Wednesday, June 15, 2011

മണി ചെയിനല്ല, ഇത് കെണി ചെയിന്‍

നാനോ എക്സല്‍ ഡയറക്ടര്‍ ബംഗളൂരുവില്‍ അറസ്റ്റില്‍

ബംഗളൂരു/കൊച്ചി/കല്‍പ്പറ്റ: കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മണിചെയിന്‍ മാതൃകയില്‍ കോടികള്‍ തട്ടിയ കേസില്‍ നാനോ എക്സല്‍ കോര്‍പറേഷന്‍ ലിമിറ്റഡ് ഡയറക്ടര്‍ പാട്രിക് തോമസിനെ അള്‍സൂര്‍ പൊലീസ് അറസ്റ്റുചെയ്തു. ബംഗളൂരുവില്‍ തട്ടിപ്പു നടത്തിയതുമായി ബന്ധപ്പെട്ട പരാതിയെ തുടര്‍ന്ന് ഞായറാഴ്ചയാണ് ഇയാള്‍ അറസ്റ്റിലായത്. തൃശൂരിലും കൊച്ചിയിലും ഓഫീസുകള്‍ തുറന്നാണ് നാനോ എക്സല്‍ കോര്‍പറേഷന്‍ തട്ടിപ്പു നടത്തിയത്. നടത്തിപ്പുകാര്‍ക്കെതിരെ തൃശൂര്‍ ഈസ്റ്റ്, വെസ്റ്റ്, ചേലക്കര, തൊടുപുഴ, പാലക്കാട്, കണ്ണൂര്‍ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളില്‍ കേസുണ്ട്. കഴിഞ്ഞ ദിവസം വയനാട് ജില്ലയിലും പരാതികള്‍ ലഭിച്ചിട്ടുണ്ട്.

നാനോ സാങ്കേതികവിദ്യയുടെ മറവില്‍ പ്രവര്‍ത്തനമാരംഭിച്ച നാനോ എക്സല്‍ കമ്പനി 600 കോടിയിലേറെ രൂപയാണ് കേരളത്തില്‍നിന്ന് തട്ടിയത്. കേരളത്തില്‍ പലയിടത്തും ഇപ്പോഴും തട്ടിപ്പ് തുടരുന്നു. ഫെബ്രുവരിയില്‍ തൃശൂര്‍ ജില്ലയില്‍ വില്‍പ്പനനികുതിവകുപ്പിന്റെ വലയിലായതോടെയാണ് നാനോ എക്സല്‍ കമ്പനിയുടെ തട്ടിപ്പ് പുറത്തറിഞ്ഞത്. കേവലം 48 ലക്ഷം രൂപയുടെ വില്‍പ്പനകാണിച്ച് നികുതിവെട്ടിക്കാന്‍ നടത്തിയ ശ്രമമാണ് കൈയോടെ പിടിച്ചത്. 103 കോടിയുടെ വില്‍പ്പന നടത്തിയ കമ്പനിയില്‍നിന്ന് 7.04 കോടി രൂപ നികുതി ഈടാക്കി. എന്നാല്‍ , വെട്ടിപ്പുകേസ് എങ്ങുമെത്തിയില്ല. ഉല്‍പ്പന്നവില്‍പ്പനയും ഓഹരിപിരിവും മണിചെയിന്‍ മാതൃകയില്‍ ആളെചേര്‍ക്കലുമൊക്കെയായി ആയിരക്കണക്കിനാളുകളെയാണ് വഞ്ചിച്ചത്. പ്രധാന പ്രൊമോട്ടര്‍മാരുടെ ഫോണുകള്‍ നിര്‍ജീവമാണ്. കളമശേരി ഉണിച്ചിറയിലെ ഓഫീസും പ്രവര്‍ത്തിക്കുന്നില്ല.

തട്ടിപ്പില്‍ കുടുങ്ങി ലക്ഷങ്ങള്‍ നഷ്ടപ്പെട്ട നിരവധിപേര്‍ വയനാട് ജില്ലയിലെ അമ്പലവയല്‍ പൊലീസിന് പരാതി നല്‍കി. 12,000 രൂപയാണ് നാനോയിലെ കുറഞ്ഞ നിക്ഷേപത്തുക. 10 രൂപ വിലയുള്ള 1,200 ഷെയറുകളാണ് 12,000 രൂപ അടയ്ക്കുന്നവര്‍ക്ക് നല്‍കുക. പണം അടച്ച് നാല് മാസം കഴിയുമ്പോള്‍ കമ്പനി 3,000 രൂപയും അടുത്ത നാല് മാസത്തില്‍ വീണ്ടും 3,000 രൂപയും തിരിച്ചുനല്‍കും. ഒരുവര്‍ഷമെത്തുമ്പോള്‍ 12,000 രൂപയും നല്‍കും. ചുരുക്കത്തില്‍ 12,000 രൂപയുടെ കുറഞ്ഞ നിക്ഷേപം നടത്തിയാല്‍ ഒരുവര്‍ഷത്തിനകം 18,000 രൂപയാണ് തിരിച്ചുനല്‍കുന്നത്. അഞ്ചുവര്‍ഷത്തേക്ക് ഇത് അതേപടി തുടരുമെന്ന് വിശ്വസിപ്പിച്ചതായി 36,000 രൂപ അടച്ച കല്‍പ്പറ്റയിലെ ഒരു വീട്ടമ്മ "ദേശാഭിമാനി"യോട് പറഞ്ഞു.

പണമടച്ചത് ചിട്ടിപിടിച്ചും സ്വര്‍ണം പണയപ്പെടുത്തിയും

കൊച്ചി/കല്‍പ്പറ്റ: അതിവേഗം പണമുണ്ടാക്കാനുള്ള നാനോ എക്സല്‍ കോര്‍പറേഷന്റൈ മോഹനവാഗ്ദാനത്തിലേക്ക് പലരും എടുത്തുചാടിയത് ചിട്ടിപിടിച്ചും സ്വര്‍ണവും വസ്തുകളും പണയം വച്ചും. 12,000 രൂപ നല്‍കിയാല്‍ അഞ്ചുവര്‍ഷത്തിനകം 1.80 ലക്ഷം തിരികെലഭിക്കുമെന്ന വാഗ്ദാനമാണ് പലരും കണ്ണുമടച്ച് വിശ്വസിച്ചത്. ഏതാനും മാസം മുമ്പ് തൃശൂരില്‍ നികുതിവെട്ടിപ്പിന് പിടിയിലായതോടെയാണ് കമ്പനിയുടെ തട്ടിപ്പ് പുറത്തുവന്നത്. എന്നാല്‍ , നാനോ എക്സല്‍ കമ്പനിയുടെ തട്ടിപ്പ് സംസ്ഥാനത്ത് ഇപ്പോഴും തുടരുന്നതായി നേരത്തെ വഞ്ചിക്കപ്പെട്ടവര്‍ പറഞ്ഞു. ഹൈദരാബാദ് ആസ്ഥാനമായ കമ്പനി ഇതുവരെ 600 കോടിയിലേറെ രൂപ സംസ്ഥാനത്തുനിന്നു മാത്രം തട്ടിയെടുത്തതായാണ് കണക്ക്. ഇതുസംബന്ധിച്ച വാര്‍ത്ത അറിയാത്തവര്‍ ഇപ്പോഴും പല പ്രദേശത്തും തട്ടിപ്പിന് ഇരയാകുന്നുണ്ട്. കമ്പനി വാഗ്ദാനംചെയ്ത ഉല്‍പ്പന്നങ്ങള്‍ മാത്രമല്ല, പണമടച്ചതിന്റെ രസീതുപോലും പിന്നീട് ആര്‍ക്കും കിട്ടാതായി. കമീഷനെന്നപേരില്‍ ആദ്യഘട്ടത്തില്‍ നാമമാത്രമായെങ്കിലും പണംകിട്ടിയവര്‍ വീണ്ടും പണമടച്ച് വഞ്ചിതരായി.

നാനോ സാങ്കേതികവിദ്യയെക്കുറിച്ച് പൊതുജനങ്ങള്‍ക്കുള്ള അജ്ഞത മുതലെടുത്താണ് കമ്പനിയുടെ വളര്‍ച്ച. രണ്ടുവര്‍ഷംമുമ്പ് ഏപ്രിലില്‍ തൃശൂരിലായിരുന്നു കേരളത്തിലെ തുടക്കം. 12,000 മുതല്‍ 1.80 ലക്ഷം രൂപവരെ അംഗത്വത്തിന് ഈടാക്കുമ്പോള്‍ ഹൃദയാഘാതം തടയുന്ന നാനോ പവര്‍കാര്‍ഡ്മുതല്‍ നാനോ സാങ്കേതികവിദ്യയില്‍ അരുണാചല്‍പ്രദേശില്‍ സ്ഥാപിക്കുന്ന ഹൈഡ്രോ ഇലക്ട്രിക് പവര്‍സ്റ്റേഷന്റെ ഓഹരിവരെയാണ് വിറ്റിരുന്നത്. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ , ശരീരദുര്‍ഗന്ധം അകറ്റാന്‍ , സ്തനവളര്‍ച്ചയ്ക്ക്, മുറിവുണക്കാന്‍ , ശരീരപുഷ്ടിക്ക് തുടങ്ങി എളുപ്പത്തില്‍ ഉറക്കംവരാന്‍പോലുമുള്ള നാനോ കാര്‍ഡുകള്‍ വില്‍പ്പനയ്ക്കുണ്ടായിരുന്നു. ഭക്ഷണത്തിന് സ്വാദുകൂട്ടാനുള്ള ബയോ കുക്കിങ് സ്റ്റോണ്‍ , വസ്ത്രങ്ങളുടെ ആയുസ്സുകൂട്ടാനുള്ള വാഷിങ് സ്റ്റോണ്‍ , സര്‍വരോഗസംഹാരികളായ നാനോ വള, മാല, കിടക്കവിരി എന്നിവയാണ് ഉല്‍പ്പന്നനിരയിലുള്ളത്. സാധാരണ അന്തരീക്ഷ ഊഷ്മാവില്‍ ഇന്‍ഫ്രാ റെഡ് രശ്മികള്‍ പുറത്തുവിട്ട് ഇവ ആരോഗ്യം പ്രദാനംചെയ്യുന്നുവെന്നായിരുന്നു കമ്പനിയുടെ വിശദീകരണം.

ലക്ഷങ്ങള്‍ നഷ്ടപ്പെട്ട നിരവധിപേര്‍ വയനാട് ജില്ലയിലെ അമ്പലവയല്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. സര്‍ക്കാര്‍ ജീവനക്കാരാണ് തട്ടിപ്പില്‍ കുടുങ്ങിയവരില്‍ ഏറെയും. വിരമിക്കുമ്പോള്‍ ലഭിച്ച തുകയപ്പാടെ നാനോയില്‍ നിക്ഷേപിച്ചവര്‍ കല്‍പ്പറ്റയിലും അമ്പലവയലിലും ഉണ്ട്. ഒന്നേകാല്‍ ലക്ഷം നിക്ഷേപിച്ചവര്‍ കല്‍പ്പറ്റ എമിലിയിലുണ്ട്. അമ്പലവയല്‍ ഭാഗത്തുനിന്ന് ഏഴ് കോടിയിലേറെ രൂപ നിക്ഷേപമായി നാനോ സമാഹരിച്ചിട്ടുണ്ടെന്നാണ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. നാനോക്കെതിരായി പരാതികള്‍ ഉയരുമ്പോള്‍ ഉപയോക്താക്കളെ വഴിതെറ്റിക്കാന്‍ ഇടനിലക്കാരായും ചിലര്‍ അവതരിച്ചിട്ടുണ്ടെന്ന് തുകയടച്ചവര്‍ പറയുന്നു. ഒപ്പംതന്നെ ഉപയോക്താക്കള്‍ക്ക് എസ്എംഎസും അയക്കുന്നുണ്ട്. "മാര്‍ക്കറ്റിങ് തട്ടിപ്പുകളായി ചിലര്‍ ഇറങ്ങിയിട്ടുണ്ട്. ഇത്തരം തട്ടിപ്പുകള്‍ കണ്ടാല്‍ അള്‍സുര്‍ പൊലീസ് സ്റ്റേഷനില്‍ അറിയിക്കുന്നവര്‍ക്ക് സമ്മാനം നല്‍കും" എന്നാണ് ഒരു മെസേജ്. ബേബി ജോസ്, സജീവ് രാജ്, ജീവന്‍ ഫിലിപ്പ്, ഷിനോയ് എന്നിവരാണ് തെറ്റായ നീക്കങ്ങള്‍ക്ക് പിന്നിലെന്നാണ് മറ്റൊരു മെസേജ്.

തലസ്ഥാനത്തും കൊച്ചിയിലും ആര്‍എംപി ഓഫീസില്‍ റെയ്ഡ്

കല്‍പ്പറ്റ: മണിചെയിന്‍ തട്ടിപ്പ് കേസില്‍ ആര്‍എംപി ഇന്‍ഫോടെക് കമ്പനിയുടെ തിരുവനന്തപുരം, കൊച്ചി ഓഫീസുകള്‍ പൊലീസ് റെയ്ഡ് നടത്തി അടച്ചുപൂട്ടി. ഇരു ഓഫീസുകളില്‍നിന്നും നിരവധി രേഖകള്‍ പൊലീസ് കണ്ടെടുത്തു. സംസ്ഥാനത്തിനകത്തും പുറത്തുംനിന്നായി ലക്ഷക്കണക്കിനാളുകളെ ആര്‍എംപിയില്‍ ചേര്‍ക്കുകയും കോടികള്‍ പിരിച്ചെടുക്കുകയും ചെയ്തതായാണ് പൊലീസ് നിഗമനം. അമ്പലവയല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളുടെ അടിസ്ഥാനത്തില്‍ വയനാട് പൊലീസാണ് തിരുവനന്തപുരത്തും കൊച്ചിയിലും റെയ്ഡ് നടത്തിയത്. തിരുവനന്തപുരത്ത് തമ്പാനൂരില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് വൈത്തിരി സിഐ പ്രേമദാസിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് റെയ്ഡ് നടത്തിയത്. ചൊവ്വാഴ്ച രാവിലെ തുടങ്ങിയ പരിശോധനയില്‍ പരാതിക്കടിസ്ഥാനമായ ഒട്ടേറെ രേഖകള്‍ പിടികൂടി. ഒമ്പത് കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക്, 29 രേഖകള്‍ , മൂന്ന് ഡിമാന്‍ഡ് ഡ്രാഫ്റ്റ് എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു. ഓഫീസിലുണ്ടായിരുന്ന ആറ് ജീവനക്കാരെ ചോദ്യം ചെയ്തെങ്കിലും കമ്പനിയെക്കുറിച്ച് ഒന്നുമറിയില്ലെന്നാണ് അവര്‍ പൊലീസിനോട് പറഞ്ഞത്. കുറഞ്ഞ ശമ്പളത്തിനാണ് ഇവര്‍ ജോലി ചെയ്യുന്നത്. കമ്പനിയുടെ എംഡിയുള്‍പ്പെടെയുള്ളവരെയൊന്നും നേരിട്ട് അറിയില്ലെന്നും ഇവര്‍ പറഞ്ഞു.

കൊച്ചി പാലാരിവട്ടത്ത് പ്രവര്‍ത്തിക്കുന്ന ആര്‍എംപിയുടെ ഓഫീസ് കേസ് അന്വേഷിക്കുന്ന വയനാട് ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി കെ കെ മാര്‍ക്കോസിന്റെ നേതൃത്വത്തിലാണ് റെയ്ഡ് ചെയ്തത്. അമ്പലവയല്‍ പൊലീസിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. അമ്പുകുത്തിയിലെ കാലപ്പറമ്പില്‍ അഷ്റഫ്, തോനത്ത് സുനില്‍കുമാര്‍ എന്നിവരാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇതിന്റെയടിസ്ഥാനത്തില്‍ ആര്‍എംപിക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊച്ചി ഓഫീസില്‍നിന്ന് നിരവധി രേഖകള്‍ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

ദേശാഭിമാനി 150611

6 comments:

  1. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മണിചെയിന്‍ മാതൃകയില്‍ കോടികള്‍ തട്ടിയ കേസില്‍ നാനോ എക്സല്‍ കോര്‍പറേഷന്‍ ലിമിറ്റഡ് ഡയറക്ടര്‍ പാട്രിക് തോമസിനെ അള്‍സൂര്‍ പൊലീസ് അറസ്റ്റുചെയ്തു. ബംഗളൂരുവില്‍ തട്ടിപ്പു നടത്തിയതുമായി ബന്ധപ്പെട്ട പരാതിയെ തുടര്‍ന്ന് ഞായറാഴ്ചയാണ് ഇയാള്‍ അറസ്റ്റിലായത്. തൃശൂരിലും കൊച്ചിയിലും ഓഫീസുകള്‍ തുറന്നാണ് നാനോ എക്സല്‍ കോര്‍പറേഷന്‍ തട്ടിപ്പു നടത്തിയത്. നടത്തിപ്പുകാര്‍ക്കെതിരെ തൃശൂര്‍ ഈസ്റ്റ്, വെസ്റ്റ്, ചേലക്കര, തൊടുപുഴ, പാലക്കാട്, കണ്ണൂര്‍ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളില്‍ കേസുണ്ട്. കഴിഞ്ഞ ദിവസം വയനാട് ജില്ലയിലും പരാതികള്‍ ലഭിച്ചിട്ടുണ്ട്.

    ReplyDelete
  2. മണിചെയിന്‍ തട്ടിപ്പ്: കമ്പനി ഡയറക്ടര്‍ അറസ്റ്റില്‍
    Posted on: 14-Jun-2011 11:47 PM
    ചങ്ങനാശേരി: മണിചെയിന്‍ മോഡല്‍ ഇന്‍ഷുറന്‍സ് തട്ടിപ്പ് നടത്തിയ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനി ഡയറക്ടര്‍ അറസ്റ്റില്‍ . ചങ്ങനാശേരിയില്‍ പ്രവര്‍ത്തിക്കുന്ന "സേവക് ഹെല്‍ത്ത് കെയര്‍" ഇന്‍ഷുറന്‍സ് കമ്പനിയുടെ ഡയറക്ടര്‍ ചീരംചിറ മൂലയില്‍ എം യു സ്കറിയയെ ചൊവ്വാഴ്ച വൈകിട്ടാണ് അറസ്റ്റ്ചെയ്തത്. നിക്ഷേപകരില്‍നിന്ന് കോടികളുടെ തട്ടിപ്പ് നടത്തിയതായി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്മെന്റ് അതോറിറ്റി കണ്ടെത്തിയിരുന്നു. ഇവരുടെ പരാതിയെ തുടര്‍ന്ന് ചങ്ങനാശേരി സി ഐ മനോജ് കബീറിന്റെ നേതൃത്വത്തില്‍ കമ്പനി ഡയറക്ടറെ അറസ്റ്റ് ചെയ്തു. ഇയാളുടെ ബാങ്ക് അക്കൗണ്ടും മരവിപ്പിച്ചു.

    ReplyDelete
  3. വാടാനപ്പള്ളി: ബിസയര്‍ കമ്പനി ശരിയായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് എസ്എംഎസ് അയച്ച് ഏജന്റുമാര്‍ വ്യാജ പ്രചാരണം ശക്തമാക്കി കമ്പനിയുടെ ശാഖകള്‍ പൂട്ടിക്കൊണ്ടിരിക്കുമ്പോഴും കമ്പനിക്കുവേണ്ടി ലീഡര്‍മാരും ഏജന്റുമാരും പ്രചാരണത്തിനിറങ്ങുകയാണ്. എംഡിക്ക് ജാമ്യം കിട്ടിയാല്‍ കമ്പനിയുടെ ആസ്തികള്‍ ഇന്റര്‍നെറ്റിലൂടെ തുറന്നുകാണിക്കും എന്നാണ് അവര്‍ അവകാശപ്പെടുന്നത്. എന്നാല്‍ കമ്പനിക്കെതിരെ പരാതിക്കാരുടെ എണ്ണം കൂടുകയാണ്. കമ്പനി പൊട്ടിയ വാര്‍ത്തയറിഞ്ഞതോടെ തീരദേശത്തുള്ള ആയിരക്കണക്കിന് നിക്ഷേപകര്‍ നെട്ടോട്ടത്തിലാണ്. അടുത്ത ദിവസങ്ങളില്‍ വാടാനപ്പള്ളി കേന്ദ്രീകരിച്ച് ആക്ഷന്‍ കൗണ്‍സിലുകള്‍ രൂപീകരിക്കും. വാടാനപ്പള്ളിയിലെ ബിസയര്‍ ഷോപ്പ് പൂട്ടിയതറിയാതെ നിരവധി പേരാണ് സാധനങ്ങള്‍ വാങ്ങാനെത്തുന്നത്. ബന്ധുക്കളും സുഹൃത്തുക്കളമാണ് നെറ്റ്വര്‍ക്കില്‍ ചേര്‍ത്തത് എന്നതിനാല്‍ പരാതി പറയാത്തവര്‍ നിരവധിയാണ്. അഞ്ച് ഷെയര്‍ ഒരാഴ്ചക്കകം ചേര്‍ത്താല്‍ ക്യാമറയുള്ള നോക്കിയ മൊബൈല്‍ , ഇരുപത്തഞ്ചുപേരെ ചേര്‍ത്താല്‍ ലാപ്ടോപ്പ് എന്നിങ്ങനെയൊക്കെ ഓഫര്‍ നല്‍കിയാണ് കമ്പനിയുടെ ലീഡര്‍മാര്‍ ഏജന്റുമാരെ വശീകരിച്ചിരുന്നത്. ഗുരുവായൂര്‍ കേന്ദ്രീകരിച്ച് നടന്നിരുന്ന പ്രധാന ബിഒപികള്‍ മുടങ്ങിയിട്ടുണ്ട്. ഏജന്റുമാര്‍ പ്രതിരോധത്തിലാണ്. ബിസയര്‍ ഏജന്റുമാരും ലീഡര്‍മാരും തങ്ങളുടെ കാറുകളില്‍നിന്നും സ്റ്റിക്കറുകള്‍ ഉരിഞ്ഞുകളഞ്ഞു.(deshabhimani 150611)

    ReplyDelete
  4. കൊച്ചി: ഗൃഹോപകരണ വില്‍പനയുടെ മറവില്‍ മണിചെയിന്‍ തട്ടിപ്പു നടത്തിയ സ്ഥാപനത്തിലും എംഡിയുടെ വീട്ടിലും ക്രൈംബ്രാഞ്ച് റെയ്ഡ്. എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജെ ക്യൂബ്സ് മാര്‍ക്കറ്റിങ് സൊല്യൂഷന്‍സ് ലിമിറ്റഡിന്റെ ഫോര്‍ച്യൂണ്‍ അപ്പ് എന്ന കമ്പനിയുടെ ഹെഡ് ഓഫീസിലും എംഡി വല്ലാര്‍പാടം കുന്നപ്പിള്ളി വീട്ടില്‍ ജോണ്‍സണ്‍ ജോര്‍ജിന്റെ വീട്ടിലുമാണ് റെയ്ഡ് നടന്നത്. എംഡി ഒളിവിലാണ്. ആറായിരത്തോളം പേരില്‍നിന്നായി കോടിക്കണക്കിനുരൂപ ഇവര്‍ തട്ടിയെടുത്തതായാണ് വിവരം. വൈറ്റില വൈറ്റ്ഫോര്‍ട്ട് ഹോട്ടലിനുസമീപം മാളിയേക്കല്‍ ലെയ്നിലാണ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. വര്‍ക്കല, നെയ്യാറ്റിന്‍കര, മല്ലപ്പള്ളി, എരുമേലി എന്നിവിടങ്ങളിലും വയനാട് ജില്ലയിലെ ഗ്രാമങ്ങളും കേന്ദ്രീകരിച്ചാണ് തട്ടിപ്പു നടത്തിയതെന്ന് അന്വേഷണസംഘം പറഞ്ഞു. ഗൃഹോപകരണങ്ങളും ആയുര്‍വേദ ഉല്‍പ്പനങ്ങളും വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പിനിരയായത് ഏറെയും സ്ത്രീകളാണ്. ഗോള്‍ഡ്, സില്‍വര്‍ , പ്ലാറ്റിനം തുടങ്ങി തുകയുടെ വലിപ്പമനുസരിച്ച് വിവിധ പാക്കേജുകളിലാണ് ഉല്‍പന്നങ്ങള്‍ വിറ്റഴിച്ചത്. വാട്ടര്‍ പ്യൂരിഫയര്‍ , ആയുര്‍വേദ ഉല്‍പന്നങ്ങള്‍ , സൗന്ദര്യവര്‍ധക സാധനങ്ങള്‍ എന്നിവയുടെ മറവിലായിരുന്നു മണിചെയിന്‍ ഇടപാട്. ഓരോ പദ്ധതിയിലും ചേരുന്നവര്‍ തങ്ങളുടെ കീഴില്‍ മൂന്നുപേരെ ചേര്‍ക്കുമ്പോള്‍ ആഴ്ചയില്‍ 30,000 രൂപവരെ ലാഭം ലഭിക്കുമെന്നായിരുന്നു പ്രചരണം. പത്തുലക്ഷം രൂപയ്ക്കു മുകളില്‍ വിലയുള്ള ഉല്‍പന്നങ്ങള്‍ വിറ്റും വാറ്റ് രജിസ്ട്രേഷന്‍ ഇല്ലാതെ ലക്ഷക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പും സ്ഥാപനം നടത്തിയതായി ടാക്സ് കമീഷണറേറ്റ് അറിയിച്ചു. എംഡിയെക്കൂടാതെ മൂന്ന് ഡയറക്ടര്‍മാരും കമ്പനിക്കുണ്ട്.(deshabhimani 150611)

    ReplyDelete
  5. തലശേരി: ചെന്നൈ കേന്ദ്രമായ വേ ടു ലൈഫ് ഡോട്ട് ഇന്‍ഫോ ഇന്റര്‍നെറ്റ് മണിചെയിന്‍ സംഘം സംസ്ഥാനത്തുനിന്ന് കോടികള്‍ തട്ടിയശേഷം മുങ്ങി. വേ ടു ലൈഫ് ഡോട്ട് ഇന്‍ഫോ വെബ്സൈറ്റിന്റെ പിന്‍ബലത്തില്‍ പ്രവര്‍ത്തിച്ച സംഘമാണ് ചെന്നൈയിലെ ഓഫീസ് പൂട്ടി സ്ഥലംവിട്ടത്. നിക്ഷേപം പെരുകുന്നതിന്റെ കണക്ക് കംപ്യൂട്ടറില്‍ കാണിച്ച് വിശ്വസിപ്പിച്ചാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇവര്‍ കോടികള്‍ സമാഹരിച്ചത്. വെബ്സൈറ്റ്പോലും പ്രവര്‍ത്തനരഹിതമായതോടെ ഏജന്റുമാരെ തേടിനടക്കുകയാണ് നിക്ഷേപകര്‍ . ഇന്റര്‍നെറ്റിലൂടെ നിക്ഷേപത്തിന്റെ വിശദവിവരം, ലഭിക്കാവുന്ന തുക, പിന്‍വലിച്ച തുക തുടങ്ങിയവ കൃത്യമായി നല്‍കി വിശ്വാസമാര്‍ജിച്ചശേഷമാണ് സംഘം കോടികളുടെ നിക്ഷേപവുമായി മുങ്ങിയത്. ഏജന്റുമുഖേന 1500 രൂപ രജിസ്ട്രേഷന്‍ ഫീസ് നല്‍കി "വേ ടു ലൈഫ് ഡോട്ട് ഇന്‍ഫോ"യില്‍ അംഗമാവുന്നവര്‍ 7000 രൂപയുടെ ഒരു യൂണിറ്റെങ്കിലും എടുക്കണമെന്നായിരുന്നു വ്യവസ്ഥ. ഏഴുലക്ഷം രൂപവരെ നിക്ഷേപിക്കാം. 7000 രൂപ നിക്ഷേപിക്കുന്നവര്‍ക്ക് ദിവസം 70 രൂപ വീതം 300 ദിവസംകൊണ്ട് 21,000 രൂപ തിരിച്ചുനല്‍കും. ആദ്യഘട്ടത്തില്‍ കൃത്യമായി തുക തിരിച്ചുനല്‍കിയിരുന്നു. കാലാവധികഴിഞ്ഞ് തുക തിരിച്ചുവാങ്ങാന്‍ വെബ്സൈറ്റ് സന്ദര്‍ശിച്ചപ്പോഴാണ് പലരും വഞ്ചിക്കപ്പെട്ടതറിയുന്നത്. ലക്ഷങ്ങളാണ് പലര്‍ക്കും നഷ്ടപ്പെട്ടത്. വന്‍ലാഭം പ്രതീക്ഷിച്ച് തുടരെ നിക്ഷേപിച്ചവരാണ് കബളിപ്പിക്കപ്പെട്ടവരിലേറെയും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പൊലീസുകാരും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ തട്ടിപ്പിനിരയായിട്ടുണ്ട്. എന്നാല്‍ പരാതി നല്‍കാന്‍ ആരും തയ്യാറായില്ല. ചെന്നൈ അശോക്നഗര്‍ ഗിണ്ടിയിലെ കൃഷ്ണ ടവേഴ്സിന്റെ മൂന്നാംനിലയിലെ ഓഫീസ് പൂട്ടി നടത്തിപ്പുകാരായ ചിത്രാ ശെല്‍വകുമാര്‍ , ഗൗഡ, വിജയ് ബല്യാഡ് എന്നിവരാണ് മുങ്ങിയത്്. ഇവരുടെ മൊബൈല്‍ഫോണും സ്വിച്ച്ഓഫാണ്.(deshabhimani 150611)

    ReplyDelete
  6. മണിചെയിന്‍ തട്ടിപ്പില്‍ പൊലീസ് പിടിയിലായവരെ കോണ്‍ഗ്രസ് നേതാക്കള്‍ ഇടപ്പെട്ട് മോചിപ്പിച്ചു. ഏനാത്ത്, മണ്ണടി, കൊട്ടാരക്കര പ്രദേശങ്ങളിലുള്ള നിരവധി പേരില്‍നിന്ന് നാനോ എക്സല്‍ കമ്പിനിയുടെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തവരെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇടപ്പെട്ട് കസ്റ്റഡിയില്‍നിന്ന് മോചിപ്പിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ പരാതിക്കാരെ സ്വാധീനിച്ച് വാങ്ങിയ പണത്തിനുള്ള ചെക്ക് തിങ്കളാഴ്ച വാങ്ങികൊടുക്കാമെന്ന വാഗ്ദാനത്തിലാണ് ഇവരെ മോചിപ്പിച്ചത്. തട്ടിപ്പു നടത്തിയവര്‍ കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധം പുലര്‍ത്തുന്നവരാണ്. തട്ടിപ്പിനിരയായവര്‍ നല്‍കിയ പരാതിയെതുടര്‍ന്ന് അടൂരില്‍നിന്നാണ് സിഐ അലക്സ് ബേബി ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ഇവരെ ഏനാത്ത് സ്റ്റേഷനില്‍ കൊണ്ടുവന്നതറിഞ്ഞ് എത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ പരാതിക്കാരെ സ്വാധീനിക്കുകയായിരുന്നു. തട്ടിപ്പിനിരയായവരുടെ പരാതിയില്‍ കേസെടുക്കാന്‍ തയ്യാറായെങ്കിലും പരാതിക്കാര്‍ പിന്മാറിയതുകൊണ്ടാണ് കേസെടുക്കാതെ വിട്ടയച്ചതെന്ന് സിഐ പറഞ്ഞു.

    ReplyDelete