Showing posts with label തീപിടുത്തം. Show all posts
Showing posts with label തീപിടുത്തം. Show all posts

Thursday, November 19, 2020

സെക്രട്ടറിയറ്റ്‌ : തീപിടിത്ത കാരണം ഷോർട്ട്‌ സർക്യൂട്ടല്ലെന്ന്‌ റിപ്പോർട്ടിലില്ല

 സെക്രട്ടറിയറ്റ്‌ പൊളിറ്റിക്കൽ വിഭാഗത്തിലെ തീപിടിത്തത്തിന്‌ കാരണമായ കത്തിയ ഫാനും എംസിബിയും അനുബന്ധ ഉപകരണങ്ങളും പൊലീസ്‌ സൂക്ഷ്‌മപരിശോധനയ്‌ക്ക്‌ ദേശീയ ലാബിൽ അയക്കുന്നു. സൂക്ഷ്‌മപരിശോധനയ്‌ക്കുള്ള സൗകര്യം കേരള പൊലീസിന്റെ ലാബിലില്ലെന്ന ഫോറൻസിക്‌ ഉദ്യോഗസ്ഥരുടെ മൊഴികൂടി പരിഗണിച്ചാണ് ഇത്‌. ഫാനിലെ ഇൻസുലേഷനടക്കം  കൊച്ചിയിലെ നാഷണൽ ലാബിൽ ‘ഓഗർ ഇലക്‌ട്രോൺ സ്‌പെക്‌ട്രോസ്‌കോപ്പി’ പരിശോധനയ്ക്ക്‌ വിധേയമാക്കും. ഇതിനായി അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ ഉടൻ റിപ്പോർട്ട്‌ നൽകും.

ഫിസിക്സ് വിഭാഗം സയന്റിഫിക് ഓഫീസർ സഹ്റ മുഹമ്മദ്, കെമിസ്ട്രി വിഭാഗം ഓഫീസർ എൻ സബീന എന്നിവരുടെ മൊഴി കഴിഞ്ഞ ദിവസം അന്വേഷണസംഘം രേഖപ്പെടുത്തി. ഫാനിന്റെ മോട്ടോറും അനുബന്ധ സാമഗ്രികളും പൂർണമായും കത്തിനശിച്ചതിനാൽ മറ്റ് സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്ന് കണ്ടെത്താനായില്ലെന്ന്‌ സഹ്‌റ മൊഴി നൽകി‌. തീപിടിത്തമുണ്ടായ സ്ഥലത്തുനിന്ന്‌ കണ്ടെത്തിയ വസ്തുക്കൾ വിശദമായി പരിശോധിച്ചു. അമിതമായി ചൂടാകുമ്പോഴോ ഷോർട്ട്‌ സർക്യൂട്ട്‌ ഉണ്ടാകുമ്പോഴോ ആണ്‌ എംസിബി ട്രിപ്‌ ആകുന്നതെന്നും മൊഴിയിലുണ്ട്‌. ഷോർട്ട്‌ സർക്യൂട്ടല്ല തീപിടിത്ത കാരണമെന്ന്‌ ഫോറൻസിക്‌ ഉദ്യോഗസ്ഥർ കണ്ടെത്തിയെന്ന പ്രചാരണം ഇതോടെ പൊളിഞ്ഞു. തീപിടിത്തത്തിനു കാരണമായ ഫാനിന്റെയും അനുബന്ധ വസ്തുക്കളുടെയും ക്ലാസ് ഓഫ് ഇൻസുലേഷൻ പരിശോധിക്കാനുള്ള സംവിധാനം ലാബിൽ ഇല്ലെന്നും സഹ്‌റ മൊഴി നൽകി.‌

തീപിടിത്തത്തിന്‌ കാരണമാകുന്ന മണ്ണെണ്ണയോ പെട്രോളോ ഉൾപ്പെടെയുള്ള വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്നാണ്‌‌ സബീനയുടെ മൊഴി. അത്തരം എന്തെങ്കിലും വസ്തുവിന്റെ സാന്നിധ്യം ഉണ്ടായിരുന്നെങ്കിൽ പരിശോധനയിൽ കെണ്ടത്താനാകും.  സാനിറ്റൈസ് ചെയ്യാൻ ഉപയോഗിക്കുന്ന സോഡിയം സാന്നിധ്യം ഇവിടെയുണ്ടായിരുന്നെങ്കിലും അത് തീപിടിത്തത്തിന് കാരണമാകില്ലെന്നും അവർ മൊഴി നൽകി. ഇതോടെ മനഃപൂർവം തീവച്ചെന്ന ചിലരുടെ ആരോപണവും പൊളിഞ്ഞു.

ഫോറൻസിക്‌ വിഭാഗം ശേഖരിച്ച ഫാൻ ഉൾപ്പെടെയുള്ള സാമ്പിളുകളുടെ സൂക്ഷ്‌മ പരിശോധനയ്‌ക്കുള്ള സംവിധാനം സംസ്ഥാന പൊലീസിനില്ലെന്ന്‌ നേരത്തേ അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.

Tuesday, November 10, 2020

30,000 ഫോൺ രേഖ പരിശോധിച്ചു ; രേഖകൾ ഭദ്രമെന്ന്‌ പൊലീസ്‌ റിപ്പോർട്ടും

കേന്ദ്ര അന്വേഷണ ഏജൻസികൾ ആവശ്യപ്പെട്ട സുപ്രധാന രേഖകളൊന്നും സെക്രട്ടറിയറ്റിലെ തീപിടിത്തത്തിൽ നശിച്ചിട്ടില്ലെന്ന്‌ പൊലീസ്‌ റിപ്പോർട്ടും. അവയെല്ലാം സുരക്ഷിതമായി സൂക്ഷിച്ചതായും എഡിജിപി മനോജ്‌ എബ്രഹാമിന്റെ നേതൃത്വത്തിലുള്ള  പ്രത്യേക പൊലീസ്‌ സംഘം തയ്യാറാക്കിയ റിപ്പോർട്ടിലുണ്ട്‌. 4830 ഫിസിക്കൽ ഫയൽ (പേപ്പർ ഫയൽ) പരിശോധിച്ചാണ്‌ ഈ കണ്ടെത്തൽ. ആവശ്യപ്പെട്ട ഫയലുകൾ ലഭിച്ചതായി എൻഐഎ , കസ്റ്റംസ്‌, എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌  ( ഇഡി) എന്നിവ നൽകിയ രേഖയും പൊലീസിന്‌ ലഭിച്ചു. ഇതോടെ പ്രതിപക്ഷവും ചില മാധ്യമങ്ങളും കെട്ടിപ്പൊക്കിയ വലിയൊരു കള്ളം വീണ്ടും പൊളിഞ്ഞു.

സുപ്രധാന രേഖകളൊന്നും കത്തിയിട്ടില്ലെന്ന്‌ ഐഎഎസ്‌ ഓഫീസർ കൗശികിന്റെ നേതൃത്വത്തിലുള്ള സംഘവും റിപ്പോർട്ട്‌ നൽകിയിരുന്നു. ആവശ്യപ്പെട്ട 13 രേഖയും കൈപ്പറ്റിയതിന്‌ എൻഐഎയും ഇഡിയും  നൽകിയ റസീറ്റ്‌ ദേശാഭിമാനിയും പ്രസിദ്ധീകരിച്ചിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട രേഖകൾ നശിപ്പിക്കാൻ സെക്രട്ടറിയറ്റിന്‌ തീയിട്ടുവെന്നായിരുന്നു യുഡിഎഫും ബിജെപിയും പ്രചരിപ്പിച്ചത്‌. 

ആഗസ്‌ത്‌ 25ന്‌ വൈകിട്ട്‌ 4.40നാണ്‌ സെക്രട്ടറിയറ്റിലെ  ജിഎഡി പൊളിറ്റിക്കൽ ഓഫീസിൽ തീപിടിത്തമുണ്ടായത്‌. 20ൽ താഴെ അപ്രധാനമായ ഫയലും ചില ഗസറ്റ്‌ വിജ്ഞാപനവുമാണ്‌ ഭാഗികമായി കത്തിയത്‌. ഈ പേപ്പറുകൾ മെഡിക്കൽ കോളേജ്‌ ട്രഷറിയിൽ സൂക്ഷിച്ചിട്ടുണ്ട്‌. 

ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ, ഫോറൻസിക്‌ സയൻസ്‌ ലാബ്‌ വിദഗ്‌ധർ, ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉൾപ്പെടെ 98 സാക്ഷികളിൽനിന്ന്‌ പൊലീസ്‌ വിവരം ശേഖരിച്ചു. പ്രവേശനഭാഗത്തെ സിസിടിവിയുടെ  48 മണിക്കൂറിലെ ഫൂട്ടേജ്‌ പരിശോധിച്ചു.

ദൃശ്യത്തിലുണ്ടായിരുന്ന 222 പേരിൽനിന്ന്‌ വിവരങ്ങൾ ശേഖരിച്ചു. ഓഫീസിലെ എല്ലാ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്‌തു.  തീപിടിത്തദിവസം സെക്രട്ടറിയറ്റ് പരിസരത്തെ മൊബൈൽ ടവറിന്‌ കീഴിലുണ്ടായിരുന്ന 30,000  ഫോൺ കോളും പരിശോധിച്ചു.

റഷീദ‌് ആനപ്പുറം

Tuesday, October 6, 2020

സെക്രട്ടേറിയറ്റ് തീപിടിത്തം: 'ഇവരെന്താ ഇങ്ങനെ പറയുന്നത്?, ഇവര് പിന്നെങ്ങനെയാ പറയാറുള്ളത്?

 കൊച്ചി> സെക്രട്ടേറിയറ്റിലെ തീപിടിത്തം സംബന്ധിച്ച ഫോറന്‍സിക്  റിപ്പോര്‍ട്ടിനെ സര്‍ക്കാരിനെതിരായ ആയുധമാക്കാനുള്ള പ്രതിപക്ഷ ശ്രമത്തിന് സോഷ്യല്‍ മീഡിയയിലൂടെ പരിഹാസം. ഡോ  പ്രേം കുമാറാണ് , തീപിടിത്തം ഷോട്ട് സര്‍ക്യൂട്ട് കൊണ്ടല്ല ഉണ്ടായതെന്ന് ഫോറന്‍സിക് വിഭാഗം കോടതിയില്‍ പറഞ്ഞുവെന്ന മാധ്യമങ്ങളുടെ  വ്യാജ പ്രചാരണത്തെ പരിഹസിച്ചത്. 

ലഭ്യമായ വിവരം  ഏഷ്യാനെറ്റ് വെബ് എഡിഷനില്‍ നിന്നും  'രഹസ്യ'മായ് ചോര്‍ത്തിയതാണെന്നും  പ്രേം കുമാര്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു

പ്രേം കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സെക്രട്ടറിയേറ്റിലെ തീപ്പിടുത്തം.

1.

ഡോ. കൗശിഗന്റെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥ സംഘത്തിന്റെ കണ്ടെത്തല്‍ എന്തായിരുന്നു?

ടേബിള്‍ ഫാനിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തമുണ്ടാക്കിയത്.

2.

ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വിഭാഗമെന്താണ് പറഞ്ഞത്?

ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടുത്തമുണ്ടാക്കിയത്.

3.

ഫയര്‍ഫോഴ്‌സ് അന്വേഷണവിഭാഗമെന്താണ് പറഞ്ഞത്?

ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടുത്തമുണ്ടാക്കിയത്.

4.

സര്‍ക്കാര്‍ എന്താണ് പറഞ്ഞത്?

ശാസ്ത്രീയ അന്വേഷണം നടത്തിവേണം കാരണം കണ്ടുപിടിക്കാന്‍

5.

ഇപ്പോളെന്താണ് പുറത്തുവന്നിരിക്കുന്നത്?

ഫോറന്‍സിക് വിഭാഗം തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്.

6.

ആ റിപ്പോര്‍ട്ടില്‍ എന്താണ് പറഞ്ഞത്?

ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്ന് ഇപ്പോള്‍ ഉറപ്പിച്ചു പറയാന്‍ കഴിയില്ല.

എന്താണ് സംഭവിച്ചതെന്നതിന്റെ വ്യക്തമായ ചിത്രം കിട്ടാന്‍ മുഴുവന്‍ ഉപകരണങ്ങളുടെയും പരിശോധനാ റിപ്പോര്‍ട്ട് വരണം.

7.

എത്ര ഉപകരണങ്ങളാണ് പരിശോധനയ്ക്ക് എടുത്തത്?

നാല്‍പ്പത്തിഅഞ്ച്

8.

എത്ര എണ്ണത്തിന്റെ ലാബ് റിപ്പോര്‍ട്ട്  ആണ് പുറത്തു വന്നത്?

രണ്ട്.

9

ഇനി എത്ര എണ്ണം വരാനുണ്ട്?

നാല്‍പ്പത്തിമൂന്ന്

10

ഏതിന്റെ പരിശോധനാ ഫലമാണ് വന്നത്?

സ്വിച്ചില്‍ നിന്നും ഫാനിലേക്ക് പോയ വയറുകള്‍ പരിശോധിച്ചതിന്റെ ഫലമാണ് വന്നത്

11.

എവിടെയാണ് ഷോര്‍ട് സര്‍ക്യൂട്ട് ഉണ്ടായി എന്ന് പറഞ്ഞത്?

ഫാനില്‍

12.

അപ്പൊ ഫാനിന്റെ പരിശോധനാ ഫലം വന്നോ?

ഇല്ല.

13.

അപ്പോള്‍ കോടതി എന്താണ് പറഞ്ഞത്?

വരട്ടെ; എന്നിട്ട് നോക്കാം.

14.

ഇപ്പോള്‍ സുരേന്ദ്രന്‍/ചെന്നിത്തല/ കുഞ്ഞാലിക്കുട്ടി എന്താണ് പറയുന്നത്?

പിണറായി വിജയന്‍ തീയിട്ടതാണ്.

15.

ഇവരെന്താ ഇങ്ങനെ പറയുന്നത്?

ഇവര് പിന്നെങ്ങനെയാ പറയാറുള്ളത്?

...

ഈ വിവരങ്ങള്‍ 'രഹസ്യ'മായ് ചോര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് വെബ് എഡിഷനില്‍ നിന്ന്.

ഡോ. പ്രേംകുമാര്‍

03.00 pm: 06/10/20

Wednesday, September 23, 2020

സെക്രട്ടറിയറ്റ് തീപിടിത്തത്തെക്കുറിച്ച് വ്യാജവാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമനടപടി

 തിരുവനന്തപുരം > ആഗസ്റ്റ് 25ന് സെക്രട്ടറിയേറ്റിലെ പൊതുഭരണ (പൊളിറ്റിക്കൽ) വകുപ്പിൽ ഉണ്ടായ അഗ്‌നിബാധ സംബന്ധിച്ച് ചില ദിനപത്രങ്ങളിൽ ബോധപൂർവ്വം തെറ്റിധാരണാജനകമായ വാർത്തകൾ പ്രസിദ്ധീകരിച്ചവർക്കെതിരെ നടപടിയെടുക്കുന്നതിന് നിയമോപദേശം തേടാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കെതിരെ അപകീർത്തികരമായ വാർത്തകൾ പ്രസിദ്ധീകരിച്ചതിന് ക്രിമിനൽ നടപടി ചട്ടം 199 (2) പ്രകാരം കേസ് ഫയൽ ചെയ്യാൻ അഡ്വക്കേറ്റ് ജനറലിൻറെ നിയമോപദേശം തേടും. അപകീർത്തികരമായ വാർത്ത സംബന്ധിച്ച് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യക്കും ഇക്കാര്യത്തിൽ അധികാരമുള്ള മറ്റ് സ്ഥാപനങ്ങൾക്കും പരാതി നൽകാനും സർക്കാർ തീരുമാനിച്ചു.

വ്യവസായങ്ങൾക്ക് ലൈസൻസ് നൽകുന്ന പ്രക്രിയ ലളിതവും കാര്യക്ഷമവുമാക്കാൻ 2019-ലെ കേരള സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങൾ സുഗമമാക്കൽ ആക്ട് ഭേദഗതി ചെയ്യുന്നതിന് ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു. ഏഴു പ്രവൃത്തി ദിവസത്തിനകം എല്ലാ ലൈസൻസുകളും അനുവദിക്കാൻ ബിൽ വ്യവസ്ഥ ചെയ്യുന്നു. സംരംഭകർ നടപടിക്രമങ്ങൾ ഒരു വർഷത്തിനകം പൂർത്തിയാക്കിയാൽ മതി. ഇതു സംബന്ധിച്ച കരടു ബിൽ മന്ത്രിസഭ അംഗീകരിച്ചു.

കേരള സമുദ്ര മത്സ്യസമ്പത്തിൻറെ സംരക്ഷണത്തിനും ശാസ്ത്രീയ പരിപാലനത്തിനും ശക്തമായ നടപടി സ്വീകരിക്കുന്നതിന് കേരള സമുദ്രമത്സ്യനിയന്ത്രണ നിയമത്തിൽ (1980) ഭേദഗതി വരുത്താൻ ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു.

ഡോ. അഖിൽ സി ബാനർജിയെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസഡ് വൈറോളജി ഡയറക്ടറായി നിയമിക്കാൻ തീരുമാനിച്ചു. ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്മ്യൂണോളജിയിൽ എമിററ്റസ് സയൻറിസ്റ്റാണ് ഇപ്പോൾ അദ്ദേഹം.

കേരള ഫോക്ലോർ അക്കാദമിയിലെ സർക്കാർ അംഗീകാരമുള്ള തസ്തികകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ധനകാര്യ വകുപ്പ് നിർദേശിച്ച വ്യവസ്ഥകൾക്ക് വിധേയമായി പത്താം ശമ്പള പരിഷ്‌കരണ ആനുകൂല്യം നൽകാൻ തീരുമാനിച്ചു.

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷനിലെ 39 സർക്കാർ അംഗീകൃത തസ്തികകളിലെ ജീവനക്കാർക്ക് ധനകാര്യ വകുപ്പ് നിർദേശിച്ച വ്യവസ്ഥകൾക്ക് വിധേയമായി പത്താം ശമ്പള പരിഷ്‌കരണ ആനുകൂല്യം നൽകാൻ തീരുമാനിച്ചു.

സമരക്കാരിൽ നിരവധിപേർക്ക് കോവിഡ്; ഇവരുടെ സമ്പർക്ക ലിസ്റ്റിന് കണക്കില്ല

തിരുവനന്തപുരം > സെപ്തംബർ 11 മുതൽ സംസ്ഥാനത്ത് നടന്നുവരുന്ന സമരങ്ങളിൽ പങ്കെടുത്ത വിവിധ രാഷ്ട്രീയ പാർടി പ്രവർത്തകരിലും നേതാക്കളിലും നിരവധി പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊല്ലം സിറ്റിയിൽ നാലു പേർക്കും തിരുവനന്തപുരം സിറ്റിയിൽ മൂന്നു പേർക്കും തൃശൂർ റൂറലിൽ രണ്ട് പേർക്കും ആലപ്പുഴ, കോഴിക്കോട് റൂറൽ, തിരുവനന്തപുരം റൂറൽ എന്നീ ജില്ലകളിൽ ഒരാൾക്ക് വീതവും രോഗം സ്ഥിരീകരിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്.

സമരത്തിൽ പങ്കെടുത്ത കൂടുതൽ പേർക്ക് രോഗബാധയുണ്ടെന്നാണ് മനസ്സിലാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അതിൻറെ കൃത്യമായ എണ്ണം തൽക്കാലം ലഭ്യമായിട്ടില്ല. സുരക്ഷാ പ്രോട്ടോകോൾ പാലിക്കാതെ സമരത്തിനിറങ്ങിയ ഇവരിൽനിന്ന് എത്ര പേർക്ക് രോഗം പടർന്നു എന്നതും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Friday, August 28, 2020

ഫയലുകള്‍ കത്തിച്ചെന്ന തെറ്റായ ആരോപണം ഉന്നയിച്ചവര്‍ തിരുത്തണം; മാധ്യമങ്ങളുടെ വ്യാജവാർത്തക്കെതിരെ നടപടി: എ കെ ബാലൻ

 തിരുവനന്തപുരം > സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ സെക്ഷനിലുണ്ടായ അപകടത്തിൽ പ്രതിപക്ഷത്തിന് മുന്നറിയിപ്പുമായി സർക്കാർ. ഫയൽ കത്തിച്ചെന്ന തെറ്റായ ആരോപണം പ്രതിപക്ഷം പിൻവലിച്ചില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി ബാലൻ വ്യക്തമാക്കി.


ഫയലുകള്‍ കത്തിച്ചതാണെന്ന ആരോപണം ഉന്നയിച്ചവര്‍ അത് തിരുത്താൻ തയ്യാറാകണം. അതല്ലെങ്കില്‍ നിയമ നടപടികയുണ്ടാകും. സെക്രട്ടറിയേറ്റിലെ ഒരു രേഖയും നശിപ്പിക്കാൻ കഴിയില്ല. ആരോപണങ്ങളിൽ വി മുരളീധരനും കെ സുരേന്ദ്രനും മാപ്പ് പറയാൻ തയ്യാറാകുമോയെന്ന് വ്യക്തമാക്കണം. ഇല്ലെങ്കിൽ സർക്കാർ നിയമ നടപടിയെക്കുറിച്ച് ആലോചിക്കുമെന്നും എ കെ ബാലൻ പ്രതികരിച്ചു.

മാധ്യമങ്ങൾ ചിലത് മാത്രം വാർത്തയാക്കുകയാണ്. നേതാക്കളുടെ ആക്ഷേപം പരിശോധിക്കാത നൽകിയാൽ മാധ്യമങ്ങൾക്കെതിരെ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയിൽ പരാതി നൽകുമെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് കാലത്തെ പ്രതിഷേധങ്ങൾ കോടതി അലക്ഷ്യമാണ്. അവിശ്വാസ പ്രമേയത്തിൽ മുൻപ് ഉയർത്തിയ ആരോപണങ്ങൾ പോലും കൊണ്ടുവരാൻ പ്രതിപക്ഷ നേതാവിന് കഴിഞ്ഞില്ല. ഭരണകക്ഷിയുടെ ചെലവിൽ ഉമ്മൻ ചാണ്ടിയെ അപമാനിക്കാനുള്ള ശ്രമത്തിന് ഭരണപക്ഷം കൂട്ടുനിന്നില്ലെന്നും ബാലൻ കൂട്ടിച്ചേര്‍ത്തു.

തീപിടിത്തത്തില്‍ കത്തി നശിച്ച ഫയലുകള്‍ ഏതൊക്കെയെന്ന് സ്ഥിരീകരിക്കാന്‍ സെക്രട്ടറിയേറ്റില്‍ പരിശോധന തുടരുകയാണ്. സ്ഥലം സന്ദര്‍ശിച്ച ഫൊറന്‍സിക് സംഘത്തിന്‍റെ റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനുളളില്‍ പൊലീസിന് കിട്ടും. ഇതു കൂടി ലഭിച്ച ശേഷമാകും അന്വേഷണ സംഘം അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കുക.

സർക്കാരിന്  എതിരായ അവിശ്വാസ പ്രമേയം യുഡിഎഫിന് ഉണ്ടാക്കിയ രാഷ്ട്രീയ ക്ഷീണം മറച്ചു വെയ്ക്കുന്നതിനും ബിജെപിയുടെ ചാനല്‍ മേധാവിയെ സ്വര്‍ണ്ണ കളളകടത്തു് കേസ്സില്‍ ചോദ്യം ചെയ്ത‌തിന്റെയും കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വത്തിന് എതിരായ അവിശ്വാസ പ്രമേയം ചര്‍ച്ചയായതിന്റെയും ജാള്യത മറക്കാനും ഇവ ചര്‍ച്ചയാകാതിരിക്കാനും വേണ്ടിയാണ് യുഡിഎഫും  ബിജെപിയും സെക്രട്ടറിയേറ്റിലെ ഒരു സെക്ഷനിലുണ്ടായ ചെറിയ തീ പിടുത്തത്തിന്റെ പേരില്‍ വലിയ കോലാഹലങ്ങള്‍ സൃഷ്‌ടിക്കുന്നത്.  സംസ്ഥാനത്തെ ഒരു വിഭാഗം മാധ്യമങ്ങളും ഈ രാഷ്ട്രീയ അജണ്ടക്ക് കുട പിടിക്കുകയാണ്.

24ലെ അവിശ്വാസ പ്രമേയം ചര്‍ച്ച 5 മണിക്കൂര്‍ ആണ് നിശ്ചയിച്ചിരുന്നത്‌.  എന്നാല്‍ അതു് 11 മണിക്കൂര്‍ ആയി നീണ്ടു. അതിന് പ്രതിപക്ഷവും ഭരണ പക്ഷവും  അവരുടെതായ പങ്ക് വഹിച്ചിട്ടുണ്ട്. ഗവണ്‍മെന്റിന് എതിരായ അവിശ്വാസ പ്രമേയമാണ് പ്രതിപക്ഷം അവതരിപ്പിച്ചത്.  അപ്പോള്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്കും കഴിഞ്ഞ 4 വര്‍ഷം ഈ ഗവണ്‍മെന്റ് ചെയ്‌ത കാര്യങ്ങളും ജനസമക്ഷം അവതരിപ്പിക്കുമ്പോള്‍ മാത്രമേ അവിശ്വാസ പ്രമേയത്തിന്റെ മറുപടി പൂര്‍ണ്ണമാകൂ.  അതാണ് മുഖ്യമന്ത്രി ചെയ്‌തത്.  2005ലെ യുഡിഎഫിന് എതിരായ അവിശ്വാസ പ്രമേയത്തിന് അഞ്ചേകാല്‍ മണിക്കൂറാണ് ഭരണ പക്ഷം മറുപടി  നല്‍കിയത് (10 മന്ത്രിമാരും മുഖ്യമന്ത്രിയും). അത്രയും സമയം ഇപ്പോള്‍ എടുത്തില്ല.  മൂന്ന് മന്ത്രിമാരും മുഖ്യമന്ത്രിയുമാണ് ഇപ്പോള്‍ മറുപടി നല്‍കിയത്.  മുഖ്യമന്ത്രി മൂന്നേ മുക്കാല്‍ മണിക്കൂറും മറ്റ് മന്ത്രിമാര്‍ ഒരു മണിക്കൂറും എടുത്തു.   ആകെ നാലേ മുക്കാല്‍ മണിക്കൂര്‍. ഇത് മറിച്ചു വെച്ചാണ്   ഉമ്മന്‍ ചാണ്ടി ഒന്നേ മുക്കാല്‍ മണിക്കൂറാണ് മറുപടി പറഞ്ഞതെന്ന്  പ്രചരിപ്പിക്കുന്നത്.  മന്ത്രിമാരുടെ  വകുപ്പിനെതിരായ  ആരോപണം ഉണ്ടായതുകൊണ്ടാണ് മന്ത്രിമാരായ ശൈലജ ടീച്ചറും, ജി സുധാകരനും, ഇ ചന്ദ്രശേഖരനും മറുപടി നല്‍കിയത്.  സഭയിലില്ലാത്ത മന്ത്രി കെ ടി ജലീലിനും ലൈഫ് പദ്ധതിക്കും എതിരായ ആരോപണത്തിന് മുഖ്യമന്ത്രി തന്നെ മറുപടി നല്‌കി.

സഭ ചേരുന്നതിന് മുമ്പ് തന്നെ പ്രതിപക്ഷത്തിന് അപമാനം കൊണ്ട് ഒളിച്ചോടേണ്ടി വരുമെന്ന് ഞാന്‍ പറഞ്ഞിരുന്നു.  അത് ശരിയാണെന്ന് തെളിഞ്ഞു.  അവിശ്വാസ പ്രമേയ അവതാരകന്റെ സഭയിലെ പ്രകടനം തന്നെ മോശമായിരുന്നു,.  മാത്രമല്ല അദ്ദേഹം വടി കൊടുത്ത് അടി വാങ്ങുന്ന സാഹചര്യവും ഉണ്ടായി.  വി ടി സതീശന്‍ തന്റെ മണ്ഡലത്തില്‍ വിദേശ സഹായത്തോടെ പണിത വീടന്റെ വിശദാംശങ്ങള്‍ ഭരണപക്ഷം ചോദിച്ചതോടെ അദ്ദേഹം വിഷണ്ണനായി.  പുറത്തു പറഞ്ഞു നടന്ന ആരോപണങ്ങളും സഭയില്‍ ഉന്നയിക്കാന്‍ പോലും പ്രതിപക്ഷത്തിന് കഴിഞ്ഞില്ല.  മുഖ്യമന്ത്രിയെ ആക്രമിക്കുക, അഴിമതി എന്ന പുക പടലം സൃഷ്ടിക്കുക എന്നിവയല്ലാതെ വസ്‌തുതകള്‍ നിരത്തിയോ തെളിവുകള്‍ ഹാജരാക്കിയോ ഒരു ആരോപണവും ഉന്നയിക്കാനും കഴിഞ്ഞില്ല.

സഭ ചേരുന്നതിന് മുമ്പ് തന്നെ പ്രതിപക്ഷ നേതാവിനോട് ഒരു കാര്യം ഞാന്‍ ചോദിച്ചിരുന്നു.  ശിവശങ്കരന്‍ ഐ. എ. എസ്. UDF കാലത്ത് വൈദ്യുത ബോര്‍ഡ് ചെയര്‍മാനും പവര്‍ സെക്രട്ടറിയുമായിരിക്കെ 6600കോടി രൂപയുടെ ഒരു വൈദ്യുതി വാങ്ങല്‍ കരാറില്‍ 25 വര്‍ഷത്തേക്ക് ഒപ്പിട്ടിരുന്നു.  850 മെഗാ വാട്ടിന്റെതാണ് കരാര്‍.  റെഗുലേറ്ററി അതോറിറ്റി 300 മെഗാവാട്ടിനു മാത്രമാണ് അനുമതി നല്‍കിയത്.  ഈ വഴിവിട്ട കരാര്‍ വഴി പ്രതിപക്ഷം 475 കോടി രൂപ കെ.എസ്.ഇ.ബി ക്ക് നഷ്ടമുണ്ടായെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്തു.  ഇത് ശരിയോ തെറ്റോ എന്ന് പ്രതിപക്ഷ നേതാവ് ഇതുവരെ പ്രതികരിച്ചിട്ടില്ല.  ഒരു തുടര്‍ച്ച ഇതുമായി ബന്ധപ്പെട്ട് പത്രങ്ങളിലും കാണുന്നില്ല.

എല്ലാ ആരോപണങ്ങള്‍ക്കും ഉരുളക്കു ഉപ്പേരി പോലെ മുഖ്യമന്ത്രി മറുപടി നല്‍കി.  ചേര തോലുഉരിക്കുന്നതുപോലെയാണ് പ്രതിപക്ഷത്തെ മുഖ്യമന്ത്രിയുടെ മറുപടി സമയത്ത് കണ്ടെത്.  രണ്ട് ഉദ്ദേശമാണ് പ്രതിപക്ഷത്തിന് ഉണ്ടായത്.  ഒന്ന്, ഭരണ കക്ഷിയെ പ്രകോപിപ്പിച്ച സഭ അലംകോലമാക്കി തല്ലി പിരിയുക ഇതിന്റെ ഭാഗമാണ് സഭക്കുളളില്‍ പ്രതിപക്ഷ ങഘഅ മാര്‍  മുഖ്യമന്ത്രിയെ പേരെടെത്തു വിളിച്ച് ആക്ഷേപിച്ചത്.  ഇതില്‍ ഭരണ പക്ഷം വീണില്ല.  മുഖ്യമന്ത്രിയും വീണില്ല.  രണ്ട്, ഉമ്മന്‍ ചാണ്ടിക്കെതിരായി സരിത അന്വേഷണ കമ്മീഷനു മുന്നില്‍ നല്‍കിയ മോശം പ്രതികരണങ്ങള്‍ ഭരണ കക്ഷി  ങഘഅ മാരില്‍നിന്നും ക്ഷണിച്ചു വരുത്തുക, അതിലൂടെ ഭരണ കക്ഷിയുടെ ചിലവില്‍ ഉമ്മന്‍ ചാണ്ടിയെ അപമാനിക്കുക, അപഹാസ്യനാക്കുക ഇതിലും പ്രതിപക്ഷം വീണില്ല.  ഒന്നിനും കൊളളാത്തവനാണ് ഉമ്മന്‍ചാണ്ടി, കേമന്‍ രമേശ് ചെന്നിത്തല എന്ന പ്രതീതി ഉണ്ടാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമാണ് നടന്നത്.  പ്രതിപക്ഷത്തിന്റെ മുഖ്യമന്ത്രി പാനലില്‍ ഉമ്മന്‍ ചാണ്ടിയെ കൊണ്ടു വരാതിരിക്കാനുളള കുതന്ത്രത്തിനും അവിശ്വാസ പ്രമേയത്തെ കരുവാക്കുകയായിരുന്നു.(ഇടക്ക് ഉമ്മന്‍ ചാണ്ടി പത്രക്കാരോട് പറ‍ഞ്ഞത് മുഖ്യമന്ത്രിയെ ഹൈകമാന്റ്‍ നിശ്ചയിക്കും എന്നതാണ്)

പൊതു സമൂഹത്തില്‍ ഭരണ കക്ഷി ഈ അവിശ്വാസ പ്രമേയത്തെ നേരിട്ട രീതിയില്‍ മതിപ്പുളവാക്കി.  ഇ സാഹചര്യത്തില്‍ വേണം 25ാം തിയതിയിലെ സെക്രട്ടറിയേറ്റിലെ തീ പിടുത്തത്തേയും അതിനെ തുടര്‍ന്നുളള  UDF,  BJP കോലാഹലത്തെയും കാണാന്‍.

ഒരു ചെറിയ ബക്കറ്റിലെ വെളളം കൊണ്ട്  അണക്കാവുന്ന തീയാണ് പൊതുഭരണ വകുപ്പിലെ പൊളിറ്റിക്കല്‍ ടൂറിസം സെക്ഷനുകളില്‍ ഉണ്ടായത്.  തീ കത്തുന്നതിന്റെ ഇടയില്‍ സ്വിച്ചിട്ട് ബള്‍ബ് കത്തുന്നതുപോല  UDF,  BJP,SDPI പ്രവര്‍ത്തകര്‍ കന്റോണ്‍മെന്റ് ഗേറ്റില്‍ തളളിക്കയറാന്‍ എത്തി. BJP നേതാവ് സുരേന്ദ്രന്‍ സെക്രട്ടേറിയേറ്റിലെ പഴയ നിയമസഭാമന്ദിരത്തിന് മുന്നില്‍ നിന്ന് പത്ര സമ്മേളനവും നടത്തി.  ചീഫ് സെക്രട്ടറി തക്ക സമയത്ത് ഇടപെട്ടാണ് അതിക്രമിച്ച് കടന്നവരെ പുറത്താക്കാന്‍ നടപടി സ്വീകരിച്ചത്.  MLA മാര്‍ക്ക് സെക്രട്ടേറിയേറ്റില്‍ കയറുന്നതിന് അനുവാദവും നല്‍കി.  പിന്നെ എന്തൊക്കെയായിരുന്നു പ്രചരണം.  ഗീബല്‍സിനെ പോലും തോല്‍പ്പിക്കുന്ന നുണകളാണ് പ്രചരിപ്പിക്കപ്പെട്ടത്.

തീ പിടുത്തത്തില്‍ പ്രധാന ഫയലുകളൊന്നും നഷ്‍ടപ്പെട്ടില്ല. ചില ഫയലുകളുടെ ചില ഭാഗങ്ങള്‍, മറ്റു ചില റിക്കോഡുകള്‍ പേപ്പറുകള്‍ പഴയ ഗസ്റ്റുകള്‍ തുടങ്ങിയവയാണ് ഭാഗികമായി നശിച്ചത്.  പ്രാഥമിക പരിശോധനയില്‍ ഫാനിന്റെ സ്വിച്ചിലുണ്ടായ  short circuit ആണ് കാരണം. PWD Electrical വിഭാഗം പ്രാഥമിക പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.  സമഗ്രമായ രണ്ട് അന്വഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തു. എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലും ദുരന്ത നിവാരണ വിഭാഗം കമ്മീഷണര്‍ കൗശ്കിന്റെ നേതൃത്വത്തിലുമുളള രണ്ട് സംഘങ്ങളും അന്വേഷിക്കുന്നുണ്ട്.  ഫോറന്‍സിക് പരിശോധനയും വിരലടയാള പരിശോധനയും ഇതിനോടൊപ്പം നടക്കും.  ഇത്തരം അപകടമോ ദുരന്തമോ തീ പിടുത്തമോ ഉണ്ടാകുന്ന സ്ഥലങ്ങളില്‍ പുറത്തു നിന്നുളളവരെ അപ്പോള്‍ പ്രവേശിപ്പിക്കുന്നത് തെളിവുകള്‍ നഷ്ടമാകാന്‍ കാരണമാകും.  അതുകൊണ്ടാണ് സന്ദര‍ശത്തിന്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

സ്വര്‍ണ്ണ കളളക്കടത്തു കേസിലെ പ്രതികളെ രക്ഷിക്കാന്‍ രേഖകള്‍ നശിപ്പിച്ചെന്നാണ് പ്രചരണം.  എന്നാല്‍ എല്ലാവര്‍ക്കും അറിയാം സെക്രട്ടേറിയറ്റിലെ  ഫയലുകള്‍ ഒന്നും നഷ്ടപ്പെടിലെന്ന്.     2014 മുതല്‍  സെക്രട്ടറിയേറ്റില്‍ ഇഓഫീസ് സംവിധാനം നടപ്പാക്കിയിട്ടുണ്ട്. പൊതുഭരണധനകാര്യവകുപ്പുകള്‍ പൂര്‍ണമായും ഇഓഫീസ് സംവിധാനത്തിലേക്ക് മാറിയിട്ടുണ്ട്.  ക്യാബിനറ്റ്, നിയമസഭാസമിതി, കോടതി കേസുകള്‍ തൂടങ്ങി 5% ഫയലുകള്‍ മാത്രമാണ് ഇഓഫീസ് മുഖാന്തിരമല്ലാതെ പ്രോസസ്സ് ചെയ്യുന്നത്.  മാന്വലായി കൈകാര്യ ചെയ്യുന്ന ഫയലുകള്‍ പോലും കണ്ടുപിടിക്കാന്‍ പേഴ്സണല്‍ രജിസ്റ്ററുകളും ട്രാന്‍സിറ്റ് രജിസ്റ്ററുകളും മറ്റും ഉണ്ട്.  ഇങ്ങനെയുളള ഫയലുകള്‍ താമസം വിന ഡിജിറ്റൈസ് ചെയ്ത് സര്‍വ്വറില്‍ സൂക്ഷിക്കും.

പൊതുഭരണ ധനകാര്യ വകുപ്പുകളിലെ 2017-2018 കാലഘട്ടം മുതല്‍ ഉളള എല്ലാ ഫയലുകളും  ഇഓഫിസിലേക്ക് മാറ്റിയിട്ടുണ്ട്. കൂടാതെ 1991 മുതലുളള എല്ലാ പഴയ ഫയലുകളും ഡിജിറ്റൈസ് ചെയ്‌ത് ഇ ഓഫീസിലൂടെ ലഭ്യമാക്കുന്നുണ്ട്.

ഭാരത സര്‍ക്കാരിന്റെ Minstiry of Eletcronisc and Information Technologyക്ക് കീഴിലുളള NIC (National Informatic Ctere)ആണ് ഇഓഫിസ് കൈകാര്യം ചെയ്യുന്നത്.  സംസ്ഥാന സര്‍ക്കരിന്റെ ഉടമസ്ഥതയില്‍ ടെക്നോ പാര്‍ക്കിലുളള State Data Cetnre – 2 ല്‍ ആണ് ഇഓഫിസിന്റെ സര്‍വ്വര്‍ സ്ഥാപിച്ചിട്ടുളളത്.

ഇഓഫിസ് ഡാറ്റാബേസിന്റെ അഡ്മിന്‍ പോലും  NIC സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ടില്ല.  ഒരു ഫയല്‍ ഇഓഫിസിലൂടെ ക്രിയേറ്റ് ചെയ്യപ്പെട്ടാല്‍ പിന്നെ സംസ്ഥാന സര്‍ക്കാരിലെ ആരു വിചാരിച്ചാലും ഒരു ഫയലുപോലും ഡാറ്റാ ബേസില്‍ നിന്നും ഡിലീറ്റ് ചെയ്യാനോ മോഡിഫൈ ചെയ്യാനോ സാധിക്കില്ല.

ഫിസിക്കല്‍ ഫയലോ കമ്പ്യൂട്ടറോ തന്നെ നശിച്ചു പോയാല്‍ പോലും സര്‍വ്വറില്‍ നിന്നും ഫയലുകള്‍ റിക്കവര്‍ ചെയ്യാവുന്നതാണ്.   ഏതെങ്കിലും അന്വേഷണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് ഫയലുകളില്‍ നിന്നുളള  രേഖകള്‍  ആവശ്യമുണ്ടെങ്കില്‍ പ്രസ്തുത ഉദ്യോഗസ്ഥര്‍ക്ക് അവ രേഖാ മൂലം ആവശ്യപ്പെട്ട്  ചകഇ യില്‍ നിന്നും വാങ്ങാവുന്നതാണ്.

ഇത് സംബന്ധിച്ചുളള പത്ര വാര്‍ത്തകള്‍ ബോധപൂര്‍വ്വം സൃഷ്ടിക്കപ്പെട്ടവയായിരുന്നു.  മറ്റു ചില സംഭവ വികാസങ്ങല്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കാനുളള തന്ത്രം കൂടിയായിരുന്നു ഇത്.  ജനം ടി വി മേധാവിയെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് നോട്ടീസ് നല്‍കിയതും ദേശീയ പാതയില്‍ ഒരു പാലം തകര്‍ന്നതും എ ഐ സിസി ആസ്ഥാനത്ത് സോണായാഗാന്ധിക്കെതിരെ കലാപക്കൊടി ഉയര്‍ന്നതും ഒന്നും ചര്‍ച്ചയായില്ല.  ഇത് ചര്‍ച്ച ചെയ്യപ്പെടാതിരിക്കാനാണ് തീപിടുത്തം ചില മാധ്യമങ്ങളും പ്രതിപക്ഷവും കൂടി ശ്രമിച്ചത്.

ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ സമ നില തെറ്റിയവരെ പോലെയാണ് പ്രസ്താവനകള്‍ നടത്തിയത്.  തീപിടുത്തം മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും അറിവോടെയാണ് ആസൂത്രണം ചെയ്‌തതെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പളളിയും കേന്ദ്ര മന്ത്രി വി. മുരളീധരനും പറയുകയുണ്ടായി.  മുഖ്യമന്ത്രിയെയും ചിഫ് സെക്രട്ടറിയെയും ലോകത്തിനു മുന്നില്‍ സെക്രട്ടറിയേറ്റിനു തീ വെയ്ക്കാന്‍ നേതൃത്വം  കൊടുത്തവരാണെന്ന് വരുത്തി തീര്‍ക്കുകയായിരുന്നു ലക്ഷ്യം.  ഇത് നിയമ വിരുദ്ധവും അപകീര്‍ത്തികരവും ആണ്.  രാഷ്ട്രീയ സദാചാരത്തിന് നിരക്കുന്നതല്ല.  മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും കത്തിച്ചു എന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോ?  ഉണ്ടെങ്കില്‍ തെളിവ് ഹാജരാക്കണം അല്ലെങ്കില്‍ പൊതു സമൂഹത്തോട് നിരുപാധികം മാപ്പു പറയണം.  അല്ലാത്ത പക്ഷം നിയമ നടപടി സ്വീകരിക്കും.

മാധ്യമങ്ങളും തിരുത്താന്‍ തെയ്യാറാകണം അല്ലെങ്കില്‍ വ്യാജ വാര്‍ത്തകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനും പ്രസ്സ് കൗണ്‍സിലിനെ സമീപിക്കുന്ന കാര്യവും സര്‍ക്കാര്‍ ആലോചിക്കും.

കോവിഡ് നിയന്ത്രിക്കുന്നതിനായി രാജ്യത്താകമാനം ദേശീയ ദുരന്ത നിവാരണ അതോറിറ്റി ഏര്‍പ്പെടുത്തിയിട്ടുളള നിയന്ത്രണങ്ങള്‍  ലംഘിച്ചുകൊണ്ട് പ്രതിക്ഷേധപ്രകടനങ്ങള്‍ നടത്താന്‍ പാടിലെന്ന കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നിലനില്‍ക്കുകയാണ്. ചീഫ് സെക്രട്ടറിക്കും, പോലീസ് മേധാവിക്കും പുറമെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഈ ഉത്തരവ് ബാധകമാണ്. ഈ ഉത്തരവ് ലംഘിച്ചുകൊണ്ടാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാ കോവിഡ് നിയന്ത്രണ വിലക്കുകളും ലംഘിച്ചുകൊണ്ട് അക്രമ സമരങ്ങള്‍ നടത്തുന്നത്.  ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും 2005ലെ ദുരന്ത നിവാരണ ആക്റ്റിലെ വ്യവസ്ഥകള്‍ പ്രകാരവും 2020ലെ പകര്‍ച്ചാവ്യാധി നിയന്ത്രണ നിയമ പ്രകാരവും ശിക്ഷാര്‍ഹമായ കുറ്റമാണ് ഇവര്‍ ചെയ്യുന്നത്.   അതുപോലെ തന്നെ കോടതി അലക്ഷ്യ നിയമ പ്രകാരവും ശിക്ഷാര്‍ഹരാണ്.

ആ രേഖകൾ അവിടെയല്ലെന്ന്‌ മനോരമയും;ബിജെപിയുടെയും യുഡിഎഫിന്റെയും കള്ളക്കഥകൾ പൊളിഞ്ഞു

 തിരുവനന്തപുരം > സെക്രട്ടറിയറ്റിൽ തീപിടിത്തമുണ്ടായ പൊളിറ്റിക്കൽ വിഭാഗത്തിൽ എൻഐഎയും കസ്റ്റസും ആവശ്യപ്പെട്ട ഒരു രേഖയും ഇല്ലെന്ന്‌ മലയാള മനോരമയും. തീപിടിത്തമുണ്ടായ വിഭാഗത്തിൽ നിർണായക ഫയലുകൾ, പ്രോട്ടോക്കോൾ ഓഫീസ്‌ ഇനി നൽകാനുള്ളത്‌ എന്നീ എന്ന തലക്കെട്ടിലെ വാർത്തകളിലാണ്‌ ഇക്കാര്യം വ്യക്തമാകുന്നത്‌.

മനോരമ ‌വിഷലിപ്‌തമായ തലക്കെട്ടിലെ വാർത്തയ്‌ക്കുള്ളിൽ പറയുന്ന വസ്‌തുതകൾ ബിജെപിയുടെയും യുഡിഎഫിന്റെയും കള്ളക്കഥകൾ പൊളിക്കുന്നു‌. കസ്റ്റംസും എൻഐഎയും ആവശ്യപ്പെട്ട ഒരു രേഖയും തീപിടിത്തമുണ്ടായ പൊളിറ്റിക്കൽ വിഭാഗത്തിലില്ലെന്ന്‌ ഇത്‌ വ്യക്തമാക്കുന്നു.

ചീഫ്‌ സെക്രട്ടറിക്കെതിരെ മനോരമയുടെ ഐബി ഭീഷണി

സെക്രട്ടറിയറ്റിലെ പൊളിറ്റിക്കൽ വിഭാഗത്തിൽ തീപിടിത്തമുണ്ടായ ദിവസം ജനക്കൂട്ടത്തെ നിയന്ത്രിച്ച ചീഫ്‌ സെക്രട്ടറി ഡോ. വിശ്വാസ്‌ മേത്തയ്‌ക്കെതിരെ മനോരമ. സെക്രട്ടറിയറ്റ്‌ മാന്വൽ പ്രകാരം സെക്രട്ടറിയറ്റിന്റെ സൂക്ഷിപ്പുകാരൻ ചീഫ്‌ സെക്രട്ടറിയാണ്‌. ആ ഉത്തരവാദിത്തം ഏറ്റെടുത്താണ്‌ സെക്രട്ടറിയറ്റിലേക്ക്‌  മാധ്യമസംഘമടക്കം ഇരച്ചുകയറി തെളിവ്‌ നശിക്കാനിടവരുത്തുന്ന ശ്രമത്തെ അദ്ദേഹം തടഞ്ഞത്‌. ഇതിന്റെ പേരിൽ ചീഫ്‌ സെക്രട്ടറിക്കെതിരെ കേന്ദ്ര ഇന്റലിജൻസ്‌ ബ്യൂറോ റിപ്പോർട്ട്‌ നൽകിയെന്നാണ്‌ മനോരമ തട്ടിവിടുന്നത്‌. കേന്ദ്രം അന്വേഷണം വന്നാൽ പ്രതിരോധത്തിലാകുമെന്ന ‘മുന്നറിയിപ്പു’മുണ്ട്‌.

ചൊവ്വാഴ്‌ച തീപിടിത്തമുണ്ടായ സ്ഥലത്തേക്ക്‌ അനധികൃതമായി കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ ബിജെപിക്കാർ അതിക്രമിച്ച്‌ കയറി. ഒപ്പം മാധ്യമപ്പടയും. സെക്രട്ടറിയറ്റ്‌ സുരക്ഷാമേഖലയാണ്‌. കോവിഡ്‌ കാലമായതിനാൽ അതീവ സുരക്ഷയിലുമാണ്‌‌. പരിശോധിക്കാതെ ആരെയും കടത്തിവിടില്ല. ശരീരോഷ്‌മാവ്‌ അടക്കം പരിശോധിക്കും. ജീവനക്കാരല്ലാത്തവരുടെ പേരും ഫോൺ നമ്പരും രേഖപ്പെടുത്തുന്നുമുണ്ട്‌. ഷോർട്ട്‌ സർക്യൂട്ടാണെങ്കിലും തീപിടിത്തമുണ്ടായ സ്ഥലത്ത്‌ ഫോറൻസിക്‌ പരിശോധനയടക്കം നടത്തണം.  അതിനു വിഘാതമാകുന്ന നീക്കങ്ങളെ തടയുകയായിരുന്നു‌ അദ്ദേഹം .

കത്തിയത്‌ പന്ത്രണ്ട്‌ ഫയൽ മാത്രം ; കൂടുതലും ഗസറ്റ്‌ വിജ്ഞാപനത്തിന്റെ കോപ്പി ; ഷോർട്ട്‌ സർക്യൂട്ടെന്ന്‌ ഫയർഫോഴ്‌സും

സെക്രട്ടറിയറ്റ്‌ പൊതുഭരണവകുപ്പിലെ പൊളിറ്റിക്കൽ വിഭാഗത്തിലെ തീപിടിത്തത്തിൽ  ഭാഗികമായി കത്തിയത്‌ വെറും പന്ത്രണ്ട്‌ ഫയലുകൾ. ഇതിൽ അഞ്ച്‌ ഫയലിന്റെ  അരികുകൾ മാത്രമാണ്‌ കത്തിയത്‌‌. പലതിന്റേയും ഇ ഫയലുമുണ്ട്‌. ഡോ. കൗശികിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ‌ പരിശോധനയിലാണ്‌ ഈ പ്രാഥമിക വിലയിരുത്തൽ‌. കത്തിയത്‌ കൂടുതലും ഗസറ്റ്‌ വിജ്ഞാപനത്തിന്റെ കോപ്പിയാണ്‌. ക്വാറന്റൈനിലുള്ള ജീവനക്കാർ എത്തിയ ശേഷം വിശദ  പരിശോധന നടത്തും.

അതിനിടെ തീ ‌പിടിച്ചത്‌ ഷോർട്ട്‌ സർക്യൂട്ട്‌മൂലമെന്ന്‌ ഫയർഫോഴ്‌സ്‌ അന്വേഷണ സംഘവും റിപ്പോർട്ട്‌ നൽകി. റീജ്യണൽ ഫയർ ഓഫീസർ തയ്യാറാക്കിയ റിപ്പോർട്ട്‌ വിശദമായ പരിശോധനയ്‌ക്കുശേഷം ഫയർഫോഴ്‌സ്‌ ഡയറക്ടർ ജനറൽ ഡിജിപി ആർ ശ്രീലേഖ മുഖ്യമന്ത്രി പിണറായി വിജയന്‌ സമർപ്പിച്ചു. പൊളിറ്റിക്കൽ വിഭാഗത്തിലെ കേടായ സീലിങ്‌‌ ഫാനിൽനിന്നായിരുന്നു‌ ഷോർട്ട്‌ സർക്യൂട്ട്‌ എന്നാണ്‌ റിപ്പോർട്ട്‌. ഷോർട്ട്‌ സർക്യൂട്ടാണ്‌ തീപിടിത്തത്തിന്‌ കാരണമെന്ന്‌ വ്യക്തമാക്കി പൊതുമരാമത്ത്‌ വകുപ്പ്‌ കെട്ടിടവിഭാഗവും മുഖ്യമന്ത്രിക്ക്‌ റിപ്പോർട്ട്‌ നൽകിയിരുന്നു. എഡിജിപി മനോജ്‌ എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പൊലീസ്‌ പ്രത്യേക സംഘത്തിന്റെ  അന്വേഷണം തുടരുകയാണ്‌. ഫോറൻസിക്‌ റിപ്പോർട്ട്‌ കിട്ടിയാൽ ഇവരുടെ റിപ്പോർട്ടും കൈമാറും.  

തീപിടിത്തമുണ്ടായ ഉടൻതന്നെ റീജ്യണൽ ഫയർ ഓഫീസറുടെ നേതൃത്വത്തിൽ ഫയർഫോഴ്‌സ്‌ സംഘം അന്വേഷണം ആരംഭിച്ചിരുന്നു. ആദ്യം എത്തിയ ഫയർ ഓഫീസർമാരിൽനിന്ന്‌ വിവരം ശേഖരിച്ചു.  സ്ഥലം വിശദമായി പരിശോധിച്ച്‌ അതിന്റെ സ്വഭാവവും പഠിച്ചു. തുടർന്നാണ്‌ റിപ്പോർട്ട്‌ തയ്യാറാക്കിയത്‌.  ഇത്തരം തീപിടിത്തം ഉണ്ടാകാതിരിക്കാൻ സ്വീകരിക്കേണ്ട സുരക്ഷാ നടപടികളെക്കുറിച്ച്‌ മറ്റൊരു റിപ്പോർട്ട്‌കൂടി സമർപ്പിക്കും. സെക്രട്ടറിയറ്റ്‌ സുരക്ഷ ശക്തമാക്കാനുള്ള നടപടിക്രമം ആഭ്യന്തര അഡീഷണൽ ചീഫ്‌ സെക്രട്ടറി ടി കെ ജോസ്‌ ഉടൻ തയ്യാറാക്കും.

ഫയർഫോഴ്‌സ്‌ നിഗമനം

ആദ്യം എത്തിയത്‌ ഫയർ ഓഫീസർ മുഹമ്മദ്‌. കതകും ജനാലയും അടഞ്ഞ്‌ കിടന്നതിനാൽ വായുസഞ്ചാരമില്ലാതെ പുകയായിരുന്നു അകം നിറയെ. ജനാല തുറന്നപ്പോൾ ഓക്‌സിജൻ അകത്ത്‌ കയറിയപ്പോഴാണ്‌ തീ പാളിയത്‌. അത്‌ അപ്പോൾ തന്നെ അണച്ചു.

ഭാഗികമായി കത്തിയ ഫയലുകൾ

● വ്യവസായ മന്ത്രിയുടെ വീട്‌ വാടക വർധിപ്പിക്കൽ

● മന്ത്രി മന്ദിരങ്ങളിൽ  സാധനങ്ങൾ വാങ്ങൽ

● കേരള ഹൗസിൽ ഇലക്‌ഷൻ വകുപ്പ്‌ ജീവനക്കാർക്ക്‌ റിസർവേഷൻ അനുവദിക്കൽ

●മലപ്പുറം ജില്ലയിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ വീഴ്‌ച വരുത്തിയത്‌ സംബന്ധിച്ച പരാതി

● മന്ത്രി എ കെ ബാലന്റെ എംപി പെൻഷൻ സംബന്ധിച്ച അപേക്ഷ.

(ഇവയിൽ പലതിന്റെയും അക്ഷരങ്ങൾ പൂർണമായും മാഞ്ഞിട്ടില്ല.)

സുപ്രധാന ഫയലുകൾ കത്തിയിട്ടില്ല: മുഖ്യമന്ത്രി

സെക്രട്ടറിയറ്റിലെ പൊളിറ്റിക്കൽ വിഭാഗത്തിലെ തീപിടിത്തത്തിൽ സുപ്രധാന ഫയലുകൾ ഒന്നുപോലും കത്തിയിട്ടില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.  പൊളിറ്റിക്കൽ 2എ, പൊളിറ്റിക്കൽ അഞ്ച്‌ എന്നീ സീറ്റുകൾക്കടുത്തായിരുന്നു കത്തിയത്‌‌. അവിടെയുണ്ടായിരുന്ന  ഫയലുകളുടെ ചില ഭാഗങ്ങൾ മാത്രമാണ്‌ കത്തിയത്‌. അന്വേഷണത്തിനായി വിവിധ സംഘങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌. അവരുടെ റിപ്പോർട്ട്‌ ഒരാഴ്‌ചയ്‌ക്കകം  ലഭിക്കും. അന്വേഷണത്തിൽ എല്ലാ കാര്യവും വ്യക്തമാകും. റിപ്പോർട്ട്‌ വരുംവരെ എല്ലാവരും കാത്തിരിക്കുന്നതാണ്‌ ഉചിതമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

തീപിടിത്തം ചെറുതാണെങ്കിലും സെക്രട്ടറിയറ്റിലെ സുരക്ഷ ശക്തിപ്പെടുത്താൻ ആഭ്യന്തര അഡീഷണൽ ചീഫ്‌ സെക്രട്ടറിയെ മന്ത്രിസഭ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.

റഷീദ് ആനപ്പുറം

സഭയില്‍ തോറ്റതിന് സെക്രട്ടറിയറ്റിനോടോ?

 പതനത്തിന്റെ പടുകുഴിയിൽ വീണാൽ പിന്നെയും താഴേക്ക് കുഴിച്ചുപോകാൻ കഴിയുമോ എന്ന ശ്രമത്തിലാണ് കേരളത്തിലെ പ്രതിപക്ഷം. സെക്രട്ടറിയറ്റിലെ ഒരു മുറിക്കുള്ളിൽ ഷോർട്ട് സർക്യൂട്ടുമൂലമെന്നു സംശയിക്കുന്ന തീപിടിത്തത്തെപ്പറ്റി എൻഐഎ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ആവശ്യപ്പെടുന്നത്. ചാനലുകളെ ഒപ്പം കൂട്ടി എല്ലാ കോവിഡ് മാനദണ്ഡവും ലംഘിച്ച് അക്രമസമരത്തിനും യുഡിഎഫും ബിജെപിയും തയ്യാറായി.

പ്രതിപക്ഷത്തിന്റെ വേവലാതി വ്യക്തമാണ്. ഒന്നരമാസമായി നുണ കൂട്ടിയിട്ട് കത്തിച്ച് അവരുണ്ടാക്കിയ പുകമറകളാണ് തിങ്കളാഴ്ച നിയമസഭയിൽ അവിശ്വാസ പ്രമേയ ചർച്ചയിൽ പറന്നുപോയത്. ‘സർക്കാരിനെ പ്രതിക്കൂട്ടിലാക്കു'ന്ന പ്രതിപക്ഷത്തെ പ്രോത്സാഹിപ്പിക്കാൻ ഒരുങ്ങിയിരുന്ന മാധ്യമങ്ങൾക്ക് പ്രതികളുടെ പ്രതിച്ഛായയോടെ സഭ വിട്ടിറങ്ങിയ പ്രതിപക്ഷത്തെയാണ് കാണാൻ കിട്ടിയത്. പാളിയ തന്ത്രത്തിന്റെ പേരിൽ യുഡിഎഫിലും കോൺഗ്രസിലും തമ്മിലടിക്കും തുടക്കമായി. ഈ ഗതികേടിൽ നാണംകെട്ടു നിൽക്കുന്നതിനിടയിലാണ് ചൊവ്വാഴ്ച വൈകിട്ട് സെക്രട്ടറിയറ്റിൽ തീപിടിത്തം എന്ന വാർത്ത വരുന്നത്. പതിവുപോലെ ആദ്യം ബിജെപിയും പിന്നാലെ യുഡിഎഫും എത്തി. സെക്രട്ടറിയറ്റിനുള്ളിൽ പൊലീസിനെ ആക്രമിക്കാനും ശ്രമം നടന്നു.

പ്രോട്ടോകോൾ വിഭാഗത്തിലെ നിർണായക ഫയലുകൾ കത്തിപ്പോയെന്നാണ് ആരോപണം. പ്രതിപക്ഷനേതാവിന് ഒറ്റനോട്ടത്തിൽ അക്കാര്യം വ്യക്തമായത്രേ. ബിജെപി നേതാക്കളും മോശമായില്ല. തീകത്തിച്ചതാണെന്ന് ബിജെപി പ്രസിഡന്റിന്റെ ‘ദിവ്യദൃഷ്ടി'യിലും തെളിഞ്ഞു. മാധ്യമങ്ങളും മാറിനിന്നില്ല. ‘തീപിടിത്തമല്ല'തെളിവ് നശിപ്പിക്കാനുള്ള ‘തീപിടിത്ത നാടകം' എന്നാണ്‌ അവതാരകരിൽ ചിലർ ഉറപ്പിച്ചത്.

പ്രതിപക്ഷ നേതാവിനും ബിജെപി സംസ്ഥാന അധ്യക്ഷനും ഇതൊക്കെ പറയാം. പക്ഷേ, കേന്ദ്രമന്ത്രി വി മുരളീധരൻ മുഖ്യമന്ത്രി നേരിട്ട്‌ കത്തിച്ചതാണെന്ന മട്ടിൽ പ്രതികരിച്ചത് എല്ലാ ഭരണമര്യാദയുടെയും ലംഘനമാണ്. എബിവിപിയുടെ പഴയ കണ്ണൂർ ജില്ലാ സെക്രട്ടറി എന്ന നിലവാരത്തിൽനിന്ന് ഒരു പടിപോലും മാനസികമായി ഉയരാൻ ഈ കേന്ദ്ര സഹമന്ത്രിക്ക്‌ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തം. സ്വർണക്കടത്ത് കേസിൽ തുടക്കംമുതൽ സംശയനിഴലിലാണ് മുരളീധരൻ. കേന്ദ്ര അന്വേഷണ ഏജൻസികൾ ആവർത്തിച്ച് മറിച്ച് വ്യക്തമാക്കിയിട്ടും നയതന്ത്ര ബാഗേജിലല്ല സ്വർണം കടത്തിയതെന്ന് വാദിച്ച കേന്ദ്രമന്ത്രിയാണ് അദ്ദേഹം.  സ്വർണക്കടത്തിൽനിന്ന്, പെരുന്നാളിന് യുഎഇ കോൺസുലേറ്റ് സഹായക്കിറ്റ് നൽകിയ വിഷയത്തിലേക്ക് ശ്രദ്ധ തെന്നിക്കാനുള്ള ശ്രമംകൂടിയാണ് മുരളീധരൻ നടത്തുന്നതെന്ന് സംശയിക്കണം. പ്രോട്ടോകോൾ രേഖകളാണ് കത്തിപ്പോയതെന്ന് മന്ത്രി ആവർത്തിക്കുന്നതിൽനിന്ന് ഇത് ഊഹിക്കാം. ഒപ്പം സ്വന്തം ചാനൽത്തലവനെ ചോദ്യം ചെയ്യാൻ കസ്റ്റംസ് ഒരുങ്ങുന്നതിന്റെ വേവലാതിയും മന്ത്രിക്കുണ്ടാകാം.

തീപിടിത്തത്തെപ്പറ്റി മറ്റ് ചില സംശയങ്ങൾ ന്യായമായും ഉയരാം. തീപിടിത്തമുണ്ടായി മിനിറ്റുകൾക്കകം ഒരു മിന്നൽ സമരത്തിന്‌ വഴിയോരുങ്ങിയതെങ്ങനെ എന്നതിൽ വ്യക്തതയില്ല. ചെറിയ രാഷ്ട്രീയനേട്ടത്തിനുവേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്തവരുടെ സമരം ആയിരുന്നതിനാൽ ഇതും അന്വേഷിക്കേണ്ടിവരും. ചില ചാനലുകൾ സ്ഥലത്തെത്തിയ അതിവേഗനീക്കവും സംശയാസ്പദമാണ്. അന്വേഷണം പ്രഖ്യാപിച്ച സ്ഥിതിക്ക്‌ അതൊക്കെ പുറത്തുവരട്ടെ.

സെക്രട്ടറിയറ്റിൽ തീപിടിത്തം ആദ്യമല്ല. കഴിഞ്ഞ യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ആറു തവണയാണ്‌ തീപിടിത്തമുണ്ടായത്‌. എങ്കിലും കേന്ദ്ര സെക്രട്ടറിയറ്റിൽ ഉണ്ടാകാറുള്ളയത്ര തീകത്തൽ ഇവിടെ പതിവില്ല. ഡൽഹിയിലെ വിവിധ മന്ത്രാലയങ്ങളിൽ സമീപവർഷങ്ങളിൽ 20 തവണയാണ് തീപിടിത്തം ഉണ്ടായതെന്ന് മാധ്യമ റിപ്പോർട്ടുണ്ട്.

സെക്രട്ടറിയറ്റിൽ പൊതുഭരണവകുപ്പിലെ പ്രോട്ടോകോൾ വിഭാഗത്തിലാണ് തീപിടിത്തം ഉണ്ടായത്. ഏതാനും ഫയലുകൾ കത്തിപ്പോയി. സർക്കാർ ഗസ്റ്റ് ഹൗസുകളിൽ മുറി ബുക്ക് ചെയ്യുന്നത് സംബന്ധിച്ച ഫയലുകളാണ് ഇവയിൽ പലതുമെന്ന്‌ അധികൃതർ വ്യക്തമാക്കുന്നു. ഏത് ഫയൽപോയാലും അതിനൊക്കെ പകരം ഇ ഫയലുകൾ സെക്രട്ടറിയറ്റിൽ ലഭ്യമാണ്. ഏത്‌ കടലാസ് സെക്രട്ടറിയറ്റിൽ വന്നാലും അത് സ്കാൻചെയ്ത് നമ്പരിട്ട് ബന്ധപ്പെട്ട സെക്‌ഷനിൽ ഇ ഫോർമാറ്റിലാണ് എത്തുക.

സെക്രട്ടറിയറ്റിലും എട്ട്‌ കലക്ടറേറ്റിലും പൂർണമായും ഇ ഫയലിങ്‌ നടപ്പാക്കിക്കഴിഞ്ഞതായി മുഖ്യമന്ത്രി നിയമസഭയിൽ മുമ്പ് പറഞ്ഞിരുന്നു. മറ്റിടങ്ങളിൽ നടപടി പുരോഗമിക്കുന്നു. അതുകൊണ്ടുതന്നെ രേഖകൾ കത്തിച്ച് ആർക്കും ആരെയും രക്ഷിക്കാനാകില്ല. ആ കാലമൊക്കെ പോയി. സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന ഏജൻസികൾ സംസ്ഥാന പ്രോട്ടോകോൾ ഓഫീസിൽനിന്ന് ഇതുവരെ ആവശ്യപ്പെട്ട രേഖകൾ സർക്കാർ നൽകിക്കഴിഞ്ഞു. ഇനി ചോദിച്ചാലും കൊടുക്കാനും കഴിയും. അപ്രധാന ഫയലുകളാണ് കത്തിയതെന്ന്‌ പൊതുഭരണവകുപ്പ് അഡീഷണൽ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.

ചുരുക്കത്തിൽ അവിശ്വാസ പ്രമേയത്തിലൂടെ തകർന്നടിഞ്ഞ യുഡിഎഫ് അതിൽനിന്ന് കരകയറാം എന്ന പ്രതീക്ഷയിലാണ് തീപിടിത്തത്തിന്റെ പേരിൽ, മലയാളിയുടെ സാമാന്യബുദ്ധിയെപ്പോലും ചോദ്യംചെയ്യുന്ന മട്ടിൽ, ബാലിശമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് വ്യക്തം.ബിജെപിക്ക്‌ സ്വർണക്കടത്ത് അന്വേഷണത്തിൽനിന്ന് ശ്രദ്ധതിരിക്കുകയും വേണം. ഇരുകൂട്ടരും തീപിടിത്തത്തിനു പിന്നാലെ ഒന്നിച്ചിറങ്ങി നടത്തിയ അക്രമസമരത്തിനു പിന്നിൽ ഈ ദുഷ്ടലാക്കാണുള്ളത്. പക്ഷേ, സ്വർണക്കടത്ത് ആരോപണം തിരിച്ചടിച്ചതുപോലെയും ലൈഫ് പദ്ധതി തകർക്കാനുള്ള നീക്കം പൊളിഞ്ഞതുപോലെയും ഇതും അപഹാസ്യനാടകമായി അവസാനിക്കുമെന്ന് ഉറപ്പാണ്.

deshabhimani editorial

Wednesday, August 26, 2020

കേന്ദ്ര ഏജന്‍സികള്‍ ചോദിച്ചത് കോൺസുലേറ്റിന്റെ പങ്ക് കണ്ടെത്താനുള്ള വിവരങ്ങള്‍: എല്ലാം പ്രോട്ടോക്കോള്‍ വിഭാഗം നല്‍കി

 തിരുവനന്തപുരം > സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന കേന്ദ്ര അന്വേഷണ ഏജന്‍സികള്‍  ആവശ്യപ്പെട്ട എല്ലാ രേഖകളും സംസ്ഥാന പ്രോട്ടോകോൾ വിഭാഗം കൈമാറിക്കഴിഞ്ഞതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. എന്‍ഐഎ , കസ്റ്റംസ്, എന്ഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റ്   എന്നീ അന്വേഷണ ഏജൻസികളാണ് പലപ്പോഴായി രേഖകൾ ചോദിച്ചു കത്തയച്ചത്. കള്ളക്കടത്തിൽ കോൺസുലേറ്റിനും അതിലെ ഉദ്യോഗസ്ഥർക്കുമുള്ള പങ്ക് വ്യക്തമാകാന്‍ സഹായകമാകുന്ന വിവരങ്ങളാണ് ഈ തേടിയതെല്ലാം. മാധ്യമങ്ങളും പ്രതിപക്ഷവും പ്രചരിപ്പിക്കുന്നതുപോലെ സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള ഒരു രേഖയും കേന്ദ്ര ഏജന്‍സികള്‍ ആവശ്യപ്പെട്ടിട്ടില്ല.

2018 മുതലുള്ള  രണ്ടു വർഷത്തിനകം കസ്റ്റംസ് തീരുവ ഒഴിവാക്കിക്കിട്ടാൻ യുഎഇ കോൺസുലേറ്റ് എത്ര അപേക്ഷ നൽകി എന്നും എത്ര സർടിഫിക്കറ്റ് കൊടുത്തു എന്നുമായിരുന്നു ഒരു ചോദ്യം. ഒരു അപേക്ഷയും കിട്ടിയിട്ടില്ലെന്നും . അതു കൊണ്ട് ഒരു സർടിഫിക്കറ്റും കൊടുത്തിട്ടില്ലെന്നും സര്‍ക്കാര്‍ മറുപടി നല്‍കി.

2016 മുതൽ നല്‍കിയ കസ്റ്റംസ് ക്ലിയറൻസ് സർടിഫിക്കറ്റുകള്‍ എത്രയെന്നു ചോദിച്ചിരുന്നു. 11 സർടിഫിക്കറ്റ് കൊടുത്തതായി അവയുടെ പകര്‍പ്പ് സഹിതം മറുപടി നല്‍കി. കോൺസൽ ജനറൽ അടക്കമുള്ള നയതന്ത്ര ഉദ്യോഗസ്ഥരുടെ ഒപ്പിന്റെ മാതൃക (സ്പെസിമൻ സിഗ്നേച്ചർ ) യാണ് ചോദിച്ച മറ്റൊരു രേഖ. അതും കൊടുത്തു.

കോൺസുലേറ്റിലെ വിദേശികളായ ഉദ്യോഗസ്ഥർക്ക് നൽകിയ തിരിച്ചറിയൽ കാർഡിന്റെ വിശദാംശങ്ങളും ചോദിച്ചിരുന്നു. അതും കൊടുത്തു. വിദേശമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ മാനുവലിൽ കസ്റ്റംസ് തീരുവ ഇളവിനെക്കുറിച്ച് ബാധിക്കുന്ന ഭാഗം അന്വേഷിയ്ക്കുന്ന ഒരു കത്തും വകുപ്പില്‍ ലഭിച്ചു.വിദേശമന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ലഭ്യമായ ഈ വിവരവും കൊടുത്തു. മൂന്നു ഏജൻസികളും ഇതേ വിവരങ്ങള്‍ ചോദിച്ചിരുന്നു. മൂന്നു കൂട്ടർക്കും കൊടുക്കുകയും ചെയ്‌തു .ഇതിനെല്ലാം സര്‍ക്കാര്‍ രസീതും വാങ്ങി വെച്ചിട്ടുണ്ട്.

സെക്രട്ടറിയറ്റിലെ തീപിടിത്തം : എൻഐഎ ആവശ്യപ്പെട്ട രേഖകൾ നേരത്തേ കൈമാറി ; യുഡിഎഫ്‌ ബിജെപി ആരോപണം പച്ചക്കള്ളം

 സെക്രട്ടറിയറ്റിലെ തീപിടിത്തത്തിൽ എൻഐഎ ആവശ്യപ്പെട്ട രേഖകൾ കത്തിയെന്ന യുഡിഎഫ്‌–-ബിജെപി ആരോപണം പച്ചക്കള്ളം. എൻഐഎ ആവശ്യപ്പെട്ട ഫയൽ നേരത്തേ കൈമാറി‌. ഇവയുടെ ഒറിജിനൽ സൂക്ഷിച്ചിട്ടുമുണ്ട്‌.പൊളിറ്റിക്കൽ വിഭാഗത്തിലെ ഏതാനും ഫയലുകൾ മാത്രമാണ്‌ കത്തിയത്‌. ഇവയാകട്ടെ ഗസ്റ്റ്‌ഹൗസ്‌ ബുക്കിങ്ങുമായി ബന്ധപ്പെട്ട അപ്രധാന ഫയലാണ്‌.

യുഎഇ കോൺസലുലേറ്റിന്‌ ബാഗേജ്‌ ക്ലിയറൻസിന്‌ നൽകിയ അനുമതിയുടെ രേഖകളാണ്‌ എൻഐഎ ആവശ്യപ്പെട്ടത്‌.  ഇവയുടെ സാക്ഷ്യപ്പെടുത്തിയ‌ കോപ്പി കൈമാറി. സത്യവാങ്‌മൂലവും ഒപ്പം നൽകി. കഴിഞ്ഞ തിങ്കളാഴ്‌ച ഈ രേഖകൾ കൊച്ചി എൻഐഎ ഓഫീസിൽ എത്തിച്ചിരുന്നു. അതിന്റെ കൈപ്പറ്റ്‌ രസീതും വാങ്ങിയിട്ടുണ്ട്‌.

തീപിടിച്ചത്‌ ഫാനിന്‌

പ്രോട്ടോകോൾ പൊളിറ്റിക്‌സ്‌ വിഭാഗത്തിൽ ആദ്യം തീ പിടിച്ചത്‌ പഴയ ഫാനിന്‌. പൊതുഭരണ വകുപ്പിലെ ഒരു  ഉദ്യോഗസ്ഥന് കോവിഡ്‌‌ സ്ഥിരീകരിച്ചിരുന്നു. തുടർന്ന്‌ ഈ സെക്‌ഷൻ അണുനശീകരണത്തിനെത്തിയവർ ഫാൻ ഓഫാക്കാൻ മറന്നതിനെത്തുടർന്ന്‌ ഷോർട്ട്‌ സർക്യൂട്ട്‌ വഴി കത്തുകയായിരുന്നു. ഇവ ഷെൽഫിന്‌ മുകളിൽ വീണാണ്‌ തീപിടിച്ചത്‌.കോടായിരുന്ന ഈ ഫാൻ മാറ്റാൻ നേരത്തേ എഴുതി കൊടുത്തിരുന്നു.

സെക്രട്ടറിയറ്റിലെ തീപിടിത്തം : പ്രത്യേകസംഘം തെളിവെടുപ്പ്‌ തുടങ്ങി

തിരുവനന്തപുരം > സെക്രട്ടറിയറ്റിലെ തീപിടിത്തത്തെ കുറിച്ച് പ്രത്യേക സംഘം തെളിവെടുപ്പ് തുടങ്ങി.സ്‌പെഷ്യൽ സെൽ എസ് പി അജിത്തിന്റെ നേതൃത്വത്തിലാണ്‌ പരിശോധന. ഫൊനറൻസിക്‌ സംഘവും ഒപ്പമുണ്ട്‌.  ഉദ്യോഗസ്ഥ സംഘവും പൊലീസും ഉടൻ  റിപ്പോർട്ട് നൽകും.

എഡിജിപി മനോജ് എബ്രഹാമിന്റെ മേൽനോട്ടത്തിൽ പ്രത്യേകഅന്വേഷണ സംഘത്തെ ഇന്നലെതന്നെ സർക്കാർ നിയോഗിച്ചിരുന്നു. ഹെഡ്‌ക്വട്ടേഴ്‌സ്‌ ഐജി പി വിജയൻ ദൈനംദിന മേൽനോട്ടം വഹിക്കും. തിപിടിത്തത്തിന്റെ സാങ്കേതിക കാരണങ്ങൾ അന്വേഷിച്ച്‌ റിപ്പോർട്ട്‌ നൽകാൻ ഡിസാസ്‌റ്റർ മാനേജ്‌മെൻറ്‌ കമ്മീഷണർ ഡോ.കൗശികിന്റെ നേതൃത്വത്തിലുള്ള സംഘത്തേയും നിയോഗിച്ചിട്ടുണ്ട്‌.

സെക്രട്ടറിയറ്റ്‌ കെട്ടിടങ്ങളുടെ  ചുമതലയുള്ള പൊതുമരാമത്ത്‌ വകുപ്പ്‌ കെട്ടിടവിഭാഗം ചീഫ്‌ എഞ്ചിനീയറോട്‌ മന്ത്രി ജി സുധാകരൻ റിപ്പോർട്ട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.

“തീ കത്തി ജി-മെയിൽ മരണപ്പെട്ടു, യാഹുവിന് പരിക്കുപറ്റി”യെന്നതും കേട്ട് സമരത്തിന് ഇറങ്ങല്ലേ പ്രതിപക്ഷ നേതാവേ....

 തിരുവനന്തപുരം > പ്രതിപക്ഷത്തിന് മരണ വ്യാപാരികള്‍ എന്ന ലേബല്‍ ചാര്‍ത്തികൊടുക്കാതെ നിര്‍വാഹമില്ലെന്ന് തോമസ് ഐസക്. കോവിഡ് രോഗവ്യാപനം കുത്തനെ ഉയരുകയാണ്. ആ സമയത്താണ് ഹൈക്കോടതി വിധി നഗ്‌നമായി ലംഘിച്ച് നാട്ടില്‍ കലാപത്തിനായി യുഡിഎഫും ബിജെപിയും എസ്ഡിപിഐയും വെല്‍ഫെയര്‍ പാര്‍ട്ടിയുമെല്ലാം ഇറങ്ങിയത്. ചുരുങ്ങിയത് 5 തവണയെങ്കിലും യുഡിഎഫ് ഭരണകാലത്ത് തീപിടുത്തം ഉണ്ടായിട്ടുണ്ട്.


ഈ ഭരണകാലത്ത് ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടുമൂലം തീപിടുത്തം ഉണ്ടായി. അതുകൊണ്ടാണ് സെക്രട്ടേറിയറ്റിന്റെ പൗരാണിക തനിമ നിലനിര്‍ത്തി സമൂലമായ നവീകരണം വേണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതെന്നും ഐസക് ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

ഏകദേശം 99 ശതമാനം ഫയലുകളും ഇ-ഫയലായിട്ടാണ് കൈകാര്യം ചെയ്യുന്നത്. ഫിസിക്കല്‍ ഫയലുകളുടെപോലും ഡിജിറ്റല്‍ കോപ്പി സര്‍വറില്‍ ലഭ്യമാണ്.  പ്രതിപക്ഷ നേതാവ് സ്ഥാനം നിലനിര്‍ത്തുന്നതിനു ബിജെപിയോട് മത്സരിക്കാന്‍ പോകേണ്ടതില്ല. ബിജെപി നേതാവ് സുരേന്ദ്രന്റെ നീക്കങ്ങള്‍ ദുരൂഹമാണെന്നു പറയാതെ വയ്യ. അദ്ദേഹം തന്നെ അത് ദൂരീകരിക്കണം. ഓഫീസുകളില്‍ ഉണ്ടായിരുന്ന മന്ത്രിമാര്‍പോലും അറിയുന്നതിനു മുമ്പ് നിങ്ങള്‍ ഇതെങ്ങനെ അറിഞ്ഞ് ഓടിയെത്തി? ക്ഷണമാത്രയില്‍ ആരോപണവും ഉന്നയിച്ചെന്നും തോമസ് ഐസക് ചോദിച്ചു. ''തീ കത്തി ജി-മെയില്‍ മരണപ്പെട്ടു, യാഹുവിന് പരിക്കുപറ്റി''യെന്നതും കേട്ട് സമരത്തിന് ഇറങ്ങല്ലേ പ്രതിപക്ഷ നേതാവേയെന്നും തോമസ് ഐസക് പറഞ്ഞു.

തോമസ്‌ ഐസകിന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌:

പ്രതിപക്ഷത്തെക്കുറിച്ച് മരണവ്യാപാരികൾ എന്ന പ്രയോഗം സോഷ്യൽ മീഡിയയിൽ വ്യാപകമാണെങ്കിലും ഞാൻ ഇതുവരെ ഉപയോഗിച്ചിട്ടില്ല. എന്നാൽ ഇന്ന് ആ ലേബൽ അവർക്ക് ചാർത്തിക്കൊടുക്കാതെ നിർവ്വാഹമില്ല. രോഗവ്യാപനം കുത്തനെ ഉയരുകയാണ്. ജനകീയ ജാഗ്രത വർദ്ധിക്കേണ്ട കാലമാണ്. ആ സമയത്താണ് ഹൈക്കോടതി വിധി നഗ്നമായി ലംഘിച്ചുകൊണ്ട് എല്ലാവിധ കോവിഡ് പ്രോട്ടോക്കോൾ മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തിക്കൊണ്ട് നാട്ടിൽ കലാപത്തിനായി യുഡിഎഫും ബിജെപിയും എസ്ഡിപിഐയും വെൽഫെയർ പാർട്ടിയുമെല്ലാം ഇറങ്ങിയത്. എന്തിനുവേണ്ടി ഈ ലഹള?.

സെക്രട്ടേറിയറ്റിൽ ആദ്യമായിട്ട് ഉണ്ടാകുന്ന തീപിടുത്തമല്ല ഇത്. കഴിഞ്ഞ തവണ ഞാൻ മന്ത്രിയായിരിക്കുമ്പോൾ എന്റെ ഓഫീസിൽ ഷോർട്ട് സർക്യൂട്ടുമൂലം തീപിടുത്തമുണ്ടായതാണ്. കൃത്യമായ കണക്ക് എടുത്തുകൊണ്ടിരിക്കുകയാണെങ്കിലും ചുരുങ്ങിയത് 5 തവണയെങ്കിലും യുഡിഎഫ് ഭരണകാലത്ത് തീപിടുത്തം ഉണ്ടായിട്ടുണ്ട്. ഇപ്പോൾ തീപിടിത്തമുണ്ടായ കെട്ടിടത്തിൽത്തന്നെ ഈ ഭരണകാലത്ത് ആരോഗ്യമന്ത്രിയുടെ ആഫീസിൽ ഷോർട്ട് സർക്യൂട്ടുമൂലം തീപിടുത്തം ഉണ്ടായി. സെക്രട്ടേറിയറ്റിനുള്ളിലെ വൈദ്യുതിവിതാനം ഏച്ചുകെട്ടി ഏച്ചുകെട്ടി ഉണ്ടാക്കിയിട്ടുള്ളതാണ്. അതുപോലെ അതിനുള്ളിൽ താൽക്കാലിക നിർമ്മിതികളും ഏറെ വന്നിട്ടുണ്ട്. അതുകൊണ്ടാണ് സെക്രട്ടേറിയറ്റിന്റെ പൗരാണിക തനിമ നിലനിർത്തിക്കൊണ്ട് ഉള്ളിൽ സമൂലമായ നവീകരണം വേണമെന്ന് ഈ സർക്കാർ തീരുമാനിച്ചത്. പുതിയ സംഭവങ്ങൾ ഈ തീരുമാനത്തിന്റെ നിർവ്വഹണം വേഗത്തിലാക്കുമെന്നു കരുതാം.

ഇപ്പോൾ എന്താണ് ഉണ്ടായത്? രണ്ട് സംഘങ്ങൾ പരിശോധന നടത്തിക്കൊണ്ടിരിക്കുന്നു. എങ്കിലും ചില കാര്യങ്ങൾ പറയാനാവും. ഒരു ജീവനക്കാരനു കോവിഡ് ബാധിച്ചതുകൊണ്ട് ഈ മുറി ഫ്യൂമിഗേറ്റ് ചെയ്‌തു. പിന്നീട് ദുർഗന്ധം ഒഴിവാക്കുന്നതിനുവേണ്ടി ഫാനുകളെല്ലാം ഓണാക്കിയിരിക്കാം. ഒരെണ്ണം ഓഫാക്കാൻ വിട്ടുപോയതായിരിക്കാം. അന്വേഷണം പൂർത്തിയായാലേ കൃതിയായി അറിയാനാവൂ. ഏതായാലും ഈ ഫാനുകളിൽ ഒന്നിൽ നിന്നാണ് ഷോർട്ട് സർക്യൂട്ട് ഉണ്ടായിട്ടുള്ളതെന്നു വ്യക്തമാണ്. ഏതായാലും തീ ആളിപ്പിടിക്കുന്നതിനു മുമ്പ് അണയ്ക്കാൻ കഴിഞ്ഞു. അതുകൊണ്ട് വളരെ കുറച്ച് നാശനഷ്ടങ്ങളേ ഉണ്ടായുള്ളൂ. ഒരു പ്രധാനപ്പെട്ട ഫയലും നശിച്ചിട്ടില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

ഒരുകാര്യംകൂടി ഓർക്കേണ്ടതുണ്ട്. ഈ സർക്കാരിന്റെ ഭരണകാലത്ത് ഏറ്റവും മുന്തിയ പരിഗണന ഇ-ഗവേണൻസ് നടപ്പാക്കുന്നതിനാണ്. ഏകദേശം 99 ശതമാനം ഫയലുകളും ഇ-ഫയലായിട്ടാണ് കൈകാര്യം ചെയ്യുന്നത്. ഫിസിക്കൽ ഫയലുകളുടെപോലും ഡിജിറ്റൽ കോപ്പി സർവ്വറിൽ ലഭ്യമാണ്. ഇ-ഫയൽ സമ്പ്രദായവും സർവ്വറും എൻ.ഐ.സിയാണ് സംരക്ഷിക്കുന്നത്. “തീ കത്തി ജി-മെയിൽ മരണപ്പെട്ടു, യാഹുവിന് പരിക്കുപറ്റി”യെന്നതും കേട്ട് സമരത്തിന് ഇറങ്ങല്ലേ പ്രതിപക്ഷ നേതാവേ....

പിന്നെ, ഒരു ചെറിയ കാര്യംകൂടി. ഒരു ഫയൽ നശിപ്പിക്കണമെങ്കിൽ സെക്രട്ടേറിയറ്റിനകത്തു തന്നെ തീയിടണമെന്ന നിഗമനത്തിൽ എത്തിച്ചേർന്നാൽ എന്തു ചെയ്യും? മൂന്നു ദേശീയ അന്വേഷണ ഏജൻസികളല്ലേ അന്വേഷിക്കുന്നത്. ഏതൊക്കെ ഫയലുകൾ നോക്കണമെന്നും എടുക്കണമെന്നതുമൊക്കെ അവർക്ക് വിട്ടുകൊടുക്കൂ. ഏതായാലും ഇതുവരെ അങ്ങയുടെ സ്ക്രിപ്പ്റ്റ് അനുസരിച്ചല്ല അന്വേഷണം നടക്കുന്നത് എന്നതു വ്യക്തം.

എന്തിനാണ് നിങ്ങൾ ഇത്ര ഡെസ്പ്പറേറ്റാകുന്നത്? അങ്ങ് കേരളത്തിന്റെ പ്രതിപക്ഷ നേതാവല്ലേ? നിങ്ങളുടെ സ്ഥാനം നിലനിർത്തുന്നതിനു ബിജെപിയോട് മത്സരിക്കാൻ പോകേണ്ടതില്ല.

ബിജെപി നേതാവ് സുരേന്ദ്രന്റെ നീക്കങ്ങൾ ദുരൂഹമാണെന്നു പറയാതെ വയ്യ. അദ്ദേഹം തന്നെ അത് ദൂരീകരിക്കണം. ആപ്പീസുകളിൽ ഉണ്ടായിരുന്ന മന്ത്രിമാർപോലും അറിയുന്നതിനു മുമ്പ് നിങ്ങൾ ഇതെങ്ങനെ അറിഞ്ഞ് ഓടിയെത്തി? ക്ഷണമാത്രയിൽ ആരോപണവും ഉന്നയിച്ചു. ഒരുപക്ഷെ, പ്രതിപക്ഷ നേതാവ് സുരേന്ദ്രനിൽ നിന്നും പഠിച്ചതാവും. കസ്റ്റംസിനെ മുഖ്യമന്ത്രിയുടെ ആഫീസിൽ നിന്നും വിളിച്ചുവെന്ന് എത്ര തീർപ്പോടെയാണ് സുരേന്ദ്രൻ പറഞ്ഞത്. നിങ്ങളും അത് ഏറ്റുപറഞ്ഞു. എന്നിട്ട് ഇപ്പോൾ എന്തായി?.

അന്വേഷണം നടക്കുകയാണ്. സത്യം പുറത്തുവരട്ടെ. നിങ്ങൾ വിധിയെഴുതിയതും കൊറോണക്കാലത്ത് തെരുവിൽ കാട്ടിക്കൂട്ടിയ പേക്കൂത്തുകളും തെറ്റെന്നു തെളിഞ്ഞാൽ താങ്കൾ എന്തു പ്രായശ്ചിതമാണ് ചെയ്യുക? വ്യാപകമായി കൊറോണപോലും പടർന്നു പിടിക്കാൻ പാകത്തിൽ കാട്ടിക്കൂട്ടിയവയ്ക്ക് കേരളത്തോട് ഒരു മാപ്പെങ്കിലും പറയുമോ?.

സ്ഥിരം വായനക്കാരനായതുകൊണ്ട് മാതൃഭൂമിയോട് ഒരു ചോദ്യമുണ്ട്. നല്ല എഡിറ്റോറിയൽ ആയിരുന്നുകേട്ടോ. പക്ഷെ, നിങ്ങളുടെ ഒന്നാംപേജിൽ ആ സാരോപദേശമൊക്കെ മറന്നുകൊണ്ടുള്ള പണിയല്ലേ എടുത്തത്. തലസ്ഥാനത്തെ കത്തിക്കാനുള്ള ആഹ്വാനമല്ലേ അത്. ഇങ്ങനെയൊന്നും തീ കത്തിക്കാൻ ഇറങ്ങരുത്. ഈ കേരളത്തിൽ ഇതൊന്നും വിലപ്പോവില്ല.