Showing posts with label ഊരാളുങ്കൽ. Show all posts
Showing posts with label ഊരാളുങ്കൽ. Show all posts

Monday, December 14, 2020

നടപടിയെല്ലാം സുതാര്യം - പി ശ്രീരാമകൃഷ്ണൻ എഴുതുന്നു

കേരള നിയമസഭയുടെ ഇ–-നിയമസഭാ പദ്ധതി സംബന്ധിച്ചും സഭയിലെ നിർമാണപ്രവൃത്തി, സഭാ ടിവി തുടങ്ങിയവ സംബന്ധിച്ചുമെല്ലാം പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല ചില ആരോപണങ്ങൾ ഉന്നയിക്കുകയുണ്ടായി. ഈ ആരോപണങ്ങളുടെയെല്ലാം നിജസ്ഥിതി കണക്കുകളും രേഖകളും ഹാജരാക്കിക്കൊണ്ടുതന്നെ വ്യക്തമാക്കുകയാണ്‌. ദേശീയ ഐടി നയത്തിന്റെ ഭാഗമായി 13–-ാം കേരള നിയമസഭയുടെ കാലഘട്ടത്തില്‍ത്തന്നെ നിയമസഭയുടെ നടപടിക്രമങ്ങളും നിയമസഭാ സെക്രട്ടറിയറ്റിന്റെ പ്രവര്‍ത്തനവും സമ്പൂര്‍ണമായി കംപ്യൂട്ടര്‍വല്‍ക്കരിക്കാന്‍ ശ്രമമാരംഭിച്ചിരുന്നു. കടലാസ് രഹിത ഇ–-നിയമസഭ എന്ന ആശയം പ്രാവര്‍ത്തികമാക്കുന്നതിനുള്ള നടപടികളായിരുന്നു.

2015ല്‍ പദ്ധതിക്ക് ഇ–-നിയമസഭാ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. അതിന്റെ തുടര്‍ച്ചയായി 2016 ഒക്‌ടോബറില്‍ സ്പീക്കറുടെ അധ്യക്ഷതയില്‍ യോഗം ചേർന്നു. 2017 ജൂണിൽ വീണ്ടും കൂടിയാലോചന നടത്തി. പദ്ധതി വിജയകരമായി നടപ്പാക്കിയ ഹിമാചല്‍ പ്രദേശ് ഇ വിധാന്‍സഭ നിയമസഭാ സെക്രട്ടറിയറ്റിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുകയും ചെയ്തു.

വിപുലമായ ഒരു സംവിധാനമാണ് കേരള നിയമസഭ. മുപ്പത്താറോളം നിയമസഭാ സമിതി, രാജ്യത്ത് ഏറ്റവും കൂടുതല്‍ സമ്മേളനം ചേരുന്ന സഭ, സബ്ജക്ട് കമ്മിറ്റികളുടെ ഇടപെടലുകള്‍ രാജ്യത്തിനുതന്നെ മാതൃകയായ രീതികള്‍ ഇങ്ങനെയുള്ള വൈവിധ്യങ്ങള്‍ നിറഞ്ഞ കേരള നിയമസഭയിൽ ഇത്തരമൊരു പദ്ധതി നടപ്പാക്കുമ്പോൾ വിദഗ്ധ പഠനവും പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടതുമുണ്ടെന്ന് ധാരണയായി. ഇതിന്റെ അടിസ്ഥാനത്തില്‍ ടോട്ടൽ സൊലൂഷൻ പ്രൊവൈഡറാ (ടിഎസ്‌പി)യി കഴിഞ്ഞ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ–-ഓപ്പറേറ്റീവ് സൊസൈറ്റിയെ വിദഗ്‌ധപഠനം നടത്താനും ഡിപിആർ തയ്യാറാക്കാനുമായി ചുമതലപ്പെടുത്തി. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ–-ഓപ്പറേറ്റീവ് സൊസൈറ്റിയെ ടിഎസ്‌പി  ആയി അംഗീകരിച്ച് ഉത്തരവിറക്കിയത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തായിരുന്നു.

ഇ നിയമസഭാ പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച് എൻഐസിയുമായി ചര്‍ച്ച ചെയ്തിരുന്നെങ്കിലും സോഫ്റ്റ്‌വെയര്‍ ഡെവലപ്മെന്റ്‌ നിശ്ചിത സമയത്തിനകം പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്നും അതിന് ദീര്‍ഘകാലമെടുക്കുമെന്നും മുഴുവന്‍ തുകയും മുന്‍കൂറായി ലഭിക്കേണ്ടതുണ്ടെന്നും അവര്‍ അറിയിച്ച സാഹചര്യത്തിലാണ് ഊരാളുങ്കലിനെ ഏല്‍പ്പിച്ചത്. 2019 ജനുവരിയിൽ പ്രോജക്ട്‌ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഐടി വിദഗ്ധര്‍ അടങ്ങുന്ന ടെക്നിക്കല്‍ കമ്മിറ്റി അംഗീകാരം നല്‍കി.

രൂപീകരിച്ച കമ്മിറ്റികള്‍

ഉന്നതതല സമിതി: മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിന് സ്പീക്കര്‍ അധ്യക്ഷനായി വിവിധ കക്ഷികളില്‍നിന്ന് നാമനിര്‍ദേശം ചെയ്ത സാമാജികർ ഉള്‍പ്പെടുന്ന  ഉന്നതതലസമിതി രൂപീകരിച്ചു. സ്റ്റിയറിങ്‌ കമ്മിറ്റി:  മേല്‍നോട്ടത്തിനായി നിയമസഭാ സെക്രട്ടറി ചെയര്‍മാനായ സ്റ്റിയറിങ്‌ കമ്മിറ്റി 2019- മെയ്‌ 30ന് രൂപീകരിച്ചു. ഐടി മിഷന്‍ ഡയറക്ടറെ നോഡല്‍ ഓഫീസറായി നിയോഗിക്കുകയും സ്റ്റിയറിങ്‌ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

ടെക്നിക്കല്‍ കമ്മിറ്റി: ഡിപിആർ പരിശോധിച്ച്  പദ്ധതി നടപ്പാക്കുന്നതിനായി  കേരള ഐടി മിഷനില്‍നിന്നുള്ള ഒരു പ്രതിനിധി ഉള്‍പ്പെടെയുള്ള  ടെക്നിക്കല്‍ കമ്മിറ്റി രൂപീകരിച്ചു. ഉപദേശക സമിതി: മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി നിയമസഭാ സെക്രട്ടറി ചെയര്‍മാനായ  ഉപദേശക സമിതി രൂപീകരിച്ചു.

ടെക്നിക്കല്‍ വെരിഫിക്കേഷന്‍ കമ്മിറ്റി: ഊരാളുങ്കൽ ലഭ്യമാക്കുന്ന വിവിധ കമ്പോണന്‍സിന്റെ സ്പെസിഫിക്കേഷന്‍ സാക്ഷ്യപ്പെടുത്തുന്നതിനും ഹാര്‍ഡ് വെയര്‍ പാര്‍ട്ടുകള്‍, ഇലക്ട്രിക്കല്‍ കേബിളുകള്‍/ഡിവൈസുകള്‍, എസി, മറ്റ് മെക്കാനിക്കല്‍ വര്‍ക്കുകള്‍, സിവില്‍ വര്‍ക്കുകള്‍ തുടങ്ങിയവയുടെ സ്പെസിഫിക്കേഷന്‍ ഡിപിആര്‍ പ്രകാരമാണോ എന്നും സമര്‍പ്പിക്കുന്ന ഇന്‍വോയിസ് പ്രകാരമുള്ള സാമഗ്രികളാണോ ലഭ്യമാക്കിയിട്ടുള്ളത് എന്നുമുള്ള കാര്യങ്ങള്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തുന്നതിന്‌ പിഡബ്ല്യുഡിയിലെ എക്സിക്യൂട്ടീവ് എൻജിനിയര്‍, അസി. എക്സിക്യൂട്ടീവ് എൻജിനിയര്‍ തലത്തിലുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി വെരിഫിക്കേഷന്‍ കമ്മിറ്റി രൂപീകരിച്ചു.

വിദഗ്ധ സമിതി: നിയമസഭാ സെക്രട്ടറിയറ്റിലെ വിവിധ വിഭാഗങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച് ആവശ്യമായ വിവരവും നിര്‍ദേശങ്ങളും നല്‍കുന്നതിനായി വിദഗ്ധസമിതി രൂപീകരിച്ചു.

മൊബിലൈസേഷന്‍ അഡ്വാന്‍സ്

സാധാരണയായി നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് പദ്ധതി നിർവഹണത്തുക നൂറു ശതമാനം മുന്‍കൂറായി നല്‍കുകയെന്ന രീതിയാണ് അവലംബിക്കുന്നത്‌.  കരാറില്‍ വ്യവസ്ഥ ചെയ്തിരുന്നതു പ്രകാരം മൊബിലൈസേഷന്‍ അഡ്വാന്‍സായി പ്രോജക്ട്‌ തുകയുടെ 30 ശതമാനം നല്‍കിയിട്ടുണ്ട്. ഇത് സ്പീക്കറുടെ പ്രത്യേക ഇടപെടലിന്റെ ഭാഗമായിട്ടല്ല. കരാറിന്റെ ഭാഗമാണ്. മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കുകയില്ലെന്ന് ടെൻഡറില്‍ വ്യവസ്ഥ ചെയ്യുകയും അതിന്റെ ഭാഗമായി ടെൻഡറില്‍ പങ്കെടുത്തവര്‍ക്ക് മൊബിലൈസേഷന്‍ അഡ്വാന്‍സ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ആക്ഷേപം.

ഇബ്രാഹിം കുഞ്ഞുമായി ഇക്കാര്യം താരതമ്യം ചെയ്യുന്നത് വസ്തുതാവിരുദ്ധമാണ്. പദ്ധതി സംബന്ധിച്ച് എൻഐസിയുമായി ചര്‍ച്ച ചെയ്തിരുന്നെങ്കിലും സോഫ്റ്റ്‌വെയര്‍ ഡെവലപ്മെന്റ്‌ നിശ്ചിത സമയത്തിനകം പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്നും മുഴുവന്‍ തുകയും മുന്‍കൂറായി ലഭിക്കേണ്ടതുണ്ടെന്നും അവര്‍ അറിയിച്ച സാഹചര്യത്തിലാണ് എൻഐസിയെ ഒഴിവാക്കാന്‍ തീരുമാനിച്ചത്.

ആര്‍ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ച് നവീകരണം

ലോക കേരളസഭയുടെ ഒന്നാം സമ്മേളനത്തോട്‌ അനുബന്ധിച്ച് ആര്‍ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ ലോഞ്ചിനോട്‌ അനുബന്ധിച്ചുള്ള ടോയ്‌ലെറ്റ്, വാഷ് റൂം പ്രവൃത്തികള്‍ക്കായി ഏകദേശം 52 ലക്ഷം രൂപയാണ് ചെലവഴിച്ചത്. ആദ്യത്തെ  കസേരകള്‍ തന്നെയാണ് രണ്ടാംഘട്ട നവീകരണത്തിലും ഉപയോഗിച്ചിട്ടുള്ളത്. കസേരയുടെ മാത്രം വില  1,31,53,181 രൂപയും പ്രവൃത്തി തുക 51,78,834 യും ആകെ  1,83,32,015 യുമാണ്‌ ചെലവ്‌.

2020 ജനുവരിയില്‍ നടന്ന രണ്ടാം സമ്മേളനത്തിനു മുന്നോടിയായി ലോഞ്ചിന്റെ നവീകരണം പൂര്‍ണമായും നടപ്പാക്കുന്നതിനായി 16 കോടി 65 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി. 10 കോടി 99 ലക്ഷത്തി അമ്പത്തി മൂവായിരത്തി മുന്നൂറ് രൂപയുടെ സാങ്കേതികാനുമതി നല്‍കി. അന്തിമ ബില്‍ത്തുക ഒമ്പതു കോടി പതിനേഴ് ലക്ഷത്തി മുപ്പത്തെണ്ണായിരത്തി ഇരുന്നൂറ്റി തൊണ്ണൂറ്റിയേഴു രൂപ  മാത്രമാണ്.  ഈ രീതിയിലാണ്  ഊരാളുങ്കൽ ഏറ്റെടുക്കുന്ന ജോലികളുടെ അനുഭവം. എസ്റ്റിമേറ്റില്‍ ഉള്ളതിനേക്കാള്‍ കുറഞ്ഞ തുകയ്ക്കാണ് പ്രവൃത്തി പൂര്‍ത്തിയാക്കുന്നത്.

സഭാ ടിവി

ബഹുമുഖമായ മാധ്യമ ഇടപെടൽ നടത്തുന്നതിനും സഭാ നടപടികളുമായും  പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ട വിവിധ പരിപാടികള്‍ ടെലിവിഷന്‍ ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്നതിനും ഓണ്‍ലൈന്‍ സ്ട്രീമിങ്‌ നടത്തുന്നതിനുമായാണ് സഭാ ടിവി  എന്ന സംരംഭത്തിന് തുടക്കംകുറിച്ചത്. പദ്ധതിയുടെ മീഡിയ കണ്‍സള്‍ട്ടന്റായി പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണനെയാണ് നിയോഗിച്ചിരിക്കുന്നത്. സൗജന്യമായാണ് അദ്ദേഹം ഈ ഉത്തരവാദിത്തം നിർവഹിക്കുന്നത്.

മേല്‍നോട്ടം വഹിക്കുന്നതിനായി ഭരണ–-പ്രതിപക്ഷ വിഭാഗത്തില്‍പ്പെട്ട 16 അംഗങ്ങള്‍ അടങ്ങുന്ന ഉന്നതതല സമിതിയും  ഏഴ്‌ അംഗങ്ങള്‍ ഉള്‍പ്പെടുന്ന കണ്ടന്റ്‌ ഡെവലപ്മെന്റ്‌ കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നു. വകയിരുത്തിയിട്ടുള്ള തുക വ്യവസ്ഥാപിതമായ രീതിയില്‍ മാത്രമാണ് ചെലവഴിക്കുന്നത്. എല്ലാ ചെലവും സിഎജിയുടെ ഓഡിറ്റിന് വിധേയമാക്കുന്നുണ്ട്. സാങ്കേതിക ജോലികള്‍ക്കായി സ്ഥിരംനിയമനം നടത്തിയിട്ടില്ല. താല്‍ക്കാലികമായി അഞ്ചു പേരെ നിയോഗിച്ചിട്ടുണ്ട്. വിവിധ രാഷ്ട്രീയ കക്ഷികളില്‍പ്പെട്ട അംഗങ്ങളുമായും മുന്‍ നേതാക്കളുമായും ബന്ധപ്പെട്ട വളരെ ഉന്നത നിലവാരം പുലര്‍ത്തുന്ന വ്യത്യസ്തങ്ങളായ പരിപാടികളാണ് സഭാ ടിവിയിലൂടെ പുറത്തുവരുന്നത്. നല്ല പ്രതികരണമാണ് പൊതുസമൂഹത്തില്‍നിന്നും ലഭിക്കുന്നത്.

ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി

രാഷ്ട്രപതി ഉദ്ഘാടനം നിര്‍വഹിക്കുകയും സംസ്ഥാനത്തെ എല്ലാ നിയമസഭാ അംഗങ്ങളും സജീവമായി പങ്കെടുക്കുകയും ചെയ്ത ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസിയുടെ ചെലവുകള്‍ക്കായി 2018–-19 സാമ്പത്തിക വര്‍ഷം ബജറ്റ് വിഹിതമായി മൂന്നു കോടി രൂപ അനുവദിച്ചിരുന്നു. ഇതുവരെയുള്ള ആകെ ചെലവ് രണ്ടു കോടി എണ്‍പത്തഞ്ച് ലക്ഷത്തി മുപ്പത്തിനാലായിരത്തി ഒരുനൂറ്റി പതിനൊന്ന് രൂപയാണ്. കൂടാതെ സ്പോണ്‍സര്‍ഷിപ്പായി 33 ലക്ഷത്തോളം രൂപയും ലഭിച്ചിട്ടുണ്ട്. ദേശീയ വിദ്യാര്‍ഥി പാര്‍ലമെന്റില്‍ പങ്കെടുത്ത രണ്ടായിരത്തോളം കുട്ടികളില്‍നിന്ന്‌ 250 രൂപ വീതം രജിസ്ട്രേഷന്‍ ഫീസ് ഇനത്തില്‍ ലഭിച്ചിട്ടുണ്ട് (ഏകദേശം അഞ്ചു ലക്ഷം രൂപ).  സാങ്കേതിക ജോലികള്‍ നിര്‍വഹിക്കുന്നതിനായി കരാറടിസ്ഥാനത്തില്‍ അഞ്ചുപേരെ നിയോഗിച്ചിരുന്നു. മൂന്നു പേരെ ഒഴിവാക്കിയിട്ടുണ്ട്. എഡിറ്റോറിയല്‍ അസിസ്റ്റന്റായി രണ്ടുപേര്‍  പ്രവര്‍ത്തിക്കുന്നു.

നിയമസഭാ മ്യൂസിയം

മ്യൂസിയത്തിന്റെ വിപുലീകരണത്തിനായി പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത മന്ദിരത്തിലാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കുട്ടികളുടെ ലൈബ്രറി സജ്ജീകരിച്ചത്. യാത്രാസൗകര്യം, സ്ഥലപരിമിതി, നിയമസഭാ മന്ദിരത്തിന്റെ സുരക്ഷാക്രമീകരണം എന്നിവ പരിഗണിക്കുമ്പോള്‍ ഈ സ്ഥലം കുട്ടികളുടെ ലൈബ്രറിക്ക് ഒട്ടും യോജിച്ചതായിട്ടില്ല. നിയമസഭാ ലൈബ്രറി പ്രവര്‍ത്തിക്കുന്ന മന്ദിരത്തിലെ പ്രധാന കെട്ടിടത്തിലാണ് കുട്ടികളുടെ ലൈബ്രറി സജ്ജീകരിച്ചിട്ടുള്ളത്. മ്യൂസിയം മന്ദിരത്തില്‍ സജ്ജീകരിച്ച അടിസ്ഥാനസൗകര്യമൊന്നും ഇളക്കിമാറ്റുകയോ പൊളിച്ചുകളയുകയോ ചെയ്തിട്ടില്ല.

ഇ എം എസ് സ്മൃതി തയ്യാറാക്കാന്‍ തീരുമാനിച്ചപ്പോള്‍ പാര്‍ലമെന്റ്‌ മ്യൂസിയത്തെയാണ് സമീപിച്ചത്. ഈ തീരുമാനവും ഭരണ–- പ്രതിപക്ഷ അംഗങ്ങള്‍ ഉള്‍പ്പെടുന്ന മ്യൂസിയം ഉപദേശകസമിതിയുടെ അംഗീകാരത്തോടെയാണ് കൈക്കൊണ്ടത്. എന്നാല്‍, പാര്‍ലമെന്റ്‌ മ്യൂസിയത്തില്‍ ഇതിനായി ചുമതലപ്പെടുത്തിയ  ഉദ്യോഗസ്ഥർ സമര്‍പ്പിച്ച ഡിപിആർ അംഗീകരിക്കാവുന്ന നിലവാരത്തിലായിരുന്നില്ല. അവർ പുതുക്കിത്തന്ന ഡിപിആറും പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നതായിരുന്നില്ല.

ഇ എം എസ് സ്മൃതി തയ്യാറാക്കാന്‍ ഈ ഘട്ടത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ താല്‍പ്പര്യം അറിയിച്ചിരുന്നു. ഇത് അദ്ദേഹം സ്വന്തം നിലയ്ക്ക് തയ്യാറാക്കി നല്‍കിയതാണ്. ഈ പ്രൊപ്പോസലിന്മേല്‍ തുകയൊന്നും ചെലവഴിച്ചിട്ടില്ല. കേരള സര്‍ക്കാരിന്റെ അംഗീകൃത ഏജന്‍സിയായ കേരളാ മ്യൂസിയത്തെയാണ് ഈ പ്രവൃത്തി ഏല്‍പ്പിച്ചിരിക്കുന്നത്. ഇതിന്റെ ഡിപിആർ തയ്യാറാക്കി വരുന്നതേയുള്ളൂ.

പി ശ്രീരാമകൃഷ്ണൻ

തൊഴിലാളിയാണ്‌ ഉടമ, ഊരാളുങ്കലിൽ

കോർപറേറ്റുകൾ അടക്കി ഭരിക്കുന്ന പല മേഖലകളിലെയും സാന്നിധ്യമാണ് ഊരാളുങ്കലിന്റെ വിജയവും കരുത്തും. ജനകീയ ബദലിനെ പരിഹസിക്കുന്നവർക്കുള്ള മറുപടി കൂടിയാണ്‌ തൊഴിലാളികൾ ഉടമകളായ ഊരാളുങ്കൽ ലേബർ കോ–- ഓപ്പറേറ്റീവ്‌ സൊസൈറ്റി(യുഎൽസിസിഎസ്‌). ഊരാളുങ്കലിനെക്കുറിച്ച്‌ കേൾക്കുന്ന മറ്റു സംസ്ഥാനക്കാർ ഇത്തരം സ്ഥാപനം തുടങ്ങാൻ സഹായം തേടുന്നു.  വിദേശക്കമ്പനികൾ പങ്കാളിത്തത്തിന്‌ താൽപ്പര്യപ്പെടുന്നു. വമ്പൻ കോർപറേറ്റുകളിലുള്ളവർപോലും  നടത്തിപ്പുകണ്ട് അത്ഭുതം കൂറുന്നു. ഇതാണ്‌ യുഡിഎഫ്–- ബിജെപി നേതൃത്വത്തെ‌ അസ്വസ്ഥപ്പെടുത്തുന്നത്‌.


അവിശ്വസനീയ മാതൃക

കരാർ തുകയെക്കാൾ കുറഞ്ഞ ചെലവിലും സമയപരിധിക്കുമുമ്പും പദ്ധതികൾ പൂർത്തിയാക്കാൻ സൊസൈറ്റിക്ക്‌ കഴിയുന്നു. ഇത്‌ സാധ്യമാകുന്നതിന് കൃത്യമായ കാരണമുണ്ട്. മറ്റു കരാർസ്ഥാപനങ്ങൾ പോലെയല്ല ഊരാളുങ്കൽ. സ്വന്തമായി 13,000 തൊഴിലാളികളും ആയിരത്തിൽപ്പരം എൻജിനിയർമാരും ആധുനിക സാങ്കേതിക വിദഗ്‌ധരുമുണ്ട്.

ഉപകരാർ നൽകിയല്ല, സംഘം നേരിട്ടാണ്എല്ലാ പ്രവൃത്തിയുംചെയ്യുന്നത്. അത്യാധുനിക യന്ത്രസംവിധാനങ്ങളും അസംസ്‌കൃതവസ്തുക്കളുടെ നിർമാണയൂണിറ്റുകളും ശേഖരവും സ്വന്തമുണ്ട്. നിശ്ചയിച്ചപോലെ പണി നടക്കുന്നുവെന്ന് ഉറപ്പാക്കാൻ തൊഴിലിടങ്ങളിലും മുകൾത്തലങ്ങളിലും ദിവസവും അവലോകനയോഗം ചേരും. തടസ്സങ്ങൾ ഒഴിവാക്കാനും നിർമാണസാമഗ്രികളും യന്ത്രങ്ങളും മനുഷ്യവിഭവവുമെല്ലാം ആവശ്യാനുസരണം ക്രമീകരിക്കാനും ഇതിലൂടെ കഴിയും.

ഇതുകൊണ്ടാണ് ഗുണമേന്മയിൽ വിട്ടുവീഴ്‌ച ചെയ്യാതെ പരമാവധി ചെലവ്‌ കുറച്ചും വേഗത്തിലും നിർമാണം നടത്താനാകുന്നത്. ലാഭേച്ഛയില്ലാതെ നാടിന്റെ നന്മയ്ക്കായി പ്രവർത്തിക്കുന്ന പുരോഗമന പ്രസ്ഥാനങ്ങളുടെ സാമൂഹ്യ പ്രതിബദ്ധത മനസ്സിലാകാത്തവർക്ക്‌ ഇതൊന്നും ദഹിക്കില്ല.

കരാറെടുത്തിട്ട്‌ നീട്ടിക്കൊണ്ടുപോകുകയും തുക പലതവണ ഉയർത്തിവാങ്ങുകയുമൊക്കെ പതിവായിടത്താണ് ഈ വേറിട്ട ശൈലി. സൊസൈറ്റിയെ മുന്നണി ഭേദമില്ലാതെ സർക്കാരുകൾ ടെൻഡറില്ലാതെ കരാർ നൽകാവുന്ന അക്രഡിറ്റഡ് ഏജൻസിയാക്കാൻ‌ കാരണമിതാണ്‌. പദ്ധതികൾ ഊരാളുങ്കലിനെ ഏൽപ്പിക്കാൻ‌ നിരന്തരം ആവശ്യപ്പെടുന്നവരാണ് രാഷ്ട്രീയ താൽപ്പര്യത്താൽ വിമർശനവും ഉയർത്തുന്നത്‌.

ജനകീയ കൂട്ടായ്‌മ

സൊസൈറ്റിയിൽ എല്ലാ പാർടിക്കാരും അംഗങ്ങളാണ്. നാട്ടിലുള്ളവർക്ക്‌ തൊഴിൽ നൽകുക, നല്ല വേതനം നൽകുക, ക്ഷേമം ഉറപ്പാക്കുക– ഇതിനപ്പുറമുളള രാഷ്ട്രീയം ജനകീയ കൂട്ടായ്‌മയുടെതാണ്‌.  ഭരണസമിതി തെരഞ്ഞെടുപ്പുപോലും കക്ഷിരാഷ്ട്രീയത്തിനതീതമാണ്. നന്നായി നടത്താൻ കഴിയുന്നവരെ കൂട്ടായി തെരഞ്ഞെടുക്കും. രാഷ്ട്രീയവിവേചനത്തെപ്പറ്റി ഒരൊറ്റ അംഗത്തിനോ തൊഴിലാളിക്കോ നാട്ടുകാർക്കോ ആക്ഷേപവുമില്ല.

Sunday, December 13, 2020

ഊരാളുങ്കൽ : അന്നും നൽകി 2670.30 കോടിയുടെ കരാർ

ആലപ്പുഴ> യുഡിഎഫ്‌ ഭരണകാലത്ത്‌ ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സഹകരണ സൊസൈറ്റിക്ക്‌‌ ടെൻഡർ വിളിക്കാതെ നൽകിയത്‌  1620.30 കോടിയുടെ നിർമാണ കരാർ. ജില്ലാതല ഫ്‌ളാഗ്‌ ഷിപ് പദ്ധതിയിലെ 10‌ പ്രവൃത്തിക്കാണ്‌ ഇത്രയും തുക അനുവദിച്ചത്‌. 1050 കോടി രൂപയുടെ ജോലികൾ  നൽകിയ വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടെ 2670.30 കോടി രൂപയുടെ നിർമാണ കരാർ യുഡിഎഫ്‌ സർക്കാർ നൽകിയതായി തെളിഞ്ഞു. എൽഡിഎഫ്‌ സർക്കാർ വഴിവിട്ട്‌ കരാറുകൾ ഊരാളുങ്കലിന്‌ നൽകുന്നുവെന്ന്‌ യുഡിഎഫ്‌ നേതാക്കളും ചില മാധ്യമങ്ങളും ആരോപിക്കുമ്പോഴാണ്‌ ഈ വസ്‌തുതകൾ പുറത്തുവരുന്നത്‌.


കുഞ്ഞാലിക്കുട്ടി, മുനീർ, ആര്യാടൻ...

ഊരാളുങ്കലിന്റെ പ്രവർത്തന മികവിനെയും വിശ്വസ്‌തതയെയും വാനോളം പുകഴ്ത്തുന്ന 2016 ഫെബ്രുവരി 20ന്‌  ഇറക്കിയ ഉത്തരവിലാണ് (ഉത്തരവ്‌ നമ്പർ 7/2016) 1620.30 കോടിയുടെ കരാർ നൽകിയത്‌. ഫ്‌ളാഗ്‌ഷിപ് പദ്ധതിയിൽ ആദ്യഘട്ടമായി 10 പ്രവൃത്തി  നിർവഹിക്കാനാണ്‌ ഇത്രയും തുക. ഇപ്പോൾ  സൊസൈറ്റിയെ വിവാദത്തിലേക്ക്‌ വലിച്ചിഴയ്‌ക്കുന്ന അതേ യുഡിഎഫ്‌ നേതാക്കൾ ടെൻഡർ  ഒഴിവാക്കി കരാർ ഊരാളുങ്കലിന്‌ നൽകണമെന്ന്‌ ആവശ്യപ്പെട്ടതായും ഉത്തരവിൽ പറയുന്നു. അന്നത്തെ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല, മറ്റു മന്ത്രിമാരായ ആര്യാടൻ മുഹമ്മദ്‌, പി  കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീർ, പി കെ അബ്ദുറബ്ബ്‌, എ പി അനിൽകുമാർ തുടങ്ങിയവരാണ്‌ ഊരാളുങ്കലിന്‌ കരാർ നൽകണമെന്നാവശ്യപ്പെട്ടത്‌. ഇവർ കൂടി രേഖാമൂലം ആവശ്യപ്പെട്ടതിനാലാണ്‌ ‌ കരാർ നൽകുന്നതെന്ന്‌ ഉത്തരവിൽ വ്യക്തമാക്കുന്നു.

ഊരാളുങ്കൽ ഉഗ്രനെന്ന്‌ യുഡിഎഫ്‌

പ്രാവച്ചമ്പലം–-വഴിമുക്ക്‌ നാലുവരിപ്പാത, ഹിൽ ഹൈവേ (ചെറുപുഴ–-വള്ളിത്തോട്‌ റോഡ്‌), ഹിൽ ഹൈവേ (നന്ദാരപ്പടവ്‌–-ചെറുപുഴ റോഡ്‌), നാടുകാണി–-പരപ്പനങ്ങാടി റോഡ്‌, വലിയഴീക്കൽ–-അഴീക്കൽ പാലം, കോടിമത–-മണർക്കാട്‌ ബൈപാസ്‌, വൈറ്റില, കുണ്ടന്നൂർ, തൊണ്ടയാട്‌, രാമനാട്ടുകാര മേൽപ്പാലങ്ങൾ എന്നിവയാണ്‌ ടെൻഡർ വിളിക്കാതെ യുഡിഎഫ്‌ സർക്കാർ കരാറുറപ്പിച്ചത്‌‌. ഊരാളുങ്കൽ 1979 മുതൽ എ ക്ലാസ്‌ കരാറുകാരാണെന്നും ‌ഉത്തരവിൽ പറയുന്നു.

എം കെ പത്മകുമാർ 

രജതരേഖയായി ഊരാളുങ്കൽ

കോഴിക്കോട്‌ > ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌‌ കോ–ഓപ്പറേറ്റീവ്‌ സൊസൈറ്റി (യുഎൽസിസിഎസ്‌) പൂർത്തിയാക്കിയത്‌  59 വൻകിട പദ്ധതികൾ. ദേശീയപാതയുടെ 443.58 കിലോമീറ്ററും 4.6 ലക്ഷം കി. മീ. പ്രധാന റോഡുകളും 2.5 ലക്ഷം കി.മീ. ഗ്രാമറോഡുകളും അടക്കം 7.16 ലക്ഷം കി.മീ. റോഡ് 2020 വരെ നിർമിച്ചു.  പാലങ്ങളും ഫ്ലൈ  ഓവറുകളുമായി 577 നിർമാണങ്ങളും 2400 കെട്ടിടങ്ങളും പൂർത്തിയാക്കി.

വടക്കേ മലബാറിന്‌ പുറത്തേക്ക്‌

വടക്കേ മലബാറിൽ‌നിന്ന്‌ മറ്റു ഭാഗങ്ങളിലേക്ക്‌ സൊസൈറ്റിയുടെ പ്രവർത്തനം വ്യാപിക്കുന്നത് 1936-ൽ പാലക്കാട് കുത്തനൂരിലൂടെയാണ്.  പിന്നീട് സൊസൈറ്റിയെ 10,000 രൂപയും അതിൽക്കൂടുതലും മതിപ്പുള്ള പ്രവൃത്തികൾക്കായി പരിഗണിക്കാൻ തുടങ്ങി. 1944-ൽ കനോലി കനാലിന്റെ വീതികൂട്ടൽ ജോലി സൊസൈറ്റിക്ക്‌ ലഭിച്ചത് വളർച്ചയിലെ നാഴികക്കല്ലായി.

 ബൈപാസ്‌ മൂന്നാംഘട്ടം

  2003-ൽ കോഴിക്കോട് ബൈപാസിന്റെ മൂന്നാംഘട്ട നിർമാണം സംഘത്തിന്‌ ലഭിച്ചത് ചരിത്രവഴിയിലെ വലിയൊരു മുന്നേറ്റമാണ്.

2005-ൽ സംഘത്തിന്റെ പ്രവർത്തനപരിധി മലബാർ മേഖല എന്നതു മാറി സംസ്ഥാനമായി. 2008-ൽ ലഭിച്ച  അരയിടത്തുപാലം ഫ്ലൈ ഓവർ നിർദിഷ്ട സമയത്തിനുള്ളിൽ പൂർത്തിയാക്കി പുതിയൊരു തൊഴിൽ സംസ്‌കാരത്തിന്‌ തുടക്കം കുറിച്ചു. കോഴിക്കോട് നഗരത്തിലെ നായനാർ ഫ്ലൈ ഓവർ, മിനി ബൈപാസ് എന്നിവ 2010-ൽ നിർവഹിച്ച പ്രധാന പ്രവൃത്തികളാണ്.  

യുഎൽ സൈബർ പാർക്ക്‌

2016-ൽ ഉദ്‌ഘാടനംചെയ്‌ത  യുഎൽ സൈബർ പാർക്ക്‌ തിളങ്ങുന്ന അധ്യായത്തിന്റെ തുടക്കമായി.

36 മാസം നിർമാണ കാലാവധി ഉണ്ടായിരുന്ന കോഴിക്കോട് ബൈപാസ് നിർമാണം  16 മാസം‌കൊണ്ട്‌ പൂർത്തിയാക്കുന്നതും. തിരുവനന്തപുരം ആർസിസിയിൽ പുതിയ കെട്ടിടത്തിന്റെ നിർമാണം 2018-ലും കളിയിക്കാവിള മുതൽ തിരുവനന്തപുരം നഗരത്തിലെ ബാലരാമപുരം വരെയുള്ള ദേശീയപാത നാലുവരിയായി വികസിപ്പിക്കുന്ന 112 കോടി രൂപയുടെ പ്രവൃത്തി 2019-ലും സംഘത്തിന്‌ ലഭിച്ചു.  

പാലാരിവട്ടം പുനർനിർമാണം

 ഏറ്റവുമൊടുവിൽ സംഘത്തെ തേടിയെത്തിയത്‌ ആലപ്പുഴ – ചങ്ങനാശേരി റോഡ് എലിവേറ്റഡ് ഹൈവേ മാതൃകയിൽ രൂപകൽപ്പന ചെയ്തു നിർമിക്കുന്ന 649.76 കോടി രൂപയുടെ പ്രവൃത്തിയും  പാലാരിവട്ടം പാലത്തിന്റെ പുനർനിർമാണവുമാണ്‌.

Saturday, December 12, 2020

ഇ–നിയമസഭ: 6 സമിതിയുടെ മേൽനോട്ടത്തിൽ ; ആരോപണത്തിൽ കഴമ്പില്ല

നിയമസഭാ പ്രവർത്തനങ്ങളുടെ കംപ്യൂട്ടർവൽക്കരണ നടപടികളെക്കുറിച്ച്‌ പ്രതിപക്ഷനേതാവിന്റെ ആരോപണങ്ങളിൽ കഴമ്പില്ല. ഇ–-നിയമസഭാ പദ്ധതിയുടെ എല്ലാ പ്രവർത്തനവും പ്രതിപക്ഷാംഗങ്ങളും സാങ്കേതിക വിദഗ്ധരും ഉദ്യോഗസ്ഥരുമടങ്ങുന്ന ആറോളം സമിതികളുടെ മേൽനോട്ടത്തിലായിരുന്നു.

ദേശീയ ഐടി നയത്തിന്റെ ഭാഗമായി നിയമസഭാ സെക്രട്ടറിയറ്റിന്റെ പ്രവർത്തനവും സഭാനടപടികളും കടലാസ് രഹിതമാക്കാൻ നടപടി ആരംഭിച്ചത്‌ യുഡിഎഫ്‌ സർക്കാരാണ്‌. 2015ലാണ്‌ ‘ഇ–-നിയമസഭ' കമ്മിറ്റി രൂപീകരിച്ചത്‌. അതിന്റെ തുടർച്ചയായാണ്‌ 2016 ഒക്‌ടോബർ ആറിന്‌ സ്പീക്കറുടെ അധ്യക്ഷതയിൽ യോഗം ചേർന്ന്‌ നടപടികൾ സ്വീകരിച്ചത്‌.

സഭാനടപടികളുടെ കംപ്യൂട്ടർവൽക്കരണം വിദഗ്‌ധമായ രീതിയിൽ പൂർത്തീകരിക്കേണ്ടതിനാലാണ്‌ ടോട്ടൽ സൊലൂഷൻ പ്രൊവൈഡറായി ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തുതന്നെ അംഗീകരിച്ച ഊരാളുങ്കലിനെ ചുമതല ഏൽപ്പിച്ചത്‌. 2019 ജനുവരിയിൽ വിശദമായ പ്രോജക്റ്റ് റിപ്പോർട്ട് സമർപ്പിച്ചു. ഐടി വിദഗ്‌ധരടങ്ങുന്ന ടെക്നിക്കൽ കമ്മിറ്റി അതിന് അംഗീകാരം നൽകി. പദ്ധതി നിർവഹണം സംബന്ധിച്ച് ഒപ്പുവച്ച കരാർ പ്രകാരമാണ്‌ പദ്ധതി തുകയുടെ 30 ശതമാനം  ഊരാളുങ്കലിന്‌ നൽകിയത്‌.  പദ്ധതി നടപ്പാക്കാൻ എൻഐസിയെ സമീപിച്ചില്ലെന്ന പ്രതിപക്ഷ ആരോപണവും തെറ്റാണ്‌.

എൻഐസിയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തിരുന്നെങ്കിലും സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് നിശ്ചിത സമയത്തിനകം പൂർത്തീകരിക്കാൻ കഴിയില്ലെന്നാണ്‌ അറിയിച്ചത്‌. മുഴുവൻ തുകയും മുൻകൂറായി ലഭിക്കണമെന്നും അറിയിച്ചതിനാലാണ് എൻഐസിയെ ഏൽപ്പിക്കാതിരുന്നത്‌.

ആറ്‌ സമിതി

ഉന്നതതല സമിതി

പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ നൽകാൻ സ്പീക്കർ അധ്യക്ഷനായി എംഎൽഎമാർ ഉൾപ്പെട്ട ഉന്നതതലസമിതി കഴിഞ്ഞ ജനുവരി 13ന് രൂപീകരിച്ചു.

സ്റ്റിയറിങ്‌ കമ്മിറ്റി

മേൽനോട്ടത്തിനായി നിയമസഭാ സെക്രട്ടറി ചെയർമാനായ സ്റ്റിയറിങ്‌ കമ്മിറ്റി 30ന് രൂപീകരിച്ചു. ഐടി മിഷൻ ഡയറക്ടറെ പദ്ധതിയുടെ നോഡൽ ഓഫീസറായി നിയോഗിച്ച് കമ്മിറ്റിയിൽ ഉൾപ്പെടുത്തി.

ടെക്നിക്കൽ കമ്മിറ്റി

ഡിപിആർ പരിശോധിച്ച് പദ്ധതി നടപ്പാക്കുന്നതിന്‌ ഐടി മിഷനിലെ പ്രതിനിധി ഉൾപ്പെടെ ഒരു ടെക്നിക്കൽ കമ്മിറ്റി 2018 ജനുവരിയിൽ രൂപീകരിച്ചു.

ഉപദേശക സമിതി

 മാർഗനിർദേശങ്ങൾ നൽകാൻ നിയമസഭാ സെക്രട്ടറി ചെയർമാനായ ഉപദേശക സമിതി.

ടെക്നിക്കൽ വെരിഫിക്കേഷൻ കമ്മിറ്റി

പൊതുമരാമത്ത്‌ വകുപ്പിലെ സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ വിഭാഗങ്ങളിലെ എക്സിക്യൂട്ടീവ് എൻജിനിയർ, അസിസ്റ്റന്റ് എഇ തലത്തിലെ ഉദ്യോഗസ്ഥരടങ്ങുന്ന ടെക്നിക്കൽ വെരിഫിക്കേഷൻ കമ്മിറ്റി 2019 ജൂൺ 28ന്‌ രൂപീകരിച്ചു. 

വിദഗ്ധ സമിതി:

നിയമസഭാ സെക്രട്ടറിയറ്റിലെ വിവിധ വിഭാഗങ്ങളുടെ പ്രവർത്തനം സംബന്ധിച്ച് ആവശ്യമായ വിവരങ്ങളും നിർദേശങ്ങളും നൽകാൻ ഒരു വിദഗ്ധ സമിതിയും രൂപീകരിച്ചു.

വിജേഷ്‌ ചൂടൽ 

ഊരാളുങ്കലിന്‌ ഉമ്മൻചാണ്ടി നൽകിയത്‌ 1050 കോടിയുടെ പദ്ധതികൾ

 എൽഡിഎഫ്‌ സർക്കാർ ക്രമരഹിതമായി കരാറുകൾ നൽകുന്നെന്ന്‌‌ പ്രതിപക്ഷ നേതാക്കളും ചില മാധ്യമങ്ങളും ആരോപിക്കുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ കോ–- ഓപ്പറേറ്റീവ്‌ സൊസൈറ്റിക്ക്‌ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത്‌ നൽകിയത്‌ 1050 കോടി രൂപയുടെ പദ്ധതികൾ. മാത്രമല്ല, ടെൻഡർ ഇല്ലാതെയും വിശ്വസ്‌തതയോടെയും ജോലി ഏൽപ്പിക്കാവുന്ന സ്ഥാപനമാണ്‌ ഊരാളുങ്കൽ എന്ന്‌ നല്ല സർട്ടിഫിക്കറ്റും നൽകി. സർക്കാർ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ സമ്പൂർണ പരിഹാര ഏജൻസിയായി (ടോട്ടൽ സൊല്യൂഷൻ പ്രൊവൈഡർ) 2016 ജനുവരി 18ന്‌ ഊരാളുങ്കലിനെ നിയമിച്ചതും ഉമ്മൻചാണ്ടി സർക്കാരിന്റെ ഐടി വകുപ്പാണ്‌. ഇക്കാര്യങ്ങൾ വിസ്‌മരിച്ചാണ്‌ ഊരാളുങ്കലിനെ മറയാക്കി സർക്കാരിനെ അടിക്കാനുള്ള പ്രതിപക്ഷശ്രമം‌.ഏറ്റെടുക്കുന്ന ജോലികളിലുള്ള മേന്മയാണ്‌ ഊരാളുങ്കലിനെ സമ്പൂർണ പരിഹാര ഏജൻസിയായി നിയമിക്കാൻ കാരണമെന്ന്‌ 2016ലെ ഉത്തരവിൽ പറയുന്നു.

ഐടി, ഐടിഇഎസ്‌ മേഖലയിലെ എല്ലാ ആവശ്യങ്ങൾക്കും ആശ്രയിക്കാവുന്ന വിശ്വസ്‌തതയുള്ള സംഘമാണ്‌ സൊസൈറ്റിയെന്നും ടെൻഡർ വിളിക്കാതെ ഇവർക്ക്‌ കരാറുകൾ നൽകണമെന്നും അതേ ഉത്തരവിൽ യുഡിഎഫ്‌ സർക്കാർ വ്യക്തമാക്കി.

ഇതുവരെ ഒരു അഴിമതി ആരോപണവും ഉയരാത്ത, ഒരു നിർമാണത്തിന്റെ പേരിൽപ്പോലും ആക്ഷേപം നേരിടാത്ത, 95 വർഷത്തെ പാരമ്പര്യമുള്ള സ്ഥാപനമാണ്‌ തൊഴിലാളികളുടെ പേരിലുള്ള ഈ സഹകരണ സ്ഥാപനം. 150 കോടി രൂപയുടെ കോഴിക്കോട്‌ ബൈപാസ്‌ പദ്ധതി 18 മാസംകൊണ്ടാണ്‌ യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ഊരാളുങ്കൽ പൂർത്തിയാക്കിയത്‌. രാമനാട്ടുകര, തൊണ്ടയാട്‌ ഫ്ലൈ ഓവറുകളും പൂർത്തിയാക്കി. വലിയഴിക്കൽ പാലം, നാടുകാണി–-പരപ്പനങ്ങാടി റോഡ്‌, കണ്ണൂർ ഹിൽ ഹൈവേ പദ്ധതികളും നിർവഹിച്ചു. ഇതുവരെ 570 പാലവും ഫ്ലൈ ഓവറുകളും 2400ലധികം കെട്ടിടങ്ങളും 500 കിലോമീറ്ററോളം ദേശീയപാതയും പൂർത്തിയാക്കിയിട്ടുണ്ട്‌.

പ്രവർത്തനമേഖല വിപുലമായപ്പോൾ സ്വന്തമായി ഇന്റേണൽ വിജിലൻസ് രൂപീകരിച്ചു. നിർമാണ പ്രവൃത്തികളിൽ അധികംവന്ന പണം തിരികെയേൽപ്പിച്ച അത്യപൂർവ മാതൃകയും ഊരാളുങ്കലിനുണ്ട്‌. കോവിഡ്‌ കാലത്ത്‌ തൊഴിൽ നഷ്ടമായി വിദേശങ്ങളിൽനിന്ന്‌ മടങ്ങിയെത്തിയ രണ്ടായിരത്തിലധികം പേർക്ക്‌ ആറുമാസം തുടർച്ചയായി തൊഴിൽ നൽകുകയും ചെയ്തു.

മിൽജിത്‌ രവീന്ദ്രൻ 

വലിയഴീക്കൽ അഴീക്കൽ പാലം : ചെന്നിത്തല കരാർ നൽകിയതും ഊരാളുങ്കലിന്‌

രമേശ്‌ ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ മണ്ഡലത്തിൽ  പാലം നിർമിക്കാൻ കരാർ കൊടുത്തതും ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട്‌‌ കോ ഓപ്പറേറ്റീവ്‌ സൊസൈറ്റിക്ക്‌.  2016 ഫെബ്രുവരി 27ന്‌‌ പാലത്തിന്‌ ചെന്നിത്തല തറക്കല്ലിടിൽ നാടകം നടത്തുമ്പോൾ ബജറ്റിൽ 12 ലക്ഷം രൂപ മാത്രമാണ്‌ വകയിരുത്തിയിരുന്നത്‌. പിന്നാലെ വന്ന എൽഡിഎഫ്‌ സർക്കാരാണ്‌ പണം അനുവദിച്ചത്‌‌.  140 കോടി രൂപ മുടക്കി നിർമിക്കുന്ന പാലത്തിന്റെ 75 ശതമാനം ജോലിയും പൂർത്തിയായി. മൂന്ന്‌ ആർച്ചുകളിലൊന്നിന്റെയും അപ്രോച്ച്‌ റോഡുകളുടെയും ജോലിയാണ്‌ ബാക്കിയുള്ളത്‌. പ്രതിപക്ഷനേതാവിന്റെ മണ്ഡലത്തിലാണ്‌ ആലപ്പുഴ–-കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന വലിയഴീക്കൽ–-അഴീക്കൽ പാലം നിർമിക്കുന്നത്‌.

ആറാട്ടുപുഴ പഞ്ചായത്തിലെ വലിയഴീക്കൽ ഭാഗത്ത്‌ അപ്രോച്ച്‌ റോഡ്‌ നിർമിക്കാനുള്ള ഭൂമി ഏറ്റെടുത്തു. മറുകരയിൽ അഴീക്കലിലെ മൂന്നു പേരുടെ സ്ഥലം ലഭിക്കാനുണ്ട്‌‌. ഈ സ്ഥലത്തിന്റെ അവകാശികളിലൊരാൾ പ്രായപൂർത്തിയാകാത്തതിനാൽ നിയമപരമായി സർട്ടിഫിക്കറ്റ്‌ ലഭിച്ചാലേ നഷ്‌ടപരിഹാരം നൽകാനാകൂ.  സ്ഥലം നൽകിയാലേ കരാറുകാരായ ഊരാളുങ്കൽ സൊസൈറ്റിക്ക്‌ പാലത്തിലേക്കുള്ള റോഡ്‌ നിർമിക്കാനാകൂ. 

ലോക്ക്‌ഡൗണിനു മുമ്പ്‌ 150ലേറെ അതിഥി തൊഴിലാളികൾ‌ ഇവിടെ ജോലി ചെയ്‌തിരുന്നു‌. ഇവരിൽ ഭൂരിഭാഗവും നാട്ടിലേക്ക്‌ മടങ്ങിയെങ്കിലും തിരിച്ചുവന്നില്ല. ഖുറേവി ചുഴലിക്കാറ്റിനെത്തുടർന്ന്‌ കടൽ പ്രക്ഷുബ്‌ദമായതിനാൽ ഒരാഴ്‌ച പണി നിർത്തിവയ്‌ക്കേണ്ടി വന്നു. അതിനുശേഷം നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്‌.

ചെന്നിത്തലയുടെ കല്ലിടൽ നാടകം

ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിനെ ബന്ധിപ്പിച്ച് കായംകുളം കായലിന് കുറുകെയാണ് പാലം നിർമിക്കുന്നത്.

കേരള റോഡ്‌ ഫണ്ട്‌ ബോർഡ്‌ പണം മുടക്കുന്ന പാലത്തിന്റെ  നിർമാണ ചുമതല അന്നുതന്നെ ഊരാളുങ്കലിന്‌ നൽകിയിരുന്നു. എന്നാൽ ആവശ്യത്തിന്‌ പണം അനുവദിക്കാത്തതിനാൽ നിർമാണം തുടങ്ങാനായില്ല.  815 മീറ്റർ നീളമാണ് പാലത്തിനുള്ളത്. 

അഴീക്കലിൽ കോസ്‌റ്റ്‌‌ഗാർഡ്‌ യൂണിറ്റ്‌‌ അനുവദിച്ചതോടെ പാലം നിർമാണത്തിന്‌ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമായി വന്നു. കോസ്‌റ്റ്‌‌ഗാർഡിന്റെയും നേവിയുടെയും വിദഗ്‌ധസംഘം എത്തി പാലത്തിന്റെ രൂപരേഖയിൽ മാറ്റം വരുത്തിയശേഷമാണ്‌ നിർമാണം തുടങ്ങിയത്‌. കേരളത്തിലെ ഏറ്റവും വലിയ ആർച്ച് പാലമാണിത്. വലിയ മത്സ്യബന്ധന ബോട്ടുകൾക്കുവരെ ഈ പാലത്തിനടിയിലൂടെ കടന്നു പോകാം. പാലം പൂർത്തിയാകുന്നതോടെ വലിയഴീക്കലിൽനിന്ന് അഴീക്കലെത്താനുള്ള 28 കിലോമീറ്റർ ദൂരം ലാഭിക്കാം.

പി എസ്‌ ബിമൽ റോയ്‌ 

സുതാര്യം, നിയമാനുസൃതം, ആർക്കും പരിശോധിക്കാം: ഊരാളുങ്കൽ സൊസൈറ്റി

എല്ലാ പ്രവർത്തനവും നിയമാനുസൃതവും സുതാര്യവുമാണെന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റി. സമീപകാല വിവാദങ്ങൾ സൊസൈറ്റിയെ ബാധിക്കുന്നവയല്ലെന്നും ഫെയ്സ്ബുക്ക് കുറിപ്പിൽ ഊരാളുങ്കൽ വ്യക്തമാക്കി.

കുറിപ്പിൽ നിന്ന്:

ഒരേസമയം ധാരാളം പണികൾ ചെയ്യേണ്ടിവരുമ്പോൾ അപ്പോഴത്തെ അധിക ആവശ്യത്തിനനുസരിച്ച് യന്ത്രങ്ങളും വാഹനങ്ങളും വാടകയ്ക്ക് എടുക്കാറുണ്ട്. പ്രവർത്തനമേഖല കേരളം മുഴുവനായി വ്യാപിപ്പിച്ചശേഷം എടുക്കേണ്ട യന്ത്രങ്ങളുടെയും വാഹനങ്ങളുടെയും എണ്ണം ഗണ്യമായി ഉയർന്നു. ഒരേസമയം മുന്നൂറും നാനൂറും നിർമാണ പ്രോജക്ടുകൾ സൊസൈറ്റി ചെയ്യുന്നുണ്ട്.

നിലവിൽ വാടക വാഹനങ്ങൾ 387

നിലവിൽ ഇത്തരത്തിൽ 387 വാഹനങ്ങളും നിർമാണയന്ത്രങ്ങളും വാടകയ്ക്ക് ഉപയോഗിച്ചുവരികയാണ്.   ഇതെല്ലാം കൃത്യമായ നടപടിക്രമങ്ങളിലൂടെയാണ് എടുത്തിട്ടുള്ളത്. എല്ലാറ്റിന്റെയും വാടക നൽകുന്നതും നികുതിനിയമങ്ങൾ അടക്കമുള്ള എല്ലാ നിയമങ്ങളും പാലിച്ച് ബാങ്ക് അക്കൗണ്ടുകൾവഴി മാത്രമാണ്. വളരെ സുതാര്യവുമാണ്. ഇക്കാര്യത്തിൽ ഒരുതരം ആശങ്കയുടെയും കാര്യമില്ല. വസ്തുത ഇതായിരിക്കെ ഒരു വ്യക്തിയുടെ വാഹനം മാത്രം വാടകയ്ക്കെടുത്ത് വൻതുക നൽകുന്നു എന്നമട്ടിൽ ചിലർ നടത്തുന്ന പ്രചാരണം ചില പ്രത്യേക രാഷ്ട്രീയലക്ഷ്യം വച്ചുള്ളതാണ്. 

എപ്പോഴും പരിശോധിക്കാം

ഏത് അന്വേഷണ ഏജൻസി എന്തു വിവരം ആവശ്യപ്പെട്ടാലും സൊസൈറ്റി സസന്തോഷം നൽകും.  എല്ലാ വാർഷിക പൊതുയോഗത്തിലും സമ്പൂർണ കണക്ക് അവതരിപ്പിച്ച് വിശദമായിത്തന്നെ ചർച്ചചെയ്ത്‌ പാസാക്കാറുണ്ട്. സഹകരണനിയമപ്രകാരമുള്ള എല്ലാ ഓഡിറ്റും നടക്കുന്നുണ്ട്.   എല്ലാവർഷവും കൃത്യമായി ഇൻകം ടാക്സ് രേഖകളും ഫയൽ ചെയ്യുന്നു.   പ്രവർത്തനമേഖല വിപുലമായപ്പോൾ സ്വന്തമായി ഇന്റേണൽ വിജിലൻസ് വരെ രൂപവത്‌കരിച്ച സ്ഥാപനമാണ് ഊരാളുങ്കൽ സൊസൈറ്റി.

ഒരു നൂറ്റാണ്ട്‌ തികയാൻ‌പോകുന്ന സൊസൈറ്റിയിൽ ഒരിക്കൽപ്പോലും  ഒറ്റയാളെപ്പോലും സാമ്പത്തികാരോപണത്തിലോ അഴിമതിയിലോ ശിക്ഷിക്കേണ്ടിവന്നിട്ടില്ല. ഒരു പൈസയുടെ അഴിമതി ഉണ്ടായിട്ടില്ല എന്ന് ഉറപ്പിച്ചുപറയാൻ കഴിയുന്ന സ്ഥാപനമാണിത്‌.

ലാഭേച്ഛയില്ല

മികച്ച ഗുണമേന്മയോടെ നിർമാണം നടത്തുകയും അതിന്റെ മിച്ചം മുഴുവൻ തൊഴിലാളികൾക്കു ലഭിക്കുകയും ചെയ്യുന്ന, 95 വർഷത്തെ മഹത്തായ പാരമ്പര്യമുള്ള സ്ഥാപനം ലാഭേച്ഛയോടെ പ്രവർത്തിക്കുന്നതല്ല. തൊഴിലാളികൾ മാത്രം ഗുണഭോക്താക്കളായ സഹകരണപ്രസ്ഥാനമാണ്. സൊസൈറ്റി നടപ്പാക്കിയ ഒരൊറ്റ നിർമാണത്തെപ്പറ്റിയും ഗുണമേന്മയുടെ കാര്യത്തിലടക്കം ഒരു ആക്ഷേപവും അഴിമതിയാരോപണവും നാളിതുവരെ ഉണ്ടായിട്ടില്ല. നിർമാണങ്ങളിൽ പണം മിച്ചം വന്നാൽ തിരികെ നൽകുന്ന അത്യപൂർവ മാതൃക പല പ്രവൃത്തികളിലും പിന്തുടരുന്ന  സ്ഥാപനമാണിത്.

അതതു കാലത്ത് നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും സർക്കാരുത്തരവുകളും അനുസരിച്ചും അവയിലെ പരിധികൾ പാലിച്ചും മാത്രമാണ്‌ സൊസൈറ്റിക്ക്‌ സർക്കാർ കരാറുകൾ നൽകുന്നത്.മഹാഭൂരിപക്ഷം നിർമാണങ്ങളും സൊസൈറ്റി ഏറ്റെടുക്കുന്നത് മത്സര ടെൻഡറിലൂടെത്തന്നെയാണ്. അപൂർവമായി പ്രവൃത്തികൾ നേരിട്ട് ഏറ്റെടുക്കുന്നതാകട്ടെ എസ്റ്റിമേറ്റിലും 10 ശതമാനം കുറച്ചാണ്. 

സൊസൈറ്റിക്ക്‌ കരാർ നൽകുന്നതിനെ സ്വകാര്യ കരാർസ്ഥാപനങ്ങൾക്ക്‌ കരാർ നൽകുന്നതിന്‌ തുല്യമായി കാണുന്ന ചിലർ മാത്രമാണ് അതിനൊക്കെ എതിരെ പ്രചാരണങ്ങൾ നടത്തുന്നത്. ഈ മാതൃകാസ്ഥാപനത്തെ അനാവശ്യ വിവാദങ്ങളിൽ പെടുത്തി അപകീർത്തിപ്പെടുത്തരുത്. സൊസൈറ്റിയുടെ അഭ്യുദയകാംക്ഷികൾ ഇത്തരം കുപ്രചാരണങ്ങളിൽ തെറ്റിദ്ധരിക്കപ്പെടരുത്‌.

ഇന്നവേഷൻ സോൺ കരാർ ലഭിച്ചത്‌ ഓപ്പൺ ടെൻഡറിലൂടെ; മാധ്യമവാർത്ത അടിസ്ഥാനരഹിതം: ഊരാളുങ്കൽ സൊസൈറ്റി

കോഴിക്കോട്‌> “ഊരാളുങ്കലിനുവേണ്ടി ഭരണഘടന ലംഘിച്ചു” എന്ന തലക്കെട്ടിൽ ഒരു പത്രം ഇന്ന്‌ നൽകിയ വാർത്ത അടിസ്‌ഥാന രഹിതമാണെന്ന്‌ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് ചെയർമാൻ പാലേരി രമേശൻ അറിയിച്ചു. വാർത്തയിൽ പരാമർശിക്കുന്ന കൊച്ചിയിലെ ടെക്നോളജി ഇന്നവേഷൻ സോണിന്റെ നിർമ്മാണകരാർ ലഭിച്ചത്‌  ഓപ്പൺ ടെണ്ടർ വഴിയാണ്‌.  ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്കു ‘കരാറുകൾ’ നല്കിയത് ഭരണഘടന ലംഘിച്ച് എന്നതാണു വാർത്തയുടെ ലീഡ്. എന്നാൽ വാർത്തയിൽ ഒറ്റ കരാറിനെപ്പറ്റിയേ പരാമർശമുള്ളൂ. ‘കരാറുകൾ’ എന്നു വാർത്തയിൽ വെറുതെ  ചേർത്തിരിക്കുകയാണെന്നും ചെയർമാൻ അറിയിച്ചു.

ഈ  കരാർ മന്ത്രിസഭായോഗതീരുമാനത്തിലൂടെ ഊരാളുങ്കൽ സൊസൈറ്റിക്കു നല്കി എന്നാണു പത്രം പറയുന്നത്. അതിനായി 15 – 02 – 2017 ലെ മന്ത്രിസഭാ യോഗത്തിന്റെ പകർപ്പും നൽകിയിട്ടുണ്ട്‌. എന്നാൽ അത്‌ ശരിയല്ല.  നിർമ്മാണം സമയബന്ധിതമായും ഗുണമേന്മയോടെയും നടക്കണമെന്ന താത്പര്യത്തിൽ സർക്കാർ സ്വയം അങ്ങനെ തീരുമാനിച്ചിരുന്നു.  എന്നാൽ  വിവാദങ്ങളിൽ താത്പര്യമില്ലാത്തതിനാൽ ആ പണി ഏറ്റെടുക്കേണ്ടതില്ലെന്നും ഓപ്പൺ ടെൻഡറിലൂടെ ലഭിക്കുകയാണെങ്കിൽ മാത്രം ഏറ്റെക്കുവാനുമാണ് ഊരാളുങ്കൽ തീരുമാനിച്ചത്.

തുടർന്ന്‌  പ്രോജക്‌റ്റിന്റെ   ആദ്യഘട്ടമായ രണ്ടുലക്ഷം ച. അടിയുള്ള കെട്ടിടത്തിന്റെ നിർമ്മാണവും ലാൻഡ്‌സ്കേപ്പിങ്ങും ലിഫ്റ്റും എസ്കലേറ്ററും അടക്കമുള്ള സജ്ജീകരണങ്ങളും ഉൾപ്പെടുത്തി കേരള സ്റ്റേറ്റ് ഐറ്റി ഇൻഫ്രാസ്റ്റ്രക്‌ചർ ലിമിറ്റഡ് 08 – 02 – 2018-ൽ തുറന്ന ടെൻഡർ ക്ഷണിച്ചു. ഇതിൽ ഊരാളുങ്കൽ സൊസൈറ്റി അടക്കം അഞ്ചു സ്ഥാപനങ്ങൾ പങ്കെടുത്തു. പ്രീക്വളിഫിക്കേഷൻ ആൻഡ് ടെക്‌നോകൊമേഴ്സ്യൽ ബിഡ്ഡിലെ ടെൻഡറുകൾ പരിശോധിച്ചതു കൺസൾട്ടൻസിയാണ്. ഇത്‌ വകുപ്പിന്റെ ടെക്‌നിക്കൽ കമ്മിറ്റി പരിശോധിച്ച് അംഗീകരിക്കുകയായിരുന്നു. തുടന്നുള്ള ടെൻഡർ നടപടികളിലാണ് ആ നിർമ്മാണം ഊരാളുങ്കൽ സൊസൈറ്റിക്കു ലഭിക്കുന്നത്.കരാർ അംഗീകരിച്ചത്‌ 2018 ജൂലൈ 20നാണ്‌.  സൊസൈറ്റി ക്വോട്ട് ചെയ്ത 87,89,74,739 രൂപയായിരുന്നു . നിർമ്മാണകാലാവധി 20 മാസമാണ് അനുവദിച്ചത്.

സി&എജി 2018-ൽ നിയമസഭയിൽ വച്ച റിപ്പോർട്ടിലെ പരാമർശം എന്നാണു വാർത്തയിൽ പറയുന്നത്. അതിൽ സിഎജി വിമർശിച്ചതായി വാർത്തയിൽ പറയുന്നത് മന്ത്രിസഭാ തീരുമാനത്തെയാണ്. എന്നാൽ മന്ത്രിസഭാ തീരുമാനം നടപ്പാക്കിയിട്ടില്ലെന്നും അതുപ്രകാരമല്ല ഊരാളുങ്കൽ സൊസൈറ്റിക്കു കരാർ ലഭിച്ചതെന്നും വ്യക്തമാണ്‌.  സിഎജി റിപ്പോർട്ടിൽ വാർത്തയിൽ പറയുന്നപ്രകാരം പരാമർശം ഉണ്ടെങ്കിൽ അത് സർക്കാർ ഫയലുകൾ പരിശോധിച്ചപ്പോൾ ശ്രദ്ധയിൽപ്പെട്ട മന്ത്രിസഭാതിരുമാനത്തെപ്പറ്റി സിഎജി നടത്തിയ നിരീക്ഷണം ആകാനേ ഇടയുള്ളൂ. അതിനാൽ  വാർത്ത അടിസ്‌ഥാനമില്ലാത്താണ്‌.  അതിൽ പറയുന്ന നിയമലംഘനങ്ങളും നടന്നിട്ടില്ല.

ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി 95 വർഷത്തെ മഹത്തായ പാരമ്പര്യമുള്ള സ്ഥാപനമാണ്. ആ മഹാപാരമ്പര്യത്തിൽ ഏറ്റവുമടിസ്ഥാനമായത് സത്യസന്ധതയും നിയമനിഷ്ഠയുമാണ്.  ഏതൊരു പ്രാഥമികസഹകരണസംഘത്തെയുംപോലെ കോപ്പറേറ്റീവ് നിയമങ്ങളും ഇൻകം ടാക്സ്  നിയമങ്ങളും ഓഡിറ്റുകളും എല്ലാ കൃത്യമായ  നടപടിക്രമങ്ങളും പാലിച്ചു നിയമവിധേയവും സത്യസന്ധവുമായി പ്രവർത്തിക്കുന്ന ഒന്നാണ് ഊരളുങ്കൽ സൊസൈറ്റിയും. അങ്ങനെയുള്ള സൊസൈറ്റിയെ അനാവശ്യവിവാദങ്ങളിൽ വലിച്ചിഴയ്ക്കാതിരിക്കാനുള്ള ജാഗ്രത പുലർത്തണമെന്നും ചെയർമാൻ  വാർത്താകുറിപ്പിൽ അഭ്യർഥിച്ചു

Saturday, October 24, 2020

"ബാധകമല്ലാത്ത നികുതി എങ്ങനെയാണ് ഇളവു ചെയ്യുക?' സതീശന്റെ വിഷയദാരിദ്യം

 ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയ്ക്ക് സര്‍ക്കാര്‍ ഇടപെട്ട് ജിഎസ്ടി ഒഴിവാക്കി കൊടുത്തെന്ന പുതിയ നുണയമായി വി ഡി സതീശന്‍ എംഎല്‍എ. ബാധകമല്ലാത്ത നികുതിയുടെ പേരിലാണ് സതീശന്റെ അസത്യപ്രചരണം. ഗോപകുമാര്‍ മുകുന്ദന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ചുവടെ. 

വിഷയദാരിദ്ര്യം UDF നേതാക്കളെ എവിടെ എത്തിക്കുന്നു എന്നതിന്റെ തെളിവാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുമായി ബന്ധപ്പട്ട ബഹു. MLA ശ്രീ. V.D സതീശന്റെ പോസ്റ്റ് .

ഊരാളുങ്കലിന് എന്താ കൊമ്പുണ്ടോ എന്നു ചോദിച്ച് അദ്ദേഹം അവര്‍ക്ക് GST ഒഴിവാക്കി കൊടുത്ത തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയാണ്. സാംസ്‌ക്കാരിക മേഖലയില്‍ ഊരാളുങ്കല്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ GST ഒഴിവാക്കി കൊടുത്തതാണത്രേ പിന്‍വലിക്കേണ്ടത്. നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് Non PMC സ്റ്റാറ്റസ് ഉള്ള അക്രഡിറ്റഡ് ഏജന്‍സി എന്ന നിലയില്‍ ഊരാളുങ്കലിനുള്ള മുന്‍ഗണന എല്ലാം ഇതിനോട് കൂട്ടിക്കെട്ടി ഒരു അരുക്കാക്കാന്‍ ശ്രീ സതീശന്‍ വല്ലാതെ ശ്രമിക്കുന്നുണ്ട്.

അദ്ദേഹത്തിന്റെ പോസ്റ്റില്‍ ചേര്‍ത്തിരിക്കുന്ന ചിത്രം ഉത്തരവിന്റേതാണ്. അതൊന്നു നോക്കാം.

Kerala Authority for advance ruling GST യുടെ താണ് ഉത്തരവ്. മാര്‍ച്ചിലെ ഉത്തരവാണേ !

എന്താണി അഥോറിറ്റി . GST സംബന്ധമായ ഒരു അവ്യക്തത ഉണ്ടെങ്കില്‍ അതില്‍ പെട്ട് തര്‍ക്കത്തിലേയ്ക്ക് നീങ്ങും മുമ്പ് അഡ്വാന്‍സായി അതു സംബന്ധിച്ച വ്യക്തത / വ്യാഖ്യാനം നല്‍കാന്‍ വേണ്ടി നിയമപ്രകാരം രൂപീകൃതമായ ഒരു quasi Judicial authoirity യാണ് Kerala Authority for advance ruling GST . ആ ഉത്തരവില്‍ ഒപ്പുവെച്ചിരിക്കുന്നവര്‍ ആരൊക്കെ എന്നു നോക്കിക്കേ!

ഒരാള്‍ Indian Revenue Service ല്‍ ഉള്ള കേന്ദ്ര നികുതി ഉദ്യോഗസ്ഥന്‍. രണ്ടാമന്‍ സംസ്ഥാന GST വകുപ്പ് ജോയന്റ് കമ്മീഷണര്‍ . രണ്ടാളും അഥോറിറ്റിയിലെ അംഗങ്ങള്‍ എന്ന നിലയില്‍ ആണല്ലോ അതില്‍ ഒപ്പിട്ടിരിക്കുന്നത്. അവര്‍ അഥോറിറ്റിയുടെ അധികാര പ്രകാരമുള്ള quasi Judicial തീരുമാനമാണ് കൈക്കൊണ്ടിരിക്കുന്നത്. ഭരണനിര്‍വഹണ ഉത്തരവാദിത്തമല്ല.

എന്താണ് ഉത്തരവ് ? പ്രാദേശിക സാംസ്‌കാരിക കേന്ദ്രങ്ങള്‍ സംഘടിപ്പിച്ച് നടത്താനുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ ഊരാളുങ്കലിനെ ഏല്‍പ്പിക്കുന്നു. അവര്‍ ഒരു സേവനമാണ് നിര്‍വ്വഹിക്കുന്നത്. ഇത് GST ബാധകമായ ഒന്നാണോ എന്നതാണ് മുന്‍കൂര്‍ തീര്‍പ്പിനായി അഥോറിറ്റിയുടെ മുന്നില്‍ വരുന്ന പ്രശ്‌നം. 2017 ലെ ഒരു കേന്ദ്ര വിജ്ഞാപനമുണ്ട്. കേന്ദ്ര , സംസ്ഥാന സര്‍ക്കാരുകള്‍ക്കും പഞ്ചായത്തിരാജ് സ്ഥാപനങ്ങള്‍ക്കും ദുര്‍ബ്ബല ജനവിഭാഗങ്ങളുടെ ഉന്നമനം, സാംസ്‌ക്കാരിക അഭ്യുന്നതി എന്നിവയെല്ലാം ലക്ഷ്യം വെച്ച് നല്‍കുന്ന സേവനങ്ങള്‍ Pure Service ആണ് . നിര്‍മ്മാണ പ്രവൃത്തികള്‍, സാധനങ്ങളുടേയും സേവനങ്ങളുടെയും ഒന്നിച്ചുള്ള Supply എന്നിവ ഈ pure Service എന്ന ഗണത്തില്‍ പെടില്ല. അങ്ങനെയുള്ള Pure Service ന് GST ഇല്ല . ഇതാണ് വിജ്ഞാപനം.

സംസ്ഥാന സര്‍ക്കാരിന് ഊരാളുങ്കല്‍ നല്‍കുന്ന സേവനം GST ഒഴിവുള്ള Pure Service ആണോ എന്നതില്‍ advance ruling നല്‍കണം എന്ന് ആവശ്യപ്പെട്ടാണ് Advane Ruling Authority യില്‍ വിഷയം എത്തുന്നത്.

Authority വാദo കേട്ടു. ഊരാളുങ്കല്‍ നല്‍കുന്നത് pure Service ആണെന്നും അത് GST അട്രാക്ട് ചെയ്യുന്നില്ല എന്നും തീര്‍പ്പു നല്‍കുന്നു. അര്‍ത്ഥം ആ സേവനം നിയമ പ്രകാരം നികുതി വിധേയമല്ല. ഇതാണ് അര്‍ദ്ധ ജൂഡിഷ്യല്‍ അധികാരം ഉപയോഗിച്ച് അഥോറിറ്റി തീര്‍പ്പാക്കിയ കാര്യം.

ഇതെടുത്ത് വച്ചാണ് ശ്രീ. സതീശന്‍ സംസ്ഥാന സര്‍ക്കാര്‍ ഊരാളുങ്കലിന് എന്തോ നികുതി ഇളവ് നല്‍കിയെന്നും അത് ഉടന്‍ സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും വച്ച് കീച്ചുന്നത്.

ബാധകമല്ലാത്ത നികുതി എങ്ങനെയാണ് ഇളവു ചെയ്യുക ? സംസ്ഥാന സര്‍ക്കാരിന് എങ്ങനെയാണ് GST ഇളവ് ചെയ്യാന്‍ കഴിയുക.

ഇതൊന്നും അറിയാത്തയാളല്ല ശ്രീ . സതീശന്‍ . ഇതാണ് പറഞ്ഞത് . UDF നേതാക്കള്‍ എത്തിപ്പെട്ടിരിക്കുന്ന സ്ഥിതിയാണിത് കാണിക്കുന്നത്.

കഷ്ടം തന്നെ