Showing posts with label അനുസ്‌മരണം. Show all posts
Showing posts with label അനുസ്‌മരണം. Show all posts

Tuesday, January 19, 2021

തൊഴിലാളിവർഗത്തിന്റെ പ്രിയനേതാവ് - എ വിജയരാഘവൻ എഴുതുന്നു

ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ നിസ്വാർഥനായ ദേശീയ നേതാവായിരുന്നു സ. ഇ ബാലാനന്ദൻ. കേരളം ഇന്ത്യക്ക് സംഭാവനചെയ്ത പ്രമുഖ തൊഴിലാളി നേതാവായിരുന്ന സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട്  ഇന്ന് പന്ത്രണ്ട് വർഷമാകുന്നു. സംസ്ഥാനത്തെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ ആദ്യപഥികരിൽ ഒരാളാണ്. അലുമിനിയം കമ്പനിയിലെ കൂലിത്തൊഴിലാളിയിൽനിന്ന് രാജ്യത്തെ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ അമരക്കാരനായി വളർന്ന അസാധാരണ വിപ്ലവ ഏടാണ് ആ ജീവിതം. കൊല്ലം ജില്ലയിലെ ശക്തികുളങ്ങരയിൽ ഒരു ദരിദ്ര തൊഴിലാളികുടുംബത്തിൽ 1924ൽ ജനനം.

ജീവിതപ്രാരാബ്ധംകാരണം നന്നേ ചെറുപ്പത്തിലേ തൊഴിലെടുക്കാൻ നിർബന്ധിതനായി. ഷാപ്പുതൊഴിലാളി, കൂലിപ്പണിക്കാരൻ എന്നിങ്ങനെയെല്ലാം ജീവിതവഴി തേടുന്നതിനിടെ ഏലൂരിലെ അലുമിനിയം കമ്പനിയിൽ പണിക്കാരനായി. പിന്നീടുണ്ടായത് പുതിയ ചരിത്രം. തൊഴിലാളിവർഗരാഷ്ട്രീയത്തിന്റെ ബാലപാഠം അവിടത്തെ പണിശാലയിൽനിന്ന് പഠിച്ചു. അലുമിനിയം ഫാക്ടറി വർക്കേഴ്സ് യൂണിയൻ രൂപീകരിക്കപ്പെട്ടു. അതിന്റെ ആദ്യത്തെ ജനറൽ സെക്രട്ടറിയായി. തിരുവിതാംകൂറിൽ രജിസ്റ്റർ ചെയ്യുന്ന ആറാമത്തെ തൊഴിലാളി യൂണിയനായിരുന്നു അത്. ആദ്യം കോൺഗ്രസ് പ്രവർത്തകനായിരുന്ന അദ്ദേഹം 1943ൽ കമ്യൂണിസ്റ്റ് പാർടിയുടെ ആലുവ സെൽ രൂപീകരിച്ചപ്പോൾ അതിലെ അംഗമായി. തൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്തിയതിനെത്തുടർന്ന് സഖാവിനെ കമ്പനിയിൽനിന്ന് പുറത്താക്കി. ഫാക്ടറിയിൽനിന്ന് പുറത്താക്കപ്പെട്ട സഖാവ് പൂർണസമയ പാർടി പ്രവർത്തകനായി.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെ നുണപ്രചാരണം ശക്തിപ്പെട്ടപ്പോൾ അതിനെതിരെ കുറിക്കുകൊള്ളുന്ന ഭാഷയിൽ ഒളിവിലായിരുന്ന സഖാവ് പൊതുയോഗത്തിൽ പ്രസംഗിച്ച് മറുപടി നൽകി. അതേത്തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തു. വിവിധ ഘട്ടങ്ങളിലായി അഞ്ചുവർഷം ജയിൽവാസവും നാലരവർഷത്തോളം ഒളിവുജീവിതവും നയിച്ചു. ഭീകരമായ പൊലീസ് മർദനത്തിന് നിരവധി തവണ ഇരയായി. സിപിഐ എം രൂപീകരിച്ചപ്പോൾ പാർടിയുടെ സംസ്ഥാന കമ്മിറ്റിയംഗമായി. പിന്നീട് സംസ്ഥാന സെക്രട്ടറിയറ്റംഗവുമായി. 1972ൽ മധുരയിൽ ചേർന്ന ഒമ്പതാം പാർടി കോൺഗ്രസിലാണ് കേന്ദ്ര കമ്മിറ്റിയംഗമായത്. 1978ൽ ജലന്ധർ പാർടി കോൺഗ്രസിൽ പൊളിറ്റ്ബ്യൂറോ അംഗമായി തെരഞ്ഞെടുക്കപ്പെട്ടശേഷം മൂന്ന് പതിറ്റാണ്ടോളം ഡൽഹി കേന്ദ്രമാക്കി പ്രവർത്തിച്ചു. എ കെ ജിക്കും ഇ എം എസിനുംശേഷം പാർടി പിബിയിലെത്തിയ മലയാളിയായിരുന്നു അദ്ദേഹം.

തൊഴിലാളികളെ വിപ്ലവപാതയിലേക്ക് കൊണ്ടുവരുന്നതിനും അവരുടെ അവകാശപ്പോരാട്ടങ്ങളെ ശക്തമാക്കുന്നതിനും സിഐടിയു നേതാവെന്ന നിലയിൽ വഹിച്ച പങ്ക്  എന്നും സ്മരിക്കപ്പെടുന്നതാണ്. 1970ൽ സിഐടിയു രൂപീകരിച്ചപ്പോൾ അതിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയും തുടർന്ന് അഖിലേന്ത്യാ ട്രഷററുമായി. ബി ടി രണദിവേക്കുശേഷം സിഐടിയുവിന്റെ പ്രസിഡന്റായി. ആഗോളവൽക്കരണ നയത്തിനെതിരെ ഇന്ത്യൻ തൊഴിലാളിവർഗത്തെ സമരപാതയിലെത്തിക്കുന്നതിന് നേതൃപരമായ പങ്കാണ് അദ്ദേഹം നിർവഹിച്ചത്. വൈദ്യുതിജീവനക്കാരുടെ സംഘടന ദേശീയമായി കെട്ടിപ്പടുത്തത് അദ്ദേഹത്തിന്റെ മുൻകൈയിലായിരുന്നു. സംഘടനയുടെ സ്ഥാപക പ്രസിഡന്റായി. വൈദ്യുതിജീവനക്കാരുടെ ന്യായമായ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന ഏറ്റവും വലുതും ശക്തവുമായ സംഘടനയാണ് അത്. അവസാനകാലംവരെ അതിന്റെ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു.

മികച്ച പാർലമെന്റേറിയനുമായിരുന്നു അദ്ദേഹം. 1967മുതൽ 1977വരെ കേരള നിയമസഭാംഗമായി. 1980ൽ ലോക്‌സഭാംഗവും പിന്നീട് രണ്ടുതവണ രാജ്യസഭാംഗവുമായി. തൊഴിലാളിവർഗത്തിന്റെ അവകാശങ്ങൾ നേടുന്നതിനുള്ള സമരവേദിയായി പാർലമെന്റിനെ മാറ്റുന്നതിൽ വിജയംകണ്ട വിപ്ലവകാരിയായ പാർലമെന്റേറിയനായി. അസംഘടിത തൊഴിലാളികൾക്കുവേണ്ടി നിയമം കൊണ്ടുവരുന്നതിന് പാർലമെന്റിൽ ഉയർന്ന ഏറ്റവും ശക്തമായ ശബ്ദമായിരുന്നു അദ്ദേഹത്തിന്റേത്. ഇതുമായി ബന്ധപ്പെട്ട നിയമനിർമാണങ്ങളുടെ ഘട്ടങ്ങളിൽ അദ്ദേഹത്തിന്റെ ഇടപെടൽ ബിൽ അവതരിപ്പിക്കുന്ന മന്ത്രിയുടെയും പ്രധാനമന്ത്രിയുടെയുംവരെ അഭിനന്ദനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

ഉന്നതവിദ്യാഭ്യാസ ബിരുദങ്ങളല്ല, തൊഴിലാളിവർഗ പ്രവർത്തനങ്ങൾക്ക് ഇടയിലുള്ള അനുഭവങ്ങളാണ് ഏറ്റവും വലിയ ജീവിത ബിരുദമെന്ന് സ്വജീവിതംകൊണ്ട് ബോധ്യപ്പെടുത്തിയ നേതാവായിരുന്നു അദ്ദേഹം.  ജീവിതപ്രാരാബ്ധങ്ങൾ കാരണം ഏഴാംക്ലാസിൽ പഠിപ്പ് നിർത്തേണ്ടിവന്നു. പക്ഷേ, ഔപചാരിക വിദ്യാഭ്യാസം വേണ്ടവിധത്തിൽ നേടാൻ കഴിഞ്ഞില്ലെന്ന പോരായ്മയെ മറികടന്നുകൊണ്ട് ഇംഗ്ലീഷ് ഉൾപ്പെടെയുള്ള ഭാഷകളിൽ നല്ല പ്രാവീണ്യം നേടാനും ശാസ്ത്രവിഷയങ്ങളിലടക്കം ഉയർന്ന പരിജ്ഞാനം സമ്പാദിക്കാനും സ്വപ്രയത്നത്താൽ കഴിഞ്ഞു. അതുകൊണ്ടാണ് പ്രധാനമന്ത്രിമാരുടെവരെ വാദമുഖങ്ങളെ ഖണ്ഡിച്ച്  അനർഗളമായി ഇംഗ്ലീഷിൽ വാദപ്രതിവാദം നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞത്. ഗഹനമായ വിഷയങ്ങൾപോലും ലളിതമായ ഭാഷയിൽ തൊഴിലാളികൾക്കും സാധാരണക്കാർക്കും മനസ്സിലാകുംവിധം അവതരിപ്പിക്കുന്നതിൽ പ്രത്യേക വൈഭവമുണ്ടായിരുന്നു. പറയേണ്ട കാര്യങ്ങൾ, നന്നായി പഠിച്ച് ഉറപ്പിച്ച് അവതരിപ്പിക്കുന്ന രീതിയായിരുന്നു. മാർക്സിസ്റ്റ് സംവാദത്തിന്റെ എഡിറ്ററായി അവസാനകാലത്ത് പ്രവർത്തിച്ചു. ഓരോ വിഷയത്തെയും മാർക്സിസ്റ്റ് ലെനിനിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വിശകലനംചെയ്യുന്നതിൽ അസാമാന്യപാടവമുണ്ടായിരുന്നു. മനസ്സിലാക്കിയ കാര്യങ്ങൾ തനതായ ശൈലിയിൽ അവതരിപ്പിക്കുകയുംചെയ്തു.

ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ സമരപോരാട്ടങ്ങളിൽ നിശ്ചയദാർഢ്യത്തോടെ നിലയുറപ്പിച്ച ഇ ബാലാനന്ദന്റെ സ്മരണ പുതുക്കുന്ന ഈ ഘട്ടത്തിൽ, രാജ്യത്തെ കർഷകരും തൊഴിലാളികളും വലിയ വെല്ലുവിളികളെ നേരിടുകയാണ്.  കേന്ദ്രസർക്കാർ പാസാക്കിയ കാർഷികനിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിൽ ഡൽഹി അതിർത്തിയിൽ ആരംഭിച്ച സമരം കൂടുതൽ ശക്തമാകുന്നു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്ന്‌ സമരസഖാക്കൾ ഡൽഹി കേന്ദ്രീകരിക്കുകയാണ്. കോർപറേറ്റുകൾക്ക് സൗകര്യമൊരുക്കാനുള്ള തന്ത്രങ്ങളാണ് മോഡി സർക്കാർ മെനയുന്നത്. രാജ്യവും ലോകവുമെല്ലാം സമാനതകളില്ലാത്ത പ്രതിസന്ധികളാണ് കോവിഡ്മൂലം നേരിടുന്നത്. മറ്റെല്ലാ രാജ്യങ്ങളിലും കോവിഡ് വിഷമതകൾ നേരിടുന്ന ജനങ്ങളെ സഹായിക്കാനായി വിവിധ ക്ഷേമപദ്ധതികൾ പ്രഖ്യാപിക്കുകയും പാക്കേജുകൾ അവതരിപ്പിക്കുകയും ചെയ്തു.

എന്നാൽ, ഇന്ത്യയിൽ കോവിഡിന്റെ മറവിൽ രാജ്യത്തെ വിറ്റുതുലയ്ക്കാനാണ് മോഡി സർക്കാർ ശ്രമിച്ചത്. ദരിദ്രരെ സഹായിക്കുന്നതിനുപകരം വിവിധ പാക്കേജുകൾ അവതരിപ്പിച്ച് കോർപറേറ്റുകൾക്ക് സഹായമൊരുക്കി. പാവപ്പെട്ടവൻ കൂടുതൽ ദുരിതത്തിലേക്ക് നീങ്ങിയപ്പോൾ കോർപറേറ്റുകളുടെ ലാഭം നിരവധി ഇരട്ടിയായി. പൊതുമേഖലാസ്ഥാപനങ്ങളും നവരത്ന കമ്പനികളും പ്രകൃതിവിഭവങ്ങളുമെല്ലാം കോർപറേറ്റ് കൊള്ളയ്ക്ക് വിട്ടുകൊടുത്തു. ഏറ്റവും അവസാനം കർഷകരുടെ മണ്ണുംകൂടി കോർപറേറ്റുകൾക്ക് സമ്മാനിക്കാനാണ് പുതിയ കാർഷികനിയമങ്ങൾ പാർലമെന്റിനെപ്പോലും നോക്കുകുത്തിയാക്കി കൊണ്ടുവന്നത്. പ്രതിഷേധിക്കുന്ന കർഷകരെ ഭീകരൻമാരായി മുദ്രകുത്തുകയാണ്.

കർഷകരെ മാത്രമല്ല, രാജ്യത്തെ തൊഴിലാളികളെയും കുത്തുപാളയെടുപ്പിക്കുന്ന നയങ്ങളാണ് മോഡി സർക്കാർ സ്വീകരിച്ചുവരുന്നത്. അതിനുള്ള ഏറ്റവും പ്രധാന ഉദാഹരണമാണ് നാല് തൊഴിൽ കോഡ്‌.  വർഷങ്ങൾ നീണ്ട പോരാട്ടത്തിലൂടെ തൊഴിലാളിവർഗം നേടിയ എട്ട് മണിക്കൂർ ജോലിയടക്കമുള്ള അവകാശങ്ങളെ ഇല്ലാതാക്കി കോർപറേറ്റുകൾക്ക് ചൂഷണം വർധിപ്പിക്കാൻ ഉതകുന്ന രീതിയിലാണ് തൊഴിൽകോഡുകൾ വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. അതിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയ തൊഴിലാളികളെയും ജീവനക്കാരെയും വർഗീയമായി ചേരിതിരിച്ച് സമരങ്ങളെ ദുർബലമാക്കാനാണ് നീക്കം.

ദേശീയമായി ഇരുണ്ട ഈ അന്തരീക്ഷത്തിലും ബദൽ രാഷ്ട്രീയത്തിന്റെ പ്രകാശം പരത്തുന്നത് കേരളത്തിലെ എൽഡിഎഫ് സർക്കാരാണ്.  പിണറായി വിജയൻ നേതൃത്വം കൊടുക്കുന്ന ഈ സർക്കാർ നാടിന്റെ വികസനത്തിനും ജനതയുടെ ക്ഷേമത്തിനും ഉറച്ച ചുവടുവയ്പുകളാണ് നടത്തുന്നത്. പുതിയ കാലത്തിന്റെ സാധ്യതകളും വെല്ലുവിളികളും ഏറ്റെടുക്കുകയും തൊഴിൽസാധ്യത വർധിപ്പിക്കുകയും സാമൂഹ്യപ്രതിബദ്ധത കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന വികസനക്ഷേമ ബജറ്റ്  ഇതിനുള്ള ഒടുവിലെ ഉദാഹരണമാണ്. എൽഡിഎഫ് സർക്കാരിന്റെ ഈ ജനപക്ഷനയങ്ങൾക്കുള്ള അംഗീകാരമാണ് ഇത്തവണത്തെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള ജനവിധി.

കോവിഡിന്റെയും പ്രളയത്തിന്റെയുമെല്ലാം കെടുതികളിൽനിന്ന് ജനങ്ങളെ സംരക്ഷിച്ച പിണറായി സർക്കാരിനും ഇടതുപക്ഷത്തിനുമൊപ്പമാണ് കേരളത്തിലെ ജനങ്ങളുടെ മനസ്സ്‌ എന്ന് വ്യക്തമാണ്. കേന്ദ്രത്തിലെ ബിജെപി ഭരണത്തിന്റെ അമിതാധികാര വാഴ്ചയെയും വെറുപ്പിന്റെ രാഷ്ട്രീയത്തെയും പ്രതിരോധിക്കാൻ ഇടതുപക്ഷ സർക്കാർ വേണമെന്ന ബോധം മതനിരപേക്ഷ വിഭാഗങ്ങളിലടക്കം ശക്തമാണ്. ഇക്കാര്യത്തിൽ കോൺഗ്രസ് നയിക്കുന്ന യുഡിഎഫ് പൂർണപരാജയമാണ്. അതിനാൽ, എൽഡിഎഫ് സർക്കാരിന് തുടർഭരണം ഉണ്ടാകണമെന്നത് കേരളത്തിന്റെ പൊതുബോധമായി വളരുകയാണ്. അതിനായി എൽഡിഎഫിനെയും സിപിഐ എമ്മിനെയും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയോടെയുള്ള പ്രവർത്തനങ്ങൾക്ക് സ. ഇ ബാലാനന്ദൻ സ്മരണ കരുത്തുപകരും.

എ വിജയരാഘവൻ 

Wednesday, January 13, 2021

ആരായിരുന്നു റോസാ ലക്സംബർഗ്‌; ആ പോരാളിയുടെ രക്തസാക്ഷ്യത്തിന് ഇന്ന്‌ 101 വർഷങ്ങൾ

1919 ജർമ്മൻ രാഷ്ട്രീയ കാലാവസ്ഥ കലങ്ങിമറിഞ്ഞ കാലം. ചാൻസലർ സ്ഥാനത്തു നിന്നും കൈസർ സ്ഥാനമൊഴിഞ്ഞു. എമ്പർട്ട് സ്കൈഡർമാൻ അധികാരമേറ്റു.തൊഴിലാളികളെയും കമ്യൂണിസ്റ്റ്കാരെയും പുരോഗമനവാദികളെയും ക്രൂരമായി അടിച്ചമർത്തി. സമാധാനപരമായ പ്രതിഷേധ പ്രകടനം പോലും തച്ചുതകർത്തു. വലതുപക്ഷ രാഷ്ട്രീയം അതിൻ്റെ ആഭാസകനാടകം തിമിർത്താടി.ജനരോക്ഷം ശക്തമായി. ഒരു വിപ്ലവത്തിന് കാലമായെന്ന് ജർമ്മൻ കമ്യൂണിസ്റ്റ് പാർട്ടിയായ കെപിഡി വിലയിരുത്തി.

(റോസാ ലക്സംബർഗും കാൾ ലീബ്ക്നെക്തും ക്ലാരസെറ്റ്കിനും (ഫെമിനിസത്ത അരാജകവാദത്തിൽ നിന്നും മോചിപ്പിച്ചു മാർക്സിസ്റ്റ് സൈദ്ധാന്തികതയിൽ ഉറപ്പിച്ച വിപ്ലവകാരി ) കാൾറാജെക്കും ലിയോ ജോഗി ഷെസും ചേർന്നു 1918 ൽ രൂപം കൊടുത്തതാണ് ജർമ്മൻ കമ്യൂണിസ്റ്റ് പാർട്ടി.)

ബഹുജന പ്രക്ഷോഭം അണപൊട്ടി.കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകാരും സോഷ്യൽ ഡെമോക്രാറ്റുകളും തൊഴിലാളികളും

സാധാരണക്കാരും ബുദ്ധിജീവികളും തോളോട് തോൾ ചേർന്നു നിന്നു പോരാട്ടത്തിൽ പങ്കാളിയായി. സമരരീതിയോട് നേരിയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നുവെങ്കിലും റോസാ ലക്സംബർഗ് എന്ന കമ്യൂണിസ്റ്റ് പോരാളി സമരാങ്കണത്തിൽ അടരാടി.

പോലീസും പട്ടാളവും പ്രതിലോമശക്തികളും ചേർന്നു ജനങ്ങളെ നേരിട്ടു. ബർലിൻ തെരുവുകളിൽ രക്ത പുഴകൾ ഒഴുകി.

സമരത്തിൻ്റെ നേതാക്കളായിരുന്ന റോസയും കാൾ ലീബ്ക് നെക്തും വില്യം പിയേക്കും അറസ്‌റ്റിലായി. ഒരു ഹോട്ടലിൽ താമസിപ്പിച്ചിരുന്ന സ.റോസാ ലക്സംബർഗിനെ വോഗൽ എന്ന പട്ടാള ഉദ്യോഗസ്ഥൻ വാതിൽക്കൽ വെച്ച് തോക്കു കൊണ്ട് തല അടിച്ചു തകർത്തു.( എല്ലാ ഫാസിസ്റ്റുകൾക്കും വേണ്ടതു ധൈഷണികതയുടെ തലച്ചോറിനെയാണല്ലോ.) എന്നിട്ടും കലിതീരാതെ ആ വിപ്ലവകാരിയുടെ തലയ്ക്കു നേരെ തുരുതുരെ വെടിവെച്ചു.എന്നിട്ടും കലി തീരാതെ ബർലിനിലെ ലാൻഡ്വേർ കനാലിലിലേക്ക് വലിച്ചെറിഞ്ഞു. അന്ന്‌ ജനുവരി 13.  അവർ തകർത്തുകളഞ്ഞ റോസയുടെ ജഡം കരയ്ക്കടിഞ്ഞു മെയ് 31 ന്.

ആരായിരുന്നു വലതുപക്ഷ ഭരണകൂടം തകർത്തു കളഞ്ഞ , കൊന്നുകളഞ്ഞ ഈ റോസാ ലക്സംബർഗ് !. മാർക്സിസ്റ്റ് ദർശനത്തിന് തീ പാറുന്ന ആശയസംവാദങ്ങൾക്ക് അമൂല്യ സംഭാവനകൾ നൽകിയ പ്രതിഭാശാലിയായ വിപ്ലവകാരി.

1871 മാർച്ച് 5 ന് ഡമോസ്ക് എന്ന പോളിഷ് റഷ്യൻ ഗ്രാമത്തിൽ ജനിച്ച് വാർസയിൽ കൗമാരകാലം പിന്നിട്ട് അനീതിയെ ചെറുപ്പം മുതൽ എതിർത്തു നിന്ന സമത്വത്തിന് വേണ്ടി നിലകൊണ്ട വഴക്കാളി !. എന്നിട്ടും 16 വയസ്സിൽ വാർസയിലെ ഗേൾസ് സ്ക്കൂളിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി പാസായ പ്രതിഭാശാലി.യൗവ്വനം ചെലവഴിച്ചതു സ്യൂറിച്ചിൽ. അവിടെ നിയമവും ധനശാസ്ത്രവും വിഖ്യാതമായ മാർക്കോടെ പാസ്സായി. കലാലയത്തിലെ സംവാദ വേദികളിൽ റോസയുടെ വാക്കുകൾ ജ്വലിച്ചു നിന്നു. കണ്ണുകൾ തിളങ്ങി നിന്നു. കേൾവിക്കാരുമായി അർത്ഥഗർഭമായി സംവേദിച്ചു.

1906 ൽ റോസ തൻ്റെ പ്രസിദ്ധമായ താത്വിക പാഠം  The Mass strike , the political Party and the Trade Unions പ്രസിദ്ധീകരിച്ചു.1913 ൽ The accumulations of capital എന്ന വിലപ്പെട്ട ഗ്രന്ഥം പ്രസിദ്ധീകരിച്ചു.1915 ൽ വിഖ്യാതമായ ലഘുലേഖ The crisis in the Germa Social Democracy പ്രസിദ്ധീകരിച്ചു.1918 ൽ ഏറെ ശ്രദ്ധേയമായ The Russion Revolution പ്രസിദ്ധീകരിച്ചു.

 ലെനിൻ്റെ വിഖ്യാത  one step forward , two steps backway (ഒരടി മുന്നോട്ട് രണ്ടടി പിന്നോട്ട് ) എന്ന ഗ്രന്ഥത്തിന് എഴുതിയ നിരൂപകപ്രബന്ധം മാർക്സിസം ഗൗരവമായി പഠിക്കുന്നവർ വായിച്ചിരിക്കേണ്ട ഒന്നാണ്.

ഈ അതുല്യ പ്രതിഭ ശാലിയെയാണ് സൈദ്ധാന്തികയെയാണ് കമ്യൂണിസ്റ്റ് പോരാളിയെയാണ് മാനവ സ്നേഹത്തിൻ്റെ ഉദാത്ത മാതൃകയെയാണ് വലതുപക്ഷ മൂരാച്ചി ഭരണകൂടം കൊന്നുകളഞ്ഞതു.

സ.റോസാ ലക്സംബർഗിൻ്റെ രക്തസാക്ഷിത്വം ഓർമ്മിക്കുന്ന ഈ വേളയിൽ ഇന്ത്യൻ രാഷ്ട്രീയ കാലാവസ്ഥയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ഡൽഹി തെരുവീഥികളിൽ കർഷക സമരം ശക്തി പ്രാപിക്കുകയാണ്. ! കർഷകരും തൊഴിലാളികളുമായും വർഗ്ഗ ഐക്യം ഉയർന്നു വരുന്നു.

ജീവിതം പോരാട്ടമാണന്ന് ജനങ്ങൾ തിരിച്ചറിയുന്നു. സമ്പന്ന വർഗ്ഗ മുതലാളി വർഗ്ഗ കുത്തക അനുകൂല നയങ്ങൾക്കെതിരെ വിട്ടുവീഴ്ച്ചയില്ലാതെ പോരാടിക്കൊണ്ടല്ലാതെ ജീവിക്കാൻ കഴിയില്ലന്ന് ദിനംപ്രതി തിരിച്ചറിയുന്നു. ആ തിരിച്ചറിവുകളാണ് സ.റോസാ ലക്സംബർഗിന് നൽകാവുന്ന ഏറ്റവും ഉചിതമായ അനുസ്മരണം.

രാജു സെബാസ്റ്റ്യൻ 

Saturday, October 31, 2020

ഇന്ദിരയുടെ മരണത്തിൽനിന്നും പാഠം പഠിക്കാതെ കോൺഗ്രസ്‌; വീണ്ടും നീക്കം വർഗീയ ബാന്ധവത്തിന്‌

 ഇന്ദിര ഗാന്ധിയുടെ  മരണത്തിൽനിന്നും  പാഠം പഠിക്കാതെ കോൺഗ്രസ്‌ വീണ്ടും അധികാരത്തിനായി  വർഗീയ ബാന്ധവത്തിന്‌ ഒരുങ്ങുകയാണെന്ന്‌ കെ ടി കുഞ്ഞിക്കണ്ണൻ . അടിയന്തിരാവസ്ഥയെ തുടർന്നു അധികാരത്തിൽ നിന്നും പുറത്തള്ളപ്പെട്ട കോൺഗ്രസ് നേതൃത്വം രാജ്യത്ത് ഉയർന്നു വന്ന എല്ലാ വർഗീയ വിഘടന ഛിദ്ര ശക്തികളെയും കൂട്ടുപിടിക്കുകയായിരുന്നു.അത്‌ ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിലേക്കെത്തിച്ചു.   കേരളത്തിലിപ്പോൾ മതരാഷ്ട്ര വാദികളായ ജമാഅത്തെ ഇസ്ലാമിയും എസ് ഡിപിഐയുമായെല്ലാവരുണ്ടാക്കുന്ന ബാന്ധവത്തെ ചരിത്രത്തിൽ നിന്നു ഒരിക്കലും പാഠം പഠിക്കാൻ കൂട്ടാക്കാത്തവ രുടെ രാഷ്ട്രീയ അധപതനത്തെയാണ് കാണിക്കുന്നതെന്നും കെ ടി കുഞ്ഞിക്കണ്ണൻ പറയുന്നു.


പോസ്‌റ്റ്‌ ചുവടെ

ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാഗാന്ധി സ്വന്തം അംഗരക്ഷകരായിരുന്ന ബിയാന്ത്സിംഗിൻ്റെയും സത് വന്ത് സിംഗിൻ്റെയും വെടിയേറ്റു മരിച്ച ദിവസമാണ്. രാഷ്ട്രത്തെ ഞെട്ടിച്ച ആ ഭീകരസംഭവത്തിൻ്റെ പ്രത്യാഘാതമെന്നോണം കോൺഗ്രസ് നേതാക്കളുൾപ്പെടെയുള്ള ക്രിമിനൽ സംഘം ഡൽഹിയിലും പരിസര പ്രദേശങ്ങളിലുമായി 8000 ഓളം സിഖുകാരെ വംശീയമായി കൂട്ടക്കൊല ചെയ്ത ദിനം കൂടിയാണ് 1984 ഒക്ടോബർ 31.

മതനിരപേക്ഷതയും ജനാധിപത്യവും കയ്യൊഴിഞ്ഞു മത രാഷ്ട്രവാദികളുമായി കോൺഗ്രസ് നടത്തിയ അവിശുദ്ധ ബാന്ധവത്തിൻ്റെ ദുരന്തപരിണതിയായിരുന്നു ശ്രീമതി ഗാന്ധിയുടെ വധവും അതിനെ തുടർന്നുണ്ടായ സിക്ക് വംശഹത്യയും ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര ചരിത്രത്തിലെ ഈ രക്തപങ്കിലമായ അധ്യായം സൃഷ്ടിച്ചത് താൽക്കാലിക രാഷ്ട്രീയ നേട്ടത്തിനായി മതതീവ്രവാദികളും മതരാഷ്ട്രവാദികളുമായി ചേർന്ന് കോൺഗ്രസ് നടത്തിയ രാഷ്ട്രീയ കളികളാണ്.

ഹരിതവിപ്ലവത്തെ തുടർന്ന് പഞ്ചാബിൽ വളർന്നു വന്ന പുത്തൻ കർഷക മുതലാളി വർഗങ്ങളും ഇന്ത്യയെ അസ്ഥീരിക്കുകയെന്ന അമേരിക്കൻ സ്റ്റേറ്റു ഡിപ്പാർട്ട്മെൻറിൻ്റെയും സിഐഎയുടെയും പദ്ധതികളും ചേർന്നാണ് സിക്ക് മതാടിസ്ഥാനത്തിലുള്ള ഖാലിസ്ഥാൻ രാഷ്ട്രവാദം ഉയർന്നു വന്നത്. പഞ്ചാബിലെ കർഷകർ നേരിടുന്ന വിലയുടെയും വിപണിയുടെയും പ്രശ്നങ്ങളെയും വൻകിട കർഷികോപകരണ നിർമ്മാണകമ്പനികളും രാസവള - കീടനാശിനി, വിത്ത്കമ്പനികളും നടത്തുന്ന ചൂഷണവും കേന്ദ്ര സർക്കാർ നയങ്ങളുടെ ഫലമായിരുന്നു. ഈ കേന്ദ്ര വിരുദ്ധ വികാരങ്ങളെ വഴി തിരിച്ചു വിട്ടാണ് സിക്ക് രാഷ്ട്രമെന്ന മതാധിഷ്ഠിത രാഷ്ടീയ മുദ്രാവാക്യം ഉയർത്തി കൊണ്ടുവന്നത്.

സിക്ക് മതമൗലികവാദത്തിൻ്റെ അടിസ്ഥാനത്തിലുള്ള ഈ പ്രസ്ഥാനത്തിൻ്റെ നേതാവായിരുന്നു ഭിന്ദ്രവാലയെന്ന സിക്ക് പുരോഹിതൻ. കനഡയും ബ്രിട്ടനും താവളമാക്കി പ്രവർത്തിക്കുന്ന പ്രവാസികളായ സിക്കു സമ്പന്നരായിരുന്നു  ഖാലിസ്ഥാൻ വാദത്തിൻ്റെ ആസൂത്രകർ. ഇവരിൽ പലരും കോൺഗ്രസ് നേതാക്കളുമായിരുന്നു. തീവ്രമതാടിസ്ഥാനത്തിലുള്ള ഖാലിസ്ഥാൻ എന്ന രാഷ്ട്രപദ്ധതി ആവിഷ്ക്കരിച്ചത്.

ജഗത് സിംഗ് ചൗഹാൻ പ്രസിഡൻ്റായി ലണ്ടൻ ആസ്ഥാനമാക്കി കൊണ്ട് അവർ സിക്ക് രാഷ്ട്രം പ്രഖ്യാപനവും നടത്തിയിരുന്നു.  സി ഐ എയുടെ ബുദ്ധികേന്ദ്രങ്ങളും സൈനിക പരിശീലനകേന്ദ്രങ്ങളുമായിരുന്നു പാക്കിസ്ഥാൻ അതിർത്തി താവളങ്ങളിൽ സിക്ക് തീവ്രവാദികൾക്ക് പരിശീലനം നൽകിയത്.

അടിയന്തിരാവസ്ഥയെ തുടർന്നു അധികാരത്തിൽ നിന്നും പുറത്തള്ളപ്പെട്ട കോൺഗ്രസ് നേതൃത്വം രാജ്യത്ത് ഉയർന്നു വന്ന എല്ലാ വർഗീയ വിഘടന ഛിദ്ര ശക്തികളെയും കൂട്ടുപിടിക്കുകയായിരുന്നു. ആസാമിലെയും പഞ്ചാബിലെയും വംശീയ വിഘടനശക്തികളെ അവർ പ്രോത്സാഹിപ്പിച്ചു. പിന്നീട് ബ്രഹ്മപുത്രാതടങ്ങളെ രക്തപങ്കിലമാക്കിയ ആസാമിയ വംശീയവാദത്തിന് നേതൃത്വം കൊടുത്ത അസുവിൻ്റെ രൂപീകരണ സമ്മേളനം 1980 ൽ ഗോഹട്ടിയിൽ ഉൽഘാടനം ചെയ്തത് ശ്രീമതി ഗാന്ധിയായിരുന്നു.

പഞ്ചാബിലെ ഖാലിസ്ഥാൻ ഭീകരവാദികളെ ആവേശപൂർവ്വമവർ പിന്തുണച്ചു. ഇന്ദിരാഗാന്ധി ഡൽഹിയിലേക്ക് മതതീവ്രവാദിയായ ഭിന്ദ്രൻവാലയെ ക്ഷണിച്ചു വരുത്തി സ്വീകരണം കൊടുത്തു. കുൽദീപ് നയ്യരെ പോലുള്ള മുതിർന്ന പത്രപ്രവത്തകർ ഇതിനെ കുറിച്ച് ഇന്ദിരയോട് ചോദിച്ചപ്പോൾ അവർ ഭിന്ദ്രൻ വാലയെ സാത്വികനായി സന്യാസിയെന്ന് വിശേഷിപ്പിച്ച് തൻ്റെ നടപടികളെ ന്യായീകരിക്കുകയായിരുന്നു. അതിൻ്റെ കൂടി വിലയായിട്ടാണ് അവർക്ക് അവരുടെ ജീവൻ തന്നെ കൊടുക്കേണ്ടി വന്നതെന്ന ചരിത്ര പാഠം കോൺഗ്രസ് ഇന്നും ഉൾകൊണ്ടിട്ടിട്ടില്ല.

എല്ലാ വർഗീയവാദികളും തീവ്രവാദികളുമായി ചേർന്നു എങ്ങിനെയെങ്കിലും അധികാരത്തിലെത്തുകയെന്ന രാഷ്ട്രീയമാണ് കോൺഗ്രസിനെ എന്നും നയിച്ചത്. കേരളത്തിലിപ്പോൾ മതരാഷ്ട്ര വാദികളായ ജമാഅത്തെ ഇസ്ലാമിയും എസ് ഡിപിഐയുമായെല്ലാവരുണ്ടാക്കുന്ന ബാന്ധവത്തെ ചരിത്രത്തിൽ നിന്നു ഒരിക്കലും പാഠം പഠിക്കാൻ കൂട്ടാക്കാത്തവ രുടെ രാഷ്ട്രീയ അധപതനത്തെയാണ് കാണിക്കുന്നത്.

ദുരന്തങ്ങളിൽ നിന്നും പാഠം പഠിക്കാത്ത അധികാര മോഹമാണവരെ നയിക്കുന്നത്.ഇടതുപക്ഷ സർക്കാറിനെ പ്രതിസന്ധിയിലാക്കാൻ ശബരിമല വിധിയിൽ കോൺഗ്രസുകാർ ബി ജെ പിയുമായി സുവർണാവസരം പങ്കിട്ടതും നാം കണ്ടതാണല്ലോ.

കെ ടി കുഞ്ഞിക്കണ്ണൻ

Tuesday, October 20, 2020

സി എച്ചില്‍നിന്ന് ഇന്ന് പഠിക്കേണ്ടത്

 ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർടി സ്ഥാപിതമായതിന്റെ നൂറാംവർഷം പൂർത്തിയാകുന്ന വേളയിലാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അതുല്യനേതാവായിരുന്ന സി എച്ച് കണാരന്റെ 48–-ാം  ചരമവാർഷികദിനം ആചരിക്കുന്നത്.  സിപിഐ എം  സംസ്ഥാന സെക്രട്ടറിയായിരിക്കെ 1972 ഒക്ടോബർ 20നാണ് സഖാവ് വേർപിരിഞ്ഞത്. സി എച്ചിന്റെ പൊതുപ്രവർത്തനത്തിന്റെ ആരംഭവും കമ്യൂണിസ്റ്റ് പാർടി രൂപീകരിച്ചതുപോലെതന്നെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിട്ടായിരുന്നു. ബഹുജനങ്ങളെ സംഘടിപ്പിക്കുന്നതിലും അച്ചടക്കവും കരുത്തുമുള്ള പ്രസ്ഥാനമായി പാർടിയെ മാറ്റുന്നതിലും സി എച്ച് കാട്ടിയ മാതൃക എന്നും സ്മരിക്കപ്പെടുന്നതാണ്.

കോഴിക്കോട്  ജില്ലയിലെ അഴിയൂരാണ് സഖാവ്‌ ജനിച്ചത്. പുന്നോലിലെ സർക്കാർ സ്കൂളിലെ പ്രാഥമികവിദ്യാഭ്യാസം കഴിഞ്ഞ് തുടർപഠനവേളയിൽത്തന്നെ ദേശീയപ്രസ്ഥാനത്തിന്റെ ആശയം സ്വാധീനം ചെലുത്തി. ജന്മിനാടുവാഴിത്തത്തിന്റെയും ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെയും മർദകവാഴ്ചയുടെ കാലത്തായിരുന്നു സി എച്ചിലെ രാഷ്ട്രീയപ്രവർത്തകൻ രൂപംകൊള്ളുന്നത്. ആദ്യകാലത്ത് അധ്യാപകവൃത്തിക്കൊപ്പമായിരുന്നു രാഷ്ട്രീയപ്രവർത്തനം. അതുവഴി വിപുലമായ ജനവിഭാഗവുമായി ബന്ധം സ്ഥാപിക്കുന്നതിനു കഴിഞ്ഞു. അക്കാലത്തുയർന്നുവന്ന നവോത്ഥാനപ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവർത്തനങ്ങളേറ്റെടുക്കാൻ സജീവമായി മുൻനിരയിലുണ്ടായിരുന്നു.

ജാത്യാചാരങ്ങൾക്കും മതസങ്കുചിതത്വത്തിനുമെതിരായി അക്കാലത്ത് വലിയ സമരങ്ങൾതന്നെ ഉയർന്നുവന്നിരുന്നു. പുരോഗമന ജനാധിപത്യ മതനിരപേക്ഷ ഉള്ളടക്കത്തോടെയുള്ള നിലപാടുമായി പൊരുതിനിന്നവരാണ് സി എച്ചും സഹപ്രവർത്തകരും. നവോത്ഥാന ആശയങ്ങൾ പ്രചരിപ്പിച്ച സംഘടനയായിരുന്നു"കോട്ടയം താലൂക്ക് സ്വതന്ത്ര ചിന്താസമാജം'. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരായി പ്രതികരിക്കാൻ രൂപംകൊണ്ട സംഘടനയായിരുന്നു ഇത്. അക്കാലത്ത് നിലനിന്ന പലവിധ അനാചാരങ്ങളെയും ശക്തിയുക്തം എതിർക്കാൻ അവർ തയ്യാറായിരുന്നു. ആദ്യഘട്ടത്തിൽ നവോത്ഥാനവാദികളോട് വെറുപ്പും വിദ്വേഷവും പ്രകടിപ്പിച്ചവർതന്നെ പിന്നീട് അനാചാരങ്ങൾക്കെതിരായി ശബ്ദിക്കാൻ തയ്യാറായെന്നത് ചരിത്രസത്യമാണ്. ശ്രീനാരായണഗുരുവിന്റെ ദർശനങ്ങൾ സി എച്ചിന്റെ സാമൂഹ്യവീക്ഷണത്തെ സ്വാധീനിച്ചിരുന്നു. ജാത്യാചാരങ്ങൾക്കും സാമൂഹ്യതിന്മകൾക്കുമെതിരായ ആദ്യകാല  പ്രവർത്തനങ്ങളിൽത്തന്നെ ഇത് കാണാനാകും.

ഇഎംഎസിനൊപ്പം സിഎച്ച്‌ കണാരൻ (ഫയൽചിത്രം)

തലശേരിയിലെ തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രത്തിൽ അവർണവിഭാഗങ്ങളെ പ്രവേശിപ്പിക്കുമായിരുന്നില്ല. അവർണ വിഭാഗക്കാരുടെ ക്ഷേത്രപ്രവേശനത്തിനുവേണ്ടി സി എച്ചിന്റെ നേതൃത്വത്തിൽ വലിയ ഇടപെടലുകൾ നടത്തേണ്ടിവന്നു. ജനങ്ങളെ സംഘടിപ്പിച്ച് ക്ഷേത്രത്തിലേക്ക് മാർച്ച് നടത്തി അധികാരികളെ അമ്പരപ്പിക്കുകയുണ്ടായി. ക്ഷേത്രവിലക്ക് ലംഘിച്ച് ക്ഷേത്രക്കുളത്തിൽ കുളിച്ചത് മറ്റൊരു പ്രധാന സംഭവമാണ്. പിന്തിരിപ്പൻ ജാതി, മതശക്തികൾ കേരളത്തെ വീണ്ടും അന്ധവിശ്വാസജടിലമായ ഭൂതകാലത്തേക്ക് നയിക്കാൻ ശ്രമിക്കുമ്പോൾ തീർച്ചയായും സി എച്ചിനെപ്പോലുള്ളവരുടെ ഇന്നലെകളിലെ നവോത്ഥാനസമരങ്ങൾ ഓർക്കേണ്ടതുണ്ട്. ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെ പ്രസംഗിച്ചതിന്റെ പേരിലാണ് സി എച്ചിനെ പൊലീസ്  ആദ്യമായി അറസ്റ്റ്‌ ചെയ്തത്. 1932 ൽ. തുടർന്ന്, ജയിലിലടയ്ക്കപ്പെട്ട വേളയിലാണ് വിപ്ലവകാരികളുമായി അടുത്തിടപഴകുന്നത്. ആ ഘട്ടത്തിലാണ് കമ്യൂണിസ്റ്റ് ആശയം ആഴത്തിൽ പതിയുന്നത്. 1942ൽ ബോംബെ പാർടി പ്ലീനത്തിൽ പങ്കെടുത്തിരുന്നു. ജയിലറകളും കേസുകളുമൊന്നും സി എച്ചിലെ പോരാളിയെ ദുർബലപ്പെടുത്തിയില്ല. കൂടുതൽ കരുത്തോടെ പ്രവർത്തനരംഗത്ത് സജീവമാകുന്നതിനാണ് ഇതൊക്കെ കാരണമായത്.

ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടിക്കകത്ത് രൂപപ്പെട്ട വലതുപക്ഷ അവസരവാദ രാഷ്ട്രീയ സമീപനത്തിനെതിരെ നിരന്തര സമരമാണ് സി എച്ചിന്റെ നേതൃത്വത്തിൽ നടന്നത്. അക്കാലത്ത് റിവിഷനിസത്തിനെതിരായി പാർടിയിൽ സുചിന്തിതമായി നിലപാടെടുക്കുകയും വിശദീകരിക്കുകയും ചെയ്ത നേതാക്കളിൽ പ്രമുഖനായിരുന്നു അദ്ദേഹം. റിവിഷനിസത്തിനെതിരെ കേരളത്തിലെ പാർടിയെ അണിനിരത്തുന്നതിൽ സി എച്ചിന്റെ സംഭാവന സമാനതകളില്ലാത്തതാണ്. ഇ എം എസ് അദ്ദേഹത്തെ വിശേഷിപ്പിച്ചത് "ഞാൻ കണ്ട ഏറ്റവും മികച്ച സംഘാടകൻ' എന്നാണ്. സി എച്ച് അന്തരിച്ച 1972നുശേഷം കേരളരാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. അന്നത്തെ മാർക്സിസ്റ്റ് വിരുദ്ധ മുന്നണി ഇന്നത്തെ വലതുപക്ഷ മുന്നണിയേക്കാൾ ശക്തമായിരുന്നു. അടിയന്തരാവസ്ഥയിലെ കടുത്ത ആക്രമണവും ഇടതുപക്ഷപ്രസ്ഥാനത്തിന് നേരിടേണ്ടിവന്നു. 1979 അവസാനത്തോടെ ഒരു ദശകമായി നിലനിന്ന മാർക്സിസ്റ്റ് വിരുദ്ധ മഹാമുന്നണി തകർന്നു.

1980ൽ ഇടതുപക്ഷ ജനാധിപത്യമുന്നണി രൂപംകൊണ്ടതിനുശേഷമുള്ള സംസ്ഥാന കേരളരാഷ്ട്രീയത്തിൽ ഇടതുപക്ഷ ശക്തികൾ ഒരു ഭാഗത്തും വലതുപക്ഷം മറുഭാഗത്തുമായുള്ള ധ്രുവീകരണത്തിന് ആക്കംകൂടി. ബിജെപിയുടെ ജനനം 1980ൽ ആണെങ്കിലും ആർഎസ്എസിന്റെ സാന്നിധ്യം സംസ്ഥാനത്ത് സ്വാതന്ത്ര്യപ്രാപ്തിക്ക് മുമ്പുമുതലേ നിലനിന്നിരുന്നു. ഹിന്ദുമഹാസഭയും ആർഎസ്എസുമാണ് അതിനുള്ള പ്രവർത്തനങ്ങൾ നടത്തിയത്. എന്നാൽ, 1990 കളിൽ വാജ്പേയിയുടെ നേതൃത്വത്തിൽ കേന്ദ്രത്തിൽ ബിജെപി ഭരണം വന്നതോടെ കേന്ദ്രഭരണം ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള രാഷ്ട്രീയ ഇടപെടലുകളും കുതന്ത്രങ്ങളും ഉണ്ടായി. 2014ൽ മോഡി സർക്കാർ അധികാരത്തിൽ വന്നതോടെ കേന്ദ്രഭരണാധികാരം

ഉപയോഗപ്പെടുത്തിയുള്ള ഭരണകൂട ഇടപെടലുകളും സംഘപരിവാറിന്റെ രാഷ്ട്രീയ അധാർമികപ്രവർത്തനങ്ങളും സമാനതകളില്ലാത്ത വിധത്തിൽ വളർന്നു. 2015ലെ തദ്ദേശഭരണതെരഞ്ഞെടുപ്പിൽ ബിഡിജെഎസിനെ ഉൾപ്പെടുത്തിയുള്ള വിശാല ഹിന്ദു ഏകീകരണ മുന്നണിയുമായിട്ടാണ് ബിജെപി പോരിനിറങ്ങിയത്. അതിന് പശ്ചാത്തലമൊരുക്കി നൂറോളം ഹിന്ദു സംഘടനകളെ കൂട്ടിയുള്ള വർഗീയക്കളിക്ക് പ്രധാനമന്ത്രിതന്നെ നേതൃത്വം നൽകുകയുംചെയ്തു. എൽഡിഎഫിനെ മുഖ്യശത്രുവായി കണ്ടുകൊണ്ടുള്ള ബിജെപിയുടെ  ഇത്തരം വർഗീയരാഷ്ട്രീയ നീക്കങ്ങൾക്ക് ഒത്താശ ചെയ്യുകയായിരുന്നു കോൺഗ്രസ് ചെയ്തത്.

യുഡിഎഫും ബിജെപിയും തമ്മിലാണ് കേരള രാഷ്ട്രീയത്തിൽ ഏറ്റുമുട്ടൽ നടക്കുക എന്ന പ്രതീതി സൃഷ്ടിച്ച് എൽഡിഎഫിനെ കളത്തിന് പുറത്താക്കാൻ കോൺഗ്രസും മുസ്ലിംലീഗും നയിക്കുന്ന യുഡിഎഫ് കളിച്ചു. അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ ഈ തന്ത്രം പരസ്യപ്പെടുത്തി. എന്നാൽ, ജനവിധി യുഡിഎഫ് തന്ത്രത്തെ പൊളിച്ചു. ബിജെപി മൂന്നാം സ്ഥാനത്തെത്തുകയും പോരാട്ടം യുഡിഎഫും എൽഡിഎഫും തമ്മിലാണെന്ന് വ്യക്തമാകുകയും ചെയ്തു. ആർഎസ്‌എസ് ഭീഷണിയെ നേരിടാൻ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തിയേ കഴിയൂ എന്ന ബോധം മതനിരപേക്ഷ ശക്തികളിലും ന്യൂനപക്ഷ വിഭാഗങ്ങളിലും ശക്തിപ്പെട്ടു. അതിന്റെ വിളംബരമായിരുന്നു 2015ലെ തദ്ദേശഭരണതെരഞ്ഞെടുപ്പിലെയും 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലെയും ഫലങ്ങൾ. 2016ൽ എൽഡിഎഫ് ഭരണം വന്നതോടെ ആ സർക്കാരും അതിന്റെ പ്രവർത്തനങ്ങളും ഒരു ദേശീയ ബദലായി പരിവർത്തനപ്പെട്ടു. ഇന്ത്യയിലെ ഒരേ ഒരു ഇടതുപക്ഷഭരണം എന്നനിലയിൽ എൽഡിഎഫ് ഗവൺമെന്റിന്റെ നയങ്ങൾ ലോകമാകെ ശ്രദ്ധിക്കാൻ തുടങ്ങി.

കോൺഗ്രസിനും ബിജെപിക്കും പകരം വയ്ക്കാവുന്ന ശക്തി ഇടതുപക്ഷമാണെന്ന് കേരളത്തിലെ പിണറായി സർക്കാർ വിളിച്ചറിയിച്ചു. പൊതുമേഖലയുടെ വളർച്ച, പൊതുവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തൽ, പരിസ്ഥിതി സംരക്ഷണം, എല്ലാവർക്കും വീടും വെളിച്ചവും കുടിവെള്ളവും ആരോഗ്യവും, മതനിരപേക്ഷത കാക്കൽ, സാമൂഹ്യനീതി ഉറപ്പാക്കിയുള്ള സർവതലസ്പർശിയായ വികസനം–- ഇതെല്ലാം എൽഡിഎഫ് ഗവൺമെന്റിന്റെ സവിശേഷനയവും പ്രായോഗികമാക്കിയ പദ്ധതികളുമായി മാറി. അസാധ്യമെന്ന് കരുതി യുഡിഎഫ് തള്ളിയ വികസനപദ്ധതികൾ പിണറായി വിജയൻ സർക്കാർ യാഥാർഥ്യമാക്കി. മതന്യൂനപക്ഷങ്ങളെ തളയ്ക്കാൻ ലാക്കാക്കി കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് ഒരു സംസ്ഥാന സർക്കാർ ഇന്ത്യയിൽ ആദ്യം പ്രഖ്യാപിച്ചത് കേരളത്തിലാണ്. ഏത് മതത്തിൽ വിശ്വസിക്കുന്നവരും ഒരു മതത്തിലും വിശ്വസിക്കാത്തവരും സുരക്ഷിതമായി കഴിയാനുള്ള ഒരു ഇടം എൽഡിഎഫ് ഭരിക്കുന്ന കേരളമാണെന്ന് ലോകം തിരിച്ചറിഞ്ഞു.

ഇത്തരത്തിലെ ഒട്ടേറെ നിലപാടുകളുടെയും നയങ്ങളുടെയും  പദ്ധതികളുടെയും ഫലമായി ഇടതുപക്ഷത്തിന് തുടർഭരണം നൽകണം എന്ന ആശയം ജനമനസ്സുകളിൽ ശക്തിപ്പെട്ടു. തുടർഭരണം ഉറപ്പാക്കി ഒരു ടിവി ചാനൽ സർവേ ഫലം പുറത്തുവിട്ടു. അതോടെ കേരളത്തിലെ വലതുപക്ഷ ശക്തികൾക്ക് ഹാലിളകി. ബിജെപിയുടെയും യുഡിഎഫിന്റെയും ആഭിമുഖ്യത്തിൽ സമാന്തരമായി സർക്കാർവിരുദ്ധ അക്രമസമരങ്ങൾ സംഘടിപ്പിച്ചു. അപ്രഖ്യാപിത വിമോചനസമരമാണ് ആസൂത്രണം ചെയ്തത്. സംസ്ഥാനസർക്കാരിന് ഒരു ബന്ധവുമില്ലാത്ത സ്വർണക്കടത്തിന്റെ പേരുപറഞ്ഞ് നട്ടാൽ കുരുക്കാത്ത എത്രയെത്ര നുണക്കഥകൾ പ്രചരിപ്പിച്ച് കലാപം അഴിച്ചുവിട്ടു. പക്ഷേ, അതിന് ജനപിന്തുണ കിട്ടിയില്ല. ഇപ്പോഴാകട്ടെ, കേന്ദ്രസർക്കാർ നേരിട്ട് ഇടപെട്ട് കേന്ദ്ര അന്വേഷണ ഏജൻസികളെ രാഷ്ട്രീയ കോടാലിക്കൈകളാക്കി എൽഡിഎഫ് സർക്കാരിനെ അസ്ഥിരീകരിക്കാൻ നോക്കുകയാണ്. "അങ്ങാടിയിൽ തോറ്റതിന് അമ്മയോട്‌' എന്ന നെറികേടാണ് കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാനുള്ള പരിശ്രമം.

എന്നാൽ, ഇത് തിരിച്ചടിക്കപ്പെടുക സംസ്ഥാനത്തെ വലതുപക്ഷ മുന്നണിയെയാണ്. ബിജെപിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയക്കളിയിൽ യുഡിഎഫ്  സന്തതസഹചാരിയാണ്. ഈ വഴിപിഴച്ച പോക്കിൽ പ്രതിഷേധമുള്ള കക്ഷികളും നേതാക്കളും അണികളും യുഡിഎഫിലുണ്ട്. അവർ പല ഘട്ടങ്ങളിലായി ഈ മുന്നണിയെ ഉപേക്ഷിക്കുകയും ഇടതുപക്ഷവും എൽഡിഎഫ് സർക്കാരുമാണ് ശരി എന്ന നിലപാടിലെത്തുകയും ചെയ്യും. അതിന്റെ സുവ്യക്തമായ പ്രഖ്യാപനമാണ് യുഡിഎഫുമായുള്ള 39 വർഷത്തെ ബന്ധം ഉപേക്ഷിച്ച് എൽഡിഎഫിനൊപ്പം പ്രവർത്തിക്കാനുള്ള കേരള കോൺഗ്രസ് എമ്മിന്റെ പ്രബുദ്ധമായ രാഷ്ട്രീയപ്രഖ്യാപനം. കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന് ഇനി പ്രസക്തിയില്ല എന്നതിന്റെ പരസ്യവിളംബരമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്.

കേരള കോൺഗ്രസ് എമ്മിന്റെ തീരുമാനം യുഡിഎഫിന്റെ ബഹുജന അടിത്തറയെ വലിയതോതിൽ ചോർത്തുകയും രാഷ്ട്രീയ അടിത്തറ ദുർബലമാക്കുകയും ചെയ്യുന്നു. എൽഡിഎഫിന്റെ ഇപ്പോൾത്തന്നെ ഭദ്രമായിട്ടുള്ള ബഹുജന അടിത്തറയെ ഇത് കൂടുതൽ ശക്തിപ്പെടുത്തും. എന്നാൽ, ധന–-മൂലധന ശക്തികളുടെ പിന്തുണയോടെയും കോർപറേറ്റ് മാധ്യമങ്ങളുടെ സഹായത്തോടെയും വലതുപക്ഷ ശക്തികളെ ആകെ ഏകോപിപ്പിച്ച് ഇടതുപക്ഷത്തെ നേരിടാനുള്ള കളമൊരുക്കമാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ജമാഅത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർടിയെ യുഡിഎഫിൽ ചേർക്കുമെന്ന യുഡിഎഫ് കൺവീനറുടെ പ്രസ്താവന. ഈ സംഘടനയുടെ നേതാക്കളുമായി യുഡിഎഫ് കൺവീനർ ചർച്ച നടത്തിയ വാർത്ത പുറത്തുവന്നിരുന്നു. ഇതെല്ലാം വ്യക്തമാക്കുന്നത് ജനപിന്തുണയുള്ള കക്ഷികൾ ഉപേക്ഷിച്ച യുഡിഎഫ് ഫലത്തിൽ മുസ്ലിംലീഗിനാൽ നയിക്കപ്പെടുന്ന മുന്നണിയായി ചുരുങ്ങുന്നു എന്നതാണ്. ഈ അവസരം ആർഎസ്എസ് മുതലാക്കി, തീവ്രവർഗീയതയെ ആളിക്കത്തിക്കുന്നതിന് ഉപയോഗപ്പെടുത്തുകയാണ്.

ഇവിടെ പ്രകടമാകുന്ന ഒരു വൈരുധ്യവും സമാനതയുമുണ്ട്. ഇടതുപക്ഷത്തെ മുഖ്യശത്രുവായി കണ്ട് ഒരു ഭാഗത്ത് ആർഎസ്എസ്–-ബിജെപിയും മറുഭാഗത്ത് യുഡിഎഫും തീവ്ര വർഗീയത വളർത്തുകയാണ്. ഇതൊക്കെ ചെയ്താലും ഇടതുപക്ഷത്തെ ഒറ്റപ്പെടുത്താൻ കഴിയില്ല എന്ന തിരിച്ചറിവിൽ കോൺഗ്രസും മുസ്ലിംലീഗും ആർഎസ്എസുമായി ബന്ധപ്പെട്ട് 1991ലെപ്പോലെ കോ–-ലീ–-ബി സഖ്യത്തിനുള്ള അണിയറ നീക്കം മുറുകുന്നു. അതിന്റെ ഭാഗമാണ് മുൻ ആഭ്യന്തരമന്ത്രിയായ കോൺഗ്രസ് നേതാവ് ആർഎസ്എസ് കാര്യാലയത്തിൽ പോയി ചർച്ച നടത്തിയത്. കൈപ്പത്തിയിൽ താമര വിരിയിക്കാനും താമരയിൽ കൈപ്പത്തി ഉയർത്താനും വേണ്ടിയുള്ള രാഷ്ട്രീയ അവിശുദ്ധനീക്കമാണ് കോട്ടയത്ത് ദൃശ്യമായത്. വടകര–-ബേപ്പൂർ മോഡൽ കൂട്ടുകെട്ട് മാത്രമല്ല, 2016ലെ നേമം മോഡൽ സഖ്യവും തരാതരംപോലെ നട്ടുവളർത്താനാണ് തറയൊരുക്കം നടത്തുന്നത്.

കേരള കോൺഗ്രസ് എം യുഡിഎഫ് വിട്ടതിന്റെ ഭാഗമായി യുഡിഎഫിനുണ്ടായ തളർച്ച ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ, ആർഎസ്എസ് എന്നിവയുമായി പരസ്യമായും രഹസ്യമായും കൂട്ടുകെട്ടും ധാരണയും ഉണ്ടാക്കി മറികടക്കാൻ കഴിയുമോ എന്ന പരീക്ഷണത്തിലാണ് കോൺ്ഗ്രസും മുസ്ലിംലീഗും. എന്നാൽ, ഇതുകൊണ്ടൊന്നും എൽഡിഎഫിന്റെ തുടർഭരണസാധ്യതയെ അട്ടിമറിക്കാൻ കഴിയില്ല. കോൺ്ഗ്രസും മുസ്ലിംലീഗും സ്വീകരിക്കുന്ന രാഷ്ട്രീയപാപ്പരത്തം ആ പാർടികൾക്ക് അകത്തും യുഡിഎഫിനകത്തും വരുംനാളുകളിൽ വൻ പൊട്ടിത്തെറിക്ക് ഇടയാക്കും.

യുഡിഎഫിന്റെ അടിത്തറയെയും കെട്ടുറപ്പിനെയും ഇത് കൂടുതൽ ശിഥിലമാക്കും. മുസ്ലിം തീവ്രവാദി സംഘടനകളെയും യുഡിഎഫിനെയും കൂട്ടി എൽഡിഎഫിനെ ഒറ്റപ്പെടുത്താനുള്ള ബിജെപി നയം അവർക്കുതന്നെ വിനാശമാകും. ഇതെല്ലാം വ്യക്തമാക്കുന്നത്  കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള മുന്നണി രാഷ്ട്രീയം സംസ്ഥാനത്ത് കൂടുതൽ ജനപിന്തുണ നേടും എന്നതാണ്. ഇതിന് പ്രാപ്തി നൽകുന്നത് സി എച്ചിനെപ്പോലുള്ള നേതാക്കൾ നടത്തിയ പ്രവർത്തനത്തിന്റെ ഫലമാണ്.

ഇടതുപക്ഷപ്രസ്ഥാനത്തെ തകർക്കാൻ ശത്രുവർഗം ആവനാഴിയിലെ എല്ലാ ആയുധങ്ങളും ഉപയോഗിക്കും. അതിനെ ചെറുക്കാൻ ധൈര്യമായി മുന്നോട്ടുപോകാനുള്ള പാഠമാണ് സി എച്ചിന്റെ ജീവിതം. കേന്ദ്രഭരണത്തിന്റെയടക്കം കടന്നാക്രമണങ്ങളിൽനിന്ന്‌ എൽഡിഎഫ് പ്രസ്ഥാനത്തെയും സർക്കാരിനെയും കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കാൻ സി  എച്ച് സ്മരണ ആവേശം പകരും.

കോടിയേരി ബാലകൃഷ്ണൻ

Monday, May 19, 2014

നായനാരുടെ ഓര്‍മ പോരാട്ടങ്ങള്‍ക്ക് കരുത്താകും

ജനമനസ്സുകളില്‍ എല്ലാ പരിഗണനകള്‍ക്കും അതീതമായി ഇടംനേടിയ സ. ഇ കെ നായനാര്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് പത്തുവര്‍ഷം തികയുന്നു. ബാലസംഘത്തിലും വിദ്യാര്‍ഥിരംഗത്തും സജീവമായി പ്രവര്‍ത്തിച്ച് പൊതുപ്രവര്‍ത്തനത്തിലേക്കുവന്ന സഖാവിന്റെ രാഷ്ട്രീയജീവിതം ആധുനിക കേരളത്തിന്റെ വളര്‍ച്ചയുമായി ബന്ധപ്പെട്ടതാണ്. ദേശീയപ്രസ്ഥാനത്തില്‍ സജീവമായി പ്രവര്‍ത്തിക്കുമ്പോള്‍തന്നെ കര്‍ഷകപോരാട്ടങ്ങളുടെയും കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെയും സംഘാടകനും നേതാവുമായി സഖാവ് ഉയര്‍ന്നു.

ഇടപെട്ട മേഖലകളിലെല്ലാം നായനാര്‍ വ്യക്തിമുദ്ര പതിപ്പിച്ചു. പാര്‍ടി കെട്ടിപ്പടുക്കുന്നതില്‍ സജീവപങ്ക് വഹിച്ച അദ്ദേഹം ജനകീയപ്രശ്നങ്ങളോട് പ്രതികരിക്കുന്ന പത്രാധിപരെന്ന നിലയിലും ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവച്ചു. സാഹിത്യത്തെയും തന്റെ യാത്രാനുഭവങ്ങളെയും ജനജീവിതവുമായി കൂട്ടിച്ചേര്‍ക്കുന്നതില്‍ നായനാര്‍ കാണിച്ച മിടുക്ക് എടുത്തുപറയേണ്ടതാണ്. പാര്‍ലമെന്റിതര പ്രവര്‍ത്തനങ്ങളില്‍ എന്നപോലെ പാര്‍ലമെന്ററിരംഗത്തും ശ്രദ്ധേയ ഇടപെടല്‍ നടത്തി. ജനകീയപ്രശ്നങ്ങള്‍ പാര്‍ലമെന്ററി വേദികളില്‍ അവതരിപ്പിക്കുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു. ആരുമായും ഇടപഴകുമ്പോഴും തന്റെ കാഴ്ചപ്പാടുകളില്‍നിന്ന് അണുവിട വ്യതിചലിക്കാതെ പ്രവര്‍ത്തിക്കാന്‍ സഖാവ് കാണിച്ച ശേഷി മാതൃകാപരമാണ്.

ജന്മിത്തത്തിനും സാമ്രാജ്യത്വത്തിനും എതിരായി നാട്ടില്‍ രൂപപ്പെട്ട ബഹുജനമുന്നേറ്റങ്ങളുടെ അടിത്തറയില്‍നിന്നാണ് സഖാവിന്റെ വ്യക്തിത്വം രൂപപ്പെട്ടത്. ആദ്യം കോണ്‍ഗ്രസ്, പിന്നീട് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടി, അതിനുശേഷം കമ്യൂണിസ്റ്റ് പാര്‍ടി എന്നിങ്ങനെ വിപ്ലവകരമായ മുന്നേറ്റങ്ങളുടെ ഭാഗമായാണ് നായനാരുടെ രാഷ്ട്രീയ നിലപാടുകള്‍ വികസിച്ചത്.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനകത്ത് പ്രത്യക്ഷപ്പെട്ട ഇടത്-വലത് പ്രവണതകള്‍ക്കെതിരായി സന്ധിയില്ലാതെ പൊരുതുന്നതിലും പാര്‍ടിയെ വിപ്ലവപന്ഥാവിലൂടെ മുന്നോട്ടുനയിക്കുന്നതിലും സഖാവ് കാണിച്ച ആശയവ്യക്തത എടുത്തുപറയേണ്ടതാണ്. പാര്‍ടി നിലപാടുകള്‍ ജനങ്ങളില്‍ എത്തിക്കാനും പാര്‍ടിയുടെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ പ്രശ്നങ്ങളെ വിശകലനംചെയ്ത് ലളിതമായി അവതരിപ്പിക്കുന്നതിലും നായനാര്‍ കാണിച്ച മാതൃക അനുകരണീയമാണ്. അവതരണത്തിന്റെ ശൈലിയും അതില്‍ ഉള്‍ക്കൊള്ളിക്കുന്ന രാഷ്ട്രീയ സമീപനവും നിഷ്കളങ്കമായ ഇടപെടലും നായനാരെ ജനങ്ങളുടെ കണ്ണിലുണ്ണിയാക്കി. ജനങ്ങളുടെ ദുഃഖങ്ങളില്‍ അവരോടൊപ്പം കരയാനും സന്തോഷങ്ങളെ അതേപോലെ ഉള്‍ക്കൊള്ളാനും കഴിയുംവിധമായിരുന്നു നായനാരുടെ ഇടപെടല്‍. മുഖംമൂടിയില്ലാത്ത ഈ സമീപനം ജനങ്ങളെ ഏറെ ആകര്‍ഷിച്ചു.

പാര്‍ടി ഏല്‍പ്പിച്ച വിവിധങ്ങളായ ചുമതലകള്‍ സഖാവ് ഭംഗിയായി നിര്‍വഹിച്ചു. പാര്‍ടി പൊളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി, ദേശാഭിമാനി ചീഫ് എഡിറ്റര്‍ എന്നീ നിലകളില്‍ ഏറെക്കാലം പ്രവര്‍ത്തിച്ചു. കേരളത്തിന്റെ ഏതു പ്രദേശവും അവിടങ്ങളിലെ സവിശേഷപ്രശ്നവും നായനാര്‍ക്ക് ഹൃദിസ്ഥമായിരുന്നു. സമരസംഘാടകനായും സമഗ്രപോരാളിയായും ജ്വലിച്ചുനിന്ന സഖാവിന്റെ ഇടപെടലുകള്‍ സര്‍വരാലും അംഗീകരിക്കപ്പെട്ടു. രാഷ്ട്രീയ എതിരാളികളുടെപോലും ആദരവും അംഗീകാരവും പിടിച്ചുപറ്റാന്‍ കഴിയുംവിധം വിപുലീകരിക്കപ്പെട്ടതായിരുന്നു നായനാരുടെ വ്യക്തിത്വം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചത് നായനാരാണ്. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, മാവേലി സ്റ്റോറുകള്‍, സമ്പൂര്‍ണ സാക്ഷരത, ജനകീയാസൂത്രണം തുടങ്ങിയ കേരള വികസനത്തിലെ നാഴികക്കല്ലുകളായി മാറിയ പരിഷ്കാരങ്ങളുടെയെല്ലാം അമരക്കാരനായി സഖാവ് ഉണ്ടായിരുന്നു.

1957ലെ സര്‍ക്കാര്‍ അടിത്തറയിട്ട വികസനപ്രക്രിയയെ മുന്നോട്ട് കൊണ്ടുപോകുന്നതിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ എടുത്തുപറയേണ്ടതാണ്. പതിനാറാം ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്ന ഘട്ടത്തിലാണ് ഇക്കുറി നായനാരുടെ ചരമദിനം ആചരിക്കുന്നത്. ആഗോളവല്‍ക്കരണ നയങ്ങള്‍ അതിതീവ്രമായി നടപ്പാക്കിയ യുപിഎ സര്‍ക്കാര്‍ ജനങ്ങളെ മറന്ന് കോര്‍പറേറ്റുകള്‍ക്ക് രാജ്യത്തെ തീറെഴുതുകയായിരുന്നു. ഇതിന്റെ ഫലമായി ജനജീവിതം ദുരിതപൂര്‍ണമായി. വിലക്കയറ്റം എല്ലാ സീമകളെയും ലംഘിച്ച് മുന്നോട്ടുപോയി. രാജ്യത്തിന്റെ സമ്പദ്ഘടനയെത്തന്നെ ബാധിക്കുന്ന തരത്തില്‍ അഴിമതി വ്യാപകമായി. രാജ്യത്തിന്റെ വിശ്വവിഖ്യാതമായ വിദേശനയവും അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്കായി മാറ്റിയെഴുതുന്ന നിലയുണ്ടായി. ഇത്തരം നയങ്ങള്‍ക്കെതിരായ വമ്പിച്ച വികാരമാണ് കോണ്‍ഗ്രസിനെ തെരഞ്ഞെടുപ്പില്‍ തകര്‍ത്തെറിഞ്ഞത്. ജനങ്ങളെ മറന്ന് കോര്‍പറേറ്റുകള്‍ക്കുവേണ്ടി നടത്തിയ പാദസേവയ്ക്ക് ജനം നല്‍കിയ ശിക്ഷയാണ് കോണ്‍ഗ്രസിന്റെ കനത്ത പരാജയം. യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍നിന്ന് ഒഴിയുമ്പോള്‍ ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുന്ന ആപല്‍ക്കരമായ അവസ്ഥയാണ് ഉണ്ടായത്. കോണ്‍ഗ്രസിന്റെ അതേ സാമ്പത്തികനയങ്ങളാണ് ബിജെപിയും പിന്തുടരുന്നത്. ബിജെപി അധികാരത്തിലിരുന്ന ഘട്ടത്തില്‍ നടപ്പാക്കിയ പരിഷ്കാരങ്ങള്‍ അത്തരത്തിലുള്ളതായിരുന്നു. നിലവിലെ ലോക്സഭയില്‍തന്നെ കോര്‍പറേറ്റുകള്‍ക്കനുകൂലമായ നിയമനിര്‍മാണങ്ങള്‍ക്കെല്ലാം ബിജെപിയും കോണ്‍ഗ്രസും ഒന്നായിച്ചേര്‍ന്നാണ് മുന്നോട്ടുപോയത്. സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ ഉള്‍പ്പെടെ തകര്‍ത്തെറിഞ്ഞത് ഇത്തരത്തിലുള്ള നയപരമായ യോജിപ്പിന്റെ ഫലമായാണ്. അതുകൊണ്ടുതന്നെ, രാജ്യത്തെ ജനങ്ങളുടെ ജീവിതദുരിതത്തിന് എന്തെങ്കിലും തരത്തിലുള്ള പരിഹാരം ഈ ഭരണമാറ്റത്തിലൂടെ ഉണ്ടാവുകയില്ല. കോര്‍പറേറ്റുകളുടെ പിന്തുണയോടെ കൊട്ടിഘോഷിക്കപ്പെട്ട ഗുജറാത്ത് മോഡലാവട്ടെ കോര്‍പറേറ്റുകള്‍ക്ക് നേട്ടമുണ്ടാക്കുന്നതും സാധാരണക്കാരുടെ ജീവിതത്തെ തകര്‍ക്കുന്നതുമാണ്. ഗുജറാത്തിലെ സാധാരണക്കാരന്റെ ജീവിതം സംബന്ധിച്ച കണക്കുകള്‍ അതാണ് സൂചിപ്പിക്കുന്നത്. രാജ്യത്തിന്റെ അടിസ്ഥാനപരമായ പല മൂല്യങ്ങളും തകരുന്ന സാഹചര്യം സൃഷ്ടിക്കപ്പെടാന്‍ പോവുകയാണ്. ജനാധിപത്യത്തെയും ഫെഡറലിസത്തെയും മതേതരത്വത്തെയും അംഗീകരിക്കുന്നതല്ല സംഘപരിവാറിന്റെ അജന്‍ഡകള്‍. ഈ സംഘപരിവാറിന്റെ വക്താവായ മോഡി അധികാരത്തില്‍ വരുന്നതോടെ ദേശീയ പ്രസ്ഥാന പാരമ്പര്യത്തിന്റെ ഭാഗമായി നാം വളര്‍ത്തിക്കൊണ്ടുവന്ന മൂല്യങ്ങള്‍ ഒന്നിനുപുറകെ ഒന്നായി തകര്‍ക്കപ്പെടുന്ന സാഹചര്യം രൂപപ്പെടും. ജനാധിപത്യത്തെക്കുറിച്ചുള്ള സംഘപരിവാറിന്റെ ധാരണകള്‍ അവരുടെ ആശയാടിത്തറയായി നില്‍ക്കുന്ന "വിചാരധാര"യില്‍ മുന്നോട്ടുവയ്ക്കുന്നു. ""ജനാധിപത്യ വ്യവസ്ഥ ആത്മ പ്രശംസ, പരദൂഷണം എന്നീ രണ്ട് ദോഷങ്ങള്‍ വളര്‍ത്തുന്നു. അവ മനുഷ്യമനസ്സിന്റെ ശാന്തിയെയും പരിശുദ്ധിയെയും വിഷമയമാക്കുകയും വ്യക്തിയും സമാജവും തമ്മിലുള്ള സ്വരച്ചേര്‍ച്ച താറുമാറാക്കുകയും ചെയ്യുന്നു.""(പേജ് 31) ഇതിന്റെ വക്താവായ മോഡി അധികാരത്തില്‍ വരുന്ന സാഹചര്യമാണിപ്പോള്‍. "ഗുജറാത്ത് മോഡല്‍" രാജ്യത്താകമാനം വ്യാപിപ്പിക്കാനുള്ള ശ്രമം ഉണ്ടാകുമെന്നുറപ്പാണ്. യുപിയില്‍ വിജയം ഉറപ്പിക്കാന്‍ സംഘപരിവാര്‍ ആസൂത്രണംചെയ്ത മുസഫര്‍നഗര്‍ കലാപവും തുടര്‍ന്നുണ്ടായ മറ്റ് വര്‍ഗീയ കലാപങ്ങളും നമ്മെ ഓര്‍മിപ്പിക്കുന്നത് അതാണ്. അതുകൊണ്ടുതന്നെ, ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ മതേതര ജനാധിപത്യ ശക്തികള്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ട ആവശ്യകതയാണ് തെരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നത്.

ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം ദേശീയതലത്തില്‍ തെരഞ്ഞെടുപ്പുഫലങ്ങള്‍ ആവേശകരമായില്ല. എങ്കിലും കേരളത്തില്‍ സീറ്റ് നാലില്‍നിന്ന് എട്ടായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. ത്രിപുരയില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷം വര്‍ധിച്ചു. പശ്ചിമബംഗാളില്‍ ജനങ്ങളുടെ യഥാര്‍ഥവികാരം പ്രകടിപ്പിക്കാന്‍ കഴിയുംവിധം തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയാത്ത സാഹചര്യമുണ്ടായി. സംസ്ഥാനത്തെ സിപിഐ എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും ജനപിന്തുണ പ്രതിഫലിക്കുന്ന തെരഞ്ഞെടുപ്പ് ഫലമല്ല ഉണ്ടായത്. 3200 ബൂത്തുകളിലാണ് വമ്പിച്ച ക്രമക്കേട് നടന്നത്. ആകെയുള്ള 42 മണ്ഡലങ്ങളില്‍ 32 എണ്ണത്തിലും നിഷ്പക്ഷമായ വോട്ടെടുപ്പ് നടന്നില്ല. തെരഞ്ഞെടുപ്പ് കമീഷനാവട്ടെ ഇതില്‍ ഇടപെട്ടതുമില്ല. 16 ബൂത്തില്‍മാത്രമാണ് റീപോളിങ് നടത്താന്‍ തയ്യാറായത്. ഇത്തരം പ്രതിസന്ധികളെ നേരിട്ടാണ് ബംഗാളില്‍ പാര്‍ടിക്ക് പ്രവര്‍ത്തിക്കേണ്ടിവന്നത്. അര്‍ധ ഫാസിസ്റ്റ് ഭീകരവാഴ്ചയ്ക്കെതിരായി പോരാടി വിജയം നേടിയ പാരമ്പര്യമുള്ള പ്രസ്ഥാനമാണ് ബംഗാളിലേത്. ഇത്തരം പ്രതിസന്ധികളെ മുറിച്ചുകടന്ന് ബംഗാളിലെ വിപ്ലവപ്രസ്ഥാനം മുന്നോട്ടുപോകുമെന്നതില്‍ തര്‍ക്കമില്ല.

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനേക്കാള്‍ 4,93,143 വോട്ട് ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് വര്‍ധിച്ചപ്പോള്‍ യുഡിഎഫിന് 1,10,503 വോട്ടുകള്‍ കുറയുകയാണുണ്ടായത്. ഇടതുപക്ഷത്തിന്റെ അടിത്തറ കൂടുതല്‍ വിപുലപ്പെടുകയാണ് ചെയ്തത് എന്ന് ഇത് വ്യക്തമാക്കുന്നു. എങ്കിലും ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ നേടേണ്ടിയിരുന്ന വിജയം ഉണ്ടായില്ല എന്നത് വസ്തുതയാണ്. ദേശീയതലത്തില്‍ ആര്‍എസ്എസ് നേതൃത്വത്തില്‍ നരേന്ദ്രമോഡി ഉയര്‍ത്തിയ വെല്ലുവിളി നേരിടാന്‍ കോണ്‍ഗ്രസിനാണ് സാധ്യത എന്ന ധാരണയില്‍ കേരളത്തിലെ മതന്യൂനപക്ഷ വിഭാഗങ്ങള്‍ പൊതുവെ യുഡിഎഫിന് അനുകൂലമായ നിലപാട് സ്വീകരിച്ചതുകൊണ്ടാണ് യുഡിഎഫിന് 12 സീറ്റില്‍ വിജയിക്കാനായത്. ദേശീയ സാഹചര്യം മനസിലാക്കുന്നതില്‍ ഉണ്ടായ വീഴ്ചയാണ് ഇതിന് കാരണമായത്. കോണ്‍ഗ്രസിന് മൂന്നക്കം തികയ്ക്കാന്‍ കഴിയില്ലെന്ന് ഇടതുപക്ഷം ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. എന്നാല്‍, ഇത് വെറും രാഷ്ട്രീയ പ്രചരണമാണെന്നാണ് പലരും കരുതിയത്. തെരഞ്ഞെടുപ്പുഫലം പുറത്തുവന്നപ്പോള്‍ യാഥാര്‍ഥ്യം ഏവര്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ടാവും.

യുഡിഎഫിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ വിജയമല്ല ഉണ്ടായത്. 2009ല്‍ ലഭിച്ച 16 സീറ്റിനേക്കാള്‍ ഒരു സീറ്റ് എങ്കിലും അധികം നേടും എന്ന് പ്രഖ്യാപിച്ചുനടന്ന കോണ്‍ഗ്രസിന്റെ പ്രതീക്ഷയ്ക്ക് വിരുദ്ധമായ ഫലമാണുണ്ടായത്. 2009ല്‍ ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് യുഡിഎഫ് വിജയിച്ച മണ്ഡലങ്ങളില്‍ ഇക്കുറി ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞു. പോരായ്മകള്‍ സൂക്ഷ്മമായി പരിശോധിച്ച് ആവശ്യമായ തിരുത്തല്‍ വരുത്തി കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പാര്‍ടി ആവിഷ്കരിക്കുന്നതാണ്.

തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ടിയെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചിലര്‍ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍, ഇത്തരത്തിലുള്ള നിരവധി പ്രതിസന്ധികളെ മുറിച്ചുകടന്ന പാര്‍ടി ഇതിനെയും അതിജീവിക്കും. ഈ സാഹചര്യത്തില്‍ പാര്‍ടിക്കെതിരായ എല്ലാ കള്ളപ്രചാരവേലകളെയും പ്രതിരോധിക്കുക എന്നത് പാര്‍ടിയെ സ്നേഹിക്കുന്ന ഏവരുടെയും ഉത്തരവാദിത്തമാണ്. പാര്‍ടിയെ തകര്‍ക്കുന്നതിനായി നടത്തുന്ന ഇത്തരം പ്രചാരവേലകളെ പ്രതിരോധിക്കുന്നതിന് തന്റെ സ്വതസിദ്ധമായ ജനകീയ ശൈലിയില്‍ നായനാര്‍ എന്നും മുന്‍പന്തിയില്‍തന്നെയായിരുന്നു. പാര്‍ടിയെ തകര്‍ക്കുന്നതിനുള്ള കള്ള പ്രചാരവേലകളെ പ്രതിരോധിക്കുന്നതിനും കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകുന്നതിനും നായനാരുടെ ഓര്‍മകള്‍ നമുക്ക് കരുത്താകും.

പിണറായി വിജയന്‍

Thursday, May 15, 2014

ചിരസ്മരണയുടെ ദശകമെത്തുന്നു

കണ്ണൂര്‍: അനശ്വര കമ്യൂണിസ്റ്റ് നേതാവ് ഇ കെ നായനാരുടെ വിയോഗത്തിന് പത്തു വര്‍ഷം തികയുന്നത് വീണ്ടുമൊരു ജനവിധിക്ക് രാജ്യം സാക്ഷിയാകുന്ന വേളയില്‍. 2004 മെയ് 13ന് കേരളത്തില്‍ 18 സീറ്റ് നേടി എല്‍ഡിഎഫ് അത്യൂജ്വല മുന്നേറ്റം നടത്തുമ്പോള്‍ നായനാര്‍ ഡല്‍ഹിയില്‍ ചികിത്സയിലായിരുന്നു. 19ന് അതുല്യമായ ആ ജീവിതം മരണത്തിന് വഴിമാറി. പയ്യാമ്പലത്തെ സ്മൃതികുടീരം തൊട്ട് കേരളത്തിന്റെ ഒരോതരി മണ്ണിലും തിരയടിക്കുന്ന ആ വിപ്ലവകാരിയുടെ ഓര്‍മകള്‍ ലോകമെങ്ങുമുള്ള മലയാളികളുടെ മനസില്‍ ഇന്നും ആവേശജ്വാലയാണ്. കല്യാശേരി "ശാരദാസി"ല്‍ വിശ്രമജീവിതം നയിക്കുന്ന പ്രിയസഹധര്‍മിണി ശാരദടീച്ചറുടെ ഉള്ളിലും നിത്യഹരിതമായ സ്നേഹസ്മൃതികളുടെ കടലിരമ്പം.

""വിശ്വസിക്കാനാവുന്നില്ല സഖാവില്ലാതെ പത്തുവര്‍ഷം പിന്നിട്ടെന്നത്. അദ്ദേഹം വിടപറഞ്ഞെന്നത് യാഥാര്‍ഥ്യം. എന്നാലും, അങ്ങനെ വിചാരിക്കാന്‍പോലും ഇടനല്‍കാതെ നായനാരുടെ പ്രിയ ജനത എന്നെ പിന്താങ്ങിയിട്ടുണ്ട്""-

സഖാവിന്റെ ഓര്‍മച്ചിത്രങ്ങള്‍ നിറഞ്ഞ സ്വീകരണമുറിയിലിരുന്ന് ടീച്ചര്‍ മനസ്സു തുറക്കുന്നു. ദശാസന്ധികളിലൂടെയാണ് കേരളം പത്തുവര്‍ഷം സഞ്ചരിച്ചത്. വിവാദവും പ്രതിസന്ധികളും നിറഞ്ഞ നിമിഷങ്ങളില്‍ കേരളം നഷ്ടബോധത്തോടെ ഓര്‍മിച്ചിരിക്കണം- "നായനാരുണ്ടായിരുന്നെങ്കില്‍ എങ്ങനെയായിരിക്കും പ്രതികരിക്കുക"യെന്ന്. വലിയ പൊട്ടിച്ചിരിയിലേക്കുള്ള നര്‍മവും ചിന്തയുടെ കനല്‍തരിയും നിറഞ്ഞ നായനാരുടെ വാക്കുകള്‍ക്കായാണ് നാട് എന്നും കാതോര്‍ത്തിരുന്നത്. പത്തുവര്‍ഷം മുമ്പത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലം. അസുഖബാധിതനായിരുന്ന നായനാര്‍ക്ക് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതിന്റെ സങ്കടങ്ങളായിരുന്നു അവസാനകാലത്ത് അദ്ദേഹം ടീച്ചറോട് പങ്കിട്ടത്.

"ദേശാഭിമാനി"യുടെ കട്ടിങ്ങുകള്‍ സസൂക്ഷ്മം വെട്ടിയെടുത്ത് "എനക്കൊരു കലക്ക് കലക്കണം ശാരദേ" എന്ന നായനാരുടെ വാക്കുകള്‍ ഒരു പൊട്ടിച്ചിരിയുടെ അകമ്പടിയോടെ ടീച്ചറുടെ ഉള്ളിലിപ്പോഴും മുഴങ്ങുന്നുണ്ട്. തിരുവനന്തപുരത്തുനിന്ന് ഡല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് വിമാനം കയറുന്നതിന് മുമ്പ് കാണാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് "ഓള്‍റൈറ്റ്, ലാല്‍സലാം" എന്ന പതിവ് അഭിവാദ്യവുമായി പുസ്തകങ്ങള്‍ മാറത്തടുക്കിയുള്ള ആ യാത്രപറച്ചില്‍ ക്രാന്തദര്‍ശിയായ നേതാവിന്റെ വിടചൊല്ലല്‍കൂടിയായിരുന്നെന്ന് ടീച്ചര്‍ നഷ്ടബോധത്തോടെ തിരിച്ചറിയുന്നു. ആ വിലാപയാത്രപോലും കേരളത്തെ ഒരു കണ്ണീര്‍ച്ചാലാക്കി. നായനാരുടെ ഓര്‍മകള്‍ക്കൊപ്പം അദ്ദേഹം ഉപയോഗിച്ച വസ്തുക്കളും ടീച്ചര്‍ക്ക് കൂട്ടിനുണ്ട്. ഓവര്‍കോട്ട്, കുപ്പായങ്ങള്‍, പോപ്പ് സമ്മാനിച്ച കൊന്ത.. എന്തിനധികം ഒരുകെട്ട് ബീഡിയും തീപ്പെട്ടിയും വരെ. ""കുറേ സാധനങ്ങള്‍ പലരും വാങ്ങിക്കൊണ്ടുപോയി. ബാക്കിയുള്ളവ നായനാര്‍ അക്കാദമിക്ക് നല്‍കണം""- ടീച്ചര്‍ പറയുന്നു.

നായനാരുടെ വിടവാങ്ങലിനുശേഷം ശാരദാസിലേക്ക് സന്ദര്‍ശക പ്രവാഹമായിരുന്നു. അവര്‍ ടീച്ചറോട് പങ്കിട്ടത് അതുല്യനായ ജനായകനോടുള്ള സ്നേഹാദരം. അവരില്‍ വലിയ നേതാക്കള്‍ മുതല്‍ സാധാരണക്കാര്‍വരെയുണ്ട്. പലരും നായനാരുടെ ഓര്‍മയില്‍ വികാരഭരിതരാകുമ്പോള്‍ ടീച്ചറുടെയും കണ്ണ് നിറയും. ഒരുനാട് ഇത്രമേല്‍ ഒരുനേതാവിനെ, ഭരണാധികാരിയെ സ്നേഹിച്ചിട്ടുണ്ടോയെന്ന് സന്ദേഹിച്ച്. കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ടി സിദ്ദിഖ് തന്നെ സന്ദര്‍ശിച്ച് അത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ദുരുപയോഗിച്ചത് മാത്രമാണ് ഇക്കാലത്തിനിടയിലെ ഏക മുറിവ്. "കെ പി ആറിന്റെ മരുമകളെ മനസിലാക്കുന്നതില്‍ അവര്‍ക്ക് പിഴവ് പറ്റി"യെന്ന് ടീച്ചര്‍ പരിതപിക്കുന്നു. എല്ലാ അനുസ്മരണദിനത്തിലുമെന്നപോലെ ഇക്കുറിയും ശാരദാസില്‍ നായനാരുടെ മക്കളും മരുമക്കളുമെല്ലാം ഒത്തുചേരുന്നുണ്ട്. കയ്യൂര്‍ സമരനായകന്റെ ചിരസ്മരണയുടെ ചെരാത് തെളിച്ച് നാടും.

സതീഷ് ഗോപി deshabhimani

Monday, May 12, 2014

കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തുവരും: വി എസ്

കൊല്ലം: പത്മനാഭക്ഷേത്രത്തിലെ സ്വര്‍ണം ഉള്‍പ്പെടെയുള്ള അമൂല്യവസ്തുക്കള്‍ കടത്തിയതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ സുപ്രീംകോടതി മുമ്പാകെ ഇനിയും പുറത്തുവരുമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ചരിത്രപണ്ഡിതനും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന ഡോ. എം എസ് ജയപ്രകാശിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു വി എസ്.

പത്മനാഭക്ഷേത്രത്തില്‍നിന്ന് പായസംകൊണ്ടുപോകുന്ന പാത്രങ്ങളില്‍ മാര്‍ത്താണ്ഡവര്‍മ ക്ഷേത്രത്തിലെ സ്വര്‍ണം കടത്തിയിരുന്നുവെന്നും ഇക്കാര്യം അവിടുത്തെ ജീവനക്കാര്‍ തന്നെ അറിയിച്ചിരുന്നുവെന്നും വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രിയായിരിക്കെയാണ് തനിക്ക് ഈ വിവരം ലഭിച്ചത്. ഇതുസംബന്ധിച്ച കേസ് കൈകാര്യം ചെയ്ത സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കോടതി നിയോഗിച്ച അമിക്കസ്ക്യുറിയുടെ അന്വേഷണത്തില്‍ ഇത് കണ്ടെത്തി. രാജാധിപത്യത്തിന്റെ കുടിലതകളെയും രാജാധിപത്യം മണ്‍മറഞ്ഞിട്ടും അതിന്റെ സ്വധീനം ഹൃദയത്തില്‍ പേറുന്നവരുടെ അസംബന്ധങ്ങളെയും എഴുത്തിലൂടെയും പ്രസംഗത്തിലൂടെയും ഡോ. ജയപ്രകാശ് ചോദ്യംചെയ്തു. തിരുവിതാംകൂറിലെ അവസാനത്തെ രാജാവായ ചിത്തിരതിരുനാളിന്റെ ക്രൂരതകള്‍ അദ്ദേഹം പുറത്തുകൊണ്ടുവന്നു. പരന്ന വായനയിലൂടെ ആര്‍ജിച്ച വിജ്ഞാനത്തിന്റെ പുതുവെളിച്ചം സമൂഹത്തിനുകൂടി അദ്ദേഹം നല്‍കി. ഡോ. ജയപ്രകാശിന്റെ സംഭാവനകള്‍ക്ക് ജൈവസ്വഭാവം കൈവരുന്നത് ഇക്കാരണത്താലാണ്. കേരളത്തിന്റെ ചരിത്രമുന്നേറ്റങ്ങളെയും അതിലെ ഉയര്‍ച്ച താഴ്ചകളെയും കീഴാള പക്ഷത്തുനിന്ന് പഠിക്കുകയും വിശകലനം നടത്തുകയും ചെയ്തുവെന്നും വി എസ് പറഞ്ഞു.

ഡോ. എം എസ് ജയപ്രകാശ് ഫൗണ്ടേഷന്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസിന്റെ ആഭിമുഖ്യത്തില്‍ നടന്ന അനുസ്മരണസമ്മേളനത്തില്‍ കേണല്‍ പി വിശ്വനാഥന്‍ പ്രബന്ധം അവതരിപ്പിച്ചു. എസ് സുവര്‍ണകുമാര്‍, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. ബി എ രാജാകൃഷ്ണന്‍, കെ കരുണാകരന്‍, പി രാമഭദ്രന്‍, എം എസ് ജയരാജ് എന്നിവര്‍ സംസാരിച്ചു. ശാസ്താംകോട്ട ഡിബി കോളേജില്‍നിന്ന് ചരിത്രവിഭാഗം ഡിഗ്രിക്ക് കൂടുതല്‍ മാര്‍ക്ക് വാങ്ങി വിജയിച്ച എം അഞ്ജനയ്ക്ക് പ്രഥമ ഡോ. എം എസ് ജയപ്രകാശ് സ്മാരക പുരസ്കാരവും വി എസ് സമ്മാനിച്ചു.

deshabhimani

Monday, February 3, 2014

ചരിത്രം അവസാനിച്ചില്ല, ലോകം മറുപടി നല്‍കുന്നു: ബേബി

ലഖ്നൗ: പുതിയ സമൂഹനിര്‍മാണത്തിനായി സോവിയറ്റ് യൂണിയനിലും കിഴക്കന്‍ യൂറോപ്പിലും നടന്ന പരീക്ഷണങ്ങള്‍ക്ക് തിരിച്ചടിയുണ്ടായതോടെ ചരിത്രം അവാസാനിച്ചുവെന്ന് അഹങ്കാരത്തോടെ വീമ്പിളക്കിയവര്‍ക്ക് ലോകം മറുപടി നല്‍കുകയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. വാള്‍സ്ട്രീറ്റ് പിടച്ചെടുക്കല്‍ സമരവും 2008 ലെ ലോകസാമ്പത്തികക്കുഴപ്പവും ലാറ്റിനമേരിക്കയിലും മധ്യഅമേരിക്കയിലും ഇരമ്പുന്ന ഇടതുപക്ഷ വിജയങ്ങളും ഈജിപ്തിലെയും ടുണീഷ്യയിലെയും രാഷ്ട്രീയ അനുഭവങ്ങളും പറയുന്നത് ചരിത്രം അവസാനിച്ചിട്ടില്ലെന്നാണ്. ഉത്തര്‍പ്രദേശിലെ പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയും കമ്യൂണിസ്റ്റ് നേതാവും സിപിഐ എം സംസ്ഥാന സെക്രട്ടറിയുമായിരുന്ന ശങ്കര്‍ ദയാല്‍ തിവാരിയുടെ 25- ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന "കമ്യൂണിസത്തിന്റെ ഭാവി" സെമിനാറില്‍ സംസാരിക്കുകയായിരുന്നു ബേബി.

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തിരിച്ചടികളേറ്റിട്ടുണ്ട്. ഏതാനും സംസ്ഥാനങ്ങളില്‍ സ്വാധീനം ഒതുങ്ങി നില്‍ക്കുന്നു. പശ്ചിമബംഗാളില്‍ സിപിഐ എം പ്രവര്‍ത്തകരുടെ കൂട്ടക്കൊലകളും തുടരുന്നു. പരിമിത സ്വാധീനമുള്ള സംസ്ഥാനങ്ങളിലെ മരവിപ്പും ഗൗരവമായി കാണേണ്ടതാണ്. കമ്യൂണിസ്റ്റുകാര്‍ ജനങ്ങള്‍ക്കു വേണ്ടി നടത്തിയ പോരാട്ടങ്ങളും അതിലൂടെയുണ്ടായ നേട്ടങ്ങളും കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ നടപ്പാക്കിയ ജനപക്ഷ പരിപാടികളും ജനങ്ങളുടെ ഭാഷയില്‍ പറഞ്ഞുകൊടുക്കാന്‍ കഴിഞ്ഞാല്‍ ഇതുപോലുള്ള മേഖലകളിലെ പ്രയാസം പരിഹരിക്കാനാവും. തെലങ്കാനയില്‍ 300 ഗ്രാമങ്ങളിലെ ഭൂമി ജനങ്ങള്‍ക്ക് വിതരണംചെയ്യാന്‍ കമ്യൂണിസ്റ്റ് പാര്‍ടിക്ക് കഴിഞ്ഞു. ബംഗാളിലും ത്രിപുരയിലും ഭൂപരിഷ്കരണ രംഗത്ത് വന്‍ നേട്ടമുണ്ടാക്കി. എന്നാല്‍, ഇപ്പോള്‍ ആളുകളുടെ ഓര്‍മയിലുള്ളത് ഒരു വിഭാഗം മാധ്യമങ്ങളുടെ ബോധപൂര്‍വമായ ഇടപെടലിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട പ്രതീതികളാണ്. വ്യവസായവല്‍ക്കരണത്തിനായി ബംഗാളില്‍ ഭൂമി ഏറ്റെടുത്തപ്പോഴുണ്ടായ ചെറുതും വലുതുമായ തെറ്റുകളുടെ അതിശയോക്തിപരമായ അവതരണങ്ങളാണത്. ത്രിപുരയില്‍ മൂന്നിലൊന്ന് ആദിവാസികളുടെ സംരക്ഷണത്തിന് ഭൂമിയുടെ മൂന്നില്‍ രണ്ടും ലഭ്യമാക്കിയ ഇടതുമുന്നണി സര്‍ക്കാരിന്റെ ധീരനടപടി മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് വിഷയമല്ല.

അധികാരവികേന്ദ്രീകരണം, ജനകീയാസൂത്രണം, പരിസ്ഥിതിസംരക്ഷണം, സ്ത്രീതുല്യത, അഴിമതിരഹിതമായ പ്രവര്‍ത്തനവും ജീവിതവും പാര്‍ടിയിലും ഗവണ്‍മെന്റിലും എടുത്തുപറയാവുന്ന വ്യത്യസ്തതകളാണ്. ഇവ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ സംഭവിക്കുന്ന കുറവുകളാണ് സ്വയം വിമര്‍ശപരമായി നാം തിരുത്തേണ്ടത്. "ഉത്തര്‍പ്രദേശിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയും ചരിത്രവും പ്രശ്നങ്ങളും" എന്ന വിഷയം ഇര്‍ഫാന്‍ ഹബീബ് അവതരിപ്പിച്ചു. കമ്യൂണിസ്റ്റ് പാര്‍ടിയുടെ പാര്‍ലമെന്റംഗങ്ങള്‍ മണ്ഡലത്തിലും സംസ്ഥാനത്തും പ്രവര്‍ത്തനം ഒതുക്കാതെ എ കെ ജിയെപ്പോലെ ഇന്ത്യന്‍ പാര്‍ലമെന്റ് അംഗങ്ങളായി പ്രവര്‍ത്തിക്കണമെന്ന് ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു. പ്രമുഖ ചലച്ചിത്രകാരനും ശങ്കര്‍ദയാല്‍ തിവാരിയുടെ മകനുമായ അതുല്‍ തിവാരി ചടങ്ങില്‍ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന സെക്രട്ടറി കാശ്യപ്, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വിജയ്ശാന്ത് എന്നിവര്‍ പങ്കെടുത്തു.

deshabhimani

Sunday, January 19, 2014

ഇടതുപക്ഷം വിജയം ആവര്‍ത്തിക്കും: കോടിയേരി

അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം 2004ലെ വിജയം ആവര്‍ത്തിക്കുമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ തകര്‍ച്ചയെ നേരിടും. കേവലം തെരഞ്ഞെടുപ്പല്ല, രാഷ്ട്രീയയുദ്ധമാണ് നടക്കാന്‍ പോകുന്നത്. ദേശീയതലത്തില്‍ കോണ്‍ഗ്രസിനും ബിജെപിക്കുമെതിരായ ഇടതു- മതേതരമുന്നണി രൂപീകരിക്കും. തെരഞ്ഞെടുപ്പ് അടുത്തതോടെ ജനങ്ങളെ വഞ്ചിക്കുന്ന നിലപാടുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും സിഐടിയു അഖിലേന്ത്യാ പ്രസിഡന്റുമായിരുന്ന ഇ ബാലാനന്ദന്റെ അഞ്ചാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് കാക്കനാട് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കുത്തകകളെ സഹായിക്കുന്ന നയത്തിന്റെ ഫലമാണ് വിലക്കയറ്റത്തിനിടയാക്കിയത്. പാചകവാതകത്തിന് സിലിന്‍ഡറൊന്നിന് 250 രൂപ വര്‍ധിപ്പിച്ചതില്‍ 100 രൂപവീതം കോണ്‍ഗ്രസിന്റെ ഫണ്ടിലേക്കാണ് പോകുന്നത്. എട്ടുലക്ഷം കോടിയുടെ അഴിമതിപ്പണത്തിന്റെ ഭൂരിഭാഗവും എത്തിയത് കോണ്‍ഗ്രസിന്റെ ഫണ്ടിലേക്കാണ്. കുത്തകകളുടെ ചൂഷണത്തെ ചെറുക്കാന്‍ പാര്‍ലമെന്റില്‍ ഇടതുപക്ഷത്തിന്റെ അംഗബലം വര്‍ധിപ്പിക്കേണ്ടിയിരിക്കുന്നു.

കേരളത്തിലേതുള്‍പ്പെടെയുള്ള ബഹുജനസമരത്തിന്റെ ഫലമായാണ് പാചകവാതക സിലിന്‍ഡറിന്റെ എണ്ണം പന്ത്രണ്ടായി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമായത്. സിപിഐ എം നേതൃത്വത്തില്‍ സംഘടിപ്പിച്ച സമരത്തെ വിലകുറച്ചുകാണിക്കാനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസും ശ്രമിക്കുന്നത്. പാചകവാതകത്തിന്റെ വാറ്റ്നികുതി കുറയ്ക്കാനിടയാക്കിയതും ബഹുജന സമരത്തെ ഭയപ്പെട്ടാണ്. സമരത്തിന് ഐക്യദാര്‍ഢ്യവുമായി യുഡിഎഫിലെ ഘടകകക്ഷികളും രംഗത്തെത്തി. കേരളസന്ദര്‍ശനത്തോടെ രാഹുല്‍ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍പോലും കഴിവില്ലാത്തവനാണെന്നു തെളിയിച്ചു. നരേന്ദ്രമോഡിയെ അഭിനന്ദിക്കാന്‍ യുഡിഎഫിലെ നേതാക്കള്‍ മത്സരിക്കുകയാണ്. കേരളത്തില്‍ ബിജെപിക്ക് ജയിക്കാന്‍ കഴിയാത്തത് മുസ്ലിംലീഗ് ഉള്ളതുകൊണ്ടല്ല, ഇടതുപക്ഷം ശക്തമായതിനാലാണെന്നും കോടിയേരി പറഞ്ഞു.

യോഗത്തില്‍ സിപിഐ എം കളമശേരി ഏരിയ സെക്രട്ടറി സി കെ പരീത് അധ്യക്ഷനായി. ഇ ബാലാനന്ദന്റെ പത്നി സരോജിനി ബാലാനന്ദനും ചടങ്ങില്‍ പങ്കെടുത്തു.

deshabhimani

Wednesday, January 1, 2014

ഓര്‍മകളില്‍ ജ്വലിക്കുന്നു തെരുവിന്റെ തീക്കനല്‍

തെരുവുകളില്‍ അവകാശബോധത്തിന്റെ തീക്കനല്‍ പകര്‍ന്ന സഫ്ദര്‍ ഹഷ്മിയുടെ ഓര്‍മകള്‍ക്ക് കാല്‍നൂറ്റാണ്ട്. മുതലാളിത്തം കാര്‍ന്നെടുക്കുന്ന അവകാശങ്ങളെക്കുറിച്ച് തൊഴിലാളികളോട് സംവദിച്ചുകൊണ്ടിരിക്കെ 1989ന്റെ പുതുവര്‍ഷരാവിലാണ് ഭരണവര്‍ഗ ഗുണ്ടകള്‍ സഫ്ദറിന്റെ ജീവനെടുത്തത്. സഫ്ദറിന്റെ സഹപ്രവര്‍ത്തകരും പിന്‍മുറക്കാരും ബുധനാഴ്ച അദ്ദേഹം കൊല്ലപ്പെട്ട "ഝണ്ടാപുരില്‍ ഒത്തുചേരും. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരിയടക്കമുള്ളവര്‍ പങ്കെടുക്കും.

ഉത്തരേന്ത്യയിലെ പുരോഗമനാശയക്കാരായ കലാകാരന്മാരെ സംഘടിപ്പിച്ചായിരുന്നു സഫ്ദറിന്റെ നേതൃത്വത്തില്‍ തെരുവുനാടക പ്രസ്ഥാനത്തിന് രൂപം നല്‍കിയത്. "ജനനാട്യമഞ്ച്"(ജനം) എന്ന് പേരിട്ടായിരുന്നു അവര്‍ തൊഴിലാളികള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നത്. ഡല്‍ഹിയിലെയും ഹരിയാനയിലെയും ഉത്തര്‍പ്രദേശിലെയും തെരുവുകള്‍ അവര്‍ക്ക് വേദികളായി. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ മുതലാളിത്തം തൊഴിലാളിയോട് കാണിച്ച ക്രൂരതകള്‍ അവര്‍ വിളിച്ചു പറഞ്ഞു. "ജനം" പറയുന്നത് തങ്ങളുടെ പ്രശ്നങ്ങളാണെന്ന് കണ്ട് തൊഴിലാളികള്‍ ചുറ്റും കൂടി. പണിശാലകളില്‍ നിന്നിറങ്ങി നാടകവേദിക്ക് ചുറ്റും തടിച്ചു കൂടുന്നവര്‍ വലിയൊരു സംഘശക്തിയായി. തങ്ങളെ ചോദ്യംചെയ്യാന്‍ കെല്‍പ്പുള്ളവരായി ആ കൂട്ടം മാറാതിരിക്കാന്‍ മുതലാളിമാര്‍ കണ്ടെത്തിയ പോംവഴി അക്രമമായിരുന്നു.

1989 ജനുവരി ഒന്നിന് വൈകിട്ട് ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലയില്‍ സാഹിബാബാദിനടുത്ത ജണ്ഡാപുരില്‍ "ഹല്ലാബോല്‍" എന്ന നാടകം കളിച്ചുകൊണ്ടിരിക്കെയാണ് ഇരച്ചെത്തിയ ഒരുകൂട്ടം അക്രമികള്‍ നാടകസംഘത്തെ ആക്രമിച്ചത്. ഇരുമ്പുദണ്ഡുകൊണ്ട് തലയ്ക്കടിയേറ്റ് ഗുരുതരാവസ്ഥയിലായ സഫ്ദര്‍ പിറ്റേന്ന് തന്റെ സഖാക്കളെ തനിച്ചാക്കി വിടപറഞ്ഞു. മുകേഷ് ശര്‍മ, ദേവി ശരണ്‍ ശര്‍മ തുടങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു അക്രമം. "ജനനാട്യമഞ്ചി"ന്റെ പ്രവര്‍ത്തകര്‍ അദ്ദേഹം പിടഞ്ഞു വീണ മണ്ണില്‍ എല്ലാ പുതുവര്‍ഷപ്പുലരിയിലും ഒത്തുചേരും. സമൂഹം നേരിടുന്ന വെല്ലുവിളികളെ അവര്‍ നാടകത്തിലൂടെ ജനങ്ങളോട് വിളിച്ചു പറയും. തൊഴിലാളികളുടെ പ്രശ്നങ്ങളും സ്ത്രീത്വത്തിന് നേരെയുള്ള കടന്നാക്രമണങ്ങളും തുടങ്ങി വര്‍ഗീയതയും തീവ്രവാദവും എല്ലാം അവര്‍ക്ക് വിഷയങ്ങളായി.

deshabhimani

Monday, November 25, 2013

ചോരയില്‍ കുതിര്‍ന്ന നവംബര്‍ 25

ലോകഭൂപടത്തില്‍ കൂത്തുപറമ്പ് എന്ന കൊച്ചുപട്ടണത്തെ തീക്ഷ്ണ യൗവനത്തിന്റെ ചോരകൊണ്ട് അടയാളപ്പെടുത്തിയിട്ട് 19 വര്‍ഷമാകുന്നു. യുവജനപ്രക്ഷോഭത്തിന്റെ ചരിത്രവീഥിയില്‍ രക്തസാന്ദ്രമായ വീരഗാഥയാണ് കൂത്തുപറമ്പ് സമരം. ഗാന്ധിയന്‍ സമരരീതിയെ അനുസ്മരിപ്പിക്കുംവിധം കറുത്തതുണി ഉയര്‍ത്തിപ്പിടിച്ച് പ്രതിഷേധിച്ച അഞ്ചുയുവാക്കളെ വെടിവച്ചുകൊന്ന ഭരണകൂടഭീകരതയ്ക്ക് ജനാധിപത്യത്തില്‍ പൂര്‍വമാതൃകകളില്ല. സമാധാനപരമായി പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ പൗരാവകാശം ഏട്ടിലെ പശുവായി മാറിയ ചരിത്രത്തിലെ ദുര്‍ദിനമായിരുന്നു 1994 നവംബര്‍ 25.

നവലിബറല്‍ നയങ്ങളുടെ ആരംഭകാലത്ത് വിദ്യാഭ്യാസത്തെ സമ്പൂര്‍ണമായി കച്ചവടവല്‍ക്കരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരായ ഐതിഹാസികമായ പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു കൂത്തുപറമ്പിലെ സമരം. പൊതുസ്വത്തായ പരിയാരം മെഡിക്കല്‍ കോളേജ് എം വി രാഘവന്റെയും കൂട്ടാളികളുടെയും സ്വകാര്യസ്വത്താക്കി മാറ്റുന്നതിനെതിരായ പ്രതിഷേധവും ഇരമ്പിയ കാലമായിരുന്നു അത്. കൂത്തുപറമ്പില്‍ ഒരു സഹകരണബാങ്കിന്റെ സായാഹ്നശാഖ ഉദ്ഘാടനംചെയ്യാനാണ് എം വി രാഘവന്‍ അന്ന് എത്തിയത്. പ്രസ്തുത പരിപാടി ഉപേക്ഷിക്കണമെന്ന പൊലീസ് നിര്‍ദേശം അവഗണിച്ച് കൂത്തുപറമ്പിലേക്ക് നരനായാട്ടിനായി വാശിയോടെ രാഘവന്‍ എത്തുകയായിരുന്നു. സംഭവിക്കാന്‍ പോകുന്ന ദുരന്തത്തില്‍ പങ്കാളിയാകരുതെന്ന നിര്‍ബന്ധംമൂലം അന്നത്തെ തൊഴില്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എന്‍ രാമകൃഷ്ണന്‍ പരിപാടിയില്‍നിന്ന് വിട്ടുനിന്നു. എന്നാല്‍, ക്രിമിനല്‍ രാഷ്ട്രീയത്തിന്റെ പ്രതീകമായ കെ സുധാകരനും എം വി രാഘവനും ചേര്‍ന്ന് കൂത്തുപറമ്പിലെ മനുഷ്യക്കുരുതി മുന്‍കൂട്ടി ഗസ്റ്റ് ഹൗസില്‍വച്ച് ആസൂത്രണംചെയ്തിരുന്നുവെന്നും അങ്ങനെയാണ് വെടിവയ്പുണ്ടായതെന്നും പിന്നീട് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പി രാമകൃഷ്ണന്‍ വെളിപ്പെടുത്തുകയുണ്ടായി. തികച്ചും സമാധാനപരമായി കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധിച്ച ചെറുപ്പക്കാരെ ആസൂത്രിതമായി വെടിവച്ചുകൊന്ന കിരാത നടപടി ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്.

കൂത്തുപറമ്പിലെ മനുഷ്യക്കുരുതിക്കുശേഷം കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഉയര്‍ന്ന പ്രതിഷേധത്തിന്റെ മുന്നില്‍ സംസ്ഥാന സര്‍ക്കാരിന് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കേണ്ടിവന്നു. ജസ്റ്റിസ് പത്മനാഭന്‍നായര്‍ കമീഷനാണ് കൂത്തുപറമ്പ് വെടിവയ്പിനെക്കുറിച്ച് അന്വേഷിച്ചത്. ഇന്ത്യന്‍ പീപ്പിള്‍സ് ഹ്യൂമന്‍ റൈറ്റ്സ് കമീഷന്‍ (ഐപിഎച്ച്ആര്‍സി) മറ്റൊരു അന്വേഷണവും നടത്തി. ജസ്റ്റിസ് ഹരിസ്വരൂപും ജസ്റ്റിസ് എച്ച് സുരേഷുമായിരുന്നു ഐപിഎച്ച്ആര്‍സിയുടെ അന്വേഷണം നടത്തിയത്. രണ്ട് അന്വേഷണങ്ങളും സമാനമായ കണ്ടെത്തലുകളാണ് നടത്തിയത്.

വെടിവയ്പ് അനാവശ്യമായിരുന്നെന്നും, വെടിവയ്ക്കാന്‍ ഒരുവിധ സാഹചര്യവും ഉണ്ടായിരുന്നില്ലെന്നും കമീഷനുകള്‍ കണ്ടെത്തി. അനാവശ്യമായ വെടിവയ്പിന്റെ ഉത്തരവാദികളായി എം വി രാഘവനെയും ഹക്കിം ബത്തേരി, രവതചന്ദ്രശേഖരന്‍ ഉള്‍പ്പെടെയുള്ള പൊലീസ് ഓഫീസര്‍മാരെയും കമീഷനുകള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു.

കമീഷനുകളുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ വെടിവയ്പിനുത്തരവാദികളായ ക്രിമിനലുകളെ വെറുക്കപ്പെട്ട ഘാതകരായിത്തന്നെ സമൂഹം ഇന്നും കണക്കാക്കുന്നു. കൂത്തുപറമ്പില്‍ പൊലിഞ്ഞുവീണ അഞ്ചു ചെറുപ്പക്കാരും ജീവിക്കുന്ന രക്തസാക്ഷി പുഷ്പനും ലക്ഷക്കണക്കിനു മാതാപിതാക്കളുടെ അരുമ സന്തതികളായി മാറിക്കഴിഞ്ഞു എന്നതാണ് യാഥാര്‍ഥ്യം.

കൂത്തുപറമ്പിലെ വെടിവയ്പിനുശേഷം കേരളത്തില്‍ യുവജനപ്രസ്ഥാനം ഭയന്ന് മാളത്തിലൊളിക്കുകയല്ല ചെയ്തത്. കൊല്ലപ്പെട്ടേക്കാം എന്ന തിരിച്ചറിവോടെ യുവലക്ഷങ്ങള്‍ സമരമുഖങ്ങളില്‍ സമര്‍പ്പിതമനസ്കരായി കൂടുതല്‍ കരുത്തോടെ നിലയുറപ്പിച്ചു. പ്രസ്ഥാനം കൂടുതല്‍ ഉയരങ്ങളിലേക്ക് മുന്നേറി. വെടിയുണ്ടകള്‍ക്ക് സമരതീക്ഷ്ണയൗവനത്തെ പിറകോട്ടടിപ്പിക്കാന്‍ കഴിഞ്ഞില്ല. വര്‍ത്തമാനകാല സമരങ്ങള്‍ക്കും കൂത്തുപറമ്പിന്റെ ഓര്‍മകള്‍ ഊര്‍ജമാണ്.

കേരളമിന്ന് വമ്പിച്ച ജനകീയസമരങ്ങള്‍ക്ക് സാക്ഷ്യംവഹിക്കുകയാണ്. സോളാര്‍തട്ടിപ്പിന് നേതൃത്വംനല്‍കിയ മുഖ്യമന്ത്രിയുമായി കുറ്റവാളികള്‍ക്കും ക്രിമിനലുകള്‍ക്കുമുള്ള ഉറ്റബന്ധം നാള്‍ ചെല്ലുന്തോറും പകല്‍പോലെ വ്യക്തമായിവരുമ്പോള്‍ കോണ്‍ഗ്രസുകാര്‍ക്കുപോലും ഉമ്മന്‍ചാണ്ടിയെ തള്ളിപ്പറയേണ്ടതായി വരുന്നു. മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടികളിലും കടന്നുപോകുന്ന ദേശീയപാതയിലുമെല്ലാം ആയിരങ്ങള്‍ കറുത്ത പതാകകളുമായി കാത്തുനില്‍ക്കുകയാണ്.

മുഖ്യമന്ത്രിയെ ഉപരോധിച്ചാല്‍ കൂത്തുപറമ്പ് ആവര്‍ത്തിക്കുമെന്നും സമരംചെയ്യുന്നവരെ വെടിവച്ച് കൊല്ലുമെന്നുമാണ് കോണ്‍ഗ്രസ് വക്താവ് ഈയടുത്തദിവസം പ്രസംഗിച്ചത്. വെടിയുണ്ടകളെ പരാജയപ്പെടുത്തി വൈദ്യശാസ്ത്രത്തിന് അത്ഭുതമായി ജീവിക്കുന്ന സമരവീര്യത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമായ സ.പുഷ്പനെയും കോണ്‍ഗ്രസ് വക്താവ് പരിഹസിക്കുകയായിരുന്നു.

അപഹാസ്യമായ ഭീഷണിയുയര്‍ത്തുന്നവര്‍ സമരങ്ങളുടെ ചരിത്രമറിയാത്തവരാണ്. ലോകത്തൊരിടത്തും വെടിയുണ്ടകള്‍ക്കും തടവറകള്‍ക്കും മുന്നില്‍ ജനകീയസമരങ്ങള്‍ തോറ്റിട്ടില്ല. ജനങ്ങള്‍ക്കുനേരെ തോക്കെടുത്തവരും വെടിയുതിര്‍ത്തവരും പിന്നീട് അങ്ങേയറ്റം വെറുക്കപ്പെട്ടവരായി മാറി എന്നതാണ് നാളിതുവരെയുള്ള ചരിത്രം. കൂത്തുപറമ്പ് വെടിവയ്പിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ എം വി രാഘവനും കരുണാകരനുമൊക്കെ എന്തു സംഭവിച്ചെന്ന് ഈ വക്താക്കള്‍ ഓര്‍ക്കുന്നത് നല്ലതാണ്. 1994 നവബംര്‍ 25നുശേഷം ഒന്നരവര്‍ഷക്കാലം മന്ത്രിപദത്തിലിരുന്ന രാഘവന് ഒരു പൊതുപരിപാടിയില്‍പ്പോലും പങ്കെടുക്കാന്‍ സാധിച്ചില്ല. പൊലീസും ദ്രുതകര്‍മസേനയും കമാന്‍ഡോകളുമെല്ലാം കിണഞ്ഞുപരിശ്രമിച്ചിട്ടും അന്ന് രാഘവന് വീട്ടിലിരിക്കേണ്ടി വന്നുവെന്ന ചരിത്രവും ആരും മറക്കരുത്.

പത്തൊമ്പതു വര്‍ഷംമുമ്പ് കൂത്തുപറമ്പില്‍ വീണ യുവരക്തം ഒരിക്കലും പാഴാവില്ല. അനീതിക്കും അഴിമതിക്കുമെതിരെ ആര്‍ക്കും തടഞ്ഞുനിര്‍ത്താനാകാത്ത മഹാപ്രവാഹമായി യുവശക്തി ആര്‍ത്തിരമ്പിയെത്തുമ്പോള്‍ ഒരു ഏകാധിപതിക്കും ഏറെനാള്‍ പിടിച്ചുനില്‍ക്കാനാവില്ല.

കെ കെ രാജീവന്റെയും കെ വി റോഷന്റെയും വി മധുവിന്റെയും സി ബാബുവിന്റെയും ഷിബുലാലിന്റെയും ഐതിഹാസികമായ രക്തസാക്ഷിത്വം അളക്കാനാകാത്ത സമരവീര്യം പകര്‍ന്നു നല്‍കുന്ന ഊര്‍ജത്തിന്റെ ഉറവിടമായി യുവകേരളം ഒരിക്കല്‍ക്കൂടി ഏറ്റുവാങ്ങുകയാണ്. അസാമാന്യമായ ധീരതയുടെയും ത്യാഗത്തിന്റെയും പര്യായമായ പുഷ്പന്റെ ഹൃദയമിടുപ്പുകളെ നെഞ്ചേറ്റുവാങ്ങുന്ന യുവകേരളം കൂത്തുപറമ്പിലെ ധീരന്മാരുടെ വീരപൈതൃകം പോറലേല്‍ക്കാതെ കാത്തുസൂക്ഷിക്കും. പുതിയ പോരാട്ടങ്ങള്‍ ലോകത്തെ ചുവപ്പിക്കുകതന്നെചെയ്യും.

എം സ്വരാജ് deshabhimani

Saturday, November 23, 2013

ആറന്മുള വിമാനത്താവള അനുമതി പണത്തിന്റെ സ്വാധീനത്താല്‍: പിണറായി

ആറന്മുള വിമാനത്താവളത്തിന് അനുമതി നല്‍കിയതും വിഴിഞ്ഞം തുറമുഖത്തിന് നല്‍കാതിരിക്കുകയും ചെയ്യുന്നത് പണം നിയന്ത്രിക്കുന്ന അവസ്ഥയില്‍ കാര്യങ്ങള്‍ എത്തിയതിന് തെളിവാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വിമാനത്താവള പദ്ധതിയെ ജനങ്ങള്‍ എതിര്‍ക്കുമ്പോള്‍ ഏതെങ്കിലും ഒരു കൂട്ടരുടെ കച്ചവടതാല്‍പ്പര്യത്തിന് വഴങ്ങേണ്ടവരാണോ അധികൃതരെന്ന് അദ്ദേഹം ചോദിച്ചു.

പി ഗോവിന്ദപ്പിള്ളയുടെ ഒന്നാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് പുരോഗമന കലാസാഹിത്യസംഘത്തിന്റെ ആഭിമുഖ്യത്തില്‍ "പി ജി സാഹിത്യം, സംസ്കാരം, ദര്‍ശനം" എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആറന്മുളയില്‍ ചില വ്യക്തികളുടെ താല്‍പ്പര്യം സ്വാധീനം ചെലുത്തിയതായി കാണാം. നല്ല വിളവ് കിട്ടുന്ന വയലാണ് നശിപ്പിക്കുന്നത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയ 123 വില്ലേജുകളില്‍ ഒരു നിര്‍മാണവും നടത്തരുതെന്ന് പ്രഖ്യാപിച്ചവര്‍ തന്നെയാണ് അതുപോലെ പ്രാധാന്യമേറിയ സ്ഥലത്ത് പരിസ്ഥിതി പ്രശ്നമില്ലെന്ന് പറയുന്നത്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ സിപിഐ എം എതിര്‍ക്കുന്നത് രാഷ്ട്രീയമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി തന്നെയാണ് ഇപ്പോള്‍ 123 വില്ലേജുകള്‍ ഇഎസ്എ പരിധിയില്‍പ്പെടുത്തിയതില്‍ അപാകതയുണ്ടെന്ന് പറഞ്ഞത്. ശാസ്ത്രജ്ഞര്‍ അടക്കമുള്ള വിദഗ്ധര്‍ പരിശോധിച്ച ശേഷമാകണം ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍. ജനങ്ങള്‍ ഒന്നുമല്ല എന്നുവരുന്നത് ശരിയല്ല. പരിസ്ഥിതി സംരക്ഷണമില്ലാതെ സമൂഹത്തിന് മുന്നോട്ടുപോകാന്‍ കഴിയില്ല. എന്നാല്‍, പരിസ്ഥിതിയെ തകര്‍ക്കുക എന്നത് മുതലാളിത്തത്തിന്റെ താല്‍പ്പര്യമാണ്. സമൂഹത്തെ വലിയതോതില്‍ പിറകോട്ടടിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇന്നത്തെ സമൂഹത്തെ രൂപപ്പെടുത്തുന്നതിന് നേതൃത്വം വഹിച്ച വ്യക്തികളും പ്രസ്ഥാനങ്ങളുമെല്ലാം അന്ന് നിലനിന്ന എതിര്‍പ്പുകളെ അതിജീവിച്ചാണ് മുന്നോട്ടുപോയത്.

നവോത്ഥാന നായകര്‍ എന്തിനെയെല്ലാം എതിര്‍ത്തുവോ അതെല്ലാം തിരികെ കൊണ്ടുവരാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. നവോത്ഥാന നായകര്‍ ജാതീയതയ്ക്കെതിരെ പോരാടിയെങ്കില്‍ അവരുടെ പിന്മുറക്കാരെന്ന് പറയുന്നവരില്‍ ചിലര്‍ ഇന്ന് ജാതീയതയെ അരക്കിട്ടുറപ്പിക്കുന്നു. ജാതി പറയുന്നത് മേന്മയാണ് എന്നുവരെ പരസ്യമായി പറയാന്‍ ചിലര്‍ തയ്യാറാകുമ്പോള്‍ അത് സമൂഹത്തിലുണ്ടാക്കുന്ന ആപത്ത് വലുതാണ്. സാംസ്കാരികമായി ഉന്നതിയില്‍ നില്‍ക്കുന്നവരാണെന്ന് മലയാളികള്‍ അഭിമാനിക്കുന്നു. എന്നാല്‍, പൊതുസംസ്കാരത്തിന് ചേരാത്ത കാര്യങ്ങള്‍ കേള്‍ക്കേണ്ടിവരുന്നു. എങ്ങനെയും പണം സമ്പാദിക്കണമെന്ന മാനസികാവസ്ഥയില്‍ എത്തിയിരിക്കുന്നു.

വിദ്യാഭ്യാസരംഗം പണം സമ്പാദിക്കുന്നതിനുള്ള മാര്‍ഗമായി അധഃപതിപ്പിച്ചു. പണത്തിന്റെ ബലത്തില്‍ പ്രവേശനം നേടുന്നവര്‍ക്ക് എന്ത് സാമൂഹിക പ്രതിബദ്ധതയാണ് ഉണ്ടാവുക. സമൂഹത്തെ വാര്‍ത്തെടുക്കുന്നതിന് വളരെ അധ്വാനിച്ച വ്യക്തിയാണ് പി ജി. അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളോട് എത്രകണ്ട് നീതിചെയ്യാന്‍ കഴിയുമെന്നതാണ് മുഖ്യമെന്ന് പിണറായി പറഞ്ഞു.

കവയിത്രി സുഗതകുമാരി ആദ്യപ്രതി ഏറ്റുവാങ്ങി. പുരോഗമന കലാസാഹിത്യസംഘം ജില്ലാപ്രസിഡന്റ് നീലംപേരൂര്‍ മധുസൂദനന്‍നായര്‍ അധ്യക്ഷനായി. മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍, പ്രൊഫ. വി എന്‍ മുരളി, സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, വിനോദ് വൈശാഖി, പാര്‍വതീദേവി തുടങ്ങിയവര്‍ സംസാരിച്ചു.

deshabhimani

Friday, November 8, 2013

ഒക്ടോബര്‍ വിപ്ലവസ്മരണയില്‍ റഷ്യയും ലോകവും

മോസ്കോ: വ്ളാദിമിര്‍ ലെനിന്റെ നേതൃത്വത്തില്‍ നടന്ന 1917ലെ മഹത്തായ ഒക്ടോബര്‍വിപ്ലവത്തിന്റെ 96-ാം വാര്‍ഷികം ലോകത്താകെയുള്ള പുരോഗമന പ്രസ്ഥാനങ്ങള്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. റഷ്യയില്‍ തലസ്ഥാനമായ മോസ്കോയിലും മറ്റുനഗരങ്ങളിലും ആയിരങ്ങള്‍ അണിനിരന്ന റാലികള്‍ നടന്നു. കമ്യൂണിസ്റ്റ് പാര്‍ടിയുടെയും മറ്റു സംഘടനകളുടെയും നേതൃത്വത്തില്‍ വിവിധ ചടങ്ങുകള്‍ സംഘടിപ്പിച്ചു.

1941ല്‍ ഒക്ടോബര്‍വിപ്ലവത്തിന്റെ 24-ാം വാര്‍ഷികത്തില്‍ നടന്ന വിഖ്യാതമായ സൈനികപരേഡിനെ അനുസ്മരിച്ച് മോസ്കോയില്‍ റഷ്യന്‍ സൈന്യം വാര്‍ഷികപരേഡ് നടത്തി. അഡോള്‍ഫ് ഹിറ്റ്ലറുടെ നാസി ജര്‍മനിക്കെതിരായ പോരാട്ടത്തിന് സജ്ജരായി റഷ്യന്‍ സൈനികര്‍ നടത്തിയ ഐതിഹാസിക പരേഡിന്റെ 72-ാം വാര്‍ഷിക അനുസ്മരണം വികാരനിര്‍ഭരമായിരുന്നു.

റഷ്യന്‍ ജനതയ്ക്കാകെ ഉയിര്‍പ്പേകിയ 1941 നവംബര്‍ ഏഴിലെ പരേഡില്‍നിന്ന് റഷ്യന്‍ സൈനികര്‍ നേരെ പോയത് നാസികളുടെ ആക്രമണത്തെ നേരിടാനാണ്. കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് സോവിയറ്റ് യൂണിയന്‍ ഒക്ടോബര്‍ വിപ്ലവ വാര്‍ഷികത്തില്‍ ജനങ്ങളെ അഭിവാദ്യംചെയ്തു. സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്കും സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ വീണ്ടെടുപ്പിനായുമുള്ള പോരാട്ടത്തില്‍ എല്ലാ സഖാക്കള്‍ക്കും പാര്‍ടി കേന്ദ്രകമ്മിറ്റി വിജയം നേര്‍ന്നു. തൊഴിലാളിവര്‍ഗത്തിന്റെ ഇച്ഛാശക്തിയാല്‍ എല്ലാ തരത്തിലുമുള്ള ചൂഷണത്തിനും അടിച്ചമര്‍ത്തലിനും പരാജയം സമ്മനിച്ചതാണ് ഒക്ടോബര്‍വിപ്ലവം. അതുവഴി ലോകത്തിന് ആദ്യമായി ഒരു സോഷ്യലിസ്റ്റ് രാജ്യം ലഭിച്ചു. മനുഷ്യനെ മനുഷ്യന്‍ ചൂഷണംചെയ്യുന്നത് അവസാനിപ്പിക്കാനായി. വിദ്യാഭ്യാസവും ആരോഗ്യസംരക്ഷണവും അടക്കമുള്ള മേഖലകളില്‍ ജനക്ഷേമകരമായ പദ്ധതികള്‍ നടപ്പായി. ഭാവിയെക്കുറിച്ച് ജനങ്ങളില്‍ ആത്മവിശ്വാസമുണ്ടായി. പൊതുഉടമസ്ഥതയില്‍ സോവിയറ്റ് സമൂഹത്തിന്റെ വികസനം ദ്രുതഗതിയിലായിരുന്നു. ശാസ്ത്രസാങ്കേതികമേഖലയിലടക്കം വന്‍ കുതിച്ചുചാട്ടമുണ്ടായി. ഇന്ന് ആഗോള സാമ്രാജ്യത്വം പ്രതിസന്ധി നേരിടുമ്പോള്‍ പ്രതിവിധി സോഷ്യലിസംമാത്രമാണെന്ന് സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ടി ഫസ്റ്റ് സെക്രട്ടറി സെര്‍ജി അലക്സാന്‍ഡ്രോവ് ഓര്‍മിപ്പിച്ചു. ലോകജനതയുടെയും ഭൂമിയിലെ എല്ലാ വിഭവങ്ങളുടെയും മേല്‍ അധീശത്വം സ്ഥാപിക്കാന്‍ സാമ്രാജ്യത്വം ശ്രമിക്കുകയാണ്. വംശഹത്യയും അടിമവല്‍ക്കരണവും ചെറുക്കാന്‍ ഒക്ടോബര്‍വിപ്ലവത്തിന്റെ ആശയങ്ങളിലൂടെ സോഷ്യലിസ്റ്റ് പാതയിലേക്ക് മടങ്ങാനും സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ വീണ്ടെടുപ്പിനും പാര്‍ടി ആഹ്വാനംചെയ്തു

deshabhimani

Monday, October 28, 2013

വിപ്ലവാവേശത്താല്‍ ചുവന്നുതുടുത്ത്...

ഇരമ്പി ജനസാഗരം

വയലാര്‍: സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കുമായി പൊരുതിയ പുന്നപ്ര-വയലാര്‍ പോരാളികളുടെ ആവേശദായക സ്മരണകളുമായി ഒഴുകിയെത്തിയ പതിനായിരങ്ങള്‍ വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ ഇരമ്പിയാര്‍ത്തു. പുഷ്പാര്‍ച്ചന, ദീപശിഖാറിലേകള്‍, അനുസ്മരണ റാലികള്‍, വയലാര്‍ രമാവര്‍മ അനുസ്മരണ സമ്മേളനം, പൊതുസമ്മേളനം എന്നിവയോടെ 67-ാമത് രക്തസാക്ഷി വാരാചരണത്തിന് സമാപനമായി. കൊടിതോരണങ്ങളാല്‍ ചുവപ്പണിഞ്ഞ രക്തസാക്ഷിമണ്ഡപവും പരിസരവും അഭൂതപൂര്‍വമായ ജനസാഗരത്തെയാണ് വഹിച്ചത്. നാടിന്റെ മോചനത്തിനും ജനാധിപത്യക്രമത്തിനും വേണ്ടി ജന്മിത്വത്തിന്റെ അടിച്ചമര്‍ത്തലിനും കിരാത വാഴ്ചയ്ക്കും എതിരെ പടനയിച്ച ദേശാഭിമാനികളായ കമ്യൂണിസ്റ്റ് പോരാളികളുടെ ജ്വലിക്കുന്ന വീരസ്മരണയുമായി വയലാറിലെ സമരഭൂമിയിലേക്ക് രാവിലെ മുതല്‍ ജനപ്രവാഹം ആരംഭിച്ചു. കരങ്ങളില്‍ ചെങ്കൊടിയും നാവില്‍ ഇടിനാദം പോലെ മുഴങ്ങിയ മുദ്രാവാക്യങ്ങളുമായാണ് ആബാലാവൃദ്ധം പ്രവഹിച്ചത്. നാനാഭാഗങ്ങളില്‍നിന്ന് ചെറുജാഥകള്‍ തുടരെ മണിക്കൂറുകളോളം മണ്ഡപത്തിലേക്ക് എത്തി. വാദ്യമേളങ്ങള്‍, കലാരൂപങ്ങള്‍ തുടങ്ങിയവ പ്രകടനങ്ങള്‍ക്ക് അകമ്പടിയായി. പതിനൊന്നോടെ രക്തസാക്ഷിനഗറും പരിസരവഴികളും ജനനിബിഡമായി. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ വളണ്ടിയര്‍മാരും പൊലീസ് സേനയും നന്നേ പണിപ്പെട്ടു.

നിശ്ചയദാര്‍ഢ്യത്തോടെ വാരിക്കുന്തവുമായി ദിവാന്‍ സര്‍ സിപിയുടെ സായുധപട്ടാളത്തോട് ഏറ്റുമുട്ടിയ സമരഭടന്റെ ശില്‍പ്പം പേറുന്ന സ്മൃതിമണ്ഡപത്തില്‍ വലംവച്ചവര്‍ ആര്‍ത്തിരമ്പിയാണ് രക്തസാക്ഷികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചത്. രക്തസാക്ഷികള്‍ ഉയര്‍ത്തിയ മുദ്രാവാക്യം ശാശ്വതമാക്കാനുള്ള പുതിയ പോരാട്ടത്തിന് പ്രതിജ്ഞയെടുക്കലായി പുഷ്പാര്‍ച്ചന. സ്മൃതിമണ്ഡപത്തറയില്‍ പുഷ്പചക്രങ്ങളും പൂക്കളും അര്‍പ്പിച്ചവര്‍ രക്തസാക്ഷികളുടെ പ്രസ്ഥാനത്തിന്റെ അജയ്യത വിളംബരം ചെയ്തു. തൊഴിലാളി സംഘടനകളുടെയും സര്‍വീസ് സംഘടനകളുടെയും പ്രവര്‍ത്തകര്‍ പ്രത്യേകപ്രകടനങ്ങളായെത്തിയാണ് പുഷ്പാര്‍ച്ചന നടത്തിയത്. സമരാനുഭവങ്ങള്‍ അയവിറക്കി സേനാനികള്‍ നിലയുറപ്പിച്ചു. സിപിഐ എം-സിപിഐ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.

മേനാശേരി രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് സമരസേനാനി കെ വി തങ്കപ്പന്‍ കൊളുത്തിയ ദീപശിഖ പകല്‍ പതിനൊന്നോടെയും ആലപ്പുഴ വലിയചുടുകാട് മണ്ഡപത്തില്‍ നിന്ന് സമരസേനാനി വി എസ് അച്യുതാനന്ദന്‍ കൊളുത്തിയ ദീപശിഖ പതിനൊന്നരയോടെയും കായികതാരങ്ങള്‍ റിലേയായി വയലാറിലെത്തിച്ചു. വലിയചുടുകാട്ടില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സമരസേനാനി പി കെ ചന്ദ്രാനന്ദന്‍, എം എ ബേബി, ഡോ. ടി എം തോമസ് ഐസക് എംഎല്‍എ, ജി സുധാകരന്‍ എംഎല്‍എ, പന്ന്യന്‍ രവീന്ദ്രന്‍, സി ബി ചന്ദ്രബാബു, ടി പുരുഷോത്തമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇരുദീപശിഖകളും വയലാറില്‍ വാരാചരണകമ്മിറ്റി പ്രസിഡന്റ് പി തിലോത്തമന്‍ എംഎല്‍എ ഏറ്റുവാങ്ങി മണ്ഡപത്തില്‍ സ്ഥാപിച്ചു. സമരസേനാനികളായ പി കെ ചന്ദ്രാനന്ദന്‍, കെ വി തങ്കപ്പന്‍, സി കെ കരുണാകരന്‍, കെ കെ ഗംഗാധരന്‍, പി കെ മേദിനി, വി കെ കരുണാകരന്‍, സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഡോ. തോമസ് ഐസക് എംഎല്‍എ, ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബു, സംസ്ഥാനകമ്മിറ്റിയംഗം സി എസ് സുജാത, ജില്ലാസെക്രട്ടറിയറ്റംഗങ്ങളായ എം സുരേന്ദ്രന്‍, ആര്‍ നാസര്‍, ഡി ലക്ഷ്മണന്‍, ജി വേണുഗോപാല്‍, കെ പ്രസാദ്, ടി കെ ദേവകുമാര്‍, സജി ചെറിയാന്‍ എന്നിവരും എ എം ആരിഫ് എംഎല്‍എ, സിപിഐ സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പുരുഷോത്തമന്‍, എഐടിയുസി സംസ്ഥാന സെക്രട്ടറി ടി ജെ ആഞ്ചലോസ്, എ എസ് സാബു, പി വി പൊന്നപ്പന്‍ തുടങ്ങിയവര്‍ പുഷ്പാര്‍ച്ചനയില്‍ പങ്കെടുത്തു. വയലാര്‍ രാമവര്‍മ അനുസ്മരണ സമ്മേളനവും പൊതുസമ്മേളനവും ചേര്‍ന്നു. സമരമുഹൂര്‍ത്തങ്ങള്‍ ഉള്‍ക്കൊള്ളിച്ച് 17 വയസുകാരന്‍ ഋത്വിന്റെ ചിത്രപ്രദര്‍ശനം ആയിരങ്ങള്‍ വീക്ഷിച്ചു.
(ടി പി സുന്ദരേശന്‍)

വിപ്ലവാവേശത്താല്‍ ചുവന്നുതുടുത്ത്...

വയലാര്‍: പച്ചമനുഷ്യനും യന്ത്രത്തോക്കും തമ്മിലേറ്റുമുട്ടി തൊഴിലാളിവര്‍ഗം ചരിത്രഗാഥ രചിച്ച രണഭൂമിയിലെ ചോരമണക്കുന്ന മണലില്‍നിന്ന് പരന്നൊഴുകിയ വിപ്ലവാവേശം വയലാര്‍ ഗ്രാമത്തെ ചെങ്കടലാക്കി. ഒറ്റനൂലില്‍ കോര്‍ത്ത രക്തപുഷ്പങ്ങള്‍പോലെ നാടാകെ വിപ്ലവധീരരുടെ സ്വപ്നസാക്ഷാത്കാരമെന്ന ഏകലക്ഷ്യത്തോടെ വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ സംഗമിച്ചു. 67-ാം വാര്‍ഷിക വാരാചരണം ഇക്കുറിയും വയലാര്‍ ഗ്രാമത്തിന്റെ വിപ്ലവ പ്രതിപത്തി വിളിച്ചോതുന്നതായി. വെടിയേറ്റ് ദ്വാരംവീണ തെങ്ങുകളും മണ്ണിലടിഞ്ഞ് അന്ത്യവിശ്രമംവരിച്ച രക്തസാക്ഷികളും അവരുടെ ധീരസാഹസിക സമര സാമര്‍ഥ്യങ്ങളും മഹത്തായ ത്യാഗങ്ങളും ചരിത്രം ചുവപ്പിച്ച സമരധീരതയ്ക്കും അഭിവാദ്യമര്‍പ്പിച്ച് ആയിരങ്ങളാണ് വയലാര്‍ രണധീരരുടെ ഓര്‍മ പുതുക്കാന്‍ എത്തിയത്. നാളെയുടെ നന്മയ്ക്കായി വെടിയേറ്റുമരിച്ച അസംഖ്യം ധീരരുടെ ബന്ധുമിത്രാദികളും വികാരവായ്പോടെ ബലികുടീരത്തിന് വലംവച്ച് പുഷ്പങ്ങളര്‍പ്പിച്ചു. പതിവുതെറ്റാതെ നാടും നഗരവും രക്തസാക്ഷി സ്മരണയിലാണ്ടു. വയലാറിലേക്കുള്ള എല്ലാവഴികളും രക്തപതാകകളാല്‍ നിറഞ്ഞു. മുദ്രാവാക്യം വിളികളുമായി സ്ത്രീകളും കുട്ടികളുമടക്കം വയലാറിലേക്ക് ഒഴുകിയെത്തിയതോടെ രണഭൂമി ജനസാഗരമായി.

വയലാറില്‍നിന്ന് വിവാഹിതരായി പോയവരും താമസം മാറിയവരും വയലാര്‍ നിവാസികളുടെ ബന്ധുമിത്രാദികളടക്കം നുറുകണക്കിന് ആളുകള്‍ തലേദിവസംമുതല്‍തന്നെ വയലാറിലേക്കെത്തിയിരുന്നു. വയലാറിലെ വീടുകള്‍ മുഴുവന്‍ ബന്ധുജനങ്ങളെകൊണ്ട് നിറഞ്ഞു. ഇവര്‍ക്ക് അഥിത്യമരുളാന്‍ ദിവസങ്ങള്‍ നീണ്ട തയ്യാറെടുപ്പാണ് ഓരോവീട്ടിലും നടന്നത്. ഇതില്‍ രാഷ്ട്രീയമോ മറ്റ് വേര്‍തിരിവോ ഒന്നുമുണ്ടയിരുന്നില്ല. കോണ്‍ഗ്രസിന്റെ സജീവപ്രവര്‍ത്തകരുടെ വീടുകളില്‍ പോലും 20-50 പേര്‍ക്കുവരെ ഭക്ഷണമൊരുക്കിയിരുന്നു. വയലാറിലെ സമീപപ്രദേശങ്ങളിലെ വീടുകളില്‍ നിന്ന് അബാലവൃദ്ധം ജനങ്ങളും മണ്ഡപത്തിലെത്തിയിരുന്നു. മണിക്കൂറുകള്‍ കാത്തുനിന്ന് ദീപശിഖാ റിലേകളും കണ്ടശേഷമാണ് ഇവര്‍ മടങ്ങിയത്. കൊച്ചുകൊച്ചു പ്രകടനങ്ങളിലും കുടുംബസമേതമാണ് വയലാറുകാര്‍ എത്തിയത്. വരുംകാലപോരാട്ടത്തിന്റെ പ്രസക്തിയും ഈ ഗ്രാമത്തിന്റെ ആതിഥേയ മര്യാദയും കേട്ടറിഞ്ഞ് തീര്‍ഥാടകരെ പോലെ ഇവിടേയ്ക്ക് ഒരോ വര്‍ഷവും എത്തുന്നവരുടെ എണ്ണം കൂടുകയാണ്. രക്തസാക്ഷി നഗറില്‍നടന്ന വയലാര്‍ രാമവര്‍മ അനുസ്മരണത്തിനും രക്തസാക്ഷി അനുസ്മരണ സമ്മേളനത്തിനും ബഹുജനങ്ങളുടെ നിറഞ്ഞ സാന്നിധ്യം സാക്ഷ്യംവഹിച്ചു.

deshabhimani

Wednesday, October 10, 2012

കെ ദാമോദരന്റേത് മഹത്തായ സംഭാവന: പിണറായി


കാഞ്ഞങ്ങാട്: കമ്യൂണിസ്റ്റ് ആശയങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ മഹത്തായ സംഭാവന നല്‍കിയ നേതാവാണ് കെ ദാമോദരനെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ അനുസ്മരിച്ചു. പുരോഗമന കലാസാഹിത്യസംഘം കാസര്‍കോട് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച കെ ദാമോദന്‍ ജന്മശതാബ്ദി സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാര്‍ക്സിസ്റ്റ് പഠന ശാഖയില്‍ ഇ എം എസും ദാമോദരനും നല്‍കിയ നേതൃത്വം വിലമതിക്കാനാകാത്തതാണ്. ദാര്‍ശനികനും താര്‍ക്കികനും സാഹിത്യകാരനുമൊക്കെ ആയിരിക്കുമ്പോഴും ദാമോദരന്‍ അടിസ്ഥാനപരമായി കമ്യൂണിസ്റ്റായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ടിയുടെ തുടക്കത്തിലും വളര്‍ച്ചയിലും വേര്‍പിരിക്കാനാവാത്ത ബന്ധം കെ ദാമോദരനുണ്ട്്. പാര്‍ടി രൂപീകരിക്കുന്നതിന് കോഴിക്കോട് യോഗം ചേര്‍ന്ന നാലുപേരില്‍ ഒരാള്‍. പാറപ്രം സമ്മേളനത്തിലും അദ്ദേഹമുണ്ടായിരുന്നു. പാര്‍ടിയിലുണ്ടായ ഭിന്നതയെ തുടര്‍ന്ന് അദ്ദേഹം സ്വീകരിച്ച എല്ലാനിലപാടിനോടും സിപിഐ എമ്മിന് യോജിപ്പില്ല. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവ് എന്ന നിലയില്‍ അദ്ദേഹം നല്‍കിയ സംഭാവനകളെ ആദരിക്കുന്നതില്‍ ഈ വിയോജിപ്പ് തടസ്സമല്ല. കമ്യൂണിസ്റ്റ് പാര്‍ടിയുടെ മലബാര്‍ കമ്മിറ്റി സെകട്ടറിയായി ദാമോദരന്‍ പ്രവര്‍ത്തിക്കുമ്പോഴാണ് മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡില്‍ കമ്യൂണിസ്റ്റുകാര്‍ക്ക് ഭൂരിപക്ഷം കിട്ടിയത്. അന്ന് എടുത്ത പല പരിഷ്കാരത്തിനു പിന്നിലും പാര്‍ടിയുടെ തീരുമാനമായിരുന്നു. 48 ലെ പാര്‍ടിയുടെ തീരുമാനത്തോട് അദ്ദേഹത്തിന് യോജിപ്പുണ്ടായില്ല. അത് പരസ്യമായി പറയാതെ പാര്‍ടിതീരുമാനം വിജയിപ്പിക്കാന്‍ മുന്നിട്ടിറങ്ങി ഉന്നതകമ്യൂണിസ്റ്റ് ബോധം പ്രകടിപ്പിച്ചു.

സാഹിത്യകാരന്‍ എന്നനിലയിലും അദ്ദേഹത്തിന് സവിശേഷ സ്ഥാനമുണ്ട്. ജീവല്‍സാഹിത്യ പ്രസ്ഥാനത്തിന് രൂപം നല്‍കുന്നതില്‍ മുഖ്യപങ്കു വഹിച്ചു. അത് നല്‍കിയ സന്ദേശത്തിന്റെ ഭാഗമായാണ് പാട്ടബാക്കി നാടകം രചിച്ചത്. മണ്ണില്‍ പണിയെടുക്കുന്ന പച്ച മനുഷ്യനെ മുഖ്യകഥാപാത്രമാക്കിയ ആദ്യ നാടകമായിരുന്നു അത്. ഇതിലെ കഥാപാത്രങ്ങളുടെ സംഭാഷണം നിലനിന്ന സാമൂഹ്യബന്ധങ്ങളുടെ നിശിത വിമര്‍ശനമായിരുന്നു. കിട്ടുണ്ണി എന്ന കഥാപാത്രം ഉണ്ണിമാളുവിനോട് പറയുന്ന സംഭാഷണം സമൂഹത്തെ ഇരുത്തിച്ചിന്തിപ്പിച്ചതാണ്. സമൂഹത്തില്‍ മോഷണവും വ്യഭിചാരവും ഉണ്ടാകുന്നത് ദാരിദ്ര്യംമൂലമാണെന്നും ദാരിദ്ര്യം മാറണമെങ്കില്‍ ഭരണവ്യവസ്ഥ മാറണമെന്നും പറഞ്ഞത് സമൂഹത്തെ പിടിച്ചു കുലുക്കാന്‍പോന്നതായിരുന്നു. ദാരിദ്ര്യം വിധിയെന്ന് വിശ്വസിച്ചിരുന്ന സമൂഹത്തോടാണ് ഈ സത്യം വിളിച്ചു പറഞ്ഞത്. അരികിട്ടാതെ തിരിച്ചുവന്ന ഗൃഹനാഥനോട് അരി വാങ്ങാതിരുന്നത് എന്താണെന്ന് കുട്ടി ചോദിച്ചപ്പോള്‍ ദൈവം തന്നില്ലെന്നും അതു കേട്ട് ഈ ദൈവം ചത്താലേ നമുക്ക് അരി കിട്ടുകയുള്ളോ എന്ന കുട്ടിയുടെ മറുപടിയും വലിയ ചര്‍ച്ചയാതാണെന്നും പിണറായി അനുസ്മരിച്ചു.

ക്രൈസ്തവ സമൂഹവുമായുള്ള സംവാദം തുടരും: പിണറായി

കാഞ്ഞങ്ങാട്: കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ അകറ്റാന്‍ ക്രൈസ്തവസമൂഹവുമായുള്ള സംവാദം തുടരുമെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സമൂഹത്തിലെ മത, ജാതി ചിന്തകള്‍ക്കെതിരെ ആശയസമരം നടത്തിയ കെ ദാമോദരനടക്കമുള്ള പാര്‍ടിയുടെ സ്ഥാപക നേതാക്കള്‍ ക്രൈസ്തവ മതവുമായുള്ള ആശയ സംവാദത്തിനും നേതൃത്വം നല്‍കി. ഈ സംവാദം കൂടുതല്‍ മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ടെന്ന് പുരോഗമന കലാസാഹിത്യസംഘം കാസര്‍കോട് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച കെ ദാമോദന്‍ ജന്മശതാബ്ദി സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പിണറായി വ്യക്തമാക്കി.

ക്രൈസ്തവ മതനേതാക്കളോട് ക്രിസ്തു മോസ്കോയിലാണെന്ന് പറയാനുള്ള ധൈര്യം വരെ കാണിച്ച നേതാവാണ് കെ ദാമോദരന്‍. ക്രൈസ്തവ മതവുമായുള്ള ആശയ സംവാദത്തിനും അദ്ദേഹം നേതൃത്വം നല്‍കി. "ക്രൈസ്തവരും കമ്യൂണിസവും", "യേശുക്രിസ്തു മോസ്കോയില്‍" തുടങ്ങിയ കൃതികളെല്ലാം ഇതിന്റെ ഭാഗമായിരുന്നു. ആര്‍എസ്എസ്, സംഘപരിവാര്‍ ശക്തികളുടെ വര്‍ഗീയ പ്രചാരണത്തിനും കെ ദാമോദരന്‍ കൃത്യമായ മറുപടി നല്‍കി. "ഇന്ത്യയുടെ ആത്മാവും ഭാരതീയ ചിന്തയും" എന്ന കൃതി ഇതില്‍ ശ്രദ്ധേയമാണ്. ജാതി, മത സംഘടനകള്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഇക്കാലത്ത് എല്ലാവിധ വര്‍ഗീയതക്കുമെതിരെ പോരാടാനുള്ള ഊര്‍ജ സ്രോതസായി ദാമോദരന്റെ ചിന്തകള്‍ മാറണമെന്നും പിണറായി പറഞ്ഞു.

deshabhimani 101012

Sunday, September 23, 2012

രാജ്യംഭരിക്കുന്നത് എണ്ണക്കമ്പനികള്‍: കോടിയേരി


പ്രധാനമന്ത്രി മന്‍മോഹന്‍സിങ് രാജ്യഭരണം എണ്ണകമ്പനികളെ ഏല്‍പിച്ചിരിക്കുകയാണെന്ന് സിപിഐ എം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എണ്ണക്കമ്പനികള്‍ തോന്നുമ്പോലെ പെട്രോളിയത്തിനും ഡീസലിനും വിലവര്‍ധിപ്പിക്കുകയാണ്. പാചകവാതകം കിട്ടാനില്ല. കണ്ണൂര്‍ പയ്യാമ്പലത്ത് അഴീക്കോടന്‍ രാഘവന്‍ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനക്ക് ശേഷം നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി. അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒമാബയുടെ നിര്‍ദേശപ്രകാരണമാണ് മന്‍മോഹന്‍സിങ് ഭരിക്കുന്നത്. ഉദാരവത്കരണ നയത്തിന് വേഗം പോരെന്ന് പറഞ്ഞപ്പോള്‍ അത് കൂട്ടാനുള്ള നടപടി സ്വീകരിച്ചു.

രാജ്യത്തെ ചില്ലറവില്‍പന മേഖല വിദേശ കുത്തകകള്‍ക്ക് തുറന്നുകൊടുക്കണമെന്ന് ഒബാമ ആവശ്യപ്പെട്ടപ്പോള്‍ അതും നടപ്പാക്കി. ഒമാബയുടെ അരുമ ശിഷ്യനാണ് മന്‍മോഹന്‍. ദേശീയ തലത്തില്‍ സിപിഐ എം ഉയര്‍ത്തിപ്പിക്കുന്ന നയത്തിന് മാത്രമെ ജനങ്ങളെ രക്ഷിക്കാനാവുകയുള്ളൂ.പാര്‍ലമെന്റില്‍ ന്യൂനപക്ഷമായ യുപിഎ സര്‍ക്കാര്‍ ജനവിരുദ്ധ നയങ്ങള്‍ ഒന്നൊന്നായി നടപ്പാക്കുകയാണ്. ചെറുകിട കച്ചവട മേഖല കുത്തകള്‍ക്ക് തുറന്നുകൊടുക്കുന്നതോടെ രാജ്യത്തെ നാലുകോടി കച്ചവടക്കാര്‍ തൊഴില്‍ രഹിതരാവും. ഇവരെ ആശ്രയിച്ച് കഴിയുന്ന 16 കോടി ജനങ്ങള്‍ പട്ടിണിയിലാവും. ചില്ലറ വില്‍പന മേഖല കുത്തകള്‍ക്ക് അടിയറ വെച്ചാല്‍ മൊത്തം 20 കോടി ജനങ്ങളാണ് ദുരിതത്തിലാവുക. മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ മറ്റൊരു പതിപ്പാണ് സംസ്ഥാനത്തെ ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റ്. കേരളത്തിന്റെ മണ്ണും മലയും പുഴയും കായലും കടലോരവുമെല്ലാം സ്വകാര്യ മേഖലയ്ക്ക് വില്‍ക്കുകയാണ്. ഈ കച്ചവടത്തിന് വേണ്ടിയാണ് മന്‍മോഹന്‍സിങും അഹ്ലുവാലിയയും എമര്‍ജിങ് കേരളയുടെ പേരില്‍ കേരളത്തില്‍ വന്നത്. സംസ്ഥാന ജീവനക്കാര്‍ക്ക് ഏപ്രില്‍ മുതല്‍ പങ്കാളിത്ത പെന്‍ഷന്‍ ഏര്‍പ്പെടുത്താന്‍ പോകുകയാണ്. നിയമന ധിരോധത്തിലൂടെ യുവാക്കള്‍ക്ക് തൊഴില്‍ നിഷേധിക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സംസ്ഥാനത്തെ ഭൂരിരഹിതരായ കര്‍ഷകരും ആദിവാസികളും പട്ടികവര്‍ഗ- ജാതി വിഭാഗങ്ങളും ഭൂസമരത്തിന് തുടക്കം കുറിക്കാന്‍ പോകുകയാണ്. ഭൂമിയില്ലാത്ത കര്‍ഷകര്‍ക്ക് ഭൂമിയും വീടും ഭൂമിയുമില്ലാത്ത പട്ടികവര്‍ഗ- ജാതി വിഭാഗങ്ങള്‍ക്ക് അവ നേടുന്നതിനും ആദിവാസികള്‍ക്ക് ഒരേക്കര്‍ ഭൂമി നല്‍കണമെന്നും ആവശ്യപ്പെടുന്ന സമരത്തിന് ഒക്ടോബര്‍ ആറിന് നടക്കുന്ന കണ്‍വെന്‍ഷനില്‍ തുടക്കം കുറിക്കും.

അഴീക്കോടന്റെ കൊലപാതകത്തില്‍ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കെ കരുണാകരന് പങ്കുണ്ടെന്ന് ആക്ഷേപം ഉന്നയിച്ചത് ഇപ്പോഴത്തെ മഹാരാഷ്ട്ര ഗവര്‍ണറായിരുന്ന കെ ശങ്കരനാരായണനാണ്. അദ്ദേഹം അന്ന് സംഘടന കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്നു. എന്നാല്‍ ശങ്കരനാരായണന്റെ ആക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ കരുണാകരനെതിരെ നടപടിയെടുക്കാന്‍ തയ്യാറായില്ല. കൊലപാതകികളെ സംരക്ഷിക്കുന്ന പാര്‍ടിയാണ് കോണ്‍ഗ്രസ്. സിപിഐ എം രൂപീകരണത്തിന് ശേഷം നേതാക്കള്‍ ഉള്‍പ്പെടെ 700 പേരെ എതിരാളികള്‍ വകവരുത്തിയിട്ടുണ്ട്. ഇതില്‍ 400 പേരെ കൊന്നത് കോണ്‍ഗ്രസാണ്. ബാക്കി മൂന്നുറുപേര്‍ ആര്‍എസ്എസിന്റെയും ലീഗിന്റെയും എന്‍ഡിഎഫിന്റെയും കൊലക്കത്തിക്ക് ഇരയായി. സിപിഐ എമ്മിനെ വേട്ടയാടുന്നത് ഇപ്പോഴും തുടരുകയാണ്. പാര്‍ടിയുടെ ശക്തികേന്ദ്രമായ കണ്ണൂരില്‍ ജില്ലാസെക്രട്ടറി പി ജയരാജനെ കള്ളക്കേസില്‍ കുടുക്കി ജയിലടച്ചു. ആറായിരം പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി. ഇതില്‍ രണ്ടായിരം പേര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. 600 പേര്‍ ഇപ്പോഴും ജയിലാണ്. ഇതുകൊണ്ടൊന്നും സിപിഐ എം തളരില്ലെന്നും കോടിയേരി പറഞ്ഞു.

deshabhimani news

Monday, September 10, 2012

ചടയന് നാടിന്റെ സ്മരണാഞ്ജലി


സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയന്‍ ഗോവിന്ദന് നാടിന്റെ സ്മരണാഞ്ജലി. പതിനാലാം ചരമവാര്‍ഷിക ദിനത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളേടെ ചടയന്റെ കര്‍മ പഥങ്ങളെ അനുസ്മരിച്ചു. പാര്‍ടി ഓഫീസുകള്‍ അലങ്കരിക്കുകയും പ്രഭാതഭേരിയോടെ പതാക ഉയര്‍ത്തുകയും ചെയ്തു. പയ്യാമ്പലത്തെ സ്മൃതികുടീരത്തില്‍ ഞായറാഴ്ച രാവിലെ സിപിഐ എം നേതാക്കളും പ്രവര്‍ത്തകരും പുഷ്പാര്‍ച്ചന നടത്തി. സ്റ്റേഡിയം കോര്‍ണറില്‍നിന്ന് പ്രകടനമായാണ് പുഷ്പാര്‍ച്ചനക്ക് എത്തിയത്.

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുഖ്യ കേന്ദ്രമായി കണ്ണൂരിനെ വളര്‍ത്തുന്നതില്‍ ത്യാഗപൂര്‍വം പ്രവര്‍ത്തിച്ച നേതാവാണ് ചടയനെന്ന് അനുസ്മരണ സമ്മേളനത്തില്‍ കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ പറഞ്ഞു. കേന്ദ്രകമ്മിറ്റിയംഗം കെ കെ ശൈലജ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ഗോവിന്ദന്‍ എന്നിവരും ചടയനെ അനുസ്മരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം കെ പി സഹദേവന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി ജയരാജന്‍ സ്വാഗതം പറഞ്ഞു. ചടയന്റെ ഭാര്യ ദേവകി, മക്കള്‍, മറ്റ് കുടുംബാംഗങ്ങള്‍ എന്നിവരും പങ്കെടുത്തു. ചടയന്റെ ജന്മനാടായ കമ്പില്‍ബസാറില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ബേബിജോണ്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ടി കെ ഹംസ, എം വി ജയരാജന്‍ എന്നിവര്‍ സംസാരിച്ചു.

ദീര്‍ഘകാലം ചടയന്റെ പ്രവര്‍ത്തനകേന്ദ്രമായിരുന്ന കണ്ണൂര്‍ അഴീക്കോടന്‍ മന്ദിരത്തില്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എം ജോസഫും കണ്ണൂര്‍ ദേശാഭിമാനിയില്‍ പി പി അബൂബക്കറും പതാക ഉയര്‍ത്തി. സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്ററില്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ പതാക ഉയര്‍ത്തി. ജില്ലാ കമ്മിറ്റി ഓഫീസായ കാട്ടായിക്കോണം വി ശ്രീധര്‍ സ്മാരക മന്ദിരത്തില്‍ ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ പതാക ഉയര്‍ത്തി. ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റില്‍ പതാക ഉയര്‍ത്തലും പുഷ്പാര്‍ച്ചനയും നടന്നു. ലോക്കല്‍ കമ്മിറ്റി അംഗം ആര്‍ വേണുഗോപാലന്‍ ഉണ്ണിത്താന്‍ പതാക ഉയര്‍ത്തി.

deshabhimani 100912

Thursday, September 6, 2012

സുന്ദരയ്യ ജന്മശതാബ്ദി ആഘോഷത്തിന് ഉജ്വല തുടക്കം


തെലങ്കാന സമരനായകനും സിപിഐ എമ്മിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയുമായ പി സുന്ദരയ്യയുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് പ്രൗഢമായ തുടക്കം. എ കെ ജി പഠനഗവേഷണകേന്ദ്രം സംഘടിപ്പിച്ച ജന്മശതാബ്ദി സെമിനാറോടെയാണ് സംസ്ഥാനത്ത് ആഘോഷങ്ങള്‍ തുടങ്ങിയത്. കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യകാല ശില്‍പ്പികളില്‍ പ്രധാനിയാണ് സുന്ദരയ്യയെന്ന് സെമിനാര്‍ ഉദ്ഘാടനംചെയ്ത സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അനുസ്മരിച്ചു. കാര്‍ഷികവിപ്ലവങ്ങളുടെ തന്ത്രജ്ഞനും ജനങ്ങളുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തിയ നേതാവുമായിരുന്നു അദ്ദേഹമെന്നും കാരാട്ട് പറഞ്ഞു.

കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടി രൂപീകരണത്തിന് നേതൃപരമായ പങ്ക് വഹിച്ച സുന്ദരയ്യയെ സ്മരിക്കുകയെന്നത് കേരളത്തിലെ പാര്‍ടിയുടെ ഉത്തരവാദിത്തമാണെന്ന് സെമിനാറില്‍ അധ്യക്ഷനായ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികളോടെ കേരളത്തില്‍ സുന്ദരയ്യ ജന്മശതാബ്ദി ആഘോഷിക്കുമെന്നും പിണറായി അറിയിച്ചു.

പാര്‍ടിക്കെതിരെ വിവിധ ഭാഗങ്ങളില്‍നിന്നും രൂക്ഷമായ കടന്നാക്രമണങ്ങള്‍ നേരിടുമ്പോള്‍ സുന്ദരയ്യ ഉയര്‍ത്തിപ്പിടിച്ച മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് സംഘടനാ തത്വത്തിന്റെ പ്രസക്തി സെമിനാര്‍ വിശകലനംചെയ്തു. കാര്‍ഷികമേഖലയില്‍ സുന്ദരയ്യ മുന്നോട്ടുവച്ച ആശയങ്ങളുടെ പ്രസക്തിയും സെമിനാര്‍ ചര്‍ച്ച ചെയ്തു. "വിപ്ലവാവേശം സുന്ദരയ്യയുടെ മഹത്വം" എന്ന വിഷയത്തില്‍ സിപിഐ എം ആന്ധ്രാപ്രദേശ് സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ ബി വി രാഘവലുവും "ഇടത്-വലത് വ്യതിയാനങ്ങ ളും പി സുന്ദരയ്യയും" എന്ന വിഷയത്തില്‍ പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും "സുന്ദരയ്യയും കര്‍ഷകപ്രസ്ഥാനങ്ങളും" എന്ന വിഷയത്തില്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും ആദ്യ സെഷനില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

രണ്ടാം സെഷനില്‍ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി അധ്യക്ഷയായി. "പി സുന്ദരയ്യയും യുവജന-വിദ്യാര്‍ഥിപ്രസ്ഥാനങ്ങളും" എന്ന വിഷയത്തില്‍ പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബിയും "ഇന്ത്യയിലെ കാര്‍ഷികബന്ധങ്ങളുടെ ഇന്നത്തെ അവസ്ഥ"യെ സംബന്ധിച്ച് കൊല്‍ക്കത്ത ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. വി കെ രാമചന്ദ്രനും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ടി എം തോമസ് ഐസക് സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ കടകംപള്ളി സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 1200ലേറെ പ്രതിനിധികള്‍ പങ്കെടുത്തു. പ്രമുഖ മാര്‍ക്സിസ്റ്റ് ചിന്തകന്‍ പി ഗോവിന്ദപിള്ളയുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യം സെമിനാറിന് ആവേശം പകര്‍ന്നു.

കടന്നാക്രമണങ്ങളെ ശക്തമായി ചെറുക്കണം: കാരാട്ട്

സിപിഐ എമ്മിനെതിരെ ശത്രുക്കളും വലതുപക്ഷ മാധ്യമങ്ങളും നടത്തുന്ന ആക്രമണങ്ങളെ അതിശക്തമായി നേരിടാന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആഹ്വാനംചെയ്തു. എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പി സുന്ദരയ്യ ജന്മശതാബ്ദി സെമിനാര്‍ തലസ്ഥാനത്ത് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ആക്രമണങ്ങള്‍ പാര്‍ടിയുടെ നയങ്ങള്‍ക്കും പ്രത്യയശാസ്ത്രത്തിനും എതിരായി മാത്രമല്ല, പാര്‍ടിഘടനയ്ക്കും അതിന്റെ പ്രവര്‍ത്തനത്തിനും എതിരായിക്കൂടി തിരിഞ്ഞിട്ടുണ്ട്. 2008 മുതല്‍ ഇടതുപക്ഷത്തിനെതിരെ പൊതുവിലും സിപിഐ എമ്മിനെതിരെ വിശേഷിച്ചും സംഘടിതമായ അക്രമമാണ് നടക്കുന്നത്. നവ ഉദാര നയങ്ങള്‍ക്കും അമേരിക്കല്‍ സാമ്രാജ്യത്വത്തിനും എതിരെ പോരാടുന്നതില്‍ പാര്‍ടി വഹിച്ച പങ്കാണ് ഭരണവര്‍ഗത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും കടന്നാക്രമണങ്ങള്‍ക്ക് കാരണം. കേഡര്‍രാജിനെ പ്രതിരോധിക്കുക, പാര്‍ടി ഏകാധിപത്യം അവസാനിപ്പിക്കുക തുടങ്ങിയ വാദങ്ങളാണ് ബംഗാളില്‍ പാര്‍ടിയെ അക്രമിക്കാന്‍ ഉന്നയിച്ചത്. സര്‍ക്കാരിലും പൊതുജീവിതത്തിലും പാര്‍ടിക്കുള്ള ഏകശിലാ സമാനമായ സ്വാധീനത്തെ ആക്ഷേപിച്ചാണ് ത്രിപുരയിലെ അക്രമം. കേരളത്തിലാകട്ടെ പാര്‍ടിയില്‍ ഏകാധിപത്യ മാര്‍ഗങ്ങള്‍, വ്യത്യസ്ത അഭിപ്രായത്തെ അടിച്ചമര്‍ത്തല്‍, ശത്രുനിഗ്രഹം, ജനാധിപത്യത്തെ ശ്വാസംമുട്ടിച്ചു കൊല്ലല്‍ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ആരോപിച്ചാണ് സംഘടിതമായ കള്ളപ്രചാരണം. സിപിഐ എമ്മിനെ സ്റ്റാലിനിസ്റ്റ് പാര്‍ടിയായും പട്ടാളച്ചിട്ടയിലുള്ള സംഘടനാരൂപമായും മുദ്രയടിച്ചാണ് ഇത്തരം വിമര്‍ശങ്ങള്‍. എന്നാല്‍, കമ്യൂണിസ്റ്റ് പാര്‍ടിയുടെ അച്ചടക്കം ലെനിന്‍ അഭിപ്രായപ്പെട്ടതുപോലെ സൈന്യത്തിലെ അച്ചടക്കത്തേക്കാള്‍ ഉയര്‍ന്നതാണ്.

കമ്യൂണിസ്റ്റ് പാര്‍ടിയുടെ സംഘടനാപരമായ ഈ സത്തയെ ഗ്രഹിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ പാര്‍ടി കെട്ടിപ്പടുക്കുന്നതില്‍ വ്യാപൃതനാവുകയുംചെയ്ത നേതാവാണ് പി സുന്ദരയ്യ. റിവിഷനിസവുമായി തെറ്റിപ്പിരിഞ്ഞ് 1964ല്‍ സിപിഐ എം രൂപീകരിച്ചപ്പോള്‍ സുന്ദരയ്യയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത് മൂന്ന് പതിറ്റാണ്ട് കാലം പാര്‍ടി കെട്ടിപ്പടുത്തതിന്റെ അംഗീകാരമാണ്. സിപിഐ എം രൂപീകൃതമായശേഷവും പാര്‍ടിക്കുള്ളില്‍ കടന്നുകൂടിയ റിവിഷനിസത്തിന്റെയും പരിഷ്കരണവാദത്തിന്റെയും അവശിഷ്ടങ്ങളെ സുന്ദരയ്യ കണക്ക് പറഞ്ഞ് ഇല്ലായ്മചെയ്തു.

ജനാധിപത്യ കേന്ദ്രീകരണത്തില്‍ അടിയുറച്ചുപ്രവര്‍ത്തിക്കുന്ന സംഘടനാ സംവിധാനമുള്ളതുകൊണ്ടാണ്, രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവും ബഹുജനങ്ങളെ അണിനിരത്തുന്നതുമായ സമരങ്ങള്‍ നടത്താന്‍ സിപിഐ എമ്മിന് കരുത്തുണ്ടാകുന്നത്. രാഷ്ട്രീയ പ്രതിയോഗികളും ഭരണക്കാരും ഇതു മനസിലാക്കിയാണ് പാര്‍ടിയുടെ സംഘടനാപരമായ ശൈലിക്കും രീതികള്‍ക്കും എതിരായി രൂക്ഷമായ ആക്രമണം നടത്തുന്നത്. ഒരു ഭാഗത്ത് പാര്‍ടിയുടെ കേന്ദ്രീകൃത അച്ചടക്കത്തെ സ്റ്റാലിനിസം എന്ന് പേരിട്ട് ആക്രമിക്കുകയും ഒരു വിഭാഗം നേതാക്കളുടെ ഏകാധിപത്യമായി ചിത്രീകരിക്കുകയുംചെയ്യുന്നു. മറുഭാഗത്താകട്ടെ, ഉള്‍പ്പാര്‍ടി ജനാധിപത്യത്തിന്റെ ഉപയോഗം, സ്വതന്ത്രമായ ചര്‍ച്ച, പാര്‍ടിക്കകത്തെ സംവാദങ്ങള്‍ തുടങ്ങിയവയെ അഭിപ്രായ ഭിന്നതയും ഏറ്റുമുട്ടലുകളുമായി ചിത്രീകരിക്കുകയുംചെയ്യുന്നു.

കമ്യൂണിസ്റ്റ് പാര്‍ടിയില്‍ ജനാധിപത്യ കേന്ദ്രീകരണത്തിന്റെ മാനദണ്ഡങ്ങള്‍പ്രകാരം എല്ലാ തലതത്തിലുമുള്ള പാര്‍ടി കമ്മിറ്റികള്‍ക്ക് തീരുമാനത്തിലും തീര്‍പ്പിലുമെത്തുന്നതിന് മുമ്പ് എല്ലാ വിഷയങ്ങള്‍ സംബന്ധിച്ചും ചര്‍ച്ച ചെയ്യാനും സംവാദങ്ങള്‍ നടത്താനും അവകാശമുണ്ട്. ഏത് തലത്തിലുള്ള പാര്‍ടി പ്രവര്‍ത്തനത്തെ സംബന്ധിച്ചുള്ള വിമര്‍ശങ്ങളും കാഴ്ചപ്പാടുകളും ബന്ധപ്പെട്ട പാര്‍ടി കമ്മിറ്റികള്‍ക്കകത്ത് ഉന്നയിക്കണം. വിമര്‍ശവും സ്വയം വിമര്‍ശവുമാണ് ഉള്‍പ്പാര്‍ടി ജനാധിപത്യത്തിന്റെ ജീവരക്തം. ഇന്ത്യയിലെ ബൂര്‍ഷ്വാപാര്‍ടികളുടെ സംഘടനാ സംവിധാനങ്ങളൊന്നും ഇത്തരം ചര്‍ച്ചകളോ വിമര്‍ശങ്ങളോ നടത്തുന്നുമില്ല, അനുവദിക്കുന്നുമില്ല. കേരളത്തിലേതുപോലെ ഒരു വന്‍ ബഹുജനശക്തിയായി പാര്‍ടി വളര്‍ന്ന സ്ഥലത്ത് സുന്ദരയ്യയുടെ മാതൃക പിന്തുടരണം. പതിനായിരക്കണക്കിന് പാര്‍ടി കാഡര്‍മാരും അംഗങ്ങളും എല്ലായ്പ്പോഴും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയും അവരുടെ ജീവിതപ്രശ്നങ്ങളുമായി താദാത്മ്യം പ്രാപിക്കുകയും വേണമെന്നും കാരാട്ട് ആഹ്വാനംചെയ്തു.

സുന്ദരയ്യയുടെ ആശയസമരം കരുത്തേകി: പിണറായി

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനകത്ത് പ്രത്യക്ഷപ്പെട്ട ഇടത് -വലത് വ്യതിയാനങ്ങള്‍ക്കെതിരെ പി സുന്ദരയ്യ നടത്തിയ ആശയപരമായ സമരം കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് എതിരാളികളുടെ ഏത് കടന്നാക്രമണങ്ങളെയും നേരിടാനുള്ള സവിശേഷമായ കരുത്ത് പകര്‍ന്നു നല്‍കിയതായി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഒരു കടന്നാക്രമണത്തിനു മുന്നിലും പതറാത്ത കരുത്താണ് കേരളത്തില്‍ സിപിഐ എം ആര്‍ജിച്ചത്. പാര്‍ടിക്കെതിരായ നുണപ്രചാരണങ്ങളുടെ മലവെള്ളപ്പാച്ചിലുകളാണ് സമീപകാലത്ത് കേരളത്തിലുണ്ടായത്. പാര്‍ടി ശത്രുക്കളുടെ ഈ വിധത്തിലുള്ള എല്ലാ കടന്നാക്രമണങ്ങളെയും നുണകളെയും അതിജീവിക്കാന്‍ കഴിഞ്ഞത് സുന്ദരയ്യ നടത്തിയ ആശയസമരത്തിലൂടെ ആര്‍ജിച്ച കരുത്തുകൊണ്ടാണ്. സുന്ദരയ്യ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി എ കെ ജി പഠന ഗവേഷണകേന്ദ്രം സംഘടിപ്പിച്ച സെമിനാറില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു പിണറായി.

കേരളത്തിലെ പാര്‍ടിയുടെ രൂപീകരണത്തിനും അതിന്റെ ആദ്യകാലഘട്ടത്തിലെ വളര്‍ച്ചയ്ക്കുമെല്ലാം സുന്ദരയ്യ നേതൃപരമായ പങ്കാണ് വഹിച്ചത്. പാര്‍ലമെന്ററിയും പാര്‍ലമെന്ററിയിതരവുമായ മാര്‍ഗങ്ങളെ കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള കമ്യൂണിസ്റ്റ് പാര്‍ടിയുടെ പ്രവര്‍ത്തനരീതി സ്വജീവിതംകൊണ്ട് പ്രയോഗിച്ച നേതാവാണ് സുന്ദരയ്യ. കേരളംപോലുള്ള സംസ്ഥാനത്ത് ഇത്തരം കാഴ്ചപ്പാടിന് ഏറെ പ്രാധാന്യമുണ്ട്. 1967ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നപ്പോള്‍ ഒന്നും നേടാനാകില്ലെന്നും എല്ലാം നേടാന്‍ കഴിയുമെന്നുമുള്ള രണ്ട് വ്യതിയാനങ്ങളെയും നേരിട്ട് മുന്നോട്ട് പോകുന്നതിനുള്ള കാഴ്ചപ്പാടാണ് പാര്‍ടി വികസിപ്പിച്ചെടുത്തത്. ആയുധമെടുത്ത് പോരാടുന്ന വിപ്ലവ പ്രവര്‍ത്തനത്തിന്റെ മറ്റൊരു മുഖമാണ് ക്രിയാത്മകമായ രീതിയിലുള്ള പാര്‍ലമെന്ററി പ്രവര്‍ത്തനമെന്ന കാഴ്ചപ്പാട് മുന്നോട്ട് വയ്ക്കുന്നതില്‍ സുന്ദരയ്യയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാര്‍ടിക്ക് ഏറെ സഹായകരമായിരുന്നു.

മദിരാശിയില്‍ കമ്യൂണിസ്റ്റ് പാര്‍ടി കെട്ടിപ്പടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചുകൊണ്ടിരുന്ന ഘട്ടത്തിലാണ് സുന്ദരയ്യ കേരളത്തിലെത്തി കൃഷ്ണപിള്ള, ഇ എം എസ്, എന്‍ സി ശേഖര്‍ എന്നിവരുമായി ബന്ധംസ്ഥാപിക്കുന്നത്. വിവിധ വിഷയങ്ങളില്‍ ആശയവ്യക്തത വരുത്തുന്നതിന് സുന്ദരയ്യ ഏറെ ശ്രദ്ധിച്ചിരുന്നു. 1940 കളുടെ മധ്യത്തില്‍ ഒളിവിലിരുന്നുകൊണ്ടുള്ള പ്രവര്‍ത്തനത്തില്‍ കേരളത്തിലെ സഖാക്കളുടെ പുരോഗതി വിലയിരുത്താനും കേരളത്തിലെത്തി. കയ്യൂര്‍ സഖാക്കളെ തൂക്കിക്കൊല്ലുന്നതിന് കുറച്ചു ദിവസംമുമ്പ് ജയിലിലെത്തി സഖാക്കളെ കണ്ടു. അന്ന് അവര്‍ പറഞ്ഞ കാര്യങ്ങള്‍ ആത്മകഥയില്‍ കുറിച്ച സുന്ദരയ്യ, അവരുടെ വാക്കുകള്‍ എന്നെ കൂടുതല്‍ ഉത്തേജിതനാക്കി എന്നും പറയുന്നു- പിണറായി അനുസ്മരിച്ചു.

കാര്‍ഷികമേഖലയെ കോണ്‍ക്രീറ്റ് കാടുകളാക്കുന്നു: വി എസ്

കാര്‍ഷികമേഖലയെ യുഡിഎഫ് സര്‍ക്കാര്‍ കോണ്‍ക്രീറ്റ് കാടുകളാക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. അരി ഉല്‍പ്പാദിപ്പിക്കുന്ന കൃഷിസ്ഥലങ്ങളില്‍ കോണ്‍ക്രീറ്റ് തൂണുകള്‍ ഉയരുമ്പോള്‍ നീതിപീഠത്തിന് പോലും സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കേണ്ടിവന്നിരിക്കുന്നു. കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളും ഉയര്‍ത്തുന്ന പ്രതിഷേധത്തെ സര്‍ക്കാര്‍ അവഗണിക്കുന്നു. കൃഷിക്കാര്‍ക്കെതിരായ ഏകാധിപത്യനടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും പി സുന്ദരയ്യ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറില്‍ "സുന്ദരയ്യയും കര്‍ഷകപ്രസ്ഥാനവും" എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

ജീവല്‍പ്രധാനമായ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് കര്‍ഷകപ്രസ്ഥാനം വന്‍ പോരാട്ടം നടത്തേണ്ടിയിരിക്കുന്നു. ഈ ഘട്ടത്തില്‍ സുന്ദരയ്യയുടെ ഓര്‍മകള്‍ നമുക്ക് ആവേശം പകരും. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ എന്ന് സുന്ദരയ്യയെ വിശേഷിപ്പിച്ചാല്‍ തെറ്റില്ല. പല തവണ കേരളത്തില്‍വന്ന് തൊഴിലാളിവര്‍ഗ വിപ്ലവപ്രസ്ഥാനത്തിന് അടിത്തറ പാകുന്നതില്‍ സുന്ദരയ്യ ഉജ്വലനേതൃത്വം നല്‍കി. ഇന്ത്യാചരിത്രത്തിലെ ഏറ്റവും വലിയ കര്‍ഷകമുന്നേറ്റമായ തെലങ്കാന സമരത്തിന്റെ നായകനാണ് സുന്ദരയ്യ. 64 മാസം നീണ്ടുനിന്ന തെലങ്കാന സമരം ലോകത്തിലെ ഏറ്റവും വലിയ കാര്‍ഷിക കലാപങ്ങളിലൊന്നാണ്. ഇന്ത്യയില്‍ ഇതിന് സമാനമായ സമരങ്ങളില്ല. രാജ്യത്തെ ഭൂപ്രശ്നം, സര്‍ക്കാര്‍നയം, കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഭാവി പരിപാടി എന്നിവയുമായി ബന്ധപ്പെട്ടെല്ലാം തെലങ്കാന സമരം നിര്‍ണായകമായിരുന്നു. "കൃഷിഭൂമി കൃഷിക്കാരന്" എന്ന ആശയം സമരത്തിന്റെ പ്രധാന ചര്‍ച്ചാവിഷയമാക്കി. ഭൂപരിഷ്കരണം എന്ന ആശയത്തിന് പ്രാമുഖ്യമുണ്ടാക്കി. തെലങ്കാന സമരം, പുന്നപ്ര-വയലാര്‍ ചെറുത്തുനില്‍പ്പ്, മലബാറിലെ കര്‍ഷക കലാപം എന്നിവയെ തുടര്‍ന്ന് പാര്‍ടിപ്രവര്‍ത്തകര്‍ കടുത്ത മര്‍ദനത്തിനും പീഡനത്തിനും ഇരയായി. തെലങ്കാനയില്‍ സമരം പിന്‍വലിക്കേണ്ടിവന്നതോടെ പാര്‍ടി തീരെ ഒറ്റപ്പെട്ടെന്ന് ഭരണവര്‍ഗം വീമ്പടിക്കുകയും പാര്‍ടിയിലെ ഒരുവിഭാഗം അങ്ങനെ ഭയക്കുകയും ചെയ്തു. എന്നാല്‍, ഒന്നാം പൊതുതെരഞ്ഞെടുപ്പില്‍ ഈ മേഖലയില്‍ പാര്‍ടി വന്‍മുന്നേറ്റമുണ്ടാക്കി. 29 പാര്‍ടി എംപിമാരില്‍ 19 പേരും തെലങ്കാന മേഖലയില്‍നിന്നായിരുന്നു. തെലങ്കാന സമരത്തെ ജനങ്ങള്‍ എത്രമാത്രം പിന്തുണച്ചെന്ന് തെളിയിക്കുന്നതായിരുന്നു ഈ വിജയമെന്നും വി എസ് ചൂണ്ടിക്കാട്ടി.

ഇടപെടല്‍ മാതൃകാപരം: കോടിയേരി

ഇടത്-വലതു വ്യതിയാനങ്ങളെ പ്രതിരോധിക്കുന്നതില്‍ സുന്ദരയ്യയുടെ പ്രവര്‍ത്തനം രാജ്യത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മുതല്‍ക്കൂട്ടായെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ശരിയായ ആശയഗതികളില്‍ ഉറച്ചുനിന്ന് മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് സംഘടനാ രീതിയില്‍ പോരാടിയായ നേതാവായിരുന്നു സുന്ദരയ്യ. "ഇടത്-വലത് വ്യതിയാനങ്ങളും പി സുന്ദരയ്യയും"എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു കോടിയേരി.

ഓരോ രാജ്യത്തിന്റെയും സവിശേഷമായ സാഹചര്യങ്ങളെ വിലയിരുത്തുകയാണ് മാര്‍ക്സിസം-ലെനിനിസം പ്രയോഗിക്കപ്പെടുന്നത്. ഇത്തരത്തില്‍ പ്രയോഗിക്കപ്പെടുമ്പോള്‍ അതിന്റെ വിപ്ലവപരതയില്‍ വെള്ളം ചേര്‍ക്കാന്‍, വലതുപക്ഷ വ്യതിയാനങ്ങളും ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുന്ന ഇടതുപക്ഷ വ്യതിയാനങ്ങളും പ്രത്യക്ഷപ്പെടുന്ന നിലയും ഉണ്ടാകാറുണ്ട്. റഷ്യയില്‍ ഇടതുതീവ്ര നിലപാടെടുത്ത നരോദിസ്റ്റുകള്‍ക്കും വലതുപക്ഷ നിലപാടെടുത്ത മെന്‍ഷെവിക്കുകള്‍ക്കും എതിരെ പോരാടിയാണ് ലെനിന്‍ വിപ്ലവപ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയത്. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് മാര്‍ക്സിസം-ലെനിനിസം പ്രയോഗിക്കുന്നതിന്റെ ഭാഗമായും ഇത്തരം വ്യതിയാനങ്ങള്‍ പ്രത്യക്ഷപ്പെടുകയും അവയ്ക്കെതിരെ പോരാടുകയും ചെയ്യേണ്ടി വന്നിട്ടുണ്ട്. പാര്‍ടിക്കകത്ത് നടന്നുവന്ന വലതുപക്ഷ വ്യതിയാനങ്ങള്‍ക്കെതിരെ ശക്തമായ പോരാട്ടത്തിന് നേതൃത്വംനല്‍കാന്‍ സുന്ദരയ്യയ്ക്ക് കഴിഞ്ഞു. പാര്‍ടി നേതൃത്വം ഉള്‍പാര്‍ടി ജനാധിപത്യത്തിന്റെ മര്യാദകള്‍ ലംഘിച്ച് വലതുപക്ഷ സമീപനങ്ങളുമായി മുന്നോട്ടു പോയപ്പോള്‍ 1964 ഏപ്രിലില്‍ നാഷണല്‍ കൗണ്‍സില്‍ യോഗത്തില്‍നിന്ന് 32 പേരുടെ ഇറങ്ങിപ്പോക്കിന് സുന്ദരയ്യ നേതൃത്വപരമായി പങ്കുവഹിച്ചു. പാര്‍ടിയെ ശരിയായ വിപ്ലവപാതയില്‍ നയിക്കുന്നതിന് സുന്ദരയ്യ കാണിച്ച പാടവും എടുത്തുപറയേണ്ടതാണ്. വലതുപക്ഷ പാളിച്ചയ്ക്കെതിരായി ശക്തമായി പോരടിച്ച പാര്‍ടിക്കകത്ത് പില്‍ക്കാലത്ത് ഇടതുപക്ഷ വ്യതിയാനവും കടന്നു വന്നു. വലതുപക്ഷ വ്യതിയാനങ്ങള്‍ക്കെതിരെ പോരാടിയ സുന്ദരയ്യയ്ക്ക് ഇടതുപക്ഷ വ്യതിയാനങ്ങള്‍ക്കെതിരെയും പോരാട്ടം ഏറ്റെടുക്കേണ്ടി വന്നു. നക്സലിസത്തിന്റെ സ്വാധീനത്തില്‍നിന്ന് പാര്‍ടിയെ മോചിപ്പിക്കാന്‍ സുന്ദരയ്യ നേതൃത്വം നല്‍കിയതായും കോടിയേരി ചൂണ്ടിക്കാട്ടി.

ദിശാബോധം പകര്‍ന്നു: ബേബി

രാജ്യത്തെ വിദ്യാര്‍ഥി-യുവജനപ്രസ്ഥാനങ്ങള്‍ക്ക് ശരിയായ രീതിയിലുള്ള കാഴ്ചപ്പാട് പകര്‍ന്ന നേതാവാണ് പി സുന്ദരയ്യയെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. "പി സുന്ദരയ്യയും യുവജന വിദ്യാര്‍ഥിപ്രസ്ഥാനങ്ങളും" എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു ബേബി.

സ്വന്തം ജീവിതാനുഭവങ്ങള്‍ വിദ്യാര്‍ഥി -യുവജന സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് കാഴ്ചപ്പാട് പകരുന്നതിന് സുന്ദരയ്യയെ സഹായിച്ചു. സാമൂഹിക പ്രതിബദ്ധതയുടെ അടിത്തറയില്‍ നിന്നുകൊണ്ടുള്ളതായിരുന്നു ആ സമീപനങ്ങള്‍. വിദ്യാര്‍ഥി ജീവിത കാലത്ത് സമൂഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് അദ്ദേഹം മാതൃക കാട്ടി. വിദ്യാര്‍ഥി ജീവിതകാലത്തുതന്നെ പ്രതിഭാശാലികളും സമര്‍പ്പിതചിത്തരുമായ യുവാക്കളെ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം മനസ്സിലാക്കി. വിദ്യാര്‍ഥി-യുവജനസംഘടനകള്‍ കെട്ടിപ്പടുക്കുമ്പോള്‍ സംഘടനാപരമായ ജാഗ്രത പുലത്തിയ സുന്ദരയ്യ ഓരോ കേഡറില്‍നിന്നും സമൂഹത്തിന് പ്രയോജനം ഉറപ്പാക്കാന്‍ ശ്രദ്ധചെലുത്തി. ഇന്ത്യയെപ്പോലുള്ള രാജ്യത്ത് തൊഴിലാളിവര്‍ഗ വിപ്ലവപ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് വിവിധ ബജുജനമുന്നണികളില്‍ സംഘടനാ സമരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ അസംഖ്യം കേഡര്‍മാരെ ആവശ്യമുണ്ട്. വിദ്യാര്‍ഥി യുവജനമുന്നണികളില്‍നിന്ന് പ്രതിബദ്ധത തെളിയിച്ച് സമരങ്ങളിലൂടെ വളര്‍ന്നുവന്ന പ്രവര്‍ത്തകരെ തൊഴിലാളി, കര്‍ഷക, കര്‍ഷകത്തൊഴിലാളി, മഹിളാ മുന്നണികളിലും പാര്‍ടി സംഘടനാരംഗത്തും നിയോഗിക്കുന്നതില്‍ അദ്ദേഹം ശ്രദ്ധിച്ചു. മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും സുന്ദരയ്യയുടെ സംഘടനാ കാഴ്ചപ്പാടിന്റെയും വ്യക്തിജീവിതമാതൃകകളുടെയും സ്പര്‍ശമുള്ള കേഡര്‍മാര്‍ ഇപ്പോള്‍ പ്രധാന ചുമതലകളിലുണ്ട്. 1974ല്‍ എസ്എഫ്ഐയുടെ കല്‍ക്കത്ത സമ്മേളനത്തില്‍ സുന്ദരയ്യ നടത്തിയ ഉദ്ഘാടനപ്രസംഗം പഠനക്ലാസ് പോലെയായിരുന്നുവെന്നും ബേബി അനുസ്മരിച്ചു.

സുന്ദരയ്യയുടെ ജീവിതം മുഴുവന്‍ മാതൃക: ശ്രീമതി

പി സുന്ദരയ്യയുടെ ജീവിതം മുഴുവന്‍ മാതൃകയാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി പറഞ്ഞു. സ. പി സുന്ദരയ്യ ജന്മശതാബ്ദി സെമിനാറിന്റെ രണ്ടാം സെഷനില്‍ അധ്യക്ഷയായി സംസാരിക്കുകയായിരുന്നു അവര്‍. കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിലും വളര്‍ത്തുന്നതിലും നിര്‍ണായക സംഭാവന നല്‍കിയവരില്‍ പ്രഥമഗണനീയനാണ് സുന്ദരയ്യ. ഓരോ കമ്യൂണിസ്റ്റുകാരനും മാതൃകയാക്കേണ്ട ഗുണങ്ങളാണ് സുന്ദരയ്യ ജീവിതത്തിലുടനീളം പ്രകടിപ്പിച്ചത്. കമ്യൂണിസ്റ്റുകാര്‍ക്ക് ഏറ്റവും അഭിമാനിക്കാന്‍ കഴിയുന്ന നിശ്ചയദാര്‍ഢ്യത്തിന് ഉടമയായിരുന്നു അദ്ദേഹം. കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും സംഘടിപ്പിക്കുന്നതില്‍ തീവ്രമായ താല്‍പ്പര്യം അദ്ദേഹം എക്കാലവും പ്രകടിപ്പിച്ചതായും പി കെ ശ്രീമതി പറഞ്ഞു.

ബഹുമുഖ സംഭാവന നല്‍കി: ഐസക്

കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ വളര്‍ച്ചയില്‍ നിര്‍ണായക സംഭാവന നല്‍കിയ നേതാവായിരുന്നു പി സുന്ദരയ്യയെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും സെമിനാര്‍ സ്വാഗതസംഘം ജനറല്‍ കണ്‍വീനറുമായ ഡോ. തോമസ് ഐസക് പറഞ്ഞു. ഇ എം എസ്, എ കെ ജി എന്നിവര്‍ക്കൊപ്പം കേരളം സുന്ദരയ്യക്ക് പരിഗണന നല്‍കുന്നു. സുന്ദരയ്യ നാടിന് നല്‍കിയ സംഭാവനകള്‍ ബഹുമുഖമാണ്. ഇന്ത്യയിലെ വിപ്ലവ മുന്നേറ്റങ്ങള്‍ക്ക് തെലുങ്കാന സമരത്തിലൂടെ പ്രായോഗിക രൂപം നല്‍കി. ഇന്ത്യയിലെ കാര്‍ഷികപ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതില്‍ നടത്തിയ പഠനങ്ങളും സംഭാവനകളും നിര്‍ണായകമായി. യുവതലമുറയില്‍നിന്ന് കേഡര്‍മാരെ വളര്‍ത്തിയെടുക്കുന്നതിലും സുന്ദരയ്യ ശ്രദ്ധചെലുത്തിയതായി ഡോ. തോമസ് ഐസക് സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു.

ഭൂവിനിയോഗം കമ്പോളതാല്‍പ്പര്യത്തിന് വിട്ടുകൊടുക്കരുത്: ഡോ. വി കെ രാമചന്ദ്രന്‍

ഭൂവിനിയോഗം വമ്പന്‍ കുത്തകകളുടെ കമ്പോളതാല്‍പ്പര്യങ്ങള്‍ക്ക് വിട്ടുകൊടുക്കരുതെന്ന് കൊല്‍ക്കത്ത ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. വി കെ രാമചന്ദ്രന്‍ പറഞ്ഞു. നീതിയും പരിസ്ഥിതി സുസ്ഥിരതയും ദേശീയസുരക്ഷയും ഉറപ്പു വരുത്താന്‍ ഇത് അനിവാര്യമാണ്. ഭൂവിനിയോഗനയം ആസൂത്രിതവും പൊതു ഇടപെടല്‍ അനുവദിക്കുന്നതുമാകണം. പട്ടിണിയും ഭവനരാഹിത്യവും വര്‍ധിപ്പിക്കുന്നതാകരുത്- അദ്ദേഹം പറഞ്ഞു. പി സുന്ദരയ്യ ജന്മശതാബ്ദി സെമിനാറില്‍ ഇന്ത്യയിലെ കാര്‍ഷികബന്ധങ്ങളുടെ ഇന്നത്തെ അവസ്ഥയെപ്പറ്റി പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു രാമചന്ദ്രന്‍.

ഭക്ഷ്യസുരക്ഷയുടെയും ദേശീയ ഭക്ഷ്യസ്വയംപര്യാപ്തയുടെയും ലക്ഷ്യങ്ങള്‍ ഭൂവിനിയോഗത്തിലും കൃഷിരീതിയിലും മാറ്റം വരുത്തുന്നതാകരുത്. വനവും കൃഷിഭൂമിയും കാര്‍ഷികേതര ഭൂമിയും തമ്മിലുള്ള സന്തുലനം സര്‍ക്കാര്‍ ഉറപ്പാക്കണം. കാര്‍ഷികനയത്തിലും നയരൂപീകരണത്തിലും വന്‍കിട, വിദേശ കോര്‍പറേറ്റുകളുടെ ഇടപെടലുകള്‍ രാജ്യത്തിന് നാശം വിതക്കും. സമഗ്രമായ കാര്‍ഷികപരിഷ്കരണം നടപ്പാക്കിയില്ലെങ്കില്‍ രാജ്യം ഗുരുതരമായ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തും. പഴയതും പുതിയതുമായ എല്ലാതരത്തിലുമുള്ള ഭൂപ്രഭുത്വം ഇല്ലാതാക്കണം. ചെറുകിട കര്‍ഷകരെയും തൊഴിലാളികളെയും പട്ടിണിയില്‍നിന്നും ദാരിദ്ര്യത്തില്‍നിന്നും മോചിപ്പിച്ച് അവര്‍ക്ക് ജീവിക്കാനാവശ്യമായ വരുമാനം സര്‍ക്കാര്‍ ഉറപ്പാക്കണം. ഗ്രാമീണമേഖലയിലെ തൊഴിലാളികള്‍ക്ക് പാര്‍പ്പിടങ്ങളും ശുചിത്വമുള്ള ജീവിത പരിസരവും ഉറപ്പാക്കണം. പട്ടികജാതി, പട്ടികവര്‍ഗവിഭാഗങ്ങള്‍ സ്ത്രീകള്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ എന്നിവരെ ദുരിതത്തില്‍നിന്ന് മോചിപ്പിക്കാന്‍ സാഹചര്യമൊരുക്കണം. ഔപചാരികവും സാര്‍വലൗകീകവുമായ വിദ്യാഭ്യാസം ഉറപ്പാക്കണം- രാമചന്ദ്രന്‍ പറഞ്ഞു.

deshabhimani 060912

Wednesday, September 5, 2012

കല്‍ക്കരി ഖനനം: കോണ്‍ഗ്രസിനും ബിജെപിക്കും ഒരേനയം-കാരാട്ട്


പൊതുമേഖലയില്‍ നിലനില്‍ക്കുന്ന കല്‍ക്കരി ഖനന മേഖലയെ സ്വകാര്യ വല്‍ക്കരിക്കാന്‍ ശ്രമിക്കുന്നവരാണ് കോണ്‍ഗ്രസും ബിജെപിയുമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. തെലങ്കാന സമരനായകനും സിപിഐ എമ്മിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയുമായ പി സുന്ദരയ്യയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി എ കെ ജി പഠന ഗവേഷണകേന്ദ്രം സംഘടിപ്പിച്ച സെമിനാര്‍ എ കെ ജി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അധ്യക്ഷനായി.

കല്‍ക്കരിപ്പാടങ്ങള്‍ ലേലം കൂടാതെ സ്വകാര്യ കമ്പനികള്‍ക്ക് അനുവദിച്ചതില്‍ 1.86 ലക്ഷം കോടി രൂപയുടെ അഴിമതി നടന്നതായി സിഎജി കണ്ടെത്തിയിരുന്നു. എന്നാല്‍ സിഎജി റിപ്പോര്‍ട്ട് തെറ്റാണെന്നും അഴിമതി നടന്നിട്ടില്ലെന്നുമാണ് യുപിഎ ഗവണ്‍മെന്റ് അവകാശപ്പെടുന്നത്. പ്രധാനമന്ത്രിയുടെ രാജിയ്ക്ക് ശേഷമേ സഭാനടപടിളുമായി സഹകരിക്കുകയുള്ളൂവെന്ന നിലപാടിലാണ് മുഖ്യപ്രതിപക്ഷ കക്ഷിയായ ബിജെപി. എന്നാല്‍ എ ബി വാജ്പേയ് നേതൃത്വം നല്‍കിയ 2000ത്തിലെ എന്‍ഡിഎ ഗവണ്‍മെന്റാണ് കല്‍ക്കരി മേഖലയെ സ്വകാര്യ വല്‍ക്കരിക്കാന്‍ ആദ്യ ശ്രമം നടത്തിയത്. മുപ്പത് കല്‍ക്കരിപ്പാടങ്ങളില്‍ സ്വകാര്യ കമ്പനികള്‍ക്ക് ഖനാനുമതി നല്‍കാനുള്ള എന്‍ഡിഎ ഗവണ്‍മെന്റിന്റെ ശ്രമം വിജയിച്ചില്ല. തുടര്‍ന്ന് പിന്നാമ്പുറ വാതിലിലൂടെ സ്വകാര്യ കമ്പനികള്‍ക്ക് ഖനത്തിന് അവസരമൊരുക്കുകയാണ് ചെയ്തത്. ഇതേ നിലപാടുമായാണ് കോണ്‍ഗ്രസും മുന്നോട്ടുപോകുന്നത്. ഈ നയത്തിനെതിരെ സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ ഇടത് കക്ഷികള്‍ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്.

പാര്‍ലമെന്റ് നടപടികള്‍ തുടര്‍ച്ചയായി മുടങ്ങുമ്പോള്‍ ഗൗരവതരമായ ചര്‍ച്ചകള്‍ക്കും മറ്റുമുള്ള അവസരമാണ് നഷ്ടപ്പെടുന്നത്. കല്‍ക്കരി ഖന മേഖലയെ പൊതുമേഖലയില്‍ നിലനിര്‍ത്തണമെന്നതാണ് ഇടതുപക്ഷത്തിന്റെ നിലപാട്. സ്പെക്ട്രം, ഗ്യാസ്, കല്‍ക്കരി തുടങ്ങി പൊതുമേഖലയില്‍ ശക്തമായി നിലനില്‍ക്കുന്നവയെ ആകെ സ്വകാര്യ വല്‍ക്കരിക്കാനുള്ള ശ്രമത്തിനെതിരെ പാര്‍ലമെന്റിനകത്തും പുറത്തും ഇടത്പക്ഷം ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നതെന്നും കാരാട്ട് പറഞ്ഞു.

ജനാധിപത്യ കേന്ദ്രികരണം സംഘടനാതത്വമായി പിന്തുടരുന്ന പാര്‍ട്ടിയെ അതിന്റെ പേരില്‍ ആക്രമിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് കാരാട്ട് പറഞ്ഞു. ഇക്കൂട്ടത്തില്‍ പാര്‍ട്ടി ശത്രുക്കള്‍ മാത്രമല്ല; ചില ഇടതുപക്ഷ ബുദ്ധിജീവികളുമുണ്ട്. ജനാധിപത്യകേന്ദ്രീകരണ തത്വത്തില്‍ നിന്ന് വ്യതിചലിച്ച് സ്റ്റാലിന്റെ കാലത്തുണ്ടായ ചില തെറ്റുകള്‍ ചുണ്ടിക്കാട്ടി സിപിഐ എമ്മിനെ സ്റ്റാലിനിസ്റ്റ് പാര്‍ട്ടിയെന്ന് അവര്‍ മുദ്രകുത്തുന്നു. പാര്‍ട്ടിയില്‍ എല്ലാം മുകളില്‍ നിന്ന് അടിച്ചേല്‍പ്പിക്കുകയാണെന്ന് അവര്‍ പ്രചരിപ്പിക്കുന്നു. ഇത് നേരിടാന്‍ ജനാധിപത്യകേന്ദ്രീകരണ തത്വം മുറുകെപ്പിടിച്ച് തന്നെ പാര്‍ടി മുന്നോട്ടു നീങ്ങും. ഇങ്ങനെ ചെയ്യുമ്പോള്‍ അമിത കേന്ദ്രീകരണം ഒഴിവാക്കുവാനും പാര്‍ട്ടിയിലെ ജനാധിപത്യത്തില്‍ കുറവുവരാതെ നോക്കുകയും വേണം. ഇതിനായി പാര്‍ട്ടി അംഗങ്ങളുടെ രാഷ്ട്രീയ സംഘടനാ ബോധനിലവാരം ഉയര്‍ത്തണം.

ഭരണത്തിലെത്താറുള്ള സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്കെതിരെ കടുത്ത ആക്രമണമാണ് നടക്കുന്നത്. ഇതും ചെറുക്കാന്‍ സുന്ദരയ്യയുടെ സ്മരണ പാര്‍ട്ടിക്ക് കരുത്താകും. ജനനേതാക്കളായിരുന്നു സുന്ദരയ്യയും എ കെ ജിയും. അവര്‍ എപ്പോഴും ജനങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. വ്യക്തി താല്‍പര്യങ്ങള്‍ക്കുപരിയായി പാര്‍ട്ടി താല്‍പര്യം ഉയര്‍ത്തിപ്പിടിക്കുന്ന നില വരണം. ജീവിത ശൈലിയിലും മറ്റും ജനങ്ങളില്‍ നിന്ന് അകലാനിടയാകുന്ന സ്ഥിതി വരരുത്-നകാരാട്ട് പറഞ്ഞു.

1200 പ്രതിനിധികള്‍ സെമിനാറില്‍ പങ്കെടത്തു. വിപ്ലവാവേശം സുന്ദരയ്യയുടെ മഹത്വം എന്ന വിഷയത്തില്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും ആന്ധ്രപ്രദേശ് സംസ്ഥാന സെക്രട്ടറിയുമായ ബി വി രാഘവലു പ്രബന്ധം അവതരിപ്പിച്ചു. ഇടത്വലത് വ്യതിയാനങ്ങളും പി സുന്ദരയ്യയും എന്ന വിഷയത്തില്‍ പിബി അംഗം കോടിയേരി ബാലകൃഷ്ണനും സുന്ദരയ്യയും കര്‍ഷകപ്രസ്ഥാനങ്ങളും എന്ന വിഷയത്തെ ആധാരമാക്കി പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും സംസാരിച്ചു. പകല്‍ 2.30ന് രണ്ടാം സെഷനില്‍ പാര്‍ടി കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി അധ്യക്ഷയായി. പി സുന്ദരയ്യയും യുവജനവിദ്യാര്‍ഥി പ്രസ്ഥാനങ്ങളും എന്ന വിഷയത്തില്‍ പിബി അംഗം എം എ ബേബിയും ഇന്ത്യയിലെ കാര്‍ഷിക ബന്ധങ്ങളുടെ ഇന്നത്തെ അവസ്ഥയെ സംബന്ധിച്ച് കൊല്‍ക്കത്ത ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. വി കെ രാമചന്ദ്രനും പ്രബന്ധം അവതരിപ്പിച്ചു.

deshabhimani news