Showing posts with label പശുമല വെടിവെയ്പ്. Show all posts
Showing posts with label പശുമല വെടിവെയ്പ്. Show all posts

Sunday, April 22, 2012

പശുമല വെടിവയ്പ്പിന് ഇന്ന് 60 വയസ്സ്


പീരുമേട് തേയില തോട്ടംമേഖലയില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടേയും ഇടതുപക്ഷ തൊഴിലാളി യൂണിയന്റേയും വളര്‍ച്ചയില്‍ സുപ്രധാന പങ്ക് വഹിച്ച പശുമല വെടിവയ്പ്പിന് ഞായറാഴ്ച 60 വയസ് പൂര്‍ത്തിയായി. 1952 ഏപ്രില്‍ 22നാണ് പശുമലയില്‍ തിരു-കൊച്ചിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പൊലീസ് നിരായുധരായ പാവപ്പെട്ട തോട്ടം തൊഴിലാളികള്‍ക്കെതിരെ നിറയൊഴിച്ചത്. വെടിവയ്പ്പില്‍ രണ്ട് തൊഴിലാളികള്‍ മരിക്കുകയും ചെയ്തയായി സമരത്തില്‍ പങ്കെടുത്ത ചെല്ലയ്യ ഓര്‍ക്കുന്നു. പശുമല വെടിവയ്പ്പിന്റെ ഞെട്ടിക്കുന്ന ഓര്‍മകള്‍ ഇപ്പോഴും മനസില്‍ നിന്നും മായുന്നില്ലെന്ന് ചെല്ലയ്യ പറഞ്ഞു.

പശുമലയില്‍ വെടിവെപ്പ് നടക്കുമ്പോള്‍ ഇടതുപക്ഷ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന് വണ്ടിപ്പെരിയാര്‍ മേഖലയില്‍ സ്വാധീനം കുറവായിരുന്നു. തോട്ടം തൊഴിലാളികളുടെ മക്കള്‍ക്ക് ഒരുപിടി അരി നല്‍കുന്ന പിള്ളപ്പതിവ് സമ്പ്രദായം പശുമല ട്രാവന്‍കൂര്‍ ടീ കമ്പനി ഉടമ ഏകപക്ഷീയമായി നിറുത്തി. ഇതിനെതിരെ കോണ്‍ഗ്രസ് നേതാവ് എം എം സുന്ദരത്തിന്റെ നേതൃത്വത്തില്‍ പശുമലയില്‍ സമരം നടന്നു. മാനേജരുടെ ബംഗ്ലാവിലേക്ക് ഐഎന്‍ടിയുസി നേതൃത്വത്തില്‍ മാര്‍ച്ചും നടത്തി. അരി വിതരണ കേന്ദ്രത്തില്‍ കടന്ന് തൊഴിലാളികള്‍ അരി പിടിച്ചെടുത്തു. സംഭവത്തെ തുടര്‍ന്ന് മാനേജ്മെന്റിന്റെ ഗുണ്ടകളും പൊലീസും ചേര്‍ന്ന് തൊഴിലാളികളെ ഭീകരമായി മര്‍ദിച്ചു. ഇതിനെതിരെ പ്രതിഷേധിക്കാന്‍ ഐഎന്‍ടിയുസി തീരുമാനിച്ചു. പിറ്റേന്ന് നെല്ലിമല, ഇഞ്ചിക്കാട്, പേക്കാനം, ചന്ദ്രവനം, തങ്കമല, മഞ്ചുമല തുടങ്ങി വിവിധ എസ്റ്റേറ്റുകളില്‍ നിന്നും നൂറുകണക്കിന് തൊഴിലാളികള്‍ മൂവര്‍ണ പതാകയേന്തി പ്രതിഷേധം പ്രകടനം നടത്തി. എന്നാല്‍ സമരത്തിന് നേരെ ഒരു പ്രകോപനവുമില്ലാതെ പൊലീസ് നിറയൊഴിച്ചു. മാധവന്‍, പൊന്നയ്യന്‍ തുടങ്ങിയ ഐഎന്‍ടിയുസി യൂണിയനില്‍പ്പെട്ട തൊഴിലാളികള്‍ മരിച്ചു. വെടിവെയ്പ്പിനെ തുടര്‍ന്ന് ഭീകരമായ നരനായാട്ടാണ് പൊലീസും മാനേജ്മെന്റിന്റെ ഗുണ്ടകളും നടത്തിയത്. സംഭവത്തെ തുടര്‍ന്ന് തൊഴിലാളികള്‍ കാട്ടിലേക്ക് ഓടിപ്പോയി.

എന്നാല്‍ ഇതിനെതിരെ പ്രതികരിക്കാന്‍ കോണ്‍ഗ്രസ് തയാറായില്ല. തുടര്‍ന്ന് തൊഴിലാളികളെ സംഘടിപ്പിച്ച് പ്രതിരോധിച്ചത് കമ്യൂണിസ്റ്റ് പാര്‍ടിയായിരുന്നു. പാര്‍ടി പശുമലയില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ റോസമ്മപുന്നൂസ്, അബ്ദുള്‍വഹാബ് എന്നിവര്‍ സംസാരിച്ചു. ഭയന്ന് കാട്ടിലൊളിച്ച തൊഴിലാളികളെ മടക്കിക്കൊണ്ടുവരുന്നതിന് കോണ്‍ഗ്രസോ ഐഎന്‍ടിയുസിയോ ഇടപെട്ടില്ല. കമ്യൂണിസ്റ്റ് പാര്‍ടിയായിരുന്നു പ്രശ്നത്തില്‍ ശക്തമായി ഇടപെട്ടത് .

അക്കാലത്ത് പീരുമേട്ടില്‍ തോട്ടംമേഖലയില്‍ ശക്തിയാര്‍ജിച്ച് വന്ന കമ്യൂണിസ്റ്റ്-തൊഴിലാളി പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ തിരു-കൊച്ചിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് ആശങ്കയായിരുന്നു. ഇടതുതൊഴിലാളി യൂണിയനെയും പാര്‍ടിയേയും തകര്‍ക്കാനായി കോണ്‍ഗ്രസ് സര്‍ക്കാര്‍ തയാറാക്കി നിറുത്തിയ പൊലീസ് അടിച്ചമര്‍ത്തിയത് അക്കാലത്ത് വണ്ടിപ്പെരിയാറ്റിലെ പ്രബലയൂണിയനായ ഐഎന്‍ടിയുസിയെ ആയിരുന്നു. സ്വന്തം സര്‍ക്കാരിന്റെ കൊടിയ അടിച്ചമര്‍ത്തലിനെതിരെ പ്രതികരിക്കാനോ തൊഴിലാളികളെ സംരക്ഷിക്കാനോ തയാറാകാതെ കോണ്‍ഗ്രസ്-ഐഎന്‍ടിയുസി നേതാക്കളില്‍ വലിയ പങ്കും മാനേജ്മെന്റിന്റെ കൂടെയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ വഞ്ചനയില്‍ പ്രതിഷേധിച്ച് എം എം സുന്ദരത്തോടൊപ്പം ഒട്ടേറെപ്പേര്‍ എഐടിയുസിയില്‍ ചേര്‍ന്നു.

വ്യക്തമായ തൊഴില്‍ നിയമങ്ങളോ അവകാശങ്ങളോയില്ലാതെ അടിമതുല്യം പണിയെടുത്ത തോട്ടംതൊഴിലാളികളെ അവകാശബോധമുള്ളവരാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഹൈറേഞ്ച് എസ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തില്‍ ആരംഭിച്ചതിനെ തുടര്‍ന്ന് പീരുമേട്ടിലെ ലക്ഷ്മികോവില്‍, സതേണ്‍ ടീ കമ്പനിയുടെ ലാഡ്രം, ഗ്ലെന്‍മേരി തുടങ്ങിയ പല എസ്റ്റേറ്റുകളിലും തൊഴിലാളി സമരങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. കോട്ടയം ഭാസി, പി ഐ ചാണ്ടി, അബ്ദുള്‍ വഹാബ് തുടങ്ങിയവരാണ് സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്തത്. ഇന്ത്യയില്‍ ആദ്യമായി ഗൊരാവേ സമരം നടന്നത് ഗ്ലെന്‍മേരിയിലായിരുന്നു. സമരങ്ങളെ തുടര്‍ന്ന് തോട്ടം തൊഴിലാളികളെ വന്‍തോതില്‍ സ്വാധീനിച്ച ഇടതുപക്ഷ തൊഴിലാളി യൂണിയന്റെ പ്രവര്‍ത്തനത്തെ മുളയിലെ തകര്‍ക്കുന്നതിന് അറുപത് വര്‍ഷം മുമ്പ് തിരു-കൊച്ചി സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രത്യേക പൊലീസ് സംവിധാനമൊരുക്കിയെങ്കിലും പ്രസ്ഥാനത്തെ തകര്‍ക്കാനായില്ലെന്ന് തമിഴ്നാട്ടിലെ പ്രമുഖ കമ്യൂണിസ്റ്റ് നേതാവും പീരുമേട്ടില്‍ ഒളിവില്‍ കഴിയവെ പാര്‍ടിയുടേയും യൂണിയന്റേയും പ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുക്കുകയും ചെയ്ത അബ്ദുള്‍ വഹാബിന്റെ ജീവചരിത്രത്തില്‍ പറയുന്നുണ്ട്.

deshabhimani 220412