Showing posts with label കോമണ്‍‌വെല്‍ത്ത് ഗെയിംസ്. Show all posts
Showing posts with label കോമണ്‍‌വെല്‍ത്ത് ഗെയിംസ്. Show all posts

Sunday, March 23, 2014

പ്രകൃതിവാതകം: റിലയന്‍സിന് ലാഭം 48 ലക്ഷം കോടി

സ്പെക്ട്രത്തില്‍ തട്ടിയത് 1.76 ലക്ഷം കോടി

അഴിമതിയുടെ മുന്‍കാല റെക്കോര്‍ഡുകള്‍ ഭേദിക്കുന്നതായിരുന്നു 2ജി സ്പെക്ട്രം ഇടപാട്്. ഖജനാവിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടം ഇടപാടിലുണ്ടായെന്ന സിഎജി കണ്ടെത്തല്‍ രാജ്യത്തെ ഞെട്ടിച്ചു. അഴിമതിസര്‍ക്കാരെന്ന കറ യുപിഎയ്ക്കു മേല്‍ മായാത്തവിധം ചാര്‍ത്തപ്പെട്ടത് സ്പെക്ട്രം ഇടപാട് വെളിപ്പെട്ടതോടെയാണ്. കൂടുതല്‍ 2ജി ലൈസന്‍സുകള്‍ നല്‍കാന്‍ ടെലികോം മന്ത്രിയായിരുന്ന എ രാജ തീരുമാനിക്കുന്നിടത്താണ് അഴിമതിയുടെ തുടക്കം. 2001ല്‍ പാന്‍ ഇന്ത്യ സ്പെക്ട്രം ലൈസന്‍സ് 1650 കോടി രൂപ ഫീസായി വാങ്ങിയാണ് വിതരണംചെയ്തത്. ഇതേ നിരക്കില്‍തന്നെ 2008ലും വിതരണത്തിന് സര്‍ക്കാര്‍ തീരുമാനിച്ചതോടെ അഴിമതിക്ക് കളമൊരുങ്ങി.

പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെയും ധനമന്ത്രി പി ചിദംബരത്തിന്റെയും അറിവോടെയും സമ്മതത്തോടെയുമായിരുന്നു രാജയുടെ നീക്കം. ലേലം ഒഴിവാക്കി, ആദ്യം വരുന്നവര്‍ക്ക് ആദ്യ പരിഗണനയെന്ന തത്വത്തിന്റെ അടിസ്ഥാനത്തില്‍ ലൈസന്‍സ് നല്‍കല്‍ തുടങ്ങി. ടെലികോം വകുപ്പിന്റെ തീരുമാനങ്ങള്‍ക്കെല്ലാം പ്രധാനമന്ത്രിയും ധനമന്ത്രിയും പച്ചക്കൊടി കാട്ടി. സ്വന്തമായി ഓഫീസോ പശ്ചാത്തലസൗകര്യമോ ഇല്ലാത്ത കടലാസ് കമ്പനികള്‍ ലൈസന്‍സിനായി അപേക്ഷിച്ചു. കോണ്‍ഗ്രസിനും ഡിഎംകെയ്ക്കുമെല്ലാം വേണ്ടപ്പെട്ടവരുടേതായിരുന്നു യൂണിടെക്, സ്വാന്‍ തുടങ്ങിയ കടലാസ് കമ്പനികള്‍. 2008 ജനുവരിയില്‍ ലൈസന്‍സുകള്‍ വിതരണംചെയ്തു. ഒമ്പത് സ്വകാര്യ കമ്പനികള്‍ക്കായി 122 ലൈസന്‍സുകള്‍. സര്‍ക്കാരിന് ഫീസിനത്തില്‍ ആകെ കിട്ടിയത് 9014 കോടിമാത്രം. ലൈസന്‍സ് ലഭിച്ചതിന് പിന്നാലെതന്നെ യൂണിടെക് 65 ശതമാനം ഓഹരി 6120 കോടി രൂപയ്ക്ക് നോര്‍വീജിയന്‍ കമ്പനിയായ ടെലനോറിന് വിറ്റു. 13 സര്‍ക്കിളുകളില്‍ ലൈസന്‍സ് ലഭിച്ച സ്വാന്‍ അമ്പതുശതമാനം ഓഹരി 3600 കോടിക്ക് എറ്റിസലാത്ത് കമ്പനിക്ക് വിറ്റു. ഒരു മൊബൈല്‍ ടവര്‍പോലും സ്ഥാപിക്കാതെ ഇരുകമ്പനികളും കോടികളുടെ നേട്ടം കൊയ്തു. ഇതിലൊരു ഭാഗം ഡിഎംകെയ്ക്കും കോണ്‍ഗ്രസിനും ലഭിച്ചു.

സിഎജി റിപ്പോര്‍ട്ട് വന്ന ശേഷം സുപ്രീംകോടതി വിഷയത്തില്‍ ഇടപെട്ടു. കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം. കുറ്റങ്ങളെല്ലാം രാജയില്‍ ഒതുക്കി സിബിഐ കോണ്‍ഗ്രസിന്റെ വിശ്വസ്തസേവകരെന്ന് വീണ്ടും തെളിയിച്ചു. 122 ലൈസന്‍സുകളും സുപ്രീംകോടതി റദ്ദാക്കി. പ്രത്യേക സിബിഐ കോടതിയില്‍ കേസ് തുടരുന്നു. പ്രതിപക്ഷ സമ്മര്‍ദ്ദത്തെതുടര്‍ന്ന് സംയുക്ത പാര്‍ലമെന്ററി സമിതി വിഷയം പരിശോധിച്ചെങ്കിലും ജെപിസി അധ്യക്ഷന്‍ പി സി ചാക്കോയുടെ ഏകപക്ഷീയ റിപ്പോര്‍ട്ട് പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും സംരക്ഷിച്ചു. കോടതി റദ്ദാക്കിയ ലൈസന്‍സുകള്‍ അടുത്തയിടെ ലേലത്തിലൂടെ വിതരണം ചെയ്തപ്പോള്‍ സര്‍ക്കാരിന് ലഭിച്ചത് അറുപതിനായിരം കോടിയിലേറെ രൂപ. സ്പെക്ട്രം ഇടപാടിലൂടെ ഖജനാവിന് നഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്ന് വാദിച്ചിരുന്ന കോണ്‍ഗ്രസിന് ഇപ്പോള്‍ മിണ്ടാട്ടമില്ല.

എം പ്രശാന്ത്

കല്‍ക്കരിപ്പാടം @ 1.86 ലക്ഷം കോടി

കോടികളുടെ അക്കപ്പെരുക്കങ്ങള്‍ കണ്ട് ഇന്ത്യന്‍ ജനത അന്തിച്ചുപോയ കൊള്ളയായിരുന്നു കല്‍ക്കരി കുംഭകോണം. 73 കല്‍ക്കരിപ്പാടങ്ങള്‍ നിയമപരമായല്ലാതെ 143 സ്വകാര്യകമ്പനികള്‍ക്ക് നല്‍കിയപ്പോള്‍ ഖജനാവിന് നഷ്ടം 1.86 ലക്ഷം കോടിയെന്ന് കണ്ടെത്തിയത് സിഎജി. കമ്പോളത്തില്‍ ടണ്ണിന് 2000 രൂപയാണ് കല്‍ക്കരിക്ക്. എന്നാല്‍, 50 രൂപമാത്രം വാങ്ങി ഖനാനുമതി നല്‍കി സര്‍ക്കാര്‍. ജിന്‍ഡാല്‍, ടിസ്കോ, ടാറ്റ, എ സ്റ്റാര്‍, ജിഎംആര്‍, ആര്‍സല്‍ മിത്തല്‍, ജെകെ സിമന്റ് എന്നീ വന്‍കിടകമ്പനികള്‍ക്കാണ് ഖനികള്‍ വീതിച്ചു നല്‍കിയത്. 1973ല്‍ ഇന്ദിര ഗാന്ധി ഭരിക്കുമ്പോഴായിരുന്നു കല്‍ക്കരിഖനികള്‍ദേശസാല്‍ക്കരിച്ചത്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്് കല്‍ക്കരിവകുപ്പിന്റെ ചുമതല കൈയാളുമ്പോഴാണ് ഈ കുംഭകോണം. അഴിമതിയുടെ ഗുണഭോക്താക്കളില്‍ ഏറെയും കോണ്‍ഗ്രസ് മന്ത്രിമാരും എംപിമാരും. കോണ്‍ഗ്രസ് എംപിമാരായ നവീന്‍ ജിന്‍ഡാല്‍, വിജയ് ദര്‍ദ, ഒന്നാം യുപിഎ സര്‍ക്കാരിലെ കോണ്‍ഗ്രസ് മന്ത്രി ദസരി നാരായണ റാവു, സുബോധ്കാന്ത് സഹായ് തുടങ്ങിയവര്‍ അനധികൃതമായി കല്‍ക്കരിപ്പാടങ്ങള്‍ നേടി. സുപ്രീംകോടതി ഇടപെട്ടതോടെയാണ് അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറായത്. എന്നാല്‍, അന്വേഷണം അട്ടിമറിക്കുകയാണെന്ന് സുപ്രീംകോടതിയുടെ പരിശോധനാസമിതിയുടെ റിപ്പോര്‍ട് വ്യക്തമാക്കുന്നു.

കോമണ്‍വെല്‍ത്ത് വെട്ടിച്ചത് 36000 കോടി

2010 ഒക്ടോബര്‍ ഒന്നുമുതല്‍ 15 വരെ ന്യൂഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് ജനങ്ങളുടെ പൊതുസ്വത്ത് കൊള്ളയടിക്കുന്നതിനുള്ള വേദിയാക്കി. രാജ്യത്തെ ലോകത്തിനുമുന്നില്‍ നാണംകെടുത്തിയ ഈ കുംഭകോണത്തില്‍, കോണ്‍ഗ്രസ് നേതാവും കോമണ്‍വെല്‍ത്ത് സംഘാടകസമിതി ചെയര്‍മാനുമായ സുരേഷ് കല്‍മാഡിയുടെ കാര്‍മികത്വത്തില്‍ 36,000 കോടി രൂപയുടെ അഴിമതിയാണ് നടന്നത്. പണി തീരുംമുമ്പേതന്നെ ജവാഹര്‍ലാല്‍നെഹ്റു സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയും സ്റ്റേഡിയത്തിലേക്ക് താരങ്ങളെയും വിശിഷ്ടാതിഥികളെയും എത്തിക്കുന്നതിനുള്ള പാലവും തകര്‍ന്നുവീണു.

ഗെയിംസിന് അനുമതി നേടിയെടുക്കാനെന്നപേരില്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും എംപിമാര്‍ ചേര്‍ന്ന് നടത്തിയ വിദേശയാത്രകള്‍ക്കായി പൊടിച്ചത് 45 കോടി രൂപ.

2006ല്‍ മെല്‍ബണില്‍ നടന്ന ഗെയിംസ് നിരീക്ഷിക്കുന്നതിനായി പോയവരെല്ലാം ചേര്‍ന്ന് പൊടിച്ചത് 33 കോടി രൂപ.

ഹൈദരാബാദില്‍ ഒരു പുതിയ ക്രിക്കറ്റ് സ്റ്റേഡിയം പണിഞ്ഞതിന് 90 കോടി രൂപയാണ് ചെലവായത്. കോമണ്‍വെല്‍ത്ത് ഗെയിംസിനായി സ്റ്റേഡിയം നവീകരിക്കുന്നതിന് 961 കോടി രൂപചെലവാക്കി.

10 കോടി ചെലവിട്ടതായി പറയുന്ന നടപ്പാലം പണി തീരുംമുമ്പേ തകര്‍ന്നടിഞ്ഞു. 

ഗെയിംസുമായി ബന്ധപ്പെട്ട 16 നിര്‍മാണപദ്ധതികളില്‍ അഴിമതി നടന്നതായാണ് കേന്ദ്ര വിജിലന്‍സ് കമീഷന്‍ കണ്ടെത്തിയത്. ഗെയിംസിനുള്ള പശ്ചാത്തലസൗകര്യങ്ങള്‍ ഒരുക്കാനുള്ള എല്ലാ പദ്ധതികളിലും അഴിമതി നടന്നതായി സിവിസി കണ്ടെത്തി. നിയമപ്രകാരം ടെന്‍ഡര്‍ വിളിക്കുകയോ രേഖാമൂലം ഒപ്പിടുകയോ ചെയ്യാതെ ബ്രിട്ടനിലെ എംഎം ഫിലിംസ് യുകെ ലിമിറ്റഡ് എന്ന കടലാസുകമ്പനിയുടെ അക്കൗണ്ടിലേക്ക് നാലുലക്ഷം പൗണ്ട് (ഏകദേശം 3.06 കോടി രൂപ) സുരേഷ് കല്‍മാഡിയുടെ നേതൃത്വത്തിലുള്ള സംഘാടകസമിതി അയച്ചുകൊടുത്തത് നികുതിസംബന്ധമായ പരിശോധനകള്‍ക്കിടയില്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി ഇന്ത്യയെ അറിയിക്കുകയായിരുന്നു. എന്നാല്‍, ഇത് രഹസ്യമാക്കിവച്ച് ഗെയിംസിനെ 36,000 കോടി രൂപയുടെ അഴിമതിയില്‍ മുക്കിയ കല്‍മാഡിയെ സംരക്ഷിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്.

പ്രകൃതിവാതകം: റിലയന്‍സിന് ലാഭം 48 ലക്ഷം കോടി

$ 2004ല്‍ കൃഷ്ണ- ഗോദാവരി തടം റിലയന്‍സിനെ ഏല്‍പ്പിക്കുമ്പോള്‍ അവിടെനിന്ന് പ്രകൃതിവാതകം കുഴിച്ചെടുത്ത് യൂണിറ്റിന് 2.34 ഡോളര്‍വച്ച് പ്രതിദിനം 400 ലക്ഷം യൂണിറ്റ് എന്‍ടിപിസിക്ക് നല്‍കാമെന്നായിരുന്നു കരാര്‍. 2021 വരെ 17 വര്‍ഷത്തേക്കായിരുന്നു കരാര്‍.

യൂണിറ്റിന് 2.34 ഡോളര്‍ എന്നതുതന്നെ അധികം. കാരണം, ഒഎന്‍ജിസി വാതകം വിറ്റത് യൂണിറ്റിന് 1.83 ഡോളര്‍വച്ച്. $ 2007ല്‍ ഒരു യൂണിറ്റിന്റെ വില 2.34 ഡോളറില്‍നിന്ന് 4.2 ഡോളറാക്കി വര്‍ധിപ്പിച്ചു. റിലയന്‍സ് ആവശ്യമാകട്ടെ 4.3 ഡോളര്‍ ആക്കണമെന്നായിരുന്നു.

2014 ഏപ്രില്‍ ഒന്നുതൊട്ട് വാതകത്തിന്റെ വില 8.4 ഡോളറാക്കി. $ ദിവസം 400 ലക്ഷം യൂണിറ്റുവച്ച് 17 വര്‍ഷം വാതകം എന്‍ടിപിസിക്ക് നല്‍കാമെന്നാണ് ആദ്യത്തെ കരാര്‍. എന്നാല്‍, ആദ്യ ഘട്ടത്തില്‍ ഉല്‍പ്പാദനം ആരംഭിച്ചിരുന്നില്ല. $ വില 4.2 ഡോളറാക്കി വര്‍ധിപ്പിച്ചതിലൂടെ റിലയന്‍സിന് ഒരു വര്‍ഷം ഉണ്ടാകുന്ന അധിക ലാഭം 1,63,020 കോടി രൂപ. 2007 മുതല്‍ 14 വരെയുള്ള അധിക ലാഭം 11,41,140 കോടി രൂപ. $ 2014 ഏപ്രില്‍തൊട്ട് വില 8.4 ഡോളര്‍ ആക്കുമ്പോള്‍ ഒരു വര്‍ഷത്തെ വരുമാനം 7,35,840 കോടി രൂപ. വിലവര്‍ധനകൊണ്ട് ഒരു വര്‍ഷത്തെ ലാഭം 5,20,940 കോടി രൂപ. $ 2014 മുതല്‍ 2021 വരെ ഏഴു വര്‍ഷത്തെ അധിക ലാഭം 36,46,580 കോടി രൂപ. 2007-21ല്‍ ഉണ്ടാകുന്ന അധിക ലാഭം 47,87,720 കോടി രൂപ. അംബാനിക്ക് 48 ലക്ഷം കോടി രൂപ അധിക ലാഭമുണ്ടാകുമ്പോള്‍ ഖജനാവിനുണ്ടാകുന്ന നഷ്ടം 48 ലക്ഷം കോടി രൂപ.

ഡല്‍ഹി വിമാനത്താവളം നഷ്ടം 40000 കോടി

$ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തിനെന്നപേരില്‍ ജിഎംആര്‍ ഗ്രൂപ്പിന് തലസ്ഥാനത്ത് കൈമാറിയത് 4800 ഏക്കര്‍ ഭൂമി.
$ സെന്റിന് കോടിക്കണക്കിന് രൂപ വിലയുള്ള ഭൂമി കൈമാറിയത് നൂറുരൂപ വാര്‍ഷികപാട്ടത്തിന്.
$ ഇതില്‍ 250 ഏക്കര്‍ ഭൂമി വാണിജ്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനും വിട്ടുകൊടുത്തു.
$ ഭൂമിയില്‍ ഏക്കറൊന്നിന് പ്രതിവര്‍ഷം 660 കോടി രൂപ ലൈസന്‍സ് ഫീസ് ഇനത്തില്‍മാത്രം ലഭിക്കും. ഇതനുസരിച്ച് 250 ഏക്കറില്‍നിന്ന് സ്വകാര്യകമ്പനിക്ക് ലഭിക്കുന്ന വാര്‍ഷികവരുമാനം 1.63 ലക്ഷം കോടി രൂപ.
$ ജിഎംആറിന് വിമാനത്താവളം വിട്ടുകൊടുക്കുമ്പോള്‍ യൂസര്‍ഫീ ഈടാക്കാമെന്ന വ്യവസ്ഥ ഇല്ല. എന്നാല്‍ യൂസര്‍ഫീ, വികസനഫണ്ട് തുടങ്ങിയ പേരുകളില്‍ ജിഎംആര്‍ ഗ്രൂപ്പ് യാത്രക്കാരെ പിഴിയുന്നു. $ സര്‍ക്കാര്‍ നിര്‍മിച്ച വിമാനത്താവളം, വികസനത്തിനെന്നപേരില്‍ സ്വകാര്യകമ്പനിക്ക് നല്‍കിയ ഈ ഇടപാടിനെയാണ് പിപിപി (സ്വകാര്യ-പൊതുമേഖലാ പങ്കാളിത്തം) എന്ന ഓമനപ്പേരിട്ട് കോണ്‍ഗ്രസ് വിശേഷിപ്പിക്കുന്നത്. ഈ ഒരൊറ്റ ഇടപാടില്‍ 40,000 കോടി രൂപയുടെ നഷ്ടം ഖജനാവിനുണ്ടായി എന്നാണ് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. ഇത് നഷ്ടം ഏറ്റവും ചുരുക്കി കണക്കാക്കിയതിനുശേഷമുള്ള തുക. യഥാര്‍ഥ നഷ്ടം അഥവാ സ്വകാര്യകമ്പനിക്കുള്ള ലാഭം അതിന്റെ പത്തിരട്ടി വരും.

സ്വന്തം മരുമകന്‍

കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ കുടുംബവും ഭരണസ്വാധീനത്തില്‍ കോടികളുടെ സ്വത്ത് സ്വന്തമാക്കി. സോണിയയുടെ മരുമകന്‍ റോബാര്‍ട്ട് വധേര മൂന്നു സംസ്ഥാനങ്ങളിലായി 1500 കോടി രൂപയുടെ സ്വത്ത് നേടി. മുറാദാബാദിലെ "വെറുമൊരു" പിച്ചള ബിസിനസുകാരനായ റോബര്‍ട്ട് വധേര അധികാരത്തിന്റെ മറവില്‍ ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തി. $ കോണ്‍ഗ്രസ് ഭരിച്ച ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നൂറുകണക്കിന് ഏക്കര്‍ ഭൂമിയും കെട്ടിടങ്ങളും. $ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡിഎല്‍എഫുമായി കൂട്ടുകച്ചവടം. $ 2007 നവംബര്‍ ഒന്നിന് സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ലിമിറ്റഡ് എന്ന സ്ഥാപനം ആരംഭിച്ചു. അതിനുശേഷം നാലുമാസത്തിനകം ആറു കമ്പനികള്‍. നോര്‍ത്ത് ഇന്ത്യ ഐടി പാര്‍ക്ക് ലിമിറ്റഡ്, ബ്ലൂബ്രീസ് ട്രേഡിങ് ലിമിറ്റഡ്, സാകേത് കോര്‍ട്യാര്‍ഡ് ഹോസ്പിറ്റാലിറ്റി, റിയല്‍ എര്‍ത്ത് എസ്റ്റേറ്റ് എന്നീ സ്ഥാപനങ്ങള്‍. $ ഡല്‍ഹിയിലെ സാകേതത്തിലെ ഡിഎല്‍എഫ് മാളില്‍ ഹില്‍ട്ടന്‍ കോര്‍ട്ട്യാര്‍ഡ് ഹോട്ടലിന്റെ 50 ശതമാനം ഓഹരി. $ ഗുഡ്ഗാവിലെ ഗോള്‍ഫ്കോഴ്സിനടുത്ത് അരാലിയാസില്‍ കോടികള്‍ വിലമതിക്കുന്ന ഫ്്ളാറ്റ്. ഇങ്ങനെ പോകുന്നു വധേരയുടെ ബിസിനസ് സാമ്രാജ്യം.

deshabhimani

Saturday, December 22, 2012

കല്‍മാഡിക്കെതിരെ കുറ്റം ചുമത്താന്‍ ഉത്തരവ്


കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിക്കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ സുരേഷ് കല്‍മാഡിക്കെതിരെ കുറ്റം ചുമത്താന്‍ ഡല്‍ഹിയിലെ പ്രത്യേക സിബിഐ കോടതി ഉത്തരവിട്ടു. വഞ്ചന, തട്ടിപ്പ്, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്താനാണ് കോടതിനിര്‍ദേശം. കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട് ഒരു സ്വിസ് കമ്പനിക്ക് നല്‍കിയ കരാറിലെ തട്ടിപ്പുകള്‍ പരിഗണിച്ചാണ് കല്‍മാഡിയും സംഘാടക സമിതി ജനറല്‍ സെക്രട്ടറി ലളിത് ഭാനോട്ടും ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരെ കുറ്റം ചുമത്താന്‍ കോടതി ഉത്തരവിട്ടത്. മൂന്നു കമ്പനികള്‍ക്കെതിരെയും കുറ്റം ചുമത്തും.

അഴിമതിനിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍പ്രകാരം വഞ്ചന, തട്ടിപ്പ്, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ പ്രഥമദൃഷ്ട്യാതന്നെ ചുമത്താമെന്ന് പ്രത്യേക സിബിഐ ജഡ്ജി തല്‍വന്ത്സിങ് പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാനിയമം 120 ബി (ക്രിമിനല്‍ ഗൂഢാലോചന), 201 (തെളിവ് നശിപ്പിക്കല്‍), 467, 468, 471 (തട്ടിപ്പ്), 506 എന്നീ വകുപ്പുകളും അഴിമതിനിരോധന നിയമത്തിലെ 13(1) ഡി, 13(2) (പൊതുപ്രവര്‍ത്തകരുടെ ക്രിമിനല്‍പ്രവര്‍ത്തനം)}എന്നീ വകുപ്പുകളും എല്ലാ പ്രതികള്‍ക്കുംമേല്‍ ചുമത്താന്‍ കോടതി നിര്‍ദേശിച്ചു. ഈ വകുപ്പുകള്‍പ്രകാരം ഔദ്യോഗികമായി കുറ്റം ചുമത്തുന്നതിന് കേസ് ജനുവരി പത്തിലേക്ക് മാറ്റി.

സ്വിസ് ടൈമിങ് ഒമേഗ കമ്പനിയില്‍നിന്ന് ഗെയിംസിന് ആവശ്യമായ ടൈമിങ്- സ്കോറിങ് ഉപകരണങ്ങള്‍ അമിതവിലയ്ക്ക് വാങ്ങി വന്‍നഷ്ടം വരുത്തിയെന്ന കേസിലാണ് കുറ്റം ചുമത്തല്‍. ഇടപാടിലൂടെ 90 കോടിയുടെ നഷ്ടം സംഭവിച്ചുവെന്ന് സിബിഐ കണ്ടെത്തിയിരുന്നു.

കല്‍മാഡിക്കും ഭഭാനോട്ടിനും പുറമേ സംഘാടകസമിതി ഡയറക്ടര്‍ ജനറല്‍ വി കെ വര്‍മ, ഡയറക്ടര്‍ ജനറല്‍ (സംഭരണം) സുര്‍ജിത ലാല്‍, ജോയിന്റ് ഡയറക്ടര്‍ ജനറല്‍ (സ്പോര്‍ട്സ്) എ എസ് വി പ്രസാദ്, ട്രഷറര്‍ എം ജയചന്ദ്രന്‍ എന്നിവര്‍ക്കെതിരെയും രണ്ടു നിര്‍മാണക്കമ്പനികളുടെ ഡയറക്ടര്‍മാരായ പി ഡി ആര്യ, എ കെ മദന്‍ എന്നിവര്‍ക്കെതിരെയുമാണ് കുറ്റം ചുമത്തിയിട്ടുള്ളത്. സ്വിസ് കമ്പനിയും കേസില്‍ പ്രതിയാണ്.

സ്വിസ് കമ്പനി ലേലം ഉറപ്പിക്കുംമുമ്പേ അവര്‍ക്ക് കരാര്‍ നല്‍കാന്‍ കല്‍മാഡിയും സംഘവും തീരുമാനിച്ചിരുന്നുവെന്ന് സിബിഐ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. രണ്ടു കമ്പനികള്‍ ടെന്‍ഡര്‍ സമര്‍പ്പിച്ചിരുന്നു. ഇതില്‍ കുറഞ്ഞ തുക പറഞ്ഞ കമ്പനിയെ ഒഴിവാക്കി സ്വിസ് കമ്പനിക്ക് കരാര്‍ നല്‍കാന്‍ കല്‍മാഡി തീരുമാനിക്കുകയായിരുന്നുവെന്ന് സിബിഐ അഭിഭാഷകന്‍ പറഞ്ഞു.

കല്‍മാഡിക്കെതിരെ കോടതി കുറ്റം ചുമത്തിയതിനോട് പ്രതികരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല. പുണെയില്‍നിന്നുള്ള കോണ്‍ഗ്രസ് എംപിയായി തുടരുന്ന കല്‍മാഡി ചില്ലറവിപണിയിലെ എഫ്ഡിഐ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാരിന് അനുകൂലമായി വോട്ടുചെയ്യാന്‍ പാര്‍ലമെന്റില്‍ എത്തിയിരുന്നു.

deshabhimani 221212

Tuesday, March 13, 2012

തിരുമ്പി വന്താന്‍ കല്‍‌മാഡി

കല്‍മാഡി വീണ്ടും കോണ്‍ഗ്രസ് നേതാവായി സഭയില്‍

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിക്കേസിലെ മുഖ്യപ്രതി സുരേഷ് കല്‍മാഡി വീണ്ടും കോണ്‍ഗ്രസ് എംപിയായി പാര്‍ലമെന്റില്‍ മടങ്ങിയെത്തി. തിഹാര്‍ ജയിലിലായിരുന്ന കല്‍മാഡി അടുത്തിടെ ജാമ്യം ലഭിച്ചതിനെത്തുടര്‍ന്നാണ് വീണ്ടും പാര്‍ലമെന്റില്‍ സജീവമായത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപനം കേള്‍ക്കാന്‍ കൂസലില്ലാതെ എത്തിയ കല്‍മാഡി പിന്നീട് ലോക്സഭ ചേര്‍ന്നപ്പോള്‍ മുന്‍നിരയില്‍തന്നെ ഇരിപ്പുറപ്പിച്ചു. ലോക്സഭയില്‍ എപ്പോഴും ക്വാറം ഉറപ്പിക്കുന്നതിനായി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ടി നിശ്ചയിച്ച റോസ്റ്റര്‍ ഡ്യൂട്ടിപ്പട്ടികയില്‍ കല്‍മാഡിയെയും നേതൃത്വം ഉള്‍പ്പെടുത്തി. റോസ്റ്റര്‍ ഡ്യൂട്ടിയില്‍ ഉള്‍പ്പെട്ടതോടെ താന്‍ വീണ്ടും കോണ്‍ഗ്രസിന്റെ അവിഭാജ്യഘടകമായി മാറിയെന്ന് കല്‍മാഡി പ്രതികരിച്ചു. റോസ്റ്റര്‍ ഡ്യൂട്ടിപ്പട്ടികയില്‍ കല്‍മാഡിയുടെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നത് കോണ്‍ഗ്രസ് ചീഫ്വിപ്പ് ഗിരിജാ വ്യാസ് സ്ഥിരീകരിച്ചു.

കോമണ്‍വെല്‍ത്ത് അഴിമതിയില്‍ കല്‍മാഡി പ്രതിയായതോടെ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററിപാര്‍ടി സെക്രട്ടറിസ്ഥാനത്തുനിന്ന് നീക്കിയിരുന്നു. കല്‍മാഡിയുമായി ഇനി ബന്ധമില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെട്ടിരുന്നത്. എന്നാല്‍ , ജാമ്യം ലഭിച്ചയുടന്‍ കല്‍മാഡിയെ വീണ്ടും ഒപ്പം കൂട്ടിയിരിക്കയാണ് കോണ്‍ഗ്രസ്. ലോക്സഭയിലെ ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ ഉറപ്പൊന്നുമില്ലാത്തതിനാല്‍ നിര്‍ണായകമായ ബജറ്റ് സമ്മേളനത്തില്‍ കല്‍മാഡിയെ ഒപ്പംകൂട്ടാതെ തരമില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്.

ഗെയിംസ് അഴിമതി: 7 പേര്‍ക്കെതിരെ കുറ്റംചുമത്തി

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിക്കേസില്‍ ഏഴു പേര്‍ക്കെതിരെ ഡല്‍ഹി കോടതി കുറ്റംചുമത്തി. ഗെയിംസിനു മുന്നോടിയായി നഗരം വൈദ്യുതീകരിക്കുന്നതുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയ കേസിലാണ് കോടതി നടപടി. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, കൈക്കൂലി എന്നിവയടക്കമുള്ള കുറ്റങ്ങളാണ് പ്രത്യേക സിബിഐ ജഡ്ജി പ്രദീപ് ചദ്ദ പ്രതികള്‍ക്കുമേല്‍ ചുമത്തിയത്. നാലു ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ആറു പേര്‍ക്കും വൈദ്യുതീകരണത്തിനുള്ള കരാര്‍ ലഭിച്ച സ്വകാര്യ കമ്പനിക്കുമെതിരെയാണ് കേസ്. ഏപ്രില്‍ മൂന്നിന് കേസ് വീണ്ടും പരിഗണിക്കും

deshabhimani 130312

Wednesday, March 7, 2012

രേഖകള്‍ നഷ്ടപ്പെട്ടു; കോമണ്‍വെല്‍ത്ത് അഴിമതി അന്വേഷണം പ്രതിസന്ധിയില്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ നഷ്ടമായതിനെ തുടര്‍ന്ന് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന കോമണ്‍വെല്‍ത്ത് അഴിമതി അന്വേഷണം പ്രതിസന്ധിയിലായി. രേഖകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും നഷ്ടമായെന്നുമാണ് ബന്ധപ്പെട്ട വകുപ്പുമായി ബന്ധപ്പെട്ടപ്പോള്‍ അറിയാന്‍ കഴിഞ്ഞതെന്ന് വാര്‍ത്താ സ്രോതസുകള്‍ അറിയിച്ചു. ഗെയിംസ് സംഘാടന സമിതിയുടെ ഓഫീസില്‍ നിന്ന് പ്രധാനപ്പെട്ട പല രേഖകളും നഷ്ടമായതായാണ് അറിയാന്‍ കഴിഞ്ഞതെന്ന് വിജിലന്‍സ് കമ്മിഷന്‍ വക്താക്കളും വ്യക്തമാക്കിയിട്ടുണ്ട്.

രേഖകള്‍ നഷ്ടമായത് ഏറ്റവുമധികം ബാധിച്ചത് വിജിലന്‍സിലെയും സി ബി ഐയിലെയും എന്‍ഫോഴ്‌സ്‌മെന്റിലെയും ഇന്‍കംടാക്‌സിലെയും അന്വേഷണ ഉദ്യോഗസ്ഥരെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്വേഷണത്തിന്റെ ആദ്യഘട്ടങ്ങളില്‍ അപ്പോഴത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ പല പ്രധാനപ്പെട്ട രേഖകളും കൊണ്ടുപോയതായാണ് അറിയാന്‍ കഴിയുന്നത്. ഗെയിംസുമായി ബന്ധപ്പെട്ട ടെന്‍ഡറുകളുടെയും വര്‍ക്ക് ഓര്‍ഡറുകളുടെയും പണമിടപാടുകളുടെയും തീരുമാനങ്ങളെടുത്ത ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങളും ഉള്‍പ്പെടുന്ന രേഖകളാണ് നഷ്ടമായിരിക്കുന്നത്.

2010 ഒക്‌ടോബര്‍ 3 മുതല്‍ 14 വരെ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനെക്കുറിച്ച് അഴിമതി വിരുദ്ധ നിയമപ്രകാരം 58 കേസുകളും സി ബി ഐ 15 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിനിടെ കോമണ്‍വെല്‍ത്ത് അഴിമതിക്കേസുമായി ബന്ധപ്പെട്ട് സ്വിസ് കമ്പനിയായ സ്വിസ് ടൈംസ് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. സി ബി ഐ കോടതിയുടെ വിചാരണകളില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കമ്പനി അധികൃതര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.

ജസ്റ്റിസ് മുക്ത ഗുപ്തയുടെ നേതൃത്വലുള്ള ബഞ്ചാണ് ഹര്‍ജി തള്ളിയത്. കേസില്‍ സി ബി ഐ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്ന് സ്വിസ് ടൈംസിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അമിത് ദേശായി കോടതിയെ അറിയിച്ചു. എന്നാല്‍ സി ബി ഐ കോടതിയുടെ നിലപാട് ശരിവയ്ക്കാനായിരുന്നു ഹൈക്കോടതിയുടെ തീരുമാനം.

janayugom 070312

Friday, February 3, 2012

2ജി, കെജി, ഗെയിംസ് , ആദര്‍ശ്, കല്‍ക്കരി, എസ് ബാന്‍ഡ്...

ലോകത്തെ അഴിമതിഗ്രസ്തമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഒന്നാംസ്ഥാനത്ത് എത്തിച്ചതിന്റെ ഖ്യാതി കോണ്‍ഗ്രസിന് അവകാശപ്പെടാം. 2ജിക്കൊപ്പം ആദര്‍ശ്, കോമണ്‍വെല്‍ത്ത്, കൃഷ്ണ-ഗോദാവരി(കെജി) തട വാതക ഖനനം, കല്‍ക്കരി ഖനനം, എസ് ബാന്‍ഡ് എന്നിങ്ങനെ യുപിഎ ഭരണകാലത്ത് അരങ്ങേറിയ വമ്പന്‍ അഴിമതികളുടെ പട്ടിക നീളുന്നു.

ഇടതുപക്ഷത്തിന്റെ പിന്തുണയില്ലാതെ ഭരിക്കുന്ന രണ്ടാം യുപിഎ സര്‍ക്കാര്‍ നിലവില്‍ വന്നതോടെ നിര്‍ണായക വകുപ്പുകളില്‍ താല്‍പ്പര്യപ്പെട്ടവരെ വാഴിച്ചതിനു പിന്നില്‍ കോര്‍പറേറ്റ് ലോബിയിങ്ങായിരുന്നു. 2ജി കുംഭകോണവും അനുബന്ധമായി പുറത്തായ നിരാ റാഡിയ ടേപ്പും ഇത് വ്യക്തമാക്കിയിരുന്നു. നവഉദാര സാമ്പത്തികനയങ്ങളുടെ മുഖ്യസംഭാവനയായ കോര്‍പറേറ്റ് അഴിമതിയുടെ മാതൃകാ ഉദാഹരണമായി സ്പെക്ട്രം ഇടപാട്. സ്പെക്ട്രം വില്‍പ്പനനടപടി പരിശോധിച്ച് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍(സിഎജി) തയ്യാറാക്കിയ അന്തിമറിപ്പോര്‍ട്ടിലെ കണക്കു പ്രകാരം ഈ ഇടപാടില്‍ ഖജനാവിന് നഷ്ടം 1,76,645 കോടി. പ്രധാനമന്ത്രിയുടെ ആശീര്‍വാദത്തോടെയാണ് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്ക് കളമൊരുങ്ങിയത് എന്നത്അദ്ദേഹം രാജയ്ക്ക് അയച്ച കത്തുകളില്‍ വ്യക്തം.

അന്താരാഷ്ട്രതലത്തില്‍ എക്കാലത്തേക്കും ഇന്ത്യക്ക് കളങ്കമുണ്ടാക്കിയതാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി. 70,000 കോടി രൂപയുടെ വെട്ടിപ്പ് നടന്നതായാണ് പ്രാഥമിക നിഗമനം. ഗെയിംസ് സംഘാടകസമിതി അധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സുരേഷ് കല്‍മാഡി ജയിലിലായെങ്കിലും സിബിഐയുടെ ഇടപെടലിലൂടെ ജാമ്യം ലഭിച്ചു. വെട്ടിപ്പില്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനും പങ്കുണ്ടെന്ന് ഷുംഗ്ളു കമ്മിറ്റിയും സിഎജിയും വ്യക്തമാക്കിയിരുന്നു.

കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ശവപ്പെട്ടി വാങ്ങിയാണ് ബിജെപി സര്‍ക്കാര്‍ അഴിമതി നടത്തിയതെങ്കില്‍ രക്തസാക്ഷികളായ സൈനികരുടെ കുടുംബങ്ങള്‍ക്ക് മുംബൈയിലെ കൊളാബയില്‍ ഫ്ളാറ്റ് പണിതതിലാണ് കോണ്‍ഗ്രസ് നേതൃത്വം വെട്ടിപ്പ് നടത്തിയത്. ബന്ധുക്കള്‍ക്കും മറ്റും ഫ്ളാറ്റ് മറിച്ചുകൊടുത്തവരില്‍ രാഷ്ട്രീയത്തിലെയും സൈന്യത്തിലെയും പ്രമുഖര്‍ . സിബിഐ അന്വേഷണം വന്നതോടെ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന് സ്ഥാനമൊഴിയേണ്ടിവന്നു.

കോര്‍പറേറ്റുകളും രാഷ്ട്രീയ നേതൃത്വവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഉല്‍പ്പന്നമാണ് കൃഷ്ണ ഗോദാവരി തട വാതക അഴിമതി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന് ചുളുവിലയ്ക്ക് പാചകവാതകം കുഴിച്ചെടുക്കാനുള്ള അനുമതി നല്‍കിയതില്‍ വന്‍ ക്രമക്കേട് നടന്നതായി കണ്ടെത്തിയ സിഎജി തീരുമാനം പുനഃപരിശോധിക്കണമെന്ന് പെട്രോളിയം മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു.

 പൊതുമുതല്‍ കട്ടുതിന്നാന്‍ കോര്‍പറേറ്റുകള്‍ക്ക് വാതില്‍ തുറന്നുകൊടുത്ത യുപിഎ സമാനമായ രീതിയിലാണ് കല്‍ക്കരിപ്പാടങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് ഖനനത്തിന് നല്‍കിയത്. 85,000 കോടി രൂപയുടെ അഴിമതിയാണ് കല്‍ക്കരി ഇടപാടില്‍ നടന്നത്. നടപ്പാക്കിയിരുന്നെങ്കില്‍ രണ്ട് ലക്ഷം കോടിയുടെ നഷ്ടം ഉണ്ടായേനെ എന്ന് സിഎജി കണക്കാക്കിയ എസ് ബാന്‍ഡ് ഇടപാടും ഈ പട്ടികയില്‍ വരുന്നു. കരാര്‍ റദ്ദാക്കിയെങ്കിലും എസ് ബാന്‍ഡ് ഇടപാടിന്റെ കളങ്കം സര്‍ക്കാരിന് കഴുകിക്കളയാന്‍ ആവില്ല.

deshabhimani 030212

Saturday, September 17, 2011

ഗെയിംസ് അഴിമതി: 36 കോടിയുടെ ക്രമക്കേടിന് പുതിയ കേസ്

കോമണ്‍വെല്‍ത്ത് ഗെയിംസിന് സിരിഫോര്‍ട്ട് സ്പോര്‍ട്സ് കോംപ്ലക്സില്‍ ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ നിര്‍മിച്ചതിലെ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ രണ്ടു കേസുകൂടി രജിസ്റ്റര്‍ ചെയ്തു. ഡല്‍ഹിയിലും മുംബൈയിലുമായി സിബിഐ ബുധനാഴ്ച പുലര്‍ച്ചെ 21 കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി. സിരിഫോര്‍ട്ടില്‍ സ്ക്വാഷ്, ബാഡ്മിന്റന്‍ ഇന്‍ഡോര്‍ കോര്‍ട്ടുകള്‍ നിര്‍മിച്ചതില്‍ 36 കോടി രൂപയുടെ സാമ്പത്തികദുര്‍വിനിയോഗം നടന്നതായാണ് കണ്ടെത്തിയത്. 118 കോടി രൂപയ്ക്ക് നിര്‍മാണ കരാര്‍ എടുത്ത കമ്പനിക്ക് 154 കോടി രൂപ നല്‍കി. ഡല്‍ഹി ഡെവലപ്മെന്റ് അതോറിറ്റി (ഡിഡിഎ) റിട്ട. ചീഫ് എന്‍ജിനിയര്‍ വി കെ പഞ്ചല്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കും സ്റ്റേഡിയത്തിന്റെ നിര്‍മാണക്കരാര്‍ ഏറ്റെടുത്ത സ്വകാര്യക്കമ്പനി ബി ഇ ബില്ലിമോറിയ ലിമിറ്റഡിനും എതിരെയാണ് സിബിഐ കേസ് എടുത്തത്. കോമണ്‍വെല്‍ത്ത് ഗെയിംസ് നിര്‍മാണജോലികള്‍ സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് പഠിച്ച് നടപടിയെടുക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച ശേഷമുള്ള ആദ്യ കേസാണിത്.

2010 ഒക്ടോബറിലാണ് ന്യൂഡല്‍ഹിയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് നടന്നത്. ഗെയിംസ് നടത്തിപ്പില്‍ അടിമുടി അഴിമതി നടന്നതായി സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ഡല്‍ഹി മേഖലയില്‍ വരുന്ന നോയിഡ, സഹിബാബാദ്, ഗുഡ്ഗാവ് എന്നിവിടങ്ങളിലായി 19 കേന്ദ്രങ്ങളിലും മുംബൈ നഗരത്തില്‍ രണ്ടിടത്തുമായി ഗെയിംസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫീസുകളിലുമായിരുന്നു ബുധനാഴ്ച സിബിഐ റെയ്ഡ്. ഗെയിംസ് അഴിമതിക്കേസില്‍ അറസ്റ്റിലായ സംഘാടകസമിതി ചെയര്‍മാന്‍ സുരേഷ് കല്‍മാഡി എംപി ഉള്‍പ്പെടെയുള്ളവര്‍ തിഹാര്‍ ജയിലിലാണ്. ചെയര്‍മാനായി കല്‍മാഡിയെ നിയമിച്ചത് പ്രധാനമന്ത്രിയുടെ ഓഫീസാണെന്ന് സിഎജി കണ്ടെത്തിയിരുന്നു. സംഘാടകസമിതിയുടെ വഴിവിട്ട പോക്കിനെതിരെ ഗെയിംസിന് മൂന്നുവര്‍ഷം മുമ്പേ പ്രധാനമന്ത്രിക്കും ക്യാബിനറ്റ് സെക്രട്ടറിക്കും വിവരം കിട്ടിയിട്ടും നടപടിയെടുത്തില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. നൂറുകണക്കിന് കോടിരൂപയാണ് സര്‍ക്കാരിന് നഷ്ടപ്പെട്ടിട്ടുള്ളതെന്നും ഇത് എത്രയെന്ന് കൃത്യമായി കണക്കാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നുമാണ്് റിപ്പോര്‍ട്ട് പുറത്തിറക്കി ഡെപ്യൂട്ടി സിഎജി രേഖാഗുപ്ത പറഞ്ഞത്. തുടര്‍ന്നാണ് സിഎജി റിപ്പോര്‍ട്ട് പഠിക്കാനും നടപടിയെടുക്കാനും പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്.

deshabhimani news

Wednesday, August 10, 2011

ആരോപണം സോണിയക്കെതിരെയും; കോണ്‍ഗ്രസ് രാജ്യസഭ മുടക്കി

ഗെയിംസ് അഴിമതി പ്രധാനമന്ത്രിയുടെ അറിവോടെയെന്ന് പ്രതിപക്ഷം

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി പൂര്‍ണമായും പ്രധാനമന്ത്രിയുടെ അറിവോടെയാണ് നടന്നതെന്ന് പ്രതിപക്ഷം പാര്‍ലമെന്റില്‍ ആരോപിച്ചു. ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് രാജിവയ്ക്കണമെന്നും പാര്‍ലമെന്റിന്റെ ഇരുസഭയിലും പ്രതിപക്ഷം ആവശ്യപ്പെട്ടു. കേന്ദ്രകായിക മന്ത്രി അജയ് മാക്കന്‍ ജാര്‍ഖണ്ഡിലെ മുന്‍ മുഖ്യമന്ത്രി മധു കോഡയില്‍നിന്ന് പണം വാങ്ങിയെന്ന ആരോപണവും ബിജെപി ലോക്സഭയില്‍ ഉയര്‍ത്തി. തുടര്‍ന്ന് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ലോക്സഭ ചൊവ്വാഴ്ച ചര്‍ച്ച പൂര്‍ത്തിയാക്കാനാകാതെ പിരിഞ്ഞു.

രണ്ടുതവണ തടസ്സപ്പെട്ടശേഷമാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ലോക്സഭയില്‍ കായികമന്ത്രി അജയ് മാക്കന്റെ കോമണ്‍വെല്‍ത്ത് ഗെയിംസ് സംബന്ധിച്ച പ്രസ്താവനയെക്കുറിച്ച് ചര്‍ച്ച ആരംഭിച്ചത്. സിപിഐ എം നേതാവ് ബസുദേവ് ആചാര്യ ചര്‍ച്ചയ്ക്ക് തുടക്കമിട്ടു. ഓരോഘട്ടത്തിലും അഴിമതി നടക്കുന്നതറിയാമായിരുന്നിട്ടും അത് തടയാന്‍ ഒരു നടപടിയും പ്രധാനമന്ത്രി കൈക്കൊണ്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പൊതുമുതല്‍ കൊള്ളയാണ് നടന്നത്. ഇതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് പ്രധാനമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ല. കോമണ്‍വെല്‍ത്ത് ഗെയിംസ് നിര്‍മാണം ഡല്‍ഹി സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലാണ് നടന്നത് എന്നതുകൊണ്ടുതന്നെ ഡല്‍ഹി മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും ആചാര്യ ആവശ്യപ്പെട്ടു. കണക്കുമാത്രം നോക്കാനേ സിഎജിക്ക് അധികാരമുള്ളൂവെന്നും സര്‍ക്കാരിന്റെ നയങ്ങളെക്കുറിച്ചോ നിയമനങ്ങളെക്കുറിച്ചോ അഭിപ്രായം പറയാന്‍ അധികാരമില്ലെന്നും കോണ്‍ഗ്രസ് അംഗം മനീഷ് തിവാരി പറഞ്ഞു. ബിജെപി നേതാവ് വി കെ മല്‍ഹോത്ര ആവശ്യപ്പെട്ടതിനാലാണ് കല്‍മാഡിയെ ചെയര്‍മാനാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.

ഭരണഘടനാസ്ഥാപനങ്ങള്‍ക്കെതിരെയുള്ള കോണ്‍ഗ്രസിന്റെ സമീപനമാണ് കോണ്‍ഗ്രസ് വക്താവിന്റെ പ്രസംഗമെന്ന് ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ പറഞ്ഞു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പാര്‍ലമെന്റിനെപ്പോലും നിശബ്ദമാക്കിയ ചരിത്രമുള്ള കോണ്‍ഗ്രസ് എല്ലാ ഭരണഘടനാസ്ഥാപനത്തെയും തകര്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മല്‍ഹോത്ര പറഞ്ഞാണ് കല്‍മാഡിയെ നിയമിച്ചതെങ്കില്‍ അദ്ദേഹത്തെ യുപിഎ സര്‍ക്കാരിന് ഒഴിവാക്കാമായിരുന്നില്ലേ എന്ന് സിന്‍ഹ ചോദിച്ചു. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കല്‍മാഡിക്ക് എന്തിന് സീറ്റ് നല്‍കിയെന്നും അദ്ദേഹം ചോദിച്ചു. ഈ ഘട്ടത്തിലാണ് അജയ് മാക്കനെതിരെ സിന്‍ഹ ആരോപണമുന്നയിച്ചത്. ജാര്‍ഖണ്ഡിന്റെ സംഘടനാചുമതലയുള്ള ഘട്ടത്തില്‍ അജയ് മാക്കന്‍ , മധുകോഡസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ഭീഷണിപ്പെടുത്തി അദ്ദേഹത്തില്‍നിന്ന് പണം വാങ്ങിയെന്ന് സിന്‍ഹ ആരോപിച്ചു.

ക്ഷുഭിതനായ അജയ് മാക്കന്‍ മൈക്ക് വലിച്ചെറിഞ്ഞ് പ്രതിപക്ഷ ബെഞ്ചിലേക്ക് നീങ്ങാന്‍ നോക്കിയെങ്കിലും പാര്‍ലമെന്ററികാര്യസഹമന്ത്രിമാരായ വി നാരായണസ്വാമിയും ഹരീഷ് റാവത്തും തടഞ്ഞു. മധു കോഡയും അജയ് മാക്കനും സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതിപക്ഷം അനുവദിച്ചില്ല. സിന്‍ഹയോട് ആരോപണം പിന്‍വലിക്കണമെന്ന് പാര്‍ലമെന്ററികാര്യമന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ അഭ്യര്‍ഥിച്ചെങ്കിലും അതും ഫലംകണ്ടില്ല. ഇതോടെ ചെയറിലുണ്ടായിരുന്ന സത്പാല്‍ മഹാരാജ് സഭ നിര്‍ത്തിവച്ചു. അഞ്ചുമണിക്ക് സഭ വീണ്ടും ചേര്‍ന്നപ്പോള്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കുനേരെ നടന്ന ലാത്തിച്ചാര്‍ജ് പ്രശ്നം ഉയര്‍ത്തി ബിജെപി അംഗങ്ങള്‍ നടുത്തളത്തിലേക്ക് ഇറങ്ങിയതോടെ സഭ ബുധനാഴ്ച ചേരാനായി പിരിഞ്ഞു.
(വി ബി പരമേശ്വരന്‍)

ആരോപണം സോണിയക്കെതിരെയും; കോണ്‍ഗ്രസ് രാജ്യസഭ മുടക്കി

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി സംബന്ധിച്ച ചര്‍ച്ച മുടക്കാന്‍ രാജ്യസഭയില്‍ കോണ്‍ഗ്രസിന്റെ ആസൂത്രിതശ്രമം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ പ്രതിപക്ഷം കള്ളിയെന്ന് വിളിച്ച് അപമാനിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് രണ്ടുവട്ടം കോണ്‍ഗ്രസ് അംഗങ്ങള്‍ സഭ മുടക്കി. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനുപുറമെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെകൂടി അറിവോടെയാണ് സുരേഷ് കല്‍മാഡിയെ കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടകസമിതി അധ്യക്ഷനായി നിയമിച്ചതെന്ന് പ്രതിപക്ഷനേതാവ് അരുണ്‍ ജെയ്റ്റ്ലി ചര്‍ച്ചയില്‍ പറഞ്ഞു. ഇതോടെ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധവുമായി എണീറ്റു. ബിജെപി അംഗങ്ങളും ബഹളം തുടങ്ങി. സോണിയ ഗാന്ധി കള്ളിയാണെന്ന മുദ്രാവാക്യവും മുഴങ്ങി. ഇതോടെ കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. രാജ്യസഭ ഉപാധ്യക്ഷന്‍ റഹ്മാന്‍ഖാന്‍ ആദ്യം 15 മിനിറ്റും പിന്നീട് രണ്ടുമണി വരെയും സഭ നിര്‍ത്തി.

വീണ്ടും ചേര്‍ന്നപ്പോള്‍ സോണിയയെ കള്ളിയെന്ന് വിളിച്ചതിന് മാപ്പുപറയണമെന്നായി കോണ്‍ഗ്രസിന്റെ ആവശ്യം. താന്‍ ആരെയും അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് ജെയ്റ്റ്ലി പറഞ്ഞു. യുപിഎ അധ്യക്ഷ വിദേശത്ത് ചികിത്സയിലാണെന്ന് തനിക്കറിയാമെന്നും അവര്‍ക്ക് എല്ലാ ആശംസയും നേരുന്നുവെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. മറുപടിയില്‍ തൃപ്തരാകാതെ കോണ്‍ഗ്രസ് അംഗങ്ങള്‍ വീണ്ടും നടുത്തളത്തിലേക്ക് കുതിച്ചു. ബഹളം രൂക്ഷമായതോടെ മൂന്നുമണിവരെ സഭ നിര്‍ത്തി. സോണിയക്കെതിരെ മുദ്രാവാക്യം മുഴക്കിയ ബിജെപി അംഗം പിന്നീട് ഖേദം പ്രകടിപ്പിച്ചശേഷമാണ് സഭാനടപടികള്‍ തുടരാനായത്. അഴിമതിവിഷയത്തില്‍ ചര്‍ച്ച നടക്കണമെന്നുള്ളതുകൊണ്ടാണ് ഖേദപ്രകടനം നടത്തിയതെന്ന് പ്രതിപക്ഷവൃത്തങ്ങള്‍ പിന്നീട് പറഞ്ഞു. അഞ്ചുമണിയോടെ സഭ വീണ്ടും തടസ്സപ്പെട്ടു. യുവമോര്‍ച്ച പ്രവര്‍ത്തകരെ പാര്‍ലമെന്റിനുമുന്നില്‍ ലാത്തിച്ചാര്‍ജ് ചെയ്തെന്ന് ആരോപിച്ച് ബിജെപി അംഗങ്ങള്‍ ബഹളംവയ്ക്കുകയായിരുന്നു. ആദ്യം 15 മിനിറ്റ് നേരത്തേക്ക് നിര്‍ത്തിവച്ച സഭ പിന്നീട് അടുത്ത ദിവസം ചേരാനായി പിരിഞ്ഞു.

deshabhimani 100811

Sunday, August 7, 2011

സി എ ജി റിപ്പോര്‍ട്ട് നിശിത കുറ്റപത്രം

കഴിഞ്ഞ ദിവസം കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി എ ജി) പാര്‍ലമെന്റിനു സമര്‍പ്പിച്ച കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തിപ്പു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനും ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനും ഗെയിംസ് സംഘാടകസമിതിക്കുമെതിരെയുള്ള നിശിത കുറ്റപത്രം തന്നെയാണ്. രാജ്യത്തിന്റെ അന്തസും പ്രതിച്ഛായയും ലോകത്തിന്റെ മുന്നില്‍ ഉയര്‍ത്തിക്കാട്ടാന്‍ പര്യാപ്തമായ, ലോക ശ്രദ്ധ ആകര്‍ഷിക്കുമായിരുന്ന, ഒരു അന്താരാഷ്ട്ര കായികമേളയെ എങ്ങിനെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കും അഴിമതിയിലൂന്നിയ ധനസമ്പാധനത്തിനുമുള്ള ഒരു വേദിയാക്കി മാറ്റാന്‍ കോണ്‍ഗ്രസിനും യു പി എ സഖ്യത്തിനും കേന്ദ്രഭരണ സംവിധാനത്തിനും നിര്‍ലജ്ജം ഉപയോഗിക്കാന്‍ കഴിഞ്ഞുവെന്നതിന്റെ സാക്ഷ്യപത്രമാണ് സി എ ജി റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ അഴിമതിരഹിത പ്രതിഛായയുടെ മുഖപടം വലിച്ചുമാറ്റപ്പെട്ടിരിക്കുന്നു. പൊതുജീവിതത്തിന്റെ എല്ലാ ധാര്‍മികതകളെയും മാന്യതകളെയും ഉല്ലംഘിക്കുന്ന ഇടപെടലുകളും അഴിമതികളുമാണ് ഷീലാ ദീക്ഷിതും അവരുടെ ഗവണ്‍മെന്റും ഗെയിംസ് നടത്തിപ്പിന്റെ പേരില്‍ നടത്തിയതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കായികമന്ത്രിയുടെ എതിര്‍പ്പുകളെപ്പോലും അവഗണിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് സുരേഷ് കല്‍മാഡിയെ സംഘാടകസമിതി അധ്യക്ഷനായി നിയമിച്ചത്. കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷനുമായി ഒപ്പുവെച്ച കരാര്‍ വ്യവസ്ഥകളെ മറികടന്നായിരുന്നു ആ നിയമനം. അതിനെ സാധൂകരിക്കാന്‍ ഹാജരാക്കിയ രേഖകള്‍പോലും കൃത്രിമമാണെന്നും വിലയിരുത്തപ്പെടുന്നു.

സംഘാടകസമിതിക്കെതിരെ ഉയര്‍ന്ന പരാതികള്‍ യഥാസമയം പരിശോധിക്കുന്നതിനോ അവ മുഖവിലക്കെടുക്കുന്നതിനോ പോലും പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും തുനിഞ്ഞില്ലെന്നത് പ്രശ്‌നത്തിന്റെ ഗൗരവം ഇരട്ടിപ്പിക്കുന്നു. 2 ജി സ്‌പെക്ട്രം സംബന്ധിച്ച് നടക്കുന്ന കോടതി നടപടികളും ഇതിനോടകം വെളിവായിട്ടുള്ള വസ്തുതകളും കൂട്ടിവായിച്ചാല്‍ പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയും സംബന്ധിച്ച് നാളിതുവരെ പ്രചരിച്ചിരുന്ന പ്രതിച്ഛായ വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് കരുതേണ്ടിവരും. ഗെയിംസ് നടത്തിപ്പ് സംബന്ധിച്ച് മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയും അദ്ദേഹത്തിന്റെ ഓഫീസും കൈക്കൊണ്ട നടപടികളും സംശയത്തിന്റെ നിഴലില്‍ തന്നെയാണെന്നത് ശ്രദ്ധേയമാണ്. ഉദാരവല്‍ക്കണ സാമ്പത്തിക നയം വിശ്വസ്ഥതയോടെ പിന്തുടരുന്ന കോണ്‍ഗ്രസും ബി ജെ പിയും ഒരേ കപ്പലില്‍ തന്നെയാണെന്നത് ഈ വസ്തുതകള്‍ വ്യക്തമാക്കുന്നു.

ഗെയിംസിനെ വരവേല്‍ക്കാന്‍ ഡല്‍ഹി നഗരം അണിയിച്ചൊരുക്കുകയെന്ന ദൗത്യം ഷീലാദീക്ഷിതിനും അവരുടെ മന്ത്രിസഭക്കും മുന്നില്‍ തുറന്നിട്ട സ്വര്‍ണഖനിയായി മാറി. പദ്ധതി നിര്‍വഹണത്തില്‍ അക്ഷന്തവ്യമായ കാലതാമസം വരുത്തി വേണ്ടപ്പെട്ടവര്‍ക്ക് കരാര്‍ ഉറപ്പിച്ചു നല്‍കുകവഴി നൂറ് കണക്കിന് കോടി രൂപയാണ് പൊതുഖജനാവിന് നഷ്ടമായത്. ഇത്തരത്തില്‍ കരാര്‍ ഉറപ്പിക്കുന്നതിനു മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍ ഉണ്ടായി എന്നത് സി എ ജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

രാജ്യത്ത് ദിനംപ്രതി പുറത്തുവരുന്ന അഴിമതിക്കഥകളില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് നേരില്‍ ബന്ധമുണ്ടെന്ന് വ്യക്തമാക്കപ്പെട്ട ആദ്യത്തെതാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിക്കഥകള്‍. രാജ്യത്തിന്റെ പരമോന്നത പദവിയുടെ അന്തസിനു തന്നെ ക്ഷതമേല്‍പ്പിക്കുന്ന കണ്ടെത്തലുകളാണ് സി എ ജി റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. നിര്‍ദിഷ്ട ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ നിന്നും പ്രധാനമന്ത്രിയെ ഒഴിവാക്കണമെന്ന കോണ്‍ഗ്രസിന്റെയും ഗവണ്‍മെന്റിന്റെയും വാദം ഇത്തരുണത്തില്‍ കൂട്ടിവായിക്കപ്പെടണം. രാജ്യത്തിന്റെ കെട്ടുറപ്പും ഭരണസംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസവും വീണ്ടെടുക്കാന്‍ ഈ റിപ്പോര്‍ട്ട് അവസരമൊരുക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

ജനയുഗം മുഖപ്രസംഗം 070811

Friday, August 5, 2011

ഷീലാ ദീക്ഷിതും കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയും: വ്യവസ്ഥിതിയുടെ ഉല്‍പ്പന്നം

അഴിമതിയുടെ അഗാഥമായ ചതുപ്പുനിലത്ത് മുങ്ങിത്താഴുന്ന കോണ്‍ഗ്രസിന്റെയും യു പി എ ഗവണ്‍മെന്റിന്റെയും ഏറ്റവും അവസാനത്തെ ചിത്രമാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് സംബന്ധിച്ച് കഴിഞ്ഞദിവസം പുറത്തുവന്ന ഇന്ത്യയുടെ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി എ ജി) പെര്‍ഫോമന്‍സ് ഓഡിറ്റ് റിപ്പോര്‍ട്ട്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സമ്മേളനത്തില്‍ തന്നെ ഈ റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതും ഡല്‍ഹി സര്‍ക്കാരിലെ മറ്റു മന്ത്രിമാരും ഉള്‍പ്പെട്ട ക്രമക്കേടുകള്‍ വഴി നൂറു കണക്കിനു കോടി രൂപയുടെ നഷ്ടം രാജ്യത്തിനുണ്ടായതായാണ് സി എ ജി ചൂണ്ടിക്കാട്ടുന്നത്.

പൊതുമരാമത്ത് വകുപ്പ് അയോഗ്യത കല്‍പിച്ച കരാറുകാര്‍ക്ക് മുഖ്യമന്ത്രി നേരിട്ടിടപെട്ട് കരാര്‍ നല്‍കുക വഴി കോടികളുടെ നഷ്ടം സംഭവിച്ചതായി സി എ ജി ചൂണ്ടിക്കാട്ടുന്നു. തെരുവുകള്‍ മോടിപിടിപ്പിക്കുന്നതിന് അധികമായി പാഴാക്കിയത് മാത്രം നൂറു കോടിയില്‍ കവിയും. ഷീലാ ദീക്ഷിത് സ്വയം ന്യായീകരിക്കാനും നിരപരാധിത്വം തെളിയിക്കാനും കുറ്റം മറ്റുള്ളവരുടെമേല്‍ കെട്ടി ഏല്‍പ്പിക്കാനും നടത്തുന്ന ശ്രമങ്ങളെല്ലാം തന്നെ ദുര്‍ബലമാണ്. കോണ്‍ഗ്രസ് പ്രസിഡന്റും ദേശീയ ഉപദേശകസമിതി അധ്യക്ഷയുമായ സോണിയാ ഗാന്ധിയുമായി ഷീലാ ദീക്ഷിതിനുള്ള കുടുംബപരവും രാഷ്ട്രീയവുമായുള്ള ഉറ്റബന്ധം കോണ്‍ഗ്രസിനെയും യു പി എ സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. നികുതിദായകരുടെ കോടാനുകോടി രൂപ കൊള്ളയടിക്കാന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ മേധാവിയും കോമണ്‍വെല്‍ത്ത് സംഘാടകസമിതി അധ്യക്ഷനുമായിരുന്ന സുരേഷ് കല്‍മാഡിയ്ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് ഒത്താശ ചെയ്തുകൊടുത്തിരുന്നുവെന്ന സി എ ജിയുടെ കണ്ടെത്തലിനു പിന്നാലെയാണ് പത്ത് ജനപഥിലേയ്ക്കും നീണ്ടേക്കാവുന്ന പുതിയ റിപ്പോര്‍ട്ട്.

തെരുവുവിളക്കുകളുടെ നവീകരണത്തിനുവേണ്ടി പൊതു ഖജനാവില്‍ നിന്നു ചിലവഴിച്ച കോടികളുടെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. ഡല്‍ഹിയില്‍ ഏതാണ്ട് 800 കിലോമീറ്റര്‍ റോഡില്‍ വിളക്കുകള്‍ സ്ഥാപിക്കാന്‍ ചിലവഴിച്ചത് 286 കോടി രൂപ. പൊതുമരാമത്ത് വകുപ്പ് അയോഗ്യത കല്‍പിച്ച 'സ്‌പേസ് ഏജ്' കമ്പനിക്കാണ് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് കരാര്‍ ഉറപ്പിച്ചത്. 25000 മുതല്‍ 32000 രൂപ വരെയാണ് ഓരോ വിളക്കിനും ഈടാക്കിയത്. എന്നാല്‍ സൗദിഅറേബ്യയില്‍ നിന്നും ഇറക്കുമതി ചെയ്ത വിളക്കുകള്‍ക്ക് യഥാര്‍ഥത്തില്‍ നല്‍കിയത് കേവലം 5000 രൂപ മാത്രമാണെന്ന് സി എ ജി കണ്ടെത്തിയിട്ടുണ്ട്.

റോഡുകളുടെയും തെരുവുകളുടെയും സൗന്ദര്യവല്‍ക്കരണത്തിന് നടപ്പാക്കിയ പദ്ധതികള്‍ 'വിശാലവും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതുമായ യാതൊരു കാഴ്ചപ്പാടും ആസൂത്രണവും കൂടാതെയാണെന്ന്'' സി എ ജി റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ''നഗരത്തിന്റെ വികസനത്തിനും രൂപകല്‍പനയ്ക്കും വിഘാതമാവുംവിധമാണ് അവ നടപ്പാക്കിയതെന്നും സി എ ജി കണ്ടെത്തി. കിലോമീറ്റര്‍ ഒന്നിന് 4.8 കോടി രൂപ നിരക്കില്‍ മുന്‍കരുതലേതും കൂടാതെ താല്‍ക്കാലിക ലക്ഷ്യം മാത്രം മുന്നില്‍ കണ്ട് നടപ്പാക്കിയ പദ്ധതി ഖജനാവിനു നഷ്ടമാക്കിയത് 101.02 കോടി രൂപയാണ്. ഇതേ ആവശ്യങ്ങള്‍ക്കുവേണ്ടി വിലകൂടിയതും ആഢംബരപൂര്‍ണവുമായ വസ്തുക്കളുടെ ഉപയോഗം മറ്റൊരു 51.33 കോടിയുടെ നഷ്ടം വരുത്തിവച്ചു.

ഗെയിംസിനോടനുബന്ധമായി നടപ്പാക്കിയ 25 റോഡ്-പാലം പദ്ധതികളില്‍ ഏഴെണ്ണം പരിശോധിച്ചപ്പോള്‍ തന്നെ കേന്ദ്ര പൊതുമരാമത്ത് അനുവദിക്കുന്ന 15 ശതമാനം കൂടിയ തുക എന്നതിനു പകരം 37.5 ശതമാനം വര്‍ധന കരാറുകാര്‍ക്ക് അനുവദിച്ചതായി കണ്ടെത്തി. പദ്ധതിക്ക് അനുവദിച്ച 352.47 കോടിയെക്കാള്‍ എത്രയോ ഉയര്‍ന്ന തുക കരാറുകാര്‍ക്ക് കൈക്കലാക്കാന്‍ ഡല്‍ഹി ഗവണ്മെന്റ് ഒത്താശ ചെയ്തു. ഗെയിംസിന്റെ കാലത്ത് പണിപൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന കണാട്ട്‌പ്ലേസിന്റെ നവീകരണത്തിനു വകയിരുത്തിയ 76 കോടിക്കു പകരം ഒമ്പതിരട്ടി തുക, 671 കോടി ചിലവഴിച്ചു. അങ്ങിനെ പോകുന്നു കോമണ്‍വെല്‍ത്ത് ഗയിംസ് അഴിമതിയുടെ പുതിയ അധ്യായം. പ്രധാനമന്ത്രി നിയോഗിച്ച ഷുംഗ്‌ളു കമ്മിറ്റിയും പദ്ധതി നിര്‍വഹണത്തിലെ കാലതാമസത്തിനും കെടുകാര്യസ്ഥതയും മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ കുറ്റപ്പെടുത്തിയിരുന്നു.

സുരേഷ് കല്‍മാഡിക്കും എ രാജക്കും കനിമൊഴിക്കും പിന്നാലെ മറ്റൊരു രാഷ്ട്രീയ പ്രമുഖക്കുകൂടി തിഹാറില്‍ ഇടംകിട്ടുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ കുടുംബത്തിന്റെയും അവര്‍ നിയന്ത്രിക്കുന്ന യു പി എ സര്‍ക്കാരിന്റെയും പിന്‍ബലത്തില്‍ ഒരുപക്ഷെ രക്ഷപ്പെടാന്‍ ഷീലാ ദീക്ഷിത് ശ്രമിച്ചേക്കാം. എന്നാല്‍ അഴിമതിയുടെ ആഴമേറിയ കളങ്കത്തില്‍ നിന്നും അതിന്റെ ധാര്‍മികവും ഭൗതികവുമായ ഉത്തരവാദിത്വത്തില്‍ നിന്നും സോണിയാ ഗാന്ധിക്കോ മന്‍മോഹന്‍സിംഗിനോ രക്ഷപ്പെടാനാവില്ല.

കായികമാമാങ്കങ്ങളുടെ നടത്തിപ്പില്‍ നടന്നുവരുന്ന അഴിമതികള്‍ രാജ്യത്തിന് ഒട്ടും പുതുമയുള്ള വിഷയമേ അല്ലാതായിക്കഴിഞ്ഞിട്ടുണ്ട്. കായികസംരംഭങ്ങളുടെ നടത്തിപ്പില്‍ കായികതാരങ്ങളും നടത്തിപ്പുകാരും പ്രത്യേകിച്ച് അതില്‍ ഉള്‍പ്പെട്ടിട്ടുള്ള രാഷ്ട്രീയ നേതാക്കളും നടത്തിവന്നിട്ടുള്ള അഴിമതികളും ക്രമക്കേടുകളും കുംഭകോണങ്ങളും കാലപ്പഴക്കം ചെന്നതും അന്ത്യമില്ലാത്തതുമായ തുടര്‍ക്കഥകളാണ്. കോമണ്‍വെല്‍ത്ത് ഗെയിംസ് അടക്കമുള്ള കായികസംരംഭങ്ങളുമായി ബന്ധപ്പെട്ട് പുറത്തുവന്നിട്ടുള്ള അഴിമതിക്കഥകള്‍ മഞ്ഞുമലകളുടെ ശിഖിരങ്ങള്‍ മാത്രമാണ്. രാജ്യത്തിന്റെയും ലോകത്തിന്റെയും ശ്രദ്ധയാകര്‍ഷിച്ച സംരംഭങ്ങള്‍ എന്നതിലേക്ക് അവയ്ക്ക് വന്‍ പ്രചാരം ലഭിച്ചു. അതിലുള്‍പ്പെട്ട ഭീമമായ തുകകളും രാജ്യത്തിന്റെ അന്തസ്സിനേറ്റ ക്ഷതവും അവയെ പകല്‍വെളിച്ചത്തില്‍ കൊണ്ടുവരാന്‍ സഹായിച്ചുവെന്നു മാത്രം. തടഞ്ഞുനിര്‍ത്താന്‍ കഴിയാതെ തുടരുന്ന കര്‍ഷക ആത്മഹത്യകളും കാര്‍ഷിക-ഭക്ഷ്യ പ്രതിസന്ധിയും നടക്കുന്ന ഒരു രാജ്യത്തിന്റെ കൃഷിമന്ത്രി ശരദ്പവാറും സംഘവും അഭിരമിക്കുന്നത് പണക്കൊഴുപ്പിന്റെയും ദൂര്‍ത്തിന്റെയും അഴിമതിയുടെയും വാതുവെയ്പ്പിന്റെയും കായികവിനോദമായി മാറിയ ക്രിക്കറ്റിന്റെ തലപ്പത്താണെന്നത് ആരിലും ഉല്‍ക്കണ്ഡ ജനിപ്പിക്കുന്നില്ലെന്നത് രാഷ്ട്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും ദുര്യോഗം എന്നു മാത്രം വിലപിക്കുക.

പ്രശ്‌നം കായികലോകത്തിന്റേതല്ല. അഴിമതിയും കുംഭകോണങ്ങളും മറ്റെല്ലാ അസാന്‍മാര്‍ഗികതകളും വ്യവസ്ഥിതിയുടെ ഉപോല്‍പന്നം മാത്രമാണ്. അഴിമതികളെയും അഴിമതിക്കാരെയും മഹത്വവല്‍ക്കരിക്കുകയും സമൂഹത്തിന്റെ മുന്നില്‍ അവരെ ആരാധനാമൂര്‍ത്തികളാക്കി പ്രതിഷ്ഠിക്കുകയും ചെയ്യുന്ന രാഷ്ട്രീയ-പ്രത്യയശാസ്ത്ര-സാമ്പത്തിക അന്തരീക്ഷമാണ്

ഉദാരവല്‍ക്കരണത്തിന്റെ ഈ കാലഘട്ടം നമുക്ക് പ്രദാനം ചെയ്യുന്നത്. അഴിമതിക്കെതിരെ ഗാന്ധിജിയുടെയും യോഗയുടെയും വെള്ളിവെളിച്ചത്തില്‍ സമരാഭാസപരമ്പര തീര്‍ക്കുന്നവര്‍ രോഗത്തിനുള്ള ചികിത്സയല്ല നിര്‍ദേശിക്കുന്നത്. രോഗലക്ഷണങ്ങളെ തമസ്‌കരിക്കാനാണ് ശ്രമിക്കുന്നത്. ഉദാരവല്‍ക്കരണത്തിന്റെ വക്താക്കളും പ്രയോക്താക്കളുമായ കോണ്‍ഗ്രസും യു പി എയും പ്രതിപക്ഷ ബി ജെ പിയും എന്‍ ഡി എയും അവര്‍ പ്രതിനിധാനം ചെയ്യുന്ന സാമ്പത്തിക സംവിധാനത്തെയും കാഴ്ചപ്പാടിനെയും സംരക്ഷിക്കാന്‍ ഏതാനും സുരേഷ് കല്‍മാഡിമാരെയോ രാജ-കനിമൊഴിമാരെയോ ആവശ്യമെങ്കില്‍ ഷീലാ ദീക്ഷിതിനെ തന്നെയും ബലിനല്‍കാന്‍ തയ്യാറായേക്കും. വിശാല ജനതാല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന രാഷ്ട്രീയത്തിനും കാഴ്ചപ്പാടിനും മാത്രമെ അഴിമതികളുടെ വേരറുക്കാനാവു എന്നത് സംഭവവികാസങ്ങള്‍ ഒന്നൊന്നായി തെളിയിക്കുന്നു.

janayugom 050811

Wednesday, August 3, 2011

കല്‍മാഡിയെ കോണ്‍ഗ്രസ് കയ്യൊഴിയുന്നു

കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി കേസില്‍ അഴിക്കകത്തായ സുരേഷ് കല്‍മാഡിയെ കോണ്‍ഗ്രസ് കയ്യൊഴിയുന്നു. കല്‍മാഡിയെ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ സംഘാടക സമിതി ചെയര്‍മാനാക്കിയത് എന്‍ ഡി എ സര്‍ക്കാര്‍ ആണെന്ന ന്യായീകരണവുമായാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയില്‍ കല്‍മാഡിയെ മാത്രം പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത്. കല്‍മാഡിയെ നിയോഗിച്ച പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നടപടിയെ വിമര്‍ശിച്ചുകൊണ്ട് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടയിലാണ് വാജ്‌പേയി ഭരണകൂടത്തെ പ്രതിക്കൂട്ടിലാക്കി കൈകഴുകാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

ഒരു ദേശീയ ടെലിവിഷന്‍ ചാനലിലൂടെയാണ് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതികളെക്കുറിച്ചുള്ള പരാമര്‍ശത്തിന്റെ കഥകള്‍ പുറത്തുവന്നത്. സി എ ജി റിപ്പോര്‍ട്ട് സഭയില്‍ വെയ്ക്കാന്‍പോകുന്ന സാഹചര്യത്തിലാണ് റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് കല്‍മാഡിയുടെ നിയമനത്തില്‍ വഴിവിട്ട് പ്രവര്‍ത്തിച്ചുവെന്ന് പരസ്യമായി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുവെന്ന വെളിപ്പെടുത്തലുകള്‍ വന്നതോടെയാണ് ലോകസഭയില്‍ പ്രതിരോധത്തിനായി കേന്ദ്ര കായിക മന്ത്രി അജയ് മാക്കന്‍ ശ്രമിച്ചത്. കല്‍മാഡിയെ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ സംഘാടക സമിതി ചെയര്‍മാനാക്കിയത് 2003 മെയില്‍ വാജ്‌പേയിയുടെ കാലത്താണെന്ന ന്യായീകരണമാണ് അജയ് മാക്കന്‍ നല്‍കിയത്. 2004-ലാണ് ആദ്യ യു പി എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതെന്നും കല്‍മാഡിയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് ഒന്നും അറിയില്ലായിരുന്നുവെന്നുമാണ് മാക്കന്റെ വിശദീകരണം. കല്‍മാഡിക്ക് കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ സംഘാടക സമിതി ചെയര്‍മാനാകാനുള്ള തരത്തില്‍ നിയമാവലിയില്‍ ഭേദഗതി വരുത്തിയത് എന്‍ ഡി എ സര്‍ക്കാരെന്ന് മാക്കന്‍ കുറ്റപ്പെടുത്തി.

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ തലവനായിരുന്ന സുരേഷ് കല്‍മാഡിക്ക് കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ നിയമങ്ങളനുസരിച്ച് സംഘാടക സമിതിയുടെ ഉപാധ്യക്ഷന്‍ ആകാനെ കഴിയുമായിരുന്നുള്ളൂ. എന്നാല്‍ ഡല്‍ഹി ഗെയിംസിന്റെ ഔദ്യോഗിക ബിഡ് സമര്‍പ്പിക്കുന്നതിന് മുന്‍പ് എന്‍ ഡി എ സര്‍ക്കാര്‍ കല്‍മാഡിയെ അധ്യക്ഷ സ്ഥാനത്ത് അവരോധിക്കുകയായിരുന്നു. സാധാരണ ഗതിയില്‍ ഗെയിംസിന് വേദിയൊരുക്കേണ്ട നഗരവും സംസ്ഥാനവും ആണ് ബിഡ് സമര്‍പ്പിക്കേണ്ടത്. എന്നാല്‍ ഡല്‍ഹി ഗെയിംസില്‍ അത് സംഘാടക സമിതിയുടെ ചുമതലയാക്കിമാറ്റി കേന്ദ്രത്തിന്റെ കയ്യിലേയ്ക്ക് അധികാരം കൊണ്ടുവന്നത് 2003നും 2004നും ഇടയിലാണ്. കല്‍മാഡിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കോണ്‍ഗ്രസിന്റെ തന്നെ രണ്ട് കായിക മന്ത്രിമാര്‍ പ്രധാന മന്ത്രിയുടെ ഓഫീസിനെ കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു. 2004 നവംബര്‍ 14ന് കല്‍മാഡി ഓര്‍ഗനൈസിംഗ് കമ്മിറ്റിയുടെ തലവനാകുന്നതില്‍ അന്നത്തെ കായിക മന്ത്രി സുനില്‍ ദത്ത് പരസ്യ വിമര്‍ശനം ഉന്നയിച്ചിരുന്നെങ്കിലും പ്രധാനമന്ത്രിയുടെ ഓഫീസ് 1982-ലെ ഗെയിംസിന്റെ നടപടിക്രമങ്ങള്‍ ചൂണ്ടിക്കാട്ടി കല്‍മാഡിയ്ക്ക് അനുകൂലമായ നടപടിയാണ് സ്വീകരിച്ചത്. 2007-ല്‍ ഗെയിംസിന്റെ ഒരുക്കങ്ങളില്‍ വ്യാപക അഴിമതി നടകുന്നതായി സൂചനയുണ്ടെന്ന് അന്നത്തെ കായിക മന്ത്രി മണിശങ്കര്‍ അയ്യര്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ അഡീഷണല്‍ സെക്രട്ടറിയായ പുല്ലോക്ക് ചാറ്റര്‍ജിയെ ധരിപ്പിച്ചിരുന്നു. തൊട്ടടുത്ത കേന്ദ്ര കാബിനറ്റില്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റിയില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് അയ്യര്‍ ആവശ്യപ്പെട്ടെങ്കിലും പ്രധാനമന്ത്രി വഴങ്ങിയില്ല. സി എ ജിയുടെ റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് പ്രതികൂലമാകുമെന്ന് കണ്ട് കോണ്‍ഗ്രസ് നടത്തുന്ന പ്രതിരോധ ശ്രമങ്ങള്‍ മുന്‍ കായികമന്ത്രിമാരുടെ നിലപാടിനെ കണ്ടില്ല എന്ന് നടിക്കുന്ന തരത്തിലാണ്.

janayugom 030811

കല്‍മാഡിയെ നിയമിച്ചത് കരാര്‍ ലംഘിച്ച്: സിഎജി

ന്യൂഡല്‍ഹി: സുരേഷ് കല്‍മാഡിയെ കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടകസമിതി ചെയര്‍മാനാക്കിയ യുപിഎ സര്‍ക്കാരിന്റെ നടപടിക്ക് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) രൂക്ഷവിമര്‍ശം. കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷനുമായി ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍ 2003ല്‍ ഉണ്ടാക്കിയ കരാര്‍പ്രകാരം കായികമന്ത്രിയാണ് സംഘാടക സമിതി അധ്യക്ഷനാകേണ്ടത്. ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് കല്‍മാഡിക്ക് വൈസ് പ്രസിഡന്റ് സ്ഥാനംമാത്രമേ ലഭിക്കുമായിരുന്നുള്ളൂ. ഈ കരാര്‍ ലംഘിച്ചാണ് പ്രധാമന്ത്രി കാര്യാലയം സുരേഷ് കല്‍മാഡിയെ സംഘാടകസമിതി ചെയര്‍മാനാക്കിയതെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗെയിംസ് സംഘാടനത്തില്‍ കോടികളുടെ അഴിമതിക്ക് വഴിവച്ചത് പ്രധാനമന്ത്രികാര്യാലയമാണെന്ന പരോക്ഷമായ ആരോപണമാണ് ഉയര്‍ത്തുന്നത്. ഈ റിപ്പോര്‍ട്ട് സിഎജി ഉടന്‍ പാര്‍ലമെന്റില്‍ വയ്ക്കും.

2ജി സ്പെക്ട്രം ലൈസന്‍സ് നല്‍കുന്നതില്‍ പ്രധാനമന്ത്രിക്കും പങ്കുണ്ടെന്ന് ജയിലില്‍ കഴിയുന്ന മുന്‍ ടെലികോംമന്ത്രി എ രാജ വെളിപ്പെടുത്തിയതിനു തൊട്ടുപിന്നാലെയാണ് കല്‍മാഡിയെ നിയമിച്ചതിനു പിന്നിലും പ്രധാനമന്ത്രികാര്യാലയമാണെന്ന സിഎജിയുടെ വെളിപ്പെടുത്തല്‍ .

റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. കോമണ്‍വെല്‍ത്ത് ഗെയിംസ് ചെലവുകള്‍ പരിശോധിച്ച സിഎജിയാണ് കല്‍മാഡിയെ സംഘാടകസമിതി ചെയര്‍മാനാക്കാന്‍ സഹായിച്ച പ്രധാനമന്ത്രികാര്യാലയത്തിന്റെ നടപടിയെ വിമര്‍ശിച്ചത്. ഈ പദവി ലഭിച്ചതുകൊണ്ടാണ് 2000 കോടി രൂപവരെ ചെലവാക്കാനുള്ള സ്വാതന്ത്ര്യം കല്‍മാഡിക്ക് ലഭിച്ചത്. 2003 മെയ് 14നാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷനനോട് കേന്ദ്ര കായിക-യുവജനക്ഷേമ മന്ത്രി വിക്രം വര്‍മ ഗെയിംസ് വേദി ഡല്‍ഹിയിലാക്കണമെന്ന് ആവശ്യപ്പെടുന്നത്.

deshabhimani news

Friday, July 8, 2011

രണ്ടു നാള്‍ , രണ്ടു രാജി

വന്‍ അഴിമതികളില്‍ കുടുങ്ങി മന്ത്രിമാര്‍ തുടര്‍ച്ചയായി രാജിവയ്ക്കുമ്പോള്‍ മറ്റൊരു സര്‍ക്കാരിനും അവകാശപ്പെടാനാകാത്ത "അപൂര്‍വ നേട്ടങ്ങളിലേക്കാണ്" രണ്ടാം യുപിഎ സര്‍ക്കാര്‍ മുന്നേറുന്നത്. എണ്ണ-വാതക പര്യവേക്ഷണ കരാറുകളുടെ കാര്യത്തില്‍ റിലയന്‍സിനെ വഴിവിട്ടു സഹായിച്ചതിന് കോര്‍പറേറ്റ് കാര്യമന്ത്രി മുരളി ദേവ്റ രാജി സമര്‍പ്പിച്ചതിനു പിന്നാലെ സ്പെക്ട്രം അഴിമതിയില്‍പ്പെട്ട് ടെക്സ്റ്റൈല്‍സ് മന്ത്രി ദയാനിധി മാരനും പുറത്തായി. ടെലികോം മന്ത്രി എ രാജയും വിദേശസഹമന്ത്രി ശശി തരൂരും നേരത്തെ തന്നെ അഴിമതിമുദ്ര ചാര്‍ത്തപ്പെട്ട് പുറത്തായിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വന്‍വെട്ടിപ്പു നടത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ സുരേഷ് കല്‍മാഡിയാണ് നിയമക്കുരുക്കില്‍പ്പെട്ട് സ്ഥാനമാനം ഉപേക്ഷിക്കേണ്ടി വന്ന മറ്റൊരു പ്രമുഖന്‍ . സ്പെക്ട്രം അഴിമതിയില്‍ പങ്കാളിത്തം ആരോപിക്കപ്പെടുന്ന ആഭ്യന്തരമന്ത്രി ചിദംബരം അടക്കമുള്ളവര്‍ ഊഴംകാത്തുനില്‍ക്കുന്നു. ആദര്‍ശ് ഫ്ളാറ്റ് തട്ടിപ്പ്, ഖനനകരാര്‍ അഴിമതി, സ്വകാര്യ കമ്പനികള്‍ക്ക് വാതകപര്യവേക്ഷണ കരാറുകള്‍ വഴിവിട്ടു നല്‍കിയതിലെ വെട്ടിപ്പ് തുടങ്ങി ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെട്ട അഴിമതികളുടെ പട്ടിക ഏറെ നീണ്ടതാണ്.

കള്ളപ്പണം തടയുന്നതിലും തിരികെ കൊണ്ടുവരുന്നതിലും പൂര്‍ണമായും പരാജയപ്പെട്ട മന്‍മോഹന്‍ സര്‍ക്കാരിനെ കഴിവുകെട്ട സര്‍ക്കാരെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തിയത് രണ്ടുദിവസം മുമ്പാണ്. സ്പെക്ട്രം, കള്ളപ്പണം, കോമണ്‍വെല്‍ത്ത് ഗെയിംസ്, ഭക്ഷ്യധാന്യ സംഭരണം തുടങ്ങി ചില പ്രധാന കേസുകളില്‍ സുപ്രീംകോടതി നടത്തിയ പരാമര്‍ശങ്ങള്‍ മാത്രം മതി കേന്ദ്രഭരണം എത്രത്തോളം പരിതാപകരമെന്ന് ബോധ്യപ്പെടാന്‍ . പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനു പോലും കോടതിയുടെ കുറ്റപ്പെടുത്തല്‍ കേള്‍ക്കേണ്ടിവന്നു.

എല്ലാ അഴിമതിക്കും മൗനാനുവാദം നല്‍കുന്ന കഴിവുകെട്ട പ്രധാനമന്ത്രിയെന്ന വിശേഷണമാണ് മന്‍മോഹനു ചേരുക. കോര്‍പറേറ്റുകളും ഭരണനേതൃത്വവുമായുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് കോമണ്‍വെല്‍ത്ത് മുതല്‍ സ്പെക്ട്രം വരെ എല്ലാ അഴിമതിയുടെയും പിന്നില്‍ . സ്പെക്ട്രം ഇടപാടു നടക്കുമ്പോള്‍ ധനമന്ത്രിയായിരുന്ന ചിദംബരത്തിന്റെ അറിവോടെയാണ് അഴിമതി അരങ്ങേറിയതെന്ന ആക്ഷേപം ശക്തമാണ്. 2001ലെ നിരക്കില്‍ തന്നെ 2008ലും സ്പെക്ട്രം ലൈസന്‍സ് നല്‍കാമെന്ന രാജയുടെ ശുപാര്‍ശയ്ക്ക് അന്തിമാനുമതി നല്‍കിയതാകട്ടെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും. കോര്‍പറേറ്റുകളെ വഴിവിട്ട് സഹായിക്കുകയെന്ന ഉദാരവല്‍ക്കരണ നയമാണ് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്ക് കളമൊരുക്കിയത്. എണ്ണപര്യവേക്ഷണ കമ്പനികള്‍ക്ക് വാതകവില ഉയര്‍ത്തി നിശ്ചയിക്കാന്‍ അനുമതി നല്‍കിയ യുപിഎ സര്‍ക്കാരിന്റെ നടപടി സ്പെക്ട്രം കുംഭകോണത്തിനു സമാനമാണ്. റിലയന്‍സ് ഉടമ മുകേഷ് അംബാനിയുടെ അടുത്ത സുഹൃത്ത് മുരളി ദേവ്റയാണ് എണ്ണ-വാതക ഇടപാടില്‍ പ്രതിസ്ഥാനത്ത്.
(എം പ്രശാന്ത്)

deshabhimani 080711

Monday, July 4, 2011

ജയിലില്‍ കല്‍മാഡിയുടെ സുഖവാസം അന്വേഷിക്കുന്നു

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് എംപി സുരേഷ് കല്‍മാഡിക്ക് തിഹാര്‍ ജയിലില്‍ സുഖവാസം ഒരുക്കിയത് അന്വേഷിക്കാന്‍ ഉത്തരവ്. വിചാരണക്കോടതി ജഡ്ജി ബ്രിജേഷ്കുമാര്‍ ഗാര്‍ഗ് ജയിലില്‍ പരിശോധനയ്ക്കെത്തിയപ്പോഴാണ് കല്‍മാഡിയുള്‍പ്പെടെ "വിഐപി" പ്രതികള്‍ക്ക് വമ്പന്‍ സൗകര്യമൊരുക്കിയതായി കണ്ടത്. ഇത് ചോദ്യംചെയ്ത ജഡ്ജി സംഭവത്തെക്കുറിച്ച് ജയിലധികൃതരോട് വിശദീകരണം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ജയിലധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.

കല്‍മാഡി ജയില്‍ സൂപ്രണ്ടിന്റെ മുറിയിലിരുന്ന് ചായയും പലഹാരവും കഴിക്കുന്നതാണ് ജഡ്ജി കണ്ടത്. ആശുപത്രിയില്‍ പോകാന്‍ വാനിന് കാത്തിരിക്കുകയാണെന്ന് കല്‍മാഡി ജഡ്ജിയോട് പറഞ്ഞു. ഇതും അനുവദിക്കാന്‍ പാടില്ലാത്തതാണ്. സ്പെക്ട്രം കേസിലെ പ്രതികളുടെ സെല്‍ അടയ്ക്കാറില്ല. എപ്പോള്‍ വേണമെങ്കിലും പുറത്തിറങ്ങി നടക്കാം, ഫോണ്‍ ചെയ്യാം. ഇതെല്ലാം കണ്ട് താന്‍ അത്ഭുതപ്പെട്ടെന്നാണ് ജഡ്ജി റിപ്പോര്‍ട്ട് ചെയ്തത്.


deshabhimani 040711

അഴിമതി മുന്‍കൂട്ടി അറിഞ്ഞിട്ടും പ്രധാനമന്ത്രി അനങ്ങിയില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടകസമിതിയുടെയും ചെയര്‍മാന്‍ സുരേഷ് കല്‍മാഡിയുടെയും വഴിവിട്ട പോക്കിനെക്കുറിച്ച് വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ മുന്നറിയിപ്പ് കിട്ടിയിട്ടും പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നടപടിയെടുത്തില്ല. 2004നു ശേഷം കായികമന്ത്രാലയത്തിന്റെ ചുമതല വഹിച്ച മൂന്ന് മന്ത്രിമാര്‍ പ്രധാനമന്ത്രിയോട് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നുവെന്ന് വിവരാവകാശ നിയമപ്രകാരം പുറത്തുകൊണ്ടുവന്ന കത്തുകള്‍ വ്യക്തമാക്കുന്നു. മുന്‍ കായികമന്ത്രിമാരായ സുനില്‍ദത്ത്, മണിശങ്കര്‍ അയ്യര്‍ , എം എസ് ഗില്‍ എന്നിവരാണ് കല്‍മാഡിയുടെ ക്രമക്കേടുകളെക്കുറിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. കായികമന്ത്രിമാരെപ്പോലെ സര്‍ക്കാര്‍ നിയമിക്കുന്നവരാകണം കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടകസമിതിയുടെ തലപ്പത്തിരിക്കാനെന്ന് സുനില്‍ദത്ത് എഴുതിയിരുന്നു. പണം അനാവശ്യമായി ചെലവിടുന്നെന്നാണ് അയ്യര്‍ എഴുതിയത്.

സംഘാടകസമിതിയുടെ ധൂര്‍ത്തും അഴിമതിയും വ്യക്തമാക്കുന്നതാണ് കണ്‍സള്‍ട്ടന്റായി മൈക് ഹൂപ്പറിന്റെ നിയമനം. ദിവസം അയ്യായിരം ഡോളറായിരുന്നു ഹൂപ്പറിന് ഫീസ്. രണ്ടുകോടി രൂപ വാടകയുള്ള ഫാംഹൗസാണ് താമസിക്കാന്‍ നല്‍കിയത്. പ്രതിമാസം ഫസ്റ്റ്ക്ലാസ് വിമാനടിക്കറ്റും അനുവദിച്ചു. ധൂര്‍ത്തിന്റെ ആയിരത്തിലൊന്നുമാത്രമാണ് ഇതെന്നും കത്തില്‍ പരാമര്‍ശമുണ്ട്. സംഘാടകസമിതി വല്ലപ്പോഴുമേ കൂടാറുള്ളുവെന്നും ചിലര്‍ സ്വന്തം ഇഷ്ടപ്രകാരമാണ് തീരുമാനമെടുക്കുന്നതെന്നും എം എസ് ഗില്‍ ചൂണ്ടിക്കാട്ടി. സമിതിയുടെ പോക്കില്‍ ഗുരുതരമായ പിഴവുണ്ടെന്ന് ബോധ്യമാകുന്ന കത്ത് ഗെയിംസ് നടക്കുന്നതിന് വര്‍ഷങ്ങള്‍ക്കു മുമ്പേ ലഭിച്ചിട്ടും പ്രധാനമന്ത്രി ഇടപെടാന്‍ മടിച്ചത് സംശയം ജനിപ്പിക്കുന്നതായി കത്തുകള്‍ പുറത്തുകൊണ്ടുവന്ന പൊതുപ്രവര്‍ത്തകന്‍ എസ് സി അഗര്‍വാള്‍ പറഞ്ഞു.

deshabhimani 040711

Friday, June 24, 2011

ഗെയിംസ് അഴിമതി: 125 ലാപ്ടോപ്പും 580 സെല്‍ഫോണും കാണാനില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തിപ്പിനായി വാങ്ങിയ ആയിരക്കണക്കിന് ഉപകരണങ്ങള്‍ മറിച്ചുവിറ്റു. 125 ലാപ്ടോപ്, 25 ഡെസ്ക്ടോപ് കംപ്യൂട്ടര്‍ , 580 മൊബൈല്‍ഫോണ്‍ , 33 എല്‍സിഡി ഉള്‍പ്പെടെ 45 ടെലിവിഷന്‍ സെറ്റ്, 40 ഡിവിഡി പ്ലെയര്‍ തുടങ്ങി കോടിക്കണക്കിനു രൂപയുടെ ഉപകരണങ്ങളാണ് മറിച്ചു വിറ്റത്. ഒട്ടേറെ സാധനങ്ങള്‍ കാണാനില്ലെന്ന് കാണിച്ച് സംഘാടക സമിതി കേന്ദ്ര കായികമന്ത്രാലയത്തിന് പരാതി നല്‍കി. എന്നാല്‍ , സംഘാടകരുടെ തന്നെ അറിവോടെയാണ് ഉപകരണങ്ങള്‍ മറിച്ചുവിറ്റത് എന്നറിയുന്നു. കോമണ്‍വെല്‍ത്ത് ഓഫീസുകളിലും, സ്റ്റേഡിയങ്ങളിലും, മീഡിയാ സെന്ററിലും ഉപയോഗിക്കാന്‍ വാങ്ങിയവയാണ് ഇവ.

കോമണ്‍വെല്‍ത്ത് നടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടായ വന്‍ അഴിമതിയെക്കുറിച്ച് സിബിഐ അന്വേഷിക്കുന്നുണ്ട്. കായികമേള കഴിഞ്ഞ് എട്ടുമാസത്തിനു ശേഷം ഇപ്പോള്‍ പുതിയ അഴിമതിയാണ് പുറത്തുവരുന്നത്. 15 പ്രിന്റര്‍ , രണ്ട് സ്കാനര്‍ , 80 വെബ്ക്യാമറ, 10 മൈക്രോ വേവ് ഓവന്‍ , 10 പ്രൊജക്ടര്‍ , ഗ്രൗണ്ടുകളിലെ കംപ്യൂട്ടറുകളില്‍ നെറ്റ്ലഭിക്കാന്‍ ഉപയോഗിച്ച 110 മൊബൈല്‍സെറ്റുകള്‍ , 80 പെഡസ്റ്റല്‍ ഫാന്‍ തുടങ്ങിയവയും കാണാതായി. ഇവ കാണാതായതല്ലെന്നും സംഘാടകസമിതിയുടെയും ഉന്നതരുടെയും അറിവോടെ മറിച്ചു വിറ്റതാണെന്നും സംഘാടകസമിതിയുമായി അടുപ്പമുള്ളവര്‍ പറയുന്നു.

മേള കഴിഞ്ഞ് രണ്ടാഴ്ചയ്ക്കകംതന്നെ ന്യൂഡല്‍ഹിയിലും പരിസരത്തും വന്‍ വിലക്കുറവില്‍ എല്‍സിഡി ടിവി, മൊബൈല്‍ , കംപ്യൂട്ടര്‍ , എസി തുടങ്ങിയവ ലഭ്യമായിരുന്നു. രണ്ട് ടണ്ണിന്റെ എയര്‍കണ്ടീഷന്‍ 20,000 രൂപയ്ക്കും എല്‍സിഡി ടിവി 10,000 രൂപയ്ക്കും വിറ്റിരുന്നു. സംഘാടകസമിതിയുമായി ബന്ധമുള്ളവര്‍ വഴിയായിരുന്നു വില്‍പ്പന. കവര്‍പോലും പൊളിക്കാത്ത ടിവിയും മറ്റുമാണ് ചുളു വിലയ്ക്ക് വിറ്റഴിച്ചത്. കോമണ്‍വെല്‍ത്ത് ഫെഡറേഷന്‍ നേതാക്കളെ ആദരിക്കാന്‍ 23 ലക്ഷം ചെലവിട്ട് നിര്‍മിച്ച 180 ശില്‍പ്പങ്ങളും കാണാതായി.

ഇലക്ട്രിക്-ഇലക്ട്രോണിക് ഉപകരണങ്ങളുടെ കണക്ക് മാത്രമേ സംഘാടകസമിതിയുടെ പക്കലുള്ളു. അതുകൊണ്ട് മറിച്ചുവിറ്റ ഫര്‍ണിച്ചര്‍ ഉള്‍പ്പെടെ പലതിന്റെയും വിവരങ്ങള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. കണക്കുള്ളവയുടെ പട്ടിക വച്ചാണ് ഓര്‍ഗനൈസിങ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫീസര്‍ ജര്‍ണെയില്‍സിങ് കായികമന്ത്രാലയത്തിന് പരാതി നല്‍കിയത്. പട്ടികയില്‍ പറഞ്ഞ ഉപകരണങ്ങള്‍ കാണാനില്ല എന്നുമാത്രമാണ് പരാതി. പുതുതായി വാങ്ങുന്നവയുടെയോ നിലവില്‍ സംഘാടകരുടെ പക്കലുള്ളവയുടെയോ കണക്ക് സൂക്ഷിക്കുന്ന പതിവില്ലെന്നാണ് സംഘാടകസമിതിയുടെ ധനവിഭാഗം പറയുന്നത്. ഈ കീഴ്വഴക്കം മാറ്റണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

deshabhimani 240611

Monday, June 20, 2011

തരൂരിന്റെ നിയമനം ക്രമവിരുദ്ധം; കൈപ്പറ്റിയത് 15 ലക്ഷം

കോമണ്‍വെല്‍ത്ത് സംഘാടകസമിതിയുടെ ഉപദേശകനെന്ന നിലയില്‍ ശശി തരൂര്‍ എംപിയെ നിയമിച്ചതിലും ഉയര്‍ന്ന ഫീസ് നല്‍കിയതിലും ക്രമക്കേടുണ്ടായിട്ടുണ്ടെന്ന് അന്വേഷണസമിതിയുടെ കണ്ടെത്തല്‍ . ഉപദേശകനെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതിന് ശശി തരൂര്‍ ആവശ്യപ്പെട്ട വന്‍തുക അതേപടി അംഗീകരിച്ച സംഘാടകസമിതിയുടെ നടപടി തെറ്റാണെന്ന് ഗെയിംസ് അഴിമതി അന്വേഷിക്കുന്ന ഷുംഗ്ലു സമിതി വ്യക്തമാക്കി. അഴിമതി അന്വേഷണത്തിന്റെ ഭാഗമായി ഷുംഗ്ലു സമിതി തയ്യാറാക്കിയ അഞ്ചാം റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍.

ഉപദേശകനെന്ന നിലയില്‍ 12 കൂടിയാലോചനായോഗങ്ങളില്‍ പങ്കെടുത്തതിന് മുപ്പതിനായിരം ഡോളര്‍ (ഏതാണ്ട് 13 ലക്ഷം രൂപ) ശശി തരൂരിന് സംഘാടകസമിതി ഫീസ് നല്‍കിയതായി ഷുംഗ്ലു സമിതി കണ്ടെത്തി. നികുതി കഴിച്ച് ഏതാണ്ട് 11 ലക്ഷം രൂപയുടെ ചെക്കാണ് തരൂരിന് കൈമാറിയത്. ഇതിന് പുറമെ വിമാനക്കൂലിയായി 4.34 ലക്ഷം രൂപയും നല്‍കി. ഉയര്‍ന്ന ഫീസ് വാങ്ങിയതിനെ കുറിച്ച് തരൂരിനോട് ആരാഞ്ഞപ്പോള്‍ 13 ലക്ഷമെന്നത് ടോക്കണ്‍ തുക മാത്രമാണെന്ന മറുപടിയാണ് ലഭിച്ചതെന്ന് ഷുംഗ്ലു സമിതി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചു. തരൂര്‍ ആവശ്യപ്പെട്ട അതേ ഫീസ് അനുവദിച്ചത് അനുചിതമാണെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

തരൂരിന്റെയും കേറ്ററിങ് കണ്‍സള്‍ട്ടന്റായ അജയ് ഗ്രോവറിന്റെയും ഫീസ് നിരക്കുകള്‍ അവര്‍ തന്നെ നിശ്ചയിക്കുകയായിരുന്നു. പ്രതിദിനം ഫീസിനത്തില്‍ 2500 ഡോളര്‍ , ഒന്നാം ക്ലാസ് വിമാനയാത്ര, വിമാനത്താവളത്തില്‍ നിന്ന് ഹോട്ടലിലേക്കും യോഗസ്ഥലത്തേക്കും മറ്റുമുള്ള യാത്രാസൗകര്യം, പഞ്ചനക്ഷത്ര താമസസൗകര്യം തുടങ്ങിയ കാര്യങ്ങളാണ് തരൂര്‍ ആവശ്യപ്പെട്ടത്. തരൂര്‍ അയച്ച കത്തിന്റെ ശരിപകര്‍പ്പ് നല്‍കണമെന്ന് അന്വേഷണസമിതി സംഘാടകസമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തരൂരുമായുള്ള കണ്‍സള്‍ട്ടന്‍സി കരാറിന്റെ പകര്‍പ്പും തരൂര്‍ എന്തെങ്കിലും ഉപദേശങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്റെ പകര്‍പ്പും അന്വേഷണസമിതി ആവശ്യപ്പെട്ടെങ്കിലും സംഘാടകസമിതി പ്രതികരിച്ചിട്ടില്ല. റിപ്പോര്‍ട്ട് കായികമന്ത്രാലയത്തിന് കൈമാറി. മുന്‍ സിഎജി വി കെ ഷുംഗ്ലുവിന്റെ അധ്യക്ഷതയില്‍ കോമണ്‍വെല്‍ത്ത് അഴിമതി അന്വേഷിക്കുന്നതിന് കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അന്വേഷണസമിതിയെ നിയമിച്ചത്.

deshabhimani 200611

Saturday, May 21, 2011

കനിമൊഴി, കല്‍മാഡി

2ജി സ്പെക്ട്രം അഴിമതിക്കേസില്‍ ഡിഎംകെ എംപിയും കരുണാനിധിയുടെ മകളുമായ കനിമൊഴിയെ തിഹാര്‍ ജയിലിലടച്ചു. പ്രത്യേക സിബിഐ കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണിത്. കലൈഞ്ജര്‍ ടിവി എംഡി ശരത്കുമാറിന്റെ ജാമ്യാപേക്ഷയും കോടതി തള്ളി. കേസിന്റെ വ്യാപ്തി പരിഗണിക്കുമ്പോള്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാനാകില്ലെന്ന് പ്രത്യേക സിബിഐ ജഡ്ജി ഒ പി സെയ്നി വിധിയില്‍ പറഞ്ഞു. തിങ്ങിനിറഞ്ഞ കോടതി മുറിയിലെ ബഹളങ്ങള്‍ക്കിടെ കൂട്ടുപ്രതി മുന്‍ ടെലികോംമന്ത്രി എ രാജയാണ് ജാമ്യാപേക്ഷ തള്ളിയതായി കനിമൊഴിയെ അറിയിച്ചത്. കനിമൊഴിയെ പിന്നീട് പൊലീസ് വാനില്‍ തിഹാര്‍ ജയിലിലേക്ക് കൊണ്ടുപോയി. ജയിലിലെ ആറാം നമ്പര്‍ ബ്ലോക്കിലാണ് കനിമൊഴിയുടെ തടവറ. ശരത്കുമാറിനെ നാലാംനമ്പര്‍ ബ്ലോക്കില്‍ അടച്ചു. കേസില്‍ എ രാജയെ നേരത്തെ തിഹാര്‍ ജയിലിലടച്ചിരുന്നു.

സ്പെക്ട്രം ഇടപാടുകളുടെ ഭാഗമായി കലൈഞ്ജര്‍ ടിവിക്ക് വേണ്ടി ഡിബി റിയാലിറ്റിയില്‍ നിന്ന് 200 കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണമാണ് കനിമൊഴി നേരിടുന്നത്. കേസില്‍ ഗൂഢാലോചന കുറ്റമാണ് കനിമൊഴിക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റത്തിന്റെ വ്യാപ്തി, ആരോപണങ്ങളുടെ ആഴം, പുറത്തുവന്ന തെളിവുകളുടെ സ്വഭാവം, ജാമ്യത്തില്‍ ഇറങ്ങിയാല്‍ പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന സംശയം തുടങ്ങിയ കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. സാക്ഷികളില്‍ കൂടുതലും കലൈഞ്ജര്‍ ടിവി പ്രവര്‍ത്തകരാണ്. അതുകൊണ്ട് സ്വാധീനിക്കാനുള്ള സാധ്യതയും തള്ളാനാകില്ല. കേസില്‍ രണ്ടുപേരുടെയും പങ്ക് വ്യക്തമാണ്. ആരോപണങ്ങള്‍ ഗുരുതരവും. ഇതിനെ പിന്തുണയ്ക്കുന്ന തെളിവുകളുമുണ്ട്. അന്വേഷണത്തിനിടെ അറസ്റ്റു നടക്കാത്തതിനാല്‍ ജാമ്യത്തില്‍ വിടാമെന്ന പ്രതിഭാഗം വാദത്തില്‍ കഴമ്പില്ല. കനിമൊഴിയും ശരത്കുമാറും പരസ്പരവും എ രാജയുമായും ഗൂഢാലോചന നടത്തിയിട്ടുണ്ട്. ചാനലില്‍ 20 ശതമാനം വീതം ഓഹരി കൈയാളുന്ന ഇരുവരും കോഴ സ്വീകരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. സ്ത്രീയെന്ന കാരണത്താല്‍ ജാമ്യത്തില്‍ വിടണമെന്ന അപേക്ഷയും പരിഗണിക്കാനാകില്ല. ജാമ്യാപേക്ഷ കേള്‍ക്കുമ്പോള്‍ സ്ത്രീയോ പുരുഷനോ എന്നത് പരിഗണിക്കാറുണ്ടെങ്കിലും കുറ്റത്തിന്റെ വ്യാപ്തിയും ആരോപണങ്ങളുടെ ഗൗരവവും കണക്കിലെടുക്കുമ്പോള്‍ ഈ പരിഗണന നല്‍കാനാകില്ല. എന്നാല്‍ , കോടതിയിലെ അവരുടെ അങ്ങേയറ്റം മാന്യമായ പെരുമാറ്റം കണക്കിലെടുക്കുമ്പോള്‍ എന്തെങ്കിലും പരിഗണന നല്‍കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാനാശിക്കുന്നു-ജസ്റ്റിസ് സെയ്നി 144 പേജുള്ള വിധിയില്‍ പറഞ്ഞു.

ഏപ്രിലിലാണ് കനിമൊഴിയെ സിബിഐ കേസില്‍ പ്രതിചേര്‍ത്തത്. കനിമൊഴിയും ശരത്കുമാറും നല്‍കിയ ജാമ്യാപേക്ഷയില്‍ ഏഴിനാണ് കോടതി വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റിയത്. ശനിയാഴ്ച കോടതി നടപടികളില്‍ പങ്കെടുക്കാന്‍ കനിമൊഴിയും ശരത്കുമാറും ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പ്രത്യേക കോടതി ഉത്തരവിനെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുമെന്ന് ഡിഎംകെ വൃത്തങ്ങള്‍ പറഞ്ഞു.

കല്‍മാഡി മുഖ്യപ്രതിയായി കുറ്റപത്രം

കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിക്കേസില്‍ സംഘാടക സമിതി മുന്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ സുരേഷ് കല്‍മാഡിയെ മുഖ്യപ്രതിയാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഗെയിംസുമായി ബന്ധപ്പെട്ട് സ്വിസ് കമ്പിനിക്ക് കരാര്‍ നല്‍കിയതിലെ അഴിമതിക്കേസില്‍ പ്രധാന പ്രതിയാണ് കല്‍മാഡിയെന്ന് 50 പേജുള്ള കുറ്റപത്രം പറയുന്നു. കുറ്റപത്രം സ്വീകരിച്ച കോടതി കേസ് 23ലേക്ക് മാറ്റി. ഒളിംപിക്സ് കമ്മിറ്റി മുന്‍ സെക്രട്ടറി ലളിത് ഭാനോട്ട്, ഡയറക്ടര്‍ ജനറല്‍ വി കെ വര്‍മ എന്നിവരുള്‍പ്പെടെ എട്ടുപേരെയും രണ്ടു കമ്പനിയെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. ക്രിമിനല്‍ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇവരെ വിചാരണചെയ്യാന്‍ അനുവദിക്കണമെന്ന് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടു. എകെആര്‍ കണ്‍സ്ട്രക്ഷന്‍ , സ്വിസ് ടൈമിങ്-ഒമേഗ എന്നീ കമ്പികളാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ടൈമിങ്-സ്കോറിങ്-റിസല്‍ട്ട് (ടിഎസ്ആര്‍) സംവിധാനം സ്ഥാപിക്കുന്നതിനായി സ്വിസ് കമ്പിനിക്ക് കരാര്‍ നല്‍കുകവഴി 90 കോടിയിലേറെ രൂപയുടെ നഷ്ടം ഉണ്ടായതായി കുറ്റപത്രത്തില്‍ പറയുന്നു. 50 സാക്ഷിമൊഴികളാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

deshabhimani 210511

Saturday, April 30, 2011

ഗെയിംസ് അഴിമതി അന്വേഷണവും പ്രധാനമന്ത്രി ഓഫീസിലേക്ക്

കോണ്‍ഗ്രസ് എംപി സുരേഷ് കല്‍മാഡി അറസ്റിലായ കോമവെല്‍ത്ത് ഗെയിംസ് അഴിമതിയുടെ അന്വേഷണവും പ്രധാനമന്ത്രി കാര്യാലയത്തിലേക്ക് നീളുന്നു. 95 കോടി രൂപയുടെ ക്രമക്കേട് നടന്നെന്ന് സിബിഐ കണ്ടെത്തിയ സ്വിസ് ടൈമിങ് കമ്പനിയുമായുള്ള ഇടപാടില്‍ പ്രധാനമന്ത്രി കാര്യാലയവുമായി അടുപ്പമുള്ളവര്‍ക്ക് ബന്ധമുണ്ടെന്ന് വ്യക്തമായി. ഗെയിംസ് സംഘാടക സമിതിയിലേക്ക് പ്രധാനമന്ത്രി നിയോഗിച്ച ജര്‍ണയില്‍ സിങ് എഴുതിയ രണ്ട് കത്ത് പുറത്തുവന്നതോടെയാണ് ഇക്കാര്യം വെളിച്ചത്തായത്.

ടൈമിങ്-സ്കോറിങ്-റിസള്‍ട്ട് സിസ്റം(ടിഎസ്ആര്‍) സ്ഥാപിക്കാനുള്ള 141 കോടിയുടെ കരാറിനെ പിന്തുണയ്ക്കുന്ന കത്തിന്റെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. 2009ന്റെ പകുതിയോടെയാണ് പ്രധാനമന്ത്രിയുടെ നോമിനിയായി ജര്‍ണയില്‍ സിങ് സംഘാടകസമിതി സിഇഒ ആയത്. ഗെയിംസ് തയ്യാറെടുപ്പുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാകുന്നുവെന്ന് ഉറപ്പാക്കുകയായിരുന്നു അദ്ദേഹത്തിന്റെ ചുമതല. ഇതിനിടെയാണ് വിവാദ കരാറിനെ പിന്തുണച്ച് അദ്ദേഹം കത്തെഴുതിയത്. 2009 ഡിസംബര്‍ അഞ്ച്, 2010 ഫെബ്രുവരി 15 തീയതികളില്‍ കായികമന്ത്രാലയത്തിന് എഴുതിയ കത്തുകളില്‍ സ്വിസ് ടൈമിങ്ങുമായുള്ള കരാര്‍ നടപ്പാക്കാനുള്ള അമിത താല്‍പ്പര്യം പ്രകടമാണ്. ടിഎസ്ആര്‍ കരാറിലെ അഴിമതി ചോദ്യംചെയ്ത് നോയിഡയിലെ ആന്റി കറപ്ഷന്‍ ട്രസ്റ് കണ്‍വീനര്‍ സംഗീത ഗോയല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കായിക സെക്രട്ടറി സിന്ധുശ്രീ ഖുല്ലാര്‍ സംഘാടകസമിതിയോട് വിശദീകരണം തേടിയിരുന്നു. ഇതിനു നല്‍കിയ മറുപടിയാണ് ജര്‍ണയില്‍ സിങ്ങിനെ കുടുക്കിയത്. സംഗീത ഗോയലെന്ന വ്യക്തിയോ അവരുടെ സംഘടനയോ ഇല്ലെന്നാണ് തങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമായതെന്നാണ് മറുപടിയില്‍ സിങ് വിശദീകരിച്ചത്. ടിഎസ്ആര്‍ സംവിധാനം വാങ്ങുന്നതു തടയാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പരാതി അയച്ചതെന്നും അദ്ദേഹം വാദിച്ചു. കരാറിന് താല്‍പ്പര്യം പ്രകടിപ്പിച്ച കമ്പനികളില്‍ സ്വിസ് ടൈമിങ് മാത്രമാണ് യോഗ്യതാമാനദണ്ഡം പാലിച്ചതെന്നും ആറുമാസത്തോളം വൈകിയതിനാല്‍ ഉടന്‍ ഇടപാടിന് അനുമതി നല്‍കണമെന്നും മറുപടിയില്‍ ജര്‍ണയില്‍ സിങ് പറഞ്ഞു.

രണ്ട് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘാടകസമിതി ഫിനാന്‍സ് കമ്മിറ്റി എല്ലാ കാര്യങ്ങളും വിശദമായി പഠിച്ചശേഷമാണ് സ്വിസ് കമ്പനിക്ക് കരാര്‍ നല്‍കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെബ്രുവരി 15ന് കായികമന്ത്രാലയ ജോയിന്റ് സെക്രട്ടറി ആര്‍ ഭട്നാഗറിന് സിങ് കത്തെഴുതിയത്. സാമ്പത്തിക ഇടപാടുകള്‍ക്ക് താന്‍ മാത്രമല്ല ഉത്തരവാദിയെന്നും എല്ലാ കാര്യങ്ങളും പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ടെന്നുമാണ് കല്‍മാഡി വാദിച്ചിരുന്നത്. ഇത് ശരിയാണെന്ന് വ്യക്തമാക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍. കസ്റഡിയിലുള്ള കല്‍മാഡിയെ ജര്‍ണയില്‍ സിങ്ങിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ ചോദ്യംചെയ്യുമെന്ന് സിബിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു. സ്വിസ് ടൈമിങ് കമ്പനിക്കുമാത്രം കരാര്‍ ലഭിക്കത്തക്കവിധം യോഗ്യതാമാനദണ്ഡം മുന്നോട്ടുവച്ചതാണ് കരാറിനു പിന്നില്‍ അഴിമതിയുണ്ടെന്ന ആരോപണം ബലപ്പെടുത്തിയത്. പലമടങ്ങ് കൂടിയ തുകയ്ക്കാണ് കരാര്‍ നല്‍കിയത്. ഇതിലും കുറഞ്ഞ തുകയ്ക്ക് സ്കോറിങ് സംവിധാനം നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ച മറ്റു കമ്പനികളെ പല കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. 2009 മുതല്‍ നടന്ന സംഘാടകസമിതി യോഗങ്ങളുടെ മിനിട്സ് പരിശോധിച്ച സിബിഐക്ക് ഇക്കാര്യം വ്യക്തമായി. സ്വിസ് കമ്പനിക്കുതന്നെ ഈ കരാര്‍ നല്‍കണമെന്ന് സംഘാടകസമിതി സെക്രട്ടറി ജനറല്‍ ലളിത് ഭാനോട്ട് അടക്കമുള്ള പ്രധാനികള്‍ ഉറപ്പിച്ചിരുന്നെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.
(വിജേഷ് ചൂടല്‍)

deshabhimani 300411

Saturday, April 2, 2011

ഷുങ്ഗ്ലു കമ്മിറ്റി റിപ്പോര്‍ട്ട്: കല്‍മാഡിക്കും സംഘത്തിനും വിമര്‍ശനം

ന്യൂഡല്‍ഹി: അഴിമതിയുടെ പേരില്‍ പുറത്താക്കപ്പെട്ട കോമണ്‍വെല്‍ത്ത് ഗെയിംസ് ചെയര്‍മാന്‍ സുരേഷ് കമല്‍മാഡിക്കും അദ്ദേഹത്തിന്റെ അനുയായികള്‍ക്കും പ്രധാനമന്ത്രി നിയമിച്ച ഷുങ്ഗ്ലു കമ്മിറ്റിയുടെ വിമര്‍ശനം. ഗെയിംസിന്റെ മുഴുവന്‍ അധികാരവും കേന്ദ്രീകരിച്ചിരുന്നത് ഉന്നതങ്ങളിലായിരുന്നെന്നും കരാറുകള്‍ അനുവദിക്കുന്നതില്‍ താല്‍പര്യങ്ങളുടെ പ്രശ്‌നമുണ്ടായിരുന്നെന്നും കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്തു.

മുന്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വി കെ ഷുങ്ഗ്ലുവിന്റെ നേതൃത്വത്തിലുള്ള രണ്ടംഗ കമ്മിറ്റിയുടെ പുതിയ റിപ്പോര്‍ട്ടിലാണ് കല്‍മാഡിക്കും സഹായികള്‍ക്കുമെതിരെ വിമര്‍ശനമുന്നയിച്ചിട്ടുള്ളത്. പദ്ധതികളുടെ നടത്തിപ്പിലൂടെ 1600 കോടിയിലധികം രൂപയുടെ നഷ്ടം വരുത്തിവച്ചതിന് വിവിധ സര്‍ക്കാര്‍ ഏജന്‍സികളെയും കമ്മിറ്റി റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചിട്ടുണ്ട്.

കോമണ്‍വെല്‍ത്ത് ഗെയിംസിനോടനുബന്ധിച്ച് നടന്ന അഴിമതിയും ക്രമക്കേടും അന്വേഷിക്കുന്നതിനായി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നിയമിച്ച ഉന്നതാധികാര സമിതി, 500 അംഗങ്ങളടങ്ങിയവലിയ ജനറല്‍ ബോഡിയും അതിന്റെ എക്‌സിക്യൂട്ടീവും സംഘാടക സമിതിക്ക് ഭരണപരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു.

സംഘാടക സമിതിക്ക് സമാനമായാണ് ചെയര്‍മാന്‍ പ്രവര്‍ത്തിച്ചത്. തീരുമാനങ്ങളെടുക്കുന്നത് ഉന്നതങ്ങളില്‍മാത്രം കേന്ദ്രീകരിച്ചിരുന്നത് ചെയര്‍മാനും അദ്ദേഹത്തിന്റെ അടുത്ത ചില ഉന്നതരായ അനുയായികള്‍ക്കും കൂടുതല്‍ അധികാരം നല്‍കി. സംഘാടക സമിതിയിലെ ഉയര്‍ന്ന തസ്തികകളില്‍ ഉണ്ടായിരുന്ന ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ ഉദ്യോഗസ്ഥരുടെ താല്‍പര്യങ്ങള്‍ സ്വാഭാവികമായും അഭിപ്രായഭിന്നത സൃഷ്ടിച്ചതായി കല്‍മാഡി താരുമാനങ്ങളെടുക്കാന്‍ സ്വീകരിച്ച നടപടിക്രമത്തെ ചോദ്യം ചെയ്തുകൊണ്ട് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉന്നതങ്ങളിലെ ശബ്ദമാണ് അഴിമതി സര്‍വസാധാരണമാക്കിയതും നല്ലകാര്യങ്ങള്‍ നടക്കാതെ പോയതിന് കാരണമെന്നും കമ്മിറ്റി കണ്ടെത്തി.

സെക്രട്ടേറിയറ്റിലും ഉന്നത നേതൃത്വങ്ങളിലും തുടങ്ങി പ്രധാന തസ്തികകളിലെ നിയമനം യോഗ്യതയുടെ അടിസ്ഥാനത്തിലായിരുന്നില്ലെന്നും പലര്‍ക്കും ഗെയിംസ് സംഘടിപ്പിച്ചുളള പരിചയമുണ്ടായിരുന്നില്ലെന്നും കമ്മിറ്റി കണ്ടെത്തി. ഉന്നത സ്ഥാനങ്ങളിലെ നിയമനങ്ങളുടെ ധാര്‍മികത മൊത്തത്തില്‍ ചോദ്യംചെയ്യപ്പെടുന്നതും പലര്‍ക്കെതിരെയും വിജിലന്‍സ് കേസുകള്‍ ഉണ്ടായിരുന്നതുമാണ്. സുപ്രധാന സ്ഥാനങ്ങളിലെ നിയമനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരുന്ന നിര്‍ദേശങ്ങള്‍ മുഴുവന്‍ തള്ളിക്കളയുകയായിരുന്നെന്നും റിപ്പോര്‍ട്ട് പറയുന്നു.

സംഘാടക സമിതിയിലെ ഒരു ഗ്രൂപ്പിന്റെ കൈകളില്‍മാത്രം അധികാരം കേന്ദ്രീകരിച്ചിരുന്ന രീതി അനൈക്യതയുടെ പരമാവധിയിലെത്തിച്ചെന്നും സമതിയിലെ വ്യക്തികള്‍ തമ്മിലുള്ള വഴക്ക് നിര്‍മാണ ജോലികള്‍ സുഗമമായി നടക്കുന്നതിനും അവ പരിശോധിക്കുന്നതിനും തടസം സൃഷ്ടിച്ചു. കാര്യക്ഷമമായ ആഭ്യന്തര ഓഡിറ്റിങ്ങോ നിരീക്ഷണ സംവിധാനമോ ഉണ്ടായിരുന്നില്ല. നടപടിക്രമങ്ങള്‍ തെറ്റിച്ച് വഴിവിട്ട് കരാറുകള്‍ അനുവദിച്ചതായും ടിക്കറ്റ് വില്‍പ്പന, സ്‌പോണ്‍സര്‍ഷിപ്പ്, കാറ്ററിംഗ്, ടൈമിംഗ്, സ്‌കോറിംഗ്, റിസല്‍റ്റ് തുടങ്ങിയവയിലൂടെ ഉണ്ടായ സാമ്പത്തിക നഷ്ടം ഉണ്ടായതായും കമ്മിറ്റി കണ്ടെത്തി.

കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഇവന്റ് നോളജ് സര്‍വീസിന് മൂന്ന് കരാറുകള്‍ നല്‍കിയതിനെകുറിച്ച് സി ബി ഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തണമെന്ന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. സംഘാടക സമിതിയില്‍നിന്നും മൗറീഷ്യസ് കമ്പനിയിലേക്ക് പണമൊഴുകിയത് എങ്ങനെയെന്ന് കണ്ടെത്തണമെന്നും ഇത് സി ബി ഐയ്ക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും കൈമാറാവുന്ന കേസാണെന്നും പറയുവന്നുണ്ട്.

മൗറീഷ്യസിലെ ഇവന്റ് നോളജ് സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥനെ സംബന്ധിച്ചും അവര്‍ക്ക് സംഘാടക സമിതിയില്‍നിന്നും പണമൊഴുകിയതിനെക്കുറിച്ചും അന്വേഷണം വേണം. ഇതുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ള അഴിമതി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ ഉചിതമായ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ശുപാര്‍ശ ചെയ്യുന്നുണ്ട്.

ഗെയിംസ് വേദികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകിയതിലൂടെ 800 കോടി രൂപയുടെ നഷ്ടമുണ്ടായതായി ഷുങ്ഗ്ലു കമ്മിറ്റി മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അനാവശ്യ നടപടിക്രമങ്ങളിലൂടെ 250 കോടി രൂപയുടെ ലാഭം കരാറുകാര്‍ക്ക് ഉണ്ടാക്കിക്കൊടുത്തതായും 574 കോടി രൂപ സാധനങ്ങള്‍ അനാവശ്യമായി വാങ്ങിയതിലൂടെ നഷ്ടപ്പെടുത്തിയതായും പറയുന്നുണ്ട്.

ക്രിമിനല്‍ കുറ്റങ്ങളുടെയും ന്യൂഡല്‍ഹി മുനിസിപ്പല്‍ ചെയര്‍മാന്‍, കേന്ദ്ര പബ്ലിക് വര്‍ക്‌സ് ഡിപ്പാര്‍ട്ടുമെന്റ് ഡയറക്ടര്‍ ജനറല്‍, ഡല്‍ഹി വികസന അതോറിറ്റിയിലെയും എഞ്ചിനീയേഴ്‌സ് ഇന്ത്യ ലിമിറ്റഡിലെയും ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പടെയുള്ളവരുടെ നേതൃത്വപരമായ പോരായ്മകളുടെയും തെളിവുകള്‍ അന്വേഷണ സമിതി കണ്ടെത്തിയിട്ടുണ്ട്. ഡല്‍ഹി വികസന അതോറിറ്റി ചെയര്‍മാന്‍, ഡല്‍ഹി സര്‍വകലാശാലയുടെ അന്നത്തെ വൈസ് ചാന്‍സലറും ഫിനാന്‍സ് ഓഫീസറും പ്രോജക്ട് മാനേജരായിരുന്ന കന്ദ്ര പി ഡബ്ല്യു ഡി ഉദ്യോഗസ്ഥന്‍ തുടങ്ങിയവരുടെ പങ്ക് പ്രത്യേകം പരിശോധിക്കേണ്ടതാണ്. പല കരാറുകള്‍ തള്ളിയതിലൂടെയും കമ്മിഷന്‍ നടപടികളിലൂടെയും കരാറുകാര്‍ക്ക് വന്‍ ലാഭമുണ്ടാക്കിക്കൊടുക്കുകയും അനാവശ്യ ചെലവുകളും മറ്റും സര്‍ക്കാരിന് വന്‍ നഷ്ടമുണ്ടാക്കുകയും ചെയ്തിട്ടുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ആദ്യ റിപ്പോര്‍ട്ടില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പ്രസാര്‍ഭാരതി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി എസ് ലാലി, ദൂരദര്‍ശന്‍ മുന്‍ ഡയറക്ടര്‍ ജനറല്‍ അരുണ്‍ ശര്‍മ എന്നിവര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു. രണ്ടും മൂന്നും റിപ്പോര്‍ട്ടുകളില്‍ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ തിജേന്ദര്‍ ഖന്ന, മുഖ്യമന്ത്രി ഷീല ദീക്ഷിത് എന്നിവരുടെ നിരുത്തരവാദപരമായ പ്രവര്‍ത്തിയെക്കുറിച്ച് പേരെടുത്ത് പറയുന്നുണ്ട്.

കോമണ്‍വെല്‍ത്ത് അഴിമതി: തരൂര്‍ രാജിവയ്ക്കണമെന്ന് സി കെ ചന്ദ്രപ്പന്‍


തിരുവനന്തപുരം: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ സംഘാടക സമിതിയില്‍ നിന്ന് 15 ലക്ഷത്തിലധികം രൂപ കണ്‍സള്‍ട്ടന്‍സി ഫീസായി കോണ്‍ഗ്രസ് നേതാവ് ശശിതരൂരിന് നല്‍കിയത് ക്രമവിരുദ്ധമാണെന്ന ഷുങ്ഗ്ലു കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശശിതരൂര്‍ എം പി സ്ഥാനം രാജിവയ്ക്കണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍ ആവശ്യപ്പെട്ടു. കോമണ്‍വെല്‍ത്ത് ഗെയിംസിന് ശശിതരൂര്‍ എന്തു തരത്തിലുള്ള സേവനമാണ് നല്‍കിയതെന്ന് സംഘാടക സമിതി വിശദീകരിച്ചിട്ടില്ല. 12 തവണ സംഘാടക സമിതി ഓഫീസ് സന്ദര്‍ശിച്ചതിനാണ് 10 ലക്ഷത്തിലധികം രൂപ നല്‍കിയത്. അതിനുപുറമെ വിമാനയാത്രയ്ക്ക് 4.34 ലക്ഷം രൂപയും നല്‍കി, ശശി തരൂര്‍ കേന്ദ്ര മന്ത്രിയായിരുന്നപ്പോഴാണ് പണം അദ്ദേഹത്തിന്റെ ദുബൈയിലെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചത് ശശി തരൂരിന് വന്‍തുക നല്‍കിയതിന് ന്യായീകരണമില്ലെന്നാണ് കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ടു നടന്ന അഴിമതികളെക്കുറിച്ചു അന്വേഷിക്കാന്‍ പ്രധാനമന്ത്രി നിയമിച്ച ഷുങ്ഗ്ലു കമ്മിറ്റി ചൂണ്ടിക്കാണിച്ചത്. കൊച്ചി ഐ പി എല്‍ ടീമുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങളെ തുടര്‍ന്നു കേന്ദ്രമന്ത്രി സ്ഥാനം നഷ്ടപ്പെട്ട കോണ്‍ഗ്രസ് നേതാവാണ് ശശി തരൂര്‍. അഴിമതി കലയാക്കി മാറ്റിയ ശശി തരൂരിനോട് എം പി സ്ഥാനം ഒഴിയാന്‍ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെടണം.

തളിക്കുളം സ്‌നേഹതീരം പാര്‍ക്കുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയ ടി എന്‍ പ്രതാപന്‍ എം എല്‍ എയ്ക്ക് എതിരെ കേസ് എടുക്കാന്‍ വിജിലന്‍സ്  കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ പ്രതാപന്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നല്‍കിയ പത്രിക പിന്‍വലിച്ച് ജനങ്ങളോട് മാപ്പു പറയണമെന്നും ചന്ദ്രപ്പന്‍ ആവശ്യപ്പെട്ടു. എം എല്‍ എ സ്ഥാനം ദുരുപയോഗം ചെയ്താണ് പ്രതാപന്‍ സ്‌നേഹതീരം ടൂറിസം വികസന പദ്ധതിയില്‍ അഴിമതി നടത്തിയത്. രാഷ്ട്രീയ പ്രവര്‍ത്തനം അഴിമതിയിലൂടെ പണമുണ്ടാക്കാനുള്ള മാര്‍ഗമായി കാണുന്ന ശശിതരൂരിനെയും ടി എന്‍ പ്രതാപനെയും പോലുള്ളവര്‍ പൊതുപ്രവര്‍ത്തകര്‍ക്കു തന്നെ അപമാനമാണെന്ന് ചന്ദ്രപ്പന്‍ പറഞ്ഞു. ശശി തരൂരിനും ടി എന്‍ പ്രതാപനും എതിരായി ഉയര്‍ന്ന അഴിമതി ആരോപണങ്ങളെകുറിച്ചു യു ഡി എഫിനുവേണ്ടി പ്രചരണം നടത്തുന്ന എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും അഭിപ്രായം പറയണമെന്ന് ചന്ദ്രപ്പന്‍ ആവശ്യപ്പെട്ടു.

ജനയുഗം 020411

Monday, March 28, 2011

ഗെയിംസ് വില്ലേജ് നിര്‍മാണത്തില്‍ മാത്രം 300 കോടി നഷ്ടം

 കോമണ്‍വെല്‍ത്ത് ഗെയിംസിനെത്തിയ കായികതാരങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കും താമസിക്കുന്നതിന് യമുനാതീരത്ത് സ്ഥാപിച്ച ഗെയിംസ് വില്ലേജിന്റെ നിര്‍മാണത്തില്‍ മാത്രം 300 കോടിയുടെ നഷ്ടം ഉണ്ടായതായി പ്രധാനമന്ത്രി നിയോഗിച്ച ഷുങ്ളു സമിതി കണ്ടെത്തി. വില്ലേജിന്റെ നിര്‍മാണം ഏറ്റെടുത്ത വന്‍കിട റിയല്‍ എസ്റേറ്റ് ഗ്രൂപ്പായ എമ്മാര്‍ എംജിഎഫ് 134 കോടി മുതല്‍ 220 കോടിയുടെ വരെ ലാഭം കൊയ്തിട്ടുണ്ടാകാമെന്ന് റിപ്പോര്‍ട്ടു വ്യക്തമാക്കി. നിര്‍മാണത്തിന്റെ കണ്‍സള്‍ട്ടന്റുമാരായി നിയോഗിച്ച പ്രൈസ്വാട്ടര്‍ ഹൌസ്കൂപ്പേഴ്സിന്റെ പ്രവര്‍ത്തനത്തെയും റിപ്പോര്‍ട്ടില്‍ ചോദ്യംചെയ്യുന്നു. ഡല്‍ഹിയില്‍ അക്ഷര്‍ധാം ക്ഷേത്രത്തിനുസമീപം യമുനാതീരത്ത് ഗെയിംസ് വില്ലേജ് നിര്‍മിക്കാനെടുത്ത തീരുമാനംതന്നെ ശരിയായിരുന്നില്ലെന്ന് ഷുങ്ളു സമിതി പറഞ്ഞു. ഉചിതമായ സ്ഥലത്തല്ല വില്ലേജ് നിര്‍മിച്ചത്. അടിസ്ഥാനസൌകര്യങ്ങളുണ്ടായിരുന്നില്ല. ഈ സ്ഥലം തെരഞ്ഞെടുത്തത് കൊണ്ടുമാത്രം 630 കോടി രൂപ ചെലവില്‍ ബാരാപുള്ള നള്ളാ ഫ്ളൈഓവര്‍ നിര്‍മിക്കേണ്ടി വന്നു. തികച്ചും അനാവശ്യമായ മറ്റു ഒട്ടേറെ ചെലവുകള്‍ക്കും ഗെയിംസ് വില്ലേജ് നിര്‍മാണം വഴിവച്ചു. വില്ലേജ് എവിടെയാണ് നിര്‍മിക്കാനുദ്ദേശിക്കുന്നതെന്ന് കേന്ദ്ര മന്ത്രിസഭയെ പോലും അറിയിച്ചിരുന്നില്ല.

പൊതു-സ്വകാര്യ പങ്കാളിത്തപദ്ധതിയായി വില്ലേജ് നിര്‍മിക്കുന്നതിന് ഡല്‍ഹി വികസന അതോറിറ്റി തെരഞ്ഞെടുത്ത സ്ഥാപനം കടമ നിര്‍വഹിക്കുന്നതില്‍ പൂര്‍ണ പരാജയമായി. നിര്‍മാണത്തില്‍ നഷ്ടം സംഭവിക്കുമെന്ന പേരില്‍ കരാറുകാരായ എമ്മാര്‍ ഗ്രൂപ്പിന് ധനസഹായം നല്‍കാനുള്ള തീരുമാനവും സംശയകരമാണ്. വസ്തുതകള്‍ തെറ്റായി അവതരിപ്പിച്ചതിന് എമ്മാര്‍ ഗ്രൂപ്പിനെതിരെ നടപടിയെടുക്കണമെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തു. ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് ലഫ്റ്റനന്റ് ഗവര്‍ണര്‍ തേജീന്ദര്‍ ഖന്ന തുടങ്ങിയവരാണ് ഗെയിംസ് നടത്തിപ്പില്‍ സംഭവിച്ച വന്‍നഷ്ടത്തിന് മുഖ്യഉത്തരവാദികളെന്ന് ഷുങ്ളു സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. പദ്ധതികള്‍ നടപ്പാക്കുന്നതിലെ കാലതാമസമാണ് കോടികളുടെ നഷ്ടത്തിന് വഴിവച്ചത്. മുഖ്യമന്ത്രി അടക്കമുള്ള ഭരണാധികാരിയുടെ ഉത്തരവാദിത്തമില്ലായ്മയാണ് നഷ്ടത്തിന് മുഖ്യകാരണമെന്നാണ് സമിതിയുടെ വിലയിരുത്തല്‍.

ദേശാഭിമാനി 280311