Monday, March 7, 2011

അച്ഛന്‍ ജയിച്ചു; ജനം എന്നെ തോളിലേറ്റി

തെരഞ്ഞെടുപ്പില്‍ അച്ഛന്‍ ജയിച്ചതിന് എന്നെയാണ് അന്ന് പാര്‍ടി പ്രവര്‍ത്തകര്‍ തോളിലേറ്റി ആഹ്ളാദപ്രകടനം നടത്തിയത്. ജയിലിലുള്ള അച്ഛന്റെ പ്രതിപുരുഷനാകുകയായിരുന്നു അന്ന് ഞാന്‍. 1965ല്‍ കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ മണ്ഡലത്തില്‍ മത്സരിക്കുമ്പോള്‍ അച്ഛനും സിപിഐ എം നേതാവുമായ ചാത്തുണ്ണി മാസ്റര്‍ ജയിലില്‍. ചൈനാ ചാരന്മാരെന്ന് മുദ്രകുത്തി പ്രധാനനേതാക്കളെയെല്ലാം ജയിലിട്ട കാലം. അന്ന് ഞാന്‍ പത്താംക്ളാസ് വിദ്യാര്‍ഥി. ജീവിതപ്രാരബ്ധം മൂലം കോഴിക്കോട് ദേശാഭിമാനിയില്‍ പ്രൂഫ് റീഡറായി ജോലി ചെയ്യുകയായിരുന്നു. തെരഞ്ഞെടുപ്പുഫലം വന്നതും പ്രവര്‍ത്തകര്‍ ദേശാഭിമാനിയിലെത്തി. ആഹ്ളാദം പങ്കിടാന്‍ അച്ഛനില്ലാത്തതുമൂലം ഞാന്‍ അങ്ങനെ പകരക്കാരനായി. വൈകുന്നേരം മാത്തോട്ടത്തുനിന്നും ബേപ്പൂരിലേക്കായിരുന്നു പ്രകടനം. ബേപ്പൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും ഇപ്പോഴത്തെ കൌണ്‍സിലറുമായ ടി ഹസ്സന്റെ നേതൃത്വത്തിലായിരുന്നു പ്രകടനം. പ്രവര്‍ത്തകര്‍ എന്നെ തോളിലേറ്റിയാണ് കൊണ്ടുപോയത്. ആവേശം വിതറിയ മുദ്രാവാക്യങ്ങള്‍ മുഴങ്ങി. കൊട്ടുംപാട്ടുമായി ഗ്രാമവഴികളിലൂടെ മുന്നേറിയ നൂറുകണക്കിന് പ്രവര്‍ത്തകര്‍ക്ക് നടുവില്‍ ഹാരമണിഞ്ഞ് ഞാനും. പ്രകമ്പനം കൊള്ളിച്ച് പ്രകടനം കടന്നുപോകുമ്പോള്‍ എല്ലാവരുടെയും കണ്ണ് എന്നില്‍. ഈ ചെറിയ പയ്യനാണോ ജയിച്ചതെന്ന മട്ടില്‍. സ്നേഹ വാത്സല്യങ്ങള്‍ നിറഞ്ഞതായിരുന്നു ഓരോ ചുവടും. കാതടപ്പിക്കുന്ന പ്രകടനം തീരുമ്പോള്‍ പുലര്‍ച്ചെ രണ്ടുമണി.

അച്ഛന്‍ അന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും കിസാന്‍സഭാ നേതാവുമായിരുന്നു. പുതുതായി രൂപം നല്‍കിയ ബേപ്പൂരില്‍ ശക്തമായ ചതുഷ്കോണ മത്സരത്തില്‍ പതിനായിരത്തിലേറെ വോട്ടിന് അച്ഛന്‍ ജയിച്ചു. പാര്‍ടി പിളര്‍ന്ന ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പായിരുന്നു അത്. കോരുജി (സിപിഐ), ഐ പി കൃഷ്ണന്‍ (കോണ്‍ഗ്രസ്), പി കുഞ്ഞാമു (ലീഗ്) എന്നിവരായിരുന്ന എതിര്‍സ്ഥാനാര്‍ഥികള്‍. പ്രമുഖ നേതാക്കളെയെല്ലാം ജയിലിലടച്ചതിനാല്‍ പ്രാദേശിക നേതാക്കളാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഏറ്റെടുത്തത്. ഓരോ പാര്‍ടി പ്രവര്‍ത്തകനും നേതാവായി രംഗത്തിറങ്ങുക എന്ന എ കെജിയുടെ ആഹ്വാനം എല്ലാവരും അക്ഷരംപ്രതി പാലിച്ചു. 1967, 1970 വര്‍ഷങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പിലും അച്ഛന്‍ ബേപ്പൂരില്‍നിന്ന് ജയിച്ചു. അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന 1977ലെ തെരഞ്ഞെടുപ്പില്‍ എന്‍ പി മൊയ്തീനോട് തോറ്റു. ബേപ്പൂര്‍ മണ്ഡലം യുഡിഎഫിന് ലഭിച്ചതും അന്നുമാത്രം. (ജയരാജന്‍ ബാര്‍ കൌസില്‍ ചെയര്‍മാനും സിപിഐ എം കോഴിക്കോട് നോര്‍ത്ത് ഏരിയ കമ്മിറ്റി അംഗമവുമാണ്.)
(തയ്യാറാക്കിയത് സി പ്രജോഷ്കുമാര്‍)

1 comment:

  1. തെരഞ്ഞെടുപ്പില്‍ അച്ഛന്‍ ജയിച്ചതിന് എന്നെയാണ് അന്ന് പാര്‍ടി പ്രവര്‍ത്തകര്‍ തോളിലേറ്റി ആഹ്ളാദപ്രകടനം നടത്തിയത്. ജയിലിലുള്ള അച്ഛന്റെ പ്രതിപുരുഷനാകുകയായിരുന്നു അന്ന് ഞാന്‍. 1965ല്‍ കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ മണ്ഡലത്തില്‍ മത്സരിക്കുമ്പോള്‍ അച്ഛനും സിപിഐ എം നേതാവുമായ ചാത്തുണ്ണി മാസ്റര്‍ ജയിലില്‍. ചൈനാ ചാരന്മാരെന്ന് മുദ്രകുത്തി പ്രധാനനേതാക്കളെയെല്ലാം ജയിലിട്ട കാലം. അന്ന് ഞാന്‍ പത്താംക്ളാസ് വിദ്യാര്‍ഥി. ജീവിതപ്രാരബ്ധം മൂലം കോഴിക്കോട് ദേശാഭിമാനിയില്‍ പ്രൂഫ് റീഡറായി ജോലി ചെയ്യുകയായിരുന്നു. തെരഞ്ഞെടുപ്പുഫലം വന്നതും പ്രവര്‍ത്തകര്‍ ദേശാഭിമാനിയിലെത്തി. ആഹ്ളാദം പങ്കിടാന്‍ അച്ഛനില്ലാത്തതുമൂലം ഞാന്‍ അങ്ങനെ പകരക്കാരനായി.

    ReplyDelete