Tuesday, April 19, 2011

ആദിവാസിക്കുടിയില്‍നിന്ന് ഡോക്ടര്‍ സഹോദരങ്ങള്‍

കൊച്ചി: കഴിഞ്ഞമാസം മാത്രം വൈദ്യുതി എത്തിയ ആദിവാസി ഗ്രാമത്തില്‍ നിന്ന് രണ്ടു ഡോക്ടര്‍മാര്‍. അതും ആദിവാസികളില്‍ പിന്നോക്കവിഭാഗമായ ഊരാളി സമുദായക്കാരാണ് ഈ സഹോദരങ്ങള്‍. ഹോമിയോപ്പതിയില്‍ ഡോക്ടറേറ്റ് ബിരുദം പൂര്‍ത്തിയാക്കി കെ ആര്‍ പ്രദീപും എംബിബിഎസ് വിദ്യാര്‍ഥിനി സൂര്യാ രാഘവനും. എറണാകുളം-ഇടുക്കി ജില്ലകളെ വേര്‍തിരിക്കുന്ന ഹൈറേഞ്ചിന്റെ താഴ്വാരമായ ഇളംബ്ളാശ്ശേരിയെന്ന കാട്ടുഗ്രാമത്തില്‍നിന്നുമാണ് ഇവര്‍ വൈദ്യശാസ്ത്രത്തിന്റെ പടികള്‍ കയറുന്നത്. ഇളംബ്ളാശ്ശേരിക്കുടിയില്‍ കോരാളില്‍ രാഘവന്‍-പുഷ്പ ദമ്പതിമാരുടെ മക്കള്‍. പ്രദീപ് ഊരാളി സമുദായത്തില്‍നിന്നുമുള്ള ആദ്യത്തെ ഡോക്ടറാണ്. മെഡിക്കല്‍പ്രവേശനത്തിന് പ്രത്യേക പരീക്ഷ ഏര്‍പ്പെടുത്തിയ എല്‍ഡിഎഫ് സര്‍ക്കാരാണ് ആദിവാസികള്‍ക്ക് സ്വപ്നംകാണാന്‍പോലും കഴിയാത്ത ഈ നേട്ടം ഇവര്‍ക്കു നല്‍കിയത്. ബിഎച്ച്എംഎസ് പാസായ പ്രദീപ് തൊട്ടടുത്തുള്ള നേര്യമംഗലം ഗവമെന്റ് ഹോമിയോ ആശുപത്രിയില്‍ ഹൌസ് സര്‍ജന്‍സി ചെയ്യുന്നു. അനുജത്തി സൂര്യ കോട്ടയം മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് പഠനം രണ്ടാംവര്‍ഷം പിന്നിടുന്നു.

എസ്എസ്എല്‍സിക്ക് 92ഉം പ്ളസ്ടുവിന് 84ഉം ശതമാനം മാര്‍ക്ക് നേടിയ സൂര്യ പൊതു പ്രവേശനപരീക്ഷയില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍ പ്രത്യേക എന്‍ട്രന്‍സ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി. പട്ടികവര്‍ഗക്കാര്‍ക്ക് അര്‍ഹമായ സീറ്റുകള്‍ ലഭിക്കാത്തതിനാല്‍ 2007 മുതലാണ് സര്‍ക്കാര്‍ പ്രത്യേക പരീക്ഷ എര്‍പ്പെടുത്തിയത്. കൊടിയ ദാരിദ്യ്രത്തെ തോല്‍പ്പിച്ചാണ് ഇവര്‍ സ്റ്റെതസ്കോപ്പ് അണിയുന്നത്. ചുമരിനു പകരമുള്ള പനമ്പിന് പലയിടത്തും തുള വീണിരിക്കുന്നു. അടുക്കളയും കിടപ്പുമുറിയും വേര്‍തിരിക്കുന്നതും കീറിപ്പൊളിഞ്ഞ പനമ്പുതന്നെ. ചാണകംതേച്ച തറയിലാകെ പൊടി. ചാക്കുകെട്ടുകള്‍ക്കു മുകളില്‍ അടുക്കിവച്ചിട്ടുള്ള പുസ്തകങ്ങള്‍ മഴനനയാതിരിക്കാന്‍ പ്ളാസ്റ്റിക്കുകൊണ്ട് മൂടിയിരിക്കുന്നു. ചാക്ക് ഷീറ്റ് മേഞ്ഞ മേല്‍ക്കൂരയില്‍ നിറയെ തുളകള്‍. ഇവരുടെ വീടിന്റെ ചിത്രമാണിത്. ശക്തമായ കാറ്റടിച്ചാല്‍ തകര്‍ന്നുവീഴുന്ന ചെറ്റക്കുടില്‍. രാഘവനും ഭാര്യ പുഷ്പയും വയര്‍ മുറുക്കി കൂലിപ്പണിയെടുക്കുകയാണ് മക്കളെ ഡോക്ടര്‍മാരാക്കാന്‍.

പ്രദീപിന്റെ ഡോക്ടറേറ്റ് ബിരുദം പൂര്‍ത്തിയായെങ്കിലും രാഘവന്റെ ആധി ഒഴിയുന്നില്ല. സൂര്യയുടെ പഠനച്ചെലവ് കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ഈ അച്ഛന്‍. ഫീസും താമസവും ഭക്ഷണവും സര്‍ക്കാര്‍ ചെലവിലാണെങ്കിലും പുസ്തകത്തിനും യൂണിഫോമിനും പഠനോപകരണങ്ങള്‍ വാങ്ങുന്നതിനുമായി ഓരോ വര്‍ഷവും വലിയ തുക വേണം. പുസ്തകങ്ങള്‍ക്ക് രണ്ടായിരവും മൂവായിരവുമാണ് വില. അത്യാവശ്യമായ ലാപ്ടോപ്പും സംഘടിപ്പിക്കാനായിട്ടില്ല. പ്രദീപ് എംഡി കോഴ്സിനുള്ള റാങ്ക് ലിസ്റ്റിലുമുണ്ട്. ഇതിനു ചേരണമെങ്കിലും പണം കണ്ടെത്തണം. സിപിഐ എം ഇളംബ്ളാശ്ശേരിക്കുടി ബ്രാഞ്ച് അംഗംകൂടിയായ രാഘവന്‍ പാര്‍ടി ഭരിക്കുന്ന മാമലക്കണ്ടം സഹകരണബാങ്കില്‍നിന്ന് വായ്പയും മറ്റും എടുത്താണ് അത്യാവശ്യകാര്യങ്ങള്‍ നിറവേറ്റിയത്. വീണ്ടും വായ്പക്കായി ബാങ്കിനെ സമീപിച്ചിരിക്കയാണ്.
(വി ജെ വര്‍ഗീസ്)

deshabhimani 190411

3 comments:

  1. കഴിഞ്ഞമാസം മാത്രം വൈദ്യുതി എത്തിയ ആദിവാസി ഗ്രാമത്തില്‍ നിന്ന് രണ്ടു ഡോക്ടര്‍മാര്‍. അതും ആദിവാസികളില്‍ പിന്നോക്കവിഭാഗമായ ഊരാളി സമുദായക്കാരാണ് ഈ സഹോദരങ്ങള്‍. ഹോമിയോപ്പതിയില്‍ ഡോക്ടറേറ്റ് ബിരുദം പൂര്‍ത്തിയാക്കി കെ ആര്‍ പ്രദീപും എംബിബിഎസ് വിദ്യാര്‍ഥിനി സൂര്യാ രാഘവനും. എറണാകുളം-ഇടുക്കി ജില്ലകളെ വേര്‍തിരിക്കുന്ന ഹൈറേഞ്ചിന്റെ താഴ്വാരമായ ഇളംബ്ളാശ്ശേരിയെന്ന കാട്ടുഗ്രാമത്തില്‍നിന്നുമാണ് ഇവര്‍ വൈദ്യശാസ്ത്രത്തിന്റെ പടികള്‍ കയറുന്നത്. ഇളംബ്ളാശ്ശേരിക്കുടിയില്‍ കോരാളില്‍ രാഘവന്‍-പുഷ്പ ദമ്പതിമാരുടെ മക്കള്‍. പ്രദീപ് ഊരാളി സമുദായത്തില്‍നിന്നുമുള്ള ആദ്യത്തെ ഡോക്ടറാണ്. മെഡിക്കല്‍പ്രവേശനത്തിന് പ്രത്യേക പരീക്ഷ ഏര്‍പ്പെടുത്തിയ എല്‍ഡിഎഫ് സര്‍ക്കാരാണ് ആദിവാസികള്‍ക്ക് സ്വപ്നംകാണാന്‍പോലും കഴിയാത്ത ഈ നേട്ടം ഇവര്‍ക്കു നല്‍കിയത്. ബിഎച്ച്എംഎസ് പാസായ പ്രദീപ് തൊട്ടടുത്തുള്ള നേര്യമംഗലം ഗവമെന്റ് ഹോമിയോ ആശുപത്രിയില്‍ ഹൌസ് സര്‍ജന്‍സി ചെയ്യുന്നു. അനുജത്തി സൂര്യ കോട്ടയം മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് പഠനം രണ്ടാംവര്‍ഷം പിന്നിടുന്നു.

    ReplyDelete
  2. അഭിമാനിക്കാവുന്ന മുന്നേറ്റം

    ReplyDelete
  3. ഇവർക്ക് അഭിനന്ദനങ്ങൾ ആശംസകൾ.. ഇവരുടെ മാതാപിതാക്കൾക്ക് എന്റെ വലിയൊരു സല്യൂട്ട്..!

    ഇവർക്ക് പാതയൊരുക്കിക്കൊടുത്ത ഇടതുപക്ഷ സർക്കാരിന് എന്റെ അഭിനന്ദനങ്ങൾ

    ReplyDelete