Showing posts with label ഫോണ്‍ ചോര്‍ത്തല്‍. Show all posts
Showing posts with label ഫോണ്‍ ചോര്‍ത്തല്‍. Show all posts

Thursday, April 29, 2010

സ്പെക്ട്രം അഴിമതി ചര്‍ച്ചയാകാം: കേന്ദ്രം

ടെലികോം സ്പെക്ട്രം ഇടപാടിലെ അഴിമതിയെച്ചൊല്ലി പാര്‍ലമെന്റിലെ ഇരുസഭയും പ്രക്ഷുബ്ധമായി. ടെലികോം മന്ത്രി എ രാജ അഴിമതി നടത്തിയതിന് വ്യക്തമായ തെളിവുകള്‍ സിബിഐക്ക് ലഭിച്ചതായുള്ള പത്രവാര്‍ത്തയെ തുടര്‍ന്നാണ് ഇരുസഭയിലും പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തിയത്. ബഹളം കാരണം ലോക്സഭയിലും രാജ്യസഭയിലും നടപടി തടസ്സപ്പെട്ടു. രാജയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എഐഎഡിഎംകെ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. ഒടുവില്‍ സ്പെക്ട്രം അഴിമതിയെക്കുറിച്ച് ചര്‍ച്ചയാകാമെന്ന് സര്‍ക്കാരിന് സമ്മതിക്കേണ്ടിവന്നു.

അതിനിടെ, സ്പ്രക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ജലയളിത ബുധനാഴ്ച പുറത്തുവിട്ടു. സിബിഐ അന്വേഷണ സംഘ തലവനായിരുന്ന വിനീത് അഗര്‍വാള്‍, ആദായനികുതി വകുപ്പ് ജോയന്റ് ഡയറക്ടര്‍ അഷിഷ് അബ്റോള്‍ എന്നവരെഴുതിയ കത്തുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ആദായനികുതി ഡയറക്ടര്‍ ജനറലിന്റെ ആഭ്യന്തര വിലയിരുത്തല്‍ റിപ്പോര്‍ടും, കേസില്‍ സംശയനിഴലിലുള്ളവരുടെ ഫോണുകള്‍ ചോര്‍ത്തിയത് സംബന്ധിച്ച അതീവ രഹസ്യ വിവരങ്ങളും പുറത്തുവിട്ട രേഖകളിലുണ്ട്. പബ്ളിക് റിലേഷന്‍സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന നിര റാഡിയ എന്ന സ്ത്രീയുമായി എ രാജ നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങളുടെ വിശദാംശം സിബിഐക്ക് ലഭിച്ചതായാണ് പത്രവാര്‍ത്തകള്‍. നിരവധി പബ്ളിക് റിലേഷന്‍സ്- കസള്‍ട്ടിങ് സ്ഥാപനങ്ങളുടെ ഉടമസ്ഥയാണ് നിര റാഡിയ. രണ്ടാംതലമുറ സ്പെക്ട്രം ലേലത്തില്‍ നേട്ടമുണ്ടാക്കിയ ഒമ്പതോളം കമ്പനികളില്‍ അഞ്ചെണ്ണത്തിന് നിര റാഡിയയുടെ സേവനം ലഭിച്ചതായി സിബിഐ കണ്ടെത്തിയിട്ടുണ്ട്. തെളിവുകളുടെ അടിസ്ഥാനത്തില്‍ റാഡിയയെ ചോദ്യംചെയ്യാന്‍ സിബിഐ അനുമതി തേടിയെങ്കിലും ഉന്നതങ്ങളിലെ ഇടപെടലിനെത്തുടര്‍ന്ന് നിഷേധിക്കപ്പെട്ടു.

ആദായനികുതി വകുപ്പാണ് സ്പെക്ട്രം അഴിമതി അന്വേഷണത്തിന്റെ ഭാഗമായി നിര റാഡിയയുടെയും മറ്റുചില ബിസിനസ്-രാഷ്ട്രീയ പ്രമുഖരുടെയും ഫോണുകള്‍ ചോര്‍ത്തിയത്. 2008ലും 2009ലും രണ്ടുഘട്ടമായിട്ടായിരുന്നു ചോര്‍ത്തല്‍. സ്പെക്ട്രം അഴിമതിയിലൂടെ ലഭിച്ച പണം റിയല്‍ എസ്റേറ്റ് മേഖലയിലും കമ്പനി ഓഹരികളിലും കള്ളപ്പണ നിക്ഷേപങ്ങള്‍ക്ക് പേരുകേട്ട മൌറീഷ്യസിലും മറ്റുമായി നിക്ഷേപിച്ചതായി സംഭാഷണങ്ങള്‍ വ്യക്തമാക്കുന്നു. മന്ത്രി എ രാജയും നിര റാഡിയയും പലവട്ടം ഫോണില്‍ സംസാരിച്ചതിന്റെ വിശദാംശവും അന്വേഷണഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. രാജയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ആര്‍ കെ ചന്ദോലിയയുമായി റാഡിയ ഫോണില്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു. സിബിഐ ആവശ്യപ്പെട്ടതനുസരിച്ച് ഫോണ്‍ സംഭാഷണത്തിന്റെ വിശദാംശം ആദായനികുതി വകുപ്പ് കൈമാറുകയായിരുന്നു. രാജയെ പുറത്താക്കണമെന്നും ഫോണ്‍ സംഭാഷണത്തിന്റെ വിശദാംശം വെളിപ്പെടുത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ലോക്സഭയിലും രാജ്യസഭയിലും എഐഎഡിഎംകെ അംഗങ്ങളാണ് വിഷയം ഉയര്‍ത്തിയത്. രാജ്യസഭയില്‍ ചോദ്യോത്തരവേള മുടങ്ങി. ലോക്സഭ ചോദ്യോത്തരവേളയ്ക്ക് ശേഷം രണ്ടുമണിവരെ നിര്‍ത്തേണ്ടി വന്നു. വിഷയത്തെക്കുറിച്ച് വിശദമായ ചര്‍ച്ചയാകാമെന്ന് സര്‍ക്കാര്‍ പിന്നീട് രാജ്യസഭയില്‍ സമ്മതിച്ചു.

ടെലികോം 2ജി സ്പെക്ട്രം വില്‍പ്പനയിലെ അഴിമതി സര്‍ക്കാരിന് ഒരുലക്ഷം കോടി രൂപയുടെ നഷ്ടം വരുത്തിയതായാണ് കണക്ക്. സ്വാന്‍ ടെലികോം, യൂണിടെക് എന്നീ കമ്പനികള്‍ക്ക് കുറഞ്ഞ തുകയ്ക്ക് സ്പെക്ട്രം ലൈസന്‍സ് നല്‍കിയതാണ് വിവാദമായത്. ലേലം കൂടാതെയായിരുന്നു വില്‍പ്പന. ലൈസന്‍സ് നേടിയ രണ്ടുകമ്പനിയും ഓഹരികള്‍ വിദേശകമ്പനികള്‍ക്ക് മറിച്ചുവിറ്റ് പതിനായിരം കോടിയോളം രൂപ ലാഭം നേടി. ലൈസന്‍സ് സ്വന്തമാക്കിയ സിഡിഎംഎ മൊബൈല്‍ കമ്പനികള്‍ക്കും വന്‍ലാഭം കൈവരിക്കാനായി. സ്വാന്‍ ടെലികോം കമ്പനി കരുണാനിധിയുടെ മകള്‍ കനിമൊഴിയുടേതാണെന്ന് വാര്‍ത്ത വന്നതോടെയാണ് രാജ പ്രതിക്കൂട്ടിലായത്. ഖണ്ഡനപ്രമേയത്തെ കുതിരക്കച്ചവടത്തിലൂടെ അതിജീവിച്ച സര്‍ക്കാരിനു മുന്നില്‍ സ്പെക്ട്രം അഴിമതി പുതിയ പ്രതിസന്ധിയായി.

എം പ്രശാന്ത് ദേശാഭിമാനി 29042010

Monday, April 26, 2010

ചോര്‍ത്തുന്നത് ജനാധിപത്യത്തെ

കൊടുംക്രിമിനലുകളുടെ ടെലിഫോണ്‍ സംഭാഷണംപോലും അംഗീകൃത നിയമ മാനദണ്ഡങ്ങള്‍ പാലിക്കാതെ ആര്‍ക്കും ചോര്‍ത്താന്‍ അധികാരമില്ല. രാജ്യസുരക്ഷ അപകടപ്പെടുന്നതുള്‍പ്പെടെയുള്ള അതീവഗുരുതരമായ സാഹചര്യങ്ങളില്‍, അത് ബോധ്യപ്പെടുന്ന ഉന്നതതല കമ്മിറ്റിയുടെ അനുവാദത്തോടെയും അതിന്റെ പരിശോധനയ്ക്ക് വിധേയമായും മാത്രമാണ് ഏതെങ്കിലും ടെലിഫോണ്‍ സംഭാഷണം ചോര്‍ത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് അനുവാദം നല്‍കുന്നത്. അതല്ലാത്ത ഏതു ഫോണ്‍ ചോര്‍ത്തലും നിയമവിരുദ്ധമാണ്; ക്രിമിനല്‍ കുറ്റമാണ്. ഇങ്ങനെ കര്‍ക്കശമായ നിയമ വ്യവസ്ഥകളുള്ള നാട്ടില്‍ ഭരണഘടനാ സ്ഥാപനങ്ങളിലിരിക്കുന്നവരുടെയും പ്രതിപക്ഷനേതാക്കളുടെയും സ്വന്തം ഘടകകക്ഷിനേതാക്കളുടെയും ഫോണ്‍ ചോര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍തന്നെ തയ്യാറായിരിക്കുന്നു. സിപിഐ എം ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട്, കൃഷിമന്ത്രി ശരദ് പവാര്‍, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ്സിങ് എന്നിവരടക്കമുള്ളവരുടെ സംഭാഷണം ചോര്‍ത്തിയ തായാണ് 'ഔട്ട്ലുക്ക്' വാരികയിലൂടെ പുറത്തുവന്നത്.

രാജീവ് ഗാന്ധിയുടെ വീടിനടുത്ത് രണ്ട് പൊലീസുകാരെ കണ്ടു എന്ന കാരണം പറഞ്ഞ് ഒരു ഗവണ്‍മെന്റിനെത്തന്നെ മറിച്ചിട്ട പാരമ്പര്യം കോണ്‍ഗ്രസിനുണ്ട്. ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തിന്റെ പേരില്‍ രാമകൃഷ്ണ ഹെഗ്ഡെയ്ക്ക് മുഖമന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നിരുന്നു. സഹമന്ത്രിയുടെയും ആസൂത്രണ ബോര്‍ഡ് ചെയര്‍മാന്റെയും ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തി എന്ന വിവാദമുയര്‍ന്നതിനെത്തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ രാജി അവിടത്തെ പ്രതിപക്ഷമായ കോണ്‍ഗ്രസ് ആവശ്യപ്പെട്ടത് ഈയിടെയാണ്. കേരളത്തില്‍ അഡ്വക്കറ്റ് ജനറലിന്റെ ഫോണ്‍ സംഭാഷണം ചോര്‍ത്തി എന്ന വാര്‍ത്ത വന്നപ്പോള്‍ തങ്ങള്‍ അങ്ങനെ ചെയ്തിട്ടില്ലെന്നും ചെയ്യാന്‍ അധികാരമില്ലെന്നും സിബിഐക്ക് പറയേണ്ടിവന്നിരുന്നു.

ഇപ്പോള്‍ ദേശീയ നേതാക്കളുടെ ഫോണ്‍ സംഭാഷണങ്ങള്‍ നാഷണല്‍ ടെക്നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (എന്‍ടിആര്‍ഒ) എന്ന ഏജന്‍സി ചോര്‍ത്തിയ സംഭവത്തിന് മേല്‍പറഞ്ഞ സംഭവങ്ങളേക്കാള്‍ ഗൌരവവും പ്രാധാന്യവുമുണ്ട്. ശിക്ഷാര്‍ഹമായ കുറ്റകൃത്യം എന്നതിനൊപ്പവും അതിലുപരിയുമായി ജനാധിപത്യത്തിന്റെ കടയ്ക്കല്‍ വയ്ക്കുന്ന കത്തി കൂടിയാണത്. സിപിഐ എം പൊളിറ്റ് ബ്യൂറോ ചൂണ്ടിക്കാട്ടിയപോലെ, രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി യുപിഎ സര്‍ക്കാര്‍ ഇന്റലിജന്‍സ് സംവിധാനം ദുരുപയോഗംചെയ്യുന്നതിന് ഒന്നാംതരം ഉദാഹരണമാണ് ഫോണ്‍ ചോര്‍ത്തല്‍.

ജനാധിപത്യത്തെ അട്ടിമറിച്ചും അതിന്റെ അന്തസ്സത്തയെ ചവിട്ടിയരച്ചും അധികാരം നിലനിര്‍ത്താനുള്ള അതിമോഹമാണ് നിയമവിരുദ്ധമായ വഴികളിലേക്ക് യുപിഎ നേതൃത്വത്തെ നയിച്ചത്. ഒന്നാം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിച്ചപ്പോള്‍ പണം വാരിയെറിഞ്ഞും വാഗ്ദാനങ്ങള്‍ കോരിച്ചൊരിഞ്ഞും എംപിമാരെ വിലയ്ക്കുവാങ്ങി ഭൂരിപക്ഷം തികയ്ക്കാന്‍ കിതച്ചോടുന്ന കോണ്‍ഗ്രസ് നേതൃത്വത്തെയാണ് രാജ്യം കണ്ടത്. കുതിരക്കച്ചവടത്തിലൂടെ അന്ന് ജനവിധിയെ മറികടക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞു. സിബിഐയെ ഉപയോഗിച്ച് തങ്ങള്‍ക്കിഷ്ടമില്ലാത്ത രാഷ്ട്രീയ നേതാക്കളെ കള്ളക്കേസില്‍ കുരുക്കിയതും വരുതിയില്‍ നിര്‍ത്തണമെന്ന് തോന്നുന്നവരെ പ്രീണിപ്പിച്ചതും ജനാധിപത്യത്തിന്റെ സത്ത നശിപ്പിക്കുന്ന നടപടിതന്നെയാണ്. ഇപ്പോള്‍, പാര്‍ലമെന്റില്‍ ഖണ്ഡനോപക്ഷേപം വരുമ്പോള്‍, മായാവതിയുടെ പിന്തുണ നേടി രക്ഷപ്പെടാനും സിബിഐയെ രംഗത്തിറക്കുന്നതായാണ് വാര്‍ത്ത. മായാവതിക്കെതിരായ കേസ് സിബിഐ അവസാനിപ്പിക്കാം എന്ന വ്യവസ്ഥയില്‍, പാര്‍ലമെന്റില്‍ അവരുടെ സഹായം യുപിഎ സര്‍ക്കാരിന് ലഭിക്കാന്‍ പോകുന്നു.

തെരഞ്ഞെടുപ്പില്‍ ജനവിധി അട്ടിമറിക്കാന്‍ പത്രങ്ങളില്‍ പണംകൊടുത്ത് വാര്‍ത്തയെഴുതിക്കുക എന്ന രീതി നാട്ടില്‍ കൊണ്ടുവന്നതും അതിന്റെ പരമാവധി പ്രയോജനം അനുഭവിച്ചതും കോണ്‍ഗ്രസാണ്-മഹാരാഷ്ട്ര മുഖ്യമന്ത്രിതന്നെ അതിന് തെളിവ്. ഏതുവിധേനയും അധികാരം നിലനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായിത്തന്നെയാണ് സിപിഐ എം ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ ഫോണ്‍ സംഭാഷണം ചോര്‍ത്തിയത്. ഫോണ്‍ ചോര്‍ത്തല്‍ ഇതുവരെ സര്‍ക്കാര്‍ നിഷേധിച്ചിട്ടില്ല. അന്വേഷിക്കാമെന്നു പറഞ്ഞിട്ടുമുണ്ട്. എന്നാല്‍, കേവലമായ ഒരു അന്വേഷണച്ചടങ്ങില്‍ തീരുന്നതല്ല പ്രശ്നം. പ്രതിപക്ഷനേതാക്കളുടേത് മാത്രമല്ല, സ്വന്തം മന്ത്രിസഭയിലെ സീനിയര്‍ അംഗത്തിന്റെയും സ്വന്തം പാര്‍ടിയിലെ സമുന്നത നേതാവിന്റെയുംകൂടി ഫോണ്‍ സംഭാഷണം സര്‍ക്കാര്‍ ഏജന്‍സി ചോര്‍ത്തി എന്നത് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് എളുപ്പത്തില്‍ ന്യായീകരിക്കാവുന്ന സംഗതിയല്ല. തന്റെ ഔദ്യോഗിക വസതിയിലെ ഫോണ്‍ ചോര്‍ത്തിയത് ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ പറഞ്ഞിട്ടുണ്ട്. തീവ്രവാദികളുടെയും ഭീകരരുടെയും അക്രമം തടഞ്ഞ് ദേശീയസുരക്ഷ ശക്തമാക്കാനുള്ള സംവിധാനം ദുരുപയോഗം ചെയ്താണ് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഫോണ്‍ ചോര്‍ത്തിയത് എന്നത് സ്ഥിതി കുറെക്കൂടി ഗുരുതരമാക്കുന്നു. സാങ്കേതിക വിദ്യയുടെ നഗ്നവും ഗുരുതരവുമായ ദുരുപയോഗത്തിന്റെ പ്രശ്നവും ഇതിലുണ്ട്. ജനാധിപത്യത്തിന്റെയും നിയമത്തിന്റെയും നിഷേധം കേന്ദ്രസര്‍ക്കാരില്‍നിന്നുതന്നെയാണ് ഉണ്ടായിരിക്കുന്നത്. ഫോണ്‍ ചോര്‍ത്തിയതിന്റെ ഉത്തരവാദിത്തം കേന്ദ്രം ഏറ്റെടുക്കുകമാത്രമല്ല ഇതിന് നിര്‍ദേശം നല്‍കിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുകയും വേണം.

രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി അന്വേഷണ ഏജന്‍സികളെയും ഔദ്യോഗിക സംവിധാനങ്ങളെയും ദുരുപയോഗംചെയ്യുന്നത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. ജനാധിപത്യസംവിധാനത്തെ അട്ടിമറിക്കുകയും ഗവമെന്റിന്റെ ഉന്നതതലങ്ങളില്‍തന്നെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ അന്തരീക്ഷം സൃഷ്ടിക്കുകയുംചെയ്യുന്ന ഈ പ്രവണതയ്ക്ക് പൂര്‍ണവിരാമമിടാന്‍ കേന്ദ്ര യുപിഎ സര്‍ക്കാര്‍ സ്വയം തയ്യാറായില്ലെങ്കില്‍ ജനങ്ങളുടെ സംഘടിതശക്തിയാണ് ആ ധിക്കാരത്തിനു മറുപടി പറയേണ്ടത്.

ദേശാഭിമാനി മുഖപ്രസംഗം 26042010

ഇന്ദിരയുടെ വഴിയില്‍ മന്‍മോഹന്‍ സര്‍ക്കാരും

രാഷ്ട്രീയ പ്രതിയോഗികളുടെയും സ്വന്തം പാര്‍ടിയിലെ സംശയമുള്ളവരുടെയും ടെലിഫോണ്‍ സംഭാഷണം ചോര്‍ത്തിയ അടിയന്തരാവസ്ഥയിലെ ഇന്ദിരാ കോണ്‍ഗ്രസ് തന്നെയാണ് ഇപ്പോഴും കേന്ദ്രം ഭരിക്കുന്നതെന്ന് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ തെളിയിച്ചു. ഫോണ്‍ ചോര്‍ത്തുന്നതിലെ സാങ്കേതികവിദ്യയില്‍ മാത്രമാണ് അന്നും ഇന്നും തമ്മില്‍ വ്യത്യാസം. അധികാരം നഷ്ടപ്പെടുമോ എന്ന ആധിയാണ് മറ്റുള്ളവരുടെ സംഭാഷണം ഒളിഞ്ഞുകേള്‍ക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുന്നത്. തന്റെ ടെലിഫോണ്‍ ചോര്‍ത്തുന്നതായി സെയില്‍സിങ് രാഷ്ട്രപതിയായിരിക്കെ രാജീവ്ഗാന്ധി സര്‍ക്കാരിനോട് പരാതിപ്പെട്ടിരുന്നു. 1988ല്‍ രാഷ്ട്രീയ എതിരാളികളുടെ ടെലിഫോണ്‍ സംഭാഷണം ചോര്‍ത്തിയെന്ന ആരോപണത്തെത്തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന രാമകൃഷ്ണ ഹെഗ്ഡെക്ക് രാജിവയ്ക്കേണ്ടിവന്നു. 2006ല്‍ സമാജ്വാദി പാര്‍ടി നേതാവായിരുന്ന അമര്‍സിങ്ങിന്റെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയതായും പരാതിയുണ്ടായിരുന്നു. എ ബി വാജ്പേയി, ചരസിങ്, ജഗജ്ജീവന്റാം, ചന്ദ്രശേഖര്‍, പത്രപ്രവര്‍ത്തകരായ കുല്‍ദീപ് നയ്യാര്‍, അരു ഷൂരി, ജി എസ് ചാവ്ള തുടങ്ങി നിരവധി പേരുടെ ഫോണ്‍ സംഭാഷണം കോണ്‍ഗ്രസ് സര്‍ക്കാര്‍ ചോര്‍ത്തിയത് മുമ്പ് പുറത്തുവന്നിരുന്നു.

അടിയന്തരാവസ്ഥ തിരിച്ചുവരികയാണോ എന്ന് ബിജെപി നേതാവ് എല്‍ കെ അദ്വാനി തന്റെ ബ്ളോഗില്‍ എഴുതുന്നു. കാലഹരണപ്പെട്ട ഇന്ത്യന്‍ ടെലിഫോണ്‍ ആക്ട് എടുത്തുകളയണമെന്നും പൌരന്‍മാരുടെ സ്വകാര്യത സംരക്ഷിക്കാന്‍ പുതിയ നിയമം കൊണ്ടുവരണമെന്നും അദ്വാനി ആവശ്യപ്പെടുന്നു.

വളരെ അടിയന്തര സാഹചര്യങ്ങളില്‍ പൊതുജനങ്ങളുടെ സുരക്ഷയും ക്ഷേമവും മുന്നില്‍ക്കണ്ട് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഫോണ്‍ സംഭാഷണം ചോര്‍ത്താനുള്ള അനുമതി നല്‍കാമെന്ന് 1885ലെ ഇന്ത്യന്‍ ടെലിഗ്രാഫ് നിയമത്തില്‍ അനുശാസിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ 1996ലെ സുപ്രീംകോടതി മാര്‍ഗനിര്‍ദേശം കൂടുതല്‍ വ്യക്തത നല്‍കി. നിയമവിരുദ്ധ ഫോണ്‍ ചോര്‍ത്തല്‍ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും ഗുരുതര കുറ്റവുമാണെന്ന് കോടതി വിലയിരുത്തി. ഫോണ്‍ സംഭാഷണം ചോര്‍ത്താനുള്ള ഉത്തരവ് കേന്ദ്രത്തിലെയോ സംസ്ഥാനത്തെയോ ആഭ്യന്തര സെക്രട്ടറിയായിരിക്കണം നല്‍കേണ്ടതെന്നും അത് 15 ദിവസത്തേക്ക് മാത്രമായിരിക്കണമെന്നും നിര്‍ദേശിച്ചു. വീണ്ടും ഫോണ്‍ ചോര്‍ത്തണമെങ്കില്‍ പുതിയ ഉത്തരവ് വേണം. മറ്റ് മാര്‍ഗങ്ങളിലൂടെ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയാതെ വരുമ്പോള്‍ മാത്രമേ ടെലിഫോണ്‍ ചോര്‍ത്താന്‍ പാടുള്ളൂവെന്നും കോടതി നിര്‍ദേശിച്ചു.

വാര്‍ത്താവിനിമയരംഗത്തെ കുതിച്ചുചാട്ടം കണക്കിലെടുക്കുമ്പോള്‍ ഈ പ്രശ്നം കൂടുതല്‍ സങ്കീര്‍ണമായി വരികയാണ്.
(വി ജയിന്‍)

deshabhimani 26042010

Sunday, April 25, 2010

ഫോണ്‍ ചോര്‍ത്തല്‍: കേന്ദ്രം കുരുക്കില്‍

പ്രതിപക്ഷനേതാക്കളുടെയും ഘടകകക്ഷികളുടെയും ഫോണ്‍ ചോര്‍ത്തിയ സംഭവം പുറത്തായത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെ വീണ്ടും കുരുക്കിലാക്കി. ഐപിഎല്‍ വിവാദത്തില്‍നിന്ന് തലയൂരാനാവാതെ യുപിഎ സര്‍ക്കാര്‍ കുഴങ്ങുന്നതിനിടയിലാണ് രാജ്യത്തിന്റെ നിയമസംവിധാനത്തെതന്നെ വെല്ലുവിളിക്കുന്ന 'ചാരപ്രവര്‍ത്തനം' വെളിച്ചത്തായത്. അടിയന്തരാവസ്ഥക്കാലത്തെ ഇന്ദിരഗാന്ധിയുടെ ജനാധിപത്യവിരുദ്ധശൈലി മന്‍മോഹന്‍സിങ് സര്‍ക്കാരും മാതൃകയാക്കുകയാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അടക്കമുള്ള ദേശീയ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തിയ സംഭവം തെളിയിക്കുന്നു. സംഭവം അന്വേഷിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ശനിയാഴ്ച അറിയിച്ചെങ്കിലും മറ്റൊരു വിശദീകരണവും നല്‍കിയില്ല.

സംഭവം അടുത്ത ദിവസങ്ങളില്‍ രാഷ്ട്രീയ കൊടുങ്കാറ്റായി മാറുമെന്നാണ് വിവിധ നേതാക്കളുടെ പ്രതികരണം വ്യക്തമാക്കുന്നത്. പാര്‍ലമെന്റില്‍ തിങ്കളാഴ്ച പ്രശ്നമുന്നയിച്ച് സിപിഐ എം അടക്കമുള്ള പ്രതിപക്ഷം സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തും.

ഐപിഎല്‍ അഴിമതി യുപിഎയെ വേട്ടയാടുന്നതിനിടയിലാണ് പ്രകാശ് കാരാട്ട്, കൃഷിമന്ത്രി ശരത് പവാര്‍, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ്സിങ് എന്നിവരടക്കമുള്ളവരുടെ സംഭാഷണം ചോര്‍ത്തിയ കാര്യം 'ഔട്ട്ലുക്ക്' വാരിക പുറത്തുകൊണ്ടുവന്നത്. ഖണ്ഡനോപക്ഷേപം കൊണ്ടുവരാനുള്ള ഇടതുപക്ഷ തീരുമാനത്തോടെ പാര്‍ലമെന്റില്‍ പിടിച്ചുനില്‍ക്കാനാകാത്ത സ്ഥിതിയിലാണ് സര്‍ക്കാര്‍. ഫോണ്‍ ചോര്‍ത്തല്‍ സര്‍ക്കാര്‍ നിഷേധിച്ചിട്ടില്ല. അന്വേഷിക്കാമെന്നു മാത്രമാണ് അറിയിച്ചത്.

നിയമവിരുദ്ധമായ ഫോണ്‍ ചോര്‍ത്തല്‍ തെറ്റാണെന്നും എന്നാല്‍, അത് നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് വക്താവ് ഷക്കീല്‍ അഹമ്മദ് പറഞ്ഞു. ഫോണ്‍ ചോര്‍ത്തിയത് അങ്ങേയറ്റം അപലപനീയമാണെന്ന് മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൌഡ പറഞ്ഞു. ജനാധിപത്യവിരുദ്ധമായ ഈ നടപടി വച്ചുപൊറുപ്പിക്കാനാവില്ലെന്ന് ബിജെപി വക്താവ് നിര്‍മല സീതാരാമന്‍ പറഞ്ഞു. വിഷയം തിങ്കളാഴ്ച പാര്‍ലമെന്റില്‍ ഉയര്‍ത്തുമെന്ന് ബിജെപി നേതാവ് എസ് എസ് അലുവാലിയ അറിയിച്ചു. തന്റെ ഔദ്യോഗിക വസതിയിലെ ഫോണ്‍ ചോര്‍ത്തിയത് ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ പറഞ്ഞു. യുപിഎ സര്‍ക്കാര്‍ മാപ്പുപറയണമെന്ന് എന്‍സിപി യുവജനവിഭാഗമായ നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

നാഷണല്‍ ടെക്നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (എന്‍ടിആര്‍ഒ) എന്ന ഏജന്‍സിയാണ് ഫോണുകള്‍ ചോര്‍ത്തിയത്. കാര്‍ഗില്‍ യുദ്ധത്തിനുശേഷം രൂപീകരിച്ച ഏജന്‍സിയാണ് ഇത്. പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഏജന്‍സി ഫോണ്‍ ചോര്‍ത്തണമെങ്കില്‍ ഗവമെന്റിന്റെ കൃത്യമായ നിര്‍ദേശമുണ്ടെന്ന് ഉറപ്പാണ്. തീവ്രവാദികളുടെയും ഭീകരരുടെയും അക്രമം തടഞ്ഞ് ദേശീയസുരക്ഷ ശക്തമാക്കാനുള്ള സംവിധാനമാണ് സര്‍ക്കാര്‍ ദുരുപയോഗം ചെയ്തത്. ഗുരുതരമായ ക്രിമിനല്‍ കുറ്റം സംബന്ധിച്ച അന്വേഷണം, തീവ്രവാദമടക്കമുള്ള രാജ്യദ്രോഹപരമായ പ്രവര്‍ത്തനങ്ങള്‍ തടയല്‍ എന്നിങ്ങനെ അതീവ ഗൌരവമുള്ള കാര്യങ്ങള്‍ക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയോടെ ഫോണ്‍ ചോര്‍ത്താമെന്ന് വ്യവസ്ഥയുണ്ട്. ഇതല്ലാത്ത ഫോണ്‍ ചോര്‍ത്തല്‍ പൌരന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും മൌലികാവകാശങ്ങളുടെ ലംഘനവുമാണ്. 1885ലെ ഇന്ത്യന്‍ ടെലിഗ്രാഫിക് നിയമത്തിന്റെ സെക്ഷന്‍ അഞ്ചിലെ 419, 419എ വകുപ്പുകള്‍ പ്രകാരം ഗവമെന്റിന്റെ അനുമതിയുണ്ടെങ്കിലേ ഫോണ്‍ ചോര്‍ത്താന്‍ പാടുള്ളൂ.
(വി ജയിന്‍)

ഫോണ്‍ ചോര്‍ത്തല്‍ സേവനദാതാവും അറിയാതെ

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ ഫോണ്‍ ചോര്‍ത്തല്‍ വിവാദം വിരല്‍ചൂണ്ടുന്നത് സാങ്കേതികവിദ്യയുടെ ഗുരുതരമായ നിയമവിരുദ്ധപ്രയോഗങ്ങളിലേക്ക്. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സേവനദാതാവുപോലും അറിയാതെയാണ് ഫോണ്‍ ചോര്‍ത്തല്‍. ഓഫ് ദ എയര്‍ മോണിട്ടറിങ് എന്ന ഫോണ്‍ ചോര്‍ത്തല്‍ സംവിധാനം ഇന്ത്യയില്‍ ആദ്യമായി ഉയോഗിച്ചത് 2005-06ലാണ്. ഇതിന് ഫോണ്‍ കമ്പനികളുടെ സഹായം പോലും ആവശ്യമില്ല. ഫോണുമായി നേരിട്ട് ബന്ധവും വേണ്ട. ഒരിടത്ത് ഉപകരണം ഘടിപ്പിച്ചാല്‍ രണ്ടു കിലോമീറ്റര്‍ പരിധിയിലെ മുഴുവന്‍ കോളും ചോര്‍ത്തപ്പെടും. സെല്‍ഫോണില്‍നിന്ന് മൊബൈല്‍ ടവറിലേക്കുള്ള തരംഗങ്ങളാണ് പിടിച്ചെടുക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്ന സംഭാഷണങ്ങള്‍ പിന്നീട് തരംതിരിച്ചെടുക്കാം. ഒരേസമയം ആയിരം സംഭാഷണംവരെ ചോര്‍ത്താം. കോളുകള്‍ തടസ്സപ്പെടുത്തുകയോ ഏതെങ്കിലും തരത്തിലുള്ള തരംഗങ്ങള്‍ പുറപ്പെടുവിക്കുകയോ ചെയ്യാത്തതിനാല്‍ ചോര്‍ത്തല്‍ കണ്ടുപിടിക്കപ്പെടുകയുമില്ല. ആര്‍ക്കും ആരുടെയും ഫോണ്‍ ചോര്‍ത്താമെന്ന സ്ഥിതിയാണ്. നിശ്ചിതപരിധിയിലുള്ള ഏത് ഫോണ്‍ കോളും റെക്കോഡ് ചെയ്യാനുമാകും. ജിഎസ്എം, സിഡിഎംഎ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സെല്‍ഫോണുകള്‍ക്ക് വ്യത്യസ്തമായ ചോര്‍ത്തല്‍ സംവിധാനമാണുള്ളത്. അധോലോകസംഘങ്ങളും ഭീകരരും വന്‍കിടബിസിനസുകാരുമെല്ലാം ഇത് ദുരുപയോഗം ചെയ്യുന്നുണ്ട്. രണ്ടുകോടിയോളം രൂപയാണ് ഉപകരണത്തിന്റെ വില. ബ്രിട്ടന്‍, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിര്‍മിക്കുന്ന ഉപകരണങ്ങള്‍ ഇന്ത്യയില്‍ വിതരണംചെയ്യാന്‍ ഏജന്റുമാരുണ്ട്.

ഫോണ്‍ ചോര്‍ത്തല്‍ അതീവ ഗൌരവമുള്ളത്: ദേവഗൌഡ

ബംഗളൂരു: സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അടക്കമുള്ള നേതാക്കളുടെ ഫോണ്‍ ചോര്‍ത്തിയത് ജനാധിപത്യമൂല്യങ്ങള്‍ക്കെതിരും അങ്ങേയറ്റം അപലപനീയവുമാണെന്ന് മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ എസ് ദേശീയ അധ്യക്ഷനുമായ എച്ച് ഡി ദേവഗൌഡ പറഞ്ഞു. ദേശീയ രാഷ്ട്രീയത്തില്‍ ഏറെ ഔന്നത്യമുള്ള കാരാട്ടിനെപ്പോലൊരു വ്യക്തിയുടെ ഫോണ്‍ ചോര്‍ത്തിയത് ജനാധിപത്യത്തിന് നാണക്കേടാണ്. സംഭവത്തെ ഏറെ ഗൌരവത്തോടെ കണ്ട് സമഗ്ര അന്വേഷണം നടത്തണം. ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് പാര്‍ലമെന്റില്‍ ഇടതുപക്ഷം നടത്തുന്ന പ്രക്ഷോഭത്തെ പിന്തുണയ്ക്കുമെന്നും ഗൌഡ പറഞ്ഞു.

ദേശാഭിമാനി 25042010

Saturday, April 24, 2010

Phone Tapping is a serious matter

The Polit Bureau of the Communist Party of India (Marxist) has issued the following statement:

Phone Tapping is a serious matter

The report published in the Outlook magazine about the interception of phone calls of four political leaders, including the General Secretary of the CPI(M), is a serious matter. The report shows that the government is using the intelligence and security agencies to serve its political purpose to spy upon opposition leaders and to keep track of even its own allies and party leaders.

Such acts subvert the democratic system and breeds an atmosphere of illegality in the higher echelons of the government. They cannot be tolerated.

The government must own up responsibility in the matter and take action against those who ordered the surveillance. Protecting the covert activities of the intelligence and security agencies cannot be made the pretext for a cover-up.

To ensure that such illegal acts do not recur, the government should place in Parliament a clear set of guidelines prohibiting the use of the intelligence and security agencies for any form of surveillance of political leaders and their activities. Instructions on tapping of phones and surveillance on grounds of national security or investigation of criminal activity must be codified. The intelligence and security agencies must be subject to parliamentary oversight.

ഫോണ്‍ ചോര്‍ത്തും യു.പി.എ സര്‍ക്കാര്‍

കാരാട്ടിന്റെയും പവാറിന്റെയും ഫോണ്‍ ചോര്‍ത്തി

ന്യൂഡല്‍ഹി: സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെയും കൃഷിമന്ത്രിയും എന്‍സിപി നേതാവുമായ ശരത് പവാറിന്റെയും ഫോണുകള്‍ യുപിഎ സര്‍ക്കാര്‍ ചോര്‍ത്തി. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ്, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ എന്നിവരുടെ ടെലിഫോണും പല സമയത്തായി ചോര്‍ത്തിയെന്ന് ഔട്ട്ലുക്ക് വാരികയാണ് റിപ്പോര്‍ട്ട് ചെയ്തത്. സര്‍ക്കാരിന്റെ നിയമവിരുദ്ധ നടപടി തിങ്കളാഴ്ച പാര്‍ലമെന്റില്‍ ചോദ്യംചെയ്യുമെന്ന് പ്രതിപക്ഷ നേതാക്കള്‍ വ്യക്തമാക്കി.

അമേരിക്കയുമായുള്ള ആണവകരാര്‍ പ്രശ്നത്തില്‍ യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതിന് തൊട്ടുമുമ്പാണ് കാരാട്ടിന്റെ ഫോണ്‍ ചോര്‍ത്തിയത്. യുപിഎ സര്‍ക്കാരുമായി ഇടതുപക്ഷം വഴിപിരിയലിന്റെ വക്കത്തെത്തിയ 2008 ജൂണിലായിരുന്നു ഇത്. 2008 ജൂലൈ എട്ടിനാണ് ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചത്. ഐപിഎല്‍ വിവാദം തുടങ്ങിയ വേളയിലാണ് പവാറിന്റെ ഫോണ്‍ ചോര്‍ത്തിയത്. ഐപിഎല്‍ കമീഷണര്‍ ലളിത് മോഡിയുമായി പവാര്‍ നടത്തിയ സംഭാഷണങ്ങളാണ് ചോര്‍ത്തിയത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിങ്ങിന്റെ ഫോണ്‍ 2007 ഫെബ്രുവരിയിലാണ് ചോര്‍ത്തിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്കുള്ള സ്ഥാനാര്‍ഥികളെക്കുറിച്ചുള്ള സംസാരമാണ് ചോര്‍ത്തിയത്. കേന്ദ്രസര്‍ക്കാരില്‍നിന്ന് എങ്ങനെ കൂടുതല്‍ ഫണ്ട് നേടാന്‍ കഴിയുമെന്ന് സഹപ്രവര്‍ത്തകനോടു നിതീഷ് കുമാര്‍ സംസാരിക്കുന്ന ഭാഗമാണ് ചോര്‍ത്തിയത്.

രാഷ്ട്രീയ നേതാക്കളുടെ ഫോണുകള്‍ ചോര്‍ത്തിയത് നിയമവിരുദ്ധവും പൊറുക്കാനാകാത്തതുമാണെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. ഇതിന്റെ ഉത്തരവാദിത്തം യുപിഎ സര്‍ക്കാര്‍ ഏറ്റെടുത്ത് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം. സുരക്ഷാ ഏജന്‍സിയെ ദുരുപയോഗിക്കുന്നതില്‍നിന്നു സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം- കാരാട്ട് ദേശാഭിമാനിയോട് പറഞ്ഞു. രാഷ്ട്രീയ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് ബിജെപി വക്താവ് എസ് എസ് അഹ്ലുവാലിയ പറഞ്ഞു. ഫോണ്‍ ചോര്‍ത്തല്‍ തടയാന്‍ രാജ്യത്ത് നിയമമില്ലെന്നും അതിനാല്‍ നിയമവിരുദ്ധമായ ഒന്നുമില്ലെന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു.

ദേശാഭിമാനി 24042010