Showing posts with label ഇ.യു.കരാര്‍. Show all posts
Showing posts with label ഇ.യു.കരാര്‍. Show all posts

Friday, April 12, 2013

ഇന്ത്യ-ഇയു സ്വതന്ത്ര വ്യാപാര കരാറിനോട് എതിര്‍പ്പ് ശക്തമാകുന്നു


യൂറോപ്യന്‍ യൂണിയനുമായി കേന്ദ്രസര്‍ക്കാര്‍ ഒപ്പിടാനൊരുങ്ങുന്ന സ്വതന്ത്ര വ്യാപാര കരാറിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പാര്‍ലമെന്റിനെ മറികടന്ന് കരാറുമായി മുന്നോട്ടു പോകാനുള്ള നീക്കത്തിനെതിരെ സിപിഐ എം പ്രതിഷേധം രേഖപ്പെടുത്തിയതിന് പിന്നാലെ ബിജെപിയും രംഗത്തെത്തി. 22ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ നിര്‍ദിഷ്ട കരാറിനെക്കുറിച്ച് വിശദമായ ചര്‍ച്ചവേണമെന്ന് ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. യൂറോപ്യന്‍ യൂണിയനുമായി കരാറുണ്ടാക്കുന്നത് ഇന്ത്യക്ക് തിരിച്ചടിയാകുമെന്ന് ജോഷി പറഞ്ഞു.

ഇപ്പോള്‍ത്തന്നെ ഇന്ത്യയില്‍നിന്ന് യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യുന്ന കാര്‍ഷികോല്‍പ്പന്നങ്ങളില്‍ 69 ശതമാനത്തിനും നികുതിയില്ല. കാര്‍ഷികേതര ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ 65 ശതമാനത്തിനും നികുതിയില്ല. കരാര്‍ ഒപ്പിടുന്നപക്ഷം നികുതിരഹിത കയറ്റുമതിയില്‍ വലിയ വര്‍ധന വരില്ല. കരാര്‍ നിലവില്‍വന്നാല്‍ ഇന്ത്യ 90 ശതമാനം ഇറക്കുമതി നികുതി എടുത്തുകളയേണ്ടിവരും. സ്വാഭാവികമായും ഇന്ത്യന്‍ വിപണി യൂറോപ്യന്‍ യൂണിയന്‍ കൈയടക്കുന്ന സ്ഥിതിയാണുണ്ടാവുക. പാല്‍, കോഴിയിറച്ചി, പഞ്ചസാര, ഗോതമ്പ്, എണ്ണക്കുരുക്കള്‍, പ്ലാന്റേഷന്‍ ഉല്‍പ്പന്നങ്ങള്‍, മത്സ്യ ഉല്‍പ്പന്നങ്ങള്‍ എന്നിവ യൂറോപ്പില്‍നിന്ന് വന്‍തോതില്‍ ഇന്ത്യയിലെത്തും. ഇന്ത്യയുടെ കാര്‍ഷിക സ്വയംപര്യാപ്തതയ്ക്കും ഭക്ഷ്യസുരക്ഷയ്ക്കും കരാര്‍ ഭീഷണിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കരാര്‍ അനുസരിച്ച് ഇന്ത്യയുടെ ചെറുകിട വ്യവസായമേഖല യൂറോപ്യന്‍ കുത്തകകള്‍ക്ക് തുറന്നുകൊടുക്കേണ്ടി വരും. ഇതിലൂടെ വലിയൊരു വിഭാഗം സ്ത്രീകളുടെയും താഴെത്തട്ടിലുള്ളവരുടെയും ജീവിതമാര്‍ഗം അടയും. രാജ്യത്തെ ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഒരിക്കലും ബഹുരാഷ്ട്ര കുത്തകകളുമായി മത്സരിക്കാന്‍ കഴിയില്ല എന്നിരിക്കെ കരാര്‍ ഒപ്പിടാനുള്ള നീക്കം ജനങ്ങള്‍ക്കെതിരാണെന്നും ജോഷി പറഞ്ഞു.
കരാര്‍ നിലവില്‍ വരുന്നതോടെ ഇന്ത്യയുടെ ധനകമ്മിയും വ്യാപാര കമ്മിയും വീണ്ടും ഉയരുമെന്ന് സിപിഐ എം നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കരാര്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിശോധനയിലാണ്. സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുംമുമ്പ് കരാര്‍ ഒപ്പിടരുതെന്ന് സിപിഐ എം ആവശ്യപ്പെട്ടു. യൂറോപ്യന്‍ യൂണിയനുമായി ഈ മാസംതന്നെ കരാറില്‍ ഒപ്പിടാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. കരാറിന് അന്തിമരൂപം നല്‍കാന്‍ കൂടിയാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഇപ്പോള്‍ ജര്‍മനി സന്ദര്‍ശിക്കുന്നത്.

deshabhimani

Sunday, April 7, 2013

ഇന്‍ഷുറന്‍സ് വിദേശനിക്ഷേപ പരിധി വീണ്ടും ഉയര്‍ത്തും


യൂറോപ്യന്‍ യൂണിയനുമായി ഇന്ത്യ സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പിടുന്നതോടെ ധനമേഖലയിലെ പരിഷ്കരണ-ഉദാരവല്‍ക്കരണ നടപടികള്‍ കൂടുതല്‍ തീവ്രമാകും. ഇന്ത്യന്‍ വ്യവസായികള്‍ക്കും കര്‍ഷകര്‍ക്കുമുള്ള നാമമാത്രമായ സംരക്ഷണം പോലും ഇല്ലാതാകും. ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശനിക്ഷേപ പരിധി നിലവിലുള്ള 26 ശതമാനത്തില്‍നിന്ന് 49 ശതമാനമാക്കുകയെന്നത് യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ടുവയ്ക്കുന്ന പ്രധാന നിബന്ധനയാണ്. ഇത് കരാറിലെ വ്യവസ്ഥയാക്കണമെന്ന് ഇ യു അംഗരാജ്യങ്ങള്‍ ശക്തമായി ആവശ്യപ്പെടുന്നു. 15ന് ബ്രസല്‍സില്‍ നടക്കുന്ന മന്ത്രിതല സമ്മേളനത്തില്‍ ഈ ആവശ്യം ഉയര്‍ന്നുവരും. ഈ മാസം തന്നെ കരാര്‍ ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശനിക്ഷേപം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ നിയമഭേദഗതി പാസാക്കിയെടുക്കാന്‍ യുപിഎ സര്‍ക്കാര്‍ ഉത്സാഹിക്കുന്നതിന്റെ പിന്നിലുള്ള കാരണങ്ങളിലൊന്ന് അടുത്തുതന്നെ ഒപ്പിടാന്‍ പോകുന്ന ഇന്തോ-ഇയു സ്വതന്ത്ര വ്യാപാര കരാറാണ്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പത്തിന് ജര്‍മനി സന്ദര്‍ശിക്കുമ്പോള്‍ ചാന്‍സലര്‍ ആംഗലാ മെര്‍ക്കലുമായി കരാര്‍ വ്യവസ്ഥകള്‍ സംബന്ധിച്ച് ചര്‍ച്ചനടത്തും. പശ്ചാത്തലസൗകര്യ വികസന മേഖല, പാരമ്പര്യേതര ഊര്‍ജമേഖല, തൊഴില്‍ പരിശീലനം എന്നീ മേഖലകളില്‍ കൂടുതല്‍ മുതല്‍മുടക്കാന്‍ ജര്‍മനിക്ക് താല്‍പ്പര്യമുണ്ട്. ഇതനുസരിച്ച് ഈ മേഖലയിലെ വിദേശനിക്ഷേപ പരിധി ഉദാരമാക്കേണ്ടിവരും. ബര്‍ലിനില്‍ നടക്കുന്ന ഇന്ത്യ-ജര്‍മനി മന്ത്രിതല സമ്മേളനത്തില്‍ വിദേശമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്, വാണിജ്യമന്ത്രി ആനന്ദ് ശര്‍മ, മാനവശേഷി വികസനമന്ത്രി പള്ളം രാജു, ശാസ്ത്ര സാങ്കേതികവിദ്യ മന്ത്രി ജയ്പാല്‍ റെഡ്ഡി എന്നിവര്‍ പങ്കെടുക്കും.

പേറ്റന്റിന്റെ പേരില്‍ ക്യാന്‍സര്‍ രോഗികളെ ചൂഷണം ചെയ്യാനുള്ള നൊവാര്‍ട്ടിസ് കമ്പനിയുടെ ശ്രമം സുപ്രീംകോടതി വിധിയിലൂടെ പൊളിഞ്ഞെങ്കിലും ഇന്തോ-ഇയു സ്വതന്ത്ര വ്യാപാര കരാര്‍ വഴി പിന്‍വാതില്‍ കൊള്ള നടത്താന്‍ നൊവാര്‍ട്ടിസിന് വഴിയൊരുങ്ങും. ബൗദ്ധിക സ്വത്തവകാശം സംബന്ധിച്ച് സംശയമുള്ള ഏത് ഔഷധവും യൂറോപ്യന്‍ യൂണിയനില്‍ എത്താതെ തടയാന്‍ കരാറില്‍ വ്യവസ്ഥയുണ്ടാകും. ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് വന്‍തോതില്‍ ഔഷധങ്ങള്‍ കയറ്റി അയ്യക്കുന്ന രാജ്യമാണ് ഇന്ത്യ. കരാര്‍ ഒപ്പിട്ടാല്‍ ഇന്ത്യന്‍ ഔഷധക്കമ്പനികള്‍ക്ക് പ്രയോജനം ലഭിക്കില്ല. യൂറോപ്യന്‍ ഔഷധക്കമ്പനികളെ ആഗോളവല്‍ക്കരണത്തിന്റെ കെടുതിയില്‍നിന്ന് രക്ഷിക്കാനാണ് സ്വതന്ത്ര വ്യാപാര കരാറില്‍ വ്യവസ്ഥയുണ്ടാക്കുന്നത്. അത് ഔഷധ ഉല്‍പ്പാദന മേഖലയിലെ വന്‍കിട ഇന്ത്യന്‍ കമ്പനികളെയും ദോഷകരമായി ബാധിക്കും. 2008ല്‍ മാത്രം നെതര്‍ലന്‍ഡിലേക്കുള്ള 17 ഔഷധ കണ്ടെയ്നറുകള്‍ തടഞ്ഞു. അതില്‍ 16 എണ്ണവും ഇന്ത്യയില്‍ നിന്നായിരുന്നു. ഏറെ തര്‍ക്കങ്ങള്‍ക്കുശേഷമാണ് തടസ്സം പിന്‍വലിച്ചത്. ഇന്ത്യയില്‍ നിന്നുള്ള ഔഷധ ഇറക്കുമതി തടയാന്‍ വ്യവസ്ഥ കൊണ്ടുവരുന്നതിന് യൂറോപ്യന്‍ രാജ്യങ്ങള്‍ അന്നു മുതല്‍ ശ്രദ്ധാപൂര്‍വം പ്രവര്‍ത്തിക്കുകയായിരുന്നു. പുതിയ വ്യവസ്ഥ വന്നാല്‍ ഇന്ത്യന്‍ ഔഷധക്കയറ്റുമതിയില്‍ വന്‍ ഇടിവുണ്ടാകും. യൂറോപ്പില്‍ നിന്നുള്ള മദ്യം, പാല്‍, പാലുല്‍പ്പന്നങ്ങള്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയിലേക്കൊഴുകും. ഇന്ത്യയുടെ കാര്‍ഷിക മേഖലയെയും വ്യവസായ മേഖലയെയും ഏറെ പ്രതിസന്ധിയിലാക്കുന്നതാകും കരാര്‍.
(വി ജയിന്‍)

deshabhimani 070413