Showing posts with label മനുഷ്യച്ചങ്ങല. Show all posts
Showing posts with label മനുഷ്യച്ചങ്ങല. Show all posts

Tuesday, October 6, 2009

മനുഷ്യച്ചങ്ങലയും മാധ്യമങ്ങളും

ജനതയുടെ നിലപാടുകളെയും ചലനങ്ങളെയും നിര്‍ണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് തങ്ങളാണെന്ന ചില മാധ്യമങ്ങളുടെ ചിന്താഗതിയാണ് ശരിയെങ്കില്‍ പൊളിഞ്ഞുപോകേണ്ട ഒന്നായിരുന്നു സിപിഐ എം സംഘടിപ്പിച്ച മനുഷ്യച്ചങ്ങല. മാധ്യമം സമൂഹത്തില്‍ ഒരു സ്വാധീനവും ചെലുത്തുന്നില്ലെന്ന ധാരണ തെറ്റാണ്. എന്നാല്‍, അനുഭവങ്ങളുടെ വെളിച്ചത്തില്‍, മാധ്യമങ്ങള്‍ നിര്‍വഹിക്കുന്ന പങ്ക് തിരിച്ചറിയാനും അവര്‍ മറച്ചുവച്ചാലും തങ്ങളുടെ കണ്ണുകളെ അന്ധമാക്കാന്‍ കഴിയില്ലെന്നു പ്രഖ്യാപിക്കാനും മഹാഭൂരിപക്ഷം ജനങ്ങള്‍ക്കും കഴിയുമെന്ന യാഥാര്‍ഥ്യമാണ് മനുഷ്യച്ചങ്ങലയില്‍ പ്രകടമായത്.

ആസിയന്‍ കരാറിന്റെ ആഘാതത്തെ സംബന്ധിച്ച് ജനങ്ങളെ പഠിപ്പിക്കുന്നതിലും അതിനെതിരായ പ്രക്ഷോഭ വാര്‍ത്തകള്‍ നല്‍കുന്നതിലും കടുത്ത തമസ്കരണമാണ് അച്ചടി/ദൃശ്യമാധ്യമങ്ങളില്‍ മഹാഭൂരിപക്ഷവും നടത്തിയത്. മനുഷ്യച്ചങ്ങല നടന്നതിന്റെ പിറ്റേന്ന് പുറത്തിറങ്ങിയ ദീപിക പത്രം ജേര്‍ണലിസം വിദ്യാര്‍ഥികള്‍ക്ക് സൂക്ഷിച്ചു വയ്ക്കാവുന്ന ഒന്നാണ്. 40 ലക്ഷം പേര്‍ പങ്കെടുത്തെന്ന് കടുത്ത ഇടതുപക്ഷവിരുദ്ധ നിലപാടുള്ള ചാനലുകള്‍വരെ റിപ്പോര്‍ട്ട് ചെയ്ത മനുഷ്യച്ചങ്ങലയുടെ ഒരു വാര്‍ത്തയും ഒന്നാംപേജില്‍ നല്‍കിയില്ല. അകംപേജില്‍ പ്രകാശ് കാരാട്ടിന്റെ പ്രസംഗത്തിന്റെ ചുരുക്കത്തോടെ ചെറിയ വാര്‍ത്ത. കൊച്ചി എഡിഷന്റെ മൂന്നാംപേജില്‍ ജില്ലാ വാര്‍ത്തയില്‍ മനുഷ്യച്ചങ്ങലയില്‍ സിപിഐ എം അണികള്‍ കൈകോര്‍ത്തെന്ന തലക്കെട്ടില്‍ മൂന്നുകോളത്തില്‍ ഒരു ചിത്രം നല്‍കാനുള്ള വിശാലമനസ്കത ആ പത്രം കാണിച്ചു. ചങ്ങല പലയിടത്തും മുറിഞ്ഞെന്ന കല്ലുവച്ച നുണ എഴുതിവിടാനുള്ള ധൈര്യവും സഭ നയിക്കുന്ന പത്രത്തിനുണ്ടായി. കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധതയില്‍നിന്നാണ് ഇത്രയും തരംതാണ രീതിയില്‍ റിപ്പോര്‍ട്ടിങ് നടത്താനുള്ള ഊര്‍ജം സംഭരിച്ചത്. കര്‍ഷകരാണ് വിശ്വാസികളിലും വരിക്കാരിലും മഹാഭൂരിപക്ഷമെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍പോലും അവര്‍ തയ്യാറാകുന്നില്ല. നാളികേരവും റബറും കുരുമുളകും വിറ്റുകിട്ടുന്ന കാശുകൊണ്ടാണ് അവര്‍ പണം കൊടുത്ത് പത്രം വാങ്ങുന്നത്. ആ കര്‍ഷകനെയും ഒരു നാടിന്റെ സമ്പദ്ഘടനയെയും സംരക്ഷിക്കുന്നതിനു നടത്തിയ സമരത്തെ അവഗണിക്കാന്‍ സങ്കുചിത രാഷ്ട്രീയത്തിന്റെ പിന്‍ബലംമാത്രം മതി ഇക്കൂട്ടര്‍ക്ക്.

ഒന്നാംപേജില്‍ അഞ്ചുകോളം ചിത്രം നല്‍കിയ മനോരമ ഇടതുഭാഗത്തുവരുന്ന എട്ടാംപേജില്‍ എട്ടുകോളം വാര്‍ത്ത നല്‍കി. സംഭവം നടന്നുകഴിഞ്ഞാല്‍ വാര്‍ത്തയും ചിത്രവും നല്‍കുന്നതില്‍ അവര്‍ ഒരിക്കലും കുറവു വരുത്തില്ല. അതിനുമുമ്പാണ് തമസ്കരണം നടപ്പാക്കേണ്ടതെന്ന് അവര്‍ക്ക് കൃത്യമായി അറിയാം. ആസിയന്‍ കരാര്‍ കേരളത്തിനു ദോഷകരമാണെന്ന് പ്രാധാന്യത്തോടെ ലീഡ് വാര്‍ത്ത ആദ്യം നല്‍കിയ പത്രങ്ങളുടെ കൂട്ടത്തില്‍ മനോരമയുമുണ്ട്. കരാര്‍ സൃഷ്ടിക്കുന്ന ആഘാതം അവര്‍ ആദ്യംതന്നെ ശരിയായി തിരിച്ചറിഞ്ഞു. എന്നാല്‍, കരാര്‍ കേരളത്തിനു ദോഷമാകില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന വന്നതോടെ പത്രത്തിന്റെ നിലപാട് മാറി. പിന്നീട് കരാര്‍ സംബന്ധിയായ വാര്‍ത്തകള്‍ അപ്രത്യക്ഷമായി. പിണറായിയുടെ ഒരു പ്രസ്താവനയും മന്ത്രിസഭാതീരുമാനത്തിന്റെ വാര്‍ത്തയും നല്‍കിയതൊഴിച്ചാല്‍ പിന്നെ ചങ്ങലയ്ക്കെതിരായ പ്രസ്താവനകള്‍ക്കും വാര്‍ത്തകള്‍ക്കുമായിരുന്നു പ്രാധാന്യം. ഏകദേശം 200 സെന്റീമീറ്ററോളം വാര്‍ത്തയാണ് ഈ പത്രം കരാറിനെതിരായും ചങ്ങലയ്ക്ക് അനുകൂലവുമായുള്ള വാര്‍ത്തകള്‍ക്ക് ജനറല്‍ പേജില്‍ മൊത്തതില്‍ നല്‍കിയത്.

മാതൃഭൂമിയും വ്യത്യസ്തമായിരുന്നില്ല. എങ്ങനെയെങ്കിലും മനുഷ്യച്ചങ്ങല പൊട്ടിക്കുന്നതിനായി വിസ്മൃതിയിലേക്കു പോയവരെക്കൊണ്ടുവരെ ലേഖനമെഴുതിച്ച് പ്രചാരവേല നടത്തി. സാമ്രാജ്യത്വവിരുദ്ധസമരത്തിന്റെ മിശിഹയുടെ തനിനിറം അറിയുന്നവര്‍ക്ക് ഈ പുതിയ നിലപാടില്‍ അത്ഭുതമുണ്ടായില്ല. കാര്‍ഷികമേഖലയെ തകര്‍ക്കുന്നതാണ് ആസിയന്‍കരാറെന്ന് മുഖപ്രസംഗം എഴുതിയ പത്രവും നിലപാട് മാറ്റിയത് യുഡിഎഫ് വ്യത്യസ്ത സമീപനം സ്വീകരിച്ചതിനുശേഷമാണ്. മിക്കവാറും പത്രങ്ങളും മനുഷ്യച്ചങ്ങലയ്ക്കെതിരായ വാര്‍ത്ത കെട്ടിച്ചമച്ച് നല്‍കി. മുന്നണി അനൈക്യംമുതല്‍ നിര്‍ബന്ധിത പിരിവുവരെ അക്കൂട്ടത്തില്‍പ്പെടും. കൈരളിയൊഴികെ ഒരു ചാനലും ഇതുസംബന്ധിച്ച വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കിയില്ല.
സിപിഐ എമ്മിനെതിരെ ഇലയനങ്ങിയാല്‍പ്പോലും ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ക്ക് ഈ സമരം ആദ്യമൊന്നും വാര്‍ത്തപോലുമായിരുന്നില്ല. ചര്‍ച്ചാ വിദഗ്ധര്‍ അരങ്ങുതകര്‍ക്കുന്ന പാനല്‍ ചര്‍ച്ചകളിലും ആസിയനും മനുഷ്യചങ്ങലയ്ക്കും അര്‍ഹമായ ഇടം കിട്ടിയില്ല. എന്നാല്‍, മാധ്യമങ്ങള്‍ അവഗണിച്ചതിനെ ജനം ഏറ്റെടുത്തു. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും വിളിച്ചുപറയുന്നത് അമിതപ്രാധാന്യത്തോടെ മാധ്യമങ്ങള്‍ അവതരിപ്പിച്ചെങ്കിലും അത് ഉപ്പുകൂട്ടാതെ വിഴുങ്ങാന്‍ ജനം തയ്യാറായില്ല. സ്വന്തം കഞ്ഞിയില്‍ പാറ്റവീഴുന്നതിനെക്കുറിച്ച് മുഖ്യധാരാമാധ്യമ സഹായമില്ലാതെതന്നെ ജനങ്ങള്‍ മനസ്സിലാക്കി. ദേശാഭിമാനി വായിക്കുന്നവരും കൈരളി കാണുന്നവരും മാത്രമല്ല ചങ്ങലയില്‍ കണ്ണിയാകാന്‍ ഒഴുകിയെത്തിയത്. പലരും ആദ്യമായാണ് ഇങ്ങനെയൊരു പരിപാടിയില്‍ പങ്കെടുക്കുന്നത്.

സിപിഐ എം ദുര്‍ബലമായെന്നും ഈ നേതൃത്വത്തില്‍ പാര്‍ടി അംഗങ്ങള്‍ക്കും അനുഭാവികള്‍ക്കും വിശ്വാസമില്ലെന്നും ആവര്‍ത്തിച്ച് എഴുതിയ മാധ്യമവിശാരദന്മാര്‍ ഓടിയൊളിച്ച ഇടംപോലും കാണാനില്ല. ഇതുപോലൊരു പരിപാടി സംഘടിപ്പിക്കുന്നതിന് സിപിഐ എമ്മിനല്ലാതെ മറ്റൊരു പ്രസ്ഥാനത്തിനും കേരളത്തില്‍ കഴിയില്ല.

ഇടതുപക്ഷ തീവ്രാവാദമുഖംമൂടിയണിഞ്ഞവര്‍ നടത്തിയ പ്രചാരവേലയ്ക്ക് ഒപ്പമല്ല കേരളം എന്ന് എഴുതാനും പറയാനും മാധ്യമസത്യസന്ധതയ്ക്ക് ഉത്തരവാദിത്തമില്ലേ? ലക്ഷങ്ങള്‍ അണിചേര്‍ന്നാലും പതിനായിരങ്ങള്‍ എന്നുമാത്രം എഴുതി ആത്മനിര്‍വൃതി കൊള്ളുന്നവരില്‍നിന്ന് ഇത്തരം മര്യാദകളൊന്നും ജനം പ്രതീക്ഷിക്കുന്നില്ല. മാധ്യമസ്വാധീനത്തിനും അപ്പുറത്താണ് ജനങ്ങളുടെ നിലപാടെന്നു തെളിയിച്ച മനുഷ്യച്ചങ്ങല മാധ്യമങ്ങളെ സംബന്ധിച്ച് ശരിയായ ചര്‍ച്ച ആവശ്യപ്പെടുന്നതാണ്. മഹാഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട മൌലികപ്രശ്നങ്ങള്‍ക്ക് പ്രധാന മാധ്യമങ്ങളിലൊന്നും ഇടം കിട്ടാറില്ല. കേരളത്തിലെ കുടുംബങ്ങളില്‍ മഹാഭൂരിപക്ഷത്തിന്റെയും ജീവിതത്തിന്റെ വഴിയാണ് കാര്‍ഷികമേഖല. ഇതില്‍ വലിയ ആഘാതം സൃഷ്ടിക്കുന്ന ഒരു കരാറിനെക്കുറിച്ച് ജനങ്ങളെ പഠിപ്പിക്കേണ്ട മാധ്യമങ്ങള്‍ ആ ചുമതല നിര്‍വഹിക്കുന്നില്ലെന്നു മാത്രമല്ല ഭരിക്കുന്നവരുടെ വായ്ത്താരിയായി അധഃപതിക്കുകയും ചെയ്യുന്നു. മാധ്യമ ധാര്‍മികതയെക്കുറിച്ചും മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചും ഉല്‍ക്കണ്ഠപ്പെടുന്ന പണ്ഡിതര്‍ക്ക് ഇതൊന്നും വിഷയമല്ല.
മലയാള മാധ്യമപക്ഷപാതിത്വം മനസ്സിലാക്കുന്നതിന്, കേരളത്തിലെ ലക്ഷക്കണക്കിനുവരുന്ന നെല്‍കര്‍ഷകര്‍ക്ക് വലിയ ആശ്വാസം നല്‍കിയ സംഭരണവില വര്‍ധിപ്പിച്ച വാര്‍ത്ത എത്ര പത്രങ്ങളില്‍ ഒന്നാംപേജില്‍ ഇടംതേടി എന്ന പരിശോധനമാത്രംമതി. കോണ്‍ഗ്രസ് ഭരിക്കുന്ന മഹാരാഷ്ട്രയിലെ വിദര്‍ഭയിലും ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലും കര്‍ഷകര്‍ കൂട്ട ആത്മഹത്യചെയ്യുമ്പോള്‍ കേരളം എങ്ങനെ മാറി എന്ന ചോദ്യം വായനക്കാരനില്‍ ഉയരാതിരിക്കുന്നതിന് ഇത്തരം പാര്‍ശ്വവല്‍ക്കരണം ആവശ്യമാണെന്ന് ഇവര്‍ക്ക് അറിയാം. ആസിയന്‍ കരാറിനെതിരായ സമരത്തില്‍ ഇടതുപക്ഷത്തിന് ഐക്യമില്ലെന്നു കണ്ടെത്തിയ മാധ്യമം എന്തേ കരാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചില്ലെന്ന അടിസ്ഥാന ചോദ്യം അവഗണിച്ചു? യുപിഎയില്‍ ഐക്യമായിരുന്നെങ്കില്‍ ഒരു ആശങ്കയുമില്ലാതെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് അംഗീകാരം വാങ്ങിക്കാമായിരുന്നല്ലോ. യുപിഎ ഘടകകക്ഷിയായ എന്‍സിപി ഡല്‍ഹിയില്‍ നടത്തിയ സമരവും ലാലുവിന്റെയും മുലായത്തിന്റെയും പരസ്യനിലപാടും സൌകര്യപൂര്‍വം കണ്ടില്ലെന്നു നടിച്ചു.

ജനാധിപത്യരാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യയില്‍ മഹാഭൂരിപക്ഷത്തിനെയും ബാധിക്കുന്ന ഒരു കരാറില്‍, പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കി ഉദ്യോഗസ്ഥവൃന്ദം മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ഒപ്പിടുന്ന അധാര്‍മികതയെയും ജനാധിപത്യവിരുദ്ധതയെയും സംബന്ധിച്ച് ഒരു വരി എഴുതാന്‍ ജനാധിപത്യത്തിന്റെ നാലാംതൂണുകള്‍ക്ക് ചുമതലയില്ലേ? ഫെഡറല്‍ ഭരണക്രമവും ഭരണഘടനയുമുള്ള രാജ്യത്ത് സംസ്ഥാനത്തിന്റെ അധികാരപരിധിയില്‍ വരുന്ന കാര്‍ഷികമേഖലയില്‍ അതീവഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുന്ന കരാറിനെ സംബന്ധിച്ച് ഏകപക്ഷീയമായി കേന്ദ്രം കരാറില്‍ ഏര്‍പ്പെടുന്നതിലെ അനൌചിത്യം ഒരു നിഷ്പക്ഷപത്രവും റിപ്പോര്‍ട്ട് ചെയ്തില്ല. തങ്ങളുടെ വരിക്കാരില്‍ നല്ലൊരു പങ്ക് കര്‍ഷകരാണെന്ന കച്ചവടക്കണ്ണുപോലും ഇക്കാര്യത്തില്‍ അവരെ അലോസോരപ്പെടുത്തുന്നില്ല. ആധുനിക മാധ്യമതന്ത്രത്തില്‍ വായനക്കാരനല്ല രാജാവെന്നും അത് പരസ്യം നല്‍കുന്നവനാണെന്നും അവര്‍ക്ക് അറിയാം. വന്‍കിട കുത്തകകളുടെ വാണിജ്യതാല്‍പ്പര്യങ്ങള്‍ക്ക് ഈ കരാര്‍ സഹായകരമാണെന്ന കാര്യവും വ്യക്തം. അതോടൊപ്പം കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധതയും കോണ്‍ഗ്രസ് ദാസ്യവും ഒത്തുചേര്‍ന്നാല്‍ മാധ്യമ പക്ഷപാതിത്വത്തിന് അധികം കാരണങ്ങള്‍ അന്വേഷിക്കേണ്ടതില്ല.

ഇവിടെയാണ് ജനങ്ങള്‍ക്ക് താല്‍പ്പര്യമുള്ള മാധ്യമദൌത്യത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ ഉയരേണ്ടത്. ചെറിയ സംഭവങ്ങളെ പര്‍വതീകരിച്ചും ജനങ്ങളെ ഇക്കിളിപ്പെടുത്തിയും നടത്തുന്ന അധരവ്യായാമങ്ങള്‍ക്ക് അധികകാലം ഭൂരിപക്ഷത്തെയും പറ്റിക്കാന്‍ കഴിയില്ലെന്ന് മനുഷ്യച്ചങ്ങല തെളിയിച്ചു. മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് വൃഥാവ്യായാമതുല്യമായ ബഹളം സൃഷ്ടിക്കുന്നവര്‍ ഇത്തരം കാതലായ പ്രശ്നങ്ങളിലേക്ക് കണ്ണോടിക്കാത്തതെന്ത്?

പി രാജീവ് ദേശാഭിമാനി 06 ഒക്ടോബര്‍ 2009

Monday, October 5, 2009

ജ്വലിച്ചത് കേരളത്തിന്റെ പ്രതിഷേധം

കേരളത്തിന്റെ കാര്‍ഷികമേഖലയെയും അനുബന്ധമേഖലയെയും തകര്‍ക്കുന്ന ആസിയന്‍ കരാറിനെതിരെ ആളിക്കത്തുന്ന പ്രതിഷേധമാണ് ഗാന്ധിജയന്തി ദിനത്തില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരംവരെ തീര്‍ത്ത മനുഷ്യച്ചങ്ങല പ്രതിഫലിപ്പിച്ചത്. കാസര്‍കോട്ട് അഖിലേന്ത്യാ കിസാന്‍സഭാ പ്രസിഡന്റും പാര്‍ടി പൊളിറ്റ് ബ്യൂറോ അംഗവുമായ എസ് രാമചന്ദ്രന്‍പിള്ളയില്‍ തുടങ്ങി തിരുവനന്തപുരം രാജ്ഭവനില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടില്‍ അവസാനിച്ച മനുഷ്യച്ചങ്ങല സിപിഐ എം മുന്നോട്ടുവച്ച ആസിയന്‍ കരാര്‍ അറബിക്കടലില്‍ എന്ന മുദ്രാവാക്യത്തിന് കേരളം മനസ്സുതുറന്നുനല്‍കിയ അംഗീകാരമായി.

നിരവധി പോരാട്ടങ്ങളിലൂടെയാണ് കേരളം ഇന്നത്തെ അവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നത്. സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച കേരളം ഇന്ത്യയിലെ ഏറ്റവും മുന്‍നിരയിലുള്ള സംസ്ഥാനമായി മാറിയത് ഇവിടെ നടന്ന ജനകീയ പോരാട്ടങ്ങളുടെ ഭാഗമായിട്ടാണ്. കര്‍ഷകരും തൊഴിലാളികളും ഇതര ജനവിഭാഗങ്ങളും നടത്തിയ ത്യാഗപൂര്‍ണമായ സമരങ്ങളുടെ നീണ്ട പരമ്പരയാണ് ഇതിന്റെ അടിസ്ഥാനമായി വര്‍ത്തിച്ചത്. തലമുറകള്‍ നീണ്ട ഈ സമരത്തിന്റെ പാരമ്പര്യം ഏറ്റുപിടിക്കുന്ന ജനങ്ങള്‍, കേരളത്തെ ശവപ്പറമ്പാക്കി മാറ്റുന്ന ആസിയന്‍ കരാറിനെതിരെ പ്രതിഷേധത്തിന്റെ അലമാലകളാണ് സൃഷ്ടിച്ചത്. പാര്‍ടി പ്രവര്‍ത്തകരും അനുഭാവികളും മാത്രമല്ല വ്യത്യസ്ത ജനാധിപത്യപ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും വിവിധ ജനവിഭാഗങ്ങളും ഈ മുദ്രാവാക്യത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് അണിചേര്‍ന്നു. കാര്‍ഷികമേഖലയെയും പരമ്പരാഗതമേഖലയെയും തകര്‍ത്ത് തങ്ങളുടെ ജീവിതസ്വപ്നങ്ങള്‍ക്ക് മുകളിലാണ് ഈ കരാര്‍ വരുന്നതെന്ന തിരിച്ചറിവ് കൂടുതല്‍ ജനവിഭാഗങ്ങളെ ചങ്ങലയില്‍ അണിചേര്‍ക്കുന്നതിന് ഇടയാക്കി. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും പരമ്പരാഗതമേഖലയില്‍ പണിയെടുത്ത് ജീവിതം മുന്നോട്ടു നയിക്കാന്‍ പ്രയാസപ്പെടുന്ന തൊഴിലാളികളും ഈ കരാറിന്റെ ആപത്തിനെ തിരിച്ചറിഞ്ഞ് കൂട്ടം കൂട്ടമായി ചങ്ങലയില്‍ അണിചേര്‍ന്നു. അഭൂതപൂര്‍വമായ സ്ത്രീപങ്കാളിത്തം മറ്റൊരു സവിശേഷതയാണ്. കേരളത്തെ രക്ഷിക്കാന്‍ അമ്മമാര്‍ രംഗത്തിറങ്ങുന്നുവെന്ന സന്ദേശം മുന്നോട്ടുവയ്ക്കുന്നതായിരുന്നു കൈക്കുഞ്ഞുങ്ങളുമായി കുടുംബസമേതം വന്നെത്തിയ സ്ത്രീകളുടെ പങ്കാളിത്തം. കാര്‍ഷിക കേരളത്തിന്റെ ഹൃദയം തൊട്ടറിഞ്ഞ നെല്ലറകളും മത്സ്യത്തൊഴിലാളി മേഖലയും ഈ ചങ്ങലയില്‍ അത്യന്തം ആവേശത്തോടെയാണ് അണിചേര്‍ന്നത്. കേരളത്തിന്റെ എല്ലാ സാമൂഹ്യമുന്നേറ്റങ്ങളിലും സജീവമായി പങ്കെടുത്ത സാഹിത്യ-സാംസ്കാരിക മേഖലയിലെ പ്രമുഖരെല്ലാം കേരളത്തെ രക്ഷപ്പെടുത്താനുള്ള ഈ പോരാട്ടത്തില്‍ മുന്‍പന്തിയില്‍തന്നെ ഉണ്ടാകുമെന്ന് ഓര്‍മിപ്പിച്ചുകൊണ്ടാണ് പരിപാടിയില്‍ പങ്കെടുത്തത്. തങ്ങളുടെ യൌവനം മുഴുവനും ആധുനിക കേരളത്തെ സൃഷ്ടിക്കാനുള്ള പോരാട്ടങ്ങള്‍ക്കായി മാറ്റിവച്ച പഴയകാല പ്രവര്‍ത്തകരും അത്യന്തം ആവേശത്തോടെയാണ് അണിചേര്‍ന്നത്.

കോരിച്ചൊരിയുന്ന മഴയെയും കാലാവസ്ഥ സൃഷ്ടിച്ച മറ്റെല്ലാ പ്രതിബന്ധങ്ങളെയും മറികടന്നുകൊണ്ട് എത്തിച്ചേര്‍ന്ന സഖാക്കള്‍ കേരളത്തിന്റെ അഭിമാനത്തെ ആരുടെ മുമ്പിലും അടിയറവയ്ക്കാന്‍ തയ്യാറില്ലെന്ന പ്രഖ്യാപനം തന്നെയാണ് നടത്തിയത്. നാടിന്റെ നിലനില്‍പ്പുപോലും പ്രതിസന്ധിയിലാക്കുന്ന ആസിയന്‍ കരാറിനെ ഒരു മനസ്സോടെ എതിര്‍ക്കുമെന്ന് കാസര്‍കോട് മുതല്‍ തിരുവനന്തപുരംവരെ അണിനിരന്ന ജനസമൂഹം പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിന്റെ സമരപോരാട്ടങ്ങളില്‍ അതൊരു പുതിയ അധ്യായംതന്നെ തുറക്കുകയായിരുന്നു.
മനുഷ്യച്ചങ്ങലയ്ക്കായിരുന്നു ആഹ്വാനമെങ്കിലും കേരളത്തിലുടനീളം അവ മനുഷ്യമതിലായി തന്നെ മാറി. തീരുമാനിച്ച ക്വോട്ടയേക്കാള്‍ എത്രയോ ഉയര്‍ന്ന പങ്കാളിത്തമാണ് മൊത്തത്തില്‍ ഓരോ പ്രദേശത്തും ഉണ്ടായത്. വയനാട്, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ 117.5 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ തീര്‍ത്ത അനുബന്ധ ചങ്ങലയിലേക്കും ജനപ്രവാഹം തന്നെയായിരുന്നു. സാമ്രാജ്യത്വ-ആഗോളവല്‍ക്കരണവിരുദ്ധ സമരപോരാട്ടങ്ങളില്‍ കേരളത്തിന്റെ മറ്റൊരു സംഭാവനയാണ് വൈവിധ്യമാര്‍ന്ന ഈ പരിപാടി. കേരളം അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടിരിക്കുന്നുവെന്നും പുതിയ തലമുറ പോരാട്ടങ്ങളില്‍ വിമുഖമാണ് എന്നും പ്രചാരവേല നടത്തുന്ന ഘട്ടത്തിലാണ് ഈ പരിപാടി നടന്നത്. ചങ്ങലയില്‍ അണിചേര്‍ന്ന ജനവിഭാഗങ്ങളില്‍ ഒരു വലിയ ശതമാനം യുവാക്കളും വിദ്യാര്‍ഥികളുമായിരുന്നു. കേരളത്തെ തകര്‍ക്കാന്‍ ആര് ശ്രമിച്ചാലും അതിനെതിരായുള്ള ചെറുത്തുനില്‍പ്പ് തലമുറ തലമുറ കൈമാറി കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോവുകയാണെന്ന് ഈ പങ്കാളിത്തം പിന്തിരിപ്പന്മാരെ ഓര്‍മപ്പെടുത്തുന്നുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ സിപിഐ എം തകര്‍ന്നിരിക്കുന്നുവെന്ന് മുറവിളി കൂട്ടിയ വലതുപക്ഷ ശക്തികള്‍ക്കും അവരുടെ കുഴലൂത്തുകാര്‍ക്കും കനത്ത തിരിച്ചടിയാണ് ഈ ജനമുന്നേറ്റം നല്‍കിയത്. സിപിഐ എമ്മിലാണ് കേരള ജനത പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നത് എന്നതിന്റെ തെളിവാണ് അഭൂതപൂര്‍വമായ ഈ ജനസഞ്ചയം. ഒരു രാഷ്ട്രീയ പാര്‍ടിയിലെയും പ്രവര്‍ത്തകരോ അനുഭാവികളോ അല്ലാത്ത നിരവധി പേര്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം ഈ പരിപാടിയില്‍ പങ്കെടുത്തു എന്നത് കാണിക്കുന്നത് പാര്‍ടിയെ എത്ര പ്രതീക്ഷയോടെയാണ് കേരളം ഉറ്റുനോക്കുന്നത് എന്നാണ്. പാര്‍ടി സംഘടനാപരമായി ദുര്‍ബലപ്പെട്ടിരിക്കുന്നുവെന്നും മുന്‍കാലങ്ങളിലെപ്പോലെ പരിപാടികള്‍ വിജയിപ്പിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത് എന്നും പലരും പ്രചരിപ്പിച്ചിരുന്നു. അവര്‍ക്കുള്ള മറുപടികൂടിയാണ് ഈ പരിപാടി.

അരാഷ്ട്രീയ സംഘടനകളും ഇടതുപക്ഷ തീവ്രവാദികളും നടത്തുന്ന ചെറിയ പരിപാടികളെപ്പോലും പര്‍വതീകരിച്ച് കാണിക്കുന്നതിന് വെമ്പല്‍കൊള്ളുന്ന പല മാധ്യമങ്ങളും കേരളത്തെ സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തിന് വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല. മറിച്ച് അപ്രസക്തമായ വാര്‍ത്തകളെ ബാനര്‍ തലക്കെട്ടുകളായി കൊണ്ടുവന്നും വാര്‍ത്തകള്‍ സ്വയം മെനഞ്ഞും പാര്‍ടിക്കെതിരായി ഈ ദിനങ്ങളിലെല്ലാം പ്രചാരവേല സംഘടിപ്പിക്കുകയായിരുന്നു. എന്നിട്ടും ഈ മഹത്തായ പരിപാടിക്ക് ഒരു പോറല്‍പോലും ഏല്‍പ്പിക്കാന്‍ കഴിയാതെ പോയി എന്ന യാഥാര്‍ഥ്യത്തെയും നാം ഉള്‍ക്കൊള്ളേണ്ടതുണ്ട്. മനുഷ്യച്ചങ്ങല ഒരു മഹാസംഭവമായി മാറിയപ്പോള്‍ അത്തരക്കാര്‍ക്കും ഇതിന് പ്രാധാന്യം കൊടുക്കേണ്ടി വന്നു എന്നത് ജനകീയ മുന്നേറ്റത്തിനു മുന്നില്‍ മറ്റെല്ലാം അപ്രസക്തമായി തീരും എന്നതിന്റെ മറ്റൊരു തെളിവ് കൂടിയാണ്. സാമ്രാജ്യത്വ വിരോധത്തിന്റെ കുന്തമുനയുമായി നടക്കുന്നെന്ന് സ്വയം അഭിമാനിക്കുന്ന തീവ്ര ഇടതുപക്ഷക്കാര്‍ വലതുപക്ഷ മാധ്യമങ്ങളുടെ പരിലാളന ഏറ്റുകൊണ്ട് സിപിഐ എമ്മിനെ തുടര്‍ച്ചയായി ആക്രമിക്കുന്ന പ്രചാരവേല വര്‍ത്തമാനകാലത്ത് ശക്തിപ്പെടുത്തിയിരിക്കുകയാണ്. ഇത്തരം പ്രചാരവേലകള്‍ക്കും കേരളത്തിന്റെ യഥാര്‍ഥ ഇടതുപക്ഷ മനസ്സിന് പോറലേല്‍പ്പിക്കാന്‍ കഴിയുകയില്ലെന്ന വസ്തുതയാണ് ഈ മഹത്തായ ജനപ്രവാഹം തെളിയിച്ചത്.

ഈ മനുഷ്യച്ചങ്ങല വരാന്‍ പോകുന്ന പോരാട്ടങ്ങളുടെ തുടക്കം മാത്രമാണ്. വമ്പിച്ച ജനകീയമുന്നേറ്റം സംഘടിപ്പിച്ച് കേന്ദ്രസര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കാനുള്ള പോരാട്ടങ്ങള്‍ ശക്തിപ്പെടുത്തുക എന്നതാണ് വരുംനാളുകളില്‍ നമുക്ക് ഏറ്റെടുക്കാനുള്ളത്. അതുകൊണ്ടു തന്നെ ഈ സമരം ഇവിടംകൊണ്ട് അവസാനിക്കുന്നില്ല.

ഇത് കേരളീയന്‍ ജീവിക്കണമോ മരിക്കണമോ എന്ന് തീരുമാനിക്കാനുള്ള പോരാട്ടമാണ്. മഹത്തായ ജനകീയ മുന്നേറ്റങ്ങള്‍ക്കു മുന്നില്‍ ഏത് ഭരണാധികാരിയും കീഴടങ്ങേണ്ടി വന്നിട്ടുണ്ട് എന്നത് ചരിത്രത്തിന്റെ സുപ്രധാനമായ പാഠമാണ്. അത് ഉള്‍ക്കൊള്ളാതെ മുന്നോട്ടു പോയവര്‍ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാണ് സ്ഥാനം പിടിച്ചിട്ടുള്ളത്. കേരളത്തെ വന്‍കിട കുത്തകകള്‍ക്കു വേണ്ടി തകര്‍ക്കാനുള്ള ബോധപൂര്‍വമായ പദ്ധതിയാണ് ഈ കരാറിലൂടെ രൂപപ്പെട്ടിരിക്കുന്നത്. ഈ യാഥാര്‍ഥ്യം യുഡിഎഫിലെ ഘടകകക്ഷികള്‍ക്ക് പോലും സമ്മതിക്കേണ്ടി വന്നിട്ടുള്ളതുമാണ്. എന്നിട്ടും അതിനെ ന്യായീകരിക്കുന്ന കേരളത്തിലെ കോണ്‍ഗ്രസുകാര്‍ ചരിത്രത്തിന്റെ ചുവരെഴുത്ത് തിരിച്ചറിഞ്ഞ് നിലപാടെടുക്കാന്‍ തയ്യാറാവേണ്ടതുണ്ട്.

ആസിയന്‍ കരാറിനെതിരായി പ്രതിഷേധിക്കുകയും എന്നാല്‍, കേരളജനത നടത്തുന്ന പോരാട്ടങ്ങളില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുകയുംചെയ്യുന്ന ചില പ്രസ്ഥാനങ്ങളും നമ്മുടെ നാട്ടിലുണ്ട്. ഇവരുടെ ഇരട്ടത്താപ്പ് ജനങ്ങള്‍ തിരിച്ചറിയുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇതൊരു മഹത്തായ തുടക്കമാണ്. ഇതിന്റെ കരുത്തില്‍ കൂടുതല്‍ തീവ്രതയോടെ ആസിയന്‍ കരാര്‍ അറബിക്കടലില്‍ എന്ന മുദ്രാവാക്യം പ്രായോഗികമാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ പാര്‍ടി മുഴുകും. അതിനായി ഈ പോരാട്ടങ്ങളില്‍ പങ്കെടുക്കാന്‍ തയ്യാറുള്ളവരെയെല്ലാം യോജിപ്പിച്ചുകൊണ്ടുള്ള വലിയ പോരാട്ടം ഉയര്‍ത്തിക്കൊണ്ടുവരും. അതിന് എല്ലാവിധ പിന്തുണയും അഭ്യര്‍ഥിക്കുന്നു. ഈ മനുഷ്യച്ചങ്ങല മഹാസംഭവമാക്കിയ എല്ലാവരെയും അഭിവാദ്യംചെയ്യുന്നു.

പിണറായി വിജയന്‍ ദേശാഭിമാനി 05 ഒക്ടോബര്‍ 2009

Sunday, October 4, 2009

ഞെട്ടല്‍ മാറാതെ എതിരാളികള്‍


ചങ്ങല ഉയര്‍ത്തിയ പ്രകമ്പനത്തില്‍....

ആസിയന്‍ കരാറിനെതിരായ രോഷം മനുഷ്യമഹാശൃംഖലയായി മാറിയപ്പോള്‍ ഇടതുപക്ഷവിരുദ്ധ കേന്ദ്രങ്ങളില്‍ അങ്കലാപ്പ്. ആസിയന്‍ കരാറിനു അനുകൂലമായി പ്രചാരണം നടത്തിയ കോണ്‍ഗ്രസ് നേതൃത്വത്തിന് ചങ്ങലയിലെ ജനപങ്കാളിത്തം വലിയ തിരിച്ചടിയായി. മനുഷ്യച്ചങ്ങലയുടെ അഭൂതപൂര്‍വമായ വിജയത്തിലൂടെ രാഷ്ട്രീയ എതിരാളികളുടെ നിരവധി ചോദ്യങ്ങള്‍ക്കാണ് കേരളജനത മറുപടി നല്‍കിയത്. ആസിയന്‍ കരാറിനെതിരെ ശക്തമായ പ്രചാരണവുമായി സിപിഐഎമ്മും മറ്റ് ഇടതുപക്ഷ പാര്‍ടികളും രംഗത്ത് വന്നപ്പോള്‍ എതിര്‍ പ്രചാരണം വഴി നേരിടാനായിരുന്നു കോണ്‍ഗ്രസ് ശ്രമം. കരാറിനെ വാഴ്ത്താന്‍ ലക്ഷങ്ങളുടെ പത്രപ്പരസ്യം നല്‍കി. പരസ്യഇനത്തില്‍ വന്‍ തുക നേടിയ മാധ്യമങ്ങളും മനുഷ്യച്ചങ്ങലയ്ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും രംഗത്തെത്തി. എന്നാല്‍, കരാറിനെ അനുകൂലിച്ച് നടത്തിയ പ്രചാരണം ജനം നിരാകരിച്ചതായി മനുഷ്യച്ചങ്ങല തെളിയിച്ചു.
കരാറിനെതിരെ ആദ്യം നേരിയ ശബ്ദം ഉയര്‍ത്തിയ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള യുഡിഎഫ് ഘടകകക്ഷികള്‍ പിന്നീട് ചുവടുമാറ്റി. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഒരേ മനസ്സോടെ ജനങ്ങളെ അണിനിരത്തുക എന്നത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ക്ക് ചിന്തിക്കാനാകില്ല. ചങ്ങല പൊട്ടുമെന്നാണ് അവര്‍ പ്രതീക്ഷിച്ചത്. പക്ഷേ ചങ്ങല മനുഷ്യമതിലായി രൂപം പൂണ്ടപ്പോള്‍ പ്രതീക്ഷ അടിതെറ്റി. വാഹനഗതാഗതം തടസ്സപ്പെടാതെ ലക്ഷങ്ങള്‍ അണിനിരന്നപ്പോള്‍ സിപിഐ എമ്മിന്റെ സംഘാടക മികവിനും കരുത്തിനും തെളിവായി. സിപിഐ എം പ്രവര്‍ത്തകരും അനുഭാവികളും മാത്രമല്ല മറ്റു പാര്‍ടികളിലുള്ളവരും ഒരു പാര്‍ടിയിലും ഇല്ലാത്തവരും ചങ്ങലയില്‍ കണ്ണികളായി. പാര്‍ടിക്കെതിരെ ഏതാനും നാളായി നടന്ന ദുഷ്പ്രചാരണങ്ങള്‍ക്കുള്ള ജനങ്ങളുടെ മൂര്‍ച്ചയേറിയ മറുപടികൂടിയായിരുന്നു മനുഷ്യച്ചങ്ങല.
ഏറ്റവുമൊടുവില്‍ മുത്തൂറ്റ് പോള്‍ വധക്കേസിലും പാര്‍ടിക്കെതിരെയാണ് പ്രചാരണം അഴിച്ചുവിട്ടത്. മനുഷ്യച്ചങ്ങലയുടെ പ്രചാരണം ആരംഭിച്ചശേഷമാണ് പോള്‍ വധക്കേസില്‍ പാര്‍ടിയെയും നേതാക്കളെയും ലക്ഷ്യമിട്ട് പ്രചാരണം തുടങ്ങിയത്. കെട്ടുകഥകളും നുണകളും പ്രചരിപ്പിക്കുന്നതിന് യുഡിഎഫ് നേതാക്കളും മാധ്യമങ്ങളും മത്സരിച്ചു. യുഡിഎഫ് മുഖപത്രമായി മാറിയ'മാതൃഭൂമി' പൊലീസിനെതിരെ പരമ്പര തന്നെ എഴുതി. ഗുണ്ടകളെ സിപിഐഎമ്മും സര്‍ക്കാരും സംരക്ഷിക്കുന്നെന്നായിരുന്നു ആദ്യ പ്രചാരണം. ഗുണ്ടകള്‍ അറസ്റ്റിലായപ്പോള്‍ അവര്‍ പണ്ട് സിപിഐ എം പ്രവര്‍ത്തകരാണെന്നായി. അപസര്‍പ്പക കഥകളെ പോലും വെല്ലുന്ന തരത്തില്‍ മാധ്യമങ്ങള്‍ സിപിഐ എമ്മിനെതിരെ അണിനിരന്നു. എന്നാല്‍, അത്തരം ദുഷ്പ്രചാരണങ്ങള്‍ക്ക് തങ്ങള്‍ വിലകല്‍പ്പിക്കുന്നില്ലെന്ന് കാസര്‍കോട് മുതല്‍ രാജ്ഭവന്‍ വരെ ദേശീയപാതയില്‍ അണിചേര്‍ന്ന ജനങ്ങള്‍ പ്രഖ്യാപിച്ചു. അപവാദം പ്രചരിപ്പിച്ച് പാര്‍ടിയില്‍നിന്ന് ജനങ്ങളെ അകറ്റാന്‍ മാധ്യമങ്ങള്‍ മത്സരബുദ്ധിയോടെ നിലകൊള്ളുമ്പോള്‍ കേരളത്തില്‍ ജനമനസ്സ് ഏത് ദിശയിലാണ് നീങ്ങുന്നതെന്ന് ഒരിക്കല്‍കൂടി തെളിഞ്ഞു. മാധ്യമങ്ങള്‍ ഇതില്‍നിന്ന് പാഠം പഠിക്കുമെന്നോ നിലപാട് തിരുത്തുമെന്നോ ആരും കരുതുന്നില്ല.

കെ ശ്രീകണ്ഠന്‍ ദേശാഭിമാനി ദിനപ്പത്രം

Saturday, October 3, 2009

പ്രതിരോധക്കോട്ട

കരാറിന്റെ വിപത്തുപോലെ കറുത്തിരുണ്ട മാനത്തിനു കീഴെ 30 ലക്ഷത്തിലേറെ ജനങ്ങള്‍ എണ്ണൂറോളം കിലോമീറ്റര്‍ ഇടമുറിയാതെ ഒത്തുചേര്‍ന്ന് കേരളത്തിന് പ്രതിരോധക്കോട്ട തീര്‍ത്തു. മറ്റൊരു രാഷ്‌ട്രീയപ്രസ്ഥാനത്തിനും ചിന്തിക്കാന്‍പോലും കഴിയാത്തവിധം വിമര്‍ശകരുടെ നാവടച്ച് മനുഷ്യച്ചങ്ങല അഭൂതപൂര്‍വമായ ജനപങ്കാളിത്തത്തോടെ യഥാര്‍ഥ്യമായി. നാടിന്റെ നിലനില്‍പ്പുപോലും അപകടത്തിലാക്കുന്ന ആസിയന്‍ കരാറിനെ ഒരു മനസ്സോടെ എതിര്‍ക്കുമെന്ന് കാസര്‍കോടുമുതല്‍ തിരുവനന്തപുരംവരെ ജനക്കൂട്ടം ഇടിമുഴക്കംപോലെ ഒരേനിമിഷം പ്രതിജ്ഞ ചൊല്ലിയപ്പോള്‍ അതിന്റെ പ്രതിധ്വനി ഡല്‍ഹിയിലെ അധികാരകേന്ദ്രങ്ങളെ പിടിച്ചുകുലുക്കി. ഒഴുകിയെത്തിയ ജനക്കൂട്ടത്തെ ഒന്നിലധികം ചങ്ങലകളാക്കി മാറ്റിയാണ് ഉള്‍ക്കൊള്ളിച്ചത്. പലയിടത്തും മനുഷ്യമതില്‍ രൂപംകൊണ്ടു. കേരളം ആദ്യ മനുഷ്യച്ചങ്ങല തീര്‍ത്ത് 22 വര്‍ഷത്തിനു ശേഷമാണ് ഇതിഹാസമായി മാറിയ ഈ ജനമുന്നേറ്റം. സിപിഐ എം സംസ്ഥാന കമ്മിറ്റി ആഹ്വാനമനുസരിച്ച് ഗാന്ധിജയന്തിനാളില്‍ തീര്‍ത്ത മനുഷ്യ മഹാശൃംഖല നാടിനെ രക്ഷിക്കാനുള്ള പോരാട്ടവും സാമ്രാജ്യാധിനിവേശത്തിന്റെ വക്താക്കള്‍ക്കുള്ള കരുത്തന്‍ താക്കീതുമായി. കേരളത്തിന്റെ അഭിമാനം കാക്കാനുള്ള സമരപ്രവാഹത്തില്‍ ഭൂരിപക്ഷവും സ്ത്രീകളും യുവാക്കളുമായിരുന്നു. പലയിടത്തും കോരിച്ചൊരിഞ്ഞ മഴ കൂസാതെയാണ് കുടുംബങ്ങള്‍ ചങ്ങലയില്‍ ചേര്‍ന്നത്.

ഭാഷാസംഗമഭൂമിയായ കാസര്‍കോട്ട് ആദ്യകണ്ണിയായി കര്‍ഷകപ്രസ്ഥാനത്തിന്റെ സാരഥിയും പാര്‍ടി പിബി അംഗവുമായ എസ് രാമചന്ദ്രന്‍പിള്ള. രാജ്‌ഭവനുമുമ്പില്‍ പ്രതിരോധദുര്‍ഗത്തില്‍ അവസാനകണ്ണിയായി ഇന്ത്യന്‍ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ അമരക്കാരന്‍ പ്രകാശ് കാരാട്ട്. തുടര്‍ന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും പാര്‍ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനും. കാസര്‍കോട് മുതല്‍ തലസ്ഥാനനഗരത്തില്‍ ഗവര്‍ണറുടെ വസതി വരെ അറുനൂറ്റി അറുപതോളം കിലോമീറ്ററില്‍ ഏകമനസ്സും ഹൃദയവികാരവുമായി ജനലക്ഷങ്ങള്‍. വയനാട്, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ 117.5 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ഇതേനിമിഷം അനുബന്ധച്ചങ്ങലയില്‍ ബഹുജനപ്രവാഹം. 777 കിലോമീറ്റര്‍ തിങ്ങിനിറഞ്ഞൊഴുകിയ ജനത ആസിയന്‍ കരാര്‍ അറബിക്കടലില്‍ എറിയുമെന്ന് പ്രഖ്യാപിച്ചു. വയനാട് ജില്ലയില്‍ 26 കിലോമീറ്റര്‍ നീളത്തില്‍ ചങ്ങല തീര്‍ത്തു. പത്തനംതിട്ട, കോട്ടയം ജില്ലകളെ ബന്ധിപ്പിച്ച അനുബന്ധച്ചങ്ങല 91 കിലോമീറ്റര്‍ പിന്നിട്ട് ചേര്‍ത്തലയില്‍ ദേശീയപാതയിലെ ചങ്ങലയില്‍ ലയിച്ചു. വൈകിട്ട് നാലരയ്ക്ക് ചങ്ങലയുടെ റിഹേഴ്സല്‍ നടന്നു. കൃത്യം അഞ്ചിന് മഹാശൃംഖല രൂപപ്പെട്ടു. തേക്കടിയില്‍ ബോട്ട് ദുരന്തത്തിന് ഇരയായവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് രണ്ടു മിനിറ്റ് മൌനമാചരിച്ചു. അത് ദുരന്തത്തിന് ഇരയായവര്‍ക്ക് കേരളത്തിന്റെ സ്‌മരണാഞ്ജലിയായി. തുടര്‍ന്ന് ജനലക്ഷങ്ങള്‍ കൈകോര്‍ത്തു. രാജ്യത്തെ തകര്‍ക്കുന്ന അന്താരാഷ്‌ട്ര കരാറുകള്‍ ചെറുത്തുതോല്‍പ്പിക്കുമെന്ന പ്രതിജ്ഞ മുഴങ്ങി. പ്രധാനകേന്ദ്രങ്ങളില്‍ സമ്മേളനം ചേര്‍ന്നു. തേക്കടി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലയിലെ അനുബന്ധ ചങ്ങല ഒഴിവാക്കിയിരുന്നു. ആലപ്പുഴ ജില്ലയിലായിരുന്നു ഏറ്റവും ദൈര്‍ഘ്യമുള്ള ചങ്ങല. നൂറുകിലോമീറ്ററിലധികം. കൃഷിക്കാര്‍, കര്‍ഷകത്തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍ വ്യവസായ-പരമ്പരാഗത മേഖലയിലെ തൊഴിലാളികള്‍, യുവാക്കള്‍, വിദ്യാര്‍ഥികള്‍, മതപുരോഹിതര്‍, സാമൂഹ്യ-സാംസ്കാരികപ്രവര്‍ത്തകര്‍ തുടങ്ങി സമ്സത വിഭാഗവും ചങ്ങലയില്‍ കണ്ണികളായി. കാര്‍ഷികോല്‍പ്പന്നങ്ങളും തൊഴിലുപകരണങ്ങളുമായി എത്തിയ പതിനായിരങ്ങള്‍ ആസിയന്‍ കരാറിന്റെ ആപത്ത് ഓര്‍മിപ്പിച്ചു. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ എറണാകുളം വൈറ്റിലയില്‍ ചങ്ങലയില്‍ കൈകോര്‍ത്തു. പാര്‍ടി പിബി അംഗം കോടിയേരി ബാലകൃഷ്ണനും വൈറ്റിലയില്‍ കണ്ണിയായി. കക്ഷിരാഷ്‌ട്രീയം മറന്ന് വിവിധ മേഖലയിലുള്ളവര്‍ ചങ്ങലയില്‍ പങ്കാളികളായി. കോഗ്രസ് എസ്, കേരള കോഗ്രസ് ജെ പ്രവര്‍ത്തകരും അണിചേര്‍ന്നു.

സമരഭൂമികള്‍ കണ്ണി, തൊഴിലിടങ്ങള്‍ സാക്ഷി

സംഘാടനമികവിന്റെയും പ്രതിരോധ കരുത്തിന്റെയും പ്രതീകമായ മനുഷ്യച്ചങ്ങലയ്ക്കായി കേരളത്തിലെ കാഴ്ചയും ചിന്തയും മാറ്റിവച്ച ഒരു ദിനം. എല്ലാ കണ്ണുകളും മനുഷ്യചങ്ങല കടന്നുപോന്ന പാതയിലേക്കായിരുന്നു. വെള്ളിയാഴ്ച ഉച്ചമുതല്‍ ജനപ്രവാഹം തുടങ്ങി. പകല്‍ മൂന്നോടെ ദേശീയപാതയും അനുബന്ധച്ചങ്ങല തീര്‍ത്ത വഴികളും ജനനിബിഢമായി. റോഡിന്റെ പടിഞ്ഞാറുഭാഗത്തായി ചങ്ങലക്കണ്ണികളാകാന്‍ അണിനിരന്നവര്‍. ഒരു വരിയായി കൈകോര്‍ക്കാനായിരുന്നു തീരുമാനം. എന്നാല്‍, വീഥികളിലെങ്ങും അഞ്ചും ആറും നിര രൂപപ്പെട്ടു. മിക്കയിടത്തും ചങ്ങലയ്ക്കു പകരം മനുഷ്യമതിലുകളുയര്‍ന്നു. എന്നും സമരപുളകമണിയിക്കുന്ന കയ്യൂരിന്റെയും കാവുമ്പായിയുടെയും കരിവെള്ളൂരിന്റെയും ഒഞ്ചിയത്തിന്റെയും പുന്നപ്ര വയലാറിന്റെയും പിന്മുറക്കാര്‍ പുതിയ പോരാട്ടങ്ങളുടെ പ്രതിജ്ഞയുമായി അണിനിരന്നു. ബ്രിട്ടീഷ് ദാസ്യത്തിനെതിരെ പൊരുതിയ ഏറനാട്ടിലൂടെ, നവോത്ഥാനത്തിന്റെ കാഹളധ്വനികളുയര്‍ന്ന വള്ളുവനാടന്‍ ഗ്രാമങ്ങള്‍ പിന്നിട്ട് ആധുനിക കേരളശില്‍പ്പി ഇ എം എസിന്റെ ജനനംകൊണ്ട് അനുഗൃഹീതമായ മണ്ണിലൂടെ കടന്നുവന്ന ചങ്ങല കാര്‍ഷികകേരളത്തിന്റെ ഹൃദയം തൊട്ടറിഞ്ഞ് നെല്ലറകളും വ്യവസായമേഖലകളും പരമ്പരാഗത തൊഴിലാളി കേന്ദ്രങ്ങളും മത്സ്യത്തൊഴിലാളി മേഖലയും കടന്ന് തലസ്ഥാനത്തേക്കു നീണ്ടു. സാമ്പത്തിക, രാഷ്‌ട്രീയ പരമാധികാരം സാമ്രാജ്യത്വശക്തികള്‍ക്കു അടിയറവയ്ക്കുന്നത് ചെറുക്കുമെന്ന പ്രതിജ്ഞ അതിരുകള്‍ ഭേദിച്ചുമുഴങ്ങി. കേരളത്തിന്റെ മരണമണി മുഴക്കുന്ന ആസിയന്‍ കരാറിനെ എന്തുവില കൊടുത്തും ചെറുക്കുമെന്ന പ്രഖ്യാപനം സാമ്രാജ്യത്വത്തിന്റെ വക്താക്കളെ പിടിച്ചുകലുക്കി.

ഹൃദയമതില്‍, ഒരേ വികാരം

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 664 കിലോമീറ്റര്‍. പോരാട്ടത്തിന്റെ കനലുറങ്ങുന്ന വഴികളില്‍, സ്വാതന്ത്ര്യത്തിനായി പൊടിഞ്ഞ രക്തത്തിന്റെ ചൂടുണങ്ങാത്ത ഓര്‍മകളുണര്‍ത്തി വടക്കുനിന്ന് തെക്കോട്ട് ഹൃദയങ്ങള്‍ ചേര്‍ത്തൊരു മഹാപ്രവാഹം. അതില്‍, ഒരേ ഹൃദയതാളത്തോടെ, ഒരേ മുദ്രാവാക്യത്തോടെ, ഒരേ വികാരത്തോടെ കൈകള്‍ കൊരുത്തുവച്ച് കേരളം കരുത്തുകാട്ടി. ആസന്നമായ ആസിയന്‍ വിപത്തിനെതിരെ കേരളത്തിന്റെ ഹൃദയവികാരമായിരുന്നു വെള്ളിയാഴ്ച ഉച്ചമുതല്‍ ദേശീയപാതയിലേക്ക് ഒഴുകിയെത്തിയ ജനസാഗരം. അതിലേക്കു ചേരുന്ന മഹാനദികളായി അനുബന്ധച്ചങ്ങലകള്‍. മറ്റൊരു പ്രസ്ഥാനത്തിനും സ്വപ്നംപോലും കാണാനാകാത്ത പ്രതിഷേധരൂപമാണ് സിപിഐ എം പോരാട്ടങ്ങളുടെ ചരിത്രത്തില്‍ എഴുതിച്ചേര്‍ത്തത്.

തലസ്ഥാന ജില്ല 51 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് മനുഷ്യച്ചങ്ങല തീര്‍ത്തത്. കാസര്‍കോട് നിന്ന് ഒഴുകിയെത്തിയ പ്രതിരോധത്തിന്റെ മഹാപ്രവാഹത്തെ ജില്ലാ അതിര്‍ത്തിയായ കടമ്പാട്ടുകോണത്ത് തലസ്ഥാനം ഏറ്റുവാങ്ങി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ആനാവൂര്‍ നാഗപ്പന്‍ ആദ്യ കണ്ണിയായി. അവസാന കണ്ണിയായത് പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. രാജ്‌ഭവന് മുന്നില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അധ്യക്ഷനായി. പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, എല്‍ഡിഎഫ് കവീനര്‍ വൈക്കം വിശ്വന്‍, മന്ത്രിമാരായ പി കെ ശ്രീമതി, എം വിജയകുമാര്‍, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ എന്നിവര്‍ ചങ്ങലയില്‍ കണ്ണിയായി.

കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡില്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ളയായിരുന്നു മനുഷ്യച്ചങ്ങലയിലെ ആദ്യകണ്ണി. ജില്ലയില്‍ കാലിക്കടവ് വരെ 48 കിലോമീറ്റര്‍ മനുഷ്യമതിലായി. മുക്കാല്‍ ലക്ഷത്തിലേറെ പേര്‍ അണിനിരന്ന ചങ്ങല മിക്കയിടത്തും രണ്ടു വരിയായി. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന്‍ എംപി കാസര്‍കോട്ട് കണ്ണിയായി.

കണ്ണൂര്‍ ജില്ലയില്‍ മനുഷ്യച്ചങ്ങല പ്രതിഷേധക്കോട്ടയായി. കാലിക്കടവ് മുതല്‍ പൂഴിത്തലവരെ 90 കിലോമീറ്റര്‍ ദൂരം രണ്ടര ലക്ഷത്തിലധികം പേര്‍ കണ്ണിചേര്‍ന്നു. പലയിടത്തും നാലും അഞ്ചും ചങ്ങലകള്‍ രൂപപ്പെട്ടു. മുമ്പെങ്ങും ദര്‍ശിക്കാത്ത ജനപ്രവാഹത്തില്‍ ദേശീയപാത വീര്‍പ്പുമുട്ടി. നൂറോളം കേന്ദ്രത്തില്‍ പൊതുയോഗം ചേര്‍ന്നു. കണ്ണൂര്‍ നഗരത്തിലെ എ കെ ജി സ്‌ക്വയറില്‍ കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ പി ജയരാജന്‍, എം വി ഗോവിന്ദന്‍, മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ സംസാരിച്ചു. പി ശശി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കോഴിക്കോട് നഗരത്തില്‍ പാര്‍ടി സംസ്ഥാന സെക്രട്ടേറിയറ്റംഗം വി വി ദക്ഷിണാമൂര്‍ത്തി, മന്ത്രി എളമരം കരീം എന്നിവര്‍ സംസാരിച്ചു.

മലപ്പുറം ജില്ലയില്‍ ഐക്കരപ്പടി മുതല്‍ പുലാമന്തോള്‍ പാലം വരെ 70 കിലോമീറ്ററാണ് ചങ്ങല കോര്‍ത്തത്. കനത്തമഴയെ കൂസാതെ കൈക്കുഞ്ഞുങ്ങളുമായി അമ്മമാരും കുട്ടികളുമടക്കം ഒന്നര ലക്ഷത്തിലേറെ പേരാണ് ആവേശപൂര്‍വം അണിചേര്‍ന്നത്. നൂറുകണക്കിന് മുസ്ളിം സ്ത്രീകളുടെ പങ്കാളിത്തവും ശ്രദ്ധേയമായി. ടി കെ ഹംസ ജില്ലയിലെ ആദ്യകണ്ണിയയും പി ശ്രീരാമകൃഷ്ണന്‍ അവസാന കണ്ണിയുമായി. മലപ്പുറത്ത് മന്ത്രി പാലോളി മുഹമ്മദ്കുട്ടി, എ വിജയരാഘവന്‍ എംപി, കെ ഉമ്മര്‍, മഞ്ഞളാംകുഴി അലി എംഎല്‍എ എന്നിവര്‍ കണ്ണിയായി.

പാലക്കാട് ജില്ലയില്‍ ആദിവാസികളുള്‍പ്പെടെ സ്‌ത്രീകളുടേയും കുട്ടികളുടേയും വന്‍ പങ്കാളിത്തം ശ്രദ്ധേയമായി. കുളപ്പുള്ളി, പട്ടാമ്പി, കൊപ്പം എന്നിവിടങ്ങളില്‍ പൊതുയോഗങ്ങള്‍ നടന്നു. ജില്ലയിലെ ആദ്യകണ്ണിയായി പുലാമന്തോള്‍ പാലത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ടി ശിവദാസമേനോനും അവസാനകണ്ണിയായി ചെറുതുരുത്തിയിലെ കൊച്ചി പാലത്തില്‍ മന്ത്രി എ കെ ബാലന്‍ അണിചേര്‍ന്നു.

തൃശൂരില്‍ വടക്ക് ചെറുതുരുത്തിപാലം മുതല്‍ തെക്ക് കൊരട്ടി പൊങ്ങം വരെ 71 കിലോമീറ്റര്‍ നീണ്ട മനുഷ്യമതിലില്‍ രണ്ടുലക്ഷത്തോളംപേര്‍ അണിനിരന്നു. പി ആര്‍ രാജന്‍ എംപി ജില്ലയിലെ ആദ്യ കണ്ണിയും സി ഒ പൌലോസ് അവസാനകണ്ണിയുമായി.

എറണാകുളത്ത് പലയിടത്തും മൂന്നുംനാലും ചങ്ങല തിങ്ങിനിന്നു. കറുകുറ്റിമുതല്‍ അരൂര്‍ ടോള്‍വരെ 49 കിലോമീറ്റര്‍ നീളത്തില്‍ ഒന്നരലക്ഷത്തോളം പേര്‍ കണ്ണികളായി. വൈറ്റിലയില്‍ കോടിയേരി ബാലകൃഷ്ണന്‍, ജ. വി ആര്‍ കൃഷ്ണയ്യര്‍, മന്ത്രി എസ് ശര്‍മ എന്നിവര്‍ കണ്ണിയായി. ജില്ലാ അതിര്‍ത്തിയായ കറുകുറ്റിയില്‍ കേന്ദ്രകമ്മിറ്റി അംഗം എം സി ജോസഫൈനായിരുന്നു ആദ്യകണ്ണി. അരൂരില്‍ സി എം ദിനേശ്‌മണി എംഎല്‍എ അവസാനകണ്ണിയായി. 13 കേന്ദ്രങ്ങളില്‍ പൊതുയോഗം നടന്നു.

ആലപ്പുഴ ജില്ലയാണ് ഏറ്റവും ദൈര്‍ഘ്യമേറിയ ചങ്ങല തീര്‍ത്തത്. നൂറിലേറെ കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ നാലുലക്ഷത്തിലേറെപ്പേര്‍ പങ്കെടുത്തുവെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സ്‌ത്രീകളുടെയും മതന്യൂനപക്ഷങ്ങളുടെയും പങ്കാളിത്തം ശ്രദ്ധേയമായി. മാരാരിക്കുളം ഏരിയയിലെ കഞ്ഞിക്കുഴിയില്‍ ബാലസംഘം കൂട്ടുകാരുടെ കുട്ടിച്ചങ്ങലയും ശ്രദ്ധേയമായി. മന്ത്രിമാരായ തോമസ് ഐസക് ആലപ്പുഴ മെഡിക്കല്‍ കോളേജ് ജങ്ഷനിലും ജി സുധാകരന്‍ കളര്‍കോട് തൂക്കുകുളത്തും കണ്ണിയായി.

പരമ്പരാഗത വ്യവസായങ്ങളുടെ ഈറ്റില്ലമായ കൊല്ലത്ത് തീരദേശത്തുനിന്നും കിഴക്കന്‍ മലയോരമേഖലയില്‍നിന്നും വന്‍ ജനപ്രവാഹമാണ് ഉണ്ടായത്. ഓച്ചിറ പ്രീമിയര്‍ ജങ്ഷന്‍ മുതല്‍ കടമ്പാട്ടുകോണംവരെ 60 കിലോമീറ്ററില്‍ രണ്ടുലക്ഷം പേര്‍ കണ്ണിയായി. കമ്യൂണിസ്റ്റ് പാര്‍ടിയുടെ കിടയറ്റ സംഘാടകന്‍ എന്‍ ശ്രീധരന്റെ ഭാര്യ പത്മാവതി ആദ്യകണ്ണിയും ആദ്യകാല നേതാവ് എന്‍ വി ദേവ് അവസാനകണ്ണിയുമായി. പി കെ ഗുരുദാസനും എം എ ബേബിയും ചിന്നക്കടയില്‍ കൈകോര്‍ത്തു. 15 കേന്ദ്രങ്ങളില്‍ പൊതുസമ്മേളനം ചേര്‍ന്നു.

കേരളത്തിന്റെ ചെറുത്തുനില്‍പ്പ് അടങ്ങാത്ത അലയടിയാകും

കൈകളും ഹൃദയവും ഒന്നായി കേരളീയര്‍ തീര്‍ത്ത പ്രതിഷേധച്ചങ്ങലയുടെ കരുത്ത് ദേശീയ രാഷ്‌ട്രീയത്തില്‍ ഇനി അടങ്ങാത്ത അലയടിയാകും. ആസിയന്‍വിരുദ്ധ മനുഷ്യച്ചങ്ങലയിലൂടെ കേരളം വെള്ളിയാഴ്ച തുറന്ന സമരമുഖത്തുനിന്ന് മന്‍മോഹന്‍ സര്‍ക്കാരിന് ഇനി രക്ഷപ്പെടാനാകില്ല. കരാര്‍ അറബിക്കടലില്‍ തള്ളാന്‍ കേരളം മാത്രമല്ല, ഇന്ത്യയാകെ ഉണരാന്‍പോകുകയാണെന്ന മുന്നറിയിപ്പ് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നല്‍കി. ആസിയന്‍ കരാറിലൂടെ എത്തുന്ന ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കുമെന്ന് പിണറായി വിജയന്‍ പ്രഖ്യാപിച്ചു. ഏകപക്ഷീയ കരാറിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ ഭരണഘടനാവകാശം കാറ്റില്‍പ്പറത്താന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും വ്യക്തമാക്കി. നേതാക്കള്‍ രാജ്‌ഭവനുമുന്നിലെ മനുഷ്യക്കോട്ടയില്‍ ഇതു പ്രഖ്യാപിക്കുമ്പോള്‍,അതിനു പിന്തുണയായി കേരളത്തിലുടനീളം 30 ലക്ഷത്തോളംപേര്‍ ചങ്ങലയില്‍ കണ്ണികളായിരുന്നു. ഇത്രയധികംപേര്‍ കണ്ണിയായ മനുഷ്യച്ചങ്ങല ഇന്ത്യയില്‍ ആദ്യമാണ്. കേരളം തീര്‍ത്ത അഭൂതപൂര്‍വമായ സമരപ്രവാഹത്തിന്റെ ശക്തി അവഗണിച്ചാല്‍ കേന്ദ്രസര്‍ക്കാരിനെ നയിക്കുന്ന കോൺഗ്രസ് ഒറ്റപ്പെടും. ഇന്ത്യന്‍ ഭരണകൂടവും ജനങ്ങളും തമ്മിലുള്ള വൈരുദ്ധ്യമാണ് ആസിയന്‍ കരാറില്‍ തെളിയുന്നത്.

തികച്ചും പ്രതികൂലമായ കാലാവസ്ഥയെ അവഗണിച്ചാണ് ലക്ഷങ്ങള്‍ ചങ്ങലക്കണ്ണികളായത് എന്നത് സമരത്തിന്റെ ആവേശവും അര്‍ഥവും അടിവരയിടുന്നു. സിപിഐ എമ്മിനല്ലാതെ മറ്റൊരു പ്രസ്ഥാനത്തിനും ഇത്ര വലിയ സമര മഹാപ്രവാഹം സൃഷ്ടിക്കാനാവില്ല. മനുഷ്യര്‍ പരസ്പരം കൈകോര്‍ത്ത് കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ കരാറിനെതിരെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനെ തുരങ്കംവയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പത്രപ്പരസ്യം നല്‍കി. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കരാറിന് സ്‌തുതിവചനങ്ങള്‍ ചൊരിഞ്ഞു. ഇതിനു കുടപിടിച്ച് ഒരുവിഭാഗം മാധ്യമങ്ങള്‍ സിപിഐ എമ്മിനെതിരെ വ്യാജപ്രചാരണവും നടത്തി. അതിനെയെല്ലാം അതിജീവിച്ചാണ് മനുഷ്യച്ചങ്ങലയെ സമരചരിത്രത്തിലെ ഇതിഹാസമാക്കി മാറ്റിയത്. മനുഷ്യച്ചങ്ങലക്കെതിരെ സത്യം മറച്ചുവെച്ച് കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ പരസ്യം 'ദേശാഭിമാനി' നിരാകരിക്കുകയായിരുന്നു. മനുഷ്യച്ചങ്ങലയിലൂടെ കേരളം പുതിയൊരു രാഷ്‌ട്രീയതലത്തിലേക്ക് തിരിയും. ആസിയന്‍ കരാറിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമെന്ന ചേരിതിരിവാണ് ഉണ്ടാകുക. ഇക്കാര്യത്തില്‍ എല്‍ഡിഎഫ് ഏകസ്വരത്തിലാണ്. എന്നാല്‍, യുഡിഎഫ് പല തട്ടിലാണ്. സിപിഐ എം ആഹ്വാനംചെയ്ത സമരത്തില്‍ കക്ഷിരാഷ്‌ട്രീയഭേദമെന്യേ ജനലക്ഷങ്ങള്‍ പങ്കെടുക്കുത്തു. കഴിഞ്ഞ ലോൿസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ടുചെയ്തവരടക്കം കൈകോര്‍ത്തു. ഇതിലൂടെ വിള്ളല്‍വീണത് ആസിയന്‍ കരാറിനെ ന്യായീകരിക്കുന്ന കോൺഗ്രസിന്റെയും യുഡിഎഫിന്റെയും കോട്ടകളിലാണ്. ആസിയനിലൂടെ യുഡിഎഫില്‍ ഉടലെടുത്ത പടലപ്പിണക്കം മനുഷ്യച്ചങ്ങലയുടെ വിജയത്തിലൂടെ തീവ്രമാകും. (ആര്‍ എസ് ബാബു)

ഉപചങ്ങലകളും ചരിത്രത്തിലേക്ക്

ആസിയന്‍ കരാറിനെതിരെ മനുഷ്യമതിലായി പ്രധാനചങ്ങല രൂപപ്പെട്ടപ്പോള്‍ ഇതില്‍ കണ്ണിചേര്‍ത്ത അനുബന്ധചങ്ങലയും പങ്കാളിത്തത്തിലൂടെ അപൂര്‍വതയായി. കര്‍ഷകന്റെ വിയര്‍പ്പിന്റെ വിലയറിയാതെ അവരെ ആത്മഹത്യക്ക് നിര്‍ബന്ധിക്കുന്ന ആസിയന്‍ കരാറിനെതിരെ വയനാട്, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് അനുബന്ധചങ്ങല ഒരുക്കിയത്. തേക്കടി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇടുക്കിയില്‍ അനുബന്ധചങ്ങല ഒഴിവാക്കിയിരുന്നു. വെള്ളിയാഴ്ച്ച പുലര്‍ച്ചെമുതല്‍ ഇടതടവില്ലാതെപെയ്ത പേമാരിയെപ്പോലും അവഗണിച്ചാണ് ഉപചങ്ങലയില്‍ പതിനായിരങ്ങള്‍ കണ്ണിയായത്. കക്ഷിരാഷ്‌ട്രീയ ഭേദമില്ലാതെയായിരുന്നു പങ്കാളിത്തം. സംഘാടക മികവില്‍ ഉപചങ്ങലയും ചരിത്രത്തിന്റെ ഏടുകളില്‍ ഇടംപിടിച്ചു.

കര്‍ഷകഭൂമിയുടെ സിരകളില്‍ ആവേശം നിറയ്ക്കുന്ന മുദ്രാവാക്യങ്ങളും താളമേളങ്ങളുമായിട്ടായിരുന്നു ജനമുന്നേറ്റം. ചങ്ങല കോര്‍ക്കേണ്ടത് അഞ്ചു മണിക്കായിരുന്നെങ്കിലും ഇതിനും ഒരു മണിക്കൂര്‍ മുമ്പേ പ്രവര്‍ത്തകര്‍ എത്തി . നാലരയ്ക്ക് ട്രയല്‍ നടത്തി. 4.56 ന് തേക്കടി ദുരന്തത്തില്‍ അനുശോചിക്കുന്ന പ്രമേയം. തുടര്‍ന്ന് രണ്ട് മിനിറ്റ് മൌനാചരണം. അഞ്ചിന് കൈകള്‍ വാനിലേക്ക് ഉയര്‍ത്തിപ്പിടിച്ച് ഒറ്റ ശബ്‌ദത്തില്‍ ആസിയന്‍ കരാര്‍ വിരുദ്ധ പ്രതിജ്ഞ ചൊല്ലി. ചേര്‍ത്തലയില്‍ ദേശീയപാതയിലെ പ്രധാന ചങ്ങലയില്‍ നിന്ന് ചങ്ങനാശേരി ളായിക്കാട് വരെ 55 കിലോമീറ്ററിലേറെ ദൂരം മനുഷ്യമതില്‍ കണക്കെ തിങ്ങിനിന്നാണ് കോട്ടയം ജില്ലയിലുളളവര്‍ ചങ്ങലക്കണ്ണികളായത്. സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ഹരികുമാര്‍ ആദ്യകണ്ണിയായി. ജില്ലാ അതിര്‍ത്തിയായ ഇടിഞ്ഞില്ലം മുതല്‍ പത്തനംതിട്ട നഗരത്തില്‍ ഗാന്ധി സ്‌ക്വയര്‍ വരെ 36 കിലോമീറ്ററാണ് പത്തനംതിട്ട ജില്ലയില്‍ ചങ്ങല തീര്‍ത്തത്. ഇടിഞ്ഞില്ലത്ത് കോട്ടയം- പത്തനംതിട്ട ജില്ലകളുടെചങ്ങലകള്‍ യോജിച്ച് ഒറ്റ ചങ്ങലയായി. ഗാന്ധി സ്‌ക്വയറില്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ അനന്തഗോപന്‍ അവസാനകണ്ണിയായി. കോട്ടയത്ത് ജില്ലാസെക്രട്ടറി കെ ജെ തോമസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

പത്തനംതിട്ടയില്‍ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ആര്‍ ഉണ്ണിക്കൃഷ്ണപിള്ള പ്രതിജ്ഞാവാചകം ചൊല്ലി. മുക്കാല്‍ ലക്ഷത്തിലേറെപ്പേര്‍ അണിനിരന്നതായാണ് പ്രാഥമിക കണക്ക്. നാണ്യവിളകള്‍ ഏറെയുള്ള പത്തനംതിട്ട ജില്ലയിലെ ഉപചങ്ങല കര്‍ഷകപ്രതിഷേധത്തിന്റെ മഹാവിളംബരമായി. നാണ്യവിളകള്‍ക്കുണ്ടാവുന്ന വിലത്തകര്‍ച്ചയ്ക്ക് ഉത്തരവാദിയാകുന്ന കരാറിനെ ജനങ്ങള്‍ ഒന്നടങ്കം തള്ളിപ്പറയുന്നതായിരുന്നു ഉപചങ്ങല. വയനാട്ടിലെ കല്‍പ്പറ്റ പുതിയ സ്റ്റാന്‍ഡ് പരിസരത്ത് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി എ മുഹമ്മദ് ആദ്യകണ്ണിയായി. ബത്തേരി ചുങ്കത്ത് ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രനാണ് അവസാന കണ്ണിയായത്. കെ സുഗതന്‍ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ഇരുപത്താറര കിലോമീറ്റര്‍ ദൂരത്തിലാണ് ചങ്ങല തീര്‍ത്തത്. ആദിവാസികളും ന്യൂനപക്ഷ വിഭാഗങ്ങളും ഉള്‍പ്പെടെ പതിനായിരങ്ങളാണ് പ്രതിഷേധ കോട്ടയില്‍ അണിനിരന്നത്. ചങ്ങല നീണ്ട റോഡിലും പ്രധാന കവലകളിലും നൂറുകണക്കിനാളുകള്‍ കാഴ്ചക്കാരായെത്തി. സിപിഐ എമ്മിന്റെ സംഘടനാ മികവിന്റെ മാസ്‌മരികതയില്‍ ആയിരങ്ങള്‍ പാതയോരങ്ങളില്‍കാഴ്ചക്കാരായും എത്തിയിരുന്നു.

രാജ്യത്തിന്റെ താക്കീത്

രാജ്യത്തിന്റെ താക്കീത്: കാരാട്ട്

കേരളത്തെ തകര്‍ക്കുന്ന ആസിയന്‍ കരാറിനെതിരെ തീര്‍ത്ത മനുഷ്യച്ചങ്ങല രാജ്യത്തിന്റെയാകെ താക്കീതാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. കരാര്‍ അറബിക്കടലില്‍ താഴ്ത്തുംവരെ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ആസിയന്‍ കരാറിനെതിരെ കേരളം തീര്‍ത്ത ഐതിഹാസികമായ മനുഷ്യച്ചങ്ങലയുടെ ഭാഗമായി രാജ്‌ഭവനു മുന്നില്‍ ചേര്‍ന്ന പൊതുയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു കാരാട്ട്. കോടിക്കണക്കിന് ജനങ്ങളെ ബാധിക്കുന്ന ഈ കരാര്‍ കേന്ദ്രസര്‍ക്കാര്‍ ഒപ്പിടാന്‍ പാടില്ലായിരുന്നു. കരാറിന്റെ കാര്യത്തില്‍ എല്ലാ ജനാധിപത്യതത്വങ്ങളും കേന്ദ്രസര്‍ക്കാര്‍ ലംഘിച്ചു. കൃഷി അടക്കമുള്ള വിഷയങ്ങള്‍ സംസ്ഥാനത്തിന്റെ കീഴിലാണ്. എന്നാല്‍, കാര്‍ഷിക മേഖലയെയാകെ ബാധിക്കുന്ന കരാര്‍ സംസ്ഥാനങ്ങളോട് ചര്‍ച്ചചെയ്യാന്‍ കേന്ദ്രം തയ്യാറായില്ല. കരാര്‍ ഒപ്പിട്ടശേഷമാണ് ഉള്ളടക്കം കേരളം മനസിലാക്കിയത്. കരാര്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടത്താനും വിശദാംശം ജനങ്ങളെ അറിയിക്കാനും കേന്ദ്രം വിസമ്മതിച്ചു. കൃഷിക്കാരും മത്സ്യത്തൊഴിലാളികളും ചെറുകിട ഉല്‍പ്പാദകരും അടക്കമുള്ള വലിയ ജനവിഭാഗത്തെ കരാര്‍ ദോഷകരമായി ബാധിക്കും. കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കുമെല്ലാം കരാര്‍ ഗുണകരമാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്. 177 മത്സ്യവിഭവങ്ങളുടെ ഇറക്കുമതി നമ്മുടെ നാട്ടിലെ ലക്ഷക്കണക്കിനു മത്സ്യത്തൊഴിലാളികളെ പട്ടിണിയിലാക്കും. കുരുമുളകിന്റെ നാടായ കേരളത്തില്‍ ഇരുപതു വര്‍ഷത്തിനുള്ളില്‍ കുരുമുളക് കൃഷി ഓര്‍മയാവും. നാളികേര കര്‍ഷകരെ കരാര്‍ ബാധിക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു. എന്നാല്‍, വന്‍തോതിലുള്ള പാമോയില്‍ ഇറക്കുമതി നാളികേരത്തെയും വെളിച്ചെണ്ണയെയും ഇല്ലാതാക്കുമെന്നും കാരാട്ട് പറഞ്ഞു. തേക്കടിയിലെ ബോട്ട് ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തിയാണ് കാരാട്ട് പ്രസംഗം തുടങ്ങിയത്. വേദാജനകമായ ഈ സംഭവം നിരവധി കുടുംബങ്ങള്‍ക്ക് തീരാനഷ്ടമാണ് വരുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

ആസിയന്‍ ഉല്‍പ്പന്നം വില്‍ക്കാന്‍ അനുവദിക്കില്ല: പിണറായി

ആസിയന്‍ കരാര്‍ വഴി ഇറക്കുമതിചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ കേരളത്തില്‍ വിറ്റഴിക്കാന്‍ അനുവദിക്കില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ജനലക്ഷങ്ങള്‍ അണിനിരന്ന മനുഷ്യച്ചങ്ങല കേരളത്തിന്റെ മുന്നറിയിപ്പാണെന്നും രാജ്‌ഭവനു മുന്നിലെ പൊതുസമ്മേളനത്തില്‍ അധ്യക്ഷനായ പിണറായി പറഞ്ഞു. ആസിയന്‍ കരാര്‍ നാടിന്റെ മരണവാറന്റായി മാറും. ഇതിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പുണ്ടാകണം. മനുഷ്യച്ചങ്ങലയില്‍ കേരളത്തെ സ്നേഹിക്കുന്നവരെല്ലാം അണിനിരന്നു. കക്ഷി-രാഷ്‌ട്രീയ ചിന്തകള്‍ക്കതീതമായി ഒരേ മനസ്സോടെയാണ് കേരളം പ്രതിഷേധിച്ചത്. കരാര്‍ ഒപ്പിടുന്നതിനുമുമ്പ് കേരളവുമായി ചര്‍ച്ച നടത്തുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ഉറപ്പുനല്‍കിയിരുന്നു. പ്രത്യേകസമിതിയെ നിയോഗിച്ച് കേരളത്തിന്റെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുമെന്നും വാഗ്ദാനമുണ്ടായി. എന്നാല്‍, എല്ലാം ജലരേഖയായി. പ്രധാനമന്ത്രിയുടെ വാക്ക് വിശ്വസിച്ചിരിക്കുമ്പോഴാണ് കരാര്‍ ഒപ്പിട്ട വിവരം ഇടിത്തീപോലെ വരുന്നത്. കടുത്ത വഞ്ചനയാണ് കേന്ദ്രസര്‍ക്കാര്‍ കാട്ടിയത്. കരാര്‍ കാര്‍ഷികമേഖലയെ തകര്‍ക്കും. പരമ്പരാഗത വ്യാവസായിക മേഖലയെയും പ്രതികൂലമായി ബാധിക്കും. മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതമയമാകും. കേന്ദ്രസര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കാന്‍ ബഹുജനസമരം ശക്തമായി തുടരണമെന്ന് പിണറായി പറഞ്ഞു.

പ്രതിഷേധം പരിഗണിച്ചില്ലെങ്കില്‍ പുതിയ സമരമാര്‍ഗം: മുഖ്യമന്ത്രി

മനുഷ്യച്ചങ്ങലയിലൂടെയുള്ള കേരളത്തിന്റെ പ്രതിഷേധം പരിഗണിച്ചില്ലെങ്കില്‍ പുതിയ സമരമാര്‍ഗങ്ങള്‍ ആലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കേരളീയരുടെ അഭിമാനംപോലും ചോദ്യംചെയ്യുന്ന കരാറാണിത്. കേരള ജനതയുടെ ജീവിതം പന്താടാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും കൂട്ടരും തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. ഇതൊരിക്കലും അനുവദിക്കില്ല. മനുഷ്യച്ചങ്ങലയുടെ ഭാഗമായി രാജ്‌ഭവനു മുന്നില്‍ നടന്ന പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കരാര്‍ കേരളത്തിന്റെ ഭാവി ഇരുളടഞ്ഞതാക്കുമെന്ന് പ്രധാനമന്ത്രിയെ കണ്ട് ബോധ്യപ്പെടുത്തിയതാണ്. സംസ്ഥാനങ്ങളുടെ പ്രയാസങ്ങള്‍ കേള്‍ക്കുമെന്നും വിശദമായി ചര്‍ച്ച ചെയ്യുമെന്നും അറിയിച്ചു. എല്ലാ വാഗ്ദാനങ്ങളും കാറ്റില്‍ പറത്തി കേന്ദ്രസര്‍ക്കാര്‍ കരാറില്‍ ഒപ്പിട്ടു. കേരളത്തിന്റെ ഉല്‍ക്കണ്ഠ കേന്ദ്രം അവഗണിക്കുകയായിരുന്നു. കേരളത്തിലെ ജനങ്ങളെ ആക്രമിക്കുന്ന കരാറാണിതെന്ന് എല്‍ഡിഎഫ് കൺവീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു.

പ്രക്ഷോഭം ശക്തമാക്കും: എസ് ആര്‍ പി

ആസിയന്‍ കരാറിനെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു. മനുഷ്യച്ചങ്ങലയില്‍ കാസര്‍കോട്ട് ആദ്യകണ്ണിയായി പങ്കെടുത്തശേഷം പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ കാര്‍ഷികമേഖലയെ തകര്‍ക്കുന്ന കരാറില്‍ മാറ്റംവരുത്താന്‍, മനുഷ്യച്ചങ്ങലയിലെ പങ്കാളിത്തം കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. എല്ലാവരുമായി യോജിച്ച് ആസിയന്‍കരാറിനെതിരെയുള്ള പ്രക്ഷോഭം ശക്തിപ്പെടുത്താനാണ് സിപിഐ എം തീരുമാനിച്ചിരിക്കുന്നത്. വന്‍കിട കുത്തകകളെ സഹായിക്കാനാണ് കേന്ദ്രം ആസിയന്‍കരാറില്‍ ഒപ്പിട്ടത്. കരാറിലൂടെ കേരളീയരെ മരണക്കയത്തിലേക്ക് തള്ളിവിടുകയാണ്. കുരുമുളകും ഏലവും കാപ്പിയും റബറും ഉള്‍പ്പെടെയുള്ള നാണ്യവിളകളും മത്സ്യവിഭവങ്ങളും തീരുവയില്ലാതെ വ്യാപകമായി ഇറക്കുമതി ചെയ്യും. ആസിയന്‍ രാജ്യങ്ങളില്‍നിന്നുമാത്രമല്ല, മറ്റു രാജ്യങ്ങളില്‍നിന്നുള്ള കാര്‍ഷികവിഭവങ്ങളും കരാറിന്റെ മറവില്‍ ഇന്ത്യയിലേക്ക് ഒഴുകും. കരാറിനെ ന്യായീകരിക്കുന്ന കോൺഗ്രസ് നേതാക്കളുടെ വാദം യഥാര്‍ഥ പ്രശ്‌നത്തില്‍നിന്നുള്ള ഒളിച്ചോട്ടമാണ്. കരാറിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളില്‍നിന്ന് രക്ഷപ്പെടാനാണ് കള്ളപ്രചാരണം നടത്തുന്നതെന്ന് എസ് ആര്‍ പി പറഞ്ഞു.

കേന്ദ്രം ചര്‍ച്ചയ്ക്ക് തയ്യാറാകണം: തോമസ് ഐസക്

ആസിയന്‍ കരാറില്‍ കേരളത്തിന്റെ ആവശ്യങ്ങളിന്‍മേല്‍ കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാവണമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് ആവശ്യപ്പെട്ടു. സിപിഐ എം സംഘടിപ്പിച്ച മനുഷ്യചങ്ങലയില്‍ പങ്കെടുത്തശേഷം വെള്ളക്കിണര്‍ ജങ്ഷനില്‍ ചേര്‍ന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആസിയന്‍ കരാറിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് സിപിഐ എം ഉയര്‍ത്തിയ മുദ്രാവാക്യം വലിയ രൂപത്തില്‍ ജനങ്ങള്‍ ഏറ്റെടുത്തിരിക്കുന്നു എന്നതിന്റെ തെളിവാണ് മനുഷ്യചങ്ങലയിലെ ജനങ്ങളുടെ വന്‍പങ്കാളിത്തം. ഈ സമരത്തില്‍നിന്ന് കേന്ദ്രം പാഠം പഠിച്ചില്ലെങ്കില്‍ സ്വാതന്ത്ര്യാനന്തര കേരളം കണ്ടിട്ടില്ലാത്തവിധമുള്ള സമരങ്ങള്‍ക്ക് സാക്ഷ്യംവഹിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമായും കേരളം ആവശ്യപ്പെടുന്നത് സംസ്ഥാനത്ത് സാര്‍വത്രിക റേഷന്‍ സംവിധാനം പുനഃസ്ഥാപിക്കുക, കാര്‍ഷിക വിളകള്‍ക്ക് സബ്‌സിഡി അനുവദിക്കുക, ഓരോ കൃഷിക്കും പ്രത്യേക പാക്കേജ് അനുവദിക്കുക എന്നതാണ്. ഈ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ചക്ക് തയ്യാറാവണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കരാര്‍ കേരള ജനതയ്ക്ക് ഏറെ ദോഷകരമാണെന്ന് രണ്ടുദിവസമായി കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിക്കുന്ന പരസ്യത്തില്‍നിന്ന് വ്യക്തമാവുന്നുണ്ട്. വ്യവസായ ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന് കരാര്‍ പ്രയോജനമാവും. എന്നാല്‍, കാര്‍ഷിക മേഖലയുടെ നട്ടെല്ലു തകര്‍ക്കുന്നതാണ് കരാറെന്ന് പരസ്യം വ്യക്തമാക്കുന്നു. ആസിയന്‍ രാജ്യങ്ങള്‍ കരാര്‍കൊണ്ട് നേടാന്‍ ശ്രമിക്കുന്നത് റബര്‍, പാമോയില്‍, കാപ്പി, തേയില, കുരുമുളക്, ഏലം തുടങ്ങിയവയെല്ലാം ഇവിടേക്ക് യഥേഷ്‌ടം ഇറക്കുമതി ചെയ്യുക എന്നതാണ്. കേന്ദ്രത്തിന്റെ ദയാദാക്ഷിണ്യത്തിന് കേരളത്തിന് കാത്തുനില്‍ക്കാനാവില്ലെന്നതിന്റെ ശക്തമായ തെളിവാണ് മനുഷ്യച്ചങ്ങലയിലൂടെ കേരളജനത നല്‍കിയതെന്നും ഐസക് പറഞ്ഞു.

പട്ടിണിക്കിടുന്ന കേന്ദ്രനീക്കം ചെറുക്കണം: കോടിയേരി

ആസിയന്‍ കരാറിനു പിന്നാലെ റേഷന്‍ സംവിധാനമാകെ തകര്‍ക്കാനുള്ള ഭക്ഷ്യസുരക്ഷാ ബില്ലും കേന്ദ്രം നടപ്പാകുന്നതോടെ കേരളത്തിന്റെ തകര്‍ച്ച പൂര്‍ണമാകുമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേരളത്തെ പട്ടിണിക്കിടാനുള്ള കേന്ദ്രനീക്കം കക്ഷിരാഷ്‌ട്രീയ ഭേദമന്യേ യോജിച്ച് ചെറുക്കണം. മനുഷ്യച്ചങ്ങലയുടെ ഭാഗമായ പൊതുയോഗം വൈറ്റിലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആസിയന്‍ കരാറിനെതിരെ കേരള ജനതയുടെ പ്രതിഷേധത്തിന്റെ തുടക്കമാണ് മനുഷ്യച്ചങ്ങല. കേരളരക്ഷക്കുള്ള പ്രതിഷേധത്തില്‍ പ്രതിപക്ഷവും അണിചേരണമായിരുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാക്കളും ഉള്‍പ്പെട്ട സംഘത്തിന് പ്രധാനമന്ത്രി നല്‍കിയ ഉറപ്പാണ് കരാര്‍ ഒപ്പിട്ടതോടെ ലംഘിച്ചത്. കേന്ദ്രഭരണം കിട്ടിയപ്പോള്‍ കര്‍ഷകരെയും തൊഴിലാളികളെയും കോൺഗ്രസ് മറന്നു. കേരളത്തെ തകര്‍ക്കുന്ന കേന്ദ്ര നടപടികള്‍ക്കെതിരെ വ്യത്യസ്‌ത രാഷ്‌ട്രീയാഭിപ്രായങ്ങള്‍ നിലനിര്‍ത്തിത്തന്നെ യോജിച്ചു പോരാടാന്‍ എല്ലാ വിഭാഗവും തയ്യാറാകണമെന്നും കോടിയേരി പറഞ്ഞു.

പ്രതിഷേധജ്വാല കണ്ട് കരാറില്‍നിന്ന് പിന്‍വാങ്ങണം: ഇ പി ജയരാജന്‍

ജനകീയ പ്രതിഷേധത്തിന്റെ ജ്വാല കണ്ടെങ്കിലും നാടിനെ തകര്‍ക്കുന്ന ആസിയന്‍ കരാറില്‍നിന്ന് കേന്ദ്ര ഭരണാധികാരികള്‍ പിന്‍വാങ്ങണമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍ പറഞ്ഞു. കണ്ണൂരില്‍ മനുഷ്യച്ചങ്ങലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ കുത്തുപാളയെടുപ്പിക്കുന്ന കരാറിനെതിരെയുള്ള പ്രതിഷേധപ്രവാഹം ഡല്‍ഹിയിലെ സിംഹാസനത്തിലിരിക്കുന്നവരെ അറിയിക്കാനെങ്കിലും പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി തയ്യാറാവണം. ജനങ്ങളുടെ താല്‍പര്യം തിരിച്ചറിയാനാകാത്ത പ്രതിപക്ഷനേതാവ് കേരളത്തിന്റെ ശാപമായി മാറിയിരിക്കുകയാണ്. റിലയൻസ് പോലുള്ള ഇന്ത്യന്‍ കുത്തകകള്‍ക്ക് ആസിയന്‍ രാജ്യങ്ങളിലെ ഉല്‍പന്നങ്ങള്‍ എത്തിക്കാനാണ് കരാറിലൂടെ കോൺഗ്രസും മന്‍മോഹന്‍സിങ് സര്‍ക്കാരും സൌകര്യമൊരുക്കുന്നത്. തെരഞ്ഞെടുപ്പുകാലത്ത് കോൺഗ്രസിന് നല്‍കിയ 543 കോടിക്കുള്ള പ്രത്യുപകാരമാണ് കരാര്‍. പ്രാഥമിക കരാര്‍ ഒപ്പുവയ്ക്കുമ്പോള്‍ തായ്‌ലന്‍ഡില്‍ സൌകര്യം ഒരുക്കിയത് റിലയന്‍സ് കമ്പനിയാണ്. പാര്‍ലമെന്റിലെ 543 എംപിമാരില്‍ 300പേര്‍ ശതകോടീശ്വന്മാരാണ്. ശശി തരൂരിനെപോലുള്ള ജനബന്ധമില്ലാത്തവരാണ് രാജ്യം ഭരിക്കുന്നത്. അവര്‍ക്ക് എങ്ങനെ സാധാരണക്കാരന്റെ പ്രശ്‌നങ്ങളും പ്രയാസങ്ങളും തിരിച്ചറിയാനാവും. കേരളജനതയുടെ പ്രതിഷേധത്തിന്റെ വ്യാപ്തി ഉള്‍ക്കൊണ്ടെങ്കിലും ഒടുവിലത്തെ കരാര്‍ ഒപ്പുവെക്കുന്നതില്‍നിന്ന് കേന്ദ്രം പിന്‍വാങ്ങണം. എല്ലാ ഉല്‍പന്നങ്ങളും ഇറക്കുമതിചെയ്യാന്‍ തുടങ്ങിയാല്‍ രാജ്യത്തിന്റെ, പ്രത്യേകിച്ച് കേരളത്തിന്റെ സര്‍വമേഖലയും തകരും. എത്യോപ്യയുടെ അനുഭവമായിരിക്കും ഇവിടെയുമുണ്ടാവുക. പട്ടിണിയിലാണ്ട ജനങ്ങള്‍ തെരുവില്‍ വീണു മരിക്കും. ചെറുപ്പക്കാര്‍ കൊള്ളക്കാരായി മാറും. അതില്ലാതാക്കാന്‍ ഉമ്മന്‍ചാണ്ടി കോൺഗ്രസെന്ന വികാരം മാറ്റിവച്ച് ജനങ്ങള്‍ക്കൊപ്പം നില്‍ക്കണം- ഇ പി ജയരാജന്‍ പറഞ്ഞു.

കരാറില്‍നിന്ന് പിന്‍വാങ്ങിയില്ലെങ്കില്‍ വന്‍ പ്രക്ഷോഭം: എളമരം കരീം

കേരളത്തെ നാശത്തിലേക്ക് നയിക്കുന്ന ആസിയന്‍ കരാറില്‍നിന്ന് കേന്ദ്രം പിന്മാറിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ നേരിടേണ്ടിവരുമെന്ന് മന്ത്രി എളമരം കരീം പറഞ്ഞു. മനുഷ്യച്ചങ്ങലയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി കരാര്‍ സംബന്ധിച്ച ആശങ്ക അവസാനിച്ചു എന്ന് പറഞ്ഞ് മുഖം മിനുക്കുകയായിരുന്നു യുഡിഎഫ്. സമ്പൂര്‍ണ നാശത്തിലേക്ക് നയിക്കുന്ന വ്യവസ്ഥകളാണ് കരാറിലുള്ളത്. കേരളത്തിന്റെ മരണവാറണ്ടാണിത്. സാമ്രാജ്യത്വ ദാസ്യത്തിനെതിരെയുള്ള ജനമുന്നേറ്റമാണ് ഈ മനുഷ്യച്ചങ്ങലയെന്ന് എഴുത്തുകാരന്‍ യു എ ഖാദര്‍ പറഞ്ഞു. ഇത്തരത്തിലാണെങ്കില്‍ സാധാരണക്കാരന്റെ പരമാധികാരംപോലും അടിയറവെക്കുന്ന കരാര്‍ ഒപ്പിടാനും കേന്ദ്ര സര്‍ക്കാര്‍ മടിക്കില്ലെന്ന് പി വത്സല പറഞ്ഞു. മേയര്‍ എം ഭാസ്‌ക്കരന്‍ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ തേക്കടി ദുരന്തത്തില്‍ മരിച്ചവര്‍ക്കായി അനുശോചന പ്രമേയം അവതരിപ്പിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി വി ദക്ഷിണാമൂര്‍ത്തി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കാര്‍ഷികമേഖല പൂര്‍ണമായി തകരും: പാലോളി

ആസിയന്‍ കരാര്‍ നടപ്പായാല്‍ കാര്‍ഷിക മേഖല പൂര്‍ണമായും തകരുമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗവും തദ്ദേശ ഭരണമന്ത്രിയുമായ പാലോളി മുഹമ്മദ്കുട്ടി പറഞ്ഞു. രാജ്യത്തിന് പല നല്ലകാര്യങ്ങള്‍ക്കും മാതൃക കാണിച്ച കേരളത്തിന്റെ തകര്‍ച്ചയാണ് ആസിയാന്‍ കരാറിലൂടെ സംഭവിക്കുക. ജനങ്ങളെ കുത്തുപാളയെടുപ്പിക്കുന്ന കരാറിനെതിരെ കേരള ജനത ഇഞ്ചോടിഞ്ച് പോരാടുമെന്നതിന്റെ തെളിവാണ് മനുഷ്യച്ചങ്ങലയില്‍ ആവേശപൂര്‍വം പങ്കെടുത്ത ജനലക്ഷങ്ങളെന്നും മനുഷ്യച്ചങ്ങലക്കുശേഷം മലപ്പുറത്ത് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്‌തുകൊണ്ട് പാലോളി പറഞ്ഞു. കരാര്‍ ഒപ്പുവയ്ക്കാന്‍ കേന്ദ്രസര്‍ക്കാറിന് കഴിഞ്ഞെങ്കിലും കേരളത്തിന്റെ മണ്ണില്‍ ഇത് നടപ്പാക്കാന്‍ അനുവദിക്കില്ല. ഭൂരിപക്ഷത്തിന്റെയും ജീവിതത്തെ ഇത് ബാധിക്കും. കൃഷിക്കാര്‍ പാപ്പരാകുമ്പോള്‍ കുറച്ച് സമ്പന്നര്‍ക്ക് മാത്രം കോടികള്‍ കൊയ്യാന്‍ അവസരം നല്‍കുന്നതാണ് കരാര്‍. സമ്പന്നവര്‍ഗങ്ങള്‍ക്ക് കുടപിടിക്കുന്ന കോൺഗ്രസിന് സാധാരണ ജനങ്ങള്‍ പ്രശ്‌നമല്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണെന്നും പലോളി പറഞ്ഞു.

മലയാളികളെ യുഡിഎഫ് ഒറ്റുകൊടുത്തു: വിജയരാഘവന്‍

ആസിയന്‍ കരാറിനുവേണ്ടി മലയാളിയെ ഒറ്റുകൊടുത്തവരാണ് യുഡിഎഫ് എം പിമാരെന്ന് സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റംഗം എ വിജയരാഘവന്‍ എം പി പറഞ്ഞു. ഇവരെ ജനം തിരിച്ചറിയും. ആസിയന്‍ കരാറിനെതിരെ കേന്ദ്ര ഭരണാധികാരികള്‍ക്ക് മലയാളി നല്‍കിയ ശക്തമായ താക്കീതാണ് മനുഷ്യച്ചങ്ങല. ഈ സമരം മലയാളിയുടെ ആത്മാഭിമാനത്തെ വാനോളം ഉയര്‍ത്തി. കേരളം കണ്ട ഏറ്റവും വലിയ ജനകീയ പ്രതിഷേധമായി മനുഷ്യച്ചങ്ങല മാറിയെന്ന് മലപ്പുറത്ത് ചേര്‍ന്ന പൊതുസമ്മേളനത്തില്‍ വിജയരാഘവന്‍ വ്യക്തമാക്കി. കേരളത്തിലെ മൂന്നേകാല്‍ കോടി ജനങ്ങളെ നശിപ്പിക്കുന്നതിലുള്ള പ്രതിഷേധമാണ് സിപിഐ എം രേഖപ്പെടുത്തിയത്. ആസിയന്‍ കരാറിലൂടെ മലയാളിയുടെ പതിനായിരക്കണക്കിന് രൂപ ദിവസേന നഷ്ടമാകുന്നു എന്നത് മാത്രമല്ല തലമുറകളോളം ദുരന്തം ഏറ്റുവാങ്ങേണ്ടിയും വരും. ഇതോടെ കാര്‍ഷികവൃത്തിയില്‍നിന്ന് മലയാളി പറിച്ചെറിയപ്പെടും. യുഡിഎഫും കുത്തക മാധ്യമങ്ങളും ആസിയാന്‍ കരാറിന് കൂട്ടുനില്‍ക്കുന്നു. കരാറുകാരെ പിന്തുണക്കുന്ന നയമാണ് മാധ്യമ മുതലാളിമാരും സ്വീകരിക്കുന്നത്. എന്നാല്‍ കോടിക്കണക്കിന് രൂപ മുടക്കിയ പത്രപ്പരസ്യത്തിലൂടെ ഈ സമരം ശരിയാണെന്ന് കേന്ദ്ര സര്‍ക്കാരും സമ്മതിച്ചിരിക്കയാണെന്ന് വിജയരാഘവന്‍ പറഞ്ഞു.

കേരള ജനതയ്ക്ക് അഭിവാദ്യം: സിപിഐ എം

മനുഷ്യച്ചങ്ങല കേരളത്തിന്റെ ജനമുന്നേറ്റചരിത്രത്തിലെ മഹാസംഭവമാക്കി മാറ്റിയ മുഴുവന്‍ ജനങ്ങളെയും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അഭിവാദ്യംചെയ്തു. കാര്‍ഷികമേഖലയെയുംഅനുബന്ധമേഖലകളെയും തകര്‍ക്കുന്ന ആസിയന്‍ കരാറിനെതിരായി കേരളത്തിന്റെ കടുത്തരോഷമാണ് മനുഷ്യച്ചങ്ങലയില്‍ ഉയര്‍ന്നുകണ്ടത്. മനുഷ്യച്ചങ്ങലയ്‌ക്കുള്ള പാര്‍ടിയുടെ ആഹ്വാനം പഴുതില്ലാത്ത മനുഷ്യമഹാഭിത്തി തീര്‍ത്ത് കേരളം ഏറ്റെടുത്തു. ജീവിതപ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള പോരാട്ടത്തില്‍ സിപിഐ എമ്മാണ് ജനങ്ങളുടെ പ്രതീക്ഷയെന്ന പ്രഖ്യാപനംകൂടിയാണ് 'ആസിയന്‍ കരാര്‍ അറബിക്കടലില്‍' എന്ന മുദ്രാവാക്യം ഉയര്‍ത്തി സംഘടിപ്പിച്ച ചങ്ങലയിലെ അഭൂതപൂര്‍വമായ ജനപങ്കാളിത്തം. ഒരുതരത്തിലുള്ള കള്ളപ്രചാരവേലകള്‍ക്കും നിരവധിപേര്‍ ജീവന്‍ നല്‍കി പടുത്തുയര്‍ത്തിയ പ്രസ്ഥാനത്തെ തകര്‍ക്കാനാകില്ലെന്നുള്ളതിന്റെ തെളിവുകൂടിയാണ് ഈ ജനമുന്നേറ്റം. സംസ്ഥാനത്തിന്റെ എല്ലാ മേഖലയില്‍നിന്നും വമ്പിച്ച ജനപിന്തുണയാണ് ഈ പോരാട്ടത്തിന് ലഭിച്ചത്. പാര്‍ടിപ്രവര്‍ത്തകരും അനുഭാവികളും മാത്രമല്ല, കേരളത്തിന്റെ ഭാവിയില്‍ ആകാംക്ഷയുള്ള ബഹുജനങ്ങളും കക്ഷിരാഷ്‌ട്രീയത്തിനതീതമായി ഈ പോരാട്ടത്തില്‍ അണിചേര്‍ന്നു. വിവിധ ജനാധിപത്യപ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും വ്യത്യസ്‌ത ജനവിഭാഗങ്ങളും ഈ മുദ്രാവാക്യത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് പരിപാടിയില്‍ പങ്കെടുത്തു. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും പരമ്പരാഗതമേഖലയിലെ തൊഴിലാളികളും തങ്ങളുടെ ജീവിതം തകര്‍ക്കുന്ന കരാറിന്റെ ആപത്ത് തിരിച്ചറിഞ്ഞ് ജ്വലിക്കുന്ന രോഷത്തോടെ ചങ്ങലയില്‍ കണ്ണികളായി. സാഹിത്യ-സാംസ്‌ക്കാരിക രംഗത്തെ പ്രവര്‍ത്തകരും കേരളത്തിന്റെ ഈ പൊതുവികാരപ്രകടനത്തില്‍ ഭാഗഭാക്കായി. കോരിച്ചൊരിയുന്ന മഴയെയും കാലാവസ്ഥ സൃഷ്‌ടിച്ച പ്രതിബന്ധങ്ങളെയും ഉന്നതമായ രാഷ്‌ട്രീയബോധത്തോടെ മറികടന്നാണ് ജനങ്ങള്‍ ചങ്ങലയില്‍ അണിചേര്‍ന്നത്. നിരവധി പോരാട്ടങ്ങളിലൂടെ കേരളം നേടിയെടുത്തവ ആരുടെ മുമ്പിലും അടിയറവയ്ക്കാന്‍ തയ്യാറല്ലെന്ന മലയാളിയുടെ അഭിമാനബോധത്തിന്റെ വിളംബരമായി മാറി ഈ സമരം. ആസിയന്‍ കരാറിനെതിരായി കേരളത്തില്‍ ഉയര്‍ന്നുവരാന്‍ പോകുന്ന പ്രക്ഷോഭത്തിന്റെ തുടക്കം മാത്രമാണിത്. തുടര്‍ന്നുള്ള പ്രക്ഷോഭങ്ങളില്‍ കേരളത്തെ സ്നേഹിക്കുന്ന മുഴുവന്‍ ജനങ്ങളുടെയും പിന്തുണ ഉണ്ടാകണമെന്ന് സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.

പ്രതിരോധത്തിന്റെ മഹാപ്രവാഹം


മഴയെ കൂസാതെ, കുപ്രചാരണങ്ങളെ മറികടന്ന് കേരള ജനത അധിനിവേശശക്തികള്‍ക്കെതിരെ വന്‍ പടയണി തീര്‍ത്തു. ആസിയന്‍ കരാര്‍ അറബിക്കടലില്‍ എന്ന മുദ്രാവാക്യമുയര്‍ത്തി കാസര്‍കോട് മുതല്‍ തിരുവനന്തപുരം രാജ്ഭവന്‍ വരെ സിപിഐ എം നേതൃത്വത്തില്‍ ജനലക്ഷങ്ങള്‍ ഒന്നുചേര്‍ന്ന് മനുഷ്യച്ചങ്ങല കോര്‍ത്ത് സമരകേരളത്തിന് പുത്തന്‍ ഉണര്‍വ് പകര്‍ന്നു. കേരളത്തില്‍ വ്യാപകമായി മഴ പെയ്തുവെങ്കിലും രാവിലെമുതല്‍തന്നെ മനുഷ്യച്ചങ്ങലയുടെ പ്രചാരണം മുഴങ്ങി. സിപിഐ എം പ്രവര്‍ത്തകര്‍ പലയിടത്തും വീടുകള്‍ കയറിയുള്ള പ്രചാരണത്തില്‍ മുഴുകി. ഉച്ചകഴിഞ്ഞതോടെ മാനം തെല്ല് തെളിഞ്ഞു. നാനാ ദിക്കില്‍നിന്നും വാഹനങ്ങളിലും കാല്‍നടയായും സംസ്ഥാനത്തിന്റെ നാഡീഞരമ്പായ ദേശീയപാതയിലേക്ക് ആളുകള്‍ ഒഴുകിയെത്തി. വൈകിട്ട് കാര്‍മേഘം മൂടിനിന്ന അന്തരീക്ഷത്തിലാണ് സമരകേരളം സടകടുഞ്ഞ് ഒന്നായത്.

തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടേക്ക് പോകുമ്പോള്‍ റോഡിന്റെ ഇടതുവശത്താണ് (പടിഞ്ഞാറു‘ഭാഗം) ജനങ്ങള്‍ കണ്ണിചേര്‍ന്നത്. ഈ ചങ്ങലയ്ക്ക് അനുബന്ധമായി വയനാട്, കോട്ടയം, പത്തനംതിട്ട ജില്ലകള്‍ കേന്ദ്രീകരിച്ച് രണ്ട് ഉപചങ്ങലയും തീര്‍ത്തു. ചേര്‍ത്തലയില്‍നിന്ന് ചങ്ങനാശേരി വഴി ഇടിഞ്ഞില്ലത്തിലൂടെ പത്തനംതിട്ടവരെയാണ് കോട്ടയം, പത്തനംതിട്ട ജില്ലകളിലുള്ളവര്‍ ചങ്ങല തീര്‍ത്തത്. വയനാട്ടില്‍ കല്‍പ്പറ്റ ടൌ മുതല്‍ ബത്തേരി ചുങ്കം വരെയായിരുന്നു ഉപചങ്ങല. കാസര്‍കോട് ആദ്യകണ്ണിയായി പാര്‍ടി പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ളയും ചങ്ങല അവസാനിക്കുന്നന്നരാജ്ഭവനുമുന്നില്‍ല്‍പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അവസാന കണ്ണിയായും അണിചേര്‍ന്നു. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ എന്നിവര്‍ തിരുവനന്തപുരത്ത് കണ്ണിയായി. ചലച്ചിത്ര - സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖരായ ടി വി ചന്ദ്രന്‍, കെ ആര്‍ മോഹനന്‍, പി ടി കുഞ്ഞുമുഹമ്മദ്, കെ ഇ എന്‍, ഏഴാച്ചേരി രാമചന്ദ്രന്‍, ആസൂത്രണബോര്‍ഡ് ഉപാധ്യക്ഷന്‍ പ്രഭാത് പട്നായിക് തുടങ്ങിയവര്‍ തിരുവനന്തുരത്ത് കണ്ണികളായി. നാലരയ്ക്ക് മനുഷ്യച്ചങ്ങലയുടെ റിഹേഴ്സല്‍ നടന്നു. തേക്കടിയല്‍ ബോട്ടപകടത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി ഒരു മിനിറ്റ് മൌനം ആചരിച്ചു. അഞ്ചിന് ചങ്ങല തീര്‍ത്തശേഷം നൂറുകണക്കിനു കേന്ദ്രങ്ങളില്‍ പൊതുയോഗം ചേര്‍ന്നു. തിരുവനന്തപുരത്തെ പൊതുയോഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. പിണറായി വിജയന്‍ അധ്യക്ഷനായി. മുഖ്യമന്ത്രി വി എസും മറ്റു നേതാക്കളും സംസാരിച്ചു.

കാസര്‍കോട് പി കരുണാകരന്‍ എംപിയടക്കം പ്രമുഖര്‍ പങ്കെടുത്തു. ഐഎന്‍എല്‍ നേതാക്കളും പ്രവര്‍ത്തകരും പലയിടത്തും ചടങ്ങലയില്‍ കണ്ണികളായി. എല്‍ഡിഎഫിന്റെ ഘടകക്ഷി നേതാക്കളും സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ചങ്ങലയില്‍ കണ്ണിചേര്‍ന്നു. കണ്ണൂരില്‍ നൂറു കിലോമീറ്ററോളം ദൂരത്തില്‍ പലയിടത്തും നാലും അഞ്ചും വരിയായി മനുഷ്യമതില്‍തന്നെയായി മാറി. പാര്‍ടി നേതാക്കളായ ഇ പി ജയരാജന്‍, എം വി ഗോവിന്ദന്‍ തുടങ്ങിയവര്‍ കണ്ണികളായി. കോഴിക്കോട് കനത്ത മഴയിലും ജനലക്ഷങ്ങള്‍ കണ്ണികളായി. പാര്‍ടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി വി ദക്ഷിണാമൂര്‍ത്തി, യു എ ഖാദര്‍, പി വല്‍സല തുടങ്ങി ഒട്ടേറെ സാഹിത്യ -സാംസ്കാരിക രംഗത്തെ പ്രമുഖരും കണ്ണികളായി. മലപ്പുറത്ത് പാലോളി മുഹമ്മദുകുട്ടി, എ വിജയരാഘവന്‍, കവി കെ വി രാമകൃഷ്ണന്‍, നിലമ്പൂര്‍ അയിഷ തുടങ്ങിയ പ്രമുഖര്‍ അണിനിരന്നു. തൃശൂരിലും ശക്തിയായ മഴയെ കൂസാതെയാണ് ജനങ്ങള്‍ അണിമുറിയാതെ ചങ്ങല തീര്‍ത്തത്.

എറണാകുളത്ത് കോടിയേരി ബാലകൃഷ്ണന്‍, മന്ത്രി ജോസ് തെറ്റയില്‍, എം സി ജോസഫൈന്‍, ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍, പ്രൊഫ. എം കെ സാനു, ജസ്റ്റിസ് കെ കെ നരേന്ദ്രന്‍, കെ കെ എന്‍ കുറുപ്പ്, പി രാജീവ് എംപി, എം എം ലോറന്‍സ്, ഗോപി കോട്ടമുറിക്കല്‍, മേയര്‍ മേഴ്സി വില്ല്യംസ്, ഡോ. സെബാസ്റ്റ്യന്‍പോള്‍ തുടങ്ങിയവര്‍ കണ്ണികളായി. സംസ്ഥാനത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ചങ്ങല തീര്‍ത്ത ആലപ്പുഴയില്‍ മഴയെ അവഗണിച്ചാണ് പലയിടത്തും ജനങ്ങള്‍ സമരത്തിനായി ദേശീയപതായില്‍ എത്തിയത്. മന്ത്രിമാരായ തോമസ് ഐസക്, ജി സുധാകരന്‍, ഗാനരചയിതാക്കളായ വയലാര്‍ ശരത്ചന്ദ്രവര്‍മ, രാജീവ് ആലുങ്കല്‍ തുടങ്ങിയവര്‍ ആലപ്പുഴ ജില്ലയില്‍ കണ്ണികളായി. കൊല്ലത്ത് 60 കിലോമീറ്ററോളം ചങ്ങല തീര്‍ത്തു. മന്ത്രിമാരായ എം എ ബേബി, പി കെ ഗുരുദാസന്‍, കവി കുരീപ്പുഴ ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പാലക്കാട് എ കെ ബാലന്‍, ടി ശിവദാസമേനോന്‍, പി ഉണ്ണി, എം ചന്ദ്രന്‍, എം ബി രാജേഷ് എംപി തുടങ്ങിയവര്‍ കണ്ണികളായി. സിപിഐ എമ്മിന്റെ ജനപിന്തുണയും സംഘാടകശേഷിയും ഒരിക്കല്‍കൂടി വിളംബരംചെയ്ത മഹാപ്രവാഹമായിരുന്നു കേരളം കണ്ടത്.

കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെയും ഇവിടെയും

Thursday, October 1, 2009

മനുഷ്യച്ചങ്ങല - പ്രതിജ്ഞ

ഈ ഗാന്ധിജയന്തിനാള്‍ ഞങ്ങള്‍ പ്രതിരോധപ്രതിജ്ഞയുടെ ദിവസമാക്കി മാറ്റുന്നു. ഇന്ത്യയുടെ സാമ്പത്തിക പരമാധികാരം സാമ്രാജ്യത്വത്തിന്റെ ആസുരശക്തികള്‍ക്ക് അടിയറവയ്ക്കുന്നതിനെ ചെറുക്കുമെന്ന് ഞങ്ങള്‍ പ്രതിജ്ഞചെയ്യുന്നു. ഇന്ത്യയുടെ രാഷ്ട്രീയ പരമാധികാരം നവകൊളോണിയല്‍ മേധാവിത്വ നീക്കങ്ങള്‍ക്കു പണയപ്പെടുത്തുന്നതിനെ ചെറുക്കുമെന്ന് ഞങ്ങള്‍ പ്രതിജ്ഞചെയ്യുന്നു. നമ്മുടെ വൈവിധ്യസമൃദ്ധമായ കാര്‍ഷികമേഖലയെ, നമ്മുടെ മത്സ്യസമൃദ്ധമായ സമുദ്രമേഖലയെ, നമ്മുടെ വളര്‍ന്നുവരുന്ന വ്യവസായമേഖലയെ, നമ്മുടെ നാടിനെ, നമ്മുടെ ജനതയെ, എല്ലാവിധ സാമ്രാജ്യത്വ കൈയേറ്റങ്ങളില്‍നിന്നും അതിന് അരുനില്‍ക്കുന്ന അധികാരികളുടെ വഞ്ചനകളില്‍നിന്നും സംരക്ഷിക്കുമെന്ന് ഇന്ന് ഈ ഗാന്ധിജയന്തിനാള്‍ ഞങ്ങള്‍ പ്രതിജ്ഞചെയ്യുന്നു.

തോക്കും പീരങ്കിയും ഉപയോഗിച്ച് ആധിപത്യം ഉറപ്പിക്കാന്‍വന്ന സാമ്രാജ്യത്വശക്തികളെ പതിനായിരങ്ങളുടെ ജീവത്യാഗത്തിലൂടെ പണ്ട് കടല്‍ കടത്തിയ നമ്മള്‍ പഴയ ശത്രു പതിന്മടങ്ങ് കരുത്തോടെ വീണ്ടും തിരിച്ചുവരികയാണ് എന്ന് തിരിച്ചറിയുന്നു. തോക്കും പീരങ്കിയുമല്ല ഇന്ന് ആയുധമെന്നും ഡബ്ള്യൂടിഒ കരാറും ആണവക്കരാറും ആയുധക്കരാറും ഏറ്റവുമൊടുവില്‍ ആസിയന്‍ കരാറുമെല്ലാമാണ് പുതിയ ആയുധങ്ങള്‍ എന്നും നാം തിരിച്ചറിയുന്നു. നാളികേരവും കുരുമുളകും റബറും തേയിലയും കശുവണ്ടിയും ഏലവും കാപ്പിയും അറബിക്കടലിലെ മത്സ്യങ്ങളും നമുക്ക് വെറും വില്‍പ്പനവസ്തുക്കള്‍ മാത്രമല്ലെന്നും ഇവയെല്ലാം നമ്മുടെ ജീവിതം കൂടിയാണെന്നും നാം ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നു. കേരളീയന്റെ പട്ടിണിയിലും ദാരിദ്ര്യത്തിലും കഷ്ടപ്പാടുകളിലുമെല്ലാം ആശ്വാസമായത് കേരളത്തിന്റെ ഈ ഉല്‍പ്പന്നങ്ങളാണ് എന്ന് നാം തിരിച്ചറിയുന്നു.

നമ്മുടെ നാളികേരവും കുരുമുളകും റബറും കാപ്പിയും തേയിലയും മത്സ്യങ്ങളുമെല്ലാം കൂട്ടത്തോടെ നമുക്ക് അന്യമാകാന്‍ പോവുന്നു. തലമുറകളായി, ആയിരത്താണ്ടുകളായി ഇവിടെ ഉല്‍പ്പാദിപ്പിക്കുകയും ഇവിടെനിന്ന് കയറ്റി അയയ്ക്കുകയുംചെയ്ത നമ്മുടെ ഉല്‍പ്പന്നങ്ങള്‍ ആസിയന്‍ കരാറിലൂടെ ഇവിടേക്ക് ഇറക്കുമതിചെയ്യുന്നു. നമ്മുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില കിട്ടാതാവുന്നു. അവയ്ക്ക് കമ്പോളമില്ലാതാകുന്നു. ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ നമ്മുടെ നാട്ടില്‍ പ്രളയം സൃഷ്ടിക്കുകയും ചെയ്യുന്നു. ആസിയന്‍ രാജ്യങ്ങളിലെ തോട്ടം മുതലാളിമാര്‍ക്കും ഇന്ത്യയിലെ ശതകോടീശ്വര വ്യവസായികള്‍ക്കുംവേണ്ടി മന്‍മോഹന്‍സിങ് സര്‍ക്കാര്‍ സ്വന്തം മണ്ണിനെയും ഈ മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകനെയും കര്‍ഷകത്തൊഴിലാളിയെയും പണയം വയ്ക്കുന്നു. കര്‍ഷകരും കര്‍ഷകത്തൊഴിലാളിയും മത്സ്യത്തൊഴിലാളിയുമെല്ലാം കടത്തിനുമേല്‍ കടം കയറി കൂട്ടത്തോടെ ആത്മഹത്യചെയ്താലും അധിനിവേശ ശക്തികള്‍ക്കു മുന്നില്‍ ദയാദാക്ഷിണ്യത്തോടെ തലകുനിച്ചേ തീരൂ എന്ന് ശഠിക്കുന്നവരുടെ തനിനിറം കേരളം തിരിച്ചറിയുന്നു.

കേരളത്തിന്റെ മരണമണി മുഴക്കുന്ന ആസിയന്‍ കരാറിനെ എന്തു വിലകൊടുത്തും ചെറുക്കുമെന്ന് ഞങ്ങള്‍ പ്രതിജ്ഞചെയ്യുന്നു. കര്‍ഷകന്റെയും കര്‍ഷകത്തൊഴിലാളിയുടെയും മത്സ്യത്തൊഴിലാളിയുടെയും കണ്ണീര്‍ തുടയ്ക്കാന്‍, അധിനിവേശ ശക്തികളില്‍നിന്നും രാജ്യത്തെയും സംസ്ഥാനത്തെയും മോചിപ്പിക്കാന്‍, ഇന്ത്യയുടെ സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കാന്‍ ജീവന്‍ ത്യജിച്ചും പോരാടുമെന്ന് ഞങ്ങള്‍ ദൃഢപ്രതിജ്ഞ ചെയ്യുന്നു.
ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നു -

നമ്മുടെ പുഴകളെ, നമ്മുടെ കാടുകളെ, നമ്മുടെ മലകളെ, നമ്മുടെ ആകാശത്തെ പുത്തന്‍ കോളനീകരണത്തിന്റെ കഴുമരത്തിനു മുമ്പില്‍ വിലങ്ങണിയിച്ചുനിര്‍ത്താന്‍ ഞങ്ങള്‍ അനുവദിക്കില്ല. കുടിവെള്ളത്തെയും മണ്ണിനെയും ബഹുരാഷ്ട്ര കമ്പനികള്‍ക്ക് തീറെഴുതുന്ന ഭരണകൂട നയത്തിനെതിരെ ഞങ്ങള്‍ മുഷ്ടിയുയര്‍ത്തും. നമ്മുടെ സ്വാതന്ത്ര്യത്തെയും നമ്മുടെ സ്വപ്നങ്ങളെയും നമ്മുടെ പ്രതീക്ഷകളെയും സാമ്രാജ്യത്വ-ബഹുരാഷ്ട്ര കോര്‍പറേറ്റ് കുത്തകകള്‍ക്ക് പണയം വയ്ക്കുന്ന അധികാരധാര്‍ഷ്ട്യത്തെ നിസ്സംശയം ഞങ്ങള്‍ ചെറുത്തുതോല്‍പ്പിക്കും. പതിറ്റാണ്ടുകള്‍കൊണ്ട് നേടിയ സ്വാതന്ത്ര്യത്തെ ഒറ്റുകൊടുക്കലുകളുടെ ഒരു അര്‍ധരാത്രിയില്‍ അധിനിവേശ ഭീകരതയ്ക്ക് മടക്കിക്കൊടുക്കാന്‍ ഒരു സാമ്രാജ്യത്വചാരനും ഇനി ഈ രാജ്യത്ത് ഉണരാന്‍ പാടില്ല. പുതിയ കാലത്തെ സ്വാതന്ത്ര്യപ്പോരാട്ടത്തിനായി, എല്ലാ പ്രതിലോമപരതയ്ക്കും പ്രതിരോധം സൃഷ്ടിക്കുന്ന ഈ മനുഷ്യച്ചങ്ങലകൊണ്ട്, നമ്മുടെ നാടിന് സംരക്ഷണമൊരുക്കുമെന്ന് ഞങ്ങള്‍ ദൃഢപ്രതിജ്ഞചെയ്യുന്നു. ആസിയന്‍കരാറിന്റെ ദാസ്യം അറബിക്കടലിലെന്ന് ഞങ്ങള്‍ പ്രതിജ്ഞാപൂര്‍വം പ്രഖ്യാപിക്കുന്നു.

പ്രതിജ്ഞ, പ്രതിജ്ഞ, പ്രതിജ്ഞ.

Wednesday, September 30, 2009

മനുഷ്യച്ചങ്ങല

സമരചരിത്രത്തില്‍ മഹാസംഭവമായി മനുഷ്യച്ചങ്ങല

വര്‍ത്തമാനലോകത്തെ സമരത്താളില്‍ മഹാസംഭവമാകും കേരളം തീര്‍ക്കുന്ന മനുഷ്യച്ചങ്ങല. ഉപ്പുകുറുക്കി ഒരു മഹാസാമ്രാജ്യത്തെ വിറപ്പിച്ച മഹാത്മാഗാന്ധിയുടെ ജന്മദിനത്തില്‍ ദേശസ്നേഹത്തിനുള്ള അദമ്യമായ അഭിവാഞ്ഛയും സാമ്രാജ്യത്വദാസ്യത്തോടുള്ള ഒടുങ്ങാത്ത അമര്‍ഷവും പ്രകടമാക്കാന്‍ ആബാലവൃദ്ധം ജനത കൈകോര്‍ക്കും. ആസിയന്‍ കരാറിലൂടെ ഒരു നാടിനെ പട്ടിണിയിലേക്കും വറുതിയിലേക്കും ആത്മഹത്യയിലേക്കും വലിച്ചെറിയുന്ന കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ ചുവടുവയ്പിന് തടയിടാനാണ് ബലിഷ്ഠമായ മനുഷ്യച്ചങ്ങല.

രാജ്യാന്തരകുത്തകകളെ വളര്‍ത്തുകയും അവരുടെ കീശ വീര്‍പ്പിക്കാന്‍ അവികസിതരാജ്യങ്ങളുടെ കമ്പോളം തുറന്നുകൊടുക്കുകയുംചെയ്യുക എന്നതാണ് യുഎസ് സാമ്രാജ്യത്വനയം. അതിന് അനുസൃതമാണ്, ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണ നയങ്ങളെ പിന്‍പറ്റിക്കൊണ്ടുള്ള ആസിയന്‍ സ്വതന്ത്രവ്യാപാര കരാര്‍. ഇതിന്റെ അപകടം ചൂണ്ടിക്കാട്ടി സിപിഐ എം പൊളിറ്റ്ബ്യൂറോ കമ്യൂണിക്കേ പുറപ്പെടുവിച്ചു. തൊട്ടുപിന്നാലെ കണ്ണൂരിലെ പൊതുയോഗത്തില്‍ 'ആസിയന്‍ കരാര്‍ അറബിക്കടലില്‍' എന്ന ആഹ്വാനം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മുഴക്കി. ആസിയന്‍ കരാറിനെ അറബിക്കടലില്‍ താഴ്ത്താനുള്ള ഏറ്റവും ദൃഢമായ സമരനിരയാണ് വെള്ളിയാഴ്ച കേരളത്തില്‍ ഉയരുന്ന മനുഷ്യച്ചങ്ങല. ഒരറ്റം മുതല്‍ മറ്റൊരറ്റംവരെ കേരളത്തെ ബന്ധിപ്പിക്കുന്ന, 820 കിലോമീറ്ററില്‍ ഉയരുന്ന അണമുറിയാത്ത മനുഷ്യക്കോട്ട ലോകചരിത്രമാകും. ഇന്ത്യന്‍ഭരണകൂടവും ജനതയും തമ്മിലുള്ള വൈരുധ്യത്തില്‍ കേരളജനത ദേശീയ സമരത്തിന്റെ മുന്നണിയില്‍ വരുകയാണ്. അത് അടയാളപ്പെടുത്തുന്നതാകും മനുഷ്യച്ചങ്ങല.

ഇന്ദിരാഗാന്ധിയുടെ അമിതാധികാര വാഴ്ചയ്ക്കെതിരെ 'അടിയന്തരാവസ്ഥ അറബിക്കടലില്‍' എന്ന മുദ്രാവാക്യം സഖാവ് ഇ എം എസ് ഉയര്‍ത്തിയത് കേരളത്തില്‍നിന്നാണ്. ഈ മുദ്രാവാക്യവും ജയപ്രകാശ് നാരായണന്റെ സമ്പൂര്‍ണ വിപ്ളവവും സഹകരിപ്പിച്ചാണ് അടിയന്തരാവസ്ഥയ്ക്കെതിരായ പോരാട്ടം ഇന്ത്യയില്‍ വിജയിച്ചത്. ആ പാതയിലേക്കുള്ള പുതിയ ചുവടുവയ്പാണ് മനുഷ്യച്ചങ്ങല. കരങ്ങളും ഹൃദയങ്ങളും ഒന്നാകുന്ന സമരരൂപമാണിത്.

കേരളം ഈ സമരവുമായി പരിചയപ്പെട്ടത് ഡിവൈഎഫ്ഐ 1987 ആഗസ്ത് 15ന് സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയിലൂടെയാണ്. തുടര്‍ന്ന് 1989ലെ സ്വാതന്ത്ര്യദിനമായ ആഗസ്ത് 15ന് മനുഷ്യക്കോട്ട തീര്‍ത്തു. 1999 മെയ് ഒമ്പതിന് തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള 698 കിലോമീറ്റര്‍ തീവണ്ടിപ്പാളത്തില്‍ മനുഷ്യശൃംഖല തീര്‍ത്തു. കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണന, വര്‍ഗീയ വിപത്ത് എന്നീ വിഷയങ്ങളില്‍ അധിഷ്ഠിതമായാണ് ചങ്ങലയും മനുഷ്യമതിലും ഉയര്‍ന്നത്. കേരളത്തിലെ മനുഷ്യച്ചങ്ങല ഗിന്നസ് റെക്കോഡുകളെ ഭേദിക്കുന്ന സമരരൂപമായിരുന്നു. അക്കാര്യത്തില്‍ സിപിഐ എം നേതൃത്വം നല്‍കുന്ന ഒക്ടോബര്‍ രണ്ടിലെ സമരപ്രതിരോധച്ചങ്ങല സര്‍വകാല റെക്കോഡാകും. കുറഞ്ഞത് 30 ലക്ഷം പേരെങ്കിലും ചങ്ങലക്കണ്ണികളാകും.

സമരചരിത്രത്തില്‍ മൌ സെ ദൊങ് നയിച്ച ലോങ്മാര്‍ച്ച് സമാനതകളില്ലാത്ത ജനപ്രവാഹത്തിന്റേതാണ്. മനുഷ്യച്ചങ്ങലയുടെ കാര്യത്തിലാകട്ടെ ബൈബിളും ഖുറാനുംവരെ പരാമര്‍ശിക്കുന്നുണ്ട്. മനുഷ്യര്‍ പരസ്പരം കൈകോര്‍ത്ത് രാഷ്ട്രീയ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന പ്രകടനമാണ് മനുഷ്യച്ചങ്ങല. മൂസാനബി (മോശ) ഈജിപ്തിലെ ഫറഫോയുടെ അടിമത്തത്തില്‍ കഴിഞ്ഞിരുന്ന ജനതയെ മനുഷ്യച്ചങ്ങലയുണ്ടാക്കി, ചെങ്കടലിലൂടെ മഹാപലായനം നടത്തിയതായി ബൈബിളിലും ഖുറാനിലും പറയുന്നുണ്ട്. മനുഷ്യച്ചങ്ങലയും മനുഷ്യ ഉപരോധവും അതിശക്തമായ രാഷ്ട്രീയ സമരായുധമായി പ്രയോഗിച്ചിട്ടുള്ളത് ചരിത്രത്തിലുടനീളം കാണാനാകും. ഇംഗ്ളണ്ടിലെ ബര്‍ക്ഷയറിയില്‍ 1983ല്‍ സംഘടിപ്പിച്ച അമേരിക്കന്‍ ന്യൂക്ളിയര്‍ മിസൈല്‍വിരുദ്ധ മനുഷ്യച്ചങ്ങലയില്‍ 80,000ല്‍പ്പരം ആളുകള്‍ പങ്കെടുത്തു. യുഎസില്‍ 1986 മാര്‍ച്ച് 25ന് നടന്ന പട്ടിണിവിരുദ്ധ മനുഷ്യച്ചങ്ങലയില്‍ 50 ലക്ഷം ജനങ്ങള്‍ അണിചേര്‍ന്നു. എസ്റോണിയ, ലാത്വ, ലിത്വാനിയ എന്നിവയുടെ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് 1989 ആഗസ്ത് 23ന് ബാള്‍ട്ടിക് വേയില്‍ 20 ലക്ഷംപേരുടെ മനുഷ്യച്ചങ്ങല തീര്‍ക്കുകയുണ്ടായി. യുക്രേനിയയുടെ പുനരേകീകരണദിനത്തില്‍ (1990 ജനുവരി 21ന്) മൂന്നുലഷം പേരുടെ മനുഷ്യച്ചങ്ങലയുണ്ടാക്കി. 1997ല്‍ പാരീസില്‍ 12-ാമത് ലോക യുവജനസമ്മേളനത്തിന്റെ ഭാഗമായി നാലുലക്ഷം പേരുടെ മനുഷ്യച്ചങ്ങലയുണ്ടാക്കി. 1998 മെയ് 16ന് ജി എട്ട് സമ്മളനത്തില്‍ കര്‍ഷകരുടെ കടബാധ്യതകളെ ഉയര്‍ത്തിക്കാണിക്കാനായി പള്ളിവിശ്വാസികളും വികസന ഏജന്‍സികളും സംയുക്തമായി ബ്രിട്ടനിലെ ബര്‍മിങ്ഹാമില്‍ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയില്‍ ഒരുലക്ഷത്തോളം ആളുകള്‍ പങ്കെടുത്തു. ഐഎംഎഫിനും ഡബ്ള്യുടിഒയ്ക്കുമെതിരെയായിരുന്നു പ്രതിഷേധത്തിന്റെ മുന. 1999 സെപ്തംബറില്‍ കിഴക്കന്‍ ടിമൂറിലെ കലാപങ്ങള്‍ക്കെതിരെ ലിസ്ബോണിലെ യുഎന്‍, റഷ്യ, ചൈന, യുകെ, ഫ്രാന്‍സ്, യുഎസ് കാര്യാലയങ്ങളെച്ചുറ്റി മൂന്നുലക്ഷം പേരുടെ മനുഷ്യച്ചങ്ങല കോര്‍ക്കപ്പെട്ടു. കാര്‍ഷികകടം എഴുതിത്തള്ളമെന്ന് ആവശ്യപ്പെട്ട് ജര്‍മനിയില്‍ 2000 ജനുവരിയില്‍ 50,000 പേരുടെ മനുഷ്യച്ചങ്ങല തീര്‍ക്കുകയുണ്ടായി. 2004 ഫെബ്രുവരി 28ന് തായ്‌വാന്‍ ജനതയുടെ സ്വയംഭരണാവകാശ പ്രഖ്യാപനവുമായി 20 ലക്ഷംപേര്‍ കൈകോര്‍ത്ത് 500 കിലോമീറ്റര്‍ പ്രകടനം നടത്തുകയുണ്ടായി. ഏരിയല്‍ ഷാരോണിന്റെ നയങ്ങള്‍ക്കെതിരെ 2006 മേയില്‍ ഗാസ ചിന്തിനുസമീപം രണ്ടുലക്ഷം ഇസ്രയേലുകാര്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. 2006 മെയ് ഒന്നിന് ന്യൂയോര്‍ക്ക് മന്‍ഹാട്ടനില്‍ അമേരിക്കന്‍ സര്‍ക്കാരിന്റെ കുടിയേറ്റ നിയമത്തിനെതിരെ 12,000 പേരുടെ മനുഷ്യച്ചങ്ങലയുണ്ടാക്കി. 2008 ഫെബ്രുവരി 28ന് ഇസ്രയേലിന്റെ ഗാസ അധിനിവേശത്തിനെതിരെ 20,000 പേരുടെ മനുഷ്യചങ്ങല തീര്‍ത്തു. 2008 സെപ്തംബര്‍ ഒന്നിന് റഷ്യന്‍ അധിനിവേശത്തിനെതിരെ ജോര്‍ജിയയില്‍ 10 ലക്ഷം പേരുടെ മനുഷ്യച്ചങ്ങല അരങ്ങേറി. 2008 ഒക്ടോബര്‍ 24ന് ചെന്നൈയില്‍ ഒന്നരലക്ഷം പേരുടെ മനുഷ്യച്ചങ്ങല ശ്രീലങ്കയിലെ വംശഹത്യക്കെതിരെ. 2008 ഡിസംബര്‍ 13ന് മുംബൈ ഭീകരാക്രമണത്തിനെതിരെ 60,000 പേരുടെ മനുഷ്യച്ചങ്ങല. ശ്രീലങ്കയില്‍ വംശീയഹത്യക്കെതിരെ 2009 ജനുവരി 28ന് കനഡയിലെ ടൊറൊന്റോയില്‍ ഒരുലക്ഷം പേരുടെ മനുഷ്യച്ചങ്ങല. 2009 ജൂ ഒമ്പതിന് ഇറാനിലെ പ്രതിപക്ഷ പ്രസിഡന്റ് സ്ഥാനാര്‍ഥി ഹുസൈന്‍ മൌലവിയെ പിന്തുണയ്ക്കുന്ന 3000 പേരുടെ പ്രതിഷേധ ചങ്ങല.

ചങ്ങലകൊണ്ട് പ്രയോജനം എന്തെന്ന് ചോദിക്കുന്നവരുണ്ട്. കമ്യൂണിസ്റ്റുപ്രസ്ഥാനവും ഇടതുപക്ഷവും നടത്തിയ പ്രക്ഷോഭ സമരങ്ങള്‍ക്ക് സദ്ഫലമുണ്ടായിട്ടുണ്ട്. ജാതി-മത നവീകരണ പ്രസ്ഥാനങ്ങളും ജാതി മേധാവിത്വത്തിന്റെ പിന്തിരിപ്പന്‍ സ്വഭാവങ്ങള്‍ക്കും എതിരായ പ്രക്ഷോഭങ്ങളും സവര്‍ണ-അവര്‍ണ പോരാട്ടങ്ങളും നിറഞ്ഞതാണ് കേരളത്തിന്റെ ആദ്യഘട്ടം. ഈ ഘട്ടത്തിന്റെ പ്രതിനിധിയായ ശ്രീനാരായണ ഗുരുവിനെ കേരളത്തിലെ ആദ്യത്തെ അനൌപചാരിക കാള്‍ മാര്‍ക്സ് എന്ന് വിളിക്കാം. ശ്രീനാരായണഗുരു, അയ്യങ്കാളി, ചട്ടമ്പിസ്വാമികള്‍, വാക്ഭടാനന്ദന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന സാമൂഹ്യപരിഷ്കരണ-നവോത്ഥാനയജ്ഞത്തിന് ഒരു പരിധിവരെ ഫലമുണ്ടായി. നവകേരള സൃഷ്ടിക്കായി കമ്യൂണിസ്റ്റുകാരുടെയും ഇടതുപക്ഷട്രേഡ്യൂണിയന്‍-ബഹുജന സംഘടനകളുടെയും മുന്‍കൈയില്‍ നടന്ന പ്രക്ഷോഭ സമരങ്ങളുടെ ഫലം നല്ല തോതില്‍ നേടാന്‍ കഴിഞ്ഞിട്ടുണ്ട്. പുന്നപ്ര-വയലാര്‍, കയ്യൂര്‍, കരിവെള്ളൂര്‍ തുടങ്ങിയ സമരങ്ങള്‍ വര്‍ഗസംഘടനകളുടെ പ്രവര്‍ത്തനത്തിന്റെകൂടി ഫലമായി സംഭവിച്ചതാണ്. നാടുവാഴിത്തം, ജന്മിത്വം, മുതലാളിത്തം എന്നിവയ്ക്കെതിരെ തൊഴിലാളികളെയും കര്‍ഷക- കര്‍ഷകത്തൊഴിലാളികളെയും അണിനിരത്തിയ പ്രക്ഷോഭത്തിലൂടെ കാര്‍ഷിക പരിഷ്കാരങ്ങള്‍ യാഥാര്‍ഥ്യമാക്കി. സമരങ്ങള്‍ക്ക് ചെവികൊടുക്കുന്ന ജനകീയഭരണം സംസ്ഥാനത്ത് കൊണ്ടുവരാനും കഴിഞ്ഞു. അമരാവതിസമരം, കൊട്ടിയൂര്‍ ദേവസ്വംസമരം, മുടവന്‍മുകള്‍ കൊട്ടാര സമരം, മിച്ചഭൂമി സമരം തുടങ്ങിയവയിലൂടെ ദശലക്ഷക്കണക്കിന് കര്‍ഷകത്തൊഴിലാളികള്‍ക്കും ദളിതര്‍ക്കും കുടികിടപ്പുകാര്‍ക്കും ഭുമിയും വീടും കിട്ടി. ആത്മാഭിമാനവും സാമൂഹ്യ അംഗീകാരവും രാഷ്ട്രീയ നേതൃത്വവും നിസ്വവര്‍ഗങ്ങള്‍ക്കു നേടിക്കൊടുത്തുവെന്നതാണ് കമ്യൂണിസ്റ്റ് സമരമുന്നേറ്റത്തിന്റെ മുഖ്യഗുണഫലം. ഭരണവര്‍ഗങ്ങളുടെ പൊലീസ്-ഗുണ്ടാരാജിനെ തകര്‍ത്തും രക്തം ചൊരിഞ്ഞും ജീവന്‍ കൊടുത്തും കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തില്‍ പോരാടിയാണ് നിസ്വവര്‍ഗം വിജയം നേടിയത്.

പട്ടിണിയില്ലാ ജീവിതം, അന്തിയുറങ്ങാന്‍ വീട്, തൊഴിലിന് മാന്യമായ കൂലി, സമ്പൂര്‍ണ സാക്ഷരത, വിദ്യാഭ്യാസ ജനകീയവല്‍ക്കരണം, പൊലീസിനും സ്വത്തുടമയ്ക്കും ചവട്ടിത്തേക്കാന്‍ കഴിയാത്ത ആത്മാഭിമാനമുള്ള കേരളീയന്‍- ഇതെല്ലാം നേടിക്കൊടുത്ത കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരചരിത്രത്തില്‍ വര്‍ത്തമാനകാലത്തെ ഏറ്റവും മഹത്തായ പ്രക്ഷോഭമായി മനുഷ്യച്ചങ്ങല മാറും.

ആര്‍ എസ് ബാബു ദേശാഭിമാനി 30 സെപ്തംബര്‍ 2009