Showing posts with label ജലീൽ. Show all posts
Showing posts with label ജലീൽ. Show all posts

Sunday, September 13, 2020

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്‌: ഇവിടെ ആഹാ, അവിടെ ഓഹോ.!

 ഇഡി വിവരങ്ങൾ തേടിയതിന്റെ പേരിൽ മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട്‌ കോവിഡ്‌ കാലത്തും തെരുവിൽ അക്രമസമരം അഴിച്ചുവിടുന്ന കോൺഗ്രസും ബിജെപിയും തീര്‍ക്കുന്നത് അവസരവാദത്തിന്റെ പുത്തന്‍ മാതൃക.  ചോദ്യംചെയ്യലിനോ വ്യക്തത തേടലിനോ വിധേയരായവരെയല്ല, പ്രതിയാകുകയും കുറ്റം തെളിയിക്കപ്പെടുകയും ചെയ്തവരെയാണ് കോൺഗ്രസും ബിജെപിയും സംരക്ഷിക്കുന്നത്.

സോണിയയും രാഹുലും ഇഡി കേസ്‌ പ്രതികൾ

കോൺഗ്രസ്‌ പത്രമായ നാഷണൽ ഹെറാൾഡിന്റെ വസ്‌തുവകകൾ പ്രത്യേക കമ്പനി രൂപീകരിച്ച്‌ സ്വന്തംപേരിലാക്കിയെന്ന കേസില്‍  സോണിയ ഗാന്ധിയും രാഹുലും പ്രതികള്‍. കള്ളപ്പണം വെളുപ്പിൽ നിയമപ്രകാരം 2015 ഒക്ടോബറിലാണ്‌ ഇഡി കേസെടുത്തത്. യങ്‌ഇന്ത്യ എന്ന കമ്പനി രൂപീകരിച്ച്‌ നാഷണൽ ഹെറാൾഡിന്റെ പ്രസാദകരായ അസോസിയേറ്റഡ്‌ ജേർണലിന്റെ രണ്ടായിരം കോടിയോളം വരുന്ന വസ്‌തുവകകൾ തട്ടിയെടുത്തെന്നാണ്‌ കേസ്‌.

കോണ്‍​ഗ്രസ്

കേന്ദ്ര ഏജൻസികളെ കോൺഗ്രസ്‌ വാഴ്‌ത്തുന്നത്‌ കേരളത്തിൽമാത്രം‌. മറ്റിടത്തെല്ലാം ഇഡിയും സിബിഐയും രാഷ്ട്രീയപകപോക്കലിനുള്ള ആയുധങ്ങള്‍.  കേസില്‍ കുടുങ്ങിയാല്‍ കോൺഗ്രസിൽ സ്ഥാനക്കയറ്റം തീർച്ച.  

1. പി ചിദംബരം–ഐഎൻഎക്‌സ്‌ മീഡിയ, എയർസെൽ–- മാക്‌സിസ്‌ അഴിമതി കേസുകളിൽ ജയിലിൽ കിടന്നത്‌ 100 ദിവസം.  കോണ്‍​ഗ്രസ് പ്രവർത്തകസമിതിയിലേക്ക്‌ സ്ഥാനക്കയറ്റം.

2. കാർത്തി ചിദംബരം–  ഈ കേസുകളിൽ പ്രതി‌. ജയിലില്‍ കിടന്നു.  ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കി.

3. റോബർട്ട്‌ വാധ്ര–അഴിമതി കേസുകളിൽ പ്രതി. ഇഡി അടക്കമുള്ള ഏജന്‍സികള്‍ ചോദ്യംചെയ്തു. കസ്‌റ്റഡിയിലെടുക്കാനുള്ള ഇഡി അപേക്ഷ കോടതിയില്‍. ഭർത്താവ്‌ കളങ്കിതനായി നിൽക്കെ, പ്രിയങ്ക ‌ എഐസിസി ജനറൽ സെക്രട്ടറിയായി.

4. ഡി കെ ശിവകുമാർ –അനധികൃതസ്വത്ത്കേസില്‍  50 ദിവസം ജയിലിൽ. പിടിച്ചെടുത്തത്‌ 8.59 കോടി കള്ളപ്പണം. സോണിയ ഗാന്ധി ജയിലിൽ സന്ദർശിച്ചു. ഇപ്പോള്‍ കർണാടക പിസിസി അധ്യക്ഷന്‍. മകൾ ഐശ്വര്യയുടെ ആസ്തി 2013ൽ ഒരു കോടി,  2018ൽ 100 കോടി.

5. അഹമദ്‌ പട്ടേൽ–അഴിമതിക്കേസുകളില്‍‌ ഇഡി ചോദ്യംചെയ്‌തത്‌ 30 മണിക്കൂര്‍. കേസ്‌ തുടരുന്നു. സോണിയയെ ഉപദേശിക്കുന്നതിനുള്ള ആറംഗ സമിതിയിലേക്ക് സ്ഥാനക്കയറ്റം.

6. പ്രതാപ്‌ സിങ്‌ കച്ചരിയവാസ് –രാജസ്ഥാൻ ഗതാഗതമന്ത്രി. ആഗസ്‌തിൽ ഇഡി ചോദ്യംചെയ്‌തത്‌ ഏഴുമണിക്കൂർ. അനധികൃത സ്വത്ത് കേസുകളില്‍ കുടുംബാം​ഗങ്ങള്‍ക്കൊപ്പം പ്രതി.  ഇപ്പോഴും മന്ത്രി‌ .   

7. അഗ്രസെൻ ഗെലൊട്ട് –രാജസ്ഥാൻ മുഖ്യമന്ത്രി അശോക്‌ ഗെലോട്ടിന്റെ സഹോദരൻ. ഇഡി കേസിൽ പ്രതി‌.

ബിജെപി

1.  കര്‍ണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ യെദ്യൂരപ്പ നിലവില്‍ 18 കേസില്‍ പ്രതി. 23 ദിവസം ജയിലില്‍ കിടന്നു.

കേസ് നിലനില്‍ക്കെ യെദ്യൂരപ്പ വീണ്ടും കര്‍ണാടക മുഖ്യമന്ത്രിയായി.

2.   മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്‍ വ്യാപം അഴിമതി കേസില്‍ ആരോപണവിധേയന്‍. കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിച്ച് ചൗഹാനെ  ബിജെപി വീണ്ടും മുഖ്യമന്ത്രിയാക്കി.

3.  കേന്ദ്രമന്ത്രി രമേശ് പൊക്രിയാല്‍, അസം മന്ത്രി ഹിമന്തബിസ്വ സര്‍മ്മ, രാജ്യസഭാംഗം നാരായണ്‍ റാണെ, റെഡ്ഡി സഹോദരന്‍മാര്‍ തുടങ്ങി ബിജെപി നിരയില്‍ കേസുകളില്‍ ഉള്‍പ്പെട്ടവരുടെ പട്ടിക നീളുന്നു

4. ഗുജറാത്ത് വംശഹത്യയില്‍ നരേന്ദ്ര മോഡിയെ സുപ്രീംകോടതി ചുമതലപ്പെടുത്തിയ പ്രത്യേകഅന്വേഷണ സംഘം മണിക്കൂറുകളോളം ചോദ്യംചെയ്തു.

സൊറാബുദ്ദീന്‍ ഷെയ്ക്ക് വ്യാജഏറ്റുമുട്ടല്‍ കേസില്‍ പ്രതിയായ അമിത് ഷായ്ക്ക് ജയിലില്‍ പോകേണ്ടി വന്നു. അധികാരത്തിലെത്തിയതോടെ സുരക്ഷിതര്‍.

എം പ്രശാന്ത‌്

സ്വർണക്കടത്ത്‌ വിട്ടു, ഖുർആന്റെ പേരിൽ രാജിക്കായി മുറവിളി

തിരുവനന്തപുരം> നയതന്ത്ര ബാഗേജ്‌ വഴിയുള്ള സ്വർണക്കടത്തിനേക്കാൾ വലിയ അപരാധം യുഎഇ സമ്മാനിച്ച ഖുർആൻ സ്വീകരിച്ചതാണെന്ന നിലയ്‌ക്കാണ്‌ മന്ത്രി കെ ടി ജലീലിന്റെ രാജിക്കായി പ്രതിപക്ഷവും ബിജെപിയും ഒന്നുചേർന്ന്‌ മുറവിളി കൂട്ടുന്നത്‌. സ്വർണക്കടത്തിന്‌ പിന്നിലെ കള്ളപ്പണ ഇടപാടാണ്‌ എൻഫോഴ്‌സ്‌മെന്റ്‌ അന്വേഷിക്കുന്നത്‌. സ്വർണക്കടത്തിലെ യഥാർഥ വില്ലന്മാർ ഇപ്പോഴും അണിയറയിൽ വിലസുമ്പോഴാണ്‌ ഇഡി ചില വിവരങ്ങൾ ചോദിച്ചതിന്റെ പേരിൽ മന്ത്രി കെ ടി ജലീലിനെതിരെ തിരിഞ്ഞിരിക്കുന്നത്‌.

സ്വർണക്കടത്തിൽ അന്വേഷണം തിരിഞ്ഞുകുത്താൻ തുടങ്ങിയതോടെ, അത്‌ വിട്ട്‌ ലൈഫ്‌ പദ്ധതിയിൽ പിടിമുറുക്കി. അതും ചീറ്റിയപ്പോൾ‌ ബംഗളൂരുവിലെ ലഹരിമരുന്ന്‌ കേസിൽ ഇവിടെ അന്വേഷണത്തിന്‌ വാദമുയർത്തി‌. കസ്‌റ്റംസ്‌ പിടിച്ച സ്വർണം വിട്ടുകൊടുക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന്‌ വിളിച്ചുവെന്നായിരുന്നു ആദ്യ ആരോപണം. അത്‌ കസ്‌റ്റംസ്‌തന്നെ തള്ളി. പിന്നെ മുൻ ഐടി സെക്രട്ടറി എം ശിവശങ്കരന്‌ ബന്ധമെന്നായി. കസ്‌റ്റംസും എൻഐഎയും ഇഡിയും അദ്ദേഹത്തെ മാറിമാറി ചോദ്യം ചെയ്‌തിട്ടും കള്ളക്കടത്തുമായി ബന്ധിപ്പിക്കാൻ ഒന്നും കിട്ടിയില്ല. ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി യുഎഇ വീട്‌ നിർമിച്ചുനൽകുന്ന പദ്ധതിക്കെതിരെയായി അടുത്ത ആരോപണം.

സ്വർണക്കടത്ത്‌ കേസിൽ ഒന്നും ഒളിക്കാനില്ലെന്ന ഉത്തമ ബോധ്യത്തോടെയാണ്‌ മന്ത്രി കെ ടി ജലീൽ എൻഫോഴ്‌സ്‌മെന്റ്‌ ഓഫീസിലെത്തിയത്‌‌. ഖുർആൻ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ടെന്നും അത്‌ തിരികെ നൽകാനുള്ള സന്നദ്ധതയും അദ്ദേഹം അറിയിച്ചു. ഇഡി ചോദിച്ചതിനെല്ലാം വിശദീകരണവും നൽകി. അത്‌ തൃപ്‌തികരമാണോ അല്ലയോ എന്ന്‌ പറയേണ്ടത്‌ എൻഫോഴ്‌സ്‌മെന്റ്‌ ആണ്‌. അതിനുമുമ്പ്‌ കുറ്റവാളി എന്ന്‌ മുദ്രകുത്താനുള്ള തത്രപ്പാടിലാണ്‌ യുഡിഎഫും ബിജെപിയും.

കെ ടി ജലീൽ ഇഡി ഓഫീസിൽ എത്തിയത്‌ ആഘോഷിക്കാൻ കഴിയാത്തതാണ്‌ മാധ്യമങ്ങളുടെ വിരോധത്തിന്‌ കാരണം. മന്ത്രി തലയിൽ മുണ്ടിട്ട്‌ രഹസ്യമായി ചോദ്യം ചെയ്യലിന്‌ പോയി എന്നാണ്‌ കണ്ടെത്തൽ. മന്ത്രി എന്ന നിലയ്‌ക്കല്ല മലപ്പുറത്തെ മേൽവിലാസത്തിൽ കെ ടി ജലീൽ എന്ന പേരിലാണ്‌ നോട്ടീസ്‌‌ ലഭിച്ചത്‌. ഇഡിയുടെ നോട്ടീസ്‌ കിട്ടിയാലുടനെ മാധ്യമങ്ങളെ അറിയിക്കണമെന്ന്‌ വ്യവസ്ഥയുണ്ടോയെന്ന സംശയം ന്യായമാണ്‌. ഇഡി ഓഫീസിലെ ഉള്ളറകളിൽ നിന്നുപോലും വിവരം ചോർത്താൻ കഴിയുന്ന മാധ്യമങ്ങൾ ഇക്കാര്യം അറിയാതെ പോയത്‌ ജലീലിന്റെ കുറ്റമാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്‌.

Saturday, September 12, 2020

ഇ.ഡി ചോദിച്ചത്‌ സ്വത്ത്‌ വിവരങ്ങൾ: മന്ത്രി കെ ടി ജലീൽ

 തിരുവനന്തപുരം > എൻഫോഴ്‌സ്‌മെന്റ്‌ ചോദിച്ചറിഞ്ഞത്‌ തന്റെ സ്വത്ത്‌ വിവരങ്ങളും ബാങ്ക്‌ അക്കൗണ്ട്‌ സംബന്ധമായ കാര്യങ്ങളുമാണെന്ന്‌ മന്ത്രി കെ ടി ജലീൽ വ്യക്തമാക്കി. ‘മലപ്പുറത്ത്‌ 19.5 സെന്റ്‌ സ്ഥലവും വീടും ഉണ്ട്‌. അത്‌ ഈട്‌വച്ച്‌ വീട്‌ അറ്റകുറ്റ പണിക്ക്‌ അഞ്ച്‌ ലക്ഷം രൂപ വായ്‌പ എടുത്തിട്ടുണ്ട്‌. അതിൽ ഒന്നര ലക്ഷം തിരിച്ചടക്കാനുമുണ്ട്‌.

എന്റെ പേരിൽ 3.25 ലക്ഷം രൂപയും ഹയർസെക്കണ്ടറി അധ്യാപികയായ ഭാര്യയുടെ പേരിൽ 13 ലക്ഷം രൂപയും ട്രഷറി അക്കൗണ്ടിലുണ്ട്‌. ഞങ്ങൾ രണ്ട്‌ പേരുടെ പക്കലും ഒരു തരി സ്വർണവുമില്ല. മക്കളും സ്വർണം ധരിക്കാറില്ല’ ഇഡി ഉദ്യോഗസ്ഥരോട്‌ ഇക്കാര്യം പറഞ്ഞു. അവർ ചോദിച്ച എല്ലാ കാര്യങ്ങൾക്കും വിശദീകരണം നൽകിയിട്ടുണ്ട്‌. സ്വത്ത്‌ വിവരം സംബന്ധിച്ച രേഖകളുടെ പകർപ്പ്‌ നൽകണമെന്ന്‌ ആവശ്യപ്പെട്ടു. അത്‌ ഉടനെ നൽകും. ‘കോൺസുലേറ്റ്‌ വഴി കിട്ടിയ ഖുറാൻ ആർക്കും വിതരണം ചെയ്‌തിട്ടില്ല. കോൺസുലേറ്റ്‌ നൽകിയത്‌ നിരസിക്കുന്നത്‌ ശരിയല്ല എന്ന്‌ തോന്നിയത്‌ കൊണ്ടാണ്‌ ഏറ്റുവാങ്ങിയത്‌. കോവിഡ്‌ ആയതിനാൽ എവിടെയും അത്‌ വിതരണം നടത്തിയില്ല. സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തെ കുറിച്ച്‌ പറഞ്ഞിട്ടുണ്ട്‌. നിയമതടസ്സമുണ്ടെങ്കിൽ തിരികെ നൽകാമെന്നും അറിയിച്ചിട്ടുണ്ട്‌.’ ‘സ്വപ്‌നയെ നല്ല പരിചയമുണ്ട്‌ എന്ന്‌ പറഞ്ഞു. കോൺസുലേറ്റ്‌ ജനറലിന്റെ സെക്രട്ടറി എന്ന നിലയ്‌ക്കാണ്‌ പരിചയം. പലതവണ വിളിച്ചിട്ടുണ്ട്‌. അത്‌ കോൺസുലേറ്റ്‌ ജനറലിനെ ഫൊണിൽ കിട്ടാതെ വന്നപ്പോഴാണ്‌. യുഎഇയിലുള്ള നാട്ടുകാരുടെ പല പ്രശ്‌നങ്ങളും പരിഹരിക്കാനാണ്‌ വിളിച്ചത്‌.

കോൺസുലേറ്റിൽ നിന്ന്‌ എന്തെങ്കിലും സമ്മാനം കൈപ്പറ്റിയിട്ടുണ്ടോയെന്ന്‌ ചേദിച്ചു. ഒരിക്കൽ അവിടെ പോയപ്പോൾ ചായ കുടിച്ചതല്ലാതെ മറ്റൊന്നും വാങ്ങിയിട്ടില്ലെന്ന്‌ മറുപടിയും നൽകി. വഖഫ്‌ ചുമതലയുള്ള മന്ത്രി എന്ന നിലയിൽ കോൺസുലേറ്റുമായും ഉദ്യോഗസ്ഥരുമായും നല്ല ബന്ധമാണ്‌ ഉണ്ടായിരുന്നതെന്ന്‌ വിശദീകരിച്ചു. എൻഫോഴ്‌സ്‌മെന്റ്‌ നോട്ടീസ്‌ തന്റെ മലപ്പുറത്തെ മേൽവിലാസത്തിലാണ്‌ ലഭിച്ചത്‌. വിവരം രഹസ്യമായി സൂക്ഷിക്കണമെന്നും പറഞ്ഞിരുന്നു. അതാണ്‌ സ്വകാര്യ വാഹനത്തിൽ പോയത്‌. താൻ രണ്ടര മണിക്കൂർ അവിടെ ചെലവഴിച്ചു. എൻഫോഴ്‌സ്‌മെന്റ്‌ ജോയിന്റ്‌ ഡയറക്‌ടറുടെ നേതൃത്വത്തിലാണ്‌ കാര്യങ്ങൾ ചോദിച്ചറിഞ്ഞത്‌. മാധ്യമ പ്രവർത്തകർ ഇക്കാര്യം അറിയാത്തതിന്‌ താൻ എന്ത്‌ പിഴച്ചു. നയതന്ത്ര ബഗേജ്‌ വഴി നടത്തിയ സ്വർണ്ണക്കടത്തിനെ കുറിച്ചൊന്നും എനിക്ക്‌ അറിയില്ല. ഇക്കാര്യത്തിൽ വഴിവിട്ട്‌ ഒന്നും ചെയ്‌തിട്ടില്ല. ഏതന്വേഷണം നേരിടാനും തയ്യാറാണെന്ന്‌ അറിയിച്ചു. വളരെ സൗഹാർദ്ദപരമായാണ്‌ ഉദ്യോഗസ്ഥരുടെ പെരുമാറ്റം – ജലീൽ പറഞ്ഞു.

ജലീലിന്റെ രാജി ആവശ്യം രാഷ്ട്രീയപ്രേരിതം; ഇഡിയെ ബിജെപി ദുരുപയോഗിക്കുന്നു എന്ന് പ്രഖ്യാപിച്ച കോൺഗ്രസിന്റെ ഭാഗം തന്നെയാണോ കേരളത്തിലുള്ളത്-സിപിഐ എം

 തിരുവനന്തപുരം >  എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിവരങ്ങൾ തേടി എന്നതിന്റെ പേരിൽ മന്ത്രി കെ ടി ജലീൽ രാജിവെയ്ക്കണമെന്ന കോൺഗ്രസ്സിന്റെയും ബിജെപിയുടെയും ആവശ്യം രാഷ്ട്രീയപ്രേരിതമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്. കോൺഗ്രസ്സ് ബിജെപിയുടെ ബി ടീം തന്നെയാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. ബിജെപിയുടെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഇഡി ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളെ കേന്ദ്രം ഉപയോഗിക്കുന്നുവെന്ന് പ്രഖ്യാപിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഭാഗം തന്നെയാണോ കേരളത്തിലുള്ളതെന്ന് വ്യക്തമാക്കേണ്ടത് അഖിലേന്ത്യാ കോൺഗ്രസ്സ് നേതൃത്വമാണെന്നും സിപിഐ എം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

രാജസ്ഥാൻ ഗതാഗത മന്ത്രി പ്രതാപ് സിംഗ് കചര്യവാസനെ ആഗസ്ത് മാസത്തിൽ ഏഴു മണിക്കൂർ ചോദ്യം ചെയ്തത് മുല്ലപ്പളളിയും സംഘവും അറിഞ്ഞമട്ടില്ല. മന്ത്രിമാരെയും എംഎൽഎമാരെയും ഇ.ഡി അടക്കമുള്ള ഏജൻസികൾ വേട്ടയാടിയെന്ന് നിയമസഭയിൽ പറഞ്ഞത് രാജസ്ഥാൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ഗെലോട്ടാണ്.  ഗെലോട്ടിന്റെ സഹോദരനെ ചോദ്യം ചെയ്യുക മാത്രമല്ല അദ്ദേഹത്തിന്റെ വീട് റെയ്ഡും ചെയ്തു. മതിൽ ചാടി കടന്നാണ് സിബിഐ ചിദംബരത്തെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.  എൻഫോഴ്‌സ്‌മെന്റ് ചുമത്തിയ കേസിൽ റിമാന്റ് ചെയ്യപ്പെട്ട ശിവകുമാറിനെ ജയിൽ വിമോചിതനായപ്പോൾ കർണ്ണാടക പിസിസി  പ്രസിഡണ്ടാക്കിയതും ജനങ്ങൾക്ക് അറിയാവുന്നതാണ്. റോബർട്ട് വധേരയെ 12 പ്രാവശ്യമായി 70 മണിക്കൂറിലധികവും അഹമ്മദ് പട്ടേലിനെ നാലു തവണയായി 25 മണിക്കൂറിലധികവും ആണ് ഇഡി ചോദ്യം ചെയ്തത്. അന്ന്,  എൻഫോഴ്‌സ്‌മെന്റ് രഷ്ട്രീയ ആയുധമെന്നു പറഞ്ഞ പാർടിയുടെ കേരള ഘടകം ഇന്ന് അക്ഷരാർത്ഥത്തിൽ ബിജെപി തന്നെയായി മാറിയിരിക്കുന്നു.

സ്വർണ്ണക്കടത്ത് കേസ് മുതൽ ഉയർന്ന എല്ലാ പ്രശ്‌നങ്ങളിലും എത് ഏജൻസി വേണമെങ്കിലും അന്വേഷിച്ചോട്ടെ എന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുള്ളത്. മറ്റു ചില സംസ്ഥാന സർക്കാരുകൾ ചെയ്യുന്നതു പോലെ അന്വേഷണ ഏജൻസികളെ തടയുന്ന സമീപനവും എൽഡിഎഫ് സർക്കാരിനില്ല. ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന ഉറച്ച ബോധ്യം തന്നെയാണ് ഈ നിലപാടിൽ പ്രതിഫലിക്കുന്നത്.

എന്നാൽ, വിവാദമായ നയതന്ത്ര ബാഗേജുകൾ അയച്ചവരേയും കൈപ്പറ്റിയവരേയും ചോദ്യം ചെയ്യാൻ പോലും മൂന്നു കേന്ദ്ര ഏജൻസികളും തയ്യാറാകാത്തത് ദുരൂഹമാണ്. നയതന്ത്ര ബാഗേജ് വഴി നിരവധി തവണ സ്വർണ്ണം കടത്തിയെന്ന് കോടതിയിൽ പറഞ്ഞ ഏജൻസികൾ തന്നെ ഇവരെ അന്വേഷണ പരിധിയിൽ നിന്നും ഒഴിവാക്കുന്നതും സംശയാസ്പദമാണ്. ഇ.ഡിയുടെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ ധൃതിപിടിച്ച് മാറ്റിയത് രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കുകയുണ്ടായി.   

ഇന്നലെ മന്ത്രി ജലീലിൽ നിന്നും വിവരം തേടിയ വിവരം ഡൽഹിയിൽ ഇഡി മേധാവി തന്നെ പരസ്യപ്പെടുത്തിയ നടപടി അസാധാരണമാണ്. രാജ്യവ്യാപകമായി രാഷട്രീയമായി ഉപയോഗിക്കുന്നുവെന്ന ആക്ഷേപമുള്ള ഏജൻസിയാണ് ഇഡി എന്നതും പ്രസക്തം.

ബിജെപി അനുകൂല ചാനലിന്റെ കോർഡിനേറ്റിങ് എഡിറ്ററെ ചോദ്യം ചെയ്തതിനു ശേഷം തുടർ നടപടികളില്ലാത്തതും കസ്റ്റംസ് സംഘത്തിലുണ്ടായ മാറ്റങ്ങളും ജനങ്ങളിൽ സംശയം സൃഷ്ടിച്ചിട്ടുണ്ട്. കേസിൽ പ്രതിചേർക്കപ്പെട്ട ഫൈസൽ ഫരീദിനെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിൽ വിദേശ മന്ത്രാലയവും കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത്. എൻഐഎയും കസ്റ്റംസിനേയും നിഷേധിച്ച് നയതന്ത്ര ബാഗേജല്ല എന്ന നിലപാട് തുടർച്ചയായി സ്വീകരിച്ച വി മുരളീധരൻ ഈ വകുപ്പിലെ സഹമന്ത്രിയാണെന്നതും ഇതിനു കാരണമായിരിക്കാം.

അതു കൊണ്ട് തന്നെ നിഷ്പക്ഷമായ അന്വേഷണം നടത്തി രാജ്യദ്രോഹക്കുറ്റം ആരോപിച്ച കേസിൽ യഥാർത്ഥ കുറ്റവാളികളെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണം. കുറ്റവാളികളെ രക്ഷപ്പെടുത്തുന്നതിനും സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ചു വിടുന്നതിനുമായി യുഡിഎഫ് ബിജെപി സഖ്യം നടത്തുന്ന രാഷ്ട്രീയ നീക്കം ജനങ്ങൾ തിരിച്ചറിയുക തന്നെ ചെയ്യും.

മുസ്ലീം ലീഗിന്റെ എംഎൽഎ എം സി കമറൂദ്ദിനെതിരെ ഉയർന്ന 150 കോടിയിൽപരം രൂപയുടെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ് നാടിനെ ഞെട്ടിച്ചതാണ്. വഖഫ് ഭൂമി തിരിമിറി നടത്തിയതിലും നിക്ഷേപ തട്ടിപ്പിലും എം.എൽ.എയ്ക്കുള്ള പങ്ക് മറനീക്കി പുറത്തുവന്നിരിക്കുകയാണ്. ഇത് മൂടിവയിക്കാനും വഴിതിരിച്ചു വിടാനുമാണ് മന്ത്രി കെ ടി ജലീലിന്റെ പേരുപറഞ്ഞ് യുഡിഎഫ് അക്രമവും കലാപവും സൃഷ്ട്ടിച്ച് രംഗത്ത് വരുന്നതെന്നും സിപിഐ എം വ്യക്തമാക്കി.