Sunday, September 30, 2012

വിദേശനിക്ഷേപം യുഎസ് കുറിപ്പടി തന്നെ


സാമ്പത്തിക പരിഷ്ക്കാരങ്ങള്‍, പ്രത്യേകിച്ചും ചില്ലറ വില്‍പ്പനമേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപം അമേരിക്കന്‍ നിര്‍ദേശപ്രകാരമല്ലെന്ന പ്രധാനമന്ത്രിയുടെ വാദം കള്ളം. മറ്റുരാജ്യങ്ങളുടെ ശാസനയനുസരിച്ച് പ്രവര്‍ത്തിക്കുന്ന രാജ്യമല്ല ഇന്ത്യയെന്നും അമേരിക്കയ്ക്ക് ഈ തീരുമാനത്തിലെന്താണ് കാര്യമെന്നുമുള്ള മന്‍മോഹന്‍സിങ്ങിന്റെ വാദത്തെ ഖണ്ഡിക്കുന്നതാണ് യഥാര്‍ഥ കണക്കുകള്‍. അമേരിക്ക കുനിയാന്‍ പറയുമ്പോള്‍ പ്രധാനമന്ത്രി മുട്ടിട്ടിഴയുകയാണെന്ന് വ്യക്തം.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ജൂലൈ 15ന് വ്യാപാരസമൂഹത്തെ അഭിസംബോധന ചെയ്യവേ പ്രസിഡന്റും ഡെമോക്രാറ്റിക് പാര്‍ടി സ്ഥാനാര്‍ഥിയുമായ ബറാക് ഒബാമ പറഞ്ഞതിങ്ങനെ: ""ചില്ലറവില്‍പ്പന ഉള്‍പ്പെടെ വിവിധ മേഖലകളില്‍ ഇന്ത്യ പ്രത്യക്ഷ വിദേശനിക്ഷേപം നിരോധിക്കുകയാണ്. അതുകൊണ്ടുതന്നെ ഈ ഏഷ്യന്‍ രാജ്യത്ത് നിക്ഷേപാന്തരീക്ഷം തകരുകയാണ്. ഇന്ത്യ പരിഷ്ക്കാരങ്ങളുടെ വേലിയേറ്റം സൃഷ്ടിക്കണം. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളോട് സാമ്പത്തികഭാവി എങ്ങനെ രൂപീകരിക്കണം എന്നുപറയേണ്ടത് അമേരിക്കന്‍ രീതിയല്ല. അക്കാര്യം നിശ്ചയിക്കേണ്ടത് ഇന്ത്യയാണ്. എന്നാല്‍, ഇന്ത്യയില്‍ വളര്‍ന്നുവരുന്ന സമവായം മറ്റൊരു സാമ്പത്തികപരിഷ്ക്കരണ തരംഗത്തിന് അനുകൂലമാണ്. മന്‍മോഹന്‍സിങ് സുഹൃത്തും പങ്കാളിയുമാണ്. അദ്ദേഹവുമായി വളരെ അടുത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്"".

സര്‍ക്കാരിനെ അസ്ഥിരമാക്കുമെന്നറിഞ്ഞിട്ടും ഒബാമ മുന്നോട്ടുവച്ച കാര്യങ്ങള്‍ ഓരോന്നായി നടപ്പാക്കുകയായിയിരുന്നു മന്‍മോഹന്‍. നിക്ഷേപാന്തരീക്ഷം തകരുകയാണെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നികുതിവെട്ടിപ്പ് തടയുക എന്ന ലക്ഷ്യത്തോടെ മുന്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി കൊണ്ടുവന്ന "ഗാര്‍ചട്ടങ്ങള്‍" പുനഃപരിശോധിക്കാന്‍ പുരുഷോത്തം ഷോം സമിതിക്ക് രൂപം നല്‍കിയത്. രണ്ടാഴ്ചക്കകം തന്നെ ഷോം സമിതി കരട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ഗാര്‍ചട്ടങ്ങള്‍ മൂന്നുവര്‍ഷത്തേക്ക് നടപ്പാക്കരുതെന്ന് ശുപാര്‍ശ ചെയ്യുകയും ചെയ്തു. മൗറീഷ്യസ് പാതയിലൂടെയും മറ്റും ഇന്ത്യയിലെത്തി വന്‍ നികുതിവെട്ടിപ്പ് നടത്തി കോടികള്‍ കൊയ്യുന്ന വിദേശനിക്ഷേപകര്‍ക്ക് ഇതോടെ ആശ്വാസമായി. ഷോം സമിതിയുടെ അന്തിമറിപ്പോര്‍ട്ട് തിങ്കളാഴ്ച ധനമന്ത്രി പി ചിദംബരത്തിന് സമര്‍പ്പിക്കും. ഒബാമ ആവശ്യപ്പെട്ടപോലെ ആഗസ്ത് 14ന് ചില്ലറവില്‍പ്പനമേഖലയില്‍ 51 ശതമാനം വിദേശനിക്ഷേപം അനുവദിച്ചു. മറ്റുമേഖലകളില്‍ വിദേശനിക്ഷേപം നിരോധിക്കുന്നുവെന്ന പരാതി ഒഴിവാക്കാന്‍ വ്യോമമേഖലയില്‍ 49 ശതമാനവും പ്രക്ഷേപണരംഗത്ത് 74 ശതമാനവും വിദേശനിക്ഷേപം അനുവദിച്ചു. വൈദ്യുതി കൈമാറ്റ മേഖലയില്‍ 49 ശതമാനം വിദേശനിക്ഷേപവും അനുവദിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളായ നാല്‍കോ, ഓയില്‍ ഇന്ത്യ, എന്‍എംഡിസി, ഹിന്ദുസ്ഥാന്‍ കോപ്പര്‍ എന്നീ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കാനും തീരുമാനിച്ചു.

സാമ്പത്തിക ഉദാരവല്‍ക്കരണ നയത്തിന് കെട്ടഴിക്കുമെന്ന് രണ്ടാഴ്ചക്കകം മൂന്നുതവണ പ്രധാനമന്ത്രി ആവര്‍ത്തിച്ചുപറഞ്ഞു. സബ്സിഡി പൂര്‍ണമായും നിര്‍ത്തലാക്കണമെന്ന് ശുപാര്‍ശ ചെയ്യുന്ന വിജയ്കേല്‍ക്കര്‍ സമിതി റിപ്പോര്‍ട്ടും സെപ്തംബര്‍ 28ന് പുറത്തിറ ക്കി. പ്രധാനമന്ത്രി നിശബ്ദ ദുരന്തനായകനെന്നും (വാഷിങ്ടണ്‍ പോസ്റ്റ്) പരാജിതനെന്നും (ടൈം) വിശേഷിപ്പിച്ച പാശ്ചാത്യമാസികകള്‍ ഇതോടെ സ്വരം മാറ്റി. മന്‍മോഹന്‍സിങ് ശക്തി വീണ്ടെടുത്തെന്നാണ് പിന്നീട് "ഇക്കോണമിസ്റ്റ്" വാരിക വാഴ്ത്തിയത്. രണ്ട് പതിറ്റാണ്ടിനിടയില്‍ കൈക്കൊണ്ട ധീരമായ നടപടിയെന്ന് "വാഷിങ്ടണ്‍ പോസ്റ്റും" "ന്യൂയോര്‍ക്ക് ടൈംസും" ഒരുപോലെ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയുടെ നടപടി ആരെസന്തോഷിപ്പിക്കുന്നു എന്നതിന്റെ തെളിവുകളാണ് ഈ സ്തുതി ഗീതങ്ങള്‍.
(വി ബി പരമേശ്വരന്‍)

പരിഷ്കരണ നടപടികള്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകും: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സാമ്പത്തിക പരിഷ്കരണ നടപടികള്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു. ചില്ലറവില്‍പ്പന മേഖലയിലെ വിദേശനിക്ഷേപം, ഡീസല്‍വില വര്‍ധന എന്നിവ പിന്‍വലിക്കണമെന്ന പ്രതിപക്ഷ ആവശ്യത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം ആരാഞ്ഞപ്പോഴാണ് പ്രധാനമന്ത്രി നിലപാട് അറിയിച്ചത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീറിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ രാഷ്ട്രപതിഭവനിലെത്തിയതായിരുന്നു പ്രധാനമന്ത്രി.

രാജ്യത്തിന് ഗുണകരമെന്നു തോന്നുന്നവയാണ് ചെയ്യുന്നത്. അത് തുടരും. എന്നാല്‍, എഫ്ഡിഐപോലുള്ള കാര്യങ്ങളില്‍ യുപിഎ സഖ്യകക്ഷികളുമായി ചര്‍ച്ചചെയ്യാന്‍ തയ്യാറാണ്. യുപിഎ സഖ്യകക്ഷികള്‍പോലും കേന്ദ്രസര്‍ക്കാരിന്റെ തീരുമാനങ്ങളില്‍ വിയോജിപ്പ് പ്രകടിപ്പിച്ചത് അടുത്ത തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലേ എന്നു ചോദിച്ചപ്പോള്‍, തെരഞ്ഞെടുപ്പ് വളരെ ദൂരെയാണെന്നായിരുന്നു മറുപടി.ചില്ലറവില്‍പ്പനമേഖലയിലെ വിദേശനിക്ഷേപം അനുവദിക്കാനുള്ള തീരുമാനം അമേരിക്കയെ പ്രീണിപ്പിക്കാനാണെന്ന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ ആക്ഷേപത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, ഇതുകൊണ്ട് അമേരിക്കയ്ക്ക് എന്താണ് പ്രയോജനമെന്ന് അദ്ദേഹം തിരിച്ചുചോദിച്ചു. മറ്റുള്ളവരുടെ തിട്ടൂരമനുസരിച്ച് പ്രവര്‍ത്തിക്കുന്ന രാജ്യമല്ല ഇന്ത്യ. പ്രകൃതിവിഭവങ്ങള്‍ വിതരണംചെയ്യുന്നതു സംബന്ധിച്ച സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 011012

ഒലക്കബീണ് ശത്ത കോയീന്റെ ശാറുകൂട്ടാല്ലോ, പിന്നെ കസണോം കൂട്ടാല്ലോ...!


കഥാപ്രസംഗ ചക്രവര്‍ത്തി വി സാംബശിവന്‍ കഥ പറയുന്നതിനിടയില്‍ എപ്പോഴും കാപട്യങ്ങളെ കടിച്ചുകീറി പരിഹസിക്കുമായിരുന്നു. ഒരിക്കല്‍ ഒരു കുഞ്ഞബ്ദുള്ളക്കുട്ടിയുടെ വീട്ടിലെ തടിയനൊരു പൂവന്‍കോഴി നെല്ലുകുത്തുന്ന ഉരല്‍പ്പുരയില്‍ ഇരതേടുകയായിരുന്നു. മുകളില്‍ ഉലക്കകള്‍ കെട്ടിത്തൂക്കിയിട്ടിരുന്നു. കയറുപൊട്ടി ഉലക്ക കുക്കുടന്റെ മേല്‍ വീണു. തല്‍ക്ഷണം മരണം.

കോഴിയുടെ മരണവിളികേട്ട് കുഞ്ഞബ്ദുള്ള സംഭവസ്ഥലത്തേക്ക് പാഞ്ഞു. പെരുന്നാളിനു കറിവയ്ക്കാന്‍ ഒരുക്കി നിര്‍ത്തിയിരിക്കുന്ന പൂവന്‍ ചോരയില്‍ കുളിച്ച് ഉലക്കകള്‍ക്കിടയില്‍. 'ന്റെ റബ്ബേ, ന്റെ പെരുന്നാള്‍ കോഴീ.... അയാള്‍ അലറി വിളിച്ചു. സംസ്‌കാരത്തിനുള്ള ഒരുക്കങ്ങളാകാമെന്ന് പ്രിയതമ ആമിന. ഹലാല്‍ ചിക്കന്‍ അല്ലല്ലോ, ഉലക്ക വീണ ചത്ത കോയീന്റെ ഇറച്ചി ഹറാമല്ലേ എന്നായിരുന്നു ആ പാവത്തിന്റെ ചിന്ത.

പക്ഷേ കുഞ്ഞബ്ദുള്ളയുണ്ടോ വിടുന്നു. ഹറാമിനെ ഹലാലാക്കാന്‍ ബയിയൊണ്ടാമിനാ എന്നായി ആമിനയുടെ ആ ബീഡര്! ചത്തകോഴിയെ വാരിയെടുത്ത് നുറുക്കി കഷണങ്ങളാക്കി. എന്നിട്ട് ഭാര്യയോട് ഒരുപദേശം. നീയിത് കറിബെയ്ക്ക്. ചോറും പൂവന്‍കറിയും മുമ്പിലെത്തി. ചാറൊഴിച്ചു കുഴച്ചു കുറെ ചോറുണ്ടു. ചാറുഹറാമല്ല ഹലാലെന്നായി കുഞ്ഞബ്ദുള്ള. പാവം ആമിനയതു വിശ്വസിച്ചു. കുറെ കഴിഞ്ഞപ്പോള്‍ ബീടരുടെ കൈ കഷണത്തിലേക്കും പിന്നെ വായിലേക്കും നീളുന്നു. അന്ധാളിച്ചു നില്‍ക്കുന്ന ആമിനയെന്ന ദീനിപ്പെണ്ണ്. ആദ്യത്തെ കഷണം അകത്താക്കിയശേഷം മാപ്പിളപ്പാട്ടുപോലെ കുഞ്ഞബ്ദുള്ള പാടി. ''ഒലക്ക ബീണ് ശത്തകോയീന്റെ ശാറു കൂട്ടാല്ലോ, പിന്നെ കസണോം കൂട്ടാല്ലോ....!''

മുസ്ലിംലീഗ് സംസ്ഥാന നിര്‍വഹണസമിതിയുടെ മദ്യനിരോധനം സംബന്ധിച്ച തീരുമാനം കേട്ടപ്പോഴാണ് കുഞ്ഞബ്ദുള്ളക്കുട്ടിയുടെ വിശ്വാസകാപട്യത്തെക്കുറിച്ചുള്ള സാംബശിവന്റെ കഥയും പാട്ടും ഓര്‍ത്തുപോയത്. കേരളം പൂര്‍ണമായ മദ്യനിരോധനത്തിലേക്ക് നീങ്ങണം എന്നായിരുന്നു ലീഗ് നിര്‍വാഹകസമിതിയുടെ നിര്‍ദ്ദേശം. ഇതിന്റെ ഭാഗമായി കള്ളുചെത്തും വില്‍പനയും ഘട്ടം ഘട്ടമായി നിരോധിക്കണം. ബാറുകളുടെ പ്രവര്‍ത്തന സമയം വെട്ടിച്ചുരുക്കാനുള്ള ഹൈക്കോടതി നിര്‍ദ്ദേശത്തിന് ലീഗിന്റെ സുസ്വാഗതം. മുസ്ലിംലീഗ് കൂടി നയിക്കുന്ന (അതോ നിയന്ത്രിക്കുന്നതോ!) സര്‍ക്കാര്‍ വക ബിവറേജസ് കോര്‍പ്പറേഷന്റെ നൂറുകണക്കിന് ചില്ലറവില്‍പന ശാലകള്‍ നിര്‍ത്തുന്നതില്‍ ലീഗിനു മൗനം.

അവിടെയാണ് കള്ള് ഹറാം, ബ്രാണ്ടിഹലാല്‍ എന്നാണോ മുസ്ലിംലീഗിന്റെ മദ്യനയം എന്ന സംശയം ഉയരുന്നത്. എന്‍ഡോസള്‍ഫാനിലുമുണ്ടോ ഹറാമും ഹലാലും? ചിന്തകള്‍ അങ്ങിനെ നീണ്ടപ്പോഴാണ് കഥാപ്രസംഗ സാമ്രാട്ട്  സാംബശിവനേയും കഥയിലെ കുഞ്ഞബ്ദുള്ളക്കുട്ടിയേയും ശത്തകോയിയേയും പാട്ടും ഓര്‍ത്തുപോയത്. കുഞ്ഞബ്ദുള്ളയുടേത് ഒരു ദരിദ്ര്യ മുസ്ലിമിന്റെ നിഷ്‌കളങ്കമായ ആര്‍ത്തീഭാവമാകാം. അതുപോലെയാണ് മതനിഷ്ഠകളെക്കുറിച്ച് അവഗാഹമുള്ളവര്‍ പങ്കെടുത്ത മുസ്ലിംലീഗ് നേതൃയോഗത്തിന്റെ പപ്പാതി മനസ്സുള്ള ഈ തീരുമാനം. ആര്‍ജ്ജവമുണ്ടെങ്കില്‍ ആദ്യം നിര്‍ത്തലാക്കാന്‍ പറയേണ്ടതു സര്‍ക്കാര്‍ വക മദ്യവില്‍പന ശാലകളെയല്ലേ?

കേന്ദ്ര ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്‌സിംഗ് അലുവാലിയ എമര്‍ജിംഗ് കേരളയില്‍ താണിറങ്ങി കേരളത്തിലെ കാര്‍ഷികസംസ്‌കാരം തകര്‍ത്തെറിയണമെന്ന ഉപദേശം നല്‍കിയതോടെ അദ്ദേഹത്തിന് ഒരു പേരു വീണു. മണ്ടന്‍സിംഗ് അലുബിലീസിയ! കേരളത്തില്‍ വരുന്നതിന് മുമ്പുതന്നെ അദ്ദേഹം ആനമണ്ടത്തരങ്ങള്‍ എഴുന്നെള്ളിക്കുക മാത്രമല്ല അടിച്ചേല്‍പ്പിക്കുകകൂടി ചെയ്തിട്ടുള്ള കാര്യം മറക്കേണ്ട.

ദാരിദ്ര്യരേഖാ നിര്‍ണയം എന്ന പടം വരച്ചുകളിച്ചാണ് ഈ മണ്ടന്‍സിംഗ് തന്റെ ബുദ്ധിപരത വിളംബരം ചെയ്തത്. ഇന്ത്യയിലെ ദരിദ്രനാരായണന്മാരെ നിശ്ചയിക്കുന്ന ബി പി എല്‍ രേഖ തയ്യാറാക്കിയതും ഈ സര്‍ദാര്‍ജി തന്നെയാണ്. ഇതനുസരിച്ച് ദരിദ്രരാകണമെങ്കില്‍ ഗ്രാമങ്ങളിലുള്ളവര്‍ പ്രതിദിനം 26 രൂപയ്ക്കു താഴെവരുന്ന തുകകൊണ്ട് ജീവിക്കുന്നവരായിരിക്കണം. നഗരദരിദ്രരാകണമെങ്കില്‍ ആ തുക 35 രൂപ. ധാന്യങ്ങള്‍ക്ക് പ്രതിദിനം 5.5 രൂപ, പയറുവര്‍ഗ്ഗങ്ങള്‍ 1.02 രൂപ, പാല്‍ 2.33 രൂപ, ഭക്ഷ്യഎണ്ണ 1.55 രൂപ, പച്ചക്കറികള്‍ 1.95 രൂപ എന്നിങ്ങനെയായിരിക്കണം ഇന്ത്യന്‍ ദരിദ്രരുടെ ഡയറ്റ് എന്നും മൊണ്ടേക്‌സിംഗ് വിധിച്ചു.

ഈ മണ്ടന്‍സിംഗ് തന്നെയാണ് തന്റെ പ്ലാനിംഗ് കമ്മിഷന്‍ ഓഫീസില്‍ 65 ലക്ഷം രൂപ ചെലവഴിച്ച് ഒരു കക്കൂസ് പണിത് 'പഞ്ചനക്ഷത്ര കക്കൂസ് ഉടമ' എന്ന പരമോന്നത ബഹുമതി അടിച്ചെടുത്തത്. മണ്ടന്‍സിംഗിന് ഇത്രയാകാമെങ്കില്‍ അദ്ദേഹത്തിന്റെ ബോസ് പ്രധാനമന്ത്രി 'മൗനിസിംഗ്' കുറയ്ക്കുന്നതെങ്ങിനെ! തന്റെ ആടിയുലയുന്ന മന്ത്രിസഭയുടെ വാര്‍ഷികം പ്രമാണിച്ച് അദ്ദേഹം 375 വി വി ഐ പി കള്‍ക്കും വി ഐ പികള്‍ക്കും നല്‍കിയ അത്താഴ വിരുന്നിന് ചെലവാക്കിയത് ഖജനാവിലെ 29 ലക്ഷം രൂപ! ഓരോരുത്തര്‍ക്കും വിളമ്പിയ വിഭവങ്ങള്‍ക്ക് പ്ലേറ്റ് ഒന്നിന് ചെലവ് 7721 രൂപ! ധനമന്ത്രി ചിദംബരം ചെട്ടിയാരുടെ നാട്ടിലെ ചെട്ടിനാട് ചിക്കന്‍, മട്ടന്‍, മലബാറി ഫിഷ്, കൊഞ്ച് അതെല്ലാം ദല്‍ഹി ദര്‍ബാറിലെ വമ്പന്മാര്‍ക്ക് സ്ഥിരമായി തിരുതയും കരിമീനും കൊഞ്ചും നല്‍കി മന്ത്രിസ്ഥാനം നിലനിര്‍ത്തുന്ന കെ വി തോമസ് വക ഐറ്റങ്ങളാണെന്ന ശ്രുതിയുണ്ട്.

പതിനഞ്ചുതരം ബ്രഡും പൊറോട്ടയും വെജിറ്റേറിയന്‍ വിഭവങ്ങള്‍ പത്തൊന്‍പത്, എണ്ണമില്ലാത്ത പഴവര്‍ഗ്ഗങ്ങള്‍, പൊരിച്ച ആല്‍മണ്ടും കശുവണ്ടിയുമടക്കം നാല്പതോളം സ്‌നാക്‌സ് വിഭവങ്ങള്‍, കരിക്കിന്‍ വെള്ളം സഹിതം പത്തിനം പാനീയങ്ങള്‍ എന്നിവയാണ് വിളമ്പിയതെന്ന വിവരവും വിവരാവകാശ നിയമമനുസരിച്ച് പുറത്തുവന്നു. 26 രൂപ കൊണ്ട് ഒരു ദരിദ്രനാരായണന്‍ ഒരു ദിവസം തള്ളിനീക്കിക്കൊള്ളണമെന്നു കല്‍പിച്ചവര്‍ തിന്നുമുടിച്ച് ഏമ്പക്കം വിട്ടതോടെ ദരിദ്ര ഇന്ത്യയുടെ വിശപ്പും ശമിച്ചുവെന്നാണ് കോണ്‍ഗ്രസ് വക്താവ് രേണുകാ ചൗധരിയുടെ ഭാഷ്യം! എങ്ങനെയുണ്ട് കോണ്‍ഗ്രസിന്റെ വാക്കും പോക്കും.

ഇതൊക്കെയാണെങ്കിലും കേരളത്തിന് ദൈവത്തിന്റെ സ്വന്തം നാടെന്ന ഖ്യാതിയും ഇരട്ടപ്പേരും ഇല്ലാതാകാന്‍ പോകുന്നു. എമര്‍ജിംഗ് കേരളയിലും പിന്നാലെ ഇന്നലെ സമാപിച്ച കേരള ട്രാവല്‍മാര്‍ട്ടിലും എത്രായിരം ഉണ്ണാമന്‍മാരാണ് സര്‍ക്കാര്‍ ചെലവില്‍ ഉണ്ടുറങ്ങി മടങ്ങിയത്! അവര്‍ തന്നെ മലയാളക്കരയ്ക്ക് ഒരു നാമകരണവും നടത്തി താങ്ക്‌സ് പറഞ്ഞാണ് പിരിഞ്ഞത്. ഇനി കേരളത്തിന് അവരിട്ടപേര് 'സദ്യയുണ്ണികളുടെ സ്വന്തം നാട്! ജോറായില്ലേ!

janayugom 011012

സര്‍ക്കാര്‍ ഭൂമി വെട്ടിപ്പിടിക്കാന്‍ നീക്കം


എമര്‍ജിംഗ് കേരളയില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ക്കായി പൊതുമേഖലാ വ്യവസായശാലകളുടെ ഭൂമിയില്‍ കയ്യേറ്റം നടത്താനുള്ള നീക്കം സര്‍ക്കാര്‍ ശക്തമാക്കുന്നു. ഇപ്പോള്‍ തന്നെ പ്രതിസന്ധികളെ നേരിടുന്ന പൊതുമേഖലയെ സങ്കീര്‍ണ്ണമായ അവസ്ഥയിലേക്ക് തള്ളിവിടാന്‍ ഈ നീക്കം വഴിയൊരുക്കും.

വ്യവസായ സംരംഭങ്ങള്‍ തുടങ്ങാനെന്ന പേരില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ പാട്ടത്തിനെടുത്ത് കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കുമെന്ന ഉമ്മാക്കിയുടെ മറപിടിച്ചാണ് സര്‍ക്കാര്‍ പൊതുമേഖലയെ ഉന്നമിടുന്നത്. സ്വകാര്യ സ്ഥാപനങ്ങള്‍ കയ്യടക്കി വച്ചിരിക്കുന്ന പാട്ടഭൂമിയില്‍ തൊട്ടാല്‍ കൈപൊള്ളുമെന്ന് സര്‍ക്കാരിന് ഉത്തമ ബോദ്ധ്യമുണ്ട്. ഭരണമുന്നണിയിലെ കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ തന്നെ ഇതിനെതിരെ യുദ്ധം പ്രഖ്യാപിക്കുകയും ചെയ്യും.

ഈ സാഹചര്യത്തില്‍ സ്വകാര്യ മേഖലയില്‍ വിനിയോഗിക്കാതെ തരിശിട്ടിരിക്കുന്ന പാട്ടഭൂമിയും പൊതുമേഖല വ്യവസായസ്ഥാപനങ്ങളുടെ കൈവശമുള്ള ഭൂമിയും ആറുമാസത്തിനുള്ളില്‍ തിരിച്ചുപിടിക്കും എന്ന് ഒരുമിച്ചൊരു പ്രഖ്യാപനം നടത്തിയാല്‍ ആദ്യത്തേത് നടന്നില്ലെങ്കിലും ആ പേരില്‍ പൊതുമേഖലയെ പിഴിയാനാവും എന്ന കണക്കുകൂട്ടലിലാണ് സര്‍ക്കാര്‍.
സ്വകാര്യ കുത്തക കമ്പനികളുമായുണ്ടാക്കിയ ധാരണപ്രകാരം എമര്‍ജിംഗ് കേരളയില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ക്ക് ഭൂമി കൊടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. ഇതിനായി ഭൂമി കണ്ടെത്തേണ്ടതുണ്ട്. ഇത്രയധികം ഭുമി എവിടെനിന്ന് എന്നത് സര്‍ക്കാരിനെ കുഴയ്ക്കുന്ന പ്രധാന പ്രശ്‌നമാണ്.

റവന്യു പുറമ്പോക്കുകള്‍, പൊതുമരാമത്ത് വകുപ്പിന്റെ കൈവശമുള്ള ഭൂമി, ഗവ. ആശുപത്രികളോട് ബന്ധപ്പെട്ട് കിടക്കുന്ന സ്ഥലങ്ങള്‍ ഇവയുടെയൊക്കെ കണക്കെടുത്താലും പ്രശ്‌നത്തിന് പരിഹാരമാവില്ല. ഭൂമി പൊന്നുംവിലയ്ക്ക് വാങ്ങി നിക്ഷേപ സംരംഭകര്‍ക്ക് കൈമാറണമെങ്കില്‍ പണത്തിനായി ധനകാര്യസ്ഥാപനങ്ങളെ ആശ്രയിക്കുകയേ നിര്‍വ്വാഹമുള്ളു. ആ ഇനത്തില്‍ പലിശതന്നെ ഭീമമായ തുകവരും. ആ നിലയ്ക്ക് കൈ നനയാതെ മീന്‍പിടിക്കാനുള്ള എളുപ്പവഴി പൊതുമേഖലയില്‍ കടന്നുകയറ്റം നടത്തുകതന്നെയാണ്. ഇതിനായി ആദ്യമേതന്നെ ഉദ്യോഗമണ്ഡലിലെ എഫ്എസിടിയുടെയും കളമശ്ശേരിയിലെ എച്ച് എം ടിയുടെയും ഭൂമികള്‍ ലിസ്റ്റില്‍പ്പെടുത്തിക്കഴിഞ്ഞു.

ആലുവയിലെ എഫ്‌ഐടിയുടെ ഒമ്പതര ഏക്കറില്‍ നേരത്തെതന്നെ നോട്ടമുണ്ട്. എഫ്‌ഐടിയുടെ സ്ഥലത്ത് ആരുടെയും കടന്നുകയറ്റം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയ ഫാക്ടറിയിലെ യൂണിയന്‍ നേതാവായ കെ പി സി സി അംഗത്തോട് മുഖ്യമന്ത്രി പ്രതികരിച്ചത് സ്ഥാപനം ഭൂമി പാഴാക്കി കളയുന്നു എന്ന അര്‍ത്ഥത്തിലാണ്. ഫാക്ടറിയുടെ വികസനത്തിനായി പദ്ധതികളും നിര്‍ദ്ദേശങ്ങളും സര്‍ക്കാരിന് സമര്‍പ്പിച്ച് അനുമതിക്കായി കാത്തിരിപ്പ് തുടങ്ങിയിട്ട് നാളേറെയായി.

പൊതുമേഖലയെ ബാധിക്കുന്ന, പരിഹാരം കാണാത്ത പലപ്രശ്‌നങ്ങളുണ്ട്. ഏലൂരിലെ ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സിനെ (ടിസിസി) ഉദാഹരണമായെടുക്കാം. റിലയന്‍സ് ഗ്രൂപ്പിന്റെ കൈവശമിരിക്കുന്ന ടിസിസിയുടെ 20 ഏക്കര്‍ ഭൂമിയുടെ പാട്ടക്കരാര്‍ പുതുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ചെറുവിരലനക്കുന്നില്ല. ഈ നിലപാടിനെതിരെ അവിടെ തൊഴിലാളികള്‍ സമരരംഗത്താണ്. സംസ്ഥാന സര്‍ക്കാരിന്റേത് അല്ലെങ്കിലും എഫ് എ സി ടിയും എച്ച് എം ടിയിലും പ്രശ്‌നങ്ങളുണ്ട്.

ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ലെന്ന് ബോദ്ധ്യമുള്ള യുഡിഎഫ് സര്‍ക്കാര്‍ ഇറങ്ങിപ്പോകുന്നതിനുമുമ്പ് സംസ്ഥാനത്തിന്റെ കണ്ണായതെല്ലാം വിദേശകുത്തകകള്‍ക്ക് തീറെഴുതാന്‍ നടത്തുന്ന കുതന്ത്രങ്ങളുടെ ഭാഗമായിത്തന്നെയാണ്, പൊതുമേഖലയ്‌ക്കെതിരായ നീക്കത്തെയും തൊഴിലാളികളും നാട്ടുകാരും കാണുന്നത്.
(ബേബി ആലുവ)

janayugom 300912

വ്യവസായികളെ നാടുകടത്തല്‍ : യുഡിഎഫ് പിന്‍വാങ്ങണം


സ്വദേശി വ്യവസായം നാടുകടത്തുക എന്നത് യു.ഡി.എഫ് സര്‍ക്കാരിന്റെ വ്യവസായ നയമാണോ എന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും തയ്യാറാകണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

എറണാകുളം കിഴക്കമ്പലത്തെ കിറ്റക്സ് വസ്ത്രനിര്‍മ്മാണ കമ്പനി പിതൃഭൂമിയില്‍ നിന്നും പാലായനം ചെയ്യുന്നതിന് ഒരു വിഭാഗം ഭരണകക്ഷിക്കാര്‍ അധികാരദുരുപയോഗം നടത്തിയിരിക്കുന്നു എന്ന് വ്യക്തമായിരിക്കുകയാണ്. ദശകങ്ങളായി ഈ നാട്ടില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം 8,000 പേര്‍ക്ക് ഇിനകം ജോലി നല്‍കുന്നുണ്ട്.550 കോടി രൂപ വിദേശനാണ്യം നേടുന്ന ഈ സ്ഥാപനം സംസ്ഥാന സര്‍ക്കാരിന് 21കോടി രൂപയും പഞ്ചായത്തിന് 60 ലക്ഷം രൂപയും നികുതി ഇനത്തില്‍ നല്‍കുന്നുണ്ട്. 262കോടി രൂപയുടെ പുതിയ വികസന പദ്ധതി നടപ്പാക്കാനും അതിലൂടെ 4000 പേര്‍ക്കു കൂടിതൊഴില്‍ നല്‍കാനുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. അതിനുവേണ്ടി ബാങ്ക് വായ്പ ചെയ്തിരുന്നു. എന്നാല്‍, പഞ്ചായത്തിന്റെയും കോണ്‍ഗ്രസ് എം.എല്‍.എയുടെയുംസര്‍ക്കാര്‍കാരണം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗതടസ്സം നേരിട്ടതിനാല്‍ പദ്ധതി ശ്രീലങ്കയിലേക്ക് കൊണ്ടുപോവുകയാണെന്നാണ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ പരസ്യമായി പറഞ്ഞത്.

അന്തരിച്ച ശ്രീ. എം.സി. ജേക്കബ് സ്ഥാപിച്ച കിറ്റക്സിനെ നാടുകടത്താന്‍രാഷ്ട്രീയത്തെയും അധികാരത്തെയും പദവിയെയും ഒരുകൂട്ടര്‍ ദുരുപയോഗപ്പെടുത്തിയിരിക്കുകയാണ്. ഇതിനു പിന്നില്‍ കുടുംബ പകയും ഒരു പ്രധാന ഘടകമാണ്. പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെ നാട്ടില്‍നിന്നും തുരത്തുന്നതിനുവേണ്ടി മലിനീകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തി സ്ഥാപനത്തെ തകര്‍ക്കാന്‍നോക്കുന്നു എന്നാണ് മാനേജ്മെന്റ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. വ്യവസായ വികസനത്തിന് വിദേശികളെ അടക്കം വിളിച്ചുവരുത്തി എമര്‍ജിംഗ് കേരള സംഘടിപ്പിച്ചതിന്റെനേടുകയുംയന്ത്രസാമഗ്രികള്‍സ്ഥാപിക്കാന്‍സംവിധാനങ്ങളുടെയുംദുരുപദിഷ്ടിതമായഅറിയിച്ചിരിക്കുന്നത്.ശ്ലാഘനീയമായതൊട്ടു പിന്നാലെയാണ് നാടിനെ ആശ്ചര്യപ്പെടുത്തുന്ന ഈ സംഭവം ഉണ്ടായിരിക്കുന്നത്. പ്രശ്നം പരിഹരിക്കുന്നതിന് ഫലപ്രദമായ ഇടപെടല്‍ നടത്താനുള്ള ഉത്തരവാദിത്വം വ്യവസായ മന്ത്രിക്ക് ഉണ്ടെന്നിരിക്കെ അത് ചെയ്യുന്നതിന് തയ്യാറായിട്ടില്ല. പരാതി ലഭിച്ചിട്ടും അന്വേഷിക്കാനും നടപടി എടുക്കാനും മുഖ്യമന്ത്രിയും തയ്യാറായില്ല എന്നത് നല്ല സന്ദേശമല്ല നല്‍കുന്നത്. നാട്ടില്‍ നട്ടുവളര്‍ത്തിയ പ്രശസ്തമായ വ്യവസായസ്ഥാപനത്തിന്റെ കടയ്ക്ക് കത്തിവയ്ക്കുന്ന നയത്തില്‍ നിന്ന് യു.ഡി.എഫ് സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് പിണറായി വിജയന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

deshabhimani 011012

കള്ള് നിര്‍ത്തുന്നത് ആലോചിക്കണം: ലീഗ്


ഹൈക്കോടതി നടത്തിയ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ കള്ളുവ്യവസായം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കണമെന്ന് മുസ്ലീംലീഗ്. സിഗററ്റിന്റെ ഉപഭോഗം കുറഞ്ഞപ്പോള്‍ ബീഡിമേഖലയും മൊബൈല്‍ ഫോണുകള്‍ വ്യാപകമായപ്പോള്‍ അടച്ചുപൂട്ടേണ്ടിവന്ന എസ്.ടി.ഡി ബൂത്തുകളിലെ ജീവനക്കാരും മറ്റു മാര്‍ഗ്ഗങ്ങള്‍ തേടിയതുപോലെ കള്ളുനിര്‍ത്തുമ്പോള്‍ ആ മേഖലയിലെ തൊഴിലാളികളും മറ്റ് സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തും. അല്ലെങ്കില്‍ അവരെ പുനഃരധിവസിപ്പിക്കണമെന്ന് ലീഗ് പ്രവര്‍ത്തകസമിതിയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഇന്നത്തെ സാഹചര്യത്തില്‍ പരിസ്ഥിതിയുമായി ബന്ധപ്പെടാതെ ഒരു രാഷ്ട്രീയപാര്‍ട്ടിക്കും മുന്നോട്ടുപോകാനാവില്ല. അതുകൊണ്ട് വിശാലമായ ഒരു ഹരിത അജണ്ട തയാറാക്കി അതിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ടുപോകാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ടെന്നും യോഗതീരുമാനങ്ങള്‍ വിശദീകരിച്ച ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. വ്യക്തമാക്കി.

ഇവിടെ കള്ളുചെത്തും വില്‍പ്പനയും തമ്മില്‍ യാതൊരു ബന്ധവുമില്ല. ചെത്ത് നാമമാത്രമാണ്. കള്ളുഷാപ്പുകളുടെ എണ്ണമാണെങ്കില്‍ വളരെക്കൂടുതലും. അതുകൊണ്ട് ഈ നിരീക്ഷണം മുഖവിലക്കെടുത്ത് സര്‍ക്കാര്‍ നിലപാട് സ്വീകരിക്കണം. മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട് കോടതി പറഞ്ഞ എല്ലാ നിരീക്ഷണങ്ങളും ഉള്‍ക്കൊള്ളണം. മദ്യമേഖലയില്‍ ചെലവാകുന്ന പണവും നഷ്ടപ്പെടുന്ന ആരോഗ്യവും വാഹനാപകടങ്ങളും മറ്റും പരിശോധിക്കുമ്പോള്‍ ഇതിലൂടെ ഉണ്ടാകുന്ന നേട്ടം വെറും താല്‍ക്കാലികമാണ്. അതുകൊണ്ട് സര്‍ക്കാര്‍ ഇതേക്കുറിച്ച് ഗൗരവമായി ചിന്തിക്കണം. ലോകമാകെ ഇന്ന് പരിസ്ഥിതി സൗഹൃദവികസനത്തെക്കുറിച്ചാണ് ചര്‍ച്ചചെയ്യുന്നത്. ഇന്ത്യയില്‍ എന്തുകൊണ്ടും പല പ്രത്യേകതകളുമുള്ള കേരളത്തിന് അതിന് കഴിയും. എന്നാല്‍ പരിസ്ഥിതിയുമായി ബന്ധപ്പെട്ട ദുഃശാഠ്യങ്ങള്‍ ഉപേക്ഷിക്കണം.  നവംബര്‍ 10ന് എറണാകുളത്ത് ചേരുന്ന ലീഗിന്റെ സമ്പൂര്‍ണ്ണ സമ്മേളനം ഹരിത അജണ്ടയുടെ കര്‍മ്മപരിപാടി പ്രഖ്യാപിക്കും.

നെല്ലിയാമ്പതി വിഷയത്തില്‍ യു.ഡി.എഫ് ഉപസമിതിയുടെ റിപ്പോര്‍ട്ട് വന്നശേഷം ലീഗിന്റെ അഭിപ്രായം പറയും. എയര്‍ ഇന്ത്യ കേരളത്തിലെ യാത്രക്കാരോട് ക്രൂരതയാണ് കാട്ടുന്നത്. ഗള്‍ഫ്-ആഭ്യന്തര മേഖലയിലെ യാത്രക്കാരെ ഒരുപോലെ പീഡിപ്പിക്കുകയാണ്. അനിയന്ത്രിതമായ ചാര്‍ജ്ജാണ് ഈടാക്കുന്നത്. നാടിന്റെ സമ്പത്തിന്റെ നട്ടെല്ലായ പ്രവാസികളോട് കാട്ടുന്ന ഈ ക്രൂരത അംഗീകരിക്കാനാവില്ല. ഒരു വിഭാഗം ജനങ്ങളോട് കാട്ടുന്ന വിവേചനമാണിത്. ഇതിനെതിരെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ വമ്പിച്ച പ്രതിഷേധറാലിയും അതോടൊപ്പം പാര്‍ലമെന്റ് മാര്‍ച്ചും നടത്തുമെന്നും ബഷീര്‍ പറഞ്ഞു. പച്ചതേങ്ങയുടെ സംഭരണവില വര്‍ദ്ധിപ്പിക്കണമെന്നും ലീഗ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. പാണക്കാട് സെയ്ദ് ഹൈദരലി ശിഹാബ് തങ്ങള്‍, കേന്ദ്ര മന്ത്രി ഇ. അഹമ്മദ്, ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് സംസ്ഥാനമന്ത്രിമാര്‍ എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.

deshabhimani 300912

ജ. കോശിയുടെ ആഹ്വാനം അപലപനീയം: വി എസ്


ഹര്‍ത്താല്‍ നടത്തുന്നവരെയും ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്നവരെയും ജനങ്ങള്‍ കൈകാര്യംചെയ്യണമെന്ന മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ ബി കോശിയുടെ ആഹ്വാനം അപലപനീയമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ജനകീയസമരങ്ങളെ അപഹസിക്കലാണ് മനുഷ്യാവകാശ സംരക്ഷണമെന്നാണ് അദ്ദേഹം ധരിക്കുന്നത്. ഉന്നത പദവിയിലുള്ള മുന്‍ ചീഫ് ജസ്റ്റിസില്‍നിന്ന് നിയമം കൈയിലെടുക്കാനുള്ള ആഹ്വാനം ഉണ്ടാകരുതായിരുന്നു. മനുഷ്യരുടെ ജീവിക്കാനുള്ള അവകാശത്തില്‍ അധികാരികള്‍ കടന്നാക്രമണം നടത്തുകയാണ്. ഈ ജനദ്രോഹ നടപടികളെ എങ്ങനെ കൈകാര്യംചെയ്യണമെന്ന് മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാന്‍ വ്യക്തമാക്കണമെന്നും വി എസ് ആവശ്യപ്പെട്ടു.

deshabhimani news

പാച്ചാക്കല്‍ മിഴിതുറന്നത് ഭീതിയിലേക്ക്


കോഴിക്കോട്: മൃതദേഹം റോഡരികില്‍ കൊണ്ടുതള്ളിയ നിലയില്‍ കണ്ടാണ് പാച്ചാക്കല്‍ പ്രദേശം ശനിയാഴ്ച ഉണര്‍ന്നത്. പ്രഭാതസവാരിക്ക് പോയ സ്ത്രീകളാണ് ആദ്യം കണ്ടത്. അവരുടെ ബഹളം കേട്ട് നാട് സംഭവസ്ഥലത്തേക്ക് ഒഴുകി. മലാപ്പറമ്പ്-ചേവായൂര്‍-മെഡിക്കല്‍ കോളേജ് റൂട്ടിലെ ഗോള്‍ഫ് ലിങ്ക് റോഡിലെ കയറ്റത്തിലായിരുന്നു മൃതദേഹം. പൊലീസ് എത്തുന്നതുവരെ മൃതദേഹം തിരിച്ചറിഞ്ഞില്ല. വ്യാപാരിയും മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് സെക്രട്ടറിയുമായ പി പി നസീര്‍ അഹമ്മദിന്റേതാണ് മൃതദേഹമെന്ന് പിന്നീട് സ്ഥിരീകരിച്ചു. കാലങ്ങളായി കാടുപിടിച്ചു കിടന്ന ഇവിടെ അറവുശാലകളില്‍ നിന്നും മറ്റും മാലിന്യങ്ങള്‍ കൊണ്ടുതള്ളുന്നത് നിത്യസംഭവമായിരുന്നെന്ന് പരിസരവാസികള്‍ പറയുന്നു. ചത്ത പട്ടിയെയും പൂച്ചയെയും കോഴിയെയും കൊണ്ടിടുന്നതും ഇവിടെ. റോഡ് ഉയര്‍ത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞയാഴ്ചയാണ് ജെസിബി ഉപയോഗിച്ച് കാട് നീക്കി സ്ഥലം വൃത്തിയാക്കിയത്. ഇവിടെയാണ് നസീര്‍ അഹമ്മദിന്റെ മൃതദേഹം കൊണ്ടിട്ടതും.

വ്യാപാരിയുടെ വധം അന്വേഷണം സജീവം

കോഴിക്കോട്: വ്യാപാരിയെ കൊന്ന് റോഡരികില്‍ തള്ളിയ കേസില്‍ അന്വേഷണം സജീവമായി. മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് സെക്രട്ടറി പി പി നസീര്‍ അഹമ്മദാണ് കഴിഞ്ഞ ദിവസംകൊല്ലപ്പെട്ടത്. സംശയമുള്ള ചിലരെ പൊലീസ് ചോദ്യം ചെയ്തതതായി വിവരമുണ്ട്. നസീറുമായി അടുപ്പമുണ്ടായിരുന്നവരുശടയും തലേദിവസം ഒപ്പമുണ്ടായിരുന്നവരുശടയും വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു. പ്രതികളെന്നു സംശയിക്കുന്നവര്‍ പൊലീസ് നിരീക്ഷണത്തിലാണ്. ചേവായൂര്‍ പാച്ചാക്കലില്‍ ഗോള്‍ഫ് ലിങ്ക് റോഡരികിലായിരുന്നു മൃതദേഹം കണ്ടത്. വെള്ളിയാഴ്ചയാണ് മലബാര്‍ ചേംബറിന്റെ സെക്രട്ടറിയായത്.

വെസ്റ്റ് കല്ലായിയിലെ ഇലക്ട്രോ ഏജന്‍സീസ് ഉടമയായ നസീര്‍ കല്ലായ് പി പി ഹൗസില്‍ കോയമൊയ്തീന്റെ മകനാണ്. പ്രഭാത സവാരിക്കിറങ്ങിയ സ്ത്രീകളാണ് മൃതദേഹം ആദ്യംകണ്ടത്. തലയിലൂടെയും വായിലൂടെയും മൂക്കിലൂടെയും രക്തം ഒലിച്ചിറങ്ങിയിരുന്നു. ദേഹമാസകലം മുറിവേറ്റിട്ടുണ്ട്. ഇവിടെനിന്നും 150 മീറ്റര്‍ അകലെ റോഡരികില്‍നിന്ന് രക്തംപുരണ്ട തോര്‍ത്ത് മുണ്ടും കണ്ടെത്തി. നസീറിന്റെ കാര്‍ ചേവായൂര്‍ പ്രസന്റേഷന്‍ സ്കൂളിന് സമീപം ശാന്തിനഗര്‍ കോളനിയിലെ ആളൊഴിഞ്ഞ വാടകവീടിന് മുന്നില്‍നിന്ന് വെള്ളിയാഴ്ച രാത്രി മെഡി. കോളേജ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. മുറ്റത്തുനിന്ന് നസീറിന്റെ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലും കണ്ടെത്തി. വെള്ളിയാഴ്ച രാത്രി 12.10ഓടെ ഈ വീട്ടില്‍നിന്ന് നിലവിളി കേട്ട അയല്‍വാസികള്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചിരുന്നു. ഈ സമയത്ത് വാടകവീടിന്റെ മുന്നില്‍ ചുവന്ന ഓമ്നി വാന്‍ കണ്ടതായും വേഗത്തില്‍ ഓടിച്ചുപോയതായും പരിസരവാസികള്‍ പറഞ്ഞു. ശ്വാസം മുട്ടിച്ചാണ് കൊലനടത്തിയതെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്.

നസീറിന്റെ കൊലപാതകം: പിന്നില്‍ അടുത്ത പരിചയക്കാരുണ്ടെന്ന് സംശയം

കോഴിക്കോട്: വ്യാപാരിയും മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് സെക്രട്ടറിയുമായ നസീര്‍ അഹമ്മദ് കൊല്ലപ്പെട്ട സംഭവത്തിനു പിന്നില്‍ ഇദ്ദേഹത്തെ അടുത്തറിയുന്ന ആരുടെയോ കൈകളുണ്ടെന്ന് പൊലീസ് സംശയം. നസീറിന്റെ കാര്‍ കണ്ടെത്തിയതിനടുത്തുള്ള ആളൊഴിഞ്ഞ വാടക വീട്ടിലേക്ക് അദ്ദേഹത്തെ വിളിച്ചുവരുത്തിയത് ഈ അജ്ഞാത സുഹൃത്താകുമെന്ന് പൊലീസ് കരുതുന്നു. കൊലയ്ക്കു പിന്നില്‍ സദാചാര പൊലീസ് ആണോയെന്നും പൊലീസ് അന്വേഷിക്കുന്നു. ചേവായൂരില്‍ നിന്നും വെള്ളിയാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത നസീറിന്റെ കാറിന്റെ പുറത്ത് എഴുതിവച്ച അശ്ലീല ചുവയുള്ള വാക്കുകളാണ് ഇതിനു കാരണം. എന്നാല്‍ അന്വേഷണം വഴിതെറ്റിക്കാന്‍ പ്രതികള്‍ ബോധപൂര്‍വം എഴുതിയതാവാനുള്ള സാധ്യതയും പൊലീസ് കാണുന്നു.

ചേവായൂരിലെ വാടക വീട്ടില്‍ സ്ഥിരമായി ആളുണ്ടാവില്ല. ഇതറിയുന്ന ആളുകളാണ് കൊലക്കു പിന്നിലെന്നാണ് നിഗമനം. മൂര്‍ച്ചയില്ലാത്ത ആയുധംകൊണ്ട് അടിച്ചതിനാലാണ് തല പൊട്ടിയത്. രാത്രി 12.10ഓടെ ഇവിടെനിന്നും നിലവിളി കേട്ടതായും അതിനു മുമ്പ് റോഡില്‍ ഓമ്നിവാനും ആറുപേരെയും കണ്ടതായും പരിസരവാസികള്‍ പറയുന്നു. നിലവിളി കേട്ടയുടനെ ഓമ്നിവാന്‍ വേഗത്തില്‍ ഓടിച്ചുപോയതായും പരിസരവാസികള്‍ പറഞ്ഞു. ചേംബര്‍ ഓഫ് കൊമേഴ്സ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട നസീര്‍ വെള്ളിയാഴ്ച രാത്രി ഏഴര വരെ ചെറൂട്ടിറോഡിലെ ചേംബര്‍ ഓഫീസിലുണ്ടായിരുന്നു. അവിടെ നിന്നും സുഹൃത്തുക്കള്‍ക്കൊപ്പം മാവൂര്‍ റോഡിലെത്തി. പിന്നീട് എങ്ങോട്ട് പോയെന്ന് അറിയില്ലെന്നാണ് ഇവര്‍ പറയുന്നത്. നസീര്‍ വെസ്റ്റ് കല്ലായിയില്‍ വൈദ്യുതി ഉപകരണങ്ങളുടെ ഏജന്‍സി ഷോറൂം നടത്തുന്നുണ്ട്. വയനാട് ബത്തേരിയില്‍ ഫ്ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനവുമുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളാണോ കൊലക്കു പിന്നിലെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നു. നസീറിന്റെ സമീപകാല സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നുണ്ട്. വെള്ളിയാഴ്ച രാത്രി 10.30 വരെ നസീര്‍ ചിലരുമായി ഫോണില്‍ സംസാരിച്ചതായും പൊലീസ് കണ്ടെത്തി. വാടക വീടിന്റെ വളപ്പില്‍ നിന്നാണ് നസീറിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയില്‍ കണ്ടെത്തിയത്. കൂടാതെ ഒഴിഞ്ഞ കോള കുപ്പിയും ചീര്‍പ്പും കണ്ടെടുത്തു.

ക്രമസമാധാനം തകര്‍ന്നു: വി എസ്

തിരു: സംസ്ഥാനത്ത് ക്രമസമാധാനം പൂര്‍ണമായി തകര്‍ന്നെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. അരുംകൊലയും കൊള്ളയും പട്ടാപ്പകല്‍ പിടിച്ചുപറിയും ജനങ്ങളുടെ സൈ്വരജീവിതം തകര്‍ത്തു. കോഴിക്കോട്ട് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് സെക്രട്ടറി നസീര്‍ അഹമ്മദ് വെള്ളിയാഴ്ച രാത്രി ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടു. തിരുവല്ലയ്ക്കടുത്ത് ശനിയാഴ്ച പട്ടാപ്പകല്‍ യുവാവിനെ കുത്തിക്കൊന്നു. കൊല്ലത്ത് മാലയും കമ്മലും മോഷ്ടിക്കുന്നതിന് വൃദ്ധയെ കൊന്നു. തിരുവനന്തപുരത്ത് ആറ്റിങ്ങലില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണം കൊള്ളയടിച്ചു. പൂജപ്പുരയിലും കമലേശ്വരത്തും വെള്ളിയാഴ്ച കവര്‍ച്ച നടന്നു. കുണ്ടറയില്‍ വൃദ്ധയെ മാനഭംഗപ്പെടുത്തി മോഷണം നടത്തി.

പൊലീസിന്റെ നിഷ്ക്രിയത്വം ക്രിമിനലുകള്‍ക്ക് വളമായി. പിടിച്ചുപറിക്കാരെയും അക്രമികളെയും ഭയന്ന് വീട്ടില്‍ കിടന്നുറങ്ങാനും സൈ്വരമായി സഞ്ചരിക്കാനും പറ്റാത്ത സാഹചര്യമാണ് സംസ്ഥാനത്ത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ പൊലീസ് പരാജയപ്പെട്ടു. മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാന്‍ പറയുന്നത് കേരളത്തിലെ 20 ശതമാനം പൊലീസുകാര്‍ അഴിമതിക്കാരാണെന്നാണ്. അഴിമതിയുടെ പങ്ക് യുഡിഎഫ് നേതാക്കള്‍ക്കും ഉണ്ടെന്നുവേണം കരുതാന്‍. ക്രമസമാധാനപാലനത്തിന് പൊലീസിനെ സജ്ജമാക്കാന്‍ അടിയന്തരനടപടി കൈക്കൊള്ളണമെന്ന് വി എസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

deshabhimani 300912

പൊതുസ്ഥലത്തെ ടോയ്ലറ്റുകള്‍ അപര്യാപ്തം


സംസ്ഥാനം സമ്പൂര്‍ണ നിര്‍മല്‍പദവിയിലേക്കു നീങ്ങുന്നുവെന്ന അവകാശവാദത്തിനിടയിലും പൊതുസ്ഥലത്തെ ടോയ്ലറ്റ് സൗകര്യങ്ങള്‍ അപര്യാപ്തം. പഞ്ചായത്ത്പ്രദേശങ്ങളിലും വിവിധ ഏജന്‍സികള്‍ക്കുകീഴില്‍ നഗരങ്ങളിലുമുള്ള പൊതു ടോയ്ലറ്റുകളാകട്ടെ ഏറെയും സംരക്ഷണമില്ലാതെ നശിക്കുകയുമാണ്. പൊതുസ്ഥലത്ത് മലമൂത്ര വിസര്‍ജനം നിരോധിക്കണമെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ആവശ്യമായ സൗകര്യങ്ങളൊരുക്കിയശേഷം നിരോധം കൊണ്ടുവരണമെന്നാണ് നിര്‍ദേശം.

സമ്പൂര്‍ണ ശുചിത്വ സംസ്ഥാനമെന്ന ലക്ഷ്യത്തോടെ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ടെങ്കിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല. സംസ്ഥാനത്തെ പഞ്ചായത്തുകള്‍ക്കുകീഴില്‍ നാളിതുവരെ 1005 പൊതു ടോയ്ലറ്റുകള്‍ തുറന്നതായാണ് ശുചിത്വമിഷന്റെ കണക്ക്. കൊല്ലം (400 എണ്ണം), ആലപ്പുഴ(107) ജില്ലകളിലാണ് കൂടുതല്‍. 1090 എണ്ണമാണ് ആകെ സ്ഥാപിക്കാനുദേശിക്കുന്നത്. അഞ്ചുവര്‍ഷത്തിനിടെ നിര്‍മിച്ച ഈ പൊതു ടോയ്ലറ്റുകളില്‍ പലതും നിലവില്‍ ഉപയോഗശൂന്യമാണ്. ശുചീകരണത്തിനും തുടര്‍സംരക്ഷണത്തിനും സംവിധാനമില്ലാത്തതാണ് കാരണം. നഗരങ്ങളില്‍ ദാരിദ്ര്യ നിര്‍മാര്‍ജനപദ്ധതിയുടെ ഭാഗമായും വിവിധ ഏജന്‍സികള്‍ക്കുകീഴിലുമാണ് പൊതു ടോയ്ലറ്റുകള്‍ തുറന്നത്. പണം നല്‍കി ഉപയോഗിക്കാവുന്നതൊഴികെയുള്ളതെല്ലാം നിലവില്‍ ഉപയോഗശൂന്യമാണ്. പ്രധാന നഗരങ്ങളില്‍ സ്ഥാപിച്ച ബയോ ടോയ്ലറ്റുകള്‍പോലും അറ്റകുറ്റപ്പണിയില്ലാതെ നശിക്കുന്നു.

വ്യക്തിശുചിത്വത്തില്‍ മുന്നിട്ടുനില്‍ക്കുന്ന മലയാളി പരിസരശുചിത്വത്തില്‍ പിന്നോക്കം നില്‍ക്കുന്നതാണ് പൊതു ടോയ്ലറ്റ് സംവിധാനങ്ങള്‍ സംരക്ഷിക്കപ്പെടാത്തതിനു കാരണമെന്ന് ശുചിത്വമിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ജോര്‍ജ് ചക്കച്ചേരില്‍ പറഞ്ഞു. സംസ്ഥാനത്തെ 96 ശതമാനം വീടുകളിലും കക്കൂസ് സൗകര്യമുണ്ടെന്നാണ് കണക്ക്. ശേഷിക്കുന്ന നാലു ശതമാനത്തിലെ രണ്ടര ലക്ഷത്തോളം വീടുകളിലാണ് കക്കൂസ് വേണ്ടത്. തീരദേശങ്ങളിലെ വീടുകളാണിത്. സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ 35 ശതമാനത്തിലും ഇപ്പോഴും ആവശ്യമായ ടോയ്ലറ്റ് സൗകര്യമില്ലെന്ന് ശുചിത്വമിഷന്‍ വെളിപ്പെടുത്തുന്നു. 96 ശതമാനം പഞ്ചായത്തുകളും നിര്‍മല്‍ പുരസ്കാരം നേടിക്കഴിഞ്ഞെങ്കിലും സമ്പൂര്‍ണ ശുചിത്വപദവി നേടാനുള്ള ശ്രമത്തിന് മറുനാടന്‍ തൊഴിലാളികളുടെ കുടിയേറ്റം വെല്ലുവിളിയാവുകയാണ്. വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും കീഴില്‍ ഏകോപനമില്ലാതെയാണ് ശുചിത്വപദ്ധതികള്‍ നിലവില്‍ നടപ്പാക്കുന്നത്.

deshabhimani 300912

ബോ സീലായിയെ സിപിസി പുറത്താക്കി


ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി പൊളിറ്റിക്കല്‍ ബ്യൂറോ അംഗമായിരുന്ന ബോ സീലായിയെ പാര്‍ടിയില്‍ നിന്ന് പുറത്താക്കാനും പൊതുസ്ഥാനങ്ങളില്‍ നിന്ന് നീക്കാനും പാര്‍ടി കേന്ദ്ര കമ്മിറ്റിയുടെ പൊളിറ്റിക്കല്‍ ബ്യൂറോ തീരുമാനിച്ചു. ബ്രിട്ടീഷ് ബിസിനസുകാരന്‍ നീല്‍ ഹെയ്വുഡിന്റെ മരണത്തെ തുടര്‍ന്ന് ഏതാനും മാസം മുമ്പ് പിബിയില്‍ നിന്ന് ബോയെ സസ്പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് അന്വേഷണം നടത്തിയ സിപിസി കേന്ദ്ര കമ്മിറ്റിയുടെ അച്ചടക്കസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചര്‍ച്ചചെയ്താണ് പുറത്താക്കാന്‍ പിബി തീരുമാനിച്ചത്. ബോയ്ക്കെതിരെ സംശയിക്കപ്പെടുന്ന നിയമലംഘനങ്ങളും പ്രസക്തമായ സൂചനകളും കോടതികള്‍ക്ക് വിടാനും യോഗം തീരുമാനിച്ചു.

ലയോണിങ് പ്രവിശ്യയിലെ ദാലിയാന്‍ നഗരഭരണാധികാരി എന്ന നിലയിലും വാണിജ്യമന്ത്രാലയ മേധാവി എന്ന നിലയിലും സിപിസി പിബി അംഗമെന്ന നിലയിലും ചോങ്കിങ്മുനിസിപ്പാലിറ്റിയിലെ പാര്‍ടി തലവന്‍ എന്ന നിലയിലും ഗുരുതരമായ പാര്‍ടി അച്ചടക്കലംഘനം നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയതായും പിബി അറിയിച്ചു. ബോയുടെ ഭാര്യ ബൊഗു കൈലാക്ക് നീല്‍ ഹെയ്വുഡിന്റെ മരണത്തില്‍ പങ്കുള്ളതായി കണ്ട് കോടതി വധശിക്ഷ വിധിച്ചിരുന്നു. സംഭവം മറച്ചുവയ്ക്കുകയും പിന്നീട് കൂറുമാറി വെളിപ്പെടുത്തുകയും ചെയ്ത് ചോങ്കിങ്ങിലെ മുന്‍ വൈസ് മേയര്‍ വാങ് ലീജൂന് കഴിഞ്ഞദിവസം കോടതി 15 വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു.

deshabhimani 300912

പരിഷത്ത് ലഹരിവിമുക്ത കേരളം; സംസ്ഥാനതല ക്യാമ്പയിന്‍ ഉദ്ഘാടനം 2ന് ആലപ്പുഴയില്‍

"വേണം ലഹരിവിമുക്ത കേരളം" എന്ന മുദ്രാവാക്യമുയര്‍ത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആരംഭിക്കുന്ന സംസ്ഥാനതല ക്യാമ്പയിന്റെ ഉദ്ഘാടനം ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ 2ന് ആലപ്പുഴ ജില്ലയിലെ ആര്യാട് നടക്കും. വൈകിട്ട് മൂന്നിന് ആര്യാട് പഞ്ചായത്ത് സാംസ്കാരിക നിലയത്തില്‍ കെ ആര്‍ ഗൗരിയമ്മ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്യും. പരിഷത്ത് സംസ്ഥാന പ്രസിഡന്റ് കെ ടി രാധാകൃഷ്ണന്‍ അധ്യക്ഷനാകും. പ്രൊഫ. ടി പി കുഞ്ഞിക്കണ്ണന്‍ വിഷയാവതരണം നടത്തും. അരി വാങ്ങുന്നതിന് ഒരു വര്‍ഷം 3000 കോടി രൂപ ചെലവിടുന്ന മലയാളി മദ്യത്തിന് 7500 കേടിയാണ് മുടക്കുന്നതെന്ന് പരിഷത്ത് ഭാവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പന്ത്രണ്ടര വയസില്‍ കേരളത്തില്‍ മദ്യപാനം ആരംഭിക്കുന്നുവെന്ന കണക്ക് ഞെട്ടിക്കുന്നതാണ്. ക്യാമ്പയിന്റ മുന്നോടിയായി ആര്യാട് പഞ്ചായത്തില്‍ ലഹരി വിമുക്ത ആര്യാട് എന്ന സന്ദേശമുയര്‍ത്തി ജനകീയ സമിതികള്‍ രൂപീകരിച്ചുവരികയാണ്. സംസ്ഥാന സെക്രട്ടറി പി വി വിനോദ്, ജില്ലാ സെക്രട്ടറി എന്‍ സാനു, സംഘാടകസമിതി ചെയര്‍മാന്‍ പ്രൊഫ. സി വി നടരാജന്‍, പി ജയരാജ്, ജോസി ഡൊമനിക്ക് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

deshabhimani 300912

കാര്‍ഷിക വികസന ബാങ്കില്‍ പിന്‍വാതില്‍ നിയമനം


സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ പിന്‍വാതില്‍ നിയമനം തകൃതി. ചട്ടങ്ങള്‍ ലംഘിച്ച് 70 അസിസ്റ്റന്റുമാരെയും 15 അഗ്രികള്‍ച്ചറല്‍ ഓഫീസര്‍മാരെയും നിരവധി ഗസ്റ്റ്റൂം ബോയിമാരെയും നിയമിക്കുന്നു. ഭരണസമിതി അംഗങ്ങളുടെയും സഹകരണമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫുകളുടെയും ബന്ധുക്കളെയും മറ്റുള്ളവരെയുമാണ് നിയമിക്കുന്നത്. ലക്ഷങ്ങളുടെ കോഴ ഇടപാടും ഇതിലുണ്ട്. താല്‍ക്കാലിക നിയമനം നല്‍കിയശേഷം പ്രത്യേക മന്ത്രിസഭാ തീരുമാനപ്രകാരം സ്ഥിരപ്പെടുത്താമെന്നാണ് വാഗ്ദാനം. അസിസ്റ്റന്റ് തസ്തികയില്‍ 123 പേരെ ഇന്റര്‍വ്യൂചെയ്ത് നിയമനം നടത്താന്‍ വ്യാഴാഴ്ച എറണാകുളത്ത് ചേര്‍ന്ന ഭരണസമിതിയോഗം തീരുമാനിച്ചു. 15 അഗ്രികള്‍ച്ചറല്‍ ഓഫീസര്‍മാരെയും നിയമിക്കും. സാധാരണഗതിയില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍നിന്ന് ഉദ്യോഗാര്‍ഥികളുടെ പട്ടിക വാങ്ങിയാണ് ബാങ്കില്‍ താല്‍ക്കാലിക നിയമനം നടത്തുക. ഇത് അട്ടിമറിച്ച് രഹസ്യ അപേക്ഷ വാങ്ങിയാണ് ഇന്റര്‍വ്യൂ നടത്തുന്നത്. ഭരണസമിതി അംഗങ്ങള്‍ വേണ്ടപ്പെട്ടവരോടുമാത്രം അപേക്ഷിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

അസിസ്റ്റന്റ് നിയമനത്തിന് ബിരുദവും എച്ച്ഡിസിയോ ജെഡിസിയോ ആണ് യോഗ്യത. ബികോം കോ-ഓപ്പറേഷന്‍ ബിരുദധാരികള്‍ക്കും അപേക്ഷിക്കാം. സംസ്ഥാന സഹകരണബാങ്ക് അടക്കമുള്ള അപെക്സ് സംഘങ്ങളില്‍ ഇതേയോഗ്യതയിലുള്ള തസ്തികകളില്‍ അപേക്ഷ ക്ഷണിക്കുമ്പോള്‍ ലക്ഷങ്ങളാണ് അപേക്ഷിക്കുക. എന്നാല്‍, കാര്‍ഷികവികസന ബാങ്കിലെ നിയമനത്തിന് 123 അപേക്ഷയേ വന്നുള്ളൂ എന്നതില്‍തന്നെ നിയമനത്തട്ടിപ്പ് വ്യക്തമാകും. അഗ്രികള്‍ച്ചര്‍, ഹോര്‍ട്ടികള്‍ച്ചര്‍ ബിരുദധാരികള്‍ക്കുള്ള അഗ്രികള്‍ച്ചര്‍ ഓഫീസര്‍ നിയമന അപേക്ഷയുടെ അറിയിപ്പ് വന്നത് ബാങ്കിന്റെ വെബ്സൈറ്റിലാണ്. 20,000 രൂപ പ്രതിമാസ അലവന്‍സും യാത്രാപ്പടിയുമാണ് പ്രതിഫലം. സാങ്കേതികയോഗ്യതയുള്ള ഉദ്യോഗാര്‍ഥികളുടെ പട്ടിക എംപ്ലോയ്മെന്റില്‍നിന്ന് ലഭിക്കില്ലെന്ന ന്യായം പറഞ്ഞാണ് നേരിട്ട് നിയമനം നടത്തുന്നത്.

പിഎസ്സിയെയും കബളിപ്പിച്ച് ഗസ്റ്റ്റൂം ബോയ് എന്ന പേരില്‍ ബാങ്കിന്റെ എല്ലാ ഓഫീസിലും നിയമനം നടക്കുന്നുണ്ട്. പ്യൂണ്‍മുതലുള്ള എല്ലാ നിയമനവും പിഎസ്സിവഴിയേ നടത്താനാകൂ എന്നതിനാലാണ് ഗസ്റ്റ്റൂം ബോയ് എന്ന പേരാക്കിയത്. പ്യൂണിനും താഴെയുള്ള തസ്തികയായതിനാല്‍ പിഎസ്സിക്ക് റിപ്പോര്‍ട്ടുചെയ്യേണ്ടെന്നാണ് ഭരണസമിതിയുടെ അവകാശവാദം. ഇത്തരത്തില്‍ 10 പേരെ ആദ്യം നിയമിച്ചപ്പോള്‍ താല്‍ക്കാലിക നിയമനമെന്നാണ് പറഞ്ഞത്. ഇവര്‍ക്ക് പിന്നീട് 7000 രൂപ തുടക്കശമ്പളത്തില്‍ സ്കെയിലും നിശ്ചയിച്ചു. 14 ജില്ലയിലും റീജണല്‍ ഓഫീസുകളിലും സംസ്ഥാന പരിശീലനകേന്ദ്രത്തിലുമടക്കം ഇനിയും നിയമനം നടത്താനാണ് നീക്കം. ഇതിനായി മന്ത്രി ഓഫീസില്‍നിന്ന് 12 പേരുടെ പട്ടികയും നല്‍കിയിട്ടുണ്ട്. ബാങ്കിലെ നിയമനങ്ങള്‍ 1995ല്‍ പിഎസ്സിക്ക് വിട്ടിരുന്നു. എന്നാല്‍, സ്പെഷ്യല്‍ റൂള്‍സ് അംഗീകരിച്ചിട്ടില്ലാത്തതിനാല്‍ പിഎസ്സി നിയമന നടപടി ആരംഭിച്ചിട്ടില്ല. തന്മൂലം ബാങ്കില്‍ ഒട്ടേറെ ഒഴിവ് നിലവിലുണ്ട്.
(ജി രാജേഷ്കുമാര്‍)

deshabhimani 300912

കിറ്റെക്സ്: മുഖ്യമന്ത്രിയെ കണ്ടിട്ടും ഫലമുണ്ടായില്ല;


"പ്രതികാരനടപടികളും ആരോപണവും സഹിക്കാവുന്നതിനപ്പുറം"

കിറ്റെക്സിനെതിരായ തുടര്‍ച്ചയായ ആക്രമണവും ആരോപണവും പ്രതികാരനടപടികളും സഹിക്കാവുന്നതിനപ്പുറമായതിനാലാണ് താന്‍ ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് എംഡി സാബു എം ജേക്കബ് പറഞ്ഞു. ഈ പ്രശ്നങ്ങളെല്ലാം ചൂണ്ടിക്കാട്ടി താന്‍ ഒരു തവണയും കമ്പനി പിആര്‍ഒ പലവട്ടവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചിരുന്നു. ഇപ്പോള്‍ മാധ്യമങ്ങളിലൂടെയും പരാതി ഉന്നയിച്ചിട്ടും നടപടിയെടുക്കാനോ പ്രതികരിക്കാനോ അദ്ദേഹം തയ്യാറായില്ല. വ്യവസായമന്ത്രിയും അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നും "ദേശാഭിമാനി"ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സാബു വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ശ്രീലങ്ക, ചൈന, അമേരിക്ക എന്നിവിടങ്ങളില്‍ തുടര്‍നിക്ഷേപത്തിന് ഒരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്നാട്, ഗുജറാത്ത് എന്നിവിടങ്ങളില്‍നിന്നുപോലും ക്ഷണം ലഭിച്ചിട്ടും കേരളത്തില്‍ത്തന്നെ വ്യവസായം ആരംഭിച്ചത് നാട് വളരണം, നാട്ടുകാര്‍ക്ക് ജോലി ലഭിക്കണം എന്ന ചിന്തയിലാണ്. എന്നാല്‍ കമ്പനിയെ എങ്ങനെയും നശിപ്പിച്ചേ അടങ്ങു എന്ന വാശിയിലാണ് ചിലര്‍. കമ്പനിക്ക് പ്രവര്‍ത്തിക്കാനാവാത്ത സാഹചര്യം സൃഷ്ടിച്ചവര്‍ക്കെതിരെ നടപടിയുണ്ടായാലേ കേരളത്തില്‍ തുടര്‍നിക്ഷേപത്തെക്കുറിച്ച് ആലോചിക്കു. കോണ്‍ഗ്രസ് എ വിഭാഗം നേതാവും എംഎല്‍എയുമായ ബെന്നി ബെഹ്നാന്റെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി കമ്പനിക്കെതിരായ ചരടുവലി നടക്കുന്നു. ഇതിന് അറുതി വേണം. വ്യവസായസംരക്ഷണത്തിന് ശക്തമായ നിലപാട് കൈക്കൊള്ളുമെന്ന് വ്യവസായസമൂഹത്തെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങളുടെ ഗ്രൂപ്പ് സ്ഥാപനമായ അന്ന അലൂമിനിയം കമ്പനിയില്‍ 1978ല്‍ യൂണിയന്‍ രൂപീകരിക്കാന്‍ ബെന്നി ബെഹ്നാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടു. അന്നുമുതല്‍ കമ്പനിയെ തകര്‍ക്കാന്‍ വൈരാഗ്യബുദ്ധിയോടെയാണ് ഇദ്ദേഹം പ്രവര്‍ത്തിക്കുന്നത്. പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തെയും കൂട്ടുപിടിച്ച് കമ്പനിക്കെതിരായ ദുരാരോപണങ്ങളാണ് ഉന്നയിക്കുന്നത്. ജലം ഊറ്റുന്നതായും മലിനീകരണം നടത്തുന്നതായുമാണ് പുതിയ ആരോപണം. എന്നാല്‍, കമ്പനി ഉപയോഗിക്കുന്ന ജലം 99 ശതമാനവും ശുദ്ധീകരിച്ചാണ് പുറംതള്ളുന്നത്. ഇത് കൃഷിക്കും മറ്റും ഉപയോഗിക്കുന്നുമുണ്ട്. മാലിന്യ സംസ്കരണത്തിന്റെ കാര്യത്തില്‍ രാജ്യാന്തര നിലവാരമാണ് കിറ്റെക്സിനുള്ളത്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകാരവും കമ്പനിക്കുണ്ട്. എന്നാല്‍, ഇതൊന്നും കണക്കിലെടുക്കാതെ കമ്പനിയെ തകര്‍ക്കുന്ന സമീപനമാണ് ചിലര്‍ കൈക്കൊള്ളുന്നത്.

അന്ന ഗ്രൂപ്പ് സ്ഥാപകനും തന്റെ പിതാവുമായ എം സി ജേക്കബിനെ "97ല്‍ ചിലര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഈ കേസില്‍ പ്രതിയായിരുന്നയാള്‍ നിലവില്‍ കിഴക്കമ്പലം പഞ്ചായത്ത് ഭരണസമിതി ഭാരവാഹിയാണ്. ഇവരുടെ നേതൃത്വത്തിലാണ് കമ്പനിയുടെ പഞ്ചായത്ത് ലൈസന്‍സ് തടഞ്ഞുവച്ചിരിക്കുന്നത്. പഞ്ചായത്തില്‍ യുഡിഎഫ് ഭരണത്തിലേറിയ 2001മുതല്‍ അഞ്ചുവര്‍ഷവും ഇപ്പോള്‍ 2011മുതലും കമ്പനിക്ക് ലൈസന്‍സ് നല്‍കിയിട്ടില്ല. ഇതിനു നല്‍കിയ അപേക്ഷ നിരസിച്ചിട്ടുമില്ല. 2001ല്‍ ആന്റണി സര്‍ക്കാര്‍ അധികാരത്തിലേറിയ ദിവസം കമ്പനിക്കെതിരെ ഇക്കൂട്ടര്‍ ആക്രമണവും നടത്തി. കിഴക്കമ്പലത്തെയും സമീപ പഞ്ചായത്തുകളിലെയും ആയിരങ്ങള്‍ക്കാണ് കിറ്റെക്സിലും ഞങ്ങളുടെ മറ്റു കമ്പനികളിലും ജോലി നല്‍കിയിട്ടുള്ളത്. ഇതെങ്കിലും ഭരണാധികാരികള്‍ കണക്കിലെടുക്കണം. രാഷ്ട്രീയ വൈരാഗ്യംവച്ച് വ്യവസായത്തെ കാണരുത്. തങ്ങള്‍ രാഷ്ട്രീയ പക്ഷപാതിത്വം വച്ചുപുലര്‍ത്താറില്ലെന്നും സാബു എം ജേക്കബ് വ്യക്തമാക്കി.
(ഷഫീഖ് അമരാവതി)

മുഖ്യമന്ത്രി മൗനം വെടിയണം: പന്ന്യന്‍

കൊച്ചി: കിറ്റെക്സിനെ നാടുകടത്താന്‍ ഭരണകക്ഷി എംഎല്‍എയും പഞ്ചായത്തും നടത്തുന്ന നീക്കങ്ങള്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും അടിയന്തരമായി ഇടപെടണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ആവശ്യപ്പെട്ടു. കിറ്റെക്സ് ഉടമ ഉന്നയിച്ച പ്രശ്നം അറിയില്ലെന്ന വ്യവസായമന്ത്രിയുടെ പ്രസ്താവന നാട്യമാണ്. പ്രക്ഷോഭം കുത്തിപ്പൊക്കാന്‍വേണ്ടി മാത്രമാണ് കിറ്റെക്സിനെതിരെ മലിനീകരണപ്രശ്നം ഉന്നയിക്കുന്നതെന്നും പന്ന്യന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പതിനേഴു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്കെതിരെ ഇപ്പോള്‍ മാത്രമാണ് മലിനീകരണ ആക്ഷേപം ഉയര്‍ന്നത്. കമ്പനി മലിനീകരണം നടത്തുന്നുണ്ടെങ്കില്‍ പരിശോധിക്കണം. മൂന്നുമാസം മുമ്പ് അത്തരമൊരു പരിശോധന നടന്നതാണ്. ഇവിടെ പ്രശ്നം അതല്ലെന്നു വ്യക്തം. ഈ വിഷയത്തില്‍ മുഖ്യമന്ത്രി മൗനം അവസാനിപ്പിക്കണം. കിറ്റെക്സ് ഉടമയുമായി സംസാരിച്ച് പ്രശ്നം പരിഹരിക്കണം. കിറ്റെക്സിനെ തുരത്താന്‍ പകപോക്കല്‍ തുടരുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പന്ന്യന്‍ രവീന്ദ്രന്‍ ആവശ്യപ്പെട്ടു.

കിറ്റെക്സ് പറഞ്ഞത് വാസ്തവവിരുദ്ധമെന്ന് ആക്ഷന്‍ കൗണ്‍സില്‍

കൊച്ചി: കിഴക്കമ്പലം കിറ്റെക്സ് കമ്പനിയുമായി ബന്ധപ്പെട്ട് എംഡി സാബു എം ജേക്കബ് നടത്തിയ വാര്‍ത്താസമ്മേളനത്തിലെ പരാമര്‍ശങ്ങള്‍ വസ്തുതകള്‍ക്കു നിരക്കാത്തതാണെന്ന് കിറ്റെക്സ് മാലിന്യവിരുദ്ധ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. മാലിന്യപ്രശ്നം പരിഹരിക്കാതിരിക്കാനും കമ്പനിക്കെതിരെ ഉയര്‍ന്ന ജനരോഷം വഴിതിരിച്ചുവിടാനുമുള്ള നീക്കമാണ് എംഡി നടത്തുന്നത്. ശ്രീലങ്കയിലേക്ക് പ്രവര്‍ത്തനമേഖല മാറ്റുന്നുവെന്ന പ്രസ്താവന കോടതിയെയും സര്‍ക്കാരിനെയും ഉദ്യോഗസ്ഥരെയും സമ്മര്‍ദത്തിലാക്കാനാണെന്നും ഇവര്‍ ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ പി എം അബ്ദുറഹ്മാന്‍, പി എം ജോര്‍ജ്, എല്‍ദോ പോള്‍, ടി പി യൂസഫലി എന്നിവര്‍ പങ്കെടുത്തു.

deshabhimani 300912

ഭഗത്സിങ്ങിന്റെ ഓര്‍മയില്‍ സംഗമിച്ചത് ആയിരങ്ങള്‍


ബംഗ(പഞ്ചാബ്): അനശ്വര രക്തസാക്ഷി ഭഗത്സിങ്ങിന്റെ 105-ാം ജന്മവാര്‍ഷികത്തില്‍ ഒത്തുചേരാന്‍ ഖത്കര്‍ കലാനിലെത്തിയത് ആയിരങ്ങള്‍. ഡിവൈഎഫ്ഐയും എസ്എഫ്ഐയും സംയുക്തമായി സംഘടിപ്പിച്ച ദിനാചരണം സമീപകാലത്ത് പഞ്ചാബില്‍ നടന്ന ഏറ്റവും വലിയ വിദ്യാര്‍ഥി-യുവജന മുന്നേറ്റമായി. അയ്യായിരത്തോളം യുവജനങ്ങളും വിദ്യാര്‍ഥികളുമാണ് സംഗമത്തില്‍ പങ്കെടുത്തത്. ഭഗത്സിങ്ങിനോടുള്ള ആദരവും വികാരവായ്പും എല്ലാ തലമുറയിലുംപെട്ട ജനങ്ങളില്‍ ഇപ്പോഴും ഒരേയളവില്‍ നിലനില്‍ക്കുന്നുവെന്ന് ബോധ്യപ്പെടുത്തുന്ന കാഴ്ചയാണ് ഭഗത്സിങ്ങിന്റെ ജന്മദേശമായ ഖത്കര്‍ കലാനില്‍ കണ്ടത്.

ഭഗത്സിങ്ങിന്റെ ജന്മദിനമായ സെപ്തംബര്‍ 28ന് രാവിലെതന്നെ പഞ്ചാബിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഷഹീദ് ഭഗത്സിങ് നഗര്‍ ജില്ലയിലുള്ള (പഴയ നവാഷഹര്‍ ജില്ല) ബംഗ പട്ടണത്തിനു സമീപമുള്ള ഖത്കര്‍ കലാനിലേക്ക് ഒഴുകി. ഭഗത്സിങ്ങ് മ്യൂസിയത്തിനു മുന്നില്‍ സ്ഥാപിച്ച പ്രതിമയ്ക്കുമുന്നില്‍ ആയിരങ്ങള്‍ പുഷ്പാഞ്ജലി അര്‍പ്പിച്ചു. ഖത്കര്‍ കലാനില്‍നിന്ന് ബംഗ ടൗണിലേക്ക് നടന്ന പ്രകടനത്തില്‍ അയ്യായിരത്തോളം പേരാണ് പങ്കെടുത്തത്. ഭഗത്സിങ് മഞ്ചില്‍ നടന്ന അനുസ്മരണയോഗത്തിനു മുന്നോടിയായി ഭഗത്സിങ്, സുഖ്ദേവ്, രാജ്ഗുരു എന്നീ ധീര യോദ്ധാക്കളുടെ രക്തസാക്ഷിത്വവും അതിന്റെ സമകാലിക പ്രസക്തിയും ചിത്രീകരിച്ച കലാശില്‍പ്പം അവതരിപ്പിച്ചു.

അനുസ്മരണയോഗം എം ബി രാജേഷ് എംപി ഉദ്ഘാടനംചെയ്തു. യോഗത്തില്‍ സിഐടിയു സംസ്ഥാന പ്രസിഡന്റ് വിജയ് മിശ്ര, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് സുരീന്ദര്‍സിങ് ഖിവ, സംസ്ഥാന സെക്രട്ടറി സത്നാംസിങ്, വൈസ് പ്രസിഡന്റുമാരായ ഗുര്‍ണിത്സിങ്, കാലുറാം, സുര്‍ജിത്സിങ് ദേര്‍, ട്രഷറര്‍ ഗുര്‍നാംസിങ്, എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് സ്വരണ്‍സിങ്, ഡിവൈഎഫ്ഐ മുന്‍ സംസ്ഥാന പ്രസിഡന്റും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവുമായ ദര്‍ശന്‍സിങ് മട്ടു, അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയന്‍ സംസ്ഥാന വൈസ്പ്രസിഡന്റ് രാംസിങ് നുര്‍പുരി എന്നിവര്‍ പങ്കെടുത്തു. അനുസ്മരണയോഗത്തില്‍ പങ്കെടുത്തവരെല്ലാം ഖത്കര്‍ കലാനിലെ ഭഗത്സിങ്ങിന്റെ ജന്മഗൃഹവും സന്ദര്‍ശിച്ചു.

deshabhimani 300912

ജനാധിപത്യ കശാപ്പുകാര്‍ക്ക് തിരിച്ചടി മീനങ്ങാടി ക്ഷീരസംഘം വീണ്ടും എല്‍ഡിഎഫിന്


സര്‍ക്കാരിന്റെ ജനാധിപത്യ കശാപ്പിനെതിരെ ഉജ്വല ജനവിധി. അധികാര ഹുങ്കില്‍ യുഡിഎഫ് സര്‍ക്കാര്‍ പിരിച്ചുവിട്ട മീനങ്ങാടി ക്ഷീരോല്‍പാദക സഹകരണസംഘം ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മുഴവന്‍ സീറ്റുകളിലും എല്‍ഡിഎഫ് പാനലില്‍ മത്സരിച്ചവര്‍ വിജയിച്ചു. ഒരാളെപോലും ജയിപ്പിക്കാന്‍ യുഡിഎഫിനായില്ല. പി ടി ഉലഹന്നാന്‍, കെ കെ വിശ്വനാഥന്‍, പി പി ജയന്‍, ബീനകുമാരി, ലിമ രവി, ലീല ഡേവിഡ്, ആര്‍ രതീഷ് (സിപിഐ എം) വി കെ ഷാജി, എന്‍ ഒ സുബ്രഹ്മണ്യന്‍ (സിപിഐ) എന്നിവരാണ് വിജയിച്ചത്. പൊതുതെരഞ്ഞെടുപ്പിന്റെ വീറും വാശിയിലും നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചതിനേക്കാള്‍ ഇരട്ടിയിലേറെ വോട്ട് നേടിയാണ് എല്‍ഡിഎഫ് സ്ഥാസ്ഥാനാര്‍ഥികളുടെ വിജയം. ശനിയാഴ്ച സംഘം ഹാളിലായിരുന്നു തെരഞ്ഞെടുപ്പ്. വൈകിട്ട് ആറോടെയാണ് ഫലം പ്രഖ്യാപിച്ചത്.

സഹകരണമന്ത്രിയുടെ ഓഫീസില്‍നിന്ന് നേരിട്ടിടപെട്ടാണ് മികച്ച ക്ഷീരസംഘത്തിനുള്ള അവാര്‍ഡ് നേടിയ മീനങ്ങാടി സംഘത്തിന്റെ ഭരണസമിതി ആഗസ്ത് 27ന് പിരിച്ചുവിട്ടത്. സെപ്തംബര്‍ ഒന്നിന് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏറ്റെടുത്തു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നശേഷമായിരുന്നു ഇല്ലാത്ത കാരണങ്ങള്‍ പറഞ്ഞ് രാഷ്ട്രിയ പകപോക്കലിന്റെ ഭാഗമായുള്ള പിരിച്ചുവിടല്‍. ഭരണസമിതിയോട് വിശദീകരണംപോലും ചോദിച്ചില്ല. ധനസഹായ ബാങ്കിനോടും സഹകരണ യൂണിയനോടും അഭിപ്രായം ആരായുകയും ചെയ്യാതെ സഹകരണവകുപ്പ് ഏകപക്ഷീയമായി ഭരണസമിതി പിരിച്ചുവിടുകയായിരുന്നു. ഇതിനെതിരെ അന്നുമുതല്‍ ജനരോഷം ശക്തമായിരുന്നു. അതാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്ററെക്കൊണ്ട് വളഞ്ഞ വഴിയിലൂടെ സംഘം പിടിക്കാമെന്ന യുഡിഎഫിന്റെ മോഹമാണ് വോട്ടര്‍മാര്‍ ദയനീയമായി പരാജയപ്പെടുത്തിയത്. വിജയികളെ ആനയിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മീനങ്ങാടി ടൗണില്‍ ആഹ്ലാദപ്രകടനം നടത്തി. അനുമോദനയോഗവും ചേര്‍ന്നു. പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാര്‍ ഉദ്ഘാടനംചെയ്തു. സജി കാവനാകുടിയില്‍ അധ്യക്ഷനായി. തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ പി വാസുദേവന്‍ സ്വാഗതം പറഞ്ഞു.

deshabhimani 300912

ജനങ്ങള്‍ക്ക് ഇരുട്ടടി; മന്ത്രിമന്ദിരങ്ങളില്‍ വൈദ്യുതി ധൂര്‍ത്ത്


ലോഡ്ഷെഡിങ്ങും ഉയര്‍ന്ന നിരക്കും സര്‍ചാര്‍ജും അടിച്ചേല്‍പ്പിച്ച് ജനങ്ങളെ ഇരുട്ടില്‍ തള്ളുമ്പോള്‍ മന്ത്രിമന്ദിരങ്ങളില്‍ വന്‍ വൈദ്യുതിധൂര്‍ത്ത്. ഉല്‍പ്പാദനപ്രതിസന്ധിയുടെയും സാമ്പത്തികബാധ്യതയുടെയും പേരില്‍ വൈദ്യുതിനിയന്ത്രണം കൊണ്ടുവന്നശേഷം മുഖ്യമന്ത്രിയടക്കമുള്ളവരുടെ വസതികളില്‍ വൈദ്യുതിധൂര്‍ത്തിന്റെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നത്. ദിവസം ഒരുമണിക്കൂര്‍ പ്രഖ്യാപിത ലോഡ്ഷെഡിങ്ങും അതിലേറെ അപ്രഖ്യാപിത ലോഡ്ഷെഡിങ്ങും അടിച്ചേല്‍പ്പിച്ചവരാണ് വൈദ്യുതി ധൂര്‍ത്തടിക്കുന്നത്.

ജൂണില്‍ ഔദ്യോഗികവസതിയായ ക്ലിഫ്ഹൗസില്‍ താമസമാക്കിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാസംതോറും 4133 യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. ഇത് സര്‍വകാല റെക്കോഡാണ്. 29,346 രൂപമുതല്‍ 33,193 വരെയുള്ള തുകയാണ് നാലുമാസമായി മുഖ്യമന്ത്രിയുടെ വസതിയിലെ ബില്‍.വൈദ്യുതിക്ക് സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയശേഷവും ഉപയോഗം വര്‍ധിക്കുകയായിരുന്നു. ആഗസ്ത് 10ലെ റീഡിങ്പ്രകാരം 29,139 രൂപയുടെ വൈദ്യുതി ഉപയോഗിച്ചു. സെപ്തംബര്‍ 14ലെ റീഡിങ് പ്രകാരം 33,193 രൂപയുടെ വൈദ്യുതി ഉപയോഗിച്ചു.
വൈദ്യുതിപ്രതിസന്ധിയെക്കുറിച്ച് പൊതുവേദികളില്‍ വാചാലനാകുകയും നിരക്കുവര്‍ധനയെയും നിയന്ത്രണത്തെയും ന്യായീകരിക്കുകയും ജനം വൈദ്യുതി ഉപയോഗം നിയന്ത്രിച്ചില്ലെങ്കില്‍ കേരളം ഇരുട്ടിലാകുമെന്നും പ്രഖ്യാപിച്ച വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദും സ്വന്തം വീട്ടിലെ ധൂര്‍ത്തിന് കുറവൊന്നും വരുത്തിയില്ല. ഓരോമാസവും അദ്ദേഹത്തിന്റെ വസതിയില്‍ ഉപയോഗിക്കുന്ന വൈദ്യുതി 4114 മുതല്‍ 4873 യൂണിറ്റുവരെയാണ്. 20,426 രൂപയായിരുന്ന ബില്‍ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയതിനുശേഷം 25,027 രൂപയായി.

ചെലവുചുരുക്കലിനായി നിയമനിരോധനം ഏര്‍പ്പെടുത്താനും സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍സമ്പ്രദായം അട്ടിമറിക്കാനും നേതൃത്വം നല്‍കിയ ധനമന്ത്രി കെ എം മാണിയും വൈദ്യുതി ഉപയോഗത്തില്‍ മുമ്പന്‍തന്നെ. സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുംമുമ്പ് 17,597 രൂപയായിരുന്നു അദ്ദേഹത്തിന്റെ ഔദ്യോഗികവസതിയായ പ്രശാന്തിലെ വൈദ്യുതിനിരക്കെങ്കില്‍ അടുത്ത ബില്ലില്‍ 22,341 രൂപയായി. ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തിയ ഏപ്രില്‍-മെയ് മാസങ്ങളിലും തുടര്‍ന്നും വൈദ്യുതിധൂര്‍ത്തില്‍ മറ്റെല്ലാവരെയും മാണി കടത്തിവെട്ടി. 22,292ല്‍ തുടങ്ങി 44,697 രൂപവരെയെത്തി ഓരോമാസത്തെയും ബില്‍ തുക. ഈ വീട്ടിലെ ഏറ്റവും കുറഞ്ഞ വൈദ്യുതിനിരക്ക് 1910 രൂപയായിരിക്കെയാണ് ബില്‍ തുക ഇത്രയും ഉയര്‍ന്നത്.

വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള മറ്റു മന്ത്രിമാരും വൈദ്യുതി, നിയന്ത്രണമില്ലാതെയാണ് ഉപയോഗിക്കുന്നത്. ജൂലൈയില്‍ 13,569 രൂപയുടെ ഉപയോഗത്തില്‍നിന്ന് സെപ്തംബറില്‍ 18,120 രൂപയായി. വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിന് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന് പ്രചാരണത്തിനുമാത്രം 2007 ഏപ്രില്‍ ഒന്നിനുശേഷം ഇതുവരെ 18,68,28,439 രൂപ (18.68 കോടി) ചെലവിട്ടതായും ബോര്‍ഡ് കണക്കുകള്‍ വ്യക്തമാക്കുന്നു.

deshabhimani 300912

കേസെടുക്കണം: എസ്എഫ്ഐ


ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിച്ചതിന് മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ ബി കോശിക്കെതിരെ കേസെടുക്കണമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.

ഹര്‍ത്താല്‍ നടത്തുന്നവരെ ജനങ്ങള്‍ കൈകാര്യം ചെയ്യണമെന്നാണ് കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ പൊതു പരിപാടിയില്‍ ജസ്റ്റിസ് പറഞ്ഞത്. കോഴിക്കോട് വെസ്റ്റ്ഹില്‍ എന്‍ജിനിയറിങ് കോളേജില്‍ സമരം നടത്തിയ വിദ്യാര്‍ഥികള്‍ക്കു നേരെ വെടിവച്ചതിനെ ഇദ്ദേഹം ന്യായീകരിക്കുകയും മോശമായ പരാമര്‍ശം നടത്തുകയും ചെയ്തിരുന്നു. കൈയടി നേടാന്‍ നടത്തുന്ന ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കണം - എസ്എഫ്ഐ ആവശ്യപ്പെട്ടു.

deshabhimani 300912

ഉദാരവല്‍ക്കരണം ആസൂത്രണത്തിന്റെ അര്‍ഥം നഷ്ടപ്പെടുത്തുന്നു: യെച്ചൂരി


സാമ്പത്തിക ഉദാരവല്‍ക്കരണ നയങ്ങള്‍ ആസൂത്രണം എന്ന ആശയത്തിന്റെ അര്‍ഥംതന്നെ നഷ്ടപ്പെടുത്തിയെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു.ഇംഗ്ലണ്ടിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയെക്കുറിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

നിയന്ത്രണം എടുത്തുകളഞ്ഞ് സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ സാമൂഹ്യ-സാമ്പത്തിക ലക്ഷ്യങ്ങള്‍ ഉപേക്ഷിക്കുകയാണ്. ആസൂത്രണത്തിന്റെ പേരില്‍ സര്‍ക്കാരിന്റെ പങ്കാളിത്തം കുറയ്ക്കലാണ് നടക്കുന്നത്. ഇതിന്റെ ഫലമായി തിളങ്ങുന്ന ഇന്ത്യയും കഷ്ടപ്പെടുന്ന ഇന്ത്യയും ഒരുപോലെ വളരുന്നു. സാമ്പത്തിക ഉദാരവല്‍ക്കരണ നയം ആസൂത്രണത്തിന്റെ ഭാഗമായശേഷം പട്ടിണിയും ദാരിദ്ര്യവും വര്‍ധിച്ചു. ആസൂത്രണകമീഷന്റെ കണക്കനുസരിച്ച് 2400 കലോറി ഭക്ഷണം കഴിക്കാത്തവരാണ് ദരിദ്രര്‍. 2004-05 ല്‍ ഗ്രാമങ്ങളിലെ 69 ശതമാനവും ഈ അളവ് ഭക്ഷണം കഴിക്കാത്തവരാണ്. 2009-10 ല്‍ ഇവരുടെ എണ്ണം 76 ശതമാനമായി. നഗരങ്ങളിലെ ദരിദ്രരുടെ എണ്ണം ഇതേ കാലയളവില്‍ 64.5 ശതമാനത്തില്‍നിന്ന് 68 ശതമാനമായും ഉയര്‍ന്നു.

പന്ത്രണ്ടാം പദ്ധതിയില്‍ ആരോഗ്യമേഖല പൂര്‍ണമായും കോര്‍പറേറ്റുകള്‍ക്കും സ്വകാര്യമേഖലയ്ക്കും നല്‍കിയിരിക്കുകയാണ്. ഇതോടെ സാര്‍വത്രിക പൊതുആരോഗ്യ സേവനം എന്ന സങ്കല്‍പ്പംതന്നെ സര്‍ക്കാര്‍ ഉപേക്ഷിക്കുകയാണ്. ആരോഗ്യമേഖലയിലെ സര്‍ക്കാര്‍ നിക്ഷേപം ജിഡിപിയുടെ 1.02 ല്‍ നിന്ന് 1.58 ആയിമാത്രം ഉയര്‍ത്താനാണ് പന്ത്രണ്ടാംപദ്ധതി രേഖ ലക്ഷ്യമിട്ടത്. ലോകാരോഗ്യ സംഘടന ഇത് നിര്‍ദേശിക്കുന്ന 5 ശതമാനമെന്ന ലക്ഷ്യത്തേക്കാളും ഏറെ താഴെയാണിത്. ലോകബാങ്കിന്റെ കണക്കനുസരിച്ചുതന്നെ ആരോഗ്യരംഗത്ത് ഇന്ത്യയുടെ സ്ഥാനം 187 ആണ്. ആസൂത്രണ കമീഷന്റെതന്നെ, കണക്കനുസരിച്ച് വര്‍ധിക്കുന്ന ആരോഗ്യച്ചെലവ് വര്‍ഷം നാല് കോടിയോളംപേരെ ദരിദ്രരാക്കുകയാണ്. വിദ്യാഭ്യാസമേഖലയെയും ലാഭം കൊയ്യാനുള്ള മാര്‍ഗമാക്കി. ഇതുവഴി വിദ്യാഭ്യാസത്തിന്റെ വാണിജ്യവല്‍ക്കരണത്തിന് നിയമസാധുത നല്‍കുകയാണ് സര്‍ക്കാര്‍-യെച്ചൂരി പറഞ്ഞു.

deshabhimani 300912

സുപ്രീംകോടതി വിധി സര്‍ക്കാരിനെ കുറ്റവിമുക്തമാക്കുന്നില്ല: പിബി


 പ്രകൃതിവിഭവങ്ങളുടെ വിതരണവിഷയത്തില്‍ രാഷ്ട്രപതിയുടെ പരാമര്‍ശം സംബന്ധിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി കേന്ദ്രസര്‍ക്കാരിനെ ഒരുതരത്തിലും കുറ്റവിമുക്തമാക്കുന്നില്ലെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.

2ജി സ്പെക്ട്രം, കല്‍ക്കരിപ്പാടങ്ങള്‍ തുടങ്ങിയ പ്രകൃതിവിഭവങ്ങള്‍ സ്വകാര്യകമ്പനികള്‍ക്ക് കൊള്ളലാഭം ഉണ്ടാക്കാന്‍ കഴിയുംവിധം കൃത്രിമമാര്‍ഗത്തിലൂടെ നല്‍കിയ കേന്ദ്രസര്‍ക്കാരിനെ ന്യായീകരിക്കുന്നതല്ല വിധിന്യായമെന്നും പിബി പ്രസ്താവനയില്‍ പറഞ്ഞു. പ്രകൃതിവിഭവങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുന്ന നയത്തെക്കുറിച്ചുള്ള ചില കാര്യങ്ങളിലാണ് സുപ്രീംകോടതി ഇപ്പോള്‍ വ്യക്തത നല്‍കിയത്. എല്ലാ മേഖലയിലും ലേലം മാത്രമല്ല മാര്‍ഗമെന്നാണ് സുപ്രീംകോടതി പറഞ്ഞത്. പ്രകൃതിവിഭവങ്ങള്‍ നല്‍കുന്നതു സംബന്ധിച്ച നയതീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടത് എക്സിക്യൂട്ടീവാണെങ്കിലും അത് പൊതുതാല്‍പ്പര്യം കണക്കിലെടുത്തായിരിക്കണമെന്നാണ് കോടതി പറഞ്ഞത്. 2ജി സ്പെക്ട്രത്തില്‍ ആദ്യം വന്നവര്‍ക്ക് ആദ്യം അനുവദിച്ച 122 ലൈസന്‍സും റദ്ദാക്കിയ മുന്‍ വിധി പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി തയ്യാറാകാത്തതുകൊണ്ടു തന്നെ തങ്ങളുടെ നയത്തെ സുപ്രീംകോടതി ശരിവച്ചെന്ന് കേന്ദ്രസര്‍ക്കാരിന് അവകാശപ്പെടാനാകില്ല.

കല്‍ക്കരി ദേശസാല്‍ക്കരിച്ച വ്യവസായമാണ്. കല്‍ക്കരിപ്പാടങ്ങള്‍ വ്യവസായങ്ങള്‍ക്കും മറ്റും നല്‍കാനാരംഭിച്ചത് പിന്‍വാതിലിലൂടെ സ്വകാര്യവല്‍ക്കരണം നടപ്പാക്കാനാണ്. ദേശീയ നിയമത്തെ അവഗണിച്ച് കല്‍ക്കരിപ്പാടങ്ങള്‍ ലേലത്തിലൂടെ നല്‍കുന്നത് വര്‍ധിച്ച സ്വകാര്യവല്‍ക്കരണത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത്. ഉരുക്ക്, സിമന്റ്, വൈദ്യുതി എന്നിവയുടെ ഉല്‍പ്പാദനത്തിന് ആവശ്യമായ കല്‍ക്കരിയുടെ ഖനവും വിതരണവും പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യ ലിമിറ്റഡ് വഴി നടത്തണമെന്ന ബദല്‍ പദ്ധതിയാണ് സിപിഐ എമ്മിന് മുന്നോട്ടു വയ്ക്കാനുള്ളത്. സ്വകാര്യ കമ്പനികള്‍ക്കും ബഹുരാഷ്ട്രകുത്തകകള്‍ക്കും പ്രകൃതിവിഭവങ്ങള്‍ നല്‍കണമോ എന്നതാണ് യഥാര്‍ഥ പ്രശ്നം. പ്രകൃതിവിഭവങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്ന നയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണം. അവ ദേശസാല്‍ക്കൃത മേഖലയില്‍ തന്നെ തുടരണം. ജലസ്രോതസ്സുകളുടെ കാര്യത്തിലും ഇതു തന്നെയായിരിക്കണം നയം-പിബി പറഞ്ഞു.

deshabhimani 290912

ഭക്ഷ്യസുരക്ഷ: ബാധ്യത കേന്ദ്രം ഏല്‍ക്കരുതെന്ന് കേല്‍ക്കര്‍ സമിതി


ഭക്ഷ്യസുരക്ഷയെന്ന വാഗ്ദാനത്തില്‍നിന്ന് പൂര്‍ണമായി പിന്മാറാന്‍ കേന്ദ്രസര്‍ക്കാരിനോട് കേല്‍ക്കര്‍ കമ്മിറ്റിയുടെ ഉപദേശം. ഭക്ഷ്യസബ്സിഡി വന്‍തോതില്‍ വെട്ടിക്കുറയ്ക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ഭക്ഷ്യധാന്യങ്ങളുടെ കരുതല്‍ശേഖരം സൂക്ഷിക്കേണ്ടെന്നും നിര്‍ദേശമുണ്ട്. കേന്ദ്രം വന്‍തോതില്‍ കരുതല്‍ ഭക്ഷ്യധാന്യം സൂക്ഷിക്കുന്നത് പാഴ്ച്ചെലവാണ്. ഈ പാഴ്ച്ചെലവ് ഒഴിവാക്കണം. അതിനായി ക്രമേണ ഈ ശേഖരം ഇല്ലാതാക്കണം- റിപ്പോര്‍ട്ട് നിര്‍ദേശിച്ചു.

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കരുതല്‍ശേഖരം ഇല്ലാതാക്കുന്നത് ഭക്ഷ്യധാന്യവില പല മടങ്ങായി വര്‍ധിക്കാനും ഭക്ഷ്യക്ഷാമത്തിനും ഇടയാക്കുന്നതാണ് ഈ നിര്‍ദേശം. നടപ്പു സാമ്പത്തികവര്‍ഷത്തെ ഭക്ഷ്യ സബ്സിഡി ബജറ്റില്‍ കണക്കാക്കിയതിനേക്കാള്‍ 10,000 കോടി കൂടുതലായിരിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ബജറ്റില്‍ 75,000 കോടി രൂപയാണ് ഭക്ഷ്യ സബ്സിഡിക്ക് നീക്കിവച്ചത്. കടുത്ത നടപടിയില്ലെങ്കില്‍ ഇത് 85,000 കോടിയാകും. ഇപ്പോള്‍ത്തന്നെ മൊത്തം ആഭ്യന്തരോല്‍പ്പാദനത്തിന്റെ 2.6 ശതമാനം സബ്സിഡിക്ക് നീക്കിവയ്ക്കേണ്ടിവരുമെന്നാണ് കണക്ക്. കടുത്ത നടപടി അതേ വേഗത്തില്‍ തുടര്‍ന്നാലേ ഈ വര്‍ഷം 2.2 ശതമാനമായെങ്കിലും സബ്സിഡി പരിമിതപ്പെടുത്താനാകൂ. ഭക്ഷ്യസുരക്ഷാ ബില്‍കൂടി നടപ്പാക്കിയാല്‍ സബ്സിഡിഭാരം താങ്ങാനാകില്ല- കമ്മിറ്റി മുന്നറിയിപ്പ് നല്‍കുന്നു. കുറഞ്ഞ നിരക്കില്‍ പരിമിതമായ പൊതുവിതരണ സംവിധാനംവഴി (വളരെക്കുറച്ച് ആളുകള്‍ക്കുമാത്രം) ഇപ്പോള്‍ നല്‍കുന്ന ഭക്ഷ്യധാന്യത്തിന് സര്‍ക്കാര്‍ ഈടാക്കുന്ന വില വളരെ കുറവാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഭക്ഷ്യധാന്യത്തിനുള്ള കുറഞ്ഞ താങ്ങുവില നിരന്തരം പുതുക്കുന്ന കേന്ദ്രം എന്തുകൊണ്ട് പൊതുവിതരണ സംവിധാനംവഴി നല്‍കുന്ന ഭക്ഷ്യധാന്യത്തിന് വില കൂട്ടുന്നില്ലെന്ന് റിപ്പോര്‍ട്ട് ചോദിക്കുന്നു.

ലെവി പഞ്ചസാര നിര്‍ത്തലാക്കണം. ഇപ്പോഴുള്ള മൊത്തം ഉപഭോഗത്തിന്റെ 10 ശതമാനം ലെവി പഞ്ചസാരയാണ്. ഇത് പൊതുവിതരണ സംവിധാനംവഴിയാണ് വിതരണംചെയ്യുന്നത്. ഇത് നിര്‍ത്തിയാല്‍ അതുകൂടി പൊതുവിപണിയിലെ വിലയ്ക്ക് വിറ്റ് പഞ്ചസാരമില്ലുകള്‍ക്ക് കോടികള്‍ കുന്നുകൂട്ടാം. സബ്സിഡി നിര്‍ത്താനുള്ള ലക്ഷ്യത്തോടെയുള്ള ഈ ശുപാര്‍ശകളെല്ലാം സര്‍ക്കാരിന്റെ അവശേഷിക്കുന്ന നിയന്ത്രണംകൂടി എടുത്തുകളഞ്ഞ് ഭക്ഷ്യവിപണിയെ സ്വകാര്യമേഖലയുടെ പൂര്‍ണമായ ചൂഷണത്തിന് വിട്ടുകൊടുക്കാനുള്ളതാണ്. രാസവളം സബ്സിഡിയെപ്പറ്റിയും തീര്‍ത്തും കര്‍ഷക വിരുദ്ധ നിലപാടാണ് റിപ്പോര്‍ട്ടിലുള്ളത്. 2002നു ശേഷം യൂറിയ വില വര്‍ധിപ്പിക്കാതിരുന്നത് വലിയ തെറ്റായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. യൂറിയ വില ഇത്ര കുറഞ്ഞതിനും അതിന്റെ അമിതമായ ഉപയോഗത്തിനും ഇത് കാരണമായെന്ന് സമിതി വിലയിരുത്തുന്നു.
(വി ജയിന്‍)

deshabhimani 300912

Saturday, September 29, 2012

ഹസ്സന് കൂട്ട് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യപ്പെട്ടയാള്‍


ജനശ്രീ മിഷന്റെ പേരില്‍ തട്ടിപ്പ് നടത്താന്‍ കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന് കൂട്ട് കോടികളുടെ വെട്ടിപ്പുകേസില്‍ സിബിഐ അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശചെയ്ത ആള്‍. അംഗീകാരമില്ലാത്ത പാരാമെഡിക്കല്‍ സ്ഥാപനങ്ങള്‍ തുടങ്ങി തട്ടിപ്പ് നടത്തിയതിന് സിബിഐ അന്വേഷണത്തിന് ശുപാര്‍ശചെയ്ത ഭാരത് സേവക് സമാജ്, ജന്‍സന്‍സ്ഥാന്‍ മിഷന്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ ബി എസ് ബാലചന്ദ്രനാണ് ഹസ്സന്റെ മുഖ്യസഹായി. ജനശ്രീ മൈക്രോഫിന്‍ ലിമിറ്റഡ് ഡയറക്ടറായ ഇയാള്‍ കണ്‍വീനറായാണ് 2006ല്‍ ജനശ്രീ തട്ടിക്കൂട്ടിയത്.

വ്യാജ കോഴ്സുകള്‍, കുറ്റിമുല്ല കൃഷി, സ്വയംസഹായസംഘങ്ങള്‍ തുടങ്ങിയവയുടെ പേരില്‍ ദേശസാല്‍കൃത ബാങ്കുകളില്‍നിന്നുള്‍പ്പെടെ വായ്പയെടുത്ത് കബളിപ്പിച്ചതടക്കം സംസ്ഥാനത്ത് അങ്ങോളമിങ്ങോളം നിരവധി പരാതികളും കേസുകളും ബാലചന്ദ്രനെതിരെ നിലവിലുണ്ട്. വനിതാ സ്വയംതൊഴിലിന് എന്ന പേരില്‍ ഒരുകോടി രൂപ അപഹരിച്ചതിന് ബാലചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ യുടിഐ ബാങ്ക് അധികൃതര്‍ കോട്ടയത്ത് കേസ് ഫയല്‍ചെയ്തു. തിരുവനന്തപുരം എച്ച്ഡിഎഫ്സി ബാങ്കില്‍നിന്ന് മൂന്നുകോടി രൂപയും വായ്പയെടുത്തു. മാധ്യമങ്ങളില്‍ ഇതേക്കുറിച്ച് നിരവധി വാര്‍ത്ത വന്നിരുന്നു. ഇയാളെ ഉപയോഗിച്ച് ഹസ്സന്‍ ജനശ്രീ തുടങ്ങിയതിനെതിരെ കോണ്‍ഗ്രസ് അനുഭാവികളായ ഒരുസംഘം സ്ത്രീകള്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, കേന്ദ്രമന്ത്രി എ കെ ആന്റണി, അന്ന് പ്രതിപക്ഷനേതാവായിരുന്ന ഉമ്മന്‍ചാണ്ടി എന്നിവര്‍ക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് "ദേശാഭിമാനി"ക്ക് ലഭിച്ചു. ഭാരത് സേവക് സമാജ്(ബിഎസ്എസ്) നടത്തുന്ന വ്യാജ കോഴ്സുകള്‍ക്കെതിരെ ഉയര്‍ന്ന പരാതികള്‍ അന്വേഷിച്ചശേഷമാണ് സിബിഐ അന്വേഷണത്തിന് ശുപാര്‍ശചെയ്തത്. കുടിവെള്ളക്ഷാമം പരിഹരിക്കുന്ന പദ്ധതിയില്‍ കോഴിക്കോട്ടേക്ക് മൂന്നരക്കോടിയും തിരുവനന്തപുരം ജില്ലയില്‍ രാജീവ്ഗാന്ധി വാട്ടര്‍ പ്രോജക്ട് എന്ന പേരില്‍ ഏഴരക്കോടിയും തട്ടിയെടുത്തെന്ന പരാതിയും സ്ഥാപനത്തിന്റെ പേരിലുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെയും നബാര്‍ഡ് ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെയും സഹായം കൈപ്പറ്റിയതിനാലാണ് സിബിഐക്ക് ശുപാര്‍ശചെയ്തത്. 2005ല്‍ യുഡിഎഫ് ഭരണത്തിലായിരുന്നു ഇത്. എന്നാല്‍, തുടര്‍നടപടി ഉണ്ടായില്ല.

പിന്നീട് വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കത്തയച്ചെങ്കിലും കേന്ദ്രത്തില്‍ രാഷ്ട്രീയസമ്മര്‍ദം ചെലുത്തി അത് മുക്കി. ഇതിനിടയിലാണ് ബാലചന്ദ്രന്‍ ഹസ്സനുവേണ്ടി ജനശ്രീ മിഷന്റെ "പദ്ധതി"കള്‍ക്ക് രൂപംനല്‍കിയത്. ജനശ്രീ മിഷന്റെ "സ്ഥാപക കണ്‍വീനര്‍"കൂടിയായ ബാലചന്ദ്രന്റെ കവടിയാറിലെ അമ്പലമുക്ക് ജങ്ഷനിലെ ടിസി 4-432 വീട്ടിലായിരുന്നു ജനശ്രീയുടെ ഓഫീസ് ആദ്യം പ്രവര്‍ത്തിച്ചത്. ഈ വീട്ടിലാണ് ബിഎസ്എസിന്റെ ഓഫീസും. ബിഎസ്എസിന്റെ അതേമാതൃകയിലാണ് ജനശ്രീയും പ്രവര്‍ത്തിക്കുന്നത്.
(എം രഘുനാഥ്)

deshabhimani 300912

ബസ് ചാര്‍ജ് മിനിമം ആറാക്കാന്‍ ശുപാര്‍ശ


ബസ് യാത്രാനിരക്ക് മിനിമം ആറുരൂപയായി ഉയര്‍ത്താന്‍ ജസ്റ്റിസ് എന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ നിരക്ക് നിര്‍ണയസമിതി സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. വിദ്യാര്‍ഥി യാത്രാനിരക്കും ആനുപാതികമായി ഉയര്‍ത്തണമെന്ന് നിര്‍ദേശമുണ്ട്. നിര്‍ദിഷ്ട നിരക്കിന്റെ 25 ശതമാനം വര്‍ധന വിദ്യാര്‍ഥി കണ്‍സെഷനില്‍ വേണമെന്നും പറയുന്നു. ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദിന് കൈമാറിയ ശുപാര്‍ശ അടുത്ത മന്ത്രിസഭായോഗം അംഗീകരിച്ചേക്കും. ടാക്സി, ഓട്ടോ നിരക്ക് വര്‍ധന സംബന്ധിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് സൂചന.
വൈദ്യുതി, പാല്‍ വിലവര്‍ധനയ്ക്കു പിന്നാലെയാണ് ബസ് യാത്രാനിരക്കും കൂട്ടുന്നത്. ഡീസല്‍ വിലവര്‍ധനയുടെ പേരിലാണിത്. കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ രണ്ടാം വട്ടമാണ് ചാര്‍ജ് കൂട്ടുന്നത്. നിത്യോപയോഗസാധനങ്ങളുടെ അതിരൂക്ഷമായ വിലക്കയറ്റംമൂലം നട്ടംതിരിയുന്ന ജനത്തിന് ഇത് അമിതഭാരമാകും.

ഫാസ്റ്റ് പാസഞ്ചര്‍, എക്സ്പ്രസ് ബസുകളുടെ കിലോമീറ്റര്‍ നിരക്കിലും ആനുപാതിക വര്‍ധനയ്ക്ക് ശുപാര്‍ശയുണ്ട്. ഓര്‍ഡിനറി ബസുകളില്‍ കിലോമീറ്റര്‍ നിരക്ക് 55 പൈസയില്‍ നിന്ന് 58 ആയി വര്‍ധിപ്പിക്കാനാണ് നിര്‍ദേശം. ഫാസ്റ്റ് പാസഞ്ചറില്‍ കിലോമീറ്റര്‍ നിരക്ക് 57ല്‍ നിന്ന് 60 ആയും സൂപ്പര്‍ ഫാസ്റ്റില്‍ 60ല്‍ നിന്ന് 65 ആയുമാണ് വര്‍ധന നിര്‍ദേശിച്ചിട്ടുള്ളത്. എക്സ്പ്രസ് ബസില്‍ കിലോമീറ്റര്‍ നിരക്ക് 65ല്‍ നിന്ന് 70 പൈസയായി വര്‍ധിപ്പിക്കണമെന്നും നിര്‍ദേശിക്കുന്നു. കുറഞ്ഞ യാത്രാനിരക്ക് ആറു രൂപയാക്കണമെന്ന് കെഎസ്ആര്‍ടിസിയും ഏഴാക്കണമെന്ന് സ്വകാര്യ ബസുടമകളും സമിതിയോട് ആവശ്യപ്പെട്ടിരുന്നു. വിദ്യാര്‍ഥി കണ്‍സെഷനില്‍ 50 ശതമാനം വര്‍ധനയാണ് സ്വകാര്യ ബസുടമകള്‍ ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ ജസ്റ്റിസ് എന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ സമിതി കഴിഞ്ഞദിവസം ബസുടമകളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും വാദം കേട്ടിരുന്നു. തുടര്‍ന്ന്, ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ പി വിജയാനന്ദ്, നാറ്റ്പാക് പ്രതിനിധി ഇളങ്കോവന്‍, കേരള സര്‍വകലാശാലാ ഇക്കണോമിക്സ് വിഭാഗം അധ്യാപകന്‍ ഡോ. ബി എ പ്രകാശ് എന്നിവരടങ്ങുന്ന സമിതി ശനിയാഴ്ച വീണ്ടും യോഗം ചേര്‍ന്നാണ് വര്‍ധനയ്ക്ക് ശുപാര്‍ശ നല്‍കിയത്.

കഴിഞ്ഞ നിരക്കുവര്‍ധനയ്ക്ക് ശേഷം ബസ് സര്‍വീസുകളുടെ പ്രവര്‍ത്തനച്ചെലവില്‍ പത്തുശതമാനം വര്‍ധന ഉണ്ടായിട്ടുള്ളതായി സമിതി വിലയിരുത്തി. ഓട്ടോറിക്ഷ, ടാക്സി നിരക്ക് വര്‍ധിപ്പിക്കണമെന്നും ആവശ്യമുണ്ടെങ്കിലും ശനിയാഴ്ചത്തെ യോഗത്തില്‍ അക്കാര്യം പരിഗണിച്ചില്ല. അടുത്തയാഴ്ച ഇതിനായി യോഗം ചേരും. ഓട്ടോനിരക്ക് 12ല്‍ നിന്ന് 15 രൂപയാക്കണമെന്നും ടാക്സി നിരക്ക് 60ല്‍ നിന്ന് 100 രൂപയാക്കണമെന്നുമാണ് സംഘടനകളുടെ ആവശ്യം. ഡീസല്‍ വിലവര്‍ധനയിലൂടെ ഏഴുകോടിയുടെ അധികബാധ്യത ഉണ്ടാകുമെന്നാണ് കെഎസ്ആര്‍ടിസിയുടെ വാദം. യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യത്തോട് സര്‍ക്കാരിന് അനുകൂലമായ നിലപാടാണുള്ളത്. ഇന്ധനവില വര്‍ധിപ്പിക്കുമ്പോഴെല്ലാം യാത്രാനിരക്ക് പുനഃപരിശോധിക്കാറുണ്ടെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

deshabhimani 300912

സംസ്ഥാന വാര്‍ത്തകള്‍ - ജനശ്രീ, എം.വി.രാഘവന്‍, ലീഗ്


ഹസനെ പ്രതിരോധിക്കേണ്ട ബാധ്യതയില്ലെന്ന് ചെന്നിത്തല

ജനശ്രീക്ക് കോണ്‍ഗ്രസുമായി ബന്ധമില്ലെന്ന് ചെന്നിത്തല. പാര്‍ട്ടിയുടെ പോഷകസംഘടനയല്ല. അതുകൊണ്ട് ജനശ്രീയെ കോണ്‍ഗ്രസിന് നിയന്ത്രിക്കാനാവില്ല. കോണ്‍ഗ്രസുകാര്‍ അതിന്റെ നേതൃത്വത്തില്‍ ഉണ്ട് കെപിസിസിയുടെ കീഴിലുള്ള സംഘടനയല്ലെന്നും അതിനെതിരെയുള്ള ആരോപണങ്ങളെക്കുറിച്ചു മറുപടി പറയേതണ്ട് കെപിസിസിയല്ലെന്നും ചെന്നിത്തല പറഞ്ഞു. ഹസനെതിരെ ഉയര്‍ന്ന ആരോപണങ്ങളെ പ്രതിരോധിക്കേണ്ട ബാധ്യത കെപിസിസിക്കില്ല. ചാനല്‍ മേധാവി എന്ന നിലയിലായിരിക്കും ഹസന്‍ വ്യവസായി എന്നു ചേര്‍ത്തതെന്നും ചെന്നിത്തല പറഞ്ഞു. കുടുംബശ്രീയാണ് സ്ത്രീകളുടെ സംഘടന. അതിന് കൂടുതല്‍ ഫണ്ട് സര്‍ക്കാര്‍ നല്‍കി ശക്തിപ്പെടുത്തേണ്ടതുണ്ട്. കള്ള് വ്യവസായം നിര്‍ത്തണമെന്ന ലീഗ് അഭിപ്രായം പ്രായോഗികമല്ല. നിരവധി കുടുംബങ്ങളും ആളുകളും അതുകൊണ്ട് ജീവിക്കുന്നു. അതു കൊണ്ട് കള്ളുവ്യവസായം നിര്‍ത്താന്‍ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

മന്‍മോഹനെ പ്രധാനമന്ത്രിയാക്കിയത് കൂട്ടക്കൊലയുടെ കറമായ്ക്കാന്‍: രാഘവന്‍

കണ്ണൂര്‍: ഡല്‍ഹിയില്‍ സിഖുകാരെ കൂട്ടക്കൊല ചെയ്തിന്റെ പാപക്കറ കഴുകിക്കളയാനാണ് മന്‍മോഹന്‍സിങിനെ സോണിയ ഗാന്ധി പ്രധാനമന്ത്രിയാക്കിയതെന്ന് സിഎംപി ജനറല്‍ സെക്രട്ടറി എം വി രാഘവന്‍ പറഞ്ഞു. എന്നാല്‍ മന്‍മോഹന്‍സിങ് വിലക്കയറ്റം സൃഷ്ടിച്ച് കോണ്‍ഗ്രസിനാകെ പാപക്കറയാക്കുകയാണ്. സിഎംപി കണ്ണൂര്‍ ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് വിലക്കയറ്റം അതിരൂക്ഷമാണ്. പെട്രോളിയത്തിന്റെയും ഡീസലിന്റെയും വില അടക്കടി വര്‍ധിപ്പിക്കുകയാണ്. അരിക്കും നിത്യോപയോഗ സാധനങ്ങള്‍ക്കും വന്‍ വിലക്കയറ്റമാണ്. കേന്ദ്രത്തില്‍ കൊള്ളരുതാത്ത ഭരണമാണ് നടക്കുന്നത്.ഇതൊക്കെ സഹിച്ച് സിഎംപി എക്കാലവും കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് കരുതേണ്ട.കോണ്‍ഗ്രസെന്ന ബൂര്‍ഷ്വാ പാര്‍ടി കുത്തക മുതലാളിമാരുടെയും ഭൂപ്രഭുക്കന്മാരുടെയും താത്പര്യമാണ് സംരക്ഷിക്കുന്നതെന്നും രാഘവന്‍ പറഞ്ഞു.

കള്ള് നിര്‍ത്തുന്നത് ആലോചിക്കണം: ലീഗ്

ഹൈക്കോടതി നടത്തിയ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ കള്ളുവ്യവസായം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കണമെന്ന് മുസ്ലീംലീഗ്. സിഗററ്റിന്റെ ഉപഭോഗം കുറഞ്ഞപ്പോള്‍ ബീഡിമേഖലയും മൊബൈല്‍ ഫോണുകള്‍ വ്യാപകമായപ്പോള്‍ അടച്ചുപൂട്ടേണ്ടിവന്ന എസ്.ടി.ഡി ബൂത്തുകളിലെ ജീവനക്കാരും മറ്റു മാര്‍ഗ്ഗങ്ങള്‍ തേടിയതുപോലെ കള്ളുനിര്‍ത്തുമ്പോള്‍ ആ മേഖലയിലെ തൊഴിലാളികളും മറ്റ് സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തും. അല്ലെങ്കില്‍ അവരെ പുനഃരധിവസിപ്പിക്കണമെന്ന് ലീഗ് പ്രവര്‍ത്തകസമിതിയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഇന്നത്തെ സാഹചര്യത്തില്‍ പരിസ്ഥിതിയുമായി ബന്ധപ്പെടാതെ ഒരു രാഷ്ട്രീയപാര്‍ട്ടിക്കും മുന്നോട്ടുപോകാനാവില്ല. അതുകൊണ്ട് വിശാലമായ ഒരു ഹരിത അജണ്ട തയാറാക്കി അതിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ടുപോകാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ടെന്നും യോഗതീരുമാനങ്ങള്‍ വിശദീകരിച്ച ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. വ്യക്തമാക്കി.

ഇവിടെ കള്ളുചെത്തും വില്‍പ്പനയും തമ്മില്‍ യാതൊരു ബന്ധവുമില്ല. ചെത്ത് നാമമാത്രമാണ്. കള്ളുഷാപ്പുകളുടെ എണ്ണമാണെങ്കില്‍ വളരെക്കൂടുതലും. അതുകൊണ്ട് ഈ നിരീക്ഷണം മുഖവിലക്കെടുത്ത് സര്‍ക്കാര്‍ നിലപാട് സ്വീകരിക്കണം. മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട് കോടതി പറഞ്ഞ എല്ലാ നിരീക്ഷണങ്ങളും ഉള്‍ക്കൊള്ളണം. മദ്യമേഖലയില്‍ ചെലവാകുന്ന പണവും നഷ്ടപ്പെടുന്ന ആരോഗ്യവും വാഹനാപകടങ്ങളും മറ്റും പരിശോധിക്കുമ്പോള്‍ ഇതിലൂടെ ഉണ്ടാകുന്ന നേട്ടം വെറും താല്‍ക്കാലികമാണ്. അതുകൊണ്ട് സര്‍ക്കാര്‍ ഇതേക്കുറിച്ച് ഗൗരവമായി ചിന്തിക്കണം. ലോകമാകെ ഇന്ന് പരിസ്ഥിതി സൗഹൃദവികസനത്തെക്കുറിച്ചാണ് ചര്‍ച്ചചെയ്യുന്നത്. ഇന്ത്യയില്‍ എന്തുകൊണ്ടും പല പ്രത്യേകതകളുമുള്ള കേരളത്തിന് അതിന് കഴിയും. എന്നാല്‍ പരിസ്ഥിതിയുമായി ബന്ധപ്പെട്ട ദുഃശാഠ്യങ്ങള്‍ ഉപേക്ഷിക്കണം.  നവംബര്‍ 10ന് എറണാകുളത്ത് ചേരുന്ന ലീഗിന്റെ സമ്പൂര്‍ണ്ണ സമ്മേളനം ഹരിത അജണ്ടയുടെ കര്‍മ്മപരിപാടി പ്രഖ്യാപിക്കും.

നെല്ലിയാമ്പതി വിഷയത്തില്‍ യു.ഡി.എഫ് ഉപസമിതിയുടെ റിപ്പോര്‍ട്ട് വന്നശേഷം ലീഗിന്റെ അഭിപ്രായം പറയും. എയര്‍ ഇന്ത്യ കേരളത്തിലെ യാത്രക്കാരോട് ക്രൂരതയാണ് കാട്ടുന്നത്. ഗള്‍ഫ്-ആഭ്യന്തര മേഖലയിലെ യാത്രക്കാരെ ഒരുപോലെ പീഡിപ്പിക്കുകയാണ്. അനിയന്ത്രിതമായ ചാര്‍ജ്ജാണ് ഈടാക്കുന്നത്. നാടിന്റെ സമ്പത്തിന്റെ നട്ടെല്ലായ പ്രവാസികളോട് കാട്ടുന്ന ഈ ക്രൂരത അംഗീകരിക്കാനാവില്ല. ഒരു വിഭാഗം ജനങ്ങളോട് കാട്ടുന്ന വിവേചനമാണിത്. ഇതിനെതിരെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ വമ്പിച്ച പ്രതിഷേധറാലിയും അതോടൊപ്പം പാര്‍ലമെന്റ് മാര്‍ച്ചും നടത്തുമെന്നും ബഷീര്‍ പറഞ്ഞു. പച്ചതേങ്ങയുടെ സംഭരണവില വര്‍ദ്ധിപ്പിക്കണമെന്നും ലീഗ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. പാണക്കാട് സെയ്ദ് ഹൈദരലി ശിഹാബ് തങ്ങള്‍, കേന്ദ്ര മന്ത്രി ഇ. അഹമ്മദ്, ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് സംസ്ഥാനമന്ത്രിമാര്‍ എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.

deshabhimani news

തിളങ്ങുന്ന മോഡി ഞരങ്ങുന്ന ഗുജറാത്ത്


ആഗോളവല്‍ക്കരണം കാഴ്ചവച്ച 'വികസന' സംസ്‌ക്കാരത്തിന്റെ നെടുങ്കോട്ടയായാണ് ഗുജറാത്ത് കൊട്ടിഘോഷിക്കപ്പെട്ടത്. അവിടെയാണ് വികസനം കൊടിപാറിക്കുന്നതെന്ന് പലരും പറഞ്ഞുപരത്തുകയായിരുന്നു. നരേന്ദ്രമോഡി എന്ന മുഖ്യമന്ത്രിയുടെ കൈകളില്‍ പുരണ്ട ന്യൂനപക്ഷഹത്യയുടെ ചോരപ്പാടുകള്‍ മറച്ചുവച്ചത് ഈ വികസനനേട്ടത്തിന്റെ പട്ടുതൂവാലകള്‍ കൊണ്ടായിരുന്നു. രാഷ്ട്രീയ നിലപാടുകളൊന്നും ഇത്തരം പ്രകീര്‍ത്തനങ്ങള്‍ക്കു തടസമായില്ല. മോഡിയും ബി ജെ പി ഗവണ്‍മെന്റും ന്യൂനപക്ഷങ്ങളോട് അവലംബിക്കുന്ന നയങ്ങളോട് യോജിക്കാത്തവര്‍പോലും മോഡിയുടെ കീഴില്‍ ഗുജറാത്ത് വികസനരംഗത്ത് അത്ഭുതങ്ങള്‍ ഉണ്ടാക്കിയെന്ന് അടുത്ത ശ്വാസത്തില്‍ പറഞ്ഞു.

നരേന്ദ്രമോഡിയെ ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി എന്നാണ് സംഘപരിവാറിലെ ഒരു ഭാഗം വിശേഷിപ്പിച്ചത്. ഗുജറാത്ത് മോഡല്‍ വികസനം ഇന്ത്യയിലാകെ പ്രാവര്‍ത്തികമാക്കാന്‍ മോഡിക്കല്ലാതെ ആര്‍ക്കും കഴിയില്ലെന്നാണ് അവര്‍ വാദിച്ചത്. ഗുജറാത്തിലെ വര്‍ഗീയ കലാപങ്ങളുടെ വേലിയേറ്റവും അതിലെല്ലാം നരേന്ദ്രമോഡി എന്ന മുഖ്യമന്ത്രി നേരിട്ടു വഹിച്ച പങ്കും അത്തരക്കാരെ അലട്ടിയില്ല. അവര്‍ക്കു 'വികസനം' മതിയായിരുന്നു. സമ്പന്നന്മാര്‍ സര്‍വ്വം മറന്ന് അര്‍മാദിക്കുന്ന വികസനം!

'എമര്‍ജിംഗ് കേരള'യ്ക്കു ന്യായവാദങ്ങള്‍ ചികഞ്ഞപ്പോള്‍ ഉമ്മന്‍ചാണ്ടിയും താരതമ്യങ്ങള്‍ നടത്തിയത് ഗുജറാത്തിനോടായിരുന്നു. ആ ഗുജറാത്ത് മോഡല്‍ വികസനത്തിന്റെ യഥാര്‍ഥചിത്രം ലോകത്തിന്റെ മുമ്പില്‍ അനാവൃതമാകാന്‍ കമ്പോള വ്യവസ്ഥയുടെ തമ്പുരാക്കന്മാര്‍ എപ്പോഴും തടസം നിന്നു. എങ്കിലും ആ യാഥാര്‍ഥ്യങ്ങള്‍ എക്കാലവും ഉറങ്ങിക്കിടക്കുന്നില്ല. അവ നാടിന്റെ കണ്ണില്‍ എത്തുക തന്നെ ചെയ്യും.

ഗുജറാത്തിലെ യാഥാര്‍ഥ്യം മോഡിയും സംഘപരിവാറും പ്രചരിപ്പിക്കുന്നതല്ല, അത് അവിടത്തെ മഹാഭൂരിപക്ഷം ജനങ്ങളേയും ജീവിത ദുരിതങ്ങളിലേക്കെറിയുന്നതാണ്. ദേശീയ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകള്‍ ആ സത്യത്തിലേയ്ക്കു വിരല്‍ചൂണ്ടുന്നു. 'തിളങ്ങുന്ന ഗുജറാത്ത്' നഗരങ്ങളിലെ സമ്പന്നന്മാര്‍മാത്രം അനുഭവിക്കുന്നതാണ്. മഹാഭൂരിപക്ഷം ഗുജറാത്തുകാരും അനുഭവിക്കുന്നത് 'ഞരങ്ങുന്ന ഗുജറാത്തി'ലെ ജീവിതമാണ്. 2011  ലെ സെന്‍സസ് പ്രകാരം ഗുജറാത്ത് ഗ്രാമങ്ങളിലെ 67 ശതമാനം വീടുകള്‍ക്ക് ഇന്നും കക്കൂസില്ല. 65 ശതമാനം ഗ്രാമീണര്‍ ഇന്നും തുറസായ സ്ഥലങ്ങളിലാണ് വെളിക്കിറങ്ങുന്നത്. അങ്ങനെ വിസര്‍ജിക്കപ്പെടുന്ന മലം ആ പ്രദേശങ്ങളെ മുഴുവന്‍ മലിനപ്പെടുത്തുന്നു. മാലിന്യ നിര്‍മാര്‍ജനത്തിനോ മലിനജലം ഒഴുക്കിക്കളയുന്നതിനോ ഫലപ്രദമായ ഒരു സംവിധാനവും അവിടെയില്ല. തലസ്ഥാന നഗരമടക്കം ചില സമ്പന്ന കേന്ദ്രങ്ങള്‍ മാറ്റിവച്ചാല്‍ അവിടത്തെ ഗ്രാമങ്ങളും നഗരങ്ങളും ഇത്തരം ദുസഹമായ സാഹചര്യങ്ങളില്‍ വീര്‍പ്പുമുട്ടുകയാണ്.

നരേന്ദ്രമോഡിയുടെ വികസന സ്വര്‍ഗത്തില്‍ നഗരങ്ങളിലെ സമ്പന്നന്മാര്‍ക്കു മാത്രമേ ആരോഗ്യപരിരക്ഷയ്ക്ക് അവസരങ്ങളുള്ളു. ഗ്രാമങ്ങളിലെ പാവങ്ങള്‍ മരിക്കാത്തതുകൊണ്ട് ജീവിക്കുന്നവരാണ്. ഗുജറാത്തിലെ 44 ശതമാനം ഗ്രാമങ്ങളില്‍ മഞ്ഞപ്പിത്തം പോലെയുള്ള രോഗങ്ങള്‍ അടിക്കടി ഉണ്ടാകുന്നു. 30 ശതമാനം ഗ്രാമങ്ങളില്‍ മലമ്പനിയും 40 ശതമാനം ഗ്രാമങ്ങളില്‍ വയറിളക്കവും സര്‍വസാധാരണമാണ്. വൃക്കയിലെ കല്ല്, സന്ധിവേദന, ത്വക്ക് രോഗങ്ങള്‍, ദന്തരോഗങ്ങള്‍ എന്നിവ മൂലം വലയുന്നവരാണ് 25 ശതമാനം ഗ്രാമങ്ങളിലെ ജനങ്ങള്‍. ശുദ്ധമായ കുടിവെള്ളവും ശുചീകരണ സംവിധാനങ്ങളുമെല്ലാം ഗുജറാത്ത് ഗ്രാമങ്ങളില്‍ കേട്ടുകേള്‍വി മാത്രമാണ്. 43 ശതമാനം ഗ്രാമങ്ങള്‍ മാത്രമാണ് ജലവിതരണ സംവിധാനത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 16.7 ശതമാനം ഗ്രാമങ്ങളിലേ ശുദ്ധീകരിച്ചതെന്നു പറയപ്പെടുന്ന പൈപ്പുവെള്ളമെത്തിയിട്ടുള്ളു. 20 ശതമാനം ഗ്രാമങ്ങളിലെയും പാവപ്പെട്ട സ്ത്രീകള്‍ കിലോമീറ്ററുകള്‍ താണ്ടിയാണ് കുടിവെള്ളം വീട്ടിലെത്തിക്കുന്നത്.

ഗുജറാത്ത് നേടിയ മോഡി മോഡല്‍ വികസനത്തിന് പല പാര്‍ട്ടികളിലും സ്തുതിപാഠകരുണ്ടാകാം. അവര്‍ ഇത്രയുംകൂടി അറിയുക. ബി പി എല്‍ കുടുംബങ്ങള്‍ക്ക് നല്‍കുമെന്ന് വാഗ്ദാനം ചെയ്യപ്പെട്ട 35 കിലോ ഭക്ഷ്യധാന്യം അവിടെ കൊടുക്കുന്നില്ല. കേന്ദ്രം കണക്കുകൂട്ടിയതിനേക്കാള്‍ ബി പി എല്‍ കുടുംബങ്ങളുള്ളതിനാല്‍ ഉള്ളതുകൊണ്ട് എല്ലാവര്‍ക്കും പങ്കിടുന്നുവെന്നാണ് മോഡിയുടെ ന്യായീകരണം. അവര്‍ക്കായി 'സമ്പന്നവും വികസിതവുമായ' ഗുജറാത്തിലെ ഗവണ്‍മെന്റ് സ്വന്തം നിലയ്ക്ക് ഒന്നും മാറ്റിവയ്ക്കുന്നില്ല. പൊതുവിതരണസമ്പ്രദായം, ഉച്ചഭക്ഷണപദ്ധതി, സമഗ്ര ശിശുക്ഷേമ പദ്ധതി ഇവയെല്ലാം ഏറ്റവും മോശമായി നടത്തപ്പെടുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്.

ഇനി അവിടത്തെ പട്ടിണിപാവങ്ങളുടെ കൂലിയുടെ സ്ഥിതി നോക്കുക: അസംഘടിത മേഖലയിലെ സാധാരണ കൂലിപ്പണിചെയ്യുന്ന പുരുഷന് 69 രൂപയും സ്ത്രീക്ക് 56 രൂപയും! ഇവയെക്കുറിച്ച് കണക്കെടുത്ത 20 സംസ്ഥാനങ്ങളില്‍ ഗുജറാത്തിന്റെ സ്ഥാനം 14-ാമത്തേതാണ്. താഴെയുള്ള മറ്റു സംസ്ഥാനങ്ങളെല്ലാം ദരിദ്ര സംസ്ഥാനം എന്ന് പേരുകേട്ടവയാണ്. എന്നാല്‍ ഗുജറാത്ത് അങ്ങനെയല്ലല്ലോ. കുതികുതിച്ചു കയറുന്ന വികസനത്തിന്റെ സ്വര്‍ഗരാജ്യമാണല്ലോ അത്!

വലതുപക്ഷ നയങ്ങളും അതിന്റെ മുമ്പില്‍ കണ്ണഞ്ചി നില്‍ക്കുന്നവരും പറയാറ് ഗുജറാത്തിലെ വളര്‍ച്ചാനിരക്കിന്റെ കേമത്തമാണ്. അക്കങ്ങള്‍ കൊണ്ട് മായാജാലംകാണിക്കുന്ന ഇത്തരം വളര്‍ച്ചയുടെ അടിയില്‍ നരകതുല്യമായ മറ്റൊരുജീവിതമുണ്ടെന്നതാണ് സത്യം.

അടുത്തിടെ പുറത്തുവന്ന ഒരു പഠനം വ്യക്തമാക്കിയത് ഗുജറാത്തിലെ ജനങ്ങള്‍ ഗുരുതരമായ പോഷകാഹാരക്കുറവ് നേരിടുന്നുവെന്നാണ്. തന്ത്രശാലിയായ മുഖ്യമന്ത്രി മോഡി അതിനും ന്യായം കണ്ടെത്തി. അവിടത്തെ ജനങ്ങളില്‍ ഏറിയപങ്കും ശരീരം വണ്ണിക്കാതെ നോക്കുന്നവരും പച്ചക്കറി കഴിക്കുന്നവരുമാണത്രെ. മിസ്റ്റര്‍ മോഡി വിളമ്പുന്നത് മൂക്കുതാഴേയ്ക്കുള്ളവരാരും വിശ്വസിക്കാത്ത വിതണ്ഡവാദങ്ങളാണ്. കഴിക്കാന്‍ പോക്ഷകമൂല്യമുള്ള ആഹാരം കിട്ടാത്തതുകൊണ്ടാണ്, അതുവാങ്ങാന്‍ ന്യായമായ കൂലിയും ജോലിയും ഇല്ലാത്തതിനാലാണ് അവര്‍ക്ക് ഈ ദുഃസ്ഥിതിയുണ്ടാകുന്നത്. ഇല്ലായ്മകൊണ്ടും രോഗ പീഡയാലും വലയുന്ന ഈ പട്ടിണിപാവങ്ങളിലേറെയും ഹിന്ദുക്കളാണെന്നതും മോഡി അറിയുകതന്നെ വേണം. മുസ്‌ലിം വേട്ടയാണ് ഹിന്ദുധര്‍മ്മമെന്നു ധരിച്ചുവശായ അഭിനവ ഫാസിസത്തിന്റെ വികസന സങ്കല്‍പ്പങ്ങളുടെ തനിനിറം ഇന്ത്യന്‍ ജനതയും അറിയണം.

janayugom editorial 280912

ജയലക്ഷ്മിക്ക് വിവാദങ്ങളുടെ അകമ്പടി


കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയുടെ കണ്ടെത്തലായി കൊട്ടിഘോഷിച്ച് സ്ഥാനാര്‍ഥിയും മന്ത്രിയുമാക്കിയ പി കെ ജയലക്ഷ്മി ഭരണം ഒരുവര്‍ഷം പിന്നിട്ടപ്പോഴേയ്ക്കും അപ്രിയരുടെ പട്ടികയില്‍. മന്ത്രിപദവിയില്‍ ശോഭിക്കാത്തതും വിവാദങ്ങളും സംസ്ഥാനത്തെ ആദ്യത്തെ പട്ടികവര്‍ഗ വനിതാമന്ത്രിക്ക് തിരിച്ചടിയാകുകയാണ്. തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച കള്ളക്കണക്കും വിനയാകും. ഇത്സംബന്ധിച്ച കോടതിനടപടികള്‍ തുടങ്ങി.

മന്ത്രിയുടെ പ്രവര്‍ത്തനങ്ങളില്‍ നേരത്തെ മുതല്‍ ജനങ്ങള്‍ അതൃപ്തരാണ്. കോണ്‍ഗ്രസിനും തൃപ്തിയില്ല. ഐ ഗ്രൂപ്പ് മുമ്പേ കൈയൊഴിഞ്ഞതാണ്. കള്ള സത്യവാങ്മൂലവും തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച കള്ളക്കണക്കും എ ഗ്രൂപ്പിലും അതൃപ്തരുടെ എണ്ണം വര്‍ധിപ്പിച്ചു. ആദിവാസി ഭൂപ്രശ്നത്തില്‍ മന്ത്രിയുടെ നിലപാടില്‍ വിമര്‍ശനം രൂക്ഷമാണ്. പ്രശ്നം പരിഹരിക്കാന്‍ മുന്‍കൈയെടുക്കാത്തതും സമരംചെയ്ത ആദിവാസികളെ ജയിലിടച്ചതും കഴിവില്ലായ്മായി ചിത്രീകരിക്കപ്പെട്ടു. സ്വജനപക്ഷപാതമെന്ന ആരോപണവും കോണ്‍ഗ്രസില്‍നിന്നുതന്നെയുണ്ടായി. നാമനിര്‍ദേശ പത്രികയോടൊപ്പം കള്ളസത്യവാങ്മൂലം നല്‍കിയത് പ്രശ്നം വഷളാക്കി. ബിരുദധാരിയെന്ന് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടത് അപമാനമായി. തൊങ്ങലായി കൊണ്ടുനടന്ന ഇല്ലാത്ത ബിരുദം പുലിവാലായി. സ്ഥാനാര്‍ഥിയാകാനുള്ള മത്സരത്തിലാണ് ബിരുദത്തിന്റെ മേമ്പൊടി ചമച്ചത്. വളരെ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത മാത്രമുളള്ളവര്‍ പാര്‍ലമെന്ററി രംഗത്ത് തിളങ്ങിയ ചരിത്രമാണ് കേരള രാഷ്ട്രീയത്തിലുള്ളത്. മാത്രമല്ല, ഭരണത്തിലും തിളങ്ങി. ബത്തേരിയിലെ കെ പി ജീവന്‍ നല്‍കിയ വക്കീല്‍നോട്ടീസിനുള്ള മറുപടിയില്‍ ബിരുദം ഇല്ല എന്ന് മന്ത്രി സമ്മതിച്ചിട്ടുണ്ട്. കള്ളസത്യവാങ്മൂലം നല്‍കുന്നത് തെരഞ്ഞെടുപ്പ് മാര്‍ഗനിര്‍ദേശം ലംഘിക്കലാണ്. തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച കള്ളക്കണക്ക് പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കും.

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥികള്‍ക്ക് തെരഞ്ഞെടുപ്പ് ചെലവിന് പ്രത്യേകം 10 ലക്ഷം അനുവദിച്ചതായി കോണ്‍ഗ്രസ് വൃത്തങ്ങളില്‍തന്നെ ചര്‍ച്ചയുണ്ടായിരുന്നു. നാമനിര്‍ദേശപത്രിക നല്‍കിയശേഷമാണ് ജയലക്ഷ്മിയുടെ ബാങ്ക് അക്കൗണ്ടില്‍ 10 ലക്ഷം രൂപ വന്നത്. ഇത് ഒന്‍പത് തവണകളിലായി തെരഞ്ഞെടുപ്പിന് മുമ്പ് പിന്‍വലിക്കുകയുംചെയ്തു. എന്നാല്‍ റിട്ടേണിങ് ഓഫീസര്‍ക്ക് നല്‍കിയ തെരഞ്ഞെടുപ്പ് കണക്കില്‍ ഇക്കാര്യം മറച്ചുവെച്ചു. മന്ത്രിക്കെതിരെ കോണ്‍ഗ്രസിനുള്ളില്‍ അമര്‍ഷം വരുംദിവസങ്ങളില്‍ കൂടുതല്‍ ശക്തമാകും. ജില്ലയിലെ പല ഉയര്‍ന്ന നേതാക്കളും ആവശ്യങ്ങള്‍ക്കുപോലും ബന്ധപ്പെടാറില്ല. വിവാദങ്ങളെ തുടര്‍ന്ന് പേഴ്സണല്‍ സ്റ്റാഫിലെ രണ്ടുപേരെ ഒഴിവാക്കേണ്ടിവന്നു. ജില്ലയുടെ വികസനപ്രശ്നത്തിലും മന്ത്രിയുടെ ഇടപെടലില്ല. ആദിവാസി ഭൂസമരം കത്തിപടരുമ്പോഴും നടപടിയില്ല. ആദിവാസി കോണ്‍ഗ്രസുപോലും മന്ത്രിക്കെതിരെ രംഗത്തുവന്നു. സ്വന്തം മണ്ഡലത്തിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ മന്ത്രിയുടെ പിഎ ജോലി നല്‍കാമെന്ന് പറഞ്ഞ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചതായ ആരോപണം ഒതുക്കാനായെങ്കിലും ഇതും മന്ത്രിക്കെതിരെയുള്ള കുറ്റപത്രമായി കോണ്‍ഗ്രസ്സില്‍ ഒരുവിഭാഗം ശക്തമായി ഉയര്‍ത്തുന്നുണ്ട്.

deshabhimani 290912

കോടതി വിധിയും അനുസരിക്കില്ലെന്ന് കെഎസ്യു- എംഎസ്എഫ് സംഘം


തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നീക്കം

കാസര്‍കോട്: കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കോടതി വിധിയും അംഗീകരിക്കാന്‍ പറ്റില്ലെന്ന് കെഎസ്യു- എംഎസ്എഫ് സംഘം. തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച കാസര്‍കോട് ഗവ. കോളേജിലെ കെഎസ്യു- എംഎസ്എഫ് സംഘമാണ് കോടതി വിധിപ്രകാരം നടത്തുന്ന തെരഞ്ഞെടുപ്പിനെതിരെ രംഗത്തെത്തിയത്. വെള്ളിയാഴ്ച നാമനിര്‍ദേശ പത്രികയുടെ സുക്ഷ്മപരിശോധന നടത്തിയ ഹാളിലേക്ക് അതിക്രമിച്ചുകയറി തടസ്സപ്പെടുത്തുകയായിരുന്നു. പിന്നീട് സ്റ്റാഫ് കൗണ്‍സില്‍ ചേര്‍ന്ന് തിങ്കളാഴ്ചത്തേക്ക് മാറ്റാനും കോടതി വിധിപ്രകാരം അഞ്ചിന് തെരഞ്ഞെടുപ്പ് നടത്താനും തീരുമാനിച്ചു. ഇക്കാര്യമറിയിക്കാന്‍ വൈകിട്ട് ചേര്‍ന്ന വിദ്യാര്‍ഥി സംഘടനകളുടെ യോഗത്തില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ വിടില്ലെന്ന ഭീഷണിയാണ് എംഎസ്എഫും കെഎസ്യുവും മുഴക്കിയത്. ഇതിനെതുടര്‍ന്ന് പ്രശ്നം സര്‍വകലാശാല അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ തീരുമാനിച്ചു.

ആഗസ്ത് 24ന് നടത്താന്‍ തീരുമാനിച്ച തെരഞ്ഞെടുപ്പ് പിജി പ്രവേശനം പൂര്‍ത്തിയായില്ലെന്നാരോപിച്ച് കെഎസ്യുക്കാര്‍ കോടതിയെ സമീപിച്ച് സ്റ്റേ ചെയ്യിക്കുകയായിരുന്നു. സ്റ്റേ നീക്കിയ കോടതി മുമ്പ് പൂര്‍ത്തിയായ നടപടിക്രമങ്ങള്‍ക്ക് ശേഷമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പ് നടത്താനാണ് ഉത്തരവിട്ടത്. കാസര്‍കോട് കോളേജിലെ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായിരുന്നു. അതിനുശേഷമുള്ള സൂക്ഷ്മപരിശോധനയും പിന്‍വലിക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളുമാണ് ബാക്കിയുള്ളത്. ഇതുപ്രകാരം തെരഞ്ഞെടുപ്പിനുള്ള ഒരുക്കം തുടങ്ങിയപ്പോഴാണ് പത്രികയുള്‍പ്പെടെ പുതുതായി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെഎസ്യു- എംഎസ്എഫ് രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് എങ്ങനെയും നടത്താതിരിക്കാനാണ് ഇവരുടെ ശ്രമം. പരാജയഭീതിയില്‍ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള കെഎസ്യു- എംഎസ്എഫ് സംഘത്തിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ജില്ലയിലെ ക്യാമ്പസുകളില്‍ പ്രകടനവും യോഗവും നടത്താന്‍ എസ്എഫ്ഐ ജില്ലാസെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.


സ്കൂളില്‍ ആയുധവുമായി എത്തിയ എസ്ഡിപിഐ പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു

ഇരിട്ടി: സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനിടയില്‍ ആയുധവുമായി എത്തിയ നാല് എസ്ഡിപിഐ പ്രവര്‍ത്തകരെ മട്ടന്നൂര്‍ കോടതി റിമാന്‍ഡ് ചെയ്തു. പാല ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മുറ്റത്ത് നിന്ന് പൊലീസ് അറസ്റ്റ് ചെയ്ത ചാക്കാട് പുതിയ പുരയില്‍ ഫൈസല്‍(24), വിളക്കോട്ടെ ചെമ്പോത്ത് ഹൗസില്‍ ഷെഫീര്‍(25), കുഞ്ഞിക്കുഴി ഹൗസില്‍ ഷെഫീഖ്(23), ഈരടത്ത് പുരയില്‍ അശറഫ്(22) എന്നിവരാണ് റിമാന്‍ഡിലായത്. വ്യാഴാഴ്ച തിരഞ്ഞെടുപ്പിനിടയില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ചില തര്‍ക്കങ്ങള്‍ ഉടലെടുത്ത ഘട്ടത്തിലാണ് ആറംഗ അക്രമി സംഘംപേരും സ്കൂള്‍ മുറ്റത്തെത്തിയത്. സംശയം തോന്നിയ വദ്യാര്‍ഥികള്‍ അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി. പൊലീസിനെ കണ്ട് ഓടിരക്ഷപ്പെടുന്നതിനിടയിലാണ് നാല് പേര്‍ പിടിക്കപ്പെട്ടത്. രണ്ടുപേര്‍ രക്ഷപ്പെട്ടു. സിപിഐഎം ചാക്കാട് ബ്രാഞ്ച് സെക്രട്ടറി നരോത്ത് ദിലീപനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നാം പ്രതിയാണ് പിടിക്കപ്പെട്ട ഫൈസല്‍. ഷെഫീര്‍ നേരത്തെ തീവയ്പ്പ് കേസില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പരിശോധനക്കിടയില്‍ എളിയില്‍ ഒളിപ്പിച്ച രണ്ട് കഠാരകള്‍ പ്രതികളില്‍ നിന്ന് പിടിച്ചെടുത്തു. ഒരെണ്ണം വിദേശനിര്‍മിതമാണ്.


deshabhimani 290912

കുട്ടികളും പാവപ്പെട്ടവരും ആരോഗ്യ ഇന്‍ഷുറന്‍സിന് പുറത്ത്


ആരോഗ്യ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന്‍ സംബന്ധിച്ച് സര്‍ക്കാര്‍ ഇറക്കിയ പുതിയ നിര്‍ദേശം സംസ്ഥാനത്തെ ലക്ഷക്കണക്കിനു പാവപ്പെട്ടവരെയും കുട്ടികളെയും പദ്ധതിക്ക് പുറത്താക്കും. ഇന്‍ഷുറന്‍സിനു പേര് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ റേഷന്‍ കാര്‍ഡില്‍ പേരുള്ളവര്‍ക്ക് മാത്രം രജിസ്ട്രേഷന്‍ നല്‍കിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ഇതോടെ നിലവില്‍ ഇന്‍ഷുറന്‍സ് കാര്‍ഡുള്ള നിരവധിയാളുകള്‍ക്കും കുട്ടികള്‍ക്കും പദ്ധതിയുടെ ആനുകൂല്യം നഷ്ടമാവും. സംവരണ വിഭാഗങ്ങളൊഴികെയുള്ളവര്‍ക്ക് മാസവരുമാനം 600 രൂപയില്‍ താഴെയാണെങ്കില്‍ മാത്രം രജിസ്ട്രേഷന്‍ നല്‍കിയാല്‍ മതിയെന്നും നിര്‍ദേശമുണ്ട്. രജിസ്ട്രേഷന്‍ നടത്തുന്ന "അക്ഷയ" കേന്ദ്രങ്ങള്‍ക്ക് പുതിയ വ്യവസ്ഥകളടങ്ങുന്ന ഉത്തരവ് ലഭിച്ചു. വര്‍ഷാവര്‍ഷം ആരോഗ്യ ഇന്‍ഷുറന്‍സ് പുതുക്കുന്നതിന് പകരം എല്ലാവരും ഒന്നുകൂടി രജിസ്റ്റര്‍ ചെയ്യണമെന്ന സര്‍ക്കാര്‍ ഉത്തരവിനു പിന്നാലെയാണ് പുതിയ നിബന്ധനകള്‍.

2009ല്‍ രജിസ്റ്റര്‍ ചെയ്ത് ആനുകൂല്യം ലഭിച്ചവര്‍ വര്‍ഷംതോറും പുതുക്കുക മാത്രം ചെയ്താല്‍ മതിയായിരുന്നു ഇതുവരെ. എന്നാല്‍, അനര്‍ഹര്‍ കടന്നുകൂടിയെന്നും ചില കുടുംബങ്ങള്‍ ഒന്നിലധികം കാര്‍ഡുകള്‍ നേടിയെന്നും പറഞ്ഞാണ് യുഡിഎഫ് സര്‍ക്കാര്‍ വീണ്ടും രജിസ്ട്രേഷന്‍ ആരംഭിച്ചത്. 2008 ജനുവരി ഒന്നിന് രണ്ടുവയസ് തികഞ്ഞവര്‍ മാത്രമാണ് ഇപ്പോള്‍ റേഷന്‍ കാര്‍ഡിലുള്ളത്. അതായത് 2006 ജനുവരി ഒന്നിനുശേഷം ജനിച്ച ഒരുകുട്ടിക്കും ഇനി ആരോഗ്യ ഇന്‍ഷുറന്‍സിന് അര്‍ഹതയില്ല. നിലവില്‍ ആറുവയസും അതില്‍ താഴെയുമുള്ള ലക്ഷക്കണക്കിനു കുട്ടികള്‍ക്ക് ഇന്‍ഷുറന്‍സ് ആനുകൂല്യം കിട്ടുന്നുണ്ട്. ഇവരെല്ലാം ഇനി പദ്ധതിക്ക് പുറത്താവും.

2009ല്‍ എല്‍ഡിഎഫ് സര്‍ക്കാരിനു കീഴില്‍ രജിസ്ട്രേഷന്‍ ആരംഭിച്ചപ്പോള്‍ റേഷന്‍ കാര്‍ഡ് മാനദണ്ഡമായിരുന്നില്ല. കുടുംബശ്രീയുടെയും പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ അര്‍ഹരായവരുടെ പട്ടിക തയ്യാറാക്കി നല്‍കുകയായിരുന്നു. ഇപ്പോള്‍ നടക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന്‍ 2012 ഏപ്രില്‍ ഒന്നുമുതലേ പ്രാബല്യത്തില്‍ വരൂ. ഇത് 2014ല്‍ പുതുക്കുമ്പോഴേ ഇപ്പോള്‍ ആനുകൂല്യം നഷ്ടപ്പെടുന്ന കുട്ടികള്‍ക്ക് പേരുചേര്‍ക്കാന്‍ കഴിയൂ. അതും 2013ല്‍ സംസ്ഥാനതലത്തില്‍ റേഷന്‍ കാര്‍ഡ് പുതുക്കുമ്പോള്‍ പേര് ചേര്‍ത്തെങ്കില്‍ മാത്രം. ഫലത്തില്‍ ആറുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് കാര്‍ഡ് നഷ്ടപ്പെടുകയും സൗജന്യചികിത്സക്ക് രണ്ടുവര്‍ഷം കാത്തിരിക്കുകയും വേണ്ടിവരും.

മാസവരുമാനം 600 ല്‍ താഴെയായിരിക്കണമെന്ന നിബന്ധനമൂലം സംവരണേതര വിഭാഗങ്ങളിലെ പതിനായിരക്കണക്കിനു കുടുംബങ്ങളാണ് പദ്ധതിക്ക് പുറത്താവുക. പഴക്കമേറിയ റേഷന്‍ കാര്‍ഡുകളില്‍ മാത്രമാണ് പാവപ്പെട്ടവര്‍ക്ക് മാസവരുമാനം 600ല്‍ താഴെയായി കാണുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ കാര്‍ഡ് ലഭിച്ചവരില്‍ ഭൂരിഭാഗം ദരിദ്രരുടെയും മാസവരുമാനം ഇതിലധികമുണ്ട്. അതിനാല്‍ അര്‍ഹരായവരില്‍ വലിയൊരു വിഭാഗത്തിന് കിട്ടിക്കൊണ്ടിരുന്ന ആനുകൂല്യം നഷ്ടമാവും.
(പി സി പ്രശോഭ്)

deshabhimani 290912

വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ


വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. അമ്പല വയല്‍ കുമ്പളേരി മത്തോക്കി എബ്രഹാം എന്ന ബാബു (48) വാണ് ആത്മഹത്യ ചെയ്തത്. രണ്ട് കുട്ടികളുടെ വിദ്യാഭ്യാസത്തിന് എടുത്ത 10 ലക്ഷം രൂപയുടെയും കൃഷിക്കായി വിവിധ ബാങ്കുകളില്‍ നിന്നെടുത്ത 4 ലക്ഷം രൂപയുമടക്കം 14 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടായിരുന്നു. 1 ഏക്കര്‍ കൃഷിസ്ഥലമാണ് സ്വന്തമായി ഉണ്ടായിരുന്നത്. സ്ഥലം പാട്ടത്തിനെടുത്ത് കൃഷി നടത്തുകയായിരുന്നു ബാബു. വാഴയും ഇഞ്ചിയുമായിരുന്നു പ്രധാന കൃഷി. കാലാവസ്ഥ മോശമായതിനാല്‍ വാഴകൃഷിയും ഇഞ്ചിയും നഷ്ടത്തിലായി. കിലോയ്ക്ക് 38 രൂപയുണ്ടായിരുന്ന വാഴപ്പഴത്തിന്റെ വില കുത്തനെയിടിഞ്ഞ് 12 രൂപയിലെത്തിയതും തിരിച്ചടിയായി.

ബാങ്കില്‍ നിന്നെടുത്ത കടം തിരിച്ചടക്കാന്‍ മാര്‍ഗ്ഗം കണ്ടെത്താനാവാതെയാണ് ആത്മഹത്യ. വെള്ളിയാഴ്ച രാത്രി വിഷം കഴിച്ച ബാബുവിനെ ബത്തേരിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ശനിയാഴ്ച രാവിലെ മരിക്കുകയായിരുന്നു. ഇതോടെ വയനാട്ടില്‍ മാത്രം 31 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ സജീവമായി.

വയനാട്ടിലെ കര്‍ഷകരുടെ കടത്തിന് മോറട്ടോറിയം പ്രഖ്യാപിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നുവെങ്കിലും നടപടിയുണ്ടായില്ല. ജപ്തി നടപടികളുമായി ബാങ്ക് അധികൃതര്‍ രംഗത്തെത്തിയിട്ടുണ്ട്. കൃഷിച്ചെലവ് ക്രമാതീതമായി കൂടുന്നതും ആദായം കുറയുന്നതും വയനാട്ടിലെ കര്‍ഷകരെ വീണ്ടും ദുരിതത്തിലാക്കി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഒരാഴ്ചക്കുള്ളില്‍ നാലുകര്‍ഷകരാണ് വയനാട്ടില്‍ ആത്മഹത്യ ചെയ്തത്.


ജീവിക്കാന്‍ കഠിനാധ്വാനം ചെയ്തു; ഒടുവില്‍ ജീവിതം ഉപേക്ഷിച്ചു

അമ്പലവയല്‍: ബാബുവിന്റെ ആത്മഹത്യ കുമ്പളേരിയെ ദു:ഖത്തിലാഴ്ത്തി. കുടിയേറ്റ ഗ്രാമമായ അമ്പവയലിനടുത്ത കുമ്പളേരിയിലെ ജനങ്ങള്‍ ശനിയാഴ്ച ഉറക്കമുണര്‍ന്നത് മത്തോക്കില്‍ അബ്രഹാം എന്ന ബാബുവിന്റെ മരണവാര്‍ത്തയോടെയാണ്. ജീവിക്കാന്‍ കഠിനമായി അധ്വാനിച്ചിട്ടും വായ്പ തിരിച്ചടക്കാനാവാത്തതിന്റെ പ്രയാസം ബാബുവിന്റെജീവനെടുക്കുകയായിരുന്നു. രാത്രി വീട്ടില്‍ അന്തിയുറങ്ങിയ ബാബുവിനെ പുലര്‍ച്ചെ നാലരയോടെയാണ് അവശനിലയില്‍ ബന്ധുക്കള്‍ കണ്ടത്. നെഞ്ച്വേദനയാണെന്നാണ് ഇയാള്‍ മറ്റുള്ളവരോട് പറഞ്ഞത്. കീടനാശിനിയുടെ ഗന്ധം അനുഭവപ്പെട്ടതിനാല്‍ ബന്ധുക്കള്‍ ഉടനെ ബത്തേരിയിശല എംഇഎസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. അഞ്ച ്മണിയോടെയായിരുന്നു മരണം. കുമ്പളേരി ജങ്ഷനില്‍ മൂന്നര സെന്റ് പുരയിടത്തില്‍ താമസിക്കുന്ന ബാബവിന് 32.5 സെന്റ് വയലുമുണ്ട്. സ്വന്തം സ്ഥലത്തിന് പുറമെ പാട്ടത്തിനെടുത്തും ഇഞ്ചിയും വാഴയും ചേനയും കൃഷി ചെയ്യുന്ന ബാബു നല്ലൊരു കൃഷിക്കാരനും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്നു. കോണ്‍ഗ്രസിന്റെ കുമ്പളേരി ബൂത്ത് പ്രസിഡന്റായി മുമ്പ് പ്രവര്‍ത്തിച്ചു. കടബാധ്യതയാണ് ഈ കര്‍ഷകനെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത്. മൂത്തമകള്‍ ബിന്‍സിയുടെ നഴ്സിങ് പഠനത്തിന് ആറ് ലക്ഷവും ഇളയമകള്‍ ജെന്‍സിയുടെ എന്‍ജിനീയറിങ് പഠനത്തിന് നാല് ലക്ഷവുമാണ് ഇയാള്‍ വായ്പയെടുത്ത്. പശു വളര്‍ത്തലിനും വായ്പയെടുത്തിരുന്നു. മരണവിവരമറിഞ്ഞ് നിരവധിപേര്‍ ആശുപത്രിയിലും വീട്ടിലുമെത്തി. കര്‍ണാടകയില്‍ ജോലിചെയ്യുന്ന മൂത്തമകളും വൈകിട്ട് എത്തിയതോടെയാണ് സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്കരിച്ചത്.
(പി മോഹനന്‍)


deshabhimani news

തീരദേശങ്ങളില്‍ വട്ടിപ്പലിശ തിരിച്ചുവരുന്നു


ആനുകൂല്യങ്ങളും വായ്പയും ലഭിക്കാതെ തീരദേശത്ത് വട്ടിപ്പലിശ തിരിച്ചുവരുന്നു. മത്സ്യഫെഡിനെ പിരിച്ചുവിട്ടതാണ് മത്സ്യത്തൊഴിലാളികള്‍ക്ക് വിനയായത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെയാണ് മത്സ്യഫെഡിനെ രാഷ്ട്രീയപ്രേരിതമായി പിരിച്ചുവിട്ടത്. മൂന്നംഗ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണ് ഇപ്പോള്‍ ഭരണം നടത്തുന്നത്. സംസ്ഥാനത്തെ 660 മത്സ്യത്തൊഴിലാളി സഹകരണസംഘത്തിന്റെ കേന്ദ്ര സംഘമാണ് മത്സ്യഫെഡ്. ഭരണസമിതി ഇല്ലാതായതോടെ തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഒന്നും കിട്ടാത്ത അവസ്ഥയായി.

എല്‍ഡിഎഫ് ഭരണകാലത്ത് കോടിക്കണക്കിന് രൂപയുടെ ആനുകൂല്യങ്ങള്‍ നല്‍കി തീരദേശത്തെ തൊഴിലാളികളുടെ ജീവിത നിലവാരം ഉയര്‍ത്തിയിരുന്നു. 2009- 10 വര്‍ഷത്തില്‍ മാത്രം 1666 തൊഴിലാളികള്‍ക്കായി 4.2 കോടി രൂപ വിതരണം ചെയ്തിരുന്നു. 660 സംഘങ്ങള്‍ക്ക് കീഴിലെ ആയിരക്കണക്കിന് മെമ്പര്‍മാര്‍ക്ക് മറ്റ് ചെറിയ ആനുകൂല്യങ്ങളും ലഭിച്ചിട്ടുണ്ട്. വനിതകള്‍ക്ക് കീഴില്‍ സ്വയം സഹായസംഘങ്ങള്‍ രൂപീകരിച്ച് പതിനായിരം രൂപ വരെ പലിശരഹിത വായ്പയും അമ്പതിനായിരം രൂപ പവരെ അഞ്ച് ശതമാനം പലിശക്കും വായ്പ അനുവദിച്ചു. ചെറുകിട തൊഴില്‍ സംരംഭങ്ങള്‍, ഉല്‍പാദന യൂണിറ്റ് എന്നിവ തുടങ്ങി കടലോര ജനതയുടെ കണ്ണീരൊപ്പാനുതകുന്ന നിരവധി പദ്ധതികള്‍ ആരംഭിച്ചു. ട്രോളിങ് നിരോധന സമയത്ത് പട്ടിണിയായിരുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഇത്തരം സംഘങ്ങള്‍ വഴിയുള്ള ചെറിയ വരുമാനം പട്ടിണിയില്ലാതെ കഴിഞ്ഞുപോകാന്‍ സാധിക്കുന്നതായിരുന്നു. പുരുഷന്മാരുടെ സംഘത്തിന് തോണി, വല തുടങ്ങിയ മീന്‍പിടിത്ത ഉപകരണങ്ങള്‍ വാങ്ങുന്നതിന് 25 ലക്ഷം രൂപ വരെ വായ്പയും അപകട ഇന്‍ഷുറന്‍സ് രണ്ടുലക്ഷവും നല്‍കിയിരുന്നു.

ഇപ്പോള്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ആകെ നല്‍കുന്നത് മെമ്പര്‍മാര്‍ മരിച്ചാല്‍ മരണാനന്തര സഹായമായി അയ്യായിരം രൂപയാണ്. ഇത് നല്‍കാന്‍ കമ്മറ്റിയംഗങ്ങള്‍ അയ്യായിരത്തിനും മേലെ തുക ചെലവഴിച്ചാണ് ഓരോ സ്ഥലത്തും എത്തുന്നത്. വായ്പയും ആനുകൂല്യവും നല്‍കുന്നതില്‍നിന്ന് സംഘം പിന്‍വലിഞ്ഞതോടെ വട്ടിപ്പലിശക്കാര്‍ വീണ്ടും തീരദേശത്ത് പിടിമുറക്കാന്‍ തുടങ്ങി. നേരത്തെ ഇവരുടെ വിഹാരകേന്ദ്രമായിരുന്നു തീരദേശം. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ വിവിധ പദ്ധതികള്‍ ഫലപ്രാപ്തിയിലെത്തിയതോടെ ഇവരുടെ ശല്യം കുറഞ്ഞു വന്നിരുന്നു. ഈ ഘട്ടത്തിലാണ് മത്സ്യഫെഡിനെയും പിരിച്ചു വിട്ടത്. അഡ്മിനിസ്ട്രേറ്ററുടെ കാലാവധി ആറുമാസം കഴിഞ്ഞിട്ട് വീണ്ടും നീട്ടി നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍.

deshabhimani 290912

പൊതുമേഖലാ വ്യവസായങ്ങളുടെ ലാഭം കുറയുന്നുവെന്ന് സര്‍ക്കാര്‍


പൊതുമേഖലാ വ്യവസായസ്ഥാപനങ്ങളുടെ ലാഭം കുറയുന്നതായി സര്‍ക്കാര്‍. വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി വിളിച്ചുചേര്‍ത്ത സ്ഥാപന മേധാവികളുടെ യോഗത്തില്‍ വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി വി സോമസുന്ദരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കെഎംഎംഎല്‍, മലബാര്‍ സിമന്റ്സ് ഉള്‍പ്പെടെ നല്ല പ്രവര്‍ത്തനക്ഷമത കാഴ്ചവച്ചിരുന്ന സ്ഥാപനങ്ങളിലടക്കം ഈവര്‍ഷം ഇതുവരെയുള്ള പ്രവര്‍ത്തനം വിലയിരുത്തിയപ്പോള്‍ ലാഭം കുറയുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി പറഞ്ഞു.

ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്പനികളുടെയെല്ലാം ലാഭം കുറയുന്ന പ്രവണതയാണ് കാണുന്നത്. നഷ്ടത്തിലുള്ളവയുടെ നഷ്ടം വര്‍ധിക്കുന്നു. വ്യവസായങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ മെയില്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ സ്ഥാപന മാനേജ്മെന്റുകള്‍ നടപ്പാക്കാന്‍ തയ്യാറാകുന്നില്ലെന്ന് വിമര്‍ശമുയര്‍ന്നു. അടുത്ത അഞ്ചുവര്‍ഷത്തേക്ക് ആവശ്യമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ഒരോ സ്ഥാപനവും പദ്ധതി തയ്യാറാക്കി സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ട് ഒന്നോ രണ്ടോ സ്ഥാപനം മാത്രമാണ് തയ്യാറാക്കിയത്. അസംസ്കൃത വസ്തുക്കളടക്കം വാങ്ങാന്‍ ഇ-പ്രൊക്യുര്‍മെന്റ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം ചില സ്ഥാപനങ്ങള്‍ മാത്രമാണ് ഫലപ്രദമായി നടപ്പാക്കുന്നതെന്നും സെക്രട്ടറി കുറ്റപ്പെടുത്തി. സ്ഥാപനങ്ങളിലെ നിയമനങ്ങളിലും വ്യക്തതയില്ല. പിഎസ്സിക്കുവിട്ട നിയമനങ്ങള്‍ കമീഷന്‍ വഴിയും അല്ലാതെയുള്ളവ റിയാബ് വഴിയുമായിരിക്കണമെന്ന നിര്‍ദേശം കര്‍ശനമായി നടപ്പാക്കണം. താല്‍ക്കാലിക, കരാര്‍ നിയമനങ്ങള്‍ നടത്തി സ്ഥിരപ്പെടുത്തുന്നത് അവസാനിപ്പിക്കണം. സ്ഥിരനിയമനങ്ങള്‍ക്ക് ഇത്തരക്കാരില്‍ നിന്ന് അപേക്ഷ സ്വീകരിക്കാം. വിരമിച്ച ഉദ്യോഗസ്ഥര്‍ പല സ്ഥാപനങ്ങളിലും തുടരുന്നുണ്ട്. ഇവരുടെ സേവനം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും സ്ഥാപനമേധാവികളോട് ആവശ്യപ്പെട്ടു. ലാഭസാധ്യത കുറയുന്നതിനാല്‍ ടെല്‍ക്കിന്റെ സാങ്കേതികവിദ്യയില്‍ മാറ്റം വേണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. വ്യവസായസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പൊതുവെ തൃപ്തികരമാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

deshabhimani 290912

കിറ്റെക്സ്: വ്യവസായികളെ കെട്ടിയിടാനാകില്ല: കുഞ്ഞാലിക്കുട്ടി


കേരളത്തിനു പുറത്ത് പോകുന്ന വ്യവസായികളെ ഇവിടെ കെട്ടിയിടാനാകില്ലെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. മലയാളികള്‍ക്ക് കേരളത്തിനുപുറത്തും വ്യവസായം നടത്താം. എമര്‍ജിങ് കേരളയിലൂടെ നിക്ഷേപത്തിന് ശ്രമിക്കുമ്പോള്‍ സര്‍ക്കാരിന്റെ അനാസ്ഥമൂലം കിറ്റെക്സ് ഗ്രൂപ്പ് എറണാകുളത്തുനിന്ന് ശ്രീലങ്കയിലേക്ക് വ്യവസായ സംരംഭം മാറ്റുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായം സംസ്ഥാനത്തിനകത്തേയ്ക്ക് വരിക മാത്രമല്ല, പുറത്തേയ്ക്ക് പോകുകയുംചെയ്യും. പുറത്താണ് സാധ്യതയെങ്കില്‍ ആരെയും തടയേണ്ടതില്ല. കിറ്റെക്സ് മാനേജ്മെന്റ് ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ തനിക്ക് അറിയില്ല. പ്രശ്നം പ്രാദേശികമാണ്. ഗ്രാമ പഞ്ചായത്തുമായാണ് തര്‍ക്കം. മലിനീകരണ വിഷയവുമുണ്ട്. പ്രശ്നം സര്‍ക്കാരിനുമുന്നില്‍ വന്നാല്‍ ഗൗരവമായി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

കിറ്റെക്സ് കേരളം വിടുന്നത് നിക്ഷേപാന്തരീക്ഷം മോശമായതിനാല്‍: ഐസക്

കണ്ണൂര്‍: പ്രമുഖ വ്യവസായ ഗ്രൂപ്പായ കിറ്റെക്സ് കേരളം വിടുന്നത് നിക്ഷേപാന്തരീക്ഷത്തിന്റെ പരിതാപകരമായ അവസ്ഥയാണ് സൂചിപ്പിക്കുന്നതെന്ന് മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. വന്‍കിട വ്യവസായങ്ങള്‍ തുടങ്ങാന്‍ കാണിക്കുന്ന താല്‍പര്യം നിലവിലുള്ളവ സംരക്ഷിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിനില്ല. വന്‍കിട ഭൂമി ഇടപാടുകള്‍ക്കുള്ള താല്‍പര്യമാണ് ഇതിനുപിന്നിലെന്ന് സംശയിക്കണം. പുതിയ വ്യവസായം ആരംഭിക്കുന്നതിനേക്കാള്‍ എളുപ്പമാണ് നിലവിലുള്ളവ സംരക്ഷിക്കാനെന്നും ഐസക് പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എമര്‍ജിങ് കേരള പോലുള്ള കൊട്ടിഘോഷിച്ച പദ്ധതികള്‍ നടപ്പാക്കുന്നതിനിടെയാണ് കിറ്റെക്സിന്റെ പിന്മാറ്റം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച പത്ത് പൊതുമേഖലാ വ്യവസായങ്ങളും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പൂട്ടി. സംസ്ഥാനത്തെ വ്യവസായങ്ങളുടെ അവസ്ഥയെക്കുറിച്ച് സംരംഭകരുമായി പ്രതിപക്ഷം കൂടിയാലോചന നടത്തും. ബഹുജനങ്ങളുമായും ട്രേഡ് യൂണിയനുകളുമായും ചര്‍ച്ച നടത്തും. ജനശ്രീക്ക് സര്‍ക്കാര്‍ സഹായം നല്‍കിയത് എന്തിന്റെ അടിസ്ഥാനത്തിലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഹസന്റെ ഓഹരി സംബന്ധിച്ചു വിശദീകരിക്കാനും മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്- ഐസക് പറഞ്ഞു.

"മറ്റുള്ളവരും കിറ്റെക്സിന്റെ വഴി തേടും"

കൊച്ചി: സര്‍ക്കാരിന്റെയും കോണ്‍ഗ്രസ് നേതാക്കളുടെയും പീഡനം സഹിക്കാനാകാതെ പ്രമുഖ വ്യവസായസ്ഥാപനമായ കിറ്റെക്സ് ഗ്രൂപ്പ് കേരളം വിടുന്നെന്ന വാര്‍ത്ത വ്യവസായമേഖലയിലെങ്ങും ഞെട്ടലുളവാക്കി. വ്യവസായമേഖലയ്ക്കാകെ ദോഷകരമാകുന്ന സര്‍ക്കാരിന്റെ തെറ്റായ സമീപനം തിരുത്തുന്നതിന് സമ്മര്‍ദം ചെലുത്തുമെന്ന് വിവിധ സംഘടനകളുടെ ഭാരവാഹികള്‍ വ്യക്തമാക്കി. തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കിറ്റെക്സ് മേധാവികളെയും ഇവര്‍ സമീപിക്കും. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് ഇതെന്ന് വ്യവസായസംരംഭകരുടെ ആഗോള സംഘടനയായ "ടൈ"യുടെ കേരള ചാപ്റ്റര്‍ പ്രസിഡന്റ് ജോണ്‍ പൂങ്കുടി പറഞ്ഞു. കേരളത്തില്‍ ഏറ്റവുമധികം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സ്ഥാപനമാണ് കിറ്റെക്സ്. ഇവരുന്നയിച്ച വിഷയം നിസ്സാരമായി കാണാനാവില്ല. ഇത് ടൈ ഏറ്റെടുക്കും. ഭരണാധികാരികളുടെ പീഡനം സഹിക്കാതെ കേരളത്തില്‍ വ്യവസായസ്ഥാപനം പൂട്ടിപ്പോകേണ്ടിവരുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളം നിക്ഷേപകസൗഹാര്‍ദമാണെന്ന് സര്‍ക്കാരും വാണിജ്യ-വ്യവസായ സമൂഹവും ആവര്‍ത്തിക്കുമ്പോഴും കിറ്റെക്സിനുണ്ടായ അവസ്ഥ അംഗീകരിക്കാനാവില്ലെന്ന് കേരള ചേംബര്‍ ഓഫ് കൊമേഴ്സ് മുന്‍ പ്രസിഡന്റ് ഇ എസ് ജോസ് പറഞ്ഞു. പീഡനം ഏറിയാല്‍ സംരംഭകര്‍ സ്വസ്ഥതയുള്ള സ്ഥലത്തേക്ക് പോകും. ഇത്തരം നയം തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ കിറ്റെക്സ് ഇപ്പോള്‍ ചിന്തിച്ചതുപോലെ ഇതര സ്ഥാപനങ്ങളും ചിന്തിക്കും. പ്രശ്നപരിഹാരത്തിന് ചേംബര്‍ അടിയന്തര ശ്രദ്ധ ചെലുത്തുമെന്നും ജോസ് വ്യക്തമാക്കി. കിറ്റെക്സ് കേരളം വിടുന്നത് നിര്‍ഭാഗ്യകരമാണെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യന്‍ ഇന്‍ഡസ്ട്രി വൈസ് ചെയര്‍മാനും ജിയോജിത്ത് എംഡിയുമായ സി ജെ ജോര്‍ജ് പറഞ്ഞു. എമര്‍ജിങ് കേരളയിലൂടെ നിക്ഷേപകരെ ക്ഷണിക്കുമ്പോള്‍ ഇവിടെനിന്നുള്ള സ്ഥാപനം വിദേശത്തേക്ക് പറിച്ചുനടപ്പെടുന്നത് നിക്ഷേപകരുടെ മുന്നില്‍ തെറ്റായ സന്ദേശമാണ് നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ വ്യവസായമേഖല പൊതുവേ അനുഭവിക്കുന്ന പ്രശ്നങ്ങളാണ് കിറ്റെക്സ് അധികൃതരുടെ വെളിപ്പെടുത്തലിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് ഓള്‍ കേരള ചെറുകിട വ്യവസായ അസോസിയേഷന്‍ മുന്‍ പ്രസിഡന്റും വികെസി ഗ്രൂപ്പ് ഉടമയുമായ വി കെ സി മമ്മദ്കോയ പറഞ്ഞു. പഞ്ചായത്ത്അംഗം വിചാരിച്ചാല്‍പ്പോലും വ്യവസായസ്ഥാപനങ്ങള്‍ക്കുള്ള അനുമതി നിഷേധിക്കപ്പെടുന്ന അവസ്ഥയാണുള്ളത്. കേരളത്തില്‍നിന്നുള്ള ഒരു വ്യവസായസ്ഥാപനം ഇവിടെ നിലനില്‍ക്കാനാവാതെ വിദേശത്തേക്ക് കൂടുമാറ്റുന്നത് ഖേദകരമാണെന്ന് സിഐഐ കേരള ചാപ്റ്റര്‍ മുന്‍ പ്രസിഡന്റ് ജോസ് ഡൊമിനിക് പറഞ്ഞു.


കേരളം വിടാനുള്ള കിറ്റക്സ് തീരുമാനം തൊഴിലാളികളെ ആശങ്കയിലാഴ്ത്തുന്നു

കോലഞ്ചേരി: സര്‍ക്കാര്‍പീഡനത്തെ തുടര്‍ന്ന് കേരളംവിടാനുള്ള കിറ്റക്സ് കമ്പനി മാനേജ്മെന്റ് തീരുമാനം തൊഴിലാളികളെ ആശങ്കയിലാഴ്ത്തുന്നു. കമ്പനിയുടെ വിവിധ യൂണിറ്റുകളിലായി എണ്ണായിരത്തോളം ജീവനക്കാരാണുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെയും യുഡിഎഫ് ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്തിന്റെയും നിരന്തര പീഡനങ്ങളില്‍ മനംനൊന്ത് വ്യവസായം ശ്രീലങ്കയിലേക്ക് പറിച്ചുനടാനാണ് മാനേജ്മെന്റിന്റെ തീരുമാനം.

1995ല്‍ ആരംഭിച്ച കമ്പനിയുടെ വിവിധ യൂണിറ്റുകളില്‍ എട്ടാംക്ലാസ്മുതല്‍ ഡിഗ്രിവരെ വിദ്യാഭ്യാസയോഗ്യതയുള്ളവരാണ് ജോലിചെയ്യുന്നത്. എറണാകുളം, ഇടുക്കി, കോട്ടയം, വയനാട് ജില്ലകളില്‍നിന്നുള്ളവരാണ് തൊഴിലാളികളില്‍ ഏറിയപങ്കും. തീര്‍ത്തും ദരിദ്രമായ ജീവിത പശ്ചാത്തലത്തില്‍നിന്ന് എത്തുന്നവരാണ് ഇവിടത്തെ തൊഴിലാളികളില്‍ ഭൂരിഭാഗവും. എല്ലാവിധ ആനുകൂല്യങ്ങളോടുംകൂടി തൊഴിലെടുക്കുന്ന ഇവരെ സംബന്ധിച്ചിടത്തോളം കമ്പനിയുടെ തീരുമാനം തിരിച്ചടിയായി. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലയിടിവുമൂലം കടക്കെണിയിലായ കുടുംബങ്ങളില്‍നിന്നുള്ളവരും ആത്മഹത്യചെയ്ത കര്‍ഷകരുടെ കുടുംബങ്ങളില്‍നിന്നുള്ളവരും ഇവിടെ ഉപജീവനം തേടുന്നു. സര്‍ക്കാര്‍നിലപാടിനെ തുടര്‍ന്നുള്ള കമ്പനിയുടെ കേരളത്തില്‍നിന്നുള്ള പിന്മാറ്റം ജീവനക്കാരുടെ പ്രതീക്ഷകളെയാണ് തകിടം മറിക്കുന്നത്. ഗൃഹനിര്‍മാണത്തിന് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്കായി ബാങ്ക് വായ്പയെടുത്ത് ബാധ്യതകളുള്ളവരാണ് ജീവനക്കാരില്‍ ഏറെയും. ഇവരുടെ ഭാവിക്കുമേല്‍ കരിനിഴല്‍ വീഴ്ത്തുന്നതാണ് മാനേജ്മെന്റിന്റെ പുതിയ തീരുമാനം.

അതേസമയം മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ അനുമതി കത്ത് സമര്‍പ്പിക്കുന്നതുപ്രകാരം പഞ്ചായത്ത് ലൈസന്‍സ് പുതുക്കി നല്‍കുമെന്ന് കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് ജോളി ബേബി പറഞ്ഞു.



deshabhimani 290912

ഹൃദയാഘാതം: ഓരോ മിനിറ്റിലും ഒരു സ്ത്രീ മരിക്കുന്നു


""സ്ത്രീകള്‍ക്ക് ഹാര്‍ട്ട് അറ്റാക്കോ? അതൊക്കെ പുരുഷന്മാര്‍ക്കല്ലേ"". ഈ സ്ഥിരം പല്ലവി പറഞ്ഞ് ആശ്വസിക്കാന്‍ വരട്ടെ. ഹൃദയാഘാതംമൂലം ലോകത്ത് ഓരോ മിനിറ്റിലും ഒരു സ്ത്രീവീതം മരിക്കുന്നുണ്ടെന്നാണ് വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്റെ കണക്ക്. 17.1 ദശലക്ഷം പേര്‍ ഹൃദയധമനീരോഗങ്ങള്‍മൂലം ഒരുവര്‍ഷം മരിക്കുന്നുണ്ട്. ഇതില്‍ 9.1 ദശലക്ഷവും സ്ത്രീകളാണ്. അര്‍ബുദം, ക്ഷയം, എയ്ഡ്സ്, മലേറിയ തുടങ്ങിയ മഹാമാരികള്‍മൂലം മരിക്കുന്ന സ്ത്രീകളുടെ എണ്ണത്തേക്കാള്‍ കൂടുതലാണിത്. ലോകത്താകെയുള്ള സ്ത്രീകളില്‍ 35 ശതമാനവും ഹൃദ്രോഗാനന്തരം മരണത്തിന് ഇരയാകുന്നു. ഹൃദ്രോഗം തടയാന്‍ സ്ത്രീകള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ഫെഡറേഷന്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. 2020 ആകുന്നതോടെ സ്ത്രീകളിലെ ഹൃദ്രോഗസാധ്യത 120 ശതമാനമായി വര്‍ധിക്കുമെന്നും കണക്കുകള്‍ പറയുന്നു.

"ഒരു ലോകം ഒരു ഭവനം ഒരു ഹൃദയം" എന്നതാണ് ഇത്തവണത്തെ ലോകഹൃദയദിനത്തിന്റെ സന്ദേശം. സ്ത്രീകളിലും കുട്ടികളിലും ഉള്ള ഹൃദയസംബന്ധമായ രോഗങ്ങള്‍ തടയുകയെന്നതാണ് ദിനാചരണത്തിന്റെ മുഖ്യലക്ഷ്യങ്ങളിലൊന്ന്. 45-50 വയസ്സുകഴിഞ്ഞ സ്ത്രീകളിലാണ് ഹൃദ്രോഗസാധ്യത പൊതുവെ കണ്ടുവരുന്നത്. ആര്‍ത്തവവിരാമത്തിനു ശേഷമാണ് ഇത്ഏറുന്നത്. ആര്‍ത്തവവിരാമത്തിനുമുമ്പ് സുലഭമായ സ്ത്രൈണ ഹോര്‍മോണുകളാണ് ഹൃദ്രോഗത്തെ തടയുന്നത്. പ്രമേഹമുള്ള പുരുഷന്മാരില്‍ ഹൃദയാഘാതത്തിന് മൂന്നുമടങ്ങ് സാധ്യതയുള്ളപ്പോള്‍ സ്ത്രീകളില്‍ ഇത് ഏഴു മടങ്ങാണ്. ഭര്‍ത്താവ് പുകവലിക്കുന്നയാളാണെങ്കില്‍ സ്ത്രീകളില്‍ ഹൃദ്രോഗസാധ്യത 15 ശതമാനമാണ്. എന്നാല്‍, സ്ത്രീകള്‍ ഹൃദയസംബന്ധമായ പരിശോധനകള്‍ക്കും ചികിത്സകള്‍ക്കും എത്താന്‍ പൊതുവെ മടി കാണിക്കുകയാണെന്ന് എറണാകുളം ലൂര്‍ദ് ആശുപത്രിയിലെ ഹൃദ്രോഗവിഭാഗം സ്ഥാപക തലവന്‍ ഡോ. ജോര്‍ജ് തയ്യില്‍ പറഞ്ഞു.

deshabhimani 290912

പുതിയ പാചകവാതക കണക്ഷന് നിരോധനം


സബ്സിഡി സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ചതിനുപിന്നാലെ പുതിയ പാചകവാതക കണക്ഷന്‍ അനുവദിക്കുന്നതിന് എണ്ണക്കമ്പനികള്‍ നിരോധനം ഏര്‍പ്പെടുത്തി. നാലുമാസത്തോളം നിരോധിക്കാനാണ് തീരുമാനം. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഇതുസംബന്ധിച്ച് രഹസ്യ സര്‍ക്കുലര്‍ ഇറക്കി. എല്‍പിജി വിതരണംചെയ്യുന്ന മറ്റു കമ്പനികളായ ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയും ഉടന്‍ നിരോധനം നടപ്പാക്കും. സബ്സിഡിനിരക്കില്‍ നല്‍കുന്ന ആറ് സിലിണ്ടറുകള്‍ രണ്ടുമാസത്തെ ഇടവേളയില്‍ നല്‍കിയാല്‍ മതിയെന്നും വിതരണ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എല്‍പിജിക്ക് കൃത്രിമക്ഷാമം ഉണ്ടാക്കാനാണ് എണ്ണക്കമ്പനികളുടെ നീക്കം. അധികവിലയ്ക്കും സിലിണ്ടര്‍ കിട്ടില്ലെന്ന് വന്നതോടെ എല്‍പിജിക്കായി ഉപയോക്താക്കള്‍ നെട്ടോട്ടം തുടങ്ങി. സബ്സിഡി സിലിണ്ടര്‍ വെട്ടിക്കുറയ്ക്കുന്നതിനൊപ്പംതന്നെ ഒരേവിലാസത്തില്‍ ഒന്നിലേറെ കണക്ഷന്‍ എടുത്തിട്ടുള്ളത് കണ്ടെത്തി റദ്ദാക്കാനും എണ്ണക്കമ്പനികള്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ കണക്ഷനുകളുടെയും വിലാസം പരിശോധിക്കുകയാണ്. ഒരേവിലാസത്തില്‍തന്നെ ഒന്നിലേറെ കണക്ഷന്‍ എടുത്തത് കണ്ടെത്താനുള്ള സര്‍വേ പൂര്‍ത്തിയാകുന്നതുവരെ പുതിയ കണക്ഷന്‍ നല്‍കേണ്ടെന്നാണ് ഐഒസിയുടെ നിര്‍ദേശം. ഈ സര്‍വേ പൂര്‍ത്തിയാകാന്‍ മൂന്നുമുതല്‍ നാലുമാസംവരെ എടുക്കുമെന്ന് എണ്ണക്കമ്പനി വൃത്തങ്ങള്‍ പറഞ്ഞു. "നിങ്ങളുടെ ഉപയോക്താവിനെ അറിയുക" എന്ന് പരിശോധനയ്ക്ക് പേരും ഇട്ടിട്ടുണ്ട്. കണക്ഷന്‍ നല്‍കുന്നത് മരവിപ്പിച്ചെങ്കിലും പുതിയ അപേക്ഷ സ്വീകരിക്കുന്നത് തടഞ്ഞിട്ടില്ലെന്ന് ഐഒസി ചെയര്‍മാന്‍ ആര്‍ എസ് ഭുട്ടോല അറിയിച്ചു. ഒക്ടോബര്‍മുതല്‍ 2013 മാര്‍ച്ചുവരെയുള്ള ആറുമാസത്തെ ഉപയോഗത്തിന് മൂന്ന് എല്‍പിജി സിലിണ്ടര്‍മാത്രമേ ലഭിക്കൂ എന്ന അറിയിപ്പ് ലഭിച്ച വലിയൊരു വിഭാഗം ഉപയോക്താക്കള്‍ ഞെട്ടലിലാണ്. ഇരട്ടിവില നല്‍കി കൂടുതല്‍ സിലിണ്ടര്‍ വാങ്ങാമെന്നായിരുന്നു പലരുടെയും ധാരണ. എന്നാല്‍, രണ്ടുമാസത്തെ ഇടവേളയിലേ വിതരണം ഉണ്ടാകൂ എന്ന അറിയിപ്പ് ഇവരെ കുഴയ്ക്കുന്നു.

സംസ്ഥാനത്ത് നിലവില്‍ ഐഒസിയുടെ സിലിണ്ടര്‍വിതരണം തടസ്സപ്പെട്ടിരിക്കയാണ്്. ചാലദുരന്തത്തിന്റെയും ഉദയംപേരൂര്‍ ബോട്ട്ലിങ് പ്ലാന്റ് ഒരാഴ്ച അടച്ചിട്ടതിന്റെയും ഭാഗമായാണിത്. ഐഒസി പ്രതിസന്ധിയെതുടര്‍ന്ന് അനേകം ഉപയോക്താക്കള്‍ ആവശ്യത്തിനുപോലും സിലിണ്ടര്‍ കിട്ടാതെ വലയുകയാണ്. സംസ്ഥാനത്തെ 80 ലക്ഷത്തോളം എല്‍പിജി കണക്ഷനുകളില്‍ 35 ലക്ഷവും ഐഒസിയുടേതാണ്. ബിപിസിഎല്ലിന് 17 ലക്ഷത്തോളവും ബാക്കി എച്ച്പിസിക്കുമാണ്. ഇതില്‍ 65 ശതമാനത്തോളം വര്‍ഷം ആറ് സിലിണ്ടറില്‍ താഴെ ഉപയോഗിക്കുന്നവരാണെന്നാണ് എണ്ണക്കമ്പനികളുടെ കണക്ക്. ആറില്‍ കൂടുതല്‍ ഉപയോഗിക്കുന്നതില്‍ കൂടുതലും നഗരത്തിലെ ഉപയോക്താക്കളാണ്. വൈദ്യുതി അടുപ്പുകള്‍ ഉപയോഗിക്കുകയല്ലാതെ ഇവര്‍ക്ക് വേറെ മാര്‍ഗമില്ല. വൈദ്യുതിനിരക്കിലുണ്ടായ വര്‍ധനയും വോള്‍ട്ടേജ് ക്ഷാമവും ഇവര്‍ക്ക് ഇരട്ടപ്രഹരാകും.

deshabhimani 290912

വ്യവസ്ഥ മാറ്റിയാല്‍ ഡിഎംആര്‍സി പിന്മാറും


കരട് ധാരണപത്രത്തിലെ വ്യവസ്ഥകളില്‍ മാറ്റംവരുത്തിയാല്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡിഎംആര്‍സി) മെട്രോ റെയില്‍ നിര്‍മാണ ചുമതല ഏല്‍ക്കില്ലെന്നു സൂചന. കേന്ദ്രാനുമതി ലഭിച്ച് മൂന്നുമാസം പൂര്‍ത്തിയാകുമ്പോഴും കരട് ധാരണപത്രം ഒപ്പിടാനോ നിര്‍മാണം തുടങ്ങാനോ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) എംഡിയുടെ അധികാരപരിധി വിപുലമാക്കുന്നതിന്റെ മറവില്‍ ധാരണപത്രത്തിലെ വ്യവസ്ഥകള്‍ കാര്യമായി മാറ്റിയാല്‍ പിന്മാറുമെന്ന് ഡിഎംആര്‍സി വൃത്തങ്ങള്‍ സൂചിപ്പിച്ചു. പദ്ധതി വൈകാനും സാമ്പത്തികബാധ്യത വര്‍ധിക്കാനും ഇതു കാരണമാകും.

ഡിസംബറിലാണ് ഡിഎംആര്‍സി കരട് ധാരണപത്രം കെഎംആര്‍എല്ലിന് സമര്‍പ്പിച്ചത്. ഇതിലെ ചില വ്യവസ്ഥകളുടെ പേരിലാണ്് മുന്‍ എംഡി ടോം ജോസും ഡിഎംആര്‍സിയുമായി തര്‍ക്കം ഉടലെടുത്തത്. മെട്രോയുടെ നടത്തിപ്പിന് രൂപീകരിച്ച തങ്ങള്‍ക്ക് ധാരണപത്രത്തിലെ വ്യവസ്ഥകള്‍പ്രകാരം നിര്‍മാണത്തില്‍ കാര്യമായ പങ്കില്ലെന്നതാണ് കെഎംആര്‍എലിന്റെ എതിര്‍പ്പിനു കാരണം. നിര്‍മിച്ച് കൈമാറുക (ടേണ്‍ കീ) എന്ന വ്യവസ്ഥയില്‍ ഡിഎംആര്‍സി പദ്ധതി ഏറ്റെടുക്കുന്നതിനെ കെഎംആര്‍എല്‍ എതിര്‍ക്കുന്നു. ഡല്‍ഹിയില്‍ റിലയന്‍സിന്റെ എയര്‍പോര്‍ട്ട് മെട്രോ ഡിഎംആര്‍സി നിര്‍മിച്ച് കൈമാറിയതിനു പിന്നാലെ സാങ്കേതിക തകരാറുണ്ടായി. എക്സ്പ്രസ് മെട്രോ അടച്ചുപൂട്ടി. എന്നാല്‍ ബാധ്യതയില്‍നിന്ന് ഡിഎംആര്‍സി ഒഴിവായത് അവര്‍ ഉദാഹരണമായി പറയുന്നു.

സാമ്പത്തിക ഇടപാടുകളിലും ടെന്‍ഡര്‍, പര്‍ച്ചേസ് എന്നിവയിലും കെഎംആര്‍എലിന് റോളില്ലാത്തതാണ് മറ്റൊരു തര്‍ക്കവിഷയം. കരട് വ്യവസ്ഥകള്‍ അംഗീകരിച്ചാല്‍ കൊച്ചി മെട്രോ നിര്‍മാണത്തില്‍ ഡിഎംആര്‍സിയുടെ സഹായി മാത്രമായി കെഎംആര്‍എല്‍ മാറുമെന്നാണ് പരാതി. എംഡിസ്ഥാനത്തുനിന്ന് ടോം ജോസിനെ മാറ്റിയെങ്കിലും അദ്ദേഹം ഉന്നയിച്ച എതിര്‍പ്പുകളെ പുനഃസംഘടിപ്പിച്ച കെഎംആര്‍എല്‍ ബോര്‍ഡും പിന്തുണയ്ക്കുകയാണ്. 11ന് ചേര്‍ന്ന ആദ്യ ബോര്‍ഡ് യോഗം പദ്ധതിനടത്തിപ്പിനെക്കുറിച്ച് വിശദ ചര്‍ച്ച നടത്തി എംഡിയുടെ അധികാരങ്ങള്‍ പുനഃപരിശോധിക്കാന്‍ തീരുമാനിച്ചു. ഡിഎംആര്‍സി തയ്യാറാക്കിയ റിപ്പോര്‍ട്ട് (ഡിപിആര്‍) അവരുടെ സഹായമില്ലാതെ കാലോചിതമാക്കാനും തീരുമാനിച്ചു. ഇതെല്ലാം ഡിഎംആര്‍സിയെയും ഇ ശ്രീധരനെയും ലക്ഷ്യംവച്ചുതന്നെയാണെന്നാണ് ഡിഎംആര്‍സി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 13ന് പ്രധാനമന്ത്രി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ ടോം ജോസിനു ലഭിച്ച സ്വീകരണവും പുതിയ ബോര്‍ഡിന്റെ ചായ്വ് വ്യക്തമാക്കുന്നതായി. എന്നാല്‍ ധാരണപത്രത്തിലെ വ്യവസ്ഥകള്‍ മാറ്റി ഡിഎംആര്‍സിയെ നോക്കുകുത്തിയാക്കാന്‍ ശ്രമിച്ചാല്‍ ഇ ശ്രീധരന്‍ വഴങ്ങാനിടയില്ല. അദ്ദേഹം പിന്‍വാങ്ങിയാല്‍ നിര്‍മാണം വൈകും. ഇപ്പോള്‍തന്നെ കെഎംആര്‍എല്ലിന്റെ ഡിപിആര്‍ പുതുക്കലും എംഡിയുടെ അധികാരം പരിശോധിക്കലുമെല്ലാം തീരാന്‍ ഒരുമാസത്തെ താമസമുണ്ട്. ഇ ശ്രീധരന്‍ പിന്‍വാങ്ങിയാല്‍ മറ്റൊരു ഏജന്‍സിയെ കണ്ടെത്താനും കാലതാമസമുണ്ടാകും. നിലവില്‍ നിര്‍മാണം വൈകുന്ന ഓരോ ദിവസവും 40 ലക്ഷം അധികച്ചെലവുണ്ടാകുന്നതായി ശ്രീധരന്‍ വെളിപ്പെടുത്തിയിരുന്നു. ഈ വര്‍ഷം നിര്‍മാണം തുടങ്ങാനായില്ലെങ്കില്‍ നിര്‍മാണച്ചെലവ് 6500 കോടിക്കുമേല്‍ ഉയരുമെന്നാണ് കണക്ക്.

deshabhimani 280912

ആരോപണം ഷുക്കൂറിനെ തന്നെ തിരിഞ്ഞുകൊത്തി


മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുമുന്നില്‍ ജി സുധാകരനെതിരെയുള്ള ഡിസിസി പ്രസിഡന്റിന്റെ അഴിമതിയാരോപണങ്ങളുടെ മുനയൊടിഞ്ഞു. ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂര്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനമാണ് അദ്ദേഹത്തെതന്നെ തിരിഞ്ഞുകൊത്തിയത്. വികസന പ്രവര്‍ത്തനങ്ങളുടെ ചൂണ്ടുപലകയായ അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ പുന്നപ്രയില്‍, നാടിന്റെ അഭിമാനമായി മാറിയ എന്‍ജിനിയറിങ് കോളേജ്, സഹകരണ ആശുപത്രി എന്നിവയിലാണ് ഷുക്കൂര്‍ അഴിമതിയാരോപണം ഉന്നയിച്ചത്. ""കരാര്‍നിയമനം നടത്തിയ 426 പേരില്‍ നൂറുപേരും മാര്‍ക്സിസ്റ്റുകാരുടെ ബന്ധുക്കളാണ്. ഏഴുകൊല്ലത്തേക്ക് കരാര്‍നിയമനം നടത്തിയത് ശരിയല്ല. കോളേജും ആശുപത്രിയും നിര്‍മിക്കാന്‍ ചെലവഴിച്ച കാശിന് ഭരണാനുമതി ഇല്ലായിരുന്നു"" തുടങ്ങിയ ആരോപണങ്ങളാണ് സോപ്പുകുമിളകളായത്. ജി സുധാകരന്റെ പ്രവര്‍ത്തനങ്ങളെ യുഡിഎഫിന്റെ സഹകരണമന്ത്രി ബാലകൃഷ്ണന്‍ അഭിനന്ദിക്കുകയാണല്ലോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചു. സഹകരണമന്ത്രിക്ക് കാര്യങ്ങളൊന്നും അറിയില്ലെന്നായിരുന്നു ഷുക്കൂറിന്റെ മറുപടി. ജി സുധാകരനെതിരെ സഹകരണമന്ത്രി നടപടി സ്വീകരിച്ചില്ലെങ്കില്‍ കിട്ടിയ രേഖകളുമായി താന്‍ നീതിപീഠത്തിനുമുന്നില്‍ പോകുമെന്നും ഷുക്കൂര്‍ പറഞ്ഞു.

പുന്നപ്ര എന്‍ജിനിയറിങ് കോളേജ്, ഫിനിഷിങ് കോളേജ്, സഹകരണ ആശുപത്രി, ഗവ. കോളേജ് തുടങ്ങി ജനങ്ങള്‍ക്ക് നേരിട്ടുബോധ്യമുള്ള നിരവധി വികസനങ്ങള്‍ ജി സുധാകരന്‍ നടത്തി, യുഡിഎഫ് നടത്തിയ ഏതെങ്കിലും വികസനപ്രവര്‍ത്തനം പറയാമോ എന്നായി മാധ്യമപ്രവര്‍ത്തകര്‍. പണ്ട് കെഎസ്ഡിപിയും ഗ്ലാസ്ഫാക്ടറിയും ഓട്ടോകാസ്റ്റും സ്ഥാപിച്ചത് യുഡിഎഫ് ഭരണത്തിലാണെന്ന് ഷുക്കൂര്‍. അന്ന് ടി വി തോമസ് വ്യവസായമന്ത്രിയായപ്പോള്‍ സ്ഥാപിച്ചതല്ലാതെ എന്തെങ്കിലും പറയാമോ എന്ന ചോദ്യത്തിന് ഡിസിസി പ്രസിഡന്റിന് ഉത്തരംമുട്ടി. മൂന്നരപതിറ്റാണ്ട് കഴിഞ്ഞിട്ടും ആലപ്പുഴ ബൈപ്പാസ് പൂര്‍ത്തിയാക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് ആലപ്പുഴ ബീച്ചിന്റെ സൗന്ദര്യം നഷ്ടപ്പെടാതിരിക്കാനെന്നായിരുന്നു ഷുക്കൂറിന്റെ മറുപടി. ജി സുധാകരന്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയില്ലെന്നും അഴിമതി നടത്തിയെന്നുമുള്ള ആരോപണങ്ങള്‍ ജനങ്ങള്‍ മുഖവിലയ്ക്കെടുക്കാത്തതെന്തെന്ന ചോദ്യത്തിന് ജനം പഠിച്ചോളുമെന്നായി ഷുക്കൂര്‍.

deshabhimani 280912

എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ വ്യാപക അക്രമം


പാലക്കാട്: സ്കൂളുകളിലെയും കോളേജുകളിലെയും വിദ്യാര്‍ഥികള്‍ക്കിടയില്‍ എസ്എഫ്ഐക്കുള്ള ആധിപത്യം തകര്‍ക്കാനായി പ്രവര്‍ത്തകര്‍ക്കുനേരെ വ്യാപക അക്രമം. സ്കൂള്‍പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് വര്‍ഗീയ-വിദ്യാര്‍ഥിപിന്തിരിപ്പന്‍ ശക്തികള്‍ ഒന്നാകെചേര്‍ന്ന് ആരംഭിച്ച അക്രമം കലാലയങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ്.

എസ്എഫ്ഐക്ക് വിദ്യാര്‍ഥികള്‍ക്കിടയിലുളള സ്വാധീനം തകര്‍ക്കാന്‍ അക്രമത്തിലൂടെ സാധിക്കില്ലെന്ന് തെളിയിക്കുന്ന മിന്നുന്ന വിജയമാണ് സ്കൂള്‍ തെരഞ്ഞെടുപ്പില്‍ വ്യാഴാഴ്ച കണ്ടത്. സംഘടനാടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന ബഹുഭൂരിപക്ഷം സ്കൂളുകളിലും എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ ഗംഭീരവിജയം നേടി. വടക്കഞ്ചേരി, അയക്കാട്, ചിറ്റിലഞ്ചേരി, മുന്നൂര്‍ക്കോട്, കുമരനെല്ലൂര്‍, അയിലൂര്‍ എന്നിവിടങ്ങളിലാണ് എസ്എഫ്ഐ പ്രവര്‍ത്തകരെ യൂത്ത് കോണ്‍ഗ്രസ്, ഐഎന്‍ടിയുസി, എന്‍ഡിഎഫ്, ലീഗ്, ആര്‍എസ്എസുകാരുടെ ആക്രമണമുണ്ടായത്. സ്കൂള്‍ തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്തുക എന്ന് ഉദ്ദേശ്യത്തോടെയായിരുന്നു അക്രമം. ഇതിനുപുറമേ നെന്മാറ എന്‍എസ്എസ് കോളേജിലും കൊല്ലങ്കോട് ഐഎച്ച്ആര്‍ഡി കോളേജിലും ചിറ്റൂര്‍ ഗവ.കോളേജിലും എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക്നേരെ അക്രമമുണ്ടായി. പൊതുവിദ്യാഭ്യാസം തകര്‍ത്ത് പാവപ്പെട്ടവന്റെ അവകാശം നിഷേധിക്കുന്ന യുഡിഎഫ് സര്‍ക്കാരിനെതിരെയും വര്‍ഗീയതക്കെതിരെയുമുള്ള സന്ധിയില്ലാത്ത പോരാട്ടം എസ്എഫ്ഐ നടത്തുന്നുവെന്നതാണ് അക്രമത്തിനുള്ള പ്രകോപനം. വിദ്യാര്‍ഥികള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളില്‍ എസ്എഫ്ഐ ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു.

മുന്നൂര്‍ക്കോട് എന്‍ഡിഎഫ് അക്രമം

ശ്രീകൃഷ്ണപുരം: പൂക്കോട്ടുകാവ് മുന്നൂര്‍ക്കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ എന്‍ഡിഎഫുകാര്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ചു. സ്കൂള്‍തെരഞ്ഞെടുപ്പില്‍ വിജയിച്ച എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കുനേരെയും ഇത് അന്വേഷിക്കാനെത്തിയവരെയും ക്രിമിനലുകള്‍ വടിവാളുകളുള്‍പ്പെടെയുള്ള മാരകായുധങ്ങളുമായാണ് ആക്രമിച്ചത്. ഒറ്റപ്പാലം, തൃക്കടീരി ഭാഗങ്ങളിലെ പത്തോളം എന്‍ഡിഎഫുകാരാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. സിപിഐ എം ബ്രാഞ്ച് സെക്രട്ടറി ഹരിശങ്കര്‍, രാജേഷ് എന്നിവരെ പരിക്കുകളോടെ പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയിലും എം ടി രാധാകൃഷ്ണനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്‍ഡിഎഫ് ക്രിമിനലുകള്‍ വാഹനങ്ങളുള്‍പ്പെടെയുള്ളവ നശിപ്പിച്ചിട്ടുണ്ട്. ചെര്‍പ്പുളശേരി പൊലീസ് കേസെടുത്തു. പരിക്കേറ്റവരെ സിപിഐ എം ഏരിയ സെക്രട്ടറി വി ഗംഗാധരന്‍, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കെ ജയദേവന്‍, ഏരിയ കമ്മിറ്റിയംഗം കെ ശ്രീധരന്‍, ലോക്കല്‍സെക്രട്ടറി സി രാധാകൃഷ്ണന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

ചിറ്റൂര്‍ ഗവ. കോളേജില്‍ യൂത്ത് കോണ്‍ഗ്രസ് ആക്രമണം 6 എസ്എഫ്ഐക്കാര്‍ക്ക് പരിക്ക്

ചിറ്റൂര്‍: ചിറ്റൂര്‍ ഗവ. കോളേജില്‍ മദ്യപിച്ച് എത്തിയ യൂത്ത്കോണ്‍ഗ്രസുകാര്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ചു. എസ്എഫ്ഐയുടെ യുയുസി സ്ഥാനാര്‍ഥി ദേവനാരായണന്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റു. കോളേജ്വിദ്യാര്‍ഥിയുടെ കൈയില്‍നിന്ന് അക്രമിസംഘം 5,000രൂപയും തട്ടിപ്പറച്ചു. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ദേവനാരായണന്‍, യൂണിറ്റ് സെക്രട്ടറി സാഗര്‍, യൂണിറ്റ് കമ്മിറ്റിയംഗം വിഷ്ണു എന്നിവരെ ജില്ലാ ആശുപത്രിയിലും എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗം ദുരഖ, യൂണിറ്റ് കമ്മിറ്റിയംഗം അനഘ, ഏരിയ സെക്രട്ടറിയറ്റംഗം അച്യുതാനന്ദമേനോന്‍ എന്നിവരെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതിയായ ഹക്കീമിന്റെ നേതൃത്വത്തിലുള്ള 20 യൂത്ത് കോണ്‍ഗ്രസ്ക്രിമിനലുകളാണ് മദ്യലഹരിയില്‍ കോളേജിനകത്ത് അക്രമം നടത്തിയത്. വ്യാഴാഴ്ച പകല്‍ മൂന്നോടെ കോളേജിനകത്ത് എത്തിയ അക്രമികള്‍ ദേവനാരായണനെ മാരകായുധംകൊണ്ട് വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ഇത് തടയാനെത്തിയ അച്യുതാനന്ദമേനോനെ ആക്രമിച്ചശേഷം പോക്കറ്റില്‍ സൂക്ഷിച്ച 5000രൂപ ബലമായി പിടിച്ചുവാങ്ങി. ഷര്‍ട്ട്കീറി വലിച്ചെറിയുകയും ചെയ്തു. തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ക്കുനേരെ അസഭ്യംപറഞ് അക്രമം നടത്തി. കഴിഞ്ഞ രണ്ട് ദിവസമായി കോളേജിനകത്ത് അക്രമികള്‍ പ്രകോപനമില്ലാതെ നിരന്തരം ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.

ആര്‍എസ്എസുകാര്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ വെട്ടി പരിക്കേല്‍പ്പിച്ചു

തിരു: ആര്‍എസ്എസ് ഗുണ്ടകള്‍ വഴിയില്‍ തടഞ്ഞിട്ട് വെട്ടിവീഴ്ത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാപ്പനംകോട് വെട്ടിക്കുഴി സത്യന്‍നഗര്‍ സ്വദേശിയും ഡിവൈ എഫ്ഐ സത്യന്‍നഗര്‍ യൂണിറ്റ് സെക്രട്ടറിയുമായ അരുണ്‍വിക്രമന്‍ (30) ആണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. വ്യാഴാഴ്ച ഉച്ചയോടെ സത്യന്‍നഗറിലാണ് സംഭവം. ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന അരുണ്‍വിക്രമനെ വഴിയില്‍ മാരകായുധങ്ങളുമായി പതിയിരുന്ന ഗുണ്ടാആക്ടിലെ പ്രതിയും ആര്‍എസ് എസ് ക്രിമിനലുമായ ലുക്ക് സുരേഷ് എന്ന സുരേഷും സംഘവും തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. വാളുകൊണ്ട് കഴുത്തിനുപിന്നില്‍ വെട്ടി. കുഴഞ്ഞുവീണ അരുണ്‍വിക്രമനെ കമ്പിപ്പാര കൊണ്ട് തലങ്ങും വിലങ്ങും അടിച്ചു. തടയാന്‍ മുന്നോട്ടുവന്ന നാട്ടുകാരെ വാളുവീശി വിരട്ടിയോടിച്ചശേഷം പതിനഞ്ചുമിനിറ്റോളം വീണ്ടും ആക്രമണം തുടര്‍ന്നു. അരുണിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. പ്രദേശത്ത് നാളുകളായി ആര്‍എസ്എസ് ക്രിമിനല്‍സംഘം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചുവരികയായിരുന്നു. അരുണ്‍വിക്രമനെയടക്കമുള്ള പല ഡിവൈഎഫ്ഐ പ്രവര്‍ത്തകരെയും മുമ്പും ആക്രമിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അക്രമം നടന്നതോടെ പ്രദേശവാസികള്‍ക്ക് വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍പോലും കഴിയാത്ത ഭീതിയിലാണ്.

കെഎസ്യു ആക്രമണത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

മൂന്നാര്‍: കെഎസ്യു ആക്രമണത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. മൂന്നാര്‍ ഗവര്‍മെന്റ് കോളേജിലാണ് സംഭവം. ആസന്നമായ കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാമ്പസിനുള്ളില്‍ ആശയവിനിമയം നടത്തിക്കൊണ്ടിരുന്ന എസ്എഫ്ഐ പ്രവര്‍ത്തകരെ ഒരു പ്രകോപനവുമില്ലാതെയാണ് കെഎസ്യു പ്രവര്‍ത്തകര്‍ പുറമെനിന്നും ആളുകളെ കൂട്ടി ആക്രമിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയ്ക്കായി മൂന്നാര്‍ ടാറ്റാ ജനറല്‍ ആശുപത്രിയിലേക്ക് പോയ എസ്എഫ്ഐ പ്രവര്‍ത്തകരെ സംഘം ചേര്‍ന്ന് കെഎസ്യു പ്രവര്‍ത്തകര്‍ ആശുപത്രി വളപ്പില്‍ വച്ച് വീണ്ടും മര്‍ദ്ദിച്ചു. പൊലീസ് നോക്കിനില്‍ക്കവെയണ് ആക്രമണം ഉണ്ടായത്. സംഭവത്തിന്റെ പേരില്‍ എസ്എഫ്ഐ പ്രവര്‍ത്തകരുടെ പേരില്‍ മാത്രം പൊലീസ് കേസ്സെടുത്തത് വന്‍ പ്രതിക്ഷേധത്തിനിടയാക്കിയിട്ടുണ്ട്.

ആര്‍എസ്എസ് സംഘം സിപിഐ എം നേതാവിന്റെ വീട് ആക്രമിച്ചു

അടൂര്‍: ആര്‍എസ്എസ് സംഘം സിപിഐ എം നേതാവിന്റെ വീട്ടില്‍ ആക്രമണം നടത്തി. സിപിഐ എം ലോക്കല്‍കമ്മിറ്റി അംഗമുള്‍പ്പടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു.സിപിഐ എം തെങ്ങമ ലോക്കല്‍ കമ്മിറ്റിയംഗം ചെറുകുന്നംവിളയില്‍ തെക്കേതില്‍ സി സന്തോഷ്(30) സഹോദരിയുടെ മകന്‍ രാജേഷ്(25) അയല്‍വാസി ജയഗീതത്തില്‍ ജയദേവന്റെ മകള്‍ ദേവു(14) എന്നിവര്‍ക്കാണ് പരിക്ക്. ഇവരെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 7ഓടെ പ്രകടനമായെത്തിയ ആര്‍എസ്എസ് സംഘം വീട്ടിനുനേരെ കല്ലെറിയുകയും അതിക്രമിച്ചുകയറി വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും സന്തോഷിനെയും രാജേഷിനെയും മര്‍ദ്ദിക്കുകയുമായിരുന്നു. ആര്‍എസ്എസ് സംഘം നടത്തിയ കല്ലേറിലാണ് ദേവുവിന് കാലിന് പരിക്കേറ്റത്. കൊല്ലം ജില്ല അതിര്‍ത്തിയില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡ് നശിപ്പിക്കപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് ആര്‍എസ്എസ് സംഘം പ്രകടനം നടത്തി വീടാക്രമിച്ചത്. സ്ഥലത്ത് പൊലീസ് പിക്കറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

deshabhimani 280912