Friday, March 14, 2014

ആലത്തൂര്‍: കുലുങ്ങാതെ ഈ ചെങ്കോട്ട

ഇടതുപക്ഷത്തിന്റെ കേരളത്തിലെ ഉരുക്കുകോട്ടകളില്‍ എന്നും ആലത്തൂരിന്റെ പേരുണ്ട്. പാലക്കാട് നഗരത്തില്‍നിന്ന് 24 കിലോമീറ്റര്‍ മാറി ചെറുപട്ടണമാണ് ആലത്തൂര്‍. 2009ലെ പൊതുതെരഞ്ഞെടുപ്പോടെ പഴയ ഒറ്റപ്പാലം പേരും അതിര്‍ത്തിയും പുനര്‍നിര്‍ണയിച്ച് ആലത്തൂരായി. ഒറ്റപ്പാലം ലോക്സഭാമണ്ഡലത്തില്‍ തൃത്താല, പട്ടാമ്പി, ഒറ്റപ്പാലം, കുഴല്‍മന്ദം, ചേലക്കര, വടക്കാഞ്ചേരി, കുന്നംകുളം നിയമസഭാഭമണ്ഡലങ്ങളായിരുന്നു. ആലത്തൂരായപ്പോള്‍ തൃത്താല, പട്ടാമ്പി, ഒറ്റപ്പാലം, കുഴല്‍മന്ദം നിയമസഭാമണ്ഡലങ്ങള്‍ക്കു പകരം നെന്മാറ, ആലത്തൂര്‍, തരൂര്‍, ചിറ്റൂര്‍ എന്നിവ ഉള്‍പ്പെടുത്തി. തൃശൂര്‍ ജില്ലയിലെ ചേലക്കര, വടക്കാഞ്ചേരി, കുന്നംകുളം മണ്ഡലങ്ങള്‍ മാറ്റമില്ലാതെ തുടര്‍ന്നു.

ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുന്ന മണ്ഡലം കാര്‍ഷികമേഖലയ്ക്ക് ഭൂരിപക്ഷമുള്ളതാണ്. സംവരണമണ്ഡലമായ ആലത്തൂരിനുകീഴില്‍ വരുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ചിലും എല്‍ഡിഎഫാണ് വിജയിച്ചത്. മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ ദേശീയ ശ്രദ്ധയാകര്‍ഷിച്ച മണ്ഡലമായിരുന്നു പഴയ ഒറ്റപ്പാലം. 1977ല്‍ കെ കുഞ്ഞമ്പു (കോണ്‍.), 1980- എ കെ ബാലന്‍ (സിപിഐ എം), 1984, 89, 91- കെ ആര്‍ നാരായണന്‍ (കോണ്‍.), 1993- എസ് ശിവരാമന്‍ (സിപിഐ എം), 1996, 98, 99, 2004- എസ് അജയകുമാര്‍ (സിപിഐ എം) എന്നിവര്‍ മണ്ഡലത്തെ പ്രതിനിധാനംചെയ്തു. 1993 മുതല്‍ തുടര്‍ച്ചയായി എല്‍ഡിഎഫ് മണ്ഡലം നിലനിര്‍ത്തുന്നു.

ആലത്തൂരിന്റെ ആദ്യ തെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിലെ പി കെ ബിജു വിജയിച്ചു. പ്രതികൂല രാഷ്ട്രീയ സാഹചര്യത്തിലും എല്‍ഡിഎഫിനൊപ്പം ഉറച്ചുനിന്ന മണ്ഡലത്തില്‍ ഇത്തവണയും ആരും മാറ്റം പ്രതീക്ഷിക്കുന്നില്ല. എംപി എന്ന നിലയില്‍ പി കെ ബിജു അഞ്ചുവര്‍ഷം മണ്ഡലത്തില്‍ കാഴ്ചവച്ച പ്രവര്‍ത്തനം ഇടതുപക്ഷത്തിന് കരുത്തേകും. താഴെക്കിടയില്‍ കൂടുതല്‍ വികസനമെത്തിച്ച് ജനവിശ്വാസം നേടിയെടുക്കാനും പൊതുപ്രശ്നങ്ങള്‍ പാര്‍ലമെന്റില്‍ ഉയര്‍ത്തുന്നതിലും ബിജു മുന്‍പന്തിയിലായിരുന്നു. എല്‍ഡിഎഫ് പ്രചാരണരംഗത്ത് ഏറെ മുന്നേറിയപ്പോള്‍ യുഡിഎഫ് പ്രതീക്ഷകള്‍ തകര്‍ന്ന് എല്ലാം ചടങ്ങിലൊതുക്കുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ആലത്തൂരിനു കീഴിലുള്ള നിയമസഭാമണ്ഡലങ്ങളില്‍ മുക്കാല്‍ലക്ഷത്തിലധികം വോട്ടിന് എല്‍ഡിഎഫ് മുന്നിലാണ്. യുഡിഎഫ് ക്യാമ്പിനെ അസ്വസ്ഥമാക്കുന്നതും ഈ കണക്കാണ്. ഭൂരിപക്ഷം ഇനിയും വര്‍ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് എല്‍ഡിഎഫ്. ശനിയാഴ്ച വടക്കാഞ്ചേരിയില്‍ നടക്കുന്ന പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷനോടെ പ്രചാരണം കൊഴുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രവര്‍ത്തകര്‍.

വേണു കെ ആലത്തൂര്‍ deshabhimani

No comments:

Post a Comment