Showing posts with label ശാസ്ത്രസാഹിത്യപരിഷത്ത്. Show all posts
Showing posts with label ശാസ്ത്രസാഹിത്യപരിഷത്ത്. Show all posts

Saturday, May 31, 2014

എസ്സിഇആര്‍ടി റിപ്പോര്‍ട്ട് തള്ളിക്കളയണം: പരിഷത്ത്

കണ്ണൂര്‍: സ്കൂള്‍ പഠനത്തിനുള്ള പിരിയഡുകളുടെ എണ്ണം കൂട്ടാനും ഉച്ചഭക്ഷണസമയം പകുതിയായി കുറയ്ക്കാനും നിര്‍ദേശിക്കുന്ന എസ്സിഇആര്‍ടി റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത് ആവശ്യപ്പെട്ടു.

1997 ല്‍ പുതിയ പാഠ്യപദ്ധതി നടപ്പാക്കിയതുമുതല്‍ ഉന്നയിക്കുന്ന പ്രശ്നമാണ് പീരിയഡുകളുടെ സമയം വര്‍ധിപ്പിക്കണമെന്നത്. പ്രവര്‍ത്തനോന്മുഖമായ ക്ലാസ് മുറികളില്‍ നിലവിലുള്ള പീരിയഡില്‍ നിരന്തരമൂല്യനിര്‍ണയമടക്കമുള്ള പഠനപ്രക്രിയ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ലെന്നത് നിരന്തരം ഉന്നയിക്കുന്ന പ്രശ്നമാണ്. ഈ പ്രശ്നത്തെ ശാസ്ത്രീയമായി അഭിസംബോധന ചെയ്യുന്നതിനു പകരം പിരിയഡിന്റെ സമയം വെട്ടിക്കുറയ്ക്കുകയും ഉച്ചഭക്ഷണസമയം ഉപയോഗിച്ച് 35മിനിറ്റിന്റെ പുതിയൊരു പീരിയഡ് ചേര്‍ക്കുകയും ചെയ്യുന്നതിനുള്ള തലതിരിഞ്ഞ നിര്‍ദേശമാണ് എസ്സിഇആര്‍ടി മുന്നോട്ടുവച്ചതെന്ന് മാധ്യമവാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. ഉച്ചഭക്ഷണ വിതരണവും ഭക്ഷിക്കലും ശുചീകരണ പ്രവര്‍ത്തനങ്ങളും നിലവിലുള്ള ഒരു മണിക്കൂര്‍ കൊണ്ട് പല വിദ്യാലയങ്ങളിലും ബുദ്ധിമുട്ടിയാണ് നിര്‍വഹിക്കുന്നത്. ഉച്ചഭക്ഷണം അരമണിക്കൂറായി വെട്ടിക്കുറച്ച് വിശ്രമത്തിന് അവസരം നല്‍കാതെ കുട്ടികളെ പീഡിപ്പിക്കുന്നത് ക്രൂരതയാണ്. വിദ്യാഭ്യാസ മനഃശാസ്ത്രത്തിന്റെയോ കുട്ടികളുടെ അവകാശങ്ങളുടെയോ ആരോഗ്യ സംരക്ഷണത്തിന്റെ പിന്‍ബലം ഇല്ലാതെ ഇത്തരം തുഗ്ലക്ക് പരിഷ്കാരങ്ങള്‍ പൊതുവിദ്യാഭ്യാസം തുണയായ കേരളത്തിലെ എണ്‍പത് ശതമാനം ജനങ്ങള്‍ക്കുനേരെയുള്ള കടന്നാക്രമണമാണ്. ഇത്തരം വികലനിര്‍ദേശങ്ങള്‍ തള്ളിക്കളയണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിഡന്റ് ഡോ. എന്‍ കെ ശശിധരന്‍ പിള്ളയും ജനറല്‍ സെക്രട്ടറി വി വി ശ്രീനിവാസനും ആവശ്യപ്പെട്ടു.

deshabhimani

Monday, May 12, 2014

ശിശു വികസന പദ്ധതി സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം ചെറുക്കണം

ഉദിനൂര്‍: ശിശു വികസന പദ്ധതികളെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം ചെറുക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ശിശു വികസന പദ്ധതികള്‍ കുറ്റമറ്റതാക്കി നടപ്പാക്കണമെന്ന ആവശ്യമുയരുന്ന വേളയില്‍ നിലവിലുള്ള സംവിധാനം തകര്‍ക്കുന്ന ശ്രമങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. അട്ടപ്പാടിയില്‍ സമീപകാലത്ത് നടന്ന സംഭവം ഇതിനുദാഹരണമാണ്. സംയോജിത ശിശു വികസന പദ്ധതി അവസാനിപ്പിച്ച് അങ്കണവാടികളെ സ്വകാര്യവല്‍ക്കരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കുമുള്ള പോഷകാഹാര വിതരണം, കൗമാരക്കാര്‍ക്കുള്ള ആരോഗ്യ വിദ്യാഭ്യാസ പരിപാടി തുടങ്ങിയ കാര്യങ്ങള്‍ ആരോഗ്യസംരക്ഷണത്തില്‍ പ്രധാന പങ്ക് വഹിക്കുന്നവയാണ്. ഇവയെല്ലാം പുതിയ നീക്കത്തോടെ അട്ടിമറിക്കപ്പെടും. ഐസിഡിഎസ് തകര്‍ക്കാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും ആവശ്യപ്പെട്ടു.

നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 2008ലെ കേരള നെല്‍വയല്‍ നീര്‍തട സംരക്ഷണ നിയമം അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. ജലലഭ്യതയിലും ഭക്ഷ്യസുരക്ഷയിലും നെല്‍വയലുകളുടെ സ്ഥാനം പ്രഥമമാണ്. ഇവയെയെല്ലാം തകിടംമറിച്ച് റിയല്‍ എസ്റ്റേറ്റ് ശക്തികള്‍ക്കും നിര്‍മാണ ലോബികള്‍ക്കും വേണ്ടി നിയമത്തെ അട്ടിമറിക്കാന്‍ ശ്രമം നടക്കുകയാണ്. ബിഒടി പദ്ധതിയില്‍നിന്ന് ദേശീയപാത അതോറിറ്റി പിന്‍വാങ്ങിയ സാഹചര്യത്തില്‍ കേരളത്തിലെ ദേശീയപാതകള്‍ നാലുവരിയായി വികസിപ്പിക്കണം. ദേശീയപാത 45 മീറ്റര്‍ വീതിയില്‍ നാലുവരിയായി ബിഒടി അടിസ്ഥാനത്തില്‍ നിര്‍മിക്കാനുള്ള തീരുമാനത്തില്‍നിന്ന് ജനകീയ പ്രക്ഷോഭത്തിന്റെ ഫലമായാണ് ദേശീയപാത അതോറിറ്റി പിന്‍വാങ്ങിയത്. എന്നാല്‍ ബിഒടിയുടെ ജനവിരുദ്ധ വ്യവസ്ഥ ഒഴിവാക്കി 30 മീറ്റര്‍ വീതിയില്‍ നാലുവരിപ്പാത നിര്‍മിക്കാനാകും. ഇതിനായി മിക്കയിടത്തും സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. പാത നിര്‍മിക്കാനാവശ്യമായ നടപടി സ്വീകരിക്കണം. സമ്മേളനം ആവശ്യപ്പെട്ടു.

വിശ്വാസത്തിന്റെ പേരിലുള്ള ചൂഷണം തടയാന്‍ നിയമം കൊണ്ടുവരണം

ഉദിനൂര്‍(കാസര്‍കോട്): മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ നടക്കുന്ന ചൂഷണത്തിനെതിരെ നിയമം കൊണ്ടു വരണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനത്തില്‍ അന്തവിശ്വാസങ്ങള്‍ക്കെതിരെ കരട് പ്രമേയം അവതരിപ്പിച്ചു. ശാസ്ത്രബോധവും യുക്തിചിന്തയും വളര്‍ത്തുന്നതിന് വിപുലമായ ശാസ്ത്രബോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. ഗ്രന്ഥശാല, അയല്‍ക്കൂട്ടം, വിദ്യാലയംഎന്നിവ കേന്ദ്രീകരിച്ച് ശാസ്ത്രത്തിന്റെ രീതി, യുക്തിചിന്ത എന്നിവയെക്കുറിച്ചുള്ള ക്ലാസുകളും സംസ്ഥാന- ജില്ലാതലങ്ങളില്‍ സംവാദങ്ങളും സംഘടിപ്പിക്കും.

വിദ്യാഭ്യാസരംഗത്ത് ദുര്‍ബലരുടെ നീതിക്കും ഭാഷാ-സംസ്കാരങ്ങളുടെ സംരക്ഷണത്തിനും വേണ്ടി അണിനിരക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായി അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ പ്രവേശനത്തില്‍ 25 ശതമാനം ദുര്‍ബല വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്യണമെന്ന നിബന്ധന ന്യൂനപക്ഷ വിദ്യാലയങ്ങള്‍ക്ക് ബാധകമാകില്ലെന്ന് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചിരുന്നു. മാതൃഭാഷയില്‍ വിദ്യാഭ്യാസം നടത്തണമോയെന്ന് തീരുമാനിക്കാനുള്ള അവകാശം വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമാണെന്നും ഇതില്‍ ഭരണകൂടത്തിന് ഇടപെടാന്‍ സാധിക്കില്ലെന്നും മറ്റൊരു വിധിന്യായത്തില്‍ പറയുന്നു. ഈ വിധികള്‍ ജനാധിപത്യ സങ്കല്‍പങ്ങള്‍ക്ക് കടുത്ത ആഘാതമാണ് സൃഷ്ടിച്ചത്. ദുര്‍ബല വിഭാഗങ്ങള്‍ക്ക് നീതി ഉറപ്പാക്കാനും അവരുടെ സംസ്കാരം നിലനിര്‍ത്താനും മാതൃഭാഷ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. മാതൃഭാഷയിലൂടെ അധ്യയനം നടത്തണമെന്ന അടിസ്ഥാന വിദ്യാഭ്യാസ തത്വത്തിന്റെ ലംഘനമാണ് വിധിയിലൂടെ സുപ്രീംകോടതി നടത്തിയിരിക്കുന്നതെന്ന് പ്രമേയത്തില്‍ പറഞ്ഞു.

ബാറുകള്‍ തുറക്കാനുള്ള ശ്രമം എതിര്‍ക്കണം: പരിഷത്ത്

ഉദിനൂര്‍(കാസര്‍കോട്): സംസ്ഥാനത്ത് അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കാനുള്ള ശ്രമത്തെ ശക്തമായി എതിര്‍ക്കണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനം ആഹ്വാനം ചെയ്തു. 418 ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കാത്തത് സാമൂഹ്യ പ്രശ്നമായി ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമമാണ് തല്‍പരകക്ഷികള്‍ നടത്തുന്നത്. ഇത് പ്രതിരോധിക്കണം- സമ്മേളനം ആവശ്യപ്പെട്ടു. സമാപന ദിവസമായ ഞായറാഴ്ച "വാക്സിന്‍- വിവാദങ്ങളും വസ്തുതകളും" എന്ന വിഷയത്തില്‍ ഡോ. കെ വിജയകുമാര്‍ ക്ലാസെടുത്തു. ഭാവി പ്രവര്‍ത്തന രേഖ പി വി ദിവാകരന്‍ അവതരിപ്പിച്ചു. പശ്ചിമഘട്ട സംരക്ഷണത്തിന്റെ ഭാഗമായി "ആവശ്യമുണ്ട് പശ്ചിമഘട്ടത്തെ ജീവനോടെ തന്നെ" എന്ന മുദ്രാവാക്യമുയര്‍ത്തി ക്യാമ്പയിന്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വന സംരക്ഷണം, വിഭവ വിനിയോഗം, വികസന നയം തുടങ്ങിയ വിഷയങ്ങളില്‍ ലഘുലേഖ വിതരണവും ജനസംവാദവും സംഘടിപ്പിക്കും. ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് ഗൃഹ സന്ദര്‍ശനത്തോടെ ക്യാമ്പയില്‍ ആരംഭിക്കും.

റിയല്‍ എസ്റ്റേറ്റ് മേഖലയെ നിയന്ത്രിക്കണം: പരിഷത്ത്

ഉദിനൂര്‍: കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയെ നിയന്ത്രിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. വന്‍തോതില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനവും റിയല്‍ എസ്റ്റേറ്റ് വ്യാപാരത്തിന്റെ അമിത സ്വാധീനവും സംസ്ഥാനത്തെ സമ്പദ്വ്യവസ്ഥയില്‍ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും. വ്യാപകമായി നടക്കുന്ന കെട്ടിട നിര്‍മാണം പ്രകൃതിസമ്പത്ത് ചൂഷണം ചെയ്യുകയാണ്. റിയല്‍ എസ്റ്റേറ്റ് കുത്തകകള്‍ പാവപ്പെട്ട ജനങ്ങളെ ചൂഷണം ചെയ്യുകയാണ്. അമിതമായി പ്രകൃതിയെ ചൂഷണം ചെയ്യുന്നതിലൂടെ കനത്ത വരള്‍ച്ചയാണ് അനുഭവപ്പെടുന്നത്. കേരളത്തില്‍ നിലയുറപ്പിച്ച റിയല്‍ എസ്റ്റേറ്റ് ലോബിയുടെ പ്രവര്‍ത്തനം കര്‍ശനമായി നിയന്ത്രിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സമചിത്തതയോടെയുള്ള സംവാദാത്മക അന്തരീക്ഷം ഉറപ്പുവരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

സംസ്കാരം, പരിസ്ഥിതി, ലിംഗനീതി തുടങ്ങിയവയില്‍ വിവിധങ്ങളായ അഭിപ്രായങ്ങളാണ് നിലനില്‍ക്കുന്നത്. വ്യത്യസ്ഥ അഭിപ്രായം സംവാദങ്ങളിലൂടെയാണ് അഭിപ്രായ സമന്വയത്തിലെത്തുന്നത്. ഇത് പൊതു തത്ത്വമാണ്. എന്നാല്‍ സമീപകാലത്തായി സംവാദാത്മകമായ അന്തരീക്ഷം സാധ്യമല്ലാത്ത സാംസ്കാരിക അന്തരീക്ഷം രൂപപ്പെടുകയാണ്. പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് മാധവ് ഗാഡ്ഗില്‍ സമിതി ശുപാര്‍ശകളോടും അമൃതാനന്ദമയി മഠത്തിനെ സംബന്ധിച്ചും ഉയര്‍ന്ന പ്രതികരണങ്ങളാണ് ഇതിന് ഉദാഹരണം. സംഭവങ്ങളുടെ ഗൗരവം കണക്കിലെടുത്ത് ചര്‍ച്ചകള്‍ നടത്താതെ പ്രശ്നങ്ങളെ തമസ്കരിക്കാനുള്ള രീതിയാണ് സ്വീകരിച്ചുവരുന്നത്. പ്രാദേശികം, ജാതീയം, മതപരം തുടങ്ങി എല്ലാത്തരം വിഭാഗീയ വികാരങ്ങളെയും തൃപ്തിപ്പെടുത്തുന്ന നിലപാടാണ് ഭരണവര്‍ഗം സ്വീകരിക്കുന്നത്- പ്രമേയത്തില്‍ പറഞ്ഞു.

സംഘാടന മികവില്‍ വേറിട്ട മാതൃകതീര്‍ത്ത് പരിഷത്ത് സമ്മേളനം

ഉദിനൂര്‍: സംഘാടന മികവിലും ജനകീയ കൂട്ടായ്മയിലും വേറിട്ട മാതൃക സൃഷ്ടിച്ച് പരിഷത്ത് സംസ്ഥാന സമ്മേളനം. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന സമ്മേളനത്തിനായി മാസങ്ങള്‍ക്കുമുമ്പേ ചിട്ടയായ പ്രവര്‍ത്തനം ഉദിനൂരില്‍ ആരംഭിച്ചിരുന്നു. പരിഷത്ത് പ്രവര്‍ത്തകരുടെയും നാട്ടുകാരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയുടെ ഒരുമയോടെയുള്ള പ്രവര്‍ത്തനം സമ്മേളന നടത്തിപ്പില്‍ വ്യക്തമായിരുന്നു. പ്രതിനിധികള്‍ക്കായി ചെലവ് കുറഞ്ഞതും ലളിതവും സ്വാദേറിയതുമായ നാടന്‍ വിഭവങ്ങളാണ് നല്‍കിയത്. വീടുകളില്‍നിന്ന് ശേഖരിച്ച നാടന്‍ ഉല്‍പന്നങ്ങളുപയോഗിച്ചാണ് ഭക്ഷണമൊരുക്കിയത്. ജില്ലയുടെ ഭക്ഷണ വൈവിധ്യം കോര്‍ത്തിണക്കിയാണ് വിഭവം തയ്യാറാക്കിയത്. ഭക്ഷണം തയ്യാറാക്കാന്‍ ദിവസവും ഉദിനൂരിന്റെ വിവിധ പ്രദേശങ്ങളില്‍നിന്നായി സ്ത്രീകളടക്കമുള്ളവരെത്തി. ശുചിത്വപാലനത്തിന് പ്രത്യേക സ്ക്വാഡും പ്രവര്‍ത്തിച്ചു.

പടന്ന, പിലിക്കോട്, ചെറുവത്തൂര്‍, കയ്യൂര്‍- ചീമേനി, തൃക്കരിപ്പൂര്‍, വലിയപറമ്പ് പഞ്ചായത്തുകളില്‍ പ്രാദേശിക സംഘാടക സമിതി രൂപീകരിച്ച് മാസങ്ങള്‍ക്കുമുമ്പേ പ്രവര്‍ത്തനം നടത്തി. സാംസ്കാരിക സമിതികളുടെ നേതൃത്വത്തില്‍ പത്ത് ശില്‍പവും കമാനങ്ങളും സ്ഥാപിച്ചു. സമ്മേളന നഗരിയുടെ വഴികളില്‍ പ്ലാസ്റ്റിക് മുക്തമായ അലങ്കാരങ്ങളാണൊരുക്കിയത്. മെടഞ്ഞ ഓലകൊണ്ടാണ് സമ്മേളനവേദി അലങ്കരിച്ചത്. ജില്ലയുടെ സാംസ്കാരിക വൈവിധ്യം, നാടന്‍കല എന്നിവ പരിചയപ്പെടുത്തി പിആര്‍ഡി ഒരുക്കിയ ഫോട്ടോ പ്രദര്‍ശനം ശ്രദ്ധയാകര്‍ഷിച്ചു.

deshabhimani

Saturday, May 10, 2014

പരിഷത്ത് സംസ്ഥാന സമ്മേളനത്തിന് ഉദിനൂരില്‍ ഉജ്വല തുടക്കം

ഉദിനൂര്‍ (കാസര്‍കോട്): കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 51-ാം സംസ്ഥാന സമ്മേളനത്തിന് ഉദിനൂരില്‍ പ്രൗഢോജ്വല തുടക്കം. മൂന്നുദിവസം നീളുന്ന സമ്മേളനം വെള്ളിയാഴ്ച രാവിലെ ഉദിനൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മഹാരാഷ്ട്ര അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതി നേതാവ് ഡോ. ഹമീദ് ധാബോല്‍ക്കര്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് എന്‍ കെ ശശിധരന്‍ അധ്യക്ഷനായി. പരിഷത്ത് പ്രവര്‍ത്തകരും കുട്ടികളും ചേര്‍ന്ന് അവതരിപ്പിച്ച സ്വാഗത സംഗീതശില്‍പത്തോടെയാണ് സമ്മേളനത്തിന് തുടക്കമായത്. ഭാരത് ജ്ഞാന്‍ വിജ്ഞാന്‍ സമിതി ജനറല്‍ സെക്രട്ടറി ആശാമിത്ര സംസാരിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ കെ കുഞ്ഞിരാമന്‍ എംഎല്‍എ സ്വാഗതം പറഞ്ഞു.

ഉദ്ഘാടന സമ്മേളനത്തിനുശേഷം പ്രതിനിധി സമ്മേളനം ആരംഭിച്ചു. ജനറല്‍ സെക്രട്ടറി വി വി ശ്രീനിവാസന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവു- ചെലവ് കണക്കും അവതരിപ്പിച്ചു. തുടര്‍ന്ന് ചര്‍ച്ചയും ക്രോഡീകരണവും നടന്നു. വൈകിട്ട് ശാസ്ത്രജാഥയും പരിഷത്ത് പരിശീലിപ്പിച്ച വിദ്യാര്‍ഥിനികളുടെ തൈക്കോണ്‍ഡോ പ്രദര്‍ശനവുമുണ്ടായി. "കേരള വികസന പരിപ്രേക്ഷ്യവും പുതിയ പരിഷത്തും" എന്ന സംഘടനാരേഖയും സമ്മേളനത്തില്‍ അവതരിപ്പിച്ചു. ഇതിന്മേല്‍ ചര്‍ച്ചയും നടന്നു. ശനിയാഴ്ച രാവിലെ 8.30ന് സമ്മേളനം ആരംഭിക്കും. ചര്‍ച്ചക്കുള്ള മറുപടിക്കുശേഷം ഭാരവാഹികളെ തെരഞ്ഞെടുക്കും. അന്ധവിശ്വാസ നിരോധന നിയമം- ജനകീയ മെമ്മോറാണ്ടം" ഡോ. കെ എന്‍ ഗണേശ് അവതരിപ്പിക്കും. തുടര്‍ന്ന് കരട് ബില്ലും ചര്‍ച്ചയും ഉണ്ടാകും. വൈകിട്ട് വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സസ്റ്റൈനബിള്‍ എനര്‍ജി ഡയറക്ടര്‍ ജനറല്‍ ജി മധുസൂദനന്‍പിള്ള "കേരളത്തിന് സമഗ്ര ഊര്‍ജ പരിപാടി" എന്ന വിഷയം അവതരിപ്പിക്കും. വൈകിട്ട് കലാപരിപാടികളും അരങ്ങേറും. ഞായറാഴ്ച ഉച്ചയോടെ സമ്മേളനം സമാപിക്കും.

സപ്തഭാഷ സംഗമഭൂമിയുടെ ചരിത്രവുമായി സംഗീതശില്‍പം

തൃക്കരിപ്പൂര്‍: സപ്തഭാഷ സംഗമഭൂമിയുടെ ചരിത്രവുമായി സ്വാഗത സംഗീതശില്‍പം വേദിയെ വ്യത്യസ്തമാക്കി. വിളകൊയ്ത്ത് സമരത്തിന് വേദിയായ ഉദിനൂരിന്റെ മണ്ണില്‍ നടക്കുന്ന ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനത്തിലാണ് കലാ- സാംസ്കാരിക പൈതൃകങ്ങള്‍ സമന്വയിച്ച സംഗീതശില്‍പം അവതരിപ്പിച്ചത്. പരിഷത്ത് ഉദിനൂര്‍ യൂണിറ്റിലെ പ്രവര്‍ത്തകരും വിദ്യാര്‍ഥികളുമടങ്ങുന്ന 70 അംഗ സംഘമാണ് 20 മിനിറ്റ് നീളുന്ന സംഗീതശില്‍പം അവതരിപ്പിച്ചത്. ഈ നാടിതു നിങ്ങളെ വരവേല്‍ക്കുന്നൂ..എന്ന ഗാനത്തിന് സി എം വിനയചന്ദ്രനും നിറമണിഞ്ഞ സ്വപ്ന നെഞ്ചകം നിറക്കാന്‍.... ഗാനത്തിന് എ എം ബാലകൃഷ്ണനും രചന നിര്‍വഹിച്ചു. ഗംഗന്‍ കരിവെള്ളൂര്‍ സംഗീതവും അനില്‍ നടക്കാവ്, ബാബു കരിന്തളം എന്നിവര്‍ നൃത്താവിഷ്കാരവും നിര്‍വഹിച്ചു. തടിയന്‍കൊവ്വല്‍ മനീഷ ബാലവേദി പ്രവര്‍ത്തകരാണ് നൃത്തം അവതരിപ്പിച്ചത്.

deshabhimani

Friday, May 9, 2014

പരിസ്ഥിതി സംരക്ഷണ പ്രചാരണവുമായി പരിഷത്ത് സംസ്ഥാന സമ്മേളനം

തൃക്കരിപ്പൂര്‍: പരിസ്ഥിതി സംരക്ഷണ പ്രചാരണവുമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 51 -ാം സംസ്ഥാന സമ്മേളനത്തിന് ഉദിനൂര്‍ ഒരുങ്ങി. വെള്ളിയാഴ്ച മുതല്‍ ആരംഭിക്കുന്ന സംസ്ഥാന സമ്മേളനം വന്‍ വിജയമാക്കാന്‍ ഗ്രാമീണ വായനശാലകളും സന്നദ്ധ സംഘടന പ്രവര്‍ത്തകരും മുന്നിട്ടിറങ്ങിയതോടെ പുതുമയാര്‍ന്ന പ്രചാരണമാണ് നടന്നത്.

മാസങ്ങള്‍ക്ക് മുമ്പേ ചുവരെഴുത്തും ചാക്ക് ബോര്‍ഡുകളും ഒരുക്കി പരിസ്ഥിതി സംരക്ഷണ സന്ദേശം ഉയര്‍ത്തിപ്പിടിച്ച സംഘാടകര്‍ വിവിധ ജില്ലകളില്‍നിന്ന് പ്രതിനിധികളായെത്തുന്നവരെ വരവേല്‍ക്കാന്‍ ഓല കൊണ്ടുള്ള കമാനങ്ങളും ബോര്‍ഡുകളും ഒരുക്കിയിട്ടുണ്ട്. പ്രദേശത്തെ 15 സാംസ്കാരിക സംഘടനകളുടെയും മറ്റും നേതൃത്വത്തിലാണ് പ്രവര്‍ത്തനം. നടക്കാവ് മുതല്‍ സമ്മേളന നഗരിയായ ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളുവരെ റോഡിനിരുവശവും പരിഷത്തിന്റെ മുദ്രാഗീതങ്ങളും സന്ദേശവും ആലേഖനം ചെയ്ത ഓല ബോര്‍ഡുകള്‍ നിറഞ്ഞു. ബിജു കൊടക്കാടാണ് ഓല ബോര്‍ഡുകള്‍ രൂപകല്‍പന ചെയ്തത്. ഉദിനൂര്‍ ഇ എം എസ് പഠന കേന്ദ്രം, എ കെ ജി കോച്ചിങ് സെന്റര്‍ എന്നിവയുടെ നേതൃത്വത്തില്‍ കമാനങ്ങളും സ്തൂപങ്ങളും ഒരുക്കി. സുരേന്ദ്രന്‍ കൂക്കാനം, കെ വി രാജന്‍, സന്തോഷ് മാനസ എന്നിവര്‍ പ്രത്യേക ശില്‍പങ്ങള്‍ ഒരുക്കി.

വെള്ളിയാഴ്ച രാവിലെ പത്തിന് അന്ധവിശ്വാസത്തിനെതിരായ പോരാട്ടത്തില്‍ രക്തസാക്ഷിത്വം വരിച്ച ഡോ. നരേന്ദ്ര ധാബോല്‍ക്കറുടെ മകനും മഹാരാഷ്ട്ര അന്ധശ്രദ്ധ നിര്‍മ്മൂലന്‍ സമിതി നേതാവുമായ ഡോ. ഹമീദ് ധാബോല്‍ക്കര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.

ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനം ഇന്നു തുടങ്ങും

ഉദിനൂര്‍ (കാസര്‍കോട്): കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 51-ാം സംസ്ഥാന സമ്മേളനം വെള്ളിയാഴ്ച തുടങ്ങും. ഉദിനൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ രാവിലെ പത്തിന് മഹാരാഷ്ട്ര അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതി നേതാവ് ഡോ. ഹമീദ് ധാബോല്‍ക്കര്‍ ഉദ്ഘാടനം ചെയ്യും. 400 പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനം 11ന് സമാപിക്കും. അന്ധവിശ്വാസവും അനാചാരങ്ങളും തടയുന്നതിന് നിയമം കൊണ്ടുവരണമെന്ന മെമ്മോറാണ്ടം ആദ്യ ദിവസം ഡോ. കെ എന്‍ ഗണേശ് അവതരിപ്പിക്കും. പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ്-ചെലവ് കണക്കും അവതരിപ്പിക്കും. പ്രതിനിധികളുടെ ചര്‍ച്ചയും ഉണ്ടാകും. ശനിയാഴ്ച വൈകിട്ട് ആറിന് പി ടി ഭാസ്കരപണിക്കര്‍ അനുസ്മരണ സമ്മേളനത്തില്‍ സുസ്ഥിര ഊര്‍ജ വികസനത്തിനുള്ള ലോക സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ജി മധുസൂദനന്‍പിള്ള പ്രഭാഷണം നടത്തും. കേരളത്തിന് സമഗ്ര ഊര്‍ജ പരിപാടി എന്നതാണ് വിഷയം. പരിഷത്തിന്റെ ഇ-മാഗസിന്‍ ചടങ്ങില്‍ പ്രകാശനം ചെയ്യും. സമാപന ദിവസമായ ഞായറാഴ്ച പകല്‍ 10.30ന് "വാക്സിനേഷന്‍-വിവാദങ്ങളും വസ്തുതകളും" വിഷയത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കമ്യൂണിറ്റി മെഡിസില്‍ വിഭാഗം തലവന്‍ ഡോ. കെ വിജയകുമാര്‍ ക്ലാസെടുക്കും.

deshabhimani

Thursday, May 8, 2014

ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനം നാളെ തുടങ്ങും

കാസര്‍കോട്: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 51-ാം സംസ്ഥാന സമ്മേളനം വെള്ളിയാഴ്ച ഉദിനൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ തുടങ്ങും. അന്ധവിശ്വാസത്തിനെതിരായ പോരാട്ടത്തില്‍ രക്തസാക്ഷിത്വം വരിച്ച ഡോ. നരേന്ദ്ര ധാബോല്‍ക്കറിന്റെ മകനും മഹാരാഷ്ട്ര അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതി നേതാവുമായ ഡോ. ഹമീദ് ധാബോല്‍ക്കര്‍ രാവിലെ പത്തിന് സമ്മേളനംഉദ്ഘാടനംചെയ്യും. 11ന് വൈകിട്ടാണ് സമാപനം.

കേരളത്തില്‍ അടുത്തകാലത്ത് വ്യാപകമായ അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ ശക്തമായ നിയമങ്ങള്‍ കൊണ്ടുവരുന്നതിന് പ്രചാരണം സംഘടിപ്പിക്കുന്നതിനുള്ള രൂപരേഖ സമ്മേളനം ചര്‍ച്ചചെയ്യും. ഇതിനായി സര്‍ക്കാരിന് സമര്‍പ്പിക്കാനുള്ള മെമ്മോറാണ്ടം ഡോ. കെ എന്‍ ഗണേശ് അവതരിപ്പിക്കും. പത്തിന് വൈകിട്ട് ആറിന് പി ടി ഭാസ്കരപണിക്കര്‍ അനുസ്മരണ സമ്മേളനത്തില്‍ സുസ്ഥിര ഊര്‍ജ വികസനത്തിനുള്ള ലോകസംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ജി മധുസൂദനന്‍പിള്ള പ്രഭാഷണം നടത്തും. കേരളത്തിന് സമഗ്ര ഊര്‍ജ പരിപാടി എന്നതാണ് വിഷയം. പരിഷത്തിന്റെ ഇ-മാഗസിന്‍ ചടങ്ങില്‍ പ്രകാശനം ചെയ്യും.

സമാപന ദിനമായ 11ന് പകല്‍ 10.30ന് "വാക്സിനേഷന്‍- വിവാദങ്ങളും വസ്തുതകളും" വിഷയത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം തലവന്‍ ഡോ. കെ വിജയകുമാര്‍ ക്ലാസെടുക്കും.

"വേണം മറ്റൊരു കേരളം" ക്യാമ്പയിനിന്റെ ഭാഗമായി നടത്തിയ കേരള വികസന കോണ്‍ഗ്രസില്‍ രൂപപ്പെടുത്തിയ സുസ്ഥിരതയിലും സാമൂഹ്യനീതിയിലും ഊന്നിയ വികസന സമീപനം സമ്മേളനം ചര്‍ച്ച ചെയ്യുമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട 400 പ്രതിനിധികള്‍ പങ്കെടുക്കും. വിവിധ സെഷനുകള്‍ക്ക് സി പി നാരായണന്‍ എംപി, ഡോ. സി ടി എസ് നായര്‍, ടി ഗംഗാധരന്‍, ഡോ. കെ പി അരവിന്ദന്‍, ഡോ. എം പി പരമേശ്വരന്‍, ഡോ. ആര്‍ വി ജി മേനോന്‍, പ്രൊഫ. പി കെ രവീന്ദ്രന്‍, ഡോ. കാവുമ്പായി ബാലകൃഷ്ണന്‍, പ്രൊഫ. എം കെ പ്രസാദ്, പ്രൊഫ. ടി പി കുഞ്ഞിക്കണ്ണന്‍, ഡോ. കെ രാജേഷ്, പ്രൊഫ. കെ പാപ്പൂട്ടി എന്നിവര്‍ നേതൃത്വം നല്‍കും.

deshabhimani

Monday, May 5, 2014

ആശയപ്രചാരണ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ രംഗത്തിറങ്ങുക: പരിഷത്ത്

കോട്ടയം: കേരളത്തില്‍ അടുത്ത കാലത്തായി ആശയ പ്രചാരണത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനുമെതിരെ ഉയരുന്ന ആക്രമണങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്നും കുറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോട്ടയം ജില്ലാ വാര്‍ഷികസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ആശയപ്രചാരണ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ജനങ്ങള്‍ രംഗത്തിറങ്ങണം. അമൃതാനന്ദമയീ മഠത്തിനെതിരെ ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ആള്‍ദൈവങ്ങള്‍ക്കെതിരെ നിലപാടെടുത്ത സ്വാമി സന്ദീപാനന്ദ ഗിരിയെ തിരൂരില്‍ ഒരുസംഘം ക്രൂരമായി മര്‍ദിച്ച സംഭവവും ഈ വിഷയത്തില്‍ പുസ്തകം പ്രസിദ്ധീകരിച്ച ഡിസി ബുക്സിനെതിരെയുള്ള ആക്രമണവും പ്രബുദ്ധ കേരളത്തിന് അപമാനമാണ്. ആശയങ്ങളെ സംവാദങ്ങളിലൂടെ നേരിടുന്നതിനു പകരം കായികമായി നേരിടുന്നത് ഫാസിസമാണ്. അമൃതാനന്ദമയി മഠത്തിനെതിരായ ആരോപണങ്ങള്‍ അന്വേഷിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാവണം. അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെ നീക്കങ്ങള്‍ ഉണ്ടായപ്പോഴെല്ലാം കേരളത്തില്‍ അതിനെതിരെ ശക്തമായ പ്രതികരണങ്ങള്‍ ഉയര്‍ന്നു വരാറുണ്ട്. എന്നാല്‍ സമീപകാലത്ത് ഇത്തരം സംഭവങ്ങളില്‍ കേരളത്തിന്റെ പൊതുമണ്ഡലം നിശബ്ദത പാലിക്കുകയാണ്. ഇത് അത്യന്തം അപകടകരമായ അവസ്ഥയിലേക്കാണ് സമൂഹത്തെ എത്തിക്കുക. എല്ലാ കാര്യങ്ങളും മത സമുദായ നേതൃത്വവും ആള്‍ദൈവങ്ങളുമാണ് നിശ്ചയിക്കുക എന്ന് വരുന്നത് ഒരു ജനാധിപത്യ സമൂഹത്തിന് ചേര്‍ന്നതല്ല. കേരളത്തിന്റെ ഉന്നതമായ മതേതര ജനാധിപത്യ പാരമ്പര്യത്തെയും യുക്തിബോധത്തെയും കാത്തു സൂക്ഷിക്കാന്‍ മുന്നോട്ടു വരണമെന്ന് മുഴുവന്‍ രാഷ്ട്രീയ-സാംസ്കാരിക സംഘടനകളോടും വ്യക്തികളോടും മാധ്യമങ്ങളോടും പരിഷത്ത് പ്രമേയത്തിലൂടെ അഭ്യര്‍ഥിച്ചു.

സംഘടനാരേഖ സംസ്ഥാന നിര്‍വാഹകസമിതിയംഗം ഡോ. കെ രാജേഷ് അവതരിപ്പിച്ചു. തുടര്‍ന്ന് രേഖാ ചര്‍ച്ച, ഭാവിപ്രവര്‍ത്തനങ്ങളുടെ അവതരണം എന്നിവ നടന്നു. നിയാസ് മുഹമ്മദ് പ്രമേയം അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ആര്‍ സനല്‍കുമാര്‍ അധ്യക്ഷനായി.സംസ്ഥാന വൈസ്പ്രസിഡന്റ് ടി പി ശ്രീശങ്കര്‍, നിര്‍വാഹകസമിതിയംഗം ജി ബാലകൃഷ്ണന്‍നായര്‍ ജില്ലാ സെക്രട്ടറി ടി യു സുരേന്ദ്രന്‍, ട്രഷറര്‍ കെ രാജന്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘത്തെ ജനറല്‍ കണ്‍വീനര്‍ എ പി നന്ദകുമാര്‍ പരിചയപ്പെടുത്തി. സംസ്ഥാന സമ്മേളന പ്രതിനിധികളുടെ തെരഞ്ഞെടുത്തശേഷം ശാസ്ത്ര ഗാനത്തോടെ സമ്മേളനം സമാപിച്ചു. ഭാരവാഹികള്‍: ടി എസ് അമൃതനാഥ്(പ്രസിഡന്റ്), കെ തങ്കപ്പന്‍ പറാല്‍, ബാബു കക്കാര്‍പിള്ളില്‍(വൈസ്പ്രസിഡന്റ്ുമാര്‍), വി പി ശശി(സെക്രട്ടറി), കെ എസ് സനോജ്, മിനി ശശിധരന്‍(ജോയിന്റ് സെക്രട്ടറിമാര്‍), ടി യു അനിയന്‍കുഞ്ഞ്(ട്രഷറര്‍).

deshabhimani

Tuesday, March 11, 2014

അമൃതാനന്ദമയീമഠം: സത്യം പുറത്തുകൊണ്ടുവരണമെന്ന് പരിഷത്ത്

കോഴിക്കോട്: അമൃതാനന്ദമയീമഠത്തിനെതിരെയുള്ള ആരോപണങ്ങളുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ നീതിപൂര്‍വകമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് കേരള ശാസ്ത്രസാഹിത്യപരിഷത്ത്.

ബലാത്സംഗമുള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ നടന്നതായുള്ള ആരോപണം കേരളത്തിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്നതാണ്. ആത്മീയകാര്യത്തില്‍ ആകൃഷ്ടരായി മഠത്തിലെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലെന്നാണ് ദീര്‍ഘകാലം അന്തേവാസിയായ ഗെയില്‍ ട്രെഡ്വെലിന്റെ വെളിപ്പെടുത്തലിലൂടെ വ്യക്തമാകുന്നത്. സാമൂഹ്യസേവനങ്ങള്‍ ചെയ്യുന്നുവെന്നതിന്റെ പേരിലും മഠത്തിന്റെ വിശദീകരണം വിശ്വാസത്തിലെടുത്തും ഗുരുതരമായ ആരോപണങ്ങളെ പ്രഥമദൃഷ്ട്യാ തള്ളിക്കളയുന്ന അധികൃതരുടെ സമീപനം അങ്ങേയറ്റം ബാലിശമാണ്. കേരളത്തിന്റെ ഉന്നതമായ സാമൂഹ്യബോധത്തിനും യുക്തിബോധത്തിനും നിരക്കുന്ന പ്രതികരണം ഈ വിഷയത്തിലുണ്ടായില്ലെന്നത് ഖേദകരമാണ്. ഗെയില്‍ ട്രെഡ്വെലിന്റെ പുസ്തകത്തില്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അവാസ്തവമാണെങ്കില്‍ നീതിപൂര്‍വകമായ അന്വേഷണത്തിലൂടെ ആരോപണത്തില്‍നിന്ന് മുക്തരാകാന്‍ മഠം അധികാരികള്‍ തയാറാകണം. പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍ കെ ശശിധരന്‍ പിള്ള, ജനറല്‍ സെക്രട്ടറി വി വി ശ്രീനിവാസന്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani

Sunday, December 29, 2013

ആസൂത്രണ ബോര്‍ഡിന്റെ വികസനരേഖ സ്വകാര്യവല്‍ക്കരണത്തെ പ്രോത്സാഹിപ്പിക്കുന്നു

വിപണികേന്ദ്രീകൃതവും സ്വകാര്യവല്‍ക്കരണത്തെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നതുമാണ് സംസ്ഥാന ആസൂത്രണ ബോര്‍ഡ് തയ്യാറാക്കിയ വികസനരേഖ- വിഷന്‍ 2030 എന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന കേരള വികസന കോണ്‍ഗ്രസിലെ സെമിനാറില്‍ അഭിപ്രായമുയര്‍ന്നു. കേരളം വിവിധ മേഖലകളില്‍ തനതായ രീതിയില്‍ കൈവരിച്ച നേട്ടങ്ങളെ ഇല്ലാതാക്കാന്‍ ലക്ഷ്യമിടുന്ന രേഖ സാമൂഹ്യ, സാമ്പത്തികരംഗങ്ങളില്‍ ഘടനാപരമായ മാറ്റങ്ങള്‍കൂടി ലക്ഷ്യമിടുന്നതാണെന്നും കേരള വികസനവും, വിഷന്‍ 2030ഉം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു.

ആസൂത്രണബോര്‍ഡ് തയ്യാറാക്കിയ വികസനരേഖ- വിഷന്‍ 2030ല്‍ വികസനത്തിനുള്ള ഒറ്റമൂലിയായി വാണിജ്യവല്‍ക്കരണത്തെയാണ് മുന്നോട്ടുവയ്ക്കുന്നതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക് എംഎല്‍എ പറഞ്ഞു. വിപണിയിലും സാങ്കേതികവിദ്യയിലും മാത്രം കേന്ദ്രീകരിച്ചുള്ള വികസനം കേരളത്തിന്റെ തനത് വളര്‍ച്ചാചരിത്രത്തെ പരിഗണിക്കുന്നില്ല. വൈജ്ഞാനിക സമൂഹം കേരള വികസനത്തെക്കുറിച്ചു നടത്തിയ പഠനങ്ങള്‍ മറന്ന് സംസ്ഥാനത്തെക്കുറിച്ച് പ്രാഥമിക ധാരണയില്ലാത്ത ഏജന്‍സിയെക്കൊണ്ടാണ് രേഖ തയ്യാറാക്കിയത്. ഇത് ഇവിടുത്തെ പണ്ഡിതസമൂഹത്തെ അവഹേളിക്കുന്നതാണ്. രേഖയുടെ ഉള്ളടക്കം അത് നടപ്പാക്കുന്നതിലെ അപ്രായോഗികത വ്യക്തമാക്കുന്നതാണ്. കൃഷിയും മൃഗപരിപാലനവുംപോലുള്ള മേഖലകളില്‍ ഉപജീവനമാര്‍ഗങ്ങള്‍ക്കു പകരം സംഘടിത സംരംഭകരുടെ വാണിജ്യലക്ഷ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതാണ് രേഖ. ഇതിനുള്ള മാര്‍ഗങ്ങള്‍ കേരളത്തിന്റെ സാമൂഹ്യ, സാമ്പത്തിക അവസ്ഥ പരിഗണിക്കാതെ തയ്യാറാക്കിയതാണ്. സാങ്കേതിക വിദ്യയെയും വിപണിയെയും മാത്രം ആശ്രയിച്ചുള്ള വികസനം മുന്നോട്ടുവയ്ക്കുന്ന രേഖ അംഗീകരിക്കാനാവില്ല. ഇതു നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും തോമസ് ഐസക് പറഞ്ഞു.

പത്തുശതമാനം വളര്‍ച്ച ലക്ഷ്യമിട്ട് ആരോഗ്യ, വിദ്യാഭ്യാസ മേഖലകളെ സേവനപാതയില്‍നിന്നു മാറ്റി വാണിജ്യവല്‍ക്കരിക്കുകയാണ് വികസനരേഖ ലക്ഷ്യമിടുന്നതെന്ന് പ്രൊഫ. ടി പി കുഞ്ഞിക്കണ്ണന്‍ പറഞ്ഞു. ഇതിനായി ആഗോള കമ്പനികളുമായി കൈകോര്‍ത്ത് വിദ്യാഭ്യാസ, ആരോഗ്യ ഹബ്ബുകള്‍ സ്ഥാപിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വിഷന്‍-2030 അന്തിമരേഖയല്ലെന്നും കരടു മാത്രമാണെന്നും ആസൂത്രണബോര്‍ഡ് അംഗം സി പി ജോണ്‍ പറഞ്ഞു. വിമര്‍ശങ്ങള്‍അംഗീകരിച്ച് തിരുത്തുന്നതിനു തടസ്സമില്ല. ഇതിന് പരിഷത്തുമായി ചര്‍ച്ചയ്ക്ക് ബോര്‍ഡ് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. സിഎസ്ഇഎസ് ചെയര്‍മാന്‍ ഡോ. കെ കെ ജോര്‍ജ് മോഡറേറ്ററായി. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി വാസുദേവന്‍, എഐവൈഎഫ് ജില്ലാ സെക്രട്ടറി സന്തോഷ് പീറ്റര്‍ എന്നിവര്‍ സംസാരിച്ചു.

deshabhimani

Saturday, December 28, 2013

കേരളത്തിലെ സ്ത്രീകളുടെ തൊഴില്‍പങ്കാളിത്ത നിരക്ക് കുറവ്

കേരളത്തിലെ സ്ത്രീകളുടെ തൊഴില്‍പങ്കാളിത്തനിരക്ക് മൊത്തം ജനസംഖ്യയുടെ 25.6 ശതമാനമാണെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ സ്ത്രീപദവി പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതില്‍ സ്ഥിരംതൊഴില്‍ ചെയ്യുന്നവര്‍ 9.5 ശതമാനവും താല്‍ക്കാലിക ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ 16.1 ശതമാനവുമാണ്. 2008ല്‍ സംസ്ഥാനത്തെ 1800 വീടുകളിലായി 15 മുതല്‍ 59 വരെ പ്രായമുള്ള സ്ത്രീകളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. ഇതരസംസ്ഥാനങ്ങളുമായും ലോകരാജ്യങ്ങളുമായും താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും കുറഞ്ഞ നിരക്കാണിത്. തൊഴിലെടുക്കുന്ന സ്ത്രീയുടെ ശരാശരി വരുമാനം 3374 രൂപയാണ്. താഴ്ന്ന സാമ്പത്തിക ഗ്രൂപ്പില്‍ 1347 രൂപയാണ്. എന്നാല്‍, ഇതിന്റെ ഏഴിരട്ടിയാണ് ഉയര്‍ന്ന വരുമാനം. 10,016 രൂപയുണ്ട്. സ്ഥിരം തൊഴിലുള്ളവരുടെ ശരാശരി വരുമാനം 6031 രൂപയും താല്‍കാലിക തൊഴിലുകാരുടേത് 1819 രൂപയുമാണ്.

കുടുംബവരുമാനത്തിലെ സ്ത്രീയുടെ പങ്ക് തൊഴിലിന്റെ അടിസ്ഥാനത്തില്‍ 14.1 ശതമാനമാണ്. ഗാര്‍ഹികാധ്വാനത്തിന്റെ മൂല്യംകൂടി ഉള്‍പ്പെടുത്തുമ്പോള്‍ 36.1 ശതമാനമാകും. 60 വയസ്സിനു മുകളില്‍ പ്രായമുള്ള സ്ത്രീകളില്‍ 49 ശതമാനത്തിനു മാത്രമേ വരുമാനമുള്ളൂ. ഇവരില്‍ 85.2 ശതമാനവും ഏതെങ്കിലും തരത്തിലുള്ള രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നുണ്ട്. സ്ത്രീകളില്‍ ഭൂരിപക്ഷവും വീട്ടമ്മമാരായി ഒതുങ്ങാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. സ്ത്രീകളില്‍ 12 ശതമാനം പേര്‍ പൊതുപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നു. ഇതില്‍ 16.5 ശതമാനം ഏതെങ്കിലും തരത്തിലുള്ള സ്ഥാനം വഹിക്കുന്നു. പൊതുപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സ്ത്രീകള്‍ക്ക് നിയന്ത്രണം ഉണ്ടെങ്കിലും സാമുദായിക സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിയന്ത്രണങ്ങളില്ല. കേരളത്തില്‍ 96.4 ശതമാനം വീടുകളിലും കുടുംബത്തിലെ അധികാരം പുരുഷന്മാരിലാണ്. 10 ശതമാനം കുടുംബങ്ങളില്‍ ഗാര്‍ഹികപീഡനമുണ്ട്. കുടുംബത്തിനുള്ളില്‍ സുരക്ഷിതരല്ലെന്ന് 41 ശതമാനം പേര്‍ പറയുന്നു. ഇതില്‍ അഞ്ചു ശതമാനം ഒട്ടും സുരക്ഷിതരല്ല.

കര്‍ഷക കൂട്ടായ്മയും വിപണന സംവിധാനവും വ്യാപിപ്പിക്കണം

കൊച്ചി: കാര്‍ഷികമേഖലയുടെ സംരക്ഷണത്തിന് കര്‍ഷകരുടെ പ്രാദേശിക കൂട്ടായ്മകളും, ഉല്‍പ്പന്ന സംഭരണ-വിപണന സംവിധാനങ്ങളും അടങ്ങുന്ന സംഘടനാരൂപങ്ങള്‍ വ്യാപിപ്പിക്കണമെന്ന് കേരള വികസന കോണ്‍ഗ്രസിന്റെ കാര്‍ഷിക സെമിനാറില്‍ അഭിപ്രായം ഉയര്‍ന്നതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്താണ് കേരള വികസന കോണ്‍ഗ്രസ് സംഘടിപ്പിച്ചത്.

പഞ്ചായത്ത്- ബ്ലോക്ക് തലങ്ങളില്‍ കാര്‍ഷിക ഉല്‍പ്പാദകരുടെ കമ്പനി രൂപീകരിക്കണം. കൃഷിയില്‍നിന്ന് കര്‍ഷകര്‍ക്ക് മാന്യവും സ്ഥിരവുമായ വരുമാനം ലഭിക്കണം. കര്‍ഷകരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സമൂഹം ഏറ്റെടുക്കണം. കര്‍ഷകര്‍ക്ക് ഉയര്‍ന്നതോതില്‍ സബ്സിഡി നല്‍കണം. കേരളത്തിലെ കുടുംബഘടനയും പൊതുഇടങ്ങളും സ്ത്രീസൗഹൃദമാക്കാനുള്ള സംഘടിതമായ ഇടപെടലുകള്‍ ഉറപ്പാക്കിയാല്‍ മാത്രമേ സ്ത്രീ-പുരുഷ തുല്യതയുള്ള സമൂഹം ഉണ്ടാകൂവെന്ന് ലിംഗനീതി സെമിനാറില്‍ അഭിപ്രായം ഉയര്‍ന്നു. വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉറപ്പാക്കി മാത്രമേ പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കാനാകൂ എന്നാണ് വിദ്യാഭ്യാസ സെമിനാറിന്റെ അഭിപ്രായം. ഊര്‍ജസംരക്ഷണ ഉപാധികള്‍ പ്രചരിപ്പിക്കുന്നതോടൊപ്പം ബദല്‍ ഊര്‍ജസ്രോതസ്സുകള്‍ ഉപയോഗിക്കണം. സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് വിശാലമായ രാഷ്ട്രീയലക്ഷ്യം നഷ്ടപ്പെട്ടതായി സാംസ്കാരിക സെമിനാറില്‍ അഭിപ്രായമുയര്‍ന്നു. സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടു. ഭൂമി പൊതുനിയന്ത്രണത്തില്‍ വരണമെന്നും ഓരോ ഉപയോഗത്തിനും പ്രത്യേക മേഖലകള്‍ രൂപീകരിക്കണമെന്നും അഭിപ്രയമുയര്‍ന്നു.

സി കെ പി പത്മനാഭന്‍, ഡോ. ജിജു പി അലക്സ്, ഡോ. ഇന്ദിരാദേവി, ഡോ. സി തമ്പാന്‍, ഡോ. എം പി പരമേശ്വരന്‍, പ്രൊഫ.കെ ശ്രീധരന്‍, എം ജി സുരേഷ്കുമാര്‍ അഡ്വ. തുളസി, ആര്‍ പാര്‍വതീദേവി, എന്‍ ശാന്തകുമാരി, ഡോ. എ ജി ഒലീന, ഒ എം ശങ്കരന്‍, ഡോ. കെ പ്രദീപ്കുമാര്‍. ഡോ. എം എ ഖാദര്‍, പ്രൊഫ.രാജന്‍ വര്‍ഗീസ്, ആര്‍ സേതുനാഥ്, ഡോ. സി ടി എസ് നായര്‍ ഡോ. കെ വിദ്യാസാഗര്‍, ഡോ. അജയകുമാര്‍, ഡോ. ശ്രീകുമാര്‍, ഡോ. രാമകുമാര്‍, പി സി ഉണ്ണികൃഷ്ണന്‍, ഡോ. കെ പി കണ്ണന്‍, അഡ്വ. കെ പി രവിപ്രകാശ്, കെ കെ കൃഷ്ണകുമാര്‍, ഡോ. എന്‍ അജിത്കുമാര്‍, ഡോ. ബിനോയ് പീറ്റര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡോ. എന്‍ കെ ശശിധരന്‍ പിള്ള, പ്രൊഫ. പി കെ രവീന്ദ്രന്‍, വി വി ശ്രീനിവാസന്‍, പ്രൊഫ. ടി പി കുഞ്ഞിക്കണ്ണന്‍, കെ ടി രാധാകൃഷ്ണന്‍, ടി രാധാമണി, ഡോ. കെ രാജേഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani

Friday, December 27, 2013

വികസനത്തിന് ജനകീയപങ്കാളിത്തം വേണം

പൂര്‍ണ്ണ  ജനകീയ പങ്കാളിത്തത്തോടെയുള്ള വികസനത്തിനേ സുസ്ഥിരതയുള്ളൂവെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച കേരള വികസന കോണ്‍ഗ്രസ് പൊതുസമീപനരേഖ. ഇപ്പോള്‍ കേരളത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വികസനത്തിന് യഥാര്‍ത്ഥ വസ്തുനിഷ്ഠതകളുമായി ബന്ധമില്ലെന്നും സമീപ രേഖ ചൂണ്ടിക്കാട്ടി. "വേണം മറ്റൊരു കേരളം" എന്ന സന്ദേശവുമായി പരിഷത്ത് സുവര്‍ണ്ണജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച മൂന്ന് വികസനസംഗമങ്ങളില്‍ നടന്ന ചര്‍ച്ചകള്‍ ക്രോഡീകരിച്ചാണ് വികസന കോണ്‍ഗ്രസില്‍ പൊതുചര്‍ച്ചയ്ക്കുള്ള സമീപനരേഖ അവതരിപ്പിച്ചത്. ജനപങ്കാളിത്തത്തിലൂന്നിയ വിഭവാധിഷ്ഠിത വികസന ആസൂത്രണത്തിനു മാത്രമേ കേരളത്തെ മുന്നോട്ടുകൊണ്ടുപോകാനാകൂ എന്ന് പൊതുസമീപനരേഖ അവതരിപ്പിച്ച് പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍ കെ ശശിധരന്‍പിള്ള പറഞ്ഞു.
 
കേരളത്തിന്റെ ഇതുവരെയുള്ള നേട്ടങ്ങള്‍ക്കടിസ്ഥാനമായ കേരള വികസന മാതൃക ഇന്ന് പരാജയപ്പെട്ടു. പൊതുവിദ്യാഭ്യാസ- ആരോഗ്യ-ഭക്ഷ്യ- സേവന മേഖലകള്‍ ഭീഷണിനേരിടുകയാണ്. സേവനങ്ങളുടെ ഗുണവും കാര്യക്ഷമതയും നഷടപ്പെട്ടു. വിദ്യാഭ്യാസ രംഗത്ത് ഏറെ മുന്നിലാണെങ്കിലും തൊഴില്‍ പങ്കാളിത്തത്തില്‍ കേരളം ഇന്ത്യന്‍ ശരാശരിയേക്കാള്‍ താഴെയാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളും ആക്രമണങ്ങളും കൂടി. ജാതി-മത ചിന്തകളിലും വ്യക്തിബന്ധങ്ങളിലും പിന്തിരിപ്പന്‍ മൂല്യങ്ങള്‍ക്ക് മലയാളി അടിപ്പെട്ടു. പൊതുശുചിത്വബോധം തീരെ ഇല്ലാതായി. പ്രതിശീര്‍ഷ വരുമാനത്തില്‍ മുന്നിലെങ്കിലും സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കാര്‍ഷിക മേഖലയില്‍ സംസ്ഥാനത്തിന്റെ സംഭാവന 20 വര്‍ഷംകൊണ്ട് 21ശതമാനത്തില്‍നിന്ന് എട്ടുശതമാനമായി കുറഞ്ഞു. ഉല്‍പ്പാദനമേഖലയില്‍ കൃഷിയും അനുബന്ധ മേഖലകളും തളര്‍ന്നപ്പോള്‍ നിര്‍മ്മാണമേഖലയും മറ്റ് അസംഘടിത ഉല്‍പ്പാദന മേഖലയും വളര്‍ന്നു. സ്വകാര്യസമ്പത്തിന്റെ നീക്കിയിരിപ്പു കൂടി.

പൊതുസമ്പത്ത് കുറയുകയും ചെയ്തു. 45 ശതമാനം ദരിദ്രരും 40 ശതമാനം സാധാരണക്കാരുമുള്ള ബാക്കി 15 ശതമാനത്തിലാണ് സ്വത്ത് മുഴുവന്‍ കേ്രന്ദ്രീകരിച്ചിരിക്കുന്നത്. സ്വത്തിന്റെ 86 ശതമാനവും 10 ശതമാനം പേര്‍ പങ്കിടുന്നു. സേവനമേഖലയാകട്ടെ പൂര്‍ണ്ണമായും കച്ചവടവല്‍ക്കരിക്കപ്പെട്ടുകഴിഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യവിതരണം, ഗതാഗതം എന്നീ അടിസ്ഥാനമേഖലകള്‍ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് നിഷേധിക്കപ്പെടുകയാണ്. ഈ മേഖലയിലെ പൊതുസംവിധാനങ്ങള്‍ ഗുണനിലവാരം കുറഞ്ഞതാകുന്നു. വിദ്യാഭ്യാസ- ആരോഗ്യ രംഗങ്ങളിലെ പൊതുസേവന നിലവാരം ഉയര്‍ത്തുകയും മാനവശേഷി മെച്ചപ്പെടുത്തുകയും വേണം. വികസനമെന്നത് കമ്പോളത്തിന്റെ മുന്‍ഗണനകള്‍ക്കനുസരിച്ചാണ് നടക്കുന്നത്. മുഖ്യധാരാ മാധ്യമങ്ങള്‍ അതിന് വലിയ പങ്കുവഹിക്കുന്നു. ഉപഭോഗജ്വരം വര്‍ധിപ്പിക്കുന്ന കമ്പോളം വികസനത്തിന്റെ പേരുപറഞ്ഞ് കേരളത്തിന്റെ സംസ്കാരികമൂല്യങ്ങളെയും തകര്‍ക്കുന്നു. ഭാവിസമൂഹം തീരുമാനിക്കേണ്ടത് കമ്പോളമല്ല എന്ന തിരിച്ചറിവ് സമൂഹത്തിനുണ്ടാകണം.

വികസനത്തിന്റെ രാഷ്ട്രീയം സംബന്ധിച്ച് സമവായത്തിലെത്താന്‍ കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കാകണം. ആരോഗ്യകരമായ അന്തരീക്ഷമുള്ള, മാലിന്യമുക്തമായ, ലിംഗനീതി പുലരുന്ന, യുക്തിചിന്ത പുലരുന്ന നാളത്തെ കേരളത്തിനായി ജനകീയ കൂട്ടായ്മ ഉണരണമെന്നുംവികസന നയരേഖയില്‍ പറയുന്നു.

deshabhimani

Tuesday, December 3, 2013

ബ്ലാത്തൂര്‍ മേഖലയില്‍ നാനൂറിലധികം സസ്യ സ്പീഷീസുകളെ കണ്ടെത്തി

കണ്ണൂര്‍: ബ്ലാത്തൂര്‍ മേഖലയില്‍ നാനൂറിലധികം സസ്യ സ്പീഷീസുകളെ കണ്ടെത്തിയതായി ജൈവവൈവിധ്യ പഠനം. ശാസ്ത്രസാഹിത്യ പരിഷത്ത് വിക്കീപീഡിയാ പ്രവര്‍ത്തകരാണ് പഠനം നടത്തിയത്.

പശ്ചിമഘട്ടത്തിലെ വംശനാശഭീഷണി നേരിടുന്ന നായുരിപ്പ്, കൂനന്‍പാല, ലോഹിനപ്പു, മുര്‍ഡാനിയപ്പുല്ല് എന്നിവയെ പ്രദേശത്ത് കണ്ടെത്തി. ചെങ്കല്‍കുന്ന് പ്രദേശമായ ഇവിടെ ഇത് ഇല്ലാതാകുന്നത് ജൈവവൈവിധ്യത്തിന്റെ നാശത്തിനിടയാക്കും. ബ്ലാത്തൂര്‍, കല്യാട്, ഊരത്തൂര്‍ മേഖലകളില്‍ നടത്തിയ പഠനം പ്രദേശത്തെ ജൈവവൈവിധ്യ സമ്പന്നതയാണ് വെളിപ്പെടുത്തുന്നത്. കാവുകള്‍, പുല്‍മേടുകള്‍, താല്‍ക്കാലിക നീര്‍ക്കെട്ടുകള്‍ എന്നിവയുടെ സാന്നിധ്യമാണ് ഈ ജൈവവൈവിധ്യത്തിന് കാരണം. ഹോര്‍ത്തൂസ് മലബാറിക്കസ് എന്ന സസ്യപഠന പുസ്തകത്തില്‍ നീര്‍മുറി എന്ന് പേര് നല്‍കിയ സസ്യവും ചിറ്റിലപ്ലാവ്, മരോട്ടി, മലയിലഞ്ഞി, ജടാമജ്ജി, ഏകനായകം, വള്ളിക്കാഞ്ഞിരം എന്നിവയും സുലഭമായുണ്ട്. മാടായിപ്പാറയില്‍ കണ്ടെത്തിയ പുതിയ സ്പീഷുസുകളായ റൊട്ടാലമലബാറിക്ക, ജസ്റ്റിഷ്യ ഏകകുസുമ, ലൊപിഡാഗാത്തിസ് കേരളന്‍സിസ് എന്നിവയും ബ്ലാത്തൂരിലുണ്ട്. അമ്പതിലധികം ചിത്രശലഭ ജാതികളെയും നിരീക്ഷിച്ചിട്ടുണ്ട്.

വി സി ബാലകൃഷ്ണന്‍, പി കെ ഗിരീഷ് മോഹന്‍, വിനയരാജ്, വിജയകുമാര്‍ ബ്ലാത്തൂര്‍ എന്നിവരാണ് പഠനസംഘത്തിലുണ്ടായത്

deshabhimani

Monday, November 18, 2013

വിജ്ഞാപനം ഉടന്‍ പിന്‍വലിക്കണം: പരിഷത്ത്

പാലക്കാട്: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം ഉടന്‍ പിന്‍വലിക്കണമെന്നും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ജനപങ്കാളിത്തത്തോടെ ചര്‍ച്ച ചെയ്ത് നടപ്പാക്കണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഫലപ്രദമായി നടപ്പാക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് കസ്തൂരിരംഗന്‍കമ്മിറ്റിയെ നിയോഗിച്ചത്. എന്നാല്‍, കേന്ദ്രം ഇറക്കിയ വിജ്ഞാപനത്തില്‍ ഗാഡ്ഗില്‍കമ്മിറ്റിയെക്കുറിച്ച് പരാമര്‍ശമില്ലെന്നത് ദൂരുഹത വര്‍ധിപ്പിക്കുന്നു. റിപ്പോര്‍ട്ടിനെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ വരുത്തിയ വീഴ്ചയാണ് കുഴപ്പങ്ങള്‍ക്ക് വഴിവച്ചത്. റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ തകര്‍ച്ച നേരിടുന്ന കേരളത്തിന്റെ പ്രകൃതി കൂടുതല്‍ ദുര്‍ബലമാവും. എന്നാല്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ കര്‍ഷകവിരുദ്ധമായി ഒന്നുമില്ല. പരിസ്ഥിതി പ്രദേശമാക്കണോ എന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക് അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശവുമുണ്ട്. ജനങ്ങളെ ബോധവല്‍ക്കരിക്കുകയെന്ന ലക്ഷ്യത്തോടെ ചര്‍ച്ച, ലഘുലേഖ വിതരണം, ജില്ലാ കേന്ദ്രങ്ങളില്‍ ബഹുജനകൂട്ടായ്മ, നദീതീരങ്ങളിലൂടെ നീര്‍വഴിയാത്ര തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജനറല്‍സെക്രട്ടറി വി വി ശ്രീനിവാസന്‍ അറിയിച്ചു. പ്രസിഡന്റ് ഡോ. എന്‍ കെ ശശിധരന്‍പിള്ള, ടി പി ശ്രീശങ്കര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ഗ്രാമസഭകളെ ശക്തിപ്പെടുത്തണം

പാലക്കാട്: ജനാധിപത്യവല്‍ക്കരണത്തെ ശക്തിപ്പെടുത്താനും വിഭവ വിനിയോഗത്തിന്മേലുള്ള സാമൂഹ്യ നിയന്ത്രണം ഉറപ്പാക്കാനും ഗ്രാമസഭകളെ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് പാലക്കാട് ഐആര്‍ടിസിയില്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച കേരള വികസന സംഗമം വിലയിരുത്തി.

പരിസ്ഥിതിക്കുനേരെയുള്ള കടന്നാക്രമണങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ വിഭവങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള അധികാരം ഗ്രാമസഭയ്ക്ക് ഉറപ്പുനല്‍കണം. കേരളത്തില്‍ ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരമുള്ള മനുഷ്യവിഭവശേഷി ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള വ്യവസായ സംരംഭങ്ങളാണ് ഉണ്ടാകേണ്ടത്. ആഭ്യന്തര കമ്പോളത്തെ ലക്ഷ്യമിടുന്ന കാര്‍ഷികാനുബന്ധ വ്യവസായങ്ങളും ശക്തമാക്കണം. വികസന സംഗമത്തിന്റെ രണ്ടാം ദിവസം 14 ശില്‍പ്പശാലകള്‍ നടന്നു. സമാപന യോഗത്തില്‍ അക്കാദമിക് കണ്‍വീനര്‍ കെ രാജേഷ് ക്രോഡീകരിച്ചു. കെ കൃഷ്ണന്‍കുട്ടി പ്രതികരണങ്ങള്‍ അവതരിപ്പിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പ്രൊഫ. ബി എം മുസ്തഫ സ്വാഗതവും ജില്ലാ സെക്രട്ടറി എസ് ശിവദാസ് നന്ദിയും പറഞ്ഞു. മൂന്ന് ഘട്ടങ്ങളിലായി തിരുവനന്തപുരം, കണ്ണൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ നടന്ന വികസന സംഗമങ്ങളില്‍ രൂപപ്പെട്ട ആശയങ്ങളെ ക്രോഡീകരിച്ച് കേരളത്തിന് ബദല്‍ വികസന അജന്‍ഡ രൂപപ്പെടുത്തുന്നതിനായി ഡിസംബര്‍ 26, 27, 28 തീയതികളില്‍ എറണാകുളത്ത് കേരള വികസന കോണ്‍ഗ്രസ് സംഘടിപ്പിക്കും.

deshabhimani

Sunday, November 17, 2013

കേരള വികസന മാതൃകയുടെ സ്വഭാവം മാറി: ഐസക്

പാലക്കാട്: സാമ്പത്തിക വളര്‍ച്ചയില്‍ പിന്നില്‍ നില്‍ക്കുമ്പോഴും സാമൂഹ്യ ക്ഷേമപരിപാടികള്‍ക്ക് മുന്‍തൂക്കം നല്‍കിയതാണ് കേരള വികസന മാതൃകയുടെ സവിശേഷതയെന്നും ആ സ്ഥിതിക്ക് മാറ്റം വന്നെന്നും ഡോ. തോമസ് ഐസക് എംഎല്‍എ. ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചയും സാമൂഹ്യക്ഷേമവും ഇന്ന് യാഥാര്‍ഥ്യമാണ്. എന്നാല്‍ ഈ വളര്‍ച്ച സ്ഥായിയാണോ എന്നതാണ് ഇപ്പോഴത്തെ പ്രശ്നം. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച കേരള വികസന സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉല്‍പ്പാദന മേഖലയ്ക്കു പകരം സേവനത്തെയും ഉപഭോഗത്തെയും ഗള്‍ഫ് പണത്തെയും ആശ്രയിച്ചാണ് ഇന്നത്തെ സാമ്പത്തിക വളര്‍ച്ച നിലനില്‍ക്കുന്നത്. ഇത് നിലനിര്‍ത്താനാവില്ല. പാരിസ്ഥിതിക അസ്ഥിരത, സ്ത്രീപദവിയില്‍ മാറ്റം വരുത്താന്‍ സാധിക്കാത്തത് ഇവയെല്ലാം പരിമിതിയാണ്. ഇവയെ മറികടക്കാനുള്ള ബദല്‍ വികസന അജന്‍ഡ രൂപപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ആസൂത്രണ ബോര്‍ഡ് പുറത്തിറക്കിയ വിഷന്‍-2030 സാമൂഹ്യനീതിയിലും പൊതുമേഖലയുടെ ശാക്തീകരണത്തിലും ഊന്നിയ കേരള വികസനമാതൃകയുടെ തിരസ്കരണമാണ്. കൃഷിയെ അവഗണിക്കുകയും നിലവിലുള്ള കാര്‍ഷിക മേഖലയെ ഉപജീവന ഉപാധി എന്നതിനപ്പുറത്തേക്ക് നിക്ഷേപമേഖലയാക്കി മാറ്റാനുമുള്ള നിര്‍ദേശങ്ങളാണ് മാര്‍ഗരേഖയില്‍. ഇതിനെതിരെ ശബ്ദമുയര്‍ത്തണം- ഡോ. തോമസ് ഐസക് പറഞ്ഞു. പരിഷത്ത് പ്രസിഡന്റ് ഡോ. എന്‍ കെ ശശിധരന്‍പിള്ള അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി വി വി ശ്രീനിവാസന്‍ സ്വാഗതവും കെ രാജേഷ് നന്ദിയും പറഞ്ഞു.

deshabhimani

Tuesday, November 12, 2013

വേമ്പനാട് ജനകീയ കമീഷന്‍ റിപ്പോര്‍ട്ട് മാര്‍ച്ചില്‍

വേമ്പനാട് കായല്‍വ്യവസ്ഥയിലെ അനധികൃത കൈയേറ്റങ്ങളുടെ സ്വഭാവവും വ്യാപ്തിയും അന്വേഷിക്കുന്നതിനും തീരദേശ പരിസ്ഥിതിയുടെ സുസ്ഥിരവികസനംസംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും കേരള ശാസ്ത്ര സാഹിത്യപരിഷത്ത് നിയോഗിച്ച വേമ്പനാട് ജനകീയ കമീഷന്റെ റിപ്പോര്‍ട്ട് മാര്‍ച്ചില്‍ തയ്യാറാകും. കൊച്ചി സര്‍വകലാശാലയില്‍ നടന്ന കമീഷന്റെ ആദ്യ യോഗമാണ് റിപ്പോര്‍ട്ട് മാര്‍ച്ചില്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചത്. പ്രൊഫ. പ്രഭാത് പട്നായിക്കാണ് കമീഷന്റെ അധ്യക്ഷന്‍. കമീഷന്റെ പരിഗണനാവിഷയങ്ങളും പഠനരീതിയുംസംബന്ധിച്ച് അന്തിമ ധാരണയിലെത്തിയതായി പ്രഭാത് പട്നായിക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വേമ്പനാട് കായല്‍വ്യവസ്ഥയെ ആശ്രയിച്ചു ജീവിക്കുന്ന വ്യത്യസ്ത ജനവിഭാഗങ്ങളുമായി കമീഷന്‍ ആശയവിനിമയം നടത്തും. വേമ്പനാടിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ചുള്ള പഠനങ്ങളും പരിഗണിക്കും. ജനങ്ങളെ മാറ്റിനിര്‍ത്തിയുള്ള വികസന മാതൃകയുടെ ഉദാഹരണം എന്ന നിലയിലാണ് വേമ്പനാട് കായലിനെ പഠനവിധേയമാക്കുന്നതെന്ന് കമീഷന്‍ മെമ്പര്‍ സെക്രട്ടറി സി ടി എസ് നായര്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍, കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളില്‍നിന്നും വിവരശേഖരണം നടത്തും. പശ്ചിമഘട്ടത്തെയും സമുദ്രതീരത്തെയും ബന്ധിപ്പിക്കുന്നതാണ് വേമ്പനാടിന്റെ പരിസ്ഥിതിവ്യവസ്ഥ എന്നതിനാല്‍ പശ്ചിമഘട്ടത്തിലെ മാറ്റങ്ങളും കമീഷന്‍ പരിഗണിക്കും. വേമ്പനാടിന്റെ ഭാഗമായ പഞ്ചായത്തുകളില്‍ ജനകീയ ചര്‍ച്ചകള്‍ നടത്തും. കൈയേറ്റങ്ങളെയും നിയമലംഘനങ്ങളെയുംസംബന്ധിച്ച് നിശ്ചിത കേന്ദ്രങ്ങളില്‍ സിറ്റിങ് നടത്തി തെളിവെടുപ്പ് നടത്തും. ശാസ്ത്ര ഗവേഷണസ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരുമായി ആശയവിനിമയം നടത്തും. ഓണ്‍ലൈനായി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും സംവിധാനമൊരുക്കും. കരട് റിപ്പോര്‍ട്ട് ശില്‍പ്പശാലകളില്‍ ചര്‍ച്ചചെയ്ത് അന്തിമറിപ്പോര്‍ട്ട് തയ്യാറാക്കും. ഇതിനെ വിപുലമായ സെമിനാറില്‍ അവതരിപ്പിച്ച് പൂര്‍ണമാക്കും.

സമീപകാലത്ത് വിവാദമായ പാണാവള്ളി പഞ്ചായത്തിലെ നെടിയതുരുത്ത്, വെറ്റിലത്തുരുത്ത് എന്നിവിടങ്ങളിലെ കൈയേറ്റപ്രദേശം കമീഷന്‍ സന്ദര്‍ശിച്ചു. കമീഷന്റെ പ്രവര്‍ത്തനത്തിന് പരിഷത്ത് പ്രവര്‍ത്തകര്‍ 14ന് ധനസമാഹരണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ കമീഷന്‍ അംഗങ്ങളായ ഡോ. കെ ജി പത്മകുമാര്‍, ഡോ. ടി വി അന്നാമേഴ്സി, എം ജി രാധാകൃഷ്ണന്‍, പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍ കെ ശശിധരന്‍പിള്ള എന്നിവരും പങ്കെടുത്തു. ഡോ. പി ലീലാകൃഷ്ണന്‍, ഡോ. ശ്രീകുമാര്‍ ചാറ്റര്‍ജി എന്നിവര്‍കൂടി ഉള്‍പ്പെട്ടതാണ് കമീഷന്‍.

deshabhimani

Wednesday, October 23, 2013

ശാസ്ത്ര സാഹിത്യ പരിഷത്ത് : കേരള വികസന സംഗമം: നവംബറില്‍ കണ്ണൂരിലും പാലക്കാട്ടും

കേരള വികസനവുമായി ബന്ധപെട്ട് വിവിധ വിഷയങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന വികസന സംഗമങ്ങള്‍ നവംബറില്‍ കണ്ണൂര്‍. പാലക്കാട് ജില്ലകളില്‍ നടക്കും.

നവംബര്‍9,10 തീയ്യതികളില്‍ കണ്ണൂര്‍ കൃഷ്ണമേനോന്‍ മെമ്മൊറിയല്‍ വനിതാ കോളേജില്‍ നടക്കുന്ന വികസന സംഗമത്തില്‍ ആരോഗ്യം , വിദ്യാഭ്യാസം ലിംഗതുല്യത എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.

വികേന്ദ്രീകരണം ഭരണ നിര്‍വ്വഹണം , കേരളത്തിന്റെ സാമ്പത്തികം , വ്യവസായം , പ്രാന്തവല്കരണം എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സംഗമം 16, 17 തീയതികളില്‍ പാലക്കാട് ഐആര്‍ടിസിയില്‍ നടക്കും.

ഭക്ഷ്യസുരക്ഷ, പ്രകൃതി വിഭവ സുരക്ഷ, ഊര്‍ജം, ഗതാഗതം , ഉപജീവന സുരക്ഷ ,ജല സുരക്ഷ എന്നീ വിഷയങ്ങള്‍ ഏപ്രിലില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന വികസന സംഗമം ചര്‍ച്ച ചെയ്തിരുന്നു. മൂന്നു സംഗമങ്ങളിലെയും ചര്‍ച്ചകള്‍ ക്രോഡീകരിച്ചു കേരളത്തിന് ഒരു ജനപക്ഷ വികസന അജണ്ട രൂപപ്പെടുത്താനുള്ള കേരള വികസന കോണ്‍ഗ്രസ് ഡിസംബര്‍ 26,27,28 തീയതികളില്‍ എറണാകുളം മഹാരാജാസ് കോളേജില്‍ നടക്കും.

സംഗമത്തില്‍ പങ്കെടുക്കുന്നതിനു രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യംhttp://www.keralavikasanasangamam.in/ എന്ന വെബ്സൈറ്റില്‍ ലഭിക്കുമെന്ന് പരിഷത്ത് അക്കാദമിക്ക് കമ്മറ്റി കണ്‍വീനര്‍ കെ രാജേഷ് (ഫോണ്‍) 9497065402 അറിയിച്ചു.

deshabhimani

Friday, October 18, 2013

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിക്കളയുന്നത് വരും തലമുറകളോടുള്ള വെല്ലുവിളി: പരിഷത്ത്

കല്‍പ്പറ്റ:ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നിരാകരിച്ചു കൊണ്ട് കസ്തൂരി രംഗന്‍ സമിതിയുടെ ശുപാര്‍ശകള്‍ അംഗീകരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം അപലപനീയവും വരും തലമുറകളോടുള്ള വെല്ലുവിളിയും ആണെന്ന് ശാസ്ത്രസാഹിത്യ പരിഷത് ജില്ലാകമ്മിറ്റി അഭിപ്രായപ്പെട്ടു. കാടു മാത്രമേ സംരക്ഷിക്കേണ്ടതുള്ളൂ, മനുഷ്യര്‍ അധിവസിക്കുന്ന ഭൂരിപക്ഷം പ്രദേശങ്ങളിലും ഒരു നിയന്ത്രണവും വേണ്ട എന്ന രീതിയിലുള്ള ശുപാര്‍ശകളാണ് യഥാര്‍ത്ഥത്തില്‍ അംഗീകരിക്കാന്‍ പോകുന്നത്. എന്നാല്‍ അതുപോലും സ്വീകാര്യമല്ല എന്നതാണ് തല്‍പ്പര കക്ഷികളുടെ പ്രഖ്യാപനം. ഇതു യഥാര്‍ത്ഥത്തില്‍ ജനങ്ങളുടെ നിലപാടാണോ എന്നത് പരിശോധിക്കപ്പെടേണ്ടതുണ്ട്.

ഗാഡ്ഗില്‍ ശുപാര്‍ശകള്‍ അംഗീകരിച്ചാല്‍ നിയന്ത്രണങ്ങള്‍ ഏതളവു വരെ വേണം എന്നു തീരുമാനിക്കാനുള്ള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് ലഭിക്കുന്നത്. സാധാരണക്കാരന്റെയും കര്‍ഷകരുടെയും പേരു പറഞ്ഞാണ് ഗാഡ്ഗില്‍ ശുപാര്‍ശകളെ എതിര്‍ക്കുന്നത് എന്നതാണ് വിരോധാഭാസം. സാധാരണക്കാരനോ കര്‍ഷകര്‍ക്കോ ഈ ശുപാര്‍ശകള്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാക്കുന്നില്ല. സുസ്ഥിരമായ ഭാവിക്ക് ഗുണപരവും കൂടിയാണ് ഈ ശുപാര്‍ശകള്‍. 30 ഡിഗ്രിയില്‍ കൂടുതല്‍ ചെരിവുള്ള ഭൂപ്രദേശത്ത് വാര്‍ഷിക വിളകള്‍ കൃഷി ചെയ്യരുത് എന്ന് ഗാഡ്ഗില്‍ ശുപാര്‍ശ ചെയ്യുന്നു. കാരണം വാര്‍ഷിക വിളകളുടെ കൃഷിയുമായി ബന്ധപ്പെട്ട് നിരന്തരം കൊത്തും കിളയും നടത്തുന്നത് മണ്ണൊലിപ്പും ഉരുള്‍ പൊട്ടലും ഉണ്ടാക്കുകയും കൃഷിയേയും പ്രദേശത്തെ മനുഷ്യ ജീവനെ തന്നെയും അതു ബാധിക്കും. അത്തരം സ്ഥലങ്ങളില്‍ കാപ്പി പോലുള്ള ദീര്‍ഘകാല വിളകളാണ് മണ്ണു സംരക്ഷണത്തിന് ഉത്തമം. എന്നിരുന്നാലും അതു തങ്ങളുടെ പ്രദേശത്ത് നടപ്പാക്കേണ്ട എന്നാണ് ഒരു പഞ്ചായത്തു തീരുമാനിക്കുന്നത് എങ്കില്‍ അവര്‍ക്കതിനുള്ള സ്വാതന്ത്ര്യമുണ്ടായിരിക്കും. ആ പഞ്ചായത്തിലെ അത്തരം കര്‍ഷകരുടെ ഒരു യോഗം വിളിച്ചു ചേര്‍ത്ത് അവരെ അതിന്റെ ദോഷഫലങ്ങള്‍ പറഞ്ഞു മനസ്സിലാക്കി പിന്തിരിപ്പിക്കുകയും തല്‍ക്കാലത്തേക്ക് അവര്‍ക്കുണ്ടാകുന്ന നഷ്ടം നികത്തി കൊടുക്കാന്‍ വേണ്ടുന്ന പിന്തുണാ സംവിധാനങ്ങള്‍ നല്‍കുകയും ചെയ്യാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ അങ്ങനെയും ചെയ്യാം. ഈ വിഷയം ഗ്രാമസഭകളില്‍ ചര്‍ച്ച ചെയ്യണമെന്നും അങ്ങനെ പഞ്ചായത്തില്‍ തീരുമാനം ഉണ്ടായി വരണമെന്നും ഗാഡ്ഗില്‍ ശുപാര്‍ശ ചെയ്യുന്നു.

മനുഷ്യനും പ്രകൃതിയും നിലനില്‍പ്പിനു വേണ്ടി നടത്തുന്ന ഒരു സമരവേദിയായി മാറിയിരിക്കുന്നു പശ്ചിമ ഘട്ടം. ദക്ഷിണേന്ത്യയിലെ 25 കോടിയോളം വരുന്ന ജനങ്ങള്‍ അവരുടെ ജീവസന്ധാരണത്തിന് പ്രത്യക്ഷമായും പരോക്ഷമായും ആശ്രയിക്കുന്നത് പശ്ചിമഘട്ടത്തെ ആണ്. പശ്ചിമഘട്ടം ഗുരുതരമായ പാരിസ്ഥിതികാഘാതം നേരിടുന്നു എന്ന തിരിച്ചറിവിനെ തുടര്‍ന്ന് കേന്ദ്ര ഗവണ്‍മെന്റ് തന്നെയാണു പരിഹാര നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഗാഡ്ഗില്‍ കമ്മിറ്റി രൂപീകരിച്ചത്. ജനങ്ങളുടെ സഹകരണത്തൊടെ ആരെയും കൂടിയൊഴിപ്പിക്കാതെയും സാമ്പത്തിക ചൂഷണം മാത്രം ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന മൂലധന ശക്തികളുടെ അമിത ലാഭക്കൊതിയില്‍ നിന്ന് ഹൈറേഞ്ചിനെ സംരക്ഷിക്കുകയും ചെയ്യാനുതകുന്ന ജനാധിപത്യപരമായ നിര്‍ദ്ദേശങ്ങളാണ് ഗാഡ്ഗില്‍ കമ്മിറ്റി മുന്നോട്ടു വച്ചത്. ഗാഡ്ഗിലിനെതിരെ തിരിയുന്നവര്‍ വരും തലമുറകളോട് കടുത്ത അനീതിയാണ് ചെയ്യുന്നത്. മുന്‍ തലമുറയുടെ കരുതലിന്റേയും കാരുണ്യത്തിന്റേയും തണലില്‍ ജീവിക്കുന്ന ഇന്നത്തെ തലമുറകള്‍ക്ക് ജീവിക്കാനുള്ള അവസരം നിഷേധിക്കരുതെന്നും ശാസ്ത്രസാഹിത്യ പരിഷത്ത് അഭ്യര്‍ത്ഥിച്ചു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ സമ്പൂര്‍ണ്ണ പരിഭാഷ പരിഷത് തയ്യാറാക്കിയിട്ടുണ്ട്. ഇത് ജില്ലയില്‍ ഉടന്‍ പ്രകാശനം ചെയ്യുമെന്നും പരിഷത് ഭരവാഹികള്‍ അറിയിച്ചു.

deshabhimani

Friday, October 11, 2013

പാഠ്യപദ്ധതി പരിഷ്കരണം പ്രതിഷേധമുയരണം: പരിഷത്ത്

സംസ്ഥാന സര്‍ക്കാരിന്റെ അക്കാദമിക് രംഗത്തെ സ്വേഛാധിപത്യ സമീപനങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയരണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു. സംസ്ഥാന കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി യോഗതീരുമാനങ്ങള്‍ പ്രകാരം കേരള സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരണത്തിനുള്ള സമീപന രേഖ അംഗീകരിച്ചു. സമീപന രേഖക്ക് അംഗീകാരം നല്‍കും മുമ്പ് തന്നെ പാഠപുസ്തകപരിഷ്കരണവും രചനയും തകൃതിയായി നടക്കുന്നു. സൃഷ്ടിപരമായ പാഠ്യപദ്ധതി സമീപനങ്ങളെ തകര്‍ക്കാനുള്ള ലക്ഷ്യമാണ് ഇതിലൂടെ പുറത്തു വന്നത്. കേരള പാഠ്യപദ്ധതി ചട്ടക്കൂട്, ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് എന്നിവയിലെ നല്ല വശങ്ങള്‍ എടുത്തും പുതുതായി ചിലത് കൂട്ടിച്ചേര്‍ത്തുമാണ് പുതിയ സമീപന രേഖ തയ്യാറാക്കിയതെന്നാണ് വിദ്യാഭ്യാസമന്ത്രി പറയുന്നത്. അടിസ്ഥാനപരമായി സ്വീകരിച്ച സമീപനമെന്തെന്നുപോലും പറയാതെ ശിശുകേന്ദ്രീകൃതവും പ്രവര്‍ത്തനാധിഷ്ഠിതവുമായി നിലവിലുള്ള പാഠ്യപദ്ധതി സമീപനങ്ങളെ തിരസ്കരിക്കാനുള്ള സന്നാഹമാണ് നടക്കുന്നത്. പുതുതായി അംഗീകരിച്ച നയം പൊതുചര്‍ച്ചയ്ക്കു വച്ച ശേഷമേ പാഠപുസ്തക രചനയടക്കമുള്ള കാര്യങ്ങള്‍ ആരംഭിക്കാവൂ.

മാതൃഭാഷയായ മലയാളത്തെ ശ്രേഷ്ഠഭാഷയെന്ന് നാമകരണം ചെയ്ത് മ്യൂസിയത്തിലടയ്ക്കാനും കേരളത്തിലെ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളെ ഒന്നടങ്കം അധികൃതവും അനധികൃതവുമായി ഇംഗ്ലീഷ് മാധ്യമത്തിലേക്ക് തള്ളിവിടാനുമാണ് ശ്രമം. വിദ്യാഭ്യാസ അവകാശ നിയമത്തെ പോലും വെല്ലുവിളിക്കുന്ന സമീപനം അക്കാദമിക രംഗത്തെ സ്വേഛാപരമായ നടപടിയാണ്. മാതൃഭാഷയെ സ്നേഹിക്കുന്ന മുഴുവന്‍ കേരളീയരും ഇതിനെതിരെ രംഗത്ത് വരണം. അധ്യാപകരടക്കമുള്ള അക്കാദമിക സമൂഹവും സാംസ്കാരിക സാമൂഹ്യ പ്രവര്‍ത്തകരും സാമൂഹ്യ വീക്ഷണത്തോടെയുള്ള വിദ്യാഭ്യാസ സമീപനങ്ങളുടെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന സര്‍ക്കാര്‍ നടപടികളെ ചോദ്യം ചെയ്യണമെന്ന് പരിഷത്ത് സംസ്ഥാന പ്രസിഡന്റ് എന്‍ കെ ശശിധരന്‍ പിള്ളയും ജനറല്‍ സെക്രട്ടറി വി വി ശ്രീനിവാസനും ആവശ്യപ്പെട്ടു.

deshabhimani

Tuesday, July 16, 2013

കൂടംകുളം പ്രവര്‍ത്തനം ആരംഭിക്കരുത്: പരിഷത്ത്

അറ്റോമിക് എനര്‍ജി റഗുലേറ്ററി ബോര്‍ഡിന്റെ അനുമതിയുടെ അടിസ്ഥാനത്തില്‍ കൂടംകുളം ആണവനിലയത്തില്‍ ആദ്യ യൂണിറ്റ് കമീഷന്‍ചെയ്യാനും വൈദ്യുതോല്‍പ്പാദനം ആരംഭിക്കാനുമുള്ള തീരുമാനം അങ്ങേയറ്റം ആശങ്കാജനകവും പ്രതിഷേധാര്‍ഹവുമാണെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. ആദ്യപടി എന്ന നിലയില്‍ റിയാക്ടര്‍ ക്രിട്ടിക്കല്‍ ലെവലിലേക്ക് എത്തിക്കുന്ന പ്രക്രിയ തിടുക്കത്തില്‍ ആരംഭിച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച് പ്രദേശവാസികളും ഇന്ത്യന്‍ ശാസ്ത്രസമൂഹവും വിവിധ ജനകീയപ്രസ്ഥാനങ്ങളും ഉന്നയിച്ച ആശങ്കകളൊന്നും പരിഗണിക്കാതെ ഏകപക്ഷീയമായാണ് തീരുമാനം കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. നിലയത്തിന്റെ പ്രവര്‍ത്തനം ചില ഉപാധികള്‍ക്ക് വിധേയമായി പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി കൊടുക്കവെ, ജനങ്ങളുടെ സുരക്ഷയാണ് അവിടെ ചെലവാക്കികഴിഞ്ഞ പണത്തേക്കാള്‍ പ്രധാനം എന്ന നിരീക്ഷണം സുപ്രീംകോടതി നടത്തിയിരുന്നു. കൂടംകുളം നിലയം പ്രവര്‍ത്തനം ആരംഭിക്കാനുള്ള നീക്കത്തിനെതിരെ പരിഷത്തിന്റെ നേതൃത്വത്തില്‍ 15ന് സംസ്ഥാനവ്യാപകമായി പ്രതിഷേധദിനം ആചരിക്കുമെന്ന് പ്രസിഡന്റ് ഡോ. എന്‍ കെ ശശിധരന്‍പിള്ളയും ജനറല്‍സെക്രട്ടറി വി വി ശ്രീനിവാസനും അറിയിച്ചു.

deshabhimani

Thursday, May 9, 2013

പരിഷത്ത് സുവര്‍ണജൂബിലി സമ്മേളനം നാളെ തുടങ്ങും


കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സുവര്‍ണജൂബിലി സമ്മേളനത്തിന് വ്യാഴാഴ്ച കോഴിക്കോട്ട് തുടക്കമാവും. തളി സാമൂതിരി ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് 12 വരെ നീളുന്ന സമ്മേളനം. കേരളത്തിലെ സാധാരണ ജനങ്ങള്‍ നേരിടുന്ന കുടിവെള്ളക്ഷാമം, വൈദ്യുതിക്ഷാമം, പൊതുഗതാഗത തകര്‍ച്ച തുടങ്ങിയ ജീവല്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരംകാണാനുള്ള ചര്‍ച്ചകള്‍ക്ക് സമ്മേളനം മുന്‍തൂക്കം നല്‍കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. "ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്" എന്ന വിഷയത്തെ മുന്‍നിര്‍ത്തിയുള്ള ദേശീയ സെമിനാര്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ നടക്കും. ശാസ്ത്ര പ്രസ്ഥാനങ്ങളുടെ അഖിലേന്ത്യാ ശൃംഖലയുടെ 25 വര്‍ഷം തികയുന്നതിന്റെ പശ്ചാത്തലത്തിലാണ് സെമിനാര്‍.

വ്യാഴാഴ്ച രാവിലെ 10ന് ഡല്‍ഹി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജിയിലെ പ്രമുഖ ശാസ്ത്രജ്ഞന്‍ ഡോ. സത്യജിത് രഥ് സെമിനാര്‍ ഉദ്ഘാടനംചെയ്യും. ഡോ. ബി ഇക്ബാല്‍, പ്രൊഫ. എം കെ പ്രസാദ്, ഡോ. വിനോദ് റെയ്ന, ഡോ. ടി എം തോമസ് ഐസക് തുടങ്ങിയവര്‍ വിഷയം അവതരിപ്പിക്കും. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് 50 പേരും കേരളത്തില്‍നിന്ന് 70 പേരും പങ്കെടുക്കും. വെള്ളിയാഴ്ച പകല്‍ രണ്ടിന് 50 പരിഷത്ത് പതാകകള്‍ യുവാക്കള്‍ക്കും കുട്ടികള്‍ക്കും നല്‍കിയാണ് സമ്മേളനത്തിന്റെ ഉദ്ഘാടനം. ഇന്ത്യ നേരിടുന്ന മൂന്ന് പ്രശ്നങ്ങളെ അധികരിച്ച് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ മുന്‍ ഡയറക്ടര്‍ ഡോ. എം വിജയന്‍, ഹൈദരാബാദ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനിലെ ഡോ. മഹത എസ് ബാംചി, ഡോ. സത്യജിത് രഥ് എന്നീ ശാസ്ത്രജ്ഞര്‍ ഉദ്ഘാടനപ്രസംഗം നടത്തും. തുടര്‍ന്ന് ശാസ്ത്രകലാ ജാഥ, പൂര്‍വകാല പ്രവര്‍ത്തകരുടെ സ്മൃതി സംഗമം, കലാപരിപാടികള്‍ എന്നിവയുണ്ടാവും. "സൗരജനാധിപത്യത്തിലേക്ക്" എന്ന വിഷയത്തില്‍ ശനിയാഴ്ച ഡോ. വി കെ ദാമോദരന്‍ പി ടി ബി സ്മാരക പ്രഭാഷണം നടത്തും. 400 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

സമ്മേളനത്തിന്റെ ഭാഗമായി 14 ജില്ലകളിലും അനുബന്ധ പരിപാടികള്‍ നടന്നു. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ 16 സെമിനാറുകള്‍, പുസ്തകങ്ങളുടെ പ്രകാശനം എന്നിവ സംഘടിപ്പിച്ചു. സമ്മേളന പ്രധാനവേദി പൂര്‍ണമായും സൗരോര്‍ജം ഉപയോഗിച്ചാണ് പ്രവര്‍ത്തിപ്പിക്കുക. ഭക്ഷണത്തിനുള്ള അരിയും പച്ചക്കറിയും പരിഷത്ത് പ്രവര്‍ത്തകര്‍ കൃഷി ചെയ്തുണ്ടാക്കിയതാണ്. പരിഷത് പ്രവര്‍ത്തകരുടെ വീടുകളില്‍ വെച്ച കുടുക്ക, പുസ്തക വില്‍പന, പരിഷത്ത് ഉല്‍പന്ന വിപണനം എന്നിവയിലൂടെയാണ് സമ്മേളന ചെലവിനുള്ള പണം കണ്ടെത്തിയത്. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ എ പ്രദീപ്കുമാര്‍ എംഎല്‍എ, ജനറല്‍ കണ്‍വീനര്‍ ടി പി സുകുമാരന്‍, പരിഷത്ത് സംസ്ഥാന പ്രസിഡന്റ് കെ ടി രാധാകൃഷ്ണന്‍, പ്രൊഫ. ടി പി കുഞ്ഞിക്കണ്ണന്‍, പ്രൊഫ. കെ ശ്രീധരന്‍ എന്നിവര്‍ പങ്കെടുത്തു.

deshabhimani 090513

Tuesday, May 7, 2013

ജനകീയ ശാസ്ത്ര പ്രസ്ഥാനത്തിന് 50 വയസ്സ്


ജനകീയ ശാസ്ത്രപ്രസ്ഥാനമായ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന് അമ്പതു വയസ്. അധ്വാനം സമ്പത്താണെന്നും അത് പൊതുനന്മക്കാണെന്നും പ്രഖ്യാപിച്ച് പുരോഗമന ശാസ്ത്രകുതുകികള്‍ 1962 സെപ്തംബര്‍ പത്തിന് കോഴിക്കോട്ടാണ് പരിഷത്ത് രൂപീകരിച്ചത്. ദേവഗിരി സെന്റ്ജോസഫ്സ് കോളേജിലായിരുന്നു രൂപീകരണ സമ്മേളനം. ജന്മനഗരത്തില്‍ തന്നെ സുവര്‍ണജൂബിലി സമ്മേളനത്തിന് തയ്യാറെടുക്കുകയാണ് പരിഷത്ത്. ഒമ്പതുമുതല്‍ 15 വരെ തളി സാമൂതിരി സ്കൂളിലാണ് സമ്മേളനം.

1962 ഏപ്രില്‍ എട്ടിന് കോഴിക്കോട് ഇമ്പീരിയല്‍ ഹോട്ടലില്‍ ചേര്‍ന്ന യോഗത്തിലാണ് പരിഷത് രൂപീകരിക്കാന്‍ ധാരണയായത്. കോന്നിയൂര്‍ നരേന്ദ്രനാഥാണ് പേര് നിര്‍ദേശിച്ചത്. ഡോ. കെ ഭാസ്കരന്‍ നായര്‍ ആദ്യ പ്രസിഡന്റായി. ആദ്യസമ്മേളനം ഉദ്ഘാടനം ചെയ്തത് ഫാദര്‍ തിയോഡോഷ്യസാണ്. എന്‍ വി കൃഷ്ണവാര്യരും പി ടി ഭാസ്കരപണിക്കരുമടക്കം ബഹുമുഖ പ്രതിഭകള്‍ പരിഷത്തിനെ നയിച്ചു.

മലയാളിയുടെ മണ്ണും മനസ്സും ശാസ്ത്രബോധത്താല്‍ ഹരിതാഭമാക്കിയ പരിഷത്ത് കേരളത്തെ സമ്പൂര്‍ണ സാക്ഷര സംസ്ഥാനമാക്കുന്നതില്‍ വഹിച്ച പങ്ക് സുപ്രധാനമാണ്. ശാസ്ത്രസാഹിത്യകാരന്മാര്‍ക്കുള്ള സംഘടന എന്ന ലക്ഷ്യത്തോടെയായിരുന്നു തുടക്കമെങ്കിലും ജനാധിപത്യ സംസ്കാരത്തെ ചൈതന്യവത്താക്കുന്നതിനും വിദ്യാഭ്യാസത്തിന് മൂല്യബോധം പകരുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളും ഏറ്റെടുത്തു. സൈലന്റ്വാലിയടക്കം കേരളത്തിന്റെ പരിസ്ഥിതി സംരക്ഷിക്കുന്നതിലും ഇടപെട്ട സംഘടന കുന്നിടിച്ച് നിരപ്പാക്കുന്ന ജനവിരുദ്ധ വികസനനയത്തിനോടുള്ള പ്രതികരണവുമായി വേമ്പനാട്ടിലും വയനാട്ടിലും കുട്ടനാട്ടിലും വേളിയിലുമെല്ലാം മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു. ജനകീയാസൂത്രണപ്രസ്ഥാനത്തിന് നേതൃത്വമരുളിയതാണ് മറ്റൊരു സംഭാവന.

യുറീക്ക, ശാസ്ത്രകേരളം, ശാസ്ത്രഗതി എന്നീ മാസികകളിലൂടെ വിദ്യാര്‍ഥികളിലും അക്കാദമിക സമൂഹത്തിലും ശാസ്ത്രബോധം പോഷിപ്പിച്ചു. പരിഷത്ത് നടത്തിയ "കേരളം എങ്ങനെ ജീവിക്കുന്നു" സര്‍വേയും പഠനങ്ങളും നാടിന്റെ ആശകളും ആശങ്കകളും പകരുന്ന അന്വേഷണമാണ്. സാധാരണക്കാര്‍ക്കായി പതിനായിരത്തോളം ശാസ്ത്രപുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചൂടാറാപ്പെട്ടിയും പുകയില്ലാത്ത അടുപ്പുമടക്കം സാധാരണക്കാരന്റെ ജീവിതത്തിലേക്ക് ശാസ്ത്രത്തെ എത്തിച്ച കണ്ടുപിടിത്തങ്ങളുമുണ്ട്. പ്രവര്‍ത്തനത്തിനുള്ള വലിയ അംഗീകാരമാണ് 1996-ല്‍ ലഭിച്ച ബദല്‍നോബല്‍ എന്നറിയപ്പെടുന്ന റൈറ്റ് ലൈവ്ലിഹുഡ് അവാര്‍ഡ്. രാജ്യാന്തര തലത്തില്‍ 1990-ല്‍ ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതിസംരക്ഷണ-പ്രോത്സാഹനാര്‍ഥമുള്ള "ഗ്ലോബല്‍ 500" അവാര്‍ഡ്, യുനസ്കോയുടെ കിങ്സെജോങ് സാക്ഷരതാ അവാര്‍ഡ് എന്നിവയും ലഭിച്ചു. സുവര്‍ണ ജൂബിലി സമ്മേളനത്തില്‍ പ്രശസ്തരായ പാരിസ്ഥിതിക-ബൗദ്ധിക-സാംസ്കാരിക-അക്കാദമിക പ്രതിഭകള്‍ പങ്കെടുക്കും. "വേണം മറ്റൊരു കേരളം" സന്ദേശത്തിന്റെ തുടര്‍പ്രവര്‍ത്തനം സമ്മേളനം ചര്‍ച്ച ചെയ്യുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി കെ ദേവരാജന്‍ "ദേശാഭിമാനി"യോട് പറഞ്ഞു.
(പി വി ജീജോ)

deshabhimani 070513