Saturday, April 19, 2014

അവധിക്കാലത്തും വരുമാനം ഇടിഞ്ഞു; കെഎസ്ആര്‍ടിസി സ്തംഭനത്തിലേക്ക്

പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കി കെഎസ്ആര്‍ടിസിയുടെ വരുമാനം കുത്തനെ ഇടിഞ്ഞു. ഏപ്രില്‍ ഒമ്പതിന് സംസ്ഥാനമൊട്ടാകെ ലഭിച്ചത് 4,89,34071 രൂപ. എന്നാല്‍ അവധിക്കാലമായ ഏപ്രില്‍ 16ന് 4,80,07210 രൂപയായിരുന്നു വരുമാനം. ഒരാഴ്ചകൊണ്ട് 9,26,861 രൂപയുടെ കുറവ്. വരുമാന നഷ്ടവും വര്‍ധിക്കുന്ന ഡീസല്‍ ചെലവും വിവിധ സ്ഥാപനങ്ങള്‍ക്കുള്ള വായ്പയും ചേരുമ്പോള്‍ കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം സ്തംഭനാവസ്ഥയിലേക്കു നീങ്ങുകയാണ്. സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നതും പുതിയ ബസുകള്‍ ഇറക്കാത്തതും ഉന്നതതലങ്ങളിലെ ധൂര്‍ത്തുമാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. സംസ്ഥാനത്ത് 5643 ബസ് സര്‍വീസുകളാണ് കെഎസ്ആര്‍ടിസി നടത്തുന്നത്. ഇതില്‍ 16ന് ഓടിയത് 4656 ബസ് മാത്രം. ഒമ്പതിന് ഓടിയതിനേക്കാള്‍ 122 സര്‍വീസുകള്‍ കുറവ്. എല്ലാ സര്‍വീസുകളും നടത്തിയാല്‍ കെഎസ്ആര്‍ടിസി പ്രതിദിനം ഓടേണ്ടത് 19,04,457 കിലോമീറ്ററാണ്. 16ന് ഓടിയത് 15,43,129 കിലോമീറ്റര്‍ മാത്രം. ഒമ്പതിന് 16,20,876 കിലോമീറ്റര്‍ സര്‍വീസ് നടത്തിയിരുന്നു.

അവധിക്കാലമായതിനാല്‍ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നത് ജനങ്ങളുടെ യാത്രാക്ലേശവും രൂക്ഷമാക്കുന്നു. കെഎസ്ആര്‍ടിസിയുടെ വരുമാനവും ഡീസല്‍ ചെലവും തമ്മില്‍ ഭീമമായ അന്തരമുണ്ട്. പ്രതിമാസം 74 കോടി രൂപയോളമാണ് ഡീസല്‍ ഇനത്തില്‍ ചെലവാകുന്നത്. സ്പെയര്‍പാര്‍ട്സിനും മറ്റ് ചെലവുകള്‍ക്കുമുള്ള തുക വേറെ കണ്ടെത്തണം. കൂടാതെ ഹഡ്കോയ്ക്ക് 107.61 കോടിയും എല്‍ഐസിക്ക് 60 കോടിയും കെടിഡിഎഫ്സിക്ക് 1204.83 കോടിയും സര്‍ക്കാരിന് 950.50 കോടി രൂപയും ബാധ്യതയുമുണ്ട്. സാമ്പത്തികസ്ഥിതി ദയനീയമാണെങ്കിലും കെഎസ്ആര്‍ടിസിയുടെ ഉന്നതതലങ്ങളില്‍ ധൂര്‍ത്ത് തുടരുകയാണ്. ഉദ്യോഗസ്ഥര്‍ തരാതരത്തില്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നു. നേരത്തെ കോര്‍പറേഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ക്ക് നല്‍കിയിരുന്ന വാഹനങ്ങള്‍ യുഡിഎഫ് ഭരണത്തിലെത്തിയപ്പോള്‍ ഇതിന് താഴെയുള്ള ഉദ്യോഗസ്ഥര്‍ക്കും നല്‍കി. ഇത് വന്‍ സാമ്പത്തിക ബാധ്യതയാണ് വരുത്തുന്നത്. കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരും ബുദ്ധിമുട്ടിലാണ്. മാസങ്ങളുടെ പെന്‍ഷന്‍ കുടിശ്ശികയാണ് ഇവര്‍ക്കുള്ളത്. പലരുടെയും ജീവിതം വഴിമുട്ടുന്ന നിലയിലാണ്.

deshabhimani

പത്മനാഭസ്വാമി ക്ഷേത്ര ഭരണത്തില്‍ രാജകുടുംബം ഇടപെടരുത്

ന്യൂഡല്‍ഹി: പത്മനാഭസ്വാമി ക്ഷേത്രം ഭരണച്ചുമതലയില്‍നിന്ന് രാജകുടുംബത്തെ മാറ്റിനിര്‍ത്തണമെന്ന് നിര്‍ദേശിക്കുന്ന റിപ്പോര്‍ട്ട് അമിക്കസ്ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. ഭരണച്ചുമതല താല്‍ക്കാലികസമിതിയെ ഏല്‍പ്പിക്കണമെന്നും 575 പേജുള്ള റിപ്പോര്‍ട്ടിലുണ്ട്. ഏപ്രില്‍ 15ന് സുപ്രീംകോടതിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ 129 നിര്‍ദേശമാണുള്ളത്. ക്ഷേത്രഭരണത്തില്‍ ഗുരുതരമായ ക്രമക്കേടുള്ളതായി റിപ്പോര്‍ട്ടിലുണ്ട്.

എ, ബി, സി, ഡി കല്ലറകള്‍ക്ക് മുകളിലൂടെ കിഴക്കേ പ്രവേശനകവാടത്തിലേക്ക് ഇടനാഴിയുള്ള കാര്യം രാജകുടുംബം മറച്ചുവച്ചതില്‍ ദുരൂഹതയുണ്ട്. ഈ വഴിക്ക് തൊട്ടുതാഴെയാണ് കോടികള്‍ വിലപിടിപ്പുള്ള നിധിശേഖരം. ഇത് വവ്വാലുകളെയും മറ്റും നീക്കി വൃത്തിയാക്കി സുരക്ഷിതമായി ബന്ധിക്കണം. സിസിടിവി ക്യാമറ വയ്ക്കണം. രാജകുടുംബത്തിന്റെ പ്രത്യേക അവകാശങ്ങള്‍ എടുത്തുകളയണം. ക്ഷേത്രകാര്യങ്ങളില്‍ സര്‍ക്കാരിനും അനാസ്ഥയുണ്ട്. സ്വകാര്യസ്വത്തുപോലെയാണ് ക്ഷേത്രം പരിപാലിക്കുന്നത്. മുപ്പത് വര്‍ഷമായി കണക്ക് പരിശോധിക്കുന്നില്ല. ക്ഷേത്രഭൂമിക്ക് രേഖകളില്ല.

രാജകുടുംബത്തിന്റെ കൈവശമുള്ള നിലവറകളുടെ താക്കോലുകള്‍ ജില്ലാ ജഡ്ജിക്ക് കൈമാറണം. വിലപിടിപ്പുള്ള വസ്തുക്കളുടെ മൂല്യം നിശ്ചയിക്കണം. നൈവേദ്യം തയ്യാറാക്കുന്നത് വൃത്തിഹീനമായ അന്തരീക്ഷത്തിലാണ്. മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ സച്ചിദാനന്ദനെ എക്സിക്യൂട്ടീവ് ഓഫീസറായി നിയമിക്കണം. താല്‍ക്കാലിക ഭരണസമിതി അധ്യക്ഷനായി രംഗാചാരിയെ വയ്ക്കണം. അംഗങ്ങളായി സച്ചിദാനന്ദനെയും തന്ത്രിമാരായ സതീശന്‍ നമ്പൂതിരി, സജി നമ്പൂതിരി, കുട്ടന്‍ നമ്പൂതിരി എന്നിവരില്‍ ഒരാളെയും വയ്ക്കണം. മുഖ്യ നമ്പി, ഗോശാല വാസുദേവന്‍, പി രാജന്‍പോറ്റി, വിഷ്ണുനാരായണന്‍ നമ്പൂതിരി എന്നിവരെയും അംഗങ്ങളാക്കണം.

കല്ലറ ബി ദേവപ്രശ്നം നടത്തി ഉടന്‍ തുറക്കണം. ചുമര് ശക്തിപ്പെടുത്തണം. കല്ലറ ഡി ഉള്‍പ്പെടെ നിലവില്‍ മുദ്രവച്ച രീതി അപര്യാപ്തമാണ്. അഡ്വക്കറ്റ് കമീഷന്‍ മുദ്രവച്ച് താക്കോല്‍ ജില്ലാ ജഡ്ജിയെ ഏല്‍പ്പിക്കണം. 25 വര്‍ഷത്തെ കണക്ക് പരിശോധിക്കാന്‍ വിനോദ് റായിയെ ചുമതലപ്പെടുത്തണം. ഇതിനായി എല്ലാ രേഖകളും പിടിച്ചെടുക്കാന്‍ അധികാരം നല്‍കണം. ക്ഷേത്രാഭരണങ്ങളും മറ്റും സൂക്ഷിക്കുന്നതിന് സുരക്ഷിതസ്ഥലം വിനോദ് റായ് കണ്ടെത്തണം. റായിക്ക് സംസ്ഥാന സര്‍ക്കാര്‍ എല്ലാ സഹായവും ഒരുക്കണം. ക്ഷേത്രത്തിന് ഒട്ടനവധി ബാങ്ക് അക്കൗണ്ട് ഉണ്ട്. എങ്ങോട്ട് ഒക്കെയാണ് പണമൊഴുക്കെന്നത് വ്യക്തമല്ല. ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണ കടത്ത് നടക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ അമിക്കസ് ക്യൂറി സ്വര്‍ണംപൂശാന്‍ ഉപയോഗിക്കുന്ന സ്വിസ് നിര്‍മ്മിത യന്ത്രം കണ്ടെടുത്തതായും റിപ്പോര്‍ട്ട് ചെയ്തു. വനിതാജീവനക്കാരിക്ക് നേരെ ലൈംഗീകാതിക്രമം നടന്നതായി പരാതി ലഭിച്ചു. ഇക്കാര്യം പരിശോധിക്കണം.

കല്ലറകള്‍ക്കുള്ളില്‍ മറ്റ് കല്ലറകള്‍ ഉണ്ടോയെന്ന് പരിശോധിക്കണം. കേസ് അടുത്ത ബുധനാഴ്ച കോടതി വീണ്ടും പരിഗണിക്കും. പരമ്പരാഗത ആചാരങ്ങള്‍ നിലനിര്‍ത്താന്‍ ലക്ഷ്മിബായിയെ ചുമതലപ്പെടുത്തണം. ഗൗതം പത്മനാഭനെ പ്രസിഡന്റ് എക്സിക്യൂട്ടീവ് ഓഫീസറായി നിയോഗിക്കണം. ക്ഷേത്രസുരക്ഷയുടെ ചുമതലയുള്ള കേരള പൊലീസ് കമാന്‍ഡന്റ് രാജനെ ചീഫ് വിജിലന്‍സ് ഓഫീസറായി പുതിയ നിയമനംവരെ ചുമതലപ്പെടുത്തണം. ക്ഷേത്രപുനരുദ്ധാരണത്തിന് പ്രൊഫ. എം ജി ശശിഭൂഷണ്‍, ലക്ഷ്മിബായ്, ഡോ. എം വേലായുധന്‍നായര്‍ എന്നിവരെ ഉള്‍പ്പെടുത്തി സമിതി ഉണ്ടാക്കണം. ബാങ്ക് അക്കൗണ്ടുകള്‍ വിനോദ് റായിയുടെ നിര്‍ദേശപ്രകാരം ക്രമീകരിക്കണം. നരസിംഹമൂര്‍ത്തി കോവിലിന്റെ കല്ലുകള്‍ക്ക് കേടുപാടുകളുണ്ട്. ഇത് ഉടന്‍ അറ്റകുറ്റപ്പണികള്‍ നടത്തണം. ശ്രീകോവിലിന്റെ കലാസൗന്ദര്യം വീണ്ടെടുക്കണം. ചോര്‍ച്ച പരിഹരിക്കണം. ദര്‍ശനസമയം വര്‍ധിപ്പിക്കണം.

deshabhimani

മുഖ്യമന്ത്രിയും മന്ത്രിയും തെറ്റിദ്ധരിപ്പിക്കുന്നു: വി എസ്

ബാര്‍ ലൈസന്‍സ് പുതുക്കിനല്‍കിയതിലെ അഴിമതി മറച്ചുവയ്ക്കാന്‍ മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകള്‍ നടത്തുകയാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് 418 ബാര്‍ ഹോട്ടലിന്റെ ലിസ്റ്റ് തയ്യാറാക്കിയതെന്ന എക്സൈസ് മന്ത്രിയുടെ പ്രസ്താവന വാസ്തവവിരുദ്ധമാണ്. കാലങ്ങളായി ബാര്‍ ലൈസന്‍സ് ലഭിച്ചിരുന്ന ഹോട്ടലുകള്‍ക്ക് അത് പുതുക്കിനല്‍കുക മാത്രമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. ടൂറിസം വകുപ്പ് അംഗീകരിച്ച ഹോട്ടലുകള്‍ക്കാണ് ബാര്‍ ലൈസന്‍സ് നല്‍കിയിട്ടുള്ളതെന്നാണ് വകുപ്പുമന്ത്രി പറയുന്നത്. എന്നാല്‍, ടൂറിസം വകുപ്പിന്റെ വെബ്സൈറ്റിലുള്ള ലിസ്റ്റില്‍പ്പെടാത്ത കുറച്ച് ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നല്‍കിയിട്ടുണ്ട്. ടൂറിസം വകുപ്പിനെ മറികടന്ന് എക്്സൈസ് വകുപ്പ് പരിശോധന നടത്തി ചില ഹോട്ടലിന് ബാര്‍ ലൈസന്‍സ് നല്‍കിയെന്നാണ് താന്‍ നേരത്തെ പ്രസ്താവനയില്‍ പറഞ്ഞത്. ഇതുസംബന്ധിച്ച് എക്സൈസ് മന്ത്രിയോ മുഖ്യമന്ത്രിയോ വ്യക്തമായ മറുപടി നല്‍കാതെ കാടടച്ച് വെടിവയ്ക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ടൂറിസം വകുപ്പിനെ ഒഴിവാക്കി ചില ഹോട്ടലിന് ബാര്‍ ലൈസന്‍സ് നല്‍കിയതില്‍ വന്‍ അഴിമതിയുണ്ടെന്ന കാര്യം ആവര്‍ത്തിക്കുന്നു. ഇതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ എക്സൈസ് മന്ത്രിയും മുഖ്യമന്ത്രിയും തയ്യാറുണ്ടോ എന്നാണ് വ്യക്തമാക്കേണ്ടത്- വി എസ് പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani

കെ എല്‍ ബജാജിന് ആദരാഞ്ജലി

സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗവും സിഐടിയു അഖിലേന്ത്യാ വൈസ്പ്രസിഡന്റും മഹാരാഷ്ട്രയിലെ മുതിര്‍ന്ന ട്രേഡ്യൂണിയന്‍ നേതാവുമായ കെ എല്‍ ബജാജ് അന്തരിച്ചു. 78 വയസ്സായിരുന്നു. അസുഖത്തെ തുടര്‍ന്ന് വെള്ളിയാഴ്ച പകല്‍ 3ന് മുംബൈയിലായിരുന്നു അന്ത്യം. സംസ്കാരം ശനിയാഴ്ച വൈകിട്ട് 5ന് ദാദര്‍ ശിവാജ് പാര്‍ക്ക് വൈദ്യുതി ശ്മശാനത്തില്‍.

അവിഭക്ത ഇന്ത്യയില്‍ പാകിസ്ഥാനിലെ ക്വെറ്റയിലാണ് ജനം. പിന്നീട് കുടുംബം ഡെറാഡൂണിലെത്തി. ചെറുപ്പകാലത്ത് ഭക്തനായിരുന്ന ബജാജ് വിദ്യാര്‍ഥി പ്രസ്ഥാനവുമായി അടുത്തു. കൊല്‍ക്കത്തയില്‍ റവല്യൂഷണറി കമ്മ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യയിലൂടെ രാഷ്ട്രീയജീവിതം തുടങ്ങിയ ബജാജ് 1964ല്‍ സിപിഐ എം അംഗമായി. കുറേക്കാലം അലഹാബാദിലെ പ്രിന്റിംഗ് പ്രസില്‍ പ്രൂഫ് റീഡറായി പ്രവര്‍ത്തിച്ചു. പോര്‍ച്ചുഗീസ് അധിനിവേശത്തില്‍ നിന്ന് ഗോവയെ വിമോചിപ്പിക്കുന്നതിനുള്ള പ്രസ്ഥാനത്തില്‍ സജീവ പങ്കാളിയായി അറസ്റ്റ് വരിച്ചു.

ഐക്യമഹാരാഷ്ട്രക്ക് വേണ്ടിയുള്ള പ്രക്ഷോഭത്തിലും പങ്കാളിയായി. അഞ്ചുദശകം നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ പലവട്ടം ജയില്‍വാസം അനുഭവിച്ചു. ട്രേഡ്യൂണിയന്‍ പ്രവര്‍ത്തകനായിരിക്കെ 1970ല്‍ സിഐടിയുവിന്റെ സ്ഥാപക സമ്മേളനത്തില്‍ പങ്കെടുത്തു. 1978ല്‍ സിഐടിയു മഹാരാഷ്ട്ര സെക്രട്ടറിയായി. 2008 ല്‍ 19-ാം പാര്‍ടി കോണ്‍ഗ്രസിലാണ് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. ഭാര്യ: പ്രഭ. മൂന്നുമക്കളുണ്ട്. ബജാജിന്റെ നിര്യാണത്തില്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ അനുശോചിച്ചു.

തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന് വലിയ നഷ്ടം:സിഐടിയു

ന്യൂഡല്‍ഹി: മുതിര്‍ന്ന ട്രേഡ് യൂണിയന്‍ നേതാവ് കെ എല്‍ ബജാജിന്റെ നിര്യാണത്തില്‍ സിഐടിയു സെക്രട്ടറിയറ്റ് അനുശോചിച്ചു. ബജാജിന്റെ നിര്യാണം തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന് വലിയ നഷ്ടമാണെന്ന് ജനറല്‍ സെക്രട്ടറി തപന്‍ സെന്‍സന്ദേശത്തില്‍ പറഞ്ഞു. നന്നേ ചെറുപ്പത്തില്‍ ബജാജ് ട്രേഡ്യൂണിയന്‍ പ്രസ്ഥാനത്തിന്റെ ഭാഗമായി. ആറര ദശകക്കാലം മഹാരാഷ്ട്രയില്‍ ട്രേഡ്യൂണിയന്‍ പ്രസ്ഥാനത്തിന്റെ മുന്‍നിരയില്‍ സജീവമായി. ട്രേഡ്യൂണിയന്‍, പാര്‍ടി പ്രവര്‍ത്തനങ്ങള്‍ക്കിടെ പലവട്ടം ജയിലില്‍ അടയ്ക്കപ്പെടുകയും പൊലീസ് മര്‍ദനത്തിന് ഇരയാവുകയുംചെയ്തു. സിഐടിയു മഹാരാഷ്ട്ര ഘടകത്തിന്റെ സെക്രട്ടറിയായും പ്രസിഡന്റായും പ്രവര്‍ത്തിച്ചു. ജീവിതാവസാനംവരെ ട്രേഡ്യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു അദ്ദേഹമെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

കെ എല്‍ ബജാജിന്റെ വേര്‍പാടില്‍ പിബി അനുശോചിച്ചു

ന്യൂഡല്‍ഹി: സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗവും മുതിര്‍ന്ന ട്രേഡ്യൂണിയന്‍ നേതാവുമായ കെ എല്‍ ബജാജിന്റെ വേര്‍പാടില്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അനുശോചിച്ചു. മഹാരാഷ്ട്രയില്‍ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ ഉജ്വലനായ നേതാവിനെയാണ് പാര്‍ടിക്ക് നഷ്ടമായതെന്ന് പി ബി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പോര്‍ച്ചുഗീസ് അധിനിവേശത്തില്‍ നിന്ന് ഗോവയെ വിമോചിപ്പിക്കുന്നതിനുള്ള പോരാട്ടത്തിലുള്‍പ്പെടെ ഒട്ടേറെ പ്രക്ഷോഭങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്ന അദ്ദേഹം പലകുറി ജയില്‍വാസവും അനുഭവിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നതായും പിബി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

deshabhimani

ബിജെപി പ്രചാരണത്തിന് 5000 കോടി

പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ 232 മണ്ഡലത്തിലെ വോട്ടെടുപ്പ് പൂര്‍ത്തിയായി. നാലു ഘട്ടമായി 311 മണ്ഡലത്തിലെ പോളിങ്ങാണ് ശേഷിക്കുന്നത്. 24നു 117 മണ്ഡലത്തിലും 30നു 89 ഇടത്തും വോട്ടെടുപ്പ് നടക്കും. മെയ് ഏഴിന് 64 മണ്ഡലത്തിലാണ് പോളിങ്. മെയ് 12ന് അവസാനഘട്ടത്തില്‍ 41 മണ്ഡലങ്ങള്‍ ബൂത്തിലെത്തും. ജനകീയപ്രശ്നങ്ങളില്‍നിന്ന് ശ്രദ്ധതിരിച്ചുവിടാനുള്ള ശ്രമത്തിലാണ് ഇപ്പോഴും കോണ്‍ഗ്രസും ബിജെപിയും. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിയുടെ പരിശ്രമം എല്ലാ ചര്‍ച്ചയും തന്നിലേക്ക് കേന്ദ്രീകരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാനാണ്. മോഡിയുടെ വീമ്പുപറച്ചിലുകള്‍ക്ക് മറുപടി നല്‍കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഈ തന്ത്രത്തില്‍ കുടുങ്ങി. സോണിയയും രാഹുലും പി ചിദംബരവുമെല്ലാം മോഡിക്കുള്ള മറുപടിയില്‍ കേന്ദ്രീകരിച്ചാണ് പ്രചാരണം. കോര്‍പറേറ്റ് മാധ്യമങ്ങളും ഇതിനു പിന്നാലെയാണ്.

ജീവല്‍പ്രശ്നങ്ങള്‍ അവഗണിക്കുകയാണ് കോണ്‍ഗ്രസും ബിജെപിയും മുഖ്യധാരാമാധ്യങ്ങളും. പുതിയ കക്ഷിയായ ആംആദ്മി പാര്‍ടിയും ഈ പ്രവണതയില്‍നിന്ന് മാറിനില്‍ക്കുന്നില്ല. ഒരു വിഷയത്തിലും ആഴത്തിലുള്ള പരിശോധനയ്ക്ക് ആംആദ്മി തയ്യാറല്ല. വിലക്കയറ്റം, സ്വകാര്യവല്‍ക്കരണം, കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടിവ്, കര്‍ഷക ആത്മഹത്യ എന്നിവ ചര്‍ച്ചയാകുന്നില്ല. സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍, തൊഴിലില്ലായ്മ, വിദ്യാഭ്യാസമേഖലയിലെ വാണിജ്യവല്‍ക്കരണം, ആരോഗ്യമേഖലയിലെ തകര്‍ച്ച, ആദിവാസികള്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗങ്ങളുടെ പാര്‍ശ്വവല്‍ക്കരണം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രചാരണം നടത്തുന്നത് ഇടതുപക്ഷം മാത്രമാണ്. നൂറില്‍പ്പരം സീറ്റിലാണ് സിപിഐ എം മത്സരിക്കുന്നത്.

ഹൈടെക്് പ്രചാരണം എന്ന പേരിലുള്ള ബഹളങ്ങളിലും സാധാരണക്കാര്‍ അവഗണിക്കപ്പെടുന്നു. വോട്ടെടുപ്പിന്റെ അവസാനദിവസമായ മെയ് 12 ആകുമ്പോഴേക്ക് ബിജെപി 5000 കോടി രൂപയെങ്കിലും പ്രചാരണത്തിനായി ചെലവഴിച്ചിരിക്കുമെന്നാണ് പരസ്യ കമ്പനി വക്താക്കള്‍ പറയുന്നത്. ടെലിവിഷന്‍, അച്ചടി, ഇന്റര്‍നെറ്റ്, റേഡിയോ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിനായി 4500 കോടി ചെലവിടും. മണ്ഡലാടിസ്ഥാനത്തിലുള്ള പ്രചാരണത്തിനായി 500 കോടിയും. ദേശീയതലത്തില്‍ ചെലവിടുന്ന തുകയുടെ കണക്ക് മാത്രമാണിത്. രാജ്യമെമ്പാടുമായി 15,000 കൂറ്റന്‍ ബോര്‍ഡുകള്‍ ബിജെപി മൂന്നുമാസത്തേക്ക് വാടകയ്്ക്ക് എടുത്തിട്ടുണ്ട്. മുംബൈയിലെ നരിമാന്‍ പോയിന്റില്‍ ഇത്തരമൊരു ബോര്‍ഡിന്റെ പ്രതിമാസ വാടക 20 ലക്ഷം രൂപയാണ്. കോര്‍പറേറ്റുകള്‍ കൈയൊഴിഞ്ഞതിന്റെ ലക്ഷണം കോണ്‍ഗ്രസിന്റെ പ്രചാരണത്തില്‍ പ്രകടമാണ്. പ്രധാന നേതാക്കള്‍ പ്രത്യേക വിമാനങ്ങളിലും ഹെലികോപ്റ്ററുകളിലും പറക്കുന്നുണ്ടെങ്കിലും പ്രചാരണത്തില്‍ കോണ്‍ഗ്രസ് പിന്നിലാണ്. ബിജെപിയെ അപേക്ഷിച്ച് നാലിലൊന്ന് തുകയേ കോണ്‍ഗ്രസ് ചെലവിട്ടിട്ടുള്ളൂവെന്ന് പരസ്യകമ്പനികള്‍ പറയുന്നു. എന്നാല്‍, കോണ്‍ഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ പണം ഒഴുക്കിയിട്ടുണ്ട്. സ്ഥാനാര്‍ഥികള്‍ക്ക് ഫണ്ട് നല്‍കുന്ന കാര്യത്തിലും പിശുക്കില്ല. പല സ്ഥാനാര്‍ഥികളും സ്വന്തം ഉറവിടങ്ങളിലൂടെ ചെലവിട്ട പണം ഇതിനുപുറമെയാണ്.

സാജന്‍ എവുജിന്‍ deshabhimani

മോഡിക്കെതിരെ ബനാറസില്‍ മതനിരപേക്ഷതയുടെ ശബ്ദം

ബനാറസ്: നരേന്ദ്രമോഡിയുടെ വര്‍ഗീയരാഷ്ട്രീയത്തിനെതിരെ ബനാറസില്‍ ഉയരുന്നത് മതനിരപേക്ഷതയുടെ ശബ്ദം. ബനാറസിലെ സിപിഐ എം സ്ഥാനാര്‍ഥി ഹീരാലാല്‍ യാദവിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച കണ്‍വന്‍ഷനില്‍ മതനിരപേക്ഷത കാക്കാനുള്ള ആഹ്വനമാണ് ഉയര്‍ന്നുകേട്ടത്. അയോധ്യപ്രസ്ഥാനത്തിന്റെ ഭാഗമായി 1991ല്‍ ബനാറസില്‍ കൊലവിളി ഉയര്‍ത്തിയ സംഘപരിവാറിനെതിരെ വിട്ടുവീഴ്ചയില്ലാതെ പെരുതിയ സിപിഐ എം അത് ഇനിയും തുടരുമെന്നും അതിന്റെ ഭാഗമായാണ് നരേന്ദ്രമോഡിക്കെതിരായ മത്സരമെന്നും സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.

വര്‍ഗീയ- ഫാസിസത്തിനെതിരെ ഇടതുപക്ഷം മാത്രമാണ് നിരന്തരം പൊരുതുന്നത്. കര്‍ഷകപ്രക്ഷോഭത്തിന്റെ നേതാവായ ഹീരാലാല്‍ യാദവിന്റെ തെരഞ്ഞെടുപ്പു പോരാട്ടം അതിന്റെ തുടര്‍ച്ചയാണെന്നും കാരാട്ട് പറഞ്ഞു. 1991ല്‍ ആദ്യമായി ബിജെപി ബനാറസില്‍നിന്ന് ജയിച്ചത് രണ്ടുദിവസംമുമ്പുണ്ടായ കലാപത്തെ മുതലെടുത്താണ്. തുടര്‍ന്നാണ് സംഘപരിവാര്‍ അയോധ്യക്കുശേഷം കാശിയും മഥുരയും എന്ന മുദ്രാവാക്യമുയര്‍ത്തിയത്. രണ്ടുവര്‍ഷത്തിനകം ഉത്തര്‍പ്രദേശിലെ കോശികലാനിലും ബറേലിയിലും വാരാണസിയിലും ഫൈസാബാദിലും വര്‍ഗീയകലാപങ്ങളുണ്ടായി. ഹിന്ദുത്വ അജന്‍ഡ ശക്തമായി തിരിച്ചുകൊണ്ടുവരുന്നതിനാണ് നരേന്ദ്രമോഡി ബനാറസില്‍ മത്സരിക്കുന്നത്. 80 സീറ്റുള്ള യുപിയില്‍ വര്‍ഗീയധ്രുവീകരണം ശക്തമാക്കി വോട്ടുനേടുകമാത്രമാണ് ബിജെപിയുടെ ലക്ഷ്യം. കോര്‍പറേറ്റുകളുടെ പൂര്‍ണ പിന്തുണ മോഡിക്കുണ്ട്. വര്‍ഗീയതയും കോര്‍പറേറ്റുകളും കൈകോര്‍ക്കുമ്പോള്‍ രാജ്യത്തിന്റെ ഭാവിയാണ് അപകടത്തിലാകുന്നത്. ഗുജറാത്ത് മാതൃകയെന്നാല്‍ കൃഷിഭൂമി ചുരുങ്ങിയ വിലയ്ക്ക് കോര്‍പറേറ്റുകള്‍ക്ക് നല്‍കുക എന്നാണ്. മോഡിക്കെതിരെ പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മോഡിയുടെ രാഷ്ട്രീയത്തെ ചെറുക്കാന്‍ ഇടതുപക്ഷത്തിന്റെ ഇടപെടല്‍ അനിവാര്യമാണെന്നും കാരാട്ട് പറഞ്ഞു. അടിയന്തരാവസ്ഥയ്ക്കുശേഷമുള്ള സുപ്രധാന തെരഞ്ഞെടുപ്പാണ് ഇതെന്ന് കണ്‍വന്‍ഷനില്‍ സംസാരിച്ച പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞന്‍ പ്രഭാത് പട്നായിക് പറഞ്ഞു. ഫാസിസത്തിന്റെ പ്രധാന രണ്ടു ലക്ഷണങ്ങളില്‍ ഒന്ന് കോര്‍പറേറ്റുകള്‍ ഒറ്റക്കെട്ടായി മോഡിയെ പിന്തുണയ്ക്കുന്നതാണ്. രണ്ടാമത്തെ ലക്ഷണം ന്യൂനപക്ഷങ്ങളെ ശത്രുവാക്കി കണ്ടുകൊണ്ടുള്ള ബിജെപി പ്രചാരണമാണ്. ഹിറ്റ്ലര്‍ ജൂതരെയെന്നപോലെയാണ് സംഘപരിവാര്‍ ന്യൂനപക്ഷങ്ങളെ കാണുന്നത്. മോഡിയും നവ ഉദാരവല്‍ക്കരണമാണ് നടപ്പാക്കുക. അത് വലിയ പ്രതിസന്ധി സൃഷ്ടിക്കും. അപ്പോള്‍ അയല്‍രാജ്യങ്ങളായ പാകിസ്ഥാനനെയും ബംഗ്ലാദേശിനെയും കുറ്റംപറഞ്ഞ് മോഡി ജനശ്രദ്ധ തിരിച്ചുപിടിക്കും.

മോഡിയുടെ വരവ് സാമൂഹ്യവിപ്ലവങ്ങളെ പിന്നോട്ടുവലിക്കുകയുംചെയ്യും- പ്രഭാത് പട്നായിക് ഓര്‍മിപ്പിച്ചു. ഗുജറാത്തില്‍ തനിക്കെതിരെ ശബ്ദിച്ച എല്ലാവരെയും നിശബ്ദരാക്കിയ മോഡിക്ക് എങ്ങനെ ഒരു നല്ല ഭരണകര്‍ത്താവാകാന്‍ കഴിയുമെന്ന് കണ്‍വന്‍ഷനില്‍ സംസാരിച്ച ടീസ്റ്റ സെറ്റില്‍വാത് ചോദിച്ചു. മോഡിക്കെതിരെ ബിജെപിയില്‍ കലാപമുയര്‍ത്തിയ ഹരേണ്‍ പാണ്ഡെയും പൊലീസുകാരെയും ഉദ്യോഗസ്ഥരെയും മോഡി നിശബ്ദമാക്കിയ രീതി ക്രൂരമാണ്. അന്വേഷണ കമീഷനെപ്പോലും മോഡി വെറുതെവിട്ടില്ലെന്നും ടീസ്റ്റ പറഞ്ഞു. വൈവിധ്യങ്ങളിലെ ഏകത്വത്തിന് ഏറ്റവും വലിയ ഉദാഹരണമാണ് ബനാറസ് എന്നും ഈ വൈവിധ്യങ്ങളെ തകര്‍ക്കാനാണ് മോഡി ബനാറസില്‍ മത്സരിക്കുന്നതെന്നും ചടങ്ങില്‍ സംസാരിച്ച സ്ഥാനാര്‍ഥി ഹീരാലാല്‍ യാദവ് പറഞ്ഞു. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ പ്രൊഫസര്‍മാരും ബുദ്ധിജീവികളും കവികളും ചടങ്ങില്‍ പങ്കെടുത്തു.

വി ബി പരമേശ്വരന്‍ deshabhimani

പാലക്കാട് റെയില്‍വേ ഡിവിഷനില്‍ ടിക്കറ്റ് വിതരണം സ്വകാര്യവല്‍ക്കരിക്കുന്നു

ഒറ്റപ്പാലം: പാലക്കാട് റെയില്‍വേ ഡിവിഷനിലെ ടിക്കറ്റ്വിതരണം സ്വകാര്യവല്‍ക്കരിക്കുന്നു. വരുമാനം കുറഞ്ഞ "ഇ" വിഭാഗത്തില്‍പ്പെട്ട 18 സ്റ്റേഷനുകളിലെ ടിക്കറ്റ് വിതരണമാണ് ആദ്യഘട്ടത്തില്‍ സ്വകാര്യവല്‍ക്കരിക്കുന്നത്. ഇതിനായി കരാര്‍ ക്ഷണിച്ച് പരസ്യവും നല്‍കി. റെയില്‍വേ തസ്തികകള്‍ വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണിത്. റെയില്‍വേയുടെ ചരിത്രത്തില്‍ ആദ്യമായാണ് സ്റ്റേഷനുള്ളില്‍ സ്വകാര്യഏജന്‍സിയെ ടിക്കറ്റ്വിതരണം ഏല്‍പ്പിക്കുന്നത്. ഒരു വര്‍ഷത്തേക്കാണ് കരാര്‍.

സോഫ്ട്വെയര്‍ റെയില്‍വേ നല്‍കും. വിതരണം ഒഴികെയുള്ള ബാക്കിജോലി സ്റ്റേഷന്‍ മാസ്റ്റര്‍ ചെയ്യണം. ഉള്ളാള്‍, കണ്ണൂര്‍ സൗത്ത്, എടക്കാട്, തിക്കോടി, കടലുണ്ടി, വെസ്റ്റ്ഹില്‍, കല്ലായി, തിരുന്നാവായ, പള്ളിപ്പുറം, കാരക്കാട്, മാന്നന്നൂര്‍, ലെക്കിടി, മങ്കര, പറളി, കഞ്ചിക്കോട്, വാളയാര്‍, എട്ടിമടൈ, മധുക്കര എന്നീ സ്റ്റേഷനുകളിലെ ടിക്കറ്റ്വിതരണമാണ് ആദ്യഘടത്തില്‍ സ്വകാര്യവല്‍ക്കരിക്കുന്നത്. ഒരുലക്ഷംരൂപയ്ക്ക് നാലായിരംരൂപയാണ് കമീഷന്‍ ലഭിക്കുക. മാസം ചുരുങ്ങിയത് 500രൂപയ്ക്ക് ടിക്കറ്റ് നല്‍കണം. കൊമേഴ്സ്യല്‍ ക്ലാര്‍ക്ക്, ബുക്കിങ് ക്ലാര്‍ക്ക്, തസ്തികകള്‍ ക്രമേണവ്യാപകമായി വെട്ടിക്കുറയ്ക്കാന്‍ പുതിയ നീക്കം വഴിയൊരുക്കും. റെയില്‍വേ ജീവനക്കാര്‍ക്കിടയില്‍ ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കേരളത്തിലെ എംപിമാര്‍വഴി ഈ നീക്കത്തെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് ഡിആര്‍ഇയു.

deshabhimani