Monday, May 31, 2010

കേരളാ കോണ്‍ഗ്രസ് ലയനവും മാധ്യമങ്ങളും

ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെ അടുക്കളയിലെ അരിവെയ്പുകാരാണ് തങ്ങളെന്ന "അഭിമാനബോധ''മാണ് ബൂര്‍ഷ്വാ പാര്‍ടികളെ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കുമ്പോള്‍ മാധ്യമങ്ങള്‍ പ്രകടമാക്കുന്നത്. മുതലാളിവര്‍ഗ രാഷ്ട്രീയത്തിന്റെ ചട്ടക്കൂടിന് യാതൊരു പരിക്കുമേല്‍ക്കാതെയുള്ള മൃദുല വിമര്‍ശനങ്ങളാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ടികളെപ്പറ്റി മാധ്യമങ്ങളില്‍ കാണാറുള്ളത്. കോണ്‍ഗ്രസിന്റെ വര്‍ഗനയങ്ങളുടെ കോട്ടം വ്യക്തിപരമായ ഏതോ കാര്യമെന്ന നിലയില്‍ മയപ്പെടുത്താനും നേട്ടങ്ങളാകെ നേതൃഭക്തിയുടെ പാരമ്യത്തില്‍ നേതാക്കന്മാര്‍ക്കായി ചാര്‍ത്തിക്കൊടുക്കാനും മാധ്യമങ്ങള്‍ക്ക് നല്ല മെയ് വഴക്കമുണ്ട്. കേരള രാഷ്ട്രീയത്തെ സംബന്ധിച്ചാണെങ്കില്‍ കോണ്‍ഗ്രസ്സിനോളമോ അതിനേക്കാളേറെയോ മാധ്യമ പരിലാളനകളാണ് കേരളാ കോണ്‍ഗ്രസ് ആസ്വദിച്ചുകൊണ്ടിരിക്കുന്നത്.

"വളരുംതോറും പിളരുമെന്നും പിളരും തോറും വളരുമെന്നുമുള്ള'' വിഖ്യാത സിദ്ധാന്തം ഉരുവിട്ട് നാലുപതിറ്റാണ്ടിനടുത്ത് കേരള രാഷ്ട്രീയത്തില്‍ അനര്‍ഹമായ സമ്പാദ്യങ്ങള്‍ നേടിയ ഒരു പാര്‍ടിയാണ്കേരളാ കോണ്‍ഗ്രസ്. "പിളര്‍പ്പാണ്'' വളര്‍ച്ചയുടെ ചാലകശക്തിയെന്ന് മൊഴിഞ്ഞുവന്ന മാണിസാറിന് ലയനവും ഐക്യവുമാണ് ഇനി വളര്‍ച്ചയുടെ വഴിയെന്ന് പുതിയ വെളിപാടുണ്ടാകുമ്പോള്‍ പല സംശയങ്ങളും ആര്‍ക്കും ഉണ്ടാകാവുന്നതാണ്. കുഞ്ഞുമാണി വലിയ മാണിയായപ്പോള്‍ സിദ്ധാന്തം തലതിരിഞ്ഞു പോയതെന്തെന്ന് തിരയാന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ മിനക്കെടുന്നില്ല. ജോസഫിനെ കൂടി വിഴുങ്ങി "ഇമ്മിണി ബല്യമാണി''യാകാമെന്ന് കുഞ്ഞുമാണി നിശ്ചയിക്കുമ്പോള്‍ അതിനു പിന്‍പാട്ടു പാടുന്ന മാധ്യമങ്ങള്‍ ചോദ്യങ്ങളേയും സംശയങ്ങളേയും കുഴിച്ചുമൂടി സ്വയം വന്ധ്യംകരിക്കപ്പെടുന്ന ദയനീയ ചിത്രമാണ് കാണാനാകുന്നത്.

പി സി ജോര്‍ജും പി ജെ ജോസഫും ഒരു കൂടാരത്തില്‍ പൊറുക്കില്ലയെന്ന ശാഠ്യത്തിലാണ് പി സി ജോര്‍ജിന് ഇടതുമുന്നണി വിടേണ്ടിവന്നത്. മുന്നണി മര്യാദ നോക്കാതെ പി ജെ ജോസഫിനെ അപമാനിക്കാന്‍ ശ്രമിച്ച പി സി ജോര്‍ജ്ജിനെ എല്‍ഡിഎഫ് പ്രോല്‍സാഹിപ്പിച്ചില്ല. അതേ ജോസഫ് തന്റെ പാര്‍ടിയില്‍ ലയിക്കുന്നതിനെ സംബന്ധിച്ച് ഏക വൈസ് ചെയര്‍മാനായി മാറിയ പി സി ജോര്‍ജ്ജിന് കുണ്ഡിതമില്ല. മതികെട്ടാനും വിമാനയാത്രാ വിവാദവും കുരുവിളക്കേസുമെല്ലാം വിഴുങ്ങി ജോസഫ് ലയിച്ചു ചേരുമ്പോള്‍ ഭൂതകാലം തൊടാതെ സംരക്ഷണമൊരുക്കുന്നതില്‍ മാധ്യമങ്ങള്‍ ചെറുതല്ലാത്ത സഹായമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. "പാപിയായ ജോസഫ് വന്നതോടെ താന്‍ പാതാളത്തിലായി'' എന്ന പി സി ജോര്‍ജ്ജിന്റെ വെളിപ്പെടുത്തല്‍ വാദമോ വിവാദമോ ഒന്നുമാക്കാന്‍ യാതൊരു താല്‍പര്യവും മാധ്യമങ്ങള്‍ പ്രകടിപ്പിച്ചതുമില്ല. ജോസഫിനെപ്പറ്റി മാണിയും ജോര്‍ജ്ജും പറഞ്ഞതെല്ലാം ജോസഫിനോടൊപ്പം വിഴുങ്ങി ഐക്യപ്പെട്ട് ശക്തികൂട്ടി യുഡിഎഫിലെ രണ്ടാമനായി മാണി ഞെളിയുമ്പോള്‍ യുഡിഎഫിന് പുളകമല്ല അസ്വസ്ഥതയാണനുഭവപ്പെടുന്നത്. ഇതിനുപിന്നില്‍ ഒളിഞ്ഞിരിക്കുന്ന സാമുദായിക - സാമ്പത്തിക താല്‍പര്യങ്ങള്‍ വിശകലനം ചെയ്യാന്‍ കോളമിസ്റ്റുകള്‍ക്കു കഴിയുന്നില്ല.

കേരളാ കോണ്‍ഗ്രസ് എന്ന പാര്‍ടിയുടെ ജന്മദൌത്യം എന്താണ്? ഈ കേരളാ കോണ്‍ഗ്രസുകളെക്കൊണ്ട് കേരളത്തിനുണ്ടായ പ്രയോജനമെന്താണ്. കോണ്‍ഗ്രസ് പാര്‍ടിയില്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നില്ല എന്ന ചിലരുടെ ചിന്തയുടെ പ്രത്യയശാസ്ത്ര അടിത്തറയേ കേരളാ കോണ്‍ഗ്രസിന്റെ പിറവിയുടെ പിന്നിലുള്ളൂ. നാലുപതിറ്റാണ്ടിനിടയില്‍ അധികാര രാഷ്ട്രീയത്തില്‍ പലതവണ മേഞ്ഞു നടക്കുമ്പോഴെല്ലാം തങ്ങള്‍ കുഞ്ഞാടുകള്‍ തന്നെയെന്ന് അവര്‍ തെളിയിച്ചുകൊണ്ടുമിരുന്നു.

വിദ്യാഭ്യാസ വകുപ്പ്, ഭരണത്തിലെ മുഖ്യകക്ഷി ഏറ്റെടുക്കണമെന്ന അഭിപ്രായം ഇടതു- വലതു ഭേദമില്ലാതെ കേരളത്തിലെ പൊതുസമൂഹത്തില്‍ മുമ്പ് ഉയര്‍ന്നുവന്നതെന്തുകൊണ്ട്? മുസ്ളീംലീഗും കേരളാ കോണ്‍ഗ്രസും വിദ്യാഭ്യാസ വകുപ്പ് കയ്യാളിയ കാലത്തെ അപഭ്രംശങ്ങള്‍ മതനിരപേക്ഷ കേരള സമൂഹത്തിന് താങ്ങാനാവുന്നതിലേറെയായിരുന്നു. ഇപ്പോള്‍ വിദ്യാഭ്യാസ വകുപ്പിനെ സംബന്ധിച്ച് വ്യാജ ചിത്രങ്ങള്‍ ചമക്കുന്നവര്‍ അക്കാലമെല്ലാം മറന്നുപോയി. സാധാരണക്കാരന്റെ വിദ്യാലയങ്ങള്‍ ശക്തിപ്പെട്ടത് മറച്ചുവെയ്ക്കാനാവില്ലെങ്കിലും കെട്ടുകഥകളാണ് പ്രചരിപ്പിക്കപ്പെടുന്നത്. വിദ്യാഭ്യാസമേഖലയിലെ സങ്കുചിത താല്‍പര്യങ്ങള്‍ക്ക് കീഴ്പെടാത്ത ഒരു സമീപനം കേരളം സ്വീകരിക്കുന്നതിനെ അനുകൂലിക്കാനല്ല, അതിന്റെ പിന്മടക്കത്തിന് അകമ്പടി സേവിക്കാനാണ് മാധ്യമങ്ങള്‍ക്കിഷ്ടം. അതിനുവേണ്ടിക്കൂടി സൃഷ്ടിക്കപ്പെട്ട ചില ചിന്തകളുടെ രാഷ്ട്രീയ രൂപമാണ് കേരളാ കോണ്‍ഗ്രസ് ലയനമെന്ന ചെറു സത്യംപോലും തിരിച്ചറിയാതെ മാണി - ജോസഫുമാരുടെ അപദാനങ്ങള്‍ നിരത്തുന്ന മുഖ്യധാരാ മാധ്യമങ്ങളോട് എങ്ങനെ സഹതപിക്കാതിരിക്കും.

കേരളാ കോണ്‍ഗ്രസ് ലയിച്ച് ശക്തിപ്പെട്ടപ്പോള്‍ അത് ഇടതുമുന്നണിക്കല്ല വലതു പക്ഷത്തിന് തന്നെയാണ് വെല്ലുവിളിയുണ്ടാക്കുന്നതെന്ന് പകല്‍പോലെ വ്യക്തമാണ്. കാരണം കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും ഒരേ തട്ടകത്തില്‍നിന്നു തന്നെയാണ് ബലം തേടുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തെ അസ്വസ്ഥമാക്കുന്നത് സീറ്റുകളുടെ എണ്ണവും അതിന്റെ പങ്കിടലും മാത്രമാണ്. മത - രാഷ്ട്രീയ ബന്ധം സംബന്ധിച്ച് ചില ചോദ്യങ്ങള്‍ ഉയരുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം തികച്ചും നിശ്ശബ്ദരാണ്.

മാണിയും - ജോസഫും തമ്മില്‍ കൂടിച്ചേരുന്നത് അപ്രതീക്ഷിതമായി പ്രഖ്യാപിക്കുമ്പോള്‍ അതിന് തിരക്കഥയെഴുതുന്നതില്‍ ആരൊക്കെ പങ്കെടുത്തു. എല്ലാ ക്രിസ്തീയ സഭകളും ഇക്കാര്യത്തില്‍ പങ്കെടുക്കാറില്ല. അങ്ങനെയൊരാക്ഷേപവും നാട്ടിലില്ല. എന്നാല്‍ സഭാ നേതാക്കളില്‍ ഒരു കൂട്ടര്‍ തങ്ങളുടെ കുപ്പായത്തിന് പുറത്തും രാഷ്ട്രീയം കളിക്കാന്‍ തല്‍പരരാണ്. സ്ഥാനമാനങ്ങള്‍ വേണ്ടപ്പെട്ടവര്‍ക്ക് തരപ്പെടുത്തുന്നതില്‍ ഇടപെടാറുള്ളവരാണ്. അവരില്‍ ചിലരൊക്കെ ഇടപെട്ടതു സംബന്ധിച്ച് ജോസഫ് തന്നെ സൂചനകള്‍ നല്‍കി. അത് പൌരന്മാരെന്ന നിലയിലുള്ള ജനാധിപത്യാവകാശത്തിന്റെ വിനിയോഗമെന്നാണ് മാണിയുടെ നിലപാട്. മതനേതാക്കള്‍ നേരിട്ടിടപ്പെട്ടാണ് ഐക്യകേരളാ കോണ്‍ഗ്രസിന് ആശീര്‍വാദം നല്‍കിയതെന്ന് വ്യക്തമായിട്ടും അതിനെ സംബന്ധിച്ച് വസ്തുതകള്‍ പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ മാധ്യമ സമൂഹം തയ്യാറല്ല.

മാധ്യമങ്ങള്‍ എത്ര മൂടിവച്ചാലും മാണി - ജോസഫ് ലയനം യുഡിഎഫിനെ പ്രതിസന്ധിയിലാക്കിയെന്ന് എല്ലാവരും തിരിച്ചറിഞ്ഞിരിക്കുന്നു. മുന്നണിയിലെ മുഖ്യകക്ഷികളായ മൂന്നു പാര്‍ടികളും പരസ്പരം അവിശ്വസിക്കുന്നു. ഈ സംഘര്‍ഷങ്ങളുടെ താല്‍കാലിക പരിഹാരം കൂടുതല്‍ കുഴപ്പങ്ങള്‍ക്ക് അടിത്തറയൊരുക്കും. യുഡിഎഫിനുള്ളില്‍ എല്ലാം ഭദ്രമാണെന്ന് വരുത്താന്‍ സ്വയം മൌനത്തിലാണ്ട മാധ്യമങ്ങള്‍ക്ക് നിലപാട് തിരുത്തേണ്ടിവരും.

അഡ്വ. കെ അനില്‍കുമാര്‍ chintha weekly 040610

തരിശുരഹിത കണ്ണൂര്‍: യാഥാര്‍ത്ഥ്യമാകുന്ന സ്വപ്ന പദ്ധതി

തരിശുരഹിത കണ്ണൂര്‍ എന്നത് സുന്ദരമായ ഒരു സ്വപ്നം മാത്രമല്ലെന്നും യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുന്ന ലക്ഷ്യം തന്നെയാണെന്നുമുള്ള ആത്മവിശ്വാസത്തിലാണിന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്. ജില്ലാ വികസന സമിതിയുടെ മുന്‍കൈയില്‍ പഞ്ചായത്തുകളും കൃഷിവകുപ്പും സംയുക്തമായി നെല്‍ക്കൃഷി മേഖലയില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ വഴി ജില്ലയിലെ നെല്‍കൃഷി മേഖലയില്‍ പുത്തനുണര്‍വ് തന്നെ ഉണ്ടാക്കിയെടുക്കാന്‍ ജില്ലാ പഞ്ചായത്തിന് കഴിഞ്ഞിരിട്ടുണ്ട്.

സംസ്ഥാനത്തിന്റെ ഇതര മേഖലകളെന്ന പോലെ തകര്‍ന്നുകൊണ്ടിരിക്കുന്ന കാര്‍ഷികമേഖല തന്നെയാണ് കണ്ണൂര്‍ ജില്ലയുടെയും പ്രധാന പ്രശ്നം. കാര്‍ഷികമേഖലയിലെ പ്രശ്നങ്ങളാകട്ടെ സങ്കീര്‍ണ്ണവുമാണ്. മുഖ്യ ഭക്ഷ്യവിളയായ നെല്‍കൃഷിയുടെ വിസ്തൃതി വര്‍ഷംതോറും കുറഞ്ഞുവരികയാണ്. തരിശിടുന്ന ഭൂമിയുടെ വിസ്തൃതിയാകട്ടെ വര്‍ഷംതോറും വര്‍ദ്ധിച്ചുവരികയുമാണ്.

2005 ഒക്ടോബര്‍ 2ന് ചുമതലയേറ്റ കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ മുന്നിലെ മുഖ്യപ്രശ്നവും ഇതുതന്നെയായിരുന്നു. എന്നാല്‍ കഴിഞ്ഞ 4 വര്‍ഷങ്ങളിലെ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ കൃഷിവകുപ്പിന്റെയും ജില്ലാ പഞ്ചായത്തിന്റെയും ശ്രമഫലമായി 1383 ഹെക്ടര്‍ തരിശു വയലുകളാണ് കൃഷി യോഗ്യമാക്കി മാറ്റിയത്. 2008-09 വര്‍ഷത്തില്‍ മാത്രം 710 ഹെക്ടര്‍ തരിശു വയലുകളാണ് കൃഷി യോഗ്യമാക്കിയത്. 2130 ടണ്‍ നെല്ലാണ് ഇതിന്റെ ഭാഗമായി അധികമായി ഉല്‍പാദിപ്പിച്ചത്. 2009-10 വര്‍ഷത്തില്‍ 500 ഹെക്ടര്‍ തരിശുഭൂമി കൂടി കൃഷി യോഗ്യമാക്കുക വഴി 1025 ടണ്‍ നെല്ലുകൂടി അധികമായി ഉല്‍പാദിപ്പിക്കുവാന്‍ സാധിച്ചു. 43 വര്‍ഷമായി തരിശായി കിടക്കുന്ന കാട്ടാമ്പള്ളി കൈപ്പാട് പ്രദേശത്ത് കഴിഞ്ഞ വര്‍ഷം 200ലധികം ഹെക്ടര്‍ നെല്‍ക്കൃഷി വിജയകരമായി നടത്താന്‍ കഴിഞ്ഞത് ജില്ലാ പഞ്ചായത്തിന്റെ ആത്മവിശ്വാസം വളരെയേറെ വര്‍ദ്ധിപ്പിച്ച പ്രധാനപ്പെട്ട ഘടകമാണ്.

ഏറ്റവും ഒടുവിലായി വിവിധ വകുപ്പുകളെയും പദ്ധതികളെയും സംയോജിപ്പിച്ച 'പുനം പുനര്‍ജനി' എന്ന പേരിട്ട് ജില്ലാ പ്ളാനിങ് കമ്മറ്റി ആസൂത്രണം ചെയ്ത സംയോജിത നെല്‍കൃഷി പദ്ധതിയും തരിശുരഹിത പദ്ധതിയും ജില്ലാ പഞ്ചായത്തിന്റെ കിരീടത്തിലെ ഏറ്റവും പുതിയ പൊന്‍തൂവലാണ്. വൈവിദ്ധ്യപൂര്‍ണ്ണവും ഭാവനാപൂര്‍ണ്ണവുമായ പ്രവര്‍ത്തനങ്ങളിലൂടെ ജനപങ്കാളിത്തത്തോടെ വികസനമെന്ന ജനകീയാസൂത്രണ മുദ്രാവാക്യം അക്ഷരാര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാക്കി സംസ്ഥാനത്തിനകത്തും പുറത്തുമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മാതൃകയായി മാറിയിരിക്കുന്നു, തരിശുരഹിത കണ്ണൂര്‍ ലക്ഷ്യമാക്കുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്.

20 കോടി രൂപയുടെ ഈ പദ്ധതി നാളിതുവരെ നടപ്പാക്കിയ എല്ലാ പദ്ധതികളെയും ബഹുദൂരം പിന്നിലാക്കിക്കഴിഞ്ഞു. 20 കോടിയില്‍ 18.5 കോടിയും വിസിബി നിര്‍മ്മാണം, തോട് ആഴം കൂട്ടല്‍, കുളം നിര്‍മ്മാണം, കുളം - തോട് നന്നാക്കല്‍, ജലസേചനം തുടങ്ങിയ അടിസ്ഥാന സൌകര്യ വികസനത്തിനാണ് ഉപയോഗപ്പെടുത്തുന്നത്. ആറു കോടി രൂപ രാഷ്ട്രീയ കൃഷി വികാസ് യോജനയില്‍നിന്നാണ് കണ്ടെത്തുക. സര്‍ക്കാര്‍ തരിശു ഭൂമി കൃഷിയോഗ്യമാക്കുന്ന പദ്ധതിപ്രകാരം 25 ലക്ഷം രൂപയും ഫുഡ് സെക്യുരിറ്റിയുടെ ഒരു കോടി രൂപയും കണ്ടെത്തും. അതോടൊപ്പം പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സഹായവും ലഭ്യമാക്കിയാണ് ഈ പദ്ധതി പ്രാവര്‍ത്തികമാക്കേണ്ടത്.

തരിശു ഭൂമി സര്‍വ്വേ പ്രകാരം ജില്ലയില്‍ 2000 ഹെക്ടര്‍ കൃഷി ഭൂമി ഇപ്പോഴും തരിശായിട്ടുണ്ട്. 1250 ഹെക്ടര്‍ കൃഷി ഭൂമി കാട്ടാമ്പള്ളിയില്‍ മാത്രം തരിശായി കിടക്കുന്നു. ഒരു കാലത്ത് കണ്ണൂരിന്റെ നെല്ലറയായിരുന്നു കാട്ടാമ്പള്ളി പ്രദേശം. കഴിഞ്ഞ 4 പതിറ്റാണ്ടിലധികമായി തരിശായി കിടക്കുന്ന ഈ പ്രദേശത്തെ, കണ്ണൂരിന്റെ ഈ നെല്ലറയെ തിരിച്ചു പിടിക്കാനുള്ള ഭഗീരഥ ശ്രമത്തിലാണിന്ന് ജില്ലാ പഞ്ചായത്ത്. കഴിഞ്ഞ വര്‍ഷം 210 ഹെക്ടര്‍ സ്ഥലത്ത് നെല്‍ക്കൃഷി വിജയകരമായി നടപ്പിലാക്കി. ഹെക്ടറിന് ശരാശരി 4 മുതല്‍ 5 ടണ്‍ വരെയാണ് വിളവ് ലഭിച്ചത്. വിവിധ പ്രവര്‍ത്തനങ്ങളാണ് ഇതോടനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് നടത്തിയത്. കൃഷി വകുപ്പിലെയും കാര്‍ഷിക സര്‍വകലാശാലകളിലെയും ഉദ്യോഗസ്ഥന്മാരും ശാസ്ത്രജ്ഞന്മാരും നിരന്തരം വയലുകള്‍ സന്ദര്‍ശിക്കുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. കൂടാതെ ഉപ്പ് വെള്ളത്തെ പ്രതിരോധിക്കാന്‍ കഴിവുള്ളതും പ്രദേശത്ത് കൃഷി ചെയ്യാന്‍ യോജിച്ചതുമായ വൈറ്റില -6, കതിര്, ഓര്‍ക്കയമ എന്നീ വിത്തുകള്‍ കൃഷിക്കാര്‍ക്ക് സൌജന്യമായി ലഭ്യമാക്കി. കാട്ടാമ്പള്ളി പ്രദേശത്തെ കര്‍ഷകത്തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനായി 50 ലക്ഷം രൂപയുടെ യന്ത്രോപകരണങ്ങള്‍ ലഭ്യമാക്കി. പ്രത്യേക തൊഴില്‍സേന രൂപീകരിച്ച് അവര്‍ക്ക് യൂണിഫോറം, ഇന്‍ഷുറന്‍സ് പരിരക്ഷ, യന്ത്രോപകരണങ്ങള്‍ ഉപയോഗിക്കുന്നതിനായുള്ള പരിശീലനം എന്നിവയും നല്‍കി. അവരുടെ നേതൃത്വത്തില്‍ കൃഷി ചെയ്തുകൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്.

ഈ വര്‍ഷത്തോടെ മുഴുവന്‍ തരിശുഭൂമിയും കൃഷിയോഗ്യമാക്കി മാറ്റുന്നതിനാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നത്. 28 പഞ്ചായത്തുകളാണ് തരിശുരഹിത കണ്ണൂര്‍ പ്രോജക്ടിലുള്ളത്. പദ്ധതിക്ക് ജില്ലാതലത്തിലും മേഖലാതലത്തിലും മോണിറ്ററിംഗ് സംവിധാനവും ഉണ്ട്. തരിശുരഹിത പദ്ധതിയോടൊപ്പം കര്‍ഷകര്‍ക്ക് അധികവരുമാനം ഉണ്ടാക്കുന്ന പദ്ധതിയും ആസൂത്രണം ചെയ്തിട്ടുണ്ട്.

എഴുതിത്തള്ളിയ നെല്‍കൃഷിയെ തിരികെ കൊണ്ടുവന്ന് കണ്ണൂരിന്റെ നെല്ലറകള്‍ തിരിച്ചുപിടിക്കാനും തരിശുരഹിത കണ്ണൂര്‍ സൃഷ്ടിച്ചെടുക്കാനുമുള്ള 'പുനം പുനര്‍ജനി' പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം ജനകീയ പദ്ധതികള്‍ക്കു പേരു കേട്ട കല്ല്യാശ്ശേരി പാറക്കടവില്‍ തരിശുപാടത്ത് വിത്തിട്ട് കൃഷി വകുപ്പ് മന്ത്രി മുല്ലക്കര രത്നാകരനാണ് നിര്‍വ്വഹിച്ചത്.

കാര്‍ഷിക മേഖലയില്‍ മാത്രമല്ല സമസ്ത മേഖലകളിലും വികസനത്തിന്റെ മര്‍മ്മം തൊട്ടറിഞ്ഞ വൈവിധ്യമാര്‍ന്ന പരിപാടികളാണ് കഴിഞ്ഞ നാലര വര്‍ഷക്കാലമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയത്. കൃഷി, വ്യവസായം, ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം, പട്ടികജാതി പട്ടികവര്‍ഗ്ഗ വികസനം തുടങ്ങിയ വിവിധ മേഖലകളില്‍ പരിമിതികളെ മറികടന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് കാഴ്ചവച്ചത്.

ആരോഗ്യ മേഖല

ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി സര്‍ക്കാരുകള്‍ സേവന മേഖലയില്‍നിന്ന് പിന്തിരിയുന്ന ഒരു ഘട്ടത്തിലാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും നടത്തിയ ഇടപെടലുകളെ നോക്കിക്കാണേണ്ടത്.

ആരോഗ്യ മേഖലയില്‍ വൈവിദ്ധ്യമാര്‍ന്ന നിരവധി പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയത്. കൈമാറിക്കിട്ടിയ മൂന്ന് വിഭാഗങ്ങളിലുമുള്ള ജില്ലാ ആശുപത്രികളുടെ മുഖച്ഛായ തന്നെ മാറ്റാന്‍ നാലര വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങളിലൂടെ കണ്ണൂര്‍ ജില്ലാ പഞ്ചായത്തിനു കഴിഞ്ഞിരിക്കുന്നു. ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂരയും പൊട്ടിപ്പൊളിഞ്ഞ കട്ടിലുകളും കത്താത്ത ലൈറ്റുകളും കറങ്ങാത്ത ഫാനുകളും മരുന്നില്ലാത്ത ഫാര്‍മസിയും ഡോക്ടറും നഴ്സും അറ്റന്ററുമില്ലാത്ത വാര്‍ഡുകളും പഴങ്കഥയായി മാറിയിരിക്കുന്നു. ഏതൊരു സ്വകാര്യ ആധുനിക ആശുപത്രിയേയും വെല്ലുന്ന തരത്തിലുള്ള പുരോഗതിയാണ് ഈ മേഖലയില്‍ ഉണ്ടായിട്ടുള്ളത് എന്ന് ഒരിക്കലെങ്കിലും ഇവിടങ്ങളില്‍ എത്തിച്ചേരുന്നവര്‍ക്ക് ഉടന്‍ ബോദ്ധ്യമാവും.

വിദ്യാഭ്യാസ മേഖല

ജില്ലയിലെ ഗവണ്‍മെന്റ് ഹൈസ്കൂളുകളുടെയും ഹയര്‍ സെക്കന്ററി സ്കൂളുകളുടെയും പരാധീനത അവസാനിപ്പിക്കാന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന് ഇക്കാലയളവില്‍ കഴിഞ്ഞു എന്നത് ഒട്ടും അതിശയോക്തിയല്ല. കുട്ടികള്‍ക്ക് പഠിക്കുന്നതിന് മെച്ചപ്പെട്ട കെട്ടിടങ്ങളും ഫര്‍ണിച്ചറുകളുമടക്കമുള്ള അടിസ്ഥാന സൌകര്യങ്ങള്‍ ഉണ്ടാക്കിയെടുക്കുന്ന കാര്യത്തില്‍ വമ്പിച്ച പുരോഗതിയാണ് ഈ കാലയളവില്‍ ഉണ്ടായിട്ടുള്ളത്. 24 ഹയര്‍ സെക്കന്ററി കോംപ്ളക്സുകളാണ് ഇതിനകം ജില്ലയില്‍ പൂര്‍ത്തിയാക്കിയത്. അടിസ്ഥാന വികസന സൌകര്യങ്ങള്‍ മാത്രമല്ല പഠന നിലവാരത്തിലും സംസ്ഥാനത്തിനാകെ മാതൃകയാകാന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന് കഴിഞ്ഞിരിക്കുന്നു.

മുകുളം പദ്ധതി

കണ്ണൂര്‍ ജില്ലയിലെ പ്രീ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്ററി തലം വരെയുള്ള വിദ്യാഭ്യാസം ഗുണനിലവാരമുള്ളതാക്കി മാറ്റുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിമിതികള്‍ക്കകത്ത് നിന്നുകൊണ്ട് ഇടപെടുന്നതിനുള്ള ശ്രമമായിരുന്നു 2006-07 വര്‍ഷം മുതല്‍ ജില്ലാ പഞ്ചായത്ത് ആരംഭിച്ച മുകുളം പദ്ധതി. ജില്ലയിലെ എസ്എസ്എല്‍സി, പ്ളസ്ടു പഠന നിലവാരം മെച്ചപ്പെടുത്താന്‍ ജില്ലാ പഞ്ചായത്ത് മുന്‍കൈയെടുത്ത് നടത്തിയ ഈ മാതൃകാ പ്രോജക്ട് അല്‍ഭുതകരമായ പ്രതികരണമാണ് ജില്ലയില്‍ സൃഷ്ടിച്ചത്. അദ്ധ്യാപകരുടെയും പിടിഎയുടെയും ഗ്രാമപഞ്ചായത്തുകളുടെയും കൂട്ടായ്മകളിലൂടെ നടപ്പാക്കിയ പദ്ധതി വന്‍വിജയമായിരുന്നു. 2006 മാര്‍ച്ചിലെ എസ്എസ്എല്‍സി വിജയശതമാനം 77.58% ആയിരുന്നു. എന്നാല്‍ 2007 മാര്‍ച്ചില്‍ 90.77% ആയി ഇത് ഉയര്‍ത്താന്‍ ഈ പദ്ധതിയിലൂടെ കഴിഞ്ഞു.

2006-07 വര്‍ഷത്തെ മുകുളം പദ്ധതിയുടെ വന്‍വിജയത്തെ തുടര്‍ന്ന് ഹൈസ്കൂളിനു പുറമെ ഹയര്‍ സെക്കന്ററി വിഭാഗത്തിനു കൂടി ഈ പദ്ധതി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കി. വിവിധ വിഷയങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ച അദ്ധ്യാപകരെ റിസോഴ്സ് ടീച്ചര്‍മാരായി തെരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നല്‍കി അവരുടെ സേവനം പ്രയോജനപ്പെടുത്തുകയും പ്രത്യേക പഠന സാമഗ്രികള്‍ നിര്‍മ്മിക്കുകയും ചെയ്തു. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി അദ്ധ്യയന സമയത്തിനു മുമ്പും പിമ്പും അവര്‍ക്ക് പ്രത്യേക ക്ളാസുകള്‍ നടത്തി. അതോടൊപ്പം പ്രത്യേകം 'മുകുളം' മോഡല്‍ പരീക്ഷയും നടത്തി.

പഠനപദ്ധതിയുടെ വിജയകരമായ നടത്തിപ്പിനുവേണ്ടി ഗ്രാമപഞ്ചായത്തുകളിലും ഹൈസ്കൂളുകളിലും സംഘാടക സമിതികള്‍ രൂപീകരിച്ചു. ഹൈസ്കൂള്‍, പഞ്ചായത്ത്, വിദ്യാഭ്യാസ ജില്ല, റവന്യൂ ജില്ലാതലങ്ങളില്‍ പ്രതിമാസ റിവ്യൂവും മോണിറ്ററിംഗും നടത്തി. മുന്‍കൂട്ടി തയ്യാറാക്കിയ പ്രവര്‍ത്തന കലണ്ടറിന്റെ അടിസ്ഥാനത്തില്‍ സമയബന്ധിതമായാണ് ഈ പ്രവര്‍ത്തനങ്ങളാകെ നടത്തുന്നത്.

സാമ്പ്രദായിക വിദ്യാഭ്യാസ രീതിയില്‍നിന്നും വേറിട്ട ഈ സമീപനത്തെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും രണ്ടു കൈയും നീട്ടി സ്വീകരിച്ചു. എല്ലാ മേഖലകളിലുമുള്ള ഒട്ടേറെ വിദഗ്ദ്ധരുടെ മുക്തകണ്ഠ പ്രശംസക്ക് ഈ പദ്ധതി പാത്രമായി. 2008 മാര്‍ച്ചില്‍ നടന്ന എസ്എസ്എല്‍സി പരീക്ഷയില്‍ 96.4% വിജയവും ഹയര്‍ സെക്കന്ററി പരീക്ഷയില്‍ 89.53% വിജയവും 2009 മാര്‍ച്ചില്‍ നടന്ന എസ്എസ്എല്‍സി പരീക്ഷയില്‍ 96.83% വിജയവും കരസ്ഥമാക്കുവാന്‍ കണ്ണൂര്‍ ജില്ലയ്ക്കു കഴിഞ്ഞു. കഴിഞ്ഞ ദിവസം പുറത്തുവന്ന എസ്എസ്എല്‍സി പരീക്ഷയുടെ വിജയശതമാനം 96.88 ആണ്.

മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മാതൃകയാകാന്‍ ഈ മുന്നേറ്റത്തിലൂടെ കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന് കഴിഞ്ഞിരിട്ടുണ്ട്.

'കിരണ്‍' സമ്പൂര്‍ണ്ണ പ്രാഥമിക വിദ്യാഭ്യാസ പദ്ധതി

കണ്ണൂര്‍ ജില്ലയുടെ സാക്ഷരതാനിരക്ക് 92.8% ആണ്. എന്നാല്‍ പ്രാഥമിക വിദ്യാഭ്യാസം ലഭിക്കാത്ത ആയിരക്കണക്കിനാളുകള്‍ ഈ ജില്ലയിലുണ്ട്. ഇത്തരത്തിലുള്ള മുഴുവന്‍ ആളുകള്‍ക്കും സമ്പൂര്‍ണ്ണ പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കുന്ന പദ്ധതി വിജയകരമായി പൂര്‍ത്തീകരിച്ചതിന്റെ ആഹ്ളാദത്തിലും അഭിമാനത്തിലുമാണിന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്. ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ചു നടപ്പിലാക്കിയ 'കിരണ്‍' - സമ്പൂര്‍ണ്ണ പ്രാഥമിക വിദ്യാഭ്യാസ പദ്ധതിയിലൂടെ, മുഴുവന്‍ ആളുകള്‍ക്കും സമ്പൂര്‍ണ്ണ പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ജില്ലയായി കണ്ണൂര്‍ ജില്ല മാറിയിരിക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ 9 ബ്ളോക്കുകളുടെയും 6 നഗരസഭകളുടെയും 81 ഗ്രാമപഞ്ചായത്തുകളുടെയും സഹായത്തോടെയാണ് ഈ പദ്ധതി വിജയകരമായി പൂര്‍ത്തീകരിച്ചത്.

50 വയസ്സില്‍ താഴെ നാലാംതരം പാസ്സാകാത്ത മുഴുവന്‍ ആളുകളെയും കണ്ടെത്തി സാക്ഷരതാമിഷന്‍ സംഘടിപ്പിക്കുന്ന നാലാംതരം തുല്യതാ പരീക്ഷയില്‍ പങ്കെടുപ്പിച്ച് വിജയിപ്പിച്ചുകൊണ്ടാണ് ജില്ലാ പഞ്ചായത്ത് ഈ ബഹുമതി നേടിയെടുത്തത്. 6300 സ്ക്വാഡുകളെ ഉപയോഗിച്ച് ഏകദിന സര്‍വ്വേ നടത്തി കണ്ടെത്തിയ 21000 ലധികം വരുന്ന പഠിതാക്കള്‍ക്ക് ക്ളാസുകള്‍ നല്‍കിയാണ് ഈ പരിപാടി വിജയിപ്പിച്ചത്.

സമ്പൂര്‍ണ്ണ പ്രാഥമിക വിദ്യാഭ്യാസം കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ജില്ലയായി ഔദ്യോഗികമായി കണ്ണൂര്‍ ജില്ല പ്രഖ്യാപിക്കപ്പെടുമ്പോള്‍ തുടര്‍ സാക്ഷരതാ പ്രവര്‍ത്തനത്തിലെ ശ്ളാഘനീയമായ ഒരു നേട്ടമാണ് വിജയകരമായ രീതിയില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് കൊയ്തെടുത്തിരിക്കുന്നത്.

സയന്‍സ് പാര്‍ക്കും ഒബ്സര്‍വേറ്ററി ടവറും

വൈജ്ഞാനിക മേഖലയിലെ മറ്റൊരു പ്രധാന ചുവടുവയ്പായിരുന്നു ജില്ലാ പഞ്ചായത്തിനു കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന സയന്‍സ് പാര്‍ക്കില്‍ കുട്ടികള്‍ക്ക് ആകാശ നിരീക്ഷണത്തിനായി നിര്‍മ്മിച്ച ഒബ്സര്‍വേറ്ററി ടവര്‍. ആഭ്യന്തര ടൂറിസം വകുപ്പുമന്ത്രി ഉല്‍ഘാടനം നിര്‍വ്വഹിച്ച ഒബ്സര്‍വേറ്ററി ടവര്‍ ഈ ദിശയിലെ സംസ്ഥാനത്തെ ഒരുപക്ഷേ രാജ്യത്തെ തന്നെ ആദ്യത്തെ ചുവടുവയ്പായിരിക്കും.

ആകാശ നിരീക്ഷണത്തിനുള്ള ഒബ്സര്‍വേറ്ററിക്ക് പുറമെ ഡോര്‍മിറ്ററി, കോണ്‍ഫറന്‍സ് ഹാള്‍, ഗസ്റ്റ് റൂം ലൈബ്രറി, ഡൈനിംഗ് ഹാള്‍ തുടങ്ങിയവയും ഇതിന്റെ ഭാഗമായി പ്രവര്‍ത്തിച്ചുവരുന്നു. 150ഓളം പേര്‍ക്ക് ഇരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാളില്‍ ശാസ്ത്രത്തിന്റെ വിവിധ മേഖലകളെ കുറിച്ചുള്ള സെമിനാറുകള്‍ നടത്തി വരുന്നു.

ഒബ്സര്‍വേറ്ററി ടവറില്‍ ടെലസ്കോപ്പ് സജ്ജീകരിച്ച് ആകാശ ഗോളങ്ങളെ അടുത്തറിയാനും പഠിക്കാനുമുള്ള സൌകര്യങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്നു. ചന്ദ്രനിലെ ഗര്‍ത്തങ്ങള്‍, വ്യാഴത്തിന്റെ ഉപഗ്രഹം, ശനിയുടെ വലയങ്ങള്‍ എന്നിവ നേരിട്ടു കാണുന്നതിനും പഠിക്കുന്നതിനുമായി കുട്ടികളും മുതിര്‍ന്നവരുമടക്കമുള്ള നൂറുകണക്കിനാളുകളാണ് ഇവിടെ എത്തിച്ചേരുന്നത്. ശാസ്ത്രകുതുകികള്‍ക്ക് ശാസ്ത്രവിജ്ഞാനം പകരുന്ന, വീഡിയോ കോണ്‍ഫറന്‍സ് സൌകര്യമടക്കമുള്ള ഇത്തരത്തിലുള്ള ഒരു സയന്‍സ് പാര്‍ക്ക്, ഒബ്സര്‍വേറ്ററി ടവര്‍ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുകീഴില്‍ പ്രവര്‍ത്തിക്കുന്നത് അപൂര്‍വ്വമായ അനുഭവമാണ്.

പട്ടികജാതി - പട്ടികവര്‍ഗ്ഗ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍

സാമൂഹ്യമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഏറ്റവും പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്ന ജനവിഭാഗമാണ് പട്ടികജാതി - പട്ടികവര്‍ഗ്ഗ വിഭാഗം. വിവിധങ്ങളായ കാരണങ്ങള്‍കൊണ്ട് സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്നും മാറ്റിനിര്‍ത്തപ്പെട്ടവരാണിവര്‍. പരിമിതികളെ മറികടന്നുകൊണ്ടുള്ള നിരവധി പ്രവര്‍ത്തനങ്ങളാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പട്ടികജാതി - പട്ടികവര്‍ഗ്ഗ മേഖലയില്‍ ചെയ്തത്. കണ്ണൂര്‍ ജില്ലയിലെ ആറളം പഞ്ചായത്തില്‍ നടപ്പാക്കിയ 'നവജീവന്‍ മാതൃകാഗ്രാമം' ഉള്‍പ്പെടെയുള്ള നിരവധി മാതൃകാപരമായ പദ്ധതികള്‍ ഈ മേഖലയില്‍ നടത്തിയിട്ടുള്ള വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചകളാണ്.

ഇത്തരത്തില്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഇക്കാലയളവില്‍ നടപ്പിലാക്കിയത്. കൃഷി, വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, ഊര്‍ജ്ജം തുടങ്ങിയ വിവിധ മേഖലകളില്‍ ഈ മാറ്റങ്ങള്‍ ദൃശ്യവുമാണ്. സമ്പൂര്‍ണ്ണ ശുചിത്വമിഷനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സഹകരിച്ചുകൊണ്ടുള്ള പ്രവര്‍ത്തനത്തിലൂടെ ജില്ലയ്ക്ക് 'നിര്‍മ്മല്‍' പുരസ്കാരം നേടാനായത് അഭിമാനാര്‍ഹമായ മറ്റൊരു നേട്ടമാണ്.

ത്രിതല പഞ്ചായത്ത് സംവിധാനം നിലവില്‍ വരികയും അധികാരവികേന്ദ്രീകരണം യാഥാര്‍ത്ഥ്യമാവുകയും ചെയ്തതോടുകൂടി കേരളീയ ഗ്രാമങ്ങളുടെ മുഖച്ഛായ തന്നെ മാറിക്കൊണ്ടിരിക്കുകയാണ്. അംബരചുംബികളായ പഞ്ചനക്ഷത്ര കെട്ടിടങ്ങളും എക്സ്പ്രസ് ഹൈവേകളുമല്ല വികസനത്തിന്റെ മുന്നുപാധികളെന്നും മറിച്ച് ഉല്‍പാദന മേഖലയിലെ വികാസവും സമ്പത്തിന്റെ സമതുലിതമായ വിതരണവും അതോടൊപ്പം വളരുന്ന പശ്ചാത്തല മേഖലയും കാര്യക്ഷമമായ സേവനമേഖലയുമാണ് വികസനത്തിന്റെ ആണിക്കല്ലെന്നും തിരിച്ചറിയുന്ന ഭരണാധികാരികള്‍ക്ക് മാത്രമേ വര്‍ദ്ധിച്ച ജനപങ്കാളിത്തത്തോടെയുള്ള ഇത്തരം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനാവൂ.

സേവനമേഖലയില്‍നിന്നും സര്‍ക്കാരുകള്‍ പിന്തിരിയണമെന്നുള്ളതാണ് ആഗോളവല്‍ക്കരണം മുന്നോട്ടുവയ്ക്കുന്ന പ്രത്യയശാസ്ത്രം. കമ്പോളം കാര്യങ്ങള്‍ തീരുമാനിക്കുമെന്ന മൂലധനശക്തികളുടെ ഗോഗ്വാ വിളികള്‍ക്കിടയിലാണ് പരിമിതികള്‍ക്കകത്തു നിന്നുകൊണ്ട് ഒരു പ്രാദേശിക ഗവണ്‍മെന്റ് നടത്തിയ പ്രവര്‍ത്തനങ്ങളെ നോക്കിക്കാണേണ്ടത്. മറ്റൊരര്‍ത്ഥത്തില്‍ ഇത്തരം പ്രാദേശിക ഗവണ്‍മെന്റുകള്‍ നടത്തുന്ന ഇത്തരത്തിലുള്ള ഏതൊരു ചെറിയ പ്രവര്‍ത്തനവും ആഗോളവല്‍ക്കരണത്തിനെതിരായ ചെറുബദലുകള്‍ കൂടിയാണ്. അതോടൊപ്പം വിഭവങ്ങള്‍ നല്‍കിയും നിയമങ്ങള്‍ തിരുത്തിയും പരമാവധി സഹായങ്ങള്‍ ചെയ്ത് അധികാരവികേന്ദ്രീകരണം പൂര്‍ണ്ണാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുന്ന ഒരു ഗവണ്‍മെന്റാണ് സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്നത് എന്നതാണ് ജില്ലാ പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരുന്ന പ്രധാന ഘടകം. ആ കരുത്തു തന്നെയാണ് ജനപക്ഷത്ത് നിലയുറപ്പിച്ചുകൊണ്ട് ധീരമായ തീരുമാനങ്ങളെടുക്കാനും അവ ആര്‍ജ്ജവത്തോടെ നടപ്പിലാക്കാനും കെ കെ നാരായണന്‍ നേതൃത്വം നല്‍കുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഭരണസമിതിക്ക് പിന്തുണയാവുന്നതും.

രത്നാകരന്‍ കണ്ണൂര്‍ chintha weekly 040610

Sunday, May 30, 2010

തുടരുന്ന നരവേട്ട പ്രതിരോധിക്കാനാകാതെ കേന്ദ്രം

തീവണ്ടി അട്ടിമറി: മരണം 136; മമത ഭീകരര്‍ക്കൊപ്പം

പശ്ചിമ മിഡ്നാപ്പുരിലെ സര്‍ദിഹയില്‍ മാവോയിസ്റ്റ് ഭീകരര്‍ നടത്തിയ തീവണ്ടി അട്ടിമറിയില്‍ മരിച്ചവരുടെ എണ്ണം 136 ആയി. തകര്‍ന്ന കോച്ചുകള്‍ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങളുടെ രക്തസാമ്പിളുകള്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയക്കും. ദുരന്തത്തിനുപിന്നില്‍ മാവോയിസ്റ്റുകളായിരിക്കില്ലെന്നാണ് മമതയുടെ വാദം. ബംഗാള്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് മാവോയിസ്റ്റുകളെ തള്ളിപ്പറയാന്‍ റെയില്‍മന്ത്രി തയ്യാറാകാത്തത്. സംഭവത്തില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും സിബിഐ അന്വേഷിക്കുമെന്നും മമത പത്രസമ്മേളനത്തില്‍ പറഞ്ഞു. സ്ഫോടനമാണ് അപകടകാരണമെന്ന് അവര്‍ ആവര്‍ത്തിച്ചു. എന്നാല്‍ ഈ വാദം കേന്ദ്ര ആഭ്യന്തരമന്ത്രാലയംതന്നെ തള്ളിയതാണ്. സംഭവം രാഷ്ട്രീയ ഗൂഢാലോചനയാണെന്ന മമതയുടെ പരാമര്‍ശം മാവോയിസ്റ്റുകളെ വെള്ളപൂശാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

അമ്പതോളം യാത്രക്കാരുടെ വിവരങ്ങള്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് തകര്‍ന്ന കോച്ചുകള്‍ രക്ഷാപ്രവര്‍ത്തകര്‍ അരിച്ചുപെറുക്കുകയാണ്. ചരക്ക് തീവണ്ടിയുടെ എന്‍ജിന്‍ ഇടിച്ചുകയറിയ യാത്രാവണ്ടിയുടെ എസ് നാല്, അഞ്ച് കോച്ചുകളില്‍നിന്ന് മൃതദേഹങ്ങള്‍ നീക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടിവന്നു. എസ് ആറ് കോച്ചില്‍ തെരച്ചില്‍ ശനിയാഴ്ച വൈകിട്ടും അവസാനിച്ചിട്ടില്ല. 250 പേര്‍ക്ക് പരിക്കേറ്റതായി റെയില്‍വേ അറിയിച്ചു. ധന്‍ബാദ് റെയില്‍ ഡിവിഷനു കീഴിലുള്ള നിരവധി തീവണ്ടി സര്‍വീസുകള്‍ വഴിതിരിച്ചുവിടുകയോ നിര്‍ത്തിവയ്ക്കുകയോ ചെയ്തു. വലിയ ശബ്ദം കേട്ടെന്നും തുടര്‍ന്ന് പാളംതെറ്റിയെന്നുമാണ് തീവണ്ടി ഡ്രൈവര്‍ ബി കെ ദാസിന്റേതായി പ്രഥമ വിവര റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയത്. ശബ്ദം കേട്ടതിനെത്തുടര്‍ന്ന് ചക്രങ്ങളുടെ ഭാഗത്തുനിന്ന് പുക ഉയര്‍ന്നു. ഉടന്‍ എതിര്‍ഭാഗത്തുനിന്ന് ട്രെയിന്‍ വരുന്നതും കണ്ടു. അപകടസൂചകമായി ഹോ മുഴക്കിയെങ്കിലും അതിനകംതന്നെ പാളം തെറ്റിയ കോച്ചുകളിലേക്ക് തീവണ്ടി ഇടിച്ചുകയറിയിരുന്നു. തിരിച്ചറിയാത്ത ചിലര്‍ എന്നാണ് കുറ്റവാളികളെക്കുറിച്ച് ഡ്രൈവര്‍ നല്‍കിയ വിവരം. റെയില്‍പാലങ്ങളുടെ ഫിഷ് പ്ളേറ്റ് ഇളക്കിമാറ്റാനുള്ള സാധ്യതയില്ലെന്നാണ് മമത അവകാശപ്പെടുന്നത്. സിബിഐ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ അനുകൂലമാണ്. ബംഗാളിലെ നഗരസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സംഭവം നടന്നതില്‍ ദുരൂഹതയുണ്ടെന്നും മമത പറഞ്ഞു. ട്രെയിന്‍ ദുരന്തത്തിനുപിന്നില്‍ മാവോയിസ്റ്റ്റുകളായിരിക്കില്ലെന്ന റെയില്‍മന്ത്രിയുടെ വാദം കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. നേതൃത്വപരമായ വീഴ്ചയും റെയില്‍ മന്ത്രാലയത്തിന്റെ പരാജയവും മറച്ചുവയ്ക്കാനാണ് മന്ത്രി ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മാവോയിസ്റ്റ് ഭീകരതയ്ക്ക് മമതയുടെ സഹായം

നിരപരാധികളെ കൊന്നൊടുക്കുന്ന മവോയിസ്റ്റുകള്‍ക്ക് റെയില്‍വേമന്ത്രി മമതാ ബാനര്‍ജിയുടെ സംരക്ഷണവും സഹായവും. ബംഗാളിലെ പശ്ചിമ മിഡ്നാപുരിലെ സര്‍ദിഹയില്‍ ട്രെയിന്‍ പാളംതെറ്റിച്ചു നടത്തിയ കൂട്ടക്കൊലയില്‍ മാവോയിസ്റ്റുകള്‍ക്ക് ബന്ധമില്ലെന്നു സ്ഥാപിക്കാനാണ് മമത ശ്രമിക്കുന്നത്. എഫ്ഐആറില്‍പ്പോലും മാവോയിസ്റ്റുകളുടെ പേര് പരമാര്‍ശിക്കുന്നില്ല. മാവോയിസ്റ്റുകള്‍ എന്ത് ക്രൂരത കാട്ടിയാലും അവരെ നിശബ്ദം പിന്താങ്ങുന്ന മമത റെയില്‍വേയുടെ സ്വത്തും യാത്രക്കാരുടെ ജീവനും മാവോയിസ്റ്റുകള്‍ക്ക് അമ്മാനമാടാന്‍ വിട്ടുകൊടുത്തതിന്റെ ദുരന്തമാണ് സര്‍ദിഹയില്‍ കണ്ടത്. മാവോയിസ്റ്റുകളെ താലോലിക്കുന്ന തൃണമൂലിന്റെ നിലപാടിനെ എതിര്‍ക്കാനും ശക്തമായ നടപടികള്‍ എടുത്ത് ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനും കോണ്‍ഗ്രസ് മടിച്ചുനില്‍ക്കുന്നു. മാവോയിസ്റ്റുകളെ നേരിടാന്‍ തനിക്ക് കഴിയുന്നില്ലെന്നും തന്റെ കൈകള്‍ കെട്ടിയിട്ടിരിക്കയാണെന്നുമുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ പ്രഖ്യാപനം ഇതിന് തെളിവാണ്. കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജിയും മാവോയിസ്റ്റുകളെ പാലൂട്ടുന്ന മമതയുടെ നിലപാടിനെ എതിര്‍ക്കുന്നില്ല. പശ്ചിമബംഗാളില്‍ ഇടതുമുന്നണിയെ എതിര്‍ക്കുന്ന തൃണമൂലിനെ സഹായിക്കുന്നവരാണ് മാവോയിസ്റ്റുകള്‍ എന്നതും കോണ്‍ഗ്രസിന് മാവോയിസ്റ്റുകളോടുള്ള മൃദുസമീപനത്തിനു കാരണമാണ്.

പശ്ചിമബംഗാളിലെ സര്‍ദിഹ തീവണ്ടിയപകടത്തോടെ പ്രതിക്കൂട്ടിലായ മമത ഇതില്‍നിന്ന് തലയൂരാനാണ് ശ്രമിക്കുന്നത്. അനുകൂലമായി എഴുതുന്ന മാധ്യമങ്ങള്‍പോലും എതിരായത് മമതയെ വിഷമവൃത്തത്തിലാക്കി. മാവോയിസ്റ്റുകളുടെ ഭീഷണിക്ക് വഴങ്ങി റെയില്‍വേയുടെ സുരക്ഷാനടപടികള്‍ മന്ദീഭവിപ്പിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് വിമര്‍ശം. മാവോയിസ്റ്റുകള്‍ റെയില്‍വേയുടെ നേര്‍ക്ക് തുടര്‍ച്ചയായി ആക്രമണം നടത്തുമ്പോള്‍ പാതകളുടെ നിരീക്ഷണം ശക്തമാക്കാന്‍ അവര്‍ തയ്യാറായില്ല. പകരം നിരീക്ഷണം നിര്‍ത്തുകയായിരുന്നു. ഖരഗ്പുര്‍മുതല്‍ ടാറ്റാനഗര്‍വരെയുള്ള 134 പാതയില്‍ റെയില്‍വേ ഗാങ്മാന്മാര്‍ നിരീക്ഷണം നടത്തിയിട്ട് മാസങ്ങളായെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍തന്നെ പറയുന്നു.
ഇപ്പോള്‍ വിവാദമുണ്ടാക്കി മാവോയിസ്റ്റുകളെ വെള്ളപൂശാന്‍ കഴിയുമോ എന്നാണ് മമത ശ്രമിക്കുന്നത്. സ്ഫോടനം നടത്തിയാണോ പാളം നീക്കിയത് അതോ പാളവും ഫിഷ് പ്ളേറ്റുകളും ബന്ധിപ്പിക്കുന്ന പാന്‍ട്രോള്‍ ക്ളിപ്പുകള്‍ തകര്‍ത്തതാണോ എന്നതാണ് വിവാദവിഷയം. പാളം നീക്കിയ 50 മീറ്റര്‍ സ്ഥലത്ത് മണ്ണില്‍ ഒരു കുഴി ഉണ്ടായിട്ടുണ്ട്. സംഭവസ്ഥലത്തുനിന്ന് ജലാറ്റിന്‍ സ്റ്റിക്കുകള്‍ കിട്ടിയെന്ന് റെയില്‍വേ ഉദ്യോഗസ്ഥരില്‍ ചിലര്‍ പറഞ്ഞു. ഇപ്പോള്‍ ഉദ്യോഗസ്ഥരുടെ വായ മൂടിക്കെട്ടിയിരിക്കുകയാണ്. പ്രദേശത്ത് പാളം അട്ടിമറിക്കാന്‍ മാവോയിസ്റ്റുകള്‍ക്കുമാത്രമേ കഴിയൂ എന്ന് ആര്‍ക്കും സംശയമില്ലാത്ത കാര്യമാണ്. മാവോയിസ്റ്റുകളല്ലാതെ ഈ മേഖലയില്‍ ഇത്തരമൊരു അട്ടിമറി നടത്താന്‍ മറ്റാര്‍ക്കും കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി കെ പിള്ള പറഞ്ഞു.
(വി ജയിന്‍)

ആക്രമണത്തെ അപലപിക്കാതെ മമത

റെയില്‍പ്പാളം തകര്‍ത്ത് ട്രെയിന്‍ അട്ടിമറിച്ച മാവോയിസ്റ്റ് ക്രൂരതയെ അപലപിക്കാന്‍ വകുപ്പുമന്ത്രി മമത ബാനര്‍ജി തയ്യാറായില്ല. സംഭവസ്ഥലത്തെത്തി റെയില്‍വേ ഉദ്യോഗസ്ഥരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ച മമത, സംഭവത്തിനുപിന്നില്‍ മാവോയിസ്റ്റുകളാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നാണ് പറഞ്ഞത്. ഇതുവരെ മാവോയിസ്റ്റുകളുടെ ആക്രമണങ്ങളെ മമത അപലപിച്ചിട്ടില്ല. ഇടതുമുന്നണിയെ ദുര്‍ബലപ്പെടുത്താന്‍ മാവോയിസ്റ്റ് ആക്രമണത്തെ സഹായിക്കുകയാണ് മമത. ഒക്ടോബറില്‍ ജാര്‍ഗ്രാമിനടുത്ത് ബനസ്തലയില്‍ മാവോയിസ്റ്റുകള്‍ രാജധാനി എക്സ്പ്രസ് ആക്രമിച്ച് തട്ടിയെടുത്തിരുന്നു. ഈ ആക്രമണത്തെക്കുറിച്ച് തൃണമൂല്‍ നേതാക്കള്‍ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. അക്കാര്യം സുരക്ഷ ഏജന്‍സികളെ അറിയിക്കാന്‍ മമത തയ്യാറായില്ല. റെയില്‍വേ യാത്രക്കാര്‍ക്കുനേരെ ആക്രമണമുണ്ടായാല്‍ ആ വകുപ്പിന്റെ മന്ത്രി എന്നനിലയിലെങ്കിലും അതിനെ മമത അപലപിക്കേണ്ടതാണ്. ഇടതുമുന്നണിയോടുള്ള അന്ധമായ വിരോധവും ഞായറാഴ്ച നടക്കുന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ മാവോയിസ്റ്റുകളുടെ പിന്തുണ വേണ്ടതിനാലുമാണ് മമത ഇതിന് തയ്യാറാകാതിരുന്നത്.

തുടരുന്ന നരവേട്ട പ്രതിരോധിക്കാനാകാതെ കേന്ദ്രം

നിരപരാധികളെയും പൊലീസുകാരെയും കൂട്ടക്കൊലചെയ്ത് മാവോയിസ്റ്റുകള്‍ വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ വ്യക്തമായ നയപരിപാടിയോ ആസൂത്രണമോ ഇല്ലാതെ കേന്ദ്ര സര്‍ക്കാര്‍ പതറുന്നു. മാവോയിസ്റ്റ് ഭീഷണി തുടച്ചുനീക്കുമെന്ന് പ്രഖ്യാപിച്ച ആഭ്യന്തരമന്ത്രി പി ചിദംബരവും ഇപ്പോള്‍ മൌനത്തിലാണ്. ചില ഘടകകക്ഷി നേതാക്കളും കോണ്‍ഗ്രസിലെ ഒരു വിഭാഗവും മാവോയിസ്റ്റ് അനുകൂല നിലപാട് സ്വീകരിക്കുന്നതും സര്‍ക്കാരിന് തിരിച്ചടിയാണ്. കഴിഞ്ഞ നാലു മാസത്തിനിടെ മാവോയിസ്റ്റുകള്‍ നടത്തിയ ആറാമത്തെ കൂട്ടക്കൊലയാണ് ബംഗാളിലേത്. ഫെബ്രുവരിയില്‍ പടിഞ്ഞാറന്‍ മിഡ്നാപ്പുരിലെ ഈസ്റ്റേണ്‍ റൈഫിള്‍സ് ക്യാമ്പ് ആക്രമിച്ച് 22 സൈനികരെ കൊലപ്പെടുത്തിയാണ് മാവോയിസ്റ്റുകള്‍ ഈ വര്‍ഷത്തെ നരവേട്ട തുടങ്ങിയത്. ആറ് ആക്രമണത്തിലായി കൊല്ലപ്പെട്ടത് 230ലേറെ പേര്‍. ഒറ്റപ്പെട്ട കൊലപാതകങ്ങള്‍ കൂടാതെയാണിത്.

സാധാരണക്കാരാണ് മാവോയിസ്റ്റ് ക്രൂരതയ്ക്ക് ഇരയാകുന്നത്. അര്‍ധസേനംഗങ്ങളായി ചേര്‍ന്ന യുവാക്കളും ആദിവാസികളുമാണ് മരിച്ചവരില്‍ ഏറെയും. ഓപ്പറേഷന്‍ ഗ്രീന്‍ഹണ്ടില്‍ പ്രതിഷേധിച്ച് മാവോയിസ്റുകള്‍ പ്രഖ്യാപിച്ച കറുത്തവാരത്തിന്റെ ആദ്യ ദിനമാണ് ട്രെയിന്‍ അട്ടിമറി. വരുംദിവസങ്ങളിലും സമാന ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ട്. മാവോയിസ്റ്റ് സ്വാധീനമേഖലകളില്‍ റെയില്‍വേയുടെ ഭാഗത്തുനിന്നുണ്ടായ സുരക്ഷാ വീഴ്ചയാണ് ജാര്‍ഗ്രാം ട്രെയിന്‍ ദുരന്തത്തിന് വഴിവച്ചത്. ഈ മേഖലകളിലൂടെ രാത്രിയില്‍ തീവണ്ടിപോകുമ്പോള്‍ ഒരു പൈലറ്റ് എന്‍ജിന്‍ മുന്നിലോടണമെന്നുണ്ട്. എന്നാല്‍, അപകടത്തില്‍പ്പെട്ട വണ്ടിക്കു മുന്നില്‍ പൈലറ്റ് എന്‍ജിന്‍ പോയിട്ടില്ല.

സ്ഫോടനമാണ് ട്രെയിന്‍ അപകടകാരണമെന്ന് കേന്ദ്ര റയില്‍വേമന്ത്രി മമത ബാനര്‍ജി സമ്മതിക്കുന്നുണ്ടെങ്കിലും മാവോയിസ്റുകളെ അപലപിക്കാന്‍ തയ്യാറായിട്ടില്ല. ബംഗാളില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പുവരെ ഇടതുപക്ഷ തീവ്രവാദികളെയും വലതുതീവ്രവാദികളെയും കൂടെ കൂട്ടാനുള്ള വിശാലതന്ത്രത്തിന്റെ ഭാഗമായാണ് മമത മൌനം പാലിക്കുന്നത്. മമതയുടെ സഹായത്തോടെയാണ് മാവോയിസ്റ്റുകള്‍ നേരത്തേ മിഡ്നാപ്പുരില്‍ തങ്ങളുടെ താവളമുറപ്പിച്ചത്. ബംഗാളില്‍ മാവോയിസ്റ്റുകളെ സഹായിക്കുന്ന മമതയുടെ നിലപാടില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഒരു വിഭാഗത്തിന് കടുത്ത അമര്‍ഷമുണ്ടെങ്കിലും കേന്ദ്രഭരണം നിലനിര്‍ത്താന്‍ മൌനം പാലിക്കുകയാണ്. മാവോയിസ്റ്റുകളോട് സ്വീകരിക്കേണ്ട സമീപനത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിനുള്ളിലും ഭിന്നത രൂക്ഷമാണ്. ഇത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലും പ്രതിഫലിക്കുന്നുണ്ട്. തനിക്ക് കാര്യമായ അധികാരമില്ലെന്ന ചിദംബരത്തിന്റെ പ്രസ്താവനയും എന്ത് അധികാരമാണ് ഇല്ലാത്തതെന്ന് വ്യക്തമാക്കണമെന്ന പ്രണബ് മുഖര്‍ജിയുടെ മറുപടിയും ഇതാണ് കാണിക്കുന്നത്. ആറോളം സംസ്ഥാനങ്ങളില്‍ നരവേട്ടയിലൂടെ ഭീതി വളര്‍ത്താന്‍ മാവോയിസ്റ്റുകള്‍ക്ക് അവസരമാകുന്നതും ഈ ഭിന്നതയാണ്.
(എം പ്രശാന്ത്)

പ്രധാനമന്ത്രി ഇടപെടണം: സിപിഐ എം

ബംഗാളിലെ പശ്ചിമ മിഡ്നാപുരില്‍ മാവോയിസ്റ്റുകള്‍ പാളം തകര്‍ത്തതിനെതുടര്‍ന്നുണ്ടായ ട്രെയിന്‍ദുരന്തത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. മാവോയിസ്റ്റ് സ്വാധീനപ്രദേശങ്ങളില്‍ യാത്രക്കാരുടെയും റെയില്‍വേസ്വത്തുക്കളുടെയും സുരക്ഷയ്ക്ക് സേനകളുമായി റെയില്‍വേ യോജിച്ചുപ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പ്രധാനമന്ത്രി ഇടപെടണമെന്നും സിപിഐ എം ആവശ്യപ്പെട്ടു. ട്രെയിന്‍ദുരന്തത്തില്‍ നിരവധി നിരപരാധികള്‍ കൊല്ലപ്പെട്ടത് ഞെട്ടലുളവാക്കുന്നതും ദുഃഖകരവുമാണ്. മരിച്ചവരുടെ കുടുംബാംഗങ്ങളോടുള്ള അനുശോചനം അറിയിക്കുന്നു. മനുഷ്യജീവനുകള്‍ക്ക് വിലകല്‍പ്പിക്കാത്ത മാവോയിസ്റ്റ് നടപടി അപലപനീയമാണ്. റെയില്‍വേ അധികൃതരുടെ അനാസ്ഥയാണ് ദുരന്തത്തിന് വഴിവച്ചത്. മാവോയിസ്റ്റ് മേഖലകളില്‍ പ്രത്യേക സുരക്ഷാസജ്ജീകരണം ഒരുക്കുമെന്ന് റെയില്‍വേ പ്രഖ്യാപിച്ചിരുന്നെങ്കിലും അത് ലംഘിക്കപ്പെട്ടു. യാത്രവണ്ടി കടന്നുപോകുന്നതിനുമുമ്പായി ട്രാക്കിന്റെ സുരക്ഷ ഉറപ്പാക്കാന്‍ പൈലറ്റ് ട്രെയിന്‍ പോകേണ്ടതാണ്. ഇക്കാര്യത്തിലും വീഴ്ചയുണ്ടായി. പൈലറ്റ് വണ്ടി പോയിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നു. പാളംതെറ്റിയ ബോഗികള്‍ക്കുമേല്‍ അടുത്ത പാളത്തിലൂടെ കടന്നുപോയ ചരക്കുവണ്ടി പാഞ്ഞുകയറിയതാണ് അപകടം തീവ്രമാക്കിയത്. ബംഗാളില്‍ മാവോയിസ്റ്റ് സാന്നിധ്യമില്ലെന്ന നിലപാടാണ് റെയില്‍മന്ത്രി മമത സ്വീകരിക്കുന്നത്. മന്ത്രിയുടെ സമീപനം സുരക്ഷയില്‍ വീഴ്ചയുണ്ടാക്കിയോ എന്നു പരിശോധിക്കണമെന്നും പിബി പ്രസ്താവനയില്‍ പറഞ്ഞു.

മമതയുടെ ആരോപണങ്ങള്‍ വീഴ്ച മറയ്ക്കാന്‍: യെച്ചൂരി

പശ്ചിമ മിഡ്നാപ്പുരിലെ ട്രെയിന്‍ ദുരന്തത്തിനുപിന്നില്‍ മാവോയിസ്റ്റുകളായിരിക്കില്ലെന്ന റെയില്‍മന്ത്രിയുടെ വാദം കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. സ്ഫോടനമുണ്ടായതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന വാദമാണ് റെയില്‍മന്ത്രി ആവര്‍ത്തിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി ഈ വാദം തള്ളിക്കളഞ്ഞാതാണ്. തന്റെ വീഴ്ചയും റെയില്‍മന്ത്രാലയത്തിന്റെ പരാജയവും മറച്ചുവയ്ക്കാനാണ് മന്ത്രി ഇത്തരം ആരോപണം ഉന്നയിക്കുന്നത്. ദുരന്തത്തിന് ഇരയായവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആശ്വാസമെത്തിക്കാതെ തൃണമൂല്‍ ബുദ്ധിജീവികള്‍ സിപിഐ എമ്മിനും ഇടതുമുന്നണി സര്‍ക്കാരിനുമെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. സിപിഐ എമ്മും ഇടതുമുന്നണി സര്‍ക്കാരും അപകടം സൃഷ്ടിക്കാന്‍ ഗൂഢാലോചന നടത്തിയെന്നുവരെ ഇക്കൂട്ടര്‍ മുറവിളിക്കുന്നു. കമ്യൂണിസ്റ്റുകാരെ വേട്ടയാടാന്‍ ഹിറ്റ്ലറും നാസികളും പയറ്റിയ കുടിലതന്ത്രങ്ങളെ അനുസ്മരിപ്പിക്കുന്നതാണിത്. റെയില്‍വേമന്ത്രി ഇത്തരം അസംബന്ധ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് അതിശയകരം. മിഡ്നാപ്പുരിലെ അപകടം സംബന്ധിച്ച് റെയില്‍വേ മന്ത്രാലയത്തിന്റെ പ്രാഥമിക നിഗമനം രാജ്യത്തെ അറിയിക്കുക എന്നത് മന്ത്രിയുടെ ഉത്തരവാദിത്തമാണ്. ഇതെല്ലാം പറയുമ്പോഴും സംഭവത്തെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്നാണ് റെയില്‍വേമന്ത്രി ആവശ്യപ്പെടുന്നത്. സംസ്ഥാനസര്‍ക്കാര്‍ ഇതിനകംതന്നെ സിഐഡി അന്വേഷണത്തിനുള്ള നടപടി തുടങ്ങി. ദേശീയ ദുരന്തത്തിന്റെ അവസരത്തില്‍ രാജ്യത്തിന്റെ പൊതുതാല്‍പ്പര്യത്തിനൊപ്പം നില്‍ക്കുന്നതിനു പകരം തുച്ഛമായ വിഭാഗീയ താല്‍പ്പര്യങ്ങള്‍ക്ക് അതിനെ ഉപയോഗപ്പെടുത്തുന്നത് ലജ്ജാകരമാണ്. ബംഗാളിലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന് തലേന്ന് പൊതുജനത്തെ സ്വാധീനിക്കാനാണ് ഇത്തരം വിലകുറഞ്ഞ ആരോപണങ്ങളുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തിറങ്ങിയത്. രാഷ്ട്രീയ പ്രബുദ്ധരായ വംഗജനത ഈ ഗൂഢാലോചന തിരിച്ചറിഞ്ഞ് അര്‍ഹിക്കുന്ന മറുപടി നല്‍കുമെന്ന് യെച്ചൂരി പറഞ്ഞു.

ദേശാഭിമാനി 29052010

പ്രസക്തമായ മറ്റൊരു പോസ്റ്റ്

മാവോയിസ്റ്റുകളുടെ കൂട്ടുകാര്‍............!

സ്ഥലമെടുപ്പ് ബാധിക്കുന്നത് 5000 വീടുകളെമാത്രം

ദേശീയപാത വികസനത്തിനുള്ള സ്ഥലമെടുപ്പ് ആകെ ബാധിക്കുന്നത് അയ്യായിരത്തോളം വീടുകളെമാത്രം. റോഡിന്റെ വീതി 45 മീറ്ററായി തീരുമാനിച്ചാല്‍ ലക്ഷക്കണക്കിന് വീടുകള്‍ ഒഴിപ്പിക്കേണ്ടിവരുമെന്ന പ്രചാരണം വികസനപ്രവര്‍ത്തനം തകര്‍ക്കാനുള്ള ഗൂഢലക്ഷ്യമെന്ന് വ്യക്തം. നാഷണല്‍ ഹൈവേ അതോറിറ്റി സംസ്ഥാന സര്‍ക്കാരിന് അടിയന്തരമായി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. 600 കിലോമീറ്റര്‍വരുന്ന പാത വികസനത്തിന്റെ പേരിലാണ് സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമം നടത്തുന്നത്. 456 കിലോമീറ്റര്‍ പാത 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുമ്പോള്‍ 5111 വീടുകളെമാത്രമാണ് ബാധിക്കുന്നത്. ഇതില്‍ ചുറ്റുമതില്‍, മുന്‍വശം, വാഹനഷെഡ്ഡുകള്‍ എന്നിവമാത്രം പൊളിച്ചുമാറ്റേണ്ട വീടുകളും ഉള്‍പ്പെടും. ദേശീയപാതയില്‍ ഒമ്പത് മേല്‍പ്പാലം നിര്‍മിക്കാനുദ്ദേശിക്കുന്ന പ്രദേശത്ത് കൂടുതല്‍ സ്ഥലമെടുപ്പ് ഉണ്ടാവുകയേയില്ല. യഥാര്‍ഥ വസ്തുത മൂടിവയ്ക്കാനും വികസനം മുരടിപ്പിക്കാനുമുള്ള പ്രചാരവേലയുടെ മുനയൊടിയുകയാണ് നാഷണല്‍ ഹൈവേ അതോറിറ്റിയുടെ പ്രോജക്ട് ഇംപ്ളിമെന്റേഷന്‍ വിഭാഗം സംസ്ഥാന സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിലൂടെ.

നാനൂറ്റമ്പത്താറ് കിലോമീറ്റര്‍ പാതവികസനം 5111 വീടുകളെ കൂടാതെ 5643 കച്ചവടസ്ഥാപനങ്ങളെയും ബാധിക്കും. ആകെ ബാധിക്കുന്നത് 11,283 കെട്ടിടങ്ങളെയാണ്. ഒരു കിലോമീറ്ററില്‍ ശരാശരി 25 കെട്ടിടങ്ങളെമാത്രം. ദേശീയപാത 17ലെ കണ്ണൂര്‍-കുറ്റിപ്പുറംവരെയുള്ള 167 കിലോമീറ്ററില്‍ 1593 വീടുകളെയും 659 വ്യാപാരമന്ദിരങ്ങളെയുമാണ് വീതികൂട്ടല്‍ ബാധിക്കുന്നത്. കുറ്റിപ്പുറംമുതല്‍ ഇടപ്പള്ളിവരെയുള്ള 120 കിലോമീറ്ററില്‍ ഇത് യഥാക്രമം 2226-1499. ദേശീയപാത 47ലെ ചേര്‍ത്തലമുതല്‍ ഓച്ചിറവരെയുള്ള 84 കിലോമീറ്റര്‍ വീതികൂട്ടുമ്പോള്‍ ബാധിക്കുന്നത് 580 വീടുകളെയും 1844 വ്യാപാരസ്ഥാപനങ്ങളെയുമാണ്. ഓച്ചിറമുതല്‍ കഴക്കൂട്ടംവരെയുള്ള 85 കിലോമീറ്ററില്‍ ഇത് 712 -1641 ആണ് യഥാക്രമം. വീടും സ്ഥലവും നഷ്ടപ്പെടുന്നവര്‍ക്ക് ഉദാരവ്യവസ്ഥകളടങ്ങിയ പുനരധിവാസ പാക്കേജാണ് സംസ്ഥാന സര്‍ക്കാര്‍ ദേശീയപാത അതോറിറ്റിക്ക് നല്‍കിയിട്ടുള്ളത്. നിലവിലുള്ള കമ്പോളവില നല്‍കി ഭൂമി ഏറ്റെടുക്കാനുള്ള നിര്‍ദേശമാണ് അതിലൊന്ന്. കെഎസ്ടിപി പദ്ധതിക്ക് സ്ഥലമെടുത്ത മാതൃക സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതത് ജില്ലാ കലക്ടര്‍മാര്‍ അധ്യക്ഷരായ പര്‍ച്ചേസിങ് കമ്മിറ്റിക്കായിരിക്കും ഇതിന്റെ ചുമതല. ഏറ്റെടുക്കേണ്ടിവരുന്ന കടകളുടെയും ഭൂമിയുടെയും ഉടമകള്‍ക്കും കമ്പോളവില നല്‍കും. ഒപ്പം ഇത്തരം സ്ഥലങ്ങള്‍ വാടകയ്ക്കെടുത്ത് ഉപജീവനം നടത്തിവരുന്നവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കുന്നതിനും പാക്കേജില്‍ വ്യവസ്ഥയുണ്ട്. ദേശീയപാത വികസനപ്രശ്നം ചര്‍ച്ചയ്ക്കെടുത്തപ്പോള്‍മുതല്‍ സംസ്ഥാന സര്‍ക്കാര്‍ പുനരധിവാസ പാക്കേജും സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ദേശീയപാതവികസന അതോറിറ്റി ഡയറക്ടര്‍ബോര്‍ഡ് യോഗം ഇത് പരിഗണിച്ചിട്ടില്ല.
(കെ ആര്‍ അജയന്‍)

deshabhimani 29052010

പൊതുമേഖലാ വ്യവസായങ്ങള്‍ക്ക് ഇത് മുന്നേറ്റകാലം

കോഴിക്കോട്: പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്ന ശബ്ദമാണ് നാലുവര്‍ഷം മുമ്പ് കേരളത്തില്‍ ഉയര്‍ന്നതെങ്കില്‍, ഇന്ന് അവയെല്ലാം തുറക്കുന്ന ശബ്ദം ഉണര്‍ത്തുപാട്ടുപോലെ കേരളത്തില്‍ മുഴുങ്ങുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. കോഴിക്കോട് ബീച്ചില്‍ ആയിരങ്ങള്‍ പങ്കെടുത്ത എല്‍ഡിഎഫ് ജില്ലാ റാലി ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തകര്‍ച്ചയുടെ പടുകുഴിയിലേക്ക് വീണ 32 പൊതുമേഖലാ സ്ഥാപനങ്ങള്‍ വന്‍ലാഭത്തിലാണിപ്പോള്‍. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വകാര്യ മേഖലക്ക് വില്‍ക്കുമ്പോഴാണ് കേരളത്തില്‍ പുതിയ ചരിത്രം പിറക്കുന്നത്. യുഡിഎഫ് അടച്ചുപൂട്ടിയ കേരള സോപ്സ് ഉള്‍പ്പെടെ ഒട്ടേറെ സ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിക്കുന്നു. കയര്‍, കശുവണ്ടി തുടങ്ങിയ പരമ്പരാഗത തൊഴില്‍ മേഖലയിലും ഇപ്പോള്‍ പ്രസന്നമായ ചിത്രമാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ കാണുമ്പോള്‍ ഇതില്‍ അധാര്‍മികതയുണ്ടെന്നാണ് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി പറയുന്നത്. മുത്തങ്ങയില്‍ ആദിവാസികള്‍ക്ക് വെടിയുണ്ട നല്‍കിയ നേതാവിന് ഇപ്പോള്‍ ആദിവാസികള്‍ക്ക് വീടും സ്ഥലവും നല്‍കുന്നത് കാണുമ്പോള്‍ അധാര്‍മികത തോന്നുന്നത് സ്വാഭാവികം. ഇഎംഎസ് ഭവനപദ്ധതിയിലൂടെ അഞ്ച് ലക്ഷത്തോളം പേര്‍ക്ക് വീട് നല്‍കുന്നതും അധാര്‍മികമാണോ എന്ന് ഉമ്മന്‍ചാണ്ടി പറയണം. രാജ്യത്താകെ വിലക്കയറ്റമുണ്ടായപ്പോഴും അത് തടഞ്ഞുനിര്‍ത്താനായത് കേരളത്തിലാണ്. സപ്ളൈകോ, സഹകരണസംഘങ്ങള്‍ തുടങ്ങിയവയുടെ ആയിരക്കണക്കിന് വില്പന കേന്ദ്രങ്ങള്‍ തുറന്ന് നിത്യോപയോഗ സാധനങ്ങള്‍ വിലകുറച്ച് നല്‍കാന്‍ സര്‍ക്കാരിനായി. കൂടുതല്‍ വിലയ്ക്ക് അരി വാങ്ങി കൊണ്ടുവന്ന് 13.50-14 രൂപക്ക് കേരളത്തില്‍ വിറ്റു. ഇപ്പോള്‍ 35 ലക്ഷം കാര്‍ഡുടമകള്‍ക്ക് രണ്ട് രൂപക്ക് അരി നല്‍കാന്‍ പോകുന്നു.

നാട്ടില്‍ ഒരുതരത്തിലുള്ള വികസനപ്രവര്‍ത്തനവും വരരുതെന്നാഗ്രഹിക്കുന്നവരാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ എല്ലാ വികസനപ്രവര്‍ത്തനങ്ങളെയും എതിര്‍ക്കുന്നത്. ഫാക്ടറി വന്നശേഷം മതി പശ്ചാത്തലവികസനം എന്ന വാദം ഇതിന്റെ ഭാഗമാണ്. റോഡ് ഉള്‍പ്പെടെയുള്ള പശ്ചാത്തല സൌകര്യം ഉണ്ടായാല്‍ മാത്രമേ നാട്ടില്‍ വികസനമുണ്ടാവൂ;വ്യവസായം വരികയുള്ളൂ. നാഷണല്‍ ഹൈവേ വികസനത്തെ എതിര്‍ക്കുന്നതും ഇതേ ശക്തികളാണ്. കേരളത്തിലെ നാഷണല്‍ ഹൈവേ വീതി 30 മീറ്റര്‍ മതിയെന്ന് സര്‍വകക്ഷി യോഗത്തില്‍ പറഞ്ഞത് ഉമ്മന്‍ചാണ്ടിയാണ്. ഇപ്പോള്‍ 45 മീറ്റര്‍ വേണമെന്ന ആവശ്യം ഉയരുമ്പോള്‍ ഇദ്ദേഹം വാ തുറക്കുന്നില്ല. എല്‍ഡിഎഫില്‍നിന്ന് വിട്ടുപോയതിന് എന്തെങ്കിലുമൊരു കാരണം പറയാന്‍ പി ജെ ജോസഫിന് ഇപ്പോഴും കഴിയുന്നില്ലെന്നും വൈക്കം വിശ്വന്‍ പറഞ്ഞു. ബിഷപ്പുമാര്‍ പറഞ്ഞിട്ടാണെന്ന് അദ്ദേഹം ഒരു മാധ്യമപ്രവര്‍ത്തകനോട് വ്യക്തമാക്കിയതായി കണ്ടു. എന്നാല്‍ എല്ലാ ബിഷപ്പുമാരും ഈ ആവശ്യമുന്നയിച്ചതായി ഇതുവരെ വിവരമില്ല. യുഡിഎഫിനെ സ്നേഹിക്കുന്ന ഒന്നോ രണ്ടോ ബിഷപ്പുമാരുടെ വാക്ക് കേട്ടാണ് അദ്ദേഹം കെണിയില്‍ വീണതെന്നാണ് മനസ്സിലാകുന്നതെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.
(വൈക്കം വിശ്വന്‍)

ദേശാഭിമാനി 29052010

മന്ത്രിസഭാ വാര്‍ഷികവും മാധ്യമങ്ങളും

സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എന്തുതന്നെയായാലും അടുത്ത ഭരണം യുഡിഎഫിന് കിട്ടണമെന്ന മുന്‍വിധിയും വാശിയുമാണ് മിക്ക മുഖ്യധാരാ മാധ്യമങ്ങളും വാര്‍ഷികം സംബന്ധിച്ച റിപ്പോര്‍ട്ടിംഗില്‍ പ്രകടിപ്പിച്ചത്. പുത്തന്‍ അവധൂതന്‍മാരെപ്പോലെ മാധ്യമ മനസ്സിലെ അരുമകളായ യുഡിഎഫിന്റെ കഴിഞ്ഞ ഭരണകാലമോ, അല്ലെങ്കില്‍ ഏതെങ്കിലുമൊരു മന്ത്രിസഭാ പ്രവര്‍ത്തനമോ അബദ്ധത്തില്‍ പോലും താരതമ്യത്തിന് ഓര്‍ത്തെടുക്കാന്‍ പത്രങ്ങളും ചാനലുകളും മിനക്കെട്ടില്ല. കടുത്ത രാഷ്ട്രീയ പക്ഷപാതികള്‍ക്കുപോലും മന്ത്രിസഭയിലോ മന്ത്രിമാരിലോ അഴിമതിയുടെ കളങ്കം ആരോപിക്കാന്‍ സാധിക്കാത്തവിധം ഓരോ മന്ത്രിയും സംശുദ്ധിയുടെ അടയാളങ്ങളായി ഉയര്‍ന്നുനില്‍ക്കുന്നു. യുഡിഎഫിന്റെ ഭരണം ഇങ്ങനെയൊക്കെയായിരുന്നോയെന്ന് ഓര്‍ത്തെടുക്കാന്‍പോലും മാധ്യമങ്ങള്‍ക്ക് നേരമില്ല.

എല്‍ഡിഎഫ് ഭരണത്തിന് നേട്ടങ്ങളുണ്ടെന്ന് പ്രതിപക്ഷനേതാവ് അംഗീകരിക്കുന്നത് മാധ്യമങ്ങളിലൂടെ കണ്ടു. അദ്ദേഹത്തിന്റെ നോട്ടത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളാണ് എല്‍ഡിഎഫിന് മെച്ചമായത്. ഇതേ കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിക്കുന്ന പദ്ധതികള്‍ ഉപയോഗിച്ച് മെച്ചപ്പെട്ട ഭരണം നടത്തുന്ന ഇതര സംസ്ഥാന സര്‍ക്കാരുകള്‍ കോണ്‍ഗ്രസില്‍ ഉണ്ടോയെന്ന് ഉമ്മന്‍ചാണ്ടി പരിശോധിച്ചില്ല. കേരളത്തില്‍ കര്‍ഷക ആത്മഹത്യ നിലച്ചതിനുകാരണം കേന്ദ്ര പദ്ധതികള്‍കൊണ്ടാണെങ്കില്‍ മഹാരാഷ്ട്രയിലും ആന്ധ്രയിലും കര്‍ഷകന്റെ ആത്മഹത്യ നിലയ്ക്കാത്തതെന്തുകൊണ്ടാണെന്ന് പരിശോധിച്ചില്ല.

ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ രാജസ്ഥാനും മഹാരാഷ്ട്രയും നേടിയ നേട്ടങ്ങള്‍ കേരളത്തിനുണ്ടായില്ല എന്നതായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറ്റൊരു വിലാപം. മാതൃഭൂമിയില്‍ അദ്ദേഹം എഴുതിയ ലേഖനത്തില്‍ സമ്മതിക്കുന്ന ഒരു പ്രധാനകാര്യം കൂലി നിര്‍ണ്ണയമാണ്. രാജസ്ഥാനിലും ഇതര ഹിന്ദി സംസ്ഥാനങ്ങളിലും ഒരു ദിവസത്തെ കൂലിനിരക്ക് 50 രൂപയില്‍ താഴെയാണ്. ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഇരട്ടിക്കൂലി ലഭിക്കും. കേരളത്തില്‍ അതിനെക്കാള്‍ കൂടിയ കൂലിയായ 125 രൂപ നല്‍കിയാലും വേണ്ടത്ര പുരുഷ തൊഴിലാളികളെ ലഭിക്കാത്തതൊന്നും പ്രതിപക്ഷ നേതാവിന്റെ തലവേദനയല്ല.

മന്ത്രിസഭാ വാര്‍ഷികം പ്രമാണിച്ച്, യോജിച്ച് ഒരു സമരംപോലും സംഘടിപ്പിക്കാന്‍ കഴിയാത്തവിധം പ്രതിപക്ഷം ആയുധങ്ങള്‍ നഷ്ടപ്പെട്ടുനില്‍ക്കുന്നത് മിക്ക മാധ്യമങ്ങളും ശ്രദ്ധിച്ചില്ല. കിനാലൂര്‍പോലെ "വീണു കിട്ടുന്ന നിധി''കളല്ലാതെ ഇടതുമുന്നണി സര്‍ക്കാരിനെതിരെ കാര്യമായ യാതൊരു പ്രക്ഷോഭവും ഉയര്‍ന്നുവരാത്തതെന്തുകൊണ്ട്? ചെറിയ സമരങ്ങള്‍പോലും വലുതാക്കി കാണിക്കുന്ന മാധ്യമങ്ങള്‍ക്ക് ആകെ ലഭിച്ചത് കിനാലൂരിലെ ചില ദൃശ്യങ്ങള്‍ മാത്രം. പ്രതിപക്ഷത്തിന് ആഗ്രഹമില്ലാഞ്ഞിട്ടല്ല. മറിച്ച് തങ്ങളുടെ സ്വന്തം അനുയായികളുടെ സംഘടനകളെപ്പോലും സമരരംഗത്തിറക്കാന്‍ എന്തുകൊണ്ടാണ് പ്രതിപക്ഷത്തിനാവാത്തത്? കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ഐഎന്‍ടിയുസി പോലും തെരുവിലിറങ്ങി സമരംചെയ്യുമ്പോള്‍ ആണ്, കേരളസര്‍ക്കാരിന്റെ ഏതെങ്കിലും നയങ്ങള്‍ക്കെതിരെ ഒരു രാഷ്ട്രീയ പ്രേരിതസമരം പോലുംഅസാധ്യമായവിധം പലരും കുഴങ്ങുന്നത്.

നാലുവര്‍ഷം മുമ്പുള്ള കേരളഖജനാവിന്റെ ഇപ്പോഴത്തെ ധന:സ്ഥിതിയും പെട്ടെന്ന് തിരിച്ചറിയാം. മന്ത്രിസഭാ വാര്‍ഷികം ജ്വലിപ്പിച്ച് നിര്‍ത്തുന്നത് ധനകാര്യവകുപ്പിന്റെ തിളക്കമാണ്. അത് മറ്റ് വകുപ്പുകള്‍ക്ക് ശക്തിയും ശേഷിയും പകരുന്നു. ആഗോളമാന്ദ്യംമൂലം ലോകത്തെ എല്ലാ രാജ്യങ്ങളിലും തൊഴിലാളികള്‍ക്ക് പിരിച്ചുവിടലും കൂലിക്കുറവും ബോണസ് നിഷേധിക്കലുമുണ്ടായി. കേരളത്തില്‍ പണിയെടുക്കുന്നവരുടെ അനുഭവം വ്യത്യസ്തമായത് ശ്രദ്ധേയമായി. ആഗോള മാന്ദ്യത്തില്‍ ഐടി മേഖലയുള്‍പ്പെടുന്ന സേവനമേഖലകള്‍ക്ക് തിരിച്ചടിയേറ്റപ്പോഴും മാന്ദ്യകാലത്ത് കേരളത്തെ മഹാമേരുപോലെ സംരക്ഷിച്ചുനിര്‍ത്തിയത് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ ബദല്‍നയങ്ങള്‍ ആണെന്ന് മാധ്യമങ്ങള്‍ സമ്മതിച്ചില്ലെങ്കിലും ജനങ്ങള്‍ കാണുന്നുണ്ട്.

240 കോടി രൂപയുടെ ലാഭം കഴിഞ്ഞവര്‍ഷം നേടി മികച്ച വിജയം കൈവരിച്ച സംസ്ഥാന പൊതുമേഖലയുടെ നേതൃത്വം വഹിക്കുന്ന ഇളമരം കരീമിനെ മുഖപ്രസംഗത്തിലൂടെ മാതൃഭൂമി അഭിനന്ദിക്കുകയുണ്ടായി. കിനാലൂരിന്റെ പശ്ചാത്തലത്തില്‍ മാതൃഭൂമി പിന്നീട് നയം മാറ്റി. ദേശീയതലത്തില്‍ പൊതുമേഖലയെ ഉപയോഗിച്ച് സ്പെക്ട്രം അഴിമതി ഉള്‍പ്പെടെ നടത്തുന്ന വലതുപക്ഷത്തെ പിന്തുണയ്ക്കുന്ന മാധ്യമങ്ങള്‍ക്ക് സംസ്ഥാന പൊതുമേഖല നേടിയ കുതിപ്പിനെ ചെറുതായെങ്കിലും അംഗീകരിക്കേണ്ടിവന്നത് സന്തോഷകരമാണ്.

മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരെപറ്റിയും പൊതുവില്‍ നല്ലതുമാത്രമേ മിക്ക മാധ്യമങ്ങള്‍ക്കും പറയാനുണ്ടായിരുന്നുള്ളു. രണ്ട് ദോഷങ്ങളാണ് ചര്‍ച്ചകളില്‍ ചൂണ്ടിക്കാട്ടപ്പെട്ടത്. ഇടതുപക്ഷ മുന്നണിയില്‍ പതിവില്ലാത്ത ചില ഭിന്ന സ്വരങ്ങള്‍ കേള്‍ക്കാനിടയായത് പൊതു സമൂഹം ഇഷ്ടപ്പെടുന്നില്ല. തിളക്കമാര്‍ന്ന നേട്ടങ്ങള്‍ക്കിടയില്‍ ജനമനസ്സുകളിലേക്ക് കുടിയേറിയത് വിവാദങ്ങളാണ്. ഇവിടെ എല്‍ഡിഎഫിലെ പാര്‍ടികളിലും മുന്നണിയിലും ഉണ്ടാകുന്ന ചെറിയ അഭിപ്രായങ്ങളും അതിലെ വ്യത്യസ്തതകളും ഭീമാകാരത്തിലാക്കി മാധ്യമങ്ങള്‍ ആഘോഷിച്ചപ്പോള്‍ അതിനടിയില്‍ കുഴിച്ചുമൂടപ്പെട്ടത് സര്‍ക്കാര്‍ നേടിയ സമാനതകളില്ലാത്ത നേട്ടങ്ങളാണ്.

സര്‍ക്കാരിന്റെ വിവിധ വകുപ്പുകളെ വിചാരണചെയ്യാനായി മലയാളമനോരമ നാലഞ്ചുദിവസങ്ങള്‍ നീണ്ട പരമ്പരയെഴുതിയെങ്കിലും ആന്തരികമായ ഒരു ദൌര്‍ബല്യം അതില്‍ മുഴച്ചുനിന്നു. ഇഷ്ടമില്ലാത്ത അച്ചി തൊട്ടതൊക്കെയും കുറ്റമെന്ന നിലയില്‍ മനോരമ ഇടതുമുന്നണി സര്‍ക്കാരിനെതിരെ ഒരു പരമ്പര ചമയ്ക്കുമ്പോള്‍ അതിന് താല്‍ക്കാലികമായ ഒരു വായനാസുഖംപോലും നല്‍കാനാകാതെപോയതെന്തുകൊണ്ടെന്ന് ചിന്തിക്കേണ്ടതുണ്ട്. ഏച്ചുകെട്ടിയാല്‍ മുഴച്ചിരിക്കുമെന്ന നിലയില്‍ ചിലത് സൃഷ്ടിച്ചെടുത്തതിലെ വൈരുദ്ധ്യമാണ് പരമ്പരയില്‍ തെളിഞ്ഞുവന്നത്.

മന്ത്രിസഭാ വാര്‍ഷികത്തിന് പിറ്റേന്ന് മൂന്ന് "നിഷ്പക്ഷ''രെക്കൊണ്ട് മാതൃഭൂമി സര്‍ക്കാരിന് മാര്‍ക്കിട്ടുകളഞ്ഞു. 6/10 വീതം രണ്ടുപേരും 5/10 മാര്‍ക്ക് മറ്റൊരാളും നല്‍കി. ഫലത്തില്‍ ഫസ്റ്റ് ക്ളാസിനൊപ്പമുള്ള ഒരു മാര്‍ക്ക് മാതൃഭൂമിപോലും നല്‍കിയിരിക്കുന്നു. യുഡിഎഫിന്റെ ഭരണമേല്‍പിച്ച തകര്‍ച്ചയില്‍നിന്ന് കേരളത്തെ വീണ്ടെടുക്കാനാണ് സര്‍ക്കാരിന്റെ ആദ്യവര്‍ഷങ്ങള്‍ ചിലവഴിച്ചത്. തുടര്‍ന്ന് ദരിദ്രജനക്ഷേമവും തൊഴില്‍ സംരക്ഷണവും അടിസ്ഥാന സൌകര്യവികസനവും മികച്ച ധന മാനേജ്മെന്റും ഭവനനിര്‍മ്മാണപദ്ധതിയും ഉള്‍പ്പെടെ ക്രിയാത്മക നടപടികളിലേക്കുയര്‍ന്നു. അഞ്ചാംവര്‍ഷമെത്തുമ്പോള്‍ അതിവേഗതയില്‍ കാര്യങ്ങള്‍ തീര്‍ക്കാനുള്ള ശക്തിയും എല്‍ഡിഎഫിനുണ്ട്. കേരളം ഭരിച്ച ഏതു വലതുപക്ഷ സര്‍ക്കാരാണ് പാസ്മാര്‍ക്കെങ്കിലും നേടിയിട്ടുള്ളതെന്ന് ചിന്തിക്കണം.

മാണി - ജോസഫ് ലയനത്തിന് പിന്നില്‍ അദൃശ അജണ്ടകള്‍ പുറത്താകുന്നത് മാധ്യമങ്ങള്‍ക്ക് വാര്‍ത്തയാകുന്നില്ല. വിദ്യാഭ്യാസമേഖലയിലെ കച്ചവട താല്‍പര്യങ്ങള്‍ സഫലീകരിക്കാന്‍ ഉതകുന്ന ഒരു വിദ്യാഭ്യാസമന്ത്രിയെ സൃഷ്ടിക്കാനുള്ള ചിലരുടെ താല്‍പര്യം ഇപ്പോള്‍ പതുക്കെപതുക്കെ തെളിഞ്ഞുവരികയാണ്. യുഡിഎഫിലെ രണ്ടാമത്തെ ഘടകകക്ഷിയായി കെ എം മാണിയെ മാറ്റണമെന്ന കാഴ്ചപ്പാട് ഇതിന്റെ സന്തതിയാണ്. യുഡിഎഫിന് അവസരം ലഭിച്ചാല്‍ മാണിയിലൂടെ വിദ്യാഭ്യാസവകുപ്പ് തങ്ങള്‍ക്ക് ലഭിക്കണമെന്ന മധ്യ തിരുവിതാംകൂറിലെ വിദ്യാഭ്യാസലോബിയുടെ ആഗ്രഹംതന്നെയാണ് ലീഗിനേയും കോണ്‍ഗ്രസിനേയും വെട്ടിലാക്കുന്നത്. സ്വപ്നംകാണാന്‍ ആര്‍ക്കുമവകാശമുണ്ട്. അടുത്തഭരണം സംബന്ധിച്ച് യുഡിഎഫിന്റെ സ്വപ്നങ്ങള്‍ പാഴ്ക്കിനാവാണെങ്കിലും അതിന്റെപേരില്‍ ഇപ്പോള്‍തന്നെ തമ്മിലടിക്കുന്നവരെപ്പറ്റി സമൂഹം എങ്ങനെയാണ് വിലയിരുത്തേണ്ടത്? സര്‍ക്കാരിന്റെ പ്രവര്‍ത്തന നേട്ടങ്ങളിലേക്ക് ഒരു ചര്‍ച്ച നടന്നതുതന്നെ നാലാംവാര്‍ഷികത്തെ സാര്‍ത്ഥകമാക്കുന്നു.

അഡ്വ. കെ അനില്‍കുമാര്‍ ചിന്ത വാരിക 28052010

Saturday, May 29, 2010

സ്ത്രീശാക്തീകരണത്തിലെ തില്ലങ്കേരി/പനമരം മാതൃകകള്‍

സ്ത്രീശാക്തീകരണത്തിലെ തില്ലങ്കേരി മാതൃക

മട്ടന്നുര്‍: സ്ത്രീശാക്തീകരണത്തില്‍ ഇതിഹാസം രചിച്ച തില്ലങ്കേരിയിലെ കുടുംബശ്രീ സിഡിഎസിന് സംസ്ഥാന അംഗീകാരം. സംസ്ഥാനത്തെ പഞ്ചായത്തുകളിലെ മികച്ച അഞ്ച് സിഡിഎസുകളിലൊന്നാണ് തില്ലങ്കേരി. ഇത് പഞ്ചായത്തിലെ 2300 സിഡിഎസ് അംഗങ്ങളുടെ മാതൃകാ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണ്. നൂറുശതമാനം കുടുംബശ്രീ ബാങ്ക് ലിങ്കേജ് നേടിയ സംസ്ഥാനത്തെ ആദ്യ പഞ്ചായത്തായിരുന്നു തില്ലങ്കേരി. 106000 വാഴകള്‍ നട്ടുപിടിപ്പിച്ച് രാജ്യത്തെ വലിയ വാഴഗ്രാമം പദ്ധതി നടപ്പിലാക്കുകയും ചെയ്തു.

തില്ലങ്കേരിയിലെ വനിതകള്‍ മികച്ചനേട്ടം കൈവരിച്ചപ്പോള്‍ കഠിന പ്രയത്നത്തിന്റെ കഥകളാണ് അതിന് പിന്നിലുള്ളത്. 129 അയല്‍ക്കൂട്ടങ്ങളിലായി 8764800 രൂപ നിക്ഷേപവും 30360800 രൂപ വായ്പയുമുള്ള ഇവിടെ വനിതാ കൂട്ടായ്മയില്‍ വൈവിധ്യങ്ങളായ പദ്ധതികളാണ് നടപ്പാക്കിയത്. ഭവനശ്രീ പദ്ധതിയില്‍ 89 വീട് നിര്‍മിച്ചു. സബ്സിഡിയായി 890000 രൂപ നല്‍കി. നൂറുകണക്കിന് പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കി. 22 ആട് വളര്‍ത്തല്‍ യൂണിറ്റ്, ഒമ്പത് കോഴിഫാം, 16 ഡെയ്റിഫാം, ഏഴ് മണ്ണിരകമ്പോസ്റ്റ് യൂണിറ്റ്, രണ്ടുവീതം ചിപ്സ് നിര്‍മാണ യൂണിറ്റ്, വാഴനാരുല്‍പന്ന യൂണിറ്റ്, വനിതാ ടെയ്ലറിങ് യൂണിറ്റ്, കരകൌശല യൂണിറ്റ് എന്നിവ പ്രവര്‍ത്തിക്കുന്നു. 66 സ്വയം തൊഴില്‍ സംരഭക യൂണിറ്റുകള്‍ക്ക് 2550000 രൂപയാണ് സബ്സിഡിയായി നല്‍കിയത്. 114 ഹെക്ടറിലാണ് സ്തീകളുടെ വാഴകൃഷിയുള്ളത്. 15 ഹെക്ടര്‍ തരിശ് നിലത്ത് നെല്‍കൃഷിയിറക്കി. ഒരു വീട്ടില്‍ ഒരു സെന്റ് വയല്‍ എന്ന നിലയില്‍ 1500 കുട്ടിവയലുകളും തില്ലങ്കേരിയിലുണ്ട്.

കാര്‍ഷിക മേഖലയിലൂടെ സ്വയം പര്യാപ്തത കൈവരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ആരോഗ്യ മേഖലയിലും കുടുംബശ്രീ മികവ് പുലര്‍ത്തിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ എ ഷാജി പറഞ്ഞു. ആരോഗ്യ സംരക്ഷണത്തിന് 107 ജനസഖ്യ യൂണിറ്റുകളാണുള്ളത്. കിടപ്പിലായ 65 രോഗികളുടെ പരിചരണം പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പദ്ധതിയില്‍ ഏറ്റെടുത്തു. 49 ബാലസഭകളിലായി 980 കുട്ടികളുടെ സംഘവുമുണ്ട്. ആശ്രയപദ്ധതിയില്‍ 34 വീടുകള്‍ നിര്‍മിച്ചു. തൊഴിലുറപ്പ് പദ്ധതിയിലൂടെ 32 ലക്ഷംരൂപയുടെ പ്രവൃത്തികളാണ് നടത്തിയത്. വികസന മുരടിപ്പും തൊഴിലില്ലായ്മയും നിലനിന്ന തില്ലങ്കേരിയിലെ ഗ്രാമങ്ങളില്‍ വനിതാ സംഘങ്ങളിലുടെ വികസനവും തൊഴിലവസരങ്ങളും സൃഷ്ടിക്കാന്‍ ചെയര്‍പേഴ്സ എം കെ സുബൈറയുടെ നേതൃത്വത്തിലുള്ള സിഡിഎസിനായി.

നേട്ടങ്ങളുടെ നെറുകയില്‍ പനമരം കുടുംബശ്രീ

പനമരം: പട്ടികവര്‍ഗ്ഗ മേഖലയിലെ വ്യത്യസ്തതയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനതല അംഗീകാരം ലഭിച്ചതിന്റെ ആവേശത്തിലാണ് പനമരം കുടുംബശ്രീ പ്രവര്‍ത്തകര്‍. പഞ്ചായത്തിലെ 2300 പട്ടികവര്‍ഗ്ഗ കുടുംബങ്ങളെയും മുഖ്യധാരയിലെത്തിക്കാന്‍ കുടുംബശ്രീ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്. 530 കുടുംബശ്രീ യൂണിറ്റുകളുള്ള പനമരം പഞ്ചായത്തില്‍ 154 പട്ടിക വര്‍ഗ്ഗ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആരും സഹായത്തിനില്ലാത്ത ആദിവാസി കുടുംബങ്ങളെ പരിചരിക്കുന്നതില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ മുന്നിലാണ്. 19 അഗതി കുടുംബങ്ങളുടെ സംരക്ഷണം സിഡിഎസിന്റെ നേരിട്ടുള്ള ചുമതലയിലാണ്. ഇവരുടെ എല്ലാ പ്രശ്നങ്ങളും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്നതില്‍ സിഡിഎസ് പ്രവര്‍ത്തകര്‍ ശ്രദ്ധാലുക്കളാണ്.

മലങ്കരയിലെ രോഗിയായ ഓണത്തിയെ ചികിത്സിച്ച് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ട് വരാന്‍ കഴിഞ്ഞത് ചാരിതാര്‍ത്ഥ്യമുളവാക്കുന്നതായി സിഡിഎസ് ചെയര്‍പേഴ്സ ലീന ജോളി പറഞ്ഞു. വയറ്റില്‍ എട്ട് കിലോ തൂക്കമുള്ള മുഴയുമായിക്കഴിഞ്ഞ ഓണത്തിയെ ജില്ലാ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും എത്തിച്ചത് ലീനയാണ്. ഓപ്പറേഷന് ശേഷം ഓണത്തി മരിച്ചെന്ന വാര്‍ത്ത നാട്ടില്‍ പരന്നു. എല്ലാവരും തന്നെ കുറ്റപ്പെടുത്തി. എന്നാല്‍ ഓപ്പറേഷന് ശേഷം ഓണത്തി തിരികെ നാട്ടിലെത്തിയപ്പോള്‍ കുറ്റപ്പെടുത്തിയവരെ ജനം തിരിച്ചറിഞ്ഞു. ഇന്ന് ഓണത്തി തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുക്കുന്നതായി ലീന പറഞ്ഞു.

റേഷന്‍ കാര്‍ഡില്ലാത്ത 600 പട്ടിക വര്‍ഗ്ഗ കുടുംബങ്ങളാണ് പഞ്ചായത്തിലുള്ളത്. ഇവര്‍ക്ക് റേഷന്‍കാര്‍ഡ് ലഭിക്കുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ സിഡിഎസ് നടത്തി വരികയാണ്. 120 കുടുംബങ്ങള്‍ക്ക് സിഡിഎസിന്റെ ഇടപെടലിനെ തുടര്‍ന്ന് റേഷന്‍കാര്‍ഡ് ലഭിച്ചു കഴിഞ്ഞു. ജില്ലയില്‍ കുടുംബശ്രീമിഷന്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത് പനമരത്താണ്. 50 ലക്ഷം രൂപയാണ് പനമരം പഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ലഭിച്ചത്. ഈ തുക മൈക്രോ സംരംഭങ്ങള്‍ തുടങ്ങുന്നതിനാണ് പ്രധാനമായും ചെലവഴിച്ചത്. പഞ്ചായത്തില്‍ ആരംഭിച്ച മൈക്രോ സംരംഭങ്ങള്‍ സ്ത്രീകളുടെ വരുമാനം വര്‍ദ്ധിപ്പിച്ചതിനൊപ്പം കുടുംബ ഭദ്രതയും മെച്ചപ്പെട്ടതാക്കി.

സ്ത്രീകള്‍ പവര്‍ടില്ലര്‍ ഉപയോഗിച്ച് വയലില്‍ പണിയെടുക്കുന്നത് പനമരം പഞ്ചായത്തിന്റെ പ്രത്യേകതയാണ്. പനമരം പഞ്ചായത്തിലെ കുടുംബശ്രീകള്‍ കൃഷി ചെയ്ത മത്സ്യമാണ് ജില്ലക്കകത്തും പുറത്തുമുള്ള റിസോര്‍ട്ടുകളില്‍ ഉപയോഗിക്കുന്നത്. രണ്ട് വലിയ കുളങ്ങളിലാണ് മത്സ്യ കൃഷി നടത്തുന്നത്.മത്സ്യ കൃഷിയോടൊപ്പം 880 ഏക്കര്‍ സ്ഥലത്ത് പാട്ടകൃഷിയും ചെയ്യുന്നുണ്ട്. ഇതിന്റെ ഗുണം മൂവ്വായിരം കുടുംബങ്ങള്‍ക്കാണ്. വ്യത്യസ്തങ്ങളായ പ്രവര്‍ത്തനങ്ങള്‍ ചുമതല ബോധത്തോടെ ഏറ്റെടുത്ത് നടപ്പിലാക്കുന്ന സിഡിഎസ് പ്രവര്‍ത്തകര്‍ അഗതി ആശ്രയ പദ്ധതിയിലൂടെ പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ തികച്ചും മാതൃകപരമാണ്.

deshabhimani news

മെഡിക്കല്‍ കോളേജ് ആശുപത്രി അന്താരാഷ്ട്രനിലവാരത്തിലേക്ക്

അന്താരാഷ്ട്രനിലവാരത്തില്‍ ആധുനിക ചികിത്സാസൌകര്യങ്ങളോടെ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ളോക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തനസജ്ജമായി. 120 കോടി ചെലവില്‍ നിര്‍മിച്ച ബ്ളോക്കില്‍ ജൂലൈ ഒന്നുമുതല്‍ ഒപി ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി പി കെ ശ്രീമതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബ്ളോക്കിന്റെ ഔപചാരികോദ്ഘാടനം പ്രധാനമന്ത്രിയുടെ സൌകര്യാര്‍ഥം ജൂലൈ അവസാനമോ ആഗസ്ത് ആദ്യവാരമോ നടക്കും.

സാധാരണക്കാര്‍ക്ക് മികച്ചതും സൌജന്യവുമായ ചികിത്സാസൌകര്യംലഭ്യമാക്കുന്നതിനുള്ള സര്‍ക്കാര്‍പദ്ധതിയുടെ ഭാഗമായാണ് ഏഴുനിലകളിലുള്ള ബ്ളോക്ക് നിര്‍മിച്ചിരിക്കുന്നത്. അത്യാധുനിക സജ്ജീകരണങ്ങളോടെ ന്യൂറോളജി, ന്യൂറോ സര്‍ജറി, നെഫ്റോളജി, യൂറോളജി, മെഡിക്കല്‍ ഗ്യാസ്ട്രോ, സര്‍ജിക്കല്‍ ഗ്യാസ്ട്രോ എന്ററോളജി എന്നീ വിഭാഗങ്ങളാണ് ഇവിടെ പ്രവര്‍ത്തിക്കുക. ഒപി, ഐപി വിഭാഗങ്ങളിലായി 283 രോഗികളെ കിടത്തിച്ചികിത്സിക്കുന്നതിനുള്ള വാര്‍ഡുകള്‍, തീവ്രപരിചരണ വാര്‍ഡുകള്‍, ഐസലേഷന്‍ വാര്‍ഡുകള്‍ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. രാജ്യത്തെ മികച്ച ശസ്ത്രക്രിയ സൌകര്യങ്ങളോടെ കംപ്യൂട്ടര്‍ നിയന്ത്രിതസംവിധാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എട്ട് മോഡുലര്‍ ഓപ്പറേഷന്‍ തിയറ്ററുകളും ട്രാന്‍സ്പ്ളാന്റ് തിയറ്ററുകളും പ്രത്യേകതയാണ്. പ്രത്യേക തീവ്രപരിചരണ വിഭാഗവുമുണ്ട്. വിവിധ ഐസിയുകളിലായി 29 രോഗികളെ ഒരേസമയം ചികിത്സിക്കാനുള്ള സൌകര്യമുണ്ട്.

പിഎംഎസ്എസ്വൈ പദ്ധതിപ്രകാരമുള്ള സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ളോക്ക് റെക്കോഡ് സമയത്തിനുള്ളിലാണ് പൂര്‍ത്തീകരിച്ചത്. 13 സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച പദ്ധതിയില്‍ ആദ്യം പൂര്‍ത്തിയാക്കിയതും കേരളമാണ്. നൂറുകോടി കേന്ദ്രവിഹിതവും 20.60 കോടി സംസ്ഥാനവിഹിതവും ഉപയോഗിച്ചാണ് വികസനപ്രവര്‍ത്തനം പൂര്‍ത്തീകരിച്ചത്. പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡിനായിരുന്നു നിര്‍മാണച്ചുമതല. സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ളോക്ക് പ്രവര്‍ത്തനത്തിനായി 145 പുതിയ തസ്തിക സൃഷ്ടിച്ചിട്ടുണ്ടെന്ന് മന്ത്രി പി കെ ശ്രീമതി പറഞ്ഞു. പുതിയ ബ്ളോക്കിനൊപ്പം നേഴ്സിങ് വിദ്യാര്‍ഥികള്‍ക്കായി പിജി ബ്ളോക്ക്, ആധുനിക മെഡിക്കല്‍ ലാബ് ടെക്നോളജി ബ്ളോക്ക്, അഞ്ചു നിലകളിലായി നിര്‍മിച്ച പുതിയ ഒപി ബ്ളോക്ക് എന്നിവയും പൂര്‍ത്തിയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മെഡിക്കല്‍കോളജുകളില്‍ പഞ്ചിങ് ഏര്‍പ്പെടുത്തുന്നു

സംസ്ഥാനത്തെ അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലും ഹെല്‍ത്ത് ഡയറക്ടറേറ്റിലും മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറേറ്റിലും പഞ്ചിങ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി പി കെ ശ്രീമതി അറിയിച്ചു. ആരോഗ്യ, ചികിത്സാ മേഖലകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമാണിത്. മെഡിക്കല്‍കോളജ് ആശുപത്രികളിലെ എല്ലാ വിഭാഗങ്ങളുടെയും പ്രവര്‍ത്തനം നിരീക്ഷിക്കും. ശസ്ത്രക്രിയക്കും മറ്റും വേണ്ടി വരുന്ന സാധനങ്ങള്‍ നേരിട്ട് ലഭ്യമാക്കുന്നതിന് കേന്ദ്രപൊതുമേഖലാ സ്ഥാപനവുമായി ഉടന്‍ ധാരണപത്രം ഒപ്പുവയ്ക്കും. അഞ്ച് മെഡിക്കല്‍ കോളജിലും എച്ച്എല്‍എല്‍ സ്റോര്‍ തുടങ്ങുന്നതോടെ ഈ മേഖലയിലുള്ള ഇടത്തട്ടുകാരെ ഒഴിവാക്കാനാകും. തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ആധുനിക വന്ധ്യതാ ചികിത്സാക്ളിനിക് സ്ഥാപിക്കും. സംസ്ഥാനത്ത് വ്യാപകമായ ക്യാന്‍സര്‍ പ്രതിരോധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കും. ഇതിനായി സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍, ആര്‍സിസി, സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ എന്നിവിടങ്ങളിലെ വിദഗ്ധരുടെ യോഗം ഉടന്‍ വിളിക്കുമെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

പാരാമെഡിക്കല്‍ മേഖലയിലും 8 മണിക്കൂര്‍ ജോലി

സംസ്ഥാന ആരോഗ്യ- മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പുകളിലെ പാരാമെഡിക്കല്‍ ജീവനക്കാരുടെ ജോലിസമയം എട്ടുമണിക്കൂറാക്കി. സര്‍ക്കാര്‍ ആശുപത്രികളിലെ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണിത്. സര്‍ക്കാര്‍ ഉത്തരവ് വെള്ളിയാഴ്ച ഇറക്കി. രാവിലെ എട്ടുമുതല്‍ വൈകിട്ട് നാലുവരെ എല്ലാദിവസവുമുള്ള പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ ഒരു ഷിഫ്റ്റും അത്യാഹിത വിഭാഗമില്ലാത്ത സാമൂഹ്യാരോഗ്യകേന്ദ്രങ്ങളിലും സ്പെഷ്യാലിറ്റി ആശുപത്രികളിലും രാവിലെ എട്ടുമുതല്‍ വൈകിട്ട് നാലുവരെയും പകല്‍ 12 മുതല്‍ രാത്രി എട്ടുവരെയുമുള്ള രണ്ട് ഷിഫ്റ്റും പ്രവര്‍ത്തിക്കും. താലൂക്ക് ആശുപത്രികളിലും അതിനു മുകളിലുള്ള ആശുപത്രികളിലും പാരാമെഡിക്കല്‍ ജീവനക്കാരുടെ പുതുക്കിയ ജോലി സമയം പകല്‍ എട്ടുമുതല്‍ രണ്ടുവരെ, രണ്ടുമുതല്‍ രാത്രി എട്ടുവരെ, രാത്രി എട്ടുമുതല്‍ അടുത്ത ദിവസം രാവിലെ എട്ടുവരെ എന്നിങ്ങനെ മൂന്ന് ഷിഫ്റ്റായിരിക്കും. രാത്രി ഡ്യൂട്ടി ജീവനക്കാര്‍ക്ക് തൊട്ടടുത്ത ദിവസം ഒരു ഡ്യൂട്ടി ഷിഫ്റ്റ് ഓഫായി ലഭിക്കും. രാത്രി ഡ്യൂട്ടി ഡബിള്‍ ഡ്യൂട്ടിയായി പരിഗണിക്കില്ല. നേഴ്സുമാര്‍ക്ക് നിലവിലെ മാനദണ്ഡമനുസരിച്ച് വീക്ക്ലി ഓഫ് ലഭിക്കും. അര്‍ഹതപ്പെട്ട അവധിക്കുപുറമെ 20 കാഷ്വല്‍ ലീവും 22 അവധി/കോംപന്‍സേഷന്‍ അവധിയും 52 വീക്ക്ലി ഓഫും പാരാമെഡിക്കല്‍ ജീവനക്കാര്‍ക്ക് അനുവദിക്കും. അത്യാഹിത, അടിയന്തര ഘട്ടങ്ങളെ നേരിടാന്‍ എല്ലാ ജീവനക്കാരും 24 മണിക്കൂറും കോള്‍ ഡ്യൂട്ടിക്ക് എത്തണം. നിലവില്‍ പാരാമെഡിക്കല്‍മേഖലയിലെ ജോലിസമയം പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും സാമൂഹ്യാരോഗ്യകേന്ദ്രങ്ങളിലും രാവിലെ എട്ടുമുതല്‍ പകല്‍ ഒന്നുവരെയും രണ്ടുമുതല്‍ മൂന്നുവരെയും ആയിരുന്നു.

ദേശാഭിമാനി 29052010

പുനരധിവാസ പാക്കേജ് അനിശ്ചിതത്വത്തില്‍

കേന്ദ്ര സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടുമൂലം സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ദേശീയപാത പുനരധിവാസ പാക്കേജ് അനിശ്ചിതത്വത്തില്‍. സ്ഥലമേറ്റെടുക്കുന്നതിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഹൈവേ വികസനം അവതാളത്തിലാകുമെന്ന ആശങ്കയ്ക്കുപിന്നാലെയാണ് പുനരധിവാസ പാക്കേജിലെ അനിശ്ചിതത്വം.

പാതവികസനത്തിന് ചെലവിടാനുദ്ദേശിക്കുന്ന 12,000 കോടി രൂപയുടെ 16 ശതമാനം തുകയ്ക്കുള്ള പുനരധിവാസ പാക്കേജാണ് 2007 ഡിസംബറില്‍ കേരളം കേന്ദ്രത്തിന് സമര്‍പ്പിച്ചത്. 2,500 കോടിയോളം രൂപ ആവശ്യമായ പാക്കേജ് ദേശീയപാത വികസന അതോറിറ്റി അംഗീകരിച്ചിട്ടില്ല. പാത വികസനത്തിന് 45 മീറ്റര്‍ സ്ഥലമെടുപ്പ് തീരുമാനിച്ചാല്‍കൂടി പുനരധിവാസ പാക്കേജിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാത്തിടത്തോളം വികസനം നീളും.

ലോകബാങ്കിന്റെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതികള്‍ക്കു മാത്രമാണ് ദേശീയപാത അതോറിറ്റി പുനരധിവാസ പാക്കേജ് നടപ്പാക്കുന്നത്. യുപി പോലുള്ള സംസ്ഥാനങ്ങളില്‍ ഇത് നടപ്പാക്കിയിട്ടുമുണ്ട്. ഇവിടത്തെ പ്രത്യേക സാഹചര്യവും പാതയ്ക്കിരുവശമുള്ള ജനസാന്ദ്രതയും പരിഗണിച്ച് പാക്കേജ് നടപ്പാക്കണമെന്നാണ് കേരളം അഭ്യര്‍ഥിച്ചത്. ഇക്കാര്യംതീരുമാനമാകാത്തിടത്തോളം ജില്ലാതല പര്‍ച്ചേസ് കമ്മിറ്റിക്ക് സ്ഥലവില നിശ്ചയിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കഴിയില്ല. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രശ്നങ്ങളെത്തുടര്‍ന്നാണ് വീതി 30 മീറ്ററാക്കി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സര്‍വകക്ഷിസംഘം പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയത്. 45 മീറ്ററില്‍ താഴെ റോഡ് വികസനം ഏറ്റെടുക്കാനാകില്ലെന്ന് ദേശീയപാത അതോറിറ്റി തീരുമാനിച്ചു. വര്‍ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്ത് പാത 45 മീറ്ററില്‍ വേണമെന്ന അഭിപ്രായം ഉയര്‍ന്നുവന്നിട്ടുണ്ട്. ഇതിനെതിരെ ചിലര്‍ രംഗത്തെത്തിയിട്ടുണ്ടെങ്കിലും അത് വികസനം തടയാനുള്ള നീക്കമായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

എന്‍എച്ച് 47ന്റെ ഒട്ടുമിക്ക ബൈപാസുകള്‍ക്കും 45 മീറ്ററില്‍ കൂടുതല്‍ വീതിയുണ്ട്. പാലക്കാട് മണ്ണുത്തി റോഡിന് 60 മീറ്റര്‍ വരും. കഴക്കൂട്ടം, കൊല്ലം, ആലപ്പുഴ ബൈപാസുകള്‍ക്ക് 45 മീറ്റര്‍ വീതിയുണ്ട്. എന്‍എച്ച് 14ന്റെ അവസ്ഥയും ഇതുതന്നെ. ചുരുക്കം ചില മേഖലകളിലാണ് ഭൂമി അധികമായി ഏറ്റെടുക്കേണ്ടി വരിക. ഇത് മൂടിവച്ച് പാത വികസനം അട്ടിമറിക്കാനാണ് ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത്. സ്ഥലമേറ്റെടുക്കല്‍ സംബന്ധിച്ച തീരുമാനം ഉടനുണ്ടായില്ലെങ്കില്‍ ദേശീയപാത അതോറിറ്റി പദ്ധതി ഉപേക്ഷിക്കുമെന്ന ധാരണ പരന്നിട്ടുണ്ട്. ബിഒടി പ്രകാരം പണി തുടങ്ങേണ്ട ചില പദ്ധതികളുടെ നടപടിക്രമങ്ങള്‍ കഴിഞ്ഞ ദിവസം തടഞ്ഞത് ഇതിന്റെ സൂചനയാണ്. സംസ്ഥാന സര്‍ക്കാര്‍ ഡെപ്യൂട്ടേഷനില്‍ മുന്നൂറോളം ജീവനക്കാരെ നല്‍കിയിട്ടുണ്ട്. ഇവരുടേതടക്കമുള്ള ചെലവുകള്‍ക്കുംമറ്റും അതോറിറ്റിക്ക് പ്രതിമാസം രണ്ടരക്കോടിയോളം രൂപ ചെലവുണ്ട്. റോഡ് വികസന കാര്യത്തില്‍ അടിയന്തര തീരുമാനം വരാത്തപക്ഷം ബാധ്യത ഒഴിവാക്കാന്‍ ജീവനക്കാരെ തിരിച്ചയക്കുന്ന കാര്യവും അതോറിറ്റി ആലോചിക്കുന്നുണ്ട്.
(കെ ആര്‍ അജയന്‍)

ദേശാഭിമാനി 29052010

ഫിക്കിയുടെ അതിമോഹം ആപല്‍ക്കരം

ഭക്ഷ്യധാന്യസംഭരണവും വിതരണവും പൂര്‍ണമായും സ്വകാര്യമേഖലയെ ഏല്‍പ്പിച്ചുകൊടുക്കണമെന്നും സര്‍ക്കാര്‍ ഈ മേഖലയില്‍നിന്ന് പിന്മാറണമെന്നും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടത് അത്യന്തം ആപല്‍ക്കരമായ അതിമോഹമാണ്.

ഭക്ഷ്യവസ്തുക്കളുടെ വില മുമ്പൊരിക്കലും ഇല്ലാത്തവിധം കുതിച്ചുകയറിയിരിക്കുന്നു. ഫുഡ് ഇന്‍ഫ്ളേഷന്‍ (ഭക്ഷ്യവിലക്കയറ്റം) എന്ന ഒരു വാക്കുതന്നെ ജനങ്ങളുടെ ദൈനംദിന ജീവിതത്തില്‍ പ്രയോഗത്തില്‍വന്നിരിക്കുന്നു. ബഹുഭൂരിപക്ഷംവരുന്ന സാധാരണജനങ്ങള്‍ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുകയാണ്. ഭക്ഷ്യവസ്തുക്കളുടെ അവധിവ്യാപാരവും തന്മൂലമുള്ള പൂഴ്ത്തിവയ്പും കരിഞ്ചന്തയും വിലക്കയറ്റത്തിന്റെ മുഖ്യഹേതുവാണെന്ന് വ്യക്തം. കേന്ദ്രസര്‍ക്കാരാകട്ടെ സാമ്രാജ്യത്വ ആഗോളവല്‍ക്കരണനയം നടപ്പാക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യധാന്യസംഭരണം, വിതരണം എന്നീ മേഖലകളില്‍നിന്ന് പടിപടിയായി പിന്മാറിക്കൊണ്ടിരിക്കുകയാണ്. ഭക്ഷ്യധാന്യസംഭരണം സ്വകാര്യ കുത്തകവ്യാപാരികളെ ഏല്‍പ്പിക്കുകമാത്രമല്ല, കേന്ദ്രസര്‍ക്കാരിന്റെ കൈവശമുള്ള ഗോഡൌണുകള്‍പോലും അവര്‍ക്ക് പാട്ടത്തിന് നല്‍കി സഹായിക്കുകയാണ്. വിലക്കയറ്റം തടയാന്‍ സാര്‍വത്രികമായ പൊതുവിതരണസമ്പ്രദായം നടപ്പാക്കണമെന്ന ഇടതുപക്ഷത്തിന്റെ തികച്ചും ന്യായമായ ആവശ്യം അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇതേവരെ തയ്യാറായിട്ടില്ല.

കേന്ദ്രസര്‍ക്കാരിന്റെ അവഗണന കേരളത്തിന്റെ കാര്യത്തില്‍ കൂടുതല്‍ പ്രകടമാണ്. സ്റാറ്റ്യൂട്ടറി റേഷന്‍സമ്പ്രദായം നിലനിര്‍ത്താന്‍ കേരളത്തിന് പ്രതിമാസം 1,13,000 ട അരി വിട്ടുതരണമെന്ന ആവശ്യം, കേന്ദ്രസര്‍ക്കാര്‍ നിഷ്കരുണം തള്ളിക്കളഞ്ഞിരിക്കുന്നു. 17,000 ട അരിമാത്രമാണ് നല്‍കുന്നത്. ക്രമാതീതമായ വിലക്കയറ്റം അനുഭവപ്പെടുമ്പോള്‍ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനല്ല കൂടുതല്‍ ലാഭം കൊയ്തെടുക്കാനാണ് കോര്‍പറേറ്റ് മേഖല ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പരമാവധി ലാഭംമാത്രമാണ് അവരുടെ ലക്ഷ്യമെന്ന് വ്യക്തമാണ്. അത്തരമൊരു സാഹചര്യത്തില്‍ പരിമിതമായ തോതിലുള്ള ഭക്ഷ്യധാന്യസംഭരണം, വിതരണം എന്നിവപോലും സ്വകാര്യ കുത്തകവ്യാപാരികളെ ഏല്‍പ്പിക്കണമെന്ന ആവശ്യം, സാധാരണജനങ്ങളെ വറചട്ടിയില്‍നിന്ന് എരിതീയിലേക്ക് എറിഞ്ഞുകൊടുക്കുന്നതായിരിക്കുമെന്ന് വളരെ വ്യക്തമാണ്.

കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികനയം സ്വകാര്യ കുത്തകകള്‍ക്ക് അനുകൂലമാണെന്ന് അറിയാത്തവരില്ല. ഈ നയത്തിന്റെ ഫലമായിത്തന്നെയാണ് ശതകോടീശ്വരന്മാര്‍ രാജ്യത്ത് പെരുകിവരുന്നത്. ലാഭകരമായ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി സ്വകാര്യകമ്പനികള്‍ക്ക് വില്‍പ്പന നടത്തി ഈ വര്‍ഷം 40,000 കോടി രൂപ ലഭ്യമാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചതാണ്. പ്രതിവര്‍ഷം കേന്ദ്ര ഖജനാവിലേക്ക് 20,000 കോടി രൂപ ലാഭവിഹിതം അടയ്ക്കുന്ന കമ്പനികളാണിതെന്നും വ്യക്തം.

ഇത്തരമൊരു സാഹചര്യത്തില്‍ ഫിക്കിയുടെ ആവശ്യം അംഗീകരിക്കുന്നതിന് രണ്ടാം യുപിഎ സര്‍ക്കാരിന് വൈമനസ്യമൊന്നും കാണാനിടയില്ല. ഇതാകട്ടെ നാടിനെ നാശത്തിലേക്ക് നയിക്കാന്‍മാത്രമേ ഉപകരിക്കൂ. ഈ ആപത്ത് മുന്‍കൂട്ടി മനസ്സിലാക്കി ഇതിനെതിരെ സംഘടിതമായ ചെറുത്തുനില്‍പ്പ് ഉയര്‍ത്തിക്കൊണ്ടുവരാന്‍ വൈകിക്കൂടാ. പൊതുമേഖല സംരക്ഷിക്കുന്നതിനായി അഞ്ച് ദേശീയ തൊഴിലാളിസംഘടന യോജിച്ച നിലപാട് സ്വീകരിക്കാന്‍ തയ്യാറായത് മാതൃകയാണ്. ഇതേമാതൃകയില്‍ തൊഴിലാളിസംഘടനകളുടെയും ബഹുജനങ്ങളുടെയും കൂട്ടായ്മ ഉയര്‍ത്തിക്കൊണ്ടുമാത്രമേ യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധ- പിന്തിരിപ്പന്‍ നയങ്ങളെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ കഴിയൂ. ഫിക്കിയുടെ ആവശ്യത്തിന്റെ ആപത്ത് മനസ്സിലാക്കി ജാഗ്രതപാലിക്കാന്‍ എല്ലാവരും തയ്യാറാകേണ്ടതുണ്ട്.

ദേശാ‍ഭിമാനി മുഖപ്രസംഗം 29052010

Friday, May 28, 2010

സോണിയയുടെ ട്രസ്റ്റിന് കേന്ദ്രം അഞ്ച് കോടി നല്‍കി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സ്വകാര്യട്രസ്റ്റിന് കേന്ദ്ര സാംസ്കാരിക വകുപ്പ് അനധികൃതമായി അഞ്ച് കോടി രൂപ നല്‍കിയെന്ന് സര്‍ക്കാര്‍ ഓഡിറ്റിങ്ങില്‍ കണ്ടെത്തി. ജവാഹര്‍ലാല്‍ നെഹ്റുവിന്റെയും സി രാജഗോപാലാചാരിയുടെയും രചനകള്‍ ഉള്‍പ്പെടുത്തി പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് സാംസ്കാരികവകുപ്പിന് കീഴിലുള്ള നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിക്ക് അനുവദിച്ച തുകയാണ് സോണിയയുടെ ട്രസ്റ്റിലേക്ക് വഴിമാറിയത്. കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൌണ്ട്സ് നടത്തിയ പ്രത്യേക ഓഡിറ്റിങ്ങിലാണ് ക്രമക്കേട് കണ്ടെത്തിയത്.

പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് അനുവദിച്ച അഞ്ച് കോടി രൂപ രണ്ടു തവണയായി സോണിയയുടെ നേതൃത്വത്തിലുള്ള ജവാഹര്‍ലാല്‍ നെഹ്റു മെമ്മോറിയല്‍ ഫണ്ടെന്ന സ്വകാര്യ ട്രസ്റ്റിന് കൈമാറുകയായിരുന്നു. മറ്റൊരു സ്ഥാപനത്തിനും തുക കൈമാറരുതെന്ന വ്യവസ്ഥ ലംഘിച്ചാണ് സ്വകാര്യട്രസ്റ്റിലേക്ക് പണം പോയതെന്ന് 43 പേജുള്ള ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. സോണിയയുടെ വിശ്വസ്തരായ കരസിങ് ജെഎന്‍എംഎഫ് ട്രസ്റ്റ് ചെയര്‍മാനും സുമന്‍ ദേ സെക്രട്ടറിയുമാണ്. സര്‍ക്കാരില്‍നിന്ന് ലഭിച്ച ഫണ്ട് സോണിയയുടെ ട്രസ്റ്റ് രണ്ട് വര്‍ഷത്തെ സ്ഥിര നിക്ഷേപമാക്കി ബാങ്കിലിട്ടതായും ഓഡിറ്റില്‍ കണ്ടെത്തി. പണം പുസ്തക പ്രസിദ്ധീകരണത്തിന് ഉപയോഗിക്കാത്തതും വ്യവസ്ഥകളുടെ ലംഘനമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയുടെ 20 കോടി ചെലവഴിച്ചുള്ള ആധുനീകരണ പദ്ധതിയിലും തട്ടിപ്പ് നടന്നതായി ഓഡിറ്റില്‍ കണ്ടെത്തി. ജയ്മാല അയ്യര്‍, ചന്ദനദേ എന്നീ വ്യക്തികള്‍ക്ക് ഒരേ ജോലിക്ക് പലവട്ടം പണംനല്‍കിയെന്നാണ് കണ്ടെത്തല്‍. പദ്ധതിപ്പണം അനാവശ്യമായി ചെലവഴിച്ചുവെന്നതിന് തെളിവാണിതെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

ദേശാഭിമാനി 28052010

മാണി ഒരടി മുന്നില്‍; കോണ്‍ഗ്രസ് രണ്ടടി പിന്നില്‍

മാണിയും ജോസഫും ലയിച്ചു കോണ്‍ഗ്രസിനെതിരെ രണ്ടാം കലാപാഹ്വാനം

കോട്ടയം: കെ എം മാണി- പി ജെ ജോസഫ് ലയന സമ്മേളനം നടന്ന തിരുനക്കരമൈതാനം സാക്ഷിയായത് കോണ്‍ഗ്രസിനെതിരായ കേരള കോണ്‍ഗ്രസിന്റെ രണ്ടാം കലാപാഹ്വാനത്തിന്. 1964 ല്‍ കോണ്‍ഗ്രസിനെ പിളര്‍ത്തി കേരള കോണ്‍ഗ്രസ് രൂപീകരിച്ചപ്പോള്‍മുതലുള്ള ചരിത്ര സംഭവങ്ങളുടെ ഓര്‍മകള്‍ പ്രവര്‍ത്തകരിലേക്ക് പടര്‍ത്താനാണ് സമ്മേളനത്തിലുടനീളം മാണിയും കൂട്ടരും യത്നിച്ചത്. പദവിയിലും അന്തസിലും വ്യക്തിത്വത്തിലും തങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തുല്യരാണെന്ന മുന്നറിയിപ്പ് നല്‍കാനും സമ്മേളനത്തിന്റെ ഉദ്ഘാടകനായ കെ എം മാണി തന്നെ രംഗത്തെത്തി. വേണ്ടിവന്നാല്‍ ഒറ്റക്ക് തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ഏതാനും ആഴ്ച്ചമുമ്പ് പ്രഖ്യാപിച്ച് കോണ്‍ഗ്രസിനെ ഞെട്ടിച്ച കെ എം മാണി സമാന സ്വഭാവമുള്ള വെല്ലുവിളിതന്നെയാണ് കോണ്‍ഗ്രസിനെതിരെ നടത്തിയത്. അര്‍ഹതപ്പെട്ട സീറ്റുകള്‍ കിട്ടാതിരുന്നപ്പോഴുള്ള 1964 മുതലുള്ള തെരഞ്ഞെടുപ്പുകളില്‍ കേരള കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടുകളും അദ്ദേഹം വിശദീകരിച്ചു. 1967 ല്‍ കോണ്‍ഗ്രസ് ഒമ്പതും കേരള കോണ്‍ഗ്രസ് അഞ്ചും സീറ്റുമായി പ്രതിപക്ഷത്ത് ഇരുന്നതടക്കമുള്ള കാര്യങ്ങള്‍ വരും നാളുകളില്‍ പ്രചാരണ വിഷയമായി ഏറ്റെടുക്കാനും ലയന സമ്മേളനം തീരുമാനിച്ചു. യുഡിഎഫ് ആരുടെയും കുത്തകയല്ലെന്ന് അദ്ദേഹം പറഞ്ഞു.

അഖിലേന്ത്യാ രാഷ്ട്രീയ പാര്‍ടികള്‍ക്കൊപ്പം സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പാര്‍ടികള്‍ക്കും പ്രാധാന്യമുണ്ട്. 1964 ല്‍ ഞങ്ങള്‍ പറഞ്ഞതാണ് കേരളത്തില്‍ ഏകകക്ഷി ഭരണത്തിന്റെ നാളുകള്‍ അവസാനിച്ചുവെന്ന്. കോണ്‍ഗ്രസിന് മനസ്സിലായില്ല. കേരള കോണ്‍ഗ്രസ് ശക്തമാകുന്നതില്‍ ആര്‍ക്കാണ് വിഷമം? ഒരു സീറ്റുമില്ലാത്ത ടി എം ജേക്കബിനും ഒറ്റ സീറ്റുള്ള ആര്‍ ബാലകൃഷ്ണപിള്ളയ്ക്കും മറ്റ് കക്ഷികള്‍ക്കും കോണ്‍ഗ്രസിനൊപ്പമുള്ള സ്ഥാനം തന്നെയാണ് യുഡിഎഫില്‍. തങ്ങളെ ഒറ്റപ്പെടുത്താനാകില്ല.

1970 ല്‍ 11 സീറ്റേ നല്‍കൂ എന്ന് പറഞ്ഞപ്പോള്‍ മുന്നണി വിട്ട ചരിത്രം കേരള കോണ്‍ഗ്രസിനുണ്ട്. അങ്ങനെ മല്‍സരിച്ചപ്പോള്‍ 14 സീറ്റ് കിട്ടി. പ്രകടനമൊന്നുമില്ലാതെയായിരുന്നു ലയന സമ്മേളനം. എന്നാലും തിരുനക്കര മൈതാനിയില്‍ എത്തിയ പ്രവര്‍ത്തകരും കോണ്‍ഗ്രസിനെതിരെ മുദ്രാവക്യം മുഴക്കിക്കൊണ്ടിരുന്നു." ഉമ്മന്‍ചാണ്ടി, ചെന്നിത്തലയേ എണ്ണാമെങ്കില്‍ എണ്ണിക്കോ, നാളെ കള്ളം പറയരുതേ'', 'കോട്ടയത്തും മധ്യ കേരളത്തിലും ഞങ്ങളില്ലെങ്കില്‍ യുഡിഎഫുണ്ടോ' എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളും അവര്‍ ആവര്‍ത്തിച്ചു . യുഡിഎഫ് ഘടകകക്ഷിയെന്ന നിലയില്‍ സര്‍ക്കാരിനെതിരെയും സിപിഐ എമ്മിനെതിരെയും ആക്ഷേപങ്ങള്‍ ചൊരിയാനും മാണി മറന്നില്ല. ജോസഫ് ഗ്രൂപ്പ് മുന്നണി വിട്ടതുകൊണ്ട് സര്‍ക്കാര്‍ രാജിവെക്കണമെന്ന കണക്കും അദ്ദേഹം അവതരിപ്പിച്ചു. ലയന സമ്മേളനത്തില്‍ പി ജെ ജോസഫ് അധ്യക്ഷനായി. നേരത്തെ സംയുക്ത പാര്‍ലമെന്ററി പാര്‍ടി യോഗം ചേര്‍ന്ന് കെ എം മാണിയെ പാര്‍ലമെന്ററി പാര്‍ടി നേതാവായും പി ജെ ജോസഫിനെ ഡപ്യൂട്ടി ലീഡറായും തെരഞ്ഞെടുത്തു. നിലവിലെ ചെയര്‍മാനായ സി എഫ് തോമസ് വ്യാഴാഴ്ചത്തെ സമ്മേളനത്തിനും എത്തിയില്ല. പനിമൂലം ചികില്‍സയിലായിരുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം. ഇതോടെ ലയന പ്രക്രിയയില്‍ നിന്നും സി എഫ് പൂര്‍ണമായും ഒഴിവാക്കപ്പെട്ടു.
(എസ് മനോജ്)

ലയനം കഴിഞ്ഞു, പോരു മുറുകി യുഡിഎഫ് ആരുടെയും കുത്തകയല്ലെന്ന് മാണി

കോട്ടയം: ഒറ്റയ്ക്കുനിന്ന് 14 സീറ്റ് നേടിയ ചരിത്രം കേരള കോണ്‍ഗ്രസിനുണ്ടെന്ന കാര്യം ആരും മറക്കരുതെന്നും യുഡിഎഫ് ആരുടെയും കുത്തകയല്ലെന്നും കേരള കോണ്‍ഗ്രസ് എം നേതാവ് കെ എം മാണി. മാണി-ജോസഫ് ലയനസമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് ലയനത്തെ എതിര്‍ത്ത കോണ്‍ഗ്രസിന് മാണി വ്യക്തമായ മുന്നറിയിപ്പ് നല്‍കിയത്. കോണ്‍ഗ്രസിനെതിരായ ഒളിയമ്പുകളായിരുന്നു മാണിയുടെ പ്രസംഗത്തില്‍ ഉടനീളം. ടി എം ജേക്കബിന് നിയമസഭയില്‍ ഒരു സീറ്റുപോലുമില്ല. ഒരു എംഎല്‍എ മാത്രമാണ് ആര്‍ ബാലകൃഷ്ണപിള്ളയ്ക്കുള്ളത്. അവര്‍ക്കും ഇത്രയും എംഎല്‍എമാരുള്ള ഞങ്ങള്‍ക്കും യുഡിഎഫ് സംവിധാനത്തില്‍ ഒരു തത്വമേയുള്ളൂ. 1970ല്‍ കേരള കോണ്‍ഗ്രസിന് അര്‍ഹമായ സീറ്റ് നിഷേധിച്ചു. നിസാര സീറ്റാണ് മത്സരിക്കാന്‍ കോണ്‍ഗ്രസ് വച്ചുനീട്ടിയത്. അതു മുഴുവനും നിങ്ങള്‍ എടുത്തോളാന്‍ കോണ്‍ഗ്രസിനോട് പറഞ്ഞു. തനിച്ചു മത്സരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അന്ന് മത്സരിച്ച ഞങ്ങള്‍ക്ക് 14 സീറ്റ് കിട്ടി. അതുകൊണ്ട് അണികളോട് ഞാന്‍ പറയുന്നു; ഭയപ്പെടേണ്ട. തീയില്‍ കുരുത്ത് തീയിലൂടെ നടന്നുവന്ന കേരള കോണ്‍ഗ്രസ് വെയിലത്ത് വാടില്ല- മാണി വ്യക്തമാക്കി. കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടെയാണ് ഇനിയുള്ള യാത്രയെന്ന കാര്യം വിസ്മരിക്കരുത് - ലയനത്തെച്ചൊല്ലി യുഡിഎഫിലുയര്‍ന്ന അപസ്വരങ്ങള്‍ മുന്‍ നിര്‍ത്തി മാണി പറഞ്ഞു.

ഭവിഷ്യത്ത് അവര്‍തന്നെ അനുഭവിക്കണം: ഉമ്മന്‍ചാണ്ടി

ന്യൂഡല്‍ഹി: മാണി-ജോസഫ് ലയനത്തിന്റെ ഭവിഷ്യത്ത് കെ എം മാണിതന്നെ അനുഭവിക്കണമെന്ന നിലപാടില്‍ മാറ്റമില്ലാതെ കെപിസിസി നേതൃത്വം. ലയന സമ്മേളനം നടക്കുമ്പോള്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ഇക്കാര്യം ചര്‍ച്ചചെയ്യുകയായിരുന്നു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും. ലയനത്തെ തുടര്‍ന്നുള്ള പ്രശ്നങ്ങള്‍ മാണിതന്നെ അനുഭവിക്കണമെന്ന നിലപാട് സോണിയ ഗാന്ധിയെ അറിയിച്ചെന്ന് ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ലയനപ്രശ്നത്തില്‍ കെപിസിസിയുടെ നിലപാടില്‍ മാറ്റമില്ലെന്ന് ചെന്നിത്തലയും വ്യക്തമാക്കി. ജോസഫിനെ എടുക്കുന്നതോടെ കൂടുതല്‍ സീറ്റ് മാണിക്ക് നല്‍കേണ്ടി വരുമെന്ന ആശങ്കയാണ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും സോണിയയെ അറിയിച്ചത്. കോണ്‍ഗ്രസിന് സീറ്റ് കുറഞ്ഞാല്‍ പ്രതിഷേധവും പൊട്ടിത്തെറിയും ഉണ്ടാകുമെന്നും ചൂണ്ടിക്കാട്ടി. മാണിപ്രശ്നത്തില്‍ സോണിയ നിലപാട് വ്യക്തമാക്കിയില്ലെന്നാണ് എഐസിസി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സോണിയ ഒന്നും പറഞ്ഞില്ലെന്നാണ് ഉമ്മന്‍ചാണ്ടിയും പ്രതികരിച്ചത്. എഐസിസി ജനറല്‍ സെക്രട്ടറി മൊഹ്സിന കിദ്വായി, പ്രതിരോധമന്ത്രി എ കെ ആന്റണി എന്നിവരുമായും ഇരുവരും ചര്‍ച്ച നടത്തി.

ലയനം: മാണി ഒരടി മുന്നില്‍; കോണ്‍ഗ്രസ് രണ്ടടി പിന്നില്‍

കോണ്‍ഗ്രസിന്റെ അന്ത്യശാസനം പുല്ലാക്കി ജോസഫുമായുള്ള ലയനം യാഥാര്‍ഥ്യമാക്കിയപ്പോള്‍ കെ എം മാണി ഒരടി മുന്നോട്ടും കോണ്‍ഗ്രസ് രണ്ടടി പിന്നോട്ടുമായി. ഇനി യുഡിഎഫില്‍ പൊട്ടലും ചീറ്റലും രൂക്ഷമാകും. 30ന് യുഡിഎഫ് നേതൃയോഗം കൊച്ചിയില്‍ ചേരുമ്പോള്‍ ലയനത്തിനെതിരെ ചന്ദ്രഹാസമിളക്കിയ കോണ്‍ഗ്രസ് നേതാക്കളും ഇതര ഘടകകക്ഷി പ്രതിനിധികളും മാണിക്കു മുന്നില്‍ തോല്‍വി സമ്മതിച്ച് ഇരിക്കേണ്ടിവരും. മുന്നണി നയിക്കുന്ന കക്ഷിയുടെയും ഭൂരിപക്ഷം കക്ഷികളുടെയും അഭിപ്രായം മാനിക്കാതെയാണ് ലയനം മാണി യാഥാര്‍ഥ്യമാക്കിയത്. കോണ്‍ഗ്രസിന് നട്ടെല്ലുണ്ടായിരുന്നെങ്കില്‍ മാണിയുടെ പാര്‍ടിയെ മുന്നണിക്ക് പുറത്തുനിര്‍ത്തിയേനെ. പക്ഷേ, കോണ്‍ഗ്രസ് നേതൃത്വം ഇന്ന് ദുര്‍ബലമാണ്. കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഇങ്ങനെയൊരു അടിതെറ്റലും നാണക്കേടും മുമ്പ് കണ്ടിട്ടില്ല. ലയനത്തെ എതിര്‍ക്കുന്നതില്‍ സമീപകാലത്തെങ്ങും കാണാത്ത യോജിപ്പായിരുന്നു കെപിസിസി യോഗത്തില്‍. ലയനത്തിനെതിരെ പ്രമേയം പാസാക്കുകയും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ലയനം പാടില്ലെന്ന് ശഠിക്കുകയും ചെയ്തു. എന്നാല്‍, സിംഹത്തിന്റെ മുഖവുമായി ഇറങ്ങിയവര്‍ക്ക് എലിയുടെ വാലുപോലെ പിന്മാറേണ്ടിവന്നു.

1964 ഒക്ടോബര്‍ ഒമ്പതിന് കോട്ടയത്തെ തിരുനക്കര മൈതാനത്ത് രൂപംകൊണ്ട കേരള കോണ്‍ഗ്രസ് അന്ന് കേന്ദ്രഭരണകക്ഷിയായ കോണ്‍ഗ്രസിന് താക്കീതായതിന്റെ ആവര്‍ത്തന സ്വഭാവമാണ് ഒരു പരിധിവരെ മാണി തന്റെ തിരുനക്കര പ്രസംഗത്തിലൂടെ പ്രകടിപ്പിച്ചത്. പിണറായി വിജയനെയും സിപിഐ എമ്മിനെയും പേരു പറഞ്ഞ് വിമര്‍ശിച്ചിട്ടുണ്ടെങ്കിലും പ്രസംഗം കോണ്‍ഗ്രസിനുള്ള താക്കീതാണ്. കേന്ദ്രസര്‍ക്കാരിനോടുള്ള നയപരമായ വിയോജിപ്പ് വ്യക്തമാക്കിയ മാണി, തെരഞ്ഞെടുപ്പു കളരിയില്‍ തന്റെ പാര്‍ടിയോട് പിണങ്ങി കളിക്കാമെന്ന് കരുതേണ്ടെന്ന മുന്നറിയിപ്പാണ് കോണ്‍ഗ്രസിന് നല്‍കുന്നത്. കേരളത്തിലെ കര്‍ഷകരെ രക്ഷിച്ചത് താന്‍ അവതരിപ്പിച്ച ബജറ്റുകളിലൂടെയാണെന്ന അവകാശവാദം നിരത്തിയപ്പോഴും ഉന്നം കോണ്‍ഗ്രസുതന്നെ. മാണി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിക്കസേരയാണ്. ലയനംമൂലം ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകള്‍ മാണിതന്നെ അനുഭവിക്കേണ്ടിവരുമെന്ന് ഡല്‍ഹിയില്‍ ചെന്നിത്തല പറഞ്ഞതില്‍ തെളിഞ്ഞത് ലയനത്തോടുള്ള അസംതൃപ്തിയാണ്. പക്ഷേ, ഭവിഷ്യത്ത് എന്നതുകൊണ്ട്, ജോസഫിനെയും കൂട്ടരെയും തന്റെ പാര്‍ടിയില്‍ ലയിപ്പിച്ച മാണിയെ യുഡിഎഫില്‍നിന്ന് പുറത്താക്കുമെന്നല്ല. അതിനുള്ള ചങ്കുറപ്പ് ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കുമില്ല. ലയനത്തോടെ യുഡിഎഫിലെ രണ്ടാമത്തെ കക്ഷിയായി കേരളകോണ്‍ഗ്രസ് എം മാറും. നിയമസഭയില്‍ മുസ്ളിംലീഗ് നേതാവിന് പ്രതിപക്ഷനിരയിലെ മൂന്നാമത്തെ കസേരയിലേക്ക് മാറേണ്ടിവരും. ഈ മാറ്റം, വരുന്ന തെരഞ്ഞെടുപ്പുകളിലെ സീറ്റുപങ്കിടലിലും ഉണ്ടാകണമെന്ന് മാണി ശഠിക്കും. അത് ഇപ്പോള്‍ത്തന്നെ പരസ്പരവിശ്വാസം നഷ്ടപ്പെട്ട യുഡിഎഫിനെ കൂടുതല്‍ കുഴപ്പത്തിലാക്കും. 30ന് യുഡിഎഫ് ചേരുമ്പോള്‍ ജോസഫിനെയും കൂട്ടരെയും മുന്നണിയോഗത്തില്‍ പങ്കെടുപ്പിക്കരുതെന്ന നിര്‍ദേശം ഉയരുമെങ്കിലും അത് തര്‍ക്കപ്രശ്നമായി തുടരും.
(ആര്‍ എസ് ബാബു)

ലയന ചര്‍ച്ച തുടങ്ങിയത് ഒരു വര്‍ഷം മുന്‍പ്: ജോസഫ്

മാണി ഗ്രൂപ്പില്‍ ലയിക്കുന്നതെ കുറിച്ച് ഒരു കൊല്ലമായി ചര്‍ച്ചനടത്തുകയായിരുന്നുവെന്ന് പി ജെ ജോസഫ് പറഞ്ഞു. ലയനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചര്‍ച്ച പൊതുജനമധ്യത്തിലായിരുന്നുവെന്ന് പിന്നീട് പ്രസംഗത്തില്‍ ജോസഫ് തിരുത്തി. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള അഭിപ്രായവ്യത്യാസം കാലാകാലങ്ങളില്‍ എല്‍ഡിഎഫിനുള്ളില്‍ തുറന്നു പറഞ്ഞിട്ടുണ്ട്. എങ്കിലും പ്രധാനമായും കേരള കോണ്‍ഗ്രസിലെ യോജിപ്പിനു വേണ്ടിയാണ് മുന്നണി വിടാന്‍ തീരുമാനിച്ചത്. വിദ്യാഭ്യാസബില്ലില്‍ ന്യൂനപക്ഷ അവകാശം എടുത്തുകളയാനുള്ള നീക്കം തിരുത്തണമെന്ന് മുന്നണിയോട് ആവശ്യപ്പെട്ടു. അതുപോലെ കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചു. ഇതിനൊന്നും പരിഹാരമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് മുന്നണി വിടാന്‍ തീരുമാനിച്ചതെന്നും ജോസഫ് പറഞ്ഞു.

ലയനം മദ്യപാനികളുടെ സംസ്ഥാന സമ്മേളനമായി

വ്യാഴാഴ്ച നടന്ന കേരള കോണ്‍ഗ്രസ് മാണി - ജോസഫ് ലയനം അക്ഷരാര്‍ഥത്തില്‍ മദ്യപാനികളുടെ സംസ്ഥാന സമ്മേളനമായി. മാണിയുടെയും ജോസഫിന്റെയും പ്രസംഗം തടസ്സപ്പെടുംവിധമായിരുന്നു കൂവലും മുദ്രാവാക്യം വിളിയും. പലതവണ പ്രസംഗം തടസ്സപ്പെട്ടപ്പോള്‍ പണിപ്പെട്ടാണ് കെ എം മാണി പ്രവര്‍ത്തകരെ നിയന്ത്രിച്ചത്. തുണി ഉടുക്കാന്‍ പാടുപെടുന്ന പ്രവര്‍ത്തകര്‍ക്ക് നേതാവ് പറയുന്നത് മനസിലാകാത്ത അവസ്ഥയായിരുന്നു. മദ്യലഹരിയിലാറാടുന്നതിനെ കേരള കോണ്‍ഗ്രസ് ലയിക്കുന്നതിന്റെ ആനന്ദം... സന്തോഷം എന്നൊക്കെ വിശേഷിപ്പിച്ച,് കെ എം മാണി മുദ്രാവാക്യം വിളി നിര്‍ത്താനാവശ്യപ്പെട്ടപ്പോള്‍ കൂവല്‍ ഇരട്ടിച്ചു. നേതാക്കളുടെ കമുമ്പിലാണ് സെന്‍ട്രല്‍ ജങ്ഷനില്‍ സ്ഥാപിച്ചിരുന്ന ഡിവൈഎഫ്ഐയുടെ വലിയ ബോര്‍ഡ് പ്രവര്‍ത്തകര്‍അടിച്ചുതകര്‍ത്തത്. മദ്യലഹരിയിലാണ്ട പ്രവര്‍ത്തകര്‍ വഴിയില്‍ കണ്ട പോസ്റ്ററുകള്‍ നശിപ്പിക്കുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. പണവും മദ്യവും വാഗ്ദാനം ചെയ്താണ് കോട്ടയം, ഇടുക്കി ജില്ലകളില്‍ നിന്നും സമ്മേളനത്തിന് സാമൂഹ്യവിരുദ്ധരെ ഇറക്കുമതി ചെയ്തത്. കോട്ടയത്തെ ബാറുകളില്‍ 'സാധനം' തികയില്ലെന്നറിഞ്ഞ് പ്രവര്‍ത്തകരുമായെത്തിയ വാഹനങ്ങളില്‍ മദ്യം സ്റ്റോക്ക് ചെയ്യുകയായിരുന്നെന്നും സംസാരമുണ്ട്.

ലയന ലഹരിയില്‍ വാഹനം നടുവഴിയില്‍

ഏറ്റുമാനൂര്‍: മാണി-ജോസഫ് ലയന സമ്മേളനത്തിന് പ്രവര്‍ത്തകര്‍ വന്ന സ്വകാര്യ ബസ് ഏറ്റുമാനൂരില്‍ മണിക്കൂറുകളോളം ഗതാഗത തടസ്സം സൃഷ്ടിച്ചു. വ്യാഴാഴ്ച വൈകിട്ട് 6.30 മുതല്‍ എട്ടുവരെ പേരൂര്‍ കവലയില്‍ അനധികൃതമായി ബസ് പാര്‍ക്ക് ചെയ്തതാണ് ഗതാഗതതടസ്സം സൃഷ്ടിച്ചത്. മദ്യലഹരിയിലെത്തിയ പ്രവര്‍ത്തകര്‍ പേരൂര്‍ കവലയില്‍ ബസ് നിര്‍ത്തിയിട്ടശേഷം വീണ്ടും മദ്യപിക്കാന്‍ പോയി. ക്ഷേത്രത്തില്‍ ഒമ്പതാം ഉത്സവദിനമായതിനാല്‍ വന്‍ തിരക്കായിരുന്നു. ബസ് റോഡില്‍ ഇട്ട് ഡ്രൈവര്‍ ഉള്‍പ്പെടെ ഇറങ്ങിപ്പോയതിനാല്‍ പൊലീസിന് ബസ് നീക്കാന്‍ കഴിഞ്ഞില്ല. പേരൂര്‍കവലമുതല്‍ 101 കവലവരെ ഗതാഗത കുരുക്ക് അനുഭവപ്പെട്ടപ്പോള്‍ നാട്ടുകാര്‍ രോഷാകുലരായി. മണിക്കൂറുകള്‍ കഴിഞ്ഞ് ഡ്രൈവര്‍ എത്തിയപ്പോള്‍ 'അനധികൃത പാര്‍ക്കിങ്ങിന്' പിഴ അടയ്ക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ മദ്യലഹരിയിലായിരുന്ന കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തകര്‍ പൊലീസിനോട് തട്ടിക്കയറി. എസ്ഐയുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് എത്തിയപ്പോള്‍ നാട്ടുകാരും പൊലീസിനോടൊപ്പം കൂടി. ഈ സമയത്ത് ഇന്നോവ കാറില്‍ എത്തിയ ചില കേരള കോണ്‍ഗ്രസ് നേതാക്കള്‍ പൊലീസിനോട് തട്ടിക്കയറുകയും 'പിന്നീട് കാണിച്ചുതരാം' എന്ന് ഭീഷണി മുഴക്കുകയും ചെയ്തു. നാട്ടുകാരുമായി കൈയേറ്റത്തിനും മുതിര്‍ന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് ടൌണില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡുകളും ഇവര്‍ നശിപ്പിച്ചു. അവസാനം പൊലീസ് 500 രൂപ പിഴയിട്ട് ബസ് പറഞ്ഞുവിട്ടു. ഒരു മണിക്കൂറിനുശേഷമാണ് നഗരത്തിലെ കുരുക്കഴിഞ്ഞത്.

ദേശാഭിമാനി 28052010

Thursday, May 27, 2010

ജമാഅത്തെ ഇസ്ളാമിയുടെ ശീര്‍ഷാസനം

ജമാഅത്തെ ഇസ്ളാമി ഏതെന്നും എന്തെന്നും കേരളീയ സമൂഹത്തിന് സംശയമില്ലാതെ അറിയാം. ആ സംഘടനയുടെ യഥാര്‍ഥ മുഖം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തുറന്നുകാട്ടിയത് അതിന്റെ നേതാക്കളെ വിറളിപിടിപ്പിച്ചുവെന്ന് അവരുടെ സമചിത്തതയില്ലാത്ത പ്രതികരണങ്ങള്‍ ബോധ്യമാക്കുന്നു. സംഘടനയുടെ കേരള അമീര്‍ ടി ആരിഫലി മാധ്യമത്തിന്റെ ഒന്നാംപേജിലും മറ്റൊരു നേതാവ് ഉള്‍പ്പേജിലുമായി സിപിഐ എമ്മിനും പിണറായിക്കുമെതിരെ സമനിലവിട്ട ആക്രമണമാണ് അടുത്തനാള്‍ കെട്ടഴിച്ചുവിട്ടത്. അതിപ്പോഴും തുടരുന്നു. ഇതിനായി ചില പ്രത്യയശാസ്ത്രനിലപാടുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പുവിജയത്തിനായി എല്ലാ ജാതി- മത- വര്‍ഗീയതയെയും ഉപയോഗപ്പെടുത്താനാണ് പിണറായി വിജയന്‍ ആഹ്വാനം നല്‍കിയിരിക്കുന്നതെന്ന ആക്ഷേപം ആരിഫലി ഉയര്‍ത്തി.

ജാതി- മത- വര്‍ഗീയ പ്രീണനമാണ് സിപിഐ എമ്മിന്റേതെങ്കില്‍ ജമാഅത്തെ ഇസ്ളാമിയെ പേരുപറഞ്ഞ് പിണറായി വിമര്‍ശിക്കുന്നതെന്തിന്? ജമാഅത്തെ ഇസ്ളാമിയുടെ പ്രത്യയശാസ്ത്രത്തോടും നയപരിപാടിയോടും ഒരിക്കലും വിട്ടുവീഴ്ച സിപിഐ എം കാട്ടിയിട്ടില്ല; ഇടതുപക്ഷത്തെ തെരഞ്ഞെടുപ്പില്‍ സഹായിക്കുന്ന നിലപാട് അവര്‍ സ്വമേധയാ പ്രകടിപ്പിച്ച അപൂര്‍വ അവസരങ്ങളില്‍പ്പോലും. 1941ല്‍ ലാഹോറില്‍ പിറന്ന ജമാഅത്തെ ഇസ്ളാമി രാജ്യാതിര്‍ത്തികള്‍ കടന്ന വര്‍ഗീയസംഘടനയാണ്. ഇവരിപ്പോള്‍ യുഡിഎഫിന്റെ വീട്ടിലെ പൊറുതിക്കാരാകാന്‍ ഭാണ്ഡംകെട്ടി ഇറങ്ങിയിരിക്കയാണ്. അതിനായി മുസ്ളിംലീഗ് നേതാക്കളുമായി 12 തവണ രഹസ്യചര്‍ച്ച കഴിഞ്ഞു. പുതിയ മുസ്ളിംപാര്‍ടിയുണ്ടാക്കി യുഡിഎഫില്‍ ചേക്കേറാമെന്ന് ആരിഫലിയും പുതിയ പാര്‍ടി വേണ്ട ഞങ്ങളുടെ ചിറകിന്നടിയില്‍ കഴിഞ്ഞ് മുന്നണിയുടെ സ്വാദ് നുകരാമെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും. ഇതുസംബന്ധിച്ച തര്‍ക്കം തീര്‍ന്നില്ലെങ്കിലും യുഡിഎഫ് കുടിയില്‍ അന്തിയുറങ്ങാമെന്ന് ജമാഅത്തെ ഇസ്ളാമി ഉറച്ചു. ഈ രാഷ്ട്രീയ അജന്‍ഡയെ ശക്തിപ്പെടുത്താനുള്ള വാദമുഖവും വിമര്‍ശവുമാണ് ആരിഫലിയും കൂട്ടരും ഉയര്‍ത്തുന്നത്.

അതുകൊണ്ടാണ് 1987ല്‍ ഭൂരിപക്ഷസമുദായവികാരത്തെ സ്വാധീനിക്കാന്‍ പാകത്തില്‍ ഇ എം എസ് ശരീഅത്ത് വികാരം ഇളക്കിയ കാര്‍ഡ് പിണറായി പുതിയ രൂപത്തില്‍ ഇറക്കുന്നുവെന്ന് ആക്ഷേപിക്കുന്നത്. മുസ്ളിം ജനസമുദായത്തിലെ പാവപ്പെട്ടവരെയും ചിന്തിക്കുന്നവരെയും കൂടെനിര്‍ത്തിക്കൊണ്ടാണ് ആ സമുദായത്തിലെ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി ഇ എം എസ് ശബ്ദിച്ചത്. അന്ന് 'എട്ടും കെട്ടും, പത്തും കെട്ടും, ഇ എം എസിന്റെ മോളേം കെട്ടും' എന്ന് മുദ്രാവാക്യം വിളിച്ച യാഥാസ്ഥിതികപക്ഷത്തിന്റെ കൂടെയല്ല, മുസ്ളിം സമുദായത്തിലെ പാവപ്പെട്ടവര്‍ അണിനിരന്നത്. ബഹുഭാര്യാത്വത്തിന്റെ ഇരകളായ സ്ത്രീകളടക്കം വോട്ടുചെയ്താണ് 1987ല്‍ എല്‍ഡിഎഫിനെ അധികാരത്തില്‍ എത്തിച്ചത്. അല്ലാതെ, ന്യൂനപക്ഷത്തിനെതിരെ ഭൂരിപക്ഷവികാരം ഉല്‍പ്പാദിപ്പിച്ചല്ല ഇടതുപക്ഷം വിജയം നേടിയത്. ന്യൂനപക്ഷത്തിലെയും ഭൂരിപക്ഷത്തിലെയും ആപല്‍ക്കരമായ വര്‍ഗീയതയെ നേരിടുന്നതില്‍ സിപിഐ എമ്മിന് അന്നും ഇന്നും സന്ധിയില്ല. ഈ രാഷ്ട്രീയത്തെ മറച്ചുവച്ചുകൊണ്ടാണ് ഭൂരിപക്ഷവര്‍ഗീയതയെ പ്രീണിപ്പിക്കുന്നുവെന്ന ആക്ഷേപം സിപിഐ എമ്മിനും പിണറായിക്കുമെതിരെ ഉന്നയിക്കുന്നത്.

യുഡിഎഫും ആര്‍എസ്എസും ബിജെപിയും തമ്മിലുള്ള വോട്ടുകച്ചവടത്തിന്റെയും കൂട്ടുകച്ചവടത്തിന്റെയും കഥ ബിജെപിയുടെ മുന്‍ നേതാവായിരുന്ന രാമന്‍പിള്ള തന്റെ ആത്മകഥയില്‍ പ്രതിപാദിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ യുഡിഎഫിലെ ഘടകകക്ഷിയാകാന്‍ ജമാഅത്തെ ഇസ്ളാമി പരിശ്രമിക്കുകയാണല്ലോ. അതിന്റെ ഭാഗമായ ചര്‍ച്ചയാണ് മുസ്ളിംലീഗ് നേതാക്കളും ആരിഫലി ഉള്‍പ്പെടെയുള്ളവരും കോഴിക്കോട്ട് നടത്തിയത്. ഇതിനെ തുറന്നുകാട്ടേണ്ടത് തൊഴിലാളിവര്‍ഗരാഷ്ട്രീയത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനത്തിന്റെ കടമയാണ്. അത് ചെയ്യുമ്പോള്‍ വര്‍ഗീയ- ജാതീയ ധ്രുവീകരണത്തിലൂടെ എല്‍ഡിഎഫിന് നേട്ടമുണ്ടാക്കാനുള്ള കുത്സിതശ്രമം നടത്തുന്നുവെന്ന് ആക്ഷേപിക്കുന്നത് വാദിയെ പ്രതിയാക്കലാണ്.

ഭയരഹിതരായി മനുഷ്യരെ കൊല്ലുന്നത് സാക്ഷാല്‍ ദൈവാരാധനയാണെന്നു കണ്ട മുംബൈയിലെ ഭീകരാക്രമണകാരികള്‍ക്ക് പരോക്ഷമായി തുണയേകുന്ന പ്രത്യയശാസ്ത്രവീര്യമാണ് ജമാഅത്തെ ഇസ്ളാമിയുടേത്. ഇസ്ളാം എന്ന സൌമ്യപദത്തില്‍നിന്ന് ഇസ്ളാംഭീകരത എന്ന വിഷലിപ്തമായ വര്‍ഗീയ ആശയം ഉയര്‍ത്തിക്കൊണ്ടുവരുന്നതിനും അതിനെ വര്‍ഗീയലക്ഷ്യങ്ങള്‍ക്ക് ആയുധമാക്കുന്നതിനും സമര്‍ഥമായി ഇടപെടുന്ന സംഘടനകളെ ഒറ്റപ്പെടുത്തേണ്ടത് സ്വസമുദായത്തിലെ ഭൂരിപക്ഷത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമാണ്. അതിനനുഗുണമായ നിലപാടാണ് സിപിഐ എം സ്വീകരിക്കുന്നത്.

കഴിഞ്ഞ നിയമസഭ- ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ ജമാഅത്തെ ഇസ്ളാമി ഭാഗികമായി ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിക്കുന്നതിന് അവര്‍ പ്രഖ്യാപിച്ച ന്യായം, ആഗോളവല്‍ക്കരണത്തെയും അമേരിക്കന്‍ സാമ്രാജ്യത്വത്തെയും ഭൂരിപക്ഷവര്‍ഗീയവിപത്തിനെയും ഒറ്റപ്പെടുത്താന്‍ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തണമെന്നതായിരുന്നു. ആ നിലപാട് ഉപേക്ഷിച്ച് കോണ്‍ഗ്രസ് നയിക്കുന്ന രണ്ടാം യുപിഎ സര്‍ക്കാരിന്റെ പക്ഷത്തേക്ക് നീങ്ങാന്‍ എന്തു രാഷ്ട്രീയമാറ്റമാണ് ഇന്ത്യയില്‍ സംഭവിച്ചത്? അമേരിക്കന്‍ സാമ്രാജ്യത്വം സസ്യഭുക്കായോ? ഒന്നാം യുപിഎ സര്‍ക്കാരിന് നാലാംവര്‍ഷം ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചത് വിദേശനയത്തിന്റെയും ആണവകരാറിന്റെയും വിപത്തിന്മേലായിരുന്നല്ലോ. ബുഷ് സായ്പിനെ കണ്ടപ്പോള്‍ കവാത്ത് മറന്ന പ്രധാനമന്ത്രിയായി മന്‍മോഹന്‍സിങ് അധഃപതിച്ചു. രാജ്യത്തിന്റെ വിദേശനയം അമേരിക്കയ്ക്ക് അടിയറവച്ച് ആണവകരാറുണ്ടാക്കി. ഇടതുപക്ഷത്തിന്റെ പിന്തുണയില്ലാത്ത രണ്ടാം യുപിഎ സര്‍ക്കാര്‍ അമേരിക്കന്‍ ദാസ്യവൃത്തി യഥേഷ്ടം തുടരുന്നു. എന്നിട്ടാണ് ജമാഅത്തെ ഇസ്ളാമി യുഡിഎഫിനെ ശക്തിപ്പെടുത്താന്‍ ഇറങ്ങിയിരിക്കുന്നത്. സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ നായകനായിരുന്ന ഈജിപ്തിലെ ജമാല്‍ അബ്ദുല്‍ നാസറിനെ ഇസ്ളാമിന്റെ അന്തകനായും യുഎസ് സാമ്രാജ്യത്വത്തെ ഇസ്ളാമിന്റെ രക്ഷകനായും ചിത്രീകരിച്ച പാരമ്പര്യത്തിലേക്ക് ഈ സംഘടന മടങ്ങുകയാണോ. അഫ്ഗാനില്‍ നജീബുള്ള ഭരണത്തിനെതിരെ അമേരിക്ക നീങ്ങിയപ്പോഴും അവരുടെ പക്ഷത്തായിരുന്നുവല്ലോ ഈ ശീര്‍ഷാസനക്കാര്‍.

യഥാര്‍ഥത്തില്‍ സാമ്രാജ്യത്വത്തിനെതിരായ സമരത്തെ വര്‍ഗീയതയ്ക്കെതിരായ സമരത്തില്‍നിന്ന് വേര്‍തിരിക്കാന്‍ കഴിയില്ല. ആഗോളവല്‍ക്കരണത്തിന്റെയും വര്‍ഗീയതയുടെയും താല്‍പ്പര്യങ്ങള്‍ ഒത്തുചേരുക സ്വാഭാവികമാണ്. ഇതുവരെ ജമാഅത്തെ ഇസ്ളാമി ആഗോളവല്‍ക്കരണ സംസ്കാരത്തിനും നയത്തിനുമെതിരായി നടത്തിയ പ്രസംഗവും ലിഖിതവും പൊള്ളയായിരുന്നുവെന്ന്, ആഗോളവല്‍ക്കരണത്തിന്റെ ഇന്ത്യയിലെ സംരക്ഷണക്കുത്തക ഏറ്റെടുത്ത കോണ്‍ഗ്രസ് പാര്‍ടി നയിക്കുന്ന യുഡിഎഫിനെ തുണയ്ക്കുന്ന നയത്തിലേക്ക് പോകുമ്പോള്‍ വ്യക്തമാകുന്നു. ആഗോളവല്‍ക്കരണത്തിനുകീഴില്‍ ഇന്ത്യയുടെ സാമ്പത്തികപരമാധികാരത്തെ അട്ടിമറിക്കുന്നതിനുള്ള എല്ലാ ശ്രമത്തിനും തടയായി, പൊതുമേഖലയെ നിലനിര്‍ത്തുന്നതിന് ഏറ്റവും ശക്തമായി പോരാടുന്നത് കമ്യൂണിസ്റ്റുകാരാണ്.

ചൂഷണവ്യവസ്ഥയ്ക്കെതിരായ ഇടതുപക്ഷത്തിന്റെ ബദല്‍നയങ്ങളെ ദുര്‍ബലപ്പെടുത്താന്‍ ആഗോളവല്‍ക്കരണശക്തിയും വര്‍ഗീയതയും കൂട്ടുചേര്‍ന്നതാണ് കിനാലൂരില്‍ കണ്ടത്. ജനങ്ങളെ ഭിന്നിപ്പിക്കാനും സംഘടിതപ്രസ്ഥാനങ്ങളെ ശിഥിലമാക്കാനും നടത്തിയ പരിശ്രമമാണ് കിനാലൂരിലുണ്ടായത്. വ്യവസായത്തിന് പശ്ചാത്തലസൌകര്യം വേണം. എന്നാല്‍, അതിനുവേണ്ടി ജനങ്ങളെ എല്‍ഡിഎഫ് സര്‍ക്കാര്‍ വഴിയാധാരമാക്കില്ല. ഈ സത്യം മറച്ചുവച്ച് നുണ ഉല്‍പ്പാദിപ്പിച്ച് സ്ത്രീകളെ സമരത്തിലെ ഇരകളാക്കിയതിലൂടെ ഇടതുപക്ഷപ്രസ്ഥാനത്തിന്റെ വിശ്വാസ്യതയില്‍ പോറലേല്‍പ്പിക്കുക എന്ന ലക്ഷ്യമായിരുന്നു ജമാഅത്തെ ഇസ്ളാമിക്ക്. ദുരിതമയമായ ജീവിതപരിതസ്ഥിതിക്കെതിരായ ജനങ്ങളുടെ സമരത്തെ നയിക്കുന്ന പ്രസ്ഥാനമാണ് ഇന്ത്യയിലെ സിപിഐ എം. ആന്ധ്രയിലെയും വയനാട്ടിലെയും ഭൂസമരത്തിലടക്കം കാണുന്നത് അതാണ്. എന്നാല്‍, ഇതിനെ പാര്‍ടിയുടെ ഭൂമി പിടിച്ചെടുക്കല്‍ എന്നു ചിത്രീകരിച്ച് ഭൂരഹിതരുടെയും പാവപ്പെട്ടവരുടെയും പോരാട്ടത്തെ താഴ്ത്തിക്കെട്ടാന്‍ ആഗോളവല്‍ക്കരണകക്ഷിയും വര്‍ഗീയസംഘടനയും യോജിച്ചു. ഇക്കൂട്ടര്‍ കിനാലൂരില്‍ മറ്റൊരു മു:ഖം കാട്ടി. അവകാശസമരം നയിക്കുമ്പോഴെന്നപോലെ അരാജക സമര കോലാഹലങ്ങളെ എതിര്‍ക്കുമ്പോഴും സിപിഐ എമ്മിന്റെ മേക്കിട്ടുകേറുകയെന്ന അജന്‍ഡയാണ് ജമാഅത്തെ ഇസ്ളാമിക്ക്.

ജനാധിപത്യസംഘടനയാണ് തന്റേതെന്ന് സ്ഥാപിക്കാന്‍ ആരിഫലി അടിയന്തരാവസ്ഥയ്ക്കെതിരായി പോരാടിയ നാളുകളെ അനുസ്മരിക്കുന്നുണ്ട്. പക്ഷേ, അതേ അടിയന്തരാവസ്ഥ കക്ഷിയുടെ ചിറകിനടിയിലല്ലേ ഇപ്പോള്‍ അഭയം തേടുന്നത്. സംഘടിതപ്രസ്ഥാനങ്ങളെ ശിഥിലീകരിക്കാന്‍ ജമാഅത്തെ ഇസ്ളാമി പരിശ്രമിക്കുന്നുവെന്ന പിണറായിയുടെ ആക്ഷേപം നേരിട്ട് നിഷേധിക്കാതെ ആരിഫലി ഒരു കുയുക്തി നിരത്തിയിട്ടുണ്ട്. സിപിഐ എമ്മിനെ ശിഥിലീകരിക്കാന്‍ അകത്തുള്ളവര്‍തന്നെ ആ പണി നടത്തുന്നുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. സിപിഐ എമ്മിനെ ശിഥിലീകരിക്കാന്‍ എം എന്‍ വിജയനാദികളും മാര്‍ക്സിസ്റ്റ് പത്രികക്കാരും പാഠം മാസികക്കാരുമെല്ലാം വല്ലാതെ പരിശ്രമിച്ചിരുന്നു. അന്നെല്ലാം അവരുടെ ആശയഗതിക്ക് കൂടുതല്‍ പ്രചാരം നല്‍കിയത് ജമാഅത്തെ ഇസ്ളാമിയും അവരുടെ മുഖപത്രമായ മാധ്യമവുമായിരുന്നു. ഇ എം എസിന്റെ മുഖ്യകാര്‍മികത്വത്തില്‍ നായനാര്‍ സര്‍ക്കാര്‍ നടപ്പാക്കിയ ജനകീയാസൂത്രണം, സിഐഎയുടെ പരിപാടിയാണെന്നുവരെ പ്രചരിപ്പിച്ചപ്പോള്‍ അതിന് ചൂടും വെളിച്ചവും പകര്‍ന്നില്ലേ? അതുവഴി ഇ എം എസ്, ഇ കെ നായനാര്‍ തുടങ്ങിയ കമ്യൂണിസ്റ്റ് മഹാരഥന്മാരെ താഴ്ത്തിക്കെട്ടാനും അവരുടെ പ്രസ്ഥാനത്തെ ശിഥിലീകരിക്കാനും നോക്കിയില്ലേ.

പക്ഷേ, നിങ്ങള്‍ കമ്യൂണിസ്റ്റ് പുരോഗമനപ്രസ്ഥാനത്തിനുനേരെ നീട്ടുന്ന പട്ടില്‍ പൊതിഞ്ഞ കമ്പിക്കൊളുത്ത് മരണമാണെന്ന് തിരിച്ചറിയാനുള്ള സാമാന്യബുദ്ധി ഇവിടത്തെ പുരോഗമനജനവിഭാഗങ്ങള്‍ക്കുണ്ട്. അതുകൊണ്ടാണ് ഇ എം എസിന്റെയും നായനാരുടെയും പ്രസ്ഥാനം ഇവിടെ തകരാതെയും പിളരാതെയും മുന്നേറുന്നത്. യുഡിഎഫിന്റെ ശ്വാസംമുട്ടല്‍ മാറ്റാന്‍, വരുന്ന തെരഞ്ഞെടുപ്പില്‍ വിഴുങ്ങാന്‍ അധികാരമത്സ്യം ജമാഅത്തെ ഇസ്ളാമി വിചാരിച്ചാല്‍ കൊടുക്കുമെന്ന ഹുങ്കിലാണ് അതിന്റെ നേതാക്കള്‍. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മലബാറിലെ ഇടതുപക്ഷ വിജയത്തിന് നിദാനം ജമാഅത്തെ ഇസ്ളാമിയാണെന്ന അതിരുകടന്ന അവകാശവാദം ഇതേഹുങ്കിന്റെ മറുപുറമാണ്. ഇതിലൂടെ കേരളം ആരു ഭരിക്കണമെന്ന് ജമാഅത്തെ ഇസ്ളാമി തീരുമാനിക്കുമെന്ന തീസിസിലേക്കാണ് പോക്ക്. ഈ ഹുങ്ക് വകവച്ചുകൊടുക്കാന്‍ ഒരു സമുദായത്തിലെയും പാവപ്പെട്ടവരും പുരോഗമനചിന്താഗതിക്കാരും സമാധാനകാംക്ഷികളും ഉള്‍ക്കൊള്ളുന്ന പ്രബുദ്ധ കേരള തയ്യാറാകില്ലെന്ന് ആരിഫലിയും കൂട്ടരും മനസ്സിലാക്കിയാലും.

ആര്‍.എസ്. ബാബു ദേശാഭിമാനി 27052010

എയര്‍ ഇന്ത്യ ജീവനക്കാരെ തിരിച്ചെടുക്കണം

എയര്‍ ഇന്ത്യയില്‍ രണ്ട് യൂണിയനുകളുടെ അംഗീകാരം റദ്ദാക്കി

എയര്‍ ഇന്ത്യയിലെ രണ്ട് പ്രമുഖ യൂണിയനുകളുടെ അംഗീകാരം റദ്ദാക്കി. യൂണിയനുകളുടെ ഓഫീസുമെല്ലാം സീല്‍ ചെയ്തു. എയര്‍ ഇന്ത്യയിലെ സമരം അടിച്ചമര്‍ത്തിയതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ ഈ ജനാധിപത്യവിരുദ്ധ നടപടി. ഇന്ത്യന്‍ എയര്‍ലൈന്‍സ്. എയര്‍ കോര്‍പറേഷന്‍ എംപ്ളോയീസ് യൂണിയന്‍ (എസിഇയു), ഓള്‍ ഇന്ത്യന്‍ എയര്‍ക്രാഫ്റ്റ് എഞ്ചിനീയേഴ്സ് അസോസിയേഷന്‍ (എഐഎഇഎ) എന്നീ സംഘടനകളെയാണ് വിലക്കിയത്. രാജ്യത്താകെ ഈ യൂണിയനുകളുടെ ഓഫീസുകള്‍ സീല്‍ ചെയ്തിരിക്കുകയാണ്. സമരം നടത്തിയതിന്റെ പേരില്‍ 17 ഭാരവാഹികളെ എയര്‍ ഇന്ത്യ പിരിച്ചു വിടുകയും 15 എഞ്ചിനീയര്‍ാരെ എയര്‍ ഇന്ത്യ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. നൂറോളം പേര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് അറിയുന്നത്. പരസ്യ പ്രസ്താവന നടത്തുന്നതിനെതിരെ ഇറക്കിയ ഉത്തരവില്‍ പ്രതിഷേധിച്ചാണ് ചൊവ്വാഴ്ച എയര്‍ ഇന്ത്യ ജീവനക്കാര്‍ പണിമുടക്കിയത്. ചീഫ് ലേബര്‍ കമീഷണറുമായി പ്രശ്നം ചര്‍ച്ച ചെയ്ത് സമരം പിന്‍വലിച്ചതിനുശേഷവും എയര്‍ ഇന്ത്യ നേതാക്കള്‍ക്കെതിരെ നടപടി എടുക്കുകയായിരുന്നു.

എയര്‍ ഇന്ത്യ ജീവനക്കാരെ തിരിച്ചെടുക്കണം: സിപിഐ എം

ന്യൂഡല്‍ഹി: പണിമുടക്കിയതിന്റെ പേരില്‍ എയര്‍ ഇന്ത്യയില്‍ നിന്നും പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. റദ്ദാക്കിയ യൂനിയനുകളുടെ അംഗീകാരം പുനഃസ്ഥാപിക്കണം. ചീഫ് ലേബര്‍ കമ്മീഷണറുമായി ചര്‍ച്ച നടത്തി സമരം പിന്‍വലിച്ച ശേഷമാണ് 17 യൂണിയന്‍ ഭാരവാഹികളെ പിരിച്ചുവിടുകയും 15 പേരെ സസ്പെന്‍ഡ് ചെയ്യുകയുമുണ്ടായത്. ജീവനക്കാരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ മാസങ്ങളായി ചെയര്‍മാന്‍ തയ്യാറാകുന്നില്ല. ആയിരക്കണക്കിനു യാത്രക്കാരെ വലച്ച പണിമുടക്കിനുത്തരവാദി വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലാണ്. ജീവനക്കാരോട് മാന്യമായ സമീപനം പുലര്‍ത്തി ജനങ്ങള്‍ക്ക് നല്ല സേവനം ലഭ്യമാക്കാന്‍ എയര്‍ ഇന്ത്യ നടപടിയെടുക്കണമെന്നും പിബി ആവശ്യപ്പെട്ടു.

പുറത്താക്കിയതിനെ സംബന്ധിച്ച വാര്‍ത്ത

എയര്‍ ഇന്ത്യ 28 ജീവനക്കാരെ പുറത്താക്കി

ഡല്‍ഹി ഹൈക്കോടതി വിധിയെ തുടര്‍ന്ന് സമരത്തില്‍നിന്ന് പിന്‍മാറിയ ജീവനക്കാര്‍ക്കെതിരെ എയര്‍ഇന്ത്യ പ്രതികാര നടപടി തുടങ്ങി. സമരത്തെ അടിച്ചമര്‍ത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് 15 ജീവനക്കാരെ പിരിച്ചുവിട്ടു. 13 പേരെ സസ്പെന്‍ഡ് ചെയ്തു. നൂറോളം പേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് എയര്‍ഇന്ത്യ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ശമ്പളം വൈകുന്നതിലും മാധ്യമങ്ങളോട് പ്രതികരിച്ച യൂണിയന്‍ നേതാക്കളെ ഭീഷണിപ്പെടുത്തിയതിലും പ്രതിഷേധിച്ച് എന്‍ജിനിയര്‍മാരും ഗ്രൌണ്ട് സ്റ്റാഫും ഉള്‍പ്പെടെ ഇരുപതിനായിരത്തോളം ജീവനക്കാര്‍ ചൊവ്വാഴ്ച ഉച്ചയോടെ പണിമുടക്ക് ആരംഭിച്ചത്. 33 മണിക്കൂറിനുശേഷമാണ് സമരം പിന്‍വലിച്ചത്. യാത്രക്കാര്‍ നേരിടുന്ന ദുരിതം പരിഗണിച്ചും ചീഫ് ലേബര്‍ കമീഷണറുടെ ഇടപെടലിനെ തുടര്‍ന്നും സമരം പിന്‍വലിക്കുകയാണെന്ന് എയര്‍ കേര്‍പറേഷന്‍ എംപ്ളോയീസ് യൂണിയന്‍ (എസിഇയു) നേതാവ് കെ ബി കദിയന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജീവനക്കാര്‍ക്കെതിരെ നടപടി ഉണ്ടാകില്ലെന്ന് ലേബര്‍ കമീഷണര്‍ രേഖാമൂലം ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ദേശാഭിമാനി

മാധ്യമങ്ങളെ ജാഗ്രതയോടെ വീക്ഷിക്കണം

മാധ്യമങ്ങളെ ജാഗ്രതയോടെ വീക്ഷിക്കണം: പിണറായി

സംഭവങ്ങളെ വളച്ചൊടിച്ചും ഇല്ലാത്തകാര്യങ്ങള്‍ ഉണ്ടെന്നുവരുത്തിയും തെറ്റായി വാര്‍ത്തകള്‍ ചമച്ചും ഏതാനും മാധ്യമങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പൊതുസമൂഹം അപഗ്രഥന ശേഷിയോടെ വിലയിരുത്തുന്നത് നല്ല ലക്ഷമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഈ അപഗ്രഥനം ഇല്ലായിരുന്നുവെങ്കില്‍ നമ്മുടെ സമൂഹം വല്ലാത്തൊരു അവസ്ഥയിലാകുമായിരുന്നു. ഈ മാധ്യമങ്ങള്‍ക്കൊപ്പം കാര്യങ്ങളെ വര്‍ഗീയമായി ചിത്രീകരിക്കുന്ന പുതിയ പ്രവണത പുലര്‍ത്തുന്ന മാധ്യമങ്ങളും കടന്നുവരികയാണ്. അവരുടെ കാര്യത്തിലും പൊതുസമൂഹം ജാഗ്രത കാട്ടണമെന്ന് പിണറായി അഭ്യര്‍ഥിച്ചു. കേരള എന്‍ജിഒ യൂണിയന്‍ ആലപ്പുഴ ജില്ലാ കമ്മിറ്റി 'മാധ്യമങ്ങളുടെ രാഷ്ട്രീയം' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

സമൂഹ്യവിരുദ്ധനായ ഒരാള്‍ നടത്തുന്ന മഞ്ഞപ്പത്രത്തെ കൂട്ടുപിടിച്ച് മാന്യന്മാരെ അപകീര്‍ത്തിപ്പെടുത്തുന്നതും ഇന്ന് ഏതാനും മാധ്യമങ്ങളുടെ രീതിയാണ്. ഏതു ധാര്‍മ്മികതയാണ് ഇക്കൂട്ടര്‍ പുലര്‍ത്തുന്നത്. സ്വാതന്ത്ര്യ സമരത്തിന്റെ പൈതൃകമുള്ള മാതൃഭൂമിയുടെ ഓഹരികള്‍ വീരേന്ദ്രകുമാര്‍ കൈവശപ്പെടുത്തിയത് എന്ത് ധാര്‍മ്മികതയുടെ പേരിലാണെന്നും വ്യക്തമാക്കണം. അധികാരവും അവസരവും ലഭിച്ചാല്‍ കൈയിട്ടുവാരുന്നത് ആര്‍ക്കും നല്ലതല്ല. വീരന്‍ ഇതാണ് ചെയ്തത്. ഒരാള്‍ മാതൃക കാട്ടേണ്ടത് സ്വന്തം ജീവിതം വഴിയാകണം. വീരേന്ദ്രകുമാറിന് ഈ വഴി അറിയില്ലെന്നും പിണറായി പറഞ്ഞു. സാമ്രാജ്യത്വ വന്‍കിട കോര്‍പറേറ്റ് ഉടമകളാണ് ഇന്ന് ഭൂരിപക്ഷം മാധ്യമങ്ങളെയും നിയന്ത്രിക്കുന്നത്. ഇതിന്റെ ഭാഗമായി തങ്ങള്‍ക്ക് എന്തും പറയാമെന്നും ഏത് നിലയിലും വാര്‍ത്തകള്‍ വളച്ചൊടിക്കാമെന്നും മാധ്യമങ്ങള്‍ കരുതുന്നു. ഈ നിലപാടിനെതിരെ അപഗ്രഥനശേഷിക്കൊപ്പം മാധ്യമ സാക്ഷരതകൂടി പൊതുജനം ആര്‍ജിക്കണമെന്നും പിണറായി പറഞ്ഞു.

പക്വത കാട്ടിയില്ലെങ്കില്‍ മാധ്യമങ്ങള്‍ അപകടത്തിലാകും: സ്പീക്കര്‍

യുവപത്രപ്രവര്‍ത്തകര്‍ പക്വതയോടെ സംഭവങ്ങളെ കാണാത്തപക്ഷം മാധ്യമങ്ങളുടെ നിലനില്‍പുതന്നെ ചോദ്യം ചെയ്യപ്പെടുമെന്ന് സ്പീക്കര്‍ കെ രാധാകൃഷ്ണന്‍ പറഞ്ഞു. കേരള യൂത്ത് ഫോറത്തിന്റെ ഭാഗമായി നടന്ന 'മാധ്യമങ്ങളും യുവജനങ്ങളും' ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വന്‍ സാമ്പത്തികശക്തികളാണ് മാധ്യമങ്ങളെ നിയന്ത്രിക്കുന്നത്. വിവരസാങ്കേതിക വിദ്യയുടെ കാലഘട്ടത്തില്‍ സത്യസന്ധമായ പത്രപ്രവര്‍ത്തനം എത്രത്തോളം നടക്കുന്നുണ്ടെന്ന് പരിശോധിക്കണം. വ്യക്തികളെയും പ്രസ്ഥാനങ്ങളെയും വിമര്‍ശിക്കേണ്ട ബാധ്യത മാധ്യമങ്ങള്‍ക്കുണ്ട്. എന്നാല്‍ അത് ശരിയിലേക്ക് നയിക്കാന്‍ വേണ്ടിയാകണം, നശിപ്പിക്കാനാകരുത്. സങ്കുചിതവാദം, തീവ്രവാദം തുടങ്ങിയവക്കെതിരായ നിലപാടെടുക്കാനും മതേതരത്വം നിലനിര്‍ത്താനുമുള്ള ഉത്തരവാദിത്തം യുവ പത്രപ്രവര്‍ത്തകര്‍ ഏറ്റെടുക്കണമെന്നും സ്പീക്കര്‍ പറഞ്ഞു.

ദേശാഭിമാനി 27052010

ചിയര്‍ ഗേള്‍സ് പൊളിറ്റിക്സ്

യൂത്തിന് ആളെക്കൂട്ടാന്‍ അസ്ഹറുദ്ദീനും

യൂത്ത് കോണ്‍ഗ്രസില്‍ ആളെ ചേര്‍ക്കാന്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടിടത്ത് മുന്‍ ക്രിക്കറ്റ്താരം മുഹമ്മദ് അസ്ഹറുദ്ദീന്‍. രാഹുല്‍ ഗാന്ധിയുടെ ഓപ്പണ്‍ മെമ്പര്‍ഷിപ്പ് കേരളത്തില്‍ വേണ്ടത്ര ക്ളച്ച് പിടിക്കാതിരുന്നതോടെയാണ് തമിഴ്-തെലുങ്ക് മോഡലില്‍ ക്രിക്കറ്റ്താരങ്ങളെയും സിനിമാതാരങ്ങളെയും ഇറക്കാന്‍ തീരുമാനിച്ചത്. സംസ്ഥാനതലത്തില്‍ വിവിധ ഗ്രൂപ്പ് നേതാക്കളെ ഉള്‍പ്പെടുത്തി പ്രചാരണ കമ്മിറ്റിയും രൂപീകരിച്ചു. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാനകമ്മിറ്റി പിരിച്ചുവിട്ട് അംഗത്വ വിതരണത്തിന് രാഹുല്‍ ഗാന്ധിയുടെ അനുചരവൃന്ദത്തിലുള്ള അന്യസംസ്ഥാന നേതാക്കളെ ചുമതലപ്പെടുത്തിയെങ്കിലും അംഗത്വവിതരണം വേണ്ടരീതിയില്‍ നടന്നില്ലെന്ന തിരിച്ചറിവിലാണിത്. രാഹുല്‍ ഗാന്ധിയും സച്ചിന്‍ പൈലറ്റും അടക്കമുള്ള ദേശീയനേതാക്കള്‍ എത്തിയെങ്കിലും മെമ്പര്‍ഷിപ്പ് പ്രചാരണം ചൂടുപിടിച്ചില്ല. സച്ചിന്‍ പൈലറ്റ് പങ്കെടുത്ത നാലു യോഗങ്ങളില്‍ അമ്പതില്‍ താഴെപ്പേര്‍മാത്രമാണ് പങ്കെടുത്തത്. യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ പ്രസിഡന്റ് രാജീവ് സത്തവ് അടക്കമുള്ള നേതാക്കള്‍ കേരളത്തില്‍ തമ്പടിച്ചിട്ടും ഫലമുണ്ടായില്ല. ഒടുവില്‍ മെയ് 21ന് തീരുമാനിച്ചിരുന്ന അംഗത്വവിതരണത്തിന്റെ അവസാനതീയതി ജൂണ്‍ അഞ്ചുവരെ നീട്ടി. അംഗത്വത്തിന് ഫോമിനോടൊപ്പം നല്‍കേണ്ട രേഖകളില്‍ ഇളവും വരുത്തി. എന്നിട്ടും യൂത്ത് കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് കുത്തനെ ഇടിയുമെന്നു കണ്ടപ്പോഴാണ് താരങ്ങളെ ഇറക്കാന്‍ തീരുമാനിച്ചത്.

മെമ്പര്‍ഷിപ്പ് വിതരണം അന്യസംസ്ഥാനത്തെ നേതാക്കളെയും ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പായ സേമിനെ തെരഞ്ഞെടുപ്പിന്റെ ചുമതലയും ഏല്‍പ്പിച്ചതില്‍ സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെ അമര്‍ഷമുണ്ട്. കഴിഞ്ഞ ദിവസം ഇത് ദേശീയ പ്രസിഡന്റിനെയടക്കം ബോധ്യപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ആറംഗ പ്രചാരണ കമ്മിറ്റിക്ക് രൂപംനല്‍കിയത്. കെ പി അനില്‍കുമാര്‍, ടി സിദ്ദിഖ്, അനില്‍ തോമസ്, ജെയ്സ ജോസസ്, സാജി കോടങ്കണ്ടത്ത്, ഇബ്രാഹിംകുട്ടി കല്ലാര്‍ എന്നിങ്ങനെ കോണ്‍ഗ്രസിലുള്ള വിവിധഗ്രൂപ്പിന്റെ പ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ് കമ്മിറ്റി രൂപീകരിച്ചത്. അസ്ഹറുദ്ദീന്‍ വ്യാഴാഴ്ച മലപ്പുറം, തൃശൂര്‍, കൊച്ചി എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് രാജീവ് സത്തവ് കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതിനിടെ യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍നിന്നു വിട്ടുനില്‍ക്കാന്‍ കെ മുരളീധരനോടൊപ്പമുള്ളവര്‍ തീരുമാനിച്ചു. കെ മുരളീധരന്റെ കോണ്‍ഗ്രസ് പ്രവേശം അനിശ്ചിതമായി നീളുന്നതില്‍ പ്രതിഷേധിച്ചാണിത്.

ദേശാഭിമാനി 27052010

ഒറ്റച്ചവിട്ടിനു കോണ്‍ഗ്രസിലെ ജനാധിപത്യം ചത്തു !

കൂട്ടക്കൊല പേടിച്ച് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ഉപേക്ഷിച്ചു

ബൂത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ സഹപ്രവര്‍ത്തകനെ ചവിട്ടിക്കൊന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ കൂട്ടക്കൊല ഉറപ്പാകുമെന്ന് തിരിച്ചറിഞ്ഞ് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് ഉപേക്ഷിച്ചു. കെപിസിസി- എഐസിസി അംഗങ്ങളെ താഴെ തട്ടില്‍ നിശ്ചയിക്കേണ്ടെന്ന് കെപിസിസി നേതൃത്വം അറിയിച്ചു കഴിഞ്ഞു. തെരഞ്ഞെടുപ്പ് സാധ്യമല്ലെന്ന് വന്നതോടെ ബ്ളോക്ക് തലത്തില്‍ സമവായ കമ്മിറ്റികള്‍ രൂപീകരിക്കുന്നതിനൊപ്പം കെപിസിസി അംഗങ്ങളെ നിശ്ചയിക്കാനുള്ള അവകാശം ബ്ളോക്ക് തല പ്രവര്‍ത്തകരില്‍ നിന്ന് എടുത്തുമാറ്റി. ബ്ളോക്കില്‍ നിന്ന് ഒരു കെപിസിസി അംഗത്തെയായിരുന്നു തെരഞ്ഞെടുക്കേണ്ടിയിരുന്നത്. ഡിസിസി- പിസിസി തലത്തില്‍ നിലവിലെ സ്ഥിതി തുടരും. രക്തചൊരിച്ചിലുണ്ടാക്കുമെന്ന് ഹൈക്കമാന്‍ഡിനെ ബോധ്യപ്പെടുത്തിയാണ് തെരഞ്ഞെടുപ്പ് ഉപേക്ഷിച്ച് നീക്കുപോക്ക് കമ്മിറ്റികളെ പ്രതിഷ്ഠിക്കുന്നത്. ഇതിന് രൂപീകരിച്ച സമവായ കമ്മിറ്റി യോഗം പലയിടത്തും അടി കലശലിലായി.

സമവായ കമ്മിറ്റിയുടെ തീരുമാനങ്ങളുടെ പേരില്‍ കൊല്ലത്ത് കൊടിക്കുന്നില്‍ സുരേഷ് എംപിയും ഉമ്മന്‍ചാണ്ടി അനുയായി എഴുകോ സത്യശീലനും പരസ്യമായ കയ്യാങ്കളിയുണ്ടായി. ഇടുക്കിയില്‍ സമവായ കമ്മിറ്റി യോഗം ഇഎം അഗസ്തിയും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. ജോയി തോമസും ബഹിഷ്ക്കരിച്ചു. പി ടി തോമസും ഡിസിസി പ്രസിഡന്റ് അഡ്വ. റോയി തോമസുമാണ് എതിര്‍പക്ഷത്ത്. മലപ്പുറത്ത് മുന്‍മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദും അനില്‍കുമാറും രണ്ടുചേരികള്‍ക്ക് നേതൃത്വം നല്‍കുന്നു. കണ്ണൂര്‍, തിരുവനന്തപുരം, തൃശൂര്‍ തുടങ്ങിയ ജില്ലകളിലെല്ലാം സ്ഥിതി സംഘര്‍ഷഭരിതമാണ്.

ബൂത്തുകളില്‍ രണ്ടാഴ്ച മുമ്പാണ് കമ്മിറ്റികള്‍ വരേണ്ടിയിരുന്നത്. തര്‍ക്കം കാരണം ബൂത്തുതല കമ്മിറ്റികള്‍ പോലും എല്ലായിടത്തുമായിട്ടില്ല. മണ്ഡലങ്ങളില്‍ സമവായ കമ്മിറ്റികള്‍ നിലവില്‍ വരാനുള്ള അന്തിമ തീയതി മേയ്17 ആയിരുന്നു. ഇത് ജലരേഖയായി. സംസ്ഥാനത്തെ 1200 ലധികം വരുന്ന മണ്ഡലം കമ്മിറ്റികളില്‍ അഞ്ചൂറിലധികം ഇടങ്ങളിലും തര്‍ക്കം കാരണം കമ്മിറ്റികളായില്ല. ബ്ളോക്ക് കമ്മിറ്റികള്‍ സമവായത്തിലൂടെ നിലവില്‍ വരാന്‍ നിശ്ചയിച്ച തീയതി 22 ആണ്. ബഹുഭൂരിപക്ഷം സ്ഥലങ്ങളിലും തര്‍ക്കം രൂക്ഷമാണ്. ക്രമസമാധാനപ്രശ്നമായി വളരാതിരിക്കാന്‍ നിലവിലുള്ളവരെ തന്നെ ഭാരവാഹികളായി തുടരാന്‍ അനുവദിക്കുകയാണ്. ബ്ളോക്ക് തലത്തിലും കമ്മിറ്റികളായിട്ടില്ല. ഒരു നിയമസഭ നിയോജക മണ്ഡലത്തില്‍ രണ്ട് ബ്ളോക്കാണ്. സംസ്ഥാനത്തെ 281 ബ്ളോക്കുകളില്‍ നിന്നായി ഓരോ കെപിസിസി അംഗങ്ങളെ നിശ്ചയിക്കേണ്ടതുണ്ട്. എന്നാല്‍ കെപിസിസി- എഐസിസി അംഗങ്ങളെ താഴെ തട്ടില്‍ നിശ്ചിയിക്കേണ്ട, സംസ്ഥാന തലത്തില്‍ തീരുമാനിക്കാമെന്ന കെപിസിസി അറിയിപ്പു കാരണം കെപിസിസി അംഗങ്ങളുടെ സമവായ തീരുമാനം മുടങ്ങി. പഴയഭാരവാഹികള്‍ തുടരാനുള്ള തീരുമാനം കരുണാകരപക്ഷത്തെ സംഘടനയില്‍ നിന്നും തുടച്ചുനീക്കാന്‍ കാരണമാകും. ഇതിലെ പ്രതിഷേധം ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരെ കരുണാകരന്‍ നേരില്‍ അറിയിച്ചു.

ദേശാഭിമാനി 27052010

ഓട്ടോകാസ്റ്റ് - റെയില്‍വേ സംയുക്ത സംരംഭം നുണപ്രചാരണവും യാഥാര്‍ഥ്യവും

ചേര്‍ത്തലയിലെ ഓട്ടോകാസ്റ്റ് എന്ന പൊതുമേഖലാ സ്ഥാപനം റെയില്‍വേയുമായി സഹകരിച്ച് നടപ്പാക്കാനുദ്ദേശിച്ച സംയുക്തസംരംഭം സംസ്ഥാന സര്‍ക്കാരിന്റെ മെല്ലെപ്പോക്കും പിടിപ്പുകേടുമൂലം പാളം തെറ്റിയിരിക്കുന്നു എന്ന നിലയില്‍ മലയാള മനോരമ പത്രം കഴിഞ്ഞദിവസങ്ങളില്‍ ആരോപണം ഉന്നയിച്ചിരുന്നല്ലോ. തികച്ചും അടിസ്ഥാനരഹിതമാണ് ഈ ആരോപണം എന്നു പറയാന്‍ ആഗ്രഹിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടോ മെല്ലെപ്പോക്കോ അല്ല, മറിച്ച് കേന്ദ്ര റെയില്‍വേമന്ത്രി മമത ബാനര്‍ജിയുടെ അന്ധമായ കമ്യൂണിസ്റ്റ് വിരോധമാണ് പദ്ധതി പാളംതെറ്റാന്‍ കാരണം. ഓട്ടോകാസ്റ്റ് - റെയില്‍വേ സംയുക്ത സംരംഭത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടതെല്ലാം ചെയ്തു എന്നുകൂടി വ്യക്തമാക്കട്ടെ.

എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ പ്രശ്നത്തില്‍ എന്തൊക്കെ നടപടികള്‍ എടുത്തു എന്നു പറയുന്നതിനുമുമ്പ്, ഓട്ടോകാസ്റ്റിന്റെ ചരിത്രം പരിശോധിക്കുന്നതു നന്നാകും. 2001-'06ലെ യുഡിഎഫ് സര്‍ക്കാരിന്റെ പൊതുമേഖലാവിരുദ്ധ നിലപാടിന്റെ ഉത്തമോദാഹരണമാണ് ചേര്‍ത്തലയിലെ ഓട്ടോകാസ്റ്റ് കമ്പനി. പൊതുമേഖലാ സ്ഥാപനങ്ങളെ ഒന്നാകെ അടച്ചുപൂട്ടാനും സ്വകാര്യവല്‍ക്കരിക്കാനുമായി കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ രൂപീകരിച്ച എന്റര്‍പ്രൈസസ് റിഫോംസ് കമ്മിറ്റി അഥവാ ചൌധരി കമ്മിറ്റി തൊഴിലാളികളെ പിരിച്ചുവിട്ട് അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ച കമ്പനിയാണ് ഓട്ടോകാസ്റ്റ്. ചൌധരി കമ്മിറ്റിയുടെ നിര്‍ദേശം അപ്പാടെ അംഗീകരിച്ച അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ജിഒ (എംഎസ്) നമ്പര്‍ 100/02/ഐഡി, 05-10-2002 എന്ന തീയതിയില്‍ ഇറക്കിയ ഉത്തരവുപ്രകാരം സ്വകാര്യവല്‍ക്കരിക്കാനും തൊഴിലാളികള്‍ക്കു സ്വയം വിരമിക്കല്‍ പദ്ധതി നടപ്പാക്കാനും തീരുമാനിച്ച കമ്പനിയാണ്.

യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവിനെതിരെ വമ്പിച്ച പ്രക്ഷോഭം നടന്നു. ചേര്‍ത്തലയില്‍നിന്ന് ആ പ്രക്ഷോഭം സെക്രട്ടറിയറ്റിനു മുന്നിലേക്കു വ്യാപിച്ചു. സേവ് ഓട്ടോകാസ്റ്റ് ഫോറത്തിന്റെ നേതൃത്വത്തില്‍ കമ്പനിപ്പടിക്കല്‍ 96 ദിവസം നീണ്ട നിരാഹാരസമരം നടന്നു. കമ്പനിയെ സംരക്ഷിക്കാന്‍ ജീവനക്കാരുടെയും തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും നേതൃത്വത്തില്‍ ജനകീയ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. ഈ കവന്‍ഷന്‍ ഓട്ടോകാസ്റ്റിന്റെ പുനരുദ്ധാരണ പദ്ധതി തയ്യാറാക്കുകയും അതു നടപ്പാക്കിക്കിട്ടാന്‍ ജനകീയസമരം ഉയര്‍ത്തിക്കൊണ്ടുവരികയുംചെയ്തു. എന്നാല്‍, ഇതൊന്നും വകവയ്ക്കാതെ നൂറോളം ജീവനക്കാര്‍ക്കു വിആര്‍എസ് നല്‍കി കമ്പനിയെ തകര്‍ക്കാനാണ് അന്നത്തെ സര്‍ക്കാര്‍ ശ്രമിച്ചത്. പുനരുദ്ധാരണ പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചതുമില്ല.

യുഡിഎഫ് ഭരണം അവസാനിക്കുമ്പോള്‍ കമ്പനിയുടെ സഞ്ചിതനഷ്ടം 130 കോടി രൂപയായിരുന്നു. ബാങ്കുകള്‍ക്ക് 49 കോടിയും സര്‍ക്കാരിന് 36 കോടിയും നല്‍കാനുണ്ടായിരുന്നു. വില്‍പ്പന നികുതി, വൈദ്യുതിച്ചാര്‍ജ് എന്നീയിനങ്ങളില്‍ 23 കോടി രൂപ വേറെയുമുണ്ടായിരുന്നു.

ഈ ഘട്ടത്തിലാണ് എല്‍ഡിഎഫ് സംസ്ഥാനത്ത് അധികാരത്തിലെത്തിയത്. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ പുനരുജ്ജീവിപ്പിക്കാനും ആധുനികവല്‍ക്കരിക്കാനുമുള്ള നടപടികള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ എടുത്തു. ഓട്ടോകാസ്റ്റിന്റെ ബാങ്കിനുള്ള ബാധ്യത ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിവഴി 12.52 കോടിരൂപ സര്‍ക്കാര്‍ തന്നെയടച്ച് അവസാനിപ്പിച്ചു. സര്‍ക്കാര്‍ വായ്പയുടെ പലിശ മുഴുവനും എഴുതിത്തള്ളി. കമ്പനിയുടെ പുനരുജ്ജീവനത്തിന് ഇതുകൂടാതെ 13.27 കോടിരൂപ നല്‍കി. കമ്പനിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ മറ്റനേകം നടപടികള്‍ എടുത്തു. ഇതിന്റെ ഫലമായി 2009-10ല്‍ കമ്പനിയുടെ സഞ്ചിതനഷ്ടം 97.64 കോടി രൂപയായി കുറയുകയും 38 ലക്ഷം രൂപ പ്രവര്‍ത്തനലാഭം ഉണ്ടാക്കുകയുംചെയ്തു.

സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളെ ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളുമായി ചേര്‍ന്ന് സംയുക്തസംരംഭങ്ങള്‍ തുടങ്ങാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടിയെടുത്തു. അതിന്റെ ഫലമായി എന്‍ടിപിസി, സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്, ഭെല്‍ എന്നീ സ്ഥാപനങ്ങളുമായി സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു സംയുക്ത സംരംഭങ്ങള്‍ തുടങ്ങാന്‍ കഴിഞ്ഞു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്ത്യന്‍ റെയില്‍വേയുമായി സില്‍ക്കിന്റെ ചേര്‍ത്തലയിലുള്ള സ്റ്റീല്‍ ഫാബ്രിക്കേഷന്‍ യൂണിറ്റും (എസ്.എഫ്.യു) ഓട്ടോകാസ്റ്റും ചേര്‍ന്ന് സംയുക്തസംരംഭം തുടങ്ങാന്‍ ധാരണയായത്. റെയില്‍വേക്ക് ആവശ്യമായ ബോഗികള്‍, സൈഡ്/എന്‍ഡ് വാള്‍സ് എന്നിവ നിര്‍മിക്കുന്ന കമ്പനി തുടങ്ങാനായിരുന്നു ധാരണ. ഒന്നാം യുപിഎ സര്‍ക്കാരിന്റെമേല്‍ ഇടതുപാര്‍ടികള്‍ ചെലുത്തിയ സമ്മര്‍ദമാണ് ഇത്തരമൊരു നിലപാടെടുക്കാന്‍ റെയില്‍വേയെ പ്രേരിപ്പിച്ചത്.

2007-'08 റെയില്‍വേ ബജറ്റില്‍ കേരളത്തില്‍ ആരംഭിക്കാന്‍പോകുന്ന റെയില്‍ബോഗി നിര്‍മാണയൂണിറ്റിന് 85 കോടിരൂപ വകയിരുത്തി. 2008 ജൂണ്‍ 28ന് കേരളമുഖ്യമന്ത്രിയും കേന്ദ്ര റെയില്‍വേ മന്ത്രിയും ഇതിനുള്ള ധാരണാപത്രം ഒപ്പിട്ടു.

പദ്ധതി ദ്രുതഗതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാ നടപടിയും എടുത്തു. എസ്.എഫ്.യുവിന്റെ 26 ഏക്കര്‍ സ്ഥലവും പദ്ധതിക്കായി നല്‍കാമെന്നും സെന്റിനു 95,500 രൂപ വിലമതിച്ച ഈ ഭൂമി സെന്റൊന്നിനു 55,000 രൂപയ്ക്കു കൈമാറാമെന്നും സമ്മതിച്ചു. ഇന്ത്യന്‍ റെയില്‍വേ ഇത് അംഗീകരിച്ചു. ഈ സ്ഥാപനങ്ങളുടെ ബാധ്യത മുഴുവന്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാമെന്നും സമ്മതിച്ചതിന്റെ അടിസ്ഥാനത്തില്‍ 2009 ഫെബ്രുവരി 27ന് സംയുക്തസംരംഭ കരാര്‍ ഒപ്പിട്ടു.

സംയുക്തസംരംഭ കരാറിലെ മുഖ്യയിനങ്ങള്‍ താഴെപ്പറയുന്നവയാണ്.

1. കേരള സര്‍ക്കാരും ഇന്ത്യന്‍ റെയില്‍വേയുമായി ചേര്‍ന്ന് 100 കോടി രൂപ അംഗീകൃത ഓഹരി മൂലധനമുള്ള കേരള റെയില്‍ കമ്പോണന്റ്സ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിക്കും. ഈ കമ്പനിയുടെ പെയ്ഡപ്പ് ഓഹരി മൂലധനം ആരംഭഘട്ടത്തില്‍ 36 കോടി രൂപയായിരിക്കും.

2. ഈ കമ്പനിയില്‍ ഇന്ത്യന്‍ റെയില്‍വേക്കു 51ഉം കേരള സര്‍ക്കാരിനു 49ഉം ശതമാനം ഓഹരിപങ്കാളിത്തം ഉണ്ടായിരിക്കും.

3. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ഏഴ് അംഗങ്ങളുണ്ടാകും. നാലുപേര്‍ റെയില്‍വേയുടെയും മൂന്നുപേര്‍ കേരള സര്‍ക്കാരിന്റെയും പ്രതിനിധികളായിരിക്കും.

4. കമ്പനി ചെയര്‍മാന്‍, എംഡി എന്നിവരെ റെയില്‍വേ നിയമിക്കും.

5. എസ്.എഫ്.യുവിന്റെ 26 ഏക്കര്‍ സ്ഥലം ബാധ്യതകള്‍ തീര്‍ത്ത് ആദ്യഘട്ടത്തില്‍ കമ്പനി തുടങ്ങാനായി കൈമാറും. ഓട്ടോകാസ്റ്റിന്റെ ബാധ്യത തീര്‍ത്ത്, ജീവനക്കാര്‍ അടക്കമുള്ള ആസ്തികള്‍ കമ്പനി പ്രവര്‍ത്തനം തുടങ്ങി മൂന്നുവര്‍ഷത്തിനുള്ളില്‍ ഘട്ടംഘട്ടമായി സംയുക്തസംരംഭത്തിനു കൈമാറും.

6. കമ്പനി തുടങ്ങുന്നതിനാവശ്യമായ അനുമതി റെയില്‍വേ ബോര്‍ഡ് കേന്ദ്രസര്‍ക്കാരില്‍നിന്നു നേടി 90 ദിവസത്തിനകം കമ്പനി ആരംഭിക്കണം.

സംയുക്ത കരാറിന്റെയടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ചെയ്തു.

1. എസ്എഫ്.യുവിനെ സില്‍ക്കില്‍നിന്നു വേര്‍പെടുത്തി ബാധ്യതകള്‍ മുഴവന്‍ തീര്‍ത്ത് സംയുക്തസംരംഭത്തിന് കൈമാറാന്‍ തയ്യാറാക്കി.

2. ഓട്ടോകാസ്റ്റിനെ സില്‍ക്കിന്റെ സബ്സിഡിയറി കമ്പനി പദവിയില്‍നിന്നു വേര്‍പെടുത്തി അതിന്റെ ബാധ്യതകള്‍ അവസാനിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

3. ബിഐഎഫ്ആറിന്റെ കീഴിലുള്ള ഓട്ടോകാസ്റിന്റെ പുനരുജ്ജീവന പദ്ധതി സംയുക്തസംരംഭ കരാറിന്റെ വിശദാംശം ഉള്‍പ്പെടുത്തി ഭേദഗതിചെയ്ത് അതിനു ബിഐഎഫ്ആറിന്റെ അംഗീകാരം നേടിയെടുത്തു.

4. സംയുക്തസംരംഭം തുടങ്ങുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി.

സംയുക്തസംരംഭം തുടങ്ങുന്നതിനായി കേന്ദ്രസര്‍ക്കാര്‍ താഴെപ്പറയുന്ന നടപടികള്‍ എടുക്കേണ്ടതാണ്.

1. സംയുക്തസംരംഭ കരാറിന് റെയില്‍വേ ബോര്‍ഡിന്റെ അനുമതിയോടെ കേന്ദ്രക്യാബിനറ്റ് അംഗീകാരം നല്‍കണം.

2. കേന്ദ്രക്യാബിനറ്റിന്റെ അംഗീകാരത്തിനുശേഷം പുതുതായി രൂപീകരിക്കാന്‍ പോകുന്ന കമ്പനിയുടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷനും ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷനും തയ്യാറാക്കി കമ്പനി രജിസ്ട്രാറുടെ അനുമതിക്കായി സമര്‍പ്പിക്കണം.

3. പുതിയ കമ്പനിയുടെ ചെയര്‍മാന്‍, എംഡി എന്നിവരെ നിയമിക്കണം.

എന്നാല്‍, ഈ ദിശയില്‍ റെയില്‍വേയുടെ ഭാഗത്തുനിന്നു കാര്യമായ ശ്രമങ്ങള്‍ ഒന്നുമുണ്ടായിട്ടില്ല. പദ്ധതി കാലതാമസം കൂടാതെ നടപ്പാക്കാന്‍ കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്നു ആത്മാര്‍ഥമായ ശ്രമങ്ങളാണ് ഉണ്ടായത്. സംസ്ഥാനം ചെയ്യേണ്ട എല്ലാ നടപടികളും പൂര്‍ത്തിയാക്കി. കേന്ദ്രമാകട്ടെ, ഒരു ചുവടുപോലും മുന്നോട്ടുവച്ചില്ല. സംയുക്തകരാര്‍ ഒപ്പിട്ടു ഒന്നരവര്‍ഷമായിട്ടും കേന്ദ്ര ക്യാബിനറ്റിന്റെ അംഗീകാരത്തിന് അത് സമര്‍പ്പിച്ചിട്ടില്ല.

അതേസമയം, പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാധ്യമായ എല്ലാ കാര്യങ്ങളും വേഗം നടപ്പാക്കി.

1. റെയില്‍വേ ബോര്‍ഡ്, റെയില്‍വേ മന്ത്രാലയം എന്നിവകൂടാതെ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയില്‍വരെ ഈ പ്രശ്നം സംസ്ഥാനസര്‍ക്കാര്‍ കൊണ്ടുവന്നു. റെയില്‍വേ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബസുദേവ് ആചാര്യ ഇതിനായി രേഖാമൂലം റെയില്‍വേ മന്ത്രിയുടെ ശ്രദ്ധയില്‍ പ്രശ്നം കൊണ്ടുവന്നു. ഇതൊക്കെയായിട്ടും പദ്ധതി മുന്നോട്ടു കൊണ്ടുപോകാന്‍ ആവശ്യമായ നടപടികളൊന്നും എടുത്തില്ല.

2. വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, വ്യവസായവകുപ്പിന്റെ ഡല്‍ഹിയിലെ സ്പെഷ്യല്‍ ഓഫീസര്‍ എന്നിവര്‍ പദ്ധതി നടപ്പാക്കിക്കിട്ടാന്‍ ബന്ധപ്പെട്ട വകുപ്പുകളുമായി നിരന്തരം ബന്ധപ്പെട്ടു.

3. സെക്രട്ടറിതലത്തില്‍ പ്രശ്നം പരിഹരിക്കപ്പെടുന്നില്ല എന്നു കണ്ടപ്പോള്‍ സംസ്ഥാന വ്യവസായമന്ത്രിതന്നെ 2009 നവംബറിലും 2010 ജനുവരിയിലും ഡല്‍ഹിയില്‍ റെയില്‍വേ സഹമന്ത്രി ഇ അഹമ്മദ്, റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ എന്നിവരെ നേരില്‍ കാണുകയും പദ്ധതി കാലതാമസംകൂടാതെ നടപ്പാക്കണമെന്ന് അഭ്യര്‍ഥിക്കുകയുംചെയ്തു. സംസ്ഥാന വ്യവസായമന്ത്രി പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ എ നായര്‍ക്കു ഈ വിഷയം കാണിച്ച് നിരവധി കത്തുകളയച്ചു. അദ്ദേഹത്തെ നേരിട്ടും ഫോവഴിയും ബന്ധപ്പെട്ട് സഹായം തേടി. ആലപ്പുഴ എംപി കെ സി വേണുഗോപാല്‍, ഓട്ടോകാസ്റ്റിലെ ട്രേഡ്‌യൂണിയന്‍ നേതാവുകൂടിയായ ആര്യാടന്‍ മുഹമ്മദ് എന്നിവരുമായും സംസ്ഥാന വ്യവസായമന്ത്രി ഇക്കാര്യം ചര്‍ച്ചചെയ്യുകയും അവരുടെ ഇടപെടല്‍ അഭ്യര്‍ഥിക്കുകയുംചെയ്തു.

4. 2010-11ലെ റെയില്‍വേ ബജറ്റിനു മുന്നോടിയായി റെയില്‍വേ മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ കേരളസര്‍ക്കാരില്‍ റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി എം വിജയകുമാര്‍ ഈ വിഷയം ഉന്നയിക്കുകയും പദ്ധതി ഉടന്‍ നടപ്പാക്കണമെന്നു രേഖാമൂലം ആവശ്യപ്പെടുകയുംചെയ്തു. എന്നാല്‍, കേന്ദ്ര റെയില്‍വേ മന്ത്രി മമത ബാനര്‍ജി കേരളത്തിന്റെ ആവശ്യത്തോട് അനുഭാവപൂര്‍വമായ നിലപാടല്ല എടുത്തത്. എന്നുമാത്രമല്ല, മുന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കാന്‍ തനിക്കു ബാധ്യതയില്ലെന്നുകൂടി അവര്‍ തുറന്നടിച്ചു.

5. ഏറ്റവുമൊടുവില്‍ 2010 മെയ് 12ന് വ്യവസായവകുപ്പ് സെക്രട്ടറി റെയില്‍വേ ബോര്‍ഡ് അംഗങ്ങളെ കണ്ട് കമ്പനി രൂപീകരണത്തിന് ആവശ്യമായ നടപടി ഉടനെ എടുക്കണമെന്നും അഭ്യര്‍ഥിച്ചു. എന്നാല്‍, കേന്ദ്ര ക്യാബിനറ്റിന്റെ അംഗീകാരം ലഭിക്കാതെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നാണ് റെയില്‍വേ ബോര്‍ഡ് അറിയിച്ചത്. സംയുക്തസംരംഭം സ്ഥാപിക്കുന്നതിന് സംസ്ഥാനം ഒരുവിധ അലംഭാവവും കാട്ടിയില്ല. ചെയ്തുതീര്‍ക്കേണ്ട എല്ലാ നടപടികളും പൂര്‍ത്തീകരിച്ചിട്ടുമുണ്ട്.

ഓട്ടോകാസ്റ്റിന്റെ പുനരുദ്ധാരണം റെയില്‍വേയുമായി ചേര്‍ന്നു നടപ്പാക്കാനാണ് സംസ്ഥാനം പദ്ധതിയിട്ടത്. കേന്ദ്രത്തിന്റെ പ്രതികൂലമായ നിലപാട് ഇതിനു തടസ്സമായി. പുനരുദ്ധാരണത്തിനായി മറ്റു പദ്ധതികള്‍ നടപ്പാക്കാനാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്. ഓട്ടോ കാസ്റ്റിനെ ആധുനികവല്‍ക്കരിക്കാനുള്ള പദ്ധതിയാണിത്. ഈ വര്‍ഷത്തെ ബജറ്റില്‍ സീല്‍കാസ്റ്റിങ്ങ് ലൈന്‍ ആരംഭിക്കാന്‍ 10 കോടി രൂപയാണ് വക കൊള്ളിച്ചത്. ഇതിനുള്ള പ്രോജക്ട് റിപ്പോര്‍ട്ട് കമ്പനി തയ്യാറാക്കി. സ്റ്റീല്‍കാസ്റ്റിങ്ങ് ആരംഭിക്കുന്നതോടെ റെയില്‍‌വേ അടക്കമുള്ളവര്‍ക്ക് ആവശ്യമായ കാസ്റ്റിങ്ങുകള്‍ സപ്ലൈ ചെയ്യാന്‍ കഴിവുള്ള ആധുനിക ഫൌണ്ടറിയായി ഇത് മാറും.

ചുരുക്കത്തില്‍, രാഷ്ട്രീയവൈരനിര്യാതനബുദ്ധിയോടെയാണ് മമത ബാനര്‍ജി ഈ പ്രശ്നം കൈകാര്യം ചെയ്യുന്നതെന്നു കാണാന്‍ വിഷമമില്ല. കേരളവും കേന്ദ്രവും സംയുക്തമായി നടപ്പാക്കുന്ന മറ്റു പദ്ധതികളുടെ കാര്യത്തില്‍ എ.കെ.ആന്റണിയടക്കം സ്വീകരിക്കുന്ന ഗുണപരമായ നിലപാട് മമത കണ്ണു തുറന്നു കാണേണ്ടതാണ്. അല്ലാതെ സംസ്ഥാനത്തിന്റെ വിശാലമായ വ്യവസായ താല്പര്യങ്ങള്‍ക്ക് തുരങ്കം വയ്ക്കാനല്ല അവര്‍ ശ്രമിക്കേണ്ടത്.

ഒരു കാര്യം ഇവിടെ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. ഇപ്പോള്‍ തന്നെ ലാഭത്തിലാണ് ഓട്ടോകാസ്റ്റ്. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഈ കമ്പനിയെ മെച്ചപ്പെട്ട ലാഭത്തില്‍ എത്തിക്കാനുള്ള അടിത്തറയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ അന്ധമായി എതിര്‍ക്കുന്ന മലയാള മനോരമ ഈ വസ്തുത കൂടി കാണണം.

ഡോ.ടി.എം.തോമസ് ഐസക് ദേശാഭിമാനി 26052010