Wednesday, March 31, 2010

5000 കോടി കൊടുത്തിട്ടും ഭദ്രമായി ട്രഷറി

ചെലവുകളുടെ കുത്തൊഴുക്കിലും സംസ്ഥാന ഖജനാവ് ഭദ്രം. മാര്‍ച്ച് അവസാനവാരം അഞ്ചു ലക്ഷത്തോളം ബില്ലാണ് ട്രഷറികളിലെത്തിയത്. 5000 കോടിയിലധികം രൂപയുടെ ചെലവ്. സാമ്പത്തികവര്‍ഷത്തിന്റെ അവസാന ദിവസമായ ബുധനാഴ്ച ഒന്നര ലക്ഷത്തിലധികം ബില്ലുകള്‍ ട്രഷറിവകുപ്പ് പ്രതീക്ഷിക്കുന്നു. സാമ്പത്തികവര്‍ഷാവസാനം അനിയന്ത്രിതമായ പണമിടപാട് ട്രഷറികളെ വീര്‍പ്പുമുട്ടിക്കുന്നില്ല. നാലുവര്‍ഷമായി കേരളം പിന്തുടരുന്ന ധനമാനേജ്മെന്റിന്റെ വിജയമാണിത്. യുഡിഎഫ് ഭരണകാലത്ത് വര്‍ഷത്തില്‍ പലതവണ ദിവസങ്ങളോളം ട്രഷറി പൂട്ടിക്കിടന്ന അവസ്ഥയില്‍നിന്നാണ് ഇപ്പോഴത്തെ നേട്ടം.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള ധനമാനേജ്മെന്റില്‍ സംസ്ഥാനം സാമ്പത്തികഭദ്രത കൈവരിച്ചു. വിഭവസമാഹരണം, ആവശ്യം മുന്‍കൂട്ടി കണ്ടുള്ള വിനിയോഗം എന്നിവയാണ് സാമ്പത്തികനില ഭദ്രമായി നിര്‍ത്തിയത്. മാര്‍ച്ചിലെ പതിവു ബില്ലുകള്‍, ഈസ്ററും മറ്റും പരിഗണിച്ച് രണ്ടുമാസത്തെ ശമ്പളം, ചരിത്രത്തിലാദ്യത്തെ കൂട്ടവിരമിക്കലിന്റെ ഭാഗമായുളള ആനുകൂല്യങ്ങള്‍ തുടങ്ങിയവമൂലം സാമ്പത്തികപ്രതിസന്ധി ഉറപ്പെന്നു പ്രവചിച്ചവരെ ധനവകുപ്പ് നിരാശരാക്കി.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ കോണ്‍ട്രാക്ടര്‍മാര്‍ക്ക് 27 മാസത്തെ പണം കൊടുക്കാനുണ്ടായിരുന്നു. ഇതു മുഴുവന്‍ കൊടുത്തുതീര്‍ത്തു. കരാറുകാര്‍ ബില്ലുകള്‍ നല്‍കിയാലുടന്‍ പണം നല്‍കുകയാണിപ്പോള്‍. ക്ഷേമപെന്‍ഷന്‍ കുടിശ്ശിക മുഴുവന്‍ കൊടുത്തുതീര്‍ത്തു. സാമ്പത്തിക വര്‍ഷാവസാനത്തിന്റെ തിരക്ക് പരിഗണിച്ച് ട്രഷറിവകുപ്പ് വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയത്. ട്രഷറി ഡയറക്ടറേറ്റില്‍ 24 മണിക്കൂറും പ്രത്യേക സെല്‍ പ്രവര്‍ത്തിക്കുന്നു. ബില്ലുകളും ധനമിടപാടുകളും സംബന്ധിച്ച് വിവിധ ട്രഷറികളില്‍നിന്നുള്ള സംശയങ്ങള്‍ക്കും മറ്റും അടിയന്തര പരിഹാരം കാണുന്നതിനാണിത്. സംസ്ഥാനത്തെ 23 ട്രഷറി ജില്ലകളിലെ 208 ട്രഷറികളുമായുള്ള 'ഹോട്ട്ലൈന്‍' സംവിധാനമാണിത്. ബുധനാഴ്ച രാത്രി വൈകിയും ട്രഷറികള്‍ പ്രവര്‍ത്തിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നുള്ള ബില്ലുകള്‍ ഏറ്റവും കൂടുതല്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ അവയ്ക്കായി പ്രത്യേക സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം ബില്ലുകള്‍ കൈകാര്യം ചെയ്യുന്നിതിനായി 450 ട്രഷറിജീവനക്കാര്‍ക്ക് വകുപ്പ് നേരത്തെ പരിശീലനം നല്‍കിയിരുന്നു.

ഇരുപതിനായിരത്തിലധികം ജീവനക്കാര്‍ വിരമിക്കുന്നത് കണക്കിലെടുത്ത് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് 1500 കോടി രൂപ ധനവകുപ്പ് നീക്കിവച്ചിട്ടുണ്ട്. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ കാലതാമസം വരുത്തരുതെന്ന് കര്‍ശന നിര്‍ദേശവും ധനമന്ത്രി തോമസ് ഐസക് നല്‍കി. നികുതി വരുമാനം കൃത്യമായി പിരിച്ചെടുത്തും ധനവിനിയോഗം ശ്രദ്ധാപൂര്‍വം നടത്തിയുമാണ് സാമ്പത്തികനില ഭദ്രമാക്കിയത്.

ദിലീപ് മലയാലപ്പുഴ ദേശാഭിമാനി 310310

ആണവ നിര്‍വ്യാപനം ഉറപ്പ് നല്‍കണമെന്ന് അമേരിക്ക

ആണവനിര്‍വ്യാപനം സംബന്ധിച്ച് രേഖാമൂലം ഉറപ്പുകൊടുക്കുകയും ആണവബാധ്യത ബില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കുകയും ചെയ്താലേ ഇന്ത്യ-അമേരിക്ക ആണവകരാര്‍ നടപ്പാക്കാനാകൂ എന്ന് അമേരിക്ക വ്യക്തമാക്കി. ആണവ ഇന്ധനത്തിന്റെ പുനഃസംസ്കരണത്തിനുള്ള നടപടിക്രമങ്ങള്‍ സംബന്ധിച്ച ചര്‍ച്ച ഏറെക്കുറെ പൂര്‍ത്തിയായെന്നും അമേരിക്ക വെളിപ്പെടുത്തി. ആണവനിര്‍വ്യാപനത്തിന് സമ്മതിക്കുന്നതടക്കമുള്ള ഉപാധികളിലേക്ക് ഇന്ത്യ നീങ്ങുകയാണെന്ന് വ്യക്തമാക്കുന്നതാണ് അമേരിക്കയുടെ പ്രസ്താവന. ഇന്ത്യ ഒരുതരത്തിലുള്ള ആണവപരീക്ഷണവും നടത്തില്ലെന്നുള്ള ഉറപ്പ് നല്‍കുകയാണ് വേണ്ടതെന്ന് ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതി തിമോത്തി ജെ റോമര്‍ പ്രസ്താവനയില്‍ പറഞ്ഞു. അമേരിക്കന്‍ ഫെഡറല്‍ റഗുലേഷന്‍സിലെ 810-ാംവകുപ്പ് അനുസരിച്ച് ഇതുസംബന്ധിച്ച ഉറപ്പ് ഇന്ത്യ നല്‍കണം. ആണവോര്‍ജം ഉപയോഗിച്ച് ഇരുരാജ്യങ്ങള്‍ക്കും പുരോഗതി കൈവരിക്കാന്‍ കഴിയുന്നതിനുപുറമെ ലോകത്തെ ആണവായുധ വിമുക്തമാക്കണമെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ സ്വപ്നം പൂവണിയിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മുന്നോട്ടുവരുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു അമേരിക്കന്‍ സ്ഥാനപതി. ഏപ്രിലില്‍ നടക്കുന്ന മന്‍മോഹന്‍സിങ്ങിന്റെ അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ ഇതുസംബന്ധിച്ച ഉറപ്പ് നല്‍കുമെന്നാണ് കരുതുന്നത്. അന്താരാഷ്ട്ര പ്രാധാന്യമുള്ള കരാര്‍ യാഥാര്‍ഥ്യമാവുകയാണെന്നും പുനഃസംസ്കരണം സംബന്ധിച്ച സംവിധാനങ്ങളും നടപടിക്രമങ്ങളും സംബന്ധിച്ച് അന്തിമരൂപമായെന്നും തിമോത്തി ജെ റോമര്‍ പറഞ്ഞു.

ആണവോര്‍ജം ഉപയോഗിച്ച് മെച്ചപ്പെട്ട വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിലേക്ക് ഇന്ത്യയും അമേരിക്കയും ഒരുപടികൂടി അടുത്തു. ഇരുരാജ്യങ്ങളുടെയും ആഗോളസഹകരണത്തിന്റെ ഭാഗമാണിത്. ആണവസഹകരണകരാര്‍ പൂര്‍ണമായും ഉപയോഗിക്കുന്നതിന്റെ സൂചനയാണിത്. പുനഃസംസ്കരണകരാര്‍ നടപ്പാകുന്നതോടെ അമേരിക്കന്‍ ആണവകമ്പനികള്‍ക്ക് ഇന്ത്യയിലേക്കുള്ള വാതിലുകള്‍ തുറക്കുമെന്നും ഇരുരാജ്യങ്ങളിലെയും ആയിരക്കണക്കിനാളുകള്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും റോമര്‍ പറഞ്ഞു. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ മാര്‍ഗനിര്‍ദേശപ്രകാരമുള്ള പുനഃസംസ്കരണപദ്ധതി സ്ഥാപിക്കുന്നതുസംബന്ധിച്ച ചര്‍ച്ചകള്‍ ഏതാണ്ട് പൂര്‍ത്തിയായെന്നാണ് അമേരിക്കന്‍ വിദേശകാര്യവകുപ്പ് പ്രസ്താവനയില്‍ പറഞ്ഞത്. 2008ല്‍ ആണവകരാര്‍ ഒപ്പിട്ട് ആറുമാസം പിന്നിട്ടശേഷമാണ് പുനഃസംസ്കരണം സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചത്. ഇത് ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞവര്‍ഷം ആഗസ്തിലാണ് ചര്‍ച്ച ആരംഭിച്ചത്. ഒരുവര്‍ഷം പൂര്‍ത്തിയാകുന്നതിനുമുമ്പ് ചര്‍ച്ച അവസാനിക്കുമെന്നും അമേരിക്കന്‍ വിദേശകാര്യവകുപ്പ് വ്യക്തമാക്കി. ആണവ നിര്‍വ്യാപനകാര്യത്തില്‍ അമേരിക്കയുടെ ചൊല്‍പ്പടിക്ക് ഇന്ത്യ നിലകൊള്ളണമെന്ന പരസ്യമായ ആജ്ഞയായി അമേരിക്കന്‍ സ്ഥാനപതിയുടെ പ്രസ്താവനയെ കാണേണ്ടതുണ്ട്. ആണവ നിര്‍വ്യാപനത്തില്‍ സഹകരണം ഉണ്ടാകുമെന്നുതന്നെ പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആണവബാധ്യത ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ ഒരുങ്ങിയെങ്കിലും പ്രതിപക്ഷകക്ഷികളുടെ ശക്തമായ എതിര്‍പ്പിനെതുടര്‍ന്ന് തല്‍ക്കാലം മാറ്റിവച്ചിരിക്കുകയാണ്.

വി ജയിന്‍ ദേശാഭിമാനി 310310

Tuesday, March 30, 2010

കയ്യൂരും കൊണ്ടോട്ടിയും

കയ്യൂരും കൊണ്ടോട്ടിയും തമ്മിലെന്താണ് ബന്ധം? രണ്ടും സാമ്രാജ്യത്വത്തിനെതിരായ ജനകീയ മുന്നേറ്റങ്ങള്‍കൊണ്ട് ചരിത്രത്തില്‍ മുദ്രചാര്‍ത്തിയ ഗ്രാമങ്ങള്‍. 1921 ലെ മലബാര്‍ കലാപത്തിന്റെ കേന്ദ്രഭൂമിയായിരുന്ന കൊണ്ടോട്ടി ഏറനാടിന്റെ രാഷ്ട്രീയ തലസ്ഥാനമായാണ് അറിയപ്പെട്ടത്. നാല്‍പ്പതുകളില്‍ നാടുവാഴിത്തത്തിനും സാമ്രാജ്യത്വത്തിനുമെതിരെ കമ്യൂണിസ്റ്റ് പാര്‍ടി നേതൃത്വത്തില്‍ നടന്ന കര്‍ഷക പ്രക്ഷോഭങ്ങളുടെ അലകള്‍ കൊണ്ടോട്ടിയിലും ആഞ്ഞടിച്ചുവെന്നത് അധികമാരും രേഖപ്പെടുത്താത്ത ചരിത്രം. കയ്യൂര്‍ രക്തസാക്ഷികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് കൊണ്ടോട്ടി അങ്ങാടിയില്‍ അരങ്ങേറിയ നാടകവും നാടകകൃത്തായ കമ്പളത്ത് ഗോവിന്ദന്‍നായരെ ബ്രിട്ടീഷ് ഭരണകൂടം അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടതും സാമ്പ്രദായിക ചരിത്ര രചനയില്‍നിന്ന് വിട്ടുപോയ ഏടുകളാണ്.

കര്‍ഷക പ്രക്ഷോഭത്തെ ബ്രിട്ടീഷുകാര്‍ അടിച്ചമര്‍ത്തിയതിനു ശേഷമുള്ള കാലം ഏറനാട്ടിലെ മാപ്പിളമാര്‍ രാഷ്ട്രീയമായി ഉള്‍വലിയുകയായിരുന്നു. കലാപത്തോടുള്ള ഗാന്ധിജിയുടെയും കോണ്‍ഗ്രസിന്റെയും സമീപനം അവരില്‍ നിരാശയാണ് സൃഷ്ടിച്ചത്. മലബാറിലെ സവര്‍ണ നേതൃത്വത്തിന്റെ നിലപാട് മാപ്പിളമാര്‍ക്ക് കോണ്‍ഗ്രസിലുള്ള പ്രതീക്ഷ തീര്‍ത്തും ഇല്ലാതാക്കി. നേതൃത്വം മലബാര്‍ കലാപത്തെ തള്ളിപ്പറയുകയായിരുന്നു.

ഇന്ത്യാ വിഭജനകാലത്ത് കൊല്‍ക്കത്തയിലും ശ്രീരാംപൂരിലും മതസൌഹാര്‍ദ്ദത്തിനായി കഷ്ടപ്പെട്ട ഗാന്ധിജിക്കുപോലും മതത്തിന്റെ പുറത്തുനിന്ന് മലബാര്‍സമരത്തെ നോക്കിക്കാണാന്‍ കഴിഞ്ഞിരുന്നില്ല. മലബാറിലേത് 'മാപ്പിളമാരുടെ മതഭ്രാന്ത്' എന്നായിരന്നു ഗാന്ധിജിയുടെ ആദ്യ പ്രതികരണം. 1920ല്‍ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി മുസ്ളിങ്ങളുമായി കൂട്ടുകൂടുന്നതില്‍ അപാകമില്ലെന്ന് പ്രസ്താവിച്ച ഗാന്ധിജി ഒരു അഭിമുഖത്തിനിടയില്‍ മുസ്ളീം തയ്യാറാക്കിയ ഭക്ഷണം അയാളുടെ കൂടെയിരുന്ന് കഴിക്കുമോ എന്ന ചോദ്യത്തിന് 'മുസ്ളിം ഉണ്ടാക്കിയ ഭക്ഷണം അവരുടെ കൂടെയിരുന്ന് കഴിക്കുക എന്ന പ്രശ്നമേ ഉദിക്കുന്നില്ല, കാരണം എന്റെ ഭക്ഷണസമ്പ്രദായം വ്യക്തിപരമായ കാര്യമാണ്. പരസ്യമായി ഭക്ഷണം കഴിക്കുന്ന സമ്പ്രദായം എനിക്കില്ല' എന്നാണ് ഉത്തരം നല്‍കിയത്. (പ്രൊഫ. എംപി എസ് മേനോന്‍ എഴുതിയ മലബാര്‍സമരം: എം പി നാരായണമേനോനും സഹപ്രവര്‍ത്തകരും എന്ന പുസ്തകത്തില്‍നിന്ന്)

1943 ഏപ്രില്‍ ആദ്യവാരത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടി ജനറല്‍ സെക്രട്ടറി പി സി ജോഷി മലബാര്‍ സന്ദര്‍ശനത്തിനിടയില്‍ കൊണ്ടോട്ടിയില്‍ ഇങ്ങനെ പറയുകയുണ്ടായി. - "മുസ്ളീങ്ങള്‍ സ്വരാജ്യ സ്നേഹികളല്ലെന്ന് ചില കോണ്‍ഗ്രസുകാര്‍ സംശയിക്കുന്നു. കോണ്‍ഗ്രസുകാര്‍ ഹിന്ദു മേധാവിത്വം സ്ഥാപിക്കുമെന്ന് മുസ്ളിങ്ങള്‍ ഭയപ്പെടുന്നു. രണ്ട് അഭിപ്രായത്തോടും യോജിക്കുന്നില്ല. അടിസ്ഥാനരഹിതമായ അവിശ്വാസമാണ് അകല്‍ച്ചയ്ക്ക് കാരണം. ഈ ഭിന്നിപ്പ് അവസാനിപ്പിച്ച് എല്ലാവരും ചേര്‍ന്ന ഉറച്ച ഐക്യത്തിനാണ് കമ്യൂണിസ്റ്റ് പാര്‍ടി സ്വയം ഉഴിഞ്ഞുവെച്ചിട്ടുള്ളത്.…

ഭക്ഷണ ക്ഷാമം ഹിന്ദുക്കളെയും മുസ്ളിങ്ങളെയും ഒരു പോലെ ബാധിച്ചിരിക്കുന്നു. നാം അകന്നുനില്‍ക്കുന്നിടത്തോളം കഷ്ടപ്പാടുകളുടെ കാഠിന്യം കൂടുകയേയുള്ളു. കൊള്ളയും കവര്‍ച്ചയും നാടാകെ നടമാടും. ഗവണ്‍മെന്റ് മര്‍ദനം ഇരുകൂട്ടരുടെയും തലയ്ക്ക് വീഴും. ഇങ്ങനെ ഒരു ഭാഗത്ത് ഭയങ്കര മര്‍ദനവും മറുഭാഗത്ത് പട്ടിണിയുമായി ഇരുകൂട്ടരും നശിക്കും.'' ഇതില്‍നിന്നും ഈ വിഷയത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെയും കോണ്‍ഗ്രസിന്റെയും വ്യത്യസ്ത സമീപനം മനസ്സിലാക്കാം.

മലബാര്‍കലാപത്തെ കോണ്‍ഗ്രസ് തള്ളിപ്പറഞ്ഞത് ഏറനാടിന്റെ രാഷ്ട്രീയത്തില്‍ നിശ്ചലതയ്ക്ക് കാരണമായി. വടക്കേ മലബാറിലും തിരുവിതാംകൂറിലും സ്വാതന്ത്ര്യസമരത്തിന്റെ കൊടുങ്കാറ്റടിക്കുമ്പോള്‍ ഏറനാട് നിശബ്ദമായിരുന്നു. തൊട്ടടുത്ത ഒറ്റപ്പാലത്ത് 1935ല്‍ കോണ്‍ഗ്രസിന്റെ താലൂക്ക് സമ്മേളനം നടന്നപ്പോഴും ഏറനാട് വഞ്ചനയുടെ ഭാരവും പേറി ഉറങ്ങുകയായിരുന്നു. രണ്ട് പതിറ്റാണ്ടോളം ഉണ്ടായ നിശബ്ദതയില്‍നിന്ന് രാഷ്ട്രീയത്തിന്റെ തീച്ചൂടിലേക്ക് വീണ്ടും വിളിച്ചുണര്‍ത്തിയത് കമ്യൂണിസ്റുകാരാണ്. ജന്മിത്വത്തിനും കോളനി ഭരണത്തിനുമെതിരെ സമരോത്സുകത ജ്വലിപ്പിച്ചത് കമ്പളത്ത് ഗോവിന്ദന്‍ നായരെയും എടക്കോട്ട് മുഹമ്മദിനെയും പോലുള്ള കമ്യൂണിസ്റ്കാരായിരുന്നു. മുഹമ്മദ് അബ്ദദുറഹിമാന്‍ സാഹിബിനൊപ്പം പ്രവര്‍ത്തനം തുടങ്ങിയ ഇവര്‍ മാപ്പിളമാരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് ശ്രമിച്ചത്.
എം പി നാരായണമേനോന്‍ ആരംഭിച്ച മലബാറിലെ കുടിയാന്‍സംഘത്തിന്റെ തുടര്‍ച്ചയായി ജന്മിത്വം അവസാനിപ്പിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ പോരാട്ടം തുടങ്ങിയ കാലമായിരുന്നു അത്. കയ്യൂരിലും കരിവള്ളൂരിലും ആരംഭിച്ച കര്‍ഷക സമരം ഏറനാട്ടിലും ആവേശം വിതറി. കൊണ്ടോട്ടിയും ഉണര്‍വിലേക്കു നീങ്ങി. വടക്കേ മലബാറിലെ കര്‍ഷകരുടെ സമരാവേശം ഏറ്റുവാങ്ങിയത് ഇവിടുത്തെ ബീഡിത്തൊഴിലാളികളായിരുന്നു. കയ്യൂര്‍ സഖാക്കളെക്കുറിച്ച് ഗോവിന്ദന്‍ നായര്‍ എഴുതിയ നാടകം അവതരിപ്പിച്ചതും മാപ്പിള ബീഡിത്തൊഴിലാളികളായിരുന്നു.

അപ്പു, ചിരുകണ്ടന്‍, അബൂബക്കര്‍, കുഞ്ഞമ്പുനായര്‍ എന്നീ സഖാക്കളെ ബ്രിട്ടീഷ് ഭരണകൂടം തൂക്കിക്കൊന്നതിന് രണ്ട് മാസത്തിന്ശേഷം 1943 ജൂണില്‍ കൊണ്ടോട്ടി അങ്ങാടിയില്‍ നാടകം കണ്ടതിന്റെ ഓര്‍മ്മ പുതിയറക്കല്‍ സൈതാലിക്കുട്ടിയുടെ മനസ്സില്‍ ഇപ്പോഴുമുണ്ട്. അബൂബക്കറായി കൊളമ്പാടന്‍ ബിച്ചുക്കോയയും കുഞ്ഞമ്പു നായരായി ചേക്കുട്ടി പാണ്ടികശാലയും വേഷമിട്ടത് അദ്ദേഹം ഓര്‍ക്കുന്നു. 81-ാം വയസ്സിലും പാല്‍ക്കച്ചവടം നടത്തുകയാണ് ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകനായ സൈതാലിക്കുട്ടി. 67 വര്‍ഷംമുമ്പ് കണ്ട നാടകത്തിലെ സംഭാഷണങ്ങളും രംഗങ്ങളും മനസ്സിന്റെ ചുവരില്‍ കൊത്തിവച്ചപോലെയുണ്ട്.

ജയിലാണ് രംഗം. ചിന്തിച്ച് നില്‍ക്കുന്ന അബൂബക്കറിനെ കണ്ട് കുഞ്ഞമ്പു നായര്‍ ചോദിക്കുകയാണ്. 'എന്താ ആലോചിച്ചിരിക്കുന്നത്? മരണത്തെ ഭയപ്പെടുന്നുണ്ടോ ? '

അബൂബക്കര്‍: 'ഇല്ല, മരണത്തെ ഭയപ്പെടുന്നില്ല. ഇന്ന് ഏതാണ് ദിവസമെന്ന് ഓര്‍ക്കുന്നുണ്ടോ? കര്‍ഷകപ്രശ്നങ്ങള്‍ ഉയര്‍ത്തി കലക്ടറേറ്റിലേക്ക് ജാഥ നടത്താന്‍ തീരുമാനിച്ച ദിവസം. ജയിലില്‍ ആയതുകൊണ്ട് പങ്കെടുക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നാണ് ആലോചിക്കുന്നത് '.

തുടന്ന് കുഞ്ഞമ്പുനായര്‍: 'സ്വാതന്ത്ര്യസമരത്തില്‍ ഇനി ഗാന്ധിക്കും ജിന്നയ്ക്കും ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയുമോ? '

'ഒരു കര്‍ഷകസമരത്തിനുവേണ്ടി മുസ്ളിമായ എനിക്കും ഹിന്ദുവായ സഖാവിനും ഒരുമിക്കാമെങ്കില്‍ ദേശത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ഗാന്ധിക്കും ജിന്നയ്ക്കും എന്തുകൊണ്ട് ഒന്നിച്ചുപ്രവര്‍ത്തിച്ചുകൂടാ? അവര്‍ ഒന്നിച്ച് പ്രവര്‍ത്തിക്കും ഇല്ലെങ്കില്‍ കാലം അവരെ കുറ്റപ്പെടുത്തും.' അബൂബക്കറിന്റെ മറുപടി അന്ന് 14 വയസ്സുള്ള തന്നെ ഇപ്പോഴും ആവേശഭരിതനാക്കുന്നുവെന്ന് സൈതാലിക്കുട്ടി പറയുന്നു.

നാടകം അവതരിപ്പിച്ചതോടെ കമ്പളത്ത് ഗോവിന്ദന്‍ നായരെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടു. അദ്ദേഹം ഒളിവില്‍ പോയി. സംരക്ഷണ ചുമതല നിലമ്പൂര്‍കോവിലകത്തെ കുഞ്ഞിക്കുട്ടന്‍ തമ്പാനായിരുന്നു.

നാടകം ഏറനാട്ടിലെ കര്‍ഷകരെയും ബീഡിത്തൊഴിലാളികളെയും ആവേശഭരിതരാക്കി. പിന്നീടുള്ള സമരങ്ങള്‍ക്ക് സജ്ജരാക്കിയതില്‍ നാടകം ചെറുതല്ലാത്ത പങ്കാണ് വഹിച്ചത്. പാമ്പോടന്‍ വീരാന്‍കുട്ടിയെ കുടിയൊഴിപ്പിച്ചതിനെതിരായ സമരവും ബീഡി തൊഴിലാളി പ്രക്ഷോഭവും ഇതില്‍ ചിലതുമാത്രം. കൊളമ്പാടന്‍ ബിച്ചുക്കോയയും ചേക്കുട്ടി പാണ്ടികശാലയും കെ സൈതാലിക്കുട്ടി (സിപി ഐ എം മലപ്പുറം മുന്‍ ജില്ലാ സെക്രട്ടറി) യുമെല്ലാം അന്ന് എടക്കോട്ട് മുഹമ്മദിനുപിന്നില്‍ അണിനിരന്ന് നടത്തിയ സമരങ്ങളാണ് ഏറനാടിന്റെ സമരോത്സുകതയെ ജ്വലിപ്പിച്ചത്.

കയ്യൂര്‍ രക്തസാക്ഷികളെ അനുസ്മരിച്ച് നാടകം അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഏറനാടിനെ തൊട്ടുണര്‍ത്തിയ ഹിച്കോക് സ്മാരക ദൂരീകരണ ജാഥ. മലബാര്‍ കലാപകാലത്ത് മാപ്പിള പോരാളികളെ കൊന്നൊടുക്കാന്‍ നേതൃത്വം നല്‍കിയ റിച്ചാര്‍ഡ് ഹോവാര്‍ഡ് ഹിച്കോക് എന്ന ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ സ്മരണയ്ക്ക് വള്ളുവമ്പ്രത്ത് പണിത സ്മാരകം തകര്‍ക്കാനായിരുന്നു ജാഥ. കലാപകാരികള്‍ കല്ലെറിഞ്ഞു കൊന്ന ഹിച്കോക്കിന്റെ സ്മാരകം നീക്കുന്നതിന് ചെയ്യുന്നതിന് ഏറനാടന്‍ ജനത തോളോടുതോള്‍ ചേര്‍ന്നു നടത്തിയ സമരത്തിന് ഊര്‍ജമേകിയത് കമ്പളത്ത് ഗോവിന്ദന്‍ നായര്‍ എഴുതിയ മാപ്പിളപ്പാട്ടായിരുന്നു.

കെ വിജയകുമാര്‍ ദേശാഭിമാനി

മസ്ജിദ് തകര്‍ത്തവരോട് കാലം കണക്കുചോദിക്കുന്നു

അനീതിയോട് കാലം, ചരിത്രം കണക്കുചോദിക്കുക തന്നെ ചെയ്യുമെന്നതിന് ഇതാ രണ്ടു തെളിവുകൂടി.

16-ാം നൂറ്റാണ്ടിന്റെ ചരിത്ര പൈതൃകം, ഇന്ത്യന്‍ മുസ്ളിങ്ങളുടെ അഭിമാന സ്തംഭം, ബാബറി മസ്ജിദ് തകര്‍ത്ത എല്‍ കെ അദ്വാനി ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ നേതാക്കള്‍ മതേതര മനഃസാക്ഷിക്കു മുമ്പില്‍ ഒരിക്കല്‍ക്കൂടി നഗ്നരാക്കപ്പെട്ടിരിക്കുന്നു. അദ്വാനി, മുരളീമനോഹര്‍ ജോഷി, അശോക് സിംഗാള്‍, വിനയ് കത്യാര്‍, ഉമാഭാരതി, സാധ്വി ഋതംബര തുടങ്ങിയവര്‍ മസ്ജിദിന്റെ മിനാരങ്ങള്‍ തകര്‍ന്നു വീഴുമ്പോള്‍ ആര്‍ത്തു ചിരിക്കുകയായിരുന്നു. ഇത് കൊലച്ചിരിയായിരുന്നവെന്ന് 18 വര്‍ഷം കഴിഞ്ഞ് ഒരു മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥ റായ്ബറേലിയിലെ സിബിഐ കോടതി മുമ്പാകെ വിശദീകരിച്ചിരിക്കുന്നു. മസ്ജിദ് പൊളിച്ച ഘട്ടത്തില്‍ അദ്വാനിയുടെ സുരക്ഷാ ചുമതല ഉണ്ടായിരുന്ന അഞ്ജു ഗുപ്തയാണ് സിവില്‍ സര്‍വീസിന്റെ ബഹുമാന്യത ഉയര്‍ത്തിപ്പിടിച്ച് ഈ ധീരമായ വെളിപ്പെടുത്തല്‍ നടത്തിയത്. ഗുജറാത്തില്‍ അധികാര പീഠത്തിലിരുന്ന് വംശഹത്യക്കു നേതൃത്വം നല്‍കിയ നരേന്ദ്രമോഡി എട്ടുവര്‍ഷത്തിനുശേഷം ചോദ്യം ചെയ്യപ്പെടുന്നതാണ് രണ്ടാമത്തെ തെളിവ്.

1992 ഡിസംബര്‍ ആറിന് പകല്‍ എട്ടുമുതല്‍ വൈകിട്ട് അഞ്ചുമണിവരെ പാരയും പിക്കാസുമായി വര്‍ഗീയ ഭ്രാന്തന്മാര്‍ മസ്ജിദ് പൊളിച്ചിടുമ്പോള്‍ 150 മീറ്റര്‍ അകലം മാത്രമുള്ള രാമകഥാ കുഞ്ച് വേദിയിലിരുന്നത് പ്രകോപനപ്രസംഗം നടത്തി പ്രോത്സാഹിപ്പിക്കുകയായിരുന്നു അദ്വാനിയുടെ നേതൃ ടീം. ഇതിനിടയില്‍ ഒരു തവണപോലും അക്രമം നിര്‍ത്താന്‍ അദ്വാനി പറഞ്ഞില്ല. എന്നാല്‍, കര്‍സേവകര്‍ മസ്ജിദിന്റെ മിനാരങ്ങളില്‍നിന്ന് താഴെ വീണപ്പോള്‍ അദ്ദേഹം അസ്വസ്ഥനായി. മസ്ജിദ് നിലംപൊത്തിയപ്പോള്‍ ഉമാഭാരതിയും ഋതംബരയും അദ്വാനിയെയും ജോഷിയെയും കെട്ടിപ്പിടിച്ചു. അവര്‍ നല്‍കിയ മധുരം അദ്വാനിയെന്ന ദേശീയ നേതാവ് ആഹ്ളാദത്തോടെ ആസ്വദിച്ചു. സ്വാമിനിമാരുടെ നൃത്തത്തില്‍ അദ്ദേഹം ഉന്മത്തനായി. "പള്ളി പൊളിച്ചിടത്തുതന്നെ ക്ഷേത്രം പണിയും'' എന്ന് കര്‍സേവകരെ ആവേശംകൊള്ളിക്കാന്‍ അദ്വാനി മൈക്കിലൂടെ പലവട്ടം പ്രഖ്യാപിച്ചു.

ഇപ്പോള്‍ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങില്‍ (റോ) ഡിഐജിയായ അഞ്ജു ഗുപ്തയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ പോകുന്നു. ഇതിനിടയില്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അവര്‍ പലവട്ടം വിവരമറിയിച്ചിട്ടും പ്രതികരണമുണ്ടായില്ല. പകരം സ്ഥലത്ത് സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉത്തര്‍പ്രദേശ് ഡിജിപി എസ് സി ദീക്ഷിത് കര്‍സേവകരെ തടയാതിരുന്നതിന് പൊലീസുകാരെ അഭിനന്ദിക്കുകയായിരുന്നു. തലേന്ന് ഡിസംബര്‍ അഞ്ചിന് ഫൈസാബാദ് സോ ഐജി എ കെ സര വിളിച്ചുചേര്‍ത്ത സുരക്ഷാ യോഗത്തില്‍ മസ്ജിദ് തകര്‍ക്കാനാണ് പോകുന്നതെന്ന് വെളിപ്പെടുത്തപ്പെട്ടിരുന്നു. അതായത് ബിജെപി മുഖ്യമന്ത്രി കല്യാണ്‍സിങ് നേതൃത്വം നല്‍കിയ സംസ്ഥാന ഭരണകൂടത്തിന് ഡിസംബര്‍ ആറിന് മസ്ജിദ് തകര്‍ക്കുമെന്ന് മുന്‍കൂട്ടി അറിയാമായിരുന്നു. ഇത് തടയുകയല്ല, ഇതിന് സൌകര്യമൊരുക്കുകയാണ് കല്യാസിങ്ങിന്റെ പൊലീസ് ചെയ്തതെന്ന് അഞ്ജുവിന്റെ മൊഴിയില്‍ സുവ്യക്തമാവുന്നു. ഇവര്‍ക്ക് ഒത്താശചെയ്യാന്‍ കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരും തയാറായി. കല്യാണ്‍സിങ്ങിന്റെ 'ഉറപ്പില്‍' വിശ്വസിച്ചിരിക്കുകയായിരുന്നു അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു. 12 ഭാഷയറിയാവുന്ന ആ പണ്ഡിത ശ്രേഷ്ഠന്‍, രാജ്യത്തിന്റെ മതേതര ശിലകള്‍ക്കു മേല്‍ മതഭ്രാന്തിന്റെ ത്രിശൂലങ്ങള്‍ വീണപ്പോള്‍ 12 ഭാഷയിലും മൌനം പാലിക്കുകയായിരുന്നു.

ചുരുക്കത്തില്‍ ഇന്ത്യ എന്ന രാജ്യത്തിന്റെ ഭരണഘടനയ്ക്കും നീതിന്യായവ്യവസ്ഥയ്ക്കും പുല്ലുവില കല്‍പ്പിക്കപ്പെട്ട നാളുകളായിരുന്നു ആ കറുത്ത ഡിസംബറിലേത്.

ഒരു പതിറ്റാണ്ടു കഴിഞ്ഞ് ഗുജറാത്തില്‍ ഇതേ അരക്ഷിതാവസ്ഥ ആവര്‍ത്തിക്കപ്പെട്ടു. ബാബറിമസ്ജിദ് തകര്‍ത്തിടത്തുതന്നെ രാമമന്ദിരം പണിയാന്‍പോയി തിരിച്ചുവന്ന കര്‍സേവകര്‍ സഞ്ചരിച്ച തീവണ്ടി ഗോധ്രയില്‍ ആക്രമിക്കപ്പെട്ടെന്ന പേരിലായിരുന്നു 2002 ഫെബ്രുവരിയില്‍ ഗുജറാത്ത് വംശഹത്യ അരങ്ങേറിയത്. അതിന് നേതൃത്വം നല്‍കിയ നരേന്ദ്രമോഡി എട്ടു വര്‍ഷംകഴിഞ്ഞ് നീതിന്യായ സംവിധാനത്തിനുമുന്നില്‍ വിളിക്കപ്പെട്ടിരിക്കയാണിപ്പോള്‍. സുപ്രീംകോടതിയുടെ നിരന്തര ഇടപെടലിനെത്തുടര്‍ന്നാണ് വൈകിയെങ്കിലും ഇതു സംഭവിച്ചത്. ഇന്ത്യന്‍ സിവില്‍ സര്‍വീസിലെ മറ്റൊരു ബഹുമാന്യ മുഖമായ മുന്‍ സിബിഐ ഡയറക്ടര്‍ ആര്‍ കെ രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണസംഘമാണ് മോഡിയെ തേടിയെത്തിയത്.

ഇതിന്റെ അനുരണനമെന്നോണമാണ് ബാബറികേസ് രണ്ടു പതിറ്റാണ്ടിന്റെ ഇടവേളയില്‍ പുനര്‍ജനിക്കുന്നത്. മസ്ജിദ് തകര്‍ക്കപ്പെട്ട ദിവസം സംഭവസ്ഥലത്ത് ഒരുഡസനിലേറെ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുണ്ടായിരുന്നു. ഇവരില്‍ ഒരാളൊഴികെ മറ്റൊരാളും അദ്വാനി ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ സംഘത്തിനെതിരെ മൊഴിനല്‍കിയില്ല. അഞ്ജു ഗുപ്തയെന്ന ധീരവനിതമാത്രം അതിന് തയ്യാറായി. മൊഴിനല്‍കിയെന്നു മാത്രമല്ല, ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിച്ച കുറ്റവാളികളെ ജയിലഴിക്കുള്ളിലാക്കുമെന്ന നിശ്ചദാര്‍ഢ്യത്തിലുമാണ് അവരെന്നു തോന്നുന്നു.

പള്ളി പൊളിക്കാന്‍ പ്രേരിപ്പിച്ചതിന് അദ്വാനി ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരെ ചാര്‍ജ്ചെയ്ത കേസ് 2002ല്‍ ബിജെപി സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍, മൂന്നുവര്‍ഷത്തിനുശേഷം അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബെഞ്ച് ഇവര്‍ക്കെതിരായ കുറ്റം പുനഃസ്ഥാപിച്ചു. തീര്‍ന്നെന്നു കരുതിയ കേസ് അഞ്ജുവിന്റെ മൊഴിയുടെ പിന്‍ബലത്തില്‍ മാത്രമാണ് പുനര്‍ജനിച്ചത്.

ഇന്ത്യയുടെ മതേതര ഘടന എത്ര പൊളിച്ചാലും തകര്‍ക്കാനാവില്ലെന്ന ശുഭാപ്തിവിശ്വാസമാണ് ഇതു പകര്‍ന്നുനല്‍കുന്നത്. ബാബറി മസ്ജിദ് തകര്‍ച്ചയില്‍നിന്ന് ഊര്‍ജം ആവാഹിച്ച് രാജ്യത്ത് ഭീകരപ്രവര്‍ത്തനത്തിന്റെ പരമ്പര തീര്‍ക്കുന്നവര്‍ക്കും ഇത് ബാധകമാണ്.

ദേശാഭിമാനി മുഖപ്രസംഗം

തൊടുപുഴയുടെ പാഠം

തൊടുപുഴ ന്യൂമാന്‍ കോളേജിലെ ബികോം പരീക്ഷാ ചോദ്യപേപ്പറില്‍ മതനിന്ദാപരമായ പരാമര്‍ശങ്ങള്‍ കടന്നുകൂടിയതിനു പുറകില്‍ ഏതെങ്കിലും തരത്തിലുള്ള സംഘടിതമായ ശ്രമമുണ്ടോയെന്ന് അന്വേഷിക്കേണ്ടതുണ്ട്. സംസ്കാരമുള്ള ഒരാളില്‍നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രവൃത്തിയാണ് ചോദ്യം തയ്യാറാക്കിയ അധ്യാപകനില്‍നിന്ന് ഉണ്ടായത്.

ആ പ്രദേശത്തിന്റെയും നാടിന്റെ പൊതുവെയും സമാധാനാന്തരീക്ഷം തകര്‍ക്കുന്നതിലേക്ക് പ്രശ്നങ്ങള്‍ വളരാതെ നോക്കിയതില്‍ അവിടത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സാമുദായിക സംഘടനകളും ജനപ്രതിനിധികളും മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തിയത്. സര്‍ക്കാരും ഭരണസംവിധാനങ്ങളും കര്‍ശനമായ സമീപനവും സ്വീകരിച്ചു. ആദ്യഘട്ടത്തില്‍ ചില ന്യായീകരണങ്ങള്‍ അന്വേഷിച്ച മാനേജ്‌മെന്റ് പിന്നീട് അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. ചോദ്യം തയ്യാറാക്കാന്‍ ചുമതലപ്പെട്ടവര്‍ അതിനു തക്ക യോഗ്യതയുള്ളവരാണെന്ന് ഉറപ്പുവരുത്തേണ്ടത് കോളേജ് മാനേജ്മെന്റാണ്. അവര്‍ ആ ചുമതല ശരിയാംവണ്ണം നിര്‍വഹിച്ചിട്ടില്ലെന്നു വേണം കരുതാന്‍.

ജനങ്ങള്‍ അങ്ങേയറ്റം സൌഹാര്‍ദത്തോടെ ജീവിക്കുന്ന പ്രദേശമാണ് കേരളം. ഏതൊരാള്‍ക്കും അവരവരുടെ വിശ്വാസങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കുന്നതിന് ഇവിടെ സ്വാതന്ത്ര്യമുണ്ട്. ഈ അന്തരീക്ഷം തകര്‍ക്കുന്നതിനു ചില ശക്തികള്‍ കുറെക്കാലമായി പ്രവര്‍ത്തിക്കുന്നുണ്ട്. നുണപ്രചാരവേല അഴിച്ചുവിട്ട് ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതിനാണ് ഇവര്‍ ശ്രമിക്കുന്നത്. ഇത്തരക്കാര്‍ക്കതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കണം. ചോദ്യം തയ്യാറാക്കിയ പ്രതിയെ പിടികൂടുന്നതിനൊപ്പം അതുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും അന്വേഷിക്കണം.

ഇപ്പോള്‍ സംസ്ഥാനത്തു നിലനില്‍ക്കുന്ന സംവിധാനത്തില്‍ ഇടക്കാല പരീക്ഷകള്‍ നടത്തുന്നത് സ്ഥാപനങ്ങളാണ്. ഈ രീതിയും പരിശോധിക്കേണ്ടതാണ്. എല്ലാ പരീക്ഷകള്‍ നടത്തുന്നതിനും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുമുള്‍പ്പെടെ സ്ഥാപനങ്ങള്‍ക്ക് പൂര്‍ണമായ അധികാരം നല്‍കുന്ന സ്വയംഭരണത്തെക്കുറിച്ച് കേന്ദ്രം പ്രസംഗിക്കുന്ന കാലംകൂടിയാണിത്. അതുകൂടി വന്നുകഴിഞ്ഞാല്‍ നാട്ടിലെ സ്ഥിതിയെന്തായിരിക്കുമെന്നതിന്റെ സൂചന കൂടിയാണ് തൊടുപുഴ നല്‍കുന്നത്.


ദേശാഭിമാനി മുഖപ്രസംഗം 300310

Saturday, March 27, 2010

മദ്രസാ അധ്യാപക ക്ഷേമനിധി

മദ്രസാ അധ്യാപക ക്ഷേമനിധി അംഗത്വം ഏപ്രിലില്‍

മലപ്പുറം: മദ്രസാ അധ്യാപകര്‍ക്കുള്ള ക്ഷേമനിധി-പെന്‍ഷന്‍ അംഗത്വവിതരണം ഏപ്രിലില്‍ ആരംഭിക്കും. സംസ്ഥാനത്തെ പതിനായിരത്തോളം മദ്രസകളിലെ ഒരു ലക്ഷത്തിലധികം അധ്യാപകര്‍ക്ക് പദ്ധതി ആനുകൂല്യം ലഭിക്കും. ക്ഷേമനിധി ആസ്ഥാനമായ കോഴിക്കോട്ടെ ഓഫീസില്‍ അംഗത്വ വിതരണത്തിനുള്ള പ്രവര്‍ത്തനം അന്തിമഘട്ടത്തിലാണ്. സച്ചാര്‍കമ്മിറ്റി റിപ്പോര്‍ട്ട് കേരളത്തില്‍ നടപ്പാക്കുന്നത് സംബന്ധിച്ച് പഠിച്ച പാലോളി മുഹമ്മദ്കുട്ടി കമ്മിറ്റിയുടെ സുപ്രധാന ശുപാര്‍ശകളിലൊന്നാണ് മദ്രസ അധ്യാപകര്‍ക്ക് ക്ഷേമനിധിയും പെന്‍ഷനും. ഇതിനായി പത്തുകോടിരൂപ സര്‍ക്കാര്‍ അനുവദിച്ചു. തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സര്‍വേയും നടത്തി. ബുധനാഴ്ച പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. വിവിധ മുസ്ളിംവിഭാഗത്തിനു കീഴില്‍ കേരളത്തില്‍ ഒരു ലക്ഷം മദ്രസാഅധ്യാപകരുണ്ടെന്നാണ് കണക്ക്. ഇകെ സുന്നി-എപി സുന്നി വിഭാഗങ്ങള്‍ക്കുകീഴിലാണ് അധ്യാപകര്‍ കൂടുതല്‍. കേരളത്തിന് പുറമെ തമിഴ്നാട്, കര്‍ണാടക, ആന്ധ്ര, ലക്ഷദ്വീപ്, ഗള്‍ഫ് നാടുകള്‍ എന്നിവിടങ്ങളിലും ഇവര്‍ പഠിപ്പിക്കുന്നു. മുജാഹിദ്, ജമാഅത്തെ ഇസ്ളാമി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ എന്നീ വിഭാഗത്തിനുകീഴിലും ഒട്ടേറെ അധ്യാപകരുണ്ട്. കേരളത്തിലെ മദ്രസകളില്‍ അധ്യാപനവുമായി ബന്ധപ്പെട്ട മുഴുവന്‍ പേര്‍ക്കും ക്ഷേമനിധിയില്‍ അംഗത്വം ലഭിക്കും. 20 മുതല്‍ 60 വയസ്സുവരെയാണ് പ്രായപരിധി. അധ്യാപകനും സ്ഥാപനവും അമ്പതുരൂപ വീതം മാസവിഹിതം നല്‍കണം. തെരഞ്ഞെടുക്കപ്പെടുന്ന പോസ്റ്റ് ഓഫീസുകളില്‍ മൂന്നുമാസം കൂടുമ്പോള്‍ പണം അടക്കണം. പോസ്റ്റ് ഓഫീസുകളുടെ ലിസ്റ്റ് അപേക്ഷാ ഫോറത്തിനൊപ്പം നല്‍കും. ഓരോ അംഗത്തിനും സേവനകാലവും നിക്ഷേപവും അടിസ്ഥാനമാക്കിയ തുക പെന്‍ഷന്‍ ലഭിക്കും. പദ്ധതിയില്‍ ചേര്‍ന്ന് അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ പെന്‍ഷന് അര്‍ഹതയുണ്ട്. കുറഞ്ഞ പെന്‍ഷന്‍ 500 രൂപ. 45 വര്‍ഷം സേവനം പൂര്‍ത്തിയാക്കി പദ്ധതിയില്‍ വിഹിതം നിക്ഷേപിച്ചയാള്‍ക്ക് 4900 രൂപവരെ പെന്‍ഷന്‍ ലഭിക്കും. നിക്ഷേപിച്ച തുകയും അതിന്റെ വര്‍ധനവും അംഗം മരിച്ചാലോ പദ്ധതിയില്‍നിന്ന് പിന്‍വാങ്ങിയാലോ തിരികെ ലഭിക്കും. നിക്ഷേപതുക ഭാഗികമായി പിന്‍വലിക്കാനും ഒരുഭാഗം പെന്‍ഷന്‍ ഫണ്ടായി നിലനിര്‍ത്താനുമുള്ള അവസരവുമുണ്ട്. ഈ പദ്ധതി ദരിദ്ര ചുറ്റുപാടില്‍ കഴിയുന്ന മദ്രസ്സാധ്യാപകര്‍ക്ക് ഏറെ സഹായകമാണ്. 800 രൂപ മുതലാണ് ഈ അധ്യാപകര്‍ക്ക് ശമ്പളം. ഏറെ സര്‍വീസുള്ള പ്രധാനാധ്യാപകന് ലഭിക്കുന്നതാകട്ടെ മൂവായിരത്തിനടുത്തും.

ഈ വിഷയവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ്

അഴുകിയൊലിക്കട്ടെ ഈ നാവുകള്‍

ദേവസ്വം ബില്ലും വിവാദങ്ങളും

1950ലെ തിരുവിതാംകൂര്‍- കൊച്ചി ഹിന്ദുമത ധര്‍മ സ്ഥാപന നിയമഭേദഗതിബില്‍ നിയമസഭയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. ഇതിനെതിരെ ആര്‍എസ്എസ് നേതൃത്വത്തിലുള്ള ഹിന്ദു ഐക്യവേദിയും മറ്റും പ്രക്ഷോഭത്തിനിറങ്ങിയിരിക്കുന്നു. ഇതിന്റെ ചുവടുപിടിച്ച് കേരളത്തിലെ ചില മുഖ്യധാരാമാധ്യമങ്ങള്‍ ഹിന്ദുമത വിശ്വാസികള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കാനുള്ള പരിശ്രമത്തിലാണ് ഏര്‍പ്പെട്ടിട്ടുള്ളത്.

തിരുവിതാംകൂര്‍- കൊച്ചി പ്രദേശത്തെ അസംഖ്യം ക്ഷേത്രങ്ങളുടെ ഭരണനിര്‍വഹണം നടത്തുന്നത് മൂന്നംഗ ബോര്‍ഡാണ്. അറുപതോളം വര്‍ഷം കഴിഞ്ഞ സാഹചര്യത്തില്‍ ബോര്‍ഡുകളുടെ ഉത്തരവാദിത്തങ്ങള്‍ വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഇത്തരമൊരു അവസ്ഥയില്‍ ഹിന്ദുസമുദായങ്ങളുടെ മിക്കവാറും എല്ലാ പ്രധാന വിഭാഗങ്ങളില്‍നിന്നുമുള്ള പ്രാധിനിധ്യം ഉറപ്പാക്കിക്കൊണ്ടും സാമൂഹ്യനീതി നടപ്പില്‍വരുത്തുന്നതിനും ബോര്‍ഡിലെ അംഗസംഖ്യ മൂന്നില്‍നിന്ന് ഏഴാക്കി വര്‍ധിപ്പിക്കുന്നതിനാണ് ഒരു ഭേദഗതി. നിലവിലുള്ള നിയമത്തില്‍ ദേവസ്വംഭരണവുമായി ബന്ധപ്പെട്ട് ദുര്‍വിനിയോഗമുണ്ടാകുന്ന സന്ദര്‍ഭത്തില്‍ അന്വേഷണകമീഷനെ നിയമിക്കുന്നതിനു മാത്രമേ സര്‍ക്കാരിന് അധികാരം ഉള്ളൂ. ഇതിന്റെ ഫലമായി പരാതികള്‍ പരിശോധിക്കുന്നതിനും ബോര്‍ഡിനു നിര്‍ദേശം നല്‍കുന്നതിനും സര്‍ക്കാരിന് സാധിക്കാത്ത അവസ്ഥയാണുള്ളത്. എല്ലാ പരാതികളും കോടതി മുമ്പാകെ ഉന്നയിക്കേണ്ടിവരുന്നു. ഇത്തരം ഒരു സാഹചര്യത്തിലാണ് സര്‍ക്കാരിന് റിവിഷണല്‍ അധികാരം നല്‍കുന്ന ഒരു വ്യവസ്ഥകൂടി ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഇതിനെതിരെ ഹിന്ദു ഐക്യവേദിക്കൊപ്പം യുഡിഎഫും പ്രക്ഷോഭത്തിനു കോപ്പുകൂട്ടുന്നത് എന്തിനെന്നു മനസിലാകുന്നില്ല. ഈ ബില്‍ പാസാകുന്നതുതടയാന്‍ നിയമസഭയ്ക്കകത്ത് യുഡിഎഫ് എല്ലാ അടവും പ്രയോഗിച്ചു. 1949ല്‍ തിരുവിതാംകൂര്‍- കൊച്ചി നാട്ടുരാജ്യങ്ങളുടെ ലയന സമയത്തുണ്ടാക്കിയ ഉടമ്പടി ചൂണ്ടിക്കാണിച്ചാണ് പ്രതിപക്ഷ അംഗങ്ങള്‍ ബില്ലിനെതിരെ സംസാരിച്ചത്. 1950ല്‍ ഭരണഘടന നിലവില്‍ വരുന്നതിനുമുമ്പേയുള്ള ഉടമ്പടിയായതിനാല്‍ അതില്‍ മാറ്റംവരുത്താന്‍ നിയമനിര്‍മാണസഭയ്ക്ക് അധികാരം ഉണ്ടെന്ന് ഭരണപക്ഷം വാദിച്ചു. പ്രസ്തുത ഉടമ്പടിയിലെ 14-ാം വകുപ്പനുസരിച്ച് നാട്ടുരാജാക്കന്മാര്‍ക്ക് 'മാലിഖാന്‍' ലഭിക്കാന്‍ അവകാശമുണ്ട്. പക്ഷേ, അതു നിര്‍ത്തലാക്കാന്‍ പിന്നീട് പാര്‍ലമെന്റ് നിയമം പാസാക്കിയ കാര്യവും പ്രതിപക്ഷ അംഗങ്ങള്‍ ഓര്‍ത്തില്ല. അങ്ങനെ തിരുവിതാംകൂര്‍ മഹാരാജാവും കൊച്ചി മഹാരാജാവും തമ്മിലുണ്ടാക്കിയ ഉടമ്പടിയില്‍ പിടിച്ചുകൊണ്ടാണ് കുമ്മനം രാജശേഖരന്‍ നിയമസഭയ്ക്കു പുറത്തുനടത്തുന്ന പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് അംഗങ്ങള്‍ പിന്തുണ നല്‍കിയത്.

2005ല്‍ യുഡിഎഫ് ഗവമെന്റ് കൊണ്ടുവന്ന് നിയമസഭ പാസാക്കിയ പഴയ കൊച്ചി സ്റ്റേറ്റിലെ കൂടല്‍മാണിക്യം ദേവസ്വം നിയമത്തില്‍ ഭരണസമിതിയുടെ അംഗസംഖ്യ ഏഴുതന്നെയാണ്. ഗുരുവായൂര്‍ ദേവസ്വം മാനേജ്മെന്റ് കമ്മിറ്റിയിലും ഒമ്പത് അംഗങ്ങളാണ്. ഈ ദേവസ്വങ്ങളേക്കാള്‍ കൂടുതല്‍ ക്ഷേത്രങ്ങളുടെ ഉത്തരവാദിത്തമുള്ള തിരുവിതാംകൂര്‍- കൊച്ചി ദേവസ്വംബോര്‍ഡുകളില്‍ ഏഴ്അംഗങ്ങള്‍ ഉള്ള ഭരണസമിതി വേണമെന്ന ബില്ലിലെ വ്യവസ്ഥ അതുകൊണ്ടുതന്നെ തികച്ചും ന്യായമാണ്.

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കീഴില്‍ 1210 ക്ഷേത്രവും കൊച്ചി ദേവസ്വംബോര്‍ഡിന്റെ കീഴില്‍ 402 ക്ഷേത്രവുമാണുള്ളത്. അംഗസംഖ്യ വര്‍ധിപ്പിച്ചുകൊണ്ട് രാഷ്ട്രീയക്കാരും കൂടുതല്‍ നിയന്ത്രണാധികാരം നല്‍കിക്കൊണ്ട് സര്‍ക്കാരും ക്ഷേത്രങ്ങളുടെമേല്‍ പിടിമുറുക്കുന്നുവെന്നാണ് കുമ്മനവും കൂട്ടരും വാദിക്കുന്നത്. എന്നാല്‍, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ നിലവിലുള്ള ഹിന്ദുമത- ധര്‍മ സ്ഥാപനനിയമങ്ങള്‍ പരിശോധിച്ചാല്‍ ഈ വാദം വെറും പൊള്ളയാണെന്നു മനസിലാക്കാന്‍ കഴിയും.

ആന്ധ്രപ്രദേശിലെ 1987ലെ നിയമപ്രകാരം ബോര്‍ഡിലെ അംഗസംഖ്യ 10 ലക്ഷത്തില്‍കൂടുതല്‍ വരുമാനമുള്ള ക്ഷേത്രത്തില്‍ ഒമ്പതുപേരും 10 ലക്ഷത്തില്‍ കുറവു വരുമാനമുള്ള ക്ഷേത്രത്തില്‍ ഏഴുപേരുമാക്കി നിജപ്പെടുത്തുകയും സര്‍ക്കാര്‍ നിയോഗിക്കുന്ന കമീഷണര്‍ ഈ അംഗങ്ങളെ നിയമിക്കുകയും ചെയ്യുന്നു. ശാന്തിക്കാരുടെമേല്‍ കമീഷണര്‍ക്കാണ് നിയന്ത്രണാധികാരം. ദേവസ്വം ഫണ്ടുപയോഗിച്ച് വിദ്യാലയങ്ങള്‍ നിര്‍മിക്കുന്നതിനും റോഡു നിര്‍മിക്കുന്നതിനും പൊതുവായ സദ്പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ഉപയോഗിക്കാവുന്നതാണ്. ദക്ഷിണേന്ത്യയിലെ പ്രമുഖമായ ഒന്നാണ് തിരുമല- തിരുപ്പതി ദേവസ്ഥാനം. ഇവിടെ ബോര്‍ഡിന്റെ അംഗസംഖ്യ 13 ആണ്. എല്ലാവരെയും ഗവമെന്റാണ് നോമിനേറ്റ് ചെയ്യുന്നത്. മുംബൈ പബ്ളിക് ട്രസ്റ്റ് നിയമമനുസരിച്ച് ബോര്‍ഡിന്റെ അംഗസംഖ്യ ഏഴ് ആണ്. സംസ്ഥാന ഗവമെന്റിനാണ് എല്ലാ നിയന്ത്രണാധികാരങ്ങളും. ബിജെപി ഭരിക്കുന്ന കര്‍ണാടക സംസ്ഥാനത്ത് ഗവമെന്റ് നിശ്ചയിക്കുന്ന യോഗ്യതയ്ക്കനുസരിച്ചാണ് ശാന്തിക്കാരെപ്പോലും നിയമിക്കുന്നത്. മാത്രവുമല്ല, രാഷ്ട്രീയക്കാരനായ മന്ത്രിതന്നെയാണ് അവിടെ നിലവിലുള്ള ഉപദേശകസമിതിയുടെ ചെയര്‍മാന്‍. ക്ഷേത്രത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന സേവകന്മാരുടെ യോഗ്യതപോലും നിശ്ചയിക്കുന്നത് ഗവമെന്റാണ്. കേരളത്തിലെ ഏതെങ്കിലും ഹിന്ദുക്ഷേത്രത്തിലോ ദേവസ്വത്തിലോ ശാന്തിക്കാരെയും മറ്റും നിയമിക്കാനുള്ള അധികാരം ഗവമെന്റിനില്ല. മധ്യപ്രദേശില്‍ ദേവസ്വത്തിന്റെ പേരിലുള്ള പണം പോസ്റ്റ് ഓഫീസ് സേവിങ്ബാങ്കില്‍ നിക്ഷേപിക്കണമെന്നാണ് നിയമ വ്യവസ്ഥ. ബിജെപി ഭരണത്തില്‍ ഇതിലൊരു മാറ്റവും വരുത്തിയിട്ടില്ല. ഒറീസയില്‍ പാരമ്പര്യ ട്രസ്റ്റിമാരെയും പാരമ്പര്യയിതര ട്രസ്റ്റിമാരെയും നിശ്ചയിക്കുന്നത് സര്‍ക്കാര്‍ അധികാരപ്പെടുത്തിയ കമീഷണര്‍തന്നെയാണ്. മാത്രമല്ല, ക്ഷേത്ര സേവകന്മാരെ നിശ്ചയിക്കാന്‍ ഇതുവഴി ഗവമെന്റിന് അധികാരം ലഭിക്കുന്നുണ്ട്. ഒറീസയിലെ ദേവസ്വം ഭരണസമിതിയില്‍ ഒരു എംഎല്‍എകൂടി അംഗമാണ്.

ഇന്ത്യയിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് പുരിയിലെ ജഗന്നാഥ ക്ഷേത്രം. ഇതിന്റെ ഭരണസമിതിയിലെ 15 അംഗങ്ങളില്‍ 12 പേരെയും സര്‍ക്കാരാണ് നോമിനേറ്റ്ചെയ്യുന്നത്. ഈ ഭരണസമിതിയെ പിരിച്ചുവിടാനടക്കം ഗവര്‍മെന്റിന് അധികാരമുണ്ട്. ഈ ക്ഷേത്രത്തിലെ വരുമാനം വര്‍ധിപ്പിക്കുന്നതിന് വാണിജ്യാടിസ്ഥാനത്തിലുള്ള സംരംഭങ്ങള്‍ നടത്താനും നിയമം അനുവദിക്കുന്നുണ്ട്. കേരളത്തിലെ ദേവസ്വംബോര്‍ഡുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നതുപോലും സഹിക്കാത്ത വിശ്വഹിന്ദുക്കള്‍ ഇതേക്കുറിച്ച് എന്തുപറയുമെന്നറിയാന്‍ താല്‍പ്പര്യമുണ്ട്.

തമിഴ്നാട്ടിലെ സംസ്ഥാനതല ഉപദേശക സമിതിയുടെ ചെയര്‍മാന്‍ മുഖ്യമന്ത്രിയും വൈസ് ചെയര്‍മാന്‍ ബന്ധപ്പെട്ട വകുപ്പ്മന്ത്രിയുമാണ്. ഇങ്ങനെ ഗവമെന്റും രാഷ്ട്രീയ നേതൃത്വവും ദേവസ്വം ഭരണത്തില്‍ നേരിട്ടു നേതൃത്വം കൊടുക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നും കാണാത്ത പ്രക്ഷോഭം കേരളത്തില്‍ ഉയര്‍ത്തുന്നതിന്റെ കാരണമെന്താണ്?

യുഡിഎഫ് ഭരണകാലത്ത് അവര്‍ കൊണ്ടുവന്ന കൂടല്‍മാണിക്യം ദേവസ്വം നിയമത്തില്‍ 33-ാംവകുപ്പില്‍ നിര്‍ണയിച്ച രേഖകള്‍ ആവശ്യപ്പെടുന്നതിനും ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതിനുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ അധികാരങ്ങള്‍ അതേപടി ഈ ബില്ലിലും ചേര്‍ക്കുകയാണുണ്ടായത്. ഇതേ വ്യവസ്ഥതന്നെയാണ് മലബാര്‍ ദേവസ്വം നിയമത്തിലും 76(സി) ആയി രേഖപ്പെടുത്തിയിട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി ദേവസ്വംഭരണത്തില്‍ സര്‍ക്കാരിന്റെ നിയന്ത്രണം കേരളത്തില്‍ തുലോം പരിമിതമാണെന്നിരിക്കെ ഈ നിയമനിര്‍മാണത്തിനെതിരെ പ്രക്ഷോഭം നടത്തുന്നതിന് എന്ത് യുക്തിയാണുള്ളത്?

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭരണത്തില്‍ നാനാമതങ്ങളില്‍പ്പെട്ട വിശ്വാസികളുടെ താല്‍പ്പര്യം ഫലപ്രദമായി സംരക്ഷിച്ചിട്ടുണ്ട്. തിരു-കൊച്ചി ദേവസ്വംബോര്‍ഡുകള്‍ക്ക് സംസ്ഥാന ഗവമെന്റ് നല്‍കുന്ന ബജറ്റ് വിഹിതം ഒട്ടും കുറച്ചിട്ടില്ല. ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ അന്യസംസ്ഥാനങ്ങളില്‍നിന്നുവരെ വന്നെത്തുന്ന കോടിക്കണക്കിന് ഭക്തജനങ്ങള്‍ക്കുവേണ്ട സൌകര്യങ്ങള്‍ ഒരുക്കുന്നതിന് ഇടതുപക്ഷ ഗവമെന്റ് ഫലപ്രദമായി പ്രവര്‍ത്തിക്കുകയുണ്ടായി. സംസ്ഥാന ഗവമെന്റ് നിശ്ചയിച്ച ദേവസ്വം ഭരണസമിതികളും ഇക്കാര്യത്തില്‍ നല്ല പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. ദേവസ്വം ഭരണത്തിലെ അഴിമതിയുടെ ഒരു പ്രധാനമേഖലയാണ് ഉദ്യോഗസ്ഥ നിയമനം. അത് പബ്ളിക് സര്‍വീസ് കമീഷന് വിടുകയാണ് ഈ ഗവമെന്റ് ചെയ്തത്.

മുന്‍ ഗവമെന്റുകള്‍ കൊണ്ടുവരാന്‍ തയ്യാറാകാതിരുന്ന മലബാര്‍ ദേവസ്വം നിയമം സഭയില്‍ അവതരിപ്പിച്ച് പാസാക്കിയതും ദേവസ്വംബോര്‍ഡ് രൂപീകരിച്ചതും ഇടതുപക്ഷ സര്‍ക്കാരാണ്. തുച്ഛമായ വേതനം കിട്ടിയിരുന്ന മലബാറിലെ ക്ഷേത്രജീവനക്കാര്‍ക്ക് മെച്ചപ്പെട്ട സാമ്പത്തിക ആനുകൂല്യം ലഭിച്ചതും ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്താണ്. ഇത്തവണത്തെ ബജറ്റില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന് 16.5 കോടി രൂപയാണ് ഗവമെന്റ് അനുവദിച്ചത്. കൂടാതെ മലബാറിലെ കാവുകളിലെ കോലധികാരികള്‍ക്കും കോമരങ്ങള്‍ക്കും പെന്‍ഷന്‍ നല്‍കുന്നതിന് ഒരു കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

ഇങ്ങനെ പ്രവര്‍ത്തിക്കുന്ന ഗവമെന്റിനെതിരെയാണ് വിശ്വാസികളുടെ വികാരം കുത്തിയിളക്കാന്‍ ഹിന്ദു ഐക്യ വേദിക്കാരും മറ്റും പരിശ്രമിക്കുന്നത്. മത വര്‍ഗീയത ആളിക്കത്തിക്കുന്നതിന് സംഘപരിവാര്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്കൊപ്പമാണ് കേരളത്തിലെ കോണ്‍ഗ്രസ്. ഇതേക്കുറിച്ച് മതനിരപേക്ഷ വാദികള്‍ പ്രതികരിക്കേണ്ടിയിരിക്കുന്നു.

ഇതോടൊപ്പം ഒരു കാര്യംകൂടി. മറ്റ് മതസ്ഥാപനങ്ങളുടെ മേല്‍ ഇല്ലാത്ത നിയമവ്യവസ്ഥ എന്തുകൊണ്ട് ഹിന്ദുമത ധര്‍മ സ്ഥാപനങ്ങളുടെമേല്‍ വരുന്നുവെന്ന ചോദ്യമാണ് കുമ്മനവും മറ്റും ഉയര്‍ത്തുന്നത്. ചരിത്രപരമായ കാരണങ്ങളാല്‍ എന്ന ഒറ്റ വാക്കിലുള്ള മറുപടിയാണ് അതിനുള്ളത്. അതിന്റെ ഫലമായാണല്ലോ നമ്മുടെ ഭരണഘടനയില്‍ ആര്‍ട്ടിക്കിള്‍ 17 ചേര്‍ത്തിട്ടുള്ളത്. തൊട്ടുകൂടായ്മ നിര്‍ത്തലാക്കുകയും അങ്ങനെ ചെയ്യുന്നത് ശിക്ഷാര്‍ഹമായ കുറ്റമായും ആര്‍ട്ടിക്കിള്‍ 17 പറയുന്നു. ഇത് ഏത് മതത്തില്‍ നിലനിന്നിരുന്നതാണ് എന്ന് കുമ്മനം വിശദീകരിച്ചാലും. ഹിന്ദുമത- ധര്‍മ സ്ഥാപനങ്ങളില്‍ നിലനിന്ന തര്‍ക്കങ്ങളും ക്രമക്കേടുകളുമാണ് സര്‍ക്കാരിന്റെ നിയന്ത്രണം ക്ഷണിച്ചുവരുത്തിയത്. ആദ്യകാലത്ത് രാജാക്കന്മാര്‍ക്കുണ്ടായിരുന്ന നിയന്ത്രണാധികാരം പിന്നീട് ഗവമെന്റുകള്‍ക്കു കൈവന്നു. 1949ലെ തിരു-കൊച്ചി രാജാക്കന്മാര്‍ ചേര്‍ന്നുണ്ടാക്കിയ ഉടമ്പടിയിലെ വ്യവസ്ഥയനുസരിച്ച് ദേവസ്വംബോര്‍ഡ് അംഗങ്ങളായി മൂന്നുപേരെ നിയമിക്കണം. ഒരാളെ രാജപ്രമുഖനും ഒരാളെ മന്ത്രിമാരും ഒരാളെ നിയസഭാംഗങ്ങളും നോമിനേറ്റ്ചെയ്യണം എന്നാണ് വ്യവസ്ഥ. അതിന്റെ തുടര്‍ച്ചയെന്നോണം കേരള സര്‍ക്കാരുകള്‍ ദേവസ്വം ബോര്‍ഡിലേക്കുള്ള അംഗങ്ങളെ നാമനിര്‍ദേശം ചെയ്തുവരികയാണ്. രാജ്യത്തുടനീളം ഏറിയും കുറഞ്ഞും ഇതേ സ്ഥിതിയാണുള്ളത്. അത്തരമൊരു സാഹചര്യത്തില്‍ ദേശീയ പാര്‍ടിയായ കോണ്‍ഗ്രസ് കേരളത്തില്‍മാത്രം ദേവസ്വം ഭരണത്തില്‍ 'സര്‍ക്കാര്‍ നിയന്ത്രണം' എന്ന് മുറവിളി കൂട്ടുന്നതില്‍ എന്ത് യുക്തിയാണുള്ളത്?

പി ജയരാജന്‍ ദേശാഭിമാനി 270310

സ്വദേശാഭിമാനി ഓര്‍മിപ്പിക്കുന്നത്

സ്വദേശാഭിമാനിയെ തിരുവിതാംകൂര്‍ ഗവമെന്റ് നാടുകടത്തിയതിന്റെ നൂറാം വര്‍ഷമാണ് വലിയ ആരവങ്ങളൊന്നുമില്ലാതെ കടന്നുപോകുന്നത്. നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളെ അത് അത്രയെന്നും സ്വാധീനിച്ചതായി കാണുന്നില്ല. 'മാധ്യങ്ങള്‍ വര്‍ഷിക്കുന്ന പെരുമഴയില്‍ നാം വിസ്മരിച്ചു പോകുന്ന അനേകം ഓര്‍മപ്പെടുത്തലുകളുണ്ട്. അതിലൊന്നാണ് സ്വദേശാഭിമാനിയുടെ സ്മരണ. എക്കാലത്തെയും നിര്‍ഭയവും നിരങ്കുശവുമായ പത്രപ്രവര്‍ത്തനത്തിന്റെ ഉദാത്ത മാതൃകയാണ് സ്വദേശാഭിമാനി. സത്യത്തിന്റെ നാക്കു പിഴുതെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അധികാര ദുരമൂത്ത രാജഗോപാലാചാരി സ്വദേശാഭിമാനിയെ തിരുവിതാംകൂറില്‍നിന്ന് നിഷ്കാസിതനാക്കിയത്. ദിവാനെയും രാജഭരണത്തെയും ജനപക്ഷത്തു നിന്നുകൊണ്ട് സ്വദേശാഭിമാനി നിര്‍ദാക്ഷിണ്യം വിമര്‍ശിച്ചു. രാജഗോപാലാചാരിയുടെ സദാചാരവിരുദ്ധപ്രവര്‍ത്തനങ്ങളെ അദ്ദേഹം കണക്കറ്റ് പരിഹസിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം രാജാവിന്റെയും ദിവാന്റെയും അപ്രീതിക്ക് ഇടയാക്കി. 1910 സെപ്തംബര്‍ 26നാണ് രാമകൃഷ്ണപിള്ളയെ നാടുകടത്താന്‍ ഉത്തരവായത്. പത്രം നിരോധിക്കാനും പ്രസ് കണ്ടുകെട്ടാനും ശ്രീമൂലം തിരുനാള്‍ മഹാരാജാവ് വിളംബരം പുറപ്പെടുവിച്ചു.

പിറന്ന നാടും നാട്ടുകാരും നഷ്ടപ്പെട്ട അദ്ദേഹത്തിന് അനാഥനായി അലയേണ്ടിവന്നു. തിരുനെല്‍വേലിയിലും പിന്നീട് മദിരാശിയിലുമെത്തി. സ്വദേശാഭിമാനി വിവിധ പ്രസിദ്ധീകരണങ്ങളിലായി ലേഖനമെഴുതിയും സഹധര്‍മിണി കല്യാണിയമ്മ ട്യൂഷനെടുത്തും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെട്ടു. പലയിടത്തും മാറി മാറി കഴിഞ്ഞുകൂടി. കല്യാണിയമ്മയ്ക്ക് ജോലി ലഭിച്ചതിനെത്തുടര്‍ന്നാണ് 1915ല്‍ കണ്ണൂരിലെത്തിയത്. ഇതിഹാസതുല്യമായ ആ ജീവിതം എരിഞ്ഞടങ്ങിയതും കണ്ണൂരില്‍ തന്നെ. അമിതാധികാര വാഴ്ചക്കെതിരെ തൂലികയെ പടവാളാക്കി സ്വദേശാഭിമാനി പുതുയുഗത്തിന്റെ ശംഖനാദമാണ് മുഴക്കിയത്. ജീവിതം വെല്ലുവിളികളെ നേരിടുന്ന സന്ദര്‍ഭങ്ങളില്‍ അന്യാദൃശമായ ആര്‍ജവം പ്രകടിപ്പിച്ച പത്രാധിപരാണ് രാമകൃഷ്ണപിള്ള. സത്യം, നീതി, ധര്‍മം എന്നിവയില്‍നിന്ന് അണുവിട വ്യതിചലിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. 'ഭയകൌടില്യ ലോഭങ്ങള്‍ വളര്‍ക്കില്ലൊരു നാടിനെ' എന്ന പ്രമാണത്തില്‍ അദ്ദേഹം ഉറച്ചുനിന്നു. ധീരമായ പത്രപ്രവര്‍ത്തനത്തിന്റെ നേതൃമാതൃകയാണ് സ്വദേശാഭിമാനി. മാധ്യമപ്രവര്‍ത്തനം പുതിയ പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുന്ന കാലത്ത് പത്രപ്രവര്‍ത്തനത്തിന് കരുത്തേകുന്നതാണ് സ്വദേശാഭിമാനി സ്മരണ.

ആടിനെ പട്ടിയാക്കുന്ന ഗീബല്‍സിയന്‍ തന്ത്രങ്ങളാണ് പുതിയകാല മാധ്യമങ്ങളില്‍ കണ്ടുകൊണ്ടിരിക്കുന്നത്. നൂറ്റൊന്നാവര്‍ത്തിക്കപ്പെട്ട നുണകള്‍കൊണ്ട് മുഖ്യധാരാ പത്രങ്ങള്‍ നിറയുകയാണ്. മീഡിയ ആക്ടിവിസം വായനക്കാരുടെ നേരറിയാനുള്ള അവകാശത്തെയാണ് നിഷേധിച്ചുകൊണ്ടിരിക്കുന്നത്. അര്‍ധസത്യങ്ങളും അസത്യങ്ങളും മാധ്യമങ്ങളുടെ ഉള്ളടക്കമായിത്തീര്‍ന്നിരിക്കുന്നു. വാര്‍ത്തയ്ക്ക് പണം എന്ന രീതി വ്യാപകമാകുകയാണ്. കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിന്റെ കാലത്തും മഹാരാഷ്ട്ര അസംബ്ളി തെരെഞ്ഞെടുപ്പിന്റെ സമയത്തും അരങ്ങേറിയ വാര്‍ത്ത വില്‍പ്പനയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വാര്‍ത്തകള്‍ നമ്മുടെ കണ്ണു തുറപ്പിക്കേണ്ടതാണ്. കേരളത്തില്‍ 'പണത്തിന് വാര്‍ത്ത' വ്യാപകമായതായി വെളിപ്പെട്ടിട്ടില്ലെങ്കിലും വാര്‍ത്തകളുടെ വളച്ചൊടിക്കലും അസത്യങ്ങളും അര്‍ധസത്യങ്ങളുംകൊണ്ട് വായനക്കാരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ വ്യാപകമാണ്.

കമ്യൂണിസമെന്നു കേള്‍ക്കുമ്പോള്‍ ഹാലിളകുന്ന പഴയ കമ്യൂണിസ്റ്റ് വിരുദ്ധതയുടെ പ്രച്ഛന്നവേഷങ്ങളാണ് മൂഖ്യധാരാ മാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇ എം എസിനെ കള്ളനായും എ കെ ജിയെ ഗുണ്ടാത്തലവനായും അഴീക്കോടനെ അഴിമതിക്കോടനായും ചിത്രീകരിച്ച പത്രങ്ങള്‍ കമ്യൂണിസ്റ് വേട്ടയുടെ ചരിത്രം ആവര്‍ത്തിക്കുകയാണ്. സിപിഐ എമ്മും അതിന്റെ നേതാക്കളുമാണ് എക്കാലത്തും ബൂര്‍ഷ്വാമാധ്യമങ്ങളുടെ ഇര. കൊട്ടാരസദൃശമായ വീടുള്ള കേരളത്തിലെ ഏക കമ്യൂണിസ്റ്റ് നേതാവ് എന്നു ചിത്രീകരിച്ചുകൊണ്ട് എത്ര വാര്‍ത്തകളാണ് ഇവിടെ പ്രചരിപ്പിക്കപ്പെട്ടത്. എല്ലാം ജനങ്ങളുടെ നേരറിയാനുള്ള അവകാശത്തിനുമേലുള്ള, നേരെയുള്ള കടന്നാക്രമണമല്ലെങ്കില്‍ മറ്റെന്താണ്? അപവാദവ്യവസായത്തിന്റെ പണിശാലകളില്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ട നുണബോംബുകള്‍ ഒന്നൊന്നായി ജനമധ്യത്തില്‍ പൊട്ടിത്തകരുന്നതാണ് നാം കണ്ടത്. മാധ്യമങ്ങള്‍ ആത്മപരിശോധന നടത്തേണ്ട സമയമാണിതെന്ന് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി അഭിപ്രായപ്പെട്ടത് വെറുതെയല്ല. സമൂഹത്തെക്കുറിച്ച് ആഴത്തില്‍ ആലോചിക്കുന്ന എല്ലാവരും മാധ്യമങ്ങളുടെ ഇപ്പോഴത്തെ പോക്കില്‍ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ സാമൂഹ്യ ലക്ഷ്യങ്ങള്‍ നേടുന്നതില്‍ നമ്മുടെ മാധ്യമങ്ങളുടെ പങ്കെന്താണ്? ഈ ചോദ്യം അടിമുടി മാധ്യമീകരിക്കപ്പെട്ട കേരളസമൂഹത്തില്‍ ഉറക്കെ ചോദിക്കാനുള്ള കരുത്താണ് സ്വദേശാഭിമാനിയുടെ സ്മരണ.

എം സുരേന്ദ്രന്‍ ദേശാഭിമാനി 270310

Friday, March 26, 2010

ചരിത്രം സൃഷ്ടിക്കുന്ന പ്രക്ഷോഭം

സാമ്പത്തിക വളര്‍ച്ച നിരക്കുകളുടെ കണക്കിലെ കസര്‍ത്തുകള്‍, ബഹുഭൂരിപക്ഷത്തിന്റെയും ജീവിതത്തെയോ അവസ്ഥയെയോ പ്രതിനിധാനം ചെയ്യുന്നില്ലെന്നു വ്യക്തമാക്കുന്നതായിരുന്നു മാര്‍ച്ച് 10നും 11നും ഡിവൈഎഫ്ഐ ഡല്‍ഹിയില്‍ വിളിച്ച തൊഴിലിനെ സംബന്ധിച്ചുള്ള ദേശീയ യുവജന കണ്‍വന്‍ഷന്റെ നിരീക്ഷണങ്ങള്‍. രാജ്യത്തെ 22 സംസ്ഥാനത്തില്‍നിന്നുള്ള യുവജന നേതാക്കളും യുവജന തൊഴിലാളികളും ഒത്തുചേര്‍ന്ന കണ്‍വന്‍ഷനില്‍ തൊഴില്‍മേഖലയാകെ സമഗ്രമായ പരിശോധനയ്ക്കു വിധേയമാക്കുന്ന 10 സെഷന്‍ സംഘടിപ്പിക്കപ്പെട്ടു. ഗ്രാമീണ യുവത്വം, നാഗരിക യുവത്വം, സ്വയംതൊഴില്‍മേഖല എന്നിങ്ങനെയുള്ള മൂന്നു കമീഷനിലൂടെ വിശദമായ പരിശോധനയ്ക്കുശേഷം ഇന്ത്യന്‍ യുവത്വത്തിന്റെ പ്രശ്നങ്ങള്‍ ഉന്നയിക്കുന്ന വിശദമായ ചാര്‍ട്ടര്‍ ഓഫ് ഡിമാന്റ് കണ്‍വന്‍ഷന്‍ അംഗീകരിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ വിപുലവും വികേന്ദ്രീകൃതവും ശക്തവുമായ യുവജനപ്രക്ഷോഭം രാജ്യത്താകെ വളര്‍ത്തിക്കൊണ്ടുവരാന്‍ കവന്‍ഷന്‍ തീരുമാനിച്ചു. യോജിക്കാവുന്ന എല്ലാ യുവജനസംഘടനകളുമായും ചേര്‍ന്ന് തുടര്‍ച്ചയായ യുവജനപ്രക്ഷോഭങ്ങളിലേക്ക് മുന്നേറാനും കവന്‍ഷന്‍ തീരുമാനമെടുത്തു.

ചാര്‍ട്ടര്‍ ഓഫ് ഡിമാന്റിന്റെ പൊതു ആവശ്യങ്ങളില്‍ പ്രധാനം കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ സ്വാകര്യവല്‍ക്കരണവും ഒഹരിവില്‍ക്കലും പാടില്ലെന്നതും പൊതുമേഖലയില്‍ മുതല്‍മുടക്ക് വര്‍ധിപ്പിക്കുക എന്നതുമാണ്. അടച്ചുപൂട്ടപ്പെട്ട പൊതുമേഖലാ ഫാക്ടറികള്‍ തടസ്സം ഒഴിവാക്കി തുറന്ന് പുതിയ ഫാക്ടറികള്‍ ആരംഭിക്കുക, കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ നിയമന നിരോധനവും തസ്തിക ഇല്ലാതാക്കലും അവസാനിപ്പിക്കുക, പുതിയ നിയമനങ്ങള്‍ നടത്തുക, കോണ്‍ട്രാക്ട് തൊഴില്‍- ഔട്ട് സോഴ്സിങ് എന്നിവ തടയുക, പെന്‍ഷന്‍കാരെ പുനര്‍നിയമിക്കുന്നത് തടയുക എന്നിവ ചാര്‍ട്ടര്‍ ഓഫ് ഡിമാന്റ് ആവശ്യപ്പെടുന്നു. ഓരോ മൂന്നു മാസവും തൊഴില്‍ വിവരങ്ങളും ആഭ്യന്തര വളര്‍ച്ച നിരക്കും പുറത്തിറക്കുക, ദേശീയ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷനും ലേബര്‍ ബ്യൂറോയും സംഘടിത- അസംഘടിത മേഖലയിലെ തൊഴില്‍/തൊഴിലില്ലായ്മ കണക്കുകള്‍ ശേഖരിച്ച് പ്രസിദ്ധീകരിക്കുക, ഭൂപരിഷ്കരണം നടപ്പാക്കുകയും ഭൂമി കൈവശക്കാര്‍ക്ക് പട്ടയം വിതരണംചെയ്യുക, കൃഷിക്കും ജലസേചനത്തിനും സര്‍ക്കാര്‍ കൂടുതല്‍ മുതല്‍മുടക്കുക, കാര്‍ഷിക സബ്സിഡിയും വിളകള്‍ക്ക് വിലയും ഉറപ്പാക്കുക, വിളകള്‍ ശേഖരിച്ച് വയ്ക്കാനും വിതരണംചെയ്യാനും അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുക, പട്ടികജാതി/വര്‍ഗം, ഒബിസി വിഭാഗങ്ങള്‍ക്ക് സംവരണം ഉറപ്പാക്കുകയും നിയമനം ഉറപ്പാക്കുകയും ചെയ്യുക, ന്യൂനപക്ഷ നിയമനങ്ങള്‍ക്ക് രംഗനാഥമിശ്ര കമീഷന്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കുക, സ്വകാര്യമേഖലയില്‍ സംവരണം, സ്ത്രീക്കും പുരുഷനും തുല്യ ജോലിക്ക് തുല്യ വേതനം, സ്ത്രീത്തൊഴിലാളികള്‍ക്ക് സുരക്ഷിതത്വം, ബാലവേല നിരോധനം എന്നിവ ചാര്‍ട്ടര്‍ ഓഫ് ഡിമാന്റ് പ്രധാനമായും ഉയര്‍ത്തിപ്പിടിക്കുന്നു.

ഗ്രാമീണമേഖലയെ സംബന്ധിച്ച ചാര്‍ട്ടര്‍ ഓഫ് ഡിമാന്റില്‍ ദേശീയ തൊഴിലുറപ്പുപദ്ധതിയുടെ വ്യാപനവും നൂറു ദിവസത്തെ തൊഴിലും കുറഞ്ഞത് ഒരു ദിവസം നൂറു രൂപ വേതനവും ആവശ്യപ്പെടുന്നു. പ്രാദേശികമായി വില്ലേജ് എംപ്ളോയ്മെന്റ് അസിസ്റ്റന്റുകളെയോ, റോസ്ഗാര്‍ സേവക്കുകളെയോ നിയമിക്കുക, അര്‍ഹിക്കുന്നവര്‍ക്ക് തൊഴിലില്ലായ്മ വേതനം ഉറപ്പാക്കുക, കാര്‍ഷികവൃത്തിക്ക് മിനിമം കൂലിയും സാമൂഹ്യസുരക്ഷയും, കാര്‍ഷികമേഖലയില്‍ നാഷണല്‍ കമീഷന്‍ ശുപാര്‍ശകളും നടപ്പാക്കുക, തോട്ടക്കൃഷി, ജൈവ ഇന്ധന കൃഷി, മൃഗപരിപാലനം എന്നിവയ്ക്ക് വിദഗ്ധ തൊഴിലവസരം സൃഷ്ടിക്കുക, വില്ലേജുതല ഫാം സ്കൂളുകള്‍, അഗ്രോ പ്രോസസിങ് ഫാക്ടറികള്‍ പ്രോത്സാഹിപ്പിക്കുക, 1894ലെ ഭൂമി കുടിയേറ്റ നിയമം പരിഷ്കരിക്കുക, കുടിയിറക്കലും പുനരധിവാസവും പരിഷ്കരിക്കുക എന്നിവയും ഉയര്‍ത്തിപ്പിടിക്കുന്നു.

ആദിവാസിമേഖലയില്‍ സാമൂഹ്യ- സാമ്പത്തിക വികസന പദ്ധതികള്‍ തയ്യാറാക്കുക, പൊതുവിതരണ ശൃംഖല ശക്തിപ്പെടുത്തുക, എല്ലാ തസ്തികയിലും സേവന മേഖലകളിലും പട്ടികവര്‍ഗ സംവരണം ഏര്‍പ്പെടുത്തുകയും വനാവകാശ നിയമവും പട്ടയവിതരണവും ചാര്‍ട്ടര്‍ ഓഫ് ഡിമാന്റ് ഊന്നിപ്പറയുന്നു. നഗരങ്ങളിലെ യുവാക്കള്‍ക്ക് തൊഴില്‍ സുരക്ഷാപദ്ധതിയും മിനിമം കൂലിയും മാത്രമല്ല 1/3 വനിതാ സംവരണവും ഡിവൈഎഫ്ഐ ആവശ്യപ്പെടുന്നു. എല്ലാ തൊഴില്‍രഹിതര്‍ക്കും ദരിദ്രര്‍ക്കും ബിപിഎല്‍ കാര്‍ഡ് നല്‍കുക, നിര്‍ബന്ധിത ചേരി നിര്‍മാജനവും തെരുവുകച്ചവട നിരോധനവും പിന്‍വലിക്കുകയും പുനരധിവാസം ഉറപ്പാക്കുകയും ചെയ്യുക, പ്രവാസികള്‍ക്കും കുടിയേറ്റ തൊഴിലാളി യുവാക്കള്‍ക്കുമായി നിയമസംരക്ഷണവും പദ്ധതികളും ആവിഷ്കരിക്കുക, തിരിച്ചറിയല്‍രേഖ വിരണം ചെയ്യുക, പ്രാദേശീയ ആക്രമണങ്ങളും മണ്ണിന്റെ മക്കള്‍ വാദവും തടഞ്ഞ് ശിക്ഷ നടപ്പാക്കുക. സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്ക് സാമ്പത്തികസഹായം എന്നിവയാണ് ഡിവൈഎഫ്ഐ ദേശീയ തൊഴില്‍ കണ്‍വന്‍ഷന്‍ അംഗീകരിച്ച ചാര്‍ട്ടര്‍ ഓഫ് ഡിമാന്റിന്റെ പ്രധാന പ്രത്യേകതകള്‍.

ഈ ആവശ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ചരിത്രത്തിലെ നിര്‍ണായക വഴിത്തിരിവായി കണക്കാക്കുന്ന ഡിവൈഎഫ്ഐയുടെ ഡല്‍ഹി കണ്‍വന്‍ഷന്റെ ആഹ്വാനപ്രകാരമുള്ള ദേശീയപ്രക്ഷോഭമാണ് 26ന് രാജ്യവ്യാപകമായി സംഘടിപ്പിക്കപ്പെടുന്നത്. മാര്‍ച്ച് രണ്ടാംവാരത്തില്‍ ആരംഭിച്ച പ്രചാരണവാരത്തിന്റെ തുടര്‍ച്ചയാണ് 26ന്റെ പ്രക്ഷോഭം. തൊഴിലില്ലായ്മയ്ക്കും തൊഴില്‍തകര്‍ച്ചയ്ക്കുമെതിരെയുള്ള പ്രക്ഷോഭത്തോടൊപ്പം, അസംഘടിതമേഖലയിലെ യുവതൊഴിലാളികള്‍ അനുഭവിക്കുന്ന കടുത്ത തൊഴില്‍ചൂഷണത്തിനെതിരായ ഇടപെടലും പ്രക്ഷോഭവും യുവജനപ്രസ്ഥാനത്തിന്റെ അജന്‍ഡയിലേക്ക് വരികയാണ്.

ആഗോള സാമ്പത്തികപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വളര്‍ച്ചനിരക്കും തൊഴിലവസരങ്ങളും തമ്മിലുള്ള ബന്ധമില്ലായ്മ ലോകവ്യാപകമാണ്. പ്രതിസന്ധിയെ മുതലാളിത്തലോകം മറികടന്നു, വളര്‍ച്ചനിരക്ക് വര്‍ധിച്ചുതുടങ്ങി എന്നെല്ലാം പ്രചരിപ്പിക്കുമ്പോഴും വസ്തുതകള്‍ നേരെമറിച്ചാണ്. അമേരിക്കയില്‍ 2007ലെ പ്രതിസന്ധി ആരംഭിക്കുമ്പോഴുണ്ടായിരുന്ന 77 ലക്ഷത്തിന്റെ തൊഴിലില്ലായ്മ 2009ല്‍ 1.5 കോടിയായി മാറുകയാണുണ്ടായത്. വളര്‍ച്ചനിരക്കിനിടയില്‍ നഷ്ടമാകുന്ന ലക്ഷക്കണക്കിനു തൊഴിലവസരങ്ങള്‍, ചര്‍ച്ചയാകാതിരിക്കാന്‍ അത്തരം വിവരശേഖരണംതന്നെ അവസാനിപ്പിക്കുകയാണ് 2009 ജനുവരിയോടെ ലേബര്‍ ബ്യൂറോ ചെയ്തത്. ഭാരതീയ റിസര്‍വ് ബാങ്ക് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ ഗുജറാത്ത് ലേബര്‍ ഡിപ്പാര്‍ട്മെന്റിന്റെ ഡാറ്റ പ്രകാരം, പ്രതിസന്ധിക്കുശേഷം ഗുജറാത്തിലെ ജ്വല്ലറിമേഖലയില്‍മാത്രം നാലു ലക്ഷം പേര്‍ തൊഴില്‍ രഹിതരരായി. കയറ്റുമതി അധിഷ്ഠിതമേഖലയില്‍ മാത്രമായ UNCTAD കണക്കു പ്രകാരം 2008-09ല്‍ 11 ലക്ഷവും 2009-10ല്‍ 13 ലക്ഷവും പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ സര്‍വീസിലോ പൊതു മേഖലാ സ്ഥാപനങ്ങളിലോ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നിഷ്കരുണമായ തൊഴില്‍നിഷേധമോ നിയമന നിരോധനമോ, തസ്തിക വെട്ടിക്കുറയ്ക്കലോ പരിഗണിക്കാനിരിക്കുന്നതേയുള്ളൂ.

ഇതുകൊണ്ടാണ് കുടിയേറ്റത്തിന് ദ്വിമുഖ രീതിയാണ് ഇപ്പോള്‍ എന്നുപറയുന്നത്. 300ല്‍ അധികം ജില്ലയില്‍ വരള്‍ച്ചയുണ്ടാക്കിയ തകര്‍ച്ചയും ഭീതിദമായ കൃഷിത്തകര്‍ച്ചയും കാരണം ഗ്രാമീണ ഇന്ത്യ ദുരിതത്തിലാറാടുമ്പോഴാണ്, നഗരങ്ങളില്‍നിന്ന് ഗ്രാമങ്ങളിലേക്കും തിരിച്ചും തൊഴില്‍ നഷ്ടപ്പെട്ടവര്‍ പലായനംചെയ്തുകൊണ്ടിരിക്കുന്നത്. ചരിത്രത്തില്‍ ഒരിക്കലും ഇല്ലാത്ത അരക്ഷിതാവസ്ഥയിലൂടെയാണ് ഇന്ത്യന്‍ യൌവ്വനം കടന്നുപോകുന്നത്. മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 65 ശതമാനവും ഉള്‍ക്കൊള്ളുന്ന സേവനമേഖല കേവലം 17 ശതമാനംമാത്രമാണ് തൊഴില്‍ പ്രദാനംചെയ്യുന്നത്. ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 17 ശതമാനം സംഭാവനചെയ്യുന്ന കാര്‍ഷികമേഖലയാകട്ടെ 54 ശതമാനം തൊഴില്‍ശക്തിയെയാണ് വഹിച്ചുകൊണ്ടിരിക്കുന്നത്. വ്യാവസായികമേഖലയാകട്ടെ ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 18 ശതമാനവും തൊഴില്‍ശക്തിയുടെ 18 ശതമാനവും എന്ന നിലയില്‍ ഏറെക്കുറെ സമരസപ്പെട്ടുപോകുന്നു.

വളര്‍ച്ച നിരക്കിന്റെ പ്രചാരണഘോഷങ്ങള്‍ക്കിടയില്‍ മറഞ്ഞു കിടക്കുന്ന കാര്യം, കാര്‍ഷികമേഖലയിലെ വളര്‍ച്ച കീഴ്പ്പോട്ടാണ് എന്നതാണ്. അത് മൂന്നുശതമാനത്തിലും താഴോട്ടാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. വളരുന്ന മേഖലയില്‍ തൊഴിലില്ല. തൊഴില്‍ശക്തി കേന്ദ്രീകരിച്ചിരിക്കുന്നിടത്ത് വളര്‍ച്ചയുമില്ല എന്ന ഈ അവസ്ഥ വ്യക്തമാക്കുന്നത് തൊഴില്‍രാഹിത്യത്തിന്റെ ഭീകരാവസ്ഥയാണ്. തൊഴില്‍ശക്തിയെ സ്വീകരിക്കാന്‍ തയ്യാറില്ലാത്ത സാമ്പത്തിക വളര്‍ച്ചയാണ് ഇന്ത്യയിലെ യുവജനസമൂഹം നേരിടുന്ന മുഖ്യ പ്രശ്നം.

ഈ പശ്ചാത്തലത്തില്‍ തൊഴില്ലായ്മയും സുരക്ഷിത തൊഴിലിന്റെ അഭാവവും തുച്ഛകൂലിക്ക് അടിമവേല ചെയ്യുന്ന യുവകോടികളുടെ അവസ്ഥയും എല്ലാംകൂടി ഉള്‍പ്പെടുന്നതാണ് ഡിവൈഎഫ്ഐ ഇടപെടേണ്ട മേഖല. ആ നിലയ്ക്ക് പ്രക്ഷോഭങ്ങള്‍ വികസിപ്പിക്കാന്‍ ഇന്ത്യയിലാദ്യമായി ഒരു യുവജനപ്രസ്ഥാനം തീരുമാനിക്കുകയാണ്. അത്തരം വിപുലമായ പ്രക്ഷോഭങ്ങളുടെ തുടക്കമായിരിക്കും 26ന്റെ ദേശീയ പ്രക്ഷോഭം. തുടര്‍ന്ന് 28ന് ഇടതുപക്ഷ യുവജന സംഘടനകളുടെ സംയുക്ത കവന്‍ഷന്‍ ഡല്‍ഹിയില്‍ വീണ്ടും ചേരും. സംയുക്ത യുവജന പ്രക്ഷോഭം വ്യാപിപ്പിക്കാനും ശക്തമാക്കാനും തീരുമാനമെടുക്കും.

ശ്രീരാമകൃഷ്ണന്‍ ദേശാഭിമാനി 260310

ആയുധക്കുത്തകകള്‍ക്ക് പരവതാനിയോ?

ലോകത്തെ ആയുധ വ്യവസായക്കുത്തകകള്‍ക്ക് ഇന്ത്യയിലേക്കുള്ള വാതിലുകള്‍ തുറക്കപ്പെടുന്നു. ഇന്ത്യയില്‍ പടുകൂറ്റന്‍ യുദ്ധോപകരണ നിര്‍മാണശാലകള്‍ സ്ഥാപിച്ച് ആയുധങ്ങളുണ്ടാക്കി ഇന്ത്യക്ക് പുറത്തേക്കടക്കം വില്‍പ്പന നടത്താനുള്ള സൌകര്യം ആയുധഭീമന്മാര്‍ക്ക് ചെയ്തുകൊടുക്കാന്‍ യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചതായാണ് വാര്‍ത്തകള്‍ വന്നിട്ടുള്ളത്. യുദ്ധ വ്യവസായത്തിനായി നൂറുശതമാനം വിദേശ നിക്ഷേപം അനുവദിക്കാനുള്ള കരടുശുപാര്‍ശ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണ്. വാണിജ്യ മന്ത്രാലയത്തില്‍ രൂപംകൊണ്ട ഇതുസംബന്ധിച്ച രേഖ കേന്ദ്രക്യാബിനറ്റ് സെക്രട്ടറിയറ്റിന്റെ പരിഗണനയിലാണെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. ആയുധ നിര്‍മാണരംഗത്തെ 'പരിണതപ്രജ്ഞരായ കളിക്കാര്‍ക്ക്' കടന്നുവരാനുള്ള അവസരം ഒരുക്കാന്‍ എന്ന പേരിലാണ് ഈ നീക്കം. ഈ കമ്പനികളില്‍നിന്ന് ഉല്‍പ്പന്നങ്ങള്‍ വാങ്ങുമെന്ന ഉറപ്പ് രാജ്യം നല്‍കേണ്ടതില്ലെന്നും രേഖ പറയുന്നു. ആയുധ ഇടപാടുകളിലെ ഇടനിലക്കാരെയും അഴിമതിക്കാരെയും ഒഴിവാക്കാനുള്ള നടപടിയാണ് ഇതെന്ന വിശദീകരണവും വന്നിട്ടുണ്ട്. രാജ്യത്തിന് അനിവാര്യമായ ആവശ്യം വരുമ്പോള്‍ ആയുധ ഫാക്ടറികള്‍ മതിയായ പ്രതിഫലം നല്‍കി ഏറ്റെടുക്കാനും വ്യവസ്ഥചെയ്യുമത്രെ. അതോടൊപ്പം 'ശത്രു'രാജ്യങ്ങള്‍ക്ക് ആയുധം വില്‍ക്കുന്നത് തടയുമെന്നും പറയുന്നു. യഥാര്‍ഥത്തില്‍ വന്‍കിട ആയുധക്കച്ചവടക്കാര്‍ക്കും നിര്‍മാതാക്കള്‍ക്കും ഇന്ത്യയില്‍ ആധിപത്യമുറപ്പിക്കാനുള്ളതാണ് ഈ നീക്കം. ഇതാകട്ടെ, യുപിഎ നേതൃത്വത്തിന്റെ തീരുമാനമില്ലാതെ വന്ന ഒന്നല്ല.

ജവാഹര്‍ലാല്‍ നെഹ്റുവില്‍നിന്ന് കോണ്‍ഗ്രസ് പരിപൂര്‍ണമായി അകലുകയാണ്. ആയുധ നിര്‍മാണരംഗത്ത് സ്വകാര്യ മേഖലയെ അടുപ്പിക്കരുതെന്നും പൊതുമേഖലയില്‍ യുദ്ധോപകരണങ്ങള്‍ നിര്‍മിക്കട്ടെ എന്നുമാണ് നെഹ്റു എടുത്ത നിലപാട്. പില്‍ക്കാലത്ത് കേന്ദ്ര ഭരണകക്ഷിയുടെ കറവപ്പശുവായി പ്രതിരോധ ഇടപാടുകള്‍ മാറി. സമീപകാലത്ത് ബൊഫോഴ്സ്മുതല്‍ ഉയര്‍ന്നുവന്ന വമ്പന്‍ അഴിമതികളില്‍ ഏറിയ പങ്കും പ്രതിരോധ ഇടപാടുകളിലാണ്. രാജ്യരക്ഷയുടെ സുപ്രധാന ഘടകമാണ് മികവുറ്റ ആയുധങ്ങള്‍. ഇന്ത്യയില്‍ നിര്‍മിച്ച് വില്‍പ്പന നടത്തുന്ന ആയുധങ്ങള്‍ ഇന്ത്യക്കെതിരെതന്നെ ഉപയോഗിക്കപ്പെടുന്ന അവസ്ഥയാണ് യുദ്ധോപകരണ കുത്തകകള്‍ക്ക് പരവതാനി വിരിക്കുന്നതിലൂടെ സൃഷ്ടിക്കപ്പെടുക.

ഇതൊന്നുമല്ലാതെ തന്നെ അടുത്ത രണ്ടുവര്‍ഷം ഭീമമായ തോതില്‍ ആയുധം വാങ്ങാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറെടുത്തിരിക്കുകയാണ്. ശതകോടി ഡോളറുകളുടെ ഇടപാടിനായി ആഗോളതല ആയുധ വ്യാപാരികള്‍ ന്യൂഡല്‍ഹിയില്‍ തമ്പടിച്ചിരിക്കുന്നു. ഇതിന് തുടക്കമായി ആയിരത്തിലേറെ കോടി ഡോളര്‍ ചെലവിട്ട് 126 പോര്‍വിമാനം വാങ്ങുന്നതിന്റെ വിലപേശല്‍ അധികാരകേന്ദ്രങ്ങളില്‍ സജീവമായി നടക്കുന്നുണ്ട്. അമേരിക്കന്‍ സൈനികവ്യവസായ ശൃംഖലയുടെ ദല്ലാളന്മാര്‍ സ്വാധീന-സമ്മര്‍ദ-പ്രലോഭനങ്ങളുമായി ചുറ്റിയടിക്കുന്നു.

നെഹ്റുവിന്റെ കാലമായ 50-60കളില്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ പ്രതിരോധ ഇടപാടില്ലായിരുന്നു. ഇരുരാജ്യവും തമ്മില്‍ 2005ല്‍ പ്രതിരോധസഹകരണ കരാര്‍ ഒപ്പിട്ടതോടെയാണ് ഇടപാടുകള്‍ സജീവമായത്. കഴിഞ്ഞവര്‍ഷം ന്യൂഡല്‍ഹി 570 കോടി ഡോളറിന്റെ ആയുധം വാങ്ങിയതോടെ അമേരിക്കയുടെ താല്‍പ്പര്യം വര്‍ധിച്ചു. പുതിയ നീക്കവും അമേരിക്കന്‍ ആയുധക്കുത്തകകള്‍ക്കു വേണ്ടിയുള്ളതാണ്. വന്‍കിട ബിസിനസുകാര്‍ക്കും വിദേശമൂലധനത്തിനും കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന സാമ്പത്തിക നയങ്ങളുടെ ഭാഗവുമാണിത്.

സിപിഐ എം പത്തൊന്‍പതാം പാര്‍ടികോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയതുപോലെ, "കൂടുതല്‍ സ്വകാര്യവല്‍ക്കരണം, വന്‍കിട ബൂര്‍ഷ്വാസിയുടെ മൂലധന കേന്ദ്രീകരണം, സമൂഹത്തിന്റെ എല്ലാ മേഖലകളിലും വിദേശമൂലധനത്തിന്റെ കടന്നുകയറ്റം'' - ഇതാണ് നവലിബറല്‍ നയങ്ങള്‍ കൊണ്ടുണ്ടായത്.

ടെലികോമില്‍ 74 ശതമാനം വിദേശ മൂലധനം, ഇന്‍ഷുറന്‍സിലും ബാങ്കിങ്ങിലും വിദേശ മൂലധന നിക്ഷേപം വര്‍ധിപ്പിക്കാനുള്ള യത്നം, ചില്ലറ വ്യാപാരത്തില്‍ ഭാഗികമായി വിദേശ മൂലധനത്തെ പ്രവേശിപ്പിക്കല്‍, കെട്ടിട വ്യാപാരത്തില്‍ വിദേശ മൂലധന നിക്ഷേപം, പൂര്‍ണമായ ക്യാപിറ്റല്‍ അക്കൌണ്ട് പരിവര്‍ത്തനം, കൃഷിയെ കോര്‍പറേറ്റ് രൂപത്തിലാക്കലും കരാര്‍ കൃഷിയും, ഭക്ഷ്യധാന്യ ശേഖരണം അവസാനിപ്പിക്കാനും ഭക്ഷ്യധാന്യ വ്യാപാരം സ്വകാര്യവല്‍ക്കരിക്കാനുമുള്ള യത്നങ്ങള്‍, ലാഭകരമായി നടക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കാനുള്ള ശ്രമങ്ങള്‍, ഉന്നത വിദ്യാഭ്യാസത്തില്‍ വിദേശ മൂലധനത്തെ പ്രവേശിപ്പിക്കാനുള്ള ശ്രമം എന്നിവയുടെയെല്ലാം തുടര്‍ച്ചയും ഉയര്‍ന്ന രൂപവുമാണ് വിദേശ ആയുധക്കമ്പനികള്‍ക്ക് പരിപൂര്‍ണ നിക്ഷേപ സ്വാതന്ത്ര്യം നല്‍കാനുള്ള നീക്കം.

ലോകത്താകെയുള്ള ആയുധ നിര്‍മാതാക്കളില്‍ പാതിയിലേറെയും അമേരിക്കയിലാണ്. അമേരിക്കന്‍ ആയുധക്കുത്തകകളാണ് ആ രാജ്യത്തിന്റെ വിദേശ നയവും എവിടെയൊക്കെ യുദ്ധം സൃഷ്ടിക്കണം എന്നതുപോലും നിശ്ചയിക്കുന്നത്. ആണവ സഹകരണ കരാറെന്നപോലെ, ആയുധ നിര്‍മാതാക്കള്‍ക്ക് ലാഭമുണ്ടാക്കാനുള്ള കരാറുകള്‍ക്കായി പ്രചാര-ക്യാന്‍വാസിങ് പ്രവര്‍ത്തനം നടത്താന്‍ അമേരിക്കന്‍ വിദേശസെക്രട്ടറിമാര്‍ ലോകം ചുറ്റാറുണ്ട്. പുതിയ നീക്കത്തിനുപിന്നിലും അത്തരം അമേരിക്കന്‍ സമ്മര്‍ദമാണെന്നത് മറച്ചുവയ്ക്കാവുന്ന വസ്തുതയല്ല. ഇരുവശവും മൂര്‍ച്ചയുള്ള ആയുധമാണ് പുതിയ നീക്കം. ഒന്നാമത്തെ മുറിവേല്‍ക്കുക രാജ്യത്തിന്റെ സുരക്ഷയ്ക്കുതന്നെയാണ്. അടുത്തത് സമ്പത്തിനും അതിലൂടെ ജനകോടികളുടെ ജീവിതത്തിനും. എത്രതന്നെ ന്യായീകരണം നിരത്തിയാലും പൊറുക്കാവുന്ന നീക്കമല്ലിത്. ജനങ്ങളുടെ കടുത്ത പ്രതികരണം ഉയര്‍ന്നേ തീരൂ. കേരളത്തില്‍ എട്ടു പുതിയ പൊതുമേഖലാ വ്യവസായം ഒരുവര്‍ഷത്തിനകം ആരംഭിക്കാന്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ തീരുമാനിച്ച ഘട്ടത്തില്‍ത്തന്നെ മര്‍മപ്രധാനമായ ആയുധ നിര്‍മാണ മേഖലയില്‍ വിദേശഭീമന്മാരെ ക്ഷണിച്ചുകൊണ്ടുവന്ന് ആദരിക്കാന്‍ കേന്ദ്ര യുപിഎ സര്‍ക്കാര്‍ നീങ്ങുന്നതിലൂടെ രണ്ടു നയങ്ങള്‍ തമ്മിലുള്ള അന്തരം ഒന്നുകൂടി വ്യക്തമാകുന്നു.

ദേശാഭിമാനി മുഖപ്രസംഗം 260310

Thursday, March 25, 2010

നേത്രദാനം

ഇന്ത്യയില്‍ വര്‍ഷം ഒരുലക്ഷം നേത്രം ദാനമായി ലഭിക്കേണ്ടിടത്ത് 2200 മാത്രമേ കിട്ടുന്നുള്ളൂ എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഓരോ വര്‍ഷവും അന്ധതയുടെ ദൌര്‍ഭാഗ്യത്തില്‍നിന്ന് പുറത്തുകടക്കാവുന്ന 97800 പേര്‍ക്ക് നേത്രപടലം ലഭ്യമല്ലാത്തതിനാല്‍ അതിന് കഴിയുന്നില്ല എന്നതാണ് ഇതിന്റെ മറുവശം. ജ്യോതിബസുവിനെപ്പോലുള്ള ഉന്നത നേതാക്കള്‍ മരണാനന്തരം കണ്ണുകള്‍ ദാനംചെയ്തതും ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റം മാര്‍ത്തോമ്മാ വലിയ മെത്രാപോലീത്ത കണ്ണുകള്‍ ദാനംചെയ്യുന്നതിനുള്ള സമ്മതപത്രം നല്‍കിയതും നേത്രദാനത്തിന്റെ പ്രാധാന്യം ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ സഹായകമാണ്. മതപരമായ ചില വിലക്കുകളും ബന്ധുക്കളുടെ വൈകാരികമായ എതിര്‍പ്പും നേത്രദാനമെന്നാല്‍ കണ്ണുകളാകെ പറിച്ചെടുത്ത് ദാനം ചെയ്യുന്നതാണെന്ന തെറ്റിദ്ധാരണയുമൊക്കെയാണ് കൂടുതല്‍ പേരെയും സമ്മത പത്രം നല്‍കുന്നതില്‍നിന്ന് പിന്തിരിപ്പിക്കുന്നത്. ഈ രംഗത്ത് ബോധവല്‍ക്കരണമാണ് പ്രധാനം. കേരളത്തിലെ മുഴുവന്‍ വിദ്യാര്‍ഥികളും ഒറ്റനാളില്‍ നേത്രദാന സമ്മതപത്രം ഒപ്പിടുന്ന പദ്ധതിക്ക് വിദ്യാഭ്യാസ വകുപ്പ് രൂപം കൊടുക്കുമെന്ന മന്ത്രി എം എ ബേബിയുടെ പ്രഖ്യാപനം സര്‍വാത്മനാ സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. മന്ത്രിതന്നെ പറഞ്ഞതുപോലെ ഭരണ-പ്രതിപക്ഷ നേതൃത്വവും, ത്രിതല പഞ്ചായത്തുകളും അധ്യാപക രക്ഷാകര്‍തൃസമിതികളുമായി ആലോചിച്ച് നടപ്പാക്കുന്ന ഈ പരിപാടി ഏറ്റവും മികച്ച ബോധവല്‍ക്കരണ പ്രവര്‍ത്തനമാണ്. കേരളത്തില്‍ നേത്രദാനം പ്രോത്സാഹിപ്പിക്കുന്ന നിരവധി പരിശ്രമങ്ങള്‍ നടക്കുന്നുണ്ട്. അവയെ കൂട്ടിയോജിപ്പിക്കാനും വിദ്യാര്‍ഥികളെ നേത്രദാന പ്രചാരകരാക്കാനും പുതിയ പദ്ധതിക്ക് കഴിയേണ്ടതുണ്ട്. രക്തദാന സേനതന്നെ രൂപീകരിക്കാന്‍ ഡിവൈഎഫ്ഐയെപ്പോലുള്ള സംഘടനകള്‍ മുന്‍കൈയെടുത്ത അനുഭവം നമ്മുടെ മുന്നിലുണ്ട്. അത്തരത്തില്‍ വ്യാപകമായ പ്രചാരണവും സംഘാടനവും നേത്രദാനസംഘങ്ങളുടെ രൂപീകരണത്തിലുമുണ്ടാകണം.

deshabhimani editorial 250310

8 പുതിയ പൊതുമേഖലാ വ്യവസായം ഒരുവര്‍ഷത്തിനകം

എട്ട് പുതിയ പൊതുമേഖലാ വ്യവസായസംരംഭങ്ങള്‍ ഒരു വര്‍ഷത്തിനകം യാഥാര്‍ഥ്യമാക്കാന്‍ വ്യവസായവകുപ്പ് നടപടിയാരംഭിച്ചു. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന പൊതുമേഖലാസ്ഥാപനങ്ങളുടെ മിച്ചഫണ്ടും പുതിയ നിക്ഷേപവും ഉപയോഗപ്പെടുത്തിയാകും പുതിയ വ്യവസായ സംരംഭങ്ങള്‍. 129 കോടി മുതല്‍മുടക്കില്‍ ആരംഭിക്കുന്ന ഈ സ്ഥാപനങ്ങള്‍ ആയിരക്കണക്കിനു തൊഴിലവസരം സൃഷ്ടിക്കും. വ്യവസായങ്ങളുടെ പ്രോജക്ട് റിപ്പോര്‍ട്ട് അടക്കമുള്ള കാര്യങ്ങള്‍ തയ്യാറാക്കാന്‍ വ്യവസായവകുപ്പ് ഉന്നതതലയോഗം തീരുമാനിച്ചു. കോമളപുരത്ത് സ്ഥാപിക്കുന്ന സ്പിന്നിങ് ആന്‍ഡ് വീവിങ് മില്ലിനാണ് ഏറ്റവും കൂടുതല്‍ മുതല്‍മുടക്ക് കണക്കാക്കുന്നത്, 36 കോടി രൂപ. കണ്ണൂരില്‍ 20 കോടി വിനിയോഗിച്ച്് ആധുനിക നെയ്ത്ത് ഫാക്ടറിയും. കാസര്‍കോട്ട് 20 കോടി രൂപ നിക്ഷേപത്തോടെ ടെക്സ്റ്റൈല്‍ മില്ലുമാണ് തുടങ്ങുന്നത്. കണ്ണൂരില്‍ ട്രാക്കോ കേബിള്‍സിന്റെ യൂണിറ്റ് ആരംഭിക്കും. 12 കോടിയാണ് മുതല്‍മുടക്ക്്. കോഴിക്കോട്ട് 12 കോടി ചെലവില്‍ സിഡ്കോയുടെ ടൂള്‍ റൂം, കുറ്റിപ്പുറത്ത് 12 കോടി വിനിയോഗിച്ച് കെല്‍ട്രോണിന്റെ കെല്‍ട്രാക് ടൂള്‍ റൂം, ഷൊര്‍ണൂരില്‍ 12 കോടി ചെലവില്‍ ഫോര്‍ജിങ് യൂണിറ്റ്, പാലക്കാട്ട് അഞ്ചു കോടി മുതല്‍മുടക്കില്‍ യുണൈറ്റഡ് ഇലക്ട്രിക്കല്‍സിന്റെ മീറ്റര്‍ ഫാക്ടറി എന്നിവയാണ് തുടങ്ങുന്നത്.

കൂടുതല്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിലാണ് വ്യവസായമേഖലയ്ക്ക് പുതിയ പ്രതീക്ഷ നല്‍കി എട്ട് പുതിയ സ്ഥാപനത്തിനു തുടക്കം കുറിക്കുന്നത്. ഒരുവര്‍ഷത്തിനകം ഇവ കമീഷന്‍ ചെയ്യാനാണ് ലക്ഷ്യമിടുന്നത്. വ്യവസായങ്ങള്‍ സ്ഥാപിക്കാനാവശ്യമായ ഭൂമി, നിക്ഷേപം തുടങ്ങിയവയെക്കുറിച്ച് വിശദമായ തുടര്‍ചര്‍ച്ച നടക്കും. സമയബന്ധിതമായി പുതിയ സംരംഭങ്ങള്‍ക്ക് തുടക്കംകുറിക്കാന്‍ ഉന്നതതല യോഗത്തില്‍ ധാരണയായി. സംസ്ഥാനത്തെ എല്ലാ പൊതുമേഖലാ സ്ഥാപനവും ലാഭമാക്കാനുള്ള നടപടികളിലാണ് വ്യവസായവകുപ്പും സര്‍ക്കാറും. യുഡിഎഫ് ഭരണകാലത്ത് പൂട്ടുകയും വില്‍പ്പനയ്ക്ക് വയ്ക്കുകയും ചെയ്തവ അടക്കം പുനരുജ്ജീവിപ്പിക്കാനും ലാഭത്തിലേക്ക് നയിക്കാനും വ്യവസായവകുപ്പിനായി. പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭം ഉയരുകയും ചെയ്തു. ഇതിന്റെ ചുവടുപിടിച്ചാണ് പുതിയ എട്ടു വ്യവസായംകൂടി ആരംഭിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. പുതിയ സ്ഥാപനങ്ങള്‍ തുടങ്ങാനാവശ്യമായ സാഹചര്യം ഒരുക്കുന്നതിന് നിലവിലുള്ള സ്ഥാപനങ്ങളുടെ മിച്ചഫണ്ട് നിക്ഷേപനയത്തില്‍ മാറ്റംവരുത്തുകയും ചെയ്തു. ഇതോടെ മിച്ചമുള്ള ഫണ്ട് പുതിയ സ്ഥാപനങ്ങള്‍ തുടങ്ങാനോ നിലവിലുള്ളവയുടെ വിപുലീകരണത്തിനോ നല്‍കാം. ഓഹരിയായോ വായ്പയായോ മിച്ചമുള്ള തുക നല്‍കാന്‍ കഴിയും. വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ വിപുലീകരണത്തിനായി 275 കോടി നീക്കിവച്ചിട്ടുമുണ്ട്.

deshabhimani 250310

Wednesday, March 24, 2010

ഫ്രാന്‍സിലെ ഇടതു വിജയം

പടിഞ്ഞാറന്‍ യൂറോപ്പിലെ പ്രബലരാജ്യവും എണ്ണപ്പെട്ട ലോക സാമ്പത്തിക ശക്തിയുമായ ഫ്രാന്‍സ് ഫ്രഞ്ച് വിപ്ളവത്തിന്റെ മഹത്തായ പാരമ്പര്യമുള്‍ക്കൊള്ളുന്നു. അധിനിവേശത്തിലൂടെയും കോളനി വല്‍ക്കരണത്തിലൂടെയും ലോകത്തിന്റെ നാനാഭാഗത്തും സാന്നിധ്യമുറപ്പിച്ചിരുന്ന ഫ്രാന്‍സിന് എക്കാലത്തും മേധാപരമായ പങ്കാണ് ലോകരാഷ്ട്രീയത്തില്‍ ലഭിച്ചുപോന്നത്. ഇപ്പോഴത്തെ പ്രസിഡന്റ് നിക്കോളസ് സര്‍ക്കോസി അധികാരത്തില്‍ വന്നപ്പോള്‍ ഫ്രാന്‍സിന്റെ 'തിരിച്ചുപോക്ക്' ആയാണ് വിലയിരുത്തപ്പെട്ടത്. തീവ്ര വലതുപക്ഷത്തുനില്‍ക്കുകയും കടുത്ത തൊഴിലാളി ദ്രോഹനടപടികള്‍ പ്രഖ്യാപിക്കുകയും ഉന്മത്ത ജീവിതം നയിക്കുകയുംചെയ്യുന്ന സര്‍ക്കോസി ആഗോളവല്‍ക്കരണത്തിന്റെ ബ്രാന്‍ഡ് അംബാസഡറായി പരിഗണിക്കപ്പെടുന്നു.

ആ സര്‍ക്കോസിയും അദ്ദേഹത്തിന്റെ വലതുപക്ഷ കൂട്ടുകെട്ടും ഫ്രാന്‍സിലെ ജനങ്ങളില്‍നിന്ന് തീര്‍ത്തും ഒറ്റപ്പെടുന്നതാണ് കഴിഞ്ഞ ദിവസം നടന്ന പ്രവിശ്യാസഭാ തെരഞ്ഞെടുപ്പില്‍ കണ്ടത്. 22 പ്രവിശ്യയില്‍ 21ലും ഇടതുപക്ഷത്തിന് ചരിത്രവിജയം ലഭിച്ചു. പോള്‍ചെയ്ത വോട്ടിന്റെ 54.12 ശതമാനം നേടിയ സോഷ്യലിസ്റ്റ്-ഇടതുപക്ഷ കക്ഷികള്‍ സര്‍ക്കോസിയുടെ വലതുപക്ഷ കക്ഷിയായ യുഎംപിയെ ഫ്രഞ്ച് ഗയാന പ്രവിശ്യയില്‍ ഒതുക്കി. സര്‍ക്കോസി ഭരണത്തിനെതിരെ ഫ്രാന്‍സില്‍ കടുത്ത രോഷമാണുയര്‍ന്നിട്ടുള്ളത്. അഞ്ചുലക്ഷം പൊതുമേഖലാ തൊഴിലാളികള്‍ അണിചേര്‍ന്ന ഐതിഹാസികമായ പണിമുടക്കുള്‍പ്പെടെ, ജീവിതത്തിന്റെ നാനാ മേഖലകളിലുമുള്ളവര്‍ പ്രക്ഷോഭരംഗത്തിറങ്ങിയിരുന്നു.

ജനങ്ങളുടെ സംഘടിതമായ ചെറുത്തുനില്‍പ്പു കാരണം, ആഗോളവല്‍ക്കരണ നയങ്ങളുടെ സമ്മര്‍ദത്തിലും ക്ഷേമപദ്ധതികള്‍ ഒരു പരിധിവരെയെങ്കിലും നിലനിര്‍ത്താന്‍ നിര്‍ബന്ധിതമായിട്ടുള്ള രാജ്യമാണ് ഫ്രാന്‍സ്. എന്നാല്‍, ഇംഗ്ളണ്ട്, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ ക്ഷേമപദ്ധതികളോട് വിടപറഞ്ഞ് സാമ്പത്തിക മത്സരത്തില്‍ മുന്നിലെത്തി.ഫ്രാന്‍സിന്റെ വ്യാപാരകമ്മി വര്‍ധിച്ചുവന്നു. അനേകവര്‍ഷങ്ങള്‍കൊണ്ട് ജര്‍മനിയില്‍ നടപ്പാക്കിയ പരിഷ്കാരങ്ങള്‍ ആറുമാസത്തിനുള്ളില്‍ ഫ്രാന്‍സില്‍ നടപ്പാക്കാമെന്നാണ് സര്‍ക്കോസി വീമ്പുപറഞ്ഞത്. തൊഴിലാളികളുടെ ത്യാഗോജ്വലമായ അവകാശപ്പോരാട്ടങ്ങളുടെയും പിന്തിരിപ്പന്‍ നയങ്ങള്‍ ചെറുത്തു പരാജയപ്പെടുത്തിയതിന്റെയും ചരിത്രം വിസ്മരിച്ച് ആഗോളവല്‍ക്കരണ വണ്ടി മുന്നോട്ടുകൊണ്ടുപോയ സര്‍ക്കോസിക്ക് ജനങ്ങള്‍ നല്‍കിയ ശിക്ഷയാണ് ഈ തോല്‍വി.

ആഗോളസാമ്പത്തിക മാന്ദ്യം ഫ്രാന്‍സിനെ കൊടും കുഴപ്പത്തിലാണ് ചാടിച്ചത്. രൂക്ഷമായ തൊഴിലില്ലായ്മ എല്ലാ റെക്കോഡും ഭേദിച്ചു. തൊഴിലില്ലാത്തവരുടെ എണ്ണം 30 ലക്ഷം കവിഞ്ഞു. മാന്ദ്യം നേരിടാന്‍ കൊണ്ടുവന്ന നടപടി കുത്തകകമ്പനികള്‍ക്ക് മാത്രമാണ് ഗുണകരമായത്. രാജ്യത്ത് പൊതുഗതാഗതം, പെന്‍ഷന്‍പരിഷ്കരണം എന്നീ രംഗങ്ങളിലും സര്‍ക്കോസിയുടെ നയങ്ങള്‍ ജനങ്ങളെ രോഷാകുലരാക്കി. ഇതിന്റെയെല്ലാം ഫലമായാണ് സര്‍ക്കോസിയുടെ കക്ഷി ഇടതുപക്ഷ സഖ്യം നേടിയതിന്റെ നേര്‍പകുതി വോട്ടിലേക്ക് തരംതാഴ്ത്തപ്പെട്ടത്. 2012ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നു. ആ തെരഞ്ഞെടുപ്പിലും വലതുപക്ഷത്തിന്റെ ഭാവി ശോഭനമല്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറപ്പിക്കുന്നത്.

ആഗോളവല്‍ക്കരണ നയങ്ങള്‍ക്കു പിന്നാലെ വാശിയോടെ പായുന്ന എല്ലാ ഭരണാധികാരികള്‍ക്കും ഉള്ള പാഠമാണിത്. വിശേഷിച്ചും ഇന്ത്യയെ വലത്തോട്ടും അമേരിക്കന്‍ അടിമത്തത്തിലേക്കും നയിക്കുന്ന യുപിഎ നേതൃത്വത്തിന്.

ദേശാഭിമാനി മുഖപ്രസംഗം 250310

മണല്‍ ക്ഷാമത്തിന് പരിഹാരം

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമായ അസംസ്കൃത വസ്തുവാണ് മണല്‍. മുന്‍കാലങ്ങളില്‍ നദികളിലും തോടുകളിലും മണല്‍ സുലഭമായിരുന്നതിനാല്‍ അതിന്റെ മൂല്യം ആരും കാര്യമായെടുത്തിരുന്നില്ല. കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ സാര്‍വത്രികമായതോടെ മണലിന്റെ ഉപയോഗവും പതിന്മടങ്ങ് വര്‍ദ്ധിച്ചു. അതോടെ നദികളില്‍നിന്നും മറ്റു ജലാശയങ്ങളില്‍നിന്നുമുള്ള മണലൂറ്റിനും ശക്തിപ്രാപിച്ചു. പരിസ്ഥിതിയെ പാടേ അവഗണിച്ചുകൊണ്ടുള്ള മണലൂറ്റ് നദികളുടെ നിലനില്‍പിനെപ്പോലും ചോദ്യംചെയ്യുന്ന ഘട്ടംവരെയെത്തി. മണല്‍ക്ഷാമം എന്നത് വലിയ ഒരു പ്രതിസന്ധിയായി വളര്‍ന്നു. നിര്‍മ്മാണമേഖലയ്ക്ക് മുമ്പോട്ടുപോകാന്‍ കഴിയാത്ത സ്ഥിതിയില്‍ അതെത്തിച്ചു.

മണല്‍ക്ഷാമത്തെ മുതലെടുക്കാന്‍ മാഫിയകള്‍ പല രൂപത്തിലും തരത്തിലും രംഗത്തെത്തി. അതിന്റെ ഫലമായി ഒരു ലോഡു മണലിന് 65,000 രൂപയ്ക്കുമേല്‍ വില നല്‍കേണ്ട അവസ്ഥ സംജാതമായി. പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും വീടുപണി എന്നത് അസാധ്യമായി. മണലിന്റെ അപാരമായ ഈ വിലവര്‍ദ്ധനവ് മദ്ധ്യവര്‍ഗ്ഗത്തിനും ഉപരി മദ്ധ്യവര്‍ഗ്ഗത്തിനുംപോലും താങ്ങാന്‍ വയ്യാത്തഭാരമായി.

മണല്‍ക്ഷാമം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്തു. അന്യസംസ്ഥാനങ്ങളില്‍നിന്ന് മണല്‍ ലഭ്യമാക്കാന്‍ പരമാവധി പരിശ്രമിച്ചു. ഗുജറാത്തില്‍നിന്ന് കപ്പലില്‍ ഇവിടെ മണല്‍ എത്തുകയുണ്ടായല്ലോ?

സംസ്ഥാനത്ത് ഡാമുകളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന മണല്‍ ശേഖരത്തെക്കുറിച്ച് ഗൌരവമായിത്തന്നെ ചിന്തിച്ചത് മണല്‍ക്ഷാമത്തിന്റെ പശ്ചാത്തലത്തിലാണ്. അതുസംബന്ധിച്ചുള്ള പഠനങ്ങള്‍ വളരെ വേഗത്തില്‍ നടന്നു. 2009-10 ലെ ബജറ്റ് പ്രസംഗത്തില്‍ ധനകാര്യമന്ത്രി തോമസ് ഐസക് ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 12,000 കോടി രൂപയ്ക്കും 15,000 കോടി രൂപയ്ക്കും ഇടയിലുള്ള മണല്‍ശേഖരം ഡാമുകളിലുണ്ടെന്നായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തല്‍.

ഡാം മണല്‍ ഉപയോഗപ്പെടുത്തുന്നതിലൂടെ സംസ്ഥാനത്തിന് ബഹുമുഖ നേട്ടങ്ങളാണുള്ളത്. നിര്‍മാണമേഖലയെത്തന്നെ സ്തംഭിപ്പിച്ച മണല്‍ക്ഷാമത്തിന് പരിഹാരമാകും എന്നതാണ് ഒന്ന്. സംസ്ഥാനസര്‍ക്കാരിന് നികുതിയേതര വരുമാനം വന്‍തോതില്‍ വര്‍ദ്ധിക്കും എന്നതാണ് മറ്റൊന്ന്.

മാത്രമല്ല അണക്കെട്ടുകളില്‍ മണലും ചെളിയും വന്‍തോതില്‍ അടിഞ്ഞുകൂടിയിട്ടുണ്ട്. അതുമൂലം അവയുടെ ആഴം 30-40 ശതമാനംവരെ കുറഞ്ഞിട്ടുണ്ട്. ഇവ നീക്കംചെയ്യപ്പെടുന്നതിലൂടെ ഡാമുകളുടെ ജലസംഭരണശേഷി ഗണ്യമായ തോതില്‍ വര്‍ദ്ധിക്കും. വൈദ്യുതി ഉല്‍പാദനരംഗത്ത് അത് നല്ല ഒരു മുതല്‍കൂട്ടായി മാറും.

സര്‍ക്കാര്‍നയം വ്യക്തമാക്കിയതോടെ ദോഷൈകദൃക്കുകളും അസൂയാലുക്കളും ചാടിവീണു. ഇത് നടക്കാത്ത സ്വപ്നമാണെന്നായിരുന്നു അവരുടെ വാദം. ഡാമിന്റെ സുരക്ഷിതത്വത്തെ ബാധിക്കും എന്നായി ചിലര്‍. എന്നാല്‍ സര്‍ക്കാര്‍ നിശ്ചയദാര്‍ഢ്യത്തോടെതന്നെ മുമ്പോട്ടുപോയി. ഡാമിലെ മണ്ണിന്റെ ഘടനയെക്കുറിച്ചും പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചും പഠിക്കാന്‍ ഏജന്‍സികളെ ഏല്‍പിച്ചു. അവര്‍ സമയബന്ധിതമായിത്തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വൃഷ്ടിപ്രദേശത്ത് വനവല്‍ക്കരണം എങ്ങനെ നടത്താം എന്നതിനെക്കുറിച്ച് റിപ്പോര്‍ട്ടുസമര്‍പ്പിക്കുന്നതിന് മറ്റൊരു ഏജന്‍സിയെ ഏല്‍പിച്ചു.

മണല്‍ശേഖരം സുസാധ്യമാക്കുന്നതിന് സര്‍ക്കാര്‍ സാങ്കേതികസമിതിക്ക് രൂപംനല്‍കി. മലമ്പുഴഡാമില്‍നിന്നും തിരുവനന്തപുരത്തെ അരുവിക്കരഡാമില്‍ നിന്നും മണല്‍ശേഖരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വളരെ വേഗത്തില്‍തന്നെ നടന്നു.

മലമ്പുഴ-ചുള്ളിയാര്‍ അണക്കെട്ടുകളില്‍നിന്ന് 2010 ഫെബ്രുവരി ഒന്നാംവാരം മുതല്‍ മാര്‍ച്ച് രണ്ടാംവാരംവരെയുള്ള നാല് ആഴ്ചകള്‍ക്കുള്ളില്‍ മൂന്നരലക്ഷം ക്യൂബിക് മീറ്റര്‍ മണല്‍ എടുക്കാന്‍ കഴിഞ്ഞു. 69 കോടി രൂപയ്ക്കാണ് ഈ മണല്‍ ലേലം ചെയ്തു വിറ്റത്. മലമ്പുഴയിലെ മായപ്പാറ, കല്ലമ്പുഴ, ഒന്നാംപുഴ എന്നീ സ്ഥലങ്ങളില്‍നിന്നാണ് യന്ത്രസംവിധാനത്തിലൂടെ മണല്‍ ഖനനം നടത്തിയത്.

മലമ്പുഴയിലെ മണല്‍ വില്‍പനയിലൂടെ ആദ്യഘട്ടത്തില്‍ 1000 കോടി രൂപയുടെ വരുമാനമാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. മണല്‍ വില്‍പനയുടെ വിഹിതമുപയോഗിച്ച് മലമ്പുഴ പഞ്ചായത്തിന്റെയും മുതലമട പഞ്ചായത്തിന്റെയും വികസനത്തിന് പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒപ്പം പാലക്കാട് ജില്ലയുടെ സമഗ്രവികസനത്തിനും പദ്ധതി നടപ്പാക്കും.

അരുവിക്കരയിലെ മണല്‍ശേഖരണത്തിന് സവിശേഷതകള്‍ പലതാണ്. ദേശീയ തൊഴിലുറപ്പുപദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പാക്കപ്പെടുന്നത്. തൊഴിലാളികളില്‍ ബഹുഭൂരിപക്ഷവും സ്ത്രീകളാണ്. അരുവിക്കര പഞ്ചായത്തുനിവാസികളാണ് ഇവരില്‍ ഭൂരിഭാഗവും. സമീപ പഞ്ചായത്തുകളായ വെള്ളനാട്, ആര്യനാട്, ഉഴമലയ്ക്കല്‍ എന്നീ പഞ്ചായത്തുകളില്‍നിന്നുള്ളവര്‍ക്കും ഇവിടെ തൊഴില്‍ചെയ്യാന്‍ അവസരമൊരുക്കിയിട്ടുണ്ട്.

അഞ്ചു ഘട്ടങ്ങളായി മണല്‍വാരാനാണ് ഉദ്ദേശിച്ചിട്ടുള്ളത്. 21 ലക്ഷം രൂപയാണ് അടങ്കല്‍തുക. പ്രതീക്ഷിത തൊഴില്‍ദിനങ്ങള്‍ 12,140 ആണ്. ഇവര്‍ക്ക് കൂലിയിനത്തില്‍ 15.17 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്.

കാളിയാമൂഴിയിലെ 5 ഹെക്ടര്‍ സ്ഥലത്താണ് ഒന്നാംഘട്ടം. അത് ഫെബ്രുവരിയില്‍ അവസാനിച്ചു. 350 ഘനമീറ്റര്‍ മണല്‍ ഒന്നാംഘട്ടത്തില്‍ ലഭിച്ചു. ഇ എം എസ് ഭവനപദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് മാത്രമേ ഇത് വിതരണംചെയ്യൂ. ആ പ്രക്രിയ ഉടന്‍ ആരംഭിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുകുമാരന്‍ അറിയിച്ചു. ഇപ്പോള്‍ രണ്ടാം ഘട്ടത്തിന്റെ പ്രവര്‍ത്തനം പുരോഗമിക്കുന്നു.

ദേശീയ തൊഴിലുറപ്പു പദ്ധതിയില്‍ വിഭാവനംചെയ്തിട്ടുള്ള എല്ലാ സൌകര്യങ്ങളും ലഭ്യമാക്കാന്‍ ഗ്രാമപഞ്ചായത്തും ജില്ലാ പഞ്ചായത്തും ചേര്‍ന്ന് ഇവിടെ ഒരുക്കിയിട്ടുണ്ട്. ജോലിചെയ്യുന്ന സ്ത്രീകള്‍ക്ക് വിശ്രമിക്കാനുള്ള ഷെഡ്ഡുകള്‍, പ്രാഥമിക ശുശ്രൂഷാ സൌകര്യങ്ങള്‍, ജോലിക്കാരുടെ കുട്ടികളെ നോക്കാനുള്ള ക്രഷ്, അവരെ സംരക്ഷിക്കാന്‍ ആയമാരുടെ സേവനം, ഉച്ചഭക്ഷണം, ഇടവേളകളില്‍ ചായ, രണ്ടുജോടി യൂണിഫോം, തൊപ്പി എന്നിവ ഈ പ്രാദേശിക സര്‍ക്കാരുകള്‍ ഒരുക്കിയിട്ടുണ്ട്.

പ്രാഥമിക ശുശ്രൂഷകള്‍ക്കായി സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍നിന്ന് ഒരു നഴ്സിന്റെ സേവനം സ്ഥിരമായി ലഭ്യമാക്കിയിട്ടുണ്ട്. രണ്ട് ആശാ വളന്റിയര്‍മാരും ഇവിടെ സേവനമനുഷ്ഠിക്കുന്നുണ്ട്. കൂടാതെ ആരോഗ്യക്യമ്പുകളും ഇടയ്ക്ക് സംഘടിപ്പിക്കാറുണ്ട്.

കുടിവെള്ള പദ്ധതിയായ അരുവിക്കരഡാം 1933ല്‍ കമ്മീഷന്‍ ചെയ്തതാണ്. അതുകൊണ്ടുതന്നെ മണല്‍ ശേഖരിക്കുന്നതില്‍ കൂടുതല്‍ അവധാനത ആവശ്യമുണ്ട്. കുടിവെള്ളത്തില്‍ ചെളികലരാതെ സൂക്ഷ്മതയോടെ ചെയ്യേണ്ടതുണ്ട്. ആ ഉത്തമബോധ്യം ഇവിടെ മണല്‍ നീക്കംചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കുണ്ട്; അവര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുണ്ട്. ജില്ലാ പഞ്ചായത്തുപ്രസിഡന്റ് ആനാവൂര്‍ നാഗപ്പനും അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുകുമാരനും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. സുകുമാരന്റെ നേതൃത്വത്തില്‍ എല്ലാദിവസവും അവലോകനയോഗങ്ങള്‍ നടക്കുന്നു.

അരുവിക്കരയില്‍ മണലിനെ സംബന്ധിച്ച് രണ്ടു സര്‍വ്വേകള്‍ നടന്നു. ഉപഗ്രഹസര്‍വ്വേ ആണ് ഒന്ന്. മൈനിംഗ് ആന്റ് ജിയോളജിവകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന പഠനമാണ് മറ്റൊന്ന്. മുകളിലത്തെ ഒന്നരമീറ്റര്‍ താഴ്ചയില്‍ ചെളിയായിരിക്കുമെന്നാണ് രണ്ടു സര്‍വ്വേകളും വ്യക്തമാക്കിയത്.

ചെളിയും മണലും വേര്‍തിരിക്കുന്നതിനുള്ള യന്ത്രത്തിലൂടെ അവയെ പരസ്പരം വേര്‍തിരിക്കുന്നു. ചെളിപാഴാക്കി കളയുകയല്ല. മറിച്ച് അത് വ്യവസായ ആവശ്യത്തിന് ടെന്റര്‍ ക്ഷണിച്ച് വില്‍ക്കുക എന്ന ഭാവനാപൂര്‍ണമായ നടപടിയാണ് സ്വീകരിക്കപ്പെട്ടിട്ടുള്ളത്. ഇഷ്ടിക നിര്‍മ്മിക്കുന്ന കമ്പനികളാണ് ചെളി കരാറിലൂടെ എടുത്തിട്ടുള്ളത്.

മാധ്യമങ്ങള്‍ പലതും കാര്യമറിയാതെ നിരവധി വിമര്‍ശനങ്ങളാണ് അരുവിക്കരയിലെ മണല്‍ ഖനനത്തെക്കുറിച്ച് ഉയര്‍ത്തിയത്. കുടിവെള്ളത്തില്‍ ചെളികലരും, വൈദഗ്ധ്യം നേടിയ തൊഴിലാളികളും ആധുനിക ഉപകരണങ്ങളും വേണം. സ്ത്രീകളെ ഉപയോഗിച്ചുള്ള ജോലി ശരിയാവില്ല. അങ്ങനെ പോകുന്നു വിമര്‍ശനങ്ങള്‍. എന്നാല്‍ അത്തരം വിമര്‍ശനങ്ങളെയെല്ലാം അസ്ഥാനത്താക്കിക്കൊണ്ടാണ് അരുവിക്കരയിലെ മണല്‍ ഖനനം പുരോഗമിക്കുന്നത്. ദേശീയ തൊഴിലുറപ്പുപദ്ധതിക്കുതന്നെ ഈ സംരംഭം മാതൃകയാകുകയും ചെയ്യുന്നു. തൊഴിലാളികളുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടേയും പരസ്പര സഹകരണത്തിന്റെയും കൂട്ടായ്മയുടെയും വിജയംകൂടിയാണിത്.

മലമ്പുഴയിലെയും അരുവിക്കരയിലെയും മണല്‍ സംഭരണയത്നം വിജയകരമായതോടെ സര്‍ക്കാരിന്റെയും ജനങ്ങളുടെയും ആത്മവിശ്വാസം പതിന്മടങ്ങു വര്‍ദ്ധിച്ചു. ദോഷൈകദൃക്കുകളും വിമര്‍ശനക്കാരും പത്തിമടക്കി മാളത്തിലൊളിച്ചു. മണല്‍ക്ഷാമത്തിനു പരിഹാരം കാണാനുള്ള സര്‍ക്കാരിന്റെ ഇഛാശക്തിക്കു ഫലപ്രാപ്തിയായി.

തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍, ഇടുക്കി ജില്ലയിലെ ലോവര്‍ പെരിയാര്‍, കോഴിക്കോട് ജില്ലയിലെ കക്കാട് എന്നീ അണക്കെട്ടുകളില്‍നിന്ന് ഉടന്‍ മണല്‍ ഖനനം നടത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും മണല്‍ ലഭ്യമാക്കാനുള്ള സാധ്യതയാണ് ഉറപ്പായിരിക്കുന്നത്. അതോടൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ നികുതിഇതര വരുമാനത്തില്‍ ഗണ്യമായ വര്‍ദ്ധനവിനുള്ള ആരംഭംകുറിക്കപ്പെട്ടിരിക്കുകയാണ്. 12,000-15,000 കോടി രൂപയ്ക്കുള്ള മണല്‍ശേഖരം സംസ്ഥാനത്തിന്റെ വിവിധ ഡാമുകളിലായുണ്ടെന്നാണ് കണക്ക്. പത്തുവര്‍ഷത്തേക്കെങ്കിലും തുടര്‍ച്ചയായി സര്‍ക്കാരിന് വരുമാനമാര്‍ഗമായി ഈ മേഖല മാറും. വികസനപ്രവര്‍ത്തനങ്ങള്‍ക്കും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ആ പണം ഉപയോഗിക്കപ്പെടുന്നതിലൂടെ വികസനരംഗത്ത് വന്‍ കുതിപ്പിനതിടയാക്കും.

മണല്‍ക്ഷാമം എന്നത് ഭാവനാപൂര്‍ണമായ നടപടിയിലൂടെ പരിഹരിക്കാം എന്ന് സര്‍ക്കാര്‍ കാണിച്ചുതന്നിരിക്കയാണ്. നിര്‍മാണമേഖലയിലെ മുരടിപ്പിന് വലിയതോതില്‍ പരിഹാരമായി അത് മാറുകയാണ്. ഒപ്പം സ്വന്തമായി വീട് എന്ന പാവപ്പെട്ട ജനവിഭാഗങ്ങളുടെ സ്വപ്നത്തിന് ചിറകുനല്‍കുകയുമാണ് സര്‍ക്കാര്‍ ഈ മഹത്തായ പദ്ധതിയിലൂടെ.

ഗിരീഷ് ചേനപ്പാടി Chintha Weekly 260310

കനു സന്യാല്‍


കനു സന്യാല്‍ ആത്മഹത്യചെയ്തു

കൊല്‍ക്കത്ത: നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളില്‍ പ്രമുഖനായ കനു സന്യാല്‍ല്‍ആത്മഹത്യചെയ്തു. 78 വയസ്സായിരുന്നു. ചൊവ്വാഴ്ച പകല്‍ 12.40ന് ഉത്തര ബംഗാളിലെ സിലിഗുരി ഹത്തിഷ്ബിരയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കാണപ്പെട്ടത്. ഏറെനാളായി രോഗബാധിതനായിരുന്നു. അവിവാഹിതനായ സന്യാല്‍ല്‍ഒറ്റയ്ക്കായിരുന്നു താമസം. അകന്ന ബന്ധുവും സിപിഐ എം പ്രവര്‍ത്തകരുമാണ് അദ്ദേഹത്തെ പരിചരിച്ചിരുന്നത്. സംസ്ഥാന സര്‍ക്കാര്‍ ചികിത്സയുള്‍പ്പെടെയുള്ള സഹായങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും സ്വീകരിച്ചില്ല. മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ നിരവധിതവണ അദ്ദേഹത്തെ വസതിയിലെത്തി സന്ദര്‍ശിച്ചിരുന്നു. 1932ല്‍ ല്‍ജനിച്ച കനു സന്യാല്‍ല്‍വിദ്യാര്‍ഥിയായിരിക്കെയാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടനായത്. കര്‍ഷകപ്രസ്ഥാനത്തില്‍ സജീവ പങ്കാളിയായിരുന്നന്ന അദ്ദേഹം അവിഭക്ത കമ്യൂണിസ്റ് പാര്‍ടിയുടെയും പിന്നീട് സിപിഐ എമ്മിന്റെയും നേതൃനിരയില്‍ വന്നു. സിപിഐ എം ഡാര്‍ജിലിങ് ജില്ലാ കമ്മറ്റി അംഗമായിരുന്നു. തുടര്‍ന്ന് ചാരുമജുംദാര്‍, ജംഗല്‍ സന്താള്‍ എന്നിവരോടൊപ്പം 1967ല്‍ നക്സലൈറ്റ് പ്രസ്ഥാനം രൂപീകരിക്കാന്‍ മുന്‍കൈയെടുത്തു. ഉത്തര ബംഗാളിലെ നക്സല്‍ബാരിയിലാണ് സംഘടന രൂപംകൊണ്ടത്. നിരവധി പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത സന്യാല്‍ല്‍ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്. സിപിഐ(എംഎല്‍) പ്രസ്ഥാനത്തിലായിരുന്നപ്പോള്‍ അറസ്റിലായ അദ്ദേഹത്തെ ഇടതുമുന്നണി സര്‍ക്കാരാണ് മോചിപ്പിച്ചത്. പില്‍ക്കാലത്ത് ഉന്മൂലന നയങ്ങളെ എതിര്‍ത്ത സന്യാല്‍, ചാരുമജുംദാര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമായും തെറ്റിപ്പിരിഞ്ഞു. നക്സലുകള്‍ പല ഗ്രൂപ്പായി ചിതറിയപ്പോള്‍ മിതവാദി പക്ഷത്താണ് സന്യാല്‍ നിലയുറപ്പിച്ചത്. മാവോയിസ്റ്റ് നയങ്ങളെയും അദ്ദേഹം ശക്തമായി എതിര്‍ത്തു. മാവോയിസ്റ്റുകളുടെ കൊലപാതക രാഷ്ട്രീയത്തെ ഭീകരപ്രവര്‍ത്തനമായാണ് സന്യാല്‍ വിശേഷിപ്പിച്ചത്.
(ഗോപി)

ഭീകരതയെ തള്ളിപ്പറഞ്ഞ നക്സല്‍ നേതാവ്

ഇന്ത്യയിലെ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ആദ്യനായകരില്‍ രണ്ടാമനായിരുന്നു കനു സന്യാല്‍. നക്സല്‍ബാരിയിലെ കര്‍ഷകരെ സംഘടിപ്പിച്ച് കലാപം നടത്തിയാണ് ഇദ്ദേഹം ദേശീയശ്രദ്ധനേടിയത്. തോക്കിന്‍കുഴലിലൂടെ വിപ്ളവം വരില്ലെന്നും വലിയ ബഹുജനപ്രസ്ഥാനമില്ലാതെ വിപ്ളവം സാധ്യമാകില്ലെന്നും അദ്ദേഹം പിന്നീട് തിരിച്ചറിഞ്ഞു. മാവോയിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കും ആക്രമണങ്ങളിലൂടെ വിപ്ളവം നടത്താനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഡാര്‍ജിലിങ്ങിലെ കുര്‍സിയോങ്ങില്‍ 1929ല്‍ കോടതി ഗുമസ്തന്‍ ആനന്ദഗോവിന്ദ സന്യാലിന്റെ മകനായി ജനിച്ച കനു സന്യാല്‍ 1946ല്‍ മെട്രിക്കുലേഷന്‍ പാസായി. ജല്‍പായ്ഗുഡി കോളേജില്‍ ചേര്‍ന്നെങ്കിലും കോഴ്സ് പൂര്‍ത്തിയാക്കിയില്ല. 1949ല്‍ കലിംപോങ് കോടതിയില്‍ ഗുമസ്തനായി ജോലി ലഭിച്ചു. സിലിഗുരിയില്‍ അന്നത്തെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബിധാന്‍ചന്ദ്ര റോയിക്കെതിരെ കരിങ്കൊടി കാണിച്ചതിന് അറസ്റ്റ്ചെയ്തു. കമ്യൂണിസ്റ്റ് പാര്‍ടിയെ നിരോധിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു പ്രകടനം. ജയില്‍വിമോചിതനായ ഉടന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ സജീവ പ്രവര്‍ത്തകനായി സന്യാല്‍ മാറി. 1964ല്‍ സിപിഐ എമ്മില്‍ ചേര്‍ന്നു. 1967ല്‍ അദ്ദേഹം വഴിപിരിഞ്ഞു. അക്കാലത്ത് നേപ്പാള്‍ വഴി ചൈനയിലെത്തി അവിടത്തെ കമ്യൂണിസ്റ്റ് പാര്‍ടി നേതാക്കളുമായി ചര്‍ച്ച നടത്തി. 1967ല്‍ നക്സല്‍ബാരി ഗ്രാമത്തില്‍ നടന്ന കലാപത്തിന് ചുക്കാന്‍ പിടിച്ചത് ചാരു മജുംദാറും കനു സന്യാലുമായിരുന്നു. 1968ല്‍ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നക്സല്‍ബാരി അനുകൂലികള്‍ ഒത്തുചേര്‍ന്ന് ഏകോപനസമിതി രൂപീകരിക്കുകയും ഉന്മൂലനസിദ്ധാന്തത്തെ അംഗീകരിക്കുകയും ചെയ്തു. അറുപതുകളുടെ അവസാനത്തിലും എഴുപതുകളുടെ തുടക്കത്തിലും പശ്ചിമബംഗാളിലും പിന്നീട് ആന്ധ്രയിലും കേരളത്തിലും നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ അക്രമങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഇരയായത് സിപിഐ എം ആയിരുന്നു. 1970ല്‍ കനു സന്യാലിനെ വീണ്ടും അറസ്റ്റുചെയ്തു. ആന്ധ്രയിലെ പാര്‍വതീപുരം നക്സലൈറ്റ് ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ വിശാഖപട്ടണം ജയിലിലടച്ചു. 1977ല്‍ ദേശീയതലത്തില്‍ കോഗ്രസിന്റെ അധികാരകുത്തക തകരുകയും പശ്ചിമബംഗാളില്‍ ഇടതുമുന്നണി അധികാരമേല്‍ക്കുകയും ചെയ്തപ്പോള്‍ ജ്യോതിബസുവിന്റെ പ്രത്യേക ശ്രമത്തിന്റെകൂടി ഫലമായാണ് കനു സന്യാലിനെ ജയില്‍വിമുക്തനാക്കിയത്. 1967ല്‍ നക്സല്‍ബാരി കലാപത്തോടെ ഒളിവില്‍ പോകേണ്ടിവന്നതിനാല്‍ ചാരു മജുംദാറിന്റെ വ്യക്തിഗത ഭീകരത എന്ന ആശയമാണ് നക്സലൈറ്റ് പ്രസ്ഥാനത്തില്‍ ആധിപത്യം സ്ഥാപിച്ചതെന്നും തനിക്ക് അതില്‍ പങ്കില്ലെന്നും കനു സന്യാല്‍ പിന്നീട് ഖേദിച്ചു.
(വി ജയിന്‍)

കനു സന്യാലിന്റെ വിയോഗം ദൌര്‍ഭാഗ്യകരം: യെച്ചൂരി

ന്യൂഡല്‍ഹി: സിപിഐ എംഎല്‍ സ്ഥാപകനേതാവ് കനുസന്യാലിന്റെ അന്ത്യം ദൌര്‍ഭാഗ്യകരമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. ആത്മഹത്യയുടെ കാരണമോ, അതിലേക്ക് നയിച്ച സാഹചര്യമോ വ്യക്തമല്ല. അദ്ദേഹത്തിന്റെ വിയോഗം ദുഃഖകരമാണ്. സിപിഐ എമ്മും അതില്‍ പങ്കുചേരുന്നു- യെച്ചൂരി പറഞ്ഞു. സാമ്രാജ്യത്വത്തിനും വര്‍ഗീയതയ്ക്കുമെതിരെ ഇടതുപക്ഷം അടുത്തകാലത്ത് നടത്തിയ എല്ലാ പ്രക്ഷോഭത്തിലും അദ്ദേഹവും പങ്കെടുത്തു. നന്ദിഗ്രാം, സിംഗൂര്‍ സംഭവങ്ങളില്‍ മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനത്തെ അദ്ദേഹം വിമര്‍ശിച്ചു. മാവോയിസത്തെക്കുറിച്ച് തങ്ങള്‍ മനസ്സിലാക്കിയതിന് എതിരായാണ് നിലവിലുള്ള മാവോയിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും സന്യാല്‍ പരസ്യമായി പറഞ്ഞിരുന്നു. മാവോയിസ്റ്റുകളുടെ ആക്രമണങ്ങളെയും അപലപിച്ചു. മാവോയിസമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് പ്രധാനമന്ത്രി പറയുമ്പോഴും അതിനെതിരായ സമീപനം സ്വീകരിക്കുന്ന മമതബാനര്‍ജിയെപ്പോലുള്ളവര്‍ കേന്ദ്രമന്ത്രിസഭയില്‍ തുടരുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാന്‍ അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു- യെച്ചൂരി പറഞ്ഞു.

ദേശാഭിമാനി 240310

കനു സന്യാലിനു ജനശക്തിയുടെ ആദരാഞ്ജലികള്‍

Tuesday, March 23, 2010

ശ്വാസം മുട്ടിച്ച് കൊല്ലുകയോ?

ദാരിദ്ര്യരേഖയ്ക്കു മുകളിലുള്ള (എപിഎല്‍) റേഷന്‍ കാര്‍ഡുടമകള്‍ക്ക് നല്‍കുന്ന ഭക്ഷ്യധാന്യങ്ങളുടെ വില വര്‍ധിപ്പിക്കാനുള്ള ഭക്ഷ്യമന്ത്രാലയത്തിന്റെ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കാന്‍ പോകുന്നു. കിലോഗ്രാമിന് 8.30 രൂപയ്ക്ക് നല്‍കുന്ന അരിക്ക് 15.37 രൂപയായും ഗോതമ്പിന് 6.10 ഉള്ളത് 11 രൂപയായും വര്‍ധിപ്പിക്കാനാണ് നീക്കം. ഇന്ന് നിലനില്‍ക്കുന്ന പരിമിതമായ പൊതുവിതരണ സമ്പ്രദായത്തിന്റെ ശ്വാസവും മുട്ടിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎ സര്‍ക്കാര്‍ തയ്യാറാകുന്നതെന്നര്‍ഥം. വിലക്കയറ്റം രൂക്ഷമാകുമ്പോള്‍ വിപണിയില്‍ ഇടപെട്ട് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനുള്ളതാണ് പൊതുവിതരണ സമ്പ്രദായം. അതിനെ ശക്തിപ്പെടുത്തേണ്ടത് ജനങ്ങളോട് ഉത്തരവാദിത്തമുള്ള സര്‍ക്കാരാണ്. ഇവിടെ, അങ്ങനെയുള്ള സര്‍ക്കാര്‍ എന്താണോ ചെയ്യേണ്ടത്, അതിനു വിപരീതമായ പ്രവൃത്തിയാണ് യുപിഎയില്‍നിന്നുണ്ടാകുന്നത്.

പ്രണബ് കുമാര്‍ മുഖര്‍ജി അവതരിപ്പിച്ച 2010-11ലേക്കുള്ള ബജറ്റില്‍ അത്തരം സമീപനം മുന്തിനില്‍ക്കുന്നത് പലകുറി ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. അന്യായമായ എണ്ണവില വര്‍ധന മാത്രംമതി, വിലക്കയറ്റം പൊറുതിമുട്ടിക്കുന്ന ജനജീവിതത്തെ യുപിഎ സര്‍ക്കാര്‍ എങ്ങനെ വിണ്ടും വീണ്ടും ദുരിതപ്പെടുത്തുന്നു എന്ന് മനസ്സിലാക്കാന്‍. റേഷന്‍ സംവിധാനത്തിലേക്കുള്ള ഭക്ഷ്യധാന്യവിഹിതം പടിപടിയായി വെട്ടിക്കുറച്ച് പാവപ്പെട്ടവര്‍ക്ക് പൊതുവിപണിയെ അഭയം തേടേണ്ട നിലയുണ്ടാക്കിയത് കേന്ദ്രസര്‍ക്കാരാണ്. രാജ്യത്ത് നാലരക്കോടി ടണ്‍ ധാന്യം സ്റോക്കുണ്ടെന്നാണ് കേന്ദ്ര ഭക്ഷ്യമന്ത്രി ശരദ്പവാര്‍ വ്യക്തമാക്കിയത്. അവശ്യം വേണ്ടതിന്റെ മൂന്നിരട്ടിയാണിത്. എന്നിട്ടും പൊതുവിതരണ സമ്പ്രദായത്തിലൂടെ എല്ലാ കുടുംബങ്ങള്‍ക്കും കുറഞ്ഞ അളവില്‍ ധാന്യം നല്‍കാന്‍ കേന്ദ്രം തയ്യാറല്ല. പകരം മില്ലുടമകള്‍ക്കും കച്ചവടക്കാര്‍ക്കും ലേലം വിളിച്ച് വീതിക്കുകയാണ്. അതേ വിലയ്ക്ക് സംസ്ഥാന സര്‍ക്കാരും ധാന്യം വാങ്ങണം. റേഷന്‍ ബിപിഎല്‍ ലിസ്റ്റിലുള്ളവര്‍ക്ക് മാത്രമാകണം എന്നതാണ് യുപിഎയുടെ പ്രഖ്യാപിത നയം. അതും പോരാഞ്ഞ്, ബിപിഎല്‍ ലിസ്റ്റ് വെട്ടിച്ചുരുക്കി പൊതുവിതരണത്തിന്റെ പരിധിയില്‍നിന്ന് ബഹുഭൂരിപക്ഷം ജനങ്ങളെയും മാറ്റുന്നു. നിലവിലെ കണക്കനുസരിച്ച് ബിപിഎല്‍ കുടുംബങ്ങളുടെ എണ്ണം 6.52 കോടിയാണ്. അത് 5.91 കോടിയായി കുറയ്ക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചത്. ഇത് നടപ്പാക്കപ്പെട്ടാല്‍ കേരളത്തില്‍ റേഷന്‍ അര്‍ഹതയുള്ള കുടുംബങ്ങളുടെ എണ്ണം 26 ലക്ഷത്തില്‍നിന്ന് 11 ലക്ഷമാകും.

എപിഎല്‍ വിഭാഗത്തിന് റേഷന്‍ നല്‍കുന്നതുപോലും ശിക്ഷാര്‍ഹമാണെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് യുപിഎ മുന്നോട്ടുവയ്ക്കുന്ന ഭക്ഷ്യസുരക്ഷാനിയമം. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളുടെ ഭക്ഷ്യക്ഷാമം പരിഹരിക്കാനെന്ന പേരില്‍ കൊണ്ടുവരുന്ന ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ മറവിലാണ് രാജ്യത്തെ പതിമൂന്ന് കോടിയിലേറെ എപിഎല്‍ കുടുംബങ്ങള്‍ ദ്രോഹിക്കപ്പെടുന്നത്. ഭക്ഷ്യമന്ത്രാലയത്തിന്റെ പുതിയ ശുപാര്‍ശയിലൂടെ ആ ദ്രോഹമാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. പ്രണബ് മുഖര്‍ജി അവതരിപ്പിച്ച പൊതുബജറ്റില്‍ ഭക്ഷ്യസബ്സിഡി 424 കോടി വെട്ടിക്കുറച്ചിരുന്നു. 2002ല്‍ 20,000 കോടി രൂപയായിരുന്ന ഭക്ഷ്യ സബ്സിഡി ഇപ്പോള്‍ 56,000 കോടിയായെന്നും ഇത് കുറയ്ക്കാന്‍ മറ്റ് മാര്‍ഗമില്ലെന്നുമാണ് ഭക്ഷ്യമന്ത്രാലയം പറയുന്നത്. വിലവര്‍ധന പ്രാബല്യത്തില്‍ വരുന്നതോടെ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിക്കുന്ന താങ്ങുവിലയ്ക്കു തുല്യമായ തുകയാകും ധാന്യങ്ങള്‍ വാങ്ങാന്‍ എപിഎല്‍ ഉപഭോക്താക്കള്‍ നല്‍കേണ്ടിവരിക.

കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി ധാന്യ വിലക്കയറ്റം അജന്‍ഡയാക്കി ചര്‍ച്ചചെയ്തിരുന്നു. എപിഎല്‍ ഭക്ഷ്യധാന്യങ്ങളുടെ വില വര്‍ധിപ്പിക്കുമെന്ന് ഭക്ഷ്യമന്ത്രി ശരദ് പവാര്‍ സൂചന നല്‍കിയതുമാണ്. പൊതുവിതരണ സംവിധാനത്തിലൂടെ എപിഎല്‍ വിഭാഗത്തിന് കൂടുതല്‍ ഭക്ഷ്യധാന്യം നല്‍കുമെന്നും അതിനവര്‍ കൂടുതല്‍ പണം മുടക്കേണ്ടിവരുമെന്നുമാണ് മന്ത്രി പറഞ്ഞത്. രാജ്യത്തെ ശതകോടീശ്വരന്മാര്‍ക്ക് പരവതാനി വിരിക്കാനും കോര്‍പറേറ്റുകള്‍ക്ക് ശതകോടികള്‍ നല്‍കാനും മടികാട്ടാതിരിക്കുന്നവര്‍ക്ക് പാവപ്പെട്ട ജനങ്ങളുടെ ജീവിതത്തില്‍ കൈയിട്ടുവാരാന്‍ ഒട്ടും മടി തോന്നുന്നില്ല.

വിലക്കയറ്റത്തിന്റെ പേരില്‍ സംസ്ഥാന നിയമസഭയില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ബഹളംവച്ച പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ അഭിപ്രായം പറയേണ്ട വിഷയമാണിത്. ധാന്യവില വര്‍ധിപ്പിക്കുന്നതിന് എന്ത് ന്യായീകരണമാണുള്ളത്? ദാരിദ്ര്യത്തിന്റെ അളവുപോലും തോന്നുംപടി നിശ്ചയിച്ച് പാവപ്പെട്ടവരുടെ കഞ്ഞികുടി മുട്ടിക്കുന്ന നിങ്ങള്‍തന്നെ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ കുറഞ്ഞ വിലയ്ക്ക് പാവങ്ങള്‍ക്ക് അരി നല്‍കുന്നതിനെ അപഹസിക്കുകയല്ലേ? കള്ളം പറഞ്ഞും പ്രചരിപ്പിച്ചും ദീര്‍ഘകാലം നില്‍ക്കാമെന്ന് കരുതുന്നില്ലെങ്കില്‍ എപിഎല്‍ അരിവില വര്‍ധനയടക്കം ജനജീവിതം പ്രയാസകരമാക്കുന്ന തീരുമാനങ്ങളില്‍നിന്ന് യുപിഎ സര്‍ക്കാരിനെ പിന്തിരിപ്പിക്കാന്‍ യുഡിഎഫ് മുന്നിട്ടിറങ്ങണം. ഈ ആവശ്യമുന്നയിച്ച് ഇടതുപക്ഷ കക്ഷികള്‍ അഖിലേന്ത്യാവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തോടും ഉന്നയിക്കുന്ന ആവശ്യങ്ങളോടും യുഡിഎഫിന്റെ സമീപനം എന്ത് എന്നു വ്യക്തമാക്കണം. എപിഎല്‍ അരിവില വര്‍ധിപ്പിക്കാനുള്ള നീക്കം പരിപൂര്‍ണമായി നിര്‍ത്തിവയ്ക്കാന്‍ യുപിഎ സര്‍ക്കാരിനെ നിര്‍ബദ്ധമാക്കാനുള്ളതുകൂടിയായി ഇടതുപക്ഷത്തിന്റെ രാജ്യവ്യാപക പ്രക്ഷോഭം മാറേണ്ടതുണ്ട്.

ദേശാഭിമാനി മുഖപ്രസംഗം 230310

Monday, March 22, 2010

അമേരിക്കക്കാര്‍ തെരുവില്‍ ഇറങ്ങുമ്പോള്‍

രണ്ടാം ലോകയുദ്ധത്തില്‍ അമേരിക്കയുടെ ബോംബര്‍ വിമാനങ്ങളിലെ വൈമാനികനായിരുന്നു അന്തരിച്ച ഹൊവാര്‍ഡ് സിന്‍. പില്‍ക്കാലത്ത് സമാധാന പ്രവര്‍ത്തകനും യുദ്ധത്തിനെതിരെ അനുസ്യൂതം കലഹിക്കുന്നയാളുമായി ആ ജനകീയ ചരിത്രകാരന്‍ മാറി. അദ്ദേഹം ഒരഭിമുഖത്തില്‍ ഇങ്ങനെ പറഞ്ഞു:

"സ്വേഛാധിപത്യത്തെയും അധിനിവേശങ്ങളെയും നിശ്ചിന്തരായി നോക്കിനില്‍ക്കാന്‍ ഇനി ഞങ്ങളെ കിട്ടില്ല. നമ്മള്‍ നേരിടുന്ന പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ യുദ്ധമല്ലാതെയുള്ള എല്ലാ മാര്‍ഗവും നമ്മള്‍ തേടും. കാരണം യുദ്ധം അനിവാര്യതയാണ്, വിവേചനരഹിതമായി പാവങ്ങളെ കൂട്ടക്കൊലചെയ്യുന്ന അനിവാര്യത. ഈ ഇരകളില്‍ നല്ലപങ്കും കുട്ടികളാണ്. ഒരോ യുദ്ധവും കുട്ടികള്‍ക്കെതിരെയുള്ള യുദ്ധമാണ്.''

അമേരിക്കയിലെ യുദ്ധവിരുദ്ധ പ്രസ്ഥാനത്തിന് ജീവന്‍ നല്‍കിയ മഹാനായാണ് ഹൊവാഡ് സിന്‍ അനുസ്മരിക്കപ്പെടുന്നത്. നോം ചോംസ്കി വിലയിരുത്തി:

"ഈ യുദ്ധങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഉറക്കെ, പരസ്യമായി, നിര്‍ബന്ധബുദ്ധിയോടെ ആദ്യമായി പറഞ്ഞത് ഹൊവാഡ് സിന്‍ ആയിരുന്നു. വിയത്നാമില്‍ ഒരവകാശവുമില്ലാത്ത സ്ഥിതിക്ക് ഒരുപാധിയുമില്ലാതെ നമ്മള്‍ പിന്മാറണമെന്നും ഇത് അധിനിവേശമാണെന്നും അദ്ദേഹം പറഞ്ഞു.''
ഹൊവാഡ് ആഗ്രഹിച്ച രീതിയില്‍; പ്രവചിച്ച വഴിയില്‍ അമേരിക്കന്‍ ജനത നീങ്ങുകയാണ്. കഴിഞ്ഞ ദിവസം ഇറാഖ് അധിനിവേശത്തിന്റെ ഏഴാം വാര്‍ഷിക നാളില്‍ അമേരിക്കയില്‍ നടന്ന യുദ്ധവിരുദ്ധ ജനകീയ മുന്നേറ്റം ആ രാജ്യത്തിന്റെ പുതിയ അവസ്ഥയെ കുറിക്കുന്നു. 'ആന്‍സ്വര്‍' (ആക്ട് നൌ ടു സ്റ്റോപ്പ് വാര്‍ ആന്‍ഡ് എന്‍ഡ് റേസിസം) എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് വാഷിങ്ടണ്‍ ഡിസിയിലും ലോസ് ആഞ്ചലസ്, സാന്‍ഫ്രാന്‍സിസ്കോ അടക്കമുള്ള വിവിധ സ്ഥലങ്ങളിലും പ്രകടനം നടന്നത്. വൈറ്റ് ഹൌസിനുമുന്നിലെ മതിലില്‍ ഇറാഖിന്റെയും അഫ്ഗാനിസ്ഥാന്റെയും പതാക പുതപ്പിച്ച ശവമഞ്ചങ്ങളുമായി അണിനിരന്ന പ്രകടനക്കാര്‍ മുഴക്കിയ മുദ്രാവാക്യം ഒബാമയെ യുദ്ധക്കുറ്റത്തിന് വിചാരണ ചെയ്യണമെന്നാണ്. വൈറ്റ് ഹൌസിനുമുന്നില്‍നിന്ന് പ്രകടനക്കാര്‍ നീങ്ങിയത് മൂന്നു കേന്ദ്രത്തിലേക്കാണ്. ആദ്യത്തേത് പ്രമുഖ യുദ്ധ കരാറുകാരായ ഹാലി ബര്‍ടന്റെ ആസ്ഥാനം. രണ്ടാമത്തേത് മോര്‍ട്ഗേജ് ബാങ്കേഴ്സ് അസോസിയേഷന്‍ കേന്ദ്രം. മൂന്നാമത്തേത് വാഷിങ്ടണ്‍ പോസ്റ്റിന്റെ ഓഫീസ്.

സൈനികരുടെ കുടുംബങ്ങളും വിവിധ സംഘടനകളും യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമെല്ലാം അണിനിരന്ന മാര്‍ച്ച് വലിയൊരു മുന്നേറ്റത്തിന്റെ പ്രാരംഭമാണെന്ന് 'ആന്‍സ്വര്‍' സംഘടന പറയുന്നു.

1. അഫ്ഗാനിസ്ഥാനില്‍നിന്നും ഇറാഖില്‍നിന്നും എല്ലാ യുഎസ്-നാറ്റോ സൈന്യത്തെയും നിരുപാധികം ഉടന്‍ പിന്‍വലിക്കണം.
2. യുദ്ധത്തിനുപയോഗിക്കുന്ന പണം എല്ലാവര്‍ക്കും ജോലി, എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ, മെച്ചപ്പെട്ട സ്കൂള്‍, കൈ എത്താവുന്ന പാര്‍പ്പിടം- ഇവയ്ക്കായി ചെലവഴിക്കണം.

ഈ രണ്ട് പ്രധാന ആവശ്യങ്ങളാണ് 'ആന്‍സ്വറി'ന്റെ പ്രസ്താവനയില്‍ കാണുന്നത്. ഒരു ബാനറില്‍ എഴുതിവച്ചത് "ഞങ്ങള്‍ക്ക് വേണ്ടത് തൊഴിലും സ്കൂളുകളുമാണ്; യുദ്ധമല്ല'' എന്നാണ്. ബുഷിന്റേതുപോലെ ക്രിമിനല്‍ നയങ്ങളാണ് ഒബാമയുടേതെന്നും പ്രസിഡന്റ് ആരായാലും അമേരിക്കന്‍ യന്ത്രങ്ങള്‍ യുദ്ധം ഉല്‍പ്പാദിപ്പിച്ച് നിരപരാധികളെ കൊന്നൊടുക്കുന്നുവെന്നും പ്രക്ഷോഭകര്‍ വിളിച്ചു പറഞ്ഞു. ഇതാ തെരുവിലേക്കിറങ്ങാനുള്ള സമയമായി എന്ന് 'ആന്‍സ്വര്‍' അമേരിക്കക്കാരെ ആഹ്വാനംചെയ്യുന്നു.

ബുഷ് ഭരണത്തെ പിഴുതെറിഞ്ഞ് ഒബാമയെ അവരോധിക്കാന്‍ ജനങ്ങള്‍ തയ്യാറായത് വലിയ പ്രതീക്ഷകളോടെയാണ്. എന്നാല്‍, ഇന്ന് യുദ്ധക്കരാറുകാരുടെയും ബാങ്കുകളുടെയും വന്‍കിട എണ്ണക്കമ്പനികളുടെയും ഇന്‍ഷുറന്‍സ് രാക്ഷസന്മാരുടെയും കോര്‍പറേറ്റ് താല്‍പ്പര്യങ്ങളാണ് അമേരിക്കയുടെ രാഷ്ട്രീയജീവിതത്തെ അധിനിവേശിച്ചിരുക്കുന്നത്. അതിനെതിരെ പൊരുതാതെ ഇനി മുന്നോട്ടുപോകാനാകില്ല. അതുകൊണ്ട്, ജനങ്ങള്‍ പ്രക്ഷോഭത്തിന്റെ കൊടിയുമായി തെരുവുകളിലേക്കിറങ്ങട്ടെ എന്നാണാഹ്വാനം. പ്രക്ഷോഭകരുടെ വിമര്‍ശത്തിനും രോഷത്തിനും ശരവ്യമാകുന്നത് അമേരിക്കന്‍ ഭരണകൂടവും അതിന്റെ നെടുംതൂണുകളായ കോര്‍പറേറ്റുകളുമാണ്. ആ സമരം പ്രമുഖ അമേരിക്കന്‍ മാധ്യമമായ വാഷിങ്ടണ്‍ പോസ്റ്റിനെക്കൂടി ഉന്നംവച്ചിരിക്കുന്നു. ഏതു വാര്‍ഷികവും ആഘോഷമാക്കി കഥയും ഉപകഥയും കൊണ്ടാടാറുള്ള മാധ്യമങ്ങള്‍ ഇറാഖ് അധിനിവേശ വാര്‍ഷികം കാണാതെ പോയി എന്നതാണ് വാഷിങ്ടണ്‍ പോസ്റ്റിനെതിരെ മാര്‍ച്ചുചെയ്യാന്‍ ഹേതുവായതെന്ന് സമാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേവലം യുദ്ധവിരുദ്ധമുന്നേറ്റം എന്ന നിലയിലല്ല, ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളുയര്‍ത്തിയ ജനകീയ പ്രക്ഷോഭമാണ് അമേരിക്കയില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത് എന്നതിന്റെ സൂചനകളാണ് വരുന്നത്.

അപ്രതിരോധ്യ മേധാവിത്വം സ്ഥാപിച്ചെടുക്കാന്‍ ലോകത്തിന്റെ സാമ്പത്തികവിഭവങ്ങള്‍ക്കുമേലുള്ള നിയന്ത്രണം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇറാഖിലെയും ഇറാനിലെയും എണ്ണപ്പാടങ്ങളിലേക്ക് അമേരിക്കയുടെ കണ്ണുപതിഞ്ഞത്. ലോകത്തിന്റെ ഊര്‍ജസ്രോതസ്സുകള്‍ക്കുമേല്‍, പ്രത്യേകിച്ചും എണ്ണയ്ക്കുമേല്‍ പിടിമുറുക്കുന്നതിന്റെ ഭാഗമായാണ് പശ്ചിമേഷ്യയില്‍ അധിനിവേശത്തിനൊരുങ്ങിയത്. ഇറാഖില്‍ ദേശസാല്‍ക്കൃതമായിരുന്ന എണ്ണവ്യവസായത്തെ സ്വകാര്യവല്‍ക്കരിക്കുന്നതിലും എണ്ണകുത്തകകളുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിലും അമേരിക്കയ്ക്ക് വിജയിക്കാനായി- പത്തുലക്ഷത്തോളം മനുഷ്യജീവന്‍ നഷ്ടപ്പെടുത്തിയതിന്റെ പ്രതിഫലം! ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നെന്ന് ഐഎഇഎ സ്ഥിരീകരിച്ചിട്ടില്ല. പക്ഷേ ഇറാനെതിരെ ഉപരോധം; യുദ്ധ സന്നാഹം! മധ്യപൂര്‍വദേശത്തെ എണ്ണ-പ്രകൃതി വാതക സ്രോതസ്സുകളുടെ സാമ്പത്തികനിയന്ത്രണം കൈക്കലാക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗംതന്നെ അഫ്ഗാനിസ്ഥാനിലെ യുദ്ധവും.

അമേരിക്കയുടെ 2000 ഡിസംബറിലെ ഊര്‍ജ വിവരവസ്തുതാ രേഖ പറയുന്നത് "ഊര്‍ജ കാഴ്ചപ്പാട് പ്രകാരമുള്ള അഫ്ഗാനിസ്ഥാന്റെ പ്രാധാന്യം സ്ഥിതി ചെയ്യുന്നത് അതിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പിലാണ്; മധ്യേഷ്യയില്‍നിന്ന് അറേബ്യന്‍ സമുദ്രത്തിലേക്ക് എണ്ണയും പ്രകൃതിവാതകവും എത്തിക്കുന്നതിന് സാധ്യതയുള്ള ഒരു പാതയാണ് ഇത്'' എന്നാണ്. അമേരിക്കന്‍ എണ്ണ ഭീമന്മാര്‍ക്ക് പൈപ്പ് ലൈനുകളിലൂടെ ഏഷ്യന്‍ വിപണിയില്‍ എണ്ണ എത്തിക്കാന്‍ അഫ്ഗാനിസ്ഥാന്റെ ഭൂപ്രദേശം കൈപ്പിടിയിലുണ്ടാകണം. അമേരിക്കന്‍ വന്‍കിട എണ്ണക്കമ്പനികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള യുദ്ധമാണ് നടക്കുന്നത്- ഭീകരവാദ വിരോധം അതിനുള്ള മറമാത്രം.

ഭീകരവിരുദ്ധ യുദ്ധത്തിന്റെ പുതപ്പണിയിച്ച് കോര്‍പറേറ്റുകളുടെ താല്‍പ്പര്യങ്ങളാണ് ഒളിച്ചു കടത്തുന്നതെന്നും യുദ്ധങ്ങളോ വന്‍ കരാറുകളോ സാധാരണ അമേരിക്കക്കാരന്റെ ദൈന്യതയ്ക്ക് പരിഹാരമാകുന്നില്ലെന്നും തിരിച്ചറിയപ്പെടുന്നതിന്റെ രോഷമാണ് തെരുവിലേക്കിറങ്ങാനുള്ള ആഹ്വാനമായി ആ രാജ്യത്ത് നീറിപ്പുകയുന്നത്. അമേരിക്കയില്‍ ഒന്നും ഭദ്രമല്ല എന്നാണ് ചുവരെഴുത്ത്. ഇത് ഇന്ത്യക്കുള്ള പാഠവുമാണ്. രക്ഷയ്ക്കായി നോക്കേണ്ടത് അമേരിക്കയിലേക്കാണോ എന്ന ചോദ്യത്തിന് അമേരിക്കന്‍ ജനത നല്‍കുന്ന ഉത്തരം, "ഞങ്ങള്‍ തൊഴിലിനായും മികച്ച സ്കൂളിനായും തെരുവിലിറങ്ങുകയാണ്'' എന്നത്രേ.

ഇവിടെ, തെരുവിലിറങ്ങുന്നതും സമരം ചെയ്യുന്നതും മഹാപരാധമായി കാണുന്നവര്‍ക്ക് അമേരിക്കയിലെ സ്വര്‍ഗത്തില്‍ സമരക്കാരാകുന്ന കട്ടുറുമ്പുകള്‍ തെരുവില്‍ അണിയണിയായി നീങ്ങുന്നതു കാണുമ്പോള്‍ മനംപിരട്ടലുണ്ടാകുമോ മനംമാറ്റമുണ്ടാകുമോ?

പി എം മനോജ്

ശ്രീ പി.എം മനോജിന്റെ പോസ്റ്റ് ഇവിടെ

ഐ.പി.എല്‍, എ.പി.എല്‍, ബി.പി.എല്‍

ഐപിഎല്ലില്‍ ഇനി 'ടീം കൊച്ചി'യും; സൂത്രധാരന്‍ ശശി തരൂര്‍

മുംബൈ: കോടികള്‍ പുളയ്ക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇനി കൊച്ചിയും ബാറ്റ് വീശും, പന്തെറിയും. ഐപിഎല്‍ നാലാം പതിപ്പിലെ പുതിയ രണ്ടു ടീമില്‍ ഒന്ന് കൊച്ചിയുടെ പേരിലാകും. പുണെയുടേതാണ് മറ്റൊരു ടീം. പുതിയ ടീമുകള്‍ക്കായുള്ള ലേലത്തിലെ വിജയികളെ ഞായറാഴ്ച മുംബൈയിലാണ് പ്രഖ്യാപിച്ചത്. പുതിയ രണ്ടു ടീമിനായി അഞ്ചു സംഘമാണ് രംഗത്തുണ്ടായിരുന്നത്. ഏറ്റവുമുയര്‍ന്ന തുകയായ 1702 കോടി രൂപ മുടക്കി സഹാറ അഡ്വഞ്ചറസ് ഗ്രൂപ്പ് ഒന്നാമതെത്തി. അഹമ്മദാബാദ്, നാഗ്പുര്‍, പുണെ നഗരങ്ങളുടെ പേരിലാണ് സഹാറ ലേലത്തില്‍ പങ്കെടുത്തത്. ഇവര്‍ പിന്നീട് പുണെ തങ്ങളുടെ ആതിഥേയ നഗരമായി തെരഞ്ഞെടുത്തു. 1533 കോടി മുടക്കി റെന്‍ഡെസ്വസ് സ്പോര്‍ട്സ് വേള്‍ഡ് ലിമിറ്റഡ് എന്ന പേരിലുള്ള വ്യവസായികളുടെ കൂട്ടായ്മ കൊച്ചിക്കുവേണ്ടി രണ്ടാമത്തെ ടീമിനെ ലേലത്തില്‍ പിടിച്ചു. മുംബൈക്കാരനായ ശൈലേന്ദ്ര ഗേക്ക്വാദ്, വിദേശമലയാളി വിവേക് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ളതാണ് റെന്‍ഡെസ്വസ് സ്പോര്‍ട്സ്. കേന്ദ്ര സഹമന്ത്രി ശശി തരൂരാണ് ഈ കൂട്ടായ്മയ്ക്ക് സൂത്രധാരനായി നിന്നത്. തരൂരിന്റെ ശ്രമഫലമാണ് കേരളത്തില്‍നിന്നുള്ള ടീമെന്ന് ഐപിഎല്‍ കമീഷണര്‍ ലളിത് മോഡി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കുകയും ചെയ്തു. ടീമിന്റെ രക്ഷാധികാരിസ്ഥാനത്ത് തരൂര്‍ ഉണ്ടാകുമെന്നും സൂചനയുണ്ട്. തരൂരിന്റെ സാമ്പത്തിക പങ്കാളിത്തം പുറത്തുവന്നിട്ടില്ല. വീഡിയോകോണ്‍ ഉള്‍പ്പെടെയുള്ള വമ്പന്‍മാരെ പിന്തള്ളിയാണ് റെന്‍ഡസ്വസ് ടീമിനെ സ്വന്തമാക്കിയത്.

കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഉടമസ്ഥതയില്‍ ഇടക്കൊച്ചിയില്‍ പണികഴിപ്പിക്കുന്ന ക്രിക്കറ്റ് സ്റ്റേഡിയം പൂര്‍ത്തിയാകുംവരെ മറ്റൊരു വേദിയിലാകും കൊച്ചി ടീമിന്റെ ഹോം മാച്ചുകളെന്ന് ഐപിഎല്‍ കമീഷണര്‍ ലളിത് മോഡി അറിയിച്ചു. കൊച്ചിയിലെ ജവാഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയമാണ് താല്‍ക്കാലിക വേദിയാകാന്‍ സാധ്യത. കേരളത്തില്‍നിന്ന് ഒരു ഐപിഎല്‍ ടീമിനുവേണ്ടി സിനിമാരംഗത്തെ പ്രമുഖരായ മോഹന്‍ലാലും പ്രിയദര്‍ശനുമാണ് ആദ്യം രംഗത്തുവന്നത്. ഇവര്‍ പെട്ടെന്ന് പിന്മാറി. ഐപിഎല്ലിലെ കോടികളുടെ പ്രവാഹത്തിന് ശക്തി കൂടുമെന്നാണ് പുതിയ ടീമുകള്‍ക്കായുള്ള ലേലം തെളിയിക്കുന്നത്. മൂന്നുവര്‍ഷംമുമ്പ് എട്ടു ടീമിനായി പിരിഞ്ഞുകിട്ടിയ ലേലത്തുക 2840 കോടിയായിരുന്നു. ഇത്തവണ രണ്ടു ടീമിനു മാത്രം 3235 കോടിയാണ് ചെലവഴിച്ചത്.

എപിഎല്‍ അരിക്കും ഗോതമ്പിനും വില കൂട്ടും

ന്യൂഡല്‍ഹി: ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ള (എപിഎല്‍) റേഷന്‍ കാര്‍ഡുടമകള്‍ക്ക് നല്‍കുന്ന ഭക്ഷ്യധാന്യങ്ങളുടെ വില കുത്തനെ വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. അരിക്ക് 85 ശതമാനവും ഗോതമ്പിന് 80 ശതമാനവും വില കൂട്ടാനാണ് ഭക്ഷ്യമന്ത്രാലയത്തിന്റെ ശുപാര്‍ശ. നിലവില്‍ കിലോഗ്രാമിന് 8.30 രൂപയ്ക്ക് നല്‍കുന്ന അരിക്ക് 15.37 രൂപയാകും. ഗോതമ്പിന്റെ വില 6.10ല്‍നിന്ന് 11 രൂപയും. ശുപാര്‍ശ കേന്ദ്രമന്ത്രിസഭയുടെ പരിഗണനയിലാണ്. കഴിഞ്ഞ പൊതുബജറ്റില്‍ ഭക്ഷ്യസബ്സിഡി 424 കോടി വെട്ടിക്കുറച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് എപിഎല്‍ കുടുംബങ്ങളെ തീര്‍ത്തും അവഗണിക്കുന്നത്. 2002ല്‍ 20,000 കോടി രൂപയായിരുന്ന ഭക്ഷ്യ സബ്സിഡി ഇപ്പോള്‍ 56,000 കോടിയായെന്നും ഇത് കുറയ്ക്കാന്‍ മറ്റ് മാര്‍ഗമില്ലെന്നുമാണ് വാദം. വിലവര്‍ധന പ്രാബല്യത്തില്‍ വരുന്നതോടെ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിക്കുന്ന താങ്ങുവിലയ്ക്കു തുല്യമായ തുകയാകും എപിഎല്‍ ഉപഭോക്താക്കള്‍ നല്‍കേണ്ടിവരിക.

ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളുടെ ഭക്ഷ്യക്ഷാമം പരിഹരിക്കാനെന്ന പേരില്‍ കൊണ്ടുവരുന്ന ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ മറവിലാണ് രാജ്യത്തെ പതിമൂന്ന് കോടിയിലേറെ എപിഎല്‍ കുടുംബങ്ങളെ ദ്രോഹിക്കുന്നത്. പെട്രോള്‍-ഡീസല്‍ വിലവര്‍ധനയെത്തുടര്‍ന്ന് പ്രതിരോധത്തിലായ കേന്ദ്രസര്‍ക്കാര്‍ വിലവര്‍ധനയ്ക്ക് തീരുമാനമെടുത്താലും നടപ്പാക്കുന്നത് തല്‍ക്കാലത്തേക്ക് നീട്ടിവച്ചേക്കുമെന്നും സൂചനയുണ്ട്. കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി കഴിഞ്ഞ രണ്ടു യോഗത്തിന്റെ അജന്‍ഡയിലും ഈ വിഷയം ഉള്‍പ്പെടുത്തിയിരുന്നെങ്കിലും തീരുമാനത്തിലെത്തിയില്ല. സമയക്കുറവുകാരണം ചര്‍ച്ചക്കെടുത്തില്ലെന്നായിരുന്നു വിശദീകരണം. വിലവര്‍ധന കൂനിന്‍മേല്‍ കുരുവാകുമെന്ന അഭിപ്രായം കോണ്‍ഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗത്തിനുമുണ്ട്. പ്രതിപക്ഷത്തിന് അടിക്കാന്‍ വടിനല്‍കുന്ന നടപടിയാകുമിതെന്നാണ് യുപിഎ ഘടകകക്ഷികളുടെയും അഭിപ്രായം. എന്നാല്‍, മറ്റ് വഴിയില്ലെന്ന നിലപാടില്‍ പ്രധാനമന്ത്രിയും ധനമന്ത്രിയും അടക്കമുള്ളവര്‍ ഉറച്ചുനില്‍ക്കുകയാണ്.

എപിഎല്‍ ഭക്ഷ്യധാന്യങ്ങളുടെ വില വര്‍ധിപ്പിക്കുമെന്ന് കഴിഞ്ഞദിവസം ഭക്ഷ്യമന്ത്രി ശരദ് പവാറും സൂചന നല്‍കിയിരുന്നു. പൊതുവിതരണ സംവിധാനത്തിലൂടെ എപിഎല്‍ വിഭാഗത്തിന് കൂടുതല്‍ ഭക്ഷ്യധാന്യം നല്‍കുമെന്നും എന്നാല്‍, അവര്‍ കൂടുതല്‍ പണം മുടക്കേണ്ടിവരുമെന്നുമാണ് മന്ത്രി പറഞ്ഞത്. മാര്‍ച്ച് ഒന്നുവരെ കേന്ദ്രശേഖരത്തില്‍ 183.88 ലക്ഷം ടണ്‍ ഗോതമ്പാണുള്ളത്. ആവശ്യമായതിന്റെ നാലുമടങ്ങിലേറെ വരുമിത്. ആസൂത്രണ കമീഷന്റെ കണക്കുപ്രകാരം രാജ്യത്ത് 11.52 കോടി എപിഎല്‍ കാര്‍ഡുടമകളാണുള്ളത്. എന്നാല്‍, സംസ്ഥാന സര്‍ക്കാരുകള്‍ വിതരണംചെയ്ത കാര്‍ഡുകളുടെ എണ്ണം 13.25 കോടിയിലേറെയാണ്. എപിഎല്‍ വിഭാഗത്തെ പൊതുവിതരണ ശൃംഖലയില്‍നിന്ന് പുറന്തള്ളണമെന്ന് സുപ്രിം കോടതി നിയോഗിച്ച സെന്‍ട്രല്‍ വിജിലന്‍സ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു.
(വിജേഷ് ചൂടല്‍)

തരൂരിന്റെ വരുമാനസ്രോതസ്സ് അന്വേഷിക്കണം: ഡിവൈഎഫ്ഐ

ഐപിഎല്‍ ലേലത്തില്‍ ഇടനിലക്കാരനായ കേന്ദ്രമന്ത്രി ശശി തരൂരിന്റെ വരുമാനസ്രോതസ്സിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. കോടികളുടെ ബിസിനസാണ് ഐപിഎല്‍ ക്രിക്കറ്റ്. ഐപിഎല്‍ കേരളത്തിന് ഒരു ടീം ഉണ്ടാകുന്നത് സന്തോഷമാണ്. എന്നാല്‍, 1533 കോടി ചെലവിട്ട് ടീം ലേലത്തില്‍ പിടിച്ച കണ്‍സോര്‍ഷ്യത്തിന്റെ മുഖ്യകാര്‍മികനാകാന്‍ മാത്രം ജനപ്രതിനിധിയും കേന്ദ്രമന്ത്രിയുമായ ശശി തരൂരിന്റെ വരുമാനം എന്താണെന്ന് വെളിപ്പെടുത്തണം.

തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയ കണക്കുപ്രകാരം അദ്ദേഹത്തിന്റെ ആകെ സമ്പാദ്യം 20 കോടിയാണ്. അതേസമയം, 1500ലേറെ കോടി മുടക്കി ലേലംപിടിച്ച ടീം ഉടമസ്ഥന്‍ താനാണെന്ന നിലയിലാണ് ശശി തരൂരിന്റെ പ്രഖ്യാപനങ്ങള്‍. ടീം നിലവില്‍വന്ന് നിമിഷങ്ങള്‍ക്കകം നയപരമായ കാര്യങ്ങള്‍ ഉള്‍പ്പെടെ പ്രഖ്യാപിച്ച് അദ്ദേഹം നടത്തിയ അഭിപ്രായപ്രകടനം യഥാര്‍ഥ ഉടമസ്ഥന്റെ ചിത്രം വ്യക്തമാക്കുന്നു. ജനപ്രതിനിധിയും ഭരണാധികാരിയുമായ ഒരാള്‍ വന്‍കിട കച്ചവടത്തില്‍ പങ്കാളിയാകുന്നത് ജനാധിപത്യത്തിന് അപമാനവും ധാര്‍മികതയ്ക്ക് നിരക്കാത്തതുമാണ്. ഇത്രയും വലിയ തുക ചെലവിട്ട കേന്ദ്രമന്ത്രിയുടെ വരുമാനസ്രോതസ്സില്‍ ദുരൂഹുതയുണ്ട്. നാടിന്റെ വികസനം ലക്ഷ്യമിടേണ്ട മന്ത്രിയാണ് വന്‍കിട ബിസിനസില്‍ പങ്കാളിയായിരിക്കുന്നത്. തന്റെ ആകെ സമ്പാദ്യത്തേക്കാള്‍ കൂടുതല്‍ തുക ചെലവഴിക്കാന്‍ കഴിയുന്ന വരുമാന മാജിക് ഏതു രീതിയിലാണെന്ന് ശശി തരൂര്‍ വ്യക്തമാക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാര്‍ത്ത 220310

അമേരിക്കയിലെ യുദ്ധവിരുദ്ധ മുന്നേറ്റം

ഇറാനെ ഉന്നംവച്ച് അമേരിക്ക നീങ്ങുന്നു. ഏഴുവര്‍ഷം മുമ്പ് ഇറാഖിലേക്ക് അതിക്രമിച്ചുകയറാനും നരമേധം നടത്താനും ഉപയോഗിച്ച അതേ തന്ത്രം ആവര്‍ത്തിക്കപ്പെടുന്നു. ഇറാനെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ അന്താരാഷ്ട്രസമൂഹത്തില്‍ സമ്മര്‍ദം ചെലുത്തുമെന്നാണ് അമേരിക്കന്‍ വിദേശ സെക്രട്ടറി ഹിലരി ക്ളിന്റ റഷ്യാ സന്ദര്‍ശന മധ്യേ പറഞ്ഞിട്ടുള്ളത്. ആണവോര്‍ജത്തിന്റെ മറവില്‍ ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണെന്ന് അമേരിക്ക പ്രവചിക്കുന്നു. ആണവോര്‍ജം ഉല്‍പ്പാദിപ്പിക്കുന്നത് സമാധാനപരമായ ആവശ്യത്തിനുവേണ്ടിയാണെങ്കില്‍ എന്തിനാണ് ഇറാന്‍ രഹസ്യസംവിധാനം ഒരുക്കുന്നതെന്നാണ് ഹിലരിയുടെ ചോദ്യം. ഇറാനുമേല്‍ കടുത്ത സമ്മര്‍ദമാണ് അമേരിക്ക ചെലുത്തുന്നത്. ഗള്‍ഫ് മേഖലയില്‍ അമേരിക്കന്‍ സൈനിക സാന്നിധ്യത്തില്‍ ഗണ്യമായ വര്‍ധന വരുത്തി. ഗള്‍ഫ് രാജ്യങ്ങളില്‍ ചുറ്റിയടിച്ച അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്സ് ഊന്നിയത്, ഇറാനെതിരെ ഉപരോധം വരിഞ്ഞുമുറുക്കുന്നതിലാണ്.
ഇറാഖിലും അഫ്ഗാനിസ്ഥാനിലും അമേരിക്ക തുടരുന്ന യുദ്ധത്തിനെതിരെ വൈറ്റ് ഹൌസിനു മുന്നിലടക്കം ജനകീയ രോഷപ്രകടനം നടക്കുന്ന ഘട്ടത്തില്‍ത്തന്നെയാണ് മറ്റൊരു യുദ്ധമുഖം തുറക്കാനുള്ള അമേരിക്കയുടെ ബഹുമുഖ നീക്കമെന്നത് ശ്രദ്ധിക്കേണ്ടതാണ്. ഏഴുകൊല്ലം മുമ്പ് ഇറാഖിനെ അമേരിക്കന്‍ പട അധിനിവേശിച്ചതിന്റെ ഓര്‍മനാളില്‍, യുഎസ് പട്ടാളത്താല്‍ കൊലചെയ്യപ്പെട്ടവരെ സ്മരിച്ചുകൊണ്ടാണ് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ പ്രകടനങ്ങള്‍ നടന്നത്. ഇറാഖിന്റെയും അഫ്ഗാനിസ്ഥാന്റെയും പതാക പുതപ്പിച്ച ശവപ്പെട്ടികളുമായി സ്വന്തം രാജ്യത്തിന്റെ യുദ്ധവെറിമൂലം ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രകടനക്കാര്‍ പ്രതീകാത്മകമായി അന്ത്യോപചാരമര്‍പ്പിച്ചു. ബുഷ് മാറി ഒബാമ വന്നപ്പോള്‍ ആശ്വസിച്ചിരുന്നവര്‍, ഒബാമയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചവര്‍-അവരെല്ലാം നിരാശയോടെ വിളിച്ചുപറഞ്ഞത്, മാറിയത് വ്യക്തിമാത്രം; നയമല്ല എന്നാണ്.

4385 അമേരിക്കന്‍ പട്ടാളക്കാരാണ് ഏഴുകൊല്ലത്തിനകം ഇറാഖില്‍ ജീവന്‍ വെടിയേണ്ടിവന്നതെന്ന് ഒരു സ്വതന്ത്ര വെബ്സൈറ്റ് പറയുന്നു. അഫ്ഗാനിസ്ഥാനെതിരായ യുദ്ധത്തില്‍ മരണമടഞ്ഞ യുഎസ് പട്ടാളക്കാരുടെ എണ്ണം 1024 ആണ്. എന്നിട്ടും അമേരിക്ക പഠിക്കുന്നില്ല. യുദ്ധസന്നാഹങ്ങള്‍ ഇറാനുനേരെ തിരിച്ചുവച്ചിരിക്കുന്നു. ഇറാന്‍ പറയുന്നു, ഈ നീക്കം എണ്ണപ്പാടങ്ങള്‍ ലക്ഷ്യമിട്ടുമാത്രമെന്ന്.
ആഗോളവല്‍ക്കരണത്തെ നിലനിര്‍ത്തുന്നതിനും സ്വന്തം നിലനില്‍പ്പിനും പ്രത്യക്ഷ സൈനിക ഇടപെടലും ബലംപ്രയോഗിച്ചുള്ള സാമ്പത്തിക മാര്‍ഗങ്ങളുമാണ് അമേരിക്കന്‍ ആയുധം. ബുഷ് ഭരണകാലത്തെ ഏകപക്ഷീയമായ സമീപനം ഒബാമ ഭരണം ഉപേക്ഷിച്ചെന്ന പ്രതീതി നിലനിന്നിരുന്നു. എന്നാല്‍, ബുഷിന്റെ വഴിയേ തന്നെ ഒബാമയും എന്നാണ് യുദ്ധവിരുദ്ധ പ്രകടനത്തിനിറങ്ങിയ ശരാശരി അമേരിക്കക്കാരന്‍ പറയുന്നത്. ഇറാന്‍ പ്രശ്നത്തിലും അഫ്ഗാനിസ്ഥാന്‍ പ്രശ്നത്തിലും റഷ്യയെ നേരിടുന്നതിലും സഖ്യശക്തികളുടെ അനുമതി നേടാനുള്ള രാഷ്ട്രീയവും തന്ത്രപരവുമായ നീക്കത്തിലാണ് ഒബാമ. ബുഷിന്റെ ഏകപക്ഷീയ നിലപാടില്‍നിന്നുള്ള മാറ്റമാണത്. സമീപനത്തിന്റെയും ശൈലിയുടെയും കാര്യത്തിലേ വ്യത്യാസമുള്ളൂ; സാമ്രാജ്യത്വ തന്ത്രത്തില്‍ എന്തെങ്കിലും മാറ്റമുണ്ടായെന്ന അര്‍ഥം വരുന്ന സൂചനയൊന്നുമില്ല.

ഒബാമ ഭരണകൂടം അഫ്ഗാനിസ്ഥാനെ പ്രധാന ശ്രദ്ധാ കേന്ദ്രമാക്കി മാറ്റിയിരിക്കുന്നു. ദിനേന കൂടുതല്‍ ശക്തിയാര്‍ജിക്കുന്ന താലിബാന്‍ സൈന്യത്തിനുനേരെ അമേരിക്കയ്ക്ക് പിടിച്ചുനില്‍ക്കാനാകുന്നില്ല. അഫ്ഗാനിസ്ഥാനില്‍ ഒരു ലക്ഷം നാറ്റോ സൈനികരാണ് ഉള്ളത്. അതില്‍ 62,000 പേരും അമേരിക്കക്കാരാണ്. അഫ്ഗാനിലെ യുദ്ധത്തില്‍ പാകിസ്ഥാനു നിര്‍ണായകമായ സ്ഥാനമാണ് അമേരിക്ക കല്‍പ്പിക്കുന്നത്. അതിര്‍ത്തി പ്രവിശ്യകളില്‍ താലിബാനെ നേരിടുന്നതിന് പാകിസ്ഥാന്‍ അനിവാര്യമാണെന്ന് ഒബാമ തിരിച്ചറിയുന്നു. എന്നാല്‍, പാകിസ്ഥാനില്‍ യുദ്ധത്തിന്റെ കെടുതികള്‍കൊണ്ട് പൊറുതിമുട്ടിയ ജനങ്ങള്‍ അമേരിക്കാ വിരുദ്ധ വികാരമാണ് ഉയര്‍ത്തുന്നത്. നിരപരാധികള്‍ നാറ്റോ സൈന്യത്താല്‍ കൊല്ലപ്പെടുന്നത് അവര്‍ക്ക് പൊറുക്കാനാകുന്നില്ല. നേതൃനിരയിലെ ഇരുപതോളം പേരെ വധിക്കാന്‍ കഴിഞ്ഞത് താലിബാന്റെ വീര്യം കുറച്ചെന്നാണ് അമേരിക്ക ഒടുവില്‍ ആശ്വസിക്കുന്നത്. എന്നാല്‍, അഫ്ഗാന്‍ യുദ്ധവും അഫ്ഗാനിസ്ഥാനോടും പാകിസ്ഥാനോടും സ്വീകരിക്കുന്ന തെറ്റായ നയങ്ങളും തിരിച്ചടിച്ചുതുടങ്ങി എന്നുതന്നെ തെളിയിക്കുന്നതാണ് അമേരിക്കന്‍ ജനത യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങിയ അനുഭവം.

ഈ പരിതഃസ്ഥിതിയില്‍ ഇന്ത്യയുടെ അവസ്ഥയാണ് പരിതാപകരമാകുന്നത്. ഇന്ന് ഇന്ത്യ, അമേരിക്കയുടെ ഏഷ്യന്‍ തന്ത്രത്തില്‍ സുപ്രധാന കൂട്ടാളിയായാണ് കണക്കാക്കപ്പെടുന്നത്. ആഗോളതലത്തില്‍ പ്രധാന പ്രതിയോഗി ചൈനയായിരിക്കുമെന്നും ചൈനയ്ക്കെതിരായ പ്രതിശക്തി എന്ന നിലയിലാണ് ഇന്ത്യയെ കാണുന്നതെന്നും അമേരിക്ക പറഞ്ഞുകഴിഞ്ഞു. അമേരിക്കയുടെ സങ്കുചിതമായ താല്‍പ്പര്യങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് ഇന്ത്യയെ യുപിഎ ഗവര്‍മെന്റ് സാമ്രാജ്യത്വത്തിന് അടിയറവയ്ക്കുന്നത്. ഇന്ത്യയും അമേരിക്കയും തമ്മിലുണ്ടാക്കിയ തന്ത്രപരമായ സഖ്യം അമേരിക്കയില്‍പ്പോലും ജനങ്ങള്‍ തിരസ്കരിക്കുന്ന കാടന്‍ സമീപനമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. അമേരിക്കന്‍ താല്‍പ്പര്യാനുസരണം നിയമനിര്‍മാണത്തിനും അന്താരാഷ്ട്ര ഇടപെടലുകള്‍ക്കും താല്‍പ്പര്യം കാണിക്കുന്ന യുപിഎ സര്‍ക്കാര്‍ നാശത്തിന്റെ വഴിയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് ആവര്‍ത്തിച്ചുതെളിയുകയാണ് ഇവിടെ. ഇറാഖിലും ഇറാനിലും അഫ്ഗാനിസ്ഥാനിലും ലോകത്തിന്റെ ഇതര കോണുകളിലും സാമ്രാജ്യത്വത്തിന്റെ യുദ്ധവെറിക്കിരയായി മരിച്ചുവീഴുന്നവരോടുള്ള ആദരവും കൊലയാളികള്‍ക്കെതിരായ രോഷവുമാണ് അമേരിക്കയിലെ യുദ്ധവിരുദ്ധ പ്രകടനങ്ങളില്‍ മുഴങ്ങിയത്. ആ വികാരം തീര്‍ച്ചയായും ഇന്ത്യക്കാരന്റേതുമാണ്. ഇന്നാട്ടിലെ സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന് അതു കരുത്തുപകരുക തന്നെ ചെയ്യും.

ദേശാഭിമാനി മുഖപ്രസംഗം 220310

ഉമ്മന്‍ചാണ്ടി കാണാത്ത സത്യങ്ങള്‍

വിലക്കയറ്റം സംബന്ധിച്ച് കേരള സര്‍ക്കാരിന്റെ നടപടികളെ വിമര്‍ശിക്കുന്ന പ്രതിപക്ഷനേതാവ് കേരള സര്‍ക്കാരിനെ വസ്തുതകളുടെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാരും കേന്ദ്രമന്ത്രിമാരും പ്രശംസിക്കുകയും കേരളത്തെ മാതൃകയാക്കാന്‍ മറ്റുള്ളവരോട് അഭ്യര്‍ഥിക്കുകയും ചെയ്യുന്നത് കണ്ടില്ലെന്ന് നടിക്കുന്നു. സിപിഐ എമ്മിന്റെ ഉപരോധസമരത്തെ വിമര്‍ശിച്ച് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി മാതൃഭൂമിയില്‍ മാര്‍ച്ച് 18നു 'കാലത്തിനപ്പുറം' എന്ന കുറിപ്പ് വസ്തുതകളുടെ തമസ്കരണമാണ്. 'വില നിയന്ത്രിക്കാന്‍ എന്റെ കൈയില്‍ മാന്ത്രികവടികളൊന്നുമില്ല. പൊതുവിതരണം ശക്തിപ്പെടുത്തുകയേ പോംവഴിയുള്ളൂ അതിന് കേരളത്തെ കണ്ട് പഠിക്കൂ' എന്ന് ഒന്നാം യുപിഎ സര്‍ക്കാര്‍ കാലത്തെ ധനമന്ത്രി പി ചിദംബരം പറഞ്ഞത് പാര്‍ലമെന്റില്‍ രേഖയാണ്. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തെ പ്രക്ഷുബ്ധമാക്കിയ വിലക്കയറ്റ ചര്‍ച്ചകളില്‍ കേന്ദ്ര ഭക്ഷ്യമന്ത്രി ശരദ് പവാര്‍ 'ഞാന്‍ ഒറ്റയ്ക്കു വിചാരിച്ചാല്‍ വില നിയന്ത്രിക്കാനാകില്ല. സംസ്ഥാനങ്ങളും പരിശ്രമിക്കണം. പൊതുവിതരണം ശക്തിപ്പെടുത്താന്‍ ഫലപ്രദമായ നടപടി സ്വീകരിക്കുന്ന കേരളത്തെ മാതൃകയാക്കുകയാണ് വേണ്ടത്' എന്നാണ് പറഞ്ഞത്. ആന്റോ ആന്റണി, കെ സി വേണുഗോപാല്‍ എന്നീ എംപിമാര്‍ക്ക് കേന്ദ്ര സഹമന്ത്രി കെ വി തോമസ് പാര്‍ലമെന്റില്‍ നല്‍കിയ മറുപടിയിലും വിലനിയന്ത്രിക്കാനുള്ള കര്‍ശന നടപടികളെടുക്കുന്ന കേരളത്തെ പ്രശംസിച്ചതും സ്മരണീയമാണ്. കേരളം സ്വീകരിച്ചുവരുന്ന നടപടിയുടെ ഗുണപരമായ വശങ്ങളെ മറച്ചുവച്ച് ഉള്ള ഗുണങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ചെലവില്‍ പ്രതിഷ്ഠിക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്.

അഞ്ചുകൊല്ലം ഭരിച്ച മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ അവസാനത്തെ മൂന്നുമാസം മുമ്പ് മൂന്നുരൂപയ്ക്ക് അരി പ്രഖ്യാപിച്ചിട്ട് അതു നടപ്പാക്കാന്‍ 10 പൈസ ബജറ്റില്‍ നീക്കിവയ്ക്കാന്‍ തയ്യാറാകാതിരുന്ന ഉമ്മന്‍ചാണ്ടിയാണ് മൂന്നുരൂപയ്ക്ക് അരി നല്‍കിയെന്ന അവകാശവാദം നടത്തുന്നത്. വ്യത്യസ്ത വിലകള്‍ക്ക് കേന്ദ്രം തരുന്ന അരി രണ്ടുരൂപ പ്രകാരം 17 കിലോ വീതം 26 ലക്ഷം പേര്‍ക്ക് നല്‍കുമ്പോള്‍ അതിനു വേണ്ടിവരുന്ന ബാക്കി പണം സംസ്ഥാന സര്‍ക്കാരാണ് മുടക്കുന്നതെന്ന് ഉമ്മന്‍ചാണ്ടിയുടെ ലേഖനത്തില്‍ തന്നെ വ്യക്തമാണ്. കേന്ദ്രം അരിവിഹിതം വെട്ടിക്കുറച്ചില്ലായിരുന്നെങ്കില്‍ 25 കിലോ അരി രണ്ടുരൂപ പ്രകാരം 26 ലക്ഷം ബിപിഎല്‍ കുടുംബത്തിനു നല്‍കാന്‍ കഴിയുമായിരുന്നു. ഉമ്മന്‍ചാണ്ടിയോടും സര്‍വകക്ഷി സംഘത്തോടും കേരളത്തിന്റെ അരിവിഹിതം പുനഃസ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നല്‍കിയ ഉറപ്പുപാലിച്ചാല്‍ 25 കിലോ അരിവീതം 26 ലക്ഷം കുടുംബത്തിനു നല്‍കാനാകും. ഇപ്പോള്‍ ബജറ്റില്‍ പറഞ്ഞിട്ടുള്ള 36 ലക്ഷം കുടുംബത്തിനായി അത് വ്യാപിപ്പിക്കാനുമാകും.

സമരം അനാവശ്യമായിരുന്നില്ലെന്ന് നേരിട്ടല്ലെങ്കിലും ഉമ്മന്‍ചാണ്ടിതന്നെ സമ്മതിക്കുന്നുണ്ട്. അരിവിഹിതപ്രശ്നം കൂടാതെ ഭക്ഷ്യസബ്സിഡിക്കുള്ള കേന്ദ്ര അടങ്കല്‍ 400 കോടി കുറച്ചതും രാസവള സബ്സിഡി 3000 കോടി കുറച്ചതും പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിക്കുന്നതിനുള്ള ഒരു സാഹചര്യവും നിലവിലില്ലാതിരുന്നിട്ടും വില വര്‍ധിപ്പിച്ച് വിലക്കയറ്റത്തിനിടയാക്കിയ നയവും ഉപരോധസമരത്തിനിടയാക്കിയ കാരണങ്ങളാണ്. 28 സംസ്ഥാനങ്ങളിലും നടപ്പാക്കാനായി കേന്ദ്രം പ്രഖ്യാപിച്ച പദ്ധതികളില്‍ ചിലതും സംസ്ഥാനത്തിന്റെ വിഹിതവും കൂട്ടിച്ചേര്‍ത്ത് കുറെക്കൂടി ജനക്ഷേമകരമായി നടപ്പാക്കാന്‍ ശ്രമിക്കുന്ന സംസ്ഥാന സര്‍ക്കാരിനെ അംഗീകരിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിയുന്നില്ലെന്നത് അദ്ദേഹത്തിന്റെ കുഴപ്പം.

കേന്ദ്രം നടപ്പാക്കുന്ന രാഷ്ട്രീയ സ്വാസ്ത് ബീമായോജന പദ്ധതി എന്ന ആരോഗ്യ ഇന്‍ഷുറന്‍സ് (ആര്‍എസ്ബിവൈ) ഏറ്റവും മെച്ചപ്പെട്ട നിലയില്‍ ഇന്ത്യയില്‍ നടപ്പാക്കിയത് കേരളമാണെന്നു പറഞ്ഞ് കേന്ദ്ര തൊഴില്‍മന്ത്രിയും മന്ത്രാലയവും കേരളത്തെ പ്രശംസിക്കുന്നു. അത് 36 ലക്ഷം പേര്‍ക്കായി 70,000 രൂപ ഇന്‍ഷുറന്‍സ് തുകയായി വര്‍ധിപ്പിച്ചു നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ അംഗീകരിക്കാനുള്ള മനസ്സല്ലേ വേണ്ടത്. ഇന്ദിരാ ആവാസ് യോജനയ്ക്കായി അനുവദിക്കുന്ന തുച്ഛമായ കേന്ദ്രവിഹിതം കൊണ്ടാണോ, ഇ എം എസ് ഭവനനിര്‍മാണ പദ്ധതിയില്‍ വീടുവയ്ക്കുന്നത്? പഞ്ചായത്ത് പദ്ധതി വിഹിതത്തിനുപുറമെ 15 വര്‍ഷത്തേക്കുള്ള വായ്പയായി നാലായിരത്തില്‍പ്പരം കോടി രൂപ കേരളത്തിലെ സഹകരണ ബാങ്കുകളിലുള്ള നിക്ഷേപം കൂടി ഉപയോഗപ്പെടുത്തി നടത്തുന്ന ഒരു മഹാപ്രവര്‍ത്തനമാണ് അത്. കേന്ദ്രത്തിന്റെ നാമമാത്ര ഇന്ദിരാ ആവാസ് യോജനയും ഇ എം എസ് ഭവനനിര്‍മാണവും ഒന്നാണെന്നു സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് ഉമ്മന്‍ചാണ്ടിക്കു മാത്രം മനസ്സിലാകുന്ന ന്യായം.

നിരവധി അവാര്‍ഡാണ് കേന്ദ്രസര്‍ക്കാരില്‍നിന്ന് കേരളം നേടിയത്. വിവിധ വികസനമേഖലകളില്‍ മികവിനായി ഏര്‍പ്പെടുത്തിയ അവാര്‍ഡുകളില്‍ അടിസ്ഥാന സൌകര്യവികസനം, പരിസ്ഥിതി സംരക്ഷണം, ആരോഗ്യരക്ഷ എന്നീ രംഗങ്ങളില്‍ ഇന്ത്യയിലെ 28 സംസ്ഥാനങ്ങളില്‍ ഏറ്റവും മികച്ചത് കേരളമാണെന്നുള്ള ഐബിഎന്‍-7 ചാനല്‍ ഏര്‍പ്പെടുത്തിയ ഡയമണ്ട് അവാര്‍ഡ് ലോക്സഭാ സ്പീക്കര്‍ മീരാകുമാറും മികച്ച ക്രമസമാധാന പാലനത്തിനുള്ള ഇന്ത്യാ ടുഡേ അവാര്‍ഡ് പ്രണബ് മുഖര്‍ജിയും മികച്ച വനമിത്ര അവാര്‍ഡ് ജയ്റാം രമേശും മികച്ച ഊര്‍ജസംരക്ഷണത്തിനുള്ള അവാര്‍ഡ് സുശീല്‍കുമാര്‍ ഷിന്‍ഡേയും മികച്ച പൊതുമേഖല സംരക്ഷണത്തിനുള്ള പ്രകീര്‍ത്തനം എ കെ ആന്റണിയും മികച്ച ടൂറിസം പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് അംബിക സോണിയും കേരള സര്‍ക്കാരിനു നല്‍കി. കേരളത്തിന്റെ മികച്ച നികുതി പിരിവ്, ഇ ഗവേണന്‍സ്, മികച്ച ആര്‍എസ്ബിവൈ പ്രവര്‍ത്തനം തുടങ്ങി വിവിധ വകുപ്പുകളെ കേന്ദ്രസര്‍ക്കാര്‍ മന്ത്രാലയങ്ങളും പ്രശംസിച്ചതും ചെറുതായി കാണരുത്. വിഭവ പരിമിതികളുള്ള ഒരു സര്‍ക്കാര്‍ അതിന്റെ പരിമിതികള്‍ക്കകത്തു നിന്നുകൊണ്ട് ഒട്ടേറെ നല്ലകാര്യം ചെയ്യാന്‍ ശ്രമിച്ചതിനെ കോഗ്രസ് നേതാക്കളായ കേന്ദ്രമന്ത്രിമാര്‍ പ്രശംസിക്കപ്പെടാന്‍ അസരമൊരുക്കിയത് ഭരണമികവിനു ലഭിച്ച വലിയ അംഗീകാരം തന്നെയാണ്. അത് ഉമ്മന്‍ചാണ്ടി മറച്ചുവച്ചാല്‍ ഇല്ലാതാകുന്നതല്ല.

എ എം ആരിഫ് ദേശാഭിമാനി 220310

Sunday, March 21, 2010

സ്ത്രീകളെ മുന്‍നിരയില്‍ എത്തിക്കും - സി.ഐ.ടി.യു

ജ്യോതിബസുനഗര്‍ (ചണ്ഡീഗഢ്): തൊഴിലെടുക്കുന്ന സ്ത്രീകളെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്താന്‍ സിഐടിയു ദേശീയ സമ്മേളനം തീരുമാനിച്ചു. ജനുവരിയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന തൊഴിലെടുക്കുന്ന വനിതകളുടെ അഖിലേന്ത്യാ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സമ്മേളനം മുന്നോട്ടുവച്ച നിര്‍ദേശങ്ങളും തൊഴിലെടുക്കുന്ന സ്ത്രീകളെ സംഘടിപ്പിക്കുന്നതിന് സിഐടിയു ഏറ്റെടുക്കേണ്ട കടമകള്‍സംബന്ധിച്ച പ്രഖ്യാപനവും സമ്മേളനം അംഗീകരിച്ചു. എല്ലാ സംസ്ഥാനത്തും 'ആശ' പ്രവര്‍ത്തകര്‍, ഉച്ചഭക്ഷണപദ്ധതിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ എന്നിവരെ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ഹിന്ദി സംസ്ഥാനങ്ങളില്‍നിന്നുള്ള വനിതാപ്രവര്‍ത്തകര്‍ക്ക് ട്രേഡ് യൂണിയന്‍ ക്ളാസ് സംഘടിപ്പിക്കും. തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്കിടയില്‍ സിഐടിയുവിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ദേശീയ ശില്‍പ്പശാല സംഘടിപ്പിക്കും. വനിതകളുടെ അംഗസംഖ്യ കാര്യമായുള്ള എല്ലാ സിഐടിയു യൂണിയനുകളും ഫെഡറേഷനുകളും ഒരുവര്‍ഷത്തിനകം വനിതാ സബ്കമ്മിറ്റികള്‍ക്ക് രൂപംനല്‍കും. തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്കായി എല്ലാ സംസ്ഥാനത്തും ഏകോപനസമിതികള്‍ രൂപീകരിക്കും- പ്രഖ്യാപനത്തില്‍ പറഞ്ഞു.

എ കെ പത്മനാഭന്‍ പ്രസിഡന്റ് തപന്‍സെന്‍ ജനറല്‍ സെക്രട്ടറി

ജ്യോതിബസുനഗര്‍ (ചണ്ഡീഗഢ്): സിഐടിയു പ്രസിഡന്റായി എ കെ പത്മനാഭനെയും (തമിഴ്നാട്) ജനറല്‍ സെക്രട്ടറിയായി തപന്‍ സെന്നിനെയും (ബംഗാള്‍) തെരഞ്ഞെടുത്തു. സിഐടിയു സെന്ററില്‍ പ്രവര്‍ത്തിക്കുന്ന രഞ്ജന നിരുലയാണ് (ഡല്‍ഹി) ട്രഷറര്‍. ആദ്യമായാണ് ഒരു വനിത ട്രഷററാകുന്നത്. 16 വൈസ് പ്രസിഡന്റുമാരും 16 സെക്രട്ടറിമാരുമടക്കം 35 പേരെ കേന്ദ്ര ഭാരവാഹികളായി ദേശീയ സമ്മേളനം ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. പ്രസിഡന്റുസ്ഥാനം ഒഴിഞ്ഞ എം കെ പന്ഥെയും ജനറല്‍ സെക്രട്ടറിസ്ഥാനം ഒഴിഞ്ഞ മുഹമ്മദ് അമിനും വൈസ് പ്രസിഡന്റുമാരായി തുടരും. മലയാളിയായ എ കെ പത്മനാഭന്‍ സിഐടിയു ദേശീയ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗമാണ്.

കേരളത്തില്‍നിന്ന് കെ എന്‍ രവീന്ദ്രനാഥ്, പി കെ ഗുരുദാസന്‍, മേഴ്സിക്കുട്ടിയമ്മ എന്നിവരെ വൈസ് പ്രസിഡന്റുമാരായും എം എം ലോറന്‍സ്, കെ ഒ ഹബീബ്, കെ കെ ദിവാകരന്‍ എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. ഭാരവാഹികളില്‍ ട്രഷററടക്കം ഏഴുപേര്‍ വനിതകളാണ്. ആകെ ഭാരവാഹികളുടെ 30 ശതമാനം വനിതാപ്രാതിനിധ്യമുണ്ട്. 420 അംഗ ജനറല്‍ കൌസിലിനെയും 122 അംഗ വര്‍ക്കിങ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. കേരളത്തില്‍നിന്ന് 104 പേര്‍ ജനറല്‍ കൌസിലിലുണ്ട്. ഇവരില്‍ 30 പേര്‍ വര്‍ക്കിങ് കമ്മിറ്റി അംഗങ്ങളാണ്. മുഹമ്മദ് അമിന്‍ അവതരിപ്പിച്ച പ്രവര്‍ത്തനറിപ്പോര്‍ട്ട് സമ്മേളനം അംഗീകരിച്ചു. ഞായറാഴ്ച പഞ്ചാബിലെ തൊഴിലാളികളുടെ ഉജ്വലറാലിയോടെ ദേശീയ സമ്മേളനം സമാപിക്കും

പുതിയ നേതൃത്വം

ജ്യോതിബസു നഗര്‍ (ചണ്ഡീഗഢ്): ഇ ബാലാനന്ദനു ശേഷം വീണ്ടുമൊരു മലയാളി സിഐടിയു ദേശീയ പ്രസിഡന്റ് സ്ഥാനത്ത്. തമിഴ്നാടാണ് പ്രവര്‍ത്തനകേന്ദ്രമെങ്കിലും പുതിയ പ്രസിഡന്റ് എ കെ പത്മനാഭന്റെ സ്വദേശം കണ്ണൂരാണ്. പാപ്പിനിശ്ശേരി ആമന്ദ്ര കേളോത്ത് കുടുംബാംഗമാണ്. അച്ഛന്‍ പരേതനായ എ വി കുഞ്ഞിരാമന്‍ നമ്പ്യാര്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയുടെയും പിന്നീട് കമ്യൂണിസ്റ്റ് പാര്‍ടിയുടെയും സജീവപ്രവര്‍ത്തകനായിരുന്നു. അമ്മ: ജാനകിയമ്മ. ചെന്നൈയില്‍ പ്രീ യൂണിവേഴ്സിറ്റി ചെയ്ത പത്മനാഭന്‍ 1963ല്‍ 16-ാംവയസ്സില്‍ ചെന്നൈയിലെ അശോക്ലൈലന്‍ഡ് കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നു. സിഐടിയുവിന്റെ സജീവപ്രവര്‍ത്തകനായി. ജീവനക്കാരെ സംഘടിപ്പിച്ചതിന് 1972ല്‍ പിരിച്ചുവിട്ടു. സിഐടിയു സ്ഥാപനസമ്മേളനത്തില്‍ പ്രതിനിധിയായിരുന്നു. 1973ല്‍ സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറിയായും 1980ല്‍ സംസ്ഥാന ഭാരവാഹിയായും തെരഞ്ഞെടുക്കപ്പെട്ടു. 1991 മുതല്‍ ദേശീയ സെക്രട്ടറിയാണ് ഈ 63കാരന്‍. മൂന്നുവര്‍ഷമായി സിഐടിയു തമിഴ്നാട് സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിക്കുന്നു. 1986 മുതല്‍ സിപിഐ എം തമിഴ്നാട് സംസ്ഥാന സെക്രട്ടറിയറ്റ് അംഗമാണ്. 2005ല്‍ ഡല്‍ഹി പാര്‍ടി കോണ്‍ഗ്രസില്‍ കേന്ദ്രകമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗമായിരുന്ന പി ആര്‍ പരമേശ്വരന്റെ മകള്‍ ഉഷാദേവിയാണ് ഭാര്യ. അഡ്വ. മനോജ്കുമാര്‍, സുനിത എന്നിവര്‍ മക്കളാണ്.

പുതിയ ജനറല്‍ സെക്രട്ടറിയായ തപന്‍സെന്‍ ബംഗാളില്‍ നിന്നുള്ള രാജ്യസഭാംഗം കൂടിയാണ്. കൊല്‍ക്കത്തയില്‍ ജനിച്ച അമ്പത്തൊമ്പതുകാരനായ തപന്‍സെന്നിന്റെ അച്ഛന്‍ ബങ്കിംസെന്നും അമ്മ അമിയ സെന്നും സ്വാതന്ത്ര്യസമര സേനാനികളായിരുന്നു. കൊല്‍ക്കത്തയില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. യുവജനസംഘടനയില്‍ പ്രവര്‍ത്തിക്കവേ 1971ല്‍ സെയിലില്‍ ജീവനക്കാരനായി ചേര്‍ന്നു. സെയിലില്‍ ജോലിയെടുക്കുന്ന കാലത്ത് സിഐടിയുവില്‍ സജീവമായി. സ്റ്റീല്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നേതാവായിരിക്കേ 1987ല്‍ ഡല്‍ഹിയില്‍ സിഐടിയു സെന്ററില്‍ പ്രവര്‍ത്തിക്കാനെത്തി. 1994 മുതല്‍ സിഐടിയു ദേശീയ സെക്രട്ടറിയാണ്. 2008ല്‍ കോയമ്പത്തൂര്‍ പാര്‍ടി കോണ്‍ഗ്രസില്‍ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം. അറുപത്തിനാലുകാരിയായ രഞ്ജന നിരുല സിഐടിയു ട്രഷറര്‍ സ്ഥാനത്ത് എത്തുന്ന ആദ്യ വനിതയാണ്. 1964ല്‍ ഡല്‍ഹിയിലെ സമ്പന്ന കുടുംബത്തില്‍ ജനനം. വിയത്നാം യുദ്ധകാലത്ത് അമേരിക്കയില്‍ ഇടതുപക്ഷ പ്രവര്‍ത്തകയായി. 1978 മുതല്‍ സിഐടിയുവിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തക. സിഐടിയു ഡല്‍ഹി ഘടകം ട്രഷററായിരുന്നു. ജനാധിപത്യ മഹിള അസോസിയേഷന്റെ കേന്ദ്ര എക്സിക്യൂട്ടീവ് അംഗമാണ്. 1998ല്‍ സിഐടിയു സെന്ററില്‍ അംഗമായി. വോയിസ് ഓഫ് വര്‍ക്കിങ് വുമണിന്റെ എഡിറ്ററും ആശ വര്‍ക്കേഴ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനറുമാണ്. സിഐടിയു വര്‍ക്കിങ് കമ്മിറ്റിയംഗമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

കുടിയേറ്റ തൊഴിലാളിക്ഷേമം: കേന്ദ്രം നടപടിയെടുക്കണം- സിഐടിയു

ജ്യോതിബസുനഗര്‍ (ചണ്ഡീഗഢ്): കുടിയേറ്റത്തൊഴിലാളികളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി ക്രിയാത്മകനടപടികള്‍ സ്വീകരിക്കാന്‍ സിഐടിയു ദേശീയസമ്മേളനം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കുടിയേറ്റത്തൊഴിലാളികള്‍ പലയിടത്തും കടുത്ത പീഡനമാണ് അനുഭവിക്കുന്നത്. ഇന്ത്യയില്‍ ലക്ഷക്കണക്കിനാളുകള്‍ നാടും വീടുമുപേക്ഷിച്ച് അന്യനാട്ടില്‍ ജോലിയെടുക്കുന്നു. ഇവരുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി നിയമം നിലവിലുണ്ടെങ്കിലും അത് കടലാസില്‍ മാത്രമാണ്. കേന്ദ്രം നിസ്സംഗത അവസാനിപ്പിച്ച്, കുടിയേറ്റത്തൊഴിലാളികളുടെ ക്ഷേമത്തിനുള്ള പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കണം. നിശ്ചിതവേതനം, ശരിയായ തൊഴില്‍സാഹചര്യങ്ങള്‍, പാര്‍പ്പിടം, വൈദ്യസംവിധാനങ്ങള്‍ എന്നിവ ഉറപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. തൊഴിലില്ലായ്മ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തൊഴിലുറപ്പ് പദ്ധതി നഗരങ്ങളിലേക്കുകൂടി വ്യാപിപ്പിക്കണം. എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ഒഴിവുകള്‍ അടിയന്തരമായി നികത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ആസൂത്രണപ്രക്രിയയില്‍ തൊഴില്‍ ഉല്‍പ്പാദനത്തിന് മുഖ്യസ്ഥാനം നല്‍കണം. സംഘടിത- അസംഘടിത മേഖലകളിലെ തൊഴിലും തൊഴിലില്ലായ്മയും സംബന്ധിച്ച പൊതുരേഖ പ്രസിദ്ധീകരിക്കുന്നതിലെ കാലതാമസം ഒഴിവാക്കണം. വിലക്കയറ്റം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ പെട്രോള്‍, ഡീസല്‍, വളം, കല്‍ക്കരി എന്നിവയുടെ വിലവര്‍ധിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കുകയും എല്ലാ അവശ്യവസ്തുക്കളുടെയും അവധിവ്യാപാരം നിരോധിക്കുകയും വേണം. പൊതുവിതരണ സംവിധാനം സാര്‍വത്രികമാക്കണമെന്നും പൂഴ്ത്തിവയ്പ്പുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം, തൊഴിലില്ലായ്മ-വിലക്കയറ്റം- കാര്‍ഷികപ്രതിസന്ധി തുടങ്ങി രാജ്യം അഭിമുഖീകരിക്കുന്ന ഗുരുതര പ്രശ്നങ്ങള്‍, ട്രേഡ്യൂണിയന്‍ ഐക്യം, ബംഗാളിലെ മാവോയിസ്റ്റ്- തൃണമൂല്‍ ആക്രമണങ്ങള്‍, ക്യൂബന്‍വിപ്ളവത്തിന്റെ അമ്പതാംവാര്‍ഷികം, അന്താരാഷ്ട്ര വനിതാദിനത്തിന്റെ നൂറാംവാര്‍ഷികം എന്നീ വിഷയങ്ങളിലും സമ്മേളനം പ്രമേയങ്ങള്‍ അംഗീകരിച്ചു. സിഐടിയുവിന്റെ 40-ാംവാര്‍ഷികം സമുചിതം ആചരിക്കുമെന്ന് മുഹമ്മദ് അമിന്‍ അറിയിച്ചു. സിഐടിയു സ്ഥാപകദിനമായ മെയ് 30 മുതല്‍ ഒരുവര്‍ഷം നീളുന്നതായിരിക്കും വാര്‍ഷികാചരണ പരിപാടികള്‍. പി രാമമൂര്‍ത്തിയുടെ പേരില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ട്രേഡ് യൂണിയന്‍ സ്കൂളിന്റെ നിര്‍മാണപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ സമ്മേളനം തീരുമാനിച്ചു. സുകോമള്‍ സെന്നായിരിക്കും സ്കൂള്‍ ഡയറക്ടര്‍.

ഓഹരിവില്‍പ്പന: ഏഴര ലക്ഷം കല്‍ക്കരി തൊഴിലാളികള്‍ പണിമുടക്കിലേക്ക്

ജ്യോതിബസുനഗര്‍ (ചണ്ഡിഗഡ്): രാജ്യത്തെ ഏറ്റവും വലിയ കല്‍ക്കരി ഉല്‍പ്പാദന കമ്പനിയായ കോള്‍ ഇന്ത്യാ ലിമിറ്റഡിന്റെ 10 ശതമാനം ഓഹരി വിറ്റഴിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് കല്‍ക്കരി ഖനന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏഴര ലക്ഷത്തോളം തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് . സിഐടിയു നേതൃത്വത്തില്‍ അഞ്ച് കേന്ദ്ര ട്രേഡ്യൂണിയനുകളാണ് പണിമുടക്കാന്‍ തീരുമാനിച്ചത്. ഐഎന്‍ടിയുസിയും സമരത്തില്‍ അണിനിരക്കും. എഐടിയുസി, ബിഎംഎസ്, എച്ച്എംഎസ് എന്നിവരാണ് മറ്റു പങ്കാളികള്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് കോള്‍ ഇന്ത്യയുടെ ഓഹരി വില്‍പ്പനയ്ക്ക് പച്ചകൊടി കാട്ടിയത്. ഓഹരിവില്‍പ്പന തീരുമാനത്തില്‍ പ്രതിഷേധിച്ച് ഇത്ര വിപുലമായ തൊഴിലാളി സമരം ആദ്യമാണ്. 27 ന് റാഞ്ചിയില്‍ ചേരുന്ന ട്രേഡ്യൂണിയന്‍ നേതാക്കളുടെ യോഗം പണിമുടക്ക് ആരംഭിക്കുന്ന തീയതി നിശ്ചയിക്കും. ഓഹരിവില്‍പ്പന തീരുമാനം പിന്‍വലിക്കുന്നത് വരെ പണിമുടക്ക് തുടരുമെന്ന് സിഐടിയു ജനറല്‍സെക്രട്ടറി തപന്‍ സെന്‍ അറിയിച്ചു. കോള്‍ഇന്ത്യാ ലിമിറ്റഡാണ് 82 ശതമാനം കല്‍ക്കരിയും രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്നത്. പണിമുടക്കിനെ തുടര്‍ന്ന് കോള്‍ഇന്ത്യയുടെ പ്രവര്‍ത്തനം സ്തംഭിക്കുന്നതോടെ രാജ്യത്തെ വൈദ്യുതി ഉല്‍പ്പാദനം കടുത്ത പ്രതിസന്ധിയിലാകും. രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന ആകെ വൈദ്യുതിയുടെ 55 ശതമാനവും കല്‍ക്കരിയില്‍ നിന്നാണ്. പണിമുടക്ക് നീണ്ടാല്‍ കേന്ദ്രപൂളില്‍ നിന്നുള്ള വൈദ്യുതി കുറയും. ഇത് കേരളത്തെയും ബാധിക്കും. കോള്‍ ഇന്ത്യക്ക് കീഴില്‍ ഒമ്പത് കല്‍ക്കരി കമ്പനികളും 450 ഓളം കല്‍ക്കരി ഖനികളുമാണ് പ്രവര്‍ത്തിക്കുന്നത്. നാലരലക്ഷത്തോളം സ്ഥിരം ജീവനക്കാരും മൂന്നു ലക്ഷത്തോളം താല്‍കാലിക ജീവനക്കാരും ഖനികളില്‍ പ്രവര്‍ത്തിക്കുന്നു. പ്രതിവര്‍ഷം നാനൂറ് ദശലക്ഷം ട കല്‍ക്കരിയാണ് കോള്‍ഇന്ത്യയുടെ ഉല്‍പ്പാദനം. രാജ്യത്ത് പൂര്‍ണമായും പൊതുമേഖലയിലുള്ള കല്‍ക്കരി ഖനന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏക സ്ഥാപനമാണ് കോള്‍ഇന്ത്യ. കല്‍ക്കരി മേഖലയില്‍ സ്വകാര്യവല്‍ക്കരണം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ പലവട്ടം ശ്രമിച്ചിരുന്നു. മൂന്നുതവണ ഇതിനായി പാര്‍ലമെന്റില്‍ ബില്‍ കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും പിന്‍വാങ്ങേണ്ടി വന്നു. തുടര്‍ന്നാണ് ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്ത് ഓഹരികള്‍ വിറ്റഴിക്കാനുള്ള നീക്കം. ഏതാണ്ട് 63.16 കോടി ഓഹരികളാകും ആദ്യ ഘട്ടത്തില്‍ വിറ്റഴിക്കുക.
(എം പ്രശാന്ത്)

ആഗോളമാന്ദ്യം മാറുകയാണെന്ന പ്രചാരണം വ്യാജം: സിഐടിയു

ജ്യോതിബസുനഗര്‍ (ചണ്ഡീഗഢ്): സാമ്പത്തികമാന്ദ്യത്തില്‍നിന്ന് ആഗോളസമ്പദ്ഘടന കരകയറുകയാണെന്ന പ്രചാരണം സാമ്രാജ്യത്വ ഏജന്‍സികള്‍ ബോധപൂര്‍വം ഉയര്‍ത്തുന്ന കോലാഹലം മാത്രമാണെന്ന് സിഐടിയു ദേശീയസമ്മേളനം വ്യക്തമാക്കി. ഊഹക്കച്ചവടത്തില്‍ അധിഷ്ഠിതമായ നവഉദാരവല്‍ക്കരണ പാതയില്‍നിന്ന് ലോകരാജ്യങ്ങള്‍ പിന്നോക്കം പോകാതിരിക്കാനുള്ള അടവിന്റെ ഭാഗമായാണ് ഇത്തരം പ്രചാരണങ്ങളെന്ന് ജനറല്‍സെക്രട്ടറി മുഹമ്മദ് അമിന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഉദാരവല്‍ക്കരണനയങ്ങള്‍ക്കെതിരെ ആഗോളതലത്തില്‍ നിശിത വിമര്‍ശം ഉയരുന്ന ഘട്ടത്തിലാണ് ഈ പ്രചാരണം. വികസ്വരരാജ്യങ്ങളെ ഇത്തരം നയങ്ങളില്‍ ഉറപ്പിച്ചുനിര്‍ത്തുകയാണ് സാമ്രാജ്യത്വശക്തികളുടെ ലക്ഷ്യം. വ്യാജമായി സമ്പദ്വ്യവസ്ഥയില്‍ കൃത്രിമഉണര്‍വ് സൃഷ്ടിക്കാനാണ് ആധുനിക മുതലാളിത്തം ശ്രമിക്കുന്നത്. സമ്പദ്വ്യവസ്ഥയില്‍ ഉണര്‍വുണ്ടാകുമ്പോള്‍ നിയന്ത്രണങ്ങള്‍ ഇല്ലാതാകും. ഇത് ഊഹക്കച്ചവടക്കാര്‍ക്ക് അഴിഞ്ഞാടാന്‍ അവസരമൊരുക്കും. കൃത്രിമഉണര്‍വിന്റെ കുമിളകള്‍ പൊട്ടുമ്പോള്‍ തകരുന്ന കുത്തകസ്ഥാപനങ്ങളെ പൊതുപണം ഉപയോഗിച്ച് സര്‍ക്കാര്‍ സംരക്ഷിക്കും. എന്നാല്‍, സാധാരണക്കാരുടെ സമ്പാദ്യവും തൊഴിലുമെല്ലാം നഷ്ടപ്പെടും. ഇത് ജനങ്ങളെ കൊള്ളയടിക്കല്‍മാത്രമാണ്. നവ ഉദാര ആഗോളവല്‍ക്കരണത്തില്‍ ആധുനിക മുതലാളിത്തത്തിന്റെ യഥാര്‍ഥ മുഖമാണിത്. ആഗോളസമ്പദ്ഘടന തിരിച്ചുവരികയാണെന്ന് ആദ്യം പ്രതീക്ഷ പ്രകടിപ്പിച്ചത് ഐഎംഎഫാണ്. അവരുടെ 2010 ജനുവരിയിലെ സാമ്പത്തികാവലോകനത്തിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. എന്നാല്‍, ഇത്തരം അമിത പ്രതീക്ഷകളെ പോള്‍ ക്രൂഗ്മാനെപ്പോലുള്ള സാമ്പത്തികവിദഗ്ധര്‍ തള്ളിക്കളയുന്നു. സാമ്പത്തികമാന്ദ്യം ഇന്ത്യക്ക് ഒരുപരിധിവരെ അതിജീവിക്കാന്‍ കഴിഞ്ഞത് അമിത സ്വകാര്യവല്‍ക്കരണത്തെ ഇടതുപക്ഷം തടഞ്ഞതുകൊണ്ടുമാത്രമാണ്. തുടര്‍ന്നും സ്വകാര്യല്‍ക്കരണനയങ്ങള്‍ക്കെതിരെ ശക്തമായി നിലകൊള്ളേണ്ടതുണ്ട്- റിപ്പോര്‍ട്ടില്‍ പറഞ്ഞു. റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ച വെള്ളിയാഴ്ചയും തുടര്‍ന്നു. കേരളത്തില്‍നിന്ന് കാര്‍ത്യായനി പങ്കെടുത്തു. ചര്‍ച്ചയ്ക്ക് ജനറല്‍സെക്രട്ടറി ശനിയാഴ്ച മറുപടി നല്‍കും. തുടര്‍ന്ന് പുതിയ കമ്മിറ്റിയെയും ഭാരവാഹികളെയും തെരഞ്ഞെടുക്കും. ഞായറാഴ്ച റാലിയോടെ സമ്മേളനം സമാപിക്കും. വിവിധ വിഷയങ്ങളില്‍ ആറു കമീഷനായി തിരിഞ്ഞ് വെള്ളിയാഴ്ച സമ്മേളനനഗറില്‍ ചര്‍ച്ച നടന്നു. തൊഴിലാളിവര്‍ഗത്തിന്റെ വിപ്ളവ സിദ്ധാന്തം, തൊഴിലാളിവര്‍ഗ ഐക്യവും സിഐടിയുവിന്റെ സമീപനവും, അസംഘടിത തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലെ വെല്ലുവിളികള്‍, ആരോഗ്യവും പരിസ്ഥിതിയും, വാര്‍ത്താമാധ്യമങ്ങളും തൊഴിലാളിവര്‍ഗവും, തൊഴിലെടുക്കുന്ന സ്ത്രീകളെ സംഘടിപ്പിക്കല്‍ എന്നീ വിഷയങ്ങളിലാണ് പ്രത്യേകചര്‍ച്ച നടന്നത്.
(എം പ്രശാന്ത്)

ദേശാഭിമാനി വാര്‍ത്ത