Showing posts with label പി.എഫ്.. Show all posts
Showing posts with label പി.എഫ്.. Show all posts

Friday, September 11, 2020

പിഎഫ്‌ പെൻഷനും ഓഹരിവിപണിക്ക്‌

 കോവിഡ്‌ മഹാമാരി മറയാക്കി തൊഴിലാളികളുടെ സർവ അവകാശങ്ങളും റദ്ദാക്കുമെന്ന വാശിയിലാണോ മോഡി സർക്കാർ. കേന്ദ്രത്തിന്റെ  തൊഴിലാളിവിരുദ്ധ നീക്കങ്ങൾ കണ്ടാൽ ആരും ഇങ്ങനെ സംശയിച്ചുപോകും. ജനങ്ങൾക്ക്‌ തൊഴിലും സാമൂഹ്യസുരക്ഷയും ഉറപ്പാക്കേണ്ട സർക്കാർ അവരെ അരക്ഷിതരും നിരാശ്രയരുമാക്കുന്ന നടപടികളാണ്‌ നിരന്തരം കൈക്കൊള്ളുന്നത്‌. എംപ്ലോയീസ്‌ പ്രോവിഡന്റ്‌ ഫണ്ടിന്റെ (ഇപിഎഫ്)‌ സാമൂഹ്യസുരക്ഷാ സ്വഭാവം ഇല്ലാതാക്കാൻ നടത്തുന്ന ശ്രമം ഈ തീവ്ര തൊഴിലാളിവിരുദ്ധതയുടെ ഒടുവിലത്തെ ഉദാഹരണമാണ്‌. ഇപിഎഫ്‌ പെൻഷൻ പദ്ധതിയുടെ സാമൂഹ്യസുരക്ഷാ സ്വഭാവം തകർത്ത്‌ അതിനെ നാഷണൽ പെൻഷൻ പദ്ധതിക്ക്‌ (എൻപിഎസ്‌) സമാനമാക്കി ഓഹരിവിപണിയുടെ ചാഞ്ചാട്ടത്തിന്‌ എറിഞ്ഞുകൊടുക്കാനാണ്‌ കേന്ദ്രത്തിന്റെ നീക്കം. ഇപിഎഫ്‌ കേന്ദ്ര ബോർഡ്‌ യോഗത്തിൽ സിഐടിയുവും എഐടിയുസിയും ഉയർത്തിയ പ്രതിഷേധം കാരണം വിഷയം അടുത്ത യോഗത്തിലേക്ക്‌ മാറ്റിയെന്നുമാത്രം.

കൂടുതൽ വിഹിതം നിക്ഷേപിക്കുന്നവർക്ക്‌ ഉയർന്ന പെൻഷൻ നൽകാനെന്നുപറഞ്ഞ്‌ ഇപിഎഫ്‌ ബോർഡിന്റെ ഓൺലൈൻ യോഗത്തിൽ ‌ കൊണ്ടുവന്ന നിർദേശങ്ങൾ തീർത്തും തൊഴിലാളിവിരുദ്ധവും പെൻഷൻ പദ്ധതിയുടെ അന്തഃസത്തയ്‌ക്ക്‌ നിരക്കാത്തതുമാണ്‌. പെൻഷൻ ഫണ്ട്‌ ഒറ്റ അക്കൗണ്ടായി പരിഗണിച്ച്‌ അതിൽനിന്നുള്ള വരുമാനം ഉപയോഗിച്ച്‌ പെൻഷൻ നൽകുന്ന രീതി ഉപേക്ഷിച്ച്‌ വ്യക്തിഗത പെൻഷൻ അക്കൗണ്ട്‌ ഏർപ്പെടുത്തുകയാണ്‌ പ്രധാന നിർദേശം. വ്യക്തിഗത പെൻഷൻ അക്കൗണ്ടിൽ കൂടുതൽ തുക നിക്ഷേപിക്കുന്നവർക്ക്‌ ഉയർന്ന പെൻഷൻ ലഭിക്കുമെന്ന്‌ പ്രലോഭിപ്പിച്ച്‌ ഈ പണം ഓഹരിവിപണിയിലിറക്കും. ഇതോടെ രാജ്യത്തെ 65 വയസ്സുവരെയുള്ള ഏത്‌ പൗരനും ചേരാവുന്ന നാഷണൽ പെൻഷൻ സ്‌കീമിന്‌ സമാനമാകും ഇപിഎഫ്‌ പെൻഷൻ പദ്ധതി. 65 വയസ്സാകുമ്പോൾ വിപണിയിലെ ഓഹരിമൂല്യമനുസരിച്ചാകും പെൻഷൻ ലഭിക്കുക. ഓഹരിവിപണി നിയന്ത്രിക്കുന്ന വൻകിട ഫണ്ട്‌ മാനേജിങ്‌ കമ്പനികൾക്ക്‌ തൊഴിലാളികളുടെ പണം ഉപയോഗിച്ച്‌ ലാഭം കൊയ്യാൻ അവസരമൊരുക്കുകയാണ്‌ പ്രധാന ലക്ഷ്യം. ഒന്നാം മോഡി സർക്കാരിന്റെ കാലത്ത്‌ ശക്തമായ എതിർപ്പ്‌ കാരണം മാറ്റിവച്ച നിർദേശങ്ങൾ ഓൺലൈൻ യോഗത്തിൽ പാസാക്കിയെടുക്കാനായിരുന്നു ശ്രമം.

തൊഴിലാളികൾക്ക്‌ ശമ്പളത്തിന്‌ ആനുപാതികമായി പെൻഷൻ അനുവദിക്കണമെന്ന കോടതി ഉത്തരവ്‌ നടപ്പാക്കാത്ത കേന്ദ്ര സർക്കാരാണ്‌ ഉയർന്ന പെൻഷന്റെ പേരിൽ‌ പ്രലോഭിപ്പിക്കുന്നത്‌. തൊഴിലാളികളുടെ പരമാവധി ശമ്പളം 15000 രൂപയെന്ന്‌ കണക്കാക്കിയാണ്‌ ഇപ്പോൾ ഇപിഎഫ്‌ പെൻഷൻ അനുവദിക്കുന്നത്‌. യഥാർഥ വേതനത്തിന്‌ ആനുപാതികമായി പെൻഷൻ നൽകണമെന്ന്‌ 2018ൽ കേരള ഹൈക്കോടതി വിധിച്ചു. ഇതിനെതിരെ നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി. വിധി നടപ്പാക്കാത്തതിനെതിരെ കോടതിയിൽനിന്ന്‌ അനുകൂല ഉത്തരവ്‌ നേടിയവർക്കുപോലും ഉയർന്ന പെൻഷൻ നൽകാൻ തയ്യാറായിട്ടില്ല. വിധിക്കെതിരെ കേന്ദ്ര സർക്കാർ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്‌. ഇതിൽ വിധി വരുന്നതുവരെ ഉയർന്ന പെൻഷൻ അനുവദിക്കേണ്ടെന്ന്‌ അധികൃതർ നിർദേശം നൽകിയതായും സൂചനയുണ്ട്‌.

കേന്ദ്രവും വിവിധ സംസ്ഥാന സർക്കാരുകളും കോവിഡിന്റെ മറവിൽ എല്ലാ തൊഴിൽനിയമങ്ങളും തൊഴിലാളിവിരുദ്ധമായി മാറ്റിയെഴുതുകയാണ്. തൊഴിൽസമയം വർധിപ്പിക്കുക, വേതനം വെട്ടിക്കുറയ്‌ക്കുക, സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങൾ ഒഴിവാക്കുക, പിരിച്ചുവിടലിന്‌ നിയമപ്രാബല്യം നൽകുക,  കരാർ തൊഴിൽ പ്രോൽസാഹിപ്പിക്കുക, സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുക എന്നിങ്ങനെ കനത്ത കടന്നാക്രമണമാണ് ബിജെപി–-കോൺഗ്രസ്‌ സർക്കാരുകൾ നടത്തുന്നത്‌. ഒരു വശത്ത്‌ തൊഴിൽനിയമങ്ങൾ ഭേദഗതി ചെയ്‌തും മറുവശത്ത്‌ പ്രലോഭിപ്പിച്ചും തൊഴിലാളികൾക്കെതിരെ ദ്വിമുഖ ആക്രമണം സംഘടിപ്പിക്കുന്നു. ഇപിഎഫ്‌ പദ്ധതി തകർക്കാനുള്ള കേന്ദ്ര നീക്കം ഇതിന്റെ പുതിയ പതിപ്പാണ്‌. ഓഹരിവിപണിയിൽ നിക്ഷേപിച്ച 1.03 ലക്ഷം കോടിയിൽ കാര്യമായ ലാഭം കിട്ടാതിരുന്നിട്ടും മോഡി സർക്കാർ പാഠം പഠിച്ചിട്ടില്ല. തൊഴിലാളിദ്രോഹം ഉപേക്ഷിച്ച്‌ സുപ്രീംകോടതി ഉത്തരവനുസരിച്ച്‌ ‌ ഉയർന്ന പെൻഷൻ നൽകാൻ കേന്ദ്രം തയ്യാറാകണം. അതിനായി ശക്തമായ പോരാട്ടം കൂടിയേ തീരൂ. 

deshabhimani editorial 11092020

Thursday, September 10, 2020

പിഎഫ്‌ പെൻഷനിലും കൈയിടും ; ഇപിഎഫിനെ എൻപിഎസായി ചുരുക്കുന്നു

 ന്യൂഡൽഹി: എംപ്ലോയ്‌മെന്റ്‌ പ്രോവിഡന്റ്‌ ഫണ്ടിന്റെ (ഇപിഎഫ്‌)‌ സാമൂഹ്യ സുരക്ഷാ സ്വഭാവം നഷ്ടപ്പെടുത്താനുള്ള കേന്ദ്ര നീക്കം ട്രേഡ്‌ യൂണിയനുകളുടെ ശക്തമായ എതിര്‍പ്പിനെത്തുടർന്ന്‌ തൽക്കാലം നിർത്തി. സിഐടിയു, എഐടിയുസി പ്രതിഷേധത്തെതുടര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യുന്നത് അടുത്ത ബോർഡ്‌ യോഗത്തിലേക്ക് മാറ്റി‌. കൂടുതൽ  വിഹിതം നിക്ഷേപിക്കുന്നവർക്ക്‌ ഉയർന്ന പെൻഷൻ നൽകാനെന്ന പേരില്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങളെയാണ്‌‌   ഇപിഎഫ്‌ കേന്ദ്രബോർഡ്‌ ഓൺലൈൻ യോഗത്തിൽ ട്രേഡ്‌ യൂണിയനുകൾ എതിര്‍ത്തത്. എല്ലാ അംഗങ്ങളുടെയും പെൻഷൻഫണ്ട്‌  ഒറ്റ അക്കൗണ്ടായി പരിഗണിച്ച് അതില്‍ നിന്നുള്ള വരുമാനംവഴിയാണ്‌ ഇപ്പോള്‍ പെന്‍ഷന്‍ വിതരണം. പരമാവധി ശമ്പളം 15,000 രൂപയായി നിജപ്പെടുത്തി, ശമ്പളത്തിന്റെ 12 ശതമാനമാണ്‌ ഈടാക്കുന്നത്. തുല്യതുക തൊഴിലുടമയും നിക്ഷേപിക്കും. തൊഴിലുടമയുടെ നിക്ഷേപത്തിന്റെ 8.33 ശതമാനം പെൻഷൻഫണ്ടിലേക്ക്‌ പോകും. ഇപിഎഫ്‌ പെൻഷൻ കുറവാണെന്ന പരാതി പരിഹരിക്കാനെന്ന പേരിലാണ് കൂടുതൽ തുക പെൻഷൻഫണ്ടിലിടാന്‍ അവസരം നല്‍കുന്നതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം.

ഇപിഎഫിന്റെ സാമൂഹ്യ സുരക്ഷാ സ്വഭാവം നഷ്ടപ്പെടുത്തി നാഷണല്‍ പെന്‍ഷന്‍ പദ്ധതിക്ക് (എന്‍പിഎസ്) സമാനമാക്കാനാണ് ശ്രമമെന്ന് സിഐടിയു പ്രതിനിധി എ കെ പത്മനാഭൻ യോ​ഗത്തില്‍ ചൂണ്ടിക്കാട്ടി. 18നും 65നും ഇടയില്‍ പ്രായമുള്ള പ്രവാസികള്‍ അടക്കം ആര്‍ക്കും പ്രതിമാസം 500 രൂപമുതല്‍ അടച്ച് അം​ഗമാകാവുന്ന പെന്‍ഷന്‍ പദ്ധതിയാണ് എൻപിഎസ്. ഈ തുക പൂര്‍ണമായും ഓ​ഹരിവിപണിയിലേക്കാണ് പോകുന്നത്. 65 വയസ്സാകുമ്പോള്‍ വിപണിനിലവാരത്തിന്‌ അനുസരിച്ചാണ് പെൻഷൻ കിട്ടുക. ഈ മാതൃക ഇപിഎഫിൽ കൊണ്ടുവരുന്നത്‌ അംഗീകരിക്കില്ലെന്ന്‌ അദ്ദേഹം പറഞ്ഞു.

എതിര്‍പ്പുയര്‍ന്നതോടെ വിഷയം ഡിസംബറിൽ ചർച്ചചെയ്യാമെന്ന്‌ തൊഴിൽമന്ത്രി സന്തോഷ്‌ ഗങ്‌വാർ അറിയിച്ചു. അടുത്തയോഗം ഓൺലൈൻ അല്ലാതെ സാധാരണ പോലെ നടത്തണമെന്ന്‌ ട്രേഡ്‌ യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടു.

അപകടം കൺമുന്നിൽ

പെൻഷൻ ഫണ്ട്‌ ഒറ്റ അക്കൗണ്ടായി പരി​ഗണിക്കുന്നതിന് പകരം അംഗങ്ങളുടെ വ്യക്തിഗത അക്കൗണ്ട്‌ സംവിധാനം കൊണ്ടുവരാനും ഓരോരുത്തർക്കും ഫണ്ട്‌ ഓഹരി വിപണിയിൽ ഇറക്കാന്‍ അവസരം നല്‍കാനുമാണ് നീക്കം. ഒന്നാംമോഡിസര്‍ക്കാരിന്റെ കാലത്തെ നിര്‍ദേശം ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവച്ചു. കോവിഡ് പശ്ചാത്തലത്തില്‍ പഴയനിര്‍ദേശം പൊടിതട്ടിയെടുത്തിരിക്കുകയാണ് കേന്ദ്രം.  ഇപിഎഫ് ഒന്നടങ്കം ഓഹരിചൂതാട്ടത്തിന്‌ വിട്ടുകൊടുക്കുന്നതാകും നടപടി. ഇപിഎഫ്‌ ഓഹരിവിപണിയിൽ നിക്ഷേപിച്ച തുകയിൽ 1.03 ലക്ഷം കോടിരൂപയാണ്‌ നഷ്ടം നേരിട്ടത്‌.

പലിശനിരക്ക്‌ കുറയ്‌ക്കാനും നിർദേശം

കഴിഞ്ഞ സാമ്പത്തികവർഷം‌ 8.5 ശതമാനം പലിശയാണ് നിശ്ചയിച്ചത്. എന്നാൽ, ഇത്‌ സർക്കാർ വിജ്ഞാപനം ചെയ്‌തിട്ടില്ല. പകരം ഇപ്പോൾ 8.15 ശതമാനവും ഡിസംബറിൽ 0.35 ശതമാനവും രണ്ടു ഘട്ടമായി നല്കാനാണ് ആലോചനയെന്ന് മന്ത്രി പറഞ്ഞു. പലിശ 8.65 ശതമാനത്തില്‍നിന്ന്‌ 8.5 ആക്കിയശേഷം വീണ്ടും തൊഴിലാളികളെ ദ്രോഹിക്കുന്നത്‌ ശരിയല്ലെന്ന്‌ ട്രേഡ്‌ യൂണിയനുകൾ പ്രതികരിച്ചു.

Friday, April 6, 2012

ഇപിഎഫ് പലിശയില്‍ നേരിയ വര്‍ധന വരുത്തും


എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പലിശ 9.5ല്‍നിന്ന് 8.25 ശതമാനമായി വെട്ടിക്കുറച്ച നടപടിക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ പലിശയില്‍ നാമമാത്ര വര്‍ധന വരുത്തി മുഖം രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം. പലിശ 8.6 ശതമാനമായി നേരിയ തോതില്‍ വര്‍ധിപ്പിക്കാനാണ് നീക്കം. കേന്ദ്രബജറ്റ് അവതരണത്തിന് തൊട്ടുമുമ്പ് മാര്‍ച്ച് 15നാണ് കേന്ദ്രം പിഎഫ് പലിശനിരക്ക് ഒന്നേകാല്‍ ശതമാനം വെട്ടിക്കുറച്ചത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് സംഘടനയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് (സിബിടി)യോഗം ചേര്‍ന്ന് പലിശനിരക്കില്‍ മാറ്റം വരുത്താനൊരുങ്ങുന്നത്.

പത്ത് വര്‍ഷത്തിനിടയില്‍ പലിശനിരക്കിലുണ്ടായ ഏറ്റവും വലിയ വെട്ടിക്കുറവ് 4.7 കോടി വരിക്കാരുടെ വരുമാനത്തില്‍ വന്‍ ഇടിവുണ്ടാക്കി. ഇതിനെതിരെ ട്രേഡ് യൂണിയനുകള്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് തയ്യാറെടുക്കുകയാണ്. സിബിടിയോഗത്തില്‍ തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍ പലിശനിരക്ക് വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തെ തുടര്‍ച്ചയായി എതിര്‍ത്തിരുന്നു. ഇതേത്തുടര്‍ന്ന് പല തവണ തീരുമാനം മാറ്റിവയ്ക്കേണ്ടി വന്നെങ്കിലും ധനമന്ത്രാലയം ഇടപെട്ട് പലിശനിരക്ക് വെട്ടിക്കുറയ്ക്കുകയായിരുന്നു. ധനകമ്മി കുറയ്ക്കാനുള്ള നടപടിയെന്ന പേരിലാണ് പലിശ കുറയ്ക്കാന്‍ മന്ത്രാലയം സമ്മര്‍ദം ചെലുത്തിയത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഫെബ്രുവരിവരെ പലിശനിരക്ക് കുറയ്ക്കുന്നത് നീട്ടിവച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ധനമന്ത്രാലയം പലിശനിരക്ക് വെട്ടിക്കുറയ്ക്കാന്‍ നിര്‍ദേശിച്ചു. 8.5 ശതമാനം പലിശ നല്‍കിയാല്‍ 526.44 കോടിയുടെ കമ്മി ഉണ്ടാകുമെന്നും 8.25 ശതമാനമാക്കിയാല്‍ 24 ലക്ഷത്തിന്റെ കമ്മി മാത്രമേ ഉണ്ടാകൂ എന്നും ധനമന്ത്രാലയം കണക്കു കൂട്ടി.

കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികളുടെ സമ്പാദ്യത്തിന് കിട്ടേണ്ട പലിശയില്‍ വന്‍ കുറവ് വരുത്തി കമ്മി കുറയ്ക്കാന്‍ ശ്രമിച്ച കേന്ദ്രസര്‍ക്കാര്‍ വന്‍കിട കോര്‍പറേറ്റ് കമ്പനികള്‍ക്കായി ലക്ഷക്കണക്കിന് കോടി രൂപയുടെ നികുതിയിളവ് തുടര്‍ന്നും ബജറ്റില്‍ നല്‍കി. ധനകമ്മി, വിഭവസമാഹരണം എന്നീ സാഹചര്യങ്ങളില്‍ തൊഴിലാളികളുടെയും സാധാരണക്കാരുടെയും ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുകയും കൂടുതല്‍ നികുതിഭാരം അടിച്ചേല്‍പ്പിക്കുകയുമാണ് യുപിഎ സര്‍ക്കാരിന്റെ സ്ഥിരം ശൈലി.
(വി ജയിന്‍)

deshabhimani 060412

Tuesday, December 13, 2011

പി എഫ് പെന്‍ഷന്‍ വര്‍ധന കടലാസില്‍ ഒതുങ്ങിയേക്കും

തൊഴിലാളികളുടെ കുറഞ്ഞ പെന്‍ഷന്‍ തുക പ്രതിമാസം ആയിരം രൂപ ആക്കാനുള്ള എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (ഇ പി എഫ് ഒ) പദ്ധതി കടലാസില്‍ ഒതുങ്ങിയേക്കും. പദ്ധതി നടപ്പിലാക്കുമ്പോള്‍ വരുന്ന അധിക ചിലവ് വഹിക്കാന്‍ ആരും തയ്യാറാകാത്തതാണ് പദ്ധതി നടപ്പില്‍വരുത്തുന്നതിന് വിലങ്ങ് തടിയാകുന്നത്.
പെന്‍ഷന്‍ പദ്ധതികള്‍ ഉചിതമായ ഭേദഗതികള്‍ വരുത്താനായി കേന്ദ്രസര്‍ക്കാര്‍ രണ്ടായിരത്തിഒമ്പതില്‍ നിയമിച്ച വിദഗ്ധ സമിതിയാണ് കുറഞ്ഞ പെന്‍ഷന്‍ തുക ആയിരമാക്കാനുള്ള നിര്‍ദേശം മുന്നോട്ടുവച്ചത്. എന്നാല്‍ ഈ നിര്‍ദേശം നടപ്പിലാക്കണമെങ്കില്‍ തൊഴില്‍ദായകര്‍ ഇപ്പോള്‍ നല്‍കിവരുന്ന 8.33 ശതമാനത്തിനും കേന്ദ്രം നല്‍കിവരുന്ന 1.16 ശതമാനത്തിനും പുറമേ അടിസ്ഥാനവേതനത്തിന്റെ 0.63 ശതമാനം കൂടി അധികമായി നല്‍കേണ്ടിവരും. എന്നാല്‍ ഈ തുക വഹിക്കാന്‍ സര്‍ക്കാരോ തൊഴില്‍ദായകരോ തയ്യാറല്ല.

ഇ പി എഫ് ഒയുടെ കീഴിലുള്ള കേന്ദ്ര തൊഴില്‍മന്ത്രി തലവനായ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റിസ് പെന്‍ഷന്‍ പദ്ധതിയെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ഈ മാസം 23 ന് യോഗം ചേരും. എന്നാല്‍ അധിക തുക കണ്ടെത്തുന്നതില്‍ ക്രിയാത്മകമായി എന്തെങ്കിലും പ്രതീക്ഷിക്കാന്‍ വകയൊന്നുമില്ല.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് 1995 ലെ ഇ പി എഫ് തൊഴിലാളി പെന്‍ഷന്‍ പദ്ധതിക്ക് കീഴില്‍വരുന്ന 35 ലക്ഷത്തോളം പെന്‍ഷന്‍കാരില്‍ 14 ലക്ഷംപേര്‍ക്കും പ്രതിമാസം അഞ്ഞൂറുരൂപയില്‍ താഴെയാണ് പെന്‍ഷന്‍. ആയിരം രൂപ പ്രതിമാസ പെന്‍ഷന്‍ ലഭിക്കുന്നവര്‍ ഏഴ് ലക്ഷം മാത്രം.

ഇതിനിടയില്‍ പെന്‍ഷന്‍ തുകയുടെ അധികഭാരം തൊഴിലാളികളില്‍നിന്നും ഈടാക്കാനുള്ള ഒരു ശ്രമം വ്യാപകമായ വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. തൊഴിലാളികള്‍ക്കുള്ള പെന്‍ഷന്‍തുക കണ്ടെത്തേണ്ടത് സര്‍ക്കാരും തൊഴില്‍ദായകരുമാണെന്നും തൊഴിലാളികള്‍ തുക കണ്ടെത്തണമെന്നത് ലോകത്തൊരിടത്തും നിലവിലില്ലാത്ത സമ്പ്രദായമാണെന്നും എ ഐ ടി യു സി കേന്ദ്ര സെക്രട്ടി ഡി എല്‍ സച്ച്‌ദേവ് പറഞ്ഞു.തൊഴില്‍ദായകരുടെ സംഘടനകളും ഇതേനിലപാടില്‍ തന്നെയാണ്. അധിക ചിലവ് തങ്ങള്‍ വഹിക്കണമെന്ന് പറയുന്നത് ന്യായമല്ലായെന്നാണ് അവരുടെ വാദം. ഇ പി എഫ് ഒയുടെ യോഗത്തില്‍ അവര്‍ ഈ വാദം ഉന്നയിച്ചിരുന്നു.

janayugom 141211

പിഎഫ് പലിശ കുറച്ചതില്‍ പ്രതിഷേധം

പ്രോവിഡന്റ് ഫണ്ട് പലിശ വെട്ടിക്കുറച്ച് അഞ്ചു കോടി തൊഴിലാളികളുടെ ജീവിതസമ്പാദ്യം തട്ടിയെടുക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമത്തിനെതിരെ പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധം. വാണിജ്യബാങ്കുകളില്‍ പലിശനിരക്ക് വര്‍ധിപ്പിക്കുന്ന സര്‍ക്കാര്‍ , തൊഴിലാളികള്‍ വിയര്‍പ്പൊഴുക്കി നേടുന്ന പണത്തിന്റെ പലിശ കുറയ്ക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അംഗങ്ങള്‍ പറഞ്ഞു.

രാജ്യസഭയില്‍ ശൂന്യവേളയില്‍ സിഐടിയു ജനറല്‍സെക്രട്ടറി തപന്‍സെന്നാണ് പിഎഫ് പലിശപ്രശ്നം ഉയര്‍ത്തിയത്. പിഎഫ് പലിശ 9.5 ല്‍ നിന്ന് 8.25 ശതമാനമായി കുറയ്ക്കാനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തുകഴിഞ്ഞുവെന്നും ഇത് അംഗീകരിക്കാനുള്ള സെന്‍ട്രല്‍ ബോര്‍ഡ് ട്രസ്റ്റീസ് യോഗം പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം കഴിഞ്ഞാക്കിയത് മനഃപൂര്‍വമാണെന്നും തപന്‍സെന്‍ പറഞ്ഞു. പാര്‍ലമെന്റില്‍ ഈ പ്രശ്നം വരുന്നത് ഒഴിവാക്കാനാണിത്. അഞ്ചു കോടി തൊഴിലാളികള്‍ ജീവിത സമ്പാദ്യമായി കരുതുന്ന നാലു ലക്ഷം കോടി രൂപയുടെ പലിശ നിരക്ക് വച്ചുള്ള സര്‍ക്കാരിന്റെ കളി അംഗീകരിക്കാനാവില്ല. കഴിഞ്ഞ ഒരു വര്‍ഷമായി ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും പലിശനിരക്ക് പലപ്രാവശ്യം വര്‍ധിപ്പിച്ചു. അതേ സര്‍ക്കാര്‍ എന്തിനാണ് പിഎഫില്‍ കൈയിട്ടു വാരുന്നത്. 30 വര്‍ഷത്തിലേറെയായി സര്‍ക്കാരിന്റെ കൈയിലുള്ള ഈ തുകയ്ക്ക് സാമൂഹ്യ സുരക്ഷാ പദ്ധതി എന്ന നിലയില്‍ പലിശ കൂട്ടാനാണ് ശ്രമിക്കേണ്ടിയിരുന്നത്. രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുന്ന സംഘടിതമേഖലയിലെ തൊഴിലാളികളുടെ സുരക്ഷയാണ് പിഎഫ് തുക. തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും കഷ്ടത്തിലാക്കുന്ന തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറിയില്ലെങ്കില്‍ തൊഴിലാളിസംഘടനകള്‍ ശക്തമായി രംഗത്തുവരുമെന്നും എംപിമാര്‍ മുന്നറിയിപ്പ് നല്‍കി.
(ദിനേശ്വര്‍മ)

deshabhimani 131211

Sunday, January 23, 2011

വര്‍ധിപ്പിച്ച പിഎഫ് പലിശ തടഞ്ഞുവയ്ക്കാന്‍ നീക്കം

എംപ്ളോയീസ് പ്രോവിഡന്റ് നിക്ഷേപകര്‍ക്ക് ഈ സാമ്പത്തികവര്‍ഷം വര്‍ധിപ്പിച്ച ഒരുശതമാനം പലിശ തടഞ്ഞുവയ്ക്കാന്‍ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നീക്കം. 2010-11 വര്‍ഷത്തെ പലിശ നിരക്ക് എട്ടര ശതമാനത്തില്‍നിന്ന് ഒമ്പതരയാക്കിയുള്ള വിജ്ഞാപനം പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. സെപ്തംബറില്‍ ചേര്‍ന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റീസ് (സിബിടി) യോഗമാണ് പലിശനിരക്ക് ഒമ്പതര ശതമാനമാക്കിയത്. സ്വകാര്യമേഖലയിലെ പിഎഫ് മാനേജ്മെന്റുകളുടെയും തൊഴിലുടമകളുടെയും സമ്മര്‍ദഫലമായാണ് പലിശ തടയാനുള്ള നീക്കം.
പലിശയിനത്തില്‍ വര്‍ഷങ്ങളായി ബാക്കിയുള്ള 1731 കോടി രൂപ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പലിശനിരക്ക് ഒമ്പതര ശതമാനമായി ഉയര്‍ത്താന്‍ സിബിടി തീരുമാനിച്ചത്. ഇത് അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട സിബിടി ചെയര്‍മാന്‍കൂടിയായ തൊഴില്‍മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ധനമന്ത്രാലയത്തിന് കത്തെഴുതിയിരുന്നു. എന്നാല്‍, പലിശ വര്‍ധിപ്പിക്കാനുള്ള തീരുമാനം അംഗീകരിക്കാനാകില്ലെന്നായിരുന്നു ധനമന്ത്രാലയത്തിന്റെ നിലപാട്. ഇപിഎഫ്ഒ രൂപംകൊണ്ട 1952 മുതല്‍ പലിശ ഇനത്തില്‍ ബാക്കിയായ തുക സംബന്ധിച്ച് കൃത്യമായ കണക്കില്ലെന്ന സിഎജിയുടെ കണ്ടെത്തല്‍ ചൂണ്ടിക്കാട്ടിയാണ് ധനമന്ത്രാലയം തടസ്സംനിന്നത്. എന്നാല്‍, സിബിടി തീരുമാനത്തില്‍നിന്ന് പിന്നോട്ടുപോകില്ലെന്ന് തൊഴില്‍മന്ത്രാലയവും അറിയിച്ചു.

ഈ ഘട്ടത്തിലാണ് ഇപിഎഫ്ഒയുടെ അഞ്ചു ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിന്റെ ഒരുഭാഗം ഓഹരിക്കമ്പോളത്തില്‍ നിക്ഷേപിക്കണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രാലയ സെക്രട്ടറി അശോക് ചാവ്ല തൊഴില്‍മന്ത്രാലയത്തിന് കത്തെഴുതിയത്. ഒമ്പതര ശതമാനം പലിശ അനുവദിക്കണമെങ്കില്‍ നിക്ഷേപത്തിന്റെ ഒരുഭാഗം ഓഹരിക്കമ്പോളത്തില്‍ നിക്ഷേപിക്കണമെന്ന വ്യവസ്ഥയാണ് ധനമന്ത്രാലയം മുന്നോട്ടുവച്ചത്. എന്നാല്‍, ട്രേഡ്യൂണിയനുകള്‍ ശക്തമായി എതിര്‍ത്തതോടെ സിബിടി ഇക്കാര്യത്തില്‍ ധനമന്ത്രാലയത്തിനു വഴങ്ങിയില്ല. ഇതിനിടെ പലിശ കൂട്ടുന്നതിനെതിരെ തൊഴിലുടമകളുടെ സംഘടനയായ ഓള്‍ ഇന്ത്യ ഓര്‍ഗനൈസേഷന്‍ ഓഫ് എംപ്ളോയേഴ്സ് (എഐഒഇ) ധനമന്ത്രാലയത്തിനു പരാതി നല്‍കിയിരുന്നു. സിബിടി അംഗംകൂടിയാണ് എഐഒഇ. ഇപിഎഫ്ഒ ഒമ്പതര ശതമാനം പലിശ നല്‍കുന്നതിനാല്‍ അത്രയും പലിശ നല്‍കാന്‍ സ്വകാര്യ പിഎഫ് കമ്പനികളും നിര്‍ബന്ധിതമാകും. അതൊഴിവാക്കാനുള്ള എളുപ്പമാര്‍ഗം വിജ്ഞാപനം പുറപ്പെടുവിക്കാതിരിക്കുകയാണ്.
(വി ബി പരമേശ്വരന്‍)

ദേശാഭിമാനി 230111