Showing posts with label ഐ.ടി.. Show all posts
Showing posts with label ഐ.ടി.. Show all posts

Saturday, May 29, 2021

പുതിയ ഐടി ചട്ടം അപകടകരം: സിപിഐ എം

ന്യൂഡല്‍ഹി > കേന്ദ്രസര്‍ക്കാരിന്റെ അപകടകരവും പിന്തിരിപ്പനുമായ പുതിയ ഐടി ചട്ടം  പിന്‍വലിക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ. സാമൂഹ്യമാധ്യമങ്ങളുടെ സുരക്ഷാചട്ടം ദുര്‍ബലമാക്കി ജനങ്ങളുടെ സന്ദേശങ്ങള്‍ നിരീക്ഷിക്കാനുള്ള നീക്കം പൗരന്‍മാരുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണ്.

ഒരു സന്ദേശത്തിന്റെ ആദ്യ സ്രോതസ്സ്‌ എവിടെയെന്ന് സര്‍ക്കാരോ കോടതിയോ ആവശ്യപ്പെട്ടാല്‍ അറിയിക്കണമെന്ന് ചട്ടത്തില്‍ പറയുന്നു. ഇത് സന്ദേശക്കൈമാറ്റ സംവിധാനത്തിന്റെ സുരക്ഷ ദുര്‍ബലപ്പെടുത്തുമെന്ന് ഫെയ്‌സ്ബുക്കും വാട്‌സാപ്പും ചൂണ്ടിക്കാട്ടി. സാങ്കേതികവിദഗ്ധരും വസ്തുത ശരിവയ്ക്കുന്നു. ഇത്തരം സംവിധാനങ്ങളുടെ സുരക്ഷ തകരുന്നത് ഉപയോക്താക്കളുടെ സ്വകാര്യത വലിയരീതിയില്‍ ലംഘിക്കപ്പെടാന്‍ വഴിവയ്ക്കും.

ബിസിനസ് ആപ്ലിക്കേഷനുകള്‍ക്കായുള്ള വാട്‌സാപ്പിന്റെ സുരക്ഷ ദുര്‍ബലപ്പെടുത്തിയ നടപടി പിന്‍വലിക്കാന്‍  ഫെയ്‌സ്ബുക്കും തയ്യാറാകണം

ഈ സാഹചര്യത്തില്‍ ബിസിനസ് ആപ്ലിക്കേഷനുകള്‍ക്കായുള്ള വാട്‌സാപ്പിന്റെ സുരക്ഷ ദുര്‍ബലപ്പെടുത്തിയ നടപടി പിന്‍വലിക്കാന്‍  ഫെയ്‌സ്ബുക്കും തയ്യാറാകണമെന്ന് പിബി ആവശ്യപ്പെട്ടു. ഇന്ത്യയില്‍ വാട്‌സാപ് ഡാറ്റ ആവശ്യപ്പെടുന്ന ഫെയ്‌സബുക്, യൂറോപ്യന്‍ യൂണിയനില്‍ അവരുടെ നിര്‍ദേശാനുസരണം ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കാൻ നടപടി സ്വീകരിക്കുന്നുണ്ടെന്നും പിബി ചൂണ്ടിക്കാട്ടി.

ബിജെപി നേതാക്കളുടെ ട്വീറ്റുകള്‍ക്ക് "മാനിപ്പുലേറ്റഡ് മീഡിയ' ടാഗ് നല്‍കിയതിനാണ് ഡല്‍ഹി പൊലീസിനെ ഉപയോഗിച്ച് ട്വിറ്ററിനെ വിരട്ടാന്‍ കേന്ദ്രം നീക്കം നടത്തിയത്. ഐടി മന്ത്രാലയത്തെ പക്ഷപാതപരമായ രീതിയില്‍ ഉപയോഗിക്കുന്ന ബിജെപിയുടെ നടപടി അംഗീകരിക്കാനാകില്ല. ട്വിറ്റര്‍ ഓഫീസുകള്‍ റെയ്ഡ് ചെയ്ത പൊലീസ് നടപടി വിരട്ടല്‍ തന്ത്രമാണെന്ന് വ്യക്തമെന്നും പിബി ചൂണ്ടിക്കാട്ടി.

Thursday, May 27, 2021

ഐടി പ്ലാറ്റ്‌ഫോംസ്‌: ‘ചട്ടം’ പഠിപ്പിക്കാൻ തന്നെ കേന്ദ്രം - ദിനേശ്‌വർമ എഴുതുന്നു

സോഷ്യൽ മീഡിയ ഉൾപ്പെടെ ഐടി പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന മാർഗനിർദേശങ്ങളടങ്ങിയ ചട്ടം പ്രാബല്യത്തിൽ വന്നതോടെ വലിയ വിവാദങ്ങൾക്ക്‌ തിരികൊളുത്തി. ‘ഇൻഫർമേഷൻ ടെക്‌നോളജി റൂൾസ്‌ 2021 ’ കേന്ദ്രം  പ്രസിദ്ധപ്പെടുത്തിയത്‌ ഫെബ്രുവരി 25നാണ്‌. മൂന്നു മാസം കഴിഞ്ഞാൽ ഇതിലെ ചട്ടങ്ങൾ പ്രാബല്യത്തിൽ വരുമെന്ന്‌ സർക്കാർ അന്ന്‌ വ്യക്തമാക്കിയിരുന്നു. ഇതോടെ ഫെയ്‌സ്‌ബുക്ക്‌, ട്വിറ്റർ, ഇൻസ്റ്റ, വാട്‌സാപ്, ടെലഗ്രാം തുടങ്ങി ഇന്ത്യയിൽ വൻതോതിൽ ഉപയോഗിക്കപ്പെടുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ  ഭാവി എന്താകുമെന്നതിൽ ചർച്ച സജീവമാണ്‌.

2000ലെ ഐടി നിയമപ്രകാരം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെ ഇടനിലക്കാരായി പരിഗണിച്ച്‌, അവയിൽ വരുന്ന നിയമവിരുദ്ധ ഉള്ളടക്കങ്ങളുടെ ഉത്തരവാദിത്തത്തിൽനിന്ന്‌ ഒഴിവാക്കിയിരുന്നു. ‘സേഫ്‌ ഹാർബർ’ എന്നറിയപ്പെടുന്ന ഈ പരിരക്ഷ പുതിയ ചട്ടങ്ങൾ നിലവിൽ വന്ന മെയ്‌ 25ന്‌ ഇല്ലാതായി. ഒരു നിയമവിരുദ്ധ ഉള്ളടക്കം  പ്രസിദ്ധീകരിച്ചാൽ അതിട്ട ആളോടൊപ്പം പ്ലാറ്റ്‌ഫോമും നിയമനടപടി നേരിടാം. പുതിയ മാർഗനിർദേശങ്ങളുടെ സാധുതയെ ചോദ്യംചെയ്ത്‌ ചൊവ്വാഴ്‌ച വൈകിട്ട്‌ വാട്സാപ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. കേരള ഹൈക്കോടതിയിലും ഇതുസംബന്ധിച്ച്‌ ഹർജിയുണ്ട്‌. ഭരണഘടനാദത്തമായ സുരക്ഷ, സ്വകാര്യത എന്നിവയുടെ ലംഘനമാണ്‌ പുതിയ ചട്ടങ്ങളെന്ന വാദമാണ്‌ ഹർജി നൽകിയവരുൾപ്പെടെ ഐടി പ്ലാറ്റ്‌ഫോമുകൾ മുന്നോട്ടുവയ്ക്കുന്നത്‌. പുതിയ ചട്ടം പറയുന്നു: ഓരോ പ്ലാറ്റ്‌ഫോമും ഇന്ത്യയിലുള്ള ഒരാളെ സ്ഥാപനത്തിന്റെ ചുമതലക്കാരനായി (ചീഫ്‌ കംപ്ലയൻസ്‌ ഓഫീസർ) വയ്‌ക്കണം. പുതിയ മാനദണ്ഡങ്ങൾ പ്രകാരമാണോ പോസ്‌റ്റുകളെന  പരിശോധിക്കണം. സംശയാസ്പദമായവ  നീക്കണം.

നിയമവിരുദ്ധ ഉള്ളടക്കങ്ങൾ പരിശോധിച്ച്‌ നടപടിയെടുക്കാൻ ഐടി പ്ലാറ്റ്‌ഫോമുകളിലെ തന്നെ ചുമതലക്കാരുൾപ്പെട്ട  സമിതി രൂപീകരിക്കണം. അതിന്റെ തലപ്പത്ത്‌ ഹൈക്കോടതി ജഡ്ജിയിൽ കുറയാത്ത ഒരാളായിരിക്കണം.മേൽപ്പറഞ്ഞ രണ്ടു തട്ടിലും പരിഹരിക്കാനാകാത്ത പ്രശ്നങ്ങൾ കേന്ദ്ര ഐടി വകുപ്പ്‌ നേരിട്ട്‌ ഇടപെട്ട്‌ നടപടിയെടുക്കണം. ഇവയാണ്‌ പുതിയ ചട്ടത്തിന്റെ കാതൽ.  നിയന്ത്രണത്തിന്റെയും നടപടിയുടെയും  ആത്യന്തിക അധികാരം കേന്ദ്ര സർക്കാരിന്‌ കൈവരികയാണ്‌.  രാഷ്‌ട്രപതിയുടെ അസാധാരണമായ ഒരുത്തരവിലൂടെ എല്ലാ ഐടി പ്ലാറ്റ്‌ഫോമുകളെയും കേന്ദ്ര ഐടി വകുപ്പിന്റെ കീഴിൽ കൊണ്ടുവന്നിരുന്നു.

കെണി മെസേജിങ്‌ ആപ്പുകൾക്ക്‌

എല്ലാ പ്ലാറ്റ്‌ഫോമുകളെയും ദോഷകരമായി ബാധിക്കുന്ന ചട്ടങ്ങളാണ്‌ ഇതിലുള്ളതെന്ന്‌ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നിലവിലുണ്ടായിരുന്ന സുരക്ഷയും സ്വകാര്യതാ സംരക്ഷണവും ആവിഷ്കാര സ്വാതന്ത്ര്യവും ഹനിക്കപ്പെടും. ഏറ്റവും ദോഷകരമായി ബാധിക്കുക വാട്സാപ്, ടെലഗ്രാം തുടങ്ങി മെസേജിങ്‌ ആപ്പുകളെയാണ്‌. ഒരാളിൽനിന്ന്‌ മറ്റൊരാളിലേക്ക്‌ പോകുന്ന സന്ദേശം ‘എൻക്രിപ്റ്റ്‌ ’ ചെയ്ത്‌ അഥവാ മറ്റുള്ളവർക്ക്‌ മനസ്സിലാകാത്തവിധം രഹസ്യ കോഡുകൾ വഴിയാണ്‌ കൈമാറുന്നത്‌. കേന്ദ്രം പറയുന്നത്‌ ഏതു സന്ദേശവും ഏതു ഘട്ടത്തിൽവച്ചും പരിശോധിക്കാനും ചോർത്താനും കഴിയണമെന്നാണ്‌. ഇത്‌ സന്ദേശത്തിന്‌ നിലവിലുള്ള സ്വകാര്യത നഷ്ടപ്പെടുത്തും.

മറ്റൊന്ന്‌, സന്ദേശത്തിന്റെ ഉറവിടമേത്‌? ആര്‌? എന്ന വിവരങ്ങൾ കൂടി കൈമാറണമെന്നാണ്‌. മെസേജിങ്‌ ആപ്‌ രംഗത്തെ വിദഗ്ധർ പറയുന്നത്‌ രാജ്യവിരുദ്ധമോ നിയമവിരുദ്ധമോ അധിക്ഷേപകരമോ ആയ ഏതു സന്ദേശവും നീക്കാനും  അത്‌ ഇട്ടവർക്കെതിരെ നടപടിയെടുക്കാനും  ഇപ്പോൾ സംവിധാനമുണ്ട്‌. എന്നാൽ, ‘ആക്ഷേപകരമായത്‌ ഏത്‌’ എന്ന്‌ നിശ്ചയിക്കാനുള്ള അധികാരംകൂടി കേന്ദ്ര ഐടി വകുപ്പിന്‌ ലഭിക്കുന്നതോടെ അതിന്റെ ലക്ഷ്യം മാറുമെന്നാണ്‌.

ബോംബെ ഐഐടിയിലെ വിവരസാങ്കേതികവിദ്യാ വിദഗ്ധനായ ഡോ. മനോജ്‌ പ്രഭാകരൻ പറയുന്നത്‌ നിലവിലുള്ള ‘എൻക്രിപ്ഷൻ ’ രീതി വളഞ്ഞ വഴിയിലൂടെ പൊളിച്ചാൽ ക്രിമിനലുകളായിരിക്കും അത്‌ കൂടുതൽ ഉപയോഗിക്കുക എന്നാണ്‌. നരേന്ദ്ര മോഡി അധികാരത്തിൽ വന്നശേഷമാണ്‌ ഐടി പ്ലാറ്റ്‌ഫോമുകളിലെ സുരക്ഷയും സ്വാതന്ത്ര്യവും ചോദ്യംചെയ്യുന്ന നീക്കമുണ്ടായത്‌.   നെറ്റ്‌ഫ്ലിക്സ്‌ ഉൾപ്പെടെ ഒടിടി പ്ലാറ്റ്‌ ഫോമുകളിൽ വരുന്ന സീരീസുകളിലെ ഉള്ളടക്കത്തിനെതിരെ വൻ പ്രചാരണം നടത്തിയിരുന്നു. ഇപ്പോൾ, പുതിയ ചട്ടത്തിന്റെ വരുതിയിൽ ഒടിടികളും ഉൾപ്പെടുന്നു.

എന്താണ്‌ ലക്ഷ്യം?

സമൂഹത്തിൽ വലിയ സ്വാധീനമായി മാറിക്കഴിഞ്ഞു സാമൂഹ്യ മാധ്യമങ്ങളുൾപ്പെടെയുള്ള ഐടി പ്ലാറ്റ്‌ഫോമുകൾ. അതിർവരമ്പുകൾ കടക്കുമ്പോൾ നിയന്ത്രിക്കാനുള്ള സംവിധാനം നിശ്ചയമായും ആവശ്യമാണ്‌. ഇപ്പോൾ തന്നെ അത്തരം നിയന്ത്രണ സംവിധാനങ്ങളുണ്ട്‌.  കാലാനുസൃതമായി അവ പരിഷ്കരിക്കുകയാണ്‌ വേണ്ടത്‌.

ഏറ്റവുമൊടുവിൽ, ഇന്ത്യയിലെ സോഷ്യൽ മീഡിയ കമ്പനികൾക്ക്‌ കേന്ദ്ര സർക്കാർ കർശനമായ ഒരു നിർദേശം കൊടുത്തു. ‘മഹാമാരിയുമായി ബന്ധപ്പെടുത്തി പ്രചരിക്കുന്ന തെറ്റായ ഉള്ളടക്കങ്ങൾ നീക്കണം.’ എന്നാൽ, അതോടൊപ്പം ചേർത്ത്‌ മറ്റൊന്നുകൂടി പറഞ്ഞു;  മഹാമാരിയെ നേരിടുന്നതിൽ കേന്ദ്ര സർക്കാരിന്റെ വീഴ്‌ച ചൂണ്ടിക്കാട്ടുന്ന ഉള്ളടക്കങ്ങളും നീക്കണം.

ട്വിറ്റർ അടക്കമുള്ള സോഷ്യൽ മീഡിയകൾ അത്‌ വിസമ്മതിച്ചു. തുടർന്നാണ്‌ ഓരോ കാരണം പറഞ്ഞ്‌ അവരോട്‌ കേന്ദ്ര സർക്കാർ പ്രതികാര നടപടികൾ തുടങ്ങിയത്‌.

വിമർശിക്കുന്നത്‌ ആരൊക്കെയാണോ, ഏതു വഴിയിലൂടെയാണോ അവയെല്ലാം അവസാനിപ്പിക്കുകയാണ്‌ ഇന്ത്യയിലെ പുതിയ ‘ജനാധിപത്യം’! പുതിയ ചട്ടങ്ങൾ സംബന്ധിച്ച്‌ ഐടി പ്ലാറ്റ്‌ഫോമുകൾ നിയമയുദ്ധത്തിലേക്ക്‌ നീങ്ങുന്നതിനാൽ സംഘപരിവാർ അധികാരകേന്ദ്രങ്ങൾ ‘നിയമം’ പ്രയോഗിച്ചേക്കാം. പക്ഷേ, ജനങ്ങളുടെ മുന്നിൽ ‘സുരക്ഷ, സ്വകാര്യത, സ്വാതന്ത്ര്യം’ എന്നിവയെല്ലാം ഒരു ചോദ്യചിഹ്നമായി അവശേഷിക്കും.

ദിനേശ്‌വർമ 

Tuesday, December 15, 2020

ഐടി സെല്‍ നിയമനത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് ഹൈക്കോടതി

 കൊച്ചി> ഹൈക്കോടതി ഐടി  സെല്ലിലെ നിയമനത്തില്‍ ബാഹ്യ ഇടപെടല്‍  ഉണ്ടായിട്ടില്ലെന്ന് കോടതി.ഇത് സംബന്ധിച്ച മനോരമ വാര്‍ത്ത ഹൈക്കോടതി തള്ളി. നിയമനം ഹൈക്കോടതി 'പ്രത്യേകമായി ആവശ്യപ്പെട്ട പ്രകാരമാണ് നടന്നത്.

നിയമനങ്ങള്‍ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ജഡ്ജസ് കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ്.ഹൈക്കോടതി ജഡ്ജിയുടെ നേതൃത്യത്തിലുള്ള സമിതിയാണ് അഭിമുഖം നടത്തിയത്.

എന്‍ ഐ സി ക്ക് ഹൈക്കോടതിയുടെ ആവശ്യത്തിനനുസരിച്ച് സേവനം നല്‍കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ റിപോര്‍ട് നല്‍കിയിട്ടില്ല.ഹൈക്കോടതിയില്‍ നിയമിതരായവര്‍ എന്‍ഐ സി യോടൊപ്പമാണ് പ്രവര്‍ത്തിക്കുന്നതെന്നും രജിസ്ട്രാര്‍ ജനറല്‍ സോഫി തോമസ് വിശദീകരിച്ചു.

Saturday, December 12, 2020

ഇ–നിയമസഭ: 6 സമിതിയുടെ മേൽനോട്ടത്തിൽ ; ആരോപണത്തിൽ കഴമ്പില്ല

നിയമസഭാ പ്രവർത്തനങ്ങളുടെ കംപ്യൂട്ടർവൽക്കരണ നടപടികളെക്കുറിച്ച്‌ പ്രതിപക്ഷനേതാവിന്റെ ആരോപണങ്ങളിൽ കഴമ്പില്ല. ഇ–-നിയമസഭാ പദ്ധതിയുടെ എല്ലാ പ്രവർത്തനവും പ്രതിപക്ഷാംഗങ്ങളും സാങ്കേതിക വിദഗ്ധരും ഉദ്യോഗസ്ഥരുമടങ്ങുന്ന ആറോളം സമിതികളുടെ മേൽനോട്ടത്തിലായിരുന്നു.

ദേശീയ ഐടി നയത്തിന്റെ ഭാഗമായി നിയമസഭാ സെക്രട്ടറിയറ്റിന്റെ പ്രവർത്തനവും സഭാനടപടികളും കടലാസ് രഹിതമാക്കാൻ നടപടി ആരംഭിച്ചത്‌ യുഡിഎഫ്‌ സർക്കാരാണ്‌. 2015ലാണ്‌ ‘ഇ–-നിയമസഭ' കമ്മിറ്റി രൂപീകരിച്ചത്‌. അതിന്റെ തുടർച്ചയായാണ്‌ 2016 ഒക്‌ടോബർ ആറിന്‌ സ്പീക്കറുടെ അധ്യക്ഷതയിൽ യോഗം ചേർന്ന്‌ നടപടികൾ സ്വീകരിച്ചത്‌.

സഭാനടപടികളുടെ കംപ്യൂട്ടർവൽക്കരണം വിദഗ്‌ധമായ രീതിയിൽ പൂർത്തീകരിക്കേണ്ടതിനാലാണ്‌ ടോട്ടൽ സൊലൂഷൻ പ്രൊവൈഡറായി ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തുതന്നെ അംഗീകരിച്ച ഊരാളുങ്കലിനെ ചുമതല ഏൽപ്പിച്ചത്‌. 2019 ജനുവരിയിൽ വിശദമായ പ്രോജക്റ്റ് റിപ്പോർട്ട് സമർപ്പിച്ചു. ഐടി വിദഗ്‌ധരടങ്ങുന്ന ടെക്നിക്കൽ കമ്മിറ്റി അതിന് അംഗീകാരം നൽകി. പദ്ധതി നിർവഹണം സംബന്ധിച്ച് ഒപ്പുവച്ച കരാർ പ്രകാരമാണ്‌ പദ്ധതി തുകയുടെ 30 ശതമാനം  ഊരാളുങ്കലിന്‌ നൽകിയത്‌.  പദ്ധതി നടപ്പാക്കാൻ എൻഐസിയെ സമീപിച്ചില്ലെന്ന പ്രതിപക്ഷ ആരോപണവും തെറ്റാണ്‌.

എൻഐസിയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തിരുന്നെങ്കിലും സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് നിശ്ചിത സമയത്തിനകം പൂർത്തീകരിക്കാൻ കഴിയില്ലെന്നാണ്‌ അറിയിച്ചത്‌. മുഴുവൻ തുകയും മുൻകൂറായി ലഭിക്കണമെന്നും അറിയിച്ചതിനാലാണ് എൻഐസിയെ ഏൽപ്പിക്കാതിരുന്നത്‌.

ആറ്‌ സമിതി

ഉന്നതതല സമിതി

പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ നൽകാൻ സ്പീക്കർ അധ്യക്ഷനായി എംഎൽഎമാർ ഉൾപ്പെട്ട ഉന്നതതലസമിതി കഴിഞ്ഞ ജനുവരി 13ന് രൂപീകരിച്ചു.

സ്റ്റിയറിങ്‌ കമ്മിറ്റി

മേൽനോട്ടത്തിനായി നിയമസഭാ സെക്രട്ടറി ചെയർമാനായ സ്റ്റിയറിങ്‌ കമ്മിറ്റി 30ന് രൂപീകരിച്ചു. ഐടി മിഷൻ ഡയറക്ടറെ പദ്ധതിയുടെ നോഡൽ ഓഫീസറായി നിയോഗിച്ച് കമ്മിറ്റിയിൽ ഉൾപ്പെടുത്തി.

ടെക്നിക്കൽ കമ്മിറ്റി

ഡിപിആർ പരിശോധിച്ച് പദ്ധതി നടപ്പാക്കുന്നതിന്‌ ഐടി മിഷനിലെ പ്രതിനിധി ഉൾപ്പെടെ ഒരു ടെക്നിക്കൽ കമ്മിറ്റി 2018 ജനുവരിയിൽ രൂപീകരിച്ചു.

ഉപദേശക സമിതി

 മാർഗനിർദേശങ്ങൾ നൽകാൻ നിയമസഭാ സെക്രട്ടറി ചെയർമാനായ ഉപദേശക സമിതി.

ടെക്നിക്കൽ വെരിഫിക്കേഷൻ കമ്മിറ്റി

പൊതുമരാമത്ത്‌ വകുപ്പിലെ സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ വിഭാഗങ്ങളിലെ എക്സിക്യൂട്ടീവ് എൻജിനിയർ, അസിസ്റ്റന്റ് എഇ തലത്തിലെ ഉദ്യോഗസ്ഥരടങ്ങുന്ന ടെക്നിക്കൽ വെരിഫിക്കേഷൻ കമ്മിറ്റി 2019 ജൂൺ 28ന്‌ രൂപീകരിച്ചു. 

വിദഗ്ധ സമിതി:

നിയമസഭാ സെക്രട്ടറിയറ്റിലെ വിവിധ വിഭാഗങ്ങളുടെ പ്രവർത്തനം സംബന്ധിച്ച് ആവശ്യമായ വിവരങ്ങളും നിർദേശങ്ങളും നൽകാൻ ഒരു വിദഗ്ധ സമിതിയും രൂപീകരിച്ചു.

വിജേഷ്‌ ചൂടൽ 

Thursday, October 29, 2020

ടെക്‌നോപാര്‍ക്ക് മൂന്നാംഘട്ട വികസനം: നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ സുപ്രീംകോടതി അനുമതി

 ടെക്നോപാര്‍ക്ക് മൂന്നാം ഘട്ട വികസനത്തിന് സുപ്രീംകോടതിയുടെ അനുമതി. സര്‍ക്കാരിന്റെ വികസന നയങ്ങള്‍ക്കുള്ള അംഗീകാരമാണ് സുപ്രീംകോടതി വിധിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കപട പരിസ്ഥിതി വാദമുയര്‍ത്തി തിരുവനന്തപുരത്തെ വികസനം മുടക്കാന്‍ ശ്രമിച്ച വികസന വിരുദ്ധരുടെ ശ്രമങ്ങള്‍ക്കേറ്റ തിരിച്ചടി കൂടിയാണ് സുപ്രീംകോടതി വിധിയെന്നും മന്ത്രി പറഞ്ഞു.

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ ഏറുമ്പോള്‍ തലസ്ഥാനത്തെ ഐടി മേഖല മുരടിപ്പിന്റെ വക്കിലായിരുന്നു. ഇന്‍ഫോസിസ് 10000 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന തങ്ങളുടെ മറ്റൊരു ക്യാമ്പസ് യുഡിഎഫ് സര്‍ക്കാരിന്റെ നിസാഹകരണത്തെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. Capgemini, Accenture തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ ആണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പിന്മാറിയത്.

പിണറായി വിജയന്‍ സര്‍ക്കാര്‍ ഐടി മേഖലയുടെ ഉത്തേജനത്തിന് പ്രഥമ പരിഗണനയാണ് നല്‍കിയത്. ഇതിന്റെ ഭാഗമായി പദ്ധതി ഉപേക്ഷിക്കുന്നതിന്റെ വക്കില്‍ നില്‍ക്കുകയായിരുന്ന ടോറസ് കമ്പനിയെ ഉള്‍പ്പെടെ ചുവപ്പ് നാടകളില്‍ നിന്നും മോചിപ്പിച്ച് കേരളത്തില്‍ ഉറപ്പിച്ചു നിര്‍ത്തി.

നിസ്സാന്‍, എച്ച് ആര്‍ ബ്ലോക്ക്, ടെക് മഹേന്ദ്ര, ടെറാ നെറ്റ്, ഫ്യൂജിറ്റസു, ഹിറ്റാച്ചി, way dot com തുടങ്ങി നിരവധി ബഹുരാഷ്ട്ര കമ്പനികള്‍ ആണ് തലസ്ഥാനത്തേക്ക് എത്തിയത്. ടെക്‌നൊസിറ്റിയില്‍ പൂര്‍ത്തിയാകുന്ന 2 ലക്ഷം ചതുരശ്ര അടി സ്ഥലം മുഴുവനും വിവിധ കമ്പനികള്‍ ബുക്ക് ചെയ്തു കഴിഞ്ഞു. കോവിഡ് 19 പ്രതിസന്ധി ഘട്ടത്തില്‍ പോലും 20 കമ്പനികളാണ് കേരളത്തിലേക്ക് പുതുതായി എത്തിയത്.

Wednesday, October 21, 2020

കേരളത്തിലെത്തി... 20 പുതിയ ഐടി കമ്പനി ; കോവിഡ്‌ കാലത്തും കുതിപ്പ്‌

 കോവിഡ്‌ അടച്ചുപൂട്ടലിനുശേഷം സംസ്ഥാനത്ത്‌ എത്തിയത് 20 ഐടി കമ്പനി. മുന്നൂറിലധികം പേർക്ക്‌ ഇതിലൂടെ തൊഴിൽ ലഭിച്ചു. നിലവിലുണ്ടായിരുന്ന അഞ്ചു കമ്പനി വികസനത്തിനായി കൂടുതൽ സ്ഥലം ആവശ്യപ്പെട്ടിട്ടുണ്ട്‌. നൂറുദിവസത്തിനുള്ളിൽ ടെക്‌നോപാർക്കിൽ അഞ്ഞൂറും ഇൻഫോപാർക്കിൽ ആയിരവും സൈബർപാർക്കിൽ 125ഉം തൊഴിലവസരം സൃഷ്ടിക്കപ്പെടും.

ടെക്‌നോസിറ്റിയിലെ ഐടി കെട്ടിട സമുച്ചയം, ടെക്‌നോപാർക്കിലെ ടോറസ് ഗ്രൂപ്പിന്റെ ഐടി കെട്ടിടം, ടെക്‌നോസിറ്റിയിലും ടെക്‌നോപാർക്ക് ഒന്നാംഘട്ടത്തിലും നടപ്പാക്കുന്ന ബ്രിഗേഡ് പദ്ധതി, ഇൻഫോപാർക്കിലെ ബ്രിഗേഡ് കാർണിവൽ, ലുലു കമ്പനികളുടെ പദ്ധതികൾ എന്നിവയാണ് ഐടിമേഖലയിൽ സംസ്ഥാനത്തെ പുതിയ പ്രധാന പദ്ധതികൾ. ടെക്‌നോപാർക്കിലെ വിൻവിഷ് കമ്പനി ഒരു ഏക്കറിൽ ഐടി ക്യാമ്പസ് നിർമിക്കും. നൂറു കോടിയുടെ പദ്ധതിയാ‌ണ്‌. കൂടുതൽ കമ്പനികൾ കേരളത്തിലേക്ക് വരാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനായി ചർച്ചകൾ പുരോഗമിക്കുന്നു.

ടെക്‌നോസിറ്റിയിൽ നൂറു കോടി മുടക്കിൽ രണ്ടു ലക്ഷം ചതുരശ്രഅടിയിൽ നിർമിക്കുന്ന സർക്കാർ ഐടി കെട്ടിടം ഡിസംബറിൽ കമീഷൻ ചെയ്യും. നിർമാണം പൂർത്തിയാക്കിയ കൊരട്ടി ഇൻഫോപാർക്ക്, ഐബിഎസിന്റെ ഐടി ക്യാമ്പസ് എന്നിവ അടുത്ത വർഷം പ്രവർത്തനം ആരംഭിക്കും. കാസ്‌പിയൻ ടെക്‌നോളജി പാർക്ക്, മീഡിയ സിസ്റ്റം ഇന്ത്യാ സൊല്യൂഷൻസ്, കോഴിക്കോട് സൈബർപാർക്കിൽ പ്ലഗ് ആൻഡ്‌ പ്ലേ ബിസിനസ്‌ ഓഫീസ് എന്നിവയുടെ നിർമാണവും പുരോഗമിക്കുന്നു.

കോവിഡിനെത്തുടർന്ന് കമ്പനികൾ ഹൈബ്രിഡ് വർക്കിങ് സംവിധാനത്തിലേക്ക് മാറുകയാണ്. വർക്ക് ഫ്രം ഹോം, വർക്ക് ഫ്രം ഓഫീസ് എന്നിവ സംയോജിപ്പിച്ചുള്ള പ്രവർത്തനമാണ് ഇത്.

Monday, September 28, 2020

66 എ ഉണ്ടായിരുന്നെങ്കില്‍ എന്ന് വാദിക്കുന്നവരോട്..

 ഐ ടി ആക്ടിലെ 66 എ വകുപ്പ് പുന:സ്ഥാപിക്കണമെന്ന്ചിലര്‍ ഉയര്‍ത്തുന്ന ആവശ്യത്തെപ്പറ്റി മുന്‍ രാജ്യസഭാംഗവും ദേശാഭിമാനി ചീഫ് എഡിറ്ററുമായ പി രാജീവ് എഴുതുന്നു. ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്:

 സ്ത്രീകൾക്ക് നേരെ സൈബറിടങ്ങളിൽ നടക്കുന്ന കടന്നാക്രമണങ്ങളെ സംബന്ധിച്ച ചർച്ചയിൽ ഐടി ആക്ടിലെ സെഷൻ 66 A ഉടൻ പുന:സ്ഥാപിക്കണമെന്ന് ചിലർ ആവശ്യപ്പെടുന്നതു കണ്ടു. സെഷൻ 66 A റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെണ്ടിൽ പ്രമേയം അവതരിപ്പിച്ച ആളെന്ന നിലയിൽ ഒരു കാര്യം വ്യക്തമാക്കേണ്ടത് ഉത്തരവാദിത്തമായി കരുതുന്നു  . സെഷൻ 66 A ഇപ്പോഴും ഉണ്ടായിരുന്നെങ്കിൽ ഇന്നത്തെ ഇന്ത്യയിൽ ട്വിറ്ററും ഫേസ് ബുക്കും ഉപയോഗിക്കുന്ന മിക്കവരും ജയിലിനകത്തായിരുന്നേനെ. കോർട്ടലക്ഷ്യ കേസൊന്നും ആവശ്യമില്ലാതെ തിഹാർ ജയിലിലേക്ക് അയക്കാൻ എളുപ്പത്തിൽ കഴിയുമായിരുന്നു. 

എങ്ങനെയും വ്യാഖ്യാനിക്കാവുന്ന വാക്കുകളാണ് 66 A യിൽ ഉപയോഗിച്ചിരിക്കുന്നതെന്നും അത് ഭരണഘടനയിൽ 19 (2) ലെ യുക്തിപരമായ നിയന്ത്രണങ്ങൾക്ക് പുറത്താണെന്നും അതുകൊണ്ട് റദ്ദാക്കണമെന്നുമായിരുന്നു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നത്. പിന്നീട് സുപ്രീം കോടതി ഇത് ശരിവെയ്ക്കുകയും ഭരണഘടന വിരുദ്ധമാണെന്ന് പ്രഖ്യാപിക്കുകയും  ചെയ്തു

ബാൽ താക്കറേയുടെ നിര്യാണത്തെ തുടർന്ന് ഹർത്താൽ പ്രഖ്യാപിച്ചതിനെ വിമർശിച്ച് ഫേസ് ബുക്കിൽ പോസ്റ്റിട്ട യുവതിയേയും അത് ലൈക്ക് ചെയ്ത സുഹൃത്തിനെയും അറസ്റ്റ് ചെയ്ത് ജയിലിലടക്കാൻ സെഷൻ 66 A ധാരാളമായിരുന്നു. മമത ബാനർജിയെ വിമർശിച്ച കാർട്ടൂൺ ഷെയർ ചെയ്ത ജാദവ്പൂർ സർവ്വകലാശാലയിലെ പ്രൊഫസറിനെ ജയിലിലേക്ക് അയക്കാനും സെഷൻ 66 A മതിയായിരുന്നു. ഇങ്ങനെയെത്രയോ അനുഭവങ്ങൾ. 

2008 ലാണ് ചർച്ചകളൊന്നും കൂടാതെ ഐ ടി ആക്ട് ഭേദഗതി ചെയ്ത് 66 A കൂട്ടി ചേർത്തത്.വേണ്ടത്ര ആലോചനയില്ലാതെയായിരുന്നതു കൊണ്ട് കുറ്റകൃത്യങ്ങൾ മൂർത്തമായി നിർവചിക്കാതെ പോയി.  ഇത് റദ്ദാക്കപ്പെട്ടതോടെ യുക്തിപരമായ നിയന്ത്രണങ്ങളെ കൂടി അഭിസംബോധന ചെയ്യുന്ന നിയമം ഇല്ലാതായി എന്നത് ശരിയാണ് . ഭരണഘടനാനുസ്യതമായി നിയതമായ നിർവചനങ്ങളോടെ ഭേദഗതി ഐ ടി നിയമത്തിന് കൊണ്ടുവരേണ്ടതുണ്ട്. ഒപ്പം സമീപകാല മാറ്റങ്ങളെ ഉൾക്കൊള്ളുകയും വേണം.

എന്നാൽ 66 A ഇല്ലാതായതോടെ അശ്ലീല പോസ്റ്റുകൾ കുറ്റകരമല്ലാതായി എന്നത് തെറ്റാണ്. ഐ ടി നിയമത്തിലെ സെഷൻ 67 പ്രകാരം അശ്ലീല പോസ്റ്റുകളും മെയിലുകളും മറ്റും അയക്കുന്നത് 3 വർഷം ശിക്ഷ കിട്ടാവുന്ന കുറ്റമാണ്. വാട്ട്സാപ്പ് ഗ്രൂപ്പുകൾ പൊതു ഇടമാണെന്ന് അഹമ്മദബാദ് ഹൈക്കോടതി വിധിയും പ്രസക്തം.

സൈബറിടങ്ങളെ എന്തിനും ഉപയോഗിക്കുന്നവരെ ശിക്ഷിക്കാൻ കരുത്തുള്ള നിയമം വേണം, ഒപ്പം വിയോജിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടുകയും വേണം

പി രാജീവ്

Saturday, August 1, 2020

29,510 പേർക്ക്‌ തൊഴിൽ, കയറ്റുമതിയിൽ 3891 കോടിയുടെ വർധന ; വൈറലായി ഐടി

ഐടി മേഖലയിൽ വൻകുതിപ്പുമായി കേരളം. തൊഴിൽ ലഭ്യത, കയറ്റുമതി, വരുമാനം എന്നീ മേഖലകളിൽ എൽഡിഎഫ്‌ സർക്കാർ കൈവരിച്ചത്‌ സമഗ്രമായ വളർച്ച‌. നാലുവർഷത്തിനിടയിൽ (2020 ഫെബ്രുവരിവരെ) മൂന്ന്‌ ഐടി പാർക്കുകളിലായി 29,510 പേർക്ക്‌ പുതുതായി തൊഴിൽ ലഭിച്ചു‌. പുതിയ കമ്പനികളുടെ എണ്ണത്തിലും റൊക്കോഡ്‌ വളർച്ചയാണ്‌. ഐടി കയറ്റുമതിയിൽ 3891.24 കോടി രൂപയുടെതാണ്‌ വർധന. ഐടി പാർക്കുകളിലെ ഇടം (സ്‌പെയ്‌സ്)‌ വൻതോതിൽ കൂട്ടിയും ലോകോത്തര കമ്പനികളെയടക്കം എത്തിച്ചുമാണ്‌ ഈ നേട്ടം‌. കോവിഡ്‌ പ്രതിസന്ധി ഇല്ലായിരുന്നുവെങ്കിൽ ഇതിലും വലിയ മുന്നേറ്റം കൈവരിക്കാനാകുമായിരുന്നു. തിരുവനന്തപുരത്ത്‌ 2018 ഒക്ടോബറിൽ തുടക്കമിട്ട ടോറസ്‌ ഡൗൺ ടൗൺ പദ്ധതി പൂർത്തിയാക്കുന്നതോടെ 25,000 പേർക്കുകൂടി തൊഴിൽ ലഭിക്കും.

മൂന്നു പാർക്കിലുമായി 52.44 ലക്ഷം ചതുരശ്രയടിയാണ്‌  പുതുതായി കൂട്ടിച്ചേർത്തത്‌. തിരുവനന്തപുരം ടെക്‌നോപാർക്കിൽ 19.5 ലക്ഷവും കൊച്ചി ഇൻഫോപാർക്കിൽ 30 ലക്ഷവും കോഴിക്കോട്‌ സൈബർ പാർക്കിൽ 2.94 ലക്ഷം ചതുരശ്ര അടിയും വർധിപ്പിച്ചു‌. വരുന്ന ഒരുവർഷം‌ 35.5 ലക്ഷം ചതുരശ്രയടികൂടി കൂട്ടാനുള്ള നിർമാണം പൂരോഗമിക്കുന്നു.

കോവിഡ്‌ പ്രതിസന്ധിയിൽ സഹായപദ്ധതികളും വായ്‌പാ ഇളവുകളും വാടകക്കിഴിവുമടക്കം പ്രഖ്യാപിച്ച്‌ സർക്കാർ ഒപ്പമുണ്ട്‌. വർക്ക്‌ നിയർ ഹോം എന്ന ആശയത്തിലൂടെ ജീവനക്കാരുടെ വീടിനടുത്തേക്ക്‌ പാർക്കിന്റെ സൗകര്യം എത്തിക്കാനുള്ള ശ്രമത്തിലാണ്. സെപ്‌തംബറിൽ സംസ്ഥാനത്താകെ 100 വർക്ക്‌ നിയർ ഹോം ഒരുക്കാനാണ്‌ പദ്ധതി. 

എത്തിയത്‌  292 പുതിയ കമ്പനികൾ  

നാലുവർഷത്തിനുള്ളിൽ 292 കമ്പനി  പുതുതായെത്തി‌.  ടെക്‌നോപാർക്കിൽ 82ഉം ഇൻഫോപാർക്കിൽ 179ഉം സൈബർ പാർക്കിൽ 31 കമ്പനിയും‌. ലോകോത്തര കമ്പനികളായ എച്ച്‌ ആൻഡ്‌ ആർ ബ്ലോക്ക്‌, നിസാൻ ഡിജിറ്റൽ, ടെക്‌ മഹീന്ദ്ര, ടെറാനെറ്റ്‌, ഡബ്ല്യുടിസി ബ്രിഗേഡ്‌, വേ ഡോട്ട്‌ കോം (ടെക്‌നോപാർക്ക്‌), ഇൻസ്‌പയേഡ്‌ ഗെയിമിങ്‌, സെല്ലിസ്‌, യുഐഎസ്‌ ഗ്ലോബൽ, കാസ്‌കേഡ്‌ റെവന്യൂ മാനേജ്‌മെന്റ് (ഇൻഫോപാർക്ക്‌)‌, സൈബർ പാർക്കിൽ വിനം സൊലൂഷൻസ്‌, ഐപിക്‌സ്‌ ടെക്‌ സർവീസ്‌ (സൈബർ പാർക്ക്‌) എന്നിവ ഇതിൽ  ഉൾപ്പെടുന്നു. യുഡിഎഫ്‌ ഭരണകാലത്ത്‌ മൂന്നു പാർക്കിലുമായി 250 പുതിയ കമ്പനികളാണ്‌ എത്തിയത്‌.  ഇതിൽ പലതും ചെറുകിട കമ്പനികളായിരുന്നു.

ടെക്‌നോപാർക്കിന്‌ എ പ്ലസ്‌

സാമ്പത്തികഭദ്രതയ്‌ക്കുള്ള ക്രിസിൽ റേറ്റിങ് യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ടെക്‌നോപാർക്കിന്‌ നഷ്ടമായിരുന്നു. 2019ൽ എ റേറ്റിങ്‌ സ്വന്തമാക്കി. ഈ വർഷവും നിലനിർത്തി.  2011ൽ ബിബിബി റേറ്റിങ്ങായിരുന്നെങ്കിൽ 2014ൽ ഡി റേറ്റിങ്ങിലേക്ക്‌ താണു. തുടർന്ന്‌ 2016ൽ ബിബിയും 2017ൽ ബിബിബി പോസിറ്റീവും 2018ൽ ബിബിബി സ്‌റ്റേബിളും 2019ൽ എ സ്‌റ്റേബിളും കൈവരിച്ചു. വായ്‌പ തിരിച്ചടവിലെ കൃത്യത, സാമ്പത്തിക അച്ചടക്കം തുടങ്ങിയവ സംബന്ധിച്ചുള്ള ആധികാരിക റേറ്റിങ്ങാണ്‌ ക്രിസിൽ.

*
മിൽജിത്‌ രവീന്ദ്രൻ

Friday, April 24, 2020

നുണശാലയും ഡാറ്റാ വിവാദവും

കോവിഡ് –-19ന്റെ വ്യാപന അപകടത്തിൽനിന്ന്‌ കേരളം മോചിതമായിട്ടില്ല. എന്നിട്ടും എൽഡിഎഫ് സർക്കാരിനെതിരെ നുണഫാക്ടറി സ്ഥാപിച്ച് വ്യാജ വിവാദ ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നത് പ്രതിപക്ഷത്തെ ഒരുവിഭാഗം വിനോദമായി സ്വീകരിച്ചിരിക്കുകയാണ്. പകർച്ചവ്യാധി പടർന്ന് മനുഷ്യർ മരിച്ചുവീണാലും വേണ്ടില്ല എൽഡിഎഫ് ഭരണത്തിന് അവസാനമുണ്ടാകണം, മുഖ്യമന്ത്രി പിണറായി വിജയന്റെ ജനസ്വീകാര്യത ഇല്ലാതാക്കണം. അത്തരമൊരു ഹീനരാഷ്ട്രീയത്തിലാണ് കോൺഗ്രസ് നയിക്കുന്ന പ്രതിപക്ഷത്തെ ഒരുവിഭാഗം.

അത്തരക്കാരുടെ അധികാര ആർത്തിക്ക് കടിഞ്ഞാൺ ഇടുന്നതിനല്ല, കള്ളുകുടിച്ച കുരങ്ങന് ഇഞ്ചികൂടി കൊടുക്കുന്ന തരം പണിയാണ് ഇവിടത്തെ ഒരുവിഭാഗം മാധ്യമങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്. ഇവരെല്ലാം ചേർന്ന് തട്ടിക്കൂട്ടി കെട്ടിപ്പൊക്കിയിരിക്കുന്നതാണ് ‘ഡാറ്റാ വിവാദം'. ഇവരുടെ ശബ്ദഘോഷത്തിൽ വീണുപോകുന്ന നിഷ്‌‌പക്ഷമതികളും നിഷ്കളങ്കരുമുണ്ട്. എന്നാൽ, വൈകാതെ ഇവരെല്ലാം സത്യം മനസ്സിലാക്കും. ഒരുവർഷം കഴിഞ്ഞ് ആരു ഭരിക്കും, ആരുടെ മുന്നണി അധികാരത്തിൽ വരും എന്നത് അന്നത്തെ നിയമസഭാ തെരഞ്ഞെടുപ്പുഫലത്തിന് വിട്ടുകൊടുക്കുക. ഇപ്പോൾ മരണ വൈറസിന്റെ ആക്രമണത്തിൽനിന്ന്‌ ജനജീവൻ രക്ഷിക്കുന്നതിന് കേരളം ഒന്നായി നിൽക്കുക. ഇതാണ് എൽഡിഎഫ് മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം.

എന്നാൽ, എൽഡിഎഫ് സർക്കാരിനെ താഴ്ത്തിക്കെട്ടുന്നതിന് നുണശാലയിൽനിന്ന്‌ ദിനംപ്രതി ആരോപണങ്ങൾ അയച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമാണ് സർക്കാർ നടപടിയെ സിപിഐ എം കേന്ദ്രനേതൃത്വം തള്ളിയെന്നും എൽഡിഎഫിനുള്ളിൽ വിള്ളലുണ്ടെന്നും എല്ലാമുള്ള അസംബന്ധവാർത്തകൾ. രോഗവ്യാപനം തടയുന്നതിന് രോഗികളുടെയും സമ്പർക്കത്തിലുള്ളവരുടെയും വിവരങ്ങൾ വേഗത്തിലും കൃത്യമായും വിലയിരുത്തേണ്ടതുണ്ട്. അതിന് അമേരിക്കൻ മലയാളിയുടെ ഉടമസ്ഥതയിലുള്ള സ്പ്രി‌ങ്ക്‌ളർ കമ്പനിയുടെ സാങ്കേതികവിദ്യ സൗജന്യമായി സംസ്ഥാന സർക്കാർ ഉപയോഗപ്പെടുത്തി. ഇതിനെ വലിയൊരു പാതകമായും ഭൂമികുലുക്കമായും പ്രതിപക്ഷവും അവരെ പിന്തുണച്ച് ഒരുവിഭാഗം മാധ്യമങ്ങളും ചിത്രീകരിക്കുകയാണ്. ഇത് ഒരുവിഭാഗം ജനങ്ങളിൽ സംശയം സൃഷ്ടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ, കൊറോണ വ്യാപനകാലത്തെ സർക്കാർ ഇടപെടലിലെ മേൻമയും പ്രതിപക്ഷരാഷ്ട്രീയ പ്രവർത്തനത്തിലെ വഴിതെറ്റലും മാധ്യമങ്ങൾ പുലർത്തേണ്ട മിതത്വം ലംഘിക്കുന്നതുമെല്ലാം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് യോഗം എ കെ ജി സെന്ററിൽ ചേർന്നു വിലയിരുത്തുകയും അതൊരു പ്രസ്താവനയായി പുറപ്പെടുവിക്കുകയും ചെയ്തു.

സ്പ്രിങ്ക്ളറുമായി സൗജന്യസേവനത്തിന് കരാറുണ്ടാക്കിയ സർക്കാർ നടപടിയെ സെക്രട്ടറിയറ്റ് യോഗം അംഗീകരിച്ചു. ലോകത്തിനു മാതൃകയാകുന്നവിധത്തിൽ കേരളത്തെ മാറ്റിയ എൽഡിഎഫ് സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും പ്രവർത്തനങ്ങളെ സെക്രട്ടറിയറ്റ് പിന്തുണച്ചു. അസാധാരണ സാഹചര്യങ്ങളിൽ അസാധാരണ നടപടികൾ സ്വീകരിക്കേണ്ടിവരും. സർക്കാർ ഓഫീസുകളുടെ പ്രവർത്തനംതന്നെ പരിമിതപ്പെട്ടിരിക്കുന്ന അവസരത്തിൽ കാലതാമസം ഒഴിവാക്കാൻ സാങ്കേതിക നടപടിക്രമങ്ങൾ മറികടക്കേണ്ടിവരും. അതുപോലെ വ്യക്തികളുടെ സ്വകാര്യത സംരക്ഷിച്ചുകൊണ്ടുതന്നെ വ്യക്തിവിവരങ്ങൾ ശേഖരിച്ച് രോഗവ്യാപനം തടയുന്നതിനായി ഉപയോഗിക്കേണ്ടിവരുമെന്നും പാർടി സെക്രട്ടറിയറ്റ് വിലയിരുത്തി. സർക്കാർ സ്വീകരിച്ച എല്ലാ നടപടിയും സാധാരണനില പുനഃസ്ഥാപിച്ചശേഷം വിശദമായി പരിശോധിച്ച് അനുഭവങ്ങൾ സ്വാംശീകരിക്കുകയും ഭാവിപ്രവർത്തനങ്ങൾക്ക് പാഠം ഉൾക്കൊള്ളുകയും ചെയ്യാനും പാർടി നിശ്ചയിച്ചു.

തോന്നുംപടി നുണവാർത്തകൾ

എന്നാൽ, ഈ പ്രമേയത്തെയും പാർടി നിലപാടിനെയും വക്രീകരിക്കാൻ ചില മാധ്യമങ്ങളും ചില കേന്ദ്രങ്ങളും ഉത്സാഹിച്ചു. പാർടി സെക്രട്ടറിയറ്റിന്റെ തീരുമാനം ഇടതുപക്ഷത്തിന്റെ ദേശീയ രാഷ്ട്രീയത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് ഇക്കൂട്ടരുടെ നിരീക്ഷണം. അത്തരമൊരു നിഗമനത്തിലെത്താൻ ഒരു പത്രം സ്വീകരിച്ച വിലയിരുത്തൽ വിചിത്രമാണ്. നാല്‌ പൊളിറ്റ്‌ ബ്യൂറോ അംഗങ്ങൾ ഉൾപ്പെടെ പങ്കെടുത്ത സംസ്ഥാന സെക്രട്ടറിയറ്റ് യോഗം അസാധാരണ സാഹചര്യത്തിൽ വ്യക്തിയുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം ഇല്ലെന്ന നിലപാട് എടുത്തെന്നാണ് എഴുതിപ്പിടിപ്പിച്ചത്. ഇതിലൂടെ വ്യക്തിയുടെ സ്വകാര്യവിവരങ്ങൾ വിദേശത്തേക്ക് മറിച്ചുവിൽക്കപ്പെടുന്നതിന് സിപിഐ എമ്മും എൽഡിഎഫ് സർക്കാരും അനുകൂലമാണെന്ന ധ്വനിയാണ് നൽകിയിരിക്കുന്നത്. ഇത് അസംബന്ധമാണ്.

കൊറോണക്കാലം കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെയും മാർക്സിസം –- ലെനിനിസത്തിന്റെയും പ്രസക്തി വർധിപ്പിച്ചിരിക്കുകയാണ്. നവ ഉദാരവൽക്കരണ സാമ്പത്തികനയമാണ് അമേരിക്കയുടെ നേതൃത്വത്തിൽ ലോകത്തെമ്പാടുമുള്ള മുതലാളിത്ത രാജ്യങ്ങൾ സ്വീകരിക്കുന്നത്. ഇതിന്റെ ഫലമായി പൊതുജനാരോഗ്യ രംഗങ്ങളിലുൾപ്പെടെ സർക്കാർ ഇടപെടൽ ദുർബലമാക്കി. ഇതിന്റെ ദുരന്തം അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങൾ നേരിടുകയാണ്. ജനങ്ങൾ കൂട്ടത്തോടെ കൊറോണ വന്ന് മരിച്ചുവീണപ്പോൾ ചികിത്സിക്കാൻ ലാഭക്കൊതി തീണ്ടാത്ത ആശുപത്രികൾ ഇല്ലാത്തത് സ്പെയിനിനെ കൂടുതൽ പ്രതിസന്ധിയിലാക്കി. അതേതുടർന്ന് ആശുപത്രികൾ സ്പെയിൻ സർക്കാർ ദേശവൽക്കരിച്ചു. കോവിഡ് –-19നെ പ്രതിരോധിക്കുന്നതിന് മതിയായ ആരോഗ്യസംവിധാനങ്ങൾ ഇല്ലാതെ മുതലാളിത്തലോകം വിറങ്ങലിച്ചുനിൽക്കുകയാണ്. എന്നാൽ, ചൈന, ഉത്തരകൊറിയ, ക്യൂബ, വിയറ്റ്നാം, ലാവോസ് തുടങ്ങിയ സോഷ്യലിസ്റ്റ് ഭരണക്രമമുള്ള രാജ്യങ്ങളും കമ്യൂണിസ്റ്റ് നേതൃഭരണമുള്ള കേരളവും വ്യത്യസ്തമായ അനുഭവം ലോകത്തിന് കാഴ്ചവച്ചു. ഇതിന്റെ ഫലമായി ഇവിടങ്ങളിൽ കോവിഡിന്റെ ആപത്ത് കുറയ്ക്കാനും മരണസംഖ്യ പിടിച്ചുനിർത്താനും കഴിഞ്ഞു. ഇതിന്റെയെല്ലാം ഫലമായി നവ ഉദാരവൽക്കരണ സാമ്പത്തികനയം കടലിൽ തള്ളാനുള്ള ആഹ്വാനം ലോകത്ത് എങ്ങുനിന്നും ഉയരുകയാണ്. ഇവിടെ പ്രസക്തമാകുന്നത് കമ്യൂണിസ്റ്റ് ആശയമാണ്. കോവിഡ് അനന്തരലോകം ചൂഷിതനും ചൂഷകനും ഇല്ലാത്തതാകണമെന്ന്‌ ഫ്രാൻസിസ് മാർപാപ്പ ഈസ്റ്ററിന്റെ വേളയിൽ പ്രകടിപ്പിച്ച ആഗ്രഹം വെറുതെയല്ല. ഇങ്ങനെയെല്ലാം കമ്യൂണിസ്‌റ്റ്‌ ആശയഗതിക്ക്‌ വ്യാപക സ്വീകാര്യത ലഭിച്ച പശ്ചാത്തലത്തിലാണ് എൽഡിഎഫ് സർക്കാരിന്റെ യശസ്സ് ചോർത്താൻ വലതുപക്ഷ രാഷ്ട്രീയക്കാർ നുണക്കഥകളുമായി ഇറങ്ങിയിരിക്കുന്നത്.

സ്പ്രിങ്ക്ളർ സേവനം മുന്നൊരുക്കത്തിന്റെ ഭാഗം

കോവിഡ് –-19നെ തടയുന്നതിൽ കേരളം വിജയിച്ചത് സ്പ്രിങ്ക്ളർ വന്നതുകൊണ്ടാണെന്ന അവകാശവാദം സർക്കാർ നടത്തിയെന്ന ആക്ഷേപം ചില പ്രതിപക്ഷനേതാക്കൾ പ്രചരിപ്പിക്കുന്നുണ്ട്. ഇത് അവരുടെ നുണ ഫാക്ടറിയിലെ മറ്റൊരു ഉൽപ്പന്നമാണ്.  കോവിഡ് യുദ്ധത്തിൽ വലിയൊരു അളവിൽ കേരളം വിജയിച്ചതിന്റെ ക്രെഡിറ്റ് ജനങ്ങൾക്കുള്ളതാണെന്ന് മുഖ്യമന്ത്രി നേരത്തേ പറഞ്ഞിട്ടുണ്ട്. ആരോഗ്യപ്രവർത്തകരും ആശാ വർക്കർമാരും പൊലീസും അഗ്നിരക്ഷാസേനക്കാരും സർക്കാർ ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരും മാധ്യമപ്രവർത്തകരും അടച്ചുപൂട്ടലിന് വിധേയരായവരുമെല്ലാം ഉൾപ്പെടുന്നതാണ് ഈ ജനങ്ങൾ. ഇവരെയെല്ലാം ഏകോപിപ്പിക്കുന്നതിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ ചെയ്തത് മഹത്തായ കാര്യമാണ്. രോഗം വന്നവരെ നിരീക്ഷിക്കാനും രോഗം വരാൻ സാധ്യതയുള്ളവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനുമാണ് സ്പ്രിങ്ക്ളർ കമ്പനിയുടെ സേവനം ഉപയോഗിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ഐടി വകുപ്പും സി‐ഡിറ്റും അവരുടെ പ്രവർത്തനത്തിന്  ഇവരുടെ സഹായം സ്വീകരിച്ചു.

സ്പ്രിങ്ക്ളർ ഒരു ബിഗ് ഡാറ്റാ അനലൈസിങ്‌ കമ്പനിയാണ്. കേരളത്തിൽ 80 ലക്ഷം കോവിഡ് കേസുകൾവരെ എത്തിയാലും സൂക്ഷ്മമായ വിവരവ്യാഖ്യാനം നടത്തണം. അതിനെ മൾട്ടിപ്പിൾ മീഡിയ ഡാറ്റ, വാട്‌സാപ്‌, ഫെയ്സ്ബുക്ക് തുടങ്ങി ഇപ്പോൾ നാട്ടിൽനിന്ന്‌ ശേഖരിച്ച ചോദ്യങ്ങളിലെ വിവരങ്ങൾവരെ ഏകോപിപ്പിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ ഓരോ പ്രദേശത്തെയും രോഗവ്യാപനം തടയാനുള്ള വിവരം കിട്ടണം. അതിനെ അമേരിക്കൻ മലയാളിയുടെ കമ്പനിയുടെ സാങ്കേതികവിദ്യക്ക്‌ സഹായം നൽകാൻ കഴിയുമെന്ന് സാങ്കേതിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ലോകാരോഗ്യസംഘടനയുടെ പ്രവർത്തനങ്ങളിൽവരെ പങ്കാളിയായ ഈ കമ്പനി 16,000 കോടി രൂപയുടെ ആസ്തിയുള്ളതാണ്. സ്വകാര്യവിവരങ്ങൾ പുറത്തുവിടില്ലെന്ന ഉറപ്പിൽ പ്രവർത്തിക്കുന്ന കമ്പനിയുമാണ്. അത്തരമൊരു സ്ഥാപനം കേരളത്തിൽനിന്നു ലഭിച്ച വിവരങ്ങൾ വിറ്റ് കാശാക്കിയാൽ ആ കമ്പനി എന്നെന്നേക്കുമായി പൂട്ടപ്പെടും.

വിദേശ കമ്പനിയെ സോഫ്ട്‌‌വെയർ കാര്യങ്ങളിൽ പങ്കാളിയാക്കുന്നത് മഹാ അപരാധമാണെങ്കിൽ എഐസിസിയും രാജസ്ഥാൻ, പഞ്ചാബ് സർക്കാരുകളും കേന്ദ്രസർക്കാരുമൊക്കെ പ്രതിക്കൂട്ടിലാകില്ലേ! അമേരിക്കൻ കമ്പനിയായ ടാബ്ലോയുമായാണ് രാജസ്ഥാൻ സർക്കാർ കരാറിലേർപ്പെട്ടിരിക്കുന്നത്. അങ്ങനെയെങ്കിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെതിരെ ചെന്നിത്തല കോടതിയിൽ പോകുമോ.

മഹാമേരുവിനെ ചിതൽപ്പുറ്റാക്കാനും കുഴിയാനയെ കൊമ്പനാന ആക്കാനുമുള്ള ചെപ്പടിവിദ്യയാണ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടക്കുന്ന അപവാദവ്യവസായം. ഇക്കൂട്ടത്തിലാണ് കൊറോണ രോഗവുമായി ബന്ധപ്പെട്ട്‌ ശേഖരിക്കുന്ന വ്യക്തിവിവരങ്ങൾ ബഹുരാഷ്ട്രമരുന്നു കമ്പനികൾക്ക് വിറ്റ് കാശുണ്ടാക്കുന്നുവെന്ന ചെന്നിത്തലയുടെയും കൂട്ടരുടെയും ആക്ഷേപം. ലോകം ഭയക്കുന്ന മരണ വൈറസിന് മരുന്ന് കണ്ടുപിടിക്കുന്നതിനുള്ള ഒറ്റമൂലി കേരളത്തിലെ രോഗബാധിതരായ 400ൽ താഴെ പേരുടെ വ്യക്തിവിവരങ്ങളാണെന്ന നിഗമനം അത്ഭുതകരംതന്നെ. ഏതു ഘട്ടത്തിലാണെങ്കിലും ഒരാളുടെയും വ്യക്തിവിവരം ചോരാൻ പാടില്ലെന്നതാണ് സിപിഐ എം നയം. അതിന് എൽഡിഎഫ് സർക്കാർ പ്രാധാന്യം നൽകുന്നു. അതുകൊണ്ടാണ് സ്പ്രിങ്ക്ളറിന്റെ ആപ്ലിക്കേഷൻ ഉപയോഗിക്കുമ്പോൾത്തന്നെ അതിന്റെ പൂർണനിയന്ത്രണം സംസ്ഥാന സർക്കാർ സ്ഥാപനമായ സി‐ഡിറ്റിനെ ഏൽപ്പിച്ചത്. അതിനാൽ ഡാറ്റ ചോരുന്ന പ്രശ്നമില്ല. ഡാറ്റ പൂർണമായും സർക്കാർ ഉടമസ്ഥതയിലാണെന്നും അത് രാജ്യത്തെ സെർവറുകളിൽ സൂക്ഷിക്കുമെന്നും മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കില്ലെന്നും നിലവിലുള്ള കരാറിൽത്തന്നെ വ്യവസ്ഥയുണ്ടാക്കി. വിവരങ്ങൾ നൽകുന്നവരോട് ഡാറ്റ എന്തിനൊക്കെ ഉപയോഗിക്കുമെന്ന് അറിയിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതെല്ലാം മറച്ചുവച്ചാണ് പ്രതിപക്ഷം സംസ്ഥാന സർക്കാരിനും വിശിഷ്യാ മുഖ്യമന്ത്രിക്കുമെതിരെ ആക്ഷേപം പ്രചരിപ്പിക്കുന്നത്. കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണത്തിൽ ബിജെപി നേതാവ് കെ സുരേന്ദ്രൻ ചെന്നിത്തലയ്ക്ക് കൂട്ടായി രംഗത്തെത്തിയിട്ടുണ്ട്.

സംസ്ഥാനത്തെ റേഷൻ കാർഡ് വിവരങ്ങളും ചോർന്നുവെന്ന വ്യാജ ബ്രേക്കിങ്‌ ന്യൂസും കോൺഗ്രസ് നേതാക്കളുടെ വാർത്താസമ്മേളനത്തിലൂടെ മാധ്യമങ്ങളിൽ ഇടംകണ്ടു. റേഷൻ കാർഡ് സംബന്ധിച്ച വിവരങ്ങളൊന്നും ചോർന്നിട്ടില്ല. എന്നിട്ടും അപവാദങ്ങളുടെ മൺകോട്ട കെട്ടുന്നതിന് ഒരു മനഃസാക്ഷിക്കുത്തും ഇല്ല. കോവിഡ് പ്രതിരോധയുദ്ധത്തിൽ സമാനതകളില്ലാത്ത ഇടപെടലുകളാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഇതിന് സിപിഐ എം കേന്ദ്ര–-സംസ്ഥാന ഘടകങ്ങൾ കലവറയില്ലാത്ത പിന്തുണയാണ് നൽകുന്നത്. എന്നിട്ടും സ്പ്രിങ്ക്ളർ കരാറിനെ പാർടി കേന്ദ്രനേതൃത്വം തള്ളിയെന്ന വ്യാജവാർത്ത മനോരമ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. അത് അറിഞ്ഞുകൊണ്ട് സൃഷ്ടിച്ച വ്യാജവാർത്തയാണ്. ആ വാർത്ത തള്ളി പാർടി പൊളിറ്റ്ബ്യൂറോ പ്രസ്താവന പുറപ്പെടുവിച്ചു.

കോവിഡിനെ പ്രതിരോധിക്കുന്നതിൽ മാത്രമല്ല, ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിലും എൽഡിഎഫ് സർക്കാരിന്റെ നടപടികൾ ഇന്ത്യയും ലോകവും അംഗീകരിക്കുകയാണ്. ഇത് കാരണം വരാൻ പോകുന്ന തെരഞ്ഞെടുപ്പുകളിൽ ജനങ്ങൾ എൽഡിഎഫിനെ വലിയതോതിൽ പിന്തുണയ്ക്കുമെന്നു കണ്ടാണ് കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർടികളും സർക്കാർ വിരുദ്ധപ്രചാരണത്തിന് ആക്കംകൂട്ടിയിരിക്കുന്നത്. പക്ഷേ, ഇത് മരണ വൈറസിനെ തോൽപ്പിക്കുന്നതിനുള്ള വേളയാണെന്ന തിരിച്ചറിവ് ഇക്കൂട്ടർക്ക് നൽകുന്നതിനു പകരം അവർക്ക് ഊർജംപകരുന്ന വ്യാജവാർത്തകൾ പടയ്ക്കുന്നത് കോവിഡ് വിരുദ്ധ പ്രവർത്തനത്തെ ദുർബലപ്പെടുത്തലാണ്. ഈ തിരിച്ചറിവ് മാധ്യമങ്ങൾക്കും ഉണ്ടാകണം.

കോടിയേരി ബാലകൃഷ്ണൻ

വിവരസുരക്ഷാവിഷയത്തിൽ സിപിഐ എമ്മിനും സിപിഐക്കും ഒരേ നിലപാട്‌: കോടിയേരി ബാലകൃഷ്‌ണൻ

തിരുവനന്തപുരം: വിവരശേഖരണ വിഷയത്തിൽ പ്രതിപക്ഷ  പ്രചാരണത്തിന്‌ ഒരു അടിസ്ഥാനവുമില്ലെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജനങ്ങളുടെ ജീവൻ രക്ഷിക്കുക എന്നതിലുപരി  സർക്കാരിനെയും മുഖ്യമന്ത്രിയെയും അപകീർത്തിപ്പെടുത്താനാണ്‌  ശ്രമം‌.  പ്രതിരോധ പ്രവർത്തനങ്ങളുടെ ശോഭ കെടുത്തുന്നു. കേരളത്തിൽ എൽഡിഎഫിന്‌ അനുകൂലമായ രാഷ്‌ട്രീയതരംഗം ഉണ്ടാകുമോയെന്ന ഭയമാണ്‌ പ്രതിപക്ഷത്തിന്‌. സ്‌പ്രിങ്ക്‌ളർ ഇടപാട് അസാധാരണ സാഹചര്യത്തിൽ സ്വീകരിക്കേണ്ടിവന്നതാണ്. ഞങ്ങളുടെ പാർടിയിലോ സിപിഐയിലോ ചർച്ച ചെയ്‌തല്ല തീരുമാനിച്ചത്‌.  സാധാരണനില പുനഃസ്ഥാപിച്ചശേഷം  ആവശ്യമായവ  പരിശോധന നടത്താൻ  പാർടി തീരുമാനിച്ചിട്ടുണ്ട്‌.

വിവരസുരക്ഷാവിഷയത്തിൽ സിപിഐ എമ്മിനും സിപിഐക്കും  ഒരേ നിലപാടാണെന്നും അതിൽ പിറകോട്ട് പോയിട്ടില്ലെന്നും  കോടിയേരി പറഞ്ഞു. സിപിഐ  സഹോദര പാർടിയാണ്. അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ  തുറന്ന് ചർച്ചചെയ്യും. സിപിഐയുമായി ഏത് ചർച്ചയ്ക്കും വൈമനസ്യമില്ല. കഴിഞ്ഞദിവസം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ആശയവിനിമയം നടത്തി കാര്യങ്ങളിൽ വ്യക്തത വരുത്തിയിട്ടുണ്ട്.

ശേഖരിക്കുന്ന ഡാറ്റ വാണിജ്യാവശ്യങ്ങൾക്ക് വിനിയോഗിക്കില്ലെന്നുള്ള വ്യവസ്ഥ കരാറിലുണ്ട്. വിവരങ്ങൾ ചോരാതിരിക്കാനുള്ള നടപടികളും സർക്കാർ സ്വീകരിച്ചു.  80ലക്ഷം പേരെ കോവിഡ് പിടികൂടുമെന്ന ദുരന്തനിവാരണ അതോറിറ്റി റിപ്പോർട്ട് വന്നപ്പോൾ വിവരശേഖരണത്തിന്‌ ഐടി വകുപ്പിനുള്ള സംവിധാനങ്ങൾമാത്രം പോരാ എന്ന വിലയിരുത്തലുണ്ടായി.  തുടർന്നാണ്‌ ആറ് മാസത്തേക്ക് അമേരിക്കൻ മലയാളിയുടെ കമ്പനിയിൽനിന്ന് സൗജന്യസേവനം സ്വീകരിക്കാൻ തയ്യാറായത്. പ്രത്യേക സാഹചര്യത്തിൽ ഇതിന്‌ നിയമത്തിൽ വ്യവസ്ഥയുണ്ട്‌.

മുഖ്യമന്ത്രിയുടെ മകളുടെ പേരിലുളള ആരോപണത്തിൽ  തെളിവു കൊണ്ടുവരാൻ പ്രതിപക്ഷത്തിന്‌  കഴിഞ്ഞിട്ടില്ല.   ഉപകഥകളുണ്ടാക്കാനാണ് അതുന്നയിക്കുന്നത്.  കേരളത്തിലെ കോൺഗ്രസ് പാർടി ഇത്തരം കാര്യങ്ങളിൽ ഒരു മര്യാദയും സ്വീകരിക്കാത്തവരാണ്. മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനെതിരെ ചാരക്കേസുയർന്നപ്പോൾ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കെതിരെ എന്തെല്ലാം ആരോപണങ്ങളുയർത്തി.  അതിന്‌ സമാനമായ ആരോപണങ്ങളാണ്‌ പിണറായി വിജയന്റെ കുടുംബത്തിനെതിരെ ഉന്നയിക്കാൻ ശ്രമിക്കുന്നത്‌.

കോവിഡ് പ്രതിരോധത്തിൽ കേരളം ഒറ്റക്കെട്ടായി നീങ്ങുമ്പോൾ അതിനെ അട്ടിമറിക്കാൻ സർക്കാരിനെയും മുഖ്യമന്ത്രിയെയും അപകീർത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷത്തിന്റെ പ്രചാരവേല. ഇതിനെതിരെ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും കോടിയേരി പറഞ്ഞു.

സ്‌പ്രിങ്ക്‌ളറിന്റെ സേവനം അതീവ അടിയന്തര സാഹചര്യത്തിൽ ; സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം ഇങ്ങനെ

കോവിഡ്–-19 വിശകലനത്തിന് സ്‌പ്രിങ്ക്‌ളറിന്റെ സേവനം ഉപയോഗപ്പെടുത്തിയത് അതീവ അടിയന്തര സാഹചര്യത്തിലാണെന്ന്‌ സർക്കാർ.  സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം ഇങ്ങനെ:

സംസ്ഥാനത്ത് 80 ലക്ഷം പേർക്ക് കോവിഡ് ബാധയുണ്ടാകുമെന്ന് പഠനമുണ്ടായിരുന്നു. രോഗവ്യാപനമുണ്ടായാൽ ഓരോരുത്തരിൽനിന്നും വിവരശേഖരണം അസാധ്യമാകും. കൃത്യമായ രൂപരേഖയ്ക്ക് വിവരശേഖരണം അനിവാര്യമാണ്‌. രോഗികൾ കുറഞ്ഞെങ്കിലും അതീവ ഗുരുതര സാഹചര്യമാണ്‌. അടുത്ത ഘട്ടം കോവിഡ് ഔട്ട് ബ്രേക്കിനും സാധ്യതയുണ്ട്‌. അടച്ചുപൂട്ടൽ പിൻവലിച്ചാൽ രോഗികളുടെ എണ്ണം അതിവേഗം ഉയരുന്നതിനൊപ്പം മഴക്കാല രോഗങ്ങളും വരും. ഓൺലൈൻ വിവരശേഖരണത്തിലൂടെ ഡാറ്റ അനലിറ്റിക്‌സ് വഴി പ്രാദേശികമായി നടപടി സ്വീകരിക്കാം.

ലോകാരോഗ്യ സംഘടനയുടെ കോവിഡ്–-19 ഡാഷ് ബോർഡ് സൗജന്യമായി വികസിപ്പിച്ചുനൽകിയത്‌ സ്‌പ്രിങ്ക്‌ള‌റാണ്‌. അവരുടെ ഡൊമൈനിൽ ആദ്യ വിവരങ്ങൾ പരീക്ഷണാർഥം നൽകി. പിന്നാലെ എല്ലാ വിവരങ്ങളും സർക്കാർ ഡൊമൈനിലേക്ക് മാറ്റി. എൻക്രിപ്റ്റഡായി സൂക്ഷിക്കുന്നത് വിദേശത്തല്ല; മുംബൈയിലെ ആമസോൺ ക്ലൗഡ് സെർവറിലാണ്‌. സി ഡിറ്റിന് ആമസോൺ അക്കൗണ്ടിൽ മതിയായ സ്ഥലമുണ്ടായിരുന്നില്ല. ഇത്‌ അപ്‌ഗ്രേഡ് ചെയ്തു. ഡാറ്റ സൂക്ഷിക്കാൻ സർക്കാർ മേഖലയിൽ പെട്ടന്ന്‌ സൗകര്യമൊരുക്കുക  പ്രായോഗികമല്ല. ശേഖരിച്ച ഡാറ്റയിലും അപഗ്രഥനത്തിലും സർക്കാരിന് പൂർണ ഉടമസ്ഥാവകാശമുണ്ട്‌. പൗരന്റെ സ്വകാര്യതയും ഡാറ്റയും സുരക്ഷിതമാണ്‌. അനുമതിയില്ലാതെ സ്‌പ്രിങ്ക്‌ളറിന് വിവരങ്ങൾ ശേഖരിക്കാനാവില്ലെന്ന്‌ ഉറപ്പുവരുത്തി.  സേവന കാലാവധിക്കുശേഷം കമ്പനിയുമായി ധാരണയ്‌ക്കും  ബാധ്യതയില്ല. ഡാറ്റ വിശകലനം പൊതുതാൽപ്പര്യത്തിനാണ്‌.

സേവനം സൗജന്യമായതിനാൽ നിയമവകുപ്പിന്റെ അനുമതി ആവശ്യമില്ല. ദുരന്തനിവാരണ നിയമം അനുസരിച്ചും സർക്കാരിന് നടപടി സ്വീകരിക്കാം.  ഹർജിക്കാരൻ തെറ്റായി വ്യാഖ്യാനിച്ചത് സ്‌പ്രിങ്ക്‌ളറിന്റെ പൊതുമാനദണ്ഡമാണ്‌. ഐടി നിയമം അനുസരിച്ച് ഇന്ത്യയിലും നിയമനടപടിയെടുക്കാം. വിവരശേഖരണം സ്വകാര്യതാ ലംഘനമല്ല. ആരോഗ്യ അടിയന്തരാവസ്ഥ സമയത്ത് സ്വകാര്യതാ അവകാശം നിലനിൽക്കില്ല.

സുപ്രീംകോടതി വിധി വിവരശേഖരണത്തിന് അനുകൂലമാണെന്നും സത്യവാങ്‌മൂലത്തിൽ പറയുന്നു‌. തിരുവനന്തപുരം സ്വദേശി ബാലു ഗോപാലകൃഷ്ണൻ നൽകിയ ഹർജിയിൽ ഹൈക്കോടതി ചൊവ്വാഴ്ച സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഹർജി വെള്ളിയാഴ്ച ഡിവിഷൻ ബെഞ്ച് വീണ്ടും പരിഗണിക്കും.

Thursday, April 23, 2020

അനാവശ്യ വിവാദങ്ങൾകൊണ്ട്‌ ഐടി മേഖലയുടെ ആത്‌മവിശ്വാസത്തെ തകർക്കരുത്‌: പ്രോഗ്രസീവ്‌ ടെക്കീസ്‌

കൊച്ചി> അനാവശ്യ വിവാദങ്ങൾകൊണ്ട്‌ ഐടി മേഖലയുടെ ആത്‌മവിശ്വാസത്തെ തകർക്കരുതെന്ന്‌ പ്രോഗ്രസീവ്‌ ടെക്കീസ്‌ . കോവിഡ് കാലത്ത് നമ്മുടെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിന് ഐ ടി മേഖലയ്ക്കും, ഈ മേഖലയിലെ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും വലിയ പങ്ക് വഹിക്കാനാകും, എന്നാല്‍ ക്ലൗഡ് സര്‍‌വീസുകളിലുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതിലൂടെ ഐ ടി മേഖലയ്ക്കും, ഈ മേഖലയിലെ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും വഹിക്കാമായിരുന്ന വലിയ പങ്കിനെ നിരുത്സാഹപ്പെടുത്തുന്ന അവസ്ഥയിലേക്കാണ് നമ്മള്‍ നടന്നടുക്കുന്നതെന്നും അവർ എഫ്‌ ബി പോസ്‌റ്റിൽ പറയുന്നു

പോസ്‌റ്റ്‌ ചുവടെ

കഴിഞ്ഞ 30 ദിവസമായി മുഴുവൻ സമയവും വീട്ടിൽ ഇരുന്നപ്പോൾ നൂതന ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച അനവധി അപ്പ്ലിക്കേഷനുകൾ ഉപയോഗിച്ചവരാണ് നാമെല്ലാവരും. പലരും അത്തരത്തിലുള്ള ആപ്പുകളുടെ നിർമ്മാണത്തിൽ പങ്കെടുത്തവരും ആണ്.കേരളത്തിൽ ദുരന്ത നിവാരണ മേഖലയിൽ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നത് മലയാളികൾക്ക് വളരെ അധികം ശുഭ പ്രതീക്ഷ നൽകുന്നു..

ക്‌ളൗഡ്‌ കമ്പ്യൂട്ടിങ്, ബിഗ് ഡാറ്റ അനാലിസിസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ നൂതനസാങ്കേതിക വിദ്യകൾ വാണിജ്യ ആവശ്യങ്ങൾക്ക് അപ്പുറത്ത്, മനുഷ്യരാശിക്ക് ഗുണപരമായ രീതിയിൽ, കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാനും വിലപ്പെട്ട മനുഷ്യജീവനുകൾ സംരക്ഷിക്കാനും ഉപയോഗിച്ചതിൽ അഭിമാനം കൊള്ളുകയാണ് ഐ ടി സമൂഹം. അത് ചെയ്തവരെ പ്രോത്സാഹിപ്പിക്കുക ആണ് നമ്മൾ ചെയ്യേണ്ടത് എന്നാണ് പ്രോഗ്രസ്സിവ് ടെക്കിസിന്റെ വിനീതമായ  അഭ്യർത്ഥന .

ഈ കോവിഡ് കാലത്ത് നമ്മുടെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിന് ഐ ടി മേഖലയ്ക്കും, ഈ മേഖലയിലെ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും വലിയ പങ്ക് വഹിക്കാനാകും, എന്നാല്‍ ക്ലൗഡ് സര്‍‌വീസുകളിലുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതിലൂടെ ഐ ടി മേഖലയ്ക്കും, ഈ മേഖലയിലെ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും വഹിക്കാമായിരുന്ന വലിയ പങ്കിനെ നിരുത്സാഹപ്പെടുത്തുന്ന അവസ്ഥയിലേക്കാണ് നമ്മള്‍ നടന്നടുക്കുന്നത്. ഐ ടി സംരഭകരുടെയും ഈ മേഖലയിൽ ജോലി ചെയുന്ന അനേകായിരം ജീവനക്കരുടെയും സ്വപ്നങ്ങളെയും ആത്മവിശ്വാസത്തെയും നശിപ്പിക്കരുത്. അത് നാളത്തെ കേരളത്തിന് വളരെ അധികം വില കൊടുക്കേണ്ടി വരുന്ന ഒരു കാര്യം ആയതിനാൽ അനാവശ്യ വിവാദങ്ങളെ വേണ്ടപ്പെട്ടവര്‍ യുക്തിഭദ്രമായി മനസ്സിലാക്കി വിവാദങ്ങള്‍ ഒഴിവാക്കി കേരളത്തിന്റ ഐ ടി മേഖലയിൽ ഉള്ള പ്രാധാന്യം മനസിലാക്കി അനാവശ്യ ചർച്ചകൾ അവസാനിപ്പിക്കണം എന്ന് പ്രോഗ്രസീവ് ടെക്കീസ് അഭ്യര്‍ത്ഥിക്കുന്നു.

ഐ ടി മേഖലയും ഡാറ്റാ സെക്യൂരിറ്റി ക്ലൗഡ് വിവാദങ്ങളും എങ്ങനെയെല്ലാം കേരളത്തെ ബാധിക്കും

ഡാറ്റാ വിവാദങ്ങൾ തുടരുന്ന പക്ഷം വന്‍‌കിട കമ്പനികള്‍ക്ക്‌ കേരള സര്‍ക്കാരിന്റെ പ്രോജക്റ്റുകളില്‍ ഇന്‍‌വെസ്റ്റ് ചെയ്യുകയെന്നാല്‍ വലിയ റിസ്ക് കൂടി ഉള്‍പ്പെടുത്തേണ്ട അവസ്ഥ വരികയും അതിനാല്‍ നിക്ഷേപങ്ങളില്‍ നിന്നും പിന്‍‌വാങ്ങുന്ന അവസ്ഥയിലേക്ക് അത്‌ നയിക്കാനിടയുണ്ടെന്നും കേരളത്തിലെ ഐടി ജീവനക്കാരുടെ സംഘടനയായ   പ്രതിധ്വനി ചൂണ്ടികാട്ടുന്നു. ഐ ടി മേഖലയും ഡാറ്റാ സെക്യൂരിറ്റി ക്ലൗഡ് വിവാദങ്ങളും കേരളത്തിലെ ഐ.റ്റി. മേഖലയെ  എങ്ങിനെ  ബാധിക്കും  എന്നതിനെ കുറിച്ച്‌  പ്രതിധ്വനി  തയ്യാറാക്കിയ ലേഖനം .

ലോകം മുഴുവന്‍ മുമ്പെങ്ങും നേരിട്ടിട്ടില്ലാത്ത വിധത്തിലുള്ള ഒരു ആപല്‍ഘട്ടത്തിലൂടെ കടന്നു പോകുന്ന ഈ വേളയില്‍ ലോകത്തെവിടെയുമുള്ള ഭരണകൂടങ്ങളെപ്പോലെ കേരളവും ഈ പ്രതിസന്ധിയെ എല്ലാവിധ ജാഗ്രതയോടുകൂടി നേരിടുന്ന കാഴ്ച നമ്മുടെ മുന്നിലുണ്ട്.  ഒരു പക്ഷെ ലോകത്തിനു തന്നെ മാതൃകയാകുന്ന രീതിയിലുള്ള പ്രവര്‍ത്തനം കൊണ്ട് 'കേരളാ മോഡല്‍' ലോകത്തിന്റെ പലകോണുകളിലും ചര്‍ച്ചാവിഷയമാകുമ്പോഴും ഇങ്ങ് കേരളത്തില്‍ കുറച്ചു ദിവസമായി കാണുന്ന ചര്‍ച്ചകള്‍ ആശാവഹം അല്ല.   ഇന്നത്തെ സ്ഥിതിവിശേഷം ആവശ്യപ്പെടുന്ന ഫോക്കസില്‍ നിന്നും സര്‍ക്കാരിന്റെ ശ്രദ്ധയെ ഗതിതിരിച്ചു വിടാനുള്ള രാഷ്ട്രീയപ്രേരിതമായ നീക്കങ്ങളെക്കൂടി നേരിടേണ്ട അവസ്ഥയാണുള്ളത്. വിഷയം വിവരസാങ്കേതികതയുമായി ബന്ധപ്പെട്ട ഒന്നായതിനാൽ ഐ.റ്റി. ജീവനക്കാരുടെ സംഘടനയെന്ന നിലയില്‍ പ്രതിധ്വനിയുടെ നിലപാടാണ് ഈ കുറിപ്പിലൂടെ പങ്കുവയ്ക്കുവാന്‍ ഉദ്ദേശിക്കുന്നത്

പ്രധാനമായും പറയാന്‍ ഉദ്ദേശിക്കുന്നത് ഈ വിവാദം എങ്ങിനെയാണ് കേരളത്തിലെ ഐ.റ്റി. മെഖലയെ ബാധിക്കുക എന്നതാണ്

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഐ.റ്റി മെഖല കടന്നു പൊയ്ക്കൊണ്ടിരിക്കുന്ന മാറ്റങ്ങളിലേറ്റവും പ്രധാനപ്പെട്ട ഒന്ന് ക്ലൗഡ് കമ്പ്യൂട്ടിങ്ങിലേക്കുള്ള ചുവടുമാറ്റമാണ്. അതായത് നിങ്ങള്‍ വിലയേറിയ ഹാര്‍ഡ്‌വേറുകളും സോഫ്റ്റ്‌വേറുകളും സ്വന്തമായി വാങ്ങേണ്ടതോ തനതായി വികസിപ്പിച്ചെടുക്കുകയോ ചെയ്യേണ്ടതില്ല എന്നും നിങ്ങള്‍ക്കാവശ്യമുള്ള റിസോര്‍‌സുകളും സര്‍‌വീസുകളും മാത്രം നിങ്ങള്‍ക്കാവശ്യമുള്ള സമയത്തേക്ക് മാത്രം ഒരു ക്ലൗഡ് സര്‍‌വീസ് ദാതാവില്‍ നിന്നും തുച്ഛമായ വാടകയ്ക്ക് എടുക്കുക, അതുമാത്രമല്ല ഈ റിസോര്‍‌സുകളും സര്‍‌വീസുകളും ആവശ്യാനുസരണം കൂട്ടുകയോ കുറയ്ക്കുകയോ ആകാം എന്നതാണ് ക്ലൗഡിനെ വലിയ തോതില്‍ സ്വീകാര്യമാക്കുന്നത്. വിപ്ലവകരമായ ഈ മോഡല്‍ വന്‍‌കിട കമ്പനികളെ മാത്രമല്ല ചെറുകിട കമ്പനികളെയും സ്റ്റാര്‍ട്ടപ് കമ്പനികളെയും സംബത്തിച്ചിടത്തോളം വന്‍‌തോതിലുള്ള നിക്ഷേപം ആവശ്യപ്പെടുന്നില്ല എന്ന നിലയില്‍ വലിയ ഒരു സാധ്യതയാണ് ഒരുക്കുന്നത്.

ഈ ഒരു പശ്ചാത്തലത്തില്‍ വേണം നിലവിലുള്ള വിവാദം ക്ലൗഡ് കം‌പ്യൂട്ടിങ്ങിനെപ്പറ്റിയും അതിന്റെ സെക്യൂരിറ്റി പറ്റിയും, ഡാറ്റാ പ്രൈവസിയെപ്പറ്റിയുമുള്ള വികലമായ ധാരണകളിലൂന്നിയുള്ള അഭിപ്രായങ്ങളും ഐ.റ്റി.വിദഗ്‌ധര്‍ എന്ന ലേബലില്‍ നടത്തുന്ന കാടടച്ചുള്ള വെടികളും കേരളത്തിലെ ഐ.റ്റി. മേഖലയെ എങ്ങിനെയാണ് ബാധിക്കുക എന്നു പരിശോധിക്കേണ്ടത്.

1. ക്ലൗഡ് കമ്പ്യൂട്ടിങ്ങിന്റെ സെക്യൂരിറ്റിയെ പ്രതിസ്ഥാനത്തു നിര്‍ത്തുക വഴി അതിന്റെ വിശ്വാസതയെ തന്നെ ചോദ്യം ചെയ്യുന്ന നിലയിലേക്ക് എത്തിക്കുന്നതോടെ ഇതിനെ ആശ്രയിക്കുന്ന ചെറുകിട സം‌രം‌ഭകരെയും സ്റ്റാര്‍ട്ട് അപ്പുകളെയും പ്രതികൂലമായി ബാധിക്കുന്ന അവസ്ഥ വരികയും കേരളത്തില്‍ നിലവിലുള്ള ബിസിനസ്‌ സൗഹാര്‍ദ്ധ സാഹചര്യത്തിന്റെ തകര്‍ച്ചയിലേക്കുമാകും നയിക്കുക.

2. വന്‍‌കിട കമ്പനികള്‍ക്ക് കേരള സര്‍ക്കാരിന്റെ പ്രോജക്റ്റുകളില്‍ ഇന്‍‌വെസ്റ്റ് ചെയ്യുകയെന്നാല്‍ വലിയ റിസ്ക് കൂടി ഉള്‍പ്പെടുത്തേണ്ട അവസ്ഥ സംജാതമാവുകയും അതിനാല്‍ തന്നെ നിക്ഷേപങ്ങളില്‍ നിന്നും പിന്‍‌വാങ്ങുന്ന അവസ്ഥയിലേക്ക് നയിക്കാനിടയുണ്ട്

3. നിലവിലുള്ള ക്ലൗഡധിഷ്ഠിത സൊല്യൂഷന്‍ ദാതാക്കളുടെ സേവനം നമുക്ക് തുടര്‍ന്നും ലഭ്യമാവുക എന്നത് ദുര്‍ഘടം പിടിച്ചതാകാന്‍ സാധ്യതയുണ്ട്, കാരണം കേരള സര്‍ക്കാരുമായി ഇടപെടുന്നത് അവരുടെ റെപ്യൂട്ടേഷനെ തന്നെ ബാധിക്കും എന്ന നിലയിലേക്കാണ് ഈ വിവാദങ്ങള്‍ നമ്മളെ കൊണ്ടെത്തിക്കുന്നത്.

4.  ഇതോടുകൂടി സര്‍ക്കാരിന്റെ മൂല്യനിർണയവും തിരഞ്ഞെടുക്കലും പതിന്മടങ്ങ് ദുര്‍ഘടം പിടിച്ചതാവുകയും കാലതാമസം ഉള്ളതുമാകാനിടയുണ്ട്. ഇത് ഇന്ന് നിലവിലുള്ള നിക്ഷേപ സൗഹൃദ പരിവേഷത്തെ പിറകോട്ടടിക്കാനേ സഹായിക്കൂ.

5. ഒട്ടും നിക്ഷേപ സൗഹൃദപരമല്ലാത്ത ഒരു പരിവേഷം നിലനിന്നിരുന്ന ഇടത്തുനിന്ന്‌ നിസ്സാന്‍, ടെക് മഹീന്ദ്ര, അപോളിസ്, ടെറാനെറ്റ് തുടങ്ങിയ ആഗോള കമ്പനികളെ കേരളത്തിലേക്ക്‌ ആകർഷിക്കുന്ന തലത്തിലേക്ക് മാറ്റിയെടുക്കാനായത് വളരെ നാളത്തെ പ്രയത്നത്തിന്റെ ഫലമായിട്ടാണ്, ഇതിനെ മൊത്തത്തില്‍ തുരങ്കം വയ്ക്കുന്നതാണ് നിലവിലുള്ള അനാവശ്യ വിവാദങ്ങള്‍.

6. ഡിജിറ്റല്‍ എക്കോണമിയിലേക്ക് കാലെടുത്തു വയ്ക്കുന്ന കേരളത്തിന്റെ ഭാവിയെ തന്നെ തുരങ്കം വയ്ക്കുന്ന കര്‍മ്മമാണ് നിലവിലുള്ള അനാവശ്യ വിവാദങ്ങള്‍ ചെയ്യുന്നത്

അവസാനമായി വിവാദത്തെ പറ്റി

ഇവിടെ ആത്യന്തികമായും ഡാറ്റാ സെക്യൂരിറ്റിയെ ചുറ്റിപ്പറ്റിയാണ് വിവാദം നിലനില്‍ക്കുന്നത്. ഡാറ്റാ സെക്യൂരിറ്റി നിയമങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മാണഘട്ടത്തിലാണ്, അതുകൊണ്ടു തന്നെ ഇതിലൂന്നിയുള്ള ചര്‍ച്ച എവിടെയുമെത്തുകയുമില്ല, ആകെ പരിശോധിക്കാവുന്ന കാര്യം നിലവില്‍ ഡാറ്റ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്നും ഇതിന്മേലുള്ള നിയന്ത്രണം ആരുടെ പക്കലാണെന്നും മാത്രമാണ്. ഇന്ത്യയ്ക്കകത്തുള്ള സര്‍‌വറുകളിലാണ് ഡാറ്റ സൂക്ഷിച്ചിരിക്കുന്നത്, അതുപോലെ സര്‍ക്കാരിനു കീഴിലുള്ള സി-ഡിറ്റിനാണ് ആണ് നിലവില്‍ ഡാറ്റയുടെ മേലുള്ള പൂര്‍ണ്ണ നിയന്ത്രണാവകാശവും, ഉത്തരവാദിത്തവും ഉടമസ്ഥതയും എന്നാണ് മനസ്സിലാക്കുന്നത്. തുടക്കത്തില്‍ ഇങ്ങനെയായിരുന്നില്ല സ്ഥിതി എന്നാല്‍ അത് ആപല്‍ഘട്ടത്തില്‍ കൈക്കോള്ളേണ്ടി വന്ന ഡിസിഷന്‍ മേക്കിങ്ങിന്റെ ഭാഗമായി മനസ്സിലാക്കാവുന്നതേയുള്ളൂ. ഇനി ഇതില്‍ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ തന്നെ ഇന്നത്തെ മാറിയ സാഹചര്യത്തില്‍ ഈ വിവാദം അവസാനിക്കേണ്ടതാണ്, കാരണം ഒരു പ്രശ്നത്തില്‍ നമ്മള്‍ സൊല്യൂഷനാണ് മുന്‍‌ഗണന നല്‍കേണ്ടത്, അല്ലാതെ വിവാദത്തിനല്ല.

ഗള്‍ഫ് നാടുകളില്‍ നിന്നും മടങ്ങി വരുന്ന തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികളും, സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും കൊണ്ട് രൂക്ഷമാകുന്ന കോവിഡാനന്തര കാലത്ത് നമ്മുടെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിന് ഐ. റ്റി മേഖലയ്ക്കും, ഈ മേഖലയിലെ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും വലിയ പങ്ക് വഹിക്കാനാകും, എന്നാല്‍ ക്ലൗഡ് സര്‍‌വീസുകളിലുള്ള വിശ്വാസത നഷ്‌ടപ്പെടുന്നതോടെ ഐ. റ്റി മേഖലയ്ക്കും, ഈ മേഖലയിലെ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും വഹിക്കാമായിരുന്ന പങ്കിനെ റദ്ദ് ചെയ്യുന്ന അവസ്ഥയിലേക്കാണ് നമ്മള്‍ നടന്നടുക്കുന്നത്. ഇക്കാര്യത്തില്‍ ഐ. റ്റി. ജീവനക്കാരുടെ സംഘടന എന്ന നിലയില്‍ പ്രതിധ്വനി ഈ അനാവശ്യ വിവാദങ്ങളെ വേണ്ടപ്പെട്ടവര്‍ യുക്തിഭദ്രമായി മനസ്സിലാക്കി വിവാദങ്ങള്‍ ഒഴിവാക്കി സൊല്യൂഷനുകള്‍ക്ക് പ്രാധാന്യം നല്‍കുന്ന നിലപാടുകള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

അനാവശ്യ വിവാദം ഐടി കുതിപ്പിന്‌ തിരിച്ചടിയാകും ; പുതുതലമുറ സംരംഭകരുടെ ആത്മവിശ്വാസത്തെ തകർക്കുമെന്ന്‌ ഐടി ജീവനക്കാരുടെ സംഘടന

ഐടി മേഖല വൻ കുതിപ്പിലേക്ക്‌ നീങ്ങുന്ന സാഹചര്യത്തിൽ അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നത്‌ സംസ്ഥാനത്തിന്‌ തിരിച്ചടിയാകുമെന്ന്‌ ഐടി ജീവനക്കാർ. മികച്ച സ്‌റ്റാർട്ടപ്പായി മൈക്രോസോഫ്‌റ്റിന്റെ പട്ടികയിൽ ഇടംപിടിച്ച ട്രാൻസ്‌മിയോ പോലുള്ള സ്‌റ്റാർട്ടപ്പിനെപോലും അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്‌ക്കുകയാണ്‌. ഇത്‌ പുതുതലമുറ സംരംഭകരുടെ ആത്മവിശ്വാസത്തെ തകർക്കുമെന്ന്‌ ഐടി ജീവനക്കാരുടെ സംഘടന ‘പ്രതിധ്വനി’ അറിയിച്ചു.

ക്ലൗഡ് കംപ്യൂട്ടിങ്, സാസ്‌പോലുള്ള സാങ്കേതികവിദ്യകളെ പറ്റി തെറ്റിദ്ധാരണയുണ്ടാക്കുന്ന വാർത്തകളാണ്‌ വരുന്നത്‌.  അനായാസം ചോർത്താനാകുന്ന അപകടകരമായ ഒന്നാണിതെന്ന ധാരണയുണ്ടായാൽ പൊതുസമൂഹവും സർക്കാർ ഉദ്യോഗസ്ഥരും നൂതന സാങ്കേതികവിദ്യകളോട് മുഖം തിരിച്ചേക്കാം. ക്ലൗഡ് കംപ്യൂട്ടിങ്ങിന്റെ സുരക്ഷയെ പ്രതിസ്ഥാനത്ത്‌ നിർത്തുകവഴി വൻ‌കിട കമ്പനികൾ  സംസ്ഥാനത്തെ നിക്ഷേപങ്ങളിൽനിന്ന്‌ പിന്മാറും.

ഡാറ്റാ സെക്യൂരിറ്റി നിയമങ്ങൾ ഇന്ത്യയിൽ നിർമാണഘട്ടത്തിലാണ്. അതിനാൽ ഇതിലൂന്നിയുള്ള ചർച്ച എവിടെയുമെത്തില്ല. പരിശോധിക്കാവുന്നത്‌ നിലവിൽ ഡാറ്റ എവിടെ സൂക്ഷിച്ചിരിക്കുന്നുവെന്നും ഇതിന്മേലുള്ള നിയന്ത്രണം ആർക്കാണെന്നും മാത്രമാണ്. അനാവശ്യവിവാദം സ്‌പ്രിങ്ക്‌ളർ പോലുള്ള വൻകിട കമ്പനികൾ കേരളവുമായി ചേർന്നു ഭാവിയിൽ നടത്താനിടയുള്ള സംരംഭങ്ങൾ ഇല്ലാതാക്കും. ഇല്ലാത്ത തെളിവ്‌ നിരത്തി സ്‌പ്രിങ്ക്‌ളറിന്റെ ക്ലയിന്റായ മറ്റൊരു കമ്പനിയെയും വലിച്ചിഴച്ചു. ഇത്തരം ബാധ്യത സഹിക്കേണ്ട കാര്യം വൻകിട സംരംഭകർക്കില്ല. ഇതിനു പുറമെയാണ് അടിസ്ഥാനവിവരമില്ലാത്ത “ഐ ടി വിദഗ്ധരിൽ’നിന്ന്‌ സാങ്കേതികവിദ്യ പഠിക്കേണ്ട അവസ്ഥ.

നിക്ഷേപസൗഹൃദപരമല്ലാത്ത പരിവേഷം നിലനിന്നിടത്തുനിന്ന് നിസ്സാൻ, ടെക് മഹീന്ദ്ര, അപോളിസ്, ടെറാനെറ്റ് തുടങ്ങിയ ആഗോള കമ്പനികളെ ആകർഷിക്കാൻ കേരളത്തിന്‌ കഴിഞ്ഞിട്ടുണ്ട്‌. മാത്രമല്ല, കോവിഡാനന്തര കാലത്ത് സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ ഐടി മേഖലയ്‌ക്കും സ്റ്റാർട്ടപ്പുകൾക്കും വലിയ പങ്ക് വഹിക്കാനുമാകും. ഇതിന്‌ തുരങ്കംവയ്‌ക്കുന്ന സ്ഥിതി സംസ്ഥാനത്ത്‌ ഉണ്ടാകരുതെന്നും പ്രതിധ്വനി ഭാരവാഹികൾ ആവശ്യപ്പെട്ടു.

Monday, April 20, 2020

സ്‌പ്രിങ്ക്‌ളർ സേവനം സൗജന്യം; ചോർച്ചയ്‌ക്ക്‌ പഴുതില്ല: ഐടി സെക്രട്ടറി

തിരുവനന്തപുരം> കോവിഡ്‌ പ്രതിരോധത്തിന്‌ സ്‌പ്രിങ്ക്‌ളർ കമ്പനിയുടെ സേവനം സൗജന്യമാണെന്നും ജനങ്ങളുടെ വിവരങ്ങൾ ചോർത്താൻ‌ പഴുതില്ലെന്ന്‌  ഉറപ്പുവരുത്തിയിരുന്നതായും ഐടി സെക്രട്ടറി എം ശിവശങ്കർ വ്യക്തമാക്കി. വികസിത രാജ്യങ്ങളിൽ പോലും മരണനിരക്ക്‌ വർധിച്ചതോടെ ഏത്‌ സാഹചര്യവും നേരിടാനുള്ള കർമ്മ പദ്ധതിയും അതിന് യോജിച്ച‌  ഐടി സംവിധാനവും തെരഞ്ഞെടുക്കുകയായിരുന്നെന്നും  അദ്ദേഹം ‘ദേശാഭിമാനി’യോടു പറഞ്ഞു.

ശ്രേണീകൃതമായ വിവര ശേഖരണത്തിന്‌ വെബ് ഫോമുകൾ, അനലിറ്റിക് ടൂളുകൾ എന്നിവ തയ്യാറാക്കണമായിരുന്നു. ലോക്ക്ഡൗൺ പ്രഖ്യാപിക്കുംമുൻപ് വിമാനം,  ട്രെയിൻ, മറ്റു വാഹനങ്ങൾ എന്നിവയിൽ വന്നവരുടെ വിവരങ്ങൾ ക്രോഡീകരിച്ച് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക്‌ നൽകുക പ്രധാനമാണ്.

ദിവസങ്ങൾക്കുള്ളിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ രോഗം റിപ്പോർട്ട് ചെയ്‌ത സംസ്ഥാനമായി കേരളം മാറി.  ഏതു സാഹചര്യവും നേരിടാനുള്ള  ഐടി സംവിധാനം  ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഒരുക്കാൻ ഐടി മിഷൻ, സി-ഡിറ്റ്, എൻഐസി  തുടങ്ങി സ്ഥാപനങ്ങൾക്ക് സാധിക്കില്ല.

അന്താരാഷ്ട്ര യാത്ര നടത്തിയവർ, അന്തർ സംസ്ഥാന യാത്ര നടത്തിയവർ,  രോഗപ്രതിരോധ ശേഷി കുറഞ്ഞവരും  പ്രായമായവരും, ആരോഗ്യപ്രവർത്തകർ എന്നീ നാല്‌ തരത്തിലാണ്‌ വിവരം ശേഖരിച്ചത്‌. സർക്കാരിന്റെ  കൈവശമുള്ള മറ്റു ഡാറ്റകളുമായി  ഇത്‌ താരതമ്യം ചെയ്യുകയും അതിന്റെ  ഫലം ലഭ്യമാക്കി അവരുമായി നിരന്തരം സമ്പർക്കത്തിലേർപ്പെടുന്നതും പ്രധാനമാണ്.

സമ്പർക്കവിലക്കിലുള്ളവർക്ക്‌  ലക്ഷണങ്ങൾ ഉണ്ടോ, സമ്പർക്കത്തിൽ വയോജനങ്ങളുണ്ടോ, അവർക്കെല്ലാം ഭക്ഷണം, മരുന്ന് എന്നിവ ലഭിക്കുന്നുണ്ടോ എന്നതും ഉറപ്പിക്കണം.   വിവരം ശേഖരിക്കുക, ക്രോഡീകരിക്കുക, അർഹർക്ക് ആവശ്യ സേവനം നൽകുക, ചികിത്സ ലഭ്യമാക്കുക തുടങ്ങിയവയ്‌ക്ക്‌  ഡാറ്റ ഉപയുക്തമാക്കണം. കുറഞ്ഞ സമയത്തിനുള്ളിൽ ഇങ്ങനെ വിവിധ കാര്യങ്ങൾക്കുള്ള പരിഹാരം എന്ന രീതിയിലാണ് സ്പ്രിങ്ക്ളർ കമ്പനി പരിഗണനയിലെത്തിയത്‌.
സദുദ്ദേശത്തോടെയും നിയമങ്ങൾ പാലിച്ചും സർക്കാരിന് ഒരു രൂപ പോലും ചെലവു വരാത്ത തരത്തിലാണ്‌ ഐടി വകുപ്പ് ഈ സംവിധാനം ജനങ്ങൾക്ക് ലഭ്യമാക്കാൻ ശ്രമിച്ചത്‌. നേരത്തെ  സ്വകാര്യത  ഉറപ്പാക്കിയിരുന്നെങ്കിലും പ്രതിപക്ഷം ആശങ്ക അറിയിച്ചപ്പോൾ സർക്കാർ നിയന്ത്രണത്തിലുള്ള സെർവറുകളിലേക്ക് ഡാറ്റ മാറ്റി.  ആർക്കും സംശയമുണ്ടാകാൻ പാടില്ല എന്നതിനാലാണ് ഡാറ്റ മാറ്റിയത്. ഇതിന്റെ  രേഖകൾ പരസ്യപ്പെടുത്തി.

ലോകാരോഗ്യ സംഘടനവരെ സേവനം സ്വീകരിക്കുന്ന കമ്പനിയെ തികഞ്ഞ ഉത്തരവാദിത്തബോധത്തോടെയാണ്‌ തെരഞ്ഞെടുത്തത്‌. ശേഖരിച്ച വിവരം ദുരുപയോഗപ്പെടുത്തുമോയെന്ന ചോദ്യം  അറിവില്ലായ്‌മയിൽ നിന്നാണ്‌. അല്ലെങ്കിൽ മന:പ്പൂർവം തെറ്റിദ്ധാരണ പരത്താനുള്ള ലക്ഷ്യത്തോടെയാകാമെന്നും എം ശിവശങ്കർ പറഞ്ഞു.

സൗജന്യ സേവനത്തിന്‌ ടെണ്ടർ വേണ്ട ; തീരുമാനം ഉമ്മൻചാണ്ടി സർക്കാരിന്റേത്‌

സ്‌പ്രിങ്ക്‌ളർ സേവനത്തിന്‌ ടെൻഡറില്ലാതെ നടപടി സ്വീകരിക്കാൻ ഐടി സെക്രട്ടറിക്ക്‌ വിവേചനാധികാരം നൽകിയത്‌ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 2013ൽ സ്‌റ്റോർ പർച്ചേസ്‌ മാനുവലിൽ വരുത്തിയ ഭേദഗതി. പർച്ചേസ്‌ ചെയ്യേണ്ട ഉൽപ്പന്നത്തിന്റെയോ സേവനത്തിന്റെയോ വില 15,000 രൂപയിൽ താഴെയാണെങ്കിൽ വകുപ്പ്‌ മേധാവിക്ക്‌ ടെൻഡർ ക്ഷണിക്കാതെ നടപടി എടുക്കാമെന്നാണ്‌ ഈ വ്യവസ്ഥ. സ്‌പ്രിങ്ക്‌ളർ സേവനത്തിന്‌ ഒരു രൂപപോലും പ്രതിഫലമില്ലെന്ന്‌ കരാറിൽ വ്യക്തമാക്കിയതിനാൽ ടെൻഡർ വേണ്ട.

ദേശീയ ദുരന്തമായോ സംസ്ഥാന ദുരന്തമായോ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെങ്കിൽ അത്‌ നേരിടാൻ എന്ത്‌ നടപടി സ്വീകരിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‌ അധികാരമുണ്ട്‌. ദുരന്ത നിവരാണ അതോറിറ്റി നിയമത്തിലാണ്‌ ഈ വ്യവസ്ഥ. 2020 മാർച്ച്‌ 19ന്‌ കോവിഡ്‌ ബാധ സംസ്ഥാന ദുരന്തമായി വിജ്ഞാപനം ചെയ്‌തിട്ടുമുണ്ട്‌.

കോവിഡിനെതിരായ യുദ്ധം : ക്ലൗഡ്‌ കംപ്യൂട്ടിങ് അനിവാര്യമായ ആയുധം
എം പ്രശാന്ത‌്

കോവിഡ്‌ മ​ഹാമാരിയെ ചെറുക്കാനുള്ള യുദ്ധത്തില്‍ നിര്‍മിതബുദ്ധിയും (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, എഐ), ബിഗ്‌ ഡാറ്റാ അനാലിസിസും ഉപയോ​ഗപ്പെടുത്തിയുള്ള  ക്ലൗഡ്‌ കംപ്യൂട്ടിങ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന്  നിതി ആയോഗിന്റെ  ഐടി വിഭാ​ഗം ചുമതലക്കാരനായ അർണബ്‌ കുമാർ. നിലവിൽ ഇന്ത്യയിൽ ഈ സംവിധാനമില്ല. ഐരാവത്‌ എന്ന പേരിൽ  എഐ ക്ലൗഡ്‌ കംപ്യൂട്ടിങ്‌ സംവിധാനം ആലോചനാഘട്ടത്തിലാണ്. ഈ സാഹചര്യത്തിലാണ് രാജ്യത്ത് മഹാമാരിയുടെ വ്യാപനം ചെറുക്കാന്‍ ഐടിവിദ​ഗ്ധരായ സ്വകാര്യവ്യക്തികളുടെ സഹായത്തോടെ ‘ആരോഗ്യസേതു’ എന്ന ആപ്പ് തയ്യാറാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിരോധത്തില്‍ ബഹുദൂരം മുന്നേറിയ കേരളം ക്ലൗഡ് കംപ്യൂട്ടിങ് സാങ്കേതിവിദ്യ അടിസ്ഥാനമാക്കി വിവരശേഖരണം നടത്തിയതിന്റെ കാരണവും അനിവാര്യതയും വെളിപ്പെടുത്തുന്നതാണ് നിതി ആയോഗിന്റെ  ഐടി മേധാവിയുടെ വാക്കുകള്‍.

ഇന്ത്യ സ്വന്തമായി ക്ലൗഡ് കംപ്യൂട്ടിങ് സംവിധാനം വികസിപ്പിക്കാത്തിടത്തോളം ഈ പരിമിതി തുടരുമെന്ന്‌ ഐടി വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. എപ്പോഴും ആരിലേക്കും പടരാവുന്ന മഹാമാരിയുടെ സാഹചര്യത്തിൽ ​ബിഗ്‌ ഡാറ്റാ അനാലിസിസ് ഒഴിവാക്കാനുമാകില്ല. കോവിഡ്‌ ബാധിതമായ മറ്റ്‌ രാജ്യങ്ങളും ബിഗ്‌ ഡാറ്റാ അനലറ്റിക്‌സിനായി ആപ്പുകളെയും സ്വകാര്യസോഫ്‌റ്റ്‌വെയറുകളെയുമാണ് ആശ്രയിക്കുന്നത്.

ആരോ​​ഗ്യസേതു ആപ്പ്

രാജ്യത്ത് ദിവസങ്ങള്‍ക്കിടയില്‍  അഞ്ചുകോടിയിലേറെ പേർ ഇൻസ്‌റ്റാൾ ചെയ്‌ത ആരോഗ്യസേതു ആപ്പിലെ വിവരങ്ങള്‍ സ്വകാര്യ ക്ലൗഡ്‌ സെർവറിലാണ്‌ ശേഖരിക്കപ്പെടുകയെന്ന് കേന്ദ്രം സമ്മതിച്ചിട്ടുണ്ട്. രോഗികളെയും സമ്പർക്ക സാധ്യതയുള്ളവരെയും നിരീക്ഷണത്തിൽ നിർത്തി ഹോട്‌സ്‌പോട്ടുകളും ക്ലസ്‌റ്ററുകളും നിർണയിക്കുകയാണ്‌ ആപ്പിന്റെ ലക്ഷ്യം. ജിപിസി, ബ്ലൂടൂത്ത്‌ സംവിധാനങ്ങൾ ഉപയോഗിച്ചാണ്‌ നിരീക്ഷിക്കുന്നത്‌. പേര്‌, പ്രായം, ഫോൺനമ്പർ, ലിംഗം, തൊഴിൽ, സന്ദർശിച്ച രാജ്യങ്ങൾ, രോഗലക്ഷണങ്ങൾ, മറ്റ്‌ ആരോഗ്യവിവരങ്ങൾ തുടങ്ങിയവ ആപ്പിലൂടെ ശേഖരിക്കപ്പെടും. ആപ്പ്‌ ഉപയോഗിക്കുന്ന വ്യക്തി എവിടെയാണെന്നത്‌ ഓരോ 15 മിനിറ്റ്‌ ഇടവേളയിൽ ശേഖരിക്കും.

മൊബൈലിൽ ആപ്പ്‌ തുടരുന്നിടത്തോളം വ്യക്തിവിവരങ്ങൾ സെർവറിൽ സൂക്ഷിക്കപ്പെടും.  അസാധാരണ ഘട്ടങ്ങളിൽ ഇത്തരം സാങ്കേതികസംവിധാനം അനിവാര്യമായിവരും.‘ഒരു താൽക്കാലിക പ്രശ്‌നത്തിന്‌ താൽക്കാലിക പരിഹാരമാണ്‌ ലക്ഷ്യമിടുന്നത്‌’–-  അർണബ്‌ പറഞ്ഞു.

വിവരവിശകലനം ജീവൻ രക്ഷിക്കാൻ: എസ്‌ ആർ പി

കോവിഡ്‌–- 19  രോഗവ്യാപനവും മരണവും തടയുന്നതിനുള്ള അടിയന്തരനടപടി എന്ന നിലയിലാണ്‌ വിവരവിശകലനത്തിന്‌ സ്‌പ്രിങ്ക്‌ളറുമായി സർക്കാർ ധാരണയുണ്ടാക്കിയതെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എസ്‌ രാമചന്ദ്രൻപിള്ള. കോവിഡിനുമുമ്പിൽ ലോകം പകച്ചുനിൽക്കുമ്പോൾ ജനങ്ങളെ രക്ഷിക്കാൻ  സാധ്യമായതെല്ലാം ചെയ്യുകയെന്നതാണ്‌ ഒരു സർക്കാരിന്റെ കടമ.

അസാധാരണ സ്ഥിതിവിശേഷം നേരിടാനുള്ള അസാധാരണ നടപടിയായി കണ്ടാൽമതി. അതിനെ ആക്ഷേപിക്കുന്നതിന്‌ പകരം മഹാമാരി തടയുന്നതിന്‌ സർക്കാർ എടുത്ത നടപടിക്കൊപ്പം  നിൽക്കുകയാണ്‌ പ്രതിപക്ഷം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ്‌ രോഗംമൂലമുള്ള മരണം ഒന്നരലക്ഷം കടന്നു. ലോകമാകെ  പകച്ചു നിൽക്കുകയാണ്‌. എല്ലാ രാജ്യങ്ങളും രോഗം തടയാൻ അസാധാരണ നടപടി സ്വീകരിക്കുകയാണ്‌. നമ്മുടെ രാജ്യവും അടച്ചിട്ടിരിക്കുകയാണ്‌.  ഭരണഘടന ഉറപ്പ്‌ നൽകുന്ന മൗലികാവകാശങ്ങൾപോലും രോഗം പടരാതിരിക്കാൻ ഫലത്തിൽ മരവിപ്പിച്ചു.  കേരളത്തിൽ അതിവേഗമാണ്‌ രോഗവ്യാപനം വന്നത്‌. മരണവും തുടങ്ങി. എന്നാൽ,  തുടക്കംമുതൽ രോഗവ്യാപനം തടയുന്നതിനും ചികിത്സയ്‌ക്കും സർക്കാർ നടപടി സ്വീകരിച്ചു.  ലോകത്തിന്‌ തന്നെ മാതൃകയായി കേരളം. അടച്ചൂപൂട്ടൽ കാരണമുള്ള പ്രയാസങ്ങൾ ലഘൂകരിക്കാൻ ഒട്ടേറെ നടപടികൾ സർക്കാർ സ്വീകരിച്ചു.

ഈ രോഗവുമായി ബന്ധപ്പെട്ട വിവരങ്ങളുടെ ശേഖരണവും വിശകലനവും നടത്തി അടിസ്ഥാനപരമായ നടപടി എന്തെന്ന തീരുമാനത്തിൽ എത്തിച്ചേരേണ്ടതുണ്ട്‌. ഇതിന്‌ സർക്കാരിനെ സമീപിച്ച ഒരു സ്ഥാപനത്തെയാണ്‌ ചുമതലപ്പെടുത്തിയത്‌. സാധാരണ നില പുനഃസ്ഥാപിച്ചാൽ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തലുണ്ടാകും. കോവിഡ്‌ ഭീഷണി മാറിയിട്ടില്ല. സമ്പർക്കം ഇല്ലാത്തതിനാൽ രോഗവ്യാപനം തടയാൻ കഴിഞ്ഞിട്ടുണ്ട്‌. നാളെ ഏത്‌ സാഹചര്യവും വരാം. അതിനാൽ സർക്കാരിന്റെ നടപടികളെ സഹായിക്കുന്ന നിലപാടാണ്‌ പ്രതിപക്ഷം സ്വീകരിക്കേണ്ടത്‌–-എസ്‌ രാമചന്ദ്രൻപിള്ള പറഞ്ഞു.


സ്‌പ്രിങ്ക്‌ളർ ഡബ്ല്യുഎച്ച്‌ഒയുടെ സാങ്കേതികവിദ്യാ പങ്കാളി
ലെനി ജോസഫ്‌

കോട്ടയം: കോവിഡ്‌ രോഗം സംബന്ധിച്ച  വിവരശേഖരണത്തിനും വിതരണത്തിനും  ലോകാരോഗ്യസംഘടന ( ഡബ്ല്യുഎച്ച്‌ഒ) ആശ്രയിക്കുന്നത്‌ മലയാളി സംരംഭകന്റെ ഉടമസ്ഥതയിലുള്ള സ്‌പ്രിങ്ക്‌ളർ കമ്പനിയെ.  വിശ്വസനീയമായ ഡാറ്റ  കൃത്യമായും വേഗത്തിലും  ലഭിക്കാനുള്ള സംവിധാനം സ്‌പ്രിങ്ക്‌ളറുമായി ചേർന്ന്‌  അപ്‌ഡേറ്റ്‌ ചെയ്‌തെന്ന്‌ ഡബ്ല്യുഎച്ച്‌ഒയുടെ വെബ്‌സൈറ്റിലുണ്ട്‌. ഏപ്രിൽ 14ന്‌ പ്രസിദ്ധീകരിച്ച ന്യൂസ്‌ ലെറ്ററിൽ സ്‌പ്രിങ്ക്‌ളറിനെ  ‘പ്രോ ബോണോ' (പ്രതിഫലം വാങ്ങാതെ സന്നദ്ധപ്രവർത്തനം നടത്തുന്ന) കമ്പനിയെന്നാണ്‌ വിശേഷിപ്പിച്ചത്‌.

ടെക്‌നോളജി ഫോർ കോവിഡ്‌–-19ന്റെ മുൻകൈയിൽ സ്‌പ്രിങ്ക്‌ളറിന്റെ സഹായത്തോടെ നടത്തിയ പരിഷ്‌കാരത്തിന്റെ പ്രധാനപ്പെട്ട പ്രത്യേകത അതിന്റെ മൊബൈൽ സൗഹൃദ സംവിധാനമാണ്‌.  കുറഞ്ഞ സമയത്തിനുള്ളിൽ ഇത്തരമൊരു പ്ലാറ്റ്‌ഫോം വികസിപ്പിച്ച  ഡബ്ല്യുഎച്ച്‌ഒ ടീമിനെയും സാങ്കേതികവിദ്യാ പങ്കാളി സ്‌പ്രിങ്ക്ള‌റിനെയും ഡബ്ല്യുഎച്ച്‌ഒ ഡിജിറ്റൽ ഹെൽത്ത്‌ ആൻഡ്‌ ഇന്നവേഷൻ ഡയറക്ടർ ബെർണാർഡോ മരിയാനോ ജൂനിയർ  അഭിനന്ദിച്ചു.

കോവിഡിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങളുടെ പ്രചാരണം ചെറുക്കാൻ  സ്‌പ്രിങ്ക്‌ളറുമായി സഹകരിച്ച്‌  ഫെയ്‌സ്‌ബുക്ക്‌ മെസഞ്ചറിൽ ചാറ്റ്‌ ബോക്സും  ആരംഭിച്ചു. ഡബ്ല്യുഎച്ച്‌ഒയുടെ ഔദ്യോഗിക ഫെയ്‌സ്‌ബുക്ക്‌ പേജിൽ ‘സെൻഡ്‌ മെസേജി’ൽ പോയാലും ‘ ഡെഡിക്കേറ്റഡ്‌ മെസഞ്ചർ ലിങ്ക്‌’വഴിയും വിവരങ്ങൾ കിട്ടും.

പ്രതിപക്ഷം തുരങ്കം വയ്‌ക്കുന്നത്‌ കേരളത്തിന്റെ ഭാവിയെ ; സ്‌പ്രിങ്ക്‌ളറിന്റേത്‌ രോഗപ്രതിരോധത്തിനും ആരോഗ്യ ദൗത്യങ്ങൾക്കും നിർണായകമാകുന്ന ഇടപെടൽ

രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയുള്ള ആരോപണങ്ങളിലൂടെ കേരളത്തിന്റെ ഭാവി ആരോഗ്യദൗത്യങ്ങൾക്കും രോഗപ്രതിരോധ സംവിധാനങ്ങൾക്കും മുതൽക്കൂട്ടാകുന്ന ചുവടുവയ്‌പിനെ തകർക്കാനുള്ള ശ്രമത്തിലാണ്‌ പ്രതിപക്ഷം. ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി രോഗസാധ്യതകൾ മുൻകൂട്ടി അറിയാനും അതിനെ പ്രതിരോധിക്കാനുമാണ്‌ സ്‌പ്രിങ്ക്‌ളർ കമ്പനിയുമായി സംസ്ഥാനം കരാറിൽ ഏർപ്പെട്ടത്‌.

നിലവിൽ രോഗികളെയും രോഗാവസ്ഥയെയും പറ്റിയുള്ള വിവരങ്ങൾ മാത്രമാണ്‌ ലഭ്യമായിട്ടുള്ളത്‌. അതിൽനിന്ന്‌ വ്യത്യസ്തമായി ഫെയ്‌സ്ബുക്ക്, ട്വിറ്റർ, വാട്ട്സാപ്, ഇ മെയിൽ, ഫോൺ കോളുകൾ എന്നിവയിൽനിന്നും ആരോഗ്യപ്രവർത്തകർ നേരിട്ടും ശേഖരിച്ച വിവരങ്ങൾ വളരെവേഗം വിശകലനംചെയ്ത് ആവശ്യമുള്ള വിവരവിശകലനം ലഭ്യമാക്കുക എന്ന ദൗത്യമാണ്‌ സ്‌പ്രിങ്ക്‌ളർ നിർവഹിക്കുക.

വിപുലമായ വിവരശേഖരങ്ങളുടെ വിശകലനം നിലവിൽ സംസ്ഥാനത്തിനോ രാജ്യത്തിനോ സാധ്യമാകാത്ത സാഹചര്യത്തിലാണ്‌ സൗജന്യമായി ആ സംവിധാനം നൽകാമെന്നേറ്റ കമ്പനിയുമായി സർക്കാർ ധാരണയിലെത്തിയത്‌.  കോവിഡ്‌, നിപാപോലുള്ള രോഗങ്ങളുണ്ടായാൽ അതിനെ പ്രതിരോധിക്കാൻ ഇപ്പോൾ ശേഖരിക്കുന്ന വിവരം ഗുണം ചെയ്യും. ലോകത്ത്‌ ഏതെങ്കിലും ഒരു കോണിൽ പകർച്ചവ്യാധിയോ വൈറസ്‌ ബാധയോ ഉണ്ടായാൽ അത്‌ അപഗ്രഥിച്ച്‌ കൈവശമുള്ള ഡാറ്റകൾ വിശകലനം നടത്തി കേരളത്തിൽ രോഗം എത്താൻ സാധ്യതയുണ്ടോ എന്ന്‌ പ്രവചിക്കാനാകും. ഏതൊക്കെ സാഹചര്യത്തിലാണ്‌ രോഗം വരുന്നത്‌, ഏത്‌ പ്രായത്തിലുള്ളവരെ ബാധിക്കും, എത്രത്തോളം വ്യാപ്തിയുണ്ടാകും എന്തൊക്കെ ഒരുക്കങ്ങളാണ് നടത്തേണ്ടത്, അതിന് വേണ്ടിവരുന്ന വിഭവശേഷി എന്നിങ്ങനെയുള്ള വിവരങ്ങളും മുൻകൂട്ടി അറിയിക്കാനാകും.

വിവരചോർച്ചയ്‌ക്കുള്ള അവസാന സാധ്യതയും അടച്ചു

ശേഖരിക്കുന്ന വിവരങ്ങൾ പൂർണമായും സംസ്ഥാന സർക്കാരിന്‌ കീഴിലുള്ള സി–-ഡിറ്റിനായിരിക്കുമെന്ന്‌ ഇതിനകം സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്‌. വിവരശേഖരണത്തിനും സംഭരണത്തിനും വിശകലനത്തിനും ഉപയോഗിക്കുന്ന എല്ലാ സോഫ്‌റ്റ്‌വെയറുകളും സിഡിറ്റ്‌ ഒരുക്കുന്ന ആമസോൺ ക്ലൗഡ്‌ പശ്‌ചാത്തല സൗകര്യത്തിനുള്ളിലാകും വിന്യസിക്കുക. സ്‌പ്രിങ്ക്‌ളർ സൗജന്യമായി നൽകുന്ന സാസ്‌ ആപ്ലിക്കേഷനും ഈ രീതിയിലാണ്‌ വിന്യസിക്കുക എന്നിരിക്കെ സ്‌പ്രിങ്ക്‌ളറുടെ ഭാഗത്തുനിന്നുള്ള വിവരച്ചോർച്ചയ്‌ക്കുള്ള അവസാന സാധ്യതയും അടയും. വിവരങ്ങൾ വിശകലനംചെയ്ത്‌ ഡാഷ് ബോർഡുകളും ടേബിളുകളും തയ്യാറാക്കി നൽകുന്ന ചുമതല മാത്രമാണ്‌ സ്‌പ്രിങ്ക്‌ളറിനുള്ളത്‌.

പ്രതിപക്ഷം കേരളത്തെ അപമാനിക്കുന്നു ; വിവാദങ്ങൾ രാഷ്ട്രീയ മുതലെടുപ്പെന്ന് എ വിജയരാഘവൻ

അനാവശ്യവിവാദങ്ങളുയർത്തി  പ്രതിപക്ഷം കേരളത്തെയും ജനങ്ങളെയും കരിവാരിത്തേക്കുകയാണെന്ന് എൽഡിഎഫ് കൺവീനർ എ  വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മഹാമാരിയിൽനിന്ന് ജനങ്ങളെ രക്ഷിക്കാനല്ല കോൺഗ്രസ് നേതാക്കൾക്കും പ്രതിപക്ഷത്തിനും താൽപ്പര്യം. വിമോചന സമരത്തിന്റെ രാഷ്ട്രീയ അപസ്മാരം  കോൺഗ്രസ് നേതാക്കൾക്ക് വിട്ടുപോയിട്ടില്ല.

കോവിഡ് പ്രതിരോധത്തിൽ കേരളം കാണിച്ച മികവിനെ ലോകത്തെമ്പാടും ആരോഗ്യപ്രവർത്തകരും സാമൂഹ്യശാസ്ത്രജ്ഞരും പ്രകീർത്തിച്ചു. കേരളജനതയെ ഒറ്റക്കെട്ടായി അണിനിരത്തുന്നതിൽ സർക്കാർ മികവു കാട്ടി. ഈ ഒരുമയെ  അസഹിഷ്ണുതയോടെയാണ് പ്രതിപക്ഷം കാണുന്നത്. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെപ്പോലും ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത്  വികലമാണ്.

മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയും മന്ത്രിമാരും കോൺഗ്രസ് നേതാക്കളുമെല്ലാം സോളാർ കമീഷനുമുന്നിൽ ഹാജരായിരുന്ന കാലം ഓർമയില്ലേ ? അന്നും അവരുടെ കുടുംബാംഗങ്ങളെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചിട്ടില്ല. ഓഖിയും പ്രളയവും നിപ്പയുംമുതൽ കോവിഡ്വരെയുള്ള വെല്ലുവിളികളെ എൽഡിഎഫ് സർക്കാർ ജനകീയ ഐക്യത്തോടെയാണ് നേരിട്ടത്.  സ്പ്രിങ്ക്ളറുമായുള്ള ഇടപാട്  മികച്ച സാങ്കേതിക വിദ്യകളെ പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഇതിൽ അഴിമതിയോ ഡാറ്റചോർച്ചയോ ഒന്നുമില്ല. ഇതുസംബന്ധിച്ച്  മുഖ്യമന്ത്രിമുതൽ ഐടി സെക്രട്ടറിവരെ മറുപടി പറഞ്ഞിട്ടുണ്ട്.  എന്നിട്ടും പത്രസമ്മേളനപരമ്പര നടത്തുകയാണ് പ്രതിപക്ഷ നേതാവും സംഘവും. പ്രതിപക്ഷകാപട്യം തിരിച്ചറിഞ്ഞ് ജനം സർക്കാരുമായി സഹകരിച്ചു മുന്നോട്ടുപോകണം.  ഭരണപരമായ കാര്യങ്ങളിൽ എൽഡിഎഫുമായി ചർച്ചചെയ്താണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും വിജയരാഘവൻ പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസും പങ്കെടുത്തു.

കോൺഗ്രസ്‌ നേതാക്കളുടേത്‌ തുരങ്കംവയ്‌പ്‌ രാഷ്‌ട്രീയം: എ വിജയരാഘവൻ

കേരളത്തിൽ മികച്ച രീതിയിൽ നടക്കുന്ന കോവിഡ്‌ പ്രതിരോധപ്രവർത്തനങ്ങളെ വിവാദം സൃഷ്‌ടിച്ച്‌ തുരങ്കം വയ്‌ക്കാനാണ്‌ കോൺഗ്രസ്‌ നേതാക്കൾ ശ്രമിക്കുന്നതെന്ന്‌ എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ പ്രസ്‌താവനയിൽ പറഞ്ഞു. കോവിഡ്‌ വ്യാപനം ചെറുക്കാനും അടച്ചുപൂട്ടലിൽ ബുദ്ധിമുട്ടിലായ ജനങ്ങളെ സഹായിക്കാനും ഏറ്റവും സുതാര്യമായ നിലയിലാണ്‌ സർക്കാർ സംവിധാനം പ്രവർത്തിക്കുന്നത്‌. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മാതൃകാപ്രവർത്തനമാണ്‌ നടക്കുന്നതെന്ന്‌ രാജ്യമാകെ വിലയിരുത്തുമ്പോഴാണ്‌ കുത്തിത്തിരിപ്പിന്‌ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മൻചാണ്ടിയും സംയുക്തമായി ശ്രമിക്കുന്നത്‌.

ഇത്തരമൊരു ദുരന്തത്തെ അഭിമുഖീകരിക്കുമ്പോഴെങ്കിലും രാഷ്‌ട്രീയം മാറ്റിവച്ച്‌ സഹകരിക്കുന്നതിനുപകരം ലോകത്തിന്‌ മുമ്പിൽ കേരളത്തിന്റെ ഒരുമയെ ഇകഴ്‌ത്താനാണ്‌ പ്രതിപക്ഷനേതാവിന്റെ ശ്രമം. സാലറി ചലഞ്ചിന്റെ പേരിലും ഇരട്ടത്താപ്പ്‌ നയമാണ്‌ കോൺഗ്രസിന്‌. കോവിഡ്‌ പ്രതിരോധത്തിന്‌ അമേരിക്കൻ മോഡൽ സ്വീകരിക്കണമെന്ന്‌ നിയമസഭയിൽ ഉളുപ്പില്ലാതെ  പ്രസംഗിച്ചയാളാണ്‌ പ്രതിപക്ഷനേതാവ്‌. അത്‌ സ്വീകരിച്ചിരുന്നെങ്കിൽ കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നെന്ന്‌ അദ്ദേഹം സ്വയം ആലോചിക്കണം.

കേരളം സ്വീകരിച്ചതുപോലുള്ള ഒരു നടപടിയും കോൺഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനങ്ങളിൽപോലും ഉണ്ടായിട്ടില്ല. ജനങ്ങളിൽ സർക്കാരിന്‌ കിട്ടിയ സ്വീകാര്യതയാണ്‌ നേതാക്കളുടെ ഉറക്കം കെടുത്തുന്നത്‌. ഇതിൽ വിറളി പൂണ്ടാണ്‌ വസ്‌തുതാവിരുദ്ധ ആക്ഷേപങ്ങളുമായി വന്നിരിക്കുന്നത്‌. ഈ സമീപനം തിരുത്തി ജനങ്ങൾക്കൊപ്പം നിന്നില്ലെങ്കിൽ കോൺഗ്രസ്‌ നേതൃത്വം സ്വയം അപഹാസ്യരാകുമെന്ന്‌ വിജയരാഘവൻ പറഞ്ഞു.

Thursday, May 15, 2014

സര്‍ക്കാര്‍ ഓഫീസുകളിലും റിലയന്‍സ് ഇന്റര്‍നെറ്റ്

ഗ്രാമപഞ്ചായത്ത് അടക്കമുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും സ്കൂളുകളിലുമുള്ള ഇന്റര്‍നെറ്റ് കണക്ഷന്‍ റിലയന്‍സിന്റെ കൈപ്പിടിയിലാക്കാന്‍ സര്‍ക്കാര്‍- റിലയന്‍സ് ഗൂഢധാരണ. കേരളത്തില്‍ റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കുന്നതിന് പകരമായി കേബിള്‍ ഇടുന്നതിന്റെ രണ്ട് കിലോമീറ്റര്‍ പരിധിയിലുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് സൗജന്യകണക്ഷന്‍ ലഭ്യമാക്കാമെന്നാണ് റിലയന്‍സ് വാഗ്ദാനം. ഇതിന് സര്‍ക്കാര്‍ ധാരണയായിക്കഴിഞ്ഞു. ഒറ്റനോട്ടത്തില്‍ നിരുപദ്രവമെന്ന് തോന്നുന്ന വ്യവസ്ഥയ്ക്ക് പിന്നില്‍ റിലയന്‍സിനെ സഹായിക്കാനുള്ള ഗൂഢനിബന്ധനകളാണുള്ളത്.

പുതിയ നീക്കം സര്‍ക്കാര്‍ ഓഫീസുകളിലും സ്കൂളുകളിലും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും നിലവില്‍ കണക്ഷനുള്ള ബിഎസ്എന്‍എല്ലിനെ തകര്‍ക്കാനിടയാക്കുമെന്ന് ബിഎസ്എന്‍എല്‍ വൃത്തങ്ങള്‍ പറഞ്ഞു. 2013 ജൂണിലും ഒക്ടോബറിലുമായി വിവരസാങ്കേതിക വകുപ്പിന്റെ രണ്ട് ഉത്തരവാണ് പുറത്തിറങ്ങിയത്. കേരളത്തില്‍ കാസര്‍കോട്, കണ്ണൂര്‍, കോട്ടയം ഒഴികെയുള്ള 11 ജില്ലകളിലായി 1428.42 കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ റിലയന്‍സിന് അനുമതി നല്‍കിയിട്ടുള്ളത്. നെറ്റ്വര്‍ക്ക് ഓപ്പറേറ്റിങ് സെന്ററുകള്‍ക്ക് 100 എംബിപിഎസ് ബാന്‍ഡ്വിഡ്ത്തും ജില്ലാകേന്ദ്രത്തിലെ പൊതുഓഫീസുകള്‍ക്ക് 50 എംബിപിഎസും താലൂക്ക്- ബ്ലോക്ക്തല ഓഫീസുകള്‍ക്ക് 10 എംബിപിഎസും ഇന്റര്‍നെറ്റ് കണക്ഷന്‍ സൗജന്യമായി നല്‍കണമെന്നാണ് ഒരു വ്യവസ്ഥ. കേബിള്‍ കടന്നുപോകുന്ന മേഖലയിലെ എല്ലാ സര്‍ക്കാര്‍, എയിഡഡ് സ്കൂളുകള്‍ക്കും കണക്ഷന്‍ നല്‍കണം. എല്ലാ മേഖലയിലും ഒരേതരം വിവര-വിനിമയ കിയോസ്കുകള്‍ സ്ഥാപിക്കണം തുടങ്ങിയ നിബന്ധനകളും കരാറിലുണ്ട്. കണക്ഷന്‍ മാത്രമാണ് സൗജന്യം. സേവനത്തിന് പക്ഷേ പണം നല്‍കേണ്ടിവരും.

സൗജന്യമായി കണക്ഷന്‍ നല്‍കുമെന്ന സര്‍ക്കാര്‍ ഉത്തരവിന്റെ മറവില്‍ റിലയന്‍സ് ഏജന്റുമാര്‍ ഓഫീസര്‍മാരില്‍ സമ്മര്‍ദം ചെലുത്തി കണക്ഷന്‍ സ്ഥാപിക്കും. നാലു-ജി നെറ്റ്വര്‍ക്ക് സൗകര്യമുള്ളതിനാല്‍ ഓഫീസുകള്‍ പതുക്കെ റിലയന്‍സിലേക്ക് ഉപയോഗം മാറ്റും. പഞ്ചായത്ത് ഓഫീസുകള്‍ തമ്മിലുള്ള കേരള വൈഡ് ഏരിയ നെറ്റ്വര്‍ക്കിങ് സംവിധാനം, സ്കൂളുകളിലെ ഐടി അറ്റ്സ്കൂള്‍ തുടങ്ങിയ പദ്ധതികളും റിലയന്‍സിന്റെ കൈപ്പിടിയിലാകും. പൊതുമേഖലയിലെ ബിഎസ്എന്‍എല്ലിന്റെ ആധിപത്യം ഇല്ലാതാകുന്നതോടെ സേവനത്തിന് വില നിശ്ചയിക്കുക റിലയന്‍സാകും. ഇത്തരത്തില്‍ സൗജന്യ ഇന്റര്‍നെറ്റ് സൗകര്യം നല്‍കി എസ്ബിഐയില്‍ നുഴഞ്ഞുകയറുകയും സേവനരംഗം കൈപ്പിടിയിലാക്കുകയും ചെയ്തത് നേരത്തെ ദേശാഭിമാനി തന്നെ പുറത്തുകൊണ്ടുവന്നിരുന്നു. ഇതേരീതിയില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ അടക്കം നിയന്ത്രിക്കാനുള്ള റിലയന്‍സിന്റെ ഗൂഢനീക്കത്തിന്റെ ആദ്യപടിയാണ് ഈ സൗജന്യ കണക്ഷനെന്ന് കരുതുന്നു. ഇതിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്.

ഡി ദിലീപ് deshabhim

Friday, February 21, 2014

ഐടി അറ്റ് സ്കൂളില്‍ വന്‍ അഴിമതി

സ്കൂളുകളില്‍ വിവര സാങ്കേതിക വിനിമയ വിദ്യാഭ്യാസത്തിന്റെ വിപുലീകരണത്തിനായി രൂപീകരിച്ച ഐടി അറ്റ് സ്കൂളില്‍ അഴിമതി ഫയലുകള്‍ കുന്നുകൂടുന്നു. വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള ഐടി അറ്റ് സ്കൂള്‍ മുഖേന സംസ്ഥാനത്തെ സ്കൂളുകളില്‍ അടിസ്ഥാനസൗകര്യം വര്‍ധിപ്പിക്കന്നതിനും അധ്യാപക പരിശീലനത്തിനും വിക്ടേഴ്സ് ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ചെലവഴിക്കേണ്ട തുകയാണ് മാനദണ്ഡങ്ങളൊന്നും കൂടാതെ അനുവദിച്ചശേഷം വ്യാജവൗച്ചറുകളും ബില്ലുകളും ഉപയോഗിച്ച് ഭരണസ്വാധീനമുള്ള ഉദ്യോഗസ്ഥര്‍ വിഴുങ്ങുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഓഡിറ്റ് ആരംഭിച്ചപ്പോള്‍ പല ബില്ലുകളും വൗച്ചറുകളും വ്യാജമാണെന്ന സംശയം ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ചു.

പല ഇടപാടുകള്‍ക്കും ഓഡിറ്റ് വിശദീകരണം ആരാഞ്ഞതോടെ അവരെ സ്വാധീനിക്കാനുള്ള ഭരണ രാഷ്ട്രീയ നീക്കങ്ങളും ഐടി അറ്റ് സ്കൂള്‍ പ്രോജക്ട് മേധാവികള്‍ നടത്തുന്നുണ്ട്. അഴിമതിമാത്രം ലക്ഷ്യമിട്ട പ്രഖ്യാപനങ്ങളാണ് പ്രോജക്ടിലും ചാനലിലും നടക്കുന്നത്. വിക്ടേഴ്സ് ചാനലിന്റെയും ജില്ലാ ഓഫീസുകള്‍ സ്ഥാപിക്കുന്നതിന്റെയും ഹെഡ് ഓഫീസിലെ ചെലവുകളുടെയും പേരിലാണ് വന്‍ വെട്ടിപ്പ്. നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷനുമായി ചേര്‍ന്ന് വിക്ടേഴ്സ് ചാനല്‍ നടത്തിയ ഒരു പരിപാടിക്ക് ലഭിച്ച തുക ഐടി അറ്റ് സ്കൂളിലെ പ്രൊഡക്ഷന്‍ മാനേജര്‍ സ്വന്തം അക്കൗണ്ടിലാണ് നിക്ഷേപിച്ചത്. സംഭവം പുറത്തായപ്പോള്‍ ചാനലിലെ പരിപാടിയുടെ ഫയല്‍തന്നെ അപ്രത്യക്ഷമായി. നിര്‍മാണപ്രവര്‍ത്തനങ്ങളുടെ പേരിലെ അഴിമതിക്ക് കൈയും കണക്കുമില്ല. ഹെഡ് ഓഫീസില്‍ ബൈക്കുകള്‍ വയ്ക്കുന്ന ഷെഡിന്റെ ഉയരം കൂട്ടാന്‍ നാല് ഇരുമ്പ് പൈപ്പ് സ്ഥാപിച്ചതിന് നാലു ലക്ഷം രൂപയാണ് ചെലവ് കാണിച്ചത്. 4000 രൂപയ്ക്ക് കിട്ടുന്ന പൈപ്പുകള്‍ക്കാണ് ഒരു ലക്ഷം രൂപവീതം ചെലവായതായുള്ള കണക്ക്. അവിശ്വസനീയമായ ഈ തുക അനുവദിച്ചാല്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് ജീവനക്കാരില്‍ ചിലര്‍ ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് പണം അനുവദിച്ചിട്ടില്ല. ചീഫ് അക്കൗണ്ടന്റിന് വ്യാജ ബില്ലുകളും വൗച്ചറുകളും സംഘടിപ്പിച്ച് കൊടുക്കാന്‍മാത്രം ഒരു കീഴ് ജീവനക്കാരിയെ നിയോഗിച്ചിട്ടുണ്ടെന്നാണ് ആക്ഷേപം. പൊതുവിദ്യാഭ്യാസ ഡയറക്ടറുമായി ഇടഞ്ഞ് ഐടി സ്കൂളില്‍നിന്ന് പുറത്തായ ലീഗ് നേതാവ് അബ്ദുള്‍ നാസര്‍ കൈപ്പഞ്ചേരിയുടെ വീട്ടുസാമഗ്രികള്‍ വീട്ടിലെത്തിച്ചവകയില്‍ 45,000 രൂപ തട്ടി. അതേസമയം, വസ്ത്രങ്ങളും ചില ബുക്കുകളുമല്ലാതെ മറ്റൊന്നും കൊണ്ടുപോകാനുണ്ടായിരുന്നില്ലെന്നും ജീവനക്കാര്‍ പറഞ്ഞു. സ്ഥിരം ഡയറക്ടര്‍ ഇല്ലാത്തതാണ് ഇവിടം അഴിമതിയുടെ വിളനിലമാക്കാന്‍ ചില ഉദ്യോഗസ്ഥര്‍ക്ക് സഹായകമാകുന്നത്. ചീഫ് അക്കൗണ്ടന്റായ റിട്ട. ഉദ്യോഗസ്ഥന്റെ കൈയിലാണ് ഇപ്പോള്‍ ഐടി അറ്റ് സ്കൂളിന്റെ ഭരണം. പല ബില്ലുകളും സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കാണാതെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും ചീഫ് അക്കൗണ്ടന്റും കൂടി ഒത്തുകളിച്ച് മാറിയെടുക്കുകയാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

deshabhimani

Monday, January 20, 2014

ഇ-ഡിസ്ട്രിക്ട് സേവനം നിലയ്ക്കുന്നു

പണമടയ്ക്കാത്തതിനെത്തുടര്‍ന്ന് ബിഎസ്എന്‍എല്‍ ഇന്റര്‍നെറ്റ് ബന്ധം വിഛേദിച്ചതോടെ സംസ്ഥാനത്തെ "ഇ-ഡിസ്ട്രിക്ട്" സേവനങ്ങള്‍ താളംതെറ്റി. ഏറെപ്പേര്‍ ആശ്രയിക്കുന്ന അക്ഷയ മുഖാന്തിരമുള്ള സേവനങ്ങള്‍ അപ്പാടെ നിലച്ചു. ഇന്റര്‍നെറ്റ് ബന്ധമുള്ള വില്ലേജ് ഓഫീസുകളില്‍ സ്ഥാനക്കയറ്റം ലഭിച്ചെത്തുന്ന വില്ലേജ് ഓഫീസര്‍മാര്‍ക്ക് ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഇല്ലാത്തതും പദ്ധതി കുഴപ്പത്തിലാകാന്‍ കാരണമായി.

ഓണ്‍ലൈനായി വില്ലേജ് ഓഫീസുകളിലേക്ക് അയക്കുന്ന അപേക്ഷകളുടെ പരിശോധനയും തുടര്‍നടപടികളും മുടങ്ങിയിരിക്കയാണ്. എറണാകുളം ജില്ലയില്‍ മാത്രം ഇതുവരെ മുപ്പതിലധികം വില്ലേജ് ഓഫീസുകളുടെ ഇന്റര്‍നെറ്റ് ബന്ധം റദ്ദാക്കി. മറ്റു ജില്ലകളിലും ഇത്തരത്തില്‍ ബന്ധം വിഛേദിക്കപ്പെട്ടു. ഇരുപതിലേറെ സേവനങ്ങളാണ് വില്ലേജ് ഓഫീസുകളില്‍ ഓണ്‍ലൈന്‍ വഴി ലഭിക്കുന്നത്. വില്ലേജ് ഓഫീസര്‍മാര്‍ക്കുള്ള സിഗ്നേച്ചര്‍ കാര്‍ഡുകള്‍ പുതുതായി ചുമതലയേക്കുന്നവരില്‍ പലര്‍ക്കുമില്ല. ഇ-ഡിസ്ട്രിക്ട് പദ്ധതി നടപ്പാക്കിയ സ്ഥലങ്ങളില്‍നിന്നു എത്തുന്നവര്‍ക്ക് മാത്രമാണ് കാര്‍ഡുള്ളത്.

ഡിജിറ്റല്‍ സിഗ്നേച്ചര്‍ കംപ്യൂട്ടറില്‍ ചേര്‍ത്താലേ അക്ഷയകേന്ദ്രങ്ങള്‍വഴി ജാതി-വരുമാന സര്‍ട്ടിഫിക്കറ്റ് ലഭിക്കൂ. വില്ലേജ് ഓഫീസുകളിലെ കംപ്യൂട്ടറുകള്‍ അടിക്കടി തകരാറിലാകുന്നതും അറ്റകുറ്റപ്പണി വൈകുന്നതും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. ഇന്റര്‍നെറ്റ് സംവിധാനം പുനഃസ്ഥാപിച്ചില്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ്നല്‍കാനാവില്ലെന്ന് വില്ലേജ് ഓഫീസ് ജീവനക്കാര്‍ പറയുന്നു. ഇന്റനെറ്റ് ബന്ധം തടസ്സപ്പെട്ടതോടെ നേരിട്ട് അപേക്ഷ നല്‍കുന്നവര്‍ക്കു മാത്രമാണ് യഥാസമയം സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിന് പ്രാരംഭഘട്ടത്തില്‍ സീഡ് മണിയായി 10 ലക്ഷം വീതം അനുവദിച്ചിരുന്നു. ഡിസ്ട്രിക്ട് ഇ-ഗവേണന്‍സ് സൊസൈറ്റികള്‍ക്കാണ് തുക നല്‍കിയത്. ഇത് എങ്ങനെ ചെലവഴിച്ചെന്നതിന് വ്യക്തമായ കണക്കില്ല. എറണാകുളം ജില്ലയില്‍ ഇ-ഡിസ്ട്രിക്ട് പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്നം ചര്‍ച്ച ചെയ്യുന്നതിന് തിങ്കളാഴ്ച കലക്ടറേറ്റില്‍ യോഗം ചേരുന്നുണ്ട്.

deshabhimani

Friday, December 27, 2013

ഇ- ഡിസ്ട്രിക്ട് പദ്ധതി സര്‍ക്കാര്‍ അട്ടിമറിച്ചു

പാലക്കാട്: പൊതുജനങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്ന ഇ-ഡിസ്ട്രിക്ട് പദ്ധതി സര്‍ക്കാര്‍ അട്ടിമറിച്ചു. 23 തരം സര്‍ട്ടിഫിക്കറ്റുകള്‍ക്കു പുറമെ എടിഎം കാര്‍ഡ് ഉപയോഗിച്ച് വൈദ്യുതി, ഫോണ്‍, വെള്ളം എന്നിവയുടെ ബില്ലുകളടയ്ക്കാനും കഴിയുന്ന പദ്ധതി കഴിഞ്ഞ ആറുമാസമായി പ്രവര്‍ത്തനം ഇല്ലാത്ത സ്ഥിതിയിലാണ്. മുസ്ലിംലീഗിന്റെ താല്‍പ്പര്യപ്രകാരം നിയമിച്ച ഐടി മിഷന്‍ ഉന്നത ഉദ്യോഗസ്ഥന്‍ വന്നതോടെയാണ് കാര്യങ്ങള്‍ തകിടംമറിഞ്ഞതെന്നാണ് അക്ഷയസംരംഭകര്‍ ആരോപിക്കുന്നത്. റവന്യൂ വകുപ്പിന്റെ നിസ്സഹകരണംകൂടിയായപ്പോള്‍ പ്രവര്‍ത്തനം താളംതെറ്റി.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2010ലാണ് ഇ-ഡിസ്ട്രിക്ട് പദ്ധതി തുടങ്ങുന്നത്. പൈലറ്റ് പ്രോജക്ട് എന്ന നിലയില്‍ പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് തുടക്കമിട്ടത്. ദേശീയനിലവാരത്തില്‍ത്തന്നെ പ്രശംസ പിടിച്ചുപറ്റിയതോടെ മറ്റ് ജില്ലകളിലേക്കുകൂടി വ്യാപിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ മറ്റു ജില്ലകളിലേക്കുകൂടി പദ്ധതി വ്യാപിപ്പിച്ചു. ഇതിന്റെ ഉദ്ഘാടനം മാര്‍ച്ച് 26ന് ആഘോഷപൂര്‍വം നടത്തുകയും ചെയ്തു. കേന്ദ്രസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് അനുസരിച്ചാണ് ഫണ്ട് ലഭിക്കുന്നത്. പദ്ധതിയുടെ ഭാഗമായി എല്ലാ വില്ലേജ് ഓഫീസര്‍മാര്‍ക്കും ലാപ്ടോപ് വിതരണം ചെയ്തു. വില്ലേജ്-താലൂക്ക് ഓഫീസുകള്‍ കംപ്യൂട്ടര്‍വല്‍ക്കരിച്ചു. കംപ്യൂട്ടറുകള്‍ നന്നാക്കാന്‍ ആവശ്യമായ പണവും അനുവദിച്ചു. ഓരോ ജില്ലയിലും ഇതുമായി ബന്ധപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കാന്‍ പത്തുലക്ഷം രൂപവീതം അനുവദിച്ചിരുന്നു. ഐടി മിഷനെ നോഡല്‍ ഏജന്‍സിയായി തീരുമാനിക്കുകയും ജില്ലാതലത്തില്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിന് ചുമതല നല്‍കുകയും ചെയ്തു. ആഴ്ചതോറും സംസ്ഥാന ഐടി മിഷന്‍ ജില്ലാതല വീഡിയോ കോണ്‍ഫറന്‍സ് നടത്തിയാണ് പദ്ധതി അവലോകനം ചെയ്തിരുന്നത്. കഴിഞ്ഞ ആറു മാസമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തുന്നില്ല.

അക്ഷയ കോ-ഓര്‍ഡിനേറ്റര്‍ അധ്യക്ഷനായ ജില്ലാതല സമിതിയാണ് പദ്ധതി അവലോകനവും പരിശോധനയും നടത്തിയിരുന്നത്. യുഡിഎഫ് സര്‍ക്കാര്‍ വന്നശേഷം റവന്യൂവകുപ്പിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ജില്ലാതല സമിതിയുടെ ചുമതല എഡിഎമ്മിന് നല്‍കി. എഡിഎം സെക്രട്ടറിയായി ഡിസ്ട്രിക്ട് ഇ-ഗവേണന്‍സ് സൊസൈറ്റി രൂപീകരിച്ചാണ് ചുമതല ഏല്‍പ്പിച്ചത്. ഇതോടെ പദ്ധതിയുടെ താളംതെറ്റി. ഉദ്യോഗസ്ഥര്‍ക്ക് തുടര്‍പരിശീലനത്തിന് നല്‍കിയ തുകയില്‍ ഒരുരൂപപോലും ചെലവഴിക്കാന്‍ കഴിഞ്ഞില്ല. പരിശീലനം നേടിയ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുകകൂടി ചെയ്തതോടെ സ്ഥിതി കൂടുതല്‍ വഷളായി. വില്ലേജ് ഓഫീസര്‍മാര്‍ക്ക് നല്‍കിയ ലാപ്ടോപ്പുകളില്‍ പലതും കേടായി. പലരില്‍നിന്നും തിരിച്ചുവാങ്ങി. ഇതിനിടെ സ്കൂള്‍ പ്രവേശനസമയത്ത് ഐടി മിഷന്‍ സെര്‍വര്‍ തകരാറിലായി, സര്‍ട്ടിഫിക്കറ്റ് വിതരണം തടസ്സപ്പെട്ടു. സര്‍ട്ടിഫിക്കറ്റുകള്‍ എഴുതിനല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ഇതു മറയാക്കി ഭൂരിഭാഗം വില്ലേജ് ഓഫീസുകളിലും സര്‍ട്ടിഫിക്കറ്റുകള്‍ എഴുതിനല്‍കാന്‍ തുടങ്ങി. സെര്‍വര്‍ തകരാര്‍ പരിഹരിച്ചശേഷവും പുതിയ ഉത്തരവിറക്കാന്‍ റവന്യൂവകുപ്പ് തയ്യാറായില്ല. ജനങ്ങള്‍ക്ക് ഏറെ സൗകര്യപ്രദമായ പദ്ധതിയാണ് കെടുകാര്യസ്ഥതയും അഴിമതിയുംകൊണ്ട് ഇല്ലാതാകുന്നത്.

അസോസിയേഷന്‍ ഓഫ് ഐടി എംപ്ലോയീസ് സമ്മേളനം 29ന്

പാലക്കാട്: ഐടി മേഖലയിലെ തൊഴിലാളികള്‍, അക്ഷയ സംരംഭകര്‍, ഡിടിപി ഓപ്പറേറ്റര്‍മാര്‍ തുടങ്ങി ഈ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് ഐടി എംപ്ലോയീസ് (സിഐടിയു) ജില്ലാ സമ്മേളനം 29ന് മണ്ണാര്‍ക്കാട്ട് നടക്കും. രാവിലെ 10ന് റിറ്റ്സി മലബാര്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി പി കെ ശശി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഐടി മേഖലയില്‍ പണിയെടുക്കുന്ന ബഹുഭൂരിപക്ഷംപേരും ഇപ്പോഴും അസംഘടിതരാണ്. ഈ സാഹചര്യം മുതലെടുത്ത് ഈ മേഖലയില്‍ തൊഴിലാളിചൂഷണം നാള്‍ക്കുനാള്‍ ശക്തി പ്രാപിക്കുകയാണ്. സംഘടന എന്ന നിലയ്ക്ക് അക്ഷയ സംരംഭകരുടെ പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുത്തത്. സര്‍ക്കാരിന്റെ തെറ്റായ നയംമൂലം ഒട്ടനവധി ചൂഷണങ്ങളാണ് അനുഭവിക്കുന്നത്. പരിമിതമായ പ്രതിഫലത്തുകയ്ക്കാണ് ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ നല്‍കുന്നത്. എന്നാല്‍, ഇതിനുള്ള പ്രതിഫലം സമയബന്ധിതമായി സര്‍ക്കാര്‍ നല്‍കുന്നുമില്ല. പട്ടികജാതിവിഭാഗത്തിലെ കുട്ടികള്‍ക്ക് ഇ-ഗ്രാന്റ് ഡാറ്റ എന്‍ട്രി പ്രതിഫലത്തുക ഇനിയും നല്‍കിയിട്ടില്ല. കര്‍ഷക രജിസ്ട്രഷന്‍ നല്‍കിയ ഇനത്തില്‍ ആയിരങ്ങളുടെ കുടിശ്ശികയാണ് അക്ഷയ കേന്ദ്രങ്ങള്‍ക്കു ലഭിക്കാനുള്ളത്. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയിലേക്ക് അപേക്ഷ അയച്ചതിന്റെ പ്രതിഫലവും നല്‍കിയിട്ടില്ല. അക്ഷയ കേന്ദ്രങ്ങള്‍ ചെയ്തിരുന്ന ആരോഗ്യ ഇന്‍ഷുസര്‍സ് കാര്‍ഡ് പുതുക്കല്‍ സ്വകാര്യ ഏജന്‍സിക്ക് നല്‍കി. ഓണ്‍ലൈന്‍സേവനങ്ങളെ ഓപ്പണ്‍പോര്‍ട്ടലിലാക്കി അക്ഷയയില്‍നിന്ന് മാറ്റി. അക്ഷയയുടെ സബ്സെന്ററുകള്‍ അടപ്പിക്കുകയും ദൂരപരിധി ഒഴിവാക്കി പുതിയ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ ഉത്തരവിടുകയും ചെയ്തു. സേവനങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിലേക്ക് ആദ്യം പണം നല്‍കണമെന്ന വ്യവസ്ഥ കൊണ്ടുവരികയും ചെയ്തു. നിരന്തരം ചൂഷണം ചെയ്യുകയും സംരംഭങ്ങളെ തകര്‍ക്കുകയും ചെയ്യുന്ന സര്‍ക്കാര്‍നിലപാടാണ് അക്ഷയ സംരംഭകരെ സമരരംഗത്തിറക്കിയതെന്നും ഭാരവാഹികള്‍ പറഞ്ഞു.

ഇ- ഡിസ്ട്രിക്ട് പദ്ധതി പ്രകാരം 90ലക്ഷംരൂപയാണ് സര്‍ക്കാര്‍ ചെലവാക്കിയത്. എന്നാല്‍, സേവനങ്ങള്‍ നല്‍കുകവഴി 1.20കോടി രൂപ അക്ഷയകേന്ദ്രങ്ങള്‍ വഴി സര്‍ക്കാരിലേക്ക് അടച്ചു. ഇത്രയും മികച്ച പദ്ധതിയെ ഇപ്പോള്‍ സര്‍ക്കാര്‍തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിനുപിന്നില്‍ ഏജന്റുമാരുടെ സമ്മര്‍ദമുണ്ടെന്നും ഭാരവാഹികള്‍ ആരോപിച്ചു. അസോസിയേഷന്റെ മൂന്നാമത് ജില്ലാ സമ്മേളനമാണ് മണ്ണാര്‍ക്കാട് നടക്കുന്നത്. ജില്ലാ പ്രസിഡന്റ് വി ടി ശോഭന, പ്രസിഡന്റ് ടി പി പ്രദീപ്കുമാര്‍, ബാബു, അജിത്കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani

Thursday, July 18, 2013

ഇ-ഗവേണന്‍സിന് ഉദ്യോഗസ്ഥര്‍ തടസ്സം: ഐടി സെക്രട്ടറി

സംസ്ഥാനത്തെ വിവിധ വകുപ്പുകളില്‍ ഇ-ഗവേണന്‍സ്് നടപ്പാക്കാനുള്ള ശ്രമങ്ങള്‍ക്ക് ഉദ്യോഗസ്ഥ മേധാവികള്‍ തടയിടുന്നു. സെന്റ് തെരേസാസ് കോളേജില്‍ നടന്ന ഇ-ജാലകം പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങില്‍ ഐടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി എച്ച് കുര്യനാണ് ഉദ്യോഗസ്ഥ മേധാവിത്വത്തിനെതിരെ ആഞ്ഞടിച്ചത്. ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പദ്ധതികളുടെ നടത്തിപ്പ് ഇവരുടെ ഇടപെടല്‍മൂലം മന്ദഗതിയിലാകുന്നതായി അദ്ദേഹം തുടര്‍ന്നു. വിവരാവകാശ നിയമപ്രകാരം ഒരു ഉദ്യോഗസ്ഥന്‍ നല്‍കുന്ന എല്ലാ വിവരങ്ങളും ഏതൊരു പൗരനും ഇലക്ട്രോണിക് സംവിധാനത്തിലൂടെ ലഭ്യമാക്കണമെന്ന നിയമം നിലനില്‍ക്കുന്ന രാജ്യത്താണ് ഇത്തരം പദ്ധതികള്‍ക്ക് തടയിടുന്നത്. ഇത്തരം സേവനങ്ങള്‍ ഇലക്ട്രോണിക് രീതിയില്‍ ലഭ്യമാക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെടാത്തതിനാലാണ് പദ്ധതികള്‍ മുന്നോട്ടുപോകാത്തത്.

സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഫ്രണ്ട്സ് ജനസേവനകേന്ദ്രം ചില ഉദ്യോഗസ്ഥര്‍ക്ക് വീടിനടുത്തു ജോലിചെയ്യാനുള്ള സംവിധാനമായി മാറി. സര്‍ക്കാര്‍ നല്‍കുന്ന സേവനങ്ങള്‍ ഓണ്‍ലൈനാക്കുന്നതിലൂടെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കാന്‍കഴിയും. എന്നാല്‍ ഇതിനുള്ള നടപടി പുരോഗമിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സെന്റ് തെരേസാസ് കോളേജിലെ സാമ്പത്തികശാസ്ത്ര വകുപ്പിന്റെയും ഫെഡറല്‍ ബാങ്കിന്റെയും സംസ്ഥാന ഐടി മിഷന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന ഇ-ജാലകം പദ്ധതി ഈ രംഗത്തെ സ്ത്രീശാക്തീകരണത്തിനാണ് ഊന്നല്‍നല്‍കുന്നത്. ഹൈബി ഈഡന്‍ എംഎല്‍എയുടെ മകളുടെ ജനനസര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി ലഭ്യമാക്കിയാണ് ചടങ്ങ് ഉദ്ഘാടനംചെയ്തത്. ചടങ്ങില്‍ ഹൈബി ഈഡന്‍ അധ്യക്ഷനായി. കലക്ടര്‍ പി ഐ ഷേഖ് പരീത്, ഡോ. ട്രീസ, രാജു ഹോര്‍മിസ് എന്നിവര്‍ സംസാരിച്ചു. ഗായത്രി എസ് കുമാര്‍ വിഷയം അവതരിപ്പിച്ചു. ഡോ. നിര്‍മല പത്മനാഭന്‍ സ്വാഗതവും ജി ഉത്ര നന്ദിയും പറഞ്ഞു.

deshabhimani

Sunday, June 23, 2013

ഐടി മിഷനില്‍ രഹസ്യക്യാമറ; ജീവനക്കാരുടെ വിവരം ചോര്‍ത്തുന്നു

ഐടി മിഷന്‍ ഓഫീസുകളും പരിസരവും രഹസ്യക്യാമറ സ്ഥാപിച്ച് ജീവനക്കാരുടെ നീക്കങ്ങള്‍ പകര്‍ത്തുന്നു. സ്ഥാപനത്തിലെ നൂറ്റിഇരുപതില്‍പ്പരം വനിതാ ജീവനക്കാര്‍ക്ക് സ്വകാര്യതയില്ലാതായി. സ്ഥാപനത്തിലെ എല്ലാ ജീവനക്കാരുടെയും ഇ-മെയിലും മൊബൈല്‍ഫോണും ചോര്‍ത്തുന്നതായി സംശയം ഉയര്‍ന്നിട്ടുണ്ട്. ഐടി മിഷന്റെ അനധികൃത പ്രവര്‍ത്തനത്തെപ്പറ്റി വാര്‍ത്ത പുറത്തുവന്നശേഷമാണ് ജീവനക്കാരുടെ സ്വകാര്യതയിലേക്കുള്ള മാനേജുമെന്റിന്റെ കടന്നുകയറ്റം തുടങ്ങിയത്. ഐടി മിഷന്റെ വെള്ളയമ്പലത്തെ ആസ്ഥാനമന്ദിരത്തിലും സ്റ്റാച്യു ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന അനക്സിലുമാണ് ക്യാമറ സ്ഥാപിച്ചത്. ആദ്യഘട്ടത്തില്‍ ആസ്ഥാനമന്ദിരത്തിലെ സ്വീകരണമുറിയിലായിരുന്നു ക്യാമറ. പിന്നീട് രണ്ട് ഓഫീസുകളുടെ ഉള്‍വശവും പരിസരവും ക്യാമറാക്കണ്ണുകളിലായി. ക്യാമറയില്‍ പതിയുന്ന ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലും മൊബൈല്‍ഫോണിലും ലഭ്യമാകും. യൂസര്‍നെയിമും പാസ്വേര്‍ഡും അറിയാവുന്ന ഏതൊരാള്‍ക്കും ഈ ദൃശ്യങ്ങള്‍ ഉപയോഗിക്കാനും പകര്‍ത്തി കൈമാറ്റം ചെയ്യാനുമാകും.

150 ജീവനക്കാരുള്ള സ്ഥാപനത്തില്‍ ഭൂരിപക്ഷവും സ്ത്രീകളാണ്. സ്ഥാപനത്തിലും പരിസരത്തും ക്യാമറ സ്ഥാപിച്ച് സ്വകാര്യതയ്ക്ക് തടസ്സമുണ്ടാക്കുന്ന മാനേജ്മെന്റ് നിലപാടിനെതിരെ പ്രതിഷേധിച്ചിട്ടും ഫലമില്ല. ഇതു സംബന്ധിച്ച് രണ്ട് വനിതാ ജീവനക്കാര്‍ രേഖാമൂലം പരാതി നല്‍കി. ജീവനക്കാരുടെ ഇ-മെയിലും മൊബൈല്‍ഫോണും ചോര്‍ത്തുന്നുവെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. എല്ലാവരുടെയും ഇ-മെയിലും മൊബൈല്‍ഫോണും പൊലീസ് ചോര്‍ത്തുവെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ തന്നെയാണ് ജീവനക്കാരുടെ യോഗത്തില്‍ പറഞ്ഞത്. സ്ഥാപനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടാല്‍ കര്‍ശന നടപടി എടുക്കുമെന്ന ഭീഷണിയുമുണ്ട്.

deshabhimani

Thursday, June 20, 2013

"പ്രിസം" പദ്ധതി: ഹര്‍ജി സുപ്രീംകോടതി പരിഗണനയില്‍

ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ വിവരങ്ങള്‍ അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സിക്ക് ചോര്‍ത്തിക്കൊടുക്കുന്ന ഇന്റര്‍നെറ്റ് കമ്പനികള്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുന്ന പൊതുതാല്‍പ്പര്യ ഹര്‍ജി സുപ്രീം കോടതിയില്‍. ഹര്‍ജിക്ക് അടിയന്തര പരിഗണനയാണ് കോടതി നല്‍കിയിരിക്കുന്നത്. കേസ് അടുത്തയാഴ്ച കേള്‍ക്കുന്നതിനായി ജസ്റ്റിസുമാരായ എ കെ പട്നായിക്, രഞ്ജന്‍ ഗൊഗോയ് എന്നിവരടങ്ങിയ ബെഞ്ച് മാറ്റിവച്ചു. ഡല്‍ഹി സര്‍വകലാശാലയിലെ നിയമവിഭാഗം മുന്‍ ഡീന്‍ പ്രൊഫ. എസ് എന്‍ സിങ് ആണ് അഭിഭാഷകനായ വിരാഗ് ഗുപ്ത മുഖേന ഹര്‍ജി സമര്‍പ്പിച്ചത്.

അമേരിക്ക നടത്തുന്ന വിവരചോരണം ഇന്ത്യയുടെ ദേശീയസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഇന്റര്‍നെറ്റ് കമ്പനികള്‍ കേന്ദ്രസര്‍ക്കാരുമായുണ്ടാക്കിയ കരാര്‍ ലംഘിച്ചാണ് അമേരിക്കയ്ക്ക് വിവരം ചോര്‍ത്തുന്നത്. മാത്രമല്ല, വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റംകൂടിയാണ് ഈ നടപടി. അമേരിക്ക ആസ്ഥാനമായ ഒന്‍പത് ഇന്റര്‍നെറ്റ് കമ്പനിയാണ് ഇന്ത്യയില്‍ ഉപയോക്താക്കളുടെ അനുമതിയില്ലാതെ അവരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നത്. അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സിക്ക് 630 കോടി ഡാറ്റ ഇതിനകം കൈമാറി. ഇന്ത്യയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ വിവരങ്ങളും ഇങ്ങനെ ചോര്‍ത്തുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ പല സുപ്രധാന വിവരങ്ങളും ഇന്റര്‍നെറ്റ് സംവിധാനത്തില്‍ സൂക്ഷിക്കുന്നുണ്ട്. ഇവയുടെ സെര്‍വറുകള്‍ ഇന്ത്യക്ക് പുറത്താണ്. ഇതില്‍നിന്ന് വിവരങ്ങള്‍ ചോര്‍ത്തുന്നു. അമേരിക്കയുടെ "പ്രിസം" പദ്ധതിയനുസരിച്ചാണ് രഹസ്യം ചോര്‍ത്തല്‍. ഇന്ത്യന്‍ സര്‍ക്കാരിന്റെ വിവരങ്ങള്‍ കാത്തുസൂക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ സുരക്ഷാ സംവിധാനം ഉണ്ടാക്കണം. അമേരിക്ക ആസ്ഥാനമായുള്ള ഇന്റര്‍നെറ്റ് കമ്പനികളുടെ സേവനം കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കരുത്. ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന കമ്പനികളെല്ലാം അവയുടെ സെര്‍വറുകള്‍ ഇന്ത്യയില്‍തന്നെ സ്ഥാപിക്കണം. ഇത്രയും ഗുരുതര കുറ്റകൃത്യം നടത്തിയിട്ടും ഇന്റര്‍നെറ്റ് കമ്പനികള്‍ക്കെതിരെ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നത് ഗുരുതരമായ അവസ്ഥയാണ്. രാജ്യത്തിന്റെ പരമാധികാരം ഗുരുതര ഭീഷണി നേരിടുകയാണെന്നും ഹര്‍ജിയില്‍ പറഞ്ഞു.വിവരം ചോര്‍ത്തലില്‍ കേന്ദ്രസര്‍ക്കാര്‍ അത്ഭുതവും ആശങ്കയും പ്രകടിപ്പിച്ചിരുന്നെങ്കിലും ഒരു നടപടിയുമെടുത്തില്ല.
(വി ജയിന്‍)

deshabhimani