Showing posts with label പരിസ്ഥിതി. Show all posts
Showing posts with label പരിസ്ഥിതി. Show all posts

Saturday, September 19, 2020

ചെമ്പനോടയും ചക്കിട്ടപ്പാറയും അടക്കമുള്ള പ്രദേശങ്ങൾ മലബാര്‍ വന്യജീവി മേഖല ബഫർ സോണിൽ: കേന്ദ്രവിജ്ഞാപനം പിൻവലിക്കണം: സിപിഐ എം

 തിരുവനന്തപുരം > കോഴിക്കോട്‌ ജില്ലയിലെ കൊയിലാണ്ടി, താമരശ്ശേരി എന്നീ താലൂക്കുകളില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളെ മലബാര്‍ വന്യജീവി മേഖലയുടെ ബഫര്‍ സോണില്‍ ഉള്‍പ്പെടുത്തിയ കേന്ദ്ര വിജ്ഞാപനം പിൻവലിക്കണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ ആവശ്യപ്പെട്ടു.  ചെമ്പനോട, ചങ്ങരോത്ത്‌, ചക്കിട്ടപാറ, കൂരാച്ചുണ്ട്‌, കട്ടിപ്പാറ, പുതുപ്പാടി എന്നീ പ്രദേശങ്ങളെയാണ്‌ മലബാര്‍ വന്യജീവി മേഖലയുടെ ബഫര്‍ സോണില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം പുറത്തിറക്കിയത്‌. മലയോര മേഖലയിലെ ജനങ്ങളെയാകെ ദോഷകരമായി ബാധിക്കുന്ന ഒരു നീക്കമാണിത്‌.

മലയോര കര്‍ഷകരുടെ ആശങ്ക അകറ്റുന്നതിനായി ഈ പ്രദേശങ്ങളെ മലബാര്‍ വന്യജീവി മേഖലയുടെ ബഫര്‍ സോണില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം അടിയന്തിരമായി പിന്‍വലിക്കണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ കേന്ദ്രസര്‍ക്കാരിനോട്‌ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

മലയോര കര്‍ഷകരുടെ ആശങ്ക അകറ്റുന്നതിന്‌ ആവശ്യമായ സത്വര ഇടപെടല്‍ കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു

Sunday, August 16, 2020

ഇഐഎ: ഖനനലോബിയെ സഹായിക്കാൻ : കോടിയേരി ബാലകൃഷ്‌ണൻ

 കോർപറേറ്റുകൾക്ക്‌ അനുകൂലമായ ഇഐഎ കരട്‌ വിജ്ഞാപനം പിൻവലിക്കണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ആവശ്യപ്പെട്ടു. ഇതിനായി വൻതോതിൽ ജനകീയ ഇടപെടലും തുടർപ്രചാരണ പരിപാടികളും സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യത്തിൽ സിപിഐ എം പിബി ജൂലൈയിൽ നിലപാട്‌ വ്യക്തമാക്കിയിരുന്നു. സംസ്ഥാന സർക്കാരും വിയോജിപ്പ്‌ അറിയിച്ചിട്ടുണ്ട്‌.  വിജ്ഞാപനം ഖനനലോബിയെ സഹായിക്കാനാണ്‌. ഹരിത ട്രിബ്യൂണലിന്റെയും സുപ്രീംകോടതിയുടെയും ഇടപെടലിൽ‌ നിർത്തിവയ്‌ക്കേണ്ടിവന്ന പദ്ധതികൾക്കെല്ലാം അനുമതി നൽകാനാണ്‌ കേന്ദ്രം ലക്ഷ്യമിടുന്നത്‌. വനമേഖല കൈയടക്കി ധാതുവിഭവങ്ങൾ കൊള്ളയടിക്കാനെത്തുന്ന കോർപറേറ്റുകളെ ശക്തമായി എതിർക്കുന്ന ആദിവാസികളുടെ അഭിപ്രായം കേൾക്കാൻ കേന്ദ്രം തയ്യാറായില്ല. സംസ്ഥാനതല കമ്മിറ്റികൾ എടുക്കുന്ന തീരുമാനം അട്ടിമറിക്കാൻ മറ്റൊരു കമ്മിറ്റി വയ്‌ക്കാൻ കേന്ദ്രത്തിന്‌ അധികാരം നൽകുന്നത്‌ വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേന്ദ്രം ഒഴിവ്‌ നികത്തുന്നില്ല

കേന്ദ്ര സർക്കാരിന്റെ നിയമന നിരോധനവും 23ന്റെ സമരത്തിൽ മുഖ്യവിഷയമായി ഉയർത്തിക്കാട്ടുമെന്ന്‌  കോടിയേരി  പറഞ്ഞു. റവന്യൂവിൽ പകുതിയോളവും പ്രതിരോധ–-ആരോഗ്യ മേഖലകളിൽ 30 ശതമാനവും തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്‌. റെയിൽവേയിൽ മൂന്നരലക്ഷം ഒഴിവുണ്ട്‌. സംവരണവിഭാഗങ്ങളുടെ തൊഴിലവസരം ഗണ്യമായി നഷ്ടപ്പെട്ടു. കോവിഡിൽ 15 കോടി പേർ തൊഴിൽരഹിതരായി. പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുന്ന കേന്ദ്രസർക്കാർ ഇവ സംസ്ഥാനത്തെ ഏൽപ്പിക്കണമെന്ന ആവശ്യം പരിഗണിക്കുന്നില്ല.

സംസ്ഥാനത്ത്‌ നാഷണൽ ടെക്‌സ്‌റ്റൈൽസ്‌ കോർപറേഷനു കീഴിലുള്ള അഞ്ച്‌ മില്ലും വിൽക്കാനാണ്‌ പദ്ധതി. ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റ്‌, പാലക്കാട്‌ ഇൻസ്‌ട്രുമെന്റേഷൻ, ബിപിസിഎൽ കൊച്ചിൻ റിഫൈനറി, ഹിന്ദുസ്ഥാനൻ ലാറ്റക്സ്‌, ബിഇഎംഎൽ, കാസർകോട്‌ കേരള ഇലക്‌ട്രിക്കൽസ്‌ ലിമിറ്റഡ്‌ എന്നിവയെല്ലാം വിൽക്കുന്നു‌. എച്ച്‌എംടിയും, കൊച്ചിൻ ഷിപ്‌യാർഡും സ്വകാര്യവൽക്കരിക്കുന്നു. 10,000 പേർ തൊഴിലെടുത്തിരുന്ന എഫ്‌എസിടിയിൽ ഇപ്പോൾ 2000 പേർ മാത്രമാണ്‌.

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക്‌ വിറ്റു. സംസ്ഥാന സർക്കാരിന്റെ എതിർപ്പ്‌ കാരണമാണ്‌ പ്രാവർത്തികമാകാത്തത്‌. നഷ്ടത്തിലായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കി എൽഡിഎഫ്‌ സർക്കാർ ബദൽനയം സാധ്യമാണെന്ന്‌ തെളിയിച്ചതായും കോടിയേരി പറഞ്ഞു.

എന്തും പറയാമെന്ന സ്ഥിതി മാറണം

സാമൂഹ്യ മാധ്യമങ്ങളിൽ ആർക്കെതിരെയും എന്തും പറയാമെന്നുള്ള സ്ഥിതി ഗൗരവത്തോടെ കാണണമെന്ന്‌ കോടിയേരി പറഞ്ഞു. സഭ്യമായ രീതിയിലേ സാമൂഹ്യ മാധ്യമങ്ങളിൽ ഇടപെടാവൂ എന്നതാണ്‌ സിപിഐ എമ്മിന്റെ നിലപാട്‌. തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കാൻ പാടില്ലെന്ന്‌  കർശന നിർദേശം നൽകുന്നുണ്ട്‌.

പാർടിയുമായി ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന്‌ ഇത്തരം പ്രവണതയുണ്ടെങ്കിൽ തടയും. മാധ്യമപ്രവർത്തകർക്ക്‌ തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന നിലപാടാണ്‌‌ സർക്കാരിനും പാർടിക്കും. എല്ലാവർക്കും സംരക്ഷണം വേണം. ബിനീഷ്‌ കോടിയേരി കൊലചെയ്യപ്പെട്ടെന്ന്‌ ഈയിടയ്‌ക്ക്‌ ഫെയ്‌സ്‌ബുക്കിൽ പ്രചാരണം നടന്നു. അത്‌ കാണുമ്പോൾ വിഷമം തോന്നില്ലേ. ഇത്തരത്തിൽ ഓരോ സംഭവവും ബന്ധപ്പെട്ടവരിൽ പ്രതികരണം ഉണ്ടാക്കും. ഇപ്പോൾ ചർച്ച നടക്കുന്നത്‌ നല്ലതാണ്‌.

മുഖ്യമന്ത്രിയുടെ പ്രസ്‌ സെക്രട്ടറിയും മാധ്യമപ്രവർത്തകനാണ്‌. 

മാധ്യമപ്രവർത്തകർ സ്വയം നിയന്ത്രണം കൊണ്ടുവരണം. എല്ലാ മന്ത്രിമാരുടെ ഓഫീസും എല്ലാവരോടും സൗഹൃദം സ്ഥാപിക്കണം‌. അതു സംബന്ധിച്ച പൊതുനിർദേശം പാർടി നൽകുമെന്നും കോടിയേരി പറഞ്ഞു.

സർക്കാർ ആർക്കും കമീഷൻ നൽകിയിട്ടില്ല

സംസ്ഥാന സർക്കാരോ ലൈഫ്‌ മിഷനോ ആർക്കും കമീഷൻ നൽകിയിട്ടില്ലെന്നും എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ റെഡ്‌ക്രസന്റാണ്‌ പരിശോധിക്കേണ്ടതെന്നും കോടിയേരി ബാലകൃഷ്ണൻ. വീട്‌ വയ്‌ക്കാനുള്ള ഭൂമി സർക്കാരാണ്‌ നൽകിയത്‌. ഇതല്ലാതെ സർക്കാരിനോ ലൈഫ്‌മിഷനോ ഇക്കാര്യത്തിൽ പണമിടപാടില്ല.

കരാർ ഏൽപ്പിച്ചതും ബിൽഡർക്ക്‌ പണം നൽകിയതും റെഡ്‌ക്രസന്റാണ്‌. അതിൽനിന്ന്‌ കമീഷൻ പറ്റിയെന്ന്‌‌‌ എൻഐഎയ്‌ക്ക്‌ ലഭിച്ച മൊഴി കോടതിയിൽ സമർപ്പിച്ചത്‌ സംബന്ധിച്ച്‌ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടേയുള്ളൂ. കോടതി ഇത്‌  പരിശോധിക്കും. യഥാർഥ വസ്തുത എൻഐഎ തന്നെ കണ്ടുപിടിക്കുന്നതാകും ഉചിതം. കോടതിയിലാണ്‌ മൊഴിയുള്ളത്‌. നിജസ്ഥിതി വ്യക്തമാകാത്തതിനാൽ ഔദ്യോഗികമായി വിവരം ലഭിച്ചാലേ സർക്കാരിന്‌ പരിശോധിക്കാനാകൂ. മാധ്യമറിപ്പോർട്ട്‌ വച്ച്‌ സർക്കാരിന്‌ എങ്ങനെ നിയമാനുസൃതമായി നടപടിയെടുക്കാൻ കഴിയും?

ഏത്‌ അന്വേഷണത്തിനും സർക്കാർ എതിരല്ല. ഉപ്പുതിന്നവർ വെള്ളം കുടിക്കട്ടെ എന്ന നിലപാട്‌ തന്നെയാണ്‌ എപ്പോഴും. ഏതുകാര്യവും എൻഐഎയ്‌ക്ക്‌ അന്വേഷിക്കാം. അതിനെ ആരും തടസ്സപ്പെടുത്തില്ല. നിയമവിരുദ്ധമായി ആരെങ്കിലും പ്രവർത്തിച്ചെങ്കിൽ കണ്ടെത്തട്ടെ. തന്റെ ഓഫീസിൽ വേണമെങ്കിലും അന്വേഷിക്കട്ടെയെന്ന്‌ മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണ്‌. വിവാദ സ്‌ത്രീയെ സംരക്ഷിക്കേണ്ട ഒരാവശ്യവും സർക്കാരിനില്ലെന്നും കോടിയേരി പറഞ്ഞു.

Tuesday, August 11, 2020

വിൽക്കാനുള്ളതല്ല പരിസ്ഥിതി

 ഇന്ത്യയിലെ പരിസ്ഥിതി നിയന്ത്രണത്തിന്റെ ഘടന ശക്തമല്ലെന്നും അതിൽ പലതും തിരുത്തപ്പെടേണ്ടതാണെന്നുമുള്ള കാര്യം വ്യക്തമാണ്. ഇഐഎ ആ ഘടനയുടെ ഒരു ഭാഗമാണ്. 2020ൽ ലോക ബാങ്കിന്റെ ബിസിനസ് എളുപ്പമാക്കൽ സൂചികയിൽ, 190 രാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യ സ്ഥാനം മെച്ചപ്പെടുത്തി 63–--ാം സ്ഥാനത്തെത്തിയിരിക്കുന്നു. ഒറ്റ വർഷംകൊണ്ട് 14 സ്ഥാനമാണ് ഒറ്റയടിക്ക് കയറിപ്പോയത്. പക്ഷേ, യേൽ സർവകലാശാലയുടെ ആഗോള പരിസ്ഥിതി നിർവഹണ സൂചികയിൽ 180 രാജ്യങ്ങൾക്കിടയിൽ ഏറെ താഴ്‌ന്ന്‌ നൂറ്റിഅറുപത്തെട്ടാം സ്ഥാനത്തെത്തി, ഒറ്റയടിക്ക് 29 പോയിന്റ്‌ താഴ്ച.

പരിസ്ഥിതികാര്യത്തിൽ വെള്ളം ചേർക്കുകയാണ്‌ കേന്ദ്രസർക്കാർ. പ്രകൃതിവിഭവങ്ങളെ ആശ്രയിച്ച്‌  ഉപജീവനമാർഗം കണ്ടെത്തുന്നവർക്കും പരിസ്ഥിതിക്കുതന്നെയും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടവരുത്തി കച്ചവടക്കാരെ സഹായിക്കുന്നതിലാണ് കേന്ദ്രസർക്കാരിന്റെ മുൻഗണന. 2006ലെ ഇഐഎ വിജ്ഞാപനം പുറപ്പെടുവിച്ചിട്ട് ഒന്നരദശകം കഴിയുമ്പോൾ, മാർഗനിർദേശങ്ങൾ പുതുക്കിയെഴുതി കുറേക്കൂടി കർശനനിയന്ത്രണങ്ങൾ ഉറപ്പുവരുത്താനും കഴിയേണ്ടതായിരുന്നു. ദൗർഭാഗ്യവശാൽ അതിന് നേർ വിപരീതമായാണ് കേന്ദ്രം ഇടപെട്ടത്.

1) 2020ലെ പരിസ്ഥിതി ആഘാതപഠനം( എൻവയോൺമെന്റ്‌ ഇംപാക്‌ട്‌ അസസ്‌മെന്റ്‌ഇഐഎ) കരട് പുറപ്പെടുവിച്ചത് 1986ലെ പരിസ്ഥിതി സംരക്ഷണ ആക്ടിലെ 3–--ാം വകുപ്പനുസരിച്ചാണ്. പരിസ്ഥിതിയുടെ ഗുണനിലവാരം സംരക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും മലിനീകരണം നിയന്ത്രിക്കുകയും കുറച്ചുകൊണ്ടുവരികയും ചെയ്യുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കുന്നതിനുള്ള അധികാരം കേന്ദ്ര ഗവൺമെന്റിന് നൽകുന്ന വകുപ്പാണിത്.

2020ലെ കരട് ഇഐഎ ആകട്ടെ, "പരിസ്ഥിതി സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക' എന്ന നിയമപ്രകാരമുള്ള ഉപാധി നിറവേറ്റുന്നതിനുപകരം  വെള്ളം ചേർക്കലിനാണ് ശ്രമിക്കുന്നത്. 2006ലെ ഇഐഎ നിർദേശങ്ങളെ മറികടക്കുക മാത്രമല്ല, പരിസ്ഥിതി നിയമങ്ങളിൽ ഇളവ് വരുത്തുന്നതിന് കേന്ദ്രം നടത്തുന്ന ശ്രമങ്ങൾക്കെതിരെ ദേശീയ ഹരിത ട്രിബ്യൂണലും സുപ്രീംകോടതിയടക്കമുള്ള കോടതികളും നൽകിയ ഉത്തരവുകളെ കാറ്റിൽ പറത്താൻ കൂടിയാണ് ഈ കരട് തയ്യാറാക്കിയത്.  ഇതിന്റെ നിയമസാധുതതന്നെ സംശയാസ്പദമാണ്.

2) കോർപറേറ്റ് താൽപ്പര്യങ്ങളെ പ്രീണിപ്പിക്കുന്നതിനും "ബിസിനസ്‌  എളുപ്പമാക്കൽ' നടപ്പാക്കി നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതിയുടെ ഭാഗം മാത്രമാണിത്‌. ഖനനത്തിനുള്ള പരിസ്ഥിതി മാനദണ്ഡങ്ങൾ ലഘൂകരിച്ച് അതിനെ "ഉദാരവൽക്കരിക്കു'ന്നതും നിയന്ത്രണ വിമുക്തമാക്കുന്നതും ഈ സമീപനത്തിന്റെ ഭാഗമായാണ്. പ്രസ്തുത മാറ്റങ്ങൾ കോർപറേറ്റ് താൽപ്പര്യങ്ങളാൽ നയിക്കപ്പെട്ടവയാണ്. ഇഐഎ റിപ്പോർട്ടുകളുടെ സംഗ്രഹങ്ങൾ മാത്രമാണ് പൊതുചർച്ചയ്‌ക്കായി ലഭ്യമാകുക. 2020ലെ കരടാകട്ടെ, കുറേക്കൂടി ദുർഗ്രഹമാക്കും.

3) ഏറ്റവും പ്രതിഷേധാർഹമായ കാര്യം. പരിസ്ഥിതി നിയന്ത്രണങ്ങളിലെ ഈ വെള്ളം ചേർക്കലുകൾ കാരണം പ്രയാസമനുഭവിക്കുന്ന ആദിവാസികളുടെ ഉൽക്കണ്ഠകൾ ചെറുതായിപ്പോലും കൈകാര്യം ചെയ്യപ്പെടുന്നില്ല എന്നതാണ്. ആദിവാസി, ഗോത്രജനം, ഗ്രാമസഭ, വനാവകാശം, അഞ്ചാം പട്ടിക, ആറാം പട്ടിക പിഇഎസ്എ തുടങ്ങിയ വാക്കുകൾതന്നെ ഇതിൽ പരാമർശിക്കപ്പെടുന്നില്ല. ആദിവാസികളുടെ ഭരണഘടനാപരവും നിയമപരവുമായ അവകാശങ്ങളാണ് അവഗണിക്കപ്പെടുന്നത്. വിജ്ഞാപനം തള്ളിക്കളയുന്നതിന് അതുമാത്രം മതി.

4) ഹൈദരാബാദിലെ എഎസ്‌സി തയ്യാറാക്കി 2010 ഫെബ്രുവരിയിൽ പ്രസിദ്ധപ്പെടുത്തിയ ധാതുഖനനത്തിനുള്ള ഇഐഎ ഗൈഡൻസ് മാനുവൽ 2006ലെ ഇഐഎ നിർവചനങ്ങളെയും വ്യവസ്ഥകളെയും ബന്ധപ്പെടുത്തിയാണ് തയ്യാറാക്കപ്പെട്ടത്. 2020ലെ ഈ പുതിയ ഇഐഎ കരട് വഴി ഈ മാർഗനിർദേശങ്ങൾ അസാധുവാക്കപ്പെടുമ്പോൾ, 2010ലെ മാന്വലിലെ മാർഗനിർദേശങ്ങളുടെ അവസ്ഥ എന്താകും? ഖനനമേഖല വാണിജ്യ താൽപ്പര്യങ്ങൾക്ക് തുറന്നുകൊടുക്കുന്ന സാഹചര്യത്തിൽ ഇതിന് പ്രാധാന്യം ഏറുകയാണ്.

ഇത്തരം ഖനനം കാരണം, അതിനു ചുറ്റുമുള്ള വായുവും വെള്ളവും ഭൂമിയും നശിക്കുന്നത് നാം കണ്ടുവരികയാണ്. 2020ലെ കരട് ഇഐഎ ഇക്കാര്യം പരിഗണിക്കുന്നതോ പോകട്ടെ, ഖനിത്തൊഴിലാളികൾ "കശാപ്പ് ഖനനം' എന്നുവിളിക്കുന്ന ഇത്തരം ഖനനങ്ങളുണ്ടാക്കുന്ന ഭീഷണിയെക്കുറിച്ച്  ഉരിയാടുന്നതേയില്ല. ഖനികൾ അടച്ചുപൂട്ടുമ്പോൾ ഭൂമി പഴയ മട്ടിലാക്കിക്കൊടുക്കണം എന്നാണ് 2010 ലെ മാന്വൽ പറയുന്നത്. അത് ആരുടെ ഉത്തരവാദിത്തമാന്നെന്നോ ആരാണ് നിരീക്ഷിക്കുക എന്നോ ഉള്ള കാര്യത്തിൽ മൗനംമാത്രം. വൻതോതിൽ പരിസ്ഥിതിനാശം വന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത്, ഈ പ്രശ്നത്തിന് അടിയന്തര പരിഗണന ലഭിക്കേണ്ടതാണ്. പക്ഷേ, കരട് ഇക്കാര്യത്തിൽ നിശ്ശബ്ദമാണ്.

5) ചില വിഷയങ്ങളിൽ ഈ കരട് അധികാര കേന്ദ്രീകരണം ഉറപ്പാക്കുന്നു. ഉദാഹരണത്തിന്  6, 7, 8, 9 വകുപ്പുകൾ നോക്കുക. വിദഗ്ധ വിലയിരുത്തൽ കമ്മിറ്റിയിലും സാങ്കേതിക കമ്മിറ്റിയിലും ആളെ നിയമിക്കാനുള്ള ഏകാവകാശം കേന്ദ്രത്തിനാണ്. സംസ്ഥാന തലത്തിലുള്ള ഇഐഎഎസികൾ നിയമിക്കാനുള്ള അധികാരംകൂടി കവർന്നെടുത്തുകൊണ്ട് ഇടപെടാനാണ് നീക്കം.

6) തങ്ങൾ ആഗ്രഹിച്ചതിൻപടി പെരുമാറാത്ത കമ്മിറ്റികൾക്കുപകരം സംസ്ഥാനത്തായാലും കേന്ദ്രത്തിലായാലും ഒന്നിലേറെ വിദഗ്ധ സമിതികൾ നിയമിക്കാനുള്ള അധികാരം 11–--ാം വകുപ്പ് പ്രകാരം കേന്ദ്രത്തിന് നൽകുകയാണ്.

സംസ്ഥാനത്തോടുപോലും ആലോചിക്കാതെ മറ്റൊരു കമ്മിറ്റിയെ കേന്ദ്രത്തിന് നിയമിക്കാം. കമ്മിറ്റിക്ക് ജനാധിപത്യപരമായ സാമൂഹ്യഘടന ഉറപ്പുവരുത്താനായി വേണ്ട വനിത–- -പട്ടിക വിഭാഗ പ്രാതിനിധ്യം നൽകണം. ഇതിനും പുറമെ, ആശങ്കപ്പെടേണ്ടതായ നാല് പ്രധാന വശമുണ്ട് ഈ കരടിന്.

1)വിലയിരുത്തൽ സമിതിയുടെയും പൊതുജനങ്ങളുടെയും പരിശോധനയിൽനിന്നും വിലയിരുത്തലിൽനിന്നും ഒഴിവാക്കാനായി ചില പദ്ധതികളുടെ തരം മാറ്റിയത്.

2) പൊതുജനങ്ങളുമായി ചർച്ച ചെയ്യുക എന്നത് ചില കാര്യങ്ങളിൽ നിർവീര്യമാക്കി.

3) വിവിധപദ്ധതികൾ നടത്തുന്ന നിയമലംഘനങ്ങൾ പിന്നീട് സാധൂകരിച്ച് കൊടുക്കുന്നത്.

4)വിവിധ  പ്രോജക്ടുകൾക്ക് ഇളവ് കൊടുക്കുന്നത്.

ഉദാഹരണത്തിന് 5–--ാംവകുപ്പ് മലിനീകരണവ്യവസായങ്ങളെയടക്കം പാരിസ്ഥിതിക അനുമതിയോ പൊതുജനങ്ങളുമായുള്ള കൂടിയാലോചനയോ ഇല്ലാതെയും വിലയിരുത്തൽ സമിതിയുടെ പരിശോധന കൂടാതെയും പ്രവർത്തനാനുമതി നൽകാവുന്ന പട്ടികയിൽ പെടുത്തുകയാണ്. ഇതുവഴി പരിസ്ഥിതി സംരക്ഷണത്തിന്റെ അടിസ്ഥാന കാര്യങ്ങൾപോലും ലംഘിക്കപ്പെടുകയാണ്. റിയൽ എസ്റ്റേറ്റ് - കൺസ്ട്രക്‌ഷൻ മേഖലയെ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കുകയാണ്. വിലയിരുത്തൽ സമിതിയുടെ പരിശോധനകൾ 50,000 മുതൽ 1,50,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള നിർമാണങ്ങൾക്കേ വേണ്ടൂ എന്ന നിർദേശം അസ്വീകാര്യവുമാണ്. 20,000 മുതൽ 50,000 ച. മീറ്റർ വരെയുള്ള പ്രോജക്ടുകൾ വിലയിരുത്തലിൽനിന്നും പൊതുജനഹിയറിങ്ങിൽനിന്നും ഒഴിവാക്കി. 20,000ത്തിൽ താഴെയുള്ള നിർമാണങ്ങൾക്ക് പാരിസ്ഥിതിക അനുമതിയേ വേണ്ട.

2006 നിയമത്തിലെ വ്യവസ്ഥകൾ 50,000ത്തിനും 1,50,000ത്തിനും ഇടയ്‌ക്ക് വിസ്തീർണമുള്ള പ്രോജക്ടുകളുടെ കാര്യത്തിൽ ഒഴിവാക്കിക്കൊടുക്കാനുള്ള മന്ത്രാലയത്തിന്റെ ഭേദഗതി ഹരിത ട്രിബ്യൂണൽ റദ്ദാക്കിയതാണ്. സർക്കാർ അപ്പീൽ പോയെങ്കിലും സുപ്രീംകോടതി ട്രിബ്യൂണൽ വിധി ശരി വയ്‌ക്കുകയായിരുന്നു. അത് മറികടക്കാനായുള്ള ഈ  പുതിയ വിജ്ഞാപനം അംഗീകരിക്കാനാകില്ല. മറ്റൊരു ഞെട്ടിപ്പിക്കുന്ന കാര്യമാണ് എണ്ണ പര്യവേക്ഷണത്തെ ബി–-ടു പട്ടികയിൽ ഉൾപ്പെടുത്തിയത്. മറ്റു പല മലിനീകരണവ്യവസായങ്ങളെയും ഇങ്ങനെ ഒഴിവാക്കിക്കൊടുത്തിരിക്കുകയാണ്.

മറ്റൊരു വകുപ്പിൽ ( 5.7) നിർവചനങ്ങൾ അവ്യക്തമാക്കിയാണ് കോർപറേറ്റുകളെ സഹായിക്കുന്നത്. തന്ത്രപ്രധാനം എന്ന് പേരിട്ട് ഏത് വ്യവസായത്തിനും പരിസ്ഥിതി നിയന്ത്രണങ്ങളിൽനിന്ന് ഒഴിവ് കൊടുക്കാൻ വേണ്ടിയാണിത്.

കൈത്തൊഴിൽകാർക്കും പ്രാദേശിക സമൂഹങ്ങൾക്കും പ്രകൃതി വിഭവങ്ങൾക്കുമേൽ അവകാശം നിഷേധിക്കരുത്. സോളാർ തെർമൽ പ്ലാന്റുകളെയും 2000 ഹെക്ടറിനു കീഴിലുള്ള ജലസേചന പദ്ധതികളെയും പ്രതിരോധസാമഗ്രികളുടെ നിർമാണ പദ്ധതികളെയും ഒക്കെ ഇതിൽ പെടുത്തിയാലോ? ഇത്തരം യൂണിറ്റുകൾക്ക് തരംമാറ്റം അനുവദിക്കരുത്.

എല്ലാ പദ്ധതികൾക്കും അവ കാരണം ബുദ്ധിമുട്ടനുഭവിക്കേണ്ടി വരുന്ന ജനങ്ങളുമായുള്ള കൂടിയാലോചന നിർബന്ധമാക്കണം. പരിസ്ഥിതി സമിതിയുടെ റിപ്പോർട്ടുകൾ പ്രാദേശികഭാഷയിൽ ലഭ്യമാക്കണം. വനപ്രദേശങ്ങളിലും ആദിവാസി മേഖലകളിലും ഗ്രാമസഭകളിൽ കൂടിയാലോചനകൾ നടത്തണം.

നിയമലംഘനം കൈകാര്യം ചെയ്യുന്ന 22, 23 വകുപ്പുകൾ പ്രകൃതി വിഭവങ്ങൾ കൊള്ളയടിക്കുന്ന കുറ്റവാളികളെ സഹായിക്കുന്നതിനു വേണ്ടിയുള്ളതാണ്. നിയമലംഘനത്തെക്കുറിച്ച് തദ്ദേശവാസികൾക്കോ മറ്റുള്ളവർക്കോ റിപ്പോർട്ട് ചെയ്യാനുള്ള അവകാശംപോലും അത് അംഗീകരിക്കുന്നില്ല.  പിഴയടച്ച്  രക്ഷപ്പെടാം. ഇത്തരം നടപടികൾ ഹരിത ട്രിബ്യൂണലും സുപ്രീംകോടതിയും വിലക്കിയതാണ്. ഈ വകുപ്പുകൾ അപ്പടി റദ്ദാക്കണം.

വകുപ്പ് 3.16 കോർപറേറ്റ് പാരിസ്ഥിതിക ഉത്തരവാദിത്തത്തെ നിർവചിക്കുന്നുണ്ട്. പക്ഷേ, അതിന്റെ തുക നിശ്ചയിക്കുന്നില്ല, പകരം അതുകൂടി പദ്ധതിച്ചെലവായിട്ടാണ് കാട്ടുക. 19--.1 വകുപ്പ് സവിശേഷമായ ഒന്നാണ്. 2006 ലെ ഇഐഎ പ്രകാരം പ്രോജക്ട്‌ കാലാവധി 30 വർഷമായിരുന്നു. പുതിയ വിജ്ഞാപനം അത് 50 വർഷമാക്കി ഉയർത്തുകയാണ്. സ്വകാര്യ ഖനനക്കമ്പനികൾക്ക് പ്രകൃതിവിഭവങ്ങൾ ഇങ്ങനെ പകുത്തുകൊടുക്കാൻ അനുവദിച്ചുകൂടാ.ജില്ലാതല മിനറൽ ഫണ്ട് തദ്ദേശവാസികളുടെ ക്ഷേമത്തിനായി ഉപയോഗപ്പെടുത്തുന്നതിനുപകരം ക്ലസ്റ്റർ ആവശ്യത്തിന് വകതിരിച്ചുവിടരുത്‌. അതുകൊണ്ടുതന്നെ 24. 3 ബി വകുപ്പ് തള്ളിക്കളയണം. ഈ വിജ്ഞാപനം കോർപറേറ്റുകളെ സഹായിക്കാൻ ഉള്ളതാണ്. അത് പിൻവലിക്കണം. എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായം പരിഗണിച്ച് മാറ്റിയെഴുതണം. അതേ പരിസ്ഥിതിക്കും ജനങ്ങൾക്കും രാജ്യത്തിനും ഗുണം ചെയ്യൂ.

*

ബൃന്ദ കാരാട്ട്

Wednesday, March 16, 2016

യുഡിഎഫ്‌ സർക്കാരിനെതിരായ പരിസ്ഥിതി കുറ്റപത്രം

കേരളത്തിന്റെ പരിസ്ഥിതിയെ ഏറ്റവുമധികം നശിപ്പിച്ച അഞ്ചു വർഷങ്ങളാണ്‌ ഇപ്പോൾ കഴിഞ്ഞിരിക്കുന്നത്‌. പരിസ്ഥിതി അവബോധത്തിന്റെ കാര്യത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനമാണ്‌ കേരളം. കഴിഞ്ഞ മൂന്ന്‌ പതിറ്റാണ്ടുകളായി പരിസ്ഥിതി സംരക്ഷണ വിഷയത്തിൽ ഒട്ടേറെ മാതൃകാപരമായ ഇടപെടൽ ജനങ്ങളുടെ ഭാഗത്തുനിന്ന്‌ ഉണ്ടായിട്ടുണ്ട്‌. മാറിമാറി വന്ന സർക്കാരുകൾ പല വികസന പദ്ധതികളുമായി മുന്നോട്ടുപോകുമ്പോഴും കേരളത്തിന്റെ പാരിസ്ഥിതിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ ഒരു പരിധിവരെയെങ്കിലും ചില നടപടികൾ സ്വീകരിച്ചിട്ടുണ്ട്‌. എന്നാൽ ഇക്കഴിഞ്ഞ അഞ്ചു വർഷക്കാലം ഇതിനൊരു തിരിച്ചടിയുണ്ടായിരിക്കുന്നു. കേരളത്തിന്റെ നിലനിൽപ്പിന്‌ കാവലായി നിന്ന എല്ലാ പരിസ്ഥിതി നിയമങ്ങളെയും അട്ടിമറിക്കുന്ന പ്രവർത്തികളാണ്‌ ഇപ്പോഴത്തെ സർക്കാരിൽ നിന്നുണ്ടായത്‌
കേരള പരിസ്ഥിതി ഐക്യവേദി

പശ്ചിമഘട്ടത്തിലെ സ്വകാര്യഭൂമി മുഴുവൻ ഇഎസ്‌എ പരിധിയിൽ നിന്നും ഒഴിവാക്കി
പശ്ചിമഘട്ടത്തിലെ പാരിസ്ഥിതിക സംവേദക മേഖലകൾ ഭൗതിക പരിശോധന നടത്തുന്നതിന്റെ ഭാഗമായി ഇറക്കിയ 21/11/2013 ലെ സർക്കാർ ഉത്തരവിൽ 1/1/1977 ൽ കൈവശാവകാശമുള്ള മുഴുവൻ സ്വകാര്യ ഭൂമികളും ഇ എസ്‌എയുടെ പരിധിയിൽ നിന്ന്‌ ഒഴിവാക്കാൻ ഗ്രാമതല സമിതികൾക്ക്‌ ഉത്തരവ്‌ നൽകി. ഇതനുസരിച്ച്‌ 123 ഗ്രാമങ്ങളിലെ എല്ലാ സ്വകാര്യഭൂമിയും 1993 പതിവ്‌ ചട്ടപ്രകാരം പതിച്ചുനൽകിയ 70000 ഏക്കർ വനഭൂമിയും രണ്ട്‌ ലക്ഷത്തിലധികം ഏക്കർ ഏലമലക്കാടും ഉൾപ്പെടെ വലിയൊരു വിഭാഗം ഇഎസ്‌എ പരിധിയിൽ നിന്ന്‌ ഒഴിവാക്കപ്പെട്ടു.

20 ശതമാനം വനഭൂമി ഇല്ലാതാക്കിക്കൊണ്ട്‌ കേന്ദ്രത്തിനു റിപ്പോർട്ട്‌ സമർപ്പിച്ചു

പഞ്ചായത്ത്‌ തല സമിതികൾ നൽകിയ (?) റിപ്പോർട്ട്‌ അനുസരിച്ച്‌ വനംവകുപ്പ്‌ തയാറാക്കിയ മാപ്പുകളിൽ നിന്ന്‌ 1997 ചതുരശ്ര കിലോമീറ്റർ വനഭൂമി കുറച്ചുകൊണ്ടാണ്‌ സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിന്‌ അന്തിമ റിപ്പോർട്ട്‌ നൽകിയത്‌. കേരളത്തിലെ വനഭൂമിയുടെ 20 ശതമാനമാണ്‌ ഇത്തരത്തിൽ ഒറ്റയടിക്ക്‌ അപ്രത്യക്ഷമായത്‌.

1977 നുശേഷമുള്ള കയ്യേറ്റങ്ങളെയും സാധൂകരിക്കത്തക്ക രീതിയിൽ രേഖകൾ നഷ്ടപ്പെടുത്തി

1/1/1977 വരെയുള്ള വനഭൂമി കയ്യേറ്റങ്ങൾ 28000 ത്തോളം ഹെക്ടർ ജോയിന്റ്‌ വെരിഫിക്കേഷൻ നടത്തി കേന്ദ്രസർക്കാരിന്റെ അനുമതിയോടെ പതിച്ചു നൽകാൻ തീരുമാനിച്ചതാണ്‌. 1993 ലെ പ്രത്യേക ഭൂപതിവ്‌ ചട്ടപ്രകാരം അത്‌ അനുവദിക്കാവുന്നതാണ്‌. എന്നാൽ ഇതിൽ വനം-റവന്യു വകുപ്പുകളുടെ ജോയിന്റ്‌ വെരിഫിക്കേഷൻ റിപ്പോർട്ട്‌ കാണാനില്ല. അതുകൊണ്ട്‌ തന്നെ 1977 നു ശേഷമുള്ള കയ്യേറ്റങ്ങളും സാധൂകരിക്കപ്പെടുന്നു. കോട്ടയം-കാഞ്ഞിരപ്പള്ളി താലൂക്കിൽ പമ്പാവാലി-ഏഞ്ചൽവാലി പ്രദേശത്തെ 1250 ഏക്കർ ജണ്ടയിട്ടു തിരിച്ച വനഭൂമി കയ്യേറ്റക്കാർക്ക്‌ പതിച്ചു നൽകാൻ 28/9/2015ന്‌ റവന്യു വകുപ്പ്‌ ഉത്തരവിറക്കി.

പട്ടയഭൂമിയിലെ ലക്ഷക്കണക്കിന്‌ മരങ്ങൾ മുറിച്ചു മാറ്റാൻ വഴിവിട്ട അനുമതി

ഏലമലക്കാട്‌ ഉൾപ്പെടെയുള്ള പശ്ചിമഘട്ട പ്രദേശത്ത്‌ പട്ടയഭൂമിയിലെ ലക്ഷക്കണക്കിന്‌ മരങ്ങൾ മുറിച്ചുമാറ്റുന്നതിന്‌ അനുമതി നൽകി. ഇതുവഴി ഒരു നൂറ്റാണ്ടിലേറെയായി സംരക്ഷിക്കപ്പെട്ടുപോരുന്ന 50000 ഏക്കർ പ്രദേശത്തെ മരങ്ങളാണ്‌ നഷ്ടമാകുന്നത്‌.

വനംവകുപ്പ്‌ ഉദ്യോഗസ്ഥരുടെ തടസങ്ങളെ മറികടന്ന്‌ വനപ്രദേശത്ത്‌ കുന്നിടിക്കാൻ അനുമതി

വയനാട്ടിലെ പൂക്കോട്‌ വെറ്ററിനറി സർവകലാശാലക്കുവേണ്ടി ആദിവാസികൾക്കായി പതിച്ചു നൽകിയ അതീവ പരിസ്ഥിതിലോല വനഭൂമിയിലെ പുൽമേടുകളും ചോലവനങ്ങളും അടങ്ങിയ കുന്നുകൾ ഇടിച്ചു നിരത്തി. ഇത്‌ വനസംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്നുകണ്ട്‌ വനം വകുപ്പുദ്യോഗസ്ഥർ തടഞ്ഞപ്പോൾ മുഖ്യമന്ത്രി പ്രത്യേകയോഗം വിളിച്ച്‌ വനം വകുപ്പ്‌ ഉദ്യോഗസ്ഥരോട്‌ എതിർപ്പ്‌ പിൻവലിക്കാൻ ഉത്തരവിട്ടു.

വനഭൂമിയിൽ നിർമിച്ച അനധികൃത കെട്ടിടങ്ങൾ ഒഴിപ്പിക്കുന്നതിന്‌ നിയോഗിക്കപ്പെട്ട ദൗത്യസംഘത്തെ പൂർണമായും പരാജയപ്പെടുത്തി

മൂന്നാർ, ചിന്നക്കനാൽ, പള്ളിവാസൽ എന്നിവിടങ്ങളിലെ സർക്കാർ വനഭൂമി കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനും അനധികൃത കെട്ടിടങ്ങൾ ഒഴിപ്പിക്കുന്നതിനും നിയോഗിക്കപ്പെട്ട ദൗത്യസംഘത്തെ പൂർണമായി പരാജയപ്പെടുത്തി. പുതുതായി നിർമിച്ച നിരവധി വൻ റിസോർട്ടുകൾക്ക്‌ സർക്കാർ ഒത്താശയും അനുമതിയും നൽകി. തൽഫലമായി പ്രത്യേക ദൗത്യസംഘം ജോലി നിർത്തുകയും അതുവരെ ചെയ്ത പ്രയത്നം നിഷ്ഫലമാകുകയും ചെയ്തു.

വനനിയമങ്ങൾ ലംഘിച്ചുകൊണ്ട്‌ ക്വാറി, ക്രഷർ വ്യവസായങ്ങൾ തുടങ്ങാൻ അനുമതി

കൃഷിയാവശ്യത്തിനും ഗൃഹനിർമാണ ആവശ്യത്തിനുമാത്രം ഉപയോഗിക്കാൻ ഭൂപതിവ്‌ നിയമപ്രകാരം പതിച്ചു നൽകിയ പട്ടയ ഭൂമികളിൽ നിയമവിരുദ്ധമായിത്തുടങ്ങിയതും ഇനി തുടങ്ങാനിരിക്കുന്നതും കോടതി ഉത്തരവുകളാൽ അടച്ചിട്ടതുമായ ക്വാറി, ക്രഷർ, അനുബന്ധ വ്യവസായങ്ങൾ അനുവദിക്കാൻ 11/11/2015 ൽ സർക്കാർ ഉത്തരവിറക്കി.

അനധികൃത ക്വാറികൾ നിർബാധം പ്രവർത്തിക്കുന്നതിന്‌ ഉത്തരവുകൾ ഇറക്കി

ദീപക്‌ കുമാർ കേസിലെ സുപ്രിംകോടതിയുടെ വിധി ലംഘിച്ചുകൊണ്ട്‌ പാറഖനനത്തിന്‌ പാരിസ്ഥിതികാനുമതി ആവശ്യമില്ലെന്ന്‌ സർക്കാർ ഉത്തരവിറക്കി 2012 മുതൽ ഇന്നുവരെ ഖാനനാനുമതി പുതുക്കി നൽകിക്കൊണ്ടിരിക്കുന്നു. പശ്ചിമഘട്ടത്തിലെ 2000 ത്തിലധികം വരുന്ന പാറമടകൾ അശാസ്ത്രീയമായും മൈനിങ്‌ പ്ലാൻ ഇല്ലാതെയുമാണ്‌ പ്രവർത്തിക്കുന്നത്‌. ഇത്‌ സംബന്ധിച്ച്‌ സംസ്ഥാന സർക്കാർ ഇറക്കിയ മൂന്നു സർക്കാർ ഉത്തരവുകൾ ഹൈക്കോടതിയും ഹരിത ട്രിബ്യൂണലും റദ്ദാക്കി. എങ്കിലും ഖാനനം തുടരുന്നു.

മണ്ണ്‌ ഖാനനത്തിന്‌ പാരിസ്ഥിതിക അനുമതി വേണമെന്ന ഹരിത ട്രിബ്യൂണൽ വിധി മറികടക്കാൻ ഖനനചട്ടം ഭേദഗതി ചെയ്തു

ഗൃഹനിർമാണത്തിനുള്ള മണ്ണ്‌ ഖാനനത്തിന്‌ പാരിസ്ഥിതികാനുമതി ആവശ്യമില്ലെന്ന്‌ സർക്കാർ ഉത്തരവിറക്കി. അതിന്റെ പിൻബലത്തിൽ നൂറുകണക്കിന്‌ കുന്നുകൾ ഭൂമാഫിയ ഇടിച്ചു നിരത്തി. ഈ ഉത്തരവ്‌ ദേശീയ ഹരിത ട്രിബ്യൂണൽ സ്റ്റേ ചെയ്യുകയും പാരിസ്ഥിതികാനുമതി കൂടാതെ മണ്ണ്‌ ഖാനനം പാടില്ലെന്ന്‌ നിർദ്ദേശിക്കുകയും ചെയ്തു. ഇത്‌ മറികടക്കാൻ സർക്കാർ ഖാനനചട്ടം പാടില്ലെന്ന്‌ നിർദ്ദേശിക്കുകയും ചെയ്തു. ഇത്‌ മറികടക്കാൻ സർക്കാർ ഖാനനചട്ടം ഭേദഗതി ചെയ്തു. ഇപ്പോൾ വ്യാപകമായി ഖാനനം തുടരുന്നു.

ക്വാറി ഉടമകൾക്കുവേണ്ടി ഭൂപരിഷ്കരണ നിയമം അട്ടിമറിച്ചു

അനധികൃതമായി മറിച്ചുവിറ്റ തോട്ടഭൂമികളിൽ പ്രവർത്തിക്കുന്ന ക്വാറികൾ നിർത്താനും മിച്ചഭൂമി ഏറ്റെടുക്കാനും ഭൂപരിഷ്കരണ നിയമപ്രകാരം ജില്ലാ കളക്ടർമാർ നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതി വിധി നടപ്പിലാക്കിയില്ല.
2,30,000 ലധികം ആളുകൾ ഭൂരഹിതരായി തുടരുമ്പോഴും നിയമവിരുദ്ധ വിൽപ്പനകൾ സാധൂകരിക്കുകയും ചെയ്തു. ഭൂപരിഷ്കരണ നിയമം തന്നെ അങ്ങനെ അട്ടിമറിച്ചിരിക്കുകയാണ്‌.

പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലങ്ങൾ സർക്കാർ തന്നെ പതിച്ചുനൽകി

വാഗമണ്ണിലെ പുൽമേടുകൾ കയ്യേറി കെട്ടിപ്പൊക്കിയ അനധികൃത കെട്ടിടങ്ങൾ എല്ലാം സാധൂകരിച്ച്‌ നൽകി. കൂടാതെ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള പുൽമേടുകൾ രാഷ്ട്രീയ താൽപര്യങ്ങൾക്കായി സമുദായ സംഘടനകൾക്ക്‌ പതിച്ചു നൽകി.

തോട്ടം മുതലാളിമാർക്കുവേണ്ടിയും ഭൂപരിഷ്കരണ നിയമം ഭേദഗതി ചെയ്തു

തോട്ടഭൂമിയുടെ അഞ്ച്‌ ശതമാനം ഭൂമി ടൂറിസം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക്‌ വകമാറ്റി. പരിസ്ഥിതി ലോലപ്രദേശങ്ങളിലെ നിയമവിരുദ്ധ റിസോർട്ടുകൾ സാധൂകരിച്ചു നൽകാൻ ഭൂപരിഷ്കരണ നിയമം ഭേദഗതി ചെയ്തു.

എല്ലാ കയ്യേറ്റങ്ങളേയും സാധൂകരിക്കാൻ സർക്കാർ ഉത്തരവിറക്കി

2015 വരെ സർക്കാർ ഭൂമിയിലുണ്ടായ എല്ലാ കയ്യേറ്റങ്ങളും സാധൂകരിച്ചുകൊണ്ട്‌ സർക്കാർ ഉത്തരവിറക്കി. ശക്തമായ പൊതുജന എതിർപ്പ്‌ വന്നപ്പോൾ ഉത്തരവ്‌ പിൻവലിച്ചു. ഈ ഉത്തരവ്‌ തന്നെ ഭൂസംരക്ഷണ നിയമത്തിന്റെ ലംഘനവും ക്രിമിനൽ കുറ്റവുമാണ്‌.

ആറന്മുളയുടെ കാര്യത്തിൽ നിയമസഭയ്ക്ക്‌ നൽകിയ ഉറപ്പ്‌ ലംഘിച്ചു

ആറന്മുളയിലെ 1500 ഏക്കർ വയൽ പ്രദേശം നിയമവിരുദ്ധമായ രീതിയിൽ വ്യവസായ മേഖലയായി പ്രഖ്യാപിച്ച നടപടി റദ്ദാക്കുമെന്ന്‌ രണ്ടുവട്ടം നിയമസഭയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ട്‌ മൂന്നു വർഷം കഴിഞ്ഞിട്ടും ഒരിഞ്ചു ഭൂമിപോലും വ്യവസായമേഖലയിൽ നിന്ന്‌ ഒഴിവാക്കി വിജ്ഞാപനം ചെയ്യാതെ നിയമസഭയ്ക്ക്‌ നൽകിയ ഉറപ്പ്‌ ലംഘിച്ചു.

മെട്രോയുടെ പേരിൽ വൻതോതിൽ നെൽവയൽ നികത്തൽ

കളമശ്ശേരിയിൽ നിന്ന്‌ ആലുവയിലേക്ക്‌ പോകുന്ന വഴി ദേശീയപാതയോട്‌ ചേർന്നു കിടക്കുന്ന വിശാലമായ മുട്ടം വിടാകുഴ ചവറ പാടശേഖരത്തിലെ 300 ഏക്കർ നെൽവയലാണ്‌ മെട്രോയാർഡിനുവേണ്ടി നിയമവിരുദ്ധമായി നികത്തിയത്‌. തോടുകളും കുളങ്ങളുമടക്കം തണ്ണീർത്തടങ്ങളും നികത്തപ്പെട്ടു.

ഹൈക്കോടതി വിധിയും ഭൂസംരക്ഷണ നിയമവും ലംഘിച്ചുകൊണ്ട്‌ കെ ജി എസ്‌ കമ്പനിക്ക്‌ ഒത്താശ

ആറന്മുളയിലെ കരുമാരം തോടും ചാലും അനധികൃതമായി നികത്തിയ കെജിഎസ്‌ എന്ന കമ്പനിക്ക്‌ സർക്കാർ എല്ലാ ഒത്താശയും ചെയ്തുകൊടുത്തു. തോടും ചാലും പുറമ്പോക്കും മിച്ച ഭൂമിയും ഉൾപ്പെടുന്ന ഭൂമി കെജിഎസിന്‌ വിൽക്കാൻ സർക്കാർ ഉത്തരവിറക്കി. ഇട്ട മണ്ണെടുത്തുമാറ്റി തോടും ചാലും മൂന്നു മാസത്തിനകം പൂർവസ്ഥിതിയിലാക്കണമെന്ന ഹൈക്കോടതി ഉത്തരവ്‌ നഗ്നമായി ലംഘിക്കുന്നു. ജില്ലാ കളക്ടർ കോടതിയലക്ഷ്യ നടപടി നേരിട്ടിട്ടും നികത്തിയ നീർത്തടങ്ങൾ പൂർവസ്ഥിതിയിലാക്കാതെ സർക്കാർ അത്‌ സാധൂകരിച്ച്‌ നൽകുന്നു.

നിയമസഭ പാസാക്കിയ നെൽവയൽ-നീർത്തട സംരക്ഷണ നിയമത്തെ നിർവീര്യമാക്കി

നെൽവയൽ-നീർത്തട സംരക്ഷണ നിയമം അനുശാസിക്കുന്ന ഡാറ്റാബാങ്ക്‌ ഇതുവരേയും പ്രസിദ്ധീകരിച്ചിട്ടില്ല. അതിനിടയിൽ 2008 വരെയുള്ള നികത്തലുകൾ സാധൂകരിച്ച്‌ കൊടുക്കാൻ സർക്കാർ നീക്കം നടത്തി. ഇതിന്റെ മറവിൽ എല്ലാ നികത്തലുകളും സാധൂകരിക്കാനായിരുന്നു ശ്രമം.

നിയമം നടത്തേണ്ട സർക്കാരും കൊച്ചി നഗരസഭയും നിയമം ലംഘിച്ച്‌ സ്വയംശിക്ഷ ഏറ്റുവാങ്ങി

കൊച്ചിയിലെ മുണ്ടൻവേലിയിൽ 5 ഏക്കർ നെൽവയലുകളും തണ്ണീർത്തടവുമായി കിടക്കുന്ന കണ്ടൽക്കാടുകൾ നിറഞ്ഞ അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള കായൽ പ്രദേശം കൊച്ചി നഗരസഭയും സംസ്ഥാന സർക്കാരും ചേർന്ന്‌ നികത്തി. കായൽ നികത്തി നിർമാണത്തിന്‌ ടെൻഡർ നൽകിയ സർക്കാർ വിജ്ഞാപനം ദേശീയ ഹരിത ട്രൈബ്യൂണൽ റദ്ദാക്കി. പദ്ധതിക്ക്‌ നിയമവിരുദ്ധമായി 2012 ൽ അനുമതി നൽകിയ സംസ്ഥാന തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതിയും ട്രൈബ്യൂണൽ റദ്ദാക്കി. തീരദേശ പരിപാലന നിയമം ലംഘിച്ചതിന്‌ കൊച്ചി നഗരസഭയ്ക്ക്‌ 5 ലക്ഷം രൂപ ട്രൈബ്യൂണൽ പിഴ ശിക്ഷ വിധിച്ചു. കൂടാതെ പരാതിക്കാരന്‌ 50,000 രൂപ കോടതി ചെലവ്‌ നൽകാനും ട്രൈബ്യൂണൽ വിധിച്ചു. ആദ്യമായാണ്‌ പരിസ്ഥിതി നിയമം ലംഘിച്ച്‌ കായൽ നികത്തിയതിനു സർക്കാരും നഗരസഭയും ശിക്ഷ ഏറ്റുവാങ്ങേണ്ടിവരുന്നത്‌.

യോഗ്യതയില്ലാത്തവരെ ഇഐഎ അതോറിറ്റിയിലും സിആർഇസഡ്‌ അതോറിറ്റിയിലും നിയമിച്ച്‌ ഉന്നതാധികാര സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കി

യാതൊരു മാനദണ്ഡവും പാലിക്കാതെ സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റിയും തീരദേശ പരിപാലന അതോറിറ്റിയും രൂപീകരിച്ച്‌ യോഗ്യതയില്ലാത്ത, പരിസ്ഥിതി രംഗത്ത്‌ ഒരു വിശ്വാസ്യതയുമില്ലാത്ത ആളുകളെ സുതാര്യതയില്ലാത്ത വഴികളിലൂടെ നിയമിച്ചു.

സർക്കാർ ഫയലുകൾ അപ്രത്യക്ഷമാക്കിയും കൈയേറ്റക്കാരെ സംരക്ഷിക്കുന്നു

ഡിഎൽഎഫ്‌ ഉൾപ്പെടെ കായൽ കയ്യേറിയും തീരദേശ പരിപാലന നിയമം ലംഘിച്ചും അനധികൃത നിർമാണം നടത്തിയ ഫ്ലാറ്റ്‌ സമുച്ചയങ്ങൾക്ക്‌ നിയമവിരുദ്ധമായി പാരിസ്ഥിതികാനുമതി നൽകി. ഡിഎൽഎഫ്‌ കെട്ടിടം പൊളിച്ചുകളയാൻ ഹൈക്കോടതി ഉത്തരവിട്ടപ്പോൾ ബന്ധപ്പെട്ട ഫയൽതന്നെ തീരദേശ പരിപാലന അതോറിറ്റി ഓഫീസിൽ നിന്നും അപ്രത്യക്ഷമായി.

കോടതി നിർദേശങ്ങളെ കാറ്റിൽപറത്തി മണൽ വാരാൻ അനുമതി; തുടരുന്ന കള്ളക്കളി

നദികളിൽ മണൽവാരലിനു കർശന നിബന്ധനകൾ ഏർപ്പെടുത്തിയ സുപ്രിംകോടതിയുടെ ദീപക്‌ കുമാർ കേസിലെ വിധിന്യായത്തിൽ പാരിസ്ഥിതികാഘാത പഠനം നടത്തണമെന്നും അനുമതി കൂടാതെ മണൽവാരൽ അനുവദിക്കരുതെന്നും വിധിയുണ്ടായിരുന്നു. എന്നാൽ കേരള സർക്കാർ ആറുമാസത്തേയ്ക്ക്‌ നദികളിൽ പരിസ്ഥിതികാനുമതി കൂടാതെ മണൽ ഖാനനം അനുവദിക്കുകയും ജലനിരപ്പിന്‌ താഴെ മണൽഖനനം നിർബാധം അനുവദിക്കുകയും ചെയ്തു. ഇത്‌ പിന്നീട്‌ നീട്ടി നൽകി. ഇളവ്‌ അനുവദിച്ചുകൊണ്ടുള്ള ഈ സർക്കാർ ഉത്തരവ്‌ എൻജിറ്റിയിൽ ചോദ്യം ചെയ്തപ്പോൾ ഇനി ഇളവ്‌ അനുവദിക്കില്ലെന്ന്‌ സത്യവാങ്മൂലം നൽകി സർക്കാർ രക്ഷപ്പെടാൻ ശ്രമിച്ചു. എങ്കിലും നിയമലംഘനം തുടരുന്നു.

പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുക്കാതെ കായലിൽ നിന്നും യഥേഷ്ടം മണൽ വാരാൻ അനുമതി

കായലുകളിൽ വൻതോതിൽ മണൽവാരൽ അനുവദിക്കാൻ കേരള ഇറിഗേഷൻ ആൻഡ്‌ ഇൻഫ്രാസ്ടക്ചർ ലിമിറ്റഡ്‌ എന്ന കമ്പനിക്ക്‌ അനുമതി നൽകിയതിനാൽ യാതൊരു പാരിസ്ഥിതിക പഠനവും അനുമതിയും കൂടാതെ നിരന്തരം കോടിക്കണക്കിന്‌ രൂപ വിലമതിക്കുന്ന മണൽ ഖാനനം തുടരുന്നു. ആയിരക്കണക്കിന്‌ വർഷങ്ങൾ കൊണ്ട്‌ രൂപീകരിക്കപ്പെട്ട പൊഴികൾപോലും ഖാനനം ചെയ്ത്‌ പൂർണമായി ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു.

വിദഗ്ധരല്ലാത്തവരെ സ്റ്റേറ്റ്‌ വെറ്റ്ലാൻഡ്‌ അതോറിറ്റിയുടെ തലപ്പത്ത്‌ നിയമിച്ച്‌ തണ്ണീർത്തട സംരക്ഷണം അട്ടിമറിച്ചു

കേരളത്തിലെ പ്രധാനപ്പെട്ട തണ്ണീർത്തടങ്ങളെല്ലാം നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോഴും 5 വർഷത്തിനു ശേഷം 2015 ലാണ്‌ ‘സ്റ്റേറ്റ്‌ വെറ്റ്ലാന്റ്‌ അതോറിറ്റി-കേരള’ സ്ഥാപിക്കാനായി തീരുമാനിച്ചത്‌. 2015 ഡിസംബർ 17 നാണ്‌ ഈ അതോറിറ്റിയേയും അതിലെ മെമ്പർമാരെയും നിയമിച്ചുകൊണ്ട്‌ സർക്കാർ തീരുമാനമെടുത്തത്‌. നിയമിക്കപ്പെട്ട ഒരാളും ഈ വിഷയത്തിൽ വൈദഗ്ധ്യം ഉള്ളവരല്ല.

പതിച്ചുനൽകിയ ഭൂമിയിലെ മരം മുറിക്കുന്നതിനുള്ള നിബന്ധനകൾ വഴിവിട്ട്‌ ഒഴിവാക്കി നൽകി

1993 ലെ ഇപ്പോഴുള്ള റൂൾസ്‌ പ്രകാരം പതിച്ചു കിട്ടിയ കയ്യേറ്റ വനഭൂമിയിലെയും ട്രൈബൽ ഭൂമിയിലെയും പ്ലാവും ആഞ്ഞ ി‍ലിയും മുറിക്കുന്നതിന്‌ റവന്യൂ/വനം ഉദ്യോഗസ്ഥരുടെ നിബന്ധന പ്രകാരമുള്ള അനുമതി ആവശ്യമായിരുന്നു. ഈ നിബന്ധന മാറ്റിമറിച്ചുകൊണ്ട്‌ 9.7.2015 ൽ ഇറക്കിയ ഉത്തരവുപ്രകാരം ഈ പരിശോധനയും അനുമതിയും ഒഴിവാക്കിക്കൊടുത്തു.

ബഹുനില ഫ്ലാറ്റുകൾക്ക്‌ വേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ട ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി

1999 ലെ കേരള മുൻസിപ്പൽ ബിൽഡിങ്‌ റൂൾസ്‌ ഭേദഗതി വരുത്തി കെട്ടിട നിർമാണത്തിനാവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാടെ ലംഘിച്ചിരിക്കുന്നു. ഇത്‌ ശരിയല്ലെന്നു ചൂണ്ടിക്കാട്ടിയ രണ്ട്‌ ഉദ്യോഗസ്ഥരെ സ്ഥാനത്തുനിന്നും മാറ്റിയെങ്കിലും പിന്നീട്‌ വന്ന ഉദ്യോഗസ്ഥരും ഈ നിലപാടുതന്നെ സ്വീകരിച്ചിരിക്കുകയാണ്‌.

ഒരിക്കൽ അവസാനിച്ചിരുന്ന ആനവേട്ട വീണ്ടും തുടങ്ങിയിരിക്കുന്നു, അന്വേഷണങ്ങൾ എല്ലാം അട്ടിമറിച്ചു

ശക്തമായ വനം-വന്യജീവി സംരക്ഷണ നിയമങ്ങൾ വരികയും പൊതുവായ പാരിസ്ഥിതിക അവബോധം ഉയരുകയും ചെയ്തതിന്റെ ഫലമായി കേരളത്തിൽ ആനവേട്ട ഏതാണ്ട്‌ നിലച്ചിരിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ കേരളത്തിൽ 28 ആനകളെ കൊന്ന്‌ കൊമ്പെടുത്തിരിക്കുന്നു. ആനവേട്ടയുടെ വിവരങ്ങൾ ലഭിച്ചിട്ടും ഉദ്യോഗസ്ഥർ അതെല്ലാം മൂടിവയ്ക്കുകയായിരുന്നു. അന്വേഷണം സിബിഐക്ക്‌ വിടാൻ ഗവൺമെന്റ്‌ തീരുമാനിച്ചെങ്കിലും ഒന്നും നടന്നില്ല. അതിനിടെ വിജിലൻസ്‌ വിഭാഗം നടത്തിക്കൊണ്ടിരുന്ന അന്വേഷണവും അട്ടിമറിക്കപ്പെട്ടു. കേസന്വേഷണത്തിന്‌ നേതൃത്വം നൽകിവന്നിരുന്ന വിജിലൻസ്‌ സിസിഎഫിനെ തൽസ്ഥാനത്തുനിന്നു മാറ്റി. ഒടുവിൽ മറ്റൊരാളെ നിയമിച്ചെങ്കിലും അദ്ദേഹത്തെ രണ്ട്‌ ദിവസത്തിനകം സ്ഥലംമാറ്റി. ഈ നടപടി ഒച്ചപ്പാടായപ്പോൾ അദ്ദേഹത്തെ തന്നെ വീണ്ടും നിയമിച്ചു. തികച്ചും പ്രതിഷേധാർഹവും ലജ്ജാവഹവുമാണ്‌ ഈ സംഭവവികാസങ്ങൾ.

കായൽനിലം നികത്താൻ വഴിവിട്ട അനുമതി-മെത്രാൻ കായൽ, കടമക്കുടി…

2007 മുതൽ പരിഗണനയിലുണ്ടായിരുന്നെങ്കിലും ശക്തമായ ജനകീയ എതിർപ്പുകൾ മൂലം മുന്നോട്ടുനീങ്ങാതിരുന്ന 378 ഏക്കർ കായൽ നിലം നികത്തിയുള്ള നിർദിഷ്ട മെത്രാൻ കായൽ എക്കോ ടൂറിസം പദ്ധതിക്കു വിവിധ വകുപ്പുകളുടെ എതിർപ്പുകളെ അവഗണിച്ച്‌ 2016 മാർച്ച്‌ ഒന്നിന്‌ ചേർന്ന മന്ത്രിസഭാ യോഗം അനുമതി നൽകി. ഇതോടൊപ്പം എറണാകുളം ജില്ലയിലെ കടമക്കുടി മെഡിക്കൽ ടൂറിസം പദ്ധതിക്കുവേണ്ടി 47 ഏക്കർ നെൽപ്പാടം നികത്തുന്നതിനുള്ള അനുമതിയും പ്രസ്തുത മന്ത്രിസഭാ യോഗം നൽകി. വിവിധ മേഖലകളിൽ നിന്നുള്ള വലിയ എതിർപ്പുകളെ തുടർന്ന്‌ ഈ തീരുമാനങ്ങൾ പിൻവലിക്കേണ്ടിവന്നു.

പാരിസ്ഥിതികാനുമതി ഒഴിവാക്കാൻ ടൂറിസം-റിയൽ എസ്റ്റേറ്റ്‌ പദ്ധതി വിഴിഞ്ഞം തുറമുഖ പദ്ധതിയോട്‌ കൂട്ടിച്ചേർത്തു

സാമ്പത്തികമായി ലാഭകരമല്ലെന്ന്‌ പഠനങ്ങളിലൂടെ കണ്ടെത്തിയ വിഴിഞ്ഞം പദ്ധതി അദാനി ഗ്രൂപ്പിനെക്കൊണ്ട്‌ പൂർത്തീകരിക്കാനായി 102 ഏക്കർ ഭൂമി ടൂറിസം-റിയൽ എസ്റ്റേറ്റ്‌ തിരിമറികൾക്കായി നൽകാൻ കരാർ ഒപ്പിട്ടു. തുറമുഖ പദ്ധതിയുടെ കൂടെത്തന്നെ ഈ റിയൽ എസ്റ്റേറ്റ്‌ പദ്ധതി അവതരിപ്പിക്കുകവഴി പ്രത്യേക പാരിസ്ഥിതിക അനുമതിയില്ലാതെ കേരളത്തിന്റെ തീരപ്രദേശത്തു നടപ്പിലാക്കുന്ന ആദ്യത്തെ വൻകിട ടൂറിസ്റ്റ്‌ പദ്ധതിയായി വിഴിഞ്ഞം അദാനി ടൂറിസം പദ്ധതി മാറി.

വിഴിഞ്ഞം പ്രോജക്ട്‌ റിപ്പോർട്ടിലില്ലാത്ത പുനരധിവാസ പ്രഖ്യാപനം

വിഴിഞ്ഞം പദ്ധതി അംഗീകരിച്ച്‌ കരാർ ഒപ്പിട്ടശേഷം 3000 മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കേണ്ടിവരുമെന്ന്‌ സർക്കാർ സമ്മതിക്കുന്നു. ഇതിനുവേണ്ടി 475 കോടിയുടെ പാക്കേജ്‌ സർക്കാർ പ്രഖ്യാപിക്കുകയുണ്ടായി. വിഴിഞ്ഞം പ്രോജക്ട്‌ റിപ്പോർട്ടിൽ ഉൾപ്പെടാത്ത ഈ പുനരധിവാസ പദ്ധതിക്കുവേണ്ട തുക പദ്ധതി ചെലവിലോ മറ്റേതെങ്കിലും രീതിയിലോ വകയിരുത്തിയിട്ടില്ല. ഇതോടെ വൻകിട പദ്ധതികൾ അംഗീകരിക്കുന്നതിൽ വളരെ അപകടകരവും തെറ്റായതുമായ കീഴ്‌വഴക്കം സർക്കാർ തുടങ്ങിവച്ചിരിക്കുന്നു.

പദ്ധതി അംഗീകാരത്തിനുള്ള പരിസ്ഥിതി പഠനത്തെ പ്രഹസനമാക്കി

7500 കോടി രൂപ മുതൽമുടക്കുവരുന്ന കേരളത്തിലെ ഏറ്റവും വലിയ പദ്ധതിയാണ്‌ വിഴിഞ്ഞം പദ്ധതി. പക്ഷെ ഇതിനായി തയ്യാറാക്കിയ പാരിസ്ഥിതിക ആഘാതപഠനം തീരെ ദുർബലവും അപൂർണവുമാണ്‌. തീരപ്രദേശത്തെ മണ്ണൊലിപ്പിന്റെ കാര്യത്തിലും വിഴിഞ്ഞം കടലിലെ ജൈവ വൈവിധ്യത്തിന്റെ കാര്യത്തിലും മാത്രമല്ല, പുലിമുട്ട്‌ നിർമാണത്തിനാവശ്യമായ 70 ലക്ഷം ടൺ പാറയുടെ കാര്യത്തിലും റിപ്പോർട്ടിലെ ഭാഗങ്ങൾ അപര്യാപ്തമാണെന്ന്‌ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

സ്വർണവ്യാപാരികൾക്കുവേണ്ടി നാട്ടുകാരെ വിഷം തീറ്റുന്ന നിയമലംഘനം

മലിനീകരണ രഹിത ഭക്ഷ്യസംസ്കരണ/ഐടി വ്യവസായങ്ങൾക്കു മാത്രമായി ഉണ്ടാക്കിയ മലപ്പുറം ജില്ലയിലെ കാക്കഞ്ചേരിയിലെ കിൻഫ്ര പാർക്കിൽ മലബാർ ഗോൾഡ്‌ കമ്പനിയുടെ മാരകമായ മലിനീകരണമുണ്ടാക്കുന്ന സ്വർണാഭരണ സംസ്കരണ നിർമാണശാലയ്ക്ക്‌ നിയമം മറികടന്ന്‌ സർക്കാർ അനുമതി നൽകി. ദൂരപരിധി ലംഘിച്ചുകൊണ്ടുള്ള അനുമതി പിന്നീട്‌ മലിനീകരണ നിയന്ത്രണ ബോർഡ്‌ നിയമവിധേയമാക്കി. ഇതിനെതിരെ ഹരിത ട്രൈബ്യൂണലിൽ നൽകിയ കേസിൽ ‘ചുവപ്പ്‌ പട്ടിക’യിൽപ്പെട്ട വ്യവസായങ്ങൾ ഭക്ഷ്യസംസ്കരണ പാർക്കിൽ പാടില്ലെന്ന വിധി മറികടക്കാൻ സർക്കാർ ഈ വ്യവസായത്തെ ‘പച്ച പട്ടിക’യിൽ ഉൾപ്പെടുത്തുകയുണ്ടായി. പൊട്ടാസ്യം സയനൈഡ്‌ പോലെയുള്ള മാരക മലിനീകാരികൾ ഉപയോഗിക്കുന്നതിനാൽ ഒരു ഗ്രാം സ്വർണം ഉൽപ്പാദിപ്പിക്കുന്ന യൂണിറ്റുകൾ പോലും ചുവപ്പു പട്ടികയിലാണ്‌ ഉൾപ്പെടുന്നത്‌ എന്നിരിക്കെ 120 കിലോഗ്രാം ആണ്‌ പ്രസ്തുത കമ്പനിയുടെ ശേഷി.

courtesy: Janayugom

Saturday, May 31, 2014

മത്സ്യസമ്പത്തിനു ഭീഷണിയായി ഗോസ്റ്റ് ഫിഷിങ്

കൊല്ലം: കോടിക്കണക്കിനു രൂപയുടെ വിദേശനാണ്യം രാജ്യത്തിനു നേടിത്തരുന്ന മത്സ്യസമ്പത്തിനു ഭീഷണിയായി ഗോസ്റ്റ് ഫിഷിങ്. മത്സ്യസമ്പത്തിന് ഈ വിധം ഉണ്ടാകുന്ന വന്‍ശോഷണത്തിനെതിരെ ചെറുവിരല്‍ അനക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന വലകള്‍ നശിച്ചാല്‍ അവ കടലില്‍തന്നെ തൊഴിലാളികള്‍ ഉപേക്ഷിക്കുകയാണ് പതിവ്. ഈ വലകള്‍ ഉപരിതലത്തില്‍ ഒഴുകിനടന്ന് മറ്റു മാലിന്യങ്ങളുമായി കൂടിക്കലര്‍ന്ന് അടിത്തട്ടില്‍ അടിയും. ഇവിടേക്ക് ആകര്‍ഷിക്കപ്പെടന്ന മത്സ്യങ്ങള്‍ വലക്കണ്ണികളില്‍ അകപ്പെട്ട് കൂട്ടത്തോടെ ചത്തൊടുങ്ങുന്നതിനാല്‍ വംശനാശംവരെ പല മത്സ്യഇനങ്ങള്‍ക്കും ഉണ്ടാകുന്നു. കൂടാതെ കടല്‍പാര് എന്നുകരുതി മുട്ടയിടാനും മറ്റും എത്തുന്ന മത്സ്യങ്ങള്‍ ചത്തൊടുങ്ങുന്നതും മത്സ്യസമ്പത്തിനു വന്‍ഭീഷണിയാകുന്നു.

കടല്‍പക്ഷികള്‍, സസ്തനികള്‍, ഞണ്ട്, ആമ എന്നിവയെല്ലാം ഇതില്‍പ്പെട്ട് നശിക്കുന്നുണ്ട്. ഈ വലകളില്‍ കുരുങ്ങിക്കിടക്കുന്ന ഇരകളെ പിടിക്കാനെത്തുന്ന വന്‍മത്സ്യങ്ങളും ഗോസ്റ്റ് ഫിഷിങ്ങിന് ഇരയാകുന്നു. വലകള്‍ നശിക്കുംവരെ ഈ പ്രക്രിയ തുടരുന്നതിനാല്‍ "കടല്‍സ്ഥിതി"തന്നെ തകിടം മറിയുന്നു. ഈ വലകള്‍ പ്രൊപ്പല്ലറില്‍ കുടുങ്ങി ഫിഷിങ് ബോട്ടുകള്‍ തകരുന്നതും പതിവാണ്. ഇങ്ങനെ "ഗോസ്റ്റ് ഫിഷിങ"് വന്‍ വിപത്തായിട്ടും ഇതുസംബന്ധിച്ച പഠനത്തിനോ അവ ഒഴിവാക്കാനുള്ള നടപടികള്‍ക്കോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. വിദേശരാജ്യങ്ങളില്‍ പലയിടത്തും ഇത് നിയമംമൂലം നിരോധിച്ചിട്ടുണ്ട്. യുണൈറ്റഡ് നേഷന്‍സ് ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ 2009ല്‍ നടത്തിയ പഠനത്തില്‍ പ്രതിവര്‍ഷം 6,40,000 ടണ്‍ വല സമുദ്രത്തില്‍ ഉപേക്ഷിക്കുന്നതായി കണ്ടെത്തി. ഇതുവഴി പതിനായിരക്കണക്കിനു കടല്‍ജീവികള്‍ കൊല്ലപ്പെടുന്നതായും കണ്ടെത്തി. യുണൈറ്റഡ് സ്റ്റേറ്റ്സ് അക്കാദമി ഓഫ് സയന്‍സ് നടത്തിയ പഠനത്തില്‍ പ്രതിവര്‍ഷം 6.4 മില്യണ്‍ ടണ്‍ മാലിന്യം കടലില്‍ നിക്ഷേപിക്കുന്നതായും വ്യക്തമായി. ചരടും നാരും കൊണ്ട് നിര്‍മിച്ച പരമ്പരാഗത വലകള്‍ക്ക് പകരം ഇപ്പോള്‍ നൈലോണ്‍ വലകളാണ് മത്സ്യത്തൊഴിലാളികള്‍ ഉപയോഗിക്കുന്നത്. ഗില്‍നെറ്റ് വല, എന്റാഗ്ലിങ് വല, ട്രാമര്‍ വല എന്നിവയാണ് ഇവിടെ ഏറെയും ഉപയോഗിക്കുന്നത്. ഇത് 600 വര്‍ഷത്തോളം കടലില്‍ നശിക്കാതെ കിടക്കും. അടുത്തിടെ വൈപ്പിന്‍ എടവനക്കാടുനിന്ന് ഇത്തരത്തില്‍ തിമിംഗലത്തിന്റെ അസ്ഥികൂടം കണ്ടെത്തിയിരുന്നു. 32.5 മീറ്റര്‍ നീളമുള്ള വലയില്‍ കുരുങ്ങിയ നിലയിലാണ് ഇതിനെ തീരക്കടലില്‍ കണ്ടത്. ഈ വലയ്ക്കൊപ്പം 24ഇനം വ്യത്യസ്ത വലകള്‍ കൂടിക്കലര്‍ന്നിരുന്നതായി സിഎംഎഫ്ആര്‍ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റും ഫിഷറീസ് എന്‍വയോണ്‍മെന്റ് മാനേജ്മെന്റ് ഡിവിഷന്‍ പ്രിന്‍സിപ്പലുമായ വി കൃപ പറഞ്ഞു.

കേരളതീരത്ത് ഇത്തരത്തിലുള്ള മാലിന്യം സംബന്ധിച്ച ഒരു ഗവേഷണമോ പരിശോധനയോ നടന്നിട്ടില്ല. ഇവ പരിശോധിക്കാനും കടല്‍സമ്പത്ത് സംരക്ഷിക്കാനും നിയമംതന്നെ ആവിഷ്കരിക്കണം. വല കടലില്‍ ഉപേക്ഷിക്കാതെ തിരികെ എത്തിക്കാന്‍ വേണ്ട അവബോധം തൊഴിലാളികളില്‍ വളര്‍ത്തേണ്ടത് അനിവാര്യമാണെന്നും അവര്‍ പറഞ്ഞു. മുള്ളുവേലിയുടെ കമ്പികള്‍, ക്ലാഞ്ഞി, വല എന്നിവ ഉപയോഗിച്ചു നിര്‍മിക്കുന്ന കൃത്രിമപാരുകളും മത്സ്യസമ്പത്തില്‍ വന്‍ ഇടിവുണ്ടാക്കുന്നു. ഈ പാരുകളില്‍ കുടുങ്ങി മൂന്നു ബോട്ടുകള്‍ തകര്‍ന്നതായി ഫിഷിങ് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം എസ് ജെയിംസ് പറഞ്ഞു. തമിഴ്നാട്ടില്‍നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് കേരളതീരത്ത് ഇവ നിക്ഷേപിക്കുന്നത്. ഇത്തരത്തില്‍ ജലമലിനീകരണം വ്യാപകമായതാണ് കേരളതീരത്തുനിന്നു ലഭിക്കുന്ന അയല, മത്തി, ചാള, നെത്തോലി, കാരല്‍, മണങ്ങ്, മാന്തല്‍ എന്നീ മത്സ്യങ്ങള്‍ക്കുണ്ടായിട്ടുള്ള രുചിഭേദത്തിനു കാരണമെന്ന് ഫിഷിറീസ് മുന്‍ അഡീഷണല്‍ ഡയറക്ടര്‍ ഡി സഞ്ജീവഘോഷ് പറഞ്ഞു. മുന്‍കാലങ്ങളില്‍ വ്യാപകമായിരുന്ന ഊളിസ്രാവ്, തേട്, തെരണ്ടി, ചെമ്പല്ലി, കോര എന്നിവയ്ക്ക് വംശനാശം സംഭവിച്ചതായി ആശങ്കയുമുണ്ട്.

പി ആര്‍ ദീപ്തി deshabhimani

Thursday, May 29, 2014

ആറന്മുള വിമാനത്താവളത്തിന് പാരിസ്ഥിതികാനുമതി റദ്ദാക്കി

ചെന്നൈ/പത്തനംതിട്ട: ആറന്മുള വിമാനത്താവളത്തിന് കേന്ദ്ര വനം-പരിസ്ഥിതിമന്ത്രാലയം നല്‍കിയ പാരിസ്ഥിതികാനുമതി ദേശീയ ഹരിത ട്രിബ്യൂണലിന്റെ ചെന്നൈ ബെഞ്ച് റദ്ദാക്കി. പദ്ധതിപ്രദേശത്തെ മുഴുവന്‍ നിര്‍മാണപ്രവര്‍ത്തനവും നിര്‍ത്താന്‍ വിമാനത്താവള കമ്പനിയായ കെജിഎസ് ഗ്രൂപ്പിനോട് ട്രിബൂണല്‍ ആവശ്യപ്പെട്ടു. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് കെജിഎസ് ഗ്രൂപ്പ് അനുമതി വാങ്ങിയത്. ഒരുവര്‍ഷത്തോളം നടന്ന വാദത്തിനൊടുവില്‍ ജസ്റ്റിസ് എം ചൊക്കലിംഗം, വിദഗ്ധ സമിതിയംഗം ആര്‍ നാഗേന്ദ്രന്‍ എന്നിവരടങ്ങിയ ട്രിബ്യൂണലിന്റെ ബെഞ്ചാണ് വിധിപറഞ്ഞത്. വിമാനത്താവളത്തിനുവേണ്ടി വഴിവിട്ട് നീങ്ങിയ സംസ്ഥാന സര്‍ക്കാരിന് ട്രിബ്യൂണലിന്റെ ഉത്തരവ് കനത്ത ആഘാതമായി.

പാരിസ്ഥിതികാഘാതം പഠിച്ച എന്‍വിറോ കെയര്‍ എന്ന ഏജന്‍സിക്ക് അതിനുള്ള അംഗീകാരം ഇല്ലെന്ന് ട്രിബ്യൂണല്‍ വ്യക്തമാക്കി. വിമാനത്താവളത്തിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തിയ എല്ലാ വാദങ്ങളും തള്ളി. സിപിഐ എമ്മും സിപിഐയും ആറന്മുള പൈതൃകഗ്രാമ സംരക്ഷണ സമിതിയുമാണ് ഹരിത ട്രിബ്യൂണലിനെ സമീപിച്ചത്.

2013ല്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ എന്‍ഒസിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വിമാനത്താവളത്തിന് പാരിസ്ഥിതികാനുമതി നല്‍കിയത്. വിമാനത്താവളം യാഥാര്‍ഥ്യമായാല്‍ പ്രദേശത്തെ പരിസ്ഥിതിയെ അത് ആഴത്തില്‍ ബാധിക്കുമെന്നും ഇത് മാരകമായ ഭവിഷ്യത്തുകള്‍ക്ക് വഴിവയ്ക്കുമെന്നും ട്രിബ്യൂണല്‍ നിരീക്ഷിച്ചു. കെജിഎസ് ഗ്രൂപ്പ് ഇക്കാര്യത്തില്‍ ഗൗരവമായ ഒരു പഠനവും നടത്തിയിട്ടില്ലെന്ന് നിരീക്ഷിച്ച കോടതി പദ്ധതിപ്രദേശത്തെ നെല്‍പ്പാടത്തെക്കുറിച്ചോ കുന്നുകളെക്കുറിച്ചോ അവര്‍ സൂചിപ്പിക്കുകപോലും ചെയ്തില്ലെന്നും കുറ്റപ്പെടുത്തി.

വിമാനത്താവളവുമായി ബന്ധപ്പെട്ട് പൊതുജനാഭിപ്രായം തേടിയത് മാനദണ്ഡം ലംഘിച്ചാണ്. 30 ദിവസത്തെ നോട്ടീസ് നല്‍കി രണ്ട് ദിനപത്രങ്ങളില്‍ പരസ്യം ചെയ്തു വേണം അഭിപ്രായം തേടാന്‍. രണ്ടുതവണ മാറ്റിയ അഭിപ്രായംതേടല്‍ 2004 മെയ് 15നാണ് നടന്നത്. പദ്ധതിപ്രദേശത്തിന് ഏറ്റവും അടുത്തായിരിക്കണം പൊതുജനങ്ങളില്‍നിന്ന് അഭിപ്രായം തേടേണ്ടിയിരുന്നത്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് പൊതുജനാഭിപ്രായം തേടിയത് കലക്ടറേറ്റില്‍ നോട്ടീസ് പതിച്ച് അവിടെത്തന്നെയായിരുന്നു. വിമാനത്താവളത്തിന് വിദഗ്ധസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് തെറ്റാണ്. ആക്ഷേപങ്ങള്‍ക്ക് എങ്ങനെ പരിഹാരം കാണാമെന്ന അന്തിമ റിപ്പോര്‍ട്ട് വിദഗ്ധസമിതി സമര്‍പ്പിച്ചില്ല. പദ്ധതിനിര്‍മാണത്തിന് ട്രിബ്യൂണല്‍ കഴിഞ്ഞവര്‍ഷം സ്റ്റേ ഏര്‍പ്പെടുത്തിയിരുന്നു. കെജിഎസ് ഗ്രൂപ്പിന് നല്‍കിയ 500 ഏക്കര്‍ ഭൂമി വ്യാവസായികാവശ്യത്തിന് ഉപയോഗിക്കാമെന്ന തരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഉത്തരവും സ്റ്റേ ചെയ്തിരുന്നു. പദ്ധതിപ്രദേശത്തിന്റെ 80 ശതമാനവും നെല്‍പ്പാടമാണെന്നും ഇത് മണ്ണിട്ട് നികത്തുന്നതോടെ പ്രദേശത്തെ ഭക്ഷ്യശൃംഖലയടക്കം തകരുമെന്നും 2013 മാര്‍ച്ചില്‍ ജൈവവൈവിധ്യ ബോര്‍ഡ് സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് വകവയ്ക്കാതെയാണ് പദ്ധതിക്ക് സര്‍ക്കാര്‍ എന്‍ഒസി നല്‍കിയത്.

രണ്ടായിരം കോടിയാണ് പദ്ധതിയുടെ മുതല്‍മുടക്ക്. കെജിഎസ് ഗ്രൂപ്പിന്റെ ഫ്ളാഗ്ഷിപ് കമ്പനിയായ കെജിഎസ് ഡെവലപ്പേഴ്സ് റിലയന്‍സ് അംബാനി ഗ്രൂപ്പിന് 15 ശതമാനം പങ്കാളിത്തമുള്ള കമ്പനിയാണ്. ഇതിനാലാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കമ്പനിക്കുവേണ്ടി ശക്തമായി നിലകൊണ്ടതെന്നും ആരോപണമുയര്‍ന്നിരുന്നു.

സിപിഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയറ്റംഗം എ പത്മകുമാര്‍, സിപിഐ ജില്ലാ സെക്രട്ടറി പി പ്രസാദ്, കെപിസിസി എക്സിക്യൂട്ടീവ് അംഗം കെ കെ റോയിസണ്‍, ആറന്മുള പൈതൃക ഗ്രാമ കര്‍മസമിതിക്കുവേണ്ടി കുമ്മനം രാജശേഖരന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീരംഗനാഥ് എന്നിവരാണ് ഹരിത ട്രിബ്യൂണലിനെ സമീപിച്ചത്. ഇവര്‍ക്കുവേണ്ടി അഭിഭാഷകരായ അശോക് ചെറിയാന്‍, രഞ്ജിത് തമ്പാന്‍, ജേക്കബ് പി അലക്സ്, കൃഷ്ണരാജ്, ഹരീഷ് വാസുദേവ് എന്നിവര്‍ ഹാജരായി.

വിമാനത്താവള വിരുദ്ധ ഏകോപന സമിതി 107 ദിവസമായി ആറന്മുളയില്‍ നടത്തിവന്ന സത്യഗ്രഹം ട്രിബ്യൂണല്‍ ഉത്തരവിനെ തുടര്‍ന്ന് അവസാനിപ്പിച്ചു. ഭാവി പരിപാടി അടുത്ത ദിവസം യോഗം ചേര്‍ന്ന് തീരുമാനിക്കും.

പുറത്തായത് കടുത്ത നിയമലംഘനം

പത്തനംതിട്ട: വിമാനത്താവള പദ്ധതിയുടെ മറവില്‍ ആറന്മുളയില്‍ അരങ്ങേറിയത് കടുത്ത നിയമലംഘനം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്തതെല്ലാം വഴിവിട്ട നടപടികള്‍. ഇതിനെല്ലാം പ്രചോദനമായത് പണത്തിന്റെയും രാഷ്ട്രീയ അധികാരത്തിന്റെയും പിന്‍ബലം. ഹരിത ട്രിബ്യൂണലിന്റെ വിധിയിലൂടെ ഇക്കാര്യങ്ങളാണ് പുറത്ത്വന്നത്. 2014 ഡിസംബറില്‍ ആദ്യ വിമാനം പറന്നുയരുമെന്ന് കെജിഎസ് ഗ്രൂപ്പ് പ്രഖ്യാപിച്ചത് വഴിവിട്ട അനുമതികളുടെ പിന്‍ബലത്തിലായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ പത്ത് ശതമാനം ഓഹരി കൂടി എടുത്തതോടെ അന്താരാഷ്ട്ര വിമാനത്താവളത്തിനാവശ്യമായ എല്ലാ അനുമതിയും ലഭിച്ചുവെന്നാണ് അവര്‍ പറഞ്ഞത്.

കൊച്ചി ആസ്ഥാനമായ സതേണ്‍ നേവല്‍ കമാന്‍ഡിന്റെ കീഴിലുള്ള ഐഎന്‍എസ് ഗരുഡയുടെ ഫ്ളൈയിങ് സോണില്‍ വരുന്ന പ്രദേശമാണ് ആറന്മുള. ആ സാഹചര്യത്തില്‍ വിമാനത്താവളത്തിന് അനുമതി നല്‍കാനാവില്ലെന്ന് 2011 ആഗസ്ത് നാലിന് അന്നത്തെ വ്യോമയാന മന്ത്രി വയലാര്‍ രവി രാജ്യസഭയില്‍ പ്രഖ്യാപിച്ചതുമാണ്. ഈ പാത പിന്തുടര്‍ന്നാണ് പ്രതിരോധ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവുമെല്ലാം അനുമതി നിഷേധിച്ചത്. ആ നിരോധനങ്ങളെയെല്ലാം കെജിഎസ് ഗ്രൂപ്പ് മറികടന്നത് അത്ഭുതകരമായ വേഗത്തിലാണ്. 5000 കോടിയുടെ ആസ്തി തങ്ങള്‍ക്കുണ്ടെന്നാണ് കെ കുമരന്‍, ജിജി ജോര്‍ജ്, പി ഷണ്‍മുഖം എന്നിവര്‍ ഉടമകളായ കെജിഎസ് കമ്പനി അവകാശപ്പെടുന്നത്. ഇതില്‍ 15 ശതമാനം റിലയന്‍സിന്റേതാണെന്നും അവര്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്.

റോബര്‍ട് വധേരയ്ക്ക് വിമാനത്താവളകമ്പനിയുമായി ബന്ധമുണ്ടെന്നും ഇക്കാരണത്താല്‍ സോണിയാഗാന്ധിക്ക് പ്രത്യേക താല്പര്യമുണ്ടെന്നും ആരോപണമുയര്‍ന്നു. ഇത് ശരിവെക്കുന്ന രൂപത്തിലാണ് രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി ജെ കുര്യന്‍, പത്തനംതിട്ട എംപി ആന്റോ ആന്റണി, ആറന്മുള എംഎല്‍എ അഡ്വ. കെ ശിവദാസന്‍ നായര്‍ എന്നിവര്‍ വിമാനത്താവളത്തിനുവേണ്ടി ചാവേറുകളെ പോലെ നിലകൊണ്ടത്. ഇതിനിടയിലാണ് വിമാനത്താവള ഭൂമിയില്‍ 232 ഏക്കര്‍ മിച്ചഭൂമി ഉണ്ടെന്നു കണ്ടെത്തിയത്. ആദ്യ ഉടമയായ ഏബ്രഹാം കലമണ്ണിന്റെ കൈയില്‍നിന്ന് 263.72 ഏക്കറാണ് കെജിഎസ് വിലയ്ക്കുവാങ്ങിയത്. എന്നാല്‍, മിച്ചഭൂമി കണ്ടെത്തിയതോടെ കെജിഎസിന്റെ കൈയില്‍ അവശേഷിച്ചത് 31.7 ഏക്കര്‍ സ്ഥലം മാത്രമായിരുന്നു. ഇതോടെ നിയമങ്ങള്‍ ലംഘിച്ച് ഭൂമി പോക്കുവരവ് ചെയ്തുകൊടുക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെട്ടു.

ആറന്മുളയില്‍ കെജിഎസ് ഗ്രൂപ്പ് നിയമം ലംഘിച്ച് ഭൂമി വാങ്ങിക്കൂട്ടിയതു സംബന്ധിച്ച് കോഴഞ്ചേരി അഡീഷണല്‍ തഹസില്‍ദാര്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റിപ്പോര്‍ട്ട് യുഡിഎഫ് സര്‍ക്കാര്‍ അവഗണിച്ചു. എന്നാല്‍, കോഴഞ്ചേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് 2013 മാര്‍ച്ച് 10ന് ഇത് മിച്ചഭൂമിയായി പ്രഖ്യാപിച്ചു. ഇതോടെ ഉന്നതങ്ങളില്‍നിന്നുള്ള ഇടപെടല്‍ ശക്തമായി. ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാനും ഡെപ്യൂട്ടി കലക്ടറുമായിരുന്ന അബ്ദുള്‍ സമദിനെ വയനാട്ടിലേക്ക് സ്ഥലംമാറ്റി. പിന്നാലെ കലക്ടറെയും സ്ഥലംമാറ്റി. നിയമവിരുദ്ധ നടപടികള്‍ സാധൂകരിക്കാന്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ഭേദഗതിചെയ്യാനും സര്‍ക്കാര്‍ ശ്രമിച്ചു. വിവിധഭാഗങ്ങളില്‍ നിന്നുയര്‍ന്ന എതിര്‍പ്പ് അവഗണിച്ച് വിമാനത്താവളകമ്പനിക്കുവേണ്ടി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടത്തിയ കള്ളക്കളിക്ക് ട്രിബൂണല്‍ ഉത്തരവ് കനത്ത തിരിച്ചടിയായി.

സണ്ണി മാര്‍ക്കോസ് deshabhimani

Wednesday, May 21, 2014

പാറമട: സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണം

ന്യൂഡല്‍ഹി: പരിസ്ഥിതിലോല മേഖലകളില്‍ പാരിസ്ഥിതികാനുമതിയില്ലാതെ പാറമടകള്‍ പ്രവര്‍ത്തിക്കുന്നതെങ്ങനെയെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍. മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഗോവ ഫൗണ്ടേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ജസ്റ്റിസ് സ്വതന്തര്‍കുമാര്‍ അധ്യക്ഷനായ ട്രിബ്യൂണല്‍ ഈ ചോദ്യം ഉന്നയിച്ചത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പരിസ്ഥിതി ദുര്‍ബലമേഖലകളില്‍ പാരിസ്ഥിതികാനുമതിയില്ലാതെ എങ്ങനെ പാറമടകള്‍ക്ക് അനുമതി നല്‍കുമെന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനും ട്രിബ്യൂണല്‍ ഉത്തരവിട്ടു. നിലവിലെ ക്വാറികള്‍ക്ക് പ്രവര്‍ത്തനം തുടരാന്‍ പാരിസ്ഥിക അനുമതി ആവശ്യമുണ്ടോയെന്നും സര്‍ക്കാര്‍ വ്യക്തമാക്കണം.

കേരളത്തില്‍ പരിസ്ഥിതി ദുര്‍ബല മേഖലകളായി കസ്തൂരി രംഗന്‍ സമിതി കണ്ടെത്തിയ പ്രദേശങ്ങളില്‍ പരിസ്ഥിതി അനുമതി കൂടാതെ പാറമടകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഹര്‍ജിക്കാരായ ഗോവ ഫൗണ്ടേഷന്‍ ചൂണ്ടിക്കാട്ടി. നിലവിലുള്ള ക്വാറികള്‍ക്ക് പ്രത്യേക അനുമതി വേണ്ടെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്റെ മറുപടി. ഇത്തരം പാറമടകള്‍ പ്രവര്‍ത്തിക്കുന്നത് സുപ്രീംകോടതി ഉത്തരവിന്റ ലംഘനമാണെന്ന് ഗോവ ഫൗണ്ടേഷന്‍ വാദിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ പുറത്തിറക്കിയ കരടുവിജ്ഞാപനത്തില്‍ പരിസ്ഥിതി ദുര്‍ബല മേഖലകളില്‍നിന്ന് ചില പ്രദേശങ്ങള്‍ ഒഴിവാക്കിയിരുന്നു. ഈ പ്രദേശങ്ങളില്‍ ഖനം, നിര്‍മാണപ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും ഗോവ ഫൗണ്ടേഷനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജ്പഞ്ച്വാനി ആവശ്യപ്പെട്ടു. ഗാഡ്ഗില്‍കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന ഹര്‍ജി തള്ളണമെന്ന് കേരളത്തിനുവേണ്ടി ഹാജരായ കൃഷ്ണന്‍ വേണുഗോപാലും ജോജി സ്കറിയയും ആവശ്യപ്പെട്ടു. ഇടുക്കിയില്‍നിന്ന് വിജയിച്ച അഡ്വ. ജോയ്സ് ജോര്‍ജ്, അഡ്വ. ബോബി അഗസ്റ്റിന്‍, അഡ്വ. ബിജു പി രാമന്‍ എന്നിവരും ട്രിബ്യൂണലില്‍ ഹാജരായി. കേസ് ജൂലൈ ഏഴിന് വീണ്ടും പരിഗണിക്കും.

സുജിത് ബേബി deshabhimani

Monday, May 5, 2014

ശ്രീപത്മനാഭസ്വാമിക്ഷേത്രം വയല്‍ നികത്തി നിര്‍മിച്ചതെന്ന് കണ്ടെത്തല്‍

ശ്രീപത്മനാഭസ്വാമിക്ഷേത്രം വയല്‍ നികത്തി നിര്‍മിച്ചതാണെന്ന് പുരാവസ്തുവകുപ്പ് കണ്ടെത്തല്‍. ക്ഷേത്രത്തിന്റെ വടക്കേനട കുഴിച്ചപ്പോള്‍ കണ്ട കല്‍പ്പടവുകളെക്കുറിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ഈ നിഗമനം. കല്‍പ്പടവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിദഗ്ധസമിതി രൂപീകരിച്ച് തുടര്‍ പരിശോധന നടത്താന്‍ തീരുമാനിച്ചു. ക്ഷേത്രസുരക്ഷയ്ക്ക് ബൊള്ളാര്‍ഡ് സ്ഥാപിക്കാന്‍ അഞ്ചടി കുഴിച്ചപ്പോഴാണ് കല്‍പ്പടവുകള്‍, കരിങ്കല്‍ക്കെട്ട്, അഴുക്കുചാല്‍, ഇരുമ്പ് പൈപ്പുകള്‍ എന്നിവ കണ്ടെത്തിയത്. നൂറ്റാണ്ടുകള്‍ക്കുമുമ്പ് ക്ഷേത്രത്തിലേക്ക് പോകുന്നതിനുള്ള കല്‍പ്പടുകളാണിതെന്ന് അറിവായിട്ടുണ്ട്. കിഴക്കേനടയും വടക്കേനടയും താഴ്ന്ന പ്രദേശമായതിനാല്‍ ഈ കല്‍പ്പടവുകള്‍ മണ്ണിട്ട് മൂടി റോഡ് ഉയര്‍ത്തുകയായിരുന്നു. ക്ഷേത്രസുരക്ഷയ്ക്ക് നിര്‍മാണം ബലപ്പെടുത്തുകയാണ് ചെയ്തത്. കരിങ്കല്‍ക്കെട്ടായതിനാല്‍ കാലപ്പഴക്കം കണ്ടെത്താനായിട്ടില്ല.

നൂറ്റാണ്ടുകള്‍ക്കുമുമ്പ് നഗരത്തില്‍ തിരുമലയിലുള്ള മല ഇടിച്ചുകൊണ്ടുവന്ന കല്ലുകളാണിതെന്ന് കരുതുന്നു. ഇവിടെനിന്ന് കിട്ടിയ ചെങ്കല്ലുകള്‍ പഴക്കമുള്ളതല്ല. ഇതിന്റെ പഴക്കം കണ്ടെത്താന്‍ ശ്രമം നടക്കുന്നു. കുഴിയില്‍ നടത്തിയ ഖനത്തില്‍ ക്ഷേത്രപ്രദേശമാകെ വയല്‍ ആയിരുന്നുവെന്ന് കാണിക്കുന്ന തെളിവുകള്‍ ലഭിച്ചു. പുത്തരിക്കണ്ടം പഴയകാലത്ത് ക്ഷേത്രപരിസരം വരെയുണ്ടായിരുന്നുവെന്നാണ്് പുരാവസ്തു അധികൃതരുടെ കണ്ടെത്തല്‍. പല കാലങ്ങളിലായി അമ്പലം സംരക്ഷിക്കുന്നതിന് മണ്ണിടിച്ച് നികത്തിയതാണ്. മണല്‍ക്കുടങ്ങള്‍, ഓടകള്‍ എന്നിവയാണ് കണ്ടെത്തിയത്. ഇത് പന്ത്രണ്ടും പതിനഞ്ചും നൂറ്റാണ്ടുകള്‍ക്കിടയിലുള്ളതാണെന്നാണ് നിഗമനം. മണ്ണടിച്ചപ്പോള്‍ അതിനൊപ്പം ഇത് ഇട്ടതാണെന്ന് കരുതുന്നു. ഖനം നടത്തിയ ഭാഗങ്ങളില്‍ തുരങ്കങ്ങള്‍ ഉള്ളതായിട്ട് കരുതുന്നില്ലെന്ന് പുരാവസ്തുവകുപ്പ് ഡയറക്ടര്‍ ജി പ്രേംകുമാര്‍ പറഞ്ഞു. തുരങ്കങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ഇതിലേക്ക് പോകേണ്ട കുഴികള്‍ കാണുമായിരുന്നു. കുഴികള്‍ കണ്ടെത്തിയിട്ടില്ല. ഇതിനാല്‍ തുരങ്കസാധ്യതയില്ല. ക്ഷേത്രനിര്‍മാണ സമയത്ത് മണ്ണടിച്ച് നികത്തിയിരുന്നു. തുടര്‍ന്നുണ്ടാക്കിയ കല്‍പ്പടവുകളും മണ്ണടിച്ച് നികത്തി. ഇതല്ലാതെ ചരിത്രപ്രാധാന്യമുള്ള മറ്റ് അവശിഷ്ടങ്ങളോ ഇവിടെയില്ലെന്ന് പുരാവസ്തു നിഗമനം. ഇതുസംബന്ധിച്ച് ചരിത്രകാരന്മാരുള്‍പ്പെടെയുള്ളവരോട് അഭിപ്രായം ആരാഞ്ഞു. ജിയോളജി വകുപ്പിനോടും മണ്ണിനെ സംബന്ധിച്ച് പഠനം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

deshabhimani

Saturday, April 26, 2014

ഇടുക്കിയില്‍ കാല്‍ലക്ഷം ഹെക്ടര്‍ കൃഷിഭൂമി സര്‍ക്കാരിലേക്കു മടങ്ങും

ഇടുക്കി: പരിസ്ഥിതിലോല മേഖലയില്‍നിന്ന് ജനവാസകേന്ദ്രങ്ങളെ വേര്‍തിരിക്കാന്‍ റവന്യുവകുപ്പ് തയ്യാറാക്കുന്ന കഡസ്ട്രല്‍ ഭൂപടം പൂര്‍ത്തിയായാല്‍ കാല്‍ലക്ഷം ഹെക്ടര്‍ കൃഷിഭൂമി സര്‍ക്കാരിന്റേതാകും. ഇതോടെ ഇടുക്കി ജില്ലയില്‍ മാത്രം 65,000 കര്‍ഷകര്‍ക്ക് കൈവശമുള്ള കൃഷിഭൂമി നഷ്ടപ്പെടും. ഇതുവഴി സംസ്ഥാനത്തെ ഇഎസ്എ മേഖല ഉള്‍പ്പെടുന്ന 28,588.15 സ്ഥലത്തെ കൈവശക്കാരെ പുത്തന്‍ കഡസ്ട്രല്‍ ഭൂപടം കണ്ണീരിലാഴ്ത്തും.

ഇഎസ്എ ഉള്‍പ്പെടുന്ന വലിയൊരു ഭൂപ്രദേശം പട്ടയമില്ലാത്തതോ കുത്തകപാട്ടമോ ആണ്. പുതിയ നടപടിയോടെ ഇത് സര്‍ക്കാര്‍ ഭൂമിയായി നിര്‍ണയിക്കപ്പെടും. ഒരു വില്ലേജില്‍ ശരാശരി 35,000 മുതല്‍ 40,000 വരെ തണ്ടപ്പേരുള്ള ഭൂവുടമകളുണ്ട്. ഇവിടെയെല്ലാം നേരിട്ടെത്തി വേണം ഭൂപടം തയ്യാറാക്കാന്‍. പ്രധാനമായും 13 ഇനം വിവരങ്ങള്‍ കൃത്യമായി ചോദിച്ചിട്ടുണ്ടെങ്കിലും കൈവശ ഭൂമിയെക്കുറിച്ച് പ്രതിപാദിക്കാത്തതാണ് പ്രശ്നം. വര്‍ഷങ്ങള്‍ക്ക് മുമ്പും അടുത്ത കാലത്തും റീ സര്‍വെ ചെയ്ത ഭൂമിയുടെ വിവരം പൊതുവായി പ്രസിദ്ധപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇത് സര്‍വേ വകുപ്പിന്റെ പക്കല്‍ ഉണ്ടെന്നാണ് അവകാശപ്പെടുന്നത്. ഉപസര്‍വേ നമ്പര്‍ പ്രകാരം വാസയോഗ്യം, കൃഷിയോഗ്യം, റോഡ്, തരിശ്, തോട്, പാറക്കെട്ട്, വനഭാഗങ്ങള്‍, കരിങ്കല്‍ പ്രദേശം, തോട്ടങ്ങള്‍ തുടങ്ങിയ 13 ഇന വിവരങ്ങളില്‍ വിവിധ നിറം നല്‍കിയാണ് ഭൂപടം തയ്യാറാക്കേണ്ടത്. എന്നാല്‍ ഇവയിലൊന്നും കര്‍ഷകര്‍ കൈവശം വയ്ക്കുന്ന ഭൂമി സംബന്ധിച്ച് വിവരം ചോദിച്ചിട്ടില്ല. തയ്യാറാക്കുന്ന കഡസ്ട്രല്‍ മാപ്പില്‍ ജനവാസ കേന്ദ്രങ്ങള്‍, തോട്ടം, വനഭൂമി, കാര്‍ഷിക മേഖല എന്നിവ രേഖപ്പെടുത്തി സൂക്ഷ്മമായി നിറം നല്‍കിയില്ലെങ്കില്‍ കര്‍ഷകരുടെ ഭൂമി ഇഎസ്എയില്‍പ്പെടും.

റീസര്‍വെ പ്രകാരം ഒരു വില്ലേജിലെ എല്ലാ പ്രദേശങ്ങളെയും വേര്‍തിരിച്ച് അതിര്‍ത്തി നിര്‍ണയിക്കുന്ന രേഖാചിത്രമാണ് കഡസ്ട്രല്‍ ഭൂപടം. റീസര്‍വെ സ്കെച്ച് പ്രകാരമാണ് ഭൂപടം തയ്യാറാക്കേണ്ടത്. എന്നാല്‍ റീ സര്‍വെ പൂര്‍ത്തിയാക്കാത്ത വില്ലേജ് മേഖലകളില്‍ ഭൂപടം തട്ടിക്കൂട്ടുന്ന തിരക്കിലാണ് ഉദ്യോഗസ്ഥര്‍. മതിയായ സമയം ഇല്ലാത്തതാണ് പ്രധാന പ്രശ്നം. ഭൂമി പരിശോധന നടത്തിമാത്രമെ കഡസ്ട്രല്‍ മാപ്പ് തയ്യാറാക്കാന്‍ പാടുള്ളൂവെന്ന നിഷ്ക്കര്‍ഷ പാലിച്ചിട്ടില്ല. ഫീല്‍ഡ് പരിശോധന നടത്തി, സ്കെയില്‍ ഉപയോഗിച്ച് കൃത്യതയോടെയാണ് മാപ്പ് രൂപപ്പെടുത്തേണ്ടത്. എന്നാല്‍ സ്ഥലപരിശോധന പോലും നടത്താതെ ഓഫീസുകളിലിരുന്നാണ് ഭൂപട നിര്‍മാണം. അവധി ദിനങ്ങളായിരുന്നതിനാല്‍ ഭൂപടം തയ്യാറാക്കാനുള്ള സമയം ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടില്ല. നല്‍കേണ്ട അവസാന ദിവസം ഈ മാസം 30 ആണ്.

deshabhimani

Thursday, April 24, 2014

വണ്ടിപ്പെരിയാറില്‍ 7000 കുടുംബങ്ങള്‍ ഭീതിയില്‍

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ ഭാഗമായി ബയോഡൈവേഴ്സിറ്റി ബോര്‍ഡ് പരിസ്ഥിതിലോല ഭൂപട നിര്‍ണയത്തിന് നല്‍കിയ നിര്‍ദേശങ്ങള്‍ വണ്ടിപ്പെരിയാറിലെ ഏഴായിരത്തോളം കുടുംബങ്ങളെ ഭീതിയിലാഴ്ത്തി. ബയോഡൈവേഴ്സിറ്റി ബോര്‍ഡ് നല്‍കിയ മാപ്പില്‍ പഞ്ചായത്തിലെ ഭൂമിയെ വിവിധ വിഭാഗങ്ങളായി തരംതിരിച്ച് നിറംകൊടുത്ത് തിരികെ നല്‍കേണ്ട ചുമതല പഞ്ചായത്തുകള്‍ക്കാണ്. വനഭൂമി ഇളം പച്ചനിറത്തിലാണ് അടയാളപ്പെടുത്തേണ്ടത്. വാസസ്ഥലങ്ങള്‍ ഇളം ചുമപ്പ് നിറത്തില്‍ രേഖപ്പെടുത്തണം. ഇത്തരത്തില്‍ ജലാശയങ്ങളും നദികളുമുള്‍പ്പെടെ വിവിധ പ്രദേശങ്ങളായി തിരിച്ച് നിറം കൊടുക്കണം. വണ്ടിപ്പെരിയാറില്‍ പഞ്ചായത്തില്‍ പീരുമേട്, ഏലപ്പാറ, പെരിയാര്‍, മഞ്ചുമല എന്നീ നാല് വില്ലേജുകളാണ് ഉള്‍പ്പെടുന്നത്. ഇതില്‍ ഏലപ്പാറ പഞ്ചായത്തിനെ ഇഎസ്എ പരിധിയില്‍ നിന്നും നീക്കിയിരുന്നു. ബാക്കി വരുന്ന വില്ലേജുകളില്‍ പെരിയാര്‍, മഞ്ചുമല എന്നിവയുടെ മാപ്പുകളാണ് ബയോ ഡൈവേഴ്സിറ്റി ബോര്‍ഡില്‍ നിന്ന് പഞ്ചായത്തിന് ലഭിച്ചത്. പീരുമേട് വില്ലേജിലെ മാപ്പ് ഇതുവരേയും ലഭ്യമായിട്ടില്ല. ഇതിനാല്‍ വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ വ്യക്തമായ വിവരങ്ങള്‍ തയാറാക്കാന്‍ കഴിയാത്ത അവസ്ഥയിലാണുള്ളത്. പീരുമേട് വില്ലേജിലെ മാപ്പ് പീരുമേട് പഞ്ചായത്ത് വഴിയാണ് ലഭ്യമാക്കേണ്ടത്.

മാപ്പ് തയാറാക്കുമ്പോള്‍ എക്സല്‍ ഷീറ്റില്‍ ജില്ലാ, താലൂക്ക്, വില്ലേജ്, വിസ്തീര്‍ണം, അതിരുകള്‍, പഞ്ചായത്ത് തുടങ്ങിയ അടിസ്ഥാന വിവരങ്ങളാണ് ആദ്യം ചേര്‍ക്കുന്നത്. തുടര്‍ന്ന് താഴെയുള്ള കോളങ്ങളില്‍ സര്‍വെ-ബ്ലോക്ക്-നമ്പര്‍, സര്‍വെ നമ്പര്‍, സര്‍വെ സബ്ഡിവിഷന്‍ നമ്പര്‍, തണ്ടപ്പേര്‍, ഉടമസ്ഥന്‍, ഭൂപ്രകൃതി, ഭൂമിയുടെ ഘടന, ഭൂവിനിയോഗം, ഭൂവിനിയോഗം മുഴുവന്‍/ഭാഗികം, പഞ്ചായത്തിന്റെ പേര്, മറ്റുകാര്യങ്ങള്‍ എന്നിവ വിശദമായി രേഖപ്പെടുത്തണം. ഒഴിവാക്കപ്പെട്ട ഏലപ്പാറ വില്ലേജിലെ പ്രദേശങ്ങളൊഴികെ പീരുമേട്, പെരിയാര്‍, മഞ്ചുമല വില്ലേജുകളിലായി പട്ടയമില്ലാത്ത ഏഴായിരത്തോളം ആളുകളുണ്ട്. ഇതില്‍ നിരവധി കര്‍ഷകരും ഉള്‍പ്പെടും. അഞ്ച് സെന്റില്‍ താഴെ ഭൂമിയുള്ള ആയിരത്തിലധികം പേരും ഇതില്‍ ഉള്‍പ്പെടും. പട്ടയമില്ലാത്തിനാല്‍ തണ്ടപ്പേര്‍ ലഭ്യമല്ല. ഇങ്ങനെയുള്ള ഭൂമി ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ബയോഡൈവേഴ്സിറ്റി ബോര്‍ഡ് നിര്‍ദേശിച്ചിട്ടില്ല. എന്നാല്‍ പട്ടയമില്ലാത്ത ഭൂമി സര്‍ക്കാര്‍ ഭൂമി എന്ന ഗണത്തില്‍പ്പെടുത്തി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ബ്ലോക്ക്-കലക്ടറേറ്റ് എന്നിവിടങ്ങളില്‍ നിന്നും പഞ്ചായത്തിന് ലഭിച്ചിട്ടുള്ള നിര്‍ദേശം. ഈ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ അന്തിമ റിപ്പോര്‍ട്ട് വരുമ്പോള്‍ വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ ഏഴായിരത്തോളം കുടുംബങ്ങള്‍ താമസസ്ഥലം ഉപേക്ഷിച്ച് പോകേണ്ടിവരും. ബയോഡൈവേഴ്സിറ്റി ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം റിപ്പോര്‍ട്ട് നല്‍കിയാല്‍ വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ ഏഴായിരത്തോളം കുടുംബങ്ങളെ ഭാവിയില്‍ കുടിയിറക്കേണ്ട സ്ഥിതിയുണ്ടാകുമെന്നും ആയതിനാല്‍ ഈ പ്രദേശങ്ങളെയും ജനവാസ മേഖല എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തി മാത്രമേ വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് റിപ്പോര്‍ട്ട് നല്‍കുകയുള്ളുവെന്നും പഞ്ചായത്ത് പ്രസിഡന്റ് ജി വിജയാനന്ദ് അറിയിച്ചു.

പഞ്ചായത്തുകള്‍ ഊരാക്കുടുക്കില്‍

കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ പഞ്ചായത്തുകള്‍ക്ക് ഊരാക്കുടുക്കാവുന്നു. ഇഎസ്എ പരിധിയില്‍ നിന്നും ജനവാസമേഖലകളെയും കൃഷിയിടങ്ങളെയും തോട്ടങ്ങളെയും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഏതാനും മാസത്തിനിടെ പഞ്ചായത്തുകള്‍ നാലാം തവണയാണ് റിപ്പോര്‍ട്ട് നല്‍കുന്നത്. ഇതുവരെയുള്ള റിപ്പോര്‍ട്ടുകളിലെ നിര്‍ദേശങ്ങള്‍ പരിഗണിച്ചില്ല. ഇതിനാല്‍ ഇനി നല്‍കുന്ന റിപ്പോര്‍ട്ടും പ്രഹസനമാകുമെന്നാണ് പഞ്ചായത്തുകളുടെ ആശങ്ക. കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആശങ്ക ഏറിയതും പ്രതിഷേധം ശക്തമായതിനെയും തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഉമ്മന്‍ വി ഉമ്മന്‍ കമ്മിറ്റിയെ നിയോഗിച്ചത്. കമ്മിറ്റി ജില്ലയില്‍ സഞ്ചരിച്ച് ജനങ്ങളുടെ ആശങ്ക നേരില്‍ കാണുകയും ചെയ്തു. പീരുമേട് താലൂക്കിലെ വിവിധ പഞ്ചായത്തുകള്‍ കുമളിയിലെത്തി കമ്മിറ്റിയെ നേരില്‍ കണ്ട് ആശങ്ക അറിയിക്കുകയും റിപ്പോര്‍ട്ടുകള്‍ നല്‍കുകയും ചെയ്തിരുന്നു. മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാണ് പ്രദേശങ്ങളെ ഇഎസ്എ പരിധിയില്‍ ഉള്‍പ്പെടുത്തിയതെന്നും ആയതിനാല്‍ ഒഴിവാക്കണമെന്നും വണ്ടിപ്പെരിയാര്‍ ഉള്‍പ്പെടെയുള്ള പഞ്ചായത്തുകള്‍ ആവശ്യപ്പെടുകയൂം ചെയ്തിരുന്നു. റിപ്പോര്‍ട്ടില്‍ നടപടി ഉണ്ടായില്ല.

തുടര്‍ന്ന് ഇഎസ്എ പരിധിയില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ പ്രത്യേക റിപ്പോര്‍ട്ടും മാപ്പിനകത്ത് വിശദാംശങ്ങളും നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് വീണ്ടും റിപ്പോര്‍ട്ട് നല്‍കി. വണ്ടിപ്പെരിയാറിലെ 23 വാര്‍ഡുകളിലേയും വിശദാംശം ഉള്‍പ്പെടുത്തി 30 പേജുള്ള റിപ്പോര്‍ട്ടാണ് നല്‍കിയത്. ഉമ്മന്‍ വി ഉമ്മന്‍ ഇറക്കിയ മാപ്പില്‍ ഒഴിവാക്കേണ്ട പ്രദേശങ്ങളെ ഒഴിവാക്കാതെയാണ് മാപ്പ് പ്രസിദ്ധീകരിച്ചത്. തുടര്‍ന്ന് ഉമ്മന്‍ വി ഉമ്മന്‍ കമീഷന്‍ മുമ്പാകെ വീണ്ടും ഭേദഗതി നല്‍കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഏപ്രില്‍ ഒന്നിന് വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ നിന്നും തിരുവനന്തപുരത്തെ ഓഫീസില്‍ എത്തി മാപ്പും മറ്റ് നിര്‍ദേശങ്ങളും സമര്‍പ്പിച്ചു. അവര്‍ ആവശ്യപ്പെട്ട മുഴുവന്‍ വിവരങ്ങളും നല്‍കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ബയോഡൈവേഴ്സിറ്റി ബോര്‍ഡിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച വണ്ടിപ്പെരിയാര്‍ പഞ്ചായത്തിന്റെ പുതുക്കിയ മാപ്പില്‍ ഒഴിവാക്കുമെന്ന് പറഞ്ഞ മുഴുവന്‍ പ്രദേശങ്ങളും വീണ്ടും ഉള്‍പ്പെടുത്തി. തുടര്‍ന്നാണ് ബയോഡൈവേഴ്സിറ്റി ബോര്‍ഡ് വില്ലേജ് അടിസ്ഥാനത്തില്‍ വീണ്ടും മാപ്പ് തയാറാക്കി നല്‍കാന്‍ വണ്ടിപ്പെരിയാര്‍ ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളോട് ആവശ്യപ്പെട്ടത്. വണ്ടിപ്പെരിയാര്‍ 23ന് കലക്ടറേറ്റില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വസ്തുത ഇതായിരിക്കെ സംഭവം എല്‍ഡിഎഫ് ഭരണ സമിതിക്കെതിരെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് വണ്ടിപ്പെരിയാറില്‍ കോണ്‍ഗ്രസും യുഡിഎഫും ശ്രമിച്ചത്.

deshabhimani

Monday, April 21, 2014

മത്തിയും അയലയും വാസകേന്ദ്രം മാറ്റുന്നു

കണ്ണൂര്‍: സാധാരണക്കാരുടെ ഇഷ്ടവിഭവമായ മത്തിയുടെയും അയലയുടെയും ലഭ്യത കുറയുന്നു. ഇവയുടെ വംശവര്‍ധനയില്‍ വന്‍ കുറവുണ്ടാകുന്നതും അധിവാസകേന്ദ്രം മാറ്റുന്നതുമാണ് കാരണം. കേരളത്തിന്റെ കടല്‍പ്രദേശങ്ങളില്‍നിന്ന് ബംഗ്ലാദേശ് മേഖലയിലേക്കാണ് മത്സ്യസഞ്ചാരം. കാലാവസ്ഥാ വ്യതിയാനം, കടലിലെ മാലിന്യനിക്ഷേപം, അമ്ലത, ജലത്തിലെ ചൂട് തുടങ്ങിയവയാണ് ഈ പ്രതിഭാസത്തിന് കാരണമെന്ന് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. മീനുകള്‍ അധിവാസകേന്ദ്രം മാറ്റുന്നത് മത്സ്യത്തൊഴിലാളികള്‍ക്ക് തിരിച്ചടിയായതോടെ മത്സ്യലഭ്യതാകേന്ദ്രങ്ങള്‍ നിര്‍ണയിക്കാന്‍ കൊച്ചിയിലെ സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രത്യേകപഠനം ആരംഭിച്ചിട്ടുണ്ട്. അയല, മത്തി തുടങ്ങിയ കുറഞ്ഞ ആയുര്‍ദൈര്‍ഘ്യമുള്ള മീനുകളാണ് കടലിലെ മാറ്റങ്ങളോട് പെട്ടെന്ന് പ്രതികരിക്കുന്നത്.

കേരളപ്രദേശത്തെ കടല്‍വെള്ളത്തിന്റെ താപനില വര്‍ധിക്കുന്നതുപോലും ഇവയെ സ്ഥലംമാറ്റത്തിന് പ്രേരിപ്പിക്കുന്നു. മുട്ടയിടാനെത്തുന്ന മീന്‍കൂട്ടങ്ങളെയും അല്ലാത്തവയെയും നിര്‍ണയിക്കുകയാണ് സിഎംഎഫ്ആര്‍ഐയുടെ ലക്ഷ്യം. വിവിധ തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ സഹകരണത്തോടെയാണ് പഠനം. വടക്കന്‍ കേരളത്തിലും മറ്റും ചില പ്രത്യേകകേന്ദ്രങ്ങളില്‍ മീന്‍കൂട്ടങ്ങളെ കാണാനാകുന്നുണ്ട്. മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെടുന്ന ഇത്തരം മീനുകളുടെ സാമ്പിള്‍ ശേഖരിക്കും. മുട്ടയിടാന്‍ എത്തുന്നവയാണെങ്കില്‍ പിടിക്കാതെ ഒഴിവാക്കുകയാണ് ഉദ്ദേശം. കണ്ണൂര്‍, പൊന്നാനി, ബേപ്പൂര്‍, തലശേരി, കോഴിക്കോട്, കാസര്‍കോട് പ്രദേശങ്ങളിലാണ് വിവിധയിനത്തിലുള്ള മീന്‍കൂട്ടങ്ങള്‍ സ്ഥിരമായി പ്രത്യക്ഷപ്പെടുന്നത്.

ഇന്ത്യയുടെ തെക്കന്‍ മേഖലയിലെ പ്രധാന ഇനമാണ് നെയ്മത്തി. വടക്കുപടിഞ്ഞാറ് മേഖലയിലാണ് അയലയുടെ ആധിപത്യം. രണ്ടിടങ്ങളിലും ഇവയുടെ സാന്നിധ്യം കുറയുന്നത് പരമ്പരാഗത മീന്‍പിടിത്തക്കാരെ പ്രതിസന്ധിയിലാക്കുകയാണ്. കണ്ണൂരിലും ബേപ്പൂരിലും അയല, മത്തി എന്നിവ മുട്ടയിടാനെത്താറുണ്ട്്. വലിയ കൂട്ടങ്ങളായാണ് വരവ്. യന്ത്രവല്‍കൃത ബോട്ടുകളുടെ വലയില്‍പ്പെട്ടാല്‍ മുട്ടയിടല്‍ മുടങ്ങും. ഇത്തരം രീതി തുടര്‍ന്നാല്‍ ഭാവിയില്‍ മത്തിയും അയലയും തീരെ ലഭിക്കാത്ത സ്ഥിതിയുണ്ടാകും. മണ്‍സൂണില്‍ മുട്ടയിടുന്ന കിളിമീന്‍, തിരണ്ടി, കണവ, നത്തോലി എന്നിവയും ഈ പ്രദേശങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും താരതമ്യേന ചെറുകൂട്ടങ്ങളാണ് അവ. ജൂണ്‍, ജൂലൈ മാസങ്ങളില്‍ പുറംകടലില്‍ പ്രജനത്തിനെത്തുന്ന മീനുകളെ യന്ത്രവല്‍കൃത വലകള്‍ പൂര്‍ണമായും കോരിയെടുക്കുന്ന സ്ഥിതിയുണ്ട്. ഇത് ഒഴിവാക്കാനുള്ള ട്രോളിങ് ഈ മണ്‍സൂണ്‍ മുതല്‍ കൂടുതല്‍ കര്‍ശനമാക്കണമെന്ന് ഫിഷറീസ് വകുപ്പ് നിയോഗിച്ച വിദഗ്ധസമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

സതീഷ്ഗോപി deshabhimani

Monday, April 14, 2014

കുമരകം പക്ഷിസങ്കേതത്തില്‍ വര്‍ണക്കൊക്കുകളുടെ ചിറകടി

കോട്ടയം: പക്ഷിനിരീക്ഷകര്‍ക്ക് ആഹ്ലാദിക്കാന്‍ കുമരകം പക്ഷിസങ്കേതത്തില്‍നിന്ന് പുതിയ അതിഥിയുടെ ചിറകടി. കെടിഡിസിയുടെ ചുമതലയിലുള്ള കവണാറ്റിന്‍കരയിലെ പക്ഷിസങ്കേതത്തില്‍ വര്‍ണക്കൊക്കുകള്‍ (പെയിന്റ്ഡ് സ്റ്റോര്‍ക്ക്) കൂടുകൂട്ടുന്നതായി കണ്ടെത്തി. ദേശാടനപക്ഷികളുടേതടക്കം സഞ്ചാരനാടായ കുമരകത്ത് ഇപ്പോള്‍ പക്ഷികളുടെ പ്രജനകാലം കൂടിയാണ്. ഇതിനിടയിലാണ് പുതിയ അതിഥിയുടെ വരവ്. കേരളത്തില്‍ ആദ്യമായാണ് വര്‍ണക്കൊക്കുകള്‍ കൂടൊരുക്കുന്നത് കണ്ടെത്തിയത്. കോട്ടയം നേച്ചര്‍സൊസൈറ്റി അംഗവും പക്ഷിസങ്കേതത്തിലെ നാച്ചുറലിസ്റ്റുമായ സിബി മോസസിന്റെ പഠനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നേച്ചര്‍സൊസൈറ്റി സെക്രട്ടറി ഡോ. ഉണ്ണികൃഷ്ണന്‍ നടത്തിയ നിരീക്ഷണത്തില്‍ വര്‍ണക്കൊക്കുകളുടെ മൂന്നു കൂടുകളും കണ്ടെത്തി.

 കര്‍ണാടകം, തമിഴ്നാട് പ്രദേശങ്ങളില്‍ നിന്നാണ് വര്‍ണക്കൊക്കുകളുടെ വരവ്. ചതുപ്പുകളിലും പാടങ്ങളിലും കായലോരങ്ങളിലും കാണപ്പെടുന്ന ഇവ നിവര്‍ന്നുനിന്നാല്‍ ഒരുമീറ്ററോളം ഉയരമുണ്ട്. ജൈവ വൈവിധ്യ സംരക്ഷണത്തിനുള്ള അന്താരാഷ്ട്ര സംഘടനയായ ഐസിസിഎന്നിന്റെ ചുവപ്പുപട്ടികയില്‍ (വംശനാശം വന്നുകൊണ്ടിരിക്കുന്ന പക്ഷികളെ ക്കുറിച്ചുള്ള സൂചന) ഇടംനേടിയതാണ് വര്‍ണക്കൊക്കുകളെന്ന് പക്ഷിനിരീക്ഷനായ ഡോ. ബി ശ്രീകുമാര്‍ പറഞ്ഞു. ഇവയുടെ സംരക്ഷണത്തിന് അധികൃതര്‍ നടപടി സ്വീകരിക്കണം. വര്‍ണക്കൊക്കുകള്‍ വിരുന്നെത്തിയതോടെ പക്ഷിസങ്കേതത്തിന്റെ പ്രാധാന്യം വര്‍ധിച്ചതായി കെടിഡിസി വാട്ടര്‍സ്കേപ്പ് മാനേജര്‍ ഗോപു ചന്ദ്രന്‍ പറഞ്ഞു. ചായമുണ്ടി, പാതിരാക്കൊക്ക്, പെരുമുണ്ടി, ചേരക്കോഴി, കിന്നരി നീര്‍ക്കാക്ക, ചെറിയ നീര്‍ക്കാക്ക, ചിന്ന കൊക്ക് തുടങ്ങിയ പക്ഷികളാണ് കുമരകം പക്ഷിസങ്കേതത്തില്‍ കൂടൊരുക്കുന്നത്. 11 തരം നീര്‍പക്ഷികള്‍ കൂടുകൂട്ടുന്ന കേരളത്തിലെ ഏറ്റവും വലിയ കേന്ദ്രവുമാണ് കുമരകം പക്ഷിസങ്കേതം. ജൂണ്‍ ആകുന്നതോടെ പല പക്ഷികളുടേതായി ഏകദേശം നാലായിരത്തിലധികം കൂടുകള്‍ കാണാനാകും. ഫെബ്രുവരി മുതല്‍ നവംബര്‍ വരെയാണ് നീര്‍പ്പക്ഷികളുടെ കൂടൊരുക്കല്‍. ലോകത്താകെ പതിനായിരത്തില്‍ താഴെയുള്ള ചേരക്കോഴിയെ കുമരകം പക്ഷിസങ്കേതത്തില്‍ അറുനൂറിലേറെ കണ്ടെത്തിയിട്ടുണ്ട്.

deshabhimani

Sunday, April 13, 2014

"പാല്‍തോണി" വിടവാങ്ങുന്നു

ഇടുക്കി: നിര്‍ദിഷ്ട അണക്കര വിമാനത്താവളത്തിനായി പാടം നികത്തല്‍ തുടങ്ങിയതോടെ ഇടുക്കിയുടെ പരമ്പരാഗത നെല്ലിനമായ "പാല്‍തോണി" വംശനാശഭീഷണിയില്‍. ഒരുമീറ്റര്‍ മുതല്‍ ഒന്നേകാല്‍ മീറ്റര്‍ നീളമുള്ള നെല്‍ച്ചെടിയാണിത്. വലുപ്പമേറിയ രുചികരമായ ചോറാണ് പാല്‍തോണിയുടെ പ്രത്യേകത. ഔഷധഗുണവുമുണ്ട്. പാല്‍തോണി രോഗപ്രതിരോധശേഷി നല്‍കുമെന്ന് വണ്ടന്‍മേട് കൃഷിഓഫീസര്‍ സിബി സെബാസ്റ്റ്യന്‍ പറഞ്ഞു. ജില്ലയില്‍ അണക്കരയില്‍ മാത്രമാണ് ഇപ്പോള്‍ ഈ തനതുവിത്ത് കൃഷിചെയ്യുന്നത്. കരനെല്‍കൃഷിക്കും പ്രകൃതി കൃഷിക്കും ഏറെ അനുയോജ്യമായ "പാല്‍തോണി"ഇല്ലാതാകുന്നത് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

നെല്ല് പാകി ഞാറാക്കിയാണ് നടുക. ജൂലൈ-ആഗസത് മാസങ്ങളില്‍ ഞാറ് നടും. ഡിസംബര്‍-ജനുവരി മാസങ്ങളിലാണ് വിളവെടുപ്പ്. 140ദിവസമാണ് പരമാവധി വളര്‍ച്ച. അണക്കര ഏലായില്‍ ആകെ 400 ഏക്കറിലാണ് കൃഷിയുള്ളത്. ഹൈറേഞ്ചിലെ കാലാവസ്ഥയില്‍ ഒരു കൃഷിമാത്രമാണ് ചെയ്യുന്നത്. സെന്റ് പോള്‍സ് മാര്‍ത്തോമ്മാ കൃഷികൂട്ടായ്മയുടെ പ്രസിഡന്റും സെന്റ് മാര്‍ത്തോമ കാര്‍ഷിക വികസനസമിതി പ്രസിഡന്റുമായ ഫാ. ജോണ്‍ മാത്യുവിന് 100 കിലോ നെല്ലില്‍നിന്നും 76 കിലോ അരി ലഭിച്ചു. അരിമണിക്ക് വലുപ്പവും തവിടും കൂടുതലാണ്. ഉരുണ്ട വലുപ്പമുള്ള രുചികരമായ ചോറ്. കഴിച്ചാല്‍ മടുപ്പ് തോന്നില്ല. പ്രത്യേക രുചിയുണ്ട്. തവിടിന്റെ അംശം കൂടുതലുള്ളതിനാല്‍ രോഗപ്രതിരോധ ശക്തിയുണ്ട്.തവിട് കൊണ്ട് പുട്ട് ഉണ്ടാക്കാറുമുണ്ട്. പല്ല് തേക്കാനും ഉപയോഗിക്കാം.

പാല്‍തോണി നെല്ലിന് ക്വിന്റലിന് 2000 രൂപയാണ് വില. വിത്തിന് നല്‍കുമ്പോള്‍ കിലോയ്ക്ക് 40രൂപ ലഭിക്കും. മറ്റ് നെല്ലിനങ്ങള്‍ക്ക് വിലക്കുറവാണ്. ജ്യോതിക്ക് ക്വിന്റലിന് 1650 രൂപയെ കിട്ടൂ. പാല്‍തോണി മാര്‍ക്കറ്റില്‍ സുലഭമല്ല. പ്രകൃതി കൃഷിക്കാര്‍ വിത്തിനായി മൊത്തമായി വാങ്ങുകയാണ്. കോട്ടയം ജില്ലയിലെ കടുത്തുരുത്തി, വൈക്കം മേഖലയിലുള്ളവര്‍ കരക്കൃഷിക്കായി വിത്ത് വാങ്ങുന്നുണ്ട്. അണക്കരകുരുവിക്കാട്ട് ഏലയില്‍ 10 ഏക്കര്‍ കൃഷിചെയ്തപ്പോള്‍ സംസ്ഥാന സര്‍ക്കാരില്‍നിന്ന് കാര്യമായ സഹായം കിട്ടിയില്ലെന്നും ഫാ. ജോണ്‍ കുറ്റപ്പെടുത്തി. ജൂലൈയില്‍ ഞാറ് നട്ട് കഴിഞ്ഞാല്‍ ഒരുമാസം നവ് മതി. ഇലചുരുട്ടിപ്പുഴു, തണ്ടുതുരപ്പന്‍, മുഞ്ഞ തുടങ്ങിയവ കാര്യമായി ബാധിക്കില്ല.

ജോബി ജോര്‍ജ് deshabhimani

Monday, April 7, 2014

ഞാവലിന്റെ പുതിയ ഇനം വയനാട്ടില്‍ കണ്ടെത്തി

പലോട്: വയനാട്ടിലെ പേരിയയിലെ നിത്യഹരിതവനങ്ങളില്‍നിന്ന് ഞാവലിന്റെ പുതിയ ഒരിനം വൃക്ഷത്തൈകൂടി കണ്ടെത്തി. "സൈസിജിയം ധനേഷ്യാ" എന്നാണ് ഈ പുതുസസ്യത്തിന് പേരിട്ടിട്ടുള്ളത്. പാലോട് ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. ടി ഷാജു, എസ് എം ഷെരീഫ്, പയ്യന്നൂര്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. എം കെ രതീഷ്കുമാര്‍ എന്നിവരാണ് ഈ കണ്ടെത്തലിനു പിന്നില്‍.

വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറായ ടി കെ ധനേഷ്കുമാറിനോടുള്ള ബഹുമാനപുരസരമാണ് സസ്യത്തിന് "സൈസിജിയം ധനേഷ്യാ" എന്ന പേര് നല്‍കിയിട്ടുള്ളത്. ബ്രിട്ടനില്‍നിന്നുള്ള ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് അഡ്വാന്‍സ് റിസര്‍ച്ചിന്റെ ഏറ്റവും പുതിയ പതിപ്പിലാണ് സസ്യത്തെപ്പറ്റിയുള്ള ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. സഹ്യാദ്രിമേഖലയിലും ശ്രീലങ്കയിലെ നിത്യഹരിതവനങ്ങളിലും സാധാരണയായി കാണുന്ന "കരിഞാവല്‍" അഥവാ "സൈസിജിയം ഗാര്‍ഡ്നറി" എന്ന ഞാവലിനോടാണ് പുതിയ വൃക്ഷത്തിന് സാമ്യം.

ഏകദേശം 10 മീറ്റര്‍വരെ പൊക്കമുണ്ട്. ശാഖാഗ്രത്ത് മാത്രം കാണപ്പെടുന്ന മഞ്ഞകലര്‍ന്ന വെള്ള പൂക്കള്‍, താരതമ്യേന വലുപ്പമുള്ള കായ്കള്‍ എന്നിവ സവിശേഷതകളാണ്. ഇന്ത്യയിലാകെ കാണുന്ന ഞാവലിന്റെ 55 സ്പീഷിസുകളില്‍ 49 എണ്ണവും പശ്ചിമഘട്ട മേഖലകളിലാണ് കാണുന്നത് എന്ന പ്രത്യേകതയുമുണ്ട്.

deshabhimani

Saturday, April 5, 2014

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് മന്ത്രിമാര്‍ മറുപടി പറയണം

മലയോരജനതയ്ക്ക് കൊലക്കയറാകുന്ന ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് സാധാരണക്കാരായ ഞങ്ങള്‍ക്ക് ഇപ്പോഴും ഏറെ ആശങ്കകളുണ്ട്. അത് പരിഹാരിക്കേണ്ടവര്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാരും നേതാക്കളുമാണ്. ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞേ തീരൂ.... $. കേരളത്തിലെ 123 വില്ലേജിലും അതിന്റെ 10 കി.മീ ആവാസ കേന്ദ്രങ്ങളായി മാറുന്ന പ്രദേശങ്ങളിലുമുള്ള 125 ലക്ഷത്തോളം ജനങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കുന്ന ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് ആര്‍ക്കുവേണ്ടി?.

$ പാശ്ചാത്യരാജ്യങ്ങള്‍ നിയന്ത്രിക്കുന്ന "യുനെസ്കോ"യില്‍ ഇന്ത്യ അംഗമായി ഒപ്പിട്ട് പശ്ചിമഘട്ട പരിസ്ഥിതിസംരക്ഷണത്തിന്റെപേരില്‍ എത്ര ലക്ഷം കോടികള്‍ ഇതിനോടകം കൈപ്പറ്റി? സംസ്ഥാന സര്‍ക്കാര്‍ കേരളത്തെ വിറ്റ് എത്ര കോടി വാങ്ങി?

$ സംസ്ഥാനത്ത് ഇഎഫ്എല്‍ പരിസ്ഥിതിലോല പ്രദേശങ്ങളായി പ്രഖ്യാപിച്ച 123 വില്ലേജിലും നിസ്സഹായരായ മനുഷ്യര്‍ താമസിക്കുന്നത് മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും അറിയില്ലേ?

$ സംസ്ഥാനത്തിന്റെ മൂന്നിലൊന്ന് പ്രദേശവും ജനവാസ കേന്ദ്രവും കൃഷിയിടങ്ങളും ടൗണ്‍ഷിപ്പുകളും പരിസ്ഥിതിലോല പ്രദേശങ്ങളായി നിശ്ചയിച്ചതാര്? ഇഎഫ്എല്‍ ആയി പ്രഖ്യാപിക്കുന്നതിന്റെ മാനദണ്ഡമെന്ത്? ആരാണ്, ഏത് വകുപ്പാണ് സര്‍വേ നടത്തിയത്?

$ ഈ നിയമം പാര്‍ലമെന്റിലോ നിയമസഭകളിലോ ത്രിതല പഞ്ചായത്ത് ഗ്രാമസഭകളിലോ ചര്‍ച്ചചെയ്ത് പാസാക്കിയതാണോ? എന്തുകൊണ്ട് ജനങ്ങളില്‍നിന്ന് ഗാഡ്ഗില്‍- കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ മറച്ചുവച്ച് സര്‍ക്കാര്‍ ഒളിച്ചുകളി നടത്തുന്നു?

$ മുഖ്യമന്ത്രി "അധാര്‍മികമെന്ന് വിശേഷിപ്പിച്ച ഇഎഫ്എല്‍ നിയമം" എന്തിനാണ് സംസ്ഥാനത്ത് നടപ്പാക്കി ജനങ്ങളെ കുരുതി കൊടുക്കുന്നത്?

$ പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാര്‍ അത് നിഷേധിക്കുന്നത് നീതിയാണോ?

$ ഈ ഭീകരനിയമം സംസ്ഥാനത്ത് നടപ്പാക്കരുതെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുവെങ്കില്‍ സംസ്ഥാനത്തെ എട്ട് കേന്ദ്രമന്ത്രിമാരും യുഡിഎഫ് സര്‍ക്കാരും സമ്മര്‍ദം ചെലുത്തിയാല്‍ കേരളജനതയെ രക്ഷിക്കാമായിരുന്നില്ലേ?

$ "ആശങ്ക വേണ്ടാ" എന്ന് വാ തോരാതെ പറയുന്ന ഭരണകര്‍ത്താക്കളെ പ്രതിരോധിച്ചിരുന്നില്ലെങ്കില്‍ ഇതിനകം സംസ്ഥാനത്ത് ഈ നിയമം നടപ്പാക്കുമായിരുന്നില്ലേ?

$ പരിസ്ഥിതിസംരക്ഷണം കേവലം ചില വില്ലേജുകളില്‍മാത്രം മതിയോ? തണ്ണീര്‍ത്തടാകം നികത്തലും പ്രകൃതി ചൂഷണംചെയ്യുന്ന ഖനങ്ങളും കെട്ടിടനിര്‍മാണങ്ങളും നിയന്ത്രിക്കേണ്ടേ?

$ ക്വാറി, ഖനം തുടങ്ങിയവയ്ക്ക് പശ്ചിമഘട്ടത്തില്‍ അനുമതി നല്‍കുന്നത് അഴിമതിക്കാരായ നിങ്ങള്‍തന്നെയല്ലേ? മാഫിയകളുടെ കോടികളുടെ മുമ്പില്‍ ഓച്ഛാനിക്കുന്ന ഭരണക്കാര്‍ മലയോര ജനതയെ ബലിയാടാക്കുകയല്ലേ?

$ അസംഘടിതരും അധ്വാനശീലരും നിഷ്കളങ്കരുമായ കര്‍ഷകജനതയെ പ്രകൃതി-പരിസ്ഥിതി ചൂഷകരും രാജ്യദ്രോഹികളുമായി ചിത്രീകരിച്ച് പിറന്ന മണ്ണില്‍നിന്ന് ആട്ടിയിറക്കാന്‍ ഗൂഢാലോചന നടത്തുന്നവരെന്തിന് ഇവരുടെ വോട്ടിനായി പരക്കംപായുന്നു?

$ യുഡിഎഫിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ ഈ കരിനിയമം സംസ്ഥാനത്ത് നടപ്പാക്കില്ല എന്ന് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തി അവരുടെ ആശങ്ക അകറ്റാത്തതെന്ത്?

$ പരിസ്ഥിതി സംരക്ഷണത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ 1980ലും 1986ലും നിയമം ഉണ്ടാക്കി അതിന് ഒരു മന്ത്രാലയവും തുറന്നില്ലേ? എന്നിട്ടും ആരാണ് വനവും പശ്ചിമഘട്ടവും പരിസ്ഥിതിയും നശിപ്പിച്ചത്? രാജ്യത്ത് ഏറ്റവും കൂടുതല്‍ വനഭൂമി കേരളത്തിലല്ലേ? പിന്നെന്തിനാണ് കര്‍ഷകഭൂമി പിടിച്ചെടുക്കുന്നത്?.

$ ഗാഡ്ഗില്‍-കസ്തൂരി ദുരന്തത്തിന്റെ ഇരയായി സഹോദരിയുടെ വിവാഹത്തിന് സ്ഥലം വില്‍ക്കാന്‍ പറ്റാതെയും ബാങ്ക് വായ്പ കിട്ടാതെയും അപമാനഭാരത്താല്‍ ജീവന്‍ വെടിഞ്ഞ തിരുവമ്പാടി രമേശന്റെ മരണത്തിന്റെ ഉത്തരവാദിയാര്?

$ രാജ്യത്തെ നിയമനിര്‍മാണ സഭകളായ പാര്‍ലമെന്റ്, രാജ്യസഭകളേക്കാളും പരമോന്നത നീതിപീഠമായ സുപ്രീംകോടതിയേക്കാളും അധികാരം "ഗ്രീന്‍ ട്രിബ്യൂണലിന്" നല്‍കിയതാര്?.

$ എന്ത് തെറ്റാണ് മലയോര കര്‍ഷകജനത ചെയ്തത്? സ്വന്തം മണ്ണില്‍ രാപ്പകല്‍ അധ്വാനിച്ച് ഭക്ഷ്യധാന്യങ്ങളും നാണ്യവിളകളും ഉല്‍പ്പാദിപ്പിച്ച് രാജ്യത്തെയും ജനങ്ങളെയും സമ്പുഷ്ടമാക്കിയതോ? കാലാകാലങ്ങളില്‍ ജനാധിപത്യസംവിധാനത്തെ ശക്തിപ്പെടുത്തി രാഷ്ട്രത്തോടൊപ്പം നിന്നതോ? പുതിയതൊന്നും തന്നില്ലേലും വേണ്ട, ദയവായി സ്വന്തം മണ്ണില്‍ കൃഷിചെയ്യാനും ജീവിക്കാനും അനുവദിക്കുമോ? മറുപടി പറയാന്‍ മന്ത്രിമാര്‍ ബാധ്യസ്ഥരാണ്...മറുപടി ലഭിക്കേണ്ടത് ജനങ്ങളുടെ അവകാശവുമാണ്...

മലയോര കര്‍ഷക ആക്ഷന്‍ കമ്മിറ്റി കൂരാച്ചുണ്ട്, കോഴിക്കോട് ജില്ല

deshabhimani

Wednesday, March 26, 2014

പച്ചക്കള്ളം പറയാന്‍ ജാള്യമില്ലെന്ന് ഉമ്മന്‍ചാണ്ടി തെളിയിച്ചു: പിണറായി

കാര്യസാധ്യത്തിന് പച്ചക്കള്ളം പറയാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ജാള്യമില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രസ്താവനകള്‍ ഇതിന് തെളിവാണ്. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് ഇങ്ങനെ കള്ളം പറയുന്നത് ശരിയാണോ എന്ന് ഉമ്മന്‍ചാണ്ടി പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ സമ്പത്തിന്റെ തെരഞ്ഞെടുപ്പ് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ നവംബര്‍ 13ന്റെ വിജ്ഞാപനം നിലനില്‍ക്കുമെന്ന് തിങ്കളാഴ്ച ഹരിത ട്രിബ്യൂണല്‍ കേസ് പരിഗണിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ അസന്നിഗ്ധമായി പറഞ്ഞു. എന്നിട്ടും ഉമ്മന്‍ചാണ്ടി വസ്തുതാവിരുദ്ധമായ അവകാശവാദം ഉന്നയിക്കുകയാണ്. കരട് വിജ്ഞാപനം പുറപ്പെടുവിച്ചതോടെ 13ന്റെ വിജ്ഞാപനം നിലനില്‍ക്കില്ലെന്നും കര്‍ഷകരുടെ എല്ലാ ആശങ്കകളും തീര്‍ന്നെന്നുമാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ജനങ്ങളെ പറ്റിക്കാനുള്ള ബോധപൂര്‍വമായ നീക്കമാണിതെന്ന് ആ ഘട്ടത്തില്‍ത്തന്നെ വ്യക്തമായി. കേന്ദ്രസര്‍ക്കാര്‍ ഹരിത ട്രിബ്യൂണലില്‍ സത്യവാങ്മൂലം നല്‍കിയതോടെ ഇത് ഒരിക്കല്‍ക്കൂടി വ്യക്തമായി. എന്നിട്ടും ഉമ്മന്‍ചാണ്ടിക്ക് കള്ളം പറയാന്‍ ഒരു മടിയുമില്ല.

തീരദേശസംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ കാരണം തീരദേശവാസികളും കുടിയൊഴിഞ്ഞുപോകേണ്ട അവസ്ഥയിലായി. മത്സ്യത്തൊഴിലാളികള്‍ക്ക് കടല്‍ നഷ്ടപ്പെടുന്ന സ്ഥിതി. വീടിന്റെ അറ്റകുറ്റപ്പണിപോലും നടത്താന്‍ പറ്റുന്നില്ല. അതേമസയം, അഞ്ച് കോടിയിലധികം രൂപ ചെലവിടുന്ന റിസോര്‍ട്ടുകള്‍ ഉള്‍പ്പെടെ പണിയാന്‍ ഇളവും നല്‍കുന്നു. റിസോര്‍ട്ടുടമകള്‍ക്കും അതിസമ്പന്നര്‍ക്കും തീരദേശം പ്രാപ്യമാകുമ്പോള്‍ പാവപ്പെട്ട തൊഴിലാളികള്‍ക്ക് കിടപ്പാടം നഷ്ടപ്പെടുന്നു. ഇക്കാര്യത്തിലും വലിയ ഉറപ്പാണ് മുഖ്യമന്ത്രി നല്‍കിയത്. അവയെല്ലാം പാഴ്വാക്കാണെന്ന് വ്യക്തമായി. ജനങ്ങളോട് ഒരു പ്രതിബദ്ധതയുമില്ലാത്തതുകൊണ്ടാണ് ജനങ്ങള്‍ക്കെതിരെ ഇത്തരം നടപടി സ്വീകരിക്കുന്നതെന്നും പിണറായി പറഞ്ഞു. സിപിഐ എം ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായി. ടി ഗോപകുമാര്‍ സ്വാഗതം പറഞ്ഞു.

deshabhimani

മുഖ്യമന്ത്രി പരസ്യമായി മാപ്പു പറയണം: സിപിഐ എം

പശ്ചിമഘട്ട സംരക്ഷണ വിഷയത്തില്‍ നവംബര്‍ 13ലെ വിജ്ഞാപനമാണ് ആത്യന്തികമായി നിലനില്‍ക്കുകയെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഹരിതട്രിബ്യൂണല്‍ മുമ്പാകെ ആവര്‍ത്തിച്ച് വ്യക്തമാക്കിയ സാഹചര്യത്തില്‍ കേരള ജനതയെ തുടര്‍ച്ചയായി കബളിപ്പിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പരസ്യമായി മാപ്പ് പറയണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. എന്നാല്‍, ഇതിനു പകരം ജനങ്ങളെ വീണ്ടും കബളിപ്പിക്കാന്‍ കഴിയുമോയെന്നാണ് ഉമ്മന്‍ചാണ്ടിയുടെ പരീക്ഷണം.

വിജ്ഞാപനം കേരളത്തിന് ബാധകമല്ലെന്ന് മുഖ്യമന്ത്രി പറയുന്നത് കബളിപ്പിക്കല്‍ തുടരുമെന്ന് പ്രഖ്യാപിക്കുന്നതിന് തുല്യമാണ്. കസ്തൂരിരംഗന്‍ വിഷയത്തില്‍ മുഖ്യമന്ത്രി പറഞ്ഞതൊക്കെ അസത്യമായിരുന്നുവെന്ന്് വ്യക്തമായി. തെരഞ്ഞെടുപ്പ് പ്രഖ്യാപനദിവസം അര്‍ധരാത്രി വാര്‍ത്താസമ്മേളനം നടത്തി ഓഫീസ് മെമ്മോറാണ്ടം സ്റ്റാറ്റ്യൂട്ടറി നിയമത്തിനു മേലെയാണെന്നു പറയാന്‍പോലും മുഖ്യമന്ത്രി മുതിര്‍ന്നു. അടുത്ത ദിവസം പരിസ്ഥിതി സെക്രട്ടറിതന്നെ മുഖ്യമന്ത്രിയെ തിരുത്തി. അസത്യം പറഞ്ഞ് വോട്ട് നേടാന്‍ നോക്കുകയല്ല, സത്യം ജനങ്ങളോട് തുറന്നുപറഞ്ഞ് കേരളത്തെ ഒറ്റക്കെട്ടാക്കി നിര്‍ത്തി പ്രശ്നപരിഹാരമുണ്ടാക്കാനും പൊതുതാല്‍പര്യം സംരക്ഷിക്കാനുമാണ് മുഖ്യമന്ത്രി ശ്രമിക്കേണ്ടത്. കേരളത്തിന്റെ പൊതുതാല്‍പര്യം മുന്‍നിര്‍ത്തി മുഖ്യമന്ത്രി ജനവഞ്ചന അവസാനിപ്പിക്കണം. ഇല്ലെങ്കില്‍ കേരളം കനത്ത വില നല്‍കേണ്ടിവരും. നവംബര്‍ 13ലെ വിജ്ഞാപനം കോടതിക്കു മുന്നില്‍ മാര്‍ഗനിര്‍ദേശരേഖയായി നിലനില്‍ക്കുന്നു. അതാണ് അടിസ്ഥാനമെന്ന് പറഞ്ഞ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നല്‍കിയ സത്യവാങ്മൂലവും നിലനില്‍ക്കുന്നു.

വിജ്ഞാപനപ്രകാരം ഗുജറാത്തിലെ താപ്തി മുതല്‍ തമിഴ്നാട്ടിലെ കന്യാകുമാരിവരെ ആറു സംസ്ഥാനങ്ങളിലെ 4,156 വില്ലേജുകള്‍ പരിസ്ഥിതിലോലമാണ്. ഇതില്‍ കേരളത്തിലെ 123 വില്ലേജുകളുമുണ്ട്. 1986ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിലെ 5(4), 4(5) വകുപ്പുകള്‍ പ്രകാരം നിയമസാധുതയുള്ള വിജ്ഞാപനം സംസ്ഥാനവുമായി ആലോചിക്കുകപോലും ചെയ്യാതെ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കേന്ദ്രത്തിന് അധികാരം നല്‍കുന്നതാണ്. ഈ വിജ്ഞാപനം റദ്ദാക്കിയിട്ടില്ലെന്നിരിക്കെ ഇതു പ്രസക്തമല്ലെന്ന വാദത്തിന് എന്ത് അടിസ്ഥാനമാണുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഈ വിജ്ഞാപനത്തിനാണ് സാധുതയുള്ളതെന്ന് വനം പരിസ്ഥിതി മന്ത്രാലയം തിങ്കളാഴ്ചയും കോടതിയെ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ ആദ്യമായല്ല ഈ നിലപാടെടുക്കുന്നത്.

കേസില്‍ ഫെബ്രുവരി 13ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറലും ഇതുതന്നെ പറഞ്ഞു. ജനുവരി 16ന് വനം-പരിസ്ഥിതി വകുപ്പ് അഭിഭാഷക നീലം റാത്തോഡും ഈ നിലപാടാണ് സ്വീകരിച്ചത്. അപ്പോഴൊക്കെ മുഖ്യമന്ത്രി ഒരു പ്രശ്നവും ഇല്ലെന്ന് ആവര്‍ത്തിച്ചു. നവംബര്‍ 13ലെ വിജ്ഞാപനം നിലനില്‍ക്കുന്നതിനാല്‍ പിന്നീടിറക്കിയ കരട് വിജ്ഞാപനങ്ങളുടെ നിയമസാധുത പരിശോധിക്കണമെന്നാണ് കോടതി തിങ്കളാഴ്ച പറഞ്ഞത്. കോടതി പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ കോടതിയോടുപോലും ആലോചിക്കാതെ ഇടയ്ക്കിടെ വിജ്ഞാപനമിറക്കാന്‍ ആര് അധികാരം നല്‍കിയെന്നും ഒരു സംസ്ഥാനത്തിന് മാത്രമായി എന്ത് ഭേദഗതിയെന്നും കോടതി ആരാഞ്ഞു. ഒക്ടോബര്‍ 19നും നവംബര്‍ 1നും ഡിസംബര്‍ 20നും മാര്‍ച്ച് 4നും മാര്‍ച്ച് 10നുമൊക്കെ കേന്ദ്രം ഓരോ ഉത്തരവുകള്‍ ഇറക്കി. ഇവയാകട്ടെ പലതും പരസ്പരവിരുദ്ധവുമാണ്. എന്നാല്‍, നവംബര്‍ 13 ലെ വിജ്ഞാപനത്തിനേ സാധുതയുള്ളുവെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ പിന്നീടിറങ്ങിയവയ്ക്ക് കടലാസിന്റെ വിലപോലുമില്ലാതായി. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ജനങ്ങളെ വഞ്ചിക്കാനുള്ള അടവാണിത്. ഇതുകൊണ്ടൊന്നും മലയോരജനതയെ കബളിപ്പിക്കാനാവില്ലെന്ന വസ്തുത മുഖ്യമന്ത്രി ഓര്‍ക്കണമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani

Saturday, March 22, 2014

സര്‍ക്കാര്‍ തട്ടിപ്പ് വീണ്ടും; ആശങ്ക രൂക്ഷമാക്കി കരട് ഭൂപടവും

കസ്തൂരിരംഗന്‍- കരട് വിജ്ഞാപനത്തിന്റെ പേരില്‍ പുറത്തിറക്കിയ കരട് ഭൂപടവും ആശങ്ക രൂക്ഷമാക്കുന്നു. തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി തിരക്കിട്ട് പുറത്തിറക്കിയ വിജ്ഞാപനത്തിന്റെ തുടര്‍നടപടി എന്ന പേരിലാണ് പരിസ്ഥിതിലോല മേഖലയുടെ ഭൂപടവും തട്ടിക്കൂട്ടി പ്രസിദ്ധീകരിച്ചത്. സംസ്ഥാന വിദൂര സംവേദന പരിസ്ഥിതി കേന്ദ്രത്തോട് ധൃതിപിടിച്ച് ഭൂപടം തയ്യാറാക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. സര്‍ക്കാരിനെതിരെ മലയോരമേഖലയിലെ ജനങ്ങളുടെ രോഷം മറികടക്കുന്നതിനാണ് പുതിയ ഭൂപടതട്ടിപ്പ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേരളത്തിലെ 123 വില്ലേജുകള്‍ പരിസ്ഥിതിലോല(ഇഎസ്എ)മാണ്. ഈ വില്ലേജുകള്‍ പരിസ്ഥിതിലോലമായിത്തന്നെ നിലനിര്‍ത്തി അതിര്‍ത്തി പുനര്‍നിര്‍ണയം എന്ന പേരില്‍ കൃഷിയിടങ്ങളും ജനവാസകേന്ദ്രങ്ങളും ഒഴിവാക്കിയാണ് ഭൂപടം തയ്യാറാക്കിയതെന്നാണ് അവകാശവാദം. എന്നാല്‍, വിവിധ ജില്ലകളിലെ പരിസ്ഥിതിലോല ഭൂപടം ആശങ്കയും ആശയക്കുഴപ്പവും വര്‍ധിപ്പിക്കുന്നു.

ഇഎസ്എ പ്രദേശത്തിന്റെ വിസ്തൃതി കുറച്ചെന്നു പറയുമ്പോള്‍ ഇത് എന്ത് അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കുന്നില്ല. ഇടുക്കിയടക്കമുള്ള ജില്ലകളില്‍ ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളുമെല്ലാം ഭൂപടത്തില്‍ പരിസ്ഥിതിലോലമായി തുടരുന്നു. ഇതുകൂടാതെ പരിസ്ഥിതിലോലമേഖലയുടെ പത്തുകിലോമീറ്റര്‍ ചുറ്റളവിലും നിയന്ത്രണം ബാധകമാകും. നിയമപരമായി നിലനില്‍ക്കാത്ത കരട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള ഭൂപട പ്രസിദ്ധീകരണവും ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിനുതന്നെ. കരട് വിജ്ഞാപനത്തിനെതിരെയുള്ള കേസ് ദേശീയ ഹരിതട്രിബ്യൂണല്‍ 24ന് പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ പാഴ്വേല. ഏഴ് സംസ്ഥാനത്തിന് ബാധകമായ കസ്തൂരിരംഗന്‍ നിര്‍ദേശങ്ങളില്‍ കേരളത്തിനുമാത്രമായി ധൃതിപിടിച്ച് പുതിയ വിജ്ഞാപനമിറക്കിയതിനെതിരെ ഗോവ ഫൗണ്ടേഷനാണ് കേസ് നല്‍കിയത്. സംസ്ഥാന ജൈവവൈവിധ്യബോര്‍ഡിന്റെ വെബ്സൈറ്റിലാണ്  ( http://www.keralabiodiversity.org/ ) ഭൂപടം പ്രസിദ്ധീകരിച്ചത്. സംസ്ഥാനത്തിന്റെ പരിസ്ഥിതിലോലമേഖലകള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കാതെയായിരുന്നു കഴിഞ്ഞ 10ന് പരിസ്ഥിതിമന്ത്രാലയം കരട് വിജ്ഞാപനം ഇറക്കിയത്. ഇത് വിമര്‍ശത്തിന് ഇടയാക്കിയതോടെ തട്ടിക്കൂട്ടി ഭൂപടം പ്രസിദ്ധീകരിക്കുകയായിരുന്നു.

deshabhimani

Friday, March 21, 2014

കസ്തൂരിരംഗന്‍: ഹരിത ട്രിബ്യൂണല്‍ വിധിയെഴുതും

ഇടുക്കി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പുറത്തിറങ്ങിയ കരടുവിജ്ഞാപനം കര്‍ഷകരുടെ കണ്ണില്‍ പൊടിയിടാന്‍. നിര്‍ദേശങ്ങള്‍ ദേശീയ ഹരിത ട്രിബ്യൂണലിന്റെയും സുപ്രീംകോടതിയുടെയും അന്തിമ തീരുമാനത്തിനു വിധേയമായിരിക്കുമെന്ന് വ്യക്തമാക്കുമ്പോള്‍ തന്നെ കള്ളക്കളി വ്യക്തം. സംസ്ഥാനത്തിന്റെ നിര്‍ദേശം മാര്‍ച്ച് 24നകം അറിയിക്കാനാണ് ഹരിത ട്രിബ്യൂണല്‍ അന്ത്യശാസനം നല്‍കിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടി സംസ്ഥാനം കൂടുതല്‍ സമയം ചോദിക്കാനാണ് സാധ്യത.

123 വില്ലേജുകള്‍ പരിസ്ഥിതി ലോല മേഖലയാണെന്നും ഇതിന് ഇഎസ്എ മേഖലയുടെ സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്ത്് 2013 നവംബര്‍ 13 ന് ഇറക്കിയ വിജ്ഞാപനം അതേപടി നടപ്പാക്കുമെന്ന് 2014 ഫെബ്രുവരി 16ന് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കെയാണ് ഒറ്റദിവസംകൊണ്ട് കരട് ഇറക്കിയത്. നവംബര്‍ 13ലെ വിജ്ഞാപനം അസാധുവാക്കാതെ 123 വില്ലേജുകളെ ഒഴിവാക്കി കരട് ഇറക്കുന്നതിലെ അപാകതയാണ് നിയമജ്ഞര്‍ ചൂണ്ടിക്കാട്ടുന്നത്. റിപ്പോര്‍ട്ടിലെ ആശങ്ക പരിഹരിക്കുമെന്ന് ആവര്‍ത്തിക്കുകയും അതേസമയം വിജ്ഞാപനംഅതേപടി നടപ്പാക്കുമെന്ന് ഹരിത ട്രിബ്യൂണലില്‍ സത്യവാങ്മൂലം നല്‍കുകയും ചെയ്യുന്ന സര്‍ക്കാരിന്റെ കപടമുഖം മറയ്ക്കാനാണ് കരട് കൊണ്ടുവന്നത്. പശ്ചിമഘട്ടമേഖലയിലെ 37ശതമാനം ജനങ്ങളെ ബാധിക്കുന്ന കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് 2013 ഏപ്രില്‍ 17നാണ് കേന്ദ്രത്തിന് നല്‍കിയത്. അഞ്ച് നിബന്ധനകളും നിര്‍ദേശങ്ങളും പാലിക്കപ്പെടണമെന്ന കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വിജ്ഞാപനം എങ്ങിനെയും നടപ്പാക്കുമെന്ന് ഹരിത ട്രിബ്യൂണലില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം സത്യവാങ്മൂലം സമര്‍പ്പിച്ചതും ഏകപക്ഷീയമായാണ്.

കരാറില്‍നിന്ന് പിന്മാറാന്‍ കഴിയില്ലെന്ന്് ബോധ്യപ്പെടുകയും നിയമോപദേശം ലഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പശ്ചിമഘട്ട മേഖലയില്‍ നിന്നുയരുന്ന കടുത്ത പ്രതിഷേധം വഴിതിരിച്ചുവിടാന്‍ പുതിയൊരു കരട് വിജ്ഞാപനം കൂടി നിയമമന്ത്രാലയത്തിന് സമര്‍പ്പിച്ചത്. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാണ് ഗോവ ഫൗണ്ടേഷന്‍ സുപ്രീംകോടതിയില്‍ നല്‍കിയ കേസ്. എന്നാല്‍ കൂടുതല്‍ പഠനം നടത്തി ജനങ്ങളുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് തയ്യാറാക്കിയ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാമെന്നാണ് കേന്ദ്ര വന-പരിസ്ഥിതി മന്ത്രാലയം അറിയിച്ചത്. കേരളത്തിലെ കര്‍ഷകരുടെ പരാതി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച പ്രൊഫ. ഉമ്മന്‍ വി ഉമ്മന്‍ സമിതി നല്‍കിയ നിര്‍ദേശങ്ങളും പരിഗണിച്ചിട്ടില്ല. അന്തര്‍ദേശീയതലത്തില്‍ ഒപ്പിട്ട കരാര്‍ റദ്ദാക്കാന്‍ ഒട്ടേറെ കടമ്പകളുണ്ടെന്ന വസ്തുത നിലനില്‍ക്കെയാണ് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കര്‍ഷകജനതയെ കബളിപ്പിക്കാന്‍ അവസാന ശ്രമം നടത്തുന്നത്.

deshabhimani

Thursday, March 20, 2014

പരിസ്ഥിതിലോലമേഖലകളില്ല കരടിലും തട്ടിപ്പ്

സംസ്ഥാനത്തിന്റെ പരിസ്ഥിതിലോല മേഖലകള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കാതെ കസ്തൂരിരംഗന്‍ സമിതി നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള കരട് വിജ്ഞാപനം. മാര്‍ച്ച് 10 തീയതിവച്ചാണ് പരിസ്ഥിതിമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയത്. കേരളത്തിന്റെ ആവശ്യം പരാമര്‍ശിക്കുകമാത്രം ചെയ്യുന്ന വിജ്ഞാപനത്തില്‍ പശ്ചിമഘട്ടമേഖലയില്‍ വരുന്ന മറ്റു സംസ്ഥാനങ്ങളുടെയെല്ലാം പരിസ്ഥിതിലോലപ്രദേശം അടയാളപ്പെടുത്തിയ ഭൂപടമുണ്ട്. എന്നാല്‍ കേരളത്തിന്റെ പരിസ്ഥിതിലോല മേഖലകള്‍ ഏതൊക്കെയെന്ന് മനസ്സിലാക്കാന്‍ സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കാനാണ് നിര്‍ദേശം. ഈ വെബ്സൈറ്റിലും ഭൂപടമില്ല.

അതേസമയം, അന്തിമവിജ്ഞാപനം വരുംവരെ പരിസ്ഥിതി മന്ത്രാലയത്തിന്റെ 2013 നവംബര്‍ 13ന്റെ ഉത്തരവ് നിലനില്‍ക്കും. ഈ ഉത്തരവ് പ്രകാരം കേരളത്തിലെ 123 വില്ലേജുകള്‍ പരിസ്ഥിതിലോല മേഖലകളാണ്. ജനുവരി 24ന് കേന്ദ്ര ഹരിത ട്രിബ്യൂണല്‍ പശ്ചിമഘട്ടം കേസ് പരിഗണിക്കുന്നുണ്ട്. ട്രിബ്യൂണലില്‍ കേസ് എത്തുമ്പോള്‍ എങ്ങും തൊടാതെയുള്ള നിലപാട് സ്വീകരിക്കാനാണ് പരിസ്ഥിതിമന്ത്രാലയത്തിന്റെ നീക്കം. കേരളം ആവശ്യപ്പെട്ട മാറ്റങ്ങള്‍ കരട് വിജ്ഞാപനത്തില്‍ ഉള്‍ക്കൊള്ളിച്ചാല്‍ ട്രിബ്യൂണലില്‍ ചോദ്യംചെയ്യപ്പെടും. എന്നാല്‍, കേരളത്തിന്റെ ഭൂപടംമാത്രം കരട് വിജ്ഞാപനത്തില്‍നിന്ന് മാറ്റിനിര്‍ത്തുകവഴി തങ്ങള്‍ ഈ വിഷയത്തില്‍ അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് മന്ത്രാലയത്തിന് വാദിക്കാം. ട്രിബ്യൂണലില്‍ പ്രശ്നമുണ്ടാകാതിരിക്കാന്‍ ശ്രദ്ധാപൂര്‍വമാണ് കരട് വിജ്ഞാപനം തയ്യാറാക്കിയത്. കേരളം പഠനസമിതിയെ വച്ചിരുന്നെന്നും കൃഷിയിടങ്ങളും തോട്ടങ്ങളും പരിസ്ഥിതിലോലമേഖലയില്‍നിന്ന് മാറ്റണമെന്ന് ഈ സമിതി ശുപാര്‍ശചെയ്തെന്നും കരട് പറയുന്നു. ഈ നിര്‍ദേശം പരിഗണിച്ചാല്‍ സംസ്ഥാനത്തെ പരിസ്ഥിതിലോലപ്രദേശം 13,108 ചതുരശ്ര കിലോമീറ്ററില്‍നിന്ന് 9993.7 ആയി കുറയും. ഇതില്‍ 9107 ചതുരശ്ര കിലോമീറ്റര്‍ വനപ്രദേശവും 886.7 ചതുരശ്ര കിലോമീറ്റര്‍ വനേതര പ്രദേശവുമാണ്. കേരളത്തിന്റെ നിര്‍ദേശം പരിഗണിച്ചാല്‍ പശ്ചിമഘട്ടത്തിലെ ആകെ പരിസ്ഥിതിലോലമേഖല 56,825 ചതുരശ്ര കിലോമീറ്ററായി കുറയുമെന്നും കരടില്‍ പറയുന്നു. അന്തിമവിജ്ഞാപനത്തിനുമുമ്പ് ചര്‍ച്ചകള്‍ക്ക് പ്രസിദ്ധീകരിക്കുന്നതാണ് കരട് വിജ്ഞാപനം.

പശ്ചിമഘട്ട സംരക്ഷണത്തില്‍ താല്‍പ്പര്യമുള്ള ആര്‍ക്കും കരടില്‍ മാറ്റം ആവശ്യപ്പെടാം. നിര്‍ദേശം പരിശോധിച്ച് ആവശ്യമായ മാറ്റത്തോടെയാകും അന്തിമവിജ്ഞാപനമെന്ന് പരിസ്ഥിതിമന്ത്രാലയവൃത്തങ്ങള്‍ പറഞ്ഞു. 60 ദിവസമാണ് നിര്‍ദേശം നല്‍കാനുള്ള കാലാവധി. പുതുതായി അധികാരത്തിലെത്തുന്ന കേന്ദ്രസര്‍ക്കാരായിരിക്കും അന്തിമ വിജ്ഞാപനം എങ്ങനെയെന്ന് തീരുമാനിക്കുക. പരിസ്ഥിതിലോലമേഖലയുടെ പത്തുകിലോമീറ്റര്‍ ചുറ്റളവിലും നിയന്ത്രണം ബാധകമാകുമെന്ന് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലുണ്ട്. ഇതൊഴിവാക്കാന്‍ കേരളം നിയോഗിച്ച ഉമ്മന്‍ വി ഉമ്മന്‍ സമിതി നിര്‍ദേശിച്ചെങ്കിലും അംഗീകരിക്കപ്പെട്ടില്ല. പരിസ്ഥിതിലോലമേഖലയില്‍ പൂര്‍ണമായും നിയന്ത്രിച്ച റെഡ് കാറ്റഗറി വ്യവസായങ്ങളില്‍ ആരോഗ്യരക്ഷാ സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയോരത്ത് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍പോലും സ്ഥാപിക്കാനാകാത്ത സ്ഥിതിയുണ്ടാവും. ക്ഷീരസംസ്കരണം, പാലുല്‍പ്പന്നകേന്ദ്രങ്ങള്‍, സസ്യഎണ്ണ സംസ്കരണം, മാംസ സംസ്കരണം എന്നിവ നിരോധിതവ്യവസായങ്ങളുടെ പട്ടികയിലാണ്.

എം പ്രശാന്ത് deshabhimani