Monday, January 23, 2017

നോട്ട് നിരോധനം ;ദുരിതം ഉടന്‍ ശമിക്കില്ല

2016 നവംബര്‍ എട്ടിന് 1000 രൂപയും 500 രൂപയും റദ്ദുചെയ്യുമ്പോള്‍ രാജ്യത്ത് 17,74,200 കോടി രൂപ മൊത്തം മൂല്യം വരുന്ന 9075 കോടി ബാങ്ക് നോട്ടുകള്‍ പ്രചാരത്തിലുണ്ടായിരുന്നു. അതില്‍ 15,47,005 കോടി രൂപയുടെ 2402 കോടി നോട്ടുകള്‍ സാധു അല്ലാതായി. 2,27,000 കോടി രൂപ മൂല്യംവരുന്ന 6673 നോട്ടുകള്‍ ശേഷിച്ചു. ജനങ്ങള്‍ക്ക് ദൈനംദിനം പണം ഉപയോഗത്തിന് ലഭ്യമായിരുന്നത് ഇത്രയും നോട്ടുകള്‍മാത്രമാണ്. പിന്‍വലിച്ചത് പ്രചാരത്തിലുണ്ടായിരുന്ന നോട്ടുകളുടെ 24.4 ശതമാനം. ശേഷിച്ചത് 74.6 ശതമാനം. ശേഷിച്ചതിന്റെ മൂല്യം 2.27 ലക്ഷം കോടി രൂപ.

നവംബര്‍ എട്ടിനുശേഷം ഡിസംബര്‍ 19 വരെ ബാങ്ക് ശാഖകളില്‍ക്കൂടിയും എടിഎമ്മുകളില്‍ക്കൂടിയും റിസര്‍വ് ബാങ്ക് പ്രചാരത്തില്‍ ഇറക്കിയത് 5,92,613 കോടി രൂപ മൂല്യംവരുന്ന 2260 കോടി ബാങ്ക് നോട്ടുകളാണ്. ഇതില്‍ 2040 കോടി നോട്ടുകള്‍ 10 രൂപ, 20 രൂപ, 50 രൂപ, 100 രൂപ മൂല്യശ്രേണികളിലായിരുന്നു. ബാക്കി 220 കോടി നോട്ടുകള്‍ 2000 രൂപയുടെയും 500 രൂപയുടെയുമാണ്. പിന്‍വലിച്ച നോട്ടുകളുടെ എണ്ണത്തിന്റെ ഒമ്പത് ശതമാനം. മൂല്യത്തിന്റെ 21 ശതമാനം.
ഡിസംബര്‍ 19ന് ഇന്ത്യന്‍ കറന്‍സി സംവിധാനത്തില്‍ 8.2 ലക്ഷം കോടി രൂപ മൂല്യംവരുന്ന 8933 കോടി നോട്ടുകള്‍ പ്രാബല്യത്തില്‍ വന്നു. അതില്‍തന്നെ ഏകദേശം ഒരുലക്ഷം കോടി രൂപ മൂല്യംവരുന്ന, പ്രചാരയോഗ്യമല്ലാതായി കറന്‍സി ചെസ്റ്റുകളില്‍ സൂക്ഷിക്കുന്ന മുഷിഞ്ഞ നോട്ടുകളും ഉണ്ടാകും.

സാധാരണജനങ്ങള്‍ക്ക് ദൈനംദിനം ഉപയോഗിക്കാന്‍ ശേഷിച്ചവയും പുതുതായി പുറത്തിറക്കിയ പത്തു രൂപ, 20 രൂപ, 50 രൂപ, 100 രൂപയുയുടെയും ചെറിയ നോട്ടുകളുടെയും 2.61 ലക്ഷം കോടി രൂപയും 3.35 ലക്ഷം കോടി രൂപ മൂല്യംവരുന്ന 2000 രൂപയുടെയും 500 രൂപയുടെയും 220 കോടി നോട്ടുകളും ലഭ്യമാകും. ഇവ രാജ്യത്തെ 19 റിസര്‍വ് ബാങ്ക് ഇഷ്യൂ ഓഫീസുകളില്‍ക്കൂടിയും 4075 കറന്‍സി ചെസ്റ്റുകളില്‍ക്കൂടിയും ഒരുലക്ഷത്തിലധികം ബാങ്ക് ശാഖകളില്‍ക്കൂടിയും രണ്ടുലക്ഷത്തിലധികം എടിഎമ്മുകളില്‍ക്കൂടിയുമാണ് വിതരണം ചെയ്യേണ്ടത്.

ആയിരം, 500 രൂപ നോട്ടുകള്‍ റദ്ദുചെയ്യുമ്പോള്‍ പ്രചാരത്തിലുണ്ടായിരുന്ന 100 രൂപ നോട്ടുകളുടെ എണ്ണം 1650 കോടി രൂപയായിരുന്നു. പിന്നീട് പുറത്തിറങ്ങിയത് 800 കോടി 100 രൂപ നോട്ടുകളും. ആകെ പ്രചാരത്തില്‍ 2450 കോടി 100 രൂപ നോട്ടുകള്‍. മൂല്യം 2.45 ലക്ഷം കോടി രൂപ. 15.44 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചതുമൂലം ഉളവായ പണച്ചുരുക്കം പരിഹരിക്കുന്നതിന് ഇത് തീരെ പര്യാപ്തമായിരുന്നില്ല. 2402 കോടി നോട്ടുകള്‍ക്കുപകരം നല്‍കാന്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയത് 150 കോടി 2000 രൂപ നോട്ടുകളും 70 കോടി 500 രൂപ നോട്ടുകളും മാത്രം. മൂല്യം 3.35 ലക്ഷം കോടി രൂപ. രണ്ടരമാസമാകുമ്പോഴും സ്ഥിതി ഇതില്‍നിന്ന് അധികം ഭിന്നമല്ല.

നോട്ടുകള്‍ പിന്‍വലിച്ചതിനുശേഷം ഇതിനകംതന്നെ പിന്‍വലിച്ചതിന്റെ 50 ശതമാനം മൂല്യം വരുന്ന നോട്ടുകള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കിയെന്ന് സാമ്പത്തികകാര്യവിഭാഗത്തിന്റെ സെക്രട്ടറി മാധ്യമങ്ങളില്‍ക്കൂടി ജനങ്ങളെ അറിയിച്ചു! പിന്‍വലിച്ചത് 15.44 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍. പിന്‍വലിച്ചതിന്റെ 40 ശതമാനം മൂല്യം വരുന്ന നോട്ടുകള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കിക്കഴിഞ്ഞുവെന്ന് പരമോന്നതകോടതിയില്‍ കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഡിസംബറില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. പിന്‍വലിച്ചത്രയും റീമോണിറ്റൈസ് ചെയ്യേണ്ടതില്ലെന്ന് കേന്ദ്ര ധനമന്ത്രിയും പറഞ്ഞു. ബാങ്ക് നോട്ടുകളുടെ പേപ്പര്‍, മഷി, സാങ്കേതികവിദ്യ എന്നിവയുടെ സമാഹരണവും ഏകീകരണവും അച്ചടിയും ഗതാഗതവും വിതരണവും സങ്കീര്‍ണമാകയാല്‍ പൂര്‍വസ്ഥിതിയിലാകാന്‍ സമയമെടുക്കുമെന്നാണ് കേന്ദ്ര ധനമന്ത്രി പറയുന്നത്.

ഡിസംബര്‍ പത്തുവരെ തിരികെവന്നതായി റിസര്‍വ് ബാങ്ക് പ്രസിദ്ധീകരിച്ച കണക്ക് 12.44 ലക്ഷം കോടി രൂപയ്ക്കുള്ള നോട്ടുകളെന്നാണ്. 1934ലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് 22-ാം വകുപ്പുപ്രകാരം രാജ്യത്ത് നോട്ടുകള്‍ പ്രചാരത്തില്‍ ഇറക്കുന്നതിനുള്ള കുത്തകാധികാരം റിസര്‍വ് ബാങ്കിനാണ്. അതുകൊണ്ടുതന്നെ പ്രചാരത്തിലിറക്കുന്ന നോട്ടുകളുടെയും പിന്‍വലിക്കുന്ന നോട്ടുകളുടെയും കണക്ക് സൂക്ഷിക്കേണ്ടതും റിസര്‍വ് ബാങ്കാണ്. റിസര്‍വ് ബാങ്ക് പുറത്തിറക്കിയ കണക്കില്‍ ഇരട്ടിപ്പുണ്ടോ എന്ന് വീണ്ടും പരിശോധിക്കുന്നതിനായി കേന്ദ്ര സാമ്പത്തികകാര്യവിഭാഗത്തിന്റെ സെക്രട്ടറി മാധ്യമങ്ങളില്‍ക്കൂടി ജനങ്ങളെ അറിയിച്ചു! രാജ്യം ദിനംപ്രതി അറിഞ്ഞുകൊണ്ടിരിക്കുന്ന കണക്ക് വേഗംമാഞ്ഞു. റിസര്‍വ് ബാങ്കിന്റെ കണക്ക് സംശയത്തിന്റെ നിഴലിലായി! തിരികെ വന്ന നോട്ടുകളുടെ കണക്ക് പ്രസിദ്ധീകരണം റിസര്‍വ് ബാങ്ക് ഡിസംബര്‍ 13നുശേഷം നിര്‍ത്തലാക്കി.

ഇപ്പോള്‍ പിന്‍വലിച്ച 2402 കോടി നോട്ടുകളും റിസര്‍വ് ബാങ്കില്‍ പരിശോധിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് നോട്ടുകള്‍ റദ്ദാക്കിയത് കള്ളനോട്ടുകള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിനുവേണ്ടിക്കൂടിയും ആയിരുന്നതിനാല്‍. ഇന്നത്തെ നിലയില്‍ റദ്ദുചെയ്ത നോട്ടുകളെല്ലാം റിസര്‍വ് ബാങ്കില്‍ കറന്‍സി വെരിഫിക്കേഷന്‍ ആന്‍ഡ് പ്രോസസിങ് സിസ്റ്റം (സിവിപിഎസ്) സംവിധാനത്തില്‍ പരിശോധിക്കുന്നതിന് ഒരുവര്‍ഷത്തിലധികം വേണ്ടിവരും. കൂടാതെ നിലവില്‍ പ്രചാരത്തിലുള്ള മറ്റ് നോട്ടുകളുടെ പകുതിയെങ്കിലും പരിശോധിച്ച് നശിപ്പിക്കേണ്ട സാധാരണ കറന്‍സി മാനേജ്മെന്റ് പ്രവര്‍ത്തനങ്ങള്‍ തുടരേണ്ടതുമാണ്. കഴിഞ്ഞ മൂന്നുവര്‍ഷങ്ങളില്‍ ഇങ്ങനെ പരിശോധിച്ച് നശിപ്പിച്ചത് 1600 കോടി നോട്ടുകള്‍വീതമായിരുന്നു. അത്രയുമാണ് നിലവിലുള്ള പരിശോധനാസംവിധാനത്തിന്റെ ശേഷി.

പ്രചാരയോഗ്യമല്ലാതായി രാജ്യത്തെ 4075 കറന്‍സി ചെസ്റ്റുകളില്‍ എത്തുന്ന എല്ലാ നോട്ടുകളും റിസര്‍വ് ബാങ്ക് വീണ്ടും പരിശോധിച്ച് കള്ളനോട്ടുകള്‍ ഇല്ലായിരുന്നുവെന്ന് ഉറപ്പുവരുത്തണം. 2000നുശേഷം നോട്ട് പരിശോധിക്കുന്നത് സിവിപിഎസ് യന്ത്രസംവിധാനത്തിലും നശിപ്പിക്കുന്നത് ബ്രിക്കറ്റിങ് യന്ത്രങ്ങളിലുമാണ്. ഒരു രൂപ, രണ്ടു രൂപ, അഞ്ചു രൂപ, പത്തു രൂപ, 20 രൂപ, 50 രൂപ നോട്ടുകളുടെ പരിശോധന റിസര്‍വ് ബാങ്ക് ക്രമേണ നിര്‍ത്തലാക്കി. ഇപ്പോള്‍ ആ നോട്ടുകള്‍ സാമ്പിള്‍ പരിശോധനമാത്രം നടത്തിയാണ് റിസര്‍വ് ബാങ്ക് നശിപ്പിക്കുന്നത്.
1997-98ല്‍ രാജ്യത്തിനുപുറത്ത് കറന്‍സി അച്ചടിച്ചു. 200 കോടി 100 രൂപ നോട്ടുകളും 160 കോടി 500 രൂപ നോട്ടുകളും അച്ചടിച്ച് 1990 മുതല്‍ പുറത്തിറക്കി. 2000 മുതല്‍ റിസര്‍വ് ബാങ്കിലും ബാങ്ക് ശാഖകളിലും കണ്ടുപിടിക്കുന്ന കള്ളനോട്ടുകളുടെ എണ്ണവും വര്‍ധിച്ചു. കള്ളനോട്ടുകളിലധികവും 100 രൂപ നോട്ടുകളിലും 500 രൂപ നോട്ടുകളിലുമായിരുന്നു. കണ്ടുപിടിക്കുന്ന കള്ളനോട്ടുകളുടെ എണ്ണം സഹനപരിധിയിലാണ് എന്നായിരുന്നു റിസര്‍വ് ബാങ്ക് നിലപാട്. 2002 മുതല്‍ റിസര്‍വ് ബാങ്ക് സാമ്പിള്‍ പരിശോധനമാത്രം നടത്തി 100 രൂപ നോട്ടുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ നോട്ടുകളും വ്യാപകമായി നശിപ്പിച്ചു. തല്‍ഫലമായി 2004 മുതല്‍ 2007 വരെ കണ്ടുപിടിക്കുന്ന കള്ളനോട്ടുകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി.

രാജ്യത്ത് പ്രതിവര്‍ഷം 2500 കോടി നോട്ടുകള്‍ അച്ചടിച്ച് ലഭിക്കും. നോട്ട് അച്ചടിശാലകളുടെ ശേഷി അത്രയുമാണ്. നമ്മുടെ രാജ്യത്ത് ഒരുവര്‍ഷം 2200 കോടി നോട്ടുകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കും. ഉദ്ദേശം 1700 കോടി നോട്ടുകള്‍ പിന്‍വലിച്ച് പരിശോധിച്ച് നശിപ്പിക്കും. ഇതുകൂടാതെ പിന്‍വലിച്ച 500, 1000 രൂപ നോട്ടുകളുടെ എണ്ണം 2402 കോടി നോട്ടുകളാണ്. ഈ നോട്ടുകളും നശിപ്പിക്കുന്നതിനുമുമ്പ് വീണ്ടും പരിശോധിച്ച് കള്ളനോട്ടുകള്‍ കണ്ടുപിടിക്കും. പിന്‍വലിച്ച നോട്ടുകളുടെ പരിശോധനയ്ക്ക് ഒരുവര്‍ഷത്തിലധികം വേണ്ടിവരും.
9075 കോടി നോട്ടുകള്‍ പ്രചാരത്തിലുണ്ടായിരുന്ന രാജ്യത്തിന്റെ കറന്‍സി സംവിധാനത്തില്‍നിന്ന് 2402 കോടി നോട്ടുകള്‍ പിന്‍വലിച്ചു. പകരം 2260 കോടി നോട്ടുകള്‍ 50 ദിവസംകൊണ്ട് പ്രചാരത്തില്‍ ഇറക്കി. ഇപ്പോള്‍ നോട്ടുകളുടെ എണ്ണം 8933 കോടി. നോട്ട് പിന്‍വലിച്ചതിനുശേഷം കൂട്ടിച്ചേര്‍ത്ത് നിശ്ചയിച്ച ലക്ഷ്യമായ ഡിജിറ്റല്‍ ഇന്ത്യയില്‍ (ലെസ് ക്യാഷ്) നോട്ടുകളുടെ എണ്ണത്തില്‍ കുറവുവരുന്നില്ലെന്നും കാണാതിരുന്നുകൂടാ.

റദ്ദുചെയ്തതില്‍ തിരികെ എത്തിയ നോട്ടുകളുടെ കണക്ക് ഡിസംബര്‍ 13നുശേഷം റിസര്‍വ് ബാങ്കില്‍നിന്ന് ലഭിച്ചിട്ടില്ല. അവ കൃത്യമായി ലഭിച്ചാല്‍ നോട്ട് പിന്‍വലിച്ചതിന്റെ പ്രഖ്യാപിതലക്ഷ്യങ്ങള്‍ എത്രത്തോളം ഫലപ്രാപ്തിയിലെത്തിയെന്ന് പരിശോധിക്കാന്‍ കഴിയും. നോട്ടുകള്‍ റദ്ദുചെയ്യുന്നതിന്റെ ഒരു ലക്ഷ്യമായി പിന്നീട് വിശദീകരിച്ചത്, ഭാവിപണമിടപാടുകളിലെ സുതാര്യതയാണ്. നിയമപ്രകാരം റിസര്‍വ് ബാങ്ക് നല്‍കേണ്ട കണക്കിന്റെ സുതാര്യത റിസര്‍വ് ബാങ്കിന്റെ ബാധ്യതയാണ്. കണക്കുകള്‍ ലഭ്യമാക്കുന്നതുവരെ പ്രഖ്യാപനങ്ങള്‍ അങ്ങനെതന്നെ കാണാനേ കഴിയൂ.

രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്നതില്‍ 85 ശതമാനം മൂല്യംവരുന്ന നോട്ടുകള്‍ പിന്‍വലിച്ചും ബാങ്കുകളില്‍ നിക്ഷേപിച്ച പണം പിന്‍വലിക്കുന്നതില്‍ വലിയ നിയന്ത്രണം ഏര്‍പ്പെടുത്തിയും സ്വിച്ചിട്ടതുപോലെ ചലനം നിലപ്പിച്ച സമ്പദ്ഘടന, ഇനി ചലിച്ചുതുടങ്ങുന്നതിന് സാധാരണജനങ്ങള്‍ക്ക് അവരുടെ വാങ്ങല്‍ശേഷി തിരികെ ലഭിക്കണം. അതിന് ജനങ്ങളുടെ കൈവശം പണം ലഭ്യമാകണം. സ്തംഭിച്ച സമ്പദ്ഘടന മുന്നോട്ടുനീങ്ങണമെങ്കില്‍ അതിനുതകുന്ന നയങ്ങള്‍ ചാലകശക്തിയാകണം. അതുവരെ ദുരിതങ്ങളുമായി ജീവിക്കേണ്ടിവരും *

അഡ്വ. ടി കെ തങ്കച്ചന്‍
(ഓള്‍ ഇന്ത്യ റിസര്‍വ് ബാങ്ക്എംപ്ളോയീസ് അസോസിയേഷന്‍ അഡ്വൈസറാണ് ലേഖകന്‍)

http://www.deshabhimani.com/articles/news-articles-23-01-2017/618726

ഭരണവും ഭരണകൂടവും

പാര്‍ലമെന്ററിവ്യവസ്ഥ നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് പാര്‍ടികള്‍ ജനകീയ അടിത്തറ വിപുലീകരിക്കാന്‍ പാര്‍ലമെന്ററി ജനാധിപത്യസംവിധാനത്തില്‍ അണിചേരുന്നത് അസാധ്യമായ കാര്യമല്ല. പാര്‍ലമെന്ററി വ്യവസ്ഥയെ വര്‍ഗസമരത്തിന്റെ ഉപകരണമായി ഉപയോഗിക്കാനാണ് മാര്‍ക്സിസ്റ്റ്- ലെനിനിസ്റ്റുകള്‍ക്ക് സാധിക്കേണ്ടത്.
രാജ്യത്തെ ഭരണവര്‍ഗത്തെ വിലയിരുത്താന്‍, വിപ്ളവത്തിന്റെ ഘട്ടത്തെയും വിപ്ളവശക്തിയുടെ അണിചേരലുകളെയും നേതൃത്വത്തെയും വിലയിരുത്തണം. വിപ്ളവസ്വഭാവത്തെ മനസ്സിലാക്കുകയും പരിവര്‍ത്തനഘട്ടത്തിന്റെ പ്രത്യേകത തിരിച്ചറിയുകയും വേണം. ഈ കാര്യങ്ങളില്‍ മാര്‍ക്സിസ്റ്റ്- ലെനിനിസ്റ്റ് കാഴ്ചപ്പാടനുസരിച്ച് പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ സാധിക്കണം. അപ്പോഴാണ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ പ്രത്യേകത ഉള്‍ക്കൊള്ളാനാവുക. ലോകവ്യാപകമായി സോഷ്യലിസ്റ്റ് പരിവര്‍ത്തനത്തിന്റെ പ്രശ്നങ്ങള്‍ ഉന്നയിക്കുമ്പോഴും ജനാധിപത്യവിപ്ളവത്തിന്റെ ഉള്ളടക്കത്തെ കാണാതിരുന്നുകൂടാ.

ജനകീയ ജനാധിപത്യവിപ്ളവം ലക്ഷ്യമായി അംഗീകരിച്ച പാര്‍ടിയാണ് സിപിഐ എം. നമ്മുടെ വിപ്ളവത്തിന്റെ സ്വഭാവം, അതിന്റെ വികാസത്തിന്റെ ഉന്നതഘട്ടത്തില്‍, അനിവാര്യമായും ഫ്യൂഡല്‍വിരുദ്ധവും സാമ്രാജ്യത്വവിരുദ്ധവും കുത്തകവിരുദ്ധവും ജനാധിപത്യപരവുമാണ്. നമ്മുടെ വിപ്ളവത്തിന്റെ ഘട്ടം, അത് നേടിയെടുക്കാനുള്ള സമരത്തില്‍ വിവിധ വര്‍ഗങ്ങള്‍ വഹിക്കുന്ന പങ്ക് എന്തെന്ന് നിര്‍ണയിക്കുന്നു. സോഷ്യലിസം നേടിയെടുക്കാനുള്ള മുന്നേറ്റത്തിലെ ഒരു അവശ്യഘട്ടം എന്ന നിലയില്‍, ഇന്നത്തെ കാലഘട്ടത്തില്‍, തൊഴിലാളിവര്‍ഗം ജനാധിപത്യവിപ്ളവത്തിന് നേതൃത്വം കൊടുക്കേണ്ടിയിരിക്കുന്നു. ഇത് പഴയ രീതിയിലുള്ള ബൂര്‍ഷ്വാ ജനാധിപത്യ വിപ്ളവമല്ല. മറിച്ച്, തൊഴിലാളിവര്‍ഗം സംഘടിപ്പിക്കുന്നതും അവര്‍തന്നെ നയിക്കുന്നതുമായ പുതിയ രീതിയിലുള്ള ജനകീയ ജനാധിപത്യവിപ്ളവമാണ്. വ്യത്യസ്തമായ നിലപാടുകളിലൂന്നി ജനകീയ ജനാധിപത്യവിപ്ളവം സാധിതമാക്കാനായി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ടികളും വിഭാഗങ്ങളും ഇന്ത്യയിലുണ്ട്.

വര്‍ഗവിഭജിതമായ സമൂഹത്തില്‍ വര്‍ഗസമരമെന്നത് സാമൂഹ്യപ്രതിഭാസമാണ്. വര്‍ഗസമരത്തെ അഭിമുഖീകരിക്കാതെ സാമൂഹ്യപരിവര്‍ത്തനത്തിലേക്ക് കടക്കാന്‍ സാധിക്കുകയില്ല. പല കമ്യൂണിസ്റ്റ് പാര്‍ടികളും വിഭാഗങ്ങളും മാര്‍ക്സിസത്തിന്റെ മര്‍മപ്രധാനമായ ഈ ഭാഗം അവഗണിക്കുകയോ തള്ളിക്കളയുകയോ ചെയ്യുന്നവരാണ്. വര്‍ഗസമരസിദ്ധാന്തത്തിനുപകരം വര്‍ഗസഹകരണ നിലപാട് മുന്നോട്ടുവയ്ക്കുന്ന വലതുപക്ഷ നിലപാടുകാരാണ് ഇതിലൊരുകൂട്ടര്‍. എന്നാല്‍, വര്‍ഗസഹകരണമെന്നത് മാര്‍ക്സിസ്റ്റ് വിരുദ്ധമാണെന്ന് ധരിച്ച് വര്‍ഗങ്ങളെ പ്രത്യേകം സംഘടിപ്പിക്കേണ്ടതില്ല എന്ന കാഴ്ചപ്പാടാണ് ഇടത് തീവ്രവാദവിഭാഗങ്ങള്‍ നക്സലൈറ്റ് കാലഘട്ടംമുതല്‍ മുന്നോട്ടുവച്ചിട്ടുള്ളത്. രണ്ട് വ്യതിയാനങ്ങളിലും സമാനതകളുണ്ട്. ആദ്യം പറഞ്ഞ വിഭാഗം ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ സമരങ്ങളും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കുന്നതോടൊപ്പം ഇടതുപക്ഷശക്തികളെ യോജിപ്പിച്ച് മുന്നോട്ടുപോകാനുള്ള സന്നദ്ധതയും പ്രവര്‍ത്തനങ്ങളും ഇപ്പോള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. അത് സ്വാഗതാര്‍ഹമാണ്. സമാധാനപരമായ സഹവര്‍ത്തിത്വത്തെയും പരിവര്‍ത്തനത്തെയും പാര്‍ലമെന്ററി സംവിധാനത്തിലൂടെ കൈകാര്യം ചെയ്യാമെന്ന കാഴ്ചപ്പാടാണ് ഇക്കൂട്ടര്‍ വച്ചുപുലര്‍ത്തുന്ന വലതുപക്ഷസമീപനം.

പാര്‍ലമെന്ററി വ്യവസ്ഥയെ ഉപയോഗിക്കാതെ, ഭരണവര്‍ഗത്തിനെതിരായി ജനങ്ങള്‍ സ്വയമേവ വിപ്ളവകാരികളായി മാറി, വര്‍ഗബഹുജനവിഭാഗങ്ങളെ അണിനിരത്താതെയുള്ള സായുധപോരാട്ടത്തിലൂടെ അതിസാഹസികമായി വിപ്ളവത്തിലേക്ക് കടക്കാമെന്ന മാര്‍ക്സിസ്റ്റ് വിരുദ്ധ നിലപാടാണ് മറ്റൊരു വിഭാഗം വച്ചുപുലര്‍ത്തുന്നത്. അരാഷ്ട്രീയവും അരാജകത്വവും ഉള്‍ച്ചേര്‍ത്ത് വനാന്തരങ്ങളിലെ ഒത്തുചേരലിലൂടെ ഇന്ത്യന്‍ വിപ്ളവം കൈകാര്യം ചെയ്യാമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്. അപ്രായോഗികവും മാര്‍ക്സിസ്റ്റ് വിരുദ്ധവുമാണ് ഈ നിലപാട്. പാര്‍ലമെന്ററി ജനാധിപത്യസംവിധാനം ഉപയോഗിക്കാവുന്ന കാലഘട്ടത്തില്‍, ജനകീയാടിത്തറ വിപുലപ്പെടുത്താനായി ആ ആയുധത്തെ ഉപയോഗിക്കാതെ, ഒറ്റപ്പെടലിന്റെ വിഫലതന്ത്രം പ്രയോഗിക്കുന്നത് തീര്‍ത്തും അര്‍ഥശൂന്യമാണ്. പാര്‍ലമെന്ററി പ്രവര്‍ത്തനത്തെയും പാര്‍ലമെന്റിതര പ്രവര്‍ത്തനങ്ങളെയും ശാസ്ത്രീയമായി കൂട്ടിയോജിപ്പിച്ച് പോകുന്ന നിലപാടാണ് മാര്‍ക്സിസ്റ്റ് നിലപാട്.

പാര്‍ലമെന്ററി പ്രവര്‍ത്തനത്തിന്റെ ഭാഗമായി കമ്യൂണിസ്റ്റുകാര്‍ക്ക് ഭൂരിപക്ഷം കിട്ടിയാല്‍ ഭരിക്കേണ്ടത്, നിലവിലുള്ള ഭരണകൂടവ്യവസ്ഥയ്ക്ക് കീഴിലായിരിക്കും. ഭരണകൂടത്തെ സിപിഐ എം നോക്കിക്കാണുന്നത് ഇങ്ങനെയാണ്. 'മുതലാളിത്ത വികസനപാത പിന്തുടരുന്നതിനായി വിദേശഫിനാന്‍സ് മൂലധനവുമായി കൂടുതല്‍ കൂടുതല്‍ സഹകരിക്കുന്നതും വന്‍കിട ബൂര്‍ഷ്വാസിയാല്‍ നയിക്കപ്പെടുന്നതുമായ ബൂര്‍ഷ്വാ- ഭൂപ്രഭുവര്‍ഗ ഭരണത്തിന്റെ ഉപകരണമാണ് ഇന്നത്തെ ഇന്ത്യന്‍ ഭരണകൂടം. നാടിന്റെ ജീവിതത്തില്‍ ഭരണകൂടം നിര്‍വഹിക്കുന്ന പങ്കിന്റെയും നടത്തുന്ന പ്രവര്‍ത്തനത്തിന്റെയും സത്ത അടിസ്ഥാനപരമായി നിര്‍ണയിക്കുന്നത് ഈ വര്‍ഗസ്വഭാവമാണ്. അത്തരത്തിലുള്ള ഒരു ഭരണകൂടം നിലനില്‍ക്കുമ്പോള്‍ പരിവര്‍ത്തനമെന്നത് അനിവാര്യമായി മാറുന്നു. ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ നേതൃത്വത്തില്‍ കര്‍ഷകജനസാമാന്യവുമായി സമഞ്ജസമായ ഐക്യം ഊട്ടിയുറപ്പിച്ചുകൊണ്ട്, എല്ലാ വിഭാഗം ജനാധിപത്യശക്തികളെയും അണിനിരത്തുന്ന ഒരു ജനകീയ ജനാധിപത്യ വിപ്ളവമാണ് ഇന്ത്യന്‍ പരിവര്‍ത്തനത്തിനായുള്ള ഈ കാലഘട്ടത്തിലെ മുഖ്യദൌത്യം.

പാര്‍ലമെന്ററി പ്രവര്‍ത്തനത്തില്‍ അണിനിരക്കുമ്പോഴും ജനകീയപ്രക്ഷോഭങ്ങളെതുടര്‍ന്ന് നിയമസഭകളും പാര്‍ലമെന്റും പാസാക്കുന്ന നിയമങ്ങള്‍, വലതുപക്ഷനിലപാടുകളുടെ ഭാഗമായി പലപ്പോഴും നടപ്പാക്കപ്പെടില്ല. ആ നിയമങ്ങള്‍ നടപ്പാക്കിയെടുക്കുന്നതിനുവേണ്ടി പാര്‍ലമെന്റിതര മാര്‍ഗങ്ങളായ സമരങ്ങളും പ്രക്ഷോഭങ്ങളും സ്വീകരിക്കേണ്ടിവരും. ത്യാഗപൂര്‍ണമായ ഒരു പ്രവര്‍ത്തനംതന്നെയാണ് അത്. ഭരണകൂടവ്യവസ്ഥ മേല്‍ചൂണ്ടിക്കാണിച്ച വര്‍ഗങ്ങളുടെ താല്‍പ്പര്യസംരക്ഷണത്തിന്റെ ഉപകരണമാകുന്നതുകൊണ്ടുതന്നെ ജനങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ ജനാധിപത്യ അവകാശങ്ങളും ദളിത്- പിന്നോക്ക, മുന്നോക്കവിഭാഗത്തിലെ ദരിദ്രജനവിഭാഗങ്ങളുടെ പ്രശ്നങ്ങളെല്ലാം പൂര്‍ണതോതില്‍ പരിഹരിക്കപ്പെടുന്നില്ല. എന്നാല്‍, പലതും ചെയ്യാനാകും. ഒന്നും ചെയ്യാനാകില്ലെന്നത് നിരാശാജനകവും തെറ്റായതുമായ നിലപാടാണ്. മതനിരപേക്ഷ ഉള്ളടക്കത്തോടെ, ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് ഒരുപരിധിവരെ പരിഹാരം കാണാനും കേരളത്തില്‍ ചെയ്തതുപോലെ ജന്മിത്വം അവസാനിപ്പിക്കാനും സ്വത്തിന്റെ വിഭജനം സംഘടിപ്പിക്കാനുമൊക്കെ സാധിക്കും. ജനതയെ സാക്ഷരരാക്കാനും അധികാരവികേന്ദ്രീകരണത്തിലേക്ക് നാടിനെ നയിക്കാനും എല്ലാവര്‍ക്കും ഭൂമിയും വീടും നല്‍കാനും സാധിക്കും. ഇത്തരത്തില്‍ ചെയ്യാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. അതൊക്കെ വര്‍ഗവീക്ഷണവും ഇച്ഛാശക്തിയുമുള്ള സര്‍ക്കാരിന് സാധിതമാക്കാന്‍ കഴിയും. എന്നാല്‍, ഭൂരിപക്ഷം ജനവിഭാഗങ്ങളും അഭിമുഖീകരിക്കുന്ന എല്ലാ മൌലികപ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ പാര്‍ലമെന്ററി വ്യവസ്ഥയിലെ ഭരണസംവിധാനത്തിനാകില്ലെന്ന കാര്യം മാര്‍ക്സിസം അടിവരയിടുന്നുണ്ട്.

ഭരണകൂടത്തിന് മൂന്നു പ്രധാന ഭാഗങ്ങളാണുള്ളത്. ഒന്ന് എക്സിക്യൂട്ടീവ്, രണ്ട് ജുഡീഷ്യറി, മൂന്ന് ലജിസ്ളേറ്റര്‍. ഇതില്‍ ലജിസ്ളേറ്റര്‍മാത്രമേ അഞ്ചുകൊല്ലം കൂടുമ്പോള്‍ പാര്‍ലമെന്ററി ജനാധിപത്യസംവിധാനത്തെ അടിസ്ഥാനപ്പെടുത്തി തെരഞ്ഞെടുപ്പുകള്‍ നടത്തുന്നുള്ളൂ. അതുതന്നെ പണാധിപത്യത്തിന്റെ മുന്‍കൈയില്‍ പ്രാവര്‍ത്തികമാക്കാനാണ് ഭരണവര്‍ഗം ഇന്ത്യയില്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസും ബിജെപിയും പ്രതിനിധാനം ചെയ്യുന്ന പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ കൈവഴിയാണിത്. ലജിസ്ളേറ്റീവ് വഴി ഭരണമാറ്റം സംഭവിക്കുമ്പോള്‍ എക്സിക്യൂട്ടീവും ജുഡീഷ്യറിയും ഇടതടവില്ലാതെ തുടരുകതന്നെയാണ്. തുടരുന്നു എന്നുമാത്രമല്ല, ഭരണവര്‍ഗനിലപാടിനെ അരക്കിട്ടുറപ്പിക്കാന്‍ ഭരണവര്‍ഗ കാഴ്ചപ്പാടോടെ നിലകൊള്ളുകയാണത്. സിപിഐ എം പരിപാടിയില്‍ പറയുന്നു: 'അമ്പത് വര്‍ഷത്തെ ബൂര്‍ഷ്വാ- ഭൂപ്രഭുവാഴ്ച ഭരണകൂടാധികാരത്തിന്റെ എല്ലാ സ്ഥാപനങ്ങളെയും കാര്‍ന്നുതിന്നിരിക്കുന്നു. മുതലാളിത്ത വികാസത്തിന്റെ വളര്‍ച്ച പ്രതിഫലിപ്പിച്ചുകൊണ്ട് അത്യധികം കേന്ദ്രീകൃതമായ ഉദ്യോഗസ്ഥവൃന്ദത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഭരണനിര്‍വഹണരീതി.

ജനസാമാന്യത്തില്‍നിന്ന് തീര്‍ത്തും അകന്ന് ചൂഷകവര്‍ഗങ്ങളുടെ താല്‍പ്പര്യങ്ങള്‍ അനുസരണയോടെ നിറവേറ്റുന്ന സവിശേഷാനുകൂല്യങ്ങളുള്ള ഉദ്യോഗസ്ഥമേധാവികള്‍ മുഖേനയാണ് പരമോന്നതതലത്തില്‍ കേന്ദ്രീകരിച്ച് അധികാരം പ്രയോഗിക്കപ്പെടുന്നത്. സമൂഹത്തിലെ ജനാധിപത്യഘടനയെ ദുര്‍ബലപ്പെടുത്തുന്ന ഘടകങ്ങളാണ് ഉദ്യോഗസ്ഥവൃന്ദത്തിന്റെ വന്‍തോതിലുള്ള വളര്‍ച്ചയും ഭരണവര്‍ഗങ്ങളുമായി അവര്‍ക്കുള്ള ശക്തമായ ബന്ധങ്ങളും ഉദ്യോഗസ്ഥവൃന്ദത്തിലെ വ്യാപകമായ അഴിമതിയും.' ഇത്തരത്തിലുള്ള ഉദ്യോഗസ്ഥവൃന്ദങ്ങളെ പേറുന്ന ഭരണകൂട എക്സിക്യൂട്ടീവ്, മാറിമാറി വരുന്ന ഗവണ്‍മെന്റുകളുടെ താല്‍പ്പര്യത്തെയും നയങ്ങളെയുമല്ല പ്രതിനിധാനം ചെയ്യുന്നത്. ജുഡീഷ്യറിയുടെ സ്വഭാവവും മറിച്ചല്ല. ഭരണവര്‍ഗനയത്തെയും താല്‍പ്പര്യങ്ങളെയുമാണ് ഈ രണ്ട് വിഭാഗങ്ങളും പ്രകാശിപ്പിക്കുന്നത്. കേരളത്തിലെ എല്‍ഡിഎഫ് ഗവണ്‍മെന്റ് എല്ലാ മേഖലയിലും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത് ജനകീയ നയങ്ങളും നിലപാടുകളുമാണ്. എന്നാല്‍, നിലനില്‍ക്കുന്ന എക്സിക്യൂട്ടീവും ജുഡീഷ്യറിയും ഇതിനോടെല്ലാം ക്രിയാത്മകമായി പ്രതികരിച്ചോളണമെന്ന പ്രതീക്ഷ, ഭരണവര്‍ഗ സമീപനത്തിന്റെ ഉള്ളടക്കത്തെപ്പറ്റി ബോധ്യമില്ലാത്തതുകൊണ്ടാണ് ഉണ്ടാകുന്നത്.

യഥാര്‍ഥത്തില്‍ കേന്ദ്രത്തിലും സംസ്ഥാനത്തിലുമുള്ള ഭരണകൂടസംവിധാനം തെരഞ്ഞെടുക്കുന്ന സംസ്ഥാന ഗവണ്‍മെന്റിനെയല്ല പ്രതിനിധാനം ചെയ്യുന്നത്. മറിച്ച്, നിലവിലുള്ള ഭരണകൂട വ്യവസ്ഥയെയാണ്. നയപരമായുള്ള ഈ വ്യത്യാസത്തെ മനസ്സിലാക്കിക്കൊണ്ട് ഭരണം കൈകാര്യം ചെയ്യുക എന്നത് അതീവ പ്രയാസകരമാണ്. എങ്കില്‍പ്പോലും ഭരണകൂടവ്യവസ്ഥയ്ക്ക് വിധേയപ്പെട്ട നയങ്ങളും നിലപാടുകളും ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന രീതിയില്‍ മതനിരപേക്ഷ ഉള്ളടക്കത്തോടെ നടപ്പാക്കാന്‍ ഗവണ്‍മെന്റിനും ഭരണകൂടത്തിനും സാധിക്കേണ്ടതുണ്ട്. എല്‍ഡിഎഫ് ഗവണ്‍മെന്റ്, കോര്‍പറേറ്റുകളെയോ വന്‍കിട സാമ്പത്തികശക്തികളെയോ ഭൂപ്രഭുക്കളെയോ സാമ്രാജ്യത്വ- ധനമൂലധന ശക്തികളെയോ അല്ല പ്രതിനിധാനം ചെയ്യുന്നത്. ഭരണകൂടമാകട്ടെ മേല്‍ചൂണ്ടിക്കാണിച്ചവയുടെയെല്ലാം താല്‍പ്പര്യമാണ് സംരക്ഷിക്കുന്നത്. ഈ വൈരുധ്യത്തെ മനസ്സിലാക്കി വിട്ടുവീഴ്ചയോടെ ഭരണസംവിധാനത്തെ മുന്നോട്ട് നയിക്കേണ്ടതുണ്ട്.

വിട്ടുവീഴ്ചയെന്നാല്‍ കീഴടങ്ങലല്ലെന്നര്‍ഥം. പരസ്പരം ബോധ്യപ്പെടലാണ്. പ്രായോഗികത മെനഞ്ഞെടുക്കലാണ്. മുമ്പ് കോണ്‍ഗ്രസും ഇപ്പോള്‍ ബിജെപിയും പ്രതിനിധാനം ചെയ്യുന്ന ഭരണകൂടവ്യവസ്ഥയ്ക്ക് കീഴിലാണ് കേന്ദ്രവും സംസ്ഥാനങ്ങളും നിലനില്‍ക്കുന്നത്. കേരളത്തിന്റെ പ്രത്യേക വികസനമാതൃക ലോകം ഇന്ന് ചര്‍ച്ച ചെയ്യുന്നത്, പാര്‍ലമെന്ററി വ്യവസ്ഥയെ കമ്യൂണിസ്റ്റ് ഇടതുപക്ഷം ഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്കുവേണ്ടി പരുവപ്പെടുത്തിയെടുത്തതുകൊണ്ടാണ്. അത് നവോത്ഥാനപ്രസ്ഥാനത്തിന്റെ നേരവകാശികളെന്നനിലയില്‍ കമ്യൂണിസ്റ്റുകാര്‍ക്ക് പ്രവര്‍ത്തിക്കാനായതുകൊണ്ടുകൂടിയാണ്. ഭരണകൂടവും ഭരണവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കി, പരിമിതികളും സാധ്യതകളും തിരിച്ചറിഞ്ഞ് കൂടുതല്‍ വേഗത്തില്‍ കേരളത്തെ മുന്നോട്ടുനയിക്കാന്‍ തീര്‍ച്ചയായും എല്‍ഡിഎഫ് സര്‍ക്കാരിന് സാധിക്കും. അതിന് തിരിച്ചറിവോടുകൂടി ശക്തിപകരാനുള്ള ബാധ്യത എല്ലാ ജനാധിപത്യവിശ്വാസികള്‍ക്കും പുരോഗമനേച്ഛുക്കള്‍ക്കുമുണ്ട്*

എം വി ഗോവിന്ദന്‍
Monday Jan 23, 2017

http://www.deshabhimani.com/articles/news-articles-23-01-2017/618727