Showing posts with label സിനിമ. Show all posts
Showing posts with label സിനിമ. Show all posts

Saturday, April 19, 2014

ശ്യാമപ്രസാദിനും ലാലിനും ഫഹദിനും ആനിനും അവാര്‍ഡ് ചിത്രം സി ആര്‍ നമ്പര്‍ 89

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സുദേവന്‍ സംവിധാനം ചെയ്ത സി ആര്‍ നമ്പര്‍ 89 ആണ് മികച്ച ചിത്രം. മികച്ച നടന്‍മാരായി ലാലിനേയും ഫഹദ് ഫാസിലിനേയും നടിയായി ആന്‍ അഗസ്റ്റിനേയും തെരഞ്ഞെടുത്തു.ആര്‍ട്ടിസ്റ്റ് സംവിധാനം ചെയ്ത ശ്യാമപ്രസാദാണ് മികച്ച സംവിധായകന്‍. അയാള്‍, സക്കറിയയുടെ ഗര്‍ഭിണികള്‍ എന്നചിത്രങ്ങള്‍ ലാലിനും നോര്‍ത്ത് 24 കാതം ആര്‍ടിസ്റ്റ് എന്നീ ചിത്രങ്ങള്‍ ഫഹദിനും അവാര്‍ഡ് സമ്മാനിച്ചപ്പോള്‍ ആര്‍ടിസ്റ്റിലെ അഭിനയമാണ് ആനിനെ അവാര്‍ഡിനര്‍ഹയാക്കിയത്.

അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ സംവിധാനം ചെയ്ത നോര്‍ത്ത് 24 കാതം ആണ് മികച്ച രണ്ടാമത്തെ സിനിമ. കലാമൂല്യമുള്ള ജനപ്രിയ ചിത്രമായി ജിത്തു ജോസഫിന്റെ ദൃശ്യം തെരഞ്ഞെടുത്തു. മുംബൈ പൊലീസിന്റെ തിരക്കഥക്ക് ബോബിയും സഞ്ജയും മികച്ച തിരക്കഥാകൃത്തുക്കളായി. അശോക് കുമാറാണ് സഹനടന്‍ (സി ആര്‍ നമ്പര്‍ 89) ലെന സഹനടി(ലെഫ്റ്റ് ആന്‍റ് റൈറ്റ്, കന്യക ടാക്കീസ്), ഹാസ്യ നടന്‍: സുരാജ് വെഞ്ഞാറമൂട്,ഗാനരചന: പ്രഭാവര്‍മ്മയും മധുവാസുദേവനും (ചിത്രം നടന്‍), ഛായാഗ്രാഹകന്‍ :സുജിത്ത് വാസുദേവന്‍

മറ്റ് അവാര്‍ഡുകള്‍: മികച്ച നവാഗത സംവിധായകന്‍ കെ ആര്‍ മനോജ്. ചിത്രം കന്യക ടാക്കീസ് സംഗീത സംവിധായകന്‍ : ഔസേപ്പച്ചന്‍(നടന്‍), ഗായിക : വൈക്കംവിജയലക്ഷ്മി (ഒറ്റക്ക് പാടുന്ന പൂങ്കുയില്‍ -നടന്‍) . ഗായകന്‍ : കാര്‍ത്തിക് (ജന്‍മാന്തരങ്ങള്‍ തന്‍ - ഒറീസ), പശ്ചാത്തല സംഗീതം : ബിജിപാല്‍(ബാല്യകാല സഖി) ചിത്രസംയോജകന്‍കെ രാജഗോപാല്‍(ഒരു ഇന്ത്യന്‍ പ്രണയകഥ), മികച്ച കലാസംവിധായകന്‍ എം ബാവ(ആമേന്‍), മികച്ച ശബ്ദലേഖകന്‍ ഹരികുമാര്‍ മാധവന്‍ നായര്‍ (കന്യക ടാക്കീസ്്) ,ബാല നടന്‍ : സനൂപ് സന്തോഷ്, ബാലനടി ബേബി അനിത (അഞ്ചു സുന്ദരികള്‍) , കഥാകൃത്ത്: അനീഷ് അന്‍വര്‍

സിനിമാവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.ചലചിത്ര അവാര്‍ഡ് നിര്‍ണയത്തിന്റെ ഘടന പരിഷ്ക്കരിക്കണമെന്ന് ജൂറി ആവശ്യപ്പെട്ടിട്ടുണ്ടെന്നുംഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ മൂന്ന് മാസത്തിനുള്ളില്‍ ചലചിത്രകാരന്‍മാരുടെ വിദഗ്ധ സമിതിയെ നിയോഗിക്കും. മദ്യപാന രംഗങ്ങളുള്ള സിനിമകള്‍ക്ക് സബ്സിഡി നല്‍കില്ല. നല്ല ചിത്രങ്ങള്‍ക്ക് സബ്സിഡി തുക വര്‍ദ്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഭാരതി രാജയുടെ അധ്യക്ഷതയില്‍ 7 അംഗ ജൂറിയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. 85 ചിത്രങ്ങളാണ് മല്‍സരത്തിനുണ്ടായിരുന്നത്.കുട്ടികളുടെ ചിത്രം: ഫിലിപ്പ് ആന്റ് ദി മങ്കിപെന്‍, ജൂറിയുടെ പ്രത്യേക പരാമര്‍ശം: സനുഷ സന്തോഷ് (സക്കറിയയുടെ ഗര്‍ഭിണികള്‍)

മികച്ച ചിത്രമായി തെരെഞ്ഞടുക്കപ്പെട്ട സി ആര്‍ നം. 89 നെ പ്പറ്റി മുമ്പ് ദേശാഭിമാനിയില്‍ വന്ന ലേഖനം താഴെ:

അരക്ഷിതാവസ്ഥയും ആയുധസംസ്കാരവും ചര്‍ച്ചചെയ്ത് സി ആര്‍ ന: 89

"ഷാഹിദ് " ഓര്‍മപ്പെടുത്തുന്നത് ഭരണകൂടഭീകരത

ഭരണകൂട ഭീകരതയുടെ കഥപറഞ്ഞ "ഷാഹിദ്" എന്ന ഹിന്ദി സിനിമയെ ദേശീയ അംഗീകാരങ്ങള്‍ തേടിയെത്തുമ്പോള്‍ ഓര്‍മകളില്‍ നിറയുന്നത് ഷാഹിദ് ആസ്മി എന്ന സാമൂഹ്യ പ്രവര്‍ത്തകനെ. മുംബൈയില്‍ അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായിരുന്ന ഷാഹിദിന്റെ സാഹസിക ജീവിതവും ദുരൂഹമരണവുമാണ് സിനിമയുടെ ഇതിവൃത്തം. സിനിമയില്‍ ഷാഹിദായി വേഷമിട്ട രാജ്കുമാര്‍ റാവുവിന് മികച്ച നടനും ഹന്‍സല്‍ മേത്ത മികച്ച സംവിധായകനുമായാണ് തെരഞ്ഞെടുക്കപ്പെട്ടു. സിനിമയ്ക്ക് ദേശീയ അംഗീകാരം ലഭിക്കുമ്പോള്‍ ജീവിതാവസാനംവരെ വേട്ടയാടിയ ഭരണകൂടത്തിന്റെ കുറ്റസമ്മതംകൂടിയാവുന്നു അത്.

മുംബൈയിലെ ഗോവണ്ടിയില്‍ മുസ്ലിം കുടുംബത്തിലാണ് ഷാഹിദ് ജനിച്ചത്. 14-ാംവയസ്സില്‍ 1992ലെ മുംബൈ കലാപനാളുകളില്‍ അറസ്റ്റുചെയ്യപ്പെട്ടതില്‍ പിന്നെ തിരിച്ചറിവിന്റെയും സമാധാനത്തിന്റെയും വഴിയിലൂടെയായി തുടര്‍ന്നുള്ള സഞ്ചാരം. 1994 ടാഡ തടവുകാരനായി തിഹാര്‍ ജയിലിലെത്തി. നിരപരാധിയാണെന്ന് കോടതി കണ്ടെത്തിയപ്പോഴേക്കും യൗവ്വനത്തിലേ ഏഴുവര്‍ഷങ്ങള്‍ ഹോമിക്കപ്പെട്ടു. ജയിലില്‍ ആരംഭിച്ച പഠനം പുറത്തിറങ്ങി പൂര്‍ത്തിയാക്കി. പിന്നീട് നിയമത്തില്‍ ബിരുദം നേടി. തുടര്‍ന്നുള്ള ജീവിതം നിരപരാധികളുടെ ജയില്‍മോചനത്തിനുള്ള നിയമ പോരാട്ടങ്ങള്‍ക്കായിരുന്നു. ജയിലിലടക്കപ്പെട്ട നിരപരാധികള്‍ക്കായി നിരന്തരമായി ഹാജരായ ഷാഹിദ് ഭരണകൂടത്തിന്റെയും സംഘപരിവാറിന്റെയും കണ്ണിലെ കരടായി. കരിനിയമങ്ങളായ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിരോധന നിയമം (മോക്ക), തീവ്രവാദ നിരോധന നിയമം(പോട്ട) എന്നിവക്കെതിരെ പേരാടി. ഏഴുവര്‍ഷം 17 കേസുകളിലായി നൂറോളം യുവാക്കളെ സ്വാതന്ത്യത്തിന്റെ വെളിച്ചത്തിലേക്ക് കൊണ്ടുവന്നു. 26/11 മുബൈ ആക്രമണക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഫഹീം അന്‍സാരിക്കുവേണ്ടി ഹാജരായത് ഷാഹിദായിരുന്നു. നിരപരാധിയാണെന്ന് കണ്ട് കോടതി ഫഹീമിനെ വെറുതെ വിട്ടതോടെ ദേശീയതലത്തില്‍ ശ്രദ്ധേയനായി. ഷാഹിദിനെ വേട്ടയാടാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടായിരുന്നു. പലഘട്ടങ്ങളിലും പൊലീസ് ആക്രമണത്തിന് വിധേയനായി. ഫഹീം അന്‍സാരിയെ കുറ്റവിമുക്തനാക്കിയ ഉടനെ 2011 ഫെബ്രുവരി 11ന് കുര്‍ളയിലെ ടാക്സി മെന്‍ കോളനിയില്‍ ഓഫീസില്‍ കടന്നുവന്ന നാലു തോക്കുധാരികള്‍ ഷാഹിദിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. കൊലപാതകത്തിന്റെ ഉത്തരവാദിത്വം പൊലീസ് ചോട്ടാരാജനില്‍ കെട്ടിവയ്ക്കുമ്പോള്‍ സാമൂഹിക പ്രവര്‍ത്തകരും മനുഷ്യാവകാശ സ്നേഹികളും ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നത് പൊലീസിന്റെ കറുത്തകരങ്ങള്‍ ഷാഹിദിന്റെ മരണത്തിനു പിന്നിലുണ്ടെന്നാണ്

സഹീദ് റൂമി deshabhimani

Thursday, April 17, 2014

പേരറിയിച്ച് സുരാജ്

മറാത്തി, ഹിന്ദി ചിത്രങ്ങള്‍ ആധിപത്യം പുലര്‍ത്തിയ ദേശീയ ചലച്ചിത്ര പുരസ്കാരവേദിയില്‍ സുരാജ് വെഞ്ഞാറമൂട് മലയാളത്തിന്റെ അഭിമാനമായി. ഡോ. ബിജു സംവിധാനം ചെയ്ത "പേരറിയാത്തവര്‍" എന്ന ചിത്രത്തിലെ മികച്ച പ്രകടനമാണ് സുരാജിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്തത്. പരിസ്ഥിതിസംരക്ഷണസന്ദേശം നല്‍കുന്ന മികച്ച ചിത്രത്തിനുള്ള പുരസ്കാരവും "പേരറിയാത്തവര്‍"ക്ക് ലഭിച്ചു. അമ്പലക്കര ഗ്ലോബല്‍ ഫിലിംസാണ് നിര്‍മാതാക്കള്‍. നിര്‍മാതാവിനും സംവിധായകനും രജതകമലവും ഒന്നരലക്ഷം രൂപ വീതവും ലഭിക്കും.

എട്ടുവയസ്സുകാരനായ മകനുമൊത്ത് ജീവിക്കുന്ന മുനിസിപ്പാലിറ്റി തൂപ്പുകാരന്റെ വേഷം തികഞ്ഞ യാഥാര്‍ഥ്യബോധത്തോടെയും അസ്വാഭാവികത കലരാതെയും അഭ്രപാളിയിലേക്ക് പകര്‍ത്തിയെന്ന് ജൂറി വിലയിരുത്തി. ഏതുറോളും വഴങ്ങുന്ന മികച്ച അഭിനേതാവാണെന്ന് സുരാജ് ഈ വേഷത്തിലൂടെ തെളിയിച്ചു. വാസ്തുഹാരയില്‍ മോഹന്‍ലാല്‍ ചെയ്ത വേഷത്തെ അനുസ്മരിപ്പിക്കുന്നതാണ് സുരാജിന്റെ പ്രകടനമെന്നും ജൂറി അധ്യക്ഷന്‍ സയദ് അഖ്തര്‍ മിര്‍സ അഭിപ്രായപ്പെട്ടു.

"ഷഹീദ്" എന്ന ഹിന്ദി ചിത്രത്തില്‍ അനീതിക്കെതിരെ പോരാടുന്ന യുവഅഭിഭാഷകനായി വേഷമിട്ട രാജ്കുമാര്‍ റാവു സുരാജിനൊപ്പം പുരസ്കാരം പങ്കിട്ടു. രജതകമലവും കാല്‍ലക്ഷം രൂപയും ഇരുവര്‍ക്കും ലഭിക്കും. ഗീതാഞ്ജലി ഥാപ്പ മികച്ച നടിയായി (ലയേഴ്സ് ഡൈസ്). ആനന്ദ് ഗാന്ധി സംവിധാനം ചെയ്ത "ഷിപ്പ് ഓഫ് തെസ്യൂസ്" എന്ന ഹിന്ദി-ഇംഗ്ലീഷ് ചിത്രമാണ് മികച്ച സിനിമ. "ഷഹീദ്" ഒരുക്കിയ ഹന്‍സല്‍ മെഹ്തയാണ് മികച്ച സംവിധായകന്‍.

മറുഭാഷാ ചിത്രങ്ങളിലൂടെ ഏതാനും മലയാളികള്‍ സമ്മാനിതരായെങ്കിലും മലയാളസിനിമക്ക് മറ്റ് കാര്യമായ നേട്ടം ഇത്തവണയില്ല. ഗീതു മോഹന്‍ദാസ് സംവിധാനംചെയ്ത "ലയേഴ്സ് ഡൈസ"് എന്ന ഹിന്ദി ചിത്രം രാജീവ് രവിക്ക് മികച്ച ഛായാഗ്രഹകനുള്ള പുരസ്കാരം നേടിക്കൊടുത്തു. "പള്ളിനം" എന്ന തമിഴ് ചിത്രത്തിലൂടെ മികച്ച എഡിറ്റിങ്ങിനുള്ള പുരസ്കാരം വി ജെ സാബുജോസഫിന് ലഭിച്ചു. റീറെക്കോഡിസ്റ്റിനുള്ള പുരസ്കാരം "സ്വപാ"ത്തിലൂടെ ഡി യുവരാജ് നേടി. രാജേഷ് ടച്ച്റിവര്‍ സംവിധാനംചെയ്ത "നാ ബഗാരുതാളി"യാണ് മികച്ച തെലുങ്ക് ചിത്രം.

കഥേതരവിഭാഗത്തില്‍ മികച്ച നവാഗതസംവിധായകനുള്ള പുരസ്കാരം കന്യക എന്ന ഹ്രസ്വചിത്രത്തിലൂടെ ക്രിസ്റ്റോ ടോമി നേടി. "ചിഡിയ യുധ്" എന്ന ഹ്രസ്വചിത്രത്തിലൂടെ മികച്ച ഓഡിയോഗ്രഫി പുരസ്കാരത്തിന് ഗൗതംനായര്‍ അര്‍ഹനായി. സൂര്യ സിനി ആര്‍ട്സ് നിര്‍മിച്ച് അനില്‍ രാധാകൃഷ്ണമേനോന്‍ സംവിധാനം ചെയ്ത "നോര്‍ത്ത് 24 കാത"മാണ് മികച്ച മലയാള ചിത്രം. സൗരഭ് ശുക്ലയാണ് സഹനടന്‍- ചിത്രം ജോളി എല്‍എല്‍ബി (ഹിന്ദി). സഹനടിക്കുള്ള പുരസ്കാരം അമൃത സുഭാഷും (അസ്തു- മറാതി), എയ്ദ അല്‍-കാഷിഫും (ഷിപ്പ് ഓഫ് തീസിയുസ്) പങ്കിട്ടു. ബാലതാരത്തിനുള്ള പുരസ്കാരം സോംനാഥ് അവ്ഗാഥെയും (ഫാന്‍ഡ്രി-മറാത്തി) സാഥനയും (തങ്ക മീങ്കള്‍-തമിഴ്) സ്വന്തമാക്കി. "ഫാന്‍ഡ്രി" ഒരുക്കിയ നാഗ്രാജ് മഞ്ജുളെയാണ് നവാഗത സംവിധായകന്‍. മികച്ച ജനകീയചിത്രത്തിനുള്ള പുരസ്കാരം "ഭാഗ് മീല്‍ഖ ഭാഗ്" നേടി.

എം പ്രശാന്ത്

ജൂറിയുടെ മനസ്സ് കീഴടക്കിയ പ്രകടനം

ന്യൂഡല്‍ഹി: വാസ്തുഹാരയിലെ മോഹന്‍ലാലിനെ അനുസ്മരിപ്പിക്കുന്ന പ്രകടനം. ജീവിതവെല്ലുവിളികള്‍ക്ക് മുന്നില്‍ നിശബ്ദം ഉള്‍വലിയുന്ന കഥാപാത്രം. ഇത്തരം കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാല്‍, സുരാജ് അയത്നലളിതമായി പേരറിയാത്തവര്‍ എന്ന ചിത്രത്തിലെ തൂപ്പുകാരനെ അനശ്വരമാക്കി. മാസ്മരികപ്രകടനമെന്ന് വിശേഷിപ്പിക്കാതെവയ്യ- കഥാവിഭാഗത്തില്‍ അവാര്‍ഡുകള്‍ നിര്‍ണയിച്ച ദേശീയ ജൂറി അധ്യക്ഷന്‍ സയദ് അഖ്തര്‍ മിര്‍സയുടെ വാക്കുകളാണിത്. താരപ്പകിട്ടിനല്ല, അഭിനയമികവിനാണ് ഇക്കുറി പതിനൊന്നംഗ ദേശീയ ജൂറി മുന്‍തൂക്കം നല്‍കിയത്. അതുകൊണ്ടുതന്നെ ദേശീയ ജൂറി അംഗങ്ങള്‍ക്കാര്‍ക്കുംതന്നെ പരിചിതനല്ലാത്ത സുരാജ് വെഞ്ഞാറമൂട് തന്നെ അഭിനയമികവ് ഒന്നുകൊണ്ടു മാത്രം അര്‍ഹതപ്പെട്ട പുരസ്കാരം നേടിയെടുത്തു.

സുരാജിനൊപ്പം അവാര്‍ഡ് പങ്കിട്ട രാജ്കുമാര്‍ റാവുവും അത്ര അറിയപ്പെടുന്ന നടനല്ലെന്നത് ശ്രദ്ധേയമാണ്. ഇരുവരുടെയും മികച്ച പ്രകടനമാണ് താരപ്പകിട്ടിനപ്പുറം അര്‍ഹതയ്ക്ക് അവാര്‍ഡ് നല്‍കാന്‍ ജൂറിയെ നിര്‍ബന്ധിതമാക്കിയത്. സലിംകുമാറിന് ശേഷം ഒരിക്കല്‍ക്കൂടി നക്ഷത്രപദവിയില്ലാത്തവരിലേക്ക് ദേശീയ പുരസ്കാരം എത്തുന്നു. അന്തിമഘട്ടത്തില്‍ ആകെ 85 ചിത്രങ്ങളാണ് പതിനൊന്നംഗ ജൂറി മുമ്പാകെ എത്തിയത്. ജൂറി കണ്ട 84-ാമത്തെ ചിത്രമായിരുന്നു പേരറിയാത്തവര്‍. മികച്ച നടനടക്കം പ്രധാന പുരസ്കാരങ്ങള്‍ ആ ഘട്ടത്തില്‍ ജൂറി അംഗങ്ങളില്‍ പലരും മനസ്സില്‍ ഉറപ്പിച്ചുകഴിഞ്ഞിരുന്നു. അനീതിക്കെതിരെ പോരാടുന്ന ഷഹീദ് അസ്മിയെന്ന യുവ അഭിഭാഷനെ ഉജ്വലമായി അവതരിപ്പിച്ച രാജ്കുമാര്‍ റാവു മികച്ച നടനുള്ള പുരസ്കാരം ഏറെക്കുറെ ഉറപ്പിച്ചതാണ്. അപ്പോഴാണ് 84-ാമത്തെ ചിത്രമായ പേരറിയാത്തവരിലൂടെ സുരാജിന്റെ വരവ്. ഇതോടെ എല്ലാം തകിടംമറിഞ്ഞെന്ന് സയ്യദ് അഖ്തര്‍ മിശ്ര പറഞ്ഞു.

രാജ്കുമാറിനെയും സുരാജിനെയും മികച്ച നടനുള്ള പുരസ്കാരത്തിനായി പത്ത് ജൂറി അംഗങ്ങളും ഒരേപോലെ നിര്‍ദേശിച്ചു. ഇവരിലൊരാള്‍ക്ക് പുരസ്കാരം നിഷേധിക്കുന്നത് അനീതിയാകുമെന്ന് ബോധ്യമായിരുന്നതിനാല്‍ ഇരുവര്‍ക്കുമായി അവാര്‍ഡ് നല്‍കുകയെന്ന നിലപാടിലേക്ക് ജൂറി ഒരേമനസ്സോടെ എത്തിച്ചേര്‍ന്നുവെന്ന് മിര്‍സ പറഞ്ഞു. ഹാസ്യവേഷങ്ങളാണ് സുരാജ് കൂടുതലും കൈകാര്യംചെയ്തിരുന്നതെന്ന് ജൂറി അംഗങ്ങള്‍ക്കാര്‍ക്കും അറിവുണ്ടായിരുന്നില്ല. സ്ക്രീനില്‍ നിറഞ്ഞുനില്‍ക്കുന്നതായിരുന്നില്ല ഈ ചിത്രത്തില്‍ സുരാജിന്റെ വേഷം. പൂര്‍ണമായും ഉള്‍വലിയുന്ന കഥാപാത്രം. ആകെ എട്ട് സംഭാഷണങ്ങള്‍ മാത്രമാണ് സുരാജിന്റേതായി ചിത്രത്തിലുള്ളത്. ഇത്തരത്തിലുള്ള കഥാപാത്രങ്ങളെ തനിമ ചോരാതെ അഭിനയിച്ചു പ്രതിഫലിപ്പിക്കുക അനായാസമല്ല. പ്രതിഭയുള്ള താരങ്ങള്‍ക്കേ അത് സാധിക്കൂ. സുരാജ് ഒരു നടനാണെന്ന് തെളിയിക്കുകയാണ്. വാസ്തുഹാരയില്‍ മോഹന്‍ലാല്‍ ചെയ്ത വേഷത്തെ അനുസ്മരിപ്പിക്കും സുരാജിന്റെ പ്രകടനം- മിശ്ര പറഞ്ഞു.

ഹാസ്യം വിടില്ല; സുരാജ്

തിരു: "പേരറിയാത്തവര്‍" എന്ന ചിത്രത്തില്‍ ലഭിച്ചതുപോലുള്ള നല്ല വേഷങ്ങള്‍ ലഭിക്കുന്നതാണ് ഏറ്റവും വലിയ അവാര്‍ഡെന്ന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയ സുരാജ് വെഞ്ഞാറമൂട് പറഞ്ഞു. കുക്കു സംവിധാനംചെയ്യുന്ന "എന്റെ സത്യാന്വേഷണ പരീക്ഷകള്‍" എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹാസ്യത്തെ വിട്ടുള്ള കളിയില്ലെന്ന് പറഞ്ഞ സുരാജ് ഏത് നല്ല റോളുകള്‍ കിട്ടിയാലും അഭിനയിക്കുമെന്നും പറഞ്ഞു.

ദേശീയ അവാര്‍ഡ് ലഭിച്ചതില്‍ വളരെയേറെ സന്തോഷമുണ്ട്. അന്തിമലിസ്റ്റില്‍ വന്നുവെന്ന് രാവിലെ 10ന് വിവരം ലഭിച്ചു. അതുതന്നെ സന്തോഷവാര്‍ത്തയായിരുന്നു. ദേശീയ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അതിലേറെ സന്തോഷമായി. അവാര്‍ഡ് പ്രഖ്യാപിക്കുംവരെ വലിയ മാനസിക സമ്മര്‍ദത്തിലായിരുന്നു. മലയാളഭാഷയ്ക്കും മലയാള സിനിമയ്ക്കുമായി ഈ അവാര്‍ഡ് സമര്‍പ്പിക്കുകയാണ്. മലയാളത്തിന് ലഭിച്ച അവാര്‍ഡായാണ് ഇതിനെ കാണുന്നത്.

"പേരറിയാത്തവര്‍" എന്ന സിനിമയില്‍ അഭിനയിച്ച സമയത്തുതന്നെ സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു ദേശീയ അവാര്‍ഡ് കിട്ടുമെന്ന്. പേരറിയാത്തവര്‍ എന്ന സിനിമ റോഡ് തൂക്കുന്നവരുടെ ജീവിതമാണ് ചിത്രീകരിച്ചത്. ആ മനുഷ്യര്‍ എന്റെ മനസ്സിലുണ്ട്. ജീവിതത്തില്‍ കണ്ടുമുട്ടുന്ന മനുഷ്യരാണവര്‍. സംവിധായകന്‍ പറഞ്ഞതനുസരിച്ച് നന്നായി അഭിനയിച്ചു. ഒരുപാട് മനുഷ്യരുടെ ജീവിതവുമായി ആ സിനിമയ്ക്ക് ബന്ധമുണ്ട്. പേരറിയാത്തവര്‍ പോലൊരു സിനിമ നിര്‍മിക്കാന്‍ സന്നദ്ധനായ അനില്‍ അമ്പലക്കരയ്ക്കും സംവിധായകനും വളരെയേറെ നന്ദിയുണ്ട്.

മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ്ഗോപി തുടങ്ങി മലയാള സിനിമയിലെ നിരവധി വലിയ നടന്മാര്‍ക്കൊപ്പം അഭിനയിച്ചപ്പോള്‍ കിട്ടിയ അനുഭവങ്ങളാണ് തന്റെ അഭിനയത്തെ മെച്ചപ്പെടുത്തിയതെന്ന് സുരാജ് പറഞ്ഞു. അഭിനയജീവിതത്തില്‍ നല്ല വേഷങ്ങള്‍ നല്‍കിയ സംവിധായകരെയും നിര്‍മാതാക്കളെയും എപ്പോഴും ഓര്‍ക്കുന്നു. ഹാസ്യറോളുകളിലാണ് ധാരാളം അഭിനയിച്ചത്. അത് വിടില്ല. ഹാസ്യം ജീവാത്മാവും പരമാത്മാവുമാണ്. അതില്‍നിന്ന് മാറില്ല. എന്നാല്‍, ഏത് നല്ല വേഷം കിട്ടിയാലും സ്വീകരിക്കും. "പേരറിയാത്തവര്‍" എന്ന സിനിമയില്‍ നിങ്ങളാണ് നായകവേഷത്തില്‍ അഭിനയിക്കേണ്ടത് എന്ന് സംവിധായകന്‍ ഡോ. ബിജു പറഞ്ഞപ്പോള്‍ത്തന്നെ വലിയ അവാര്‍ഡ് കിട്ടിയ പ്രതീതിയായിരുന്നെന്ന് സുരാജ് പറഞ്ഞു.

വഴിത്തിരിവുണ്ടാക്കിയ വലംകൈ

സൈക്കിളില്‍ നിന്ന് വീണ് കൈയ്യൊടിഞ്ഞതിനാലാണ് സുരാജ് വെഞ്ഞാറമ്മൂട് നടനായത്. പത്താക്ലാസും ഗുസ്തിയും കഴിഞ്ഞ് അച്ഛനേയും ചേട്ടനേയും പോലെ സേനയില്‍ ചേരുക എന്ന ആദ്യ ജീവിതലക്ഷ്യത്തെ വഴിമാറ്റിവിട്ടത് സ്കൂള്‍ പഠനകാലത്തെ സൈക്കിള്‍ അപകടമാണ്. അപകടത്തെ തുടര്‍ന്നുണ്ടായ വലംകൈയുടെ നീളക്കുറവ് പന്ത്രണ്ടുവര്‍ഷമായി സിനിമയില്‍ മറച്ചുവയ്ക്കാന്‍ സുരാജ് പെടാപ്പാട് പെടുകയായിരുന്നു. എന്നാല്‍, ഇന്ത്യയിലെ മികച്ച നടനുള്ള പുരസ്കാരം വെഞ്ഞാറമൂടുകാരുടെ "കുട്ടപ്പനെ" തേടിയെത്തിയപ്പോള്‍ ഒടിഞ്ഞ വലംകൈ വീണ്ടും വഴിത്തിരിവ് സൃഷ്ടിക്കുന്നു.

"പേരറിയാത്തവരി"ലൂടെ ഡോ. ബിജു പറയുന്നത് റോഡ് തൂപ്പുകാരന്റെ ജീവിതമാണ്. സുരാജിന്റെ സ്വാധീനക്കുറവ് കഥാപാത്രത്തിന്റെ സവിശേഷതയായി തന്നെ സംവിധായകന്‍ അവതരിപ്പിച്ചു. സാധാരണമട്ടില്‍ ഭക്ഷണം കഴിക്കാനും ജോലി ചെയ്യാനുമെല്ലാമുള്ള കഥാപാത്രത്തിന്റെ പരിമിതി ഉള്‍ക്കൊള്ളാന്‍ സുരാജിനെ ഒടിഞ്ഞ വലംകൈ സഹായിച്ചു. സാധാരണക്കാരന്റെ ജീവിതസംഘര്‍ഷങ്ങള്‍ സൂക്ഷ്മ ശരീരഭാഷയിലൂടെ സുരാജ് ഉത്കൃഷ്ടമായി അവതരിപ്പിച്ചെന്നാണ് ദേശീയജൂറിയുടെ വിലയിരുത്തല്‍. മിമിക്രിവേദികളില്‍ കത്തിക്കയറുമ്പോള്‍ ശരീരത്തിന്റെ പരിമിതി ചലനങ്ങളില്‍ ഒളിപ്പിക്കുകയാണ് സുരാജിലെ നടന്റെ രീതി. ഗോഷ്ടി കാണിക്കുന്നതുപോലുയുള്ള കൈവയ്പ്പ് മിമിക്രിക്കുള്ള അധികയോഗ്യതയായി.

മമ്മൂട്ടിയായും ഭീമന്‍ രഘുവുമായുമെല്ലാം വേദികളില്‍ രൂപം മാറിയെത്തുമ്പോഴും ശരീരത്തിന്റെ പരിമിതി പ്രേക്ഷകര്‍ അറിഞ്ഞതേയില്ല. വെഞ്ഞാറമ്മൂട് നിന്നും "മിമിക്രി ആസ്ഥാനം" തിരുവനന്തപുരത്തേക്ക് മാറ്റിയതോടെ പുതിയ സാധ്യത തെളിഞ്ഞു. മിമിക്രി ടെലിവിഷന്‍ പരിപാടികളിലേക്കുള്ള പാസ്പോര്‍ട്ടായി. "തിരുവന്തോരം" ഭാഷ പഠിക്കുന്നതും തമ്പാനൂരിലെ ട്രൂപ്പില്‍ എത്തിയശേഷം. കൈരളി ടിവിയിലെ "ജഗപൊഗ" അവസരങ്ങള്‍ കൊണ്ടുവന്നു. മിമിക്രിവേദികളിലെ ചിരിയുടെ പൊട്ടിത്തെറി ടെലിവിഷന്‍ പരിപാടികളിലും ആവര്‍ത്തിക്കാന്‍ സുരാജിനായി. "ഭാഷ" അതിനുള്ള തുറുപ്പുചീട്ടായി.

സുരാജിന്റെ കുടിയനും തിരുവനന്തപുരം ഭാഷയുമായിരുന്നു സിനിമയിലേക്കും വഴിതുറന്നത്. വെകിളി പിടിച്ചപോലെ ഭാഷാപ്രയോഗം പടരാന്‍ തുടങ്ങിയപ്പോള്‍ പഴിയും കേട്ടു. എങ്കിലും മലയാളിയുടെ വെടിവെട്ടങ്ങളിലെല്ലാം സുരാജ് കോമഡി ഇടംനേടി. നൂറിലേറെ ചിത്രങ്ങളുമായി അഭിനയജീവിതം പന്ത്രണ്ടാംവര്‍ഷം പിന്നിടുമ്പോള്‍ കൊമേഡിയന്റെ തടവറയില്‍ നിന്നും സുരാജ് പുറത്തുചാടുകയാണ്. "ഗോഡ് ഫോര്‍ സെയില്‍", "ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ"് എന്നിവ വഴിമാറി നടത്തമായിരുന്നു. "പേരറിയാത്തവരി"ലെ സുരാജ് മലയാളിക്ക് തീര്‍ത്തും അപരിചിതനാണ്. പ്രമുഖരെ പിന്തള്ളിയാണ് ദേശീയതലത്തില്‍ സുരാജ് സ്വയം അടയാളപ്പെടുത്തുന്നത്. ഹിന്ദിയില്‍ നിന്ന് അമ്പത്തിയഞ്ചും മറാത്തിയില്‍ നിന്ന് നാല്‍പ്പത്തെട്ടും തമിഴിലിലും ബംഗാളിയിലിലും നിന്ന് നാല്‍പതോളം പടങ്ങളും മത്സരിക്കാനെത്തി. മികച്ച നടനുവേണ്ടി മത്സരിച്ചത് പ്രമുഖരും സൂപ്പര്‍താരങ്ങളും.

ഗിരീഷ് ബാലകൃഷ്ണന്‍

പ്രതീക്ഷിച്ചിരുന്ന അവാര്‍ഡ്: ഡോ. ബിജു

അടൂര്‍: പ്രതീക്ഷിച്ചിരുന്ന അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് സംവിധായകന്‍ ഡോ. ബിജു പറഞ്ഞു. മികച്ച നടനും മികച്ച പരിസ്ഥിതി ചിത്രത്തിനുമുള്ള ദേശീയ അവാര്‍ഡ് ബിജുവിന്റെ "പേരറിയാത്തവര്‍" എന്ന ചിത്രത്തിനാണ്. ഈ ചിത്രത്തിലെ തൂപ്പുകാരനായി വേഷമിട്ട സുരാജ് വെഞ്ഞാറമൂടിനാണ് മികച്ച നടനുള്ള അവാര്‍ഡ്. നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കാത്ത സര്‍ക്കാരിനും മികച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാത്ത തിയേറ്റര്‍ ഉടമകള്‍ക്കും നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കാത്ത സിനിമ വ്യവസായത്തിനും അവാര്‍ഡ് സമര്‍പ്പിക്കുന്നതായി ഡോ. ബിജു അടൂരിലെ വസതിയില്‍ പറഞ്ഞു. സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ കഥപറയുന്ന രണ്ടുമണിക്കൂര്‍ ചിത്രത്തിന് അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നു. ചാനല്‍ വഴിയാണ് ആദ്യം അവാര്‍ഡ് വിവരം അറിയുന്നത്. ഭാര്യ മേരി, മകന്‍ ഗോവര്‍ധ്, ബിജുവിന്റെ അമ്മ പൊന്നമ്മ എന്നിവരും വീട്ടിലുണ്ടായിരുന്നു.

കാലത്തിന്റെ പ്രതികാരം: സലിംകുമാര്‍

കൊച്ചി: സുരാജ് വെഞ്ഞാറമൂടിന് അവാര്‍ഡ് കിട്ടിയത് ഹാസ്യ നടന്മാരോടു കാണിച്ചിരുന്ന വേര്‍തിരിവിന് കാലം പ്രതികാരം ചെയ്യുന്നതാവാമെന്ന് നടന്‍ സലിംകുമാര്‍. അവാര്‍ഡ് കിട്ടിയതോടെ സുരാജ് ഇനി വളരെയധികം സൂക്ഷിക്കേണ്ടിയിരിക്കുന്നു. മുന്‍നിരയിലുള്ളവര്‍ക്കല്ല അവാര്‍ഡ് കിട്ടിയത്. അതിനാല്‍ ഇനി പല കുഴപ്പങ്ങളും ഉണ്ടാവാം. "ആദാമിന്റെ മകന്‍ അബു" എന്ന ചിത്രത്തിലെ അഭിനയത്തിന് തനിക്ക് അവാര്‍ഡ് കിട്ടിയപ്പോള്‍ ഇത്തരം പല പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. അവ ഏതൊക്കെയെന്ന് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. ഹാസ്യനടന്മാരെ ഗൗരവമേറിയ റോളുകളില്‍നിന്ന് മാറ്റിനിര്‍ത്തിയിരുന്ന കാലഘട്ടം മലയാളസിനിമയില്‍ ഉണ്ടായിരുന്നു. മരണ വീട് ചിത്രീകരിക്കുമ്പോള്‍ അവിടെ ഹാസ്യനടന്മാരെ നിര്‍ത്തിയിരുന്നില്ല. അവരെക്കണ്ടാല്‍ ആളുകള്‍ ചിരിക്കുമെന്ന കാരണം പറഞ്ഞായിരുന്നു ഇത്തരം രംഗങ്ങളില്‍നിന്ന് ഒഴിവാക്കിയിരുന്നത്. "ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങള്‍ തന്‍ പിന്‍മുറക്കാര്‍" എന്ന് ചങ്ങമ്പുഴ പാടിയത് ഇപ്പോള്‍ സത്യമായിരിക്കുകയാണെന്ന് സലിംകുമാര്‍ പറഞ്ഞു.

deshabhimani

Saturday, January 18, 2014

സുചിത്രാസെന്‍ അന്തരിച്ചു

കൊല്‍ക്കത്ത: സൗന്ദര്യത്തിന്റെയും പ്രതിഭയുടെയും മികവില്‍ ബംഗാളിന്റെ പ്രിയങ്കരിയായ നടി സുചിത്രാസെന്‍ (82) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് അന്ത്യം. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഡിസംബര്‍ 23നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

1939ല്‍ ബംഗ്ലാദേശിലെ പബനയിലാണ് ജനനം. രമാദാസ് ഗുപ്തയെന്നാണ് യഥാര്‍ഥ പേര്. 1952-78 കാലയളവില്‍ അമ്പതിലേറെ ബംഗാളി-ഹിന്ദി ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1963ല്‍ മോസ്കോ ചലച്ചിത്രമേളയില്‍ മികച്ച നടിക്കുള്ള സില്‍വര്‍പ്രൈസ് നേടിയ സുചിത്രാസെന്‍ അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ നടിയായി.

1955ല്‍ ദേവദാസ് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയപുരസ്കാരത്തിനര്‍ഹയായി. 1972ല്‍ പത്മശ്രീ പുരസ്കാരം നേടി. 2005ല്‍ പ്രഖ്യാപിച്ച ദാദാ സാഹബ് ഫാല്‍ക്കേ പുരസ്കാരം തന്റെ വ്യക്തിജീവിതത്തിന്റെ സ്വകാര്യത നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി നിരസിച്ചു. 2012ല്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ പരമോന്നത പുരസ്കാരമായ "ബംഗബിഭൂഷണ്‍" സമ്മാനിച്ച് ആദരിച്ചു.

സുചിത്രാസെന്നിന്റെ മകള്‍ മൂണ്‍മൂണ്‍ സെന്നും കൊച്ചുമക്കളായ റിയാസെന്നും റൈമസെന്നും പ്രശസ്ത നടികളാണ്. ബംഗാളിലെ സൂപ്പര്‍താരങ്ങളോടൊപ്പം അഭിനയിച്ച സുചിത്ര അവരുടെ നിഴലില്‍ ഒതുങ്ങാതെ നടത്തിയ മികച്ച പ്രകടനങ്ങള്‍ ഇന്ത്യന്‍ സിനിമയുടെ തിളക്കമുള്ള അധ്യായങ്ങളാണെന്ന് പ്രമുഖര്‍ അനുസ്മരിച്ചു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി അനുശോചിച്ചു.
(ഗോപി)

deshabhimani

Sunday, December 1, 2013

"ബിയാട്രീസ് വാറി"ന് സുവര്‍ണ മയൂരം

പനാജി: കിഴക്കന്‍ തിമോറില്‍നിന്നുള്ള ആദ്യ പൂര്‍ണകഥാചിത്രം "ബിയാട്രീസ് വാറി"ന് ഗോവയില്‍ സമാപിച്ച അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ സുവര്‍ണമയൂരം പുരസ്കാരം. പോര്‍ച്ചുഗീസ്-ഇന്തോനേഷ്യന്‍ ആധിപത്യം നിലനിന്ന കിഴക്കന്‍ തിമോറില്‍ ദാരിദ്ര്യത്തിനും കഷ്ടപ്പാടുകള്‍ക്കും ഇടയില്‍ ഭര്‍ത്താവിനെ കാത്തിരിക്കുന്ന ബിയാട്രീസ് എന്ന യുവതിയുടെ ജീവിതപോരാട്ടത്തിന്റെ കഥയ്ക്കാണ് 40ലക്ഷം രൂപയുടെ പുരസ്കാരം ലഭിച്ചത്. തന്റെ രാജ്യത്തെ സിനിമ "ബിയാട്രീസ് വാറി"ലൂടെ പിച്ചവച്ചുതുടങ്ങുകയാണെന്ന് വിതുമ്പുന്ന വാക്കുകളില്‍ സംവിധായിക ബെറ്റി റീസ് പറഞ്ഞു.

ഓസ്ട്രേലിയന്‍ ചലച്ചിത്രകാരന്‍ ലൂയി അക്യുസ്റ്റോയുമായി സഹകരിച്ചാണ് ഇവര്‍ സിനിമ ഒരുക്കിയത്. ഗോവ ഗവര്‍ണര്‍ ബി വി വാന്‍ചൂ പുരസ്കാരം നല്‍കി. സത്യജിത് റേയുടെ ആദ്യചിതം "പഥേര്‍ പാഞ്ചലി"യില്‍ അപു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ബാലതാരം സുബൈര്‍ ബാനര്‍ജിയുടെ ജീവിതം ചിത്രീകരിച്ച "അപുര്‍ പാഞ്ചാലി"യിലൂടെ കൗശിക് ഗാംഗുലി മികച്ച സംവിധായകനുള്ള രജതചകോരം നേടി. 15ലക്ഷം രൂപയാണ് പുരസ്കാരം. ഇന്ത്യന്‍ സിനിമയുടെ നൂറുവര്‍ഷം പ്രമാണിച്ച് കഴിഞ്ഞവര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയ 10ലക്ഷം രൂപയുടെ ശതാബ്ദിസിനിമ പുരസ്കാരത്തിന് ബംഗാളിസിനിമ "മേഘെ ധാകെ താര" അര്‍ഹമായി. ഇന്ത്യന്‍ സമാന്തര സിനിമയുടെ ശക്തനായ വക്താവ് ഋത്വിക് ഘട്ടക്കിന്റെ അന്ത്യനാളുകള്‍ രേഖപ്പെടുത്തിയ ചിത്രം സംവിധാനം ചെയ്തത് കമലേശ്വര്‍ മുഖര്‍ജിയാണ്.

പോളിഷ് നടി മാഗ്നലേല ബൊക്സാസെ മികച്ച നടിയും (ഇന്‍ ഹൈഡിങ്). ഇസ്രയേല്‍ നടന്‍ അലന്‍ മോനി അബൗതുല്‍ മികച്ച നടനുമുള്ള പുരസ്കാരം നേടി (എ പ്ലെയ്സ് ഇന്‍ ഹെവന്‍). രജതചകോരവും 10ലക്ഷം രൂപയും വീതമാണ് പുരസ്കാരം. തുര്‍ക്കിയില്‍നിന്നുള്ള പരീക്ഷണചിത്രം "തൗ ഗിള്‍ഡ്സ്റ്റ് ദ ഈവന്‍" ജൂറിയുടെ പ്രത്യേക പുരസ്കാരത്തിന് അര്‍ഹമായി. രജതചകോരവും 10ലക്ഷം രൂപയുമാണ് പുരസ്കാരം. ഗോവയിലെ പനാജിയില്‍ മണ്ഡോവി നദീതീരത്ത് മൂന്ന് കോടി രൂപ മുടക്കി ഒരുക്കിയ താല്‍ക്കാലിക സമ്മേളനവേദിയിലാണ് ഹോളിവുഡ്-ബോളിവുഡ് താരസാന്നിധ്യത്തില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തത്. മല്യേഷന്‍ നടി മിഷേല്‍ യീയോഹ് മുഖ്യാതിഥിയായി. തട്ടുപൊളിപ്പന്‍ ബോളിവുഡ് ചിത്രങ്ങളുടെ സംവിധായകനായ രോഹിത്ഷെട്ടിയെ സമാപനചടങ്ങില്‍ ഗോവന്‍സര്‍ക്കാര്‍ ആദരിച്ചു. ദക്ഷിണാഫ്രിക്കയുടെ വിമോചന നായകന്‍ നെല്‍സണ്‍ മണ്ടേലയുടെ ആത്മകഥ ഉപജീവിച്ചുള്ള "മണ്ടേല: ലോങ് മാര്‍ച്ച് ടു ഫ്രീഡം "ആയിരുന്നു സമാപനചിത്രം.
(ഗിരീഷ് ബാലകൃഷ്ണന്‍)

deshabhimani

Monday, November 25, 2013

ചലച്ചിത്രമേള: ഒരുക്കം പാതിവഴിയില്‍

തലസ്ഥാനത്ത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മേളയുടെ ഒരുക്കങ്ങള്‍ അനിശ്ചിതത്വത്തില്‍. ഉദ്യോഗസ്ഥര്‍ക്കിടയിലെ ചേരിതിരിവും മുന്‍മന്ത്രി കെ ബി ഗണേശ്കുമാര്‍ നിയമിച്ച അക്കാദമിയിലെ ജീവനക്കാര്‍ സഹകരിക്കാത്തതും മേളയുടെ സംഘാടനത്തെ ബാധിച്ചു. ചലച്ചിത്ര അക്കാദമിയുടെ വെബ്സൈറ്റിലുണ്ടായ തകരാറുകാരണം ആദ്യം രജിസ്റ്റര്‍ ചെയ്ത പലര്‍ക്കും ഇതുവരെ പണമടയ്ക്കാന്‍ കഴിഞ്ഞില്ല. ഇവര്‍ക്ക് പണമടയ്ക്കാന്‍ അവസരം നല്‍കുന്നതിനെക്കുറിച്ച് സംഘാടകര്‍ അറിയിപ്പും നല്‍കിയില്ല.

ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഈ മാസം എട്ടിന് തുടങ്ങിയിരുന്നു. എണ്ണായിരത്തിലേറെ പേര്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും 3000 പേര്‍ക്ക് ഇതുവരെ രസീത് കിട്ടിയിട്ടില്ല. മുമ്പ് മേളയുടെ ഒരുക്കങ്ങള്‍ മാസങ്ങള്‍ക്കുമുമ്പേ പൂര്‍ത്തിയാക്കിയിരുന്നു. വിവിധ കമ്മിറ്റികള്‍ വിളിച്ചുചേര്‍ക്കുകയും നടത്തിപ്പിനാവശ്യമായ പ്രവര്‍ത്തനങ്ങര്‍ നടത്തുകയുംചെയ്തു. ഇത്തവണ ഇതുവരെ ഉദ്ഘാടനചിത്രം പോലും തീരുമാനിച്ചിട്ടില്ല. മേളയിലെത്തുന്ന ചലച്ചിത്ര പ്രതിഭകളെ ഉള്‍പ്പെടുത്തി നടത്തുന്ന "മുഖാമുഖം" പരിപാടിയിലേക്ക് വന്‍ പണവും വിമാനടിക്കറ്റും നല്‍കി മുംബൈയില്‍ നിന്നാണ് അഭിമുഖം നടത്തുന്നവരെ കൊണ്ടുവരുന്നത്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ തിരുവനന്തപുരത്തും സമീപ പ്രദേശങ്ങളിലുമുള്ള ചലച്ചിത്രപ്രവര്‍ത്തകരും എഴുത്തുകാരും അധ്യാപകരും ഉള്‍പ്പെടെയുള്ളവരാണ് അഭിമുഖം നടത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം 12 തിയറ്ററുകളിലാണ് സിനിമ പ്രദര്‍ശിപ്പിച്ചിരുന്നതെങ്കില്‍ ഇത്തവണ 11 തിയറ്ററുകളിലായാണ് മേള. പ്രതിനിധികള്‍ വര്‍ധിച്ചിട്ടും തിയറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാത്തത് മേളയുടെ സുഗമമായ നടത്തിപ്പിനെ ബാധിക്കും. പല തിയറ്ററുകളിലും നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടേയുള്ളൂ. നിലവില്‍ സിനിമയ്ക്ക് പ്രത്യേക മന്ത്രിയില്ലാത്തതും ചലച്ചിത്ര അക്കാദമി സെക്രട്ടറിയായിരുന്ന കെ മനോജ്കുമാറിന്റെ രാജിയെത്തുടര്‍ന്നും അക്കാദമിയിലെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാണ്.

ഡല്‍ഹിയിലെ കേരള ഹൗസില്‍നിന്ന് ഡെപ്യൂട്ടേഷനിലെത്തിയ എസ് രാജേന്ദ്രന്‍നായരാണ് നിലവില്‍ അക്കാദമി സെക്രട്ടറി. മേള നടത്തുന്നതിന് ചുമതലയുള്ള മുഖ്യമന്ത്രിയുടെ സ്റ്റാഫ് അംഗം ഇതുവരെ അക്കാദമിയിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ തിരക്കായതിനാല്‍ സംഘാടകസമിതി യോഗത്തില്‍പ്പോലും അദ്ദേഹം പങ്കെടുത്തില്ല. ചെയര്‍മാന്‍ പ്രിയദര്‍ശന്‍ യോഗങ്ങളില്‍ പങ്കെടുക്കാന്‍ മാത്രമാണ് അക്കാദമിയിലെത്തുന്നത്. സിനിമ തെരഞ്ഞെടുത്തവര്‍ക്കിടയിലുള്ള ചേരിതിരിവും ഇത്തവണത്തെ മേളയെ ബാധിക്കും.

ഡിസംബര്‍ ആറിന് ആരംഭിക്കുന്ന മേളയില്‍ ഇത്തവണ 56 രാജ്യങ്ങളില്‍നിന്ന് 16 വിഭാഗങ്ങളിലായി 209 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. രണ്ട് മലയാളചിത്രങ്ങള്‍ ഉള്‍പ്പെടെ മത്സരവിഭാഗത്തില്‍ 14ഉം "മലയാളം സിനിമ ഇന്ന്" വിഭാഗത്തില്‍ ഏഴ് ചിത്രവും പ്രദര്‍ശിപ്പിക്കും. മെക്സിക്കന്‍ സംവിധായകന്‍ ആര്‍തുറോ റിപ്സ്റ്റെയിനാണ് ജൂറി അധ്യക്ഷന്‍.

deshabhimani

Sunday, October 27, 2013

സിനിമാകൊട്ടക പൂട്ടല്‍ തുടരുന്നു; അവശേഷിക്കുന്നത് 50 സി ക്ലാസ്

കടുത്ത പ്രതിസന്ധിയെത്തുടര്‍ന്ന് സിനിമാ തിയറ്ററുകള്‍ അടച്ചുപൂട്ടി കല്യാണ മണ്ഡപങ്ങളും മറ്റുമാക്കുന്നത് തുടരവെ സംസ്ഥാനത്ത് ഇനി അവശേഷിക്കുന്നത് 50 സി ക്ലാസ് തിയറ്ററുകള്‍ മാത്രം. മലയാളികളുടെ നിത്യഹരിത നായകന്‍ പ്രേംനസീറിന്റെ ജന്മനാടായ ചിറയിന്‍കീഴില്‍ അവശേഷിച്ചിരുന്ന ഏക തിയറ്ററും കഴിഞ്ഞ ദിവസം അടച്ചൂപൂട്ടി. 1982ല്‍ നസീര്‍ ഉദ്ഘാടനംചെയ്ത വലിയകട ജങ്ഷനിലെ സ്വാമിജി സിനിഹൗസാണ് ഒടുവില്‍ അടച്ചുപൂട്ടിയത്. പ്രേംനസീര്‍ നായകനായ ചിത്രം തന്നെയായിരുന്നു ഉദ്ഘാടന ചിത്രം. ചിറയിന്‍കീഴിലെ മറ്റ് മൂന്ന് തിയറ്ററുകളായ ഖദീജ, സജ്ന, അംബിക എന്നിവ നേരത്തെ അടച്ചുപൂട്ടിയിരുന്നു. സ്വാമിജിയുടെ ഒരുഭാഗം നേരത്തെതന്നെ ഓഡിറ്റോറിയമാക്കിയിരുന്നു.

എ ക്ലാസ് തിയറ്ററുകള്‍ ഉള്‍പ്പെടെ ആകെ 560 തിയറ്ററുകളാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. ഇവയില്‍ 200 തിയറ്ററുകള്‍ മാത്രമാണ് ബി, സി ക്ലാസ് തിയറ്ററുകള്‍. റിലീസിങ് കേന്ദ്രങ്ങളില്‍നിന്ന് ബി ക്ലാസ് തിയറ്ററുകള്‍ വരെയെ സിനിമ ഷിഫ്ട് ചെയ്ത് കളിക്കുന്നുള്ളൂ. ബി ക്ലാസ് തിയറ്ററുകളില്‍നിന്ന് സിനിമകള്‍ എത്താത്തതോടെ അവശേഷിക്കുന്ന സി ക്ലാസ് തിയറ്ററുകളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. ചെറുപട്ടണങ്ങളില്‍വരെ റിലീസിങ് തുടങ്ങുകയും ബി ക്ലാസ് തിയറ്ററുകള്‍ റിലീസിങ് കേന്ദ്രങ്ങളാവുകയും ചെയ്തതോടെ സി ക്ലാസ് തിയറ്ററുകളിലേക്ക് ആളുകള്‍ എത്താതായി. 1990ല്‍ സംസ്ഥാനത്ത് 1400 തിയറ്ററുകള്‍ ഉണ്ടായിരുന്നു. ഈ തിയറ്ററുകളുടെ പകുതിയലധികവും ഇപ്പോള്‍ അടച്ചുപൂട്ടി ഓഡിറ്റോറിയങ്ങളും ഷോപ്പിങ് കോംപ്ലക്സുകളും വളം ഡിപ്പോയും ഗോഡൗണുകളുമാക്കി മാറ്റി. ചിലയിടങ്ങളില്‍ തിയറ്റര്‍ പൊളിച്ച് ബാറും കള്ളുഷാപ്പുകളും തുടങ്ങി. കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ മാത്രമാണ് പുതുതായി മള്‍ട്ടിപ്ലക്സുകള്‍ തുടങ്ങിയിട്ടുള്ളത്. ഇവയിലാകട്ടെ ടിക്കറ്റ് നിരക്ക് കൂടുതലാണ്.

നിലവിലുള്ള ബി, സി ക്ലാസ് തിയറ്ററുകള്‍ പലതും നിലനിര്‍ത്തുന്നത് അന്യസംസ്ഥാനത്തൊഴിലാളികളാണ്. മറുനാടന്‍ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പെരുമ്പാവൂരിലെ തിയറ്ററുകള്‍ ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു. ഇവര്‍ക്കായി ചില തിയറ്ററുകളില്‍ ഞായറാഴ്ചകളില്‍ ബംഗാളി, ഒറിയ, ഹിന്ദി ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. അതേസമയം, അടച്ചുപൂട്ടലുകള്‍ക്കിടയിലും തമിഴ്നാട് അതിര്‍ത്തി പ്രദേശമായ കളിയിക്കാവിളയില്‍ രണ്ട് തിയറ്ററുകള്‍ പതുതായി ആരംഭിച്ചു. ഇവിടത്തെ തമിഴ് റിലീസിങ് ചിത്രങ്ങള്‍ക്ക് തമിഴ്നാട്ടില്‍നിന്നുള്ള പ്രേക്ഷകരാണ് ഏറെയും.

deshabhimani

Thursday, October 24, 2013

മന്നാഡെയ്ക്ക് ആദരാഞ്ജലി

പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ മന്നാഡെ അന്തരിച്ചു. 94 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പുലര്‍ച്ചെ 3.40 നു ബംഗലുരുവിലായിരുന്നു അന്ത്യം. മലയാളം അടക്കം ഒന്‍പത് ഭാഷകളിലായി 3500ല്‍ അധികം ഗാനങ്ങള്‍ പാടി. 2007ല്‍ ദാദാ സാഹെബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ചിരുന്നു.സംസ്കാരം ഉച്ചക്ക് 12.45 നു ബംഗലുരുവില്‍.

കൊല്‍ക്കത്തയില്‍ ജനിച്ച പ്രഭോദ് ചന്ദ്ര ഡെ എന്ന മന്നാഡെ അന്‍പതുവര്‍ഷം മുംബൈയില്‍ താമസിച്ച ശേഷമാണ്‌ ബംഗളൂരുവിലെത്തിയത്‌.  ചെമ്മീനിലെ പ്രശസ്തമായ മാനസമൈനേ വരൂ’ എന്ന ഗാനം ആലപിച്ചത്‌ മന്നാഡേയാണ്‌. പിന്നീട് 1974ൽ നെല്ല് സിനിമയിൽ ജയചന്ദ്രനൊപ്പം ചെമ്പാ..ചെമ്പാ എന്ന ഗാനവും മന്നാഡെ പാടി.

1943-ല്‍ സംഗീതസം‌വിധാനസഹായിയായാണ്‌ മന്നാ ഡേ ചലച്ചിത്രരംഗത്തെത്തുന്നത്. പുരാണചിത്രങ്ങള്‍ക്ക് ശാസ്ത്രീയസംഗീത ഈണങ്ങള്‍ നല്‍കിവന്ന അദ്ദേഹം രാമരാജു എന്ന ചലച്ചിത്രത്തിനു വേണ്ടിയാണ് ആദ്യമായി ഗാനമാലപിച്ചത്. എന്നാല്‍ 1943ല്‍ തമന്ന എന്നെ ചിത്രത്തിനു വേണ്ടീ പാടിയ ഗാനങ്ങളാണു ഹിറ്റായത്. പിന്നീട് എസ് ഡി ബര്‍മ്മന്റെ  സം‌ഗീതസം‌വിധാനത്തില്‍ മഷാല്‍ എന്ന ചലച്ചിത്രത്തിനു വേണ്ടി അദ്ദേഹം ആലപിച്ച ഗാനങ്ങള്‍ വളരെ ശ്രദ്ധേയമാകുകയും ചെയ്തു. ഈ ചിത്രത്തിനു വേണ്ടി എസ്.ഡി. ബര്‍മ്മന്റെ സം‌ഗീതസം‌വിധാനസഹായി കൂടിയായിരുന്നു മന്നാ ഡേ പിന്നീട് 1950-52 കാലഘട്ടത്തില്‍ വളരെയധികം മികച്ച ഗാനങ്ങള്‍ പാടി. ആദ്യ കാലത്ത് ബംഗാളിയില്‍ അധികം പാടിയിരുന്നു.

ഭാര്യ കണ്ണൂർ സ്വദേശി സുലോചന കുമാരന്‍ 2013 ജനുവരിയില്‍ അന്തരിച്ചു. സുരോമ, സുമിത എന്നിവര്‍ മക്കളാണു.

മറക്കാനാകാത്ത ആ ഹമ്മിങ്ങ്

വി ടി മുരളി

ഹമ്മിങ് എന്ന ആലാപനരീതി പാട്ടുകളോടൊപ്പം തന്നെ നാം ആസ്വദിക്കാറുണ്ട്. പഴയ പാട്ടുകളിലും പുതിയ പാട്ടുകളിലും വ്യത്യസ്ത രീതിയിലാണ് ഹമ്മിങ്ങ് ഉപയോഗിക്കുന്നത്. ചില പാട്ടുകളില്‍ രാഗങ്ങളെ അടിസ്ഥാനമാക്കി തുടക്കത്തില്‍ ഒരു ദീര്‍ഘ ഹമ്മിങ് കാണും. യുവജനോത്സവങ്ങളില്‍ ലളിതഗാനമത്സരത്തില്‍ എല്ലാ കുട്ടികളും പാട്ടിന്റെ തുടക്കത്തില്‍ ഹമ്മിങ് ആലപിക്കുന്നു. ഒരാവശ്യവുമില്ലാത്ത ആ ഹമ്മിങ് മുതല്‍ ഗാനം ലളിതമല്ലാതായിത്തീരുകയാണ് പതിവ്.

ഹമ്മിങ്ങുകള്‍ക്ക് എന്തെങ്കിലും പ്രസക്തിയുണ്ടോ എന്ന് ചിന്തിച്ചുപോയത് മലയാളിയല്ലാത്ത ഒരു സംഗീത സംവിധായകന്‍ ചെയ്ത ഒരു ഹമ്മിങ് കേട്ടപ്പോഴാണ്. ആ ഗാനം പാടിയതും മലയാളിയല്ല. സലില്‍ ചൗധരി എന്ന സംഗീത സംവിധായകന്റെ സംഗീതത്തില്‍ പാടിയത് മന്നാഡെ.

ചെമ്മീന്‍ ചരിത്രത്തിലെ ഒരപൂര്‍വ അനുഭവമാണത്. തകഴിയുടെ കഥ, എസ് എല്‍ പുരത്തിന്റെ തിരക്കഥ, വയലാറിന്റെ ഗാനങ്ങള്‍, സലില്‍ ചൗധരിയുടെ സംഗീതം, മന്നാഡെ പാടുന്നു, ഋഷികേശ് മുഖര്‍ജിയുടെ എഡിറ്റിങ്, മാര്‍കസ് ബര്‍ട്ട്ലിയുടെ ഛായാഗ്രഹണം, സത്യന്‍, ഷീല, മധു, കൊട്ടാരക്കര തുടങ്ങിയവരുടെ അഭിനയമികവ്, സര്‍വോപരി രാമു കാര്യാട്ടിന്റെ സംവിധാനം ഇങ്ങനെയൊരു സംഗമം മലയാള സിനിമയില്‍ ചെമ്മീനിന് മുമ്പും പിമ്പും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുമെന്നും തോന്നുന്നില്ല. ഈ ചിത്രത്തിന് പ്രസിഡന്റിന്റെ സ്വര്‍ണമെഡല്‍ ലഭിച്ചിട്ടുണ്ട്.

മധുവിന്റെ പരീക്കുട്ടിക്ക് വേണ്ടിയാണ് മന്നാഡെ പാടുന്നത്. ""മാനസ മൈനേ വരൂ മധുരം നുള്ളിത്തരൂ"" പാട്ടിന്റെ ആരംഭത്തില്‍ ഒരു ഹമ്മിങ് ഉണ്ട്. ഒരുപക്ഷേ ആ പാട്ട് മറ്റു ഗായകര്‍ക്ക് അപ്രാപ്യമാക്കുന്നത് പോലും ഈ ഹമ്മിങ് ആണ്. താരസ്ഥായി ഋഷഭത്തില്‍ ആരംഭിച്ച് മന്ത്രസ്ഥായി പഞ്ചമത്തില്‍ അവസാനിക്കുന്ന ഹമ്മിങ് അതിനിടയിലൂടെ കടന്നുപോകുന്ന സ്ഥാനങ്ങളെല്ലാം അപ്രതീക്ഷിതമായി വന്നുചേരുന്നത് പോലെ. ഈ ഹമ്മിങ് പാടാനാണ് മന്നാഡെയെന്ന ഗായകനെ നിശ്ചയിച്ചതെന്ന് തോന്നിപ്പോകും പാട്ടു കേട്ടാല്‍.

കടലിന്റെ അങ്ങേക്കരയില്‍നിന്ന് സഞ്ചരിച്ച് ഇങ്ങേക്കരയില്‍ എത്തുന്നത് പോലെ. അരിച്ചരിച്ചെത്തുന്ന വികാരത്തിന്റെ അലകള്‍. അത് കടല്‍ത്തിരമാലകളുടെ മുകളില്‍ സഞ്ചരിച്ച് നമ്മുടെ ചെവിയില്‍ വീഴുന്നതുപോലെ. തിരമാലകള്‍ കരയിലേക്കടിച്ച് അവിടെ തകരുന്നത് പോലെ. തീരത്ത് അത് അവസാനിക്കുന്നു. നുരയും പതയും ചേര്‍ന്ന് അത് കടല്‍ത്തീരത്ത് പരന്നൊഴുകുന്നു. അതുപോലെത്തന്നെയാണ് ഹമ്മിങ്ങും. ആദ്യഘട്ടത്തില്‍ വികാരത്തെ വഹിച്ച് ദൂരെ നിന്നത് പുറപ്പെടുന്നു. രണ്ടാംഘട്ടത്തില്‍ രണ്ടാമത്തെ താളവട്ടത്തില്‍ അത് തിരമാലയായി മാറി കരയില്‍ അവസാനിക്കുന്നു. അതായത് ഋഷഭത്തില്‍ തുടങ്ങി ശ്രുതിയോടു ചേര്‍ത്തുവയ്ക്കുന്നു. വരികള്‍ ഇല്ലാതെ തന്നെ കഥാപാത്രത്തിന്റെ വിങ്ങല്‍ മുഴുവന്‍ അനുഭവിപ്പിക്കുന്നു ഹമ്മിങ്.

പാട്ടിന്റെ വരികള്‍ ഉച്ചരിക്കുമ്പോള്‍ മലയാളിയല്ലാത്തതുകൊണ്ട് സംഭവിക്കുന്ന പിശകുകള്‍ നമുക്ക് പ്രശ്നമായി തോന്നിയില്ല. ഈ പിശകുകള്‍ ഉണ്ടാകുമെന്നറിഞ്ഞിട്ടും അദ്ദേഹത്തെക്കൊണ്ട് പാടിച്ചത് ഈ ഹമ്മിങ്ങിനു വേണ്ടിയാണെന്ന് ഭാഷാ പക്ഷപാതികള്‍ മനസ്സിലാക്കുന്നുണ്ട്. ഉച്ചാരണത്തിന്റെ കാര്യത്തില്‍ മലയാളി പാട്ടുകാര്‍ തന്നെ എത്രത്തോളം ശ്രദ്ധിക്കുന്നുണ്ട് എന്ന് നമുക്കറിയാം. താന്‍ പാടിയ പാട്ടിന്റെ വരികള്‍ റിക്കാര്‍ഡിങ് റൂമില്‍ തന്നെ അതെഴുതിയ എഴുത്തുകാരന്റെ മുന്നില്‍തന്നെ ഉപേക്ഷിച്ചുപോകുന്നവര്‍ എത്രയോ. ഏത് എഴുത്തുകാരന്റേതായാലും ഏത് സംഗീത സംവിധായകന്റേതായാലും അതൊക്കെ കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കുന്നവരെയും നമുക്ക് കാണാം . "ചെമ്മീനിന്റെ ഗാനരചന നിര്‍വഹിച്ചത് വയലാറാണെങ്കിലും "മാനസ മൈനേ" എന്ന ഗാനത്തിന്റെ രചനയില്‍ വലിയ സവിശേഷത തോന്നിയിട്ടില്ല. സലില്‍ ചൗധരിയുടെ സംഗീതത്തിന്റെ ചട്ടക്കൂടിനുള്ളില്‍ എഴുതിയതാണല്ലോ ഇതിലെ പാട്ടുകള്‍. അന്നു മുതലാണല്ലോ നാം ഇങ്ങനെയൊരു സൃഷ്ടികര്‍മം ആരംഭിച്ചത്. മലയാളം അറിയാഞ്ഞിട്ടുകൂടി, ഒ എന്‍ വിയുടെ രചനയ്ക്ക് സംഗീതം നല്‍കിയ പാട്ടുകളും ഉണ്ടായിട്ടുണ്ട്. ട്

യൂണിനുസരിച്ച് എഴുതുന്ന സമ്പ്രദായം ഇപ്പോള്‍ മലയാളികള്‍ വരെ സ്വീകരിച്ചുകഴിഞ്ഞു. അങ്ങനെ വരികള്‍ എഴുതിയപ്പോള്‍ വയലാറിനോട് കഥാപാത്രത്തെ മറന്നുപോയോ എന്നു തോന്നും. ""നിലാവിന്റെ നാട്ടില് നിശാഗന്ധി പൂത്തല്ലോ"" എന്നൊക്കെ പരീക്കുട്ടി പാടുമോ എന്ന് സംശയം. കടലിലെ ഓളവും കരളിലെ മോഹവും അടങ്ങുകില്ലോമനേ അടങ്ങുകില്ല"" എന്ന് പാടാം. ഇങ്ങനെ കഥാപാത്രത്തിനു ചേര്‍ന്നും ചേരാതെയും ഉള്ള വരികളുണ്ട് ഈ ഗാനത്തില്‍. എങ്കിലും പാട്ട് എല്ലാ മലയാളികളും സ്വീകരിച്ചു എന്ന് തീര്‍ത്തും പറയാം.

ഹമ്മിങ്ങുകളെക്കുറിച്ച് പൊതുവേ നാം ആലോചിക്കാറില്ല. രാഗസ്വഭാവത്തില്‍, നാടോടി സ്വഭാവത്തില്‍ ഒക്കെ ഹമ്മിങ്ങുകള്‍ വരുന്നു. പ്രണയാര്‍ദ്രമായി പാടുന്ന ശൈലി, വിപ്ലവഗാനങ്ങളിലെ മൂര്‍ച്ചയുള്ള ഹമ്മിങ്, ലൈംഗികച്ചുവയുള്ള ഹമ്മിങ്, താരാട്ട് പാട്ടിലെ സ്നേഹമസൃണമായ ഹമ്മിങ്, ഇങ്ങനെ ഹമ്മിങ് നിരവധി രീതിയില്‍ ഉപയോഗിക്കുന്നു. മന്ത്രസ്ഥായി മുതല്‍ താരസ്ഥായി വരെയെത്തുന്ന സ്ഥായിയില്‍ രവീന്ദ്രനെപ്പോലുള്ളവര്‍ കഠിനമായ ഹമ്മിങ് ഉണ്ടാക്കിയിട്ടുണ്ട്. മലയാള സിനിമാഗാനങ്ങളിലെ എല്ലാ ഹമ്മിങ്ങുകളില്‍നിന്നും വേറിട്ട്, മാറിനില്‍ക്കുന്നു മാനസ മൈനേ എന്ന ഗാനത്തിലെ ഹമ്മിങ്. സലില്‍ ചൗധരിയെന്ന സംഗീതസംവിധായകനും മന്നാഡെ എന്ന മഹാഗായകനും ചേര്‍ന്നൊരുക്കിയ വികാര പ്രപഞ്ചം.

deshabhimani

Sunday, October 20, 2013

രാഘവന്‍ മാസ്റ്റര്‍ ഇനി ഓര്‍മ്മ; സിനിമോലോകം അവഗണിച്ചു

കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ സംഗീത സംവിധായകന്‍ കെ രാഘവന്‍ മാസ്റ്ററുടെ മൃതദേഹം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ തലശേരി സെന്റിനറി പാര്‍ക്കില്‍ സംസ്കരിച്ചു. സാംസ്കാരിക മന്ത്രി കെ സി ജോസഫ് സംസ്കാര ചടങ്ങില്‍ പങ്കെടുത്തു. ജഗന്നാഥ ക്ഷേത്രത്തിനടുത്ത വസതിയില്‍ നിന്ന് വിലാപയാത്രയായി കൊണ്ടുവന്ന മൃതദേഹം പകല്‍ 11 മുതല്‍ ഒന്നുവരെ തലശേരി ബിഇഎംപി സ്കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചു.

സമൂഹത്തിന്റെ നാനാതുറകളിലുള്ള നൂറുകണക്കിന് പേര്‍ രാഘവര്‍ മാസ്റ്റര്‍ക്ക് അന്തിമോപചാരമര്‍പ്പിക്കാനെത്തി. അതേമസയം മലയാള സിനിമാ ലോകം രാഘവന്‍ മാസ്റ്ററെ അവഗണിച്ചതായി പരാതിയുയര്‍ന്നു. രാഘവന്‍ മാസ്റ്ററുടെ മൃതദേഹം കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനും മലയാള സിനിമാസംഗീത രംഗത്തുനിന്ന് സംവിധായകന്‍ രഞ്ജിത് അല്ലാതെ കാര്യമായി ആരും എത്താതിരുന്നത് വിമര്‍ശനത്തിനിടയാക്കി. നടന്‍ അനൂപ് ചന്ദ്രനാണ് അഭിനേതാക്കളുടെ സംഘടനയായി അമ്മയ്ക്ക് വേണ്ടി മൃതദേഹത്തില്‍ റീത്ത് സമര്‍പ്പിച്ചത്.

ദൂരക്കൂടുതലുള്ളതുകൊണ്ടാണ് തലശേരിയില്‍ എത്താതിരുന്നതെന്നും അത് രാഘവന്‍ മാഷോടുള്ള അനാദരവായി കാണരുതെന്നും അമ്മ പ്രസിഡന്റ് ഇന്നസെന്റ് പ്രതികരിച്ചു. രാഘവന്‍ മാസ്റ്ററെ സിനിമാലോകം അനാദരിച്ചത് ശരിയായില്ലെന്ന് സംവിധാനയകന്‍ രഞ്ജിത് അഭിപ്രായപ്പെട്ടു.

മലയാള സിനിമ സംഗീത രംഗത്തുള്ളവര്‍ അപമാനിച്ചതിനു തുല്യമാണിതെന്ന് മാസ്റ്ററുടെ മകന്‍ മുരളീധരനും നാട്ടുകാരും പറഞ്ഞു. രാഘവന്‍ മാസ്റ്റര്‍ ജനങ്ങള്‍ക്കിടയില്‍ ജീവിക്കുമെന്നും അദ്ദേഹത്തിന്റെ മകന്‍ പ്രതികരിച്ചു. താരങ്ങളോ സംഗീത ലോകത്തെ ആളുകളോ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്താതിരുന്നത് കടുത്ത അനാദരവാണെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

deshabhimani

Sunday, September 29, 2013

ആസ്വാദകശ്രദ്ധനേടി പെണ്‍ചലച്ചിത്രമേള

സ്വാതന്ത്ര്യത്തോടുള്ള അടങ്ങാത്ത ആഗ്രഹത്തിന്റെയും അവകാശബോധത്തിന്റെയും കഥപറഞ്ഞ ചലച്ചിത്രങ്ങള്‍കൊണ്ട് ഫീമെയില്‍ ഫിലിംഫെസ്റ്റിവലിന്റെ രണ്ടാംദിനം സമ്പന്നമായി. ശ്യാം ബെനഗലിന്റെ "ഭൂമിക ദി റോള്‍"വന്‍ കൈയടിയോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ഉഷ എന്ന അഭിനേത്രിയുടെ ജീവിതസങ്കീര്‍ണതകളെ അതിലളിതമായി ചിത്രം അവതരിപ്പിക്കുന്നു. സ്മിത പാട്ടീലിന്റെ അഭിനയജീവിതത്തിലെ മികച്ച കഥാപാത്രമാണ് ചിത്രത്തിലേത്. മറാട്ടി നടിയായിരുന്ന ഹസ്ന വടേക്കറിന്റെ ആത്മകഥയാണ് ഈ ചിത്രത്തിനാധാരം. നിശബ്ദത നിയമമാക്കിയ ഒരു കൊട്ടാരത്തിലെ പെണ്‍കുട്ടിയുടെയും അമ്മയുടെയും കഥ പറഞ്ഞ "ദി സൈലന്‍സ് ഓഫ് ദി പാലസ്" എന്ന ചിത്രവും പ്രശംസയ്ക്ക് നേടി. 1994ല്‍ പുറത്തിറങ്ങിയ ഈ ടുണീഷ്യന്‍ ചിത്രം മൊഹ്ഫിദ ട്ലാറ്റ്ലിയാണ് സംവിധാനംചെയ്തത്.

ചലച്ചിത്രമേളയോടനുബന്ധിച്ച് ഗാന്ധിപാര്‍ക്കില്‍ "സ്ത്രീയും ആവിഷ്കാരവും" എന്ന വിഷയത്തെക്കുറിച്ച് സംവാദം നടന്നു. കഥാകാരി ചന്ദ്രമതി, റോസ്മേരി എന്നിവര്‍ പങ്കെടുത്തു. പഴയ എഴുത്തുകാരില്‍നിന്ന് വ്യത്യസ്തമായി മറ്റുള്ളവര്‍ തങ്ങളെക്കുറിച്ച് എന്തുചിന്തിക്കുന്നു എന്നുനോക്കാതെ സ്വന്തം സ്വത്വത്തെ അടയാളപ്പെടുത്താന്‍ ധൈര്യം കാണിക്കുന്നവരാണ് പുതിയ എഴുത്തുകാരികളെന്ന് ചന്ദ്രമതി പറഞ്ഞു. എഴുത്തുകാരികള്‍ തങ്ങള്‍ക്ക് സ്വയം ഏര്‍പ്പെടുത്തുന്ന സെന്‍സര്‍ഷിപ്പില്‍നിന്ന് പുറത്തുകടക്കണം. അതിന് നമ്മുടെ സ്വാതന്ത്ര്യം നമ്മുടെ ഉള്ളില്‍തന്നെയാണെന്ന തിരിച്ചറിവുണ്ടാകണമെന്നും ചന്ദ്രമതി പറഞ്ഞു. മുന്നേനടന്ന എഴുത്തുകാരികള്‍ വെട്ടിയ വഴിയാണ് പുതിയ എഴുത്തുകാരികള്‍ക്ക് സുഗമമായ എഴുത്തിനുള്ള വഴിയൊരുക്കുന്നതെന്ന് റോസ്മേരി പറഞ്ഞു. ടി എന്‍ സീമ എംപി, ഡോ. പി എസ് ശ്രീകല എന്നിവര്‍ സംസാരിച്ചു. ഡോ. പ്രിയ നായര്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് ശൈലജ പി അംബു അവതരിപ്പിച്ച "മത്സ്യഗന്ധി" ഏകപാത്ര നാടകം അരങ്ങേറി.

deshabhimani

Tuesday, September 24, 2013

ചായം തേക്കാതെ രാമു മടങ്ങി...

""എല്ലാ മുഖങ്ങളും സുന്ദരമാണ്. മേക്കപ്പ് എന്നത് മനുഷ്യമുഖത്തില്‍ മറ്റൊരു മുഖം വരച്ചുചേര്‍ക്കലാണ്""... ചമയകലയുടെ കാരണവരായിരുന്ന ചമയം രാമുവിന്റേതാണ് ഈ വാക്കുകള്‍. മേക്കപ്പ് ഇന്നത്തെപ്പോലെ പ്രാപ്യമല്ലാതിരുന്ന കാലത്ത് അതിനെ ഒരു മഹത്തായ കലയാക്കി ഉയര്‍ത്തിക്കൊണ്ടുവന്ന അതുല്യ കലാകാരനാണ് തിങ്കളാഴ്ച്ച അരങ്ങൊഴിഞ്ഞ ചമയം രാമു. അദ്ദേഹത്തിന്റെ മാന്ത്രികസ്പര്‍ശത്താല്‍ സുന്ദരന്മാരും സുന്ദരിമാരുമായവര്‍ നിരവധിയാണ്. അദ്ദേഹം നിര്‍മിച്ച ആടയാഭരണങ്ങള്‍ അണിഞ്ഞ് അരങ്ങുകള്‍ കൊഴുപ്പിച്ചവരും അനവധി. ഇതിനിടെ, ഹിന്ദിയിലെ വൈദഗ്ധ്യം അന്നത്തെ പ്രസിദ്ധമായ ശങ്കേഴ്സ് ട്യൂട്ടോറിയലില്‍ ഹിന്ദി അധ്യാപകനാകാന്‍ അവസരമൊരുങ്ങി. നാടകവേദികളില്‍ മേക്കപ്പ് ഇടാന്‍ അവസരം ലഭിച്ചതോടൊപ്പം രംഗാവിഷ്കാരത്തിനും വസ്ത്രാലങ്കാരത്തിനും വഴിയൊരുങ്ങി. ആകര്‍ഷകമായ പുതിയ രൂപങ്ങള്‍ രംഗാവിഷ്കാരത്തിന് ഒരുക്കിയത് ഈ കലാകാരനെ പെട്ടെന്ന് പ്രശസ്തിയിലേക്ക് ഉയര്‍ത്തി. പ്രശസ്ത നാടക കലാകാരന്മാരായ പി കെ വേണുക്കുട്ടന്‍നായര്‍, ജി ശങ്കരപ്പിള്ള, ടി എന്‍ ഗോപിനാഥന്‍നായര്‍, ടി ആര്‍ സുകുമാരന്‍നായര്‍, നാഗവള്ളി ആര്‍ എസ് കുറുപ്പ്, ജഗതി എന്‍ കെ ആചാരി തുടങ്ങിയവര്‍ക്ക് മുഖം മിനുക്കാന്‍ രാമു എത്തണമെന്ന നിലയിലായി. സംസ്ഥാനത്തെ വിവിധ നാടക ട്രൂപ്പുകളില്‍ മേക്കപ്പിനും രംഗാവിഷ്കാരത്തിനും രാമുവിന്റെ സാന്നിധ്യം ഒഴിച്ചുകൂടാനാകാത്തതായി. എന്നാല്‍, എല്ലായിടത്തും എത്താന്‍ കഴിയാത്തതിനാല്‍ മേക്കപ്പും രംഗാവിഷ്കാരവും രാമു പഠിപ്പിച്ചുതുടങ്ങി. ഒരു നാടകം അരങ്ങിലെത്തുമ്പോള്‍ മേക്കപ്പ് ഇടുന്നതിനൊപ്പം തുടര്‍വേദികളില്‍ അവതരിപ്പിക്കാന്‍ വേണ്ട മേക്കപ്പും മറ്റും നാടക കമ്പനിയിലെ തന്നെ ഒരാളെ പഠിപ്പിച്ചുനല്‍കി. തന്റെ കരവിരുത് മറ്റുള്ളവര്‍ക്ക് പകര്‍ന്നുനല്‍കാന്‍ അദ്ദേഹത്തിന് അതിരറ്റ സന്തോഷമായിരുന്നു.

നഗരത്തില്‍ ചിത്രലേഖ എന്ന ഫിലിം സൊസൈറ്റിയാണ് ചലച്ചിത്രരംഗത്തേക്ക് അദ്ദേഹത്തെ എത്തിച്ചത്. അടൂര്‍ ഗോപാലകൃഷ്ണന്റെ "സ്വയംവര"ത്തില്‍ മേക്കപ്പ്മാന്‍ രാമുവായിരുന്നു. തുടര്‍ന്ന് പത്മരാജന്‍, അരവിന്ദന്‍, ഭരതന്‍, ബാലചന്ദ്രമേനോന്‍, രാജീവ്നാഥ് തുടങ്ങിയവരുടേതുള്‍പ്പെടെ 90 സിനിമകളില്‍ മേക്കപ്പ്മാനായി. ആറുപതിറ്റാണ്ടായി നഗരത്തിലെ അലങ്കാരരംഗത്ത് നിറസാന്നിധ്യമായിരുന്നു രാമു. നൃത്തം, ബാലെ, സ്കൂള്‍ കലോത്സവങ്ങള്‍ തുടങ്ങി പൂജപ്പുരയിലെ ചമയം വീട് കലാകാരന്മാരുടെ നിത്യസന്ദര്‍ശനകേന്ദ്രമായിരുന്നു. നഗരത്തിലെ സ്കൂള്‍, നൃത്ത വിദ്യാലയങ്ങള്‍, സാംസ്കാരിക സമിതികളുടെ പരിപാടികളിലും രാമു ടച്ച് അവിഭാജ്യഘടകമായിരുന്നു. ഓരോ ഓണക്കാലത്തും നൂറിലേറെ മാവേലിയെയും അദ്ദേഹത്തിന്റെ കരസ്പര്‍ശത്താല്‍ ഒരുക്കിയിട്ടുണ്ട്. രാമുവിന്റെ ചമയക്ലാസിനും ഏറെ തിരക്കാണ്. കൗതുകപൂര്‍വം ഈ മഹാകല പഠിക്കാന്‍ വിദേശികളടക്കം ആയിരത്തിലേറെ ശിഷ്യന്മാരുമുണ്ട്. വീടിനോട് ചേന്ന് ആകര്‍ഷകമായി നിര്‍മിച്ചിരിക്കുന്ന ചമയപ്പുരയില്‍ നിറയെ അപൂര്‍വ സാമഗ്രികളാണെന്ന് അയല്‍വാസിയായ കെ മോഹന്‍ദാസ് പറയുന്നു. ഭാര്യ ജയശ്രീ, മകള്‍ ദേവിപ്രിയ, ഭാര്യാസഹോദരന്‍ ശശി പൂജപ്പുര എന്നിവരെയും ചമയത്തെക്കുറിച്ച് അദ്ദേഹം പഠിപ്പിച്ചിട്ടുണ്ട്. 2003ല്‍ ഈ കലാകാരന്റെ ചമയരംഗത്തെ അമ്പതാംവര്‍ഷം ആഘോഷിക്കവെ പ്രസിദ്ധീകരിച്ച "ചമയ കേരളം" സ്മരണികയില്‍ നാനാതുറയിലുള്ള പ്രമുഖര്‍ രാമുവിനെ കുറിച്ച് ലേഖനങ്ങള്‍ രചിച്ചിട്ടുണ്ട്.
(വിജയ്)

deshabhimani

Monday, September 23, 2013

ചൂഷണത്തിനെതിരെ പൊരുതാന്‍ കുഞ്ഞന്മാര്‍

വെള്ളിത്തിരയില്‍ മിന്നിത്തിളങ്ങിയിട്ടും ജീവിതത്തിന് നിറം പകരാനാകാത്ത ഇത്തിരി കുഞ്ഞന്മാര്‍ ചൂഷണത്തിനും കബളിപ്പിക്കലിനുമെതിരെ ഒന്നിക്കുന്നു. നിരവധി സിനിമകളില്‍ അഭിനയിച്ച പത്തോളം പൊക്കംകുറഞ്ഞവരാണ് പുതിയ സംഘടന എന്ന ലക്ഷ്യവുമായി ഞായറാഴ്ച രാവിലെ ആലപ്പുഴ ബീച്ചില്‍ ഒത്തുചേര്‍ന്നത്. സിനിമാ വ്യവസായത്തില്‍ കുറഞ്ഞ വേതനം ഉറപ്പാക്കാനും പ്രോഗ്രാമുകളില്‍ പങ്കെടുപ്പിച്ചശേഷം വെറുംകൈയോടെ മടക്കി അയക്കുന്ന പ്രവണതയ്ക്കുമെതിരെ പ്രതികരിക്കാനും അവകാശങ്ങള്‍ നേടിയെടുക്കാനും ലക്ഷ്യമിട്ടാണ് സംഘടന രൂപീകരിക്കുന്നത്. സ്മോള്‍ മെന്‍സ് അസോസിയേഷന്‍ എന്നാണ് പുതിയ സംഘടനയ്ക്ക് പേര് നല്‍കിയത്. ഇതിനകം സിനിമകളിലും സ്റ്റേജ് ഷോകളിലും അടക്കം പങ്കെടുത്ത് മികവ് തെളിയിച്ച ഛോട്ടാ വിപിന്‍, പ്രദീപ് അഞ്ചല്‍, പ്രേം തിരുവനന്തപുരം, വിപിന്‍ ജോര്‍ജ് ആലപ്പുഴ, രതീഷ് ആലപ്പുഴ, വേണു കരുനാഗപ്പള്ളി, മനു ചേര്‍ത്തല, അരവിന്ദ് തിരുവനന്തപുരം, വിനോദ് അമ്പലപ്പുഴ, വിഷ്ണു തിരുവനന്തപുരം എന്നിവരാണ് ഒത്തുചേര്‍ന്നത്.

ഓള്‍ കേരള സ്മോള്‍ മെന്‍സ് അസോസിയേഷന്‍ എന്ന പേരില്‍ 2006ല്‍ സംഘടന രൂപീകരിച്ചെങ്കിലും തുടര്‍ പ്രവര്‍ത്തനം നടക്കാത്തതിനാലാണ് പുതിയ സംഘടന രൂപീകരിക്കുന്നതെന്ന് എസ്എംഎ വര്‍ക്കിങ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഛോട്ടാ വിപിന്‍ പറഞ്ഞു. സിനിമയിലും സ്റ്റേജ് ഷോയിലും കോമഡി പ്രോഗ്രാം, പരസ്യ ചിത്രങ്ങള്‍, വിവിധ സ്ഥാപനങ്ങളുടെ ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങി വിവിധ പരിപാടികളില്‍ പങ്കെടുപ്പിച്ചശേഷം ബസ് കൂലി പോലും നല്‍കാതെയാണ് മടക്കി അയക്കുന്നതെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. അടുത്തിടെ പുറത്തിറങ്ങിയ ത്രിഡി സിനിമയിലും ഈയിടെ പ്രവര്‍ത്തനം ആരംഭിച്ച വന്‍ വ്യവസായ സ്ഥാപനത്തിന്റെ പരിപാടിയിലും പത്ത് ദിവസത്തോളം പ്രവര്‍ത്തിച്ചിട്ടും പ്രതിഫലം നല്‍കിയില്ല. ഷൂട്ടിങ്ങ് തീര്‍ന്ന ദിവസം ഭക്ഷണം പോലും നല്‍കാത്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

deshabhimani

Friday, September 13, 2013

"ലെഫ്റ്റ് ലെഫ്റ്റ് ലെഫ്റ്റ്" പുറത്തിറങ്ങി

കമ്യൂണിസ്റ്റുകാരുടെ സാമൂഹ്യ ഇടപെടലിന്റെ പ്രാധാന്യവും പ്രസക്തിയും വിവരിക്കുന്ന രണ്ട് ഹ്രസ്വചിത്രങ്ങള്‍ "ലെഫ്റ്റ് ലെഫ്റ്റ് ലെഫ്റ്റ്" എന്ന പേരില്‍ പ്രകാശിപ്പിച്ചു. കാട്ടായിക്കോണം ശ്രീധരന്‍ സ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചലച്ചിത്ര സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന് നല്‍കിയാണ് സിഡി പ്രകാശിപ്പിച്ചത്. ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായി.

സമൂഹത്തില്‍ വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന മാലിന്യം അലസമായി വലിച്ചെറിയുന്ന യുവാവിന് പുതിയ ചിന്തയുടെ വിത്ത് പാകി ഒരു കമ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍ ഇടപെടുന്നതാണ് ആദ്യ ചിത്രത്തിന്റെ പ്രമേയം. അപകടത്തില്‍പ്പെട്ട് വഴിയില്‍ കിടക്കുന്ന യുവാവിനെ തിരക്കുള്ള ജീവിതത്തിനിടയില്‍ വഴിയാത്രക്കാര്‍ അവഗണിക്കുമ്പോള്‍ ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ ഓട്ടോ ഓടിക്കുന്ന കമ്യൂണിസ്റ്റുകാരന്‍ സ്വന്തം വാഹനത്തില്‍ ആശുപത്രിയിലെത്തിക്കുന്നതാണ് രണ്ടാമത്തെ ചിത്രത്തിന്റെ പ്രമേയം. മനുഷ്യത്വം മരവിക്കാത്ത കാലത്തിന്റെ കാവല്‍ക്കാരാണ് കമ്യൂണിസ്റ്റുകാര്‍ എന്ന് രണ്ടു ചിത്രങ്ങളും ഓര്‍മപ്പെടുത്തുന്നു.

നവമാധ്യമരംഗത്ത് സിപിഐ എം സഹയാത്രികരുടെ കൂട്ടായ്മയില്‍ ഒന്നായ ഫേസ്ബുക്ക് സെല്‍ ഇന്റര്‍ നാഷണലിന്റെ ബാനറില്‍ നിര്‍മിച്ച ചിത്രങ്ങള്‍ വിശാഖ് നായരാണ് സംവിധാനംചെയ്തത്. റണ്ണര്‍ ബീം ഫിലിംസിന്റെ ബാനറില്‍ ശരത് ദേവനാണ് നിര്‍മാണച്ചുമതല നിര്‍വഹിച്ചത്. രാഷ്ട്രീയ- സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചിത്രം കാണാനെത്തി. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് പിണറായി ഉപഹാരം നല്‍കി. പി ജി ദിലീപ് സ്വാഗതവും ഗോപന്‍ നന്ദിയും പറഞ്ഞു. യു ട്യൂബ്, ഫേസ്ബുക്ക്, ഗൂഗിള്‍ തുടങ്ങിയവയിലൂടെ ചിത്രങ്ങള്‍ കാണാം

യു ട്യൂബ് ലിങ്ക്‍ ചിത്രം-1

യു ട്യൂബ് ലിങ്ക്‍ ചിത്രം-2

Tuesday, July 2, 2013

സിനിമ കച്ചവടം മാത്രമായെന്ന് അടൂര്‍

ജീവിതത്തെ മാറ്റിനിര്‍ത്തി ലാഭമുണ്ടാക്കാനുള്ള ഉല്‍പ്പന്നം മാത്രമായി ഇന്നത്തെ സിനിമ മാറിയെന്ന് വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

യഥാര്‍ഥ ജീവിതവുമായി ഇന്നത്തെ സിനിമകള്‍ ബന്ധം പുലര്‍ത്തുന്നില്ല. യാഥാര്‍ഥ്യത്തില്‍നിന്ന് എത്ര അകലുന്നുവോ അത്രയും സാമ്പത്തികനേട്ടമുണ്ടാകുമെന്ന തരത്തിലാണ് മലയാളസിനിമയുടെ പോക്ക്. ജീവിതത്തെ നേരിടാനാണ് കലകള്‍ പഠിപ്പിക്കുന്നത്. ഇന്നത്തെ സിനിമകള്‍ ജീവിതത്തില്‍നിന്ന് ഒളിച്ചോടാനാണ് പറയുന്നത്. ലിംക ബുക്ക് ഓഫ് റെക്കോഡ്സിന്റെ മലയാളം പതിപ്പിന്റെ പ്രകാശനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റൗഡികളുടെ കഥയാണ് ഇന്ന് ഭൂരിഭാഗം മലയാളസിനിമകളും പറയുന്നത്. 60 വയസ്സുള്ള റൗഡിയായ നായകന്‍ 16 വയസ്സുള്ള നായികയെ സ്വന്തമാക്കുന്നു. അടിസ്ഥാനപരമായി എല്ലാ ചിത്രങ്ങളുടെയും കഥ ഇതുതന്നെ. ഒരുകാലത്ത് അത്ഭുതവും ആവേശവും സിനിമ സമ്മാനിച്ചിരുന്നു. ഇന്ന് വളര്‍ന്നുവരുന്ന പ്രവണതകള്‍ പലതും നിരാശാജനകമാണ്. സാങ്കേതിക വളര്‍ച്ചയ്ക്കനുസരിച്ച് സിനിമയുടെ സാധ്യത പ്രയോജനപ്പെടുത്തുന്നില്ല. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമല്ല. സമൂഹത്തില്‍ത്തന്നെ ഈ നിരാശ വ്യാപകമാണ്. സമൂഹത്തില്‍ വളര്‍ന്നുവരുന്ന പീഡനങ്ങളും മറ്റും ഇതോടൊപ്പം ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്. ആധുനിക സാങ്കേതികവിദ്യയുടെ സഹായമില്ലാതെയാണ് പണ്ട് സിനിമയെടുത്തിരുന്നത്. ഇന്നത്തെ തലമുറ സിനിമയെ സമൂഹത്തിന് പ്രയോജനപ്പെടുത്തുന്നില്ല. പുതുതലമുറ സിനിമകളെക്കുറിച്ച് കേട്ടിട്ടുണ്ട്; കണ്ടിട്ടില്ല. ആരെയും മാറ്റിനിര്‍ത്തണമെന്ന് അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു. ദൃശ്യഭാഷ ഇന്ന് എല്ലാവര്‍ക്കും പ്രാപ്യമായെന്ന് സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവന്‍ പറഞ്ഞു.

ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ ലിംക ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്സിന്റെ ഈവര്‍ഷത്തെ മലയാളം പതിപ്പ് അടൂര്‍, സന്തോഷ് ശിവന്‍, ലിംക ബുക്കിന്റെ എഡിറ്റര്‍ വിജയ ഘോഷ്, കൊക്കകോള ഇന്ത്യ പബ്ലിക് അഫയേഴ്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് വൈസ് പ്രസിഡന്റ് ദീപക് ജോളി, സീനിയര്‍ വൈസ് പ്രസിഡന്റ് (ലീഗല്‍) ശുക്ല വാസന്‍, ഹിന്ദുസ്ഥാന്‍ കൊക്കകോള സംസ്ഥാന മേധാവി അജയ് കെ കുമാര്‍ എന്നിവര്‍ ചേര്‍ന്ന് പ്രകാശനംചെയ്തു.

സിനിമയ്ക്കു നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ലിംക ബുക്ക് ഓഫ് റെക്കോഡ്സിന്റെ പീപ്പിള്‍ ഓഫ് ദി ഇയര്‍ പുരസ്കാരം അടൂരിനും സന്തോഷ് ശിവനും സമ്മാനിച്ചു. ഇന്ത്യന്‍ സിനിമയുടെ ശതാബ്ദിയോടനുബന്ധിച്ച് ഇക്കുറി പ്രത്യേക സിനിമാപതിപ്പാണ്. മലപ്പുറത്തുനിന്നുള്ള ലിംകാ റെക്കോഡ് ജേതാവ് മനു കള്ളിക്കാട് തയ്യാറാക്കിയ കൊളാഷ് പോര്‍ട്രേറ്റും ചടങ്ങില്‍ പ്രകാശനംചെയ്തു. സോപാനം സ്കൂളിന്റെ പഞ്ചവാദ്യം, ദിലീപ് ശുകപുരത്തിന്റെ ചെണ്ടമേളം, കലാമണ്ഡലം ഹേമലതയുടെ മോഹിനിയാട്ടം, ലക്ഷ്മി ബന്‍സണിന്റെ സംഗീതം എന്നിവയും അരങ്ങേറി

deshabhimani

Friday, May 31, 2013

സ്ത്രൈണതയെ ആഘോഷിച്ച ചലച്ചിത്രകാരന്‍

ഋതുപര്‍ണ ഘോഷിന്റെ തികച്ചും അപ്രതീക്ഷിതമായ വേര്‍പാട് ഉച്ചശ്രുതിയില്‍ നില്‍ക്കുന്ന രാഗാലാപനം പെട്ടെന്നു നിലച്ചുപോയ അനുഭവമാണ് അദ്ദേഹത്തിന്റെ സിനിമകളെ ഇഷ്ടപ്പെടുന്നവര്‍ക്കിടയിലുണ്ടാക്കിയിരിക്കുക. 1994 മുതല്‍ 2012 വരെ മാത്രം നീണ്ടുനിന്ന അദ്ദേഹത്തിന്റെ സിനിമാസപര്യ സമൃദ്ധമായിരുന്നു. സ്ത്രൈണതയുടെ വിവിധ മാനങ്ങളില്‍നിന്നുകൊണ്ട് മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണതകളെ അന്വേഷിക്കുകയും അവതരിപ്പിക്കുകയും ചെയ്തവയായിരുന്നു അദ്ദേഹത്തിന്റെ സിനിമകള്‍. സ്വന്തം ലിംഗമാറ്റത്തെ തന്നെ അതിന്റെ എല്ലാവിധ ഹര്‍ഷസംഘര്‍ഷങ്ങളോടെയും സിനിമയുടെ വിഷയമാക്കാനുള്ള ആര്‍ജവം കാണിച്ച അപൂര്‍വം ചലച്ചിത്രകാരന്മാരിലൊരാളായിരുന്നു ഘോഷ്.

ബംഗാളി സിനിമ ഒരര്‍ഥത്തില്‍ ഒരു വഴിത്തിരിവിലോ ദശാസന്ധിയിലോ എത്തിപ്പെട്ടിരുന്ന 1990കളുടെ അവസാനത്തിലാണ് ഘോഷ് സിനിമാരംഗത്തേക്ക് കടന്നുവന്നത്. സത്യജിത് റായ്, ഋത്വിക്ക് ഘട്ടക്, മൃണാള്‍സെന്‍ തുടങ്ങിയ മഹാരഥന്മാര്‍ക്കുശേഷം വന്ന ബുദ്ധദേവ് ദാസ്ഗുപ്ത, ഗൗതം ഘോഷ് തുടങ്ങിയവരുടെ തലമുറയുടെ കാലം അപ്പോഴേക്കും കഴിഞ്ഞുതുടങ്ങിയിരുന്നു. നവതരംഗത്തിന്റെതായ ഉണര്‍വുകളുടെ കാലഘട്ടം കഴിയുകയും ടെലിവിഷന്‍ ദൃശ്യമാധ്യമരംഗത്തെയാകെ കൈയടക്കുകയും ചെയ്ത സന്ദര്‍ഭമായിരുന്നു അത്. അതുവരെയുണ്ടായിരുന്നതും വിലമതിക്കപ്പെട്ടിരുന്നതും ഉപരിവര്‍ഗത്തിന്റെയും ഇടത്തരക്കാരുടെയും അംഗീകാരം നേടിയിരുന്നതുമായ പ്രമേയഭൂമികകളും പരിചരണരീതികളും അപ്രസക്തമാകുകയും പൊതുവെ വ്യത്യസ്തവും കലാപരവും ആയ സിനിമകള്‍ക്ക് പ്രചാരവും പരിഗണനയും കുറഞ്ഞുതുടങ്ങിയതുമായ കാലമായിരുന്നു അത്. ഘോഷ് തനിക്കുമുമ്പേ നിലനിന്ന രണ്ടു ധാരകളെയും ഒരുരീതിയില്‍ സമന്വയിപ്പിക്കയാണ് ചെയ്തത്. ഒരു വശത്ത് തന്റെ ക്ലാസിക് പാരമ്പര്യത്തിന്റെ സ്വാധീനങ്ങളും താല്‍പ്പര്യങ്ങളും ടാഗോര്‍, സത്യജിത് റായ് തുടങ്ങിയവരുടെ തുടര്‍ച്ച എന്ന നിലയില്‍ തന്റെ സിനിമകളില്‍ അദ്ദേഹം നിലനിര്‍ത്തി. എന്നാല്‍, അതിനോടൊപ്പം വ്യക്തിസവിശേഷവും എന്നാല്‍, രൂപപരവും ലാവണ്യപരവുമായ തലങ്ങളില്‍ ആഗോളീയമായി സമകാലികവും ആയ ഒരു ശൈലിയും അദ്ദേഹം വികസിപ്പിച്ചെടുത്തു. റായിയെ പോലെ പരസ്യലോകത്തുനിന്ന് സിനിമയിലേക്കു വന്ന ഒരാളാണ് ഘോഷും. അതുകൊണ്ടുതന്നെ ഓരോ ദൃശ്യത്തിന്റെയും ദീപസംവിധാനത്തിലും സ്ഥലവിന്യാസത്തിലും ഒപ്പം ആഖ്യാനത്തിലുള്ള ഹ്രസ്വതയിലും അദ്ദേഹത്തിന് പ്രത്യേക കൈയടക്കം തുടക്കം മുതല്‍ തന്നെ കാണാം.

ഉനിഷേ ഏപ്രില്‍ (1994) തൊട്ട് ചിത്രാംഗദ (2012) വരെയുള്ള ചിത്രങ്ങളിലെല്ലാംതന്നെ സ്ത്രീരൂപങ്ങളാണ് ആഖ്യാനകേന്ദ്രത്തിലുള്ളത്. വിഭജിക്കപ്പെട്ട ഒരു കുടുംബത്തിലോ അതില്‍നിന്ന് പലകാരണങ്ങള്‍കൊണ്ടും പുറത്തായവരോ പുറത്തുവന്നവരോ ആയിരിക്കും ഘോഷിന്റെ നായികമാര്‍. അവര്‍ ജീവിതത്തെ അതിന്റെ എല്ലാവിധ ഏറ്റിറക്കങ്ങളോടെയും സുഖദുഃഖങ്ങളോടെയും സ്വീകരിക്കുന്നു. പലപ്പോഴും അവര്‍ ജീവിതത്തില്‍ ഒരു വലിയ ദുരന്തത്തിലൂടെയെങ്കിലും കടന്നുപോയിട്ടുമുണ്ടാകും. സ്ത്രീകളുടെ ലോകത്തിന്റെ ആവിഷ്കര്‍ത്താവായതിനാല്‍ത്തന്നെ വീടകങ്ങളുടെ ചിത്രീകരണത്തില്‍ സവിശേഷമായ മികവ് ഘോഷ് പുലര്‍ത്തുന്നതുകാണാം. കഥാപാത്രങ്ങളുടെ വൈകാരികാവസ്ഥകള്‍ക്കനുസരിച്ച് വീടകങ്ങളുടെ (പ്രത്യേകിച്ചും ഒന്നിലധികം നിലകളും നീണ്ട ബാല്‍ക്കണിയും ഇടനാഴികളും ഉള്ള ബംഗാളിഗൃഹങ്ങള്‍) വിവിധ സമയങ്ങളിലും സന്ദര്‍ഭങ്ങളിലും ഉള്ള പ്രകാശവ്യതിയാനങ്ങളും പ്രതലഭേദങ്ങളും ജനലുകളും കോണിപ്പടികളും വാതിലുകളും അലങ്കാരകട്ടിലുകളും മറ്റു സാധനസാമഗ്രികളും എല്ലാം ഉപയോഗിക്കാനുള്ള പ്രാഗല്‍ഭ്യം സത്യജിത് റായ്ക്കു ശേഷം ആരും പ്രകടിപ്പിച്ചിട്ടില്ല. സ്ത്രീപുരുഷബന്ധങ്ങളില്‍ അന്തര്‍ഹിതമായിരിക്കുന്ന അധികാരപ്രയോഗങ്ങളുടെ സൂക്ഷ്മതലങ്ങളെ ഘോഷ് ചിത്രങ്ങള്‍ നിരന്തരം ഇഴപിരിച്ചു പരിശോധിച്ചുകൊണ്ടിരുന്നു, വ്യക്തമായും എക്കാലത്തും അദ്ദേഹത്തിന്റെ ചായ്വ് സ്ത്രീപക്ഷത്തോടുതന്നെയായിരുന്നു. ഇത്ര ഗാഢവും വൈകാരികവുമായ രീതിയില്‍ സ്ത്രീപുരുഷാവസ്ഥകളെ അനുഭവിച്ചറിഞ്ഞ മറ്റൊരു ചലച്ചിത്രകാരനുണ്ടാകാനിടയില്ല. ഒരുപക്ഷേ വ്യക്തിപരമായ തലത്തിലും കലാകാരന്‍ എന്ന നിലയിലും അദ്ദേഹത്തെ അനന്യനാക്കുന്നത് തന്റെ ചലച്ചിത്രസപര്യയിലൂടെ ക്രമേണ സ്ത്രൈണതയിലേക്ക് സഞ്ചരിച്ച ഒരാള്‍ എന്നതായിരിക്കും.
(സി എസ് വെങ്കിടേശ്വരന്‍)

deshabhimani

Thursday, May 30, 2013

ഋതുപര്‍ണ്ണ ഘോഷ് അന്തരിച്ചു

കൊല്‍ക്കത്ത: പ്രശസ്ത ബംഗാളി ചലച്ചിത്ര സംവിധായകന്‍ ഋതുപര്‍ണ്ണ ഘോഷ് (49)അന്തരിച്ചു . ഹൃദയാഘാതത്തെ തുടര്‍ന്ന് കൊൽക്കത്തയിലായിരുന്നു അന്ത്യം.

1994ല്‍ ഇറങ്ങിയ ഹിരേര്‍ ആംഗ്തിയാണ് ആദ്യ ചിത്രം. ടാഗോറിന്റെ ചിത്രാംഗദയെ ആധാരമാക്കി അതേ പേരില്‍ 2012ല്‍ ചെയ്തതാണ് അവസാന ചിത്രം.മൂന്നാം ലിംഗ ജീവിതത്തിന്റെ പ്രശ്നങ്ങൾ അവതരിപ്പിച്ച ഈ ചിത്രം കഴിഞ്ഞ ഗോവ ഫിലിം ഫെസ്റ്റിവലിൽ പ്രേക്ഷക ശ്രദ്ധ നേടി. ടി വി ഷോകളിലും സജീവമായിരുന്നു. സ്വന്തം മൂന്നാം ലിംഗ പദവി തുറന്നുപറഞ്ഞിരുന്ന ഘോഷ് ഈ വിഭാഗത്തിൽ പെട്ടവരുടെഅവകാശങ്ങൾക്കു വേണ്ടി പ്രവർത്തിച്ചു. എട്ടുതവണ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. കഴിവുറ്റ നടനുമായിരുന്നു ഘോഷ്. പുതിയ ചിത്രമായ സത്യാന്വേഷി
യുടെ അവസാനവട്ട ഒരുക്കങ്ങൾക്കിടെയായിരുന്നു അന്ത്യം.

ആകെ 19 ചിത്രങ്ങൾ സവിധാനം ചെയ്ത ഘോഷിന്റെ ദഹാൻ, ഉത്സാബ്, ചോഖേർ ബാലി, റെയിൻ കോട്ട്, ദോസർ, ഡി ലാസ്റ്റ് ലിയർ, ഷോബ് ചരിത്രോ കാല്പനിൿ, അബോഹോമാൻ എന്നീ ചിത്രങ്ങൾ ശ്രദ്ധേയമായി.

deshabhimani

Monday, March 18, 2013

ഉസ്താദ് ഹോട്ടല്‍ ജനപ്രിയചിത്രം, കല്‍പന സഹനടി


അറുപതാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ശിവാജി ലോത്തന്‍ പാട്ടീലാണ് സംവിധായകന്‍,പാന്‍സിങ്ങ് തോമര്‍ മികച്ച സിനിമയായി. നല്ല നടനുള്ള പുരസ്കാരം ഇര്‍ഫാന്‍ ഖാനും വിക്രം ഗോഖ്ലെയും പങ്കിട്ടു. മറാത്തി നടി ഉഷായാദവ് അഭിനേത്രിയായി.

മികച്ച മലയാള സിനിമക്കുള്ള പുരസ്കാരത്തിന് സെല്ലുലോയ്ഡ് അര്‍ഹമായി. കളിയഛനിലെ പശ്ചാത്തലസംഗീതത്തിന് ബിജിബാലിനും  അവാര്‍ഡുണ്ട്. ജനപ്രിയ ചിത്രം ഉസ്താദ് ഹോട്ടലാണ്.ഈ ചിത്രത്തില്‍ സംഭാഷണമെഴുതിയ അഞ്ജലിമേനോനും പുരസ്കാരം നേടി. തനിച്ചല്ല  ഞാനിലെ അഭിനയത്തിന് കല്‍പന മികച്ച സഹനടിയായി  ഒഴിമുറിക്കും അതിലെ അഭിനയത്തിന് ലാലിനും ജൂറിയുടെ പ്രത്യേക പരാമര്‍ശമുണ്ട്. ഉസ്താദ് ഹോട്ടലിലെ അഭിനയത്തിന് തിലകനെ ജൂറി പ്രത്യേകം പരാമര്‍ശിച്ചു. ലിസ്റ്റിന്‍ സ്റ്റീഫന്‍ മികച്ച നിര്‍മ്മാതാവായി. രഞ്ജിത്ത് സംവിധാനം ചെയ്ത സ്പിരിറ്റ് സാമൂഹ്യപ്രതിബദ്ധതയുള്ള ചിത്രമായി.

ശങ്കര്‍ മഹാദേവനാണ് ഗായകന്‍.പതിമൂന്നു അവാര്‍ഡുകള്‍ മലയാളത്തിനു കിട്ടി. 101 ചോദ്യങ്ങള്‍ എന്ന സിനിമയൊരുക്കിയ സിദ്ധാര്‍ഥ് ശിവ നവാഗതസംവിധായകനായി. ഈ ചിത്രത്തില്‍ അഭിനയിച്ച മിനന്‍ ബാലതാരമായി. ശബ്ദമിശ്രണത്തിനുള്ള പുരസ്കാരം മലയാളിയായ എം ഹരികുമാറിനാണ്. നല്ല സിനിമാനിരൂപകനുള്ള പുരസ്കാരം പി എസ് രാധാകൃഷ്ണന് ലഭിച്ചു. പി കെ നായരെക്കുറിച്ചുള്ള ഡോക്യുമെന്ററി "സെല്ലുലോയ്ഡ് മാനി"ന് രണ്ടു പുരസ്കാരങ്ങളുണ്ട്.തനിച്ചല്ല ഞാന്‍ ദേശീയോദ്ഗ്രഥനചിത്രമായി. ലൊക്കേഷന്‍ സൗണ്ട് റെക്കോഡിങ്ങിന് അന്നയും റസൂലും അര്‍ഹമായി.

Monday, February 25, 2013

ആര്‍ഗോക്ക് ഓസ്കാര്‍, ആങ് ലീ സംവിധായകന്‍, ഡാനിയല്‍ നടന്‍, ജെന്നിഫര്‍ നടി


മികച്ച സിനിമക്കുള്ള ഓസ്കാര്‍ പുരസ്കാരത്തിന് ബെന്‍ അഫ്ളക് സംവിധാനം ചെയ്ത ആര്‍ഗോ അര്‍ഹമായി. ഇന്ത്യന്‍ പശ്ചാത്തലത്തിലുള്ള ലൈഫ് ഓഫ് പൈ സംവിധാനം ചെയ്ത ആങ് ലീ മികച്ച സംവിധായകനായി. ലിങ്കന്‍ എന്ന സിനിമയില്‍ ലിങ്കനായി വേഷമിട്ട ഡാനിയല്‍ ഡേ ലൂയിസ് മികച്ച നടനായി. മികച്ച നടിയായി ജെന്നിഫര്‍ ലോറന്‍സ് തെരഞ്ഞെടുക്കപ്പെട്ടു. സില്‍വര്‍ ലൈനിങ്ങ് പ്ലേബാക്ക് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. ഇത്തവണത്തെ ബാഫ്റ്റ പുരസ്കാരവും ആര്‍ഗോക്കായിരുന്നു. ഇറാനില്‍ നിന്നും 6 അമേരിക്കന്‍ നയതന്ത്രജ്ഞരെ കടത്തിക്കൊണ്ടു പോരാന്‍ സിഐഎയും കാനഡയും 1980 ല്‍ നടത്തിയ നീക്കം ആധാരമായി നിര്‍മ്മിച്ചതാണ് ആര്‍ഗോ.

പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം എല്ലാവര്‍ക്കും നമസ്തേ പറഞ്ഞാണ് ആങ്ലീ വേദി വിട്ടത്. ലൈഫ് ഓഫ് പൈ ക്ക് ഇതുള്‍പ്പടെ നാലു പുരസ്ക്കാരമുണ്ട്. ആകെ 12 ഇനങ്ങളില്‍ നാമനിര്‍ദേശം ലഭിച്ചിരുന്നു. ലൈഫ് ഓഫ് പൈയുടെ ഗാനരചന നിര്‍വഹിച്ച ബോംബൈ ജയശ്രീക്ക് പുരസ്കാരമുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ലഭിച്ചില്ല. സ്കൈഫാളിനാണ് ഗാനരചനക്കുള്ള പുരസ്കാരം. ലൈഫ് ഓഫ് പൈ മികച്ച സംഗീതത്തിനുള്ള പുരസ്കാരവും നേടി. മൈക്കല്‍ ഡാനെക്കാണ് പുരസ്കാരം. ആദ്യപുരസ്ക്കാരം ലഭിച്ചത് ഛായാഗ്രഹണത്തിനാണ്. ക്ലോഡിയോ മിറാണ്ടയാണ് ജേതാവ്. വിഷ്വല്‍ ഇഫക്ട്സിനാണ് ചിത്രം രണ്ടാം പുരസ്ക്കാരം നേടിയത്.

ആങ് ലീ മൂന്നാംവട്ടമാണ് ഓസ്കാര്‍ നേടുന്നത്. മികച്ച സംവിധായകനുള്ള ഓസ്കാര്‍ നേടുന്നത് രണ്ടാംവട്ടവും. ചൈനീസ് വംശജനായ അമേരിക്കന്‍ ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തും നിര്‍മ്മാതാവുമാണ് 58കാരനായ ആങ് ലീ. "സെന്‍സ് ആന്‍ഡ് സെന്‍സിബിലിറ്റി", "ക്രൗച്ചിങ്ങ് ടൈഗര്‍, ഹിഡന്‍ ഡ്രാഗന്‍", "ബ്രോക്ക്ബാക്ക് മൗണ്ടന്‍", മുതലായവ ആങ് ലീയുടെ മറ്റ് പ്രശസ്തചിത്രങ്ങളാണ്. "ക്രൗച്ചിങ്ങ് ടൈഗര്‍, ഹിഡന്‍ ഡ്രാഗന്‍" 2000ല്‍ മികച്ച ചിത്രത്തിനുള്ള ഓസ്ക്കാര്‍ നേടിയിരുന്നു. ബ്രോക്ക്ബാക്ക് മൗണ്ടന്‍ (2005) എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ഓസ്കാറും നേടി. മികച്ച സംവിധായകനുള്ള ഓസ്ക്കാര്‍ നേടുന്ന ആദ്യത്തെ ഏഷ്യന്‍ വംശജനായി.
 
മികച്ച വിദേശ ചിത്രത്തിനുള്ള പുരസ്ക്കാരം അമോറാണു നേടിയത്. മൈക്കിള്‍ അനോഹെയാണു ഈ ചിത്രത്തിന്റെ സംവിധായകന്‍. ലേ മിസറബിള്‍സിലെ ആന്‍ ഹാത്വേ മികച്ച രണ്ടാമത്തെ നടിയായി. ഇതോടെ ലേ മിസറബിള്‍സിന് മൂന്നു പുരസ്കാരങ്ങളായി. ചമയത്തിനും ചിത്രസംയോജനത്തിനുമാണ് പുരസ്കാരങ്ങള്‍. മികച്ച സഹനടനായി ക്രിസ്റ്റഫ് വാള്‍സ് തെരഞ്ഞെടുക്കപ്പെട്ടു. ചിത്രം ജാംഗോ അണ്‍ ചെയിന്‍ഡ്. ബ്രേവാണു മികച്ച അനിമേറ്റഡ് ഫീച്ചര്‍ ഫിലിം.പേപ്പര്‍ മാന്‍ ഹ്രസ്വ ചിത്രത്തിനു അവാര്‍ഡ് നേടി.ആര്‍ഗോയുടെ എഡിറ്റിങ്ങിന് വില്യം ഗോര്‍ബാഗ് നേടി. ലിങ്കന് മികച്ച പ്രൊഡക്ഷന്‍ ഡിസൈനും അവാര്‍ഡുണ്ട്.

deshabhimani

Saturday, February 23, 2013

ആദ്യപാട്ടിന് തന്നെ അംഗീകാരം; ആഹ്ലാദം പങ്കിട്ട് വിജയലക്ഷ്മി


വൈക്കം: കാറ്റേ...കാറ്റേ... നീ പൂക്കാമരത്തില് പാട്ടും മൂളി വന്നോ... ഞാലിപൂങ്കദളി വാഴപൂക്കളിലാകെ തേന്‍ നിറഞ്ഞോ....... പുറത്തിറങ്ങി ദിവസങ്ങള്‍ക്കകം ഹിറ്റായ പാട്ടിന്റെ ശബ്ദത്തെ തേടി അധികം വൈകാതെ സംസ്ഥാന പുരസ്കാരവും. ഏഴു പുരസ്കാരം നേടിയ "സെല്ലുലോയ്ഡ്" എന്ന ചിലച്ചിത്രത്തിന് നക്ഷത്രശോഭ പകര്‍ന്ന ഗാനം ആലപിച്ച വൈക്കം വിജയലക്ഷ്മിയെന്ന അന്ധഗായികയ്ക്കിത് സമ്മോഹനിമിഷം. ആദ്യപാട്ടിന് തന്നെ സംസ്ഥാന പുരസ്കാരം എന്ന അസുലഭഭാഗ്യം. പ്രത്യേകജൂറി പരാമര്‍ശം പ്രഖ്യാപിക്കുമ്പോള്‍ വൈക്കം വിജയലക്ഷ്മി ആലുവായില്‍ ഒരു സംഗീതപരിപാടിക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. വാര്‍ത്തയറിഞ്ഞ് വീട്ടിലെത്തിയ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമൊപ്പം മധുരം നുണഞ്ഞ് പുരസ്കാരത്തിന്റെ നിര്‍വൃതിയില്‍ വിജയലക്ഷ്മിയും പങ്കാളിയായി. ""എല്ലാം ദൈവത്തിന് സമര്‍പ്പിക്കുന്നു"" എന്ന ചെറുവാക്കുകളിയിലൊതുങ്ങി അനുഗൃഹീത ഗായികയുടെ മറുപടി.

തികച്ചും യാദൃച്ഛികമായല്ല എം ജയചന്ദ്രന്റെ ചലച്ചിത്ര പിന്നണിഗായികയാകാനുള്ള ക്ഷണം വിജയലക്ഷ്മിയെ തേടിയെത്തിയത്. ഈ ഗായികയെ ഏറെ നാളായി നോക്കിക്കാണുകയായിരുന്നു അദ്ദേഹം. പഴയകാല മലയാള സിനിമയുടെ ഓര്‍മകളിലേക്ക് പ്രേക്ഷകരെ നയിക്കുന്നതില്‍ ഈ ഗാനം പാടിയ വിജയലക്ഷ്മിക്കുള്ള പങ്ക് ചെറുതല്ല. മലയാളസിനിമയുടെ പിതാവായ ജെ സി ഡാനിയേലിന്റെ ജീവിതകഥ പറയുന്ന "സെല്ലുലോയ്ഡി"ല്‍ ആദ്യമായി പിന്നണി പാടാനായെന്നതും വിജയലക്ഷ്മി ഭാഗ്യമായി കരുതുന്നു. സിനിമ പുറത്തിറങ്ങുന്നതിനു മുന്‍പുതന്നെ ഗാനാസ്വാദകരുടെ ചുണ്ടുകളില്‍ വിജയലക്ഷ്മിയും ശ്രീറാമും ചേര്‍ന്ന് ആലപിച്ച ഗാനം മൂളിത്തുടങ്ങിയിരുന്നു. വൈക്കത്തിന് സമീപം ഉദയനാപുരം ഉഷാനിലയത്തില്‍ സി മുരളീധരന്റെയും പി കെ വിമലയുടെയും മകളായ വിജയലക്ഷ്മിജന്മനാ അന്ധയാണ്. അഞ്ചാംവയസ്സില്‍ സംഗീതത്തെ മനസ്സിലേറ്റി. അന്നുമുതല്‍ സംഗീതോപകരണങ്ങള്‍ കളിക്കൂട്ടുകാരായി. കാസറ്റിലൂടെയും റേഡിയോയിലൂടെയും പാട്ട് കേട്ടുപഠിച്ചായിരുന്നു വീട്ടില്‍ പാടിയിരുന്നത്. മകളുടെ കഴിവ് അന്നേ മാതാപിതാക്കള്‍ തിരിച്ചറിഞ്ഞു. അവരുടെ അകമഴിഞ്ഞ പ്രോത്സാഹനവും ചേര്‍ന്നതോടെ തമസ്സിനെ കീറിമുറിച്ച് വിജയലക്ഷ്മിയിലെ ഗായിക രൂപമെടുത്തു. തുടര്‍ന്ന് വിവിധ ഗുരുക്കന്മാരുടെ കീഴില്‍ സംഗീത പഠനം. ചരിത്രത്തില്‍ ബിരുദധാരിയായ വിജയലക്ഷ്മി നിലവില്‍ കേരള സര്‍വകലാശാലയില്‍ എംഎ സംഗീതവിദ്യാര്‍ഥിയാണ്. ഗായത്രിവീണക്കച്ചേരിയാണ് വിജയലക്ഷ്മിയെ ശ്രദ്ധേയയാക്കിയത്. ഇതിനകം അനവധി വേദികള്‍ കീഴടക്കിയ ഈ സംഗീതോപാസകയുടെ പരിപാടികള്‍ വിവിധ ചാനലുകളും സംപ്രേഷണം ചെയ്തിട്ടുണ്ട്. മകള്‍ക്കുവേണ്ടി മലേഷ്യന്‍ പ്ലാവില്‍ ഗായത്രിവീണ നിര്‍മിച്ചു നല്‍കുന്നത് അച്ഛനാണ്. കേരളത്തിനകത്തും പുറത്തും ഇതിനകം എണ്ണായിരത്തോളം വേദികളാണ് ഈ സംഗീതവിസ്മയം കീഴടക്കിയത്.

deshabhimani 230213

സംസ്ഥാന സിനിമ അവാര്‍ഡ് വാര്‍ത്തകള്‍, കുറിപ്പുകള്‍


സെല്ലുലോയ്ഡ്: ഓര്‍മയുടെ കലാപം

കലാരംഗത്ത് ജെ സി ഡാനിയലോളം അവഗണനയുടെ കയ്പുനീര്‍ കുടിച്ചവര്‍ ഏറെയുണ്ടാവില്ല. അവസാനമെത്തിയ മലയാള സിനിമയുടെ പിതാവ് എന്ന, ആര്‍ക്കും മുടക്കില്ലാത്ത വിളിപ്പേര് അദ്ദേഹത്തിനോടുള്ള നന്ദികേടിന് പശ്ചാത്താപവുമായില്ല. എന്നാല്‍ കമല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത "സെല്ലുലോയ്ഡ്" എന്ന ചിത്രം മറവികള്‍ക്കെതിരായ ഓര്‍മകളുടെ കലാപമാവുകയാണ്.

സിനിമയെക്കുറിച്ച് കേരളത്തിന് കേട്ടുകേള്‍വിപോലുമില്ലാതിരുന്ന 1926-28 കാലത്തായിരുന്നു ഡാനിയലിന്റെ അലച്ചിലുകള്‍. മദിരാശിയിലും മുംബൈയിലും വലിയ പ്രതിഭകള്‍ക്കുമുന്നില്‍ ഏകലവ്യനെപ്പോലെ കാത്തുകെട്ടിനിന്നു. മദിരാശിയിലെ ദുരനുഭവങ്ങള്‍ തളര്‍ത്താതിരുന്നതിനാലാണ് ഫാല്‍ക്കെയെ തേടിപ്പോയത്. കേരളത്തില്‍നിന്നുള്ള അധ്യാപകനാണെന്നും കുട്ടികളെ സിനിമയെക്കുറിച്ച് പഠിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്നുമുള്ള ചെറിയ കളവുപറഞ്ഞാണ് മുംബൈ അഭ്രപാളിയുടെ വിസ്മയങ്ങള്‍ ഒപ്പിയെടുക്കാന്‍ അവസരമുണ്ടാക്കിയതും. നാട്ടില്‍ തിരിച്ചെത്തിയ ഡാനിയല്‍ ദി ട്രാവന്‍കൂര്‍ നാഷണല്‍ പിക്ചേഴ്സ് എന്ന സ്റ്റുഡിയോ തുറന്നു. നാലുലക്ഷം രൂപക്ക് സ്വത്ത് വിറ്റാണ് മൂലധനം സമാഹരിച്ചത്. തിരക്കഥയും സംവിധാനവും ഫോട്ടോഗ്രാഫിയും എഡിറ്റിങ്ങും നിര്‍മാണവുമെല്ലാം തനിച്ച് ഏറ്റെടുത്തതിന്റെ ഫലപ്രാപ്തിയായിരുന്നു വിഗതകുമാരന്‍ എന്ന നിശ്ശബ്ദ സിനിമ. 1928 നവംബര്‍ ഏഴിന് തിരുവന്തപുരത്തെ കാപ്പിറ്റോള്‍ തിയേറ്ററിലെ ആദ്യപ്രദര്‍ശനം യാഥാസ്ഥിതികരുടെ അതിക്രമത്തിനിരയായി. സാമൂഹ്യ ഉള്ളടക്കംപോലെ അവരെ പ്രകോപിതരാക്കിയത് നടിയുടെ സാന്നിധ്യം. തീര്‍ന്നില്ല, ദളിതയായ പി കെ റോസി നായര്‍സ്ത്രീയെ അവതരിപ്പിച്ചത് സഹിക്കാവുന്നതിനപ്പുറമായി. അവരെ സിനിമാകൊട്ടകയില്‍ കാലെടുത്തുവയ്ക്കാന്‍പോലും അനുവദിച്ചില്ല. കല്ലേറും ബഹളവും പ്രദര്‍ശനത്തിന് തിരശ്ശീലയിട്ടു. ഡാനിയല്‍ പെട്ടി ചുമന്ന് നേരിട്ടെത്തുകയായിരുന്നു ആലപ്പുഴയിലെ സ്റ്റാര്‍ തിയേറ്ററില്‍. സാമ്പത്തികമായി തകര്‍ന്ന അദ്ദേഹം കടംവീട്ടാന്‍ സ്റ്റുഡിയോയും അനുബന്ധ ഉപകരണങ്ങളും വിറ്റുതുലച്ചിട്ടും പിടിച്ചുനില്‍ക്കാനായില്ല. റോസിയാകട്ടെ യഥാര്‍ഥ ദുരന്തനായികതന്നെയായിരുന്നു. കൂലിപ്പണിക്കാരിയായ അവള്‍ കഞ്ഞിത്തൂക്കുമായാണ് ചിത്രീകരണത്തിനെത്തിയിരുന്നത്. വൈകുന്നേരങ്ങളില്‍ കൃഷിപ്പണിക്കുപോയി. അവളുടെ കൂരയ്ക്ക് തീയിടുംവരെയെത്തി പ്രമാണിമാരുടെ അസഹിഷ്ണുത. ഈ കയറ്റിറക്കങ്ങളുടെ സന്തോഷവും ഞെട്ടലും ആഴത്തില്‍ അനുഭവവേദ്യമാക്കുന്നിടത്താണ് സെല്ലുലോയ്ഡിന്റെ സംഭാവന.

മധ്യമാര്‍ഗ സിനിമകളുടെ വിജയ സംവിധായകനായ കമല്‍ ജനകീയതയും ജനപ്രിയതയും കോര്‍ത്തിണക്കുന്നതില്‍ മികച്ച ശ്രദ്ധയാണ് പുലര്‍ത്തിയതും. ചലച്ചിത്രത്തെ ചൂഴ്ന്നുനില്‍ക്കുന്ന നിഗൂഢതകള്‍ ഒന്നൊന്നായി ഇഴപിരിച്ചെടുത്തതും പ്രധാനംതന്നെ. പൊതുസ്ഥാപനങ്ങളിലെയും പൊതുമണ്ഡലങ്ങളിലെയും വിഭാഗീയതയുടെ പരിസരം പലമട്ടില്‍ ഓര്‍മിപ്പിക്കുന്നുമുണ്ട് കമല്‍. പൃഥ്വിരാജിന് മികച്ച നടന്റെ പുരസ്കാരം നേടിക്കൊടുത്ത ഡാനിയല്‍ അയത്ന ലളിതമായ അവതരണത്തിനൊപ്പം അഗാധമായ ഗൃഹപാഠവുംകൊണ്ടാണ് പ്രേക്ഷകരെ പിന്തുടരുന്നത്. ഗൗരവമുള്ള ഫലിതത്തിന്റെ മേമ്പൊടികളും ഭാഷാപണ്ഡിതരുടെ പിന്തുണയില്‍ വികസിപ്പിച്ച സംഭാഷണങ്ങളും സെല്ലുലോയ്ഡിനെ വ്യത്യസ്തമാക്കുന്നുണ്ട്. ആധുനിക സംഗീതോപകരണങ്ങളുടെ കൈത്താങ്ങില്ലാതിരുന്ന കാലത്തെ നാടന്‍ പരിസ്ഥിതി മധുരമനോഹരമായി വിവര്‍ത്തനം ചെയ്യുന്നതായി എം ജയചന്ദ്രന്റെ സംഗീത സംവിധാനം. ആ വരികള്‍ തുറന്നുപാടിയ സിതാരയെയും എടുത്തുപറയാതെവയ്യ.

അകക്കണ്ണിന്റെ വെളിച്ചത്തില്‍ സ്വരച്ചേര്‍ച്ചയുടെ അത്ഭുതാവഹമായ യോജിപ്പ് കാണിച്ചുതന്ന വൈക്കം വിജയലക്ഷ്മിക്കൊപ്പം ശ്രീറാമും ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്റെ പര്യവേക്ഷണംപോലുള്ള അന്വേഷണയാത്രകളാണ് ജെ സി ഡാനിയലിനെയും അദ്ദേഹത്തിന്റെ സിനിമാ ഭ്രമത്തെയും പുറംലോകത്തെത്തിച്ചത്.

ആ കണ്ടെത്തലിനൊന്നും ഔദ്യോഗിക സ്ഥിരീകരണമുണ്ടായില്ല. തുച്ഛമായ സാമ്പത്തിക സഹായംപോലും നിഷേധിക്കപ്പെട്ടു. അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനും സാംസ്കാരിക സെക്രട്ടറി മലയാറ്റൂര്‍ രാമകൃഷ്ണനും അവജ്ഞനിറഞ്ഞ ഒഴികഴിവുകളാണ് നിരത്തിയതും. ശ്രീനിവാസനിലൂടെ ജീവന്‍വയ്ക്കുന്ന ചേലങ്ങാട്ടുമായുള്ള ഡാനിയലിന്റെ സംസാരങ്ങള്‍ കമല്‍ സിനിമയുടെ ഹൃദയംതന്നെയാകുന്നുണ്ട്. ഒരു ശ്രമത്തിന്റെ ഭാരത്തിനിടയില്‍ ഞെരിഞ്ഞമര്‍ന്ന് സാധാരണ ജീവിതം കൈമോശംവന്ന ഡാനിയല്‍ ദന്തല്‍ പഠിച്ച് പല്ലുഡോക്ടറാവുകയുമുണ്ടായി. നഷ്ടപ്പെട്ട ജീവിതത്തിന്റെ ചില ഏടുകള്‍ തിരിച്ചുപിടിക്കുമ്പോഴേക്കും മറ്റൊരു വിളി. അതു കേള്‍ക്കാന്‍ മനുസുറപ്പിച്ചത് എല്ലാം താറുമാറാക്കുകയായിരുന്നു. യാചക സമാനമായ ജീവിതത്തിന്റെ ശുഷ്ക നാളുകളില്‍ ഭാര്യ ജാനറ്റ് എന്തൊരു ശക്തിയോടെയാണ് പിന്തുണച്ചതും. മംമ്ത മോഹന്‍ദാസിന്റെ ജാനറ്റ് അതിശക്തമായ അടിത്തറയുള്ള സ്ത്രീ കഥാപാത്രമാണ്. റോസിയായി രംഗത്തെത്തിയ ചാന്ദ്നിയും സുന്ദറായി വന്ന ശ്രീജിത്ത് രവിയും സമര്‍പ്പണ തുല്യമായ അഭിനയമാണ് കാഴ്ച വച്ചത്.
(അനില്‍കുമാര്‍ എ വി)

ആദരിക്കപ്പെട്ടത് മലയാളസിനിമയുടെ പിതാവ്

തിരു: മലയാളഭാഷയുടെ പിതാവിനെ വാഴ്ത്തുന്നതുപോലെ മലയാളി മലയാളസിനിമയുടെ പിതാവിനെ ഒരിക്കലും വാഴ്ത്തിയിട്ടില്ലായിരുന്നു. "സെല്ലുലോയ്ഡി"നെ തിയറ്ററുകളില്‍ ഹൗസ്ഫുള്ളാക്കിയും ഒടുവിലിപ്പോള്‍ അവാര്‍ഡിന്റെ പെരുമഴ സമ്മാനിച്ചും മലയാളി ആ നന്ദികേടിന് അവസാനം കുറിച്ചു. മികച്ച ചിത്രത്തിനുള്‍പ്പെടെ ഏഴ് പുരസ്കാരമാണ് മലയാള സിനിമയുടെ പിതാവ് ജെ സി ഡാനിയേലിന്റെ ജീവിതം അഭ്രപാളിയിലേക്കു പകര്‍ത്തിയ സെല്ലുലോയ്ഡിനു ലഭിച്ചത്. തനിക്കു ലഭിച്ച പുരസ്കാരം ജെ സി ഡാനിയേലിന് സമര്‍പ്പിക്കുന്നുവെന്നായിരുന്നു ഡാനിയേലിനെ സെല്ലുലോയ്ഡില്‍ അവിസ്മരണീയമാക്കിയതിലൂടെ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട പൃഥ്വിരാജിന്റെ ആദ്യപ്രതികരണം.

എഴുത്തച്ഛനുമുമ്പ് മലയാളമുണ്ടായിരുന്നെങ്കിലും ഡാനിയേലിനുമുമ്പ് മലയാള സിനിമയുണ്ടായിരുന്നില്ല. സര്‍വതും സിനിമയ്ക്കായി സമര്‍പ്പിച്ച് ഒടുവില്‍ തമിഴ്നാട്ടിലെ ഏതോ തെങ്ങിന്‍ചുവട്ടില്‍ ആരോരുമറിയാതെ അന്ത്യവിശ്രമം കൊള്ളേണ്ടിവന്ന ആ ത്യാഗധനന്റെ വിയര്‍പ്പും സിനിമാ"ഭ്രാന്തും" ആണ് മലയാളസിനിമയ്ക്ക് ലോകത്തിനുമുന്നിലെത്താനുള്ള അടിത്തറ തീര്‍ത്തത്. ഡാനിയേലിന്റെ ജീവിതത്തിലെ അറിയപ്പെടാത്ത ഏടുകളെ സത്യസന്ധമായും കലാപരമായും ആവിഷ്കരിച്ചതിനാണ് പുരസ്കാരമെന്ന് ജൂറി വ്യക്തമാക്കി.

പി കെ റോസിയെന്ന മലയാളത്തിന്റെ ആദ്യനായികയുടെ ദുരന്തജീവിതംകൂടിയാണ് സെല്ലുലോയ്ഡിലൂടെ സംവിധായകന്‍ കമല്‍ മലയാളിയെ ഓര്‍മിപ്പിച്ചത്. പതിറ്റാണ്ടുമുമ്പ് കുരീപ്പുഴ എഴുതിയ "നായികയുടെ രാത്രി" എന്ന കവിതയില്‍ റോസിയെ വിവരിച്ചതുപോലായിരുന്നു ആദ്യ മലയാള സിനിമയുടെ ചരിത്രഭാഗധേയവും. ഡാനിയേല്‍ നിര്‍മാതാവും സംവിധായകനും നായകനുമായി പുറത്തിറങ്ങിയ "വിഗതകുമാരന്‍" എന്ന നിശബ്ദചിത്രത്തിലെ നായികയായ നായര്‍പെണ്‍കുട്ടിയായി ദളിതയായ റോസി അഭിനയിച്ചത് അക്ഷരാര്‍ഥത്തില്‍തന്നെ അന്നത്തെ സവര്‍ണ മാടമ്പിമാരുടെ രോഷാഗ്നിക്കിടയാക്കി. ആദ്യപ്രദര്‍ശനത്തില്‍തന്നെ തിയറ്റര്‍ അഗ്നിക്കിരയാക്കി. തന്റെ ആദ്യചിത്രം ഒന്നു കാണാന്‍പോലുമാകാതെ പ്രാണനും കൈയില്‍പിടിച്ച് എങ്ങോട്ടോ ഓടിമറഞ്ഞ മലയാളത്തിന്റെ ആദ്യനായികയെ മറവിയുടെ ഇരുട്ടില്‍നിന്ന് ഓര്‍മകളുടെ വെള്ളിത്തിരയിലേക്കാണ് കമല്‍ ആനയിച്ചത്. സിതാരയും വൈക്കം വിജയലക്ഷ്മിയും ശ്രീറാമും പാട്ടിന്റെ തേന്‍മഴ പെയ്യിച്ച് ചിത്രത്തിലെ ഗാനങ്ങളും മധുരതരമാക്കി.

ഷട്ടറിന് അവഗണന; ജൂറിക്ക് നിലവാരമില്ലെന്ന് സംവിധായകന്‍

തിരു: കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള പ്രേക്ഷക അവാര്‍ഡ് കരസ്ഥമാക്കി മലയാളത്തിന്റെ അഭിമാനമായ "ഷട്ടര്‍" സംസ്ഥാന അവാര്‍ഡ് നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടത് വിവാദമാകുന്നു. നടി സജിത മഠത്തിലിനുമാത്രമാണ് പുരസ്കാരം ലഭിച്ചത്. അതും മികച്ച രണ്ടാമത്തെ നടിയെന്നത്. കപടസദാചാരബോധത്തെ പൊളിച്ചടുക്കുന്ന ഷട്ടറിലെ കഥാപാത്രങ്ങളുടെ അഭിനയമികവും സംവിധാനമികവും ചലച്ചിത്രമേളയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനത്തിലും ഇത് പ്രതിഫലിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.

സിബി മലയില്‍ ഒഴികെ ജൂറിയിലെ മറ്റാര്‍ക്കും നിലവാരമില്ലായിരുന്നുവെന്ന രൂക്ഷവിമര്‍ശവുമായി പുരസ്കാരപ്രഖ്യാപനത്തിന് തൊട്ടുപുറകെ ഷട്ടറിന്റെ സംവിധായകന്‍ ജോയിമാത്യു രംഗത്തുവന്നു. ""ലോകസിനിമയോട് മത്സരിച്ചാണ് "ഷട്ടര്‍" രാജ്യാന്തരമേളയില്‍ പുരസ്കാരം നേടിയത്. സംസ്ഥാന അവാര്‍ഡ് കിട്ടില്ലെന്ന് നേരത്തെ അറിയാമായിരുന്നു. ജൂറിക്ക് അവരുടേതായ രാഷ്ട്രീയവും സെന്‍സിബിലിറ്റിയുമുണ്ട്. ജനങ്ങളുടെ അവാര്‍ഡിനാണ് താന്‍ വിലകല്‍പ്പിക്കുന്നത്""- ജോയിമാത്യു പറഞ്ഞു. ഒരു തെരുവുവേശ്യയുടെ ശരീരഭാഷ അനായാസേന അവതരിപ്പിച്ചതും ശബ്ദനിയന്ത്രണത്തിലെ മികവുമാണ് സജിതയെ പുരസ്കാരത്തിന് അര്‍ഹയാക്കിയതെന്ന് ജൂറി വിശദീകരിക്കുന്നു. എന്നാല്‍, മികച്ച നടിയായി തെരഞ്ഞെടുത്ത റീമ കല്ലിങ്കല്‍ അഭിനയിച്ച "നിദ്ര"യില്‍ അവരുടെ കഥാപാത്രത്തിന് മറ്റൊരാളാണ് ശബ്ദം നല്‍കിയത്. "നിദ്ര"യില്‍ റീമയ്ക്ക് ഭാവതീവ്രമായി ശബ്ദം നല്‍കിയ വിമ്മി മറിയം ജോര്‍ജിന് മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള പുരസ്കാരവും ലഭിച്ചു. മികച്ച നടിക്കുള്ള പുരസ്കാരത്തിന് റീമയെ തെരഞ്ഞെടുക്കുന്നതില്‍ "22 ഫീമെയില്‍ കോട്ടയ"ത്തിലെ അഭിനയമികവും ജൂറി പരിഗണിച്ചു.


""ഞാലിപ്പൂങ്കദളി വാഴപ്പൂക്കളില്‍ ആകെ തേന്‍ നിറഞ്ഞൂ...""

സിനിമയെ കടന്നുപോയ പാട്ടുകളായി മാറി സെല്ലുലോയ്ഡിലെ പാട്ടുകള്‍. കേരളം ഏറ്റുപാടിയ പാട്ടുകള്‍ക്ക് സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങളുടെ അംഗീകാരപ്പെരുമഴയും. മലയാളത്തിന്റെ പ്രിയ നാടന്‍പാട്ടുകലാകാരന്‍ എഴുതി മലയാളസിനിമയുടെ മധുരമായ ജയചന്ദ്രന്‍ ഈണമിട്ട "ഏനുണ്ടോടീ അമ്പിളിച്ചന്തം" എന്ന പാട്ടിലൂടെ സിതാര മികച്ച ഗായികയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഇന്റര്‍നെറ്റില്‍വരെ ജനപ്രിയഗാനമായി മാറിയ "കാറ്റേ കാറ്റേ നീ പൂക്കാമരത്തില്‍" എന്ന ഗാനത്തിലൂടെ വൈക്കം വിജയലക്ഷ്മിയും ജി ശ്രീറാമും ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനും അര്‍ഹമായി.

സെല്ലുലോയ്ഡിലെ പാട്ടുകള്‍ക്കെല്ലാം അംഗീകാരം ലഭിച്ചതോടെ മികച്ച സംഗീതസംവിധായകനായി തെരഞ്ഞെടുക്കപ്പെട്ട ജയചന്ദ്രന് അഭിനന്ദനപ്രവാഹമാണ്. റഫീഖ് അഹമ്മദ് എഴുതിയ ""കാറ്റേ കാറ്റേ നീ പൂക്കാമരത്തില്‍ പാട്ടും മൂളിവന്നോ (2) ഞാലിപ്പൂങ്കദളി വാഴപ്പൂക്കളില്‍ ആകെ തേന്‍ നിറഞ്ഞൂ..."" എന്ന വരികള്‍ വിജയലക്ഷ്മിയിലൂടെയും ശ്രീറാമിന്റെയും ശബ്ദത്തിലൂടെ പുറത്തുവന്നതിനുപിന്നിലെ കഥ ജയചന്ദ്രന്‍തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പഴയകാലത്തെ തിരിച്ചുപിടിക്കാന്‍ ജയചന്ദ്രന് പൂര്‍ണസ്വാതന്ത്ര്യം കമല്‍ നല്‍കിയിരുന്നു. ഒരു നിബന്ധന മാത്രം പഴയകാലത്തോട് പൂര്‍ണമായും നീതിപുലര്‍ത്തുകയും എന്നാല്‍, ഏറ്റവും പുതിയ തലമുറയ്ക്കുവരെ ഇഷ്ടപ്പെടുകയും ചെയ്യുന്നതാകണം പാട്ട്. അനുയോജ്യമായ ശബ്ദമാധുരി വിജയലക്ഷ്മിയിലും ശ്രീറാമിലും കണ്ടെത്തുകയായിരുന്നു. ഒരു കാലഘട്ടത്തിന്റെ പുനഃസൃഷ്ടിക്കുതകുംവിധം ഗാനസംവിധാനത്തിലൂടെ സിനിമയെ സമ്പുഷ്ടമാക്കിയെന്നാണ് ജയചന്ദ്രന് അവാര്‍ഡ് പ്രഖ്യാപിച്ച് ജൂറി വിലയിരുത്തിയത്.


ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന് പ്രത്യേക ജൂറി പുരസ്കാരം

തിരു: ദേശാഭിമാനി "സ്ത്രീ" പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനപരമ്പരയ്ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്കാരം. ശാസ്തമംഗലം സ്വദേശിയും ചലച്ചിത്രപ്രവര്‍ത്തകനുമായ കിരണ്‍ രവീന്ദ്രന്റെ ലേഖനത്തിനാണ് ജൂറിയുടെ പ്രത്യേക പുരസ്കാരം ലഭിച്ചത്. മലയാള സിനിമയിലെ ആദ്യകാല നായികമാരെ കണ്ടെത്തുകയും സിനിമാചരിത്രത്തിലെ വിട്ടുപോയവ വിളക്കിച്ചേര്‍ക്കുകയും ചെയ്യുന്ന ദൗത്യമാണ് കിരണിന്റെ ലേഖനപരമ്പര നിര്‍വഹിച്ചതെന്ന് ജൂറി വിലയിരുത്തി. മലയാളസിനിമയിലെ ആദ്യനായിക പി കെ റോസി മുതല്‍ ദേവകിബായി, നെയ്യാറ്റിന്‍കര കോമളം, കുമാരി തങ്കം തുടങ്ങി 1955 വരെയുള്ള നായികമാരെക്കുറിച്ചാണ് അവാര്‍ഡിനര്‍ഹമായ ലേഖനപരമ്പരയില്‍ പരാമര്‍ശിക്കുന്നത്. ജെ സി ഡാനിയലിനെക്കുറിച്ച് "ലോസ്റ്റ് ചൈല്‍ഡ്"എന്ന പേരില്‍ ഡോക്യുമെന്ററി എടുത്തിട്ടുണ്ട്. സിനിമാസംബന്ധിയായി നാലു പുസ്തകവും പ്രസിദ്ധീകരിച്ചു. "പിന്നണിഗാനചരിത്രം" എന്ന പുസ്തകത്തിന് 2008ല്‍ കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡും ലഭിച്ചു.

84 ചിത്രങ്ങള്‍; മൂന്നിലൊന്നും നിലവാരമില്ലാത്തവയെന്ന് ജൂറി

തിരു: മലയാള സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ അവാര്‍ഡിന് അപേക്ഷിച്ച വര്‍ഷമായിരുന്നു ഇത്തവണ. 84 ചിത്രങ്ങളാണ് ജൂറിക്കു മുന്നിലെത്തിയത്. എന്നാല്‍, ഇവയില്‍ മൂന്നിലൊന്നുപോലും നിലവാരമില്ലാത്തവയാണെന്നാണ് ജൂറി പ്രതികരിച്ചത്. സന്തോഷ് പണ്ഡിറ്റിന്റെ ചിത്രവും പരിഗണനയ്ക്കെത്തി. മിക്ക സിനിമകളും കടുത്ത ശിക്ഷയായിപ്പോയെന്നും ജൂറി അഭിപ്രായപ്പെട്ടു. മികച്ച ചിത്രങ്ങള്‍ എണ്ണത്തില്‍ കുറവായിരുന്നെങ്കിലും സുദീര്‍ഘവും ഗൗരവപൂര്‍ണവുമായ ചര്‍ച്ചയിലൂടെ നല്ല ചിത്രങ്ങളും പ്രകടനവും ഏകകണ്ഠമായി കണ്ടെത്താന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നും ജൂറി വ്യക്തമാക്കി. അടുത്തവര്‍ഷം മുതല്‍ തല്‍സമയ ശബ്ദലേഖന മികവ്, സ്പെഷ്യല്‍ വിഷ്വല്‍ ഇഫക്റ്റ്സ് എന്നിവ കൂടി അവാര്‍ഡിനു പരിഗണിക്കണമെന്ന് ജൂറി നിര്‍ദേശിച്ചു. അവാര്‍ഡിന്റെ നിയമാവലിയില്‍ അനുശാസിക്കുന്നവിധം ഗാനങ്ങളുടെ സിഡിയും പാട്ടിന്റെ വരികളുടെ പൂര്‍ണരൂപവും ഉള്‍പ്പെടെ സമര്‍പ്പിക്കാത്ത അപേക്ഷ നിരസിക്കണമെന്നും നിലവാരമില്ലാത്ത പ്രിന്റുകള്‍ പരിഗണിക്കരുതെന്നും നിര്‍ദേശമുണ്ട്. അമ്പതില്‍ കൂടുതല്‍ ചിത്രങ്ങള്‍ വന്നാല്‍ തെരഞ്ഞെടുപ്പു സമിതിയുടെ സഹായം സ്വീകരിക്കണമെന്നും ജൂറി നിര്‍ദേശിച്ചു. അടുത്ത തവണ മുതല്‍ അപേക്ഷാ ഫീസ് ഏര്‍പ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി.

മികച്ച കുട്ടികളുടെ ചിത്രമില്ല

തിരു: ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച കുട്ടികളുടെ ചിത്രമില്ല. ബ്ലാക്ക് ഫോറസ്റ്റ് എന്ന ചിത്രംമാത്രമാണ് കുട്ടികളുടെ വിഭാഗത്തില്‍ അവാര്‍ഡിനര്‍ഹമായി ജൂറി കണ്ടെത്തിയത്. എന്നാല്‍,അവാര്‍ഡ് നിര്‍ണയ നിയമാവലിപ്രകാരം ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങളെ വ്യക്തിഗത അവാര്‍ഡുകള്‍ക്ക് പരിഗണിക്കാന്‍ കഴിയാത്തതിനാല്‍ ഈ ചിത്രത്തെ മികച്ച ചിത്രം, സംവിധായകന്‍ എന്നീ കാറ്റഗറികളില്‍ പരിഗണിച്ചില്ല. ശബ്ദലേഖനം ആണ്‍, നൃത്തസംവിധാനം എന്നീ വിഭാഗങ്ങളിലും ആര്‍ക്കും പുരസ്കാരമില്ല. മികച്ച സിനിമാഗ്രന്ഥം- സിനിമയുടെ നേട്ടങ്ങള്‍ (കെ ഗോപിനാഥ്), സിനിമാലേഖനം- നിറങ്ങളുടെ സൗന്ദര്യരാഷ്ട്രീയങ്ങള്‍ (ഡോ. അജു കെ നാരായണന്‍, കെ ഷെറി ജേക്കബ്).

പപ്പീലിയോബുദ്ധയ്ക്ക് രണ്ട് അവാര്‍ഡ്

തിരു: ഗാന്ധിനിന്ദ നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്ന് നേരത്തെ പ്രദര്‍ശനാനുമതി നിഷേധിച്ച വിവാദ ചിത്രം "പപ്പീലിയോ ബുദ്ധയ്ക്കും" സംസ്ഥാന ചലച്ചിത്ര പുരസ്കാരം.ചിത്രത്തിലെ അഭിനയത്തിന് സരിതയും സംവിധാനത്തിന് ജയന്‍ ചെറിയാനുംപ്രത്യേക ജൂറി പരാമര്‍ശം നേടി. ഇന്ത്യന്‍ സാമൂഹികാവസ്ഥയില്‍ ദളിത് സമൂഹത്തിന്റെ പാര്‍ശ്വവല്‍ക്കരണവും പ്രകൃതിവിഭവങ്ങളുടെ ചൂഷണവും സമാനതകളില്ലാതെ ധീരമായി ആവിഷ്കരിച്ചതിനാണ് പ്രത്യേക പരാമാര്‍ശമെന്ന് ജൂറി വ്യക്തമാക്കി. സിനിമയുടെ പ്രമേയം തീവ്രതയോടെ ആവിഷ്കരിക്കാന്‍ നടിയെന്ന നിലയില്‍ സരിതയുടെ അര്‍പ്പിതമായ ശ്രമത്തെ അഭിനന്ദിക്കുന്നതായും ജൂറി പറഞ്ഞു. സരിതയുടേത് നടിയെന്ന നിലയില്‍ അപാരമായ ധീരതയായിരുന്നുവെന്ന് ജൂറിയംഗവും നടിയുമായ സുരേഖ എടുത്തു പറഞ്ഞു. അമേരിക്കയില്‍ താമസിക്കുന്ന ജയന്‍ ചെറിയാന്‍ കവി കൂടിയാണ്. "ബുദ്ധശലഭങ്ങള്‍" എന്നാണ് പപ്പീലിയോ ബുദ്ധയുടെ മലയാള പരിഭാഷ. ചിത്രം ഉടന്‍ തീയറ്ററിലെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

സെല്ലുലോയ്ഡ് സംവിധാനം ചെയ്യാനായത് വലിയ ഭാഗ്യം: കമല്‍

തിരു: അവഗണിക്കപ്പെട്ട മലയാളസിനിമയുടെ പിതാവ് ജെ സി ഡാനിയേലിന് നല്‍കുന്ന ആദരമാണ് സെല്ലുലോയ്ഡിന് ലഭിച്ച അംഗീകാരമെന്ന് സംവിധായകന്‍ കമല്‍ പറഞ്ഞു. സെല്ലുലോയ്ഡുപോലുള്ള ചിത്രംചെയ്യാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കാണുന്നു. സെല്ലുലോയ്ഡിന് കിട്ടിയ ഏഴ് അവാര്‍ഡുകള്‍ അണിയറപ്രവര്‍ത്തകരായ എല്ലാവര്‍ക്കും ലഭിച്ച അംഗീകാരമാണ്. ജനങ്ങളുടെയും സര്‍ക്കാരിന്റെയും അംഗീകാരം ഒരുപോലെ ലഭിച്ചതില്‍ അഭിമാനം. മികച്ച സംവിധായകനുള്ള അവാര്‍ഡ് തനിക്കൊപ്പം പ്രവര്‍ത്തിച്ച ലാല്‍ജോസിന് ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് കമല്‍ പറഞ്ഞു.


deshabhimani 230213