Showing posts with label നദീസംയോജന പദ്ധതി. Show all posts
Showing posts with label നദീസംയോജന പദ്ധതി. Show all posts

Monday, March 26, 2012

നദീസംയോജനം: കേരളത്തിന്റെ നിലപാട് അപകടകരം- പി സി തോമസ്

പത്തനംതിട്ട: നദീസംയോജനം സംബന്ധിച്ച് സുപ്രീംകോടതി വ്യക്തമായ വിധി പറഞ്ഞിട്ടും അത് കേരളത്തിന് ബാധകമല്ലെന്ന മുഖ്യമന്ത്രിയുടെയും നിയമമന്ത്രിയുടെയും വാദം ഒഴിഞ്ഞുമാറ്റമാണെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി സി തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പമ്പ- അച്ചന്‍കോവില്‍ - വൈപ്പാര്‍ സംയോജന പദ്ധതിയുടെ സാധ്യതാ റിപ്പോര്‍ട്ടടക്കം തയ്യാറാക്കി, അതുള്‍പ്പെടെ പരിഗണിച്ചാണ് സുപ്രീംകോടതിയുടെ വിധിയുണ്ടായത്. 63 പേജുള്ള വിധിയില്‍ 12-ാം പേജില്‍ 16-ാം ഖണ്ഡികയില്‍ 16 സാധ്യതാ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയതായി പറയുന്നുണ്ട്. അതില്‍ ഒന്നാണ് പമ്പ. വെബ്സൈറ്റിലും അത് കാണാം. എട്ടാംപേജില്‍ ദേശീയ പ്ലാനില്‍ കേരളത്തിന്റെ പടിഞ്ഞാറോട്ടൊഴുകുന്ന നദികള്‍ തിരിച്ചുവിടുന്നതും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും സംസ്ഥാനം നടപ്പാക്കുന്നില്ലെങ്കില്‍ കോടതിയലക്ഷ്യമാകുമെന്നും പറയുന്നു. ഇക്കാര്യം പരിശോധിക്കാന്‍ അമിക്കസ്ക്യൂറിയെ അധികാരപ്പെടുത്തിയിട്ടുമുണ്ട്. അപ്പീല്‍പോലും പോകാനാകാത്തവിധം കേരളം വെട്ടിലാണ്. റിവ്യു ഹര്‍ജി നല്‍കാമെന്നുമാത്രം.

സുപ്രീംകോടതി ഈ പ്രശ്നത്തെക്കുറിച്ച് 2002ല്‍ അയച്ച സുപ്രധാന നോട്ടീസിനു സമയം നീട്ടിക്കൊടുത്തിട്ടും മറുപടിപോലും അയച്ചില്ല എന്നും വിധിയിലുണ്ട്. യുഡിഎഫ് ഗവണ്‍മെന്റ് ആണ് അന്ന് ഭരിച്ചിരുന്നത് എന്നതും വകുപ്പുമന്ത്രി ആരായിരുന്നു എന്നതും ശ്രദ്ധേയമാണ്. അതുകൊണ്ട് തന്നെ 2002 ഒക്ടോബര്‍ 31ന് കേരളം ഉള്‍പ്പെടെ നദീസംയോജനം തത്വത്തില്‍ അംഗീകരിക്കുന്നതായി രേഖപ്പെടുത്തിയെന്നും വിധിയില്‍ വ്യക്തമാക്കുന്നു. കൊച്ചി ഹൈ എണ്ണ പര്യവേക്ഷണ പദ്ധതിയില്‍നിന്ന് പിന്മാറാനുള്ള എക്കണോമിക്സ് അഫയേഴ്സ് കമ്മിറ്റിയുടെ തീരുമാനംപുനഃപരിശോധിക്കണം. കേരളം അതിനായി പോരാടണം. ഇപ്പോള്‍ ഉപേക്ഷിച്ചിട്ട് ഭാവിയില്‍ റിലയന്‍സിനെ ഏല്‍പ്പിച്ചുകൊടുക്കാനുള്ള നീക്കമാണിതെന്ന് സംശയിക്കുന്നതായും തീരുമാനത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പി സി തോമസ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍ , സെക്രട്ടറി ബെന്നിപാറയില്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

മുഖ്യമന്ത്രിയുടെ വിലക്ക് ലംഘിച്ച് നദീസംയോജനത്തിനെതിരെ ജലസേചന മന്ത്രി

ഇരവിപേരൂര്‍ : പൊതു വേദിയില്‍ മുഖ്യമന്ത്രി വിലക്കിയിട്ടും വൈപ്പാര്‍ നദീസംയോജനത്തിനെതിരെ ജലസേചന മന്ത്രി പി ജെ ജോസഫ് പ്രതികരിച്ചു. തിരുവല്ല കുമ്പഴ റോഡിലെ വള്ളംകുളം പാലം ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി മുഖ്യമന്ത്രിയുടെ വിലക്ക് ലംഘിച്ചത്.

വൈപ്പാറിനെ കുറിച്ച് പറയാന്‍ തുടങ്ങുമ്പോള്‍ അതൊന്നും ഇവിടെ പറയേണ്ടന്നാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചത്. ഇത് അംഗീകരിക്കാതെ നദീസംയോജനം കേരളത്തില്‍ നടപ്പാക്കാന്‍ കഴിയില്ലന്ന് പി ജെ ജോസഫ് വ്യക്തമാക്കി. ഇത് നടപ്പിലാക്കുകയാണെങ്കില്‍ വേമ്പനാട്ടുകായല്‍ ഉപ്പുവെള്ളം കയറി കടല്‍ പോലെയാകും. പമ്പനദിയിലെ വെള്ളമുള്ളതുകൊണ്ടാണ് വേമ്പനാട്ട് കായല്‍ ഇന്നത്തെ നിലയിലെങ്കിലും നിലനില്‍ക്കുന്നത്. ദില്ലി ഐഐടിയിലെ സാങ്കേതിക വിദഗ്ദ്ധര്‍ നടത്തിയ പഠനത്തില്‍ ഇക്കാര്യം തെളിഞ്ഞിട്ടുണ്ട്. പമ്പാ അച്ചന്‍കോവില്‍ വൈപ്പാര്‍ നദീസംയോജനത്തിന് കേരളം ശക്തമായ ഏതിര്‍പ്പാണ് പ്രകടിപ്പിച്ചിട്ടുള്ളത്. കേരളത്തില്‍ വെള്ളം മിച്ചമുണ്ടെങ്കിലല്ലേ മറ്റുള്ളവര്‍ക്ക് കൊടുക്കേണ്ടതുള്ളു. കേരളത്തിന്റെ കുടിവെള്ളം സംരക്ഷിക്കാനുള്ള നടപടിയുമായി മുന്നോട്ട് പോകും. പമ്പയിലെ വെള്ളം ശുദ്ധീകരിക്കാന്‍ ഏഷ്യന്‍ഡവലപ്പ്മെന്റ് ബാങ്ക് മുന്നോട്ട് വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 260312

Sunday, March 4, 2012

പാലോളി, ശ്രീമതി ടീച്ചര്‍, കൊടിയേരി, ഗുരുദാസന്‍, പരിഷത്ത്

സാമ്രാജ്യത്വം രാജ്യത്തെ നശിപ്പിക്കുമ്പോള്‍ ഭരണാധികാരികള്‍ നോക്കിയിരിക്കുന്നു: പാലോളി

പേരാമ്പ്ര: പുതിയ രൂപത്തിലുളള അടിമത്തത്തിലേക്കാണ് രാജ്യം പോകുന്നതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പാലോളി മുഹമ്മദ്കുട്ടി. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് പേരാമ്പ്രയില്‍ "കൂത്താളി സമരസ്മൃതി- കാര്‍ഷികപരിഷ്കരണവും സാമൂഹ്യമാറ്റവും" സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാമ്രാജ്യത്വ ആക്രമണം സര്‍വ മേഖലയിലും നാശം വിതക്കുകയാണ്. രാജ്യത്തെയവര്‍ കൊള്ളയടിക്കുന്നത് ഭരണാധികാരികള്‍ നോക്കിനില്‍ക്കുന്നു. ഭരണാധികാരികള്‍ സാമ്രാജ്യത്വ ശക്തികളുമായി ചങ്ങാത്തം കൂടുന്നത് ദൗര്‍ഭാഗ്യകരമാണ്. സാമ്രാജ്യത്വ മേല്‍ക്കോയ്മ ഉപയോഗപ്പെടുത്തി രാജ്യത്തിന്റെ രാഷ്ട്രീയാധികാരങ്ങളിലും അമേരിക്ക ഇടപെട്ടു തുടങ്ങി. ആണവ കരാര്‍ നടപ്പാക്കിയതും ഇറാനുമായുണ്ടാക്കിയ വാതക കരാര്‍ റദ്ദാക്കിയതും ഇതിന് തെളിവാണ്. രാജ്യത്തെ തകര്‍ക്കാനായി അമേരിക്ക നടത്തുന്ന ശ്രമങ്ങളോട് പ്രതികരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. രാജ്യ താല്പര്യം മുറുകെ പിടിക്കാത്ത ഭരണാധികാരികളാണ് കേന്ദ്രം ഭരിക്കുന്നത്. ആത്മഹത്യാപരമായ നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക മേഖലയില്‍ നടപ്പാക്കുന്നത്. കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുന്നില്ല. ഉത്പന്നങ്ങള്‍ക്ക് കാലോചിതമായ വില ലഭിക്കുന്നില്ല. അവശ്യസാധനങ്ങളുടെ വില വര്‍ധിക്കുമ്പോള്‍ കാര്‍ഷിക ഉത്പന്നങ്ങളുടെ വില കുറയുന്നത് കര്‍ഷകനെ ദുരിതത്തിലാക്കുന്നു. വിദേശ ഉല്പന്നങ്ങളുടെ ഇറക്കുമതി ചുങ്കം പേരിന് മാത്രമാക്കിയത് കമ്പോളത്തില്‍ വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കുന്നത്. വിദേശ ഉല്പന്നങ്ങളുടെ കുത്തൊഴുക്കിനോട് കിടപിടിക്കാന്‍ ആവശ്യമായ ഭൗതിക സാഹചര്യം കര്‍ഷര്‍ക്ക് സര്‍ക്കാര്‍ ഒരുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കെ കുഞ്ഞമ്മദ് എംഎല്‍എ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം വി വി ദക്ഷിണാമൂര്‍ത്തി, പ്രൊഫ. സി രവീന്ദ്രനാഥ് എംഎല്‍എ, പ്രൊഫ. എം എം നാരായണന്‍ , ഡോ. കെ കെ എന്‍ കുറുപ്പ്, കേളു ഏട്ടന്‍ പഠനഗവേഷണ കേന്ദ്രം ഡയറക്ടര്‍ കെ ടി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി എ കെ ബാലന്‍ സ്വാഗതം പറഞ്ഞു. ചടങ്ങില്‍ കൂത്താളി സമരനായകരായ കെ സി അബ്ദുളള, കെ എം കണ്ണന്‍ മാസ്റ്റര്‍ എന്നിവരെ പാലോളി മുഹമ്മദ് കുട്ടി ആദരിച്ചു.

നമുക്കുവേണ്ടത് വിളര്‍ച്ചയില്ലാത്ത ആരോഗ്യരംഗം: പി കെ ശ്രീമതി

കോഴിക്കോട്: വിളര്‍ച്ചയില്ലാത്ത ആരോഗ്യരംഗമാണ് നമുക്ക് വേണ്ടതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും മുന്‍ ആരോഗ്യമന്ത്രിയുമായ പി കെ ശ്രീമതി പറഞ്ഞു. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന് അനുബന്ധമായി ഇ കെ നായനാര്‍ ഹാളില്‍ (ടൗണ്‍ഹാള്‍) "കേരള ആരോഗ്യ മേഖല-പ്രതിസന്ധികളും പരിഹാരങ്ങളും" വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീമതി.

രാജ്യത്ത് ഒരു പൗരനും ചികിത്സ കിട്ടാതെ മരിക്കുന്ന സ്ഥിതിയുണ്ടാകരുത്. ഭരണാധികാരികള്‍ക്ക് ആരോഗ്യനയത്തിലുള്ള സമീപനം വ്യത്യസ്തമാണ്. 1970കള്‍ക്കുശേഷം സര്‍ക്കാരാശുപത്രികളുടെ കാര്യത്തില്‍ ഇവിടെ വര്‍ധനയുണ്ടായിട്ടില്ല. സര്‍ക്കാര്‍ ആശുപത്രികളുടെ കാര്യം അധോഗതിയായി. പട്ടണങ്ങളില്‍ സ്വകാര്യ ആശുപത്രികള്‍ തഴച്ചുവളര്‍ന്നു. ആരോഗ്യ രംഗത്ത് ലോകം വാഴ്ത്തിയ കേരളത്തിന്റെ പൊതു ആരോഗ്യമേഖല പിന്നോക്കം പോയി. സര്‍ക്കാര്‍ ശ്രദ്ധിച്ചാല്‍ കേരളത്തില്‍ പൊതുജനാരോഗ്യ മേഖലയുടെ വീണ്ടെടുപ്പ് സാധ്യമാണെന്ന് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ തെളിയിച്ചു. മെഡിക്കല്‍ കോളേജുകള്‍ മുതല്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വരെ സ്വകാര്യ ആശുപത്രിയെ വെല്ലുന്ന നിലവാരമുള്ളതാക്കാന്‍ കഴിഞ്ഞു. ആധുനിക ചികിത്സ ഉറപ്പാക്കാന്‍ കഴിയുന്ന ഉപകരണങ്ങളും അടിസ്ഥാന സൗകര്യങ്ങളും വിദഗ്ധരായ ഡോക്ടര്‍മാരെയും നല്‍കി. ഡങ്കി, ചിക്കുന്‍ഗുനിയ പോലുള്ള മാരക പനികള്‍ ഇല്ലാതാക്കാനായി. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനുള്ള പദ്ധതികളുമാരംഭിച്ചു. -ശ്രീമതി പറഞ്ഞു.

മുന്‍ ആരോഗ്യമന്ത്രി കൂടിയായ വി എം സുധീരന്‍ മുഖ്യ പ്രഭാഷണം നടത്തി. ഡോ. കെ പി അരവിന്ദന്‍ വിഷയം അവതരിപ്പിച്ചു. ഡോ. ബി ഇക്ബാല്‍ അധ്യക്ഷനായി.

വികസന തുടര്‍ച്ചയ്ക്ക് ഒന്നിച്ചില്ലെങ്കില്‍ പദ്ധതികള്‍ പാഴ്ച്ചെലവാകും: കോടിയേരി

കണ്ണൂര്‍ : സര്‍ക്കാരുകള്‍ മാറി വരുമ്പോള്‍ വികസന കാര്യങ്ങളില്‍ തുടര്‍ച്ച ഉണ്ടായില്ലെങ്കില്‍ പദ്ധതികള്‍ പാഴ്ചെലവാകുമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വികസന തുടര്‍ച്ചയ്ക്ക് അഭിപ്രായസമന്വയം ഉണ്ടാകണം. ഭരണ, പ്രതിപക്ഷ രംഗത്ത് മാറിമാറിവരുന്നവര്‍ യോജിച്ചാല്‍ വികസനം ത്വരിതഗതിയില്‍ മുന്നോട്ടുകൊണ്ടുപോകാനാവും. പാട്യം ഗോപാലന്‍ സ്മാരക പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.

കേരളത്തില്‍ ഭരണമാറ്റം ഉണ്ടാകുമ്പോള്‍ പദ്ധതികള്‍ പലതും വഴിക്കുവച്ച് നിന്നുപോകുന്നു. ചിലത് വിവാദങ്ങളില്‍പെട്ട് കാലതാമസമുണ്ടാകുന്നു. രാഷ്ട്രീയ അഭിപ്രായങ്ങള്‍ വ്യത്യസ്തമാണെങ്കിലും എല്ലാവരും നാട്ടില്‍ മാറ്റം ആഗ്രഹിക്കുന്നു. വികസന പദ്ധതികള്‍ മുടങ്ങാതിരിക്കാന്‍ കൂട്ടായി പരിശ്രമിക്കണം. കേന്ദ്ര സംസ്ഥാന തദ്ദേശ ഭരണാധികാരികളോടൊപ്പം സഹകരണ മേഖലയെയും സന്നദ്ധ സംഘടനകളെയും വികസനതല്‍പരരായ ആളുകളെയും വികസനത്തില്‍ പങ്കാളികളാക്കണം. മനുഷ്യ വിഭവശേഷി ഉപയോഗപ്പെടുത്തിയുള്ള പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കണം. സര്‍ക്കാര്‍ ഏജന്‍സികളെ മാത്രം ആശ്രയിക്കാതെ, സ്വകാര്യമേഖലയുടെ പങ്കാളിത്തത്തിനും പ്രാധാന്യം നല്‍കണം. പിന്നോക്കപ്രദേശങ്ങള്‍ക്ക് പ്രത്യേക പാക്കേജുകള്‍ നടപ്പാക്കി സന്തുലിതാവസ്ഥ കൈവരിക്കണം. പൊതു വികസനത്തിനൊപ്പം ഓരോ പ്രദേശത്തിനും പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കണം- കോടിയേരി പറഞ്ഞു.

ഖാദിമേഖലയെ സര്‍ക്കാര്‍ അവഗണിക്കുന്നു: പി കെ ഗുരുദാസന്‍

കൊല്ലം: പരമ്പരാഗത തൊഴിലായ ഖാദി മേഖലയെ സഹായിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ഒരു രൂപ പോലും ബജറ്റില്‍ നീക്കിവച്ചിരുന്നില്ലെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിഅംഗം പി കെ ഗുരുദാസന്‍ എംഎല്‍എ പറഞ്ഞു. ഖാദി വര്‍ക്കേഴ്സ് ഫെഡറേഷന്‍ (സിഐടിയു) സംസ്ഥാന സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണത്തിന്‍കീഴില്‍ പ്രതിവര്‍ഷം പരമ്പരാഗത തൊഴില്‍മേഖലയെ സംരക്ഷിക്കാന്‍ 82 കോടി രൂപ നീക്കിവച്ചിരുന്നു. അതില്‍ 10 കോടി രൂപ ഖാദി മേഖലയുടെ സംരക്ഷണത്തിനും വികസനത്തിനുമായിരുന്നു. പട്ടിണിക്കൂലിമാത്രം ലഭിച്ചിരുന്ന ഖാദിത്തൊഴിലാളികള്‍ക്ക് മിനിമം കൂലി നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാരായിരുന്നു. ഖാദിത്തൊഴിലാളികളുടെ പെന്‍ഷന്‍ 1000 രൂപയാക്കി വര്‍ധിപ്പിക്കണം. പടിപടിയായി മിനിമം വേതനം 10,000 രൂപയാക്കി ഉയര്‍ത്തണം. പന്ത്രണ്ടു ലക്ഷം തൊഴിലാളികള്‍ പണിയെടുക്കുന്ന പരമ്പരാഗത മേഖലയെ ആകെ അവഗണിക്കുന്ന നയപ്രഖ്യാപനമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇത് യുഡിഎഫ് തുടരുന്ന നയമാണ്.

രമാദേവി അന്തര്‍ജനം നഗറില്‍ (കടപ്പാക്കട സ്പോര്‍ട്സ് ക്ലബ് ഓഡിറ്റോറിയം) ചേര്‍ന്ന സമ്മേളനത്തില്‍ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് സോണി കോമത്ത് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി കെ രാജഗോപാല്‍ , ജെ മേഴ്സിക്കുട്ടിയമ്മ, സിഐടിയു ജില്ലാ സെക്രട്ടറി കെ തുളസീധരന്‍ , ഖാദിബോര്‍ഡ് എംപ്ലോയീസ് അസോസിയേഷന്‍ സെക്രട്ടറി ആര്‍ തുളസീധരന്‍പിള്ള എന്നിവര്‍ സംസാരിച്ചു. കരിങ്ങന്നൂര്‍ മുരളി സ്വാഗതം പറഞ്ഞു. ചന്ദ്രമതി രക്തസാക്ഷിപ്രമേയവും ധനഞ്ജയന്‍ അനുശോചനപ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി സി കൃഷ്ണന്‍ എംഎല്‍എ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രേഡ് യൂണിയന്‍ ക്ലാസ് സിഐടിയു സംസ്ഥാന സെക്രട്ടറി എന്‍ പത്മലോചനന്‍ ഉദ്ഘാടനംചെയ്തു. സമ്മേളനം ഞായറാഴ്ച സമാപിക്കും.

സര്‍ക്കാര്‍ അലംഭാവം വെടിയണം: ശാസ്ത്ര സാഹിത്യ പരിഷത്ത്

പമ്പ-അച്ചന്‍കോവില്‍ - വൈപ്പാര്‍ നദീസംയോജന വിഷയത്തില്‍ സര്‍ക്കാര്‍ അലംഭാവം വെടിയണമെന്ന് കേരളശാസ്ത്രസാഹിത്യപരിഷത്ത് ആവശ്യപ്പെട്ടു. നദീസംയോജനപദ്ധതി നടപ്പിലാക്കിയാല്‍ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് സുപ്രീംകോടതിയെയും കേന്ദ്രസര്‍ക്കാരിനെയും ബോധ്യപ്പെടുത്തി പദ്ധതിയില്‍നിന്നും പമ്പ-അച്ചന്‍കോവില്‍ ആറുകളെ ഒഴിവാക്കണം. മറ്റ് നദികളുടെ സംയോജനത്തിന്റെ കാര്യത്തിലും വിപുലവും ശാസ്ത്രീയവുമായ പരിസ്ഥിതികാഘാതപഠനം നടത്തേണ്ടത് അത്യാവശ്യമാണ്. സുപ്രീംകോടതി വിധി കേരളത്തിന് ബാധകമല്ലെന്ന സര്‍ക്കാരിന്റെ വിചിത്രനിലപാട് കൂടുതല്‍ ദോഷം ചെയ്യും. പല കാരണത്താല്‍ കേരളത്തിലെ ജലാശയങ്ങള്‍ നശിക്കുകയാണ്. വേനല്‍ക്കാലത്ത് കുട്ടനാട്ടിലും ആലപ്പുഴയിലും പകര്‍ച്ച വ്യാധിപിടിപെടുന്നത് സാധാരണയായി. പമ്പയിലൂടെ തുടര്‍ച്ചയായി പടിഞ്ഞാറോട്ട് ഒഴുക്കു നിലനിര്‍ത്തിയാലെ കുട്ടനാട്ടില്‍ ശുദ്ധജലം ലഭിക്കൂ. അന്താരാഷ്ട്രതലത്തില്‍ സംഭവിക്കുന്ന പാരിസ്ഥിതികപ്രശ്നങ്ങളും കാലാവസ്ഥ വ്യതിയാനവും സ്ഥിതിഗതി കൂടുതല്‍ രൂക്ഷമാക്കും. കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് പരിഷത്ത് പ്രസിഡന്റ് കെ ടി രാധാകൃഷ്ണനും ജനറല്‍സെക്രട്ടറി ടി പി ശ്രീശങ്കറും വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

deshabhimani 040312

സുപ്രീംകോടതിവിധി അപകടം മനസ്സിലാക്കാതെ: കൃഷ്ണയ്യര്‍

രാജ്യത്തെ നദികള്‍ സംയോജിപ്പിക്കുന്നതിന്റെ അപകടകരമായ പ്രത്യാഘാതം മനസ്സിലാക്കാതെയാണ് സുപ്രീംകോടതി വിധിയെന്ന് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ . ജലവിഭവ വിദഗ്ധനായ രാമസ്വാമി ആര്‍ അയ്യര്‍ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതിനോട് താന്‍ യോജിക്കുന്നതായി ജസ്റ്റിസ് കൃഷ്ണയ്യര്‍ പ്രതികരണത്തില്‍ പറഞ്ഞു.

അപരിഹാര്യമായ അനന്തരഫലങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന പദ്ധതിയുടെ കാര്യത്തില്‍ തിരക്കിട്ട് തീരുമാനം എടുക്കുന്നത് ഉചിതമല്ല. പത്ത് വര്‍ഷം മുമ്പ് നദീസംയോജന പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ തന്നെ വന്‍വിവാദം ഉയര്‍ന്നിരുന്നു. സുപ്രീംകോടതിയുടെ തീരുമാനങ്ങള്‍ അന്തിമമാകുന്നത് അതിന് അപ്രമാദിത്വം ഉള്ളതുകൊണ്ടു മാത്രമല്ല, ഭരണഘടനാപരമായി അന്തിമവും ഘടനാപരമായി ഏറ്റവും ഉയര്‍ന്നതുമായതിനാലാണ്. ജനാധിപത്യ സംവിധാനത്തില്‍ ഏതെങ്കിലും വസ്തുതയോ നിയമമോ സംബന്ധിച്ച് തര്‍ക്കം ഉടലെടുത്താല്‍ കോടതിയുടെ തീര്‍പ്പാണ് അന്തിമം, മറ്റ് ഭരണഘടന സ്ഥാപനങ്ങള്‍ വിധി പാലിക്കാന്‍ ബാധ്യസ്ഥരാണ്. ഈ കാഴ്ചപ്പാടില്‍ നദീതര്‍ക്കങ്ങള്‍ നീതിന്യായസംവിധാനത്തിന്റെ അധികാരപരിധിയില്‍ വരുന്നതാണ്. എന്നാല്‍ , അപകടം ഒഴിവാക്കാന്‍ വിമാനം എത്രത്തോളം ഉയരത്തില്‍ പറക്കണം; ജലം സംഭരിക്കാന്‍ അണക്കെട്ട് എത്രത്തോളം സുരക്ഷിതമായി നിര്‍മിക്കണം തുടങ്ങിയ കാര്യങ്ങള്‍ അങ്ങേയറ്റം സാങ്കേതികമാണ്; ഇത് ജഡ്ജിമാരുടെ അധികാരം ഉപയോഗിച്ച് തീരുമാനിക്കാവുന്നതല്ല. ഞാന്‍ ജലസേചന-വൈദ്യുതിമന്ത്രിയായിരുന്നപ്പോള്‍ പദ്ധതികള്‍ ആവിഷ്കരിച്ചത് എന്‍ജിനിയര്‍മാരുടെ ഉപദേശം അനുസരിച്ചാണ്. കോടതി ഒരിക്കലും ഇടപെട്ടില്ല, അവര്‍ക്ക് അതിന് കഴിയുകയുമില്ല.

വ്യക്തമായ സാങ്കേതിക ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം കോടതിക്ക് വിധി പുറപ്പെടുവിക്കാന്‍ കഴിയുന്ന ചില കാര്യങ്ങളുണ്ട്. എക്സിക്യൂട്ടീവ്, നിയമനിര്‍മാണസഭ, ജുഡീഷ്യറി എന്നിവയുടെ അതിരുകള്‍ വ്യക്തമാണ്, ഇവയ്ക്ക് പരസ്പരം ഇടപെടാന്‍ കഴിയില്ല. ജഡ്ജിമാര്‍ക്ക് സ്ഥാനചിഹ്നം ഉള്ളതുകൊണ്ട് മാത്രം നദികള്‍ എങ്ങനെ ഒഴുകണം, അവയെ സംയോജിപ്പിക്കണമോ വേണ്ടയോ അല്ലെങ്കില്‍ വിമാനസുരക്ഷ തുടങ്ങിയ സാങ്കേതിക കാര്യങ്ങളില്‍ വിധി പുറപ്പെടുവിക്കാന്‍ കഴിയില്ല. തെറ്റ് സംഭവിക്കാത്തവരല്ല ജഡ്ജിമാര്‍ , അവര്‍ക്ക് എക്സിക്യൂട്ടീവ് ഉത്തരവുകള്‍ നല്‍കാന്‍ അധികാരവുമില്ല.

സുപ്രീംകോടതി വിധിയുടെ പ്രധാന ന്യൂനത ഇത് നദീസംയോജനത്തിന്റെ അപകടം മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടെന്നതാണ്. സൂക്ഷ്മവും വിശദവുമായ പഠനവും ഗവേഷണവും കൂടാതെ നദികള്‍ സംയോജിപ്പിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകുന്നത് തികഞ്ഞ വിഡ്ഢിത്തമാകും. നദീജല എന്‍ജിനിയറിങ്ങില്‍ സുപ്രീംകോടതി വിദഗ്ധരല്ല. അജ്ഞതയാണ് അന്തിമമായി തീര്‍പ്പ് കല്‍പ്പിക്കുന്നതെങ്കില്‍ ഭരണം ആശയക്കുഴപ്പം നിറഞ്ഞതാകും. നദീസംയോജനവിഷയത്തില്‍ വിദ്ഗധരെ പങ്കെടുപ്പിച്ച് ദേശീയസംവാദം അനിവാര്യമാണെന്നും കൃഷ്ണയ്യര്‍ പറഞ്ഞു.

deshabhimani 040312

Saturday, March 3, 2012

മീനച്ചില്‍ നദീതട പദ്ധതി വന്നാല്‍ പിറവത്തിന് ദാഹിക്കും

പിറവം ഉപതിരഞ്ഞെടുപ്പില്‍ യഥാര്‍ഥത്തില്‍ ചര്‍ച്ചയാകേണ്ടത് മീനച്ചില്‍-മൂവാറ്റുപുഴ നദീസംയോജന പദ്ധതിയെക്കുറിച്ചാണ്. മൂവാറ്റുപുഴ നദീതടത്തെ വരള്‍ച്ചയിലാഴ്ത്തി മാത്രമേ മീനച്ചില്‍ ലിങ്ക് പദ്ധതി നടപ്പാക്കുവാനാകൂ എന്ന് ഏതാണ്ടുറപ്പാണ്. കോട്ടയം ബജറ്റെന്ന അപരനാമത്തില്‍ അറിയപ്പെട്ട യു ഡി എഫ് സര്‍ക്കാരിന്റെ കന്നിബജറ്റില്‍ 25 കോടി രൂപയാണ് ഈ പദ്ധതിക്കായി മാറ്റിവച്ചത്.

മൂവാറ്റുപുഴയാറില്‍ നിന്നും ഉദ്ദേശം ഏഴു കി.മീറ്ററോളം ടണല്‍ മാര്‍ഗം വെള്ളം മീനച്ചിലാറിന്റെ പോഷകനദിയായ കടപ്പുഴയാറിലെത്തിച്ച് കൃഷിക്കും ജലസേചനത്തിനും കുടിവെള്ളപദ്ധതികള്‍ക്കുമായി ഉപയോഗിക്കുക എന്നതാണ് മീനച്ചില്‍ നദീതടപദ്ധതി. ഡാം നിര്‍മ്മാണം, തടയണ നിര്‍മ്മാണം, മീനച്ചിലാറിന്റെ അടിത്തട്ട് പൊട്ടിക്കല്‍, ടണല്‍ നിര്‍മ്മാണം എന്നിവയ്ക്കായി 65 കോടിരൂപയാണ് പദ്ധതി അടങ്കല്‍. 2011-12 ബജറ്റില്‍ 25 കോടി നീക്കിവയ്ക്കുകയും ചെയ്തു. കോട്ടയം ജില്ലയിലെ ധനകാര്യ മന്ത്രിയുടെ മണ്ഡലമായ പാലാ പ്രദേശം ഉള്‍പ്പെടുന്ന മീനച്ചില്‍ താലൂക്കും പ്രാന്തപ്രദേശങ്ങളുമാണ് പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കള്‍. 1977ല്‍ വെറും 75 കോടി അടങ്കലില്‍ ആരംഭിച്ച മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പദ്ധതിക്കായി ഇതുവരെ 600 കോടി രൂപ ചെലവിട്ടു. ആ നിലയ്ക്ക് മീനച്ചില്‍ നദീതട പദ്ധതിക്ക് 65 കോടി അടങ്കലിന് പകരം 6500 കോടി രൂപ ചെലവഴിച്ചാലും പദ്ധതി പൂര്‍ത്തിയാകില്ലെന്ന് എല്ലാവര്‍ക്കും അറിയാം.

എന്നാല്‍ ഈ പദ്ധതി മൂലം മൂവാറ്റുപുഴയിലെ നിലവിലെ ജലസേചന പദ്ധതികള്‍ ഒന്നടങ്കം നശിപ്പിക്കപ്പെടുമെന്നതാണ് ഭീതിയുണ്ടാക്കുന്നത്. ധനമന്ത്രിയുടെ ഈ പദ്ധതിയ്‌ക്കെതിരെ പല കോണുകളില്‍ നിന്നും പദ്ധതിയുടെ ഗുണദോഷങ്ങളെ കുറിച്ച് ചര്‍ച്ച വന്നപ്പോള്‍ ഈ പദ്ധതിയുടെ സാധ്യത വിലയിരുത്തുവാനായി വിദഗ്ധസമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് ധനമന്ത്രിയുടെ പ്രസ്താവന വന്നു. ബജറ്റില്‍ തുക വകയിരുത്തിയതിനുശേഷം പദ്ധതിയെക്കുറിച്ച് പഠിക്കുവാന്‍ സമിതിയെ വച്ചതു തന്നെ അസംബന്ധമാണ്. എന്തായാലും അടുത്ത ബജറ്റിനുള്ള സമയമായിട്ടും പഠനം തീര്‍ന്നിട്ടില്ല. ഈ പദ്ധതി നടപ്പായാല്‍ ഏറ്റവും കൂടുതല്‍ ബാധിക്കുക പിറവം നിയോജകമണ്ഡലത്തെയായിരിക്കുമെന്നതാണ് വളരെ പ്രസക്തമായ കാര്യം. മൂവാറ്റുപുഴയിലേക്ക് പെരിയാറില്‍ നിന്നു വന്ന ജലം മീനച്ചില്‍ ആറിലേക്ക് കടത്തിക്കൊണ്ടു പോകുമ്പോള്‍ ബുദ്ധിമുട്ടിലാകുക പിറവം മണ്ഡലത്തിലെയും മൂവാറ്റുപുഴ നദീതടത്തിലെയും കര്‍ഷകരാണ്. കൃഷിക്ക് ആവശ്യമായ ജലം ലഭിക്കില്ലെന്ന് മാത്രമല്ല കുടിവെള്ളക്ഷാമത്തിലേക്കും ഓരുവെള്ള കയറ്റത്തിലേക്കും മീനച്ചില്‍ നദീതട പദ്ധതി വഴിവയ്ക്കുമെന്നതുകൊണ്ടുതന്നെ ഈ വിഷയം പിറവം ഉപതിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടണം. ഒട്ടനവധി നിയമസഭാ മണ്ഡലങ്ങളില്‍ കൃഷിയും കുടിവെള്ള സ്‌കീമുകളും നശിപ്പിച്ച് മീനച്ചില്‍ താലൂക്കിലെയും തന്റെ മണ്ഡലത്തിലെയും കൃഷിയും കുടിവെള്ള ലഭ്യതയും ഉറപ്പാക്കാന്‍ ഒരു ധനമന്ത്രി സംസ്ഥാന ഖജനാവിലെ പണം ഉപയോഗിക്കുന്നത് പരസ്യമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. പ്രാദേശിക പാര്‍ട്ടികളിലെ മന്ത്രിമാര്‍ സംസ്ഥാനത്തിന്റെ മന്ത്രിമാരാണ് തങ്ങള്‍ എന്ന് മറന്നുപോകുന്നുണ്ടോ എന്ന് സമൂഹം വിലയിരുത്തേണ്ടതായിട്ടുണ്ട്. പൊതുഖജനാവ് പദ്ധതികള്‍ ആവിഷ്‌കരിക്കുവാന്‍ ഉപയോഗിക്കുമ്പോള്‍ സംസ്ഥാന താല്‍പര്യം ഏത് പരിധി വരെ സംരക്ഷിക്കപ്പെടണം?

മീനച്ചില്‍ പദ്ധതി വന്ന വഴി പരിശോധിച്ചാല്‍ യു ഡി എഫ് സര്‍ക്കാരിന്റെ ഈ പദ്ധതിയിലുള്ള താല്‍പര്യം വ്യക്തമാകും. മുന്‍ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്താണ് മൂവാറ്റുപുഴ-മീനച്ചില്‍ നദീസംയോജനപദ്ധതി കൊണ്ടുവന്നത്. തുടര്‍ന്നുവന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ ഈ പദ്ധതിയുടെ സാധ്യത വിലയിരുത്തുവാന്‍ ഒരു സമിതിയെ നിയോഗിച്ചു. ജല അതോറിട്ടി ചീഫ് എന്‍ജിനീയര്‍, വൈദ്യുതിബോര്‍ഡ് ചീഫ് എന്‍ജിനീയര്‍, സെസ്സ് ഡയറക്ടര്‍, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ റീജിയണല്‍ ഡയറക്ടര്‍, സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷന്‍ ഡയറക്ടര്‍, നബാര്‍ഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതി (എം വി ഐ പി) സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ തുടങ്ങിയവര്‍ അംഗങ്ങളായ സമിതി ഈ പദ്ധതി അപ്രായോഗികമാണെന്ന കണ്ടെത്തലില്‍ പദ്ധതി തള്ളി. വനനാശവും ടണലുകളും മീനച്ചിലിലെ പാറപൊട്ടിക്കലും തികച്ചും ഇക്കോളജീയ സന്തുലിതാവസ്ഥയ്ക്ക് ഭീഷണിയാണ്.

മൂവാറ്റുപുഴയാറിനേക്കാള്‍ ഉയരത്തില്‍ മീനച്ചിലാര്‍ ഒഴുകുന്നതിനാല്‍ ജലം മീനച്ചിലാറില്‍ എത്തിക്കുവാന്‍ ധാരാളം കുഴിക്കേണ്ടതായും പാറപൊട്ടിക്കേണ്ടതായും വരും. മീനച്ചിലാറിലെത്തുന്ന മൂവാറ്റുപുഴ ജലം താഴോട്ടൊഴുകണമെങ്കിലും മീനച്ചിലാറിന്റെ അടിത്തട്ട് പൊട്ടിക്കണം. മൂവാറ്റുപുഴയാറിലെ ജലത്തിന്റെ ഒഴുക്ക് നദീസംയോജനം വഴി കുറയുമ്പോള്‍ വേമ്പനാട് കായലില്‍ നിന്നും മൂവാറ്റുപുഴയാറിലേക്ക് ഉപ്പുവെള്ളം കൂടുതല്‍ അകത്തോട്ടു കയറുവാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടും. മൂവാറ്റുപുഴയിലെ മഴക്കാല നീരൊഴുക്ക് മാത്രം കണക്കിലെടുത്താണ് പദ്ധതിവിഭാവനം ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ മൂവാറ്റുപുഴയില്‍ നിന്ന് പമ്പുചെയ്ത് നടപ്പാക്കി വരുന്ന ഒട്ടനവധി സ്‌കീമുകളാണ് വേനല്‍ക്കാലത്ത് നടക്കാതെ വരിക. മൂവാറ്റുപുഴയില്‍ നടന്നുവരുന്ന ഇരുപതോളം ശുദ്ധജല വിതരണപദ്ധതികളും ആലപ്പുഴ ജില്ലയ്ക്ക് പ്രത്യേകിച്ചും ചേര്‍ത്തല താലൂക്കിന് ശുദ്ധജലം പമ്പു ചെയ്യുന്ന സ്‌കീമുകളും എറണാകുളം നഗരത്തിലേക്ക് പിറവത്തു നിന്ന് ജലമെടുത്ത് വിതരണം ചെയ്യുന്ന പദ്ധതികളും നിലയ്ക്കും. ചുരുക്കത്തില്‍ മൂവാറ്റുപുഴയില്‍ നിന്നുള്ള ജപ്പാന്‍ കുടിവെള്ള പദ്ധതികളും എറണാകുളം പട്ടണത്തിലേക്കുള്ള ജനറം പദ്ധതികളും തകരും. പിറവം പാഴൂര്‍ പടിപ്പുരയില്‍ നിന്നും എറണാകുളത്തെ മരട്, കുമ്പളം, ചെല്ലാനം, കുമ്പളങ്ങി, കോന്തുരുത്തി, തേവര തുടങ്ങിയ സ്ഥലങ്ങളിലേക്ക് വിഭാവനം ചെയ്തിട്ടുള്ള ശുദ്ധജല പമ്പിംഗ് തടസപ്പെടും. പിറവം നിയോജക മണ്ഡലത്തിലെ ആയിരക്കണക്കിന് ഹെക്ടര്‍ സ്ഥലത്തെ കൃഷിയെ പ്രതികൂലമായി ബാധിക്കും. ഈ വസ്തുതകള്‍ ധനമന്ത്രിയെ ധരിപ്പിച്ചപ്പോള്‍ ഈ പദ്ധതി പൊന്‍മുട്ടയിടുന്ന പദ്ധതിയാണെന്നും മൂവാറ്റുപുഴയിലെ പദ്ധതികള്‍ മീനച്ചില്‍ ലിങ്ക് പദ്ധതി വരുമ്പോള്‍ നിന്നുപോകുമെന്നും പഠനം നടത്തണമെന്നും ആവശ്യപ്പെട്ടപ്പോള്‍ വിവാദങ്ങള്‍ ആടിനെ പട്ടിയാക്കുന്നതിന് തുല്യമാണെന്നാണ് സര്‍ക്കാര്‍ പ്രതികരിച്ചത്. എന്നാല്‍ നാലുമാസത്തിനു ശേഷവും സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് പുറത്തുവരാത്തത് പിറവം നിയോജകമണ്ഡലത്തിലെ ജനങ്ങള്‍ പദ്ധതി ചോദ്യം ചെയ്യുമെന്നതിനാലാണെന്ന് അനുമാനിക്കേണ്ടി വരും.

കോടികള്‍ ചെലവഴിച്ച് നടപ്പാക്കേണ്ട പദ്ധതിക്ക് പരിസ്ഥിതി ആഘാതപഠനം നടന്നിട്ടില്ലെന്നതാണ് ഏറ്റവും പ്രധാന പ്രശ്‌നം. ഇതു കൂടാതെ പിറവം നിയോജകമണ്ഡലവും മൂവാറ്റുപുഴയാറും തമ്മിലുള്ള ബന്ധം കൂടി കണക്കിലെടുക്കണം. മൂവാറ്റുപുഴ പട്ടണത്തിന് അടുത്തുവച്ച് കാളിയാറും കോതമംഗലം പുഴയും ചേര്‍ന്ന് മൂവാറ്റുപുഴയാറില്‍ എത്തിയശേഷമുള്ള താഴോട്ടുള്ള ഒഴുക്ക് മിക്കവാറും പിറവം നിയോജകമണ്ഡലത്തിലൂടെയാണ്. വെട്ടിക്കാട്ടുമുക്ക് വച്ച് മൂവാറ്റുപുഴയാര്‍ രണ്ടായി പിളര്‍ന്ന് വേമ്പനാട്ടുകായലില്‍ ചെറിയ തോടുകളും കൈവഴികളുമായി പതിക്കുന്ന മൂവാറ്റുപുഴയുടെ ഒഴുക്കിലെ പ്രധാന പങ്ക് പിറവം നിയോജകമണ്ഡലത്തിലൂടെയാണ്. ഇതാണ് മൂവാറ്റുപുഴ വാലി ഇറിഗേഷന് ശക്തി പകരുന്നത്. മൂവാറ്റുപുഴയും എം വി ഐ പിയുമില്ലെങ്കില്‍ പിറവത്തിന് കുടിവെള്ളവും കൃഷിയാവശ്യത്തിനുള്ള ജലവും പച്ചപ്പും നഷ്ടപ്പെടുമായിരുന്നു. ഇടുക്കിയിലെ ജലം ടണല്‍മാര്‍ഗം മൂലമറ്റത്തെത്തി വൈദ്യുതി ഉത്പാദനത്തിനു ശേഷം മൂവാറ്റുപുഴയിലെത്തുന്നതിനാല്‍ ഇടുക്കിപദ്ധതി കമ്മിഷന്‍ ചെയ്തതിനു ശേഷം മൂവാറ്റുപുഴ നദീതടപ്രദേശം വരള്‍ച്ചയെന്തെന്ന് അറിഞ്ഞിട്ടില്ല. അതുകൊണ്ട് പിറവം നിയോജകമണ്ഡല കാര്‍ഷിക മേഖലയും കൃഷി ജനങ്ങളുടെ ഉപജീവനമാര്‍ഗവുമായി. ശുദ്ധജല ലഭ്യത കുടിവെള്ളക്ഷാമത്തിന് പരിഹാരവുമായി. അതുകൊണ്ട് മൂവാറ്റുപുഴയിലെ ജലത്തിന്റെ ഗതിമാറ്റവും ഏറ്റവും കൂടുതല്‍ ബാധിക്കുക പിറവം മണ്ഡലത്തെയും മൂവാറ്റുപുഴ നദീതടത്തേയുമാണ്.

ഈ സാഹചര്യത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയം മൂവാറ്റുപുഴ-മീനച്ചില്‍ ലിങ്ക് പദ്ധതി തന്നെയാണ്. എന്നാല്‍ മുമ്പത്തെപ്പോലെ ജനങ്ങള്‍ക്ക് യാതൊരു ഉപകാരവുമില്ലാത്ത നനഞ്ഞ രാഷ്ട്രീയ ചര്‍ച്ചകള്‍ മാത്രമാണ് മണ്ഡലത്തില്‍ മുഴങ്ങുന്നത്. ജനങ്ങളുടെ യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്നും മണ്ഡലത്തെ അനാവശ്യ ചര്‍ച്ചകളിലേക്ക് വഴിതിരിച്ചു വിടുന്ന രാഷ്ട്രീയം ഇനിയെങ്കിലും അവസാനിപ്പിക്കണം. കാര്‍ഷിക പ്രശ്‌നങ്ങളും കുടിവെള്ള പ്രശ്‌നവും തന്നെയാണ് പിറവത്തെ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍. അതുകൊണ്ട് നികത്തിയ പാടശേഖരങ്ങള്‍ക്ക് നിയമപരിരക്ഷ നല്‍കുവാനുള്ള സര്‍ക്കാരിന്റെ നീക്കവും ചര്‍ച്ച ചെയ്യപ്പെടണം. വില്ലേജ് ഓഫീസിലെ തണ്ടപ്പേര്‍ രജിസ്റ്ററില്‍ പാടം എന്നത് കരഭൂമിയാക്കാന്‍ ഫൈന്‍ അടച്ചാല്‍ മതിയെന്ന സര്‍ക്കാര്‍ നീക്കവും പിറവത്ത് ചര്‍ച്ച ചെയ്യപ്പെടണം.

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ കാര്‍ഷികമേഖലയ്ക്ക് പ്രാധാന്യം നല്‍കി ബജറ്റ് അവതരിപ്പിക്കുമെന്ന ധനമന്ത്രിയുടെ പ്രസ്താവനയും പാടം നികത്തി തെങ്ങിന്‍പറമ്പാക്കിയത് തിരിച്ചു പാടമാക്കാന്‍ പറ്റില്ലെന്നതിനാല്‍ ഫൈനടച്ച് കരഭൂമിയാക്കി നല്‍കാന്‍ സര്‍ക്കാര്‍ പരിശ്രമിക്കുന്നുണ്ടെന്ന പ്രസ്താവനയും പരസ്പരവിരുദ്ധമാണ്. ലക്ഷ്യബോധമില്ലാതെ ഖജനാവിലെ പണം ചെലവഴിക്കുന്ന യു ഡി എഫിനെ തിരുത്തുവാന്‍ ജനങ്ങള്‍ക്ക് ബാധ്യതയുണ്ട്. അതിനുള്ള വിധിയെഴുത്താകട്ടെ പിറവം ഉപതിരഞ്ഞെടുപ്പ്. എം വി ഐ പിയും മൂവാറ്റുപുഴയാറുമാണ് പിറവം നിയോജകമണ്ഡലത്തെ വികസനകുതിപ്പിലെത്തിച്ചത്. ഇന്ന് ഭൂരിപക്ഷം ജനങ്ങളും കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്നതും കുടിനീരിനായി അലയാതെ കഴിഞ്ഞുപോകുന്നതും പെരിയാറില്‍ നിന്നും മൂവാറ്റുപുഴയിലെത്തുന്ന ജലം ഒന്നുകൊണ്ട് മാത്രമാണ്. ഈ ജലം മീനച്ചിലാറിലെത്തിക്കുവാനുള്ള മീനച്ചില്‍ നദീതടപദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണം. അല്ലെങ്കില്‍ പിറവത്തിന് ദാഹിക്കും.

ഡോ. സി എം ജോയി (ലേഖകന്‍ തേവര സേക്രഡ് ഹാര്‍ട്ട് കോളജിലെ അസോസിയേറ്റ് പ്രഫസറും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനുമാണ്)

janayugom 020312

Friday, March 2, 2012

നദീസംയോജനം: സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിക്കണം- പിണറായി

നദീസംയോജനം സംബന്ധിച്ച് സുപ്രീംകോടതി വിധി മറികടക്കാനുള്ള മാര്‍ഗം തേടാന്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. വിധി നടപ്പായാല്‍ സംസ്ഥാനത്തെ അഞ്ചു ജില്ലകള്‍ കൊടുംവരള്‍ച്ചയിലാവും. ഇപ്രകാരമൊരു വിധി സുപ്രീംകോടതിയില്‍നിന്നും ഉണ്ടായത് കേസ് നടത്തിപ്പില്‍ യുഡിഎഫ് സര്‍ക്കാര്‍ കാണിച്ച അനാസ്ഥ കൊണ്ടാണ്. അനാസ്ഥയും കെടുകാര്യസ്ഥതയും മറച്ചുവയ്ക്കാനാണ് കോടതി വിധി കേരളത്തിന് ബാധകമാകില്ല എന്ന ആശ്വാസവചനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും നിയമമന്ത്രി കെ എം മാണിയും നല്‍കിയിരിക്കുന്നത്. ഇത് കേരളത്തെ വഞ്ചിക്കലാണ്. ഒരു സംസ്ഥാനത്ത് ഉത്ഭവിച്ച് അതേ സംസ്ഥാനത്തുതന്നെ ഒഴുകിത്തീരുന്ന നദികളെയും പല സംസ്ഥാനങ്ങളിലൂടെ ഒഴുകിപ്പോകുന്ന നദികളെയുമൊക്കെ ഒരുപോലെ ബാധിക്കുന്നതാണ് സുപ്രീംകോടതിയുടെ കല്‍പ്പന.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എന്നതുപോലെ നദീജല സംയോജന പ്രശ്നത്തിലും ഗുരുതരമായ പിടിപ്പുകേടാണ് യുഡിഎഫ് സര്‍ക്കാര്‍ കാണിച്ചിരിക്കുന്നത്. ഹരീഷ് സാല്‍വെയെപ്പോലെയുള്ള മുതിര്‍ന്ന അഭിഭാഷകരെ എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തിനുവേണ്ടി വാദിക്കാന്‍ മുമ്പ് നിയോഗിച്ചിരുന്നു. എന്നാല്‍ , ഇപ്പോള്‍ സ്റ്റാന്റിംഗ് കൗണ്‍സിലിലെ പുതുതായി നിയമിതനായ വ്യക്തിയാണ് കോടതിയില്‍ ഹാജരായത്. ഈ കേസിലെ വിധി മുല്ലപ്പെരിയാര്‍ വിഷയത്തിലും കേരളത്തിന് ദോഷകരമാണ്. ഇതെല്ലാം കണക്കിലെടുത്ത് കേരളത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാരിന്റെ മുന്നിലും സുപ്രീംകോടതിയിലും ഫലപ്രദമായി അവതരിപ്പിക്കണം. സുപ്രീംകോടതി വിധി നടപ്പാക്കിയാല്‍ ഗണ്യമായ പ്രദേശത്തെ പരിസ്ഥിതി സന്തുലിതാവസ്ഥയും ആവാസവ്യവസ്ഥയും തകിടം മറിയും. നിയമത്തിന്റെ വഴി തേടാന്‍ സംസ്ഥാന നിയമസഭ ഏകകണ്ഠമായി മുന്നോട്ടുവരണമെന്നും പിണറായി വിജയന്‍ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

നദീസംയോജനം: കോടതിവിധി മുഖ്യമന്ത്രി ലഘൂകരിക്കുന്നു വി എസ്

തൃശൂര്‍ : നദീസംയോജനം സംബന്ധിച്ച സുപ്രീംകോടതി വിധി പിറവം ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചവിഷയമാവാതിരിക്കുവാനാണ് ഉമ്മന്‍ചാണ്ടിയും, മാണിയും ലഘൂകരിച്ച് സംസാരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. സുപ്രീം കോടതി വിധി കേരളത്തിന്റെ താല്‍പര്യങ്ങളെ ഹനിക്കുന്നതാണ്. ഉപതെരഞ്ഞെടുപ്പിനെ പ്രതിപക്ഷം ഒറ്റക്കെട്ടായി നേരിടും. രാസവള സംബ്സിഡി കുറയ്ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം കര്‍ഷ ആത്മഹത്യകള്‍ വര്‍ധിക്കാനിടയാക്കുമെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

deshabhimani news

വേമ്പനാട്ടുകായലിനെ ശുദ്ധീകരിക്കാന്‍ നീരൊഴുക്ക് നാലിരട്ടിയാക്കണം

മലിനീകരണത്തിന്റെ പിടിയിലമര്‍ന്ന കുട്ടനാടിനെയും വേമ്പനാട്ടുകായലിനെയും ശുദ്ധീകരിക്കാന്‍ നദികളില്‍ ഇപ്പോഴുള്ള നീരൊഴുക്കിന്റെ നാലിരട്ടി വേണ്ടിവരുമെന്ന് പഠന റിപ്പോര്‍ട്ട്. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജലവിഭവ വികസന വിനിയോഗ കേന്ദ്രം (സിഡബ്ല്യുആര്‍ഡിഎം) നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. കുട്ടനാടും വേമ്പനാട്ടുകായലും കടുത്ത ജലക്ഷാമം നേരിടുമ്പോഴാണ് പമ്പ-അച്ചന്‍കോവിലാറുകളിലെ വെള്ളം തമിഴ്നാട്ടിലെ വൈപ്പാറിലേക്ക് ഒഴുക്കിവിടാന്‍ നീക്കം നടത്തുന്നത്.

കുട്ടനാട്ടിലെയും വേമ്പനാട്ടുകായലിലെയും മാലിന്യം ഒഴുക്കിക്കളയാന്‍ പ്രതിവര്‍ഷം 4,745 ദശലക്ഷം ഘനമീറ്റര്‍ വെള്ളം വേണമെന്നിരിക്കെ നിലവിലെ ലഭ്യത 1,208 ദശലക്ഷം ഘനമീറ്റര്‍ മാത്രമാണെന്ന് കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിഡബ്ല്യുആര്‍ഡിഎം ഡയറക്ടര്‍ പ്രൊഫ. ഇ ജെ ജയിംസിന്റെ പഠനത്തില്‍ കണ്ടെത്തി. കൂടാതെ 2050 ആകുന്നതോടെ കൃഷിക്കും കുടിവെള്ളത്തിനും മറ്റാവശ്യങ്ങള്‍ക്കുമുള്ള വെള്ളത്തിന് പമ്പയാറില്‍ 3,537 ദശലക്ഷം ഘനമീറ്ററിന്റെയും അച്ചന്‍കോവിലാറ്റില്‍ 459 ദശലക്ഷം ഘനമീറ്റര്‍ ജലദൗര്‍ലഭ്യവും ഉണ്ടാകുമെന്നും പഠനത്തില്‍ കണ്ടെത്തി. പമ്പ, അച്ചന്‍കോവില്‍ , മണിമല, മീനച്ചിലാറുകള്‍ അതിന്റെ ഉത്ഭവസ്ഥാനം മുതല്‍ ഒഴുക്കിക്കെണ്ടുവരുന്ന മാലിന്യമത്രയും കുട്ടനാട്ടിലും വേമ്പനാട്ടുകായലിലുമാണ് തള്ളുന്നത്. കൂടാതെ കുട്ടനാടന്‍ പാടശേഖരങ്ങളില്‍ പ്രയോഗിക്കപ്പെടുന്ന കീടനാശിനികളുടെയും രാസവളത്തിന്റെയും അവശിഷ്ടങ്ങളും കായലിലാണ് ഒഴുകിയെത്തുന്നത്. കൂടാതെ ആലപ്പുഴ, കൊച്ചി നഗരങ്ങളില്‍നിന്നുള്ള ടണ്‍കണക്കിന് ആശുപത്രി മാലിന്യം ഉള്‍പ്പെടെ കായലില്‍പതിക്കുന്നു. കായല്‍ജലത്തിലെ കോളിഫോം ബാക്ടീരിയയുടെ അളവ് ഭീതിജനകമാംവിധം ഉയര്‍ന്നതായി അടുത്തിടെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കൂടാതെ കുട്ടനാടന്‍ കരപ്രദേശങ്ങളില്‍ അടിഞ്ഞുകൂടുന്ന മാലിന്യമത്രയും ഒഴുക്കി കടലില്‍ തള്ളുന്നതില്‍ വെള്ളപ്പൊക്കവും നിര്‍ണായക പങ്കുവഹിക്കുന്നു. വര്‍ഷംതോറുമുുള്ള ഓരുകയറ്റവും വെള്ളപ്പൊക്കവും കുട്ടനാടിന്റെ പ്രകൃതിദത്തമായ ശുദ്ധീകരണ പ്രക്രിയയാണ്.

പമ്പ- അച്ചന്‍കോവിലാറുകളിലെ നീരൊഴുക്ക് കുറയുന്നതോടെ ഈ പ്രതിഭാസം ഇല്ലാതാകുകയും കുട്ടനാട് മലിനീകരണത്തിന്റെ പിടിയിലാകുകയും ചെയ്യും. നദീസംയോജനം നടപ്പായാല്‍ രാജ്യത്തെ ഏറ്റവുംവലിയ തണ്ണീര്‍ത്തടമായ വേമ്പനാട്ടുകായലിന്റെ ആവാസ വ്യവസ്ഥ തകരുമെന്ന് പരിസ്ഥിതി സ്നേഹികള്‍ ചൂണ്ടിക്കാട്ടുന്നു. നീരൊഴുക്ക് കുറയുന്നതോടെ കായലിന്റെ താപനിലയില്‍ വ്യത്യാസം സംഭവിക്കുമെന്നും ഇത് കായലിലെ മത്സ്യങ്ങള്‍ , കൊഞ്ച്, കക്ക തുടങ്ങിയവയ്ക്ക് നാശംവരുത്തുമെന്നും പല പഠനങ്ങളും മുന്നറിയിപ്പ് നല്‍കുന്നു. തണ്ണീര്‍മുക്കം റഗുലേറ്റര്‍ ആരംഭിച്ചതോടെ ഓരിന്റെ സാന്ദ്രതയിലുണ്ടായ വ്യത്യാസംമൂലം പല മത്സ്യവര്‍ഗവും നശിച്ചു. ശുദ്ധജല മത്സ്യം മാത്രമേ ഇനി അവശേഷിക്കുന്നുള്ളൂ എന്ന് അടുത്തിടെ ചില പഠനങ്ങള്‍ കണ്ടെത്തി. പമ്പ- അച്ചന്‍കോവിലാറുകളിലെ കുടിവെള്ള പദ്ധതികള്‍ ഇല്ലാതാകുന്നത് 30 ലക്ഷത്തോളം ജനങ്ങളുടെ ജീവിതത്തെ ദുരിതപൂര്‍ണമാക്കും. ഈ റിപ്പോര്‍ട്ടുകള്‍ കൈവശമുള്ളപ്പോഴാണ് സംസ്ഥാന താല്‍പര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടത്. കായലിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവില്‍ ഗുരുതരമായ കുറവുണ്ടായാല്‍ മധ്യേഷ്യയിലെ "യുറാള്‍" കടലിനു സംഭവിച്ചപോലെ "കായല്‍മരണ"ത്തിന് സംസ്ഥാനം നിശബ്ദ സാക്ഷികളാകേണ്ടിവരും.

നദീസംയോജനം: വിധി സര്‍ക്കാരിന്റെ പിടിപ്പുകേട്

ആലപ്പുഴ: പമ്പ -അച്ചന്‍കോവില്‍ നദികളെ വൈപ്പാര്‍ നദിയുമായി സംയോജിപ്പിക്കുന്നതിനെതിരെ സമരം ചെയ്യുമെന്ന് പറയുന്ന കൊടിക്കുന്നില്‍ സുരേഷ് എംപി ആദ്യം പ്രതികരിക്കേണ്ടത് യുഡിഎഫ് സര്‍ക്കാരിന്റെ പിടിപ്പുകേടിനെതിരെ. യുഡിഎഫ് സര്‍ക്കാര്‍ കേസ് നടത്തിപ്പില്‍ കാട്ടിയ അലംഭാവമാണ് കോടതി വിധി കേരളത്തിന്റെ താല്‍പര്യത്തിന് വിരുദ്ധമായത്. എല്‍ഡിഎഫ് ഭരണകാലത്ത് ഹരീഷ് സാല്‍വെയടക്കമുള്ള പ്രഗത്ഭ അഭിഭാഷകരെ അണിനിരത്തിയാണ് കേസ് കേരളം വാദിച്ചത്. എന്നാല്‍ അവസാന വാദത്തില്‍ പുതുതായി ചുമതലയേറ്റ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ മാത്രമാണ് കോടതിയില്‍ ഹാജരായത്. കേരളത്തിന്റെ വാദമുഖത്തെ ശരിയായി അവതരിപ്പിക്കുന്നതിലും വീഴ്ചയുണ്ടായി. കുട്ടനാടിന്റെ പാരിസ്ഥിതിക ദുര്‍ബലാവസ്ഥ വേണ്ട വണ്ണം ധരിപ്പിക്കാനും കഴിഞ്ഞില്ല. അതാണ് കേസില്‍ കേരളത്തിന് തിരിച്ചടിയുണ്ടാക്കിയത്.

ഇതിന് കേരളത്തിലെ യുഡിഎഫ് സര്‍ക്കാരാണ് ആദ്യ കുറ്റവാളി. ജലസേചന വകുപ്പും നിയമ വകുപ്പും കൈകാര്യം ചെയ്യുന്ന കേരള കോണ്‍ഗ്രസ് മന്ത്രിമാരുടെ വീഴ്ചയാണെങ്കില്‍ അതും തുറന്നു പറയാന്‍ കൊടിക്കുന്നില്‍ തയ്യാറാകണം. സംയോജനം പ്രാവര്‍ത്തികമായാല്‍ അത് കുട്ടനാടിന്റെ സര്‍വനാശത്തിന് വഴിവെക്കും. ജലനിരപ്പ് കുറയുന്നത് കൃഷിയെയും വിനോദ സഞ്ചാരത്തെയും ബാധിക്കും. മലിനീകരണം കൂടുന്നതോടെ കുടിവെള്ളവും കിട്ടാതെയാകും. മത്സ്യസമ്പത്തും നശിക്കുമെന്നും സര്‍ക്കാര്‍ നിയോഗിച്ച പഠനസംഘം തന്നെ കണ്ടെത്തിയിട്ടുണ്ട്.

deshabhimani 010312

Thursday, March 1, 2012

25 ലക്ഷം പേരുടെ കുടിവെള്ളം മുട്ടും

കേരളത്തെ വെള്ളത്തിലാക്കി മറ്റൊരു ഫെബ്രു. 27

സംസ്ഥാനത്തെ പമ്പ, അച്ചന്‍കോവില്‍ ആറുകളിലെ വെള്ളം മധ്യതിരുവിതാംകൂറിലേക്ക് ഒഴുകിയെത്താതെ മുകള്‍ത്തട്ടില്‍വച്ചുതന്നെ വഴിതിരിച്ച് കേരളത്തിനുപുറത്തേക്ക് ഒഴുക്കണമെന്ന സുപ്രീംകോടതി വിധി വന്നത് ഈ ഫെബ്രുവരി 27ന്. മുല്ലപ്പെരിയാര്‍ ഡാം പൂര്‍ണമായും സുരക്ഷിതമാണെന്നും അതിലെ ജലനിരപ്പ് 136 അടിയില്‍നിന്ന് 142 അടിയായി ഉയര്‍ത്താവുന്നതാണെന്നും ബേബി ഡാം കൂടി ശക്തിപ്പെടുത്തിയാല്‍ 152 അടിയാക്കിവീണ്ടും ഉയര്‍ത്താവുന്നതാണെന്നും വ്യക്തമാക്കിയ സുപ്രീംകോടതി വിധി വന്നത് 2006 ഫെബ്രുവരി 27ന്! ഇരു വിധികളും യുഡിഎഫ് സര്‍ക്കാര്‍ കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി സത്യം കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ വരുത്തിയ വീഴ്ചകൊണ്ടാണുണ്ടായത് എന്ന പൊരുത്തവും ഇതിലുണ്ട്. രണ്ട് വിധികളും യുഡിഎഫ് ഭരണകാലത്ത്. ഒന്ന് ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളെ ഭീഷണിയിലാക്കി. രണ്ടാമത്തേത് മധ്യതിരുവിതാംകൂറിനെ അപ്പാടെ ഭീഷണിയിലാക്കി.

25 ലക്ഷം പേരുടെ കുടിവെള്ളം മുട്ടും

വര്‍ഷങ്ങള്‍ക്കുമുമ്പുള്ള സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ആവിഷ്കരിച്ച പമ്പ-അച്ചന്‍കോവില്‍ -വൈപ്പാര്‍ നദീസംയോജനപദ്ധതി നടപ്പാക്കിയാല്‍ കേരളത്തിന് തിരിച്ചടിയാകും. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന സുപ്രീംകോടതിയുടെ ഉത്തരവ് സംസ്ഥാനത്തിന് വലിയ ഭീഷണിയായിരിക്കുന്നു. 1957ല്‍ കേന്ദ്ര ജലവിഭവമന്ത്രാലയത്തിനുകീഴിലുള്ള ദേശീയ ജലവികസന ഏജന്‍സി തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് കേരളത്തിന് വിനയാകുന്നത്. പമ്പ, അച്ചന്‍കോവിലാര്‍ എന്നിവയില്‍ 3127 ദശലക്ഷം ഘനമീറ്റര്‍ ജലം അധികമുണ്ടെന്നായിരുന്നു അന്നത്തെ കണ്ടെത്തല്‍ . "57നുശേഷം കേരളത്തിലെ ജനസംഖ്യയില്‍ ഉണ്ടായ വര്‍ധനയോ ജല ഉപഭോഗത്തിലുണ്ടായ വര്‍ധനയോ ജലവികസന ഏജന്‍സിയും കേന്ദ്രസര്‍ക്കാരും പിന്നീട് പരിഗണിച്ചില്ല. അതേസമയം, 2050-മാണ്ടോടെ പമ്പയില്‍ 35370 ലക്ഷം ഘനമീറ്ററും അച്ചന്‍കോവിലാറില്‍ 4590 ലക്ഷം ഘനമീറ്ററും ജലദൗര്‍ലഭ്യം ഉണ്ടാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. മാത്രമല്ല, പശ്ചിമഘട്ട മലനിരകളില്‍നിന്ന് ഉത്ഭവിച്ച് കേരളത്തിലൂടെ പടിഞ്ഞാറോട്ടും കിഴക്കോട്ടും ഒഴുകുന്ന ഏതെങ്കിലുമൊരു നദിയില്‍ അധികജലം ഉണ്ടെന്ന് പിന്നീട് കണ്ടെത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ നിര്‍ദിഷ്ടപദ്ധതി നടപ്പായാല്‍ കേരളം വലിയവില നല്‍കേണ്ടിവരും.

കുട്ടനാട് ഉള്‍പ്പെടുന്ന മധ്യതിരുവിതാംകൂറിന്റെയും വേമ്പനാട് കായലിന്റെയും നാശത്തിന് വഴിതുറക്കുന്ന പദ്ധതിക്കെതിരെ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച ശക്തമായ നിലപാട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പിന്തുടരാത്തതും തിരിച്ചടിയാണ്. കൃഷിക്ക് ഉള്‍പ്പെടെ കുട്ടനാടിനും പരിസരപ്രദേശങ്ങള്‍ക്കുമായി പ്രതിവര്‍ഷം 1.51 ലക്ഷം ഘനമീറ്റര്‍ ജലം വേണം. ഇപ്പോഴത്തെ ലഭ്യത 1.26 ലക്ഷം ഘനമീറ്റര്‍ മാത്രമാണ്. 25260 ലക്ഷം ഘനമീറ്റര്‍ വെള്ളം ഇപ്പോള്‍ത്തന്നെ കുട്ടനാട്ടില്‍ കുറവുണ്ട്. ഈ സാഹചര്യത്തില്‍ പദ്ധതി നടപ്പായാല്‍ കുട്ടനാട് മാത്രമല്ല മധ്യതിരുവിതാംകൂര്‍ പ്രദേശമാകെ രൂക്ഷമായ കുടിവെള്ളക്ഷാമത്തില്‍ വലയും. ഈ പ്രദേശങ്ങളിലെ കൃഷിക്കും ജനജീവിതത്തിനും ആവാസവ്യവസ്ഥയ്ക്കും വന്‍ഭീഷണിയുമാണിത്. ഇരുനദികളെയും കുടിവെള്ളത്തിനായി ആശ്രയിക്കുന്ന 25 ലക്ഷത്തോളം ജനങ്ങള്‍ക്ക് കുടിനീരും മുട്ടും.

എ ബി വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ ബിജെപി സര്‍ക്കാരാണ് രാജ്യത്തെ 37 പ്രമുഖനദികളെ ബന്ധിപ്പിക്കുന്ന പദ്ധതിക്ക് രൂപംനല്‍കിയത്. 5.6 ലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന എട്ട് നദീസംയോജന പദ്ധതിയാണ് വിഭാവന ചെയ്തത്. 2016ല്‍ പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടത്. ഇതിലൊരുഘട്ടമാണ് പമ്പ-അച്ചന്‍കോവിലാര്‍ -വൈപ്പാര്‍ ലിങ്ക് കനാല്‍ പദ്ധതി. 1995ല്‍ രൂപംനല്‍കുമ്പോള്‍ 2588 കോടിയാണ് ചെലവ് പ്രതീക്ഷിച്ചത്. ഇതനുസരിച്ച് പമ്പയെ പുന്നമേട്ടിലും അച്ചന്‍കോവിലാറിനെ ചിറ്റാര്‍മൂഴിയിലും അണ കെട്ടി ബന്ധിപ്പിക്കും. രണ്ടു നദികളെയും എട്ടു കിലോമീറ്റര്‍ നീളംവരുന്ന തുരങ്കംവഴി തമിഴ്നാട്ടിലെ വൈപ്പാര്‍ നദിയുടെ പോഷകനദിയായ അലഗാറില്‍ എത്തിക്കും. അതിനടുത്ത് മേക്കര എന്ന സ്ഥലത്ത് തമിഴ്നാട് നിര്‍മിച്ച ഡാമിലേക്ക് ഈ വെള്ളം ഒഴുക്കും. ഇവിടെനിന്ന് 50 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കനാല്‍വഴി തമിഴ്നാട്ടിലെ വിരുദുനഗര്‍ , തിരുനെല്‍വേലി, തൂത്തുക്കുടി ജില്ലകളിലെ കൃഷിക്കും കുടിവെള്ളത്തിനുമായി ഇതുപയോഗിക്കും. പശ്ചിമഘട്ട മലനിരകളില്‍നിന്ന് ഉത്ഭവിച്ച് പടിഞ്ഞാറോട്ടൊഴുകുന്ന രണ്ടു നദികളെ കൃത്രിമമാര്‍ഗത്തില്‍ കിഴക്കോട്ടൊഴുക്കുന്നതാണ് പദ്ധതിയെന്ന് അര്‍ഥം.

2003ല്‍ പദ്ധതി ത്വരിതഗതിയിലാക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഒരു പൊതുതാല്‍പ്പര്യ ഹര്‍ജി എത്തി. ഇതു പരിഗണിച്ച കോടതി നിശ്ചയിച്ച കാലപരിധിക്കുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കണമെന്ന് കേന്ദ്രത്തോട് നിര്‍ദേശിച്ചെങ്കിലും പിന്നീട് വിസ്മൃതിയിലായി. ഇപ്പോള്‍ സുപ്രീംകോടതിയുടെ ഉത്തരവോടെ ഇത് വീണ്ടും ദേശീയശ്രദ്ധ നേടുകയാണ്.
(എം സുരേന്ദ്രന്‍)

മുല്ലപ്പെരിയാറിനേക്കാള്‍ ആപല്‍ക്കരമായ നദീജല ധാരണ

കോഴഞ്ചേരി: പമ്പ- അച്ചന്‍കോവില്‍ - വൈപ്പാര്‍ ലിങ്ക് കനാല്‍ പദ്ധതി മുല്ലപ്പെരിയാറിനേക്കാള്‍ ആപല്‍ക്കരമായ നദീജല ധാരണയെന്ന് വിദഗ്ധപഠനം. ജലസമൃദ്ധമായ പമ്പ-അച്ചന്‍കോവില്‍ നദികള്‍ വറ്റിവരളുകയും ഇരുനദികളിലുമായുള്ള 40 ലധികം ശുദ്ധജലവിതരണ പദ്ധതികളില്‍ വെള്ളമില്ലാതാക്കുകയും ചെയ്യുന്നതാണ് പദ്ധതി. കൂടാതെ വിശാലമായ വനമേഖല നശിക്കുകയും വന്‍ പാരിസ്ഥിതിക തകര്‍ച്ചയിലേക്ക് പത്തനംതിട്ട, ആലപ്പുഴ ജില്ലകളെ വലിച്ചെറിയുകയും ചെയ്യുമെന്നാണ് വിവിധ പഠനങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. പമ്പാ പരിരക്ഷണസമിതി ജനറല്‍ സെക്രട്ടറി എന്‍ കെ സുകുമാരന്‍ നായര്‍ നടത്തിയ പഠനത്തില്‍ പദ്ധതി നടപ്പിലായാല്‍ ഉണ്ടാകാനിടയുള്ള ഭയാനകമായ പാരിസ്ഥിതിക പ്രശ്നങ്ങളും സാമൂഹ്യപ്രശ്നങ്ങളും വ്യക്തമാക്കുന്നു.

1995 മുതല്‍ തമിഴ്നാട് സര്‍ക്കാര്‍ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് കേന്ദ്രസര്‍ക്കാരിനെക്കൊണ്ട് നടപ്പാക്കാന്‍ ശ്രമിക്കുന്ന വിനാശകരമായ പദ്ധതിയാണ് ഇപ്പോള്‍ സുപ്രീംകോടതി ഉത്തരവിന്റെ മറവില്‍ കേരളത്തിനുമേല്‍ കെട്ടിയേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്. ഇരു നദികളിലെയും ജലം പ്രത്യേക ഡാമുകള്‍ ഉണ്ടാക്കി ശേഖരിച്ച് തമിഴ്നാട്ടിലെ വൈപ്പാറില്‍ എത്തിക്കുന്നതാണ് നിര്‍ദ്ദിഷ്ട പദ്ധതി. പമ്പാനദിയുടെ പ്രധാന പോഷകനദിയായ പമ്പാ കല്ലാറില്‍നിന്നും അച്ചന്‍കോവില്‍ കല്ലാറില്‍നിന്നുമുള്ള ജലം തേക്കുതോടിന് മുകള്‍ഭാഗത്തുള്ള പുന്നമേട്ടിലെത്തിച്ച് അവിടെനിന്ന് എട്ട് കിലോ മീറ്റര്‍ അകലെയുള്ള ചിറ്റാര്‍ മൂഴിയില്‍ എത്തിക്കുകയും പശ്ചിമഘട്ട മലനിരകള്‍ ഒമ്പത് കിലോമീറ്റര്‍ ദൂരത്തില്‍ തുരന്ന് അതിലൂടെ വൈപ്പാറിന്റെ മേക്കരഭാഗത്തെ നദീതടത്തില്‍ എത്തിച്ച് വൈപ്പാര്‍നദി ജലസമൃദ്ധമാക്കുകയുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ജലസംഭരണിക്കുവേണ്ടി ആദ്യഘട്ടത്തില്‍ ആവശ്യമായി വരുന്നത് 5010 ഏക്കര്‍ സ്ഥലമാണ്. കാട്ടുമൃഗങ്ങളും സസ്യസമ്പത്തും നിറഞ്ഞ ഇടതൂര്‍ന്ന വനാന്തരമാണിത്. നിത്യഹരിതവനങ്ങള്‍ ജലസംഭരണിയാകുന്നതോടെ ഭൗമശാസ്ത്രപരവും പാരിസ്ഥിതികവുമായ ഒട്ടേറെ പ്രത്യാഘാതങ്ങള്‍ക്കിടവരുത്തും. പമ്പാനദിയില്‍ ഒരു വര്‍ഷം ലഭിക്കുന്നത് 2700 ദശലക്ഷം ഘനമീറ്റര്‍ ജലമാണ്. അച്ചന്‍കോവിലാറിലാകട്ടെ ഇത് 1101 മാത്രമാണ്. ഈ ജലത്തില്‍ അധികവും വര്‍ഷകാലത്ത് ലഭിക്കുന്നതാണ്. വേനല്‍ക്കാലത്ത് പലപ്പോഴും പമ്പയും അച്ചന്‍കോവിലും വറ്റി വരളും. ഇരുനദികളിലെയും ജലം ഉപയോഗിച്ച് നടക്കുന്ന ശുദ്ധജലവിതരണ പദ്ധതികള്‍ വേനല്‍ക്കാലമാകുന്നതിന് മുമ്പുതന്നെ പ്രതിസന്ധിയിലാകാറുണ്ട്. നദികള്‍ വരളുന്നതോടെ ഇവയിലെ ജലം ആശ്രയിച്ച് കഴിയുന്ന കുട്ടനാട്, അപ്പര്‍ കുട്ടനാട് പ്രദേശങ്ങള്‍ കടുത്ത പ്രതിസന്ധിയിലാവും. ഇത്തരം സാഹചര്യം നിലനില്‍ക്കുമ്പോഴാണ് ഇവിടെ അധികജലം ഉണ്ടെന്നും അതില്‍ 634 ദശലക്ഷം ഘനമീറ്റര്‍ വെള്ളം തമിഴ്നാട്ടിലെ വൈപ്പാര്‍ നദീതടത്തിലേക്ക് തിരിച്ചുവിടണമെന്നും ദേശീയ ജലവികസന ഏജന്‍സി (എന്‍ഡബ്ല്യുഡിഎ) തയ്യാറാക്കിയ പദ്ധതിയില്‍ പറയുന്നത്. നദീസംയോജന പദ്ധതികളില്‍ മുന്‍ഗണന നല്‍കിയിട്ടുള്ളതും ഈ പദ്ധതിക്കാണ്. 2000 ത്തിലെ കണക്കനുസരിച്ച് 2588 കോടിയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. വനത്തിന്റെയും നദിയുടെ വൃഷ്ടിപ്രദേശത്തിന്റെയും 10 ചതുരശ്ര കിലോമീറ്ററിനുള്ളില്‍ നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പാരിസ്ഥിതിക സന്തുലിതാവസ്ഥയെ ദോഷകരമായി ബാധിക്കും.മുല്ലപ്പെരിയാര്‍ പോലെ മറ്റൊരാശങ്കയും ദുരന്തവുമായി മാറാവുന്ന കരാറാകും പദ്ധതി നടപ്പിലാക്കിയാല്‍ ഉണ്ടാകാന്‍ പോകുന്നതെന്ന് എന്‍ കെ സുകുമാരന്‍ നായര്‍ പറയുന്നു
(ബാബു തോമസ്)

കേരളത്തിന് ബാധകമല്ല: മുഖ്യമന്ത്രി

നദീസംയോജനം സംബന്ധിച്ച സുപ്രീംകോടതി ഉത്തരവ് കേരളത്തിനു ബാധകമല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നദികള്‍ സംയോജിപ്പിക്കാന്‍ അനുമതി നല്‍കിയ സംസ്ഥാനങ്ങള്‍ക്കു മാത്രമാണ് ഇതു ബാധകമെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. മന്ത്രിസഭായോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നദികള്‍ സംയോജിപ്പിക്കുന്നതിനെ കേരളം തുടക്കംമുതലേ എതിര്‍ക്കുകയാണ്. ഒരു കാരണവശാലും ഈ നീക്കത്തോട് യോജിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സുപ്രീംകോടതിയില്‍ കേരളത്തിന്റെ നിലപാട് ധരിപ്പിക്കാന്‍ കഴിയാത്തതെന്തെന്ന ചോദ്യത്തോട് മുഖ്യമന്ത്രി വ്യക്തമായി പ്രതികരിച്ചില്ല. കേസില്‍ സ്റ്റാന്‍ഡിങ് കൗണ്‍സല്‍ മാത്രം ഹാജരായതിനെക്കുറിച്ച് ആരാഞ്ഞപ്പോള്‍ വെറുതെ കോടതിയില്‍ തലവച്ചുകൊടുക്കണോ എന്നായിരുന്നു മറുപടി. നദികള്‍ യോജിപ്പിക്കണമെന്ന തമിഴ്നാട്വാദം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അവര്‍ക്ക് വാദിക്കാന്‍ അവകാശമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

റിവ്യുഹര്‍ജി നല്‍കണം: വി എസ്

നദീസംയോജനപദ്ധതി വിധിക്കെതിരെ റിവ്യൂഹര്‍ജി നല്‍കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കെതിരാണ് പദ്ധതി. പമ്പ-അച്ചന്‍കോവില്‍ നദികളിലെ ജലം തമിഴ്നാട്ടിലെ വൈപ്പാറിലേക്ക് കൊണ്ടുപോകാനുള്ള പദ്ധതി നടപ്പായാല്‍ കേരളം ഇന്നത്തേതുപോലെ നിലനില്‍ക്കില്ല. മുല്ലപ്പെരിയാര്‍ക്കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലുണ്ടായിരുന്ന മന്ത്രി പി ജെ ജോസഫ് ഈ വിധി അറിഞ്ഞില്ല. മുല്ലപ്പെരിയാര്‍പ്രശ്നത്തില്‍ കേരളത്തിന്റെ താല്‍പ്പര്യത്തിനെതിരെ സത്യവാങ്മൂലം നല്‍കിയ സമീപനമാണ് നദീ സംയോജനത്തിലും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വീകരിച്ചത്. വിധി കേരളത്തിനു ബാധകമല്ലെന്ന മാണിയുടെ പ്രസ്താവന അവാസ്തവമാണ്. വിധി പഠിക്കാതെയാണ് മന്ത്രിയുടെ അഭിപ്രായം. പമ്പ-അച്ചന്‍കോവില്‍ ഉള്‍പ്പെടെ പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളെ കിഴക്കോട്ട് ഒഴുക്കണമെന്നത് തമിഴ്നാടിന്റെ ആവശ്യമാണ്. അതിനു പിന്‍ബലമാകുന്ന വിധിയാണുണ്ടായത്. പദ്ധതി ഉപേക്ഷിക്കാന്‍ പ്രധാനമന്ത്രി ഇടപെടണം. പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള ഏതു നീക്കത്തെയും എതിര്‍ക്കണമെന്നും വി എസ് ആവശ്യപ്പെട്ടു.

deshabhimani 010312

Wednesday, February 29, 2012

മുഖ്യമന്ത്രിയുടെ വാദം കേരളത്തിനു ദോഷം

നദീസംയോജന പദ്ധതി സമയബന്ധിതമായി നടപ്പാക്കണമെന്ന സുപ്രീംകോടതി വിധി സംസ്ഥാനത്തിനു ബാധകമല്ലെന്ന മുഖ്യമന്ത്രിയുടെയും ധനമന്ത്രി കെ എം മാണിയുടെയും അവകാശവാദം കേരളതാല്‍പ്പര്യം ഹനിക്കുന്നതാണെന്ന് പരക്കെ ആശങ്ക. ഏതു വിഷയത്തിലും സുപ്രീംകോടതി അവസാന വാക്ക് പറഞ്ഞാല്‍ അത് നിയമമാണ്. ഈ സാഹചര്യത്തില്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ പമ്പ-അച്ചന്‍കോവില്‍ -വൈപ്പാര്‍ സംയോജനപദ്ധതി നടപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചാല്‍ അതിനുമേലെ മുഖ്യമന്ത്രിയുടെയോ നിയമമന്ത്രിയുടെയോ വാക്ക് വിലപ്പോകില്ല. കേസ് തീര്‍പ്പാകുംമുമ്പ് സുപ്രീംകോടതിയില്‍ ഉന്നയിക്കേണ്ട വാദം മാത്രമായി ഇത് ഒതുങ്ങിനില്‍ക്കുകയേയുള്ളൂ. പമ്പയും അച്ചന്‍കോവിലും സംസ്ഥാനത്തിന്റെ തനത് നദികളാണെന്നും അതുകൊണ്ട് കേരളത്തിന് വിധി ബാധകമല്ല എന്നുമുള്ള നിലപാട് സുപ്രീംകോടതിവിധി വരുന്ന നിമിഷംവരെയേ നിലനില്‍ക്കൂ.

സുപ്രീംകോടതിയാകട്ടെ, സംസ്ഥാനത്തിന്റെ തനത്നദികളുടെയും സംസ്ഥാനാന്തര നദികളുടെയും പ്രശ്നങ്ങളെല്ലാം സമഗ്രമായി പരിശോധിച്ചാണ് വിധി പുറപ്പെടുവിച്ചത്. മദ്രാസ് ഹൈക്കോടതി മുമ്പാകെ തമിഴ്നാട് സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി വിധിക്ക് ആധാരം. മുഖ്യമന്ത്രിയുടെ വാദം വിലപ്പോകുന്നതായിരുന്നെങ്കില്‍ കേരളത്തിന്റെ നദികള്‍ക്കുമേലെ തമിഴ്നാട് അവകാശവാദമുന്നയിക്കുന്ന ഘട്ടത്തില്‍ത്തന്നെ ഹൈക്കോടതിയും സുപ്രീംകോടതിയും തങ്ങള്‍ക്ക് പരിഗണിക്കാന്‍ നിയമം അനുവദിക്കുന്നില്ല എന്നു പറഞ്ഞു തള്ളുമായിരുന്നു.

പമ്പ-അച്ചന്‍കോവില്‍ -വൈപ്പാര്‍ ഉള്‍പ്പെടെയുള്ള 30 നദീസംയോജന പദ്ധതികളില്‍ എട്ടെണ്ണം സാധ്യതാപഠനത്തിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കാവുന്നതാണ് എന്നു കാണിക്കുന്ന റിപ്പോര്‍ട്ടുകൂടി സുപ്രീംകോടതി പരിഗണിച്ചിരുന്നു. സംസ്ഥാനത്ത് മാത്രമായി ഒഴുകുന്ന നദിയെന്നും പല സംസ്ഥാനങ്ങളിലായി ഒഴുകുന്ന നദിയെന്നുമുള്ള വേര്‍തിരിവ് പരിഗണിച്ചശേഷമാണ് അതിനുപ്രാധാന്യം കല്‍പ്പിക്കേണ്ടതില്ല എന്ന നിലയ്ക്കുള്ള വിധി. സുപ്രീംകോടതിയുടെ അന്തിമവിധി രാജ്യത്തെ നിയമമാണ് എന്നിരിക്കെ അതു ബാധകമല്ലെന്ന വാദത്തിനുപിന്നില്‍ യുഡിഎഫ് സര്‍ക്കാരിന് എത്രനാള്‍ ഒളിച്ചിരിക്കാന്‍ പറ്റും എന്നത് കാതലായ പ്രശ്നമാണ്. സുപ്രീംകോടതിയിലെ കേസ് തങ്ങള്‍ക്ക് ബാധകമല്ലെന്ന മുഖ്യമന്ത്രിയുടെ വാദം ശരിയായിരുന്നുവെങ്കില്‍ , സംസ്ഥാനം എന്തിന് ഈ കേസില്‍ ഇത്രകാലം അഭിഭാഷകനെ വച്ചു വാദിച്ചു എന്നചോദ്യം ബാക്കിയാവുന്നു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സീനിയര്‍ അഭിഭാഷകരായ ഹരീഷ് സാല്‍വേയെപ്പോലുള്ളവരാണ് ഹാജരായത്. എന്നാല്‍ , യുഡിഎഫ് സര്‍ക്കാര്‍ സ്റ്റാന്‍ഡിങ് കൗണ്‍സലിനെ മാത്രം അയച്ചു. പുതുതായി നിയമിതനായതിനാല്‍ ഇയാള്‍ക്ക് കേസ് പഠിക്കാന്‍പോലും സാവകാശം കിട്ടിയിരുന്നില്ല. ഇതാണ് സംസ്ഥാനത്തിന് ആഘാതമാകുന്ന വിധിക്ക് കാരണം. യുഡിഎഫ് സര്‍ക്കാരിന്റെ അലംഭാവംകൊണ്ടുണ്ടായ ഗുരുതരമായ വീഴ്ചയാണിത്. അത് തിരിച്ചടിയല്ല എന്നു വരുത്തിത്തീര്‍ക്കാനുള്ള വാദമായി മാത്രമേ നിയമവൃത്തങ്ങള്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ കാണുന്നുള്ളൂ.

അപ്പര്‍ കുട്ടനാട്, കുട്ടനാട്, മധ്യതിരുവിതാംകൂര്‍ പ്രദേശങ്ങളിലാകെ പച്ചപ്പു നിലനില്‍ക്കുന്നത് പമ്പ-അച്ചന്‍കോവില്‍ നദികള്‍ ശോഷിച്ച നിലയിലെങ്കിലും ഒഴുകുന്നതുകൊണ്ടാണ്. മുകള്‍ത്തട്ടില്‍വച്ചുതന്നെ ഈ നദികളിലെ ജലം തിരിച്ചുവിട്ടാല്‍ മധ്യതിരുവിതാംകൂറിലെ അഞ്ചുജില്ലകള്‍ മരുഭൂമിയാകും. സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ കൊണ്ടുമാത്രമാണ് ഈ വിപല്‍ക്കരമായ അവസ്ഥയുണ്ടായത്. ഈ മാനക്കേട് മറച്ചുവയ്ക്കാനാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും ശ്രമിക്കുന്നത്. ഇത് സുപ്രീംകോടതിയില്‍ റിവ്യൂ ഹര്‍ജി കൊടുക്കുന്നതടക്കമുള്ള സാധ്യതകളെ ഇല്ലാതാക്കും.

നദീ സംയോജന പദ്ധതി: സര്‍ക്കാര്‍ അലംഭാവം കാട്ടി- വി എസ്

മധ്യകേരളത്തെ ഊഷരമാക്കുന്ന നദീസംയോജന പദ്ധതിയിലും സംസ്ഥാന സര്‍ക്കാര്‍ അലംഭാവം കാട്ടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തെ ബാധിക്കുന്ന പമ്പ-അച്ചന്‍കോവില്‍ ബൈപാസ് പദ്ധതിക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ റിവ്യൂഹര്‍ജി നല്‍കണം. മുല്ലപ്പെരിയാര്‍ വിഷയത്തിലെന്ന പോലെ കേരളത്തിന്റെ താല്‍പര്യത്തിനെതിരാണ് ഇക്കാര്യത്തിലും സര്‍ക്കാര്‍ നടപടികളെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

തമിഴ്നാടിന്റെ താല്‍പര്യം സംരംക്ഷിക്കുന്ന പമ്പ-അച്ചന്‍കോവില്‍ ബൈപാസ് പദ്ധതി കേരളത്തിന് ദോഷമല്ലെന്ന കെ എം മാണിയുടെ പ്രസ്താവന ജനരോഷം ഭയന്നാണ്. നാടിനെ എങ്ങനെ ബാധിക്കുമെന്ന് പഠിച്ചിട്ടല്ല മാണി അഭിപ്രായം പറഞ്ഞത്. മുല്ലപ്പെരിയാറിന്റെ കാര്യത്തിലെന്നപോലെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ കുറ്റകരമായ അലംഭാവം കാട്ടി. പദ്ധതിക്കെതിരെ എല്‍ഡിഎഫ് സര്‍ക്കാര്‍ അന്ന് മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വെയെക്കൊണ്ട് വാദിച്ചപ്പോള്‍ യുഡിഎഫ് പുതിയ അഭിഭാഷകരെയാണ് കേരളത്തിനുവേണ്ടി ചുമതലപ്പെടുത്തിയത്.

കേരളത്തിന്റെ വാദം തോറ്റുകൊടുക്കുന്നതിന് കരാറെടുത്തപോലെയാണ് യുഡിഎഫ് സര്‍ക്കാര്‍ പെരുമാറുന്നത്. എല്‍ഡിഎഫ് ഭരിച്ചപ്പോള്‍ നദികള്‍ യോജിപ്പിക്കുന്നതിനെതിരെ ശക്തമായ വാദമുയര്‍ത്തിയിരുന്നു. മൂന്നു തവണ ചേര്‍ന്ന ഉന്നതതല യോഗത്തിലും മുന്‍ മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ ഈ നീക്കത്തെ ശക്തിയായി എതിര്‍ത്തിരുന്നു. സുപ്രീം കോടതിയില്‍ ഹാജരായപ്പോഴും ഇപ്പോഴത്തെ ജലവിഭവ മന്ത്രി പി ജെ ജോസഫ് കേരളത്തിന്റെ ആവശ്യം ഉന്നയിക്കാന്‍ തയ്യാറായില്ല. മുല്ലപ്പെരിയാര്‍ തകര്‍ന്നാലും ഇടുക്കി അണക്കെട്ട് താങ്ങുമെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം കൊടുത്ത് കേരളത്തെ വഞ്ചിച്ചപോലെ ഇക്കാര്യത്തിലും തമിഴ്നാടിന് അനുകൂലമായ സമീപനമാണ് യുഡിഎഫ് സര്‍ക്കാരിന്റേത്.

നദീസംയോജനം മുന്നില്‍ക്കണ്ട് തമിഴ്നാട് 100 കോടി ചെലവില്‍ പുതിയ അണക്കെട്ടുണ്ടാക്കി. കനാല്‍ നിര്‍മ്മാണം പുരോഗമിക്കുന്നു. പടിഞ്ഞാറോട്ടൊഴുകുന്ന കേരളത്തിലെ നദികള്‍ കിഴക്കോട്ട് തിരിച്ചുവിടണമെന്ന തമിഴ്നാടിന്റെ ആവശ്യമാണ് ഇപ്പോള്‍ സുപ്രീം കോടതി ഉത്തരവിലൂടെ സാധിച്ചിരിക്കുന്നത്. നദികള്‍ യോജിപ്പിക്കുന്നതിനോട് സംസ്ഥാനങ്ങള്‍ സഹകരിക്കണമെന്നും സുപ്രീം കോടതിയുടെ ഉത്തരവുള്ള കാര്യം യുഡിഎഫ് സര്‍ക്കാര്‍ മനപൂര്‍വ്വം മറച്ചുവെക്കുകയാണ്. ഈ നീക്കത്തെ കേരള ജനത ഒന്നടങ്കം എതിര്‍ക്കണം. കേരളത്തെ പ്രതികൂലമായി ബാധിക്കുന്ന പദ്ധതിക്കെതിരെ നാടിന്റെ നിലനില്‍പ്പും ഐശ്വര്യവും ആഗ്രഹിക്കുന്ന എല്ലാവരും മുന്നോട്ടുവരണമെന്നും വി എസ് അഭ്യര്‍ഥിച്ചു.

deshabhimani 010312

മധ്യതിരുവിതാംകൂര്‍ ഊഷരഭൂമിയാകും

പമ്പ- അച്ചന്‍കോവില്‍ - വൈപ്പാര്‍ പദ്ധതി നടപ്പാക്കിയാല്‍ മധ്യതിരുവിതാംകൂറും പ്രത്യേകിച്ച് കുട്ടനാടും ഊഷരഭൂമിയാകും. മുഖ്യജലസ്രോതസ്സായ പമ്പയിലെയും അച്ചന്‍കോവിലാറിലെയും വെള്ളം തമിഴ്നാട്ടിലേക്ക് ഒഴുക്കുന്നത് കാര്‍ഷികമേഖലയ്ക്ക് വന്‍ തിരിച്ചടിയാകും. ഇരുനദികളെയും കിഴക്കോട്ട് തിരിച്ചുവിടുന്നത് സംസ്ഥാനത്ത് ഗുരുതരമായ പാരിസ്ഥിതികപ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കും. അന്തര്‍സംസ്ഥാന നദീസംയോജനപദ്ധതി സമയബന്ധിതമായി നടപ്പാക്കാന്‍ തിങ്കളാഴ്ച സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. പദ്ധതി ആസൂത്രണംചെയ്യാനും നടപ്പാക്കാനുമായി ഉന്നതതലസമിതിയെയും നിയമിച്ചു.

കേരളത്തിലെ പമ്പ- അച്ചന്‍കോവില്‍ - വൈപ്പാര്‍ ലിങ്ക് പദ്ധതി നദീസംയോജനപദ്ധതിയില്‍ ഉള്‍പ്പെടുന്നതാണ്. പമ്പയിലും അച്ചന്‍കോവിലിലും അധിക ജലമുണ്ടെന്നും ഇത് ഉപയോഗശൂന്യമായി കടലില്‍ പോവുകയാണെന്നുമാണ് തമിഴ്നാടിന്റെ വാദം. അധികജലത്തിന്റെ 20 ശതമാനമായ 634 ദശലക്ഷം ഘനമീറ്റര്‍ വെള്ളം തമിഴ്നാട്ടിലേക്ക് തിരിച്ചുവിടുന്നതാണ് പമ്പ- അച്ചന്‍കോവില്‍ - വൈപ്പാര്‍ പദ്ധതി. ഇതിനായി കേരളത്തിന്റെ സ്ഥലത്ത് പശ്ചിമഘട്ട വനമേഖലയില്‍ മൂന്നു ഡാം പണിയും. കല്ലാര്‍ പുന്നമേട്ടിലും അച്ചന്‍കോവിലാറ്റിലെ ചിറ്റാര്‍മൂഴിയിലും അച്ചന്‍കോവിലിലുമാണ് ഡാമുകള്‍ തീര്‍ക്കുക. ജലസംഭരണികളില്‍നിന്ന് വെള്ളം കൊണ്ടുപോകാന്‍ കിലോമീറ്ററുകള്‍ നീളത്തില്‍ കൂറ്റന്‍ തുരങ്കം നിര്‍മിക്കും. ഇതിനായി വനമേഖലയില്‍ 20 ചതുരശ്ര കിലോമീറ്ററിലേറെ നിര്‍മാണ പ്രവര്‍ത്തനം വേണ്ടിവരും. പശ്ചിമഘട്ട മലനിരവഴി കനാല്‍ തീര്‍ത്ത് വെള്ളം തമിഴ്നാട്ടിലെ മേക്കര അടൈവി നൈനാര്‍കോവില്‍ അണക്കെട്ടിലെത്തിക്കുകയാണ് പദ്ധതി. ഈ ലക്ഷ്യത്തിനായി വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ തമിഴ്നാട് ഈ അണക്കെട്ട് പൂര്‍ത്തീകരിച്ചിരുന്നു. പദ്ധതി നടപ്പാക്കുന്നത് ഇരുനദികളിലെയും നാല്‍പ്പതിലധികം ചെറുതും വലുതുമായ കുടിവെള്ളപദ്ധതികളെ ബാധിക്കും. ഒപ്പം ജലസേചനപദ്ധതികളെയും. ഇപ്പോള്‍ത്തന്നെ നദീതീരങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുകയാണ്. നദികളില്‍ അധിക ജലമുണ്ടെന്ന തമിഴ്നാടിന്റെ വാദം ശരിയല്ലെന്ന് നിരവധി പഠനങ്ങളില്‍ വ്യക്തമായിട്ടുമുണ്ട്.

സംസ്ഥാനം വീഴ്ച വരുത്തി

മുല്ലപ്പെരിയാറിനു പിന്നാലെ നദീസംയോജന പദ്ധതി വിഷയത്തിലും സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ കുറ്റകരമായ വീഴ്ച വരുത്തി. സംസ്ഥാന താത്പര്യം സംരക്ഷിക്കുന്നതിന് കോടതിയിലോ കേന്ദ്ര സര്‍ക്കാരിനു മുന്നിലോ ശക്തമായ നിലപാട് അവതരിപ്പിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായില്ല. അന്തര്‍സംസ്ഥാന നദീസംയോജന പദ്ധതിയില്‍ പമ്പ-അച്ചന്‍കോവില്‍ -വൈപ്പാര്‍ ലിങ്ക് പദ്ധതി ഉള്‍പ്പെടുത്തിയതിനെതിരെ സുപ്രികോടതിയില്‍ വ്യക്തമായ നിലപാട് സ്വീകരിക്കാന്‍ തയ്യാറാകാതിരുന്നതാണ് തിരിച്ചടിയായത്. കേസ് പരിഗണിക്കുമ്പോള്‍ മുതിര്‍ന്ന അഭിഭാഷകരെ നിയോഗിക്കാനോ ഇതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാനോ സര്‍ക്കാര്‍ തയ്യാറായില്ല. കേസില്‍ അന്തിമവാദം നടന്ന മൂന്നു ദിവസവും സ്റ്റാന്റിങ് കോണ്‍സല്‍ മാത്രമാണ് ഹാജരായത്. പുതുതായി ചുമതലയേറ്റ സ്റ്റാന്റിങ് കോണ്‍സലിന് കാര്യമായി ഇടപെടാനുമായില്ല.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അതീവ ഗൗരവത്തോടെയാണ് കേസ് കൈകാര്യം ചെയ്തത്. ദേശീയ ജലവികസന ഏജന്‍സി യോഗത്തില്‍ കേരളത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് പമ്പാ-അച്ചന്‍കോവില്‍ -വൈപ്പാര്‍ ലിങ്ക് പദ്ധതിയെ അജണ്ടയില്‍നിന്ന് ഒഴിവാക്കിയിരുന്നു. കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് കഴിഞ്ഞവര്‍ഷം ജനുവരി ആറിന് കേരളത്തിനു വേണ്ടി ഹരീഷ്സാല്‍വേ, മോഹന്‍ ഹത്താര്‍ക്കി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള മുതിര്‍ന്ന അഭിഭാഷകരെയാണ് നിയോഗിച്ചത്. എന്നാല്‍ , യുഡിഎഫ് അധികാരത്തിലെത്തിയശേഷം ഒക്ടോബര്‍ 17നും ജനുവരി രണ്ടിനും ഒമ്പതിനും നടന്ന അന്തിമവാദത്തിനായി സീനിയര്‍ അഭിഭാഷകര്‍ ഉണ്ടായില്ല. അതേസമയം, അഡിഷണല്‍ അഡ്വക്കറ്റ് ജനറല്‍ അടക്കം സീനിയറായ അഭിഭാഷകരെയാണ് തമിഴ്നാട് നിയോഗിച്ചത്.

പ്രശ്നത്തിന്റെ ഗൗരവം കേന്ദ്രത്തെയും കേന്ദ്ര ജലകമീഷനേയും ബോധ്യപ്പെടുത്താന്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരും സംസ്ഥാനസര്‍ക്കാരും മെനക്കെട്ടില്ല. സംസ്ഥാനത്തെ പ്രതികൂലമായി ബാധിക്കുന്ന വിധി വന്നിട്ടും മുഖ്യമന്ത്രിയോ മന്ത്രിമാരോ ഇതുവരെപ്രതികരിച്ചിട്ടില്ല. മധ്യതിരുവിതാംകൂറിലേയും പ്രത്യേകിച്ച് കുട്ടനാട്ടിലേയും പ്രധാന ജലസ്രോതസുകളായ പമ്പയിലേയും അച്ചന്‍കോവിലാറിലേയുംവെള്ളം തമിഴ്നാട്ടിലേക്ക് തിരിച്ചു വിടുന്ന പമ്പ അച്ചന്‍കോവില്‍ വൈപ്പാര്‍ ലിങ്ക് പദ്ധതി സമയബന്ധിതമായി നടപ്പാക്കാനാണ് സുപ്രിംകോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. പദ്ധതി നടപ്പാക്കാന്‍ ഏറെ നാളായി തമിഴ്നാട് ശ്രമം നടത്തി വരികയായിരുന്നു. രണ്ട് നദികളിലും അധികജലമുണ്ടെന്നും അതു ഉപയോഗപ്പെടുത്താത കടലില്‍ ഒഴുക്കിക്കളയുകയാണെന്നുമുള്ള വാദമുയര്‍ത്തി വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തമിഴ്നാട് ഇത്തരത്തിലുള്ള പദ്ധതി തയ്യാറാക്കി നീക്കങ്ങള്‍ തുടങ്ങിയത്.

deshabhimani 290212