യവുമാണ്'.

പാര്‍ടി അംഗീകരിച്ച പ്രമേയം അക്ഷരംപ്രതി ശരിയാണെന്ന് തെളിയിക്കുന്നതാണ് ഐക്യരാഷ്ട്രസഭയുടെ അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ടെന്ന് ചൂണ്ടിക്കാണിക്കാനാണ് പ്രമേയം ഇവിടെ ഉദ്ധരിച്ചത്. റിപ്പോര്‍ട്ടിന്റെ ഭാവി എന്താണെന്നതാണ് ഉയര്‍ന്നുവരുന്ന ചോദ്യം. ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൌസിലില്‍ നടപടി ചര്‍ച്ചയ്ക്ക് വരുമ്പോള്‍ വീറ്റോ പ്രയോഗിച്ചുകൊണ്ട് ഇസ്രയേലിനെ രക്ഷിക്കുന്ന നടപടിയാണ് അമേരിക്കന്‍ ഐക്യനാടുകള്‍ ഇതേവരെ സ്വീകരിച്ചുവന്നത്. ഒബാമയുടെ നയംമാറ്റം ഇസ്രയേലിന്റെ യുദ്ധക്കുറ്റങ്ങള്‍ കൈകാര്യംചെയ്യുന്നതില്‍ എങ്ങനെ പ്രതിഫലിക്കുമെന്നാണ് ലോകത്തിനറിയേണ്ടത്. ഇന്ത്യ അമേരിക്കയുടെ ആശ്രിതരാജ്യമായി മാറാനാണല്ലോ യുപിഎ സര്‍ക്കാര്‍ കൊതിക്കുന്നത്. അതുകൊണ്ടുതന്നെ അമേരിക്കയുടെ നിലപാടാണ് യുപിഎ സര്‍ക്കാരിന് മാതൃക. ഈ സാഹചര്യത്തില്‍ ലോകപൊതുജനാഭിപ്രായം നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗത്ത് ഉയര്‍ന്നുപൊങ്ങിയാല്‍മാത്രമേ പലസ്തീന്‍ ജനതയ്ക്ക് രക്ഷയുള്ളു. മാധ്യമങ്ങള്‍ക്കും ഇക്കാര്യത്തില്‍ പ്രധാനപ്പെട്ട പങ്ക് വഹിക്കാനുണ്ടെന്നതില്‍ തര്‍ക്കമില്ല.

ദേശാഭിമാനി മുഖപ്രസംഗം 19 സെപ്തംബര്‍ 2009

Israeli Military Aggression on Gaza Condemned

3 comments:

  1. ഇസ്രയേല്‍ യുദ്ധക്കുറ്റവാളിയാണെന്ന് വെളിപ്പെടുത്തുന്ന ഐക്യരാഷ്ട്രസഭയുടെ അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ട് ആ രാജ്യത്തിന്റെ തനിനിറം ലോകത്തിന്റെ മുമ്പില്‍ തുറന്നുകാട്ടുന്നതും മനുഷ്യസ്നേഹത്തിന്റെ ചെറുകണികയെങ്കിലും അവശേഷിക്കുന്ന ഏതൊരാളിലും ഞെട്ടല്‍ ഉളവാക്കുന്നതുമാണ്. പക്ഷപാതിത്വം ആരോപിക്കാവുന്ന ആളല്ല അന്വേഷണം നടത്തിയതെന്ന വസ്തുത റിപ്പോര്‍ട്ടിന്റെ ഗൌരവം വര്‍ധിപ്പിക്കുന്നു. ദക്ഷിണാഫ്രിക്കയിലെ മുന്‍ ജഡ്ജി റിച്ചാര്‍ഡ് ഗോള്‍ഡ്സ്റണിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് അന്വേഷണം നടത്തിയത്. ഗോള്‍ഡ്സ്റണ്‍ അന്തര്‍ദേശീയ കോടതിയില്‍ യൂഗോസ്ളാവിയ, റുവാണ്ട എന്നീ രാജ്യങ്ങളുടെ ചീഫ് പ്രോസിക്യൂട്ടറായി സേവനം അനുഷ്ഠിച്ച പരിചയസമ്പന്നനായ വ്യക്തിയാണ്. ഇസ്രയേല്‍സേന യുദ്ധക്കുറ്റങ്ങളും മനുഷ്യത്വരഹിതമായ മറ്റ് കുറ്റകൃത്യങ്ങളും നടത്തിയതായി കമീഷന്‍ കണ്ടെത്തി.

    പലസ്തീനിലെ ഗാസ പ്രദേശത്തിനെതിരെ 2008 ഡിസംബറിലും 2009 ജനുവരിയിലും ആസൂത്രിതമായ ആക്രമണമാണ് നടത്തിയത്. ഹമാസ് ഇസ്രയേലിനെതിരെ റോക്കറ്റാക്രമണം നടത്തിയതിന് തിരിച്ചടിയാണ് സിവിലിയന്‍ കേന്ദ്രങ്ങള്‍ക്കു നേരെയുള്ള ആക്രമണം എന്നാണ് ന്യായീകരിച്ചത്. ഹമാസ് നടത്തിയ ആക്രമണത്തില്‍ പതിമൂന്നുപേര്‍മാത്രമാണ് മരിച്ചത്. ഇത് യുദ്ധക്കുറ്റമായി കമീഷന്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ഇസ്രയേല്‍ സേനയുടെ കണ്ണില്‍ച്ചോരയില്ലാത്ത അത്യന്തം ക്രൂരമായ ബോംബാക്രമണത്തില്‍ നിരപരാധികളായ 1400 പൌരന്മാര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ മൂന്നിലൊന്ന് സ്ത്രീകളും കുട്ടികളുമാണ്. ആയിരക്കണക്കിനാളുകള്‍ക്ക് പരിക്കുപറ്റി. ആശുപത്രികളും വിദ്യാലയങ്ങളും ബോംബിട്ട് തകര്‍ത്തു. കുടിവെള്ളമുള്‍പ്പെടെയുള്ള സൌകര്യങ്ങള്‍ നിഷേധിച്ചു. പശ്ചാത്തല സൌകര്യങ്ങള്‍ തകര്‍ത്തു തരിപ്പണമാക്കി. ജനുവരി 15ന് ഐക്യരാഷ്ട്രസഭയുടെ ഗാസയിലെ കേന്ദ്രത്തിനുനേരെയാണ് ആക്രമണം സംഘടിപ്പിച്ചത്. അറുനൂറിനും എഴുനൂറിനും ഇടയ്ക്കുള്ള ജനങ്ങള്‍ അഭയാര്‍ഥികളായി അവിടെ കഴിഞ്ഞിരുന്നു. അവര്‍ക്കുനേരെ ഫോസ്ഫറസ് രാസായുധം ഉപയോഗിച്ചു. ജനങ്ങളെ ഒരു കേന്ദ്രത്തില്‍ കൊണ്ടുവന്ന് പാര്‍പ്പിച്ച് ആക്രമിച്ചു കൊല്ലുകയായിരുന്നു.

    ReplyDelete
  2. അവസാനത്തെ ഖണ്ഡികയിലെ അമേരിക്ക എങ്ങനെ പ്രതികരിക്കുമെന്ന ഭാഗത്തെപ്പറ്റി സംശയം വേണ്ട . ഇതു വായിച്ചില്ലേ?

    ReplyDelete
  3. നന്ദി പ്രോഫറ്റ്..ഇങ്ങനെയല്ലേ ആവൂ..:)

    ReplyDelete