Showing posts with label ആസിയാന്‍ കരാര്‍. Show all posts
Showing posts with label ആസിയാന്‍ കരാര്‍. Show all posts

Thursday, February 25, 2021

റാവു പതിച്ചുനൽകി ചെന്നിത്തല കൈയടിച്ചു

 എന്താണ്‌ ആഴക്കടൽ?

തീരത്തുനിന്ന്‌ 22.2 കിലോമീറ്ററിനും 370 കിലോമീറ്ററിനും  ഇടയിലുള്ള സ്‌പെഷ്യൽ സാമ്പത്തികമേഖലയാണ്‌ ആഴക്കടൽ. ഇത്‌ പൂർണമായും കേന്ദ്രസർക്കാരിന്റെ അധീനതയിലാണ്‌‌.

വിദേശ ട്രോളറിന്‌ അനുമതി 
നൽകിയത്‌ ആര്‌?

ആഴക്കടൽ മേഖലയിൽ മീൻപിടിക്കാൻ വിദേശ
ട്രോളറുകൾക്ക്‌ ആദ്യമായി ലൈസൻസ്‌ നൽകിയത്‌ 1991ലെ കോൺഗ്രസ്‌ സർക്കാരാണ്‌. അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു  800ൽപ്പരം ട്രോളറുകൾക്കായി 170 ലൈസൻസാണ്‌ നൽകിയത്‌.  ഒമ്പത്‌ സംസ്ഥാനത്തായി 7,500ൽപ്പരം കിലോമീറ്റർ ദൈർഘ്യമുള്ള ഇന്ത്യൻ സമുദ്രാതിർത്തിയിലെ  മത്സ്യസമ്പത്ത്‌ വിദേശകമ്പനികൾക്ക്‌ തൂത്തുവാരാൻ അനുമതി നൽകി. 

കൈയടിച്ച്‌ പാസാക്കിയ എംപി ആര്‌?

അക്കാലത്ത്‌ രമേശ്‌ ചെന്നിത്തല കോൺഗ്രസ്‌ എംപിയായിരുന്നു; കേരളത്തിൽ യുഡിഎഫ്‌ സർക്കാരും. ലോക്‌സഭയിൽ ഭൂരിപക്ഷം തികയ്‌ക്കാൻ പാടുപെട്ടിരുന്ന റാവുവിന്‌ ഓരോ എംപിയും വിലപ്പെട്ടതായിരുന്നു. ഈ സാഹചര്യം ഉപയോഗിച്ച്‌ നയം തിരുത്തിക്കാൻ കേരളത്തിൽനിന്നുള്ള കോൺഗ്രസ്‌ എംപിമാർക്ക്‌ കഴിയുമായിരുന്നു. അന്നൊന്നും മിണ്ടാത്ത ചെന്നിത്തലയാണ്‌ ഇപ്പോൾ തീരത്തിനുവേണ്ടി കരയുന്നത്‌.

കടപ്പുറം ഇളകി; പക്ഷേ 
കോൺഗ്രസ്‌ ഇളകിയോ?

മത്സ്യമേഖലയെ ആശ്രയിച്ച്‌ കഴിയുന്ന ദശലക്ഷക്കണക്കിന്‌ തൊഴിലാളികളുടെ ജീവിതമാർഗം നശിപ്പിക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ ട്രേഡ്‌ യൂണിയനുകളും മത്സ്യത്തൊഴിലാളികളുടെ പ്രസ്ഥാനങ്ങളും രംഗത്തുവന്നു. ഇടതുപാർടികൾ പാർലമെന്റിന്‌ അകത്തും പുറത്തും ശക്തമായി പ്രതിഷേധിച്ചു.  നാഷണൽ ഫിഷ്‌ വർക്കേഴ്‌സ്‌ ഫോറത്തിന്റെ ആഹ്വാനപ്രകാരം 1994 ഫെബ്രുവരി നാലിന്‌ ബന്ദ്‌ ആചരിച്ചു.

പുതിയ ലൈസൻസ്‌ നൽകില്ലെന്ന്‌ അന്ന്‌ മന്ത്രിയായിരുന്ന തരുൺ ഗോഗോയ് (പിന്നീട്‌ അസം മുഖ്യമന്ത്രി)‌ 1994 ഡിസംബർ 15ന്‌ പാർലമെന്റിൽ പറഞ്ഞു. നയം പുനഃപരിശോധിക്കാൻ മുരാരി കമ്മിറ്റിയെ നിയോഗിച്ചു. എന്നാൽ വാക്ക്‌ പാലിക്കാതെ സർക്കാർ വീണ്ടും ലൈസൻസ്‌  നൽകി.

മീൻകൊള്ള തുടരുന്നു; 
മിണ്ടിയോ?

അനുമതി പത്രത്തിന്റെ അടിസ്ഥാനത്തിൽ ആഴക്കടലിൽ മീൻപിടിക്കാൻ സൗകര്യം നൽകിയത്‌ 2002ൽ വാജ്‌പേയ്‌ സർക്കാർ.  കേന്ദ്ര മത്സ്യവകുപ്പിൽനിന്നാണ്‌ അനുമതി നൽകുന്നത്‌. ഇതുമറയാക്കി  വിദേശട്രോളറുകൾ വൻതോതിൽ കടന്നുവന്ന്‌ മത്സ്യസമ്പത്ത്‌ അരിച്ചുപെറുക്കി. വ്യവസ്ഥകൾ ലംഘിച്ച്‌ മീൻ കടലിൽനിന്നു തന്നെ വിദേശകപ്പലുകളിലേ‌ക്ക്‌ മാറ്റി. പിടിച്ചതിന്റെ നൂറിലൊന്നുപോലും ഇന്ത്യൻ തുറമുഖങ്ങളിലെത്തിയില്ല. ഇക്കാര്യം 2017 ആഗസ്‌ത്‌ ഒന്നിന്‌ രാജ്യസഭയിൽ കെ കെ രാഗേഷ്‌ തുറന്നുകാട്ടി.

വൻകിട ട്രോളറുകൾക്ക്‌ 
അനുമതി

150ൽ കൂടുതൽ നോട്ടിക്കൽ മൈലുകൾക്കപ്പുറത്ത് ആഴക്കടലിൽ നങ്കൂരമടിക്കുന്ന വലിയ കപ്പലുകൾ മത്സ്യം പിടിച്ച്‌ കപ്പലിൽനിന്നു തന്നെ സംസ്‌കരിച്ച്‌ പായ്ക്കറ്റുകളാക്കി ചെറിയ ബോട്ടുകളിലേക്ക് മാറ്റുകയും ചെയ്യുന്നു.

177 ഇനം മത്സ്യങ്ങൾ 
യഥേഷ്ടം ഇറക്കുമതി ചെയ്യാം

തായ്‌ലൻഡ്‌, ഇന്തോനേഷ്യ, ഫിലിപ്പീൻസ്‌ പോലുള്ള രാജ്യങ്ങളിൽനിന്ന്‌ വിലക്കുറവിൽ മത്സ്യം ഇറക്കുമതി ചെയ്യുന്നു. ഇന്ത്യൻ മത്സ്യവിപണി തകർച്ചയെ നേരിടും. ഇറക്കുമതി വർധിച്ചു, കയറ്റുമതി പഴയപടിയെന്നാണ്‌ പുതിയ റിപ്പോർട്ട്‌. വിദേശ മീൻപിടിത്ത കപ്പലുകൾ യഥേഷ്ടം കടന്നുവരുന്നതിനാൽ, 12 നോട്ടിക്കൽ മൈലിനപ്പുറം പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക്‌ പ്രവേശനമില്ല.

പ്രത്യേക ടൂറിസം സോണുകളിൽ മത്സ്യത്തൊഴിലാളികൾക്ക്‌ പ്രവേശനമില്ല. പവിഴപ്പാര്‌ (ക്വാറൽ റീഫ്‌) സംരക്ഷിക്കാനായി 32 കടൽ പ്രദേശം മറൈൻ പ്രൊട്ടക്ടഡ്‌ എരിയ. ഇവിടെ ട്രോളിങ്‌ ആകാം, നമ്മുടെ ബോട്ടുകൾക്ക്‌ വിലക്ക്‌.മത്സ്യഇറക്കുമതി ഏറ്റവും ദോഷം‌ കേരളത്തിന്‌. നെത്തോലി, മത്തി, അയല, വറ്റ, ചെമ്മീൻ തുടങ്ങി ആവശ്യക്കാരുള്ളവ ധാരാളം ഉൽപ്പാദിപ്പിക്കുന്നു.ആസിയനിൽ ബാക്കിയുള്ള നിബന്ധനകളുൾപ്പെട്ട കരാർ അടുത്തിടെ കേന്ദ്രമന്ത്രി നിർമല സീതാരാമന്റെ നേതൃത്വത്തിൽ ഒപ്പിട്ടു.

താരിഖ്‌ അൻവറിന്‌ 
ഓർമയുണ്ടോ; 
മീനാകുമാരി 
സമിതിയെ

മത്സ്യമേഖലയെ കുത്തകകൾക്ക്‌ പൂർണമായും തീറെഴുതുകയെന്ന ലക്ഷ്യത്തോടെ രണ്ടാം യുപിഎ സർക്കാർ 2013 ആഗസ്‌തിൽ ഡോ. ബി മീനാകുമാരി അധ്യക്ഷയായി സമിതിയെ നിയോഗിച്ചു.  ഇപ്പോൾ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ്‌ അൻവർ ആയിരുന്നു ഫിഷറീസിന്റെ ചുമതലയുള്ള സഹമന്ത്രി. ഈ സമിതി റിപ്പോർട്ട്‌ സമർപ്പിച്ചത്‌ 2014ൽ ഒന്നാം നരേന്ദ്രമോഡിസർക്കാരിന്റെ കാലത്ത്‌. വിദേശ ട്രോളറുകൾക്കടക്കം സ്വകാര്യ കുത്തകകൾക്ക് ഇന്ത്യയുടെ തീരമേഖലയിൽ മീൻപിടിക്കാൻ അനുമതി നൽകാൻ കമീഷൻ ശുപാർശ ചെയ്തു.

ചെറുകിട ബോട്ടുകൾ മീൻപിടിക്കുന്ന മേഖല 200  മുതൽ 500 മീറ്റർവരെ ആഴത്തിലാണ്‌. എന്നാൽ ഇവിടെ മത്സ്യബന്ധനം നിരോധിക്കാൻ നിർദേശിച്ചു.  ഇത്‌  ചെറുകിട മത്സ്യത്തൊഴിലാളികളുടെ അതിജീവനപ്രശ്നമായി മാറി. വൻപ്രക്ഷോഭം ഉയർന്നു.

മീനാകുമാരി കമീഷന്റെ പരിഗണനാവിഷയങ്ങൾ നിശ്ചയിച്ചത് യുപിഎ സർക്കാരിന്റെ കാലത്താണ്. കമീഷൻ റിപ്പോർട്ട് വന്നപ്പോൾ കോൺഗ്രസിന്റെ നയം ബിജെപി സർക്കാർ കൂടുതൽ ആവേശത്തോടെ നടപ്പാക്കി.

ഉമ്മൻചാണ്ടി മറന്ന ആസിയാൻ

കോൺഗ്രസ്‌ പ്രധാനമന്ത്രി മൻമോഹൻസിങ്ങും വാണിജ്യമന്ത്രി ആനന്ദ്‌ ശർമയും നാട്ടുകാരെ പറ്റിച്ചേ എന്നുപറഞ്ഞ്‌ ഒപ്പിട്ട കരാറാണ്‌ ‘ആസിയൻ’‌. 2009 ആഗസ്‌ത്‌ 13ന്‌ ഒപ്പിട്ട കരാർ 2010 ജനുവരി മുതൽ നിലവിൽവന്നു. ഏഷ്യൻ രാജ്യവുമായി ഒപ്പിട്ട ഈ വ്യാപാര കരാറിനെതിരെ ശക്തമായി രംഗത്തുവന്നത്‌ ഇടതുപക്ഷം മാത്രം. അന്ന്‌  ഉമ്മൻചാണ്ടി പ്രധാനമന്ത്രിയെ കണ്ടശേഷം പറഞ്ഞു:‌ ‘‘എല്ലാം പറഞ്ഞുശരിയാക്കി, കേരളവുമായി ചർച്ച ചെയ്തേ കരാർ ഒപ്പിടൂ.’’ എന്നാൽ,  കരാർ ഒപ്പിട്ട വിവരം മാധ്യമങ്ങൾ പോലും അറിഞ്ഞില്ല.  കരാർ വ്യവസ്ഥകൾ നടപ്പാക്കാൻ പല നിയമങ്ങളും  കേന്ദ്രസർക്കാർ ഭേദഗതി ചെയ്‌തു. 

Tuesday, September 29, 2020

ആസിയാൻ കരാർ ഇന്ത്യക്ക്‌ കടുത്ത ബാധ്യതയാകുന്നു ; ഇന്ത്യയുടെ ആവശ്യത്തെ എതിർത്ത്‌ അംഗരാജ്യങ്ങൾ

 ഉൽപ്പന്നമേഖല ആസിയാൻ സ്വതന്ത്രവ്യാപാര കരാർ പുനഃപരിശോധിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തെ എതിർത്ത്‌ അംഗരാജ്യങ്ങൾ.  ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക്‌ കരാർ തിരിച്ചടിയായ സാഹചര്യത്തിലാണ്‌ പുനഃപരിശോധന ആവശ്യപ്പെട്ടത്‌. എന്നാൽ, ആർസിഇപി (മേഖല സമഗ്ര സാമ്പത്തിക പങ്കാളിത്ത) കരാറിൽ ഇന്ത്യ ഭാഗമാകുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്കാണ്‌ മുൻഗണന നൽകേണ്ടതെന്ന നിലപാടിലാണ്‌ ആസിയാൻ രാജ്യങ്ങൾ. കഴിഞ്ഞ മാസം ഓൺലൈനിൽ ചേർന്ന മന്ത്രിതലയോഗത്തിനുശേഷം ആസിയാൻ സെക്രട്ടറിയറ്റ്‌ ഇറക്കിയ പ്രസ്‌താവനയിൽ ഇക്കാര്യം വ്യക്തമാക്കി. ആസിയാൻ കരാറിനേക്കാൾ ഇന്ത്യക്ക്‌ ദോഷകരമാകുന്നതാണ്‌ ആർസിഇപി കരാർ.

നിതി ആയോഗും ഇന്ത്യൻ കൗൺസിൽ ഫോർ റിസർച്ച്‌ ഓൺ ഇന്റർനാഷണൽ ഇക്കണോമിക്‌ റിലേഷൻസും രണ്ടു വർഷമായി ആസിയാൻ കരാറിന്റെ തിക്തഫലങ്ങൾ ചൂണ്ടിക്കാണിക്കുന്നു. നിലവിൽ ആസിയാൻ രാജ്യങ്ങളുമായി ഇന്ത്യയുടെ വ്യാപാരകമ്മി 2400 കോടി ഡോളറാണ്‌. കരാർ പുനഃപരിശോധിക്കണമെന്ന ആവശ്യം ഇന്ത്യ–- ആസിയാൻ മന്ത്രിതല യോഗത്തിൽ ഇന്ത്യ ആവർത്തിച്ചു. തുടർന്ന്‌ വാണിജ്യ സെക്രട്ടറി അനൂപ്‌ വധ്‌വാൻ സെപ്‌തംബർ 14ന്‌ ആസിയാൻ സെക്രട്ടറി ജനറൽ ലിം ജോക്‌ ഹോയിക്ക്‌ കത്തയച്ചു. ഇക്കൊല്ലം നവംബറിൽ നടക്കുന്ന ഇന്ത്യ–- ആസിയാൻ ഉച്ചകോടിയിൽ അന്തിമതീരുമാനം എടുക്കാൻ കഴിയുന്ന വിധത്തിൽ പുനഃപരിശോധന ഉടൻ ആരംഭിക്കണമെന്നാണ്‌ ആവശ്യം.      യുപിഎ ഭരണകാലത്ത്‌ 2009ൽ ഒപ്പിട്ട്‌‌ അടുത്തവർഷം നിലവിൽവന്നതാണ്‌ ഇന്ത്യ–- ആസിയാൻ കരാർ. ഇതിനെ തുടക്കംമുതൽ ഇടതുപക്ഷം ശക്തമായി എതിർത്തു.  21 ഇനം ഉൽപ്പന്നങ്ങളുടെ മേഖലയിൽ 13ലും ആസിയാൻ കരാർ ഇന്ത്യക്ക്‌ പ്രതികൂലമാണെന്ന്‌ വാണിജ്യമന്ത്രാലയം ഉദ്യോഗസ്ഥർ പറയുന്നു.

ആർസിഇപിയിൽ ഇന്ത്യക്ക്‌ ചാഞ്ചാട്ടം

പത്ത്‌ ആസിയാൻ രാജ്യവും ഓസ്‌ട്രേലിയ, ചൈന, ന്യൂസിലൻഡ്‌, ജപ്പാൻ, ദക്ഷിണകൊറിയ എന്നിവയും ഉൾപ്പെട്ട ആർസിഇപി കരാറിൽ ഒപ്പിടുന്നതിന്റെ വക്കിൽവരെ കഴിഞ്ഞവർഷം ഇന്ത്യ എത്തിയതാണ്‌. രാജ്യത്തെ കർഷകരുടെയും വ്യവസായികളുടെയും സംഘടനകളും വിവിധ സംസ്ഥാനങ്ങളും ഉയർത്തിയ ശക്തമായ പ്രതിഷേധത്തെതുടർന്നാണ്‌ കേന്ദ്രസർക്കാർ പിന്തിരിഞ്ഞത്‌.  കേന്ദ്രസർക്കാർ ആർസിഇപിയെ പൂർണമായി നിരാകരിച്ചിട്ടില്ല.

Sunday, November 27, 2011

കര്‍ഷക ആത്മഹത്യയിലേക്ക് നയിച്ചത് ആസിയന്‍ കരാര്‍ : ഡോ. തോമസ് ഐസക്

അഞ്ചല്‍ : ആസിയന്‍ കരാര്‍ ഒപ്പിട്ട് കോണ്‍ഗ്രസ് കര്‍ഷകരെ ആത്മാഹത്യയിലേക്ക് തള്ളിവിട്ടതാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിഅംഗം ഡോ. തോമസ് ഐസക് പറഞ്ഞു. സിപിഐ എം അഞ്ചല്‍ ഏരിയസമ്മേളന സമാപനസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ആസിയന്‍ കരാര്‍ കൊണ്ടുവന്നപ്പോള്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ നാണ്യവിളകള്‍ക്കു വിലത്തകര്‍ച്ച ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ , അതു മറികടന്ന് കോണ്‍ഗ്രസ് കരാര്‍ ഒപ്പിട്ട് കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയായിരുന്നു. ആത്മഹത്യ പെരുകിയിട്ടും കര്‍ഷകരെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് നടപടി സ്വീകരിക്കുന്നില്ല. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കര്‍ഷക ആത്മഹത്യ പെരുകിയതുപോലെ വീണ്ടും യുഡിഎഫ് ഭരണത്തില്‍ വന്നപ്പോള്‍ മുതല്‍ കര്‍ഷക ആത്മഹത്യ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. രണ്ടാഴ്ചയ്ക്കകം ഏഴു കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കര്‍ഷകര്‍ക്കു ജീവിക്കാനുള്ള പ്രത്യാശ നല്‍കുന്ന പദ്ധതികളാണ് നടപ്പാക്കിയത്. അത് ഇന്ത്യയ്ക്കു തന്നെ മാതൃകയായിരുന്നു. ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. കേരളത്തിന്റെ സമസ്തമേഖലയും തകര്‍ക്കുന്ന നയമാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അടഞ്ഞുകിടന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കുകയും പുതിയതായി പത്തെണ്ണം തുടങ്ങുന്നതിന് പ്രാരംഭപ്രവര്‍ത്തനം നടത്തുകയും ചെയ്തു. എന്നാല്‍ , ഇതൊക്കെ അടച്ചുപൂട്ടുന്ന നയമാണ് യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. നേരിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലിരിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ ഓരോ ദിവസം കഴിയുന്തോറും സ്വയം തകര്‍ന്നുകൊണ്ടിരിക്കുകയാണ്. മാപ്പ് പറയാന്‍ മാത്രമേ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നേരമുള്ളൂ. "മാപ്പ് മുഖ്യമന്ത്രി" എന്നാണ് ജനങ്ങള്‍ നല്‍കിയിരിക്കുന്ന വിളിപ്പേര്. മന്ത്രിസഭയില്‍ കൊള്ളരുതാത്തവരുടെ എണ്ണം കൂടുതലായതിനാലാണ് മുഖ്യമന്ത്രിക്ക് എപ്പോഴും മാപ്പ് പറയേണ്ടിവരുന്നതെന്നും തോമസ് ഐസക് പറഞ്ഞു.

സംസ്ഥാനത്തെ ലോഡ് ഷെഡിങ്ങിലേക്ക് നയിച്ചത് ഊര്‍ജാസൂത്രണത്തിലെ പാളിച്ച: എ കെ ബാലന്‍

കൊല്ലം: ജലസംഭരണികളിലെ വെള്ളം വേനല്‍ക്കാലത്തേക്ക് സംഭരിച്ചുവയ്ക്കാതെ വില്‍ക്കാന്‍ തീരുമാനിച്ച തെറ്റായ തീരുമാനത്തിലൂടെ യുഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് വൈദ്യുതിപ്രതിസന്ധി ക്ഷണിച്ചുവരുത്തുകയാണെന്ന് മുന്‍ വൈദ്യുതിമന്ത്രി എ കെ ബാലന്‍ പറഞ്ഞു. കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ജില്ലാബാങ്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ഉപഭോഗം കൂടിയ സമയത്ത് സംസ്ഥാനത്ത് 3000 മെഗാവാട്ട് വൈദ്യുതിയാണ് ആവശ്യമായിവരുന്നത്. അത് ഏറെക്കുറെ ലഭ്യവുമാണ്. ആയിരം മില്യണ്‍ യൂണിറ്റ് വൈദ്യുതി അധികമായി ഉല്‍പ്പാദിപ്പിക്കാന്‍ ആവശ്യമായ മഴ ഈ വര്‍ഷം ലഭിച്ചു. നിലവിലുള്ള 200 മെഗാവാട്ടിന്റെ കുറവില്‍ സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തേണ്ട കാര്യമില്ല. ഊര്‍ജാസൂത്രണത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച സമീപനം തുടരുന്നതില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് വീഴ്ചയുണ്ടായി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഊര്‍ജസംരക്ഷണ പ്രവര്‍ത്തനം ദേശീയതലത്തില്‍തന്നെ അംഗീകരിച്ചതാണ്. ഊര്‍ജസംരക്ഷണ നടപടികളുടെ ഭാഗമായി 300 മെഗാവാട്ട് വൈദ്യുതിയാണ് ലാഭിക്കാനായത്. വൈദ്യുതിനഷ്ടം കുറയ്ക്കാന്‍ ഒന്നര ലക്ഷം സിഎഫ്എല്‍ ബള്‍ബുകള്‍ വിതരണംചെയ്തു. പ്രസരണ നഷ്ടം 22 ശതമാനത്തില്‍നിന്ന് 16.81ലേക്ക് കുറച്ചു.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷംകൊണ്ട് സംസ്ഥാനത്ത് 20199 ട്രാന്‍സ്ഫോര്‍മറുകളാണ് സ്ഥാപിച്ചത്. 85 അസംബ്ലി മണ്ഡലങ്ങള്‍ സമ്പൂര്‍ണമായി വൈദ്യുതീകരിച്ചു. ആദിവാസി മേഖലകളിലാകെ വൈദ്യുതിയെത്തിച്ചു. 2020 ഓടെ സംസ്ഥാനത്തിന് 6000 മെഗാവാട്ട് വൈദ്യുതിയുടെ ആവശ്യകതയുണ്ടാകും. ഇന്നത്തെ സാഹചര്യത്തില്‍ ഒരു പാവപ്പെട്ടവനുപോലും പുതിയ വൈദ്യുതി കണക്ഷന്‍ ലഭ്യമാകുമെന്ന പ്രതീക്ഷയില്ല. പരിസ്ഥിതി- തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ഫലമായി കഴിഞ്ഞ മൂന്നു ദശാബ്ദത്തിനിടെ 3700 മെഗാവാട്ടിന്റെ വിവിധ വൈദ്യുതിപദ്ധതികളാണ് സംസ്ഥാനത്തിന് നഷ്ടമായതെന്നും എ കെ ബാലന്‍ പറഞ്ഞു. 770 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള ഇടുക്കി പദ്ധതിക്ക് സമാനമായ ഒരു പദ്ധതിക്കു പോലും രൂപം നല്‍കാനായില്ല. കേരളത്തില്‍ ഒരു ജലവൈദ്യുതപദ്ധതികള്‍ പോലും പാടില്ലെന്ന ദുശ്ശാഠ്യമാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക്. ഡാമുകള്‍ ഇല്ലായിരുന്നെങ്കില്‍ കേരളത്തിലെ പുഴകളില്‍ ഒരുതുള്ളി ജലംപോലും അവശേഷിക്കില്ല. വൈദ്യുതി മേഖല സ്തംഭിച്ചാല്‍ കേരളത്തിന്റെ വികസനം നിശ്ചലമാകുമെന്ന വിചാരമുണ്ടാകണമെന്നും എ കെ ബാലന്‍ പറഞ്ഞു.

deshabhimani news

Wednesday, July 20, 2011

റബര്‍ ഇറക്കുമതി വേണ്ട

നാല്‍പ്പതിനായിരം ടണ്‍ റബര്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം റബര്‍കര്‍ഷകരെ പ്രതികൂലമായി ബാധിക്കുമെന്നതില്‍ സംശയം വേണ്ട. 2,80,000 ടണ്‍ റബര്‍ ഇവിടെ കെട്ടിക്കിടക്കുമ്പോഴാണ് വന്‍കിട ടയര്‍ലോബിയുടെ സമ്മര്‍ദത്തിനു വഴങ്ങി സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്. കേന്ദ്രസര്‍ക്കാരിന് കേരളത്തിലെ ആയിരക്കണക്കിന് റബര്‍കര്‍ഷകരെക്കാള്‍ പ്രധാനം വന്‍കിട റബര്‍ കമ്പനിക്കാരാണ്. റബര്‍ ഇറക്കുമതിചെയ്യുന്നത് നിലവിലുള്ള 20 ശതമാനം ഇറക്കുമതിച്ചുങ്കം 7.5 ശതമാനമാക്കി വെട്ടിച്ചുരുക്കിയാണ്. സര്‍ക്കാരിനു ലഭിക്കുന്ന വരുമാനംപോലും ടയര്‍ കമ്പനികള്‍ക്കുവേണ്ടി ഉപേക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിരിക്കുന്നു.

കാര്‍ഷികോല്‍പ്പന്നങ്ങളില്‍ റബറിനുമാത്രമാണ് ന്യായമായ വില ലഭിക്കുന്നത്. നാളികേരവില അല്‍പ്പം വര്‍ധിച്ചിരുന്നു. എന്നാല്‍ , അയല്‍സംസ്ഥാനങ്ങളില്‍നിന്ന് കേരളവിപണിയിലേക്ക് വെളിച്ചെണ്ണ ഒഴുകാന്‍ തുടങ്ങിയതോടെ നാളികേരവില ഇടിയാന്‍ തുടങ്ങി. നിയമസഭയില്‍ റബര്‍ ഇറക്കുമതി ചെയ്യാനുള്ള തീരുമാനത്തില്‍ എല്ലാ കോണില്‍നിന്നും പ്രതിഷേധസ്വരം ഉയര്‍ന്നപ്പോള്‍ ആഭ്യന്തരവിപണിയില്‍ റബര്‍വില ഇടിയാന്‍ സംസ്ഥാനസര്‍ക്കാര്‍ അനുവദിക്കുകയില്ലെന്ന് മുഖ്യമന്ത്രി പറയുകയുണ്ടായി. അത് റബര്‍കര്‍ഷകരെ ആശ്വസിപ്പിക്കാനുള്ള മാര്‍ഗമായി മാത്രമേ കാണാന്‍ കഴിയൂ. കേരളത്തിന് കോടിക്കണക്കിന് രൂപയുടെ നഷ്ടം വരുത്തുന്നതുകൂടിയാണ് ഈ തീരുമാനം. ടയര്‍ലോബി രണ്ടുലക്ഷം ടണ്‍ സ്വാഭാവികറബര്‍ ഇറക്കുമതി ചെയ്യണമെന്നാണ് ആവശ്യപ്പെട്ടത്. വാണിജ്യമന്ത്രാലയം 40,000 ടണ്‍മാത്രം മതിയെന്നു തീരുമാനിച്ചതായാണ് അറിയുന്നത്. ഇത് റബര്‍കര്‍ഷകരുടെ മനോഭാവം മനസ്സിലാക്കാനുള്ള തുടക്കംമാത്രമാണ്. ഇത്രയും റബര്‍ ഇറക്കുമതി ചെയ്താല്‍ത്തന്നെ ആഭ്യന്തരവിപണിയില്‍ റബര്‍വില കുത്തനെ ഇടിയാനിടവരും. റബര്‍ കര്‍ഷകരുടെ പ്രതിഷേധം ശക്തമായില്ലെങ്കില്‍ കൂടുതല്‍ റബര്‍ തായ്ലന്‍ഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്നത് തുടരുമെന്നും ഉറപ്പാണ്. റബര്‍ചുങ്കം വെട്ടിക്കുറച്ച് ഇറക്കുമതിചെയ്യുമെന്ന വാര്‍ത്ത വന്നതോടെ കര്‍ഷകര്‍ അങ്കലാപ്പിലാണ്. ചെറുകിടകര്‍ഷകര്‍ അവരുടെ കൈവശമുള്ള റബര്‍ വിറ്റഴിക്കാന്‍ ഉടന്‍തന്നെ വിപണിയിലെത്തും. ആഗോളവല്‍ക്കരണ -ഉദാരവല്‍ക്കരണനയം ഇന്ത്യയിലെ കര്‍ഷകരെയാണ് ഏറ്റവും പ്രതികൂലമായി ബാധിച്ചത്. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വില കുത്തനെ ഇടിയാന്‍ ഇറക്കുമതി ഉദാരവല്‍ക്കരണനയം ഇടവരുത്തി. 300 ശതമാനംവരെ ഇറക്കുമതിച്ചുങ്കം ഈടാക്കാന്‍ കഴിയുമെന്നിരിക്കെ 20 ശതമാനംതന്നെ തുച്ഛമായ തുകയാണ്. അതാണ് ടയര്‍ ലോബിക്കുവേണ്ടി ഏഴര ശതമാനമാക്കി കുറച്ചത്. അതുതന്നെ അഞ്ചുശതമാനമായി ചുരുക്കണമെന്നാണാവശ്യം. സാമ്രാജ്യത്വ സാമ്പത്തികനയത്തിന്റെ കെടുതി കൂടുതല്‍ കൂടുതല്‍ ജനവിഭാഗങ്ങള്‍ക്ക് അനുഭവത്തിലൂടെ ബോധ്യപ്പെട്ടുവരികയാണ്. റബര്‍ ഇറക്കുമതി അരുതെന്ന് ധനമന്ത്രി കെ എം മാണി ആവശ്യപ്പെട്ടതായി കാണുന്നു. കേവലം വാക്കുകൊണ്ടുള്ള പ്രതിഷേധമായി അത് മാറുമെന്നാണു കരുതേണ്ടത്. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ ശബ്ദിക്കാന്‍ യുഡിഎഫ് നേതൃത്വംനല്‍കുന്ന കോണ്‍ഗ്രസിനോ മറ്റു ഘടകകക്ഷികള്‍ക്കോ കരുത്തില്ല.

പെട്രോളിന്റെയും പാചകവാതകത്തിന്റെയും വില വര്‍ധിപ്പിച്ചു. ഏറ്റവും ഒടുവില്‍ പാചകവാതക സിലിണ്ടര്‍ വര്‍ഷത്തില്‍ നാലായി പരിമിതപ്പെടുത്താന്‍ തീരുമാനിക്കുമെന്ന പ്രഖ്യാപനം വന്നു. കൂടുതല്‍ ആവശ്യമുള്ള ഓരോ സിലിണ്ടര്‍ പാചകവാതകത്തിനും 800 രൂപ നല്‍കണം. കേരള നിയമസഭ ഏകകണ്ഠമായി ഈ നയത്തിനെതിരെ പ്രമേയം പാസാക്കാന്‍ തയ്യാറായത് സ്വാഗതാര്‍ഹമാണ്. പ്രമേയം പ്രാവര്‍ത്തികമാക്കുന്നതിന് തുടര്‍ന്നും കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദംചെലുത്തുന്നതിന് ഐക്യം അനിവാര്യമാണ്. റബര്‍ ഇറക്കുമതി ചെയ്യുന്നതിനെതിരെയും ഈ ഐക്യമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. റബര്‍ബോര്‍ഡിനോടുപോലും ചര്‍ച്ചചെയ്യാതെ ഇറക്കുമതിചെയ്യാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ മുഴുവന്‍ കര്‍ഷകരുടെയും പ്രതിഷേധം അലയടിച്ചുയരേണ്ടതുണ്ട്. റബര്‍ ഇറക്കുമതി ചെയ്യാനുള്ള തീരുമാനത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണം. ഒരുടണ്‍ റബര്‍ പോലും ഇറക്കുമതിചെയ്യരുതെന്നാവശ്യപ്പെടണം. ഇറക്കുമതിച്ചുങ്കം വെട്ടിച്ചുരുക്കാനുള്ള തീരുമാനവും ഉടന്‍ പിന്‍വലിക്കണം.

deshabhimani editorial 200711

Monday, July 18, 2011

40,000 ടണ്‍ റബര്‍ ഇറക്കാന്‍ അനുമതി

ന്യൂഡല്‍ഹി: കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് ഇരുട്ടടി നല്‍കി കേന്ദ്ര സര്‍ക്കാര്‍ റബര്‍ ഇറക്കുമതിക്ക് അനുമതി നല്‍കി. 40000 ടണ്‍ സ്വാഭാവിക റബര്‍ നിസാര തീരുവക്ക് ഇറക്കുമതി ചെയ്യാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. റബര്‍ ബോര്‍ഡുമായി ആലോചിക്കാതെ എടുത്ത ഈ തീരുമാനം ടയര്‍ ലോബിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നറിയുന്നു. 7.5 ശതമാനം തീരുവക്കാണ് ഇപ്പോള്‍ ഇറക്കുമതിക്ക് അനുമതി നല്‍കിയിരിക്കുന്നത്.സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഇറക്കുമതിക്ക് അനുമതി നല്‍കിയത് കര്‍ഷകരെ ദോഷകരമായി ബാധിക്കും. രണ്ട് ലക്ഷം ടണ്‍ ഇറക്കുമതി ചെയ്യണമെന്നാണ് ടയര്‍ ലോബിയുടെ ആവശ്യം. മികച്ച വിലയുള്ളതിനാല്‍ കേരളത്തിലെ റബര്‍ കര്‍ഷകര്‍ മികച്ച സ്ഥിതിയിലായിരുന്നു. വില കുറയുമെന്നതിനാല്‍ ഈ സ്ഥിതിക്ക് മാറ്റം വരും. ആസിയാന്‍ കരാര്‍ പ്രകാരമാണ് ഇപ്പോള്‍ ആസിയാന്‍ രാജ്യങ്ങളില്‍ നിന്ന് റബര്‍ ഇറക്കുന്നത്.

deshabhimani news

Saturday, January 15, 2011

കര്‍ഷക ആത്മഹത്യ കൂടുതല്‍ നടന്നത് ഉമ്മന്‍ചാണ്ടിയുടെ ഭരണത്തില്‍

വയനാട്ടില്‍ ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ നടന്നത് താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി മറക്കരുതെന്ന് കര്‍ഷക സംഘം കേന്ദ്ര കമ്മറ്റി അംഗം പി കൃഷ്ണപ്രസാദ് എം എല്‍ എ പ്രസ്താവനയില്‍ പറഞ്ഞു. അധികാരത്തില്‍ ഇരുന്നപ്പോള്‍ കര്‍ഷക ആത്മഹത്യ തടയാനോ ആത്മഹത്യ ചെയ്ത കര്‍ഷകരുടെയെങ്കിലും കടം ഏറ്റെടുക്കാനോ കഴിയാത്ത ഉമ്മന്‍ചാണ്ടിക്ക് കര്‍ഷകപ്രേമം പ്രസംഗിക്കാന്‍ ധാര്‍മിക അവകാശമില്ല. 2006ല്‍ വി എസ് സര്‍ക്കാര്‍ അധികാരമേറ്റപ്പോഴാണ് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കടങ്ങള്‍ ഏറ്റെടുത്തതും കര്‍ഷക കടാശ്വാസ കമ്മീഷന്‍ രൂപീകരിച്ചതും. വയനാട്ടിലെ 42113 കര്‍ഷകരുടെ 25000 രൂപ വരെയുള്ള കടങ്ങള്‍ എഴുതിത്തള്ളിയ വസ്തുത ആര്‍ക്കും നിഷേധിക്കാനാവില്ല. അധികാരത്തില്‍വന്ന് ഒരു വര്‍ഷത്തിനകം വയനാട്ടിലെയും കേരളത്തിലെയും കര്‍ഷക ആത്മഹത്യ ഇല്ലാതാക്കുന്നതില്‍ വിജയിച്ചു എന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടം.

 2008ല്‍ കേന്ദ്രസര്‍ക്കാര്‍ കടം എഴുതിത്തള്ളിയതുകൊണ്ടാണ് വയനാട്ടില്‍ കര്‍ഷക ആത്മഹത്യ അവസാനിച്ചതെന്ന് അവകാശപ്പെടുന്ന ഉമ്മന്‍ചാണ്ടി 2009ല്‍ രാജ്യത്താകെ 17683 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതിന്റെ ഉത്തരവാദികളാരാണെന്ന് വ്യക്തമാക്കണം. 2008ലെക്കാള്‍ 1520 കര്‍ഷകര്‍ 2009ല്‍ കൂടുതലായി ആത്മഹത്യ ചെയ്തതായാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കര്‍ഷക ആത്മഹത്യക്കും കാര്‍ഷിക പ്രതിസന്ധിക്കും കാരണം ഉദാരവല്‍ക്കരണ നയങ്ങളാണെന്ന് അനുഭവത്തിലൂടെ തിരിച്ചറിഞ്ഞവരാണ് വയനാട്ടിലെ കര്‍ഷകര്‍. രാജ്യത്താകെ കര്‍ഷകരെ കടക്കെണിയിലും ആത്മഹത്യയിലും മുക്കിത്താഴ്ത്തുന്ന ഉദാരവല്‍ക്കരണ നയം നടപ്പിലാക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാവായ ഉമ്മന്‍ചാണ്ടി വയനാട്ടിലെ കര്‍ഷക ആത്മഹത്യ ഇല്ലാതാക്കിയ വി എസ് സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് പരിഹാസ്യമാണ്.

2008ലെ കേന്ദ്ര കടാശ്വാസ പദ്ധതിയില്‍ പുതുക്കിയ കടം റദ്ദാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യവസ്ഥ ചെയ്തതുമൂലം ആയിരക്കണക്കിനു കര്‍ഷക കുടുംബങ്ങള്‍ക്ക് കടാശ്വാസം ലഭിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ സര്‍ഫാസി ആക്ട് മൂലം വയനാട്ടിലെ ആയിരക്കണക്കിനു കര്‍ഷക കുടുംബങ്ങള്‍ ജപ്തി നോട്ടീസ് നേരിടുകയാണ്. ഇതിനെതിരെ ഒരക്ഷരം പറയാതെയാണ് കര്‍ഷകരെ സഹായിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെ ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തുന്നത്.

സഹകരണ ബാങ്കുകളുടെ ചെലവില്‍ കാപ്പി കര്‍ഷകരുടെ കടം എഴുതിത്തള്ളാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച കടാശ്വാസ പദ്ധതിനടപ്പിലാക്കാനാവാത്തതിന് കേരള സര്‍ക്കാരിനെ കുറ്റം പറയുന്നത് കര്‍ഷക വഞ്ചനയാണ്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനകം 4,20000 കോടി രൂപയുടെ നികുതി സൌജന്യം വന്‍കിട വ്യവസായികള്‍ക്ക് നല്‍കിയ മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ കര്‍ഷകരുടെ കടം എഴുതിത്തള്ളാനുള്ള ബാധ്യത സഹകരണ ബാങ്കുകള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാനാണ് പരിശ്രമിക്കുന്നത്.

ഉമ്മന്‍ചാണ്ടി ഭരിച്ചപ്പോള്‍ 7 രൂപയായിരുന്ന ഒരു കിലോ നെല്ലിന്റെ വില 13 രൂപയായും 8-11 രൂപയായിരുന്ന ഒരു ലിറ്റര്‍ പാലിന്റെ വില 17-21 രൂപയായും ഉയര്‍ത്തിയത് വി എസ് സര്‍ക്കാരാണ്. ലക്ഷക്കണക്കിന് കര്‍ഷക കുടുംബങ്ങള്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുന്നത്. യുഡിഎഫിന്റെ 5 വര്‍ഷ ‘ഭരണത്തില്‍ പൂട്ടിക്കിടന്ന സുല്‍ത്താന്‍ ബത്തേരിയിലെ കാര്‍ഷിക മൊത്ത വ്യാപാര വിപണി തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിനു കഴിഞ്ഞു. കാരാപ്പുഴ പദ്ധതി കമ്മീഷന്‍ ചെയ്യാനും വി എസ് സര്‍ക്കാര്‍ വിജയിച്ചു. കര്‍ഷക തൊഴിലാളി പെന്‍ഷന്‍ 110 രൂപ എന്നത് 300 രൂപയാക്കി ഉര്‍ത്തി വയനാട്ടിലെ 1.76 ലക്ഷം കുടുംബങ്ങളില്‍ 52% വരുന്ന 93000 കര്‍ഷകതൊഴിലാളി - ദരിദ്ര കര്‍ഷക കുടുംബങ്ങള്‍ക്ക് 2 രൂപക്ക് ഒരു കിലോ അരി വി എസ് സര്‍ക്കാര്‍ ലഭ്യമാക്കി. രാജ്യത്തെ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 3 രൂപക്ക് ഒരു കിലോ അരി നല്‍കുമെന്ന് 2009 മെയ്മാസത്തിലെ പ്രഖ്യാപനം നടപ്പിലാക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഇതേവരെ തയ്യാറായിട്ടില്ല എന്നതും ഉമ്മന്‍ചാണ്ടി ഓര്‍ക്കേണ്ടതാണ്.

കര്‍ഷകരുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്നത് തെരഞ്ഞെടുപ്പില്‍ വോട്ടുകിട്ടാനാണെന്നും ‘ഭരണത്തില്‍ വന്നാല്‍ അഴിമതി നടത്താനും വിലക്കയറ്റം സൃഷ്ടിക്കാനും വന്‍കിട കച്ചവടക്കാര്‍ക്കും കോര്‍പ്പറേറ്റ് കമ്പനികള്‍ക്കും സൌകര്യമൊരുക്കുകയാണ് കോണ്‍ഗ്രസ്സ് ചെയ്യുന്നതെന്നും രാഷ്ട്രീയ ബോധമുള്ളവര്‍് തിരിച്ചറിയും. ആസിയാന്‍ കരാര്‍ നടപ്പിലാക്കപ്പെടുക 2019ഓടെയാണെന്നിരിക്കെ കരാര്‍ ഒപ്പിട്ടതിനാലാണ് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വില ലഭിക്കുന്നതെന്ന ഉമ്മന്‍ചാണ്ടിയുടെ അവകാശവാദം ഉദാരവല്‍ക്കരണ നയത്തെ ന്യായീകരിക്കുന്നതാണ്. 1994ല്‍ WTO കരാര്‍ ഒപ്പിട്ട ശേഷം 5 വര്‍ഷം കഴിഞ്ഞ് 1999ഓടെയാണ് കരാറിന്റെ പ്രത്യാഘാതം അനുഭവപ്പെട്ടതും ഉല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ച വന്നതും കര്‍ഷക ആത്മഹത്യ ശക്തിപ്പെട്ടതും എന്നതും ഉമ്മന്‍ചാണ്ടി മറക്കരുതെന്നും പ്രസ്താവനയില്‍ പറഞ്ഞു.

ദേശാഭിമാനി വയനാട് ജില്ല 150111

Saturday, October 30, 2010

കേരളത്തിന്റെ കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടി

ന്യൂഡല്‍ഹി: മലേഷ്യയുമായി സ്വതന്ത്ര വ്യാപാര കരാറില്‍ ഏര്‍പ്പെടാനുള്ള യുപിഎ സര്‍ക്കാരിന്റെ തീരുമാനം കേരളത്തിലെ കാര്‍ഷികമേഖലയ്ക്ക് തിരിച്ചടിയാകും. ആസിയന്‍ കരാറിനു പുറമെ മലേഷ്യയുമായി നേരിട്ട് സ്വതന്ത്രവ്യാപാര കരാറില്‍ ഏര്‍പ്പെടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതോടെ റബര്‍, പാമോയില്‍, കുരുമുളക് തുടങ്ങിയ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ തീരുവരഹിതമായി ആഭ്യന്തരവിപണിയിലേക്ക് ഒഴുകും. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന്റെ മലേഷ്യന്‍ സന്ദര്‍ശനവേളയിലാണ് സ്വതന്ത്രവ്യാപാര കരാറുണ്ടാക്കാന്‍ തീരുമാനിച്ചത്. ഇരു രാജ്യവുമായുള്ള വ്യാപാരം 2015 ഓടെ ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്വതന്ത്ര വ്യാപാരം. കരാറിലേര്‍പ്പെടാനുള്ള ധാരണാപത്രം ഇരു രാജ്യവും കൈമാറി.
ചരക്കുവ്യാപാരം ആസിയന്‍ കരാറിലേതിനേക്കാള്‍ ലഘൂകരിക്കണമെന്ന് പറയുന്നു. ഇതിന്റെ ഭാഗമായാണ് പ്രത്യേക സ്വതന്ത്രവ്യാപാര കരാര്‍. 2011 ജനുവരി 30നു രണ്ടു രാജ്യത്തെയും വാണിജ്യമന്ത്രിമാര്‍ വ്യാപാര കരാറില്‍ ഒപ്പുവയ്ക്കും. 2011 ജൂലൈ ഒന്നു മുതല്‍ കരാര്‍ നടപ്പില്‍ വരും. കരാര്‍ കേരളത്തിലെ നാണ്യവിള കര്‍ഷകരെ പ്രത്യേകിച്ച് കേര, റബര്‍ കര്‍ഷകരെ ദോഷമായി ബാധിക്കും. കരാറിലെ മുഖ്യ നിബന്ധനകളിലൊന്ന് മലേഷ്യയില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്ന പാമൊയിലിന്റെ തീരുവ കുറയ്ക്കല്‍ വേഗത്തിലാക്കുക എന്നതാണ്. ആസിയന്‍ കാരാര്‍പ്രകാരം അസംസ്കൃത പാമൊയിലിന്റെ ഇറക്കുമതി തീരുവ പത്തുവര്‍ഷത്തിനകം 80 ശതമാനത്തില്‍ നിന്ന് 37.5 ശതമാനമായും സംസ്കരിച്ച പാമൊയിലിന്റെ തീരുവ 90 ശതമാനത്തില്‍ നിന്ന് 45 ശതമാനമാക്കാനും ഇന്ത്യ ബാധ്യസ്ഥമാണ്. മലേഷ്യയുമായി സ്വതന്ത്രവ്യാപാര കരാര്‍ നിലവില്‍ വരുന്നതോടെ തീരുവരഹിതമായി ഇറക്കുമതി ചെയ്യേണ്ടിവരും. മലേഷ്യയില്‍ നിന്നാണ് ഇന്ത്യയുടെ പാമൊയില്‍ ഇറക്കുമതിയുടെ സിംഹഭാഗവും. മലേഷ്യയില്‍ നിന്നുള്ള പാമൊയില്‍ ഇറക്കുമതി ആഭ്യന്തരവിപണിയില്‍ വെളിച്ചെണ്ണയുടെ രൂക്ഷമായ വിലയിടിവിനും കേര കര്‍ഷകരുടെ തകര്‍ച്ചയ്ക്കും വഴിവയ്ക്കും. ഇക്കാര്യം കണക്കിലെടുക്കാതെയാണ് സ്വതന്ത്രവ്യാപാര കരാര്‍ ഒപ്പിടുന്നത്.

റബര്‍ കയറ്റുമതിയിലും മലേഷ്യ മുന്നിലാണ്. ഇന്ത്യയിലെ റബര്‍ വ്യവസായത്തിന് അനുയോജ്യമായ പ്രത്യേക ഇനം റബര്‍ ഉല്‍പ്പാദനത്തിലേക്ക് മലേഷ്യ ശ്രദ്ധതിരിച്ചിരിക്കയാണ്. കുരുമുളക്, ഗ്രാമ്പു തുടങ്ങിയ നാണ്യവിളകളുടെ ഇറക്കുമതിയും കേരളത്തിന്റെ കാര്‍ഷികമേഖലയെ ഗുരുതരമായി ബാധിക്കും. മലേഷ്യയുമായുള്ള പ്രത്യേക കരാറില്‍ സംരക്ഷിത പട്ടികയുണ്ടാവില്ല. റബര്‍, റബര്‍ ഉല്‍പ്പന്നങ്ങള്‍, ലാറ്റെക്സ്, പാമോയില്‍, കുരുമുളക്, മറ്റു സുഗന്ധദ്രവ്യങ്ങള്‍ തുടങ്ങിയവ തീരുവരഹിതമായി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യപ്പെടും. മലേഷ്യയിലെ ആഭ്യന്തര റബര്‍വില ഇന്ത്യയിലെ വിലയേക്കാള്‍ കുറവാണ്. തീരുവരഹിതമായി ഇറക്കുമതി ചെയ്യാന്‍ അവസരമാകുന്നതോടെ ഇന്ത്യയിലെ ടയര്‍ ലോബി മലേഷ്യന്‍ റബറിനെ ആശ്രയിക്കുമെന്ന് തീര്‍ച്ചയാണ്. ഇത് ഇന്ത്യന്‍ വിപണിയില്‍ വിലയിടിവിനു വഴിയൊരുക്കും. സ്വതന്ത്രവ്യാപാര കരാറിലെ പ്രതികൂല വ്യവസ്ഥകളെപ്പറ്റി കേന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്തുന്നതില്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരും കോഗ്രസ് എംപിമാരും ദയനീയമായി പരാജയപ്പെട്ടിരിക്കയാണ്.

deshabhimani news

Thursday, August 26, 2010

വീണ്ടും ഒരു ആഘാതം

ഓണക്കാലത്ത് കേന്ദ്ര യുപിഎ ഭരണത്തില്‍നിന്ന് കേരളത്തിനു ലഭിക്കുന്ന രണ്ടാമത്തെ ആഘാതമാണ് കയറ്റുമതി പ്രോത്സാഹനപദ്ധതിയില്‍നിന്ന് കശുവണ്ടിയെയും കയറിനെയും ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനം. ഇന്നത്തെ ആഗോള വാണിജ്യ കാലാവസ്ഥയിലെ മാന്ദ്യത്തെ മറികടക്കാന്‍ 1052 കോടി രൂപയുടെ ഊര്‍ജിത കയറ്റുമതി പദ്ധതിയാണ് കേന്ദ്രം പ്രഖ്യാപിച്ചത്. വിപുലമായ തൊഴില്‍മേഖലയെ അടിസ്ഥാനപ്പെടുത്തി നിലനില്‍ക്കാന്‍ പരമ്പരാഗത വ്യവസായങ്ങളുടെ ഉല്‍പ്പന്നങ്ങളെയാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ചണം മുതല്‍ കരകൌശലസാധനങ്ങള്‍വരെ ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത നേടിയിരിക്കുന്നു. എന്നാല്‍, കേരളത്തിന്റെ പരമ്പരാഗത വ്യവസായമായ കശുവണ്ടിക്കും കയറിനും ഇതില്‍ സ്ഥാനമില്ല. ഇരു വ്യവസായമേഖലകളെയും ഇത് അതിഗുരുതരമായി ബാധിക്കുമെന്നത് തീര്‍ച്ചയാണ്.

ഇറക്കുമതിച്ചുങ്കം കുറച്ച് രണ്ടുലക്ഷം ടണ്‍ റബര്‍ ഇറക്കുമതി ചെയ്യാന്‍ നിശ്ചയിച്ച് ഒരാഴ്ച തികയുംമുമ്പാണ് കശുവണ്ടി-കയര്‍ കയറ്റുമതി സാധ്യതകള്‍ക്കു നേര്‍ക്ക് വാതില്‍ കൊട്ടിയടയ്ക്കുക കൂടി ചെയ്യുന്നത്. (റബര്‍ ഇറക്കുമതിത്തീരുവ ഏഴരയില്‍നിന്ന് 13 ശതമാനമാക്കി ഉയര്‍ത്തുമെന്ന് ഉറപ്പുകിട്ടിയതായി ചില കേന്ദ്രങ്ങള്‍ പറയുന്നുണ്ട്. എന്നാല്‍ ഇറക്കുമതിത്തീരുവ ഒരാഴ്ച മുമ്പുവരെ 20 ശതമാനമായിരുന്നു എന്നിരിക്കെ, കേരളത്തിന് ഇത് ഒരു ആശ്വാസവും തരുന്നില്ല) ഒരുവശത്ത്, ആഭ്യന്തര കമ്പോളത്തില്‍ ഇറക്കുമതി റബര്‍ വന്നു നിറയുകയും നമ്മുടെ റബറിനു വിലയിടിയുകയും ചെയ്യും. അത് റബര്‍കൃഷി രംഗത്തെ വല്ലാതെ തളര്‍ത്തും. മറുവശത്താകട്ടെ, കേരളത്തിന്റെ ഉല്‍പ്പന്നമായ കശുവണ്ടിക്ക് വിദേശ കമ്പോളം കിട്ടാതെ വരികയും അതുകൂടി ഇവിടെ കെട്ടിക്കിടക്കുകയും ചെയ്യും. ഇപ്പോള്‍ത്തന്നെ കിതയ്ക്കുന്ന കയര്‍ രംഗമാകട്ടെ കൂടുതല്‍ തകര്‍ച്ചയില്‍ പതിക്കും.

ഇരുനൂറ് ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് 2010-11ലേക്ക് കയറ്റിറക്കുമതി നയപ്രകാരം ഇന്ത്യ വിഭാവനംചെയ്യുന്നത്. ഈ ലക്ഷ്യത്തിന്റെ അടുത്തെങ്കിലും എത്തണമെങ്കില്‍ സമഗ്രവും സര്‍വതോമുഖവുമായ കയറ്റുമതി പ്രോത്സാഹന പദ്ധതികള്‍ കൂടിയേ തീരൂ. കയറ്റിറക്കുമതി രംഗത്തെ ആഗോള മത്സരത്തില്‍ നമ്മുടെ ഉല്‍പ്പന്നങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാനും ഇതു കൂടിയേ തീരൂ. ഈ പശ്ചാത്തലത്തിലാണ്, കയറ്റുമതി പ്രോത്സാഹന പദ്ധതികള്‍ നടപ്പാക്കാന്‍ കേന്ദ്രഗവമെന്റ് നിര്‍ബന്ധിതമായത്. ഇപ്രകാരമാണ് കേന്ദ്രം 1052 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചത്.

എന്നാല്‍, ഇത് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന പല മേഖലയെയും ഒഴിവാക്കുകയുണ്ടായി. അതില്‍ പ്രധാനപ്പെട്ടതാണ് കേരളത്തിലെ കശുവണ്ടി-കയര്‍ മേഖലകള്‍. ലക്ഷക്കണക്കിന് ആളുകള്‍ ജീവനോപാധിയാക്കിയിട്ടുള്ളതാണ് കശുവണ്ടി വ്യവസായം. പോയവര്‍ഷം 2908 കോടി രൂപയുടെ വിദേശനാണ്യം നേടിത്തന്ന മേഖലയാണത്. കയറ്റുമതി ഊര്‍ജസ്വലമാക്കുകയാണ് കേന്ദ്രത്തിന്റെ ഉദ്ദേശ്യമെങ്കില്‍, അതിനുള്ള ഏതു പദ്ധതിയും കശുവണ്ടി വ്യവസായത്തെക്കൂടി ഉള്‍ക്കൊള്ളുന്നതാകണം. രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തെ ശക്തിപ്പെടുത്തുന്ന സംസ്ഥാനത്തിന്, കയറ്റുമതിയിലൂടെയുള്ള വരവിന്റെ ഒരു ചെറു ഓഹരി പോലും നല്‍കില്ലെന്ന കേന്ദ്രനിലപാട് ന്യായീകരിക്കാനാകാത്തതാണ്.
നേരത്തെ, ഊര്‍ജിത നെല്‍ക്കൃഷി വികസനപദ്ധതിയില്‍നിന്ന് കേരളത്തെ ഒഴിവാക്കിയിരുന്നു. കാപ്രോലാക്ടത്തിന്റെ ഇറക്കുമതിച്ചുങ്കം ക്രമാതീതമായി താഴ്ത്തിക്കൊടുത്തിരുന്നു. നെഗറ്റീവ് ലിസ്റായിരുന്നിട്ടുകൂടി റബറിന്റെ ഇറക്കുമതി ഉദാരവല്‍ക്കരിക്കുകയും അതിന്റെ ഇറക്കുമതിച്ചുങ്കം കുറച്ചുകൊടുക്കുകയും ചെയ്തു. ഇതിനൊക്കെ പിന്നാലെയാണ് കശുവണ്ടി-കയര്‍ കയറ്റുമതിക്കുള്ള സാധ്യതകള്‍ ഇല്ലാതാക്കുന്നത്.

കേരളത്തില്‍നിന്നു ജയിച്ചുചെന്ന് കേന്ദ്രമന്ത്രിമാരായ പലരുണ്ട് ഡല്‍ഹിയില്‍. എന്നാല്‍, അവരാരും കേരളത്തിനുവേണ്ടി സംസാരിക്കുന്നതായി കാണുന്നില്ല. അല്ലെങ്കില്‍, അവരുടെ വാക്കുകള്‍ കേന്ദ്രത്തില്‍ വിലപ്പോകുന്നതായി തോന്നുന്നില്ല. അതിശക്തമായ പ്രക്ഷോഭത്തിലൂടെ മാത്രമേ കേന്ദ്രത്തിന്റെ സംസ്ഥാന വിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നിലപാടുകള്‍ തിരുത്തിക്കാനാകൂ. അതിനുള്ള ശ്രമമാണ് ഇന്ന് കേരളത്തിലുണ്ടാകേണ്ടത്.

ദേശാഭിമാനി മുഖപ്രസംഗം 26082010

റബര്‍: വഞ്ചനയ്ക്ക് മറയിടാന്‍ കോണ്‍ഗ്രസ് നാടകം

റബര്‍: വഞ്ചനയ്ക്ക് മറയിടാന്‍ കോണ്‍ഗ്രസ് എംപിമാരുടെ നാടകം

റബര്‍ ഇറക്കുമതി വിഷയത്തില്‍ പ്രതിഷേധനാടകം കളിച്ചശേഷം കേരളത്തില്‍നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനു സമ്മതം മൂളി. കേരള എംപിമാര്‍ പാര്‍ലമെന്റില്‍ ഒറ്റക്കെട്ടായി നിന്ന് പോരാടേണ്ട പ്രശ്നത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ അവസാനനിമിഷം നിലപാടു മാറ്റുകയായിരുന്നു. ഇതുവഴി സംസ്ഥാനത്തെ റബര്‍ കര്‍ഷകരെ കോണ്‍ഗ്രസ് എംപിമാര്‍ വഞ്ചിച്ചിരിക്കുകയാണ്. പതിമൂന്നു ശതമാനം തീരുവയില്‍ ഇറക്കുമതിയാകാമെന്നാണ് കോണ്‍ഗ്രസ് എംപിമാര്‍ സമ്മതിച്ചത്. നിലവിലുള്ള 20 ശതമാനം തീരുവ ഏഴരയായി കുറയ്ക്കാനാണ് നേരത്തെ വാണിജ്യമന്ത്രാലയം തീരുമാനിച്ചത്. ഫലത്തില്‍ തീരുവയില്‍ നേരിയ മാറ്റത്തോടെ റബര്‍ ഇറക്കുമതി നടക്കും.

കേരള എംപിമാര്‍ ഇറക്കുമതി പ്രശ്നം ചര്‍ച്ചചെയ്യുന്നതിന് ബുധനാഴ്ച രാവിലെ വാണിജ്യമന്ത്രി ആനന്ദ്ശര്‍മയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇറക്കുമതി തീരുമാനത്തില്‍ മാറ്റമില്ലെന്ന നിലപാട് മന്ത്രി ആവര്‍ത്തിച്ചു. ചര്‍ച്ചകൊണ്ട് ഫലമില്ലെന്നു കണ്ടതോടെ കേരളത്തിന്റെ പൊതുആവശ്യമെന്ന നിലയില്‍ പാര്‍ലമെന്റില്‍ യോജിച്ച പ്രക്ഷോഭം ഉയര്‍ത്താമെന്ന ധാരണയില്‍ എംപിമാരെത്തി. എന്നാല്‍, സര്‍ക്കാര്‍ തീരുമാനത്തിനെതിരായ സമരത്തെ ഹൈക്കമാന്‍ഡ് എങ്ങനെ കാണുമെന്ന ആശയക്കുഴപ്പം കോണ്‍ഗ്രസ് എംപിമാരെ അലട്ടി. ഇതോടെ യോജിച്ച പ്രക്ഷോഭത്തില്‍ നിന്ന് കോണ്‍ഗ്രസുകാര്‍ ഒഴിഞ്ഞുമാറി. തുടര്‍ന്നാണ് മുഖംരക്ഷിക്കല്‍ നാടകം അരങ്ങേറിയത്. ആനന്ദ്ശര്‍മയെ വീണ്ടും ചെന്നുകണ്ട എംപിമാര്‍ തീരുവയില്‍ നേരിയ മാറ്റമെങ്കിലും വരുത്തണമെന്ന് അഭ്യര്‍ഥിച്ചു. ഒടുവില്‍ ഏഴരയെന്നത് 13 ശതമാനമെന്നാക്കുന്ന കാര്യം പരിഗണിക്കാമെന്ന ഉറപ്പാണ് മന്ത്രി നല്‍കിയത്. 13 ശതമാനം തീരുവ റബര്‍ബോര്‍ഡിന്റെ ശുപാര്‍ശയാണ്. മൂന്നുവര്‍ഷത്തെ ശരാശരി റബര്‍വില കണക്കിലെടുത്ത് അതിന്റെ 20 ശതമാനം തീരുവയാണ് റബര്‍ബോര്‍ഡ് നിര്‍ദേശിച്ചത്. 189 രൂപവരെ റബര്‍വില ഉയര്‍ന്നിരുന്നെങ്കിലും കഴിഞ്ഞ മൂന്നുവര്‍ഷത്തെ ശരാശരി വില 102.32 രൂപ മാത്രമാണ്. നിലവിലുള്ള രാജ്യാന്തര വിലയാകട്ടെ 156 രൂപയും. ചുരുക്കത്തില്‍ 102 രൂപയുടെ 20 ശതമാനമെന്ന കുറഞ്ഞ നിരക്കില്‍ ഇറക്കുമതിക്കുള്ള അവസരമാണ് ടയര്‍വ്യവസായികള്‍ക്ക് കൈവരുന്നത്. നിലവിലുള്ള വിലയുമായി തട്ടിക്കുമ്പോള്‍ ഇറക്കുമതി ചുങ്കം 13 ശതമാനം മാത്രമാകും.

റബര്‍ബോര്‍ഡും കര്‍ഷകരെ വഞ്ചിച്ചെന്നാണ് അവരുടെ ശുപാര്‍ശയില്‍നിന്നു തെളിയുന്നത്. ഇപ്പോള്‍ തന്നെ തോട്ടവിളകളില്‍ ഏറ്റവും കുറഞ്ഞ ഇറക്കുമതിത്തീരുവ റബറിനാണ്. ഇത് വീണ്ടും കുറയ്ക്കാന്‍ വഴിയൊരുക്കുകയാണ് റബര്‍ബോര്‍ഡ്. കോണ്‍ഗ്രസിന്റെ കേരളത്തില്‍നിന്നുള്ള 13 ലോക്സഭാംഗങ്ങള്‍ ഇറക്കുമതിയെ അനുകൂലിച്ചതോടെ പാര്‍ലമെന്റില്‍ സംസ്ഥാനത്തിന്റെ ഒറ്റക്കെട്ടായുള്ള പ്രതിഷേധമെന്ന സാധ്യത അടയുകയാണ്.

കയറ്റുമതി പ്രോത്സാഹനത്തില്‍ കശുവണ്ടി ഒഴിവാക്കി

റബര്‍ഇറക്കുമതി തീരുമാനത്തിന് പിന്നാലെ കയറ്റുമതി പ്രോത്സാഹന നടപടികളില്‍നിന്ന് കശുവണ്ടിയെ പൂര്‍ണമായി ഒഴിവാക്കിക്കൊണ്ട് കേരളത്തിന് വീണ്ടും കേന്ദ്രത്തിന്റെ പ്രഹരം. ആഗോളമാന്ദ്യത്തിന്റെ പേരുപറഞ്ഞ് പ്രധാന കയറ്റുമതി മേഖലകള്‍ക്കാകെ കേന്ദ്രം ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ കശുവണ്ടിയെ മാത്രം തഴയുകയായിരുന്നു. വാണിജ്യമന്ത്രി ആനന്ദ്ശര്‍മ തിങ്കളാഴ്ച പുറത്തുവിട്ട വിദേശവ്യാപാര നയത്തിന്റെ അനുബന്ധത്തിലാണ് പുതിയ കയറ്റുമതി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചത്. വിവിധ മേഖലകള്‍ക്ക് നിലവില്‍ നല്‍കുന്ന അഞ്ചുശതമാനം, രണ്ട് ശതമാനം കയറ്റുമതി ബോണസിനൊപ്പം രണ്ടുശതമാനം അധികബോണസ് കൂടി പ്രഖ്യാപിക്കുകയാണ് ആനന്ദ്ശര്‍മ ചെയ്തത്. തൊഴില്‍ തീവ്രത കൂടുതലുള്ള മേഖലകള്‍ക്കാണ് പുതിയ ആനുകൂല്യങ്ങളെന്ന് അനുബന്ധത്തിന്റെ ആമുഖത്തില്‍ ആനന്ദ്ശര്‍മ അറിയിച്ചിട്ടുണ്ട്.

കേരളത്തില്‍മാത്രം നാലുലക്ഷത്തിലേറെ തൊഴിലാളികള്‍ ജോലിയെടുക്കുന്ന കശുവണ്ടി മേഖല എങ്ങനെയാണ് തൊഴില്‍തീവ്ര മേഖലയ്ക്ക് പുറത്താകുന്നതെന്ന വിശദീകരണം കേന്ദ്രത്തിനില്ല. തൊഴില്‍തീവ്രതയ്ക്കു പുറമെ കയറ്റുമതിരംഗത്ത് പ്രതിസന്ധി നേരിടുന്ന മേഖലകളെന്ന പരിഗണനകൂടി കണക്കിലെടുത്താണ് ആനുകൂല്യങ്ങളെന്നാണ് വാണിജ്യമന്ത്രാലയത്തിന്റെ വിശദീകരണം. നിലവില്‍ ആനുകൂല്യം ലഭിക്കുന്ന സില്‍ക്ക് കാര്‍പ്പറ്റ്, സ്പോര്‍ട്സ് ഉപകരണ നിര്‍മാണം, എന്‍ജിനിയറിങ് ഉല്‍പ്പന്നങ്ങള്‍, കളിപ്പാട്ടങ്ങള്‍, തുകല്‍ഉല്‍പ്പന്നങ്ങള്‍, തുകല്‍ചെരിപ്പുകള്‍, കരകൌശല വസ്തുക്കള്‍ തുടങ്ങിയ 135 ഉല്‍പ്പന്നങ്ങള്‍ക്കു പുറമെ റബര്‍ ഉല്‍പ്പന്നങ്ങള്‍, ഇലക്ട്രോണിക്സ്, ഫിനിഷ്ഡ് ലതര്‍ എന്നീ മേഖലകളില്‍പ്പെടുന്ന 256 പുതിയ ഉല്‍പ്പന്നങ്ങളെക്കൂടി ആനുകൂല്യങ്ങള്‍ക്കായി പരിഗണിച്ചിട്ടുണ്ട്. ഇരുപത്തേഴ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് റെഡിമെയ്ഡ് തുണിത്തരങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന് കേന്ദ്രം ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്. കയറ്റുമതി മികവ് കേന്ദ്രങ്ങളായി മൂന്ന് പുതിയ പട്ടണങ്ങളെയും കേന്ദ്രം പ്രഖ്യാപിച്ചു. രാജസ്ഥാനിലെ ബാര്‍മേര്‍ (കരകൌശലം), മഹാരാഷ്ട്രയിലെ ഭീവണ്ടി (ടെക്സ്റ്റൈല്‍സ്), യുപിയിലെ ആഗ്ര (തുകല്‍) എന്നീ പട്ടണങ്ങളെയാണ് മികവ് കേന്ദ്രങ്ങളായി തെരഞ്ഞെടുത്തത്. ഇവിടെയും കേരളം അവഗണിക്കപ്പെട്ടു.

deshabhimani 26082010

Wednesday, August 25, 2010

ഇവരെ വെറുതെ വിടരുത്

റബറിന്റെ ഇറക്കുമതിത്തീരുവ കുറച്ച നടപടി ഒരുകാരണവശാലും പിന്‍വലിക്കില്ല എന്ന് കേന്ദ്ര വാണിജ്യമന്ത്രി ആനന്ദ്ശര്‍മ ഖണ്ഡിതമായി പറഞ്ഞിക്കുന്നു. ആസിയന്‍ കരാറിലെ നെഗറ്റീവ് ലിസ്റ്റില്‍ റബറിനെ പെടുത്തിയതിനര്‍ഥം ഇറക്കുമതി നിരോധിക്കും എന്നല്ല എന്നുകൂടി കേന്ദ്രമന്ത്രി പറഞ്ഞിട്ടുണ്ട്. ഇരുപതുശതമാനമായിരുന്ന ഇറക്കുമതിത്തീരുവ ഏഴരയാക്കി കുറച്ചതിനുള്ള ന്യായീകരണം പക്ഷേ അദ്ദേഹത്തിന്റെ വാക്കുകളില്‍ കാണുന്നില്ല. റബര്‍ കര്‍ഷകര്‍ക്ക് ഇരുട്ടടി കിട്ടിയാലും ടയര്‍ലോബിക്കുവേണ്ടി വിടുപണി യുപിഎ ഗവമെന്റ് തുടരും എന്ന ധിക്കാരപൂര്‍ണമായ സമീപനമാണ് മന്ത്രിയുടേത്.

റബര്‍ വിപണിയില്‍ ഞൊടിയിടയിലാണ് മാറ്റംവരുന്നത്. മഴക്കാലത്ത്, ഉല്‍പ്പാദനം ഏറ്റവും കുറവുള്ളപ്പോള്‍ മാര്‍ക്കറ്റില്‍ വില വര്‍ധിക്കുക പതിവാണ്. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ ഇറക്കുമതിച്ചുങ്കം വെട്ടിക്കുറച്ചതോടെ വില കുത്തനെ താഴോട്ടുവരികയാണ്. ഒരുകിലോ റബറിന് 190 രൂപവരെ കിട്ടുകയും 200 കടക്കുമെന്ന പ്രതീക്ഷ വളരുകയുംചെയ്ത ഘട്ടത്തിലാണ് ഇടിത്തീയായി കേന്ദ്രതീരുമാനം. അതോടെ വില 173 രൂപയിലെത്തി. രണ്ടുദിവസംകൊണ്ടുണ്ടായ വിലയിടിച്ചില്‍ ഇനിയും തുടരുമെന്നാണ് സുചന. അത്തരമൊരു ഭീതി കര്‍ഷകര്‍ക്കുണ്ടാകുമ്പോള്‍ അവര്‍ സൂക്ഷിച്ച റബര്‍ വിറ്റഴിക്കാന്‍ നോക്കും. അതോടൊപ്പം വിദേശ റബറും എത്തും. സ്വാഭാവികമായും ആഭ്യന്തരവിപണിയില്‍ കൂടുതല്‍ കടുത്ത പ്രത്യാഘാതമാണ് ഇതുമൂലമുണ്ടാവുക.

ടയര്‍ കമ്പനികളുടെ സംഘടനയായ ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്ചേഴ്സ് അസോസിയേഷനാണ് ഇറക്കുമതിത്തീരുവ കുറയ്ക്കാന്‍ ആവശ്യപ്പെട്ടത്. ആ സംഘടനയ്ക്ക് കോടതിയിലൂടെ കാര്യം സാധിക്കാനാകാതെ വന്നു. അതോടെ കോണ്‍ഗ്രസിന്റെ സമുന്നത നേതൃത്വത്തെ ഇടപെടുവിച്ച് രാഷ്ട്രീയ തീരുമാനമെടുപ്പിക്കുകയായിരുന്നു എന്നാണ് വാര്‍ത്ത. കേരളത്തിലെ പിസിസി സെക്രട്ടറികൂടിയായ ആന്റോ ആന്റണിക്ക് നല്‍കിയ മറുപടിയിലാണ് രണ്ടാഴ്ചമുമ്പ്, കൂടുതല്‍ ഇറക്കുമതിക്കുള്ള സാഹചര്യമൊരുക്കുമെന്ന് ധനസഹമന്ത്രി പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചത്. ആ പ്രഖ്യാപനം വന്നയുടന്‍ റബര്‍വില ഇടിഞ്ഞുതുടങ്ങി. എന്നാല്‍, കര്‍ഷകരുടേത് അടിസ്ഥാനമില്ലാത്ത ആശങ്കയാണെന്നും വില ഒരുപരിധിയില്‍ താഴാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുമെന്നും റബറിന്റെ ലഭ്യതക്കുറവ് കണക്കിലെടുക്കണമെന്നുമുള്ള ഒഴുക്കന്‍ വാചകങ്ങളാണ് കേന്ദ്ര വാണിജ്യമന്ത്രി ഉപ്പോഴും ഉരുവിടുന്നത്.
ആസിയന്‍ കരാര്‍പ്രകാരം റബര്‍ നെഗറ്റീവ് പട്ടികയിലാണെങ്കിലും സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി തീരുവനിരക്കില്‍ മാറ്റംവരുത്താന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും വിശദീകരിച്ചിട്ടുണ്ട് അദ്ദേഹം. കേരളത്തിന്റെ നാണ്യവിളകൃഷിക്ക് തുടരെത്തുടരെ ആഘാതമേല്‍പ്പിച്ചതും കര്‍ഷകരെ ആത്മഹത്യയിലേക്കു തള്ളിവിട്ടതും ഇത്തരം തൊടുന്യായങ്ങള്‍ നിരത്തിയാണ്. റബറിന്റെ ഇറക്കുമതിത്തീരുവ എത്രയായിരിക്കണമെന്ന് റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ വസ്തുതകള്‍ അപഗ്രഥിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അതു കണക്കിലെടുക്കാതെയാണ് തീരുവ കുറച്ചത്.
കേരളത്തിലെ റബര്‍കര്‍ഷകരെ ഒരുതരം അവജ്ഞയോടെയാണ് കേന്ദ്ര സര്‍ക്കാര്‍ കാണുന്നത്. ഇവിടെ കെട്ടിക്കിടക്കുന്ന റബര്‍ കൊണ്ടുതന്നെ തീര്‍ക്കാവുന്നതേയുള്ളൂ ടയര്‍ വ്യവസായികളുടെ ആവശ്യം. എന്നാല്‍, ഇവിടത്തെ കര്‍ഷകരെ പൂഴ്ത്തിവയ്പുകാരോ കരിഞ്ചന്തക്കാരോ ആക്കി അവഹേളിച്ച് വിദേശത്തുനിന്ന് ടയറുകമ്പനിക്കാര്‍ക്കായി റബര്‍ ഇറക്കുമതി ചെയ്തുകൊടുക്കുകയാണിപ്പോള്‍. കേന്ദ്ര ഗവമെന്റിന്റെ ഈ അതിക്രമത്തോട് കേരളത്തിലെ യുഡിഎഫ് എങ്ങനെ പ്രതികരിക്കുന്നു എന്ന് അറിയേണ്ടതുണ്ട്.

ആസിയന്‍ കരാര്‍ റബര്‍ അടക്കമുള്ള കേരളത്തിലെ സുപ്രധാന കാര്‍ഷികവിളകളെയും കര്‍ഷകരെയും പ്രതികൂലമായി ബാധിക്കുമെന്ന് ഇടതുപക്ഷം ചൂണ്ടിക്കാട്ടിയതാണ്. എന്നാല്‍, കമ്യൂണിസ്റുകാര്‍ ചൈനയ്ക്കുവേണ്ടിയാണ് ആസിയന്‍ കരാറിനെ എതിര്‍ക്കുന്നതെന്ന് അന്ന് ഉമ്മന്‍ചാണ്ടി അധിക്ഷേപിച്ചു. ഇപ്പോള്‍ റബറിന്റെ ഇറക്കുമതിത്തീരുവ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതോടെ ആസിയന്‍ കരാറിലെ സംരക്ഷിതപ്പട്ടിക അപ്രസക്തമായി. സംരക്ഷിതപ്പട്ടികയുണ്ടല്ലോ; എന്തിന് പേടി എന്നാണ് അന്ന് ഉമ്മന്‍ചാണ്ടി ചോദിച്ചിരുന്നത്. റബറിന്റെ കാര്യത്തില്‍ ഉറപ്പ് ലംഘിച്ചതോടെ സംരക്ഷിതപ്പട്ടികയിലെ മറ്റ് ഉല്‍പ്പന്നങ്ങളുടെ കാര്യവും അതേ വഴിയിലാകും. സംരക്ഷിതപ്പട്ടികയില്‍ ഉള്‍പ്പെട്ടാലും അതതുസമയം മാറ്റംവരുത്താന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നാണ് വാണിജ്യമന്ത്രി ആനന്ദ്ശര്‍മ പറഞ്ഞത്. വിദേശകുത്തകകളോ നാടന്‍കുത്തകകളോ സമ്മര്‍ദം ചെലുത്തിയാല്‍ സംരക്ഷിതപ്പട്ടികയിലെ ഏത് ഉല്‍പ്പന്നത്തിന്റെയും തീരുവ ഇല്ലാതാക്കാന്‍ മടിക്കില്ല എന്നാണതിനര്‍ഥം.

റബര്‍കര്‍ഷകരെ പ്രതി അലമുറയിടുകയും നാടകമാടുകയും ചെയ്യുന്ന കുറെയധികമാളുകള്‍ യുഡിഎഫിലുണ്ട്. മലയോര കര്‍ഷകപ്പാര്‍ടി എന്ന് സ്വയം വിശേഷിപ്പിക്കുന്ന കേരള കോണ്‍ഗ്രസ് മാണിഗ്രൂപ്പ് അക്കൂട്ടത്തില്‍ പെടും. അവര്‍ ഡല്‍ഹിയില്‍ സമരംചെയ്യാന്‍ പോവുകയാണത്രെ. ബാബറി മസ്ജിദ് തകര്‍ക്കുന്നത് നോക്കിനിന്ന നരസിംഹറാവുവിനെ ന്യായീകരിക്കാന്‍ മുസ്ളിംലീഗ് നടത്തിയ നാണംകെട്ട കളികള്‍ ആരും മറന്നിട്ടില്ല. അധികാരത്തിന്റെ അപ്പക്കഷണത്തിനുവേണ്ടിയായിരുന്നു ലീഗിന്റെ ആ മുട്ടിലിഴയല്‍. അതേ പാതയിലാണിപ്പോള്‍ മാണി കേരളയും. കോണ്‍ഗ്രസിനുമുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുകയാണവര്‍. തെരഞ്ഞെടുപ്പിനും അധികാരത്തിനുമല്ലാതെ എന്തിന് റബര്‍ കര്‍ഷകരെ അവര്‍ ശ്രദ്ധിക്കണം. മാത്രമല്ല, കര്‍ഷകരേക്കാള്‍ ടയര്‍ വ്യവസായികളുടെ മടിശീലയ്ക്കാണല്ലോ കനം.

ആസിയന്‍ കരാറിന്റെ അപകടം ചൂണ്ടിക്കാട്ടി മനുഷ്യ മഹാശൃംഖല തീര്‍ത്ത നാടാണ് കേരളം. അന്നാ ജനമുന്നേറ്റത്തെ പുച്ഛിച്ചവര്‍തന്നെ ഇപ്പോള്‍, റബറിന്റെ ഇറക്കുമതിത്തീരുവ കുറച്ച് കര്‍ഷകരോട് കൊടിയ വഞ്ചന ആവര്‍ത്തിക്കുമ്പോള്‍ നാടിനോടു സ്നേഹമുള്ള ആര്‍ക്കും വെറുതെ നില്‍ക്കാനാവില്ല. കര്‍ഷകരുടെ നട്ടെല്ലൊടിക്കുന്ന ഈ തീരുമാനം പിന്‍വലിപ്പിക്കാന്‍ ശക്തമായ പ്രക്ഷോഭം ഉയരേണ്ടതുണ്ട്. കള്ളംപറഞ്ഞും പ്രലോഭിപ്പിച്ചും കൊടും ചതിക്ക് ഒത്താശചെയ്ത യുഡിഎഫ് നേതൃത്വം ജനങ്ങളാല്‍ വിചാരണ ചെയ്യപ്പെടുകതന്നെ വേണം. ഇറക്കുമതിത്തീരുവ കുറച്ചുകുറച്ച് ഏഴരശതമാനത്തിലെത്തിച്ചവര്‍ ആരുടെ താല്‍പ്പര്യമാണ് സംരക്ഷിക്കുന്നതെന്ന ചര്‍ച്ചയും ഉയര്‍ന്നുവരണം. കര്‍ഷകരെ ദ്രോഹിച്ച് ടയര്‍ലോബിയെ സേവിക്കുന്ന ഇവരെ വെറുതെ വിടരുത്.

ദേശാഭിമാനി മുഖപ്രസംഗം 25082010

റബര്‍: കൂടുതല്‍ ഇറക്കുമതി അനുവദിക്കും

റബര്‍ ഇറക്കുമതി തീരുമാനത്തില്‍ മാറ്റമില്ലെന്ന് മാത്രമല്ല കൂടുതല്‍ ഇറക്കുമതിക്ക് അനുമതി നല്‍കുകയും ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍. കയറ്റിറക്ക് നയം ചര്‍ച്ചചെയ്യുന്നതിന് വ്യവസായികളുടെ സംഘടനയായ ഫിക്കി സംഘടിപ്പിച്ച യോഗത്തില്‍ വാണിജ്യമന്ത്രി ആനന്ദ്ശര്‍മയാണ് ഗവര്‍മെണ്ട് നയം വ്യക്തമാക്കിയ്ത്. രാജ്യത്തെ റബര്‍ വ്യവസായങ്ങള്‍ക്ക് ആവശ്യമായത്ര റബര്‍ ഇറക്കുമതി ചെയ്യേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു. ആസിയന്‍ കരാറിനെയും റബര്‍ ഇറക്കുമതിയെയും കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്നും യോഗത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് മന്ത്രി പറഞ്ഞു.

പരിധിയോടെ മാത്രമേ റബര്‍ ഇറക്കുമതി അനുവദിക്കൂ എന്നാണ് വാണിജ്യമന്ത്രാലയം തുടക്കത്തില്‍ പറഞ്ഞത്. എന്നാല്‍, പരിധിയില്ലാത്ത ഇറക്കുമതിക്കാണ് വന്‍കിട ടയര്‍ലോബിയുടെ ശ്രമം. തിങ്കളാഴ്ച വിദേശവ്യാപാര നയം പ്രഖ്യാപിച്ച ചടങ്ങിലും റബര്‍ ഇറക്കുമതി തീരുമാനത്തില്‍ മാറ്റമില്ലെന്ന് ആനന്ദ്ശര്‍മ പ്രസ്താവിച്ചിരുന്നു. റബര്‍വില രണ്ടാഴ്ചയിലൊരിക്കല്‍ പുനരവലോകനം ചെയ്യുമെന്ന കേന്ദ്രത്തിന്റെ വാഗ്ദാനത്തില്‍ കാര്യമില്ലെന്നതിന്റെ വ്യക്തമായ സൂചനയായി മന്ത്രിയുടെ വാക്കുകള്‍. ഇറക്കുമതി തീരുമാനം വന്നതിനു പിന്നാലെ റബര്‍വിലയില്‍ ഗണ്യമായ ഇടിവ് വന്നത് ചൂണ്ടിക്കാട്ടിയപ്പോള്‍ രാജ്യത്തെ വ്യവസായങ്ങള്‍ പൂട്ടിയിടാനാവില്ലെന്നായിരുന്നു ആനന്ദ്ശര്‍മയുടെ പ്രതികരണം. ടയര്‍വിപണിയില്‍ വലിയ ഉണര്‍വ് വന്നിട്ടുണ്ട്. എന്നാല്‍, ആവശ്യമനുസരിച്ച് റബര്‍ കിട്ടുന്നില്ല. അതുകൊണ്ടുതന്നെ ഇറക്കുമതി തീരുമാനം അനിവാര്യമാണ്. പ്രശ്നത്തെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ശ്രമം ദൌര്‍ഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു.

ആസിയന്‍ കരാറുമായി മുന്നോട്ടുപോകുമെന്നും ഇന്ത്യക്ക് കരാര്‍ ഏറെ ഗുണകരമാണെന്നും വിദേശവ്യാപാര നയപ്രഖ്യാപന വേദിയില്‍ മന്ത്രി പറഞ്ഞു. ആസിയന്‍ കരാറിലെ സംരക്ഷിതപ്പട്ടികയിലുണ്ടായിട്ടും റബര്‍ഇറക്കുമതി അനുവദിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇറക്കുമതിയും കരാറും രണ്ടുവിഷയമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. റബറിന്റെ ആവശ്യകതയും ലഭ്യതയും തമ്മില്‍ വലിയ അന്തരം വന്നിട്ടുണ്ട്. റബറിന്റെ ഉല്‍പ്പാദനം കുറഞ്ഞതോടെ ടയര്‍കമ്പനികള്‍ വലിയ പ്രതിസന്ധിയിലാണ്. അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ട്. രാജ്യത്തെ ഓട്ടോമൊബൈല്‍ വ്യവസായത്തെക്കൂടി ബാധിക്കുന്ന വിഷയമാണിത്. ഇറക്കുമതി തീരുമാനത്തില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ലെന്നും ആനന്ദ്ശര്‍മ പറഞ്ഞു.

ഒരാഴ്ചയ്ക്കുള്ളില്‍ ഇടിഞ്ഞത് 15 രൂപ

കേന്ദ്രസര്‍ക്കാര്‍ റബറിന്റെ ഇറക്കുമതിതീരുവ വെട്ടിക്കുറച്ച് ഒരാഴ്ചയ്ക്കകം ആഭ്യന്തരവിപണിയില്‍ റബര്‍വില 15 രൂപയോളം ഇടിഞ്ഞു. തുടര്‍ച്ചയായ വിലയിടിവിനുശേഷം നേരിയ ഉയര്‍ച്ച ചൊവ്വാഴ്ച ദൃശ്യമായെങ്കിലും ഇത് താല്‍ക്കാലികമാണെന്ന് കര്‍ഷകര്‍ വിലയിരുത്തുന്നു. ഇറക്കുമതിതീരുവ വെട്ടിക്കുറച്ചേക്കുമെന്ന വാര്‍ത്ത പ്രചരിച്ചപ്പോള്‍, 184.50 രൂപയായിരുന്ന റബര്‍വില 180 ലേക്ക് ഇടിഞ്ഞിരുന്നു. മന്ത്രിസഭാതീരുമാനം വന്നതോടെ 170 ലേക്കും തുടര്‍ന്ന് 168 ലേക്കും കൂപ്പുകുത്തി. കേന്ദ്ര തീരുമാനം വന്നതോടെ റബര്‍ വ്യാപാരികള്‍ വിപണിയില്‍നിന്ന് പൊടുന്നനേ പിന്മാറിയതാണ് വിലകുറയാന്‍ കാരണമായത്. വെള്ളി, ശനി ദിവസങ്ങളില്‍ 171 രൂപയ്ക്കാണ് നാലാംതരം റബറിന്റെ കച്ചവടം നടന്നത്. രണ്ടു ദിവസത്തെ അവധിക്കുശേഷം ചൊവ്വാഴ്ച വ്യാപാരം പുനരാരംഭിച്ചപ്പോള്‍ നാലാം തരം റബറിന് 173 രൂപയാണ് വില. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രണ്ടു രൂപയുടെ വര്‍ധനയുണ്ടായത് താല്‍ക്കാലികം മാത്രമാണെന്നാണ് വിലയിരുത്തല്‍. മഴ മൂലം ആവശ്യമായ റബര്‍ വിപണിയില്‍ എത്തുന്നില്ല. ഇതാണ് നേരിയ വിലവര്‍ധനയ്ക്ക് കാരണം. റെയിന്‍ഗാര്‍ഡ് ഉപയോഗിച്ചിട്ടുള്ള റബര്‍ തോട്ടങ്ങളില്‍പോലും ജൂ, ജൂലൈ, ആഗസ്ത് മാസങ്ങളില്‍ കാര്യമായ ഉല്‍പ്പാദനം നടന്നിട്ടില്ല.

ദേശാഭിമാനി 25082010

Monday, August 23, 2010

കര്‍ഷകവഞ്ചന മുഖമുദ്രയാക്കിയ കേന്ദ്രസര്‍ക്കാര്‍

സ്വാഭാവിക റബ്ബറിന്റെ ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കുകയും ആ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ശഠിക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ കര്‍ഷകദ്രോഹ നയം ഒരിക്കല്‍കൂടി തെളിയിക്കുകയാണ്. ഇറക്കുമതി തീരുവ ഇരുപത് ശതമാനത്തില്‍ നിന്ന് ഏഴര ശതമാനമായാണ് വെട്ടിക്കുറച്ചിരിക്കുന്നത്. റബ്ബറിന്റെ വിലക്കൂടുതലും ദൗര്‍ലഭ്യവും ടയര്‍ വ്യവസായത്തെ ബാധിക്കുമെന്ന കാരണം പറഞ്ഞാണ് കേന്ദ്രസര്‍ക്കാര്‍ തീരുവ സാരമായ നിലയില്‍ വെട്ടിക്കുറച്ചത്. റബ്ബറിന്റെ വന്‍തോതിലുള്ള വിലയിടിവിനും അതുവഴി റബ്ബര്‍ കര്‍ഷകരുടെ ജീവിത പ്രതിസന്ധിക്കുമാണ് ഈ തീരുമാനം വഴിതെളിക്കുക. വന്‍കിട ടയര്‍ നിര്‍മാതാക്കളുടെ സമ്മര്‍ദത്തിനും സ്വാധീനത്തിനും വഴിപ്പെട്ടുകൊണ്ടാണ് റബ്ബര്‍ കര്‍ഷകരെ വേട്ടയാടുന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. ഏഴര ശതമാനം തീരുവ നിരക്കില്‍ രണ്ടു ലക്ഷം ടണ്‍ റബ്ബര്‍ ഇറക്കുമതി ചെയ്യാന്‍ ടയര്‍ മുതലാളിമാര്‍ക്ക് ഇനിമുതല്‍ അവസരമുണ്ടാവും.

വിദേശ റബ്ബര്‍ ഇന്ത്യന്‍ കമ്പോളത്തില്‍ കുന്നുകൂടുന്നതിനും ടയര്‍ മുതലാളിമാരുടെ ലാഭക്കൊയ്ത്ത് ഏറുന്നതിനും സഹായിക്കുന്ന നിലപാടാണിത്. തീരുവ കുറയ്ക്കാതെ തന്നെ വിദേശത്തുനിന്ന് റബ്ബര്‍ ഇറക്കുമതി ചെയ്താലും ടയര്‍ മുതലാളിമാര്‍ക്ക് ലാഭമാണ്. ആര്‍ എസ് എസ് 4 ഗ്രേഡ് റബ്ബറിന് ഇന്ത്യയിലെ വില 183 രൂപയാണെങ്കില്‍ ആഗോളവിപണിയില്‍ 153 രൂപയേയുള്ളൂ. ആ നിലയ്ക്ക് ടയര്‍ മുതലാളിമാര്‍ക്ക് ലാഭമാണെങ്കിലും അവരുടെ ലാഭം പതിന്‍മടങ്ങ് ഉയര്‍ത്തുന്നതിന് സഹായകമായ സാഹചര്യം സൃഷ്ടിക്കാനാണ് തീരുവ ഇരുപതില്‍ നിന്ന് ഏഴര ശതമാനമായി വെട്ടിക്കുറച്ചതെന്ന് വ്യക്തം.

കാര്‍ഷികരാജ്യമായ ഇന്ത്യയെ കര്‍ഷക ആത്മഹത്യ പരമ്പരകള്‍ അരങ്ങേറുന്ന ദുരന്തഭൂമിയാക്കി മാറ്റിയത് കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും ഇത്തരം തെറ്റായ നയസമീപനങ്ങളാണ്. ഒന്നര ദശകത്തിനിടയില്‍ രണ്ടര ലക്ഷത്തോളം കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടും ഇവര്‍ പാഠം പഠിക്കുവാനോ തെറ്റായ നയങ്ങള്‍ തിരുത്തുവാനോ സന്നദ്ധമല്ല. കുത്തക മുതലാളിമാരെ പ്രീതിപ്പെടുത്തുന്നതിനും സാമ്രാജ്യത്വ സാമ്പത്തിക അജണ്ടകള്‍ ദാസ്യഭാവത്തോടെ നടപ്പാക്കുന്നതിനുമായുള്ള നടപടികള്‍ നിരന്തരം കൈക്കൊണ്ടതോടെയാണ് ഇന്ത്യയിലെ കാര്‍ഷികരംഗം വിനാശത്തെ അഭിമുഖീകരിച്ചത്. ലക്ഷക്കണക്കിന് കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്ന സ്ഥിതിയും സംജാതമായി.

ആസിയാന്‍ കരാര്‍ നടപ്പാക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ റബ്ബറിന്റെയും നാണ്യവിളകളുടെയും കാര്യത്തില്‍ വന്‍തോതിലുള്ള ആശങ്ക ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ റബ്ബര്‍ നെഗറ്റീവ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും തീരുവരഹിതമായി റബ്ബര്‍ ഇറക്കുമതി ചെയ്യില്ലെന്നും കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരും ആവര്‍ത്തിച്ചുപറഞ്ഞുകൊണ്ടിരുന്നു. എന്നാല്‍ അതെല്ലാം പാഴ്‌വാക്കുകളായിരുന്നുവെന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്ന തീരുമാനം.

കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം പിമാര്‍ വാണിജ്യമന്ത്രി ആനന്ദ്ശര്‍മ്മയെ കണ്ട് തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടതു തന്നെ കര്‍ഷകരുടെ കണ്ണില്‍ പൊടിയിടാനുള്ള നാടകമാണെന്നു വേണം കരുതാന്‍. കാരണം കോണ്‍ഗ്രസ് എം പിമാരെ ഒപ്പം നിര്‍ത്തിയാണ് തീരുമാനം പിന്‍വലിക്കുന്ന പ്രശ്‌നമുദിക്കുന്നില്ലെന്ന് ആനന്ദ്ശര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞത്. കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധവും ജനദ്രോഹപരവുമായ ഒരു നിലപാടിനെയും യുക്തിപൂര്‍വം എതിര്‍ക്കുവാനോ പോരായ്മ ചൂണ്ടിക്കാട്ടുവാനോ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം പിമാര്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നു മാത്രമല്ല, ആസിയാന്‍ കരാറിനെ അവര്‍ ശ്ലാഘിക്കുകയും ചെയ്തു.

കേന്ദ്ര മന്ത്രിസഭയില്‍ കേരളത്തില്‍ നിന്ന് അഞ്ച് അംഗങ്ങളുണ്ട്. കൃഷിവകുപ്പ് സഹമന്ത്രിയും കേരളത്തെയാണ് പ്രതിനിധീകരിക്കുന്നത്. എന്നിട്ടും കേരളത്തിലെ റബ്ബര്‍ കര്‍ഷകര്‍ക്ക് ഇരുട്ടടി നല്‍കുന്ന തീരുമാനം കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാനായില്ലെന്നത് ആത്മാര്‍ഥതയുള്ള സമീപനം അവര്‍ സ്വീകരിക്കുന്നില്ലെന്നുള്ളതുകൊണ്ടാണ്.

ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നെല്ലാം നിര്‍ബാധം റബ്ബര്‍ ഇറക്കുമതി ചെയ്യുമ്പോള്‍ ഉണ്ടാകുന്ന പ്രതിസന്ധി കനത്തതായിരിക്കും. കേരളത്തില്‍ റബ്ബര്‍ കെട്ടിക്കിടക്കുമ്പോഴാണ് റബ്ബര്‍ ദൗര്‍ലഭ്യം എന്ന വാദമുയര്‍ത്തി ഇറക്കുമതി തീരുവ വെട്ടിക്കുറച്ചതെന്നത് മറ്റൊരു വിരോധാഭാസം, കേരളത്തിലെ റബ്ബര്‍ കര്‍ഷകരെ ഗുരുതരമായി ബാധിക്കുന്ന ഈ തീരുമാനത്തിനെതിരെ സാര്‍വത്രികമായ പ്രതിഷേധം ഉയര്‍ന്നുവരണം.

ജനയുഗം മുഖപ്രസംഗം 23082010

Sunday, August 22, 2010

ആസിയന്‍ സംരക്ഷിതപട്ടിക അപ്രസക്തം

റബറിന്റെ ഇറക്കുമതിത്തീരുവ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതോടെ ആസിയന്‍ കരാറിലെ സംരക്ഷിതപട്ടിക അപ്രസക്തമായി. സംരക്ഷിതപട്ടിക(നെഗറ്റീവ് ലിസ്റ്റ്)യില്‍ ഉള്‍പ്പെടുത്തിയ ഉല്‍പ്പന്നങ്ങളുടെ തീരുവ കുറയ്ക്കില്ലെന്ന് ആസിയന്‍ കരാര്‍ ഒപ്പിട്ട ഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഉറപ്പാണ് ഇപ്പോള്‍ ലംഘിച്ചത്. റബറിന്റെ കാര്യത്തില്‍ ഉറപ്പ് ലംഘിച്ചതോടെ സംരക്ഷിതപട്ടികയിലെ മറ്റ് ഉല്‍പ്പന്നങ്ങളുടെ സുരക്ഷിതത്വവും ആശങ്കയിലായി. കരാര്‍ നടപ്പാക്കുന്നതിലൂടെ തീരുവ ഗണ്യമായി വെട്ടിക്കുറച്ച് ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് കാര്‍ഷികമേഖല പൂര്‍ണമായും തകരുന്നതിന് ഇടയാക്കുമെന്ന വിമര്‍ശം ഉയര്‍ന്നിരുന്നു. അപ്പോഴെല്ലാം കേന്ദ്ര സര്‍ക്കാരും കോണ്‍ഗ്രസും കേരളത്തില്‍ യുഡിഎഫും അവകാശപ്പെട്ടത് റബറടക്കം സംരക്ഷിതപട്ടികയിലായതിനാല്‍ ആശങ്കവേണ്ടെന്നായിരുന്നു. സംരക്ഷിതപട്ടികയില്‍ ഉള്‍പ്പെട്ടാലും ആവശ്യമായ മാറ്റംവരുത്താന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നാണ് വാണിജ്യമന്ത്രി ആനന്ദ്ശര്‍മയുടെ പ്രതികരണം. വിദേശകുത്തകകളോ നാടന്‍കുത്തകകളോ സമ്മര്‍ദം ചെലുത്തിയാല്‍ സംരക്ഷിതപട്ടികയിലെ ഏത് ഉല്‍പ്പന്നത്തിന്റെയും തീരുവ ഇടിയുമെന്ന സൂചനയാണ് മന്ത്രിയുടെ വാക്കുകള്‍.

ആസിയന്‍ കരാര്‍പ്രകാരമുള്ള സംരക്ഷിതപട്ടികയില്‍ ആകെ 489 ഉല്‍പ്പന്നത്തെയാണ് ഉള്‍പ്പെടുത്തിയിരുന്നത്. റബര്‍, നാളികേരം, കശുവണ്ടി, ഏലം, ഇഞ്ചി, മഞ്ഞള്‍ എന്നിവയടക്കം 303 കാര്‍ഷികോല്‍പ്പന്നം പട്ടികയിലുണ്ട്. ഇതിനുപുറമെ സമുദ്രോല്‍പ്പന്നങ്ങളും ഉള്‍പ്പെടും. സംരക്ഷിതപട്ടികയിലെ ഉല്‍പ്പന്നങ്ങളുടെ തീരുവ കുറയ്ക്കില്ലെന്നാണ് വ്യവസ്ഥ. എന്നാല്‍, ഓരോ വര്‍ഷവും ഈ പട്ടിക പുനഃപരിശോധിക്കണമെന്ന വ്യവസ്ഥ കരാറിലുണ്ട്. ആസിയന്‍ കരാര്‍ നിലവില്‍വന്നത് 2010 ജനുവരി ഒന്നിനാണ്. കരാര്‍പ്രകാരം 2011 ജനുവരിയില്‍മാത്രമേ സംരക്ഷിതപട്ടികയില്‍ പുനരവലോകനം സാധ്യമാകൂ. എന്നാല്‍, കരാര്‍ നിലവില്‍വന്ന് എട്ടുമാസം കഴിഞ്ഞപ്പോള്‍ത്തന്നെ പട്ടികയിലെ പ്രധാന ഉല്‍പ്പന്നമായ റബറിന്റെ തീരുവ കുറച്ച് കര്‍ഷകരെ വഞ്ചിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. കേരളത്തിലെ മറ്റു പ്രധാന നാണ്യവിളകളായ കുരുമുളകിന്റെയും തേയിലയുടെയും കാപ്പിയുടെയും തീരുവ ആസിയന്‍ കരാര്‍പ്രകാരംതന്നെ ഘട്ടംഘട്ടമായി ഇടിയും. ഇതോടൊപ്പം റബറിന്റെ സുരക്ഷിതത്വംകൂടി ഇല്ലാതായതോടെ കേരളത്തിലെ എല്ലാ തോട്ടവിളയും തകര്‍ച്ചയിലേക്കാണ് നീങ്ങുന്നത്. കേരളത്തിലെ കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ അധ്യക്ഷതയില്‍ പ്രത്യേക മന്ത്രിസമിതി കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. എന്നാല്‍, സമിതിയുടെ ഒരു യോഗംപോലും ഇതുവരെ ചേര്‍ന്നിട്ടില്ല. മന്ത്രിസമിതിയുമായി കൂടിയാലോചന നടത്താതെയാണ് റബര്‍തീരുവ കുറയ്ക്കാനുള്ള വാണിജ്യമന്ത്രാലയത്തിന്റെ തീരുമാനം.
(എം പ്രശാന്ത്)

റബര്‍ വിലയിടിവ് രൂക്ഷമാകും

റബറിന്റെ ഇറക്കുമതിത്തീരുവ കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചതോടെ ആഭ്യന്തരവിപണിയില്‍ വിലയിടിവ് രൂക്ഷമാകുമെന്ന് സൂചന. രാജ്യത്തെ 10 ലക്ഷം റബര്‍കര്‍ഷകര്‍ കടുത്ത ആശങ്കയിലാണ്. തീരുവവെട്ടിക്കുറയ്ക്കുമെന്ന സൂചന ലഭിക്കുംമുമ്പ് ഒരുകിലോ റബറിന് 190 രൂപയ്ക്കാണ് കച്ചവടം നടന്നത്. ഇത് 200 കടക്കുമെന്നായിരുന്നു അന്ന് വിപണിയിലെ പ്രതീക്ഷ. പക്ഷേ, തീരുവ കുറച്ചതോടെ വില താഴേക്കായി. ശനിയാഴ്ച റബറിന്റെ വ്യാപാരം നടന്നത് 173 രൂപയ്ക്കാണ്. വ്യാപാരികള്‍ റബര്‍ വാങ്ങിയത് 160 രൂപയ്ക്കും. വില കൂടുമെന്നു കരുതി റബര്‍ സംഭരിച്ച ചെറുകിട കര്‍ഷകരും ചെറുകിട വ്യവസായികളും വരുംദിനങ്ങളില്‍ വന്‍തോതില്‍ വില്‍പ്പനക്കിറങ്ങും. ഇത് വിലയിടിവിന്റെ തോത് കൂട്ടുമെന്നും വില നൂറു രൂപയിലേക്ക് എത്തിയാലും അതിശയിക്കാനില്ലെന്നും കച്ചവടക്കാര്‍ വിലയിരുത്തുന്നു. കൂടാതെ, മലേഷ്യ, തായ്ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് റബര്‍ വരുന്നതോടെ ആഭ്യന്തരവിപണിയില്‍നിന്ന് വ്യവസായികള്‍ വിട്ടുനില്‍ക്കും. ഇതും വിലയിടിവിന് ആക്കംകൂട്ടും.

കെപിസിസി സെക്രട്ടറികൂടിയായ ആന്റോ ആന്റണി റബര്‍ ഇറക്കുമതിയുടെ കണക്കുസംബന്ധിച്ച് രണ്ടാഴ്ചമുമ്പ് പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിച്ചു. തീരുവ കൂടിയതിനാല്‍ ഇറക്കുമതി കുറവാണെന്നും കൂടുതല്‍ ഇറക്കുമതിക്കുള്ള സാഹചര്യമൊരുക്കുമെന്നും ധന സഹമന്ത്രി എസ് എസ് പളനിമാണിക്യം പ്രഖ്യാപിച്ചു. വ്യവസായികള്‍ക്കുവേണ്ടിയുള്ള ഈ ചോദ്യത്തിലൂടെ സര്‍ക്കാര്‍നയം പുറത്തുവന്നതോടെ റബര്‍വില ഇടിഞ്ഞുതുടങ്ങി. ഇറക്കുമതിത്തീരുവ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഈവര്‍ഷം ആദ്യം വ്യവസായികളുടെ സംഘടനായ ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്ചേഴ്സ് അസോസിയേഷന്‍ (ആത്മ) സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അനുകൂലമായി തീര്‍പ്പുണ്ടാകാതെ വന്നതിനാല്‍ പിന്നീട് രാഷ്ട്രീയതീരുമാനം ഉണ്ടാക്കാന്‍ കോണ്‍ഗ്രസിന്റെ ദേശീയനേതൃത്വത്തെയും എംപിമാരെയും വ്യവസായികള്‍ സ്വാധീനിക്കുകയായിരുന്നു. തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുവ ഏഴര ശതമാനമായി കുറയ്ക്കാന്‍ തീരുമാനിച്ചത്. ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി തീരുമാനം അറിയിക്കാനാണ് വ്യവസായികളുടെ കേസില്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ റബര്‍ബോര്‍ഡ് ചെയര്‍മാനെയും രണ്ട് ഉന്നതോദ്യോഗസ്ഥരെയും സര്‍ക്കാര്‍ പഠനത്തിന് നിയോഗിച്ചു. ഈ സമിതിയുടെ റിപ്പോര്‍ട്ടിനെപ്പോലും മറികടന്നാണ് തീരുവ കുറച്ചത്.
(എസ് മനോജ്)

റബര്‍തീരുവ കുറയ്ക്കരുത്: പി കരുണാകരന്‍

റബറിന്റെ ഇറക്കുമതിത്തീരുവ കുറയ്ക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം ലോക്സഭാ ഉപനേതാവ് പി കരുണാകരന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് നിവേദനം നല്‍കി. തീരുവ കുറച്ച തീരുമാനം തിരുത്തണമെന്ന് വാണിജ്യമന്ത്രി ആനന്ദ്ശര്‍മ, കൃഷിമന്ത്രി ശരദ്പവാര്‍ എന്നിവരോടും പി കരുണാകരന്‍ ആവശ്യപ്പെട്ടു. തീരുവ കുറയ്ക്കാനുള്ള തീരുമാനം കേരളത്തിലെ റബര്‍കര്‍ഷകരെ ദോഷമായി ബാധിക്കുമെന്ന് നിവേദനത്തില്‍ പറഞ്ഞു. രാജ്യത്തെ റബര്‍ ഉല്‍പ്പാദനത്തില്‍ 90 ശതമാനവും കേരളത്തിലാണ്. കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. എന്നാല്‍, തീരുവ കുറയ്ക്കുന്നതോടെ വില കുത്തനെ ഇടിയും. ഇപ്പോള്‍ത്തന്നെ വിപണിയില്‍ വലിയ ഇടിവ് പ്രകടമായിട്ടുണ്ട്. തീരുമാനത്തില്‍ മാറ്റംവരുത്താന്‍ കഴിയില്ലെന്ന വാണിജ്യമന്ത്രി യുടെ നിലപാട്് ദൌര്‍ഭാഗ്യകരമാണ്. കേരളത്തിലെ എല്ലാ രാഷ്ട്രീയപാര്‍ടിയും ഇറക്കുമതിതീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിന്റെ പൊതുവികാരം കണക്കിലെടുത്ത് ഇറക്കുമതി തടയാനും തീരുവ പുനഃസ്ഥാപിക്കാനും തയ്യാറാകണമെന്ന് കരുണാകരന്‍ ആവശ്യപ്പെട്ടു.

റബര്‍ ഇറക്കുമതി: കേന്ദ്രം കര്‍ഷകരെ വഞ്ചിച്ചു

ഇറക്കുമതിച്ചുങ്കം ഇരുപതില്‍നിന്ന് ഏഴര ശതമാനമായി കുറച്ച് രണ്ട് ലക്ഷം ട റബര്‍ ഇറക്കുമതി ചെയ്യാനുള്ള യുപിഎ സര്‍ക്കാരിന്റെ തീരുമാനത്തെ കിസാന്‍സഭ അപലപിച്ചു. സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ തീരുമാനം ആസിയന്‍ രാജ്യങ്ങളില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് റബര്‍ വലിയതോതില്‍ ഇറക്കുമതി ചെയ്യാന്‍ വഴിയൊരുക്കുമെന്ന് കിസാന്‍സഭ പ്രസിഡന്റ് എസ് രാമചന്ദ്രന്‍പിള്ളയും ജനറല്‍ സെക്രട്ടറി കെ വരദരാജനും പ്രസ്താവനയില്‍ പറഞ്ഞു. റബര്‍ ഇറക്കുമതി ആരംഭിക്കുന്നതോടെ ആഭ്യന്തരവിപണിയില്‍ വില കുത്തനെ ഇടിയും. കേരളത്തിലെ ലക്ഷക്കണക്കിന് റബര്‍കര്‍ഷകര്‍ ഇതോടെ പ്രതിസന്ധിയിലാകും. രാജ്യത്തെ രണ്ടാമത്തെ റബര്‍ ഉല്‍പ്പാദനസംസ്ഥാനമായ ത്രിപുരയെയും സര്‍ക്കാരിന്റെ തീരുമാനം ദോഷകരമായി ബാധിക്കും. തീരുവ വര്‍ധിപ്പിച്ച് ഇറക്കുമതിക്കുള്ള സാധ്യത പൂര്‍ണമായി ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അതിനുപകരം തീരുവകുറച്ച് കര്‍ഷകരെ ദ്രോഹിക്കുകയാണ്. ടയര്‍ലോബിയെയും ഓട്ടോമൊബൈല്‍ വ്യവസായരംഗത്ത് പ്രവര്‍ത്തിക്കുന്ന വന്‍ കുത്തകകളെയും പ്രീണിപ്പിക്കാന്‍ മാത്രമാണ് സര്‍ക്കാര്‍ തീരുമാനം.

ഇന്തോ- ആസിയന്‍ സ്വതന്ത്ര വ്യാപാര കരാറിന്റെ പശ്ചാത്തലത്തില്‍ വേണം സര്‍ക്കാര്‍ തീരുമാനത്തെ കാണാന്‍. ആസിയന്‍ കരാര്‍ നിലവില്‍വന്നാലും കര്‍ഷകതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്. റബറിനെ നെഗറ്റീവ് പട്ടികയിലാണ് ഉള്‍പ്പെടുത്തിയതെന്നുപറഞ്ഞ് കര്‍ഷകരെ വഞ്ചിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇന്തോ- ആസിയന്‍ കരാര്‍ കര്‍ഷകരെ ദ്രോഹകരമായി ബാധിക്കില്ലെന്ന സര്‍ക്കാരിന്റെ അവകാശവാദമാണ് പൊളിഞ്ഞത്. ഇറക്കുമതി നീക്കം അടിയന്തരമായി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കര്‍ഷകര്‍ രംഗത്തുവരണം. സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നടപടികള്‍ക്കെതിരെ വ്യാപകമായി പ്രചാരണം സര്‍ക്കാര്‍ സംഘടിപ്പിക്കും- എസ്്ആര്‍ പിയും വരദരാജനും പറഞ്ഞു.

deshabhimani 22082010

Wednesday, May 26, 2010

ആത്മവിശ്വാസം നഷ്ടപ്പെട്ട പ്രധാനമന്ത്രി

രണ്ടാം യുപിഎ സര്‍ക്കാരിന്റെ പ്രധാനമന്ത്രിയായി അധികാരം ഏറ്റെടുത്തതിനുശേഷം ആദ്യമായി നടത്തിയ പ്രാധാന്യമേറിയ പത്രസമ്മേളനത്തില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട പ്രധാനമന്ത്രിയെയാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് കാണാന്‍ കഴിഞ്ഞത്. മുന്നൂറിലധികം മാധ്യമ പ്രവര്‍ത്തകരാണ് പത്രസമ്മേളനത്തില്‍ എത്തിച്ചേര്‍ന്നതെന്നതുതന്നെ അതിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്നതാണ്. ഒരു വര്‍ഷംമുമ്പ് അധികാരം ഏറ്റെടുക്കുമ്പോള്‍ ബിജെപിയും ഇടതുപക്ഷവും ഒഴികെ മറ്റെല്ലാ കക്ഷികളുടെയും പിന്തുണ സര്‍ക്കാരിനുണ്ടായിരുന്നു. രണ്ട് പതിറ്റാണ്ടിനുശേഷം കേന്ദ്ര മന്ത്രിസഭയ്ക്ക് നേതൃത്വം നല്‍കുന്ന കക്ഷിയായ കോണ്‍ഗ്രസിന് 205 സീറ്റ് ലഭിച്ചതും ശ്രദ്ധേയമായി. തെരഞ്ഞെടുപ്പില്‍ യുപിഎയില്‍നിന്ന് വേറിട്ടുനിന്ന് മത്സരിച്ച് ബിഎസ്പി, സമാജ്വാദി, ആര്‍ജെഡി തുടങ്ങിയ കക്ഷികളുടെ പിന്തുണയും സര്‍ക്കാരിന് ലഭിച്ചു. അതോടെ ആത്മവിശ്വാസത്തിനപ്പുറം അഹന്തയും ധിക്കാരവുമൊക്കെ സര്‍ക്കാരിനെ നയിക്കുന്നവരില്‍ വര്‍ധിതവീര്യത്തോടെ വന്നുചേര്‍ന്നു. എന്നാല്‍, ഒരുവര്‍ഷം തികയുന്നതിനുമുമ്പുതന്നെ രണ്ടാം യുപിഎ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പൂര്‍ണമായും ഒറ്റപ്പെടുന്ന സ്ഥിതിയാണുണ്ടായത്. മായാവതിയുടെ ബിഎസ്സിയുടെ പ്രശ്നാധിഷ്ഠിത പിന്തുണയാണ് സര്‍ക്കാരിനെ രക്ഷപ്പെടുത്തിയത്. മായാവതിയുടെ 21 ലോക്സഭാംഗങ്ങളുടെ പിന്തുണ മാറ്റിനിര്‍ത്തിയാല്‍ 258 അംഗങ്ങളുടെ പിന്തുണ മാത്രമാണ് മന്‍മോഹന്‍സിങ് സര്‍ക്കാരിന് നിര്‍ണായക ഘട്ടത്തില്‍ ലഭിച്ചത്. ഈ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ആത്മവിശ്വാസം ചോര്‍ന്നുപോകാനിടയായതെന്ന് വേണം കരുതാന്‍.

പത്രസമ്മേളനത്തില്‍ അഴിമതിയെപ്പറ്റി ഉയര്‍ന്നുവന്ന വളരെ പ്രസക്തവും തികച്ചും ന്യായവുമായ ചോദ്യത്തിന് തൃപ്തികരമായ ഉത്തരം നല്‍കാനാവാകെ പ്രധാനമന്ത്രി വിഷമിക്കുകയായിരുന്നു. സ്പെക്ട്രം അഴിമതി കുറച്ചുകാലമായി യുപിഎ മന്ത്രിസഭയെ വേട്ടയാടുകയാണ്. 2 ജി സ്പെക്ട്രം ലേലം വിളിക്കാതെ അതിവിചിത്രമായ രീതിയില്‍ ആദ്യം അപേക്ഷയുമായി വന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തില്‍ ഏല്‍പ്പിച്ചുകൊടുക്കുകയാണല്ലോ ചെയ്തത്. ഇത് നഗ്നമായ അഴിമതിയും സ്വജനപക്ഷപാതവുമാണെന്ന് ഒറ്റനോട്ടത്തില്‍തന്നെ എല്ലാവര്‍ക്കും വ്യക്തമാണ്. ഇതുമൂലം ഒരു ലക്ഷം കോടി രൂപയുടെ നഷ്ടം സര്‍ക്കാരിനുണ്ടായി എന്ന് അന്നുതന്നെ സിപിഐ എം ചൂണ്ടിക്കാണിച്ചതാണ്. ഇപ്പോള്‍ 3ജി സ്പെക്ട്രം ലേലംവിളിച്ച് നല്‍കിയപ്പോള്‍ 67,719 കോടി രൂപ വരുമാനമുണ്ടായത് ആദ്യത്തെ അഴിമതിയുടെ ആഴം വെളിപ്പെടുത്തുന്നതാണ്. 2ജി സ്പെക്ട്രത്തിന് 10,000 കോടിരൂപ മാത്രമാണ് വരുമാനമുണ്ടായതെന്ന് ഓര്‍ക്കണം. 3 ജി സ്പെക്ട്രത്തിന് ഒരു ലക്ഷം കോടി രൂപ വരുമാനമുണ്ടാകുമെന്ന് ഇപ്പോള്‍ വ്യക്തമായ സാഹചര്യത്തില്‍ അഴിമതി ആരോപണത്തില്‍നിന്ന് രക്ഷപ്പെടാന്‍ പ്രധാനമന്ത്രിക്ക് കഴിയില്ല.

ഐപിഎല്‍ അഴിമതി ആരോപണം ശരിയാണെന്ന് വന്നപ്പോള്‍ കേന്ദ്രമന്ത്രി ശശിതരൂരിന് രാജിവച്ച് പുറത്തുപോകേണ്ടിവന്നു. എന്നാല്‍, അതിലും വലിയ അഴിമതി നടത്തിയ കേന്ദ്രമന്ത്രി ഡിഎംകെക്കാരനായതുകൊണ്ട് സമ്മര്‍ദ രാഷ്ട്രീയത്തിന് വഴങ്ങിയിരിക്കുകയാണ് പ്രധാനമന്ത്രി. ഒരു വര്‍ഷംമുമ്പ് കേന്ദ്രമന്ത്രിസഭയില്‍ രാജയെ ഉള്‍പ്പെടുത്താന്‍ പ്രധാനമന്ത്രി വിസമ്മതം പ്രകടിപ്പിച്ചപ്പോള്‍ ഡിഎംകെ നേതാവ് ഭീഷണി പുറപ്പെടുവിച്ചു. അന്നുതന്നെ പ്രധാനമന്ത്രിക്ക് അധികാരം നിലനിര്‍ത്താന്‍ കീഴടങ്ങേണ്ടിവന്നു. ഇപ്പോള്‍ അഴിമതി ശരിയാണെന്ന് നൂറുശതമാനം തെളിഞ്ഞിട്ടും പ്രധാനമന്ത്രി ഒഴിഞ്ഞുമാറുന്നതാണ് പത്രസമ്മേളനത്തില്‍ കാണാന്‍ കഴിഞ്ഞത്. പ്രധാനമന്ത്രിയുടെ അനുമതിയോടെയാണ് 2 ജി സ്പെക്ട്രം ഇടപാട് നടത്തിയതെന്ന് നേരത്തെതന്നെ രാജ അവകാശപ്പെട്ടതാണ്. അത് ശരിയാണെന്ന് ഇപ്പോള്‍ വീണ്ടും തെളിഞ്ഞു. പ്രധാനമന്ത്രി സ്പെക്ട്രം അഴിമതിയെ ന്യായീകരിച്ചത് ലജ്ജാകരമാണ്.

മാവോയിസ്റ്റുകളെ നേരിടുന്നതില്‍ യുപിഎ സര്‍ക്കാരിന് ഏകാഭിപ്രായമല്ല ഉള്ളതെന്ന് പണ്ടേ വ്യക്തമായതാണ്. കേന്ദ്ര റെയില്‍ മന്ത്രിയും തൃണമൂല്‍ നേതാവുമായ മമത ബാനര്‍ജി മാവോയിസ്റ്റുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനെ അനുകൂലിക്കുന്നില്ല. പരസ്യമായി എതിര്‍ക്കാനും മടികാണിച്ചിട്ടില്ല. ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകള്‍ 76 സുരക്ഷാ ഭടന്മാരെയാണ് വെടിവച്ചുകൊന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും ക്രൂരമായ ആക്രമണമായിരുന്നു ഇത്. വീണ്ടും യാത്രക്കാര്‍ സഞ്ചരിക്കുന്ന ബസ് ബോംബുവച്ച് തകര്‍ത്ത് നിരവധി പേരെ കൊന്നു. മാവോയിസ്റ്റുകള്‍ കൂട്ടക്കൊല ആവര്‍ത്തിക്കുമ്പോള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി ചിദംബരം പറയുന്നത് തനിക്ക് പരിമിതികളുണ്ടെന്നാണ്. എന്താണ് പരിമിതിയെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. കേന്ദ്ര മന്ത്രിസഭയില്‍ നക്സല്‍ ഭീകരരെ അനുകൂലിക്കുകയും പ്രോത്സാഹിപ്പിക്കുകയുംചെയ്യുന്ന ശക്തയായ കേന്ദ്രമന്ത്രിയുള്ളപ്പോള്‍ ആഭ്യന്തര മന്ത്രിക്ക് പരിമിതികളുണ്ടെന്നത് ആര്‍ക്കും മനസിലാക്കാന്‍ കഴിയുന്നതാണ്. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിനും പ്രധാനമന്ത്രിക്ക് തൃപ്തികരമായ ഉത്തരം നല്‍കാന്‍ കഴിഞ്ഞിട്ടില്ല.

കേന്ദ്രമന്ത്രിമാര്‍ അഭിപ്രായവ്യത്യാസം പരസ്യമായിത്തന്നെ പറയുന്ന നിലയെപ്പറ്റി ചോദിച്ചപ്പോഴും പ്രധാനമന്ത്രിയുടെ ആശയക്കുഴപ്പവും ചാഞ്ചാട്ടവും വ്യക്തമായിരുന്നു. പരസ്യമായ അഭിപ്രായപ്രകടനം അഭികാമ്യമല്ലെന്നും അവര്‍ക്ക് സ്വന്തം അഭിപ്രായം പറയാന്‍ വേദിയുണ്ടെന്നുമുള്ള പൊതുതത്വം പറഞ്ഞ് രക്ഷപ്പെടുക മാത്രമാണ് അദ്ദേഹം ചെയ്തത്. അതോടൊപ്പം മന്ത്രിമാര്‍ക്ക് അഭിപ്രായം പറയാന്‍ ജനാധിപത്യ വ്യവസ്ഥയില്‍ സ്വാതന്ത്ര്യമുണ്ടെന്ന് കൂട്ടിച്ചേര്‍ക്കുകയുംചെയ്തു. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തെപ്പറ്റി ഓര്‍മിപ്പിക്കാന്‍പോലും പ്രധാനമന്ത്രിക്ക് ധൈര്യമുണ്ടായില്ല.

രണ്ടാമത്തെ യുപിഎ സര്‍ക്കാര്‍ അധികാരത്തിലേറി ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഏറെ ദുര്‍ബലനായ പ്രധാനമന്ത്രിയെയാണ് പത്രസമ്മേളനത്തില്‍ കാണാന്‍ കഴിഞ്ഞത്. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി അധ്യക്ഷയായ ദേശീയ ഉപദേശക സമിതി സൂപ്പര്‍ ക്യാബിനറ്റായാണ് പ്രവര്‍ത്തിക്കുന്നതെന്ന അഭിപ്രായ പ്രകടനത്തിനും ഫലപ്രദമായി പ്രതികരിക്കുന്നതില്‍ പ്രധാനമന്ത്രി പരാജയപ്പെടുകയാണുണ്ടായത്. ഒരു വര്‍ഷം തികയുന്നതിനു മുമ്പേ രണ്ടാം യുപിഎ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ന്യൂനപക്ഷമായി മാറി. രാഷ്ട്രത്തെ ബാധിക്കുന്ന ഏറ്റവും വലിയ പ്രശ്നം വിലക്കയറ്റമാണെന്ന് ആവര്‍ത്തിച്ച് പറയുമ്പോള്‍ അത് തടയാന്‍ സ്വീകരിച്ച എന്തെങ്കിലും നടപടിയെപ്പറ്റി വിശദീകരിക്കാന്‍ പ്രധാനമന്ത്രിക്ക് കഴിഞ്ഞില്ല. ഡിസംബറാകുമ്പോള്‍ വിലക്കയറ്റം കുറയുമെന്ന പ്രവചനം മാത്രമാണ് അദ്ദേഹത്തിന് പറയാനുള്ളത്. വളര്‍ച്ചനിരക്കിനെപ്പറ്റി പെരുപ്പിച്ച കണക്ക് ചൂണ്ടിക്കാണിക്കാനല്ലാതെ ജനകീയ പ്രശ്നങ്ങള്‍ക്കൊന്നിനും പരിഹാരം കാണാന്‍ കഴിയാത്ത സര്‍ക്കാരാണ് തന്റേതെന്ന കുറ്റസമ്മതം മാത്രമാണ് പത്രസമ്മേളനത്തിലുണ്ടായത്.

ദേശാഭിമാനി മുഖപ്രസംഗം 26052010

പത്രസമ്മേളന വാര്‍ത്തകള്‍

പ്രതിരോധത്തില്‍ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രണ്ടാം യുപിഎ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിഷമവൃത്തത്തിലായിരുന്നു പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. ആദ്യ വര്‍ഷത്തെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നു സമ്മതിച്ച മന്‍മോഹന്‍സിങ്ങിന് നേരിടേണ്ടി വന്നതേറെയും വീഴ്ചകളെക്കുറിച്ചുള്ള ചോദ്യങ്ങളും. പ്രധാനമന്ത്രി പദത്തില്‍നിന്ന് എപ്പോള്‍ ഒഴിയുമെന്നന്വേഷിക്കുന്ന ചോദ്യങ്ങള്‍ക്കും ദയനീയാവസ്ഥ വെളിപ്പെടുത്തുന്നതായി മന്‍മോഹന്‍സിങ്ങിന്റെ മറുപടി. വിലക്കയറ്റത്തില്‍ തുടങ്ങി മന്ത്രിസഭയിലെ പടലപ്പിണക്കത്തെക്കുറിച്ചുവരെയുള്ള ചോദ്യങ്ങള്‍ പ്രധാനമന്ത്രിയെ പ്രതിരോധത്തില്‍ നിര്‍ത്തി.

പ്രധാനമന്ത്രി പദത്തില്‍ ഇത്തവണ മന്‍മോഹന്‍സിങ്ങിന്റേത് ഇടക്കാല നിയമനമാണെന്ന സൂചനയും വിദേശ മാധ്യമപ്രവര്‍ത്തകരടക്കം പങ്കെടുത്ത വാര്‍ത്താസമ്മേളനത്തിലുണ്ടായി. വിരമിക്കലിനെക്കുറിച്ച് ആദ്യമുയര്‍ന്ന ചോദ്യങ്ങളോടുള്ള പ്രതികരണത്തില്‍ത്തന്നെ രാഹുല്‍ഗാന്ധിക്കായി സ്ഥാനമൊഴിയാന്‍ തയ്യാറാണെന്ന സൂചനയുണ്ടായി. എന്നാല്‍, 'രാജി' ചോദ്യങ്ങള്‍ ആവര്‍ത്തിച്ചതോടെ ചില ദൌത്യങ്ങള്‍കൂടി പൂര്‍ത്തീകരിക്കാനുണ്ടെന്നും അതുവരെ രാജിയെക്കുറിച്ച് ചിന്തയില്ലെന്നും പ്രധാനമന്ത്രിക്ക് പറയേണ്ടിവന്നു.

വനിതാബില്ലിനെക്കുറിച്ച് പരാമര്‍ശമൊന്നും നടത്തിയില്ലെന്നതും ശ്രദ്ധേയമായി. പഞ്ചായത്തുകളില്‍ വനിതാസംവരണം ഉറപ്പാക്കി ബില്‍ കൊണ്ടുവന്നിട്ടുണ്ടെന്നുമാത്രം ആമുഖ ഭാഷണത്തില്‍ പറഞ്ഞു. നിയമനിര്‍മാണസഭകളില്‍ സംവരണം ഉറപ്പാക്കുന്ന ബില്‍ ലോക്സഭയില്‍ എപ്പോള്‍ കൊണ്ടുവരുമെന്ന് വ്യക്തമാക്കാന്‍ മന്‍മോഹന്‍സിങ് തയ്യാറായില്ല. പാര്‍ലമെന്റില്‍ ഭൂരിപക്ഷം നിലനിര്‍ത്താന്‍ മായാവതി, മുലായം എന്നിവരുമായി രഹസ്യധാരണകളില്‍ ഏര്‍പ്പെട്ടെന്ന ആക്ഷേപം പ്രധാനമന്ത്രി തള്ളി. അധികാരം നിലനിര്‍ത്താന്‍ സിബിഐയെ ദുരുപയോഗിച്ചിട്ടില്ലെന്നും അവകാശപ്പെട്ടു.

കേരളത്തിന് ദോഷകരമായ ആസിയാന്‍ കരാറിനെ സര്‍ക്കാരിന്റെ നേട്ടപ്പട്ടികയിലാണ് ഉള്‍പ്പെടുത്തിയത്. ഭക്ഷ്യസുരക്ഷാ ബില്‍ തയ്യാറായിവരികയാണെന്നും ഉന്നതവിദ്യാഭ്യാസരംഗത്ത് വലിയ പരിഷ്കാരങ്ങള്‍ കൊണ്ടുവരുമെന്നും പറഞ്ഞു. രണ്ടാം യുപിഎ സര്‍ക്കാരിന് ഇടതുപക്ഷ പിന്തുണയില്ലാത്തത് നഷ്ടമായി തോന്നുന്നുവോ എന്ന ചോദ്യത്തിന് സ്വപ്നം കാണുന്നതില്‍ അര്‍ഥമില്ലെന്നും പ്രവൃത്തിയാണ് ആവശ്യമെന്നുമുള്ള ഇംഗ്ളീഷ് പഴഞ്ചൊല്ലായിരുന്നു മറുപടി.
(എം പ്രശാന്ത്)

രാജയെ പ്രധാനമന്ത്രി ന്യായീകരിക്കുന്നു

ന്യൂഡല്‍ഹി: 2-ജി സ്പെക്ട്രം അനുവദിച്ചതില്‍ വന്‍ അഴിമതി നടത്തിയെന്ന ആരോപണം നേരിടുന്ന ടെലികോംമന്ത്രി എ രാജയെ പ്രധാധനമന്ത്രി മന്‍മോഹന്‍ സിങ് വാര്‍ത്താസമ്മേളനത്തില്‍ ന്യായീകരിച്ചു. എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് സ്പെക്ട്രം ഇടപാടില്‍ നിലനിന്ന നയം നടപ്പാക്കുക മാത്രമാണ് രാജ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. രാജയെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കണമെന്ന പ്രതിപക്ഷ ആവശ്യം അദ്ദേഹം നിരാകരിച്ചു. രണ്ടാം യുപിഎ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം പ്രമാണിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി. ശരിയായ ദിശയില്‍ പ്രശ്നത്തെ സമീപിക്കണം. ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയും ടെലികോം കമീഷണറും 2 ജി സ്പെക്ട്രം ലേലനയം അംഗീകരിച്ചതാണ്.

"ഞാന്‍ രാജയുമായി ഈ പ്രശ്നം സംസാരിച്ചിരുന്നു. അദ്ദേഹം പറഞ്ഞത് 2003ല്‍ നിലവില്‍ വന്ന നയം നടപ്പാക്കുകയാണ് ചെയ്തതെന്നാണ്. ആരോപണങ്ങള്‍ക്ക് രാജ പാര്‍ലമെന്റിലും മാധ്യമങ്ങളിലും മറുപടിയും നല്‍കിയിട്ടുണ്ട്''.

പരാതി ഉയര്‍ന്നതിനാല്‍ കേന്ദ്ര വിജിലന്‍സ് കമീഷന്റെ നിര്‍ദേശപ്രകാരം സിബിഐയും ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. അന്വേഷണം നടക്കുന്നതിനാല്‍ പ്രതികരിക്കുന്നില്ല. എന്തെങ്കിലും ഇടപെടല്‍ നടന്നതായി കണ്ടെത്തിയാല്‍ നടപടിയുണ്ടാകും. 2ജി സ്പെക്ട്രം ലേലത്തില്‍നിന്നും (10,000 കോടി) ഈയിടെ നടന്ന 3-ജി സ്പെക്ട്രം ലേലംവഴിയും}(67,700 കോടി രൂപ) ലഭിച്ച വരുമാനം തമ്മില്‍ വലിയ അന്തരമുണ്ടെന്ന് പ്രധാനമന്ത്രി സമ്മതിച്ചു.

അതിരൂക്ഷമായ വിലക്കയറ്റം ജനങ്ങളെ ബാധിക്കുന്ന ഗുരുതര പ്രശ്നമാണെന്ന് പ്രധാനമന്ത്രി മറ്റൊരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഡിസംബറോടെ വിലക്കയറ്റം കുറയ്ക്കാന്‍ സാധിക്കും. നാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സര്‍ക്കാരിന്റെ വീഴ്ചകളെ സംബന്ധിച്ച ചോദ്യങ്ങളാണ് കൂടുതലും ഉയര്‍ന്നത്. മാന്ദ്യകാലത്തും ഏഴു ശതമാനത്തിനുമേല്‍ സാമ്പത്തികവളര്‍ച്ച നേടാനായത് മാത്രമാണ് പ്രധാനമന്ത്രിക്ക് സര്‍ക്കാരിന്റെ നേട്ടമായി ചൂണ്ടിക്കാട്ടാനായത്. ആഗോളമാന്ദ്യം ഇന്ത്യയെ കാര്യമായി ബാധിക്കാതിരുന്നത് എന്തുകൊണ്ടെന്ന് വിശദീകരിക്കാന്‍ പ്രധാനമന്ത്രി തയ്യാറായില്ല.

ഏറ്റെടുത്ത ദൌത്യം പൂര്‍ത്തീകരിക്കുംവരെ വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കില്ലെന്ന് അദ്ദേഹം ചോദ്യത്തിന് മറുപടി നല്‍കി. അതേസമയം, പാര്‍ടി ആഗ്രഹിച്ചാല്‍ യുവാക്കള്‍ക്കായി വഴിമാറാന്‍ ഒരുക്കമാണ്. രാഹുല്‍ഗാന്ധി എന്നാണ് മന്ത്രിസഭയില്‍ ചേരുക എന്ന ചോദ്യത്തിന് ഏതു പദവി വഹിക്കാനും രാഹുല്‍ പ്രാപ്തനാണെന്നും എന്നാല്‍ രാഹുലിന്റെ വൈമനസ്യമാണ് തടസ്സമെന്നും മന്‍മോഹന്‍ മറുപടി നല്‍കി.

ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 10 ശതമാനം വളര്‍ച്ചയാണ് സര്‍ക്കാരിന്റെ ഇടക്കാല ലക്ഷ്യം. ബുദ്ധിമുട്ടേറിയ കഴിഞ്ഞ രണ്ടു വര്‍ഷത്തില്‍ 6.5 ശതമാനവും 7.2 ശതമാനവും വളര്‍ച്ച കൈവരിക്കാനായി. നടപ്പുവര്‍ഷം 8.5 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ഭീകരതയെയും വിവിധ രൂപത്തിലുള്ള ആശയപരമായ തീവ്രവാദത്തെയും ശക്തമായി നേരിടും. രാജ്യം നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തരസുരക്ഷാ വെല്ലുവിളി നക്സലിസമാണ്. ഇതിനെ നേരിടാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണം ആവശ്യമാണ്. സര്‍ക്കാരിനെ നിലനിര്‍ത്താന്‍ സിബിഐയെ ദുരുപയോഗിക്കുന്നെന്ന ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതമാണ്. മുലായത്തിന്റെയും മായാവതിയുടെയും പിന്തുണ ഉറപ്പാക്കിയത് അവരുമായി എന്തെങ്കിലും ധാരണയിലെത്തിയിട്ടല്ല. സോണിയയും താനുമായി അഭിപ്രായഭിന്നതകളൊന്നുമില്ല. പാര്‍ടിയും സര്‍ക്കാരും തമ്മിലും പ്രശ്നങ്ങളൊന്നുമില്ല- പ്രധാനമന്ത്രി പറഞ്ഞു.

ദേശാഭിമാനി 25052010

Friday, January 1, 2010

2010 നെക്കുറിച്ച് ചില ചിന്തകള്‍

പുഞ്ചിരിക്കുന്ന സാമ്രാജ്യത്വത്തിന്റെ രണ്ടാം വര്‍ഷം

പുഞ്ചിരിക്കുന്ന സാമ്രാജ്യത്വത്തിന്റെ രണ്ടാം വര്‍ഷം ആയിരിക്കും 2010. ഒബാമയുടെ സാമ്രാജ്യത്വത്തെ പുഞ്ചിരിക്കുന്നതെന്നോ മനുഷ്യമുഖമുള്ളതെന്നോ വിശേഷിപ്പിക്കാം. സാമ്രാജ്യത്വത്തിന്റെ ശൈലി എന്തായാലും എങ്ങനെ അവതരിപ്പിക്കപ്പെട്ടാലും അത് സാമ്രാജ്യത്വം തന്നെയായിരിക്കുമെന്നതാണ് പുതുവല്‍സരത്തിന്റെ സന്ദേശം. മാറ്റം പ്രവചിച്ച് അധികാരത്തില്‍ എത്തിയ ബറാക് ഒബാമ, പ്രസിഡന്റ് ബുഷ് പടുത്തുയര്‍ത്തിയ പുത്തന്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തില്‍ നിന്ന് അഥവാ സാമ്രാജ്യത്വത്തിന്റെ പുതിയ ഘട്ടത്തില്‍ നിന്ന് പിന്നോട്ടു പോകുമെന്ന ധാരണ ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഒബാമ നല്‍കിയ വാഗ്ദാനങ്ങളാണ് പുതിയ സമീപനത്തെപ്പറ്റി പ്രതീക്ഷകള്‍ ഉയര്‍ത്തിയത്. അമേരിക്കയുടെ വിദേശനയത്തില്‍ വ്യതിയാനം ഉണ്ടാവുമെന്ന് വിചാരിച്ചവര്‍ നിരാശരായി. കാരണം, ആശയരംഗത്തും പ്രായോഗിക രംഗത്തും ഒബാമ പിന്തുടരുന്നത് ബുഷിന്റെ സാമ്രാജ്യത്വം തന്നെയാണ്. വിദേശനയത്തിന്റെ പ്രധാനചട്ടക്കൂട് ബുഷിന്റെ കാലത്ത് എന്നതുപോലെ ഭീകരവാദ വിരുദ്ധയുദ്ധമായി തുടരുന്നു. ഇറാക്കില്‍ നിന്നുള്ള പിന്മാറ്റത്തിന് ബുഷ് നിര്‍ദേശിച്ച വ്യവസ്ഥകളില്‍ ഒബാമ മാറ്റമുണ്ടാക്കിയില്ല. അഫ്ഗാനിസ്ഥാനിലേക്ക് 30000 ഓളം കൂടുതല്‍ സൈനികരെ അയച്ച് യുദ്ധം കൂടുതല്‍ രൂക്ഷമാക്കുകയും ചെയ്തു. ഇറാനോടോ ക്യൂബയോടോ ഉത്തരകൊറിയയോടോ ഉള്ള നയങ്ങളില്‍ മാറ്റം ഒന്നും ഉണ്ടായില്ല. ഉണ്ടാകുമെന്ന പ്രതീക്ഷ നല്‍കിയെങ്കിലും 2010 ആരംഭിക്കുമ്പോള്‍ ലോകത്തിന്റെ പ്രധാന ശ്രദ്ധ അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും അമേരിക്ക തുടരുന്ന യുദ്ധത്തില്‍ തന്നെയാണ്.

2009 ല്‍ നിന്ന് 2010 ലേക്ക് ലോകം കൊണ്ടുപോകുന്ന ബാധ്യത അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റേതാണ്. അതിന്റെ പ്രതിരോധ-സൈനിക നയങ്ങളും സാമ്പത്തിക നയങ്ങളും സിദ്ധാന്തങ്ങളുമെല്ലാം ലോക രാഷ്ട്രീയത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുകയും ചെയ്യുന്നു. 2009 ലെ പ്രധാനമായ മറ്റൊരു സവിശേഷത വികസ്വര രാഷ്ട്രങ്ങള്‍ എന്നതിന്റെ പുനര്‍ നിര്‍വചനമാണ്. ഇപ്പോള്‍ വികസ്വര രാഷ്ട്രങ്ങള്‍ പല തട്ടുകളിലാണ്. അവയെ ഒന്നാം ലോകമെന്നും രണ്ടാം ലോകമെന്നും മൂന്നാം ലോകമെന്നും വിശേഷിപ്പിച്ചു തുടങ്ങി. ഇന്ത്യ ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളിലെ 'ഒന്നാം ലോകത്തെ' ജി-20 ലും ഒക്കെകൂടെ സാമ്രാജ്യത്വ ശക്തികളുടെ സഹവര്‍ത്തികളാക്കി എന്നതാണ് വാസ്തവം. കോപ്പന്‍ഹേഗനില്‍ നടന്ന കാലാവസ്ഥാ സമ്മേളനത്തില്‍ ഇത് പ്രകടമായിരുന്നു. ഇന്ത്യയുടെ ഭരണാധികാരികള്‍ക്ക് ഇത് വളരെ സ്വാഗതാര്‍ഹമായി തോന്നുന്നു. ബഹുഭൂരിപക്ഷം വികസ്വര രാഷ്ട്രങ്ങളെ മാത്രമല്ല, ഇന്ത്യയിലെ തന്നെ ബഹുഭൂരിപക്ഷം ജനങ്ങളെയും അവഗണിച്ചുകൊണ്ടാണ് ഇന്ത്യയുടെ നിലപാട്. ബുഷിന്റെ നയങ്ങള്‍ തന്നെയാണ് ഒബാമയും പിന്തുടരുന്നത് എന്നതില്‍ യുപിഎ സര്‍ക്കാര്‍ സന്തോഷിക്കുന്നതായി കരുതേണ്ടിയിരിക്കുന്നു. ഇതില്‍ നിന്ന് വിഭിന്നമാണ് ലോകവേദിയില്‍ ചൈനയുടെ സ്ഥാനം. 2009 ചൈനയുടെ നയതന്ത്രത്തിന്റെയും 'മൃദുല ശക്തിയുടെയും' വര്‍ഷമായിരുന്നു. ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിന്‍ അമേരിക്കയിലും എല്ലാം ചൈനയുടെ വിജയം പ്രകടമായിരുന്നു. 2010 ല്‍ തുടരുമെന്ന് വ്യക്തമായ മൂന്നു കാര്യങ്ങള്‍ ഉണ്ട്. ഒന്ന്: അമേരിക്കയുടെ സാമ്രാജ്യത്വ നയങ്ങള്‍. രണ്ട്: ഇന്ത്യയുടെ അമേരിക്കന്‍ വിധേയത്വം. മൂന്ന്: ചൈനയുടെ വര്‍ധിക്കുന്ന സ്വാധീനം .
(നൈനാന്‍ കോശി)

ആസിയന്‍ പ്രാബല്യത്തില്‍ ഇന്തോ-ഇയു കരാര്‍ വരുന്നു

കേരളത്തിന് കടുത്ത ഭീഷണിയായ ഇന്തോ- ആസിയന്‍ സ്വതന്ത്രവ്യാപാര കരാര്‍ വെള്ളിയാഴ്ച പ്രാബല്യത്തില്‍ വരും. 2010 ജനുവരി ഒന്നുമുതല്‍ ഘട്ടംഘട്ടമായി കാര്‍ഷികോല്‍പ്പന്നങ്ങളുടെയും മറ്റു ചരക്കുകളുടെയും തീരുവനിരക്ക് പൂജ്യംവരെ കുറയ്ക്കാനുള്ളതാണ് കരാര്‍. കാര്‍ഷിക- മത്സ്യമേഖലകള്‍ക്ക് കടുത്ത ദോഷംചെയ്യുന്ന ഇന്തോ-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്രവ്യാപാര കരാറുമായും യുപിഎ സര്‍ക്കാര്‍ മുന്നോട്ടുനീങ്ങുകയാണ്. ലോക വാണിജ്യ കരാറുമായി ബന്ധപ്പെട്ട ദോഹവട്ടം ചര്‍ച്ച മുന്നോട്ടു കൊണ്ടുപോകുന്നതിന് അയഞ്ഞ നിലപാട് സ്വീകരിക്കാനും സര്‍ക്കാര്‍ ധാരണയിലെത്തി. ആസിയന്‍ കരാര്‍ നടപ്പാവുന്നതോടെ കേരളത്തിലെ പ്രധാന കാര്‍ഷികോല്‍പ്പന്നങ്ങളില്‍ പലതും തീരുവയില്ലാതെ ഇറക്കുമതി ചെയ്യപ്പെടും. തീരുവ കാര്യമായി കുറയ്ക്കാതെ 303 കാര്‍ഷികോല്‍പ്പന്നം അടങ്ങിയ സംരക്ഷിതപട്ടിക തയ്യാറാക്കിയെങ്കിലും കേരളത്തിലെ പ്രധാന ഉല്‍പ്പന്നങ്ങളൊന്നും ഉള്‍പ്പെടുത്തിയിട്ടില്ല. 90 ശതമാനം മത്സ്യവും പട്ടികയ്ക്കു പുറത്താണ്. കരാര്‍ വ്യവസ്ഥ പൂര്‍ണമായി നടപ്പായാല്‍ കുരുമുളകിന്റെ പരമാവധി തീരുവനിരക്ക് അമ്പത് ശതമാനമായി പരിമിതപ്പെടും. പാമോയിലിന് പരമാവധി 37.5 ശതമാനം തീരുവയേ ചുമത്താനാവൂ. കാപ്പി, തേയില എന്നിവയുടെ പരമാവധി തീരുവ 45 ശതമാനമാകും. സ്വഭാവിക റബര്‍ സംരക്ഷിതപട്ടികയില്‍ ഉണ്ടെങ്കിലും റബര്‍ ഉല്‍പ്പന്നങ്ങളും കൃത്രിമ റബറും തടസ്സമില്ലാതെ ഇറക്കുമതി ചെയ്യാം. കയറുല്‍പ്പന്നങ്ങളുടെയും തീരുവ ഗണ്യമായി കുറയും. 2021 ഡിസംബര്‍വരെയാണ് കരാര്‍. കരാര്‍ കേരളത്തിന് സൃഷ്ടിക്കുന്ന ഭീഷണി പഠിക്കാന്‍ പ്രണബ്മുഖര്‍ജി അധ്യക്ഷനായി മന്ത്രിതല സമിതിയെ നിയോഗിച്ചെങ്കിലും ഒരു യോഗംപോലും ചേര്‍ന്നില്ല. കര്‍ഷക പ്രതിനിധികളുമായോ മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കളുമായോ ചര്‍ച്ച നടത്തിയിട്ടുമില്ല.

ഇന്തോ-ഇയു കരാറിനെയും കര്‍ഷകര്‍ ആശങ്കയോടെയാണ് കാണുന്നത്. മത്സ്യ-മാംസ, ക്ഷീര മേഖലകള്‍ക്ക് ഇയു കരാര്‍ ദോഷമാവും. ഇന്തോ-ഇയു സ്വതന്ത്രവ്യാപാര കരാര്‍ ചര്‍ച്ച ജനുവരിയില്‍ നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. ജനുവരി 25 മുതല്‍ 29 വരെ ഡല്‍ഹിയില്‍ കരാറിനായുള്ള എട്ടാംവട്ട ചര്‍ച്ച നടക്കും. നിയമവശങ്ങള്‍, തീരുവ ഉദാരവല്‍ക്കരണം എന്നീ കാര്യങ്ങളാണ് മുഖ്യമായും ചര്‍ച്ചചെയ്യുകയെന്ന് ഇന്ത്യന്‍ സംഘത്തെ നയിക്കുന്ന വാണിജ്യ അഡീഷണല്‍ സെക്രട്ടറി പി കെ ചൌധരി പറഞ്ഞു. എത്രയും വേഗം കരാറിലെത്താന്‍ ചര്‍ച്ച വേഗത്തിലാക്കുമെന്ന് ചൌധരി അറിയിച്ചു. ഇതിനു പുറമെ അനൌദ്യോഗിക ആശയവിനിമയവും നടക്കുന്നുണ്ട്. ഇയു സംഘത്തിന് നേതൃത്വം നല്‍കുന്ന ഇഗ്നാസ്യോ ഗാര്‍സിയ ബെര്‍സെറോയുമായി അടുത്തയിടെ ബ്രസല്‍സില്‍ ചൌധരി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡബ്ള്യുടിഒ കരാറിന്റെ കാര്യത്തിലും ഇന്ത്യ വിട്ടുവീഴ്ചയ്ക്ക് ഒരുങ്ങുകയാണെന്നാണ് സൂചന. ദോഹവട്ടം ചര്‍ച്ച ഫലപ്രാപ്തിയിലെത്തിക്കുന്നതിന് വിട്ടുവീഴ്ച ആവശ്യമാണെന്ന നിലപാടിലാണ് കേന്ദ്രം. ഈ നയം കാര്‍ഷികമേഖലയെ കൂടുതല്‍ നാശത്തിലേക്ക് തള്ളിവിടുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
(എം പ്രശാന്ത്)

മാധ്യമങ്ങള്‍ കുഴിവെട്ടുമ്പോള്‍...

മാധ്യമമേഖലയില്‍ 'വാര്‍ത്തയ്ക്ക് പണം' എന്ന പുത്തന്‍ പ്രവണത ഏതുവഴിക്കു മുന്നേറുമെന്ന് തീരുമാനിക്കുന്ന വര്‍ഷമായിരിക്കും 2010. മാധ്യമങ്ങള്‍ അവയുടെ ജനാധിപത്യപരവും നിയമപരവുമായ ചുമതല നിര്‍വഹിക്കുകയും പൂര്‍ത്തീകരിക്കുകയും ചെയ്യുമോ? അതോ, ജനങ്ങളുടെയും ജനാധിപത്യത്തിന്റെയും ചെലവില്‍ നീതിരഹിതമായ ലാഭത്തെ പിന്തുടരുമോ ? പണം വാങ്ങി വാര്‍ത്ത നല്‍കുന്ന സമ്പ്രദായം മാധ്യമങ്ങളെയും ജനാധിപത്യത്തെയും ഒരുപോലെ അപകടപ്പെടുത്തുന്നു. ജനങ്ങള്‍ വഞ്ചിക്കപ്പെടുന്നു എന്ന പ്രശ്നം മാത്രമല്ല ഇതിലടങ്ങിയിരിക്കുന്നത്. ശക്തരായ ഒരു വിഭാഗം മാധ്യമങ്ങള്‍ പലവഴികളില്‍ ദിനംപ്രതി ജനങ്ങളെ വഞ്ചിക്കുന്നു. ജനാധിപത്യത്തെയും സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പിനെയും അട്ടിമറിക്കുന്ന വഞ്ചനകൂടിയാണിത്. 2004, 2009 തെരഞ്ഞെടുപ്പുകളില്‍ അതാണ് സംഭവിച്ചത്.

'വാര്‍ത്തയ്ക്ക് പണം' കേവലമൊരു വഴിപിഴയ്ക്കലല്ല. സഹസ്ര കോടികള്‍ കൈമറിയുന്ന വന്‍കിട വ്യവസായമാണ്. ആന്ധ്രയിലെ എപി യൂണിയന്‍ ഓഫ് ജേര്‍ണലിസ്റ്റ്‌സ് വ്യക്തമാക്കിയത് 2009ലെ തെരഞ്ഞെടുപ്പില്‍ 300 മുതല്‍ 1000 കോടി രൂപവരെ ഒഴുകിയെന്നാണ്. മഹാരാഷ്ട്രയില്‍ ഇത് 500 കോടിയായിരുന്നു. ഈ ദുഷ്പ്രവണത മാധ്യമങ്ങളുടെയും തെരഞ്ഞെടുപ്പു പ്രകിയയുടെയും മുഖം ഒരു പോലെ വികൃതമാക്കിയിരിക്കുന്നു. ഒരു കോടിപതി തന്റെ തെരഞ്ഞെടുപ്പു പ്രചാരണ വസ്തുക്കള്‍ വാര്‍ത്തയാക്കി നല്‍കാന്‍ വന്‍തുക മാധ്യമങ്ങള്‍ക്ക് നല്‍കുമ്പോള്‍ അവര്‍ വഞ്ചിക്കുന്നത് വായനക്കാരെയും കാഴ്ചക്കാരെയും മാത്രമല്ല; അവര്‍ മറ്റ് സ്ഥാനാര്‍ഥികളെ തമസ്കരിക്കുകകൂടിയാണ്. തെരഞ്ഞെടുപ്പിനായി തങ്ങള്‍ക്കു മുന്നിലുള്ള സ്ഥനാര്‍ഥികള്‍ ആരൊക്കെയെന്ന് അറിയാനുള്ള സ്വാതന്ത്ര്യം പോലും വോട്ടര്‍മാര്‍ക്ക് നിഷേധിക്കപ്പെടുന്നു. മാധ്യമങ്ങളില്‍നിന്ന് പ്രതീക്ഷിക്കുന്ന അടിസ്ഥാന വിവരങ്ങള്‍പോലും ലഭ്യമാകാതെ വോട്ടര്‍മാര്‍ ഇരുട്ടിലാകുന്നു. അങ്ങനെ സ്വതന്ത്രവും നിഷ്പക്ഷവുമായ മാധ്യമങ്ങളും ജനാധിപത്യ - തെരഞ്ഞെടുപ്പു പ്രക്രിയകളും കുഴിച്ചുമൂടപ്പെടുന്നു. വാര്‍ത്ത വില്‍പനച്ചരക്കാകുന്നത് എത്രയുംപെട്ടെന്ന് അവസാനിപ്പിക്കണം; അല്ലെങ്കില്‍ ഈ ദുര്‍വൃത്തി നമ്മളെ അവസാനിപ്പിക്കും.
(പി സായിനാഥ്)

പ്രതിസന്ധി പിടിമുറുക്കും

ആഗോള സാമ്പത്തിക പ്രതിസന്ധി അവസാനിച്ചെന്ന് ആരും ആശ്വസിക്കേണ്ട. പണിയെടുക്കുന്നവര്‍ക്ക് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മെച്ചമായിരിക്കും 2010 എന്നും ആരും കരുതേണ്ട. പ്രതിസന്ധിയുടെ പിടി അയയില്ലെന്നു മാത്രമല്ല, മൂര്‍ഛിക്കുകയും ചെയ്യാം. കാര്യങ്ങള്‍ ഏതുവഴിക്കായിരിക്കുമെന്നതിന്റെ വ്യക്തമായ സൂചനയാണ് പ്രസിഡന്റ് ഒബാമയുടെ 'ഉത്തേജക പാക്കേജ്'. അമേരിക്കയിലെ തൊഴിലില്ലായ്മാ നിരക്ക് കുറയ്ക്കാന്‍ പ്രസിഡന്റിന്റെ പാക്കേജിനു കഴിഞ്ഞില്ല. മൂലധനശക്തികളുടെ സമ്മര്‍ദത്തിന് അടിപ്പെട്ട് അത് ഇനിയും ചുരുങ്ങാനാണ് സാധ്യത. അമേരിക്കന്‍ സര്‍ക്കാര്‍ ചെലവിട്ട 150 ലക്ഷം കോടിയില്‍ യഥാര്‍ഥ സമ്പദ്വ്യവസ്ഥയുടെ ഉത്തേജനത്തിനായി എത്തിയത് പത്തിലൊന്നുമാത്രം. ജിഡിപി നിരക്കിന്റെ വളര്‍ച്ച ചൂണ്ടിക്കാട്ടി യുപിഎ സര്‍ക്കാര്‍ വീരസ്യം പറയുന്നതിനിടയിലും കനത്ത ആഘാതമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. വിവര സാങ്കേതികവിദ്യയും ടെക്സ്റൈയില്‍സും അടക്കം വിവിധ മേഖലകളില്‍ തൊഴില്‍നഷ്ടം രൂക്ഷമാകും. വെള്ളക്കോളറുകാര്‍ അടക്കം എല്ലാ വിഭാഗം തൊഴിലാളികളുടെയും നാണ്യവിളകര്‍ഷകരുടെയും എല്ലാം വരുമാനം ഇനിയും ഇടിയും. നിത്യോപയോഗസാധനങ്ങളുടെ കുതിച്ചുയരുന്ന വിലകൂടിയാകുമ്പോള്‍ ദുരിതവര്‍ഷമാണ് ബഹുഭൂരിപക്ഷം ജനങ്ങളെയും കാത്തിരിക്കുന്നത്. ഗള്‍ഫ് മേഖലയില്‍നിന്നുള്ള വരുമാനത്തിന്റെ ഇടിവും പ്രവാസികളുടെ മടങ്ങി വരവും കൂടിയാകുമ്പോള്‍ കേരളത്തിന്റെ ആധി വര്‍ധിക്കുകയാണ്. ഇതിനു പുറമെയാണ് ആസിയന്‍ കരാര്‍മൂലമുള്ള ആഘാതം. ഉല്‍പ്പാദനരംഗത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നയപരമായ ചവടുമാറ്റങ്ങള്‍ കേരളത്തില്‍ ഇതിനകം ഗുണപരമായ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. പക്ഷേ, ജനങ്ങള്‍ക്ക് സംസ്ഥാനസര്‍ക്കാരില്‍നിന്ന് കൂടുതല്‍ സഹായവും പിന്തുണയും ലഭ്യമാകുന്നതിന് കേന്ദ്രസര്‍ക്കാര്‍ തടസ്സമാകരുത്. സ്വതന്ത്ര വ്യാപാര കരാറുകള്‍ പിന്‍വലിപ്പിക്കുന്നതിനും സംസ്ഥാനസര്‍ക്കാരിന്റെ ആശ്വാസപാക്കേജുകള്‍ സാമ്പത്തിക നിയന്ത്രണങ്ങളുടെ പേരില്‍ കേന്ദ്രം തടയുന്നതിനും എതിരെ ജനങ്ങളുടെ മുന്നേറ്റം ആവശ്യമാണ്.
(പ്രഭാത് പട്നായിക്)

വളരുന്നത് കൂട്ടായ ചിന്തയും പ്രതികരണവും

ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഭയാനകമായി വര്‍ധിക്കുന്ന വൈരുധ്യങ്ങളുടെ നടുവിലാണ് രാജ്യം പുതുവര്‍ഷത്തിലേക്ക് കടക്കുന്നത്. ആഗോളവല്‍ക്കരണത്തിന്റെ ദുരിതങ്ങള്‍ സാധരണജനങ്ങള്‍ക്കുമേല്‍ മഹാദുരന്തങ്ങളായി പെയ്തിറങ്ങുമ്പോള്‍ അത്തരം നയങ്ങള്‍ക്ക് ന്യായീകരണങ്ങള്‍ നിരത്തി പുതിയ ഉടമ്പടികളും കരാറുകളുമായി മുന്നോട്ടുപോകുന്ന കേന്ദ്രഭരണകര്‍ത്താക്കള്‍. ലോകരാജ്യങ്ങള്‍ക്കു മുന്നിലെത്താനുള്ള അളവുകോല്‍ ജനസംഖ്യയുടെ പത്തു ശതമാനം വരുന്ന വിഭാഗത്തിന്റെ നേട്ടങ്ങളാണെന്ന വ്യാഖ്യാനമാണ് അവര്‍ നല്‍കുന്നത്. ബാക്കി ജനവിഭാഗങ്ങളെ അവഗണിക്കുകയെന്നതാണ് ഇവരുടെ നയം. ഈ നയങ്ങളുടെ പൂര്‍ണമായ തണലില്‍ കോടീശ്വരന്മാര്‍ കൂടുതല്‍ കോടീശ്വരന്മാരാകുമ്പോള്‍ സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവര്‍ ദാരിദ്ര്യരേഖയുടെ കീഴിലേക്ക് കൂടുതല്‍ താഴ്ത്തപ്പെടുന്ന അവസ്ഥയാണുണ്ടാവുക. മുതലാളിത്ത ബന്ധങ്ങള്‍ ഒറ്റപ്പെട്ട മനുഷ്യനെ സൃഷ്ടിക്കുകയും പരമ്പരാഗതമായി നിലനിന്നിരുന്ന മുഴുവന്‍ കൂട്ടായ്മകളെയും നശിപ്പിക്കുകയും ചെയ്യും. മുതലാളിത്തത്തിന്റെ സാംസ്കാരിക ഉല്‍പ്പന്നങ്ങളുടെ പ്രളയം സൃഷ്ടിക്കുന്ന അവസ്ഥ സാമൂഹ്യവ്യവസ്ഥയ്ക്കുതന്നെ ഭീഷണിയാണ്. കുത്തകഭീമന്മാരുടെ കടന്നുവരവില്‍ ഈ ഭീഷണി കൂടുതല്‍ ശക്തിപ്പെടുകയാണ്. പൊതുമേഖലയുടെ തിരസ്കരണവും സ്വകാര്യവല്‍ക്കരണത്തിന്റെ അമിതാവേശവും മള്‍ട്ടി നാഷണല്‍ കമ്പനികളുടെ ചൂഷണത്തിന് കരുത്തുപകരും. ഇത്തരം തെറ്റായ നയങ്ങള്‍ക്കെതിരായ ചെറുത്തുനില്‍പ്പ് കൂടുതല്‍ ശക്തമാക്കേണ്ടതുണ്ട്. മതേരത്വത്തിനെതിരായി ഭീഷണി ഉയര്‍ത്തുന്ന ശക്തികള്‍ക്കെതിതരായി മതേതരശക്തികള്‍ കൂടുതല്‍ കരുത്തോടെ നിരന്തരമായി ക്രിയാത്മകമായ പരിപാടികളുമായി മുന്നോട്ടു പോകേണ്ടതുണ്ട്. സാമൂഹ്യ, സാംസ്കാരിക തലങ്ങള്‍ കൂടി കണക്കിലെടുത്തുള്ള പരിപാടികളാകണം അത്. മതേതര സമൂഹത്തിന് ശക്തി വര്‍ധിപ്പിക്കാന്‍ ഇത് അനിവാര്യമാണ്. മതാത്മകതയും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സമൂഹത്തില്‍ വളരുന്നു എന്നത് ആശങ്കാജനകമാണ്. മതവിശ്വാസത്തിന്റെ കച്ചവടവല്‍ക്കരണം സമൂഹത്തില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതം വളരെ വലുതാണ്. അപകടകരമായ ഈ അവസ്ഥയ്ക്കെതിരായി സമൂഹം ഒറ്റക്കെട്ടായി ചിന്തിക്കുകയും പ്രതികരിക്കുകയും വേണം. പുതുവര്‍ഷം ഇത്തരം മുന്നേറ്റങ്ങളുടെ ദിനങ്ങളാകട്ടെ.
(ഡോ. കെ എന്‍ പണിക്കര്‍)

ജനങ്ങള്‍ ഉറപ്പുവരുത്തേണ്ടത്: ഡോ. രാജന്‍ ഗുരുക്കള്‍

ഭൌതിക നേട്ടങ്ങളുടെ ഫലമായുണ്ടായ ബൂര്‍ഷ്വാ പ്രലോഭനങ്ങളും ജാതി - മത - സാമുദായിക സങ്കുചിത ചിന്തകളുടെ സ്വാധീനവും മധ്യവര്‍ഗത്തെ വന്‍തോതില്‍ അരാഷ്ട്രീയവല്‍ക്കരിച്ചിരിക്കുന്നു. ഒപ്പം പാവപ്പെട്ട ജനങ്ങളുടെ അരാഷ്ട്രീയവല്‍ക്കരണത്തിനും ഇടവന്നിട്ടുണ്ട്. സാമൂഹ്യനീതിക്ക് വേണ്ടിയുള്ള സമരങ്ങളേക്കാള്‍ ജാതി - മത - സാമുദായിക വിലപേശലുകള്‍ മേല്‍ക്കൈ നേടിക്കൊണ്ടിരിക്കുകയാണ്. നീതിനിഷ്ഠ സാമൂഹ്യവികസനം ഏറെക്കുറെ അസാധ്യമായിരിക്കുന്നു. നടക്കാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലൂടെ ഇതിനെതിരേ ജനകീയ ജനാധിപത്യം ശക്തിപ്പെടണം. ജനകീയ സുസ്ഥിരവികസനം പഞ്ചായത്തുകള്‍ തോറും യാഥാര്‍ത്ഥ്യമാകേണ്ടതുണ്ട്. ജാതിക്കും മതത്തിനും അതീതമായ മാനവികതയില്‍ സാധാരണക്കാര്‍ പുനര്‍രാഷ്ട്രീയവല്‍ക്കരിക്കപ്പെടണം. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഉറപ്പുവരുത്തേണ്ടത് ജനകീയാസൂത്രണത്തിന്റെ സുസ്ഥിരവികസന അജണ്ട തന്നെയാണെന്ന് ചുരുക്കം. അതിന് സാധാരണ ജനവിഭാഗം ജനകീയ ജനാധിപത്യ രാഷ്ട്രീയവല്‍ക്കരണത്തിന്റെ പാതയില്‍ ഉറച്ചുനില്‍ക്കണം. കപട ജനാധിപത്യ മുഖംമൂടി അണിഞ്ഞ് ജാതി - മത - സാമുദായിക വികാരം ചൂഷണം ചെയ്ത് അധികാര വടംവലിയുമായി മുന്നേറുന്നവരുടെ അരാഷ്ട്രീയതയില്‍ കുടുങ്ങിക്കൂടാ. ശക്തമായ ഇടതുപക്ഷ രാഷ്ട്രീയാവബോധവും അത് സാധ്യമാക്കിയ ജനകീയാസൂത്രണവും സാമൂഹ്യവികസന രംഗത്ത് ദളിതര്‍ക്കും സ്ത്രീകള്‍ക്കും ആദിവാസികള്‍ക്കും അതുണ്ടാക്കിയ നേട്ടങ്ങളും സുരക്ഷയും ഇല്ലായ്മചെയ്യാന്‍ അരാഷ്ട്രീയതയെ അനുവദിച്ചുകൂടാ.

ചുവടുവയ്ക്കുന്നത് ഒളിമ്പിക്സ് മെഡലിലേക്ക് പി ടി ഉഷ

കേരളത്തിന് കായികരംഗത്ത് ഏറെ പ്രതീക്ഷിക്കാനുണ്ട്. കായിക രംഗത്തെ പ്രോത്സാഹിപ്പിക്കുന്ന നിരവധി പദ്ധതികളും സര്‍ക്കാറിനുണ്ട്. വരാനിരിക്കുന്ന ഒളിംപിക്സുകളില്‍ ഇന്ത്യയിലേക്ക് മെഡല്‍ കൊണ്ടുവരുന്നത് തീര്‍ച്ചയായും കേരളക്കാരിയോ കേരളക്കാരനോ ആയിരിക്കും. അത്രയേറെ കഴിവുള്ള താരങ്ങള്‍ കേരളത്തിന്റെ കായികരംഗത്ത് ഉദയം ചെയ്തിട്ടുണ്ട്. സ്കൂള്‍ മീറ്റുകളില്‍ ലോകത്തിന്റെ തന്നെ നേഴ്സറി കേരളമാണ്. എന്നിട്ടും അന്താരാഷ്ട്ര നിലവാരത്തിലുള്ള താരങ്ങളെ വാര്‍ത്തെടുക്കാന്‍ നമുക്ക് കഴിയുന്നില്ല. ഇവര്‍ക്ക് ആവശ്യമായ ചുറ്റുപാടുകളുടെ അഭാവമാണ് ഏറ്റവും വലിയ പ്രശ്നം. അശാസ്ത്രീയമായ പരിശീലനവും സൌകര്യങ്ങളുടെ പരിമിതിയുമാണ് പലപ്പോഴും തിരിച്ചടിയാവുന്നത്. നമ്മുടെ ലക്ഷ്യങ്ങള്‍ എത്തിപ്പിടിക്കാന്‍ ശാസ്ത്രീയവും ചിട്ടയാര്‍ന്നതുമായ പരിശീലനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തണം. സ്കൂള്‍ പാഠ്യപദ്ധതിയില്‍ സ്പോര്‍ട്സ് ഉള്‍പ്പെടുത്തുന്നതോടൊപ്പം കഴിവുള്ള അധ്യാപകരെ നിയമിക്കുകയും അവര്‍ കൃത്യമായ രീതിയില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ടോയെന്ന് പരിശോധിക്കുകയും വേണം. ഏറ്റവും ചുരുങ്ങിയത് 200 മീറ്റര്‍ ട്രാക്കും മള്‍ട്ടി ജിംനേഷ്യവും ഓരോ സ്കൂളിലും വേണം. ഇങ്ങനെ വരുമ്പോള്‍ സ്കൂള്‍ മീറ്റുകളിലും ചില സ്കൂളുകള്‍ മാത്രം മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നതിനു പകരം സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകള്‍ക്കും നേട്ടം കൊയ്യാനാവും. കൃത്യതയാര്‍ന്ന പരിശീലനം ലഭിച്ചാല്‍ കേരളത്തിന്റെ കായിക താരങ്ങള്‍ ലോകത്തോളം ഉയരുമെന്നതില്‍ ഒരു തര്‍ക്കവുമില്ല.

ചതുരംഗത്തില്‍ വിജയിക്കാം ഷാജി എന്‍ കരുണ്‍

സിനിമയുടെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്ന വിപണിയുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ചലച്ചിത്ര പ്രവര്‍ത്തകര്‍ നീക്കിയ ചതുരംഗത്തില്‍ പലപ്പോഴും പരാജയം ഉണ്ടാവാറുണ്ട്. പോയ വര്‍ഷത്തെ സിനിമകള്‍ മുഴുവന്‍ കാണാതെ അതിനെ വിലയിരുത്തുന്നതില്‍ അര്‍ഥമില്ല. തീയറ്ററുകള്‍ താരങ്ങളെ ഉണ്ടാക്കാന്‍ മാത്രമുള്ള ഉപാധികളായി കാണുന്ന വിപണിയുടെ തന്ത്രം കഴിഞ്ഞകൊല്ലത്തെ ചതുരംഗകളിയില്‍ സിനിമയെ തോല്‍പിച്ചിരിക്കാം. പ്രദര്‍ശനശാലകള്‍ സാംസ്കാരിക ക്ഷേത്രങ്ങളായി മാറുകയും വിപണി ആവശ്യപ്പെടുന്നതിനൊപ്പം സിനിമക്ക് ആവശ്യമായ സൌന്ദര്യവും ചേര്‍ത്താല്‍ അടുത്ത വര്‍ഷത്തെ ചതുരംഗകളിയില്‍ സിനിമക്ക് വിജയിക്കാം. പരാജയം എന്നതിന്റെ മറുവശം വിജയമാണ് എന്നതില്‍ വിശ്വസിക്കാം. സിനിമകള്‍ ആസ്വാദകരുടെ ഓര്‍മയില്‍ ഇരുപതും അന്‍പതും വര്‍ഷം വരെ നിറഞ്ഞുനിന്ന കാലഘട്ടങ്ങളുണ്ടായിരുന്നു. ഇന്ന് അതിന്റെ ഓര്‍മകള്‍ വ്യാപരിച്ചേക്കാവുന്ന കാലം രണ്ടും അഞ്ചും വര്‍ഷമായി പരിമിതപെട്ടു. ഓര്‍മകള്‍ തരുന്ന ഗൃഹാതുരത്വമാണ് സിനിമയുടെ വളര്‍ച്ചയുടെ വളം. ഗൃഹാതുരത്വങ്ങള്‍ ഇല്ലതാവുമ്പോള്‍ നല്ല സിനിമക്കുളള വളം കുറയുകയും വിളര്‍ച്ചയുണ്ടാവുകയും ചെയ്യുന്നു. എഴുതുമ്പോള്‍ എന്തിനാണ് അധ്യായങ്ങളായി പിരിക്കുന്നതും ഖണ്ഡികകളും ക്രിയാവിശേഷണങ്ങളും ചിഹ്നങ്ങളും ഉപയോഗിക്കുന്നത്.. അര്‍ഥം അതിവേഗം ആളുകളിലേക്ക് എത്തിക്കാന്‍ അത് സഹായിക്കുന്നു. സിനിമയിലും ഇത്തരം 'ചിഹ്നങ്ങള്‍' സൌന്ദര്യം എത്തിക്കുന്നതിനുള്ള ഉപാധിയാക്കുന്നതില്‍ പുതിയ തലമുറയുടെ ശ്രദ്ധ പതിയണം. മറ്റേത് ശാസ്ത്രീയകലകളില്‍ നിന്നും വ്യത്യസ്തമായി ഇരുപതാം നൂറ്റാണ്ടിലെ കമ്പോളത്തിന്റെ കലയായി പിറന്ന സിനിമയെ അതില്‍ നിന്നും മാറി കാണാന്‍ കഴിയില്ല. സിനിമയുടെ ലക്ഷ്യം പണം മാത്രമായി പരിമിതപ്പെടുന്നുവെന്നതാണ് ദുരന്തം. അപ്പോള്‍ സൌന്ദര്യം നഷ്ടമാകുന്നു. പണവും വിപണിയും മനുഷ്യന്‍ കണ്ടുപിടിച്ചതാവുമ്പോള്‍ അതിന് പരിമിതികള്‍ ഉണ്ടെന്ന് തിരിച്ചറിയണം. മനുഷ്യന്‍ നിര്‍മ്മിച്ച കമ്പ്യൂട്ടറുകള്‍ ജോലിചെയ്യാന്‍ ഉപകരിക്കുന്നു. പക്ഷെ ഒരു പെണ്‍കമ്പ്യൂട്ടറിനെ സൃഷ്ടിക്കാനാവാതെ പോയ സൌന്ദ്യര്യശാസ്ത്ര പരിമിതിയുണ്ട്. സൌന്ദ്യര്യശാസ്ത്രപരമായി കമ്പോളം പോലെ തന്നെ മനുഷ്യനിര്‍മ്മിതമായ കമ്പ്യൂട്ടറുകളും ചെറുതാകുന്നത് ഇത്തരം സങ്കല്‍പ്പങ്ങളിലാണ്.

ജീവിതത്തിലേക്ക് വഴിതുറന്ന് ആദിവാസികളും

ആദിവാസികള്‍ എങ്ങനെ ജീവിക്കുന്നെന്ന് കണ്ടറിയാന്‍ ഒരു മന്ത്രി നേരിട്ട് കോളനികളിലെത്തുകയെന്നത് ചരിത്രത്തിലെ അപൂര്‍വതയാണ്. പിന്നോക്കക്ഷേമമന്ത്രി എ കെ ബാലന്റെ സന്ദര്‍ശനത്തിനു പിന്നാലെ ആ കോളനികളില്‍ നടക്കേണ്ട വികസനപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട നടപടിയുണ്ടാവുകയും ചെയ്യുന്നു. വരുംവര്‍ഷത്തില്‍ ഈ പ്രവര്‍ത്തനങ്ങള്‍ യാഥാര്‍ഥ്യമകുന്നതോടെ നാളിതുവരെ ജീവിതത്തിന്റെ പുറമ്പോക്കുകളില്‍മാത്രം കഴിയാന്‍ വിധിക്കപ്പെട്ടിരുന്ന ഒരു ജനതയെ പുതിയൊരു സ്വത്വബോധത്തിലേക്ക് നയിക്കാന്‍ നമുക്കാകും. ആദിവാസികളെ മറയാക്കി കലാപം സൃഷ്ടിക്കുകയെന്ന ചില സംഘടനകളുടെ ലക്ഷ്യമാണ് ആദിവാസിമേഖലയിലെ പ്രശ്നങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടിയോടെ തകരുന്നത്. ആദിവാസിക്ഷേമത്തിന്റെ പേരില്‍ ഫണ്ട് തട്ടുകയും അവരെ അരാഷ്ട്രീയവല്‍ക്കരിക്കുകയും ചെയ്യുന്ന ചില സംഘടനകളുടെ പ്രതീക്ഷകള്‍ക്കപ്പുറമാണ് സര്‍ക്കാര്‍ നടപടികള്‍. ആദിവാസിമേഖലയിലെ പ്രശ്നങ്ങള്‍ കണ്ടറിയാനും പരിഹരിക്കാനുമുള്ള ഏറ്റവും മികച്ച മാതൃകയാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. ജനാധിപത്യരീതിയിലുള്ള സമരങ്ങള്‍ക്ക് സര്‍ക്കാര്‍ ചെവികൊടുക്കുന്നു. കാടല്ലാതായി മാറിയ വനഭൂമിയില്‍ കുടില്‍കെട്ടി സമാധാനപരമായി സമരം ചെയ്യുന്ന ആദിവാസികള്‍ക്ക് ഭൂമി പതിച്ചുനല്‍കുന്ന സര്‍ക്കാര്‍ നടപടി അതാണ് തെളിയിക്കുന്നത്. അക്രമ പ്രവര്‍ത്തനങ്ങളൊന്നും നടത്താതെ വനത്തില്‍ കുടില്‍കെട്ടി കൃഷിചെയ്ത് ജീവിക്കുന്നവര്‍ക്ക് അര്‍ഹമായ ഭൂമി ലഭിക്കണം. ആദിവാസിമേഖലയിലെ മുഴുവന്‍ പ്രശ്നങ്ങള്‍ക്കും പരിഹാരമായി എന്നല്ല, ആദിവാസികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിന് ആ മേഖലയില്‍ സദുദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സംഘടനകളെയും യോജിപ്പിച്ചുകൊണ്ടുള്ള പഠനവും അതിനനുസരിച്ചുള്ള കൂടുതല്‍ പ്രവര്‍ത്തനങ്ങളും അനിവാര്യമാണ്. അതോടൊപ്പം ആദിവാസികളെ മറയാക്കി കലാപം സൃഷ്ടിക്കുന്നവരെയും അവരുടെ ക്ഷേമഫണ്ട് വെട്ടിക്കുന്നവരെയും സര്‍ക്കാര്‍ നിയന്ത്രിക്കുകയും വേണം.
(ഒ കെ ജോണി)

കാതോര്‍ക്കുന്നത് നിശബ്ദമുന്നേറ്റത്തിന് റോസ്മേരി

ആത്മബോധത്തിന്റെ വെളിച്ചം ഇനിയും തെളിഞ്ഞില്ലെങ്കിലും സ്ത്രീസമൂഹത്തില്‍ നിശബ്ദമുന്നേറ്റത്തിന് ഞാന്‍ കാതോര്‍ക്കുന്നുണ്ട്. ദയാബായിയെപ്പോലെ മാധ്യമങ്ങള്‍ ഓമനിക്കാത്ത മിന്നാമിന്നികളെ. അതിശയകരമായ മുന്നേറ്റമൊന്നും കടന്നുപോയ വര്‍ഷം ഉണ്ടായില്ലെങ്കിലും അതുപോലെതന്നെയാകും വരുംവര്‍ഷമെന്ന് കരുതാനാകുമോ? എനിക്ക് പ്രതീക്ഷയുണ്ട്. പ്രകാശത്തിന്റെ വഴി തെളിയാതിരിക്കില്ല. സ്ത്രീകളില്‍നിന്ന് അത്ഭുതകരമായ വിജയമൊന്നും പോയനാളുകളില്‍ കാണാനായില്ല. വിസ്മയകരമായ സാന്നിധ്യങ്ങളും. തികച്ചും ഒരു സാധാരണവര്‍ഷം. സ്ത്രീസമൂഹത്തിന്റെ എല്ലാ തട്ടിലും മാറ്റമുണ്ട്. സാമ്പത്തികമായി സ്ത്രീ ഒരുപാട് മുന്നേറി. വെല്ലുവിളികളുള്ള തൊഴില്‍മേഖലയില്‍പോലും കടന്നുവന്നു. വരുംവര്‍ഷവും ഇതിനൊരു മാറ്റവും ഉണ്ടാകില്ല. കുറെക്കൂടി കരുത്തും ഈ ഒഴുക്കിനുണ്ടാകാം. ഉപരിവര്‍ഗത്തിലും അടിത്തട്ടിലും വലിയ വ്യത്യാസം ഇക്കാര്യത്തിലില്ല.

കുടുംബശ്രീകളുണ്ടാക്കിയ ചലനം കീഴ്ത്തട്ടില്‍ നാം വിചാരിച്ചതിലും അധികമാണ്. കുടുംബങ്ങളിലെ ചലനം തൊട്ടറിയാനാകും. കുഗ്രാമങ്ങളില്‍വരെ സ്ത്രീകള്‍ ഇതിന്റെ സാധ്യതകള്‍ വിനിയോഗിച്ചു. സ്ത്രീപദവിയില്‍ വലിയ ഒരു പൊളിച്ചെഴുത്ത് വരുംവര്‍ഷവും പ്രതീക്ഷിക്കുന്നില്ല. കാരണം സ്ത്രീയോടുള്ള സമൂഹമനോഭാവം പഴയപടി തുടരുകയാണ്. കുടുംബങ്ങളില്‍ സ്ത്രീ പഴയ അതേ അവസ്ഥയില്‍തന്നെ. പെണ്‍കുട്ടികളെ ഓര്‍മിച്ചുള്ള ആകുലത തീരില്ല. സ്ത്രീപീഡനങ്ങളും അതിക്രമങ്ങളും കുറയില്ല. അരക്ഷിതാവസ്ഥ നിറയുന്നതില്‍ സങ്കടമുണ്ട്. വിദ്യാഭ്യാസത്തിലും തൊഴില്‍പരമായും പെകുട്ടികള്‍ പിന്നിട്ട ദൂരം ചെറുതല്ല. നമ്മുടെ പെകുട്ടികള്‍ ഞങ്ങള്‍ വില്‍പ്പനച്ചരക്കല്ല എന്ന് വിളിച്ചുപറയേണ്ട സമയമായി. സ്ത്രീധനത്തിന് തൂക്കിവില്‍ക്കാന്‍ നിന്നുകൊടുക്കരുത്. ആത്മധൈര്യത്തിന്റെ വഴിയിലാകണം വരുംവര്‍ഷം അവരുടെ സഞ്ചാരം.

സ്വര്‍ണത്തോടുള്ള ഭ്രമത്തിന് ഒട്ടും കുറവില്ല. വില കുതിച്ചുകയറുമ്പോഴും സ്വര്‍ണഭ്രമത്തില്‍ സ്ത്രീകള്‍ തിക്കിത്തിരക്കുകയാണ്. മുത്തുമാലകളും കല്ലുമാലകളും ധരിക്കാന്‍ മടിക്കുന്നത് മനസ്സിലാകുന്നില്ല. സംവരണം സ്ത്രീക്ക് കരുത്തേകുമെന്ന വിശ്വാസമില്ല. 33 ശതമാനം സംവരണം കിട്ടിയപ്പോള്‍ കണ്ട സ്ത്രീപദവിതന്നെയാകും സംവരണ ശതമാനം ഇനിയെത്ര കൂട്ടിയാലും. സംവരണംവഴി സ്ത്രീ അധികാരം കൈയാളുന്ന സ്ഥലങ്ങളില്‍പ്പോലും പുരുഷന്മാരുടെ ബാഹ്യഭരണമാണ്. സംവരണത്തോടൊപ്പം പുരുഷന്മാരുടെ മനോഭാവവും മാറണം. എന്നാലേ ഇത് സ്ത്രീക്ക് ഉപയോഗപ്രദമാകൂ. രാഷ്ട്രപതിയോ സ്പീക്കറോ ആയതുകൊണ്ട് സ്ത്രീപദവിയില്‍ വലിയ മുന്നേറ്റമുണ്ടായി എന്നൊന്നും വിശ്വസിക്കുന്നില്ല. അവര്‍ പദവി ഉപയോഗപ്പെടുത്തി സ്ത്രീസമൂഹത്തിനായി പ്രകാശിക്കണം. എന്നാല്‍, ഇക്കാര്യത്തിലും നിരാശതന്നെ. എന്നാല്‍, അര്‍ഹതയുള്ളവരെ ഇരുട്ടില്‍ നിര്‍ത്തുന്നു. പി ടി ഉഷയാണ് വരുംവര്‍ഷം മാതൃകയാക്കാവുന്ന വനിത. രാഷ്ട്രവും കായികലോകവും തന്റെമേല്‍ ചൊരിഞ്ഞ എല്ലാ സ്നേഹവും ആദരവും ഉഷ തിരിച്ചുനല്‍കുകയാണ്. ഭൂതകാലനേട്ടങ്ങളില്‍ അഭിരമിച്ച് ഉഷയ്ക്ക് കഴിയാമായിരുന്നു. അതല്ല ഉഷ. ആരും തുണയില്ലാത്ത കാലത്തും ഉഷ കിതച്ചുനില്‍ക്കാതെ ഓടി. ആ വഴികളിലെ പ്രകാശമാകണം വരുംവര്‍ഷം സ്ത്രീകളെ നയിക്കേണ്ടത്.

ദേശാഭിമാനി 01012010

എല്ലാവര്‍ക്കും നവവത്സര ആശംസകള്‍

Wednesday, November 4, 2009

കോണ്‍ഗ്രസിന്റെ ജനവഞ്ചന തുടര്‍ക്കഥ

ആസിയന്‍ കരാറിനെ കേരളസര്‍ക്കാര്‍ രാഷ്ട്രീയവല്‍ക്കരിക്കുന്നു എന്നാണ് കേന്ദ്രമന്ത്രി എ കെ ആന്റണിയുടെ ആക്ഷേപം. ആഗസ്ത് 25ന് കേന്ദ്രമന്ത്രിയെ സന്ദര്‍ശിച്ച കേരള മുഖ്യമന്ത്രിക്ക് കത്തു നല്‍കിയിരുന്നു എന്നതാണ് ആനക്കാര്യമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. ആഗസ്ത് 25നുശേഷം ആസിയന്‍ കരാറുമായി ബന്ധപ്പെട്ടു പുറത്തുവന്ന വാര്‍ത്തയൊക്കെ ആന്റണി സൌകര്യപൂര്‍വം മറക്കുകയാണ്. ആസിയന്‍ കരാറിന്റെ ഭാഗമായി 489 ഉല്‍പ്പന്നം ഉള്‍പ്പെട്ട നെഗറ്റീവ് ലിസ്റ്റ് 2010 ജനുവരി ഒന്നിന് കരാര്‍ നിലവില്‍ വരുന്നതോടെ അതിന്റെ ഭാഗമായി നിലവില്‍ വരുമെന്നും അദ്ദേഹം പറയുന്നുണ്ട്.

"ഈ കരാര്‍മൂലം ഇന്ത്യക്ക് ഗുണമുണ്ടാകും. എന്നാല്‍ കാപ്പി, റബര്‍ എന്നീ വിഭാഗം കര്‍ഷകരുടെ ആശങ്ക പരിഹരിക്കാന്‍ എല്ലാ ശ്രമവും നടത്തും. ആസിയന്‍ കരാറിന് അംഗീകാരം നല്‍കിയ മന്ത്രിസഭായോഗം പ്രത്യേക മന്ത്രിസഭാസമിതി രൂപവല്‍ക്കരിച്ചത് ഈ ലക്ഷ്യത്തോടെയാണ്. വയലാര്‍ രവിയും താനും ഈ സമിതിയില്‍ അംഗങ്ങളാണെന്നും ആന്റണി പറഞ്ഞു'' (മാതൃഭൂമി നവംബര്‍ 3).

489 ഉല്‍പ്പന്നം ഉള്‍പ്പെട്ട നെഗറ്റീവ് ലിസ്റിന്റെ ഉള്ളുകള്ളി എന്താണെന്ന് വ്യക്തമാക്കുന്ന പ്രൊഫസര്‍ കെ എന്‍ ഗംഗാധരന്റെ ലേഖനം ഇന്നലെ ദേശാഭിമാനി പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. നെഗറ്റീവ് ലിസ്റ്റാണ് എല്ലാറ്റിനും പരിഹാരമെങ്കില്‍ പിന്നെന്തിനാണ് മന്ത്രിസഭ ഉപസമിതിയെന്ന് മനസ്സിലാകുന്നില്ല. കരാര്‍ ഒപ്പിട്ടശേഷം മന്ത്രിസഭാ ഉപസമിതി ചര്‍ച്ചചെയ്ത് കരാര്‍ റദ്ദാക്കുമോ? സംരക്ഷിതപട്ടിക ഉള്ളതുകൊണ്ട് കര്‍ഷകരുടെ കാര്യമെല്ലാം ഭദ്രമാണെങ്കില്‍ കാപ്പി, റബര്‍ എന്നീ വിഭാഗം കര്‍ഷകരുടെ ആശങ്കയ്ക്ക് അടിസ്ഥാനമെന്താണ്?

ഇതൊക്കെ കൂട്ടിവായിക്കുമ്പോള്‍ ആസിയന്‍ കരാറിലെ ഒളിച്ചുകളി പകല്‍പോലെ വ്യക്തമാകുന്നുണ്ട്. ആശങ്കയകറ്റാന്‍ ശ്രമിക്കുമെന്നല്ലാതെ, കേരളത്തിലെ കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് ഉറപ്പുപറയാന്‍ ആന്റണിക്ക് കഴിയുന്നില്ല.

കേരളത്തിലെ കണ്ണൂര്‍, എറണാകുളം, ആലപ്പുഴ നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ ആസിയന്‍ കരാര്‍ ഒരു മുഖ്യവിഷയമായി, കോണ്‍ഗ്രസിന് മുമ്പൊക്കെ വോട്ടുചെയ്ത വോട്ടര്‍മാരും കാണുന്നുണ്ട്. ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തിദിനത്തില്‍ തിരുവനന്തപുരം രാജ്ഭവന്‍മുതല്‍ കാസര്‍കോടുവരെ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയില്‍ അണിനിരന്ന ദശലക്ഷക്കണക്കിന് ജനങ്ങളും അതിന്റെ അഭൂതപൂര്‍വമായ വിജയവും കോണ്‍ഗ്രസ് നേതാക്കളെ അമ്പരപ്പിക്കുന്നതാണ്. നെഗറ്റീവ് ലിസ്റ്റ് ചൂണ്ടിക്കാണിച്ച് ഇനിയും കര്‍ഷകരെ വഞ്ചിക്കാന്‍ കഴിയില്ല. ഒക്ടോബര്‍ രണ്ടിന്റെ മനുഷ്യച്ചങ്ങല പരാജയപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ച് മൂന്നുദിവസം തുടര്‍ച്ചയായി മാധ്യമങ്ങളില്‍ പരസ്യം നല്‍കിയത്. എന്നിട്ടും മനുഷ്യച്ചങ്ങലയ്ക്ക് ഒരു ബലക്ഷയവും ഉണ്ടായില്ലെന്നു മാത്രമല്ല, കൂടുതല്‍ ശക്തിപ്പെടുകയാണ് ചെയ്തത്. കേന്ദ്രസര്‍ക്കാര്‍ പത്രങ്ങള്‍ക്കു നല്‍കിയ പരസ്യത്തിലെ ഒരുഭാഗം ഇവിടെ ഉദ്ധരിക്കാം:

"എണ്ണക്കുരു കൃഷിക്കാരുടെ താല്‍പ്പര്യം പൂര്‍ണമായി സംരക്ഷിക്കുന്നു. പ്രാദേശികാവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഓരോവര്‍ഷവും ഇന്ത്യ 50-60 ലക്ഷം മെട്രിക്ട ഭക്ഷ്യഎണ്ണ ഇറക്കുമതിചെയ്യുന്നു. ഇന്തോനേഷ്യയില്‍നിന്നും മലേഷ്യയില്‍നിന്നുമുള്ള പാമോയില്‍ ഇറക്കുമതി ഇതില്‍ ഉള്‍പ്പെടുന്നു. അസംസ്കൃത പാമോയിലിന് പൂജ്യം ശതമാനം താരിഫും ശുദ്ധീകരിച്ച പാമോയിലിന് 7.5 ശതമാനം താരിഫും എന്നതാണ് ഇപ്പോഴത്തെ നിരക്ക്. 10 വര്‍ഷത്തിനുശേഷം സ്വതന്ത്ര വ്യാപാരക്കരാര്‍ പ്രകാരം (എഫ്ടിഎ) അസംസ്കൃത പാമോയിലിന് 37.5 ശതമാനവും സംസ്കരിച്ച പാമോയിലിന് 45 ശതമാനവും ചുങ്കം ചുമത്താം''.

ഇതില്‍നിന്ന് ഒരുകാര്യം വ്യക്തമാകുന്നുണ്ട്. ഇപ്പോള്‍ത്തന്നെ സംസ്കരിച്ച പാമോയിലിന് 300 ശതമാനം ചുങ്കം ചുമത്താവുന്നതാണ്. അതാണ് 7.5 ശതമാനമായി കുറച്ചത്. പോരാത്തതിന് പാമോയിലിന് ഒരു കിലോയ്ക്ക് 15 രൂപ സബ്സിഡിയും നല്‍കുന്നുണ്ട്. എന്തുകൊണ്ടാണ് ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന വെളിച്ചെണ്ണയ്ക്ക് സബ്സിഡി നല്‍കാതിരിക്കുന്നത്? ഇതിന്റെ ആത്യന്തിക ഫലമെന്താണ്? കേരത്തിന്റെ പേരിലാണ് കേരളം അറിയപ്പെടുന്നത്. ഇപ്പോള്‍ ഒരു തേങ്ങയ്ക്ക് മൂന്നു രൂപയാണ് കര്‍ഷകനു ലഭിക്കുന്നത്. നാളികേര കര്‍ഷകരുടെ ദയനീയാവസ്ഥ ആന്റണി ഒരുനിമിഷംപോലും ഓര്‍ക്കുന്നില്ല. കേരളത്തിലെ മത്സ്യമേഖല പൂര്‍ണമായും തകര്‍ക്കുന്നതാണ് ആസിയന്‍ കരാര്‍. ഇത് മത്സ്യത്തൊഴിലാളികള്‍ തിരിച്ചറിയുന്നു. അവര്‍ രാഷ്ട്രീയം മാറ്റിവച്ച് സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ ആന്റണി ഒരുകാര്യം മനസ്സിലാക്കണം. കേരള സര്‍ക്കാര്‍ ആസിയന്‍ കരാര്‍ രാഷ്ട്രീയവല്‍ക്കരിക്കുകയല്ല. രാഷ്ട്രീയം മാറ്റിവച്ച് കേരളത്തിലെ ജനങ്ങളുടെ ഐക്യം ആസിയന്‍ കരാറിനെതിരെ ഊട്ടിയുറപ്പിക്കാനാണ് ശ്രമിക്കുന്നത്. രാഷ്ട്രീയം പറഞ്ഞ് ആസിയന്‍ കരാറിനെതിരെ അണിനിരന്ന കേരളീയരെ ഭിന്നിപ്പിക്കാനാണ് ആന്റണിയുടെ ശ്രമം. അതു നടക്കാന്‍പോകുന്നില്ല.

ആസിയന്‍ കരാറിന്റെ കാര്യത്തില്‍ ഇന്ത്യ-അമേരിക്ക ആണവ സഹകരണ കരാറിന്റെ കാര്യത്തിലെന്നപോലെ തുടക്കംമുതല്‍ ഒളിച്ചുകളി നടന്നിരിക്കുന്നു. കരാറിന്റെ പൂര്‍ണരൂപം കരാര്‍ ഒപ്പിടുന്നതിനുമുമ്പ് മുഖ്യമന്ത്രിക്കു നല്‍കുമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കി. പ്രധാനമന്ത്രി ഇക്കാര്യം ഇതേവരെ നിഷേധിച്ചിട്ടില്ല. ഒപ്പിടുന്നതിനുമുമ്പ് സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം ആരായുമെന്നു പറഞ്ഞു. രണ്ടും നടന്നില്ല. ഭരണഘടനപ്രകാരം കൃഷി സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയില്‍പ്പെട്ട കാര്യമാണ്. ഫെഡറല്‍ സംവിധാനത്തിന്റെ അന്തഃസത്ത കാറ്റില്‍പറത്തിയാണ് കാര്‍ഷിക ഉല്‍പ്പന്നങ്ങളെ പ്രതികൂലമായി ബാധിക്കുന്ന കരാറില്‍ കേന്ദ്രസര്‍ക്കാര്‍ ഒപ്പുവച്ചത്. സംരക്ഷിതപട്ടിക കരാറിന്റെ ഭാഗമാണെന്ന വാദം ശരിയല്ലെന്നു വന്നിരിക്കുന്നു. മന്ത്രിസഭ ഉപസമിതി കേരളത്തിലെ കര്‍ഷകര്‍ക്കു കരാര്‍മൂലം ഉണ്ടാകാനിടയുള്ള പ്രയാസങ്ങള്‍ അകറ്റാനുള്ളതല്ലെന്നും വന്നിരിക്കുന്നു. ഈ സാഹചര്യത്തില്‍ യഥാര്‍ഥ വസ്തുതകള്‍ മറച്ചുപിടിച്ച് നുണപറയുന്നത് കേന്ദ്രമന്ത്രിമാരാണ്.

കേരളത്തിലെ ഉപതെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ആന്റണിയും കൂട്ടരും ഭയപ്പെടുന്നു എന്നതാണ് സത്യം. ലോക്സഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന് അനുകൂലമായ തരംഗം നീങ്ങിപ്പോയിരിക്കുന്നു. ഹരിയാനയില്‍ കോണ്‍ഗ്രസിന് ലോക്സഭ തെരഞ്ഞെടുപ്പില്‍ 10ല്‍ ഒമ്പതു സീറ്റ് കിട്ടി. നിയമസഭ തെരഞ്ഞെടുപ്പില്‍ 90ല്‍ 40 മാത്രമാണു ലഭിച്ചത്. അതായത് പകുതിയില്‍ താഴെയായി കോണ്‍ഗ്രസ് താണുപോയി. മഹാരാഷ്ട്രയില്‍ 288ല്‍ 144 സീറ്റ് കോണ്‍ഗ്രസ്-എന്‍സിപി മുന്നണിക്കു ലഭിച്ചു എന്നത് നേരാണ്. വോട്ടിന്റെ ശതമാനം പരിശോധിച്ചാല്‍ 37.6 ശതമാനം മാത്രം. കോണ്‍ഗ്രസിന് 21 ശതമാനവും എന്‍സിപിക്ക് 16.4 ശതമാനവും വോട്ടാണ് മഹാരാഷ്ട്രയില്‍ ലഭിച്ചത്. പ്രതിപക്ഷം ഭിന്നിച്ചതുകൊണ്ടുമാത്രം ഭരണത്തില്‍ തിരിച്ചെത്തി. മുന്നണിയിലെ തര്‍ക്കം ഇതെഴുതുമ്പോള്‍ തുടരുകയാണ്.

കേരളത്തില്‍ ഉപതെരഞ്ഞെടുപ്പിനു തൊട്ടുമുമ്പു നടന്ന പ്രാദേശിക സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 16ഉം യുഡിഎഫിന് 12ഉം സീറ്റാണു ലഭിച്ചത്. കണ്ണൂരില്‍ മൂന്നില്‍ മൂന്നും എല്‍ഡിഎഫ് ജയിച്ചു. അഞ്ചരക്കണ്ടിയില്‍ യുഡിഎഫിന്റെ സീറ്റ് പിടിച്ചെടുത്തുകൊണ്ടാണ് മൂന്നിലും ജയിച്ചത്. ഇതൊക്കെ കോണ്‍ഗ്രസിന്റെ സ്വൈരം കെടുത്തുന്നതാണ്. കേന്ദ്രസേനയെ ഇറക്കിയാലൊന്നും കോണ്‍ഗ്രസ് രക്ഷപ്പെടുമെന്നുള്ള വ്യാമോഹവും വേണ്ട. ഉപതെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് കോണ്‍ഗ്രസിനെ തുറിച്ചുനോക്കുന്നത് എന്നുറപ്പ്. അത് ആസിയന്‍ കരാറിനെതിരായ വിധികൂടിയായിരിക്കും.

ദേശാഭിമാനി മുഖപ്രസംഗം 04 നവംബര്‍ 2009

Sunday, October 25, 2009

ആസിയന്‍ കരാറിനൊപ്പം സംരക്ഷിതപട്ടിക വരില്ല

ഹുവഹിന്‍: ഇന്ത്യ-ആസിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍ ജനുവരിയില്‍ നിലവില്‍ വരുമ്പോള്‍ അതിനൊപ്പം സംരക്ഷിത പട്ടിക (നെഗറ്റിവ് ലിസ്റ്റ്) നടപ്പാകില്ല. കരാര്‍ നടപ്പാകുമ്പോള്‍ പ്രധാന കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ അവയെ സംരക്ഷിത പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍, ഹുവഹിന്നില്‍ നടന്ന ആസിയന്‍-ഇന്ത്യ ഉച്ചകോടി ഇക്കാര്യത്തില്‍ ധാരണയിലെത്തിയില്ല. അതേസമയം, ആസിയന്‍ രാജ്യങ്ങളുമായി സേവന-നിക്ഷേപ മേഖലകളിലും കരാറുണ്ടാക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് ഉച്ചകോടിയില്‍ പറഞ്ഞു. സഹകരണം ശക്തിപ്പെടുത്തുന്നതിന് ആസിയന്‍-ഇന്ത്യ സഹകരണ ഫണ്ടിലേക്ക് 230 കോടി രൂപ നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

സംരക്ഷിത പട്ടിക നടപ്പാകാന്‍ വൈകുമെന്ന് ഉച്ചകോടിയെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ച വിദേശ ജോയിന്റ് സെക്രട്ടറി എന്‍ രവി പറഞ്ഞു. ആസിയനിലെ പത്ത് അംഗരാജ്യങ്ങളും അവരുടേതായ സംരക്ഷിത പട്ടികയുമായി എത്തിയതിനാല്‍ തീരുമാനം വൈകും. ജനുവരിയില്‍ കരാര്‍ നടപ്പാകുമ്പോള്‍ സംരക്ഷിത പട്ടിക ഉണ്ടാകില്ല. എന്ന് നടപ്പാകുമെന്ന് പറയാനും അദ്ദേഹം തയ്യാറായില്ല. ചരക്കുമേഖലയിലെ സ്വതന്ത്ര വ്യാപാര കരാര്‍ ഇന്ത്യയിലെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ദോഷമാകുമെന്ന ആശങ്ക ഉച്ചകോടിയില്‍ പ്രകടിപ്പിച്ചോ എന്ന് ചോദിച്ചപ്പോള്‍ അതിന് മന്ത്രിതല സബ്കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും അത് ഇന്ത്യയില്‍മാത്രം ചര്‍ച്ചചെയ്യേണ്ടതാണെന്നും അദ്ദേഹം മറുപടി നല്‍കി.

മന്ത്രിതല കമ്മിറ്റി കാര്‍ഷികോല്‍പ്പന്നങ്ങളുടെ തകര്‍ച്ചയെക്കുറിച്ച് ചര്‍ച്ചചെയ്യാനല്ലെന്ന് കേന്ദ്ര വാണിജ്യമന്ത്രി പറഞ്ഞത് കഴിഞ്ഞ ആഴ്ചയാണ്. സേവന-നിക്ഷേപ മേഖലകളില്‍ കരാറിനുളള പ്രവര്‍ത്തനം നടത്താന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2010ല്‍ ഇന്ത്യയും ആസിയന്‍ രാജ്യങ്ങളുമായുള്ള വാണിജ്യം 5000 കോടി ഡോളറാക്കുകയാണ് ലക്ഷ്യം. പ്രകൃതിദുരന്തം, പകര്‍ച്ചവ്യാധി, ഭീകരത എന്നീ വെല്ലുവിളികളെ നേരിടാന്‍ ഇന്ത്യയുടെ അറിവ്, വൈദഗ്ധ്യം, വിഭവം എന്നിവ ആസിയനുമായി പങ്കിടും. ഇന്ത്യയും ആസിയനുമായി കൂടിയാലോചനാ സമിതി വേണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. ബുദ്ധിജീവികള്‍, നയരൂപീകരണത്തിന് നേതൃത്വം നല്‍കുന്നവര്‍, പണ്ഡിതര്‍, മാധ്യമപ്രവര്‍ത്തകര്‍, ബിസിനസ് പ്രമുഖര്‍ എന്നിവര്‍ ഉള്‍ക്കൊള്ളുന്നതാകണം സമിതി. ഭാവിയില്‍ സഹകരിക്കേണ്ട മേഖലകളെക്കുറിച്ച് ഈ സമിതി മാര്‍ഗനിര്‍ദേശം നല്‍കണം. ആസിയന്‍ രാജ്യങ്ങളും ഇന്ത്യയുമായുള്ള വിസ നടപടിക്രമങ്ങള്‍ ലഘൂകരിച്ച് ബിസിനസ്, ടൂറിസ്റ്റ് യാത്രികരെ പ്രോത്സാഹിപ്പിക്കണം. കാര്‍ഷികമേഖലയിലെ സഹകരണം ശക്തമാക്കണം. 2010ല്‍ ഇന്ത്യയില്‍ നടക്കുന്ന കൃഷിമന്ത്രിമാരുടെ സമ്മേളനം ഇതിനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യണം. പ്രകൃതിദുരന്തം സംബന്ധിച്ച് ഉപഗ്രഹംവഴി വിവരങ്ങള്‍ നല്‍കാന്‍ ഇന്ത്യ തയ്യാറാണ്. ആസിയന്‍ രാജ്യങ്ങള്‍ക്കുവേണ്ടി ചെറിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതടക്കം ബഹിരാകാശമേഖലയിലെ സേവനം നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

ദേശാഭിമാനി 25-10-09

Tuesday, October 6, 2009

മനുഷ്യച്ചങ്ങലയും മാധ്യമങ്ങളും

ജനതയുടെ നിലപാടുകളെയും ചലനങ്ങളെയും നിര്‍ണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് തങ്ങളാണെന്ന ചില മാധ്യമങ്ങളുടെ ചിന്താഗതിയാണ് ശരിയെങ്കില്‍ പൊളിഞ്ഞുപോകേണ്ട ഒന്നായിരുന്നു സിപിഐ എം സംഘടിപ്പിച്ച മനുഷ്യച്ചങ്ങല. മാധ്യമം സമൂഹത്തില്‍ ഒരു സ്വാധീനവും ചെലുത്തുന്നില്ലെന്ന ധാരണ തെറ്റാണ്. എന്നാല്‍, അനുഭവങ്ങളുടെ വെളിച്ചത്തില്‍, മാധ്യമങ്ങള്‍ നിര്‍വഹിക്കുന്ന പങ്ക് തിരിച്ചറിയാനും അവര്‍ മറച്ചുവച്ചാലും തങ്ങളുടെ കണ്ണുകളെ അന്ധമാക്കാന്‍ കഴിയില്ലെന്നു പ്രഖ്യാപിക്കാനും മഹാഭൂരിപക്ഷം ജനങ്ങള്‍ക്കും കഴിയുമെന്ന യാഥാര്‍ഥ്യമാണ് മനുഷ്യച്ചങ്ങലയില്‍ പ്രകടമായത്.

ആസിയന്‍ കരാറിന്റെ ആഘാതത്തെ സംബന്ധിച്ച് ജനങ്ങളെ പഠിപ്പിക്കുന്നതിലും അതിനെതിരായ പ്രക്ഷോഭ വാര്‍ത്തകള്‍ നല്‍കുന്നതിലും കടുത്ത തമസ്കരണമാണ് അച്ചടി/ദൃശ്യമാധ്യമങ്ങളില്‍ മഹാഭൂരിപക്ഷവും നടത്തിയത്. മനുഷ്യച്ചങ്ങല നടന്നതിന്റെ പിറ്റേന്ന് പുറത്തിറങ്ങിയ ദീപിക പത്രം ജേര്‍ണലിസം വിദ്യാര്‍ഥികള്‍ക്ക് സൂക്ഷിച്ചു വയ്ക്കാവുന്ന ഒന്നാണ്. 40 ലക്ഷം പേര്‍ പങ്കെടുത്തെന്ന് കടുത്ത ഇടതുപക്ഷവിരുദ്ധ നിലപാടുള്ള ചാനലുകള്‍വരെ റിപ്പോര്‍ട്ട് ചെയ്ത മനുഷ്യച്ചങ്ങലയുടെ ഒരു വാര്‍ത്തയും ഒന്നാംപേജില്‍ നല്‍കിയില്ല. അകംപേജില്‍ പ്രകാശ് കാരാട്ടിന്റെ പ്രസംഗത്തിന്റെ ചുരുക്കത്തോടെ ചെറിയ വാര്‍ത്ത. കൊച്ചി എഡിഷന്റെ മൂന്നാംപേജില്‍ ജില്ലാ വാര്‍ത്തയില്‍ മനുഷ്യച്ചങ്ങലയില്‍ സിപിഐ എം അണികള്‍ കൈകോര്‍ത്തെന്ന തലക്കെട്ടില്‍ മൂന്നുകോളത്തില്‍ ഒരു ചിത്രം നല്‍കാനുള്ള വിശാലമനസ്കത ആ പത്രം കാണിച്ചു. ചങ്ങല പലയിടത്തും മുറിഞ്ഞെന്ന കല്ലുവച്ച നുണ എഴുതിവിടാനുള്ള ധൈര്യവും സഭ നയിക്കുന്ന പത്രത്തിനുണ്ടായി. കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധതയില്‍നിന്നാണ് ഇത്രയും തരംതാണ രീതിയില്‍ റിപ്പോര്‍ട്ടിങ് നടത്താനുള്ള ഊര്‍ജം സംഭരിച്ചത്. കര്‍ഷകരാണ് വിശ്വാസികളിലും വരിക്കാരിലും മഹാഭൂരിപക്ഷമെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍പോലും അവര്‍ തയ്യാറാകുന്നില്ല. നാളികേരവും റബറും കുരുമുളകും വിറ്റുകിട്ടുന്ന കാശുകൊണ്ടാണ് അവര്‍ പണം കൊടുത്ത് പത്രം വാങ്ങുന്നത്. ആ കര്‍ഷകനെയും ഒരു നാടിന്റെ സമ്പദ്ഘടനയെയും സംരക്ഷിക്കുന്നതിനു നടത്തിയ സമരത്തെ അവഗണിക്കാന്‍ സങ്കുചിത രാഷ്ട്രീയത്തിന്റെ പിന്‍ബലംമാത്രം മതി ഇക്കൂട്ടര്‍ക്ക്.

ഒന്നാംപേജില്‍ അഞ്ചുകോളം ചിത്രം നല്‍കിയ മനോരമ ഇടതുഭാഗത്തുവരുന്ന എട്ടാംപേജില്‍ എട്ടുകോളം വാര്‍ത്ത നല്‍കി. സംഭവം നടന്നുകഴിഞ്ഞാല്‍ വാര്‍ത്തയും ചിത്രവും നല്‍കുന്നതില്‍ അവര്‍ ഒരിക്കലും കുറവു വരുത്തില്ല. അതിനുമുമ്പാണ് തമസ്കരണം നടപ്പാക്കേണ്ടതെന്ന് അവര്‍ക്ക് കൃത്യമായി അറിയാം. ആസിയന്‍ കരാര്‍ കേരളത്തിനു ദോഷകരമാണെന്ന് പ്രാധാന്യത്തോടെ ലീഡ് വാര്‍ത്ത ആദ്യം നല്‍കിയ പത്രങ്ങളുടെ കൂട്ടത്തില്‍ മനോരമയുമുണ്ട്. കരാര്‍ സൃഷ്ടിക്കുന്ന ആഘാതം അവര്‍ ആദ്യംതന്നെ ശരിയായി തിരിച്ചറിഞ്ഞു. എന്നാല്‍, കരാര്‍ കേരളത്തിനു ദോഷമാകില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന വന്നതോടെ പത്രത്തിന്റെ നിലപാട് മാറി. പിന്നീട് കരാര്‍ സംബന്ധിയായ വാര്‍ത്തകള്‍ അപ്രത്യക്ഷമായി. പിണറായിയുടെ ഒരു പ്രസ്താവനയും മന്ത്രിസഭാതീരുമാനത്തിന്റെ വാര്‍ത്തയും നല്‍കിയതൊഴിച്ചാല്‍ പിന്നെ ചങ്ങലയ്ക്കെതിരായ പ്രസ്താവനകള്‍ക്കും വാര്‍ത്തകള്‍ക്കുമായിരുന്നു പ്രാധാന്യം. ഏകദേശം 200 സെന്റീമീറ്ററോളം വാര്‍ത്തയാണ് ഈ പത്രം കരാറിനെതിരായും ചങ്ങലയ്ക്ക് അനുകൂലവുമായുള്ള വാര്‍ത്തകള്‍ക്ക് ജനറല്‍ പേജില്‍ മൊത്തതില്‍ നല്‍കിയത്.

മാതൃഭൂമിയും വ്യത്യസ്തമായിരുന്നില്ല. എങ്ങനെയെങ്കിലും മനുഷ്യച്ചങ്ങല പൊട്ടിക്കുന്നതിനായി വിസ്മൃതിയിലേക്കു പോയവരെക്കൊണ്ടുവരെ ലേഖനമെഴുതിച്ച് പ്രചാരവേല നടത്തി. സാമ്രാജ്യത്വവിരുദ്ധസമരത്തിന്റെ മിശിഹയുടെ തനിനിറം അറിയുന്നവര്‍ക്ക് ഈ പുതിയ നിലപാടില്‍ അത്ഭുതമുണ്ടായില്ല. കാര്‍ഷികമേഖലയെ തകര്‍ക്കുന്നതാണ് ആസിയന്‍കരാറെന്ന് മുഖപ്രസംഗം എഴുതിയ പത്രവും നിലപാട് മാറ്റിയത് യുഡിഎഫ് വ്യത്യസ്ത സമീപനം സ്വീകരിച്ചതിനുശേഷമാണ്. മിക്കവാറും പത്രങ്ങളും മനുഷ്യച്ചങ്ങലയ്ക്കെതിരായ വാര്‍ത്ത കെട്ടിച്ചമച്ച് നല്‍കി. മുന്നണി അനൈക്യംമുതല്‍ നിര്‍ബന്ധിത പിരിവുവരെ അക്കൂട്ടത്തില്‍പ്പെടും. കൈരളിയൊഴികെ ഒരു ചാനലും ഇതുസംബന്ധിച്ച വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കിയില്ല.
സിപിഐ എമ്മിനെതിരെ ഇലയനങ്ങിയാല്‍പ്പോലും ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ക്ക് ഈ സമരം ആദ്യമൊന്നും വാര്‍ത്തപോലുമായിരുന്നില്ല. ചര്‍ച്ചാ വിദഗ്ധര്‍ അരങ്ങുതകര്‍ക്കുന്ന പാനല്‍ ചര്‍ച്ചകളിലും ആസിയനും മനുഷ്യചങ്ങലയ്ക്കും അര്‍ഹമായ ഇടം കിട്ടിയില്ല. എന്നാല്‍, മാധ്യമങ്ങള്‍ അവഗണിച്ചതിനെ ജനം ഏറ്റെടുത്തു. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും വിളിച്ചുപറയുന്നത് അമിതപ്രാധാന്യത്തോടെ മാധ്യമങ്ങള്‍ അവതരിപ്പിച്ചെങ്കിലും അത് ഉപ്പുകൂട്ടാതെ വിഴുങ്ങാന്‍ ജനം തയ്യാറായില്ല. സ്വന്തം കഞ്ഞിയില്‍ പാറ്റവീഴുന്നതിനെക്കുറിച്ച് മുഖ്യധാരാമാധ്യമ സഹായമില്ലാതെതന്നെ ജനങ്ങള്‍ മനസ്സിലാക്കി. ദേശാഭിമാനി വായിക്കുന്നവരും കൈരളി കാണുന്നവരും മാത്രമല്ല ചങ്ങലയില്‍ കണ്ണിയാകാന്‍ ഒഴുകിയെത്തിയത്. പലരും ആദ്യമായാണ് ഇങ്ങനെയൊരു പരിപാടിയില്‍ പങ്കെടുക്കുന്നത്.

സിപിഐ എം ദുര്‍ബലമായെന്നും ഈ നേതൃത്വത്തില്‍ പാര്‍ടി അംഗങ്ങള്‍ക്കും അനുഭാവികള്‍ക്കും വിശ്വാസമില്ലെന്നും ആവര്‍ത്തിച്ച് എഴുതിയ മാധ്യമവിശാരദന്മാര്‍ ഓടിയൊളിച്ച ഇടംപോലും കാണാനില്ല. ഇതുപോലൊരു പരിപാടി സംഘടിപ്പിക്കുന്നതിന് സിപിഐ എമ്മിനല്ലാതെ മറ്റൊരു പ്രസ്ഥാനത്തിനും കേരളത്തില്‍ കഴിയില്ല.

ഇടതുപക്ഷ തീവ്രാവാദമുഖംമൂടിയണിഞ്ഞവര്‍ നടത്തിയ പ്രചാരവേലയ്ക്ക് ഒപ്പമല്ല കേരളം എന്ന് എഴുതാനും പറയാനും മാധ്യമസത്യസന്ധതയ്ക്ക് ഉത്തരവാദിത്തമില്ലേ? ലക്ഷങ്ങള്‍ അണിചേര്‍ന്നാലും പതിനായിരങ്ങള്‍ എന്നുമാത്രം എഴുതി ആത്മനിര്‍വൃതി കൊള്ളുന്നവരില്‍നിന്ന് ഇത്തരം മര്യാദകളൊന്നും ജനം പ്രതീക്ഷിക്കുന്നില്ല. മാധ്യമസ്വാധീനത്തിനും അപ്പുറത്താണ് ജനങ്ങളുടെ നിലപാടെന്നു തെളിയിച്ച മനുഷ്യച്ചങ്ങല മാധ്യമങ്ങളെ സംബന്ധിച്ച് ശരിയായ ചര്‍ച്ച ആവശ്യപ്പെടുന്നതാണ്. മഹാഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട മൌലികപ്രശ്നങ്ങള്‍ക്ക് പ്രധാന മാധ്യമങ്ങളിലൊന്നും ഇടം കിട്ടാറില്ല. കേരളത്തിലെ കുടുംബങ്ങളില്‍ മഹാഭൂരിപക്ഷത്തിന്റെയും ജീവിതത്തിന്റെ വഴിയാണ് കാര്‍ഷികമേഖല. ഇതില്‍ വലിയ ആഘാതം സൃഷ്ടിക്കുന്ന ഒരു കരാറിനെക്കുറിച്ച് ജനങ്ങളെ പഠിപ്പിക്കേണ്ട മാധ്യമങ്ങള്‍ ആ ചുമതല നിര്‍വഹിക്കുന്നില്ലെന്നു മാത്രമല്ല ഭരിക്കുന്നവരുടെ വായ്ത്താരിയായി അധഃപതിക്കുകയും ചെയ്യുന്നു. മാധ്യമ ധാര്‍മികതയെക്കുറിച്ചും മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചും ഉല്‍ക്കണ്ഠപ്പെടുന്ന പണ്ഡിതര്‍ക്ക് ഇതൊന്നും വിഷയമല്ല.
മലയാള മാധ്യമപക്ഷപാതിത്വം മനസ്സിലാക്കുന്നതിന്, കേരളത്തിലെ ലക്ഷക്കണക്കിനുവരുന്ന നെല്‍കര്‍ഷകര്‍ക്ക് വലിയ ആശ്വാസം നല്‍കിയ സംഭരണവില വര്‍ധിപ്പിച്ച വാര്‍ത്ത എത്ര പത്രങ്ങളില്‍ ഒന്നാംപേജില്‍ ഇടംതേടി എന്ന പരിശോധനമാത്രംമതി. കോണ്‍ഗ്രസ് ഭരിക്കുന്ന മഹാരാഷ്ട്രയിലെ വിദര്‍ഭയിലും ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലും കര്‍ഷകര്‍ കൂട്ട ആത്മഹത്യചെയ്യുമ്പോള്‍ കേരളം എങ്ങനെ മാറി എന്ന ചോദ്യം വായനക്കാരനില്‍ ഉയരാതിരിക്കുന്നതിന് ഇത്തരം പാര്‍ശ്വവല്‍ക്കരണം ആവശ്യമാണെന്ന് ഇവര്‍ക്ക് അറിയാം. ആസിയന്‍ കരാറിനെതിരായ സമരത്തില്‍ ഇടതുപക്ഷത്തിന് ഐക്യമില്ലെന്നു കണ്ടെത്തിയ മാധ്യമം എന്തേ കരാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചില്ലെന്ന അടിസ്ഥാന ചോദ്യം അവഗണിച്ചു? യുപിഎയില്‍ ഐക്യമായിരുന്നെങ്കില്‍ ഒരു ആശങ്കയുമില്ലാതെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് അംഗീകാരം വാങ്ങിക്കാമായിരുന്നല്ലോ. യുപിഎ ഘടകകക്ഷിയായ എന്‍സിപി ഡല്‍ഹിയില്‍ നടത്തിയ സമരവും ലാലുവിന്റെയും മുലായത്തിന്റെയും പരസ്യനിലപാടും സൌകര്യപൂര്‍വം കണ്ടില്ലെന്നു നടിച്ചു.

ജനാധിപത്യരാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യയില്‍ മഹാഭൂരിപക്ഷത്തിനെയും ബാധിക്കുന്ന ഒരു കരാറില്‍, പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കി ഉദ്യോഗസ്ഥവൃന്ദം മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ഒപ്പിടുന്ന അധാര്‍മികതയെയും ജനാധിപത്യവിരുദ്ധതയെയും സംബന്ധിച്ച് ഒരു വരി എഴുതാന്‍ ജനാധിപത്യത്തിന്റെ നാലാംതൂണുകള്‍ക്ക് ചുമതലയില്ലേ? ഫെഡറല്‍ ഭരണക്രമവും ഭരണഘടനയുമുള്ള രാജ്യത്ത് സംസ്ഥാനത്തിന്റെ അധികാരപരിധിയില്‍ വരുന്ന കാര്‍ഷികമേഖലയില്‍ അതീവഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുന്ന കരാറിനെ സംബന്ധിച്ച് ഏകപക്ഷീയമായി കേന്ദ്രം കരാറില്‍ ഏര്‍പ്പെടുന്നതിലെ അനൌചിത്യം ഒരു നിഷ്പക്ഷപത്രവും റിപ്പോര്‍ട്ട് ചെയ്തില്ല. തങ്ങളുടെ വരിക്കാരില്‍ നല്ലൊരു പങ്ക് കര്‍ഷകരാണെന്ന കച്ചവടക്കണ്ണുപോലും ഇക്കാര്യത്തില്‍ അവരെ അലോസോരപ്പെടുത്തുന്നില്ല. ആധുനിക മാധ്യമതന്ത്രത്തില്‍ വായനക്കാരനല്ല രാജാവെന്നും അത് പരസ്യം നല്‍കുന്നവനാണെന്നും അവര്‍ക്ക് അറിയാം. വന്‍കിട കുത്തകകളുടെ വാണിജ്യതാല്‍പ്പര്യങ്ങള്‍ക്ക് ഈ കരാര്‍ സഹായകരമാണെന്ന കാര്യവും വ്യക്തം. അതോടൊപ്പം കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധതയും കോണ്‍ഗ്രസ് ദാസ്യവും ഒത്തുചേര്‍ന്നാല്‍ മാധ്യമ പക്ഷപാതിത്വത്തിന് അധികം കാരണങ്ങള്‍ അന്വേഷിക്കേണ്ടതില്ല.

ഇവിടെയാണ് ജനങ്ങള്‍ക്ക് താല്‍പ്പര്യമുള്ള മാധ്യമദൌത്യത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ ഉയരേണ്ടത്. ചെറിയ സംഭവങ്ങളെ പര്‍വതീകരിച്ചും ജനങ്ങളെ ഇക്കിളിപ്പെടുത്തിയും നടത്തുന്ന അധരവ്യായാമങ്ങള്‍ക്ക് അധികകാലം ഭൂരിപക്ഷത്തെയും പറ്റിക്കാന്‍ കഴിയില്ലെന്ന് മനുഷ്യച്ചങ്ങല തെളിയിച്ചു. മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് വൃഥാവ്യായാമതുല്യമായ ബഹളം സൃഷ്ടിക്കുന്നവര്‍ ഇത്തരം കാതലായ പ്രശ്നങ്ങളിലേക്ക് കണ്ണോടിക്കാത്തതെന്ത്?

പി രാജീവ് ദേശാഭിമാനി 06 ഒക്ടോബര്‍ 2009