Showing posts with label മലബാര്‍ സമരം. Show all posts
Showing posts with label മലബാര്‍ സമരം. Show all posts

Thursday, August 20, 2020

ചരിത്രം മായ്ക്കാത്ത ആഹ്വാനവും താക്കീതും; മലബാർ കലാപമെന്ന്‌ പറഞ്ഞതിന്‌ ദേശാഭിമാനി നേരിട്ടത്‌ നിരോധനം

 കോഴിക്കോട്‌> മാപ്പിള ലഹളയല്ല, മലബാർ കലാപമാണെന്ന്‌ പറഞ്ഞതിന്റെ പേരിൽ "ദേശാഭിമാനി' നേരിട്ടത്‌ സമാനതകളില്ലാത്ത  വേട്ടയാടലും നിരോധനവും. ‘1921–-ആഹ്വാനവും താക്കീതും’എന്ന ലേഖനം പ്രസിദ്ധീകരിച്ചതിന്‌ ബ്രിട്ടീഷ്‌ അധികാരികൾ "ദേശാഭിമാനി' കണ്ടുകെട്ടി,  പ്രസിദ്ധീകരണം തടഞ്ഞു. 1921 -ലെ മലബാർ കലാപത്തിന്റെ നൂറാം വാർഷികമെത്തുമ്പോൾ ദേശാഭിമാനിയുടെ ധീരമായ ഇടപെടലിന്റെ ‘ആഹ്വാനവും താക്കീതും’ ചരിത്രത്തിൽ ഉശിരോടെ   മുഴങ്ങുന്നു‌.

കലാപത്തിന്റെ പൈതൃകം സ്വന്തമാക്കാനും അതിനെ വർഗീയവൽക്കരിക്കാനും നൂറുവർഷത്തിനിപ്പുറം തീവ്രശ്രമങ്ങൾ അരങ്ങേറവേ  ‘ദേശാഭിമാനി’ നിലപാടിന്റെ പ്രസക്തിയിൽ കൂടുതൽ അക്ഷരപ്രഭയോടെ ജ്വലിച്ചുനിൽക്കുന്നു‌. അന്നത്തെ മലയാള മനോരമ, മാതൃഭൂമി പത്രങ്ങളെല്ലാം കലാപത്തെ വർഗീയമായി ചാപ്പകുത്തിയപ്പോഴാണ്‌ കമ്യൂണിസ്‌റ്റ്‌ പാർടി മുഖപത്രമായ ദേശാഭിമാനി ധീരമായ നിലപാട്‌ സ്വീകരിച്ചത്‌. 1946 ആഗസ്‌ത്‌ 20 നായിരുന്നു ദേശാഭിമാനിയിൽ ‘ആഹ്വാനവും താക്കീതും’ പ്രസിദ്ധീകരിച്ചത്‌. മലബാർ ലഹളയെ  ചരിത്രപരമായും ശാസ്‌ത്രീയമായും വിശകലനം ചെയ്‌തുള്ള കമ്യൂണിസ്‌റ്റ്‌ പാർടിയുടെ വിജ്ഞാപനമായിരുന്നു 1921–-ആഹ്വാനവും താക്കീതും.

1946 ആഗസ്‌ത്‌ 20 നായിരുന്നു ദേശാഭിമാനിയിൽ ‘ആഹ്വാനവും താക്കീതും’ പ്രസിദ്ധീകരിച്ചത്‌. ആഗസ്‌ത്‌ 24ന്‌‌ കോഴിക്കോട്ടെ ദേശാഭിമാനി ഓഫീസും പ്രസ്സും ബ്രിട്ടീഷ്‌ പൊലീസ്‌ കൈയേറി‌. ജാമ്യസംഖ്യ കണ്ടുകെട്ടി പത്രത്തിന്‌ നിരോധനം ഏർപ്പെടുത്തി. കലാപത്തിന്റെ ചരിത്രപ്രാധാന്യം ആവർത്തിച്ച്‌ 1971 ആഗസ്‌ത്‌ 20 ന്‌  50–--ാം വാർഷികത്തിൽ  1946 ആഗസ്‌ത്‌ 24ന്റെ ഒന്നാംപേജ്‌  ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച ദേശാഭിമാനി

മലബാർ കലാപത്തിന്റെ 25–-ാം വാർഷികം പ്രമാണിച്ചായിരുന്നു നിലപാട്‌ പ്രസിദ്ധീകരിച്ചത്‌. ഇതിനടുത്ത ദിവസം, ആഗസ്‌ത്‌ 21 ന്‌  കമ്യൂണിസ്‌റ്റ്‌ പാർടിയെയും ദേശാഭിമാനിയെയും വിമർശിച്ച്‌ മാതൃഭൂമി മുഖപ്രസംഗമെഴുതി.  ‘മാതൃഭൂമി എതിർക്കുന്നത്‌ സാമുദായിക ലഹളയേയോ ബഹുജന സമരത്തേയോ’ എന്നപേരിൽ  22ന്‌  ദേശാഭിമാനിയിൽ ഇ എം എസ്‌ ‌ മറുപടിയെഴുതി. ഇതിന്റെ തുടർച്ചയായി ‌ ആഗസ്‌ത്‌ 24ന്‌‌ കോഴിക്കോട്ടെ ദേശാഭിമാനി ഓഫീസും പ്രസ്സും ബ്രിട്ടീഷ്‌ പൊലീസ്‌ കൈയേറി‌. പത്രത്തിന്‌ നിരോധനം ഏർപ്പെടുത്തി. 

കലാപത്തിന്റെ ചരിത്രപ്രാധാന്യം ആവർത്തിച്ച്‌ 1971 ആഗസ്‌ത്‌ 20 ന്‌  50–--ാം വാർഷികത്തിനും ദേശാഭിമാനി പ്രത്യേക സപ്ലിമെന്റിറക്കി. ‌ ‘കുഞ്ഞഹമ്മദ്‌‌ ഹാജി: വീര മാപ്പിള നേതാവ്‌ ’എന്ന തലക്കെട്ടിൽ സർദാർ ചന്ദ്രോത്തിന്റെ ലേഖനവും പ്രസിദ്ധീകരിച്ചു. മലബാർ കലാപകാലത്ത്‌ ഏറനാട്ടിൽ പട്ടാളക്കാരനായിരുന്ന ചന്ത്രോത്തിന്റെ അനുഭവത്തിൽ നിന്നുള്ളതായിരുന്നു ആ കുറിപ്പ്‌.  വാരിയംകുന്നത്ത്‌‌ കുഞ്ഞഹമ്മദ്‌ ഹാജി സാമ്രാജ്യവിരോധിയായ പോരാളിയാണെന്ന നിരീക്ഷണമാണ്‌ ‌ചന്ദ്രോത്ത്‌ അതിൽ പങ്കുവച്ചത്‌. 1921–-ആഗസ്‌ത്‌ 20നായിരുന്നു തിരൂരങ്ങാടിയിലും പരിസരത്തുമായി മലബാർ കലാപത്തിന്റെ തുടക്കം.

 ഇഎം എസ്‌ എഴുതിയ ‘1921ന്റെ ആഹ്വാനവും താക്കീതും’ ഇവിടെ വായിക്കാം

പി വി ജീജോ

1921ന്റെ ആഹ്വാനവും താക്കീതും

 1921-ലെ മലബാർ കലാപം കഴിഞ്ഞ്‌ നൂറുവർഷമാകുന്നു. മലബാർ കലാപത്തിന്റെ 25‐ാം വാർഷികത്തിൽ 1946 ആഗസ്‌ത്‌ 20ന്‌ ദേശാഭിമാനിയിൽ ഇഎംഎസ്‌ എഴുതിയ ‘1921ന്റെ ആഹ്വാനവും താക്കീതും ’എന്ന ലേഖനം പ്രസിദ്ധീകരിച്ചു. അതിന്റെ പേരിൽ ബ്രിട്ടീഷ്‌ ഭരണകൂടം ദേശാഭിമാനിക്ക്‌  നിരോധനമേർപ്പെടുത്തി. മലബാർ കലാപത്തിന്റെ ചരിത്രപ്രാധാന്യം വീണ്ടും ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിൽ അന്നത്തെ ലേഖനം വീണ്ടും പുനഃപ്രസിദ്ധീകരിക്കുന്നു

1921 ആഗസ്ത് 20 നാണ് "മാപ്പിളലഹള'യെന്ന പേരിലറിയപ്പെടുന്നതും അതിനുമുമ്പോ പിമ്പോ കേരളത്തിന്റെ ചരിത്രത്തിലുണ്ടായിട്ടില്ലാത്തത്ര വമ്പിച്ചതുമായ സാമ്രാജ്യവിരോധസമരം തിരൂരങ്ങാടിയിലും  പരിസരപ്രദേശങ്ങളിലുംവെച്ചു തുടങ്ങിയത്. നിരക്ഷരരും നിരായുധരുമായ സാധുകൃഷിക്കാർക്കുപോലും വമ്പിച്ച സന്നാഹങ്ങളോടുകൂടിയ സാമ്രാജ്യാധിപത്യത്തെ ആയുധമെടുത്തെതിർക്കാൻ കഴിയുമെന്നു കാണിച്ച ആ ധീരസമരത്തിന്റെ പാവന സ്മരണയെ ഒന്നുകൂടി പുതുക്കാൻ കമ്യൂണിസ്റ്റ് പാർട്ടി ഈ അവസരം ഉപയോഗിക്കുന്നു.

കോൺഗ്രസ്സിന്റെയും ഖിലാഫത്ത് കമ്മിറ്റിയുടെയും സമരസന്ദേശം കേട്ട് ‘ചെകുത്താൻഭരണ'ത്തെ എതിർക്കാൻ മുന്നോട്ടുവന്ന പതിനായിരക്കണക്കിലുള്ള ധീരരായ മാപ്പിളമാരുടെ അന്നത്തെ ശൗര്യത്തെയും പാർട്ടി അകംനിറഞ്ഞ അഭിമാനത്തോടുകൂടി അനുസ്മരിക്കുന്നു.

വെള്ളപ്പട്ടാളത്തിന്റെയും ഗൂർഖാപട്ടാളത്തിന്റെയും തോക്കിന് മാറു കാണിച്ചവരും ആ പട്ടാളങ്ങളുടെ പൈശാചിക നടപടികൾക്കെതിരായി മൂന്നുനാലു മാസക്കാലത്തോളം പോരാടിയവരും, "പൂക്കോട്ടൂർ യുദ്ധ’ മെന്ന പേരിലറിയപ്പെടുന്ന ഒരു സമരത്തിൽ ബ്രിട്ടീഷ് പട്ടാളവുമായി ആയുധമേന്തി സംഘടിതസമരംതന്നെ നടത്തിയവരുമായ മാപ്പിള കൃഷിക്കാരെ പാർട്ടി അഭിവാദ്യം ചെയ്യുന്നു.

സാമ്രാജ്യാധിപത്യത്തിനെതിരായി പടവെട്ടാനൊരുങ്ങുന്നവർക്കെല്ലാം മാതൃകയെന്നോണം മാപ്പിളമാരെ തൂക്കിക്കൊല്ലുകയും ആയിരമായിരം പേരെ ആന്തമാനിലും ജയിലുകളിലുമിട്ട് നരകിപ്പിക്കുകയും എണ്ണമറ്റ മാപ്പിളകുടുംബങ്ങളെ അനാഥമാക്കുകയും ഹിറ്റ്‌ലർ ഫാസിസത്തിന്റെ മൃഗീയതയോടുമാത്രം ഉപമിക്കാവുന്ന 'വാഗൺട്രാജഡി’ ഏർപ്പാടു ചെയ്യുകയും ചെയ്തു. പ്രകൃതിസുന്ദരമായ മാപ്പിളനാടിനെ മരുഭൂമിയാക്കി മാറ്റിയ സാമ്രാജ്യാധിപത്യത്തിന്റെ  മർദകഭരണത്തെ അറ്റമില്ലാത്ത വെറുപ്പോടും ദേഷ്യത്തോടും പകയോടും കൂടി കമ്യൂണിസ്‌റ്റു പാർട്ടി വീക്ഷിക്കുന്നു.

ഇത്ര ധീരമായ സമരം നടത്തിയവരും ഇത്ര പൈശാചികമായ മർദനമനുഭവിച്ചവരുമായ മാപ്പിളമാരെ ‘ഹിംസ'യുടെയും "മതഭ്രാന്തിൻെറയും പേരു പറഞ്ഞാക്ഷേപിക്കുകയും സാമ്രാജ്യമർദനത്തെ എതിർക്കുകയെന്ന കടമയിൽനിന്നൊഴിഞ്ഞുമാറാൻ "അഹിംസ'യെ ഒരൊഴിവുകഴിവായെടുക്കുകയും ചെയ്ത കോൺഗ്രസ്സ് നേതൃത്വത്തിന്റെ ഭീരുത്വപൂർവമായ നയത്തെ പാർട്ടി അവജ്ഞയോടുകൂടി അനുസ്മരിക്കുന്നു.

ഇത് മൃഗീയമായ സാമ്രാജ്യമർദനമനുഭവിക്കുന്ന സ്വസമുദായത്തെ അതിൽനിന്നു രക്ഷിക്കാൻ ഒരു ചെറുവിരൽപോലും ഇളക്കാതെ, സാധു മാപ്പിളമാരെ പോലീസിനും പട്ടാളത്തിനും പിടിച്ചുകൊടുത്ത് പണവും പദവിയും നേടിയ മാപ്പിളസമുദായ പ്രമാണികളുടെ രാജ്യദ്രോഹപരവും സമുദായദ്രോഹപരവുമായ പ്രവൃത്തിയെ പാർട്ടി അറപ്പോടുകൂടി ഓർക്കുന്നു.

കോൺഗ്രസ്സ് നേതൃത്വത്തിന്റെ ഭീരുത്വത്തെയും മുസ്ലിം പ്രമാണിമാരുടെ രാജ്യദ്രോഹത്തെയും എതിർത്തുകൊണ്ടും മാപ്പിളമാരുടെ വീര ചരിത്രത്തിലഭിമാനം പൂണ്ടുകൊണ്ടും 1921 ന്റെ സമരപാരമ്പര്യം കാണിച്ചവരെ നിലനിർത്തിക്കൊണ്ടും പ്രവർത്തിച്ച  പരേതനായ മുഹമ്മദ് അബ്ദു റഹിമാൻ സാഹേബിന്റെ ആവേശകരമായ ജീവിതത്തെക്കുടി ഓർക്കുന്നു. 1921 മാപ്പിളമാരുടെ സ്വകാര്യസ്വത്തല്ല, മലബാറിന്റെ മുഴുവൻ സ്വത്താണ് എന്ന ന്യായത്തിന്മേൽ ‘മാപ്പിളലഹള'യെന്ന പേരിനു പകരം "മലബാർ ലഹള'യെന്ന പേരു വിളിക്കണമെന്നു വാദിച്ച പഴയ കെ പി സി സി പ്രസിഡന്റിന്റെ ആ അഭിപ്രായത്തെ പാർട്ടി ഒരിക്കൽക്കൂടി ശരിവയ്ക്കുന്നു. 25 കൊല്ലം മുമ്പ് കേരളത്തിൽ നടന്ന ആ സാമ്രാജ്യവിരോധസമരത്തിന്റെ ചരിത്രവും പാഠങ്ങളും പഠിക്കാൻ ഓരോ മലയാളിയോടും പാർട്ടി ഈ അവസരത്തിലഭ്യർഥിക്കുന്നു.

1921 ൽ മാപ്പിളലഹളയ്ക്കു കാരണമായതെന്തെല്ലാമാണോ അതെല്ലാം ഇന്നും നിലവിലുണ്ട്. അന്നത്തെപ്പോലെ ഇന്നും ഒരു ഭയങ്കരമായ മഹായുദ്ധം കഴിഞ്ഞിരിക്കുകയാണ്. സാധനങ്ങളുടെ വിലക്കൂടുതലും, സാധനങ്ങൾ തീരെ കിട്ടാനില്ലെന്ന സ്ഥിതിയും മറ്റു ദുരിതങ്ങളും നാട്ടുകാരെ അലട്ടിക്കൊണ്ടിരിക്കുകയാണ്. അന്നത്തെപ്പോലെ ഇന്നും മഹായുദ്ധത്തിനുശേഷമുള്ള രാഷ്ട്രീയബോധം നാട്ടുകാരിൽ മുഴുവൻ അലയടിക്കാൻ തുടങ്ങിയിരിക്കയാണ്. ഇതിന്റെയെല്ലാം ഫലമായി പണിമുടക്കും മറ്റു സമരങ്ങളും എല്ലാ ജനവിഭാഗങ്ങളെയും ഇളക്കിത്തീർത്തിരിക്കയാണ്.

1921 ൽ മലബാറിൽ മാപ്പിളമാരുടെയെന്നപോലെ, ഇന്ത്യയിലെല്ലായിടത്തും എല്ലാ ജനവിഭാഗങ്ങളുടെയും സമരങ്ങൾ നടക്കാൻ പോകുകയാണ്. 1921 ലെ "മാപ്പിളലഹള'യെ എന്നപോലെ, 1946-–-47ലെ - സമരങ്ങളെ ഫാസിസ്റ്റ് മാർഗങ്ങളുപയോഗിച്ച് അടിച്ചമർത്താൻ സാമ്രാജ്യാധിപത്യവും അതിന്റെ കാവൽക്കാരായ നാട്ടുരാജാക്കന്മാരും ഒരുക്കുകൂട്ടിക്കൊണ്ടിരിക്കുകയാണ്. 1921 ലെപ്പോലെ ഇന്നും സാമ്രാജ്യവിരോധസമരത്തെ അഹിംസയുടെയും മറ്റും പേരിൽ എതിർക്കാൻ ദേശീയനേതൃത്വം തയ്യാറായിരിക്കുന്നു.

1921 ലെ എന്നപോലെ ഇന്നും എല്ലാ വിഭാഗത്തിലുംപെട്ട ജനങ്ങളുടെ ഏകീകൃതസമരം സാമ്രാജ്യാധിപത്യത്തിനെതിരായി നയിക്കുന്നതിനു പകരം ഒരു സമുദായം മറ്റൊരു സമുദായത്തിനെതിരായി പോരാടി ഇരുകൂട്ടരും സാമ്രാജ്യഭക്തന്മാരായിത്തീരുകയെന്ന ആപത്ത് നമ്മെ നേരിട്ടിരിക്കുന്നു.

അതുകൊണ്ട് 1921 ന്റെ പാഠങ്ങൾ പഠിക്കാൻ പാർട്ടി കോൺഗ്രസ്സുകാരോടും ലീഗുകാരോടും മറ്റെല്ലാ ദേശാഭിമാനികളോടും അഭ്യർഥിക്കുന്നു. ഇന്ന് ലീഗ് ചെയ്യുന്നതുപോലെ കോൺഗ്രസ്സിനും ഹിന്ദുക്കൾക്കുമെതിരായി ജിഹാദ് നടത്താനൊരുങ്ങിയാലുള്ള ആപത്ത് ലീഗുകാർ മനസ്സിലാക്കണമെന്ന് ഞങ്ങൾ അവരോടപേക്ഷിക്കുന്നു. ലീഗിന്റെ സമരത്തെ കോൺഗ്രസ്സ് ഗവൺമെന്റ്‌ അടിച്ചമർത്തുമെന്നർഥം വരുന്ന പ്രസ്താവനകൾ പണ്ഡിറ്റ് നെഹ്റുവിനെപ്പോലുള്ള നേതാക്കന്മാർ പുറപ്പെടുവിക്കുന്നതിന്റെ ആപത്ത് മനസ്സിലാക്കണമെന്ന് ഞങ്ങൾ കോൺഗ്രസ്സുകാരോടപേക്ഷിക്കുന്നു. എല്ലാ വിഭാഗക്കാരുമായ ജനങ്ങൾ ഉയർന്നു മുന്നോട്ടുവന്നിട്ടുള്ള ഈ അവസരത്തിൽ അവരുടെ സമരങ്ങൾ നയിച്ചു സാമ്രാജ്യാധിപത്യത്തെ നശിപ്പിക്കുന്നതിനു പകരം സാമ്രാജ്യാധിപത്യവുമായി സന്ധിചെയ്യുകയും പണിമുടക്ക് മുതലായ ബഹുജനസമരങ്ങളെ എതിർക്കുകയും ചെയ്യുന്ന കോൺഗ്രസ്സ്, ലീഗ്‌ നേതാക്കന്മാരോട് ഈ നയമവസാനിപ്പിക്കണമെന്ന് ഞങ്ങളപേക്ഷിക്കുന്നു.

കോൺഗ്രസ്സിലും ലീഗിലുമുള്ള ലക്ഷോപലക്ഷം സാധാരണ ജനങ്ങളോട് 1921 ന്റെ പാഠങ്ങൾ പഠിക്കാൻ പാർട്ടി അഭ്യർഥിക്കുന്നു. ആഗസ്‌ത്‌ വിപ്ലവത്തിന്റെ പേരിൽ ബഹുജനങ്ങളെ ഇളക്കിവിട്ട കോൺഗ്രസ്സ്‌  നേതാക്കന്മാർ 1921 ൽ വിപ്ലവം മറന്നതും ഇന്നു തന്നെ വേവലിന്റെ സേവയ്ക്കുപോവുന്നതും ഞങ്ങൾ കോൺഗ്രസ്സുകാരുടെ ശ്രദ്ധയിൽപ്പെടുത്തുന്നു. ബ്രിട്ടീഷുകാർക്കെതിരായി പ്രത്യക്ഷസമരം പ്രഖ്യാപിച്ചുവെന്നു പറയുന്ന ലീഗിന്റെ മലബാർ നേതാക്കന്മാർ 1921 ൽ എന്തു ചെയ്‌തുവെന്നും ഇന്ത്യയിലെങ്ങുമുള്ള ലീഗുനേതാക്കന്മാർ ഗവർണറുടെ സേവയ്ക്ക് പോവുന്നതെങ്ങനെയെന്നും കാണാൻ ലീഗ്ബഹുജനങ്ങളോട്‌ ഞങ്ങളഭ്യർഥിക്കുന്നു. തങ്ങളുടെ നേതാക്കന്മാർ ഇന്നനുവർത്തിക്കുന്ന നയത്തിൽ, ബ്രിട്ടീഷുകാരുമായി സന്ധിയും പരസ്പരം കലഹവുമെന്ന നയത്തിൽ മാറ്റം വരുത്താൻ തങ്ങൾക്ക് സാധിച്ചില്ലെങ്കിൽ 1921 ൽ മാപ്പിളനാടനുഭവിച്ച ദുരിതങ്ങൾ ഇന്ത്യയിലാകെ നടക്കുമെന്നോർക്കാൻ കോൺഗ്രസ്സ്, ലീഗ് ബഹുജനങ്ങളോട് പാർട്ടി അഭ്യർഥിക്കുന്നു.

ഇന്നത്തെ രാഷ്ട്രീയനേതാക്കന്മാരുടെ വിപ്ലവവിരോധപരവും പരസ്പര മമതാപരവുമായ നയത്തെ എതിർത്ത് നാട്ടുകാരുടെ സമരമനോഭാവത്തെ സംഘടിപ്പിക്കാൻ കോൺഗ്രസ്സിലും ലീഗിലും മറ്റുമുള്ള ഇടതുവിഭാഗക്കാരും കമ്യൂണിസ്റ്റുകാരും ചേർന്നാൽ എത്ര വമ്പിച്ചൊരു സമരത്തിനും എത്ര വിജയകരമായ വിപ്ലവത്തിനും സാധ്യതകളുണ്ടെന്നു മനസ്സിലാക്കാൻ ഞങ്ങളവരോടഭ്യർഥിക്കുന്നു

സിഎസ് പി, ഫോർവേർഡ് ബ്ലോക്ക് മുതലായപേരിൽ സംഘടിതമായി കോൺഗ്രസ്സിലും അസംഘടിതമായി ലീഗിലുമുള്ള ഇടതുവിഭാഗക്കാരോട് 1921 ന്റെ പാഠങ്ങൾ പഠിക്കാൻ പാർട്ടി അഭ്യർഥിക്കുന്നു. മതദ്രോഹികളും വിപ്ലവവിരോധികളും ആയ നേതാക്കന്മാരുടെ നേതൃത്വത്തിൽ ബഹുജനസമരം എങ്ങനെ പൊളിയുമെന്നും ഒരു സമുദായത്തെ മാത്രം ബാധിക്കുന്ന സമരങ്ങളെത്തന്നെ സാമുദായികലഹളയായി മാറ്റി നാടിനെ എങ്ങനെ നശിപ്പിക്കുമെന്നും, നേതാക്കന്മാരുടെ വിപ്ലവവിരോധവും സമരത്തിന്റെ സാമുദായികസ്വഭാവവും സാമ്രാജ്യത്വത്തിന് എങ്ങനെ പ്രയോജനപ്പെടുമെന്നും പഠിക്കാൻ ഞങ്ങളവരോട് അപേക്ഷിക്കുന്നു. ഇന്നത്തെ രാഷ്ട്രീയനേതാക്കന്മാരുടെ വിപ്ലവവിരോധപരവും പരസ്പര മമതാപരവുമായ നയത്തെ എതിർത്ത് നാട്ടുകാരുടെ സമരമനോഭാവത്തെ സംഘടിപ്പിക്കാൻ കോൺഗ്രസ്സിലും ലീഗിലും മറ്റുമുള്ള ഇടതുവിഭാഗക്കാരും കമ്യൂണിസ്റ്റുകാരും ചേർന്നാൽ എത്ര വമ്പിച്ചൊരു സമരത്തിനും എത്ര വിജയകരമായ വിപ്ലവത്തിനും സാധ്യതകളുണ്ടെന്നു മനസ്സിലാക്കാൻ ഞങ്ങളവരോടഭ്യർഥിക്കുന്നു.

Friday, December 30, 2011

ഇ എം എസിന് അറസ്റ്റ്; എ കെ ജിക്ക് ജയില്‍

 ചരിത്രത്തിന് ഇന്ധനമായ സാമൂഹ്യ പ്രവണതകള്‍ അടിവരയിട്ടതിന് ഇ എം എസിന് അറസ്റ്റ് വാറണ്ടും എകെജിക്ക് ജയില്‍ ശിക്ഷയും. 1921ലെ മലബാര്‍ കലാപത്തെക്കുറിച്ചുള്ള തുറന്ന കാഴ്ചകളാണ് ഇരുവര്‍ക്കും വിലങ്ങു തീര്‍ത്തത്. സാമ്രാജ്യത്വവും സ്വതന്ത്ര ഇന്ത്യന്‍ ഭരണാധികാരികളും ഒരേ ഭാഷയില്‍ സംസാരിച്ചതിനും അത് തെളിവു നല്‍കി. ആഹ്വാനവും താക്കീതും എന്ന കമ്യൂണിസ്റ്റ് പാര്‍ടി ലഘുലേഖയുടെ പേരിലായിരുന്നു ഇഎംഎസിന് ഭീഷണിയെങ്കില്‍ പെരിന്തല്‍മണ്ണയിലെ പ്രസംഗം മുന്‍നിര്‍ത്തിയായിരുന്നു എ കെ ജിയെ ജയിലിലടച്ചത്.

ബ്രിട്ടീഷുകാരുടെയും ജന്മിമാരുടെയും ചൂഷണത്തിനെതിരെ തെക്കെ മലബാറിലെ മാപ്പിള കര്‍ഷകര്‍ നടത്തിയ കലാപത്തെ അനുകൂലിച്ചും എതിര്‍ത്തും പലവിധ വ്യാഖ്യാനങ്ങള്‍ വന്നിട്ടുണ്ടെങ്കിലും അതിനെ വസ്തുനിഷ്ഠമായി അപഗ്രഥിച്ച കമ്യൂണിസ്റ്റ്പാര്‍ടിയുടെ സമീപനത്തിന് ലഭിച്ച സ്വീകാര്യത മറ്റൊന്നിനും കിട്ടിയിട്ടില്ല. ബ്രിട്ടീഷ് ചരിത്രകാരന്മാരും അവരെ പിന്തുണയ്ക്കുന്നവരും മാപ്പിള ലഹള എന്ന് ആക്ഷേപിച്ചപ്പോള്‍ കലാപം മൗലികമായി ജന്മിത്വ-സാമ്രാജ്യവിരുദ്ധമാണെന്ന് ഉറപ്പിച്ച് പറയാന്‍ ധൈര്യം കാണിച്ചത് കമ്യൂണിസ്റ്റുകാര്‍ മാത്രം. പ്രത്യേക ഘട്ടത്തില്‍ വര്‍ഗീയകലാപത്തിലേക്ക് മാറിയെങ്കിലും അതിന്റെ അന്തര്‍ധാര മതപരമായിരുന്നില്ലെന്നും വര്‍ഗപരമായ ചൂഷണംതന്നെയാണ് കലാപത്തിലേക്ക് നയിച്ചതെന്നുമുള്ള നിലപാടാണ് പാര്‍ടി ഉയര്‍ത്തിപ്പിടിച്ചത്. കമ്യൂണിസ്റ്റുകാര്‍ നടത്തിയ പ്രചാരണത്തെ ബ്രിട്ടീഷുകാര്‍ അടിച്ചമര്‍ത്താന്‍ നോക്കിയപ്പോഴും നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു പാര്‍ടി.
മലബാര്‍ കലാപത്തിന്റെ 25-ാം വാര്‍ഷികത്തില്‍ 1946 ആഗസ്ത് 20-ന് കമ്യൂണിസ്റ്റ്പാര്‍ടി സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിച്ച ലഘുലേഖ "ആഹ്വാനവും താക്കീതും" ബ്രിട്ടീഷുകാരെ വിറളിപിടിപ്പിച്ചു. മാപ്പിളലഹളയെ അനുസ്മരിച്ച് ദേശാഭിമാനി വഴി പ്രചാരണംനടത്തി ലഹളക്ക് വഴിവെച്ചുവെന്നാരോപിച്ച് ഇഎംഎസ്സിനെ അറസ്റ്റുചെയ്തു. ലഘുലേഖ പ്രസിദ്ധീകരിച്ചതിന്റെ അഞ്ചാംദിവസം പെരിന്തല്‍മണ്ണയില്‍ പ്രസംഗിച്ചതിന്റെ പേരില്‍ എ കെ ജിയെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റുചെയ്ത് ജയിലിലടച്ചു. എകെജിയുടെ അറസ്റ്റിനും ജയില്‍വാസത്തിനും ഇടയാക്കിയ പ്രസംഗത്തിന്റെ തുടക്കം ഇതായിരുന്നു:

"ഇരുപത്തഞ്ചു വര്‍ഷം മുമ്പ് നമ്മുടെ പാവപ്പെട്ട സമൂഹത്തില്‍നിന്ന് സാധാരണ മുസ്ലിമായ ആലി മുസലിയാര്‍ ബ്രിട്ടീഷ് ഭരണത്തിനും അനീതിക്കും അടിമത്തത്തിനും എതിരെ കേരളത്തില്‍ ഒരു മഹാസമരം നടത്തി. ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരെ ആര്‍ക്കെങ്കിലും ശക്തമായ സമരം നടത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അത് ധൈര്യശാലികളും പാവപ്പെട്ടവരുമായ ഈ മുസ്ലിങ്ങള്‍ക്കാണ്. അവര്‍ വെള്ളപ്പട്ടാളത്തിന്റെ തോക്കുകളെയും പീരങ്കികളെയും ധൈര്യപൂര്‍വം നേരിട്ടു. ഈ മാപ്പിള സഹോദരന്മാരെ എങ്ങനെയാണ് നിങ്ങള്‍ക്ക് മറക്കാനാവുക?"

സമരത്തെ ഒരു ഘട്ടത്തില്‍ കൈയൊഴിഞ്ഞ കോണ്‍ഗ്രസിനെ എകെജി പ്രസംഗത്തില്‍ നിശിതമായി വിമര്‍ശിച്ചു. രണ്ടു താലൂക്കുകളില്‍ രണ്ടു മാസം ഭരണം നടത്തിയ സമരനായകന്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ്ഹാജിയെ എ കെ ജി പ്രകീര്‍ത്തിച്ചു. പ്രസംഗത്തിന്റെ പേരില്‍ ജയിലിലടയ്ക്കപ്പെട്ട എ കെ ജിക്കെതിരായ കേസ് 1947-ല്‍ സ്വാതന്ത്ര്യം ലഭിച്ചിട്ടും പിന്‍വലിച്ചില്ല. എല്ലാ രാഷ്ട്രീയത്തടവുകാരെയും വിട്ടിട്ടും അദ്ദേഹത്തെ മോചിപ്പിച്ചില്ല. കേസ് തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ എകെജി ഇങ്ങനെ പറഞ്ഞു:
"1921-ല്‍ ഖിലാഫത്ത് കാലത്ത് ബ്രിട്ടീഷ് ഭരണത്തിനെതിരെ ഹിന്ദുക്കളും മുസ്ലിങ്ങളും ഒന്നായി ആയുധമെടുത്ത് സമരംചെയ്തു. അവരുടെ ത്യാഗവും ധീരതയും അഭിനന്ദനീയമാണ്. മലബാര്‍ ലഹളയുടെ നല്ല വശങ്ങളെ സ്വീകരിക്കാനാഹ്വാനം നല്‍കുകയും അതിന്റെ ചീത്തവശങ്ങളെ സൂക്ഷിക്കണമെന്ന് താക്കീത് നല്‍കുകയും ചെയ്തത് കുറ്റകരമാണെങ്കില്‍ ഞാന്‍ കുറ്റക്കാരനാണ്".
കേരളത്തിലെ കര്‍ഷകപ്രസ്ഥാനത്തിന്റെ ലഘുചരിത്രം എന്ന പുസ്തകത്തില്‍ ഇഎംഎസ് പറഞ്ഞതിങ്ങനെ: "1921-ലെ അഞ്ചു മാസം നീണ്ട തെക്കേ മലബാറിലെ കലാപത്തില്‍ കലാശിച്ച വമ്പിച്ച ബഹുജനമുന്നേറ്റത്തിന് ജന്മം നല്‍കിയത് മലബാറിലെ കൃഷിക്കാരുടെ ജന്മിവിരുദ്ധ സമരമായിരുന്നു എന്ന കാര്യത്തില്‍ ഇപ്പോള്‍ സംശയമില്ല".

കലാപത്തെക്കുറിച്ച് പഠിച്ച ചരിത്രകാരന്‍ ഡോ. കെ എന്‍ പണിക്കരുടെ നിരീക്ഷണങ്ങള്‍ ഈ വാദഗതിയെ ശരിവെക്കുന്നു."എഗന്‍സ്റ്റ് ലോഡ് ആന്റ് സ്റ്റേറ്റ്: റിലിജിയന്‍ ആന്റ് പെസന്റ് അപ്റൈസിങ് ഇന്‍ മലബാര്‍" എന്ന പുസ്തകത്തില്‍ അദ്ദേഹം എഴുതി: "കലാപകാരികളുടെ പ്രവര്‍ത്തനഗതി ഒരു കാര്യം അടിവരയിട്ട് പറയുന്നു. ജന്മിത്വത്തിനും കൊളോണിയല്‍ ഭരണകൂടത്തിനുമെതിരായ ഒരു അന്തര്‍ബോധമാണ് അവരെ നയിച്ചിരുന്നത്. ഇതാകട്ടെ ബ്രിട്ടീഷ് ഭരണത്തിന്റെ ആരംഭത്തില്‍ തുടങ്ങിയ പ്രക്രിയയാണ്."
(എന്‍ എസ് സജിത്)

deshabhimani 301211

Tuesday, March 30, 2010

കയ്യൂരും കൊണ്ടോട്ടിയും

കയ്യൂരും കൊണ്ടോട്ടിയും തമ്മിലെന്താണ് ബന്ധം? രണ്ടും സാമ്രാജ്യത്വത്തിനെതിരായ ജനകീയ മുന്നേറ്റങ്ങള്‍കൊണ്ട് ചരിത്രത്തില്‍ മുദ്രചാര്‍ത്തിയ ഗ്രാമങ്ങള്‍. 1921 ലെ മലബാര്‍ കലാപത്തിന്റെ കേന്ദ്രഭൂമിയായിരുന്ന കൊണ്ടോട്ടി ഏറനാടിന്റെ രാഷ്ട്രീയ തലസ്ഥാനമായാണ് അറിയപ്പെട്ടത്. നാല്‍പ്പതുകളില്‍ നാടുവാഴിത്തത്തിനും സാമ്രാജ്യത്വത്തിനുമെതിരെ കമ്യൂണിസ്റ്റ് പാര്‍ടി നേതൃത്വത്തില്‍ നടന്ന കര്‍ഷക പ്രക്ഷോഭങ്ങളുടെ അലകള്‍ കൊണ്ടോട്ടിയിലും ആഞ്ഞടിച്ചുവെന്നത് അധികമാരും രേഖപ്പെടുത്താത്ത ചരിത്രം. കയ്യൂര്‍ രക്തസാക്ഷികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് കൊണ്ടോട്ടി അങ്ങാടിയില്‍ അരങ്ങേറിയ നാടകവും നാടകകൃത്തായ കമ്പളത്ത് ഗോവിന്ദന്‍നായരെ ബ്രിട്ടീഷ് ഭരണകൂടം അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടതും സാമ്പ്രദായിക ചരിത്ര രചനയില്‍നിന്ന് വിട്ടുപോയ ഏടുകളാണ്.

കര്‍ഷക പ്രക്ഷോഭത്തെ ബ്രിട്ടീഷുകാര്‍ അടിച്ചമര്‍ത്തിയതിനു ശേഷമുള്ള കാലം ഏറനാട്ടിലെ മാപ്പിളമാര്‍ രാഷ്ട്രീയമായി ഉള്‍വലിയുകയായിരുന്നു. കലാപത്തോടുള്ള ഗാന്ധിജിയുടെയും കോണ്‍ഗ്രസിന്റെയും സമീപനം അവരില്‍ നിരാശയാണ് സൃഷ്ടിച്ചത്. മലബാറിലെ സവര്‍ണ നേതൃത്വത്തിന്റെ നിലപാട് മാപ്പിളമാര്‍ക്ക് കോണ്‍ഗ്രസിലുള്ള പ്രതീക്ഷ തീര്‍ത്തും ഇല്ലാതാക്കി. നേതൃത്വം മലബാര്‍ കലാപത്തെ തള്ളിപ്പറയുകയായിരുന്നു.

ഇന്ത്യാ വിഭജനകാലത്ത് കൊല്‍ക്കത്തയിലും ശ്രീരാംപൂരിലും മതസൌഹാര്‍ദ്ദത്തിനായി കഷ്ടപ്പെട്ട ഗാന്ധിജിക്കുപോലും മതത്തിന്റെ പുറത്തുനിന്ന് മലബാര്‍സമരത്തെ നോക്കിക്കാണാന്‍ കഴിഞ്ഞിരുന്നില്ല. മലബാറിലേത് 'മാപ്പിളമാരുടെ മതഭ്രാന്ത്' എന്നായിരന്നു ഗാന്ധിജിയുടെ ആദ്യ പ്രതികരണം. 1920ല്‍ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി മുസ്ളിങ്ങളുമായി കൂട്ടുകൂടുന്നതില്‍ അപാകമില്ലെന്ന് പ്രസ്താവിച്ച ഗാന്ധിജി ഒരു അഭിമുഖത്തിനിടയില്‍ മുസ്ളീം തയ്യാറാക്കിയ ഭക്ഷണം അയാളുടെ കൂടെയിരുന്ന് കഴിക്കുമോ എന്ന ചോദ്യത്തിന് 'മുസ്ളിം ഉണ്ടാക്കിയ ഭക്ഷണം അവരുടെ കൂടെയിരുന്ന് കഴിക്കുക എന്ന പ്രശ്നമേ ഉദിക്കുന്നില്ല, കാരണം എന്റെ ഭക്ഷണസമ്പ്രദായം വ്യക്തിപരമായ കാര്യമാണ്. പരസ്യമായി ഭക്ഷണം കഴിക്കുന്ന സമ്പ്രദായം എനിക്കില്ല' എന്നാണ് ഉത്തരം നല്‍കിയത്. (പ്രൊഫ. എംപി എസ് മേനോന്‍ എഴുതിയ മലബാര്‍സമരം: എം പി നാരായണമേനോനും സഹപ്രവര്‍ത്തകരും എന്ന പുസ്തകത്തില്‍നിന്ന്)

1943 ഏപ്രില്‍ ആദ്യവാരത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടി ജനറല്‍ സെക്രട്ടറി പി സി ജോഷി മലബാര്‍ സന്ദര്‍ശനത്തിനിടയില്‍ കൊണ്ടോട്ടിയില്‍ ഇങ്ങനെ പറയുകയുണ്ടായി. - "മുസ്ളീങ്ങള്‍ സ്വരാജ്യ സ്നേഹികളല്ലെന്ന് ചില കോണ്‍ഗ്രസുകാര്‍ സംശയിക്കുന്നു. കോണ്‍ഗ്രസുകാര്‍ ഹിന്ദു മേധാവിത്വം സ്ഥാപിക്കുമെന്ന് മുസ്ളിങ്ങള്‍ ഭയപ്പെടുന്നു. രണ്ട് അഭിപ്രായത്തോടും യോജിക്കുന്നില്ല. അടിസ്ഥാനരഹിതമായ അവിശ്വാസമാണ് അകല്‍ച്ചയ്ക്ക് കാരണം. ഈ ഭിന്നിപ്പ് അവസാനിപ്പിച്ച് എല്ലാവരും ചേര്‍ന്ന ഉറച്ച ഐക്യത്തിനാണ് കമ്യൂണിസ്റ്റ് പാര്‍ടി സ്വയം ഉഴിഞ്ഞുവെച്ചിട്ടുള്ളത്.…

ഭക്ഷണ ക്ഷാമം ഹിന്ദുക്കളെയും മുസ്ളിങ്ങളെയും ഒരു പോലെ ബാധിച്ചിരിക്കുന്നു. നാം അകന്നുനില്‍ക്കുന്നിടത്തോളം കഷ്ടപ്പാടുകളുടെ കാഠിന്യം കൂടുകയേയുള്ളു. കൊള്ളയും കവര്‍ച്ചയും നാടാകെ നടമാടും. ഗവണ്‍മെന്റ് മര്‍ദനം ഇരുകൂട്ടരുടെയും തലയ്ക്ക് വീഴും. ഇങ്ങനെ ഒരു ഭാഗത്ത് ഭയങ്കര മര്‍ദനവും മറുഭാഗത്ത് പട്ടിണിയുമായി ഇരുകൂട്ടരും നശിക്കും.'' ഇതില്‍നിന്നും ഈ വിഷയത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെയും കോണ്‍ഗ്രസിന്റെയും വ്യത്യസ്ത സമീപനം മനസ്സിലാക്കാം.

മലബാര്‍കലാപത്തെ കോണ്‍ഗ്രസ് തള്ളിപ്പറഞ്ഞത് ഏറനാടിന്റെ രാഷ്ട്രീയത്തില്‍ നിശ്ചലതയ്ക്ക് കാരണമായി. വടക്കേ മലബാറിലും തിരുവിതാംകൂറിലും സ്വാതന്ത്ര്യസമരത്തിന്റെ കൊടുങ്കാറ്റടിക്കുമ്പോള്‍ ഏറനാട് നിശബ്ദമായിരുന്നു. തൊട്ടടുത്ത ഒറ്റപ്പാലത്ത് 1935ല്‍ കോണ്‍ഗ്രസിന്റെ താലൂക്ക് സമ്മേളനം നടന്നപ്പോഴും ഏറനാട് വഞ്ചനയുടെ ഭാരവും പേറി ഉറങ്ങുകയായിരുന്നു. രണ്ട് പതിറ്റാണ്ടോളം ഉണ്ടായ നിശബ്ദതയില്‍നിന്ന് രാഷ്ട്രീയത്തിന്റെ തീച്ചൂടിലേക്ക് വീണ്ടും വിളിച്ചുണര്‍ത്തിയത് കമ്യൂണിസ്റുകാരാണ്. ജന്മിത്വത്തിനും കോളനി ഭരണത്തിനുമെതിരെ സമരോത്സുകത ജ്വലിപ്പിച്ചത് കമ്പളത്ത് ഗോവിന്ദന്‍ നായരെയും എടക്കോട്ട് മുഹമ്മദിനെയും പോലുള്ള കമ്യൂണിസ്റ്കാരായിരുന്നു. മുഹമ്മദ് അബ്ദദുറഹിമാന്‍ സാഹിബിനൊപ്പം പ്രവര്‍ത്തനം തുടങ്ങിയ ഇവര്‍ മാപ്പിളമാരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് ശ്രമിച്ചത്.
എം പി നാരായണമേനോന്‍ ആരംഭിച്ച മലബാറിലെ കുടിയാന്‍സംഘത്തിന്റെ തുടര്‍ച്ചയായി ജന്മിത്വം അവസാനിപ്പിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ പോരാട്ടം തുടങ്ങിയ കാലമായിരുന്നു അത്. കയ്യൂരിലും കരിവള്ളൂരിലും ആരംഭിച്ച കര്‍ഷക സമരം ഏറനാട്ടിലും ആവേശം വിതറി. കൊണ്ടോട്ടിയും ഉണര്‍വിലേക്കു നീങ്ങി. വടക്കേ മലബാറിലെ കര്‍ഷകരുടെ സമരാവേശം ഏറ്റുവാങ്ങിയത് ഇവിടുത്തെ ബീഡിത്തൊഴിലാളികളായിരുന്നു. കയ്യൂര്‍ സഖാക്കളെക്കുറിച്ച് ഗോവിന്ദന്‍ നായര്‍ എഴുതിയ നാടകം അവതരിപ്പിച്ചതും മാപ്പിള ബീഡിത്തൊഴിലാളികളായിരുന്നു.

അപ്പു, ചിരുകണ്ടന്‍, അബൂബക്കര്‍, കുഞ്ഞമ്പുനായര്‍ എന്നീ സഖാക്കളെ ബ്രിട്ടീഷ് ഭരണകൂടം തൂക്കിക്കൊന്നതിന് രണ്ട് മാസത്തിന്ശേഷം 1943 ജൂണില്‍ കൊണ്ടോട്ടി അങ്ങാടിയില്‍ നാടകം കണ്ടതിന്റെ ഓര്‍മ്മ പുതിയറക്കല്‍ സൈതാലിക്കുട്ടിയുടെ മനസ്സില്‍ ഇപ്പോഴുമുണ്ട്. അബൂബക്കറായി കൊളമ്പാടന്‍ ബിച്ചുക്കോയയും കുഞ്ഞമ്പു നായരായി ചേക്കുട്ടി പാണ്ടികശാലയും വേഷമിട്ടത് അദ്ദേഹം ഓര്‍ക്കുന്നു. 81-ാം വയസ്സിലും പാല്‍ക്കച്ചവടം നടത്തുകയാണ് ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകനായ സൈതാലിക്കുട്ടി. 67 വര്‍ഷംമുമ്പ് കണ്ട നാടകത്തിലെ സംഭാഷണങ്ങളും രംഗങ്ങളും മനസ്സിന്റെ ചുവരില്‍ കൊത്തിവച്ചപോലെയുണ്ട്.

ജയിലാണ് രംഗം. ചിന്തിച്ച് നില്‍ക്കുന്ന അബൂബക്കറിനെ കണ്ട് കുഞ്ഞമ്പു നായര്‍ ചോദിക്കുകയാണ്. 'എന്താ ആലോചിച്ചിരിക്കുന്നത്? മരണത്തെ ഭയപ്പെടുന്നുണ്ടോ ? '

അബൂബക്കര്‍: 'ഇല്ല, മരണത്തെ ഭയപ്പെടുന്നില്ല. ഇന്ന് ഏതാണ് ദിവസമെന്ന് ഓര്‍ക്കുന്നുണ്ടോ? കര്‍ഷകപ്രശ്നങ്ങള്‍ ഉയര്‍ത്തി കലക്ടറേറ്റിലേക്ക് ജാഥ നടത്താന്‍ തീരുമാനിച്ച ദിവസം. ജയിലില്‍ ആയതുകൊണ്ട് പങ്കെടുക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നാണ് ആലോചിക്കുന്നത് '.

തുടന്ന് കുഞ്ഞമ്പുനായര്‍: 'സ്വാതന്ത്ര്യസമരത്തില്‍ ഇനി ഗാന്ധിക്കും ജിന്നയ്ക്കും ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയുമോ? '

'ഒരു കര്‍ഷകസമരത്തിനുവേണ്ടി മുസ്ളിമായ എനിക്കും ഹിന്ദുവായ സഖാവിനും ഒരുമിക്കാമെങ്കില്‍ ദേശത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ഗാന്ധിക്കും ജിന്നയ്ക്കും എന്തുകൊണ്ട് ഒന്നിച്ചുപ്രവര്‍ത്തിച്ചുകൂടാ? അവര്‍ ഒന്നിച്ച് പ്രവര്‍ത്തിക്കും ഇല്ലെങ്കില്‍ കാലം അവരെ കുറ്റപ്പെടുത്തും.' അബൂബക്കറിന്റെ മറുപടി അന്ന് 14 വയസ്സുള്ള തന്നെ ഇപ്പോഴും ആവേശഭരിതനാക്കുന്നുവെന്ന് സൈതാലിക്കുട്ടി പറയുന്നു.

നാടകം അവതരിപ്പിച്ചതോടെ കമ്പളത്ത് ഗോവിന്ദന്‍ നായരെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടു. അദ്ദേഹം ഒളിവില്‍ പോയി. സംരക്ഷണ ചുമതല നിലമ്പൂര്‍കോവിലകത്തെ കുഞ്ഞിക്കുട്ടന്‍ തമ്പാനായിരുന്നു.

നാടകം ഏറനാട്ടിലെ കര്‍ഷകരെയും ബീഡിത്തൊഴിലാളികളെയും ആവേശഭരിതരാക്കി. പിന്നീടുള്ള സമരങ്ങള്‍ക്ക് സജ്ജരാക്കിയതില്‍ നാടകം ചെറുതല്ലാത്ത പങ്കാണ് വഹിച്ചത്. പാമ്പോടന്‍ വീരാന്‍കുട്ടിയെ കുടിയൊഴിപ്പിച്ചതിനെതിരായ സമരവും ബീഡി തൊഴിലാളി പ്രക്ഷോഭവും ഇതില്‍ ചിലതുമാത്രം. കൊളമ്പാടന്‍ ബിച്ചുക്കോയയും ചേക്കുട്ടി പാണ്ടികശാലയും കെ സൈതാലിക്കുട്ടി (സിപി ഐ എം മലപ്പുറം മുന്‍ ജില്ലാ സെക്രട്ടറി) യുമെല്ലാം അന്ന് എടക്കോട്ട് മുഹമ്മദിനുപിന്നില്‍ അണിനിരന്ന് നടത്തിയ സമരങ്ങളാണ് ഏറനാടിന്റെ സമരോത്സുകതയെ ജ്വലിപ്പിച്ചത്.

കയ്യൂര്‍ രക്തസാക്ഷികളെ അനുസ്മരിച്ച് നാടകം അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഏറനാടിനെ തൊട്ടുണര്‍ത്തിയ ഹിച്കോക് സ്മാരക ദൂരീകരണ ജാഥ. മലബാര്‍ കലാപകാലത്ത് മാപ്പിള പോരാളികളെ കൊന്നൊടുക്കാന്‍ നേതൃത്വം നല്‍കിയ റിച്ചാര്‍ഡ് ഹോവാര്‍ഡ് ഹിച്കോക് എന്ന ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ സ്മരണയ്ക്ക് വള്ളുവമ്പ്രത്ത് പണിത സ്മാരകം തകര്‍ക്കാനായിരുന്നു ജാഥ. കലാപകാരികള്‍ കല്ലെറിഞ്ഞു കൊന്ന ഹിച്കോക്കിന്റെ സ്മാരകം നീക്കുന്നതിന് ചെയ്യുന്നതിന് ഏറനാടന്‍ ജനത തോളോടുതോള്‍ ചേര്‍ന്നു നടത്തിയ സമരത്തിന് ഊര്‍ജമേകിയത് കമ്പളത്ത് ഗോവിന്ദന്‍ നായര്‍ എഴുതിയ മാപ്പിളപ്പാട്ടായിരുന്നു.

കെ വിജയകുമാര്‍ ദേശാഭിമാനി