Showing posts with label പൊതുവിതരണം. Show all posts
Showing posts with label പൊതുവിതരണം. Show all posts

Monday, March 1, 2021

പട്ടിണിക്കിടാന്‍ കേന്ദ്രം ; പത്തുകോടിപ്പേരെ ഒഴിവാക്കും; പകുതിപ്പേര്‍ക്ക് റേഷന്‍ കിട്ടില്ല

ന്യൂഡൽഹി> രാജ്യത്ത് നല്‍കിവരുന്ന ഭക്ഷ്യസബ്‌സിഡിയില്‍‌ അരലക്ഷം കോടിയോളം വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രം. ഇതിനായി ഇപ്പോള്‍ സൗജന്യനിരക്കില്‍ റേഷന്‍ വാങ്ങുന്ന ​​ഗുണഭോക്താക്കളില്‍ പത്തുകോടിപ്പേരെ ഒഴിവാക്കാന്‍ നിതി ആയോഗ്‌ നിർദേശം. ​ഗ്രാമങ്ങളിൽ 60 ശതമാനത്തിനും നഗരങ്ങളിൽ 40 ശതമാനത്തിനും മാത്രമായി റേഷന്‍ ചുരുക്കണമെന്ന് വകുപ്പുകൾക്ക്‌ അയച്ച മാർഗരേഖയിൽ നിതി ആയോഗ്‌ നിര്‍ദേശിച്ചു. ഇതോടെ ജനസംഖ്യയുടെ പകുതി റേഷന്‍ സംവിധാനത്തിന് പുറത്താകും.

നിലവിൽ ഗ്രാമത്തില്‍ 75 ശതമാനത്തിനും നഗരത്തില്‍ 50 ശതമാനത്തിനുമാണ് സബ്സിഡി റേഷന്‍ കിട്ടുന്നത്. ജനസംഖ്യയിൽ 67 ശതമാനം പേർക്ക്‌, അതായത് 81.35 കോടിയോളം പേര്‍ക്ക് റേഷന്‍ ലഭിക്കുന്നു. നിതി ആയോഗ്‌ നിർദേശം നടപ്പായാല്‍ റേഷന്‍ ഗുണഭോക്താക്കള്‍ ജനസംഖ്യയുടെ 50 ശതമാനം മാത്രമാകും. ഇതിലൂടെ കേന്ദ്രത്തിന് സബ്‌സിഡി ചെലവിൽ ലാഭം 47,229 കോടി രൂപ.  നിലവിലെ പട്ടികയില്‍ തന്നെ അര്‍ഹരായ കോടിക്കണക്കിനാളുകള്‍ പുറത്താണ്. ഇതു മാനിക്കാതെയാണ് പത്തുകോടിപേരെ കൂടി പുറത്താക്കുന്നത്. ലോക പട്ടിണി സൂചികയിലെ 107 രാജ്യങ്ങളിൽ ഇന്ത്യ 94–-ാം സ്ഥാനത്ത്‌ നാണംകെട്ട്‌‌‌ നിൽക്കെയാണ്‌ കേന്ദ്രത്തിന്റെ കഴുത്തറുപ്പൻ പരിഷ്‌കാരനിർദേശം.

സബ്‌സിഡി നിരക്കിൽ ഭക്ഷ്യധാന്യം ലഭിക്കുന്നവരുടെ  എണ്ണം പരിമിതപ്പെടുത്തുന്ന ഭക്ഷ്യസുരക്ഷ പദ്ധതി രണ്ടാം യുപിഎ സർക്കാർ കൊണ്ടുവന്നപ്പോൾ ഇതിന്റെ അപകടം ഇടതുപക്ഷം ചൂണ്ടിക്കാട്ടിയതാണ്‌. ‌അന്ന്‌ ഉയർന്ന പ്രതിഷേധം കോൺഗ്രസും ബിജെപിയും അവഗണിച്ചു. 2011ലെ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ നടപ്പാക്കിയ പദ്ധതിയിൽ ദാരിദ്ര്യരേഖയുടെ മാനദണ്ഡം സംബന്ധിച്ചും തർക്കം ഉയർന്നു. അർഹരായ കോടിക്കണക്കിനുപേർ അന്ന്‌ പദ്ധതിയിൽനിന്ന്‌ പുറത്തായി.

അന്നം കവരുന്നതും 
കുത്തകകള്‍ക്കായി

കാർഷികനിയമങ്ങൾക്ക്‌ തുടർച്ചയായി റേഷന്‍വിതരണം ചുരുക്കുന്ന കേന്ദ്രനീക്കത്തിന് പിന്നിലും കോർപറേറ്റ്‌ താൽപര്യം. റേഷന്‍ കിട്ടുന്നവരുടെ എണ്ണംകുറഞ്ഞാല്‍ എഫ്‌സിഐ ഗോഡൗണുകളിൽ ധാന്യശേഖരം അധികമാകും. ഇതിന്റെ പേരില്‍ ക്രമേണ സംഭരണത്തിൽ കുറവ്‌ വരുത്താം. പുതുതായി റേഷന് പുറത്താകുന്ന പത്തുകോടിപ്പേർ സ്വകാര്യമേഖലയെ ആശ്രയിക്കേണ്ടിവരും.

ഓര്‍ക്കണം സബ്സിഡി 
​ഗ്യാസായത്

പാചകവാതകം 2013 വരെ എല്ലാവര്‍ക്കും സബ്‌സിഡി നിരക്കിലാണ്‌ ലഭിച്ചത്. രണ്ടാം യുപിഎ സർക്കാരാണ് വിപണിവിലയിൽ സിലിൻഡർ എടുക്കണമെന്ന പരിഷ്കാരം കൊണ്ടുവന്നത്. സബ്‌സിഡി ആധാർ ബന്ധിത ബാങ്ക്‌ അക്കൗണ്ടിൽ നിക്ഷേപിച്ചു. ഒന്നാം മോഡിസർക്കാരിന്റെ കാലത്ത്‌ സബ്‌സിഡി കിട്ടുന്നവരുടെ എണ്ണം വൻതോതിൽ കുറഞ്ഞു. 2020 മെയ്‌ മുതൽ ആര്‍ക്കും സബ്‌സിഡി കിട്ടുന്നില്ല.

സെഞ്ച്വറി അടിച്ച പെട്രോള്‍

പെട്രോൾ, ഡീസൽ വിലനിയന്ത്രണം ഒഴിവാക്കിയപ്പോൾ കേന്ദ്രം അവകാശപ്പെട്ടത് രാജ്യാന്തരവിപണിയിലെ വില വ്യത്യാസത്തിന്റെ നേട്ടം ജനങ്ങളിലെത്തിക്കുമെന്ന്. ആ​ഗോളഎണ്ണവില കുറഞ്ഞപ്പോൾ കേന്ദ്രം തീരുവ  കുത്തനെ കൂട്ടി വിലക്കുറവിന്റെ ആശ്വാസം‌ നിഷേധിച്ചു. വില ഉയരുമ്പോൾ ഇന്ധനവില അനുദിനം കുതിച്ചുയരുന്നു.

സാജൻ എവുജിൻ 

Thursday, November 12, 2020

തുണിസഞ്ചി വാങ്ങിയത് ഇ-ടെൻഡർ വഴി; അപവാദ പ്രചരണങ്ങള്‍ക്കെതിരെ സപ്ലൈകോ

കൊച്ചി > സർക്കാരിന്റെ അതിജീവന കിറ്റിനുള്ള തുണിസഞ്ചികൾ വാങ്ങിയതിനെതിരെ നടക്കുന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമെന്ന്‌ സപ്ലൈകോ. സർക്കാരിന്റെ www.etenderkerala.gov.in എന്ന പോർട്ടലിൽ ഇ-–-ടെൻഡർ ക്ഷണിച്ചിരുന്നു. ടെൻഡറിൽ പങ്കെടുത്തവരിൽ ഏറ്റവും കുറവ്‌ തുക രേഖപ്പെടുത്തിയ കമ്പനികൾക്കാണ് കരാർ നൽകിയത്.

ഈ കമ്പനികൾ അപ്രതീക്ഷിതമായി പിന്മാറിയാൽ അതത് ഡിപ്പോയിൽ ടെൻഡറുകളിൽ പങ്കെടുത്ത അടുത്ത കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയവർക്ക്‌ പർച്ചേസ് ഓർഡർ നൽകും. പുതിയ ടെൻഡർ നടപടികളിലേക്കു നീങ്ങുമ്പോഴുള്ള സമയക്കുറവ്‌ പരിഹരിക്കാനാണിത്‌.

കമ്പനികൾ തുണിസഞ്ചി വിതരണത്തിന്‌ കാലതാമസമുണ്ടാക്കിയാൽ കുടുംബശ്രീ, മറ്റ് സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന്‌ സഞ്ചി വാങ്ങുമെന്നും അധികൃതർ അറിയിച്ചു.

Tuesday, November 10, 2020

കരുതലിന്റെ കൈ നീട്ടി സർക്കാർ ; വീടുകളിൽ എത്തി 2.85 കോടി ഭക്ഷ്യക്കിറ്റ്

“സംസ്ഥാനത്ത്‌ ഒരാളും പട്ടിണി കിടക്കരുത്‌‘–- മുഖ്യമന്ത്രി പിണറായി വിജയന്റെ കോവിഡ്‌ ദുരിതകാലത്തെ‌ ഈ വാക്ക്‌ അക്ഷരാർഥത്തിൽ യാഥാർത്ഥ്യമായി. കോവിഡ്‌ കാലത്ത്‌ റേഷൻകടവഴി വീടുകളിലെത്തിച്ചത്‌ 2.85 കോടി ഭക്ഷ്യക്കിറ്റ്‌. ഒക്‌ടോബറിലെ വിതരണം തുടരുന്നു‌. നവംബറിലെ വിതരണം ഉടൻ ആരംഭിക്കും. ഡിസംബറിൽ കൂടുതൽ ഇനങ്ങളോടെ ക്രിസ്‌മസ്‌ കിറ്റ്‌‌ നൽകും. ഡിസംബറാകുമ്പോഴേക്കും വിതരണം ചെയ്‌ത കിറ്റുകൾ ആറ്‌ കോടിയാകും. ഓക്‌ടോബർ വരെ 3000 കോടി രൂപയാണ്‌ ഇതിനായി ചെലവഴിച്ചത്‌.

കോവിഡിന്റെ തുടക്കത്തിൽ അയൽസംസ്ഥാനങ്ങളിൽനിന്നുള്ള ചരക്കുനീക്കം തടസ്സപ്പെട്ടിട്ടും സർക്കാർ ഇടപെടലിൽ വിലക്കയറ്റം പിടിച്ചുനിർത്താനായി‌. അരിയും പലവ്യഞ്ജനങ്ങളും പൊതുവിതരണ സംവിധാനംവഴി വിതരണം ചെയ്‌തു. റേഷൻ കാർഡില്ലാത്തവർക്ക്‌ അതിവേഗം റേഷൻ കാർഡ്‌ വിതരണംചെയ്‌തു.

കോവിഡ്‌കാലത്ത്‌ ഒന്നര ലക്ഷത്തോളം റേഷൻ കാർഡ്‌ വിതരണംചെയ്‌തു. കമ്യൂണിറ്റി കിച്ചൻ അഗതി മന്ദിരം, ആശ്രമം, കോൺവെന്റ്‌ എന്നിവിടങ്ങളിലെ അന്തേവാസികൾക്ക്‌ ഒരാൾക്ക്‌ അഞ്ച്‌ കിലോ അരി വീതം വിതരണം ചെയ്‌തു. അതിഥിത്തൊഴിലാളികളുടെ ക്യാമ്പുകളിൽ അരിയും ആട്ടയും എത്തിച്ചു.

സമൂഹ അടുക്കളയ്‌ക്ക്‌ നൽകിയത്‌ 130.42 ടൺ അരി

ഏപ്രിൽ: മുൻഗണന/മുൻഗണനേതര കാർഡുകാർക്ക്‌ സൗജന്യധാന്യം

മെയ്‌, ജൂൺ: മുൻഗണനേതര കാർഡുകാർക്ക്‌ 10 കിലോ അരി  15 രൂപ നിരക്കിൽ

അഗതി മന്ദിരങ്ങളിലെ അന്തേവാസികൾക്ക്‌ ഒരാൾക്ക്‌ അഞ്ച്‌ കിലോ വീതം സൗജന്യ അരി

സമൂഹ അടുക്കളയ്‌ക്ക്‌ 130.42 ടൺ അരി

അതിഥിത്തൊഴിലാളികൾക്ക്‌ 1166.52 ടൺ അരി, 349994 കിലോ ആട്ടയും

റേഷൻ കാർഡില്ലാത്ത 36594 കുടുംബത്തിന്‌ 460.52 ടൺ അരി

കോവിഡ്‌ നിരീക്ഷണത്തിൽ കഴിയുന്നവർക്ക്‌ 1000 രൂപ വിലവരുന്ന പലവ്യഞ്ജനക്കിറ്റ്

സുമേഷ്‌ കെ ബാലൻ 

Monday, November 2, 2020

4 വർഷമായി കേരളത്തിൽ14 ഇനത്തിന്‌ വില മാറ്റമില്ല; എൽഡിഎഫ്‌ വാഗ്‌ദാനം നടപ്പായി

  കേരളത്തിൽ നാല്‌ വർഷത്തിനിടയിൽ 14 ഇന അവശ്യസാധനങ്ങൾക്ക്‌ അഞ്ചുപൈസപോലും കൂടിയില്ല. സപ്ലൈകോ സബ്‌സിഡിയായി വിതരണം ചെയ്‌തവയ്‌ക്കാണ്‌ വില സ്ഥിരമായി നിന്നത്‌.  സബ്‌സിഡിയായി 750 കോടിരൂപയിലധികം ഇതുവരെ സർക്കാർ ചെലവഴിച്ചു. അവശ്യസാധനങ്ങൾക്ക്‌ വിലക്കയറ്റമുണ്ടാകില്ലെന്ന എൽഡിഎഫ്‌ വാഗ്‌ദാനമാണ്‌ നടപ്പായത്‌.

അവശ്യസാധനങ്ങൾക്ക്‌  രാജ്യത്ത്‌ വില കുതിച്ചുയരുമ്പോഴാണ്‌ കേരളത്തിന്റെ ഈ ബദൽ മാർഗം. ആദ്യ മൂന്നുവർഷം 200 കോടി രൂപവീതവും  നാലാം വർഷം 150 കോടി രൂപയുമാണ്‌ സബ്‌സിഡിയായി  ചെലവഴിച്ചത്‌. ഈ വർഷത്തെ കണക്ക്‌ അന്തിമമായിട്ടില്ല.

റേഷൻ കാർഡുമായി സപ്ലൈകോ വിപണന കേന്ദ്രങ്ങളിൽ എത്തിയാൽ നാലുവർഷം മുമ്പത്തെ വിലയിൽത്തന്നെ സാധനങ്ങൾ ലഭിക്കും. ചെറുപയർ, ഉഴുന്ന്‌ ബോൾ, വൻകടല, വൻപയർ, തുവര പരിപ്പ്‌, മുളക്‌, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയഅരി, കുറവഅരി, മട്ടഅരി, പച്ചരി, ആന്ധ്ര അരി  എന്നിവയാണ്‌ ഇനങ്ങൾ. എന്നാൽ, 88 രൂപയായിരുന്ന വെളിച്ചെണ്ണയ്‌ക്ക് ജിഎസ്‌ടി ഏർപ്പെടുത്തിയതിനാൽമാത്രം 92 രൂപയായി. അതേസമയം, മല്ലി വില 92ൽനിന്ന്‌ 76 ആയി കുറഞ്ഞു.

രാജ്യത്ത്‌ തീ വില

കോവിഡും തൊഴിലില്ലായ്‌മയും പ്രതിസന്ധി സൃഷ്ടിച്ച രാജ്യത്ത്‌ ദുരിതം ഇരട്ടിയാക്കി അവശ്യസാധന വില കുതിച്ചുകയറ്റം. ഇന്ത്യയിലെ സാധാരണക്കാരന്റെ ഭക്ഷണമായ ഉരുളക്കിഴങ്ങും സവാളയും അപ്രാപ്യമായ നിലയിലാണ്‌. ഉരുളക്കിഴങ്ങിന്‌ ഒരു വർഷത്തിനിടെ 92 ശതമാനം വില വർധിച്ചു‌. ചില്ലറവിൽപ്പന വില കിലോയ്‌ക്ക്‌ 45 രൂപയോളമായി. 11 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ശരാശരി വിലയാണിത്‌. സവാളയുടെ വിലയിൽ 44 ശതമാനമാണ്‌ വർധന. ഒക്ടോബർ അവസാന ആഴ്‌ച വില 80 രൂപയിലേക്ക് കുതിച്ചു. വിലക്കയറ്റം ഫലപ്രദമായി പിടിച്ചുനിർത്താൻ കേന്ദ്രസർക്കാരിനായില്ല.

ഡൽഹിയിൽ തക്കാളിവില 50 മുതൽ -80 ശതമാനംവരെ വർധിച്ചു. കിലോയ്‌ക്ക്‌ 40 മുതൽ 60വരെയാണ്‌ വില. മല്ലി 200രൂപ, വെളുത്തുള്ളി 150 രൂപ, പച്ചമുളക്‌ 50രൂപ എന്നിങ്ങനെയായി. യുപിയിലെ പ്രയാഗ്‌രാജിൽ തക്കാളിക്കും സവാളയ്‌ക്കും  80 രൂപയാണ്‌. മോഡിസർക്കാർ അധികാരമേറ്റശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണ്‌ പയറിനും ഉഴുന്നിനും. 

കൂടുതൽ സവാളയും ഉരുളക്കിഴങ്ങും ഇറക്കുമതി ചെയ്യാൻ കേന്ദ്രസർക്കാർ അനുമതി നൽകിയെങ്കിലും ഇത്‌ വിപണിയിൽ പ്രതിഫലിക്കാൻ ജനുവരിയാകുമെന്ന്‌ വിദഗ്‌ധർ ചൂണ്ടിക്കാട്ടി. സ്വകാര്യ വ്യാപാരികൾ 7,000 ടൺ സവാള ഇറക്കുമതി ചെയ്‌തു. ദീപാവലിക്കുമുമ്പ്‌ 25,000 ടൺകൂടി ഇറക്കുമതി ചെയ്യും. നാഫെഡിന്റെ നേതൃത്വത്തിലും ഇറക്കുമതി ചെയ്യും. 10ലക്ഷം ഉരുളക്കിളങ്ങ്‌ ഇറക്കുമതി ചെയ്യാനും എക്‌സൈസ്‌ തീരുവ 10 ശതമാനം കുറയ്‌ക്കാനും തീരുമാനിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു.

Thursday, September 10, 2020

സപ്‌ളൈകോയുടെ ആദ്യ സബർബൻമാൾ പ്രവർത്തനം ആരംഭിച്ചു

 സപ്‌ളൈകോയുടെ ആദ്യ സബർബൻമാൾ പ്രവർത്തനം ആരംഭിച്ചു; മാവേലി സ്റ്റോറുകളുടെ നവീകരണത്തിന് 11 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി

പിറവം > മാവേലിസ്റ്റോറുകളുടെ നവീകരണത്തിനായി സർക്കാർ 11 കോടിരൂപ അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സപ്‌ളൈകോയുടെ ആദ്യ സബർബൻ മാൾ പിറവത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക ഷോപ്പിംഗ് സൗകര്യം സാധാരണക്കാർക്കും ലഭ്യമാക്കുന്നതിനായി സിവിൽ സപ്ലൈസ് കോർപ്പറേഷൻ ആരംഭിച്ചതാണ് സബർബൻമാൾ.  സംസ്ഥാനത്തെ സപ്ലൈകോയുടെ എറ്റവും വലിയ സൂപ്പർമാർക്കറ്റാണ് പിറവത്ത് പ്രവർത്തനം ആരംഭിച്ചത്.

ഭക്ഷ്യവിതരണം  കാര്യക്ഷമമാക്കുന്നതിനായി സപ്ലൈകോ യിൽ കാലാനുസൃത മാറ്റങ്ങൾ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിൽ പറഞ്ഞു.  നിത്യോപയോഗ സാധനങ്ങളുടെ വിതരണത്തിൽ സർക്കാരിന്റെ സജീവസാന്നിധ്യമാണ് പൊതുവിപണിയിലെ വിലക്കയറ്റത്തെ ചെറുക്കുന്നത്. കഴിഞ്ഞ നാല് വർഷമായി പൊതുവിപണിയേക്കാൾ കുറഞ്ഞ വിലയ്ക്ക് നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്തത് ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണെന്നും മുഖ്യമന്ത്രി വ്യകതമാക്കി.     

ഇടനിലക്കാരെ ഒഴിവാക്കി ഉത്പാദകരിൽ നിന്നും ഉപഭോക്താക്കളിലേക്ക് കൂടുതൽ സാധനങ്ങൾ ന്യായവിലയ്ക്ക് ലഭ്യമാക്കാൻ സപ്ലൈകോയ്ക്ക് കഴിയണം. ഇത്തരം പ്രവർത്തനങ്ങളുടെ ഗുണം ജനങ്ങൾക്ക് ലഭ്യമായി തുടങ്ങിയിട്ടുണ്ട്. സിവിൽ സപ്ലൈസിന്റെ എല്ലാ ഉദ്യമങ്ങൾക്കും സർക്കാരിന്റെ സജീവ പിന്തുണ ഉണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്റെ അദ്ധ്യക്ഷതയിൽ ഓൺ ലൈനിൽ നടന്ന ചടങ്ങിൽ പിറവം നഗരസഭയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ നിർവ്വഹിച്ചു. കോവിഡ് 19 മഹാമാരി സൃഷ്ടിച്ച പ്രതികൂല സാഹചര്യത്തിൽ സംസ്ഥാനത്തെ സാമൂഹ്യ അടുക്കളകൾക്ക് അവശ്യസാധനങ്ങൾ ലഭ്യമാക്കിയും ജനങ്ങൾക്ക് സൗജന്യ പലവ്യഞ്ജന കിറ്റുകൾ ലഭ്യമാക്കിയും സിവിൽ സപ്ലൈസ് വകുപ്പ് മികച്ച പ്രവർത്തനമാണ് കാഴ്ചവെക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സപ്ലൈകോ വിപണിയിലെത്തിച്ച പുതിയ ഉത്പന്നമായ ചക്കി ഫ്രഷ് ആട്ടയുടെ വിതരണോദ്ഘാടനം മന്ത്രി പി. തിലോത്തമൻ നിർവ്വഹിച്ചു.      

ചടങ്ങിൽ അനൂപ് ജേക്കബ് എം.എൽ.എ, തോമസ് ചാഴികാടൻ എം.പി, പിറവം നഗരസഭ ചെയർമാൻ സാബു കെ. ജേക്കബ്, മുൻ എം.എൽ.എ മാരായ എം.ജെ ജേക്കബ്, വി.ജെ പൗലോസ്, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രൻ, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമൻ, സിവിൽ സപ്ലൈസ് മാനേജിംഗ് ഡയറക്ടർ അലി അസ്ഗർ പാഷ, വിവിധ ജനപ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു.

വികസന പദ്ധതികൾ മലർപ്പൊടിക്കാരന്റെ സ്വപ്‌നമെന്ന്‌ ആക്ഷേപിച്ചവർക്കുള്ള മറുപടി

തിരുവനന്തപുരം > പ്രഖ്യാപിക്കുന്ന പദ്ധതികൾ ഏട്ടിൽ കിടക്കാനുള്ളതല്ലെന്നും ജനകീയ സഹകരണത്തോടെ യാഥാർഥ്യമാക്കാനുള്ളതാണെന്നും  സർക്കാർ തെളിയിച്ചെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിൽ 34 സ്‌കൂൾകെട്ടിടം വീഡിയോ കോൺഫറൻസിലൂടെ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

പൊതുവിദ്യാലയങ്ങൾ അക്ഷരാർഥത്തിൽ മികവിന്റെ കേന്ദ്രങ്ങളാകുകയാണ്‌. വികസനപദ്ധതികളെക്കുറിച്ച്‌ തെറ്റിദ്ധാരണ സൃഷ്ടിക്കാനുള്ള ശ്രമങ്ങളുണ്ട്‌. സ്‌കൂളുകൾ ഉദ്‌ഘാടനം ചെയ്യുന്ന സമയത്ത്‌ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്‌ അവയെല്ലാം മലബാർ ഭാഗത്താണെന്നാണ്‌. എന്നാൽ, ബാലരാമപുരംമുതൽ ചേലക്കരവരെയുള്ളതാണ്‌ പട്ടികയിലെ 19 സ്‌കൂളും.

ലൈഫ്‌ പദ്ധതിക്കെതിരെയും അപവാദ പ്രചാരണം നടത്തി‌. 2.25 ലക്ഷത്തിലധികം വീടാണ്‌ പൂർത്തിയാക്കിയത്‌. സ്വന്തം വീട്ടിലാണ്‌ അവർ‌ കയറിക്കിടന്നത്‌. അത്‌ കുടുംബാംഗങ്ങളിൽ ഉണ്ടാക്കിയ അഭിമാനബോധം എത്ര വലുതായിരിക്കും. നാടിന്റെ പൊതുവായ അഭിമാനബോധമാണത്‌‌‌. അതുൾക്കൊള്ളാൻ നീചമനസ്സുകൾക്ക്‌ പ്രയാസമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുവെ, സർക്കാരിന്റെ കൈയിലുള്ള ചെറിയ തുക ഉപയോഗിച്ചാണ്‌ വികസന പ്രവർത്തനങ്ങൾ ‌നടത്താറുള്ളത്. പക്ഷേ, ആവശ്യം വലുതായതിനാലാണ് കിഫ്‌ബിയിലൂടെ പണം കണ്ടെത്തിയത്‌. 50,000 കോടിയുടെ പദ്ധതി നടപ്പാക്കുമെന്നാണ്‌ ആലോചനാ ഘട്ടത്തിൽ നിയമസഭയിൽ ധനമന്ത്രി വ്യക്തമാക്കിയത്‌.

മലർപ്പൊടിക്കാരന്റെ സ്വപ്‌നം എന്നു പറഞ്ഞ്‌ ആക്ഷേപിച്ചവരുണ്ട്‌. 50,000 കോടിയുടെ പദ്ധതി ലക്ഷ്യമിട്ട സ്ഥാനത്ത്‌ ഇപ്പോൾ 54,000 കോടിയുടെ വികസനം പക്ഷാപാതിത്തമില്ലാതെ എല്ലാ മണ്ഡലത്തിലും നടപ്പാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tuesday, May 13, 2014

ബിപിഎല്‍ കാര്‍ഡുടമകളുടെ അരി വെട്ടിക്കുറച്ചു

ബിപിഎല്‍ റേഷന്‍ കാര്‍ഡുടമകളുടെ അരി സര്‍ക്കാര്‍ വെട്ടിക്കുറച്ചു. ഈ മാസം മൂന്നുകിലോ അരിയാണ് കുറച്ചത്. ബിപിഎല്ലുകാര്‍ക്ക് മാസം 25 കിലോ അരിയാണ് ലഭിച്ചിരുന്നത് ഈ മാസം 22 കിലോയാക്കി. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ എപിഎല്‍ കാര്‍ഡുകള്‍ ബിപിഎല്‍ ആക്കി മാറ്റിയിരുന്നു. ഓരോ ജില്ലയിലും അഞ്ഞൂറിലധികം പേരുടെ കാര്‍ഡുകള്‍ ഇത്തരത്തില്‍ ബിപിഎല്‍ ആയി. എന്നാല്‍ ഇതനുസരിച്ച് അരിയുടെ അലോട്ടുമെന്റ് വര്‍ധിപ്പിച്ചില്ല. നിലവിലുള്ള ബിപിഎല്‍ കാര്‍ഡുടമകളുടെ അരി വെട്ടിക്കുറച്ചാണ് പുതിയ ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് അരി നല്‍കുന്നത്. എപിഎല്‍ വിഭാഗത്തിനുള്ള അരിയും വെട്ടിക്കുറച്ചു. സബ്സിഡിക്കാര്‍ക്ക് രണ്ടുരൂപയ്ക്ക് കൊടുക്കുന്ന പത്തുകിലോ അരി എട്ടാക്കി. 8.90 രൂപയ്ക്ക് നല്‍കിയിരുന്ന പത്തുകിലോ അരിയും എട്ടാക്കി.

എപിഎല്‍ വിഭാഗത്തിന്റെ ഗോതമ്പിലും കുറവുവരുത്തി. നിര്‍ത്തിവച്ച ഗോതമ്പുവിതരണം കഴിഞ്ഞ ഏപ്രിലില്‍ പുനരാരംഭിച്ചെങ്കിലും കൃത്യമായി വിതരണം ചെയ്യുന്നില്ല. ഈ മാസം പതിനഞ്ചോടെ റേഷന്‍ കാര്‍ഡ് പുതുക്കാന്‍ തുടങ്ങുമെന്ന് മന്ത്രി പറഞ്ഞെങ്കിലും ഇതുവരെ നടപടി തുടങ്ങിയിട്ടില്ല. റേഷന്‍ വ്യാപാരികളുമായുള്ള സമര ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കാത്തതിനാല്‍ അവരും പ്രതിഷേധത്തിലാണ്. ആട്ടയും പഞ്ചസാരയും റേഷന്‍ കടകളില്‍ എത്തിക്കുമെന്ന വ്യവസ്ഥ പാലിച്ചിട്ടില്ല. അതിനാല്‍ ജൂണ്‍ മുതല്‍ പഞ്ചസാരയുടെയും ആട്ടയുടെയും സ്റ്റോക്കെടുക്കില്ല. പ്രതിഷേധത്തിന്റെ ഭാഗമായി റേഷന്‍ കാര്‍ഡ് പുതുക്കല്‍ പ്രവൃത്തിയില്‍നിന്നും വിട്ടുനില്‍ക്കാനുമാണ് വ്യാപാരികളുടെ തീരുമാനം.

deshabhimani

Saturday, May 3, 2014

എഫ്സിഐ സംഭരണവും ശേഖരണവും സ്വകാര്യമേഖലയ്ക്ക്

സ്വകാര്യ കുത്തകകളെ സഹായിക്കാന്‍ ലക്ഷ്യമിട്ട് ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയെ (എഫ്സിഐ) മൂന്നു വിഭാഗമാക്കി തിരിച്ച് സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. എഫ്സിഐയെ സംഭരണം, ശേഖരണം, വിതരണം എന്നിങ്ങനെ മൂന്നു വിഭാഗമാക്കി വിഭജിച്ച് വിതരണം ഒഴികെയുള്ള മറ്റു വിഭാഗങ്ങള്‍ക്ക് പുറംജോലി കരാര്‍ നല്‍കുന്നതിനാണ് നീക്കം. കേന്ദ്ര ധനവകുപ്പിന്റെ വകുപ്പുതല നിര്‍ദ്ദേശം കണക്കിലെടുത്ത് വിഭജനകാര്യത്തില്‍ ഉപഭോക്തൃകാര്യ ഭക്ഷ്യവിതരണ മന്ത്രാലയം എഫ്സിഐക്ക് ഉത്തരവു നല്‍കി. എഫ്സിഐ ചെയര്‍മാന്റെ നിര്‍ദേശങ്ങളും നടപടിയും ആവശ്യപ്പെട്ടുള്ളതാണ് മന്ത്രി കെ വി തോമസിന്റെ ചുമതലയിലുള്ള മന്ത്രാലയം ഇറക്കിയ ഉത്തരവ്. ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ മറവില്‍ രാജ്യത്തെ ഭക്ഷ്യസംഭരണവും സൂക്ഷിപ്പും കുത്തകകള്‍ക്കു കൈമാറുന്നതിന്റെ ഭാഗമായാണ് വിഭജനവും സ്വകാര്യവല്‍ക്കണവും നടപ്പാക്കുന്നത്.

അമേരിക്കന്‍ കണ്‍സള്‍ട്ടന്‍സി കമ്പനി മെക്കന്‍സി 2006ല്‍ സമര്‍പ്പിച്ച കമീഷന്‍ റിപ്പോര്‍ട്ടിലെ മറ്റൊരു ജനദ്രോഹ ശുപാര്‍ശയാണിത്. എഫ്സിഐയെ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ നിയമിച്ച വിവിധ കമീഷനുകളുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണയ്ക്കു സമര്‍പ്പിച്ചിരുന്നു. സെന്‍ഗുപ്ത, അഭിജിത്, ഡോ. ടെണ്ടുല്‍ക്കര്‍ കമീഷനുകളുടെ റിപ്പോര്‍ട്ടുകള്‍ അവഗണിച്ച് സ്വകാര്യവല്‍ക്കരണം ഊര്‍ജിതമാക്കാനുള്ള മെക്കന്‍സി റിപ്പോര്‍ട്ട് പടിപടിയായി നടപ്പാക്കുകയാണ് സര്‍ക്കാര്‍. ഇതിന്റെ അന്തിമപടിയെന്നോണമാണ് സംഭരണവും ശേഖരണവും സ്വകാര്യവല്‍ക്കരിക്കുന്നത്. രാജ്യത്ത് 1.15 കോടി ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കാനുള്ള ഗോഡൗണുകള്‍ ഇതിനകം സജ്ജമാക്കി. തമിഴ്നാട്, കര്‍ണാടകം, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഛത്തീസ്ഗഢ്, ബിഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, പഞ്ചാബ്, ഹരിയാന, ഹിമാചല്‍പ്രദേശ്, ജമ്മു കശ്മീര്‍, ഉത്തര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ സ്വകാര്യമേഖലയിലാണ് നിര്‍മിച്ചത്. ഇവയുടെ നിര്‍മാണത്തിനു പിന്നില്‍ അഴിമതി ആരോപണവും ഉയര്‍ന്നു. എതിര്‍പ്പിനെത്തുടര്‍ന്ന് കേരളംപോലുള്ള സംസ്ഥാനങ്ങളില്‍ സ്വകാര്യ ഗോഡൗണുകള്‍ നിര്‍മിച്ചിരുന്നില്ല. എന്നാല്‍, പുതിയ ഉത്തരവിന്റെ മറവില്‍ സംസ്ഥാനത്തും നിര്‍മാണങ്ങള്‍ക്ക് സാധ്യതയുണ്ട്. നിലവില്‍ എഫ്സിഐ നേരിട്ട് സംഭരണം നടത്തുന്നതിനാല്‍ കര്‍ഷകര്‍ക്ക് അല്‍പ്പമെങ്കിലും ന്യായവില ലഭിക്കുന്ന സ്ഥിതിയുണ്ട്. പുറംജോലികരാര്‍ എന്ന പേരില്‍ സംഭരണവും സൂക്ഷിപ്പും സ്വകാര്യവല്‍ക്കരിക്കുന്നത് ഈ സൗകര്യം ഇല്ലാതാക്കും.

എഫ്സിഐയുടെ അഞ്ച് പ്രവര്‍ത്തനമേഖലകളും നാല് ചന്തകളും സന്ദര്‍ശിച്ചാണ് മെക്കന്‍സി റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നാണ് റിപ്പോര്‍ട്ടിന്റെ സവിശേഷതയായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, 28 സംസ്ഥാനങ്ങളിലായി ആയിരക്കണക്കിന് ചന്തകള്‍ ഉണ്ടായിരിക്കെ, നാല് ചന്തകള്‍ മാത്രം സന്ദര്‍ശിച്ചത് റിപ്പോര്‍ട്ടിന്റെ പ്രധാന പോരായ്മയാണ്. പഞ്ചാബ്, ആന്ധ്ര, ബംഗാള്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ മന്ത്രിമാരുമായി ചര്‍ച്ച നടത്തിയതായും കമീഷന്‍ അവകാശപ്പെടുന്നു. എന്നാല്‍, ഭക്ഷ്യധാന്യകമ്മി പേറുന്ന ഒരു സംസ്ഥാനവുമായി പോലും ചര്‍ച്ച നടത്താന്‍ അധികൃതര്‍ തയ്യാറാകായത്തതും വിമര്‍ശനത്തിനിടയാക്കി. ഇതര കമ്മിറ്റികളുടെ റിപ്പോര്‍ട്ടില്‍ പൊതുമേഖലയെ ശക്തിപ്പെടുത്തുന്നതും എഫ്സിഐയുടെ ശേഷി വിപുലപ്പെടുത്തുന്നതിനുമുള്ള നിര്‍ദേശങ്ങര്‍ മെക്കന്‍സി റിപ്പോര്‍ട്ട് പരിഗണിച്ചില്ല. മാത്രമല്ല തൊഴിലാളിദ്രോഹ നടപടികളാണ് മുറുകെപിടിക്കുന്നതും റിപ്പോര്‍ട്ടിന്റെ മറപിടിച്ച് ജീവനക്കാരുടെ എണ്ണം 69,000-ല്‍നിന്ന് 26,000 ആയി ഇതിനകം കുറച്ചു. കേരളത്തിലെ ജീവനക്കാരുടെ എണ്ണം 2600-ല്‍നിന്ന് 600ല്‍ താഴെയായും വെട്ടിക്കുറച്ചു.

ഷഫീഖ് അമരാവതി deshabhimani

Sunday, April 27, 2014

ഭക്ഷ്യധാന്യം വെട്ടിക്കുറച്ചു; മാനസികാരോഗ്യകേന്ദ്രങ്ങളിലെ രോഗികള്‍ പട്ടിണിയിലേക്ക്

കോഴിക്കോട്: സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ രോഗികള്‍ തിങ്കളാഴ്ച മുതല്‍ പട്ടിണിയിലാവും. സിവില്‍ സപ്ലൈസ് വകുപ്പ് ധാന്യങ്ങളുടെ അളവ് വെട്ടിക്കുറച്ചതാണ് മൂന്ന് സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ രോഗികളെ പട്ടിണിയിലേക്ക് തള്ളിവിടുന്നത്. രോഗികള്‍ എപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടുന്നവരാണെന്ന ന്യായം പറഞ്ഞാണ് സിവില്‍ സപ്ലൈസ് വകുപ്പിന്റെ ക്രൂരമായ നടപടി. ഒരു ദിവസം ഒരു രോഗിക്ക് 250 ഗ്രാം അരിയും 120 ഗ്രാം ഗോതമ്പുമാണ് അനുവദിച്ചിരുന്നത്. ഇത് യഥാക്രമം 70 ഗ്രാം അരിയും 25 ഗ്രാം ഗോതമ്പുമായി വെട്ടിക്കുറച്ചു.

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ 3000 കിലോ ഗ്രാം അരിയും 700 കിലോ ഗ്രാം ഗോതമ്പുമാണ് ഏപ്രില്‍ ഒന്നുമുതല്‍ വെട്ടിക്കുറച്ചത്. ഇതുവരെ 7500 കിലോ ഗ്രാം അരിയും 3000 കിലോ ഗ്രാം ഗോതമ്പുമാണ് ലഭിച്ചിരുന്നത്. ശനിയാഴ്ചത്തെ കണക്കുപ്രകാരം 688 രോഗികളാണ് ഇവിടെയുള്ളത്. ചില സമയങ്ങളില്‍ രോഗികളുടെ എണ്ണം 900 വരെയാകും. ഞായറാഴ്ചയോടെ ഭക്ഷ്യധാന്യങ്ങളുടെ സ്റ്റോക്ക് തീരുമെന്ന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. എസ് എന്‍ രവികുമാര്‍ പറഞ്ഞു. വെട്ടിക്കുറച്ച ധാന്യങ്ങള്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് റേഷനിങ് ഓഫീസറെ ബന്ധപ്പെട്ടപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് നടപടിയെന്നും പുനഃസ്ഥാപിക്കാന്‍ കഴിയില്ലെന്നുമാണ് അവര്‍ നല്‍കിയ വിശദീകരണമെന്നും സൂപ്രണ്ട് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഭക്ഷണം നല്‍കാന്‍ കുതിരവട്ടം കേന്ദ്രത്തില്‍ ഒന്നരകോടി രൂപയാണ് ചെലവായത്. ഇതില്‍ ഒരു കോടി രൂപ മാത്രമേ ലഭിച്ചിട്ടുള്ളൂ. പച്ചക്കറി നല്‍കുന്ന ഹോര്‍ടി കോര്‍പ്പിന് 20 ലക്ഷം രൂപ കുടിശ്ശികയാണ്. മത്സ്യത്തിനും മാംസത്തിനും പാചകവാതകത്തിനുമായി ലക്ഷങ്ങള്‍ കുടിശ്ശിക വേറെയും. കഴിഞ്ഞ വര്‍ഷം മാനസികാരോഗ്യ കേന്ദ്രത്തിലേക്കുള്ള അരിയുടെ അളവ് 25 കിലോയാക്കി കുറച്ചത് വിവാദമായിരുന്നു. തുടര്‍ന്ന് മാനസികാരോഗ്യ കേന്ദ്രങ്ങളുടെ മോണിറ്ററിങ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ ജഡ്ജി നേരിട്ട് ഹൈക്കോടതിയെ സമീപിച്ചാണ് നടപടി തിരുത്തിച്ചത്. കുതിരവട്ടത്തിനുപുറമെ തൃശൂര്‍ പടിഞ്ഞാറെക്കോട്ടയിലും തിരുവനന്തപുരം ഊളംപാറയിലുമാണ് സര്‍ക്കാര്‍ മേഖലയില്‍ മാനസികാരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

deshabhimani

Thursday, April 17, 2014

സര്‍ക്കാരിന്റെ വിഷു സമ്മാനം ചായംപൂശിയ മട്ട

വിഷുവിന് മാവേലി സ്റ്റോറുകളിലൂടെ ചായംപൂശിയ മട്ട അരി വിതരണം ചെയ്തെന്ന് പരാതി. കോഴിക്കോട് ജില്ലയിലെ വിവിധ മാവേലി സ്റ്റോറുകളില്‍നിന്ന് അരി വാങ്ങിയവരാണ് വഞ്ചിതരായത്. അരി കഴുകിയപ്പോള്‍ പുറമെയുള്ള ചുവപ്പുനിറം ഒലിച്ചുപോകുകയും കൈയില്‍ റെഡ് ഓക്സൈഡ് പറ്റിപ്പിടിക്കുകയും ചെയ്തെന്നാണ് പരാതി. വിഷുവിന് കുത്തരിച്ചോറുണ്ണാനുള്ള നിരവധി കുടുംബങ്ങളുടെ ആഗ്രഹമാണ് ഇതുമൂലം നടക്കാതെ പോയത്. നിലവാരം കുറഞ്ഞ സാധനങ്ങള്‍ നല്‍കിയതിന് സര്‍ക്കാര്‍ കരിമ്പട്ടികയില്‍പ്പെടുത്തിയ ചില സ്വകാര്യമില്ലുകളില്‍നിന്നടക്കം സപ്ലൈകോ മട്ട അരി വാങ്ങുന്നുണ്ടെന്നാണ് വിവരം.

റേഷന്‍ കടകളില്‍നിന്ന് എട്ടു രൂപയ്ക്കും ഒമ്പതു രൂപയ്ക്കും കിട്ടുന്ന നിലവാരം കുറഞ്ഞ അരി പോളിഷ് ചെയ്ത് കളര്‍ പൂശി മട്ട അരി എന്ന ലേബലില്‍ വില്‍ക്കുന്ന തട്ടിപ്പുകമ്പനികള്‍ ഈ മേഖലയില്‍ സജീവമാണ്. ഇത്തരം കമ്പനികളുമായി സര്‍ക്കാര്‍ ഒത്താശയോടെ അവിഹിത കരാറുണ്ടാക്കിയാണ് മട്ട അരി സംഭരിക്കുന്നത്. കൃഷിക്കാരില്‍നിന്ന് സംഭരിക്കുന്ന നെല്ലുപയോഗിച്ചാണ് സപ്ലൈകോ മട്ട അരി വിതരണം ചെയ്തിരുന്നത്. എന്നാല്‍ സപ്ലൈകോയുടെ പിടിപ്പുകേടിനെത്തുടര്‍ന്ന് മാസങ്ങളായി മാവേലി സ്റ്റോറുകളില്‍ മട്ട അരി കണികാണാനില്ല. സാധനങ്ങളെല്ലാം സ്വകാര്യ സ്ഥാപനങ്ങളില്‍നിന്നും പൊതുവിപണിയില്‍നിന്നും കൂടിയവിലയ്ക്ക് വാങ്ങുകയാണ്.

അരി സ്ഥിരമായി സ്വകാര്യ മില്ലുകളില്‍നിന്നാണ് കിലോയ്ക്ക് 27 രൂപവച്ച് വാങ്ങുന്നത്. 21 രൂപയ്ക്കാണ് സബ്സിഡി നിരക്കില്‍ മാവേലി സ്റ്റോറിലൂടെ വിതരണം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഗുണനിലവാരം ഉറപ്പുവരുത്തിയാണ് മാവേലി സ്റ്റോറുകളിലൂടെ നിത്യോപയോഗ സാധനങ്ങള്‍ യഥേഷ്ടം വിതരണം ചെയ്തിരുന്നത്. എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം സ്റ്റോറുകള്‍ കാലിയായിത്തുടങ്ങി. ഉത്സവ സീസണുകളില്‍ പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഉപയോഗപ്രദമായിരുന്ന സപ്ലൈകോ ചന്തകള്‍ പേരിനുമാത്രമായി. അവശ്യസാധനങ്ങളൊന്നും സ്റ്റോറളകിലില്ല. അതുകൊണ്ടുതന്നെ മുന്‍വര്‍ഷങ്ങളിലുള്ള വില്‍പ്പനയുടെ നാലിലൊന്നുപോലും ഇത്തവണയുണ്ടായില്ല. വിലക്കയറ്റത്തിന്റെ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് പൊതുവിതരണ സംവിധാനം നോക്കുകുത്തിയായതോടെ വിഷുനാള്‍ വറുതിയുടേതായി. റേഷന്‍കടകളിലടക്കം സാധനങ്ങള്‍ കാലിയായിരുന്നു.

deshabhimani

Monday, March 10, 2014

റംലത്തിന്റെ അന്നവും മുട്ടി

മട്ടാഞ്ചേരി ചക്കാമാടത്തെ 65 പിന്നിട്ട റംലത്തിന് ഇതുപോലൊരു ദുരിതം അനുഭവിക്കേണ്ടിവന്നിട്ടില്ല. ഭര്‍ത്താവു മരിച്ച് 20 വര്‍ഷം പിന്നിട്ടു. ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായത്തില്‍ റേഷന്‍വിഹിതം വാങ്ങാനായതിനാല്‍ പട്ടിണികിടന്നില്ല. എന്നാല്‍, ഇപ്പോള്‍ സ്ഥിതി അതല്ല. ബിപിഎല്‍ റേഷന്‍കാര്‍ഡ് എപിഎല്‍ ആക്കി. ദുരിതവും തുടങ്ങി. അരി എപ്പോള്‍ കിട്ടുമെന്നോ എത്ര കിട്ടുമെന്നോ ഒരു ഉറപ്പുമില്ല.

പ്രമേഹം അലട്ടുമ്പോള്‍ ഒരു തരി ഗോതമ്പ് വാങ്ങി കഴിക്കാമെന്ന് വിചാരിച്ചാലോ, അത് പേരിനുപോലും റേഷന്‍ കടയിലില്ല. കൊട്ടിഘോഷിച്ച് രാജ്യത്തുടനീളം ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കിയ കേന്ദ്രമന്ത്രിയുടെ മണ്ഡലത്തിലെ വോട്ടറാണ് റംലത്ത്. സംസ്ഥാനത്ത് റേഷന്‍ നിഷേധിക്കപ്പെട്ട അനേകം പാവപ്പെട്ടവരില്‍ ഒരാള്‍. പെണ്‍മക്കളെ വിവാഹംകഴിച്ചയക്കാന്‍ വീടു വില്‍ക്കേണ്ടി വന്ന ഇവര്‍ പലപ്പോഴും അര്‍ധപട്ടിണിയിലാണ്. മലയാളിയായ മന്ത്രി അഭിമാനപൂര്‍വം അവതരിപ്പിച്ച ഭക്ഷ്യസുരക്ഷാ നിയമം കേരളത്തിന് ഏറെ ആഘാതമാണുണ്ടാക്കിയത്.

1965 ജൂലൈ ഒന്നുമുതല്‍ രാജ്യത്തിനു മാതൃകയായി ഇവിടെ ആരംഭിച്ച സാര്‍വത്രിക റേഷനിങ് സമ്പ്രദായത്തിന്റെ കടയ്ക്കലാണ് അത് കത്തിവച്ചത്. സര്‍ക്കാരിന്റെ കണക്കുപ്രകാരം പ്രതിവര്‍ഷം കേരളത്തിന് ആവശ്യമായ അരി 35.58 ലക്ഷം ടണ്ണാണ്. 5.24 ലക്ഷം ടണ്‍ ഗോതമ്പും. എന്നാല്‍, ഭക്ഷ്യസുരക്ഷാ നിയമം കേരളത്തിന് ഉറപ്പുനല്‍കുന്നതാകട്ടെ അരിയും ഗോതമ്പും ഉള്‍പ്പെടെ 14 ലക്ഷം ടണ്‍ മാത്രം. ഫലത്തില്‍ പകുതിയിലേറെ പേര്‍ക്കും അര്‍ഹമായ റേഷന്‍ നിഷേധിക്കപ്പെടുകയാണ്.

ബിപിഎല്‍, അന്ത്യോദയാ അന്നയോജനാ പദ്ധതിക്കാര്‍ക്കുപോലും വാഗ്ദാനംചെയ്ത ധാന്യം ലഭിക്കുന്നില്ല. എപിഎലുകാര്‍ക്ക് ഗോതമ്പും പൂര്‍ണമായി നിഷേധിക്കപ്പെട്ടു. തെരഞ്ഞെടുപ്പു കണ്ട് എപിഎലുകാര്‍ക്ക് രണ്ടുമാസത്തേക്ക് മൂന്നുകിലോവീതം ഗോതമ്പ് നല്‍കാന്‍ ധാരണയായെങ്കിലും രണ്ടു രൂപയ്ക്കു പകരം 6.70 രൂപ നല്‍കണം. ഇതും കൃത്യമായി ലഭിക്കാത്ത സ്ഥിതിയുണ്ട്. പതിറ്റാണ്ടുകള്‍ക്കു മുമ്പ് കേരളത്തില്‍ 64 ലക്ഷം റേഷന്‍കാര്‍ഡുകള്‍ ഉണ്ടായിരുന്നപ്പോള്‍ അനുവദിച്ചിരുന്നത് വര്‍ഷം 24 ലക്ഷം ടണ്‍ ഭക്ഷ്യധാന്യമായിരുന്നു. എന്നാല്‍, ഇപ്പോള്‍ 81,38,828 കാര്‍ഡുകളുണ്ട്.

17 ലക്ഷം കാര്‍ഡുകള്‍ കൂടിയപ്പോള്‍ അനുവദിക്കുന്ന ഭക്ഷ്യധാന്യത്തിന്റെ അളവ് 10 ലക്ഷത്തോളം ടണ്‍ കുറച്ചു. രാജ്യത്തിന് ആവശ്യമായതിനെക്കാള്‍ മൂന്നിരട്ടിയോളം ഭക്ഷ്യധാന്യം സ്റ്റോക്കുള്ളപ്പോഴാണിത്. ഭക്ഷ്യസുരക്ഷാ നിയമം മുന്‍നിര്‍ത്തി ഗവേഷണം നടത്തുന്ന സര്‍ക്കാര്‍ ഏജന്‍സിയായ നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് എക്കണോമിക് റിസര്‍ച്ച് കൃഷിമന്ത്രാലയത്തെ ഉദ്ധരിച്ചു വ്യക്തമാക്കുന്നത് ധാന്യ ഉല്‍പ്പാദനരംഗത്ത് വന്‍ കുതിച്ചുചാട്ടമാണ് ഇന്ത്യ നടത്തിയതെന്നാണ്.

2013-14ല്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 4.8 ശതമാനം കാര്‍ഷികമേഖലയുടെ സംഭാവനയാണ്. 2012-13ല്‍ ഇത് 1.9 ശതമാനം മാത്രമായിരുന്നു. ലോകത്തുതന്നെ ഏറ്റവുമധികം അരി കയറ്റുമതിചെയ്യുന്ന രാജ്യമായും ഇന്ത്യ മാറി. ഈ ഘട്ടത്തിലും കൊടിയ അവഗണനയാണ് റേഷന്റെ കാര്യത്തില്‍ കേരളം നേരിടുന്നത്. സമൃദ്ധമായി ജീവിച്ചിരുന്നവരെ ഒരു സുപ്രഭാതത്തില്‍ ഭിക്ഷക്കാരാക്കുകയായിരുന്നു. ഇതിന് നേതൃത്വം നല്‍കുന്നതാകട്ടെ മലയാളിയായ കേന്ദ്ര ഭക്ഷ്യമന്ത്രിയും.

ഷഫീഖ് അമരാവതി ദേശാഭിമാനി

Monday, February 24, 2014

വോട്ട് സുരക്ഷയ്ക്ക് ഭക്ഷ്യസുരക്ഷാ പരസ്യം

ലോക്സഭാ തെരഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്താനുള്ള പിടിവള്ളി തേടി യുപിഎ സര്‍ക്കാര്‍ കോടികളുടെ "പെയ്ഡ് ന്യൂസ്" നല്‍കുന്നു. എല്ലാ പൗരന്മാര്‍ക്കും നിയമംമൂലം ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന പദ്ധതിയെന്ന് അവകാശപ്പെടുന്ന ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പ്രചാരണാര്‍ഥം ഞായറാഴ്ച ഒരു മലയാളപത്രത്തില്‍ ലക്ഷങ്ങള്‍ പൊടിച്ചാണ് മുഴുനീളെ പേജ് "പെയ്ഡ് ന്യൂസ്" അവതരിപ്പിച്ചത്. പരസ്യമാണെങ്കിലും വാര്‍ത്തകളെന്ന് തോന്നിപ്പിക്കും വിധമുള്ള ശൈലിയില്‍ പത്രത്തിന്റെ തനത് ലിപിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. പണം കൊടുത്ത് വാര്‍ത്ത സൃഷ്ടിക്കുന്ന "പെയ്ഡ് ന്യൂസി"നെ വെല്ലുന്നതാണ് ഉള്ളടക്കം. പേജിന്റെ മൂലയിലൊരിടത്ത് അഡ്വെര്‍ട്ടോറിയല്‍ എന്ന് ഇംഗ്ലീഷില്‍ ചെറുതായി സൂചനയുള്ളതാണ് സംഗതി പരസ്യമാണെന്ന് തിരിച്ചറിയാനുള്ള ഏകമാര്‍ഗം.

ഭക്ഷ്യവകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രി കെ വി തോമസിനെ വാഴ്ത്തുന്ന ഉള്ളടക്കം ഏതാണ്ട് കണക്കുകളുടെ കസര്‍ത്താണ്. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് മുമ്പായതിനാല്‍ കോടികള്‍ ചെലവഴിച്ചുള്ള പ്രചാരണം തെരഞ്ഞെടുപ്പ് ചെലവില്‍ വരില്ല. "ഭക്ഷണം ജനങ്ങളിലേക്ക്" എന്ന തലക്കെട്ടില്‍ ലീഡ് വാര്‍ത്തയ്ക്ക് സമാനമായി വിന്യസിച്ച ലേഖനത്തില്‍ ഭക്ഷ്യസുരക്ഷാ നിയമനിര്‍മാണത്തിനായുള്ള തോമസിന്റെ ത്യാഗത്തെ വാഴ്ത്തുന്നുണ്ട്. പേജിലെ മൂന്ന് ചിത്രങ്ങളും തെരഞ്ഞെടുപ്പ് കാലത്തായിരുന്നെങ്കില്‍ ചട്ട ലംഘനമാകുന്നതുമാണ്. റോമില്‍വച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ കോപ്പി നല്‍കുന്നതാണ് ആദ്യ ചിത്രം. പാര്‍ലമെന്റില്‍ സോണിയ ഗാന്ധിയുടെ പ്രസംഗം തോമസ് കേട്ടിരിക്കുന്നതാണ് രണ്ടാമത്തെ ചിത്രം. രാഷ്ട്രപതിക്ക് പുസ്തകം സമ്മാനിക്കുന്ന ചിത്രമാണ് മൂന്നാമത്തേത്.

പാര്‍ലമെന്റില്‍ ഭക്ഷ്യസുരക്ഷാ ബില്‍ കൊണ്ടുവരികയും ശബ്ദവോട്ടിന്റെ സഹായത്താല്‍ നിയമമാക്കുകയും ചെയ്തത് തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. രണ്ടാം യുപിഎ സര്‍ക്കാര്‍ നൂറുദിവസത്തിനകം ഭക്ഷ്യസുരക്ഷാ ബില്‍ പാസാക്കുമെന്നായിരുന്നു ആദ്യ നയപ്രഖ്യാപനപ്രസംഗത്തിലെ വാഗ്ദാനം. ഇതിനുശേഷം 1500 ദിവസം കഴിഞ്ഞാണ് ബില്‍ കൊണ്ടുവന്നത്. ഭക്ഷ്യസുരക്ഷാപദ്ധതി നടപ്പാക്കുക എന്നതിനേക്കാള്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നിയമം പാസാക്കി രാഷ്ട്രീയസുരക്ഷ ഉറപ്പാക്കുകയായിരുന്നു യുപിഎയുടെ ഉദ്ദേശ്യം. പാര്‍ലമെന്റ് സമ്മേളനത്തിന് തൊട്ടുമുമ്പ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നതുതന്നെ അനുചിതമായ നടപടിയാണ്. യുപിഎയുടെ രാഷ്ട്രീയ ഉദ്ദേശ്യവും ആത്മാര്‍ഥതയില്ലായ്മയും പ്രതിഫലിപ്പിക്കുന്നതാണ് ഭക്ഷ്യസുരക്ഷാനിയമമെന്ന് കോടികള്‍ മുടക്കിയുള്ള പരസ്യവും തെളിയിക്കുന്നു.

പരസ്യം മന്ത്രിയുടെ തെരഞ്ഞെടുപ്പ് പോസ്റ്റര്‍

യുപിഎ ഭരണത്തില്‍ കേരളത്തിലെ പൊതുവിതരണ സംവിധാനം മെച്ചപ്പെട്ടെന്ന അവകാശവാദത്തോടെ കേന്ദ്ര ഉപഭോക്തൃ-ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയം നല്‍കിയ മുഴുപേജ് പരസ്യം കേന്ദ്രമന്ത്രി കെ വി തോമസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്റര്‍. തെരഞ്ഞെടുപ്പ് പ്രചാരണം നോട്ടമിട്ട് കേന്ദ്രസര്‍ക്കാര്‍ ചെലവില്‍ പ്രസിദ്ധീകരിച്ച പരസ്യത്തിലെ അവകാശവാദങ്ങളത്രയും വസ്തുതാവിരുദ്ധമാണ്. റേഷന്‍കടകള്‍ നോക്കുകുത്തികളാവുകയും പൊതുവിതരണ സംവിധാനം അമ്പേ പരാജയപ്പെടുകയും ചെയ്തത് മറച്ചുവെച്ചാണ് സര്‍ക്കാര്‍ ചെലവില്‍ തെരഞ്ഞെടുപ്പു പ്രചാരണം. എഫ്സിഐ ഗോഡൗണുകളില്‍ ഇത്രയേറെ ഭക്ഷ്യധാന്യം കെട്ടിക്കിടന്ന് നശിക്കുന്നത് ഇതാദ്യമാണ്. കേരളത്തില്‍ പ്രതിമാസ ഭക്ഷ്യധാന്യവിഹിതം 1,22,724 ടണ്ണാണെന്നാണ് പരസ്യത്തിലെ ലേഖനം അവകാശപ്പെടുന്നത്. എന്നാല്‍, 1.65 ലക്ഷം ടണ്‍ ഉണ്ടായിരുന്നത് ഏതാനും മാസം മുമ്പ് വെട്ടിക്കുറച്ചത് മന്ത്രി മറച്ചുവയ്ക്കുന്നു.

 യുഡിഎഫ് സര്‍ക്കാര്‍ വന്നതോടെ ആദിവാസി, മത്സ്യത്തൊഴിലാളി മേഖലകളില്‍ പഞ്ഞമാസങ്ങളിലെ സൗജന്യ അരിവിതരണം ഉപേക്ഷിക്കുകയായിരുന്നു. ബിപിഎല്‍ കാര്‍ഡിന് ഒരു രൂപ നിരക്കിലുള്ള 25 കിലോ അരി 18 ആയി കുറയ്ക്കാന്‍ നീക്കമുണ്ടായപ്പോള്‍ ഇടതുപക്ഷം ഉള്‍പ്പെടെ ശക്തമായ പ്രക്ഷോഭം ഉയര്‍ത്തിയപ്പോഴാണ് താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. അരി, ഗോതമ്പ്, പഞ്ചസാര എന്നിവയുടെ പ്രതിമാസ വിതരണവും ഉത്സവകാലങ്ങളില്‍ അനുവദിച്ച പ്രത്യേക ക്വാട്ടയും അടക്കം കള്ളക്കണക്കുകള്‍ നിരത്തിയാണ് പരസ്യത്തിലെ അവകാശവാദം. പ്രതിമാസവിഹിതത്തിനു പുറമെ 2011-12ല്‍ 1,19,168 ടണ്ണും 2012-13ല്‍ 3,06,104 ടണ്ണും 2013-14ല്‍ 1,19,168 ടണ്ണും ഭക്ഷ്യധാന്യം അനുവദിച്ചതായി കെ വി തോമസ് അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഇതില്‍ നല്ലൊരു ഭാഗം കാര്‍ഡ് ഉടമകള്‍ക്ക് ലഭിച്ചില്ലെന്നത് യാഥാര്‍ഥ്യമാണ്. മണ്ണെണ്ണവിതരണം ഏറെക്കുറെ ഇല്ലാതായി. വൈദ്യുതീകരിച്ച വീടുകള്‍ക്കുള്ള രണ്ടു ലിറ്റര്‍ മണ്ണെണ്ണ അര ലിറ്ററാക്കി. ഉത്സവ സീസണുകളില്‍ ഉള്‍പ്പടെ പഞ്ചസാര കിട്ടാനില്ല. എപിഎല്‍ ഗോതമ്പ് മൂന്നുമാസമായി ലഭിക്കുന്നില്ല. റേഷന്‍ വിതരണത്തിനുള്ള അരിയും ഗോതമ്പും മൊത്ത വ്യാപാരികള്‍ മുഖേന വന്‍തോതില്‍ കരിഞ്ചന്തയിലേക്ക്് പോയി. ഇതുമായി ബന്ധപ്പെട്ട നൂറുകണക്കിന് കേസുകളില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ ഒതുക്കി.

ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ആളോഹരി ഭക്ഷ്യധാന്യം പരമാവധി അഞ്ചു കിലോയാണ്. നാലു പേരുള്ള കുടുംബത്തില്‍ 20 കിലോയും രണ്ടു പേരുള്ള കുടുംബത്തില്‍ പത്തുകിലോയുമാകും പരമാവധി കിട്ടുക. ഈ മാനദണ്ഡം പാലിച്ചാല്‍ നിലവില്‍ റേഷന്‍ കിട്ടുന്നവരില്‍ 53 ശതമാനവും പുറത്താകുമെന്ന് ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തിന് പ്രത്യേക പാക്കേജ് ആവിഷ്കരിക്കണമെന്ന ആവശ്യം യുഡിഎഫ് സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. കേന്ദ്രം പാസാക്കിയ ഭക്ഷ്യസുരക്ഷാ നിയമം അതേപടി കേരളത്തില്‍ നടപ്പാക്കിയാല്‍ പാവപ്പെട്ടവര്‍ക്ക് കനത്ത ദ്രോഹമാകുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ജോണി നെല്ലൂര്‍ പറഞ്ഞു.

വി എം രാധാകൃഷ്ണന്‍

കെ വി തോമസിനെതിരെ സിപിഐ എം നിയമനടപടിക്ക്

കൊച്ചി: അധികാര ദുര്‍വിനിയോഗം നടത്തി കേന്ദ്രസര്‍ക്കാര്‍ ചെലവില്‍ പരസ്യം നല്‍കിയ കേന്ദ്രമന്ത്രി കെ വി തോമസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി സി എം ദിനേശ്മണി പ്രസ്താവനയില്‍ പറഞ്ഞു. "ഉണരൂ ഉപഭോക്താവേ ഉണരൂ" എന്ന പേരിലുള്ള പത്രപരസ്യം അധികാരദുര്‍വിനിയോഗത്തിന്റെ നേര്‍സാക്ഷ്യമാണ്. ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ താല്‍പ്പര്യങ്ങളാണ് ഇതിനുപിന്നില്‍. ഭക്ഷണം പൗരന്റെ അവകാശമാക്കിയതാണ് നിയമത്തിന്റെ നേട്ടമെന്നും ധാന്യശേഖരം കൂടിയെന്നും കേരളത്തിന് കൂടുതല്‍ ഭക്ഷ്യധാന്യം ഉറപ്പാക്കിയെന്നുമുള്ള പരാമര്‍ശങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. പൊതുജന താല്‍പ്പര്യാര്‍ഥം കേന്ദ്ര ഉപഭോക്തൃ ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയമാണ് പരസ്യം പ്രസിദ്ധീകരിച്ചത്.

deshabhimani

സുരക്ഷയാകേണ്ട നിയമം ചോറില്‍ മണ്ണുവാരിയിട്ടു

എല്ലാവരുടെയും വയറുനിറയ്ക്കുമെന്ന പ്രചാരണത്തോടെ വോട്ട് ലക്ഷ്യമാക്കി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ഭക്ഷ്യസുരക്ഷാ നിയമം ദരിദ്രജനകോടികള്‍ക്ക് സമ്മാനിക്കുക വിശപ്പ് മാത്രമെന്ന് കണക്കുകള്‍. രാജ്യത്തെ ഗ്രാമവാസികളില്‍ 75 ശതമാനവും നഗരജനതയില്‍ 50 ശതമാനവും ആകെ ജനസംഖ്യയുടെ 67 ശതമാനവും ഭക്ഷ്യസുരക്ഷാപദ്ധതിയുടെ പരിധിയില്‍ വരുമെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. 67 ശതമാനത്തെമാത്രം ഉള്‍ക്കൊള്ളുന്ന പദ്ധതിതന്നെ തട്ടിപ്പാണ്. 90 ശതമാനത്തെയെങ്കിലും ഉള്‍ക്കൊള്ളുന്നതാവണം പൊതുവിതരണ സംവിധാനമെന്നാണ് സങ്കല്‍പ്പം. നിലവില്‍ രാജ്യത്തെ ഗ്രാമീണജനതയില്‍ 75 ശതമാനവും നഗരജനതയില്‍ 69 ശതമാനവും പട്ടിണിക്കാരാണെന്ന് വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഭക്ഷ്യസുരക്ഷാ നിയമം 67 ശതമാനത്തെ ഉള്‍ക്കൊള്ളുന്നുവെന്ന സര്‍ക്കാര്‍ അവകാശവാദവും ശരിയല്ല. ആസൂത്രണ കമീഷന്‍ പട്ടികപ്രകാരം കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവ ഉള്‍പ്പെടെ 13 സംസ്ഥാനങ്ങളില്‍ ദേശീയ ശരാശരിയായ 67 ശതമാനത്തിന് ചുവടെയാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടവരുടെ എണ്ണം. യുപി, ബിഹാര്‍, മധ്യപ്രദേശ് തുടങ്ങി എട്ട് സംസ്ഥാനങ്ങളില്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടവരുടെ അനുപാതം ദേശീയ ശരാശരിയേക്കാള്‍ കൂടുതലുമാണ്. 12 സംസ്ഥാനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്ന 75 ശതമാനത്തേക്കാള്‍ കുറവായിരിക്കും പദ്ധതിയിലെ ഗ്രാമീണ ഗുണഭോക്താക്കളുടെ എണ്ണം. ഇത്രയുംതന്നെ സംസ്ഥാനങ്ങളില്‍ 50 ശതമാനത്തേക്കാള്‍ കുറവാണ് നഗര ഗുണഭോക്താക്കള്‍.

എപിഎല്‍, ബിപിഎല്‍ വേര്‍തിരിവിന് ആസൂത്രണ കമീഷന്‍ സ്വീകരിച്ച, അശാസ്ത്രീയവും വിശ്വാസ്യതയില്ലാത്തതുമായ മാനദണ്ഡങ്ങള്‍ ബാധകമാക്കിയാണ് 67 ശതമാനമെന്ന ദേശീയ ശരാശരിയില്‍ എത്തിച്ചത്. പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടവരുടെ മാനദണ്ഡം നിശ്ചയിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അധികാരം അട്ടിമറിക്കപ്പെട്ടു. ആസൂത്രണ കമീഷന്‍ നിശ്ചയിച്ച പരിധിയില്‍ ഗുണഭോക്താക്കളുടെ എണ്ണം പരിമിതമാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ബന്ധിതമായി. കേരളം, തമിഴ്നാട്, കര്‍ണാടകം, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍, ഒഡിഷ, ത്രിപുര, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങി 12 സംസ്ഥാനങ്ങളില്‍ ഈ ബില്ലില്‍ അവകാശപ്പെടുന്നതിനേക്കാള്‍ ആളുകളെ ഉള്‍ക്കൊള്ളുന്ന ഭക്ഷ്യസുരക്ഷാപദ്ധതികള്‍ സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്നുണ്ട്. ഇവിടങ്ങളിലെല്ലാം എപിഎല്‍ കാര്‍ഡുടമകള്‍ക്കും മിതമായ വിലയ്ക്ക് ഭക്ഷ്യധാന്യം ഉറപ്പാക്കുന്നു. ഭക്ഷ്യസുരക്ഷാ നിയമം വന്നതോടെ കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ വലിയൊരു വിഭാഗത്തിന് ഭക്ഷ്യസുരക്ഷ നിഷേധിക്കപ്പെടുകയായിരുന്നു. 2010-11നും 2013-14നുമിടയിലുള്ള കണക്കുകള്‍ പ്രകാരം എപിഎല്‍ വിഭാഗത്തിനുള്ള കേന്ദ്രവിഹിതമായ അരി 70 ശതമാനത്തിന് മുകളില്‍ വാങ്ങിയിട്ടുണ്ട്. പലപ്പോഴും ഇത് 90 ശതമാനംവരെ എത്തി. എപിഎല്‍ വിഭാഗക്കാരെ ഭക്ഷ്യവിലക്കയറ്റം എത്രത്തോളം ബാധിക്കുന്നുവെന്നതിന് തെളിവാണ് പൊതുവിതരണസംവിധാനത്തെ ആശ്രയിക്കുന്നവരുടെ ഉയര്‍ന്ന ശതമാനം. എപിഎല്‍, ബിപിഎല്‍ വിഭജനത്തിന്റെ മാനദണ്ഡം തീര്‍ത്തുംഅശാസ്ത്രീയമാണെന്നും ഈ കണക്ക് തെളിയിക്കുന്നു.

എം വി പ്രദീപ്

ആര്‍ക്കെല്ലാം ഭക്ഷണം വേണമെന്ന് കേന്ദ്രം നിശ്ചയിക്കും

ഭക്ഷ്യസുരക്ഷ ആര്‍ക്കൊക്കെ വേണമെന്ന് നിശ്ചയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കാത്തതാണ് കേന്ദ്രനിയമം. ഭക്ഷ്യസുരക്ഷാ നിയമത്തിലെ പ്രധാന വ്യവസ്ഥകള്‍: ഭക്ഷ്യസുരക്ഷാ പരിധിയില്‍ വരുന്ന വ്യക്തികള്‍ക്ക് പ്രതിമാസം അഞ്ചുകിലോ ഭക്ഷ്യധാന്യം. ഗ്രാമങ്ങളില്‍ 75 ശതമാനവും നഗരങ്ങളില്‍ 50 ശതമാനവും ജനങ്ങള്‍ പരിധിയില്‍. അന്ത്യോദയ അന്ന യോജന (എഎവൈ) പദ്ധതിയില്‍ വരുന്ന കുടുംബങ്ങള്‍ക്ക് പ്രതിമാസം 35 കിലോ ഭക്ഷ്യധാന്യം തുടരും. സംസ്ഥാനങ്ങളില്‍ ആരൊക്കെ പദ്ധതിയില്‍ വരണമെന്ന് കേന്ദ്രം നിശ്ചയിക്കും. അടുത്ത മൂന്നുവര്‍ഷത്തേക്ക് പദ്ധതി ഗുണഭോക്താക്കള്‍ക്ക് കിലോ മൂന്നു രൂപ നിരക്കില്‍ അരിയും രണ്ടു രൂപ നിരക്കില്‍ ഗോതമ്പും ഒരു രൂപ നിരക്കില്‍ റാഗി, ബജ്റ തുടങ്ങിയ ധാന്യങ്ങളും ഉറപ്പാക്കും. മൂന്നുവര്‍ഷം കഴിയുമ്പോള്‍ വില പുനഃപരിശോധിക്കും.

സാര്‍വത്രിക പൊതുവിതരണം ഇല്ല

ഭക്ഷ്യസുരക്ഷാ നിയമത്തില്‍ സാര്‍വത്രിക പൊതുവിതരണം എന്നൊന്നില്ല. ആദായനികുതി നല്‍കുന്നവരൊഴികെയുള്ള എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സാര്‍വത്രിക പൊതുവിതരണം ലക്ഷ്യമാക്കണമെന്ന ഇടതുപക്ഷത്തിന്റെയും സിപിഐ എമ്മിന്റെയും നിര്‍ദേശം തള്ളിയാണ് നിയമം സര്‍ക്കാര്‍ പാസ്സാക്കിയത്. ഭക്ഷ്യധാന്യങ്ങള്‍ക്ക് പുറമെ ആവശ്യമായ അളവില്‍ പഞ്ചസാര, പാചക എണ്ണ, പയര്‍വര്‍ഗങ്ങള്‍ എന്നിവ ഉറപ്പാക്കാന്‍ നിര്‍ദേശമില്ല. വ്യക്തിക്ക് അഞ്ചു കിലോ ഭക്ഷ്യധാന്യമെന്നത് ഏഴു കിലോ ആക്കി ഉയര്‍ത്തണമെന്നും കുടുംബത്തിന് ചുരുങ്ങിയത് 35 കിലോ ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. മൂന്നുവര്‍ഷത്തിനുശേഷം ഭക്ഷ്യധാന്യവില താങ്ങുവിലയുമായി ബന്ധപ്പെടുത്തുന്ന വ്യവസ്ഥ വിലക്കയറ്റത്തിന് ഇടയാക്കും. മൂന്നു രൂപയ്ക്കുപകരം രണ്ടു രൂപയ്ക്ക് അരി നല്‍കണമെന്ന ആവശ്യവും സര്‍ക്കാര്‍ തള്ളി. ബില്ലിന് അമിതമായ കേന്ദ്രീകൃതസ്വഭാവം ഉള്ളതിനാല്‍ പദ്ധതിനടത്തിപ്പിന്റെ ചെലവ് പങ്കുവയ്ക്കല്‍ ഉള്‍പ്പെടെ എല്ലാ കാര്യങ്ങളിലും സംസ്ഥാന സര്‍ക്കാരുകളോട് കൂടിയാലോചന നടത്തി സമ്മതം വാങ്ങണമെന്ന ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചില്ല. പണം നേരിട്ട് നല്‍കുന്ന പദ്ധതി ഭക്ഷ്യസുരക്ഷയുമായി ബന്ധിപ്പിക്കരുതെന്നും സിപിഐ എം ആവശ്യപ്പെട്ടിരുന്നു.

പൊതുവിതരണ സമ്പ്രദായത്തില്‍ "ആധാര്" ഉള്‍പ്പെടുത്താന്‍ നിര്‍ദേശം

പൊതുവിതരണ സമ്പ്രദായത്തില്‍ "ആധാര്‍" ഉള്‍പ്പെടുത്താന്‍ ഭക്ഷ്യസുരക്ഷാ നിയമത്തില്‍ നിര്‍ദേശം. ഇതോടെ ഇന്ത്യയില്‍ ആധാര്‍ നിര്‍ബന്ധമാക്കുന്ന ആദ്യ നിയമമായിരിക്കുകയാണ് ഭക്ഷ്യസുരക്ഷാ നിയമം. പൊതുവിതരണ സംവിധാനത്തില്‍ വരുത്തേണ്ട പരിഷ്കാരങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന ഏഴാം അധ്യായത്തില്‍ 18(2) സി വകുപ്പിലാണ് ഇക്കാര്യം വിശദമാക്കുന്നത്. നിയമത്തിന്റെ ആനുകൂല്യങ്ങള്‍ പൂര്‍ണമായും ലഭ്യമാകാന്‍ സവിശേഷ തിരിച്ചറിയല്‍ രേഖയായി ആധാറും ഗുണഭോക്താക്കളുടെ ബയോമെട്രിക് വിവരങ്ങളും ഉള്‍പ്പെടുത്തണമെന്ന് ഇതില്‍ വ്യവസ്ഥചെയ്യുന്നു. പാചകവാതക സബ്സിഡി ലഭിക്കുന്നതിന് ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിച്ചത് രാജ്യമൊട്ടാകെ വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ആധാര്‍ നിര്‍ബന്ധമല്ലാതാക്കിയെങ്കിലും പാചകവാതക സബ്സിഡി ലഭിക്കുന്നതിന്റെ പേരിലുള്ള നിരവധി പ്രശ്നങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഇത് നിലനില്‍ക്കുമ്പോഴാണ് ഭക്ഷ്യസുരക്ഷാ നിയമത്തില്‍ ആധാര്‍ നിര്‍ബന്ധമാക്കാനുള്ള നിര്‍ദേശം. പാവപ്പെട്ട ജനങ്ങള്‍ക്ക് കടുത്ത ദ്രോഹമാകും ഈ നിര്‍ദേശം.

റേഷന്‍ കടകള്‍ പൂട്ടേണ്ടി വരും വിലക്കയറ്റം രൂക്ഷമാകും

ഭക്ഷ്യസുരക്ഷാനിയമം സംസ്ഥാനത്തെ റേഷന്‍ സംവിധാനം തകര്‍ത്ത് ആകെയുള്ള 14,420 റേഷന്‍ കടകളുടെ നിലനില്‍പ്പിന് ഭീഷണിയാകും . സംസ്ഥാനത്ത് ആകെയുള്ള 83 ലക്ഷം റേഷന്‍ കാര്‍ഡിന്റെ പ്രസക്തിയും നഷ്ടമാകും. കൂടാതെ സംസ്ഥാനത്തിന് കനത്ത സാമ്പത്തികഭാരമുണ്ടാക്കും. നിയമം വഴി നിശ്ചയിച്ച അളവില്‍ കൂടുതല്‍ ഭക്ഷ്യധാന്യം അനുവദിക്കുമ്പോള്‍ കേരളം കൂടുതല്‍ വില നല്‍കണം. ഇത് പൊതുവിപണിയില്‍ വിലക്കയറ്റം രൂക്ഷമാക്കും. 46 ശതമാനംപേര്‍ പദ്ധതിയില്‍നിന്ന് പുറത്താകുന്നതോടൊപ്പം ബിപിഎല്‍ കുടുംബത്തിനു ലഭിക്കുന്ന 25 കിലോ ഭക്ഷ്യധാന്യത്തില്‍ വലിയ നഷ്ടവുമുണ്ടാകും.

പൊതുവിതരണസംവിധാനം വര്‍ഷങ്ങളായി നിലനില്‍ക്കുന്ന കേരളവും തമിഴ്നാടും അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് പുതിയനിയമം വിപത്തുണ്ടാക്കുമെന്ന മുന്നറിയിപ്പ് അവഗണിച്ചാണ് മലയാളികൂടിയായ ഭക്ഷ്യമന്ത്രി നിയമം നിര്‍മിച്ചത്. പദ്ധതിപ്രകാരം കേരളത്തിനു നിശ്ചയിച്ച സബ്സിഡി ഭക്ഷ്യധാന്യത്തിന്റെ അളവ് വര്‍ഷം 14.25 ലക്ഷം ടണ്ണാണ്. ഈ അളവില്‍ കൂടുതല്‍ അനുവദിക്കുന്ന അരിക്ക് ഇനി തുറന്നവിപണി പദ്ധതി (ഒഎംഎസ്) പ്രകാരം കൂടിയവില നല്‍കണം. ഇത് പൊതുവിപണിയിലെ അരിവില കുത്തനെ വര്‍ധിപ്പിക്കും. മൂന്നുവര്‍ഷമായി കേരളം എടുക്കുന്ന അരിയുടെ ശരാശരി 14.25 ലക്ഷം ടണ്ണാണ്. ഇക്കാലയളവില്‍ അനുവദിച്ച അധികവിഹിതത്തിന് നിയമപ്രകാരം അര്‍ഹതയില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്തെ 83 ലക്ഷം റേഷന്‍ കാര്‍ഡില്‍ 14,90,000 കാര്‍ഡ്ബിപിഎല്‍ കുടുംബത്തിന്റേതാണ്. അന്ത്യോദയ-അന്നയോജന പദ്ധതിയില്‍ 5,93,207 കാര്‍ഡുണ്ട്. ബാക്കിയുള്ള എപിഎല്‍ കാര്‍ഡില്‍ 14 ലക്ഷം കാര്‍ഡിന് സബ്സിഡിയോടെ ഭക്ഷണസാമഗ്രികള്‍ ലഭിക്കും. ശേഷമുള്ള കാര്‍ഡ് മുഴുവന്‍ എപിഎല്‍ വിഭാഗത്തിലാണ്. എന്നാല്‍, ബിപിഎല്‍, എപിഎല്‍ വ്യത്യാസമില്ലാതെ തന്നെ കേരളത്തില്‍ റേഷന്‍ വിതരണം തകരാറിലാണ്. ഭക്ഷ്യസുരക്ഷാനിയമം ഇല്ലാതിരുന്ന മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബിപിഎല്‍ കുടുംബത്തിന് 2 രൂപയ്ക്ക് 25 കിലോ അരിയും ഏഴു കിലോ ഗോതമ്പും നല്‍കിയിരുന്നു. അന്ത്യോദയ കാര്‍ഡിന് മാസംതോറും 35 കിലോ നല്‍കിയിരുന്നു. എന്നാല്‍, ഭക്ഷ്യസുരക്ഷാനിയമം വന്നശേഷം കേരളത്തില്‍ യുഡിഎഫ് നല്‍കുന്ന റേഷന്റെ അളവുകോല്‍ മാത്രംമതി ഭക്ഷ്യസുരക്ഷാനിയമത്തിന്റെ പൊള്ളത്തരം അറിയാന്‍. കഴിഞ്ഞമാസം റേഷന്‍ കടകളില്‍ 22 കിലോ അരിയും 2 കിലോ ഗോതമ്പുമാണ് നല്‍കിയത്. എപിഎല്‍ വിഭാഗത്തിന് സബ്സിഡി അരി 9 കിലോയായി വെട്ടിച്ചുരുക്കി. ഗോതമ്പ് നല്‍കിയിട്ടില്ല. 21 രൂപയ്ക്ക് എപിഎല്‍ വിഭാഗത്തിനു നല്‍കുന്ന അരിയാകട്ടെ റേഷന്‍ കടകളില്‍ പേരിനു മാത്രമാണ് എത്തിയത്. ആദ്യം എത്തിയ കുറച്ചുപേര്‍ക്കു മാത്രം അരി നല്‍കിയശേഷം പിന്നാലെ എത്തിയവരെ കാലിച്ചാക്ക് കാണിച്ച് മടക്കി അയക്കുകയായിരുന്നു.

മണ്ണെണ്ണയും മുട്ടിച്ചു

ഭക്ഷ്യസുരക്ഷാ നിയമത്തെ മഹത്വവല്‍ക്കരിച്ചും അതിന്റെ പിതൃത്വം പ്രചരിപ്പിക്കാനുമായി കോടികള്‍ ചെലവഴിച്ച് കേന്ദ്രഭക്ഷ്യസഹമന്ത്രി കെ വി തോമസ് നല്‍കിയ "പെയ്ഡ്ന്യൂസ്" മോഡല്‍ പരസ്യത്തില്‍ തീരദേശജനതയെ മറന്നു. സംസ്ഥാനത്തിനുള്ള സബ്സിഡി മണ്ണെണ്ണവിഹിതം വെട്ടിക്കുറച്ച് ലക്ഷക്കണക്കിന് മത്സ്യബന്ധനത്തൊഴിലാളികളെ ദുരിതക്കടലിലെറിഞ്ഞ മന്ത്രിയാണ് കെ വി തോമസ്. സബ്സിഡി മണ്ണെണ്ണ ലഭിക്കാതെ മത്സ്യബന്ധനം കേരളത്തില്‍ പേരിനു മാത്രമായതോടെ തീരദേശങ്ങളിലെ ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളാണ് പ്രതിസന്ധിയിലായത്. മത്സ്യബന്ധനം കുറഞ്ഞതോടെ മീനിന് തീവിലയായി. മത്തിക്കുപോലും വില ഇരട്ടിയിലേറെ വര്‍ധിച്ചു. മത്സ്യബന്ധനവും അനുബന്ധ മത്സ്യമേഖലയും തീരാദുരിതത്തിലേക്ക് എടുത്തെറിയപ്പെട്ടു.

കേരളത്തിനുള്ള മണ്ണെണ്ണവിഹിതം വെട്ടിക്കുറച്ച കേന്ദ്രനടപടിയാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. 2011 ജൂണ്‍വരെ 15,660 കിലോ ലിറ്റര്‍ മണ്ണെണ്ണയാണ് കേന്ദ്രം കേരളത്തിന് നല്‍കിക്കൊണ്ടിരുന്നത്. അത് വെട്ടിച്ചുരുക്കി 10,600 ലിറ്ററാക്കിയതോടെയാണ് പ്രതിസന്ധി തുടങ്ങിയത്. സബ്സിഡി നിരക്കില്‍ 20 രൂപയ്ക്ക് കിട്ടിക്കൊണ്ടിരുന്ന മണ്ണെണ്ണ കിട്ടാതായതോടെ കരിഞ്ചന്തയില്‍ മണ്ണെണ്ണയ്ക്ക് തീവിലയായി. ഇത് തടയാനുള്ള നടപടിയൊന്നും ഉണ്ടായില്ല. ലിറ്ററിന് 60 മുതല്‍ 80 രൂപവരെ ഇന്ന് കരിഞ്ചന്തയില്‍ മണ്ണെണ്ണയ്ക്കുണ്ട്. ഇത്ര വലിയ തുകയ്ക്ക് എണ്ണ വാങ്ങി എന്‍ജിന്‍ഘടിപ്പിച്ച വള്ളത്തില്‍ കടലില്‍പോയാല്‍ കടക്കെണിയില്‍ കുരുങ്ങുമെന്നല്ലാതെ ജീവിതം മുന്നോട്ടുകൊണ്ടുപോകാനാവില്ലെന്നുവന്നതോടെ തീരദേശങ്ങളില്‍ കൂട്ടത്തോടെ ആളുകള്‍ മത്സ്യബന്ധനം ഉപേക്ഷിച്ചു.

കേരളത്തിലെ മത്സ്യമേഖലയ്ക്ക് പ്രത്യേകമായി മണ്ണെണ്ണ അനുവദിക്കുന്നില്ലെങ്കിലും ആകെ അനുവദിക്കുന്നതില്‍ ഒരു വിഹിതം സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ വഴി മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുകയാണ് ചെയ്യുന്നത്. വെട്ടിക്കുറച്ച മണ്ണെണ്ണ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങള്‍ വര്‍ധിക്കുമ്പോഴും കേന്ദ്രമന്ത്രിക്ക് കുലുക്കമില്ല. വെട്ടിക്കുറച്ച മണ്ണെണ്ണ പുനഃസ്ഥാപിക്കുന്ന പ്രശ്നമില്ലെന്ന് ആവര്‍ത്തിക്കുന്ന മന്ത്രി വിപണിവിലയ്ക്ക് വേണമെങ്കില്‍ തരാം എന്ന ഔദാര്യമേ കാണിക്കുന്നുള്ളൂ. വിപണി വിലയ്ക്ക് മണ്ണെണ്ണയുമായി കടലില്‍പോയാല്‍ ഒരു കിലോ മത്തിക്ക് 200 രൂപ വാങ്ങിത്തരുമോ എന്നാണ് മത്സ്യത്തൊഴിലാളികളുടെ ചോദ്യം. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മന്ത്രി മുഖം മിനുക്കാന്‍ പരസ്യത്തിന് തുലയ്ക്കുന്ന കോടികള്‍ ഉണ്ടായാല്‍മാത്രം മതി കേരളത്തിലെ തീരദേശം രക്ഷപ്പെടാനെന്ന് മത്സ്യമേഖലയിലെ തൊഴിലാളി നേതാക്കള്‍ ഒന്നടങ്കം പറയുന്നു.

deshabhimani

Saturday, February 22, 2014

കെട്ടിക്കിടക്കുന്നത് 3.32 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം

പഴകിയവ നശിപ്പിച്ചിട്ടും സംസ്ഥാനത്തെ എഫ്സിഐ ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്നത് 3.32 ലക്ഷം ടണ്‍ അരിയും ഗോതമ്പും. കഴിഞ്ഞ സീസണില്‍ വടക്കേ ഇന്ത്യയില്‍ മികച്ച വിളവ് കിട്ടിയതിനാല്‍ ഏതുസമയത്തും കൂടുതല്‍ സ്റ്റോക്കെത്തും. അതേസമയം, ഭക്ഷ്യധാന്യം കെട്ടിക്കിടക്കുമ്പോഴും പൊതുവിതരണ സംവിധാനം കാര്യക്ഷമമാക്കാന്‍ നടപടിയില്ല. ഭക്ഷ്യധാന്യം കെട്ടിക്കിടക്കുന്നത് സംബന്ധിച്ച് പാര്‍ലമെന്റിലടക്കം ആക്ഷേപം ഉര്‍ന്നതിനെത്തുടര്‍ന്ന് പഴക്കംചെന്ന അരിയും ഗോതമ്പും വന്‍തോതില്‍ നശിപ്പിച്ചിരുന്നു. കേരളത്തില്‍ ആയിരക്കണക്കിന് ടണ്‍ നശിപ്പിച്ചതായി കേന്ദ്രമന്ത്രി കെ വി തോമസ് പറഞ്ഞു.

സംസ്ഥാനത്ത് ഒമ്പത് ജില്ലാ കേന്ദ്രങ്ങളിലടക്കം 22 എഫ്സിഐ ഗോഡൗണുകളുടെ പരമാവധി സംഭരണശഷി 5,46,000 ടണ്‍ ആണ്. ഈയിടെ രണ്ട് ഗോഡൗണ്‍കൂടി തുറന്നതോടെയാണ് സംഭരണശേഷി ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷം സംഭരണം ആറുലക്ഷം പിന്നിട്ടിരുന്നു. വരാന്തകളിലും മറ്റും ഭക്ഷ്യധാന്യം മഴകൊണ്ട് നശിക്കുകയാണ്. സ്റ്റോക്ക് ചെയ്ത് ഒരുവര്‍ഷം കഴിഞ്ഞാല്‍ ഗുണനിലവാരം കുറയുമെന്നിരിക്കെ പരിശോധനയില്‍ 2010 മുതലുള്ള സ്റ്റോക്കാണ് പല ഗോഡൗണുകളിലും കണ്ടെത്തിയത്. തുടര്‍ന്നാണ് നശിപ്പിക്കാന്‍ നടപടിയെടുത്തത്. ആയിരക്കണക്കിന് ടണ്‍ നശിപ്പിച്ചിട്ടും 3,32,079 ടണ്‍ സംസ്ഥാനത്തെ ഗോഡൗണുകളില്‍ സ്റ്റോക്കുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍ പുഴുക്കലരി 1,71,271 ടണ്ണും പച്ചരി 58,981 ടണ്ണും ഗോതമ്പ് 1,01,826 ടണ്ണുമാണ്.

ഔദ്യോഗിക കണക്കിനേക്കാള്‍ കൂടുതല്‍ സ്റ്റോക്കുണ്ടെന്നും ഭക്ഷ്യധാന്യം കെട്ടിക്കിടക്കുന്ന കാര്യം തെരഞ്ഞെടുപ്പ് പ്രമാണിച്ച് മറച്ചുവയ്ക്കാനാണ് മനേജ്മെന്റ് ശ്രമമെന്നും തൊഴിലാളികള്‍ പറഞ്ഞു. അരിയും ഗോതമ്പുമായി പ്രതിമാസം ഒരുലക്ഷത്തോളം ടണ്‍ റേഷനാണ് വിതരണത്തിനായി പോകുന്നത്. എല്‍ഡിഎഫ് ഭരണകാലത്ത് 1,85,000 ടണ്‍ വരെ വിതരണം ചെയ്തിരുന്നു. ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കുന്നതോടെ സംസ്ഥാനത്ത് റേഷന്‍ വിതരണം ഇനിയും താഴും. ഇതിനിടെ എപിഎല്‍ വിഭാഗക്കാരുടെ ഗോതമ്പ് വെട്ടിക്കുറച്ചത് പ്രതിഷേധങ്ങള്‍ക്കിടയാക്കി. ഇത് ഉടന്‍ പുനഃസ്ഥാപിക്കുമെന്ന് കെ വി തോമസ് പ്രഖ്യാപിച്ചെങ്കിലും നല്‍കിത്തുടങ്ങിയിട്ടില്ല. റേഷന്‍ സംവിധാനം അട്ടിമറിക്കുന്നതിനെതിരെ റേഷന്‍ വ്യാപാരികളും സമരരംഗത്താണ്.

വി എം രാധാകൃഷ്ണന്‍ deshabhimani

Monday, February 17, 2014

ഭക്ഷ്യമന്ത്രിയും പാര്‍ടി ചെയര്‍മാനും ഒത്തുകളിക്കുന്നു; 17 ദിവസമായി റേഷന്‍കട കാലി

റേഷന്‍കടക്കാരുടെ സമരം 17-ാം ദിവസത്തിലേക്ക് കടക്കുമ്പോഴും സമരം തീര്‍ക്കാതെ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്ബും സമരത്തിന് നേതൃത്വംനല്‍കി അദ്ദേഹത്തിന്റെ പാര്‍ടി ചെയര്‍മാന്‍ ജോണി നെല്ലൂരും ഒത്തുകളിക്കുന്നു. രാജ്യത്തെ ഭക്ഷ്യോല്‍പ്പാദനം റെക്കോഡ് വര്‍ധനയിലേക്ക് കടക്കുമ്പോഴും കേരളത്തിലെ റേഷന്‍കടകള്‍ ശൂന്യമാണ്. ഉല്‍പ്പാദനമേറിയ സാഹചര്യത്തില്‍ പൊതുവിപണിയില്‍ അരിവില കുറയേണ്ടതിനുപകരം കേരളത്തിലെ സാഹചര്യം മുതലെടുത്ത് വില ഉയര്‍ത്താന്‍ കച്ചവടക്കാരും തക്കം പാര്‍ക്കുന്നു.

കംപ്യൂട്ടര്‍വല്‍ക്കരണം ഏര്‍പ്പെടുത്തുംമുമ്പ് തങ്ങള്‍ക്ക് മതിയായ വരുമാനം ഉറപ്പുവരുത്തുക എന്നതാണ് റേഷന്‍കടക്കാരുടെ പ്രധാന ആവശ്യം. ഫെബ്രുവരി ഒന്നുമുതല്‍ ഇവര്‍ ഓര്‍ഡര്‍ ബഹിഷ്കരിച്ചതോടെ ഭൂരിപക്ഷം റേഷന്‍കടകളും കാലിയായി. ശനിയാഴ്ചമുതല്‍ കടയടപ്പ് സമരവും ആരംഭിച്ചു. ജോണി നെല്ലൂരും അനൂപ് ജേക്കബ്ബും പരസ്പരം വിമര്‍ശിച്ച് പ്രസ്താവന ഇറക്കുന്നതല്ലാതെ സമരം തീര്‍ക്കാനുള്ള നടപടി ഉണ്ടാകുന്നില്ല. സമരത്തിന് മുഖ്യനേതൃത്വം നല്‍കുന്ന ഓള്‍ കേരള റീടെയ്ല്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്റെ പ്രസിഡന്റാണ് ജോണി നെല്ലൂര്‍. കേന്ദ്രഭക്ഷ്യമന്ത്രി കെ വി തോമസാകട്ടെ മന്ത്രിയാകുംമുമ്പ് 25 വര്‍ഷത്തോളം ഈ സംഘടനയുടെ പ്രസിഡന്റായിരുന്നു.

മറ്റ് രണ്ട് സംഘടനകളും സമരരംഗത്തുണ്ട്. ചില ചെറു സംഘടനകള്‍ സമരത്തില്‍നിന്ന് പിന്മാറിയെങ്കിലും നിലവില്‍ 14,200ലേറെ കടക്കാരില്‍ 90 ശതമാനത്തിലേറെയും സമരരംഗത്താണ്. ഭരണകക്ഷിയുടെ ഭാഗമായ ജോണി നെല്ലൂരിനും കൂട്ടര്‍ക്കും പ്രശ്നം മന്ത്രിസഭയുടെയോ യുഡിഎഫിന്റെയോ ശ്രദ്ധയില്‍പ്പെടുത്താന്‍ ആവോളം സമയമുണ്ടായിരുന്നു. ഇത് ചെയ്യാതെ കടക്കാരെ സമരത്തിലേക്ക് നയിക്കുകയായിരുന്നെന്നാണ് പ്രധാന വിമര്‍ശം. ഒരുഘട്ടത്തില്‍ റേഷന്‍മേഖലയുടെ തകര്‍ച്ചയെക്കുറിച്ചും അനൂപിനെ കുറ്റപ്പെടുത്തിയും കെ വി തോമസ് പ്രസ്താവന ഇറക്കിയപ്പോള്‍ എതിര്‍ പ്രസ്താവനയുമായും ജോണി നെല്ലൂര്‍ രംഗത്തുവന്നിരുന്നു.

ഇദ്ദേഹവും അനൂപും ചേരിതിരിഞ്ഞുള്ള ഇപ്പോഴത്തെ പ്രസ്താവന ജനങ്ങളെ കബളിപ്പിക്കുന്നതാണെന്ന ആക്ഷേപത്തെ ശരിവയ്ക്കുന്നതാണിത്. കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ ഒടുവിലത്തെ കണക്കുപ്രകാരം രാജ്യത്തെ ഭക്ഷ്യോല്‍പ്പാദനം സര്‍വകാല റെക്കോഡിലേക്കാണ് നീങ്ങുന്നത്. ജൂണില്‍ അവസാനിക്കുന്ന സീസണില്‍ ഇന്ത്യയില്‍ 26.32 കോടി ടണ്‍ ഭക്ഷ്യധാന്യത്തിന്റെ ഉല്‍പ്പാദനമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്്. ഇതിലും ഉല്‍പ്പാദനം കുറഞ്ഞ കഴിഞ്ഞതവണ ലോകത്തെ അരി കയറ്റുമതിയില്‍ റെക്കോഡ് നേട്ടമാണ് ഇന്ത്യ കൈവരിച്ചത്. എന്നാല്‍ ഇപ്പോഴും കേരളത്തിലെ റേഷന്‍ കടകള്‍ കാലിയാണ്. ഗോതമ്പാകട്ടെ ഭൂരിപക്ഷം പേര്‍ക്കും പേരിനുപോലും നല്‍കുന്നില്ല. സംസ്ഥാനത്തുനിന്ന് കേന്ദ്രഭക്ഷ്യമന്ത്രി ഉള്ളപ്പോഴാണ് ഈ സ്ഥിതി.

കാര്‍ഡൊന്നിന് ഇവിടെ പേരിന് അരലിറ്റര്‍ മണ്ണെണ്ണ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഉല്‍പ്പാദനവര്‍ധനയുടെ സാഹചര്യത്തില്‍ കേരളത്തിലെ അരിവില ഗണ്യമായി കുറയേണ്ടതാണ്. എന്നാല്‍, ജയ അരിക്ക് മൊത്തവില 32 രൂപവരെയും സുരേഖ, കുറുവ അരിക്ക് 31 രൂപവരെയുമാണ്. എല്‍ഡിഎഫ് ഭരണകാലത്ത് പൊതുവിപണിയിലെ അരിയുടെ ഏറ്റവും ഉയര്‍ന്ന വില 21 രൂപയായിരുന്നു. എന്നാല്‍, സമരത്തിന്റെ സാഹചര്യത്തില്‍ വില ഇനിയും ഉയര്‍ത്താനാണ് കച്ചവടക്കാരുടെ നീക്കം.

കംപ്യൂട്ടറൈസേഷന്‍ അട്ടിമറിക്കും

തിരു: റേഷന്‍ വ്യാപാരമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാതെ നടപ്പാക്കുന്ന കംപ്യൂട്ടറൈസേഷന്‍ അട്ടിമറിക്കപ്പെടുമെന്നും ഉറപ്പായി. തിരുവനന്തപുരത്തെ ആറു കടകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ കംപ്യൂട്ടര്‍വല്‍ക്കരണം അടുത്ത സാമ്പത്തികവര്‍ഷം പകുതി റേഷന്‍കടകളിലേക്ക് വ്യാപിപ്പിക്കാനാണ് പദ്ധതി. രണ്ടു വര്‍ഷത്തിനകം സംസ്ഥാനമാകെ പദ്ധതി പൂര്‍ണമാക്കുമെന്നും മന്ത്രി പറയുന്നു.

റേഷന്‍ വ്യാപാരികളെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കണമെന്നാണ് സംഘടനകളുടെ പ്രധാന ആവശ്യം. കിലോയ്ക്ക് 60 പൈസയായി കമീഷന്‍ വര്‍ധിപ്പിച്ചത് പ്രശ്നങ്ങള്‍ക്ക് പരിഹാരമാകില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. കമീഷന്‍ രണ്ടു രൂപയാക്കിയാല്‍ പോലും 500 കാര്‍ഡുള്ള റേഷന്‍കടക്കാരന് ലഭിക്കുന്ന ശരാശരി വരുമാനം 10,000 രൂപയായിരിക്കും. ഇതില്‍നിന്ന് വേണം വാടകയും ജോലിക്കാരന്റെ ശമ്പളവും മറ്റു ചെലവുകളും വഹിക്കാന്‍. ഉദ്യോഗസ്ഥരുടെ മാസപ്പടിയാണ് ഏറ്റവും വലിയ പ്രശ്നം. കാര്‍ഡ് ഒന്നിന് 10 രൂപയാണ് മാസപ്പടി. ഇതില്‍ അഞ്ചുരൂപ റേഷനിങ് ഇന്‍സ്പെക്ടര്‍ക്കും മൂന്നു രൂപ താലൂക്ക് സപ്ലൈ ഓഫീസര്‍ക്കും രണ്ടു രൂപ ജില്ലാ സപ്ലൈ ഓഫീസര്‍ക്കും ഉള്ള വിഹിതമാണ്. ഒരു വിഹിതം ഉന്നത തലങ്ങളിലേക്കും എത്തും. പ്രശ്നങ്ങള്‍ പരിഹരിക്കാതെയുള്ള കംപ്യൂട്ടര്‍വല്‍ക്കരണനീക്കവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതും ദുരുദ്ദേശ്യപരമാണെന്ന് ചൂണ്ടിക്കാട്ടുന്നു. കോടികളുടെ കമീഷനാണ് തിരക്കിട്ട കംപ്യൂട്ടര്‍വല്‍ക്കരണത്തിനു പിന്നിലെന്ന് അറിയുന്നു.

ആര്‍ സാംബന്‍

ഷഫീഖ് അമരാവതി deshabhimani

Saturday, February 15, 2014

റേഷന്‍ സമ്പ്രദായം ഇല്ലാതാക്കുന്നു: പിണറായി

തൃശൂര്‍: സംസ്ഥാനത്തെ റേഷന്‍ സമ്പ്രദായം പൂര്‍ണമായും ഇല്ലാതാക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്ത് റേഷന്‍ ലഭിക്കാത്ത സ്ഥിതിയാണ്. റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കയാണ്. ഇതോടെ റേഷന്‍ സമ്പ്രദായം തന്നെ താറുമാറാവും. പാവപ്പെട്ടവര്‍ക്ക് അരി ലഭിക്കാത്ത സാഹചര്യമുണ്ടാകും. ഈ പ്രശ്നം പരിഹരിക്കണമെന്ന ചിന്ത സര്‍ക്കാരിനില്ല. നടപടിയെടുക്കുമെന്ന് വകുപ്പുമന്ത്രി പറയുന്നു. മന്ത്രിയുടെ പാര്‍ടിയുടെ നേതാവ് സമരത്തിനൊപ്പമാണ്. മന്ത്രി നേതാവിനെ കുറ്റപ്പെടുത്തുന്നു. വിഷയം പരിഹരിക്കാന്‍ സര്‍ക്കാരിന് ഒരു താല്‍പ്പര്യവുമില്ല. ഭക്ഷ്യസുരക്ഷാനിയമം കൊണ്ടുവന്നപ്പോള്‍ കേന്ദ്രത്തില്‍നിന്നുള്ള ഭക്ഷ്യധാന്യവിഹിതം കുറയുകയാണ് ചെയ്തത്. കേരളത്തില്‍ ഉത്സവകാലങ്ങളില്‍ അധിക റേഷന്‍ നല്‍കാറുണ്ട്. സംസ്ഥാനത്തെ പ്രത്യേക സാഹചര്യം കേന്ദ്രത്തെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. 3600 മെട്രിക്ടണ്‍ ഭക്ഷ്യധാന്യം കേന്ദ്രം വെട്ടിക്കുറച്ചു. എപിഎല്‍-ബിപിഎല്‍ വേര്‍തിരിവിലൂടെ 74 ശതമാനം ആളുകള്‍ക്കും റേഷന്‍ ലഭിക്കാത്ത സ്ഥിതിയാണ്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരെ കബളിപ്പിച്ചുകൊണ്ടിരിക്കയാണ്. റിപ്പോര്‍ട്ട് തിരുത്തണമെന്ന് ഹരിത ട്രിബ്യൂണല്‍ മുമ്പാകെ ഇതുവരെയും സര്‍ക്കാര്‍ ആവശ്യമുന്നയിച്ചിട്ടില്ല. പരിസ്ഥിതിലോല പ്രദേശങ്ങളെ ഒഴിവാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പുവരെ ഇതു പറഞ്ഞ് നീട്ടിക്കൊണ്ടുപോവുക എന്നതായിരുന്നു മുഖ്യമന്ത്രിയുടെ മനസ്സിലിരിപ്പ്. എന്നാല്‍, മാര്‍ച്ച് 24നകം ഇക്കാര്യത്തില്‍ നിലപാട് അറിയിക്കണം. മലയോരകര്‍ഷകരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കബളിപ്പിക്കുകയാണ്. ഇക്കാര്യത്തിലുള്ള നിലപാട് ട്രിബ്യൂണല്‍ മുമ്പാകെ സോളിസിറ്റര്‍ ജനറല്‍ എന്തുകൊണ്ട് വെളിപ്പെടുത്തുന്നില്ല. റിപ്പോര്‍ട്ട് അതേപടി നടപ്പായാല്‍ കര്‍ഷകര്‍ കൂട്ടത്തോടെ കുടിയൊഴിയേണ്ടിവരും. അതിനെതിരായ പ്രക്ഷോഭം ശക്തമാണ്. അതിനെയാണ് സിപിഐ എം പിന്തുണയ്ക്കുന്നത്.

കോണ്‍ഗ്രസിന് ഒരു സീറ്റും കിട്ടില്ല

തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു സീറ്റും ലഭിക്കില്ലെന്ന് പിണറായി പറഞ്ഞു. 2004നേക്കാള്‍ മോശമായ അവസ്ഥയിലാണ് യുഡിഎഫ്. യുഡിഎഫിന് അനുകൂലസാഹചര്യം തിരിച്ചുവന്നുവെന്ന് പ്രചരിപ്പിക്കാന്‍ ചിലര്‍ക്ക് ആഗ്രഹമുണ്ട്. ഇതിന് എല്ലാ മാര്‍ക്സിസ്റ്റ്വിരുദ്ധശക്തികളെയും അണിനിരത്തുന്നു. ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണം വേണമെന്നത് ഈ ഗൂഢാലോചനയുടെ ഭാഗമാണ്. ഇതു സംബന്ധിച്ച് പ്രതിപക്ഷനേതാവ് കത്തയച്ച നടപടി തെറ്റാണെന്ന് പാര്‍ടി പൊളിറ്റ്ബ്യൂറോയും സംസ്ഥാനകമ്മിറ്റിയും വ്യക്തമാക്കിയിട്ടുണ്ട്. ഈ നിലപാട് തന്നെയാണ് ഇപ്പോഴും. ഇതില്‍ പാര്‍ടിക്ക് ഒരു ആശയക്കുഴപ്പവുമില്ല.

ആര്‍എസ്പി നേതാവ് ടി ജെ ചന്ദ്രചൂഡന്‍ പറഞ്ഞത് ദേശീയപ്രശ്നങ്ങള്‍ മനസ്സില്‍ കണ്ടാകും. കേരളത്തില്‍ എല്‍ഡിഎഫ് നല്ല യോജിപ്പോടെയാണ് പോവുന്നത്. ആര്‍എസ്പിക്കും മറിച്ചൊരു അഭിപ്രായമുണ്ടാവില്ല. വി എസിന് തിരുവനന്തപുരത്ത് വിലക്ക് ഏര്‍പ്പെടുത്തിയെന്ന പരാമര്‍ശത്തിന് ജില്ലാ സെക്രട്ടറി മറുപടി പറഞ്ഞിട്ടുണ്ട്. ചന്ദ്രചൂഡനെപ്പോലുള്ളവര്‍ ഇത്ര അപഹാസ്യമായി പ്രസ്താവന നടത്തേണ്ടിയിരുന്നോ എന്നറിയില്ല.

വി എം സുധീരന്‍ കെപിസിസി പ്രസിഡന്റായതോടെ പ്രശ്നങ്ങള്‍ തുടങ്ങി. പന്ത്രണ്ടോളം വിഷയങ്ങളില്‍ സര്‍ക്കാരില്‍നിന്നും വ്യത്യസ്ത നിലപാടുള്ളയാളായിരുന്നു സുധീരന്‍. കോണ്‍ഗ്രസില്‍ നല്ല പോരാണ് ഉണ്ടാവാന്‍ പോവുന്നതെന്ന് ഉറപ്പാണെന്നും പിണറായി പറഞ്ഞു.

കോണ്‍ഗ്രസിന്റെ അസ്തമയകാലം: എ വിജയരാഘവന്‍

തൃശൂര്‍: കോണ്‍ഗ്രസിന്റെ അസ്തമയം ഉറപ്പായെന്നും ഒരു ശക്തിക്കും അതിനെ രക്ഷിക്കാനാവില്ലെന്നും സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എ വിജയരാഘവന്‍ പറഞ്ഞു. ഇന്ത്യന്‍ രാഷ്ട്രീയം മാറാന്‍ പോകുന്നതിന്റെ സൂചകമായി കോണ്‍ഗ്രസിന്റെ മരണമണി മുഴങ്ങാന്‍ തുടങ്ങി. കേരളരക്ഷാ മാര്‍ച്ചിന് തൃശൂരിലെ വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാധാരണക്കാരന്റെ പ്രശ്നങ്ങളോട് സര്‍ക്കാര്‍ ഇത്രയും മുഖം തിരിച്ച കാലം ഉണ്ടായിട്ടില്ല. മന്‍മോഹന്‍സിങ്ങിന്റെ മുഖ്യവിനോദം അഴിമതിയും വിലക്കയറ്റം സൃഷ്ടിക്കലുമാണ്. അഴിമതി അതിന്റെ പാരമ്യത്തിലെത്തി. ഇപ്പോള്‍ 61,000 കോടി രൂപക്കാണ് സ്പെക്ട്രം ലേലം ചെയ്തു നല്‍കിയത്. എന്നാല്‍, ഇതിനുമുമ്പ് നല്‍കിയത് 1600 കോടിക്കാണ്. അപ്പോള്‍ കമീഷന്‍ പോയത് എത്ര ആയിരം കോടിയാകും. ഇതന്വേഷിക്കാനാണ് പി സി ചാക്കോ അധ്യക്ഷനായ സംയുക്ത പാര്‍ലമെന്റ് സമിതിയെ നിയോഗിച്ചത്് എന്നാല്‍, കള്ളന് കഞ്ഞിവച്ചവനാണ് താനെന്ന് ചാക്കോ തെളിയിച്ചു. 16 പേര്‍ യുഡിഎഫ് ലേബലില്‍ പാര്‍ലമെന്റില്‍ പോയിട്ടും കേരളത്തിന് ഒരുഗുണവുമുണ്ടായില്ല-വിജയരാഘവന്‍ പറഞ്ഞു.

മാധ്യമങ്ങളെ വിലയ്ക്കെടുത്ത് കുപ്രചാരണം: ഇപി

തൃശൂര്‍: മാധ്യമങ്ങളെ വിലയ്ക്കെടുത്ത് ബിജെപിയും മോഡിയും കുപ്രചാരണം നടത്തുകയാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ പറഞ്ഞു. കേരളരക്ഷാ മാര്‍ച്ചിന് തൃശൂരിലെ വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യപിടിക്കാനാണ് സംഘപരിവാര്‍ശ്രമം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വോട്ടുചെയ്തല്ല ഗുജറാത്തില്‍ അധികാരത്തിലെത്തിയത്. ജനങ്ങള്‍ പലായനം ചെയ്തു. മുസ്ലീങ്ങളും ക്രിസ്ത്യാനികളും പിന്നോക്കജാതിക്കാരും നാടുവിടേണ്ടി വന്നു. ബിജെപി ഗുണ്ടകള്‍ ബൂത്ത് പിടിച്ചാണ് മോഡിയെ അധികാരത്തിലെത്തിച്ചത്. ഗുജറാത്തില്‍ എന്തു വികസനമാണ് നടക്കുന്നതെന്ന് പ്രചാരകര്‍ വ്യക്തമാക്കണം. ശിശുമരണം ഭീകരമാണവിടെ. സാമൂഹ്യസാംസ്കാരിക രംഗങ്ങളെല്ലാം തകര്‍ച്ചയെ നേരിടുകയാണ്. മതന്യൂനപക്ഷക്കാരായ വ്യവസായികള്‍ ഗുജറാത്ത് വിടുകയാണ്. ബിജെപി അധികാരത്തിലെത്തിയാല്‍ ഈ അവസ്ഥ രാജ്യത്തൊട്ടാകെ വരും. രാജ്യത്ത് 11 പാര്‍ടികള്‍ ചേര്‍ന്ന് പുതിയ ബദലുയര്‍ത്തിയിട്ടുണ്ട്. ഈ പാര്‍ടികള്‍ അഞ്ചു സംസ്ഥാനം ഭരിക്കുന്നുണ്ട്. അഞ്ചിടത്ത് പ്രധാന പ്രതിപക്ഷമാണ്. ഈ ശക്തികളുടെ കൂട്ടായ്മ ഇന്ത്യയില്‍ ഭരണമാറ്റത്തിനു വഴിയൊരുക്കും- അദ്ദേഹം പറഞ്ഞു.

deshabhimani

Wednesday, February 5, 2014

മന്ത്രിമണ്ഡലത്തില്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന് കോടികളുടെ ധൂര്‍ത്ത്

വിലക്കയറ്റത്തില്‍ ജനങ്ങള്‍ നട്ടംതിരിയുമ്പോള്‍ മന്ത്രി അനൂപ് ജേക്കബ്ബിന്റെ മണ്ഡലത്തില്‍ സപ്ലൈകോയുടെ രണ്ട് ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ സ്ഥാപിക്കാന്‍ കോടികള്‍ ധൂര്‍ത്തടിക്കുന്നു. പിറവത്തും കൂത്താട്ടുകുളത്തുമാണ് പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍. വന്‍ നഗരങ്ങളില്‍മാത്രമാണ് ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ സ്ഥാപിക്കാറുള്ളത്. പിറവത്ത് പഞ്ചായത്ത് വാഗ്ദാനംചെയ്ത 40 സെന്റ് സ്ഥലത്ത് ഏഴുനിലക്കെട്ടിടമാണ് പണിതുയര്‍ത്തുന്നത്. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ഏറ്റവും വലുതായിരിക്കും ഇത്. 42,000 ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടസമുച്ചയ നിര്‍മാണത്തിന് പ്രതീക്ഷിക്കുന്ന ചെലവ് 13 കോടിയാണ്.

കൂത്താട്ടുകുളത്ത് പുതിയ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനുസമീപമാണ് രണ്ടാമത്തെ ഹൈപ്പര്‍ മാര്‍ക്കറ്റ് പദ്ധതി. പഞ്ചായത്ത് ഇതിനായി 25 സെന്റ് സ്ഥലം വിട്ടുകൊടുക്കും. കെട്ടിടം സംബന്ധിച്ച റിപ്പോര്‍ട്ടും പ്ലാനും ഈമാസം കിറ്റ്കോ സമര്‍പ്പിക്കും. കൊച്ചി, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം എന്നീ വന്‍നഗരങ്ങളിലാണ് നിലവില്‍ സപ്ലൈകോയ്ക്ക് ഹൈപ്പര്‍ മാര്‍ക്കറ്റുകളുള്ളത്. ഇതില്‍ തിരുവനന്തപുരത്തടക്കമുള്ളത് നാമമാത്രമാണ്. ഇതിനുപുറമേ കരുനാഗപ്പള്ളിയിലും തിരുവല്ലയിലും കൊല്ലത്തും പുതിയത് നിര്‍മിക്കുന്നുണ്ട്. എന്നാല്‍, തൃശൂര്‍പോലുള്ള വന്‍നഗരങ്ങളെ പിന്തള്ളിയാണ് മന്ത്രിയുടെ മണ്ഡലത്തിലെ അടുത്തടുത്തുള്ള രണ്ട് ചെറുപട്ടണങ്ങളില്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ സ്ഥാപിക്കുന്നത്. വിപണിയില്‍ ഇടപെടാന്‍ പണമില്ലാതെ വിഷമിക്കുമ്പോഴാണ് കെട്ടിടനിര്‍മാണത്തിലെ ഈ ധൂര്‍ത്ത്.

മാവേലി സ്റ്റോറുകളില്‍ അരിയും നിത്യോപയോഗസാധനങ്ങളും കിട്ടാനില്ല. നഗരങ്ങളിലെ പീപ്പിള്‍സ് ബസാറുകളില്‍പ്പോലും സബ്സിഡി സാധനങ്ങള്‍ ഇല്ല. സപ്ലൈകോ വഴി മുന്‍ സര്‍ക്കാര്‍ മാതൃകാപരമായി നടത്തിയ വിപണിയിടപെടല്‍ പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സഹായിച്ചിരുന്നു. സര്‍ക്കാര്‍ ഏജന്‍സിയായ ലേബര്‍ ബ്യൂറോയുടെ കണക്കുപ്രകാരം അക്കാലത്ത് വിലനിയന്ത്രണത്തില്‍ തുടര്‍ച്ചയായി മൂന്നാംസ്ഥാനത്തായിരുന്നു കേരളം. സിക്കിം, ഹിമാചല്‍പ്രദേശ് തുടങ്ങിയ ചെറിയ സംസ്ഥാനങ്ങള്‍ക്കുമാത്രമായിരുന്നു അക്കാലത്ത് വിലസൂചികയില്‍ കേരളത്തേക്കാള്‍ മെച്ചം. എന്നാല്‍, ലേബര്‍ ബ്യൂറോ നവംബര്‍, ഡിസംബര്‍ മാസത്തെ കണക്ക് പ്രസിദ്ധീകരിച്ചപ്പോള്‍ കേരളം 14-ാംസ്ഥാനത്താണ്. ദേശീയ ശരാശരിയേക്കാള്‍ കേരളത്തിലെ വിലക്കയറ്റസൂചിക ഉയരുകയും ചെയ്തു. ദേശീയസൂചിക 765 ആണെങ്കില്‍ കേരളത്തിന്റേത് 777 ആണ്. അസം (750), ബിഹാര്‍ (699), ഗുജറാത്ത് (775), ഹിമാചല്‍ (622), ജമ്മു കശ്മീര്‍ (726), മധ്യപ്രദേശ് (725), മണിപ്പുര്‍ (724), മേഘാലയ (749), ഒഡിഷ (720), തമിഴ്നാട് (767), ത്രിപുര (677), ഉത്തര്‍പ്രദേശ് (735), പശ്ചിമബംഗാള്‍ (765) എന്നീ സംസ്ഥാനങ്ങളില്‍ സൂചിക കേരളത്തേക്കാള്‍ കുറവാണ്.

ആര്‍ സാംബന്‍

സപ്ലൈകോ കുടവില്‍പ്പന മാമാങ്കം നിയമസഭയില്‍: അറിഞ്ഞില്ലെന്ന് മന്ത്രി

തിരു: സബ്സിഡി സാധനങ്ങളുടെ വില്‍പ്പനപോലും നിലച്ച സപ്ലൈകോയിലൂടെ സ്വകാര്യകമ്പനിയുടെ കുടകള്‍ വിറ്റഴിക്കാനുള്ള തീരുമാനത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. അവശ്യസാധനങ്ങള്‍ ലഭ്യമല്ലാത്ത അവസ്ഥയിലും തിടുക്കപ്പെട്ട് അഞ്ചു ലക്ഷം കുടകള്‍ വില്‍ക്കാനുള്ള കരാറിനുപിന്നില്‍ വന്‍ അഴിമതിയുണ്ടെന്ന് പ്രതിപക്ഷാംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ചൊവ്വാഴ്ച ചോദ്യോത്തരവേളയില്‍ കെ എസ് സലീഖ, കെ കുഞ്ഞിരാമന്‍ (ഉദുമ), കെ വി അബ്ദുള്‍ഖാദര്‍ എന്നിവരാണ് വിവാദമായ കുടവില്‍പ്പനകരാര്‍ സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. കുടവില്‍പ്പന മാമാങ്കത്തെപ്പറ്റി "ദേശാഭിമാനി" വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. അരിയടക്കമുള്ള അവശ്യസാധനങ്ങളൊന്നും മാവേലിസ്റ്റോറില്‍ ലഭിക്കുന്നില്ലെന്ന് പ്രതിപക്ഷാംഗങ്ങള്‍ ചൂണ്ടിക്കാട്ടി. വകുപ്പ് കുത്തഴിഞ്ഞു. ക്രിസ്മസ് പുതുവത്സരഫെയറുകള്‍ പരാജയപ്പെട്ടു. ഇ-ടെന്‍ഡര്‍ അട്ടിമറിച്ചതിനു പിന്നില്‍ ദുരൂഹതയുണ്ട്. ലക്ഷങ്ങളുടെ കുടക്കരാറില്‍ ഏര്‍പ്പെട്ടതിനു പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും അവര്‍ പറഞ്ഞു. കുട വില്‍പ്പനകരാറിനെപ്പറ്റി താന്‍ അറിഞ്ഞിട്ടില്ലെന്നും പരിശോധിക്കുമെന്നും ഭക്ഷ്യമന്ത്രി അൂനൂപ് ജേക്കബ് അറിയിച്ചു.

deshabhimani

Tuesday, February 4, 2014

സബ്സിഡി സാധനങ്ങള്‍ ഇല്ല, കുടവില്‍പ്പനയ്ക്ക് തിടുക്കം

സബ്സിഡി സാധനങ്ങളുടെ വില്‍പ്പന നിലയ്ക്കുമ്പോള്‍ സപ്ലൈകോയില്‍ കുടവില്‍പ്പന മാമാങ്കം. ഒരു സ്വകാര്യ കുടക്കമ്പനിയുമായി ചേര്‍ന്നുള്ള കരാര്‍വഴി ഉന്നതരുടെ പോക്കറ്റിലേക്ക് ലക്ഷങ്ങള്‍ ഒഴുകാന്‍ ഇടയാക്കുമെന്നും അറിയുന്നു. അഞ്ചുലക്ഷം കുട വിറ്റഴിക്കാനാണ് തീരുമാനം. 1000 കുടവീതം അടിച്ചേല്‍പ്പിക്കാനുള്ള തീരുമാനത്തില്‍ ഡിപ്പോ മാനേജര്‍മാര്‍ കടുത്ത പ്രതിഷേധത്തില്‍. പുതിയ ചെയര്‍മാനും മാനേജിങ് ഡയറക്ടറും ചുമതലയേല്‍ക്കുന്നതിനു തൊട്ടുമുമ്പാണ് ഇവയുടെ ചുമതല വഹിക്കുന്ന ജനറല്‍ മാനേജര്‍ തിടുക്കപ്പെട്ട് കുടവ്യാപാരത്തിന് ഇറങ്ങിയത്.

ഓഫ് സീസണില്‍ 50 ശതമാനംവരെ വിലക്കിഴിവിലാണ് കുട വില്‍പ്പന. എന്നാല്‍, 30 ശതമാനം കിഴിവിലാണ് സപ്ലൈകോയുടെ വില്‍പ്പന. ഇതില്‍ പത്തുശതമാനമാണ് സപ്ലൈകോയ്ക്ക്. ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തുന്നവര്‍ക്കായി സമ്മാനപദ്ധതിയും ഏര്‍പ്പാടാക്കിയിട്ടുണ്ട്. സപ്ലൈകോയുടെ നാനൂറ്റമ്പതോളം സൂപ്പര്‍മാര്‍ക്കറ്റുകളും സ്റ്റുഡന്റ്സ് മാര്‍ക്കറ്റുകളും വഴിയാണ് വില്‍പ്പന. 1000 കുടയെങ്കിലും ഓരോ വില്‍പ്പനകേന്ദ്രവും എടുക്കണമെന്നാണ് ഉത്തരവ്. വില്‍പ്പന തകൃതിയാക്കാന്‍ അഞ്ചു മേഖലകളില്‍ റീജണല്‍ മാനേജര്‍മാര്‍, ഡിപ്പോ മാനേജര്‍മാര്‍, ക്വാളിറ്റി കണ്‍ട്രോള്‍ ചുമതലയുള്ള ജൂനിയര്‍ മാനേജര്‍മാര്‍ എന്നിവരുടെ യോഗം വിളിച്ചുചേര്‍ത്തു.

കോട്ടയത്തെ യോഗത്തിന് എസി ഹാള്‍ ഇല്ലാത്തതില്‍ അമര്‍ഷവും പ്രകടിപ്പിച്ചു. അധിക ചെലവ് ഒഴിവാക്കാണ് എസിയില്ലാത്ത ഹാള്‍ ഏര്‍പ്പാടാക്കിയതെന്നു പറഞ്ഞ ഡിപ്പോമാനേജരെ പരസ്യമായി ശകാരിച്ചു. പന്തളം മാവേലിസ്റ്റോറില്‍ വില്‍പ്പന കുറഞ്ഞതിന്റെ പേരില്‍ പറക്കോട് ഡിപ്പോ മാനേജര്‍ക്ക് നേരെ മോശം പരാമര്‍ശമുണ്ടായി. ചെയര്‍മാന്‍- മാനേജിങ് ഡയറക്ടര്‍ തസ്തികകളിലേക്ക് പത്തോളം പേരെ നിയമിച്ചെങ്കിലും ജനറല്‍ മാനേജരുമായുള്ള അഭിപ്രായവ്യത്യാസത്തെതുടര്‍ന്ന് ഇവരെല്ലാം ഉടന്‍ സ്ഥാനമൊഴിഞ്ഞു.

ഒടുവില്‍, ഇരു ചുമതലകളും ജനറല്‍ മാനേജരെ ഏല്‍പ്പിക്കുകയായിരുന്നു. കോട്ടയത്തെ ട്രാവന്‍കൂര്‍ സിമന്റ്സില്‍ പ്ലാന്റ് മാനേജര്‍ മാത്രമായിരുന്ന ഇദ്ദേഹത്തെ സപ്ലൈകോ ജനറല്‍ മാനേജര്‍പോലുള്ള സുപ്രധാന തസ്തികയില്‍ നിയോഗിക്കുന്നതിനെതിരെ നേരത്തെ ആരോപണമുയര്‍ന്നിരുന്നു. സപ്ലൈകോയുടെ ചെയര്‍മാനായി സുമന്‍ബില്ലയെയയും മാനേജിങ് ഡയറക്ടറായി ജി ലക്ഷ്മണനെയും സര്‍ക്കാര്‍ ഇപ്പോള്‍ നിയമിച്ചിട്ടുണ്ട്. ഇവര്‍ ചുമതലയേല്‍ക്കുന്നതിനുമുമ്പ് തിടുക്കപ്പെട്ട് കുടക്കച്ചവടത്തിനുള്ള അരങ്ങൊരുക്കുകയായിരുന്നു.

സപ്ലൈകോയുടെ വിതരണകേന്ദ്രങ്ങളില്‍ സബ്സിഡി സാധനങ്ങളില്ല. മല്ലി, മുളക് തുടങ്ങിയ ഇനങ്ങള്‍ പീപ്പിള്‍സ് ബസാറുകളില്‍പ്പോലും കിട്ടാനില്ല. സാധനവില കുത്തനെ കൂടുമ്പോഴാണ് സ്വകാര്യകമ്പനിയുടെ കുട വില്‍ക്കാന്‍ സപ്ലൈകോ തിരക്കുകൂട്ടുന്നത്.

ആര്‍ സാംബന്‍ deshabhimani

Sunday, February 2, 2014

സിലിണ്ടര്‍ സബ്സിഡി: പ്രഖ്യാപനം നടപ്പായില്ല

 പാചകവാതക സിലിണ്ടര്‍ സബ്സിഡി വിതരണം ആധാറുമായി ബന്ധപ്പെടുത്തിയത് മരവിപ്പിച്ചെന്ന കേന്ദ്രമന്ത്രിമാരുടെ പ്രഖ്യാപനം കബളിപ്പിക്കലായി. ശനിയാഴ്ച തീരുമാനം പ്രാബല്യത്തില്‍ വരുമെന്നാണ് കേന്ദ്രമന്ത്രിമാര്‍ വ്യാഴാഴ്ച മന്ത്രിസഭായോഗത്തിനുശേഷം വിശദീകരിച്ചത്. എന്നാല്‍, ശനിയാഴ്ച സിലിണ്ടര്‍ എടുത്ത ഉപയോക്താക്കള്‍ക്കും പൂര്‍ണവില നല്‍കേണ്ടിവന്നു. സബ്സിഡി ഉള്‍പ്പെടെയുള്ള വിലതന്നെ തുടര്‍ന്നും ഈടാക്കണമെന്ന് പൊതുമേഖലാ എണ്ണക്കമ്പനികളില്‍നിന്ന് നിര്‍ദേശം ലഭിച്ചതായി എല്‍പിജി വിതരണക്കാര്‍ പറഞ്ഞു. കേന്ദ്രമന്ത്രിമാരുടെ പ്രഖ്യാപനത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് എണ്ണക്കമ്പനികള്‍ പ്രതികരിച്ചത്. സിലിണ്ടര്‍ സബ്സിഡി ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന സംവിധാനം മരവിപ്പിക്കുമെന്ന് കേന്ദ്രമന്ത്രിമാര്‍ പ്രഖ്യാപിച്ചെങ്കിലും ഔദ്യോഗിക വിജ്ഞാപനമായില്ല. മാത്രമല്ല, കേന്ദ്രസര്‍ക്കാരിന്റെ നയപരമായ തീരുമാനമാണ് ആധാറുമായി ബന്ധിപ്പിച്ചുള്ള സബ്സിഡിവിതരണം.

കിരിത് എസ് പരേഖ് അധ്യക്ഷനായ സമിതി 2009 ഫെബ്രുവരി രണ്ടിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനയും സബ്സിഡിവിതരണവും അടക്കമുള്ള പരിഷ്കാരങ്ങള്‍ നടപ്പാക്കിവരുന്നത്. എപിഎല്‍ കുടുംബങ്ങള്‍ക്ക് സിലിണ്ടര്‍ സബ്സിഡി നല്‍കുന്നത് പൂര്‍ണമായും ഒഴിവാക്കണമെന്നതാണ് പ്രഖ്യാപിതനയം. ഈ ലക്ഷ്യത്തിലേക്കുള്ള പരിഷ്കാരങ്ങളില്‍നിന്ന് പിന്നോട്ടുപോകുന്നതില്‍ ഭരണനേതൃത്വത്തില്‍ ശക്തമായ എതിര്‍പ്പുണ്ട്. ധനമന്ത്രി ചിദംബരവും റിസര്‍വ്ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനും ഇക്കാര്യം പരസ്യമായി പ്രകടിപ്പിച്ചു. സബ്സിഡിയെ ആധാറുമായി ബന്ധിപ്പിച്ചതിന്റെ ആദ്യഘട്ടം നടപ്പാക്കിയ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. കേരളത്തില്‍ പാചകവാതകം ഉപയോഗിക്കുന്ന 73 ലക്ഷം വീടുകളില്‍ 70 ശതമാനത്തോളം ആധാറിനെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അല്ലാത്ത ഉപയോക്താക്കള്‍ സബ്സിഡി ഒഴിച്ചുള്ള വില മാത്രമാണ് നല്‍കുന്നത്. തലതിരിഞ്ഞ പരിഷ്കാരത്തിനെതിരെ ശക്തമായ പ്രക്ഷോഭമാണ് കേരളത്തില്‍ ഉയര്‍ന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഭയക്കുന്ന കോണ്‍ഗ്രസ് നേതൃത്വം കളിച്ച നാടകമാണ് കഴിഞ്ഞദിവസത്തെ പ്രഖ്യാപനം. ഈ പരിഷ്കാരങ്ങളുടെ തുടക്കത്തില്‍ത്തന്നെ ഇടതുപക്ഷം അപകടം ചൂണ്ടിക്കാട്ടി. സബ്സിഡി സിലിണ്ടറുകളുടെ എണ്ണം പന്ത്രണ്ടാക്കിയെന്ന കേന്ദ്രമന്ത്രിമാരുടെ പ്രഖ്യാപനവും തെരഞ്ഞെടുപ്പ് തട്ടിപ്പാണ്. തെരഞ്ഞെടുപ്പുവരെമാത്രം സബ്സിഡിയോടെ രണ്ടോ മൂന്നോ സിലിണ്ടര്‍ നല്‍കാനാണ് തീരുമാനം.

സാജന്‍ എവുജിന്‍ deshabhimani

കേരളത്തില്‍ പൊതുവിതരണം കുഴപ്പത്തില്‍: കേന്ദ്രമന്ത്രി

കൊച്ചി: കേരളത്തിലെ പൊതുവിതരണ സംവിധാനമാകെ കുഴപ്പത്തിലാണെന്ന് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ സഹമന്ത്രി കെ വി തോമസ് കുറ്റപ്പെടുത്തി. കേന്ദ്രത്തില്‍നിന്ന് കൂടുതല്‍ ഭക്ഷ്യധാന്യം നല്‍കിയിട്ടും റേഷന്‍കടകളില്‍ സാധനം കിട്ടുന്നില്ലെന്ന രൂക്ഷവിമര്‍ശമാണ് അദ്ദേഹം ഉയര്‍ത്തിയത്. മുളവുകാട് പൊലീസ്സ്റ്റേഷന്‍ ഉദ്ഘാടന ചടങ്ങില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ സാക്ഷിയാക്കിയാണ് കേന്ദ്രസഹമന്ത്രി പൊതുവേദിയില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷനും ആഭ്യന്തരമന്ത്രിയും മാത്രമല്ല, മന്ത്രിസഭയിലെ പ്രധാനയാളുമാണ്. ഈ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാന്‍ ചെന്നിത്തല ഇടപെടണം- കെ വി തോമസ് പറഞ്ഞു. കേരളത്തിന് 12.5 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം നല്‍കിയിരുന്നത് തനിക്ക് സ്വതന്ത്രചുമതല ലഭിച്ചപ്പോള്‍ 16 ലക്ഷമാക്കി. അത് 17 ആക്കാന്‍ പോവുകയാണ്. എന്നാല്‍, കഴിഞ്ഞദിവസം കുമ്പളങ്ങിയിലും കൂനമ്മാവിലും പോയ തനിക്ക് റേഷന്‍കടയില്‍ ഒന്നും കാണാനായില്ല. പഞ്ചായത്തുകള്‍ വിതരണം ഏറ്റെടുത്ത് സോഷ്യല്‍ ഓഡിറ്റ് നടത്തണം. ഡല്‍ഹിയില്‍ എത്തിയശേഷം ഈ പ്രശ്നത്തില്‍ ഉന്നതതല യോഗം വിളിക്കുന്നുണ്ട്. അതിനുശേഷം കേന്ദ്രത്തില്‍നിന്നുള്ള ഉന്നതതല സമിതി കേരളത്തിലെത്തി പരിശോധന നടത്തി തനിക്ക് റിപ്പോര്‍ട്ട് തരുമെന്നും കെ വി തോമസ് പറഞ്ഞു. അതേസമയം, കെ വി തോമസിന്റെ അഭിപ്രായത്തിന് മറുപടി പറയേണ്ടത് മുഖ്യമന്ത്രിയും രമേശ് ചെന്നിത്തലയുമാണെന്ന് കേരളത്തില്‍ ഭക്ഷ്യവകുപ്പ് കൈകാര്യംചെയ്യുന്ന കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് ചെയര്‍മാന്‍ അഡ്വ. ജോണി നെല്ലൂര്‍ പറഞ്ഞു.

സംസ്ഥാനത്തിന്റെ കടബാധ്യത വര്‍ധിച്ചു: ആര്യാടന്‍

കോഴിക്കോട്: സംസ്ഥാനത്തിന്റെ കടബാധ്യത കൂടിവരികയാണെന്നും പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് കേന്ദ്രത്തിന്റെ ഔദാര്യം കൊണ്ടാണെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. കെപിഎസ്ടിയു ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പതിനായിരം കോടി രൂപ പലിശയിനത്തില്‍ മാത്രം പ്രതിമാസം വേണം. ഇന്ത്യയില്‍ ഏറ്റവുമധികം റെവന്യു കമ്മി നേരിടുന്ന സംസ്ഥാനമാണ് കേരളം. ഒമ്പതിനായിരം കോടി രൂപയാണ് റെവന്യു കമ്മി. 2015ഓടെ ഇത് പൂജ്യം ശതമാനത്തിലെത്തിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. മൊത്തം വരുമാനത്തിന്റെ 92 ശതമാനവും ശമ്പളവും പെന്‍ഷനും നല്‍കാനാണ് വിനിയോഗിക്കുന്നത്. കടം വാങ്ങിയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നതെങ്കിലും ട്രഷറി പൂട്ടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും ആര്യാടന്‍ പറഞ്ഞു.

deshabhimani

Thursday, January 30, 2014

പാചകവാതക സബ്സിഡി: എപിഎല്‍ വിഭാഗത്തെ ഒഴിവാക്കാന്‍ നീക്കം

ന്യൂഡല്‍ഹി: ദാരിദ്യരേഖയ്ക്ക് മുകളിലുള്ളവരെ ഒഴിവാക്കി പാചകവാതക സബ്സിഡി ബിപിഎല്‍ കുടുംബങ്ങള്‍ക്ക് മാത്രമാക്കണമെന്നുള്ള കിരിത് പരേഖ് സമിതി ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നു. പ്രതിശീര്‍ഷ വരുമാനവളര്‍ച്ചയെ അടിസ്ഥാനമാക്കി സിലിണ്ടര്‍ വില ഓരോവര്‍ഷവും വര്‍ധിപ്പിക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശചെയ്യുന്നു. മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ഈ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നയമായി സ്വീകരിച്ചാണ് സബ്സിഡി വിതരണം ആധാറുമായി ബന്ധപ്പെടുത്തിയതുള്‍പ്പടെയുള്ള പരിഷ്കാരങ്ങള്‍. സര്‍ക്കാരിന്റെ ബിപിഎല്‍-എപിഎല്‍ വിഭജനം തികച്ചും അശാസ്ത്രീയമാണെന്ന് തെളിഞ്ഞതാണ്.

നിലവിലുള്ള മാനദണ്ഡപ്രകാരം പ്രതിദിനം ഗ്രാമങ്ങളില്‍ 27 രൂപയില്‍ കൂടുതലും നഗരങ്ങളില്‍ 30 രൂപയില്‍ കൂടുതലും ചെലവിടാന്‍ ശേഷിയുള്ളവര്‍ ദാരിദ്ര്യരേഖയ്ക്ക് മീതെയാണ്. ബിപിഎല്‍ വിഭാഗത്തിലുള്ളത് 29.8 ശതമാനം കുടുംബങ്ങള്‍ മാത്രം. വൈകാതെ രാജ്യത്തെ 70 ശതമാനത്തിലേറെ കുടുംബത്തിന് സബ്സിഡി നിഷേധിക്കപ്പെടും. നഗരവാസികളെ ശിക്ഷിക്കുംവിധമാണ് പരേഖ് അധ്യക്ഷനായ സമിതിശുപാര്‍ശകള്‍. സിലിണ്ടര്‍ വില പ്രതിവര്‍ഷം വര്‍ധിപ്പിച്ചാലും നഗരങ്ങളിലെ കുടുംബങ്ങള്‍ക്ക് വാങ്ങാനാവുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഗ്രാമങ്ങളില്‍നിന്ന് തൊഴില്‍രഹിതര്‍ നഗരങ്ങളിലേക്ക് വന്‍തോതില്‍ കുടിയേറുന്ന സാഹചര്യം സമിതി പരിഗണിച്ചിട്ടില്ല. 2003-04 മുതല്‍ 2008-09 വരെയുള്ള കണക്കുപ്രകാരം ഗ്രാമീണകുടുംബങ്ങള്‍ പ്രതിവര്‍ഷം ശരാശരി 5.17മുതല്‍ 7.19വരെ സിലിണ്ടര്‍ ഉപയോഗിച്ചപ്പോള്‍ നഗരകുടുംബങ്ങള്‍ ശരാശരി 8-10 സിലിണ്ടര്‍ ഉപയോഗിച്ചു. ഗ്രാമീണമേഖലയില്‍ ബദല്‍ ഇന്ധനം ലഭ്യമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. കുടുംബങ്ങളുടെ സാമ്പത്തികശേഷിയുടെ അടിസ്ഥാനത്തില്‍ സബ്സിഡി ക്രമീകരിക്കണമെന്ന നിര്‍ദേശവുമുണ്ട്. കുടുംബങ്ങളുടെ സാമ്പത്തികശേഷി മെച്ചപ്പെടുന്നുണ്ടെന്നാണ് ദേശീയ സാംപിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ കണക്കുകള്‍. വരുമാനവര്‍ധന അനുസരിച്ച് സിലിണ്ടറിന് ഉയര്‍ന്നവില നല്‍കാന്‍ കുടുംബങ്ങള്‍ക്ക് ബാധ്യതയുണ്ട്-റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. അടിക്കടി പാചകവാതക സിലിണ്ടര്‍ വില വര്‍ധിപ്പിക്കുന്നത് ഈ നയത്തിന്റെ അടിസ്ഥാനത്തിലാണ്.

സാജന്‍ എവുജിന്‍

പാചകവാതക സിലിണ്ടറുകള്‍ 12 ആക്കി

ന്യൂഡല്‍ഹി: വീട്ടാവശത്തിനുള്ള സബ്സിഡി പാചകവാതക സിലിണ്ടറുകളുടെ എണ്ണം ഒമ്പതില്‍നിന്ന് 12 ആക്കി ഉയര്‍ത്താന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചതായി പെട്രോളിയം മന്ത്രി വീരപ്പമൊയ്ലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഒരു മാസം ഒരു സിലിണ്ടര്‍ എന്ന നിരക്കിലാവും അനുവദിക്കുക.

ഈ സാന്പത്തിക വര്‍ഷം ഒന്‍പത് സിലിണ്ടറുകള്‍ വാങ്ങിയവര്‍ക്ക് ഇനി രണ്ടു സിലിണ്ടര്‍ കൂടി നല്‍കും. അതേസമയം, സബ്സിഡി സിലിണ്ടറിന് ആധാര്‍ നിര്‍ബന്ധമാക്കണമെന്ന വ്യവസ്ഥ തത്ക്കാലത്തേക്ക് ഉപേക്ഷിച്ചതായും വീരപ്പമൊയ്ലി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട പ്രശ്നം പരിശോധിക്കുന്നതിന് പ്രത്യേക മന്ത്രിതല സമിതിയെ നിയോഗിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ആധാര്‍ കാര്‍ഡ് നടപ്പാക്കുകയെന്നും മൊയ്ലി വ്യക്തമാക്കി.

2013ലാണ് സിലിണ്ടറുകളുടെ എണ്ണം ഒമ്പതാക്കി കുറച്ചത്.ഇതിനെതിരെ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ടി ആവശ്യപ്പെട്ട നിര്‍ദേശം അംഗീകരിച്ചാണ് സിലിണ്ടറുകളുടെ എണ്ണം കൂട്ടിയതെന്നാണ് വിരപ്പ മൊയ്ലി പറഞ്ഞത്.ലോകസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നടപടിയാണിതെന്നും പറയുന്നു.

deshabhimani