Showing posts with label നയപ്രഖ്യാപനം. Show all posts
Showing posts with label നയപ്രഖ്യാപനം. Show all posts

Saturday, May 29, 2021

എല്ലാ സർക്കാർ സേവനവും ഓൺലൈനിൽ ; സിൽവർലൈൻ യാഥാർഥ്യമാക്കും ; ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കും

എല്ലാ സർക്കാർ സേവനവും ഓൺലൈനിൽ ലഭ്യമാക്കും. ഇതോടെ സർക്കാർ സേവനങ്ങൾക്ക്‌ ഓഫീസുകൾ കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാകും. പദ്ധതിയുടെ ഉദ്‌ഘാടനം ഒക്ടോബർ രണ്ടിന്‌ നടക്കും. എല്ലാ സർക്കാർ സ്ഥാപനത്തിലും ഇലക്‌ട്രോണിക്‌ ഫയൽ പ്രോസസിങ്‌ സിസ്‌റ്റം നടപ്പാക്കും. ഇതുവഴി സർക്കാർ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാനും സുതാര്യത ഉറപ്പുവരുത്താനും കഴിയും. നിർധന കുടുംബങ്ങൾക്ക്‌ സൗജന്യമായി അതിവേഗ ഇന്റർനെറ്റ്‌ നൽകാനുള്ള കെ ഫോൺ പദ്ധതി കൂടുതൽ വിപുലപ്പെടുത്തും. കൂടുതൽ പൊതുസ്ഥലങ്ങളിൽ സൗജന്യ വൈഫൈ ലഭ്യമാക്കും. നിലവിൽ രണ്ടായിരം സ്ഥലത്താണുള്ളത്‌.

തിരുവനന്തപുരം ടെക്‌നോസിറ്റിയിൽ ടിസിഎസ്‌ എയ്‌റോ സ്‌പേസ്‌ ഹബ്ബിന്റെ നിർമാണം ഈ വർഷം ആരംഭിക്കും. കളമശേരിയിലെ ടെക്‌നോളജി ഇന്നവേഷൻ സോൺ ആരംഭിക്കുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ ഹാർഡ്‌വെയർ ഇക്കോസിസ്‌റ്റമായി മാറും. സ്‌റ്റാർട്ടപ് മിഷന്റെ പ്രവർത്തനം കൂടുതൽ വിപുലമാക്കും. 3900 സ്‌റ്റാർട്ടപ്പാണ്‌ നിലവിൽ പ്രവർത്തിക്കുന്നത്‌. സ്വതന്ത്ര സോഫ്‌റ്റ്‌വെയറുകൾ ഉപയോഗിക്കുന്നതിന്‌ പ്രോത്സാഹനം നൽകും. ഇ ഗവേണൻസ്‌ രംഗത്ത്‌ മലയാളം ഫലപ്രദമായി ഉപയോഗിക്കാൻ ഗവേഷണ കേന്ദ്രം ആരംഭിക്കും.

കൊച്ചി ബംഗളൂരു വ്യവസായ ഇടനാഴി ; 20,000 കോടിയുടെ നിക്ഷേപം

കൊച്ചി–- ബംഗളൂരു വ്യവസായ ഇടനാഴിയിൽ പ്രതീക്ഷിക്കുന്നത്‌ 20,000 കോടി രൂപയുടെ നിക്ഷേപം. നിക്ഷേപകരുടെ പരാതികൾ പരിഹരിക്കാൻ സംസ്ഥാനതല പരാതി പരിഹാരസമിതി രൂപീകരിക്കും. പാലക്കാട്‌ ഇൻസ്‌ട്രുമെന്റേഷൻ ലിമിറ്റഡ്‌, കോട്ടയം എച്ച്‌എൻഎൽ, കാസർകോട്‌ ഭെൽ എന്നീ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നതിനുള്ള നടപടി അവസാനഘട്ടത്തിലാണ്‌. ഇ മാർക്കറ്റ്‌ പ്ലാറ്റ്‌ഫോമിനു പുറമെ ഓപ്പൺസോഴ്‌സ്‌ പ്ലാറ്റ്‌ഫോം രൂപീകരിക്കും. ഇതുവഴി വർഷം ഒരു ലക്ഷം തൊഴിലാണ്‌ പ്രതീക്ഷിക്കുന്നത്‌.

സിൽവർലൈൻ യാഥാർഥ്യമാക്കും

അർധ അതിവേഗ റെയിൽപാത (സിൽവർലൈൻ) സാധ്യമാക്കും. സംസ്ഥാനത്തിന്റെ ഗതാഗതമേഖലയിൽ വലിയ കുതിച്ചുചാട്ടം സാധ്യമാകുന്ന പദ്ധതി യാഥാർഥ്യമാകുന്നതോടെ തിരുവനന്തപുരംമുതൽ കാസർകോടുവരെ നിലവിലെ 12 മണിക്കൂർ യാത്രാസമയം നാല്‌ മണിക്കൂറാകും. 63,900 കോടി രൂപ മുതൽമുടക്ക് പ്രതീക്ഷിക്കുന്ന പദ്ധതിക്കുള്ള ധനസഹായത്തിന്‌ വിവിധ ഏജൻസികളെ സമീപിക്കാൻ കേന്ദ്ര ധനമന്ത്രാലത്തിനു കീഴിലെ സാമ്പത്തിക കാര്യവകുപ്പിനോട്‌ നിതി ആയോഗും റെയിൽവേ ബോർഡും ധനവിനിയോഗ വകുപ്പും ശുപാർശ ചെയ്‌തു. പദ്ധതിക്കുള്ള അന്തിമാനുമതി കേന്ദ്ര സർക്കാരിൽനിന്ന്‌ ഉടൻ ലഭ്യമാകുമെന്നാണ്‌ പ്രതീക്ഷ.


വിജിലൻസിനും സൈബർ സെൽ

വിജിലൻസിന്റെ ഇന്റലിജൻസ്‌ സർവൈലൻസ്‌ സംവിധാനം മെച്ചപ്പെടുത്തുകയും ആസ്ഥാനത്ത്‌ സൈബർ സെൽ ആരംഭിക്കുകയും ചെയ്യും. കോഴിക്കോട്‌, ആലപ്പുഴ, ഇടുക്കി, കോട്ടയം എന്നിവിടങ്ങളിലെ ട്രൈനിങ്‌ സെന്റർ നിർമാണം പൂർത്തിയാക്കും. യൂണിറ്റുകളുടെ  ഡിജിറ്റലൈസേഷനും വീഡിയോ കോൺഫറൻസിങ്‌ വഴി കോടതികളുമായി ബന്ധിപ്പിക്കലും നടപ്പാക്കും. 

ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കും

ന്യൂനപക്ഷങ്ങൾ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണും. ക്രിസ്‌ത്യൻ ന്യൂനപക്ഷം നേരിടുന്ന പ്രശ്‌നങ്ങൾ പഠിക്കാൻ ജുഡീഷ്യൽ കമീഷനെ നിയോഗിച്ചിട്ടുണ്ട്‌. റിപ്പോർട്ട്‌ പ്രതീക്ഷിക്കുകയാണ്‌.


സൂക്ഷ്‌മ 
ജലസേചന പദ്ധതി വ്യാപകമാക്കും

മുൻ ധനമന്ത്രി കെ എം മാണിയുടെ ഓർമയ്‌ക്ക്‌ കമ്യൂണിറ്റി ബെയ്‌സ്‌ഡ്‌ മൈക്രോ–- ഇറിഗേഷൻ പദ്ധതി നടപ്പാക്കും. കുരുമുളക്‌, ഏലം, നാളികേരം, അടയ്‌ക്ക, ജാതി, കാപ്പി, ഫലവൃക്ഷ വിളകൾ, പച്ചക്കറി ഉൽപ്പാദനം വർധിപ്പിക്കാൻ ഇത്‌ സഹായിക്കും. നദീതടങ്ങളിൽ ജലസംബന്ധിയായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ റിവർ ബേസിൻ കൺസർവേഷൻ ആൻഡ്‌ മാനേജ്‌മെന്റ്‌ അതോറിറ്റി രൂപീകരിക്കും. ഇതിനുള്ള നിയമം ഈ വർഷം.

കരുതലും കണക്‌ഷനും

നാല്‌ വർഷത്തിനുള്ളിൽ നഗരവാസികളായ എല്ലാ കുടുംബങ്ങൾക്കും ഗാർഹിക കുടിവെള്ള കണക്‌ഷൻ. കടലാക്രമണം ഏറ്റവും രൂക്ഷമായ ചെല്ലാനം, കൈപ്പമംഗലം, ചേർത്തല, പൂന്തുറ നിവാസികളുടെ സ്വത്തിനും ജീവനും അതീവ ശ്രദ്ധ. ജലവിഭവമേഖലയിൽ എൻജിനിയറിങ്‌ സ്റ്റാർട്ടപ്‌. കാലാവസ്ഥ, പ്രളയ മുന്നറിയിപ്പുകൾ, റിസർവോയറിലെ ജലപരിപാലനം, ജലത്തിന്റെ ഗുണനിലവാരം, ജലസേചനപ്രദേശം എന്നിവയ്‌ക്കായി കേരള വാട്ടർ റിസോഴ്‌സസ്‌ ഇൻഫർമേഷൻ സിസ്റ്റം.


പുതിയകരാർ

പറമ്പിക്കുളം–- ആളിയാറുമായി ബന്ധപ്പെട്ട്‌ ഇരുകൂട്ടർക്കും സമ്മതമുള്ള ഒത്തുതീർപ്പിലെത്തും. പുതിയ കരാർ നടപ്പാക്കും. കാവേരി തടത്തിൽനിന്നുള്ള കേരളത്തിന്റെ വിഹിതം അട്ടപ്പാടിവാലിപോലുള്ള അനുയോജ്യ പദ്ധതികൾക്ക്‌ വിനിയോഗിക്കും.

മൃഗസംരക്ഷണ സേവനം വാതിൽപടിയിൽ

വാതിൽപടി മൃഗസംരക്ഷണ സേവനങ്ങൾക്കായി 152 ബ്ലോക്ക്‌ പഞ്ചായത്തിലും ആംബുലൻസ്‌. വിവരങ്ങളും സ്ഥിതിവിവര കണക്കുകളും ലഭ്യമാക്കാൻ കേരള സ്‌റ്റേറ്റ്‌ ഡെയ്‌റി മാനേജ്‌മെന്റ്‌ ഇൻഫർമേഷൻ സെന്റർ സ്ഥാപിക്കും. മൃഗസംരക്ഷണ–-ക്ഷീര വികസന മേഖലകളിൽ തൊഴിലവസരം 50 ശതമാനം വർധിപ്പിക്കും. 24 മണിക്കൂർ മൃഗസംരക്ഷണ സേവനം 77 താലൂക്കിൽ. പാറശാലയിൽ ആടുകൾക്കായി മികവിന്റെ കേന്ദ്രം.

വിദ്യാവനവും നഗരവനവും

സർക്കാർ സ്‌കൂൾ, കോളേജ്‌ പരിസരങ്ങളിൽ വിദ്യാവനം പേരിൽ 500 ചെറു കാട്‌ സ്ഥാപിക്കും. തദ്ദേശസ്ഥാപനങ്ങൾ, റസിഡൻസ്‌ അസോസിയേഷനുകൾ, ഏജൻസികൾ സഹകരണത്തോടെ നഗരവനം സ്ഥാപിക്കും.


ഫീൽഡ്‌ യൂണിറ്റുകൾ പുനഃസംഘടിപ്പിക്കും

വനംവകുപ്പിന്റെ ഫീൽഡ്‌ യൂണിറ്റുകൾ ഭൂപ്രകൃതിയുടെ അടിസ്ഥാനത്തിൽ പുനഃസംഘടിപ്പിക്കും. ജീവനക്കാർക്ക്‌ ഉചിതമായ പരിശീലനം ഉപകരണങ്ങൾ നൽകും. ഘട്ടം ഘട്ടമായി ഫോറസ്‌റ്റ്‌ സ്‌റ്റേഷനുകൾ സ്ഥാപിക്കും.

അർഹരായ 
എല്ലാവർക്കും 
പട്ടയം

ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുകയാണ്‌ സർക്കാരിന്റെ ലക്ഷ്യം. അർഹരായ എല്ലാ ഭൂരഹിതർക്കും ഈ സർക്കാരിന്റെ കാലത്ത്‌ പട്ടയം നൽകും. സർക്കാർ ഭൂമി സംരക്ഷിക്കാനും അനധികൃത കൈയേറ്റം ഒഴിവാക്കാനും നടപടിയുണ്ടാകും. എല്ലാ വില്ലേജ്‌ ഓഫീസും സ്‌മാർട്ടാക്കും. സർട്ടിഫിക്കറ്റുകൾ നൽകാനും ഭൂനികുതി അടയ്‌ക്കാനും മൊബൈൽ ആപ്ലിക്കേഷൻ ഈ വർഷം ആരംഭിക്കും.

റവന്യൂ രേഖകളുടെ ഡിജിറ്റലൈസേഷൻ സമയബന്ധിതമായി പൂർത്തിയാക്കും. ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വസ്‌തുക്കളുടെ വിവരം എളുപ്പം ലഭ്യമാക്കാൻ യുണീക്ക്‌ തണ്ടപ്പേർ സംവിധാനം നടപ്പാക്കും. ഇതുവഴി ബിനാമി ഇടപാടുകൾ നിയന്ത്രിക്കാനും ഭൂപരിഷ്‌കരണ നിയമത്തിനു കീഴിലുള്ള അധിക ഭൂമി കണ്ടെത്താനും സാധിക്കും. സംയോജിത ലാൻഡ്‌ റെക്കോർഡ്‌ ഇൻഫർമേഷൻ സിസ്‌റ്റം എല്ലാ വില്ലേജിലേക്കും വ്യാപിപ്പിക്കും.

അമ്പലമുഗളിലെ കിൻഫ്ര പെട്രോകെമിക്കൽ പാർക്കിന്റെ അതിവേഗ വികസനം ഉറപ്പാക്കും.  പാലക്കാട്‌, ആലപ്പുഴ ജില്ലകളിൽ സംയോജിത റൈസ്‌ ടെക്‌നോളജി പാർക്കുകൾ ആരംഭിക്കും. സംസ്ഥാനത്ത്‌ പ്രവർത്തിക്കുന്ന സൂക്ഷ്‌മ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങളിൽ 48 ശതമാനവും (68,419) കഴിഞ്ഞ അഞ്ചു വർഷത്തിൽ ആരംഭിച്ചതാണ്‌. ഇതുവഴി മൂന്നുലക്ഷം തൊഴിലവസരമാണ്‌ ഉണ്ടായത്‌.

900 മെഗാവാട്ട്‌ സൗരോർജശേഷികൂടി ; ആഭ്യന്തര ഉൽപ്പാദനശേഷി കൂട്ടും

അടുത്ത രണ്ട്‌ വർഷത്തിനുള്ളിൽ 900 മെഗാവാട്ട്‌ സൗരോർജശേഷികൂടി കൈവരിക്കും. ആഭ്യന്തര ഉൽപ്പാദനശേഷി വർധിപ്പിക്കും. 170 മെഗാവാട്ട്‌ ഉൽപ്പാദനശേഷിയുള്ള ജലവൈദ്യുത പദ്ധതികൾ കമീഷൻ ചെയ്യും. 10,000 കോടി രൂപയുടെ വിഹിതമുള്ള ട്രാൻസ്‌ഗ്രിഡ്‌ 2.0 പദ്ധതി  സൗകര്യങ്ങളെ അടുത്ത രണ്ട്‌ ദശകകാലത്തേക്ക്‌ സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യം നിറവേറ്റുന്ന തരത്തിൽ മാറ്റും.


ഭാവിയിലും പവർക്കട്ടില്ല

വയനാട്‌, കാസർകോട്‌ എന്നിവിടങ്ങളിലെ 400 കെവി സബ്‌സ്‌റ്റേഷനുകൾ, കോഴിക്കോടുമുതൽ ഉടുപ്പിവരെയുള്ള ലൈൻ, സംസ്ഥാനത്തിന്റ 400 കെവി ട്രാൻസ്‌മിഷൻ ഇടനാഴി എന്നിവ പൂർത്തിയാക്കും. ഇത്‌ ഭാവിയിൽ പവർക്കട്ട്‌ ഇല്ലാതാക്കും.  

മിതമായ നിരക്കിൽ വൈദ്യുതി

ദരിദ്രരിൽ ദരിദ്രരായവർക്ക്‌ മിതമായ നിരക്കിൽ വൈദ്യുതി ലഭ്യമാക്കും. വിതരണശൃംഖലയുടെ പരിധിയിൽ വരാത്ത വിദൂര പ്രദേശങ്ങളിൽ ഉചിതമായ സാങ്കേതികവിദ്യയിലൂടെ വൈദ്യുതി കണക്‌ഷൻ നൽകും. കർഷകർക്ക്‌ പിന്തുണ നൽകൻ പിഎം കെയുഎസ്‌യുഎമ്മിനു കീഴിൽ പദ്ധതികൾ വികസിപ്പിക്കും.

ഇടുക്കിയിൽ രണ്ടാംനിലയം

780 മെഗാവാട്ട്‌ ഉൽപ്പാദനശേഷിയുള്ള ഇടുക്കി പദ്ധതിയുടെ രണ്ടാംഘട്ടം 7000 കോടി രൂപ മുതൽമുടക്കിൽ ആരംഭിക്കും. വൈദ്യുതി വാങ്ങൽ കരാറുകൾ പുനഃപരിശോധിക്കും.

സമഗ്രാരോഗ്യ പാക്കേജ്‌

പൊതു ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും മഹാമാരിയെ നേരിടാൻ സംസ്ഥാനത്തെ സജ്ജമാക്കുന്നതിനും ഊന്നൽ നൽകി 1000 കോടി രൂപയുടെ സമഗ്ര ആരോഗ്യ പാക്കേജ്‌ നടപ്പാക്കും.

വെർച്വൽ ട്രൈബൽ 
എംപ്ലോയ്‌മെന്റ്‌ എക്‌ചേഞ്ച്‌

ഗോത്രയുവജനങ്ങൾക്ക്‌ സ്വകാര്യ–- പൊതു മേഖലകളിൽ തൊഴിൽ ഉറപ്പാക്കാൻ വെർച്വൽ ട്രൈബൽ എംപ്ലോയ്‌മെന്റ്‌ എക്‌ചേഞ്ച്‌. കുറഞ്ഞത്‌ 15,000 ഗോത്രയുവജനങ്ങൾക്ക്‌ അക്കാദമിക്‌ മികവ്‌ നേടാൻ 500 കമ്യൂണിറ്റി പഠനകേന്ദ്രം. നിർമാണ വ്യവസായവുമായി ബന്ധപ്പെട്ട്‌ 2000പേർക്ക്‌ ഗോത്രജീവികയിലൂടെ പരിശീലനം. ഗോത്രഉൽപ്പന്നങ്ങളുടെ വിപണനത്തിന്‌ ട്രൈബൽ വില്ലേജ്‌ മാർക്കറ്റ്‌. ട്രൈബൽ സ്‌റ്റാർട്ടപ്പുകളെ പിന്തുണയ്‌ക്കാൻ പ്രത്യേക പദ്ധതി.

ഇന്റർനെറ്റും വീടും

മുഴുവൻ ആദിവാസി ഗ്രാമത്തിലും ഇന്റർനെറ്റ്‌ കണക്റ്റിവിറ്റി. 2021–- 22ൽ ലൈഫ്‌മിഷനിലൂടെ 4000 വീട് നിർമിക്കും. ഗോത്രവാത്സല്യനിധി വഴി 1000 പെൺകുട്ടികൾക്ക്‌ ഇൻഷുറൻസ്‌ പരിരക്ഷ. പട്ടികജാതിക്കാർക്കായുള്ള ഡോ. അംബേദ്‌കർ ഗ്രാമവികസന പദ്ധതി, വിദേശ തൊഴിൽ സബ്‌സിഡി തുടങ്ങിയവ തുടരും. പാലക്കാട്‌ ഇന്റഗ്രേറ്റഡ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസ്‌ പൂർണമായി പ്രവർത്തനസജ്ജമാക്കും.

ടൂറിസം പുനരുജ്ജീവനം

കേരള പുനരധിവാസത്തെ പുനരുജ്ജീവിപ്പിക്കാൻ പ്രത്യേക വിപണന പ്രചാരണം നടത്തും. ഉത്തരവാദിത്ത ടൂറിസം സംസ്ഥാനമാകെ വ്യാപിപ്പിക്കും. തെരഞ്ഞെടുത്ത ടൂറിസം കേന്ദ്രങ്ങളിൽ ലോകോത്തര നിലവാരത്തിൽ ടോയ്‌ലെറ്റ് പദ്ധതികൾ ആരംഭിക്കും. മലനാട്‌ മലബാർ റിവർ ക്രൂസ്‌, മിയാവാക്കി മോഡൽ വനവൽക്കരണം, ടൂറിസം കേന്ദ്രങ്ങളിൽ മാലിന്യ സംസ്‌കരണം, തലശേരി പൈതൃക‌ പദ്ധതി രണ്ടാംഘട്ടം, വേളി, ശംഖുംമുഖം, കോവളം പദ്ധതികൾ, മുസിരിസ്‌ പൈതൃക‌ പദ്ധതി രണ്ടാംഘട്ടം, ട്രാവൻകൂർ പൈതൃക‌ പദ്ധതി, ട്രാവൻകൂർ–-അഞ്ചുതെങ്ങ്‌ പൈതൃക‌ ഇടനാഴി, തിരുവനന്തപുരം വിനോദസഞ്ചാര ഭവൻ എന്നിവ സമയബന്ധിതമായി പൂർത്തിയാക്കും.

നെല്ല്‌ സംഭരണം കർഷക കേന്ദ്രീകൃതം

സംസ്ഥാനത്തെ നെല്ല്‌ സംഭരണം കൂടുതൽ കർഷക കേന്ദ്രീകൃതമാക്കും. കേരളത്തിലെ കാർഷിക ഉൽപ്പന്നങ്ങൾ പ്രത്യേകിച്ചും ഭക്ഷ്യയോഗ്യമായ നാണ്യവിളകൾ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി സപ്ലൈകോ വിപണന കേന്ദ്രം വഴി സംഭരിച്ച്‌ വിപണനം നടത്തും. സപ്ലൈകോയുടെ  ഹോം ഡെലിവറി ശൃംഖല ശക്തിപ്പെടുത്താനും പദ്ധതിയുണ്ട്‌.

ലീഗൽ മെട്രോളജിക്ക്‌ 
സാങ്കേതിക ലാബ്‌

ലീഗൽ മെട്രോളജി വകുപ്പിന്‌ പുതിയ സാങ്കേതിക ലാബ്‌ സജ്ജമാക്കും. വകുപ്പിനെ കൂടുതൽ ജന–-ബിസിനസ്‌ സൗഹൃദവുമാക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്‌ എന്നിവിടങ്ങളിൽ സ്വർണത്തിന്റെ മാറ്റ്‌ നോക്കാൻ പരിശോധനാ ലാബ്‌ സ്ഥാപിക്കും.

ജലപാതകളുടെ നിലവാരം ഉയർത്തും

സംസ്ഥാനത്തെ ജലപാതകളുടെ നിലവാരം ഉയർത്തും. വെസ്‌റ്റ്‌ കോസ്‌റ്റ്‌ കനാലിന്റെ വികസനവും നിർദിഷ്‌ട പുതിയ കനാലിന്റെ രൂപീകരണവും മൂന്ന്‌ ഘട്ടമായി വിഭാവനം ചെയ്‌തിട്ടുണ്ട്‌. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി ദേശീയ ജലപാതയ്‌ക്ക്‌ സമാനമായി സംസ്ഥാന ജലപാതകളുടെ നിലവാരം ഉയർത്തും.  500 ടൺ വരെ ചരക്കുഗതാഗതത്തിനുള്ള സൗകര്യം ഒരുക്കും.

എല്ലാവർക്കും കോവിഡ്‌ വാക്‌സിൻ സൗജന്യം, അർഹരായ എല്ലാവർക്കും പട്ടയം

നവകേരള സമൂഹത്തിലെ എല്ലാവർക്കും പുരോഗതിയുടെ തുല്യാവകാശം ലഭ്യമാക്കുമെന്ന ഉറപ്പുമായി‌ എൽഡിഎഫ്‌ സർക്കാരിന്റെ തുടർച്ചയിലെ ആദ്യ നയപ്രഖ്യാപനം. വികസനക്ഷേമ പദ്ധതികളിലൂടെ അസമത്വം ഇല്ലാതാക്കുകയാണ്‌ സർക്കാരിന്റെ ലക്ഷ്യമെന്ന്‌ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ പറഞ്ഞു. മുൻ സർക്കാരിന്റെ ക്ഷേമ–-വികസന പരിപാടികൾ ഈ സർക്കാർ തുടരും.‌  സമ്പദ്‌വ്യവസ്ഥയുടെ എല്ലാ മേഖലയിലും സംസ്ഥാനത്തെ ബഹുദൂരം പുരോഗതിയിലേക്ക്‌ നയിക്കും. സാമ്പത്തികവളർച്ചയുടെ ഗുണഫലങ്ങൾ ലഭിക്കാത്ത ഒരാൾപോലുമുണ്ടാകില്ലെന്ന്‌ തന്റെ സർക്കാർ ഉറപ്പാക്കുമെന്ന്‌ ഗവർണർ പ്രഖ്യാപിച്ചു.

കഴിഞ്ഞ സർക്കാരിന്റെ അധികാരത്തുടർച്ച അസാധാരണ ജനവിധിയാണ്‌. ജനാധിപത്യത്തിലും മതേതരത്വത്തിലും ജനക്ഷേമത്തിലും അചഞ്ചലമായ വിശ്വാസം ഈ സർക്കാരിനെയും മുന്നോട്ട്‌ നയിക്കുന്നു‌. വകുപ്പുകളുടെ കാര്യക്ഷമവും ഏകോപിതവുമായ പ്രവർത്തനം‌ കോവിഡ്‌ മഹാമാരിയിൽ സംസ്ഥാനത്ത്‌ മരണനിരക്ക്‌ കുറയ്‌ക്കാൻ സഹായിക്കുന്നു‌. പ്രകടനപത്രികയിലൂടെ ജനങ്ങൾക്ക്‌ നൽകിയ വാഗ്‌ദാനങ്ങൾ ഒന്നൊന്നായി നടപ്പാക്കാൻ തുടങ്ങിയതായും ഗവർണർ പറഞ്ഞു. എല്ലാവർക്കും സൗജന്യ വാക്‌സിൻ ഉറപ്പാക്കൽ, സംസ്ഥാനത്തിന്റെ കടമെടുപ്പ്‌ അവകാശം, സഹകരണമേഖലയിലെ നയങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ കേന്ദ്രനിലപാടുകളെ കുറ്റപ്പെടുത്താനും ഗവർണർ മടിച്ചില്ല.

പ്രധാന പ്രഖ്യാപനങ്ങൾ

● എല്ലാവർക്കും കോവിഡ്‌ വാക്‌സിൻ സൗജന്യം

● അർഹരായ എല്ലാവർക്കും പട്ടയം , ഇതിനായി 1000 കോടി രൂപ കണ്ടെത്തും

● സംസ്ഥാനത്തെ വിജ്ഞാന സമ്പദ്‌വ്യവസ്ഥയാക്കും

● അഞ്ചുവർഷത്തിൽ 20 ലക്ഷം പേർക്കെങ്കിലും പുതുതായി തൊഴിൽ

● കെഎസ്‌ആർടിസിയിൽ റീ സ്‌ട്രക്‌ചർ 2.0

● കൊച്ചി–-പാലക്കാട്‌ വ്യവസായ ഇടനാഴി

● ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയ്‌ക്കും ഉന്നത വിദ്യാഭ്യാസത്തിനും ഊന്നൽ

● കെ ഫോൺ പദ്ധതി പൂർത്തീകരിക്കും

● പാവപ്പെട്ടവർക്കെല്ലാം സൗജന്യ ഇന്റർനെറ്റ്‌ സൗകര്യം

● പൊതു വൈഫൈ സ്‌പോട്ടുകൾ വ്യാപിപ്പിക്കും

● അർധ അതിവേഗ യാത്രാസൗകര്യം സാധ്യമാക്കും

● മൂലധനച്ചെലവ്‌ വർധിപ്പിക്കും

● യുവസംരംഭകർക്കായി 25 സഹകരണ സംഘം

● സംസ്ഥാന നെല്ല്‌ സഹകരണ സംഘവും രണ്ട്‌ ആധുനിക റൈസ്‌ മില്ലും

● കൃഷിഭവനുകൾ സ്‌മാർട്ടാകും

● വൈദ്യുതി വാങ്ങൽ കരാറുകളിൽ പുനഃപരിശോധന

● ദരിദ്രരിൽ ദരിദ്രർക്ക്‌ മിതമായ നിരക്കിൽ വൈദ്യുതി

● ദേശീയപാതയ്‌ക്ക്‌ ഭൂമി ഏറ്റെടുക്കൽ വർഷപാതിയിൽ പൂർത്തീകരിക്കും

● കേരള ബാങ്ക്‌ കേരളത്തിന്റെ അത്താണിയാക്കും

● അഞ്ചുവർഷത്തിൽ കർഷകവരുമാനം 50 ശതമാനം ഉയർത്തും

● അഞ്ചുവർഷത്തിൽ പച്ചക്കറിയിൽ സ്വയംപര്യാപ്‌തത

● ബെയ്‌സ്‌ പ്രൈസ്‌ പ്രോഗ്രാമിൽ വിളകളുടെ വിലയിൽ വർഷാവർഷം വർധന

● നെൽക്കൃഷി വ്യാപനത്തിന്‌ ബ്ലോക്കുതല മേൽനോട്ട സമിതി

● പിന്നോക്കവിഭാഗ വികസന കോർപറേഷനെ ശക്തിപ്പെടുത്തും

● പശ്ചിമ ദേശീയ ജലപാതയുടെ വികസനത്തിന്‌ മൂന്നാംഘട്ടം

● കലാകാരന്മാർക്കായി സഹകരണ സംഘം

● കോപ്‌–-മാർട്ട്‌ പദ്ധതിയിൽ സഹകരണ ഉൽപ്പന്ന വിപണനത്തിന്‌ ഇ –-പ്ലാറ്റ്‌ഫോം

● കളമശേരിയിൽ ടെക്‌നോളജി ഇന്നൊവേഷൻ സോൺ

● കണ്ണൂരിൽ വില്ലേജ്‌ നോളജ്‌ സെന്റർ

● കളമശേരിയിൽ രാജ്യത്തെ വലിയ ഹാർഡ്‌വെയർ ഇക്കോ സിസ്റ്റം

● ഇ ഗവേണൻസിന്‌‌ മലയാള ഭാഷാ ഗവേഷണകേന്ദ്രം

● താമസത്തിനുള്ള കെട്ടിടങ്ങൾ തീരപരിപാലന മേഖലാ ക്ലിയറൻസ്‌ അപേക്ഷയ്‌ക്ക്‌ ഓൺലൈൻ

● ലഹരിമുക്ത സ്‌കൂളുകൾക്കായി ഉണർവ്‌ പദ്ധതി

● പുനർഗേഹം പദ്ധതി ത്വരിതപ്പെടുത്തും

● ഉൾനാടൻ മത്സ്യോൽപ്പാദനം ഇരട്ടിയാക്കും

● ശക്തികുളങ്ങര, നീണ്ടകര, തങ്കശേരി, കായംകുളം തുറമുഖങ്ങൾ നവീകരിക്കും

● പരപ്പനങ്ങാടിയിലും ചെത്തിയിലും പുതിയ തുറമുഖം

● സ്‌കൂൾ, കോളേജ്‌ പരിസരങ്ങളിൽ 500 ചെറുവനം

● ന്യൂഡൽഹിയിലെ ട്രാവൻകൂർ പാലസ്‌ നവീകരിക്കും

● സർവകലാശാലാവകുപ്പുകളും കേന്ദ്രങ്ങളും മികവിന്റെ കേന്ദ്രങ്ങളാക്കും

● ഹൗസിങ്‌ ബോർഡിനു കീഴിൽ ഗൃഹശ്രീ ഭവനപദ്ധതി

● ഇന്റഗ്രേറ്റഡ്‌ ലോക്കൽ ഗവേണൻസ്‌ മാനേജ്‌മെന്റ്‌ സിസ്റ്റം എല്ലാ പഞ്ചായത്തിലേക്കും

● കൃഷിവികസന പ്രവർത്തനങ്ങൾക്ക്‌ തണ്ണീർത്തടം അടിസ്ഥാനമാക്കും

● ഖരമാലിന്യ സംസ്‌കരണത്തിന്‌ മുൻഗണന

● വിദേശ തൊഴിൽ തേടുന്നവർക്കായി അധിക നൈപുണ്യപരിശീലനം

● ഗോത്ര ഉൽപ്പന്നങ്ങൾക്കായി ട്രൈബൽ വില്ലേജ്‌‌ മാർക്കറ്റുകൾ

● കായികമേഖലയിൽ മേനംകുളത്ത്‌ ജി വി രാജ സെന്റർ ഫോർ എക്‌സലൻസ്‌

● ടൂറിസംകേന്ദ്രങ്ങളിൽ 12 ലോകോത്തര ടോയ്‌ലെറ്റ്‌

● ടൂറിസത്തിന്‌ പ്രത്യേക പ്രചാരണം

● സഞ്ചരിക്കുന്ന ജലബസ്‌

ജി രാജേഷ്‌ കുമാർ