Showing posts with label ചൈന. Show all posts
Showing posts with label ചൈന. Show all posts

Friday, July 2, 2021

സിപിസി ശതവാർഷികം ; കരുത്തിന്റെ കാഹളമായി ആഘോഷസമാപനം

ചൈനയുടെയും ചൈനീസ്‌ കമ്യൂണിസ്‌റ്റ്‌ പാർടിയുടെയും(സിപിസി) കരുത്തിന്റെ കാഹളമായി പാർടി ശതാബ്ദി ആഘോഷ സമാപനം. സൈനികാഭ്യാസവും വർണാഭമായ പരിപാടികളുമായി ചരിത്ര മുഹൂർത്തം അവിസ്മരണീയമായി. 71  വർഷം പിന്നിട്ട റിപബ്ലിക്കിന്റെ  സൈനികശക്തി വിളിച്ചോതി 71 വിമാനം അണിനിരന്ന വ്യോമാഭ്യാസത്തോടെയാണ്‌ ആഘോഷം തുടങ്ങിയത്‌. ഏറ്റവും പുതിയ 20 സ്‌റ്റെൽത് ജെറ്റ്‌ വിമാനങ്ങളും ഹെലികോപ്ടറുകളും പരിശീലന പോർ വിമാനങ്ങളും കാഴ്‌ചയുടെ വസന്തം സമ്മാനിച്ചു.

100 വർഷം മുമ്പ്‌ പാർടി സ്ഥാപന വേളയിലെ മൗ സെ ദൊങ്ങിനെ അനുസ്മരിപ്പിക്കും വിധം ചാരനിറത്തിലുള്ള സ്യൂട്ടണിഞ്ഞാണ്‌ ഷി ജിൻപിങ്‌ ടിയാനൻമെൻ ഗേറ്റിന്റെ മട്ടുപ്പാവിൽ എത്തിയത്‌. ജനകീയ റിപ്പബ്ലിക്കിന്റെ സ്ഥാപകനായ മൗവിന്റെ കൂറ്റൻ ചിത്രത്തിന്ന്‌ മുന്നിൽ, വർത്തമാന ചൈനയെ രൂപപ്പെടുത്തുന്നതിൽ മഹത്തായ പങ്ക്‌ വഹിച്ച നേതാക്കൾ ഓരോരുത്തരെയും പ്രത്യേകം പരാമർശിച്ചായിരുന്നു അദ്ദേഹത്തിന്റെ മണിക്കൂറിലേറെ നീണ്ട പ്രസംഗം.  സിപിസി മുൻ നേതാക്കൾ ഹു ജിന്താവോ, വെൻ ജിയാബോ എന്നിവരും പങ്കെടുത്തു. മുൻ ജനറൽ സെക്രട്ടറി ജിയാങ്‌ സെമിൻ, സു റോങ്‌ജി എന്നിവർക്ക്‌ പ്രായാധിക്യം മൂലം എത്താനായില്ല. അതേസമയം ഇന്ത്യയടക്കം ചില രാജ്യങ്ങളിൽ ചൈനാവിരുദ്ധർ സിപിസിക്കെതിരെ പ്രകടനം നടത്തി.

വിരട്ടൽ ചൈനയോട്‌ വേണ്ട: ഷി ജിൻപിങ്‌

ചൈനയെ വിരട്ടാനും അടിച്ചമർത്താനും കീഴ്‌പ്പെടുത്താനും ഒരു വിദേശശക്തിയേയും അനുവദിക്കില്ലെന്ന്‌ പ്രസിഡന്റ്‌ ഷി ജിൻപിങ്‌. മറ്റ്‌ രാജ്യങ്ങളെ തകർക്കാനോ കീഴ്‌പ്പെടുത്താനോ ചൈന ഒരിക്കലും ശ്രമിച്ചിട്ടില്ല. ശ്രമിക്കുകയുമില്ല. എന്നാൽ ചൈനയുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന ഏത്‌ ശക്തിയും 140 കോടി ജനങ്ങൾ ഒറ്റക്കെട്ടായി തീർക്കുന്ന വൻമതിലിന്റെ കരുത്തിനെ നേരിടേണ്ടി വരും. ചൈനീസ്‌ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ ശതാബ്ദി ആഘോഷ സമാപനത്തിലാണ്‌ പാർടി ജനറൽ സെക്രട്ടറി കൂടിയായ അദ്ദേഹം അമേരിക്കയുടെ പേര്‌ പറയാതെ മുന്നറിയിപ്പ്‌ നൽകിയത്‌.

രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാനുള്ള ചൈനീസ്‌ ജനതയുടെ നിശ്ചയദാർഢ്യം വിലകുറച്ചു കാണുന്നത്‌ മണ്ടത്തരമാകുമെന്നും ഷി മുന്നറിയിപ്പ്‌ നൽകി. ‘ചൈനീസ്‌ സൈന്യത്തിന്റെ നവീകരണം വേഗത്തിൽ പൂർത്തിയാക്കി ലോകോത്തര നിലവാരത്തിൽ എത്തിക്കും. ലോകസമാധാനവും രാജ്യത്തിന്റെ പരാമാധികാരവും വികസന താൽപ്പര്യങ്ങളും സംരക്ഷിക്കാൻ ഇത്‌ അത്യന്താപേക്ഷിതമാണ്‌. ചൈന ആർജിച്ച പുരോഗതി കമ്യൂണിസ്റ്റ്‌ പാർടിയെ ഒഴിച്ചുനിർത്തി സാധ്യമാകുമായിരുന്നില്ല. തുടർന്നും മാർക്സിസത്തിൽ ഊന്നിയും അത്‌ രാജ്യത്തിന്റെ സാഹചര്യത്തിന്‌ അനുസൃതമായി സ്വാംശീകരിച്ചും കൂടുതൽ കരുത്താർന്ന ചൈന കെട്ടിപ്പടുക്കും. പാർടിയെ തളർത്താൻ ശ്രമിക്കുന്ന വൈറസുകളെ തുടച്ചുനീക്കും. സിൻജിയാങ്‌, ഹോങ്കോങ്‌ അനുഭവങ്ങളിൽനിന്ന്‌ പാഠം ഉൾക്കൊള്ളും. മറ്റ്‌ രാജ്യങ്ങളിൽനിന്നടക്കം ക്രിയാത്മകമായ ഏത്‌ വിമർശനവും അർഹമായ ബഹുമാനത്തോടെ സ്വീകരിക്കും. എന്നാൽ, മറ്റുള്ളവരെ ഗുണദോഷിക്കാൻ അവകാശമുള്ളവരെന്ന്‌ നടിക്കുന്നവരുടെ വാചകമടി തള്ളും.

പട്ടിണിയകറ്റാനും അഴിമതി നിയന്ത്രിക്കാനും സമൂഹ്യപുരോഗതി സാധ്യമാക്കാനും രാജ്യത്തിനായി. സാമൂഹ്യ–- സാമ്പത്തിക നവീകരണത്തിൽ ഇനി ശ്രദ്ധയൂന്നണം. ഹോങ്കോങ്ങിലും മകാവുവിലും ഇതിനനുസൃതമായ നയം നടപ്പാക്കും’. തായ്‌വാനെ രാജ്യത്തിന്റെ ഭാഗമാക്കി ഉറപ്പിക്കുകയെന്നത്‌ സിപിസിയുടെ ചരിത്രപരമായ ദൗത്യമാണെന്നും ഷി പറഞ്ഞു. കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ ചടങ്ങിനെത്തിയ 70,000 പാർടി പ്രവർത്തകരും സ്കൂൾ കുട്ടികളുമടങ്ങിയ സദസ്‌ കരഘോഷത്തോടെ പ്രസിഡന്റിന്റെ പ്രഖ്യാപനത്തെ പിന്തുണച്ചു.

Thursday, July 1, 2021

മഹാത്ഭുതത്തിന് 100; ശതവാർഷിക ആഘോഷത്തിന്‌ ഇന്ന്‌ സമാപനം

ബീജിങ്‌ > വൻമതിൽ മാത്രമല്ല, ചൈന തന്നെ ഇന്ന്‌ ലോകത്തിന്‌ മഹാത്ഭുതമാണ്‌. 70 വർഷംമുമ്പ്‌ ഏഷ്യയിലെ പരമദരിദ്രമായിരുന്ന രാജ്യം. 50 വർഷം മുമ്പുവരെ ഐക്യരാഷ്‌ട്ര സംഘടനയിൽ അംഗത്വം പോലും നിഷേധിക്കപ്പെട്ട്‌ ബഹിഷ്‌കരിക്കപ്പെട്ടിരുന്ന രാജ്യം. ഇന്നത്‌ ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയാണ്‌. സാമ്പത്തികരംഗത്ത്‌ മാത്രമല്ല, ശാസ്‌ത്രത്തിലും സാങ്കേതികവിദ്യാ മുന്നേറ്റങ്ങളിലും കായികരംഗത്തും സൈനികശേഷിയിലുമെല്ലാം ചൈന ഇന്ന്‌ അപ്രതിരോധ്യശക്തിയായി വളർന്നിരിക്കുന്നു. ലോകത്തെ ഏറ്റവും വലിയ ജനതയെ ഈ അഭിമാനകരമായ നേട്ടത്തിനുടമകളാക്കിയ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ(സിപിസി) ശതവാർഷികാഘോഷത്തിന്റെ സമാപനമാണ്‌ വ്യാഴാഴ്‌ച.

1921 ജൂലൈ ഒന്നിന്‌ അതീവരഹസ്യമായി ഷാങ്‌ഹായിൽ ചേർന്ന 12 കമ്യൂണിസ്‌റ്റുകാരുടെ യോഗമാണ്‌ സിപിസി രൂപീകരിച്ചത്‌. 57 പേർ മാത്രമായിരുന്നു ആദ്യവർഷം അംഗങ്ങൾ. 1927 ആയപ്പോഴേക്ക്‌ 57967 ആയി അംഗസംഖ്യ ഉയർന്നെങ്കിലും അടുത്തവർഷം അത്‌ പതിനായിരമായി ചുരുങ്ങി. പതിനായിരക്കണക്കിന്‌ കമ്യൂണിസ്‌റ്റുകാരെയും അനുഭാവികളെയും രാജ്യം ഭരിച്ച കുമിന്താങ്ങുകൾ കൊന്നൊടുക്കി. അതിക്രമങ്ങളെ നേരിട്ട്‌, കുമിന്താങ്ങുകളോടും ജപ്പാന്റെ അധിനിവേശസേനയോടും പോരാടി വീണ്ടും വളർന്ന പാർടി 1949ൽ പുതുയുഗത്തിന്‌ തുടക്കം കുറിച്ചു. ആ ഒക്‌ടോബർ ഒന്നിനാണ്‌ മൗ സെ ദൊങ്‌ ജനകീയ ചൈന റിപബ്ലിക്കിന്റെ ഉദയം പ്രഖ്യാപിച്ചത്‌. അപ്പോഴേക്ക്‌ പാർടി അംഗങ്ങളുടെ എണ്ണം 45 ലക്ഷമായി ഉയർന്നിരുന്നു. ഇപ്പോൾ 9.2 കോടി അംഗങ്ങൾ.

സിപിസി രൂപീകരണത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച്‌ വിപുലമായ പരിപാടികളാണ്‌ ചൈനയിൽ നടന്നുവരുന്നത്‌. വ്യാഴാഴ്‌ച ആഘോഷത്തിന്റെ പരിസമാപ്‌തിയിൽ ഷി ജിൻപിങ്ങിന്റെ പ്രഭാഷണം ആണ്‌ പ്രധാനം.

രണ്ട് വ്യവസ്ഥിതികൾ രണ്ട് രാജ്യങ്ങളോട് ചെയ്തത് 

ചൈനയ്‌ക്കെതിരായ യുഎസ്‌ ഭീഷണികൾ

കൊള്ളമുതലിൽ കഴുകൻ കണ്ണുകളുള്ള സഖ്യശക്തികളെയും അന്താരാഷ്ട്ര മാധ്യമസന്നാഹങ്ങളെയും പ്രസാധക ഗൃഹങ്ങളെയും പണം പറ്റുന്ന വലതുപക്ഷ ബുദ്ധിജീവികളെയും സിഐഎ പോലുള്ള ചാരസംവിധാനങ്ങളെയും പൗരാവകാശലംഘനങ്ങൾക്ക്‌ കുപ്രസിദ്ധമായ എഫ്‌ബിഐയെയും ഉപയോഗിച്ച്‌ അമേരിക്ക സോഷ്യലിസ്റ്റ്‌ രാജ്യങ്ങൾക്കെതിരെ പതിറ്റാണ്ടുകളായി നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങൾ കുപ്രസിദ്ധങ്ങളാണ്‌. ചൈനയും ക്യൂബയും വടക്കൻ കൊറിയയും വിയത്‌നാമും മറ്റും രാഷ്ട്രീയ‐സൈനിക‐സാമ്പത്തിക ഉപരോധങ്ങളുടെ  എത്രയോ കെടുതികൾ അനുഭവിക്കുകയും ശ്രമകരമായി അതിജീവിക്കുകയും ചെയ്‌തു. എണ്ണസമ്പന്നമായ വെനസ്വേലയാണ്‌ മറ്റൊരു ഇര.

കോവിഡ്‌ മഹാമാരി ഭൂഗോളത്തെ പിടിച്ചുകുലുക്കുംവിധം സംഹാര താണ്ഡവമാടിയപ്പോൾ ചൈനയ്‌ക്കെതിരെ തുറന്നുവിട്ട വ്യാജപ്രചാരണങ്ങൾ ലോകം കണ്ടു. ഈ പശ്ചാത്തലത്തിലാണ്‌ ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർടി (സിപിസി)യെ തകർക്കാൻ തയ്യാറാക്കിയ പുതിയ പദ്ധതിയെയും വിലയിരുത്തേണ്ടത്‌. പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ട്രംപിന്റെ വിജയത്തിലെ  മുഖ്യ ബുദ്ധികേന്ദ്രങ്ങളിലൊരാളും തുടർന്ന്‌ പ്രത്യുപകാരമായി 2017 ആഗസ്‌ത്‌ 18 വരെ പ്രസിഡന്റിന്റെ മുഖ്യ തന്ത്രജ്ഞനായി അവരോധിക്കപ്പെടുകയും ചെയ്‌ത സ്റ്റീവ്‌  ബാനൺ, ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർടിയെ നേരിടാനും മറിച്ചിടാനും ട്രംപ്‌ ഗവൺമെന്റ്‌ സംയോജിതമായ ‘യുദ്ധപദ്ധതി’ ഏകോപിപ്പിച്ചതായി പറഞ്ഞു. ട്രംപിന്റെ സ്വന്തം ചാനലെന്ന്‌ അറിയപ്പെടുന്ന ‘ഫോക്‌സ്‌ ന്യൂസ്‌’ നടത്തിയ അഭിമുഖത്തിലായിരുന്നു ഈ തുറന്നടിക്കൽ. വെള്ളക്കൊട്ടാരത്തിലെ ഒന്നാം നിരക്കാരനായിരുന്ന ബാനൺ നടത്തിയ വെളിപ്പെടുത്തലിൽ ഇന്ത്യയെ യുഎസ്‌ അട്ടിമറി നീക്കത്തിന്റെ അഭേദ്യ ഭാഗമാക്കാനുള്ള ഗൂഢോദ്ദേശ്യവും  തെളിഞ്ഞിട്ടുണ്ട്‌.

ടിബത്തൻ  അതിർത്തിയിൽ ഇന്ത്യയിലെ കൂട്ടാളികളെ സഹായിക്കുകകൂടി  പുതിയ പദ്ധതിയുടെ ഭാഗമാണ്‌. നവംബറിൽ നടക്കാനിരിക്കുന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ട്രംപിന്റെ  ജയംകൂടി ലക്ഷ്യമിട്ട്‌ ക്രൈസ്‌തവ പ്രതീകങ്ങൾ ഉപയോഗിച്ചാണ്‌ ബാനൺ പദ്ധതിയുടെ വിശദാംശങ്ങൾ ഫോക്‌സ്‌ ന്യൂസിനോട്‌ ആഹ്ലാദപൂർവം വിവരിച്ചതെന്നതും പ്രധാനം. സിപിസിക്കെതിരെ  ‘അന്തിമ നാശത്തിന്റെ നാല്‌ കുതിരക്കാർ’ അടങ്ങുന്ന പ്രസിഡന്റിന്റെ തനതായ യുദ്ധ കൗൺസിലിനാണ്‌ രൂപംനൽകിയിട്ടുള്ളതത്രെ. സ്‌റ്റേറ്റ്‌ സെക്രട്ടറി മൈക്‌ പോംപിയോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ റോബർട്ട്‌ ഒബ്രീൻ, എഫ്‌ബിഐ മുൻ ഡയറക്ടർ   ക്രിസ്റ്റഫർ ആഷർ വ്രേ, അറ്റോർണി ജനറൽ വില്യം പെൽഹാം ബാർ എന്നിവർ. അതിൽ ഒബ്രീനും  വ്രേയും ബാറും ചൈനയ്‌ക്കെതിരെ  കടുത്ത ഭീഷണി ചുഴറ്റിയ  മൂന്ന്‌ അതിക്രമ  പ്രസംഗങ്ങൾ നടത്തിക്കഴിഞ്ഞു. സിപിസിക്കെതിരെ വിവരസാങ്കേതികവിദ്യാ, വാർത്താ, ധനകാര്യ യുദ്ധങ്ങൾക്കാണ്‌ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്‌.  തുടർന്ന്‌ കൂട്ടാളികൾക്കൊപ്പം തെക്കൻ ചൈനാ കടലിൽ നിലപാടെടുക്കുകയും ചെയ്യും.  കഴിഞ്ഞദിവസം ചൈനയെ വിമർശിച്ച്‌ ദേശീയ പ്രതിരോധ അധികാര നിയമ( എൻഡിഎഎ)ത്തിന്‌ അമേരിക്കൻ  പ്രതിനിധിസഭ ഭേദഗതി പാസാക്കിയത്‌ ഇതോട്‌ ചേർത്താണ്‌ വിലയിരുത്തേണ്ടത്‌.

ചൈനീസ്‌ കോൺസുലേറ്റ്‌

ഹൂസ്റ്റണിലെ ചൈനീസ്‌ കോൺസുലേറ്റ്‌ 48 മണിക്കൂർ മാത്രം  സാവകാശം നൽകി അടച്ചുപൂട്ടാനും മൂന്നു ദിവസത്തിനുള്ളിൽ ടെക്‌സാസ്‌ നഗരത്തിലെ അതിന്റെ എല്ലാ പ്രവർത്തനവും അവസാനിപ്പിക്കാനും  അമേരിക്ക പുറപ്പെടുവിച്ച   അന്ത്യശാസനം പോലുള്ള ഉത്തരവ്‌ അത്യന്തം പ്രകോപനപരമാണ്‌. അമേരിക്കൻ ബൗദ്ധിക സ്വത്തും സ്വകാര്യ വ്യക്തിവിവരങ്ങളും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന  ന്യായീകരണമാണ്‌ അതിനു നിരത്തിയത്‌. തീരുമാനം അറിയിച്ച സ്‌റ്റേറ്റ്‌  ഡിപ്പാർട്ട്‌‌മെന്റ്‌  ചൈനക്കാർ തങ്ങളുടെ  പൗരന്മാരുടെ തൊഴിൽ വലിയതോതിൽ കവരുന്നതായും  ആരോപിച്ചു. കോൺസുലേറ്റ് സാധാരണപോലെ പ്രവർത്തിച്ചുവരികയായിരുന്നുവെന്നും അതിനാൽ അന്താരാഷ്‌ട്ര നിയമങ്ങളുടെ കടുത്ത ലംഘനമാണ്‌ അമേരിക്കയുടേതെന്നുമാണ്‌  ചൈനീസ് വിദേശ  വക്താവ് വാങ്‌  വെൻബിൻ പ്രതികരിച്ചത്‌.  തീരുമാനം പിൻവലിച്ചില്ലെങ്കിൽ ശക്തമായ തിരിച്ചടി നേരിടേണ്ടിവരും. നയതന്ത്ര പ്രതിനിധികളുടെ എണ്ണമെടുത്താൻ ചൈനയിൽ കൂടുതൽ അമേരിക്കക്കാരുണ്ടെന്നത്‌ മറക്കരുത്‌.   ചൈന‐ യുഎസ് ബന്ധം  അട്ടിമറിക്കുന്ന നീചവും നീതിരഹിതവുമായ ഇത്തരം നീക്കത്തെ ശക്തമായി അപലപിക്കുന്നു.  തെറ്റായ തീരുമാനം ഉടൻ പിൻലിക്കണമെന്നും അല്ലെങ്കിൽ  പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും വാങ് വെൻബിൻ മുന്നറിയിപ്പു നൽകി.

കുറച്ചുകാലമായി, അമേരിക്കൻ ഭരണകൂടം ചൈനീസ്‌  വ്യവസ്ഥയെ അപകീർത്തിപ്പെടുത്തുകയും അകാരണമായി  കടന്നാക്രമിക്കുകയും സംശയത്തിന്റെ നിഴലിൽ നിർത്തുകയുമാണ്‌. യുഎസിലെ ചൈനീസ് നയതന്ത്ര, കോൺസുലേറ്റ് ഉദ്യോഗസ്ഥരെയും പ്രതിനിധികളെയും  ഉപദ്രവിക്കുന്നതും  ചൈനീസ് വിദ്യാർഥികളെ ഭീഷണിപ്പെടുത്തുന്നതും  ചോദ്യം ചെയ്യുന്നതും അവരുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുക്കുന്നതും ശീലമാക്കിയ മട്ടാണ്‌. ചൈനീസ്‌ വംശജരായ മാധ്യമപ്രവർത്തകരോടും നിറഞ്ഞ അസഹിഷ്‌ണുത തന്നെ. നിസ്സാര കാര്യങ്ങൾക്കുപോലും  തടങ്കലിലാക്കുന്ന സംഭവങ്ങളും  അപൂർവമല്ല.  യുഎസിലെ  ചൈനീസ്‌ എംബസിയിലും കോൺസുലേറ്റുകളിലും അടുത്തിടെ വധഭീഷണികളും എത്തി. സ്‌ഫോടകവസ്‌തുക്കളും കണ്ടെടുക്കുകയുണ്ടായി. തെരഞ്ഞെടുപ്പ്‌ മുന്നിൽ കണ്ട്‌ ട്രംപും ഉപദേശകരുമെടുത്തു ചുഴറ്റുന്ന ചൈനീസ്‌ വിരുദ്ധത തുറന്നു കാണിക്കുകകൂടി സാമ്രാജ്യത്വവിരുദ്ധ ശക്തികളുടെ അടിയന്തര കടമയാണ്‌.

ശാസ്‌ത്രത്തിലും 
വിസ്‌മയക്കുതിപ്പ്‌

ശാസ്‌ത്ര, സാങ്കേതികവിദ്യാ രംഗങ്ങളിൽ ചൈനയുടെ കുതിച്ചുചാട്ടം അത്ഭുതാവഹമാണ്‌. രാജ്യത്തിന്റെ പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനും ശാസ്‌ത്ര, സാങ്കേതികവിദ്യാ മേഖലകളിൽ കുതിപ്പ്‌ അനിവാര്യമാണെന്ന ബോധ്യത്തിലൂന്നിയുള്ള പ്രവർത്തനമാണ്‌ ഇതിന്‌ അടിസ്ഥാനം. ഈ മേഖലയിലെ ഗവേഷണത്തിനും പഠനങ്ങൾക്കും നൽകുന്ന ഊന്നലും പ്രോത്സാഹനവും വലിയ കുതിപ്പിന്‌ കരുത്തായി. തൊണ്ണൂറുകൾക്കുശേഷം അതിശയകരമായ വളർച്ചയാണ്‌ ഈ രംഗത്തുണ്ടായത്‌. ശാസ്‌ത്ര–-സാങ്കേതിക രംഗത്ത്‌ വൻനിക്ഷേപം ഇക്കാലത്തുണ്ടായി. ശാസ്‌ത്രസാങ്കേതിക വിദഗ്‌ധരുടെ എണ്ണവും നാലിരട്ടിയിലേറെ വർധിച്ചു. 1956ൽ ശാസ്‌ത്ര ആസൂത്രണ കമീഷന്റെ രൂപീകരണമാണ്‌ ചൈനയുടെ ആധുനിക ശാസ്‌ത്രസാങ്കേതിക മേഖലയ്‌ക്ക്‌ വഴിത്തിരിവായത്‌. 56–-67 കാലത്തേക്കായി ദീർഘകാല പദ്ധതി തന്നെ തയ്യാറാക്കി നടപ്പാക്കി, വലിയ തുടക്കമിട്ടു.

പിന്നീടങ്ങോട്ട്‌ തിരിഞ്ഞുനോക്കേണ്ടി വന്നില്ല. വ്യവസായം, അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയ രംഗങ്ങളിലടക്കം വൻ പുരോഗതി നേടാൻ ഇത്‌ മൂലമായി. ഇലക്‌ട്രോണിക്, എൻജിനിയറിങ്‌ മേഖലകളിലും ചൈന ഇന്ന്‌ ലോകശക്തിയാണ്‌. പേറ്റന്റുകളുടെ കാര്യത്തിൽ അമേരിക്കയെയും പിന്തള്ളി. ശാസ്‌ത്രസാങ്കേതിക സ്ഥാപനങ്ങൾ, ഗവേഷണസ്ഥാപനങ്ങൾ എന്നിവയുടെ എണ്ണവും കുതിച്ചുയർന്നു. പടുകൂറ്റൻ നിർമിതികൾ, അതിവേഗ യാത്രായാനങ്ങൾ, കമ്പ്യൂട്ടർ ആപ്ലിക്കേഷനുകൾ, നിർമിതബുദ്ധി തുടങ്ങിയവയിലും ചൈന മുൻനിരയിലാണ്‌. ശാസ്‌ത്രസാങ്കേതിക രംഗത്തെ സ്വയംപര്യാപ്‌തതയാണ്‌ അവർ ലക്ഷ്യമിടുന്നത്‌. ഈ രംഗത്തേക്ക്‌ കൂടുതൽ യുവാക്കളെയും വനിതകളെയും ആകർഷിക്കാനുള്ള പദ്ധതികളും ഏറെ ഗുണകരമായി. കാർഷികമേഖലയിലും ശാസ്‌ത്രനേട്ടങ്ങൾ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നു.  ബഹിരാകാശ ഗവേഷണത്തിൽ മറ്റു രാജ്യങ്ങളുടെ സഹായമില്ലാതെയുള്ള ചൈനയുടെ മുന്നേറ്റം അത്ഭുതകരമാണ്‌. ഏറ്റവുമൊടുവിൽ സ്വന്തമായ ബഹിരാകാശനിലയം നിർമിച്ച്‌ അവിടെ ആളുകളെയും എത്തിച്ചു അവർ. ടിയാൻഗോങ് എന്ന ആകാശനിലയത്തിൽ മൂന്നു യാത്രികരെ എത്തിച്ചത്‌ ദിവസങ്ങൾക്കുമുമ്പാണ്‌. 

നാസയുടെ നേതൃത്വത്തിലുള്ള അന്താരാഷ്‌ട്ര ബഹിരാകാശനിലയ പദ്ധതിയിൽ ചൈനയെ സഹകരിപ്പിക്കാത്തതിനുള്ള മധുരപ്രതികാരംകൂടിയാണ്‌ ഇത്‌. തങ്ങളുടെ പദ്ധതിയുമായി മറ്റു രാജ്യങ്ങളെ സഹകരിപ്പിക്കുമെന്ന്‌ ചൈന പ്രഖ്യാപിച്ചു. റഷ്യയും താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌. അടുത്ത 11 ദൗത്യങ്ങളിലൂടെ  നിലയം പൂർത്തീകരിക്കുകയാണ്‌ ചൈനയുടെ ലക്ഷ്യം. ഇതിനായി 18 യാത്രികരെയാണ്‌ തെരഞ്ഞെടുത്തിരിക്കുന്നത്‌.

ചൊവ്വയിൽ സുരക്ഷിതമായി മനുഷ്യനെ ഇറക്കാനും ദീർഘകാലം താമസിക്കാനുമുള്ള ദൗത്യങ്ങളിലേക്കും ചൈന ചിന്തിച്ചുതുടങ്ങി. ഇതിന്റെ ഭാഗമായി ചൊവ്വാ പര്യവേക്ഷണവും ആരംഭിച്ചു. ആദ്യ ശ്രമത്തിൽത്തന്നെ ലാൻഡറും റോവറും ചൊവ്വയിൽ ഇറക്കി. കഴിഞ്ഞ ഫെബ്രുവരിയിൽ ചൊവ്വാ പഥത്തിൽ എത്തിയ ടിയാവെൻ–-1 പേടകത്തിൽനിന്ന്‌ കൃത്യതയോടെ ചൊവ്വയുടെ ‘ഉട്ടോപ്യ’യിലാണ്‌ ഇവ ഇറങ്ങിയത്‌. 2029 ചൊവ്വയിൽനിന്ന്‌ സാമ്പിളുമായി മടങ്ങുന്ന മറ്റൊരു ദൗത്യത്തിനും രൂപംനൽകിയിട്ടുണ്ട്‌.

1964ലാണ്‌ ചൈന ബഹിരാകാശ പദ്ധതികൾക്ക്‌ തുടക്കമിട്ടത്‌. തുടർന്ന്‌ ഒട്ടേറെ ദൗത്യം. 2003ൽ ആദ്യ ചൈനാക്കാരൻ ബഹിരാകാശത്ത്‌ എത്തി. 21 മണിക്കൂർ ചെലവഴിച്ചു. 2007 ആദ്യ ഓർബിറ്റർ ചന്ദ്രനെ ചുറ്റി. 2012 ആദ്യ ചൈനക്കാരിയെ ബഹിരാകാശത്ത്‌ എത്തിച്ചു. കഴിഞ്ഞവർഷം ചാങ്‌–-3 ചന്ദ്രനിൽ ഇറങ്ങി, ആറരയടി കുഴിച്ച്‌ രണ്ട്‌ കിലോ സാമ്പിൾ ശേഖരിച്ചു. അതുമായി ഡിസംബർ 17ന്‌ ഭൂമിയിൽ വിജയകരമായി തിരിച്ചെത്തി. ചന്ദ്രന്റെ മറുപുറത്തെപ്പറ്റി പഠിക്കുന്ന മറ്റൊരു ദൗത്യവും മുന്നേറുകയാണ്‌. ഭൂമിയുടെ സമീപം കടന്നുപോകുന്ന ഉൽക്കകളെപ്പറ്റി പഠിക്കാനുള്ള ഉപഗ്രഹം ചൈന വിക്ഷേപിച്ചത്‌ കഴിഞ്ഞ മാസമാണ്‌.

ദിലീപ്‌ മലയാലപ്പുഴ 

ഏഷ്യയുടെ 
കായികവിളക്ക്‌

‘ചാമ്പ്യന്മാർ പിറക്കുന്നത്‌ ജിംനേഷ്യങ്ങളിലല്ല. അവരവരുടെ സ്വപ്‌നങ്ങളിലൂടെ, അതിയായ ആഗ്രഹങ്ങളിലൂടെ, ഭാവനാപരമായ ഉൾക്കാഴ്‌ചകളിലൂടെ..’

മുഹമ്മദലി (ബോക്‌സിങ് ഇതിഹാസം)

ഇടിക്കൂട്ടിലെ ഇതിഹാസം മുഹമ്മദലി പറഞ്ഞത്‌ ചൈനയെ ഉദ്ദേശിച്ചല്ല. പക്ഷേ, ലോക കായികശക്തിയായി ചൈന വളർന്നതിന്‌ പിന്നിൽ ഇവയെല്ലാമുണ്ട്‌. അമേരിക്കയും സോവിയറ്റ്‌ യൂണിയനും ജർമനിയും കൊടികുത്തി വാണിരുന്ന  സ്‌പോർട്‌സിൽ, അതിന്റെ  ആഗോള പ്രശസ്‌തി വൈകിയാണ്‌ ചൈന തിരിച്ചറിഞ്ഞത്‌. പക്ഷേ ആ തിരിച്ചറിവ്‌ നൽകിയ ഊർജം ചെറുതായിരുന്നില്ല. ഏഷ്യയിൽ ഒതുങ്ങിനിന്നിരുന്ന കായിക മികവുകൾ തേച്ചുമിനുക്കി ലോകത്തിനുമുന്നിൽ അവതരിപ്പിച്ചപ്പോൾ അതൊരു ചരിത്രമായി. 2008ൽ ഒളിമ്പിക്‌സിന്‌ ആതിഥേയരായതോടെ ചൈനയുടെ ശക്തി ലോകം തിരിച്ചറിഞ്ഞു.

Image Credit: Olympics.com

തലസ്ഥാനമായ ബീജിങ്ങിൽ നടന്ന ആ ഒളിമ്പിക്‌സിൽ ചരിത്രത്തിലാദ്യമായി ചൈന ഓവറോൾ ചാമ്പ്യൻപട്ടമണിഞ്ഞു. 51 സ്വർണവും 21 വെള്ളിയും 28 വെങ്കലുമടക്കം 100 മെഡൽ. ലോകം അത്ഭുതത്തോടെയാണ്‌ ഈ നേട്ടത്തെ നോക്കിക്കണ്ടത്‌.  സംഘാടന മികവിലും പ്രകടനമികവിലും  അമേരിക്കയെ പിന്തള്ളിയ ഒളിമ്പിക്‌സ്‌. ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണക്കുതിപ്പ്‌.

ആ നേട്ടം ഒറ്റ രാത്രികൊണ്ട്‌ ഉണ്ടായതല്ല. അതിൽ മുഹമ്മദലി പറഞ്ഞ സ്വപ്‌നമുണ്ടായിരുന്നു. ഭാവനാപൂർണമായ പദ്ധതിയും ആസൂത്രണ മികവുമുണ്ടായിരുന്നു. കേന്ദ്രീകൃതവും സുസംഘടിതവുമായ മുന്നേറ്റം. 1988ലെ ഒളിമ്പിക്‌സിൽ അഞ്ച്‌ സ്വർണമടക്കം നേടി പതിനൊന്നാം സ്ഥാനത്തായിരുന്നു. 20 വർഷത്തെ അധ്വാനത്തിനൊടുവിൽ ചൈന ലോക കായിക ഭൂപടം മാറ്റിവരച്ചു.

വിപ്ലവകരമായ മാറ്റത്തിന്‌ വഴിയൊരുക്കിയത്‌ 1995ലെ കായിക നിയമമാണ്‌. സ്‌പോർട്‌സ്‌ പൂർണമായും സർക്കാരിന്‌ കീഴിലാക്കിയതാണ്‌ നിയമത്തിന്റെ കാതൽ. താരങ്ങൾ രാജ്യസ്‌നേഹവും കൂട്ടായ്‌മയും സോഷ്യലിസവും പാലിക്കണമെന്ന്‌ നിയമം അനുശാസിക്കുന്നു. സർക്കാർ നിയന്ത്രണത്തിലെ ഏകീകൃത കായിക സംവിധാനം പുതിയ മുന്നേറ്റത്തിന്‌ അടിത്തറയായി. 

സർക്കാർ നേരിട്ട്‌ പദ്ധതികൾക്ക്‌ നേതൃത്വം നൽകി. സ്‌പോർട്‌സിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ്‌ പാഠ്യപദ്ധതികൾ തയ്യാറാക്കി. കുട്ടികളെ ചെറുപ്രായത്തിൽ കളികളിലേക്ക്‌ കൊണ്ടുവന്നു. എല്ലാ കുട്ടികൾക്കും തുടക്കത്തിൽ വ്യായാമത്തിന്റെ പാഠങ്ങൾ പകർന്ന്‌ കായികവിനോദങ്ങളിലേക്ക്‌ ആകർഷിച്ചു. കൃത്യവും ചിട്ടയുമായ പരിശീലനം. അടിസ്ഥാനസൗകര്യ വികസനത്തിൽ വൻ കുതിപ്പുണ്ടായി. സ്‌പോർട്‌സിനായി ബജറ്റിൽ വൻ തുകമാറ്റിവച്ചു. മൂവായിരത്തോളം ആധുനിക സ്‌പോർട്‌സ്‌ സ്‌കൂളുകളിലായി നാല്‌ ലക്ഷത്തിലേറെ കായികതാരങ്ങൾ സദാസജ്ജരായി.

2008 ഒളിമ്പിക്‌സ്‌ വേദി എട്ടുവർഷം മുമ്പ്‌ പ്രഖ്യാപിക്കപ്പെട്ടതോടെ ചൈന ഒളിമ്പിക്‌സിനായി കണ്ണുവച്ചു. കായികരംഗത്ത്‌ സോവിയറ്റ്‌ യൂണിയൻ പിന്തുടർന്ന നല്ല മാതൃകകൾ ചൈന സ്വീകരിച്ചു. നാടിനായി ഒരു കായികസംസ്‌കാരമുണ്ടായി. സ്‌പോർട്‌സിലെ നേട്ടം രാജ്യത്തിന്റെയാകെ നേട്ടമായി അവതരിപ്പിച്ചു. എല്ലാം സർക്കാർ നേരിട്ട്‌ നിയന്ത്രിച്ചു. ഏത്‌ ഇനത്തിലും മികച്ചവർ എന്ന ഒറ്റമാനദണ്ഡം പാലിച്ചു. പണവും പരിശീലനവും ഉറപ്പാക്കി. കളിക്കളങ്ങളും ആധുനിക പരിശീലന കേന്ദ്രങ്ങളും നിറഞ്ഞു. മികവുകാട്ടാറുള്ള പരമ്പരാഗത ഇനങ്ങളിൽ മെഡൽ ഉറപ്പാക്കുന്ന പരിശീലനം. അതിനൊപ്പം മറ്റ്‌ ഇനങ്ങളിലും പരീക്ഷണം. ബാഡ്‌മിന്റൺ, ടേബിൾടെന്നീസ്‌, ജിംനാസ്‌റ്റിക്‌സ്‌, ഡൈവിങ്, ഭാരോദ്വഹനം, അമ്പെയ്‌ത്ത്‌ തുടങ്ങിയ  ഇനങ്ങളിൽ കൂടുതൽ ശ്രദ്ധിച്ചു. പരമ്പരാഗത ഇനങ്ങളിൽ ആർക്കും മേധാവിത്വം വിട്ടുകൊടുക്കാതിരിക്കുന്നതാണ്‌ രീതി. അതോടൊപ്പം പുതിയ ഇനങ്ങളിലേക്ക്‌ കൂടുതൽ ശ്രദ്ധയും. ആ കരുതലിന്റെ ഫലമായിരുന്നു 2008ലെ ബീജിങ് ഒളിമ്പിക്‌സ്‌ കമ്യൂണിസ്‌റ്റ്‌, സോഷ്യലിസ്‌റ്റ്‌ പ്രത്യയശാസ്‌ത്രത്തിന്റെ അടിത്തറയിൽ ചൈന വികസന പുരോഗതിയിലേക്ക്‌ ചുവടുവച്ചപ്പോൾ സ്‌പോർട്‌സും മാറിനിന്നില്ല. ആ അടിത്തറയിൽതന്നെ കളികളും കളിക്കാരും ലോകം വെട്ടിപ്പിടിച്ചു.

ഏഷ്യാ ഭൂഖണ്ഡം ലോക കായികഭൂപടത്തിൽ എവിടെയുമുണ്ടായിരുന്നില്ല. ട്രാക്കിൽ ആഫ്രിക്കയും ഫീൽഡ്‌ ഇനങ്ങളിൽ യൂറോപ്പും മേധാവിത്വം പുലർത്തിയകാലം. അതിനിടെയാണ്‌ ഏഷ്യൻ കായികശക്തിയായി ചൈനയുടെ വളർച്ച. ഏഷ്യയെ കായികശക്തിയായി ലോകം അംഗീകരിച്ചത്‌ ചൈനയുടെ കുതിപ്പിലൂടെയാണ്‌. ആ അർഥത്തിൽ ചൈനയാണ്‌ ഏഷ്യയുടെ വഴികാട്ടി, ഭൂഖണ്ഡത്തിന്റെ കായിക വിളക്ക്‌.

ഇന്നിപ്പോൾ കായികരംഗത്ത്‌ ചൈന കൈവയ്‌ക്കാത്ത മേഖലകളില്ല.  പുതിയ നൂറ്റാണ്ടിൽ  അമേരിക്കയുടെ ആധിപത്യത്തെ വെല്ലുവിളിക്കാൻ മറ്റാരുമില്ല. എല്ലാ കായിക പദ്ധതികളിലും ചൈന കായികതാരങ്ങളോട്‌ പറയുന്നത്‌ പുതിയ ലക്ഷ്യത്തിലേക്ക്‌ കുതിക്കാനാണ്‌. ആ ഓർമപ്പെടുത്തലാണ്‌ വിജയത്തിന്റെ അടിസ്ഥാനം, ഇന്ന്‌ മാത്രമല്ല നാളേയും.

ആർ രഞ്‌ജിത്‌ 

അതിവേഗം പായുന്നു, 
ദെങ്ങിന്റെ സ്വപ്നം

ചെെനയുടെ സാമ്പത്തിക പുരോഗതിക്ക് വഴിയൊരുക്കി പരിഷ്കാരങ്ങളുടെ സൂത്രധാരൻ ദെങ് സിയാഒപിങ് കണ്ട സ്വപ്നമാണ് ചെെനയിലെ അതിവേഗ റെയിൽ. ജപ്പാൻ സന്ദർശനത്തിനിടെ ഷിങ്കാൻസൺ കണ്ടപ്പോഴാണ് ചെെനയിലും അതിവേഗം പായുന്ന തീവണ്ടിയെന്ന ആഗ്രഹം ഉടലെടുത്തത്. ആ സ്വപ്നമാണ് നാലു പതിറ്റാണ്ട് അപ്പുറം ചെെനയെ ലോകത്തിന്റെ നെറുകയിൽ നിർത്തുന്നവയിൽ ഒന്നായി മാറിയത്. വികസനത്തിന്റെ സോഷ്യലിസ്റ്റ്‌ മാതൃക തീർക്കുന്ന ചൈനയിലെ‌ അതിവേഗ റെയിൽ ഗതാഗതം ഇന്ന്‌ ലോകത്തിലെ ഏറ്റവും വലുതാണ്‌. ലോക അതിവേഗ റെയിൽ ഗതാഗതത്തിന്റെ 60 ശതമാനവും ചൈനയിലാണ്‌.

കുറഞ്ഞ ചെലവിൽ വേഗയാത്ര

ഈ തീവണ്ടികളുടെ വരവോടെ കുറഞ്ഞ ചെലവിൽ ഏറ്റവും വേഗം സുഖകരമായ യാത്രയെന്ന നേട്ടത്തിൽ ചെെനയെത്തി. ബീജിങ്ങിൽനിന്ന്‌ ഷാങ്ഹായിലേക്കുള്ള യാത്രസമയം 37 മണിക്കൂറിൽനിന്ന്‌ നാലായാണ് കുറഞ്ഞത്. ഏറ്റവും കുറവ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നതും ചെെനയാണ്. 480 കിലോമീറ്റർ വേഗതയിൽ പായുമ്പോഴും ഒരു നാണയം വിജയകരമായി തുലനം ചെയ്യാൻ കഴിയുന്നത്ര സുഖകരമായി യാത്ര ചെയ്യാൻ കഴിയും. 2008ൽ ആദ്യ അതിവേഗ റെയിൽ ആരംഭിച്ച ചെെനയിൽ നിലവിൽ 43,000 കിലോമീറ്റർ വ്യാപിച്ച ശൃംഖലയാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ 80 ശതമാനത്തിലധികം ഉൾക്കൊള്ളുന്നതാണിത്‌. 2035ഓടെ 70,000 കിലോമീറ്ററിലേക്ക് ഉയർത്താനാണ് ലക്ഷ്യമിടുന്നത്. രണ്ടാമതുള്ള സ്പെയിനിൽ അതിവേഗ റെയിൽ ശൃംഖല 3200 കിലോമീറ്ററോളം മാത്രമാണ്.

നൂറോളം രാജ്യത്തിന്‌ സഹായം

അതിവേഗ റെയിൽ പദ്ധതി തുടങ്ങിയപ്പോൾ വിദേശ സാങ്കേതിക വിദ്യയെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ, ചെെനയുടെ റെയിൽ മാതൃകയോട് പൂർണമായും ഇണങ്ങാത്തവ ആയിരുന്നു അവ. തുടർന്ന് ചെെനീസ് എൻജിനിയർമാർ അതിനെ പുനർനിർമിക്കുകയായിരുന്നു. നിലവിൽ സ്വതന്ത്രമായി വികസിപ്പിച്ചെടുത്തതാണ് ഉപയോഗിക്കുന്നത്. ഇപ്പോൾ ചെെനയുടെ റെയിൽ ഉൽപ്പന്നങ്ങളും സാങ്കേതികവിദ്യയും നൂറോളം രാജ്യത്തിലേക്ക് കയറ്റിയയക്കുന്നുണ്ട്. മറ്റു രാജ്യങ്ങൾ ചെെനയുടെ അതിവേഗ റെയിൽ നിർമാണമാതൃക പിന്തുടരുന്നത് നന്നായിരിക്കുമെന്നാണ് ലോക ബാങ്കിന്റെ റിപ്പോർട്ടിൽ പറയുന്നത്.

കെ എ നിധിൻനാഥ് 

പാതിയാകാശത്തിന്റെ അധിപർ

‘പകുതി ആകാശം ഉയർത്തിപ്പിടിക്കുന്നവർ.’ സ്ത്രീകളെപ്പറ്റി മൗ സെ ദൊങ്‌ പറഞ്ഞതാണ്‌. ആ വാക്കുകൾ അന്വർഥമാക്കി, നൂറ്റാണ്ടുകളായി സ്ത്രീകളെ പിന്നോക്കം തള്ളിയിരുന്ന പുരുഷാധിപത്യവ്യവസ്ഥകൂടി ഉടച്ചുവാർത്താണ്‌ പീപ്പിൾസ്‌ റിപ്പബ്ലിക്‌ ഓഫ്‌ ചൈന ഇന്ന്‌ ലോകത്തെ വൻശക്തികളിൽ ഒന്നായി നിൽക്കുന്നത്‌. രണ്ടാംതരം പൗരരിൽനിന്ന്‌ പകുതി ആകാശത്തിന്റെ അവകാശികളും പിന്നീട്‌ സ്വന്തം ആകാശം സ്വയം കെട്ടിപ്പടുക്കുന്നവരുമായി സ്ത്രീകളെ മാറ്റിയതിനു പിന്നിൽ ലിംഗസമത്വത്തിൽ ഊന്നിയ ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർടിയുടെ ശക്തമായ നയംതന്നെ.

ചിങ്‌ രാജവംശത്തിന്റെ അവസാനംവരെയും പിന്നീടുള്ള കുറച്ചുകാലവും പുരുഷകേന്ദ്രീകൃത സാമൂഹ്യവ്യവസ്ഥിതിയുടെ ഒന്നാം നമ്പർ ഉദാഹരണമായിരുന്നു ചൈന. ഭ്രൂണഹത്യമുതൽ പൈതൃക സ്വത്തവകാശംവരെ; എണ്ണിയാലൊടുങ്ങാത്ത വേർതിരിവുകൾ. സഞ്ചാരസ്വാതന്ത്ര്യം കേട്ടുകേൾവി പോലുമില്ല. ഉള്ളംകാൽ ഉടച്ച്‌ വലിഞ്ഞുകെട്ടി അതിന്റെ രൂപവും വലുപ്പവും മാറ്റി പെൺകുട്ടികളെ ‘സുന്ദരി’കളാക്കുന്ന ‘ഫൂട്ട്‌ ബൈൻഡിങ്‌’ ആചാരം കുപ്രസിദ്ധമായിരുന്നു. 1942ലാണ്‌ ഇത്‌ നിർത്തലാക്കിയത്‌.

ജനസംഖ്യാ നിയന്ത്രണത്തിനായി 1979ൽ നടപ്പാക്കിയ ‘ഒറ്റക്കുട്ടി’ നയം സ്ത്രീകളുടെ സാമ്പത്തികമുന്നേറ്റം യാഥാർഥ്യമാക്കാനും സഹായിച്ചു. ‘അമ്മ’ വേഷത്തിലൊതുങ്ങാതെ, വീടിന്‌ പുറത്തുവരാനും വിദ്യാഭ്യാസവും തൊഴിലുംനേടി തുല്യ അവകാശവും അന്തസ്സും ഉള്ളവരാകാനും ഈ നയം സ്ത്രീകൾക്കു നൽകിയ സ്വാതന്ത്ര്യം ചെറുതല്ല. 2019ലെ കണക്കുപ്രകാരം രാജ്യത്തെ 15നും 60നും ഇടയിൽ പ്രായമുള്ള 60.4 ശതമാനം സ്ത്രീകളും ജോലി ചെയ്യുന്നവരോ സംരംഭകരോ ആണ്‌. വിവാഹിതരായ 40ൽ താഴെ പ്രായമുള്ള 33 ശതമാനം സ്ത്രീകൾക്ക്‌ പങ്കാളിയേക്കാൾ  വരുമാനമുണ്ട്‌. 19 ശതമാനം സ്ത്രീകൾ സമപ്രായക്കാരായ പുരുഷന്മാരേക്കാൾ വരുമാനമുള്ളവർ. ലോകത്തെ സ്വയംവളർന്ന പ്രധാന ശതകോടീശ്വരുടെ പട്ടികയിൽ 49 പേർ ചൈനീസ്‌ വനിതകളാണ്‌.

പെൺകുട്ടികൾക്ക്‌ വിദ്യാഭ്യാസവും സ്ത്രീകൾക്ക്‌ തൊഴിലവവകാശവും ഉറപ്പാക്കാനും സ്വത്തവകാശത്തിൽ തുല്യാവകാശം നൽകാനും 1992ൽ പ്രൊട്ടക്‌ഷൻ ഓഫ്‌ റൈറ്റ്‌സ്‌ ആൻഡ്‌ ഇന്ററസ്റ്റ്‌സ്‌ ഓഫ്‌ വിമെൻ നിയമം നടപ്പാക്കി. സ്ത്രീകളുടെ സമഗ്രവികസനം പത്തുവർഷത്തിനുള്ളിൽ മൂന്നു മടങ്ങ്‌ വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 1995ൽ പ്രത്യേക പരിപാടി നടപ്പാക്കി. 2016ൽ ഗാർഹിക പീഡന വിരുദ്ധനിയമം നടപ്പാക്കി.2016–-20 ലെ ദേശീയ മനുഷ്യാവകാശ കർമപദ്ധതി സ്ത്രീമുന്നേറ്റത്തിന്‌ ഊന്നൽനൽകി. ഓരോ നിയമവും നിർമിക്കുമ്പോഴും നടപ്പാക്കുമ്പോഴും ലിംഗസമത്വം ഉറപ്പാക്കാൻ പ്രവിശ്യകളിൽ സമിതികൾ രൂപീകരിച്ചു.

രാഷ്ട്രീയത്തിലും സ്ത്രീസാന്നിധ്യം വർധിച്ചുവരുന്നു. ചൈനീസ് കമ്യൂണിസ്റ്റ്‌ പാർടിയുടെ മൊത്തം അംഗങ്ങളിൽ 28.8 ശതമാനവും സ്ത്രീകളാണ്‌. ചൊവ്വാഴ്ച ഷി ജിൻപിങ്‌ മെഡൽ നൽകി ആദരിച്ച മികച്ച 29 പ്രവർത്തകരിൽ ഷൊയ്‌ഗർ, ഷാങ്‌ ഗുയ്‌മേയി എന്നീ സ്‌ത്രീകളുമുണ്ട്‌. 2018ലെ കണക്കുപ്രകാരം വിദേശത്തുള്ള ചൈനീസ്‌ നയതന്ത്രജ്ഞരിൽ  2065പേർ സ്‌ത്രീകളാണ്‌. 2005ൽ 1695 ആയിരുന്നു.

വി കെ അനുശ്രീ 

വൻമതിലിലെ ചെങ്കൊടിക്ക് ശതാബ്ദി - എം എ ബേബി എഴുതുന്നു

1921 ജൂലൈ ഒന്നിനാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർടിയുടെ (സിപിസി) പിറവി. 28 വർഷത്തിനുള്ളിൽ 1949ൽ ജനകീയ ജനാധിപത്യ വിപ്ലവം അവിടെ വിജയശ്രീലാളിതമായി. റഷ്യയിൽ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർടിയെന്ന ബോൾഷെവിക്‌ പാർടിയുടെ മുൻഗാമി രൂപീകരിക്കപ്പെട്ടത് 1898ലെന്ന്‌ കണക്കാക്കുമ്പോൾ 19 വർഷത്തിനുള്ളിൽ മഹത്തായ ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവം വിജയിച്ചെന്നും ഓർക്കാം. 

ഫ്രഞ്ച് സാമ്രാജ്യത്വ നിയന്ത്രണത്തിലായിരുന്ന ഷാങ്ഹായി നഗരത്തിലെ ഒരു സ്ഥലത്തുവച്ചാണ് സിപിസി സ്ഥാപകസമ്മേളനം സംഘടിപ്പിച്ചത്. 57 പാർടി അംഗങ്ങളെ പ്രതിനിധാനംചെയ്‌ത്‌ 12 പ്രതിനിധികളായിരുന്നു. ഫ്രഞ്ച്‌ പൊലീസ് തടസ്സപ്പെടുത്തിയതിനെ തുടർന്ന് സഖാക്കൾ ഒരു നൗകയിൽ, ഷിജിയാങ് പ്രവിശ്യയിലെ ദക്ഷിണ തടാകത്തിൽ സഞ്ചരിച്ചുകൊണ്ടാണ് സമ്മേളന നടപടികൾ പൂർത്തീകരിച്ചത്. ഇന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാർടിയിലെ അംഗസംഖ്യ ഒമ്പത്‌ കോടിയിൽ അധികമാണ്. സാഹസികമായി സമാരംഭിച്ച ചൈനയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം അസംഖ്യം വളവുതിരിവുകളും മുന്നേറ്റങ്ങളും പിന്നോട്ടടികളും അതിജീവിച്ചാണ് ഇന്നത്തെ നിലയിലേക്ക് വളർന്നത്. മനുഷ്യരാശിയുടെ ചരിത്രത്തിൽ ജനകീയ ചൈനയ്ക്ക് ഇന്നുള്ള സ്ഥാനം അനന്യമാണ്. ഈ അടുത്ത നാളുകളിൽ നടന്ന ജി 7 ഉച്ചകോടി ചർച്ച ചെയ്ത വിഷയത്തിലൊന്ന് ചൈനയുടെ ‘ബെൽറ്റ് റോഡ് പദ്ധതിയെ നേരിടാ’നുള്ള ബദൽമാർഗങ്ങളായിരുന്നു. ലോക സമ്പദ്ഘടനയെ ചലിപ്പിക്കുന്ന എൻജിനാണ് ചൈനയെന്നും സാമ്പത്തികവിദഗ്‌ധർ പറയാറുണ്ട്. കോവിഡ് –-19 ആദ്യം കണ്ടെത്തിയ രാജ്യമെന്നനിലയിൽ ഡോണൾഡ് ട്രംപിനെപ്പോലെ ചിലർ ഉപരിവിപ്ലവമായി ചൈനയെ വിമർശിക്കാറുണ്ടെന്നും നമുക്കറിയാം. ഈ പശ്ചാത്തലത്തിൽ സിപിസിയുടെയും ആധുനികചൈനയുടെയും ചരിത്രം എന്താണെന്ന്, ഈ ശതാബ്ദി ആചരണവേളയിൽ ഹ്രസ്വമായി അവലോകനം ചെയ്യുന്നത് പ്രസക്തമാണ്.

സിപിസിയുടെ രൂപീകരണ സമ്മേളനത്തിൽ പങ്കെടുത്ത 12 പേരിൽ മൗ സെ ദൊങ്ങും  ഉണ്ടായിരുന്നു. എങ്കിലും അതിന്റെ പ്രവിശ്യാതല നേതൃത്വത്തിലും ചൈനീസ് സമൂഹത്തെപ്പറ്റിയുള്ള ചില സൂക്ഷ്മ പഠനങ്ങളിലുമായിരുന്നു ആദ്യഘട്ടത്തിൽ മൗ കൂടുതൽ ശ്രദ്ധിച്ചത്. 1923ൽ നടന്ന മൂന്നാം സിപിസി കോൺഗ്രസിലാണ് മൗ കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 12 വർഷത്തിനുശേഷം ചുവപ്പുസേനയുടെ കമാൻഡർ ഇൻ ചീഫായി മൗ ചുമതല ഏറ്റെടുത്തതോടെ ചൈനീസ് വിപ്ലവത്തിന്റെ മുഖ്യ നേതൃശക്തിയായി മൗ മാറി. 1924ൽ കാന്റണിൽ  കുമിന്താങ് അതിന്റെ ഒന്നാം ദേശീയ കോൺഗ്രസ്‌ ചേർന്നു. കമ്യൂണിസ്റ്റ് ഇന്റർ നാഷണലിന്റെ ഐക്യമുന്നണി നയം പിന്തുടർന്നുകൊണ്ട് കുമിന്താങ് സമ്മേളനത്തിലും  കുമിന്താങ് പാർടിയിലും കമ്യൂണിസ്റ്റുകാരും പങ്കെടുത്തു. സൺയത്‌ സെന്നിന്റെ നേതൃത്വത്തിലുള്ള കുമിന്താങ്ങിലെ ഇടതുപക്ഷവും കമ്യൂണിസ്റ്റുകാരും സഹകരിച്ച്, സാമ്രാജ്യത്വത്തിനും നാടുവാഴിത്തത്തിനും കുമിന്താങ്ങിലെ വലതുപക്ഷത്തിനും എതിരായ സമരം ശക്തിപ്പെടുത്തിയ ഘട്ടമായിരുന്നു അത്. ഇതിന്റെ ഭാഗമായി സിപിസിയും കുമിന്താങ്ങും ചേർന്ന് ക്വാങ്ടങ് സംസ്ഥാനത്ത് ഒരു വിപ്ലവ സർക്കാരും സൈനിക പരിശീലനകേന്ദ്രവും സ്ഥാപിച്ചു. പ്രതിലോമ ശക്തികൾക്കെതിരെ ‘യാത്രായുദ്ധം’ നടത്താനും അതോടൊപ്പം തൊഴിലാളികൾ, കൃഷിക്കാർ, യുവാക്കൾ, മഹിളകൾ തുടങ്ങിയവരെ സംഘടിപ്പിക്കാനും ഈ ഘട്ടത്തിൽ സിപിസി പ്രത്യേകം താൽപ്പര്യമെടുത്തു. 1925 മാർച്ചിൽ സൺയത് സെന്നിന്റെ മരണവും ചിയാങ് കൈഷേക്കിന്റെ നേതൃത്വാരോഹണവും സിപിസിയും കുമിന്താങ്ങും തമ്മിലുള്ള സഹകരണത്തിന് ആഘാതമായി. ചിയാങ് വലതുപക്ഷത്തിന്റെ ഭാഗമായി കമ്യൂണിസ്റ്റുകാരെ വേട്ടയാടാൻ തുടങ്ങി.

ചൈനീസ് കമ്യൂണിസ്റ്റ് പാർടി സംഘടനയുടെ ആവിർഭാവത്തിന് ‘1919ലെ മെയ് നാല്’ പ്രസ്ഥാനം പശ്ചാത്തലം ഒരുക്കിയെങ്കിൽ 1925ലെ ‘മെയ് 30 പ്രസ്ഥാനം’ കമ്യൂണിസ്റ്റ് മുന്നേറ്റത്തിന് വൻ ഉത്തേജനം നൽകി. ആദ്യത്തേത് പീക്കിങ്ങിൽ (ഇപ്പോൾ ബീജിങ്) ഉത്ഭവിച്ച് രാജ്യത്താകെ പടർന്നെങ്കിൽ രണ്ടാമത്തേത് ഷാങ്ഹായിൽ പൊട്ടിപ്പുറപ്പെട്ട് രാജ്യത്തെയാകെ ഇളക്കിമറിച്ചു. സാമ്രാജ്യത്വത്തിനും നാടുവാഴിത്തത്തിനുമെതിരെ വിദ്യാർഥികളും തൊഴിലാളികളും കൃഷിക്കാരും കച്ചവടക്കാരും ത്യാഗപൂർവം സമരഭൂമിയിൽ കൈകോർത്തു. ബ്രിട്ടീഷ് –- അമേരിക്കൻ –- ജാപ്പനീസ് പൊലീസ് സംഘങ്ങൾ വെടിയുണ്ടയുതിർത്ത് പ്രക്ഷോഭകരെ കൊന്നുവീഴ്ത്തി. തൊഴിലാളികൾ പൊതുപണിമുടക്ക് പ്രഖ്യാപിച്ച് സമര നേതൃത്വത്തിലെത്തി. സമരം മറ്റു പ്രവിശ്യകളിലേക്ക് വ്യാപിച്ചു.

ക്വാങ്ടങ്ങിലെ ദേശീയ വിപ്ലവസേന വളരെ വേഗം സംസ്ഥാനത്തെ ഏകീകരിച്ചു. പെക്കിങ്‌ കേന്ദ്രമാക്കി സാമ്രാജ്യത്വസേവ ചെയ്തിരുന്ന നാടുവാഴിത്ത ഭരണത്തെ നിഷ്‌കാസനം ചെയ്യാനായി 1926 ജൂലൈയിൽ ‘വടക്കൻ യുദ്ധയാത്ര’ ആരംഭിച്ചു. വിപ്ലവസേനയിലേക്ക് പതിനായിരക്കണക്കിന് പോരാളികൾ അണിചേരാൻ തുടങ്ങി. ഈ മുന്നേറ്റാന്തരീക്ഷം ട്രേഡ് യൂണിയനെയും കർഷകസംഘത്തെയും ഉത്തേജിപ്പിച്ചു. ടിയു അംഗസംഖ്യ 28 ലക്ഷമായി. കർഷകസംഘം അംഗത്വം 95 ലക്ഷം. മെയ് 30 പ്രസ്ഥാനത്തിനുമുമ്പ് സിപിസിയിൽ 900 അംഗങ്ങളായിരുന്നെങ്കിൽ സമരമുന്നേറ്റങ്ങളുടെ സ്വാധീനത്തിൽ അത് 57,900 ആയി ഉയർന്നു.

1927 മാർച്ച് 24ന് വടക്കൻ യുദ്ധയാത്രാസൈന്യം നാങ്കിങ് കീഴ്പ്പെടുത്തി. ബ്രിട്ടൻ, യുഎസ്എ, ജപ്പാൻ, ഫ്രാൻസ്, ഇറ്റലി എന്നിവരുടെ നാവിക സൈന്യങ്ങൾ കടൽത്തീര പട്ടണങ്ങൾ ബോംബിട്ട്‌ തകർത്തു. അവരോട് കൂട്ടുചേർന്ന് വഞ്ചകനായ ചിയാങ് കൈഷേക്ക് പ്രതിവിപ്ലവ നീക്കം നടത്തി. ഷാങ്ഹായ് കീഴടക്കി കമ്യൂണിസ്റ്റുകാരെയും തൊഴിലാളികളെയും കൂട്ടത്തോടെ കൊന്നൊടുക്കി.

ജനകീയ ചൈന റിപ്പബ്ലിക്

1927 ജൂലൈ 15ന് വുഹാനിൽ  കുമിന്താങ് കമ്യൂണിസ്റ്റുകാരുമായുള്ള കൂട്ടുകെട്ട് ഔപചാരികമായി വിച്ഛേദിച്ചു. സിപിസിയുടെ ചരിത്രത്തിന്റെ ആദ്യഘട്ടമായി കണക്കാക്കുന്ന, ഒന്നാം വിപ്ലവ ആഭ്യന്തരയുദ്ധം (1921 –-1927) പരാജയത്തിൽ കലാശിച്ചു. ഇതിൽനിന്ന് ശരിയായ പാഠങ്ങൾ പഠിച്ചുകൊണ്ടാണ് രണ്ടാം വിപ്ലവ ആഭ്യന്തരയുദ്ധവും (1927–-1936) ജാപ്പ് ആക്രമണത്തിനെതിരായ ചെറുത്തുനിൽപ്പുയുദ്ധവും. (1937–- 45) മൂന്നാം വിപ്ലവ ആഭ്യന്തര യുദ്ധവും ചൈനീസ് ജനകീയ റിപ്പബ്ലിക്കിന്റെ സ്ഥാപനവും (1945–-1949) അതിസങ്കീർണമായ സാഹചര്യത്തിലാണ്‌ സിപിസി വിജയകരമായി പൂർത്തീകരിച്ചത്. വിവരണാതീതമായ ത്യാഗവും പോരാട്ടധീരതയും കൈമുതലാക്കിയ ലക്ഷക്കണക്കിന് കമ്യൂണിസ്റ്റ് പോരാളികളുടെ രക്തസാക്ഷിത്വത്തിന്റെ ബാക്കിപത്രമാണ് 1949 ഓക്ടോബർ ഒന്നിന് മൗ സെ ദൊങ്‌ പ്രഖ്യാപിച്ച ജനകീയ ചൈന റിപ്പബ്ലിക്കിന്റെ ഉദയം.

മഹത്തായ ഈ ചരിത്രത്തിലെ അവിസ്മരണീയമായ ഭാഗമാണ് ലോങ് മാർച്ച്. 370 ദിവസം നീണ്ടുനിന്ന 9000 കിലോമീറ്ററുകളിലേറെ സഞ്ചരിച്ച ഒന്നിലേറെ മാർച്ച്‌ ഇതിന്റെ ഭാഗമായി നടന്നു. കുമിന്താങ് സേനയുടെ മാരകാക്രമണങ്ങൾ മറികടക്കാൻ സുരക്ഷിത താവളത്തിലേക്കുള്ള ഒഴിഞ്ഞുമാറലായിരുന്നു ഐതിഹാസികമായി പരിണമിച്ച വിപ്ലവസേനയുടെ ലോങ് മാർച്ച്. ജാപ്പ് അധിനിവേശ യുദ്ധത്തിന്റെ കാലഘട്ടത്തിൽ സിപിസി മുന്നോട്ടുവച്ച കുമിന്താങ്ങുമായി ചേർന്ന് ജാപ്പ് വിരുദ്ധ ഐക്യമുന്നണിയെന്ന ആശയം ചിയാങ് കൈഷേക്ക് തള്ളിക്കളഞ്ഞു. തെറ്റായ ആ നിലപാടുകാരനായ ചിയാങ് കൈഷേക്കിനെ, കുമിന്താങ് ഭടന്മാർ തന്നെ അറസ്റ്റുചെയ്ത നാടകീയ സംഭവവും കമ്യൂണിസ്റ്റുകാർ ഇടപെട്ട് ചിയാങ്ങിനെ മോചിതനാക്കിയ കൗതുകകരമായ അനുഭവവും മറ്റും ഇവിടെ വിവരിക്കുന്നില്ല. ‘ചൈനയ്ക്കുമേൽ ചുവപ്പ്താരം’ എന്ന എഡ്ഗാർസേനായുടെ പ്രശസ്തമായ ഗ്രന്ഥത്തിൽ ഇതെല്ലാം പ്രതിപാദിച്ചിട്ടുണ്ട്.

ചൈന മാറ്റത്തിന്റെ പാതയിലൂടെ

വിപ്ലവാനന്തരം ചൈന ആദ്യദശകത്തിൽ മൗവിന്റെ നേതൃത്വത്തിൽ ആവേശകരമായ മുന്നേറ്റങ്ങൾ നേടി. ഭൂപരിഷ്‌കരണവും പഞ്ചവത്സര പദ്ധതിയും സാക്ഷരതാ പ്രസ്ഥാനവും ജനകീയ ആരോഗ്യ നയവും ജനകീയ കമ്യൂണുകളും വലിയ മാറ്റങ്ങൾക്ക് വഴിതെളിച്ചു. എന്നാൽ “മഹത്തായ കുതിച്ചുചാട്ടം’’ എന്ന് നാമകരണം ചെയ്ത് ഗ്രാമങ്ങളെ ഒറ്റയടിക്ക് മാറ്റിത്തീർക്കാമെന്ന മൗവിന്റെ വിപ്ലവ സ്വപ്നം നടപ്പാക്കിയതിലെ വൈകല്യങ്ങൾ വലിയ തിരിച്ചടിയായി . “പരാജിതരെന്നും, വലതുപക്ഷക്കാരെന്നും’’ മുദ്രയടിക്കപ്പെടുമെന്ന് ഭയന്ന് കമ്യൂണുകളുടെ ചുമതലക്കാർ കാർഷിക പുരോഗതി സംബന്ധിച്ച് പെരുപ്പിച്ച കണക്കുകൾ ഇക്കാലത്ത് നൽകി. ക്ഷാമത്തിനും മരണങ്ങൾക്കും അതു വഴിവച്ചു. യഥാർഥത്തിൽ വൻ വിളവെടുപ്പുണ്ടായി എന്ന് വ്യാജ കണക്ക്‌ നൽകുകയും കൃഷിക്കാർക്ക് ഭക്ഷിക്കാൻ വേണ്ടതുപോലും ബാക്കിവയ്‌ക്കാതെ ധാന്യങ്ങൾ ഏറ്റെടുക്കുകയും ചെയ്തതുപോലുള്ള തെറ്റുകൾ ഉണ്ടായതാണ് പ്രതിസന്ധി സൃഷ്‌ടിച്ചത്. ഒന്നര കോടി മരണം ഇക്കാലഘട്ടത്തിൽ (1958 –- 1962) ഉണ്ടായതായി ആരോപിക്കപ്പെടുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് പാർടി ചെയർമാൻ സ്ഥാനത്തുമാത്രം മൗ തുടരുകയും രാജ്യത്തിന്റെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിവാകുകയും ചെയ്തത്.

1966 ൽ ആരംഭിച്ച് ഒരു പതിറ്റാണ്ട് നീണ്ടുനിന്ന “സാംസ്കാരിക വിപ്ലവം’’ ലോകത്തിന് ഒരു പുതിയ അനുഭവമായിരുന്നു. വിപ്ലവാനന്തരം സാംസ്കാരികമായ പോരാട്ടം സമൂഹത്തിലും വിപ്ലവപ്രസ്ഥാനത്തിനുള്ളിലും അനുപേക്ഷണീയമാണ് എന്ന കാഴ്ചപ്പാടോടുകൂടിയാണ് ഇത് ആരംഭിച്ചത്. “നൂറു പൂക്കൾ വിരിയട്ടെ, നൂറ് ചിന്താഗതികൾ ഏറ്റുമുട്ടട്ടെ’’ എന്ന കാവ്യാത്മകമായ മുദ്രാവാക്യം ലോകത്തിന്‌ നൽകിയ മൗവാണ് ഇത് നയിച്ചത് എന്നതുമൂലം വലിയ പ്രതീക്ഷയോടെയാണ് പൊതുവെ ഇത് വീക്ഷിക്കപ്പെട്ടത്. നല്ല കാഴ്ചപ്പാടോടുകൂടിയ ഒരു പ്രസ്ഥാനം എങ്ങനെ വഴിതെറ്റാമെന്നാണ് പക്ഷെ, തുടർന്ന് വ്യക്തമായത്. അധികം വൈകാതെ സർവ നിയന്ത്രണങ്ങളും വിട്ട് തെരുവുയുദ്ധങ്ങളായി അതു മാറി. സാങ്കൽപ്പിക കുറ്റങ്ങളാരോപിച്ച് കമ്യൂണിസ്റ്റ് പാർടി നേതൃത്വത്തിലും സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലും ശ്രദ്ധേയരായവർ മുതൽ പലതലങ്ങളിൽ പ്രവർത്തിച്ച അസംഖ്യം പേർ സ്ഥാന ഭ്രഷ്ടരാവുകയോ ഗ്രാമങ്ങളിലേക്ക് കൃഷിപ്പണിചെയ്യാൻ നാടുകടത്തപ്പെടുകയോ ചെയ്തു. ലിയുഷാവോചി (എങ്ങനെ നല്ല കമ്യൂണിസ്റ്റാകാം എന്ന പഠന കൃതിയുടെ രചയിതാവും ചൈനീസ് പ്രസിഡന്റുമായിരുന്നു.) ദെങ്സിയാവോപിങ് (സി പി സി ജനറൽ സെക്രട്ടറി) തുടങ്ങിയവർ വേട്ടയാടപ്പെട്ടവരിൽ ഉൾപ്പെടും. മൗവിന്റെ കാലത്തുതന്നെ ദെങ്സിയാവോ പിങ്ങിനെ നേതൃത്വത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്ന നീക്കം ആരംഭിക്കുകയുണ്ടായി. 1976 സെപ്തംബറിൽ മൗവിന്റെ മരണത്തിന് ശേഷമാണ് തെറ്റുകൾ തിരുത്താനുള്ള സാഹചര്യം രൂപപ്പെട്ടത്. “മുന്നോട്ടുള്ള വൻ കുതിച്ചുചാട്ടത്തിൽ’’ സംഭവിച്ച പിശകുകളും സാസ്കാരിക വിപ്ലവത്തിന്റെ അനന്തരഘട്ടത്തിലുണ്ടായ ദുരന്തങ്ങളും “നാൽവർ സംഘ’’ത്തിന്റെ നേതൃത്വത്തിൽ സംഭവിച്ച അപകടങ്ങളും തിരുത്തുന്നതിൽ ദെങ്സിയോവോ പിങ്, ഹുയാവോബാങ്, ഷാവോ ഷിയാൻ എന്നിവരുടെ നേതൃത്വത്തിൽ സമാരംഭിച്ച നടപടികൾ ചൈനയുടെ ചരിത്രത്തിൽ ഒരു പുതിയഘട്ടമായിരുന്നു. അതിൽ ദെങ്ങിന്റെ സംഭാവനകൾ പ്രത്യേകം പ്രസ്താവ്യമാണ്.

ഇതിന്റെ ഭാഗമായാണ് നാല് ആധുനീകരണ പരിപാടികൾ ആവിഷ്‌കരിച്ചത്. 1. കൃഷി, 2. വ്യവസായം, 3. ശാസ്ത്രവും സാങ്കേതിക വിദ്യയും, 4. പ്രതിരോധം എന്നീ മേഖലകളിൽ സമഗ്രമായ അഴിച്ചുപണി പ്രഖ്യാപിച്ചു. കമ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിലുള്ള ഭരണ സംവിധാനത്തിന്റെ നിയന്ത്രണത്തിലും മേൽനോട്ടത്തിലും സോഷ്യലിസ്റ്റ് കമ്പോള വ്യവസ്ഥ എന്ന ആശയവും അന്ന് മുന്നോട്ട് വയ്‌ക്കപ്പെട്ടു. ചൈനയ്ക്ക് ഒത്ത സോഷ്യലിസ്റ്റ് പരീക്ഷണത്തിന്റെ ഭാഗമെന്ന നിലയിലാണ് ഈ പരിഷ്കാരങ്ങൾ ആരംഭിച്ചത്. പൊതു ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ തമ്മിൽ ആരോഗ്യകരമായ മത്സരം ഉൽപ്പാദനക്ഷമത ഉയർത്തും എന്നതായിരുന്നു കാഴ്ചപ്പാട്. ഇതിന്റെ ഭാഗമായി രാഷ്ട്രീയ സാമ്പത്തിക അധികാരങ്ങൾ ഒരു പരിധിവരെ പ്രവിശ്യകളിലേക്കും മേഖലകളിലേക്കും വിഭജിച്ച് നൽകിയത് വളരെ പ്രധാനമാണെന്ന് ഡേവിഡ് ഹാർവി (എ ബ്രീഫ്‌ ഹിസ്‌റ്ററി ഓഫ്‌ നിയോ ലിബറലിസം ) എന്ന കൃതിയിൽ അഭിപ്രായപ്പെടുന്നു.

പ്രാദേശിക മുൻകൈ വളർത്തിയെടുക്കാൻ ഈ നയം വലിയ പ്രചോദനമായി. വിദേശ വാണിജ്യം, വിദേശ നിക്ഷേപം എന്നിവയുടെ സാധ്യതകൾ കമ്യൂണിസ്റ്റ് ഗവൺമെന്റിന്റെ സൂക്ഷ്മ ദൃഷ്ടിക്കുകീഴിൽ ഉപയോഗപ്പെടുത്താനും തീരുമാനിച്ചു. ഇത് തുടക്കത്തിൽ ഹോങ്കോങ്ങിനെ തൊട്ടുകിടക്കുന്ന ഗ്വാങ്ഡോങ് പ്രവിശ്യയിലാണ് പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയത്. സാങ്കേതിക വിദ്യ ലഭ്യമാക്കാനും കൃഷിയിലും വ്യവസായത്തിലും സേവനമേഖലയിലും അത് ഉപയോഗപ്പെടുത്തി മികച്ച സാമ്പത്തിക വളർച്ച നേടാനും ശാസ്ത്ര സാങ്കേതിക വൈജ്ഞാനിക ഗവേഷണ മേഖലകളിൽ മുന്നേറാനും ഇക്കഴിഞ്ഞ നാലുപതിറ്റാണ്ടുകാലത്ത് ചൈനയ്ക്ക് സാധ്യത തുറന്നുകൊടുത്തത് ഈ നവ നയങ്ങളാണ്. ലെനിൻ പുതിയ സാമ്പത്തിക നയമെന്ന പേരിൽ (എൻ ഇ പി) വിപ്ലവാനന്തര റഷ്യയിൽ നടപ്പാക്കാൻ ശ്രമിച്ചത് ചൈനീസ് സാഹചര്യത്തിൽ ആറുപതിറ്റാണ്ടുകൾക്ക് ശേഷം നടപ്പാക്കാനാണ് സി പി സി, ദെങ്ങിന്റെ നേതൃത്വത്തിൽ മുന്നോട്ട് വന്നത്. 1998 ൽ ഇ എം എസ് നടത്തിയ ഒരു നിരീക്ഷണത്തിൽ ഇത് ചൂണ്ടിക്കാണിക്കുകയുണ്ടായി.

ബ്രിട്ടൻ കൈവശം വച്ചിരുന്ന ഹോങ്കോങ് ജനകീയ ചൈന ഏറ്റെടുക്കുന്നത് സംബന്ധിച്ച ചർച്ചകൾ എവിടെയെത്തുമെന്ന് ലോകം ആശങ്കപ്പെട്ട നാളുകൾ മറക്കാറായിട്ടില്ല. “ഒരു രാഷ്ട്രം രണ്ട് വ്യവസ്ഥകൾ’’ എന്ന സിദ്ധാന്തം മുന്നോട്ട് വച്ചുകൊണ്ട് ദെങ് അതിന് അസാധാരണകരമായ പരിഹാരം കണ്ടെത്തി. ചൈനയുടെ ഭാഗമായാലും ഹോങ്കോങ്ങിൽ മുതലാളിത്ത വ്യവസ്ഥ ഉടനടി അവസാനിപ്പിക്കുകയില്ല എന്നാണ് ആ പ്രസ്താവനയുടെ വിശദീകരണം. ഈ സമീപനത്തിനുള്ളിൽനിന്ന്‌ ഹോങ്കോങ്ങും മക്കാവുവും ഇന്ന് ചൈനയുടെ ഭാഗമായി. തൈവാൻ വിഘടിതപ്രദേശമായി തുടരുകയാണ്.

നേട്ടങ്ങളിൽ അഭിമാനിച്ച്‌ പിശകുകൾ തിരുത്തി മുന്നോട്ട്‌ 

2019ൽ 14.4 ലക്ഷം കോടി ഡോളറായി ചൈനയുടെ മൊത്തം ആഭ്യന്തര ഉൽപ്പാദനം വർധിച്ചിരിക്കുന്നു. അമേരിക്കയ്ക്കുപിന്നിൽ ലോകത്തിലെ രണ്ടാമത്തെ സാമ്പത്തികശക്തിയായി ചൈന വളർന്നു എന്നാണ് ഇതിന്റെ അർഥം. ഇന്ത്യയുടെ അഞ്ചുമടങ്ങിലധികമാണ് ചൈനയുടെ മൊത്തം ആഭ്യന്തര ഉൽപ്പാദനം എന്നും ഓർക്കാം. സിപിസി രൂപീകരണത്തിന്റെ ശതാബ്ദി ആചരണം 2021ൽ നടക്കുമ്പോൾ കൊടും ദരിദ്രരില്ലാത്ത രാജ്യമായി ചൈനയെ ഉയർത്തണം എന്ന ലക്ഷ്യം പ്രഖ്യാപിച്ചിരുന്നു. അത് ഇപ്പോൾ ചൈന സാക്ഷാൽക്കരിച്ചു കഴിഞ്ഞു.

ഇനി 28 വർഷം കഴിഞ്ഞാൽ ജനകീയ ചൈന റിപ്പബ്ലിക് സ്ഥാപിതമായതിന്റെ 100 വർഷം പൂർത്തിയാകും. അപ്പോഴേക്കും മിതമായ വളർച്ച നേടിയ സോഷ്യലിസ്റ്റു രാജ്യമായി ചൈനയെ വളർത്തുക എന്ന ലക്ഷ്യമാണ് സിപിസി പ്രഖ്യാപിച്ചിട്ടുള്ളത്. സിപിസിയുടെ പൊതുപരിപാടി ഇപ്രകാരം പ്രഖ്യാപിക്കുന്നു. “ചൈന സോഷ്യലിസത്തിന്റെ പ്രാഥമിക ഘട്ടത്തിലാണ്; ദീർഘകാലം അതങ്ങനെ തുടരുകയും ചെയ്യും. സാമ്പത്തികമായും സാംസ്കാരികമായും പിന്നോക്കത്തിലായിരുന്ന ചൈനയുടെ സോഷ്യലിസ്റ്റ് ആധുനികവൽക്കരണത്തിൽ ചാടിക്കടക്കാവുന്ന ഒരു ചരിത്രഘട്ടമല്ല ഇത്. നൂറുകൊല്ലത്തിലധികമെടുത്താകും ഇതവസാനിക്കുക. സോഷ്യലിസ്റ്റ് നിർമാണത്തിൽ നമ്മുടെ സവിശേഷ സ്ഥിതിഗതികളിൽനിന്ന് നാം മുന്നേറുകയും ചൈനീസ് സവിശേഷതകളോടുകൂടിയ സോഷ്യലിസ്റ്റ് പാതയിലേക്ക് നീങ്ങുകയും വേണം.’’ ഇതിന്റെ അർഥം ജനകീയ ചൈന പ്രശ്നങ്ങളൊന്നും അഭിമുഖീകരിക്കുന്നില്ല എന്നല്ല. സിപിസി ജനറൽ സെക്രട്ടറിയും ചൈനയുടെ പ്രസിഡന്റുമായ ഷീ ജിൻപിങ്ങ് മൂന്ന് മേഖലയിൽ പാർടിയും ഭരണസംവിധാനവും ശ്രദ്ധചെലുത്തേണ്ടതുണ്ടെന്ന് ആവർത്തിച്ച് സൂചിപ്പിച്ചു.

സാമ്പത്തിക അസമത്വം സാമ്പത്തികവളർച്ചയ്ക്കൊപ്പം തുടരുന്നതാണ് ഏറ്റവും പ്രധാന വിഷയം. പലതലങ്ങളിലും അഴിമതി വ്യാപിക്കുന്നതിനെതിരെ ശക്തമായ തിരുത്തൽ ജാഗ്രതയോടെ ഏറ്റെടുക്കണമെന്നതാണ്‌ സഖാവ് അടിവരയിടുന്ന രണ്ടാമത്തെ പ്രശ്നം. പാരിസ്ഥിതിക സന്തുലനം അഭിമുഖീകരിക്കുന്ന വെല്ലുവിളികളാണ് മൂന്നാമത്തെ ഗുരുതരമായ പ്രശ്നം. ചുരുക്കത്തിൽ നേട്ടങ്ങളിൽ അഭിമാനിക്കുമ്പോൾത്തന്നെ സ്വയം വിമർശപരമായി പിശകുകളും കുറവുകളും തിരിച്ചറിഞ്ഞ് തിരുത്താനുള്ള കമ്യൂണിസ്റ്റ് സമീപനം സിപിസി പിന്തുടരുന്നു. ഇത് എത്രത്തോളം വിജയിക്കുമെന്നതിൽ നമുക്കെല്ലാം താൽപ്പര്യമുണ്ട്. ലോക ജനസംഖ്യയിൽ ഒന്നാമതുള്ള, (നൂറ്റി നാൽപ്പത്തി നാലുകോടി) ചൈന കടുത്ത ദാരിദ്ര്യമില്ലാത്ത ഒരു സമൂഹം സൃഷ്ടിച്ചത് ചരിത്ര വിജയമാണ്. “കിഴക്കിന്റെ രോഗിയെന്ന്’’ വിളിക്കപ്പെട്ട രാജ്യം, ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി ഇന്ത്യയിൽനിന്ന് കറുപ്പ്‌ തുടങ്ങിയ മയക്കുമരുന്നുകൾ കൊണ്ടുചെന്ന് വിറ്റഴിച്ച് രോഗാതുരമാക്കപ്പെട്ട ജനത; ദല്ലാൾ (കോംപ്രദോർ) ബൂർഷ്വാസിയാലും വ്യത്യസ്ത സാമ്രാജ്യത്വശക്തികളാലും ചൂഷണം ചെയ്യപ്പെട്ടുപോന്ന പിന്നണി രാജ്യം, ഏഴു പതിറ്റാണ്ടിൽ കൈവരിച്ച പുരോഗതി വിസ്മയകരമാണ്. അതിന്റെ പിന്നിലെ മുഖ്യശക്തി കമ്യൂണിസ്റ്റ് പ്രസ്ഥാനവും അതിന്റെ നേതൃത്വത്തിലുള്ള നിലയ്ക്കാത്ത ബഹുജന സമരങ്ങളും സദാ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ മൂർത്തമായി പരിശോധിച്ച് സാധ്യമായത്ര ശാസ്ത്രീയമായി ഇടപെടുന്ന സമീപനവുമാണ്.

ചൈനയുടെ പ്രതിശീർഷ ദേശീയ വരുമാനം 1978ൽ കേവലം 200 ഡോളർ ആയിരുന്നെങ്കിൽ 2019ൽ അത് 10,410 ഡോളറായി ഉയർന്നു. ഇതേ കാലയളവിൽ 85 കോടി ജനതയെ ദാരിദ്ര്യത്തിൽനിന്ന് ചൈന കരകയറ്റുകയുണ്ടായി. അതിസമ്പന്നരുടെ വരുമാനവർധനകൊണ്ടും ശരാശരി പ്രതിശീർഷ വരുമാനം ഉയരുമല്ലോ എന്ന വിമർശപരമായ ആശങ്കയ്ക്കുള്ള മറുപടിയാണ് ചൈനയിൽ നടന്ന സാമ്പത്തിക മഹാത്ഭുതം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദാരിദ്ര്യനിർമാർജന യജ്ഞത്തിന്റെ മഹാവിജയം. സമൂഹത്തിന്റെ സർവ മേഖലയിലും ശ്രദ്ധേയമായ മുന്നേറ്റം ചൈന കൈവരിച്ചിട്ടുണ്ടെന്നത് തർക്കമറ്റകാര്യമാണ്. സോഷ്യലിസ്റ്റ് ജനാധിപത്യ മാതൃകകൾ വികസിപ്പിച്ചെടുക്കുന്നതിലും ചൈന മികച്ച വിജയം നേടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

ചൈന പിന്തുടരുന്ന സവിശേഷമായ സോഷ്യലിസ്റ്റ് നിർമാണപാത ചർച്ച ചെയ്യുമ്പോൾ ഒരു പ്രധാനകാര്യം ഓർമയിൽവയ്ക്കേണ്ടതുണ്ട്. സമത്വപൂർണമായ ഒരു സമൂഹം എപ്രകാരം കെട്ടിപ്പടുക്കണമെന്ന ഏറ്റവും സുപ്രധാനമായ കാര്യത്തെപ്പറ്റി കാൾ മാർക്സും എംഗൽസും വളരെക്കുറച്ചു മാത്രമേ പറഞ്ഞിട്ടുള്ളൂ. ആ ചുമതല ഭാവിയിൽ ഏറ്റെടുക്കേണ്ടിവരുന്ന വിപ്ലവകാരികൾക്കാകും കൂടുതൽ പ്രായോഗികമായി ചിന്തിക്കാനും പ്രവർത്തിക്കാനുമാകുക എന്നാണോ അവർ വിചാരിച്ചിട്ടുണ്ടാകുക എന്നറിഞ്ഞുകൂടാ. ചൂഷണവ്യവസ്ഥ എങ്ങനെ പ്രവർത്തിക്കുന്നു എന്നും അതിന്റെ ചലന നിയമങ്ങൾ എങ്ങനെ കൂടുതൽ ഉയർന്ന മറ്റൊരു സാമ്പത്തിക–-സാമൂഹ്യ വ്യവസ്ഥയ്ക്ക് വഴിമാറിക്കൊടുക്കാൻ നിർബന്ധിതരാകുമെന്നും അവർ സാധ്യമായത്ര ശാസ്ത്രീയമായി ചൂണ്ടിക്കാട്ടി. മാത്രമല്ല, ആ മാറ്റത്തിൽ തൊഴിലാളിവർഗം, കൃഷിക്കാർ, അടിച്ചമർത്തപ്പെടുന്നവർ, ചൂഷകവർഗത്തിൽനിന്നുതന്നെ നിലപാടുമാറ്റി വിമോചന പോരാട്ടത്തിനൊപ്പം അണിനിരക്കുന്നവർ തുടങ്ങി ഒരു വലിയ സമരനിര രൂപപ്പെടുമെന്നും ഓരോ രാജ്യത്തെയും സാഹചര്യ വ്യത്യാസങ്ങൾകൂടി കണക്കിലെടുത്താണ് അത് സംഭവിക്കുക എന്നും ചുരുക്കം വാക്കുകളിൽ അവർ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽത്തന്നെ സൂചിപ്പിച്ചിട്ടുണ്ട്. ഭാവിസമൂഹത്തെപ്പറ്റി “ ഗോഥാ പരിപാടിയുടെ വിമർശ”ത്തിലാണ് ഇതിനു പുറമേ ചില പ്രധാനനിരീക്ഷണങ്ങളുള്ളത്.

ചൂഷണാനന്തരം, സമത്വപൂർണമായ സമൂഹനിർമിതി വളരെ സങ്കീർണമായ വിപ്ലവം വിജയിപ്പിക്കുന്നതുപോലയോ അതിലുമേറെയോ ശ്രമകരമായ ഒരു പ്രക്രിയയാണ്. ബോൾഷെവിക്ക് വിപ്ലവാനന്തരമുള്ള റഷ്യയുടെയും കിഴക്കൻ യൂറോപ്പിന്റെയും ജനകീയ ചൈനയുടെയും അനുഭവങ്ങൾ പല അർഥതലങ്ങളിൽ ഈ വസ്തുതയ്ക്ക് അടിവരയിടുന്നുണ്ട്. സോഷ്യലിസ്റ്റ് സമൂഹനിർമിതിക്ക് സർവരാജ്യത്തിനും ഒരുപോലെ ബാധകമായ കുറിപ്പടികളില്ല; ചില പൊതു മാർഗരേഖകളെ ഉള്ളൂ എന്നർഥം. അതിന്റെ വെളിച്ചത്തിൽ ഓരോ ചരിത്രഘട്ടത്തിലും ഓരോ സമൂഹത്തിന്റെയും സവിശേഷതകൾ സൂക്ഷ്മമായി അപഗ്രഥിച്ച് ആ രാജ്യത്തെ വിപ്ലവപ്രസ്ഥാനം ഓരോ സാഹചര്യത്തിനും അനുയോജ്യമായ സമരപരിപാടികളും നയസമീപനങ്ങളും പ്രവർത്തനപദ്ധതികളും വൈരുധ്യാത്മകമായി ആവിഷ്കരിച്ച് നടപ്പാക്കുകയാണ് വേണ്ടത്. അത് പ്രയോഗത്തിൽ വരുത്തുമ്പോഴുള്ള നാനാതരം അനുഭവങ്ങൾ വിലയിരുത്തി വേണ്ട തിരുത്തലുകളും വേണ്ടിവരും. ഇത് സൂക്ഷ്മമായി നിർവഹിക്കുന്നതിൽ വീഴ്ച വരുത്തിയാൽ ചെറുതും വലുതുമായ തിരിച്ചടികളും ഉണ്ടാകും. ഈ വസ്തുതകളാണ് നൂറ്റാണ്ട് പൂർത്തിയാക്കുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർടിയുടെ സംഭവബഹുലമായ ചരിത്രം–-മഹാനേട്ടങ്ങളുടെയും ഗൗരവമുള്ള കോട്ടങ്ങളുടെയും ചരിത്രം ലോകത്തോട് പറയുന്നത്.

എം എ ബേബി

ലോകത്തിന്റെ നെറുകയിൽ കമ്യൂണിസ്‌റ്റ്‌ ചൈന

ലോകം ഉറ്റുനോക്കുന്ന വൻശക്തികളിലൊന്നായി അതിവേഗം മാറുകയാണ്‌ അയൽരാജ്യമായ ചൈന. മൊത്തം ആഭ്യന്തര ഉൽപ്പാദന തോത്‌ അനുസരിച്ച്‌ അമേരിക്ക കഴിഞ്ഞാൽ ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയാണിന്ന്‌ ചൈന. 14 ലക്ഷം കോടി ഡോളർ മൂല്യമുള്ള സമ്പദ്‌വ്യവസ്ഥയായി ചൈന വളർന്നിരിക്കുന്നു. ലോക ജിഡിപിയുടെ 17.1 ശതമാനം വരുമിത്‌.  ഏഷ്യയിലൂടെ, മധ്യപൗരസ്‌ത്യദേശത്തിലൂടെ ആഫ്രിക്കയിലേക്ക്‌ നീങ്ങുന്ന ചൈനയുടെ ബെൽറ്റ്‌ ആൻഡ്‌ റോഡ്‌ പദ്ധതി വൻശക്തിയായി ചൈന മാറുകയാണെന്നതിന്റെ പ്രഖ്യാപനംകൂടിയാണ്‌.  സൈനികരംഗത്ത്‌ വെല്ലാൻ ഇനിയും കഴിഞ്ഞിട്ടില്ലെങ്കിലും നാവികസേനാരംഗത്ത്‌ ഉൾപ്പെടെ ചൈന ഇതിനകം അമേരിക്കയെ മറികടന്നിട്ടുണ്ട്‌.

ലോകത്തിൽ ഏറ്റവും അധികം ജനസംഖ്യയുള്ള രാജ്യമായിട്ടും ദാരിദ്ര്യം തുടച്ചുനീക്കാൻ  കഴിഞ്ഞുവെന്നത്‌ ചൈന പിന്തുടരുന്ന സോഷ്യലിസ്‌റ്റ്‌ പാതയുടെ വിജയം തന്നെയാണ്‌. ‘സോഷ്യലിസം എന്നാൽ ദാരിദ്ര്യമാണെന്ന’ വലതുപക്ഷ പ്രചാരണത്തിന്റെ മുന ഒടിച്ചിരിക്കുകയാണ്‌ ചൈന. സാങ്കേതിക വിദ്യയിലായാലും ശാസ്‌ത്ര ഗവേഷണങ്ങളിലായാലും അതിവേഗ റെയിൽപാത നിർമാണത്തിലായാലും ബഹിരാകാശ പര്യവേക്ഷണത്തിലായാലും ലോകം അത്ഭുതത്തോടെയാണ്‌ ചൈനയുടെ മുന്നേറ്റത്തെ നോക്കി കാണുന്നത്‌. ആരോഗ്യ വിദ്യാഭ്യാസ മേഖലയിലും വൻനേട്ടമാണ്‌ അവർ കൈവരിച്ചിട്ടുള്ളത്‌. കോവിഡ്‌ ആദ്യം ബാധിച്ച ചൈന ദിവസങ്ങൾക്കകം തന്നെ വ്യാപനം തടഞ്ഞുനിർത്തിയത്‌ ആരോഗ്യമേഖലയിൽ ചൈന നടത്തിയ വൻ പൊതുനിക്ഷേപത്തിന്റെ ഫലമായാണെന്ന്‌ ലോകം അംഗീകരിച്ചുകഴിഞ്ഞിട്ടുണ്ട്‌.

ചൈനയുടെ ഈ വളർച്ച സാധ്യമാക്കിയത്‌ അവിടെ ഭരണം നടത്തുന്ന ചൈനീസ്‌ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ നയങ്ങളുടെയും ദീർഘവീക്ഷണത്തിന്റെയും ഫലമാണെന്ന്‌ നിസ്സംശയം പറയാം. ചൈനയെ സോഷ്യലിസ്‌റ്റ്‌ നിർമാണത്തിലേക്ക്‌  നയിച്ചുകൊണ്ടിരിക്കുന്ന കമ്യൂണിസ്‌റ്റ്‌ പാർടിക്ക്‌ ഇന്ന്‌ നൂറുവയസ്സായിരിക്കുന്നു. സേവിയറ്റ്‌ യൂണിയന്റെ തകർച്ചയോടെ വലതുപക്ഷ മുതലാളിത്ത ശക്തികൾ കമ്യൂണിസത്തിന്റെ അന്ത്യം പ്രവചിച്ചുവെങ്കിലും ചൈനീസ്‌ കമ്യൂണിസ്‌റ്റ്‌ പാർടി അധികാരത്തിൽ   തുടരുകയാണ്‌.  ലോകത്തിലെ തന്നെ ഏറ്റവും വലിയ രാഷ്ട്രീയപാർടിയാണ്‌ ഇന്നിത്‌. 1921 ജൂലൈ ഒന്നിന്‌ ലി ദഷവോ, ചെൻ ദുക്‌സിയു, മൗ സെ ദൊങ്‌ തുടങ്ങി 12 പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽവച്ച്‌ രൂപംകൊണ്ട പാർടിയിന്ന്‌  ഒമ്പതരക്കോടി അംഗങ്ങളുള്ള പാർടിയായി വളർന്നിരിക്കുന്നു. ഇതിൽ 27 ശതമാനം പേർ സ്‌ത്രീകളാണ്‌. 34 ശതമാനം പേരും 40 വയസ്സിൽ താഴെയുള്ളവരാണ്‌. ചൈനയുടെ പ്രത്യേക സാഹചര്യത്തിൽ മാർക്‌സിസം–-ലെനിനിസവും മാവോ ചിന്തയും പ്രയോഗത്തിൽ വരുത്തി മുന്നേറുകയാണ്‌ കമ്യൂണിസ്‌റ്റ്‌ പാർടി.

എണ്ണമറ്റ സമരങ്ങളിലുടെയും പോരാട്ടങ്ങളിലൂടെയും ആശയസംവാദത്തിലൂടെയുമാണ്‌  ചൈനയിലെ കമ്യൂണിസ്‌റ്റ്‌ പാർടി വളർന്നുപന്തലിച്ചത്‌. കൊളോണിയൽ മേധാവികൾക്കെതിരെയും ഫ്യൂഡൽ മാടമ്പിമാർക്കെതിരെയും  പൊരുതിനിന്ന്‌, കർഷകരും തൊഴിലാളികളും ഉൾപ്പെടുന്ന ആബാലവൃദ്ധം ജനങ്ങളുടെ പിന്തുണ ആർജിച്ചാണ്‌ കമ്യുണിസ്‌റ്റ്‌ പാർടി വളർന്നത്‌. 1917 ലെ റഷ്യൻ വിപ്ലവത്തിന്റെയും 1919 ലെ സാമ്രാജ്യത്വവിരുദ്ധ മെയ്‌ നാല്‌ പ്രസ്ഥാനത്തിന്റെയും  സ്വാധീനത്തിലാണ്‌ കമ്യൂണിസ്‌റ്റ്‌ പാർടിക്ക്‌ രൂപം നൽകുന്നത്‌. വലതുപക്ഷ കുമിന്താങ്ങുകളുമായി സഹകരിച്ചും എതിർത്തും മുന്നോട്ടുനീങ്ങിയ കമ്യൂണിസ്‌റ്റ്‌ പാർടി ജാപ് അധിനിവേശത്തെയും ധീരോദാത്തമായി പ്രതിരോധിച്ചു. ഒരു വേള കമ്യൂണിസ്‌റ്റ്‌ പാർടിയെ വളഞ്ഞിട്ട്‌ നശിപ്പിക്കാൻ ശ്രമമുണ്ടായപ്പോഴാണ്‌ പ്രസിദ്ധമായ ലോങ്  മാർച്ച്‌ നടന്നത്‌. 370 ദിവസം സഞ്ചരിച്ചാണ്‌ മാവോയും ചൂട്ടെയും ചൗ എൻ ലായ്‌യും മറ്റും കമ്യൂണിസ്‌റ്റ്‌ പാർടിയെ കാത്തുസുക്ഷിച്ചത്‌. ആറു ലക്ഷം കമ്യൂണിസ്‌റ്റ്‌ കേഡർമാരെ നഷ്‌ടപ്പെടുത്തിയായാലും ജാപ് സാമ്രാജ്യത്വത്തെ പരാജയപ്പെടുത്താനും റെഡ്‌ ആർമിക്കായി. 1949 ഒക്ടോബർ ഒന്നിന്‌  ചൈനീസ്‌ വിപ്ലവം വിജയിക്കുകയും കമ്യൂണിസ്‌റ്റ്‌ പാർടി അധികാരത്തിൽ വരികയും ചെയ്‌തു.

മാവോയുടെ നേതൃത്വത്തിലുള്ള ഭരണം ഭൂപരിഷ്‌കരണം നടപ്പിലാക്കുകയും വ്യവസായമേഖലയിൽ പൊതുമേഖലാവൽക്കരണം നടപ്പിലാക്കുകയും , സ്‌ത്രീകൾക്ക്‌ സമൂഹത്തിൽ തുല്യ അവകാശം ഉറപ്പാക്കുകയും ചെയ്‌തു. 1953 ൽ ആരംഭിച്ച പഞ്ചവത്സര പദ്ധതിയിലൂടെ സമഗ്രമായ അടിസ്ഥാന വികസനത്തിന്‌ തുടക്കം കുറിച്ചു. എന്നാൽ കമ്യൂണിസ്‌റ്റ്‌ പാർടിയെ ജനങ്ങളിൽനിന്നും അകറ്റിയ ‘മഹത്തായ കുതിച്ചുചാട്ടം’  ‘സാംസ്‌കാരിക വിപ്ലവം’ തുടങ്ങിയ തെറ്റായ പ്രവണതകളും ഇക്കാലത്ത്‌ തലപൊക്കി. വ്യക്തിപ്രഭാവം, ഇടതുപക്ഷ സാഹസികത തുടങ്ങിയ വ്യതിയാനങ്ങളും കമ്യൂണിസ്‌റ്റ്‌ പാർടിയെ സ്വാധീനിച്ചു. 1976 ൽ മാവോ അന്തരിച്ചതോടെ നാൽവർസംഘം അധികാരം പിടിക്കാനുള്ള ശ്രമവും നടത്തി. എന്നാൽ ഇതിനെയെല്ലാം അതിജീവിക്കാൻ ചൈനയിലെ കമ്യൂണിസ്‌റ്റ്‌ പാർടിക്കായി.

1978ൽ ചേർന്ന പാർടിയുടെ 11‐ാം കേന്ദ്രകമ്മിറ്റിയുടെ മൂന്നാമത്‌ പ്ലീനറി സമ്മേളനത്തിൽ വച്ച്‌ ദെങ് സിയാവോ പിങ്ങിന്റെ സാമ്പത്തിക നവീകരണ പ്രവർത്തനം ആരംഭിച്ചതോടെയാണ്‌ ചൈന മറ്റൊരു യുഗത്തിലേക്ക്‌ കടക്കുന്നത്‌. കമ്യൂണിസ്‌റ്റ്‌ പാർടി സോഷ്യലിസ്‌റ്റ്‌ ആധുനികവൽക്കരണം എന്ന്‌ വിശേഷിപ്പിച്ച ഈ പ്രക്രിയയാണ്‌ ചൈനയെ ഒരു കരുത്തുറ്റ ശക്തിയായി വളർത്തിയത്‌. ഈ പരിഷ്‌കരണത്തിന്റെ മറപറ്റി സോഷ്യലിസ്‌റ്റ്‌ വ്യവസ്ഥയെ അട്ടിമറിക്കാനും അമേരിക്കൻ മോഡൽ നടപ്പിലാക്കാനും 1989 ൽ ടിയാനെൻമെൻ ചത്വരത്തിൽ നടന്ന വിദ്യാർഥികലാപം കരുവാക്കി ശ്രമമുണ്ടായെങ്കിലും അതിനെയും   അതിജീവിക്കാൻ കമ്യൂണിസ്‌റ്റ്‌ പാർടിക്കായി. ദെങ് തുടക്കം കുറിച്ച ചൈനീസ്‌ സവിശേഷതകളോടെയുള്ള സോഷ്യലിസ്‌റ്റ്‌ വ്യവസ്ഥ ജിയാങ് സെമിന്റെയും ഹു ജിന്താവോവിന്റെയും കാലത്തും തുടർന്നു. 2012 ഷി ജിൻ പിങ് പാർടി സെക്രട്ടറിയായും പ്രസിഡന്റായും നിയമിതമായതോടെ ചൈനയെ ലോകത്തിലെ വൻശക്തിയായി ഉയർത്താനുള്ള ശ്രമങ്ങൾക്ക്‌ ആക്കം കൂടി. അതോടൊപ്പം ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനും അഴിമതി തുടച്ചുനീക്കാനും ശക്തമായ നീക്കങ്ങളാണ്‌ ഷി ജിൻ പിങ്ങിന്റെ ഭാഗത്തുനിന്നും ഉണ്ടായത്‌. എന്നും ജനങ്ങൾക്കൊപ്പം നിലകൊണ്ട്‌ അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന കമ്യൂണിസ്‌റ്റ്‌ പാർടിക്കും ഗവൺമെന്റിനും ഇനിയും ഉയരങ്ങൾ കീഴടക്കാനാകുമെന്നതിൽ സംശയമില്ല.

ദേശാഭിമാനി മുഖപ്രസംഗം 010721

മൗ സെ ദൊങ്: വിപ്ലവദർശനത്തിന്റെ സർഗാത്മകത - സുനിൽ പി ഇളയിടം എഴുതുന്നു

മൗ സെ ദൊങ്ങിന്റെ പല ജീവിതചരിത്രങ്ങളിലും കാണുന്ന കൗതുകകരമായ ഒരു വസ്തുതയുണ്ട്: കൗമാരം പിന്നിടാറായ കാലത്താണ് മൗ ആദ്യമായി ഒരു പത്രം കാണുന്നതത്രേ! താരതമ്യേന മെച്ചപ്പെട്ട സാമ്പത്തികസ്ഥിതിയിലുള്ള കർഷകന്റെ മകനായി 1893 ഡിസംബർ 26നാണ് മൗ ജനിച്ചത്; ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ ഷാവോഷാനിൽ. അച്ഛന്റെ സാമ്പത്തികശേഷിയുടെ പിൻബലത്തിൽ മൗ കുട്ടിക്കാലത്തുതന്നെ അക്ഷരാഭ്യാസം നേടി. അന്ന് ചൈനയിൽ പ്രത്യക്ഷമായിരുന്ന ക്ലാസിക്കൽ വിജ്ഞാനവും കൺഫ്യൂഷൻ ആശയങ്ങളുമായിരുന്നു മൗവിന്റെയും വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനം.  ലോകകാര്യങ്ങളെക്കുറിച്ച് കാര്യമായറിയാതെ, അതേക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു പത്രംപോലും കാണാതെ, 15 വയസ്സോളം മൗ ജീവിച്ചു. മൗവിന്റെ മാത്രമല്ല ചൈനീസ് ജനതയിൽ മഹാഭൂരിപക്ഷത്തിന്റെയും ജീവിതാവസ്ഥയും ജീവിതനിലവാരവും ഇതിനേക്കാളും എത്രയോ പിൻനിലയിലായിരുന്നു. നാഗരികതയുടെയും വിജ്ഞാനത്തിന്റെയും പ്രഭവങ്ങളിലൊന്നായി ലോകം വാഴ്ത്തിയ ചൈന അക്കാലമായപ്പോഴേക്കും ഒരു ‘മയങ്ങുന്ന വ്യാളി’യായി മാറിക്കഴിഞ്ഞിരുന്നു.

വിനാശകരവും ഭീമാകാരവുമായ ഈ മയക്കത്തിൽനിന്നാണ് മൗ ചൈനയെ ഒരു ലോകശക്തിയായി ഉണർത്തിയത്. ഒരു നൂറ്റാണ്ടിനിപ്പുറം, ഏറ്റവും വലിയ സാമ്പത്തിക–- സൈനികശക്തി എന്ന പദവിയിലേക്ക് ഏതാനും പടവുകൾമാത്രം ബാക്കിയുള്ള രാജ്യമായി ചൈന മാറിയതിന്റെ തുടക്കം അതായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ മാർക്സിസ്റ്റ് രാഷ്ട്രീയപ്രയോഗത്തിന്റെ അനന്യവും അസാധാരണവുമായ ആവിഷ്കാരമായിരുന്നു അത്. കോടാനുകോടി കർഷകരെ വിപ്ലവപരമായ നിർവഹണശേഷിയുടെ മുൻനിരപ്പോരാളികളാക്കി അണിനിരത്തിയും ഗറില്ലാ സമരതന്ത്രങ്ങൾ ആവിഷ്കരിച്ചും മൗ ചൈനയെ വിപ്ലവ വഴിയിലേക്ക് നയിച്ചു. ഈ രണ്ട് വഴിയും അസാധാരണമായിരുന്നു. അത് തൊഴിലാളിവർഗ വിപ്ലവത്തെക്കുറിച്ചുള്ള പ്രഖ്യാപിതമായ കാഴ്ചപ്പാടുകളുമായി ഒത്തുപോകുന്നതായിരുന്നില്ല. എങ്കിലും മൗവിന്റെ അത്യന്തം നിശിതമായ രാഷ്ട്രീയ ജാഗ്രതയും അനുഭവജ്ഞാനവും അതിൽ പടുത്തുയർത്തിയ സമരതന്ത്രവും മാർക്സിസ്റ്റ് രാഷ്ട്രീയത്തിന്റെ ചരിത്രത്തെതന്നെ വഴിതിരിച്ചുവിടാൻ പോന്നതായി.

മാർക്സിസ്റ്റ് രാഷ്ട്രീയപ്രയോഗത്തിന് മൗ നൽകിയ മൗലിക സംഭാവനകളെക്കുറിച്ച് ചർച്ചചെയ്യുമ്പോൾ മാർക്സിസ്റ്റ് പഠിതാക്കളിൽ പ്രധാനിയായ സ്റ്റുവർട്ട് ഷ്റാം നാല്‌ കാര്യം എടുത്തു പറയുന്നുണ്ട്. അതിൽ ഒന്നാമത്തേത് ബഹുജന ലൈൻ എന്ന ആശയമാണ്. സാമാന്യജനങ്ങളുടെ ജനാധിപത്യപരമായ പങ്കാളിത്തം രാഷ്ട്രീയപ്രയോഗത്തെക്കുറിച്ചുള്ള മാർക്സിസ്റ്റ് സങ്കല്പത്തിലും പ്രയോഗരൂപങ്ങളിലും സന്നിവേശിപ്പിക്കാൻ മൗവിന്‌ കഴിഞ്ഞു. ഇത് വിപ്ലവസമരത്തെയപ്പാടെയോ ഭരണനിർവഹണത്തെയോ ആൾക്കൂട്ടത്തിന് കൈമാറുക എന്ന അരാജകത്വമല്ല. മറിച്ച് താഴെത്തട്ടിലുള്ള ജനവിഭാഗങ്ങളുടെ ജനാധിപത്യപരമായ പങ്കാളിത്തം, വിപ്ലവഭരണകൂട സങ്കല്പങ്ങളുമായി ഒത്തിണക്കി മാർക്സിസ്റ്റ് സമീക്ഷയെ വികസിപ്പിക്കുക എന്നതാണ്. വിപ്ലവവിജയത്തിൽ മൗവിന്റെ നിർണായകമായ ഈ പുനർവ്യാഖ്യാനത്തിന് വലിയ പങ്കുള്ളതായി പിൽക്കാലത്ത് പൊതുവെ വിലയിരുത്തിയിട്ടുണ്ട്.

മാനുഷികമായ നിർവാഹകത്വത്തെ വിപ്ലവപ്രയോഗത്തിന്റെ അനിവാര്യഭാഗമായി പറഞ്ഞുറപ്പിച്ചു എന്നതാണ് രണ്ടാമത്തെ കാര്യം. സൈദ്ധാന്തികമായ തലത്തിൽ ഇതൊട്ടും പുതിയകാര്യമല്ല. ‘മനുഷ്യർ ചരിത്രം നിർമിക്കുന്നു; തങ്ങളുടെ ഇച്ഛയ്ക്കനുസരിച്ചല്ല, ലഭ്യമായ സാഹചര്യങ്ങളിൽ' എന്ന മാർക്സിന്റെ പ്രസിദ്ധമായ പ്രസ്താവന (ലൂയി നെപ്പോളിയന്റെ ബ്രൂമെയർ പതിനെട്ട്‌ എന്ന കൃതിയിൽ) ചരിത്രപ്രക്രിയയിൽ മാനുഷികമായ ഇച്ഛയ്ക്കും നിർവഹണശേഷിക്കുമുള്ള പ്രാധാന്യം കൃത്യമായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മാനുഷികമായ ഈ നിർവഹണശേഷിക്ക് അമിതമായ ഊന്നൽ നൽകുന്നത് മാനവവാദത്തിലേക്കുള്ള വഴിതെറ്റലാകും. പിൽക്കാലത്ത് ചില ഫ്രാങ്ക്ഫർട്ട് ചിന്തകരും പടിഞ്ഞാറൻ മാർക്സിസ്റ്റുകളിൽ വലിയൊരു വിഭാഗവും മാനവവാദമാർക്സിസത്തിൽ എത്തപ്പെട്ടതും അങ്ങനെയാണ്. ഉല്പാദനവ്യവസ്ഥയിലെ പരിവർത്തനങ്ങളുടെ അനുബന്ധരൂപം മാത്രമായി ചരിത്രപരിണാമത്തെ ലഘൂകരിക്കുന്ന യാന്ത്രികവാദപരമായ സമീപനവും ഇതേ തെറ്റിന്റെ മറുപുറമാണ്. മാനുഷിക ഇച്ഛയുടെ പൂർണ നിരാകരണമാണ് അത്. രണ്ടു നിലപാടും വൈരുധ്യാത്മക സമീപനത്തിന്റെ നിരാസമാണ്. മൂന്നാം ഇന്റർനാഷണലിന്റെ ഘട്ടത്തിൽ  ഉയർന്നുവന്ന യാന്ത്രിക ലഘൂകരണങ്ങൾക്കെതിരെ മാനുഷികമായ ഇച്ഛയ്ക്ക് വിപ്ലവപരമായ സാമൂഹ്യപ്രവർത്തനത്തിലുള്ള പ്രാധാന്യം മൗ ഉയർത്തിപ്പിടിച്ചു. ആ നിലയിൽ മാർക്സിസ്റ്റ് വിപ്ലവദർശനത്തിന്റെ വൈരുധ്യാത്മകമാനത്തിന്റെ വീണ്ടെടുപ്പുകൂടിയായി മാറിത്തീരുകയും ചെയ്തു. 

ദേശീയവിപ്ലവവും സോഷ്യലിസ്റ്റ് വിപ്ലവവും തമ്മിലുള്ള പരസ്പര ബന്ധത്തെക്കുറിച്ചുള്ള മാർക്സിസ്റ്റ് കാഴ്ചപ്പാടിന് ഇരുപതാം നൂറ്റാണ്ടിൽ കൈവന്ന ഏറ്റവും സമഗ്രവും സമ്പൂർണവുമായ ആവിഷ്കാരമായി ചൈനീസ് വിപ്ലവത്തെ മൗ മാറ്റിത്തീർത്തു എന്നതാണ് മൂന്നാമത്തെ കാര്യം. ഏഷ്യൻ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം വിപ്ലവപരമായ സാമൂഹ്യപരിവർത്തനത്തിന് ദേശീയ വിപ്ലവത്തെ ഒരുതരത്തിലും ഒഴിവാക്കാനാകില്ല എന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. കർഷകർക്കും തൊഴിലാളികൾക്കുമൊപ്പം ഇതരവിഭാഗങ്ങളെ വിപ്ലവമുന്നണിയുടെ ഭാഗമായി മാറ്റേണ്ടതുണ്ട്. ഈ ആശയം ലെനിനും സ്റ്റാലിനും ഏറെ മുമ്പേ അവതരിപ്പിച്ചതാണ്. എന്നാൽ, അതിന് മൂർത്തരൂപം നൽകിക്കൊണ്ട് ദേശീയവും ജനകീയവുമായ വിപ്ലവങ്ങളെ കൂട്ടിയിണക്കുന്ന പ്രക്രിയയിൽ വലിയൊരു ചുവട് മുന്നോട്ടുവയ്ക്കാൻ മൗവിന്റെ ഇടപെടലിന് കഴിഞ്ഞു.

പിന്നോക്കനിലവാരത്തിലുള്ള ഒരു കർഷകസമൂഹത്തിനുള്ളിൽ തൊഴിലാളിവർഗ വിപ്ലവം സാക്ഷാൽക്കരിക്കുക എന്ന അത്യന്തം പ്രയാസകരവും പലപ്പോഴും പ്രഖ്യാപിതമായ മാർക്സിസ്റ്റ് നിലപാടുകളിൽനിന്ന് വേറിട്ടുനിൽക്കുന്നതുമായ ദൗത്യം ഏറ്റെടുക്കുകയും പൂർത്തിയാക്കുകയുമാണ് മൗ ചെയ്തത്. കർഷക കമ്യൂണുകളുടെ വിപ്ലവപരമായ സാധ്യതകളെക്കുറിച്ച് വേരാ സസൂലിച്ചുമായുള്ള കത്തിടപാടുകളിൽ മാർക്സുതന്നെ സൂചിപ്പിക്കുന്നുണ്ടെങ്കിലും സാന്ദർഭികമായ ഒരു പരാമർശം എന്നതിനപ്പുറം പോകുന്ന പ്രാധാന്യം അതിന് കൈവന്നിട്ടില്ല. എന്നുതന്നെയല്ല, സമഗ്രമായ ഒരു വിപ്ലവകാര്യപരിപാടിയുടെ തലത്തിലേക്ക് മാർക്സ് തന്റെ നിഗമനത്തെ വികസിപ്പിച്ചിരുന്നുമില്ല. വികസിത മുതലാളിത്തരാജ്യമായ ഇംഗ്ലണ്ടിലോ ജർമനിയിലോ ആകും വിപ്ലവം പൊട്ടിപ്പുറപ്പെടുക എന്ന പ്രതീക്ഷയെ മറികടന്ന് റഷ്യൻ വിപ്ലവത്തിന് നേതൃത്വം നൽകിയ ലെനിനെ ആ നിലയ്ക്ക് മൗവിന്റെ പൂർവഗാമിയായി ശരിയായിത്തന്നെ പരിഗണിക്കാവുന്നതാണ്.

വിപ്ലവപരമായ സാമൂഹ്യപരിവർത്തനത്തിൽ തൊഴിലാളിവർഗത്തിനുള്ള മേൽക്കൈ മൗ നിരസിച്ചില്ല. എന്നാൽ, നഗരമേഖലയിലെ വ്യവസായത്തൊഴിലാളിമാത്രമാണ് തൊഴിലാളിവർഗത്തെ രൂപപ്പെടുത്തുന്നത് എന്ന കാഴ്ചപ്പാട് മൗ പങ്കുവച്ചതുമില്ല. ഗർഭപാത്രമല്ലാതെ മറ്റൊന്നും സ്വന്തം ഉടമാവകാശത്തിലില്ലാത്ത സ്ത്രീകളെയാണ് ‘പ്രോലിറ്റേറിയറ്റ്’ എന്ന പദത്തിന്റെ മൂലാർഥം സൂചിപ്പിക്കുന്നതെന്ന് പിൽക്കാലത്ത് ടെറി ഈഗിൾട്ടൺ ചൂണ്ടിക്കാണിക്കുന്നുണ്ട്. മൗവിന്റെ നിലപാടും ഇതിനോടൊത്തുപോകുന്ന ഒന്നായിരുന്നു. പ്രോലിറ്റേറിയറ്റ് എന്ന പദത്തിന്റെ ചൈനീസ് ഭാഷാന്തരം ഉൾക്കൊള്ളുന്ന ‘സ്വത്തില്ലാത്തവർ’ എന്ന സൂചനയ്ക്ക് മൗ പ്രാധാന്യം നൽകി.  സമരതന്ത്രംമുതൽ സൈദ്ധാന്തികസ്വരൂപംവരെയുള്ള തലങ്ങളിൽ മാർക്സിസത്തിന് തന്റേതായ സംഭാവന നൽകിക്കൊണ്ടും അവയെ മുൻനിർത്തി ചൈനയുടെ വിപ്ലവതന്ത്രം വിഭാവനം ചെയ്ത് സഫലമായി നടപ്പാക്കിക്കൊണ്ടുമാണ് മൗ സെ ദൊങ് ഇരുപതാം നൂറ്റാണ്ടിന്റെയും തൊഴിലാളിവർഗ വിമോചനത്തിന്റെയും വഴിയിൽ ഇടംപിടിച്ചത്.

സുനിൽ പി ഇളയിടം 

Saturday, January 25, 2014

ഇന്ത്യ-ചൈന സൗഹൃദവര്‍ഷത്തിന് തുടക്കമായി

ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ സൗഹൃദവും സഹകരണവും വളരാനുള്ള സാഹചര്യമാണ് നിലവിലുള്ളതെന്നും ഇത് ഇരുരാജ്യങ്ങളിലെ ജനങ്ങള്‍ക്ക് മാത്രമല്ല, ലോകസമാധാനത്തിനും പുരോഗതിക്കും ഗുണം ചെയ്യുമെന്നും ചൈനീസ് വൈസ് പ്രസിഡന്റ് യുവന്‍ചാവോ പറഞ്ഞു.

ഇന്ത്യാ ചൈന പരസ്പരധാരണയും സഹകരണവും വളര്‍ത്തുവാന്‍ ലക്ഷ്യമിട്ടുള്ള സംയുക്ത പരിപാടി "സൗഹൃദവര്‍ഷം 2014" ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ലീ. പഞ്ചശീലതത്വങ്ങളുടെ അറുപതാം വാര്‍ഷികത്തില്‍ രണ്ടു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം നല്ലരീതിയില്‍ മുന്നോട്ടുകൊണ്ടുപോകുമെന്നും ലീ യുവന്‍ചാവോ പറഞ്ഞു. ചൈനീസ് നയതന്ത്രജ്ഞര്‍, സാംസ്കാരികപ്രവര്‍ത്തകര്‍ പ്രമുഖ വ്യാപാരികള്‍ തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ സംബന്ധിച്ചു.

deshabhimani

Sunday, January 12, 2014

വ്യാപാരത്തില്‍ യുഎസിനെ പിന്തള്ളി ചൈന

ലോകത്ത് ഏറ്റവുമധികം വ്യാപാരം നടത്തുന്ന രാജ്യമെന്ന പദവിയിലേക്ക് ചൈന എത്തുന്നു. പതിറ്റാണ്ടുകളായി ഈ റെക്കോഡ് കൈവശംവച്ച അമേരിക്കയെയാണ് പിന്തള്ളിയത്. കഴിഞ്ഞവര്‍ഷം ചൈനയുടെ വ്യാപാരം 7.6 ശതമാനം വര്‍ധിച്ച് 4.16 ലക്ഷം കോടി ഡോളറിലെത്തി. ചൈനയുടെ വിദേശ വ്യാപാരം ആദ്യമായാണ് 4 ലക്ഷം കോടി കവിഞ്ഞത്. കഴിഞ്ഞവര്‍ഷം നവംബര്‍വരെ അമേരിക്കയുടെ മൊത്തം വ്യാപാരം 3.5 ലക്ഷം കോടി ഡോളര്‍. വര്‍ഷാന്ത്യകണക്ക് അടുത്തമാസം പുറത്തുവരും. ലോകത്ത് ഏറ്റവും കൂടുതല്‍ ചരക്ക് കയറ്റുമതിചെയ്യുന്ന രാജ്യമായി 2009ല്‍ ചൈന ഉയര്‍ന്നിരുന്നു. 2013ല്‍ മൊത്തം കയറ്റുമതി 7.9 ശതമാനം വര്‍ധിച്ച് 2.21 ലക്ഷം കോടി ഡോളറിലെത്തി. ഇറക്കുമതി 7.3 ശതമാനം വര്‍ധിച്ച് 1.95 ലക്ഷം കോടി ഡോളറിന്റേതായെന്ന് വെള്ളിയാഴ്ച പുറത്തുവിട്ട കസ്റ്റംസ് രേഖകള്‍ വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തില്‍ ഏറ്റവുമധികം വ്യാപാരം നടത്തുന്ന രാജ്യമെന്ന ഖ്യാതി അമേരിക്കയെ പിന്തള്ളി ചൈന നേടുമെന്ന് ഉറപ്പാണെന്ന് ചൈനീസ് കസ്റ്റംസ് അഡ്മിനിസ്ട്രേഷന്‍ വക്താവ് ഴെങ് യുഷെങ് പറഞ്ഞു. ചില വ്യാപാരികള്‍ കയറ്റുമതിയുടെ കണക്ക് പെരുപ്പിച്ചു കാട്ടുകയാണെന്ന് പാശ്ചാത്യലോബി ആരോപിച്ചിരുന്നു. എന്നാല്‍, ക്രമക്കേട് തടയാന്‍ ചൈന സ്വീകരിച്ച ശക്തമായ നടപടികള്‍ ഫലംചെയ്തെന്ന് ബീജിങ് എച്ച്എസ്ബിസിയിലെ സാമ്പത്തിക വിദഗ്ധന്‍ സണ്‍ ജന്‍വീ പറഞ്ഞു. പെരുപ്പിച്ചുകാട്ടിയെന്ന് ആരോപിക്കപ്പെടുന്ന കണക്കുകള്‍ മാറ്റിനിര്‍ത്തിയാലും ഒന്നാംസ്ഥാനത്തിന് ചൈന അര്‍ഹത നേടിക്കഴിഞ്ഞെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ചൈനയുടെയും അമേരിക്കയുടെയും 2013ലെ വ്യാപാരത്തില്‍ 25000 കോടി ഡോളറിന്റെ അന്തരമുണ്ടെന്ന് സാമ്പത്തികവിദഗ്ധന്‍ രാജീവ് ബിശ്വാസിനെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട്ചെയ്തു.

deshabhimani

Tuesday, December 3, 2013

നിര്‍ദേശം ലംഘിച്ച 20,000 ഉദ്യോഗസ്ഥരെ ചൈന ശിക്ഷിച്ചു

ബീജിങ്: ഉദ്യോഗസ്ഥമേധാവിത്വവും ചുവപ്പുനാടയും ആഡംബരവും ഒഴിവാക്കാനുള്ള നിര്‍ദേശം ലംഘിച്ച 20,000 ജീവനക്കാര്‍ക്കെതിരെ ചൈന ശിക്ഷാനടപടി സ്വീകരിച്ചു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ ജനറല്‍ സെക്രട്ടറിയായി കഴിഞ്ഞവര്‍ഷം സ്ഥാനമേറ്റ പ്രസിഡന്റ് ഷീ ജിന്‍പിങ്ങിന്റെ നിര്‍ദേശപ്രകാരമാണ് ഉദ്യോഗസ്ഥമേധാവിത്വവും അഴിമതിയും ധൂര്‍ത്തും തടയാന്‍ നടപടി ശക്തമാക്കിയത്.

നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ഭരണതലത്തിലുള്ള നടപടിക്കൊപ്പം പാര്‍ടിതലത്തിലും നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അച്ചടക്കപരിശോധനയ്ക്കുള്ള പാര്‍ടി കേന്ദ്ര കമീഷന്‍ അറിയിച്ചു. നിര്‍ദേശം ലംഘിച്ച് ഔദ്യോഗിക കാര്‍ ദുരുപയോഗംചെയ്തതിനാണ് 5000 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ആഡംബരച്ചടങ്ങുകള്‍ സംഘടിപ്പിച്ചതിനാണ് 903 ഉദ്യോഗസ്ഥരെ ശിക്ഷിച്ചത്. അഴിമതി പടരുന്നത് പാര്‍ടിയുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുമെന്നും ഇത് തടയാന്‍ എല്ലാതലത്തിലും കര്‍ക്കശ നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് ഷീ ജിന്‍പിങ് വ്യക്തമാക്കിയിരുന്നു. അനധികൃതമായി പണം സമ്പാദിക്കാന്‍ പദവി ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്കാണ് പാര്‍ടി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

deshabhimani

Saturday, November 30, 2013

10-ാം വര്‍ഷവും ചൈനയില്‍ ഭക്ഷ്യധാന്യോല്‍പ്പാദനം വര്‍ധിച്ചു

ബീജിങ്: തുടര്‍ച്ചയായ പത്താംവര്‍ഷവും ചൈനയുടെ ഭക്ഷ്യധാന്യോല്‍പ്പാദനം വര്‍ധിച്ചു. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 2.1 ശതമാനം വര്‍ധിച്ച് 60.194 കോടി ടണ്ണാണ് ഇത്തവണ ചൈനയുടെ മൊത്തം ധാന്യോല്‍പ്പാദനം. 11.195 കോടി ഹെക്ടറിലാണ് ഇത്തവണ ധാന്യക്കൃഷി നടന്നതെന്ന് നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞവര്‍ഷത്തേക്കാള്‍ കൃഷിഭൂമിയുടെ വിസ്തൃതി 0.67 ശതമാനം വര്‍ധിച്ചു. ഹെക്ടറില്‍ 5377 കിലോയാണ് ഈവര്‍ഷത്തെ ശരാശരി ഉല്‍പ്പാദനം. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 1.4 ശതമാനം വര്‍ധന.

കൃഷിക്കുള്ള സര്‍ക്കാരിന്റെ നയപരമായ പിന്തുണയും സഹായവുമാണ് ഈ നേട്ടത്തിനു കാരണമെന്ന് എന്‍ബിഎസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഹുയാങ് ജിയകായ് പറഞ്ഞു. കാര്‍ഷിക സബ്സിഡികള്‍ കൂടുതല്‍ വ്യപകമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നെല്ലിന്റെയും ഗോതമ്പിന്റെയും കുറഞ്ഞ താങ്ങുവില ഉയര്‍ത്തുകയുംചെയ്തു. 2006 മുതല്‍ കാര്‍ഷികവിളകള്‍ക്ക് ചൈന മിനിമം വില ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കുന്നു. ഇതുകാരണം വിലയിടിവെന്ന ദുരന്തം കര്‍ഷകരെ ബാധിക്കാറില്ല. നിശ്ചയിച്ചിരിക്കുന്ന വിലയില്‍നിന്ന് കമ്പോളവില താഴ്ന്നാല്‍ സര്‍ക്കാര്‍ സംഭരണിയിലേക്ക് നെല്ലും ഗോതമ്പും നേരിട്ടു സ്വീകരിക്കും. ഗ്രാമീണമേഖലയിലെ സര്‍ക്കാര്‍ അധീനതയിലുള്ള ഭൂമി കര്‍ഷകസംഘങ്ങള്‍ക്ക് വിട്ടുകൊടുത്തും കൂടുതല്‍ സബ്സിഡി നല്‍കിയുമാണ് സര്‍ക്കാര്‍ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നത്.

deshabhimani

Tuesday, November 12, 2013

ലോകം ഉറ്റുനോക്കുന്നു; സിപിസി പ്ലീനം ഇന്ന് സമാപിക്കും

ലോകം ഉറ്റുനോക്കുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ പ്ലീനറി സമ്മേളനത്തില്‍ ചര്‍ച്ച പുരോഗമിക്കുന്നു. സിപിസിയുടെ 18-ാം കേന്ദ്രകമ്മിറ്റിയുടെ മൂന്നാംപ്ലീനമാണ് ബീജിങ്ങില്‍ ശനിയാഴ്ച ആരംഭിച്ചത്. ചൊവ്വാഴ്ച സമാപിക്കുന്ന സമ്മേളനത്തില്‍ രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികള്‍ക്ക് പ്രതിവിധി നിര്‍ദേശിക്കും. സാമ്പത്തികമേഖലയിലടക്കം നടപ്പാക്കേണ്ട പരിഷ്കരണങ്ങള്‍ സംബന്ധിച്ച് സിപിസി നേതൃത്വം തയ്യാറാക്കിയ കരടുനിര്‍ദേശങ്ങളാണ് പ്ലീനം ചര്‍ച്ചചെയ്യുന്നത്. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണം പ്ലീനം സമാപിച്ചശേഷമേ പുറത്തുവരൂ. ഇതിനായി ലോകരാജ്യങ്ങള്‍ കാത്തിരിക്കുകയാണ്.

ഇരുപത്തൊന്നാംനൂറ്റാണ്ടില്‍ ചൈനയുടെയും അതുവഴി ലോകത്തിന്റെയും രൂപം നിര്‍ണയിക്കുന്നതാകും പ്ലീനമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി "സിന്‍ഹുവ" റിപ്പോര്‍ട്ടുചെയ്തു. സോഷ്യലിസ്റ്റ് സമ്പദ്വ്യവസ്ഥയിലും ജനാധിപത്യം, സാംസ്കാരികവികാസം, സാമൂഹികസൗഹാര്‍ദം, പരിസ്ഥിതി എന്നീ മണ്ഡലങ്ങളിലും കാലാനുസൃതമായി വരുത്തേണ്ട നയപരിഷ്കാരമാണ് ചര്‍ച്ചചെയ്യുന്നത്. 1978ല്‍ ദെങ് സിയാവോപിങ്ങിന്റെ നേതൃത്വത്തില്‍ സിപിസി തുടക്കമിട്ട പരിഷ്കരണനടപടിയാണ് ചൈനീസ് സമ്പദ്വ്യവസ്ഥയെ തകര്‍ച്ചയുടെ വക്കില്‍നിന്ന് രക്ഷിച്ചതെന്ന് സിന്‍ഹുവ ചൂണ്ടിക്കാട്ടി. ഇന്ന് ലോകത്തിലെ രണ്ടാമത്തെ സാമ്പത്തികശക്തിയാണ് ചൈന. ഒരു പരിഷ്കരണവും എളുപ്പമോ ചെലവില്ലാത്തതോ അല്ല. അതിജീവനവും ക്ഷേമവുമാണ് പരിഷ്കരണംകൊണ്ട് ഉദ്ദേശിക്കുന്നത്. അതിനായി ശരിയായ തീരുമാനമെടുക്കുന്ന ഉത്തരവാദിത്തവും ദീര്‍ഘവീക്ഷണവുമുള്ള പാര്‍ടിയാണെന്ന് സിപിസി തെളിയിക്കണം. പരിഷ്കരണത്തിന്റെ ഫലമായി തിരിച്ചടി നേരിടുന്ന ചില തല്‍പ്പരസംഘങ്ങളില്‍നിന്നാണ് സിപിസിയുടെ നീക്കത്തിന് എതിര്‍പ്പ് നേരിടുന്നതെന്നും സിന്‍ഹുവ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

കഴിഞ്ഞ ജൂലൈയില്‍ മധ്യചൈനയിലെ ഹൂബേയ് പ്രവിശ്യ സന്ദര്‍ശിക്കെ പ്രസിഡന്റ് ഷീ ജിന്‍പിങ് പരിഷ്കരണകാര്യത്തില്‍ പാര്‍ടിയുടെ നിലപാട് വ്യക്തമാക്കിയിരുന്നു. ""സൃഷ്ടിപരതയും യാഥാര്‍ഥ്യവും തമ്മിലുള്ള സന്തുലിതാവസ്ഥയാണ് പരിഷ്കരണം. നേതൃത്വവും സാധാരണജനങ്ങളും തമ്മിലും ധീരതയും സംരക്ഷണവും തമ്മിലും വികസനവും സ്ഥിരതയും തമ്മിലുമുള്ള സന്തുലിതാവസ്ഥയാണത്""- അദ്ദേഹം പറഞ്ഞു. പൊതുമേഖലയില്‍ സ്വകാര്യനിക്ഷേപകര്‍ക്ക് പങ്കാളിത്തം അനുവദിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ പ്ലീനം തീരുമാനമെടുക്കുമെന്ന് അസറ്റ് സൂപ്പര്‍വിഷന്‍ ആന്‍ഡ് അഡ്മിനിസ്ട്രേഷന്‍ കമീഷന്‍ വൈസ് ചെയര്‍മാന്‍ ഹ്യുയാങ് ഷുഹെ പറഞ്ഞു. സ്വകാര്യനിക്ഷേപകര്‍ക്ക് പത്ത് ശതമാനംവരെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി അനുവദിക്കാനാണ് ആലോചിക്കുന്നതെന്ന് കമീഷന്‍ ഡയറക്ടര്‍ ബായ് യിങ്സി പറഞ്ഞു.

deshabhimani

Friday, October 25, 2013

അതിര്‍ത്തിക്കുമീതെ സൗഹൃദത്തിന്റെ ഹസ്തദാനം

ഏഷ്യയിലെ വന്‍ ശക്തി രാജ്യങ്ങളുടെ കൂടിക്കാഴ്ച പകരുന്നത് സഹകരണത്തില്‍ അധിഷ്ഠിതമായ പുതിയ മുന്നേറ്റത്തിനുള്ള പ്രതീക്ഷകള്‍. ഇന്നത്തെ ലോക രാഷ്ട്രീയാവസ്ഥയില്‍ ഇന്ത്യ-ചൈനാ സൗഹൃദത്തിന് കൂടുതല്‍ അര്‍ഥതലങ്ങളുണ്ടാകുമ്പോള്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന്റെ ചൈനാ സന്ദര്‍ശനത്തെ പ്രതീക്ഷയോടെയാണ് ലോകത്തെ പുരോഗമനകാംക്ഷികള്‍ ഉറ്റുനോക്കുന്നത്. മാര്‍ച്ചില്‍ ചൈനീസ് പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം മേയില്‍ ലീ കെച്യാങ് നടത്തിയ ആദ്യത്തെ വിദേശ സന്ദര്‍ശനം ഇന്ത്യയിലേക്കായിരുന്നു. ഡല്‍ഹിയില്‍ നടത്തിയ പ്രസ്താവനകളിലൂടെയും "ദി ഹിന്ദു"വില്‍ എഴുതിയ ലേഖനത്തിലൂടെയും "ഹിമാലയത്തിനു മുകളിലൂടെ ഒരു ഹസ്തദാനം" എന്നാണ് ഇന്ത്യയുമായുള്ള സൗഹൃദത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. ചൈനയുടെ തലസ്ഥാനമായ ബീജിങ്ങിലെത്തിയ ഡോ. മന്‍മോഹന്‍സിങ് ചൈനീസ് നേതൃത്വത്തെ അഭിസംബോധനചെയ്ത് "ഇന്ത്യയും ചൈനയും ഹസ്തദാനം ചെയ്യുമ്പോള്‍ ലോകം ശ്രദ്ധിക്കുന്നു" എന്ന് പ്രസ്താവിച്ചു.

അതേ, ലോകത്തിന് ശ്രദ്ധിക്കാതിരിക്കാന്‍ കഴിയില്ല. യുദ്ധത്തിലും അധിനിവേശങ്ങളിലും താല്‍പ്പര്യമുള്ള സാമ്രാജ്യത്വശക്തികള്‍ ഇന്ത്യ-ചൈന ബന്ധത്തെക്കുറിച്ച് ആശങ്കയോടെയാകും നോക്കിക്കാണുക. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ഭൂമിശാസ്ത്രപരമായ വലിയൊരു പ്രതിബന്ധമായി ഹിമാലയം നില്‍ക്കുമ്പോള്‍ ഹിമാലയത്തിനു മുകളിലൂടെ ഒരു ഹസ്തദാനം എന്ന ലീ കെച്യാങ്ങിന്റെ പരാമര്‍ശം അര്‍ഥവത്താണ്. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള പരിഹരിക്കപ്പെടേണ്ട വിഷയങ്ങളുടെ വൈപുല്യവും അത് ഓര്‍മിപ്പിക്കുന്നു. അതിനുള്ള ശ്രമത്തിനിടയില്‍ത്തന്നെ ഇരു രാജ്യവും തമ്മില്‍ സ്നേഹത്തിന്റെ കരസ്പര്‍ശം സാധ്യമാകുമെന്ന പ്രത്യാശയാണ് ചൈനീസ് പ്രധാനമന്ത്രി പ്രകടിപ്പിച്ചത്. ലോക ജനസംഖ്യയുടെ മൂന്നിലൊന്ന് പ്രതിനിധാനം ചെയ്യുന്ന രാജ്യങ്ങളെന്ന നിലയിലും വളരുന്ന സാമ്പത്തികശക്തികള്‍ എന്ന നിലയിലും ഇരു രാജ്യങ്ങള്‍ക്കും ആഗോള രാഷ്ട്രീയ, സാമ്പത്തിക രംഗങ്ങളിലുള്ള പ്രാധാന്യം വലുതാണ്. വരാന്‍പോകുന്നത് ഏഷ്യയുടെ കാലഘട്ടമെന്നു തെളിയിക്കാന്‍ യോജിച്ച പ്രവര്‍ത്തനം അനിവാര്യം. അതിര്‍ത്തിയിലെ സമാധാനം ലക്ഷ്യമിട്ട് ഒപ്പുവച്ച അതിര്‍ത്തി പ്രതിരോധ സഹകരണ കരാര്‍ ഇരു രാജ്യങ്ങളുടെയും മറ്റു മേഖലകളിലെ സഹകരണത്തിന്റെ അടിസ്ഥാനശിലയാണ്. ബംഗ്ലാദേശ്, ചൈന, ഇന്ത്യ, മ്യാന്‍മര്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്നുള്ള കൂട്ടായ്മ ലോകത്തിനാകെ മാതൃകയാകും. മേഖലയിലെ സാമ്പത്തിക വികസനത്തിന് ഇത് വന്‍ സാധ്യത തുറക്കും.

1954ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവും ചൈനീസ് പ്രധാനമന്ത്രി ചൗ എന്‍ ലായും ഒപ്പുവച്ച സമാധാനപരമായ സഹവര്‍ത്തിത്വത്തിനുള്ള പഞ്ചശീല തത്വങ്ങള്‍ക്ക് ഇടയ്ക്ക് മുറിവേറ്റെങ്കിലും മഹത്തായ ആ അടിസ്ഥാനപ്രമാണം ഭാവിയിലും സഹകരണത്തിനുള്ള അടിസ്ഥാനശിലയായി വര്‍ത്തിക്കും. പഞ്ചശീലതത്വങ്ങളുടെ അറുപതാം വാര്‍ഷികം അടുത്തവര്‍ഷം വിപുലമായി ആഘോഷിക്കാന്‍ ധാരണയിലെത്തിയത് പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ബീജിങ്ങിലെ സെന്‍ട്രല്‍ പാര്‍ടി സ്കൂളില്‍ പ്രസംഗിക്കാന്‍ മന്‍മോഹന്‍സിങ്ങിനെ ക്ഷണിച്ചത് ഇന്ത്യയോടുള്ള സ്നേഹപൂര്‍വസമീപനത്തിന്റെ തെളിവാണ്.
(വി ജയിന്‍)

സൗഹൃദാഹ്വാനവുമായി മന്‍മോഹന്‍ ചൈനീസ് പാര്‍ടി സ്കൂളില്‍

ബീജിങ്: ഇന്ത്യ-ചൈന അതിര്‍ത്തിതര്‍ക്കം ഉടന്‍ പരിഹരിക്കണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ഏഴ് പ്രായോഗിക തത്വങ്ങളില്‍ അധിഷ്ഠിതമായ നിര്‍ദേശങ്ങള്‍ മന്‍മോഹന്‍ മുന്നോട്ടുവച്ചു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ കേന്ദ്ര പാര്‍ടി സ്കൂളില്‍ "ഇന്ത്യ, ചൈന- ഒരു പുതിയ യുഗം" എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു മന്‍മോഹന്‍. പ്രധാനമന്ത്രിയെ എഴുന്നേറ്റുനിന്ന് കരഘോഷത്തോടെയാണ് സദസ്സ് വരവേറ്റത്. ചൈനീസ് പാര്‍ടി സ്കൂളിനെ അഭിവാദ്യംചെയ്യാനുള്ള ബഹുമതി അപൂര്‍വമായാണ് മറ്റ് രാഷ്ട്രനേതാക്കള്‍ക്ക് ലഭിക്കുന്നത്.

സഖ്യങ്ങളുടെയും ബാന്ധവങ്ങളുടെയും പഴയ തത്വസംഹിതകള്‍ക്ക് ഇനി പ്രസക്തിയില്ലെന്ന് മന്‍മോഹന്‍സിങ് അഭിപ്രായപ്പെട്ടു. പഞ്ചശീലതത്വങ്ങളോട് അചഞ്ചലമായ പ്രതിബദ്ധത കാത്തുസൂക്ഷിച്ചുകൊണ്ട് പരസ്പര ബഹുമാനത്തിലൂന്നി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയ കാലഘട്ടത്തില്‍ ശക്തിപ്പെടുത്താനാകും. അതിന് പരമാധികാരവും താല്‍പ്പര്യങ്ങളും പരസ്പരം സംരക്ഷിക്കാന്‍ രണ്ടുപക്ഷവും തയ്യാറാകണം. തുല്യമായ സുരക്ഷ ഉറപ്പാക്കണം. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് മുന്നോട്ടുവച്ച വന്‍ശക്തിബന്ധങ്ങളുടെ പുതിയ മാതൃകയെ ഇന്ത്യ സ്വാഗതംചെയ്യുന്നു. 1950കളില്‍ ഇന്ത്യയും ചൈനയും രൂപപ്പെടുത്തിയ സഹവര്‍ത്തിത്വത്തിനുള്ള പഞ്ചശീലതത്വങ്ങളുടെ സമകാലിക വികാസമാണിത്. അതിര്‍ത്തിയില്‍ സമാധാനവും ശാന്തിയും കാത്തുസൂക്ഷിക്കുകയാണ് ഉഭയകക്ഷി ബന്ധത്തിന്റെ ആണിക്കല്ല്- മന്‍മോഹന്‍ പറഞ്ഞു.

ഇന്ത്യക്കും ചൈനയ്ക്കും സഹകരിച്ച് പ്രവര്‍ത്തിക്കാവുന്ന മേഖലകള്‍ ഉള്‍പ്പെടുത്തി എട്ട് പ്രധാന നിര്‍ദേശമടങ്ങിയ മാര്‍ഗരേഖയും മന്‍മോഹന്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ പദ്ധതികളില്‍ ചൈനീസ് നിക്ഷേപത്തെ അദ്ദേഹം സ്വാഗതംചെയ്തു. അടിസ്ഥാനസൗകര്യവികസന മേഖലയില്‍ അഞ്ചുവര്‍ഷത്തിനിടെ ഒരു ലക്ഷം കോടി ഡോളറിന്റെ ചൈനീസ് നിക്ഷേപമാണ ഇന്ത്യ പ്രതീക്ഷിക്കുന്നത്. മന്‍മോഹന്‍സിങ്ങിന്റെ ത്രിദിന സന്ദര്‍ശനം വന്‍ വിജയമാണെന്ന് ചൈന വിലയിരുത്തി. സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇരുരാജ്യവും പ്രതിജ്ഞാബദ്ധമാണെന്ന ശക്തമായ സന്ദേശം നല്‍കാന്‍ ഇതുവഴി സാധിച്ചെന്ന് വിദേശമന്ത്രി വാങ് യീ പറഞ്ഞു. പ്രവിശ്യാ ഭരണാധികാരികള്‍ അടക്കമുള്ള നേതാക്കളും പ്രവര്‍ത്തകരും പാര്‍ടി സ്കൂളില്‍ സന്നിഹിതരായിരുന്നു.

deshabhimani

ഞങ്ങള്‍ സന്തോഷിക്കുന്നു, അഭിമാനിക്കുന്നു

ഇന്ത്യയും ചൈനയും അയല്‍രാജ്യങ്ങളാണ്. ലോകത്തില്‍ ജനസംഖ്യയില്‍ ഒന്നാമത്തെ രാജ്യമാണ് ചൈന. രണ്ടാമത്തെ രാജ്യം ഇന്ത്യ. സാമ്പത്തികവളര്‍ച്ചയില്‍ ഇപ്പോള്‍ രണ്ടാംസ്ഥാനമാണ് ചൈനയ്ക്കുള്ളത്. അനതിവിദൂരഭാവിയില്‍ ഒന്നാം സ്ഥാനത്തെത്തുമെന്ന് പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല. അമേരിക്കന്‍ സാമ്രാജ്യത്വനയം അക്ഷരംപ്രതി അംഗീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യ കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്നു എന്നത് സത്യമാണ്. അമേരിക്കയുമായുള്ള അന്ധമായ ബന്ധം ഉപേക്ഷിച്ചാല്‍ ആഭ്യന്തരപ്രശ്നങ്ങള്‍ എന്തുതന്നെയായാലും ഇന്ത്യക്കും സാമ്പത്തികവളര്‍ച്ച കൈവരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷത്തിന്റെയും ഏറ്റുമുട്ടലിന്റെയും പാത സ്വീകരിക്കുന്നത് ആത്മഹത്യാപരമായിരിക്കും. അതുകൊണ്ടുതന്നെ നല്ല അയല്‍ക്കാരെന്ന നിലയില്‍ സൗഹൃദബന്ധം നിലനിര്‍ത്തേണ്ടതും പൂര്‍വാധികം ശക്തിപ്പെടുത്തേണ്ടതും അരക്കിട്ടുറപ്പിക്കേണ്ടതും ഇരു രാജ്യങ്ങളുടെയും വളര്‍ച്ചയ്ക്ക് ഒഴിച്ചുകൂടാനാകാത്തതാണ്. ഈ വഴിക്കുള്ള ഏതു നീക്കവും ഞങ്ങള്‍ സ്വാഗതംചെയ്യും. സ്വാഗതം ചെയ്യുന്നത് മറ്റുള്ളവരെപ്പോലെയല്ല.

ചൈനയുമായി ഏറ്റുമുട്ടല്‍ അരുത്; നല്ല ബന്ധമാണാവശ്യം; അതിനുള്ള സൗഹാര്‍ദപരവും വിട്ടുവീഴ്ചയോടുകൂടിയുള്ളതുമായ സമീപനം ഇരു രാഷ്ട്രവും സ്വീകരിക്കണമെന്ന് പറഞ്ഞതിനാണ് ഞങ്ങള്‍ പഴി കേള്‍ക്കേണ്ടി വന്നത്. 1962ല്‍ ചൈനാചാരന്മാരെന്ന് മുദ്രകുത്തി അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടി നേതാക്കളില്‍ ഒരു വിഭാഗത്തെ തികച്ചും നീതിരഹിതമായി ജയിലിലടച്ചു. സിപിഐ എം രൂപീകരിച്ചതിനെത്തുടര്‍ന്ന് 1964 ഡിസംബറില്‍ തൃശൂരില്‍ കേന്ദ്രകമ്മിറ്റി ചേരുന്നതിനെത്തിയവരെയും യാത്രയിലുള്ളവരെയും ചൈനാ ചാരന്മാരെന്ന് പറഞ്ഞ് ജയിലിലടച്ചു. 1962ല്‍ തര്‍ക്കത്തിന്റെ കേന്ദ്രബിന്ദു, മക്മോഹന്‍ രേഖയായിരുന്നു. ഇന്ത്യയുടെയും ചൈനയുടെയും അതിര്‍ത്തി നാലായിരത്തോളം കിലോമീറ്ററാണ്. ആള്‍പ്പാര്‍പ്പില്ലാത്ത മഞ്ഞുമൂടിയ സ്ഥലം. ബ്രിട്ടീഷ് ഭരണകാലത്താണ് സാങ്കല്‍പ്പികമായ അതിര്‍ത്തി നിര്‍ണയിച്ചത്. ഇന്ത്യ 1947 ല്‍ സ്വതന്ത്രയായി. 1949ല്‍ ചൈനീസ് വിപ്ലവം വിജയിച്ച് ജനകീയ ജനാധിപത്യ ഭരണകൂടം സ്ഥാപിക്കപ്പെട്ടു. പുതിയ സാഹചര്യത്തില്‍ ഇരു സര്‍ക്കാരും സമാധാനചര്‍ച്ചയിലൂടെ പരസ്പരം ന്യായമായ വിട്ടുവീഴ്ചചെയ്ത് അതിര്‍ത്തിയെപ്പറ്റി കൂടിയാലോചിച്ച് തീരുമാനമെടുക്കേണ്ടതാണ്. 1962ല്‍ ചൈന ഇന്ത്യയുടെ അതിര്‍ത്തി കടന്നു എന്നത് നേരാണ്. അതൊഴിവാക്കേണ്ടതായിരുന്നു. അവര്‍ സ്വമേധയാ തിരിച്ചുപോവുകയുംചെയ്തു. ഇതോടെ സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ഇരു രാഷ്ട്രവും സമാധാന ചര്‍ച്ചകളില്‍ ഏര്‍പ്പെടേണ്ടതായിരുന്നു. സിപിഐ എം അഖിലേന്ത്യാ സെക്രട്ടറിയായിരുന്ന ഇ എം എസിന്റെ അക്കാലത്തെ പ്രസ്താവനയുടെ പേരില്‍ വിവാദം സൃഷ്ടിക്കാന്‍ പാര്‍ടി ശത്രുക്കള്‍ ശ്രമം നടത്തി. നാം നമ്മുടേതെന്നും അവര്‍ അവരുടേതെന്നും പറയുന്ന മക്മോഹന്‍ രേഖയെച്ചൊല്ലി ഇരു രാഷ്ട്രങ്ങള്‍ തമ്മില്‍ യുദ്ധം ഉണ്ടായിക്കൂടാ. അയല്‍രാജ്യങ്ങളുമായി സമാധാനപരമായ ചര്‍ച്ചയിലൂടെ തര്‍ക്കപരിഹാരം കണ്ടെത്തുകമാത്രമാണ് കരണീയം. ഉഭയകക്ഷി ചര്‍ച്ചയാണ് വേണ്ടത്. യുദ്ധം അരുത്, സമാധാനം വേണം എന്ന് പറഞ്ഞതാണ് ഹിമാലയന്‍കുറ്റമായി ആരോപിച്ചത്. ചൈനയുമായി മാത്രമല്ല പാകിസ്ഥാനുമായും ചര്‍ച്ച നടത്തി തര്‍ക്കം പരിഹരിക്കണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു. അന്ന് തെരുവില്‍ മുഴങ്ങിക്കേട്ട ഒരു മുദ്രവാക്യം ഓര്‍മിക്കേണ്ടതാണ്. 1965ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐ എം മുസ്ലിംലീഗുമായി ധാരണയുണ്ടാക്കി. 1967 ല്‍ അത് ഐക്യമുന്നണിയായി. ""പിണ്ടിയും പീക്കിങ്ങുമൊന്നായി, നമ്പൂരീം തങ്ങളുമൊന്നായി"" എന്നായിരുന്നു പാര്‍ടിശത്രുക്കളുടെ മുദ്രാവാക്യം. ഇടതുപക്ഷ നേതാക്കളെന്ന് പറയുന്നവര്‍പോലും അന്ന് പ്രസംഗിച്ചത്, ശ്രീരാമന്‍ സീതാദേവിയെ വീണ്ടെടുക്കാന്‍ രാവണകുലത്തെ കൊന്നൊടുക്കിയതുപോലെ ചൈന കൈയടക്കിയതായി പറഞ്ഞ 12000 ചതുരശ്രനാഴിക വീണ്ടെടുക്കാന്‍ ചൈനയുമായി തുറന്ന യുദ്ധം വേണമെന്നാണ്. ഇതൊക്കെയുണ്ടായിട്ടും സിപിഐ എം കുലുങ്ങിയില്ല. അയല്‍രാജ്യങ്ങളുമായി യുദ്ധം ഒഴിവാക്കണം, സമാധാനചര്‍ച്ചയിലൂടെ തര്‍ക്കപരിഹാരമുണ്ടാക്കണം എന്ന അഭിപ്രായത്തില്‍ ഉറച്ചുനിന്നു.

ഞങ്ങളെ പഴിപറഞ്ഞവര്‍ക്ക് മറ്റൊരു നിലപാടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ബിജെപി നേതാവ് വാജ്പേയി ആറുവര്‍ഷം ഇന്ത്യയുടെ പ്രധാനമന്ത്രിപദം അലങ്കരിച്ചു. ലാല്‍കൃഷ്ണ അദ്വാനി വിദേശകാര്യം കൈകാര്യംചെയ്തു. അദ്ദേഹം അക്കാലത്ത് ചൈനാസന്ദര്‍ശനം നടത്തുകയാണുണ്ടായത്. 12000 ചതുരശ്രനാഴികക്കെന്തു സംഭവിച്ചു എന്ന് ഞങ്ങള്‍ക്കറിയില്ല. അഞ്ച് പതിറ്റാണ്ടിനുശേഷവും ഞങ്ങള്‍ പറഞ്ഞതാണ് ശരി എന്ന് മറ്റുള്ളവര്‍ അംഗീകരിക്കേണ്ടി വന്നു. ചൈനയുമായി ഇന്ത്യ നിരവധി വട്ടം ചര്‍ച്ച നടത്തി. ഏറ്റവും ഒടുവില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ചൈന സന്ദര്‍ശിച്ച് ഒമ്പത് കരാറുകള്‍ ഒപ്പിട്ടതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു; അഭിമാനിക്കുന്നു. ഇപ്പോഴെങ്കിലും സിപിഐ എം ആര്‍ക്കും ചോദ്യംചെയ്യാന്‍ കഴിയാത്ത രാജ്യസ്നേഹവും ദീര്‍ഘവീക്ഷണവും ഉള്ള പാര്‍ടിയാണെന്ന് അംഗീകരിക്കണം. അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍ ഒഴിവാക്കാനും സേനകള്‍ തമ്മില്‍ വിശ്വാസം ഉറപ്പിക്കാനും ഇന്ത്യയും ചൈനയും നിര്‍ണായകമായ അതിര്‍ത്തിപ്രതിരോധ സഹകരണകരാറില്‍ (ബിഡിസിഎ) ഒപ്പിട്ടതിലുള്ള സന്തോഷവും അഭിമാനവും ആവര്‍ത്തിച്ച് ഓര്‍മപ്പെടുത്തുന്നു. സിപിഐ എം ആണ് ശരിയെന്ന് ജനങ്ങള്‍ അംഗീകരിക്കുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്.

deshabhimani editorial 25-10-13

Wednesday, October 23, 2013

ഇന്ത്യയും ചൈനയും അതിര്‍ത്തി സഹകരണ കരാര്‍ ഒപ്പുവച്ചു

ബീജിങ്: അതിര്‍ത്തിയില്‍ സൈനികര്‍ തമ്മില്‍ പരസ്പര വിശ്വാസം ഉറപ്പാക്കുന്ന നിര്‍ണായക അതിര്‍ത്തിസഹകരണ കരാറില്‍ ഇന്ത്യയും ചൈനയും ഒപ്പിട്ടു. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും ചൈനീസ് പ്രധാനമന്ത്രി ലീ കെക്വാങ്ങുമാണ് കരാറില്‍ ഒപ്പുവെച്ചത്. റഷ്യന്‍പര്യടനത്തിനുശേഷം മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി ചൊവ്വാഴ്ചയാണ് മന്‍മോഹന്‍ സിങ്ങ് ചൈനയിലെത്തിയത്.

ഇരു രാജ്യങ്ങളിലെയും സൈനിക മേധാവികള്‍ തമ്മില്‍ ഹോട്ട് ലൈന്‍ സ്ഥാപിക്കുന്നതും കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ-പാകിസ്ഥാന്‍ സൈനിക മേധാവികള്‍ തമ്മില്‍ നിലവില്‍ ഹോട്ട് ലൈന്‍ ഉണ്ട്. നദീജല തര്‍ക്കം പരിഹരിക്കാനുള്ള കരാറിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങും ബുധനാഴ്ച പ്രത്യേക വിരുന്ന് ഒരുക്കിയിട്ടുണ്ട്.

ഇന്ത്യയുടെ ഏറ്റവും വലിയ അയല്‍ക്കാരായ ചൈനയുമായി നൂറ്റാണ്ടുകള്‍ നീണ്ട ബന്ധമാണുള്ളതെന്നും നിരവധി കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനുണ്ടെന്നും മന്‍മോഹന്‍ സിങ് ഇന്ത്യന്‍ മാധ്യമസംഘത്തോട് പറഞ്ഞു. ഉഭയകക്ഷി വ്യാപാരബന്ധം ശക്തമാക്കാന്‍ ഇന്ത്യയില്‍ ചൈനീസ് വ്യവസായ പാര്‍ക്ക് ആരംഭിക്കാനുള്ള പദ്ധതി പ്രധാനമന്ത്രി സ്വാഗതംചെയ്തു.

deshabhimani

Thursday, June 13, 2013

ചൈനയിലും യുഎസ് സൈബര്‍ അക്രമം: സ്നോഡെന്‍

അമേരിക്കന്‍ ചാരവൃത്തിയുടെ കൂടുതല്‍ വിവരങ്ങള്‍ എഡ്വേഡ് സ്നോഡെന്‍ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ചൈനയില്‍ അമേരിക്ക നടത്തിയ സൈബര്‍ ആക്രമണങ്ങളെയും വിവരചോരണത്തെയും കുറിച്ചുള്ള വിവരങ്ങളാണ് സ്നോഡെന്‍ പങ്കുവച്ചതെന്ന് "സൗത്ത് ചൈന മോണിങ് പോസ്റ്റ്" റിപ്പോര്‍ട്ട് ചെയ്തു. "വഞ്ചകനെ"ന്ന് മുദ്രകുത്തി അമേരിക്ക വേട്ടയാടാനൊരുങ്ങുന്ന സാഹചര്യത്തില്‍ ഹോങ്കോങ്ങിലെ ഹോട്ടല്‍മുറിയില്‍നിന്ന് അപ്രത്യക്ഷനായ ഇരുപത്തൊമ്പതുകാരന്‍ രഹസ്യകേന്ദ്രത്തില്‍നിന്നാണ് അഭിമുഖം നല്‍കിയത്. തന്നെ കുറ്റവാളിയാക്കി കടത്തിക്കൊണ്ടുപോകാനുള്ള അമേരിക്കയുടെ ശ്രമങ്ങളെ നിയമപരമായി ചെറുക്കുമെന്ന് സ്നോഡെന്‍ പറഞ്ഞതായി പത്രം റിപ്പോര്‍ട്ട് ചെയ്തു. "വിവരങ്ങള്‍ പുറത്തുവിടാന്‍ ഞാന്‍ ഹോങ്കോങ്ങിനെ തെരഞ്ഞെടുത്തത് ഒരു പിശകല്ല. നിയമത്തില്‍നിന്ന് ഓടിയൊളിക്കാനല്ല ഞാന്‍ ഇവിടെയെത്തിയത്. കുറ്റകൃത്യം വെളിപ്പെടുത്താനാണ് ഞാന്‍ എത്തിയത്. ഞാന്‍ വഞ്ചകനോ നായകനോ അല്ല, ഞാനൊരു അമേരിക്കന്‍ പൗരന്‍മാത്രമാണ്. ഹോങ്കോങ്ങിലെ ജനങ്ങളും കോടതിയുമാണ് ഇനി എന്റെ വിധി തീരുമാനിക്കേണ്ടത്. നിങ്ങളുടെ സംവിധാനത്തെ അവിശ്വസിക്കാന്‍ എനിക്ക് ഒരു കാരണവുമില്ല"- സ്നോഡെന്‍ "സൗത്ത് ചൈന മോണിങ് പോസ്റ്റി"നോട് പറഞ്ഞു.

സ്വന്തം പൗരന്മാരുടെയും വിദേശ രാജ്യങ്ങളുടെയും സ്വകാര്യ വിവരങ്ങള്‍ ഇന്റര്‍നെറ്റിലൂടെയും ഫോണിലൂടെയും ചോര്‍ത്തുന്ന അമേരിക്കയുടെ "പ്രിസം" പരിപാടി ലോകത്തെ അറിയിച്ച സ്നോഡെനെതിരെ ഒബാമ സര്‍ക്കാര്‍ ക്രിമിനല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍, ഹോങ്കോങ്ങില്‍നിന്ന് സ്നോഡെനെ വിട്ടുകിട്ടാനുള്ള ഔദ്യോഗിക നീക്കമൊന്നും അമേരിക്ക നടത്തിയിട്ടില്ല. സൈബര്‍ ആക്രമണത്തിന്റെ പേരില്‍ ചൈനയെ കുറ്റപ്പെടുത്തുന്ന അമേരിക്കയുടെ ചെയ്തികള്‍ക്ക് തെളിവാണ് സ്നോഡെന്‍. ചൈനയുടെ രഹസ്യങ്ങളും അമേരിക്ക ചോര്‍ത്തിയെന്ന സ്നോഡെന്റെ വെളിപ്പെടുത്തല്‍ ഈ സാചര്യത്തില്‍ ശ്രദ്ധേയമാണ്. നിലവിലെ സാഹചര്യത്തില്‍ തങ്ങളുടെ കീഴിലുള്ള ഹോങ്കോങ്ങില്‍നിന്ന് സ്നോഡെനെ കൊണ്ടുപോകാനുള്ള നീക്കത്തെ ചൈന എതിര്‍ക്കുമെന്നാണ് വിലയിരുത്തല്‍. ഇത് അമേരിക്കയ്ക്ക് നാണക്കേടാകും. ഈ സാഹചര്യത്തില്‍ എന്ത് നിലപാടെടുക്കണമെന്ന കാര്യത്തില്‍ അമേരിക്കയ്ക്ക് ആശയക്കുഴപ്പമുണ്ട്. അതാണ് സ്നോഡെനെതിരായ നീക്കം സാവധാനമാകാന്‍ കാരണം.

deshabhimani

Tuesday, May 28, 2013

സ്വാഗതാര്‍ഹമായ കരാര്‍

ചൈനയുടെ പുതിയ പ്രധാനമന്ത്രി ലീ കെചിയാങ്ങിന്റെ ഇന്ത്യാ സന്ദര്‍ശനം ഇരു രാജ്യവും തമ്മിലുള്ള സൗഹൃദബന്ധം മെച്ചപ്പെടുത്തുന്നതിന് സഹായകമാണെന്നു കാണുന്നതില്‍ ഞങ്ങള്‍ അതിയായി സന്തോഷിക്കുന്നു. വ്യാപാരവും വാണിജ്യവും വര്‍ധിപ്പിക്കാനുതകുന്ന എട്ട് കരാറില്‍ ഇരു രാജ്യവും ഒപ്പുവച്ചത് സ്വാഗതാര്‍ഹമായ കാല്‍വയ്പാണ്. ലഡാക്കില്‍ ഈയിടെയുണ്ടായ അസാധാരണ സംഭവത്തില്‍നിന്ന് പാഠമുള്‍ക്കൊണ്ട് അതിര്‍ത്തിയില്‍ സമാധാനവും സഹിഷ്ണുതയും നിലനിര്‍ത്താന്‍ തീരുമാനിച്ചത് നയതന്ത്രബന്ധത്തിന്റെ വിജയമാണ്.

ഇന്ത്യയും ചൈനയും അയല്‍ രാജ്യങ്ങളാണ്. രണ്ടു രാജ്യവും ഒന്നിച്ചുചേര്‍ന്നാല്‍ ലോകത്തിലെ വന്‍ശക്തിയായി മാറും. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നീ രാഷ്ട്രങ്ങള്‍ ചേര്‍ന്ന ബ്രിക്സ് സഖ്യം ഈയിടെ യോഗം ചേര്‍ന്ന് പ്രധാനപ്പെട്ട ചില തീരുമാനങ്ങളെടുത്തിരുന്നു. തീരുമാനങ്ങള്‍ പ്രാവര്‍ത്തികമാകുന്നതോടെ ഈ സഖ്യം വമ്പിച്ച പ്രാധാന്യം കൈവരിക്കുമെന്നതില്‍ സംശയമില്ല. അമേരിക്കന്‍ സാമ്രാജ്യത്വം ദുര്‍ബല രാഷ്ട്രങ്ങളെ സൈനികശക്തി ഉപയോഗിച്ചുള്ള ബലപ്രയോഗത്തിലൂടെ കീഴടക്കാന്‍ ശ്രമിക്കുകയാണ്. ഇറാഖ്, അഫ്ഗാനിസ്ഥാന്‍, ലിബിയ എന്നീ രാജ്യങ്ങളെ ആക്രമിച്ചു. സ്വതന്ത്ര രാഷ്ട്രങ്ങളുടെ ഭരണാധികാരികളെയാണ് ആക്രമിച്ചു കീഴ്പ്പെടുത്തിയത്. സദ്ദാംഹുസൈനെ നിഷ്ഠുരമായി കൊലപ്പെടുത്തി. ലിബിയയുടെ ഭരണാധികാരിയായിരുന്ന കേണല്‍ ഗദ്ദാഫിയെയും കൊന്നു. ഇവിടെയൊന്നും സമാധാനവും സൈ്വരജീവിതവും ഉറപ്പുവരുത്താന്‍ കഴിഞ്ഞിട്ടില്ല. രക്തച്ചൊരിച്ചില്‍ തുടരുകയാണ്.

ഇറാഖില്‍ ദിവസവും കൂട്ടമരണം സംഭവിക്കുന്നു. ഇത്തരമൊരു സാഹചര്യം ഏഷ്യയിലും സൃഷ്ടിക്കാന്‍ ക്ഷുദ്രശക്തികള്‍ കിണഞ്ഞു ശ്രമിക്കുകയാണ്. ചൈന ഇന്ത്യയുടെ അതിര്‍ത്തിക്കകത്തേക്ക് കടന്നുവന്ന് ടെന്റ് കെട്ടിയെന്ന പേരില്‍ ഇരു രാഷ്ട്രത്തെയും തമ്മില്‍ ഏറ്റുമുട്ടലിലേക്ക് നയിക്കാന്‍ ചില പിന്തിരിപ്പന്‍ മാധ്യമങ്ങളും ശ്രമം നടത്തുകയുണ്ടായി. ചില രാഷ്ട്രീയനേതാക്കളും തെറ്റായ വഴിക്കാണ് സഞ്ചരിച്ചത്. അത്തരക്കാര്‍ക്ക് ഈ കരാര്‍ നിരാശയ്ക്ക് കാരണമായേക്കാം. എന്നാല്‍, ഇരു രാഷ്ട്രത്തിന്റെയും ഭാവിക്ക് സഹായകമാണ് ഈ കരാര്‍ എന്ന് ഉറപ്പിച്ചുപറയാന്‍ കഴിയും. ഇന്ത്യയും ചൈനയും തമ്മിലുള്ള സൗഹൃദത്തിന് ദീര്‍ഘകാല ചരിത്രമുണ്ട്. ഫാഹിയാന്‍, ഹു യാന്‍സാങ്, ഇറ്റ്സിങ് എന്നീ മഹാന്മാരുടെ ഇന്ത്യാ സന്ദര്‍ശനം ഓര്‍മയില്‍ വരുന്നതാണ്. നളന്ദയും തക്ഷശിലയുമൊക്കെ ആകര്‍ഷണകേന്ദ്രമായിരുന്നു.

1947ല്‍ ഇന്ത്യ സാമ്രാജ്യത്വ നുകത്തില്‍നിന്ന് മോചനം നേടി. ചൈന 1949ലാണ് മോചനം നേടിയത്. മഹാനായ മാവോയുടെ നേതൃത്വത്തില്‍ നടന്ന ജനകീയ ജനാധിപത്യവിപ്ലവം വിജയംവരിച്ചു. ലോകത്തില്‍ ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യമാണ് ചൈന. രണ്ടാമത്തെ സ്ഥാനം ഇന്ത്യക്കാണ്. തൊള്ളായിരത്തി അമ്പതുകളില്‍ ഇന്ത്യയും ചൈനയും തമ്മില്‍ പഞ്ചശീലതത്വങ്ങളില്‍ ഒപ്പുവച്ചു. വ്യത്യസ്തമായ വ്യവസ്ഥകള്‍ നിലനില്‍ക്കുന്ന രാഷ്ട്രങ്ങളുമായി സമാധാനപരമായ സഹവര്‍ത്തിത്വം എന്നതായിരുന്നു പഞ്ചശീലതത്വങ്ങളുടെ അടിസ്ഥാനപരമായ സമീപനം. പരസ്പര സഹായം, പരസ്പര വിശ്വാസം, പരസ്പര സഹകരണം തുടങ്ങിയ തത്വങ്ങള്‍ ഇരു രാഷ്ട്രത്തിനും സ്വീകാര്യമായി കണ്ടു. 1962ല്‍ അപ്രതീക്ഷിതമായുണ്ടായ അതിര്‍ത്തിത്തര്‍ക്കം മഹത്തായ രണ്ട് അയല്‍രാജ്യങ്ങളുമായുണ്ടായ പരസ്പര ബന്ധത്തില്‍ പോറലേല്‍പ്പിച്ചു. ഇതോടെ ചൈനാവിരുദ്ധ ജ്വരം വളര്‍ത്തിയെടുക്കാന്‍ കൊണ്ടുപിടിച്ച ശ്രമം നടന്നു. അതീവ സങ്കുചിതമായ ചൈനാവിരുദ്ധ വികാരത്തോടൊപ്പം പുരോഗമനചിന്തകരെന്ന് അഭിമാനിക്കുന്ന ചിലര്‍പോലും ഒഴുകിപ്പോയി. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയിലും രണ്ടഭിപ്രായമുണ്ടായി. പിന്നീട് സിപിഐ എം ഉറച്ച നിലപാടെടുത്തു. ഇന്ത്യ-ചൈനാ അതിര്‍ത്തിത്തര്‍ക്കത്തിന് സമാധാനപരമായ കൂടിയാലോചനയിലൂടെ പരിഹാരമുണ്ടാക്കണമെന്നും യുദ്ധം പാടില്ലെന്നും ഉറപ്പിച്ചുപറഞ്ഞു. തര്‍ക്കത്തിന്റെ കേന്ദ്രബിന്ദു മാക്മോഹന്‍ രേഖയായിരുന്നു. നാം നമ്മുടേതെന്നും അവര്‍ അവരുടേതെന്നും പറയുന്ന മാക്മോഹന്‍ രേഖയുടെ പേരിലുള്ള തര്‍ക്കം യുദ്ധത്തിലൂടെയല്ല സമാധാനപരമായ ചര്‍ച്ചയിലൂടെയാണ് പരിഹരിക്കേണ്ടത് എന്നായിരുന്നു ഇ എം എസ് ആസേതുഹിമാചലം സഞ്ചരിച്ച് സംസാരിച്ചത്. 1964 ഡിസംബറില്‍ സിപിഐ എം നേതാക്കളെ ചൈനാചാരന്മാരെന്ന് മുദ്രകുത്തി അറസ്റ്റുചെയ്ത് ജയിലിലടച്ചു. ചൈന കൈവശംവച്ച 12,000 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം തുറന്ന യുദ്ധത്തിലൂടെ തിരിച്ചുപിടിക്കണമെന്ന് ജനസംഘം ഉള്‍പ്പെടെ വാദിച്ചു. ആ പാര്‍ടിയുടെ നേതാവ് അദ്വാനി വിദേശകാര്യമന്ത്രിയായിട്ടും വാജ്പേയി പ്രധാനമന്ത്രിയായിട്ടും തിരിച്ചുപിടിക്കല്‍ നടന്നില്ല. കൂടിയാലോചനയാണ് തുടര്‍ന്നത്. അര നൂറ്റാണ്ട് പിന്നിട്ടിട്ടും സിപിഐ എം അന്ന് പറഞ്ഞതായിരുന്നു ശരിയെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് തെളിയിക്കപ്പെട്ടു. കൂടിയാലോചനയുടെ മാര്‍ഗമല്ലാതെ മറ്റൊന്നില്ലെന്ന് എല്ലാവര്‍ക്കും വ്യക്തമായി.

ഇതിനിടയ്ക്ക് പലപ്പോഴും ഇന്ത്യക്കകത്തെ അമേരിക്കന്‍ ലോബിയും അവരോടൊപ്പം നില്‍ക്കുന്ന മാധ്യമങ്ങളും ഇരു രാജ്യവും തമ്മിലുള്ള ബന്ധത്തില്‍ ശൈഥില്യമുണ്ടാക്കാന്‍ ശ്രമം നടത്തി. അതൊക്കെ പരാജയപ്പെടുകയാണുണ്ടായത്. ഞങ്ങള്‍ ആരുടെയും ചാരന്മാരല്ല, ഇന്ത്യന്‍ മണ്ണില്‍ ജനിച്ചുവളര്‍ന്ന ഇന്ത്യന്‍ പൗരന്മാരാണെന്നും ഇന്ത്യയെ ആത്മാര്‍ഥതയോടെ സ്നേഹിക്കുന്ന യഥാര്‍ഥ ദേശാഭിമാനികളാണെന്നും തെളിഞ്ഞുകഴിഞ്ഞു. അതുകൊണ്ടുതന്നെ ഇന്ത്യയും ചൈനയും തമ്മില്‍ കരാര്‍ ഒപ്പിട്ടതിലും ഇന്ത്യ- ചൈനാ ബന്ധം ശക്തിപ്പെട്ടുവരുന്നതിലും ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. അതിയായ സന്തോഷവുമുണ്ട്.

ഇന്ത്യയും ചൈനയും തമ്മിലുള്ള ദീര്‍ഘനാളത്തെ സൗഹൃദബന്ധം അരക്കിട്ടുറപ്പിക്കലാണ് രാജ്യസ്നേഹപരമായ നിലപാടെന്ന് വീണ്ടും പറയുന്നു. ഈ വഴിക്കുള്ള എല്ലാ നീക്കത്തിനും വിജയം ആശംസിക്കുന്നു. പാകിസ്ഥാനുമായും എല്ലാ അയല്‍രാജ്യങ്ങളുമായും ഇതേ സൗഹൃദബന്ധം വേണമെന്നാണ് ഞങ്ങളുടെ അഭിപ്രായം. പിണ്ടിയും പീക്കിങ്ങുമൊന്നായി, നമ്പൂരീം തങ്ങളുമൊന്നായി എന്ന മുദ്രാവാക്യവും ഞങ്ങള്‍ അപ്പുറത്തുള്ളവരെ ഓര്‍മിപ്പിക്കാനാഗ്രഹിക്കുന്നു.

deshabhimani editorial 210513

Sunday, May 12, 2013

പുതിയ അതിര്‍ത്തി കരാറിന് ഇന്ത്യയും ചൈനയും


ഇന്ത്യ-ചൈന അതിര്‍ത്തിയിലെ പ്രതിരോധ സംവിധാനങ്ങളെക്കുറിച്ചുള്ള സഹകരണ കരാര്‍ അടുത്തുതന്നെ യാഥാര്‍ഥ്യമാകുമെന്ന് വിദേശമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. ചൈനയില്‍ ദ്വദിന സന്ദര്‍ശനത്തിനുശേഷം തിരിച്ചെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ലഡാക് മേഖലയിലെ ദൗലത്ബേഗ് ഓര്‍ഡിയില്‍ നടന്നതുപോലുള്ള സംഭവങ്ങള്‍ നടക്കാന്‍ പാടില്ലാത്തതാണെന്നും ബന്ധം മെച്ചപ്പെടുത്തി ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കണമെന്നും ഇരുരാജ്യങ്ങളും സമ്മതിച്ചതായി ഖുര്‍ഷിദ് പറഞ്ഞു.

അതിര്‍ത്തിതര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും ഉടന്‍ ചര്‍ച്ച തുടങ്ങും. അതിര്‍ത്തി പ്രതിരോധ സഹകരണ കരാറിനെക്കുറിച്ചുള്ള നിര്‍ദേശം ചൈന നേരത്തേ മുന്നോട്ടുവച്ചിരുന്നു. ഇന്ത്യയും ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടുത്തിടെ നടന്ന സംഭവങ്ങള്‍ വീണ്ടും കുത്തിപ്പൊക്കി പരിശോധിക്കാനില്ല. ആരെയും കുറ്റപ്പെടുത്താനുമില്ല. സംഘര്‍ഷം ഒഴിവാക്കുന്നതിനുള്ള സംവിധാനങ്ങള്‍ നന്നായി പ്രവര്‍ത്തിച്ചു. അടുത്തുതന്നെ ഇന്ത്യ സന്ദര്‍ശിക്കുന്ന ചൈനീസ് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ സഹകരണത്തിനുള്ള ധാരണാപത്രം ഒപ്പിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പ്രധാനമന്ത്രി ചൈന സന്ദര്‍ശിക്കുമ്പോള്‍ കൂടുതല്‍ ചര്‍ച്ച നടത്തി കരാറുകള്‍ ഒപ്പിടും. 1954നു ശേഷം ഇരു പ്രധാനമന്ത്രിമാരും ഒരേവര്‍ഷം തന്നെ പരസ്പര സന്ദര്‍ശനം നടത്തുന്നത് ആദ്യമായിട്ടാണ്.

ചൈനീസ് സന്ദര്‍ശനത്തിനിടയില്‍ വാണിജ്യം, നിക്ഷേപം എന്നീ മേഖലകളില്‍ കൂടുതല്‍ സഹകരിക്കുന്നതിനെക്കുറിച്ചും രാഷ്ട്രീയ, സുരക്ഷാ വിഷയങ്ങളെക്കുറിച്ചും ചൈനീസ് നേതാക്കളുമായി ചര്‍ച്ച നടത്തി. അന്താരാഷ്ട്ര സാഹചര്യങ്ങളോട് പ്രതികരിച്ചുകൊണ്ടുതന്നെ ഇരുരാജ്യങ്ങള്‍ക്കും ഗുണകരമാകുംവിധം സഹകരണം മെച്ചപ്പെടുത്താന്‍ പ്രവര്‍ത്തിക്കുകയെന്നതാണ് ഇന്നത്തെ ആവശ്യം. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പ്രവര്‍ത്തിക്കുന്നതിനൊപ്പം ഇരുജനതകളും തമ്മിലുള്ള ഐക്യവും മെച്ചപ്പെടുത്തണം. നിക്ഷേപം, വാണിജ്യം, ടൂറിസം, സാംസ്കാരിക വിനിമയം എന്നീ മേഖലകളില്‍ കൂടുതല്‍ സഹകരിച്ച് ജനങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താം. ഇതിന് നേതാക്കള്‍ കൂടുതല്‍ ദീര്‍ഘവീക്ഷണത്തോടെയും പ്രതിബദ്ധതയോടെയും പ്രവര്‍ത്തിക്കണം. രണ്ട് ദിവസത്തെ ചൈനാസന്ദര്‍ശനം ഏറെ ഫലപ്രദമായിരുന്നുവെന്ന് ഖുര്‍ഷിദ് പറഞ്ഞു. ചൈനീസ് പ്രധാനമന്ത്രി ലീ കെക്വിയാങ്, വിദേശമന്ത്രി വാങ് യി എന്നിവരുമായി ചര്‍ച്ച നടത്തി.

deshabhimani 120513

Tuesday, April 30, 2013

Resolve Tensions with China Peacefully


The Communist Party of India (Marxist) and the Communist Party of India have issued the following statement: Tuesday, April 30, 2013

Resolve the Tensions with China Through Negotiations

The CPI(M) and the CPI express their concern at the continued growth of tensions around the Line of Actual Control in Ladhak. This dispute must be resolved peacefully through negotiations urgently, safeguarding India’s interests. Both our Prime Minister and the Minister for External Affairs have expressed confidence of arriving at a solution through talks. India has in fact described the latest developments as a “localized affair”. Both India and China are giant neighbours and must resolve such disputes as mature nations do through negotiations and not through whipping up passions and tensions.

(Sitaram Yechury) (A.B. Bardhan)

Saturday, April 27, 2013

അതിര്‍ത്തിയിലെ പ്രശ്നം ചര്‍ച്ചചെയ്ത് പരിഹരിക്കും: ഇന്ത്യ, ചൈന


പ്രശ്ന പരിഹാരത്തിനുള്ള ബുദ്ധി ഇരു രാജ്യങ്ങള്‍ക്കും ഉണ്ട്: ചൈന

ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാനുള്ള കഴിവും ബുദ്ധിശക്തിയും ഇരു രാജ്യങ്ങള്‍ക്കുമുണ്ടെന്ന് ചൈന വെള്ളിയാഴ്ച പ്രതികരിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ വളരെയടുത്ത ആശയവിനിമയമാണ് നടക്കുന്നതെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുന്‍യിങ് പറഞ്ഞു. സൗഹാര്‍ദപരമായ സംഭാഷണങ്ങളിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് വക്താവ് പറഞ്ഞു.

ഇതേസമയം ചൈനയുമായി വിവിധ തലങ്ങളില്‍ ചര്‍ച്ച നടത്തുമെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി വ്യക്തമാക്കി. ലഡാക്കിന്റെ കിഴക്കുഭഭാഗത്ത് ചൈന അതിര്‍ത്തി ലംഘിച്ചെന്ന വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ചൈനയുടെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം ലി കിക്വിയാങ് നടത്തുന്ന ആദ്യത്തെ വിദേശപര്യടനത്തിന് ഇന്ത്യയെ തെരഞ്ഞെടുത്തത് ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനാണെന്നും ഈ സന്ദര്‍ശനത്തിനു മേല്‍ കരിനിഴല്‍ വീഴ്ത്താനാണ് ഇപ്പോഴുള്ള വിവാദങ്ങള്‍ ഇടയാക്കുന്നതെന്ന് പെക്കിങ് സര്‍വകലാശാലയിലെ ദക്ഷിണേഷ്യാ വിദഗ്ധ ഹാന്‍ ഹുവ പറഞ്ഞു. അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് മാധ്യമങ്ങളില്‍ ഇത്തരം വാര്‍ത്തകള്‍ വരുന്നത് ആദ്യമല്ല. എന്നാല്‍, ഇപ്പോള്‍ അനവസരത്തിലാണ് ഇത്തരം വിവാദം ഉണ്ടായിരിക്കുന്നത്. ചൈനീസ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് മുമ്പ് ഈ വിവാദമുണ്ടായത് ഉചിതമായില്ലെന്നും ഹാന്‍ ഹുവ പറഞ്ഞു.

ചൈനീസ് മാധ്യമങ്ങളില്‍ ലഡാക്കിലെ അതിര്‍ത്തിപ്രശ്നം വലിയ വാര്‍ത്തയായില്ല. എന്നാല്‍, ഇന്ത്യന്‍ മാധ്യമങ്ങളില്‍ ഇത് സജീവ ചര്‍ച്ചയാണ്. ഇന്ത്യന്‍ വിദേശമന്ത്രിയുടെ ചൈനാ സന്ദര്‍ശനത്തിനും ചൈനീസ് പ്രധാനമന്ത്രിയുടെ നിര്‍ദിഷ്ട ഇന്ത്യാ സന്ദര്‍ശനത്തിനും മുമ്പാണ് അതിര്‍ത്തിയില്‍ പ്രശ്നമാണെന്ന വാര്‍ത്ത പ്രചരിച്ചതും അതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതും. എന്നാല്‍, ഈ വിഷയത്തില്‍ ബിജെപിയും എസ്പിയും പോലുള്ള പാര്‍ടികളും പ്രകോപനപരമായ പ്രസ്താവനകളാണ് നടത്തുന്നത്. ചൈനയാണ് ഇന്ത്യക്ക് ഏറ്റവും വലിയ വെല്ലുവിളിയെന്നും താന്‍ ഏറെക്കാലമായി ഇത് പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും സമാജ്വാദി പാര്‍ടി നേതാവ് മുലായംസിങ് യാദവ് പറഞ്ഞു.
(വി ജയിന്‍)

അതിര്‍ത്തിയിലെ പ്രശ്നം ചര്‍ച്ചചെയ്ത് പരിഹരിക്കും: ഇന്ത്യ, ചൈന

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ ചൈനീസ് സൈന്യം ഇന്ത്യന്‍ ഭാഗത്തേക്ക് കടന്നുവെന്ന ആരോപണത്തെക്കുറിച്ച് ചര്‍ച്ചചെയ്യാമെന്ന് ചൈന സമ്മതിച്ചു. അതിര്‍ത്തിയിലെ സമാധാനത്തെയും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെയും ബാധിക്കാത്ത വിധം പ്രശ്നം ചര്‍ച്ചചെയ്ത് പരിഹരിക്കാന്‍ കഴിയുമെന്ന് ചൈനീസ് സര്‍ക്കാര്‍ വ്യാഴാഴ്ച അറിയിച്ചു. മെയ് ഒമ്പതിന് ആരംഭിക്കുന്ന ചൈനീസ് സന്ദര്‍ശനത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്യുമെന്ന് ഇന്ത്യന്‍ വിദേശമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.

ഏപ്രില്‍ 15ന് കിഴക്കന്‍ ലഡാക്കിലെ ബുര്‍തെ മേഖലയില്‍ ചൈനീസ് സൈന്യം പത്ത് കിലോമീറ്റര്‍ ഉള്ളിലേക്ക് കയറി ഇന്ത്യന്‍ മേഖലയില്‍ നിലയുറപ്പിച്ചുവെന്ന് വാര്‍ത്തയുണ്ടായിരുന്നു. ഇത്തരം പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കാന്‍ ഇരു രാജ്യങ്ങളും ചേര്‍ന്നുള്ള സ്ഥിരം സംവിധാനമുണ്ടെന്നും അതുവഴി പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കാന്‍ കഴിയുമെന്നും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. കൃത്യമായി അതിര്‍ത്തി രേഖപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ ഈ മേഖലയില്‍ ഇത്തരം പ്രശ്നമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുന്‍യിങ് പതിവു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത്തരം പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ഇരു രാജ്യങ്ങളും ചര്‍ച്ച നടത്തി പരിഹരിക്കുകയാണ് പതിവ്. ഇരു രാജ്യങ്ങളുടെയും സാധാരണ ബന്ധത്തെയോ അതിര്‍ത്തിയിലെ സ്ഥിതിയെയോ അത് ബാധിക്കില്ല. അതിര്‍ത്തിയില്‍ സംഘര്‍ഷത്തിന് ചൈന പ്രകോപനമുണ്ടാക്കുന്നുവെന്ന മട്ടിലുള്ള പ്രചാരണം അദ്ദേഹം നിഷേധിച്ചു. ഇരുരാജ്യങ്ങളുടെയും സൈനിക ഉദ്യോഗസ്ഥരടങ്ങുന്ന ഫ്ളാഗ് മീറ്റിങ് കൂടാന്‍ തീരുമാനിച്ചു. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പാകത്തില്‍ മാധ്യമങ്ങള്‍ ക്ഷമ കാട്ടുകയുംഅനുകൂല അന്തരീക്ഷമുണ്ടാക്കുകയും വേണം. ചൈനീസ് സൈന്യം അതിര്‍ത്തി ലംഘിച്ചിട്ടില്ലെന്നും ചുന്‍യിങ് പറഞ്ഞു.

ചൈനീസ് പ്രധാനമന്ത്രി ലീ കെക്വിയാങ്ങിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനു മുമ്പാണ് ഇന്ത്യന്‍ വിദേശമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ചൈന സന്ദര്‍ശിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയ്ക്കുള്ള ഒരുക്കങ്ങള്‍ക്കാണിത്. പ്രതിരോധമന്ത്രി എ കെ ആന്റണി മേയിലോ ജൂണിലോ ചൈന സന്ദര്‍ശിച്ചേക്കും. ഉത്തരമേഖലാ കമാന്‍ഡിലെ സൈനികോദ്യോഗസ്ഥരില്‍നിന്ന് വിവരങ്ങള്‍ ഗ്രഹിച്ചശേഷം കരസേനാ മേധാവി വിക്രംസിങ് പ്രതിരോധമന്ത്രി എ കെ ആന്റണിയെ സ്ഥിതിഗതികള്‍ ധരിപ്പിച്ചു. ഏപ്രില്‍ 15നുശേഷം 5 ലഡാക് സ്കൗട്ട്സ് ബറ്റാലിയനില്‍നിന്ന് സൈനികരെ കിഴക്കന്‍ ലഡാക്കിലേക്ക് അയച്ചു. ആവശ്യമെങ്കില്‍ കുടുതല്‍ സൈനികരെ അവിടേക്ക് നിയോഗിക്കും.

deshabhimani