Wednesday, August 31, 2011

സുപ്രീംകോടതിയെ അപഹസിക്കുന്ന സംസ്ഥാന മുഖ്യമന്ത്രി

ജനാധിപത്യവ്യവസ്ഥയില്‍ ജുഡീഷ്യറിയും എക്സിക്യൂട്ടീവുമാണ് സാമൂഹ്യനീതി ഉറപ്പുവരുത്തേണ്ടത്. സാമൂഹികമായ പൊതുനീതിബോധത്തിന്റെ അടിസ്ഥാനത്തില്‍ , രാഷ്ട്രീയമായി രൂപപ്പെട്ട ഭരണഘടനയ്ക്കും അതിനെ അടിസ്ഥാനമാക്കി അംഗീകരിക്കപ്പെടുന്ന നിയമങ്ങള്‍ക്കുമനുസരിച്ചായിരിക്കണം നീതിനിര്‍വ്വഹണം. ജുഡീഷ്യറിയുടെയും എക്സിക്യൂട്ടീവിന്റെയും ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ കളങ്കരഹിതമായി സ്വധര്‍മ്മം അനുഷ്ഠിക്കണം. നിയമവിരുദ്ധവും നീതിരഹിതവുമായ യാതൊന്നും സാമൂഹ്യപ്രക്രിയയില്‍ സംഭവിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് അവരുടെ ചുമതലയാണ്. അതില്‍ നിന്നൊഴിഞ്ഞുമാറുന്നവര്‍ ആരായാലും തെറ്റുകാരാണ്. നീതിയുടെ സുഗമസഞ്ചാരത്തിന് നിയമത്തിന്റെ നേര്‍വഴിയൊരുക്കേണ്ടവര്‍ ഗൂഢാലോചനയുടെ ഊടുവഴികള്‍ പരതുമ്പോള്‍ ,അനീതിയും അന്യായവും സമൂഹത്തില്‍ തേര്‍വാഴ്ച നടത്തും. കേരളത്തില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് അതാണ്. അഴിമതിക്കേസില്‍ സുപ്രീംകോടതി വിധിയനുസരിച്ച് ജയില്‍വാസം അനുഭവിക്കേണ്ടി വന്ന മുന്‍സംസ്ഥാന വൈദ്യൂതിമന്ത്രി ആര്‍ . ബാലകൃഷ്ണപിള്ളയുടെ കാര്യത്തില്‍ , കേരളാഗവണ്‍മെന്റും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കൈക്കൊള്ളുന്ന നടപടികള്‍ നീതിപൂര്‍വ്വകമല്ല. ജയിലില്‍ കഴിയുന്നതില്‍ നിന്നും അദ്ദേഹത്തെ രക്ഷിക്കാന്‍ മുഖ്യമന്ത്രി നടത്തിയ ഇടപെടല്‍ ലജ്ജാകരമാണ്.

ഉമ്മന്‍ചാണ്ടിയെന്ന വ്യക്തി ബാലകൃഷ്ണപിള്ളയുടെ കാര്യത്തില്‍ കാട്ടുന്ന അമിതമായ താല്പര്യം, കേരളത്തിന്റെ മുഖ്യമന്ത്രിയ്ക്ക് ഉചിതവും ഭൂഷണവുമല്ല. നിയമത്തിന്റെ മുമ്പില്‍ എല്ലാവരും സമന്മാരാണെന്നതാണ് ജനാധിപത്യത്തിന്റെ കാതല്‍ . മുഖ്യമന്ത്രിയെന്ന നിലയില്‍ ഈ പരമമായ തത്വം ഉയര്‍ത്തിപ്പിടിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞിട്ടില്ല. ആളെക്കൂട്ടിയും ആരവമുയര്‍ത്തിയും ആഴമില്ലാത്ത ജനകീയത സൃഷ്ടിക്കാനെളുപ്പമാണ്. എന്നാല്‍ നിയമപരവും നീതിപൂര്‍വ്വകവുമായ ഭരണനിര്‍വ്വഹണത്തിലൂടെ മാത്രമേ, ജനാധിപത്യത്തിന് അഗാധസാന്ദ്രത നല്‍കാനാകുകയുള്ളൂ. അധികാരത്തിലിരുന്നപ്പോള്‍ അഴിമതി നടത്തിയതിന്റെ പേരിലാണ് ബാലകൃഷ്ണപിള്ളയെ കോടതി ശിക്ഷിച്ചത്. കീഴ്ക്കോടതികളില്‍ അനേകവര്‍ഷമായി നടന്നുവന്ന കുറ്റവിചാരണയുടെ പര്യവസാനത്തിലാണ് തടവുശിക്ഷ വിധിച്ചു കൊണ്ട് സുപ്രീംകോടതി കേസ് അന്തിമമായി തീര്‍പ്പാക്കിയത്. ബാലകൃഷ്ണപിള്ളയുള്‍പ്പെടെ ബന്ധപ്പെട്ടവരെല്ലാം ഈ വിധി സ്വീകരിക്കാന്‍ ബാധ്യസ്ഥരാണ്, വ്യക്തിപരമായി ഏറെ അസ്വാസ്ഥ്യജനകമാണെങ്കിലും. എന്നാല്‍ , സ്വയമിഷ്ടപ്പെട്ടാലുമില്ലെങ്കിലും, സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ഭരണഘടനാപരമായ ബാധ്യത മുഖ്യമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ചാണ്ടിക്കാണ്. നിയമപരവും ധാര്‍മ്മികവുമാണ് ഈ ബാധ്യത. അത് നിറവേറ്റാന്‍ അദ്ദേഹം പ്രതിജ്ഞാബദ്ധനുമാണ്. എന്നാല്‍ , പിള്ളയുടെ കാര്യത്തില്‍ , സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ അമാന്തം വരുത്താനും വിധിയുടെ അന്തഃസത്ത ചോര്‍ത്തി ശിക്ഷനടപ്പാക്കല്‍ വെറും പ്രഹസനമാക്കാനും ഉമ്മന്‍ചാണ്ടി ശ്രമിച്ചു. ഇന്ത്യന്‍ ഭരണഘടനയേയും മുഖ്യമന്ത്രിയായപ്പോള്‍ ഈശ്വരനാമത്തില്‍ ചെയ്ത സത്യപ്രതിജ്ഞയേയും പരസ്യമായി അദ്ദേഹം ലംഘിച്ചു.

ബാലകൃഷ്ണപിള്ള ശിക്ഷിയ്ക്കപ്പെട്ടപ്പോള്‍ , രോഷം മൂത്ത് സുപ്രീംകോടതി വിധിയ്ക്കെതിരെ അട്ടഹസിച്ച എം.പിമാരും ജനപ്രതിനിധികളുമുണ്ടായിരുന്നു. അവരുടെ അവഹേളനത്തിന്റെ തുടര്‍ച്ചയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനത്തിലും പ്രതിഫലിച്ചത്. ഇവരുടെയെല്ലാം പൊതുസമീപനം, ഇടമലയാര്‍ കേസ് വ്യക്തിവിരോധം തീര്‍ക്കാന്‍ വി.എസ്. അച്യുതാനന്ദന്‍ ഉണ്ടാക്കിയതാണെന്നാണ്. വെറുതെ, ശുദ്ധഗതിയോടെ, വഴിയോരത്ത് ഇളവെയില്‍ കൊണ്ടും കിനാവുകണ്ടുമിരുന്ന ബാലകൃഷ്ണപിള്ള ശിക്ഷിക്കപ്പെട്ടെന്നാണ് അവരുടെ ഭാവം. അച്യുതാനന്ദന്റെ ആഗ്രഹത്തിനനുസരിച്ച് വിധി പ്രസ്താവിക്കാനിരിക്കുന്ന ഏജന്‍സിയാണ് സുപ്രീംകോടതിയെന്ന പോലെ നിസ്സാരവത്കരിച്ചാണ് അവര്‍ വര്‍ത്തമാനം പറയുന്നത്. ആരുടെയെങ്കിലും ആത്മനിഷ്ഠമായ ആഗ്രഹത്തിന്റെ അടിസ്ഥാനത്തിലല്ല, വസ്തുനിഷ്ഠമായ തെളിവുകളുടെയും സുപ്രതിഷ്ഠിതമായ നിയമതത്വങ്ങളുടെയും അടിസ്ഥാനത്തിലാണ് ബാലകൃഷ്ണപിള്ള ശിക്ഷിക്കപ്പെട്ടിട്ടുള്ളത്.വസ്തുതയിതായിരിക്കെ, മുഖ്യമന്ത്രിയെന്ന നിലയില്‍ സത്യസന്ധമായി വിധി നടപ്പാക്കുകയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ കടമ. ഭീതിയോ, പ്രീതിയോ, ദ്വേഷമോ വിധി നടത്തിപ്പില്‍ ഭരണാധികാരിയായ അദ്ദേഹത്തെ സ്വാധീനിക്കാന്‍ പാടില്ലായിരുന്നു. എന്നാല്‍ , ഭീതിയും പ്രീതിയും ബാലകൃഷ്ണപിള്ളയുടെ കാര്യത്തില്‍ മുഖ്യമന്ത്രിയെ ബാധിച്ചു. ആവര്‍ത്തിച്ചാവര്‍ത്തിച്ച് അതിവേഗം സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കി ബാലകൃഷ്ണപിള്ളയ്ക്ക് അദ്ദേഹം പരോള്‍ അനുവദിച്ചു. ഏറ്റവുമൊടുവില്‍ തിരുവനന്തപുരം നഗരത്തിലെ പഞ്ചനക്ഷത്ര സ്വകാര്യ ആശുപത്രിയില്‍ ചികിത്സാ സൗകര്യവും ഏര്‍പ്പെടുത്തിക്കൊടുത്തു. നഗ്നമായ സ്വരാഷ്ട്രീയ പക്ഷപാതമാണ് ഇത്. സുപ്രീംകോടതിയുടെ വിധിയനുസരിച്ചുള്ള ശിക്ഷ അനുഭവിക്കുന്നതില്‍ നിന്നും തടവുപുള്ളിയെ രക്ഷപ്പെടുത്തുന്നതിന് മതിയായ എല്ലാ ഔദ്യോഗിക - സാങ്കേതിക സഹായങ്ങളും മുഖ്യമന്ത്രി ചെയ്തു കൊടുത്തു. പരോളില്‍ കഴിയുന്ന ബാലകൃഷ്ണപിള്ളയുടെ വീട്ടില്‍പോയി ആതിഥ്യം സ്വീകരിക്കാനും അദ്ദേഹവുമായി സ്വകാര്യസംഭാഷണം നടത്താനും കേരളത്തിന്റെ സംസ്ഥാനമുഖ്യമന്ത്രി തയ്യാറായത് വിധിയോടുള്ള അവഹേളനമാണ്.

ആര്‍ .ബാലകൃഷ്ണപിള്ള എന്ന വ്യക്തിയെ, ഉമ്മന്‍ചാണ്ടിയെന്ന വ്യക്തി കാണുകയോ സംസാരിക്കുകയോ ചെയ്യുന്നത് പൗരസമൂഹത്തിന് ഒരിക്കലും പ്രശ്നമാകേണ്ട കാര്യമല്ല. എന്നാല്‍ ഇന്ത്യയിലെ പരമോന്നത നീതിപീഠം ശിക്ഷിച്ച ഒരു പ്രതിയെ കേരള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി നേരിട്ടുസന്ദര്‍ശിച്ച് വിധി സംബന്ധിച്ച സ്വകാര്യ സംഭാഷണത്തിലേര്‍പ്പെടുകയും അതിനനുസരിച്ച് ശിക്ഷയെ മറികടക്കുന്നതിനുളള നടപടികള്‍ "സൂപ്പര്‍ഫാസ്റ്റാ"യി പൂര്‍ത്തിയാക്കുകയും ചെയ്യുന്നത് തീര്‍ച്ചയായും പൊതുസമൂഹത്തിന്റെ നീതിബോധത്തിന് നിരക്കുന്നതല്ല. ഭരണഘടനാ പരമായി അരുതാത്തത് മുഖ്യമന്ത്രി ചെയ്തിരിക്കുന്നുവെന്നത് ഇന്നേവര്‍ക്കും അറിയാം. ശിക്ഷിതനായ ബാലകൃഷ്ണപിള്ളയെന്ന പ്രതിയെ കാലാവധിയോളം ജയിലില്‍ സൂക്ഷിക്കാന്‍ ബാധ്യസ്ഥനായ കാവല്‍ക്കാരനാണ് മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി. ഒരു ജുഡീഷ്യല്‍ പ്രോസസിലൂടെ (നിയമപരമായ പ്രക്രിയയിലൂടെ)യാണ് കുറ്റവാളിയുടെയും കാവല്‍ക്കാരന്റെയും റോളുകളില്‍ ഇവരിരുവരും എത്തിപ്പെട്ടത്. മറ്റൊരു നിയമപ്രക്രിയയിലൂടെ മാത്രമേ, ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാന്‍ പാടുള്ളൂ. അതു സംഭവിക്കാത്തിടത്തോളം, എക്സിക്യൂട്ടീവിന്റെ തലവനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിയായ ബാലകൃഷ്ണപിള്ളയുടെ വീട്ടില്‍ ചെല്ലാനോ, സത്ക്കാരം സ്വീകരിക്കാനോ പാടുള്ളതല്ല. നിയമപരമായി ഭരണാധികാരികള്‍ അനുവര്‍ത്തിക്കേണ്ട മര്യാദയും സദാചാരവും ഉമ്മന്‍ചാണ്ടി ലംഘിച്ചു. മാത്രമല്ല, സുപ്രിംകോടതിവിധി മറികടക്കാനുള്ള ഗൂഢാലോചന അദ്ദേഹം നടത്തുകയും ചെയ്തു. മാധ്യമവാര്‍ത്തകള്‍ മാത്രമല്ല, സ്വകാര്യ ആശുപത്രിയുടെ സുഖസൗകര്യത്തിലേക്ക് ബാലകൃഷ്ണപിള്ളയെ പരോള്‍ കഴിഞ്ഞയുടനെ തന്നെ മാറ്റിയതും, ഈ സംശയം വര്‍ദ്ധിപ്പിക്കുന്നു. ബാലകൃഷ്ണപിള്ളയ്ക്ക് നിയമരഹിതമായി ആനുകൂല്യങ്ങള്‍ നല്‍കിയതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ , "മനുഷ്യത്വം" എന്ന മറ ഉപയോഗിച്ചാണ് ഉമ്മന്‍ചാണ്ടി സ്വയം പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്. കേവലമായ മനുഷ്യത്വം എന്നൊന്നില്ലെന്നും അത് ആപേക്ഷികമാണെന്നും ഉമ്മന്‍ചാണ്ടി മറന്നുപോയെന്ന് തോന്നുന്നു. പിള്ളയേക്കാള്‍ പ്രായവും പിള്ളയ്ക്കുള്ളതിനേക്കാള്‍ രോഗങ്ങളുമുള്ള മറ്റു തടവു പുള്ളികളില്ലേ ?

അവര്‍ക്കാര്‍ക്കും ലഭിക്കാത്ത മനുഷ്യത്വപരമായ പെരുമാറ്റത്തിന് ബാലകൃഷ്ണപിള്ള മാത്രം എങ്ങനെ അര്‍ഹനാകും ? ഇന്ത്യന്‍ സുപ്രീകോടതിയ്ക്കില്ലാത്ത മനുഷ്യത്വബോധം നിയമപരമായ ഒരു വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിക്കെങ്ങിനെ അവകാശപ്പെടാനും പ്രയോഗിക്കാനുമാകും ? സാമ്പത്തികശക്തിയും രാഷ്ട്രീയസ്വാധീനവും പിള്ളയ്ക്ക് ഉള്ളതുകൊണ്ടല്ലേ പ്രത്യേക ആനുകൂല്യം അദ്ദേഹത്തിന് നല്‍കിയത്? നിയമത്തിന്റെ മുമ്പില്‍ എല്ലാവരും സമന്മാരാണെന്നത് കോടതി മുറിക്കുള്ളില്‍ മാത്രം ദീക്ഷിക്കേണ്ടതല്ല; ന്യായാധിപന്മാര്‍ മാത്രം അനുവര്‍ത്തിക്കേണ്ടതുമല്ല, അത്. ഭരണനിര്‍വ്വഹണത്തിന്റെ എല്ലാ ഏജന്‍സികളും ജനാധിപത്യവ്യവസ്ഥയില്‍ സമത്വബോധത്തോടെയും നീതിപൂര്‍വ്വകമായും കര്‍ത്തവ്യ നിര്‍വഹണം നടത്താന്‍ ബാധ്യസ്ഥരാണ്. അതുചെയ്യാതെ, പൊതുജനങ്ങള്‍ നല്‍കിയ അവസരമുപയോഗിച്ച് അധികാരത്തിലിരുന്നപ്പോള്‍ അഴിമതി നടത്തിയതിന് സുപ്രീംകോടതി ശിക്ഷിച്ച വ്യക്തിയോട് കാണിക്കുന്ന പക്ഷപാതത്തിന് മനുഷ്യത്വമെന്ന പേരിടുന്നത് നിന്ദനീയമാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മുഖശ്രീയായ ഭരണഘടനയേയും നിയമസംവിധാനത്തേയും നോക്കി ഉമ്മന്‍ചാണ്ടിയെന്ന സംസ്ഥാന മുഖ്യമന്ത്രി കൊഞ്ഞനം കുത്തുകയാണ് ചെയ്യുന്നത്.

ഡോ. കെ.പി. കൃഷ്ണന്‍കുട്ടി ചിന്ത വാരിക

നിയമനം: റെയില്‍വേ അനാസ്ഥ കാട്ടുന്നു

പുതിയ നിയമനങ്ങള്‍ നടത്തുന്നതില്‍ റെയില്‍വേ കടുത്ത അനാസ്ഥ കാണിക്കുന്നതായി പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ട്. പതിനായിരക്കണക്കിന് ഒഴിവുള്ളപ്പോഴും സമയബന്ധിതമായി നിയമനം നടത്തുന്നില്ല. ആശ്രിതനിയമനവും കൃത്യമായി ഉണ്ടാകുന്നില്ല. കായികതാരങ്ങളുടെ വിഭാഗത്തില്‍നിന്നുള്ള നിയമനം നടക്കാത്തതിനാല്‍ അനവധി പേരുടെ അവസരം നഷ്ടപ്പെടുത്തി-ടി ആര്‍ ബാലു ചെയര്‍മാനായ സമിതി പാര്‍ലമെന്റില്‍വച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു. റെയില്‍വേ നിയമനരീതി അടിമുടി പരിഷ്കരിക്കണമെന്ന് സമിതി നിര്‍ദേശിച്ചിട്ടുണ്ട്. ഈ വര്‍ഷം ഏപ്രിലില്‍ ഗ്രൂപ്പ്സി, ഡി തസ്തികകളില്‍ ഉണ്ടായ 1,66,100 ഒഴിവുകള്‍ നികത്താന്‍ റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് കാട്ടുന്ന അനാസ്ഥയില്‍ സമിതി അത്ഭുതം രേഖപ്പെടുത്തി.

ഇതില്‍ 85,663 തസ്തികകളും ഡി ഗ്രൂപ്പില്‍ വരുന്നതാണ്. ഈ തസ്തികകളിലേക്കുള്ള നിയമനം എന്ന് പൂര്‍ത്തിയാക്കണമെന്നു പോലും റെയില്‍വേ തീരുമാനിച്ചിട്ടില്ല. ഒഴിവുകളും താല്‍ക്കാലിക നിയമനവും വര്‍ധിപ്പിക്കുന്നത് ആശങ്കാജനകമാണ്. വിരമിച്ചവരെ ഉള്‍പ്പെടെ ലോക്കോമോട്ടീവ്, സുരക്ഷാമേഖലയിലും മറ്റും നിയമിക്കുന്നത് അപകടകരമാണ്. നിയമനം നടത്തിയശേഷം 18 മാസം പരിശീലനമാണെന്നും അതിനാല്‍ താല്‍ക്കാലിക ജീവനക്കാരെ വേണ്ടിവരുമെന്നാണ് റെയില്‍വേയുടെ വിശദീകരണം. എന്നാല്‍ , ഒഴിവുകള്‍ വരുന്ന മുറയ്ക്ക് നിയമനം നടത്തിയാല്‍ ഈ ബുദ്ധിമുട്ട് ഒഴിവാക്കാം.

പട്ടികജാതി-വര്‍ഗ, ഒബിസി നിയമനങ്ങളും തൃപ്തികരമല്ല. 2010 ഏപ്രില്‍ ഒന്നിലെ കണക്കനുസരിച്ച് പട്ടികജാതിയില്‍ 8304ഉം, പട്ടികവര്‍ഗത്തില്‍ 10939ഉം ഒബിസിയില്‍ 5336ഉം ഒഴിവുണ്ട്. 2012 മാര്‍ച്ചിനുള്ളില്‍ ഈ ഒഴിവുകള്‍ നികത്തണമെന്ന് ഇപ്പോള്‍ സര്‍ക്കാര്‍തന്നെ നിര്‍ദേശം കൊടുത്തിരിക്കുകയാണ്. ആശ്രിതനിയമനത്തെക്കുറിച്ച് മതിയായ വിവരം ബന്ധപ്പെട്ടവര്‍ക്ക് നല്‍കാതെ റെയില്‍വേ പെരുമാറുന്നത് ക്രൂരമാണെന്ന് കമ്മിറ്റി വിലയിരുത്തി. റെയില്‍വേ വികസനത്തിനായി ഭൂമി ഏറ്റെടുത്ത വകയില്‍ ചിലയിടങ്ങളില്‍ സര്‍ക്കാര്‍ ജോലിവാഗ്ദാനം നല്‍കിയിരുന്നു. 2010 നവംബറിലെടുത്ത ഈ തീരുമാനത്തിന്റെ ഭാഗമായുള്ള തൊഴിലുകള്‍ ഇന്നും കൊടുത്തിട്ടില്ല. നിയമനങ്ങള്‍ സംബന്ധിച്ച പരാതികള്‍ കേള്‍ക്കാനും പരിഹരിക്കാനും സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും തൃപ്തികരമായി പ്രവര്‍ത്തിക്കുന്നില്ല. ലക്ഷക്കണക്കിനു പരാതികള്‍ ഉണ്ടെന്നിരിക്കെ കഴിഞ്ഞ അഞ്ചുവര്‍ഷത്തിതിടെ റെയില്‍വേയില്‍ രേഖപ്പെടുത്തിയത് 107 എണ്ണം മാത്രമാണ്. പരാതികള്‍ സ്വീകരിക്കാനും അവ പരിഹരിക്കാനുള്ള പഴഞ്ചന്‍ സംവിധാനം അടിയന്തരമായി മാറ്റണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

സ്പോര്‍ട്സ് ക്വോട്ടയിലുള്ള നിയമനം നടത്താത്തതിനെ സമിതി നിശിതമായി വിമര്‍ശിച്ചു. 2007 മുതല്‍ 2010 വരെയുള്ള മൂന്നുവര്‍ഷങ്ങളിലായി 3543 ഒഴിവാണ് സ്പോര്‍ട്സ് ക്വോട്ടയില്‍ വന്നത്. എന്നാല്‍ , റെയില്‍വേ നിയമിച്ചത് 1328 പേരെമാത്രം. നിയമനരീതി പരിഷ്കരിക്കുന്നതിന് ഇപ്പോള്‍ സര്‍ക്കാരിന്റെ പക്കലുള്ള നിര്‍ദേശങ്ങള്‍ നടപ്പാക്കണം.

deshabhimani 310811

വിക്കിലീക്സും ക്യൂബ മുകുന്ദന്മാരും

വിക്കിലീക്സില്‍ പുറത്തു വിട്ട കേബിളിന്റെ തലവാചകങ്ങളും പുട്ടിനു പീരകണക്ക് കേബിളയച്ച ഉദ്യോഗസ്ഥന്‍ ഇടുന്ന കമന്ററികളും കിടിലം തന്നെ. SUBJECT: WHAT WOULD LENIN DO? KERALA CPM SAYS "SEEK OUT FDI" എന്നാണ്‌ ശീര്‍ഷകം ! മനോരമ വായിക്കുന്ന ഏതോ കോട്ടയം കോണ്‍സുലേറ്റുകാരനാണോ ഹിലരിമാമിക്ക് കേബിളടിച്ചതെന്ന് തോന്നിക്കുന്ന കമന്ററിയും : In a major shift, senior leaders from the state's ruling Communist Party of India (Marxist) (CPM) pleaded for assistance in attracting U.S. private sector investment in Kerala.

സമ്മറിയില്‍ പറഞ്ഞ ഈ "പ്ലീഡിംഗ് ", സ്വല്പം അങ്ങോട്ട് ചെല്ലുമ്പോള്‍ പാര്‍ട്ടിസെക്രട്ടറി "നിലത്തുവീണുരുണ്ട് ഇരക്കുകയായിരുന്നു" എന്ന ലൈന്‍ വരെ എത്തുന്ന മട്ടിലാണ്‌ കേബിളുകാരന്റെ വീശ് :

CPM State Secretary Pinarayi Vijayan opened the meeting, which was held in his office underneath framed pictures of Stalin and Lenin, by telling Political Counselor that "we need your assistance" in drawing U.S. investment to the state.

ഏതോ ഒരു മാധ്യമപ്രവര്‍ത്തകന്‍ കോണ്‍സുലേറ്റുദ്യോഗക്കാരനു ഫ്രീയായി കണ്‍സള്‍ട്ടേഷനും കൊടുത്തിരിക്കണത്രെ :

Sources outside of the CPM confirmed the shift in the Kerala CPM's mindset towards private sector investment. A journalist said "change in the Kerala CPM is happening, but Baby and Isaac have to make the changes through the backdoor; otherwise they will be called 'neoliberals' or 'Gorbachev-ists' by the hardliners."

മാരകം തന്നെ ! ഈ ഉപദേശിക്ക് പടി മംഗളത്തില്‍ നിന്നാണെന്ന് കേട്ടാലും വലിയ ഞെട്ടലൊന്നും വരൂല്ല പൊളിറ്റിക്കല്‍ കൗണസലര്‍/കോണ്‍സുലേറ്റ് ചേട്ടാ ;)

ഏത് ദീപികക്കാരനും നാണിച്ചുപോകുന്ന വാചകങ്ങളാണ്‌ സമ്മറി കമന്റായി കേബിള്‍സായിപ്പ് വച്ച് താങ്ങിയിരിക്കുന്നത് :

The openness with which Vijayan, Isaac, and Baby expressed their desire for U.S. investment to American diplomats was startling and demonstrated confidence that their reformist faction has the upper hand over the more dogmatic wing of the Kerala CPM led by Chief Minister Achuthanandan.

പക്ഷേ അണ്ടിയോടടുത്തപ്പം മാങ്ങേട പുളിപ്പ് അറിഞ്ഞ കാര്യം സമ്മറീം വെടിക്കെട്ടുമൊക്കെ കഴിഞ്ഞാണ് കേബിളുകാരന്‍ പുറത്ത് വിടുന്നത് :

തലക്കെട്ട്, Welcoming private investment,with some caveats എന്ന് വച്ചാ സ്വകാര്യനിക്ഷേപം സ്വാഗതം ചെയ്യുന്നു, ചില ഉപാധികളോടെ എന്ന്. ഇതുതന്നെയാണ്‌ പാര്‍ട്ടീട നിലപാട് എന്ന് കാലം കുറേയായി പാര്‍ട്ടിയും പറയുന്നു. ഇരുട്ടത്ത് അച്ഛന്‍ വന്ന് തോളില്‍ തട്ടുമ്പോള്‍ "ഞാന്‍ വിചാരിച്ചു വല്ല കുത്തക മുതലാളിമാരുമായിരിക്കുമെന്ന്" എന്ന് ഞെട്ടുന്ന കോട്ടപ്പള്ളികളുടെ സന്ദേശനിസം പുളിച്ചുതികട്ടുന്നവര്‍ക്ക് ഇത്രവരെയൊന്നും വായിച്ചെത്തണ്ട വിക്കിലീക്സ് ലീക്കിയത് എന്താണെന്ന് പ്രഖ്യാപിക്കാന്‍.

Vijayan and Isaac said that the government would welcome investment in the service sector -- especially information technology, biotechnology, and tourism -- but the state's commitment to protecting its environment makes it less amenable to manufacturing. Isaac said that Kerala will establish more Special Economic Zones (SEZs), but the state will insist on unionization in the SEZs. He added that the state will "act to protect its traditional farmers." Education Minister Baby said that although Kerala welcomes exchanges with U.S. universities the CPM remains "ideologically opposed" to FDI in higher education.

എന്നൂച്ചാ, സേവന മേഖല*യില്‍, പ്രത്യേകിച്ച് *വിവരസാങ്കേതികം,ബയോടെക്നോളജി,ടൂറിസം എന്നിവിടങ്ങളില്‍ ആണ്‌ ഈ പറയുന്ന വിദേശനിക്ഷേപം സ്വാഗതം ചെയ്യുന്നത് എന്ന്. കേരളസര്‍ക്കാര്‍ സംസ്ഥാനത്തിന്റെ പരിസ്ഥിതി സം‌രക്ഷിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമായതിനാല്‍ വ്യാവസായികോല്പാദനത്തിനു അനുകൂലമല്ല എന്ന്. കേരളം കൂടുതല്‍ പ്രത്യേകസമ്പദ് മേഖലകള്‍ സ്ഥാപിക്കും, പക്ഷേ സെസ്സില്‍ യൂണിയന്‍‌വല്‍ക്കരണത്തിനു നിര്‍ബന്ധം പിടിക്കും. സംസ്ഥാനം അതിന്റെ *പരമ്പരാഗത കര്‍ഷകരെ സം‌രക്ഷിക്കാനായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കു*മെന്നും ഐസക്ക് കൂട്ടിച്ചേര്‍ക്കുന്നുണ്ട്. വിദ്യാഭ്യാസമന്ത്രിയാകട്ടെ അമേരിക്കന്‍ യൂണിവേഴ്സിറ്റികളുമായി കൊടുക്കല്‍‌വാങ്ങലുകള്‍ നടത്തുന്നതില്‍ കേരളത്തിനു വിരോധമില്ലെങ്കിലും ഉന്നത വിദ്യാഭ്യാസരംഗത്ത് *നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കാന്‍ പറ്റില്ലെ*ന്ന നിലപാടിലും.

ഇനി കൊക്കക്കോളക്കാര്യത്തിലെ പിണറായി വിജയന്റെ വാക്കുകള്‍ എന്ന് കേബിളുകാരന്‍ പറയുന്നത് നോക്കിയാലോ :

Responding to Political Counselor's question about the long-running dispute that has shut down Coca Cola's Kerala bottling plant, Vijayan argued that the troubles experienced by Coca Cola should not dissuade other U.S. companies from investing in Kerala. "The Coca Cola issue was not about American companies," he said, "but a local problem, an environmental issue."

അമേരിക്കന്‍ കമ്പനികള്‍ക്ക് എതിരായിരുന്നു സര്‍ക്കാരും സിപി‌എമ്മും എങ്കില്‍ അധികാരത്തില്‍ കേറിയപ്പോള്‍ ആദ്യം അടച്ചു പൂട്ടിക്കേണ്ടിയിരുന്നത് ടെക്നോപ്പാര്‍ക്കും ഇന്‍ഫോപ്പാര്‍ക്കുമായിരുന്നു. ഇന്നാട്ടില്‍ ഡോളര്‍ വന്ന് വീഴുന്ന ഏറ്റവും പ്രധാന സ്ഥാപനങ്ങള്‍ ഇവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളാണ്‌. എന്നാല്‍ വിവരസാങ്കേതികതയോട് വി‌എസ് സര്‍ക്കാരിന്റെ നിലപാടെന്തായിരുന്നു എന്ന് സ്വല്പം മുകളിലായി കേബിളുകാരന്‍ ഐടി എക്സിക്യൂട്ടിവുകളെത്തന്നെ ഉദ്ധരിച്ച് പറയുന്നത് ഇങ്ങനെ :

Executives from US Technologies, an American IT company with a major presence in Trivandrum, told Political Counselor that after the CPM came to power in 2006 the Chief Minister met first with the information technology sector to assure them that they would continue to receive the support *of the government. The executives added that they have since received *"phenomenal support" from the CPM government.

[ ഐടി രംഗത്തെ ബിസിനസ് വര്‍ധനവും വളര്‍ച്ചയും അച്യുതാനന്ദന്റെ പോര്‍ട്ട്ഫോളിയോയിലും എല്‍ഡി‌എഫിന്റെ ആകെ ഭരണത്തിലും സുപ്രധാന നേട്ടമായി തെരഞ്ഞെടുപ്പ് ക്യാമ്പെയിനില്‍ കത്തിനിന്നതാണ്‌ എന്നതും കൂട്ടി വായിക്കണം ;) ]

ലേബല്‍ : ക്യൂബാ മുകുന്ദന്‍മാരും കോട്ടപ്പള്ളിമാരും

സൂരജ് രാജന്റെ ബസില്‍ നിന്ന്

സുസ്ലോണിന്റെ വൈദ്യുതി ഉല്‍പ്പാദനം അന്വേഷിക്കുന്നു

പാലക്കാട്: സര്‍ക്കാരിന്റെ അട്ടപ്പാടി പാക്കേജ് വിവാദമായ സാഹചര്യത്തില്‍ സുസ്ലോണ്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ അളവ് അന്വേഷിക്കുന്നു. സുസ്ലോണ്‍ കമ്പനിയുടെ കൈവശമുള്ളതില്‍ ആദിവാസികളുടെ ഭൂമി ഏതെന്ന് തെളിയിക്കുകയെന്നത് ജില്ലാ ഭരണസംവിധാനത്തിന് വലിയ വെല്ലുവിളിയാകും. ആദിവാസി ഭൂസംരക്ഷണനിയമ പ്രകാരം 1986ന്ശേഷമുള്ള ഭൂമികൈമാറ്റം നിയമവിരുദ്ധമാണ്. 1986ന്ശേഷമാണ് കൈമാറ്റം നടന്നതെങ്കില്‍ ആദിവാസികള്‍ക്ക് പകരംഭൂമി നല്‍കേണ്ടിവരും. എന്നാല്‍ , എപ്പോഴാണ് യഥാര്‍ഥകൈമാറ്റം നടന്നതെന്നു തെളിയിക്കാന്‍ സാധിച്ചിട്ടില്ല.

പ്രതിവര്‍ഷം 16 ലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിക്കുന്നുവെന്നാണ് സുസ്ലോണ്‍ അവകാശപ്പെടുന്നത്. കെഎസ്ഇബിയുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ യൂണിറ്റിന് 3.14 രൂപയാണ് വില നിശ്ച്ചയിച്ചിരിക്കുന്നത്. ലാഭവിഹിതത്തില്‍ അഞ്ച്ശതമാനം ആദിവാസികള്‍ക്കു നല്‍കാനാണ് സംസ്ഥാന സര്‍ക്കാര്‍ പാക്കേജില്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വൈദ്യുതി ഉല്‍പ്പാദനത്തിന്റെ തോത് അന്വേഷണവിധേയമാക്കുന്നത്. നല്ലശിങ്കയില്‍ ആദിവാസികളുടെ ഭൂമിസംബന്ധിച്ചും അവ്യക്തത നിലനില്‍ക്കുകയാണ്. കാറ്റാടിക്കമ്പനിയില്‍ ആദിവാസികളുടെ ഭൂമി 85.21 ഏക്കര്‍ ആണെന്നാണ് കലക്ടര്‍ സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. 122 ഏക്കര്‍ ആദിവാസിഭൂമിയുണ്ടെന്നാണ് ആദിവാസിസംരക്ഷണസമിതി നേതാക്കള്‍ പറയുന്നു. ഇങ്ങനെ വ്യത്യസ്തമായ അഭിപ്രായം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മൂന്നുമാസത്തിനകം ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

1964-65 കാലത്താണ് ഈ മേഖലയില്‍ അവസാനമായി ഭൂസര്‍വേ നടത്തിയത്. അതുപ്രകാരം ഇപ്പോള്‍ കാറ്റാടിക്കമ്പനി നിലനില്‍ക്കുന്ന 645 ഏക്കറില്‍ 85.21 ഏക്കര്‍ ആണ് ആദിവാസിഭൂമി. അഗളി, കോട്ടത്തറ, ഷോളയൂര്‍ പഞ്ചായത്തുകളിലായാണ് ഇത്രയും ഭൂമിയുള്ളത്. 1964-65 വര്‍ഷങ്ങളില്‍ നടന്ന സര്‍വേയിലെ സെറ്റില്‍മെന്റ്രജിസ്റ്റര്‍ പ്രകാരമാണ് ആദിവാസികള്‍ക്ക് ഭൂമി അനുവദിച്ചത്. ഈ സെറ്റില്‍മെന്റ്രജിസ്റ്റര്‍ ആധികാരികരേഖയായി കണക്കാക്കിയാണ് ആദിവാസിഭൂമി സംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ക്കെല്ലാം തീര്‍പ്പു കല്‍പ്പിച്ചിരുന്നത്. സുസ്ലോണ്‍കമ്പനിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്കും ഈ രജിസ്റ്റര്‍മാത്രമാണ് അധികൃതരുടെ പിടിവള്ളി. അട്ടപ്പാടിയില്‍ ആദിവാസിഭൂമിയുമായി ബന്ധപ്പെട്ട കേസ് നിലവില്‍ ഒറ്റപ്പാലം ആര്‍ഡിഒയാണ് അന്വേഷിക്കുന്നത്. തുടര്‍ന്നുള്ള അന്വേഷണവും ആര്‍ഡിഒയ്ക്കാണെന്ന് കലക്ടര്‍ കെ വി മോഹന്‍കുമാര്‍ പറഞ്ഞു.

ദേശാഭിമാനി 310811

നെയ്യാറ്റിന്‍കര വെടിവയ്പ് 73 പിന്നിടുന്നു

സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ഇതിഹാസം രചിച്ച നെയ്യാറ്റിന്‍കരയില്‍ ബ്രിട്ടീഷ് പട്ടാളം നടത്തിയ വെടിവയ്പിന് ആഗസ്ത് 31ന് 73 വര്‍ഷം പിന്നിടുന്നു. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രക്ഷോഭത്തെ ചോരയില്‍ മുക്കി കൊല്ലാന്‍ ബ്രിട്ടീഷ് സാമ്രാജ്യം നടത്തിയ കൂട്ടക്കൊലയില്‍ ഒരു സ്ത്രീയടക്കം എട്ടുപേരാണ് കൊല്ലപ്പെട്ടത്. നെയ്യാറ്റിന്‍കര നഗരസഭ ലൈബ്രറി കെട്ടിടം സ്ഥിതിചെയ്യുന്ന പഴയ ബസ്സ്റ്റാന്‍ഡ് ജങ്ഷനിലായിരുന്നു ദേശീയ സ്വാതന്ത്ര്യസമരപ്രക്ഷോഭത്തെതന്നെ തിരുവിതാംകൂറില്‍ വഴിത്തിരിവിലെത്തിച്ച വെടിവയ്പ് നടന്നത്. കല്ലുവിള പൊടിയന്‍ , അത്താഴമംഗലം രാഘവന്‍ (വീരരാഘവന്‍), നടവൂര്‍കൊല്ല കുട്ടന്‍ , കുട്ടന്‍പിള്ള, വാറുവിളാകം മുത്തന്‍പിള്ള, വാറുവിളാകം പത്മനാഭപിള്ള, മരുത്തൂര്‍ വാസുദേവന്‍ , വീട്ടുമുറ്റത്തു നെല്ലുണക്കുകയായിരുന്ന കാളി എന്ന സ്ത്രീയുള്‍പ്പെടെ എട്ടുപേരാണ് രക്തസാക്ഷിത്വം വരിച്ചത്.

സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രസിഡന്റ് പട്ടം താണുപിള്ളയെ അറസ്റ്റ്ചെയ്തതോടെയാണ് പ്രക്ഷോഭത്തിന് തുടക്കം കുറിച്ചത്. ഈ അറസ്റ്റോടെ നെയ്യാറ്റിന്‍കര കിഴക്കേതെരുവിലെ എന്‍ കെ പത്മനാഭപിള്ളയെ പ്രസിഡന്റായി നിര്‍ദേശിച്ചു. ഇതറിഞ്ഞ്, പത്മനാഭപിള്ളയെ അറസ്റ്റ്ചെയ്ത് കാറില്‍ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടെങ്കിലും ടിബി ജങ്ഷനില്‍വച്ച് പത്മനാഭപിള്ളയുടെ അഭ്യര്‍ഥനപ്രകാരം സുഹൃത്തിനെ കാണാനായി കാര്‍ നിര്‍ത്തി. വക്കീല്‍ വാസുദേവന്‍പിള്ളയെ പ്രസിഡന്റ് സ്ഥാനം ഏല്‍പ്പിക്കാനായിരുന്നു പത്മനാഭപിള്ള ഇതുചെയ്തത്. എന്നാല്‍ , അറസ്റ്റ്വാര്‍ത്ത കാട്ടുതീ പടര്‍ന്നതുപോലെ, നാനാദിക്കിലും ആളുകളെ കൂട്ടി. ടിബി ജങ്ഷനില്‍ തടിച്ചുകൂടിയവര്‍ കാര്‍ തടഞ്ഞു. പത്മനാഭപിള്ളയെ അറസ്റ്റ്ചെയ്ത സിഐഡി സൂപ്രണ്ട് രാമന്‍പിള്ള തന്ത്രപരമായി പത്മനാഭപിള്ളയെയുംകൊണ്ട് ബസില്‍ തിരുവനന്തപുരത്തേക്ക് കടന്നു. രോഷാകുലരായ ജനങ്ങള്‍ കാര്‍ മരുത്തൂര്‍ തോടിലേക്ക് തള്ളിയിട്ട് കത്തിച്ചു. കലാപത്തെ നേരിടാന്‍ പുറപ്പെട്ട ബ്രിട്ടീഷ് സൈനികമേധാവി വാട്കീസിന്റെ നേതൃത്വത്തിലുള്ള കുതിരപ്പട്ടാളത്തെ ബാലരാമപുരത്തുവച്ച് ഫക്കീര്‍ഖാന്റെ നേതൃത്വത്തില്‍ കല്ലേറോടെയാണ് നേരിട്ടത്. പില്‍ക്കാലത്ത് സിപിഐ എമ്മിന്റെ സമുന്നത നേതാവായ ഫക്കീര്‍ഖാനുള്‍പ്പെടെയുള്ളവര്‍ നിഷ്ഠുരമായ മര്‍ദനത്തിനിരയായി. പഴയ ബസ്സ്റ്റാന്‍ഡ് ജങ്ഷനില്‍ എത്തിയ കുതിരപ്പട്ടാളം ജനങ്ങളോട് പിരിഞ്ഞുപോകാന്‍ ആജ്ഞാപിച്ചെങ്കിലും തയ്യാറാകാതെ നിന്ന ജനക്കൂട്ടത്തിനു നേര്‍ക്ക് നിര്‍ദയം വെടിവയ്പ് ആരംഭിക്കുകയായിരുന്നു.
വെടിവയ്ക്കാനോങ്ങിയ വാട്കീസിനുനേരെ നെഞ്ചുവിരിച്ചെത്തിയ അത്താഴമംഗലം രാഘവനായിരുന്നു ആദ്യം വെടിയേറ്റുവീണത്. പിന്നെ നടന്നത് തിരുവിതാംകൂറില്‍ സ്വാതന്ത്ര്യപ്രക്ഷോഭരംഗത്ത് എക്കാലവും വീരസ്മരണകളുയര്‍ത്തുന്ന ചരിത്രനിമിഷങ്ങളാണ്. തുടര്‍ന്ന് ഊരൂട്ടുകാലയില്‍ മഹാത്മാഗാന്ധിയുടെ സന്ദര്‍ശനം ആവേശമുണര്‍ത്തി. 1947-ല്‍ സ്വാതന്ത്ര്യദിനത്തില്‍ വീരരാഘവന്റെ ജന്മസ്ഥലമായ മണലിവിളയിലെ അത്താഴമംഗലത്തുനിന്ന് ജനപ്രവാഹം പ്രകടനമായി സ്വദേശാഭിമാനി പാര്‍ക്കിലെത്തിയതും ആര്‍ക്കും മറക്കാനാകാത്തതായി. രക്തസാക്ഷികളുടെ സ്മൃതിമണ്ഡപം കൃഷ്ണന്‍കോവിലിനുമുന്നിലെ സ്വദേശാഭിമാനി പാര്‍ക്കില്‍ നിലകൊള്ളുന്നുണ്ട്.
(വി ഹരിദാസ്)

ദേശാഭിമാനി 310811

ഭെല്ലിന്റെ ഓഹരി വില്‍ക്കാന്‍ തീരുമാനം

ന്യൂഡല്‍ഹി: നവരത്ന കമ്പനികളിലൊന്നായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സിന്റെ (ബിഎച്ച്ഇഎല്‍) അഞ്ചു ശതമാനം ഓഹരിവില്‍ക്കാന്‍ കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തിക കാര്യസമിതി തീരുമാനിച്ചു. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇടതുപക്ഷത്തിന്റെ എതിര്‍പ്പ് കാരണം തടയപ്പെട്ട ഓഹരിവില്‍പ്പനയ്ക്കാണ് ഇപ്പോള്‍ തീരുമാനമായത്.

രാജ്യത്തെ വൈദ്യുതി ഉല്‍പ്പാദനത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് ബിഎച്ച്ഇഎല്‍ . ഇന്ത്യയില്‍ വൈദ്യുതി ഉല്‍പ്പാദനത്തിനാവശ്യമായ ഉപകരണങ്ങള്‍ പൂര്‍ണമായും നിര്‍മിക്കുന്നത് ബിഎച്ച്ഇഎല്ലിലാണ്. ഊര്‍ജരംഗത്തിന്റെ സ്വകാര്യവല്‍ക്കരണം ശക്തമാക്കുക എന്ന ലക്ഷ്യവും ഈ ഓഹരിവില്‍പ്പനയ്ക്ക് പിന്നിലുണ്ട്. നിലവില്‍ കേന്ദ്രസര്‍ക്കാരിന് 67.2 ശതമാനം ഓഹരികളാണ് ബിഎച്ച്ഇഎല്ലില്‍ ഉള്ളത്. 2004ല്‍ ബിഎച്ച്ഇഎല്‍ ഓഹരിവില്‍പ്പന തീരുമാനിച്ചപ്പോള്‍ ഇടതുപക്ഷം പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. അന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പാര്‍ലമെന്റില്‍ നല്‍കിയ ഉറപ്പ് നവരത്ന കമ്പനികളുടെ ഓഹരിവില്‍ക്കില്ലെന്നാണ്.

കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം ദൗര്‍ഭാഗ്യകരവും ദേശവിരുദ്ധവുമാണെന്ന് സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍സെന്‍ പറഞ്ഞു. ജെയ്താപുര്‍ ആണവനിലയ പദ്ധതിയുമായി മുന്നോട്ട് പോകുന്നതിന്റെ ഭാഗമായി ന്യൂക്ലിയര്‍ റഗുലേറ്ററി അതോറിറ്റി ഇന്ത്യ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ആണവസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൂര്‍ണമായും ഈ റഗുലേറ്ററി അതോറിറ്റിയുടെ നിയന്ത്രണത്തിലാകും. ജപ്പാനിലെ ഫുക്കുഷിമ ആണവനിലയത്തിലുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു അതോറിറ്റിയെ നിയമിക്കാന്‍ സര്‍ക്കാര്‍ ബില്‍ കൊണ്ടുവരുന്നത്.

deshabhimani 310811

വാര്‍ത്തകള്‍ ചോര്‍ത്തുന്ന ഡയറക്ടര്‍ വ്യാജരേഖയെക്കുറിച്ച് മിണ്ടുന്നില്ല

പാമൊലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായ റിപ്പോര്‍ട്ട് തട്ടിക്കൂട്ടിയ വിജിലന്‍സ് ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റോ മുഖം രക്ഷിക്കാന്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തുന്നത് തുടരുമ്പോഴും താന്‍ മുമ്പ് ചമച്ച വ്യാജരേഖയെക്കുറിച്ച് പ്രതികരിക്കുന്നില്ല. തന്റെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടില്‍ അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഒപ്പിട്ട ഫയലിന്റെ ഫോട്ടോസ്റ്റാറ്റ് ഉള്‍പ്പെടെ മാധ്യമങ്ങള്‍ക്ക് നല്‍കി നല്ല ഉദ്യോഗസ്ഥനാണെന്ന് വരുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്. എന്നാല്‍ വിജിലന്‍സ് പ്രോസിക്യൂട്ടറുടെ കുറിപ്പുമായി ബന്ധപ്പെട്ട് നെറ്റോ, മാതൃഭൂമിക്കും മനോരമയ്ക്കും നല്‍കിയ ഫോട്ടോസ്റ്റാറ്റുകള്‍ കൃത്രിമമായി ചമച്ചതാണെന്ന് വ്യക്തമായിട്ടും പ്രതികരണം ഉണ്ടായിട്ടില്ല. ഇങ്ങനെ വ്യാജരേഖ ചമച്ച ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാന്‍ മുഖ്യമന്ത്രിയും വിജിലന്‍സ് മന്ത്രിയും തയ്യാറാവുന്നുമില്ല.

കോടതിയില്‍ പുനരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പ് വിജിലന്‍സ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നല്‍കിയ കുറിപ്പ് തിരിച്ചയച്ചെന്നും അത് പ്രോസിക്യൂട്ടറുടെ ആമുഖ കത്തില്‍ എഴുതിയിരുന്നുവെന്നുമുള്ള രേഖയാണ് ഡയറക്ടര്‍ ചമച്ചത്. മെയ് ഏഴിനാണ് പ്രോസിക്യൂട്ടര്‍ ഡയറക്ടര്‍ക്ക് കുറിപ്പ് നല്‍കിയത്. എട്ടിന് ഈ കുറിപ്പില്‍ തന്റെ അഭിപ്രായം എഴുതി തിരിച്ചയച്ചുവെന്നും വ്യാജരേഖ ചമച്ചു. ഇത് മനോരമയും മാതൃഭൂമിയും പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയുംചെയ്തു. എന്നാല്‍ , മെയ് 13ന് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിജിലന്‍സ് ഡയറക്ടറുടെ കുറിപ്പുണ്ടായിരുന്നില്ല. ഇക്കാര്യത്തില്‍ ഡയറക്ടര്‍ ഇതുവരെ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല. എന്നിട്ടും വാര്‍ത്ത ചോര്‍ത്തി നല്‍കി പാമൊലിന്‍ വിഷയത്തില്‍ പുകമറ സൃഷ്ടിക്കുകയാണ് വിജിലന്‍സ് ഡയറക്ടര്‍

ഡെസ്മണ്ട് നെറ്റോയെ ശുപാര്‍ശ ചെയ്തിട്ടില്ല: വി എസ്

ആലുവ: ഡെസ്മണ്ട് നെറ്റോയെ വിജിലന്‍സ് ഡയറക്ടറാക്കാന്‍ താന്‍ ശുപാര്‍ശ ചെയ്തിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ അദ്ദേഹം ചോര്‍ത്തിക്കൊടുക്കാറുണ്ട്. പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കേണ്ടതില്ല എന്ന നിലയില്‍ വിജിലന്‍സ്് റിപ്പോര്‍ട്ട് നല്‍കിയതുകൊണ്ടാണ് യുഡിഎഫ് സര്‍ക്കാരില്‍ അദ്ദേഹം വിജിലന്‍സ് ഡയറക്ടറായി തുടരുന്നത്. ഒരു കാരണവശാലും ആ സ്ഥാനത്തു തുടരാന്‍ നെറ്റോയെ അനുവദിച്ചുകൂടായെന്നും വി എസ് ആലുവയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

deshabhimani 310811

കണ്ണൂര്‍ ഡിസിസിയില്‍ ഉപരോധം വാക്പോര്

കണ്ണൂര്‍ ഡിസിസിയില്‍ പ്രസിഡന്റ് പി രാമകൃഷ്ണനെ ഓഫീസില്‍ കയറാന്‍ അനുവദിക്കാതെ കെ സുധാകരന്റെ ആര്‍ക്കാര്‍ തടഞ്ഞുവെച്ചതിനെത്തുടര്‍ന്ന് കണ്ണൂരില്‍ ഗ്രൂപ്പുപോര് മൂര്‍ധന്യാവസ്ഥയിലെത്തി. ബുധനാഴ്ച രാവിലെയാണ് രാമകൃഷ്ണനെ സുധാകരനെ അനുകൂലിക്കുന്നവര്‍ തടഞ്ഞുവെച്ചത്. രാമകൃഷ്ണനും സുധാകരനും കെപിസിസിക്ക് പരാതിയും കൊടുത്തിട്ടുണ്ട്. രമേശ് ചെന്നിത്തല നടത്തിയ ഇടപെലിനെത്തുടര്‍ന്ന് ഉപരോധം അവസാനിപ്പിച്ചു. ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാനായി പി.പി തങ്കച്ചനെയും ആര്യാടന്‍ മുഹമ്മദിനെയും ചുമതലപ്പെടുത്തി.ഓഫീസില്‍ കയറ്റാത്തതിനെത്തുടര്‍ന്ന് മുറ്റത്തെ കൊടിമരച്ചുവട്ടില്‍ രാമകൃഷ്ണന്‍ കുത്തിയിരുന്നു.സുധാകരനോട് മാപ്പുപറയാതെ അകത്തുകയറാന്‍ സമ്മതിക്കില്ലെന്നാണ് തടഞ്ഞുവെച്ചവര്‍ പറഞ്ഞത്. പാര്‍ട്ടി അച്ചടക്കം ലംഘിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ചെന്നിത്തല പറഞ്ഞു. തനിക്കെതിരെയുള്ള ആരോപണം തെളിഞ്ഞാല്‍ എംപി സ്ഥാനവും പാര്‍ട്ടിസ്ഥാനവും രാജിവെക്കുമെന്ന് സുധാകരന്‍ പറഞ്ഞു. സുധാകരനെ നിയന്ത്രിക്കണമെന്നും ഡിസിസി പ്രസിഡന്റിനെ ചുമതലയേല്‍പ്പിച്ചത് സുധാകരനല്ലെന്നും രാമകൃഷ്ണന്‍ പറഞ്ഞു.

രാവിലെ ഓഫീസിനു പുറത്തെത്തിയ മാധ്യമപ്രവര്‍ത്തകരെയും പൊലീസിനെയും സുധാകരന്റെ അനുകൂലികള്‍ തടഞ്ഞു.കഴിഞ്ഞദിവസങ്ങളിലായി ഇരുവരും തമ്മിലുണ്ടായിരുന്ന ഏറ്റുമുട്ടല്‍ ഇതോടെ പരസ്യസംഘര്‍ഷത്തിലെത്തി.കഴിഞ്ഞ ദിവസം ഡിസിസി പ്രസിഡന്റിനെ ഉപരോധിച്ച സംഭവത്തില്‍ പുറത്താക്കപ്പെട്ട ചപ്പാരപ്പടവ് മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കെപിസിസി അംഗവും വാര്‍ത്താസമ്മേളനം നടത്തി അച്ചടക്കനടപടി അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. ഉമ്മന്‍ചാണ്ടിയുടെ പിന്തുണ പി രാമകൃഷ്ണനുണ്ട്. അതിനാല്‍ , വിശാല ഐഗ്രൂപ്പിന്റെപേരില്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമമാണ് സുധാകരപക്ഷം നടത്തുന്നത്.ബുധനാഴ്ച പുലര്‍ച്ചെ മുതല്‍തന്നെ സുധാകരന്റെ ആള്‍ക്കാര്‍ ഡിസിസി പരിസരത്തു തമ്പടിച്ചിരുന്നു.

അച്ചടക്കലംഘനം പൊറുക്കില്ല ചെന്നിത്തല

പത്തനംതിട്ട: പാര്‍ട്ടിക്കുള്ളില്‍ അച്ചടക്കലംഘനം പൊറുക്കില്ലെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ്ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂരില്‍ പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പുവഴക്ക് പരിഹരിക്കും. ഇനി അത് അനുവദിക്കില്ല. അച്ചടക്കം ലംഘിച്ചാല്‍ ആരായാലും കര്‍ശനനടപടിയെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.

deshabhimani 3108011

തെരഞ്ഞെടുപ്പ് പരിഷ്കാരം

അണ്ണ ഹസാരെയുടെ അടുത്ത ലക്ഷ്യം തെരഞ്ഞെടുപ്പു പരിഷ്കാരമാണെന്നു പ്രഖ്യാപിച്ചതായി കാണുന്നു. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ സംരക്ഷണത്തിന് തെരഞ്ഞെടുപ്പു പരിഷ്കാരം അനിവാര്യമാണെന്നതില്‍ രണ്ടുപക്ഷമുണ്ടാകാനിടയില്ല. സിപിഐ എം 1964ല്‍ അതിന്റെ പരിപാടിക്ക് രൂപം നല്‍കുമ്പോള്‍ തെരഞ്ഞെടുപ്പു പരിഷ്കാരം ആവശ്യപ്പെട്ടതാണ്. ആനുപാതിക പ്രാതിനിധ്യവും ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനുള്ള അവകാശവും വേണമെന്ന് വ്യക്തമാക്കിയതാണ്. ജനകീയ ജനാധിപത്യ ഭരണകൂടം ഇതുരണ്ടും നടപ്പില്‍ വരുത്തുമെന്ന് സംശയത്തിനിടയില്ലാത്തവണ്ണം എഴുതിവച്ചിട്ടുണ്ട്. ജനാധിപത്യം പണാധിപത്യമായി അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഇത് കൂടുതല്‍ പ്രസക്തവുമാണ്.

സിപിഐ എം പരിപാടിയുടെ അഞ്ചാം അധ്യായത്തിലെ 23-ാം ഖണ്ഡികയില്‍ ഇങ്ങനെ പറയുന്നു: "അധ്വാനിക്കുന്ന ജനങ്ങളില്‍നിന്നും അവരുടെ താല്‍പ്പര്യങ്ങളെ പ്രതിനിധീകരിക്കുന്ന പാര്‍ടികളില്‍നിന്നുമല്ല പാര്‍ലമെന്ററി വ്യവസ്ഥയ്ക്കും ജനാധിപത്യത്തിനും നേര്‍ക്കുള്ള ഭീഷണി ഉയര്‍ന്നുവരുന്നത്; ചൂഷകവര്‍ഗങ്ങളില്‍നിന്നാണ്. പാര്‍ലമെന്ററി വ്യവസ്ഥയെ തങ്ങളുടെ സങ്കുചിത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ആയുധമാക്കി മാറ്റിക്കൊണ്ട് അതിനെ അകത്തുനിന്നും പുറത്തുനിന്നും അട്ടിമറിക്കുന്നത് ചൂഷകവര്‍ഗങ്ങളാണ്. തങ്ങളുടെ ലക്ഷ്യങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതിന് ജനങ്ങള്‍ പാര്‍ലമെന്ററി സ്ഥാപനങ്ങളെ ഉപയോഗിക്കുകയും തദ്വാര വന്‍കിട ബൂര്‍ഷ്വാസികളുടെയും ഭൂപ്രഭുക്കളുടെയും സ്വാധീനത്തില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ പാര്‍ലമെന്ററി ജനാധിപത്യത്തെ കാല്‍ക്കീഴിലിട്ട് ചവിട്ടിയരക്കാന്‍ ചൂഷകവര്‍ഗങ്ങള്‍ ഒട്ടും മടിക്കുകയില്ല. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ഗവണ്‍മെന്റുകളെ എത്രയോ തവണ കേന്ദ്രം പിരിച്ചുവിട്ടപ്പോള്‍ നാം അത് കണ്ടതാണ്. ഭരണവര്‍ഗങ്ങള്‍ ഈ ഹീനമാര്‍ഗത്തില്‍ ഏതറ്റംവരെയും പോകുമെന്നതിന്റെ വ്യക്തമായ ദൃഷ്ടാന്തങ്ങളായിരുന്നു പശ്ചിമബംഗാളിലും ത്രിപുരയിലും അവര്‍ അഴിച്ചുവിട്ട അര്‍ധഫാസിസ്റ്റ് ഭീകരവാഴ്ചയും ഭരണഘടനാവകുപ്പുകളുടെ നഗ്നമായ ലംഘനങ്ങളും.

പ്രസിഡന്‍ഷ്യല്‍ രൂപത്തിലുള്ള ഗവണ്‍മെന്റ് രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള പ്രസ്താവനകള്‍ പാര്‍ലമെന്ററി ജനാധിപത്യത്തെ പരിമിതമാക്കുന്നതും അമിതാധികാര പ്രവണത വെളിപ്പെടുത്തുന്നതുമാണ്. ഉദാരവല്‍ക്കരണത്തെയും സാര്‍വദേശീയ മൂലധനത്തിന്റെ വര്‍ധമാനമായ സമ്മര്‍ദത്തെയും തുടര്‍ന്ന് ഇത് കൂടുതല്‍ ശക്തമായിട്ടുണ്ട്. അതിനാല്‍ ജനങ്ങളുടെ താല്‍പ്പര്യാര്‍ഥം അത്തരം ഭീഷണികളില്‍നിന്ന് പാര്‍ലമെന്റ് സ്ഥാപനങ്ങളെയും ജനാധിപത്യ സ്ഥാപനങ്ങളെയും സംരക്ഷിക്കുകയും അത്തരം സ്ഥാപനങ്ങളെ പാര്‍ലമെന്റിതര പ്രവര്‍ത്തനങ്ങളുമായി സംയോജിപ്പിച്ച് സമര്‍ഥമായി ഉപയോഗപ്പെടുത്തുകയും ചെയ്യേണ്ടത് പരമപ്രധാനമാണ്". പാര്‍ടിപരിപാടിയില്‍ ഉള്‍ക്കൊള്ളിച്ച ഈ ഖണ്ഡിക ശരിയാണെന്നു തെളിയിക്കുന്ന സംഭവങ്ങളാണ് ഇതേവരെ ഉണ്ടായിട്ടുള്ളത്. 1957ല്‍ കേരളത്തില്‍ അധികാരത്തില്‍വന്ന ഇ എം എസ് സര്‍ക്കാരിനെ കാലാവധി അവസാനിക്കുംമുമ്പ് പിരിച്ചുവിട്ടതിന് ഒരു ന്യായീകരണവുമില്ല. ഭരണഘടനയിലെ 356-ാം വകുപ്പിന്റെ നഗ്നമായ ദുര്‍വിനിയോഗമാണ് ഇവിടെ നടന്നത്. 1970കളില്‍ പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് നേതാവ് സിദ്ധാര്‍ഥ് ശങ്കര്‍ റേയുടെ നേതൃത്വത്തില്‍ നടന്ന ഗുണ്ടായിസം ഓര്‍ക്കേണ്ടതാണ്. വോട്ട് ചെയ്യാനെത്തിയ സമ്മതിദായകരെ കോണ്‍ഗ്രസ് ക്രിമിനലുകള്‍ പൊലീസ് പിന്‍ബലത്തോടെ അടിച്ചോടിച്ചു. പോളിങ് ബൂത്ത് കൈയേറി ബാലറ്റ് പേപ്പറിന്റെ കെട്ടുകള്‍ എടുത്ത് കോണ്‍ഗ്രസ് ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തി പെട്ടിയിലിട്ടു. തെരഞ്ഞെടുപ്പു ദിവസം 12 മണിക്ക് ജ്യോതി ബസു തെരഞ്ഞെടുപ്പില്‍നിന്ന് പിന്മാറിയതായി പ്രഖ്യാപിച്ചു. ഈ പ്രക്രിയ അടിയന്തരാവസ്ഥയിലാണ് ചെന്നവസാനിച്ചത്. അടിയന്തരാവസ്ഥയ്ക്കുശേഷമാണ് 1977ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ബംഗാളില്‍ അധികാരത്തില്‍ വന്നത്. 34 വര്‍ഷം ആ ഭരണം തുടരുകയും ചെയ്തു. പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥ അട്ടിമറിച്ചുകൊണ്ടാണ് ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ആഗോളവല്‍ക്കരണം നടപ്പാക്കിയതിനുശേഷം മറ്റൊരു ദിശയിലാണ് ഇന്ത്യയിലെ ജനാധിപത്യവ്യവസ്ഥ നീങ്ങിക്കൊണ്ടിരിക്കുന്നത്. സമ്പന്നവര്‍ഗം അതിവേഗം മഹാസമ്പന്നവര്‍ഗമായി മാറിക്കൊണ്ടിരിക്കുന്നു. ഏറ്റവും ഉയര്‍ന്ന 22 കുത്തകകളുടെ ആസ്തി 1957ല്‍ 312.63 കോടി രൂപയായിരുന്നത് 500 മടങ്ങ് വര്‍ധിച്ച് 1997ല്‍ 1,58,004.72 കോടി രൂപയായി. ഉദാരവല്‍ക്കരണത്തിന്‍ കീഴില്‍ ആദായനികുതി ഇളവു ചെയ്തു. സ്വത്ത് നികുതിപോലുള്ള മറ്റ് നികുതികള്‍ ഒഴിവാക്കിയും വന്‍കിട ബിസിനസ് കുടുംബങ്ങള്‍ക്കും ധനികവിഭാഗങ്ങള്‍ക്കും വമ്പിച്ച ഇളവുകള്‍ നല്‍കി. 2004ല്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഇന്ത്യയില്‍ ഒമ്പത് ശതകോടീശ്വരന്മാരാണുണ്ടായിരുന്നത്.

2008ല്‍ ശതകോടീശ്വരന്മാരുടെ എണ്ണം 53 ആയി കുത്തനെ ഉയര്‍ന്നു. ഇക്കൂട്ടര്‍ക്ക് വേണ്ടിയാണ് 2ജി സ്പെക്ട്രംപോലുള്ള അഴിമതിയുടെ ഘോഷയാത്ര അരങ്ങേറിയത്. അവിഹിതമായി ആര്‍ജിച്ച ധനക്കൂമ്പാരത്തിന്റെ ഒരു പങ്ക് ഭരണവര്‍ഗത്തിന് സംഭാവന എന്ന പേരില്‍ നല്‍കുന്നു. ഈ തുക ഉപയോഗിച്ച് സമ്മതിദായകര്‍ക്കുള്‍പ്പെടെ പണം നല്‍കി തെരഞ്ഞെടുപ്പില്‍ ജയിക്കുന്നു. മന്‍മോഹന്‍ സിങ്ങിന്റെ ഭരണം നിലനിര്‍ത്താന്‍ 2006ല്‍ എംപിമാര്‍ക്ക് വന്‍തുക കോഴ നല്‍കിയതായി തെളിഞ്ഞിട്ടുള്ളതാണ്. ഇഴഞ്ഞുനീങ്ങിയ അന്വേഷണം സുപ്രീംകോടതിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് വേഗത്തിലാക്കിയത്. ഇപ്പോള്‍ അമര്‍ സിങ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നു. ഇത് യഥാര്‍ഥത്തില്‍ പ്രധാനമന്ത്രിക്കെതിരെയുള്ള കുറ്റപത്രമായി വേണം കാണാന്‍ . അതുപോലെ മാധ്യമങ്ങള്‍ക്ക് പണം നല്‍കി ഭരണവര്‍ഗത്തിന് അനുകൂലമായ പ്രചാരവേല സംഘടിപ്പിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍നിന്ന് കണക്കില്‍പ്പെടാത്ത 60 കോടി രൂപയാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. ഈ പ്രവണത ഇന്ത്യയിലാകെ വ്യാപിച്ചിരിക്കുന്നു. ലോക്സഭയില്‍ 345 എംപിമാരും രാജ്യസഭയില്‍ 100 എംപിമാരും കോടിപതികളാണെന്ന വസ്തുത സമ്മതിദായകരുടെ കണ്ണ് തുറപ്പിക്കാന്‍ പര്യാപ്തമാകേണ്ടതാണ്. അഴിമതി പ്രോത്സാഹിപ്പിക്കുന്നതും തെരഞ്ഞെടുപ്പിലെ പണത്തിന്റെ പെരുമഴതന്നെ. ഇതാണ് ജനാധിപത്യം അട്ടിമറിച്ച് പണാധിപത്യത്തിന് വഴിമാറിക്കൊടുക്കുന്നത്. ഇത് അവസാനിപ്പിച്ചേ മതിയാകൂ. അതിനുള്ള ഏത് പ്രവര്‍ത്തനവും ആരുടെ ഭാഗത്തുനിന്നായാലും സ്വാഗതാര്‍ഹമാണ്.

deshabhimani editorial 310811

നിബന്ധനയില്ലാത്ത വിദേശവായ്പയാവാം സിപിഐഎം

കണ്ണൂര്‍ : സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ക്കെതിരായ പോരാട്ടം ദുര്‍ബലപ്പെടുത്തില്ലെന്ന് ഉറപ്പുവരുത്തി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ സഹായം സ്വീകരിക്കാമെന്നതാണ് സി പി ഐ എം നിലപാടെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിദേശ മൂലധനം ഒരു കാരണവശാലും പാടില്ല എന്ന നിലപാടില്ല; വരുന്നതെല്ലാം പോരട്ടേ എന്നുമില്ല. അടിസ്ഥാന താല്‍പര്യങ്ങളും നയങ്ങളും ബലികൊടുക്കില്ല. ജനങ്ങളെ വിശ്വാസത്തിലെടുക്കാനും വായ്പ എടുക്കുന്നതിനുള്ള ന്യായീകരണങ്ങള്‍ അവരെ ബോധ്യപ്പെടുത്താനും കഴിയണം.

സി പി ഐ എം പങ്കാളിത്തമുള്ള ഗവര്‍മെണ്ടുകള്‍ എങ്ങനെ നീങ്ങണമെന്നതിന് പാര്‍ടി കോണ്‍ഗ്രസ് തന്നെ നയപരമായ പ്രശ്നങ്ങള്‍ എന്ന രേഖ അംഗീകരിച്ചിട്ടുണ്ട്. ആധുനിക സാങ്കേതിക വിദ്യ സ്വായത്തമാക്കാനും ഉല്‍പാദന ശേഷിയും ക്ഷമതയും വര്‍ധിപ്പിക്കാനും ചില മേഖലകളില്‍ വിദേശ പ്രത്യക്ഷ നിക്ഷേപം സ്വീകരിക്കും. സമ്പദ്വ്യവസ്ഥയെ മെച്ചപ്പെടുത്തുന്നതിനും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും വായ്പ സ്വീകരിക്കും. ഫിനാന്‍സ് മൂലധനത്തിന്റെ ഒഴുക്ക് നിയന്ത്രിക്കും. എന്നാല്‍ ചില പ്രത്യേക മേഖലകളില്‍ ഒരു കാരണവശാലും വിദേശ സഹായം സ്വീകരിക്കില്ല. രാഷട്രീയ സാമ്പത്തിക പരമാധികാരത്തെ ബാധിക്കുന്ന മേഖലകള്‍ , കാര്‍ഷികം, ഭൂവിനിയോഗ നിയന്ത്രണം, വ്യാപാര നിയന്ത്രണം, രാസവളം, വിത്ത് തുടങ്ങിയവ ഇതില്‍പെടും. സി പി ഐ എം വിപ്ലവാനന്തരം വിഭാവനം ചെയ്യുന്ന ജനകീയ ജനാധിപത്യ ഗവര്‍മെണ്ടിന്റെ നയം സംബന്ധിച്ച് ഇക്കാര്യങ്ങള്‍ പാര്‍ടിപരിപാടിയില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് സി പി ഐ എം പങ്കാളിത്തമുള്ള ഗവര്‍മെണ്ടുകളില്‍ പ്രതീക്ഷയര്‍പ്പിക്കുന്നവര്‍ സ്വാഭാവികമായും കരുതും. സാധാരണ ജനങ്ങളുടെ ജീവിതത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന നവ ലിബറല്‍ സാമ്പത്തിക നയങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ ചെറുക്കുക, പല രീതികളിലുള്ള സാമ്രാജ്യത്വ പ്രലോഭനങ്ങള്‍ക്ക് വഴങ്ങാതിരിക്കുക, ഇതാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന പദ്ധതികള്‍ക്ക് ഫണ്ട് ഇല്ലാതെ ഗവര്‍മെണ്ടുകള്‍ വിഷമിക്കാറുണ്ട്. അത്തരം സാഹചര്യങ്ങളില്‍ വിദേശസഹായം സ്വീകരിക്കാം എന്നു തന്നെയാണ് സി പി ഐ എം നിലപാട്. ഒപ്പം വ്യക്തമായ മാനദണ്ഡങ്ങളും രൂപപ്പെടുത്തിയിട്ടുണ്ട്. അടിസ്ഥാന താല്‍പര്യങ്ങള്‍ക്കും നയങ്ങള്‍ക്കും വിരുദ്ധമായ യാതൊരു നിബന്ധനകളും വായ്പയുമായി ബന്ധപ്പെട്ട് അംഗീകരിക്കാനാവില്ല. ഘടനാപരമായ മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന പദ്ധതികള്‍ ഉള്‍കൊള്ളുന്ന വായ്പയും വാങ്ങരുത്. ചില പദ്ധതികള്‍ സ്വകാര്യവല്‍ക്കരണം, ജീവനക്കാരെ വെട്ടിക്കുറക്കല്‍ , സബ്സിഡി വെട്ടിക്കുറക്കല്‍ , ധനപരമായ നിബന്ധനകള്‍ തുടങ്ങിയ ഉള്‍കൊള്ളുന്നതായിരിക്കും. അത്തരം കാര്യങ്ങള്‍ അംഗീകരിക്കില്ല.

സാമ്രാജ്യത്വ ഏജന്‍സികളും പാശ്ചാത്യ ധനസ്ഥാപനങ്ങളും ഗവര്‍മെണ്ടുകള്‍ക്ക് പലപ്പോഴും വായ്പ വാഗ്ദാനം ചെയ്യാറുണ്ട്. ഞെട്ടിപ്പിക്കുന്ന നിബന്ധനകളാണ് അവര്‍ മുന്നോട്ടുവെക്കുന്നത്. ഗ്രീസില്‍ സാമ്പത്തിക തകര്‍ച്ചയും തൊഴിലില്ലായ്മയും നേരിടാന്‍ ഐഎംഎഫ് 11000 കോടി യൂറോ വായ്പ നല്‍കി. 1400 കോടി യൂറോയുടെ ചെലവുചുരുക്കല്‍ , 1400 കോടിയുടെ പുതിയ നികുതി, 5000 കോടിയുടെ സ്റ്റേറ്റ് ആസ്തി വിറ്റഴിക്കല്‍ തുടങ്ങിയ നിബന്ധനകള്‍ അംഗീകരിച്ചാണ് ഗ്രീസ് വായ്പ എടുത്തത്. ഇത്തരം നിബന്ധനകള്‍ക്ക് സിപിഐ എം പങ്കാളിത്തമുള്ള ഗവര്‍മെണ്ടുകള്‍ വഴങ്ങില്ലെന്ന് പിണറായി വ്യക്തമാക്കി. .

എതിര്‍പ്പ് അമേരിക്കന്‍ നയത്തോട് പിണറായി

കണ്ണൂര്‍ : സിപിഐഎം എതിര്‍ക്കുന്നത് അമേരിക്കയെന്ന രാജ്യത്തെയല്ല അവരുടെ സാമ്രാജ്യത്വനയങ്ങളോടാണെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അമേരിക്കന്‍ കോണ്‍സുലര്‍ തന്നെ വന്നു കണ്ടിരുന്നു. സാധാരണഗതിയില്‍ ഭരിക്കുന്ന സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും പ്രതിനിധികളെ വിദേശത്തുനിന്നെത്തുന്നവര്‍ കാണാറുണ്ട്. ഇങ്ങോട്ടു വന്നു കണ്ടു ചര്‍ച്ച ചെയ്തു. അവരുടെ കാര്യങ്ങള്‍ പറഞ്ഞു. അങ്ങോട്ട് ഒരു കാര്യവും ചര്‍ച്ച ചെയ്യാനാവശ്യപ്പെട്ടിട്ടില്ല. സിപിഐഎം അമേരിക്കക്കെതിരാണ് എന്ന കാര്യമാണ് അവര്‍ പറഞ്ഞത്. അമേരിക്കയുടെ വ്യവസായനയത്തെയാണ് തങ്ങള്‍ എതിര്‍ക്കുന്നതെന്ന് അവരെ അറിയിച്ചു.ലോകമെമ്പാടും ഒരു ന്യായീകരണവുമില്ലാതെ നടത്തുന്ന അക്രമങ്ങളെയാണ് എതിര്‍ക്കുന്നത്. അമേരിക്കയുടെ ഈ നയം തിരുത്താത്തിടത്തോളം എതിര്‍ക്കും.

കൊക്കോകോളയുടെയും കാര്യത്തില്‍ അതാണ് പറഞ്ഞത്. അമേരിക്കയുടെ വ്യവസായനയം എതിര്‍ക്കുന്നു. കൊക്കോകോള എന്ന അമേരിക്കന്‍ കമ്പനിയെയല്ല. എതിര്‍പ്പ് അവര്‍ നടത്തുന്ന ജലചുഷണത്തോടാണ്. പാലക്കാട് കമ്പനിയുണ്ടാക്കിയ ജലക്ഷാമം മൂലമുണ്ടായ പാരിസ്ഥിതികപ്രശ്നങ്ങളാണ് സമരത്തിനു കാരണം. വെള്ളം ഊറ്റിക്കൊണ്ടുപോകുന്നതിനെതിരായാണ് സമരം. അതിന്റെ മുന്‍പന്തിയില്‍ സിപിഐഎം നിന്നിട്ടുണ്ട്. അക്കാര്യമാണ് അവരോട് സൂചിപ്പിച്ചത്. ചര്‍ച്ചയില്‍ ആര്‍ക്കും ആശയക്കുഴപ്പവുമില്ല. വിക്കിലീക്ക്സിന്റെ വെളിപ്പെടുത്തലുകള്‍ കൊണ്ട് സിപിഐഎമ്മിന് ഒരു ബുദ്ധിമുട്ടുമില്ല.ആ വെളിപ്പെടുത്തലുകള്‍ കുഴപ്പത്തിലാക്കിയത് അമേരിക്കയെ തന്നെയാണെന്നും പിണറായി പറഞ്ഞു

deshabhimani news

ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം സ്തംഭിച്ചു

ഗ്രാമീണമേഖലയിലെ രോഗപ്രതിരോധപ്രവര്‍ത്തനങ്ങളും ആശുപത്രികളുടെ അടിസ്ഥാന സൗകര്യവികസനവും ലക്ഷ്യമിടുന്ന ദേശീയ ഗ്രാമീണാരോഗ്യ ദൗത്യത്തിന്റെ (എന്‍ആര്‍എച്ച്എം) പ്രവര്‍ത്തനം സംസ്ഥാനത്ത് സ്തംഭിച്ചു. ഗ്രാമീണാരോഗ്യരംഗത്ത് സമഗ്ര പുരോഗതി ലക്ഷ്യമിട്ട് തുടങ്ങിയ കേന്ദ്രാവിഷ്കൃത പദ്ധതിയായ എന്‍ആര്‍എച്ച്എം അഞ്ച് വര്‍ഷമായി കേരളത്തിലെ ആരോഗ്യമേഖലയ്ക്ക് പുതുജീവന്‍ പകര്‍ന്ന പദ്ധതിയായിരുന്നു. ഇതിന്റെ നടത്തിപ്പ് അവതാളത്തിലായതോടെ ആരോഗ്യരംഗം വീണ്ടും കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. പദ്ധതിപ്രകാരം നിയോഗിച്ച ഡോക്ടര്‍മാരേയും നഴ്സുമാരേയും ഇതര ജീവനക്കാരേയും പലയിടത്തും പിന്‍വലിച്ചു. തസ്തികയ്ക്കനുസരിച്ച് ഡോക്ടര്‍മാരില്ലാത്തതും തിരക്ക് കൂടുതലുള്ളതുമായ ഗ്രാമീണ ആശുപത്രികളില്‍ നിയോഗിച്ച ഡോക്ടര്‍മാരെയാണ് പിന്‍വലിച്ചത്. ഇതോടെ ഈ ആശുപത്രികളുടെ പ്രവര്‍ത്തനം താളം തെറ്റി. എന്‍ആര്‍എച്ച്എം ഡോക്ടര്‍മാരെ ഉപയോഗിച്ച് സ്പെഷ്യല്‍ഒപി പ്രവര്‍ത്തിച്ചിരുന്ന ആശുപത്രികളില്‍ , ഇപ്പോള്‍ സാധാരണ ഒപിയില്‍ ഇരിക്കാന്‍ പോലും ഡോക്ടര്‍മാരില്ല.

ആരോഗ്യമന്ത്രി ചെയര്‍മാനായ എന്‍ആര്‍എച്ച്എം ഭരണസമിതിയാണ് ഓരോ മാസവും യോഗം ചേര്‍ന്ന് പദ്ധതി പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യേണ്ടത്. എന്നാല്‍ പുതിയ മന്ത്രി അധികാരമേറ്റ് മൂന്നരമാസം കഴിഞ്ഞിട്ടും ഇതുവരെ യോഗം ചേര്‍ന്നിട്ടില്ല. എന്‍ആര്‍എച്ച്എം സംബന്ധിച്ച ഒരുയോഗവും മന്ത്രി വിളിച്ചുകൂട്ടിയിട്ടില്ല. നാല് മാസത്തിനിടെ ഒരു തവണ മാത്രമാണ് ആരോഗ്യ വകുപ്പ് സെക്രട്ടറി ചെയര്‍മാനായ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്നത്. ഈ യോഗത്തിന്റെ മിനുട്സ് ഇതുവരെ സെക്രട്ടറിയോ മന്ത്രിയോ അംഗീകരിച്ചിട്ടുമില്ല. ഇത് അംഗീകരിക്കാതെ പദ്ധതി പ്രവര്‍ത്തനം നടത്താനും കഴിയില്ല.

ഈ സാമ്പത്തിക വര്‍ഷം 225 കോടി രൂപയുടെ കേന്ദ്ര സഹായവും സംസ്ഥാന വിഹിതമായ 100 കോടിയോളം രൂപയും മുന്‍വര്‍ഷത്തെ നീക്കിയിരിപ്പും ഉള്‍പ്പെടെ ഏതാണ്ട് 400 കോടിയോളം രൂപയുടെ പദ്ധതി നടപ്പാക്കല്‍ (പ്ലാന്‍ ഇംപ്ലിമെന്റേഷന്‍ പ്രോഗ്രാം) കേന്ദ്ര ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്. സാമ്പത്തിക വര്‍ഷം അഞ്ചുമാസം പിന്നിട്ടിട്ടും ഇതിന്റെ 10 ശതമാനം തുക പോലും വിനിയോഗിച്ചിട്ടില്ല. എന്‍ആര്‍എച്ച്എം പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു സ്ഥിരം ഡയറക്ടര്‍ വേണമെന്ന് കേന്ദ്രത്തിന്റെ കര്‍ശന നിര്‍ദ്ദേശമുണ്ട്. എന്നാല്‍ മറ്റ് നാല് വകുപ്പുകള്‍ക്കൊപ്പം അധിക ചുമതലയുള്ള ഡയറക്ടര്‍ മാത്രമാണുള്ളത്. വൈകിട്ട് എന്‍ആര്‍എച്ച്എം ആസ്ഥാനത്ത് നടത്തുന്ന സന്ദര്‍ശനത്തില്‍ ഒതുങ്ങിനില്‍ക്കുന്നു ഡയറക്ടറുടെ ഇപ്പോഴത്തെ പ്രവര്‍ത്തനം. ആരോഗ്യ വകുപ്പ് സെക്രട്ടറിയാകട്ടെ തിരിഞ്ഞുനോക്കാറുമില്ല. ജില്ലാതല ഗവേണിംഗ് ബോഡി യോഗങ്ങളും നാലുമാസത്തിലേറെയായി നടന്നിട്ടില്ല.

2006 മുതല്‍ 85-95 ശതമാനം ഫണ്ട് അതാത് സാമ്പത്തിക വര്‍ഷം തന്നെ വിനിയോഗിച്ച് കേന്ദ്ര സര്‍ക്കാറിന്റെ പ്രത്യേക പ്രശംസ നേടിയ സംസ്ഥാനമാണ് കേരളം. കേന്ദ്ര ആരോഗ്യ മന്ത്രിയായിരുന്ന ഡോ. അന്‍പുമണി രാമദാസും ഇപ്പോഴത്തെ ആരോഗ്യ മന്ത്രി ഗുലാംനബി ആസാദും കേരളത്തെ പ്രത്യേകം പ്രശംസിക്കുകയും ചെയ്തു. 108 ആംബുലന്‍സ് പദ്ധതി വിപുലീകരണം ഉള്‍പ്പെടെ സംസ്ഥാനം സമര്‍പ്പിച്ച ചില പദ്ധതികള്‍ നിരാകരിച്ചുവെങ്കിലും മുന്‍വര്‍ഷത്തെ പ്രവര്‍ത്തന മികവ് കണക്കിലെടുത്താണ് ഈ വര്‍ഷം 225 കോടി അനുവദിച്ചത്. 2005ലാണ് കേന്ദ്രം പദ്ധതി തുടങ്ങിയതെങ്കിലും അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ഫണ്ട് വാങ്ങുന്നതിലും പദ്ധതി നടപ്പാക്കുന്നതിലും ഉദാസീനത കാട്ടിയിരുന്നു.

deshabhimani 310811

ജഡ്ജിമാരുടെ നിയമനം: സമഗ്രനിയമം വേണം

സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ നിയമനത്തില്‍ സുതാര്യത ഉറപ്പുവരുത്തുന്നതിന് സമഗ്രനിയമം വേണമെന്ന് പാര്‍ലമെന്റിന്റെ നിയമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ശുപാര്‍ശ. കഴിഞ്ഞ വര്‍ഷം ലോക്സഭയില്‍ അവതരിപ്പിച്ച ജുഡീഷ്യല്‍ സ്റ്റാന്‍ഡേര്‍ഡ്സ് ആന്‍ഡ് അക്കൗണ്ടബിലിറ്റി ബില്ലില്‍ ഭേദഗതി നിര്‍ദേശിച്ചുള്ള റിപ്പോര്‍ട്ടിലാണ് ഈ ശുപാര്‍ശ. ജുഡീഷ്യറിയെ ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരണോ വേണ്ടയോ എന്ന ചര്‍ച്ച സജീവമായി നില്‍ക്കെയാണ് സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പുതിയ നിര്‍ദേശം.

വീരപ്പ മൊയ്ലി നിയമമന്ത്രിയായിരിക്കെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ബില്ലില്‍ ജഡ്ജിമാര്‍ക്കെതിരായ പരാതികള്‍ അന്വേഷിക്കുന്നതിനുള്ള വ്യവസ്ഥകളായിരുന്നു മുഖ്യമായും ഉള്‍പ്പെട്ടിരുന്നത്. ഹൈക്കോടതിയിലെയും സുപ്രീംകോടതിയിലെയും ജഡ്ജിമാര്‍ക്കെതിരെ ഉയരുന്ന പരാതികള്‍ പരിശോധിച്ച് നടപടി നിര്‍ദേശിക്കുന്നതിന് ദേശീയ ജുഡീഷ്യല്‍ മേല്‍നോട്ടസമിതി രൂപീകരിക്കണമെന്ന് ബില്ലില്‍ ശുപാര്‍ശ ചെയ്തിരുന്നു. പരാതികള്‍ കഴമ്പുള്ളതാണോയെന്ന് ആദ്യം ഒരു പരിശോധനാസമിതി വിലയിരുത്തും. ഗൗരവമുള്ളതാണെന്ന് കണ്ടാല്‍ മേല്‍നോട്ടസമിതി വിശദമായ അന്വേഷണം നടത്തും. ജഡ്ജി തെറ്റുചെയ്തെന്ന് അന്വേഷണത്തില്‍ തെളിഞ്ഞാല്‍ നീക്കുന്നതിന് രാഷ്ട്രപതിക്ക് ശുപാര്‍ശ ചെയ്യാം. ഈ ശുപാര്‍ശ പാര്‍ലമെന്റ് അംഗീകരിച്ചാല്‍ ജഡ്ജിയെ പുറത്താക്കി രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിക്കും. ജഡ്ജിമാര്‍ സ്വത്ത് വെളിപ്പെടുത്തുക, ജഡ്ജിയെന്ന നിലയില്‍ പാലിക്കേണ്ട മര്യാദകള്‍ തുടങ്ങിയവയും ബില്ലില്‍ വ്യവസ്ഥ ചെയ്തിരുന്നു.

ദേശീയ ജുഡീഷ്യല്‍ മേല്‍നോട്ടസമിതിയില്‍ ജുഡീഷ്യറിയുടെയും എക്സിക്യൂട്ടീവിന്റെയും ലെജിസ്ലേച്ചറിന്റെയും പ്രാതിനിധ്യമുണ്ടാകണമെന്നാണ് സ്റ്റാന്‍ഡിങ് കമ്മിറ്റി മുന്നോട്ടുവയ്ക്കുന്ന പ്രധാന ഭേദഗതി. നിലവിലുള്ള ബില്ലില്‍ മേല്‍നോട്ടസമിതിയില്‍ ജുഡീഷ്യറിയില്‍നിന്നാണ് കൂടുതല്‍ പ്രാതിനിധ്യം. നിയമനിര്‍മാണ സഭകള്‍ക്ക് പ്രാതിനിധ്യമില്ല. ജുഡീഷ്യറിയിലെ പുഴുക്കുത്തുകള്‍ തടയുന്നതിനുള്ള സംവിധാനത്തില്‍ നിയമനിര്‍മാണ സഭകള്‍ക്കും പ്രാതിനിധ്യം നല്‍കണമെന്നും ലോക്സഭയില്‍നിന്നും രാജ്യസഭയില്‍നിന്നും നിയമപണ്ഡിതരായ ഓരോ അംഗങ്ങളെ വീതം മേല്‍നോട്ടസമിതിയില്‍ ഉള്‍പ്പെടുത്തണമെന്നും ഭേദഗതി നിര്‍ദേശിച്ചിട്ടുണ്ട്. ജഡ്ജിമാര്‍ പാലിക്കേണ്ട മര്യാദകളുടെ കാര്യത്തില്‍ കാലോചിതമായ പരിഷ്കാരങ്ങള്‍ കൊണ്ടുവരണം. ക്ലബ്, സൊസൈറ്റി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാതിരിക്കുക, ബന്ധുക്കളെ സ്വന്തം കോടതിയില്‍ പ്രാക്ടീസ് ചെയ്യാന്‍ അനുവദിക്കാതിരിക്കുക, സമ്മാനങ്ങളോ ആതിഥേയത്വമോ സ്വീകരിക്കാതിരിക്കുക, പൊതുസംവാദങ്ങളില്‍നിന്ന് മാറിനില്‍ക്കുക, മത- ജാതി താല്‍പ്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ കേസുകള്‍ തീര്‍പ്പുകല്‍പ്പിക്കാതിരിക്കുക തുടങ്ങിയ മര്യാദകളാണ് ബില്ലില്‍ നിര്‍ദേശിച്ചിട്ടുള്ളത്. കേസില്‍ വാദംകേള്‍ക്കുന്നതിനിടെ തുറന്നകോടതിയില്‍ ഭരണഘടനാസ്ഥാപനങ്ങള്‍ക്കും നിയമപരമായി നിലവില്‍വന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ അനാവശ്യമായ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍നിന്ന് ജഡ്ജിമാര്‍ പിന്‍വലിയണമെന്ന പുതിയൊരു നിര്‍ദേശവും ജഡ്ജിമാര്‍ പാലിക്കേണ്ട മര്യാദകളുടെ ഭാഗമായി സ്റ്റാന്‍ഡിങ് കമ്മിറ്റി മുന്നോട്ടുവച്ചിട്ടുണ്ട്. ജഡ്ജിമാര്‍ക്കെതിരായ പരാതികള്‍ പ്രാഥമിക വിലയിരുത്തലിന് പരിശോധനാസമിതി മുമ്പാകെ വരുമ്പോള്‍ രഹസ്യവിചാരണ വേണമെന്ന വ്യവസ്ഥയും നിര്‍ദേശിക്കുന്നു. പരാതിയില്‍ കഴമ്പില്ലെന്ന കണ്ടെത്തലാണെങ്കില്‍ ജഡ്ജിമാര്‍ അനാവശ്യമായി അവഹേളിതരാകുന്ന സ്ഥിതി ഒഴിവാക്കുന്നതിനാണ് രഹസ്യവിചാരണയെന്ന ശുപാര്‍ശ.
(എം പ്രശാന്ത്)

deshabhimani 310811

രാസവളം കിട്ടാനില്ല: വിലയും കൂടും

രാസവളത്തിന്റെ ക്ഷാമവും വിലവര്‍ധനയും കര്‍ഷകരെ പ്രതിസന്ധിയിലാക്കി. കാര്‍ഷികവിളകള്‍ക്ക് വളം ചെയ്യേണ്ട സീസണായതോടെ ഫാക്ടംഫോസും യൂറിയയും പൊട്ടാഷും അടക്കമുള്ള വളങ്ങള്‍ക്ക് കമ്പനികള്‍ വില കൂട്ടിയിട്ടുണ്ട്. ഇനിയും വില ഉയരുമെന്ന സൂചനയില്‍ കടകളിലൊന്നും രാസവളം കിട്ടാനുമില്ല. ഒരു വര്‍ഷത്തിനുള്ളില്‍ രാസവളങ്ങളുടെ വില ഇരട്ടിയായി. കഴിഞ്ഞ വര്‍ഷം 231 രൂപയ്ക്ക് കിട്ടിയിരുന്ന 50 കിലോയുടെ ഒരു ചാക്ക് പൊട്ടാഷിന് ഇപ്പോള്‍ വില 340. ഇത് 420 ആവുമെന്നാണ് കമ്പനികള്‍ വ്യാപാരികളെ അറിയിച്ചിട്ടുള്ളത്. ഫാക്ടംഫോസിെന്‍റ വില ഒരുവര്‍ഷം മുന്‍പ് 327 ആയിരുന്നത് ഇപ്പോള്‍ 550 ആയി. ഇത് 650 വരെയാവും. യൂറിയ വില 260 ല്‍നിന്ന് 320 ആയി. ഫോസ്ഫേറ്റ് വില 520 ല്‍നിന്ന് 700 ലെത്തി. രാജ്ഫോസിെന്‍റ വിലയിലും 25 രൂപ കൂടി 275 ആയി.

സംസ്ഥാനത്ത് ആവശ്യമുള്ള വളത്തിെന്‍റ നാലിലൊന്നുപോലും ഫാക്ടറികളില്‍നിന്ന് ലഭിക്കുന്നില്ല. അതുകൊണ്ട് വിവിധ ജില്ലകളുടെ ആവശ്യകത കണക്കാക്കി കൃഷി വകുപ്പിെന്‍റ ജില്ലാ ഓഫീസുകള്‍ കൃഷി ഡയറക്ടറേറ്റിലേക്ക് അറിയിക്കുകയും അവിടെനിന്ന് ലഭ്യതയ്ക്കനുസരിച്ച് വിവിധ ജില്ലകള്‍ക്ക് ആനുപാതികമായി അനുവദിച്ച് എഫ്എസിടി അടക്കമുള്ള വളം വിതരണ കമ്പനികളെ അറിയിക്കുകയുമാണ് ചെയ്യുന്നത്. ഇടുക്കി ജില്ലയില്‍ സെപ്തംബറില്‍ 17,000 മെട്രിക് ടണ്‍ രാസവളം ആവശ്യമാണെന്ന് കൃഷി വകുപ്പിെന്‍റ ജില്ലാ ഓഫീസില്‍ നിന്നും കൃഷി ഡയറക്ടറേറ്റിലേക്ക് അറിയിച്ചു. എന്നാല്‍ ഇതിെന്‍റ ചെറിയൊരു ശതമാനം മാത്രമേ ലഭിക്കാന്‍ സാധ്യതയുള്ളു. ആഗസ്തില്‍ ജില്ലക്ക് ലഭിച്ചത് 65 മെട്രിക് ടണ്‍ പൊട്ടാഷും 365 ടണ്‍ ഫാക്ടംഫോസും 10 മെട്രിക് ടണ്‍ യൂറിയയും മാത്രമാണ്.

രാസവളത്തിന്റെ വിലനിയന്ത്രണം എടുത്തുകളഞ്ഞതോടെയാണ് വളങ്ങളുടെ വില ക്രമാതീതമായി ഉയരുകയും ലഭ്യത കുറയുകയും ചെയ്തത്. പൊട്ടാഷും ഫോസ്ഫേറ്റ് വളങ്ങളും ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്നില്ല. വളം ലഭ്യത കുറഞ്ഞത് ചെറുകിട കര്‍ഷകരെയാണ് ഏറെ ബാധിക്കുന്നത്. വന്‍കിടക്കാര്‍ വിലകൂട്ടി നല്‍കിയും കടകളില്‍ നിന്ന് മൊത്തമായി വാങ്ങിക്കൊണ്ടുപോവുന്നുണ്ട്. ഇടുക്കി അടക്കമുള്ള ജില്ലകളില്‍നിന്ന് കൂടിയവില നല്‍കി തമിഴ്നാട്ടിലേക്ക് വളം കള്ളക്കടത്തായും പരാതിയുണ്ട്. ഏലം, തേയില, കുരുമുളക് എന്നിവയടക്കം എല്ലാ കൃഷികള്‍ക്കും വളം ചെയ്യേണ്ട സമയമാണിത്. വില കൂടുമെന്ന ഭീഷണി ഉയര്‍ന്നതോടെ വളക്കടകളില്‍ ശേഷിച്ചിരുന്ന വളം മുഴുവന്‍ ദിവസങ്ങള്‍ക്കുള്ളില്‍ തീര്‍ന്നു. പച്ചക്കറി കൃഷിക്കായി കുറഞ്ഞ അളവില്‍ വാങ്ങാനെത്തുന്നവര്‍ പോലും വളം കിട്ടാതെ മടങ്ങുകയാണ്.
(കെ ജെ മാത്യു)

deshabhimani 310811

പലരും തിരിച്ചറിയുന്ന യാഥാര്‍ഥ്യങ്ങള്‍

അഴിമതിയുടെ അടിവേരുകള്‍ എവിടെയാണ്? സമീപകാലത്ത് ഭീതിജനകമാംവിധം അഴിമതി ശക്തിപ്പെട്ടത് എന്തുകൊണ്ടാണ്? ഹസാരെയും സംഘവും ഈ ചോദ്യം ഉയര്‍ത്തുന്നില്ലെങ്കിലും പാര്‍ലമെണ്ടില്‍ നടന്ന ചര്‍ച്ചയില്‍ ഇത്തരം അടിസ്ഥാനപരമായ പ്രശ്നങ്ങള്‍ സജീവമായി ഉയരുകയുണ്ടായി. രാജ്യസഭയില്‍ ചര്‍ച്ചക്ക് തുടക്കം കുറിച്ച ബിജെപി നേതാവ് അരുണ്‍ ജെറ്റ്ലി തന്റേത് കുറ്റസമ്മതത്തിന്റെ ഭാഷകൂടിയാണെന്നു പരാമര്‍ശിച്ചു.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഉദാരവല്‍ക്കരണനയങ്ങളെ സംബന്ധിച്ച് തനിയ്ക്ക് നേരത്തെയുണ്ടായിരുന്ന ധാരണകള്‍ പലതും തെറ്റായിപ്പോയെന്ന് അദ്ദേഹം പറഞ്ഞു. പുതിയ നയങ്ങള്‍ക്കായി കൊണ്ടുവന്ന പല നിയമങ്ങളെയും ഇടതുപക്ഷം മാത്രമാണ് എതിര്‍ത്തിരുന്നതെന്നും അതില്‍ പലതും ശരിയാണെന്ന് കാലം തെളിയിച്ചിരിക്കുന്നെന്നും അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ഉള്‍പ്പെടെ പലരും ഇതേ അഭിപ്രായം പങ്കുവെയ്ക്കുകയുണ്ടായി. രാജ്യത്തെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ പാര്‍ലമെണ്ട് തിരിച്ചറിവിലൂടെ കടന്നുപോകുന്നെന്നു തോന്നിപ്പിക്കുന്നതാണ് ഈ ചര്‍ച്ചകളെന്ന് സീതാറം യെച്ചൂരി അഭിപ്രായപ്പെട്ടു. കടുത്ത വലതുപക്ഷ നിലപാടുകളുടെ വക്താക്കാളായ പലരും ഇടതുപക്ഷമാണ് ശരിയെന്നു പറയുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ഉദാരവല്‍ക്കരണ നയങ്ങള്‍ രണ്ടു പതിറ്റാണ്ട് പിന്നിട്ടതിന്റെ അനുഭവങ്ങള്‍ മൂര്‍ത്തമായി വിശകലനം ചെയ്യേണ്ട സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നുവെന്ന് ഈ കോളത്തില്‍ നേരത്തെ എഴുതിയിരുന്നു.

അഴിമതിയുടെ പുതിയ പുതിയ സാധ്യതകള്‍ തുറന്നിട്ടുവെന്നതാണ് ഈ നയത്തിന്റെ പ്രധാന സംഭാവന. സര്‍ക്കാരിന്റെ ലൈസന്‍സ് രാജ് അഴിമതിയുടെ പ്രധാന കേന്ദ്രമാണെന്നും ആ കാലം അവസാനിച്ചുവെന്നുമാണ് ധനമന്ത്രിയായിരുന്ന മന്‍മോഹന്‍സിംഗ് 1991ല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ , ഇപ്പോള്‍ അത്തരം കാലത്തെയെല്ലാം വല്ലാതെ പുറകിലാക്കുന്ന രൂപത്തില്‍ അഴിമതി എല്ലാ മേഖലകളിലേക്കും വ്യാപിച്ചിരിക്കുന്നു. കല്‍ക്കരിയും പ്രകൃതി വാതകവും എണ്ണയും ഭൂമിയുടെ അടിത്തട്ടില്‍നിന്നും കുഴിച്ചെടുക്കുന്നതാണ്. ഭൂമിയുടെ അടിയിലേക്ക് പോകുംതോറും അഴിമതിയുടെ അളവ് വര്‍ധിക്കുന്നു. സ്പെക്ട്രം ആകാശത്തിന്റെ പരപ്പുകളിലാണ്. അതാണ് അമ്പരപ്പിക്കുന്ന അഴിമതിയുടെ ഭൂമികയായി മാറിയത്. ഈ നയങ്ങളുടെ ഗുണഭോക്താക്കളായ വന്‍കിട കോര്‍പറേറ്റുകളുടെ ആസ്തി ഞെട്ടിപ്പിക്കുംവിധമാണ് രണ്ടു പതിറ്റാണ്ടുകൊണ്ട് വര്‍ധിച്ചത്. ഹസാരെ സമരത്തിന്റെ രസകരമായ ഒരുവശം കോര്‍പറേറ്റുകള്‍ പലരും അദ്ദേഹത്തെ ശക്തമായി പിന്തുണച്ചുവെന്നതാണ്.

ആരോഗ്യരംഗത്ത് ഇന്നു രാജ്യത്തെ പ്രധാന കുത്തകയായ മേദാന്തയാണ് ഹസാരെയുടെ ആരോഗ്യസംരഷണം ഏറ്റെടുത്തിരിക്കുന്നത്. നോയിഡയിലെ അവരുടെ മെഡിസിറ്റി ഈ രംഗത്തെ കോര്‍പറേറ്റ്വല്‍ക്കരണത്തിന്റെ മികച്ച ദൃഷ്ടാന്തമാണ്. ഹസാരെക്ക് പിന്തുണയര്‍പ്പിക്കുന്ന ചില കോര്‍പറേറ്റ് എംപിമാരുണ്ട്്. സംസ്ഥാന നിയമസഭകളിലെ എംഎല്‍എമാരെ വിലക്കു വാങ്ങി രാജ്യസഭയിലേക്ക് സ്വതന്ത്ര പരിവേഷത്തോടെ കടന്നുവന്നവര്‍ അഴിമതിക്കെതിരെ നടത്തുന്ന പ്രസംഗം ആരുടേയോ ചാരിത്ര്യ പ്രസംഗത്തെ ഓര്‍മ്മിപ്പിക്കുന്നു. കോര്‍പറേറ്റുകള്‍ക്ക് സര്‍ക്കാരുകള്‍ നല്‍കുന്ന ഞെട്ടിപ്പിക്കുന്ന നികുതി ഇളവുകളെ സംബന്ധിച്ച് ഇവരാരും ഒന്നും പറയുന്നില്ല. വിദേശമൂലധനത്തിന്റെ മുഖംമൂടി ധരിച്ച് ഇന്ത്യന്‍ മൂലധനം കടന്നുവരുന്നതിന് അവസരം ഒരുക്കിയത് ആരാണ്? ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ വിദേശ മൂലധനം വരുന്ന രാജ്യത്തിന്റെ പേര് മൗറീഷ്യസെന്നാണ്. വികസിത മുതലാളിത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടാത്ത മൗറീഷ്യസുമായി ഇന്ത്യ ഏര്‍പ്പെട്ടിരിക്കുന്ന ഇരട്ട നികുതി ഒഴിവാക്കുന്ന കരാറാണ് ഈ സാഹചര്യം സൃഷ്ടിച്ചത്.

അവിടെ മൂലധനത്തിനും ലാഭത്തിനും നികുതി ഇല്ലാത്തതുകൊണ്ട് ഇന്ത്യന്‍ കമ്പനികള്‍ അവിടെ പുതിയ കമ്പനി രജിസ്റ്റര്‍ ചെയ്യുകയും ഇന്ത്യന്‍ മൂലധനം വിദേശ മൂലധനമെന്ന മട്ടില്‍ രാജ്യത്തേക്ക് ഒഴുക്കുകയും ചെയ്യുന്നു. ഇരട്ട നികുതി ഒഴിവാക്കുന്നുവെന്ന അടിസ്ഥാന പ്രശ്നത്തെ തൊടാതെ എങ്ങനെയാണ് നികുതി വെട്ടിപ്പുകളെയും അഴിമതിയെയും കുറിച്ച് ചര്‍ച്ച ചെയ്യുന്നത്? അഴിമതിക്കെതിരെ വലിയ ക്യാമ്പയിനു തുടക്കം കുറിച്ചിരിക്കുന്ന മാധ്യമമാണ് ടൈംസ് ഓഫ് ഇന്ത്യ. ഇവരാണ് മാധ്യമ രംഗത്തെ പുതിയ നയങ്ങള്‍ നടപ്പിലാക്കുന്നതിനു തുടക്കം കുറിച്ചത്. ഇരുനൂറിലധികം വരുന്ന കമ്പനികളുമായി ടൈംസ് ഓഫ് ഇന്ത്യ സ്വകാര്യ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് അവരുടെ വെബ്സൈറ്റ് പറയുന്നു. ഈ കമ്പനികളിലെല്ലാം ഈ പത്രത്തിന് വലിയ ഓഹരികളുണ്ട്. ഇവര്‍ക്കെതിരായ ഒരു വാര്‍ത്തയും ടൈംസില്‍ പ്രതീക്ഷിക്കേണ്ട. ഇപ്പോള്‍ മാധ്യമങ്ങള്‍ ആ ഘട്ടവും കടന്ന് പെയ്ഡ് ന്യൂസില്‍ എത്തിയിരിക്കുന്നു. കോര്‍പറേറ്റ് മാധ്യമങ്ങള്‍ ഉദാരവല്‍ക്കരണ കാലത്തെ ചങ്ങാതിക്കൂട്ടത്തില്‍ ഇടം തേടിപിടിച്ചവരാണ്. വിവാദമായ റാഡിയ ടേപ്പുകള്‍ ഇതിന്റെ നാണിപ്പിക്കുന്ന രംഗങ്ങള്‍ പുറത്തുകൊണ്ടുവന്നിരുന്നു.

പുതിയ നയത്തിന്റെ ഭാഗമായി അഴിമതി കലയാക്കി വളര്‍ത്തിയെടുത്തവര്‍ ബ്യൂറോക്രസിയാണ്. സര്‍ക്കാരിന്റെ പല നയങ്ങളും ആവിഷ്കരിക്കുന്നത് അവരാണ്. ആദ്യം വരുന്നവര്‍ക്ക് ആദ്യം നല്‍കുകയെന്ന നയം നടപ്പിലാക്കിയതിന്റെ ഭാഗമായി രാജ്യത്തിന്റെ ഖജനാവിനു ലഭിക്കേണ്ട എത്രലക്ഷം കോടികളാണ് നഷ്ടപ്പെടുത്തിയത്. അതിന്റെ പങ്കുവെയ്ക്കലുകളില്‍ ഒരു വിഭാഗം രാഷ്ട്രീയ നേതൃത്വവും ബ്യൂറോക്രസിയും പ്രധാനവീതം കൈയടക്കുന്നു. ഇക്കാലത്തെ അഴിമതിയുടെ മറ്റൊരു പ്രധാന ഉപകരണം സര്‍ക്കാര്‍ ഇതര സംഘടനകളാണ്. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ധനസഹായം സ്വീകരിക്കുന്ന എന്‍ജിഒകളുടെ പ്രവര്‍ത്തനം ഒരു തരത്തിലുള്ള സൂക്ഷ്മ പരിശോധനക്കും വിധേയമാക്കുന്നില്ല. ഇവരെ ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നതിനെ സംബന്ധിച്ച് സ്റ്റാന്റിംഗ് കമ്മിറ്റി അഭിപ്രായം ചോദിച്ചപ്പോള്‍ ടീം അണ്ണ പൊട്ടിത്തെറിക്കുകയാണ് ചെയ്തത്. അതുപോലെതന്നെ ആഴത്തിലുള്ള അധ:പതനത്തിനു വിധേയമായ രംഗമാണ് നീതിന്യായ വ്യവസ്ഥ. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു ജഡ്ജിയെ ഇംപീച്ച്മെന്റ് ചെയ്യുന്ന പ്രമേയം രാജ്യസഭ പാസാക്കിയെങ്കിലും ഏറെ ദുഷ്കരമാണ് ഈ സംവിധാനം.

അതുകൊണ്ടുതന്നെ ജഡ്ജിമാരെ വിലയിരുത്തുന്നതിനായി പ്രത്യേക സംവിധാനമുണ്ടാക്കണമെന്ന് തുടക്കം മുതല്‍ ഇടതുപക്ഷം ആവശ്യപ്പെടുന്നു. അറപ്പുളവാക്കുംവിധം അഴിമതി വ്യാപകമായി എന്നതാണ് ഹസാരെയുടെ സമരത്തിനു പ്രധാന്യം ലഭിക്കാന്‍ ഇടയായ പ്രധാന കാരണം. ആ സാഹചര്യം തിരിച്ചറിഞ്ഞ് മൂര്‍ത്തമായ സമരരൂപം ആവിഷ്കരിക്കാന്‍ ഹസാരെക്കു കഴിഞ്ഞുവെന്നതും കാണാതിരുന്നുകൂട. ശക്തമായ ലോക്പാല്‍ എന്ന വികാരം ശക്തമാക്കുന്നതിലും അതിന് അനുകൂലമായ ജനാഭിപ്രായം ശക്തിപ്പെടുത്തുന്നതിലും ഹസാരെയുടെ നിരാഹാരസമരം പ്രധാന പങ്കുവഹിക്കുകയും ചെയ്യുന്നു. എല്ലാത്തിനെയും അരാഷ്ട്രീയവല്‍ക്കരിക്കുകയും വ്യക്തികേന്ദ്രീകൃതമാക്കുകയും ചെയ്യുകയെന്ന ഉദാരവല്‍ക്കരണ രീതി ഇവിടെയും സമര്‍ഥമായി പ്രയോഗിക്കുന്നത് കാണാന്‍ കഴിയും. പ്രസ്ഥാനങ്ങള്‍ തെറ്റെന്നും വ്യക്തി മാത്രമാണ് ശരിയെന്നും സ്ഥാപിക്കാന്‍ മാധ്യമങ്ങളെ ഉപയോഗിച്ച് നടത്തിയ പ്രചാരവേലകളുടെ ഭാഗമായി മാറിയ ചിലര്‍പോലും ഇപ്പോള്‍ അപകടത്തിന്റെ ആഴം തിരിച്ചറിയുന്നുണ്ട്. അഴിമതി വ്യാപകമാക്കുന്ന നയങ്ങളെ വിമര്‍ശിക്കുമ്പോള്‍ വളര്‍ച്ചയുടെ കണ്ണഞ്ചിപ്പിക്കുന്ന ചിത്രം അവതരിപ്പിക്കാനാണ് പലരും ശ്രമിക്കുന്നത്്.

ഇന്ത്യയില്‍ കക്കൂസുള്ള വീടുകളുടെ എണ്ണത്തേക്കാള്‍ എത്രയോ മടങ്ങ് അധികമാണ് മൊബൈല്‍ വരിക്കാരുടെ എണ്ണം എന്നതിനെ ഏതു വളര്‍ച്ചയായാണ് ഇവര്‍ കാണുന്നത്. രാജ്യസഭയില്‍ പ്രസംഗിച്ച പ്രൊഫസര്‍ കുര്യന്‍ അഴിമതി തടയുന്നതിനുള്ള ഒറ്റമൂലി കണ്ടെത്തുകയുണ്ടായി. ഭഗവദ്ഗീത വായിച്ചാല്‍ അഴിമതി ഇല്ലാതാക്കാന്‍ കഴിയുമെന്നതാണ് കുര്യന്റെ കണ്ടുപിടിത്തം. രണ്ടു പതിറ്റാണ്ടിന്റെ ഉദാരവല്‍ക്കരണ നയങ്ങളുടെ അനുഭവം വിലയിരുത്തുന്നതിനും തിരുത്തല്‍ പ്രക്രിയക്ക് തുടക്കം കുറിക്കുന്നതിലേക്കും തിരിച്ചറിവുകള്‍ നയിക്കുന്നില്ലെന്നതാണ് ചര്‍ച്ചയുടെ അനുഭവവും പഠിപ്പിക്കുന്നത്്. എന്നാല്‍ , വൈവിധ്യം നിറഞ്ഞ അഭിപ്രായങ്ങള്‍ ചെയ്യുന്നതിലൂടെ കൂടുതല്‍ ശക്തമായ ലോക്പാല്‍ നിയമം പാസാക്കുന്നതിന് പുതിയ സാഹചര്യം സഹായിക്കുമെന്ന് പ്രതീക്ഷിക്കാം.

പി രാജീവ് deshabhimani 310811

കണ്ണൂര്‍ കോണ്‍ഗ്രസില്‍ പരസ്യ ഏറ്റുമുട്ടല്‍

കണ്ണൂര്‍ : കണ്ണൂരിലെ കോണ്‍ഗ്രസ് ഗ്രൂപ്പ്വഴക്ക് ഇരുവിഭാഗവും തമ്മിലുളള പരസ്യമായ ഏറ്റുമുട്ടലിലേക്ക്. ചപ്പാരപ്പടവില്‍ തുടക്കമിട്ട എ ഗ്രുപ്പും വിശാല ഐഗ്രുപ്പ് തമ്മിലുള്ള അടി കേണ്‍ഗ്രസിന് സ്വാധീനമുള്ള ചെറുപുഴ, പയ്യാവൂര്‍ , ഇരിട്ടിപ്രദേശങ്ങളിലും ജില്ലയുടെ മറ്റു പ്രദേശങ്ങളിലേക്കും വ്യാപിച്ചു. വിശാല ഐഗ്രൂപ്പ് എന്നതിലുപരി സുധാകരപക്ഷവും എ ഗ്രൂപ്പുകാരനായ ഡിസിസി പ്രസിഡന്റിനെ പിന്തുണക്കുന്നവരും തമ്മിലാണ് പോര് മൂര്‍ച്ചിക്കുന്നത്. ഇരുവിഭാഗവും കെപിസിസിയെ കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ട്. സുധാകരപക്ഷം കെപിസിസി പ്രസിഡന്റിന് പ്രത്യേകമായി ഫാക്സ് പരാതിയും നല്‍കി. അതേസമയം ഡിസിസി പ്രസിഡന്റിനെ ഉപരോധിച്ച സംഭവത്തില്‍ പുറത്താക്കപ്പെട്ട ചപ്പാരപടവിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കെപിസിസി അംഗവും അച്ചടക്കനടപടി അംഗികരിക്കില്ല എന്ന് വാര്‍ത്തസമ്മേളനം നടത്തി പരസ്യമായി പ്രഖ്യാപിച്ചു.വാര്‍ത്തസമ്മേളനം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഡിസിസി പ്രസിഡന്റും തിരിച്ചടിച്ചു.

ഉമ്മന്‍ചാണ്ടിയുടെ പിന്തുണ പി രാമകൃഷ്ണനുണ്ട്. അതിനാല്‍ വിശാല ഐഗ്രൂപ്പിന്റെ പേരില്‍ കെപിസിസി പ്രസിഡന്റ് രമേശ്ചെന്നിത്തലയുടെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമമാണ് സുധാകരപക്ഷം നടത്തുന്നത്. ഇതോടെ കണ്ണൂരിലെ തമ്മിലടി സംസ്ഥാനതലത്തിലേക്ക് നീങ്ങുകയാണ്.സംഘടനയുടെ ജനാധിപത്യസ്വഭാവം ഇല്ലാതാക്കുന്നുവെന്ന് ആരോപിച്ചു സുധാകരപക്ഷ നേതാക്കള്‍ ചൊവ്വാഴ്ച കെപിസിസി പ്രസിഡന്റിന് ഫാക്സ് അയച്ചു. ഡിസിസി ഓഫീസ് എല്ലാ വൃത്തികേടുകള്‍ക്കും ഉപയോഗിച്ചവര്‍ നല്‍കുന്ന പരാതിയില്‍ തനിക്കെതിരെ ഒരു നടപടിയുമുണ്ടാവില്ല എന്ന് പി രാമകൃഷ്ണനും തിരിച്ചടിച്ചു. ഇതിനകം സുധകരപക്ഷക്കാര്‍ നല്‍കിയ പരാതികടലാസ്കൊണ്ട് കെപിസിസി ഓഫീസ് മൂടാനാവുമെന്നും അദ്ദേഹം പരിഹസിച്ചു. മറ്റു ഗ്രൂപ്പുകളുടെ കാര്യത്തില്‍ ഇടപെടുന്ന സുധാകരന്‍ ഇരിട്ടിമണ്ഡലം പ്രസിഡന്റിനെ നിയമിക്കുന്നതില്‍ എന്തുകൊണ്ട് അമാന്തം കാണിക്കുന്നുവെന്ന് അറിയാന്‍ കോണ്‍ഗ്രസുകാര്‍ക്ക് താല്‍പര്യമുണ്ട്. മറ്റു ഗ്രൂപ്പുകാരുടെ മണ്ഡലങ്ങളില്‍ സുധാകരഗ്രൂപ്പിന്റെ ഇടപെടല്‍ വേണ്ട. അതിന് ഡിസിസി പ്രസിഡന്റുണ്ട് എന്ന് രാമകൃഷ്ണന്‍ മറുപടി പറഞ്ഞു.

സുധാകരന്‍ രക്തസാക്ഷിഫണ്ട് മുക്കിയെന്ന് ഡിസിസി പ്രസിഡന്റ്

കണ്ണൂര്‍ : കെപിസിസി ജനറല്‍ സെക്രട്ടറിയും എംപിയുമായ കെ സുധാകരനും സംഘവും പിരിച്ച രക്തസാക്ഷിഫണ്ടുകളൊന്നും ബന്ധുക്കള്‍ക്ക് കൃത്യമായി നല്‍കുകയോ കണക്ക് പാര്‍ടിയില്‍ വെളിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് ഡിസിസി പ്രസിഡന്റ് പി രാമകൃഷ്ണന്‍ . ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തല്‍ . സജിത്ത്ലാല്‍ രക്തസാക്ഷിഫണ്ടിലേക്ക് ഗള്‍ഫില്‍നിന്ന് ഉള്‍പ്പെടെ ലക്ഷങ്ങള്‍ പിരിച്ചെങ്കിലും കുടുംബത്തിന് നല്‍കിയത് 25,000 രൂപ മാത്രമാണ്. ബെര്‍ലിന്‍ കുഞ്ഞനന്തന്‍നായരെ സംരക്ഷിക്കാന്‍ കെ സുധാകരന്‍ ഇറങ്ങുന്നത് ലജ്ജാകരമാണ്. അദ്ദേഹത്തെ സംരക്ഷിക്കാന്‍ സര്‍ക്കാരുണ്ട്. കുഞ്ഞനന്തന്‍നായര്‍ക്കുവേണ്ടി കോണ്‍ഗ്രസുകാര്‍ രംഗത്തിറങ്ങിയാല്‍ സംഘര്‍ഷമുണ്ടാവും. സംഘര്‍ഷമുണ്ടാക്കി രക്തസാക്ഷികളെ സൃഷ്ടിക്കുകയാണ് സുധാകരന്റെ ലക്ഷ്യം. രക്തസാക്ഷികളുണ്ടായാല്‍ മാത്രമേ നിര്‍ബാധം ഫണ്ട് പിരിക്കാനാവൂ. മുമ്പ് എം വി രാഘവനെ സംരക്ഷിക്കാന്‍ ഇറങ്ങിയപ്പോള്‍ കോണ്‍ഗ്രസിന് നഷ്ടം മാത്രമാണുണ്ടായത്. അന്ന് എം വി രാഘവനെ സംരക്ഷിച്ചതുകൊണ്ടാണ് കുത്തുപറമ്പില്‍ ഡിവൈഎഫ്ഐക്കാര്‍ക്കുനേരെ പൊലീസ് വെടിവയ്പുണ്ടായത്. കൂത്തുപറമ്പ് വെടിവയ്പ് അനാവശ്യമായിരുന്നു.

ഡിസിസി പ്രസിഡന്റ് പദവി വ്യവസായമാക്കാനും ഭരണം ദുര്‍വിനിയോഗിക്കാനുമാണ് ചിലരുടെ ഇന്നത്തെ പടയിളക്കം. അവരുടെ സ്വാര്‍ഥതാല്‍പര്യത്തിന് വഴങ്ങാത്തതിനാലാണ് ഡിസിസിപ്രസിഡന്റ് സ്ഥാനത്തുനിന്ന് തന്നെ മാറ്റണമെന്ന ആവശ്യമുയര്‍ത്തുന്നത്. തോക്കും ബോംബും കാണിച്ചാണ് മുമ്പ് സുധാകരന്‍ ഡിസിസി പ്രസിഡന്റ് സ്ഥാനം പിടിച്ചെടുത്തത്. പാര്‍ടിപ്രവര്‍ത്തകരോടും ഉദ്യോഗസ്ഥരോടും ധാര്‍ഷ്ട്യത്തോടെ പെരുമാറുന്നത് കോണ്‍ഗ്രസ് സംസ്കാരമല്ല. അത് അംഗീകരിക്കാനുമാവില്ല- പി രാമകൃഷ്ണന്‍ പറഞ്ഞു.

deshabhimani 310811

വിക്കിലീക്സ് രേഖയുടെ പേരില്‍ പുകമറ സൃഷ്ടിക്കാന്‍ ശ്രമം

അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളുമായി സിപിഐ എം നേതാക്കള്‍ ചര്‍ച്ച നടത്തിയെന്ന വിക്കിലീക്സ് രേഖകളുടെ പേരില്‍ പുകമറ സൃഷ്ടിക്കാന്‍ മാധ്യമശ്രമം. എല്‍ഡിഎഫ് ഭരണകാലത്ത് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെയും മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെയും മന്ത്രിമാരായ തോമസ് ഐസക്കിനെയും എം എ ബേബിയെയും അമേരിക്കന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചിരുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള അന്നത്തെ പ്രതിപക്ഷ കക്ഷി നേതാക്കളുമായും ചര്‍ച്ച നടത്തിയിരുന്നു. ഇതില്‍ രഹസ്യമായി ഒന്നുമില്ല. ഈ വിവരങ്ങളെല്ലാം അന്ന് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതുമാണ്.

എന്നാല്‍ , സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും എം എ ബേബിയും തോമസ് ഐസക്കും അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി രഹസ്യചര്‍ച്ച നടത്തിയെന്ന് തോന്നുംവിധമാണ് ചൊവ്വാഴ്ച ഇന്ത്യന്‍ എക്സ്പ്രസ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. അതേസമയം, വി എസ് ഈ ഉദ്യോഗസ്ഥരെ കാണാന്‍ കൂട്ടാക്കിയില്ലെന്നും ഇന്ത്യന്‍ എക്സ്പ്രസ് വാര്‍ത്ത സൃഷ്ടിച്ചു. ഇതിന്റെ ചുവടു പിടിച്ച് ചാനലുകളും രംഗത്തെത്തി. എന്നാല്‍ , പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും തോമസ് ഐസക്കും വസ്തുത വ്യക്തമാക്കിയതോടെ ഗൂഢാലോചന പൊളിഞ്ഞു. എങ്കിലും പുകമറ സൃഷ്ടിക്കാനുള്ള ശ്രമം തുടരുകയാണ്.

ചര്‍ച്ച നടത്തിയതിന്റെ പേരില്‍ തെറ്റിദ്ധാരണ പരത്താനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്ന് വി എസ് പറഞ്ഞു. ചര്‍ച്ച നടത്തിയത് പാര്‍ടിനയങ്ങള്‍ക്കകത്തുനിന്നുകൊണ്ടാണെന്ന് ഡോ. തോമസ് ഐസക്കും വ്യക്തമാക്കി. അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്ന് നിക്ഷേപം പാടില്ലെന്നോ നിക്ഷേപത്തിനായി ചര്‍ച്ചകള്‍ പാടില്ലെന്നോ സിപിഐ എം നയമല്ല. സര്‍ക്കാരുകള്‍ക്ക് വികസന പദ്ധതികള്‍ക്കായി വിദേശസഹായം സ്വീകരിക്കാം. അത്തരം അവസരങ്ങളില്‍ നാടിന്റെ അടിസ്ഥാന താല്‍പ്പര്യങ്ങള്‍ക്കും നയങ്ങള്‍ക്കും വിരുദ്ധമായ നിബന്ധന ഉണ്ടാവരുതെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മാനദണ്ഡം. ഇതാണ് സിപിഐ എം നയമെന്നിരിക്കെ അമേരിക്കന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയ വാര്‍ത്ത ലക്ഷ്യമിടുന്നത് സിപിഐ എം സമ്മേളനങ്ങളെയാണ്. സമ്മേളനങ്ങള്‍ തുടങ്ങാനിരിക്കെ പാര്‍ടിയില്‍ രണ്ട് പക്ഷം എന്ന് വരുത്താന്‍ ഇതിനകം നടത്തിയ ശ്രമങ്ങളെല്ലാം പൊളിഞ്ഞപ്പോഴാണ് പുതിയ തന്ത്രം പയറ്റുന്നത്.

ദേശാഭിമാനി 310811

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേത് രാജാധിപത്യത്തിനെതിരെ പോരടിച്ച ചരിത്രം: വി.എസ്

ദേശാഭിമാനി 310811

Tuesday, August 30, 2011

കീറിപ്പോയ 'വിക്കിലീക്സ് വല'

അമേരിക്കന്‍ നയതന്ത്രപ്രതിനിധികള്‍ പിണറായി വിജയനെ കണ്ട് ചര്‍ച്ച നടത്തുകയോ? വിദേശനിക്ഷേപം സ്വീകരിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പിണറായിയും എം എ ബേബിയും തോമസ് ഐസക്കും പറയുകയോ? എങ്കില്‍, ഇതാ വലതുപക്ഷരോഗം സിപിഐ എമ്മിനെ ബാധിച്ചിരിക്കുന്നു എന്ന് തറപ്പിച്ചുപറയാന്‍ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് എന്തിന് മടിക്കണം. ഇന്ത്യന്‍ എക്സ്പ്രസ് വാര്‍ത്തയെഴുതിയാല്‍ ഇന്ത്യാവിഷന്‍ അത് കൂടുതല്‍ പൊലിപ്പിച്ച് പ്രചരിപ്പിക്കേണ്ടതല്ലേ. മറ്റു ചാനലുകളും പത്രങ്ങളും അത് ഏറ്റെടുക്കേണ്ടതല്ലേ.

ഇന്ത്യാവിഷന്‍ പറയുന്നു: \"അമേരിക്കന്‍ നിക്ഷേപത്തോട് കേരളത്തിലെ സിപിഐ എം നേതൃത്വം അമിതമായ താല്‍പ്പര്യം എടുത്തിരുന്നതായി വിക്കിലീക്സ് രേഖകള്‍. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, തോമസ് ഐസക്, എം എ ബേബി എന്നീ നേതാക്കള്‍ അമേരിക്കന്‍ നയതന്ത്രപ്രതിനിധികളോട് യുഎസ് അനുകൂലനിലപാട് സ്വീകരിച്ചിരുന്നതായി വിക്കിലീക്സ് രേഖകളെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് പത്രം റിപ്പോര്‍ട്ടുചെയ്തു... പിണറായി ഉള്‍പ്പെടെയുള്ള നേതാക്കളെ കണ്ടെങ്കിലും, യുഎസ് പൊളിറ്റിക്കല്‍ കൌണ്‍സിലുമായി കൂടിക്കാഴ്ചയ്ക്ക് അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ തയ്യാറായില്ലെന്ന് വിക്കിലീക്സ് രേഖകള്‍ വെളിപ്പെടുത്തുന്നു. ആയുര്‍വേദചികിത്സയിലാണെന്ന് പറഞ്ഞാണ് വി എസ് അമേരിക്കന്‍ പ്രതിനിധികളെ കാണാന്‍ വിസമ്മതിച്ചതെന്നും നയതന്ത്ര പ്രതിനിധികളുടെ രേഖകളില്‍ വ്യക്തമാകുന്നു.\'\'

സംഗതി വ്യക്തമാണ്. പിണറായി വിജയന്റെ നേതൃത്വത്തില്‍ അമേരിക്കയോട് സ്നേഹമുള്ള ഒരു പക്ഷം. വി എസ് അമേരിക്കക്കാരെ കാണാന്‍ കൂട്ടാക്കാത്ത നിലപാടില്‍. പാര്‍ടിയില്‍ രണ്ടുചേരി. ഒന്ന് യഥാര്‍ഥ ഇടതുപക്ഷം. മറ്റൊന്ന് വലത്തോട്ട് ചാഞ്ഞത്. സമ്മേളനങ്ങള്‍ ആരംഭിക്കുമ്പോള്‍ ചേരിതിരിവ് രൂക്ഷമാകുന്നു; ആശയപരമായി പാര്‍ടി രണ്ടുതട്ടില്‍- പ്രചാരണയുദ്ധത്തിനുള്ള വക കളഞ്ഞുകിട്ടിയെന്ന സന്തോഷത്തില്‍ ഒറ്റയടിക്ക് മാധ്യമങ്ങള്‍ ഉണര്‍ന്നെണീറ്റു. യഥാര്‍ഥ വിക്കിലീക്സ് വെളിപ്പെടുത്തലില്‍ ഇല്ലാത്ത ചിലത് കൂട്ടിച്ചേര്‍ത്തും വക്രീകരിച്ചും കാര്യം നേടാന്‍ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് മറന്നില്ല. കേരളത്തിലെ വിവിധ നേതാക്കളുമായി വെവ്വേറെ കൂടിക്കാഴ്ച നടത്തിയതായാണ് വിക്കിലീക്സ് രേഖ. പത്രം അത് അടച്ചിട്ട മുറിയിലെ സംയുക്ത കൂടിക്കാഴ്ചയാക്കി. പാര്‍ടി നേതാക്കളുടെ തുറന്നുപറച്ചില്‍ അമേരിക്കക്കാരെ \'അത്ഭുതപ്പെടുത്തി\'യതായി സ്വയം കണ്ടെത്തി

സിപിഐ എം സമ്മേളനങ്ങള്‍ തുടങ്ങുകയാണ്. അതിനുമുമ്പ് ചില പ്രശ്നങ്ങള്‍ ഉണ്ടാക്കിയേ തീരൂ. ഇതുവരെ കൊണ്ടുവന്നതെല്ലാം പാളിപ്പോയി. ഏറ്റവുമൊടുവില്‍ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിയെപ്പോലും പാര്‍ടിയിലെ ഭിന്നതയ്ക്കുള്ള വിഷയമായി എടുത്തിട്ടുനോക്കി. അതും ആരും ഏറ്റുപിടിച്ചില്ല. പാര്‍ടി സമ്മേളനങ്ങളില്‍ മത്സരം നടക്കുമെന്ന വിശ്വാസം പ്രകടിപ്പിച്ചാണ് മലയാളമനോരമ ചൊവ്വാഴ്ച വാര്‍ത്തയെഴുതിയത്. മൂന്നുമാസത്തേക്കുള്ള സസ്പെന്‍ഷന്‍ നടപടിയെ പാര്‍ടിയില്‍നിന്നുള്ള പുറന്തള്ളലായി ചിത്രീകരിച്ച് നടത്തുന്ന പ്രചാരണം അതിനുപുറമെ. അതിനിടയിലാണ് വിക്കിലീക്സ് വീണുകിട്ടിയത്.

ഇന്ത്യന്‍ എക്സ്പ്രസില്‍ വന്നത് ഉപ്പുകൂട്ടാതെ വിഴുങ്ങാന്‍ ചാനലുകള്‍ക്കും പ്രമുഖ പത്രങ്ങളുടെ ഓണ്‍ലൈന്‍ എഡിഷനുകള്‍ക്കും മടിയുണ്ടായില്ല.

അങ്ങനെ എല്ലാം ഒത്തുവന്ന ഘട്ടത്തിലാണ്, വിക്കിലീക്സിന്റെ മറ്റൊരു രേഖ പുറത്തുവന്നത്. അതില്‍, പറയുന്നത് മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന്‍ അമേരിക്കന്‍ പൊളിറ്റിക്കല്‍ ഓഫീസര്‍ ആന്‍ഡ്രൂ സിംകിനുമായി നടത്തിയ ചര്‍ച്ചകളെക്കുറിച്ചാണ്. (അമേരിക്കയുടെ ചെന്നൈ കോണ്‍സുലേറ്റില്‍നിന്ന് അയച്ച 08 ചെന്നൈ 299 എന്ന കേബിള്‍. 2008 സെപ്തം. 5) മുഖ്യമന്ത്രി വി എസ്, ഗവര്‍ണര്‍ ആര്‍ എസ് ഗവായ്, ചീഫ് സെക്രട്ടറി കെ ജെ തോമസ്, ധനമന്ത്രി തോമസ് ഐസക്, ഡിജിപി, പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവരുമായെല്ലാം അമേരിക്കന്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയെന്നാണ് അതിലുള്ളത്. അമേരിക്കന്‍ നിക്ഷേപം കേരളത്തില്‍ വരുന്നതില്‍ താല്‍പ്പര്യം അറിയിച്ചതിനൊപ്പം ഐടി, ബിടി, ടൂറിസം മേഖലകളിലാണ് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതെന്നും വി എസ് അറിയിച്ചതായി രേഖ പറയുന്നു.

ചുരുക്കിപ്പറഞ്ഞാല്‍, കേരളത്തില്‍ എല്‍ഡിഎഫ് ഭരിച്ച കാലത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും ഭരണ- പ്രതിപക്ഷ നേതാക്കളുമായി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് വാര്‍ത്തയില്‍ പ്രതിപാദിച്ചതും അല്ലാത്തതുമായ വിക്കിലീക്സ് രേഖകളിലൂടെ തെളിയുന്നത്. അതില്‍ ഒരുതരത്തിലുള്ള അസ്വാഭാവികതയുമില്ല. മാത്രമല്ല, അത്തരം ചര്‍ച്ചകള്‍ രഹസ്യവുമല്ല. സംയുക്തസംരംഭങ്ങളുടെ കൂടുതല്‍ ചര്‍ച്ചകള്‍ അമേരിക്കന്‍സംഘത്തിന്റെ അടുത്ത സന്ദര്‍ശനത്തില്‍ നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി 2008 ആഗസ്ത് 30ന് മലയാളമനോരമ റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്.

അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്ന് നിക്ഷേപം പാടില്ലെന്നതോ നിക്ഷേപത്തിനായി ചര്‍ച്ചകള്‍ പാടില്ലെന്നതോ സിപിഐ എമ്മിന്റെ നയമല്ല.

പാര്‍ടിപരിപാടിയില്‍ \"ഉല്‍പ്പാദനശേഷി വര്‍ധിപ്പിക്കാനും ആധുനിക സാങ്കേതികവിദ്യ നേടാനും തെരഞ്ഞെടുത്ത മേഖലകളില്‍ നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കും; മൊത്തം സമ്പദ്വ്യവസ്ഥയുടെ താല്‍പ്പര്യത്തിനനുസരിച്ച് അന്താരാഷ്ട്ര മൂലധനത്തിന്റെ ഒഴുക്ക് നിയന്ത്രിക്കും\'\' എന്നീ കാര്യങ്ങള്‍ വിപ്ളവത്തിന്റെ ജനാധിപത്യഘട്ടത്തിനുശേഷം ജനകീയ ജനാധിപത്യ ഭരണകൂടം വന്നാല്‍ ചെയ്യുമെന്ന് പ്രസ്താവിക്കുന്നു. ഈ ഘട്ടം നേടുന്നതുവരെ പല താല്‍ക്കാലിക മുദ്രാവാക്യങ്ങളും സമീപനങ്ങളും സ്വീകരിക്കേണ്ടിവരുമെന്നും പാര്‍ടി വ്യക്തമാക്കുന്നു. നമ്മുടെ സമ്പദ്വ്യവസ്ഥയിലെ നിലവിലുള്ള ഉല്‍പ്പാദനശേഷി വര്‍ധിപ്പിക്കുന്നതിനായിരിക്കണം വിദേശമൂലധനം ഉപയോഗിക്കപ്പെടുന്നത്; അത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ സാങ്കേതികമായി മെച്ചപ്പെടുത്തുന്നതിനായിരിക്കണം; തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതായിരിക്കണം എന്ന് 18-ാം പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ച ചില നയപ്രശ്നങ്ങളെക്കുറിച്ച് എന്ന രേഖ ഉറപ്പിച്ചുപറയുന്നു.

വിദേശവായ്പയോടുള്ള സിപിഐ എം നേതൃത്വത്തിലുള്ള ഗവണ്‍മെന്റുകളുടെ സമീപനം സംബന്ധിച്ച് ആ രേഖ അര്‍ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്.

\"ആഗോളവല്‍ക്കരണനയങ്ങള്‍ക്കു കീഴില്‍ സ്വീകരിച്ച നവ ലിബറല്‍ നയങ്ങള്‍ കേന്ദ്രവിഹിതം വെട്ടിക്കുറച്ചും നല്‍കുന്ന വായ്പകള്‍ക്ക് കൊള്ളപ്പലിശ നിരക്ക് ഈടാക്കിയും (കുറഞ്ഞപലിശ നിരക്കില്‍ സംസ്ഥാനങ്ങള്‍ക്കകത്തുനിന്ന് സംഭരിക്കപ്പെടുന്ന ലഘുസമ്പാദ്യങ്ങളെ ആസ്പദമാക്കിയ വായ്പകള്‍ ഉള്‍പ്പെടെ) സാമ്പത്തികമാന്ദ്യം സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന കാര്‍ഷികത്തകര്‍ച്ച സംസ്ഥാന ഗവണ്‍മെന്റുകളെ കൊടും ദാരിദ്യ്രത്തിലെത്തിക്കുന്നു-\'\' എന്നാണ് അതില്‍ പാര്‍ടി വിലയിരുത്തിയത്. \"ഇന്ത്യന്‍ ഭരണഘടനയ്ക്കുകീഴില്‍ കേന്ദ്രഗവണ്‍മെന്റുമാത്രമാണ് പ്രധാന സാമ്പത്തിക- വ്യാവസായിക നയങ്ങളൊക്കെ നിശ്ചയിക്കുകയെന്നകാര്യം എല്ലായ്പ്പോഴും ഓര്‍മിക്കണം. ബദല്‍നയങ്ങള്‍ നടപ്പാക്കുന്നതിന് സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് പരിമിതമായ സ്വയംഭരണാധികാരം മാത്രമാണുള്ളത്. ഈ പരിതസ്ഥിതിയില്‍ നവ ലിബറല്‍ സാമ്പത്തികനയങ്ങളുടെ സമ്മര്‍ദങ്ങളെ ചെറുത്ത് സാമ്രാജ്യത്വ പ്രലോഭനങ്ങള്‍ക്ക് ഒട്ടും വഴങ്ങാതെ ഈ ഗവണ്‍മെന്റുകള്‍ ജനകീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുമെന്നാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ആയതിനാല്‍ ഈ ഗവണ്‍മെന്റുകള്‍ക്ക് വികസനപദ്ധതികള്‍ക്കായി വിദേശസഹായം സ്വീകരിക്കാം. പക്ഷേ, അവ നമ്മുടെ അടിസ്ഥാന താല്‍പ്പര്യങ്ങള്‍ക്കും നയങ്ങള്‍ക്കും വിരുദ്ധമായി ഒരു നിബന്ധനയും ഉന്നയിക്കുകയില്ലെന്ന് ഉറപ്പുവരുത്തുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മാനദണ്ഡം. ഘടനാപരമായ മാറ്റങ്ങള്‍ക്കുള്ള പദ്ധതികള്‍ ഉള്‍ക്കൊള്ളുന്ന വായ്പകളൊന്നും ഒരുവിധത്തിലും നാം വാങ്ങിക്കരുത്. കാരണം, അത്തരം പദ്ധതികള്‍ ചില മേഖലകളുടെ സ്വകാര്യവല്‍ക്കരണം, ജീവനക്കാരെ വെട്ടിക്കുറയ്ക്കല്‍, സബ്സിഡികള്‍ വെട്ടിക്കുറയ്ക്കല്‍, ധനപരമായ നിബന്ധനകള്‍ എന്നിവ അനിവാര്യമാക്കിത്തീര്‍ക്കും.\'\' ഇതാണ് പാര്‍ടിനയമെന്നിരിക്കെ പിണറായിയോ വി എസോ അമേരിക്കന്‍ പ്രതിനിധിയുമായി ചര്‍ച്ച നടത്തുന്നതില്‍ എന്താണ് അപാകത?

കൊക്കകോളയുമായി ബന്ധിപ്പിച്ച് പിണറായി പറഞ്ഞു എന്ന വാക്കുകളില്‍ പിടിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കാനാണ് മറ്റൊരു ശ്രമം. കൊക്കകോളയുടെ കേരളത്തിലെ ബോട്ടിലിങ് പ്ളാന്റ് അടച്ചുപൂട്ടുന്നതിനിടയായതിനെക്കുറിച്ച് അമേരിക്കന്‍ പൊളിറ്റിക്കല്‍ കൌണ്‍സിലര്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക്, \"അത് മറ്റ് യുഎസ് കമ്പനികളെ കേരളത്തില്‍ നിക്ഷേപിക്കുന്നതില്‍നിന്ന് പിന്തിരിപ്പിക്കേണ്ടതില്ല\'\' എന്ന് പിണറായി പറഞ്ഞതായാണ് രേഖയിലുള്ളത്. കൊക്കകോള പ്രശ്നം അമേരിക്കന്‍ കമ്പനി എന്നനിലയില്‍ ഉയര്‍ന്നതല്ലെന്നും പാരിസ്ഥിതികപ്രശ്നമാണതെന്നും പിണറായി പറഞ്ഞതായും രേഖ വിശദീകരിക്കുന്നു. ഇതിലും വിവാദത്തിനുള്ള വക കാണാനില്ല. എന്നിട്ടും, എല്ലാ വാദങ്ങളും പൊളിഞ്ഞശേഷം ഇന്ത്യാവിഷന്‍ ഉരുവിട്ട തലവാചകം \"കേരളത്തിലെ സിപിഎം വിക്കിലീക്സ് വലയില്‍\'\' എന്നാണ്. മറ്റു ചിലരാകട്ടെ, അമേരിക്കന്‍ കേബിളിലെ കൊക്കോകോളയുമായി ബന്ധപ്പെട്ട ഒരു വാക്കെടുത്ത് \'അങ്ങനെ പറയാന്‍ കൊള്ളാമോ\' എന്ന് ചോദിക്കുന്നു. അതില്‍ വിശദീകരണം നല്‍കിയാലും അവര്‍ വിടില്ല-ഒരു പണ്ഡിതന്‍ ചാനലില്‍ പറയുന്നതുകേട്ടത് അമേരിക്കന്‍ സാമ്രാജ്യത്വവുമായി ചര്‍ച്ച നടത്തിയതിന് മറുപടി പറയണം എന്നാണ്.

വാര്‍ത്തയുടെ പാതിമാത്രം അവതരിപ്പിച്ച് അത് ചര്‍വിതചര്‍വണംചെയ്ത് സിപിഐ എമ്മില്‍ ഭിന്നതയാണെന്ന് വരുത്താനും പാര്‍ടി അമേരിക്കന്‍ പക്ഷപാതികളുടേതാണെന്ന് ദ്യോതിപ്പിക്കാനും നടത്തുന്ന ഈ ശ്രമമാണ് അതിനീചഗണത്തില്‍ പെടുത്തേണ്ടത്.

കേരളത്തില്‍ മറ്റു പല സുപ്രധാന കാര്യങ്ങളും നടക്കുന്നുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പാമൊലിന്‍ കേസില്‍ അഗാധമായ കുഴപ്പത്തില്‍പ്പെട്ടിരിക്കുന്നു. വിജിലന്‍സ് ഡയറക്ടര്‍ ഉമ്മന്‍ചാണ്ടിക്കുവേണ്ടി വ്യാജരേഖ ചമച്ച് കോടതിയെ വഞ്ചിച്ചു എന്ന് നിസ്സംശയം തെളിഞ്ഞിരിക്കുന്നു. ഇതൊന്നും കാണാതെ, അല്ലെങ്കില്‍ തമസ്കരിച്ച് സിപിഐ എമ്മിനെക്കുറിച്ച് ഏറ്റവും തരംതാണ നിലയില്‍ വാര്‍ത്ത ചമയ്ക്കുന്നവരുടെ വൈകൃതമാണ് \'വിക്കിലീക്സി\'ലൂടെ ഇപ്പോള്‍ നഗ്നമാക്കപ്പെട്ടിരിക്കുന്നത്. ഇത് ഒരു തുടക്കമായേ കാണാനാകൂ. സമ്മേളനങ്ങള്‍ അടുക്കുമ്പോള്‍ ഇതുപോലുള്ളവ ഇനിയും വരും. പാര്‍ടി കമ്മിറ്റികളില്‍ നടക്കുന്ന ചര്‍ച്ചയ്ക്ക് ഭാവനയില്‍ ദൃക്സാക്ഷിവിവരണം ചമയ്ക്കുന്നവര്‍ക്ക് വിക്കിലീക്സ് രേഖകള്‍ കൃത്രിമമായി ഉണ്ടാക്കാനും വിഷമമുണ്ടാകില്ല.

പി.എം മനോജ്

പി.എം. മനോജിന്റെ ബ്ലോഗ് പോസ്റ്റ് ഇവിടെ

ഇന്ത്യയും മാന്ദ്യ ഭീഷണിയില്‍ ; വളര്‍ച്ചാനിരക്ക് 7.7 ശതമാനമായി കുറഞ്ഞു

ന്യൂഡല്‍ഹി: ഇന്ത്യയും മാന്ദ്യത്തിന്റെ നിഴലിലാണെന്ന സംശയമുണര്‍ത്തി, ദേശീയ വളര്‍ച്ചാ നിരക്ക് കുത്തനെ കുറഞ്ഞു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ (ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ) സാമ്പത്തിക വളര്‍ച്ച 7.7 ശതമാനമായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 8.8 ശതമാനമായിരുന്നു വളര്‍ച്ച. ഉത്പാദന മേഖലയുടെ തളര്‍ച്ചയാണ് സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയാനിടയാക്കിയത്. കഴിഞ്ഞ വര്‍ഷം 10.6% വളര്‍ച്ച കാണിച്ച ഉത്പാദന മേഖല ഇത്തവണ 7.2% മായി കുറഞ്ഞു. യുപിഎ സര്‍ക്കാര്‍ ഈ വര്‍ഷം 8.5% വളര്‍ച്ച പ്രഖ്യാപിക്കുകയും റിസര്‍വ് ബാങ്ക് 8 ശതമാനമായി കുറക്കുയും ചെയ്തതാണ്. എന്നാല്‍ അതിലും താഴെയാണ് ഇപ്പോള്‍ യഥാര്‍ഥ നിരക്ക്.

അഴിമതിയാരോപണങ്ങളുയര്‍ന്ന ഖനന മേഖലയില്‍ 1.8% വളര്‍ച്ചയുണ്ടായി. ഹോട്ടല്‍ , ഗതാഗത, വാര്‍ത്താവിനിമിയ മേഖലയില്‍ കഴിഞ്ഞ വര്‍ഷം 12.1% വളര്‍ച്ചയുണ്ടായിരുന്നത് 12.8%മായി ഉയര്‍ന്നു. കാര്‍ഷികരംഗത്ത് 2.4% നിന്ന് 3.9% വര്‍ധിച്ചു. എന്നാല്‍ സേവനമേഖലയില്‍ 9.8% വളര്‍ച്ച 9.1% മായി കുറഞ്ഞു. ഉയര്‍ന്നു വരുന്ന നാണയപ്പെരുപ്പവും പലിശ നിരക്കിലെ വര്‍ധനയും ലോകവിപണികളിലെ പതനവും വളര്‍ച്ചാനിരക്കിടിയാനിടയാക്കി. റിസര്‍വ് ബാങ്ക് മാര്‍ച്ചിന് ശേഷം 11 തവണയാണ് പലിശാനിരക്കുയര്‍ത്തിയത്. കഴിഞ്ഞമാസം 50 അടിസ്ഥാന പോയിന്റുകള്‍ ഉയര്‍ത്തിയിട്ടും നാണയപ്പെരുപ്പം 9.22% മായി തുടരുന്നു. കേന്ദ്രഭരണം അഴിമതിയിയന്വോഷണങ്ങളില്‍ നിശ്ചലമായതും വളര്‍ച്ചാ നിരക്ക് കുറക്കാനിടയാക്കി.

deshabhimani news

ഒരു രൂപ നിരക്കില്‍ അരി കൊടുത്തപ്പോള്‍ വയനാട്ടില്‍ മാത്രം ഇരുപത്തേഴായിരം പാവങ്ങള്‍ പുറത്ത്

കല്‍പറ്റ: ദാരിദ്ര്യ രേഖയില്‍ താഴെയുള്ളവര്‍ക്ക്‌ യു ഡി എഫ്‌ സര്‍ക്കാര്‍ ഒരു രൂപ നിരക്കില്‍ അരി കൊടുക്കുമ്പോള്‍ വയനാട്ടില്‍ മാത്രം മൂന്നിലൊന്നോളം പേര്‍ ആനുകൂല്യത്തിന്‌ പുറത്തായി. എല്‍ ഡി എഫ്‌ സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ ബി പി എല്‍ കുടുംബങ്ങള്‍ക്കും വിവിധ ക്ഷേമനിധികളില്‍ അംഗമായ തൊഴിലാളികള്‍ക്കും ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പ്‌ പദ്ധതിയില്‍ 50 ദിവസമെങ്കിലും ജോലി ചെയ്‌തവര്‍ക്കും മാത്രം രണ്ട്‌ രൂപ നിരക്കില്‍ അരികൊടുത്തപ്പോള്‍ വയനാട്ടില്‍ 92,343 കുടുംബങ്ങള്‍ക്ക്‌ ആനുകൂല്യം ലഭിച്ചിരുന്നു. ഈ കുടുംബങ്ങളില്‍ മൂന്നിലൊന്നിനെയാണ്‌ യു ഡി എഫ്‌ സര്‍ക്കാര്‍ ആനുകൂല്യത്തില്‍ നിന്ന്‌ അകറ്റിനിര്‍ത്തിയത്‌.

സെപ്‌റ്റംബര്‍ ഒന്നുമുതല്‍ ആരംഭിക്കുമെന്ന്‌ പ്രഖ്യാപിച്ചിട്ടുള്ള ഒരു രൂപ അരി വിതരണത്തിന്‌ ഇപ്പോള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ബി പി എല്‍, എ എ വൈ കാര്‍ഡ്‌ ഉടമകള്‍ 64,742 പേരാണ്‌. അതായത്‌ വയനാട്‌ ജില്ലയില്‍ മാത്രം ഏറ്റവും പരിഗണിക്കേണ്ട വിഭാഗത്തില്‍ നിന്ന്‌ 27,601 കുടുംബങ്ങളാണ്‌ പുറത്തായത്‌. ദരിദ്ര ജന വിഭാഗത്തോട്‌ ഇത്രയും ക്രൂരത അരുതെന്ന പരാതികള്‍ പദ്ധതിയുടെ തുടക്കത്തില്‍ തന്നെ ഉയരുകയാണ്‌. ഒരു രൂപ നിരക്കില്‍ അരി കൊടുക്കുന്നതിന്റെ താലൂക്ക്‌ തല ഉദ്‌ഘാടനം ഇന്നലെ വയനാട്ടിലെ മൂന്ന്‌ താലൂക്കുകളിലും നടന്നു. നേരത്തെ മുതല്‍ പരിഗണനാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കെല്ലാം ഒരു രൂപ നിരക്കില്‍ അരിയില്ലെന്ന്‌ ഇപ്പോഴാണ്‌ പലരും അറിയുന്നത്‌.

janayugom 300811

ഇടത് എം.പിമാര്‍ സംഭയില്‍ പറഞ്ഞത്

ട്രെയിനില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം: അടിയന്തര നടപടി വേണം-ടി എന്‍ സീമ

ന്യൂഡല്‍ഹി: ട്രെയിനുകളില്‍ വനിതാ യാത്രക്കാര്‍ക്കു നേരെ വര്‍ധിച്ചുവരുന്ന ലൈംഗികാതിക്രമം തടയാന്‍ റെയില്‍വേ മന്ത്രാലയം അടിയന്തരമായി ഇടപെടണമെന്ന് ടി എന്‍ സീമ രാജ്യസഭയില്‍ ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്കെതിരെ 120 അതിക്രമ കേസും അഞ്ചുബലാത്സംഗ കേസും 2011ല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബംഗാളില്‍ കഴിഞ്ഞ ശനിയാഴ്ച ട്രെയിനില്‍ വനിതാ ഡോക്ടര്‍ പീഡിപ്പിക്കപ്പെട്ടു. ജൂണ്‍ പത്തിനു മുംബൈയിലെ കല്യാണില്‍ 17 വയസ്സുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി. കേരളത്തില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ജോലിസ്ഥലത്തു നിന്ന് വീട്ടിലേക്ക് മടങ്ങിയ സൗമ്യയെന്ന ഇരുപത്തിമൂന്നുകാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടശേഷം ബലാത്സംഗം ചെയ്യുകയും കൊല്ലുകയും ചെയ്തു. കഴിഞ്ഞയാഴ്ച ഒഡീഷയില്‍ നിന്നുള്ള പതിമൂന്നുകാരി കേരളത്തില്‍ ട്രെയിനില്‍ ബലാത്സംഗത്തിന് ഇരയായി. ട്രെയിനുകളിലെ സുരക്ഷയുടെ ഉത്തരവാദിത്തം റെയില്‍വേ സംരക്ഷണസേനയ്ക്കാണ്. സേനയില്‍ ആയിരക്കണക്കിനു തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. വനിതകളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ റെയില്‍വേയും സര്‍ക്കാരും തയ്യാറാകണം-സീമ പറഞ്ഞു.

കേന്ദ്രസര്‍വീസിലെ ഒഴിവ് നികത്തണം: എം ബി രാജേഷ്

ന്യൂഡല്‍ഹി: കേന്ദ്രസര്‍വീസില്‍ നിലവിലുള്ള പത്ത് ലക്ഷത്തിലേറെ ഒഴിവ് നികത്താന്‍ സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എം ബി രാജേഷ് എംപി പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് നിവേദനം നല്‍കി. പൊലീസിലും സേനാവിഭാഗങ്ങളിലും മാത്രമായി ഏഴു ലക്ഷത്തിലേറെ ഒഴിവുണ്ട്. ഡോക്ടര്‍മാര്‍ , ശാസ്ത്രജ്ഞര്‍ തുടങ്ങിയ പ്രൊഫഷണലുകളുടെ ഒഴിവും ധാരാളമുമുണ്ട്. 2002 മുതല്‍ കേന്ദ്രസര്‍ക്കാര്‍ തുടരുന്ന നിയമന നിരോധനമാണ് ഈ ഒഴിവുകള്‍ നികത്താതിരിക്കാന്‍ കാരണം. നിയമന നിരോധന ഉത്തരവ് യുപിഎ സര്‍ക്കാര്‍ പിന്‍വലിക്കാത്തത് നിര്‍ഭാഗ്യകരമാണ്. ലക്ഷക്കണക്കിനു യുവാക്കള്‍ക്ക് തൊഴിലവസരം നഷ്ടപ്പെടുകയാണ്. സര്‍ക്കാര്‍വകുപ്പുകളുടെയും പൊതുസേവനങ്ങളുടെയും കാര്യക്ഷമതയെയും നിയമന നിരോധനം ദോഷകരമായി ബാധിക്കും. രാജ്യത്ത് സാമ്പത്തിക വളര്‍ച്ചാ നിരക്കിനേക്കാള്‍ വളരെ കുറഞ്ഞതാണ് തൊഴില്‍ വളര്‍ച്ചാ നിരക്ക്. ദേശീയ സാമ്പിള്‍ സര്‍വേയുടെ ഏറ്റവും പുതിയ കണക്ക് കാണിക്കുന്നത് രാജ്യം തൊഴില്‍രഹിത വളര്‍ച്ചയെ അഭിമുഖീകരിക്കുന്നുവെന്നാണ്. ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ മേഖലയില്‍ നിലനില്‍ക്കുന്ന നിയമന നിരോധനം നീക്കണം. കേന്ദ്രസര്‍വീസില്‍ നിലനില്‍ക്കുന്ന 10,81,336 ഒഴിവിലേക്ക് നിയമനം നടത്തിയാല്‍ ഇതിന്റെ പകുതി തൊഴിലവസരം പട്ടികജാതി-വര്‍ഗ, മറ്റ് പിന്നോക്കവിഭാഗങ്ങള്‍ക്ക് ലഭിക്കും-കത്തില്‍ പറഞ്ഞു.

ദേശാഭിമാനി 300811

ഉമ്മന്‍ചാണ്ടിയുടെ മനഃസാക്ഷി

പാമൊലിന്‍ കേസില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അറിയാന്‍ പോകുന്നതേയുള്ളൂ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞതായി ആഗസ്ത് 25ന്റെ മാതൃഭൂമി പത്രം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. മുഖ്യമന്ത്രിയുടെ കീഴിലുള്ള വിജിലന്‍സ് ഡയറക്ടറില്‍നിന്ന്, വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കാന്‍ പോകുന്ന റിപ്പോര്‍ട്ട് എന്താണെന്ന് മുഖ്യമന്ത്രി മനസ്സിലാക്കി, ഭാവി കാര്യങ്ങള്‍ അദ്ദേഹവും വിജിലന്‍സ് ഡയറക്ടറുംകൂടി ചര്‍ച്ചചെയ്ത് തീരുമാനിച്ചു എന്ന വ്യക്തമായ സൂചനയാണ് ഈ പരസ്യനിലപാട് നല്‍കുന്നത്. തുടര്‍ന്ന് മുഖ്യമന്ത്രി പത്രക്കാരോട് പറഞ്ഞ കാര്യങ്ങളെല്ലാം ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച് രക്ഷപ്പെടാനുള്ള വെപ്രാളപ്രകടനങ്ങളാണ്. പാമൊലിന്‍ കേസില്‍ കരുണാകരന്‍ ഉള്‍പ്പെടെ എട്ടുപേരെ പ്രതി ചേര്‍ത്ത് ചാര്‍ജ് ഷീറ്റ് നല്‍കിയത് 2001 മാര്‍ച്ച് 23ന് ഇ കെ നായനാര്‍ മന്ത്രിസഭയുടെ കാലത്താണ്. തുടര്‍ന്ന് അധികാരത്തില്‍വന്ന എ കെ ആന്റണി, കേസ് പിന്‍വലിക്കുന്നതിന് ഇടപെടലുകളൊന്നും നടത്തിയിരുന്നില്ല. എന്നാല്‍ , 2004ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായതോടെ പാമൊലിന്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിക്കുകയും ആ കാര്യം 2005 ജനുവരി 24ന് ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു.

സുപ്രീംകോടതിയുടെ ഇടപെടല്‍ കാരണം വിചാരണ നടത്താന്‍ സാധിക്കാത്ത കേസില്‍ 2005 നവംബര്‍ 24ന് കേസ് പിന്‍വലിക്കാനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സുപ്രീം കോടതിയെ അറിയിക്കുകയും ചെയ്തു. ഇതെല്ലാം ചെയ്തത് മുഖ്യമന്ത്രി എന്ന നിലയില്‍ ഉമ്മന്‍ചാണ്ടി മുന്‍കൈ എടുത്തുകൊണ്ടാണ്. 2006ല്‍ വി എസ് മന്ത്രിസഭഭഅധികാരത്തില്‍വന്നപ്പോള്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ പിന്‍വലിക്കല്‍ തീരുമാനം റദ്ദാക്കി കേസ് വിചാരണ നടത്താന്‍ തീരുമാനിച്ചു. ഐഎഎസ് ഉദ്യോഗസ്ഥരായ മറ്റ് പ്രതികളെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ചോദിച്ച് 2006 ഒക്ടോബര്‍ 10ന് കേന്ദ്രത്തിന് കത്ത് നല്‍കുകയും ചെയ്തു.

ഒന്നാംപ്രതി കരുണാകരന്‍ 2007ല്‍ നല്‍കിയ ഹര്‍ജിയിന്മേല്‍ സുപ്രീം കോടതി കേസിന്റെ വിചാരണ തടഞ്ഞു. ഇതിനെ ചോദ്യംചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. അതില്‍ തീര്‍പ്പാകുംമുമ്പ് 2010 ഡിസംബര്‍ 23ന് കരുണാകരന്‍ മരണമടഞ്ഞു. അതോടെയാണ് കേസ് വിചാരണനടപടികള്‍ ആരംഭിക്കാന്‍ കോടതിക്ക് സാധിച്ചത്.

പ്രതികള്‍ക്ക് കോടതി സമന്‍സ് അയച്ചപ്പോള്‍ , കേസില്‍നിന്ന് ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയതുപോലെ തന്നെയും ഒഴിവാക്കിത്തരണമെന്ന ഹര്‍ജിയുമായി ടി എച്ച് മുസ്തഫ കോടതിയെ സമീപിച്ചു. ഇത്തരമൊരു ഹര്‍ജി വന്നപ്പോള്‍ വിജിലന്‍സിന് കോടതിയില്‍ നിലപാട് വ്യക്തമാക്കേണ്ടിയിരുന്നു. അങ്ങനെയാണ്, 2001ല്‍ കുറ്റപത്രം സമര്‍പ്പിച്ച ഘട്ടത്തില്‍ ലഭ്യമാകാത്ത ചില കാര്യങ്ങള്‍ പുറത്തുവന്നിട്ടുണ്ടെന്നും തുടരന്വേഷണത്തിന് അനുമതി നല്‍കണമെന്നും കോടതിയില്‍ വിജിലന്‍സ് ആവശ്യപ്പെട്ടത്.

2001ല്‍ കുറ്റപത്രം സമര്‍പ്പിച്ച ഘട്ടത്തില്‍ പുറത്തുവരാത്ത കാര്യമാണ് 2005ല്‍ കേസ് പിന്‍വലിച്ച് മുഖ്യമന്ത്രി എന്ന നിലയില്‍ ഉമ്മന്‍ചാണ്ടി നടത്തിയ വെളിപ്പെടുത്തല്‍ . 2005 ജനുവരി 20ലെ പ്രമുഖ പത്രങ്ങളെല്ലാം മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2006ല്‍ അധികാരത്തില്‍വന്ന വി എസ് സര്‍ക്കാരിന് ഇതില്‍ ഇടപെട്ട് തുടരന്വേഷണം ആവശ്യപ്പെടാന്‍ കഴിയാതെവന്നത് സുപ്രീം കോടതി എല്ലാ നടപടികളും സ്റ്റേ ചെയ്തത് കൊണ്ടാണ്. ടി എച്ച് മുസ്തഫയും കൂട്ടുപ്രതികളും വിടുതല്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ച കാര്യങ്ങള്‍ തുടരന്വേഷണം അനിവാര്യമാക്കുകയാണ് ചെയ്തത്. വിജിലന്‍സ് കോടതി തന്നെയാണ് തുടരന്വേഷണത്തിന് ഉത്തരവ് പുറപ്പെടുവിച്ചത്. പത്ത് വര്‍ഷത്തെ കാലതാമസത്തിന് ഉമ്മന്‍ചാണ്ടി തന്നെയാണ് ഉത്തരം പറയേണ്ടത്.

കോടതിവിധിക്കെതിരെ അപ്പീല്‍ പോകുന്ന പ്രശ്നമേയില്ല എന്ന് ഉമ്മന്‍ചാണ്ടി പറയുന്നത്, മുഖ്യമന്ത്രിസ്ഥാനം ഉപയോഗിച്ച് അന്വേഷണ ഉദ്യോഗസ്ഥനെക്കൊണ്ട് താന്‍ ഉദ്ദേശിക്കുന്ന റിപ്പോര്‍ട്ട് തയ്യാറാക്കിക്കാമെന്ന പ്രതീക്ഷയിലാണ്. മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറിനിന്ന് ഇങ്ങനെ പ്രഖ്യാപിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് സാധിക്കുമോ? അന്വേഷണം തടസ്സപ്പെടുത്തുന്ന ഒന്നിനും താനില്ല, അന്വേഷണം നടക്കട്ടെ എന്ന് ഉമ്മന്‍ചാണ്ടി പ്രഖ്യാപിക്കുമ്പോള്‍ മുഖ്യമന്ത്രിസ്ഥാനത്ത് ഇരുന്നുകൊണ്ട് അന്വേഷണ ഉദ്യോഗസ്ഥനെ തടസ്സപ്പെടുത്തുകയാണ് ചെയ്യുന്നത് എന്ന വസ്തുത അദ്ദേഹം മറച്ചുവയ്ക്കുകയാണ്. തന്റെ കീഴിലുള്ള ഉദ്യോഗസ്ഥന് തനിക്കെതിരെ തെളിവുകള്‍ രേഖപ്പെടുത്താന്‍ സ്വാതന്ത്ര്യം ഉണ്ടാകണമെങ്കില്‍ മുഖ്യമന്ത്രിസ്ഥാനത്ത് ഇരുന്നുകൊണ്ട് എങ്ങനെ സാധിക്കും? കേസിലെ പ്രതിയായ ജിജി തോംസന്റെ പേരിലുള്ള പ്രോസിക്യൂഷന്‍ അനുമതി റദ്ദാക്കാന്‍ ഉത്തരവിട്ട മുഖ്യമന്ത്രി കേസ് നടപടികള്‍ തടസ്സപ്പെടുത്തുകയല്ലേ ചെയ്യുന്നത്?

"എന്റെ ശക്തി കോടതിവിധിയോ വ്യാഖ്യാനമോ അല്ല. എന്റെ മനഃസാക്ഷിയാണ്"-ഉമ്മന്‍ചാണ്ടിയുടെ ആപ്തവാക്യമാണിത്! കോടതിവിധിയും വ്യാഖ്യാനവും എന്ത് പറഞ്ഞാലും താന്‍ മുഖ്യമന്ത്രിസ്ഥാനത്ത് തുടരും എന്നതാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്. അഴിമതി കേസില്‍പ്പെട്ട എല്ലാ യുഡിഎഫ് നേതാക്കളുടെയും സമീപനമാണിത്. തിഹാര്‍ ജയിലില്‍ കിടക്കുന്ന എ രാജയും കനിമൊഴിയും കല്‍മാഡിയും പൂജപ്പുര ജയിലിലെ ആര്‍ ബാലകൃഷ്ണപിള്ളയും എല്ലാം ഇതേ മനഃസാക്ഷിയുടെ ബലത്തിലാണ് നിരപരാധികളാണെന്ന് വിലപിക്കുന്നത്.

വിജിലന്‍സ് റെക്കോഡുകളില്‍ തിരുത്തല്‍ വരുത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ ഡസ്മണ്ട് നെറ്റോവിന് ധൈര്യം കിട്ടിയത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനത്ത് തുടരുന്നത് കൊണ്ടാണ്. വിജിലന്‍സ് ഡയറക്ടര്‍ക്ക് ഇങ്ങനെ ചെയ്യാമെങ്കില്‍ അദ്ദേഹത്തിന് കീഴിലുള്ള അന്വേഷണ ഉദ്യോഗസ്ഥരെക്കൊണ്ട് മുഖ്യമന്ത്രിക്ക് എന്ത് വേണമെങ്കിലും ചെയ്യിക്കാന്‍ സാധിക്കും. ഈ ബലത്തിലാണ് അപ്പീല്‍ പോകുന്ന പ്രശ്നമില്ല എന്ന് പറയാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിയുന്നത്.

2011 ആഗസ്ത് എട്ടിന്റെ വിജിലന്‍സ് കോടതിവിധി ഉമ്മന്‍ചാണ്ടിക്ക് എതിരായ കുറ്റപത്രമാണെന്നാണ് കേസിലെ രണ്ടാംപ്രതി ടി എച്ച് മുസ്തഫ മാധ്യമങ്ങളോട് പ്രതികരിച്ചത്. കോണ്‍ഗ്രസ് നേതാവായ സഹപ്രവര്‍ത്തകന്‍ പറഞ്ഞ കാര്യമെങ്കിലും ഉമ്മന്‍ചാണ്ടി മുഖവിലയ്ക്കെടുക്കുന്നുണ്ടെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തുടരന്വേഷണ സൗകര്യം സൃഷ്ടിക്കാന്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഒഴിയുകയല്ലാതെ മറ്റൊരുമാര്‍ഗവുമില്ല.
തുടരന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ക്ക് ഉമ്മന്‍ചാണ്ടിയെ ചോദ്യംചെയ്യേണ്ടി വരും. നേരത്തെ ചോദ്യംചെയ്തപ്പോള്‍ നല്‍കിയ ഉത്തരംകൂടി കോടതി പരിശോധിച്ചുകൊണ്ടാണ് പാമൊലിന്‍ ഇറക്കുമതിക്കാലത്ത് ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. തന്റെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്യുന്നതോടെ മുഖ്യമന്ത്രിസ്ഥാനത്ത് തുടരാന്‍ അദ്ദേഹത്തിന് സാധിക്കാതെവരും. കേരളചരിത്രത്തിലാദ്യമായാണ് വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ ചോദ്യംചെയ്യുന്ന സ്ഥിതിയാകും ഉണ്ടാവുക.

ഉദ്യോഗസ്ഥര്‍ക്ക് നിര്‍ഭയരായി പ്രവര്‍ത്തിക്കണമെങ്കില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറുകതന്നെ വേണം. അല്ലാതെയുള്ള അന്വേഷണം എങ്ങനെ നീതിപൂര്‍വകമാകും? വിജിലന്‍സ് ചോദ്യം ചെയ്യുന്നതിന് മുന്‍പ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് തന്റെ മനഃസാക്ഷി എന്താണെന്ന് കേരളത്തിലെ ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. മനഃസാക്ഷിയുടെ പേര് പറഞ്ഞ് അധികാരത്തില്‍ തുടരാന്‍ ഉമ്മന്‍ചാണ്ടി നടത്തുന്ന ന്യായീകരണങ്ങള്‍ കേരളജനതയെ വിഡ്ഢികളാക്കുന്നതാണ്.

കോടിയേരി ബാലകൃഷ്ണന്‍ deshabhimani 300811

ആന്റണിയുടെ മുതലക്കണ്ണീര്‍ ജനവഞ്ചനയും രാജ്യദ്രോഹവും

ഗവണ്‍മെന്റില്‍ ജനങ്ങള്‍ക്കു വിശ്വാസം നഷ്ടപ്പെടാന്‍ കാരണം അഴിമതിയും ചുവപ്പുനാടയുമാണെന്നു കേന്ദ്രപ്രതിരോധമന്ത്രി എ കെ ആന്റണി പരിതപിക്കുന്നു. അഴിമതിയും ചുവപ്പുനാടയുമാണ് ഗവണ്‍മെന്റ് സേവനങ്ങള്‍ ജനങ്ങളിലെത്തുന്നതിനു മുഖ്യപ്രതിബന്ധമെന്നും അതാണ് ജനകീയ പ്രതിഷേധങ്ങള്‍ക്കു കാരണമെന്നും അദ്ദേഹം കണ്ടെത്തിയിരിക്കുന്നു. കേരളത്തെ ദാരിദ്ര്യവിമുക്തമാക്കാന്‍ കിലോയ്ക്ക് ഒരു രൂപ നിരക്കില്‍ 25 കിലോ അരി ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങള്‍ക്കു വിതരണം ചെയ്യുന്നുവെന്നു പറയപ്പെടുന്ന പദ്ധതിയുടെ ഉദ്ഘാടനം ചെയ്തുകൊണ്ടു തിരുവനന്തപുരത്ത് പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ സംസാരിക്കുകയായിരുന്നു ആന്റണി.

അഴിമതിക്കെതിരെ അന്നാ ഹസാരെ കഴിഞ്ഞ 13 ദിവസമായി നടത്തി വന്നിരുന്ന ഉപവാസ സത്യഗ്രഹസമരം കേന്ദ്രസര്‍ക്കാരിനെയും പാര്‍ലമെന്റിനെയും വരച്ച വരയില്‍ നിര്‍ത്തി പൊതുവികാരപ്രഖ്യാപനം നടത്തിച്ച അതേദിവസം തന്നെ ആന്റണി നടത്തിയ പ്രസംഗം പരമവിചിത്രമെന്നല്ലാതെ മറ്റെന്തു പറയാന്‍! ആന്റണി നിര്‍ണായക പങ്കുവഹിക്കുന്ന കേന്ദ്രഗവണ്‍മെന്റാണ് സ്വതന്ത്ര ഇന്ത്യ കണ്ടതില്‍ ഏറ്റവും അഴിമതി നിറഞ്ഞതെന്നു മറന്നുകൊണ്ടാണോ അദ്ദേഹം സംസാരിക്കുന്നത്? രാജ്യം കണ്ട ഏറ്റവും വലിയ കുംഭകോണങ്ങളായ 2 ജി സ്‌പെക്ട്രം അഴിമതിയും കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയും ആന്റണിക്കു നേതൃത്വം നല്‍കുന്ന മന്‍മോഹന്‍ മന്ത്രിസഭക്കും അതിലെ അംഗങ്ങള്‍ക്കും നേരിട്ടു പങ്കുള്ള അഴിമതികളാണെന്ന വസ്തുത വിസ്മരിച്ചുകൊണ്ടാണോ അദ്ദേഹം സംസാരിക്കുന്നത്?  ഇരു കുംഭകോണങ്ങളെപ്പറ്റിയും പരിശോധന നടത്തിയ രാജ്യത്തിന്റെ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനും അദ്ദേഹത്തിന്റെ ഓഫീസിനും നേരെയാണ് വിരല്‍ ചൂണ്ടുന്നതെന്നു വിസ്മരിച്ചുകൊണ്ടാണോ അദ്ദേഹം സംസാരിക്കുന്നത്?

മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്ത പോത്തന്‍കോട് പ്രസംഗം ശരിയാണെങ്കില്‍ ആന്റണിയുടെ കപടനാട്യമാണ് ഒരിക്കല്‍ കൂടി തുറന്നു കാട്ടപ്പെടുന്നത്. താന്‍ നിര്‍ണായക പങ്കാളിത്തം വഹിക്കുന്ന ഗവണ്‍മെന്റിലെയും പാര്‍ട്ടിയിലെയും ഉന്നതന്മാര്‍ ഉള്‍പ്പെട്ട ഭീമന്‍ അഴിമതികള്‍ക്കെതിരെ ഒരക്ഷരം മിണ്ടാതെ, ചെറുവിരലനക്കാതെ നിഷ്‌കളങ്കമായ പര്‍വ്വതപ്രഭാഷണം നടത്തുന്നത് അദ്ദേഹത്തിന്റെ ആദര്‍ശധീരതയുടെ പരിവേഷം വെറും കപടനാട്യമല്ലാതെ മറ്റൊന്നുമല്ലെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുക മാത്രമാണ് ചെയ്യുന്നത്. അതല്ല, അഴിമതിക്കും ചുവപ്പുനാടക്കുമെതിരായ അദ്ദേഹത്തിന്റെ ജല്പനങ്ങള്‍ സത്യസന്ധവും ആത്മാര്‍ഥവുമാണെങ്കില്‍ അത്തരം സാമൂഹ്യതിന്മകള്‍ക്കു വളംവെച്ചു പ്രോത്സാഹിപ്പിക്കുന്ന മന്‍മോഹന്‍ മന്ത്രിസഭയില്‍ നിന്നും രാജിവെച്ച് അവക്കെതിരായ ജനമുന്നേറ്റത്തില്‍ പങ്കുചേരണം. അവസരോചിതമെന്നോ അവസരവാദപരമെന്നോ വിശേഷിപ്പിക്കാവുന്ന രാജിനാടകങ്ങള്‍ അഭിനയിച്ചു തഴക്കമുള്ള ആന്റണിക്കു തന്റെ സത്യസന്ധതയും ആദര്‍ശധീരതയും തെളിയിക്കാന്‍ മറ്റൊരു മാര്‍ഗ്ഗവുമില്ല.

സ്വാതന്ത്ര്യത്തിന്റെ കഴിഞ്ഞ 64 വര്‍ഷക്കാലമായി വളര്‍ന്ന് ഇന്ത്യയെ അപ്പാടെ ഗ്രസിച്ചിരിക്കുന്ന അഴിമതിക്ക് ഇക്കാലയളവില്‍ ഏറെയും ഭരണം നിര്‍വഹിച്ച കോണ്‍ഗ്രസിനും അതിന്റെ നേതാക്കള്‍ക്കുമല്ലാതെ ആര്‍ക്കാണ് ഉത്തരവാദിത്വം? അവര്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്ന സാമ്പത്തിക രാഷ്ട്രീയ നയങ്ങളല്ലാതെ മറ്റെന്തു കാരണമാണ് ആന്റണിക്കു ചൂണ്ടിക്കാട്ടാനുള്ളത്?
അഴിമതിക്കാരെ പിടികൂടുന്നതിനും കുറ്റവിചാരണ ചെയ്തു തുറുങ്കിലടക്കുന്നതിനും കോണ്‍ഗ്രസും അവര്‍ നേതൃത്വം നല്‍കുന്ന ഗവണ്‍മെന്റുമാണ് മുഖ്യപ്രതിബന്ധം. രാജ്യത്തെ കൊള്ളയടിച്ച് സഹസ്ര കോടി രൂപ കടത്തി വിദേശബാങ്കുകളില്‍ പൂഴ്ത്തിവെക്കാന്‍ കൂട്ടുനിന്നതും അവരെ സംരക്ഷിക്കുന്നതും മറ്റാരുമല്ല. ഇന്ത്യന്‍ ജനത മാന്‍ഡേറ്റ് നല്‍കി അധികാരത്തിലേറ്റിയ ആന്റണിയും മന്‍മോഹന്‍സിംഗുമടക്കം കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ നടത്തുന്ന മുതലക്കണ്ണീരൊഴുക്കല്‍ കേവലം കപടനാട്യം മാത്രമല്ല. അത് ജനവഞ്ചനയും രാജ്യദ്രോഹവുമാണ്.

janayugom editorial 300811

രാജീവ് വധക്കേസ് പ്രതികളുടെ വധശിക്ഷക്ക് സ്റ്റേ

ചെന്നൈ: രാജീവ്ഗാന്ധിയെ വധിച്ച കേസിലെ പ്രതികളുടെ വധശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തു. മുരുകന്‍ ,ശാന്തന്‍ , പേരറിവാളന്‍ എന്നിവരുടെ ശിക്ഷയാണ് മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ഇവരെ വധശിക്ഷക്കു വിധേയാരാക്കുന്നതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ചെന്നൈയിലും മറ്റും വലിയ പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. ഒരു യുവതി പരസ്യമായി തീകൊളുത്തി മരിക്കുകയും ചെയ്തു. ശിക്ഷ നടപ്പാക്കിയാല്‍ പ്രശ്നങ്ങളുണ്ടാകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. സെപ്റ്റംബര്‍ 9 നാണ് ശിക്ഷ നടപ്പാക്കാന്‍ നശ്ചയിച്ചിരുന്നത്. ഇവരുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു. ഇതിനെതിരെയാണ് പ്രതികള്‍ അപ്പീല്‍ നല്‍കിയത്.വര്‍ഷങ്ങളായി ജയില്‍ശിക്ഷയനുഭവിക്കുന്നതിനാല്‍ ശിക്ഷാകാലയളവായി കണക്കാക്കണമെന്നാണ് മൂവരും ചേര്‍ന്ന് സമര്‍പ്പിച്ച ഹര്‍ജിയില്‍ സൂചിപ്പിച്ചിരിക്കുന്നത്. വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലാണ് മൂന്നുപ്രതികളും കഴിയുന്നത്.

ശിക്ഷ ഇളവുചെയ്യണമെന്നാവശ്യപ്പെട്ട് പ്രതികളുടെ മക്കള്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രസിഡന്റും രാജീവിന്റെ ഭാര്യയുമായ സോണിയക്ക് കത്തയച്ചിരുന്നു. 1991 മെയ് 21 നാണ് ചെന്നൈക്കടുത്തെ ശ്രീപെരുംപുതൂരില്‍ രാജീവ് കൊല്ലപ്പെട്ടത്. 20 വര്‍ഷമായി പ്രതികള്‍ ജയിലിലാണ്. വധശിക്ഷയില്‍ നിന്നും ഇളവു നല്‍കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് നിയമസഭയിലും ഏകകണ്ഠമായി പ്രമേയമവതരിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് ഒഴികെയുള്ള കക്ഷികള്‍ വധശിക്ഷക്കെതിരായി പ്രതികരിച്ചു.വധശിക്ഷ നടപ്പാക്കാനുള്ള തീരുമാനം വന്ന ഉടന്‍ തമിഴ്നാട്ടിലെയും മറ്റും വിവിധസംഘടനകള്‍ ശിക്ഷക്കെതിരായി രംഗത്തുവന്നു.

deshabhimani news

ശിക്ഷിക്കപ്പെട്ട അധ്യാപകന്‍ കലിക്കറ്റില്‍ പിവിസി

തേഞ്ഞിപ്പലം: കലിക്കറ്റ് സര്‍വകലാശാല ശിക്ഷിച്ച അധ്യാപകനെ പ്രൊ- വൈസ് ചാന്‍സലറാക്കി. കോളേജില്‍ അനുവദിച്ചതിനെക്കാള്‍ കൂടുതല്‍ സീറ്റുകളിലേക്ക് നിയമവിരുദ്ധമായി വിദ്യാര്‍ഥിപ്രവേശനം നടത്തിയതിന് സര്‍വകലാശാല ശിക്ഷിച്ച ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് പ്രിന്‍സിപ്പല്‍ കെ രവീന്ദ്രനാഥിനെയാണ് കലിക്കറ്റ് സര്‍വകലാശാലയില്‍ പിവിസിയാക്കിയത്. സിന്‍ഡിക്കറ്റ് വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ 40,000 രൂപ സര്‍വകലാശാലയില്‍ പിഴയടച്ച് തടിയൂരിയ അധ്യാപകനാണ് കെ രവീന്ദ്രനാഥ്. 2005-06 ലാണ് ശിക്ഷയ്ക്ക് ഇടയാക്കിയ സംഭവം.

ശിക്ഷാനടപടിക്ക് വിധേയനായ വ്യക്തിയെ സര്‍വകലാശാലയിലെ ഉന്നതപദവികളില്‍ നിയമിക്കുന്നത് സര്‍വകലാശാലാചട്ടങ്ങള്‍ക്കെതിരാണ്. ഇത്തരത്തിലൊരാള്‍ക്ക് പിവിസിയായി നിയമനം നല്‍കിയതില്‍ കോണ്‍ഗ്രസ് അനുകൂല അധ്യാപകസംഘടനകള്‍ക്കും അമര്‍ഷമുണ്ട്. സര്‍വകലാശാലയിലെ പിവിസി തസ്തികയ്ക്കുവേണ്ടി എന്‍എസ്എസും ക്രിസ്തീയസഭകളും സമ്മര്‍ദം ചെലുത്തിയത് സര്‍ക്കാരിനെ നേരത്തെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ക്യാമ്പസിലെ ബയോടെക്നോളജി പ്രൊഫസര്‍ കെ വി ജോസഫ്, സെനറ്റംഗം രവീന്ദ്രന്‍ വെള്ളായനിക്കല്‍ , കെ രവീന്ദ്രനാഥ് എന്നിവരുടെ പേരുകള്‍ പരിഗണിക്കപ്പെട്ടു. എന്‍എസ്എസിലെ കടുത്ത സമര്‍ദത്തെത്തുടര്‍ന്ന് കെ രവീന്ദ്രനാഥും രവീന്ദ്രന്‍ വെള്ളായനിക്കലും പിവിസി അന്തിമലിസ്റ്റില്‍ ഇടംനേടി. ഇതോടെ കോണ്‍ഗ്രസില്‍ത്തന്നെ ഇരുവര്‍ക്കുംവേണ്ടി ഗ്രൂപ്പുകള്‍ രംഗത്തുവന്നു. ഒടുവില്‍ രവീന്ദ്രനാഥിന്റെ പേര് ഉമ്മന്‍ചാണ്ടി ചാന്‍സലര്‍ മുമ്പാകെ നിര്‍ദേശിക്കുകയായിരുന്നു.

deshabhimani 300811

അട്ടപ്പാടി : സതീശനെതിരെ തിരുവഞ്ചൂര്‍

പ്രതിപക്ഷത്തായിരുന്നപ്പോള്‍ നിയമം നോക്കേണ്ട ആവശ്യമില്ലാത്തതിനാലാണ് അന്ന് അട്ടപ്പാടിയില്‍നിന്ന് കാറ്റാടിക്കമ്പനിയെ ഉടന്‍ ഇറക്കി വിടണമെന്ന് ആവശ്യപ്പെട്ടതെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. അട്ടപ്പാടി കാണാത്ത ചിലരാണ് ഇപ്പോള്‍ അവിടത്തെ വിഷയമുയര്‍ത്തി വിവാദമുണ്ടാക്കാന്‍ ശ്രമിക്കുന്നത്. സര്‍ക്കാരിന് ഇടനിലക്കാരുടെ റോളില്ല. സ്വന്തം പ്രതിഛായ വര്‍ധിപ്പിക്കാന്‍ ഇത്തരം വിവാദപ്രസ്താവന നടത്തുന്നതു ശരിയല്ലെന്നും വി ഡി സതീശന്‍ എംഎല്‍എക്ക് മറുപടിയായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ആദിവാസികള്‍ക്ക് ഭൂമി ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് കിട്ടരുതെന്നാണ് പ്രസ്താവന നടത്തുന്നവരുടെ മനസ്സിലിരുപ്പെന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് സുസ്ലോണ്‍ കമ്പനിയുടെ ലാഭവിഹിതം ആദിവാസികള്‍ക്ക് നല്‍കണമെന്ന ശുപാര്‍ശ പരിഗണിച്ചത്. ഇക്കാര്യത്തില്‍ അവസാന തീരുമാനമായില്ലെന്നും മന്ത്രി പറഞ്ഞു. നടപടിയെടുക്കുംമുമ്പ് കാറ്റാടികള്‍ ആദിവാസി ഭൂമിയിലാണോ എന്ന് ഉറപ്പുവരുത്തണം. അതിനുശേഷം നിയമവകുപ്പിന്റെ നിര്‍ദേശപ്രകാരം നടപടി സ്വീകരിക്കും. പാക്കേജ് വേണ്ട ഭൂമി മതിയെന്നു പറയുന്ന ആദിവാസികള്‍ ഭൂമി നഷ്ടപ്പെട്ട ആദിവാസികള്‍തന്നെയാണോയെന്ന് പരിശോധിക്കണം. വയനാട്ടില്‍ ശ്രേയാംസ് കുമാര്‍ എംഎല്‍എ കൈയേറിയ ഭൂമി സംബന്ധിച്ച് ഹൈക്കോടതി വിധി നടപ്പാക്കാന്‍ ഇനിയും സമയമുണ്ടെന്നും മന്ത്രി പറഞ്ഞു.

deshabhimani 300811

തലപ്പത്തിരിക്കുന്ന കുറ്റവാളികള്‍

മുഖ്യമന്ത്രിയുടെ കുറ്റം അദ്ദേഹത്തിന്റെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ അന്വേഷിക്കുക; വിനീതവിധേയനായ ഉദ്യോഗസ്ഥന്‍ യജമാനനെ രക്ഷിക്കാന്‍ വ്യാജരേഖ ചമയ്ക്കുന്നതുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യുക- സാധാരണ നിലയില്‍ ഒരു നാട്ടിലും സംഭവിക്കരുതാത്ത കാര്യങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. പാമൊലിന്‍ കേസില്‍നിന്ന് രക്ഷിച്ച് ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിയാക്കാന്‍ തെരഞ്ഞെടുപ്പുഫലം വന്ന ദിവസം വിജിലന്‍സ് ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റോ ഒരു റിപ്പോര്‍ട്ട് തട്ടിക്കൂട്ടി വാര്‍ത്ത സൃഷ്ടിച്ചതാണ്. അതേ ഉദ്യോഗസ്ഥന്‍തന്നെ ഉമ്മന്‍ചാണ്ടിക്കുവേണ്ടി വ്യാജരേഖ സൃഷ്ടിച്ചു എന്നാണ് ഇപ്പോള്‍ തെളിഞ്ഞത്. ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കാന്‍ വ്യക്തമായ തെളിവുണ്ടെന്ന് കാണിച്ച് വിജിലന്‍സ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി എ അഹമ്മദ് നല്‍കിയ കുറിപ്പിന് നിയമസാധുതയില്ലെന്ന് വരുത്താന്‍ ഉന്നതതലത്തില്‍ ഗൂഢാലോചന നടത്തി ഡയറക്ടര്‍ വ്യാജരേഖ ചമയ്ക്കുകയാണുണ്ടായത്.

സംസ്ഥാനത്തെ പൊലീസിന്റെ തലപ്പത്തുള്ള ഏതാനും പേരില്‍ ഒരാളാണ് ഡെസ്മണ്ട് നെറ്റോ-വിജിലന്‍സ് വിഭാഗത്തിന്റെ തലവന്‍ . അങ്ങനെയൊരാള്‍ ക്രിമിനല്‍ക്കുറ്റം ചെയ്തിരിക്കുന്നു. വാര്‍ത്തകള്‍ വിശദമായി പുറത്തുവന്നിട്ടും ആ ഉദ്യോഗസ്ഥനില്‍നിന്ന് പ്രതികരണമുണ്ടായിട്ടില്ല. വ്യാജരേഖയുടെ ഉപയോക്താവായ മുഖ്യമന്ത്രി ഒരക്ഷരം ഉരിയാടിയിട്ടില്ല. മുഖ്യമന്ത്രിയെ പരിലാളിക്കുന്ന മാധ്യമങ്ങളൊന്നും ന്യായീകരണം നിരത്തിയിട്ടില്ല. ഡെസ്മണ്ട് നെറ്റോ പണ്ട് നല്ല ഉദ്യോഗസ്ഥനായിരുന്നു; അത് അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അംഗീകരിച്ചിട്ടുണ്ട് എന്ന ന്യായമാണ് ഞങ്ങളുടെ ഒരു മാന്യസഹജീവി പറയുന്നത്. ഏതാനും മാധ്യമങ്ങള്‍ കണ്ടില്ലെന്നു നടിച്ചാല്‍ അവസാനിക്കുന്നത്ര ലഘുവല്ല ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രശ്നങ്ങള്‍ . ഇവിടെ പാമൊലിന്‍ കേസിനുപുറമെ പുതിയ ഒരു ക്രിമിനല്‍ക്കേസും ഉണ്ടായിരിക്കുകയാണ്. അതില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് വ്യാജരേഖ ഉണ്ടാക്കിയ ഉദ്യോഗസ്ഥന്‍ മാത്രമല്ല; സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുമാണ്. ഡെസ്മണ്ട് നെറ്റോ ചെയ്ത കുറ്റകൃത്യം ഉമ്മന്‍ചാണ്ടിക്കുവേണ്ടിയാണ്. കുറ്റം ചെയ്്തയാളും അതിന്റെ പ്രയോജനം അനുഭവിക്കുന്നയാളും നിയമത്തിനുമുന്നില്‍ കുറ്റവാളികള്‍തന്നെ. ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് വിജിലന്‍സ് കോടതി ഉത്തരവിട്ട ആ നിമിഷം മുഖ്യമന്ത്രിയുടെ രാജി സംഭവിക്കേണ്ടതായിരുന്നു. ആത്മാഭിമാനമുള്ളവര്‍ അതാണ് ചെയ്യുക. കേസില്‍ താന്‍ പ്രതി ചേര്‍ക്കപ്പെടുകയാണെങ്കില്‍ മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കില്ല എന്നു വീമ്പിളക്കിയ ആളാണ് ഉമ്മന്‍ചാണ്ടി. ഇവിടെ തെളിഞ്ഞിരിക്കുന്നത്, പ്രതി ചേര്‍ക്കപ്പെടാതിരിക്കാന്‍ നടത്തിയ കുറ്റകൃത്യമാണ്. അതിനായി അധികാരവും സ്വാധീനവും ദുര്‍വിനിയോഗം ചെയ്തതാണ്. ഉമ്മന്‍ചാണ്ടി അറിയാതെയും സംരക്ഷണം ഉറപ്പുനല്‍കാതെയും ഒരുദ്യോഗസ്ഥന് ഇത്തരമൊരു കൃത്യം ചെയ്യാനാവില്ല. കോടതിയില്‍ കൊടുത്ത രേഖയില്‍ ഇല്ലാത്ത കുറിപ്പാണ് ഡെസ്മണ്ട് നെറ്റോ ഫയലില്‍ എഴുതിച്ചേര്‍ത്ത് പത്രങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തത്. അങ്ങനെ സൃഷ്ടിച്ച കുറിപ്പ് ഡയറക്ടറുടെ ധാര്‍ഷ്ട്യം നിറഞ്ഞ പ്രയോഗങ്ങള്‍കൊണ്ട് സമ്പന്നമാണ്. ഉമ്മന്‍ചാണ്ടിക്ക് "വിഷമമുണ്ടാക്കിയ" പബ്ലിക് പ്രോസിക്യൂട്ടറെ മാന്യത വിട്ട് അപഹസിക്കുകയും കുറ്റപ്പെടുത്തുകയുമാണതില്‍ . "ആമുഖ കത്തില്‍ ഒപ്പിടാന്‍ ധൈര്യം കാണിച്ച പ്രോസിക്യൂട്ടര്‍ ധൈര്യവും വ്യക്തിത്വവുമുണ്ടെങ്കില്‍ കുറിപ്പിലും ഒപ്പിടണമായിരുന്നു"വെന്നാണ് ഡെസ്മണ്ട് നെറ്റോ എഴുതിയത്. കേസന്വേഷണം സംബന്ധിച്ച് സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ കുറിപ്പ് തള്ളിയെന്ന് പറയുകയും പ്രോസിക്യൂട്ടറെ അവഹേളിക്കുകയും ചെയ്തുവെങ്കിലും മറ്റാരുടെയെങ്കിലും നിയമോപദേശം തേടണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് തോന്നിയില്ല. അഡ്വക്കറ്റ് ജനറല്‍ , നിയമവകുപ്പ് സെക്രട്ടറി, വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ എന്നിവരില്‍നിന്നെല്ലാം ഉപദേശം തേടാമെന്നിരിക്കെയാണ് അതുചെയ്യാതെ ഉമ്മന്‍ചാണ്ടിക്കുവേണ്ടി വിടുവേല തുടര്‍ന്നത്.

വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് അപാകതകള്‍ നിറഞ്ഞതാണെന്നുകണ്ട് വിജിലന്‍സ് കോടതിയാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്. കോടതി ഉത്തരവ് വന്നിട്ടും, പ്രോസിക്യൂട്ടറുടെ റിപ്പോര്‍ട്ടിന്റെ പേരില്‍ പുകമറ സൃഷ്ടിച്ച് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം തുടരുന്നു. രണ്ട് പ്രശ്നങ്ങളാണിവിടെ ഉയരുന്നത്. ഒന്നാമത്തേത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി തുടര്‍ന്നുകൊണ്ടും അദ്ദേഹത്തിന്റെ അനുയായി വിജിലന്‍സ് മന്ത്രിയായി തുടര്‍ന്നുകൊണ്ടുമുള്ള അന്വേഷണം പ്രഹസനമാകും എന്നതുതന്നെ. രണ്ടാമത്തേത്, വിജിലന്‍സ് ഡയറക്ടര്‍ക്കും മുഖ്യമന്ത്രിക്കുമെതിരെ വ്യാജ രേഖാകേസ് എടുക്കേണ്ടിവരും എന്നതാണ്. അങ്ങനെ വന്നാല്‍ ഇരുവര്‍ക്കും അതിന്റെ പേരില്‍മാത്രം സ്ഥാനം നഷ്ടപ്പെടും. സര്‍വശക്തനായ കേന്ദ്ര വിജിലന്‍സ് കമീഷണറുടെ സ്ഥാനം തെറിപ്പിച്ച കേസാണ് പാമൊലിന്‍ കേസ്. ഇപ്പോള്‍ സംസ്ഥാന മുഖ്യമന്ത്രിയും വിജിലന്‍സ് ഡയറക്ടറും അതേ അവസ്ഥയില്‍ നില്‍ക്കുന്നു. ഇവര്‍ സ്ഥാനങ്ങളില്‍ തുടരുമ്പോള്‍ അന്വേഷണം മുന്നോട്ടു പോകുന്നത് നിയമവാഴ്ചയോടുതന്നെയുള്ള വെല്ലുവിളിയാണ്. ക്രിമിനല്‍ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് ഇന്ത്യന്‍ ശിക്ഷാ നിയമം 120 ബി, 465, 468 വകുപ്പുകള്‍ പ്രകാരം വിജിലന്‍സ് ഡയറക്ടറെയും മുഖ്യമന്ത്രിയെയും പ്രതിചേര്‍ത്ത് കേസെടുക്കണം. പാമൊലിന്‍ കേസ് അട്ടിമറിക്കാന്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യമുണ്ട്. വിജിലന്‍സ് ഐജി എ സുരേന്ദ്രനെ കേസുമായി ബന്ധപ്പെട്ട ഒരു ഫയലും കാണിക്കരുതെന്ന് വിജിലന്‍സ് സൂപ്രണ്ട് വി എന്‍ ശശിധരന് ഡയറക്ടര്‍ നിര്‍ദേശം നല്‍കി എന്നതടക്കമുള്ള പ്രശ്നങ്ങള്‍ പരിശോധിക്കപ്പെടണം. ജിജി തോംസണെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി മുന്‍ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രത്തിനയച്ച കത്ത് പിന്‍വലിക്കാന്‍ നടത്തുന്ന നീക്കം തടയപ്പെടണം. പാമൊലിന്‍ ഇറക്കുമതിചെയ്യാനുള്ള മന്ത്രിസഭാതീരുമാനത്തിനുള്ള ഫയല്‍ അജന്‍ഡയ്ക്കു പുറത്തുള്ള ഇനമായി തീരുമാനിച്ചത് ഉമ്മന്‍ചാണ്ടികൂടി ഫയലില്‍ ഒപ്പിട്ടതുകൊണ്ടാണ്. ഇതിനര്‍ഥം ഉമ്മന്‍ചാണ്ടിക്കും കേസില്‍ പങ്കുണ്ടെന്നാണ് എന്ന് ടി എച്ച് മുസ്തഫയും സഖറിയാ മാത്യുവുമാണ് ആവര്‍ത്തിച്ചു പറയുന്നത്. എളുപ്പത്തില്‍ മായ്ച്ചുകളയാനാകുന്ന തെളിവല്ല അത്.

കുറ്റം ചെയ്തിട്ടില്ലെങ്കില്‍ എന്തിന് ഉമ്മന്‍ചാണ്ടി നിയമത്തെ ഭയക്കുന്നു? നിഷ്പക്ഷവും നിര്‍ഭയവുമായ അന്വേഷണത്തെ എന്തിന് തുരങ്കം വയ്ക്കുന്നു? രാഷ്ട്രീയമായ മാന്യത തെല്ലെങ്കിലുമുണ്ടെങ്കില്‍ അന്വേഷണ കാലാവധിയിലെങ്കിലും അധികാരത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ എന്തിനീ വൈക്ലബ്യം? ഇനി ഉമ്മന്‍ചാണ്ടി കടിച്ചുതൂങ്ങി നിന്നാല്‍ അത് ശരിയല്ല എന്ന് വിളിച്ചുപറയാനുള്ള ആര്‍ജവവും നീതിബോധവും കോണ്‍ഗ്രസില്‍ ആര്‍ക്കുമില്ലേ? എന്തായാലും കേരളത്തിലെ ജനങ്ങള്‍ക്ക് സഹിക്കാവുന്നതിലപ്പുറമാണിത്. ഈ മുഖ്യമന്ത്രിയെയും വിജിലന്‍സ് ഡയറക്ടറെയും കുറ്റവിചാരണചെയ്യാനുള്ള ജനങ്ങളുടെ വികാരത്തെ ആര്‍ക്കും അവഗണിക്കാനാവില്ല.

deshabhimani editorial 300811

Monday, August 29, 2011

തൊഴിലുറപ്പുപദ്ധതിയില്‍ യൂണിയന്‍ : മന്ത്രി വിവരക്കേട് പറയുന്നു- എം വി ഗോവിന്ദന്‍

ആലുവ: തൊഴിലുറപ്പുപദ്ധതിയില്‍ യൂണിയന്‍ പാടില്ലെന്ന മന്ത്രിയുടെ അഭിപ്രായം വിവരക്കേടാണെന്ന് സിപിഐ എം ജില്ലാസെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. ട്രേഡ് യൂണിയന്‍ നേതാക്കളുമായി കൂടിയാലോചിച്ച് പദ്ധതി നടപ്പാക്കണമെന്നാണ് ഈ പദ്ധതിയുടെ ചട്ടത്തില്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേശീയ തൊഴിലുറപ്പുപദ്ധതി വര്‍ക്കേഴ്സ് യൂണിയന്‍ (എന്‍ആര്‍ഇജിഡബ്ല്യുയു) ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യ ദരിദ്ര രാജ്യമല്ലെങ്കിലും ദരിദ്രരുടെ നാടായി ഇന്ത്യ മാറി. ലോകജനസംഖ്യയില്‍ രണ്ടാംസ്ഥാനത്താണ് ഇന്ത്യ. ജനസംഖ്യയില്‍ 77 ശതമാനംപേര്‍ക്ക് പ്രതിദിനം 20 രൂപയില്‍ താഴെയാണ് വരുമാനമെന്നാണ് അര്‍ജുന്‍സെന്‍ ഗുപ്തയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 90 കോടി ജനങ്ങളും ഈ വിഭാഗത്തില്‍പ്പെടും. രാജ്യത്തിന്റെ സമ്പത്ത് കുത്തകകള്‍ കൊള്ളയടിക്കുകയാണ്. പ്രകൃതിയുടെ കലവറയില്‍നിന്ന് പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിച്ചുണ്ടാക്കിയ 94 ലക്ഷം കോടി രൂപയാണ് വിദേശബാങ്കുകളില്‍ നിക്ഷേപിച്ച കള്ളപ്പണം. അഴിമതി എല്ലാ രംഗത്തും വര്‍ധിച്ചു. മന്ത്രിമാര്‍ പലരും ജയിലിലാണ്. പ്രതിവര്‍ഷം 200 തൊഴില്‍ദിനങ്ങള്‍ ലഭ്യമാക്കി പ്രതിദിനവേതനം 200 രൂപയാക്കി വര്‍ധിപ്പിക്കണമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

കെ കെ മാലതി അധ്യക്ഷയായി. യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് രാജേന്ദ്രന്‍ , സിപിഐ എം ആലുവ ഏരിയസെക്രട്ടറി വി സലിം എന്നിവര്‍ സംസാരിച്ചു. ജില്ലാസെക്രട്ടറിയറ്റ് അംഗങ്ങളായ ടി കെ മോഹനന്‍ , എം ബി സ്യമന്തഭദ്രന്‍ , ജില്ലാകമ്മിറ്റി അംഗം വി എം ശശി, അഡ്വ. എന്‍ അലി എന്നിവര്‍ പങ്കെടുത്തു. ഭാരവാഹികളായി ടി കെ ഭാസുരാദേവി (പ്രസിഡന്റ്), ടി കെ ഷാജഹാന്‍ , വിജയമ്മ ഗോപി (വൈസ് പ്രസിഡന്റുമാര്‍), എം ബി സ്യമന്തഭദ്രന്‍ (സെക്രട്ടറി), എം ടി വര്‍ഗീസ്, സാറാമ്മ റാഫേല്‍ (ജോയിന്റ് സെക്രട്ടറിമാര്‍), ടി കെ പത്മനാഭന്‍ (ട്രഷറര്‍)എന്നിവരെ തെരഞ്ഞെടുത്തു.

deshabhimani 290811

കാറ്റാടി കമ്പനിയെ സംരക്ഷിക്കാന്‍ പുതിയ തന്ത്രങ്ങളുമായി റവന്യുമന്ത്രി രംഗത്ത്

കോട്ടയം: അട്ടപ്പാടിയിലെ ആദിവാസി ഭൂമി കയ്യേറി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കാറ്റാടി കമ്പനിയെ സംരക്ഷിക്കാന്‍ റവന്യു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പുതിയ തന്ത്രങ്ങളുമായി രംഗത്ത്. ഇക്കാര്യത്തില്‍ ആദിവാസികളുടെ  താല്‍പ്പര്യം സംരക്ഷിക്കുമെന്ന് പറയുന്ന മന്ത്രി അവര്‍ക്ക് താല്‍പ്പര്യമെങ്കില്‍ കമ്പനി അവിടെ തുടരട്ടെ എന്ന നിലപാടിലാണ് സര്‍ക്കാരെന്ന് ഇന്നലെ കോട്ടയത്ത് വ്യക്തമാക്കി. ഭൂമി കയ്യേറിയ സുസ്‌ലോണ്‍ കാറ്റാടി കമ്പനിക്കെതിരെ നടപടി സ്വീകരിക്കാന്‍ മടിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ സ്വന്തം ഭൂമിയിലെ കയ്യേറ്റം തടയേണ്ടത് ആദിവാസികള്‍ തന്നെയാണെന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇതിനായി ഭൂമി ആദിവാസികളുടേതാണെന്ന രേഖ ചമയ്ക്കാനുള്ള ശ്രമത്തിലാണ് റവന്യു വകുപ്പ്. ഭൂമിക്ക് പട്ടയമെന്ന ആദിവാസികളുടെ ആവശ്യം മുന്‍നിര്‍ത്തിയാണ് പുതിയ കുരുക്കുമായി റവന്യുവകുപ്പ് രംഗത്തെത്തുന്നത്.

ആദിവാസി ഭൂമിക്ക് പട്ടയം നല്‍കുന്നതോടെ സര്‍ക്കാരിന്റെ സ്ഥാപിത താല്‍പ്പര്യങ്ങള്‍ക്ക് ആദിവാസികളില്‍ നിന്നും പിന്തുണ നേടിയെടുക്കാമെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഗൂഢതന്ത്രവുമായി റവന്യുമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

അന്യന്റെ ഭൂമിയില്‍ കെട്ടിടം പണിതാല്‍ ആ കെട്ടിടം ഭൂവുടമയ്ക്ക് സ്വന്തമെന്ന മുടന്തന്‍ ന്യായമാണ് റവന്യൂമന്ത്രി കാറ്റാടി കമ്പനി കാര്യത്തില്‍ സ്വീകരിക്കുന്നത്. ആദിവാസി ഭൂമി കയ്യേറി നിര്‍മാണങ്ങള്‍ കമ്പനി നടത്തിയാല്‍ അത് ആദിവാസികള്‍ക്ക് സ്വന്തമാണെന്ന് പ്രചരിപ്പിക്കുന്നതോടെ തങ്ങളുടെ സ്ഥാപിത താല്‍പ്പര്യങ്ങള്‍ നടപ്പിലാക്കാനാവുമെന്നാണ് മന്ത്രിയുടെ ഗൂഢതന്ത്രം. ഇനി കയ്യേറ്റത്തെയും നിര്‍മാണ പ്രവര്‍ത്തനങ്ങളെയും ശക്തമായി എതിര്‍ക്കുന്ന നിലപാടാണ് ആദിവാസികളുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നതെങ്കില്‍ മൂന്നാര്‍ കേസില്‍ സ്വീകരിച്ചതുപോലെ നിയമപരമായ നിലപാടാണ് അട്ടപ്പാടി കേസിലും സ്വീകരിക്കുകയെന്നും മന്ത്രി പറയുന്നു. നിയമപരമായ നടപടികള്‍ പൂര്‍ത്തിയാവാന്‍ കാലതാമസമെടുക്കുന്നതിനാല്‍ ഈ സമയപരിധിക്കുള്ളില്‍ കമ്പനിക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താം. കമ്പനിയെ പിണക്കാതെ സര്‍ക്കാരിന് താല്‍പ്പര്യം സംരക്ഷിക്കുകയും ചെയ്യാം.

കാറ്റാടി കമ്പനിയെ ഒഴിപ്പിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞ റവന്യു മന്ത്രി ഇന്നലെ വീണ്ടും അഭിപ്രായം മാറ്റി. സര്‍ക്കാരിന് ഇക്കാര്യത്തില്‍ വ്യക്തമായ അഭിപ്രായമുണ്ടെന്നും എന്നാല്‍ ഇനി വരുന്ന ചര്‍ച്ചകളുടെ കൂടി അടിസ്ഥാനത്തില്‍ പിന്നീട് വ്യക്തമാക്കാമെന്നുമാണ് ഇന്നലത്തെ നിലപാട്.

കാറ്റാടി കമ്പനിയുടെ കാര്യത്തില്‍ റവന്യുമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും നിലപാടിന് വിരുദ്ധമായി വി ഡി സതീശനെപോലെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി രംഗത്തെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ മലക്കം മറിച്ചില്‍.

മനുഷ്യസഹജമായ കാര്യങ്ങളേ ഇക്കാര്യത്തില്‍ ചെയ്യാനാവൂ എന്ന് വ്യക്തമാക്കുന്ന മന്ത്രി കമ്പനിക്കെതിരെ ഒന്നുചെയ്യില്ല എന്ന രഹസ്യ സൂചന കൂടിയാണ് നല്‍കുന്നത്.
(സരിത കൃഷ്ണന്‍)

അട്ടപ്പാടി പാക്കേജ്: തൃപ്തിയെന്ന് ജയലക്ഷ്മി

കോഴിക്കോട്: അട്ടപ്പാടിയില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പാക്കേജിന്റെ കാര്യത്തില്‍ യുഡിഎഫില്‍ ഭിന്നതയില്ലെന്ന് മന്ത്രി പി കെ ജയലക്ഷ്മി. ആദിവാസികള്‍ക്ക് ഇതുവരെ ലഭിക്കാത്ത ഒരു ആനുകൂല്യമാണ് പാക്കേജിലൂടെ ലഭിക്കുന്നത്. അട്ടപ്പാടി പാക്കേജില്‍ താനും സമൂഹവും സംതൃപ്തമാണെന്നും ജയലക്ഷ്മി പറഞ്ഞു. കോഴിക്കോട്ട് കേരള ദളിത് മഹിളാ ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. അട്ടപ്പാടി പാക്കേജില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് വി ഡി സതീശന്‍ എംഎല്‍എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഇതിനെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

janayugom 290811

സമരം നിര്‍ത്തുന്നത് തല്‍ക്കാലത്തേക്ക്: ഹസാരെ

ന്യൂഡല്‍ഹി: താന്‍ മുന്നോട്ടുവച്ച നിബന്ധനകള്‍ അടങ്ങിയ പ്രമേയം പാര്‍ലമെന്റ് അംഗീകരിച്ചതിനെത്തുടര്‍ന്ന് നിരാഹാര സമരം നിര്‍ത്തിവയ്ക്കുന്നത് തല്‍ക്കാലത്തേക്കാണെന്ന് അന്നാ ഹസാരെ. പ്രക്ഷോഭം തല്‍ക്കാലത്തേക്ക് മാറ്റിവയ്ക്കുകയാണ് ചെയ്യുന്നതെന്നും തിരഞ്ഞെടുപ്പു പരിഷ്‌കാരത്തിനായി ഇതു തുടരുമെന്നും പന്ത്രണ്ടു ദിവസം നീണ്ട നിരാഹാരം അവസാനിപ്പിച്ചുകൊണ്ട് ഹസാരെ പറഞ്ഞു. ഇന്നലെ രാവിലെ 10.20ന് രണ്ടു പെണ്‍കുട്ടികളില്‍നിന്ന് തേന്‍ ചേര്‍ത്ത ഇളനീര്‍ കഴിച്ചാണ് ഹസാരെ സമരം നിര്‍ത്തിയത്. ഹസാരെ സമരം അവസാനിപ്പിച്ചതിനെത്തുടര്‍ന്ന് രാജ്യമെങ്ങും അനുയായികള്‍ വിജയാഘോഷം നടത്തി.

ഹസാരെയുടെ നിബന്ധനകള്‍ അടങ്ങിയ പ്രമേയം കഴിഞ്ഞ ദിവസം രാത്രി പാര്‍ലമെന്റിന്റെ ഇരുസഭകളും വോട്ടിംഗ് ഇല്ലാതെ അംഗീകരിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇന്നലെ സമരം അവസാനിപ്പിക്കുമെന്ന് ഹസാരെ പ്രഖ്യാപിച്ചത്. ഇന്നലെ രാവിലെ രാംലീല മൈതാനിയിലെ സമരവേദിയില്‍ സിമ്രാന്‍, ഇക്ര എന്നീ ദലിത്, മുസ്‌ലിം പെണ്‍കുട്ടികളില്‍നിന്ന് തേന്‍ ചേര്‍ത്ത ഇളനീര്‍ സ്വീകരിച്ചാണ് 288 മണിക്കൂര്‍ നീണ്ട സത്യഗ്രഹം അവസാനിപ്പിച്ചത്. രാംലീല മൈതാനിയില്‍ തടിച്ചുകൂടിയ അനുയായികളോട് നടത്തിയ ഹ്രസ്വമായ പ്രസംഗത്തിനു ശേഷം ഹസാരെയെ ഗുഡ്ഗാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ പ്രമുഖ കാര്‍ഡിയോളജിസ്റ്റ് ഡോ. നരേഷ് ട്രെഹാന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം. സമരകാലത്തും ഹരാരെയെ ശുശ്രൂഷിച്ചിരുന്നത് ഇതേ വൈദ്യസംഘമാണ്. ഹസാരെയ്ക്ക് ദ്രവരൂപത്തിലുള്ള ഭക്ഷണം നല്‍കിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
തിരഞ്ഞെടുപ്പു പരിഷ്‌കാരങ്ങള്‍ക്കായി സമരം തുടരുമെന്ന് രാംലീല മൈതാനിയില്‍ ഹസാരെ പറഞ്ഞു. താന്‍ ആഗ്രഹിക്കുന്ന നേട്ടങ്ങളുണ്ടാക്കും വരെ വിശ്രമിക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. തന്റെ സമരം പാര്‍ലമെന്റിനും ഭരണഘടനയ്ക്കും എതിരാണെന്ന ആക്ഷേപം ഹസാരെ തള്ളി. ഭരണഘടനാപരമായ മാര്‍ഗത്തിലൂടെയാണ് മാറ്റങ്ങളുണ്ടാവേണ്ടതെന്ന് ഹസാരെ പറഞ്ഞു. ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് ജനങ്ങളുടെയും ജനാധിപത്യത്തിന്റെയും രാംലീല മൈതാനിയില്‍ തടിച്ചുകൂടിയവരുടെയും വിജയമാണെന്ന് ഹസാരെ അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുപ്പു പരിഷ്‌കാരങ്ങളിലൂടെ അഴിമതി ഒരു പരിധിവരെ ഇല്ലാതാക്കാനാവും. ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനും തിരസ്‌കരിക്കാനും ജനങ്ങള്‍ക്ക് അധികാരം വേണം. ബാലറ്റ് പേപ്പറിലുള്ള ആരെയും താന്‍ അംഗീകരിക്കുന്നില്ലെന്ന വോട്ടറുടെ അഭിപ്രായം രേഖപ്പെടുത്താന്‍ അവസരം നല്‍കണം. മണ്ഡലത്തിലെ ഭൂരിപക്ഷം പേരും ഒരാളെ തിരസ്‌കരിക്കുകയാണെങ്കില്‍ ആ തിരഞ്ഞെടുപ്പു തന്നെ റദ്ദാക്കപ്പെടും. തിരഞ്ഞെടുപ്പില്‍ കോടികള്‍ ഒഴുക്കിയവര്‍ക്ക് അപ്പോള്‍ എന്തുപറ്റും? തിരഞ്ഞെടുപ്പിനായി പത്തു കോടി രൂപ ചെലവഴിക്കുകയും എന്നിട്ടും തിരഞ്ഞെടുപ്പു റദ്ദായിപ്പോവുകയുമാണെങ്കില്‍ അതാണ് അവര്‍ക്കുള്ള മറുപടി.

ജനങ്ങളുടെ പാര്‍ലമെന്റ് ഡല്‍ഹിയിലെ പാര്‍ലമെന്റനേക്കാള്‍ വലുതാണെന്ന് ഹസാരെ പറഞ്ഞു. അതുകൊണ്ടാണ് പാര്‍ലമെന്റിന് ജനങ്ങളുടെ പാര്‍ലമെന്റിന്റെ ശബ്ദം കേള്‍ക്കേണ്ടിവരുന്നത്. അഴിമതിയെ ഇല്ലാതാക്കാമെന്ന് ഒരു വിശ്വാസമാണ് ഈ നിമിഷത്തിലൂടെ ഉണ്ടായിരിക്കുന്നത്. ഭരണഘടനാ തത്വങ്ങളും നിയമങ്ങളും നടപ്പാക്കാമെന്ന വിശ്വാസവും അതിലൂടെ വന്നിരിക്കുന്നു. കര്‍ഷകരുടെയും വിദ്യാഭ്യാസ രംഗത്തെയും പ്രശ്‌നങ്ങളും തന്റെ അജന്‍ഡയിലുണ്ടെന്ന് ഹസാരെ പറഞ്ഞു. 

ലോക്പാല്‍ ബില്‍ പാസാക്കാന്‍ സര്‍ക്കാര്‍ ഒരു മാസത്തിനകം തന്നെ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ക്കുമെന്നാണ് കരുതുന്നതെന്ന് ഹസാരെ നിരാഹാരം അവാസനിപ്പിച്ച ശേഷം സംഘത്തിലെ പ്രധാനിയായ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

സര്‍ക്കാര്‍ ഓഫീസുകളില്‍ പൗരാവകാശ രേഖ പ്രദര്‍ശിപ്പിക്കുക, താഴെത്തട്ടിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ലോക്പാലിനു കീഴില്‍ കൊണ്ടുവരിക, എല്ലാ സംസ്ഥാനങ്ങളിലും സമാനമായ ലോകായുക്ത നിയമം കൊണ്ടുവരിക എന്നിവയാണ് ഹസാരെ മുന്നോട്ടുവച്ചിരുന്ന നിബന്ധനകള്‍. ഇത് മൂന്നും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രമേയം പാര്‍ലമെന്റ് അംഗീകരിക്കുകയായിരുന്നു. പ്രമേയം സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടും. പാര്‍ലമെന്റില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയുടെയും പ്രമേയത്തിന്റെയും വിവരങ്ങള്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഇന്നലെ രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെ സന്ദര്‍ശിച്ച് ധരിപ്പിച്ചു.

janayugom 290811