Showing posts with label മതം. Show all posts
Showing posts with label മതം. Show all posts

Saturday, February 6, 2021

ചില്ലറ വോട്ടിന് വേണ്ടി വര്‍ഗീയതയെ പ്രീണിപ്പിക്കുന്നത് നാടിന് ഗുണമല്ല; മതനിരപേക്ഷതയില്‍ യുഡിഎഫിന് ഉറച്ച നിലപാടില്ല: മുഖ്യമന്ത്രി

ഒരു രാഷ്ട്രീയ പാര്‍ടി എന്ന നിലയ്‌‌ക്കാണ് മുസ്ലിം ലീഗിന്റെ നയങ്ങള്‍ക്കെതിരെ സിപിഐ എം വിമര്‍ശനം ഉന്നയിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിക്കുന്നത്. അത് ഏതെങ്കിലും തരത്തില്‍ വര്‍ഗീയമാകില്ല. ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകെട്ടുണ്ടാക്കാന്‍ ലീഗാണ് നേതൃത്വം നല്‍കിയത്. സാധാരണഗതിയില്‍ നാടിന് അംഗീകരിക്കാന്‍ സാധിക്കാത്ത കാര്യമാണത്. സ്വാഭാവികമായും അതിനെതിരെ വിമര്‍ശനമുണ്ടാകും. ലീഗ് ഒരു രാഷ്ട്രീയ പാര്‍ടി അല്ല എന്ന നിലപാട് സിപിഐ എം സ്വീകരിച്ചിട്ടില്ല. അപ്പോള്‍ ലീഗിനെ വിമര്‍ശിച്ചാല്‍ അതിലെന്താണ് വര്‍ഗീയത. -മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

വര്‍ഗീയശക്തികള്‍ നാട്ടിലുണ്ട്. അവരുടെ പ്രചരണത്തെ ശരിയായ രീതിയില്‍ നേരിടാന്‍ മതനിരപേക്ഷ ശക്തികള്‍ക്ക് സാധിക്കണം. ഇടതുപക്ഷ ജനാധിപത്യ മുന്നണി എല്ലാ ഘട്ടത്തിലും മതനിരപേക്ഷതയയുടെ കാര്യത്തില്‍ ഉറച്ച നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. വര്‍ഗീയതയോട് ഒരു വിട്ടുവീഴ്ച്ചയ്‌ക്കും ഇടതുപക്ഷം തയ്യാറായിട്ടില്ലെന്ന് ചരിത്രം പരിശോധിച്ചാല്‍ അറിയാനാകും.

എന്നാല്‍ അങ്ങനൊരു നിലപാട് യുഡിഎഫിനില്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തന്നെ അത് കാണാനായി. നാല് സീറ്റിനും ചില്ലറ വോട്ടിനും വേണ്ടി വര്‍ഗീയതയെ പ്രീണിപ്പിക്കുന്നത് നാടിന്റെ ഭാവിക്ക് ഗുണകരമല്ല.

കേരളത്തിലെ ബഹുജനങ്ങള്‍ ഭൂരിപക്ഷ-ന്യൂനപക്ഷ വ്യത്യാസമില്ലാതെ മതനിരപേക്ഷമായി ചിന്തിക്കുന്നവരാണ്. ഭരണഘടനാമൂല്യങ്ങള്‍ ഇവിടെ പുലരണമെന്ന് ചിന്തിക്കുന്നവരാണ്. ഇടതുപക്ഷം അവരുടെ കൂടെയാണ്.

തെറ്റായ മാര്‍ഗങ്ങളിലൂടെ താല്‍കാലിക ലാഭമുണ്ടാക്കാന്‍ വര്‍ഗീയതയുമായി സമരസപ്പെടലോ നീക്കുപോക്കോ ഉണ്ടാക്കുന്നവര്‍ നാടിന് തന്നെ ഹാനികരമായ നിലയാണ് ഉണ്ടാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചെത്തുതൊഴിലാളിയുടെ മകനെന്നത് തികഞ്ഞ അഭിമാനം: പിണറായി

തിരുവനന്തപുരം > ചെത്തുതൊഴിലാളിയുടെ മകന്‍ എന്നത് തനിക്ക് അഭിമാനം തന്നെയുള്ള കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് ഏതെങ്കിലും തരത്തില്‍ അപമാനമുണ്ടാക്കുന്ന കാര്യമായി കരുതുന്നില്ല. കര്‍ഷക കുടുംബത്തിലാണ് ജനിച്ചത്. മൂത്ത ജ്യേഷ്ഠനും ചെത്തുകാരനായിരുന്നു. രണ്ടാമത്തെ ജേഷ്ഠനും ചെത്തുതൊഴിലറിയാമായിരുന്നു. അതാണ് തന്റെ കുടുംബ പശ്ചാത്തലം. അത് അഭിമാനമുള്ള കാര്യമായിട്ടാണ് താന്‍ കാണുന്നത്- കെ സുധാകരന്റെ പ്രസ്താവനയ്ക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

എന്ത് ജീവിതമാണ് താന്‍ നയിക്കുന്നതെന്ന് തന്നെ അറിയാവുന്നവര്‍ക്ക് അറിയാം. ആഢംബര ജീവിതമെന്ന് പറയുകയാണെങ്കില്‍ വിമാനത്തില്‍ യാത്ര ചെയ്യാന്‍ പറ്റുമോ-മുഖ്യമന്ത്രി ചോദിച്ചു.

സുധാകരന്‍ പറഞ്ഞത് എന്ത് ഉദ്ദേശത്തിലാണെന്നാണ് നോക്കേണ്ടത്. ഷാനിമോള്‍ ഉസ്മാനാണ് ആകെ പ്രശ്‌നങ്ങളുണ്ടാക്കിയതെന്ന് സുധാകരന്‍ തന്നെ പറഞ്ഞു. രമേശ് ചെന്നിത്തലയ്ക്ക ആദ്യം സുധാകരന്റെ പ്രസ്താവനയെ തള്ളിപ്പറയേണ്ടി വന്നത് എന്തുകൊണ്ടാണെന്നും മുഖ്യമന്ത്രി ചോദിച്ചു.

ശബരിമലയിൽ പ്രശ്‌നമില്ല; തെറ്റായ പ്രചാരണം വോട്ടിനായി: മുഖ്യമന്ത്രി

ശബരിമലയുമായി ബന്ധപ്പെട്ട്‌ പ്രശ്‌നങ്ങളുണ്ടാക്കി തെരഞ്ഞെടുപ്പ്‌ വിഷയമാക്കാൻ പറ്റുമോ എന്നാണ്‌ ചിലർ നോക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരു പ്രശ്‌നവും ഇല്ലാത്തിടത്ത്‌ പ്രശ്‌നമുണ്ടെന്ന്‌ തെറ്റായ പ്രചാരണം അഴിച്ചുവിടുകയാണ്‌. നേരത്തേ പുറപ്പെടുവിച്ച വിധി സുപ്രീംകോടതി പുനഃപരിശോധിക്കാൻ തീരുമാനിച്ചശേഷം അവിടെ തുടർച്ചയായി ഉത്സവങ്ങൾ നടക്കുന്നുണ്ട്‌. അപ്പോഴാണ്‌ യുഡിഎഫിലെ ചിലർക്ക്‌ ശബരിമല എടുത്താൽ നല്ല വോട്ടുകിട്ടുമെന്ന്‌ തോന്നുന്നത്‌. അതിനുവേണ്ടി പ്രചാരണവുമായി ഇറങ്ങുകയാണ്‌. തദ്ദേശ തെരഞ്ഞെടുപ്പിലും അവർ ഇതേ കാര്യം നാട്ടുകാരോട്‌ പറഞ്ഞു. നാട്‌ അത്‌ സ്വീകരിച്ചില്ല. അനുഭവത്തിൽനിന്ന്‌ പഠിക്കാത്ത കൂട്ടരായതുകൊണ്ട്‌ അവർ ആ വഴിക്കുതന്നെ നീങ്ങുകയാണെന്നും‌ മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.

ഇക്കാര്യത്തിൽ സുപ്രീംകോടതിയുടെ നിലപാട്‌ വരുമ്പോൾ മാത്രമേ ഇനി എന്തെന്ന കാര്യം വരുന്നുള്ളൂ. അപ്പോൾ പൊതുവിൽ ബാധിക്കുന്ന പ്രശ്‌നങ്ങളുണ്ടെങ്കിൽ നിലപാട്‌ എടുക്കേണ്ടിവരും. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായും ചർച്ചചെയ്‌താണ്‌ സർക്കാർ സമീപനം സ്വീകരിക്കുക.  ഇപ്പോഴത്തെ പ്രചാരണത്തിന്‌ പിന്നാലെ പോകേണ്ടതില്ല.

നേരത്തേ ഉടൻ നിയമമുണ്ടാക്കുമെന്ന്‌ പറഞ്ഞ്‌ പുറപ്പെട്ടവർ എന്തുകൊണ്ടാണ്‌ നിയമം കൊണ്ടുവരാത്തതെന്നും മുഖ്യമന്ത്രി ചോദിച്ചു

Monday, February 1, 2021

മാധ്യമ'ത്തിലേത്‌ അവിഹിത കൂട്ടുകെട്ടിന്റെ മറനീക്കുന്ന വെളിപ്പെടുത്തൽ: എ വിജയരാഘവൻ

കൊച്ചി> ജമാഅത്തെ ഇസ്ലാമി‐കോൺഗ്രസ്‌ അവിഹിത കൂട്ടുകെട്ടിന്റെ മറനീക്കുന്ന വെളിപ്പെടുത്തലാണ്‌ മാധ്യമത്തിന്റെ എഡിറ്റർ ഒ അബ്ദുറഹിമാൻഎഴുതിയ ലേഖനമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന പറഞ്ഞു. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ്‌ വിജയരാഘവൻ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്‌.

ലേഖനത്തിൽ നിന്ന്‌:

ജമാഅത്തെ ഇസ്ലാമിയുടെ പത്രമായ മാധ്യമത്തിന്റെ എഡിറ്ററും ആ പ്രസ്ഥാനത്തിന്റെ ഉന്നതസമിതികളിൽ അംഗവുമായ ഒ അബ്ദുറഹിമാൻ മാധ്യമത്തിൽ എഴുതിയ ലേഖനത്തിലെ പ്രസക്തഭാഗം ഉദ്ധരിക്കുന്നത്‌ കള്ളനെ കൈയോടെ പിടിക്കാൻ സഹായിക്കും.‘‘ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ (2019) മാസങ്ങൾക്കുമുമ്പ്‌ ‌എം ഐ ഷാനവാസ്‌ എംപി , ജമാഅത്തെ ഇസ്ലാമി നേതാക്കളെ അദ്ദേഹത്തിന്റെ കോഴിക്കോട്ടെ വസതിയിലേക്ക്‌ ക്ഷണിച്ച്‌ കോൺഗ്രസ്‌ നേതൃത്വവുമായി ചർച്ചയ്‌ക്ക്‌ ഏർപ്പാട്‌ ചെയ്‌തു. ഉമ്മൻചാണ്ടി, രമേശ്‌ ചെന്നിത്തല, ഷാനവാസ്‌ എന്നീ നേതാക്കൾ യുഡിഎഫിനെയും എം ഐ അബ്ദുൽ അസീസ്‌, ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്ന്‌ തുടങ്ങിവർ ജമാഅത്തിനെയും പ്രതിനിധാനം ചെയ്‌തു. ചർച്ചകളിൽ ഞാനുമുണ്ടായിരുന്നു. നിങ്ങൾ 20 സീറ്റിലും യുഡിഎഫിനെ സഹായിക്കണം. എങ്കിലേ ഉദ്ദേശിച്ച ഫലം ഉണ്ടാകൂവെന്നാണ്‌ കോൺഗ്രസ്‌ നേതാക്കൾ പറഞ്ഞത്‌. അതനുസരിച്ച്‌ വെൽഫെയർ പാർടി യുഡിഎഫിനൊപ്പം നിന്നു, മുഴുവൻ സീറ്റിലും അടുത്ത തെരഞ്ഞെടുപ്പിലും സ്വാഭാവികമായി ആ നയം തുടരും. ഫാസിസ്റ്റുകൾക്കെതിരെ മതനിരപേക്ഷ ശക്തികളെ പിന്താങ്ങുക എന്നത്‌ ജമാഅത്തിന്റെ മൗലിക നിലപാടാണ്‌. ഷാനവാസ്‌ വിടവാങ്ങിയെങ്കിലും യുഡിഎഫുമായുള്ള ചർച്ചകൾ തുടർന്നു''

ജമാഅത്തെ ഇസ്ലാമിക്ക്‌ ഇപ്പോൾ കോൺഗ്രസിനോട്‌ ഒരു പരാതിയുണ്ട്‌ അതു വ്യക്തമാക്കാനാണ്‌ അബ്ദുറഹിമാന്റെ ലേഖനം. അദ്ദേഹം പറയുന്നത്‌, തദ്ദേശ തെരഞ്ഞെടുപ്പിലെ നീക്കുപോക്ക്‌ മുൻവാഗ്‌ദാനങ്ങളുടെയും ഉറപ്പുകളുടെയും സ്വാഭാവിക ഫലമായിരുന്നു. എന്നാൽ, കെപിസിസി നേതൃത്വം കാര്യങ്ങൾ തുറന്നുപറയാൻ ആർജവം കാണിച്ചില്ല. കാര്യങ്ങൾ ഇതിൽനിന്ന്‌ പകൽപോലെ വ്യക്തമാണ്‌. ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫ്‌ ഉണ്ടാക്കിയത്‌ പ്രാദേശിക നീക്കുപോക്കായിരുന്നില്ല.  തദ്ദേശ തെരഞ്ഞെടുപ്പിലെ സഹായം മുൻവാഗ്‌ദാനങ്ങളുടെയും ഉറപ്പുകളുടെയും ഫലമായിരുന്നുവെന്ന്‌ അബ്ദുറഹിമാൻ പറയുന്നുണ്ട്‌. ആ വാഗ്‌ദാനവും ഉറപ്പും എന്താണെന്ന്‌ ജനങ്ങളോടു പറയാൻ കോൺഗ്രസിന്‌ ബാധ്യതയുണ്ട്‌. ഏതായാലും അബ്ദുറഹിമാനോട്‌ നന്ദിയുണ്ട്‌. ഈ അവിഹിത കൂട്ടുകെട്ടിന്റെ മറ കുറച്ചെങ്കിലും നീക്കാൻ അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ സഹായിച്ചിട്ടുണ്ട്‌-.വിജയരാഘവൻ പറയുന്നു.


ലേഖനം പൂർണ്ണരൂപം താഴെ:

വര്‍ഗീയതയും കോണ്‍ഗ്രസ് നിലപാടുകളും

തെരഞ്ഞെടുപ്പ്‌ ലാഭത്തിനുവേണ്ടി വർഗീയ കൂട്ടുകെട്ടുകൾ തരാതരംപോലെ  രൂപപ്പെടുത്തുന്ന ശൈലിയാണ്‌ കേരളത്തിലെ കോൺഗ്രസിനുള്ളത്‌. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയ വോട്ടുകൾ കഴിഞ്ഞ പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ അവർ ഫലപ്രദമായി ഉപയോഗിച്ചാണ്‌ വിജയം നേടിയത്‌. എന്നാൽ, കേന്ദ്രാധികാരം തീവ്രഹിന്ദുത്വ ശക്തികൾക്ക്‌ ലഭിക്കുകയും പ്രധാനമന്ത്രിയാകുമെന്ന്‌ അവർ പ്രചരിപ്പിച്ച രാഹുൽ ഗാന്ധിക്ക്‌ പ്രതിപക്ഷ നേതൃസ്ഥാനംപോലും ലഭിക്കാതിരിക്കുകയും ചെയ്‌തു. ഇത്‌ രാജ്യത്തെ രാഷ്‌ട്രീയ ഘടനയിൽ സ്വാഭാവികമായും തീവ്രഹിന്ദുത്വ ശക്തികൾക്ക്‌ മേധാവിത്വം നൽകി.

ജമ്മു കശ്‌മീരിന്റെ പ്രത്യേക അവകാശം ഇല്ലാതാക്കുന്നതിലും സംസ്ഥാന പദവികളെടുത്തുകളഞ്ഞതിലും മുസ്ലിം വിരുദ്ധതയാണ്‌ പ്രകടമായത്‌. അയോധ്യയിലെ ക്ഷേത്രനിർമാണനേതൃത്വം കേന്ദ്ര ഗവൺമെന്റ്‌ തന്നെ ഏറ്റെടുത്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ വ്യാപകമായ പ്രതിഷേധമുയർന്നിട്ടും അത്‌ നടപ്പാക്കുമെന്നു തന്നെയാണ്‌ കേന്ദ്രം പറയുന്നത്‌. യുപിയിലെ ബിജെപി സംസ്ഥാന സർക്കാർ ലൗജിഹാദിന്റെ പേരിൽ ഒരു മുസ്ലിംവിരുദ്ധ നിയമംതന്നെ പാസാക്കിയിരിക്കുകയാണ്‌. അയോധ്യാക്ഷേത്ര നിർമാണത്തിനുള്ള നിർബന്ധപിരിവും അവിടെ നടക്കുന്നു. സ്വാഭാവികമായും ബിജെപിയുടെ തീവ്രഹിന്ദുത്വ നിലപാടിനോടുള്ള ഓരോ പാർടിയുടെയും നിലപാടും പ്രസക്തമാണ്‌.

ആർഎസ്‌എസ്‌ പിന്നിൽനിന്നു നിയന്ത്രിക്കുന്ന  മോഡി ഭരണത്തിന്റെ തീവ്രഹിന്ദുത്വ നിലപാടിനെ സിപിഐ എം  ചാഞ്ചാട്ടമില്ലാതെ എതിർക്കുകയാണ്‌ ‌. പൗരത്വ ഭേദഗതി നിയമത്തിലെ മുസ്ലിം വിരുദ്ധതയ്‌ക്കെതിരെ മുഴുവൻ മതനിരപേക്ഷവാദികളെയും ഒന്നിപ്പിച്ച്‌ എതിർക്കാനും നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന്‌ പരസ്യമായി പറയാനും മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറായി. എൽഡിഎഫ്‌ സംസ്ഥാനത്ത്‌ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു. അയോധ്യാക്ഷേത്ര നിർമാണത്തിൽ കേന്ദ്ര സർക്കാർ സംവിധാനങ്ങളെ ദുർവിനിയോഗം ചെയ്യുന്നതിനെയും യുപി സർക്കാരിന്റെ നിർബന്ധിത പിരിവിനെയും ആദ്യം എതിർത്തത്‌ സിപിഐ എം ആയിരുന്നു. എന്നാൽ, അയോധ്യയിലേക്ക്‌ വെള്ളി ഇഷ്ടിക കൊടുത്തയക്കുകയാണ്‌ മധ്യപ്രദേശ്‌ കോൺഗ്രസ്‌‌ മുഖ്യമന്ത്രിയായിരുന്ന കമൽനാഥ്‌ ചെയ്‌തത്‌. ശിലാസ്ഥാപനത്തിൽ പ്രധാനമന്ത്രി പങ്കെടുത്തതിനെ എതിർക്കാതെ തങ്ങളെ പങ്കെടുപ്പിച്ചില്ലെന്ന പരാതിയാണ്‌ അവർ ‌നടത്തിയത്‌. കശ്‌മീർ വിഷയത്തിലും കേന്ദ്ര നിലപാടിനെ പൂർണമായി എതിർക്കാൻ അവർ‌ തയ്യാറായില്ല. ഇതിൽനിന്ന്‌ വ്യക്തമാകുന്ന വസ്‌തുത ബിജെപിയുടെ തീവ്രഹിന്ദുത്വ അജൻഡയെ എതിർക്കുന്നതിനുപകരം മൃദുഹിന്ദുത്വ നിലപാടിലൂടെ രാഷ്‌ട്രീയ അവസരവാദനിലപാടാണ്‌ കോൺഗ്രസിനുള്ളത്‌ എന്നാണ്‌.

ഈ പശ്ചാത്തലത്തിൽ വേണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്‌ അനുഭവങ്ങളെ കാണാൻ. പാർലമെന്റ്‌ തെരഞ്ഞെടുപ്പിലെ വർഗീയ കൂട്ടുകെട്ടിനെ കൂടുതൽ വിപുലീകരിക്കാൻ യുഡിഎഫ്‌ തയ്യാറായി. ജമാഅത്തെ ഇസ്ലാമിയെക്കൂടി മുന്നണിയിൽ ചേർത്തും ബിജെപിയുമായി വോട്ടുകച്ചവടം നടത്തിയും വിപുലീകരിച്ച ആ മുന്നണിക്ക്‌ കനത്ത തിരിച്ചടിയാണ്‌ ജനങ്ങൾ നൽകിയത്‌. നിയമസഭാ തെരഞ്ഞെടുപ്പ്‌ തൊട്ടടുത്ത്‌ എത്തിനിൽക്കെ കോൺഗ്രസിന്റെ ജമാഅത്തെ ഇസ്ലാമി ബന്ധം തുടരുമോ എന്ന ചോദ്യത്തിന്‌ ഉത്തരം പറയാതെ, സിപിഐ എം വർഗീയത പറയുന്നുവെന്ന വിചിത്രവാദമാണ്‌ അവർ നടത്തിയത്‌. എന്നാൽ, കോൺഗ്രസ്‌–-‌ ജമാഅത്തെ ഇസ്ലാമി ബന്ധത്തിന്റെ പിന്നാമ്പുറക്കഥകൾ ഇപ്പോൾ ജമാഅത്തെ ഇസ്ലാമിക്കാർ മാധ്യമം ദിനപത്രത്തിലൂടെ വ്യക്തമാക്കിയിരിക്കുകയാണ്‌.

കോൺഗ്രസ്‌–-‌ ജമാഅത്തെ ഇസ്ലാമി ബന്ധം

ജമാഅത്തെ ഇസ്ലാമിയുടെ പത്രമായ മാധ്യമത്തിന്റെ എഡിറ്ററും ആ പ്രസ്ഥാനത്തിന്റെ ഉന്നതസമിതികളിൽ അംഗവുമായ ഒ അബ്ദുറഹിമാൻ മാധ്യമത്തിൽ എഴുതിയ ലേഖനത്തിലെ പ്രസക്തഭാഗം ഉദ്ധരിക്കുന്നത്‌ കള്ളനെ കൈയോടെ പിടിക്കാൻ സഹായിക്കും.‘‘ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ (2019) മാസങ്ങൾക്കുമുമ്പ്‌ ‌എം ഐ ഷാനവാസ്‌ എംപി , ജമാഅത്തെ ഇസ്ലാമി നേതാക്കളെ അദ്ദേഹത്തിന്റെ കോഴിക്കോട്ടെ വസതിയിലേക്ക്‌ ക്ഷണിച്ച്‌ കോൺഗ്രസ്‌ നേതൃത്വവുമായി ചർച്ചയ്‌ക്ക്‌ ഏർപ്പാട്‌ ചെയ്‌തു. ഉമ്മൻചാണ്ടി, രമേശ്‌ ചെന്നിത്തല, ഷാനവാസ്‌ എന്നീ നേതാക്കൾ യുഡിഎഫിനെയും എം ഐ അബ്ദുൽ അസീസ്‌, ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്ന്‌ തുടങ്ങിവർ ജമാഅത്തിനെയും പ്രതിനിധാനം ചെയ്‌തു. ചർച്ചകളിൽ ഞാനുമുണ്ടായിരുന്നു. നിങ്ങൾ 20 സീറ്റിലും യുഡിഎഫിനെ സഹായിക്കണം. എങ്കിലേ ഉദ്ദേശിച്ച ഫലം ഉണ്ടാകൂവെന്നാണ്‌ കോൺഗ്രസ്‌ നേതാക്കൾ പറഞ്ഞത്‌. അതനുസരിച്ച്‌ വെൽഫെയർ പാർടി യുഡിഎഫിനൊപ്പം നിന്നു, മുഴുവൻ സീറ്റിലും അടുത്ത തെരഞ്ഞെടുപ്പിലും സ്വാഭാവികമായി ആ നയം തുടരും. ഫാസിസ്റ്റുകൾക്കെതിരെ മതനിരപേക്ഷ ശക്തികളെ പിന്താങ്ങുക എന്നത്‌ ജമാഅത്തിന്റെ മൗലിക നിലപാടാണ്‌. ഷാനവാസ്‌ വിടവാങ്ങിയെങ്കിലും യുഡിഎഫുമായുള്ള ചർച്ചകൾ തുടർന്നു''

ജമാഅത്തെ ഇസ്ലാമിക്ക്‌ ഇപ്പോൾ കോൺഗ്രസിനോട്‌ ഒരു പരാതിയുണ്ട്‌ അതു വ്യക്തമാക്കാനാണ്‌ അബ്ദുറഹിമാന്റെ ലേഖനം. അദ്ദേഹം പറയുന്നത്‌, തദ്ദേശ തെരഞ്ഞെടുപ്പിലെ നീക്കുപോക്ക്‌ മുൻവാഗ്‌ദാനങ്ങളുടെയും ഉറപ്പുകളുടെയും സ്വാഭാവിക ഫലമായിരുന്നു. എന്നാൽ, കെപിസിസി നേതൃത്വം കാര്യങ്ങൾ തുറന്നുപറയാൻ ആർജവം കാണിച്ചില്ല. കാര്യങ്ങൾ ഇതിൽനിന്ന്‌ പകൽപോലെ വ്യക്തമാണ്‌. ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫ്‌ ഉണ്ടാക്കിയത്‌ പ്രാദേശിക നീക്കുപോക്കായിരുന്നില്ല.  തദ്ദേശ തെരഞ്ഞെടുപ്പിലെ സഹായം മുൻവാഗ്‌ദാനങ്ങളുടെയും ഉറപ്പുകളുടെയും ഫലമായിരുന്നുവെന്ന്‌ അബ്ദുറഹിമാൻ പറയുന്നുണ്ട്‌. ആ വാഗ്‌ദാനവും ഉറപ്പും എന്താണെന്ന്‌ ജനങ്ങളോടു പറയാൻ കോൺഗ്രസിന്‌ ബാധ്യതയുണ്ട്‌. ഏതായാലും അബ്ദുറഹിമാനോട്‌ നന്ദിയുണ്ട്‌. ഈ അവിഹിത കൂട്ടുകെട്ടിന്റെ മറ കുറച്ചെങ്കിലും നീക്കാൻ അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ സഹായിച്ചിട്ടുണ്ട്‌.

ഉറച്ച മതനിരപേക്ഷവാദിയായിരുന്ന ജവാഹർലാൽ നെഹ്‌റുവിന്റെ ആശയങ്ങളിൽനിന്ന്‌ കോൺഗ്രസ്‌ അകലുക മാത്രമല്ല ഉണ്ടായത്‌. മതനിരപേക്ഷനയങ്ങൾ വലിച്ചെറിഞ്ഞ്‌ അധികാരത്തിനുവേണ്ടി ഏതു വർഗീയപ്രസ്ഥാനവുമായും കൂട്ടുകൂടാമെന്ന നിലയിലേക്ക്‌ ആ പാർടി എത്തി. സോമനാഥക്ഷേത്രം വീണ്ടും തുറക്കുന്ന ചടങ്ങിൽ പങ്കെടുത്ത രാഷ്‌ട്രപതി രാജേന്ദ്രപ്രസാദിന്റെ നിലപാട്‌ രാജ്യത്തിന്റെ മതനിരപേക്ഷ അടിത്തറയ്‌ക്ക്‌ പോറലുണ്ടാക്കുമെന്നാണ്‌ നെഹ്‌റു രാഷ്‌ട്രപതിക്ക്‌ എഴുതിയ കത്തിൽ അന്ന്‌ പറയാൻ ശ്രമിച്ചത്‌.

ഈ നിലപാടിൽനിന്നുള്ള പൂർണമായ പിന്മാറ്റമാണ്‌ വർഗീയതയുമായി ബന്ധപ്പെട്ട്‌ ഇന്നത്തെ കോൺഗ്രസിനുള്ളത്‌. ‌ കോൺഗ്രസ്‌‌ അവസരവാദ നിലപാടുകൾ സ്വീകരിച്ച്‌ ബിജെപിക്കുവേണ്ടി വഴിവെട്ടുകയാണ്‌‌. പല സംസ്ഥാനങ്ങളിലും കോൺഗ്രസിനെ വേരോടെ പിഴുതെറിയാൻ ബിജെപിയെ സഹായിച്ചത്‌ ഈ മൃദുഹിന്ദുത്വമാണ്‌. കൂട്ടത്തോടെയാണ്‌ കോൺഗ്രസ്‌ എംഎൽഎമാരും മന്ത്രിമാരും ബിജെപിയിലേക്ക്‌ ഓടിക്കയറുന്നത്‌. മധ്യപ്രദേശ്‌ ബിജെപിയുടെ കീഴിലായി. കർണാടകത്തിലും ഈ മൊത്തക്കച്ചവടം ഭംഗിയായി നടത്തി. അതിനുമുമ്പ്‌ ഗോവയിലും ഇതുകണ്ടു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഈ പ്രക്രിയ നടന്നുകൊണ്ടിരിക്കുന്നു. ഇപ്പോഴിതാ, പുതുച്ചേരിയിൽ മന്ത്രിയും എംഎൽഎയുമടക്കം കോൺഗ്രസ്‌ നേതാക്കൾ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നിരിക്കുന്നു. കേരളത്തിൽ ഇതു സംഭവിക്കില്ലെന്നു പറയാൻ കഴിയുമോ? മൃദുഹിന്ദുത്വവും ഹിന്ദുവർഗീയതയ്‌ക്ക്‌ വളമാകുന്ന നയങ്ങളും തിരുത്തിയില്ലെങ്കിൽ എവിടെയും ഇതു സംഭവിക്കാം.

ന്യൂനപക്ഷ വർഗീയത തലപൊക്കുന്നതും വളരുന്നതും ബിജെപിയുടെ ആവശ്യമാണെന്ന്‌ കോൺഗ്രസ്‌‌ ഇനി എന്നാണ്‌ തിരിച്ചറിയുക. ന്യൂനപക്ഷ വർഗീയത ചൂണ്ടിക്കാണിച്ചാണ്‌ ഹിന്ദുവർഗീയത ബിജെപി വളർത്തുന്നത്‌. അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മിനെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജപി എങ്ങനെയാണ്‌ ഉപയോഗിച്ചതെന്ന്‌ നമുക്കറിയാം. ഇതുപോലെ ഓരോ സംസ്ഥാനത്തും അവിടേക്കു പറ്റിയ തന്ത്രങ്ങൾ ബിജെപി ഉപയോഗിക്കുന്നു. കേരളത്തിൽ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പ്രവേശവും യുഡിഎഫുമായുള്ള സഖ്യവും ബിജെപിക്കാണ്‌ വളമാകുന്നത്‌. ജമാഅത്തെ ഇസ്ലാമിയോടുള്ള സിപിഐ എം നിലപാട്‌ മുമ്പേ വ്യക്തമാക്കിയതാണ്‌. എങ്കിലും ആവർത്തിക്കാം. ആർഎസ്‌എസിന്റെ ഹിന്ദുരാഷ്ട്രീയവാദത്തിന്‌ ബദൽ എന്നോണം മുസ്ലിം രാഷ്ട്രവാദം ഉയർത്തുന്ന പ്രസ്ഥാനമാണ്‌ അത്‌. അവരുമായി ഒരുതരത്തിലുള്ള ബന്ധത്തിനും സിപിഐ എം തയ്യാറല്ല.

വർഗീയ ശക്തികൾക്കുവേണ്ടി കോൺഗ്രസ്‌‌ സ്വന്തം നയത്തിൽ വെള്ളം ചേർക്കുന്നുവെന്ന ഞങ്ങളുടെ വിമർശനം സത്യസന്ധമാണ്‌. വസ്‌തുതകളുടെ അടിസ്ഥാനത്തിലാണ്‌. അതിൽ പാർടി ഉറച്ചുനിൽക്കുകയാണ്‌. അടുത്തകാലത്തുണ്ടായ രണ്ട്‌ രാഷ്ട്രീയ സംഭവ വികാസങ്ങൾ വിലയിരുത്തിയാൽ സിപിഐ എം വിമർശം നൂറുശതമാനം ശരിയാണെന്ന്‌ വ്യക്തമാകും. വെൽഫെയർ പാർടിയുമായി ബന്ധം പാടില്ലെന്ന്‌ എഐസിസി  തീരുമാനിച്ചതായി ജനറൽ സെക്രട്ടറി കെ സി  വേണുഗോപാൽ പ്രഖ്യാപിച്ചതല്ലേ. കെപിസിസി പ്രസിഡന്റ്‌‌ മുല്ലപ്പള്ളി രാമചന്ദ്രൻ അതു ആവർത്തിച്ചു. പക്ഷേ, നടപ്പായത്‌ വർഗീയതയ്‌ക്ക്‌ കീഴ്‌പ്പെടലാണ്‌. സംസ്ഥാനത്താകെ വെൽഫെയർ പാർടിയുമായി യുഡിഎഫ്‌ സഖ്യമുണ്ടാക്കി. എതിർത്ത മുല്ലപ്പള്ളി രാമചന്ദ്രൻപോലും പിന്നീട്‌  വഴങ്ങി.

രണ്ടാമത്തെ കാര്യം, സംവരണമില്ലാത്ത വിഭാഗങ്ങൾക്ക്‌ പത്തുശതമാനം സംവരണം നടപ്പാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതുമായി ബന്ധപ്പെട്ടാണ്‌. സംവരണേതര വിഭാഗങ്ങൾക്ക്‌ 10 ശതമാനം സംവരണമെന്നത്‌ സിപിഐ എമ്മിന്റെ പ്രഖ്യാപിത നയമാണ്‌. ഭരണഘടനാ വ്യവസ്ഥയായിരുന്നു അതിനു തടസ്സം. അടുത്തകാലത്ത്‌ കേന്ദ്ര സർക്കാർ ഭരണഘടന ഭേദഗതി ചെയ്‌തു. കേരളത്തിൽ സംവരണം നടപ്പാക്കാൻ തീരുമാനിച്ചു. നിലവിൽ സംവരണം ലഭിക്കുന്ന വിഭാഗങ്ങൾക്ക്‌ ഒരു നഷ്ടവും സംഭവിക്കാത്ത രീതിയിലാണ്‌ ഇതു നടപ്പാക്കുന്നത്‌. കോൺഗ്രസും ഈ നയത്തിനുവേണ്ടി നിലകൊള്ളുന്നുവെന്നാണ്‌ നേതാക്കൾ പ്രഖ്യാപിച്ചത്‌. യുഡിഎഫ്‌ പ്രകടനപത്രികയിൽ അങ്ങനെ വാഗ്‌ദാനം ചെയ്‌തിരുന്നുവെന്നുപോലും വിശദീകരിച്ചു. എന്നാൽ, വർഗീയ സംഘടനകൾ 10 ശതമാനം സംവരണത്തിനെതിരെ സമരരംഗത്തിറങ്ങി. മറ്റു സമുദായസംഘടനകളെ രംഗത്തിറക്കാൻ ശ്രമിച്ചു. അതുവഴി സാമുദായിക ധ്രുവീകരണം കേരളത്തിലുണ്ടാക്കാനാണ്‌ ലീഗ്‌ ശ്രമിച്ചത്‌. യുഡിഎഫിന്റെ നയമായിട്ടുപോലും ഇതിനെതിരെ ഒരക്ഷരം ശബ്ദിക്കാൻ കോൺഗ്രസ്‌ നേതൃത്വത്തിനു കഴിഞ്ഞില്ല. ഇടതുപക്ഷത്തിന്റെയും എൽഡിഎഫ്‌ സർക്കാരിന്റെയും വിട്ടുവീഴ്‌ചയില്ലാത്ത തീവ്രഹിന്ദുത്വ വിരുദ്ധ നിലപാടുകളുടെ വെളിച്ചമുള്ളതുകൊണ്ടാണ്‌ കേരളത്തിൽ ബിജെപിക്ക്‌ കടന്നുകയറാൻ കഴിയാത്തതെന്ന്‌ മതനിരപേക്ഷ സമൂഹത്തിനറിയാം. എല്ലാത്തരം വർഗീയതകൾക്കും മതമൗലിക വാദത്തിനും എതിരായ പോരാട്ടവുമായി സിപിഐ എം മുന്നോട്ടുപോകും.

നാടിന്റെ ഭാവിയാണ്‌ പ്രധാനം

തീവ്രഹിന്ദുത്വ വർഗീയതയ്‌ക്കും മോഡി സർക്കാരിന്റെ ജനവിരുദ്ധ സാമ്പത്തിക നയങ്ങൾക്കുമെതിരായി എല്ലാ മതനിരപേക്ഷ ശക്തികളുടെയും യോജിപ്പ്‌ എന്നതാണ്‌ സിപിഐ എം നിലപാട്‌. ഹിന്ദുവർഗീയതയെ എതിർക്കാനെന്നപേരിൽ ന്യൂനപക്ഷ വർഗീയത ശക്തിപ്പെടുത്തുന്നത്‌ ഹിന്ദുത്വശക്തികൾക്ക്‌ കരുത്തുപകരുന്ന നിലപാടാണ്‌. അതുകൊണ്ടാണ്‌ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ ഉണ്ടാക്കിയ വർഗീയ രാഷ്‌ട്രീയ ബന്ധങ്ങൾ തുടരുമോ എന്ന ചോദ്യം സിപിഐ എം ഉന്നയിച്ചത്‌. ഈ ചോദ്യത്തിന്‌ കൃത്യമായ ഉത്തരം നൽകാൻ കഴിയാതെ ചോദ്യംചോദിച്ചവരെ വർഗീയവാദികളായി കോൺഗ്രസ്‌‌ മുദ്രകുത്തുന്നു.

ജമാഅത്തെ ഇസ്ലാമി മതന്യൂനപക്ഷ ജനവിഭാഗങ്ങൾ കൂടുതലായി ഇടതുപക്ഷത്തോടടുക്കുന്നത്‌ ഇഷ്ടപ്പെടുന്നില്ല. സംസ്ഥാനത്ത്‌ മതനിരപേക്ഷത ശക്തിപ്പെടുന്നതിനെ അവർ ഭയപ്പെടുന്നു. ബിജെപി കേന്ദ്രാധികാരത്തെ ഉപയോഗപ്പെടുത്തി ഹിന്ദുത്വവർഗീയത ശക്തിപ്പെടുത്തുമ്പോൾ ന്യൂനപക്ഷവർഗീയത ശക്തിപ്പെടുത്താനാണ്‌ ജമാഅത്തെ ഇസ്ലാമി ശ്രമിക്കുന്നത്‌. ഈ നിലപാട്‌ കൂടുതൽ വിപുലപ്പെടുത്തുമെന്ന്‌ പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നു. മതന്യൂനപക്ഷ വിഭാഗങ്ങൾ മതനിരപേക്ഷ ചേരിയോട്‌ അടുക്കാതിരിക്കാൻ ന്യൂനപക്ഷ വർഗീയ ചേരിയുണ്ടാക്കുമെന്നാണ്‌ അവർ പറയുന്നത്‌. ബിജെപിയെ സഹായിക്കുന്ന അത്യന്തം അപകടകരമായ നിലപാടാണ്‌ ഇത്‌. സമൂഹത്തിൽ കൂടുതൽ മതാത്മക രാഷ്‌ട്രീയ ചേരിതിരിവ്‌ രൂപപ്പെടുത്തുന്നതിനെയാണ്‌ സിപിഐ എം  വിമർശിക്കുന്നത്‌. അത്‌ ‘വർഗീയയവാദ'മാണെന്ന്‌ വ്യാഖ്യാനിക്കുന്നവർ മലയാളിയുടെ ബോധനിലവാരത്തെയാണ്‌ പുച്ഛിക്കുന്നത്‌.

Saturday, January 30, 2021

ഗാന്ധിജി: രക്തസാക്ഷിത്വത്തിന്റെ അര്‍ഥം - സുനിൽ പി ഇളയിടം എഴുതുന്നു

1948 ജനുവരി 30ന് വൈകിട്ട്‌ അഞ്ചിനുള്ള പ്രാർഥനായോഗത്തിലേക്ക് ഗാന്ധിജി കുറച്ചു വൈകിയാണ് പുറപ്പെട്ടത്. പട്ടേലുമായുള്ള അദ്ദേഹത്തിന്റെ സംഭാഷണം അഞ്ചു കഴിഞ്ഞ് പത്തുമിനിറ്റോളം നീണ്ടു. തിടുക്കപ്പെട്ട് പുറത്തേക്കിറങ്ങിയപ്പോൾ കത്തിയവാറിൽ നിന്നുള്ള രണ്ട് തൊഴിലാളികൾ ഗാന്ധിജിയെ കാണാൻ സമയം ചോദിച്ച് നിൽക്കുന്നുണ്ടെന്ന് സഹായികളിലൊരാൾ പറഞ്ഞു. അവരോട് പ്രാർഥനയ്ക്കുശേഷം വരാൻ പറയാൻ ഗാന്ധിജി നിർദേശിച്ചു. ""ജീവിച്ചിരിക്കുന്നുവെങ്കിൽ ഞാനവരെ അപ്പോൾ കാണാം''. പ്രാർഥനായോഗത്തിലേക്ക് നടന്നുതുടങ്ങുംമുമ്പ് ഗാന്ധിജി പറഞ്ഞു.

പ്രാർഥനാവേദിയിലേക്കുള്ള വഴിയിൽ ഗാന്ധി മിക്കവാറും നിശ്ശബ്ദനായിരുന്നു. അദ്ദേഹം ""വൈകുന്നത് ഞാൻ വെറുക്കുന്നു'' എന്നു മനുവിനോടും ആഭയോടുംപറഞ്ഞ് അദ്ദേഹം മൗനത്തിലാഴ്ന്നു. അൽപ്പം ചുവടുകൾക്കപ്പുറം ഗോഡ്സെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. മനുവിനെ തള്ളിമാറ്റി അയാൾ ഗാന്ധിജിയെ വണങ്ങാൻ എന്ന വ്യാജേന കുനിഞ്ഞുനിവർന്നു. ഹൈന്ദവ വർഗീയതയുടെ കൈത്തോക്കിൽനിന്ന് പുറപ്പെട്ട മൂന്ന് വെടിയുണ്ട ഗാന്ധിജിയുടെ മാറുപിളർന്നു. മതരാഷ്ട്രവാദത്തിനെതിരായ എക്കാലത്തെയും വലുതും മഹനീയവുമായ ആ സമരമുഖം നിശ്ചലമായി.

1947 ഫെബ്രുവരി 21ന് ചേർന്ന പ്രാർഥനായോഗത്തിലാണ് മതവും രാഷ്ട്രവും തമ്മിലുള്ള ബന്ധം എന്തായിരിക്കണം എന്നതിനെക്കുറിച്ചുള്ള തന്റെ ഖണ്ഡിതമായ വീക്ഷണം ഗാന്ധിജി അവതരിപ്പിച്ചത്. "ഒരു രാജ്യത്തിലെ മുഴുവൻ ആളുകളും ഒരു മതത്തിൽ വിശ്വസിക്കുന്നവരായാൽപോലും രാഷ്ട്രമതം (സ്‌റ്റേറ്റ്‌ റിലിജ്യൻ) ആവശ്യമില്ലെ'ന്ന് അദ്ദേഹമന്ന് പറഞ്ഞു. സ്വതന്ത്ര ഇന്ത്യ ഒരു ഹിന്ദുരാജ്യമായിരിക്കില്ല. ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ ഭൂരിപക്ഷത്തെ അടിസ്ഥാനമായി സ്വീകരിക്കാത്ത ഇന്ത്യൻരാജ് ആയിരിക്കും അതെന്നും ഗാന്ധിജി അതിനുമേറെ മുമ്പേ (09.08.1942) പ്രസ്താവിച്ചിരുന്നു. മതം തീർത്തും വ്യക്തിപരമായ കാര്യമാണ്.

മതത്തെ വ്യക്തിപരമായ തലത്തിൽ ഒതുക്കിനിർത്താൻ കഴിഞ്ഞാൽ നമ്മുടെ രാഷ്ട്രജീവിതത്തിൽ എല്ലാം ഭദ്രമായിരിക്കുമെന്ന് ഒന്നാം സ്വാതന്ത്ര്യദിനത്തിന് ഒരാഴ്ച കഴിഞ്ഞ് (1947 ആഗസ്ത്‌ 22) കൽക്കത്തയിലെ ദേശബന്ധു പാർക്കിൽ ചേർന്ന പ്രാർഥനായോഗത്തിൽ ഗാന്ധിജി പ്രസ്താവിക്കുന്നുണ്ട്. രാഷ്ട്രജീവിതത്തിൽ മതത്തിന് ഒരു ഇടവുമില്ലാത്ത ഒരു മതനിരപേക്ഷ ഭരണകൂടം സൃഷ്ടിക്കുന്ന ഉത്തരവാദിത്തം ഭരണാധികാരികൾ ഏറ്റെടുത്താൽ ലോകത്തിനുതന്നെ ശോഭയായിത്തീരുന്ന ഒരു പുതിയ ഇന്ത്യ സൃഷ്ടിക്കാൻ കഴിയുമെന്നും അദ്ദേഹം തുടർന്നുപറഞ്ഞു.

സ്വാതന്ത്ര്യപ്രാപ്തിയും വിഭജനവും ആസന്നമായതോടെ രാഷ്ട്ര ജീവിതത്തിൽ മതത്തിന് നിർവഹിക്കാനുണ്ടെന്ന് കരുതിയ തന്റെ ആദർശാത്മക ബോധ്യങ്ങളെ ഗാന്ധിജി  കൈയൊഴിയുന്നത് കാണാം. മതം തീർത്തും വ്യക്തിപരമായ കാര്യമാണെന്നും അതിന് രാഷ്ട്രജീവിതത്തിലോ ഭരണനിർവഹണത്തിലോ ഒരു പങ്കും ഉണ്ടാകരുതെന്നും ഇക്കാലത്ത് ഗാന്ധിജി നിരന്തരം പറഞ്ഞു. മൂന്ന് പതിറ്റാണ്ട് മുമ്പ്‌ ഗാന്ധിജി കൈക്കൊണ്ട നിലപാടിന് വിപരീതമായ ഒന്നാണിത്. മതം രാഷ്ട്രീയത്തിൽനിന്ന് വേർപിരിയരുത് എന്നായിരുന്നു 1910–-30 കാലയളവിൽ ഗാന്ധിജി ആവർത്തിച്ചുകൊണ്ടിരുന്നത്. മതത്തിൽനിന്ന് വേർപിരിഞ്ഞ രാഷ്ട്രീയം തരംതാണതായിരിക്കും എന്നദ്ദേഹം അക്കാലത്ത് ഉറച്ച് വിശ്വസിച്ചിരുന്നു. ആധുനിക നാഗരികതയും സംസ്കാരവും അത്തരം തരംതാണ രാഷ്ട്രീയമാണ്. അത് സംസ്കരിക്കാൻമാത്രം യോഗ്യമായ മൃതദേഹത്തെപ്പോലെയാണെന്നുവരെ ഗാന്ധിജി എഴുതിയിട്ടുണ്ട് (21.06.1919). താൻ മതത്തെ രാഷ്ട്രീയത്തിലേക്ക് ആനയിക്കുകതന്നെ ചെയ്യുമെന്നായിരുന്നു ഗാന്ധിയുടെ അപ്പോഴത്തെ നിലപാട്. മനുഷ്യജീവിതത്തിലെ ഏതെങ്കിലും ഒരു ഘടകം മതമുക്തമായിരിക്കരുതെന്ന് അദ്ദേഹം വാദിക്കുന്നുണ്ട്. ഇവിടെനിന്ന് വർഗീയവാദികൾക്കും മതരാഷ്ട്രവാദികൾക്കും പ്രിയങ്കരമാകാവുന്ന വിധത്തിൽ, ഒരാളുടെ യഥാർഥ രാജ്യതാൽപ്പര്യവും അവരുടെ മതതാൽപ്പര്യവും തമ്മിൽ ഒരു വൈരുധ്യവുമില്ലെന്നുവരെ ഇക്കാലത്ത് ഗാന്ധിജി അഭിപ്രായപ്പെടുന്നത് കാണാം (09.01.1930).

രണ്ടു പതിറ്റാണ്ടുകാലത്തെ സജീവ രാഷ്ട്രീയജീവിതം ഗാന്ധിജിയുടെ ആദ്യകാല ബോധ്യങ്ങളെ പുതുക്കിപ്പണിതു. ഇവിടെ ഗാന്ധിജി മതമായി പരിഗണിക്കുന്നത് സ്ഥാപനപരവും ആചാരബദ്ധവുമായ പാരമ്പര്യ മതത്തെയല്ല എന്ന കാര്യം നാം ശ്രദ്ധിക്കണം. അദ്ദേഹത്തിന് മതം ഒരു ധാർമിക പ്രേരണയായിരുന്നു. സഹിഷ്ണുതയുടെയും സാഹോദര്യഭാവനയുടെയും അടിത്തറയായ നൈതികശക്തിയായാണ് മതത്തെ കണ്ടത്. 1940 ഫെബ്രുവരി 10ന് ഹരിജനിൽ എഴുതിയ ലേഖനത്തിൽ മതബോധം എന്നത് പ്രപഞ്ചത്തിന്റെ ക്രമീകൃതമായ ധാർമികഭരണത്തിലുള്ള വിശ്വാസമാണെന്ന് അദ്ദേഹം വിശദീകരിച്ചു. അത് ഹിന്ദുമതം, ഇസ്ലാംമതം, സിഖ്മതം, ക്രിസ്തുമതം തുടങ്ങിയ വിഭജനങ്ങളെയെല്ലാം അതിവർത്തിക്കുമെന്നും ഗാന്ധിജി എഴുതുന്നുണ്ട്. മതം ഇവയെയെല്ലാം ലയാത്മകമായി സംയോജിപ്പിച്ച് അതിന് യാഥാർഥ്യം നൽകുന്ന ഒന്നാണെന്നായിരുന്നു ഗാന്ധിജിയുടെ ബോധ്യം. തന്റെ രാഷ്ട്രീയം താൻ നിർധാരണം ചെയ്യുന്നത് മതത്തിൽനിന്നും നൈതികതയിൽനിന്നുമാണെന്ന് പറയുന്നത് മതത്തെക്കുറിച്ചുള്ള ഇത്തരമൊരു വിപുലവീക്ഷണത്തെ മുൻനിർത്തിയാണ്.

ഇന്ത്യ മതപരമായി വിഭജിതമാകുന്നതിന്റെ വിത്തുകൾ ഇന്ത്യയുടെ ചരിത്രത്തിലല്ലെന്ന് അദ്ദേഹം വിശദീകരിച്ചു. ഇന്ത്യക്കുമേൽ വന്നുവീണ വിദേശാധിപത്യംമൂലമാണ് മതപരമായി വിഭജിതമാകുക എന്ന അസ്വാഭാവികസ്ഥിതി ഇവിടെ സംജാതമായതെന്ന് അദ്ദേഹം എഴുതി. 1944 സെപ്തംബർ 15ന് ജിന്നയ്ക്ക് എഴുതിയ കത്തിൽ നമ്മുടെ രാഷ്ട്രസ്വത്വത്തിന്റെ യഥാർഥ പരിശോധന നമ്മുടെ പൊതുവായ രാഷ്ട്രീയാടിമത്തത്തിലും അതിനെതിരായ സമരത്തിലും നിന്നാണ് ഉരുത്തിരിയുന്നതെന്ന് ഗാന്ധിജി വ്യക്തമാക്കുന്നുണ്ട്. മതം ദേശീയതയുടെയോ ദേശസ്വത്വത്തിന്റെയോ അടിസ്ഥാനമല്ലെന്ന തന്റെ ഖണ്ഡിതമായ ബോധ്യമാണ് ഗാന്ധിജി ഇവിടെ പങ്കുവയ്ക്കുന്നത്. മതം തീർത്തും വ്യക്തിപരമായ കാര്യമായിരിക്കണമെന്ന തത്വം ഇന്ത്യക്കെന്നപോലെ പാകിസ്ഥാനും ബാധകമാണെന്നും  അദ്ദേഹം അക്കാലത്ത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മതത്തെ ഇന്ത്യൻ ദേശീയതയുടെ അടിസ്ഥാനമായി പരിഗണിക്കാനുള്ള ശ്രമങ്ങളോട് ഗാന്ധിജി ഇക്കാലത്ത് പ്രത്യക്ഷമായി വിയോജിക്കുന്നുണ്ട്. മധ്യകാല ഇന്ത്യാചരിത്രത്തെ മതാടിസ്ഥാനത്തിൽ വിഭജിതമായ നിലയിൽ അവതരിപ്പിക്കുന്നതിനെ അദ്ദേഹം എതിർത്തു. തീർത്തും ചരിത്രവിരുദ്ധമായ നിലപാടായാണ് അദ്ദേഹം അതിനെ കണ്ടത്. മുസ്ലിം ഭരണകൂടങ്ങൾ മതാടിസ്ഥാനത്തിൽ ഇന്ത്യയെ വിഭജിച്ചിട്ടില്ലെന്ന് 1939 നവംബർ 11ന് ഹരിജനിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം തുറന്നുപറയുന്നുണ്ട്.  അക്ബർ മുതലുള്ള പല ഭരണാധികാരികളും മതപരമായ സംയോജനത്തിനാണ് ശ്രമിച്ചതെന്ന കാര്യവും അവിടെ എടുത്തുപറഞ്ഞു. ഹൈന്ദവ വർഗീയവാദം ഇന്ത്യാചരിത്രത്തിനുമേൽ കെട്ടിപ്പൊക്കിയ ഏറ്റവും വലിയ വ്യാജങ്ങളിലൊന്നിനെയാണ് ഗാന്ധിജി ഇവിടെ സമ്പൂർണമായി തിരസ്കരിക്കുന്നത്.

വിഭജനവാദവും ഹൈന്ദവവർഗീയതയുടെ അക്രമണോത്സുകമായ പടയോട്ടവും ശക്തിപ്പെട്ടതോടെ മതത്തെ രാഷ്ട്രജീവിതത്തിൽനിന്ന്‌ പൂർണമായി ഒഴിച്ചുനിർത്തുക എന്ന നിലപാട് ഗാന്ധിജിക്ക് പരമപ്രധാനമായിത്തീർന്നു. 1940കളിൽ മറ്റു പല വിഷയങ്ങളിലും അദ്ദേഹം കൈക്കൊണ്ട, അത്യന്തം വിപ്ലവകരമായ സമീപനങ്ങൾക്ക് സമാനമായ കാഴ്ചപ്പാട് ഇക്കാര്യത്തിലും ഗാന്ധിജി സ്വീകരിക്കുന്നത് കാണാം. 1946 സെപ്തംബർ 16ന് ഒരു ക്രൈസ്തവ മിഷനറിയുമായി നടത്തിയ സംഭാഷണത്തിൽ അദ്ദേഹം നടത്തിയ അഭിപ്രായപ്രകടനങ്ങൾ ഈ പ്രകരണത്തിൽ ഏറെ ശ്രദ്ധേയമാണ്. താനൊരു ഏകാധിപതിയാണെങ്കിൽ, മതവും ഭരണകൂടവും പരിപൂർണമായി വേർപെട്ടിരിക്കും എന്നദ്ദേഹം പറഞ്ഞു. "ഞാൻ എന്റെ മതത്തോട് പ്രതിജ്ഞാബദ്ധനാണ്. ഞാനതിനുവേണ്ടി മരിക്കും. പക്ഷേ, അതെന്റെ വ്യക്തിപരമായ കാര്യമാണ്. ഭരണകൂടത്തിന് അതിൽ ഒരു പങ്കുമില്ല.' ഗാന്ധിജി ആ സംഭാഷണത്തിൽ വ്യക്തമാക്കി. മതത്തെ വിഭാഗീയവും അക്രമണോത്സുകവുമായ രാഷ്ട്രീയ യുക്തിയായി ഉപയോഗിക്കുന്നതിനെതിരായ ഗാന്ധിജിയുടെ ഏറ്റവും പ്രകടമായ പ്രഖ്യാപനമായിരുന്നു അത്.

ഗാന്ധിജിയുടെ മതവിചാരങ്ങളിലെ ഈ പരിവർത്തനങ്ങളെയാകെ മറച്ചുപിടിച്ചുകൊണ്ട് തങ്ങളുടെ മതരാഷ്ട്രവാദത്തിന്റെ സാധൂകരണമായി അദ്ദേഹത്തെ ഉപയോഗപ്പെടുത്താനാണ് ഇന്ത്യയിലെ വർഗീയ ഫാസിസ്റ്റുകൾ ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മതവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഗാന്ധിജിയുടെ സ്വപ്നങ്ങളെ സാക്ഷാൽക്കരിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന വ്യാജം അവർ നിരന്തരം പ്രചരിപ്പിച്ചുപോരുന്നു. (ഗാന്ധിജി മതവർഗീയവാദിയാണെന്നും പ്രചരിപ്പിക്കുന്ന ചില താർക്കികപണ്ഡിതർ അവർക്ക് തുണയായി നിലകൊള്ളുന്നുമുണ്ട്.) ഇതിൽ രണ്ടു വലിയ തട്ടിപ്പുണ്ട്. ഒന്നാമതായി, ഗാന്ധിജിയുടെ മതം ഇവർ പറഞ്ഞ മതമല്ല എന്ന കാര്യം. ഹൈന്ദവ വർഗീയവാദികളുടെ രക്താഭിഷിക്തവും വിദ്വേഷനിർഭരവുമായ മതസങ്കൽപ്പവുമായി ഗാന്ധിജിയുടെ മതസങ്കൽപ്പത്തിന് ഒരു ബന്ധവുമില്ല. അദ്ദേഹത്തിന് അതൊരു ധാർമികാദർശമായിരുന്നു. മതവും രാഷ്ട്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള തന്റെ നിലപാടുകൾ ഗാന്ധിജി വലിയതോതിലുള്ള പുനഃപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു എന്നതാണ് രണ്ടാമത്തെ കാര്യം. മതം തീർത്തും വ്യക്തിപരമായ കാര്യമാണെന്നും അതിന് രാഷ്ട്രജീവിതത്തിൽ ഒരു പങ്കും ഉണ്ടാകരുത് എന്നുമുള്ള നിലപാടിലേക്ക് ഗാന്ധിജി എത്തിയിരുന്നു. ഈ ഇരുനിലപാടിനെയും മറച്ചുപിടിച്ചുകൊണ്ടാണ് ഹിന്ദുത്വഫാസിസ്റ്റുകൾ ഗാന്ധിജിയുടെ പാരമ്പര്യത്തെ സ്വാംശീകരിച്ചവരായി തങ്ങളെ അവതരിപ്പിക്കുന്നത്. അസത്യത്തിലും അപവാദപ്രചാരണത്തിലും ഹിംസയിലും വേരാഴ്ത്തിനിൽക്കുന്ന വർഗീയഫാസിസത്തിന്റെ അത്തരം പ്രചാരണങ്ങളിൽ വാസ്തവത്തിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല. ഫാസിസത്തിന്റെ ജനിതകംതന്നെ അത്തരം വഞ്ചനകളാൽ പണിതെടുത്തതാണ്.

ആധുനിക നാഗരികത എന്ന് ഔപചാരികമായി വിവരിക്കപ്പെട്ടുപോരുന്ന മുതലാളിത്ത ആധുനികതയോടും അതിന്റെ വ്യക്തി ഭരണകൂട സങ്കൽപ്പത്തോടുമുള്ള ഗാഢമായ വിയോജിപ്പിൽനിന്നാണ് ഗാന്ധിജിയുടെ വീക്ഷണങ്ങൾ പലതും ഉയർന്നുവന്നത്. പാശ്ചാത്യ നാഗരികത സ്വാർഥത്തിലും ഹിംസയിലും അധിഷ്ഠിതമായ ഒന്നാണെന്ന വിമർശമാണ് ഗാന്ധിജിക്ക് ഉണ്ടായിരുന്നത്. മതത്തിന്റെ നൈതികാടിസ്ഥാനംകൊണ്ട് അതിനെ മറികടക്കാനാകുമെന്നും അദ്ദേഹം പ്രതീക്ഷിച്ചു. ഔപചാരികമായ മതാതിർത്തികളെ മറികടക്കുന്ന, മതനിരപേക്ഷവും ധാർമികവുമായ മൂല്യക്രമമായാണ് ഗാന്ധിജി മതത്തെ കണ്ടത്. സഹിഷ്ണുതയും സാഹോദര്യവുമായിരുന്നു അതിന്റെ അടിപ്പടവ്. നിശ്ചയമായും അദ്ദേഹത്തിന്റെ ഈ നിലപാടിനോട് നമുക്ക് വിയോജിക്കാം. പക്ഷേ, തന്റെ അത്തരം ആലോചനകൾ ഗാന്ധിജിയെ ഏതെങ്കിലും നിലയിൽ മതരാഷ്ട്ര സങ്കൽപ്പത്തിലേക്ക് കൊണ്ടുപോയില്ല എന്ന കാര്യം ഒരുനിമിഷംപോലും നാം വിസ്മരിച്ചുകൂടാ. ഹൈന്ദവ ഫാസിസ്റ്റുകൾ അദ്ദേഹത്തെ വെടിവച്ചുവീഴ്ത്തിയതും അതുകൊണ്ടാണ്. മതരാഷ്ട്രവാദത്തിനും വർഗീയരാഷ്ട്രീയത്തിനും എതിരായ ഇന്ത്യയിലെ ഏറ്റവും വലിയ ഊർജസ്രോതസ്സായിരുന്നു ഗാന്ധിജി. ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന്റെ പരമമായ അർഥവും അതുതന്നെയാണ്.

സുനിൽ പി ഇളയിടം 

Monday, January 11, 2021

ജമാഅത്തെ ഇസ്ലാമിയും ജനാധിപത്യവും

അഖിലേന്ത്യാ മുസ്ലിം ലീഗ് ലാഹോറിൽവച്ച് പാകിസ്ഥാൻ പ്രമേയം പാസാക്കിയതിന്റെ തൊട്ടുപിന്നാലെയാണ് അബുൽ അൽഅ മൗദൂദി 1941ൽ അതേ സ്ഥലത്തുവച്ച് ജമാഅത്തെ ഇസ്ലാമിക്ക് രൂപം കൊടുക്കുന്നത്.  മുഹമ്മദലി ജിന്നയുടെ മതമില്ലാത്ത പാകിസ്ഥാൻ ഇസ്ലാമിന് ഒരു ഗുണവും ചെയ്യില്ല എന്ന വാദം നിരത്തിയാണ് ഈ സംഘം രംഗത്ത് വരുന്നത്. മുസ്ലിംലീഗിനോടോ അതിന്റെ നേതാക്കളോടോ ഒരു മതിപ്പും മൗദൂദിക്കുണ്ടായില്ല. മാത്രമല്ല, മൗദൂദി സാബിന് താൻ വിഭാവനം ചെയ്യുന്ന ഇസ്ലാം അംഗീകരിക്കാത്തവരൊക്കെ താഗൂതി (പിശാചിനെ പിന്തുടരുന്നവർ)കളുമാണ്.

ജിന്നയും കൂട്ടരും മതത്തെക്കുറിച്ച് വിവരമില്ലാത്തവരും പാശ്ചാത്യ ശൈലിയുടെ വക്താക്കളുമാണ്. പാകിസ്ഥാൻ പിറന്നപ്പോൾ അങ്ങോട്ട് കുടിയേറിയ മൗദൂദി തന്റെ ജമാഅത്തെ ഇസ്ലാമിയെ ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിയും പാകിസ്ഥാൻ ജമാഅത്തെ ഇസ്ലാമിയുമാക്കി. സെക്കുലർ ചിന്താഗതിക്കാരായ മുസ്ലിം ലീഗുകാരോട് കടുത്ത അമർഷം വച്ചുകൊണ്ടാണ് അദ്ദേഹം ഗോദയിലിറങ്ങിയത്. പാകിസ്ഥാനടക്കമുള്ള ലോകത്തെ മുഴുവൻ ഇസ്ലാമികവൽക്കരിക്കുകയെന്ന  ലക്ഷ്യമാണ് അവതരിപ്പിച്ചത്. അത് പാകിസ്ഥാനിൽനിന്ന് തുടങ്ങണം. അവിടെനിന്ന് മറ്റ്‌ രാജ്യങ്ങളിലേക്കും. ഇസ്ലാമിക രാജ്യമുണ്ടാകുക എന്നാൽ ഇസ്ലാമിക ഭരണം (ഹുകൂമത്) സ്ഥാപിക്കലാണ്. തന്റെ കണ്ണിൽ ലോകത്തെവിടെയും ഇസ്ലാമിക ഭരണമില്ല. അതിനാൽ ഈജിപ്തിൽ ബ്രദർ ഹുഡ് ചെയ്തപോലെ തീവ്രമായ ഇസ്ലാമികവൽക്കരണമാണ് മൗദൂദിയും തന്റെ ജമാഅത്തെ ഇസ്ലാമിയും ലക്ഷ്യം വച്ചത്.

ദേശീയത, സെക്കുലറിസം, ജനാധിപത്യം

ദേശീയത, മതനിരപേക്ഷത, ജനാധിപത്യം എന്നീ ആശയങ്ങൾ പാശ്ചാത്യമാണെന്നും അതിനാൽതന്നെ ഇസ്ലാമിന് കടക വിരുദ്ധമാണെന്നും അതിനെ അംഗീകരിക്കുന്നവർ ചെകുത്താനെയാണ് പിന്തുടരുന്നതെന്നും മൗദൂദി പ്രസ്താവിച്ചു. ഇത് മുസ്ലിം ലീഗുമായി മാത്രമല്ല, മുസ്ലിം പണ്ഡിതൻമാരുമായും സമുദായവുമായും മറ്റ്‌ മതക്കാരുമായുമുള്ള  ശത്രുതയ്‌ക്ക് വളംവച്ചു. മൗദൂദിയുടെതന്നെ വാക്കുകളിൽ, "നമ്മുടെ പക്ഷത്തിൽ പ്രസ്തുത മൂന്ന് തത്വവും (ദേശീയത, സെക്കുലറിസം, ജനാധിപത്യം) അബദ്ധ ജടിലങ്ങളാണ്. അബദ്ധ ജടിലങ്ങളെന്ന് മാത്രമല്ല, മനുഷ്യനിന്ന് അടിമപ്പെട്ടു പോയിട്ടുള്ള സകല ദുരിതങ്ങളുടെയും വിനാശങ്ങളുടെയും നാരായവേര് ആ തത്വങ്ങളാണെന്നുകൂടി നാം ദൃഢമായി വിശ്വസിക്കുന്നു.

നമ്മുടെ വിരോധം വാസ്തവത്തിൽ അതേ തത്വങ്ങളോടത്രേ. നാം നമ്മുടെ മുഴു ശക്തിയും ഉപയോഗിച്ച് അവയ്‌ക്കെതിരെ സമരം നടത്തിയേ തീരൂ.' (മൗദൂദി, മതേതരത്വം, ദേശീയത്വം, ജനാധിപത്യം, ഒരു താത്വിക വിശകലനം, ഐപിഎച്ച്, കോഴിക്കോട്, 1960,1991, 15). "മതേതരത്വം ആദ്യമേ ജനങ്ങളെ ദൈവഭയശൂന്യരും സനാതന ധാർമികതത്വങ്ങളിൽനിന്ന്‌ വിമുക്തരും ആക്കിത്തീർത്തു. അനന്തരം ദേശീയവാദം അവരെ ജനകീയ സ്വാർഥത്തിന്റെയും അന്ധമായ ദേശീയ പക്ഷപാതത്തിന്റെയും മുഴുത്ത അഹങ്കാരത്തിന്റെയും മദ്യം കുടിപ്പിച്ചു മത്തൻമാരാക്കി. ഇപ്പോഴിതാ ജനാധിപത്യം ലഗാനില്ലാത്തവരും മത്തു പിടിപ്പിച്ചവരും താന്തോന്നിത്ത പൂജകരുമായ ജനങ്ങളുടെ സാമൂഹ്യാഭിലാഷങ്ങൾക്ക് നിയമനിർമാണത്തിനുള്ള പൂർണാധികാരം സമ്മാനിച്ചിരിക്കുന്നു(അതേ പുസ്തകം: 22).

അൽ ജിഹാദു ഫിൽ ഇസ്ലാം (ഇസ്ലാമിലെ ജിഹാദ്) എന്ന കൃതിയിലൂടെയാണ് ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകനായ മൗദൂദി സാബ് തന്റെ തീവ്ര ആശയങ്ങൾ പ്രചരിപ്പിക്കുന്നത്. ഈജിപ്തിലെ ഇഖ്വാനുൽ മുസ്ലിമുൻ പ്രസ്ഥാനത്തിന്റെ ശിൽപ്പി ഹസനുൽ ബന്നായുടെ ചിന്തകൾക്ക് ചുവടൊപ്പിച്ചുകൊണ്ടാണ് മൗദൂദി ഈ കൃതി രചിക്കുന്നത്. "ഇസ്ലാമിന്റെ ആശയങ്ങൾ സ്വീകരിക്കാത്ത  എല്ലാ സർക്കാരുകളെയും സ്റ്റേറ്റുകളെയും ഇല്ലാതാക്കാനാണ് ഇസ്ലാം ആഗ്രഹിക്കുന്നത്. ഇസ്ലാമിനു വേണ്ടത് ഈ ഭൂമി മുഴുവനുമാണ്. ഒരു ഭാഗം മാത്രമല്ല. ഈ ഗ്രഹം മുഴുവനുമാണ്. ഇതിനുവേണ്ടി എല്ലാ ശക്തികളെയും ഉപയോഗപ്പെടുത്തുന്നതിനാണ് ജിഹാദ് എന്ന് പറയുന്നത്. ജനങ്ങളുടെ വീക്ഷണങ്ങളെ മാറ്റിയെടുത്ത് അവരിൽ ബുദ്ധിപരവും മാനസികവുമായ വിപ്ലവത്തിന്റെ തീപ്പൊരിയുണ്ടാക്കുന്നതും ജിഹാദാണ്.''(അൽ ജിഹാദു ഫിൽ ഇസ്ലാം).

പരീക്ഷണം പാകിസ്ഥാനിൽ

ജമാഅത്തെ ഇസ്ലാമി പാകിസ്ഥാനെയാണ് ആദ്യം തങ്ങളുടെ പരീക്ഷണശാലയാക്കിയത്. അവിടെ താൻതന്നെ ദൈവനിഷേധം എന്ന് പ്രഖ്യാപിച്ച ജനാധിപത്യവ്യവസ്ഥയുമായി ചേർന്ന് പ്രവർത്തിക്കാനാണ് തീരുമാനിച്ചത്. ഇതിൽ പ്രതിഷേധിച്ച് ജമാഅത്തെയിലെ ഒരു വിഭാഗം വിട്ടുനിന്നു. ഗവൺമെന്റിൽ പ്രവേശിക്കാതെ ഇസ്ലാമികവിപ്ലവം കൊണ്ടുവരാനാകില്ലെന്നതാണ് അദ്ദേഹം പറഞ്ഞ ന്യായം. 1958ൽ പാകിസ്ഥാൻ പ്രസിഡന്റ്‌ അയൂബ് ഖാൻ തീവ്ര നിലപാട് കാരണം ജമാഅത്തെയെ നിരോധിച്ചു. പിന്നീട് അധികാരത്തിലെത്തിയ ഭൂട്ടോയും ജമാഅത്തെയുടെ നയങ്ങളെ എതിർത്തു. ജമാഅത്തെ അതിന്റെ വിദ്യാർഥി വിഭാഗത്തെ (ജംഇയ്യത്തേ തുലബ) ശക്തിപ്പെടുത്തുകയും മറ്റു പാർടികളെ കൂട്ടി ഭൂട്ടോയ്‌ക്കെതിരെ മുന്നണി രൂപീകരിക്കുകയും ചെയ്തു. ഇവർക്ക് അമേരിക്കയുടെ പിന്തുണ ഉണ്ടായിരുന്നത്രേ.

താമസിയാതെ ഭൂട്ടോയെ അധികാര ഭ്രഷ്ടയാക്കി ജമാഅത്തെയുടെ പിന്തുണയോടെ സിയാ ഉൾ ഹഖ് അധികാരത്തിലെത്തി. സിയാ തന്റെ ഏകാധിപത്യത്തിന് മറയിടാൻ ജമാഅത്തെയുടെ മത മൗലികവൽക്കരണത്തെ പിന്തുണച്ചു. ജമാഅത്തെയുടെ ആഗ്രഹത്തിനൊത്ത് ഭരിച്ചുവെന്ന് മാത്രമല്ല, അവരെ സർക്കാരിൽ ഉൾപ്പെടുത്തുകകൂടി ചെയ്തു. 1979ൽ ഭൂട്ടോയെ സിയായുടെ ഇസ്ലാമിക കോടതി തൂക്കിക്കൊന്നു. താമസിയാതെ സിയാ ഉൾ ഹഖുമായി പിണങ്ങിയ ജമാഅത്തെ അദ്ദേഹത്തെ താഴെ ഇറക്കാൻ ശ്രമിച്ചു. അതിനിടയിൽ ദുർബലമായിക്കൊണ്ടിരുന്ന ജമാഅത്തെ പലരുമായും സഖ്യമുണ്ടാക്കി. ബേനസീർ ഭൂട്ടോയെ തകർക്കാൻ നവാസ് ഷെരീഫിനെ കൂട്ടുപിടിച്ചു.

ബംഗ്ലാദേശ് സ്ഥാപിച്ച മുജീബുറഹ്മാൻ അവിടെ ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചു. മുജീബുറഹ്മാനെ വധിച്ച് അധികാരത്തിലേറിയ പട്ടാള മേധാവി സിയാഉൾ റഹ്മാൻ ജമാഅത്തെയെ ചേർത്തുപിടിച്ചു. ബംഗ്ലാദേശ് വിമോചനകാലത്ത് നടത്തിയ വംശഹത്യയുടെ പേരിൽ നിരവധി കേസുകളിൽ ജമാഅത്തെ ഇസ്ലാമികൾ പ്രതിയായി. ബംഗ്ലാദേശിൽ തീവ്രവാദ പ്രസ്ഥാനമായാണ് ജമാഅത്തെ പ്രവർത്തിച്ചത്. 2013ൽ ജമാഅത്തെ ഇസ്ലാമിക്കാർ ബംഗ്ലാദേശിൽ മുസ്ലിങ്ങളല്ലാത്തവർക്കെതിരെ കലാപമഴിച്ചുവിട്ടു.

മുസ്ലിങ്ങൾ ന്യൂനപക്ഷമുള്ള ഇന്ത്യയിൽ വേറിട്ട തന്ത്രങ്ങളാണ് ജമാഅത്തെ സ്വീകരിച്ചത്. അതിന്റെ ഭാഗമായി ദൈവീക ഭരണമെന്ന ലക്ഷ്യം പ്രത്യക്ഷത്തിൽ അവർ പുറത്തെടുക്കുന്നില്ല. എന്നാൽ, ഇവരുടെ അജൻഡകൾ അറിയുന്ന മറ്റ്‌ മുസ്ലിം സംഘടനകൾ ജമാഅത്തെയെ മാറ്റിനിർത്തുന്നു. ഇന്ത്യയിൽ ആർഎസ്‌എസും ജമാഅത്തെ ഇസ്ലാമിയും നിരോധിത സംഘടനകളായിരുന്നു. കോൺഗ്രസും മുസ്ലിം ലീഗും ആർഎസ്‌എസിനോടുള്ള മനോഭാവം തന്നെയാണ് ജമാഅത്തെയ്‌ക്കെതിരെയും പുലർത്തിയിരുന്നത്. തങ്ങൾ നിഷിദ്ധമെന്ന് പ്രസ്താവിച്ച ജനാധിപത്യസംവിധാനത്തിൽ ജമാഅത്തെ ഭാഗഭാക്കാകുന്നത് തങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള തൽക്കാല അഡ്‌ജെസ്‌റ്റ്‌മെന്റ്‌ മാത്രമാണെന്ന് മൗദൂദിതന്നെ പ്രസ്താവിച്ചതാണ്. ഈ തന്ത്രംതന്നെയാണ് ഇവിടെയും ജമാഅത്തെ പയറ്റിയത്.

ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന മുദ്രാവാക്യം മുഴക്കി തീവ്രവാദവുമായി വന്ന സിമി ജമാഅത്തെയുടെ വളർത്തു പുത്രനായിരുന്നു. ഇവരൊരുക്കിയ കെണിയിൽ കോൺഗ്രസും ലീഗും വീണു. ജമാഅത്തെ ഒരുക്കിയ കുരുക്കിൽ സ്വയം ചെന്ന യുഡിഎഫ് മരുമകളുടെ കണ്ണീരുകാണാൻ മകനെ കൊന്നു എന്നപോലെ കമ്യൂണിസ്റ്റു പാർടിയോടുള്ള അരിശംതീർക്കാൻ ചെകുത്താനെ കൂട്ടുപിടിച്ചതുപോലെയായി.

ഹുസൈൻ രണ്ടത്താണി

Sunday, January 3, 2021

മാര്‍ക്സിസത്തിന്റെ 'അപകട'വും എം കെ മുനീറും

മാർക്സിസത്തിന്‍റെ 'അപകടങ്ങളെയും മതവിരുദ്ധത'യെയും കുറിച്ചു ബോധവല്‍ക്കരണം നടത്തുമെന്ന മുസ്ലീം ലീഗ്  നേതാവ് ഡോ. എം കെ മുനീറിന്റെ പ്രസ്താവനയോട് കെ ടി കുഞ്ഞിക്കണ്ണന്‍ പ്രതികരിക്കുന്നു.

മാർക്സിസത്തിന്‍റെ 'അപകടങ്ങളെയും മതവിരുദ്ധത'യെയും സംബന്ധിച്ച എഴുത്തും കാമ്പയിനുമൊക്കെ ഒരു താത്വിക സംവാദമാണെന്ന നിലയിലാണെങ്കിൽ സ്വാഗതാർഹം തന്നെ. പക്ഷെ ഡോ.എം കെ മുനീറിന്‍റെ നീക്കം ആധുനിക മതനിരപേക്ഷ ജനാധിപത്യ സങ്കല്പങ്ങളെ നിരാകരിക്കുന്ന രാഷ്ട്രീയ ഇസ്ലാമിസത്തിന്‍റെയും മതരാഷ്ട്രവാദത്തിന്‍റെയും പ്രത്യയശാസ്ത്രചുവട് പിടിച്ചാണെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവുമെന്ന് തോന്നുന്നില്ല. കോൺഗ്രസിന്‍റെ ദേശീയ നിലപാടുകളെ പോലും ധിക്കരിച്ച് കൊണ്ടു കേരളത്തിൽ ജമാഅത്തെഇസ്ലാമിയുമായി ധാരണയും സഖ്യവുമുറപ്പിക്കാൻ ലീഗും യു ഡി എഫും കാണിക്കുന്ന അത്യുത്സാഹത്തിന്‍റെ ഭാഗമായിട്ടാവാം മുനീറിന്‍റെ ഈ കമ്യൂണിസ്റ്റ് വിരുദ്ധ കുരിശുയുദ്ധത്തിനുള്ള പുറപ്പാട്‌.

ഒരു കാര്യം മുനീറിനെ ഓർമ്മിപ്പിക്കുന്നു. ആദരണീയനായ മുനീറിന്‍റെ പിതാവ് സി എച്ച് മുഹമ്മദ് കോയ 1974 ൽ ൽ എഴുതിയ ഒരു പുസ്തകമുണ്ട്. "സോവ്യറ്റ് യൂണിയനിൽ " എന്ന യാത്രാ വിവരണ കൃതി. കമ്യൂണിസ്റ്റുകാരും സോവ്യറ്റ് യൂണിയനും മതത്തോട് എടുക്കുന്ന നീതിപൂർവ്വവും സോഷ്യലിസ്റ്റ് ജനാധിപത്യപരവുമായ സമീപനമെന്തെന്ന് സി എച്ച് സ്വന്തം അനുഭവങ്ങളെ മുൻനിർത്തി അതിൽ വിശദീകരിക്കുന്നുണ്ട്. രാഷ്ട്രീയ ഇസ്ലാമിസത്തിന്‍റെ അബദ്ധ പഞ്ചാംഗങ്ങളിൽ പെട്ട് കമ്യൂണിസ്റ്റു ഭൗതികതയെ കുറിച്ചൊക്കെ വാചകമടിക്കുന്ന നേരത്ത്ആ പുസ്തകമൊന്ന് മറിച്ചു നോക്കുന്നത് കൊണ്ടുദോഷമൊന്നും വരില്ല...

എല്ലാതരം മതവിശ്വാസികളും പ്രത്യേകിച്ചൊരു മതത്തിലുംവിശ്വാസമില്ലാത്തവരും ഒരുമിച്ച് ഒരു സമൂഹവും രാഷ്ട്രവുമായി നിലനില്ക്കാൻ കഴിയണമെന്നതാണല്ലോ മത നിരപേക്ഷ ജനാധിപത്യത്തിന്‍റെ അടിസ്ഥാനം.വ്യക്തികൾക്ക് ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും രാഷ്ട്രങ്ങൾ മതനിരപേക്ഷമായിരിക്കാനുമാണല്ലോ ആധുനിക ജനാധിപത്യം വിഭാവനം ചെയ്യുന്നത്. ഈ മതനിരപേക്ഷ സങ്കല്പത്തെ യാണ് ആർ എസും ജമാഅത്തെ ഇസ്ലാമിയും താത്വികമായി നിരാകരിക്കുന്നതും താന്താങ്ങളുടെതായ മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള രാഷ്ട്രവാദം ഉയർത്തി സാമുദായിക വിഭജനത്തിന് ശ്രമിക്കുന്നതും.

സ്വകാര്യസ്വത്തുടമസ്ഥതാവ്യവസ്ഥയുടെ ആധുനിക രൂപമായമുതലാളിത്ത വിമർശനമെന്ന നിലയിലാണ് മാർക്സിസം ജന്മമെടുത്തത്. മതത്തിന്‍റെ ആവിർഭാവമൂല്യങ്ങളെ തിരസ്കരിച്ച് തങ്ങളുടെ ചൂഷണതാല്പര്യങ്ങളെ സാധൂകരിക്കുകയും ശാശ്വതീകരിച്ച് നിർത്തുകയും ചെയ്യുന്ന പ്രത്യയശാസ്ത്ര പദ്ധതിയായി മതത്തെ മുതലാളിത്തമെങ്ങനെയാണ് ഉപയോഗപ്പെടുത്തുന്നതെന്നാണ് മാർക്സും എംഗൽസും പരിശോധിച്ചത്. പാശ്ചാത്യ മുതലാളിത്തം ക്രൈസ്തവ സഭയെ ഉപയോഗിച്ച് നടത്തിയ അധിനിവേശ പ്രക്രിയയെ മാർക്സ് വിശദമായി തന്നെ അപഗ്രഥനം ചെയ്യുന്നുണ്ട്‌. ഇസ്ലാമിന്‍റെ സാമൂഹ്യ സംഭാവനകളെയും ജ്ഞാനോത്സുകതയെയും ഭയപ്പെട്ട പാശ്ചാത്യ അധിനിവേശശക്തികൾ പൗരസ്ത്യ സമൂഹങ്ങൾക്ക് നേരെ നടത്തിയ കടന്നാക്രമണങ്ങളെയും മാർക്സും എംഗൽസും നിശിതമായി തന്നെ വിമർശന വിധേയമാക്കിയിട്ടുണ്ടു്. പിൽക്കാല സഭക്ക് സംഭവിച്ച അപചയങ്ങൾ ചൂഷകവർഗ്ഗ താല്പര്യങ്ങളോടൊപ്പം ചേർന്നതാണെന്ന് വിശദമാക്കിയ മാർക്സിസ്റ്റാചാര്യന്മാർ ആദ്യകാല ക്രിസ്തുമതത്തെ ആധുനിക തൊഴിലാളി വർഗ്ഗപ്രസ്ഥാനവുമായി താരതമ്യം ചെയ്യുന്നുണ്ട്.

മുതലാളിത്ത വ്യവസ്ഥ ദരിദ്രവൽക്കരിച്ച പണിയെടുക്കുന്നവരുടെയും നിസ്വജനകോടികളുടെയും പക്ഷത്ത് നിന്നാണ് മാർക്സിസം ചരിത്രത്തെയും മതത്തെയും മനുഷ്യവിശ്വാസത്തിന്‍റെയും സംസ്കാരത്തിന്‍റെയും എല്ലാ ആവിഷ്ക്കാരങ്ങളെയും പഠിക്കുന്നതും സമീപിക്കുന്നതും. മതങ്ങളുടെ ആവിർഭാവ ദർശനങ്ങൾ ദൈവ ചിന്താപരമെന്നത് പോലെ ഇഹലോകത്തിലെ സാമൂഹ്യ ജീവിതവുമായി ബന്ധപ്പെട്ടത് കൂടിയാണെന്നും അതിന് ഭൗതികമായ പരിഹാരങ്ങൾ ആവശ്യമാണെന്നും മാർകസിസ്റ്റുകൾ കാണുന്നു.

സാമ്രാജ്യത്വ ശക്തികളും വലതുപക്ഷ ചിന്താകേന്ദ്രങ്ങളും മാർക്സിസത്തിനെതിരായി നടത്തുന്ന കുരിശുയുദ്ധങ്ങൾക്ക് മാർക്സിസത്തിന്‍റെയും ആധുനിക തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തിന്‍റെയും ആരംഭകാലത്തോളം തന്നെ ചരിത്രമുണ്ടല്ലോ. ക്രിസ്ത്യൻ ഇസ്ലാമിക മതങ്ങളുടെ ആവിർഭാവദർശനങ്ങളെയും അതിനെ രൂപപ്പെടുത്തിയ ചരിത്ര സാഹചര്യങ്ങളെയും ചരിത്രത്തിന്‍റെ ഗതിവിഗതികളിൽ മതങ്ങൾക്ക് സംഭവിച്ച പരിണാമങ്ങളെയുമെല്ലാം അപഗ്രഥിച്ചു കൊണ്ടാണല്ലോ മാർക്സും എംഗൽസും മാർക്സിസത്തെ അതിന്‍റെ പ്രത്യയശാസ്ത്ര സമഗ്രതയിൽ വികസിപ്പിച്ചത്.

 കെ ടി കുഞ്ഞിക്കണ്ണന്‍

Saturday, December 12, 2020

മതനിരപേക്ഷതയ്‌ക്ക് നേരെ വീണ്ടും കടന്നാക്രമണം

ആയിരം കോടി രൂപയ്‌ക്കടുത്ത്‌ പൊടിച്ച്‌  പതിമൂന്ന്‌ ഏക്കറിൽ നിർമിക്കുന്ന പുതിയ പാർലമെന്റ്‌ മന്ദിരത്തിന് വ്യാഴാഴ്‌ച പ്രധാനമന്ത്രി നരേന്ദ്ര മോഡി ശിലപാകിയത്‌ തീർത്തും മതപരമായ ചടങ്ങുകളോടെയായിരുന്നുവെന്നത്‌ മതനിരപേക്ഷതയ്‌ക്കെതിരെ സമീപകാലത്തുണ്ടായ നഗ്നമായ കടന്നാക്രമണങ്ങളിൽ പ്രധാനമാണ്‌. ആകെ 20000 കോടിരൂപ മുടക്കിയാണ്‌ സെൻട്രൽ വിസ്‌ത സമുച്ചയ പദ്ധതി നടപ്പാക്കുന്നത്‌. കർണാടകത്തിലെ ശൃംഗേരി മഠത്തിൽനിന്നുള്ള  ശങ്കരാചാര്യന്മാരുടെ കാർമികത്വത്തിലുള്ള വേദമന്ത്രോച്ചാരണങ്ങളുടെ അകമ്പടിയോടും 12 മതനേതാക്കളുടെ പ്രാർഥനയോടും നടന്ന  ഭൂമിപൂജ വരാനിരിക്കുന്ന വലിയ അപകടങ്ങളുടെ സൂചനമാത്രം. എല്ലാ പൗരന്മാരുടെയും അവകാശമായ രാജ്യകാര്യങ്ങളിൽ തീർത്തും വൈയക്തികമായ സങ്കുചിത മതതാൽപ്പര്യങ്ങൾ ബോധപൂർവം കൂട്ടിക്കലർത്തുന്നത്‌ ഭരണഘടനാ തത്വങ്ങൾക്കും സങ്കൽപ്പങ്ങൾക്കും കടകവിരുദ്ധമാണെന്ന്‌  പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിനെപ്പോലുള്ളവർ സ്വാതന്ത്ര്യലബ്ധിയുടെ നാളുകളിൽ വ്യക്തമാക്കിയത്‌ മറക്കാതിരിക്കാം. 

സ്വതന്ത്ര വ്യക്തിയെന്ന നിലയിൽ മോഡിക്ക്‌ പൂജകൾ നടത്താം; അവയിൽ ഭാഗഭാക്കാകാം. -എന്നാൽ, ഔദ്യോഗികമായ നിലയിൽ  അത്തരം ചടങ്ങുകളിൽനിന്ന്‌ മാറിനിൽക്കാൻ ഭരണഘടനാപരമായി  പൂർണ ബാധ്യതയുണ്ട്. സംഘപരിവാര ഭീകരർ ബാബ്‌റി മസ്‌ജിദ്‌ തകർത്തിടത്ത്‌ രാമക്ഷേത്രത്തിന്റെയും  ഇപ്പോൾ  പാർലമെന്റ്‌ മന്ദിരത്തിന്റെയും  മതപരമായ പൂജകൾക്ക് പ്രധാനമന്ത്രിതന്നെ നേതൃത്വം കൊടുക്കുന്നത് മതനിരപേക്ഷ റിപ്പബ്ലിക്കെന്ന്‌ ഊറ്റംകൊള്ളുന്ന രാജ്യത്തിന്‌  തീർത്തും അപമാനകരമാണ്‌. ആ അർഥത്തിൽ പുതിയ പാർലമെന്റ് മന്ദിരം ഹിന്ദുക്ഷേത്രമാകാനിടയുണ്ടെന്ന  വികാരമാണുയർത്തിയതും. 

നിർമാണ കരാർ കൈക്കലാക്കിയ ടാറ്റാ ഗ്രൂപ്പ്‌ തലവൻ രത്തൻ ടാറ്റയുടെ സാന്നിധ്യം തറക്കല്ലിടൽ ചടങ്ങിൽ  ഉറപ്പാക്കിയ സർക്കാർ  രാഷ്ട്രപതിയെ പങ്കെടുപ്പിച്ചില്ലെന്നത് ഗൗരവതരമാണ്‌. പണിയാനിരിക്കുന്ന മന്ദിരം പഴമയുടെയും  പുതുമയുടെയും സഹവർത്തിത്വത്തിന്‌ ഉത്തമോദാഹരണമായിരിക്കുമെന്ന്‌ അവകാശപ്പെട്ട മോഡി, പഴയ പാർലമെന്റ് ഇന്ത്യൻ നിർമിതമല്ലെന്നും പുതിയത്‌ ആത്മനിർഭർ ഭാരതത്തിന്റേത് ആയിരിക്കുമെന്നും വികാരാധീനനായി വെളിപ്പെടുത്തുകയുണ്ടായി. എന്നാൽ, അവിടെനിന്ന്‌ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ  പ്രതിമ നിഷ്‌കരുണം മാറ്റുന്നത്‌ സൂചിപ്പിച്ചതേയില്ല. സഭയിലെ ഭൂരിപക്ഷം ഉപയോഗിച്ച്‌ അടിച്ചേൽപ്പിക്കുന്ന ജനാധിപത്യവിരുദ്ധതയ്‌ക്കെതിരെ എംപിമാർ  പ്രതിഷേധിച്ചിരുന്നത്‌ ആ പ്രതിമയെ സാക്ഷിയാക്കിയാണ്‌. 

ഇതിനു സമാനമാണ്‌ കന്നുകാലി കശാപ്പിന്‌ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന  വിവാദ ഗോവധ നിരോധന ബിൽ ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ കർണാടക നിയമസഭ കഴിഞ്ഞ ദിവസം പാസാക്കിയത്‌. മതനിരപേക്ഷതയ്‌ക്കും വൈവിധ്യത്തിനും സഹിഷ്‌ണുതയ്‌ക്കും കനത്ത ആഘാതമാണിതും. പശു കശാപ്പ്‌ പൂർണമായി നിരോധിക്കാനെന്ന മറവിൽ ധൃതിപിടിച്ച്‌ ചുട്ടെടുത്ത  നിയമം അരലക്ഷം രൂപമുതൽ അഞ്ച്‌ ലക്ഷംവരെ പിഴയും മൂന്നുമുതൽ അഞ്ച്‌ വർഷംവരെ ജയിൽവാസവും വ്യവസ്ഥ ചെയ്യുന്നു. അതോടെ പശുവിനെയും പതിമൂന്ന്‌  വയസ്സിന്‌ താഴെയുള്ള കാളയെയും  പോത്തിനെയും എരുമയെയും കശാപ്പുചെയ്യുന്നത്‌ നിയമവിരുദ്ധമായി. അത്തരം  കേസുകളുടെ അതിശീഘ്ര  വിചാരണയ്‌ക്ക്‌  പ്രത്യേക കോടതി, ഗോശാല നിർമാണം, പൊലീസ്‌  പരിശോധന എന്നിവയും നിയമത്തിന്റെ ഭാഗമാണ്‌. 

സ്വന്തം പാർടിയിലെ പടലപ്പിണക്കവും വിമതനീക്കവും പ്രതിസന്ധിയിലാക്കിയ മുഖ്യമന്ത്രി ബി എസ്‌ യെദ്യൂരപ്പ അപകടകരമായ വോട്ടുബാങ്ക്‌ രാഷ്ട്രീയത്തിൽ കണ്ണുംനട്ട്‌ വിനാശകരങ്ങളായ പല നടപടികളും കൈക്കൊള്ളുന്നതിന്റെ ഭാഗമാണ്‌ പുതിയ നീക്കം. കാവിപ്പടയുടെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ്‌,  ഗുജറാത്ത്‌ സർക്കാരുകൾ  ഇത്തരം നിയമം പാസാക്കിയിരുന്നു. കശാപ്പിന്‌  കന്നുകാലികളെ കൈമാറുന്നത്‌ നിരോധിച്ച്‌ കേന്ദ്രം കൊണ്ടുവന്ന നിയമം കടുത്ത പ്രതിഷേധത്തെ തുടർന്ന്‌ പിൻവലിച്ചിരുന്നുവല്ലോ.  പിന്നാലെ സുപ്രീംകോടതി നിയമം സ്‌റ്റേ ചെയ്യുകയുമുണ്ടായി.

ഗോവധ നിരോധനം, കാളയിലേക്കും മറ്റു മൃഗങ്ങളിലേക്കും നീണ്ടാൽ കനത്ത പ്രത്യാഘാതമായിരിക്കുമെന്നതിന്റെ ഉദാഹരണമാണ്‌ അന്താരാഷ്ട്ര തലത്തിലും  അതിപ്രശസ്‌തമായ കോലാപ്പൂരി ചെരുപ്പ്‌ വിപണി. ഒരിക്കലുമില്ലാത്തവിധം അത്‌  താറുമാറായത്‌ മുസ്ലിങ്ങളെയും  ദളിതരെയും കാര്യമായി ബാധിച്ചു.  കന്നുകാലി ചന്തകളിൽനിന്ന്‌ അത്യാവശ്യം വരുമാനം ഉണ്ടാക്കിവന്ന പിന്നോക്കക്കാരും  മറാത്ത ജനതയും  പ്രതിസന്ധിയിലായി. മാട്ടിറച്ചി നിരോധിക്കപ്പെട്ട മഹാരാഷ്ട്രയിൽ അതിന്റെ പരിണതികൾ ആലോചിക്കേണ്ടതുണ്ട്. ഗോവധവും  മാട്ടിറച്ചിയും  നിരോധിക്കുക, അത്‌  ഒരളവുവരെ കാളയിലേക്കും പോത്തിലേക്കും വ്യാപിക്കുകയെന്നത് മൗലികവാദ ആശയമാണ്. പകുതിയോളം വരുന്ന ജനസംഖ്യക്ക്‌  പ്രത്യയശാസ്ത്രപരമായോ മതപരമായോ മാട്ടിറച്ചി തിന്നുന്നതുമായി ബന്ധപ്പെട്ട ഒരു പ്രശ്നവുമില്ല.

ബാക്കിവരുന്ന, ഹിന്ദുക്കളെന്ന് വിളിക്കപ്പെടുന്ന കോടിക്കണക്കിനാളുകളിൽ  പലരും ഇങ്ങനെയാണെന്ന്‌ കാണാം. ബീഫ് നിരോധനത്തിന്റെ ആദ്യ ആഴ്ചയിൽ  മുംബൈ മൃഗശാലയിലെ മൃഗങ്ങൾക്ക് ഭക്ഷണമായി കോഴിയിറച്ചി  നൽകിയപ്പോൾ ബജ്റംഗ്‌ദൾ, വിശ്വഹിന്ദു പരിഷത്തുകാർ അഴിഞ്ഞാടി. മഹാരാഷ്ട്രയിലാകെ  കന്നുകാലിച്ചന്തകൾ തകർത്തു. കച്ചവടക്കാരെ സംഘടിതമായി കടന്നാക്രമിച്ചു. അതോടെ ആയിരക്കണക്കിന് പാവപ്പെട്ട മനുഷ്യർ‐ ഹിന്ദുക്കൾ, മുസ്ലിങ്ങൾ, ക്രിസ്ത്യാനികൾ, ദളിതർ‐ കൊടിയ ദുരിതത്തിലായി. പ്രതിമ‐ ക്ഷേത്ര നിർമാണങ്ങൾക്കൊപ്പം ഹിന്ദുത്വ അജൻഡയിലെ പ്രധാന ഇനമായിരിക്കുന്നു പശുപൂജ.  ജനാധിപത്യ‐ മതനിരപേക്ഷ‐ ബഹുസ്വര  ഇന്ത്യയുടെ അടിത്തറയിളക്കാനുള്ള ബിജെപി ഭരണത്തിന്റെ ഇത്തരം ഗൂഢപദ്ധതികൾക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കേണ്ടതുണ്ട്‌.

ദേശാഭിമാനി മുഖപ്രസംഗം 12122020

Saturday, October 17, 2020

മതത്തെ രാഷ്‌ട്രീയത്തിൽനിന്ന്‌ വേർതിരിക്കണം ; ഓരോ വ്യക്തിക്കും സ്വന്തം വിശ്വാസം തെരഞ്ഞെടുക്കാനും അതനുസരിച്ച്‌ ജീവിക്കാനും കഴിയണം : യെച്ചൂരി

 മതനിരപേക്ഷതയെക്കുറിച്ച്‌ കമ്യൂണിസ്റ്റുകാർ ഉയർത്തിപ്പിടിക്കുന്ന ധാരണ ശരിയാണെന്ന്‌ രാജ്യത്തെ ‌ഇപ്പോഴത്തെ സാഹചര്യം തെളിയിക്കുന്നതായി സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഇന്ത്യൻ കമ്യൂണിസ്റ്റ്‌ പാർടി രൂപീകരണത്തിന്റെ 100–-ാം വാർഷികത്തോടനുബന്ധിച്ച്‌ നടത്തിയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതത്തെ രാഷ്ട്രീയത്തിൽനിന്നും രാഷ്ട്രത്തിൽനിന്നും വേർതിരിച്ച്‌ നിർത്തണമെന്നതാണ്‌ കമ്യൂണിസ്റ്റ്‌ ധാരണ. അതേസമയം, ഓരോ വ്യക്തിക്കും സ്വന്തം വിശ്വാസം തെരഞ്ഞെടുക്കാനും അതനുസരിച്ച്‌ ജീവിക്കാനും കഴിയണം. മതത്തില്‍ വിശ്വസിക്കാത്തവർക്ക്‌ അതിനുള്ള സാഹചര്യവും ലഭിക്കണം. എന്റെ ദൈവമാണ്‌ നിന്റെ ദൈവത്തേക്കാൾ വലുത്‌ എന്ന്‌ ആരും പറയരുത്‌. ഭരണഘടനയിൽ ഇക്കാര്യം ഉറപ്പ്‌ നൽകുന്നുണ്ട്‌.

എന്നാൽ, ദേശീയപ്രസ്ഥാനത്തിലും പ്രത്യേകിച്ച്‌  സ്വതന്ത്രഇന്ത്യയിലും എല്ലാ മതങ്ങൾക്കും തുല്യത എന്ന നിലയിലാണ്‌ മതനിരപേക്ഷതയെ  നിർവചിച്ചത്‌. ഇതോടെ ഭൂരിപക്ഷമതത്തിന്‌ ദേശീയ മേൽക്കൈ ലഭിച്ചു. ആർഎസ്‌എസ്‌ നേതൃത്വത്തിലുള്ള സഖ്യം അധികാരത്തിൽ വന്നതോടെ ഭരണഘടനാപരമായ മതനിരപേക്ഷത ഭീഷണി നേരിടുന്നു‌. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും ജനാധിപത്യത്തെയും അട്ടിമറിക്കാൻ ശ്രമം നടക്കുന്നു. മതന്യൂനപക്ഷങ്ങൾക്കും ദളിതർക്കുംനേരെ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ ശബ്ദം ഉയർത്തുന്നവരുടെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നു. ജനാധിപത്യത്തിന്‌ മതനിരപേക്ഷതയിൽനിന്ന്‌ വേറിട്ട്‌ നിലനിൽപ്പില്ലെന്നും -യെച്ചൂരി പറഞ്ഞു. പൊളിറ്റ്‌ ബ്യൂറോ അംഗങ്ങളായ പ്രകാശ്‌ കാരാട്ട്‌, മുഹമ്മദ്‌ സലിം, നീലോൽപൽ ബസു എന്നിവരും സംസാരിച്ചു.

Thursday, October 1, 2020

ബാബ്‌റി മസ്ജിദ്: നിയമപരമായ തുടര്‍ നടപടികള്‍ സ്വീകരിച്ച് കുറ്റവാളികളെ ശിക്ഷിക്കണം; മത നിരപേക്ഷതയെ കൂടുതല്‍ മുറിവേല്‍പ്പിക്കരുത്: മുഖ്യമന്ത്രി

കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാന്‍ നിയമപരമായ തുടര്‍ നടപടികള്‍ക്ക് അന്വേഷണ ഏജന്‍സിയായ സിബിഐക്കും കേന്ദ്ര സര്‍ക്കാരിനും ഉത്തരവാദിത്തമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് അവര്‍ നിറവേറ്റണമെന്നും അതില്‍ നിന്ന് ഒഴിഞ്ഞു മാറി ജനാധിപത്യത്തെയും മത നിരപേക്ഷതയെയും കൂടുതല്‍ മുറിവേല്‍പ്പിക്കരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബാബ്‌റി മസ്ജിദ്  തകര്‍ക്കലുമായി ബന്ധപ്പെട്ട കോടതി വിധിയില്‍ പ്രതികരിക്കുകയായിരുന്നു  അദ്ദേഹം

അയോദ്ധ്യയിലെ ഭൂമി തര്‍ക്കത്തെ തുടര്‍ന്നുടലെടുത്ത കേസിലെ അന്തിമ വിധി പ്രസ്താവിക്കുമ്പോള്‍ 1949 ഡിസംബര്‍ 22 ന് രാത്രി തര്‍ക്കഭൂമിയില്‍ രാമവിഗ്രഹം സ്ഥാപിച്ചത് ആസൂത്രിത നടപടിയായിരുന്നു എന്നാണ് സുപ്രീം കോടതി പറഞ്ഞത്. 1992 ഡിസംബര്‍ 6ന് ബാബ്‌റി മസ്ജിദ് പൊളിച്ച നടപടിയെ നിയമവാഴ്ചയുടെ കടുത്ത ലംഘനം എന്നാണ് കഴിഞ്ഞ നവംബര്‍ 9 ന്റെ വിധിപ്രസ്താവത്തില്‍ സുപ്രീം കോടതി വിശേഷിപ്പിച്ചത്.

കടുത്ത നിയമലംഘനം എന്ന്  രാജ്യത്തെ പരമോന്നത കോടതി തന്നെ വിശേഷിപ്പിച്ച സംഭവമാണ് ബാബ്‌റി മസ്ജിദ് ധ്വംസനം. മസ്ജിദ് തകര്‍ക്കുന്നതിന് മുന്നോടിയായി നടത്തിയ രഥയാത്ര, അതിനു നേതൃത്വം നല്‍കിയവര്‍, അവരുടെ സഹായികള്‍, കര്‍സേവക്ക് ആഹ്വാനം ചെയ്തവര്‍, അതിനൊക്കെ ആളും അര്‍ത്ഥവും പ്രദാനം ചെയ്ത സംഘടനകള്‍, ആ ഘട്ടത്തില്‍ തങ്ങളെ തടയാന്‍ കോടതി ആരാണ് എന്ന് ചോദിച്ചവര്‍ എന്നിങ്ങനെ ആ കടുത്ത നിയമലംഘനത്തിനു ഉത്തരവാദികള്‍ നമ്മുടെ കണ്മുന്നില്‍ ഉണ്ട്. അത്തരം കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതിരിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്.

 ഇന്ത്യന്‍ മത നിരപേക്ഷതയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്തിനുള്ള ശിക്ഷ അവര്‍ അര്‍ഹിക്കുന്നു.ഇന്ത്യന്‍ മതേതരത്വത്തിന് ഏറ്റവും വലിയ പോറലേല്‍പിച്ച ഈ കടുത്ത നിയമ ലംഘന നടപടിയുടെ ഉത്തരവാദിത്വം സംഘപരിവാര്‍ ശക്തികള്‍ക്കാണ്. അതിലേക്ക് നയിച്ച സംഭവങ്ങള്‍ക്ക് കാരണമായതിന്റെയും ഒത്താശ ചെയ്തുകൊടുത്തതിന്റെയും അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചതിന്റെയും ഉത്തരവാദിത്തം കോണ്‍ഗ്രസിനും  ചങ്ങാതിമാര്‍ക്കുമുണ്ട്.

പൂട്ടിക്കിടന്ന ബാബ്‌റി മസ്ജിദ് സംഘപരിവാറിനായി തുറന്നു കൊടുത്തത്കോണ്‍ഗ്രസാണ്.ശിലാന്യാസത്തിലൂടെ ക്ഷേത്രത്തിന് തറക്കല്ലിടാന്‍ അനുവാദം കൊടുത്തത് കോണ്‍ഗ്രസാണ്. കര്‍സേവയിലൂടെ അതൊരു മണ്ഡപമാക്കാന്‍ അനുവാദം കൊടുത്തതും കോണ്‍ഗ്രസ്. ഇതിന്റെയൊക്കെ സ്വാഭാവിക പരിണിതിയെന്ന നിലയില്‍ സംഘപരിവാര്‍ ബാബ്‌റി മസ്ജിദ് തകര്‍ത്തു തരിപ്പണമാക്കിയപ്പോള്‍ കര്‍മരാഹിത്യത്തിലൂടെ  മൗനം ആചരിച്ച് അത് അനുവദിച്ചു കൊടുത്തതും കോണ്‍ഗ്രസ് തന്നെ.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സവിശേഷത  അത് മതനിരപേക്ഷ സ്വഭാവത്തെ മുറുകെപിടിക്കുന്നു എന്നത് തന്നെയാണ്.  ഉന്നതമായ മാനവിക മൂല്യങ്ങളെ ഉയര്‍ത്തി പിടിച്ചുകൊണ്ടാണ് വിവിധ ജനവിഭാഗങ്ങളുടെ യോജിച്ചുള്ള പ്രക്ഷോഭങ്ങളിലൂടെ ഇന്ത്യന്‍ ജനത വൈദേശിക ആധിപത്യത്തിനെതിരെ പോരാടിയതും അതിനെ തറപറ്റിച്ചതും. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ വര്‍ഗ്ഗീയ ആധിപത്യത്തിനെതിരെ പൊരുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അത് നമ്മുടെ ജനാധിപത്യത്തെയും മതനിരപേക്ഷതയെയും സംരക്ഷിക്കേണ്ടതിനു ഒഴിച്ചുകൂടാനാവാത്തനാണ്.

ബാബ്‌റി മസ്ജിദ് ധ്വംസനം  കേവലം ഒരു പള്ളി പൊളിക്കലല്ല- ഗാന്ധി വധം പോലെ രാജ്യത്തെ  അഗാധമായി മുറിവേല്‍പ്പിച്ച, താരതമ്യമില്ലാത്ത  കുറ്റകൃത്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Saturday, January 12, 2019

വിശ്വാസവും കമ്യൂണിസ്റ്റ് പാർടിയും

മൂവാറ്റുപുഴ മണ്ഡലം ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിന് ചെല്ലുമ്പോൾ വേദിയിൽ തന്നെ രണ്ടു പുരോഹിതൻമാരെ കണ്ടു. അതിഥികളായി വന്നതായിരിക്കുമെന്നാണ് ആദ്യം കരുതിയത്. എന്നാൽ, അവർ രണ്ടുപേരും ജാഥയിലെ സ്ഥിരം അംഗങ്ങളാണെന്ന് പരിചയപ്പെട്ടപ്പോൾ പറഞ്ഞു. ഫാദർ പോൾ തോമസ് പീച്ചിയിലും ഫാദർ ബിജു തോമസ് ചക്രവേലിലും. കൂത്താട്ടുകുളം ഏരിയയിലെ പാലക്കുഴ ലോക്കലിലെ പാർടി അംഗങ്ങളാണ്. പുരോഹിതൻമാർ പാർടി അംഗങ്ങളാണെന്നത് പലർക്കും അത്ഭുതമായിരുന്നു. ന്യൂനപക്ഷങ്ങളുടെ കാര്യത്തിൽ പാർടി സ്വീകരിക്കുന്ന അയവേറിയ സമീപനമാകാമിതെന്ന് ചിലർ സൂചിപ്പിക്കുന്നത് കേട്ടു. എന്നാൽ, പാലക്കുഴക്ക് അടുത്തുള്ള കോലഞ്ചേരി ഏരിയയിലെ വെണ്ണിക്കുളം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായ സനൽകുമാർ, ആ ചുമതല ഏറ്റെടുത്ത് മുഴുവൻ സമയപ്രവർത്തകനാകുന്നതുവരെ തൊഴിലെടുത്തിരുന്നത് പൂജാരിയായാണ്. സംസ‌്കൃത കോളേജിൽ എംഎ സംസ‌്കൃതം പഠിക്കുന്ന കാലത്ത് എസ്എഫ്ഐ ജില്ലാകമ്മിറ്റി അംഗമായിരുന്ന സനൽ അന്നും പൂജ നടത്തിയാണ് കുടുംബത്തിനും തനിക്കും ആവശ്യമായ വരുമാനം കണ്ടെത്തിയിരുന്നത്.

പുരോഹിതനും പൂജാരിക്കും പാർടി അംഗമാകാമോ എന്ന ചോദ്യം വളരെ പഴക്കമുള്ള ചോദ്യമാണ്. ഇ എം എസ് ചിന്തയിലെ ചോദ്യോത്തരം പംക്തിയിൽ പല തവണ ഇതിനു മറുപടിയും നൽകിയിട്ടുണ്ട്.  ‘the attitude of workers party to religion’  എന്ന ലേഖനത്തിൽ ലെനിൻ ഇതേ ചോദ്യത്തെ തന്നെ അഭിസംബോധന ചെയ്യുന്നുണ്ട്. ഒരു പുരോഹിതൻ പൊതുവായ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും ബോധപൂർവം പാർടി ചുമതലകൾ നിർവഹിക്കുകയും പാർടി പരിപാടി അംഗീകരിക്കുകയും ചെയ‌്താൽ ഏതു പുരോഹിതനും പാർടി അംഗമാകാമെന്ന് ലെനിൻ ഉത്തരം നൽകി.( ലെനിൻ സമാഹൃതകൃതികൾ വോള്യം 15)  മതത്തെ സമരം ചെയ‌്ത‌് ഇല്ലാതാക്കാൻ കഴിയില്ലെന്നും അതിന്റെ വേരുകളെ കാണാതെ സമീപിക്കുകയും മതനിരാസ നിലപാടും നിരീശ്വരവാദവും മുദ്രാവാക്യമായി സ്വീകരിക്കുന്നതുമായ രീതി തൊഴിലാളി വർഗപാർടിക്കില്ലെന്ന നിലപാടും ലെനിൻ വ്യക്തമാക്കുകയുണ്ടായി. മതം നശിക്കട്ടെ, നിരീശ്വരവാദം നീണാൾ വാഴട്ടെ എന്നത് ഉപരിപ്ലവകരമായ നിലപാടാണെന്നും ലെനിൻ വ്യക്തമാക്കുകയുണ്ടായി.

മതം മനുഷ്യനെ അന്യവൽക്കരിക്കുന്നതും ഒരു വർഗത്തിനു മറ്റൊന്നിനെ ചൂഷണം ചെയ്യുന്നതിന് ന്യായീകരിക്കുന്ന സംവിധാനവുമാണെന്ന് ഒരു വിഭാഗം വിശദീകരിക്കുന്നുണ്ട്. ചരിത്രപരമായി അത് ശരിയാണ്. ചില ഘട്ടങ്ങളിൽ മതം രാഷ്ട്രീയ ആധിപത്യത്തിന്റെ പ്രത്യയശാസ്ത്ര ഉപകരണമായിരുന്നു

വർഗസമരത്തിന്റെ കലയും ശാ‌സ‌്ത്രവും

മതത്തെ കുറിച്ചുള്ള സമീപനം വ്യക്തമാക്കുന്ന രേഖ 1980 ഒക്ടോബറിൽ ക്യൂബൻ കമ്യൂണിസ്റ്റ് പാർടി പ്രസിദ്ധപ്പെടുത്തി. ചരിത്രത്തിൽ ആദ്യമായാണ് അധികാരത്തിലിരിക്കുന്ന കമ്യൂണിസ്റ്റ് പാർടി  മതത്തെ സംബന്ധിച്ച് ഒരു രേഖ ഔദ്യോഗികമായി പ്രസിദ്ധപ്പെടുത്തിയത്. അതിൽ ക്യൂബൻ കമ്യൂണിസ്റ്റ് പാർടി ഇപ്രകാരം വ്യക്തമാക്കി. ‘‘ മതം മനുഷ്യനെ അന്യവൽക്കരിക്കുന്നതും ഒരു വർഗത്തിനു മറ്റൊന്നിനെ ചൂഷണം ചെയ്യുന്നതിന് ന്യായീകരിക്കുന്ന സംവിധാനവുമാണെന്ന് ഒരു വിഭാഗം വിശദീകരിക്കുന്നുണ്ട്. ചരിത്രപരമായി അത് ശരിയാണ്. ചില ഘട്ടങ്ങളിൽ മതം രാഷ്ട്രീയ ആധിപത്യത്തിന്റെ പ്രത്യയശാസ്ത്ര ഉപകരണമായിരുന്നു. ഇന്ന്, ഞങ്ങളുടെ അനുഭവം വിശ്വാസിക്ക് അവരുടെ വിശ്വാസത്തിൽ ഉറച്ചുനിന്നുകൊണ്ട് ചരിത്രത്തിന്റേയും സമൂഹത്തിന്റേയും ആവശ്യങ്ങളോട് പ്രതികരിച്ചുകൊണ്ട് വിപ്ലവകാരികളാകാമെന്നതാണ്. ഞങ്ങളുടെ അനുഭവത്തിൽ ഒരാൾക്ക് ഒരേ സമയം വിശ്വാസിയും വിപ്ലവകാരിയുമാകാമെന്നാണ്.’’ ഈ രേഖയെ അടിസ്ഥാനപ്പെടുത്തിയുള്ള ഫ്രെൽ ബെറ്റോയുടെ ചോദ്യത്തിനു ഫിദൽ, വിശ്വാസിക്ക് കമ്യൂണിസ്റ്റാകാമെന്നും രണ്ടു കൂട്ടരും ചേർന്ന് ലോകത്തെ ചൂഷണത്തിൽനിന്ന‌് മോചിപ്പിക്കാൻ കഴിയുമെന്നും  വ്യക്തമാക്കി ( പേജ് 237 fidel on religion). ചൂഷണത്തിനും സാമ്രാജ്യത്വത്തിനുമെതിരായ പോരാട്ടത്തിനു വരുന്നവരെ സംബന്ധിച്ച്  വിശ്വാസിയാണോ അല്ലയോ എന്ന ചോദ്യം അപ്രസക്തമാണെന്നും ഫിദൽ വ്യക്തമാക്കി.

ലെനിനും ഫിദലും മുന്നോട്ടുവച്ച കാഴ്ചപ്പാടുകൾ മാർക്സിസത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടാണ്. എന്നാൽ, മതത്തെ കുറിച്ചുള്ള മാർക‌്സിന്റെ നിരീക്ഷണങ്ങളെ മതം മനുഷ്യന്റെ കറുപ്പാണെന്ന ഒരു വാചകത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് മതവിരുദ്ധമെന്ന മട്ടിലാണ് പൊതുവെ അവതരിപ്പിക്കാറുള്ളത്. മാർക‌്സിന്റെ മതനിരീക്ഷണങ്ങൾ നിഷേധാത്മകമായി മാത്രമാണ് പലരും സമീപിക്കുന്നതെന്നും അതിൽ വ്യക്തമായ ഗുണപരമായ വശങ്ങൾ കണ്ടില്ലെന്നു നടിക്കുന്നുവെന്നും ഹരോൾഡ് സിൻ വ്യക്തമാക്കുന്നുണ്ട്. മതമല്ല മനുഷ്യനെ സൃഷ്ടിച്ചതെന്നും മനുഷ്യനാണ് മതത്തെ സൃഷ്ടിച്ചതെന്നും ഹെഗലിയൻ ദർശനത്തിന്റെ വിമർശനത്തിൽ സൂചിപ്പിക്കുന്ന മാർക‌്സ‌് മതം ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയവും ആത്മാവില്ലാത്ത ലോകത്തിന്റെ ആത്മാവും മർദിതന്റെ നെടുവീർപ്പുമാണെന്ന് സൂചിപ്പിക്കുന്നു. ഇതിന്റെ തുടർച്ചയിലാണ് മതം മനുഷ്യന്റെ കറുപ്പാണ് എന്ന് കൂട്ടിച്ചേർക്കുന്നത്. opium of the people എന്ന പ്രയോഗം നടത്തുന്നത്. മതം വേദനസംഹാരിയായി എങ്ങനെ പ്രവർത്തിക്കുന്നുവെന്നാണ് മാർക‌്സ‌് വിശദീകരിക്കുന്നത്. മതം താൽക്കാലികമായ ആശ്വാസമാണ് നൽകുന്നത്. ജീവിത യാഥാർഥ്യങ്ങൾ മുഖത്തുവന്നടിക്കുമ്പോൾ ആശ്വാസം അപ്രത്യക്ഷമാകും. മതത്തെ സൃഷ്ടിക്കുന്നത് നിലനിൽക്കുന്ന സാഹചര്യങ്ങളാണെന്നും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. നിലവിലുള്ളതെല്ലാം വിധിയാണെന്ന ബോധം സൃഷ്ടിക്കുന്ന മതം സൃഷ്ടിക്കുന്ന പൊതുബോധത്തെ വിമർശിക്കുമ്പോൾ തന്നെ മതവിശ്വാസത്തിലേക്ക് തിരിയാൻ മനുഷ്യൻ നിർബന്ധിതമാകുന്ന സാഹചര്യം പ്രധാനമാണെന്നും ഈ വേരിനെ പരിഗണിക്കാതെയുള്ള ഏതു മതവിമർശവും ശാസ്ത്രീയമല്ലെന്നും മാർക‌്സ‌് പല ഘട്ടങ്ങളിൽ വ്യക്തമാക്കുന്നുണ്ട്.

മാർക‌്സിസം യാന്ത്രിക ഭൗതികവാദമോ യുക്തിവാദമോ അല്ല. ഭൗതിക പ്രപഞ്ചമാണ് പ്രാഥമികമെന്നു കാണുമ്പോൾ തന്നെ ആശയത്തിനെ അംഗീകരിക്കുകയും അതിനു ചെലുത്താൻ കഴിയുന്ന സ്വാധീനത്തെ തിരിച്ചറിയുകയും ചെയ്യുന്നുണ്ട്. ആശയം ജനങ്ങൾ ഏറ്റെടുത്താൽ അത് ഭൗതികശക്തിയായി മാറുമെന്നും മാർക‌്സ‌് വ്യക്തമാക്കി. മാർക‌്സിസവും ഒരു ആശയമാണ്. മതം നിലവിലുള്ളതിനെ സംരക്ഷിക്കാനുള്ള ഉപകരണമായി മാറുന്നതിനെയാണ് ശക്തമായ വിമർശനത്തിന‌് മാർക‌്സ‌് വിധേയമാക്കുന്നത്. എന്നാൽ, മതവിശ്വാസികളായ ജനങ്ങൾ വിശ്വാസങ്ങളിൽ ആശ്വാസം തേടുന്നതിന്റെ യാഥാർഥ്യം തിരിച്ചറിയുന്ന മാർക്സിസം മത നിരാസമല്ല. മാർക്സിസം വിശ്വാസിയും അവിശ്വാസിയും തമ്മിലുള്ള സമരത്തിന്റേയും ഏറ്റുമുട്ടലിന്റേയും ദർശനമല്ല. അത് വർഗസമരത്തിന്റെ കലയും ശാസ്ത്രവുമാണ്. ദുരിതം അനുഭവിക്കുന്ന ചൂഷിത വർഗത്തിലെ മഹാഭൂരിപക്ഷവും വിശ്വാസികളാണ്.

വർഗീയതയ‌്ക്ക‌് എതിരായ പോരാട്ടം

ഇന്ത്യയിൽ ഏതൊരു പൗരനും അവരവർക്ക് ഇഷ്ടപ്പെട്ട വിശ്വാസം പിന്തുടരുന്നതിന‌് ഭരണഘടന ഉറപ്പുനൽകുന്ന അവകാശത്തിനൊപ്പമാണ് സിപിഐ എം നിൽക്കുന്നത്. സിപിഐ എം ജനകീയ ജനാധിപത്യ വിപ്ലവത്തിനായി പ്രവർത്തിക്കുന്ന പാർടിയാണ്. സിപിഐ എം പരിപാടിയിൽ ജനകീയ ജനാധിപത്യ ഗവൺമെന്റിന്റെ പരിപാടിയിൽ മതവിശ്വാസത്തിനും ആരാധനക്കുമുള്ള അവകാശം ഉറപ്പുവരുത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്. ഏതൊരു പൗരനും അവനോ അവൾക്കോ ഇഷ്ടമുള്ള മതവിശ്വാസങ്ങൾക്ക് അനുസരിച്ച് ജീവിക്കാനുള്ള അവകാശം ഉറപ്പുനൽകുന്നവരാണ് കമ്യൂണിസ്റ്റുകാർ. എന്നാൽ, വിശ്വാസവും വർഗീയതയും രണ്ടാണ്. ഹിന്ദുവും ഹിന്ദുത്വവും രണ്ടാണ്. മതത്തിന്റെ രാഷ്ട്രീയ പ്രയോഗമാണ് വർഗീയത. ഹിന്ദുവിന്റെ മതവിശ്വാസത്തെ വർഗീയ താൽപ്പര്യങ്ങൾക്കായി ഉപയോഗിക്കാനാണ് ഹിന്ദുത്വം ശ്രമിക്കുന്നത‌്. ഭാരതീയ സംസ്കൃതിയുടെ ഭാഗമായുള്ള സങ്കൽപ്പമല്ല ഹിന്ദുത്വമെന്നത്. അത് സവർക്കറിന്റെ സംഭാവനയാണ്. ഹിന്ദു വിശ്വാസം എല്ലാ മതവിശ്വാസങ്ങളെയും അംഗീകരിക്കുന്നതാണ്. പൗരാണിക ദർശനത്തിൽ നിരീശ്വരവാദം പോലും ശക്തമായ ധാരയായിരുന്നു. എന്നാൽ, ഹിന്ദുത്വം ക്രിസ്ത്യാനിയെയും മുസ്ലിമിനെയും കമ്യൂണിസ്റ്റുകാരനെയും ശത്രുവായി പ്രഖ്യാപിക്കുന്നതാണ്. മഹാത്മാഗാന്ധിയെ പോലും ഉൾക്കൊള്ളാൻ കഴിയാത്ത അസഹിഷ്ണുതയുടേതാണ് ഹിന്ദുത്വം. യഥാർഥത്തിൽ ഹിന്ദുത്വത്തെ എതിർത്തുപരാജയപ്പെടുത്തേണ്ടത് ശരിയായ വിശ്വാസിയുടെ കൂടി കടമയാണ്. വിശ്വാസിയുടെ വിശ്വാസത്തെയും ആരാധനാ സ്വാതന്ത്ര്യത്തെയും വർഗീയവാദിയിൽനിന്ന‌് മോചിപ്പിക്കുകയെന്നത് മതനിരപേക്ഷ സമരമാകുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്.

എന്നാൽ, തങ്ങളുടെ വർഗീയ നിലപാടുകൾ വിശ്വാസമാണെന്ന മട്ടിലാണ‌് ഇക്കൂട്ടർ പ്രചരിപ്പിക്കുന്നത്. അതിനെ അടിസ്ഥാനപ്പെടുത്തി കമ്യൂണിസ്റ്റുകാർ അധികാരത്തിൽവന്നാൽ ആരാധന സ്വാതന്ത്ര്യമില്ലാതാക്കുമെന്ന് പ്രചാരവേലയും ശക്തം. ലോകത്ത് പൊതുവെ കമ്യൂണിസ്റ്റ് പാർടികൾക്കെതിരെ ശത്രുക്കൾ നടത്തുന്ന പ്രചാരവേലയാണിത്‌. സംഘപരിവാരത്തിന്റെ നാവായി മാറിയ സെൻകുമാർ ചൈനയിൽ പള്ളികളുടെ അവസ്ഥയെ തെറ്റായി ചർച്ചകളിൽ പരാമർശിച്ചതും ഇതിന്റെ ഭാഗമാണ്. ഉപരാഷ്ട്രപതിയായിരുന്ന ഹമീദ് അൻസാരിയുമൊന്നിച്ച് ചൈനയിൽ പോയപ്പോൾ സിയാനിലെ ഗ്രേറ്റ് മോസ‌്ക‌് സന്ദർശിക്കുകയുണ്ടായി. എത്രമാത്രം പ്രാധാന്യത്തോടെയാണ് അവർ പൗരാണികമായ മോസ‌്ക‌് സംരക്ഷിച്ചിരിക്കുന്നതെന്ന് നേരിൽ മനസ്സിലാക്കുകയുണ്ടായി. നമസ‌്കാരത്തിനായി എത്തുന്നവരുമായി ഞങ്ങൾ സംസാരിക്കുകയും ചെയ‌്തിരുന്നു.

1957 ഏപ്രിൽ അഞ്ചിന് കേരളത്തിൽ ഇ എം എസ് നയിച്ച സർക്കാർ അധികാരത്തിൽവന്ന അന്നുമുതൽ നിരീശ്വരവാദം വളർത്തുന്നുവെന്നും ആരാധനാലയങ്ങൾ നശിപ്പിക്കുമെന്നും ശക്തമായി പ്രചരിപ്പിച്ചിരുന്നു. അതിനുശേഷമുള്ള ആറാമത്തെ ഇടതുപക്ഷ സർക്കാരാണ് കേരളം ഭരിക്കുന്നത്. ഈ സർക്കാരുകൾ ഒന്നും തന്നെ മതവിശ്വാസത്തെ ദുർബലപ്പെടുത്തുന്ന നടപടികൾ ഒന്നും തന്നെ സ്വീകരിച്ചിട്ടില്ല. എൽഡിഎഫ് സർക്കാരുകളുടെ കാലത്തെ ദേവസ്വം ബോർഡുകളും വഖഫ് ബോർഡുകളും അതാതു വിശ്വാസ സമൂഹത്തിന്റെ ശരിയായ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന രൂപത്തിൽ മാത്രമേ പ്രവർത്തിച്ചിട്ടുള്ളു. തകർച്ചയിലായിരുന്ന മലബാർ മേഖലയിലെ ക്ഷേത്രങ്ങളെ ദേവസ്വം ബോർഡിനു കീഴിലാക്കി അവയെ മെച്ചപ്പെടുത്തുകയും പൂജാരി മുതലുള്ള എല്ലാ ക്ഷേത്ര ജീവനക്കാർക്കും മാന്യമായ വേതനം ഉറപ്പുവരുത്തുകയും ചെയ‌്തത‌് ഇടതുപക്ഷ സർക്കാരാണ്. മണ്ഡലകാലത്ത‌് സൗകര്യങ്ങൾ വിലയിരുത്താനായി കമ്യൂണിസ്റ്റായ മുഖ്യമന്ത്രി പിണറായി വിജയൻ ശബരിമല സന്ദർശിച്ചതും അവിടെ അപ്പോൾ നിലനിന്നിരുന്ന ആചാരങ്ങൾക്ക് അനുസരിച്ചു തന്നെയാണ്.

വിശ്വാസത്തിന്റെ പ്രശ്നത്തെ കേവലം യുക്തിയുടെയും സാങ്കേതികത്വത്തിന്റെയും പേരിൽ സമീപിക്കുന്നതിനും ഈ സർക്കാരുകൾ ശ്രമിച്ചിട്ടില്ല. ശബരിമല കേസിൽ സുപ്രീംകോടതിയിൽ എൽഡിഎഫ് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം തന്നെ ഈ കാഴ്ചപ്പാട് അനുസരിച്ചായിരുന്നു. ലിംഗസമത്വത്തിന്റെ കാര്യത്തിൽ തങ്ങളുടെ നിലപാട് ഉയർത്തിപ്പിടിക്കുമ്പോൾ തന്നെ വിശ്വാസത്തിന്റെ പ്രശ്നമായതുകൊണ്ട് അത്തരം കാര്യങ്ങളിൽ പാണ്ഡിത്യമുള്ളവർ അംഗങ്ങളായ സംവിധാനത്തിന്റെ അഭിപ്രായം കൂടി പരിഗണിക്കേണ്ടതുണ്ട്. ഈ സമീപനത്തിന്റെ തുടർച്ച തന്നെയാണ് സിപിഐ എം സ്ത്രീകളെ ശബരിമലയിലേക്ക് കൊണ്ടുപോകുന്ന ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചതും.

വിശ്വാസത്തിന്റെ ഭാഗമായ ആചാരങ്ങൾ ഭരണഘടനയ‌്ക്ക് വിധേയമാണെന്ന ശബരിമല കേസിലെ വിധി നടപ്പിലാക്കേണ്ട ഭരണഘടനാപരമായ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കുകയും ചെയ്യുന്നു. ദൈവത്തിനില്ലാത്ത വിവേചനം മനുഷ്യന്റെ സൃഷ്ടിയാണെന്നും മനുഷ്യനെ തുല്യതയോടെ കാണാത്ത എല്ലാ ആചാരങ്ങളും നിർമിതമാണെന്നും സുപ്രീംകോടതി വിധി ആധികാരികമായി പ്രഖ്യാപിക്കുന്നു. എല്ലാ കാലത്തും തെറ്റായ വ്യാഖ്യാനങ്ങൾ വഴി പുരുഷ കേന്ദ്രീകൃത സമൂഹം സ്ത്രീയുടെ അവകാശങ്ങൾ നിഷേധിക്കുകയാണ് ചെയ്യുന്നതെന്നും സുപ്രീംകോടതി പറയുന്നു.

സിപിഐ എമ്മിനും ഇടതുപക്ഷത്തിനും വോട്ടുചെയ്യുന്നവരിൽ മഹാഭൂരിപക്ഷവും വിശ്വാസികളാണ്. അവരുടെ വിശ്വാസത്തെ സംരക്ഷിക്കുന്ന സമീപനമാണ് ഇടതുപക്ഷ സർക്കാരുകൾ സ്വീകരിക്കുന്നതും. വർഗീയതക്ക് എതിരായ പോരാട്ടത്തിൽ ശരിയായ നിലപാട് സ്വീകരിക്കുന്ന വിശ്വാസ സമൂഹത്തിൽ ആശയക്കുഴപ്പമുണ്ടാക്കുന്നതിനാണ് ചിലർ ശ്രമിക്കുന്നത്. ഭരണഘടനയെയും നിയമവ്യവസ്ഥയെയും സംരക്ഷിക്കേണ്ടത് ഏതു മതവിഭാഗത്തിൽപ്പെട്ടവരുടേയും വിശ്വാസം സംരക്ഷിക്കുന്നതിന‌് അനിവാര്യമാണ്.

മനുഷ്യനും ദൈവവും തമ്മിലുള്ള തീർത്തും സ്വീകാര്യമായ കാര്യമാണ് മതവിശ്വാസമെന്ന് സുപ്രീംകോടതിയുടെ ഏഴംഗ ബെഞ്ച് തെരഞ്ഞെടുപ്പ് നിയമങ്ങളെ സംബന്ധിച്ച കേസിൽ വ്യക്തമാക്കുകയുണ്ടായി. മതവിശ്വാസം ഒരാളുടെ വ്യക്തിപരമായ കാര്യമാണെന്ന് സ്റ്റേറ്റ് പരിഗണിക്കണമെന്നും സുപ്രീംകോടതി ഈ കേസിൽ വ്യക്തമാക്കുകയുണ്ടായി. വിശ്വാസവും അതിന്റെ ഭാഗമായ ആശ്വാസവും വൈയക്തികമായ കാര്യമാണ്. ഇതൊന്നും വായിക്കാത്തവരാണ് മല കയറിയവർ വിശ്വാസിയാണോയെന്ന് സംസ്ഥാന സർക്കാർ പരിശോധിക്കണമെന്ന മട്ടിൽ  ആധികാരികമായി ചോദിച്ചുകൊണ്ടിരിക്കുന്നത്. മതവിശ്വാസത്തെ സങ്കുചിത രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് ഉപയോഗിക്കുന്നവർ നടത്തുന്ന നുണ പ്രചാരവേലകളെ തുറന്നുകാണിക്കേണ്ടത് വിശ്വാസ സമൂഹത്തിന്റെ കൂടി ആവശ്യമാണ്. അതുവഴി മാത്രമേ എല്ലാവർക്കും അവരവരുടെ വിശ്വാസങ്ങൾക്ക് അനുസരിച്ച് ജീവിക്കാനുള്ള അവകാശത്തെയും മതനിരപേക്ഷതയെയും സംരക്ഷിക്കാൻ കഴിയുകയുള്ളു.

പി രാജീവ്‌ 

Sunday, February 2, 2014

തൃക്കുന്നത്ത് സെമിനാരി: തര്‍ക്കം അയഞ്ഞത് എല്‍ഡിഎഫ് ഭരണകാലത്ത്

കൊച്ചി: തൃക്കുന്നത്ത് സെമിനാരിയില്‍ പതിറ്റാണ്ടുകള്‍ നീണ്ട തര്‍ക്കത്തിന് അയവ് വന്നത് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. ഇരുവിഭാഗവും തമ്മില്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തി അനുരഞ്ജനത്തിന് വേദി ഒരുക്കുകയായിരുന്നു. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ വന്നശേഷം സമിതിയുമായി ഫലപ്രദായ ചര്‍ച്ച നടന്നില്ല. പിറവം ഉപതെരഞ്ഞെടുപ്പിനുശേഷം ഒരു ചര്‍ച്ച മാത്രമാണ് നടന്നത്. ഉഭയകക്ഷി ചര്‍ച്ചയ്ക്കുപകരം ഓരോ വിഭാഗവുമായും പ്രത്യേക ചര്‍ച്ചയാണ് നടന്നത്. യുഡിഎഫ് സര്‍ക്കാര്‍ സഭയോട് നീതികാട്ടുന്നില്ലെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കാതോലിക്കാബാവയെ അറസ്റ്റ്ചെയ്തതെന്ന് യാക്കോബായസഭ തൃശൂര്‍ ഭദ്രാസന മെത്രാപോലീത്ത ഏലിയാസ് മാര്‍ അത്താനാസിയോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സഭയോട് നീതികാട്ടിയിരുന്നെങ്കില്‍ അറസ്റ്റിനുള്ള സാഹചര്യം ഉണ്ടാകുമായിരുന്നില്ല. സഭയ്ക്ക് അനുകൂലമായ കോടതിവിധി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി വീഴ്ചവരുത്തുന്നു. സഭയെ വേദനിപ്പിക്കുന്നത് വിശ്വാസികള്‍ പൊറുക്കില്ല. ആലുവ തൃക്കുന്നത്തു സെമിനാരി പള്ളിയില്‍ ശനിയാഴ്ച പുലര്‍ച്ചെ കുര്‍ബ്ബാനയര്‍പ്പിച്ച കാതോലിക്കബാവയെ അറസ്റ്റ്ചെയ്തതിനെതിരെ യാക്കോബായവിഭാഗം ഞായറാഴ്ച പ്രതിഷേധദിനം ആചരിക്കും. പ്രശ്നസാധ്യത കണ്ടറിഞ്ഞ് മുന്‍കൂട്ടി ചര്‍ച്ച നടത്തി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ സര്‍ക്കാരും അധികൃതരും ശ്രദ്ധിക്കേണ്ടതായിരുന്നു. തര്‍ക്കം പരിഹരിക്കാന്‍ മധ്യസ്ഥന്റെ സാന്നിധ്യത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്. സഭയ്ക്ക് അവകാശപ്പെട്ട തൃക്കുന്നത്തു സെമിനാരിയില്‍ തര്‍ക്കം നിലനിര്‍ത്തണമെന്ന് കാതോലിക്കാ ബാവയ്ക്ക് ആഗ്രഹമില്ല. ഇവിടെ ഇരുപക്ഷത്തിനും സമയവും സ്ഥലവും വീതംവച്ചുനല്‍കി ആരാധനയ്ക്ക് അവസരമൊരുക്കണം. നിരവധി പിതാക്കന്മാരുടെ കബറിടം സ്ഥിതിചെയ്യുന്ന സെമിനാരിയില്‍ ജനുവരി 25ന് ഓര്‍മപ്പെരുന്നാള്‍ ദിനത്തില്‍ കുര്‍ബാന അര്‍പ്പിക്കാനെത്തിയ കാതോലിക്കാ ബാവയെ മേല്‍ക്കുപ്പായം ഊരി പരിശോധിക്കാന്‍ ഉത്തരവിട്ട കലക്ടറുടെ നടപടി പ്രതിഷേധാര്‍ഹമാണ്. യാക്കോബായ സഭയുടെ അങ്കമാലി ഭദ്രാസനത്തില്‍പ്പെട്ടതും ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവയുടെ ഉടമസ്ഥതയിലുമുള്ളതാണ് തൃക്കുന്നത്തു സെമിനാരിയും പള്ളിയും. ഉടമസ്ഥത യാക്കോബായ വിഭാഗത്തിന്റേതാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ കോടതിയിലും മറ്റ് അധികൃതര്‍ക്കും നല്‍കിയിട്ടുണ്ട്. മറിച്ചുള്ള ഒരു രേഖയും ഓര്‍ത്തഡോക്സ് വിഭാഗം ഹാജരാക്കിയിട്ടില്ല.

ഡോ. മാത്യൂസ് മാര്‍ അന്തിമോസ് മെത്രാപോലീത്ത, മാനേജിങ് ട്രസ്റ്റി ഷെവലിയര്‍ ജോര്‍ജ് തുരുത്തിയില്‍, പബ്ലിസിറ്റി കണ്‍വീനര്‍ മോന്‍സി വാവച്ചന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani

Monday, December 30, 2013

മതവാദികളെ വിളിച്ചിരുത്തുവാനുള്ള ഇടമല്ല ശിവഗിരി: പിണറായി

വര്‍ക്കല: മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന ഗുരുവിന്റെ വചനങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നിടം ആ മതം തന്റെതാകണമെന്ന് ശഠിക്കുന്നവരെ വിളിച്ചിരുത്തുവാനുള്ള സ്ഥലമല്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. അത്തരക്കാരെ എത്തിക്കുവാനുള്ള സ്ഥലമല്ലിതെന്ന് ഗുരുവിന്റെ ശിക്ഷ്യന്‍മാരായ സന്യാസിവര്യന്‍മാര്‍ ഓര്‍ക്കണം. 81-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി. അവകാശങ്ങള്‍ക്കായി സംഘടിക്കണമെന്നാണ് ശ്രീനാരായണ ഗുരു പറഞ്ഞത്.

അല്ലാതെ മറ്റ് ജാതികള്‍ക്കോ മതങ്ങള്‍ക്കോ എതിരായി സംഘടിക്കണമെന്നല്ല. സംഘടന എല്ലാ മനുഷ്യരേയും ഒന്നായി ചേര്‍ക്കുന്നതാകണമെന്നാണ് എസ്എന്‍ഡിപിയെ കുറിച്ച് ഗുരു പറഞ്ഞത്. ജനിച്ച നാടിന്റെ അവസ്ഥ മാറ്റിയെഴുതിയതാണ് ശ്രീനാരായണഗുരുവിനെ വ്യത്യസ്തനാക്കുന്നത്. ദുരാചാരങ്ങള്‍ മൂലം മനുഷ്യത്വം തൊട്ടുതെറിച്ചിട്ടില്ലാത്ത ഒരു സമൂഹത്തിലാണ് അദ്ദേഹം മാനവ സ്നേഹത്തിന്റെ മഹത്വം കൊണ്ടുവന്നത്. അവര്‍ണന്റെ ശരീരഭാഗങ്ങള്‍ക്ക് വരെ കരം ചുമത്തിയിരുന്ന ഭൂതകാലം നമുക്കുണ്ടായിരുന്നു. സംഘടനകൊണ്ട് ശക്തരാകുക എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഈഴവ സമുദായത്തെ മാത്രമല്ല സ്വാധീനിച്ചത്.

അക്കാലത്ത് ഈഴവ സമുദായത്തിലുണ്ടായിരുന്ന അനാചാരങ്ങള്‍ മാറ്റിയെടുക്കുവാനാണ് ഗുരു ശ്രമിച്ചത്. അതിന്റെ അലയൊലികള്‍ മറ്റ് സമുദായങ്ങള്‍ക്കകത്തേക്കും പടര്‍ന്നു. കേരളം ഭ്രാന്താലയമെന്ന കാഴ്ചപാടിന് മാറ്റം വരുത്തുവാന്‍ കഴിഞ്ഞതും ആ അലയൊലികള്‍ക്കാണെന്ന് പിണറായി പറഞ്ഞു.

മനുഷ്യത്വം ഇല്ലാത്തവരെ വരവേല്‍ക്കേണ്ട സ്ഥലമല്ല ശിവഗിരി: പിണറായി

ശിവഗിരി: മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന ശ്രീനാരായണഗുരു ചിന്ത വാഴുന്നിടത്ത് മതം തന്റേതുതന്നെയാകണമെന്നു ശഠിക്കുകയും അത് നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നയാള്‍ക്ക് സ്ഥാനമില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. മനുഷ്യത്വം ഇല്ലാത്ത അത്തരക്കാരെ വിളിച്ചുവരുത്തി വരവേല്‍പ് നല്‍കാനുള്ള സ്ഥലമല്ല ശിവഗിരി. എണ്‍പത്തി ഒന്നാമത് ശിവഗിരി തീര്‍ഥാടനത്തിനോടനുബന്ധിച്ച് "അധഃസ്ഥിത മുന്നേറ്റം ഗുരുദര്‍ശനത്തിലൂടെ" എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്നും പല മത സാരം ഏകം എന്നുമാണ് ശ്രീനാരായണഗുരു പറഞ്ഞത്. എന്നാല്‍, മതം താനാണെന്നും മതം തന്റേതുതന്നെ ആയിക്കൊള്ളണമെന്നും ശഠിക്കുന്നവരെ വിളിച്ചുവരുത്തി ആദരിക്കുന്നത് ശരിയോ എന്ന് ഗുരുവിന്റെ ശിഷ്യന്മാരായ സന്യാസിവര്യന്മാര്‍ ചിന്തിക്കണം. അവകാശങ്ങള്‍ക്കായി സംഘടിക്കണമെന്നാണ് ഗുരു ഉപദേശിച്ചത്. അല്ലാതെ മറ്റ് മതങ്ങള്‍ക്കോ ജാതികള്‍ക്കോ എതിരായി സംഘടിക്കണമെന്നല്ല. ഗുരു ഉയര്‍ത്തിയ മാനവികതയുടെ മഹാസന്ദേശം കൂടുതല്‍ കരുത്തോടെ ഉയര്‍ത്തിപ്പിടിക്കേണ്ട കാലഘട്ടമാണിതെന്ന് പിണറായി പറഞ്ഞു. ഒരു പ്രത്യേക ജാതിയോ പ്രത്യേക മതമോ മാത്രം മതിയെന്നല്ല അദ്ദേഹം ഉദ്ബോധിപ്പിച്ചത്.

അദ്ദേഹം ഉണ്ടാക്കിയ സംഘടനയുടെ പേര് ഒരു ജാതിയുമായും ബന്ധപ്പെട്ടതല്ല. ശ്രീനാരായണധര്‍മത്തിന്റെ പേരാണ് സംഘടനയ്ക്ക് നല്‍കിയത്. സംഘടനയില്‍ പ്രത്യേക സമുദായക്കാര്‍ മാത്രമായി ചുരുങ്ങരുതെന്നും മനുഷ്യരെയെല്ലാം ഒന്നായി ചേര്‍ക്കുന്നതാകണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം. തന്റെ ശിഷ്യര്‍ ഒരേ സമുദായത്തില്‍ പെട്ടവരാകരുതെന്നായിരുന്നു ഗുരുവിന്റെ കാഴ്ചപ്പാട്. സന്ദേശത്തിനൊപ്പം പ്രവര്‍ത്തനത്തിലൂടെയേ സാമൂഹ്യമാറ്റം കൈവരിക്കാനാകൂ എന്ന് ശ്രീനാരായണഗുരു തെളിയിച്ചു. അരുവിപ്പുറം ശിവപ്രതിഷ്ഠ നല്‍കുന്ന സന്ദേശം ഇതാണ്.

ചാതുര്‍വര്‍ണ്യ തേര്‍വാഴ്ചയില്‍ ചതഞ്ഞരഞ്ഞ ഒരു സമൂഹത്തെ അതില്‍നിന്ന് മോചിപ്പിക്കാനും ആത്മാഭിമാനവും നവോത്ഥാനത്തിന്റെ വെളിച്ചവും പകര്‍ന്നുനല്‍കാനും ഗുരുവിന് കഴിഞ്ഞു. സാമൂഹ്യമാറ്റത്തിന്റെ ചിന്തയുടെ പ്രതിഷ്ഠയാണ് അരുവിപ്പുറത്ത് ഗുരു നടത്തിയത്. നിലവിലുള്ള സാമൂഹ്യവ്യവസ്ഥയോടുള്ള കലാപമായിരുന്നു ഇത്. നിങ്ങള്‍ നിങ്ങളെത്തന്നെ തിരിച്ചറിയണമെന്ന സന്ദേശവുമായി കണ്ണാടിപ്രതിഷ്ഠയും ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്ക് നയിക്കാന്‍ ദീപപ്രതിഷ്ഠയും വിദ്യകൊണ്ട് പ്രബുദ്ധരാകാന്‍ അക്ഷരപ്രതിഷ്ഠയും നടത്തി അദ്ദേഹം മാറ്റത്തിന്റെ കാഹളമായി. ഇതെല്ലാം മറന്ന് വിഗ്രഹത്തില്‍മാത്രം കേന്ദ്രീകരിച്ചാല്‍ അത് ഗുരുനിന്ദയാകും. അറിവിനെ ആയുധമാക്കി സാമൂഹ്യമാറ്റത്തിനായി പോരാടാന്‍ വിദ്യാലയങ്ങളുടെ അനിവാര്യത ഗുരു ഊന്നിപ്പറഞ്ഞു.

സാധാരണ സന്യാസികള്‍ മോക്ഷപ്രാപ്തിക്കായി ശ്രമിക്കുമ്പോള്‍ ജനങ്ങളുടെ ജീവിതപ്രാപ്തിക്ക് ഉതകുന്ന വഴികള്‍ തേടി ഗുരു വഴിമാറി നടന്നു. സമൂഹത്തെ മാറ്റുന്നതിനുള്ള സമരോത്സുകമായ വഴിയായിരുന്നു ഇത്. മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു സാമൂഹ്യവ്യവസ്ഥയില്‍ മനുഷ്യത്വത്തിന്റെ മഹാസന്ദേശവുമായി ഗുരു ഇടപെട്ടു. ഒരുപാട് അനാചാരങ്ങളും ജീര്‍ണതകളും പീഡനങ്ങളും അടിമത്ത മനോഭാവവുമെല്ലാം നിറഞ്ഞുനിന്നിരുന്ന അവസ്ഥ. ഗുരുവിന്റെ സന്ദേശങ്ങളും ഇടപെടലുകളും ഒരു സമുദായത്തില്‍ മാത്രമല്ല കേരളത്തിലെമ്പാടും മാറ്റത്തിന്റെ കാഹളം മുഴക്കി.

കേരളത്തെ ഭ്രാന്താലയമാണെന്ന വിശേഷണത്തില്‍നിന്ന് മാറ്റുന്നതിനുള്ള തീവ്രമായ ശ്രമമാണ് ഗുരു നടത്തിയത്. അധ്വാനവര്‍ഗത്തിന്റെ പോരാട്ടങ്ങളിലൂടെയാണ് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായ ജീവിതനിലവാരം കേരളത്തിലുണ്ടായത്. എന്നാല്‍, അധ്വാനവര്‍ഗത്തിന്റെ ഐക്യത്തെ ജാതി പറഞ്ഞ് ഭിന്നിപ്പിക്കാനുള്ള ശ്രമം നടക്കുന്നു. ഇത് ഗുരുനിന്ദയാണെന്നും പിണറായി പറഞ്ഞു.

deshabhimani

Monday, November 11, 2013

മന്ത്രിമാരെ ഉപരോധിക്കുമെന്ന് ഇടയലേഖനം

ഇടുക്കി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ അപാകതകള്‍ പരിഹരിച്ചില്ലെങ്കില്‍ മന്ത്രിമാരെയും ജനപ്രതിനിധികളെയും ഉപരോധിക്കുമെന്ന് ഇടുക്കി രൂപതയുടെ ഇടയലേഖനം. ഞായറാഴ്ച ഇടുക്കി രൂപതയിലെ പള്ളികളില്‍ വായിച്ച "പട്ടയവും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും" എന്ന സര്‍ക്കുലറില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിക്കുന്നു. ജില്ലയിലെ 48 വില്ലേജുകള്‍ പരിസ്ഥിതി ദുര്‍ബലമേഖലയായി പ്രഖ്യാപിക്കാന്‍ ശുപാര്‍ശ ചെയ്യുന്ന കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ നീക്കങ്ങള്‍ പഠനം നടത്താതെയും വസ്തുതകള്‍ മനസിലാക്കാതെയുമാണെന്ന് ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ഇടയലേഖനത്തില്‍ ചൂണ്ടിക്കാട്ടി. പ്രശ്നപരിഹാരമുണ്ടായില്ലെങ്കില്‍ ജനപ്രതിനിധികളെയും മന്ത്രിമാരെയും തെരുവില്‍ നേരിട്ടു കണ്ട് കാര്യങ്ങള്‍ പറയേണ്ടിവരും. മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും ഉപരോധം എര്‍പ്പെടുത്തേണ്ട സമരപരിപാടിയിലേക്ക് നീങ്ങണം.

ജനവാസമേഖലകളെയും കൃഷിയിടങ്ങളെയും പരിസ്ഥിതി ലോലമേഖലയില്‍നിന്ന് ഒഴിവാക്കണം. പരിസ്ഥിതി ലോലമേഖലകള്‍ വിജ്ഞാപനം ചെയ്യാന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം കരട് തയ്യാറാക്കിയ സാഹചര്യത്തില്‍ ജനപ്രതിനിധികളും അധികാരികളും ഇടപെടണം. പ്രശ്നത്തില്‍ ഇടപെടാന്‍ കഴിയുന്നില്ലെങ്കില്‍ കര്‍ഷകര്‍ക്കുവേണ്ടി നിലകൊള്ളുന്നവരെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഭരിക്കുന്ന സര്‍ക്കാരില്‍നിന്ന് രാജിവച്ച് കര്‍ഷകസമരത്തില്‍ പങ്കുചേരണം. ജില്ലയിലെ കുടിയേറ്റകര്‍ഷകര്‍ക്ക് ഉപാധിരഹിത പട്ടയം ഇതുവരെ ലഭിച്ചിട്ടില്ല. പട്ടയ നടപടികള്‍ക്കുള്ള തടസ്സങ്ങള്‍ നീക്കുന്നതിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കടുത്ത അനാസ്ഥയാണുള്ളത്. കുറുക്കുവഴികളിലൂടെ പട്ടയനടപടികള്‍ തുരങ്കം വയ്ക്കുന്നതിനുള്ള ശ്രമം സര്‍ക്കാര്‍ രംഗത്ത് നിന്നുണ്ടാകുന്നു. മുഴുവന്‍ കുടിയേറ്റ കര്‍ഷകര്‍ക്കും ഉപാധിരഹിത പട്ടയം നല്‍കുന്നതിന് സര്‍ക്കാര്‍തലത്തില്‍ പരിഗണിക്കപ്പെടുകയും, മന്ത്രിസഭാ തീരുമാനവും ഉണ്ടാകണം. കൈവശഭൂമിക്ക് പട്ടയം നല്‍കുന്നതിന് കുടുംബവാര്‍ഷിക വരുമാനം തടസ്സമാണെന്ന തലത്തിലുള്ള ഉദ്യോഗസ്ഥ നിലപാടും പട്ടയനടപടികള്‍ക്ക് ഭീഷണിയാണെന്ന് ബിഷപ് അഞ്ചുപേജുള്ള ഇടയലേഖനത്തില്‍ പറയുന്നു.

deshabhimani

Friday, November 8, 2013

മുസഫര്‍നഗര്‍ മറ്റൊരു ഗുജറാത്ത് ആയി: ഷബ്നം ഹാഷ്മി

കോഴിക്കോട്: മിനി ഗുജറാത്താണ് മുസഫര്‍ നഗറില്‍ സംഭവിക്കുന്നതെന്ന് സാമൂഹ്യ പ്രവര്‍ത്തക ഷബ്നം ഹാഷ്മി. ഗുജറാത്തില്‍ 2002ല്‍ ഉണ്ടായ കലാപം ഇപ്പോള്‍ മുസഫര്‍ നഗറിലും ആവര്‍ത്തിക്കുകയാണ്. എല്ലാ കലാപങ്ങളിലും വേട്ടയാടപ്പെടുന്നത് ന്യൂനപക്ഷങ്ങളാണ്. മുഖ്യധാര മാസിക പ്രകാശനത്തിന്റെ ഭാഗമായി "ന്യൂനപക്ഷം, മതനിരപേക്ഷത, വര്‍ഗീയ ഫാസിസം" എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

വര്‍ഗീയ കലാപങ്ങള്‍ രാജ്യത്തിന്റെ ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുക നരേന്ദ്രമോഡിയുടെ തന്ത്രമാണ്. ആര്‍എസ്എസും ബിജെപിയും പ്രതിസന്ധിയിലായപ്പോഴെല്ലാം രാജ്യത്ത് സ്ഫോടനങ്ങള്‍ ഉണ്ടായിട്ടുണ്ട്. സംഝോധ, മാലേഗാവ് തുടങ്ങി നിരവധി ഉദാഹരണങ്ങള്‍ ഇതിനുണ്ട്. ന്യൂനപക്ഷങ്ങളെ തുടച്ചുനീക്കാനുള്ള തന്ത്രമാണ് സംഘപരിവാറിന്റേത്. ഇടതുപക്ഷം ഉള്‍പ്പെടുന്ന മതേതര ശക്തികള്‍ക്കേ സംഘപരിവാറിന്റെ ദുഷ്ചെയ്തികള്‍ തടയാനാവൂ. ദാരിദ്ര്യത്തിന്റെയും അഴിമതിയുടെയും സംസ്ഥാനമായി ഗുജറാത്ത് മാറി. 40 ശതമാനം കുട്ടികളും മതിയായ പോഷകാഹാരമില്ലാത്തവരാണ്. മോഡിയുടെ ഭരണത്തില്‍ 60,000 ചെറുകിട വ്യവസായങ്ങള്‍ പൂട്ടി. ഗുജറാത്ത് കര്‍ഷക ആത്മഹത്യകളുടെ വിളനിലമായി. ദേശീയ മാധ്യമങ്ങള്‍ ഗുജറാത്തിന്റെ യഥാര്‍ഥ മുഖം തുറന്നുകാട്ടുന്നില്ല. കോര്‍പറേറ്റുകളാണ് ഇത്തരം മാധ്യമങ്ങളെ നിയന്ത്രിക്കുന്നത്. ഇതിനാലാണ് ദേശീയ മാധ്യമങ്ങള്‍ മോഡിക്കെതിരായ വാര്‍ത്തകള്‍ തിരസ്കരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

ഗുജറാത്ത് കലാപം ഭൂരിഭാഗത്തെയും യാചകരാക്കി: മുഖ്താര്‍ മുഹമ്മദ്

കോഴിക്കോട്: ഗുജറാത്ത് കലാപം വലിയ വിഭാഗത്തെ യാചകരാക്കിയെന്ന് സെന്റര്‍ ഫോര്‍ ജസ്റ്റിസിന്റെ പ്രവര്‍ത്തകന്‍ മുഖ്താര്‍ മുഹമ്മദ് പറഞ്ഞു. കലാപകാലത്ത് സര്‍വവും നഷ്ടപ്പെട്ട് പലര്‍ക്കും നാടുവിടേണ്ടി വന്നു. ഇന്ത്യയില്‍ സാഹോദര്യത്തോടെ ജീവിക്കാനുള്ള അവസരമുണ്ടാകണമെന്നാണ് കലാപം നമ്മോട് പറയുന്നത്. ഗുജറാത്തിന്റെ വര്‍ത്തമാനം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതത്തെ വോട്ടിനുവേണ്ടി ദുരുപയോഗിക്കുന്നവരെ മാറ്റിനിര്‍ത്തണം. കലാപസമയത്ത് തനിക്കുണ്ടായ നഷ്ടങ്ങളെക്കുറിച്ച് ചിന്തിക്കാതെ സാമൂഹ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇസ്ലാമിലേത് പുരുഷകേന്ദ്രീകൃത വ്യവസ്ഥ: ഡോ. ഖദീജ മുംതാസ്

കോഴിക്കോട്: മുസ്ലിം സമുദായത്തിനകത്തെ പുരുഷാധിപത്യം ചെറുത്തുതോല്‍പ്പിക്കണമെന്ന് ഡോ. ഖദീജ മുംതാസ് പറഞ്ഞു. പുരുഷ കേന്ദ്രീകൃതമായ വ്യവസ്ഥയാണ് ഇസ്ലാമില്‍ നിലനില്‍ക്കുന്നത്. ആധുനിക കാലത്ത് ബഹുഭാര്യാത്വം എന്ന സങ്കല്‍പ്പം തികച്ചും അപ്രായോഗികമാണ്. മുസ്ലിം സമുദായത്തില്‍ പുരുഷന്മാര്‍ക്ക് വിവാഹമോചനം എളുപ്പത്തില്‍ സാധിക്കുമ്പോള്‍ ഇഷ്ടമില്ലാത്ത ബന്ധം സ്ത്രീക്ക് ഒഴിയാനാവുന്നില്ല. നിയമം സ്ത്രീക്കും പുരുഷനും ഒരുപോലെ ബാധകമാവണം. മുഖ്യധാര പ്രകാശനത്തോടനുബന്ധിച്ച് നടന്ന "ന്യൂനപക്ഷ സമൂഹവും സ്ത്രീ പദവിയും" സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍. നവോത്ഥാന നായകരെ മതപുരോഹിതര്‍ ജാതി പുനരുദ്ധാരണത്തിന് ഉപയോഗിക്കുകയാണ്. മുസ്ലിങ്ങള്‍ക്കിടയിലും മത പുനരുദ്ധാരണത്തിന്റെ കാലമാണിത്. ശരിയായ വിദ്യഭ്യാസം ലഭിച്ചാലേ കാര്യങ്ങള്‍ തുറന്നുപറയാനുള്ള ശേഷി സ്ത്രീകള്‍ക്ക് ഉണ്ടാകൂ. ദരിദ്രകുടുംബങ്ങളില്‍ പെണ്‍കുട്ടിയെ വിറ്റൊഴിക്കുക എന്ന സമീപനമാണ്. മൈസൂര്‍ കല്യാണം, അറബിക്കല്യാണം തുടങ്ങി ശിഥിലമായ ദാമ്പത്യബന്ധം ഇതിന്റെ ഭാഗമാണെന്നും അവര്‍ പറഞ്ഞു.

ജാതിനേതാക്കളുടേത് സ്വാര്‍ഥത: ഡോ. ടി ജമാല്‍മുഹമ്മദ്

കോഴിക്കോട്: സ്വാര്‍ഥ താല്‍പ്പര്യങ്ങളില്‍ അധിഷ്ഠിതമായ കൊട്ടാരം പണിയാനാണ് ജാതി നേതാക്കളുടെ ശ്രമമെന്ന് ഡോ. ടി ജമാല്‍ മുഹമ്മദ് പറഞ്ഞു. ഭാഷാ പഠനത്തില്‍പ്പോലും വിമുഖത കാണിച്ച ചില മതനേതൃത്വം സമുദായത്തെ സാംസ്കാരികമായി പിന്നിലാക്കി. കേരളീയ നവോത്ഥാനത്തിന്റെ മുസ്ലിം പരിപ്രേക്ഷ്യം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിങ്ങളുടെ പുരോഗതിക്ക് വിദ്യഭ്യാസം അനിവാര്യമാണെന്ന് ചിന്തിച്ചയാളാണ് വക്കം അബ്ദുള്‍ ഖാദര്‍ മൗലവി. മലയാളവും ഇംഗ്ലീഷും പഠിക്കാന്‍ അവസരമുണ്ടായത് വലിയ മാറ്റത്തിന് കാരണമായി. ഖുര്‍ആന്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ഏറെ പ്രയോജനപ്പെട്ടു. ഗ്രന്ഥത്തിന്റെ സത്ത ഉള്‍ക്കൊള്ളാന്‍ പരിഭാഷ സഹായകരമായെന്നും അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷങ്ങളെ അവഗണിച്ച് മുന്നേറാനാവില്ല: കെ ടി ജലീല്‍

കോഴിക്കോട്: മുസ്ലിങ്ങളുടെയും മറ്റു പീഡിത വിഭാഗങ്ങളുടെയും പ്രശ്നം അവതരിപ്പിക്കുമ്പോള്‍ നിലപാടുകളില്‍ വൈകാരികതയുടെ ഭാഷ്യംചേര്‍ത്ത് ആവേശത്തിന്റെ കൊടുമുടി സൃഷ്ടിക്കുന്നവര്‍ ഭൂരിപക്ഷ വര്‍ഗീയതയുടെ മനസില്‍ തീ കോരിയിടുകയാണെന്ന് കെ ടി ജലീല്‍ എംഎല്‍എ പറഞ്ഞു. മുഖ്യധാര മാസികയുടെ പ്രകാശന ചടങ്ങില്‍ മാസിക പരിചയപ്പെടുത്തുകയായിരുന്നു അദ്ദേഹം. മതന്യൂനപക്ഷങ്ങളെയും ഭാഷാന്യൂനപക്ഷങ്ങളെയും അവഗണിച്ചുകൊണ്ട് ഇന്ത്യക്ക് മുന്നോട്ട് കുതിക്കാനാവില്ല. ചിലരുടെ പങ്കാളിത്തം വേണ്ട എന്ന് ബുദ്ധിശൂന്യതകൊണ്ട് ഭരണാധികാരികള്‍ തീരുമാനിച്ചാല്‍ ആ തീരുമാനത്തിന് വലിയ വില നല്‍കേണ്ടി വരുമെന്നത് കാലം തെളിയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

ഇസ്ലാമികവത്കരണം അപകടകരം: ഡോ. ഫസല്‍ ഗഫൂര്‍

കോഴിക്കോട്: ആര്യവത്കരണംപോലെതന്നെ അപകടകരമാണ് ഇസ്ലാമികവത്കരണവുമെന്ന് ഡോ. പി എ ഫസല്‍ ഗഫൂര്‍ പറഞ്ഞു. സാമ്രാജ്യത്ത അധിനിവേശത്തിന്റെ ഭാഗമായാണ് രാജ്യങ്ങളില്‍ തീവ്രവാദം വളര്‍ന്നത്. മതമൗലിക വാദികളുടെയും വര്‍ഗീയവാദികളുടെയും കയ്യിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു. ഇസ്ലാമിക ലോകവും മതേതരത്വവും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാപരമായി മതേതര രാജ്യമായാണ് അറബ് രാഷ്ട്രങ്ങളില്‍ ഭൂരിഭാഗവും നിലനില്‍ക്കുന്നത്. എന്നാല്‍, സോവിയറ്റ് യൂണിയനില്‍ കമ്യൂണിസം തകര്‍ന്നതോടെ ഇസ്ലാമിക രാഷ്ട്രങ്ങള്‍ക്ക് സംരക്ഷണമില്ലാതായി. ഇതിനാലാണ് നൂറുശതമാനം മതേതരമായിരുന്ന സിറിയയിലും തുര്‍ക്കിയിലുമെല്ലാം തീവ്രവാദം വളര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.

deshabhimani

വര്‍ഗീയധ്രുവീകരണത്തിന് ആര്‍എസ്എസ് ശ്രമം: കാരാട്ട്

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ജനങ്ങളില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനാണ് ആര്‍എസ്എസും സംഘപരിവാറും കലാപങ്ങള്‍ ആസൂത്രണം ചെയ്യുന്നതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. യുപിയിലെ മുസഫര്‍ നഗറില്‍ സെപ്തംബറിലുണ്ടായ വര്‍ഗീയ കലാപം യാദൃഛികമല്ല. നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനുശേഷമാണ് കലാപം അരങ്ങേറിയത്- ന്യൂനപക്ഷങ്ങളുടെ ആശയപ്രചാരണത്തിനായുള്ള "മുഖ്യധാര" മാസിക പ്രകാശനം കോഴിക്കോട്ട് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കാരാട്ട്.

മുസഫര്‍ നഗറിലെ കലാപത്തില്‍ 63 മുസ്ലിം സഹോദരന്മാരാണ് കൊല്ലപ്പെട്ടത്. 40,000 മുസ്ലിങ്ങള്‍ സ്വന്തം ഗ്രാമങ്ങള്‍വിട്ട് ക്യാമ്പുകളില്‍ അഭയം പ്രാപിച്ചു. ഏതാനും മാസങ്ങളായി വിഷലിപ്ത പ്രചാരണം നടത്തി ഹിന്ദുത്വ ശക്തികള്‍ വര്‍ഗീയ സംഘര്‍ഷങ്ങളും കലാപങ്ങളും ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. യുപിയിലെ മറ്റു പ്രദേശങ്ങളിലും രാജസ്ഥാനിലും ബീഹാറിലും കലാപത്തിന് സംഘപരിവാര്‍ ശ്രമിക്കുന്നു. ജനങ്ങളെ വര്‍ഗീയമായി വിഭജിക്കാനുള്ള സംഘപരിവാര്‍ നീക്കത്തിനും വിലക്കയറ്റവും അഴിമതിയും തൊഴിലില്ലായ്മയും സൃഷ്ടിക്കുന്ന യുപിഎ സര്‍ക്കാരിനുമെതിരെ എല്ലാ മത നിരപേക്ഷ ശക്തികളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. ദുര്‍ഭരണംമൂലം ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ട കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന് ബദല്‍ നരേന്ദ്ര മോഡിയാണ് എന്ന പ്രതീതി സൃഷ്ടിക്കാനാണ് ബിജെപിയുടെ ശ്രമം. എന്നാല്‍, വിവിധ സംസ്ഥാനങ്ങളില്‍ സ്വാധീനമുള്ള കോണ്‍ഗ്രസിതര മതനിരപേക്ഷ കക്ഷികളെ വര്‍ഗീയതയെ ചെറുക്കുക എന്ന അജന്‍ഡയില്‍ ഒരേ വേദിയില്‍ കൊണ്ടുവരാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞു.

ഒക്ടോബര്‍ 30ന് ഡല്‍ഹിയിലായിരുന്നു കണ്‍വന്‍ഷന്‍. ഭീകരത വളര്‍ത്തുന്നത് വര്‍ഗീയതയാണ്. ഇരു വിഭാഗത്തിലുംപെട്ട തീവ്രവാദികള്‍ വര്‍ഗീയത വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. ഭരണകൂടത്തില്‍നിന്ന് പക്ഷപാതപരമായ സമീപനമുണ്ടാകുമ്പോഴാണ് വര്‍ഗീയത ഭീകരതയുടെ രൂപം കൈവരിക്കുന്നത്. ജനങ്ങളുടെ ഐക്യം തകര്‍ക്കുന്ന വര്‍ഗീയ- തീവ്രവാദ പ്രവര്‍ത്തനങ്ങളെ യോജിച്ച് എതിര്‍ക്കണം. ഭീകര പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന്റെ പേരില്‍ നൂറുകണക്കിന് നിരപരാധികളായ മുസ്ലിങ്ങളെ പൊലീസ് അന്യായമായി അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. പലരെയും നിരപരാധികളെന്നുകണ്ട് കോടതി വെറുതെ വിട്ടു.

ഡല്‍ഹിയില്‍നിന്നുള്ള ആമിര്‍ എന്ന യുവാവ് 14 വര്‍ഷം ജയിലില്‍ കിടന്നു. 19 വയസ്സില്‍ ജയിലിലടച്ച ആമിറിനെ 33-ാം വയസ്സിലാണ് നിരപരാധിയാണെന്ന് കണ്ട് കോടതി മോചിതനാക്കിയത്. നിരപരാധികളായ മുസ്ലിങ്ങളെ അന്യായമായി അറസ്റ്റ് ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. പൊലീസ് വേട്ടയാടുന്നവര്‍ക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കണം. പോട്ടയും യുഎപിഎ നിയമവുംപോലെ ഭീകരവിരുദ്ധ നിയമത്തെക്കുറിച്ചും പുനഃപരിശോധന നടത്തണമെന്നും കാരാട്ട് പറഞ്ഞു.

deshabhimani

Thursday, November 7, 2013

ജമാഅത്തെ ഇസ്ലാമിയും സംഘപരിവാറും എതിര്‍ക്കപ്പെടണം : പിണറായി

കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയും സംഘപരിവാറും ഒരേ ആശയങ്ങളാണ് മുറുകെ പിടിക്കുന്നതെന്നും അതിനാല്‍ മതനിരപേക്ഷത നിലനിര്‍ത്താന്‍ രണ്ട്കൂട്ടരെയും ഒരേപോലെ എതിര്‍ക്കപ്പെടേണ്ടതാണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. "മുഖ്യധാര" മാസിക കോഴിക്കോട് സംഘടിപ്പിച്ച ദേശീയ സെമിനാറില്‍ സംസാരിക്കകുയായിരുന്നു പിണറായി. രാഷ്ട്രങ്ങളുടെ ദേശീയതയെ എതിര്‍ക്കുകയും ലോകമെങ്ങുമുള്ള മുസ്ലീംങ്ങളുടെ മതരാഷ്ട്രം വിഭാവനം ചെയ്യുകയും ചെയ്യുന്ന മൗദൂദിയുടെ ആശയങ്ങളാണ് ജമാ അത്തെ ഇസ്ലാമിയുടെ അടിസ്ഥാനം. ഹിന്ദുത്തരാഷ്ട്രം എന്ന കാഴ്ചപാടിനെ സാധൂകരിക്കുന്ന ഹൈന്ദവ വര്‍ഗീയതക്കും സംഘപരിവാറിനുമാണ് അത് ഗുണം ചെയ്യുക.

ലോകമെങ്ങുമുള്ള ഭീകരവാദ പ്രസ്ഥാനങ്ങളെ പിന്തുണക്കാന്‍ ജമാ അത്തെ ഇസ്ലാമിക്ക് കഴിയുന്നത് അത്തരം നിലപാടുകള്‍ അവര്‍ക്ക് ഉള്ളതിനാലാണ്. മുസ്ലീം സമുദായത്തെ യാഥാസ്ഥിക ചിന്തകളിലെക്ക് വീണ്ടും വീണ്ടും തള്ളിയിടുവാനാണ് മതനേതാക്കള്‍ ശ്രമിക്കുന്നത്. അതാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കുന്നത്പോലുള്ള ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നത്.

ഒരു കാലത്ത് മലയാളം പഠിക്കുന്നത്പോലും നിഷിധമായി കരുതിയിരുന്നു. മലയാളം അവര്‍ക്ക് നരകത്തിന്റെ ഭാഷയായിരുന്നു. എന്നാല്‍ അതിനെതിരെയെല്ലാം അന്ന് മതത്തിനകത്ത്നിന്നുള്ള പുരോഗമനവാദികള്‍ രംഗത്തുവന്നും അവരുടെ പ്രയത്നങ്ങളിലൂടെ ആര്‍ജിച്ച നേട്ടങ്ങളാണ് സമുദായത്തെ ഒരു പരിധിവരെയെങ്കിലും മുഖ്യധാരയിലെത്തിച്ചത്. എന്നാല്‍ അതെല്ലാം ഉപേക്ഷിച്ച് വീണ്ടും യാഥാസ്ഥിക പരിതസ്ഥിതികളിലേക്ക് കൂട്ടികൊണ്ടുപോകാനാണ് ഇന്ന് ശ്രമം. അതിനായി മതത്തെ കൂട്ടുപിടിക്കുകയാണെന്നും പിണറായി പറഞ്ഞു.

ജമാഅത്തെ ഇസ്ലാമി ആര്‍എസ്എസിന് ശക്തിപകരുന്നു: പിണറായി

കോഴിക്കോട്: ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുക എന്ന അജന്‍ഡ മുന്നോട്ടുവച്ച ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനം ആര്‍എസ്എസിന്റെ ഹിന്ദുരാഷ്ട്ര അജന്‍ഡക്ക് എണ്ണ പകരുന്നതാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. മുഖ്യാധാര മാസിക പ്രകാശന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മതരാഷ്ട്ര സങ്കല്‍പ്പമാണ് ജമാഅത്തെ ഇസ്ലാമിയുടേത്. അതിനെ തുറന്നുകാട്ടുമ്പോള്‍ അസഹിഷ്ണുതയോടെയും പ്രകോപനപരവുമായി രംഗത്തുവരികയാണ്. തെരഞ്ഞെടുപ്പില്‍ കാണിച്ചുതരാമെന്നാണ് വെല്ലുവിളി. മതരാഷ്ട്ര നിലപാട് ചോദ്യംചെയ്താല്‍ എതിര്‍ത്ത് വായടപ്പിക്കാമെന്നാണെങ്കില്‍ അത് നടക്കില്ല. ആര്‍എസ്എസും ജമാഅത്തെ ഇസ്ലാമിയും മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം ഒരേ നാണയത്തിന്റെ രണ്ടു വശമാണ്. ഇതിനെ രണ്ടിനെയും എതിര്‍ക്കേണ്ടത് നാടിന്റെ ഭാവിക്കും മതേതര രാഷ്ട്ര നിലനില്‍പ്പിനും ആവശ്യമാണ്. വിമര്‍ശം സമചിത്തതയോടെ കേള്‍ക്കാനും തിരുത്തലുകള്‍ വേണമോയെന്ന് പരിശോധിക്കാനുമാണ് ജമാഅത്തെ ഇസ്ലാമി തയ്യാറാകേണ്ടത്. മതരാഷ്ട്ര സങ്കല്‍പ്പം പിന്തുടരുന്നത് മതസൗഹാര്‍ദപരമായ രാഷ്ട്രീയ അന്തരീക്ഷം തകര്‍ക്കാനാണ്. പോപ്പുലര്‍ ഫ്രണ്ട് പോലുള്ള ശക്തികളും ഇത്തരം പ്രവര്‍ത്തനമാണ് തുടരുന്നത്. രാഷ്ട്രീയ അധികാരം പിടിച്ചെടുത്ത് അതിലൂടെ മതരാഷ്ട്രം സ്ഥാപിക്കുക എന്നതാണ് ജമാഅത്ത് കാഴ്ചപ്പാട്. കൃത്യമായി പറഞ്ഞാല്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തെ ഇസ്ലാമികവല്‍ക്കരിക്കുക എന്നതാണവരുടെ ലക്ഷ്യം. ഇത് സംഘപരിവാര്‍ ശക്തികളെ സഹായിക്കുന്ന നയമാണ്.

ആര്‍എസ്എസിന് അധികാരം ലഭിച്ചപ്പോള്‍ അത്തരമൊരു അജന്‍ഡ നടപ്പാക്കാന്‍ ശ്രമിക്കുന്നത് ഗുജറാത്തില്‍ കണ്ടു. ആധുനിക രാഷ്ട്രസങ്കല്‍പ്പം അംഗീകരിക്കാത്ത മൗദൂദിയന്‍ ആശയങ്ങളാണ് ജമാഅത്ത് ഇസ്ലാമിയുടെ ചിന്താധാര. രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളായ ദേശീയത, ജനാധിപത്യം, മതേതരത്വം എന്നീ നിലപാടുകളെ ചോദ്യംചെയ്യുന്നതാണ് അവരുടെ നിലപാട്. ദേശാതിര്‍ത്തികളല്ല മതവിശ്വാസമാണ് ദേശീയത നിര്‍മിക്കുന്നത് എന്നതിലാണവരുടെ വിശ്വാസം. പാര്‍ലമെന്റ്, വോട്ടിങ് തുടങ്ങിയ ജനാധിപത്യ സംവിധാനത്തെയൊന്നും അവര്‍ അംഗീകരിക്കുന്നില്ല. ആധുനിക രാഷ്ട്രത്തെ ഇല്ലായ്മചെയ്ത് മതാനുഷ്ഠാനം നടപ്പാക്കാനുള്ള പുരോഹിതഭരണം സ്ഥാപിക്കുക എന്നതാണവരുടെ നയത്തിന്റെ ഉള്ളടക്കം. സാമ്രാജ്യത്വത്തിനെതിരായി ഉയര്‍ന്നുവരേണ്ട ജനകീയ ഐക്യത്തെ തകര്‍ത്ത് സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുകയും അവരുടെ നയമാണ്. ഫലത്തില്‍ ഇത് സാമ്രാജ്യത്വ ശക്തികളെ സഹായിക്കലാണ്.

മതനിരപേക്ഷത ഇസ്ലാമിന്റെ ശത്രുക്കളായ പാശ്ചാത്യര്‍ കണ്ടുപിടിച്ച സൂത്രമായാണവര്‍ വിലയിരുത്തുന്നത്. ജനാധിപത്യവിരുദ്ധവും പിന്തിരിപ്പനുമായ മൗദൂദിയന്‍ ആശയങ്ങള്‍ ഞങ്ങള്‍ക്ക് ബാധകമല്ലെന്ന് ഇവിടെ ചിലര്‍ പറയുന്നുണ്ട്. അത് ജനങ്ങളെ പറ്റിക്കലാണ്. ഇവിടെ സൗമ്യമുഖം പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കയാണ്. എന്നാല്‍,തൊട്ടയല്‍രാജ്യമായ ബംഗ്ലാദേശില്‍ ബുദ്ധിജീവികളടക്കം മതേതരത്വത്തിന് നിലകൊണ്ട ആയിരങ്ങളെ കൊലപ്പെടുത്തിയതും ജമാഅത്താണെന്നത് കാണാതിരുന്നുകൂടാ. നവോത്ഥാനപ്രവര്‍ത്തനം ഇസ്ലാമിനകത്ത് നടന്നത് കടുത്ത യാഥാസ്ഥിതികതയോട് എതിര്‍ത്തായിരുന്നു. മക്തി തങ്ങളടക്കം നിരവധിപേര്‍ യാഥാസ്ഥിതികരുടെ എതിര്‍പ്പ് മറികടന്ന് നടത്തിയ നവോത്ഥാന പ്രവര്‍ത്തനഫലമായാണ് വിദ്യാഭ്യാസമടക്കം ഒട്ടേറെ രംഗങ്ങളില്‍ പുരോഗതിയാര്‍ജിക്കാനായത്. അങ്ങനെ മുന്നേറിയതിനാലാണ് ഇന്ന് വിവാഹപ്രായം കുറയ്ക്കണമെന്ന വാദത്തെ മുസ്ലിം ബഹുജനങ്ങളിലെ ഭൂരിപക്ഷവും എതിര്‍ക്കുന്ന നിലയുണ്ടായതെന്നും പിണറായി പറഞ്ഞു.

deshabhimani

മുസ്ലീം സമുദായം അടിച്ചമര്‍ത്തപ്പെടുന്നു: കാരാട്ട്

കോഴിക്കോട്. ഇന്ത്യയിലെ മുസ്ലീം വിഭാഗത്തിലെ വലിയൊരു വിഭാഗം സാമുദായികമായി അടിച്ചമര്‍ത്തപ്പെടുകയാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. "മുഖ്യധാര" മാസിക കോഴിക്കോട് സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കാരാട്ട്. മുസ്ലീം സമുദായത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനായി നിര്‍ദ്ദേശിച്ച സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്  നടപ്പാക്കാന്‍ കേന്ദ്രം ശ്രമിക്കുന്നില്ല. മുസ്ലീം സമുദായത്തിന്റെ ഉന്നമനത്തിനായി രൂപീകരിച്ച രംഗനാഥ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത 10 ശതമാനം സംവരണവും നടപ്പാക്കാനായിട്ടില്ല. വിദ്യാഭ്യാസ , തൊഴില്‍മേഖലകളില്‍ ഇത് ആ സമുദായത്തിന് ഏറെ സഹായകമാകുമായിരുന്നു. ഇതെല്ലാം ഉടനെ നടപ്പാക്കണം.
 
അടിച്ചമര്‍ത്തപ്പെടുന്നവരെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുവാനാണ് സിപിഐ എം ശ്രമിക്കുന്നത്. കേരളം സാമൂഹ്യ, സാമ്പത്തീക, വിദ്യാഭ്യാസമേഖലകളില്‍ മറ്റ് സംസ്ഥാനങ്ങളെക്കാര്‍ ഉയര്‍ന്ന നിലയിലാണ്.അത് ഇവിടെയുള്ള ഇടതുപക്ഷ മതനിരപേക്ഷ അടിത്തറയുടെ ശക്തിയാണ്. എന്നാലിന്ന് രാജ്യത്തെ മതനിരപേക്ഷത ഏറെ വെല്ലുവിളികള്‍ നേരിടുയാണ്. വര്‍ഗീയ ധ്രുവീകരണത്തിനാണ് ഹൈന്ദവ വര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നത്. രാജ്യത്തുടനീളം നടക്കുന്ന വര്‍ഗീയ കലാപങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും അഭയാര്‍ത്ഥികളുമാകുകയാണ്. ഉത്തര്‍പ്രദേശിലെ മുസാഫര്‍പൂരിലും ബീഹാറിലും രാജസ്ഥാനിലുമെല്ലാം ഇത്തരം കലാപങ്ങളാണ് നടക്കുന്നത്.

ബിജെപി തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നരേന്ദ്രമോഡിയെ പ്രഖ്യാപിച്ചിരിക്കയാണ്. അതിനുവേണ്ടിയുള്ള ഹൈന്ദവ വര്‍ഗീയ വാദികളുടെ ശക്തി പ്രകടനമാണ് കലാപങ്ങളായി മാറുന്നത്. ഇതിനെതിരെ നടപടിയെടുക്കാന്‍ കേന്ദ്രം ഭരിക്കുന്ന യുപിഎ സര്‍ക്കാര്‍ മടിക്കുകയാണ്. ജനങ്ങളില്‍നിന്ന് ഒറ്റപ്പെട സര്‍ക്കാറാണ് ഇന്ന് കേന്ദ്രത്തിലുള്ളത്. അഴിമതിയും വിലക്കയറ്റവും തൊഴിലില്ലായ്മയും ജനങ്ങളെ യുപിഎ സര്‍ക്കാരില്‍നിന്നകറ്റിയെന്നും കാരാട്ട് പറഞ്ഞു. മുഖ്യധാര മാസികയുടെ പ്രകാശനം ഗുജറാത്ത് വംശഹത്യയുടെ ജീവിക്കുന്ന രക്തസാക്ഷി കുത്ബുദ്ദീന്‍ അന്‍സാരിക്ക് നല്‍കി പ്രകാശ് കാരാട്ട് നിര്‍വ്വഹിച്ചു.

deshabhimani

മുഖ്യധാര പ്രകാശനവും സെമിനാറും ഇന്ന്

മതനിരപേക്ഷ സമൂഹത്തിന് ഉണര്‍വേകുന്ന സന്ദേശ ആശയപ്രചാരണത്തിന് കരുത്തായി "മുഖ്യധാര" മാസിക വ്യാഴാഴ്ച കോഴിക്കോട്ട് പുറത്തിറങ്ങും. മാസിക പ്രകാശനവും ദേശീയ സെമിനാര്‍ ഉദ്ഘാടനവും കോഴിക്കോട് കടപ്പുറത്തെ മറൈന്‍ ഗ്രൗണ്ടില്‍ രാവിലെ ഒമ്പതിന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നിര്‍വഹിക്കും. മറൈന്‍ ഗ്രൗണ്ടിലെ മുഹമ്മദ് അബ്ദുറഹ്മാന്‍ നഗറില്‍ ഗുജറാത്ത് വംശഹത്യയുടെ ജീവിക്കുന്ന രക്തസാക്ഷി കുത്ബുദ്ദീന്‍ അന്‍സാരി മാസിക ഏറ്റുവാങ്ങും. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മുഖ്യപ്രഭാഷണം നടത്തും. ഡോ. കെ എന്‍ പണിക്കര്‍, പി വത്സല എന്നിവര്‍ സംസാരിക്കും. മാസിക പത്രാധിപര്‍ ഡോ. കെ ടി ജലീല്‍ മാസിക പരിചയപ്പെടുത്തും.

പകല്‍ 12ന് "ന്യൂനപക്ഷം, മതനിരപേക്ഷത, വര്‍ഗീയ ഫാസിസം" സെമിനാര്‍ ഷബ്നം ഹാഷ്മി ഉദ്ഘാടനം ചെയ്യും. "ഗുജറാത്ത് അനന്തരം- ഇന്ത്യന്‍ മതേതരത്വം നേരിടുന്ന വെല്ലുവിളികള്‍" എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. ഡോ. കെ കെ ഉസ്മാന്‍ (ഇസ്ലാമിന്റെ ഇടതുപക്ഷ വായന), ഡോ. പി എ ഫസല്‍ ഗഫൂര്‍ (ഇസ്ലാമിക ലോകവും മതേതരത്വവും), സി കെ അബ്ദുള്‍ അസീസ് (ആഗോളവല്‍ക്കരണ കാലത്തെ ന്യൂനപക്ഷ രാഷ്ട്രീയം), ഡോ. ഖദീജ മുംതാസ് (ന്യൂനപക്ഷ സമൂഹവും സ്ത്രീ പദവിയും), പ്രൊഫ. ബഷീര്‍ മണിയങ്കുളം (മലയാള സാഹിത്യത്തിലെ മുസ്ലിം സാന്നിധ്യം), പ്രൊഫ. എ പി അബ്ദുള്‍ വഹാബ് (സാമുദായിക രാഷ്ട്രീയത്തിലെ വര്‍ഗീയ ഭാഷ്യം), ജാഫര്‍ അത്തോളി (ന്യൂനപക്ഷങ്ങളും മാധ്യമങ്ങളും), സഹിദ് റൂമി (വ്യാജ ഏറ്റുമുട്ടലുകളുടെ പിന്നാമ്പുറം), ഡോ. ഹുസൈന്‍ രണ്ടത്താണി (ന്യൂനപക്ഷവും ഇടതുപക്ഷവും), എന്‍ അലി അബ്ദുള്ള (കേരളീയ സമൂഹത്തിലെ ഇസ്ലാമിക പരിസരം), ഡോ. കടയ്ക്കല്‍ അഷറഫ് (ഇന്തോ-അറബ് ബന്ധത്തിന്റെ സാംസ്കാരിക ഭൂമിക), ഡോ. ടി ജമാല്‍ മുഹമ്മദ് (കേരളീയ നവോത്ഥാനത്തിന്റെ മുസ്ലിം പരിപ്രേക്ഷ്യം), ഡോ. ഇല്യാസ് (വിവേചന ഭീകരത) എന്നിവര്‍ സംസാരിക്കും.

deshabhimani

Monday, October 28, 2013

തടസ്സം മതവിശ്വാസമെന്നത് തെറ്റ്: കാരാട്ട്

മുസ്ലിങ്ങളുടെ സാമൂഹ്യ ഉന്നമനത്തിന് തടസ്സം അമിത മതവിശ്വാസമാണെന്ന പ്രചാരണം തെറ്റാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. കര്‍ണാടകയിലെ മുസ്ലിങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഐ എം മംഗളൂരുവില്‍ സംഘടിപ്പിച്ച കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മതം മുറുകെപ്പിടിക്കുന്നതിനാലാണ് സാമൂഹ്യ, വിദ്യാഭ്യാസ, ആരോഗ്യമേഖലകളില്‍ മുസ്ലിങ്ങള്‍ പിന്നോക്കം നില്‍ക്കുന്നതെന്ന ഹിന്ദുത്വവാദികളുടെ പ്രചാരണം അടിസ്ഥാനരഹിതമാണ്. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് ബംഗ്ലാദേശ്. സ്ത്രീ സാക്ഷരത, തൊഴില്‍ മേഖലകളിലെ സ്ത്രീ പങ്കാളിത്തം എന്നിവയില്‍ ഇന്ത്യയേക്കാള്‍ ഏറെ മുന്നിലാണ് ബംഗ്ലാദേശ്. ഇന്ത്യയെ അപേക്ഷിച്ച് ബംഗ്ലാദേശില്‍ ശിശുമരണനിരക്കും കുറവാണ്. മുസ്ലിങ്ങളുടെ പിന്നോക്കാവസ്ഥ പുറത്തുകൊണ്ടുവന്ന സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടും തൊഴില്‍-വിദ്യാഭ്യാസ മേഖലകളില്‍ ന്യൂനപക്ഷ സംവരണം ശുപാര്‍ശ ചെയ്ത രംഗനാഥമിശ്ര കമീഷന്‍ റിപ്പോര്‍ട്ടും യുപിഎ സര്‍ക്കാര്‍ നടപ്പാക്കാത്തത് സംഘപരിവാറിനെ ഭയന്നാണ്. ദേശീയ ആസൂത്രണ പദ്ധതിയില്‍ പട്ടികജാതി വിഭാഗങ്ങള്‍ക്കെന്നപോലെ ന്യൂനപക്ഷങ്ങള്‍ക്കും പ്രത്യേക പദ്ധതിവിഹിതം അനുവദിക്കണമെന്ന സിപിഐ എമ്മിന്റെ ആവശ്യം ഇനിയും നടപ്പാക്കിയിട്ടില്ല. അതേസമയം, ഇടതുപക്ഷം ഭരിച്ച കേരളത്തിലും പശ്ചിമബംഗാളിലും മുസ്ലിങ്ങള്‍ ഉള്‍പ്പെടുന്ന ഒബിസി വിഭാഗത്തിന്റെ സംവരണ ശതമാനം ഉയര്‍ത്താനായി. മുസ്ലിങ്ങളെ രണ്ടാംതരം പൗരന്മാരാക്കുന്ന ആസൂത്രിത നീക്കമാണ് ഹിന്ദുത്വശക്തികളുടേത്. ഇതിനെതിരെ മതനിരപേക്ഷ ജനാധിപത്യ കൂട്ടായ്മ ഉയരണം. മംഗളൂരു അടക്കമുള്ള സ്ഥലങ്ങളിലെ സദാചാര പൊലീസ് അക്രമങ്ങള്‍ ഹിന്ദുത്വശക്തികളുടെ വര്‍ഗീയതയ്ക്ക് തെളിവാണ്. മിക്ക കലാപങ്ങളുടെയും ഇരകള്‍ മുസ്ലിങ്ങളാണ്. ധ്രുവീകരണം ലക്ഷ്യമിടുന്ന കലാപങ്ങളുടെ ഇരകള്‍ക്ക് നഷ്ടപരിഹാരവും അവരുടെ പുനരധിവാസവും ഉറപ്പുവരുത്തേണ്ടത് സര്‍ക്കാര്‍ ചുമതലയാണ്- അദ്ദേഹം പറഞ്ഞു.

സിപിഐ എം ജില്ലാ സെക്രട്ടറി ബി മാധവ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ജി വി ശ്രീറാംറെഡ്ഡി, എഴുത്തുകാരി സാറാ അബൂബക്കര്‍, ടി സി എം ഷെരീഫ്, കെ എന്‍ ഉമേഷ്, സയ്യിദ് മുജീബ്, മുനീര്‍ കാട്ടിപ്പള്ള, വസന്താചാരി, യാദവഷെട്ടി എന്നിവര്‍ സംസാരിച്ചു.

deshabhimani

Wednesday, October 9, 2013

തീരുമാനത്തില്‍ മാറ്റമില്ല: കോട്ടുമല ബാപ്പു മുസ്ല്യാര്‍

മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍നിന്ന് കുറയ്ക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാനുള്ള തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് മുസ്ലിം വ്യക്തിനിയമ സംരക്ഷണ സമിതി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്ല്യാര്‍. എസ്വൈഎഫ് മലപ്പുറത്ത് "വിവാഹപ്രായം: വസ്തുതയെന്ത്?" എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശരീഅത്ത് സംരക്ഷിക്കാനുള്ള നടപടികളാണ് തുടങ്ങിവച്ചിരിക്കുന്നത്. അതില്‍നിന്ന് പിന്നോട്ട് പോകില്ല. എതിരായ അഭിപ്രായങ്ങളെല്ലാം അവജ്ഞയോടെ തള്ളിക്കളയും. ഇത്തരത്തില്‍ വിവാഹംകഴിക്കുന്നത് ഇസ്ലാമിക വിശ്വാസപ്രകാരം കുറ്റമല്ല, ഇസ്ലാം അനുവദിക്കുന്ന സ്വാതന്ത്ര്യമാണ്. പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞമാസം ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്ത മതസംഘടനകളുടെ പ്രതിനിധികള്‍ ആരും നിയമനടപടി സ്വീകരിക്കുന്നതിനെ എതിര്‍ത്തിരുന്നില്ല. 18 വയസിന് താഴെയുള്ള വിവാഹം പ്രോത്സാഹിപ്പിക്കരുതെന്ന അഭിപ്രായം മാത്രമാണ് അവിടെ ഉയര്‍ന്നതെന്നും കോട്ടുമല ബാപ്പു മുസ്ല്യാര്‍ പറഞ്ഞു.

deshabhimani

Tuesday, October 8, 2013

പ്രൊഫ. സി സി ജേക്കബിന്റെ സംസ്കാരം സഭ വിലക്കി

തൊടുപുഴ: സഭാവിശ്വാസത്തിനെതിരെ ലഘുലേഖ പ്രസിദ്ധീകരിച്ച അധ്യാപകന് സിഎസ്ഐ സഭ പള്ളി സെമിത്തേരിയില്‍ സംസ്കാരം നിഷേധിച്ചു. സിഎസ്ഐ സിനഡ് എക്സിക്യുട്ടീവ് മുന്‍ അംഗവും ഈസ്റ്റ് കേരള മഹാഇടവക അല്‍മായസഭയുടെ ആദ്യ സെക്രട്ടറിയുമായിരുന്ന മേലുകാവ് എള്ളുംപുറം ചുവന്നപ്ലാക്കല്‍ പ്രൊഫ. സി സി ജേക്കബി(64)ന്റെ സംസ്കാരമാണ് സഭ വിലക്കിയത്. തുടര്‍ന്ന് വിരമിച്ച വൈദികരുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ തയ്യാറാക്കിയ കല്ലറയില്‍ സംസ്കരിച്ചു.

നാലുവര്‍ഷം മുന്‍പാണ് "ജലസ്നാനം ഒരുപഠനം" എന്ന ലഘുലേഖയുടെ പേരില്‍ സി സി ജേക്കബിനെ സഭയില്‍നിന്ന് പുറത്താക്കിയത്. ശിശുസ്നാനമാണ് സിഎസ്ഐ സഭയുടെ കീഴ്വഴക്കം. എന്നാല്‍ പെന്തക്കോസ്ത്് സഭയിലെതു പോലെ പ്രായപൂര്‍ത്തി സ്നാനം വേണമെന്ന ആശയമാണ് പ്രൊഫസര്‍ മുന്നോട്ടുവച്ചത്. ഇദ്ദേഹം ജലസ്നാനം സ്വീകരിക്കുകയും ചെയ്തു. സഭാപാരമ്പര്യം ലംഘിച്ചതിനെ തുടര്‍ന്നാണ് പുറത്താക്കിയതെന്ന് സഭാ വക്താക്കള്‍ പറയുന്നു. കോടതിയെ സമീപിച്ച ജേക്കബിനെ സഭയില്‍ തിരിച്ചെടുക്കാന്‍ ഈരാറ്റുപേട്ട മുന്‍സിഫ് കോടതി ഉത്തരവിട്ടു. ഇതിനെതിരെ മഹായിടവക ബിഷപ് മേല്‍കോടതിയെ സമീപിച്ചെങ്കിലും കീഴ്ക്കോടതി ഉത്തരവ് ശരിവച്ചു. കോടതി ഉത്തരവ് നടപ്പാക്കാതിരുന്ന ബിഷപ്പിനെതിരെ കോടതിയലക്ഷ്യ കേസ് പരിഗണിക്കാനിരിക്കെയാണ് ജേക്കബിന്റെ അന്ത്യം. ഇടവകയായ എള്ളുംപുറം സിഎസ്ഐ പള്ളിസെമിത്തേരിയിലെ പൊതുക്കല്ലറയില്‍ സംസ്കരിക്കാന്‍ അനുവാദം നല്‍കിയിരുന്നതായി സഭാ വൃത്തങ്ങള്‍ പറയുന്നു. കുടുംബക്കല്ലറയില്‍ അടക്കണമെന്നാണ് ബന്ധുക്കള്‍ ആവശ്യപ്പെട്ടത്. സഭയില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നില്ലന്നും സഭ വ്യക്തമാക്കി.

സി സി ജേക്കബ് എംജി സര്‍വകലാശാല സിന്‍ഡിക്കറ്റ് മുന്‍ അംഗവും മേലുകാവ് ഹെന്‍ട്രി ബേക്കര്‍ കോളേജ് ചരിത്ര വിഭാഗം തലവനുമായിരുന്നു. കോണ്‍ഗ്രസ് മുട്ടം മണ്ഡലം പ്രസിഡന്റായിരുന്ന അദ്ദേഹം മുട്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു. ശനിയാഴ്ച വൈകിട്ടാണ് മരിച്ചത്. റിസര്‍വ് ബാങ്ക് ഓഫീസര്‍ മേരിയാണ് ഭാര്യ. മക്കള്‍: സുമ(അധ്യാപിക), സന്തോഷ്(പി ആന്‍ഡ് ടി ജീവനക്കാരന്‍). മരുമക്കള്‍: സിജോ, ബിജിമോള്‍

deshabhimani