Showing posts with label ഇടുക്കി. Show all posts
Showing posts with label ഇടുക്കി. Show all posts

Monday, January 25, 2021

ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കാൻ ഭൂവിനിയോഗ ചട്ടങ്ങൾ ഭേദഗതി ചെയ്യും: മുഖ്യമന്ത്രി

 തൊടുപുഴ > ഇടുക്കി ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കാൻ ഭൂവിനിയോഗ ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള പര്യടനത്തിന് സമാപനം കുറിച്ച് ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ നടന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയിലെ മുഖ്യപ്രശ്നമായി ഉന്നയിക്കപ്പെട്ടത് ഭൂപ്രശ്നമാണ്. മൂന്നാർ മേഖലയിലെ നിർമാണങ്ങൾക്ക് റവന്യൂ വകുപ്പി നിരാക്ഷേപ പത്രം നിർബന്ധമാക്കിയ കോടതിയുടെ അനുമതിയോടെ പ്രശ്നം പരിഹരിക്കാനുള്ള നടപടിയാണ് സർക്കാർ ഉദ്ദേശിക്കുന്നത്. നിർമാണ നിയന്ത്രണമുള്ള ഭൂമിയിലെ വീട്, ചെറിയ കടകൾ, ഉപജീവന മാർഗമെന്ന നിലയിൽ നടത്തിയ നിർമാണങ്ങൾ എന്നിവ ക്രമപ്പെടുത്താൻ മന്ത്രിസഭ ഉത്തരവിറക്കിയിട്ടുണ്ട്.

ആരാധനാലയങ്ങൾ, മത സ്ഥാപനങ്ങൾ, സാംസ്കാരിക സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ, അങ്കണവാടികൾ തുടങ്ങിയവ ഭൂപതിവു ചട്ടം ലംഘിച്ച് നടത്തിയ നിർമാണമാണെങ്കിലും നിശ്ചിത അളവു വരെയുള്ളവ ക്രമപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.  മൂന്നാർ വികസന അതോറിറ്റിക്ക് രൂപം കൊടുക്കാൻ സർക്കാർ ആലോചിക്കുന്നു. മൂന്നാറിൽ ടൂറിസം വികസിക്കണം, മൂന്നാർ പ്രദേശം അതിശൈ പ്രത്യേകതകളോടെ നിലനിൽക്കണം. കാട്ടുപന്നികൾ കർഷകർക്ക് ദ്രോഹം ചെയ്താൽ അത് അങ്ങനെ വിടാൻ പാടില്ല എന്ന് സർക്കാർ തീരുമാനിച്ചു കഴിഞ്ഞു. എവിടെങ്കിലും പന്നി കൊല്ലപ്പെട്ടാൽ ഓടിയെത്താൻ വല്ലാത്ത ധൃതി കാണിക്കേണ്ടതില്ല എന്ന നിലപാടാണുള്ളത്.

ഇനി ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേന്ദ്രീകരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ബജറ്റിൽ അതിനുള്ള പ്രഖ്യാപനം വന്നു കഴിഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റം ഉണ്ടാകും.  ജില്ലയിൽ നല്ല നിലയിൽ പട്ടയം നൽകാൻ സാധിച്ചു. ഇ ഓരോ ഘട്ടത്തിലും അവലോകനം ചെയ്യുന്നുണ്ട്. റവന്യുമന്ത്രി ജില്ലയിലെത്തി ചർച്ച നടത്തിയിരുന്നു. നടപടികൾക്ക് വേഗം കൂട്ടും.

നാടിൻ്റെ മതനിരപേക്ഷത ഉലയ്ക്കാൻ ശ്രമിക്കുന്ന ക്ഷുദ്രശക്തികൾ രംഗത്തുണ്ട്. അത് ഗൗരവത്തോടെ കണ്ട്, മതനിരപേക്ഷതയ്ക്ക് ഒരു പോറൽ പോലും ഏൽക്കാതെ സൂക്ഷിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി എം എം മണി അധ്യക്ഷനായി.

മുഖ്യമന്ത്രിയുടെ ആമുഖ പ്രഭാഷണത്തിനു ശേഷം വിവിധ മേഖലകളിലെ വിദഗ്ധർ, പുരോഹിതർ, മതാധ്യക്ഷൻമാർ, സമുദായ നേതാക്കന്മാർ, വ്യവസായികൾ, കർഷക സംഘടനാ നേതാക്കൾ തുടങ്ങിയവർ ക്രിയാത്മകമായ ഒട്ടേറെ നിർദേശങ്ങൾ മുന്നോട്ടുവച്ചു. ഇവയെല്ലാം സശ്രദ്ധം കേട്ട മുഖ്യമന്ത്രി ഓരോന്നിനും വ്യക്തമായ മറുപടിയാണ് നൽകിയത്. സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ സ്വാഗതം പറഞ്ഞു.

Sunday, October 4, 2015

തോട്ടം തൊഴിലാളികള്‍ പട്ടിണിയിലേക്ക്

മൂന്നാര്‍ > സംസ്ഥാനത്ത് പണിമുടക്കിലേര്‍പ്പെട്ടിരിക്കുന്ന തോട്ടം തൊഴിലാളികള്‍ അര്‍ദ്ധപട്ടിണിയിലേക്ക്. 12 ദിവസമായി പണിമുടക്കി സമരം ചെയ്യുന്ന മൂന്നാറിലെ തൊഴിലാളികളും കുടുംബാംഗങ്ങളുമാണ് കുടുതല്‍ ദുരിതത്തിലായത്. പൊതുവിപണിയില്‍ കുതിച്ചുയരുന്ന വിലക്കയറ്റത്തില്‍ പൊറുതിമുട്ടിയ തൊഴിലാളികള്‍ കടുത്ത ജീവിതപ്രയാസത്തിലാണ്. സര്‍ക്കാരും തോട്ടം ഉടമകളും ഒത്തുകളി അവസാനിപ്പില്ലെങ്കില്‍ തോട്ടം മേഖലയില്‍ പട്ടിണിയും അശാന്തിയും പടരും.ലയങ്ങളില്‍ പട്ടിണി വ്യാപകമായികഴിഞ്ഞു. വൃദ്ധരായവരാണ് ഏറെ വലയുന്നത്. തോട്ടങ്ങളില്‍ പതിറ്റാണ്ടുകളായി പണി ചെയ്തവരാണ് ഇവരില്‍ ഏറെയും. മരുന്നിന് പോലും പണമില്ലാതെ ഇവര്‍ കേഴുന്നു. ചികിത്സ ലഭ്യമാക്കേണ്ട തോട്ടങ്ങളിലെ ആശുപത്രികളില്‍ അതിനുള്ള സംവിധാനങ്ങളില്ല.

പുറത്തുനിന്ന് അരിയും മറ്റ് നിത്യോപയോഗ സാധനങ്ങളും വാങ്ങാന്‍ പണവുമില്ല. റേഷന്‍കടവഴി വിതരണം ചെയ്യുന്ന കുത്തരി കന്നുകാലിക്കും കോഴിക്കും പോലും വേണ്ടാത്തതാണെന്ന് തൊഴിലാളികള്‍ സാക്ഷ്യപ്പെടുത്തുന്നു. മഹാഭൂരിപക്ഷം തൊഴിലാളികളെയും എപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍, നല്ലയിനം അരി നല്‍കാന്‍ പോലും തയ്യാറാകുന്നില്ല. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ രണ്ട് രൂപ അരിയും ഇപ്പോഴില്ലാതായി. ഇതിന് പുറമെയാണ് സര്‍ക്കാര്‍ ഭൂരിപക്ഷം തൊഴിലാളികളെയും ദാരിദ്രരേഖയ്ക്ക് മുകളിലാക്കി എപിഎല്‍ കാര്‍ഡ് അടിച്ചേല്‍പ്പിച്ചത്. ഇതോടെ ആഴ്ചയില്‍ കിട്ടുന്നതാകട്ടെ പരിമിതമായ റേഷനരിയും. നല്ലയിനം അരി വിതരണം ചെയ്യണമെന്ന ആവശ്യമുയര്‍ന്നെങ്കിലും നടപടിയുണ്ടായില്ല. തോട്ടം മേഖലയില്‍ ദിവസക്കൂലി 232 രൂപയാണ്. ഇത് നിത്യച്ചെലവിന് പോലും തികയില്ല. കൂലിക്കൂടുതലിന് പണിമുടക്കാരംഭിച്ചതോടെ നിലവിലുണ്ടായിരുന്ന വരുമാനവും ഇല്ലാതായി.

എം അനില്‍

മിനിമം വേജ് നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കണം

തിരുവനന്തപുരം > പിഎല്‍സി യോഗത്തില്‍ മിനിമംകൂലി അഞ്ഞൂറുരൂപയാക്കി വര്‍ധിപ്പിച്ച് സര്‍ക്കാര്‍ മിനിമം വേജസ് നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കണമെന്ന് പിഎല്‍സി മെമ്പറും പ്ലാന്റേഷന്‍ കോര്‍പറേഷനിലെ ട്രേഡ് യൂണിയന്‍ സംഘടനകളുടെ സംസ്ഥാന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനറുമായ സി കെ ഉണ്ണിക്കൃഷ്ണന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പാതുമേഖലയിലുള്ള പ്ലാന്റേഷന്‍ കോര്‍പറേഷന്‍ 500 രൂപ കുലി വര്‍ധന നടപ്പാക്കാന്‍ തയ്യാറാകണമെന്ന ചെയര്‍മാന്റെ ആവശ്യം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാല്‍ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കാന്‍ സാങ്കേതികപ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് സമരം നീട്ടിക്കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമം. മിനിമം വേജ് നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സി കെ ഉണ്ണിക്കൃഷ്ണന്‍ ആവശ്യപ്പെട്ടു.

പ്രക്ഷോഭം ഉടന്‍ ഒത്തുതീര്‍ക്കണം: സംയുക്ത ട്രേഡ് യൂണിയന്‍

കൊച്ചി> വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ തോട്ടം തൊഴിലാളികള്‍ നടത്തുന്ന അനിശ്ചിതകാല പ്രക്ഷോഭം ഉടന്‍ ഒത്തുതീര്‍പ്പാക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ സംസ്ഥാനസമിതി യോഗം ആവശ്യപ്പെട്ടു. തിങ്കളാഴ്ച നടക്കുന്ന പ്ലാന്റേഷന്‍ ലേബര്‍കമ്മിറ്റി യോഗത്തില്‍ പ്രശ്നം രമ്യമായി പരിഹരിക്കാന്‍ തോട്ടം ഉടമകളും അവരെക്കൊണ്ട് അത് ചെയ്യിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരും തയ്യാറാകണം. ചര്‍ച്ച പരാജയപ്പെട്ടാല്‍ തോട്ടം തൊഴിലാളി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യമായി സംസ്ഥാന വ്യാപകമായി പണിമുടക്കുള്‍പ്പെടെ പ്രക്ഷോഭസമരങ്ങള്‍ക്ക് നിര്‍ബന്ധിതരാകുമെന്നും സംയുക്ത ട്രേഡ് യൂണിയന്‍ സംസ്ഥാനസമിതി യോഗം അംഗീകരിച്ച പ്രമേയത്തില്‍ മുന്നറിയിപ്പു നല്‍കി.

എറണാകുളം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം അധ്യക്ഷനായി. എഐടിയുസി ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍, കെചന്ദ്രന്‍പിള്ള (സിഐടിയു), കെ കെ ഇബ്രാഹിംകുട്ടി (ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി), ഉദയഭാനു (എഐടിയുസി), ചാള്‍സ് ജോര്‍ജ് (ടിയുസിഐ സംസ്ഥാന സെക്രട്ടറി), കെ എന്‍ ഗോപിനാഥ് (സിഐടിയു), എ എസ് രാധാകൃഷ്ണന്‍ (എച്ച്എംഎസ്), എം പിഭഭാനു (കെടിയുസിജെ), എസ് സത്യപാലന്‍ (യുടിയുസി), പി കൃഷ്ണമ്മാള്‍ (എന്‍ടിയുഐ), കെ ടി വിമലന്‍ (യുടിയുസി), മൈജോ കെ അഗസ്റ്റിന്‍ (ഐഎന്‍ടിയുസി), സി പി ജോയി (കെടിയുസി എം) എന്നിവര്‍ പങ്കെടുത്തു. മൂന്നാര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങള്‍ യോഗം ചര്‍ച്ചചെയ്തു. 500 രൂപ ദിവസവേതനം തൊഴിലാളിസംഘടനകള്‍ കൂട്ടായി ആവശ്യപ്പെട്ടിരിക്കുകയാണ്. പ്ലാന്റേഷന്‍ അസോസിയേഷന്‍ ഭാരവാഹികള്‍ മാനേജ്മെന്റുകള്‍ക്കുവേണ്ടി 500 രൂപ കൂലി നല്‍കാന്‍ കഴിയില്ല എന്നുപറയുന്നത് വിചിത്രമാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് മാനേജ്മെന്റ് ഇത്തരം നിലപാടു സ്വീകരിക്കുന്നത്. നിലവിലുള്ള കരാറിലെ വ്യവസ്ഥപ്രകാരം കൂലി വര്‍ധിപ്പിച്ചുനല്‍കാന്‍ കെഡിഎച്ച്പി മാനേജ്മെന്റ് ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ തോട്ടം ഉടമകളും ബാധ്യസ്ഥരാണ്. സര്‍ക്കാര്‍ പിഎല്‍സി മീറ്റിങ്ങില്‍ ഇക്കാര്യം തൊഴിലാളികള്‍ക്കുവേണ്ടി ശക്തമായി ആവശ്യപ്പെടണം. സര്‍ക്കാരിന്റെ ഒളിച്ചുകളി അവസാനിപ്പിക്കണം. തൊഴിലാളികള്‍ ആരംഭിച്ച പണിമുടക്കിന്റെ ഫലമായി തൊഴിലാളികളുടെ കുറ്റംകൊണ്ടല്ലാതെ തേയിലത്തോട്ടങ്ങള്‍ നശിച്ചു പോകാനും കോടിക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടാകാനും ഇടവരും.

ആ നഷ്ടം കണക്കിലെടുക്കുമ്പോള്‍ അതിന്റെ എത്രയോ ചെറിയൊരു അംശം മാത്രമാണ് 500 രൂപ കൂലി വര്‍ധിപ്പിച്ചാല്‍ സംഭവിക്കുക. അതുകൊണ്ട് കൂടുതല്‍ നഷ്ടം സംഭവിക്കാതിരിക്കാന്‍ തിങ്കളാഴ്ച നടക്കുന്ന പിഎല്‍സി യോഗത്തില്‍ മതിയായ കൂലിവര്‍ധനയ്ക്ക് മാനേജ്മെന്റുകള്‍ തയ്യാറാവുകയാണ് വേണ്ടത്. ദുരിതം നേരിടുന്ന തോട്ടം തൊഴിലാളികള്‍ക്ക് ഇഎസ്ഐ ബാധകമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കണം. തൊഴിലാളികള്‍ താമസിക്കുന്ന ലായങ്ങള്‍ പുതുക്കിപ്പണിത് സൗകര്യപ്രദമാക്കാനും നടപടി ആരംഭിക്കണം. കൂലിവര്‍ധന ആവശ്യപ്പെട്ട് വര്‍ഗഐക്യത്തോടെ അനിശ്ചിതകാല നിരാഹാരം ഉള്‍പ്പെടെ ശക്തമായ പ്രക്ഷോഭത്തില്‍ അണിനിരന്ന മുഴുവന്‍ തോട്ടം തൊഴിലാളികളെയും യോഗം അഭിവാദ്യം ചെയ്തു. അവശേഷിക്കുന്ന പെമ്പിളൈ ഒരുമൈയിലെ സ്ത്രീ തൊഴിലാളികളും തൊഴിലാളിവര്‍ഗത്തിന്റെ ഐക്യത്തിന് ഭംഗംവരുത്തുന്ന നിലപാടുകളില്‍നിന്നു പിന്തിരിഞ്ഞ് ഐക്യസമരത്തില്‍ ട്രേഡ് യൂണിയനുകളോടൊപ്പം അണിനിരക്കണമെന്നും സംയുക്ത ട്രേഡ് യൂണിയന്‍ സംസ്ഥാനസമിതി യോഗം അഭ്യര്‍ഥിച്ചു.

Friday, October 2, 2015

തോട്ടം തൊഴിലാളി സമരത്തെ ഭിന്നിപ്പിക്കുന്നത് മാനേജ്മെന്റിന് ഗുണം: എം എം മണി

ലക്ഷ്യമില്ലാതെ പൊമ്പിളൈ ഒരുമൈ

മൂന്നാര്‍ > ട്രേഡ് യൂണിയനുകള്‍ക്കെതിരായി രൂപംകൊണ്ട പൊമ്പിളൈ ഒരുമയുടെ ഗൂഢാലോചന തോട്ടം തൊഴിലാളികള്‍ക്ക് ബോധ്യമായി. മൂന്നാറിലെ തോട്ടംതൊഴിലാളികള്‍ ഒന്നടങ്കം പണിമുടക്കിലേയ്ക്ക് എത്തിയത് ഈ തിറിച്ചറിവില്‍ നിന്നാണ്. സംയുക്ത ട്രേഡ് യൂണിയന്‍ സമരകേന്ദ്രത്തില്‍ സ്ത്രീതൊഴിലാളികളൂടെ വലിയ സാന്നിധ്യമാണുണ്ടായത്. സമരം വ്യാഴാഴ്ച നാല് ദിനം പിന്നിട്ടു. കെഡിഎച്ച്പി കമ്പനി ബോണസ് വെട്ടിക്കുറച്ചതിന്റെ പേരില്‍ പെട്ടെന്ന് രൂപം കൊണ്ട സ്ത്രീ തൊഴിലാളി സമരത്തെ ട്രേഡ ് യൂണിയനുകള്‍ അനുകൂലിക്കുകയായിരുന്നു. എന്നാല്‍, സമരത്തെ സംയുക്ത ട്രേഡ് യൂണിയനുകള്‍ക്ക് എതിരാക്കി തീര്‍ക്കാന്‍ കൊണ്ട്പിടിച്ച പരിശ്രമമാണ് നടന്നത്. ഒടുവില്‍ കൂലി വര്‍ധന ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയന്‍ സംസ്ഥാനത്ത് ആരംഭിച്ച പണിമുടക്ക് സമരം പൊളിക്കാന്‍ നടത്തിയ നീക്കമാണ് തൊഴിലാളികളെ ചിന്തിപ്പിച്ചത്. പണിമുടക്ക് ഇല്ലെന്ന് പൊമ്പിളൈ ഒരുമൈ പ്രഖ്യാപിച്ചു. സമരം ചെയ്യില്ലെന്ന് ഇവര്‍ മന്ത്രിമാര്‍ക്കും ഉറപ്പ് നല്‍കി. ഇത് തൊഴിലാളികളില്‍ സംശയങ്ങളുടെ ആക്കംകൂട്ടി. മാനേജ്മെന്റുകള്‍ക്ക് സഹായകരമായ നിലപാടുകള്‍ തൊഴിലാളികള്‍ തിരിച്ചറിഞ്ഞു. പൊതുസമരത്തെ പൊളിക്കുകയെന്ന ചിലരുടെ താല്‍പര്യം തൊഴിലാളികളില്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു. ഇതോടെ തൊഴിലാളികള്‍ ജീവിതസമരത്തില്‍ ട്രേഡ് യൂണിയനുകള്‍ക്കൊപ്പം നിലയുറപ്പിക്കുന്ന കാഴ്ചയാണ് മൂന്നാറില്‍ കണ്ടത്. ഇതിന്റെ ഭാഗമായി തൊഴിലാളികള്‍ ഒന്നടങ്കം പണിമുടക്കി. ട്രേഡ് യൂണിയന്‍ സമരകേന്ദ്രത്തിലേയ്ക്ക് കൊടിയുമേന്തി മുദ്രവാക്യവിളിയുമായി അവര്‍ എത്തിയത്. "പൊമ്പിളൈ ഒരുമൈ 'സംഘടനയെ നിയന്ത്രിച്ചവരെ ഞെട്ടിച്ചു. യഥാര്‍ഥത്തില്‍ ചിലരുടെ കുതന്ത്രങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും തൊഴിലാളികള്‍ ബലിയാടാകുകയായിരുന്നു.

തോട്ടം തൊഴിലാളി സമരത്തെ ഭിന്നിപ്പിക്കുന്നത് മാനേജ്മെന്റിന് ഗുണം: എം എം മണി

മൂന്നാര്‍ > ഒരുവിഭാഗം തോട്ടം തൊഴിലാളികള്‍ പ്രത്യേകം സമരം ചെയ്യുന്നത് മാനേജ്മെന്റിനെ സഹായിക്കാനാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം എം മണി പറഞ്ഞു. മൂന്നാറില്‍ സംയുക്ത ട്രേഡ് യൂണിയന്‍ സമരത്തെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.കൂട്ടായ സമരത്തോടൊപ്പം എല്ലാ തൊഴിലാളികളും അണിനിരക്കണം. ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പല ലക്ഷ്യങ്ങളുണ്ടാകും. കേരളത്തിലെ മൂന്നരലക്ഷം തോട്ടം തൊഴിലാളികള്‍ ഒന്നിച്ച് അണിനിരക്കുമ്പോള്‍ മൂന്നാറില്‍ കുറെ തൊഴിലാളികള്‍ മാറിനില്‍ക്കുന്നത് ശരിയല്ല. തൊഴിലാളികളുടെ ജീവിതസമരത്തെ തകര്‍ക്കരുത്. മൂന്ന് ട്രേഡ്യൂണിയനുകള്‍ ഒരുമിച്ച് നില്‍ക്കുന്നത് തൊഴിലാളി താല്‍പര്യത്തിന്റെ പേരിലാണ്.സര്‍ക്കാരിന്റെ സംരക്ഷണയില്‍ ചില തൊഴിലാളികള്‍ തിരുവനന്തപുരത്ത് പോകുകയും സമരം ചെയ്യില്ലെന്ന് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇത് ശരിയാണോയെന്ന് അവര്‍ ചിന്തിക്കണം. എന്നാല്‍ ഇവരുടെ ആഹ്വാനം തൊഴിലാളികള്‍ തള്ളിക്കളഞ്ഞു. സിഐടിയു എന്നും തൊഴിലാളികള്‍ക്കൊപ്പമാണ്. പണിമുടക്ക് മൂന്നാറിലുള്‍പ്പെടെ വന്‍വിജയമാണ്. പ്രത്യേകം സമരം ചെയ്യുന്ന തൊഴിലാളികളുടെ താല്‍പര്യം വേറെയാണെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി എം എം മണി പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറാന്‍ പാടില്ല. ഇല്ലാത്ത കാര്യത്തില്‍ പ്രചരണം നടത്തി എതന്നെജയിലടച്ചിട്ടും മാധ്യമപ്രവര്‍ത്തകരോട് മോശമായി പെരുമാറിയിട്ടില്ല. ഉടമകള്‍ കമ്പനി ലോക്കൗട്ട് ചെയ്യുമെന്ന ഭീഷണി വിലപോവില്ല. അങ്ങനെയുണ്ടായാല്‍ അതിനെ ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

സമരത്തെ മാധ്യമങ്ങള്‍ അവഗണിക്കുന്നത് ശരിയല്ല: കെ കെ ജയചന്ദ്രന്‍

മൂന്നാര്‍ > സംയുക്ത ട്രേഡ്യൂണിയന്‍ നേതൃത്വം നല്‍കുന്ന തോട്ടം തൊഴിലാളി സമരത്തെ അവഗണിക്കുന്ന ചില മാധ്യമങ്ങളുടെ നിലപാട് മുതലാളിമാര്‍ക്കാണ് ഗുണം ചെയ്യുന്നതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ പറഞ്ഞു. മൂന്നാറില്‍ തോട്ടം തൊഴിലാളികളുടെ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നര ലക്ഷം തൊഴിലാളികളുടെ ജീവിതസമരത്തിന് അര്‍ഹിക്കുന്ന പരിഗണന മാധ്യമങ്ങള്‍ നല്‍കാത്തത് അവര്‍ക്ക് ചേര്‍ന്നതല്ല. മൂന്നാറില്‍ മാത്രമായി സമരം നടത്തിയാല്‍ നേടാവുന്നതല്ല കൂലിവര്‍ധന. ഈ സമരം ജയിക്കാനായിട്ടുള്ളതാണ്. സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ തൊഴിലാളികള്‍ ഒറ്റക്കെട്ടായി അണിനിരക്കണം. ചില തൊഴിലാളികള്‍ പ്രത്യേകമായി സമരം ചെയ്തത് ഐക്യത്തെ ദുര്‍ബലപ്പെടുത്തും. ഇത് ഒഴിവാക്കണം. തൊഴിലാളികളുടെ ഇന്നത്തെ ദുരിതപൂര്‍ണമായ ജീവിതാവസ്ഥയ്ക്ക് മാറ്റംവരുത്താനാണ് ഈ സമരം. അഞ്ച് സെന്റ്വീതം സ്ഥലം നല്‍കി വീട് യാഥാര്‍ഥ്യമാകണം. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നീക്കിവച്ച 16,000 ഏക്കര്‍ ഭൂമി ഇതിനായി ഉപയോഗിക്കണം. ഇഎസ്എയുടെ പരിധിയില്‍ തൊഴിലാളികളെ കൊണ്ടുവരണം. അദ്ദേഹം ആവശ്യപ്പെട്ടു.

Thursday, September 24, 2015

മൂന്നാര്‍ സമരവും അതിന്റെ പാഠങ്ങളും

മൂന്നാറിലെ കണ്ണന്‍ദേവന്‍ തേയിലത്തോട്ടം തൊഴിലാളികള്‍ പ്രത്യേകിച്ച് സ്ത്രീകള്‍ നടത്തിയ ധീരമായ സമരവും തുടര്‍ന്നുണ്ടായ ഒത്തുതീര്‍പ്പും സംസ്ഥാനത്തെ ജനങ്ങള്‍ കണ്ടതാണ്. തെരുവില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച തൊഴിലാളികളോട് എറണാകുളം റസ്റ്റ്ഹൗസില്‍ നടന്ന ചര്‍ച്ചയിലെ വ്യവസ്ഥകള്‍ വിശദീകരിച്ചത് മന്ത്രി ജയലക്ഷ്മിയാണ്. അന്ന് അവര്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കേണ്ടത് കൂട്ടുത്തരവാദിത്തമുള്ള സര്‍ക്കാരിന്റെ ബാധ്യതയുമാണ്.എന്നാല്‍, 20 ശതമാനം ബോണസ് പ്രഖ്യാപിച്ച മുഖ്യമന്ത്രി കൂലി 500 രൂപയായി വര്‍ധിപ്പിക്കുക എന്ന ആവശ്യം 26ന് ചേരുന്ന പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി തീരുമാനിക്കുമെന്നാണ് പറഞ്ഞത്. അത് പിഎല്‍സിക്കുമാത്രമേ നിയമപരമായി തീരുമാനിക്കാനാകൂ എന്നതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ഏതെങ്കിലും തേയിലത്തോട്ടത്തിലെ കൂലി വര്‍ധിപ്പിക്കാനുള്ള സമിതിയല്ല പിഎല്‍സി. മറിച്ച്, സംസ്ഥാനത്തെ തേയിലത്തോട്ടങ്ങളിലെ മിനിമംകൂലി നിശ്ചയിക്കാന്‍ പിഎല്‍സിക്കാവും. ഈ സമരം സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കുകയും പ്ലാന്റേഷനുകളിലെ മിനിമംകൂലി 500 രൂപയാക്കണമെന്ന തൊഴിലാളികളുടെ ദീര്‍ഘനാളത്തെ ആവശ്യം നടത്തിയെടുക്കാന്‍ ഈ സമരം കാരണമാകുന്നു എന്നുമാണ് നമ്മള്‍ കരുതിയത്.

എന്നാല്‍, സമരം അവസാനിപ്പിച്ച് തൊഴിലാളികള്‍ പിരിഞ്ഞുപോയ സമയംമുതല്‍ സര്‍ക്കാര്‍ തനിനിറം കാട്ടിത്തുടങ്ങി. 26നുതന്നെ തീരുമാനം ഉണ്ടാകണമെന്നില്ല എന്നാണ് തൊഴില്‍മന്ത്രി പിറ്റേന്ന് പ്രതികരിച്ചതെങ്കില്‍, അടുത്ത ദിവസമായപ്പോഴേയ്ക്കും 500 രൂപ കൂലി നല്‍കിയാല്‍ പ്ലാന്റേഷന്‍മേഖല തകരുമെന്ന വാദവുമായി അദ്ദേഹം രംഗത്തുവന്നു. എത്ര രൂപയുണ്ടെങ്കില്‍ ഒരു തൊഴിലാളികുടുംബത്തിന് കഴിയാം എന്നത് അദ്ദേഹത്തിന് വിഷയമല്ല. മറിച്ച് തൊഴിലാളികളെ പട്ടിണി ഓര്‍മപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും മുതലാളിമാരുടെ ചൂഷണത്തിനു വിധേയരാക്കുന്ന കങ്കാണിപ്പണി ഏറ്റെടുക്കുകയാണ് തൊഴില്‍മന്ത്രി.

ഭക്ഷ്യമന്ത്രിക്കും പാര്‍പ്പിടവകുപ്പ് കൈകാര്യംചെയ്യുന്ന മന്ത്രിക്കുമൊന്നും തൊഴിലാളികളുടെ ദയനീയാവസ്ഥ വിഷയമല്ല. അവര്‍ സംസാരിക്കുന്നത് മുതലാളിയുടെ വിഷമതകളെക്കുറിച്ചാണ്. നൂറ്റാണ്ടായി തൊഴിലാളികള്‍ ഈ തോട്ടങ്ങളില്‍ പണിയെടുക്കുന്നു. മൂന്നും നാലും തലമുറകളായി കൊളുന്തുനുള്ളുന്നു. മന്ത്രി പറയുന്നത് തോട്ടം ഒരുദിവസം നിര്‍ത്തിയാല്‍ മുതലാളിക്ക് ഒന്നും സംഭവിക്കില്ല, തൊഴിലാളി പട്ടിണി കിടക്കേണ്ടിവരും എന്നാണ്. തൊഴില്‍മന്ത്രിമാത്രമല്ല, പ്ലാന്റേഷന്‍ ഉടമകളുടെ യോഗത്തിനെത്തിയ മുഖ്യമന്ത്രിക്കും ഇതേ സ്വരമായിരുന്നു. ഭൂപരിഷ്കരണ നിയമത്തില്‍ തോട്ടങ്ങള്‍ക്ക് ഇളവുനല്‍കിയത് മുതലാളിമാരുടെ ലാഭം ലക്ഷ്യമിട്ടല്ല എന്നത് സര്‍ക്കാര്‍ മനസ്സിലാക്കണം. മുതലാളിമാരുടെ ലാഭക്കണക്കില്‍ ഉണ്ടാകുന്ന കുറവുപറഞ്ഞ് തോട്ടങ്ങളുടെ അഞ്ചുശതമാനം അവര്‍ക്ക് യഥേഷ്ടം വിട്ടുനല്‍കുന്ന സര്‍ക്കാര്‍ പക്ഷേ, തൊഴിലാളികളുടെ പട്ടിണി കാണുന്നില്ല. മുതലാളിയെ പ്രകോപിപ്പിച്ചാല്‍ നിങ്ങള്‍ പട്ടിണിയിലാകുമെന്നും അവര്‍ക്ക് വഴങ്ങുകയേ മാര്‍ഗമുള്ളൂവെന്നും ഉരുവിടുന്ന ഈ സര്‍ക്കാര്‍ പുതിയ അടിമവ്യവസ്ഥ സൃഷ്ടിക്കുകയാണ്. ഇവര്‍ ആധുനിക കങ്കാണിമാരാണ്. പകലന്തിയോളം കൊളുന്തുനുള്ളിയിട്ടും ഇവരുടെ പട്ടിണിപോലും മാറുന്നില്ല എന്നതും, കണ്‍സ്യൂമര്‍ഫെഡില്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ കൈയിട്ടുവാരുന്നവര്‍ അറിയണം.

മൂന്നാര്‍ സമരത്തില്‍ തോട്ടംമാനേജ്മെന്റിന്റെ ധാര്‍ഷ്ട്യവും ട്രേഡ് യൂണിയനുകളുടെ വിശ്വാസത്തകര്‍ച്ചയും പ്രധാന വിഷയങ്ങളാണ്. എന്നാല്‍, 26ന് ചേരുന്ന പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റിയില്‍ തൊഴിലാളികള്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടാവുക എന്നത് സര്‍ക്കാരിന്റെ ബാധ്യതയാണ്. അത് സര്‍ക്കാര്‍ പാലിച്ചില്ലെങ്കില്‍ ഇനിയുണ്ടാകുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഉത്തരവാദി സര്‍ക്കാര്‍ മാത്രമായിരിക്കും.ഇപ്പോള്‍ നല്‍കുന്ന കൂലിയായ 232 രൂപ തീരെ അപര്യാപ്തമാണെന്നുമാത്രമല്ല, ഈ 232 രൂപതന്നെ കൈയില്‍ കിട്ടുന്നുമില്ല.

സമരക്കാരോടൊപ്പം ഞാന്‍ 12 മണിക്കൂറോളം സമരരംഗത്ത് ഉണ്ടായി. നിരവധി തൊഴിലാളിസ്ത്രീകള്‍ അവരുടെ ജീവിതസാഹചര്യം വിവരിച്ചു. വിറകിനും ചികിത്സയ്ക്കും മറ്റുമായി ഈ 232 രൂപയില്‍ത്തന്നെ കൈയിട്ടുവാരുകയാണ് മുതലാളിമാര്‍. കണ്ണന്‍ദേവന്‍ തോട്ടത്തിലെ കാര്യംതന്നെ എടുക്കാം. 16,898.91 ഏക്കര്‍ സ്ഥലമാണ് വിറകുമരം കൃഷിചെയ്യാന്‍ സര്‍ക്കാര്‍ കമ്പനിക്ക് വിട്ടുനല്‍കിയത്. 2329.06 ഏക്കര്‍ സ്ഥലത്താണ് തേയിലക്കൃഷി ചെയ്തിരിക്കുന്നത്. അതായത്, തേയിലത്തോട്ടത്തിന്റെ 73 ശതമാനം സ്ഥലത്ത് വിറകുമരം നട്ടിരിക്കുന്നു. ഈ അനുവാദം ആവശ്യമില്ലെന്ന് കമ്പനിതന്നെ സമ്മതിക്കും. 40 ശതമാനത്തിലധികം വിറകുമരം കൃഷിചെയ്യാന്‍ ആവശ്യമില്ല. മാത്രമല്ല, കണ്ണന്‍ദേവന്‍ കമ്പനിയാകട്ടെ കൊളുന്ത് അതേപടി വില്‍ക്കുകയും ചെയ്യുന്നു. ഇത് വിറകിനുള്ള ആവശ്യകത വീണ്ടും കുറയ്ക്കുന്നു. അപ്പോള്‍ ആവശ്യത്തില്‍ വളരെയധികം ഭൂമി വിറകുമരം കൃഷിചെയ്യാനായി സര്‍ക്കാര്‍ വിട്ടുനല്‍കിയിരിക്കുന്നു. അവിടെ കൃഷിചെയ്യുന്ന വിറക് തൊഴിലാളികളുടെ ആവശ്യത്തിനുംകൂടി നല്‍കുന്നതിനുപകരം അത് അവര്‍ക്ക് വിലയ്ക്ക് നല്‍കുന്നതിന്റെ യുക്തി എന്താണ്? ഒരു യൂണിറ്റ് വിറകിന് 465 രൂപയാണ് തൊഴിലാളികളില്‍നിന്ന് ഈടാക്കുന്നത്. ഇത് അടിയന്തരമായി നിര്‍ത്തലാക്കുകയും തൊഴിലാളികള്‍ക്ക് സൗജന്യമായി വിറകുനല്‍കാന്‍ നിഷ്കര്‍ഷിക്കുകയും വേണം. പ്ലാന്റേഷന്‍ ലേബര്‍ ആക്ട് പ്രകാരം ചീഫ് ഇന്‍സ്പെക്ടറെയും ഇന്‍സ്പെക്ടര്‍മാരെയും നിയമിക്കുകയും ഈ കാര്യങ്ങള്‍ നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയും വേണം.

പ്ലാന്റേഷന്‍ ആക്ട് സെക്ഷന്‍ 15 പ്രകാരം ഓരോ തൊഴിലാളി കുടുംബത്തിനും താമസിക്കാന്‍ വീടുനല്‍കാന്‍ തൊഴിലുടമയ്ക്ക് ബാധ്യതയുണ്ട്. സെക്ഷന്‍ 16 പ്രകാരം ഇത്തരത്തില്‍ തൊഴിലാളികള്‍ക്ക് നല്‍കുന്ന പാര്‍പ്പിടത്തിനുവേണ്ടുന്ന സൗകര്യങ്ങള്‍, അതിന്റെ വലുപ്പം തുടങ്ങിയവ നിഷ്കര്‍ഷിച്ച് നിയമം നിര്‍മിക്കാനുള്ള സര്‍ക്കാരിന്റെ അധികാരവും അടിവരയിടുന്നു. അതുകൊണ്ട് പിഎല്‍എ ആക്ടിന്റെ സെക്ഷന്‍ 16 പ്രകാരമുള്ള ചട്ടം നിര്‍മിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ തയ്യാറാകണം. കണ്ണന്‍ദേവന്‍ പ്ലാന്റേഷന്‍കാര്യം കുറച്ചുകൂടി വ്യത്യസ്തമാണ്. അവര്‍ക്ക് ലാന്‍ഡ് ബോര്‍ഡ് അവാര്‍ഡ് പ്രകാരം വിട്ടുനല്‍കിയ 57,359.14 ഏക്കര്‍ ഭൂമിയില്‍ തേയിലയും വിറകുമരവും കൃഷിചെയ്യുന്ന സ്ഥലംകൂടാതെ 17221.17 ഏക്കര്‍ സ്ഥലം അധികമായി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ അരുവികളും ചതുപ്പുനിലവും ഒഴിവാക്കിയാല്‍ത്തന്നെ ഏതാണ്ട് 16,000 ഏക്കര്‍ ബാക്കിയുണ്ട്. ഈ സ്ഥലം തൊഴിലാളികളുടെ താമസത്തിനും കാലികളെ മേയ്ക്കാനും മറ്റുമായി സര്‍ക്കാര്‍ വിട്ടുനല്‍കിയതാണ്. 35 വര്‍ഷത്തിലധികമായി ഈ ബാധ്യത കമ്പനി നിറവേറ്റിയിട്ടില്ല. കാലിത്തൊഴുത്തിനു സമാനമായ ലയങ്ങളില്‍ പത്തും പന്ത്രണ്ടും കുടുംബമാണ് കഴിയുന്നത്. ഈ സ്ഥലത്ത് അടിയന്തരമായി തൊഴിലാളികള്‍ക്ക് പാര്‍പ്പിടസൗകര്യം ഒരുക്കണം.

തൊഴിലാളികളുടെ ആരോഗ്യപ്രശ്നം ഇനി കമ്പനിയുടെ ഇഷ്ടത്തിന് വിട്ടുനല്‍കാനാകില്ല. ആധുനിക സൗകര്യമുള്ള ആശുപത്രി മൂന്നാറിലുണ്ടാകണം. മാത്രമല്ല, തൊഴിലാളികള്‍ക്ക് ഇഎസ്ഐ ആനുകൂല്യം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണം. ക്യാന്‍സര്‍രോഗിക്കും രണ്ട് വെളുത്ത ഗുളിക നല്‍കി മടക്കി അയക്കുന്ന ഇന്നത്തെ സമ്പ്രദായം ഇനി ഒരുനിമിഷംപോലും തുടരാനാകില്ല.

ചില കാര്യങ്ങളിലെങ്കിലും തീരുമാനമെടുക്കാതെ ഇനി മുന്നോട്ടു പോകാനാകില്ല.

1. ദിവസക്കൂലി മിനിമം 500 രൂപയാക്കി നിശ്ചയിക്കണം. എല്ലാ തോട്ടങ്ങളും മിനിമംകൂലിയെങ്കിലും നല്‍കണം. ഇത് നിശ്ചയിക്കേണ്ടത് പ്രധാനമായും ജീവിതച്ചെലവുകളുടെ അടിസ്ഥാനത്തിലാണ്. എന്നാല്‍, ലാഭമുണ്ടാക്കുന്ന തോട്ടങ്ങള്‍ മിനിമംകൂലിയല്ല നല്‍കേണ്ടത്. അവര്‍ മിനിമംകൂലിയേ നല്‍കൂ എന്നത് അനാവശ്യ ശാഠ്യമാണ്. കണ്ണന്‍ദേവന്‍ കമ്പനിയും ടാറ്റയും ഇപ്പോള്‍ പ്രകടിപ്പിക്കുന്നത് ഈ ശാഠ്യമാണ്.

2. അധിക ജോലിക്കുള്ള ഇന്‍സെന്റീവ് തൊഴിലാളിക്ക് തുച്ഛവും മേല്‍നോട്ടക്കാര്‍ക്ക് കൂടുതലും എന്നത് മാറണം.

3. വിറകിനും മറ്റും കൂലിയില്‍നിന്ന് ഏര്‍പ്പെടുത്തുന്ന കിഴിവ് പാടെ ഒഴിവാക്കണം. ഇത്തരത്തില്‍ തൊഴിലാളിക്ക് കൈയില്‍ കിട്ടുന്ന തുക വര്‍ധിപ്പിക്കണം.

4. കണ്ണന്‍ദേവന്‍ കമ്പനിക്ക് സര്‍ക്കാര്‍ നല്‍കിയ സ്ഥലത്ത് പ്ലാന്റേഷന്‍ ആക്ട് വിഭാവനംചെയ്യുന്ന രീതിയില്‍ ഓരോ തൊഴിലാളികുടുംബത്തിനും വീട് നല്‍കുക.

5. ഇഎസ്ഐ ആനുകൂല്യം തോട്ടംതൊഴിലാളികള്‍ക്കും ഏര്‍പ്പെടുത്തുക, ആശുപത്രി സൗകര്യം മെച്ചപ്പെടുത്തുക, ഇവരുടെ മറ്റ് സൗകര്യം പരിശോധിക്കാന്‍ സ്ഥിരംസംവിധാനം ഉണ്ടാക്കുക.

6. ചീഫ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ ഇന്‍സ്പെക്ടര്‍മാരും നിരീക്ഷിക്കുന്ന റിപ്പോര്‍ട്ടിങ് സംവിധാനവും പിഎല്‍ ആക്ട് പ്രകാരം നടപ്പാക്കുക.

7. പ്ലാന്റേഷന്‍ മേഖലയില്‍ തൊഴിലാളികള്‍ക്ക് നല്‍കേണ്ട പാര്‍പ്പിടത്തിന്റെ വലുപ്പം, സൗകര്യം എന്നിവ പിഎല്‍ ആക്ട് സെക്ഷന്‍ 16 പ്രകാരം നിയമമായി സര്‍ക്കാര്‍ നിഷ്കര്‍ഷിക്കുക. ഈ സൗകര്യങ്ങളെല്ലാം ഒരുക്കുക സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്.

കണ്ണന്‍ ദേവന്‍ കമ്പനിയുടെ ഭൂമിയുടെ മേലുള്ള ഉടമസ്ഥാവകാശം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കോടതിമുമ്പാകെയാണ്. മുകളില്‍ പറഞ്ഞ അഭിപ്രായങ്ങള്‍ അത് മനസ്സിലാക്കാതെയല്ല. എന്നാല്‍, ദൈനംദിനജീവിതത്തിന് കഷ്ടപ്പെടുന്ന തൊഴിലാളിയുടെ ആവശ്യങ്ങള്‍ അങ്ങനെ നീട്ടിവച്ചു പരിഹരിക്കാവുന്നതല്ല. അവര്‍ക്ക് ആഹാരം അന്നന്നു കഴിക്കേണ്ടതുണ്ട്.തെറ്റായ സാമ്പത്തികനയങ്ങളും അഴിമതിയും ഒത്തുചേര്‍ന്ന് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുകയാണ്. തുണിക്കടകളില്‍, അണ്‍ എയ്ഡഡ് സ്കൂളുകളില്‍, നേഴ്സുമാര്‍, തോട്ടം തൊഴിലാളികള്‍ എല്ലായിടത്തും സ്ത്രീകള്‍ സമരരംഗത്തേക്ക് വരുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്. മറ്റ് നിര്‍വാഹമില്ല എന്ന മുതലാളിത്തത്തിന്റെ ഗീബല്‍സിയന്‍ തന്ത്രങ്ങളില്‍ സമരപാരമ്പര്യമുള്ള സംഘടനകള്‍പോലും കുടുങ്ങിക്കിടക്കുമ്പോള്‍ തങ്ങളുടെ പച്ചയായ ജീവിതയാഥാര്‍ഥ്യങ്ങള്‍ ഈ സ്ത്രീകളെ തെരുവിലിറക്കുകയാണ്. ഇത് ഈ തെറ്റായ നയങ്ങളുടെ അനിവാര്യത കൂടിയാണ്. ഈ സമരരംഗത്ത് അണിചേരേണ്ടത് എല്ലാ മനുഷ്യസ്നേഹികളുടെയും കര്‍ത്തവ്യമാണ്. 26ന് നടക്കുന്ന ചര്‍ച്ച പ്രഹസനമാക്കി ഈ സംഘടിതശക്തിയെ കബളിപ്പിക്കാനാണ് ടാറ്റയും സര്‍ക്കാരും ശ്രമിക്കുന്നതെങ്കില്‍ മൂന്നാറിലെ ഭൂമി പിടിച്ചെടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളെക്കുറിച്ച് ആലോചിക്കേണ്ടിവരും

*
വി എസ് അച്യുതാനന്ദന്‍ on 24-September-2015

Sunday, September 20, 2015

ലയങ്ങളില്‍ തൊഴിലാളികളുടെ നരകജീവിതം

ഇടുക്കി > വൃത്തിയും ശുചിത്വവും സൗകര്യങ്ങളും തോട്ടം തൊഴിലാളികള്‍ക്ക് നിഷേധിച്ച് തൊഴിലാളി സംരക്ഷണനിയമം കമ്പനി മാനേജ്മെന്റ് പാലിക്കുന്നില്ല. തോട്ടം തൊഴിലാളി ക്ഷേമത്തിന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ബജറ്റില്‍ രണ്ടു തവണയായി നീക്കിവച്ച 25 കോടിയിലും ഒരു രുപ പോലും ചെലവഴിച്ചില്ല. ബ്രട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളുടെ അവസ്ഥ ആരെയും കരളലയിപ്പിക്കും. പതിറ്റാണ്ടുകള്‍ക്കപ്പുറത്തെ അതേരൂപവും സൗകര്യവും മാത്രം. വൃത്തിയുള്ള ലയങ്ങളൊന്നുപോലുമില്ല. വൃത്തിഹീനമാക്കുന്നത് ചുറ്റുപാടുകളാണ്.

ആറ് മുറികള്‍ ചേരുന്നതാണ് ഒരു ലയം. ഇങ്ങനെ ഒരു തോട്ടത്തില്‍ 35 മുതല്‍ 50 വരെ മുറികളുണ്ട്. കക്കൂസും കുളിമുറിയും അടുക്കളയും എല്ലാ കൂട്ടിക്കെട്ടിയ നിലയില്‍. ഇതിനിടയിലാണ് ഈ പാവങ്ങള്‍ അന്തിയുറങ്ങുന്നതും. കാറ്റോ മഴയോ വന്നാല്‍ പിന്നെ ഉറക്കമില്ലാത്ത രാത്രികള്‍. മഴയായാല്‍ ഒരു തുള്ളി വെള്ളവും പുറത്തുപോകില്ല. ചെറിയ പാത്രങ്ങളില്‍ വെള്ളം ശേഖരിച്ചില്ലെങ്കില്‍ ലയങ്ങള്‍ വെള്ളത്തില്‍ മുങ്ങും. ഒറ്റ മുറിയിലാണ് കുടുംബത്തിന്റെ ജീവിതം. കക്കൂസുകളെല്ലാം ഒന്നിച്ചാണ് മിക്കയിടങ്ങളിലും. ടാങ്കും കുഴലും ഒന്നിച്ചു തന്നെ. ഒരു കക്കൂസിലെ വെള്ളം മറ്റൊരു കക്കൂസിലെത്തുന്നു. പൈപ്പും ടാങ്കും പൊട്ടിയൊലിച്ച് ഒഴുകുന്നതും പതിവ്. കുടിവെള്ള പൈപ്പും ഇതിന് സമീപം. മാലിന്യം കലര്‍ന്ന വെള്ളം കുടിക്കേണ്ട ഗതികേടിലാണ് തൊളിലാളികളും കുടുംബാംഗങ്ങളും. ലയങ്ങളുടെ മേല്‍ക്കൂര വെറും തകിടുകൊണ്ട് നിര്‍മിച്ചത്. ഏതുസമയവും നിലംപൊത്താറായ അവസ്ഥയിലാണ് ലയങ്ങള്‍. അറ്റകുറ്റപണിക്ക് തോട്ടം മാനേജ്മെന്റ് പണം ചെലവഴിക്കുന്നില്ല. ഇതിനെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ക്കും കഴിയുന്നില്ല. ഭിത്തികള്‍ പൊട്ടിപൊളിഞ്ഞ നിലയിലാണ്. പൊളിഞ്ഞ ഭാഗം ഷീറ്റുകൊണ്ട് താല്‍ക്കാലികമായി മറച്ചുവച്ചിരിക്കുന്നു. ഇഴ ജന്തുക്കളുടെ ശല്യം വേറെ.

ദുരിതക്കയത്തില്‍ കഴിയുന്ന ഇവരെ കണ്ടില്ലെന്ന് നടിക്കുകയാണ് സര്‍ക്കാരും. തോട്ടംതൊഴിലാളികള്‍ക്കായി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നീക്കിവച്ച 16000 ഏക്കര്‍ ഭൂമി പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാര്‍ വിതരണം ചെയ്തില്ല. തുടര്‍ നടപടിയുമുണ്ടായില്ല. ഇടുക്കി, വയനാട്, പാലക്കാട്, കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളിലാണ് തോട്ടങ്ങളില്‍ ലയങ്ങളുള്ളത്. സംസ്ഥാനത്ത് മൂന്ന് ലക്ഷത്തിലധികം തോട്ടം തൊഴിലാളികളുണ്ട്. ഇടുക്കിയിലെ മൂന്നാര്‍ കെഡിഎച്ച്പി കമ്പനി തോട്ടങ്ങള്‍, ഹാരിസണ്‍ മലയാളം പ്ലാന്റേഷനിലെ സൂര്യനെല്ലി, പന്നിയാര്‍, ലക്കാട്, പീരുമേട്ടിലെ തോട്ടങ്ങള്‍ എന്നിവിടങ്ങളിലുള്‍പ്പെടെ എല്ലാ തോട്ടങ്ങളിലും ലയങ്ങളുടെ ദുസ്ഥിതി നരകജീവിതത്തിന് സമാനം.

ലാക്കാട്, സൂര്യനെല്ലി, പന്നിയാര്‍ എസ്റ്റേറ്റുകളില്‍ സമരം കരുത്താര്‍ജിച്ചു

ഇടുക്കി > ഹാരിസണ്‍ മലയാളം ലിമിറ്റഡ് ഉടമ പ്രതികാര നടപടിതുടങ്ങിയതോടെ ലാക്കാട്, സൂര്യനെല്ലി, പന്നിയാര്‍ എസ്റ്റേറ്റുകളില്‍ സമരം കൂടുതല്‍ കരുത്താര്‍ജിച്ചു. വെള്ളിയാഴ്ചത്തെ ചര്‍ച്ചയും പരാജയപ്പെട്ടു. ഇതോടെ ലാക്കാട് സമരം ശനിയാഴ്ച രണ്ട് ദിവസവും സൂര്യനെല്ലി അഞ്ചും പന്നിയാര്‍ നാലും ദിവസം പിന്നിടുകയാണ്. തൊഴിലാളികളുടെ അവകാശങ്ങള്‍ അംഗീകരിക്കുന്നതിനും പ്രശ്നം പരിഹരിക്കുന്നതിനും കമ്പനിയോ സര്‍ക്കാരോ തയ്യാറാകാത്തത് വലിയ പ്രതിഷേധത്തിനും കാരണമാകുന്നുണ്ട്. മൂന്ന് സമര കേന്ദ്രങ്ങളിലായി 2000 തൊഴിലാളികളാണ് കമ്പനി ഓഫീസുകള്‍ ഉപരോധിച്ചുകൊണ്ട് നടത്തുന്ന സമരത്തില്‍ പങ്കെടുക്കുന്നത്. രാവിലെ എട്ടരമുതല്‍ സമരം ആരംഭിച്ചു. തുടര്‍ന്ന് വൈകിട്ട് ആറ്മണിയോടെ തൊഴിലാളികള്‍ മുദ്രാവാക്യം വിളിച്ച് സമരം അവസാനിപ്പിച്ച് പിരിയുകയാണ് ചെയ്യുന്നത്. തങ്ങളുടെ അവകാങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടി ആവേശത്തോടെയാണ് തൊഴിലാളികള്‍.

ഇതിനിടയില്‍ തൊഴിലാളികല്‍ സമരം ആരംഭിച്ചത് മൂലം കമ്പനിയ്ക്ക് യതാസമയം വിളവെടുക്കുവാന്‍ കഴിയാത്തിനാല്‍ വന്‍ നഷ്ടമുണ്ടായി. അതുകൊണ്ട് തന്നെ സമരത്തില്‍ പങ്കെടുത്ത മുഴുവന്‍ തൊഴിലാളികളുടേയും എട്ട് ദിവസത്തെ വേതനം കമ്പനി പിടിക്കുമെന്നും കാണിച്ച് തൊഴിലാളികള്‍ക്ക് നോട്ടീസ് നല്‍കി. ഇത് വന്‍പ്രതിഷേധത്തിനും ഇടയാക്കി. സമരം പൊളിക്കുന്നതിനുള്ള നീക്കമാണ് കമ്പനി ഇത്തരത്തില്‍ നടത്തുന്നതെന്ന് യൂണിയന്‍ നേതാക്കന്മാര്‍ പറഞ്ഞു. തൊഴിലാളികളുടെ ന്യായമാ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും, ശക്തമായ നിലനില്‍ക്കുമെന്ന് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. അവകാശം നേടിയെടുക്കാതെ സമരത്തില്‍ നിന്ന് ഒട്ടും പിറകോട്ട് പോകുകയില്ലെന്നും തൊഴിലാളികളും അഭിപ്രായപ്പെട്ടു.

വിവിധ കേന്ദ്രങ്ങളില്‍ നടന്ന സമരത്തില്‍ പങ്കെടുത്തുകൊണ്ട് ട്രേഡ് യൂണിയന്‍ നേതാക്കന്മാരായ . എ ഐ റ്റി യു സി സംസ്ഥാന പ്രസിഡന്റ് സി എ കുര്യന്‍, സി പി ഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍, സി പി എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍, ഇ എസ് ബിജിമോള്‍ എം എല്‍ എ, എസ് രാജേന്ദ്രന്‍ എം എല്‍ എ, ഐ എന്‍ റ്റി യുസി നേതാവ് എ കെ മണി, പ്രിന്‍സ് മാത്യൂ, പി റ്റി മുരുകന്‍, എന്‍ ആര്‍ ജയന്‍, വില്യംസ്, എം പി കുട്ടപ്പന്‍, കെ വി ശശി, പി പളനിവേല്‍, ജി മുനിയാണ്ടി, കെ കെ വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

തോട്ടം തൊഴിലാളികള്‍ ഗാന്ധിജയന്തി ദിനത്തില്‍ സംസ്ഥാനപാത ഉപരോധിക്കും

വാഗമണ്‍ > ശമ്പളവര്‍ധനവും ഗ്രാറ്റുവിറ്റിയും ആവശ്യപ്പെട്ട് തോട്ടം തൊഴിലാളികള്‍ ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് ഏലപ്പാറയില്‍ ദേവികുളം-പീരുമേട് സംസ്ഥാനപാത സിഐടിയു വിന്റെ ആഭിമുഖ്യത്തില്‍ ഉപരോധിക്കും. പീരുമേട്ടിലെ പൂട്ടിയതും തുറന്ന് പ്രവര്‍ത്തിക്കുന്നതുമായ തേയിലതോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് ജോലി കാലാവധി കഴിഞ്ഞിട്ടും കമ്പനികള്‍ സര്‍വീസ് ആനുകൂല്യങ്ങള്‍ കൊടുക്കുവാനുള്ളത് നാല്‍പ്പതും അന്‍പതും വര്‍ഷം ജോലി ചെയിട്ടുള്ളവരാണ്. തോട്ടത്തില്‍ നിന്നും പിരിഞ്ഞശേഷം സര്‍വീസിനായി കാത്തിരിക്കുന്നത്. നിരവധിപേര്‍ ഇതിനോടകം സര്‍വീസ് കൈപ്പറ്റാതെ മരണമടഞ്ഞു. തുറന്ന തോട്ടമായ പീരുമേട് ടീ കമ്പനിയുടെ വക ചീന്തലാര്‍ തോട്ടത്തില്‍ തൊഴിലാളികള്‍ കൊടിയ ചൂഷണത്തിന് വിധേയമായിരിക്കുന്നു. തോട്ടം തുറക്കുവാനായി കമ്പനി യൂണിയനുമായി ഉണ്ടാക്കിയ കരാര്‍ നടപ്പിലാക്കിയിട്ടില്ല. തൊഴിലാളികളുടെ ചികിത്സാ ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കി. ഒരായുസ് മുഴുവന്‍ ജോലി ചെയ്ത കൂലിക്കായി നൂറുകണക്കിന് തൊഴിലാളികള്‍ വര്‍ഷങ്ങളായി കാത്തിരിക്കുകയാണ്.

നിരവധിയായ പ്രതിഷേധങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷമായി തൊഴിലാളികള്‍ നടത്തുന്നു. എസ്റ്റേറ്റ് ഓഫീസ് പടിക്കല്‍ സത്യാഗ്രഹം, ലേബര്‍ഓഫീസ് മാര്‍ച്ച്, വില്ലേജ് ഓഫീസുകളിലേക്ക് പട്ടിണി മാര്‍ച്ച് എന്നിവയടക്കം നടത്തിയിട്ടും സര്‍ക്കാരും തോട്ടമുടമകളും കണ്ടഭാവം നടിക്കുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് മൂന്നാഘട്ട പ്രതിഷേധമെന്ന നിലയ്ക്കാണ് ഏലപ്പാറയിലെ റോഡ് ഉപരോധം. സമരത്തിന്റെ പ്രചരണഭാഗമായി ഏലപ്പാറ, ഉപ്പുതറ, കൊക്കയാര്‍, പെരുവന്താനം എന്നീ പഞ്ചായത്തുകളില്‍ പ്രചരണജാഥകളും, കുടുംബസംഗമങ്ങളും നടത്തും. സമരം വിജയിപ്പിക്കാന്‍ മുഴുവന്‍ തൊഴിലാളികളും സഹകരിക്കണമെന്ന് ഹില്‍റേഞ്ച് എസ്റ്റേറ്റ് എംപ്ലോയ്സ് അസോസിയേഷന്‍ (സിഐടിയു) പ്രസിഡന്റ് ആന്റപ്പന്‍ എന്‍ ജേക്കബ്, കെ ടി ബിനു എന്നിവര്‍ പറഞ്ഞു.

deshabhimani 190915

Saturday, September 19, 2015

കമ്പമല തോട്ടത്തില്‍ വറുതിക്കാലം


ദേശാഭിമാനി 190915

മൂന്നാര്‍: സമരം മുഖ്യാധാരാമാധ്യമങ്ങള്‍ക്ക് മുല്ലപ്പൂ വിപ്ലവം ആയതിന്റെ കഥ

മൂന്നാറില്‍ നടന്ന കണ്ണന്‍ ദേവന്‍ എസ്റ്റേറ്റിലെ തൊഴിലാളി സമരം മാധ്യമങ്ങള്‍ എങ്ങിനെയാണ് കൈകാര്യം ചെയ്തതെന്ന് ഒരു പരിശോധന. മാതൃഭൂമി ഇടുക്കി എഡിഷന്‍ ഇ പേപ്പറിലൂടെ ഒരു യാത്ര. കൂട്ടത്തില്‍ 2015 സെപ്തംബര്‍ 7ലെ മാധ്യമം വാര്‍ത്തയും.
സെപ്തംബര്‍ 7ലെ മാധ്യമം. മൂന്നാര്‍ സമരവാര്‍ത്ത.ഈ വാര്‍ത്തയില്‍ നിറയുന്ന ആക്രമം, മര്‍ദ്ദനം, തല്ലിത്തകര്‍ക്കല്‍ എന്നിവ നോക്കുക. തൊഴിലാളി സമരത്തിന്റെ ന്യായത്തെപ്പറ്റി ഒരിടത്തും പരാമര്‍ശമില്ല.

സെപ്തംബര്‍ 7ലെ മാതൃഭൂമി വാര്‍ത്ത. ഉള്‍പ്പേജിലാണ് വാര്‍ത്ത. തൊഴിലാളികള്‍ ബോണസ് കുറഞ്ഞെന്ന് ആരോപിച്ചാണ് സമരം ചെയ്യുന്നതെന്ന് വാര്‍ത്ത പറയുന്നു. അല്ല്ലാതെ കുറഞ്ഞെന്ന് മാതൃഭൂമിക്ക് അഭിപ്രായമൊന്നുമില്ല.

തൊട്ടടുത്ത ദിവസത്തെ മാതൃഭൂമി...വഴിയില്‍ കുടുങ്ങിയവര്‍, ലക്ഷങ്ങളുടെ നഷ്ടം,അടിച്ച് തകര്‍ത്ത കമ്പനി ഓഫീസ്, നിശ്ചലമാകുന്ന വ്യാപാര‌, ടൂറിസം മേഖലകള്‍.... സാധാരണഗതിയില്‍ മുഖ്യധാരാമാധ്യമങ്ങള്‍ തൊഴിലാളി സമരങ്ങളെയും ജനകീയ പ്രക്ഷോഭങ്ങളെയും കൈകാര്യം ചെയ്യുന്ന അതേ രീതി ..തൊഴിലാളി സമരത്തിന്റെ ന്യായത്തെപ്പറ്റി ഒരു വരി, പോട്ടെ ഒരു വാക്ക്...ഇല്ലേയില്ല.

അടുത്ത ദിവസത്തെ പത്രം... ​പത്ത് ശതമാനം ബോണസ് കൊണ്ട് തൃപ്തരാകാതെ 20 ശതമാനം ആവശ്യപ്പെട്ടുകൊണ്ടാണത്രെ തൊഴിലാളികള്‍ സമരം ചെയ്യുന്നത്.. കിട്ടിയത് വാങ്ങി തൃപ്തരായിക്കൂടേ എന്ന് നേരിട്ട് ചോദിക്കാത്തതില്‍ സന്തോഷിക്കുക നാം.


തൊഴിലാളികളുടെ പോരാട്ടമല്ല...ബോണസ് സമരം! ലക്ഷങ്ങളുടെ നഷ്ട്രം!!

തൊഴിലാളിസമരത്തെ ന്യായീകരിച്ച് ഒരു വരി? ഇല്ലേയില്ല..ഉള്ളത്  സ്തംഭനം, കല്ലേറ്, അക്രമം...ഗ്ലാസ് തകര്‍ക്കല്‍...എല്ലാ സമരവാര്‍ത്തകളിലും ഈ വാക്കുകളൊക്കെ ഇല്ലെങ്കില്‍ പിന്നെ എന്ത് മുഖ്യധാരാ മാധ്യമപ്രവര്‍ത്തനം?

നോ കമന്റ്സ്.സൂചനകള്‍ വ്യക്തം

​സെപ്തംബര്‍ 12 ലെ പത്രം..ആദ്യമായി വാര്‍ത്ത ഒന്നാം പേജില്‍..സി.പി.ഐ.എം എം.എല്‍.എക്കെതിരെ “പ്രതിഷേധം“ കണ്ടപ്പോള്‍ വാര്‍ത്ത ഒന്നാം പേജിലെത്തി.. 


പിറ്റേന്ന് മുല്ലപ്പൂ വിപ്ലവവും..നേതാക്കളില്ലാത്തെ സ്ത്രീ സമരവും ഒക്കെയായി വാര്‍ത്തയുടെ സ്വഭാവം മാറുന്നു..നീതിയെപ്പറ്റി പരാമര്‍ശം വരുന്നു.

സമരം വിജയം..ഒരു തൊഴിലാളി സമരം മുഖ്യധാരാമാധ്യമത്തിന്റെ കണ്ണില്‍ അക്രമമവും നഷ്ടവും വരുത്തുന്ന ഒന്നില്‍ നിന്നും വിജയമായതിന്റെ കഥ.  താല്പര്യത്തിനനുസരിച്ച് ഏത് നിമിഷം വേണമെങ്കിലും നിലപാട് മാറ്റുന്ന മുഖ്യാധാരാ കാപട്യം.

*
 (ഇത്തരമൊരു പരിശോധനയ്ക്കുള്ള സൂചന നല്‍കിയ രവിശങ്കര്‍ ആര്യയുടെ കമന്റിനു നന്ദി)

മൂന്നാറിലെ യാഥാര്‍ഥ്യം

മൂന്നാര്‍ തോട്ടംതൊഴിലാളികള്‍ നടത്തിയ സമരം ചൂടേറിയ വിവാദങ്ങള്‍ക്കും തിരികൊളുത്തി. തൊഴിലാളികള്‍ ട്രേഡ് യൂണിയനുകള്‍ക്കെതിരെയാണ് സമരം നടത്തിയതെന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ഏതാനും കുത്തകമാധ്യമങ്ങള്‍ പതിവുപോലെ ഇടതുപക്ഷ രാഷ്ട്രീയത്തെയും ഇടതുപക്ഷ ട്രേഡ് യൂണിയനെയും അധിക്ഷേപിക്കാനാണ് ഈ അവസരം വിനിയോഗിച്ചത്. സാധാരണ തൊഴില്‍സമരങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നവരും പരിഹസിക്കുന്നവരുമായ മാധ്യമങ്ങള്‍ക്കുപോലും മൂന്നാര്‍ സമരത്തെ വര്‍ണിക്കാന്‍ വലിയ ആവേശമായിരുന്നു. ഇത് തൊഴിലാളികളോടുള്ള സ്നേഹംകൊണ്ടോ മുതലാളിത്തചൂഷണത്തിന് എതിരായോ ഉള്ള വികാരമായി ഒരാളും തെറ്റിദ്ധരിക്കുമെന്ന് കരുതുന്നില്ല.മൂന്നാര്‍സമരം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ഇന്ത്യന്‍ തൊഴിലാളികളുടെ ദേശീയപണിമുടക്ക് നടന്നത്. നവഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരെ നടന്ന ഏറ്റവും വലിയ പണിമുടക്കായിരുന്നു അത്. ആര്‍എസ്എസ് സമ്മര്‍ദത്തിനുവഴങ്ങി സമരത്തില്‍നിന്ന് ബിഎംഎസ് പിന്‍വാങ്ങിയിട്ടും പണിമുടക്കിനെ ബാധിച്ചില്ല. ഈ പണിമുടക്കിനെ മലയാള മനോരമ ഉള്‍പ്പെടെയുള്ള കുത്തകമാധ്യമങ്ങള്‍ അധിക്ഷേപിക്കാനാണ് ശ്രമിച്ചത്. പണിമുടക്കുദിവസം ഏതാനും വ്യക്തികള്‍ക്ക് നേരിട്ട ചില്ലറപ്രയാസങ്ങളെ വര്‍ണംചാലിച്ചെഴുതാന്‍ അവര്‍ മറന്നില്ല.

മൂന്നാര്‍ തൊഴിലാളികള്‍ ഉന്നയിച്ചതുപോലെ സെപ്തംബര്‍ രണ്ടിന് പണിമുടക്കിയ തൊഴിലാളികള്‍ ഉന്നയിച്ച മുദ്രാവാക്യങ്ങളില്‍ ഒന്ന്, ദിവസം 500 രൂപ വേതനം ലഭിക്കണമെന്നായിരുന്നു. ദേശീയപണിമുടക്ക് ദിവസം ഉച്ചയോടെ വ്യവസായികളുടെ സംഘടനയായ അസോചം നിരുത്തരവാദപരമായി തട്ടിവിട്ട 25,000 കോടി രൂപയുടെ നഷ്ടക്കണക്ക് പിറ്റേദിവസം മുന്‍പേജില്‍ പ്രധാന വാര്‍ത്തയാക്കിയ മലയാള മനോരമ, മൂന്നാറിലെത്തുമ്പോള്‍ തലകുത്തിനില്‍ക്കുന്നത് എന്തുകൊണ്ട്? മുതലാളിത്ത ഭരണകൂടനയങ്ങളെ സംഘടിതമായി ചെറുക്കുന്ന സമരങ്ങളെ അധിക്ഷേപിക്കുന്നവര്‍, ഒരുകൂട്ടം തൊഴിലാളികള്‍ പൊടുന്നനെ നടത്തുന്ന സമരങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് സംഘടിതതൊഴിലാളി പ്രസ്ഥാനങ്ങളെ ദുര്‍ബലമാക്കാന്‍വേണ്ടി മാത്രമാണ്. ഈ ദുഷ്ടലാക്ക് അനുഭവിച്ചറിഞ്ഞവരാണ് സംസ്ഥാനത്തെ തൊഴിലാളികള്‍.

മൂന്നാറില്‍ സംഭവിച്ചത് 

സംസ്ഥാനത്തെ തോട്ടംതൊഴിലാളികളുടെ വേതനം നിര്‍ണയിക്കുന്നത് പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി (പിഎല്‍സി) എന്ന ത്രികക്ഷി സമിതിയാണ്. തോട്ടംതൊഴിലാളി സംഘടനകളുടെയും മാനേജ്മെന്റുകളുടെയും സര്‍ക്കാരിന്റെയും പ്രതിനിധികള്‍ അടങ്ങുന്നതാണ് പിഎല്‍സി. ചെയര്‍മാന്‍ തൊഴില്‍മന്ത്രിയാണ്. തൊഴില്‍മന്ത്രി മുന്‍കൈ എടുത്താല്‍ മാത്രമേ പിഎല്‍സിയോഗം ചേരാനും ചര്‍ച്ച നടത്താനും സാധിക്കൂ. ഏറ്റവും ഒടുവില്‍ തോട്ടംതൊഴിലാളികളുടെ വേതനം പുതുക്കിനിശ്ചയിച്ചത് 2011 മെയ് 22നാണ്. മൂന്ന് വര്‍ഷമായിരുന്നു കാലാവധി. 2014 ഡിസംബര്‍ 31ന് കാലാവധി അവസാനിച്ചു. എന്നിട്ടും വേതനവ്യവസ്ഥ പുതുക്കിനിശ്ചയിക്കാതെ ഒമ്പതുമാസം പിന്നിട്ടു. വേതനംപുതുക്കാന്‍ പിഎല്‍സി വിളിച്ചുചേര്‍ത്ത് ഗൗരവമായ ചര്‍ച്ചകള്‍ സംഘടിപ്പിക്കാന്‍ തൊഴില്‍മന്ത്രി താല്‍പ്പര്യം കാണിക്കാത്തതിനാല്‍ പുതിയ കരാറുണ്ടാക്കല്‍ നീണ്ടു.താരതമ്യേന കുറഞ്ഞ വേതനം ലഭിക്കുന്നവരാണ് തോട്ടംതൊഴിലാളികള്‍. ഒടുവിലത്തെ കരാറനുസരിച്ച് തോട്ടംതൊഴിലാളികളുടെ വേതനിരക്ക് ഇങ്ങനെയാണ്. തേയില- 232 രൂപ, റബര്‍- 317 രൂപ, ഏലം- 267 രൂപ.

കിഴക്കന്‍ മലയോരങ്ങളിലെ തേയില- കാപ്പി- റബര്‍ തോട്ടങ്ങളില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് കമ്പനികള്‍ ഏര്‍പ്പെടുത്തുന്ന താമസസൗകര്യം വളരെ ശോചനീയമായ അവസ്ഥയിലാണ്. ലയങ്ങള്‍ എന്നറിയപ്പെടുന്ന ഈ താമസസൗകര്യം പരിഷ്കൃത സമൂഹത്തിന് സഹിക്കാനാകാത്ത അവസ്ഥയിലുള്ളതാണ്. മലമ്പ്രദേശങ്ങളില്‍ താമസിക്കുന്ന തോട്ടംതൊഴിലാളികള്‍ക്ക് ലഭിക്കുന്ന ചികിത്സ, മക്കളുടെ വിദ്യാഭ്യാസം എന്നിവയെല്ലാം സമൂഹത്തിലെ മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ പിന്നോക്കമാണ്. ജീവിതദുരിതം തോട്ടംതൊഴിലാളികളില്‍ വ്യാപകമായ അസംതൃപ്തി വളര്‍ത്തിയിട്ടുണ്ട്.

ഈ സാഹചര്യത്തിലും വേതനപരിഷ്കരണം നീണ്ടുപോയി. 2015 ജനുവരി ഒന്നുമുതല്‍ ബാധകമാകുന്ന പുതുക്കിയ വേതനം നിശ്ചയിക്കേണ്ട പിഎല്‍സിയില്‍ തോട്ടം മാനേജ്മെന്റുകള്‍ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. ദിവസക്കൂലിയില്‍ 10 രൂപ വര്‍ധന നല്‍കാമെന്ന നാണംകെട്ട നിര്‍ദേശമാണ് അവരില്‍നിന്നുണ്ടായത്. അതും അധ്വാനഭാരം വര്‍ധിപ്പിച്ചാല്‍മാത്രം. തോട്ടം മാനേജ്മെന്റിന് വഴിവിട്ട സഹായങ്ങള്‍ പലതും ചെയ്തുകൊടുത്ത സര്‍ക്കാരിന് ന്യായമായ ഒരു തീരുമാനമുണ്ടാക്കാന്‍ സമ്മര്‍ദം ചെലുത്താന്‍ കഴിഞ്ഞില്ല.

വേതനപരിഷ്കരണം അനിശ്ചിതമായി നീണ്ടപ്പോള്‍ 2015 ജൂലൈയില്‍ സെക്രട്ടറിയറ്റ് മാര്‍ച്ചും ആഗസ്ത് 20ന് ഒരുദിവസത്തെ സൂചനാപണിമുടക്കും സിഐടിയു സംഘടിപ്പിച്ചു. മറ്റ് സംഘടനകളാരും പ്രത്യക്ഷസമരത്തിന് സന്നദ്ധരായില്ല. സിഐടിയു ആഹ്വാനംചെയ്ത പണിമുടക്കിന് നല്ല പിന്തുണ ലഭിച്ചു. ഈ പണിമുടക്കിനുശേഷമാണ് സെപ്തംബര്‍ 26ന് പിഎല്‍സിയോഗം വിളിച്ചുചേര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.ഈ ഘട്ടത്തിലാണ് 2014-15ലെ ബോണസ് പ്രശ്നം വന്നത്. ആഗസ്ത് 22ന് ട്രേഡ് യൂണിയനുകളുടെ മീറ്റിങ് വിളിച്ച് മാനേജ്മെന്റ് ഏകപക്ഷീയമായി 10 ശതമാനം ബോണസ് പ്രഖ്യാപിച്ചു. തലേവര്‍ഷം 19 ശതമാനമായിരുന്നു. 2014-15ലും കമ്പനി ലാഭംനേടി. എന്നിട്ടും എന്തിനാണ് ബോണസ് കുറച്ചത് എന്ന ചോദ്യത്തിന് ബോധ്യപ്പെടാവുന്ന ഒരു വിശദീകരണവും മാനേജ്മെന്റിനുണ്ടായില്ല. ബോണസ് സംബന്ധിച്ച മാനേജ്മെന്റ് നിര്‍ദേശം സിഐടിയു അംഗീകരിച്ചില്ല. ആരും ബോണസ് വാങ്ങേണ്ടതില്ല എന്ന നിലപാട് സിഐടിയു കൈക്കൊണ്ടു. മറ്റ് യൂണിയനുകളും പരസ്യമായി മറിച്ചൊരു നിലപാട് സ്വീകരിച്ചില്ല. ന്യായമായ ബോണസ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ മെല്ലെപ്പോക്ക് സമരം ആരംഭിച്ചു. ഈ സമരം പണിമുടക്കിന് സമാനമാണെന്നും തോട്ടം ലോക്കൗട്ട് ചെയ്യുമെന്നും മാനേജ്മെന്റ് ട്രേഡ് യൂണിയനുകളെ അറിയിച്ചു. ഈ സാഹചര്യത്തില്‍ മെല്ലെപ്പോക്ക് സമരം അവസാനിപ്പിക്കാന്‍ ട്രേഡ് യൂണിയനുകള്‍ തീരുമാനിക്കുകയും തൊഴിലാളികളെ അറിയിക്കുകയും ചെയ്തു. ബോണസ് കുറച്ചതിനെതിരെ പ്രക്ഷോഭം ആലോചിക്കണമെന്നും സിഐടിയു തീരുമാനിച്ചു.

വേതനവര്‍ധന നീണ്ടുപോയതും ന്യായമായ ബോണസ് നിഷേധിച്ചതും തൊഴിലാളികളുടെ അമര്‍ഷം ആളിക്കത്തിച്ചു. ട്രേഡ് യൂണിയനുകള്‍ ദേശീയതലത്തില്‍ ആഹ്വാനംചെയ്ത സെപ്തംബര്‍ രണ്ടിന്റെ പണിമുടക്കില്‍ മൊത്തം തൊഴിലാളികളും പങ്കെടുത്തു. ബോണസും വേതനവും സംബന്ധിച്ച് തീരുമാനമുണ്ടാക്കണമെന്നാവശ്യപ്പെട്ട് സെപ്തംബര്‍ മൂന്നുമുതല്‍ ഏതാണ്ട് എല്ലാ തൊഴിലാളികളും സമരത്തിനിറങ്ങി. ടാറ്റാ മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ നിലപാടും സര്‍ക്കാരിന്റെ നിസ്സംഗതയുമാണ് ഈ സ്ഥിതിവിശേഷമുണ്ടാക്കിയത്. ഈ സമരത്തെയാണ് ട്രേഡ് യൂണിയനുകള്‍ക്കെതിരായ സമരമായി ചില മാധ്യമങ്ങള്‍ ചിത്രീകരിച്ചത്.

മാധ്യമപ്രചാരണം

സമരം ആരംഭിച്ച് മൂന്നുദിവസം പിന്നിട്ടശേഷമാണ് ദൃശ്യ- അച്ചടി മാധ്യമപ്പട മൂന്നാറില്‍ കേന്ദ്രീകരിക്കാന്‍ തുടങ്ങിയത്. പിന്നീട് സമരം സംബന്ധിച്ച് അവരില്‍ ചിലര്‍ തയ്യാറാക്കിയ തിരക്കഥയനുസരിച്ചുള്ള വാര്‍ത്തകളാണ് ജനം അറിഞ്ഞത്. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സമരകേന്ദ്രത്തില്‍ എത്തുകയും സമരക്കാര്‍ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു. ഹര്‍ഷാരവത്തോടെയാണ് തൊഴിലാളികള്‍ കോടിയേരിയുടെ വാക്കുകളെ എതിരേറ്റത്. പി കെ ശ്രീമതി എംപി, കെ കെ ശൈലജ, എം സി ജോസഫൈന്‍ എന്നീ നേതാക്കളും സമരകേന്ദ്രത്തിലെത്തി. സെപ്തംബര്‍ 13ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ സമരകേന്ദ്രത്തിലെത്തി. സമരംചെയ്യുന്ന തൊഴിലാളികളോടൊപ്പം വി എസും ഇരുന്നു. സമരം തീരുന്നതുവരെ വി എസ് സമരകേന്ദ്രത്തിലുണ്ടായിരുന്നു. സമരം ഒത്തുതീര്‍ക്കാനുള്ള ചര്‍ച്ച ഈ സമയങ്ങളില്‍ നടക്കുന്നുണ്ടായിരുന്നു. കണ്ണന്‍ദേവന്‍ എസ്റ്റേറ്റ് വര്‍ക്കേഴ്സ് യൂണിയന്‍ നേതാക്കള്‍ എറണാകുളത്തും തിരുവനന്തപുരത്തുമായി നടന്ന ചര്‍ച്ചകളില്‍ പങ്കെടുക്കുകയായിരുന്നു. സിഐടിയു സംസ്ഥാന സെക്രട്ടറി കെ ഒ ഹബീബും കൂടിയാലോചനയില്‍ സജീവമായി പങ്കെടുത്തു. ഈ ചര്‍ച്ചകളിലെല്ലാം 20 ശതമാനം ബോണസിനായി ഉറച്ചനിലപാടാണ് സിഐടിയു കൈക്കൊണ്ടത്. സിഐടിയു യൂണിയന്‍ നേതാക്കള്‍ സമരസ്ഥലത്ത് ചെന്നില്ല എന്ന ആക്ഷേപത്തില്‍ അടിസ്ഥാനമില്ല. രാഷ്ട്രീയനേതാക്കളെയും ട്രേഡ് യൂണിയന്‍ നേതാക്കളെയും സമരകേന്ദ്രം സന്ദര്‍ശിക്കാന്‍ തൊഴിലാളികള്‍ അനുവദിച്ചില്ല എന്ന പ്രചാരണം വാസ്തവവിരുദ്ധമാണ്. സമരരംഗത്ത് സജീവമായുണ്ടായിരുന്ന സ്ത്രീത്തൊഴിലാളികള്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ തങ്ങളുടെ സമരത്തെ സിപിഐ എം, സിഐടിയു നേതാക്കള്‍ സഹായിച്ചിട്ടുണ്ടെന്ന് പറയുകയുണ്ടായി. രാഷ്ട്രീയ- ട്രേഡ് യൂണിയന്‍ നേതൃത്വത്തിന്റെ ഇടപെടലിന്റെയുംകൂടി ഫലമായാണ് പ്രശ്നത്തിന് ഒത്തുതീര്‍പ്പുണ്ടായത്. ഇതൊക്കെ മറച്ചുവച്ചാണ് മാധ്യമപ്രചാരണം.

ഏതുസമരം വന്നാലും അതിനെ അധിക്ഷേപിക്കാറുള്ള മലയാള മനോരമ പോലുള്ള കുത്തകമാധ്യമങ്ങള്‍ക്ക് മൂന്നാര്‍സമരത്തോട് വലിയ സ്നേഹംതോന്നാന്‍ എന്താണ് കാരണം? സെപ്തംബര്‍ രണ്ടിന്റെ ദേശീയപണിമുടക്ക് കേരളത്തില്‍ ഹര്‍ത്താലായതില്‍ കുണ്ഠിതപ്പെട്ട പത്രമാണ് മനോരമ. തൊഴിലാളിസമരങ്ങളാണ് വികസനങ്ങളെ തടസ്സപ്പെടുത്തുന്നതെന്ന് മനോരമ സ്ഥിരമായി വാദിക്കുന്നു. എന്നിട്ടും മനോരമയും കൂട്ടാളികളും മൂന്നാറിലെ തൊഴിലാളികള്‍ പണിമുടക്കി സമരം നടത്തിയതിനെ പ്രകീര്‍ത്തിച്ചു. ഒറ്റക്കാരണമേയുള്ളൂ- സംഘടിത തൊഴിലാളിപ്രസ്ഥാനങ്ങളെ അധിക്ഷേപിക്കാന്‍ ചെറിയ ഒരു പഴുതുകിട്ടി. സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങളെ ദുര്‍ബലമാക്കാനും അപകീര്‍ത്തിപ്പെടുത്താനും കിട്ടുന്ന ഒരു സന്ദര്‍ഭവും കുത്തകമാധ്യമങ്ങള്‍ ഒഴിവാക്കില്ല.

ആലപ്പുഴ സമരം

മൂന്നാര്‍സമരം നടക്കുന്ന ഘട്ടത്തില്‍ ആലപ്പുഴയിലെ കയര്‍ ഫാക്ടറി തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കിലായിരുന്നു. ട്രേഡ് യൂണിയനുകളുടെ സംയുക്തനേതൃത്വത്തിലായിരുന്നു സമരം. 2015 സെപ്തംബര്‍ നാലിന് ആരംഭിച്ച പണിമുടക്ക് 14നാണ് ഒത്തുതീര്‍പ്പാക്കിയത്. ഒത്തുതീര്‍പ്പനുസരിച്ച് തൊഴിലാളികള്‍ക്ക് മിനിമം ദിവസക്കൂലി 500 രൂപയായി ഉയര്‍ന്നു. 20,000 തൊഴിലാളികളാണ് ഈ പണിമുടക്കില്‍ പങ്കെടുത്തത്. മനോരമ ഉള്‍പ്പെടെയുള്ള കുത്തകമാധ്യമങ്ങള്‍ ഒന്നുപോലും ആലപ്പുഴയിലേക്ക് തിരിഞ്ഞുനോക്കിയില്ല. കൊല്ലത്തെ കശുവണ്ടിത്തൊഴിലാളികള്‍ മിനിമംകൂലി വര്‍ധിപ്പിക്കാന്‍ സമരംചെയ്യുമ്പോള്‍ ആ സമരം കശുവണ്ടി വ്യവസായത്തെ തകര്‍ക്കുമെന്നെഴുതാന്‍ മനോരമയ്ക്ക് ഒരു മടിയുമുണ്ടായില്ല.

മാവൂര്‍ അനുഭവംമാവൂര്‍ ഗ്വാളിയോര്‍ റെയോണ്‍സ് ഫാക്ടറി പ്രവര്‍ത്തിക്കുന്ന കാലത്ത് ശമ്പളവര്‍ധനയ്ക്കും മറ്റാനുകൂല്യങ്ങള്‍ക്കുമായി തൊഴിലാളികള്‍ സമരം നടത്തുമ്പോള്‍ ആ സമരങ്ങളെ അധിക്ഷേപിക്കാന്‍ മുമ്പന്തിയിലുണ്ടായിരുന്നു മനോരമ. ഒരുഘട്ടത്തില്‍ നിലവിലുള്ള ട്രേഡ് യൂണിയനുകളെ തള്ളിപ്പറഞ്ഞ് മുന്‍ നക്സലൈറ്റ് നേതാവ് വാസുവിന്റെ നേതൃത്വത്തില്‍ ""ഗ്രോ'' എന്ന പേരില്‍ പുതിയ യൂണിയന്‍ രൂപീകരിച്ചപ്പോള്‍ അതേ മനോരമ വാസുവിനെ വിമോചകനായി പാടിപ്പുകഴ്ത്തി. എല്ലാ ട്രേഡ് യൂണിയന്‍ നേതാക്കളും അഴിമതിക്കാരാണെന്നും ""ഗ്രോ'' യൂണിയന്‍ യഥാര്‍ഥ തൊഴിലാളിസംഘടനയാണെന്നുമായിരുന്നു പ്രചാരണം. ദേശീയതലത്തില്‍ പ്രചാരണം കിട്ടിയ സംഭവമായിരുന്നു അത്. ഇപ്പോള്‍ ഗ്രോ എവിടെ? ബോംബെയില്‍ ദേശീയ ട്രേഡ് യൂണിയനുകളെ തള്ളിപ്പറഞ്ഞ് രംഗത്തുവന്ന ദത്താ സാമന്തിന്റെ സ്വതന്ത്ര ട്രേഡ് യൂണിയന്റെ ഗതിയെന്തായി? മൂന്നാര്‍സമരത്തെ മുല്ലപ്പൂ വിപ്ലവമെന്ന് വിശേഷിപ്പിക്കുന്ന മാധ്യമങ്ങള്‍ മുല്ലപ്പൂ വിപ്ലവത്തിന്റെ ഗതിതന്നെ മൂന്നാറിലെ പാവപ്പെട്ട തൊഴിലാളികള്‍ക്കും വരണമെന്നാണോ ആഗ്രഹിക്കുന്നത്?

മാധ്യമങ്ങള്‍ കാണാത്ത സമരങ്ങള്‍കുത്തകമാധ്യമങ്ങള്‍ തൊഴിലാളിസമരങ്ങള്‍ക്കുനേരെ പൊതുവില്‍ കണ്ണടയ്ക്കുകയാണ് പതിവ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എന്തെല്ലാം സമരങ്ങളാണ് സംസ്ഥാനത്ത് നടന്നത്. കയര്‍ത്തൊഴിലാളികള്‍, ചുമട്ടുതൊഴിലാളികള്‍, കശുവണ്ടിത്തൊഴിലാളികള്‍, കൈത്തറിത്തൊഴിലാളികള്‍, ബീഡിത്തൊഴിലാളികള്‍, നിര്‍മാണത്തൊഴിലാളികള്‍, ലോട്ടറിത്തൊഴിലാളികള്‍, മോട്ടോര്‍ തൊഴിലാളികള്‍, കെഎസ്ആര്‍ടിസി തൊഴിലാളികള്‍, എഫ്എസിടി തൊഴിലാളികള്‍, കൊച്ചി തുറമുഖതൊഴിലാളികള്‍, അങ്കണവാടി- ആശാ വര്‍ക്കേഴ്സ് തുടങ്ങിയ വിവിധ മേഖലയിലെ തൊഴിലാളികളും സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുമെല്ലാം സമരത്തില്‍ അണിനിരന്നു. ഇപ്പോള്‍ ഉറഞ്ഞുതുള്ളുന്ന മാധ്യമങ്ങള്‍ക്ക് ആ സമരത്തോടൊന്നും ഒരു താല്‍പ്പര്യവും തോന്നാതിരുന്നതെന്താണ്?

കേരളത്തിലെ തൊഴിലാളികള്‍ എല്ലാ നേട്ടങ്ങളും നേടിയത് ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ തീക്ഷ്ണമായ സമരം ചെയ്താണ്. മൂന്നാറിലെ തൊഴിലാളികളുടെ സമരചരിത്രത്തില്‍, പൊലീസ് വെടിവയ്പില്‍ രക്തസാക്ഷികളായ ഹസ്സന്‍ റാവുത്തര്‍, പാപ്പ അമ്മാള്‍ എന്നീ തൊഴിലാളികളുടെ കഥയുണ്ട്. നവഉദാരവല്‍ക്കരണ നയങ്ങളിലൂടെ രാഷ്ട്രസമ്പത്ത് വന്‍കോര്‍പറേറ്റുകള്‍ക്ക് അടിയറവയ്ക്കുന്ന ബിജെപി സര്‍ക്കാരിന്റെയും മുമ്പ് യുപിഎ സര്‍ക്കാരിന്റെയും നയങ്ങള്‍ക്കെതിരെ ദേശീയതലത്തില്‍ പോരാട്ടംനയിക്കുന്നതും ട്രേഡ് യൂണിയനുകളാണ്. ഈ സംഘടിതപ്രസ്ഥാനങ്ങളെ ദുര്‍ബലമാക്കലാണ് മൂലധനശക്തികളുടെയും അവരുടെ ഉടമസ്ഥതയിലുള്ള മാധ്യമങ്ങളുടെയും ലക്ഷ്യം.എക്കാലവും തൊഴിലാളികളുടെ ഒപ്പംനിന്ന പ്രസ്ഥാനമാണ് സിഐടിയു. മൂന്നാറില്‍ ഏതെങ്കിലും സിഐടിയു നേതാവ് ടാറ്റാ കമ്പനിയുടെ സൗജന്യംപറ്റുന്നില്ല. ഒന്നിച്ച് സമരത്തിനിറങ്ങിയ തൊഴിലാളികളില്‍ ഒരാള്‍ക്കും സിഐടിയുവിനെക്കുറിച്ചോ സിപിഐ എമ്മിനെക്കുറിച്ചോ ഒരാക്ഷേപവുമില്ല. എന്നാല്‍, മൂന്നാറിലെ തൊഴിലാളികള്‍ക്ക് സമരത്തിലേക്ക് ഇറങ്ങേണ്ടിവന്ന സാഹചര്യത്തെക്കുറിച്ച് ഞങ്ങള്‍ ആത്മപരിശോധന നടത്തും. ഓരോ തൊഴിലാളിയെയും ആത്മവിശ്വാസത്തോടെതന്നെ സിഐടിയു സമീപിക്കും. തൊഴിലാളിപക്ഷത്ത് ഉറച്ചുനിന്ന് തോട്ടംതൊഴിലാളികള്‍ക്ക് 500 രൂപ ദിവസവേതനത്തിനും താമസസ്ഥലം മെച്ചപ്പെടുത്തിക്കിട്ടാനും മതിയായ ചികിത്സാസഹായം ലഭ്യമാക്കാനും സിഐടിയു പോരാടും. സംസ്ഥാനത്തെ തോട്ടംതൊഴിലാളികളുടെ വേതനം പുതുക്കി നിശ്ചയിക്കുന്നതില്‍ കേരളസര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥയാണ് കാണിച്ചത്. കൂലി വര്‍ധിപ്പിക്കുന്നതിനെതിരെ മുതലാളിമാരേക്കാള്‍ ശക്തമായി തൊഴില്‍മന്ത്രി വാദിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. കാലഘട്ടത്തിനുസരിച്ച് വേതനംനല്‍കാത്ത സ്ഥാപനങ്ങള്‍ ആര്‍ക്കുവേണ്ടിയാണ് നിലനില്‍ക്കുന്നത്? ഭൂപരിഷ്കരണനിയമത്തില്‍ നിന്നൊഴിവായി ലക്ഷക്കണക്കിന് ഏക്കര്‍ മലയോരഭൂമി കൈവശംവച്ച് വനവിഭവങ്ങള്‍ സ്വന്തം ആവശ്യത്തിനുപയോഗിക്കുകയും തൊഴിലാളികള്‍ക്ക് പട്ടിണിക്കൂലിമാത്രം നല്‍കുകയുംചെയ്യുന്ന ഏര്‍പ്പാട് ഇനിയും തുടരാന്‍ അനുവദിക്കില്ല. സംസ്ഥാനത്ത് കുറഞ്ഞ കൂലിക്ക് ജോലിചെയ്യേണ്ടിവരുന്ന എല്ലാ തൊഴിലാളികള്‍ക്കും ന്യായമായ വേതനംലഭിക്കാനുള്ള പോരാട്ടത്തിന് എല്ലാ തൊഴിലാളികളും സന്നദ്ധരാകണം

*
എളമരം കരീം

Friday, September 18, 2015

അവകാശസമരം വ്യാപിക്കുന്നു; തോട്ടം തൊഴിലാളികളൊന്നാകെ

അവകാശസമരം വ്യാപിക്കുന്നു;  തോട്ടം തൊഴിലാളികളൊന്നാകെ ഇടുക്കി > തോട്ടം തൊഴിലാളികളുടെ ധര്‍മസമരം ജില്ലയില്‍ വ്യാപിക്കുന്നു. കൂലി കൂടുതലിനും 20 ശതമാനം ബേണസിനും വേണ്ടിയുള്ള അവകാശ പോരാട്ടത്തെ സഹായിക്കാന്‍ ബഹുജനങ്ങളും മുന്നോട്ട്വന്ന് കഴിഞ്ഞു. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, യൂണിയനുകളുടെ നേതൃത്വത്തില്‍ ഹരിസണ്‍ മലയാളം പ്ലന്റേഷനിലെ സൂര്യനെല്ലി, പന്നിയാര്‍ ലാക്കാട് എസ്റ്റേറ്റുകളിലെ തൊഴിലാളികളാണ് ശക്തമായി സമരരംഗത്തുള്ളത.്് കേരളത്തിലെ ഏറ്റവും കുറഞ്ഞ കുലി നിലനില്‍ക്കുന്ന തോട്ടം മേഖലയില്‍ തൊഴിലാളികളുടെ ജീവിതം ആങ്ങേയറ്റം ദുരിത പൂര്‍ണമാണ്. വിലക്കയറ്റവും മറ്റ് ജീവിത ദുരിതവും മൂലം ആയിരക്കണക്കിന് തൊഴിലാളികളെ ജീവിതസമരത്തിലേയ്ക്ക് മനേജ്മെന്റ് വലിച്ചിഴക്കുകയാണ് ഉണ്ടായത്. ലയങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കുക, ആശുപത്രിയില്‍ സ്ഥിരം ഡോക്ടറെ നിയമിക്കുക, തൊഴിലാളി ചൂഷണം തടയുക തുടങ്ങിയ ആവശ്യങ്ങളും സംയുക്ത ട്രേഡ് യൂണിയന്‍ ഉന്നയിക്കുന്നു. അപ്പര്‍ സൂര്യനെല്ലി എസ്റ്റേറ്റില്‍ അനിശ്ചിതകാല ഉപരോധം 5 ദിവസം പിന്നിട്ടു. കമ്പിനിപ്പടിക്കല്‍ ഉപരോധ സമരമാണ് നടത്തുന്നത്. തൊഴിലാളികള്‍ ഒന്നടങ്കം സമരത്തില്‍ അണി നിരക്കുന്നു.

8.33 ശതമാനം ബോണസാണ് മാനേജ്മെന്റ് ഇവിടെ തിരുമാനിച്ചിരുന്നത്. ഇതിനെ ട്രേഡ് യൂണിയനുകള്‍ ശക്തമായി ഏതിര്‍ത്തിരുന്നു. രേഖാമൂലം വിയോജിപ്പും അറിയിച്ചു. ഇതിനിടയില്‍ ഓണമുണ്ണാന്‍ മറ്റ് മാര്‍ഗമില്ലാതെ തുച്ഛമായ ബോണസ് തൊഴിലാളികള്‍ വാങ്ങുകയായിരുന്നു. 20 ശതമാനം ബോണസ് അനുവദിക്കണമെന്ന ആവശ്യവും അവര്‍ ഉന്നയിച്ചു. ഇതേ അവസ്ഥയാണ് എച്ച്എംഎലിന്റെ മറ്റ് ഡിവിഷനുകളിലും ഉള്ളത.് അടിസ്ഥാന ശമ്പളം 83 രൂപ 53 പൈസയും ഡി എ 149 രൂപ 37 പൈസയും ഉള്‍പ്പെടെ 232 രൂപ 90 പൈസയാണ് ഇന്നത്തെ കൂലി. മിനിമം 21 കിലോ കൊളുന്ത് തുക്കിയില്ലെങ്കില്‍ കൂലിയും ഡിഎയും കുറയും തൂക്കത്തിലെ വെട്ടിപ്പ് തടയാനുംനടപടിയില്ല. സൂര്യനെല്ലി എസ്റ്റേറ്റില്‍ 813 തൊഴിലാളികളും പന്നിയാര്‍ എസ്റ്റേറ്റില്‍ 400 ഓളം തൊഴിലാളികളും പണിയെടുക്കുന്നു. ഇവിടങ്ങളിലെ ലയങ്ങളുടെ അവസ്ഥയും ദയനീയമാണ്. അപ്പര്‍ സൂര്യനെല്ലി, പന്നിയാര്‍ ഉപരോധ സമരത്തില്‍സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ ജയചന്ദ്രന്‍ എംഎല്‍എ, പ്ലാന്റേഷന്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ (സിഐടിയു) സംസ്ഥാന ജനറല്‍ സെക്രട്ടറി പി എസ് രാജന്‍, സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍, ഡിസിസി പ്രസിഡന്റ് റോയി കെ പൗലോസ്, എ കെ മണി, സിപിഐ എം ഏരിയ സെക്രട്ടറി ടി ജെ ഷൈന്‍, സേനാപതി ശശി, ടി എന്‍ ഗുരുനാഥന്‍, ഡി കുമാര്‍, വി എക്സ് ആല്‍ബിന്‍, എസ് വനരാജ്, എന്‍ ആര്‍ ജയന്‍, എം വി കുട്ടപ്പന്‍, പി ടി മുരുകന്‍ എന്നിവര്‍ എന്നിവര്‍ സംസാരിച്ചു. തൊഴിലാളികളായ ജ്യോതി ലക്ഷ്മി, സരസ്വതി, കലൈശെല്‍വി, കനിസ്റ്റേല്ല എന്നിവരും സംസാരിച്ചു. ലാക്കാട് എസ്റ്റേറ്റില്‍ സമരം എസ് രാജേന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. തമിഴ്ശെല്‍വം അധ്യക്ഷനായി. ഡിഇഇ യൂണിയന്‍ പ്രസിഡന്റ് കെ വി ശശി, ജനറല്‍ സെക്രട്ടറി വി ഒ ഷാജി, വര്‍ക്കിങ് പ്രസിഡന്റ് എസ് സുന്ദരമാണിക്യം, സിപിഐ എം മൂന്നാര്‍ ഏരിയാ സെക്രട്ടറി കെ കെ വിജയന്‍, സി എ കുര്യന്‍, എ കെ മണി എന്നിവര്‍ സംസാരിച്ചു. സ്ത്രീകളടക്കം നൂറുക്കണക്കിന് തൊഴിലാളികള്‍ സമരത്തില്‍ പങ്കെടുത്തു.

അമ്പനാട് ടിആര്‍ ആന്‍ഡ് ടീ എസ്റ്റേറ്റില്‍ നിരാഹാരസമരം തുടങ്ങി

തെന്മല > വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അമ്പനാട്ട് ടിആര്‍ ആന്റ് ടീ എസ്റ്റേറ്റില്‍ ഇടതുപക്ഷ തൊഴിലാളി യൂണിയനുകള്‍ നടത്തുന്ന ഉപരോധസമരം രണ്ടുദിനം പിന്നിട്ടു. വ്യാഴാഴ്ച അമ്പനാട് എസ്റ്റേറ്റ് ഓഫീസിനുമുന്നില്‍ നിരാഹാരസമരം ആരംഭിച്ചു.

അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ ബിജുലാല്‍ പാലസും ആര്യങ്കാവ് പഞ്ചായത്ത്അംഗം ജൂലിയറ്റ് മേരിയുമാണ് അമ്പനാട് തേയില ഫാക്ടറിക്ക് സമീപത്തെ എസ്റ്റേറ്റ് മാനേജര്‍ ഓഫീസിനു മുന്നില്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചത്. നൂറു കണക്കിന് തൊഴിലാളികള്‍ പങ്കെടുത്ത് നടന്ന ഉപരോധസമരവേദിയില്‍ തന്നെയായിരുന്നു നിരാഹാരസമരം ആരംഭിച്ചത്. സിപിഐ എം സംസ്ഥാന കമ്മിറ്റിഅംഗം എസ് സുദേവന്‍ നിരാഹാരസമരം ഉദ്ഘാടനംചെയ്തു.

അമ്പനാട് എസ്റ്റേറ്റിലേതുള്‍പ്പെടെ തൊഴിലാളികള്‍ മാനേജ്മെന്റിന്റെ കോടിയ ചൂഷണത്തിന് ഇരയായി നരകജീവിതത്തില്‍ അകപ്പെട്ടിരിക്കുകയാണെന്നും മനുഷ്യത്വപരമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മാനേജ്മെന്റ് തയ്യാറാകാതെ വഞ്ചനാനടപടികള്‍ തുടരുകയാണെന്നും എസ് സുദേവന്‍ പറഞ്ഞു. തകര്‍ന്ന ലയങ്ങളില്‍ വര്‍ഷങ്ങളായി താമസിക്കുന്ന തൊഴിലാളികളുടെ സ്ഥിതിക്ക് പരിഹാരം കാണണമെന്നും എസ്റ്റേറ്റിലെ മിച്ചഭൂമി തൊഴിലാളികള്‍ക്ക് വീടു നിര്‍മിക്കാന്‍ വിട്ടുനല്‍കണമെന്നും അര്‍ഹമായ ആനുകൂല്യങ്ങളെല്ലാം നല്‍കാന്‍ മാനേജ്മെന്റ് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

നിരാഹാര സമരം നടത്തുന്നവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി രാത്രിയിലും തൊഴിലാളികള്‍ എസ്റ്റേറ്റ് ഓഫീസിനു മുന്നില്‍ ഉപരോധസമരം തുടരുകയാണ്. എസ്റ്റേറ്റിലെ നാല് ഉദ്യോഗസ്ഥര്‍ ഇപ്പോഴും ഓഫീസിനുള്ളിലുണ്ട്. ബുധനാഴ്ച വൈകുന്നേരം നാലിനാണ് ഓഫീസിന് മുന്നില്‍ ഉപരോധസമരം ആരംഭിച്ചത്.വ്യാഴാഴ്ച വൈകിട്ട് എസ്റ്റേറ്റ് ഓഫീസിനുള്ളില്‍ ഉണ്ടായിരുന്ന മൂന്നു പേരുടെ ആരോഗ്യസ്ഥിതി വഷളായതായി പൊലീസ് സമരക്കാരെ അറിയിച്ചു. കഴുതുരുട്ടിയില്‍നിന്ന് ഡോക്ടര്‍ എത്തി പരിശോധിച്ചു. തുടര്‍ന്ന് അമ്പനാട് എസ്റ്റേറ്റിലെ സീനിയര്‍ മാനേജര്‍ അനില്‍ മഹാരാജന്‍, മാനേജര്‍ ഡൊമിനിക്, ഹെഡ് ക്ലര്‍ക്ക് ജോണ്‍സണ്‍ എന്നിവരെ പൊലീസ്സംഘം എസ്റ്റേറ്റ് ഓഫീസിനുള്ളില്‍നിന്ന് ആശുപത്രിയിലേക്ക് മാറ്റി.

രോഗബാധിതരായ എസ്റ്റേറ്റിലെ തൊഴിലാളി കുടുംബങ്ങളെ ആംബുലന്‍സിന് പകരം തകര്‍ന്ന ട്രാക്ടറിലാണ് എസ്റ്റേറ്റ്അധികൃതര്‍ ആശുപത്രിയില്‍കൊണ്ടുപോകാന്‍ നിര്‍ദേശിക്കാറുള്ളത്.ഉപരോധസമരത്തെ തുടര്‍ന്ന് എസ്റ്റേറ്റ് ഓഫീസില്‍നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന മാനേജര്‍മാരെയും ഇതേ ട്രാക്ടറില്‍തന്നെ കൊണ്ടുപോകണമെന്നും തൊഴിലാളികളുടെ ബുദ്ധിമുട്ടുകള്‍ ഇവരും മനസിലാക്കണമെന്നും നിരവധി തൊഴിലാളികള്‍ പൊലീസിനോട് ആവശ്യപ്പെടുന്നുണ്ടായിരുന്നു. യോഗം സിപിഐ എം പുനലൂര്‍ ഏരിയ സെക്രട്ടറി എം എ രാജഗോപാല്‍ ഉദ്ഘാടനംചെയ്തു. വൈകിട്ട് നിരാഹാരസമരവും ഉപരോധസമരവും നടത്തുന്നവരെ പ്ലാന്റേഷന്‍ വര്‍ക്കേഴ്സ്യൂണിയന്‍ ജില്ലാ ജനറല്‍ സെക്രട്ടറി എസ് ജയമോഹന്‍ അഭിവാദ്യം ചെയ്തു. അമ്പനാട് എസ്റ്റേറ്റിലെ തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാനും ആനുകൂല്യങ്ങള്‍ നല്‍കാനും പ്രശ്നപരിഹാരത്തിനു തൊഴില്‍ മന്ത്രി ഉടന്‍ ഇടപെടണമെന്ന് എസ് ജയമോഹന്‍ ആവശ്യപ്പെട്ടു.

തൊഴിലാളികള്‍ക്ക് 500 രൂപ ശമ്പളം നല്‍കുക, 20 ശതമാനം ബോണസ് നല്‍കുക, എസ്റ്റേറ്റ് ലയങ്ങള്‍ പണയിക്കുക, സിക്ക് അലവന്‍സ് നല്‍കുക, ആശുപത്രി പ്രവര്‍ത്തനം പുനരാരംഭിക്കുക, ആശ്രിതര്‍ക്ക് എസ്റ്റേറ്റില്‍ നിയമനം നല്‍കുക, ലയങ്ങളില്‍ക്കൂടി വെള്ളസൗകര്യം ലഭ്യമാക്കുക, വന്യജീവി ശല്യത്തില്‍നിന്നും സംരക്ഷണം നല്‍കുക, തൊഴിലാളികള്‍ക്ക് യാത്രക്കൂലി നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളികള്‍ നിരാഹാരസമരം നടത്തുന്നത്

തോട്ടംതൊഴിലാളികള്‍ പട്ടിണിയില്‍

അഗളി > "സാറന്മാരോ, ഇവിടെയോ'? തൊട്ടുമുന്നില്‍ നില്‍ക്കുന്നത് ഒരു ജനപ്രതിനിധിയാണെന്ന് ഇടവാണി ഊരിലെ ആദിവാസികള്‍ക്ക് വിശ്വസിക്കാനാവുന്നില്ല. എം ബി രാജേഷ് എംപി അടുത്ത് നിന്നിട്ടും അവര്‍ക്ക് സംശയം തീരുന്നില്ല. ഒരു പഞ്ചായത്ത്അംഗംപോലും തിരിഞ്ഞു നോക്കാത്ത ഞങ്ങളുടെ ഊരിലേക്ക് ആദ്യമായി എത്തുന്ന ജനപ്രതിനിധിയാണ് സഖാവ് രാജേഷെന്ന് പറയുമ്പോള്‍ ഊരിലെ മാണിക്യന്‍ മാഷിന്റെ വാക്കുകളില്‍ ആവേശം. തുടര്‍ന്ന് ഊരിന്റെ നടുമുറ്റത്ത് ഒരുക്കിയ ചെറിയ പന്തലില്‍ ഊരുമൂപ്പന്‍ കാളി, എംബി രാജേഷ് എംപിയെ രക്തഹാരംചാര്‍ത്തി സ്വീകരിച്ചു. ഇതിനിടെ, എണ്‍പതുകാരിയായ കാടുപ്പത്തി എംപിയുടെ കാല്‍പ്പാദങ്ങളില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചത് വൈകാരികമായി.എംപിയും എംഎല്‍എയുമെല്ലാം വലിയ സാറന്മാരാണെന്നു ധരിച്ചുവച്ചിരുന്ന കാടിന്റെ മക്കള്‍ക്കുമുന്നില്‍ വിനയാന്വിതനായി എം ബി രാജേഷ് നിന്നു. എല്ലാവരും എംപിക്കുമുന്നില്‍ ഒത്തുകൂടി. നിങ്ങളുടെ പ്രശ്നങ്ങള്‍ തുറന്നുപറയൂ എന്ന നിര്‍ദേശത്തിനു മുന്നില്‍ അവര്‍ പരാതികളുടെ കെട്ടഴിച്ചു. വീട്,വെളിച്ചം,വെള്ളം, വഴി, വന്യമൃഗങ്ങളില്‍നിന്നുള്ള സംരക്ഷണം തുടങ്ങി തങ്ങളുടെ ഇല്ലായ്മകളും ആവശ്യങ്ങളും അവര്‍ നിരത്തി. പറ്റുന്നതെല്ലാം ചെയ്തുതരാമെന്നും ഉറപ്പു നല്‍കി.കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക പദ്ധതിയിലേക്ക് പുതൂര്‍ പഞ്ചായത്തിനെ ദത്തെടുത്ത കാര്യവും എം ബി രാജേഷ് അറിയിച്ചു. പിന്നീട് ഊരും പരിസരവും ചുറ്റിനടന്നു കണ്ടു. ഇതിനിടെ, ആദിവാസികള്‍ ഒരുക്കിയ കപ്പയും ചമ്മന്തിയും കട്ടന്‍ചായയും കഴിച്ചു. ആദിവാസികളുടെ സ്നേഹവായ്പിനുമുന്നില്‍ സമയം കടന്നുപോയതറിഞ്ഞില്ല. ദുര്‍ഘടമായ കാട്ടുപാതയിലൂടെ നടന്നുവേണം വാഹനം എത്തുന്ന താഴെ ഭൂതാര്‍ ഊരിനു സമീപം എത്താന്‍. യാത്ര പറയുന്നതിനിടെ ഊരിലെ ആദിവാസിയുവാക്കള്‍ നോട്ടുബുക്കുമായെത്തി. ഊരിലെ ചലഞ്ചര്‍ ബോയ്സ് ക്ലബിലെ പ്രവര്‍ത്തകരാണ്. "ഊരിന്റെ നിറഞ്ഞ സ്നേഹത്തിനു നന്ദി. ഇനിയുംവരും നിങ്ങളുടെ ആവശ്യങ്ങളില്‍ ചിലതെങ്കിലും നിറവേറ്റിയശേഷം' എം ബി രാജഷ് നോട്ട്ബുക്കില്‍ കുറിച്ചു. എംപിയോടൊപ്പം സിപിഐ എം ഏരിയ സെക്രട്ടറി വി ആര്‍ രാമകൃഷ്ണന്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ പി രാമമൂര്‍ത്തി, സി പി ബാബു, വി കെ ജെയിംസ്, എം പി രാജന്‍, ജോസ് പനക്കാമറ്റം, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി എന്‍ ജംഷീര്‍, എ പി ലാല്‍, ജയപ്രകാശ് തുടങ്ങിയവരുമുണ്ടായി.

പി എസ് പത്മദാസ്

തോട്ടംതൊഴിലാളി സമരം ഗവണ്‍മെന്റ് പ്ലാന്റേഷനുകളിലേക്കും വ്യാപിപ്പിക്കും: എസ് ജയമോഹന്‍

കൊല്ലം > തോട്ടംതൊഴിലാളികളുടെ ജീവിതദുരിതങ്ങള്‍ അകറ്റുന്നതിനുവേണ്ടി കേരളത്തില്‍ സ്വകാര്യ തോട്ടങ്ങളില്‍ നടന്നുവരുന്ന സമരങ്ങള്‍ ഗവണ്‍മെന്റ് പ്ലാന്റേഷനുകളിലേക്കും വ്യാപിപ്പിക്കുമെന്ന് ജില്ലാ പ്ലാന്റേഷന്‍ വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) ജനറല്‍സെക്രട്ടറി എസ് ജയമോഹന്‍ പ്രസ്താവനയില്‍ പറഞ്ഞു.

തോട്ടംതൊഴിലാളികളോടുള്ള സര്‍ക്കാര്‍ സമീപനം നിരാശാജനകമാണ്. മുതലാളിമാരെ സഹായിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ തോട്ടങ്ങളില്‍ തൊഴിലാളികള്‍ക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കാതിരിക്കുന്നത്. സ്വകാര്യമുതലാളിമാരെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാരും തൊഴില്‍വകുപ്പും സ്വീകരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയിലുള്ള പ്ലാന്റേഷന്‍ കോര്‍പറേഷന്‍ കേരള, റിഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍ ലിമിറ്റഡ്, ഓയില്‍പാം ഇന്‍ഡ്യാ ലിമിറ്റഡ്, സ്റ്റേറ്റ് ഫാമിങ് കോര്‍പറേഷന്‍ എന്നിവിടങ്ങളിലും വരുംദിവസങ്ങളില്‍ സമരം ആരംഭിക്കും. ആവശ്യമെങ്കില്‍ മന്ത്രിയുടെ വീട്ടുപടിക്കലേക്കും സമരം വ്യാപിപ്പിക്കും. ജില്ലയിലെ അമ്പനാട് ടിആര്‍വൈ, ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍, എവിടി ചാലിയക്കര എന്നിവിടങ്ങളിലും സമരം ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

deshabhimani 180915

Tuesday, September 15, 2015

മൂന്നാര്‍ നുണക്കഥ - ചില ചിത്രങ്ങള്‍

 മൂന്നാറില്‍ കോടിയേരി സംസാരിക്കുമ്പോള്‍ കൈയടി..സോറി കല്ലെറിയുന്ന സ്ത്രീതൊഴിലാളികള്‍ 
 ശ്രീമതി ടീച്ചറുടെ കൈപിടിച്ച് ഒടിക്കുന്ന തൊഴിലാളികള്‍
 ശ്രീമതി ടീച്ചറെ അനങ്ങാന്‍ വയ്യാതെ പൂട്ടിയിട്ടിരിക്കുന്ന തൊഴിലാളി സ്ത്രീകള്‍
നിരാഹാര സമരം നടത്തുന്ന സ.രാജേന്ദ്രനെ സന്ദര്‍ശിക്കാതിരിക്കുന്ന വി.എസ്

picutre courtesy: various facebook posts

മൂന്നാറിന്റെ മുന്നറിയിപ്പ്

മൂന്നാറിലെ കണ്ണന്‍ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍ തൊഴിലാളികള്‍ ഒമ്പതുദിവസമായി നടത്തിയ സമരത്തിന്റെ പരിസമാപ്തി സന്തോഷകരമാണ്. 8.33 ശതമാനം ബോണസും 11.67 ശതമാനം എക്സ്ഗ്രേഷ്യയും നല്‍കാമെന്ന് കമ്പനി സമ്മതിച്ചതോടെയാണ് സമരം ഒത്തുതീര്‍പ്പായത്. 2015ല്‍ ഏകപക്ഷീയമായി കമ്പനി ബോണസ് വെട്ടിക്കുറച്ചതിനെതിരെ രോഷത്തോടെ സമരത്തിനിറങ്ങിയ തൊഴിലാളിസ്ത്രീകള്‍ക്ക് ആശ്വാസകരമായ തീര്‍പ്പാണ് ഉണ്ടായത്. രാഷ്ട്രീയപാര്‍ടികളും തൊഴിലാളിസംഘടനകളും സര്‍ക്കാരും സമരംചെയ്യുന്ന തൊഴിലാളികളുടെ പ്രതിനിധികളും ജനപ്രതിനിധികളും ഒത്തുചേര്‍ന്നാണ് ചര്‍ച്ചകള്‍ നടത്തിയെന്നതും സമരത്തില്‍ ഉയര്‍ന്ന വേതനവര്‍ധന എന്ന ആവശ്യം പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റിയില്‍ പരിഗണിക്കും എന്നതും തൊഴിലാളികളുടെ വികാരം എല്ലാവരും ഏറ്റെടുത്തതിന് തെളിവാണ്.

കാലാകാലമായി അനുഭവിച്ചുവരുന്ന അവകാശങ്ങള്‍ പൊടുന്നനെ തട്ടിയെടുക്കപ്പെടുമ്പോള്‍ ഉണ്ടായ രോഷമാണ് സമരത്തിലണിനിരന്ന ഓരോ സ്ത്രീത്തൊഴിലാളിയുടെയും മുഖത്ത് നിഴലിച്ചത്. തീര്‍ത്തും ദുരിതപൂര്‍ണമായ സാഹചര്യങ്ങളില്‍ ജീവിക്കുകയും തൊഴിലെടുക്കുകയും ചെയ്യുന്ന തങ്ങള്‍ വീണ്ടും വീണ്ടും ചൂഷണം ചെയ്യപ്പെടുകയാണ് എന്ന തിരിച്ചറിവില്‍നിന്നാണ് അവരുടെ രോഷപ്രകടനം ഉണ്ടായത്. തൊഴിലാളികളുടെ ന്യായമായ അവകാശങ്ങളെയും രോഷത്തെയും തൊഴിലാളി സംഘടനകളില്‍നിന്ന് അടര്‍ത്തിമാറ്റി അരാഷ്ട്രീയവല്‍ക്കരിക്കാനുള്ള ആസൂത്രിതശ്രമം ഈ സമരത്തോടനുബന്ധിച്ച് വിവിധ കോണുകളില്‍നിന്ന് ഉണ്ടായി എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഒരുഘട്ടത്തില്‍ സമരം തേയിലക്കമ്പനിക്കെതിരെയല്ല, നാട്ടിലെ ട്രേഡ് യൂണിയനുകള്‍ക്കെതിരെയാണ് എന്ന് സ്ഥാപിക്കുംവിധം പ്രചാരണമുണ്ടായി. ഒമ്പതുദിവസം തൊഴിലാളികള്‍ തെരുവില്‍ പോരാട്ടം നടത്തിയിട്ടും തിരിഞ്ഞുനോക്കാതെ സ്വന്തം കടമ മറന്ന സംസ്ഥാന സര്‍ക്കാരിനെ തുറന്നുകാട്ടാന്‍ തയ്യാറാകാത്ത ചില മാധ്യമങ്ങള്‍ ഇടതുപക്ഷത്തെ ആക്രമിക്കാന്‍ കാണിച്ച ആവേശവും വിസ്മരിക്കാവുന്നതല്ല.

രാജ്യത്ത് തൊഴിലാളിവര്‍ഗം കടുത്ത അതൃപ്തിയിലാണ്. നവഉദാരവല്‍ക്കരണ നയങ്ങളും അതിന്റെ ഭാഗമായ നടപടികളും നിയമഭേദഗതികളും തൊഴിലാളികളുടെ അവകാശങ്ങളെ ഹനിക്കുന്നു. തൊഴില്‍സാഹചര്യങ്ങള്‍ അനുദിനം വഷളാകുന്നു. ദൈനംദിന ജീവിതം വഴിമുട്ടുന്നു. സെപ്തംബര്‍ രണ്ടിന് രാജ്യവ്യാപകമായി തൊഴിലാളിസംഘടനകള്‍ ഒറ്റക്കെട്ടായി നടത്തിയ പൊതുപണിമുടക്ക് ആ അതൃപ്തിയുടെ പ്രതിഫലനമാണ്. കേരളത്തിലെ മഹാഭൂരിപക്ഷം തൊഴിലാളികളും കടുത്ത യാതന അനുഭവിക്കുകയാണ്. ആലപ്പുഴ സീമാസില്‍ നടന്ന സമരം ഉദാഹരണം. വാണിജ്യ വ്യാപാര സ്ഥാപനങ്ങളിലും സ്വകാര്യ ആശുപത്രികളിലും തുച്ഛവേതനത്തിന് ദുരിതപൂര്‍ണമായ തൊഴില്‍സാഹചര്യങ്ങളില്‍ ജോലിചെയ്യുന്ന വനിതകളെക്കുറിച്ച് സര്‍ക്കാരിന് ചിന്തയില്ല. തൊഴിലാളികളുടെ ക്ഷേമം എന്ന വാക്ക് അബദ്ധത്തില്‍ ഉച്ചരിക്കാന്‍പോലും തയ്യാറാകാത്ത സര്‍ക്കാരാണ് കേരളത്തിലുള്ളത്. തൊഴിലാളികള്‍ തുടര്‍ച്ചയായി അവഗണിക്കപ്പെടുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്യുന്നു. ഏറെക്കുറെ അത്തരമൊരു അവസ്ഥയില്‍നിന്നുതന്നെയാണ് മൂന്നാറിലെ സ്ത്രീത്തൊഴിലാളികളുടെ സമരവും ഉടലെടുത്തത്. ട്രേഡ് യൂണിയനുകളില്‍നിന്ന് അതിനെ വേര്‍പെടുത്താനുള്ള വ്യഗ്രത അതുകൊണ്ടുതന്നെ നിരര്‍ഥകമാണ്.

സമരത്തെക്കുറിച്ച് തെറ്റായ പ്രചാരണം ഏറ്റെടുത്തവര്‍ക്ക് സങ്കുചിത ലക്ഷ്യങ്ങളുണ്ടാകാം. സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന ഒരു വനിത ആവര്‍ത്തിച്ചു വ്യക്തമാക്കിയത് തങ്ങളെ രാഷ്ട്രീയലക്ഷ്യത്തോടെ വഴിതിരിച്ചുവിടാന്‍ പലതരത്തില്‍ ശ്രമമുണ്ടായി എന്നാണ്. അത്തരം ശ്രമങ്ങളുടെ ഫലംതന്നെയാണ് സമരത്തിന്റെ കുന്തമുന തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങള്‍ക്കുനേരെ തിരിച്ചുവിടാനുള്ള വ്യാമോഹം ജനിപ്പിച്ചത്. തൊഴിലാളി നേതാക്കളെയും ജനപ്രതിനിധികളെയും സമരമുഖത്തുനിന്ന് മാറ്റിനിര്‍ത്തുക തങ്ങളുടെ ലക്ഷ്യമായിരുന്നില്ല എന്ന് സമരത്തില്‍ പങ്കെടുത്തവര്‍ ഉറപ്പിച്ചു പറയുമ്പോഴും മൂന്നാര്‍ സമരത്തെ തെറ്റായി രേഖപ്പെടുത്താന്‍ ചിലര്‍ തയ്യാറാകുന്നതും മറ്റൊരു കാരണം കൊണ്ടല്ല.

സങ്കുചിതമായ ലക്ഷ്യങ്ങളുള്ളവര്‍ക്ക് മൂന്നാര്‍ സമരം അരാഷ്ട്രീയമായി ചിത്രീകരിക്കാം. എന്നാല്‍, ഇന്ത്യയിലെ തൊഴിലാളിവര്‍ഗത്തിന്റെ മനസ്സിലും ജീവിതത്തിലും തിളച്ചുപൊന്തുന്ന രോഷത്തിന്റെ അണപൊട്ടിയൊഴുകലാണ് മൂന്നാറിലുണ്ടായത് എന്ന യാഥാര്‍ഥ്യം ആര്‍ക്കും മറച്ചുവയ്ക്കാനാകില്ല. ഈ വികാരത്തെ, രോഷത്തെ ഏറ്റെടുത്ത് തൊഴിലാളികളുടെ ഉജ്വലമായ മുന്നേറ്റത്തിന് നേതൃത്വംനല്‍കാനുള്ള കടമ ട്രേഡ് യൂണിയന്‍ സംഘടനകളെ ആവര്‍ത്തിച്ച് ഓര്‍മിപ്പിക്കുന്നുണ്ട് മൂന്നാര്‍ സമരം. ഒപ്പം തൊഴിലാളികളുടെ വികാരം തൃണവല്‍ഗണിച്ച് മുന്നോട്ടുപോകാന്‍ ഒരു സര്‍ക്കാരിനും കഴിയില്ല എന്ന മുന്നറിയിപ്പും മൂന്നാറില്‍നിന്ന് മുഴങ്ങുന്നുണ്ട്. രാഷ്ട്രീയസമരങ്ങളെ അവഹേളിക്കാനും അവഗണിക്കാനും എക്കാലത്തും തയ്യാറാകുന്നവര്‍ മൂന്നാര്‍ സമരത്തെ പിന്തുണച്ചത്, അതില്‍ രാഷ്ട്രീയമില്ല എന്ന ധാരണമൂലമാകാം. എന്നാല്‍, തൊഴിലാളിവര്‍ഗത്തിന്റെ ഏതു സമരത്തിലും, അവകാശനിഷേധത്തിനെതിരായ ഏതു മുന്നേറ്റത്തിലും ഉള്‍ച്ചേര്‍ന്നു കിടക്കുന്ന രാഷ്ട്രീയം അവരുടെ ചിന്തകള്‍ക്കപ്പുറത്തുള്ളതാണ്. പ്രതിലോമശക്തികളുടെയും അരാഷ്ട്രീയത്തിന്റെയും ഇടപെടലുകള്‍ക്കും കുതന്ത്രങ്ങള്‍ക്കും അതീതമായ രാഷ്ട്രീയം- തൊഴിലാളിവര്‍ഗത്തിന്റെ അവകാശപ്പോരാട്ടത്തിന്റെ രാഷ്ട്രീയം- അതാണ് എല്ലാറ്റിലും മുകളില്‍. മൂന്നാര്‍ സമരത്തിന്റെ ആത്യന്തിക വിശകലനത്തിലും കാണാനാവുന്നത് അതാണ് $

ദേശാഭിമാനി മുഖപ്രസംഗം

Saturday, April 26, 2014

ഇടുക്കിയില്‍ കാല്‍ലക്ഷം ഹെക്ടര്‍ കൃഷിഭൂമി സര്‍ക്കാരിലേക്കു മടങ്ങും

ഇടുക്കി: പരിസ്ഥിതിലോല മേഖലയില്‍നിന്ന് ജനവാസകേന്ദ്രങ്ങളെ വേര്‍തിരിക്കാന്‍ റവന്യുവകുപ്പ് തയ്യാറാക്കുന്ന കഡസ്ട്രല്‍ ഭൂപടം പൂര്‍ത്തിയായാല്‍ കാല്‍ലക്ഷം ഹെക്ടര്‍ കൃഷിഭൂമി സര്‍ക്കാരിന്റേതാകും. ഇതോടെ ഇടുക്കി ജില്ലയില്‍ മാത്രം 65,000 കര്‍ഷകര്‍ക്ക് കൈവശമുള്ള കൃഷിഭൂമി നഷ്ടപ്പെടും. ഇതുവഴി സംസ്ഥാനത്തെ ഇഎസ്എ മേഖല ഉള്‍പ്പെടുന്ന 28,588.15 സ്ഥലത്തെ കൈവശക്കാരെ പുത്തന്‍ കഡസ്ട്രല്‍ ഭൂപടം കണ്ണീരിലാഴ്ത്തും.

ഇഎസ്എ ഉള്‍പ്പെടുന്ന വലിയൊരു ഭൂപ്രദേശം പട്ടയമില്ലാത്തതോ കുത്തകപാട്ടമോ ആണ്. പുതിയ നടപടിയോടെ ഇത് സര്‍ക്കാര്‍ ഭൂമിയായി നിര്‍ണയിക്കപ്പെടും. ഒരു വില്ലേജില്‍ ശരാശരി 35,000 മുതല്‍ 40,000 വരെ തണ്ടപ്പേരുള്ള ഭൂവുടമകളുണ്ട്. ഇവിടെയെല്ലാം നേരിട്ടെത്തി വേണം ഭൂപടം തയ്യാറാക്കാന്‍. പ്രധാനമായും 13 ഇനം വിവരങ്ങള്‍ കൃത്യമായി ചോദിച്ചിട്ടുണ്ടെങ്കിലും കൈവശ ഭൂമിയെക്കുറിച്ച് പ്രതിപാദിക്കാത്തതാണ് പ്രശ്നം. വര്‍ഷങ്ങള്‍ക്ക് മുമ്പും അടുത്ത കാലത്തും റീ സര്‍വെ ചെയ്ത ഭൂമിയുടെ വിവരം പൊതുവായി പ്രസിദ്ധപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇത് സര്‍വേ വകുപ്പിന്റെ പക്കല്‍ ഉണ്ടെന്നാണ് അവകാശപ്പെടുന്നത്. ഉപസര്‍വേ നമ്പര്‍ പ്രകാരം വാസയോഗ്യം, കൃഷിയോഗ്യം, റോഡ്, തരിശ്, തോട്, പാറക്കെട്ട്, വനഭാഗങ്ങള്‍, കരിങ്കല്‍ പ്രദേശം, തോട്ടങ്ങള്‍ തുടങ്ങിയ 13 ഇന വിവരങ്ങളില്‍ വിവിധ നിറം നല്‍കിയാണ് ഭൂപടം തയ്യാറാക്കേണ്ടത്. എന്നാല്‍ ഇവയിലൊന്നും കര്‍ഷകര്‍ കൈവശം വയ്ക്കുന്ന ഭൂമി സംബന്ധിച്ച് വിവരം ചോദിച്ചിട്ടില്ല. തയ്യാറാക്കുന്ന കഡസ്ട്രല്‍ മാപ്പില്‍ ജനവാസ കേന്ദ്രങ്ങള്‍, തോട്ടം, വനഭൂമി, കാര്‍ഷിക മേഖല എന്നിവ രേഖപ്പെടുത്തി സൂക്ഷ്മമായി നിറം നല്‍കിയില്ലെങ്കില്‍ കര്‍ഷകരുടെ ഭൂമി ഇഎസ്എയില്‍പ്പെടും.

റീസര്‍വെ പ്രകാരം ഒരു വില്ലേജിലെ എല്ലാ പ്രദേശങ്ങളെയും വേര്‍തിരിച്ച് അതിര്‍ത്തി നിര്‍ണയിക്കുന്ന രേഖാചിത്രമാണ് കഡസ്ട്രല്‍ ഭൂപടം. റീസര്‍വെ സ്കെച്ച് പ്രകാരമാണ് ഭൂപടം തയ്യാറാക്കേണ്ടത്. എന്നാല്‍ റീ സര്‍വെ പൂര്‍ത്തിയാക്കാത്ത വില്ലേജ് മേഖലകളില്‍ ഭൂപടം തട്ടിക്കൂട്ടുന്ന തിരക്കിലാണ് ഉദ്യോഗസ്ഥര്‍. മതിയായ സമയം ഇല്ലാത്തതാണ് പ്രധാന പ്രശ്നം. ഭൂമി പരിശോധന നടത്തിമാത്രമെ കഡസ്ട്രല്‍ മാപ്പ് തയ്യാറാക്കാന്‍ പാടുള്ളൂവെന്ന നിഷ്ക്കര്‍ഷ പാലിച്ചിട്ടില്ല. ഫീല്‍ഡ് പരിശോധന നടത്തി, സ്കെയില്‍ ഉപയോഗിച്ച് കൃത്യതയോടെയാണ് മാപ്പ് രൂപപ്പെടുത്തേണ്ടത്. എന്നാല്‍ സ്ഥലപരിശോധന പോലും നടത്താതെ ഓഫീസുകളിലിരുന്നാണ് ഭൂപട നിര്‍മാണം. അവധി ദിനങ്ങളായിരുന്നതിനാല്‍ ഭൂപടം തയ്യാറാക്കാനുള്ള സമയം ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടില്ല. നല്‍കേണ്ട അവസാന ദിവസം ഈ മാസം 30 ആണ്.

deshabhimani

Sunday, April 13, 2014

"പാല്‍തോണി" വിടവാങ്ങുന്നു

ഇടുക്കി: നിര്‍ദിഷ്ട അണക്കര വിമാനത്താവളത്തിനായി പാടം നികത്തല്‍ തുടങ്ങിയതോടെ ഇടുക്കിയുടെ പരമ്പരാഗത നെല്ലിനമായ "പാല്‍തോണി" വംശനാശഭീഷണിയില്‍. ഒരുമീറ്റര്‍ മുതല്‍ ഒന്നേകാല്‍ മീറ്റര്‍ നീളമുള്ള നെല്‍ച്ചെടിയാണിത്. വലുപ്പമേറിയ രുചികരമായ ചോറാണ് പാല്‍തോണിയുടെ പ്രത്യേകത. ഔഷധഗുണവുമുണ്ട്. പാല്‍തോണി രോഗപ്രതിരോധശേഷി നല്‍കുമെന്ന് വണ്ടന്‍മേട് കൃഷിഓഫീസര്‍ സിബി സെബാസ്റ്റ്യന്‍ പറഞ്ഞു. ജില്ലയില്‍ അണക്കരയില്‍ മാത്രമാണ് ഇപ്പോള്‍ ഈ തനതുവിത്ത് കൃഷിചെയ്യുന്നത്. കരനെല്‍കൃഷിക്കും പ്രകൃതി കൃഷിക്കും ഏറെ അനുയോജ്യമായ "പാല്‍തോണി"ഇല്ലാതാകുന്നത് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

നെല്ല് പാകി ഞാറാക്കിയാണ് നടുക. ജൂലൈ-ആഗസത് മാസങ്ങളില്‍ ഞാറ് നടും. ഡിസംബര്‍-ജനുവരി മാസങ്ങളിലാണ് വിളവെടുപ്പ്. 140ദിവസമാണ് പരമാവധി വളര്‍ച്ച. അണക്കര ഏലായില്‍ ആകെ 400 ഏക്കറിലാണ് കൃഷിയുള്ളത്. ഹൈറേഞ്ചിലെ കാലാവസ്ഥയില്‍ ഒരു കൃഷിമാത്രമാണ് ചെയ്യുന്നത്. സെന്റ് പോള്‍സ് മാര്‍ത്തോമ്മാ കൃഷികൂട്ടായ്മയുടെ പ്രസിഡന്റും സെന്റ് മാര്‍ത്തോമ കാര്‍ഷിക വികസനസമിതി പ്രസിഡന്റുമായ ഫാ. ജോണ്‍ മാത്യുവിന് 100 കിലോ നെല്ലില്‍നിന്നും 76 കിലോ അരി ലഭിച്ചു. അരിമണിക്ക് വലുപ്പവും തവിടും കൂടുതലാണ്. ഉരുണ്ട വലുപ്പമുള്ള രുചികരമായ ചോറ്. കഴിച്ചാല്‍ മടുപ്പ് തോന്നില്ല. പ്രത്യേക രുചിയുണ്ട്. തവിടിന്റെ അംശം കൂടുതലുള്ളതിനാല്‍ രോഗപ്രതിരോധ ശക്തിയുണ്ട്.തവിട് കൊണ്ട് പുട്ട് ഉണ്ടാക്കാറുമുണ്ട്. പല്ല് തേക്കാനും ഉപയോഗിക്കാം.

പാല്‍തോണി നെല്ലിന് ക്വിന്റലിന് 2000 രൂപയാണ് വില. വിത്തിന് നല്‍കുമ്പോള്‍ കിലോയ്ക്ക് 40രൂപ ലഭിക്കും. മറ്റ് നെല്ലിനങ്ങള്‍ക്ക് വിലക്കുറവാണ്. ജ്യോതിക്ക് ക്വിന്റലിന് 1650 രൂപയെ കിട്ടൂ. പാല്‍തോണി മാര്‍ക്കറ്റില്‍ സുലഭമല്ല. പ്രകൃതി കൃഷിക്കാര്‍ വിത്തിനായി മൊത്തമായി വാങ്ങുകയാണ്. കോട്ടയം ജില്ലയിലെ കടുത്തുരുത്തി, വൈക്കം മേഖലയിലുള്ളവര്‍ കരക്കൃഷിക്കായി വിത്ത് വാങ്ങുന്നുണ്ട്. അണക്കരകുരുവിക്കാട്ട് ഏലയില്‍ 10 ഏക്കര്‍ കൃഷിചെയ്തപ്പോള്‍ സംസ്ഥാന സര്‍ക്കാരില്‍നിന്ന് കാര്യമായ സഹായം കിട്ടിയില്ലെന്നും ഫാ. ജോണ്‍ കുറ്റപ്പെടുത്തി. ജൂലൈയില്‍ ഞാറ് നട്ട് കഴിഞ്ഞാല്‍ ഒരുമാസം നവ് മതി. ഇലചുരുട്ടിപ്പുഴു, തണ്ടുതുരപ്പന്‍, മുഞ്ഞ തുടങ്ങിയവ കാര്യമായി ബാധിക്കില്ല.

ജോബി ജോര്‍ജ് deshabhimani

Saturday, April 5, 2014

അഡ്വ. ജോയ്സ് ജോര്‍ജിനെതിരെയുള്ള അപവാദപ്രചാരണങ്ങള്‍ അവസാനിപ്പിക്കണം: സിപിഐ എം

ഇടുക്കി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി അഡ്വ. ജോയ്സ് ജോര്‍ജിനെതിരെ കോണ്‍ഗ്രസ് നേതാക്കളും ചില മാധ്യമങ്ങളും നടത്തുന്ന അടിസ്ഥാന രഹിതമായ അപവാദ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു. ജോയ്സ് ജോര്‍ജിന് വട്ടവട പഞ്ചായത്തില്‍ ഭൂമിയുണ്ടെന്നും ആ ഭൂമിയുടെ പട്ടയത്തില്‍ ദുരൂഹതയുണ്ടെന്നുമാണ് ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നത്. യുഡിഎഫ് നേതൃത്വം തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഫോറസ്റ്റ് ഉദ്യേഗസ്ഥര്‍ക്ക് അന്വേഷിക്കാര്‍ നിര്‍ദ്ദേശംനല്‍കി തുടങ്ങിയ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമായ പ്രചാരണം കൊഴുപ്പിക്കുന്നതിനുവേണ്ടിയാണ്.

കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ജോയ്സ് ജോര്‍ജിന്റെ അച്ഛന്‍ പാലിയത്ത് ജോര്‍ജിന്റെ പേരില്‍ വട്ടവട പഞ്ചായത്തില്‍ ഭൂമി ഉള്ളതാണ്. അദ്ദേഹം മക്കള്‍ക്ക് കുടുംബവിഹിതമായി ഭൂമി പതിച്ചു നല്‍കി. അങ്ങിനെയാണ് ജോയ്സ് ജോര്‍ജിന്റെയും ഭാര്യയുടെയും പേരില്‍ ഭൂമി വരാനിടയായത്. ഇതിനെല്ലാം പ്രമാണങ്ങളും രേഖകളും ഉള്ളതുമാണ്. നോമിനേഷന്‍ കൊടുത്തപ്പോള്‍ സത്യവാങ്മൂലത്തില്‍ ഭൂമിയുടെ വിവരം രേഖപ്പെടുത്തിയിട്ടുണ്ട്. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് ജോയ്സ് ജോര്‍ജ് തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാലും അദ്ദേഹത്തിനെതിരെ അടിസ്ഥാന രഹിതമായ പ്രചാരണമാണ് ചില മാധ്യമങ്ങളും യുഡിഎഫും നടത്തുന്നത്.

ജോയ്സ് ജോര്‍ജിന്റെ കുടുംബവക ഭൂമി അവിടെ ഉള്ളതാണ്. ജോയ്സ് ജോര്‍ജിന്റെ സഹോദരന്‍ കോണ്‍ഗ്രസിന്റെ ജില്ലാ പഞ്ചായത്ത് മെമ്പറാണ്. അദ്ദേഹത്തിനും അവിടെ ഭൂമിയുണ്ട്. ഇതുവരെ ഈ കുടുംബത്തെപ്പറ്റി ഭൂമിസംബന്ധമായി ഒരു ആക്ഷേപവും ഇല്ലായിരുന്നു. എന്നാല്‍ അദ്ദേഹം ഹൈറേഞ്ച് സംരക്ഷണസമിതി പിന്തുണയുള്ള എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരരംഗത്തുവന്നപ്പോഴാണ് ഈ ആരോപണം ഉന്നയിക്കുന്നത്. പി പി തങ്കച്ചനടക്കം നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വട്ടവടയിലും കാന്തല്ലൂരും അനവധി ഏക്കര്‍ഭൂമിയുണ്ട്. അതിലൊന്നും ഒരുദുരാരോപണവും മാധ്യമങ്ങള്‍ കാണുന്നില്ല. ഇതുസംബന്ധിച്ച വസ്തുതകള്‍ പ്രസിദ്ധീകരിക്കാന്‍ സിപിഐ എം തയ്യാറാണ്. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുകയും ഭൂമി കൈവശം വച്ചിരിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ ലിസ്റ്റ് പരസ്യപ്പെടുത്തുമെന്നും പാര്‍ടി ജില്ലാ സെക്രട്ടറിയറ്റ് മുന്നറിയിപ്പ് നല്‍കി. അടിസ്ഥാന രഹിതമായ അപവാദപ്രചാരണത്തില്‍ തെറ്റിദ്ധരിക്കരുതെന്ന് പൊതുജനങ്ങളോട് സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു. അപവാദപ്രചാരണം തുടര്‍ന്നാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സി ജില്ലാ സെക്രട്ടറി എം എം മണി പറഞ്ഞു.

തിരുവഞ്ചൂര്‍ മാപ്പ് പറയണം കോണ്‍ഗ്രസ് നേതാക്കളുടെ ഭൂമിയെക്കുറിച്ചും അന്വേഷിക്കണം: കെ കെ ജയചന്ദ്രന്‍ എംഎല്‍എ

തൊടുപുഴ: അഡ്വ. ജോയ്സ് ജോര്‍ജിന് അനുകൂലമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ റൂളിങ്വന്ന സാഹചര്യത്തില്‍ മന്ത്രിപദവി ദുരുപയോഗംചെയ്ത് വ്യക്തിഹത്യ ചെയ്യാന്‍ ഗൂഢാലോചന നടത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ജനങ്ങളോട് മാപ്പ് പറയണമെന്ന് കെ കെ ജയചന്ദ്രന്‍ എംഎല്‍എ ആവശ്യപ്പെട്ടു.യുഡിഎഫ് നേതാക്കള്‍ക്കൊപ്പം ഗൂഢാലോചന നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണം. മറയൂര്‍ ഭാഗത്ത് കോണ്‍ഗ്രസ് നേതാക്കളുടെ കൈവശമുള്ള ഭൂമിയെക്കുറിച്ചും അന്വേഷണം നടത്താന്‍ എന്തുകൊണ്ടാണ് തിരുവഞ്ചൂര്‍ തയ്യാറാകാതിരുന്നത്. അഡ്വ. ജോയ്സ് ജോര്‍ജിന്റെ അച്ഛന്‍വാങ്ങിയ ഭൂമിയെക്കുറിച്ച് മാത്രം അന്വേഷിക്കാനുള്ള നീക്കം അംഗീകരിക്കില്ല. തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തി ഭഭരണസ്വാധീനത്തിന്റെ മറവില്‍ ജനവിധിയെ അട്ടിമറിക്കാന്‍ നടത്തുന്ന നീക്കത്തെ സര്‍വശക്തിയും ഉപയോഗിച്ച് എതിര്‍ക്കും.

കൊട്ടക്കാമ്പൂര്‍ വില്ലേജില്‍ യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്റെ മകന്റെ ഭഭാര്യ ഡെമനാ വര്‍ഗീസിന്റെ പേരില്‍ നാലേകാല്‍ ഏക്കര്‍ ഭൂമിയുണ്ട്. സമീപകാലത്ത് ഇത് മറ്റൊരാളുടെ പേരിലേക്ക് എഴുതി മാറിയിട്ടുണ്ടെങ്കിലും റിസോര്‍ട്ട് ഇപ്പോഴും ഇവര്‍ തന്നെയാണ് നടത്തുന്നത്.ഡിസിസി ജനറല്‍ സെക്രട്ടറിയും അടിമാലി പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാനുമായ ബാബു കുര്യാക്കോസിന് ഈ ഭാഗത്ത് 80 ഏക്കര്‍ ഭൂമിയുണ്ട്. കെപിസിസി വൈസ് പ്രസിഡന്റ് എകെ മണി കീഴാന്തൂര്‍ വില്ലേജില്‍ ചന്ദ്രമംഗലം ഭാഗത്ത് 60 ഏക്കര്‍ ഭൂമിക്ക് കരം അടയ്ക്കുന്നുണ്ട്. യുഡിഎഫ് നേതാവ് ടിയുകുരുവിള എംഎല്‍എയുടെ ബിനാമിയുടെ പേരില്‍ ഏക്കറുകണക്കിന് ഭൂമിയും ഇവിടെയുണ്ട്. കുടുംബസ്വത്തായി ലഭിച്ച ജോയ്സ് ജോര്‍ജിന്റെ എട്ടേക്കര്‍ സ്ഥലത്തെക്കുറിച്ച് മാത്രം ഏകപക്ഷീയമായി അന്വേഷണം നടത്താനുള്ള നീക്കം ഗൂഢാലോചനയാണ്. റൂളിങ്വന്ന സാഹര്യത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ ഗൂഡാലോചന നടത്താന്‍ കൂട്ട് നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും പരാതി നല്‍കും. കൈവശമുള്ളത് ഏത് തരത്തിലുള്ള ഭഭൂമിയാണെന്ന് വിശദീകരിക്കാന്‍ പി പി തങ്കച്ചനും എ കെ. മണിയും ടി യു കുരുവിളയും ബാബു കുര്യാക്കോസും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

deshabhimani

ബാലവേശ്യയല്ല; കെണിയിലാക്കിയത്

ഒടുവില്‍ നീതിയുടെ പ്രകാശം

കോട്ടയം: വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധം; അറിവില്ലാത്ത പ്രായത്തില്‍ അകപ്പെട്ട ദുരന്തത്തില്‍ നിന്ന് ഒടുവില്‍ നീതിപീഠം തന്നെ സൂര്യനെല്ലി പെണ്‍കുട്ടിക്ക് കൈത്താങ്ങായി. ഒരിക്കല്‍ "ബാലവേശ്യ"യെന്നു വരെ വിളിച്ച് അവഹേളിച്ച നീതിപീഠം ഇപ്പോള്‍ ആ തെറ്റുതിരുത്തി- അരുതാത്ത പ്രയോഗത്തില്‍ പശ്ചാത്താപം. നീതിപീഠത്തിന് മനഃസാക്ഷി നഷ്ടപ്പെട്ടിട്ടില്ലെന്നതിന് ഇത് തെളിവ്. സൂര്യനെല്ലി പെണ്‍കുട്ടിയും കുടുംബവും തുരുത്തിലെന്ന പോലെ ഒറ്റപ്പെട്ട് ജീവിതം കഴിക്കുമ്പോള്‍ ഇവളെ പീഡിപ്പിച്ച കോണ്‍ഗ്രസ് നേതാക്കള്‍ അടക്കമുള്ളവര്‍ സമൂഹത്തില്‍ മാന്യന്മാരായി വിലസുകയായിരുന്നു. ഒടുവില്‍സത്യം വിജയിച്ചു.

കാരാഗൃഹവാസം പോലെയായിരുന്നു പെണ്‍കുട്ടിക്കും കുടുംബത്തിന് കഴിഞ്ഞ നീണ്ട 18 വര്‍ഷങ്ങള്‍. ഇക്കാലയളവില്‍ ഏറെ അനുഭവിച്ചു. സ്വന്തം പേരു പോലും ഇവള്‍ക്ക് നഷ്ടപ്പെട്ടു. പകരം സമൂഹം പുതിയ പേരു നല്‍കി- സൂര്യനെല്ലി പെണ്‍കുട്ടി. പെണ്‍കുട്ടിക്ക് നായനാര്‍ സര്‍ക്കാര്‍ നല്‍കിയ ജോലിപോലും ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍. ഇതെല്ലാം ചെയ്തത് ഇപ്പോഴത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍. കീഴ്ക്കോടതി വിധിച്ച ശിക്ഷ റദ്ദാക്കിയ ഹൈക്കോടതി വിധി എത്തിയപ്പോള്‍ ഈ കുടുംബം നടുങ്ങി. സമൂഹമധ്യത്തില്‍ തങ്ങളുടെ മകളെ തൊലിയുരിച്ചു കാണിച്ച കോടതിവിധിയില്‍ അച്ഛനും അമ്മയും തളര്‍ന്നില്ല. നീതിക്കുവേണ്ടി പോരാട്ടം തുടര്‍ന്നു. ഒടുവില്‍ കീഴ്ക്കോടതിയുടെ ശിക്ഷ ശരിവെച്ചുള്ള വിധിയില്‍ ഒന്നും അവസാനിക്കുന്നില്ല. പി ജെ കുര്യനെതിരായ പോരാട്ടം തുടരാനാണ് തീരുമാനം.

1996 ജനുവരി 16നായിരുന്നു ഈ കുടുംബത്തെ തകര്‍ത്ത ആ ദുര്‍ദിനം. മൂന്നാര്‍ ലിറ്റില്‍ ഫ്ളവര്‍ ഗേള്‍സ് ഹൈസ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന പെണ്‍കുട്ടി സ്കൂളില്‍ നിന്നും വീട്ടില്‍ മടങ്ങിയെത്തിയില്ല. നാല്‍പതു ദിവസത്തിനു ശേഷം അവളെ കണ്ടെത്തുമ്പോള്‍ ജീവച്ഛവമായ അവസ്ഥ. പതിനാറുകാരി പെണ്‍കുട്ടിയെ 40 ദിവസം കൊണ്ട് വേട്ടയാടിയത് 42 കാമവെറിയന്മാര്‍. അവള്‍ അനുഭവിച്ച ക്രൂരതകള്‍ കേട്ട് കേരളം ഞെട്ടി. ആദര്‍ശധീരന്‍ ചമഞ്ഞ് നടക്കുന്ന ചില രാഷ്ട്രീയ നേതാക്കളും പ്രതിസ്ഥാനത്തു വന്നതോടെ കേസ് തേച്ചുമായ്ച്ചു കളയാന്‍ ശ്രമം. പുറമെ ഭീഷണിയും. ഒടുവില്‍ മഹിളാ അസോസിയേഷന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് പെണ്‍കുട്ടിയ്ക്ക് നീതി ലഭ്യമാക്കാന്‍ കേരളമൊന്നാകെ മുന്നോട്ടുവന്നു.

പെണ്‍കുട്ടിയെ പ്രാപിക്കാന്‍ ഓടിയെത്തിയവരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അടുത്ത അനുയായിയും കോട്ടയം ഡിസിസി സെക്രട്ടറിയുമായ ജേക്കബ് സ്റ്റീഫനും ഉണ്ടായിരുന്നു. ഇയാള്‍ ഉള്‍പ്പെടെ ഭരണത്തണലില്‍ പഴുതുകള്‍ തേടി കേസില്‍ നിന്ന് രക്ഷപെടുന്നതാണ് പിന്നെ കണ്ടത്. സുപ്രീംകോടതിയുടെ ശക്തമായ ഇടപെടലും ഹൈക്കോടതി വിധിയിന്മേലുള്ള പുനഃപരിശോധനയുമാണ് ഒടുവില്‍ ജേക്കബ് സ്റ്റീഫനെയും കാരാഗൃഹവാസത്തില്‍ എത്തിച്ചത്. കുട്ടിയെ കാണാനില്ലെന്ന അച്ഛന്റെ പരാതി ലഭിച്ചപ്പോള്‍ മാന്‍ മിസിങ്  കേസായാണ് അന്ന് യുഡിഎഫിന്റെ പൊലീസ് കേസെടുത്തത്. പിന്നീടെത്തിയ നായനാര്‍ സര്‍ക്കാരാണ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. വേഗം വിധിതീര്‍പ്പുണ്ടാക്കാന്‍ വിചാരണക്കായി കോട്ടയത്ത് പ്രത്യേക കോടതിയും ആരംഭിച്ചു. ഇതിനിടെയാണ് മുഖ്യപ്രതി ധര്‍മ്മരാജന്‍ പിടിയിലായത്. ഇയാള്‍ക്ക് പ്രത്യേക കോടതി ജീവപര്യന്തം തടവ് വിധിച്ചെങ്കിലും ഹൈക്കോടതി അത് അഞ്ചു വര്‍ഷമാക്കി കുറച്ചു.

കെ എസ് ഷൈജു

ബാലവേശ്യയല്ല; കെണിയിലാക്കിയത്

കൊച്ചി: സൂര്യനെല്ലിക്കേസിലെ പെണ്‍കുട്ടി ബാലവേശ്യയോ വഴിപിഴച്ചവളോ അല്ലെന്ന് ഹൈക്കോടതി. വിചാരണ നേരിട്ട പ്രതികളില്‍ ആര്‍ക്കും പെണ്‍കുട്ടി ബാലവേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടുവെന്ന ആരോപണമില്ലെന്ന് കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി. സ്വയം വീടുവിട്ട് ഇറങ്ങിയ പെണ്‍കുട്ടി വഴിപിഴച്ചവളാണെന്ന പ്രതിഭാഗത്തിന്റെ വാദം ഡിവിഷന്‍ ബെഞ്ച് പൂര്‍ണമായും തള്ളി. പതിനാറു വയസ്സുമാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടി രക്ഷിതാക്കളെ ഉപേക്ഷിച്ച് ആത്മനിവൃതിക്കായി ആരുമായും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമെന്ന് കരുതാനാവില്ല. ഇതിലൂടെ പെണ്‍കുട്ടി പണം സമ്പാദിച്ചതിന് തെളിവില്ല. പെണ്‍കുട്ടിക്ക് താന്‍ 2100 രൂപയും രണ്ടു ചുരിദാറും സ്വര്‍ണംപൂശിയ ആഭരണങ്ങളും നല്‍കിയിരുന്നുവെന്ന ധര്‍മരാജന്റെ വാദത്തെയും കോടതി ചോദ്യംചെയ്തു. 40 ദിവസത്തെ പീഡനങ്ങള്‍ മാത്രമാണ് പെണ്‍കുട്ടി നേടിയതെന്നും കോടതി ചൂണ്ടിക്കാട്ടി. മറിച്ച്, പെണ്‍കുട്ടിയെ പണം സമ്പാദനത്തിന് ഉപയോഗിക്കുകയും അവളുടെ സ്വര്‍ണാഭരണങ്ങള്‍സ്വന്തം ആവശ്യത്തിന് വില്‍ക്കുകയുമാണ് ധര്‍മരാജന്‍ ചെയ്തതെന്നും കോടതി പറഞ്ഞു. വീട്ടില്‍നിന്നു നല്‍കിയ ഹോസ്റ്റല്‍ഫീസും സ്വര്‍ണാഭരണങ്ങള്‍ പണയംവച്ച പണവും കാമുകനായി നടിച്ച രാജുവിന് പെണ്‍കുട്ടി നല്‍കിയതും ഉദ്ധരിച്ച് പെണ്‍കുട്ടി വഴിപിഴച്ചവളാണെന്ന് സ്ഥാപിക്കാനുള്ള പ്രതിഭാഗം വാദം നിലനില്‍ക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി. രാജുവിനോടുള്ള പ്രണയമാണ് പെണ്‍കുട്ടിയെ വീടുവിടാന്‍ ഇടയാക്കിയത്. പ്രതികളുടെ ചതിക്കുഴിയില്‍പ്പെട്ട പെണ്‍കുട്ടിക്ക് അതില്‍നിന്നു രക്ഷപ്പെടാനായില്ല. പ്രതികള്‍ ഒരുക്കിയ കെണിയില്‍ പെടുകയായിരുന്നു. രാജുവും ഉഷയും ധര്‍മരാജനുമാണ് ഈ കെണി ഒരുക്കിയത്. രക്ഷപ്പെടാന്‍ അവസരമുണ്ടായിട്ടും ശ്രമിച്ചില്ലെന്ന പ്രതിഭാഗംവാദവും കോടതി തള്ളി. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴെല്ലാം ധര്‍മരാജനും മറ്റും പെണ്‍കുട്ടിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും രക്ഷിതാക്കളെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിന് തെളിവുണ്ട്. പെണ്‍കുട്ടിയുടെ പ്രായവും മാനസികനിലയും വിലയിരുത്തിയാല്‍ സമ്മതത്തോടെയല്ല ലൈംഗികബന്ധമെന്ന് വ്യക്തമാണ്. ലൈംഗിക തൊഴിലാളിക്കുപോലും ലൈംഗികാതിക്രമങ്ങളില്‍നിന്നുള്ള സംരക്ഷണത്തിന് അവകാശമുണ്ട്.

ബലാല്‍സംഗം ഇരകളുടെ ആത്മാവിനെയാണ് നശിപ്പിക്കുന്നത്. ശാരീരികമായ പീഡനത്തിനു പുറമെ മാനസികമായും തകരുന്നു. ഇരകളുടെ മൊഴിയിലെ നേരിയ വൈരുധ്യങ്ങള്‍ കണക്കിലെടുക്കേണ്ടതില്ലെന്ന് 226 പേജുള്ള വിധിന്യായത്തില്‍ ജസ്റ്റിസ് ശങ്കരന്‍ വ്യക്തമാക്കി. മുഖ്യപ്രതി ധര്‍മരാജന്റെ അപ്പീലില്‍ ജസ്റ്റിസ് കെ ടി ശങ്കരനും മറ്റു പ്രതികളുടെ അപ്പീലുകളില്‍ ജസ്റ്റിസ് എം എല്‍ ജോസഫ് ഫ്രാന്‍സിസുമാണ് വിധിപ്രസ്താവന നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി അസഫ് അലി, പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ ജിക്കു ജേക്കബ്, ആര്‍ രഞ്ജിത്, ബിജു മീനാറ്റൂര്‍ എന്നിവര്‍ ഹാജരായി. പ്രോസിക്യൂഷന്‍ സഹായികളായി കോട്ടയം ക്രൈംബ്രാഞ്ച് സബ് ഇന്‍സ്പെക്ടര്‍ സുരേഷ്കുമാര്‍, എഎസ്ഐ പത്മകുമാര്‍ എന്നിവര്‍ പ്രവര്‍ത്തിച്ചു. മുതിര്‍ന്ന അഭിഭാഷകരായ രാജു ജോസഫ്, ബി രാമന്‍പിള്ള, പി വിജയഭാനു, എസ് ഗോപകുമാരന്‍നായര്‍, ബച്ചു കുര്യന്‍ തോമസ്, പി കെ രവിശങ്കര്‍, ജോര്‍ജ്കുട്ടി മാത്യു എന്നിവര്‍ പ്രതികള്‍ക്കുവേണ്ടി ഹാജരായി.

പി ജെ കുര്യനെതിരെയുള്ള കേസും മുറുകും

ഇടുക്കി: സൂര്യനെല്ലിക്കേസില്‍ പ്രതികളെ ശിക്ഷിച്ച ഡിവിഷന്‍ബെഞ്ച് ഉത്തരവ് പുറത്തുവന്നതോടെ പി ജെ കുര്യനെതിരെ ഹൈക്കോടതിയിലുള്ള കേസിന് പ്രാധാന്യമേറി. കേസിലെ ഒന്നാം പ്രതി ധര്‍മരാജന്റെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കുര്യനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടി സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയാണ് ഹൈക്കോടതിയില്‍ വാദം കേള്‍ക്കാനുള്ളത്. പീരുമേട് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയിരുന്നു. പ്രതി ധര്‍മരാജന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തല്‍.

പ്രതികള്‍ നാലുപേരും ഗൂഢാലോചന നടത്തി ധര്‍മരാജന്റെ കാറില്‍ പി ജെ കുര്യന്‍ കുമളി റസ്റ്റ് ഹൗസിലെത്തി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു എന്നായിരുന്നു വെളിപ്പെടുത്തല്‍. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും തന്റെ പക്കലുണ്ടെന്നും ധര്‍മരാജന്‍ പറഞ്ഞു.

പുതിയ വെളിപ്പെടുത്തലോടെ പുതിയ വിവരമാണ് പുറത്തുവന്നതെന്നും ഇത് കേസില്‍ നിര്‍ണായകമാണെന്നും പ്രതികള്‍ക്കെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത് തുടരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് പെണ്‍കുട്ടി പീരുമേട് മജിസ്ട്രേറ്റ് കോടതിയില്‍ കേസ് കൊടുത്തത്. തുടര്‍ന്ന് തൊടുപുഴ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി 2013 മാര്‍ച്ച് 27ന് കുര്യന് നോട്ടീസ് അയയ്ക്കാന്‍ ഉത്തരവിട്ടു. കുര്യനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ പൊലീസിനോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. എന്നാല്‍ സെഷന്‍സ് കോടതിയും കേസ് തള്ളിയതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. അതിന്റെ വിചാരണ നടക്കുകയാണിപ്പോള്‍. കൂട്ട ബലാത്സംഗക്കേസില്‍ 35 പ്രതികളെ കോട്ടയം പ്രത്യേക കോടതി മുമ്പ് ശിക്ഷിച്ചിരുന്നു. ഇതിനെതിരെ ഫയല്‍ചെയ്ത കേസില്‍ ഹൈക്കേടതി ഉത്തരവിന്റെ ചുവടുപിടിച്ചാണ് സുപ്രീംകോടതി കുര്യനെ കുറ്റവിമുക്തനാക്കിയത്്. എന്നാല്‍ ഇതിനുശേഷം ഹൈക്കോടതിവിധി റദ്ദാക്കി പ്രതികളെല്ലാം കീഴടങ്ങണമെന്നും വീണ്ടും പുനഃപരിശോധിക്കണമെന്നും സുപ്രീംകോടതി 2013 ജനുവരി 31ന് വിധിച്ചു. ഇതോടെയാണ് കുര്യനെതിരെ നല്‍കിയ അപ്പീലിന് പ്രാധാന്യമേറിയത്.

590 പേജ് മൊഴി, 40 ദിവസത്തെ പീഡനങ്ങളുടെ നേര്‍ചിത്രം

കൊച്ചി: ബലാത്സംഗത്തിനും കൂട്ടബലാത്സംഗത്തിനും ഇരയായ ഒരു പെണ്‍കുട്ടിയുടെ ദുഃഖകരമായ കഥയാണ് സൂര്യനെല്ലിക്കേസെന്ന് വിധിന്യായത്തിന്റെ ആമുഖത്തില്‍ പറയുന്നു. പെണ്‍കുട്ടിയുടേത് ബാലവേശ്യാവൃത്തിയോ ബലാത്സംഗമോ സമ്മതത്തോടെയുള്ള ലൈംഗികബന്ധമോ എന്നതും പണത്തിനുവേണ്ടി ശരീരവില്‍പ്പന നടത്തുകയായിരുന്നോ എന്നതുമാണ് പരിശോധിച്ചത്. പെണ്‍കുട്ടി വിചാരണക്കോടതി മുമ്പാകെ നല്‍കിയ 590 പേജ് മൊഴി അവര്‍ 40 ദിവസത്തോളം അനുഭവിച്ച പീഡനങ്ങളുടെ നേര്‍ ചിത്രമാണ്. മൊഴി വിശ്വസനീയവും സത്യത്തിന്റെ കണികകള്‍ നിറഞ്ഞതുമാണ്.

തന്റെ അച്ഛനെക്കാള്‍ പ്രായമുള്ളവരില്‍നിന്നുമാണ് പെണ്‍കുട്ടിക്ക് പീഡനം ഏല്‍ക്കേണ്ടിവന്നത്. ഇവരില്‍നിന്ന് രക്ഷയ്ക്കായി യാചിച്ചെങ്കിലും ചെവികൊള്ളാതെ ക്രൂരമായി പീഡിപ്പിച്ചു. ഇവരെ ദുരുദ്ദേശ്യപരമായി പ്രതിചേര്‍ക്കേണ്ട കാര്യം പെണ്‍കുട്ടിക്കില്ല. ധര്‍മരാജന്‍ പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ ലോഡ്ജുകളില്‍ പാര്‍പ്പിച്ചതിന് തെളിവുണ്ട്. ഫോറന്‍സിക് പരിശോധനയില്‍ ലോഡ്ജ് രജിസ്റ്ററുകളിലെ കൈയക്ഷരം ഇയാളുടേതാണെന്ന് വ്യക്തമായിട്ടുണ്ടെന്നും കോടതി പറഞ്ഞു. മൊഴിക്ക് ഉപോല്‍ബലകമായി 14 സാക്ഷികളുടെ മൊഴിയും മെഡിക്കല്‍ രേഖകളുമുണ്ട്.

പണത്തിനുവേണ്ടിയാണ് ധര്‍മരാജന്‍ പെണ്‍കുട്ടിയെ ഉപയോഗിച്ചതെന്നും തെളിവുണ്ട്. കന്യകുമാരിയില്‍ മറ്റൊരു പ്രതി റെജിയുമായി പണത്തെച്ചൊല്ലി തര്‍ക്കമുണ്ടായതും കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങളെല്ലാം സൂക്ഷ്മമായി വിലയിരുത്തിയാണ് വിചാരണക്കോടതിയുടെ ശിക്ഷാവിധിയെന്നും ഒരു അഭിഭാഷകന്‍ പെണ്‍വാണിഭത്തിന്റെ വക്താവായെന്നും അതിനാല്‍ ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും കോടതി പറഞ്ഞു. പെണ്‍കുട്ടിയെ കാണാതായതിനെക്കുറിച്ചു മാത്രമേ പൊലീസ് കേസെടുത്തിട്ടുള്ളു എന്നും പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക കേസ് രജിസ്റ്റര്‍ചെയ്യാത്തതിനാല്‍ കുറ്റാരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന പ്രതികളുടെ വാദം അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു. മുഖ്യപ്രതികളായ ധര്‍മരാജനും രാജുവും ഉഷയും ചേര്‍ന്നു നടത്തിയ ക്രിമിനല്‍ ഗൂഢാലോചനയുടെ ഭാഗമായാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി തങ്കലില്‍ പാര്‍പ്പിച്ച് പീഡനത്തിന് ഇരയാക്കിയതെന്ന വിചാരണക്കോടതിയുടെ കണ്ടെത്തല്‍ വസ്തുതാപരമാണെന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

തനിക്ക് നേരിട്ട പീഡനാനുഭവങ്ങള്‍ പൂര്‍ണമായും വിവിധ ഘട്ടങ്ങളില്‍ കേസന്വേഷിച്ച ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയില്ലെന്ന കാരണത്താല്‍ മൊഴി അവിശ്വസിക്കേണ്ടതില്ല. ഐജി സിബി മാത്യുവിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രത്യേക അന്വേഷണം ശരിയായ തരത്തിലായിരുന്നുവെന്നും കോടതി വിലയിരുത്തി. ലൈംഗികപീഡനത്തിന് ഇരയായ പെണ്‍കുട്ടി തനിക്ക് നേരിട്ട എല്ലാ കാര്യങ്ങളും സൂക്ഷ്മമായി വെളിപ്പെടുത്തുകയെന്നത് മനുഷ്യസാധ്യമല്ല. നേരിയ വൈരുധ്യങ്ങള്‍ സ്വാഭാവികമാണെന്നും കോടതി പറഞ്ഞു.

ജേക്കബ് സ്റ്റീഫന്‍ ഉമ്മന്‍ചാണ്ടിയുടെ വലംകൈ

കോട്ടയം: സൂര്യനെല്ലിക്കേസില്‍ ഹൈക്കോടതി പത്തുവര്‍ഷം അഴിയെണ്ണാന്‍ ശിക്ഷിക്കുമ്പോഴും കോണ്‍ഗ്രസ് നേതാവ് ജേക്കബ് സ്റ്റീഫന്‍ ഭരണത്തിന്റെ ശീതളിമയില്‍. ഉമ്മന്‍ചാണ്ടിയുടെ നിര്‍ലോഭ പിന്തുണയിലാണ് ഇയാള്‍ക്ക് കോട്ടയം സഹകരണ കാര്‍ഷിക-ഗ്രാമവികസനബാങ്കിന്റെ പ്രസിഡന്റായി വിധി വരുമ്പോഴും തുടരാന്‍ കഴിഞ്ഞത്. ഏറെനാളായി കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസനബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പദവി കൂടി വഹിക്കുന്നുണ്ട്. കോട്ടയം ഡിഡിസി സെക്രട്ടറിയും കോട്ടയം ജില്ലാ പഞ്ചായത്തംഗവുമായിരിക്കെയാണ് ജേക്കബ് സ്റ്റീഫന്‍ സൂര്യനെല്ലി കേസില്‍ പിടിയിലായത്. കേസില്‍ പത്താം പ്രതിയായിരുന്നു.

ഉമ്മന്‍ചാണ്ടിയുടെ വലംകൈയും ജില്ലയിലെ പ്രമുഖനായ എ ഗ്രൂപ്പ് നേതാവുമായിരുന്ന ഇയാളെ പ്രതിസ്ഥാനത്തു നിന്നും ഒഴിവാക്കാനായിരുന്നു ആദ്യം മുതലേയുള്ള ശ്രമം. എ കെ ആന്റണിയായിരുന്നു അന്ന് മുഖ്യമന്ത്രി. ജേക്കബ് സ്റ്റീഫനു പുറമെ പി ജെ കുര്യനും കേരളാ കോണ്‍ഗ്രസ് എം നേതാവ് അഡ്വ. ജോസ് നെടുംതകിടിയുമെല്ലാം ആരോപണവിധേയരായതോടെയാണ് യുഡിഎഫ് സര്‍ക്കാര്‍ കേസ് തേയ്ച്ചു മായ്ച്ചു കളയാന്‍ ശ്രമിച്ചത്. പ്രതികളില്‍ പലര്‍ക്കും തണലൊരുക്കിയത് കോണ്‍ഗ്രസിന്റെ നേതാക്കളായിരുന്നു.

നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് വിചാരണനടപടി വേഗം പൂര്‍ത്തിയാക്കി പ്രത്യേക കോടതി പ്രതികള്‍ക്ക് തക്കതായ ശിക്ഷ ഉറപ്പാക്കിയിരുന്നു. എന്നാല്‍, ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരമേറ്റതോടെ സൂര്യനെല്ലി പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്താനും പ്രതികള്‍ക്ക് സംരക്ഷണം ഒരുക്കാനുമാണ് തുനിഞ്ഞത്. ഇരയ്ക്കുവേണ്ടി വാദിക്കേണ്ട സര്‍ക്കാര്‍ കൂറുമാറിയ അവസ്ഥ. വിചാരണയും നടപടികളുമെല്ലാം പുരോഗമിച്ചപ്പോഴും കോട്ടയം സഹകരണ കാര്‍ഷിക- ഗ്രാമവികസനബാങ്കിന്റെ പ്രസിഡന്റ് പദവിയില്‍നിന്നു ജേക്കബ് സ്റ്റീഫനെ മാറ്റാന്‍ ഡിസിസി നേതൃത്വം തയ്യറായില്ല. ആദ്യഘട്ടത്തില്‍ ഡിസിസി സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ അനുവദിച്ച ജേക്കബ് സ്റ്റീഫനെ കേസില്‍ തിരിച്ചടിയുണ്ടാകുമെന്ന് ഉറപ്പായതോടെ അടുത്ത നാളിലാണ് ഒഴിവാക്കിയത്. എന്നാല്‍, ബാങ്ക് പ്രിസഡന്റുസ്ഥാനത്ത് തുടരാന്‍ അനുവദിക്കുകയായിരുന്നു. നിലവില്‍ ഇയാള്‍ അയര്‍ക്കുന്നം സര്‍വീസ് സഹകരണബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡംഗവുമാണ്.

വിധിയില്‍ സന്തോഷം; കുര്യനെതിരായ നിയമപോരാട്ടം തുടരും

കോട്ടയം: സൂര്യനെല്ലി കേസില്‍ ഒടുവില്‍ ഹൈക്കോടതിയില്‍ നിന്നു നീതി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് കേസിലെ ഇരയുടെ മാതാപിതാക്കള്‍. പി ജെ കുര്യനെതിരായ നിയമപോരാട്ടം തുടരുമെന്നും അവര്‍ വ്യക്തമാക്കി. മകളെ ബാലവേശ്യയെന്ന് വിളിച്ച് പരിഹസിച്ച ജസ്റ്റിസ് പി ബസന്തിനേറ്റ തിരിച്ചടിയാണ് ഈ വിധി. ജഡ്ജിയുടെ പരാമര്‍ശം ഏറെ വേദനയുണ്ടാക്കിയിരുന്നു. ജഡ്ജിമാര്‍ക്ക് ഇത്ര അഹന്ത പാടില്ല. വര്‍ഷങ്ങളായി നടത്തിയ നിയമപോരാട്ടമാണിത്. ജനാധിപത്യത്തോടും മാധ്യമങ്ങളോടും ഏറെ കടപ്പാടുണ്ടെന്നും മാതാപിതാക്കള്‍ പറഞ്ഞു.

deshabhimani

Friday, April 4, 2014

സൂര്യനെല്ലി കേസ്: ധര്‍മ്മരാജന് ജീവപര്യന്തം; മറ്റ് 17 പ്രതികള്‍ക്കും ശിക്ഷ

ന്യൂഡല്‍ഹി: സൂര്യനെല്ലി പീഡന കേസില്‍ ഒന്നാം പ്രതി ധര്‍മ്മരാജനടക്കം 23 പ്രതികള്‍ക്ക് വിചാരണ കോടതി നല്‍കിയ ശിക്ഷ ഹൈക്കോടതി ശരിവെച്ചു. ധര്‍മ്മരാജന് നല്‍കിയ ജീവപര്യന്തം ശിക്ഷ ശരിവെച്ചു. ഇവരില്‍ കോണ്‍ഗ്രസ് നേതാവും ഉമ്മന്‍ചാണ്ടിയുടെ ഉറ്റ അനുയായിയുമായ ജേക്കബ്ബ് സ്റ്റീഫനും ഉള്‍പ്പെടുന്നു.

രാജു, ഉഷ എന്നിവര്‍ക്ക് 10 വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ചു. 15 പ്രതികള്‍ക്ക് മൂന്നു മുതല്‍ ഏഴുവര്‍ഷം ശിക്ഷയാണ് വിധിച്ചത്. ഏഴുപേരെ വെറുതെവിട്ടിട്ടുണ്ട്. പെണ്‍കുട്ടിയുടെ സമ്മതത്തോടെയാണ് പ്രതികള്‍ പെണ്‍കുട്ടിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന മുന്‍ നീരീക്ഷണം തള്ളിയാണ് വിധി.

ധര്‍മ്മരാജനെതിരെ വിചാരണ കോടതി വിധിച്ച ജീവപര്യന്തം തടവ് ശിക്ഷ ഹൈക്കോടതി നേരത്തേ അഞ്ച് കൊല്ലമായി ചുരുക്കിയിരുന്നു. മറ്റുള്ളവരെ ൊറുതെ വിടുകയും ചെയതിരുന്നു. ആ വിധി തിരുത്തിയാണ് ഇപ്പോഴത്തെ വിധി. സുപ്രീം കോടതി നിര്‍ദേശപ്രകാരമാണ് വീണ്ടും വാദംകേട്ടത്. ജസ്റ്റിസ്മാരായ കെ ടി ശങ്കരന്‍, എം എല്‍ ജോസഫ് ഫ്രാന്‍സിസ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വിധി പറഞ്ഞത്. 2013 നവംബര്‍ 13ന് ആരംഭിച്ച വാദം 2014 ജനുവരി 17നാണ് പൂര്‍ത്തിയാക്കിയത്.

വിചാരണകോടതി കേസില്‍ 33 പ്രതികളെ ശിക്ഷിച്ചിരുന്നു. വിചാരണക്കോടതിയുടെ ശിക്ഷാവിധിക്കെതിരെ മുഖ്യ പ്രതി ധര്‍മരാജനടക്കം 33 പ്രതികള്‍ അപ്പീല്‍ നല്‍കി. ധര്‍മരാജന്‍ ഒഴികെ മറ്റുള്ളവരെ ഹൈക്കോടതി വിട്ടയച്ചു. ഏറെവിമര്‍ശനത്തിനിരയായ ഈ വിധിന്യായത്തെ ന്യായീകരിച്ച് വിധി പറഞ്ഞ ജഡ്ജിമാരിലൊരാളായ ജ. ആര്‍ ബസന്ത് നടത്തിയ പ്രതികരണങ്ങളും വിവാദമായിരുന്നു.

മുമ്പത്തെ വിധിയിലെ ഇത്തരം പരാമര്‍ശങ്ങളെല്ലാം കോടതി നീക്കി. ആ വിധിയില്‍ പറഞ്ഞതു പോലെ വേശ്യാവൃത്തിയല്ല നടന്നതെന്ന് ഡിവിഷന്‍ ബഞ്ചിന്റെ വിധിന്യായം വ്യക്തമാക്കി. പെണ്‍കുട്ടിയുടെ മൊഴി അവിശ്വസിക്കേണ്ടതില്ല. പെണ്‍കുട്ടിക്ക് രക്ഷപെടാന്‍ സാധ്യതയില്ലായിരുന്നു. കൂട്ട ബലാത്സംഗം നടന്നതിന് തെളിവുണ്ട്. പീഡനത്തിനിരയായ 40 ദിവസക്കാലത്തിനിടയ്ക്ക് പെണ്‍കുട്ടിക്ക് വേണമെങ്കില്‍ രക്ഷപെടാമായിരുന്നുവെന്നുവെന്ന വാദം നിലനില്‍ക്കില്ല. ധര്‍മ്മരാജനില്‍ നിന്ന് പെണ്‍കുട്ടിക്ക് നിരന്തരം ഭീഷണി ഉണ്ടായിരുന്നു. മാതാപിതാക്കളെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. പ്രതി ദാക്ഷിണ്യം അര്‍ഹിക്കുന്നില്ലെന്നും കോടതി പറഞ്ഞു

 പെണ്‍കുട്ടിയും സംസ്ഥാന സര്‍ക്കാരും ജനാധിപത്യ മഹിളാ അസോസിയേഷനും നല്‍കിയ അപ്പീല്‍ പരിഗണിച്ച് ഹൈക്കോടതി ഉത്തരവ് റദ്ദാക്കുകയും പ്രതികളുടെ അപ്പീലുകള്‍ വീണ്ടും വാദംകേട്ട് തീരുമാനിക്കാനും സുപ്രീം കോടതി നിര്‍ദേശിക്കുകയായിരുന്നു. കേസില്‍ ഹൈക്കോടതി സ്വീകരിച്ച സമീപനത്തെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഏഴുവര്‍ഷം തീര്‍പ്പാകാതെ കിടന്നശേഷമാണ് സുപ്രീംകോടതി 2013ല്‍ കേസില്‍ തീര്‍പ്പുണ്ടാക്കിയത്.

പതിനാറ് വയസ്സുമാത്രം പ്രായമുള്ള പെണ്‍കുട്ടിയെ നാല്‍പ്പതുദിവസത്തോളം തുടര്‍ച്ചയായി 42 പേര്‍ പീഡിപ്പിക്കുകയായിരുന്നു. കേസില്‍ 39 പ്രതികളാണ് വിചാരണ കോടതിയില്‍ ഉണ്ടായിരുന്നത്. ഇവരില്‍ 35 പേരെ പ്രത്യേക കോടതി ശിക്ഷിച്ചു. എന്നാല്‍ അപ്പീലില്‍ പ്രതികളില്‍ ഒരാളൊഴികെ എല്ലാവരെയും ഹൈക്കോടതി വെറുതേവിട്ടു. പ്രധാനപ്രതി ധര്‍മരാജന് വിചാരണ കോടതി വിധിച്ച ജീവപര്യന്തം തടവ് ഹൈക്കോടതി അഞ്ചു വര്‍ഷമായി ചുരുക്കിയിരുന്നു. 1996 ലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 40 ദിവസത്തോളം പീഡിപ്പിച്ച കേസുണ്ടായത്.

കേസിനെപ്പറ്റി കൂടുതല്‍ വായനയ്ക്ക്

സൂര്യനെല്ലി കേസുംരാഷ്ട്രീയ നിലപാടുകളും

ദുരിത പര്‍വ്വം തുടരുന്നു

സൂര്യനെല്ലി ഒരു സാമൂഹ്യകുറ്റവിചാരണ

ഉത്തരംകിട്ടാത്ത ചോദ്യങ്ങള്‍

Thursday, March 20, 2014

കുമളി-ദിണ്ഡിഗല്‍ പാത വാഗ്ദാനത്തിലൊതുങ്ങി മലയോര പാതയില്‍ തീവണ്ടി ചൂളം വിളിക്കില്ല

കുമളി: മലയോര ജില്ലയുടെ അതിര്‍ത്തിയില്‍ തീവണ്ടിയുടെ ചൂളംവിളിക്ക് കാതോര്‍ത്തവര്‍ക്ക് പറയാനുള്ളത് എംപിയുടേയും കോണ്‍ഗ്രസിന്റേയും വാഗ്ദാനലംഘനത്തിന്റെയും വഞ്ചനയുടെയും കഥ. ജില്ലയിലേക്ക് തീവണ്ടി എത്തുമെന്ന് പ്രഖ്യാപിച്ച് ദിണ്ഡിഗല്‍-കുമളി റെയില്‍പാതയുടെ പേരില്‍ ഇത്രകാലവും പി ടി തോമസും കോണ്‍ഗ്രസും രാഷ്ട്രീയ മുതലെടുപ്പ് നടത്തി. പ്രഖ്യാപനവും തട്ടിപ്പ് പ്രചാരണവും നടത്തി നാട്ടുകാരെ പറ്റിച്ചതല്ലാതെ നാലുറെയില്‍വെ ബജറ്റുകളും ജനങ്ങളെ കാണാതെ പോയി. തിരുവന്തപുരം റെയില്‍വേ ഡിവിഷണല്‍ മാനേജരെ നിലയ്ക്കു നിര്‍ത്താന്‍ യുപിഎ സര്‍ക്കാരിനെ പിന്തുണച്ച ജനപ്രതിനിധികളെ കൊണ്ടുകഴിയാത്തതിനാല്‍ ശബരിപാതയുള്‍പ്പെടെയുള്ള സംസ്ഥാനപാതകളുടെയും ഫണ്ടുകള്‍ വകമാറ്റുകയും പദ്ധതികള്‍ അവതാളത്തിലായി.

2010 ഫെബ്രുവരിയില്‍ ജില്ലയിലൊട്ടാകെ പി ടി തോമസ് എംപിയുടെ അനുയായികള്‍ ദിണ്ഡിഗല്‍-കുമളി റെയില്‍ പാതയ്ക്ക് അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാരിനും ഇതിന് പ്രയത്നിച്ച ഇടുക്കി എംപി അഡ്വ. പി ടി തോമസിനും അഭിനന്ദനമറിയിച്ച് ആയിരക്കണക്കിന് പോസ്റ്ററുകള്‍ പതിച്ചു. ഇതിന്റെ പേരില്‍ തട്ടിപ്പ് പ്രചാരണവും മുതലെടുപ്പും നടത്തിയതല്ലാതെ കോണ്‍ഗ്രസും പി ടി തോമസും ഒന്നും ചെയ്തില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇടതുപക്ഷ പിന്തുണയോടെയുള്ള ഒന്നാം യുപിഎ സര്‍ക്കാരിന്റെ പ്രഖ്യാപനം ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തത്. 2007ല്‍ പ്രഖ്യാപിച്ച ദിണ്ടുഗല്‍-കുമളി റെയില്‍പാത 2010 ഫെബ്രുവരിയിലെ റെയില്‍വേ ബജറ്റില്‍ മമത വീണ്ടും പ്രഖ്യാപിച്ചു. ഇതാണ് സ്വന്തം നേട്ടമായി പി ടി തോമസും അനുയായികളും അവതരിപ്പിച്ച് നാട്ടുകാരെ പറ്റിക്കാന്‍ നോക്കിയത്. ഇടതുപക്ഷ പിന്തുണയോടെ 2004ലെ ആദ്യ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് പദ്ധതി പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി ദിണ്ടുഗല്‍ മുതല്‍ ലോവര്‍ക്യാമ്പ് വരെയുള്ള പ്രദേശങ്ങളില്‍ 17 ലക്ഷം രൂപ ചെലവില്‍ പ്രാഥമിക സര്‍വെ നടത്തി. ലോവര്‍ക്യാമ്പില്‍ നിന്നും ഗൂഡല്ലൂര്‍, കമ്പം, ഉത്തമപാളയം, ചിന്നമന്നൂര്‍, തേനി, ഉസിലംപെട്ടി, ദിണ്ടുഗല്‍ വരെയുള്ള പ്രദേശത്താണ് സര്‍വേ നടത്തിയത്. തമിഴ്നാട്ടില്‍ നിന്നുള്ള റെയില്‍വേ സഹമന്ത്രി വേലു രണ്ട് തവണ പ്രദേശം സന്ദര്‍ശിച്ചു.

2007ലെ റെയില്‍വേ ബജറ്റില്‍ മന്ത്രി ലാലുപ്രസാദ് യാദവാണ് ദിണ്ഡിഗല്‍-കുമളി പാത ആദ്യം പ്രഖ്യാപിച്ചത്. 2010ല്‍ മമതാ ബാനര്‍ജി പ്രഖ്യാപനം ആവര്‍ത്തിച്ചു. 2007ലെ പ്രഖ്യാപനം വന്നപ്പോള്‍ ലോവര്‍ക്യാമ്പിനോട് ചേര്‍ന്നുള്ള ഇടുക്കിയിലെ മലയോര ജനതയും റെയില്‍വേ പദ്ധതി പൂര്‍ത്തിയാകുമെന്ന പ്രതീക്ഷയിലായി. അതേ പദ്ധതി മമത ബാനര്‍ജി ആവര്‍ത്തിച്ചത്. തേനി വരെയുള്ള പാത ഇടുക്കിക്ക്കൂടി പ്രയോജനപ്പെടുന്ന നിലയില്‍ ലോവര്‍ക്യാമ്പ് വരെ നീട്ടണമെന്നും, നിലവിലെ മീറ്റര്‍ഗേജ് പാത ബ്രോഡ്ഗേജാക്കണമെന്നും എല്‍ഡിഎഫ് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇടുക്കിയില്‍ റെയില്‍വേ ലൈന്‍ ഇല്ലാത്തതിനാല്‍ ഹൈറേഞ്ചുകാര്‍ക്കുകൂടി സഹായകരമായി പദ്ധതി നടപ്പാക്കണമെന്ന ആവശ്യം ഉയര്‍ത്തി. അന്നത്തെ യുപിഎ സര്‍ക്കാരിലുള്ള ഇടതുപക്ഷ സ്വാധീനവും കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇടപെടലും ഫ്രാന്‍സിസ് ജോര്‍ജ് എംപിയുടെ പരിശ്രമവും മൂലമാണ് 2007ലെ റെയില്‍വേ ബജറ്റില്‍ ലാലുപ്രസാദ് റെയില്‍വേ പാത പ്രഖ്യാപിച്ചത്. 2010ല്‍ മമത ബാനര്‍ജി വീണ്ടും പ്രഖ്യാപിച്ചപ്പോള്‍ ഇതിന്റെ അവകാശവാദവുമായി പി ടി തോമസ് എംപിയും അനുയായികളും രംഗത്ത് വന്നത് നാട്ടുകാര്‍ ചോദ്യം ചെയ്തിരുന്നു. തട്ടിപ്പ് വാഗ്ദാനത്തിലൂടെ ജനങ്ങളെ പറ്റിക്കാനുള്ള എംപിയുടേയും കോണ്‍ഗ്രസിന്റേയും ശ്രമവും ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും.

deshabhimani

Wednesday, March 19, 2014

ഇടുക്കി: ജനം ഏറ്റുവാങ്ങുന്നു ഈ സൗഹൃദം

ആകുലതകളൂം ആശങ്കകളും നെഞ്ചില്‍ നെരിപ്പോടായി പുകയുന്ന മനസ്സുകളിലേക്ക് മലയോരമണ്ണില്‍ ഉയര്‍ന്ന ജനമുന്നേറ്റത്തിന്റെ നേര്‍സാക്ഷ്യമായി നിറചിരിയോടെ കൈവീശി യുവസാന്നിധ്യം. അസ്ഥിര ജീവിത ചുറ്റുപാടിനും പലായനത്തിനും മധ്യേ മനമുരുകുന്ന മലനാട്ടില്‍ വലിയ രാഷ്ട്രീയമാറ്റത്തിന് നാന്ദികുറിക്കാന്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി അഡ്വ. ജോയ്സ് ജോര്‍ജ് വേദിയിലെത്തിയതോടെ പ്രവര്‍ത്തകരില്‍ ആവേശത്തിരയിളക്കം. ""ഇടുക്കിയിലെ ജനങ്ങളുടെ അവകാശപ്പോരാട്ടങ്ങള്‍ക്കുവേണ്ടിയാണ് ഞാന്‍ വോട്ട് ചോദിക്കുന്നത.് അന്താരാഷ്ട്ര കരാറുകൊണ്ട് ജനതയെ വരിഞ്ഞുമുറുക്കുന്ന ഭരണാധികാരികള്‍ക്കെതിരെയാണ് ഈ അങ്കം.

ജനപ്രതിനിധികള്‍ക്ക് ജനങ്ങള്‍ നല്‍കുന്ന ദാനമാണ് സ്ഥാനമാനങ്ങള്‍, അത് ജനങ്ങള്‍ക്കുവേണ്ടിതന്നെ ഉപയോഗിക്കും, ഈ തെരഞ്ഞെടുപ്പ് ഇടുക്കിജനതയുടെ പോരാട്ടവിജയത്തിന്റെ ചരിത്രമാകും"" ജോയ്സിന്റെ വാക്കുകള്‍ ജനം ഹര്‍ഷാരവത്തോടെയാണ് വരവേറ്റത്.

തിരുവനന്തപുരം ഗവ. ലോ കോളേജില്‍നിന്ന് നിയമത്തില്‍ ഉന്നത വിജയവും ലയോളാ കോളേജില്‍നിന്ന് എം എസ്ഡബ്ല്യുവില്‍ റാങ്കും കരസ്ഥമാക്കിയ ജോയ്സ് ജോര്‍ജ് ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുമ്പോഴും കര്‍ഷകജനതയുടെ നിലനില്‍പ്പിനായുള്ള സമരത്തിലെ മുന്നണിപ്പോരാളിയാണ്. കര്‍ഷകര്‍ക്കുമേല്‍ ഇടിത്തീയായി കേന്ദ്ര ഭരണകൂടം പറഞ്ഞയച്ച മാധവ് ഗാഡ്ഗിലിന്റെയും കസ്തൂരിരംഗന്റെയും നിലപാടുകളെ സമരത്തിന്റെ തീച്ചൂളയില്‍ നിന്നുകൊണ്ട് ചെറുത്ത് തോല്‍പ്പിക്കാന്‍ മലനാടിന്റെ ഹൃദയപക്ഷത്ത് ചേര്‍ന്നു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്, കാര്‍ഷിക പ്രതിസന്ധി എന്നിവ മുന്‍നിര്‍ത്തി ഹൈറേഞ്ച് സംരക്ഷണസമിതി സമരമാരംഭിച്ചപ്പോള്‍ നിയമപരമായ പിന്തുണ നല്‍കാന്‍ അദ്ദേഹം രംഗത്തെത്തി. പിന്നീട് സമിതിയുടെ ലീഗല്‍ അഡൈ്വസറായി. കര്‍ഷകജനതയ്ക്കുവേണ്ടി വിവിധ കോടതികളിലും ഹരിത ട്രിബ്യൂണലിലും ഹാജരായി. പഠനത്തിലും പോരാട്ടത്തിലും കഴിവുതെളിയിച്ച ജോയ്സ് സര്‍വകലാശാല മത്സരങ്ങളില്‍ പ്രസംഗത്തില്‍ ഒന്നാമനായിരുന്നു. സമകാലിക സാമൂഹിക സാഹചര്യങ്ങളെ വിലയിരുത്തിയും കാര്‍ഷിക പ്രശ്നങ്ങളുയര്‍ത്തിയും ആനുകാലികങ്ങളില്‍ ലേഖനങ്ങള്‍ എഴുതുന്നു. ഇടതുപക്ഷ പുരോഗമന പ്രസ്ഥാനത്തിന്റെ കരുത്തും സ്ഥാനാര്‍ഥിയുടെ മികവും ഒത്തുചേരുമ്പോള്‍ ജോയ്സ് ജോര്‍ജിന്റെ വിജയം ഉറപ്പാണെന്ന് മലയോര ജനത തിരിച്ചറിയുന്നു.

കെ ടി രാജീവ് deshabhimani

ജനകീയപ്രശ്നങ്ങളില്‍ സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്ത്: ജോയ്സ് ജോര്‍ജ്

തൊടുപുഴ: കസ്തൂരിരംഗന്‍ വിഷയത്തിലും ജനകീയപ്രശ്നങ്ങളിലും സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന നയങ്ങള്‍ സംബന്ധിച്ച റഫറണ്ടമായിരിക്കും ലോക്സഭാ തെരഞ്ഞെടുപ്പെന്ന് എല്‍ഡിഎഫ് സ്ഥനാര്‍ഥി അഡ്വ. ജോയ്സ് ജോര്‍ജ് പറഞ്ഞു. പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും ദുരിതംപേറുകയും ചെയ്യുന്ന ജനസമൂഹത്തിന്റെ പ്രതിനിധിയായാണ് താന്‍ മത്സരിക്കുന്നത്. തൊടുപുഴയില്‍ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു ജോയ്സ് ജോര്‍ജ്. ഹൈറേഞ്ച് സംരക്ഷണസമിതി ഏറെക്കാലമായി മലയോരജനതയുടെ ആവശ്യങ്ങളുന്നയിച്ച് പ്രക്ഷോഭത്തിലാണ്. ഇതേ ആവശ്യങ്ങളുന്നയിച്ച് സമരരംഗത്ത് നില്‍ക്കുന്ന മുന്നണിയെന്ന നിലയില്‍ എല്‍ഡിഎഫിനൊപ്പം ചേരുന്നതിന് അതുകൊണ്ടുതന്നെ ന്യായീകരണമുണ്ട്. തന്റെ സ്ഥാനാര്‍ഥിത്വം എല്‍ഡിഎഫും ഹൈറേഞ്ച് സംരക്ഷണമുന്നണിയും യോജിച്ചെടുത്ത തീരുമാനത്തിന്റെ ഭാഗമാണ്.

പശ്ചിമഘട്ട സംരക്ഷണത്തിന്റെ പേരില്‍ ചില രഹസ്യ അജന്‍ഡകളാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഇതിനെതിരെ മലയോരകര്‍ഷകര്‍ നടത്തുന്ന പോരാട്ടത്തിനെപ്പമാണ് എല്‍ഡിഎഫും ഹൈറേഞ്ച് സംരക്ഷണസമിതിയും. രണ്ടിന്റെയും പ്രതിനിധിയായാണ് മത്സരരംഗത്ത് വന്നത്. കാര്‍ഷികമേഖലയും അനുബന്ധ തൊഴില്‍മേഖലയുമെല്ലാം കടുത്ത പ്രതിസന്ധി നേരിടുകയാണ്. സര്‍ക്കാര്‍ നയങ്ങളാണ് ഇതിനെല്ലാം കാരണം. റബറിന് കിലോയ്ക്ക് നൂറുരൂപവരെ കുറഞ്ഞു. ഏലവും വില വിലത്തകര്‍ച്ച നേരിടുകയാണ്്. ബാഹ്യശക്തികളാണ രാഷ്ട്രീയനേതൃത്വത്തെ പോലും നിയന്ത്രിക്കുന്നത്. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ വിഷയങ്ങളിലും പട്ടയപ്രശ്നത്തിലും യുഡിഎഫ് സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുന്നു. ഇടുക്കിയിലെ എല്‍ഡിഎഫിന്റെ വിജയം ഈ വിഷയങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പോരാട്ടങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടും. ജനപ്രതിനിധിയാകന്‍ കഴിഞ്ഞാല്‍ ഇക്കാര്യങ്ങളിലെല്ലാം ഇടപെട്ട് പരിഹാരമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. മീറ്റ് ദ പ്രസ് പരിപാടിയില്‍ പ്രസ് ക്ലബ് പ്രസിഡന്റ് വിനോദ് കണ്ണോളി സ്വാഗതവും സെക്രട്ടറി ഹാരിസ് മുഹമ്മദ് നന്ദിയും പറഞ്ഞു.