Showing posts with label സാഹിത്യം. Show all posts
Showing posts with label സാഹിത്യം. Show all posts

Monday, January 18, 2021

സാഹിത്യകാരന്മാര്‍ നിഷ്‌പക്ഷ നിരീക്ഷകരായി ചുരുങ്ങരുത്: മുഖ്യമന്ത്രി

 നിഷ്‌പക്ഷ നിരീക്ഷകർമാത്രമായി ഇരുന്നുകൂടാ എന്ന്‌ എഴുത്തുകാരോട്‌  കാലം നിർദേശിക്കുന്ന ചരിത്രഘട്ടമാണിതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. നാലാമത് ഒ എൻ വി പുരസ്‌കാരസമർപ്പണം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെട്ട കാലത്തെക്കുറിച്ച് സാഹിത്യരചനകൾ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ വേർതിരിവും വിദ്വേഷവും കലുഷിതമായ കാലമാണിത്. പൗരത്വം നിശ്ചയിക്കാനുള്ള മാനദണ്ഡമായി മതത്തെ പരിഗണിക്കുന്ന ഭീകര അവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഭരണഘടനയെ നോക്കുകുത്തിയാക്കി മതരാഷ്ട്രീയം പിടിമുറുക്കുന്നു. ഈ ഉൽക്കണ്ഠയിൽനിന്ന് ഒഴിഞ്ഞുമാറാൻ സാഹിത്യകാരന്മാർക്ക്‌ ആകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒ എൻ വി കൾച്ചറൽ അക്കാദമിയുടെ ഒ എൻ വി  സാഹിത്യ പുരസ്കാരം ഡോ . എം ലീലാവതിക്ക്‌ സംവിധായകൻ    അടൂർ ഗോപാലകൃഷ്ണൻ  സമ്മാനിക്കുന്നു

മനുഷ്യൻ തെരുവിൽ മരിക്കുമ്പോൾ പൂങ്കാവനത്തെക്കുറിച്ച് വർണിക്കാൻ കവിക്ക് സ്വാതന്ത്ര്യമുണ്ട്. അത്തരം സാഹിത്യകാരന്മാരെ മറക്കാൻ വായനക്കാർക്കും അവകാശമുണ്ട്. ജീവിത യാഥാർഥ്യങ്ങളെ ഉൾക്കൊണ്ട് സാഹിത്യമെഴുതി ജനങ്ങൾക്ക് ആ അനുഭവം നൽകിയവരാണ് മികച്ച സാഹിത്യകാരന്മാരായി നിലകൊള്ളുന്നത്.

കാലത്തിനുനേർക്ക് കണ്ണടച്ചിരുന്ന് സാഹിത്യമെഴുതിയ കവിയല്ല ഒ എൻ വി. മനുഷ്യർക്ക് മനുഷ്യോചിതമായി ജീവിക്കാൻ കഴിയുന്ന സാമൂഹ്യ സാഹചര്യം അദ്ദേഹം സ്വപ്‌നം കണ്ടു. കമ്യൂണിസ്റ്റ് പാർടിയോട് ജീവിതത്തിലുടനീളം സഹകരിച്ച വേറിട്ട വ്യക്തിത്വമാണ് ഒ എൻ വി. പി ഭാസ്‌കരനും വയലാറും ഒ എൻ വിയും തിരുനെല്ലൂരും പുതുശേരിയുമൊക്കെ ഉയർത്തിപ്പിടിച്ച മൂല്യബോധം പിൽക്കാല കവികൾക്ക് അതേപോലെ ഉയർത്തിപ്പിടിക്കാൻ കഴിഞ്ഞോ എന്ന് ചിന്തിക്കണം. ജനങ്ങൾക്കും ജീവിതത്തിനുമൊപ്പം മണ്ണിനും കാലത്തിനുമൊപ്പം നിന്നാലേ ജനമനസ്സുകളിൽ ജീവിക്കാനാകൂ.

ഒ എൻ വി കവിതകളെ ഡോ. ലീലാവതിയെപ്പോലെ മനസ്സിലാക്കിയ മറ്റൊരാളില്ല. നിരൂപണരംഗത്ത് സ്ത്രീസാന്നിധ്യം കുറവാണ്. ലീലാവതിയാകട്ടെ, ഏകാന്ത ദ്വീപുപോലെ തെളിഞ്ഞുനിൽക്കുന്നു. സാഹിത്യരംഗത്ത് ലീലാവതി സ്ഥാനമുറപ്പിച്ചത് പ്രതിഭയുടെയും അപഗ്രഥനശേഷിയുടെയും ബലത്തിലാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മാറുന്ന മുറയ്ക്ക് ഒ എൻ വിയുടെയും ഡോ. എം ലീലാവതിയുടെയും സംഭാവനകളെ സമഗ്രമായി വിലയിരുത്തുന്ന പരിപാടികൾ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  

Wednesday, December 23, 2020

സുഗതകുമാരിക്ക് ആദരാഞ്ജലി

തിരുവനന്തപുരം>  മലയാളികളുടെ പ്രിയപ്പെട്ട കവയിത്രി  സുഗതകുമാരി അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ  ആയിരുന്നു അന്ത്യം.  രാവിലെ 10. 52 നാണ് അന്ത്യം സംഭവിച്ചത്‌ .തിങ്കളാഴ്ചയാണ് മെഡിക്കല്‍ കോളേജാശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. ബ്രോങ്കോന്യുമോണിയയെ തുടര്‍ന്നുള്ള ശ്വാസതടസമായിരുന്നു പ്രധാന പ്രശ്നം. ചൊവ്വാഴ്ച ഹൃദയാഘാതവും ഉണ്ടായി.

 

 പ്രശസ്ത കവിയും സ്വാതന്ത്ര്യസമരസേനാനിയുമായ ബോധേശ്വരന്റെയും തിരുവനന്തപുരം വനിത കോളേജില്‍ സംസ്‌കൃതം പ്രൊഫസറായിരുന്ന കാര്‍ത്യായനിയമ്മയുടേയും മകളായി 1934 ജനുവരി 22ന് ആറന്‍മുളയില്‍  ജനിച്ചത്. ആദ്യ കവിതസമാഹാരം മുത്തുചിപ്പി. വികാരസാന്ദ്രവും കല്പനാസുന്ദരവുമായ ശൈലിയില്‍ മനുഷ്യരുടെ സ്വകാര്യവും സാമൂഹികവുമായ അനുഭവങ്ങള്‍ മലയാളത്തിന് സമ്മാനിച്ചു സുഗതകുമാരി. മനുഷ്യജീവിതത്തിലെ പച്ചയായ യാഥാര്‍ഥ്യങ്ങളെ സാഹിത്യലോകത്തിനു മുന്നില്‍ തുറന്നിട്ടു. പ്രകൃതി ചൂഷണം നേരിട്ടപ്പോള്‍ കവി പോരാളിയായി.

പ്രകൃതിസംരക്ഷണ സമിതിയുടെയും അഭയയുടെയും സ്ഥാപക സെക്രട്ടറിയാണ്.  അഗതികളായ സ്ത്രീകള്‍ക്കുവേണ്ടി 'അത്താണി' , മാനസിക രോഗികള്‍ക്കായി പരിചരണാലയം, അഭയഗ്രാമം എന്നിവ സ്ഥാപിച്ചു.  തത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്. സംസ്ഥാനവനിത കമീഷന്‍ അധ്യക്ഷ, തളിര്  മാസികയുടെ പത്രാധിപര്‍, തിരുവനന്തപുരം ജവഹര്‍ ബാലഭവന്റെ മേധാവി എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു.  

2006ല്‍ രാജ്യം പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു. പ്രകൃതിസംരക്ഷണ യത്നങ്ങള്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രഥമ ഇന്ദിരാ പ്രിയദര്‍ശിനി വൃക്ഷമിത്ര അവാര്‍ഡ്,  കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാര, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം.

എഴുത്തച്ഛന്‍ പുരസ്‌കാരം,  വയലാര്‍ അവാര്‍ഡ്, ആശാന്‍ പ്രൈസ്, വള്ളത്തോള്‍ അവാര്‍ഡ്, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, ബാലാമണിയമ്മ അവാര്‍ഡ്, സരസ്വതി സമ്മാന്‍  തുടങ്ങിയ നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹയായി.

ഭര്‍ത്താവ്: പരേതനായ ഡോ. കെ വേലായുധന്‍ നായര്‍. മകള്‍: ലക്ഷ്മി. അധ്യാപികയും വിദ്യാഭ്യാസവിദഗ്ദ്ധയുമായിരുന്ന ഹൃദയകുമാരി, അധ്യാപികയും എഴുത്തുകാരിയുമായിരുന്ന പ്രൊഫ. ബി സുജാതദേവി എന്നിവര്‍ സഹോദരങ്ങളാണ്.ഔദ്യോഗിക ബഹുമതിയും പുഷ്പചക്രവുമുള്‍പ്പടെയുള്ള മരണാനന്തര ആദരങ്ങള്‍ തനിക്ക് വേണ്ടെന്ന് ഒസ്യത്തില്‍ എഴുതിവെച്ചാണ് കവയിത്രി യാത്രയാവുന്നത്.  

കൃതികള്‍

മുത്തുച്ചിപ്പി, പാതിരാപ്പൂക്കള്‍, പാവം മാനവഹൃദയം, ഇരുള്‍ ചിറകുകള്‍, രാത്രിമഴ, അമ്പലമണി, കുറിഞ്ഞിപ്പൂക്കള്‍, തുലാവര്‍ഷപ്പച്ച, രാധയെവിടെ, കൃഷ്ണകവിതകള്‍, ദേവദാസി, വാഴത്തേന്‍, മലമുകളിലിരിക്കെ, മണലെഴുത്ത് എന്നിവയാണ് പ്രധാന കൃതികള്‍. പത്ത് കവിത സമാഹാരങ്ങളും മൂന്ന് ബാലസാഹിത്യ കൃതികളും സുഗതകുമാരിയുടെ കവിതകള്‍ സമ്പൂര്‍ണ്ണം എന്ന പേരില്‍ ഒരു ബൃഹദ്ഗ്രന്ഥവും പ്രസിദ്ധീകരിച്ചു. കാവു തീണ്ടല്ലെ, മേഘം വന്നുതൊട്ടപ്പോള്‍, വാരിയെല്ല് തുടങ്ങിയ ലേഖന സമാഹാരങ്ങളും സുഗതകുമാരിയുടേതായുണ്ട്.

രാത്രിമഴ പെയ്‌തൊഴിഞ്ഞു.. നിരാലംബരുടെ നാവായ കവയിത്രി

വികാരസാന്ദ്രവും കല്പനാസുന്ദരവുമായ ശൈലിയില്‍ മനുഷ്യരുടെ സ്വകാര്യവും സാമൂഹികവുമായ അനുഭവങ്ങളാണ് സുഗതകുമാരി മലയാളത്തിന് സമ്മാനിച്ചത്. മനുഷ്യജീവിതത്തിലെ പച്ചയായ യാഥാര്‍ഥ്യങ്ങളെ സാഹിത്യലോകത്തിനു മുന്നില്‍ തുറന്നിട്ടു. പ്രകൃതി ചൂഷണം നേരിട്ടപ്പോള്‍ കവി പോരാളിയായി.

സൈലന്റ്‌വാലി സമരത്തിലെ ഇടപെടലാണ് പരിസ്ഥിതി പ്രവര്‍ത്തകയായി അടയാളപ്പെടുത്തിയത്. പ്രകൃതി സംരക്ഷണ സമിതി സ്ഥാപക സെക്രട്ടറിയുമായി. അനാഥ സ്ത്രീകളുടെയും മാനസിക വെല്ലുവിളിനേരിടുന്ന കുട്ടികളുടെയും സംരക്ഷണത്തിന് അഭയ എന്ന സംഘടന ആ നേതൃത്വത്തിലുണ്ടായത്. സംസ്ഥാന വനിതാ കമീഷന്‍ ചെയര്‍പേഴ്‌സണുമായി.

എഴുത്തുകാര്‍ക്ക് സാമൂഹ്യ ഉത്തരവാദിത്വമുണ്ടെന്ന ബോധ്യം പിതാവിന്റെ സ്വാധീനത്തില്‍നിന്നാവണം രൂപപ്പെട്ടത്. 'മരത്തിനു സ്തുതി' കവിത സൈലന്റ്‌വാലി പ്രക്ഷോഭ കാലത്ത് ആക്ടിവിസ്റ്റുകളുടെ പ്രതികരണങ്ങളുടെ പരിഛേദമായി. അക്കാല പ്രചാരണങ്ങളിലെല്ലാം അത് ചൊല്ലപ്പെട്ടു. തിരുവനന്തപുരം മനോരോഗാശുപത്രിയില്‍ സുഗതകുമാരി നടത്തിയ സന്ദര്‍ശനത്തില്‍നിന്നാണ് 'അഭയ' ആരംഭിക്കാനുള്ള തീരുമാനം.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍നിന്ന് ബിരുദംനേടിയ ശേഷം 1955ല്‍ തത്വചിന്തയില്‍ ബിരുദാനന്തര ബിരുദം. ഇന്ത്യന്‍ തത്വചിന്തയില്‍ മോക്ഷം എന്ന സങ്കല്‍പത്തെക്കുറിച്ച് താരതമ്യ പഠനത്തില്‍ മൂന്നു വര്‍ഷം ഗവേഷണം നടത്തിയെങ്കിലുംപൂര്‍ത്തിയാക്കിയില്ല.

1975ലാണ് ആദ്യ കവിത പുറത്തുവന്നത്. വ്യാജ പേരിലെഴുതിയ അത് ശ്രദ്ധ നേടി. തുടര്‍ന്ന് മലയാള കവിതയില്‍ സുഗതകുമാരി കവിതയുടെ പര്യായമായി. 'പാതിരാപ്പൂക്കള്‍'ക്ക് 68ല്‍ സാഹിത്യ അക്കാദമി, 'രാത്രിമഴ' 78ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ക്ക് അര്‍ഹമായി. പാവം മാനവഹൃദയം, മുത്തുച്ചിപ്പി, ഇരുള്‍ച്ചിറകുകള്‍, സ്വപ്നഭൂമി, അമ്പലമണി, മണലെഴുത്ത്, കൃഷ്ണകവിതകള്‍, രാധയെവിടെ, കുറിഞ്ഞിപ്പൂക്കള്‍, തുലാവര്‍ഷപ്പച്ച തുടങ്ങി മുപ്പതോളം കാവ്യസമാഹാരങ്ങളും നിരവധി ഗദ്യ രചനകളും കവി മലയാളത്തിന് സമ്മാനിച്ചു.

ആദ്യകാല കവിതകള്‍ സ്‌നേഹത്തിനുവേണ്ടിയുള്ള ദുരന്താത്മക അന്വേഷണമായിരുന്നു. ഭാവഗീത പ്രധാനമായ ആ ഘട്ടത്തില്‍നിന്നും സാമൂഹ്യ തിന്മകള്‍ക്കും അനീതിക്കുമെതിരായ പ്രതികരണങ്ങളായി കവിത ഭാവാന്തരപ്പെട്ടു. പാരിസ്ഥിതിക പ്രശ്‌നങ്ങളും സമകാലിക സ്ഥിതികളും അവയില്‍ വിഷയമായി. പ്രതികരണക്ഷമതയും തത്വചിന്താപരമായ ഉള്‍ക്കാഴ്ചയും നിറഞ്ഞതായിരുന്നു പല  രചനകളും. കാല്‍പനിക ഭാവഗീതിയ്ക്ക് പുതുജീവന്‍ കൈവന്നു.

സ്ത്രീപ്രശ്‌നങ്ങളുടെ അകത്തളങ്ങളിലേക്കുള്ള അന്വേഷണമായി പിന്നീട്. സ്ത്രീപുരുഷ ബന്ധത്തിലെ ആന്തരിക സൂക്ഷ്മതയിലേക്കും കടന്നുചെന്നു. കവിതയിലെന്നപോലെ സാമൂഹ്യ ജീവിതത്തിലും  സ്ത്രീനീതിക്കുവേണ്ടി ശബ്ദമുയര്‍ത്തി. ആത്മദു:ഖവും അസന്തുഷ്ടിയും ആവിഷ്‌ക്കരിച്ച ആ കവിതകള്‍ പാരമ്പര്യ ശൈലിയെ കൈവെടിഞ്ഞില്ല. 'എന്റെ വൈകാരിക വിക്ഷോഭങ്ങളെയാണ് കവിതയാക്കിയത്, ചിലത് സന്തോഷത്തിന്റെ നിമിഷങ്ങളും പങ്കുവെയ്ക്കുന്നുവെന്ന്' പറയുകയുണ്ടായി. ഇത്തരം വൈയക്തികാന്വേഷണങ്ങളില്‍ നിന്നെല്ലാം നിഷ്ഫലവും അര്‍ഥരഹിതവുമായ ജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങളിലേക്ക് നീങ്ങിയിരിക്കുന്നു എന്ന് പിന്നീട് തന്റെ കാവ്യവഴിയെ രേഖപ്പെടുത്തി.

Sunday, December 13, 2020

കഥയെഴുതി കമ്യൂണിസ്റ്റായി

മദിരാശിയിലെ ചിത്രപഠനം ഉപേക്ഷിച്ച് നാട്ടിലെത്തി ജോലിയില്ലാതെ അലഞ്ഞു. ധാരാളം കഥ അക്കാലത്തേ വന്നു. ആ അർഥത്തിൽ ഞാൻ അറിയപ്പെടുന്ന ആളാണ്. നവയുഗത്തിലും ദേശാഭിമാനിയിലും ജയകേരളത്തിലും കൗമുദിയിലും എഴുതി. ചെറുപ്പകാലത്ത് കൊയിലാണ്ടിയിലെ സഖാക്കളുമായായിരുന്നു ബന്ധം. കുടുംബത്തിലും സമൂഹത്തിലും ഞാൻ ഒറ്റപ്പെട്ടവൻ. പിൽക്കാലത്ത് "വിശുദ്ധ പൂച്ച' എഴുതിയപ്പോൾ വലിയ  കോലാഹലം. വിശുദ്ധ വംശജരാണ് തങ്ങന്മാർ എന്ന വിശ്വാസത്തെ കളിയാക്കുന്ന രൂപത്തിൽ പൂച്ചയ്ക്ക് നേർച്ച നേരുന്നതാണ് പശ്ചാത്തലം. തങ്ങളുടെ ഭാര്യക്ക് ഗർഭമുണ്ടാകുന്നില്ല. പ്രസവിക്കാനാണ് പൂച്ചക്ക് നേർച്ച. ഒരു രാത്രി പൂച്ച കുത്തിക്കടിക്കുന്ന ഒച്ചകേട്ട്  ഞെട്ടി. ഉണർന്നപ്പോൾ ആറ്റബീവി അറയിലില്ല.കുറച്ചു കഴിഞ്ഞപ്പോൾ അടുക്കളയിൽനിന്നും വരുന്നു. അവിടെ കാടൻ പൂച്ചയുടെ അടുത്ത് കുറിഞ്ഞി. കാടനെ ആട്ടിത്തെളിച്ചു. നോക്കിയപ്പോൾ വേലക്കാരൻ പയ്യൻ തൊപ്പിയിട്ട മമ്മദ് വിറകുപുരയിൽ കിടക്കുന്നു.വെളുത്ത തലയിണ കണ്ടോ എന്നൊരു സംശയം. അത് സംശയംമാത്രം. തങ്ങൾ തിരിച്ചുപോന്നു. പൂച്ച ചെയ്തത് ശരിയാണെന്ന് തോന്നി. കാരണം വംശം നിന്നുപോകരുതല്ലോ. കുറേ ദിവസം കഴിഞ്ഞപ്പോൾ പൂച്ച പെറ്റു.

കുഞ്ഞുങ്ങൾക്ക് ചെവിയിൽ കാടന്റെ നിറം. തങ്ങന്മാരുടെ വീട്ടിൽ സിൽസില എന്നൊരു ചിത്രമുണ്ട്. അത് നോക്കി തങ്ങൾ ആശ്വസിക്കുന്നു. ആറ്റബീവി ഗർഭിണിയായി. പ്രസവിച്ച കുഞ്ഞിന്റെ ചെവിയിൽ കറുത്ത മടക്ക്. ഈ ചെവി സുപരിചിതമെന്ന് തോന്നിയപ്പോൾ തൊപ്പിയിട്ട മുഹമ്മദ് മുറ്റത്ത്നടക്കുന്നു. ഇതാണക്കഥ. പ്രസിദ്ധീകരിച്ചപ്പോൾ ഭയങ്കര കോളിളക്കം. അക്കാലത്തെ ചെറുപ്പത്തിന്റെ ഊക്കുകൊണ്ട് എഴുതിയതാണ്. ഉപ്പയ്‌ക്ക് അന്ന് ബർമയിൽ കച്ചവടം. ഞാനാകട്ടെ എം സി ഇബ്രാഹിമിന്റെ ബീഡി പീടികയിലാണ് മിക്കവാറും.  അവിടെ നിരവധി കമ്യൂണിസ്റ്റുകാർ വന്നുപോകും.  ആ ബന്ധം എന്നെ ആ ചിന്തയിലേക്ക് നയിച്ചു.

പഠിക്കുന്ന കാലംമുതൽക്കേ ഇടതുപക്ഷ പ്രസ്ഥാനവുമായി ബന്ധം. പ്രബലം ഐക്യ വിദ്യാർഥി ഫെഡറേഷനും മുസ്ലിം വിദ്യാർഥി ഫെഡറേഷനും. എസ്എസ്്എൽസിക്ക് പഠിക്കുമ്പോഴാണ് 1952ലെ തെരഞ്ഞെടുപ്പ്. മുസ്ലിം വിദ്യാർഥി ഫെഡറേഷന്റെ പ്രചാരണ സംഘത്തിലൊരാളായി ഞാനും. ലീഗ് സ്വതന്ത്ര സ്ഥാനാർഥി ആർ എൻ കുളൂർ. പത്മനാഭൻ മാസ്റ്റർ കമ്യൂണിസ്റ്റ് പാർടിയുടെയും. കുളൂരിന്റെ വിജയത്തിന് സജീവ പ്രചാരണത്തിനിറങ്ങി. പിന്നീടാണ് ഐക്യ വിദ്യാർഥി ഫെഡറേഷനിൽ അംഗമായത്.

1954ലെ തെരഞ്ഞെടുപ്പ് കാലത്ത് ലീഗുമായി വിയോജിച്ചവർ ചേർന്ന് രൂപീകരിച്ച മുസ്ലിം പ്രോഗ്രസീവ് ലീഗിലെത്തി. അതിന് കമ്യൂണിസ്റ്റ് പാർടിയുടെ പിന്തുണ. നേതാക്കളുമായി അടുക്കുന്നതും പ്രസിദ്ധീകരണങ്ങളിൽ എഴുതുന്നതും അക്കാലത്ത്. പ്രപഞ്ചം വാരിക പത്രാധിപർ  ഒ വി വിജയൻ ഡൽഹിയിലേക്ക് പോയ ഒഴിവിൽ അവിടെ നിയമനം കിട്ടി. പി ആർ നമ്പ്യാരുമായുള്ള ബന്ധമാണ് നിമിത്തമായത്. അവർ തന്ന സ്നേഹം മറ്റൊരിടത്തും കിട്ടിയിട്ടില്ല. 1964ൽ ചാലിയം ഗവ. ഡിസ്പെൻസറിയിൽ ക്ലർക്കായി. ഇമ്പിച്ചി ഹൈസ്കൂളിനു മുന്നിലെ മാളികയിൽ താമസം. ആ കൊല്ലം സ്കൂളിൽ പ്രസംഗ മത്സരത്തിന് ഒന്നാം സ്ഥാനം ലഭിച്ച ആളാണ് ഇ ടി മുഹമ്മദ് ബഷീർ. എന്റെ മുറിയിലാണ് താമസിച്ചത്. എനിക്കാകട്ടെ സഹായത്തിനൊരാളും.അദ്ദേഹം ലീഗാണെങ്കിലും സൗഹൃദത്തിന് അത് വിലങ്ങായില്ല. "വള്ളൂരമ്മ' നോവൽ മാത്രമല്ല, ചന്ദ്രികയിൽവന്ന പല കഥകളും പകർത്തിയത് ബഷീർ.

(ആത്മകഥയിൽനിന്ന്‌)

Friday, April 18, 2014

മാര്‍ക്വിസിന് ആദരാഞ്ജലി

മെക്സിക്കോ സിറ്റി: വിഭ്രമജനകമായ സാഹിത്യലോകം അനുവാചകര്‍ക്കായി തുറന്നിട്ട ലോകപ്രശസ്ത സാഹിത്യകാരനും നോബല്‍ സമ്മാന ജേതാവുമായ ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്വിസ് അന്തരിച്ചു. 87 വയസ്സായിരുന്നു. ശ്വാസകോശസംബന്ധമായ അസുഖം മൂലം ദീര്‍ഘകാലം ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ വേര്‍പാട് കുടുംബ വക്താവ് ഫെര്‍ണാണ്ട ഫമിലിയറാണ് വെള്ളിയാഴ്ച പുലര്‍ച്ചെ ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്. കൊളംബിയന്‍ പ്രസിഡന്റ് ജുവാന്‍ മാനുവല്‍ സാന്റോസും അദ്ദേഹത്തിന് നിത്യശാന്തി നേര്‍ന്ന് ട്വിറ്ററില്‍ സന്ദേശം കുറിച്ചു.

മാജിക്കല്‍ റിയലിസത്തിന്റെ അന്യമായ അനുഭൂതി ലോകം തുറന്നിട്ട ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ എന്ന അദ്ദേഹത്തിന്റെ വിഖ്യാത കൃതിക്ക് 1982ല്‍ നോബല്‍ സമ്മാനം ലഭിച്ചു. കോളറാ കാലത്തെ പ്രണയം, കുലപതിയുടെ ശരത്കാലം തുടങ്ങിയവയാണ് പ്രശസ്തകൃതികള്‍. പത്രപ്രവര്‍ത്തകന്‍ കൂടിയായ മാര്‍ക്വിസ് ലാറ്റിനമേരിക്കന്‍ സാഹിത്യത്തിന്റെ ശക്തിയും ചാരുതയും ലോകത്തിന് പരിചയപ്പെടുത്തി. നിരവധി സിനിമകള്‍ക്ക് തിരക്കഥയൊരുക്കി. 1999 മുതല്‍ കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ എന്ന നോവല്‍ കോടിക്കണക്കിന് കോപ്പികളാണ് വിറ്റഴിഞ്ഞത്. ലാറ്റിനമേരിക്കന്‍ വിപ്ലവപ്രസ്ഥാനങ്ങളുടെ ഊര്‍ജവും ആവേശവും അദ്ദേഹത്തിന്റെ കൃതികളില്‍ അന്തര്‍ലീനമായിരുന്നു. ക്യൂബന്‍ വിപ്ലവനായകന്‍ ഫിദല്‍ കാസ്ട്രോയുടെ അടുത്ത സുഹൃത്തുക്കളിലൊരാളായിരുന്നു മാര്‍ക്വിസ്. 1928 മാര്‍ച്ച് 6ന് കൊളംബിയയിലെ മാഗ്ഡലീനയിലെ അരക്കറ്റാക്ക എന്ന നദീതീര പട്ടണത്തിലായിരുന്നു ജനം. ഗബ്രിയേല്‍ ജോസ് ദെ ല കൊകോദിയ ഗാര്‍സിയ മാര്‍ക്വിസ് എന്നായിരുന്നു പൂര്‍ണനാമം. ബൊഗോട്ടയിലെ നാഷണല്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് നിയമത്തിലും പത്രപ്രവര്‍ത്തനത്തിലും ബിരുദം നേടി. ബാരന്‍കിലെ എല്‍ ഹെറാള്‍ദോ, എല്‍ യൂനിവേഴ്സല്‍ എന്നീ ദിനപത്രങ്ങളില്‍ പത്രപ്രവര്‍ത്തകനായാണ് അദ്ദേഹം പൊതുരംഗത്ത് സജീവമായത്. റോം, പാരീസ്, ബാഴ്സലോണ, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലും പത്രപ്രവര്‍ത്തകനായി. നിരവധി സിനിമകള്‍ക്ക് തിരക്കഥ എഴുതിയിട്ടുണ്ട്.

1981ല്‍ ഫ്രഞ്ച് സര്‍ക്കാര്‍ നല്‍കുന്ന ഫ്രഞ്ച് ലീജിയന്‍ ഓഫ് ഓണര്‍, കൊളംബിയയിലെ എസ്സോ ലിറ്റററി പ്രൈസ് എന്നിവ അടക്കം നിരവധി ലോകപുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ഫൗണ്ടേഷന്‍ ഓഫ് ന്യൂ ലാറ്റിനമേരിക്കന്‍ സിനിമ എന്ന പ്രസ്ഥാനത്തിന് രൂപം നല്‍കി. ഭാര്യ: മെഴ്സഡസ് ബാച്ച. പ്രശസ്ത സിനിമാ സംവിധായകന്‍ റോഡ്രിഗോ ഗാര്‍സിയയും ഗോണ്‍സാലോ ഗാര്‍സിയയുമാണ് മക്കള്‍. 1967ലാണ് ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ പ്രസിദ്ധീകരിച്ച ത്. വിവിധഭാഷകളില്‍ കോടിക്കണക്കിന് കോപ്പികളാണ് ഈ നോവല്‍ വിറ്റഴിഞ്ഞത്. 1970ല്‍ ഇംഗ്ലീഷ് പരിഭാഷയിറങ്ങി. അതോടെ ഈ സാങ്കല്‍പികനോവല്‍ ലോകശ്രദ്ധയാകര്‍ഷിച്ചു. ഇപ്പോഴും പലഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു.

മലയാളത്തില്‍തന്നെ പത്തിലധികം പതിപ്പിറങ്ങി. അറുപതുകളില്‍ തുടങ്ങിയ ലാറ്റിനമേരിക്കന്‍ സാഹിത്യവസന്തത്തിന്റെ പ്രതിനിധിയായിരുന്നു അദ്ദേഹവും. കൊളംബിയയുടെ ജീവിതമാണ് അദ്ദേഹത്തിന്റെ രചനകളിലെ മുഖ്യപ്രതിപാദ്യം. രാഷ്ട്രീയവും ഉല്‍സവങ്ങളും സംഗീതവും മയക്കുമരുന്നുസംസ്കാരവുമെല്ലാം അദ്ദേഹത്തിനു വിഷയങ്ങളായി. ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ക്കു പശ്ചാത്തലമൊരുക്കിയത് ജന്‍മനാടായ അരാക്കറ്റാക്കയാണ്. "കഥപറയാന്‍ വേണ്ടി ജീവിക്കുന്നു"(ലിവിങ്ങ് ടു ടെല്‍ ദ ടെയ്ല്‍) എന്നാണ് ആത്മകഥക്കിട്ട പേര്.

കോളറക്കാലത്തെ പ്രണയമാണ് മറ്റൊരു ശ്രദ്ധിക്കപ്പെട്ട നോവല്‍, സ്വന്തം മാതാപിതാക്കളുടെ പ്രണയമാണ് മാര്‍ക്വിസ് ഇതിന് പ്രമേയമാക്കിയത്. പ്രധാന കൃതികള്‍: ഇന്‍ ഈവിള്‍ അവര്‍, ക്രോണികിള്‍ ഓഫ് എ ഡെത്ത് ഫോര്‍ ടോള്‍ഡ്, ദ സ്റ്റോറി എ ഷിപ്പ്ഡ് റിക്കഡ് സെയിലര്‍, ദ ജനറല്‍ ഇന്‍ ഹിസ് ലാബിറിന്ത്, ഓഫ് ലവ് ആന്‍ഡ് അദര്‍ ലീമന്‍സ്, മെമ്മറീസ് ഓഫ് മൈ മെലങ്കളി ഹോര്‍സ്, നോ വണ്‍ റൈറ്റ്സ് ടു ദ കേണല്‍,ലീഫ് സ്റ്റോം, ദ ഫ്രാഗ്രറന്‍സ് ഓഫ് ഗ്വാവ, ക്ലാന്‍ഡസൈന്‍ ഇന്‍ ചിലി, ന്യൂസ് ഓഫ് എ കിഡ്നാപ്പിങ്ങ്, എ കണ്‍ട്രി ഫോര്‍ ചില്‍ഡ്രന്‍. കൂടാതെ നിരവധി ചെറുകഥകളും രചിച്ചിട്ടുണ്ട്.

മാന്ത്രികവാക്കുകള്‍ ബാക്കി

മെക്സിക്കോ സിറ്റി: ജീവിതയാഥാര്‍ഥ്യങ്ങള്‍ക്കുമേല്‍ വാക്കുകളുടെ മാന്ത്രികതകൊണ്ട് ലോകം കീഴടക്കിയ കഥാകാരന്‍ ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്വേസിന് വിട. മെക്സിക്കോ സിറ്റിയിലെ വീട്ടില്‍ പ്രദേശിക സമയം വ്യാഴാഴ്ച വൈകിട്ടായിരുന്നു സാഹിത്യപ്രേമികളുടെ പ്രിയ ഗാബോയുടെ അന്ത്യം. 87 വയസ്സായിരുന്നു. പ്രണയത്തിന്റെ തീവ്രതയും ബന്ധങ്ങളുടെ സങ്കീര്‍ണതയും നിറഞ്ഞ കഥകള്‍ ഭൂഖണ്ഡങ്ങള്‍ക്ക് പകര്‍ന്ന ഇതിഹാസത്തിന് 82ലെ നൊബേല്‍ സമ്മാനം ലഭിച്ചു. മലയാളിയെ അത്രയേറെ സ്വാധീനിച്ച മാര്‍ക്വേസ് ലാറ്റിനമേരിക്കയിലെ ഇടതുപക്ഷമുന്നേറ്റത്തിനൊപ്പം നിലയുറപ്പിച്ച സാഹിത്യകാരനുമാണ്.

അര്‍ബുദബാധിതനായിരുന്ന മാര്‍ക്വേസിനെ ന്യുമോണിയ ബാധിച്ചതിനെതുടര്‍ന്ന് കഴിഞ്ഞ 31ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഒരാഴ്ചയ്ക്കുശേഷം ആശുപത്രി വിട്ട അദ്ദേഹം വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഭാര്യ മെഴ്സിഡസ് ബാച്ചയും മക്കളും അന്ത്യസമയത്ത് ഒപ്പമുണ്ടായിരുന്നു. തിങ്കളാഴ്ച മെക്സിക്കോ സിറ്റിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചശേഷം സംസ്കരിക്കും. മാര്‍ക്വേസിന്റെ വേര്‍പാടില്‍ കൊളംബിയ മൂന്നുദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. "എക്കാലത്തെയും ഏറ്റവും മഹാനായ കൊളംബിയക്കാരന്റെ വേര്‍പാടില്‍ ഏകാന്തതയുടെയും ദുഃഖത്തിന്റെയും ആയിരം വര്‍ഷങ്ങള്‍"- കൊളംബിയന്‍ പ്രസിഡന്റ് യുവാന്‍ മാനുവേല്‍ സാന്റോസ് ട്വിറ്ററില്‍ കുറിച്ചു. ഏറ്റവും മികച്ച ദാര്‍ശനിക എഴുത്തുകാരില്‍ ഒരാളെയാണ് നഷ്ടമായതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ അഭിപ്രായപ്പെട്ടു. മാര്‍ക്വേസിന്റെ കൃതികള്‍ അനശ്വരമായി നിലനില്‍ക്കുമെന്ന് ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്ട്രോ അനുശോചനസന്ദേശത്തില്‍ പറഞ്ഞു. ലാറ്റിനമേരിക്കയ്ക്കും ലോകത്തിനും മാതൃകയായ മഹാനായ എഴുത്തുകാരനും ബുദ്ധിജീവിയെയുമാണ് അദ്ദേഹത്തിന്റെ മരണത്തിലൂടെ നഷ്ടമായതെന്നും റൗള്‍ അനുശോചിച്ചു. ഏറ്റവും സ്വാധീനശക്തിയുള്ള സാഹിത്യ മഹാമേരുവാണ് വിടപറഞ്ഞതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഓളന്ദ് അനുസ്മരിച്ചു. മാര്‍ക്വേസിന്റെ വേര്‍പാട് നമ്മെ ദരിദ്രരാക്കുന്നതായി യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് ഹോസെ മാനുവല്‍ ബറോസോ പറഞ്ഞു നീണ്ടകാലത്തെ പത്രപ്രവര്‍ത്തന അനുഭവം അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവര്‍ത്തനത്തെയും സാഹിത്യലോകത്തെയും വിപുലപ്പെടുത്തി. ലോകരാഷ്ട്രീയത്തെ സൂക്ഷ്മതയോടെ നോക്കിക്കണ്ട, ക്യൂബന്‍ വിപ്ലവത്തിന്റെ ആരാധകനായ മാര്‍ക്വേസ്, വിപ്ലവനായകന്‍ ഫിദല്‍ കാസ്ട്രോയുടെ ഉറ്റസുഹൃത്തായിരുന്നു. അമേരിക്കന്‍ ആധിപത്യത്തിനുകീഴില്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ അനുഭവിച്ച ദുരിതം അദ്ദേഹം ലോകത്തിന് കാട്ടിക്കൊടുത്തു. 1927 മാര്‍ച്ച് ആറിന് കൊളംബിയയുടെ കരീബിയന്‍ തീരത്തെ മാഗ്ദലീനയില്‍ അരകാറ്റക ഗ്രാമത്തിലായിരുന്നു

ഗബ്രിയേല്‍ ഹോസെ ദെ ല കൊകോദിയ ഗാര്‍ഷ്യാ മാര്‍ക്വേസിന്റെ ജനം. മൂന്നുപതിറ്റാണ്ടോളം ജീവിച്ചത് മെക്സിക്കോയിലാണ്. ബൊഗോട്ടയിലെ നാഷണല്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് നിയമത്തിലും ജേര്‍ണലിസത്തിലും ഉന്നതബിരുദം നേടിയ അദ്ദേഹം, എല്‍ എക്സ്പെക്ടഡോ എന്ന ദിനപത്രത്തിലൂടെ പത്രപ്രവര്‍ത്തനരംഗത്ത് പ്രവേശിച്ചു. റോം, പാരീസ്, ബാഴ്സലോണ, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ ലേഖകനായി. വീട്ടുവാടക കൊടുക്കാന്‍പോലും പണമില്ലാതെ വലഞ്ഞിരുന്ന കാലത്താണ് അദ്ദേഹം "ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍" എഴുതിത്തീര്‍ത്തത്. "67ല്‍ പുറത്തുവന്ന ഈ നോവല്‍ മാര്‍ക്വേസിന്റെയും ലാറ്റിനമേരിക്കന്‍ എഴുത്തിന്റെയും ഗതിതന്നെ മാറ്റിമറിച്ചു. 35 ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയ ഈ നോവലിന്റെ മൂന്നുകോടിയിലേറെ കോപ്പികളാണ് ലോകത്താകെ വിറ്റഴിഞ്ഞത്. കട്ടിപ്പുരികവും മീശയുമുള്ള ദരിദ്രനായ എഴുത്തുകാരന്‍ അന്താരാഷ്ട്രതാരമായി. ലവ് ഇന്‍ ദി ടൈം ഓഫ് കോളറ, ക്രോണിക്കിള്‍ ഓഫ് എ ഡെത്ത് ഫോര്‍റ്റോള്‍ഡ്, ദ ജനറല്‍ ഇന്‍ ഹിസ് ലേബ്രിന്ത്, ആത്മകഥയായ ലിവിങ് ടു ടെല്‍ ദ ടെയ്ല്‍ എന്നിവയാണ് പ്രശസ്തമായ മറ്റു കൃതികള്‍, 2004ല്‍ പുറത്തിറങ്ങിയ "മെമ്മറീസ് ഓഫ് മൈ മെലങ്കളി വോര്‍സ്" അവസാന നോവല്‍. ഫൗണ്ടേഷന്‍ ഓഫ് ന്യൂ ലാറ്റിനമേരിക്കന്‍ സിനിമ എന്ന പ്രസ്ഥാനത്തിന് രൂപംനല്‍കിയ അദ്ദേഹം നിരവധി സിനിമകള്‍ക്ക് തിരക്കഥയെഴുതി. നൊബേലിനുപുറമേ ഫ്രഞ്ച് സര്‍ക്കാര്‍ വിദേശിക്ക് നല്‍കുന്ന ഉന്നതബഹുമതിയായ ഫ്രഞ്ച് ലീജിയന്‍ ഓഫ് ഓണര്‍, കൊളംബിയയിലെ എസ്സോ ലിറ്റററി പ്രൈസ് എന്നിവയടക്കം നിരവധി ലോകപുരസ്കാരങ്ങള്‍ നേടി. സിനിമാസംവിധായകന്‍ റോഡ്രിഗോ ഗാര്‍ഷ്യയും ഗോണ്‍സാലോ ഗാര്‍ഷ്യയുമാണ് മക്കള്‍.

deshabhimani

Thursday, December 19, 2013

കേന്ദ്ര സാഹിത്യ അവാര്‍ഡ് എം എന്‍ പാലൂരിന്

ഈ വര്‍ഷത്തെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് കവി എം എന്‍ പാലൂരിന്. ആധുനികകവികളില്‍ സവിശേഷമായ ഭാവുകത്വം സൃഷ്ടിച്ച പാലൂരിന്റെ ആത്മകഥയായ "കഥയില്ലാത്തവന്റെ കഥ"യാണ് പുരസ്കാരത്തിന് അര്‍ഹമായത്. എം മുകുന്ദന്‍, സക്കറിയ, പ്രൊഫ. തോമസ് മാത്യു എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരനിര്‍ണയം നടത്തിയത്. ഒരു ലക്ഷം രൂപയും പ്രശസ്തിഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.

ദുരിതം നിറഞ്ഞ ബാല്യകൗമാരങ്ങളെ സത്യസന്ധവും ലളിതവുമായി ആവിഷ്കരിച്ച "കഥയില്ലാത്തവന്റെ കഥ" ഗ്രീന്‍ ബുക്സ് ആണ് പ്രസിദ്ധീകരിച്ചത്. ശാന്തിക്കാരനായും ഡ്രൈവറായും കവിയായും കേരളത്തിനകത്തും പുറത്തും ജീവിച്ച കവിയുടെ വേദനകളാണ് ആത്മകഥയില്‍ വിവരിക്കുന്നത്. ഇരുപത്തിരണ്ട് ഭാഷകളിലെ സാഹിത്യസൃഷ്ടികള്‍ക്കുള്ള അവാര്‍ഡുകളാണ് ബുധനാഴ്ച പ്രഖ്യാപിച്ചത്. ജാവേദ് അക്തര്‍, സുബോദ് സര്‍ക്കാര്‍, അനില്‍ ബോറോ, സീതാറാം സപോളിയ, അംബിക ദത്ത്, രാധാകാന്ത് ഠാക്കുര്‍, അര്‍ജുന്‍ ചരണ്‍, ഹെംബ്റാം, നംദേവ് താരാചന്ദാനി എന്നിവര്‍ക്കും അവാര്‍ഡുണ്ട്. അവാര്‍ഡുകള്‍ മാര്‍ച്ച് 11ന് ഡല്‍ഹിയില്‍ നടക്കുന്ന അക്ഷരോത്സവത്തില്‍ വിതരണംചെയ്യുമെന്ന് കേന്ദ്രസാഹിത്യ അക്കാദമി സെക്രട്ടറി കെ ശ്രീനിവാസറാവു അറിയിച്ചു.

deshabhimani

Friday, November 1, 2013

എം കെ സാനുവിന് എഴുത്തച്ഛന്‍ പുരസ്കാരം

ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്കാരത്തിന് പ്രൊഫ.എം കെ സാനു അര്‍ഹനായി. എറണാകുളം പ്രസ്ക്ലബ്ബില്‍ സാംസ്ക്കാരിക മന്ത്രി കെ സി ജോസഫാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. പിന്നീട് സാനു മാസ്റ്ററുടെ വീട്ടിലെത്തി മന്ത്രി അവാര്‍ഡ് വിവരം അറിയിച്ചു. ഒരു സാഹിത്യകാരന്റെയോ സാഹിത്യകാരിയുടേയോ സമഗ്രസംഭാവന വിലയിരുത്തി 1993 മുതല്‍ സംസ്ഥാനസര്‍ക്കാര്‍ നല്‍കിവരുന്ന പരമോന്നതസാഹിത്യപുരസ്കാരമാണ് എഴുത്തച്ഛന്‍ പുരസ്കാരം. ഒന്നര ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് അവാര്‍ഡ്.

സാഹിത്യ വിമര്‍ശകന്‍, എഴുത്തുകാരന്‍, ചിന്തകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച എം കെ സാനു അദ്ധ്യാപകന്‍, വാഗ്മി എന്നീ നിലകളിലും പ്രശസ്തനാണ്. 1928 ഒക്ടോബര്‍ 27ന് കെ പി ഭവാനിയുടെയും എം സി കേശവെന്‍റയും മകനായി ആലപ്പുഴയിലെ തുഗമ്പാളിയില്‍ ജനിച്ചു. നാലു വര്‍ഷത്തോളം സ്കൂളദ്ധ്യാപകനായി ജോലി ചെയ്തു. പിന്നീട് കോളേജ് അധ്യാപകനായി. വിവിധ ഗവണ്‍മെന്റ് കോളേജുകളില്‍ പഠിപ്പിച്ചു. 1958ല്‍ അഞ്ചു ശാസ്ത്ര നായകന്മാര്‍ എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960ല്‍ വിമര്‍ശനഗ്രന്ഥമായ കാറ്റും വെളിച്ചവും പുറത്തിറങ്ങി. 1983ല്‍ അദ്ധ്യാപനത്തില്‍ നിന്ന് വിരമിച്ചു. 1984ല്‍ പുരോഗമന സാഹിത്യസംഘം പ്രസിഡന്റായി. 1987ല്‍ എറണാകുളം മണ്ഡലത്തില്‍ നിന്നും ഇടതുപക്ഷ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച് നിയമസഭയിലെത്തി.

വിമര്‍ശനം, വ്യാഖ്യാനം, ബാലസാഹിത്യം, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യശാഖകളിലായി നാല്‍പതോളം കൃതികള്‍ രചിച്ചു. കര്‍മഗതി എന്ന പേരില്‍ ആത്മകഥയും പ്രസിദ്ധീകരിച്ചു. മലയാള സാഹിത്യ നായകന്മാര്‍, കുമാരനാശാന്‍, ഇവര്‍ ലോകത്തെ സ്നേഹിച്ചവര്‍, എം ഗോവിന്ദന്‍, അശാന്തിയില്‍ നിന്ന് ശാന്തിയിലേക്ക്: ആശാന്‍ പഠനത്തിന് ഒരു മുഖവുര, മൃത്യുഞ്ജയം കാവ്യജീവിതം, ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനം (ജീവചരിത്രം) യുക്തിവാദി എം.സി. ജോസഫ് (ജീവചരിത്രം)ബഷീര്‍: ഏകാന്തവീഥിയിലെ അവധൂതന്‍ (ജീവചരിത്രം) അസ്തമിക്കാത്ത വെളിച്ചം: (ആല്‍ബര്‍ട്ട് ഷൈ്വറ്റ്സറുടെ ജീവചരിത്രം), ഉറങ്ങാത്ത മനീഷി (പി കെ ബാലകൃഷ്ണന്റെ ജീവചരിത്രം) നാരായണഗുരു സ്വാമി, സഹോദരന്‍ അയ്യപ്പന്‍, കാറ്റും വെളിച്ചവും, അനുഭൂതിയുടെ നിറങ്ങള്‍, പ്രഭാതദര്‍ശനം, രാജവീഥി, അവധാരണം, എന്നിവയാണ് മറ്റു പ്രധാന കൃതികള്‍.

ഭാര്യ: എന്‍ രത്നമ്മ. മക്കള്‍: എം എസ് രഞ്ജിത്ത്, രേഖ, ഗീത, ഹാരിസ്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, സമഗ്രസംഭാവനക്കുള്ള അക്കാദമി പുരസ്ക്കാരം, വയലാര്‍ അവാര്‍ഡ്, പത്മപ്രഭ പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

deshabhimani

Wednesday, October 30, 2013

ഇലച്ചാര്‍ത്തില്‍ കവിതയുടെ കൈപ്പുണ്യമറിഞ്ഞ് എം ടി

നട്ടുച്ചവെയിലില്‍നിന്ന് "ഇലച്ചാര്‍ത്തി"നരികിലേക്ക് എം ടി കയറിനിന്നു. ആ ശീതളഛായയില്‍ കവിതയുടെ ഇളംകാറ്റുപോലെ ശാലീനമായ ഒരു പുഞ്ചിരിയെത്തി. ഭക്ഷണത്തിനായി ആതിഥേയ ക്ഷണിച്ചപ്പോള്‍ ഒരാസ്വാദകന്‍ മാത്രമായി മലയാളത്തിന്റെ മഹാനായ എഴുത്തുകാരന്‍. മനസ്സ് നിറഞ്ഞ് ഉണ്ടപ്പോള്‍ മലയാള കവിതയ്ക്ക് പുതിയ രുചിക്കൂട്ട് തീര്‍ത്ത കവയിത്രിയുടെ കൈപ്പുണ്യവും അദ്ദേഹം അറിഞ്ഞു.

തലസ്ഥാനനഗരിയില്‍ നാടന്‍ഭക്ഷണശാല നടത്തുന്ന കവയിത്രി ശാലിനി ദേവാനന്ദിന്റെ ഉടന്‍ പുറത്തിറങ്ങുന്ന കവിതാസമാഹാരം "അക്ഷരത്തുട്ടുകള്‍"ക്ക് അവതാരിക എഴുതിയത് എം ടിയാണ്. ശ്രീചിത്തിരതിരുനാള്‍ ദേശീയ പുരസ്കാരം ഏറ്റുവാങ്ങാന്‍ ഇവിടെയെത്തിയ എം ടി നാട്ടിലേക്ക് മടങ്ങുന്നതിനുമുമ്പ് കവയിത്രിയെ നേരിട്ട് കാണാനെത്തിയതായിരുന്നു. ശാലിനിയുടെ ആദ്യ കാവ്യസമാഹാരമാണ് "ഇലച്ചാര്‍ത്ത്". ഇതേ പേരിലുള്ള വീടിനോടു ചേര്‍ന്നാണ് ഭക്ഷണശാല. എം ടി എത്തുമെന്ന് അറിയിച്ചിരുന്നതിനാല്‍ വിഭവസമൃദ്ധ സദ്യ ഒരുക്കി. ചൊവ്വാഴ്ച പകല്‍ ഒന്നോടെ റിസര്‍വ്ബാങ്കിനടുത്ത് പാരീസ് റോഡിലെ വീടിനുമുന്നില്‍ എം ടി വന്നിറങ്ങി. സിപിഐ എം ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രനും ഈ സമയം ഊണുകഴിക്കാനെത്തിയിരുന്നു. ഭക്ഷണംകഴിഞ്ഞ് "ഇലച്ചാര്‍ത്തില്‍" അല്‍പ്പനേരം വിശ്രമിച്ചാണ് എം ടി മടങ്ങിയത്.

ശാലിനിയുടെ ആദ്യസമാഹാരത്തിന് ഒ എന്‍ വിയും രണ്ടാമത്തെ സമാഹാരം "മഴനാരുകള്‍"ക്ക് സുഗതകുമാരിയുമാണ് അവതാരിക എഴുതിയത്. രണ്ടു സമാഹാരങ്ങള്‍ക്കും നല്ല സ്വീകാര്യത ലഭിച്ചു. ജോലിത്തിരക്കിനിടയിലും കവിതയെ മുറുകെപ്പിടിക്കുന്ന ശാലിനിയുടെ പുതിയ സമാഹാരത്തില്‍ 50 കവിതയുണ്ട്. "അക്ഷരത്തുട്ടുകളുടെ" അവതാരികയില്‍ എം ടി കുറിച്ചിട്ടതിങ്ങനെയാണ്. ""കരിയും പുകയും അധ്വാനവും എനിക്ക് സങ്കല്‍പ്പിക്കാനാവുന്നുണ്ട്. അതിനിടയ്ക്ക് മുളച്ചുപൊട്ടുന്ന കവിതകളെ അവര്‍ തടമെടുത്ത് നനച്ച് ലാളിച്ചു വളര്‍ത്തുന്നു"". സങ്കല്‍പ്പിച്ചറിഞ്ഞ കവയിത്രിയുടെ കൈപ്പുണ്യം നേരിട്ടറിഞ്ഞതിന്റെ സന്തോഷം സ്നേഹനിര്‍ഭരമായ അഭിനന്ദനത്തിലൂടെ എം ടി പങ്കുവച്ചു. വെറുമൊരു കവിതാക്കമ്പത്തില്‍ ഒതുക്കിനിര്‍ത്താനാകില്ല ശാലിനിയുടെ കവിതകളെന്ന് അവതാരികയില്‍ നിരീക്ഷണം നടത്തിയിട്ടുണ്ട്. ജീവിതത്തെക്കുറിച്ച് ശാലിനിക്ക് ചിലത് പറയാനുണ്ടെന്നു മനസ്സിലാക്കിയപ്പോഴാണ് അവതാരിക എഴുതാന്‍ തീരുമാനിച്ചതെന്നും എം ടി വ്യക്തമാക്കുന്നു. ദേവാനന്ദാണ് ശാലിനിയുടെ ഭര്‍ത്താവ്. ഗ്രീഷ്മ, ഗൗരി എന്നിവര്‍ മക്കള്‍.
(വി ഡി ശ്യാംകുമാര്‍)

deshabhimani

Wednesday, October 16, 2013

തിരുവഞ്ചൂരിനെതിരെ പി സി ജോര്‍ജിന്റെ കഥ

ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മുഖ്യമന്ത്രിക്കുമെതിരെ വ്യംഗ്യ വിമര്‍ശനവുമായി ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ കഥ. സ്വന്തം ബ്ലോഗിലാണ് "സൈന്യാധിപനും ദല്ലാള്‍ കുമാരനും" എന്ന പേരിലുള്ള കഥ. വ്യവഹാര ദല്ലാള്‍ ടി ജി നന്ദകുമാറിനെയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും കഥാപാത്രങ്ങളാക്കിയുള്ളകഥ അവസാനിപ്പിക്കുന്നത് ഇങ്ങനെ:

എന്നാല്‍ രാജാക്കന്മാര്‍ മാറിമറിഞ്ഞു. ധര്‍മ്മം, നീതി, നിഷ്ഠ, ജനനന്മ, രാജ്യപുരോഗതി, രാജ്യതരന്തം ഇതിനൊന്നും വലിയ വില കല്‍പ്പിക്കാത്ത നവീന രാജാക്കന്മാര്‍...അവര്‍ക്കിടയില്‍ നിന്നുകൊണ്ട് സൈന്യാധിപന്‍ ഇപ്പോഴും പരമ്പുകുത്തി പന്തം അകത്തേക്കും പുറത്തേക്കും വലിച്ചുകൊണ്ടേയിരികുന്നു... എന്തുവന്നാലും തലപോകില്ലെന്ന ഉറപ്പോടെ.

കഥയുടെ പൂർണരൂപം ഇവിടെ

പി സി ജോര്‍ജിനെ നിയന്ത്രിക്കണം: ചെന്നിത്തല

തിരു: പി സി ജോര്‍ജിനെ നിയന്ത്രിക്കണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ്ചെന്നിത്തല ആവശ്യപ്പെട്ടു. ജോര്‍ജിനെ കെ എം മാണി നിയന്ത്രിക്കണം. എസ് വരദരാജന്‍ നായരെ കുറിച്ച് പറഞ്ഞത് കോണ്‍ഗ്രസിനെ അപമാനിക്കുന്നതിന് തുല്യമാണെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിയാകേണ്ടിയിരുന്ന എസ്. വരദരാജന്‍ നായരെ ധനകാര്യമന്ത്രിയാക്കി ഒതുക്കിയതിനു പിന്നില്‍ എ.കെ. ആന്റണിയുടെ നീക്കങ്ങളായിരുന്നുവെന്നാണ് ഗവ. ചീഫ് വിപ്പ് പി. സി. ജോര്‍ജ് ആരോപിച്ചത്. എന്തിന് അങ്ങനെ ചെയ്തുവെന്ന് ഈ വൈകിയ വേളയിലെങ്കിലും ആന്റണി തുറന്നു പറയണമെന്നും വരദരാജന്‍ നായര്‍ സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച 24-ാമത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത ജോര്‍ജ് ആവശ്യപ്പെട്ടിരുന്നു. അന്തരിച്ച് 24 കൊല്ലമായിട്ടും വരദരാജന്‍ സാറിനൊരു സ്മാരകം പണിയാന്‍ കോണ്‍ഗ്രസ് മുന്‍കൈ എടുത്തില്ല. എന്തിനും ട്രസ്റ്റ് ഉണ്ടാക്കാന്‍ ഓടി നടക്കുന്ന രമേശ് ചെന്നിത്തല എന്തുകൊണ്ട് വരദരാജന്‍ സാറിനെ ഓര്‍മ്മിക്കുന്നില്ലെന്നും ചോദിച്ചിരുന്നു.

എന്നാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ മറന്നുപോകുന്നതുകൊണ്ടാണ് പലതും ഓര്‍മിപ്പിക്കേണ്ടിവരുന്നതെന്ന് പി സി ജോര്‍ജ് പ്രതികരിച്ചു. അത് ഇനിയും പറയുമെന്നും ജോര്‍ജ് പറഞ്ഞു

നൂറ് രൂപ കിട്ടിയാല്‍ 80ഉം പോക്കറ്റിലിടുന്നവരാണ് കോണ്‍ഗ്രസുകാരെന്ന് ജോര്‍ജ്

തിരു: പി സി ജോര്‍ജിനെ മാണി നിയന്ത്രിക്കണമെന്ന കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ പത്രക്കുറിപ്പിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് ജോര്‍ജ് വീണ്ടും രംഗത്ത്. 100 രൂപ കയ്യില്‍ കിട്ടിയാല്‍ 80 രൂപയും സ്വന്തം പോക്കറ്റിലിടുന്നവരാണ് കോണ്‍ഗ്രസ് നേതാക്കളെന്ന് ജോര്‍ജ് പറഞ്ഞു. ആര്യാടന്‍ മുഹമ്മദിനേക്കാള്‍ നല്ല വൈദ്യുതി മന്ത്രി പിണറായി വിജയനാണെന്നും കഴിഞ്ഞ രണ്ടര വര്‍ഷം ആര്യാടന്‍ ഒന്നും ചെയ്തിട്ടില്ലെന്നും ജോര്‍ജ് പറഞ്ഞു.

പ്രതിരോധമന്ത്രി എ കെ ആന്റണി കഴിഞ്ഞ എല്‍ഡിഎഫ് മന്ത്രിസഭയിലെ വ്യവസായ മന്ത്രിയായിരുന്ന എളമരം കരീമിനെ പുകഴ്ത്തിയപ്പോള്‍ കോണ്‍ഗ്രസുകാര്‍ എവിടെയായിരുന്നുവെന്നും ജോര്‍ജ് ചോദിച്ചു. വഴിനീളെ നടന്ന് അടിവാങ്ങുന്ന ആളാണ് കോണ്‍ഗ്രസ് വക്താവ് രാജ്മോഹന്‍ ഉണ്ണിത്താനെന്നും തന്റെ വായടപ്പിക്കാമെന്ന് ആരും കരുതേണ്ടെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

deshabhimani

എല്ലനോര്‍ ക്യാറ്റന് മാന്‍ ബുക്കര്‍ പ്രൈസ്

ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പ്രൈസ് ന്യൂസിലാന്‍ഡ് എഴുത്തുകാരി എല്ലനോര്‍ ക്യാറ്റന്. "ദ ലൂമിനാരിസ്" എന്ന നോവലിനാണ് പുരസ്കാരം. ബുക്കര്‍ സമ്മാനം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരിയാണ് ഇരുപത്തെട്ട് കാരിയായ എല്ലനോര്‍ ക്യാറ്റന്‍. 832 പേജുള്ള നോവല്‍ ബുക്കര്‍ സമ്മാനം നേടുന്ന ഏറ്റവും വലിയ കൃതിയെന്ന റെക്കോര്‍ഡും സ്വന്തമാക്കി. 50,000 പൗണ്ട് ആണ് സമ്മാനത്തുക.

വിക്ടോറിയന്‍ കാലഘട്ടത്തില്‍ ന്യൂസിലാന്‍ഡില്‍ നിലനിന്നിരുന്ന സ്വര്‍ണവേട്ടകളുടെ നിഗൂഢതകള്‍ അനാവരണം ചെയ്യുന്ന കാറ്റന്റെ രണ്ടാമത്ത നോവലാണ് ഈ വര്‍ഷം സെപ്തംബറില്‍ പുറത്തിറങ്ങിയ "ദ ലൂമിനാരിസ്". ഇന്ത്യാക്കാരിയായ ജുംബാ ലാഹരി അന്തിമപട്ടികയില്‍ ഇടം പിടിച്ചിരുന്നുവെങ്കിലും പുരസ്ക്കാരം നേടാനായില്ല.

deshabhimani

Saturday, October 12, 2013

സെനറ്റ് ഹാള്‍ നല്‍കാത്തത് അധാര്‍മികം: എം കെ സാനു

വയലാര്‍ രാമവര്‍മ അനുസ്മരണ ചടങ്ങിനും വയലാര്‍ അവാര്‍ഡ് സമര്‍പ്പണത്തിനും കേരള സര്‍വകലാശാല സെനറ്റ് ഹാള്‍ നല്‍കില്ലെന്ന തീരുമാനം അധാര്‍മികവും സംസ്കാരവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്ന് വയലാര്‍ രാമവര്‍മ ട്രസ്റ്റ് പ്രസിഡന്റ് പ്രൊഫ. എം കെ സാനു പ്രതികരിച്ചു.

മുമ്പ് അവാര്‍ഡ് സമര്‍പ്പണത്തിന് സെനറ്റ് ഹാള്‍ സൗജന്യമായി അനുവദിച്ചിരുന്നു. ഇത്തവണ ഹാള്‍ അനുവദിക്കാതിരിക്കുന്നതിനു കാരണം അറിയിച്ചിട്ടില്ല. ഇത്തവണത്തെ അവാര്‍ഡ്് ദേശാഭിമാനി റസിഡന്റ് എഡിറ്ററായ പ്രഭാവര്‍മയ്ക്കാണ്. അദ്ദേഹത്തിനോടൊ അദ്ദേഹത്തിന്റെ പ്രസ്ഥാനത്തോടൊ പുസ്തകത്തോടൊ ഉള്ള വിരോധമാകും സര്‍വകലാശാല സിന്‍ഡിക്കറ്റ് തീരുമാനത്തിനു പിന്നിലെന്നു വേണം കരുതാന്‍. നിങ്ങളുടെ അഭിപ്രായത്തോട് എനിക്ക് യോജിപ്പില്ലെങ്കിലും അതു പറയാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കുണ്ട് എന്നതാണ് ജനാധിപത്യത്തിന്റെ സത്ത. അതുകൊണ്ട് സര്‍വകലാശാലയുടെ തീരുമാനം ജനാധിപത്യവിരുദ്ധമാണ്. മുമ്പൊരിക്കലും രാഷ്ട്രീയത്തിന്റെ പേരില്‍ ഇത്തരം നടപടി ഉണ്ടായിട്ടില്ല. കേന്ദ്രമന്ത്രി എ കെ ആന്റണിയും അംഗമായ വയലാര്‍ രാമവര്‍മ ട്രസ്റ്റ് രാഷ്ട്രീയമോ രാഷ്ട്രീയ ചായ്വോ ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. അവാര്‍ഡിനുള്ള പുസ്തകം തെരഞ്ഞെടുക്കുന്നതില്‍ ട്രസ്റ്റ് ഭാരവാഹികള്‍ക്ക് ഒരു പങ്കുമില്ല. ആസ്വാദകര്‍ നിര്‍ദേശിക്കുന്ന പുസ്തകങ്ങളില്‍നിന്നാണ് ജഡ്ജിമാര്‍ അവസാന തീരുമാനം എടുക്കുന്നത്. ഡോ. അമ്പലപ്പുഴ ഗോപകുമാര്‍, ഡോ. എന്‍ അനില്‍കുമാര്‍, ഡോ. അനില്‍ വള്ളത്തോള്‍ എന്നിവരായിരുന്നു ഇത്തവണ ജഡ്ജിമാര്‍. പ്രഭാവര്‍മയുടെ ശ്യാമമാധവം കൃഷ്ണന്റെ കഥയാണ്. ഖണ്ഡകാവ്യപ്രസ്ഥാനത്തിന്റെയും നവീനതയുടെയും ഉയിര്‍ത്തെഴുന്നേല്‍പ്പിനെയും സൂചിപ്പിക്കുന്ന അപൂര്‍വഭംഗിയുള്ള കാവ്യമാണത്. അതു മനസ്സിലാക്കണമെങ്കില്‍ വായിച്ചുനോക്കണം. ഹാള്‍ അനുവദിക്കില്ലെന്നു തീരുമാനിച്ചവരാരും അത് വായിച്ചിട്ടുണ്ടാകില്ല- സാനു പറഞ്ഞു.

സര്‍വകലാശാല സാംസ്കാരികവിവേകം കൈവിടരുത്: സാഹിത്യസംഘം

തിരു: മലയാളത്തിന്റെ പ്രിയകവി വയലാര്‍ രാമവര്‍മ അനുസ്മരണ സമ്മേളനത്തിനും അവാര്‍ഡ് സമര്‍പ്പണത്തിനും സെനറ്റ് ഹാള്‍ അനുവദിക്കില്ലെന്ന കേരള സര്‍വകലാശാലയുടെ തീരുമാനം സാംസ്കാരിക നിലവാരത്തിന് യോജിക്കാത്തതാണെന്ന് പുരോഗമന കലാസാഹിത്യസംഘം പറഞ്ഞു. എത്രയും പെട്ടെന്ന് തീരുമാനം തിരുത്താനും സമ്മേളനത്തിന് വേദി അനുവദിക്കാനും സര്‍വകലാശാല തയ്യാറാവണമെന്ന് സംഘം സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു.

കേരളത്തിലെ ഉന്നതരായ സാംസ്കാരിക- രാഷ്ട്രീയനേതാക്കള്‍ ഉള്‍പ്പെടുന്നതാണ് വയലാര്‍ ട്രസ്റ്റ്്. മുന്‍വര്‍ഷങ്ങളില്‍ സമാനമായ പരിപാടികള്‍ക്ക് സെനറ്റ്ഹാള്‍ നല്‍കിയിരുന്നു. ഇപ്പോഴത്തെ നടപടി കേരളത്തിന്റെ സാംസ്കാരിക രംഗത്തെയും സര്‍വകലാശാലയെയും ആക്ഷേപിക്കുന്നതാണെന്നും പ്രസിഡന്റ് യു എ ഖാദറും ജനറല്‍സെക്രട്ടറി പ്രൊഫ. വി എന്‍ മുരളിയും അഭിപ്രായപ്പെട്ടു.

തീരുമാനം അന്ധവും സങ്കുചിതവും: ഒ എന്‍ വി

തിരു: കേരളത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തിക്കൊണ്ട് വയലാര്‍ രാമവര്‍മ അകാലത്തില്‍ വിടപറഞ്ഞപ്പോള്‍ സി അച്ചുതമേനോനും അന്ന് മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണിയും മുന്‍കൈയെടുത്താണ് വയലാര്‍ രാമവര്‍മ സാഹിത്യ ട്രസ്റ്റ് രൂപീകരിച്ചത്. ആദ്യത്തെ വയലാര്‍ രാമവര്‍മ അവാര്‍ഡ് ലളിതാംബിക അന്തര്‍ജനത്തിന് ഇതേ സെനറ്റ് ഹാളില്‍ എ കെ ആന്റണിയാണ് നല്‍കിയത്. അന്ന് 25,000 രൂപയുടെ പാരിതോഷികമെന്ന് പറഞ്ഞാല്‍ അത് വലിയ സംഭവമായിരുന്നു. ആ അവാര്‍ഡ് സായാഹ്നം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. അന്ന് വയലാര്‍ അവാര്‍ഡ് സമര്‍പ്പണത്തിന്റെ സ്ഥിരം വേദി സെനറ്റ് ഹാളായിരിക്കുമെന്നും അതിന് വാടക വാങ്ങിക്കുന്നതല്ലെന്നും ഒരു അലിഖിത തീരുമാനമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രൊഫ. എന്‍ കൃഷ്ണപിള്ളയും ഡോ. സുകുമാര്‍ അഴീക്കോടും സുഗതകുമാരിയും മറ്റും സെനറ്റ് ഹാളില്‍നിന്ന് അവാര്‍ഡ് സ്വീകരിച്ചത്. ഇതൊക്കെ നമ്മുടെ സാംസ്കാരിക ചരിത്രത്തിന്റെ അംശമാണ്.

വയലാര്‍ അവാര്‍ഡും കേരള സര്‍വകലാശാല സെനറ്റ് ഹാളും തമ്മിലുള്ള ബന്ധത്തിന്റെ പവിത്രതയും അന്തസ്സും ഈ പുതിയ നിഷേധാത്മക തീരുമാനത്തിലൂടെ ലംഘിക്കപ്പെട്ടെന്നതില്‍ അത്യധികം ദുഃഖമുണ്ട്. ഒരു സ്ഥാപനത്തിന്റെ ഭരണച്ചുമതല കൈയാളുന്നവര്‍ അതിന്റെ ചരിത്രവും പൈതൃകവും അറിഞ്ഞിരിക്കണം. എന്നാല്‍, സാഹിത്യ-സാംസ്കാരിക രംഗങ്ങളില്‍ ഇന്ന് പല തീരുമാനവും വളരെ അന്ധവും സങ്കുചിതവുമായ കക്ഷി രാഷ്ട്രീയബോധത്താല്‍ നിര്‍ണയിക്കപ്പെടുന്നു എന്നത് വലിയ അധഃപതനത്തെയാണ് സൂചിപ്പിക്കുന്നത്. വളരെ സൗമ്യവും ശാന്തവുമായ ഭാഷയില്‍ മാത്രം സംസാരിക്കണമെന്ന് നിര്‍ബന്ധമുള്ളതുകൊണ്ട് ഇതേപ്പറ്റി അര്‍ഹിക്കുന്ന രീതിയില്‍ പ്രതികരണാത്മകമായി പറയാന്‍ ആഗ്രഹിക്കുന്നില്ല. ഒന്നുമാത്രം-സൂര്യനെ മറയ്ക്കാന്‍ ഒരു കാര്‍മേഘത്തുണ്ട് ഊറ്റം കൊള്ളുകയാണെങ്കില്‍ അത് നിമിഷനേരത്തേക്ക് മാത്രമായിരിക്കുമെന്ന് എല്ലാവരും ഓര്‍ക്കുക.

deshabhimani

Thursday, October 10, 2013

കനേഡിയന്‍ എഴുത്തുകാരി ആലിസ് മണ്‍റോയ്ക്ക് സാഹിത്യ നൊബേല്‍

സ്റ്റോക്ഹോം: 2013ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരത്തിന് പ്രശസ്ത കനേഡിയന്‍ കഥാകൃത്ത് ആലിസ് മണ്‍റോ അര്‍ഹയായി. സാഹിത്യ നൊബേല്‍ നേടുന്ന 13ാമത്തെ വനിതയാണ് മന്‍റോ. സ്വീഡനിലെ സ്റ്റോക്ഹോമിലാണ് പുരസ്കാര പ്രഖ്യാപനം നടന്നത്. ലോകത്തിലെ ഏറ്റവും മികച്ച ചെറുകഥാകൃത്തുക്കളിലൊരാളാണ് മണ്‍റോ. 2009ലെ മാന്‍ ബുക്കര്‍ പുരസ്കാരവും മണ്‍റോ നേടിയിട്ടുണ്ട്. ഡിയര്‍ ലൈഫ്, ഡാന്‍സ് ഒഫ് ദ ഹാപ്പി ഷെയ്ഡ്സ് എന്നീ കൃതികളിലൂടെ വായനക്കാരുടെ പ്രിയങ്കരിയായി മാറിയ ആലിസ് പച്ചയായ ജീവിതത്തിന്റെ ആവിഷ്കാരത്തിലാണ് വിശ്വസിച്ചിരുന്നത്. മൂന്നു തവണ മികച്ച കഥകള്‍ക്കുള്ള കനേഡിയന്‍ ഗവര്‍ണര്‍ ജനറല്‍ പുരസ്കാരവും നേടി.

പ്രശസ്തമായ നിരവധി ആനുകാലികങ്ങളില്‍ ആലിസിന്റെ കഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 82 കാരിയായ ആലിസ് കാന്‍സറിനും ഹൃദ്രോഗത്തിനും അടിമപ്പെട്ടെങ്കിലും അവയ്ക്കെതിരെ പോരാടി വിജയം കൈവരിച്ചു. ജനപ്രിയ ജാപ്പനീസ് നോവലിസ്റ്റ് ഹരൂകി മുറകാമിക്ക് നൊബേല്‍ പുരസ്കാരം ലഭിക്കുമെന്നാണ് പരക്കെ കരുതപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ അവസാനത്തെ നോവല്‍ പുറത്തിറങ്ങി ഒരു മാസത്തിനുള്ളില്‍ പത്തു ലക്ഷത്തോളം പ്രതികള്‍ വിറ്റഴിഞ്ഞിരുന്നു.

deshabhimani

Wednesday, April 17, 2013

തെലുങ്ക് സാഹിത്യകാരന്‍ റാവൂരി ഭരദ്വാജയ്ക്ക് ജ്ഞാനപീഠം


2012 ലെ ജ്ഞാനപീഠ പുരസ്കാരത്തിന് പ്രശസ്ത തെലുങ്ക് സാഹിത്യകാരന്‍ റാവൂരി ഭരദ്വാജ അര്‍ഹനായി. നോവല്‍, ചെറുകഥ, നാടകരചന, ബാലസാഹിത്യം തുടങ്ങിയ മേഖലകളിലെല്ലാം കഴിവ് തെളിയിച്ച ഭരദ്വാജ 9 നോവലുകളും 24 ചെറുകഥാസമാഹാരങ്ങളും നാല് നാടകങ്ങളും രചിച്ചിട്ടുണ്ട്. അഞ്ച് റേഡിയോ നാടകങ്ങളും അദ്ദേഹത്തിന്റെതായിട്ടുണ്ട്. 83 വയസുകാരനായ അദ്ദേഹത്തിന് നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ഭരദ്വാജയുടെ നോവലുകളില്‍ ഏറ്റവും ശ്രദ്ധേയമായ "പകുഡു റല്ലു" എന്ന നോവലിനാണ് ജ്ഞാനപീഠ പുരസ്കാരം. ജ്ഞാനപീഠ പുരസ്കാരം ലഭിക്കുന്ന മൂന്നാമത്തെ തെലുങ്ക് സാഹിത്യകാരനാണ് ഭരദ്വാജ. വിശ്വനാഥ സത്യനാരായണയും ഡോ. നാരായണ റെഡ്ഡിയുമാണ് റാവൂരിയ്ക്ക് മുന്‍പ് ജ്ഞാനപീഠം നേടിയ തെലുങ്ക് സാഹിത്യകാരന്‍മാര്‍.

deshabhimani

Saturday, March 30, 2013

കടത്തനാടന്‍ കഥന പാരമ്പര്യങ്ങളുടെ വീറ്


വടകര: രാഷ്ട്രീയവും കലയും ജീവവായുവായ എം കെ പണികോട്ടിക്ക് (എം കേളപ്പന്‍) ലഭിച്ച ദല സാഹിത്യ അവാര്‍ഡ് അര്‍ഹതയുടെ അംഗീകാരം. ഒപ്പം ആദരിക്കപ്പെടുന്നത് ഒരു നാടിന്റെ സംസ്കൃതിയും. നല്ല കഥപറച്ചിലുകാരനായിരുന്നു എം കെ പണിക്കോട്ടി. കടത്തനാടന്‍ മണ്ണിന്റെ ഗന്ധമുള്ളതായിരുന്നു കഥകള്‍. കടത്തനാടന്‍ വാമൊഴി സംസ്കാരത്തിന്റെ അവസാന കണ്ണികളിലൊരാളാണ് ഇദ്ദേഹം. രണ്ട് ഗുരുനാഥരുണ്ട് കേളപ്പേട്ടന്റെ ജീവിതത്തില്‍. അഞ്ചാംക്ലാസില്‍ ജയിച്ച് തുടര്‍പഠനത്തിന് ഗതിയില്ലാതെ വീട്ടിലിരുന്നപ്പോള്‍ എട്ടണ ഫീസു നല്‍കി ചീനംവീട് ഹയര്‍ എലിമെന്ററി സ്കൂളിലേക്ക് പിടിച്ചുകൊണ്ടുപോയ രാമുണ്ണി മാസ്റ്റര്‍. 1950ലെ ഒരു സന്ധ്യയില്‍ പണിക്കോട്ടിയില്‍ പതിവുപോലെ സൊറ പറഞ്ഞിരിക്കുമ്പോള്‍ "നിങ്ങള്‍ക്ക് നാടിനുവേണ്ടി എന്തെങ്കിലും ചെയ്തുകൂടെ" എന്നുചോദിച്ച വി പി കുട്ടി മാസ്റ്റര്‍. ദല പുരസ്കാരം ഇവര്‍ക്കായി സമര്‍പ്പിക്കുന്നുവെന്ന് കേളപ്പേട്ടന്‍ പറയുന്നു.

ദരിദ്രകര്‍ഷക കുടുംബത്തില്‍ 85 വര്‍ഷം മുമ്പായിരുന്നു ജനനം. നന്നേ ചെറുപ്പത്തില്‍ അച്ഛനോടൊപ്പം വയലില്‍ കന്നുപൂട്ടാന്‍ തുടങ്ങി. വിദ്യാഭ്യാസം എട്ടാംക്ലാസില്‍ അവസാനിച്ചു. പിന്നീട് കര്‍ഷകത്തൊഴിലാളിയായി. 1950ല്‍ ജീവിത സാഹചര്യങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ടിയിലേക്ക് അടുപ്പിച്ചു. കടത്തനാടിന്റെ തച്ചോളിക്കളി രാഷ്ടീയ തച്ചോളിക്കളിയാക്കി അവതരിപ്പിച്ചു. നാടെങ്ങും ഇതിന് വേദിലഭിച്ചു. തച്ചോളിക്കളിക്കും സാംസ്കാരിക പ്രവര്‍ത്തനത്തിനുമായി 1952ല്‍ പണിക്കോട്ടിയില്‍ ഐക്യകേരള കലാസമിതി രൂപീകരിച്ചു. കലാസമിതി നേതൃത്വത്തില്‍ പുറത്തിറക്കിയ "പൊന്‍പുലരി" കൈയെഴുത്തു മാസികയിലാണ് പണിക്കോട്ടിയുടെ ആദ്യകാല രചനകള്‍ വെളിച്ചം കണ്ടത്. ചങ്ങമ്പുഴയുടെ ആരാധകനായിരുന്നു. വാഴക്കുലയ്ക്ക് പകരം "പുത്തന്‍ വാഴക്കുല"യെഴുതി. പ്രതിധ്വനി, ജീവിതം ഒരു സുന്ദരസ്വപ്നമല്ല, ദൈവം നിരപരാധിയാണ്, പൊലീസ് വെരിഫിക്കേഷന്‍, ബ്രഹ്മരക്ഷസ്, വര്‍ഗസമരം, ശിവപുരം കോട്ട എന്നീ നാടകങ്ങളും പണിക്കോട്ടിയുടേതായുണ്ട്.വടക്കന്‍ പാട്ടിനെ ആസ്പദമാക്കി രചിച്ച "ശിവപുരംകോട്ട" നൂറിലേറെ വേദികളില്‍ അവതരിപ്പിച്ചു. വടക്കന്‍പാട്ടുകളിലൂടെ, വടക്കന്‍പാട്ടുകളിലെ പെണ്‍പെരുമ, ഉണ്ണിയാര്‍ച്ചയുടെ ഉറുമി, വടക്കന്‍ വീരകഥകള്‍ എന്നീ പുസ്തകങ്ങളും ഇദ്ദേഹത്തിന്റെതാണ്.
(ടി രാജന്‍)

deshabhimani 290313

ഹാസ്യത്തിന്റെ അക്ഷരവസന്തം വിരിയിച്ച ഇ വിയുടെ ഓര്‍മയ്ക്ക് 75 വയസ്സ്


ശൂരനാട്: മലയാളക്കരയില്‍ ചിരിയുടെ പൂക്കാലം വിരിയിച്ച ഹാസ്യസാഹിത്യ കുലപതി ഇ വി കൃഷ്ണപിള്ളയുടെ ഓര്‍മകള്‍ക്ക് ഏഴരപതിറ്റാണ്ട് വയസ്സ്. ചിരിയുടെ ചിരഞ്ജീവി ഇ വി 1938 മാര്‍ച്ച് 30നാണ് അന്തരിച്ചത്. കുന്നത്തൂര്‍ ഇഞ്ചക്കാട്ട് വീട്ടില്‍ വക്കീല്‍ പപ്പുപിള്ളയുടെയും കല്യാണിയമ്മയുടെയും മകനായി 1894 സെപ്തംബര്‍ 14ന് ആയിരുന്നു ജനനം. മലയാള സാഹിത്യത്തിനും നാടകക്കളരിക്കും മഹത്തായ സംഭാവന നലകിയ ഇവിക്ക് ഉചിതമായ സ്മാരകം ഇല്ലെന്നത് സാംസ്കാരിക കേരളത്തിന്റെ ഔചത്യമില്ലായ്മയായി ഇന്നും നിലനില്‍ക്കുന്നു. നാണക്കേട് തിരുത്താന്‍ സാംസ്കാരിക വകുപ്പ് മുന്നോട്ടുവരണമെന്ന ആവശ്യം ശക്തമാണ്. ഇ വിയുടെ മൂലകുടുംബം ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ ആലത്തൂര്‍ വീടാണ്. ഇ വി ജനിച്ച് ഏഴുമാസം കഴിഞ്ഞ് കുന്നത്തൂര്‍ ഇഞ്ചകാട്ട് വീട്ടില്‍നിന്ന് താമസം അടൂര്‍ പെരിങ്ങനാട്ട് ചെറുതെങ്ങിലഴികത്ത് വീട്ടിലേക്ക് മാറ്റിയിരുന്നു. അച്ഛന്‍ പപ്പുപിള്ള അടൂര്‍ കോടതിയിലാണ് പ്രാക്ടീസ് ചെയ്തിരുന്നത്. മലയാള സിനിമയുടെ എക്കാലത്തെയും മഹാനായ ഹാസ്യനടന്‍ അടൂര്‍ഭാസി, ചന്ദ്രാജി, പത്മനാഭന്‍ എന്നിവര്‍ ഇ വിയുടെ മക്കളാണ്. ഒരുപെണ്‍കുട്ടിയും ഉണ്ടായിരുന്നു.

ഇ വി ജനിച്ച കുന്നത്തൂര്‍ ഇഞ്ചക്കാട്ട് വീട്ടില്‍ പില്‍ക്കാലത്ത് അനന്തിരവള്‍ മീനാക്ഷിയും കുടുംബവുമായിരുന്നു താമസം. ഈ വീടും പറമ്പും ഇന്ന് കൈമാറ്റം ചെയ്തു. നാടകകൃത്ത്, നടന്‍, പത്രാധിപര്‍, അഭിഭാഷകന്‍, ചെറുകഥാകൃത്ത്, നിയമസഭാ സാമാജികന്‍ എന്നിങ്ങനെ ബഹുമുഖ പ്രതിഭയായിരുന്ന ഇ വിയെ ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത് ഹാസ്യസാഹിത്യത്തിന്റെ ഇതിഹാസമായിട്ടാണ്. ആറാംക്ലാസില്‍ പഠിക്കവെയാണ് ആദ്യനോവല്‍ "ബാലകൃഷ്ണന്‍" പിറന്നത്. കോട്ടയം സി എം എസ് കോളേജില്‍ പഠിക്കവെ ശാകുന്തളം സംഗീതനാടകത്തിലും അഭിനയിച്ചു. ഈ കാലത്താണ് "വക്കീലങ്ങുന്നിന്റെ വിവാഹം" എന്ന ഹാസ്യപുസ്തകം എഴുതിയത്. സി എം എസ് കോളേജിലെ മലയാളം മേധാവി കെ ശങ്കരപിള്ളയും പിന്നീട് തിരുവനന്തപുരത്ത് പഠിക്കവെ മലയാള പ്രൊഫസര്‍ എ ആര്‍ രാജരാജവര്‍മയും ഇ വിയുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തി. ലോ കോളേജിലെ നിയമ പഠനകാലത്താണ് സി വി രാമന്‍പിള്ളയുമായി അടുപ്പം തുടങ്ങിയത്. സി വി രാമന്‍പിള്ളയുടെ മകള്‍ ബി എ മഹേശ്വരിയമ്മയെയാണ് ഇ വി വിവാഹം ചെയ്തത്. ഉദ്യോഗസ്ഥവര്‍ഗത്തെയും ബ്രാഹ്മണകുലത്തെയും തുറന്ന് വിമര്‍ശിക്കുന്ന "നാടുകടത്തല്‍" എന്ന കഥ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.

കുന്നത്തൂര്‍ ഇഞ്ചക്കാട്ട് വീട് ചരിത്രസ്മാരകമാക്കാന്‍ എംഎല്‍എയായിരുന്ന ടി നാണുമാസ്റ്ററും പിന്നീട് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയും ചില നീക്കങ്ങള്‍ നടത്തിയെങ്കിലും വിജയം കണ്ടില്ല. ടി കെ രാമകൃഷ്ണന്‍ സാംസ്കാരികമന്ത്രിയായിരിക്കെ ഇ വിയുടെ ജന്മഗൃഹം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമിട്ടിരുന്നു. എന്നാല്‍, പിന്നീടത് മുടങ്ങി. ഇപ്പോള്‍ ജന്മഗൃഹത്തിന്റെ സ്ഥാനത്ത് പുതിയ കോണ്‍ക്രീറ്റ് മന്ദിരമാണ്. തലസ്ഥാനത്തോ കൊല്ലം ജില്ലാ ആസ്ഥാനത്തോ ഇ വിക്ക് ഉചിതമായ സ്മാരകം നിര്‍മിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കുന്നത്തൂര്‍ ഏഴാംമൈല്‍ പിറവി സാംസ്കാരിക സമിതി ഇ വിയുടെ പേരില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് മാത്രമാണ് മഹാനായ സാഹിത്യകാരന് ഇന്ന് അവശേഷിക്കുന്ന ഏക സ്മാരകം.
(എം അനില്‍)

deshabhimani 290313

Saturday, March 23, 2013

ചിനുവ അചെബെ അന്തരിച്ചു


ഇരുണ്ട ഭൂഖണ്ഡത്തിന്റെ രോഷം ലോകത്തോട് വിളിച്ചുപറഞ്ഞതിലൂടെ ആധുനിക ആഫ്രിക്കന്‍ സാഹിത്യത്തിന്റെ പിതാവായി വാഴ്ത്തപ്പെട്ട നൈജീരിയന്‍ കവിയും നോവലിസ്റ്റുമായ ചിനുവ അചെബെ (82) അന്തരിച്ചു. ബോസ്റ്റണിലെ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം. ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു. 1990ലെ കാര്‍ അപകടത്തില്‍ അരയ്ക്കുതാഴെ മരവിച്ചതോടെ വീല്‍ച്ചെയറിലായിരുന്നു ജീവിതം.

ബ്രിട്ടീഷ് കോളനിവാഴ്ചക്കാലത്തെ ആഫ്രിക്കയിലെ ഇഗ്ബോ പോരാളിയുടെ കഥപറഞ്ഞ "തിങ്സ് ഫാള്‍ എപ്പാര്‍ട്ട്" (സര്‍വവും ശിഥിലമാകുന്നു- 1958) എന്ന നോവല്‍ മലയാളമടക്കം അമ്പതോളം ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി. ബ്രിട്ടീഷ് കോളനിവാഴ്ചയെ ആഫ്രിക്കയുടെ വീക്ഷണത്തില്‍ അവതരിപ്പിച്ച നോവലിന്റെ കോടിയോളം പ്രതികള്‍ വിറ്റഴിഞ്ഞു. അമേരിക്കയിലടക്കം നോവല്‍ പാഠപുസ്തകമായി. ""വെള്ളക്കാര്‍ ബുദ്ധിമാന്മാരാണ്, സമാധാനപൂര്‍വം സ്വന്തം മതവുമായി അവര്‍ വന്നു, അവരുടെ മണ്ടത്തരങ്ങളില്‍ ആനന്ദം തോന്നി നമ്മള്‍ അവര്‍ക്ക് ഇടംനല്‍കി. ഇപ്പോള്‍ ഇനിയൊരിക്കലും ഒന്നിക്കാനാകാതെ പോയ നമ്മുടെ സഹോദരന്മാരെയും ഗോത്രത്തെയും അവര്‍ ജയിച്ചു.""- നോവലിലെ ഒരു കഥാപാത്രത്തിന്റെ വാക്കുകളിലൂടെ ആഫ്രിക്കയിലെ കോളിനിവാഴ്ചയുടെ ചരിത്രം മുഴുവനും അചെബെ സംഗ്രഹിക്കുന്നു. "തിങ്സ് ഫാള്‍ എപ്പാര്‍ട്ടി"ന്റെ ജനപ്രീതി, "ആഫ്രിക്കന്‍ കഥാസാഹിത്യത്തിന്റെ മുത്തച്ഛന്‍" എന്ന വിളിപ്പേരും അചെബെയ്ക്ക് നല്‍കി.

ബ്രിട്ടീഷ് നൈജീരിയയിലെ തെക്കുകിഴക്കന്‍ ഗ്രാമീണമേഖലയില്‍ 1930ല്‍ ജനിച്ച അചെബെ രക്തരൂക്ഷിതമായ സ്വാതന്ത്ര്യപോരാട്ടങ്ങള്‍ക്ക് ദൃക്സാക്ഷിയായി. യൗവനകാലത്തുതന്നെ നോവല്‍ രചനയിലെത്തി. ആഫ്രിക്കന്‍ സമൂഹത്തിന്റെ സൗന്ദര്യവും മൃഗീയഭാവവും തുടിക്കുന്ന ഇരുപതിലധികം രചനകളിലൂടെ അചെബെ തകര്‍ച്ചയിലേക്ക് പതിക്കുന്ന രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആധിയും പങ്കുവയ്ക്കുന്നു. 2007ല്‍ മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്കാരം തേടിയെത്തി. ക്രിസ്മസ് ഇന്‍ ബിയാഫ എന്ന കവിതാസമാഹാരം കോമണ്‍വെല്‍ത്ത് കവിതാപുരസ്കാരത്തിന് അര്‍ഹമായി. നൈജീരിയയിലെ രണ്ടാമത്തെ ഏറ്റവും വലിയ ബഹുമതി അചെബെ രണ്ടുതവണ നിരസിച്ചു. അമേരിക്കയിലെയും ബ്രിട്ടനിലെയും വിവിധ സര്‍വകലാശാലകളില്‍ അധ്യാപകനായി. എഴുത്തിനുപിന്നിലെ വികാരത്തെക്കുറിച്ചുള്ള ചോദ്യത്തിന് അചെബെയുടെ മറുപടി ഇങ്ങനെയായിരുന്നു- ""മറ്റുള്ളവരുടെ കഥ നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നില്ലെങ്കില്‍, നിങ്ങള്‍ സ്വന്തമായി എഴുതണം.""

deshabhimani 230313 photo courtesy: the hindu daily

Monday, March 11, 2013

സ്ത്രീമുന്നേറ്റത്തിന്റെ മുഖമുദ്രയായി സമത


തൃശൂര്‍: വായനയിലെ ജനകീയതയും എഴുത്തിലെ സ്ത്രീപക്ഷ ചായ്വും മുഖമുദ്രയാക്കി പുസ്തകപ്രസാധന രംഗത്തെ വനിതാകൂട്ടായ്മയായ "സമത" ശ്രദ്ധേയമാകുന്നു. ഒറ്റയ്ക്കോ ഒന്നോ രണ്ടോ പേര്‍ ചേര്‍ന്നോ നടത്തുന്ന പ്രസാധനക്കമ്പനികള്‍ സ്ത്രീകളുടേതായുണ്ടെങ്കിലും സംസ്ഥാനത്താദ്യമായാണ് പുസ്തകപ്രസാധനരംഗത്ത് വന്‍ കൂട്ടായ്മയൊരുക്കി "സമത" വേറിട്ടുനില്‍ക്കുന്നത്. ഈ പെണ്‍കൂട്ടായ്മയില്‍ ഡോക്ടര്‍മാരും റിട്ട. പ്രൊഫസര്‍മാരും സര്‍ക്കാര്‍ ജീവനക്കാരും വിദ്യാര്‍ഥിനികളും കലാകാരികളും വീട്ടമ്മമാരുമുണ്ട്. രൂപംകൊണ്ട് രണ്ടുവര്‍ഷത്തിനുള്ളില്‍ 11 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച് വമ്പന്‍ പുസ്തക പ്രസാധകരെപ്പോലും ഞെട്ടിച്ചാണ് ഈ വനിതാകൂട്ടായ്മയുടെ ജൈത്രയാത്ര. സാര്‍വദേശീയ വനിതാ ദിനത്തില്‍ ഇവര്‍ നടത്തുന്ന സ്ത്രീപക്ഷ ഇടപെടല്‍ സമൂഹത്തിന് മാതൃകയാണ്. എഴുത്തും വായനയും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പ്രാന്തവല്‍ക്കരിക്കപ്പെട്ട സ്ത്രീപോരാട്ടങ്ങളെ അടയാളപ്പെടുത്താനും അവശതകളനുഭവിക്കുന്ന പഴയകാല സ്ത്രീപോരാളികള്‍ക്ക് പെന്‍ഷന്‍ നല്‍കാനും ഇവര്‍ മുന്നിട്ടിറങ്ങിയിരിക്കുന്നു. പുസ്തകവില്‍പ്പനയില്‍നിന്നാണ് ഇതിനുള്ള തുക കണ്ടെത്തുന്നതെന്നതും ശ്രദ്ധേയം.

കേരളത്തിലെ സ്ത്രീപക്ഷ സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രബിന്ദുവായി തൃശൂരില്‍ 1987ല്‍ രൂപീകരിച്ച "സമത"യുടെ തുടര്‍ച്ചയാണ് ഈ കൂട്ടായ്മ. 1987 മുതല്‍ 1997 വരെയുള്ള കാലത്തിനിടയില്‍ 2500 വേദികളിലായി സമതയുടെ പ്രവര്‍ത്തകര്‍ ആലപിച്ച പാട്ടുകള്‍ സിഡിയായി പ്രസിദ്ധീകരിക്കുകയും ചെയ്തു. കവയത്രി പ്രൊഫ. ലളിത ലെനിനാണ് സമതയുടെ ചെയര്‍പേഴ്സണ്‍. മാനേജിങ് ട്രസ്റ്റിയായി പ്രൊഫ. ടി എ ഉഷാകുമാരി, ജോയിന്റ് ട്രസ്റ്റിയായി ഡോ. പി യു ശോഭ, വൈസ് ചെയര്‍ പേഴ്ണായി ഡോ. ആര്‍ ബി രാജലക്ഷ്മി, ട്രഷറര്‍ ഗിരിജാകുമാരി എന്നിവരടങ്ങിയ ഇരുപത്തൊമ്പതംഗ കമ്മിറ്റിയാണ് വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

deshabhimani

'വീണ്ടെടുപ്പ്' സാഹിത്യകാരന്മാര്‍ക്ക് പുതിയ സംഘടന


തൃശൂര്‍: ഒപ്പംകൂട്ടാവുന്നവരെയെല്ലാം ചേര്‍ത്ത് സാഹിത്യ നിരൂപകനും പ്രഭാഷകനുമായ ബാലചന്ദ്രന്‍ വടക്കേടത്ത് പുതിയ സംഘടനയ്ക്ക് രൂപം നല്‍കി. ഇതൊരു മധുരപ്രതികാരം കൂടിയായിട്ടാവണം തന്നെ പുറത്തെറിഞ്ഞ സാഹിത്യ അക്കാദമിയുടെ അകത്തളത്തില്‍ വച്ച് പ്രതിഷേധത്തിന്റെ നയം പറയുന്ന 'വീണ്ടെടുപ്പ്' എന്ന സംഘടനക്ക് രൂപം നല്‍കിയത്.

സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റായിരിക്കെ ഭരണസമിതിയില്‍ നിന്നും പുറത്താക്കിയതിന്റെ പ്രതികാരവും പ്രശ്‌നത്തില്‍ ഇടപെടാതിരുന്ന താന്‍ വിശ്വസിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ മൗനത്തിനെതിരെയുള്ള പ്രതിഷേധവുമാണ് പുതിയ സംഘടനയുടെ പ്രേരകശക്തി. വടക്കേടത്തിനോടൊപ്പം അക്കാദമി എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗമായിരുന്ന കെ രഘുനാഥും പുതിയ സംഘടനയുടെ രൂപീകരണത്തിലുണ്ട്. സാഹിത്യ അക്കാദമിയില്‍ ഇന്നലെ ചേര്‍ന്ന വീണ്ടെടുപ്പിന്റെ പ്രഥമ യോഗത്തില്‍ അറുപതോളം എഴുത്തുകാരാണ് ഒത്തു ചേര്‍ന്നത്. സാഹിത്യ അക്കാദമി ഭരണസമിതിക്കും സാംസ്‌കാരിക വകുപ്പിനുമെതിരെ രൂക്ഷവിമര്‍ശനമായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ഉന്നയിച്ചത്.

മരിച്ചു പോയ എഴുത്തുകാരോട് പോലും സാഹിത്യ അക്കാദമി അനീതി തുടരുകയാണ്. സി വി രാമന്‍പിള്ളക്ക് പകരം സി വി രാമനെന്ന് ചേര്‍ത്ത അക്കാദമിയുടെ തിരിച്ചറിവില്ലായ്മയാണ്. ഇക്കഴിഞ്ഞ പുസ്തകോല്‍സവത്തില്‍ സാഹിത്യത്തിന് പകരം സിനിമ ചര്‍ച്ച ചെയ്യപ്പെട്ടതും വീണ്ടെടുപ്പില്‍ വിമര്‍ശന വിധേയമായി.

ഇന്നലെ നടന്ന യോഗത്തിന്റെ ആദ്യാവസാനംവരെ അക്കാദമിയിലെ രാഷ്ട്രീയ ഇടപെടലും എഴുത്തുകാരനെ പിന്നാമ്പുറത്തേക്ക് തള്ളുന്ന നീതി നിഷേധത്തിനുമെതിരെയായിരുന്നു ചര്‍ച്ച. എഴുത്തുകാരന്റെ ആത്മാഭിമാനം കവരാന്‍ രാഷ്ട്രീയ-മത സംഘടനകള്‍ മത്സരിക്കുകയാണെന്നും അവര്‍ എഴുത്തുകാരെ വിഭജിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി. ഒ വി വിജയന്റെ പ്രതിമ നശിപ്പിക്കാന്‍ ശ്രമിച്ച സാമൂഹ്യശക്തികള്‍ക്കെതിരെ യോഗം പ്രതിഷേധിച്ചു. സംഭവത്തിനിടെ ഒ വി വിജയന്റെ പേരിനുപകരം എം എന്‍ വിജയനെന്ന് ചില മാധ്യമങ്ങള്‍ തെറ്റായി നല്‍കിയതിനെയും വിമര്‍ശിച്ചു.

എഴുത്തുകാരന്റെ സ്വാതന്ത്ര്യവും എഴുത്തിന്റെ സാമൂഹ്യ പ്രതിബദ്ധതയുമാണ് പ്രധാനമെന്ന പ്രമേയത്തിലൂന്നിയായിരുന്നു വീണ്ടെടുപ്പിന്റെ സംഘടനാ രൂപീകരണ ചര്‍ച്ചകള്‍ മുന്നേറിയത്.
സ്വന്തം പ്രശ്‌നങ്ങള്‍ തുറന്നുപറയാന്‍ എഴുത്തുകാര്‍ക്ക് അവസരം നിഷേധിക്കപ്പെടുകയാണെന്നും സാംസ്‌കാരികവേദികളില്‍ പോലും എഴുത്തുകാരെ പിന്‍നിരയിലേക്കു തള്ളിമാറ്റുന്ന പ്രവണതയുണ്ടെന്നും യോഗം വിലയിരുത്തി.രാഷ്ട്രീയ നിറവും ചായ്‌വുമുള്ള എഴുത്തുകാരുടെ സംഘടനകള്‍ ഉണ്ടെങ്കിലും എഴുത്തിനെയും സാഹിത്യത്തെയും സംബന്ധിക്കുന്ന പ്രശ്‌നങ്ങള്‍ തുറന്നുചര്‍ച്ചചെയ്യുന്നതിനുള്ള വേദയായാണ് പുതിയ സംഘടനയെന്നും അതിന് രാഷ്ട്രീയ നിറമില്ലെന്നും ബാലചന്ദ്രന്‍ വടക്കേടത്ത് പറഞ്ഞു. മെയ് ആദ്യവാരത്തില്‍ എഴുത്തുകാരുടെ ക്യാമ്പ് സംഘടിപ്പിക്കുവാന്‍ യോഗത്തില്‍ തീരുമാനമായി. വീണ്ടെടുപ്പിന് പിന്നില്‍ ബാലചന്ദ്രന്‍ വടക്കേടത്തും കെ രഘുനാഥനുമാണെങ്കിലും പുതിയ സംഘടനയുടെ ഭാരവാഹികളില്‍ ഇരുവരും ഇല്ലെന്നതും ശ്രദ്ധേയമാണ്.

എം ജി ബാബുവിനെയാണ് സംഘടനയുടെ താല്‍ക്കാലിക കണ്‍വീനറായി ചുമതലപ്പെടുത്തിയത്. അഷ്ടമൂര്‍ത്തി, എന്‍ രാജന്‍, സി ടി വില്യം, കെ ആര്‍ ടോണി, മാധവി മേനോന്‍, എ ജെ ജോയി, എം ബി ബിനോയ്, വി എം എച്ച് അബ്ദുള്‍സമദ്, പ്രിന്‍സാ പുലരി, ആര്‍ സദാനന്ദന്‍ പിള്ള, ദേവസി ചിറമെല്‍, പി എ ദിവാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

janayugom 110313

Wednesday, February 13, 2013

സാഹിത്യ അക്കാദമി ഭരണസമിതി പുനഃസംഘടിപ്പിച്ചു


കേരള സാഹിത്യ അക്കാദമി ഭരണസമിതി പുനഃസംഘടിപ്പിച്ചു. സാംസ്കാരിക മന്ത്രിയെ വിമര്‍ശിച്ചെന്നപേരില്‍ വൈസ് പ്രസിഡന്റ് ബാലചന്ദ്രന്‍ വടക്കേടത്തിനേയും മറ്റും പുറത്താക്കിയതിനെത്തുടര്‍ന്നാണ് പുനഃസംഘടന.

ജോസ് പനച്ചിപ്പുറം, ഡോ. സന്തോഷ് ജെ കെ വി, പി കെ പാറക്കടവ്, ഡോ. ഡി ബഞ്ചമിന്‍, ഡോ. ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍, വിജയലക്ഷ്മി എന്നിവരെയാണ് നിര്‍വാഹകസമിതിയിലേക്ക് തെരഞ്ഞെടുത്തത്. ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ അധ്യക്ഷനായി. പ്രസിഡന്റ് പെരുമ്പടവം, സെക്രട്ടറി ആര്‍ ഗോപാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് അക്ബര്‍ കക്കട്ടില്‍, ട്രഷറര്‍ തൃശൂര്‍ കലക്ടര്‍ പി എം ഫ്രാന്‍സിസ്, സാംസ്കാരികവകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറി സാജന്‍ പീറ്റര്‍ എന്നിവരടങ്ങുന്നതാണ് നിര്‍വാഹകസമിതി. കലക്ടര്‍ പി എം ഫ്രാന്‍സിസ് (ഫിനാന്‍സ്), ഡോ. അജിതന്‍ മേനോത്ത് (പബ്ലിക്കേഷന്‍), കല്‍പ്പറ്റ നാരായണന്‍ (ലൈബ്രറിയും ഗവേഷണവും), കൈനകരി ഷാജി (സാഹിത്യലോകം), ഡോ. ചന്ദ്രമതി (മലയാളം ലിറ്റററി സര്‍വേ), എം ഡി രാജേന്ദ്രന്‍ (വികസനകാര്യം) എന്നിവരെ വിവിധ ഉപസമിതി കണ്‍വീനര്‍മാരായും തെരഞ്ഞെടുത്തു. സാഹിത്യ അക്കാദമിയിലെ ഭരണമുരടിപ്പ് ചൂണ്ടിക്കാട്ടി സാംസ്കാരിക മന്ത്രി കെ സി ജോസഫിനേയും അക്കാദമി പ്രസിഡന്റിനേയും രൂക്ഷമായി വിമര്‍ശിച്ചതിനെത്തുടര്‍ന്നാണ് ബാലചന്ദ്രന്‍ വടക്കേടത്ത്, നിര്‍വാഹക സമിതിയംഗങ്ങളായിരുന്ന കെ രഘുനാഥന്‍, അജയപുരം ജ്യോതിഷ് കുമാര്‍ എന്നിവരെ പുറത്താക്കിയത്.

deshabhimani 

വിനയചന്ദ്രന് യാത്രാമൊഴി

മലയാളത്തിന്റെ കാവ്യവഴികളിലെ ഏകാകിയായ സഞ്ചാരി പ്രൊഫ. ഡി വിനയചന്ദ്രന് യാത്രാമൊഴി. കവിതയെയും പ്രഞ്ചത്തെയും യാത്രകളെയും ഒരുപോലെ പ്രണയിച്ച കവിക്ക് ജന്മനാടായ പടിഞ്ഞാറെ കല്ലട കടപുഴ കൊട്ടാരം വീട്ടുപറമ്പില്‍ അന്ത്യവിശ്രമം. നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും ശിഷ്യരുടെയും സാന്നിധ്യത്തില്‍ സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ചൊവ്വാഴ്ച പകല്‍ 11.40ന് സംസ്ക്കാരം നടന്നു. സഹോദര പുത്രന്‍ നന്ദു ചിതയ്ക്ക് തീകൊളുത്തി. സാഹിത്യ- സാംസ്കാരിക- രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംസ്കാരച്ചടങ്ങില്‍ പങ്കെടുത്തു.

തിരുവനന്തപുരത്തുനിന്ന് തിങ്കളാഴ്ച വൈകിട്ട് ആറിന് കൊണ്ടുവന്ന മൃതദേഹം കൊല്ലം സി കേശവന്‍ സ്മാരക ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനുവച്ചശേഷം രാത്രി ഏഴോടെ കടപുഴ നവോദയ ഗ്രന്ഥശാലയില്‍കൊണ്ടുവന്നു. ചൊവ്വാഴ്ച രാവിലെയും സമൂഹത്തിന്റെ നാനാ തുറകളില്‍പെട്ടവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി കെ രാജഗോപാല്‍, സംസ്ഥാന കമ്മിറ്റി അംഗം പി രാജേന്ദ്രന്‍, മാബിനോയ് വിശ്വം, കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ, ബിജെപി സംസ്ഥാന പ്രസിഡന്റ് ജി മുരളീധരന്‍, കേരള സാഹിത്യ അക്കാദമിക്കുണ്ടേി എക്സിക്യൂട്ടീവ് അംഗം ഡി ബഞ്ചമിന്‍, ഡി വിനയചന്ദ്രന്റെ ആത്മസുഹൃത്ത് കടമ്മനിട്ട രാമകൃഷ്ണന്റെ ഭാര്യ ശാന്ത, കഥാകൃത്ത് സക്കറിയ, കവികളായ ഏഴാച്ചേരി രാമചന്ദ്രന്‍, കുരീപ്പുഴ ശ്രീകുമാര്‍, ചവറ കെ എസ് പിള്ള, ഗിരീഷ് പുലിയൂര്‍, കവയിത്രി എം ആര്‍ ജയീഗത, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. വി എന്‍ മുരളി, കൊല്ലം ജില്ലാ സെക്രട്ടറി പി കെ ഗോപന്‍, തിരുവനന്തപുരം ജില്ലാ സെക്രട്ടറി വിനോദ് വൈശാഖി, ഡിസി ബുക്സിനുവേണ്ടി രവി ഡി സി, കെ ഐ ജോസഫ്, ആര്‍ എസ് അനില്‍, പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന സെക്രട്ടറി അഡ്വ. കെ സോമപ്രസാദ്, ബാബു കുഴിമറ്റം, കൊല്ലം ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ് എല്‍ സജികുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് ബി തൃദീപ്കുമാര്‍, കൊല്ലം ഡിസിസി പ്രസിഡന്റ് അഡ്വ. ജി പ്രതാപവര്‍മ തമ്പാന്‍ തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.

ചന്ദ്രിക മാഞ്ഞു; കണ്ണീരുണങ്ങാതെ കല്ലട

കൊല്ലം: അക്ഷരങ്ങളോടും പ്രകൃതിയോടുമുള്ള പ്രണയത്തിന്റെ സാഗരത്തെ ഹൃദയത്തിലാവാഹിച്ച് ശീതീകരിച്ച കണ്ണാടിക്കൂട്ടിനുള്ളില്‍ പ്രിയ കവി കിടന്നു, മറ്റൊരു കവിതയ്ക്കു മുമ്പുള്ള നിമേഷമായ ധ്യാനത്തിലെന്നപോലെ. വേര്‍പാടിന്റെ വേദന ഉള്ളിലൊതുക്കി പ്രകൃതിയും നിശ്ശബ്ദമായി. കല്ലടയാറും വവ്വാല്‍ക്കാവും ഉപരിക്കുന്നിലെ ഇലഞ്ഞിമരവും അവയെ വാനോളം വാഴ്ത്തിപ്പാടിയ പ്രണയാതുരമായ കവിമനസ്സിന് അന്ത്യാഭിവാദ്യമേകി. മലയാളത്തിന്റെ കാവ്യലോകത്ത് പ്രപഞ്ച വിശുദ്ധിയുടെ പരിമളം പരത്തിയ പ്രൊഫ. ഡി വിനയചന്ദ്രന് ജന്മനാടിന്റെ അന്ത്യാഞ്ജലി. ഗ്രാമീണകവിതയുടെ കുലപതി ഇനി ഓര്‍മ.

ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ കടപുഴയുടെ നാട്ടുവഴികളെല്ലാം നവോദയ ഗ്രന്ഥശാലയിലേക്കായിരുന്നു. കിഴക്കെ കല്ലടയുടെ ഗ്രാമ്യവിശുദ്ധിയെ അക്ഷരങ്ങളിലാവാഹിച്ച പ്രിയപ്പെട്ട വിനയചന്ദ്രന്‍ മാഷിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഗ്രാമം ഒരുമനസ്സോടെ ഒഴുകിയെത്തി. കൊല്ലത്ത് സി കേശവന്‍ സ്മാരക ടൗണ്‍ഹാളിലെ പൊതുദര്‍ശനത്തിനുശേഷം ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് ഭൗതികശരീരം കടപുഴയിലെ നവോദയ ഗ്രന്ഥശാലയില്‍ എത്തിച്ചത്. എഴുത്തിന്റെ വഴിയില്‍ എന്നും പ്രകാശംനല്‍കിയ ഗ്രന്ഥശാലയായിരുന്നു കവിയുടെ നാട്ടിലെ തട്ടകം. ശീതീകരിച്ച കണ്ണാടിക്കൂട്ടില്‍ പ്രിയ കവി നിത്യനിദ്രയിലമര്‍ന്നപ്പോള്‍ ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ രാത്രി മുഴുവന്‍ ഈറനായ കണ്ണുകളോടെ കാവലിരുന്നു. ബുധനാഴ്ച രാവിലെ മുതല്‍ സമൂഹത്തിന്റെ നാനാതുറകളില്‍നിന്നുള്ളവര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. സഹോദരങ്ങളായ വേണുഗോപാലപിള്ള, ദീപാങ്കുരന്‍, നവോദയ പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് 11ന് മൃതദേഹം ചിതയൊരുക്കിയ കൊട്ടാരം വീട്ടുപറമ്പിലേക്കെടുത്തു. അവിടെ താല്‍ക്കാലികമായി കെട്ടിയ പന്തലില്‍ വച്ച മൃതദേഹത്തില്‍ അടുത്ത ബന്ധുക്കള്‍ അന്ത്യകര്‍മങ്ങള്‍ നടത്തി. കുഞ്ഞനുജന്റെ ചേതനയറ്റ മുഖം കാണാനാകാതെ സഹോദരിമാരായ ശ്രീദേവിയമ്മയും ശ്രീകുമാരിയമ്മയും തളര്‍ന്നുവീണു. അലമുറയിട്ട ചെറിയമ്മ രാധമ്മയമ്മയെ ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാതെ ബന്ധുക്കള്‍ നിസ്സഹായരായി. മൃതദേഹം 11.30ന് സമീപത്തൊരുക്കിയ ചിതയിലേക്കെടുത്തപ്പോള്‍ വീണ്ടും രോദനങ്ങളുയര്‍ന്നു. സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതിയായി പൊലീസുകാര്‍ ബ്യൂഗിള്‍ വായിച്ചു. തുടര്‍ന്ന് സഹോദരപുത്രന്‍ നന്ദു ചിതയ്ക്ക് തീകൊളുത്തി. ആശ്രമത്തിന്റെ ഏകാന്തതയുറങ്ങുന്ന സ്വപ്നസുന്ദരമായൊരു വീട് നിര്‍മിച്ച് ശിഷ്ടകാലം കഴിയണമെന്ന് മോഹിച്ച മണ്ണില്‍തന്നെ കവിയും അലിഞ്ഞുചേര്‍ന്നു; മരിക്കാത്ത കവിതകള്‍ ബാക്കിവച്ച്.
(സനല്‍ ഡി പ്രേം)

കല്ലടയില്‍ ഇനി കവിത കേള്‍ക്കാത്ത ഇടവഴികള്‍

കൊല്ലം: തുമ്പയും കാട്ടുകിളികളും കടത്തുവള്ളങ്ങളും കണ്ട് ഉച്ചത്തില്‍ കവിതചൊല്ലി നിലാവിന്റെ വെളിച്ചത്തില്‍ ഇടവഴികളിലൂടെ ഉച്ചത്തില്‍ കവിതചൊല്ലി നടക്കാന്‍ ഇനി വിനയചന്ദ്രന്‍ വരില്ല. നീളന്‍ ജുബ്ബയും നിറമുള്ള തലക്കെട്ടും കറുത്ത കണ്ണടയും ധരിച്ച് ആകാശത്തുനിന്ന് പൊട്ടിവീണപോലെ എത്താറുള്ള പ്രിയ സുഹൃത്ത് ഇനി ഓര്‍മകളില്‍ മാത്രം. കിഴക്കെ കല്ലടയിലെ നാട്ടുവഴികളില്‍ പ്രകൃതിയോടു രമിച്ച് നാടന്‍ പാട്ടുപാടി നാട്ടുവര്‍ത്തമാനവും പറഞ്ഞു നടക്കാറുള്ള മൂവര്‍ സംഘത്തില്‍ ഇനി സൂര്യനാരായണ ഭട്ടതിരിയും പരമേശ്വരന്‍ ആചാരിയും മാത്രം. തനിച്ചാക്കി പോയ ആത്മമിത്രത്തിന്റെ സംസ്കാര ചടങ്ങുകള്‍ക്ക് ആദ്യാവസാനം സാക്ഷിയാകുമ്പോള്‍ ഇരുവര്‍ക്കും കണ്ണീരടക്കാനായില്ല.

പ്രായത്തില്‍ തന്നേക്കാള്‍ വളരെ മുതിര്‍ന്നവരാണെങ്കിലും സൂര്യനാരായണ ഭട്ടതിരിയും പരമേശ്വരന്‍ ആചാരിയും വിനയചന്ദ്രന് വേര്‍പിരിയാനാകാത്ത സുഹൃത്തുക്കളായിരുന്നു. പരമേശ്വരന്‍ ആചാരി കോയിപ്പുറം ഗവണ്‍മെന്റ് എല്‍പി സ്കൂളില്‍ വിനയചന്ദ്രന്റെ അധ്യാപകനായിരുന്നു. നവോദയ ഗ്രന്ഥശാലയുടെ രൂപീകരണത്തിന് മുന്‍കൈയെടുത്തതും മൂവരുംചേര്‍ന്നാണ്. സൂര്യനാരായണന്റെ കുടുംബ വീടായ മൂത്തേടത്ത് മഠത്തിലായിരുന്നു വിനയചന്ദ്രന്റെ കവിതാചര്‍ച്ചകള്‍ക്ക് വേദിയായിരുന്നത്. ആരോഗ്യ വകുപ്പില്‍ പാലക്കാട്ട് എല്‍ഡി ക്ലാര്‍ക്കായി കിട്ടിയ ജോലിയില്‍ പ്രവേശിക്കാന്‍ പോയത് സൂര്യനാരായണനൊപ്പമായിരുന്നു. എന്നാല്‍, കുറച്ചുമാസത്തിനുശേഷം ജോലി ഉപേക്ഷിച്ചു. തുടര്‍ന്നാണ് പട്ടാമ്പി സംസ്കൃത കോളേജില്‍ മലയാളം എംഎയ്ക്ക് ചേര്‍ന്നത്. റെക്കോഡ് മാര്‍ക്കില്‍ ഒന്നാം റാങ്കോടെയാണ് എംഎ പാസായത്. കേരളവര്‍മയില്‍ പ്രൊഫസറായിരുന്ന സൂര്യനാരായണന്റെ ഭാര്യ സരസ്വതിയുടെ അമ്മാവനാണ് പരീക്ഷാ പേപ്പര്‍ നോക്കിയത്. ഇത്ര സമ്പൂര്‍ണമായ ഉത്തരക്കടലാസ് ഔദ്യോഗിക ജീവിതത്തില്‍ കണ്ടിട്ടില്ലെന്നെ് അദ്ദേഹംപറഞ്ഞതും സൂര്യനാരായണ ഭട്ടതിരി ഓര്‍ക്കുന്നു.

മനസ്സുകളെ സഞ്ചാരപഥമാക്കിയ കവി

ശാസ്താംകോട്ട: കവി ഡി വിനയചന്ദ്രന്റെ വേര്‍പാടില്‍ അനുശോചിച്ച് നവോദയ ഗ്രന്ഥശാലയുടെ അങ്കണത്തില്‍ യോഗം ചേര്‍ന്നു. കവി ചവറ കെ എസ് പിള്ള അധ്യക്ഷനായി. ഓട്ടേറെ രചനകളിലൂടെ മനുഷ്യമനസ്സില്‍ സഞ്ചാരം നടത്തിയ കവിയായിരുന്നു ഡി വിനയചന്ദ്രനെന്ന് ബിനോയ്വിശ്വം എംഎല്‍എ പറഞ്ഞു. വിയോജിപ്പുള്ളപ്പോഴും കവിതയുടെ കാര്യത്തില്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നതായി ഏഴാച്ചേരി രാമചന്ദ്രന്‍ അനുസ്മരിച്ചു. പി കുഞ്ഞിരാമന്‍നായര്‍ക്കുശേഷം കവിതയ്ക്കായി ജീവിതം സമര്‍പ്പിച്ച മറ്റൊരു കവിയില്ലെന്ന് ഏഴാച്ചേരി പറഞ്ഞു. നിഷ്കളങ്കത മുഖമുദ്രയാക്കിയ കവിയായിരുന്നു വിനയചന്ദ്രനെന്ന് എഴുത്തുകാരന്‍ സക്കറിയ സ്മരിച്ചു. കലാപകാരിയായ കവികളുടെ തലമുറയ്ക്ക് തുടക്കംകുറിച്ചതും അദ്ദേഹത്തിന്റെ കാലത്താണെന്നും സക്കറിയ ചൂണ്ടിക്കാട്ടി.

വേര്‍പാടിന്റെ വേദനയാണ് തനിക്കിപ്പോഴെന്ന് കവി കുരീപ്പുഴ പറഞ്ഞു. വിനയചന്ദ്രന്റെ കവിത ഒരു പ്രത്യേക കാലഘട്ടത്തെ അടയാളപ്പെടുത്തുന്നതായി- അദ്ദേഹം പറഞ്ഞു. കല്ലടക്കാരുടെ എംഎല്‍എ എന്നാണ് വിനയചന്ദ്രന്‍ തന്നെ വിശേഷിപ്പിച്ചിരുന്നതെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ പറഞ്ഞു. പ്രൊഫ. ഡി വിനയചന്ദ്രന്‍ വേറിട്ട ശൈലി കവിതയില്‍ തുടക്കംകുറിച്ചെന്ന് പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന ജനറല്‍സെക്രട്ടറി വി എന്‍ മുരളി പറഞ്ഞു. ഗ്രാമീണരുമായി ഏറ്റവുമധികം സംവദിച്ച കവിയായിരുന്നു വിനയചന്ദ്രനെന്ന് സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ പറഞ്ഞു. മണ്ണിനേയും പുഴയേയും പ്രകൃതിയേയും അദ്ദേഹം സ്നേഹിച്ചെന്നും അദ്ദേഹം പറഞ്ഞു. ബാബു കുഴിമറ്റം, പി കെ ഗോപന്‍, ഇന്ദ്രബാബു, ഡോ. സി ഉണ്ണിക്കൃഷ്ണന്‍, ഗിരീഷ് പുലിയൂര്‍ എന്നിവര്‍ സംസാരിച്ചു.

deshabhimani 130213

Saturday, February 2, 2013

സാഹിത്യ അക്കാദമിയില്‍ വിവാദമൊഴിയുന്നില്ല 'കോണ്‍ഗ്രസ് സാഹിത്യകാരന്മാര്‍' സര്‍ക്കാരിനെതിരെ


തൃശൂര്‍: പ്രമുഖരെയും കോണ്‍ഗ്രസ് ആഭിമുഖ്യമുള്ളവരെയും പരിഗണിക്കാതെ പുതിയ ജനറല്‍ കൗണ്‍സില്‍ രൂപീകരിച്ച് സാഹിത്യ അക്കാദമി പുതിയ വിവാദത്തിന് വഴിമരുന്നിട്ടു. ഡോ.റോസി തമ്പി, പ്രഫ.കല്‍പ്പറ്റ നാരായണന്‍, കൈനികര ഷാജി, അയ്മനം ജോണ്‍, ബേബി തോമസ്, രാജരാജേശ്വരി, പാലോട് വാസുദേവന്‍, ആര്‍ ലോപ, ജോര്‍ജ്ജ് ജോസഫ്, ചന്ദ്രമതി എന്നിവരാണ് പുതിയ അംഗങ്ങള്‍.

കഴിഞ്ഞ കമ്മിറ്റിയില്‍ പ്രസിഡന്റിനോടും സെക്രട്ടറിയോടും വിയോജിപ്പ് രേഖപ്പെടുത്തിയവരെയും ബാലചന്ദ്രന്‍ വടക്കേടത്തിനെ പിന്തുണച്ചവരെയും പൂര്‍ണ്ണമായും തഴഞ്ഞാണ് പുതിയ ജനറല്‍ കൗണ്‍സില്‍ സംഘടിപ്പിച്ചിരിക്കുന്നത്. നിലവിലുണ്ടായിരുന്ന ജോസ് പനച്ചിപ്പുറം, പി കെ പാറക്കടവ്, ജെ കെ വി സന്തോഷ് എന്നിവരെ നിലനിറുത്തുകയും ചെയ്തു. സാഹിത്യ അക്കാദമിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത്  ആഘോഷപൂര്‍വ്വം സംഘടിപ്പിച്ച വിശ്വമലയാള മഹോല്‍സവത്തെ ഇകഴ്ത്തിക്കാണിച്ചുവെന്നും അക്കാദമിയെ അപകീര്‍ത്തിപ്പെടുത്തിയെന്നുമുള്ള ആരോപണത്തെ തുടര്‍ന്ന് അക്കാദമി വൈസ് ചെയര്‍മാനായിരുന്ന ബാലചന്ദ്രന്‍ വടക്കേടത്ത്, ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായിരുന്ന കെ രഘുനാഥ്, സുദര്‍ശന്‍ കാര്‍ത്തികപ്പറമ്പില്‍, അജയപുരം ജ്യോതിഷ്‌കുമാര്‍, ഗിരിജ സേതുനാഥ്, ഡോ.പ്രമീള ദേവി എന്നിവരെ പുറത്താക്കിയിരുന്നു.

അക്ബര്‍ കക്കട്ടിലിനെ വൈസ് ചെയര്‍മാനായും ജോസ് പനച്ചിപ്പുറം, പ്രഫ.ഡി ബെഞ്ചമിന്‍, ഡോ.ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍, ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി, പ്രഫ.ജെ കെ വി സന്തോഷ്, ഇബ്രാഹിം ബേവിഞ്ച, എം ഡി രാജേന്ദ്രന്‍, വിജയലക്ഷ്മി, പി കെ പാറക്കടവ്, ജോണ്‍ സാമുവല്‍, അജിതന്‍ മേനോത്ത്, ഫാ. വി പി ജോസഫ്, ജെന്നിങ്‌സ് ജേക്കബ്, വാണിദാസ് എളയാവൂര്‍, മീനമ്പലം സന്തോഷ്, ഇന്ദുമേനോന്‍, ആര്‍ കെ രമേഷ് എന്നിവരെ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തിരുന്നു. ഇന്നലെ ചേര്‍ന്ന യോഗത്തില്‍ റോസി തമ്പി, കല്‍പ്പറ്റ നാരായണന്‍ എന്നിവരടങ്ങുന്ന സംഘത്തിന്റെ ലിസ്റ്റ് സെക്രട്ടറി അവതരിപ്പിക്കുകയായിരുന്നു.

ചര്‍ച്ചകള്‍ കൂടാതെ ലിസ്റ്റിന് അംഗീകാരം നല്‍കി 20 മിനുട്ടുകള്‍ കൊണ്ട് ജനറല്‍ കൗണ്‍സില്‍ രൂപീകരണം അവസാനിപ്പിച്ചു. പ്രമുഖരെ തഴഞ്ഞ ജനറല്‍ കൗണ്‍സിലില്‍ കോണ്‍ഗ്രസ് ആഭിമുഖ്യമുള്ളതായി കൈനികര ഷാജി മാത്രമാണ് ഉള്ളത്. സി പി എം വിരുദ്ധരാണെന്ന മേല്‍വിലാസമാണ് ഇവര്‍ക്ക് കൂട്ടിനെങ്കിലും തീവ്ര ഇടതുപക്ഷക്കാരാണെന്ന ആക്ഷേപവും ഇവര്‍ക്കെതിരെ സാംസ്‌കാരിക രംഗത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു കഴിഞ്ഞു. ഇന്നലെ അംഗീകാരം നല്‍കിയ ജനറല്‍ കൗണ്‍സില്‍ അംഗങ്ങളുടെ യോഗം അടുത്ത ആഴ്ച ആദ്യം ചേരും. ഇതില്‍ നിന്നാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുക. ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍, സെക്രട്ടറി ആര്‍ ഗോപാലകൃഷ്ണന്‍, വൈസ് ചെയര്‍മാന്‍ അക്ബര്‍ കക്കട്ടില്‍ എന്നിവര്‍ പങ്കെടുത്തു.

janayugom 020213