Showing posts with label വിവരാ‍വകാശം. Show all posts
Showing posts with label വിവരാ‍വകാശം. Show all posts

Sunday, August 23, 2020

പിഎം കെയേഴ്‌സ്‌ ഫണ്ട്‌‌ മന്ത്രിസഭ അറിയാതെ; വിവരാവകാശ രേഖ പുറത്ത്‌

 ന്യൂഡൽഹി > കോവിഡ്‌കാല ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കെന്ന പേരിൽ പിഎം കെയേഴ്‌സ്‌ ഫണ്ട്‌ ട്രസ്‌റ്റ്‌ രൂപീകരിച്ചത്‌ കേന്ദ്രമന്ത്രിസഭയെ അറിയിക്കാതെ. ട്രസ്‌റ്റ്‌ രൂപീകരണം മന്ത്രിസഭയിൽ ചർച്ചചെയ്‌തിട്ടില്ലെന്ന്‌ വിവരാവകാശ പ്രവർത്തക അഞ്‌ജലി ഭരദ്വാജിനു നൽകിയ മറുപടിയിൽ ക്യാബിനറ്റ്‌ സെക്രട്ടറിയറ്റ്‌ വ്യക്തമാക്കി.  പ്രധാനമന്ത്രി അധ്യക്ഷനും ആഭ്യന്തര, പ്രതിരോധ, ധന മന്ത്രിമാർ അംഗങ്ങളുമായ ട്രസ്‌റ്റിലേക്ക്‌ എംപിമാരുടെ പ്രാദേശികവികസനഫണ്ട്‌, പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്നുള്ള സംഭാവന, കേന്ദ്രസർക്കാർ ജീവനക്കാരുടെ ശമ്പളവിഹിതം എന്നിവ ഒഴുകുന്നുണ്ട്‌.

മാർച്ച്‌ 27ന്‌ ട്രസ്‌റ്റ്‌ നിലവിൽവന്ന്‌ അഞ്ച്‌ ദിവസത്തിനുള്ളിൽ  3076.62 കോടി  രൂപ ലഭിച്ചതായി വെബ്‌സൈറ്റിൽ പറയുന്നു.  പിഎം കെയേഴ്‌സിലേക്ക്‌ സംഭാവന നൽകാൻ കഴിയുംവിധം കമ്പനിനിയമം മെയ് 26ന്‌ കേന്ദ്രസർക്കാർ ഭേദഗതി ചെയ്‌തു. പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്ന്‌ സംഭാവന ആവശ്യപ്പെട്ട്‌ പ്രധാനമന്ത്രിയുടെ ചിത്രമുള്ള ലെറ്റർപാഡിൽ കത്തയച്ചു.

 38  പൊതുമേഖലാസ്ഥാപനത്തിൽനിന്ന്‌ 2,105 കോടി രൂപ ലഭിച്ചു. കേന്ദ്രസർക്കാർ ഉത്തരവിലൂടെ  രണ്ട്‌ ‌ വർഷത്തേക്ക്‌  എംപി ഫണ്ട് ‌ വകമാറ്റിയതുവഴി 7,800 കോടി രൂപയാണ്‌ എത്തുക. എംപിമാരുടെ വേതനവും ബത്തകളും വെട്ടിക്കുറച്ച ഇനത്തിൽ 55 കോടി രൂപയും ഇക്കൊല്ലം ലഭിക്കും. പിഎം കെയേഴ്‌സിലേക്കുള്ള സംഭാവനയ്‌ക്ക്‌ ആദായനികുതിയിൽനിന്ന്‌ ഇളവും‌ നൽകി

Thursday, January 2, 2014

കോടികള്‍ കിട്ടാക്കടമുള്ളവരുടെ വിവരങ്ങള്‍ നല്‍കാനാവില്ലെന്ന് വീണ്ടും എസ്ബിഐ

നൂറു കോടിയിലധികം കിട്ടാക്കടമുള്ള വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വിവരം വിവരാവകാശപ്രകാരം നല്‍കാനാവില്ലെന്ന് വീണ്ടും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. കിട്ടാക്കടം എഴുതിത്തള്ളിയതിന്റെ പ്രയോജനം ലഭിച്ച കോര്‍പറേറ്റുകളുടെ വിവരങ്ങള്‍ പുറത്തറിയാതിരിക്കാനാണ് ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് ഈ നടപടി സ്വീകരിക്കുന്നതെന്ന് ബാങ്കിങ്രംഗത്തെ വിദഗ്ധര്‍ പറയുന്നു. കിട്ടാക്കടം സംബന്ധിച്ച വിവരങ്ങള്‍ രഹസ്യസ്വഭാവമുള്ളതാണെന്നും അതിനാലാണ് ഇതു വെളിപ്പെടുത്താതിരിക്കുന്നതെന്നും എസ്ബിഐ സ്ട്രെസ്ഡ് അസ്സെറ്റ്സ് മാനേജ്മെന്റ് ഗ്രൂപ്പ് (എസ്എഎംജി) മുംബൈ ജനറല്‍ മാനേജര്‍ വ്യക്തമാക്കി. വിവരാവകാശ പ്രവര്‍ത്തകന്‍ രാജു വാഴക്കാല വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപ്പീലിലാണ് എസ്ബിഐ ഇക്കാര്യം വിശദമാക്കിയത്. ഇതേ ആവശ്യമുന്നയിച്ച് ആദ്യം അപേക്ഷ സമര്‍പ്പിച്ചപ്പോഴും കിട്ടാക്കടം സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന നിലപാടിലായിരുന്നു എസ്ബിഐ അധികൃതര്‍. ഇതേത്തുടര്‍ന്ന് അപ്പലേറ്റ് അതോറിറ്റിയായ എസ്എഎംജി ജനറല്‍ മാനേജര്‍ക്ക് അപ്പീല്‍ നല്‍കി. ഇവിടെയും ആവശ്യം നിരാകരിക്കുകയായിരുന്നു. വിവരാവകാശ നിയമത്തിലെ 8(1) ഇ, 8(1) ഐ, 8(1) ഡി എന്നീ വ്യവസ്ഥകള്‍ പ്രകാരമാണ് വിവരങ്ങള്‍ നല്‍കാത്തതെന്ന് അപ്പീലിനു നല്‍കിയ മറുപടിയില്‍ പറയുന്നു.

എന്നാല്‍, ബാങ്കിന്റെ നടപടി വിവരാവകാശനിയമം അനുശാസിക്കുന്നതിന് വിരുദ്ധമാണെന്ന് ബാങ്കിങ്രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വിവരാവകാശ നിയമത്തിലെ 8(1) ഇ വകുപ്പ് അനുസരിച്ച് വിദേശസര്‍ക്കാരില്‍നിന്ന് ലഭിച്ചിട്ടുള്ള രഹസ്യവിവരമാണ് വെളിപ്പെടുത്തലില്‍നിന്ന് ഒഴിവാക്കിയിട്ടുള്ളത്. 8(1) ഐ അനുസരിച്ച് വ്യക്തിഗതവും പൊതുതാല്‍പ്പര്യവുമായി ബന്ധമില്ലാത്തതും സ്വകാര്യതയെ ബാധിക്കുന്നതുമായ വിവരം നല്‍കേണ്ടതില്ല. കേന്ദ്ര പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കോ അപ്പീല്‍ അധികാര സ്ഥാപനത്തിനോ ഭൂരിപക്ഷ പൊതുതാല്‍പ്പര്യത്തിനു വിരുദ്ധമാണെന്നു വ്യക്തമായാല്‍ വിവരം നല്‍കാതിരിക്കാം. എന്നാല്‍, പാര്‍ലമെന്റിനോ സംസ്ഥാന നിയമസഭയ്ക്കോ നിഷേധിക്കാവുന്നതല്ലാത്ത വിവരം ഏതെങ്കിലും വ്യക്തിക്ക് നല്‍കാതിരിക്കാന്‍ പാടില്ല. 8(1) ഡി അനുസരിച്ച് പൊതുമുതലിന്റെ വിവരം നല്‍കാന്‍ ഭൂരിപക്ഷ താല്‍പ്പര്യം ആവശ്യപ്പെടുന്നെന്ന് ബോധ്യമാവുമ്പോഴല്ലാതെ വ്യക്തിക്ക് വിവരം കൈമാറേണ്ടതില്ല. ബാങ്കിങ് റെഗുലേഷന്‍ ആക്ട് അനുസരിച്ച് ഇടപാടുകാരന്റെ വരുമാനം, വരുമാന സ്രോതസ്സ്, വ്യക്തിഗത വിവരങ്ങള്‍ എന്നിവയാണ് വെളിപ്പെടുത്തേണ്ടതില്ലാത്തത്. എന്നാല്‍, ജനങ്ങളുടെ പണം കൈകാര്യംചെയ്യുന്ന സ്ഥാപനം എന്ന നിലയില്‍ അത് എങ്ങനെ ഉപയോഗിക്കുന്നു എന്ന് വിശദീകരിക്കാന്‍ ബാങ്കിന് ബാധ്യതയുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

deshabhimani

Monday, November 4, 2013

ആറന്മുള പദ്ധതി പരാജയമാകുമെന്ന് റിപ്പോര്‍ട്ട്

എല്ലാ നിയമങ്ങളെയും കാറ്റില്‍പറത്തിക്കൊണ്ടും ജനങ്ങളുടെ എതിര്‍പ്പിനെ അവഗണിച്ചും കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെയും മൂലധന ശക്തികളുടെയും സമ്മര്‍ദ്ദം കൊണ്ട് മാത്രം നടപ്പിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ആറന്മുള വിമാനത്താവള പദ്ധതി സാമ്പത്തികമായി വന്‍ പരാജയമായിരിക്കുമെന്ന് റിപ്പോര്‍ട്ട്. സി പി ഐ ജില്ലാ സെക്രട്ടറി പി പ്രസാദ് കൊച്ചിന്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് വിവരാവകാശ നിയമപ്രകാരം നല്‍കിയ ചോദ്യങ്ങള്‍ക്ക് ലഭിച്ച മറുപടിയിലൂടെയാണ് ആറന്മുള വിമാനത്താവള പദ്ധതി വലിയ സാമ്പത്തിക നഷ്ടമാണുണ്ടാക്കുകയെന്ന  വാദം ശക്തമായിരിക്കുന്നത്.

പ്രതിവര്‍ഷം 90 ലക്ഷം യാത്രക്കാര്‍ക്ക് സഞ്ചരിക്കുവാനും മണിക്കൂറില്‍ 14 വിമാന സര്‍വ്വീസ് നടത്തുവാനുമാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിനുള്ള ശേഷി. എന്നാല്‍ പൂര്‍ണ്ണതോതില്‍ 14 വിമാനസര്‍വ്വീസ് നടത്തുമ്പോള്‍ പോലും 48.9 ലക്ഷം യാത്രക്കാര്‍ മാത്രമാണ് ഇവിടെ വിമാനയാത്രക്കായി എത്തുന്നത്. മൊത്തം സംഖ്യയുടെ പകുതിയില്‍ അല്‍പ്പം മാത്രം കൂടുതല്‍. തിരുവന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. രണ്ട് വലിയ വിമാനത്താവളങ്ങള്‍ നിലവില്‍ വലിയ സാമ്പത്തിക പ്രതിസന്ധിയെ നേരിടുമ്പോഴാണ് തിരുവനന്തപുരത്തുനിന്നും കേവലം നൂറ്റമ്പത് കിലോമീറ്റര്‍ മാത്രം അകലമുള്ള ആറന്മുള വിമാനത്താവളത്തിന്റെ സാധ്യതയെ ചോദ്യം ചെയ്യപ്പെടുന്നത്. തന്നെയുമല്ല കൊച്ചിന്‍ വിമാനത്താവള അതോറിറ്റിയോട് ഇപ്രകാരം ആറന്മുള വിമാനത്താവളം വന്നാലുണ്ടാകുന്ന സാമ്പത്തികവും വ്യാവസായികവുമായ ഗുണദോഷങ്ങളെക്കുറിച്ച് യാതൊരു തരത്തിലുള്ള ചര്‍ച്ച നടത്തുകയും ചെയ്തിട്ടില്ല. ഇതോടെ ഇത് സംബന്ധിച്ചുള്ള ഒരു അഭിപ്രായ സമന്വയവും രൂപപ്പെടുത്താന്‍ കഴിഞ്ഞില്ല.

ആറന്മുള വിമാനത്താവള നിര്‍മ്മാണ കമ്പനിയോ സര്‍ക്കാരോ സര്‍ക്കാര്‍ ഏജന്‍സികളോ മറ്റ് വിമാനത്താവള അതോറിറ്റികളുമായി ആറന്മുള വിമാത്താവളം വന്നാലുണ്ടാകുന്ന സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള യാതൊരു വിധത്തിലുള്ള ചര്‍ച്ചകള്‍ നടത്താതിരുന്നത് തടസ്സവാദങ്ങള്‍ ഉയരുമെന്ന മുന്‍നിശ്ചയപ്രകാരം തന്നെയാണെന്നാണ് ഇതോടെ വ്യക്തമാകുന്നത്. നിലവിലുള്ള വിമാനത്താവളങ്ങളുടെ വരുമാന സ്രോതസ്സിനെ ഗണ്യമായി സ്വാധീനിക്കുന്ന ഒന്നാണ് എയര്‍കാര്‍ഗോയുടെ ഉപയോഗം.  എന്നാല്‍ നെടുമ്പാശ്ശേരിയില്‍ വന്‍ ഇടിവാണ് ഈ രംഗത്തും സംഭവിച്ചിരിക്കുന്നത്. കാര്‍ഗോ ഉപയോഗത്തില്‍ 85 ശതമാനം ഉപയോഗം മാത്രമാണ് നടക്കുന്നത്. അതുകൊണ്ട് ഇനിയും പുതിയൊരു വിമാനത്താവളം വന്നാല്‍ ഈ രംഗത്തും  വലിയ തിരിച്ചടിയാകും സംഭവിക്കുക.

സമീപത്തുതന്നെയുള്ള ഒരു വിമാനത്താവളം നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി പകല്‍പോലെ വ്യക്തമായത് ഇപ്പോള്‍ തന്നെ രൂക്ഷമായ എതിര്‍പ്പുകള്‍ നേരിടുന്ന ആറന്മുള വിമാനത്താവള പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ അക്ഷീണം പ്രയത്‌നിക്കുന്ന കോണ്‍ഗ്രസ്സ് ജനപ്രതിനിധികളുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്.

janayugom

Friday, November 1, 2013

വന്‍ കിട്ടാക്കടം വെളിപ്പെടുത്തില്ലെന്ന് എസ്ബിഐ

100 കോടി രൂപയിലധികമുള്ള കിട്ടാക്കടം എഴുതിത്തള്ളിയ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വിവരം വിവരാവകാശ നിയമപ്രകാരം നല്‍കാനാവില്ലെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). ബാങ്കിങ് റെഗുലേഷന്‍ ആക്ട്, വിവരാവകാശ നിയമം എന്നിവയ്ക്കെതിരാണ് ബാങ്കിന്റെ നടപടി. ബാങ്കിങ് റെഗുലേഷന്‍ ആക്ട് അനുസരിച്ച് ഇടപാടുകാരന്റെ വരുമാനം, വരുമാന സ്രോതസ്സ്, വ്യക്തിഗത വിവരങ്ങള്‍ എന്നിവയാണ് വെളിപ്പെടുത്തേണ്ടതില്ലാത്തത്. എന്നാല്‍ ജനങ്ങളുടെ പണം കൈകാര്യംചെയ്യുന്ന സ്ഥാപനമെന്ന നിലയില്‍ അത് എങ്ങനെ ഉപയോഗിക്കുന്നു എന്നു വിശദീകരിക്കാന്‍ ബാങ്കിന് ബാധ്യതയുണ്ടെന്ന് ബാങ്കിങ്രംഗത്തെ വിദഗ്ധര്‍ പറയുന്നു. കിട്ടാക്കടം എഴുതിത്തള്ളിയതിന്റെ പ്രയോജനം ലഭിച്ച വന്‍കിടക്കാരുടെയും കോര്‍പറേറ്റുകളുടെയും പേരും മറ്റു വിവരവും പുറത്തുവിടേണ്ടി വരുമെന്നതിനാലാണ് വിശദാംശങ്ങള്‍ വെളിപ്പെടുത്താത്തതെന്നാണ് സൂചന.

എസ്ബിഐ 2004-05 മുതല്‍ 2012-13 വരെ എഴുതിത്തള്ളിയത് 15754.06 കോടി രൂപയുടെ കിട്ടാക്കടം. 2012-13 വര്‍ഷത്തിലാണ് ഇതില്‍ ഏറ്റവും കൂടുതല്‍ തുക എഴുതിത്തള്ളിയത്- 4344.40 കോടി. വിവരാവകാശ പ്രവര്‍ത്തകന്‍ രാജു വാഴക്കാല വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. നൂറുകോടിയിലധികം രൂപ എഴുതിത്തള്ളിയതിന്റെ പ്രയോജനം ലഭിച്ച വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വിവരം നല്‍കാനാവില്ലെന്നും ബാങ്ക് അധികൃതര്‍ വിവരാവകാശ രേഖയില്‍ വിശദമാക്കുന്നു. വിവരാവകാശ നിയമത്തില്‍, വ്യക്തിപരമായ വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടിവരുന്നത് ഒഴിവാക്കിക്കൊണ്ടുള്ള വകുപ്പുകള്‍ പ്രകാരമാണ് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വിവരം നല്‍കാതിരിക്കുന്നതെന്ന് ബാങ്ക് പറയുന്നു. 58305.04 കോടി രൂപയാണ് 2013 ജൂണ്‍ 30 വരെയുള്ള എസ്ബിഐയുടെ കിട്ടാക്കടം.

കിട്ടാക്കടം എഴുതിത്തള്ളുന്നതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നതിന് രഹസ്യാത്മകത ബാധകമല്ലെന്ന് ബാങ്കിങ് വിദഗ്ധര്‍ പറയുന്നു. പൊതുകടമാണ് എഴുതിത്തള്ളുന്നത്. അതിനാല്‍ അതിന്റെ വിശദാംശങ്ങള്‍ പൊതുജനങ്ങളോട് വെളിപ്പെടുത്തേണ്ട ബാധ്യത ബാങ്കിനുണ്ടെന്നും അവര്‍ വിശദീകരിക്കുന്നു. 2011-12 വര്‍ഷത്തില്‍ എഴുതിത്തള്ളിയ തുക കുറവായിരുന്നു. 982.31 കോടി രൂപ. 2010-11ല്‍ 3492.59 കോടിയും 2009-10ല്‍ 1648.85 കോടിയും 2008-09 ല്‍ 1647.93 കോടിയും എഴുതിത്തള്ളി. ഇതിനു പിന്നിലുള്ളത് "സാങ്കേതികമായ കാരണം" മാത്രമാണെന്നാണ് ബാങ്കിന്റെ വിശദീകരണം. കിട്ടാക്കടം ബാങ്കിന്റെ "ആക്ടീവ് ലെഡ്ജറില്‍"നിന്നു മാറ്റി "അഡ്വാന്‍സ്ഡ് അണ്ടര്‍ കലക്ഷന്‍ അക്കൗണ്ട്" ആയി ഉള്‍പ്പെടുത്തുന്നതാണ് സാങ്കേതിക പ്രക്രിയയായി വിശദീകരിക്കുന്നത്.
(അഞ്ജുനാഥ്)

deshabhimani

Monday, October 28, 2013

അടൂര്‍ പ്രകാശും തിരുവഞ്ചൂരും ഏറ്റവും പിന്നില്‍; മുഖ്യമന്ത്രിയും താഴെ

സംസ്ഥാനത്ത് എംഎല്‍എ ഫണ്ട് ചെലവഴിച്ചതില്‍ മന്ത്രിമാരായ അടൂര്‍ പ്രകാശും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഏറ്റവും പിന്നില്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഇക്കാര്യത്തില്‍ ഒട്ടും മോശമല്ല. പിന്നില്‍നിന്ന് നാലാമതാണ് മുഖ്യമന്ത്രിയുടെ സ്ഥാനം. വിവരാവകാശ നിയമപ്രകാരം കലക്ടര്‍മാര്‍ നല്‍കിയ മറുപടിയിലാണ് 2011 ഏപ്രില്‍ മുതല്‍ 2013 മാര്‍ച്ച് 31 വരെയുള്ള രണ്ടുവര്‍ഷത്തെ ഫണ്ട് വിനിയോഗത്തിന്റെ കണക്ക് വ്യക്തമാകുന്നത്. മന്ത്രിമാര്‍, ചീഫ് വിപ്പ്, സ്പീക്കര്‍ എന്നിവരുടെ ഫണ്ട് വിനിയോഗമാണ് ശേഖരിച്ചത്.

കോന്നി നിയമസഭാംഗമായ അടൂര്‍പ്രകാശ് 2011-12, 2012-13 വര്‍ഷങ്ങളിലായി ചെലവഴിച്ചത് 51.91 രൂപ മാത്രമാണ്. രണ്ടുവര്‍ഷങ്ങളിലായി രണ്ടുകോടി രൂപയാണ് ഇദ്ദേഹത്തിന് അനുവദിച്ചത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചെലവഴിച്ചത് 56.30 രൂപയും. തിരുവഞ്ചൂരിന് 2011-12 വര്‍ഷം ഒരുകോടി രൂപയും പിറ്റേ വര്‍ഷം 75 ലക്ഷം രൂപയും എംഎല്‍എ ഫണ്ടായി ലഭിച്ചു. എന്നാല്‍ 46.61 ലക്ഷം രൂപ, 9.69 ലക്ഷം രൂപ എന്നീ ക്രമത്തിലാണ് ഫണ്ട് ചെലവഴിച്ചത്. നാലാംസ്ഥാനത്തുള്ള മുഖ്യമന്ത്രി 2011-12 വര്‍ഷം ഒരുകോടി രൂപയില്‍ 50,30,353 രൂപയാണ് വിനിയോഗിച്ചത്. അടുത്തവര്‍ഷം 75 ലക്ഷം രൂപ കിട്ടിയപ്പോള്‍ വിനിയോഗം 9.64 ലക്ഷം രൂപ മാത്രമാണ്. മൂന്നാമതുള്ള മന്ത്രി എം കെ മുനീര്‍ 2011-12ല്‍ ഒരുകോടിയില്‍നിന്ന് 42.97 ലക്ഷം രൂപയും പിറ്റേവര്‍ഷം ഒരുകോടിയില്‍ 13.77 ലക്ഷം രൂപയും ചെലവഴിച്ചു. മൊത്തം ഫണ്ട് വിനിയോഗം 56.74 രൂപയാണ്.

 പിന്നില്‍നിന്ന് അഞ്ചാമതുള്ള വണ്ടൂര്‍ നിയമസഭാംഗം മന്ത്രി എ പി അനില്‍കുമാര്‍ ചെലവഴിച്ചത് 65.60 ലക്ഷം രൂപയാണ്. ആദിവാസികളുടെ കണ്ണീരൊപ്പാനെന്ന പേരില്‍ അധികാരത്തിലേറിയ മാനന്തവാടി നിയമസഭാംഗമായ മന്ത്രി പി കെ ജയലക്ഷ്മിയാണ് തൊട്ടടുത്ത്. രണ്ടുകോടി ലഭിച്ചിട്ടും 68.77 ലക്ഷം രൂപ മാത്രമാണ് ചെലവഴിച്ചത്. ഇവര്‍ക്ക് മുന്നിലുള്ള മന്ത്രി കെ സി ജോസഫ് രണ്ട് കോടിയില്‍ 69.88 ലക്ഷം രൂപയും മന്ത്രി കെ പി മോഹനന്‍ 70.82 ലക്ഷം രൂപയും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി 74.18 ലക്ഷം രൂപയും വിനിയോഗിച്ചു. മന്ത്രി വി എസ് ശിവകുമാറാണ് ഫണ്ട് വിനിയോഗത്തില്‍ മുന്നില്‍. 2.24 കോടിരൂപയാണ് വിനിയോഗം. രണ്ടുകോടിയില്‍പ്പരം ചെലവഴിച്ച മന്ത്രി ഇബ്രാഹിംകുഞ്ഞ്, 1.95 കോടി ചെലവഴിച്ച സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ എന്നിവരാണ് തൊട്ടടുത്ത്. ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ ഫണ്ട് വിനിയോഗം ഒരുകോടി 23ലക്ഷം രൂപയാണെന്നും വിവരാവകാശരേഖ തെളിയിക്കുന്നു. കോട്ടയം നഗരസഭാവികസനസമിതി പ്രസിഡന്റ് അഡ്വ. അനില്‍ ഐക്കരക്കാണ് വിവരാവകാശരേഖ ലഭിച്ചത്.

deshabhimani

Saturday, October 26, 2013

എയ്ഡഡ് കോളേജ് അധ്യാപക നിയമനത്തില്‍ വന്‍ ക്രമക്കേട്

സംസ്ഥാനത്തെ എയ്ഡഡ് കോളേജുകളിലെ അധ്യാപക നിയമനത്തിലും യുജിസി സ്കെയില്‍ അനുവദിച്ചതിലും ക്രമക്കേട് നടത്തിയതായി വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന് 1999 മുതല്‍ നടന്ന നിയമനങ്ങളെ കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിട്ടു. നിയമനത്തിലും പ്രമോഷന്‍ നല്‍കിയതിലും ക്രമക്കേട് കണ്ടെത്തിയതായി വിജിലന്‍സിന്റെ കൊല്ലം, കോട്ടയം, എറണാകുളം യൂണിറ്റുകള്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ്, ചില ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസുകള്‍ എന്നിവ കേന്ദ്രീകരിച്ച് വന്‍ റാക്കറ്റ് ഇതിനായി പ്രവര്‍ത്തിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്.

കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റും അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി. നിയമനങ്ങള്‍ക്ക് മുന്നോടിയായി കോളേജ് മാനേജ്മെന്റുകള്‍ നടത്തിയ എഴുത്തുപരീക്ഷ, ഇന്റര്‍വ്യൂ എന്നിവയിലാണ് തിരിമറി കണ്ടെത്തിയിട്ടുള്ളത്. മാനേജ്മെന്റുകള്‍ സമര്‍പ്പിച്ച ഇന്റര്‍വ്യൂബോര്‍ഡിന് നിയമനാധികാരം നല്‍കിയതിന് പിന്നിലും വന്‍ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. എഴുത്തുപരീക്ഷയിലും ഇന്റര്‍വ്യൂവിലും കുറഞ്ഞ മാര്‍ക്ക് കരസ്ഥമാക്കിയവര്‍ക്ക് കൂടിയ മാര്‍ക്ക് നല്‍കിയാണ് തിരിമറി അരങ്ങേറിയത്. നൂറിലേറെ നിയമനങ്ങളില്‍ ഇത്തരം തിരിമറി നടന്നതായി വിജിലന്‍സിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തിലെ സര്‍വകലാശാലകളുടെ അംഗീകാരമില്ലാത്ത യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് മാനേജ്മെന്റും സര്‍ക്കാരും സാധുത നല്‍കിയതായും കണ്ടെത്തി. യുജിസി സ്കെയില്‍ അനുവദിച്ചതില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചതായാണ് വിജിലന്‍സിന്റെ നിഗമനം. കൊല്ലം ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിന് കീഴിലുള്ള 78 അധ്യാപകര്‍ യുജിസി സ്കെയില്‍ ആവശ്യപ്പെട്ട് നല്‍കിയ കേസില്‍ 75 എണ്ണത്തിലും സര്‍ക്കാര്‍ തോല്‍ക്കാനിടയായത് ഒത്തുകളിമൂലമാണെന്നും തെളിഞ്ഞിട്ടുണ്ട്. യുജിസി മാനദണ്ഡം ലംഘിച്ച് നിരവധി പേര്‍ക്ക് യുജിസി സ്കെയില്‍ അനുവദിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വിജിലന്‍സ് അഡീഷണല്‍ ഡയറക്ടറുടെ മേല്‍നോട്ടത്തില്‍ വിവിധ ജില്ലാ യൂണിറ്റുകള്‍ക്കാണ് അന്വേഷണച്ചുമതല.

എയ്ഡഡ് സ്കൂളുകള്‍ വിവരാവകാശ പരിധിയില്‍

തിരു: സംസ്ഥാനത്തെ എയ്ഡഡ് സ്കൂള്‍ മാനേജര്‍മാരെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിട്ടു. എയ്ഡഡ് എല്‍പി, യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡണ്ടറി മാനേജര്‍മാര്‍ അതത് സ്കൂളുകളിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ ആയിരിക്കും. അതേസമയം, എയ്ഡഡ് കോളേജുകളിലെ മാനേജര്‍മാരെ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയില്ല.

എയ്ഡഡ് സ്കൂളുകളിലെ നിയമനം സംബന്ധിച്ച് വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, ഇതിന് സ്കൂള്‍ മാനേജര്‍മാര്‍ മറുപടിപറയാന്‍ ബാധ്യസ്ഥരായിരുന്നില്ല. ഇത് സംബന്ധിച്ച് പരാതി വന്ന സാഹചര്യത്തിലാണ് വിവരാവകാശ കമീഷണര്‍ എം എന്‍ ഗുണവര്‍ധനന്‍ മാനേജര്‍മാരെ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറോട് നിര്‍ദേശിച്ചത്. എയ്ഡഡ് സ്കൂള്‍ അധ്യാപകരുടെ ശമ്പളവും പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും സര്‍ക്കാര്‍ നല്‍കുന്നതിനാല്‍ മാനേജര്‍മാര്‍ക്ക് സര്‍ക്കാരിനോട് ബാധ്യതയുണ്ടെന് കമീഷന്‍ വിലയിരുത്തി. എയ്ഡഡ് കോളേജുകളിലെ നിയമനം സംബന്ധിച്ചും വ്യാപകമായ പരാതികള്‍ ഉയരുന്നുണ്ട്. അതിനാല്‍, എയ്ഡഡ് കോളേജ് മാനേര്‍ജര്‍മാരെയും നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. പരാതി വന്നാല്‍ അക്കാര്യം പരിഗണിക്കുമെന്ന് വിവരാവകാശ കമീഷന്‍ വ്യക്തമാക്കി.

deshabhimani

Tuesday, October 8, 2013

വസ്തുത വിവരാവകാശ പരിധിക്ക് "പുറത്ത്"

ആലപ്പുഴ: മൂന്നരപതിറ്റാണ്ടിലേറെ നിര്‍മാണം നടത്തിയിട്ടും പൂര്‍ത്തീകരിക്കാനാകാത്ത ബൈപ്പാസിന്റെ വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടാലും നല്‍കാന്‍ മടി. ഗ്രീന്‍ സൊസൈറ്റി പ്രസിഡന്റ് തോമസ് കളപ്പുര നല്‍കിയ അപേക്ഷയാണ് തൊടുന്യായംപറഞ്ഞ് പൊതുമരാമത്ത് അധികൃതര്‍ മടക്കിയത്. അപേക്ഷ ചോദ്യാവലി രൂപത്തിലായതാണ് വിവരങ്ങള്‍ കൈമാറാന്‍ വകുപ്പ് അണ്ടര്‍ സെക്രട്ടറിക്ക് തടസമായത്. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നാളിതുവരെ കൈക്കൊണ്ട ഭരണപരവും നിയമപരവുമായ നടപടിക്രമങ്ങളാണ് നിയമപ്രകാരം ആവശ്യപ്പെട്ടത്. ആഗസ്ത് 22ന് നല്‍കിയ അപേക്ഷയാണ് ചോദ്യാവലി രൂപത്തിലാണെന്ന കാരണംപറഞ്ഞ് "ഖേദപൂര്‍വം" നിരസിച്ചത്.

ബൈപ്പാസ് നിര്‍മാണത്തിന് പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ച നടപടികള്‍, ഇതുവരെ ചെലവഴിച്ച തുക, പണം ലഭിച്ച ഏജന്‍സി ഏത്, ടോള്‍ പിരിവ് സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ തുടങ്ങിയ വിവരങ്ങളാണ് ആവശ്യപ്പെട്ടത്. ബൈപ്പാസ് നിര്‍മാണത്തിന് കോടികള്‍ അനുവദിച്ച് നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് പ്രചരിപ്പിച്ച് കേന്ദ്രസഹമന്ത്രി നഗരത്തിലാകെ ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. ഇതിന്റെ സത്യാവസ്ഥ അറിയാന്‍ ദേശീയപാത വികസനവകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ക്ക് ജനുവരി 17ന് അപേക്ഷനല്‍കി. എന്നാല്‍ ഒരുവിധ തുകയും അനുവദിച്ചിട്ടില്ലെന്ന് അദ്ദേഹം മറുപടി നല്‍കിയതായും തോമസ് കളപ്പുരയ്ക്കല്‍ പറഞ്ഞു. 2012-13ല്‍ ബജറ്റില്‍ അഞ്ചുകോടി രൂപ വകയിരുത്തിയെങ്കിലും ഒരു പ്രവര്‍ത്തനവും നടത്തിയില്ല. അപേക്ഷയില്‍ പറഞ്ഞ വിവരങ്ങള്‍ നല്‍കാതിരിക്കാന്‍ ഉന്നത രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായതായും ജനങ്ങളെ കബളിപ്പിക്കാനുള്ള നീക്കം നേരിടുമെന്നും ഗ്രീന്‍ സൊസൈറ്റി പ്രസിഡന്റ് തോമസ് കളപ്പുരയ്ക്കല്‍, സെക്രട്ടറി ടി എം സന്തോഷ് എന്നിവര്‍ പറഞ്ഞു.

deshabhimani

സഹ. ബാങ്കുകള്‍ വിവരാവകാശ പരിധിയിലല്ല: സുപ്രീംകോടതി

കേരള കോ- ഓപ്പറേറ്റീവ് സൊസൈറ്റി നിയമപ്രകാരം രജിസ്റ്റര്‍ചെയ്ത സഹകരണ സൊസൈറ്റികള്‍ വിവരാവകാശനിയമത്തിലെ പൊതു അധികാരകേന്ദ്രമെന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടില്ലെന്ന് സുപ്രീംകോടതി വിധിച്ചു. സഹകരണ സൊസൈറ്റികള്‍ വിവരാവകാശനിയമത്തിന്റെ പരിധിയില്‍വരുമെന്ന ഹൈക്കോടതി ഫുള്‍ബെഞ്ച് ഉത്തരവ് അസാധുവാക്കിയാണ് ജസ്റ്റിസുമാരായ കെ എസ് രാധാകൃഷ്ണനും എ കെ സിക്രിയും ഉള്‍പ്പെട്ട ബെഞ്ചിന്റെ ഉത്തരവ്.

തലപ്പലം സര്‍വീസ് സഹകരണ ബാങ്കാണ് സുപ്രീംകോടതിയെ സമീപിച്ചത്. വിവരാവകാശനിയമപ്രകാരം ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍വരെ പലരും ചോദിച്ചുതുടങ്ങിയതോടെയാണ് വിഷയം കോടതി മുമ്പാകെ എത്തിയത്. സഹകരണ ബാങ്കുകള്‍ ആര്‍ടിഐ നിയമപരിധിയില്‍വരുമെന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ബെഞ്ചിന്റെ തീര്‍പ്പ്്. പിന്നീട് ഡിവിഷന്‍ബെഞ്ച് ഈ വിധി തിരുത്തി. സഹകരണ ബാങ്കുകള്‍ ആര്‍ടിഐ പരിധിയില്‍ വരുമോയെന്നത് ഓരോ കേസിന്റെയും വിശദാംശം പരിശോധിച്ച് തീര്‍പ്പുകല്‍പ്പിക്കേണ്ടതാണെന്നും വിധിച്ചു. സര്‍ക്കാരില്‍നിന്ന് ഗണ്യമായ സാമ്പത്തികസഹായം പ്രത്യക്ഷമായോ പരോക്ഷമായോ ലഭിക്കുന്നുണ്ടെങ്കില്‍മാത്രമേ പൊതു അധികാരകേന്ദ്രമെന്ന നിര്‍വചനത്തില്‍ വരികയുള്ളൂവെന്ന് ഡിവിഷന്‍ബെഞ്ച് വിധിച്ചു. എന്നാല്‍, സമാനമായ മറ്റൊരു ഹര്‍ജിയില്‍ രണ്ടാമതൊരു ഡിവിഷന്‍ബെഞ്ച് ആദ്യബെഞ്ചിന്റെ ഉത്തരവില്‍ അതൃപ്തി പ്രകടിപ്പിക്കുകയും വിഷയം ഫുള്‍ബെഞ്ചിന്റെ തീര്‍പ്പിന് വിടുകയുമായിരുന്നു. സഹകരണ ബാങ്കുകള്‍ ആര്‍ടിഐ പരിധിയില്‍വരുമെന്ന സഹകരണ രജിസ്ട്രാറുടെ 2006ലെ സര്‍ക്കുലര്‍ ശരിവയ്ക്കുകയാണ് ഫുള്‍ബെഞ്ച് ചെയ്തത്. തുടര്‍ന്നാണ് കേസ് സുപ്രീംകോടതിയില്‍ എത്തിയത്.

സഹകരണ സൊസൈറ്റി നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന സഹകരണ സൊസൈറ്റി രജിസ്ട്രാര്‍ വിവരാവകാശനിയമത്തിലെ 2(എച്ച്) വകുപ്പില്‍ പറയുന്ന പൊതു അധികാരകേന്ദ്രമെന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുമെന്ന് ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്‍ വിധിന്യായത്തില്‍ പറഞ്ഞു. പൊതു അധികാരകേന്ദ്രം എന്നനിലയില്‍ സഹകരണ രജിസ്ട്രാര്‍ക്ക് ഒട്ടനവധി നിയമപരമായ അധികാരങ്ങളുണ്ട്. അദ്ദേഹം ആര്‍ടിഐപ്രകാരം വിവരങ്ങള്‍ നല്‍കാന്‍ ബാധ്യസ്ഥനുമാണ്. രജിസ്ട്രാര്‍ക്ക് മേല്‍നോട്ട അധികാരമുള്ള സഹകരണ ബാങ്കുകളില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കാനും രജിസ്ട്രാര്‍ക്ക് കഴിയും. എന്നാല്‍, ആര്‍ടിഐ നിയമത്തിന്റെ 8(1)ജെ വകുപ്പില്‍ വരുന്ന വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ രജിസ്ട്രാര്‍ക്ക് അധികാരമില്ല. വ്യക്തികള്‍ക്കുള്ള അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ ആരായാന്‍ രജിസ്ട്രാര്‍ക്ക് സഹകരണ സൊസൈറ്റി നിയമപ്രകാരം അധികാരമുണ്ടെന്ന് തോന്നുന്നില്ല. ഒരുപക്ഷേ, മറ്റ് ഏജന്‍സികള്‍ക്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ആരായാമായിരിക്കാം. എന്നാല്‍, ഇതിന് നിയമപരമായ പിന്‍ബലമുണ്ടാകണം. ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടക്കുംവിധം വ്യക്തിഗതവിവരങ്ങള്‍ ആര്‍ടിഐ നിയമപ്രകാരം ആരെങ്കിലും ആവശ്യപ്പെട്ടാല്‍തന്നെയും അത് നല്‍കേണ്ട ബാധ്യത രജിസ്ട്രാര്‍ക്കില്ല. അതല്ലെങ്കില്‍ അപേക്ഷകള്‍ പൊതുതാല്‍പ്പര്യസ്വഭാവമുള്ളവയാകണം. സഹകരണ ബാങ്കുകള്‍ പൊതു അധികാരകേന്ദ്ര നിര്‍വചനത്തില്‍ ഉള്‍പ്പെടാത്തതിനാല്‍ 2006ല്‍ സഹകരണ രജിസ്ട്രാര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ നിലനില്‍ക്കുന്നതല്ല. അതല്ലെങ്കില്‍ സഹകരണസ്ഥാപനങ്ങള്‍ ഗണ്യമായ തോതില്‍ സര്‍ക്കാര്‍ഫണ്ട് സ്വീകരിക്കുന്നുണ്ടെന്നതിന് തെളിവുണ്ടാകണം- ജസ്റ്റിസ് രാധാകൃഷ്ണന്‍ വിധിന്യായത്തില്‍ പറഞ്ഞു.

കേസില്‍ സഹകരണസ്ഥാപനങ്ങള്‍ക്കായി മുതിര്‍ന്ന അഭിഭാഷകന്‍ കെ പത്മനാഭന്‍നായരും സര്‍ക്കാരിനായി സ്റ്റാന്‍ഡിങ് കോണ്‍സല്‍ രമേശ്ബാബുവും ഹാജരായി.

deshabhimani

Saturday, July 13, 2013

സിബിഐ അന്വേഷണ വിജ്ഞാപനം പൂഴ്ത്തിയ അണ്ടര്‍ സെക്രട്ടറിക്ക് പിഴ

ദല്ലാള്‍ ടി ജി നന്ദകുമാറിനെതിരെ സിബിഐ അന്വേഷണം നടത്താന്‍ ശുപാര്‍ശചെയ്ത വിജ്ഞാപനം പൂഴ്ത്തിവച്ചതിനെക്കുറിച്ച് തെറ്റിദ്ധാരണാജനകമായ വിവരം നല്‍കിയ ആഭ്യന്തരവകുപ്പ് അണ്ടര്‍ സെക്രട്ടറിക്ക് 10000 രൂപ പിഴ. ആഭ്യന്തരവകുപ്പ് അണ്ടര്‍ സെക്രട്ടറിയും സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായ എം സലീമില്‍നിന്നാണ് 10000 രൂപ പിഴ ഈടാക്കാന്‍ സംസ്ഥാന ചീഫ് ഇന്‍ഫര്‍മേഷന്‍ കമീഷണര്‍ ഡോ. സിബി മാത്യൂസ് ഉത്തരവിട്ടത്.

വിജ്ഞാപനം കേന്ദ്രസര്‍ക്കാരിന് അയക്കാതെ മൂന്നുമാസം പൂഴ്ത്തിവച്ചതിന്റെ കാരണമാരാഞ്ഞ് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയിലാണ് തെറ്റായ വിവരം നല്‍കിയത്. മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. മുപ്പത് ദിവസത്തിനകം പിഴ അടച്ചില്ലെങ്കില്‍ സലീമിന്റെ സ്ഥാവര-ജംഗമ വസ്തുക്കള്‍ ജപ്തിചെയ്ത് 10000 രൂപ അടച്ചെന്ന് ഉറപ്പാക്കാന്‍ ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് വിവരാവകാശ കമീഷന്‍ നിര്‍ദേശം നല്‍കി. വിവരാവകാശ നിയമപ്രകാരം ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ 2012 ജൂലൈ 16ന് നല്‍കിയ അപേക്ഷയില്‍ ആഗസ്ത് മൂന്നിന് ആഭ്യന്തരവകുപ്പ് അണ്ടര്‍ സെക്രട്ടറി നല്‍കിയ രേഖാമൂലമുള്ള മറുപടിയിലാണ് തെറ്റായ വിവരങ്ങള്‍. സിബിഐ അന്വേഷണ വിജ്ഞാപനം കേന്ദ്രസര്‍ക്കാരിനയക്കാതെ ആഭ്യന്തരവകുപ്പ് പൂഴ്ത്തുകയായിരുന്നു. ദല്ലാളിന് സുപ്രീംകോടതിയില്‍നിന്ന് സ്റ്റേ സമ്പാദിക്കാന്‍ സര്‍ക്കാര്‍ സൗകര്യം ചെയ്തുകൊടുത്തു. അണ്ടര്‍ സെക്രട്ടറിയെ വിവരാവകാശ കമീഷന്‍ മെയ് രണ്ടിന് വിളിച്ചുവരുത്തി വിശദീകരണം ആരാഞ്ഞിരുന്നു. ഫയലുകളും പരിശോധിച്ചു. തുടര്‍ന്നാണ് പിഴയടയ്ക്കാന്‍ ഉത്തരവിട്ടത്. ആഭ്യന്തരവകുപ്പ് 32 കേസുകളില്‍ സിബിഐ അന്വേഷണത്തിനുള്ള വിജ്ഞാപനം 24 മണിക്കൂറിനകം കേന്ദ്രസര്‍ക്കാരിനയച്ചിരുന്നു. എന്നാല്‍ ദല്ലാള്‍ നന്ദകുമാറിനെതിരെയുള്ള വിജ്ഞാപനംമാത്രം പൂഴ്ത്തി. തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി ദല്ലാള്‍ നന്ദകുമാറിന് അടുത്ത ബന്ധമാണ്.

deshabhimani

Wednesday, June 5, 2013

കോര്‍പറേറ്റുകള്‍ വിവരാവകാശ പരിധിക്കു പുറത്ത്

ദേശീയ രാഷ്ട്രീയ പാര്‍ടികളെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്ന കേന്ദ്ര വിവരാവകാശ കമീഷന്‍ സര്‍ക്കാരില്‍നിന്ന് കോടികളുടെ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന കോര്‍പറേറ്റുകളെ കണ്ടില്ലെന്നു നടിക്കുന്നു. പൊതുപണം വന്‍തോതില്‍ വിനിയോഗിക്കുന്ന പൊതു-സ്വകാര്യ പദ്ധതികളുടെ ഭാഗമായുള്ള കോര്‍പറേറ്റ് സ്ഥാപനങ്ങള്‍പോലും വിവരാവകാശ നിയമത്തിനു പുറത്ത്. കോര്‍പറേറ്റുകളെ ആര്‍ടിഐ നിയമപരിധിയില്‍ കൊണ്ടുവരുന്നതിനോട് കേന്ദ്രത്തിനും താല്‍പ്പര്യമില്ല. ദേശീയ രാഷ്ട്രീയ പാര്‍ടികള്‍ക്ക് വ്യക്തികളില്‍നിന്നും കോര്‍പറേറ്റുകളില്‍നിന്നും ലഭിക്കുന്ന സംഭാവനകളെ ആദായനികുതി പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന കാരണമാണ് ആര്‍ടിഐ നിയമം ബാധകമാക്കുന്നതിന് വിവരാവകാശ കമീഷന്റെ ന്യായം.
ആദായനികുതിയില്‍നിന്ന് ഒഴിവാക്കുന്നതിനെ സര്‍ക്കാരില്‍നിന്ന് ലഭിക്കുന്ന സാമ്പത്തിക ആനുകൂല്യമായി കമീഷന്‍ ചിത്രീകരിക്കുന്നു. സാമ്പത്തിക ആനുകൂല്യം ലഭിക്കുന്നതിനാല്‍ പൊതു അധികാരകേന്ദ്രമെന്ന പരിധിയില്‍ ദേശീയ പാര്‍ടികള്‍ വരുമെന്നാണ് കമീഷന്‍ ഉത്തരവില്‍ പറയുന്നത്. സിപിഐ എം, സിപിഐ, കോണ്‍ഗ്രസ്, ബിജെപി, ബിഎസ്പി, എന്‍സിപി എന്നീ ദേശീയ പാര്‍ടികള്‍ക്ക് ലഭിച്ച സംഭാവനകളെ ആദായനികുതിപരിധിയില്‍നിന്ന് ഒഴിവാക്കുക വഴി കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 510 കോടി രൂപയുടെ നഷ്ടം ഖജനാവിന് സംഭവിച്ചതായി കമീഷന്‍ ചൂണ്ടിക്കാട്ടുന്നു. ഇതില്‍ 441 കോടി രൂപ കോണ്‍ഗ്രസിനും ബിജെപിക്കും ലഭിച്ച സംഭാവനകള്‍ക്ക് നല്‍കിയ നികുതി ഇളവു വഴിയാണ്. രാഷ്ട്രീയ പാര്‍ടികള്‍ക്ക് മൂന്നുവര്‍ഷത്തിനിടെ ലഭിച്ച 510 കോടി രൂപയുടെ നികുതി ഇളവിനെ സര്‍ക്കാരില്‍നിന്നു ലഭിക്കുന്ന ഗണ്യമായ സാമ്പത്തിക ആനുകൂല്യമെന്നു വിശേഷിപ്പിക്കുന്ന കമീഷന്‍ എന്നാല്‍ കോര്‍പറേറ്റുകള്‍ക്ക് കഴിഞ്ഞ ബജറ്റില്‍മാത്രം 60,000 കോടി രൂപയുടെ കോര്‍പറേറ്റ് നികുതി ഇളവ് നല്‍കിയത് വിസ്മരിക്കുകയാണ്. കഴിഞ്ഞ ബജറ്റില്‍ കോര്‍പറേറ്റുകള്‍ക്കും സ്വകാര്യസ്ഥാപനങ്ങള്‍ക്കുമായി നല്‍കിയത് 5.74 ലക്ഷം കോടി രൂപയുടെ ഇളവ്. രാഷ്ട്രീയ പാര്‍ടികളെ ആര്‍ടിഐ പരിധിയില്‍ ഉള്‍പ്പെടുത്തിയുള്ള കമീഷന്‍ ഉത്തരവു പ്രകാരം കോര്‍പറേറ്റുകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന നികുതി ഇളവിനെയും ഗണ്യമായ സാമ്പത്തിക സഹായമായി കാണേണ്ടി വരും. അങ്ങനെ വരുമ്പോള്‍ ആര്‍ടിഐ നിയമത്തിലെ 2(എച്ച്) വകുപ്പുപ്രകാരം കോര്‍പറേറ്റ് സ്ഥാപനങ്ങളും പൊതു അധികാരകേന്ദ്രമായി മാറും.

പൊതുപണം വന്‍തോതില്‍ ഒഴുകുന്ന പിപിപി പദ്ധതികളെ ആര്‍ടിഐ പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യം ദീര്‍ഘനാളായുണ്ട്. ജിഎംആര്‍ ഗ്രൂപ്പ് ഏറ്റെടുത്ത ഡല്‍ഹി വിമാനത്താവള വികസന പദ്ധതിയിലെ വന്‍ അഴിമതിയും മറ്റും സിഎജി റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നതിനെത്തുടര്‍ന്ന് സിപിഐ എം പാര്‍ലമെന്റില്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. പിപിപി പദ്ധതികളെ ആര്‍ടിഐ പരിധിയില്‍ കൊണ്ടുവരണമെന്ന് വിവരാവകാശ കമീഷനും സര്‍ക്കാരിനോട് ആവശ്യപ്പെട്ടതാണ്. ഇക്കാര്യം തീരുമാനിക്കാന്‍ മടിച്ച കേന്ദ്രം കഴിഞ്ഞ ഏപ്രിലില്‍ കോര്‍പറേറ്റുകളെ തന്ത്രപൂര്‍വം ഒഴിവാക്കിക്കൊണ്ട് പിപിപി പദ്ധതികളെ ആര്‍ടിഐ പരിധിയില്‍ ഉള്‍പ്പെടുത്തി. പിപിപി പദ്ധതിയില്‍ പങ്കാളിയാകുന്ന പൊതുമേഖലാസ്ഥാപനം മാത്രമാണ് സര്‍ക്കാര്‍ ഉത്തരവു പ്രകാരം ആര്‍ടിഐ പരിധിയില്‍ വരിക. പദ്ധതി ഏറ്റെടുത്ത് നടപ്പാക്കുകയും സര്‍ക്കാരില്‍നിന്ന് വലിയതോതില്‍ ഫണ്ട് സ്വീകരിക്കുകയും ചെയ്യുന്ന കോര്‍പറേറ്റുകള്‍ക്ക് ഇപ്പോഴും നിയമം ബാധകമല്ല.
(എം പ്രശാന്ത്)

deshabhimani

കമീഷന്‍ ഉത്തരവിനെതിരെ രാഷ്ട്രീയപാര്‍ടികള്‍

ആറ് ദേശീയ പാര്‍ടികളെ വിവരാവകാശ നിയമപരിധിയില്‍ കൊണ്ടുവന്ന കേന്ദ്ര വിവരാവകാശകമീഷന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം. ജനാധിപത്യ വ്യവസ്ഥയെ തന്നെ തകര്‍ക്കുന്നതാണ് തീരുമാനമെന്ന് സിപിഐ എമ്മും കോണ്‍ഗ്രസും സിപിഐയും ജനതാദള്‍ യുണൈറ്റഡും പ്രതികരിച്ചു. കമീഷന്‍ ഉത്തരവിനോട് യോജിപ്പില്ലെന്ന് കേന്ദ്രസര്‍ക്കാരും വ്യക്തമാക്കി. തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്നും ജനാധിപത്യ വ്യവസ്ഥ ദുര്‍ബലമാക്കുന്ന തീരുമാനം മറികടക്കാന്‍ കേന്ദ്രം തയ്യാറാകണമെന്നും പാര്‍ടികള്‍ അഭ്യര്‍ഥിച്ചു.

കമീഷന്‍ ഉത്തരവ് പാര്‍ലമെന്ററി ജനാധിപത്യത്തിനും പാര്‍ടി സമ്പ്രദായത്തിനും ഉണ്ടാക്കുന്ന ആഘാതം കണക്കിലെടുത്ത് രാഷ്ട്രീയ പാര്‍ടികളുമായി ചര്‍ച്ചചെയ്ത് ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. കമീഷന്‍ നടപടി ജനാധിപത്യ സ്ഥാപനങ്ങളെ ദുര്‍ബലമാക്കുമെന്നും തീരുമാനം അംഗീകരിക്കാനാവില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദി പറഞ്ഞു. വിവരാവകാശ നിയമ പരിധിയില്‍ രാഷ്ട്രീയ പാര്‍ടികളെ ഉള്‍പ്പെടുത്തിയ ഉത്തരവിനോട് കേന്ദ്രസര്‍ക്കാരിന് യോജിപ്പില്ലെന്ന് ധനമന്ത്രി പി ചിദംബരം വ്യക്തമാക്കി.

ചൊവ്വാഴ്ച കേന്ദ്ര മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ചിദംബരം ഇക്കാര്യം പറഞ്ഞത്. വിവരാവകാശ നിയമത്തെ അസ്വാഭാവികമായി വ്യാഖ്യാനിച്ചുള്ളതാണ് കമീഷന്‍ ഉത്തരവ്. പാര്‍ടികളെ പൊതുഅധികാരകേന്ദ്രങ്ങളായി കാണുന്നതിന് കമീഷന്‍ നിരത്തുന്ന ന്യായങ്ങള്‍ക്ക് വിശ്വസനീയതയില്ല. രാഷ്ട്രീയ പാര്‍ടികളെ ഉദ്ദേശിച്ചല്ല, സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടാണ് പാര്‍ലമെന്റ് ആര്‍ടിഐ നിയമം പാസാക്കിയത്- ചിദംബരം പറഞ്ഞു.

വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്, പ്രധാനമന്ത്രി കാര്യാലയത്തിന്റെ ചുമതലയുള്ള സഹമന്ത്രി വി നാരായണസ്വാമി എന്നിവരും ഉത്തരവിനോട് വിയോജിച്ചു. ഒരു തരത്തിലും നീതികരിക്കാനാവാത്ത തീരുമാനമാണിതെന്ന് ജനതാദള്‍ യുണൈറ്റഡ് അധ്യക്ഷന്‍ ശരദ്യാദവ് പറഞ്ഞു. രാഷ്ട്രീയ പാര്‍ടികള്‍ കച്ചവടസ്ഥാപനങ്ങളല്ല. കേന്ദ്രം ഉചിത നടപടി സ്വീകരിക്കണം- യാദവ് പറഞ്ഞു. സുതാര്യത കൊണ്ടുവരാനുള്ള ഏത് നീക്കവും സ്വാഗതംചെയ്യുമെന്ന് ബിജെപി വക്താവ് ക്യാപ്റ്റന്‍ അഭിമന്യു അഭിപ്രായപ്പെട്ടു. രാഷ്ട്രീയ പാര്‍ടികള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നാണ് ബിജെപിയുടെ മുന്‍നിലപാട്.

കമീഷന്റെ തീരുമാനത്തെ മറികടക്കാന്‍ രണ്ട് മാര്‍ഗമാണ് അവശേഷിക്കുന്നത്. ഹൈക്കോടതിയിലോ സുപ്രീം കോടതിയിലോ ചോദ്യംചെയ്യാം. അല്ലെങ്കില്‍ വിവരാവകാശ നിയമം ഭേദഗതി ചെയ്യാം. നിയമത്തിന് എതിരാണ് തീരുമാനമെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് പാര്‍ലമെന്ററികാര്യ സഹമന്ത്രി വി നാരായണ സ്വാമി പറഞ്ഞു. എല്ലാ രാഷ്ട്രീയ പാര്‍ടികളും തമ്മിലുള്ള സമവായമുണ്ടായാല്‍ രണ്ടാമത്തെ മാര്‍ഗത്തിനാവും പ്രാമുഖ്യം. പാര്‍ടികള്‍ക്ക് ഓഫീസിനും നേതാക്കളുടെ വീടിനും സ്ഥലവും കെട്ടിടവും ചുരുങ്ങിയ വിലയ്ക്കാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും അതിനാല്‍ പൊതുഅധികാരകേന്ദ്രമാണ് രാഷ്ട്രീയ പാര്‍ടിയെന്നുമാണ് വിവരാവകാശ കമീഷന്റെ വാദം. ആകാശവാണിയിലും ദൂരദര്‍ശനിലും അംഗീകൃത രാഷ്ട്രീയ പാര്‍ടികള്‍ക്ക് തെരഞ്ഞെടുപ്പ് വേളയില്‍ നല്‍കുന്ന സമയവും ലക്ഷങ്ങളുടെ സൗജന്യമായാണ് കമീഷന്‍ വിലയിരുത്തല്‍.

deshabhimani

Tuesday, June 4, 2013

വിവരാവകാശ കമ്മീഷന്‍ ഉത്തരവ് അസ്വീകാര്യം

രാഷ്ട്രീയ പാര്‍ട്ടികളെ വിവരാവകാശ നിയമപ്രകാരമുള്ള പൊതു അധികാര സ്ഥാനങ്ങളായി കാണണമെന്ന കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് സ്വീകാര്യമല്ലെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. പാര്‍ലമെണ്ടറി ജനാധിപത്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പങ്ക് സംബന്ധിച്ച തെറ്റായ ധാരണയില്‍ നിന്നാണ് ഈ ഉത്തരവ് ഉണ്ടായിരിക്കുന്നതെന്ന് പിബി പറഞ്ഞു.

ആറ് ദേശീയ പാര്‍ട്ടികള്‍ മുഖ്യമായും സര്‍ക്കാര്‍ ധനസഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് കമ്മീഷന്റെ ഉത്തരവില്‍ പറയുന്നത്. ഇത് അസത്യമാണ്. രാഷ്ട്രീയപാര്‍ട്ടികളുടെ വരുമാനത്തിന്റെ മുഖ്യപങ്ക് ഗവര്‍മെണ്ടില്‍ നിന്നോ ഏതെങ്കിലും പൊതുസ്ഥാപനങ്ങളില്‍ നിന്നോ വരുന്നതല്ല. നിയമപ്രകാരം അനുവദനീയമാണെങ്കിലും സിപിഐ എം കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ ഫണ്ട്പോലും സ്വീകരിക്കുന്നില്ല. പാര്‍ട്ടികളുടെ ധനമാര്‍ഗങ്ങള്‍ക്ക് സുതാര്യതവേണം എന്നതാകാം കമ്മീഷന്‍ മുഖ്യമായും ഉദ്ദേശിക്കുന്നത്. അത്തരം വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് ലഭ്യമാണ്. കുടുതല്‍വിവരങ്ങള്‍ വേണമെങ്കില്‍ ലഭ്യമാക്കേണ്ടതുമാണ്. പാര്‍ട്ടികളുടെ സാമ്പത്തിക വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകണമെന്നുതന്നെയാണ് തുടക്കം മുതല്‍ സിപിഐ എം നിലപാട്.

എന്നാല്‍ ഇതിനര്‍ത്ഥം രാഷ്ട്രീയ പാര്‍ട്ടികളെ പൊതു അധികാര സ്ഥാപനമായി കാണാമെന്നല്ല. അങ്ങനെ ചെയ്യുന്നത് പാര്‍ട്ടികളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തും. ഒരു രാഷ്ട്രീയ പാര്‍ട്ടി ഒരു തത്വശാസ്ത്രത്തിലും പരിപാടിയിലും നേതൃത്വത്തിലും വിശ്വസിക്കുന്ന വ്യക്തികള്‍ ചേര്‍ന്നുള്ള സന്നദ്ധ സംഘടനയാണ്.അംഗങ്ങളോടാണ് പാര്‍ട്ടിക്ക് ഉത്തരവാദിത്തമുള്ളത്്. നയപരമായ വിഷയങ്ങളിലും സംഘടനാകാര്യങ്ങളിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും മറ്റുമുള്ള പാര്‍ട്ടികളുുടെ ഉള്‍പാര്‍ടി ചര്‍ച്ചകള്‍ വിവരാവകാശപ്രകാരം ലഭ്യമായാല്‍ ആ പാര്‍ട്ടിയെ തന്നെ അസ്ഥിരപ്പെടുത്താന്‍ എതിരാളികള്‍ക്ക് അത് ആയുധമാക്കാം.

ഈ ഉത്തരവിന്റെ ഗൗരവതരമായ പ്രത്യാഘാതം പരിഗണിച്ച് ഗവര്‍മെണ്ട് എല്ലാ രാഷ്ട്രീയപാര്‍ട്ടികളുമായും വിഷയം ചര്‍ച്ച ചെയ്യണം. ഒരു ജനാധിപത്യ രാഷ്ട്രീയ സംവിധാനത്തില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ പങ്കും അവയുടെ സമഗ്രതയും സംരക്ഷിക്കാന്‍ സഹായകമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുകയും വേണം- പി ബി പ്രസ്താവനയില്‍ പറഞ്ഞു.

കോൺഗ്രസ്സും വിവരാവകാശ് കമ്മീഷൻ തീരുമാനത്തിൽ പ്രതിഷേധിച്ചു.ജനാധിപത്യ പ്രസ്ഥാനങ്ങൾക്ക് ദ്രോഹകരമാണു തീരുമാനമെന്നു കോൺഗ്രസ് പ്രതികരിച്ചു. സിപിഐയും തീരുമാനത്തിൽ പ്രതിഷേധിച്ചു.

deshabhimani

Monday, June 3, 2013

ദേശീയ പാര്‍ടികള്‍ വിവരാവകാശ പരിധിയില്‍ വരുമെന്ന് കമീഷന്‍

സിപിഐ എം ഉള്‍പ്പെടെ ആറ് ദേശീയ പാര്‍ടികളെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍പ്പെടുത്തി കേന്ദ്ര വിവരാവകാശ കമീഷന്റെ ഉത്തരവ്. സിപിഐ എമ്മിനു പുറമെ കോണ്‍ഗ്രസ്, ബിജെപി, സിപിഐ, എന്‍സിപി, ബിഎസ്പി എന്നീ പാര്‍ടികളെയാണ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയത്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ കൈകാര്യംചെയ്യാന്‍ ആറാഴ്ചയ്ക്കകം കേന്ദ്ര പൊതുവിവര ഉദ്യോഗസ്ഥരെയും (സിപിഐഒ) അപ്പീല്‍ അധികൃതരെയും കേന്ദ്ര ഓഫീസുകളില്‍ നിയമിക്കാന്‍ ദേശീയ രാഷ്ട്രീയ പാര്‍ടികള്‍ക്ക് കമീഷന്‍ നിര്‍ദേശം നല്‍കി. മുഖ്യ വിവരാവകാശ കമീഷണര്‍ സത്യാനന്ദ മിശ്ര, വിവരാവകാശ കമീഷണര്‍മാരായ എം എല്‍ ശര്‍മ, അന്നപൂര്‍ണ ദീക്ഷിത് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്.

നേരത്തെ കമീഷന്റെ ഏകാംഗ ബെഞ്ച് രാഷ്ട്രീയ പാര്‍ടികളെ വിവരാവകാശ നിയമ പരിധിയില്‍നിന്ന് ഒഴിവാക്കിയിരുന്നു. ഈ ഉത്തരവ് റദ്ദാക്കിയാണ് മൂന്നംഗ ബെഞ്ചിന്റെ ഉത്തരവ്. ആര്‍ടിഐ അപേക്ഷകള്‍ ലഭിച്ചാല്‍ നാലാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും ആര്‍ടിഐ നിയമത്തിന്റെ 4(1) ബി വകുപ്പ് പാലിക്കണമെന്നും ഉത്തരവിലുണ്ട്. പൊതു അധികാരകേന്ദ്രത്തിന്റെ നിയന്ത്രണഘടകങ്ങളായി വരുന്ന നിയന്ത്രണസമിതികള്‍ ഏതൊക്കെയാണെന്നും ഈ സമിതികളുടെ യോഗങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുമോയെന്നും യോഗങ്ങളുടെ മിനിറ്റ്സ് പ്രസിദ്ധപ്പെടുത്തുമോയെന്നും വ്യക്തമാക്കി പ്രസ്താവന പുറപ്പെടുവിക്കണമെന്നും ഈ വകുപ്പ് നിര്‍ദേശിക്കുന്നു. ദേശീയ രാഷ്ട്രീയപ്പാര്‍ടികള്‍ പൊതു അധികാരകേന്ദ്രങ്ങളാണെന്നും അതുകൊണ്ട് നിയമത്തിന്റെ പരിധിയില്‍ വരുമെന്നും കമീഷന്‍ ഉത്തരവില്‍ പറഞ്ഞു. സര്‍ക്കാരില്‍നിന്ന് പലവിധ സൗജന്യങ്ങളും സാമ്പത്തിക ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ടെന്ന ന്യായത്തോടെയാണ് പാര്‍ടികളെ പൊതുഅധികാര കേന്ദ്രങ്ങളുടെ പട്ടികയിലാക്കിയത്. ഡല്‍ഹിയില്‍ ദേശീയ പാര്‍ടികളുടെ ഓഫീസിന് സ്ഥലം അനുവദിച്ചതും സര്‍ക്കാര്‍ കെട്ടിടങ്ങള്‍ കുറഞ്ഞ വാടകയ്ക്ക് നല്‍കിയതും ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. പാര്‍ടികള്‍ക്ക് ലഭിക്കുന്ന സംഭാവനകളെ ആദായനികുതി പരിധിയില്‍നിന്ന് ഒഴിവാക്കിയത് സാമ്പത്തിക ആനുകൂല്യമാണെന്ന് കമീഷന്‍ പറയുന്നു.

തെരഞ്ഞെടുപ്പുകാലത്ത് ആകാശവാണിയിലും ദൂരദര്‍ശനിലും സൗജന്യമായി സമയം അനുവദിക്കുന്നതും ദേശീയ പാര്‍ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമീഷന്‍ പൊതുചിഹ്നം നല്‍കുന്നതും വിവരാവകാശ നിയമ പരിധിയില്‍പ്പെടുത്താനുള്ള കാരണമായി നിരത്തുന്നു. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് എന്ന എന്‍ജിഒയും സുഭാഷ്ചന്ദ്ര അഗര്‍വാള്‍ എന്ന വ്യക്തിയും നല്‍കിയ പരാതിയിലാണ് കമീഷന്‍ ഉത്തരവ്. ആര്‍ടിഐ പ്രകാരം പാര്‍ടികളോട് സാമ്പത്തിക സ്രോതസ്സിന്റെ വിശദാംശങ്ങള്‍ തേടിയിട്ട് ലഭിച്ചില്ലെന്ന് കാട്ടിയാണ് ഇവര്‍ കമീഷനെ സമീപിച്ചത്. സിപിഐ എമ്മും സിപിഐയും തങ്ങള്‍ക്ക് ലഭിച്ച സംഭാവനകളുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തിയിരുന്നു. കമീഷന്‍ രണ്ട് തവണയായി നടത്തിയ സിറ്റിങ്ങില്‍ സിപിഐ എം ഉള്‍പ്പെടെ ആറ് ദേശീയ പാര്‍ടികളും ആര്‍ടിഐ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യത്തോട് വിയോജിച്ചിരുന്നു. പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ളയാണ് കമീഷന്‍ വിളിച്ച യോഗത്തില്‍ സിപിഐ എമ്മിനെ പ്രതിനിധാനംചെയ്ത് പങ്കെടുത്തത്.
(എം പ്രശാന്ത്)

പൂര്‍ണ വിയോജിപ്പ്: പ്രകാശ് കാരാട്ട്

ന്യൂഡല്‍ഹി: ദേശീയപാര്‍ടികളെ ആര്‍ടിഐ പരിധിയില്‍ ഉള്‍പ്പെടുത്തിയ ഉത്തരവിനോട് പൂര്‍ണമായും വിയോജിക്കുന്നതായി സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. സിപിഐ എമ്മും മറ്റും രാഷ്ട്രീയ പാര്‍ടിയാണെന്നും പൊതുഅധികാര കേന്ദ്രമല്ലെന്നും കാരാട്ട് പറഞ്ഞു.

deshabhimani

Friday, January 4, 2013

വ്യോമസേനയുടെ വിമാനത്തില്‍ സോണിയ നടത്തിയത് 49 യാത്രകള്‍


കഴിഞ്ഞ 7 വര്‍ഷത്തിനുള്ളില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ഇന്ത്യന്‍ വ്യോമസേനയുടെ വിമാനത്തില്‍ 49 തവണയാത്ര ചെയ്തു. ഇതില്‍ 23 യാത്രകള്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനൊപ്പം ആയിരുന്നു.

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധി വ്യോമസേന വിമാനങ്ങളിലും ഹെലികോപ്റ്ററുകളിലും സഞ്ചരിച്ചത് എട്ട് തവണയാണ്. വിവരാവകാശ പ്രവര്‍ത്തകന്‍ രമേഷ് വെര്‍മ വിവരാവകാശ നിയമപ്രകാരം ചോദിച്ച ചോദ്യങ്ങള്‍ക്ക്  ലഭിച്ച ഉത്തരങ്ങളില്‍ നിന്നാണ് ഈ വിവരങ്ങള്‍ പുറത്തു വന്നത്.

നിയമങ്ങള്‍ അനുസരിച്ച് ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന്റെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും  യോഗ്യരല്ല. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിമാനത്തില്‍ യാത്ര ചെയ്യാന്‍ യോഗ്യരായ പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, പ്രതിരോധ മന്ത്രി തുടങ്ങിയവര്‍ക്കൊപ്പം മാത്രമെ യാത്ര ചെയ്യാന്‍ പാടുള്ളൂ.

അനൗദ്യോഗിക ആവശ്യത്തിന് പ്രധാനമന്ത്രിക്കുമാത്രമേ വ്യോമസേനാ വിമാനത്തില്‍ യാത്രക്ക് അര്‍ഹതയുള്ളു. മറ്റ് ക്യാബിനറ്റ് മന്ത്രമാര്‍ക്ക് പ്രധാനമന്ത്രിയുടെ അനുമതിയോടെ യാത്രചെയ്യാം.
49 യാത്രകള്‍ നടത്തിയതില്‍ ആറ് ബില്ലുകള്‍ മാത്രമെ സോണിയ ഗാന്ധി അടച്ചിട്ടുള്ളൂ. കര്‍ണാടക സര്‍ക്കാര്‍ നടത്തിയ യാത്രകളില്‍ 1.7 കോടി രൂപ വ്യോമസേനയ്ക്ക് നല്‍കാനുണ്ട്

janayugom 040113

Monday, August 13, 2012

10 മാസത്തിനിടെ തലനാരിഴയ്ക്ക് ഒഴിവായത് 22 വിമാനദുരന്തം

രാജ്യത്ത് പത്തുമാസത്തിനിടെ 22 വിമാനദുരന്തം തലനാരിഴയ്ക്കാണ് ഒഴിവായതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ)ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ചെന്നൈ വ്യോമ ഗതാഗതമേഖലയിലാണ് ഏറ്റവും വലിയ അപകട മേഖല. അന്തര്‍ദേശീയ സര്‍വീസ് നടത്തുന്ന വിമാനങ്ങളാണ് ആറു തവണ അപകടസാധ്യത സൃഷ്ടിച്ചത്.

2011 ജൂണ്‍ മുതല്‍ കഴിഞ്ഞ ഏപ്രില്‍വരെയുള്ള വ്യോമ ഗതാഗത രേഖകള്‍പ്രകാരം യാത്രക്കാരുമായി പോയ വിമാനങ്ങള്‍ ആകാശത്തുവച്ച് പരസ്പരം കൂട്ടിമുട്ടുന്ന 22 സാഹചര്യമെങ്കിലുമുണ്ടായിട്ടുണ്ട്. ചെന്നൈ വിമാനമേഖലയുടെ പരിധിയില്‍ ഇത്തരം 11 സംഭവമുണ്ടായി. ഡല്‍ഹിയില്‍ അഞ്ചും മുംബൈയില്‍ മൂന്നും സംഭവങ്ങളുണ്ടായി. രാജ്യത്തിന്റെ വ്യോമയാനമേഖലയില്‍ മാസത്തില്‍ ഒരു തവണയെങ്കിലും വിമാനങ്ങള്‍ കൂട്ടിമുട്ടാനുള്ള സാഹചര്യമുണ്ടാകാറുണ്ടെന്നും വിവരാവകാശപ്രകാരം ലഭിച്ച രേഖകള്‍ തെളിയിക്കുന്നു. ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് വിമാനങ്ങളാണ് ആകാശത്ത് അപകടസാധ്യത സൃഷ്ടിക്കുന്നതില്‍ മുന്നില്‍. എയര്‍ട്രാഫിക് കണ്‍ട്രോളറും പൈലറ്റുമാരും തമ്മില്‍ ഏകോപനമില്ലാത്തതാണ് ഇത്തരം സാഹചര്യമുണ്ടാകുന്നതിന് പ്രധാന കാരണം.

deshabhimani 130812

Friday, April 6, 2012

അഗ്നിശമനസേനയില്‍ അനധികൃത സംഘടനാ പ്രവര്‍ത്തനം; അന്വേഷണം അട്ടിമറിക്കുന്നു


അഗ്നിശമനസേനയില്‍ സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സംഘടനാപ്രവര്‍ത്തനം നടത്തിയ സംഭവത്തില്‍ അന്വേഷണം ഇല്ലാതാക്കുന്നു. കേരള ഫയര്‍ സര്‍വീസ് വെല്‍ഫയര്‍ കമ്മിറ്റി എന്ന പേരിലാണ് ചിലര്‍ സംഘടന രൂപീകരിച്ച് പ്രവര്‍ത്തിച്ചത്. ഇതു സംബന്ധിച്ച സുപ്രധാന രേഖ ഫയലില്‍ കാണാനില്ലെന്നും വിവരം ലഭിച്ചു. ഉമ്മന്‍ചാണ്ടി വകുപ്പിന്റെ ചുമതല ഏറ്റെടുത്തശേഷമാണ് സംഘടന രംഗത്തെത്തിയത്. ഫയര്‍ സര്‍വീസിന്റെ നവീകരണമുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രിക്ക് സംഘടനയുടെ ലെറ്റര്‍പാഡില്‍ നിവേദനവും നല്‍കി. നിവേദനം മുഖ്യമന്ത്രി ഒപ്പിട്ട് അഭ്യന്തരവകുപ്പ് സെക്രട്ടറി വഴി അഗ്നിശമന സേനാ വകുപ്പിന് കൈമാറി.

ഇതിനിടയില്‍ അനധികൃത സംഘടനയ്ക്കെതിരെ ജീവനക്കാര്‍ പരാതി നല്‍കി. 1966ലെ അച്ചടക്ക നിയന്ത്രണനിയമത്തിനു വിധേയമായി പൊലീസിന് തുല്യമായ സംഘടനാ സ്വാതന്ത്രം മാത്രമാണ് അഗ്നിശമന സേനയിലുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്സ് ഡിജിപി പ്രേംശങ്കര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റക്കാര്‍ കുടുങ്ങുമെന്നായപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥയെ സ്ഥലംമാറ്റി. തുടര്‍ന്ന് തിരുവനന്തപുരം ഡിവിഷണല്‍ ഓഫീസര്‍ക്കായി അന്വേഷണചുമതല. ഇതോടെ നടപടി ഇഴയാന്‍ തുടങ്ങി. പരാതിയുമായി ബന്ധപ്പെട്ട പ്രധാന രേഖകളൊന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പരിശോധിക്കാന്‍ തയ്യാറാകുന്നില്ല. അംഗീകാരമില്ലാത്ത സംഘടനയുടെ പേരില്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നെന്ന് വിവരാവകാശ നിയമപ്രകാരം 2011 ജൂണ്‍ 30ന് നല്‍കിയ അപേക്ഷയില്‍ ഫയര്‍ സര്‍വീസ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ പകര്‍പ്പ് അപേക്ഷകന് ലഭ്യമാക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍, പകര്‍പ്പ് ലഭ്യമാക്കാത്തതിനെത്തുടര്‍ന്ന് 2012 ഫെബ്രുവരി 16ന് വീണ്ടും അപേക്ഷ നല്‍കിയപ്പോള്‍ അന്വേഷണം ഭാഗികമായേ നടന്നിട്ടുള്ളുവെന്ന് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു.

തുടര്‍ന്ന്, അപ്പലേറ്റ് അതോറിറ്റിയായ ജോയിന്റ് കമീഷണര്‍ക്ക് നല്‍കിയ അപേക്ഷയിലാണ് അന്വേഷണം ഇല്ലാതാകുന്നതിന്റെ സൂചന പുറത്തായത്. നിവേദനം ബന്ധപ്പെട്ട ഫയലില്‍നിന്ന് നഷ്ടപ്പെട്ടെന്നും പകര്‍പ്പ് നല്‍കാന്‍ കഴിയില്ലെന്നുമാണ് ജോയിന്റ് സെക്രട്ടറിയുടെ മറുപടിയില്‍ പറയുന്നത്.
(ജി രാജേഷ്കുമാര്‍)

deshabhimani 060412

Monday, February 13, 2012

വിവരാവകാശം കാറ്റില്‍ പറത്താന്‍ ഉദ്യോഗസ്ഥരുടെ പുതിയ തന്ത്രം

ചോദ്യം ഒന്ന്; ഉത്തരം ആയിരത്തിലേറെ

വിവരാവകാശപ്രകാരം ഒരപേക്ഷ നല്‍കിയാല്‍ ആയിരക്കണക്കിന് മറുപടി. ഉത്തരം നല്‍കാന്‍ തല്‍ക്കാലം നിവൃത്തിയില്ല എന്ന് മിക്കതിന്റെയും ഉള്ളടക്കം. അതല്ലെങ്കില്‍ വിശദാംശങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടിക്കുംവിധം മറുപടികളുടെ പ്രവാഹം. ഉത്തരം വായിച്ചുതീര്‍ക്കാന്‍ മാസങ്ങളെടുക്കും. അധികൃതര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ചോദ്യങ്ങള്‍ക്ക് വിവരാവകാശ പ്രകാരം ഉത്തരം തേടിയാലുള്ള ഗതികേടാണിത്. നവംബര്‍ 24ന് സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കായികാധ്യാപകരുടെ നിയമനം സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്ക് ലഭിച്ച മറുപടി ആയിരത്തിലേറെ. തപാലില്‍ ഇപ്പോഴും മറുപടി വന്നുകൊണ്ടിരിക്കുന്നു. അപേക്ഷ നല്‍കി ഒരുമാസത്തിനുശേഷവും മറുപടി ലഭിക്കാത്തതിനാല്‍ അപേക്ഷകന്‍ ഡയറക്ടറുടെ ഓഫീസിലേക്ക് ഫോണില്‍ ബന്ധപ്പെട്ടു. വിവരം ഉടന്‍ തപാലില്‍ അയക്കുമെന്ന് മറുപടി. തപാലില്‍ എത്തിയ ആദ്യ മറുപടിയുടെ ഉള്ളടക്കം ഇങ്ങനെ: "ആവശ്യപ്പെട്ട വിവരങ്ങള്‍ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാരും താങ്കളെ അറിയിക്കുന്നതാണ്". ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍മാരും ഉപജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍മാരും ആയിരക്കണക്കിന് ഹെഡ്മാസ്റ്റര്‍മാരും ചോദ്യത്തിന് മറുപടി അയക്കാന്‍ തുടങ്ങി. ദിനംപ്രതി നൂറുകണക്കിന് മറുപടികളാണ് ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നത്. വിവരാവകാശനിയമപ്രകാരം അപേക്ഷ നല്‍കിയാല്‍ ഇതായിരിക്കും ശിക്ഷയെന്ന മുന്നറിയിപ്പാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഓഫീസ് നല്‍കന്നത്.

കോഴിക്കോട്ട് ഗവ. എന്‍ജിനിയറിങ് കോളേജില്‍ വിദ്യാര്‍ഥികള്‍ക്കുനേരെ നടന്ന പൊലീസ് വെടിവയ്പിനെ കുറിച്ച് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിന്റെ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഓഫീസില്‍ നല്‍കിയ അപേക്ഷയ്ക്കും മറുപടി ഇപ്രകാരമായിരുന്നു. ജയകുമാറിന്റെ ഓഫീസിലാണ് അപേക്ഷ നല്‍കിയതെങ്കിലും മറുപടി വന്നത് 10 സെക്ഷനുകളില്‍ നിന്നും. "നിങ്ങള്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ ഈ ഓഫീസില്‍ ലഭ്യമല്ലെന്നും പരാതിയുണ്ടെങ്കില്‍ ഒരുമാസത്തിനകം നല്‍കണമെന്നുമുള്ള" മറുപടിയാണ് പത്തിടത്തുനിന്നും ലഭിച്ചത്. ഇതേ അപേക്ഷ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചെങ്കിലും ഇതുവരെ മറുപടിയില്ല.

സെക്രട്ടറിയറ്റിലെ റവന്യൂവകുപ്പിന്റെ സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് രണ്ടുമാസംമുമ്പ് വിവരാവകാശനിയമപ്രകാരം നല്‍കിയ അപേക്ഷയിലും സ്ഥിതി ഇതുതന്നെ. ആദ്യം 14 ജില്ലാ കലക്ടര്‍മാരില്‍നിന്നും മറുപടി വന്നു. തുടര്‍ന്ന് നൂറുകണക്കിന് താലൂക്ക് ഓഫീസുകളില്‍നിന്നും മറുപടികള്‍ പ്രവഹിച്ചുതുടങ്ങി. ഇതില്‍ ദേവികുളം തഹസില്‍ദാര്‍ നല്‍കിയ മറുപടി ഇങ്ങനെ: "ചോദ്യാവലിക്ക് മറുപടി ആവശ്യപ്പെടുക വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരുന്നതല്ല". സംസ്ഥാനത്തെ ആനക്കൊമ്പുവേട്ടയെ സംബന്ധിച്ച് വനം-വന്യജീവി വകുപ്പിലെ സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് ഒരു മാസം മുമ്പ് നല്‍കിയ അപേക്ഷയ്ക്കും ഇപ്രകാരം മറുപടി പ്രവഹിക്കുന്നു. സംസ്ഥാനത്തെ മിക്ക സര്‍ക്കാര്‍ ഓഫീസുകളും വിവരാവകാശനിയമത്തെ കാറ്റില്‍പറത്തുന്നതിന് തെരഞ്ഞെടുത്തിരിക്കുന്ന് ഈ രീതിയാണ്. ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ നിര്‍ണായകനിയമമാണ് ഇതിലൂടെ അവഹേളിക്കപ്പെടുന്നത്. ഉത്തരം തപാലില്‍ നല്‍കാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കുറ്റകരമായ ധനദുര്‍വിനിയോഗവും ഇതോടെ വെളിപ്പെടുന്നു. സ്റ്റാമ്പിനും കവറിനും കടലാസിനും അനുബന്ധച്ചെലവുകള്‍ക്കുമായി സര്‍ക്കാരിന്റെ പണവും പാഴാക്കുകയാണ് ഉദ്യോഗസ്ഥര്‍ .
(വി ഡി ശ്യാംകുമാര്‍)

deshabhimani 130212

Wednesday, January 4, 2012

വിവരാവകാശ നിയമം: ജനങ്ങളെ കബളിപ്പിക്കുന്നു

പൊതുജനങ്ങള്‍ വിവരാവകാശ നിയമം മുഖേന ആവശ്യപ്പെടുന്ന വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ നല്‍കുന്നില്ല. രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണി ഉണ്ടാകാത്ത എല്ലാ വിവരങ്ങളും ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നാണ് ചട്ടം. എന്നാല്‍ ഇത് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ പാലിക്കുന്നില്ല. നിയമത്തിന്റെ പഴുതുകള്‍ ചൂണ്ടിക്കാട്ടി ജനങ്ങളെ കബളിപ്പിക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്.

നിയമം പ്രാബല്യത്തില്‍ വന്നത് മുതല്‍ ഇതിലെ പഴുതുകള്‍ അന്വേഷിക്കുകയായിരുന്നു ഉദ്യോഗസ്ഥര്‍. ഫയലുകള്‍ നഷ്ടപ്പെട്ടു, കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല, രേഖകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുന്നതിന് വന്‍തുക ആവശ്യമാണ് തുടങ്ങിയ മുടന്തന്‍ വാദങ്ങള്‍ നിരത്തിയാണ് ജനങ്ങളേയും നിയമത്തേയും ഒരുപോലെ കബളിപ്പിക്കുന്നത്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള ഇത്തരം വീഴ്ച്ചകള്‍ സംബന്ധിച്ച്  സംസ്ഥാന വിവരാവകാശ കമ്മിഷന്  പരാതി നല്‍കിയാല്‍പോലും ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാകാത്ത സംഭവങ്ങളും നിരവധിയാണ്. സംസ്ഥാന ജല അതോറിറ്റി, വിവിധ വകുപ്പുകളിലെ ഒഴിവുകള്‍, സര്‍ക്കാര്‍ പരിപാടികളുടെ ചെലവുകള്‍ സംബന്ധിച്ച രേഖകള്‍ എന്നിവയാണ് വിവരങ്ങള്‍ ലഭ്യമാകാതെ കിടക്കുന്നത്. സെക്കന്‍ഡ് അപ്പീലില്‍ എത്ര ദിവസംകൊണ്ടു മറുപടി നല്‍കണമെന്നു നിയമത്തില്‍ വ്യവസ്ഥയില്ലെന്ന കാരണം നിരത്തിയാണ് ജനങ്ങളെ വീണ്ടും കബളിപ്പിക്കുന്നത്. ഇതിന്റെ  ഭാഗമായി  അഞ്ചു വര്‍ഷം മുമ്പ് നല്‍കിയ പരാതികള്‍ പോലും തീര്‍പ്പാക്കാന്‍ വിവരാവകാശ കമ്മിഷന് ഇനിയും കഴിഞ്ഞിട്ടില്ല.

ഗതാഗതവകുപ്പിന്റെ അധീനതയിലുള്ള  കെടിഡിഎഫ്‌സിയില്‍ വായ്പ നല്‍കിയതിലെ ക്രമക്കേടു സംബന്ധിച്ച് നല്‍കിയ പരാതികള്‍ക്കും വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. വ്യക്തികള്‍ക്ക്  വായ്പ നല്‍കാനുള്ള സ്‌കീമില്‍ തമിഴ്‌നാട്ടിലെ ശ്രീറാം ട്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സ് എന്ന കമ്പനിക്ക്  കോടികള്‍ നല്‍കിയതായി വിവരം ലഭിച്ചു. ഇതോടെ, വായ്പ നല്‍കിയവരുടെ പട്ടിക നല്‍കാന്‍ തൃശൂര്‍ സ്വദേശി  വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കി. ഈ വിവരം ഈ ഓഫിസില്‍ ലഭ്യമല്ലെന്നായിരുന്നു മറുപടി.  ഇതേ ഓഫിസില്‍ത്തന്നെ വീണ്ടും ആദ്യത്തെ അപ്പീല്‍ നല്‍കി. വിവരം ലഭിക്കാതായപ്പോള്‍ രണ്ടാമെത്തെ  അപ്പീലുമായി സംസ്ഥാന വിവരാവകാശ കമ്മിഷണറെ സമീപിച്ചു. 2006 ജൂലൈയില്‍ നല്‍കിയ ഈ അപേക്ഷയില്‍ ഇനിയും കൃത്യമായ മറുപടി ലഭിച്ചിട്ടില്ല.

അപേക്ഷ വിവരങ്ങള്‍ ആവശ്യപ്പെട്ട കാലയളവില്‍ 125 കോടി രൂപ വായ്പയിനത്തില്‍ അനുവദിച്ചതായി രേഖകളുണ്ട്. വായ്പ വാങ്ങിയവരുടെ വിവരം ലഭ്യമല്ലെങ്കില്‍ എങ്ങനെ അതു തിരിച്ചുപിടിക്കുമെന്ന ചോദ്യം വിവരാവകാശ കമ്മിഷനു മുന്നില്‍ അപ്രസക്തമത്രെ. ഉദ്യോഗസ്ഥരും കമ്മിഷനും ചേര്‍ന്നുള്ള ഒത്തുകളിയില്‍ പല തട്ടിപ്പുകളും ഇത്തരത്തില്‍ ഒളിപ്പിക്കപ്പെടുന്നുണ്ടെന്ന ആക്ഷേപവും ശകത്മാണ്.

'ഫയല്‍ നഷ്ടപ്പെട്ടു' എന്നതാണ് ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ ഉദ്യോഗസ്ഥര്‍ കണ്ടുവച്ചിരിക്കുന്ന കുറുക്കുവഴി. കാലാവധി കഴിഞ്ഞ ഫയലുകള്‍ നശിപ്പിക്കുന്നത് സംബന്ധിച്ച് വ്യക്തമായ ചട്ടങ്ങളുണ്ട്.  സുപ്രധാന ഫയലുകള്‍  നശിപ്പിക്കാന്‍ പാടില്ല. ചട്ടങ്ങള്‍ പാലിക്കാതെ  ഫയലുകള്‍ നശിപ്പിക്കുന്നതും നഷ്ടപ്പെടുത്തുന്നതും ഗുരുതരമായ കുറ്റമാണ്. വിവരാവകാശ നിയമപ്രകാരം തെറ്റായ വിവരങ്ങള്‍ നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടാലും ഉന്നതോദ്യോഗസ്ഥര്‍ ഗൗരവത്തിലെടുക്കാറില്ലെന്നും ആക്ഷേപമുണ്ട്.

janayugom 040112

Tuesday, December 20, 2011

പൊതു-സ്വകാര്യ പദ്ധതികള്‍ വിവരാവകാശ പരിധിയിലാക്കണം

പൊതു-സ്വകാര്യപങ്കാളിത്ത പദ്ധതികളെ (പിപിപി) വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് കെ എന്‍ ബാലഗോപാല്‍ രാജ്യസഭയില്‍ ആവശ്യപ്പെട്ടു. ഇത് ഉറപ്പുവരുത്തുന്ന ചട്ടങ്ങള്‍ ആര്‍ടിഐ നിയമത്തില്‍ ഉള്‍ക്കൊള്ളിക്കണം. പിപിപി പദ്ധതികള്‍ ആര്‍ടിഐക്ക് കീഴില്‍ വരുന്നതാണെന്ന് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമീഷണര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ,ചട്ടങ്ങളില്‍ ചില അവ്യക്തതകള്‍ നിലനില്‍ക്കുന്നതിനാല്‍ പലപ്പോഴും കോടതികള്‍ ഇടപെട്ട് നടപടികള്‍ സ്റ്റേ ചെയ്യാറുണ്ട്. വലിയ തോതില്‍ പൊതുപണം ഒഴുകുന്നതും പൊതുസ്വത്തുക്കള്‍ ഉപയോഗിക്കുന്നതുമാണ് പിപിപി പദ്ധതികള്‍ . ഇവ അര്‍ധസര്‍ക്കാര്‍ സ്ഥാപനം പോലെയാണെങ്കിലും ഫണ്ടുകളുടെ വിനിയോഗം സംബന്ധിച്ച് പലപ്പോഴും പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ ലഭ്യമാകാറില്ല. പശ്ചാത്തലസൗകര്യ രംഗത്ത് പൊതു-സ്വകാര്യ കൂട്ടായ്മ ഏറെ സുപ്രധാനമാണ്. എന്നാല്‍ , രാഷ്ട്രീയ-കച്ചവട-ഉദ്യോഗസ്ഥ കൂട്ടുകെട്ടിലൂടെ പൊതുപണം കൊള്ളയടിക്കാന്‍ കഴിയുന്ന ഒരു വേദിയായി പിപിപി സംരംഭങ്ങള്‍ മാറരുത്.

ഏതാണ്ട് ആയിരത്തോളം പിപിപി പദ്ധതികള്‍ രാജ്യത്ത് നിലവില്‍ വിവിധ ഘട്ടങ്ങളിലുണ്ട്. 2011 ജൂലൈയിലെ കണക്കുപ്രകാരം 3,83300 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് പിപിപി രംഗത്ത് നടക്കുന്നത്. ഫണ്ടിന്റെ ബാഹുല്യം കണക്കിലെടുക്കുമ്പോള്‍ സുതാര്യത അനിവാര്യമാണ്. ആര്‍ടിഐ നിയമത്തിന്റെ 2(എച്ച്) ചട്ടമനുസരിച്ച് പിപിപി പദ്ധതികളില്‍ പങ്കാളികളാകുന്ന സ്വകാര്യസ്ഥാപനങ്ങള്‍ പൊതുസ്ഥാപനങ്ങളുടെ നിര്‍വചനത്തില്‍ വരും. സര്‍ക്കാരില്‍നിന്ന് വലിയതോതില്‍ ഫണ്ട് ലഭിക്കുന്ന സ്ഥാപനങ്ങളാണ് ഈ ചട്ടത്തില്‍ വരിക. ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാല്‍ ആവശ്യമായ ചട്ടങ്ങള്‍ നിയമത്തില്‍ ഉള്‍പ്പെടുത്തി പിപിപി പദ്ധതികളെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണം- ബാലഗോപാല്‍ ശൂന്യവേളയില്‍ ആവശ്യപ്പെട്ടു.

deshabhimani 201211