Showing posts with label അധിനിവേശം. Show all posts
Showing posts with label അധിനിവേശം. Show all posts

Tuesday, September 3, 2013

സിറിയയില്‍ മിസൈല്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ട്

സിറിയയ്ക്ക് നേരെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടന്നതായി റഷ്യ. മിസൈലുകള്‍ റഡാറില്‍ പതിഞ്ഞെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ദേശീയ വാര്‍ത്താ ഏജന്‍സിയായ ആര്‍ഐഎയാണ് മിസൈല്‍ ആക്രമണം നടന്നെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മിസൈല്‍ ആക്രമണം നടന്നതായി സിറിയന്‍ ദേശീയ ടെലിവിഷനും സ്ഥിരീകരിച്ചു. ആക്രമണത്തില്‍ ഗ്യാസ് പൈപ്പുകള്‍ പൊട്ടിത്തെറിച്ചെന്നും ദേശീയ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം മിസൈല്‍ ആക്രമണ വാര്‍ത്ത അമേരിക്ക നിഷേധിച്ചു. ആക്രമണം നടത്തിയിട്ടില്ലെന്ന് അമേരിക്കന്‍ പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു. മെഡിറ്ററേനിയന്‍ കടലില്‍ നിന്ന് മിസൈല്‍ പരീക്ഷണം നടത്തിയതായി ഇസ്രയേല്‍ വ്യക്തമാക്കി. ഒരു തവണ മിസൈല്‍ പരീക്ഷണം നടത്തിയെന്നാണ് ഇസ്രയേല്‍ അവകാശപ്പെട്ടത്. സിറിയ ആക്രമണത്തിന് യുഎസ് കോണ്‍ഗ്രസിന്റെ അനുമതി തേടിയ അമേരിക്കന്‍ ഭരണകൂടം കോണ്‍ഗ്രസ് അംഗങ്ങളെ സ്വാധീനിക്കാന്‍ നടപടി തുടങ്ങിയ സാഹചര്യത്തിലാണ് മിസൈല്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ട് വന്നത്.

സിറിയക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ച് അറബ് ലീഗ് വീണ്ടും രംഗത്തെത്തിയതിനൊപ്പം അമേരിക്കയ്ക്ക് ശക്തമായ പിന്തുണ നല്‍കുമെന്ന് ഓസ്ട്രേലിയ വ്യക്തമാക്കി. തന്റെ കടമ നിര്‍വഹിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറലിനോട് സിറിയന്‍ സര്‍ക്കാര്‍ അഭ്യര്‍ഥിച്ചതായി "സനാ" വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്ചെയ്തു. സിറിയക്കെതിരായ ഏതുതരത്തിലുള്ള അധിനിവേശനീക്കവും ചെറുക്കാന്‍ യുഎന്‍ ശ്രമിക്കണം. സിറിയയിലെ പ്രശ്നങ്ങള്‍ക്ക് സമാധാനപരമായ പരിഹാരം കാണാന്‍ സഹായിക്കണമെന്നും യുഎന്നിലെ സിറിയയുടെ സ്ഥിരം പ്രതിനിധി ബഷാര്‍ അല്‍ ജാഫ്രി എഴുതിയ കത്തില്‍ അഭ്യര്‍ഥിച്ചു.

സിറിയക്കെതിരായ ഏത് ആക്രമണവും അല്‍ഖായ്ദയടക്കമുള്ള ഭീകരരെ പിന്തുണയ്ക്കുന്നതാകുമെന്ന് ഉപവിദേശമന്ത്രി ഫൈസല്‍ മുഖ്ദാദ് ചൂണ്ടിക്കാട്ടി. സിറിയയില്‍ വിമതകലാപകാരികള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന ജബാഅത് അല്‍ നുസ്റയും സ്റ്റേറ്റ് ഓഫ് ഇസ്ലാമും അല്‍ഖായ്ദയുടെ ശാഖകളാണ്. സിറിയയില്‍ ബഷാര്‍ അല്‍ അസദിന്റെ സര്‍ക്കാരിനെതിരായ കലാപത്തില്‍ ഇവരുടെ സജീവമായ പങ്കാളിത്തമുണ്ട്. അമേരിക്കയുടെ ഇടപെടല്‍ വെറുപ്പ് വര്‍ധിപ്പിക്കുമെന്നും പശ്ചിമേഷ്യയിലാകെ അസ്ഥിരത പടര്‍ത്തുമെന്നും മുഖ്ദാദ് മുന്നറിയിപ്പ് നല്‍കി.

അമേരിക്കയുടെ വിമാനവാഹിനിക്കപ്പല്‍ ചെങ്കടലില്‍ പടിഞ്ഞാറേക്ക് നീങ്ങുകയാണെന്ന് എബിസി ന്യൂസ് റിപ്പോര്‍ട്ട്ചെയ്തു. മറ്റ് പടക്കപ്പലുകള്‍ സിറിയയിലേക്ക് ഏതുനിമിഷവും മിസൈല്‍ തൊടുക്കാന്‍ തയ്യാറായി മെഡിറ്ററേനിയനില്‍ നങ്കൂരമിട്ടിരിക്കുകയാണെന്ന് കഴിഞ്ഞദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു.

യുഎസ് അധിനിവേശനീക്കം യുഎന്‍ തടയണം: സിറിയ

ഡമാസ്കസ്: അമേരിക്കയുടെ അധിനിവേശനീക്കം ചെറുക്കാന്‍ രംഗത്തിറങ്ങണമെന്ന് ഐക്യരാഷ്ട്രസഭയോട് സിറിയ അഭ്യര്‍ഥിച്ചു. അതേസമയം, സിറിയ ആക്രമണത്തിന് യുഎസ് കോണ്‍ഗ്രസിന്റെ അനുമതി തേടിയ അമേരിക്കന്‍ ഭരണകൂടം കോണ്‍ഗ്രസ് അംഗങ്ങളെ സ്വാധീനിക്കാന്‍ നടപടി തുടങ്ങി. സിറിയക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ച് അറബ്ലീഗ് വീണ്ടും രംഗത്തെത്തിയതിനൊപ്പം അമേരിക്കയ്ക്ക് ശക്തമായ പിന്തുണ നല്‍കുമെന്ന് ഓസ്ട്രേലിയ വ്യക്തമാക്കി. തന്റെ കടമ നിര്‍വഹിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറലിനോട് സിറിയന്‍ സര്‍ക്കാര്‍ അഭ്യര്‍ഥിച്ചതായി "സനാ" വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്ചെയ്തു. സിറിയക്കെതിരായ ഏതുതരത്തിലുള്ള അധിനിവേശനീക്കവും ചെറുക്കാന്‍ യുഎന്‍ ശ്രമിക്കണം. സിറിയയിലെ പ്രശ്നങ്ങള്‍ക്ക് സമാധാനപരമായ പരിഹാരം കാണാന്‍ സഹായിക്കണമെന്നും യുഎന്നിലെ സിറിയയുടെ സ്ഥിരം പ്രതിനിധി ബഷാര്‍ അല്‍ ജാഫ്രി എഴുതിയ കത്തില്‍ അഭ്യര്‍ഥിച്ചു.

സിറിയക്കെതിരായ ഏത് ആക്രമണവും അല്‍ഖായ്ദയടക്കമുള്ള ഭീകരരെ പിന്തുണയ്ക്കുന്നതാകുമെന്ന് ഉപവിദേശമന്ത്രി ഫൈസല്‍ മുഖ്ദാദ് ചൂണ്ടിക്കാട്ടി. സിറിയയില്‍ വിമതകലാപകാരികള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന ജബാഅത് അല്‍ നുസ്റയും സ്റ്റേറ്റ് ഓഫ് ഇസ്ലാമും അല്‍ഖായ്ദയുടെ ശാഖകളാണ്. സിറിയയില്‍ ബഷാര്‍ അല്‍ അസദിന്റെ സര്‍ക്കാരിനെതിരായ കലാപത്തില്‍ ഇവരുടെ സജീവമായ പങ്കാളിത്തമുണ്ട്. അമേരിക്കയുടെ ഇടപെടല്‍ വെറുപ്പ് വര്‍ധിപ്പിക്കുമെന്നും പശ്ചിമേഷ്യയിലാകെ അസ്ഥിരത പടര്‍ത്തുമെന്നും മുഖ്ദാദ് മുന്നറിയിപ്പ് നല്‍കി.

സിറിയയില്‍ ഉടന്‍ വ്യോമാക്രമണം നടത്താനുള്ള തീരുമാനത്തിന് പ്രസിഡന്റ് ബറാക് ഒബാമ യുഎസ് കോണ്‍ഗ്രസിന്റെ അനുമതി തേടിയതോടെ സിറിയയില്‍ ആക്രമണഭീതി താല്‍ക്കാലികമായി ഒഴിവായിട്ടുണ്ട്. യുഎസ് കോണ്‍ഗ്രസ് സമ്മേളിക്കുന്ന സെപ്തംബര്‍ ഒമ്പതുവരെ ആക്രമണം ഉണ്ടാകില്ലെന്ന് ഇതോടെ ഉറപ്പായി. യുഎസ് സെനറ്റില്‍ ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുണ്ടെങ്കിലും ജനപ്രതിനിധിസഭയില്‍ റിപ്പബ്ലിക്കന്മാര്‍ക്കാണ് മുന്‍തൂക്കം. പ്രതിപക്ഷ അംഗങ്ങളെയടക്കം സ്വാധീനിക്കാനുള്ള ലോബീയിങ് വൈറ്റ്ഹൗസ് കേന്ദ്രീകരിച്ചുതന്നെ തകൃതിയായി നടക്കുകയാണ്. ഒബാമയ്ക്കൊപ്പം വൈസ്പ്രസിഡന്റ് ജോ ബൈഡന്‍, വൈറ്റ്ഹൗസ് സുരക്ഷാമേധാവി ഡെന്നിസ് മക്ഡോണോഹ് തുടങ്ങിയവരും കോണ്‍ഗ്രസ് അംഗങ്ങളെ ഓരോരുത്തരെയായി ഫോണ്‍ചെയ്ത് കാര്യങ്ങള്‍ വിശദീകരിച്ചു. ഞായറാഴ്ച കാപ്പിറ്റോള്‍ ഹില്ലില്‍ നടന്ന കൂടിക്കാഴ്ചയില്‍ രഹസ്യാന്വേഷണ വിവരമടക്കം ജനപ്രതിനിധികള്‍ക്കുമുന്നില്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, സിറിയയില്‍ സൈനിക ഇടപെടല്‍ നടത്തുന്നതിനെ അംഗീകരിക്കാന്‍ പലരും തയ്യാറായില്ല.

അമേരിക്കയുടെ വിമാനവാഹിനിക്കപ്പല്‍ ചെങ്കടലില്‍ പടിഞ്ഞാറേക്ക് നീങ്ങുകയാണെന്ന് എബിസി ന്യൂസ് റിപ്പോര്‍ട്ട്ചെയ്തു. മറ്റ് പടക്കപ്പലുകള്‍ സിറിയയിലേക്ക് ഏതുനിമിഷവും മിസൈല്‍ തൊടുക്കാന്‍ തയ്യാറായി മെഡിറ്ററേനിയനില്‍ നങ്കൂരമിട്ടിരിക്കുകയാണ്. ബ്രിട്ടന്റെ പിന്മാറ്റത്തിനുശേഷം അമേരിക്കയ്ക്കൊപ്പമുള്ള പ്രബല ശക്തിയായ ഫ്രാന്‍സിലും എംപിമാരെ സ്വാധീനിക്കാന്‍ സര്‍ക്കാര്‍ ശ്രമം ഊര്‍ജിതമാക്കി. സിറിയന്‍ സൈന്യമാണ് രാസായുധം പ്രയോഗിച്ചതെന്ന് സമര്‍ഥിക്കാനുള്ള "തെളിവുകള്‍" സര്‍ക്കാര്‍ കൈമാറി. അതിനിടെ, അമേരിക്കയ്ക്ക് ശക്തമായ പിന്തുണ ഇസ്രയേല്‍ ആവര്‍ത്തിച്ചു. ഒബാമയുടെ നിലപാടില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്ന് ഇസ്രയേലി പ്രധാനമന്ത്രി ഷിമോണ്‍ പെരസ് പറഞ്ഞു.

യുഎസിന്റെ "തെളിവുകള്‍" ബോധ്യപ്പെടുന്നില്ല: റഷ്യ

റഷ്യയുടെ നേതൃത്വത്തില്‍ അധിനിവേശവിരുദ്ധ മുന്നണി കൂടുതല്‍ കരുത്താര്‍ജിക്കുകയാണ്. സിറിയന്‍ സര്‍ക്കാര്‍ രാസായുധം പ്രയോഗിച്ചെന്ന് സമര്‍ഥിക്കാന്‍ അമേരിക്ക മുന്നോട്ടുവച്ച തെളിവുകള്‍ ആര്‍ക്കും ബോധ്യപ്പെടാത്തതാണെന്ന് റഷ്യ പ്രതികരിച്ചു. അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും കാട്ടിത്തരുന്ന കാര്യങ്ങള്‍ വിശ്വാസയോഗ്യമല്ലെന്ന് റഷ്യന്‍ വിദേശമന്ത്രി സെര്‍ജി ലവ്റോവ് പറഞ്ഞു. ആക്രമണത്തിന്റേതെന്ന പേരില്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്ന ചിത്രങ്ങളെക്കുറിച്ച് നിരവധി സംശയങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, ശത്രുക്കളുടെ നീക്കം നിരീക്ഷിക്കുന്ന റഷ്യയുടെ എസ്എസ്വി 201 രഹസ്യാന്വേഷണക്കപ്പല്‍ "പ്രയസോവ്യേ" കരിങ്കടലിലെ നാവികതാവളത്തില്‍നിന്ന് സിറിയന്‍ തീരത്തേക്ക് നീങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. അമേരിക്കയുടെയും കൂട്ടാളികളുടെയും നീക്കത്തിനെതിരെ ചൈനയും രംഗത്തെത്തി. ചില രാജ്യങ്ങള്‍ ഏകപക്ഷീയമായ സൈനിക നടപടി സ്വീകരിക്കുന്നതില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹോങ് ലീ പറഞ്ഞു. യുഎന്‍ ചാര്‍ട്ടറിലെ തത്വങ്ങള്‍ മാനിച്ചുള്ള നടപടികളേ അന്താരാഷ്ട്ര സമൂഹം സ്വീകരിക്കാവൂ. സിറിയന്‍പ്രശ്നം കൂടുതല്‍ വഷളാകാതെയും പശ്ചിമേഷ്യയില്‍ കൂടുതല്‍ ദുരിതം വരുത്താതെയും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സിറിയക്കെതിരായ സൈനിക നടപടിയില്‍ ജര്‍മനി പങ്കെടുക്കില്ലെന്ന് ചാന്‍സലര്‍ ആംഗല മെര്‍ക്കലും അവരുടെ തെരഞ്ഞെടുപ്പ് പ്രതിയോഗി പീര്‍ സ്റ്റെയിന്‍ബ്രൂക്കും ടിവി ചര്‍ച്ചയില്‍ വ്യക്തമാക്കി.

deshabhimani

Monday, September 3, 2012

ബുഷിനെയും ബ്ലെയറിനെയും വിചാരണ ചെയ്യണം: ആര്‍ച്ച് ബിഷപ് ടുടു


ഇറാഖില്‍ വിനാശകാരിയായ ആയുധങ്ങളുണ്ടെന്ന് നുണ പ്രചരിപ്പിച്ച് യുദ്ധം നടത്തിയതിന് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിനെയും ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയറിനെയും വിചാരണ ചെയ്യണമെന്ന് നൊബേല്‍ സമാധാന ജേതാവ്ആര്‍ച്ച് ബിഷപ് ഡെസ്മണ്ട് ടുടു ആവശ്യപ്പെട്ടു. ഹേഗിലെ അന്താരാഷ്ട്ര കോടതിയുടെ വിചാരണയ്ക്ക് ഇവരെയും വിധേയമാക്കണം-"ദ ഒബ്സര്‍വര്‍" പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് ലോകത്തെ അരക്ഷിതമാക്കിയ ഇറാഖ് യുദ്ധത്തിനെതിരെ ആര്‍ച്ച് ബിഷപ് ആഞ്ഞടിച്ചത്.

ഇറാഖിലെ പാശ്ചാത്യ അധിനിവേശം ലോകത്തെ കൂടുതല്‍ അരക്ഷിതാവസ്ഥയിലേക്കും വിഭജനത്തിലേക്കുമാണ് തള്ളിവിട്ടത്. ബുഷും ബ്ലെയറും ഇതിന് ഉത്തരം പറയേണ്ടവരാണ്. സദ്ദാം ഹുസൈനെ അധികാരത്തില്‍നിന്ന് പുറന്തള്ളാന്‍ നടത്തിയ ഈ ഗൂഢപദ്ധതികളാണ് ലോകത്ത് ഇന്നുണ്ടായിരിക്കുന്ന ഒട്ടു മിക്ക സംഘര്‍ഷങ്ങള്‍ക്കും പിന്നിലും. സിറിയന്‍ ആഭ്യന്തരപ്രശ്നങ്ങളും മധ്യേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കും കാരണം അമേരിക്കയുടെയും ബ്രിട്ടന്റെയും നടപടികളാണ്.

ദക്ഷിണാഫ്രിക്കന്‍ വര്‍ണവിവേചന സമരത്തിന്റെ നായകനായ ആര്‍ച്ച് ബിഷപ് ഡെസ്മണ്ട് ടുടുവിന് 1984ലാണ് സമാധാനത്തിനുള്ള നൊബേല്‍സമ്മാനം ലഭിച്ചത്. ആഫ്രിക്കന്‍ ജനതയുടെ ജനാധിപത്യ അവകാശങ്ങള്‍ക്കായും നിരന്തരം പോരാടുന്ന ആര്‍ച്ച് ബിഷപ് പാശ്ചാത്യരുടെ ഇരട്ടത്താപ്പിനെയും ലേഖനത്തില്‍ വിമര്‍ശിക്കുന്നു. തങ്ങളുടെ താല്‍പ്പര്യത്തിനുസരിച്ച് തയ്യാറാക്കിയ തെളിവുകളാണ് ഇറാഖ് ജനതയെ ദുരിതത്തിലേക്ക് തള്ളിവിടാന്‍ ഉപയോഗിച്ചത്. അന്താരാഷ്ട്ര കോടതിയുടെ വിചാരണകളിലും പാശ്ചാത്യ-ആഫ്രിക്കന്‍ വിവേചനം നിലനില്‍ക്കുന്നു. ഇതിലും ചെറിയ കുറ്റങ്ങള്‍ക്ക് ആഫ്രിക്കന്‍ നേതാക്കളെ വിചാരണ ചെയ്യുന്ന അന്താരാഷ്ട്ര കോടതിക്ക് ഇറാഖില്‍ യുദ്ധത്തിനുമുമ്പും ശേഷവും കൊല്ലപ്പെട്ടവരുടെ കണക്കുനോക്കിയാല്‍ ബുഷിനെയും ബ്ലെയറിനെയും വിചാരണയ്ക്ക് വിധേയരാക്കാം- അദ്ദേഹം വ്യക്തമാക്കി.

deshabhimani 030912

Wednesday, December 21, 2011

ഇറാഖില്‍ എന്തുനേടി

ഇറാഖില്‍നിന്ന് അവസാനത്തെ അമേരിക്കന്‍ സൈനികനും പിന്മാറിയത് മഹാകാര്യമായി അമേരിക്ക ലോകത്തിനുമുമ്പില്‍ അവതരിപ്പിച്ചു. ഇറാഖ് യുദ്ധം പൂര്‍ണമായി അവസാനിപ്പിക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അതിനുപിന്നാലെയാണ്, ഞായറാഴ്ച പുലര്‍ച്ചെയോടെ 110 വാഹനങ്ങളിലായി 500 പട്ടാളക്കാര്‍ ഇറാഖ് അതിര്‍ത്തി കടന്ന് അയല്‍രാജ്യമായ കുവൈത്തിലേക്ക് നീങ്ങിയത്. സേനാപിന്മാറ്റത്തിന്റെ ഔപചാരികമായ പരിസമാപ്തിയായി അതിനെ അമേരിക്ക അവതരിപ്പിക്കുന്നു. ഒമ്പതുവര്‍ഷം നീണ്ട അമേരിക്കന്‍ അധിനിവേശത്തിന്റെ അന്ത്യം ഇറാഖിലെ ജനങ്ങള്‍ക്ക് സന്തോഷവും ആശ്വാസവും പകര്‍ന്നു എന്നാണ് റിപ്പോര്‍ട്ട്. ഇറാഖ് എന്ന സ്വതന്ത്ര പരമാധികാര രാജ്യത്തിലേക്ക് കടന്നുകയറി അവിടത്തെ ജനതയെയും സംസ്കാരത്തെയും പ്രകൃതിയെയും പിച്ചിച്ചീന്തിയെറിഞ്ഞുകൊണ്ടാണ് അമേരിക്ക മടങ്ങുന്നത്.

എന്താണ് അധിനിവേശം അമേരിക്കയ്ക്കും ഇറാഖിനും സമ്മാനിച്ചത് എന്ന ചര്‍ച്ച ഈ ഘട്ടത്തില്‍ പ്രസക്തമാണ്. നാലായിരത്തഞ്ഞൂറിലേറെ സൈനികരെയാണ് അമേരിക്കയ്ക്ക് നഷ്ടമായത്. 32,000 യുഎസ് സൈനികര്‍ക്ക് പരിക്കേറ്റു. ഒരുലക്ഷത്തിലേറെ ഇറാഖുകാരും ഇക്കാലയളവില്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. ഏറ്റവുമൊടുവില്‍ തിരിച്ചുപോകുമ്പോഴും ഭീതിയിലാണ് അമേരിക്കന്‍ സൈന്യം-തീവ്രവാദ ആക്രമണം ഭയന്ന് അതീവ സുരക്ഷാസന്നാഹത്തോടെയായിരുന്നു അവരുടെ യാത്ര. സൈന്യം പിന്മാറിയെങ്കിലും ഇറാഖില്‍ യുഎസ് സാന്നിധ്യം അവസാനിക്കുന്നില്ല. യുഎസ് എംബസിയുടെ ശക്തി വര്‍ധിപ്പിക്കുകയാണ്. ഇപ്പോള്‍ 8000 പേരാണ് എംബസിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്. ഇത് ഇരട്ടിയാക്കുകയും 2000 സൈനിക ഉദ്യോഗസ്ഥരെ എംബസിയുടെ സുരക്ഷയ്ക്കായി നിയോഗിക്കുകയും ചെയ്യും. ഒപ്പം ഇറാഖി സര്‍ക്കാരിന് ആയുധങ്ങള്‍ വില്‍ക്കാന്‍ അമേരിക്ക തീരുമാനിച്ചതായും റിപ്പോര്‍ട്ട് വന്നിരിക്കുന്നു. ഈ യുദ്ധത്തില്‍ അമേരിക്ക ചെലവിട്ടത് ലക്ഷം കോടി ഡോളറാണ്. അമേരിക്ക ഇന്നഭിമുഖീകരിക്കുന്ന സാമ്പത്തികപ്രതിസന്ധിക്ക് ഒരു കാരണം അതുതന്നെയാണ്. സ്വന്തം രാജ്യത്തെ ജനങ്ങളെ പട്ടിണിക്കിട്ട് അന്യരാജ്യത്തെ ജനങ്ങളെ കൂട്ടക്കൊലചെയ്യുക എന്ന ഏറ്റവും നികൃഷ്ടമായ കുറ്റകൃത്യമാണ് അരങ്ങേറിയത്. അഞ്ച് ലക്ഷം സൈനികരാണ് ഇറാഖില്‍ സേവനമനുഷ്ഠിച്ചത്. ഇറാഖ് പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈന്റെ ആയുധശേഖരത്തെക്കുറിച്ചുള്ള ഭീതിജനിപ്പിക്കുന്ന വ്യാജവെളിപ്പെടുത്തലുകളാണ് അമേരിക്ക അധിനിവേശത്തിന് കളമൊരുക്കിയത്.

ലോക ജനാഭിപ്രായം അവഗണിച്ച്, സമാധാനത്തിനുള്ള ആവര്‍ത്തിച്ചുള്ള അഭ്യര്‍ഥനകള്‍ തൃണവല്‍ഗണിച്ച് ഇറാഖിനുമേല്‍ , ബോംബുകള്‍ മഴയായി പെയ്യിച്ചു. കൂട്ടക്കൊലകളാണ് നടന്നത്. ഒടുവില്‍ പ്രസിഡന്റ് സദ്ദാം ഹുസൈനെ പിടികൂടി തൂക്കിക്കൊന്നു. ഇറാഖിന്റെ അധികാരസ്ഥാനങ്ങളിലുണ്ടായിരുന്ന പ്രധാനപ്പെട്ട എല്ലാവരെയും കൊന്നൊടുക്കി. ജീവഭയത്താല്‍ ഒളിച്ചുകഴിഞ്ഞവരെ പിടിച്ചുകൊണ്ടുപോയി കൊന്നുതള്ളുമ്പോഴും ഇറാഖിലെ "മാരകമായ" ആയുധശേഖരം കണ്ടെത്താനായില്ല. ഇല്ലാത്ത ആയുധക്കലവറകളുടെ പേരില്‍ ലോകത്തെ തെറ്റിദ്ധരിപ്പിച്ചാണ് കടന്നാക്രമണമുണ്ടായതെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടിരിക്കുന്നു. സദ്ദാം ഹുസൈന് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നതും കള്ളപ്രചാരണമാണെന്നതില്‍ ഇന്ന് ആര്‍ക്കും സംശയമില്ല. അബുഗുറൈബ് തടവറയില്‍ യുദ്ധത്തടവുകാരെ മൃഗീയമായി പീഡിപ്പിച്ചതും സ്ത്രീകളും കുഞ്ഞുങ്ങളുമടക്കമുള്ള നിരപരാധികളായ ഇറാഖിപൗരന്മാരെ കൊന്നൊടുക്കിയതും അമേരിക്കന്‍ അധിനിവേശത്തിന്റെ ഒരുനാളും കരിയാത്ത മുറിവുകളായി അവശേഷിക്കുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരെ എന്തിനുവേണ്ടി ഇറാഖില്‍ കൊലയ്ക്ക് കൊടുത്തു എന്ന സൈനിക കുടുംബങ്ങളുടെ ചോദ്യത്തിനുമുന്നില്‍ അമേരിക്കന്‍ ഭരണകൂടം തലകുനിക്കുകയാണ്. എന്തിനുവേണ്ടിയായിരുന്നു ഇറാഖ് അധിനിവേശം എന്ന ചോദ്യത്തിന് യുക്തിഭദ്രമായ ഉത്തരം നല്‍കാന്‍ അമേരിക്ക മടിക്കുന്നുവെങ്കിലും ലോകത്തിനുമുന്നില്‍ അക്കാര്യത്തില്‍ സംശയങ്ങളൊന്നും അവശേഷിക്കുന്നില്ല. ഇറാഖിന്റെ എണ്ണവിഭവങ്ങള്‍ കൊള്ളയടിക്കുക; അതിലൂടെ അമേരിക്കയുടെ ഇന്ധനലഭ്യതയും സാമ്പത്തികഭദ്രതയും ഉറപ്പാക്കുക എന്നതുമായിരുന്നു പരമപ്രധാനമായ ലക്ഷ്യം. യുദ്ധാനന്തരം തങ്ങളുടെ സാമ്പത്തിക ഉപഗ്രഹമായി ഇറാഖിനെ മാറ്റുകയും ജനാധിപത്യപരമായ പുറംമോടിയോടുകൂടിയ പാവഭരണത്തെ അവരോധിക്കുകയും അമേരിക്കന്‍ സ്വപ്നമായിരുന്നു. ഇറാഖില്‍ മാത്രമല്ല, ദക്ഷിണേഷ്യയെയും മധ്യേഷ്യയെയും പോലുള്ള നിര്‍ണായകമേഖലകളില്‍ അധീശത്വം സ്ഥാപിക്കുന്നതിനുള്ള എല്ലാ നീക്കങ്ങളും ഊര്‍ജവിഭവങ്ങളുടെ നിയന്ത്രണം കൈക്കലാക്കുന്നതിനുള്ളതാണ്. ഇറാഖില്‍ ആ തന്ത്രം പ്രതീക്ഷിച്ച വിജയം കണ്ടില്ല. അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ -നാറ്റോ ശക്തികള്‍ക്ക് ശ്രദ്ധേയമായ ഒരു നേട്ടവും കൈവരിക്കാന്‍ ഇന്നുവരെ കഴിഞ്ഞില്ല.

കൊല്ലപ്പെടുന്ന സാധാരണ പൗരന്മാരുടെ എണ്ണം വര്‍ധിക്കുകയാണ്. ഭീകരവിരുദ്ധ യുദ്ധത്തിന്റെ പേരില്‍ അമേരിക്ക തങ്ങളുടെ പരമാധികാരത്തെപ്പോലും അപകടപ്പെടുത്തുന്നതില്‍ പാകിസ്ഥാന്‍ പരസ്യമായി പ്രതിഷേധിച്ചിരിക്കുന്നു. തങ്ങളുടെ മാത്രമായ ന്യായങ്ങളുമായി അന്യരാജ്യങ്ങള്‍ കീഴ്പ്പെടുത്തുകയും ജനങ്ങളെ കൊന്നൊടുക്കുകയും ചെയ്യുന്ന അമേരിക്കന്‍ കാടത്തത്തിനെതിരായ പ്രതിഷേധം ലോകത്താകെ വ്യാപിക്കുന്നുണ്ട്. യുഎസ് സാമ്പത്തികതലസ്ഥാനമായ വാള്‍സ്ട്രീറ്റില്‍ നടന്ന ബഹുജനസമരത്തില്‍ ഉയര്‍ന്ന ഒരു മുദ്രാവാക്യം യുദ്ധക്കൊതി അടക്കൂ; ഞങ്ങള്‍ക്ക് ഭക്ഷണവും തൊഴിലും തരൂ എന്നതായിരുന്നു. അമേരിക്കന്‍ സാമ്രാജ്യത്വം സ്വന്തം രാജ്യത്തെ ജനങ്ങളോടും ലോക ജനതയോടാകെയും കണക്കുപറയേണ്ട ഘട്ടമാണ് ഉരുത്തിരിയുന്നത്. ഇറാഖ് യുദ്ധത്തിന്റെ നീക്കിബാക്കി എന്താണെന്നും അത് ലോകത്തെ എങ്ങനെ ബാധിച്ചെന്നും പറയാനുള്ള ബാധ്യതയില്‍നിന്ന് പിടിച്ചുനിര്‍ത്തി പറയിക്കുമെന്ന പ്രഖ്യാപനം അമേരിക്കയിലെ സമരവേദികളില്‍ത്തന്നെ ഉയര്‍ന്നത് സ്വാഗതാര്‍ഹമാണ്.

deshabhimani editorial 211211

Monday, December 19, 2011

ഇറാഖില്‍ നിന്ന് അവസാന അമേരിക്കന്‍ സൈനികനും പിന്‍വാങ്ങി

ബാഗ്ദാദ്: അമേരിക്കയുടെ ഇറാഖിലെ സൈനിക നടപടിക്ക് സമ്പൂര്‍ണവിരാമം. അവസാന അമേരിക്കന്‍ സൈനികനും ഇറാഖില്‍ നിന്നും പിന്‍വാങ്ങി. സദ്ദാം ഹുസൈനെ പുറത്താക്കാന്‍ ഇറാഖിലെത്തിയ അമേരിക്കന്‍ സൈന്യം  സൈനിക നടപടികള്‍ ആരംഭിച്ചിട്ട് ഒന്‍പതുവര്‍ഷം പിന്നിട്ടു.

 പതിനായിരക്കണക്കിന് ഇറാഖികളും 4,500 അമേരിക്കന്‍ സൈനികരും ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടു. മാര്‍ച്ച് 2003 ന് സദ്ദാം ഹുസൈനെ പുറത്താക്കാന്‍ ബാഗ്ദാദില്‍ മിസൈല്‍ ആക്രമണത്തോടെ ആരംഭിച്ച യുദ്ധം അമേരിക്കന്‍ സൈന്യം പടിയിറങ്ങുമ്പോള്‍ ശക്തമായ വംശീയ കലാപത്തിന്റെ വേദിയായി ഇറാഖിനെ മാറ്റിയിരിക്കുകയാണ്. ഹോണുകള്‍ മുഴക്കി ആഹഌദം പ്രകടിപ്പിച്ചാണ് അമേരിക്കന്‍ സൈനികര്‍ ഇറാഖ് വിട്ടത്.

 ഇറാഖില്‍ നിന്നും സേനയെ സമ്പൂര്‍ണമായി പിന്‍വലിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമയുടെ വാഗ്ദാനത്തിന്റെ പൂര്‍ത്തീകരണം കൂടിയായി സേനാപിന്‍മാറ്റം. ഉടന്‍ തന്നെ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ പോകുന്ന ഒബാമയ്ക്ക് നേട്ടമാകും ഈ പിന്‍മാറ്റം. വിയറ്റ്‌നാം യുദ്ധത്തിനുശേഷം അമേരിക്കയ്ക്ക് ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നതാണ്  ഇറാഖ് യുദ്ധം.

അമേരിക്കന്‍ സേനയുടെ പിന്‍മാറ്റം ഇറാഖിനെ സംബന്ധിച്ച് പരമാധികാരത്തിലേയ്ക്കുളള ചുവടുവയ്പാണ്. പ്രധാനമന്ത്രി നൂറി അല്‍ മാലിക്കിയുടെ നേതൃത്വത്തിലുളള ഷിയാവിഭാഗത്തിന് മുന്‍തൂക്കമുളള സര്‍ക്കാര്‍ വംശീയ കലാപങ്ങള്‍ക്കെതിരെ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിയാതെ കുഴങ്ങുമ്പോഴാണ് അമേരിക്കന്‍ സൈനികര്‍ പടിയിറങ്ങുന്നത്. ഷിയാ, സുന്നി, കുര്‍ദ്ദിഷ് വിഭാഗങ്ങള്‍ തമ്മില്‍ ഇവിടെ നിരന്തര സംഘര്‍ഷത്തിലാണ്. ലോകത്തെ നാലാമത്തെ എണ്ണസമ്പന്ന രാജ്യമായ ഇറാഖ് ആശുപത്രിയും സ്‌കൂളുകളും ഉള്‍പ്പെടെയുളള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം നേരിടുന്ന അവസ്ഥയിലാണ്.

janayugpm 191211

Friday, December 9, 2011

യുഎസ് സൈനികരുടെ ജഡാവശിഷ്ടങ്ങള്‍ സ്ഥലംനികത്താന്‍ തള്ളി

അധിനിവേശ യുദ്ധങ്ങളില്‍ പങ്കെടുത്ത് ജീവന്‍ തുലച്ച അമേരിക്കന്‍ സൈനികരുടെ മൃതദേഹത്തോട് സ്വന്തം നാട്ടില്‍ ക്രൂരമായ അവഹേളനം. കൊല്ലപ്പെട്ട രണ്ടായിരത്തിലധികം സൈനികരുടെ ജഡാവശിഷ്ടങ്ങള്‍ അമേരിക്കന്‍ വ്യോമസേന സ്ഥലം നികത്തുന്നിടത്ത് തള്ളിയതായി പുറത്തുവന്നു. ജഡാവശിഷ്ടങ്ങള്‍ വ്യോമസേനാ മോര്‍ച്ചറിയില്‍ നിന്ന് വിമാനത്തില്‍ കൊണ്ടുപോയി വിര്‍ജീനിയയിലാണ് ഭൂമി നികത്താന്‍ തള്ളിയത്. മാന്യമായും ആദരപൂര്‍വവും മറവുചെയ്യാന്‍ ബന്ധുക്കള്‍ സേനാ അധികൃതരെ അധികാരപ്പെടുത്തിയ മൃതദേഹങ്ങളുടെ അവശിഷ്ടങ്ങളും ഇത്തരത്തില്‍ തള്ളി. അധികാരപ്പെടുത്തിയ ബന്ധുക്കളെ അറിയിക്കാതെയാണ് ഇവ തള്ളിയത്. രഹസ്യമായി നടന്നുവന്ന ഈ പരിപാടി 2008 വരെ തുടര്‍ന്നതായാണ് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്.

യുദ്ധങ്ങളില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ സൈനികരുടെ മൃതദേഹം പ്രധാനമായും ഡോവര്‍ വ്യോമസേനാ താവളം വഴിയാണ് നാട്ടിലെത്തിക്കുന്നത്. 2008ല്‍ ഇവിടത്തെ സംസ്കരണ നയം പുനരവലോകനംചെയ്ത മുതിര്‍ന്ന പെന്റഗണ്‍ ഉദ്യോഗസ്ഥരെ ഔപചാരികമായി അറിയിക്കാതെയാണ് ക്രൂരമായ അനാദരവ് തുടര്‍ന്നുവന്നത്. യഥാര്‍ഥത്തില്‍ എത്ര സൈനികരുടെ ജഡാവശിഷ്ടങ്ങള്‍ ഇത്തരത്തില്‍ തള്ളി എന്നറിയാന്‍ 2001ന് ശേഷം ഡോവറിലൂടെ ജഡാവശിഷ്ടങ്ങള്‍ കൊണ്ടുപോകപ്പെട്ട 6300ല്‍പരം സൈനികരുടെ രേഖകള്‍ പരിശോധിക്കണം. ബന്ധുക്കളുടെ അനുമതിയോടെ സേന സംസ്കരിച്ചവയില്‍ 274 പേരുടെയെങ്കിലും ഭാഗികാവശിഷ്ടങ്ങള്‍ സ്ഥലം നികത്താന്‍ തള്ളിയെന്ന് വ്യക്തമായിട്ടുണ്ട്. കൂടാതെ ഡിഎന്‍എ പരിശോധന അസാധ്യമായ വിധത്തില്‍ തീര്‍ത്തും തകര്‍ന്ന നിലയിലുണ്ടായിരുന്നതോ കത്തിക്കരിഞ്ഞതോ ആയ 1762 പേരുടെ ജഡാവശിഷ്ടങ്ങളും ഇത്തരത്തില്‍ ഉപേക്ഷിച്ചതായി വ്യോമസേനാ വൃത്തങ്ങളെ ഉദ്ധരിച്ച് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

സൈനികരുടെ ജഡഭാഗങ്ങള്‍ നഷ്ടപ്പെട്ടതും മോശമായി കൈകാര്യം ചെയ്തതടക്കമുള്ള ഗുരുതമായ വീഴ്ചകള്‍ അമേരിക്കന്‍ വ്യോമസേനാ മോര്‍ച്ചറിയിലെ നടപടികളില്‍ കണ്ടെത്തിയതായി കഴിഞ്ഞമാസം അന്വേഷകര്‍ അറിയിച്ചിരുന്നു. സേനയ്ക്കകത്ത് നിന്നുതന്നെ ആരോപണങ്ങുയര്‍ന്ന സാഹചര്യത്തിലായിരുന്നു അന്വേഷണം. മോര്‍ച്ചറിയുടെ തലവനായ കേണലിനും രണ്ട് സിവിലിയന്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടിയെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട അമേരിക്കന്‍ സൈനികരെ സംസ്കരിക്കുന്ന അര്‍ലിങ്ടണ്‍ ദേശീയ സെമിത്തേരിയുമായി ബന്ധപ്പെട്ട് കഴിഞ്ഞവര്‍ഷം പുറത്തുവന്ന സംഭവങ്ങളെ ഓര്‍മിപ്പിക്കുന്നതാണ് പുതിയ കണ്ടെത്തലുകള്‍ . അമേരിക്കന്‍ജനത പരിശുദ്ധമായി കാണുന്ന അര്‍ലിങ്ടണില്‍ തിരിച്ചറിയാത്ത ജഡാവശിഷ്ടങ്ങളും മോശമായി ജഡങ്ങള്‍ കൈകാര്യം ചെയ്തതുമാണ് വിവാദമായത്. സേനാ അന്വേഷണത്തെതുടര്‍ന്ന് അത് സംബന്ധിച്ച് ഇപ്പോള്‍ ക്രിമിനല്‍ അന്വേഷണം നടക്കുകയാണ്.

deshabhimani 091211

Monday, March 28, 2011

ജനങ്ങളെ വിഡ്ഢികളാക്കുന്ന രാഷ്ട്രീയനാടകം

കഴിഞ്ഞ വെള്ളിയാഴ്ച പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം അവസാനിച്ചു.

വിക്കിലീക്ക്‌സിന്റെ വെളിപ്പെടുത്തലുകള്‍ പാര്‍ലമെന്റിനെ പലതവണ പ്രക്ഷുബ്ധമാക്കി.

ക്രമേണ അമേരിക്കയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന യു പി എ സര്‍ക്കാരിന്റെ നയങ്ങളും പുതിയൊരാജ്ഞാശക്തിയോടെ, യജമാനഭാവേന, ഇന്ത്യയെ കൈകാര്യം ചെയ്യുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നടപടികളുമാണ് ആ രേഖകള്‍ വെളിപ്പെടുത്തിയത്. കൂടെ നാം കണ്ടു ബി ജെ പിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വിശ്വരൂപവും. അരുണ്‍ ജെയ്റ്റ്‌ലി വെളിപ്പെടുത്തിയത് ഹിന്ദുത്വ രാഷ്ട്രീയം അവസരവാദപരവും സൗകര്യത്തിനുപയോഗിക്കുന്നതുമായ ഒരു രാഷ്ട്രീയതന്ത്രം മാത്രമാണ് എന്നായിരുന്നു.

ഇപ്പോഴത്തെ കേന്ദ്ര ആഭ്യന്തരമന്ത്രിയും മുന്‍ ധനകാര്യമന്ത്രിയുമായ ചിദംബരം അമേരിക്കന്‍ അംബാസിഡറിനോടു സംസാരിച്ചത് സ്‌ഫോടനാത്മകമായ ഒരു കാര്യമായിരുന്നു. ഇന്ത്യയുടെ വിജയകരമായ സാമ്പത്തിക വളര്‍ച്ചയ്ക്ക് വിഘാതം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായിരുന്നു എന്നതാണ് അദ്ദേഹത്തിന്റെ കണ്ടുപിടിത്തം. ഉത്തരേന്ത്യയെ ഒഴിച്ചുനിര്‍ത്തി, തെക്കേ ഇന്ത്യയും പടിഞ്ഞാറന്‍ ഇന്ത്യയും മാത്രമായിരുന്നു ഇന്ത്യ എങ്കില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അതിശീഘ്രമാകുമായിരുന്നു എന്ന് ചിദംബരം പറഞ്ഞു. ദേശീയ ഐക്യത്തെ തകരാറിലാക്കുന്നതും ഒട്ടും ദേശാഭിമാനപരമല്ലാത്തതുമായ ചിദംബരത്തിന്റെ ഈ പ്രസ്താവന ബുദ്ധിശൂന്യവും ദേശദ്രോഹപരവുമാണ്. ഇതേക്കുറിച്ച് കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ മൗനം ദീക്ഷിച്ചു. കോണ്‍ഗ്രസ് ദേശീയ ഐക്യത്തെ തുരങ്കം വയ്ക്കുകയാണ് ചെയ്യുന്നതെന്ന് വ്യക്തമാകുകയാണ്.

ബജറ്റ് സമ്മേളനത്തിന്റെ കലാശക്കൊട്ടു നടക്കുമ്പോള്‍ മറ്റൊരു വിചിത്ര നാടകവും പാര്‍ലമെന്റിലരങ്ങേറി. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡവലപ്പ്‌മെന്റ് അതോറിറ്റി ബില്‍ യു പി എ സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ഈ ബില്ലിനൊരു ചരിത്രമുണ്ട്. ഇടതുപക്ഷം യു പി എയെ പിന്താങ്ങുന്ന കാലത്ത് ഈ ബില്‍ ഇടതുപക്ഷത്തോടു ചോദിക്കാതെ മന്ത്രി ചിദംബരം പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. എല്ലാ ജീവനക്കാരുടെയും പെന്‍ഷന്‍ അവകാശം നിഷേധിക്കുന്നതും പെന്‍ഷന്‍ ഫണ്ടു കൈകാര്യം ചെയ്യുവാന്‍ ബഹുരാഷ്ട്ര കുത്തകകളെ അനുവദിക്കുന്നതും പെന്‍ഷന്‍ ഫണ്ട് ഊഹക്കച്ചവടത്തിനായി സ്റ്റോക്ക് എക്‌ചേഞ്ചില്‍ നിക്ഷേപിക്കുന്നതിന് അനുമതി നല്‍കുന്നതുമായിരുന്നു ബില്ല്. എല്ലാ ട്രേഡു യൂണിയനുകളും ഇടതുപക്ഷ കക്ഷികളും എതിര്‍ക്കുന്ന ബില്ല് സൂത്രത്തില്‍ പാസാക്കുവാനുള്ള ചിദംബരത്തിന്റെ ശ്രമത്തെ ഇടതുപക്ഷം ശക്തിയായെതിര്‍ത്തു. ബില്ല് പാസാക്കാന്‍ ശ്രമിച്ചാല്‍ യു പി എയ്ക്ക് നല്‍കുന്ന പിന്തുണ പിന്‍വലിക്കുന്നതു പോലും ആലോചിക്കേണ്ടിവരുമെന്ന് ഇടതുപക്ഷം വ്യക്തമാക്കി. ബില്ലു പാസാക്കാന്‍ സര്‍ക്കാരിനു വേറൊരു മാര്‍ഗം അന്നില്ലായിരുന്നു. സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ആ ബില്ല് അതിന്റെ ''സ്വാഭാവിക മരണത്തിന്'' വിടേണ്ടിവന്നു. ലോക്‌സഭയില്‍ അവതരിപ്പിക്കുന്ന ഒരു ബില്ല് ആ ലോക്‌സഭയുടെ കാലയളവില്‍ പാസാക്കിയില്ലെങ്കില്‍, ലോക്‌സഭയുടെ കാലാവധി തീരുമ്പോള്‍ ആ ബില്ല് മരിക്കും. ഇതാണ് നിയമം. പതിനാലാം ലോക്‌സഭയുടെ കാലാവധി തീര്‍ന്നപ്പോള്‍ അങ്ങിനെ ആ ബില്ല് ആരോരുമറിയാതെ ചരമം പ്രാപിച്ചു.

ഇന്ന് യു പി എ സര്‍ക്കാരിന് ഇടതുപക്ഷത്തിന്റെ പിന്തുണയില്ല. അവര്‍ക്കു മറ്റു ചിലരുടെ പിന്തുണയാണല്ലോ ഇന്ന് ഉള്ളത്. ആ ബലത്തില്‍ പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാന ദിവസം പാര്‍ലമെന്ററികാര്യമന്ത്രി ബന്‍സാല്‍ ശവക്കുഴിയില്‍ നിന്നും ചെകഞ്ഞെടുത്ത ആ അറുപിന്തിരിപ്പന്‍ ബില്‍ വീണ്ടും പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. മന്ത്രി അവതരണാനുമതി തേടിയപ്പോള്‍ ഇടതുപക്ഷം ഒറ്റക്കെട്ടായി എതിര്‍ത്തു. അവതരണാനുമതി പ്രമേയം വോട്ടിനിടണമെന്ന് അവരാവശ്യപ്പെട്ടു. സര്‍ക്കാരിനത് ഓര്‍ക്കാപ്പുറത്ത് കിട്ടിയ ഒരടിയായി. വോട്ടെടുപ്പുണ്ടാകുമെന്നവര്‍ തീരെ പ്രതീക്ഷിച്ചില്ല. മന്ത്രി ചുറ്റും നോക്കിയപ്പോള്‍ വോട്ടെടുപ്പില്‍ തോറ്റുപോകാനുള്ള സാധ്യത അദ്ദേഹം കണ്ടു. ബില്ലിനവതരണാനുമതി നേടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ അത് മന്ത്രിസഭയുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കും.

മന്ത്രി നേരെ ബി ജെ പി നേതാവ് സുഷമാ സ്വരാജിനെ കണ്ടു. സഹായിക്കണമെന്നഭ്യര്‍ഥിച്ചു. ഒരു മടിയുമുണ്ടായില്ല. കോണ്‍ഗ്രസ്സും ബി ജെ പിയും ഒറ്റക്കെട്ടായി വോട്ടുചെയ്ത് ഇടതുപക്ഷത്തെ പരാജയപ്പെടുത്തി. ആഗോളവല്‍കരണ സാമ്പത്തികനയത്തിന്റെ 'പെറ്റമ്മ' കോണ്‍ഗ്രസ് പ്രധാനമന്ത്രി നരസിംഹറാവുവായിരുന്നു. എന്നാല്‍ അതിന്റെ കയ്യോ കാലോ വളരുന്നതു നോക്കി അതിനെ നന്നായി വളര്‍ത്തിയ പോറ്റമ്മ ബി ജെ പി പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി തന്നെയായിരുന്നു.

കോണ്‍ഗ്രസ്സും ബി ജെ പിയും സാമ്പത്തികനയങ്ങളുടെ കാര്യത്തില്‍ ഒരേ തൂവല്‍പക്ഷികള്‍ തന്നെ. ഇതാ നാം ആ കാഴ്ച ഒരിക്കല്‍ക്കൂടി കണ്ടു; പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാനദിവസം.

കേരളത്തില്‍ കോണ്‍ഗ്രസ്സിനും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും ബദലായി ഒരു ശക്തിയെ വളര്‍ത്തുവാനാണത്രെ ബി ജെ പി ഇവിടെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. എത്ര വലിയൊരവകാശവാദം. കേരളത്തിലെ ബി ജെ പി ജനങ്ങളെ വിഡ്ഢികളാക്കാനുള്ള ശ്രമത്തിലാണ്.

ഈ രാഷ്ട്രീയ നാടകങ്ങള്‍ ജനം കണ്ണുതുറന്ന് കാണുക തന്നെ വേണം.

സി കെ ചന്ദ്രപ്പന്‍ ജനയുഗം 280311

Tuesday, March 22, 2011

ലിബിയ: അമേരിക്കയുടെ അതിരില്ലാത്ത ധാര്‍ഷ്ട്യം

സ്വതന്ത്ര പരമാധികാര രാഷ്ട്രമായ ലിബിയയ്ക്കു നേരെ അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന ആക്രമണം ലിബിയയിലും പശ്ചിമേഷ്യയിലും അതീവ ഗുരുതരമായ ഭവിഷ്യത്ത് സൃഷ്ടിക്കുമെന്ന കാര്യം തീര്‍ച്ചയാണ്. ലോകസമാധാനത്തിന് ഭീഷണി ഉയര്‍ത്തുന്ന നടപടിയാണ് അമേരിക്കയും സഖ്യശക്തികളും അവലംബിച്ചത്. ലിബിയയില്‍ ഗദ്ദാഫി ഭരണത്തിനെതിരായി ഒരുമാസം മുമ്പ് തുടങ്ങിയ പ്രക്ഷോഭം മറയാക്കി ആ രാജ്യത്തെ സൈനിക ആക്രമണത്തിലൂടെ കീഴ്‌പ്പെടുത്തി അധീനതയിലാക്കുകയാണ് അമേരിക്കയുടെയും സഖ്യശക്തികളുടെയും പരിപാടിയെന്ന് തുടക്കംമുതല്‍ വ്യക്തമായിരുന്നു.

ലിബിയയ്ക്ക് എതിരായി വ്യോമനിരോധനം ഏര്‍പ്പെടുത്തുന്നത് അതിന്റെ ആദ്യപടിയായിരുന്നു. ഇതുസംബന്ധിച്ച പ്രമേയത്തിന് യു എന്‍ രക്ഷാസമിതിയുടെ അംഗീകാരം നേടുന്നതില്‍ അമേരിക്ക വിജയിച്ചു. ഇന്ത്യയും റഷ്യയും ചൈനയും ബ്രസീലും ജര്‍മനിയും വിട്ടു നിന്നതില്‍ നിന്ന്, അമേരിക്കയുടെ നീക്കത്തോടുള്ള വിയോജിപ്പ് വ്യക്തമായിരുന്നു. ഗദ്ദാഫി ഭരണത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവര്‍ക്ക് എതിരെ ലിബിയന്‍ വ്യോമസേന ആക്രമണം നടത്തുന്നത് തടയുക മാത്രമാണ് വ്യോമനിരോധനത്തിന്റെ ലക്ഷ്യമെന്നായിരുന്നു ഐക്യരാഷ്ട്രസഭ പറഞ്ഞത്. രക്ഷാസമിതി പ്രമേയം വന്നയുടന്‍ വെടിനിര്‍ത്തല്‍ ഏര്‍പ്പെടുത്തിയതായി ഗദ്ദാഫി പ്രഖ്യാപിച്ചിരുന്നു. ഐക്യരാഷ്ട്രസഭയും അറബ് ലീഗും സ്ഥിതിഗതികള്‍ വിലയിരുത്താനായി ലിബിയയിലേക്ക് നിരീക്ഷകരെ അയയ്ക്കുകയും ചെയ്തു. അവരുടെ റിപ്പോര്‍ട്ട് കിട്ടാന്‍ കാത്തിരിക്കാതെ, ഗദ്ദാഫി സേന വെടിനിര്‍ത്തല്‍ ലംഘിച്ചുവെന്ന് ആരോപിച്ച് അമേരിക്കയും ഫ്രാന്‍സും ബ്രിട്ടനും ലിബിയയ്ക്കു നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ചായിരുന്നു ആക്രമണമെന്ന് പകല്‍പോലെ വ്യക്തമാണ്.

ലിബിയന്‍ സൈന്യം ജനങ്ങളെ ആക്രമിക്കുകയും വധിക്കുകയും ചെയ്യുന്നതു തടയുക മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഒബാമ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നത്. ജനങ്ങളുടെ രക്ഷകരുടെ വേഷമണിഞ്ഞ അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും രണ്ടുനാളുകള്‍ക്കിടയില്‍ നൂറിലധികം സാധാരണക്കാരെ ബോംബാക്രമണത്തിലും മിസൈല്‍ പ്രയോഗത്തിലും വധിച്ചു. നിരവധി കെട്ടിടങ്ങള്‍ തകര്‍ത്തു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍പ്പെട്ട് എത്രപേര്‍ മരിച്ചുവെന്നോ എത്രപേര്‍ക്ക് പരിക്കേറ്റെന്നോ കൃത്യമായി അറിവായിട്ടില്ല. ലിബിയന്‍ വ്യോമസേനയുടെ ആക്രമണം തടയുകയല്ല, അമേരിക്കയുടെ ലക്ഷ്യമെന്ന് ഇന്നലെ ട്രിപ്പോളിയില്‍ ഗദ്ദാഫിയുടെ കൊട്ടാരത്തിനു നേരെ നടന്ന ആക്രമണം തെളിയിക്കുന്നു. ഗദ്ദാഫിയുടെ ആസ്ഥാനത്തിന് നേരെ നടന്ന മിസൈല്‍ ആക്രമണത്തില്‍ ഒരു കെട്ടിടം തകര്‍ന്നു. അപ്പോഴും അമേരിക്ക അവകാശപ്പെടുന്നത് ആക്രമണലക്ഷ്യം ഗദ്ദാഫി അല്ലെന്നാണ്. ഗദ്ദാഫിയെ വകവരുത്തിയാല്‍ ലിബിയയുടെ നിയന്ത്രണം കൈപ്പിടിയിലൊതുക്കാന്‍ എളുപ്പമാണെന്ന് അമേരിക്കയ്ക്ക് അറിയാം.

ലിബിയയ്ക്ക് എതിരായി വ്യോമനിരോധനം ഏര്‍പ്പെടുത്തുന്നതിനോട് യോജിച്ച അറബ് രാജ്യങ്ങളുടെ സംഘടനയായ അറബ് ലീഗ് അമേരിക്കയും സഖ്യശക്തികളും നടത്തുന്ന സൈനികാക്രമണത്തെ പരസ്യമായി എതിര്‍ക്കാന്‍ രംഗത്തു വന്നത് അമേരിക്കയുടെ യഥാര്‍ഥലക്ഷ്യം തിരിച്ചറിഞ്ഞതുകൊണ്ടാണ്. ലിബിയയിലെ ജനാധിപത്യവാദികളോടുള്ള സ്‌നേഹമല്ല, സൈനിക ആക്രമണത്തിന് അമേരിക്കയെ പ്രേരിപ്പിക്കുന്നത്. ടൂണീഷ്യയില്‍ തുടങ്ങിയ പ്രക്ഷോഭം ഈജിപ്ത്, യെമന്‍, ബഹ്‌റൈന്‍, ഒമാന്‍ തുടങ്ങി നിരവധി രാജ്യങ്ങളിലേക്ക് വ്യാപിച്ചു. ഈജിപ്തില്‍ പ്രക്ഷോഭത്തെ നേരിടാന്‍ തുടക്കത്തില്‍ സൈന്യത്തെ ഉപയോഗിച്ചെങ്കിലും പ്രേക്ഷാഭത്തിന് ലഭിച്ച അഭൂതപൂര്‍വമായ ജനപിന്തുണ അടിച്ചമര്‍ത്തല്‍ ശ്രമം ഉപേക്ഷിക്കാന്‍ പ്രസിഡന്റ് മുബാറക്കിനെ നിര്‍ബന്ധിതമാക്കി.

ടുണീഷ്യയിലും ഇതുതന്നെയായിരുന്നു സ്ഥിതി. യെമനിലും ബഹ്‌റൈനിലും പ്രക്ഷോഭകാരികള്‍ക്ക് എതിരെ പട്ടാളത്തെ ഇറക്കി. പ്രക്ഷോഭം അടിച്ചമര്‍ത്തുന്നതിന് സൗദി അറേബ്യ പോലുള്ള രാജ്യങ്ങള്‍ സൈനികസഹായം നല്‍കുന്നു. ഇതിലൊന്നും അമേരിക്ക ഒരു അപാകതയും കാണുന്നില്ല. ലിബിയയിലാണെങ്കില്‍ ഗദ്ദാഫിക്ക പിന്തുണ നല്‍കുന്ന വലിയൊരു വിഭാഗമുണ്ട്. അമേരിക്കയുടെയും സഖ്യശക്തികളുടെയും ആക്രമണം ലിബിയന്‍ ദേശീയവികാരം ആളിക്കത്തിക്കാനും അതുവഴി സ്വാധീനമുറപ്പിക്കാനും ഗദ്ദാഫിയെ തുണയ്ക്കുകയാണ് ചെയ്യുന്നത്.

അമേരിക്കയുടെ യഥാര്‍ഥലക്ഷ്യം ലിബിയയിലെ എണ്ണസമ്പത്താണ്. ഇറാഖിനെതിരായ ആക്രമണത്തിന്റെ ലക്ഷ്യവും എണ്ണസമ്പത്തിന്റെ നിയന്ത്രണമായിരുന്നു. ഇറാഖില്‍ ജനാധിപത്യം സ്ഥാപിക്കാനും ഇറാഖിലെ ജനങ്ങളെ സദ്ദാം ഹുസൈന്റെ ഏകാധിപത്യവാഴ്ചയില്‍ നിന്ന് മോചിപ്പിക്കാനും ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനുമാണ് ആക്രമണമെന്ന അവകാശവാദത്തിന്റെ പൊള്ളത്തരം ലോകത്തിന് ബോധ്യമയിക്കഴിഞ്ഞു. ഇറാഖില്‍ പത്തുലക്ഷത്തിലധികം സിവിലിയന്‍മാരുടെ ജീവനാണ് നഷ്ടമായത്. ആ രാജ്യത്തെയാകെ തകര്‍ത്തു.

ഇറാഖിനു നേരെ ആക്രമണം നടത്തുന്നതിന് മുമ്പ് അമേരിക്ക പ്രചരിപ്പിച്ചത് സദ്ദാം ഹുസൈന്‍ മാരകമായ രാസായുധങ്ങള്‍ സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്നായിരുന്നു. അത് കെട്ടുകഥയാണെന്ന് പിന്നീട് അമേരിക്ക തന്നെ സമ്മതിച്ചു. ഇപ്പോള്‍ ഗദ്ദാഫിക്ക് എതിരായും ഇതേ പ്രചരണം അമേരിക്ക തുടങ്ങിയിട്ടുണ്ട്. ഗദ്ദാഫി രാസായുധം പ്രയോഗിക്കാന്‍ സാധ്യതയുണ്ടെന്നാണ് അമേരിക്കയുടെ പ്രചരണം.

സാര്‍വദേശീയ നിയമങ്ങള്‍ നഗ്നമായി ലംഘിച്ചുകൊണ്ടാണ് ഒരു പരമാധികാര രാഷ്ട്രമായ ലിബിയയ്ക്ക് എതിരെ അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും ആക്രമണം തുടങ്ങിയിരിക്കുന്നത്. തങ്ങള്‍ക്ക് ഇഷ്ടമല്ലാത്ത ഭരണകൂടങ്ങളെ സൈനികാക്രമണത്തിലൂടെ അട്ടിമറിക്കാന്‍ അവകാശമുണ്ടെന്നാണ് അമേരിക്കയുടെ നിലപാട്. ലോകസമാധാനം അപകടത്തിലാക്കുന്ന ഈ നയത്തിനെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും രംഗത്തുവരണം. വ്യോമനിരോധന പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന ഇന്ത്യ നിസംഗ സമീപനം കൈവെടിയണം.
ചേരിചേരാ പ്രസ്ഥാനത്തിലെ സജീവ അംഗമാണ് ലിബിയ. ഇന്ത്യയുമായി നല്ല ബന്ധം പുലര്‍ത്തുന്ന ലിബിയയെ ചോരക്കളമാക്കാനും അട്ടിമറിക്കാനുമുള്ള അമേരിക്കയുടെ പദ്ധതിക്കെതിരെ ഇന്ത്യ ഉറച്ച നിലപാട് സ്വീകരിക്കണം. സൈനികാക്രമണത്തില്‍ ഖേദം പ്രകടിപ്പിച്ചതു കൊണ്ടുമാത്രമായില്ല. ആക്രമണത്തെ തുറന്ന് എതിര്‍ക്കാനും ചേരിചേരാപ്രസ്ഥാനത്തിലെ മറ്റ് രാജ്യങ്ങളുമായി ബന്ധപ്പെട്ട് ആക്രമണത്തിന് വിരാമമിടാന്‍ അമേരിക്കയെ നിര്‍ബന്ധിതമാക്കാനുള്ള സമ്മര്‍ദ്ദം വളര്‍ത്തിക്കൊണ്ടുവരാനും ഇന്ത്യ മുന്‍കൈയെടുക്കണം.

അമേരിക്കയുടെയും സഖ്യശക്തികളുടെയും നിന്ദ്യമായ ആക്രമണത്തിനെതിരെ ഇന്ത്യയില്‍ ശക്തമായ പൊതുജനാഭിപ്രായം വളരണം. മാനവരാശിയ്ക്കാകെ ഭീഷണിയായ നയമാണ് അമേരിക്ക അനുവര്‍ത്തിക്കുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം.

ജനയുഗം മുഖപ്രസംഗം 220311

Monday, March 21, 2011

അറബ് ലോകത്ത് വീണ്ടും നാറ്റോ അധിനിവേശം

ലിബിയയില്‍ മിസൈല്‍വര്‍ഷം

ട്രിപോളി: അമേരിക്കയും യൂറോപ്യന്‍ സഖ്യരാജ്യങ്ങളും ചേര്‍ന്ന് ലിബിയക്കു നേരെ കനത്ത ആക്രമണം തുടങ്ങി. ശനിയാഴ്ച രാത്രി ആരംഭിച്ച മൃഗീയ ആക്രമണത്തില്‍ നിരപരാധികളായ അമ്പതോളം പേര്‍ കൊല്ലപ്പെട്ടു. ഇരുന്നൂറോളം പേര്‍ക്കു പരിക്കേറ്റു. 2003ലെ ഇറാഖ് അധിനിവേശത്തിനു ശേഷം അറബ് ലോകത്തിനുനേരെ അമേരിക്ക നടത്തുന്ന ഏറ്റവുംവലിയ ആക്രമണത്തിനാണ് ലിബിയ ഇരയാകുന്നത്. വ്യോമ, നാവിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ലിബിയന്‍ തലസ്ഥാനമായ ട്രിപോളിക്കും സമീപനഗരങ്ങള്‍ക്കും നേരെ നൂറിലേറെ മിസൈലും ബോംബുകളും വര്‍ഷിച്ചു. പാശ്ചാത്യ അധിനിവേശം ചെറുക്കാന്‍ ആഹ്വാനം നടത്തിയ ലിബിയന്‍ പ്രസിഡന്റ് മുഅമ്മര്‍ ഗദ്ദാഫി പ്രതിരോധത്തിനായി ആയുധപ്പുരകള്‍ ജനങ്ങള്‍ക്ക് തുറന്നുകൊടുക്കുമെന്നു പ്രഖ്യാപിച്ചു. ലിബിയക്കു നേരെയുള്ള കടന്നാക്രമണം അവസാനിപ്പിക്കണമെന്ന് ചൈന, റഷ്യ, ഇന്ത്യ, ബ്രസീല്‍, വെനസ്വേല എന്നീ രാജ്യങ്ങള്‍ ശക്തമായി ആവശ്യപ്പെട്ടു. ശനിയാഴ്ച, ഇന്ത്യന്‍ സമയം അര്‍ധരാത്രി ഫ്രഞ്ച് യുദ്ധ വിമാനങ്ങളാണ് ലിബിയക്കു നേരെ ആദ്യ ആക്രമണം നടത്തിയത്. ഞായറാഴ്ച രാവിലെ ആക്രമണം കനത്തു. അമേരിക്കന്‍, ബ്രിട്ടീഷ് സേനകള്‍ നൂറിലേറെ ടോംഹോക്ക് മിസൈല്‍ വര്‍ഷിച്ചു. ട്രിപോളിയിലും പരിസരങ്ങളിലും പോര്‍വിമാനങ്ങള്‍ ബോംബാക്രമണം നടത്തി. ഗദ്ദാഫിയുടെ കൊട്ടാരത്തിനടുത്തും ബോംബിട്ടു. 'ഓപ്പറേഷന്‍ ഒഡിസി ഡോ' എന്ന പേരിട്ടാണ് ആക്രമണം.
20 പ്രതിരോധകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് അമേരിക്കന്‍ നാവികസേനാ മേധാവി പറഞ്ഞു. എന്നാല്‍, ആക്രമണത്തില്‍ 48 സാധാരണക്കാരാണ് കൊല്ലപ്പെട്ടതെന്ന് ലിബിയന്‍ ഔദ്യോഗിക ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരിലേറെയും കുട്ടികളാണ്.

ലക്ഷക്കണക്കിനാളുകളെ കൂട്ടക്കൊല ചെയ്ത എട്ടുവര്‍ഷം മുമ്പത്തെ ഇറാഖ് അധിനിവേശത്തിനു സമാനമായ നടപടികളാണ് അമേരിക്കയുടെ നേതൃത്വത്തില്‍ സ്വീകരിക്കുന്നത്. പ്രക്ഷോഭകര്‍ക്കുനേരെ ഗദ്ദാഫി നടത്തുന്ന അക്രമം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന യുഎന്‍ പ്രമേയത്തിന്റെ പിന്‍ബലത്തിലാണ് അമേരിക്കയും കൂട്ടരും ലിബിയക്കു നേരെ തിരിഞ്ഞത്. പാരീസില്‍ കഴിഞ്ഞദിവസം ചേര്‍ന്ന പാശ്ചാത്യശക്തികളുടെ യോഗമാണ് അധിനിവേശത്തിന് അന്തിമ തീരുമാനമെടുത്തത്. ലിബിയയുടെ വ്യോമ, മിസൈല്‍ പ്രതിരോധ സംവിധാനം തകര്‍ക്കാനായിരുന്നു അധിനിവേശ സേനയുടെ ആദ്യ ആക്രമണം. ട്രിപോളിക്കു ചുറ്റുമുള്ള റഡാര്‍, വ്യോമാക്രമണ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ക്കുകയായിരുന്നു ആദ്യഘട്ടത്തില്‍ ലക്ഷ്യമിട്ടതെന്ന് പെന്റഗ വക്താവ് പറഞ്ഞു.

'സാമ്രാജ്യത്വ കുരിശുയുദ്ധം' എന്ന് ഗദ്ദാഫി വിശേഷിപ്പിച്ച അധിനിവേശം ചെറുക്കാന്‍ പ്രതിരോധസേനയുടെ ആയുധപ്പുരകള്‍ ജനങ്ങള്‍ക്കു തുറന്നുകൊടുക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ലിബിയയുടെ സ്വാതന്ത്ര്യവും ഐക്യവും അഭിമാനവും കാത്തുസൂക്ഷിക്കാന്‍ പോരാടണം. ലിബിയയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ വിദേശികള്‍ക്ക് അവകാശമില്ല. ഓരോ അടി മണ്ണിനായും പോരാടും. ഇസ്ളാമിനെതിരായ ശീതയുദ്ധമാണിത്. ലിബിയന്‍ ജനത തനിക്കു പിന്നിലുണ്ടെന്നും തങ്ങള്‍ രക്തസാക്ഷിത്വം വഹിക്കാന്‍ തയ്യാറാണെന്നും ഗദ്ദാഫി പറഞ്ഞു. ലിബിയയിലെ സ്ഥിതിഗതി ചര്‍ച്ച ചെയ്യാന്‍ യുഎന്‍ രക്ഷാസമിതി യോഗം ചേരണമെന്ന് ലിബിയ ആവശ്യപ്പെട്ടു. കിരാതമായ ആക്രമണമാണ് ലിബിയ നേരിടുന്നതെന്ന് ലിബിയന്‍ പാര്‍ലമെന്റ് സെക്രട്ടറി ജനറല്‍ മുഹമ്മദ് അല്‍സാവി പറഞ്ഞു. ലിബിയക്കു നേരെയുള്ള സാമ്രാജ്യത്വ കടന്നാക്രമണം അവസാനിപ്പിക്കണമെന്ന് ആഫ്രിക്കന്‍ യൂണിയന്‍ ആവശ്യപ്പെട്ടു. ലിബിയക്കെതിരെ ഏതെങ്കിലും തരത്തിലുള്ള വിദേശസൈനിക ഇടപെടല്‍ അനുവദിക്കാനാകില്ലെന്ന് ആഫ്രിക്കന്‍ യൂണിയന്‍ വ്യക്തമാക്കി.

അറബ് ലോകത്ത് വീണ്ടും നാറ്റോ അധിനിവേശം

ന്യൂഡല്‍ഹി: എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അറബ് ലോകത്ത് വീണ്ടും അമേരിക്കന്‍ നേതൃത്വത്തില്‍ നാറ്റോ അധിനിവേശം. ജനങ്ങളെ സംരക്ഷിക്കാനെന്നപേരില്‍ 2003ല്‍ ഇറാഖില്‍ ആരംഭിച്ചതിന് സമാനമായ അധിനിവേശത്തിനാണ് വടക്കനാഫ്രിക്കന്‍ രാജ്യമായ ലിബിയയിലും ഇപ്പോള്‍ തുടക്കമിട്ടത്. യുഎന്‍ പ്രമേയത്തിന്റെ മറവില്‍ ഖത്തറിന്റെയും ജോര്‍ദാന്റെയും യുഎഇയുടെയും പൂര്‍ണ പിന്തുണയോടെയാണ് മുഅമ്മര്‍ ഗദ്ദാഫിയെ പുറത്താക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കയും സഖ്യശക്തികളും വ്യോമാക്രമണം ആരംഭിച്ചത്. മിസൈലാക്രമണം ആരംഭിച്ച് 24 മണിക്കൂര്‍ തികയുന്നതിന് മുമ്പുതന്നെ 64 പേര്‍ ഇവിടെ കൊല്ലപ്പെട്ടു.

ഇറാഖിലും അഫ്ഗാനിസ്ഥാനിലും ആക്രമണത്തിന് തുടക്കമിട്ടത് അമേരിക്കയാണെങ്കില്‍ ലിബിയയില്‍ ഫ്രാന്‍സാണ് വ്യോമാക്രമണത്തിന് തുടക്കമിട്ടത്. വടക്കനാഫ്രിക്ക എന്നും ഫ്രാന്‍സിന്റെ തട്ടകമായാണ് കരുതപ്പെടുന്നത്. ഈ മേഖലയിലെ പല രാജ്യങ്ങളും ഫ്രാന്‍സിന്റെ മുന്‍ കോളനികളാണ്. അതുപോലെ മധ്യധരണ്യാഴിക്ക് ഇരുവശവുമായാണ് ഫ്രാന്‍സും ലിബിയയും സ്ഥിതിചെയ്യുന്നതെന്നതും ഫ്രാന്‍സിന്റെ ഈ തിടുക്കത്തിന് കാരണമാണ്. ഫ്രാന്‍സിലെ ആഭ്യന്തര രാഷ്ട്രീയവും ആക്രമണത്തിന് പ്രേരിപ്പിച്ചു. പൂര്‍ണ പരാജയമായ നിക്കോളസ് സര്‍ക്കോസി സര്‍ക്കാരിന് അടുത്തവര്‍ഷം തെരഞ്ഞെടുപ്പിനെ നേരിടേണ്ടതുണ്ട്. അതിന് മുമ്പായി സര്‍ക്കോസിക്ക് മുമ്പിലുള്ള എളുപ്പവഴി യുദ്ധമാണ്. ഈജിപ്ത്, ടുണീഷ്യ എന്നീ രാജ്യങ്ങളിലെ ഭരണവിരുദ്ധ പോരാട്ടങ്ങളെ കൈകാര്യംചെയ്യുന്നതില്‍ പരാജയപ്പെട്ട സര്‍ക്കോസി അടുത്തയിടെ വിദേശമന്ത്രിയായിരുന്ന മൈക്കേകള്‍ അലിയട്ട് മേരിയെ മാറ്റി അലെയ്ന്‍ ജുപേപയെ നിയമിച്ചിരുന്നു.

ലിബിയക്കെതിരെ സൈന്യത്തെ അയച്ച മറ്റൊരു യൂറോപ്യന്‍ ശക്തി ബ്രിട്ടനാണ്. ലിബിയയിലെ എണ്ണസമ്പത്ത് ചോര്‍ത്തുന്നതില്‍ പ്രമുഖ സ്ഥാനത്തുള്ളത് ബ്രിട്ടനിലെ ബഹുരാഷ്ട്രകമ്പനിയായ ബ്രിട്ടീഷ് പെട്രോളിയമാണ്. ഗദ്ദാഫിയെ വീഴ്ത്തി ബിപിക്ക് നേട്ടമുണ്ടാക്കുക എന്നതാണ് ബ്രിട്ടന്റെ താല്‍പ്പര്യം. അമേരിക്കയുടെ കണ്ണും ലിബിയയുടെ എണ്ണസമ്പത്തില്‍ത്തന്നെ. ലോകത്തിന്റെ എണ്ണശേഖരത്തില്‍ രണ്ട് ശതമാനമാണ് ലിബിയയിലുള്ളത്. ബെന്‍ഗാസി നഗരത്തിന് ചുറ്റുമായാണ് ഈ എണ്ണപ്പാടങ്ങളുള്ളത്. അതുകൊണ്ടാണ് വിമതരുടെ കൈവശമുള്ള ഈ നഗരം പിടിച്ചെടുക്കുന്നതിന് തൊട്ടുമുമ്പ് നാറ്റോ സേന വ്യോമാക്രമണം ആരംഭിച്ചത്.

വിമതരുടെ കൌണ്‍സിലിന് നേരത്തേതന്നെ ഫ്രാന്‍സും മറ്റും അംഗീകാരം നല്‍കിയിരുന്നു. ഗദ്ദാഫിയെന്ന ഏകാധിപതിയെ മാറ്റുകയാണ് ലക്ഷ്യമെന്ന് അമേരിക്കയും മറ്റും പറയുന്നു. എന്നാല്‍, പത്ത് വര്‍ഷം മുമ്പ് ഇതേ ഏകാധിപതിയുമായി സന്ധിയിലായ പാശ്ചാത്യലോകത്തെ മറക്കാറായിട്ടില്ല. ആണവപദ്ധതി ഉപേക്ഷിക്കുകയാണെന്നുപറഞ്ഞ് അമേരിക്കന്‍ ക്യാമ്പിലേക്ക് മാറിയ ഗദ്ദാഫി പൊടുന്നനെയാണ് അമേരിക്കയ്ക്ക് കണ്ണിലെ കരടായത്. ഗള്‍ഫില്‍ അമേരിക്കയ്ക്ക് ഏറ്റവും വലിയ സൈനികകേന്ദ്രമുള്ള ബഹ്റൈനിലെ രാജാവിനെ രക്ഷിക്കാന്‍ സൌദിയുടെ നേതൃത്വത്തിലുള്ള ഗള്‍ഫ് സഹകരണസേന ഇറങ്ങിയപ്പോള്‍ അതിനെ എതിര്‍ക്കാര്‍ ഏകാധിപത്യവിരുദ്ധ സമീപനമുണ്ടെന്ന് പറയുന്ന അമേരിക്കയോ ഫ്രാന്‍സോ തയ്യാറായില്ല. ടുണീഷ്യയിലെ ബെന്‍ അലിയെ അവസാനംവരെ അധികാരത്തില്‍ പിടിച്ചുനിര്‍ത്തിയതും ഫ്രാന്‍സായിരുന്നു. ഈജിപ്തിലെ മുബാറക്കിനെ താങ്ങിനിര്‍ത്തിയത് അമേരിക്കയാണെങ്കില്‍ ഗദ്ദാഫിക്ക് തുണയായത് അമേരിക്കയും ഇറ്റലിയുമായിരുന്നു.

ചര്‍ച്ചയിലൂടെ പരിഹരിക്കണം: ഇന്ത്യ

ന്യൂഡല്‍ഹി: ലിബിയക്കെതിരെ നാറ്റോ സൈന്യം ആരംഭിച്ച വ്യോമാക്രമണത്തില്‍ പശ്ചാത്താപം പ്രകടിപ്പിച്ച ഇന്ത്യ അക്രമത്തെ അപലപിക്കാന്‍ തയാറായില്ല. ബലപ്രയോഗത്തില്‍നിന്ന് പിന്മാറി സമാധാനപരമായ ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്നാണ് വിദേശകാര്യ സെക്രട്ടരി നിരുപമറാവു പറഞ്ഞത്. കൂടുതല്‍ ആക്രമണങ്ങളും സംഘര്‍ഷവും മനുഷ്യജീവിതത്തെ കൂടുതല്‍ ദോഷകരമായി ബാധിക്കുകയേയുള്ളൂവെന്നും നിരുപമ പറഞ്ഞു. എന്നാല്‍, നാറ്റോ ആക്രമണത്തെ ശക്തമായി അപലപിക്കാന്‍ വിദേശമന്ത്രാലയം തയ്യാറായില്ല. ലിബിയയിലെ ഇപ്പോഴത്തെ സ്ഥിതിയില്‍ അതീവ ഉല്‍ക്കണ്ഠ യണ്ട്. അതിന്റെ കാഠിന്യം കുറയ്ക്കാനാണ് കൂട്ടാനല്ല ശ്രമിക്കേണ്ടത്. ട്രിപോളിയിലെ ഇന്ത്യന്‍ അംബാസഡര്‍ മണിമേഖലയുമായി സംസാരിച്ചുവെന്നും നിരുപമറാവു അറിയിച്ചു.

ലിബിയ അധിനിവേശത്തില്‍ പ്രതിഷേധിക്കുക: സിപിഐ എം

ന്യൂഡല്‍ഹി: ലിബിയക്കെതിരെ നാറ്റോ ആരംഭിച്ച ആക്രമണത്തെ സിപിഐ എം പൊളിറ്റ്ബ്യൂറോ ശക്തമായി അപലപിച്ചു. അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്ന് നടത്തുന്ന വ്യോമ- മിസൈല്‍ ആക്രമണം അപകടകരമായ അധിനിവേശമാണെന്നും പിബി പ്രസ്താവനയില്‍ പറഞ്ഞു. അറബ്-ആഫ്രിക്കന്‍ രാഷ്ട്രത്തിനെതിരെ അമേരിക്കയും സഖ്യകക്ഷികളും നടത്തുന്ന അധിനിവേശത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ പാര്‍ടി രാജ്യത്തെ പുരോഗമന- ജനാധിപത്യവിശ്വാസികളെ ആഹ്വാനം ചെയ്തു.

യുഎന്‍ രക്ഷാസമിതി പ്രമേയം ആയുധമാക്കിയാണ് നാറ്റോയുടെ ആക്രമണം. ഈ പ്രമേയം പുനഃപരിശോധനയ്ക്ക് വിധേയമാക്കാന്‍ പ്രമേയത്തില്‍നിന്ന് വിട്ടുനിന്ന രക്ഷാസമിതിയംഗംകൂടിയായ ഇന്ത്യ ആവശ്യപ്പെടണമെന്നും അതുവരെ നാറ്റോ സൈനിക നീക്കം നിര്‍ത്തിവയ്ക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടു. ഇറാഖില്‍ ആവര്‍ത്തിച്ച അതേ കാര്യമാണ് ഇപ്പോള്‍ ലിബിയയിലും നടക്കുന്നത്. ഇറാഖിനുനേരേ നടത്തിയ നാറ്റോ ആക്രമണത്തില്‍ ലക്ഷകണക്കിനു പേരാണ് കൊല്ലപ്പെട്ടത്. വന്‍തോതിലുള്ള നാശനഷ്ടങ്ങളും ഉണ്ടായി. ലിബിയക്കുനേരേ ആരംഭിച്ച ആക്രമണത്തില്‍ ഇതിനകം 48 പേര്‍ കൊല്ലപ്പെട്ടു. ലിബിയന്‍ ജനതയെ സംരക്ഷിക്കാനെന്ന പേരില്‍ നടക്കുന്ന ഈ ആക്രമണം ആ രാജ്യത്തിന്റെ പരമാധികാരത്തിന്റെ നഗ്നമായ ലംഘനവും ഭരണമാറ്റം ലക്ഷ്യംവച്ചുള്ള ആസൂത്രിതമായ അധിനിവേശവുമാണ്. ലിബിയയില്‍ ഇടപെടുന്ന പാശ്ചാത്യ ശക്തികള്‍ ബഹ്റൈനിലെ സമാധാനപരമായ പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുന്ന സൌദി അറേബ്യന്‍ സൈന്യത്തിന്റെ നടപടി കണ്ടില്ലെന്ന് നടിക്കുകയാണ്. എണ്ണ സമ്പന്നമായ ലിബിയയിലും മധ്യപൌരസ്ത്യദേശത്തും സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സൈനികബലം ഉപയോഗിക്കുന്നതില്‍ ഒരു മനഃസാക്ഷിക്കുത്തുമില്ലാത്തവരാണ് പാശ്ചാത്യ ശക്തികള്‍- പിബി പ്രസ്താവനയില്‍ പറഞ്ഞു.

ദേശാഭിമാനി 210311

Sunday, February 20, 2011

ഇന്‍ഷുറന്‍സ്, ബാങ്കിങ് മേഖല തുറന്നിടണമെന്ന് അമേരിക്ക

ഇന്‍ഷുറന്‍സ്-ബാങ്കിങ് മേഖലയിലും ചില്ലറ വില്‍പ്പനരംഗത്തും വിദേശനിക്ഷേപ പരിധി ഉയര്‍ത്തണമെന്ന് ഇന്ത്യയോട് അമേരിക്ക. കാര്‍ഷിക, ഭക്ഷ്യസംസ്കരണമേഖലയിലെ നിയന്ത്രണങ്ങള്‍ പൂര്‍ണമായി എടുത്തുകളയണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. ബജറ്റില്‍ ഇത്തരത്തില്‍ നയംമാറ്റപ്രഖ്യാപനം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രി പ്രണബ്മുഖര്‍ജിക്ക് അമേരിക്കന്‍ കോര്‍പറേറ്റ് ലോബി കത്തയച്ചു.

ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശനിക്ഷേപ പരിധി ഉയര്‍ത്തുക, ചില്ലറവില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുക, എല്ലാ ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതിത്തീരുവ കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ താല്‍പ്പര്യപട്ടികയില്‍ ഉള്‍പ്പെടുന്നു. പെപ്സി, ബോയിങ്, ജനറല്‍ ഇലക്ട്രിക്കല്‍സ്, ലോക്ക്ഹീഡ് മാര്‍ട്ടിന്‍ എന്നീ കമ്പനികള്‍ ഉള്‍പ്പെട്ട യുഎസ്- ഇന്ത്യ ബിസിനസ് കൌണ്‍സിലാണ് പ്രണബിന് കത്തയച്ചത്.

ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശനിക്ഷേപ പരിധി 49 ശതമാനമായി ഉയര്‍ത്തണമെന്നാണ് അമേരിക്കന്‍ കോര്‍പറേറ്റുകളുടെ പ്രധാന ആവശ്യം. സാമ്പത്തികമാന്ദ്യത്തില്‍ തളര്‍ന്ന അമേരിക്കന്‍ ഇന്‍ഷുറന്‍സ് കമ്പനികളും ധനസ്ഥാപനങ്ങളും പ്രതീക്ഷയോടെ കാണുന്ന വിപണിയാണ് ഇന്ത്യയുടേത്. നിക്ഷേപ പരിധി ഉയര്‍ത്തിക്കിട്ടിയാല്‍ ഇന്ത്യന്‍ ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിക്ഷേപമിറക്കി ലാഭംകൊയ്യാമെന്ന പ്രതീക്ഷയിലാണ് അമേരിക്ക. ഉയര്‍ന്ന സാമ്പത്തികവളര്‍ച്ചയിലേക്ക് ഇന്ത്യയെ നയിക്കാന്‍ കഴിയുന്ന ലോകോത്തര പശ്ചാത്തലസൌകര്യം സൃഷ്ടിക്കുന്നതില്‍ ഇന്‍ഷുറന്‍സ് മേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപ പരിധി ഉയര്‍ത്തല്‍ സുപ്രധാനമാണെന്ന് കത്തില്‍ പറയുന്നു.

ഇന്ത്യയും അമേരിക്കയുമായുള്ള വിപണിബന്ധം ശക്തിപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യം. ഇതിന് ഉതകുന്ന വിധത്തിലുള്ള നയംമാറ്റമാണ് ആഗ്രഹിക്കുന്നത്- യുഎസ്ഐബിസി 12 പേജുള്ള കത്തില്‍ പറഞ്ഞു.

മോട്ടോര്‍സൈക്കിളുകള്‍, റെസ്റ്റോറന്റ് നടത്തിപ്പിന് ആവശ്യമായ ഉപകരണങ്ങള്‍, സുരക്ഷാഉപകരണങ്ങള്‍, ജീവന്‍രക്ഷാ ഉപകരണങ്ങള്‍ തുടങ്ങി അമേരിക്കന്‍ കമ്പനികള്‍ക്ക് താല്‍പ്പര്യമുള്ള നിരവധി ഉല്‍പ്പന്നങ്ങളുടെ തീരുവ കുറയ്ക്കണമെന്നും കമ്പനി മേധാവികള്‍ നിര്‍ദേശിച്ചു. ചില്ലറവില്‍പ്പനരംഗത്ത് 51 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം അടിയന്തരമായി അനുവദിക്കണം. പിന്നീട് ഇത് നൂറുശതമാനമായി വര്‍ധിപ്പിക്കുകയും വേണം. വിദേശനിക്ഷേപ നിയന്ത്രണസംവിധാനം മാറ്റുന്നതിലൂടെ സുതാര്യമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടും. നിക്ഷേപ തീരുമാനങ്ങള്‍ എളുപ്പത്തിലെടുക്കാന്‍ ഇത് കമ്പനികളെ സഹായിക്കും. മൂലധന ഒഴുക്കിന്റെ കാര്യത്തിലുള്ള ആശങ്ക മറ്റ് മാര്‍ഗത്തിലൂടെ നിയന്ത്രിക്കാനാകും. വിദേശനിക്ഷേപകരുടെ കൂടുതല്‍ പങ്കാളിത്തം വിപണിയില്‍ കൊണ്ടുവരാന്‍ വിദേശനിക്ഷേപനിയന്ത്രണം എടുത്തുകളയുന്നതിലൂടെ സഹായിക്കും- കത്തില്‍ പറഞ്ഞു.

തങ്ങള്‍ ആവശ്യപ്പെടുന്ന നയമാറ്റങ്ങള്‍ ഇന്ത്യന്‍ സമ്പദ്-വ്യവസ്ഥയ്ക്ക് ഏറെ ഗുണംചെയ്യുമെന്ന് യുഎസ്ഐബിസി അധ്യക്ഷന്‍ റോണ്‍ സോമേഴ്സ് പറഞ്ഞു. സുസ്ഥിരമായ ദീര്‍ഘകാലനിക്ഷേപത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും നയമാറ്റം വഴിയൊരുക്കുമെന്നും സോമേഴ്സ് അഭിപ്രായപ്പെട്ടു.

ദേശാ‍ഭിമാനി 200211

Wednesday, November 3, 2010

ബ്രസീല്‍ ജനത നല്‍കുന്ന സന്ദേശം

അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ആധിപത്യത്തില്‍ നിന്നും ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ വിമോചിതമായത് അമേരിക്കയ്ക്ക് ഏറ്റ കനത്ത ആഘാതമാണ്. പട്ടാള സ്വേച്ഛാധിപതികളെ വാഴിച്ച് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ സമ്പൂര്‍ണ നിയന്ത്രണം നിരവധി ദശാബ്ദക്കാലം അമേരിക്ക കയ്യാളി. ആ രാജ്യങ്ങളുടെ പ്രകൃതി വിഭവങ്ങള്‍ അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനികള്‍ കൊള്ളയടിച്ചു. സ്വേച്ഛാധിപത്യത്തിനും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ആധിപത്യത്തിനും എതിരെ നടന്ന പ്രക്ഷോഭങ്ങളെ നിഷ്ഠൂരമായി അടിച്ചമര്‍ത്തി. കമ്മ്യൂണിസ്റ്റുകാരെയും തൊഴിലാളി പ്രവര്‍ത്തകരെയും മാത്രമല്ല, ജനാധിപത്യത്തിനു വേണ്ടി ശബ്ദമുയര്‍ത്തിയ ക്രിസ്ത്യന്‍ പുരോഹിതന്‍മാരെപോലും കൊലചെയ്തു. തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ഗവണ്‍മെന്റുകളെ പട്ടാളത്തെ ഉപയോഗിച്ച് അട്ടിമറിച്ചു. ഗ്വാട്ടിമാലയിലും ചിലിയിലും അമേരിക്കന്‍ ചാരസംഘടനയായ സി ഐ എ നടത്തിയ അട്ടിമറികള്‍, അമേരിക്കയെ വെല്ലുവിളിക്കാന്‍ ലാറ്റിനമേരിക്കയിലെ ജനാധിപത്യ ശക്തികളെ അനുവദിക്കില്ലെന്ന മുഷ്‌ക്കിന്റെ പ്രകടനമായിരുന്നു. ലാറ്റിനമേരിക്ക എക്കാലവും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കാല്‍ക്കീഴിലായിരിക്കുമെന്ന കണക്കുകൂട്ടലുകള്‍ ജനകീയ മുന്നേറ്റത്തിനിടയില്‍ തകര്‍ന്നടിഞ്ഞതിനാണ് കഴിഞ്ഞ ഒരു ദശാബ്ദം സാക്ഷ്യം വഹിച്ചത്. അരനൂറ്റാണ്ടിനു മുന്‍പ് ലാറ്റിനമേരിക്കയില്‍ വിപ്ലവത്തിന്റെ കൊടിക്കൂറ ഉയര്‍ത്തിയ ഫിഡല്‍ കാസ്‌ട്രോയുടെ ക്യൂബയുടെ അനുഭവങ്ങളില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ട ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ ഒന്നൊന്നായി അമേരിക്കന്‍ ആധിപത്യത്തില്‍ നിന്നും മോചനം നേടാന്‍ തുടങ്ങി. പട്ടാള സ്വേച്ഛാധിപത്യത്തിനു അന്ത്യം കുറിച്ചുകൊണ്ട് ബ്രസീല്‍ ജനാധിപത്യത്തിന്റെ വഴിയിലേയ്ക്ക് മാറി. വെനിസ്വല, ഹോണ്ടുറാസ്, ചിലി, ബൊളീവ്യ, പെറു, പരാഗ്വയ്, അര്‍ജന്റീന, ഉറുഗ്വയ് തുടങ്ങിയ രാജ്യങ്ങളെല്ലാം അതേ പാത പിന്‍പറ്റി.

അമേരിക്കന്‍ ആധിപത്യവും പട്ടാള സ്വേച്ഛാധിപത്യവും ആ രാജ്യങ്ങള്‍ക്കെല്ലാം സമ്മാനിച്ചത് കൊടിയ ദാരിദ്ര്യമായിരുന്നു. പട്ടിണിയില്‍ നിന്നും തൊഴിലില്ലായ്മയില്‍ നിന്നും ജനങ്ങളെ മോചിപ്പിക്കുക ഈ രാജ്യങ്ങളിലെ ജനാധിപത്യ സര്‍ക്കാരുകള്‍ ദൗത്യമായി ഏറ്റെടുത്തു. ക്യൂബയുടെ പാത പിന്‍തുടര്‍ന്നു ഭൂപരിഷ്‌കരണവും ദേശസാല്‍ക്കരണവും നടപ്പാക്കാന്‍ വെനിസ്വലയും ബൊളീവ്യയും തയ്യാറായെങ്കില്‍ ബ്രസീലും ചിലിയും മറ്റും മുതലാളിത്ത കമ്പോള സമ്പദ്ഘടന കെട്ടിപ്പടുത്തുകൊണ്ടുതന്നെ ഏറ്റവും അടിത്തട്ടില്‍ കഴിയുന്ന ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താനുള്ള പരിപാടികളാണ് നടപ്പാക്കിയത്. ബ്രസീലില്‍ ഇതിന് നേതൃത്വം നല്‍കിയത് വര്‍ക്കേഴ്‌സ് പാര്‍ട്ടി നേതാവായ ലുല ഡസില്‍വയാണ്. എട്ടു വര്‍ഷം പ്രസിഡന്റ് സ്ഥാനം വഹിച്ച ലുലയുടെ പിന്‍ഗാമിയായി വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ദില്‍മ റൗസെഫ് തിരഞ്ഞെടുക്കപ്പെട്ടത് ബ്രസീലിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ വിജയവും അമേരിക്കയുടെ ആധിപത്യ പദ്ധതികള്‍ക്കേറ്റ തിരിച്ചടിയുമാണ്. ബ്രസീലിന്റെ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റാണ് ദില്‍മ. വിദ്യാര്‍ഥിയായിരുന്നപ്പോള്‍ പട്ടാള സ്വേച്ഛാധിപത്യത്തിനെതിരായ പോരാട്ടത്തില്‍ സജീവ പങ്കുവഹിച്ച ദില്‍മ തീവ്ര ഇടതുപക്ഷ സംഘടനയുടെ പ്രവര്‍ത്തകയായിരുന്നു. പട്ടാള ഭരണം അവരെ ജയിലിലടച്ചു; ക്രൂരമായി പീഡിപ്പിച്ചു. 1989 ല്‍ പട്ടാള ഭരണം അവസാനിച്ചശേഷം, പുതിയ ബ്രസീലിനു വേണ്ടിയുള്ള ഇടതു ജനാധിപത്യ ശക്തികളുടെ സമരങ്ങളില്‍ അവര്‍ പങ്കാളിയായി. ലുല വര്‍ക്കേഴ്‌സ് പാര്‍ട്ടിക്ക് രൂപം നല്‍കിയപ്പോള്‍ ദില്‍മ അതിലെ സജീവ അംഗമായി. സാമ്പത്തിക ശാസ്ത്രത്തില്‍ പ്രാവീണ്യം നേടിയ ദില്‍മ പ്രസിഡന്റ് ലുലയുടെ ദാരിദ്ര്യ നിര്‍മ്മാര്‍ജന പരിപാടി നടപ്പാക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചു. ഇരുപതു കോടിയോളം ജനസംഖ്യയുള്ള ബ്രസീലില്‍ മൂന്നു കോടിയിലധികം പേരെ ദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിക്കാന്‍ ലുലയുടെ ഭരണത്തിനു കഴിഞ്ഞിരുന്നു. പാവപ്പെട്ടവര്‍ക്കിടയില്‍ ലുലയുടെ ജനസമ്മതിക്കും അംഗീകാരത്തിനുമുള്ള പ്രധാന ഘടകവും ദാരിദ്ര്യ നിര്‍മ്മാര്‍ജന പരിപാടി തന്നെയായിരുന്നു.

ലുലയുടെ നയങ്ങള്‍ തുടരുമെന്ന് പ്രഖ്യാപിച്ച ദില്‍മ എല്ലാവര്‍ക്കും വിദ്യാഭ്യാസവും തൊഴിലും ആരോഗ്യ പരിരക്ഷയും പാര്‍പ്പിടവും ഉറപ്പാക്കിക്കൊണ്ട് ജനാധിപത്യം ശക്തിപ്പെടുത്തുകയും സാമൂഹ്യ സമത്വം കൈവരിക്കുകയും ചെയ്യുകയാണ് തന്റെ ലക്ഷ്യമെന്ന് തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നപ്പോള്‍ പറയുകയുണ്ടായി. ഈ ലക്ഷ്യങ്ങള്‍ നേടാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ നയങ്ങളില്‍ പല മാറ്റങ്ങളും ആവശ്യമാണ്. ദില്‍മയെ പിന്തുണച്ച ഇടതുപക്ഷ പാര്‍ട്ടികളും ശക്തികളും അത്തരം മാറ്റങ്ങള്‍ക്കു വേണ്ടിയുള്ള സമ്മര്‍ദ്ദം തുടരുകയും ചെയ്യും.

മുതലാളിത്ത കമ്പോള സമ്പദ്ഘടനയില്‍ ഉറച്ചുനില്‍ക്കുമ്പോള്‍തന്നെ അമേരിക്കയുടെ സാമ്പത്തിക ആധിപത്യ നയങ്ങളെ ബ്രസീല്‍ എതിര്‍ക്കുന്നുണ്ട്. ഇന്ത്യ ഉള്‍പ്പടെയുള്ള വികസ്വര രാജ്യങ്ങളുമായി കൂടുതല്‍ അടുത്ത ബന്ധങ്ങള്‍ ഊട്ടി വളര്‍ത്താന്‍ ബ്രസീല്‍ ശ്രമിക്കുന്നു. ബ്രസീലും ഇന്ത്യയും റഷ്യയും ചൈനയും ഉള്‍പ്പെടുന്ന 'ബ്രിക്' ഇന്ന് ലോകരംഗത്ത് അവഗണിക്കാനാവാത്ത കൂട്ടായ്മയാണ്. ലുലയുടെ നയങ്ങളുടെ ശക്തയായ വക്താവ് ബ്രസീലിന്റെ പുതിയ പ്രസിഡന്റാവുന്നത് ഇന്ത്യയുടെ താല്‍പര്യങ്ങള്‍ക്കനുഗുണമാണ്.

ലുല പിന്തുടര്‍ന്ന ജനാധിപത്യപരവും പരിമിതവുമായ നയങ്ങള്‍ പോലും അമേരിക്കയ്ക്ക് ഹിതകരമല്ല. അതുകൊണ്ടാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ദില്‍മയെ എതിര്‍ത്ത സോഷ്യല്‍ ഡമോക്രാറ്റുകളുടെ സ്ഥാനാര്‍ഥിയായ ജോസ്‌സെറയ്ക്ക് അമേരിക്കന്‍ മാധ്യമങ്ങള്‍ പിന്തുണ നല്‍കിയത്. ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ രാജ്യമായ ബ്രസീല്‍ അതിവേഗം കരുത്തുള്ള സാമ്പത്തിക ശക്തിയായി വളരുകയാണ്. ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ ആടി ഉലയാതെ പിടിച്ചുനില്‍ക്കാനും വളര്‍ച്ചനേടാനും കഴിഞ്ഞ ചുരുക്കം ചില രാജ്യങ്ങളിലൊന്ന് ബ്രസീലാണ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇടതു ജനാധിപത്യ ചേരി നേടിയ വിജയം ലോകമെമ്പാടുമുള്ള ജനാധിപത്യ ശക്തികള്‍ക്ക് ആവേശം പകരും.

ജനയുഗം മുഖപ്രസംഗം

Monday, October 4, 2010

സിഐഎയ്ക്ക് എന്തുകാര്യം?

ഇന്ത്യയുടെ സര്‍വതും അമേരിക്കന്‍ കാല്‍ച്ചുവട്ടില്‍ അടിയറവയ്ക്കുകയാണ് മന്‍മോഹന്‍സര്‍ക്കാര്‍. ഒരുവശത്ത് കരാറുകളിലൂടെ, മറുവശത്ത് വിദേശനയത്തിലെ തകിടംമറിയലുകളിലൂടെ, വേറൊരു വശത്ത് സാമ്രാജ്യത്വത്തിന് രക്ഷകസ്ഥാനം കല്‍പ്പിച്ചുകൊടുക്കുന്നതിലൂടെ. ഈ നാടിന്റെ നിയമസമാധാനം സംരക്ഷിക്കേണ്ട കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ തലവന്‍ ലയണല്‍ പനേറ്റയുമായി ചര്‍ച്ചചെയ്ത് കാര്യങ്ങള്‍ തീരുമാനിക്കേണ്ട ഗതികേടാണ് വന്നിരിക്കുന്നത്. ആഭ്യന്തരമന്ത്രി പി ചിദംബരം, ആഭ്യന്തര സെക്രട്ടറി ജി കെ പിള്ള, 'ഇന്റലിജന്‍സ് ബ്യൂറോ തലവന്‍ മാഥൂര്‍, റോ തലവന്‍ എ കെ വര്‍മ എന്നിവരുമായാണ് സിഐഎ തലവന്‍ രഹസ്യചര്‍ച്ചകള്‍ നടത്തിയത്.

പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ അമേരിക്കാസന്ദര്‍ശനത്തിന്റെ തൊട്ടടുത്ത ആഴ്ചയാണ് സിഐഎ തലവന്റെ വരവ് എന്ന പ്രത്യേകതയുമുണ്ട്. പനേറ്റയുടെ സന്ദര്‍ശനം എന്തിന്, എന്തൊക്കെയായിരുന്നു ചര്‍ച്ചാവിഷയങ്ങള്‍ എന്ന് യുപിഎ സര്‍ക്കാര്‍ ജനങ്ങള്‍ക്കുമുന്നില്‍ വിശദീകരിക്കേണ്ടതുണ്ട്. ലോകത്തെ ഏറ്റവും വലിയ ക്രിമിനല്‍ ഗൂഢാലോചകരുടെ സംഘമാണ് സിഐഎ. സാമ്രാജ്യത്വത്തിനുവേണ്ടി കലാപങ്ങളും കൂട്ടക്കുരുതിയും രാഷ്ട്രീയ കൊലപാതകങ്ങളും നടത്തുന്ന ആ സംഘവുമായി ഇന്ത്യയുടെ സമുന്നതനേതൃത്വം നടത്തുന്ന ഏത് ഇടപാടും ഈ രാജ്യത്തിനോ ജനങ്ങള്‍ക്കോ നല്ലതിനുള്ളതല്ല. ഇന്ത്യയെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ അടിമരാജ്യമാക്കാനുള്ള പല പല നീക്കത്തില്‍ ഒന്നായേ ഇതിനെ കാണാനാകൂ.

ദേശാഭിമാനി മുഖപ്രസംഗം 04102010

Sunday, September 5, 2010

ഇറാഖ് യുദ്ധം കൊണ്ട് അമേരിക്ക എന്തുനേടി?

2003 മാര്‍ച്ചിലാണ് ഇറാഖിനെതിരെ സൈനികാക്രമണംനടത്താന്‍ ബുഷ് ഭരണകൂടം തീരുമാനിച്ചത്. രണ്ടാഴ്ചകൊണ്ട് ഇറാഖിനെ പൂര്‍ണമായും കീഴ്പ്പെടുത്തി യുദ്ധം അവസാനിപ്പിക്കാന്‍ കഴിയുമെന്നായിരുന്നു ബുഷിന്റെ കണക്കുകൂട്ടല്‍. ഏഴുവര്‍ഷം കഴിഞ്ഞിട്ടും ഇറാഖിജനതയുടെ ധീരമായ ചെറുത്തുനില്‍പ്പ് തുടരുകയാണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നേട്ടംകൊയ്യാനാണ് സദ്ദാം ഹുസൈനെ പിടികൂടി പരസ്യമായി തൂക്കികൊന്നത്. എന്നാല്‍, ജോര്‍ജ് ബുഷിന്റെ പാര്‍ടി തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടു. ഡെമോക്രാറ്റുകാരനായ ബറാക് ഒബാമ ജയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരവേലയ്ക്കിടയില്‍ താന്‍ അധികാരത്തില്‍ വന്നാല്‍ ഇറാഖ് യുദ്ധം അവസാനിപ്പിക്കുമെന്നും അമേരിക്കന്‍ സൈന്യത്തെ ഇറാഖില്‍നിന്ന് പിന്‍വലിക്കുമെന്നും പ്രഖ്യാപിച്ചു. അധികാരത്തില്‍വന്ന് ഒന്നരവര്‍ഷം കഴിഞ്ഞപ്പോള്‍ അന്നത്തെ പ്രഖ്യാപനം നടപ്പില്‍വരുത്തുകയാണ്. 2010 സെപ്തംബര്‍ ഒന്നിനുമുമ്പ് സൈന്യത്തെ പിന്‍വലിക്കുമെന്നായിരുന്നു ഒടുവിലത്തെ പ്രഖ്യാപനം. ഒരു ലക്ഷം അമേരിക്കന്‍ സേനയെ പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. 50,000 അമേരിക്കന്‍ സേനാംഗങ്ങള്‍ തുടര്‍ന്നും ഇറാഖില്‍ നിലയുറപ്പിക്കും. 2011 ഒടുവില്‍ അവശേഷിക്കുന്നവരെയും പിന്‍വലിക്കുമെന്നും ഭരണം ജനങ്ങള്‍ക്ക് വിട്ടുകൊടുക്കുമെന്നുമാണ് പറയുന്നത്. ഇറാഖിലെ എണ്ണയുടെ 60 ശതമാനം ഇപ്പോള്‍ വിദേശികളുടെ കൈകളിലാണ്. അമേരിക്കന്‍സേന 2015 വരെ തുടരണമെന്ന് വൈസ്പ്രസിഡന്റ് വാദിക്കുന്നുണ്ട്. അമേരിക്ക ഇറാഖിനെ സ്വതന്ത്രമായി തുടരാന്‍ അനുവദിക്കുമെന്ന് പറയാന്‍ കഴിയുന്നില്ല.

ഇറാഖ് ഒരു സ്വതന്ത്രപരമാധികാര രാഷ്ട്രമായിരുന്നു. 4,38,446 ചതുരശ്ര കിലോമീറ്ററാണ് വിസ്തീര്‍ണം. ജനസംഖ്യ 2,89,45,657 മാത്രം. ജനങ്ങളില്‍ 60 ശതമാനം സുന്നികളും 32 ശതമാനത്തിലധികം ഷിയാക്കളുമാണ്. കുര്‍ദ് വിഭാഗക്കാരുമുണ്ട്. വംശീയവിദ്വേഷം വളര്‍ത്തി ജനങ്ങളെ ഭിന്നിപ്പിച്ച് മുതലെടുക്കാനായിരുന്നു പതിവുപോലെ ഇവിടെയും സാമ്രാജ്യത്വ ശക്തികള്‍ ശ്രമിച്ചത്. മെസോപൊട്ടോമിയ എന്ന പേരില്‍ അറിയപ്പെട്ട പുരാതന രാജ്യമാണ് പിന്നീട് ഇറാഖായി മാറിയത്. യൂഫ്രട്ടീസ്, ട്രൈഗ്രീസ് നദീതീരത്തെ മെസോപൊട്ടോമിയന്‍ സംസ്കാരം മഹത്തായ ഒന്നായി കരുതപ്പെടുന്നു. ഈ മഹത്തായ രാജ്യത്തെയാണ് ഏഴുവര്‍ഷംകൊണ്ട് സൈനികാക്രമണത്തിലൂടെ തകര്‍ത്തുകളഞ്ഞത്. 1991ല്‍ സോവിയറ്റ് യൂണിയനിലും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തിരിച്ചടി നേരിട്ടതോടെ ഇരുധ്രുവലോകം ഏകധ്രുവലോകമായി മാറി. ഏകധ്രുവലോകത്തിന്റെ നായകസ്ഥാനം അമേരിക്കന്‍ കൈകളിലമര്‍ന്നു. ഈ പുതിയ സാഹചര്യം ഉപയോഗപ്പെടുത്തിയാണ് സാമ്പത്തികമായും സൈനികമായും രാഷ്ട്രീയമായും ലോകാധിപത്യം ഉറപ്പിക്കാന്‍ അമേരിക്കന്‍ സാമ്രാജ്യത്വം ഒരുങ്ങിപ്പുറപ്പെട്ടത്. സാമ്രാജ്യത്വ സാമ്പത്തികനയം ആവിഷ്കരിച്ച് നടപ്പാക്കി. എണ്ണയുടെ രാജ്യമായ ഇറാഖിനെ സൈനികമായി ആക്രമിച്ച് കീഴ്പ്പെടുത്താന്‍ ശ്രമം തുടങ്ങി. ഇറാഖിന്റെ കൈയില്‍ മാനവരാശിയെ കൂട്ടത്തോടെ കൊന്നൊടുക്കാനുള്ള ആയുധക്കൂമ്പാരമുണ്ടെന്ന ആരോപണമുന്നയിച്ചു. ഐക്യരാഷ്ട്രസഭയുടെ അന്വേഷണസംഘം ഇറാഖ് സന്ദര്‍ശിച്ച് പരിശോധിച്ചെങ്കിലും ആയുധം കണ്ടെത്തിയില്ല. ആയുധം ഒളിപ്പിച്ചെന്നാരോപിച്ച് സൈനികാക്രമണം നടത്തുകയാണ് അമേരിക്ക ചെയ്തത്. ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയുടെ അനുമതികൂടാതെ ഏകപക്ഷീയമായിട്ടായിരുന്നു ആക്രമണം. ആകാശത്തുനിന്ന് ബോംബ് വര്‍ഷിച്ചു. കരസേനയും നാവികസേനയും ആക്രമണത്തില്‍ പങ്കെടുത്തു. ഇറാഖിജനത പരിമിതമായ കഴിവ് ഉപയോഗിച്ച് ചെറുത്തുനിന്നു. കീഴടങ്ങാന്‍ മനസ്സില്ലെന്ന് അവര്‍ പ്രഖ്യാപിച്ചു. 4400 അമേരിക്കന്‍ പട്ടാളക്കാരാണ് ഇറാഖിന്റെ മണ്ണില്‍ കൊല്ലപ്പെട്ടത്. ഒരുലക്ഷം ഇറാഖി പൌരന്മാരും വധിക്കപ്പെട്ടു.

ഒരുലക്ഷം കോടി ഡോളറാണ് അമേരിക്കയ്ക്ക് യുദ്ധത്തിനായി ചെലവഴിക്കേണ്ടിവന്നത്. അമേരിക്കയുടെ ബജറ്റ്കമ്മി പെരുകി. യുദ്ധച്ചെലവ് പതിന്മടങ്ങ് വര്‍ധിച്ചു. സാമ്പത്തിക പ്രതിസന്ധി മൂര്‍ച്ഛിച്ചു. ഇപ്പോള്‍ ഒബാമ പറയുന്നത് യുദ്ധത്തില്‍നിന്ന് തലയൂരുകയാണെന്നാണ്. ഇനിയുള്ള നാളുകളില്‍ അമേരിക്കയുടെ സാമ്പത്തിക തകര്‍ച്ചയില്‍നിന്ന് കരകയറി പൂര്‍വസ്ഥിതിയിലെത്തിക്കാനും അമേരിക്കന്‍ ജനതയ്ക്ക് നഷ്ടപ്പെട്ട തൊഴില്‍ തിരിച്ച് നല്‍കാനും ശ്രമിക്കുമെന്നാണ്. അമേരിക്കയ്ക്ക് ഇറാഖ് യുദ്ധം നഷ്ടക്കച്ചവടമാണെന്നതില്‍ സംശയമില്ല. അമേരിക്കയ്ക്ക് മാത്രമല്ല ജോര്‍ജ് ബുഷിന്റെ വലംകൈയായി പ്രവര്‍ത്തിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ളെയറിനും തെരഞ്ഞെടുപ്പില്‍ പരാജയത്തിന്റെ കയ്പുനീര്‍ കുടിക്കേണ്ടിവന്നു. ബ്രിട്ടന്റെ സാമ്പത്തികനില തകര്‍ന്നു. വിയറ്റ്നാം യുദ്ധത്തിന്റെ അനുഭവത്തില്‍ പാഠം പഠിക്കാന്‍ കൂട്ടാക്കാത്ത അമേരിക്കന്‍ സാമ്രാജ്യത്വ അധിപന്മാര്‍ക്ക് ഇറാഖ് യുദ്ധവും ഒരു പാഠമായിരിക്കുമെന്ന് കരുതാം. ഇറാഖിലെ ധീര ദേശാഭിമാനികളെ അഭിവാദ്യംചെയ്യാം. 4400 അമേരിക്കന്‍ പട്ടാളക്കാരുടെ വിലപ്പെട്ട ജീവന്‍ എന്തിന് ഇറാഖിന്റെ മണ്ണില്‍ ഹോമിച്ചുവെന്നതിന് സാമ്രാജ്യത്വ ഭരണാധികാരികള്‍ ഉത്തരം പറയേണ്ടിവരും.

deshabhimani editorial 04092010

Saturday, September 4, 2010

ഇറാഖ് ആക്രമണത്തിന്റെ ബാക്കിപത്രം

ഇറാഖിലെ അമേരിക്കയുടെ ദൗത്യം പൂര്‍ത്തീകരിച്ചുകഴിഞ്ഞുവെന്നും സൈന്യത്തെ പന്‍വലിക്കുകയാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമ പ്രഖ്യാപിച്ചിരിക്കുന്നു. അമേരിക്കയുടെ കാപട്യത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും കൊടും ക്രൂരതകളുടെയും ബാക്കിപത്രമായി ഇറാഖിനെ അവശേഷിപ്പിച്ചുകൊണ്ടാണ് അമേരിക്കന്‍ പട്ടാളത്തെ പിന്‍വലിക്കുന്നത്. അപ്പോഴും തങ്ങുടെ കാപട്യവും ഗൂഢഅജണ്ടയും അമേരിക്ക കൈവിടാതെ സൂക്ഷിക്കുന്നുണ്ട്. ഇറാഖില്‍ നിന്ന് ഏകദേശം ഒരു ലക്ഷം സൈനികരെ പിന്‍വലിച്ചുവെന്നും അവശേഷിക്കുന്ന അമ്പതിനായിരത്തോളം പേര്‍ ഇറാഖി പട്ടാളക്കാരെ പരിശീലിപ്പിക്കുന്നതിനായി അവിടെ നിലകൊള്ളുമെന്നുമാണ് ഒബാമ പറയുന്നത്. ഇറാഖിലെ സൈനികരുടെ എണ്ണം ഏതാണ്ട് രണ്ടര ലക്ഷമാണ്. അവരെ പരിശീലിപ്പിക്കുവാന്‍ അരലക്ഷം അമേരിക്കന്‍ സൈനികര്‍. അഞ്ച് ഇറാഖി പട്ടാളക്കാര്‍ക്ക് ഒരു അമേരിക്കന്‍ സൈനികന്‍.

തങ്ങളുടെ അധീനതയിലായിക്കഴിഞ്ഞ ഇറാഖ് എന്നെങ്കിലും വഴുതിപ്പോവുമോയെന്ന ശങ്കയാണ് അമേരിക്കന്‍ പട്ടാളക്കാരെ ഇനിയും ഇറാഖില്‍ നിലനിര്‍ത്തുന്നതിന്റെ കാരണം. ഇറാഖില്‍ സ്വാതന്ത്ര്യം പുനഃസ്ഥാപിച്ചുവെന്നും രാജ്യസുരക്ഷ ഉള്‍പ്പെടെയുള്ള കടമകള്‍ ഇനി ഇറാഖ് ജനത നിര്‍വഹിക്കുമെന്നുമാണ് ഒബാമയുടെ അവകാശവാദം. എന്നാല്‍ ഇറാഖിനെ തകര്‍ത്തു തരിപ്പണമാക്കുകയും ഒരു രാഷ്ട്രത്തെയും ജനതയെയും ദുര്‍ഘടസന്ധിയിലാക്കുകയുമാണ് അമേരിക്കയുടെ അധിനിവേശ ഭ്രാന്ത് ചെയ്തത്.

മാനവ സംസ്‌കാരങ്ങളില്‍ പ്രഥമഗണനീയമായ മെസപ്പെട്ടോമിയന്‍ സംസ്‌കാരത്തെ തന്നെ ഇല്ലായ്മ ചെയ്തതാണ് അമേരിക്ക അഴിച്ചുവിട്ട യുദ്ധം. പത്തു ലക്ഷത്തോളം ഇറാഖ് പൗരന്‍മാര്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. യഥാര്‍ഥത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതിലും എത്രയോ അധികമാണ്. പിഞ്ചു കുഞ്ഞുങ്ങളെയും സ്ത്രീകളെയും പോലും നിര്‍ദ്ദയം കൊലപ്പെടുത്തി. പരിക്കേറ്റവരുടെയും അനാഥരായവരുടെയും എണ്ണത്തിന് കണക്കില്ല. 22 ലക്ഷത്തിലധികം ഇറാഖികള്‍ നാടുവിട്ടോടേണ്ടി വന്നു.

ഇറാഖിലെ തൊഴിലില്ലായ്മ അറുപത് ശതമാനത്തിലധികമാണ്. എഴുപത് ശതമാനം ജനങ്ങള്‍ക്കും ശുദ്ധജലം ലഭ്യമല്ല. വിലക്കയറ്റം അമ്പത് ശതമാനത്തിലും ഏറെയാണ്. സ്വാതന്ത്ര്യം പുനഃസ്ഥാപിച്ചു എന്നതുതന്നെ വലിയ ഫലിതമാണ്. അമേരിക്ക നിയന്ത്രിക്കുന്ന പാവ സര്‍ക്കാരിനെ അവരോധിക്കുക മാത്രമാണ് ചെയ്തത്. അമേരിക്കന്‍ സൈന്യം ഏഴുവര്‍ഷത്തെ അധിനിവേശത്തിന് ശേഷം ഇറാഖ് വിട്ടിറങ്ങുമ്പോഴുളള ചിത്രമിതാണ്.

അമേരിക്കയുടെ സൈനിക പിന്‍മാറ്റം മഹദ്കാര്യമായാണ് ഒബാമ ചിത്രീകരിക്കുന്നത്. എന്നാല്‍ സൈന്യത്തെ പിന്‍വലിക്കാന്‍ അമേരിക്ക നിര്‍ബന്ധിതമാവുകയായിരുന്നു. ബുഷ് പ്രസിഡണ്ടായിരിക്കുമ്പോള്‍ തന്നെ സൈന്യത്തെ പിന്‍വലിക്കണമെന്ന ആവശ്യം അമേരിക്കന്‍ ജനതയ്ക്കിടയില്‍ ഉയര്‍ന്നിരുന്നു. തെരുവുകളില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനങ്ങളും നടന്നിരുന്നു. ഒബാമ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ടഭ്യര്‍ഥിക്കുമ്പോള്‍ ഇറാഖില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുമെന്ന് വാഗ്ദാനവും നല്‍കിയിരുന്നു.

4420 അമേരിക്കന്‍ പട്ടാളക്കാരാണ് ഇറാഖില്‍ കൊല്ലപ്പെട്ടത്. 31926 പേര്‍ക്ക് പരിക്കേറ്റു. മുപ്പത് ശതമാനത്തോളം അമേരിക്കന്‍ പട്ടാളക്കാര്‍ മാനസിക രോഗികളായി മടങ്ങിപ്പോവേണ്ടി വന്നു. അമേരിക്ക സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിച്ചപ്പോഴും 36 ലക്ഷം കോടി രൂപയാണ് യുദ്ധത്തിനായി ചെലവിട്ടത്. അമേരിക്കന്‍ ജനതയ്ക്കിടയില്‍ സ്വാഭാവികമായും അമര്‍ഷം ശക്തിപ്പെട്ടതാണ് സേനാ പിന്‍മാറ്റത്തിന്റെ കാരണം.

ഇനി തങ്ങളുടെ ശ്രദ്ധ അഫ്ഗാനിസ്ഥാന്‍-പാകിസ്ഥാന്‍ അതിര്‍ത്തി പ്രദേശങ്ങളിലായിരിക്കുമെന്നാണ് ഒബാമ പ്രഖ്യാപിച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാന്റെ ചിത്രവും മറ്റൊന്നല്ല. അമേരിക്ക, ബിന്‍ലാദനെ പിടികൂടാനെന്ന പേരില്‍ നടത്തുന്ന യുദ്ധത്തില്‍ ആയിരക്കണക്കിന് നിരപരാധികള്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാന്‍ അതിദയനീയാവസ്ഥയില്‍ ചെന്നുപെട്ടു. ഭീകരവാദത്തിന്റെ പേരില്‍ അമേരിക്ക അഫ്ഗാനിസ്ഥാനെ തകര്‍ത്തെങ്കിലും അവിടെ ഭീകരവാദം കൂടുതല്‍ ശക്തിപ്പെടുകയാണ് ചെയ്തത്. അഫ്ഗാനിസ്ഥാനെ കൂടുതല്‍ രൂക്ഷമായ നിലയില്‍ അധപ്പതിപ്പിക്കുവാന്‍ മാത്രമേ അഫ്ഗാനില്‍ അമേരിക്കന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുകൊണ്ട് കഴിയുകയുള്ളൂ.

അമേരിക്കയുടെ അധിനിവേശഭ്രാന്തും യുദ്ധക്കൊതിയും ഉപേക്ഷിക്കുകയാണ് ലോകസമാധാനത്തിന് ഏറ്റവും അനിവാര്യം. സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയ ഒബാമ തനിക്കു കിട്ടിയ പുരസ്‌കാരത്തോട് നീതിപുലര്‍ത്താനെങ്കിലും അത്തരമൊരു നയം സ്വീകരിക്കുകയാണ് വേണ്ടത്.

ജനയുഗം മുഖപ്രസംഗം 03092010

Thursday, July 29, 2010

ഭീകരവിരുദ്ധ യുദ്ധത്തിന്റെ തനിനിറം

ഭീകരതയ്‌ക്കെതിരായ യുദ്ധം എന്ന പേരില്‍ അമേരിക്കന്‍ ഐക്യനാടുകളുടെ നേതൃത്വത്തില്‍ നടന്നുവരുന്ന സൈനിക ആഭാസത്തിന്റെ പൊള്ളത്തരം ഒരിക്കല്‍ക്കൂടി വെളിച്ചത്തുകൊണ്ടുവരുന്നതാണ്‌, ഇക്കഴിഞ്ഞ ദിവസത്തെ സൈനിക രഹസ്യ ചോര്‍ച്ച. വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെ, ഭീകരവാദികളെ ഊട്ടിവളര്‍ത്തിയവര്‍ തന്നെ അതിനെതിരെ പടപ്പുറപ്പാടു നടത്തുന്നതിലെ അപഹാസ്യത ഒരു ദശകത്തോളമായി ലോകം കണ്ടുകൊണ്ടിരിക്കുന്നു. അങ്ങേയറ്റം ഇരട്ടത്താപ്പു നിറഞ്ഞതും ആത്മാര്‍ഥത തൊട്ടുതീണ്ടാത്തതുമായ ഈ സൈനിക നടപടിയുടെ പ്രചോദനം യുദ്ധവെറി മാത്രമാണെന്ന്‌ പല കേന്ദ്രങ്ങളും നേരത്തെ ചൂണ്ടിക്കാണിച്ചതാണ്‌. ഇക്കാര്യം ബോധ്യപ്പെട്ടതുകൊണ്ടുതന്നെ, `ഭീകരതയ്‌ക്കെതിരായ യുദ്ധം' തുടങ്ങിയപ്പോള്‍ കൂടെയുണ്ടായിരുന്ന പലരും ഫലത്തില്‍ അതിനോടു സലാം പറഞ്ഞിരിക്കുന്നു. ഇപ്പോള്‍ അങ്കിള്‍ സാമും സാമിന്റെ കാല്‍ച്ചുവട്ടില്‍ കിടക്കുന്ന ഏതാനും തൊമ്മിരാഷ്‌ട്രങ്ങളുമാണ്‌ അഫ്‌ഗാനിസ്ഥാനിലും ഇറാഖിലുമൊക്കെയായി നടന്നുവരുന്ന, അധിനിവേശത്തിന്റെ തുടര്‍നടപടികളില്‍ പങ്കാളികളായുള്ളത്‌. മാനവരാശിയുടെ രക്ഷയ്‌ക്കെന്ന പേരില്‍ അവര്‍ കാട്ടിക്കൂട്ടുന്ന തട്ടിപ്പുകളുടെയും ക്രൂരതകളുടെയും സ്ഥിരീകരണമാണ്‌, അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക രഹസ്യ ചോര്‍ച്ചയിലൂടെ ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്‌.

`ഭീകരതയ്‌ക്കെതിരായ യുദ്ധ'വുമായി ബന്ധപ്പെട്ട തൊണ്ണൂറ്റി രണ്ടായിരത്തോളം രഹസ്യ സൈനിക രേഖകളാണ്‌ വിക്കിലീക്ക്‌സ്‌ എന്ന വെബ്‌ സൈറ്റ്‌ പുറത്തുകൊണ്ടുവന്നിരിക്കുന്നത്‌. അഫ്‌ഗാനിസ്ഥാനിലെ അധിനിവേശ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടുപോവുന്നതിന്‌ സ്വന്തം ജനതയ്‌ക്കും ലോകത്തിനും മുന്നില്‍ അമേരിക്കന്‍ ഭരണകൂടം നിരന്തരമായി പറഞ്ഞുകൊണ്ടിരുന്ന നുണകളെ തുറന്നുകാട്ടുന്നതാണ്‌ ഈ രേഖകള്‍. അമേരിക്കയും നാറ്റോ സൈന്യവും അഫ്‌ഗാനില്‍ നടത്തിക്കൊണ്ടിരിക്കുന്ന നരവേട്ടയുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ അവയിലുണ്ട്‌. അഫ്‌ഗാന്‍ അധിനിവേശത്തില്‍ ജീവന്‍ നഷ്‌ടമായ സിവിലിയന്‍മാരുടെ എണ്ണം പുറത്തുവന്നതിനേക്കാള്‍ എത്രയോ അധികമാണെന്ന്‌ രേഖകള്‍ വെളിപ്പെടുത്തുന്നു. ഒസാമ ബിന്‍ ലാദനേയും മുല്ലാ ഒമറിനേയും ലക്ഷ്യമിട്ടുള്ള യുദ്ധത്തില്‍ അഫ്‌ഗാന്‍ ഗ്രാമങ്ങളെ ചുട്ടുപൊടിക്കുകയായിരുന്നു, അമേരിക്കന്‍ പട്ടാളക്കാര്‍. തകര്‍ന്നു തരിപ്പണമായ ഒരു രാജ്യത്ത്‌, തങ്ങളുടെ ഇച്ഛയ്‌ക്കൊത്തു ചലിക്കുന്ന പാവ സര്‍ക്കാരിനെ അവരോധിക്കാനായെന്നതില്‍ കവിഞ്ഞ്‌ എന്തെങ്കിലും `നേട്ടം' ചൂണ്ടിക്കാട്ടാന്‍ അമേരിക്കയ്‌ക്കാവില്ല. മുല്ല ഒമറും ഒസാമയും ഹിന്ദുക്കുഷിലെയോ വസീരിസ്ഥാനിലെയോ ഒളിയിടങ്ങളിലുണ്ടെന്ന്‌ അമേരിക്കന്‍ നേതാക്കള്‍ തന്നെ നാഴികയ്‌ക്കു നാല്‍പ്പതുവട്ടമെന്നോണം ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നു. `ഭീകരതയ്‌ക്കെതിരായ യുദ്ധം' തുടങ്ങിയ ശേഷം ലോകമെങ്ങും കൂടുതല്‍ ഭീകരാക്രമണങ്ങള്‍ നടക്കുകയും ഭീകര സംഘടനകള്‍ മുളച്ചുപൊന്തുകയുമാണുണ്ടായത്‌. എല്ലാ അര്‍ഥത്തിലും തോറ്റുപോയ ഈ `യുദ്ധം' ജനതകള്‍ക്കു മേലുള്ള തെമ്മാടിത്തം മാത്രമായി തുടര്‍ന്നുകൊണ്ടുപോവുകയാണ്‌, അമേരിക്ക ചെയ്‌തുകൊണ്ടിരിക്കുന്നതെന്ന്‌ വിക്കിലീക്ക്‌സ്‌ പ്രസിദ്ധീകരിച്ച രേഖകള്‍ വ്യക്തമാക്കുന്നു.

ഇതിനേക്കാളെല്ലാം ഗൗരവമാര്‍ന്നതാണ്‌, `ഭീകരതയ്‌ക്കെതിരായ യുദ്ധ'ത്തില്‍ പാകിസ്‌ഥാന്റെ ഇരട്ടമുഖത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍. യുദ്ധത്തില്‍ അമേരിക്കയുടെ മുഖ്യ പങ്കാളിയായ പാകിസ്ഥാന്‍ കോടിക്കണക്കിനു ഡോളറിന്റെ യു എസ്‌ സഹായവും ആയുധങ്ങളും പറ്റിക്കൊണ്ടിരിക്കുകയും അവ താലിബാനെയും മറ്റ്‌ ഭീകര സംഘടനകളെയും ശക്തിപ്പെടുത്താന്‍ ഉപയോഗിക്കുകയുമാണെന്ന്‌ രേഖകള്‍ വ്യക്തമാക്കുന്നു. രഹസ്യ സൈനിക റിപ്പോര്‍ട്ടുകളിലൂടെ ഇക്കാര്യം അറിഞ്ഞിട്ടും പാകിസ്ഥാനുള്ള സഹായം തുടരുകയാണ്‌ അമേരിക്കന്‍ ഭരണാധികാരികള്‍ ചെയ്‌തത്‌. ഭീകരതയെ ഇല്ലാതാക്കുകയല്ല, മേഖലയെ കലുഷിതമാക്കി നിര്‍ത്തുകയും അതുവഴി ആയുധക്കച്ചവടം കൊഴുപ്പിക്കുകയുമാണ്‌ യാങ്കികളുടെ ലക്ഷ്യമെന്നതിന്‌ മറ്റെന്തു തെളിവാണ്‌ വേണ്ടത്‌?

തങ്ങളുടെ സ്ഥാപിത താല്‍പര്യം സംരക്ഷിക്കുവാന്‍ ഭീകരതയെ ഉത്‌പാദിപ്പിക്കുകയും വളര്‍ത്തുകയും ചെയ്യുന്ന അമേരിക്കയുടെ മുഖമാണ്‌ അനാവൃതമാക്കപ്പെട്ടിരിക്കുന്നത്‌. ഇന്ത്യയ്‌ക്കെതിരായി നിരന്തരം നീക്കങ്ങള്‍ ആസൂത്രണം ചെയ്യുന്ന പാകിസ്ഥാന്‌ ആയുധവും പണവും നല്‍കുന്നതില്‍ നിന്ന്‌ പിന്തിരിയുകില്ലെന്ന്‌ അമേരിക്ക പ്രഖ്യാപിക്കുമ്പോള്‍ അമേരിക്കന്‍ ദാസ്യത്തില്‍ അഭിരമിക്കുന്ന ഇന്ത്യന്‍ ഭരണാധികാരികള്‍ മൗനം പാലിക്കുകയാണ്‌.

`ഭീകരതയ്‌ക്കെതിരായ യുദ്ധ'ത്തിന്റെ പൂച്ചുപുറത്തായിട്ടും അതു തിരുത്താനോ മാനവരാശിയോടു ചെയ്‌ത തെറ്റുകള്‍ക്കു മാപ്പുപറയാനോ അമേരിക്ക തയ്യാറല്ല. മറിച്ച്‌ സൈനിക രഹസ്യം ചോര്‍ന്നതിനെക്കുറിച്ച്‌ അന്വേഷണം നടത്താനാണ്‌ അവര്‍ ഒരുങ്ങുന്നത്‌. അഫ്‌ഗാന്‍ നയത്തില്‍ പിഴവൊന്നുമില്ലെന്നും അതു തുടരുമെന്നും പാകിസ്ഥാനുള്ള സൈനിക സഹായം കുറയ്‌ക്കില്ലന്നും ഒബാമ ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നു. മുന്‍ഗാമികളുടെ പാപഭാണ്ഡം വലിച്ചെറിയാന്‍ കരുത്തില്ലാത്ത, ദുര്‍ബലനായ ഭരണാധികാരിയാണ്‌ താനെന്ന്‌ തെളിയിച്ചുകഴിഞ്ഞിരിക്കുന്നു ബാരക്‌ ഒബാമ. അങ്ങനെയൊരാളില്‍നിന്ന്‌ സൂര്യോദയങ്ങള്‍ പ്രതീക്ഷിക്കാനാവില്ല.

ജനയുഗം മുഖപ്രസംഗം 29072010

Monday, March 22, 2010

അമേരിക്കക്കാര്‍ തെരുവില്‍ ഇറങ്ങുമ്പോള്‍

രണ്ടാം ലോകയുദ്ധത്തില്‍ അമേരിക്കയുടെ ബോംബര്‍ വിമാനങ്ങളിലെ വൈമാനികനായിരുന്നു അന്തരിച്ച ഹൊവാര്‍ഡ് സിന്‍. പില്‍ക്കാലത്ത് സമാധാന പ്രവര്‍ത്തകനും യുദ്ധത്തിനെതിരെ അനുസ്യൂതം കലഹിക്കുന്നയാളുമായി ആ ജനകീയ ചരിത്രകാരന്‍ മാറി. അദ്ദേഹം ഒരഭിമുഖത്തില്‍ ഇങ്ങനെ പറഞ്ഞു:

"സ്വേഛാധിപത്യത്തെയും അധിനിവേശങ്ങളെയും നിശ്ചിന്തരായി നോക്കിനില്‍ക്കാന്‍ ഇനി ഞങ്ങളെ കിട്ടില്ല. നമ്മള്‍ നേരിടുന്ന പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ യുദ്ധമല്ലാതെയുള്ള എല്ലാ മാര്‍ഗവും നമ്മള്‍ തേടും. കാരണം യുദ്ധം അനിവാര്യതയാണ്, വിവേചനരഹിതമായി പാവങ്ങളെ കൂട്ടക്കൊലചെയ്യുന്ന അനിവാര്യത. ഈ ഇരകളില്‍ നല്ലപങ്കും കുട്ടികളാണ്. ഒരോ യുദ്ധവും കുട്ടികള്‍ക്കെതിരെയുള്ള യുദ്ധമാണ്.''

അമേരിക്കയിലെ യുദ്ധവിരുദ്ധ പ്രസ്ഥാനത്തിന് ജീവന്‍ നല്‍കിയ മഹാനായാണ് ഹൊവാഡ് സിന്‍ അനുസ്മരിക്കപ്പെടുന്നത്. നോം ചോംസ്കി വിലയിരുത്തി:

"ഈ യുദ്ധങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഉറക്കെ, പരസ്യമായി, നിര്‍ബന്ധബുദ്ധിയോടെ ആദ്യമായി പറഞ്ഞത് ഹൊവാഡ് സിന്‍ ആയിരുന്നു. വിയത്നാമില്‍ ഒരവകാശവുമില്ലാത്ത സ്ഥിതിക്ക് ഒരുപാധിയുമില്ലാതെ നമ്മള്‍ പിന്മാറണമെന്നും ഇത് അധിനിവേശമാണെന്നും അദ്ദേഹം പറഞ്ഞു.''
ഹൊവാഡ് ആഗ്രഹിച്ച രീതിയില്‍; പ്രവചിച്ച വഴിയില്‍ അമേരിക്കന്‍ ജനത നീങ്ങുകയാണ്. കഴിഞ്ഞ ദിവസം ഇറാഖ് അധിനിവേശത്തിന്റെ ഏഴാം വാര്‍ഷിക നാളില്‍ അമേരിക്കയില്‍ നടന്ന യുദ്ധവിരുദ്ധ ജനകീയ മുന്നേറ്റം ആ രാജ്യത്തിന്റെ പുതിയ അവസ്ഥയെ കുറിക്കുന്നു. 'ആന്‍സ്വര്‍' (ആക്ട് നൌ ടു സ്റ്റോപ്പ് വാര്‍ ആന്‍ഡ് എന്‍ഡ് റേസിസം) എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് വാഷിങ്ടണ്‍ ഡിസിയിലും ലോസ് ആഞ്ചലസ്, സാന്‍ഫ്രാന്‍സിസ്കോ അടക്കമുള്ള വിവിധ സ്ഥലങ്ങളിലും പ്രകടനം നടന്നത്. വൈറ്റ് ഹൌസിനുമുന്നിലെ മതിലില്‍ ഇറാഖിന്റെയും അഫ്ഗാനിസ്ഥാന്റെയും പതാക പുതപ്പിച്ച ശവമഞ്ചങ്ങളുമായി അണിനിരന്ന പ്രകടനക്കാര്‍ മുഴക്കിയ മുദ്രാവാക്യം ഒബാമയെ യുദ്ധക്കുറ്റത്തിന് വിചാരണ ചെയ്യണമെന്നാണ്. വൈറ്റ് ഹൌസിനുമുന്നില്‍നിന്ന് പ്രകടനക്കാര്‍ നീങ്ങിയത് മൂന്നു കേന്ദ്രത്തിലേക്കാണ്. ആദ്യത്തേത് പ്രമുഖ യുദ്ധ കരാറുകാരായ ഹാലി ബര്‍ടന്റെ ആസ്ഥാനം. രണ്ടാമത്തേത് മോര്‍ട്ഗേജ് ബാങ്കേഴ്സ് അസോസിയേഷന്‍ കേന്ദ്രം. മൂന്നാമത്തേത് വാഷിങ്ടണ്‍ പോസ്റ്റിന്റെ ഓഫീസ്.

സൈനികരുടെ കുടുംബങ്ങളും വിവിധ സംഘടനകളും യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമെല്ലാം അണിനിരന്ന മാര്‍ച്ച് വലിയൊരു മുന്നേറ്റത്തിന്റെ പ്രാരംഭമാണെന്ന് 'ആന്‍സ്വര്‍' സംഘടന പറയുന്നു.

1. അഫ്ഗാനിസ്ഥാനില്‍നിന്നും ഇറാഖില്‍നിന്നും എല്ലാ യുഎസ്-നാറ്റോ സൈന്യത്തെയും നിരുപാധികം ഉടന്‍ പിന്‍വലിക്കണം.
2. യുദ്ധത്തിനുപയോഗിക്കുന്ന പണം എല്ലാവര്‍ക്കും ജോലി, എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ, മെച്ചപ്പെട്ട സ്കൂള്‍, കൈ എത്താവുന്ന പാര്‍പ്പിടം- ഇവയ്ക്കായി ചെലവഴിക്കണം.

ഈ രണ്ട് പ്രധാന ആവശ്യങ്ങളാണ് 'ആന്‍സ്വറി'ന്റെ പ്രസ്താവനയില്‍ കാണുന്നത്. ഒരു ബാനറില്‍ എഴുതിവച്ചത് "ഞങ്ങള്‍ക്ക് വേണ്ടത് തൊഴിലും സ്കൂളുകളുമാണ്; യുദ്ധമല്ല'' എന്നാണ്. ബുഷിന്റേതുപോലെ ക്രിമിനല്‍ നയങ്ങളാണ് ഒബാമയുടേതെന്നും പ്രസിഡന്റ് ആരായാലും അമേരിക്കന്‍ യന്ത്രങ്ങള്‍ യുദ്ധം ഉല്‍പ്പാദിപ്പിച്ച് നിരപരാധികളെ കൊന്നൊടുക്കുന്നുവെന്നും പ്രക്ഷോഭകര്‍ വിളിച്ചു പറഞ്ഞു. ഇതാ തെരുവിലേക്കിറങ്ങാനുള്ള സമയമായി എന്ന് 'ആന്‍സ്വര്‍' അമേരിക്കക്കാരെ ആഹ്വാനംചെയ്യുന്നു.

ബുഷ് ഭരണത്തെ പിഴുതെറിഞ്ഞ് ഒബാമയെ അവരോധിക്കാന്‍ ജനങ്ങള്‍ തയ്യാറായത് വലിയ പ്രതീക്ഷകളോടെയാണ്. എന്നാല്‍, ഇന്ന് യുദ്ധക്കരാറുകാരുടെയും ബാങ്കുകളുടെയും വന്‍കിട എണ്ണക്കമ്പനികളുടെയും ഇന്‍ഷുറന്‍സ് രാക്ഷസന്മാരുടെയും കോര്‍പറേറ്റ് താല്‍പ്പര്യങ്ങളാണ് അമേരിക്കയുടെ രാഷ്ട്രീയജീവിതത്തെ അധിനിവേശിച്ചിരുക്കുന്നത്. അതിനെതിരെ പൊരുതാതെ ഇനി മുന്നോട്ടുപോകാനാകില്ല. അതുകൊണ്ട്, ജനങ്ങള്‍ പ്രക്ഷോഭത്തിന്റെ കൊടിയുമായി തെരുവുകളിലേക്കിറങ്ങട്ടെ എന്നാണാഹ്വാനം. പ്രക്ഷോഭകരുടെ വിമര്‍ശത്തിനും രോഷത്തിനും ശരവ്യമാകുന്നത് അമേരിക്കന്‍ ഭരണകൂടവും അതിന്റെ നെടുംതൂണുകളായ കോര്‍പറേറ്റുകളുമാണ്. ആ സമരം പ്രമുഖ അമേരിക്കന്‍ മാധ്യമമായ വാഷിങ്ടണ്‍ പോസ്റ്റിനെക്കൂടി ഉന്നംവച്ചിരിക്കുന്നു. ഏതു വാര്‍ഷികവും ആഘോഷമാക്കി കഥയും ഉപകഥയും കൊണ്ടാടാറുള്ള മാധ്യമങ്ങള്‍ ഇറാഖ് അധിനിവേശ വാര്‍ഷികം കാണാതെ പോയി എന്നതാണ് വാഷിങ്ടണ്‍ പോസ്റ്റിനെതിരെ മാര്‍ച്ചുചെയ്യാന്‍ ഹേതുവായതെന്ന് സമാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേവലം യുദ്ധവിരുദ്ധമുന്നേറ്റം എന്ന നിലയിലല്ല, ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളുയര്‍ത്തിയ ജനകീയ പ്രക്ഷോഭമാണ് അമേരിക്കയില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത് എന്നതിന്റെ സൂചനകളാണ് വരുന്നത്.

അപ്രതിരോധ്യ മേധാവിത്വം സ്ഥാപിച്ചെടുക്കാന്‍ ലോകത്തിന്റെ സാമ്പത്തികവിഭവങ്ങള്‍ക്കുമേലുള്ള നിയന്ത്രണം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇറാഖിലെയും ഇറാനിലെയും എണ്ണപ്പാടങ്ങളിലേക്ക് അമേരിക്കയുടെ കണ്ണുപതിഞ്ഞത്. ലോകത്തിന്റെ ഊര്‍ജസ്രോതസ്സുകള്‍ക്കുമേല്‍, പ്രത്യേകിച്ചും എണ്ണയ്ക്കുമേല്‍ പിടിമുറുക്കുന്നതിന്റെ ഭാഗമായാണ് പശ്ചിമേഷ്യയില്‍ അധിനിവേശത്തിനൊരുങ്ങിയത്. ഇറാഖില്‍ ദേശസാല്‍ക്കൃതമായിരുന്ന എണ്ണവ്യവസായത്തെ സ്വകാര്യവല്‍ക്കരിക്കുന്നതിലും എണ്ണകുത്തകകളുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിലും അമേരിക്കയ്ക്ക് വിജയിക്കാനായി- പത്തുലക്ഷത്തോളം മനുഷ്യജീവന്‍ നഷ്ടപ്പെടുത്തിയതിന്റെ പ്രതിഫലം! ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നെന്ന് ഐഎഇഎ സ്ഥിരീകരിച്ചിട്ടില്ല. പക്ഷേ ഇറാനെതിരെ ഉപരോധം; യുദ്ധ സന്നാഹം! മധ്യപൂര്‍വദേശത്തെ എണ്ണ-പ്രകൃതി വാതക സ്രോതസ്സുകളുടെ സാമ്പത്തികനിയന്ത്രണം കൈക്കലാക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗംതന്നെ അഫ്ഗാനിസ്ഥാനിലെ യുദ്ധവും.

അമേരിക്കയുടെ 2000 ഡിസംബറിലെ ഊര്‍ജ വിവരവസ്തുതാ രേഖ പറയുന്നത് "ഊര്‍ജ കാഴ്ചപ്പാട് പ്രകാരമുള്ള അഫ്ഗാനിസ്ഥാന്റെ പ്രാധാന്യം സ്ഥിതി ചെയ്യുന്നത് അതിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പിലാണ്; മധ്യേഷ്യയില്‍നിന്ന് അറേബ്യന്‍ സമുദ്രത്തിലേക്ക് എണ്ണയും പ്രകൃതിവാതകവും എത്തിക്കുന്നതിന് സാധ്യതയുള്ള ഒരു പാതയാണ് ഇത്'' എന്നാണ്. അമേരിക്കന്‍ എണ്ണ ഭീമന്മാര്‍ക്ക് പൈപ്പ് ലൈനുകളിലൂടെ ഏഷ്യന്‍ വിപണിയില്‍ എണ്ണ എത്തിക്കാന്‍ അഫ്ഗാനിസ്ഥാന്റെ ഭൂപ്രദേശം കൈപ്പിടിയിലുണ്ടാകണം. അമേരിക്കന്‍ വന്‍കിട എണ്ണക്കമ്പനികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള യുദ്ധമാണ് നടക്കുന്നത്- ഭീകരവാദ വിരോധം അതിനുള്ള മറമാത്രം.

ഭീകരവിരുദ്ധ യുദ്ധത്തിന്റെ പുതപ്പണിയിച്ച് കോര്‍പറേറ്റുകളുടെ താല്‍പ്പര്യങ്ങളാണ് ഒളിച്ചു കടത്തുന്നതെന്നും യുദ്ധങ്ങളോ വന്‍ കരാറുകളോ സാധാരണ അമേരിക്കക്കാരന്റെ ദൈന്യതയ്ക്ക് പരിഹാരമാകുന്നില്ലെന്നും തിരിച്ചറിയപ്പെടുന്നതിന്റെ രോഷമാണ് തെരുവിലേക്കിറങ്ങാനുള്ള ആഹ്വാനമായി ആ രാജ്യത്ത് നീറിപ്പുകയുന്നത്. അമേരിക്കയില്‍ ഒന്നും ഭദ്രമല്ല എന്നാണ് ചുവരെഴുത്ത്. ഇത് ഇന്ത്യക്കുള്ള പാഠവുമാണ്. രക്ഷയ്ക്കായി നോക്കേണ്ടത് അമേരിക്കയിലേക്കാണോ എന്ന ചോദ്യത്തിന് അമേരിക്കന്‍ ജനത നല്‍കുന്ന ഉത്തരം, "ഞങ്ങള്‍ തൊഴിലിനായും മികച്ച സ്കൂളിനായും തെരുവിലിറങ്ങുകയാണ്'' എന്നത്രേ.

ഇവിടെ, തെരുവിലിറങ്ങുന്നതും സമരം ചെയ്യുന്നതും മഹാപരാധമായി കാണുന്നവര്‍ക്ക് അമേരിക്കയിലെ സ്വര്‍ഗത്തില്‍ സമരക്കാരാകുന്ന കട്ടുറുമ്പുകള്‍ തെരുവില്‍ അണിയണിയായി നീങ്ങുന്നതു കാണുമ്പോള്‍ മനംപിരട്ടലുണ്ടാകുമോ മനംമാറ്റമുണ്ടാകുമോ?

പി എം മനോജ്

ശ്രീ പി.എം മനോജിന്റെ പോസ്റ്റ് ഇവിടെ

അമേരിക്കയിലെ യുദ്ധവിരുദ്ധ മുന്നേറ്റം

ഇറാനെ ഉന്നംവച്ച് അമേരിക്ക നീങ്ങുന്നു. ഏഴുവര്‍ഷം മുമ്പ് ഇറാഖിലേക്ക് അതിക്രമിച്ചുകയറാനും നരമേധം നടത്താനും ഉപയോഗിച്ച അതേ തന്ത്രം ആവര്‍ത്തിക്കപ്പെടുന്നു. ഇറാനെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ അന്താരാഷ്ട്രസമൂഹത്തില്‍ സമ്മര്‍ദം ചെലുത്തുമെന്നാണ് അമേരിക്കന്‍ വിദേശ സെക്രട്ടറി ഹിലരി ക്ളിന്റ റഷ്യാ സന്ദര്‍ശന മധ്യേ പറഞ്ഞിട്ടുള്ളത്. ആണവോര്‍ജത്തിന്റെ മറവില്‍ ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണെന്ന് അമേരിക്ക പ്രവചിക്കുന്നു. ആണവോര്‍ജം ഉല്‍പ്പാദിപ്പിക്കുന്നത് സമാധാനപരമായ ആവശ്യത്തിനുവേണ്ടിയാണെങ്കില്‍ എന്തിനാണ് ഇറാന്‍ രഹസ്യസംവിധാനം ഒരുക്കുന്നതെന്നാണ് ഹിലരിയുടെ ചോദ്യം. ഇറാനുമേല്‍ കടുത്ത സമ്മര്‍ദമാണ് അമേരിക്ക ചെലുത്തുന്നത്. ഗള്‍ഫ് മേഖലയില്‍ അമേരിക്കന്‍ സൈനിക സാന്നിധ്യത്തില്‍ ഗണ്യമായ വര്‍ധന വരുത്തി. ഗള്‍ഫ് രാജ്യങ്ങളില്‍ ചുറ്റിയടിച്ച അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്സ് ഊന്നിയത്, ഇറാനെതിരെ ഉപരോധം വരിഞ്ഞുമുറുക്കുന്നതിലാണ്.
ഇറാഖിലും അഫ്ഗാനിസ്ഥാനിലും അമേരിക്ക തുടരുന്ന യുദ്ധത്തിനെതിരെ വൈറ്റ് ഹൌസിനു മുന്നിലടക്കം ജനകീയ രോഷപ്രകടനം നടക്കുന്ന ഘട്ടത്തില്‍ത്തന്നെയാണ് മറ്റൊരു യുദ്ധമുഖം തുറക്കാനുള്ള അമേരിക്കയുടെ ബഹുമുഖ നീക്കമെന്നത് ശ്രദ്ധിക്കേണ്ടതാണ്. ഏഴുകൊല്ലം മുമ്പ് ഇറാഖിനെ അമേരിക്കന്‍ പട അധിനിവേശിച്ചതിന്റെ ഓര്‍മനാളില്‍, യുഎസ് പട്ടാളത്താല്‍ കൊലചെയ്യപ്പെട്ടവരെ സ്മരിച്ചുകൊണ്ടാണ് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ പ്രകടനങ്ങള്‍ നടന്നത്. ഇറാഖിന്റെയും അഫ്ഗാനിസ്ഥാന്റെയും പതാക പുതപ്പിച്ച ശവപ്പെട്ടികളുമായി സ്വന്തം രാജ്യത്തിന്റെ യുദ്ധവെറിമൂലം ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രകടനക്കാര്‍ പ്രതീകാത്മകമായി അന്ത്യോപചാരമര്‍പ്പിച്ചു. ബുഷ് മാറി ഒബാമ വന്നപ്പോള്‍ ആശ്വസിച്ചിരുന്നവര്‍, ഒബാമയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചവര്‍-അവരെല്ലാം നിരാശയോടെ വിളിച്ചുപറഞ്ഞത്, മാറിയത് വ്യക്തിമാത്രം; നയമല്ല എന്നാണ്.

4385 അമേരിക്കന്‍ പട്ടാളക്കാരാണ് ഏഴുകൊല്ലത്തിനകം ഇറാഖില്‍ ജീവന്‍ വെടിയേണ്ടിവന്നതെന്ന് ഒരു സ്വതന്ത്ര വെബ്സൈറ്റ് പറയുന്നു. അഫ്ഗാനിസ്ഥാനെതിരായ യുദ്ധത്തില്‍ മരണമടഞ്ഞ യുഎസ് പട്ടാളക്കാരുടെ എണ്ണം 1024 ആണ്. എന്നിട്ടും അമേരിക്ക പഠിക്കുന്നില്ല. യുദ്ധസന്നാഹങ്ങള്‍ ഇറാനുനേരെ തിരിച്ചുവച്ചിരിക്കുന്നു. ഇറാന്‍ പറയുന്നു, ഈ നീക്കം എണ്ണപ്പാടങ്ങള്‍ ലക്ഷ്യമിട്ടുമാത്രമെന്ന്.
ആഗോളവല്‍ക്കരണത്തെ നിലനിര്‍ത്തുന്നതിനും സ്വന്തം നിലനില്‍പ്പിനും പ്രത്യക്ഷ സൈനിക ഇടപെടലും ബലംപ്രയോഗിച്ചുള്ള സാമ്പത്തിക മാര്‍ഗങ്ങളുമാണ് അമേരിക്കന്‍ ആയുധം. ബുഷ് ഭരണകാലത്തെ ഏകപക്ഷീയമായ സമീപനം ഒബാമ ഭരണം ഉപേക്ഷിച്ചെന്ന പ്രതീതി നിലനിന്നിരുന്നു. എന്നാല്‍, ബുഷിന്റെ വഴിയേ തന്നെ ഒബാമയും എന്നാണ് യുദ്ധവിരുദ്ധ പ്രകടനത്തിനിറങ്ങിയ ശരാശരി അമേരിക്കക്കാരന്‍ പറയുന്നത്. ഇറാന്‍ പ്രശ്നത്തിലും അഫ്ഗാനിസ്ഥാന്‍ പ്രശ്നത്തിലും റഷ്യയെ നേരിടുന്നതിലും സഖ്യശക്തികളുടെ അനുമതി നേടാനുള്ള രാഷ്ട്രീയവും തന്ത്രപരവുമായ നീക്കത്തിലാണ് ഒബാമ. ബുഷിന്റെ ഏകപക്ഷീയ നിലപാടില്‍നിന്നുള്ള മാറ്റമാണത്. സമീപനത്തിന്റെയും ശൈലിയുടെയും കാര്യത്തിലേ വ്യത്യാസമുള്ളൂ; സാമ്രാജ്യത്വ തന്ത്രത്തില്‍ എന്തെങ്കിലും മാറ്റമുണ്ടായെന്ന അര്‍ഥം വരുന്ന സൂചനയൊന്നുമില്ല.

ഒബാമ ഭരണകൂടം അഫ്ഗാനിസ്ഥാനെ പ്രധാന ശ്രദ്ധാ കേന്ദ്രമാക്കി മാറ്റിയിരിക്കുന്നു. ദിനേന കൂടുതല്‍ ശക്തിയാര്‍ജിക്കുന്ന താലിബാന്‍ സൈന്യത്തിനുനേരെ അമേരിക്കയ്ക്ക് പിടിച്ചുനില്‍ക്കാനാകുന്നില്ല. അഫ്ഗാനിസ്ഥാനില്‍ ഒരു ലക്ഷം നാറ്റോ സൈനികരാണ് ഉള്ളത്. അതില്‍ 62,000 പേരും അമേരിക്കക്കാരാണ്. അഫ്ഗാനിലെ യുദ്ധത്തില്‍ പാകിസ്ഥാനു നിര്‍ണായകമായ സ്ഥാനമാണ് അമേരിക്ക കല്‍പ്പിക്കുന്നത്. അതിര്‍ത്തി പ്രവിശ്യകളില്‍ താലിബാനെ നേരിടുന്നതിന് പാകിസ്ഥാന്‍ അനിവാര്യമാണെന്ന് ഒബാമ തിരിച്ചറിയുന്നു. എന്നാല്‍, പാകിസ്ഥാനില്‍ യുദ്ധത്തിന്റെ കെടുതികള്‍കൊണ്ട് പൊറുതിമുട്ടിയ ജനങ്ങള്‍ അമേരിക്കാ വിരുദ്ധ വികാരമാണ് ഉയര്‍ത്തുന്നത്. നിരപരാധികള്‍ നാറ്റോ സൈന്യത്താല്‍ കൊല്ലപ്പെടുന്നത് അവര്‍ക്ക് പൊറുക്കാനാകുന്നില്ല. നേതൃനിരയിലെ ഇരുപതോളം പേരെ വധിക്കാന്‍ കഴിഞ്ഞത് താലിബാന്റെ വീര്യം കുറച്ചെന്നാണ് അമേരിക്ക ഒടുവില്‍ ആശ്വസിക്കുന്നത്. എന്നാല്‍, അഫ്ഗാന്‍ യുദ്ധവും അഫ്ഗാനിസ്ഥാനോടും പാകിസ്ഥാനോടും സ്വീകരിക്കുന്ന തെറ്റായ നയങ്ങളും തിരിച്ചടിച്ചുതുടങ്ങി എന്നുതന്നെ തെളിയിക്കുന്നതാണ് അമേരിക്കന്‍ ജനത യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങിയ അനുഭവം.

ഈ പരിതഃസ്ഥിതിയില്‍ ഇന്ത്യയുടെ അവസ്ഥയാണ് പരിതാപകരമാകുന്നത്. ഇന്ന് ഇന്ത്യ, അമേരിക്കയുടെ ഏഷ്യന്‍ തന്ത്രത്തില്‍ സുപ്രധാന കൂട്ടാളിയായാണ് കണക്കാക്കപ്പെടുന്നത്. ആഗോളതലത്തില്‍ പ്രധാന പ്രതിയോഗി ചൈനയായിരിക്കുമെന്നും ചൈനയ്ക്കെതിരായ പ്രതിശക്തി എന്ന നിലയിലാണ് ഇന്ത്യയെ കാണുന്നതെന്നും അമേരിക്ക പറഞ്ഞുകഴിഞ്ഞു. അമേരിക്കയുടെ സങ്കുചിതമായ താല്‍പ്പര്യങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് ഇന്ത്യയെ യുപിഎ ഗവര്‍മെന്റ് സാമ്രാജ്യത്വത്തിന് അടിയറവയ്ക്കുന്നത്. ഇന്ത്യയും അമേരിക്കയും തമ്മിലുണ്ടാക്കിയ തന്ത്രപരമായ സഖ്യം അമേരിക്കയില്‍പ്പോലും ജനങ്ങള്‍ തിരസ്കരിക്കുന്ന കാടന്‍ സമീപനമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. അമേരിക്കന്‍ താല്‍പ്പര്യാനുസരണം നിയമനിര്‍മാണത്തിനും അന്താരാഷ്ട്ര ഇടപെടലുകള്‍ക്കും താല്‍പ്പര്യം കാണിക്കുന്ന യുപിഎ സര്‍ക്കാര്‍ നാശത്തിന്റെ വഴിയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് ആവര്‍ത്തിച്ചുതെളിയുകയാണ് ഇവിടെ. ഇറാഖിലും ഇറാനിലും അഫ്ഗാനിസ്ഥാനിലും ലോകത്തിന്റെ ഇതര കോണുകളിലും സാമ്രാജ്യത്വത്തിന്റെ യുദ്ധവെറിക്കിരയായി മരിച്ചുവീഴുന്നവരോടുള്ള ആദരവും കൊലയാളികള്‍ക്കെതിരായ രോഷവുമാണ് അമേരിക്കയിലെ യുദ്ധവിരുദ്ധ പ്രകടനങ്ങളില്‍ മുഴങ്ങിയത്. ആ വികാരം തീര്‍ച്ചയായും ഇന്ത്യക്കാരന്റേതുമാണ്. ഇന്നാട്ടിലെ സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന് അതു കരുത്തുപകരുക തന്നെ ചെയ്യും.

ദേശാഭിമാനി മുഖപ്രസംഗം 220310

Wednesday, March 3, 2010

തരൂര്‍, 'അഫ്-പാക്' തന്ത്രം

രാജ്യത്തിന് അപമാനമാകുന്ന തരൂര്‍

ഇന്ത്യയും പാകിസ്ഥാനുമായുള്ള തര്‍ക്കം പരിഹരിക്കുന്നതിന് സൌദി അറേബ്യയുടെ മധ്യസ്ഥത തേടിയ വിദേശ സഹമന്ത്രി ശശി തരൂരിന്റെ നടപടി അങ്ങേയറ്റം അപമാനകരമാണ്. ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നതാണ് ഇന്ത്യ സ്വീകരിച്ച നിലപാട്. അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനത്തില്‍ പാകിസ്ഥാനുള്ള പങ്കിനെ രാജ്യം ശക്തമായി അപലപിച്ചിട്ടുണ്ട്. രാജ്യങ്ങള്‍ തമ്മില്‍ നടക്കേണ്ട ചര്‍ച്ചകളെ സംബന്ധിച്ച് രാജ്യത്തിന്റെ പാര്‍ലമെന്റ് വിശദമായ ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇതൊന്നും തരൂരിന് ബാധകമല്ല. ഏതോ പ്രത്യേകലോകത്ത് സഞ്ചരിക്കുന്ന മട്ടിലാണ് തരൂരിന്റെ നടപടികള്‍. എക്കാലത്തും ഇന്ത്യ പിന്തുണച്ചിട്ടുള്ള പാലസ്തീന്‍ വിമോചനപ്രസ്ഥാനത്തെ ഭീകരസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയും അദ്ദേഹം സംസാരിക്കുകയുണ്ടായി. നെഹ്റുവും ഇന്ദിരഗാന്ധിയും ഉള്‍പ്പെടെ സ്വീകരിച്ചിരുന്ന പലസ്തീന്‍ വിമോചന പ്രസ്ഥാനത്തോടുള്ള ഐക്യപ്പെടലിനെ തള്ളിക്കളയുകയാണ് തരൂര്‍ ചെയ്തത്. നേരത്തെ ഇസ്രയേലിനെ ന്യായീകരിച്ച് ലേഖനം എഴുതിയിട്ടുള്ള തരൂര്‍ അങ്ങനെ പറഞ്ഞതില്‍ അത്ഭുതമില്ല. എപ്പോഴും നെഹ്റുവിന്റെ നയങ്ങളെ വിമര്‍ശിക്കുന്നതില്‍ ആഹ്ളാദം കാണുന്നയാളില്‍നിന്ന് ഇതിനപ്പുറവും പ്രതീക്ഷിക്കാം. ഇന്നത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന് അത് രസിക്കുകയും ചെയ്യുന്നുണ്ടാകും.

ജനാധിപത്യസംവിധാനത്തിനകത്ത് പ്രവര്‍ത്തിക്കുന്നതിന്റെ പ്രാഥമികപാഠങ്ങള്‍പോലും അറിയില്ലെന്ന മട്ടിലാണ് ശശിതരൂര്‍ പ്രവര്‍ത്തിക്കുന്നത്. നിഷ്കളങ്കമെന്ന മട്ടില്‍ നടത്തുന്ന പ്രസംഗങ്ങളിലും പ്രസ്താവനകളിലും അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ സമര്‍ഥമായി ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്നതാണ് യാഥാര്‍ഥ്യം. ഐക്യരാഷ്ട്രസഭയിലെ ഉദ്യോഗസ്ഥനായി പ്രവര്‍ത്തിച്ച ദീര്‍ഘകാലാനുഭവം വഴി രൂപപ്പെടുത്തിയ മനോഭാവമാണ് അദ്ദേഹത്തെ നയിക്കുന്നത്. നിരുത്തരവാദപരമായ പ്രസ്താവനകളിലൂടെ രാജ്യത്തിന്റെ അഭിമാനം പണയപ്പെടുത്താന്‍ ഇനിയും തരൂരിനെ കയറൂരി വിടണമോയെന്ന കാര്യം പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതൃത്വവും തന്നെയാണ് തീരുമാനിക്കേണ്ടത്.

ദേശാഭിമാനി മുഖപ്രസംഗം

പരാജയപ്പെടുന്ന 'അഫ്-പാക്' തന്ത്രം

അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ വെള്ളിയാഴ്ചയുണ്ടായ ഭീകരാക്രമണത്തില്‍ ഒന്‍പത് ഇന്ത്യക്കാരുള്‍പ്പെടെ പതിനേഴുപേരാണ് മരിച്ചത്. കഴിഞ്ഞ ഇരുപതുമാസത്തിനിടെ ഇന്ത്യക്കാരെ ലക്ഷ്യംവച്ചുള്ള മൂന്നാമത്തെ ആക്രമണമാണിത്. പരിക്കേറ്റവരിലും ഏറെയും ഇന്ത്യക്കാരാണ്. ഇന്ത്യക്കാരുള്‍പ്പെടെയുള്ള വിദേശികള്‍ തങ്ങുന്ന രണ്ട് അതിഥിമന്ദിരങ്ങളാണ് വെള്ളിയാഴ്ചത്തെ ആക്രമണത്തിന് താലിബാന്‍ തെരഞ്ഞെടുത്തത്. ആതുരസേവനത്തിന് ഇന്ത്യയില്‍നിന്നുപോയ ഡോക്ടര്‍മാരും മറ്റും താമസിക്കുന്നതാണ് ഇതില്‍ ഒരു ഗസ്റ്റ് ഹൌസ്. മരിച്ചവരില്‍ ഒരു സംഗീതജ്ഞനും രണ്ട് ഉന്നത സൈനികാദ്യോഗസ്ഥരുമുണ്ട്. അഫ്ഗാനിസ്ഥാനിലെ ഇന്ത്യക്കാര്‍ക്ക് പൂര്‍ണസംരക്ഷണം ഉറപ്പുവരുത്തണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അഫ്ഗാനിസ്ഥാനോട് ആവശ്യപ്പെട്ടിരിക്കുന്നു. അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയെ ടെലിഫോണില്‍ വിളിച്ച് ഇങ്ങനെ ആവശ്യപ്പെട്ടതിനൊപ്പം, കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ വ്യോമസേനാവിമാനത്തില്‍ നാട്ടിലെത്തിക്കാനും ഗവമെന്റ് സംവിധാനമൊരുക്കിയിട്ടുണ്ട്.

അമേരിക്കന്‍ ദാസ്യത്തിലേക്ക് ഇന്ത്യ നീങ്ങിയതിന്റെ ദുരന്തഫലമാണ് ഇന്ത്യക്കാരെ ലക്ഷ്യംവച്ചുള്ള ഈ ആക്രമണങ്ങള്‍. അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ ലക്ഷ്യം നടപ്പാക്കിക്കൊടുക്കാനുള്ള ആയുധമായാണ് ഇന്ത്യയിലെ യുപിഎ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. അമേരിക്കന്‍ പട്ടാളത്തോടൊപ്പം യുദ്ധംചെയ്യാന്‍ ഇന്ത്യന്‍ സൈനികരെ അയക്കാന്‍ യുപിഎ സര്‍ക്കാര്‍ പ്രാഥമിക ആലോചന നടത്തുമ്പോള്‍ത്തന്നെ അതിന്റെ അപകടം ഇടതുപക്ഷം ചൂടിക്കാട്ടിയതാണ്. ഇറാഖ് അധിനിവേശത്തില്‍ ഇന്ത്യയെ പങ്കാളിയാക്കാന്‍ അന്നത്തെ യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷ് നിരന്തരം സമ്മര്‍ദം ചെലുത്തിയതാണ്. അതിന്റെ തുടര്‍ച്ചതന്നെയാണ്, അഫ്ഗാന്‍ പ്രശ്നത്തിലേക്ക് ഇന്ത്യയെ വലിച്ചിഴച്ചതും. അമേരിക്കയുടെ അഫ്ഗാന്‍ നയം ആ രാജ്യത്തെ ജനങ്ങള്‍ക്കുപോലും ഹിതകരമല്ലാത്ത വിധം അപമാനകരമാണ്. അമേരിക്കന്‍ തന്ത്രങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ തുടര്‍ച്ചയായി പരാജയം ഏറ്റുവാങ്ങുന്നു. ഒരു സ്വതന്ത്ര പരമാധികാര രാജ്യത്ത് അവിടത്തെ ജനങ്ങളുടെ ഹിതം മാനിക്കാതെ ഏകപക്ഷീയമായി ഇടപെടുകയും ആയിരക്കണക്കിന് തദ്ദേശീയരെ കൊന്നൊടുക്കുകയും ചെയ്യുകയാണ് അമേരിക്കയും നാറ്റോ സേനയും. എന്നാല്‍, താലിബാന്റെ രൂക്ഷമായ ഒളിപ്പോരും അമേരിക്കന്‍ റോക്കറ്റ് ലക്ഷ്യംതെറ്റി 12 സാധാരണക്കാര്‍ കൊല്ലപ്പെട്ടതും അഫ്ഗാന്‍ അധിനിവേശയുദ്ധത്തിലെ ഏറ്റവും വിപുലമായ സൈനികനീക്കത്തിന്റെ ശക്തി ക്ഷയിപ്പിച്ചിരിക്കുന്നു. നാറ്റോ ആക്രമണത്തില്‍ സാധാരണക്കാര്‍ തുടര്‍ച്ചയായി കൊല്ലപ്പെടുന്നത് വന്‍തോതിലുള്ള എതിര്‍പ്പാണ് അഫ്ഗാന്‍ ജനതയ്ക്കിടയില്‍ സൃഷ്ടിച്ചിട്ടുള്ളത്. അഫ്ഗാനിലെ നാറ്റോ കമാന്‍ഡര്‍ ജനറല്‍ സ്റാന്‍ലി മക്ക്ക്രിസ്റല്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയോട് ക്ഷമാപണം നടത്തിയതായും വാര്‍ത്തയുണ്ടായിരുന്നു. ലക്ഷ്യത്തിലേക്കുള്ള ദൂരം നിര്‍ണയിച്ചതിലെ പിശകാണ് വീട്ടില്‍ റോക്കറ്റ് വീഴാന്‍ കാരണമെന്ന് നാറ്റോ ന്യായീകരിച്ചിട്ടുണ്ടെങ്കിലും ഒരു ജനതയെയാകെ മുള്‍മുനയില്‍നിര്‍ത്തി യുദ്ധംചെയ്യുന്നതിന്റെ ക്രൂരമായ അനുഭവമായി ഫലത്തില്‍ അത് മാറി.

അഫ്ഗാനിസ്ഥാനിലേക്ക് 30,000 അമേരിക്കന്‍ സൈനികരെക്കൂടി വിന്യസിക്കുമെന്ന് 2009 ഡിസംബറില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പ്രഖ്യാപിച്ചിരുന്നു. ഈ സേനാമുന്നേറ്റം കൊണ്ട് താലിബാനെ പ്രതിരോധത്തിലാക്കാമെന്നാണ് അമേരിക്ക പ്രതീക്ഷിക്കുന്നത്. അടുത്ത ഒന്നരക്കൊല്ലത്തിനകം അമേരിക്കന്‍ മധ്യസ്ഥതയില്‍ പ്രശ്നപരിഹാരം കാണാനുള്ള അന്തരീക്ഷം ഉണ്ടാക്കാമെന്നും ഒബാമ പരസ്യമായി പ്രതീക്ഷ പ്രകടിപ്പിച്ചിട്ടുണ്ട്. ആ പദ്ധതിക്ക് പിന്തുണയായി 7000 പട്ടാളക്കാരെക്കൂടി അയക്കാമെന്ന് നാറ്റോ സഖ്യകക്ഷികളും വാഗ്ദാനം നല്‍കിയിരിക്കുകയാണ്. എന്നാല്‍, അഫ്ഗാനിസ്ഥാനിലെയും പാകിസ്ഥാനിലെയും സംഭവവികാസങ്ങള്‍ പരിശോധിച്ചാല്‍, വിജയിക്കാന്‍ സാധ്യത ഇല്ലാത്തതാണ് ഈ തന്ത്രമെന്ന് വ്യക്തമാകുന്നു. താലിബാന്‍ നേട്ടമുണ്ടാക്കുകയാണ്. സാധാരണ പൌരന്മാരാണ് കൊല്ലപ്പെടുന്നത്. അമേരിക്കയും നാറ്റോയും നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തില്‍ 76 ശതമാനം വര്‍ധനയാണ് ഉണ്ടായത് - 2008ല്‍ 295 ആയിരുന്നത് 2009ല്‍ 520 ആയി.

പാകിസ്ഥാനിലും ഭീകരാക്രമണങ്ങള്‍ അപായകരമായവിധം അടിക്കടി ഉണ്ടാകുന്നു. അഫ്ഘാനിസ്ഥാനിലെ സംഘട്ടനം പാകിസ്ഥാനെയും ബാധിക്കുന്നു. പാകിസ്ഥാനിലെ ഇസ്ളാമിക തീവ്രവാദശക്തികള്‍ക്ക് ജനകീയപിന്തുണ ലഭിക്കുന്നില്ലെങ്കിലും അമേരിക്കയുടെ സൈനിക ഇടപെടലും ആളില്ലാവിമാനങ്ങളിലൂടെ അമേരിക്ക നടത്തുന്ന ആക്രമണങ്ങളും ജനങ്ങളില്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തുന്നു. ലണ്ടനില്‍ ചേര്‍ന്ന അഫ്ഗാനിസ്ഥാനെ സംബന്ധിച്ചുള്ള ഉന്നതതല സമ്മേളനത്തില്‍ പാശ്ചാത്യരാജ്യങ്ങള്‍ 870 ലക്ഷം പൌണ്ടിന്റെ ഫണ്ട് സ്വരൂപിക്കാന്‍ തീരുമാനിച്ചു. താലിബാനിലെ മിതവാദി വിഭാഗങ്ങളെ അനുനയിപ്പിച്ച് ഹമീദ് കര്‍സാസിയുടെ നേതൃത്വത്തിലുള്ള കാബൂളിലെ സര്‍ക്കാരിനുപിന്നില്‍ അണിനിരത്തുന്നതിനായി ഉപയോഗിക്കാനാണ് ഈ ഫണ്ട്. ഇത്തരത്തില്‍ ഒരു അനുരഞ്ജനവും പുനഃസംയോജനവും നടപ്പാക്കാന്‍ സൌദി അറേബ്യയുടെ സഹായം തേടിയിരിക്കയാണ്.

അഫ്ഗാന്‍ പ്രശ്നത്തില്‍ ജോര്‍ജ് ബുഷിന്റേതില്‍നിന്ന് വേറിട്ടതല്ല, തുടര്‍ച്ചതന്നെയാണ് ഒബാമയുടെയും നയം. നേതൃത്വം മാറിയാലും പുള്ളിപ്പുലിയുടെ പുള്ളിപോലെ സാമ്രാജ്യനയങ്ങള്‍ക്ക് മാറ്റമുണ്ടാകില്ല. ആ നയങ്ങള്‍ക്ക് ഇന്ത്യ നല്‍കുന്ന നാണംകെട്ട പിന്തുണയാണ് താലിബാന്റെ ശത്രുതയുടെ കുന്തമുന ഇന്ത്യക്കാര്‍ക്കുനേരെയും തിരിയാന്‍ കാരണം. അമേരിക്കയ്ക്ക് കണ്ണടച്ച പിന്തുണ നല്‍കി അവരുടെ ജൂനിയര്‍ പാര്‍ട്ണറായി മാറുന്ന യുപിഎ സര്‍ക്കാരിന്റെ തെറ്റായ നയമാണ് ഇന്ത്യക്കാരെ അഫ്ഗാനിസ്ഥാനില്‍ കൂട്ടമരണത്തിലേക്ക് നയിക്കുന്നത് എന്ന് വ്യക്തമാണ്. എന്തിനിങ്ങനെ അമേരിക്കന്‍ വിധേയത്വം എന്ന് ചര്‍ച്ചചെയ്യുന്നതിലൂടെയേ, യുപിഎ സര്‍ക്കാരിന്റെ സാമ്രാജ്യ അടിമത്തം തുറന്നുകാട്ടി ചെറുത്തുതോല്‍പിക്കുന്നതിലൂടെയേ അഫ്ഗാനുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ ശരിയായി കൈകാര്യം ചെയ്യാനാകൂ. ഇന്നത്തെ അവസ്ഥയില്‍ അമേരിക്കന്‍ നയങ്ങളുടെ കാര്യസ്ഥജോലി ചെയ്യുന്ന യുപിഎ സര്‍ക്കാരിന്റെ നട്ടെല്ലില്ലായ്മയാണ് നീറുന്ന പ്രശ്നം.

ദേശാഭിമാനി മുഖപ്രസംഗം

Friday, February 5, 2010

ഹെയ്ത്തി: അടിച്ചേല്‍പ്പിക്കപ്പെട്ട ദുരിതങ്ങള്‍

മോചനം വാഗ്ദാനം ചെയ്യപ്പെട്ട സമയത്തുപോലും ഹെയ്ത്തിയിലെ ജനങ്ങള്‍ക്ക് ആശ്വാസം ലഭിക്കുന്നില്ല എന്നാണ് തോന്നുന്നത്. രണ്ടുലക്ഷത്തോളം ആളുകള്‍ കൊല്ലപ്പെടുന്നതിനിടയാക്കിയ ഭൂകമ്പത്തിനുശേഷം ഒരാഴ്ചയിലേറെ പിന്നിട്ടിട്ടും, പുറംലോകം അവര്‍ക്കായി വാഗ്ദാനംചെയ്ത സഹായത്തിന്റെ കൂമ്പാരങ്ങളൊന്നും ഹെയ്ത്തിയിലെ മഹാഭൂരിപക്ഷം ജനങ്ങളും ഇതേവരെ കണ്ടില്ല. അതിനു പകരം തകര്‍ന്നടിഞ്ഞ ആ കരീബിയന്‍ രാഷ്ട്രത്തിലേക്ക് അമേരിക്കന്‍ ഭരണാധികാരികള്‍ പതിനായിരക്കണക്കിന് പട്ടാളക്കാരെ ഇറക്കിയിരിക്കുകയാണ്.

അതിനെക്കാളേറെ ഹീനമായ സംഗതി, വേള്‍ഡ് ഫുഡ് പ്രോഗ്രാം, മെഡിസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്സ് എന്നിത്യാദി സംഘടനകളില്‍നിന്ന് ഹെയ്ത്തിയിലേക്ക് മരുന്നും മറ്റ് അത്യാവശ്യസാധനങ്ങളും കൊണ്ടുവന്ന വിമാനങ്ങള്‍ അവിടെ ഇറങ്ങാന്‍ അനുവദിക്കാതെ അമേരിക്കന്‍ സൈനികമേധാവികള്‍ അവ മടക്കി അയച്ചുവെന്നതാണ്; പട്ടാളക്കാരെ ഇറക്കുന്നതിനാണ് അവര്‍ മുന്‍ഗണന നല്‍കുന്നത്. ഹെയ്ത്തിയിലെ തെരുവുകളില്‍ ശ്രദ്ധേയമായ വിധത്തില്‍ സഹിഷ്ണുതയും പരസ്പര സഹകരണവും നിലനിന്നിട്ടും താരതമ്യേന കുറഞ്ഞതോതില്‍ മാത്രമേ കൊള്ളയടിക്കല്‍ ഉണ്ടായിട്ടുള്ളൂവെങ്കിലും സുരക്ഷ ഉറപ്പാക്കാനും "മറ്റൊരു സോമാലിയ'' ആവര്‍ത്തിക്കാതിരിക്കാനും ആണത്രെ ഈ സൈനിക വിന്യാസം. യഥാര്‍ത്ഥത്തില്‍ ഹെയ്ത്തിയെ കൈപ്പിടിയില്‍ ഒതുക്കുകയെന്ന ആസൂത്രിതമായ പദ്ധതിയാണ് ഇതിനുപിന്നില്‍.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി അമേരിക്കന്‍ നാവികസേന ഹെയ്ത്തിയെ പൂര്‍ണമായും ഉപരോധിച്ചിരിക്കുകയുമാണ്. പ്രകൃതി ദുരന്തത്തെ തുടര്‍ന്ന് ഹതാശരായ ജനങ്ങള്‍ രക്ഷതേടി അമേരിക്കയിലേക്ക് കൂട്ട പലായനം ചെയ്യുന്നത് തടയാനാണത്രെ ഈ ഉപരോധം. വെയില്‍സില്‍നിന്നുള്ള അഗ്നിശമന സേനയും ക്യൂബയില്‍നിന്നുള്ള ഡോക്ടര്‍മാരും അപകടത്തില്‍പ്പെട്ടവരുടെ ജീവന്‍ രക്ഷിക്കുന്നതിനായി കഴിഞ്ഞ ഒരാഴ്ചയിലേറെയായി അഹോരാത്രം പണിയെടുക്കുമ്പോള്‍ അമേരിക്കന്‍ വ്യോമസേനയുടെ 82-ാം ഡിവിഷന്‍ ഹെയ്ത്തിയിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിന്റെ നാശാവശിഷ്ടങ്ങള്‍ക്കുമേല്‍ തിരക്കിട്ട് പട്ടാളക്കാരെ ഇറക്കുന്നതില്‍ മുഴുകിയിരിക്കുകയാണ്.

അമേരിക്കയുടെ ഈ തലതിരിഞ്ഞ മുന്‍ഗണനാക്രമത്തിന്റെ ഫലമായിത്തന്നെ ഹെയ്ത്തിയില്‍ കൂടുതല്‍ ആളുകള്‍ മരണമടഞ്ഞിട്ടുണ്ടാവുമെന്ന കാര്യം ഉറപ്പാണ്. അമേരിക്കന്‍ പിന്തുണയോടെ രണ്ടുതവണ അട്ടിമറിക്കപ്പെട്ട ഴാങ് ബെര്‍ട്രാന്‍ഡ് അരിസ്റ്റൈഡിന്റെ സര്‍ക്കാരില്‍ പ്രതിരോധമന്ത്രിയായിരുന്ന പാട്രിക് ഏലി പറഞ്ഞത് ഇങ്ങനെയാണ്-"ഞങ്ങള്‍ക്ക് പട്ടാളത്തെയല്ല ആവശ്യം; ഇവിടെ യുദ്ധമല്ല നടക്കുന്നത്.'' ഏലിയെപ്പോലെയുള്ള ഹെയ്ത്തിക്കാരും ഫ്രാന്‍സിലെയും വെനിസ്വേലയിലെയും മറ്റും നേതാക്കന്മാരും ഒരു പുതിയ അമേരിക്കന്‍ അധിനിവേശ ഭീഷണിയെക്കുറിച്ച് പറയുമ്പോള്‍, അത് അല്‍പവും അത്ഭുതകരമല്ല; കാരണം അത്ര വലിയ തോതിലുള്ള സൈനിക വിന്യാസമാണ് അമേരിക്ക അവിടെ നടത്തുന്നത്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സൈനിക പിന്തുണ നല്‍കാനാകുന്ന ഒരേയൊരു ശക്തി അമേരിക്കന്‍ സൈന്യം മാത്രമാണെന്ന് പറഞ്ഞ് അതിനെതിരായ വിമര്‍ശനങ്ങളെല്ലാം കേവലം അമേരിക്കന്‍ വിരോധം മാത്രമായി അവഗണിക്കപ്പെടുകയാണ്. ഹെയ്ത്തിയുടെ ചരിത്രംതന്നെ അമേരിക്കയുടെയും യൂറോപ്യന്‍ കൊളോണിയല്‍ ശക്തികളുടെയും ആക്രമണവും ചൂഷണവും നിറഞ്ഞതാണെന്നതാണ് ഈ വിമര്‍ശനങ്ങളുടെ അടിസ്ഥാനം. കഴിഞ്ഞ ആഴ്ച അവിടെ ഉണ്ടായത് ഒരു പ്രകൃതി ദുരന്തമാണെങ്കിലും അതുമൂലം ഇത്ര ഭയാനകമായ നാശനഷ്ടങ്ങള്‍ വരുത്തിവെച്ചത് മനുഷ്യര്‍തന്നെയാണ്.

മരണസംഖ്യ ഭയാനകമായ തോതില്‍ ഉയര്‍ന്നതിനു മുഖ്യ കാരണം ദാരിദ്ര്യമാണെന്നത് അവിതര്‍ക്കിതമാണ്. ആരോഗ്യ സംവിധാനങ്ങളുടെയും പൊതു പശ്ചാത്തല സൌകര്യങ്ങളുടെയും അഭാവത്തിന്റെ ഉല്‍പന്നമാണത്. ഹെയ്ത്തിയുടെ ദാരിദ്ര്യം അവരുടെ വിധിയായി, അവരുടെ സംസ്കാരത്തിന്റെ സ്വാഭാവികഭാഗമായിട്ടാണ് പരിഗണിക്കപ്പെടുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നൂറ്റാണ്ടുകളായി അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍ തുടങ്ങിയ ബാഹ്യലോകവുമായുള്ള അസമമായ ബന്ധത്തിന്റെ പ്രത്യക്ഷത്തില്‍ തന്നെയുള്ള അനന്തരഫലമാണത്.

അടിമത്തത്തിനെതിരായ കലാപം വിജയിപ്പിച്ചതിന്റെയും 1804-ല്‍ ആദ്യമായി കറുത്തവരുടെ റിപ്പബ്ളിക് സ്വയം പ്രഖ്യാപിച്ചതിന്റെയും ശിക്ഷയായി അമേരിക്ക ഹെയ്ത്തിയെ ആക്രമിക്കുകയും ഉപരോധം ഏര്‍പ്പെടുത്തുകയും ഒരിക്കലും രക്ഷപ്പെടാനാവാത്തത്ര കടബാദ്ധ്യതയില്‍ അകപ്പെടുത്തുകയുമാണുണ്ടായത്. ഈ കടബാധ്യതയില്‍നിന്ന് ഒരുവിധം കരകയറിയത് 1947ല്‍ മാത്രമാണ്. യുദ്ധങ്ങള്‍ക്കിടയിലുള്ള കാലഘട്ടത്തില്‍ അമേരിക്ക അവിടെ അധിനിവേശം ഉറപ്പിക്കുകയായിരുന്നു; ക്രൂരമായി ആ നാടിനെ ഞെക്കിപ്പിഴിയുകയായിരുന്നു. ഒരു നൂറ്റാണ്ടിലേറെക്കാലം നിലനിന്ന ബോധപൂര്‍വമായ കൊളോണിയല്‍ കൊള്ളയടിക്കലിനെ തുടര്‍ന്ന് നിരവധി പതിറ്റാണ്ടുകള്‍ അമേരിക്കന്‍ പിന്തുണയുള്ള ദുവാലിയര്‍മാരുടെ ഏകാധിപത്യവാഴ്ചയായിരുന്നു. അവര്‍ ആ നാടിനെ പിന്നെയും കടക്കെണിയില്‍ അകപ്പെടുത്തുകയാണുണ്ടായത്.

വികസനത്തിന്റെയും സാമൂഹികനീതിയുടെയും പരിപാടി അവതരിപ്പിച്ച വിമോചന ദൈവശാസ്ത്രജ്ഞനായ അരിസ്റ്റൈഡ് തെരഞ്ഞെടുക്കപ്പെട്ടതോടെ, ഹെയ്ത്തിയിലെ പ്രമാണിമാര്‍ക്കും അവരുടെ വിദേശ രക്ഷാ കര്‍ത്താക്കള്‍ക്കും അത് വെല്ലുവിളി ഉയര്‍ത്തുന്നതായി കണ്ട അവര്‍ രണ്ടുതവണ അമേരിക്കന്‍ പിന്തുണയോടെ സൈനിക അട്ടിമറി നടത്തി; അമേരിക്ക നേരിട്ട് ആക്രമണം നടത്തി; ഹെയ്ത്തിക്കുള്ള വായ്പകളും സഹായങ്ങളും റദ്ദ്ചെയ്തു; ഒടുവില്‍ 2004-ല്‍ അരിസ്റ്റെഡിനെ നാടുകടത്തുകയും ചെയ്തു. അതേ തുടര്‍ന്ന് ജനങ്ങളുടെ അംഗീകാരമില്ലാത്ത രാഷ്ട്രീയ സംവിധാനത്തെ താങ്ങിനിര്‍ത്താനായി ആയിരക്കണക്കിന് ഐക്യരാഷ്ട്ര സൈനികരാണ് ഹെയ്ത്തിയില്‍ നില്‍ക്കുന്നത്. അതോടൊപ്പം ആഗോള ധനകാര്യ സ്ഥാപനങ്ങള്‍ അടിച്ചേല്‍പിച്ചുകൊണ്ടിരിക്കുന്ന നിര്‍ദ്ദാക്ഷിണ്യമായ നവലിബറല്‍ നയങ്ങള്‍ ഹെയ്ത്തിയിലെ ജനങ്ങളെ പിന്നെയും പാപ്പരാക്കിയിരിക്കുകയുമാണ്.

ഉദാഹരണത്തിന്, മുപ്പത്വര്‍ഷം മുമ്പ് മുഖ്യ ഭക്ഷ്യ സാധനമായ അരിയുടെ കാര്യത്തില്‍ ഹെയ്ത്തി സ്വയം പര്യാപ്തമായിരുന്നു. 1990കളുടെ മദ്ധ്യത്തില്‍ ഐഎംഎഫ് നിര്‍ബന്ധപ്രകാരം താരിഫ് വെട്ടിക്കുറച്ചു. ഇതിനെ തുടര്‍ന്ന് അമേരിക്ക സബ്സിഡി നല്‍കുന്ന കുറഞ്ഞ ചെലവില്‍ ഉല്‍പാദിപ്പിച്ച അരി വിലകുറച്ച് ഹെയ്ത്തിയില്‍ കൊണ്ടുവന്ന് കുമിച്ചു. ഇത് ഹെയ്ത്തിയിലെ നെല്‍കൃഷിയെ നശിപ്പിച്ചു. ഇപ്പോള്‍ ഹെയ്ത്തി അരി ഇറക്കുമതിയെ പൂര്‍ണമായും ആശ്രയിക്കുന്ന അവസ്ഥയില്‍ എത്തി.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി വായ്പയും ധനസഹായവും നല്‍കുന്നതിനുള്ള വ്യവസ്ഥകളായാണ് ഈ നയങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെട്ടത്. സ്വകാര്യവല്‍ക്കരണം നടപ്പാക്കാനും മിനിമം കൂലിയില്‍ കുറവ് വരുത്താനും മുന്‍പേതന്നെ തുച്ഛമായിരുന്ന ആരോഗ്യം, വിദ്യാഭ്യാസം, പൊതു പശ്ചാത്തല വികസനം എന്നിവയ്ക്കുള്ള ചെലവുകള്‍ ഗണ്യമായി വെട്ടുക്കുറയ്ക്കാനും ഈ നയങ്ങള്‍ ഹെയ്ത്തിയിലെ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കി. ഹെയ്ത്തിയിലെ ജനങ്ങള്‍ക്ക് ഏറ്റവും അത്യാവശ്യമായ അടിസ്ഥാന ആശ്വാസ നടപടികള്‍പോലും പ്രദാനംചെയ്യാന്‍ പറ്റാത്തവിധം അവിടത്തെ സര്‍ക്കാര്‍ നിസ്സഹായാവസ്ഥയില്‍ എത്തിച്ചേര്‍ന്നത് ഇതിന്റെ പ്രത്യാഘാതമായാണ്. ഇപ്പോള്‍പോലും ഐഎംഎഫില്‍ നിന്ന് പുതിയ വായ്പ ലഭിക്കണമെങ്കില്‍ ഹെയ്ത്തി വൈദ്യുതിയുടെ വില വര്‍ദ്ധിപ്പിക്കുകയും പൊതുമേഖലയില്‍ വേതനം മരവിപ്പിക്കുകയും വേണം എന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. മഹാഭൂരിപക്ഷം ആളുകള്‍ക്കും പ്രതിദിനം രണ്ട് ഡോളറില്‍ താഴെ മാത്രം വരുമാനമുള്ള ഒരു രാജ്യത്തിനുമേലാണ് ഇത്തരം വ്യവസ്ഥകള്‍ അടിച്ചേല്‍പിക്കുന്നത്.

യഥാര്‍ത്ഥ ജീവിതത്തില്‍ ഈ സംഭവപരമ്പരകളുടെ അര്‍ത്ഥമെന്താണെന്ന് ഹെയ്ത്തിയും തൊട്ടയല്‍ രാജ്യമായ ക്യൂബയും തമ്മിലുള്ള തികഞ്ഞ വ്യത്യസ്തതയില്‍ നിന്ന് കാണാന്‍ കഴിയും; ഹെയ്ത്തി ഐഎംഎഫിന്റെ കമ്പോളമെന്ന ഔഷധം സേവിച്ചിരിക്കുമ്പോള്‍ ക്യൂബ അതിനു തയ്യാറാകാതെ കഴിഞ്ഞ 50 വര്‍ഷമായി അമേരിക്കയുടെ സാമ്പത്തിക ഉപരോധം അനുഭവിക്കുകയാണ്. എന്നാല്‍ ഹെയ്ത്തിയിലെ ശിശുമരണനിരക്ക് ആയിരത്തിന് ഏകദേശം 80 ആയിരിക്കുമ്പോള്‍ ക്യൂബയുടേത് 5.8 മാത്രമാണ്. ഹെയ്ത്തിയിലെ പ്രായപൂര്‍ത്തിയായ പകുതിയോളം ആളുകള്‍ നിരക്ഷരരായിരിക്കുമ്പോള്‍ ക്യൂബയില്‍ നിരക്ഷരത കഷ്ടിച്ച് 3 ശതമാനം മാത്രമാണ്. കഴിഞ്ഞവര്‍ഷം ക്യൂബയിലും ഹെയ്ത്തിയിലും ഒരേപോലെ നാശം വിതച്ച ചുഴലിക്കൊടുങ്കാറ്റുകളില്‍ ഹെയ്ത്തിയില്‍ 800 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ ക്യൂബയില്‍ കൊല്ലപ്പെട്ടത് 4 പേര്‍ മാത്രമാണ്.

ഇറാഖുമുതല്‍ 2004ലെ ഏഷ്യന്‍ സുനാമി വരെയുള്ള യുദ്ധങ്ങളെയും പ്രകൃതിദുരന്തങ്ങളെയും കോര്‍പ്പറേറ്റ് ശക്തികളും അവരുടെ രക്ഷിതാക്കളായ സര്‍ക്കാരുകളും മറ്റു രാജ്യങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്ന നിയന്ത്രണരാഹിത്യം തീവ്രമാക്കുന്നതുമുതല്‍ സ്വകാര്യവല്‍ക്കരണംവരെയുള്ള മൃഗീയമായ നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കാന്‍ ഉപയോഗിക്കുന്നത് എങ്ങനെയാണെന്ന് നവോമി ക്ളൈന്‍ "ഷോക് ഡോക്ട്രീന്‍'' എന്ന കൃതിയില്‍ വിവരിച്ചിട്ടുണ്ട്.

ബിബിസിയുമായുള്ള ഒരു അഭിമുഖത്തില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ളിന്റണ്‍ ഹെയ്ത്തിയില്‍ കയറ്റുമതി പ്രോത്സാഹന മേഖല കെട്ടിപ്പടുക്കാന്‍ ഇതിനു സമാനമായ ചില നടപടികളുമായി പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ കുറഞ്ഞ കൂലിക്ക് ഉല്‍പന്നങ്ങളുടെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്ന യൂണിറ്റുകള്‍ കൂടുതലായി തുടങ്ങിയതുകൊണ്ടുമാത്രം ഹെയ്ത്തിയിലെ സമ്പദ്ഘടന വികസിക്കുകയോ മഹാഭൂരിപക്ഷം ആളുകള്‍ക്ക് സ്ഥിരം വരുമാനം ഉറപ്പാക്കുകയോ ചെയ്യില്ല. അത് സാധ്യമാകണമെങ്കില്‍ ഇപ്പോള്‍ ഹെയ്ത്തിക്കുള്ള 100 കോടി ഡോളറിലധികമുള്ള വായ്പകള്‍ എഴുതി തള്ളണം. പുതിയ വായ്പകളും ധനസഹായങ്ങളും അനുവദിക്കേണ്ടതുമാണ്. തങ്ങളുടെ രാജ്യത്തെ ജനാധിപത്യപരമായി പുനര്‍നിര്‍മ്മിക്കാനും ഹെയ്ത്തിയിലെ ജനങ്ങളെ അനുവദിക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമേ ഹെയ്ത്തിയുടെ ദുരന്തങ്ങളും ഭീകരാനുഭവങ്ങളും എന്നെന്നേക്കുമായി തുടച്ചു നീക്കപ്പെടുകയുള്ളു.

സ്യൂമാസ് മില്‍നെ (കടപ്പാട്: ദ ഗാര്‍ഡിയന്/ചിന്ത വാരിക ‍)

Tuesday, July 28, 2009

അമേരിക്കയ്ക്ക് കീഴടങ്ങുന്നതിനെതിരെ ...

ഇന്ത്യയെ അമേരിക്കയ്ക്ക് കീഴ്പ്പെടുത്തുന്ന നയങ്ങള്‍ക്കെതിരെ ദേശാഭിമാനബോധമുള്ള പ്രതിപക്ഷം നടത്തിയ പോരാട്ടമാണ് പാര്‍ലമെന്റില്‍ കഴിഞ്ഞ ഒരാഴ്ചത്തെ ശ്രദ്ധേയമായ പ്രവര്‍ത്തനം. ന്യായീകരിക്കാനാവാതെ നിശ്ശബ്ദമായിപ്പോയ ഗവണ്‍മെന്റ് രാജ്യതാല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ എത്ര ദുര്‍ബ്ബലരാണെന്ന് അവരുടെ വാക്കുകളും തെളിയിച്ചു.

അമേരിക്കയുമായി ഇന്ത്യ ഒപ്പിട്ട എന്‍ഡ് യൂസ് മോണിട്ടറിങ് കരാര്‍ പാര്‍ലമെന്റിന്റെ ഇരു സഭകളെയും പിടിച്ചുകുലുക്കിയ സംഭവവികാസങ്ങള്‍ക്ക് വഴിതെളിച്ചു. അമേരിക്കയുമായുള്ള ബന്ധത്തിലും ആണവ കരാര്‍ വിഷയത്തിലും ഇടതുപക്ഷം മുമ്പ് ഉയര്‍ത്തിയതും മുന്‍ യുപിഎ സര്‍ക്കാരിന് പിന്തുണ പിന്‍വലിക്കുന്നതിലേക്ക് നയിച്ചതുമായ ആശങ്കകള്‍ ഒന്നൊന്നൊയി യാഥാര്‍ഥ്യമാണെന്ന് തെളിഞ്ഞത് ഇരു സഭകളിലും തുറന്നുകാട്ടപ്പെട്ടു. അതിന് പകരമെന്നോണം ഗവണ്‍മെന്റ് സ്വീകരിച്ച മറ്റൊരു നിലപാട് അവരുടെ രാഷ്ട്രീയ അജ്ഞതയെയും കാര്യഗൌരവമില്ലായ്മയെയും തുറന്നുകാട്ടി. ആഭ്യന്തരവകുപ്പിന്റെ ധനാഭ്യര്‍ഥനക്ക് മറുപടി പറഞ്ഞ മന്ത്രി ചിദംബരം മാവോയിസ്റ്റുകളുടെ അക്രമത്തെ ന്യായീകരിക്കുകയും സിപിഐ എമ്മിനെ കുറ്റപ്പെടുത്തുകയും ചെയ്തു. ഇരു സന്ദര്‍ഭങ്ങളിലും കേന്ദ്ര സര്‍ക്കാരിനെ നയിക്കുന്ന കക്ഷിയുടെ രാഷ്ട്രീയ പാപ്പരത്തമാണ് പ്രകടമായത്.

ജൂലൈ 21നായിരുന്നു ഇന്ത്യ-അമേരിക്ക കരാറിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളാല്‍ പാര്‍ലമെന്റ് പ്രക്ഷുബ്ദ്ധമായത്. അമേരിക്കയില്‍ നിന്ന് വാങ്ങുന്ന പ്രതിരോധ ഉപകരണങ്ങളും ആയുധങ്ങളും ഉപയോഗിക്കുന്ന ഇന്ത്യയിലെ ഏത് കേന്ദ്രത്തിലും പരിശോധന നടത്താന്‍ അമേരിക്കയെ അനുവദിക്കുന്ന കരാര്‍ രാജ്യത്തിന്റെ പരമാധികാരം പണയപ്പെടുത്തലാണെന്ന് ആരോപിച്ച് ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷാംഗങ്ങള്‍ ഗവണ്‍മെന്റിന്റെ വിശദീകരണം ആവശ്യപ്പെട്ടു. അമേരിക്കയുമായി ഒപ്പിട്ട കരാറിന്റെ കോപ്പി സഭയുടെ മേശപ്പുറത്ത് വെക്കണമെന്ന് ബിജെപിയിലെ യശ്വന്ത്സിന്‍ഹ ആവശ്യപ്പെട്ടു. ഫ്രാന്‍സും റഷ്യയുമായി ആയുധ ഇടപാട് നടത്തിയപ്പോഴൊന്നുമില്ലാത്ത ഒരു കരാര്‍ അമേരിക്കയുമായി ഒപ്പിട്ടതിനെ അദ്ദേഹം ചോദ്യംചെയ്തു. സിപിഐ എം അടക്കമുള്ള ഇടതുപക്ഷ പാര്‍ടികള്‍ ആണവ കരാറിന്റെ കാര്യത്തില്‍ യുപിഎ സര്‍ക്കാര്‍ അമേരിക്കക്ക് കീഴടങ്ങിയത് പല മേഖലകളിലേക്കും വ്യാപിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി. ഗവണ്‍മെന്റ് പ്രസ്താവന നടത്തിയേതീരൂ എന്ന പ്രതിപക്ഷാംഗങ്ങളുടെ ശക്തമായ ആവശ്യത്തിനു മുന്നില്‍ ഗവണ്‍മെന്റ് കീഴടങ്ങി. അന്നുതന്നെ സഭയില്‍ ഗവണ്‍മെന്റ് പ്രസ്താവന നടത്തുമെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ അറിയിച്ചതോടെയാണ് പ്രതിഷേധം താല്‍ക്കാലികമായി അവസാനിച്ചത്.

വൈകിട്ട് നാലിന് ലോക്സഭയില്‍ വിദേശകാര്യ മന്ത്രി എസ് എം കൃഷ്ണ പ്രസ്താവന നടത്തി. രാജ്യതാല്‍പര്യങ്ങള്‍ അടിയറ വെച്ചിട്ടില്ലെന്നും ഏത് ആയുധ ഇടപാടിലും ഇത്തരം കരാറുണ്ടാകുമെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയുമായി ചേര്‍ന്ന് വിദേശകാര്യമന്ത്രി നടത്തിയ സംയുക്ത പ്രസ്താവനയും മന്ത്രിയുടെ പ്രസ്താവനക്കൊപ്പം മേശപ്പുറത്തുവെച്ചു.

ആയുധം വാങ്ങുന്നതിന്റെ പേരില്‍ രാജ്യത്തുള്ള ഏത് സൈനികകേന്ദ്രത്തിലും വിദേശരാജ്യത്തിന്റെ പ്രതിനിധികളെ കയറിയിറങ്ങാന്‍ അനുവദിക്കുന്നത് രാജ്യത്തിന്റെ പരമാധികാരം പണയപ്പെടുത്തലല്ലാതെ മറ്റെന്താണെന്ന ചോദ്യത്തിന് മറുപടി പറയാന്‍ വിദേശമന്ത്രിക്ക് കഴിഞ്ഞില്ല. ദുര്‍ബ്ബലമായ വാദമുഖങ്ങള്‍ നിറച്ച ഒരു പ്രസ്താവനയല്ലാതെ പ്രതിപക്ഷാംഗങ്ങളുടെ ചോദ്യത്തിനൊന്നും മറുപടി നല്‍കാന്‍ കഴിയാതെ മന്ത്രി എസ് എം കൃഷ്ണ കുഴങ്ങി. കൃഷ്ണയെ സഹായിക്കാന്‍ ഭരണപക്ഷത്തുനിന്ന് ആരും രംഗത്തെത്തിയില്ല എന്നതും ശ്രദ്ധിക്കപ്പെട്ടു.

ഇന്ത്യയുടെ സൈനികകേന്ദ്രങ്ങളില്‍ പരിശോധന നടത്താന്‍ വിദേശശക്തികളെ അനുവദിക്കില്ലെന്ന പ്രധാനമന്ത്രിയുടെ ഉറപ്പ് ലംഘിക്കപ്പെട്ടുവെന്ന് പ്രതിപക്ഷനേതാവ് എല്‍ കെ അദ്വാനി പറഞ്ഞു. എന്നാല്‍ ആണവ കരാറിന്റെ തുടര്‍നടപടികള്‍ക്ക് അമേരിക്ക പുതിയ വ്യവസ്ഥകള്‍ വെച്ചതിനെപ്പറ്റി ബിജെപി മൌനംപാലിച്ചു. അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് പൂര്‍ണ്ണമായി കീഴടങ്ങുകയാണ് കേന്ദ്ര സര്‍ക്കാരെന്ന് സിപിഐ എം നേതാവ് ബസുദേവ് ആചാര്യ പറഞ്ഞു. ശരദ് യാദവ്, മുലായംസിങ് യാദവ് തുടങ്ങിയ അംഗങ്ങളും ഗവണ്‍മെന്റിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി. രാജ്യതാല്‍പര്യത്തിനെതിരായി ഗവണ്‍മെന്റ് ഒന്നും ചെയ്യില്ലെന്ന ഒഴുക്കന്‍ മട്ടിലുള്ള മറുപടിയാണ് വിദേശമന്ത്രിയില്‍ നിന്നുണ്ടായത്. ഗവണ്‍മെന്റിന്റെ നിരുത്തരവാദിത്വത്തില്‍ പ്ര്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങള്‍ ഇറങ്ങിപ്പോയി.

രാജ്യസഭയിലും ഇതേ പ്രസ്താവന ആവര്‍ത്തിച്ചു. ഇവിടെയും പ്രതിപക്ഷത്തിന്റെ ശക്തമായ ആക്രമണമാണ് ഗവണ്‍മെന്റിന് നേരിടേണ്ടിവന്നത്. ഇന്ത്യയുടെ സൈനികകേന്ദ്രങ്ങളില്‍ പരിശോധന നടത്താന്‍ അമേരിക്കയെ അനുവദിച്ചതുവഴി രാജ്യത്തിന്റെ പരമാധികാരം അടിയറ വെച്ചിരിക്കുന്നുവെന്ന് സിപിഐ എം അംഗം സീതാറാം യെച്ചൂരി പറഞ്ഞു. ആണവ കരാറിന്റെ കാര്യത്തിലും ഇന്ത്യയെ കാല്‍ക്കീഴില്‍ നിര്‍ത്തുന്ന നടപടിയാണ് അമേരിക്കയുടേത്. എന്‍പിടിയിലും സിടിബിടിയിലും ഒപ്പിടാതെ ആണവ സാങ്കേതികവിദ്യ ലഭിക്കില്ലെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ളിന്റന്റെ ഇന്ത്യാ സന്ദര്‍ശനത്തോടെ ഉറപ്പായി. കാലാവസ്ഥാ വ്യതിയാനത്തിന്റെ കാര്യത്തിലും വികസിതരാജ്യങ്ങളുടെ വളര്‍ച്ചക്കുവേണ്ടി കൂടുതല്‍ ബാധ്യതകള്‍ ഏറ്റെടുക്കാന്‍ ഇന്ത്യയെപ്പോലുള്ള വികസ്വരരാജ്യങ്ങളെ നിര്‍ബ്ബന്ധിക്കുകയാണ് അമേരിക്ക. ഇറാനുമായുള്ള ബന്ധം കൂടുതല്‍ വഷളാക്കണമെന്ന അമേരിക്കന്‍ നിര്‍ബ്ബന്ധത്തിനും ഇന്ത്യ കീഴടങ്ങുന്നു. ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുന്ന നടപടികളാണിവയെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.

ധാരാളം രാജ്യങ്ങളില്‍ നിന്ന് ഇന്ത്യ ആയുധം വാങ്ങുന്നുണ്ട്. അവരെയെല്ലാം ഇന്ത്യയുടെ സൈനികകേന്ദ്രങ്ങളില്‍ അലഞ്ഞുതിരിയാന്‍ അനുവദിച്ചിട്ടുണ്ടോ എന്ന് വൃന്ദ കാരാട്ട് ചോദിച്ചു. മുമ്പ് ഇത്തരം അനുമതി നല്‍കിയിട്ടുണ്ടോ എന്ന് ഗവണ്‍മെന്റ് വ്യക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഇന്ത്യന്‍ സൈനികകേന്ദ്രങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്ന് ബിജെപി നേതാവ് അരുണ്‍ ജയ്റ്റ്ലി പറഞ്ഞു.

രണ്ട് രാജ്യങ്ങള്‍ തമ്മില്‍ കരാറുണ്ടാക്കുന്നതിന് ചില 'വിലപേശലുകള്‍' നടത്തേണ്ടിവരുമെന്ന വിദേശമന്ത്രിയുടെ പരാമര്‍ശം രാജ്യസഭയെ അക്ഷരാര്‍ഥത്തില്‍ പിടിച്ചുകുലുക്കി. വിലപേശല്‍ എന്ന പ്രയോഗം കൊണ്ടുതന്നെ ഇന്ത്യയുടെ പരമാധികാരം വച്ച് വിലപേശിയെന്ന പ്രതിപക്ഷാരോപണം ശരിയാണെന്ന് ഗവണ്‍മെന്റ് സമ്മതിക്കുന്നതിന് തുല്യമായി. ഇന്ത്യയുടെ പരമാധികാരം വച്ച് വിലപേശുമെന്നാണോ ഗവണ്‍മെന്റ് അര്‍ഥമാക്കുന്നതെന്ന് ചോദിച്ച് പ്രതിപക്ഷാംഗങ്ങള്‍ ശക്തമായ പ്രതിഷേധമുയര്‍ത്തി. ഇന്ത്യയുടെ പരമാധികാരത്തില്‍ തൊട്ടുകളിക്കാന്‍ ഒരു രാജ്യത്തെയും അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കാന്‍ തയ്യാറുണ്ടോ എന്ന് പ്രതിപക്ഷാംഗങ്ങള്‍ ചോദിച്ചപ്പോഴും വിദേശമന്ത്രി മൌനം പാലിച്ചു. സുപ്രധാനമായ ഒരു വിഷയത്തില്‍ ഗവണ്‍മെന്റ് നടത്തുന്ന ഒളിച്ചുകളിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങള്‍ ഇറങ്ങിപ്പോയി.

മുന്‍ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുള്‍കലാമിനെ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അമേരിക്കന്‍ വിമാനക്കമ്പനിയായ കോണ്ടിനെന്റലിന്റെ ഉദ്യോഗസ്ഥര്‍ ദേഹപരിശോധനയ്ക്ക് വിധേയമാക്കുകയും അപമാനിക്കുകയും ചെയ്ത സംഭവം രാജ്യസഭയില്‍ പ്രക്ഷുബ്ധമായ രംഗങ്ങള്‍ സൃഷ്ടിച്ചു. കോണ്ടിനെന്റല്‍ വിമാനക്കമ്പനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കണമെന്ന് ഇടതുപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു. മറ്റ് പ്രതിപക്ഷ പാര്‍ടികളും ബിജെപിയും ഇതേ ആവശ്യമുന്നയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി നടപടിയെടുക്കാമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി പ്രഭുല്‍ പട്ടേല്‍ അറിയിച്ചു.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ നേരിടുന്ന കടുത്ത വരള്‍ച്ച മൂലം കാര്‍ഷികരംഗം വലിയ തകര്‍ച്ച നേരിടുകയാണെന്ന് സിപിഐ എം നേതാവ് ബസുദേവ് ആചാര്യ ചര്‍ച്ചയില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ അടിയന്തിര നടപടികളെടുത്തില്ലെങ്കില്‍ ദരിദ്ര കര്‍ഷകര്‍ പട്ടിണിയിലാകും. പല സ്ഥലങ്ങളിലും കുടിവെള്ളമില്ല. ഗ്രാമങ്ങളില്‍ ഇതുമൂലം പകര്‍ച്ചവ്യാധി വ്യാപിക്കുന്നു. വരള്‍ച്ച ഗ്രാമങ്ങളെയും ദരിദ്രരെയുമാണ് ഏറ്റവും ദോഷകരമായി ബാധിക്കുന്നത്. കടുത്ത വിലക്കയറ്റത്തിനും ഇതിടയാക്കും. വരള്‍ച്ച നേരിടാന്‍ ഹ്രസ്വകാല, ദീര്‍ഘകാല പരിഹാര നടപടികള്‍ വേണം. ഇതുസംബന്ധിച്ച് ശാസ്ത്രജ്ഞരും രാഷ്ട്രീയനേതാക്കളും കൂട്ടായി ആലോചിക്കണം. മുഖ്യമന്ത്രിമാരുടെ സമ്മേളനം ഉടന്‍ വിളിച്ചുചേര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശരദ് യാദവ്, മുലായംസിങ് യാദവ്, ഗോപിനാഥ് മുണ്ടെ, ഭര്‍തൃഹരി മെഹ്ത്താബ് തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു. എന്നാല്‍ ചര്‍ച്ചയ്ക്ക് മറുപടി പറയാന്‍ കൃഷിമന്ത്രി ശരദ് പവാറോ സഹമന്ത്രിമാരോ ഉണ്ടായിരുന്നില്ല.

വിദ്യാഭ്യാസ അവകാശബില്‍ രാജ്യസഭ ചര്‍ച്ച ചെയ്ത് അംഗീകരിച്ചു. പ്രീ-സ്കൂള്‍ മുതല്‍ പ്ളസ്ടു വരെയുള്ള പഠനത്തെ വിദ്യാഭ്യാസ അവകാശ ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പി രാജീവ് ആവശ്യപ്പെട്ടു. നിലവില്‍ ഒന്നു മുതല്‍ എട്ടുവരെ ക്ളാസുകളാണ് ബില്ലിന്റെ പരിധിയില്‍ വരുന്നത്. പതിന്നാലുവയസ്സു വരെ വിദ്യാഭ്യാസം കുട്ടികളുടെ മൌലികാവകാശമായിരിക്കണമെന്നാണ് 1993 ല്‍ ഉണ്ണികൃഷ്ണന്‍ കേസില്‍ സുപ്രീംകോടതി വിധിച്ചത്. ആറുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും സൌജന്യവിദ്യാഭ്യാസം ഉറപ്പുവരുത്തണമെന്ന് വിധിയില്‍ പറയുന്നു. എന്നാല്‍ ഭരണഘടനയുടെ 21 എ അനുച്ഛേദമായി ഉള്‍പ്പെടുത്തിയ 86-ാം ഭരണഘടനാ ഭേദഗതി വിദ്യാഭ്യാസം മൌലികാവകാശമെന്നത് ആറു മുതല്‍ പതിന്നാല് വയസ്സുവരെയാക്കി ഒതുക്കി. പതിനെട്ട് വയസ്സുവരെ വിദ്യാഭ്യാസം സൌജന്യമായിരിക്കണമെന്ന് നിര്‍ദേശിക്കുന്ന ശിശു അവകാശം സംബന്ധിച്ച യുഎന്‍ ചട്ടത്തില്‍ ഇന്ത്യയും ഒപ്പുവെച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്ളസ്ടു ഘട്ടം വരെയും സൌജന്യ വിദ്യാഭ്യാസത്തിന് അവസരമൊരുക്കണം.

ആകെ 200 കോടി രൂപ മാത്രമാണ് സ്കൂള്‍ വിദ്യാഭ്യാസത്തിന് ഈ വര്‍ഷം നീക്കിവെച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ സമീപനം ഇതാണെങ്കില്‍ വിദ്യാഭ്യാസ അവകാശമെന്നത് സഫലീകരിക്കാത്ത സ്വപ്നമായി തുടരും. സാമ്പത്തികഭാരത്തിന്റെ വലിയ പങ്കും കേന്ദ്രം തന്നെ വഹിക്കണം. ഫണ്ടിങ്ങിന്റെ കാര്യത്തില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരേ മാനദണ്ഡം തന്നെയാണ് കേന്ദ്രം പിന്തുടരുന്നത്. ഇത് മാറ്റി അതത് സംസ്ഥാനങ്ങളുടെ സവിശേഷ സാഹചര്യത്തിനനുസരിച്ച് സഹായം നല്‍കുന്ന വ്യവസ്ഥ കൊണ്ടുവരണം.

സര്‍ക്കാരിന്റെ സാമ്പത്തിക പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന എല്ലാ സ്കൂളുകളിലും അധ്യാപകനിയമനത്തില്‍ സംവരണ തത്വങ്ങള്‍ പാലിക്കണം. അംഗവൈകല്യമുള്ള കുട്ടികള്‍ക്ക് നല്‍കേണ്ട വിദ്യാഭ്യാസം സംബന്ധിച്ച് ബില്ലിലെ വ്യവസ്ഥ ഏറെ സങ്കീര്‍ണമാണ്. ഓട്ടിസം, സെറിബ്രല്‍ പാള്‍സി എന്നീ വൈകല്യങ്ങളുള്ള കുട്ടികളെ കൂടി അംഗവൈകല്യമുള്ള കുട്ടികളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നും രാജീവ് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ മേഖലയെ കൂടുതല്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള നടപടികളുമായാണ് യുപിഎ സര്‍ക്കാര്‍ മുന്നോട്ടുനീങ്ങുന്നതെന്ന് ലോക്സഭയില്‍ മാനവ വിഭവശേഷി വകുപ്പിന്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് പി കെ ബിജു പറഞ്ഞു. ഭരണഘടന നിലവില്‍ വന്ന് പത്തുവര്‍ഷത്തിനകം പതിന്നാല് വയസ്സുവരെയുള്ള എല്ലാ കുട്ടികള്‍ക്കും സൌജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തണമെന്നാണ് ഭരണഘടനയുടെ 45-ാം വകുപ്പില്‍ പറയുന്നത്. അംബാനി- ബിര്‍ല കമ്മിറ്റി, ദേശീയ വിജ്ഞാന കമീഷന്‍, യശ്പാല്‍ കമ്മിറ്റി റിപ്പോര്‍ട്ട് എന്നിവയുടെ ചുവടുപിടിച്ചുള്ള തീവ്ര സ്വകാര്യവല്‍ക്കരണ നിര്‍ദേശങ്ങളാണ് ബജറ്റിലുള്ളത്. വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപത്തിന് കേന്ദ്രം തയ്യാറല്ല. ജിഡിപിയുടെ 3.02 ശതമാനമാണ് വിദ്യാഭ്യാസത്തിന് ചെലവഴിക്കുന്നത്. 2015 ആകുമ്പോഴേക്കും ഇത് 1.85 ശതമാനമായി കുറയും.

സര്‍വ്വശിക്ഷ അഭിയാനുള്ള വിഹിതവും സര്‍ക്കാര്‍ വെട്ടിക്കുറച്ചിരിക്കയാണ്. സാമ്പത്തികവളര്‍ച്ചയെക്കുറിച്ച് കോണ്‍ഗ്രസ് ഊറ്റംകൊള്ളുമ്പോഴും രാജ്യത്തെ സ്കൂളുകളുടെ അവസ്ഥ പരിതാപകരമാണ്. എസ്എസ്എയ്ക്കും ഉച്ചഭക്ഷണ പദ്ധതിക്കും ആവശ്യത്തിന് പണം നീക്കിവെക്കണം. എഐസിടിഇ, യുജിസി തുടങ്ങിയ സമിതികളെയൊക്കെ ഒഴിവാക്കി എന്‍സിഎച്ച്ഇആര്‍ രൂപീകരിക്കണമെന്ന യശ്പാല്‍ സമിതി റിപ്പോര്‍ട്ടിലെ നിര്‍ദേശം അംഗീകരിക്കാവുന്നതല്ല. വിദ്യാഭ്യാസ മേഖലയില്‍ നൂറുശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം എന്ന യശ്പാല്‍ സമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശയും എതിര്‍ക്കപ്പെടേണ്ടതാണ്- ബിജു പറഞ്ഞു.

ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചയിലും ജനപക്ഷത്തുനിന്നുള്ള ശബ്ദമുയര്‍ത്തിയത് ഇടതുപക്ഷമാണ്. രാജ്യസഭയില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത വൃന്ദ കാരാട്ട്, ആരോഗ്യരംഗത്തുള്ള സ്വകാര്യസ്ഥാപനങ്ങള്‍ക്ക് സാമൂഹ്യനിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് അഭിപ്രായപ്പെട്ടു. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് മൂന്ന് വാക്സിന്‍ നിര്‍മ്മാണ യൂണിറ്റുകള്‍ അടച്ചുപൂട്ടാനുള്ള സാഹചര്യമെന്തായിരുന്നുവെന്ന കാര്യത്തില്‍ അന്വേഷണം നടത്തണം. വാക്സിന്‍ നിര്‍മ്മാണ യൂണിറ്റുകള്‍ അടച്ചുപൂട്ടിയത് സ്വകാര്യവല്‍ക്കരണ നീക്കത്തിന്റെ ഭാഗമായാണ്. വാക്സിന്‍ ക്ഷാമത്തിന് ഇത് ഇടയാക്കി. ലക്ഷക്കണക്കിന് കുട്ടികള്‍ക്ക് വാക്സിന്‍ ലഭ്യമല്ലാത്ത സ്ഥിതി വന്നു. ഇക്കാര്യത്തില്‍ ഗവണ്‍മെന്റ് ഇറക്കിയ വിജ്ഞാപനത്തില്‍, വാക്സിന്‍ യൂണിറ്റുകള്‍ ബിസിജി ഇറക്കുമതി ചെയ്യുമെന്നാണ് പറയുന്നത്. എന്തുകൊണ്ടാണ് ബിസിജി ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കാതെ ഇറക്കുമതി ചെയ്യുന്നതെന്ന് വ്യക്തമാക്കണം.

ആരോഗ്യരംഗത്ത് മെച്ചപ്പെട്ട പ്രവര്‍ത്തനം നടക്കുന്ന സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രസവ സമയത്ത് നല്‍കുന്ന ധനസഹായം പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളിലേതിനേക്കാള്‍ കുറവാണ്. ദരിദ്രരായ സ്ത്രീകള്‍ എല്ലാ സംസ്ഥാനത്തും ഒരേ ദുരിതമാണ് അനുഭവിക്കുന്നത്. അതുകൊണ്ട് സഹായത്തുക ഏകീകരിക്കണം. ആഷ പ്രവര്‍ത്തകര്‍ക്ക് കുറഞ്ഞ കൂലിയെങ്കിലും ഉറപ്പുവരുത്തണം. ആരോഗ്യരംഗത്തെ പശ്ചാത്തലസൌകര്യത്തിന്റെ കാര്യത്തില്‍ ഇപ്പോഴും സ്ഥിതി പരിതാപകരമാണ്. ഈ സ്ഥിതിക്ക് മാറ്റമുണ്ടാകണം. അതിനായി കൂടുതല്‍ തുക വകയിരുത്തണം. സംസ്ഥാനങ്ങള്‍ക്കും കൂടുതല്‍ സഹായങ്ങള്‍ നല്‍കണം. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും സര്‍ക്കാരിന്റെ നിയന്ത്രണമുണ്ടാകണം. ഇരുപത് ലക്ഷമൊക്കെ കോഴ കൊടുത്താണ് സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പലരും പ്രവേശനം നേടുന്നത്. ഇവരുടെ നിലവാരം എങ്ങനെയാവുമെന്ന് ഊഹിക്കാമെന്നും വൃന്ദ പറഞ്ഞു.

ഊര്‍ജ പ്രതിസന്ധി പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് അഡ്വ. എ സമ്പത്ത് ഉര്‍ജവകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് ലോക്സഭയില്‍ ആവശ്യപ്പെട്ടു. പുതിയ ജലവൈദ്യൂത പദ്ധതികള്‍ നടപ്പാക്കണം. കാറ്റ്, സൂര്യപ്രകാശം തുടങ്ങിയ പാരമ്പര്യേതര ഊര്‍ജസ്രോതസ്സുകളില്‍നിന്ന് വൈദ്യൂതി ഉല്‍പാദിപ്പിക്കുന്നതിന് കൂടുതല്‍ തുക വകയിരുത്തണം. ജലവൈദ്യുതി ശേഷിയുടെ ഇരുപത് ശതമാനം മാത്രമാണ് നാം ചൂഷണം ചെയ്യുന്നത്. പൂയംകുട്ടി, അതിരപ്പള്ളി പദ്ധതികള്‍ക്കെതിരെയും പുതിയ ലൈനുകള്‍ വലിക്കുന്നതിനെതിരെയും ഉയരുന്ന പ്രക്ഷോഭങ്ങള്‍ ഈ രംഗത്തെ പ്രതിസന്ധി വഷളാക്കും. ഊര്‍ജമേഖലയുടെ സ്വകാര്യവല്‍ക്കരണം പ്രശ്നങ്ങള്‍ക്ക് പരിഹാരമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി മായാവതിക്കെതിരെ പിസിസി പ്രസിഡന്റ് റീത്ത ബഹുഗുണ നടത്തിയ മോശം പരാമര്‍ശവും റീത്തയുടെ വീടിനുനേരേ നടന്ന ആക്രമണവും പാര്‍ലമെന്റിന്റെ ഇരുസഭകളിലും ശബ്ദായമാനമായ രംഗങ്ങള്‍ സൃഷ്ടിച്ചു. പാലക്കാട് ഐടിഐ സ്വകാര്യവല്‍ക്കരിക്കരുതെന്നും പൊതുമേഖലയില്‍ നിലനിര്‍ത്തണമെന്നും എം ബി രാജേഷ് ലോക്സഭയില്‍ ശൂന്യവേളയില്‍ ആവശ്യപ്പെട്ടു.

വി ജയിന്‍