Showing posts with label ഇ എം എസ് ഭവനപദ്ധതി. Show all posts
Showing posts with label ഇ എം എസ് ഭവനപദ്ധതി. Show all posts

Tuesday, January 14, 2014

ഇന്ദിര ആവാസ് യോജന ഫണ്ട് നിലച്ചു; വീടെല്ലാം പാതിവഴിയില്‍

ഇന്ദിര ആവാസ് യോജന പദ്ധതി (എഎവൈ) ഗുണഭോക്താക്കള്‍ ഫണ്ട് ലഭിക്കാത്തതിനെത്തുടര്‍ന്ന് ദുരിതത്തില്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെയും ബ്ലോക്ക്- ഗ്രാമപഞ്ചായത്തുകളെയും യോജിപ്പിച്ച് നടപ്പാക്കുന്ന ഐഎവൈ പദ്ധതിയില്‍ ആദ്യ രണ്ട് ഗഡുക്കള്‍ വാങ്ങി വീട് നിര്‍മാണം ആരംഭിച്ചവരാണ് ദുരിതത്തിലായത്. ഐഎവൈ പദ്ധതി ആരംഭിച്ച് മൂന്നുവര്‍ഷമായിട്ടും പൂര്‍ത്തീകരിക്കാനാകാതെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നെട്ടോട്ടത്തിലാണ്.

ആദ്യ രണ്ട് ഗഡു ലഭിക്കാന്‍ കാലതാമസം നേരിട്ടെങ്കില്‍ വര്‍ഷം പിന്നിട്ടിട്ടും മൂന്നാം ഗഡു ലഭിച്ചിട്ടില്ല. പുതിയ വാര്‍ഷിക പദ്ധതിക്ക് രണ്ടുമാസം മാത്രം ബാക്കിനില്‍ക്കേ എന്തുചെയ്യണമെന്നറിയാതെ ആശങ്കയിലാണ് തദ്ദേശ സ്ഥാപനങ്ങളും ഗുണഭോക്താക്കളും. തദ്ദേശ ഭരണ വകുപ്പ് ഒരു മന്ത്രിയില്‍നിന്ന് മൂന്ന് മന്ത്രിമാര്‍ക്ക് വിഭജിച്ചുനല്‍കിയതാണ് പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കിയത്. പദ്ധതിയെക്കുറിച്ച് വ്യക്തതയില്ലാതെ മന്ത്രിമാരുടെ പ്രഖ്യാപനങ്ങള്‍ നടത്തിപ്പിനെ ബാധിച്ചു. ഓരോ തവണയും പദ്ധതിത്തുക ഇരട്ടിയാക്കിയതായി പ്രഖ്യാപനമുണ്ടായെങ്കിലും തുക വകയിരുത്താന്‍ ഈ വകുപ്പ് തയ്യാറായില്ല.

കേന്ദ്രവിഹിതവും വര്‍ധിപ്പിച്ചില്ല. വിഹിതം മുടങ്ങിയതോടെ പദ്ധതി നടത്തിപ്പിനായി സഹകരണബാങ്കില്‍നിന്ന് കടമെടുക്കണമെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശംനല്‍കിയെങ്കിലും കോടിക്കണക്കിന് രൂപ കടം നല്‍കുന്നത് ബാങ്കുകളുടെ തകര്‍ച്ചക്ക് കാരണമാകുമെന്ന ബാങ്ക് കണ്‍സോര്‍ഷ്യം പ്രഖ്യാപനം സര്‍ക്കാരിനെ വെട്ടിലാക്കി. മലപ്പുറം ജില്ലയില്‍ 40 കോടി രൂപയാണ് അധിക ബാധ്യത. എല്‍ഡിഎഫ് ഭരണകാലത്ത് മികച്ച നിലയില്‍ നടപ്പാക്കിയ ഇഎംഎസ് ഭവനപദ്ധതിയാണ് ഇന്ദിര ആവാസ് യോജന പദ്ധതിയാക്കി യുഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിച്ചത്. നടത്തിപ്പിലെ പാളിച്ചകളും യഥാസമയം ഫണ്ട് കണ്ടെത്താന്‍ കഴിയാത്തതുമാണ് ഗുണഭോക്താക്കളെ നരകയാതനയിലാക്കിയത്.

deshabhimani

Wednesday, October 16, 2013

ഇ എം എസ് ഭവനപദ്ധതി: യുഡിഎഫ് സര്‍ക്കാര്‍ സാധാരണക്കാരെ വലയ്ക്കുന്നു

പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് തുക പൂര്‍ണമായും ലഭിച്ചില്ല

പാലക്കാട്: ഇ എം എസ് ഭവനപദ്ധതി യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചതോടെ പദ്ധതിയിലുള്‍പ്പെട്ട ജില്ലയിലെ നൂറുകണക്കിന് സാധാരണക്കാര്‍ തുക പൂര്‍ണമായും ലഭിക്കാതെ വലയുന്നു. ആദ്യഗഡു കൈപ്പറ്റി ഭവനനിര്‍മ്മാണം തുടങ്ങിയവര്‍ക്ക് രണ്ടാംഗഡു ലഭിക്കാത്ത സാഹചര്യമാണ്. രണ്ടാംഗഡു വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും ഇതേവരെ നടപടിക്രമം പൂര്‍ത്തിയായിട്ടില്ല. ജില്ലയില്‍ ഏകദേശം 2,500ഓളം പേര്‍ക്ക് പൂര്‍ണമായും ആനുകൂല്യം ലഭിച്ചിട്ടില്ല. 2012 മാര്‍ച്ച് 31ന് യുഡിഎഫ്സര്‍ക്കാര്‍ പദ്ധതി പൂര്‍ണമായും നിര്‍ത്തലാക്കി ഉത്തരവിറക്കിയത്. എന്നാല്‍, പകരം പദ്ധതിയോ നിലവില്‍ പദ്ധതിയിലുള്‍പ്പെട്ടവരുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളോ സര്‍ക്കാര്‍ പ്രഖ്യാപിച്ചില്ല. ഇതോടെയാണ് ആദ്യഗഡു വാങ്ങി വീടു നിര്‍മാണം തുടങ്ങിയവര്‍ പ്രതിസന്ധിയിലായത്. ചിലര്‍ പണി നിര്‍ത്തി. രണ്ടാം ഗഡു കിട്ടുമെന്ന പ്രതീക്ഷയോടെ കടം വാങ്ങി പണി തുടര്‍ന്നവര്‍ സാമ്പത്തികപ്രതിസന്ധിയിലുമായി.
ഭവനനിര്‍മാണത്തിന് ഗഡുക്കളായി തുക ബാങ്കുകള്‍വഴിയാണ് നല്‍കി വന്നിരുന്നത്. ഇതിന് ഓരോ തവണയ്ക്കും പ്രത്യേക അപേക്ഷയും നല്‍കണം. ആദ്യഗഡു ലഭിച്ച് നിര്‍മാണം ആരംഭിച്ചവര്‍ തുടര്‍നിര്‍മാണത്തിന് തുക ലഭിക്കാന്‍ അപേക്ഷ നല്‍കാന്‍ ചെന്നപ്പോഴാണ് പ്രശ്നം മനസ്സിലായത്. പദ്ധതി നിര്‍ത്തലാക്കിയെങ്കിലും നിലവില്‍ ആനുകൂല്യംപറ്റിയവരുടെ തുടര്‍നടപടി സംബന്ധിച്ച് നിര്‍ദേശമില്ലാത്തത് ആശയക്കുഴപ്പത്തിനിടയാക്കി. പാവപ്പെട്ടവര്‍ക്ക് ഭവനനിര്‍മാണത്തിന് സഹായകമാകുന്നതിന് ലക്ഷ്യമിട്ട് എല്‍ഡിഎഫ് സര്‍ക്കാരാണ് ഇ എം എസ് ഭവനപദ്ധതിക്ക് തുടക്കമിട്ടത്. സംസ്ഥാനത്തെ ലക്ഷക്കണക്കിന് ഗുണഭോക്താക്കള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിച്ചത്. ജില്ലയില്‍ത്തന്നെ 2011-12 വര്‍ഷത്തില്‍ ഏകദേശം 5,000 അപേക്ഷകളാണ് ജില്ലയില്‍ സമര്‍പ്പിക്കപ്പെട്ടത്. പാവപ്പെട്ടവര്‍ക്ക് ഏറെ ആശ്വാസമേകുന്ന ഒരു ക്ഷേമപദ്ധതി യുഡിഎഫ് സര്‍ക്കാര്‍ നിര്‍ത്തലാക്കിയപ്പോള്‍ പകരം പുതിയ പദ്ധതി വരുമെന്ന പ്രഖ്യാപനം ഇതുവരെയും നടപ്പാക്കിയിട്ടില്ല. ഭവനരഹിതരായ ലക്ഷക്കണക്കിനു പേരാണ് ഇതു മൂലം വലയുന്നത്. ജില്ലയില്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ ഇപ്പോഴും ഭവനരഹിതരാണ്്. ജനക്ഷേമം മുന്‍നിര്‍ത്തി എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഇ എം എസ് ഭവനപദ്ധതിയെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചപ്പോള്‍ പാവപ്പെട്ടവരുടെ വീടെന്ന സ്വപ്നമാണ് തകര്‍ന്നത്.

അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ ഫ്ളൂറൈഡ് കലര്‍ന്ന വെള്ളം

അഗളി: ഊരുകളില്‍ ആദിവാസികള്‍ കുടിക്കുന്നത് ഫ്ളൂറൈഡ് കലര്‍ന്ന വെള്ളമെന്ന് പഠന റിപ്പോര്‍ട്ട്. വിവിധ സ്ഥലങ്ങളില്‍ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് വെള്ളത്തില്‍ ഫ്ളൂറൈഡിന്റെ അംശം ഉയര്‍ന്നതോതില്‍ കണ്ടെത്തിയത്. കിഴക്കന്‍അട്ടപ്പാടിയിലെ ജലാശയങ്ങളിലാണ് ഫ്ളൂറൈഡ് കൂടുതലായി കണ്ടെത്തിയത്. നാല് സ്കൂളുകളിലെ കുട്ടികളിലും 20 ജലസ്രോതസ്സുകളിലുമാണ് പരിശോധന നടത്തിയത്. കുട്ടികളുടെ പല്ലിന് രോഗം ബാധിച്ചതായും നിരവധിപേര്‍ക്ക് രോഗസാധ്യതയും കണ്ടെത്തി. നവജാതശിശുക്കളുടെ കൂട്ടമരണത്തെത്തുടര്‍ന്നാണ് പഠനം നടന്നത്.

അട്ടപ്പാടിയുടെ കിഴക്കന്‍പ്രദേശത്തെ ഭൂരിഭാഗം ഊരുകളിലും മലിനജലമാണ് ലഭിക്കുന്നതെന്ന് വിവിധ പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു. ശുദ്ധജലത്തിന്റെ അഭാവം ആദിവാസി ഊരുകളെ കാര്യമായി ബാധിച്ചിട്ടുണ്ട്. തോടുകളും അരുവികളും ഗണ്യമായി കുറഞ്ഞതോടെ കുടിക്കാന്‍ വെള്ളമില്ലാതെ അലയുകയാണ് ആദിവാസികള്‍. പുതൂര്‍ പഞ്ചായത്തിലെ മിക്ക ഊരുകളിലും കുടിക്കാന്‍ വെള്ളമില്ല. ഷോളയൂര്‍ പഞ്ചായത്തിലും ജലക്ഷാമം രൂക്ഷമാണ്. പഴയ പദ്ധതികളുടെ പുനരുദ്ധാരണത്തിനുപുറമെ പുതിയതായി നിരവധി പദ്ധതികളും ഓരോവര്‍ഷവും സ്ഥാപിക്കുന്നുണ്ട്. എന്നാല്‍, എവിടെയും കുടിക്കാന്‍ ശുദ്ധജലമില്ല.

deshabhimani

Monday, September 10, 2012

എമര്‍ജിങ് ആഘോഷത്തിനിടെ പാവങ്ങളുടെ ഭവനപദ്ധതി മുടങ്ങി


സംസ്ഥാന സര്‍ക്കാര്‍ എമര്‍ജിങ് കേരളയുടെ ആഘോഷത്തില്‍ മുഴുകുന്നതിനിടെ ദുര്‍ബലവിഭാഗങ്ങള്‍ക്കുള്ള ഭവനപദ്ധതി പൂര്‍ണമായി മുടങ്ങി. ഇ എം എസ് ഭവനപദ്ധതി അവസാനിപ്പിച്ച് രണ്ടുലക്ഷം രൂപയുടെ പുതിയ പദ്ധതി യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെയാണ് ബിപിഎല്‍ കുടുംബങ്ങളുടെ ഭവനസ്വപ്നങ്ങള്‍ തകര്‍ന്നത്. പുതിയ പദ്ധതിക്കുള്ള പണം കണ്ടെത്താന്‍കഴിയാതെ പഞ്ചായത്തുകളും പ്രതിസന്ധിയിലായി.

സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും തല ചായ്ക്കാന്‍ കൂര ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍ ഇ എം എസ് ഭവനപദ്ധതിക്ക് തുടക്കമിട്ടത്. നാലര ലക്ഷം കുടുംബങ്ങള്‍ക്ക് പദ്ധതിയില്‍ വീട് പൂര്‍ത്തിയാക്കി. ഒരു ലക്ഷത്തോളും വീടുകള്‍ നിര്‍മാണത്തിലിരിക്കെയാണ് "സാഫല്യം" ഭവനപദ്ധതി മന്ത്രി കെ എം മാണി പ്രഖ്യാപിക്കുന്നത്. ഇതേതുടര്‍ന്ന്, നിര്‍മാണത്തിലുള്ള പദ്ധതികളും മുടങ്ങി. ഇ എം എസ് ഭവനപദ്ധതിയില്‍ 75,000 രൂപയാണ് ഒരു വീടിന് തദ്ദേശസ്ഥാപനങ്ങള്‍ മുടക്കേണ്ടിയിരുന്നത്. സര്‍ക്കാര്‍ ഗ്യാരന്റിയില്‍ ബാങ്ക് വായ്പയെടുത്താണ് തദ്ദേശസ്ഥാപനങ്ങള്‍ ഫണ്ട് കണ്ടെത്തുന്നത്. പത്തുവര്‍ഷമാണ് വായ്പാ കാലാവധി. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിവിഹിതത്തില്‍നിന്നാണ് ഇത് തിരിച്ചടയ്ക്കുന്നത്. വായ്പയെടുത്ത വകയില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് പ്രതിമാസം പത്തുലക്ഷത്തോളം രൂപ മുടക്കേണ്ടിവരുന്നു. ഇതിനിടെ രണ്ടുലക്ഷം രൂപയുടെ പുതിയ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ നിര്‍മാണത്തിലുള്ള വീടുകള്‍ക്കും പുതിയ തുക ബാധകമായി. ഇതോടെ തദ്ദേശസ്ഥാപനങ്ങള്‍ അടുത്ത ഗഡു മുതല്‍ കൂടിയ തുക നല്‍കേണ്ട സ്ഥിതിയിലായി. ഇതിനുള്ള പണം സര്‍ക്കാര്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുമില്ല.

കേന്ദ്രപദ്ധതിയായ ഇന്ദിര ആവാസ് യോജനയുടെ (ഐഎവൈ) വിഹിതം 75,000 രൂപയാക്കി ഉയര്‍ത്തിയിരുന്നു. ഇത് തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഉപയോഗിക്കാമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, അതിനുശേഷവും ഒന്നേകാല്‍ ലക്ഷം രൂപ കണ്ടെത്തണം. ഇതില്‍ 50 ശതമാനം ബ്ലോക്ക് പഞ്ചായത്തും ബാക്കി തുക ഗ്രാമ-ജില്ലാ പഞ്ചായത്തുകള്‍ ചേര്‍ന്നുമാണ് കണ്ടെത്തേണ്ടത്. എന്നാല്‍, ഇ എം എസ് ഭവനപദ്ധതി വായ്പയുടെ തിരിച്ചടവിനുപുറമെ ഈ തുകകൂടി കണ്ടെത്താന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കഴിയുന്നില്ല. എസ്എസ്എ ഫണ്ട്, അങ്കണവാടികള്‍ക്കുള്ള പോഷകാഹാരപദ്ധതി, സര്‍ക്കാരിന്റെ വികസനഫണ്ടിലേക്കുള്ള വിഹിതം തുടങ്ങിയ ബാധ്യതകള്‍ക്കിടെ വീടുനിര്‍മാണത്തിന് ഇനിയും പണം മുടക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് പഞ്ചായത്തുകള്‍. പന്ത്രണ്ടാംപദ്ധതിയില്‍ പുതിയ സര്‍വേ നടത്തി ഏഴുലക്ഷം വീടുകള്‍ "സാഫല്യം" പദ്ധതിയിലൂടെ നല്‍കുമെന്നാണ് ധനമന്ത്രി പറയുന്നത്. കോട്ടയം ജില്ലയിലെ അകലക്കുന്നത്ത് പുതിയ പദ്ധതിയുടെ ഉദ്ഘാടനവും നടത്തി. എന്നാല്‍, തുടര്‍നടപടികളൊന്നുമുണ്ടായിട്ടില്ല. സ്വയംസഹായസംഘങ്ങളുടെ സഹായത്തോടെ പദ്ധതി പൂര്‍ത്തിയാക്കാമെന്നും മറ്റുമുള്ള നിര്‍ദേശങ്ങള്‍ പ്രായോഗികമല്ലെന്നും തദ്ദേശസ്ഥാപനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
(ആര്‍ സാംബന്‍)

deshabhimani 100912

Thursday, June 23, 2011

ഇ എം എസ് ഭവനപദ്ധതി തകര്‍ക്കരുത്

ഭവനരഹിതരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും വീട് നല്‍കാനുള്ള ഇ എം എസ് സമ്പൂര്‍ണ ഭവനപദ്ധതി ആധുനിക കേരളത്തിന്റെ ഏറ്റവും തിളക്കമുള്ള നേട്ടങ്ങളിലൊന്നാണ്. ഐക്യകേരളത്തിന്റെ ആദ്യമുഖ്യമന്ത്രിയും കേരള വികസന മാതൃകയുടെ ശില്‍പ്പിയുമായ ഇ എം എസിന്റെ നാമധേയത്തില്‍ പാവങ്ങള്‍ക്ക് പാര്‍പ്പിടം നല്‍കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച ആ മഹദ്പദ്ധതി തകര്‍ക്കാനൊരുമ്പെടുകയാണ് യുഡിഎഫ്. പഞ്ചായത്ത് മന്ത്രി എം കെ മുനീറാണ് പദ്ധതിക്കെതിരായ പ്രസ്താവനയുമായി ആദ്യം രംഗത്തുവന്നതെങ്കില്‍ ഇപ്പോള്‍ ഗ്രാമവികസന മന്ത്രി കെ സി ജോസഫ് ഇ എം എസ് ഭവനനിര്‍മാണപദ്ധതി തുടരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഉറപ്പിച്ചുപറഞ്ഞിരിക്കുന്നു. ഇത് കേരളത്തിലെ പാവപ്പെട്ട ജനങ്ങളോടുള്ള യുഡിഎഫിന്റെ വെല്ലുവിളിയാണ്. ജനങ്ങള്‍ക്കുവേണ്ടി എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പാക്കിയ പദ്ധതികള്‍ ഒന്നൊന്നായി തകര്‍ക്കുക എന്ന നിര്‍ബന്ധത്തില്‍നിന്നാണ് ഈ നിഷേധനയം ഉടലെടുക്കുന്നത്.

പദ്ധതി നിര്‍ത്തിവയ്ക്കാന്‍ മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നോട് നിര്‍ദേശിച്ചെന്നാണ് എം കെ മുനീര്‍ വെളിപ്പെടുത്തിയിരുന്നത്. ഒപ്പം പദ്ധതി പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു സുപ്രഭാതത്തില്‍ ജനങ്ങളുടെ കൈയടി വാങ്ങാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തട്ടിക്കൂട്ടിയ ഒന്നല്ല ഇ എം എസ് ഭവനപദ്ധതി. പതിനൊന്നാം പദ്ധതിക്കാലത്ത് ഭവനരഹിതരായ മുഴുവന്‍ ദുര്‍ബല കുടുംബങ്ങള്‍ക്കും വീട് നല്‍കാന്‍ കഴിയുമോ എന്ന ചിന്തയുടെ ഭാഗമായി ഏറെ നാള്‍ നീണ്ട ചര്‍ച്ചകളുടെയും വിദഗ്ധ പരിശോധനകളുടെയും തുടര്‍ച്ചയായി രൂപപ്പെടുത്തിയതാണത്. എത്ര വീടുകള്‍ വേണ്ടിവരുമെന്ന് തിട്ടപ്പെടുത്തിയത് ഡോ. എ അച്യുതന്റെ നേതൃത്വത്തിലുള്ള സമിതിയാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലാവധിക്കുള്ളില്‍ത്തന്നെ ഭവനരഹിതരായ എല്ലാ കുടുംബങ്ങള്‍ക്കും വീടു നല്‍കാനാണ് ലക്ഷ്യമിട്ടത്. കേന്ദ്രസര്‍ക്കാരിന്റെ ഐഎവൈ പദ്ധതി, പട്ടികജാതി/വര്‍ഗ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഭവന ധനസഹായം ബിഎസ്യുപി, ഐഎച്ച്എസ്ഡിപി പദ്ധതികള്‍ വഴി നഗരസഭകളില്‍ നടക്കുന്ന ഭവന നിര്‍മാണം എന്നിവ ഈ ലക്ഷ്യത്തിന്റെ ഒരു പങ്ക് നിര്‍വഹിക്കാന്‍ സഹായകരമാകുമെന്നും കണ്ടെത്തി. ലക്ഷംവീടു പദ്ധതിപ്രകാരം പണിത ഇരട്ട വീടുകളില്‍ നല്ലാരു പങ്ക് പഞ്ചായത്തുകള്‍ മെച്ചപ്പെടുത്തിയിരുന്നു.

ഇനിയും ജീര്‍ണാവസ്ഥയില്‍ അവശേഷിക്കുന്നവ മെച്ചപ്പെടുത്തുന്നതിന് ഭവനബോര്‍ഡ് സഹായിക്കാന്‍ തയ്യാറായി. എം എന്‍ ലക്ഷംവീട് പുനരുദ്ധാരണപദ്ധതി പ്രകാരം പകുതി സഹായം ഭവനബോര്‍ഡ് പഞ്ചായത്തുകള്‍ക്ക് നല്‍കി. ഇവയുടെ പിന്‍ബലത്തില്‍ പഞ്ചായത്തുകളും നഗരസഭകളും പദ്ധതിവിഹിതമുപയോഗിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. പദ്ധതിവിഹിതത്തില്‍നിന്ന് പണം കണ്ടെത്തി നിശ്ചയിച്ച പരിധിക്കകം പദ്ധതി പൂര്‍ത്തിയാക്കാന്‍ വളരെ കുറച്ചു പഞ്ചായത്തുകള്‍ക്കേ കഴിയുമായിരുന്നുള്ളൂ. ആ പ്രശ്നം മറികടക്കാന്‍ മൂന്നുവര്‍ഷംകൊണ്ട് തിരിച്ചടയ്ക്കാവുന്ന തരത്തില്‍ വായ്പയെടുത്ത് പദ്ധതി നടപ്പാക്കാന്‍ അനുമതി നല്‍കി. അതും അപര്യാപ്തമാണെന്ന് വന്നപ്പോള്‍ പദ്ധതിവിഹിതത്തിന്റെ 15 ശതമാനംവീതം പത്തുവര്‍ഷംകൊണ്ട് കൊടുത്തു തീര്‍ക്കാവുന്നത്ര തുക വായ്പയെടുക്കാന്‍ പഞ്ചായത്തുകള്‍ക്ക് അനുവാദം നല്‍കി. വായ്പയ്ക്കുള്ള പലിശ സര്‍ക്കാര്‍ നല്‍കാനും തീരുമാനിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ 4.57 ലക്ഷം വീടുകള്‍ പൂര്‍ത്തിയായിരുന്നു. 1.84 ലക്ഷം വീടുകള്‍ നിര്‍മാണത്തിലിരിക്കുന്നു. ഇനി രണ്ടുലക്ഷത്തോളം കുടുംബങ്ങളാണ് ഭവനരഹിതര്‍ എന്ന് കണക്കാക്കുന്നു. അതില്‍ ഒന്നര ലക്ഷം ഭൂരഹിത കുടുംബങ്ങളാണ്. ഇവര്‍ക്കുകൂടി വീടുവച്ചുകൊടുത്താല്‍ മഹത്തായ ഒരു നേട്ടത്തിലേക്ക് സംസ്ഥാനത്തെ എത്തിക്കാന്‍ കഴിയും. അതുകാണാതെ, പദ്ധതി അവസാനിപ്പിച്ചുകളയാനുള്ള നീക്കം അസംബന്ധമാണ്; ജനവിരുദ്ധമാണ്. എന്തു കാരണംകൊണ്ടാണ് പദ്ധതി നിര്‍ത്തിവയ്ക്കുന്നതെന്ന് യുഡിഎഫ് വിശദീകരിക്കണം.

എല്‍ഡിഎഫ് ഭരിക്കുന്ന ഘട്ടത്തില്‍ കേരളം തുടര്‍ച്ചയായി ദേശീയ അംഗീകാരങ്ങള്‍ നേടിയപ്പോള്‍ , ഇനി അവാര്‍ഡ് കൊടുക്കരുത് എന്ന നിവേദനവുമായി ഡല്‍ഹിക്ക് പോയവരാണ് ഇവിടത്തെ യുഡിഎഫുകാര്‍ . ഭവനരഹിതരില്ലാത്ത ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റാനുള്ള ഭാവനാപൂര്‍ണമായ പദ്ധതിയെ അട്ടിമറിക്കുന്നതിന് അവര്‍ക്ക് മടിയുണ്ടാകേണ്ട കാര്യമില്ല. എന്താണ് ഈ പദ്ധതിയോടുള്ള എതിര്‍പ്പിന് കാരണം? ഇ എംഎസിന്റെ പേരാണോ? അതോ തുടക്കമിട്ടത് എല്‍ഡിഎഫ് സര്‍ക്കാര്‍ ആയതുകൊണ്ടാണോ? അപാകങ്ങളുണ്ടെങ്കില്‍ അവലോകനം നടത്തുന്നതിലും തിരുത്തുവരുത്തുന്നതിലും ആര്‍ക്കും എതിര്‍പ്പില്ല. എന്നാല്‍ , പദ്ധതിതന്നെ അവസാനിപ്പിക്കുമെന്ന ഭീഷണി ജനങ്ങള്‍ക്ക് അംഗീകരിക്കാവുന്ന കാര്യമല്ല. ഇരിക്കുന്ന പദവിയോട് അല്‍പ്പമെങ്കിലും ആദരവുണ്ടെങ്കില്‍ അവശേഷിക്കുന്ന പാവങ്ങള്‍ക്ക് ഏറ്റവും വേഗത്തില്‍ വീടുവച്ചുകൊടുക്കാനുള്ള മര്യാദയാണ് ഉമ്മന്‍ചാണ്ടി കാണിക്കേണ്ടത്. പാതി പണിത വീടുകള്‍ അടിയന്തര പ്രാധാന്യം നല്‍കി പൂര്‍ത്തിയാക്കണം. ഇതില്‍നിന്നെല്ലാം ഒളിച്ചോടി പദ്ധതി നശിപ്പിച്ചാല്‍ ജനങ്ങളില്‍നിന്നുണ്ടാകുന്ന പ്രതികരണം കടുത്തതാകുമെന്ന് ഓര്‍ക്കുന്നത് നന്ന്. റേഷന്‍ മുടക്കിയും കടിഞ്ഞാണില്ലാത്ത ഇന്ധന വിലവര്‍ധനയ്ക്ക് മൗനസമ്മതം മൂളിയും വിലക്കയറ്റത്തെ കയറൂരിവിട്ടും യുഡിഎഫും അതിന്റെ കേന്ദ്രരാഷ്ട്രീയരൂപമായ യുപിഎയും ജനങ്ങളെയാകെ പരിധിയില്ലാതെ ദ്രോഹിക്കുന്നുണ്ട്. അതിനു പുറമെയാണ്, സാധാരണ ജനങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളില്‍ കൈയിട്ടുവാരാനുള്ള നീക്കം. അത് അനുവദിക്കാതിരിക്കാനുള്ള കൂട്ടായ്മയും ശക്തമായ പ്രക്ഷോഭവും ഉയരേണ്ടതുണ്ട്. ഇ എം എസ് ഭവനപദ്ധതി തകര്‍ക്കാന്‍ നോക്കിയാല്‍ അത് സ്വന്തം തകര്‍ച്ചതന്നെയായി മാറുമെന്ന് യുഡിഎഫിനെ ബോധ്യപ്പെടുത്തുംവിധമുള്ള പ്രതികരണങ്ങള്‍ ഉയരണം.

ദേശാഭിമാനി മുഖപ്രസംഗം 230611

Tuesday, June 21, 2011

ഇ എം എസ് ഭവനപദ്ധതി സംരക്ഷിക്കാന്‍ എല്‍ഡിഎഫ് പ്രതിബദ്ധം: വൈക്കം വിശ്വന്‍

അഴിമതിക്കെതിരെ എല്‍ഡിഎഫ് കാമ്പയിന്‍
രാഷ്ട്രീയ പകപോക്കലിനും അഴിമതിക്കുമുള്ള ഉപകരണമായി ഭരണത്തെ യുഡിഎഫ് മാറ്റിയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. എല്‍ഡിഎഫ് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിക്കെതിരെ ശക്തമായ പ്രക്ഷോഭം നടത്തും. ഇതിെന്‍റ ഭാഗമായി നിയോജകമണ്ഡല അടിസ്ഥാനത്തില്‍ ജൂലൈ 15 മുതല്‍ 22 വരെ കാമ്പയിന്‍ സംഘടിപ്പിക്കും. പാമോലിന്‍ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിത് സംശയകരമാണ്. തദ്ദേശവകുപ്പ് വിഭജന കാര്യത്തില്‍ യുഡിഎഫ് പറയുന്ന ന്യായങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളം കൈവരിച്ച നേട്ടങ്ങര്‍ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂലൈ ഒന്ന് മുതല്‍ ഏഴ് വരെ ബംഗാളില്‍ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ സംസ്ഥാനത്ത് എല്‍ഡിഎഫ് ക്യാമ്പയിന്‍ നടത്തും.

ഇ എം എസ് ഭവനപദ്ധതി സംരക്ഷിക്കാന്‍ എല്‍ഡിഎഫ് പ്രതിബദ്ധം: വൈക്കം വിശ്വന്‍

ഇ എം എസ് ഭവനപദ്ധതി നടപ്പാക്കാന്‍ കാണിച്ച അതേ ഉത്തരവാദിത്തം പദ്ധതി സംരക്ഷിക്കുന്നതിലും പുലര്‍ത്തുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. കേരള മുനിസിപ്പല്‍ ആന്‍ഡ് കോര്‍പറേഷന്‍ സ്റ്റാഫ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സാംസ്കാരികസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ജീവിക്കാന്‍ ഗതിയില്ലാത്തവരെ തുണയ്ക്കുന്നതിനുപകരം അവന് കയറിക്കിടക്കാനുള്ള ഇടംപോലും നിഷേധിക്കുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. പൊതുനേട്ടങ്ങള്‍ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ എല്‍ഡിഎഫ് തുടരും. വിദ്യാഭ്യാസം കച്ചവടമാകുമ്പോള്‍ സിന്‍ഡിക്കറ്റില്‍ കച്ചവടക്കാരന്‍ വരുന്നതില്‍ അത്ഭുതമില്ല. ഇപ്പോള്‍ കോഴകൊടുത്ത് എംബിബിഎസിന് പഠിക്കുന്നവര്‍ പഠനം പൂര്‍ത്തിയാക്കുമ്പോള്‍ അവരുടെ അച്ഛനമ്മമാര്‍ക്കുപോലും ആത്മവിശ്വാസത്തോടെ ചികില്‍സയ്ക്ക് ഇവര്‍ക്കുമുമ്പില്‍ നില്‍ക്കാനാവില്ല.

പണത്തിനുവേണ്ടി ചില മതമേലധ്യക്ഷന്മാര്‍ ഭരണഘടനയെപ്പോലും തെറ്റായി വ്യാഖ്യാനിക്കുകയാണ്. എല്ലാം തങ്ങള്‍ തീരുമാനിക്കും; അതനുസരിച്ചുകൊള്ളണമെന്നതാണ് ഇവരുടെ നിലപാട്. യുഡിഎഫ് ഭരണം ഇതിനു കൂട്ടുനില്‍ക്കുകയാണ്. അഴിമതി അഭിമാനകരം എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറി. ഫ്യൂഡല്‍ വ്യവസ്ഥയിലെ കൂട്ടിക്കൊടുപ്പുകാരന്റെ പണിയാണ് പുതിയ ഭരണകര്‍ത്താക്കളുടേത്. രാജ്യത്തെ നേട്ടങ്ങള്‍ മുഴുവന്‍ വന്‍ കോര്‍പറേറ്റുകള്‍ക്ക് തീറെഴതുകയാണ്. നാട് കൈവരിച്ച നേട്ടം ഇല്ലാതാക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് നടക്കുന്നത്. ചരിത്രപാഠപുസ്തകങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം കേരളം നേടിയ മുഴുവന്‍ സാംസ്കാരിക ഔന്നത്യത്തെയും അവഹേളിക്കുന്നതാണെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

deshabhimani 210611

ഇ എം എസ് ഭവനപദ്ധതി: നുണപ്രചാരണങ്ങള്‍ക്ക് മറുപടിയായി 20,455 വീട്

തലചായ്ക്കാന്‍ സ്വന്തമായൊരു കൂരയെന്ന സ്വപ്നം സാക്ഷാത്കരിക്കുന്ന ഇ എം എസ് ഭവനപദ്ധതിയിലൂടെ ജില്ലയില്‍ നിര്‍മിച്ച് നല്‍കിയത് 20,455 വീടുകള്‍ . ഇ എം എസ് ഭവനപദ്ധതി അട്ടിമറിക്കാനുള്ള കുപ്രചാരണങ്ങള്‍ക്ക് തോരാത്ത മഴയിലും ചോരാത്ത കൂരയില്‍ അന്തിയുറങ്ങുന്ന പതിനായിരക്കണക്കിന് കുടുംബങ്ങളാണ് മറുപടി. 2011 മെയ് 31വരെയുള്ള കാലയളവിലാണ് പദ്ധതിപ്രകാരം 20,455 വീടുകള്‍ നിര്‍മിച്ച് നല്‍കിയത്. ജില്ലയില്‍ 78 പഞ്ചായത്തുകളിലായി 21,075 വീടുകള്‍ക്കാണ് ജില്ലാ ആസൂത്രണസമിതി അംഗീകാരം നല്‍കിയത്. ഇതില്‍ 19,645 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു. ഇതിന് പുറമെ തിരുവനന്തപുരം കോര്‍പറേഷന്‍ , ആറ്റിങ്ങല്‍ , നെയ്യാറ്റിന്‍കര, നെടുമങ്ങാട്, വര്‍ക്കല മുനിസിപ്പാലിറ്റികള്‍ എന്നിവിടങ്ങളിലായി 810 വീടുകളും പൂര്‍ത്തീകരിച്ചു.

പഞ്ചായത്തുകള്‍ പരിശോധന നടത്തി അംഗീകരിച്ച ഗുണഭോക്തൃപട്ടികയ്ക്കാണ് ജില്ലാ ആസൂത്രണസമിതി അംഗീകാരം നല്‍കിയത്. 21,075 ഗുണഭോക്താക്കളില്‍ 19,645 വീടുകള്‍ നിര്‍മിച്ച് നല്‍കാന്‍ കഴിഞ്ഞത് തന്നെ പദ്ധതിയുടെ വിജയമാണെന്ന് ജില്ലയില്‍ പദ്ധതിക്ക് ചുക്കാന്‍ പിടിച്ച മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. ജില്ലയിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്നദ്ധപ്രവര്‍ത്തകരും ഒത്തുചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമാണ് ഈ വിജയം. ജനറല്‍വിഭാഗത്തില്‍ 75,000 രൂപയും എസ്സി വിഭാഗത്തില്‍ ഒരുലക്ഷം രൂപയും എസ്ടി വിഭാഗത്തില്‍ ഒന്നേകാല്‍ലക്ഷം രൂപയുമാണ് വീട് നിര്‍മാണത്തിനായി അനുവദിച്ചത്. ദേശസാത്കൃത ബാങ്കുകളുടെയും സഹകരണസ്ഥാപനങ്ങളുടെയും സഹായത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയാണ് പദ്ധതി നടപ്പാക്കിയത്. വര്‍ധിച്ചുവരുന്ന നിര്‍മാണച്ചെലവ് കാരണം ഈ തുകയ്ക്ക് 400 സ്ക്വയര്‍ഫീറ്റില്‍ വീട് നിര്‍മിക്കുക എന്നത് അസംഭവ്യം എന്ന് കരുതിയവര്‍ക്കുള്ള മറുപടികൂടിയാണ് നിശ്ചിതദിവസത്തിനുള്ളില്‍ത്തന്നെ വീടുകള്‍നിര്‍മിച്ചത്.

ഇ എം എസ് സമ്പൂര്‍ണ ഭവനപദ്ധതി ജില്ലാസെല്‍ ആണ് ജില്ലയില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. കേവലമൊരു സര്‍ക്കാര്‍ പദ്ധതി എന്നതിലുപരിയായി ജനകീയക്കൂട്ടായ്മ ഉണ്ടാക്കിയെടുക്കാന്‍ സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞു. ഏഴ് കൗണ്ടര്‍ സ്ഥാപിച്ച് ഒറ്റദിവസംകൊണ്ട് ഏകജാലകസംവിധാനത്തിലൂടെ ഗുണഭോക്താക്കള്‍ക്ക് രേഖകള്‍ പരിശോധന, ബാങ്ക് അക്കൗണ്ട് തുറക്കല്‍ , എഗ്രിമെന്റ് വയ്ക്കല്‍ , സര്‍ട്ടിഫിക്കറ്റ് നല്‍കല്‍ തുടങ്ങിയവ ഉറപ്പുവരുത്തിയ ഗുണഭോക്തൃസംഗമങ്ങള്‍ സംഘടിപ്പിച്ചത് ഈ സെല്ലിന്റെ തീരുമാനപ്രകാരമായിരുന്നു. ഇത്തരത്തില്‍ സംഘടിപ്പിക്കപ്പെട്ട ഗുണഭോക്തൃസംഗമങ്ങളും ജനകീയ കണ്‍വന്‍ഷനുകളും പദ്ധതിപ്രവര്‍ത്തനം വിജയത്തിലെത്തിക്കാന്‍ ജില്ലയില്‍ ഒരുപാട് സഹായകരമായിട്ടുണ്ട്.

deshabhimani 210611

Saturday, June 18, 2011

‘ഇ എം എസ് ഭവനപദ്ധതി അട്ടിമറിക്കാന്‍ അനുവദിക്കില്ല‘

ഇ എം എസ് ഭവനപദ്ധതി നിര്‍ത്തിവയ്ക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നീക്കം വീടില്ലാത്ത പാവങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രസ്താവനയില്‍ പറഞ്ഞു. പദ്ധതി നിര്‍ത്തിവയ്ക്കാന്‍ മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി തന്നോട് നിര്‍ദേശിച്ചെന്നു വെളിപ്പെടുത്തിയ മന്ത്രി എം കെ മുനീര്‍ , പദ്ധതി പരാജയമാണെന്നും പറഞ്ഞിരിക്കയാണ്. അവലോകനത്തിനുശേഷമേ പദ്ധതി തുടരണമോയെന്നു തീരുമാനിക്കൂ എന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പാവങ്ങളെ ദ്രോഹിക്കുന്ന സങ്കുചിതരാഷ്ട്രീയത്തിന്റെ ദിശയിലാണ് യുഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്ന് ഈ നീക്കം തെളിയിക്കുന്നു. എന്തടിസ്ഥാനത്തിലാണ് പദ്ധതി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയതെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണം. പദ്ധതി അട്ടിമറിക്കുന്നത് കേരളം അംഗീകരിക്കില്ല.

ഇന്ത്യകണ്ട ഏറ്റവും മാതൃകാപരമായ ജനക്ഷേമപദ്ധതിയാണ് ഇ എം എസിന്റെ പേരില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വിജയകരമായി നടപ്പാക്കിയത്. ഭവനരഹിതരില്ലാത്ത ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റാനുള്ള ഭാവനാപൂര്‍ണമായ പദ്ധതിയാണിത്. അഞ്ചുലക്ഷം വീട് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടത്. രണ്ടുവര്‍ഷംകൊണ്ട് മൂന്നുലക്ഷം വീട് നിര്‍മിച്ചു. ഗുണഭോക്താക്കളെ നിര്‍ണയിച്ചതില്‍ അപാകതയുണ്ട് എന്ന ആക്ഷേപത്തിലും കഴമ്പില്ല. ജനോപകാരപ്രദമായ ഒരു വന്‍ പദ്ധതി അട്ടിമറിച്ചുകൊണ്ടാകരുത് എല്‍ഡിഎഫിനെ എതിര്‍ക്കുന്നത്. പതിനൊന്നാം പദ്ധതിക്കാലത്താണ് പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കിയത്. ഇതിനു മുന്നോടിയായി ശാസ്ത്രീയപഠനത്തിലൂടെ അഞ്ചുലക്ഷം ഭവനരഹിത കുടുംബങ്ങള്‍ അവശേഷിക്കുന്നുണ്ടെന്നും അവരില്‍ 1.5 ലക്ഷം ഭൂരഹിതരാണെന്നും കണ്ടെത്തി. ഒപ്പം 4.5 ലക്ഷംവീടുകള്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും വിലയിരുത്തി. ആസൂത്രണ ബോര്‍ഡിന്റെ ടാസ്ക് ഫോഴ്സും മറ്റു പഠനങ്ങളും സമാനമായ വിവരങ്ങളാണ് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ നഗരസഭകളും പഞ്ചായത്തുകളും ഗുണഭോക്താക്കളുടെ ലിസ്റ്റ് ഗ്രാമസഭകളില്‍ പ്രസിദ്ധപ്പെടുത്തി അംഗീകരിച്ചു. ആക്ഷേപം കേള്‍ക്കാനും തീര്‍പ്പുകല്‍പ്പിക്കാനും കലക്ടര്‍മാര്‍ക്ക് ചുമതല നല്‍കിയിരുന്നു.

കേന്ദ്രസര്‍ക്കാരിന്റെ ഇന്ദിരാഗാന്ധി ആവാസ് യോജന പദ്ധതിയില്‍ ഭവനരഹിതര്‍ക്ക് വീട് വയ്ക്കാന്‍ 38,500 രൂപയാണ് സഹായധനം. ഇതില്‍ 25 ശതമാനം സംസ്ഥാനസര്‍ക്കാരിന്റെ വിഹിതമാണ്. എന്നാല്‍ , ഇ എം എസ് ഭവനപദ്ധതിയില്‍ പട്ടികവര്‍ഗക്കാര്‍ക്ക് 1.25 ലക്ഷം രൂപയും പട്ടികജാതിക്കാര്‍ക്ക് ഒരുലക്ഷംരൂപയും പൊതുവിഭാഗത്തിന് 75,000 രൂപയും സഹായധനമായി നല്‍കുന്നു. ഇതിനുപുറമെ, പല പ്രദേശങ്ങളിലും കായികാധ്വാനവും ശുചിത്വസംവിധാനവുമെല്ലാം സൗജന്യമായി നല്‍കി. രണ്ടുവര്‍ഷംകൊണ്ടുതന്നെ ഏകദേശം മൂന്നുലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കി. ശേഷിക്കുന്നവ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ സഹായം നല്‍കേണ്ട ചുമതലയാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. പകരം, പാവങ്ങള്‍ക്ക് സ്വന്തമായി ഒരു കൂര കിട്ടുന്നതിനെതിരായ നീക്കവുമായി മുന്നോട്ടുപോകാന്‍ പ്രബുദ്ധകേരളം യുഡിഎഫ് സര്‍ക്കാരിനെ അനുവദിക്കില്ലെന്ന് പിണറായി മുന്നറിയിപ്പ് നല്‍കി.

ദേശാഭിമാനി 180611

Wednesday, June 15, 2011

"മാര്‍ക്സിസം ഒരു പുനര്‍വായന"- ഇ എം എസ് സ്മൃതി: ദേശീയ സെമിനാര്‍ തൃശൂരില്‍

തൃശൂര്‍ : ഇ എം എസ് സ്മൃതിയുടെ ഭാഗമായി 16, 17 തീയതികളില്‍ തൃശൂരില്‍ ദേശീയ സെമിനാര്‍ നടത്തും. സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് സെമിനാറില്‍ പങ്കെടുക്കും. കോസ്റ്റ്ഫോര്‍ഡിന്റെ നേതൃത്വത്തില്‍ തൃശൂരിലെ വര്‍ഗബഹുജന-സാംസ്കാരിക സംഘടനകളുടെ കൂട്ടായ്മയിലാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. "മാര്‍ക്സിസം ഒരു പുനര്‍വായന" എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറിലെ ആശയങ്ങള്‍ ക്രോഡീകരിച്ച് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

"വര്‍ത്തമാനകാല ലോകത്തില്‍ മാര്‍ക്സിസം നേരിടുന്ന വെല്ലുവിളികള്‍" എന്ന വിഷയം വ്യാഴാഴ്ച രാവിലെ 9.30ന് സാഹിത്യ അക്കാദമി ഹാളില്‍ സിപിഐ എം ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് അവതരിപ്പിക്കും. പ്രൊഫ. ഐജാസ് അഹമ്മദ് പ്രബന്ധം അവതരിപ്പിക്കും. പ്രൊഫ. എം വി നാരായണന്‍ , എ വിജയരാഘവന്‍ , ഡോ. മീര വേലായുധന്‍ , ഡോ. ടി വി മധു എന്നിവര്‍ പങ്കെടുക്കും. സദസ്യരുടെ സംശയങ്ങള്‍ക്ക് പ്രകാശ് കാരാട്ട് മറുപടി പറയും.

ഉച്ചയ്ക്കു ശേഷം "സാമ്രാജ്യത്വം, സമകാലിക മുതലാളിത്തം, സോഷ്യലിസ്റ്റ് പുനര്‍വിഭാവനം" എന്ന വിഷയം പ്രൊഫ. പ്രഭാത് പട്നായിക് അവതരിപ്പിക്കും. ഡോ. തോമസ് ഐസക് സംസാരിക്കും.

വെള്ളിയാഴ്ച രാവിലെ 9.30ന് "വൈരുധ്യാത്മക ഭൗതികവാദവും ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങളും" എന്ന വിഷയം ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ അധ്യാപകന്‍ ഡോ. ടി ജയരാമന്‍ അവതരിപ്പിക്കും. ഡോ. എം പി പരമേശ്വരന്‍ , ഡോ. രാമചന്ദ്രന്‍ തെക്കേടത്ത്, പ്രൊഫ. സി രവീന്ദ്രനാഥ്, ഡോ. കെ എസ് ഡേവിഡ് എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളാകും.

ഉച്ചയ്ക്കുശേഷം നടക്കുന്ന സെഷനില്‍ എം എ ബേബി "ഇന്ത്യന്‍ സമൂഹത്തിലെ സാമൂഹിക-സാമ്പത്തിക-സാംസ്കാരികവൈരുധ്യങ്ങള്‍" എന്ന വിഷയം അവതരിപ്പിക്കും.

മൂന്നുറോളം പേര്‍ സ്ഥിരം പ്രതിനിധികളായി പങ്കെടുക്കും. താല്‍പ്പര്യമുള്ളവര്‍ക്ക് പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംഘാടകസമിതി ചെയര്‍മാനും സിപിഐ എം ജില്ലാ സെക്രട്ടറിയുമായ എ സി മൊയ്തീന്‍ , അക്കാദമിക് കമ്മിറ്റി ചെയര്‍മാന്‍ സി ഒ പൗലോസ്, സംഘാടകസമിതി ഭാരവാഹികളായ പ്രൊഫ. എം മുരളീധരന്‍ , ധനഞ്ജയന്‍ മച്ചിങ്ങല്‍ , വി കെ ഷറഫുദ്ദീന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ദേശാഭിമാനി 150611

Saturday, March 19, 2011

കരുണാകരനും കുടുംബത്തിനും തണലായി ഇ എം എസ് വീട്

കാഞ്ഞങ്ങാട്: ഇ എം എസ് ഭവനപദ്ധതിയില്‍ നിര്‍മിച്ച വീട്ടില്‍ ഇ എം എസ് ദിനത്തില്‍ ഗൃഹപ്രവേശം നടക്കും. കോടോം-ബേളൂര്‍ അട്ടേങ്ങാനം മൂരിക്കടയിലെ കര്‍ഷക തൊഴിലാളി കെ എ കരുണാകരനും കുടുംബവുമാണ് സമാനതകളില്ലാത്ത തീരുമാനമെടുത്ത് കമ്യൂണിസ്റ്റ് ആചാര്യന്റെ ഓര്‍മകളും എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളും നേഞ്ചേറ്റുന്നത്. അട്ടേങ്ങാനം വെളളച്ചാലിലെ തറവാട്ടുവീട്ടില്‍ ഭാര്യാസമേതം താമസിച്ചുവരവെ നാലരവര്‍ഷം മുമ്പാണ് കരുണാകരന്‍ പണിയെടുത്ത് മിച്ചം വെച്ച 45,000 രൂപ നല്‍കി 10 സെന്റ് ഭൂമി വാങ്ങിയത്. സ്വകാര്യ ബീഡിതൊഴിലാളിയായ ഭാര്യ ശാന്തകുമാരിക്കൊപ്പം രണ്ടുവര്‍ഷം മുമ്പ് ഇവിടെ ഷെഡുകെട്ടി സ്ഥിരതാമസമാക്കി. സ്വന്തമായി ഒരു വീട് നിര്‍മിക്കാന്‍ ഒരിക്കലും കഴിയില്ലെന്ന് കരുതി പറക്കമുറ്റാത്ത രണ്ട് മക്കള്‍ക്കൊപ്പമായിരുന്നു അടച്ചുറപ്പില്ലാത്ത ഷെഡിലെ താമസം.

ഇ എം എസ് ഭവന പദ്ധതിയാണ് കരുണാകരന്‍െയും ശാന്തകുമാരിയുടെയും മനസില്‍ അടച്ചുറപ്പുള്ള സ്വന്തം വീടെന്ന സ്വപ്നത്തിന് നിമിത്തമായത്. ഭവന രഹിതരെന്ന പരിഗണന നല്‍കി ഗുണഭോക്തൃ പട്ടികയില്‍ പഞ്ചായത്ത് പ്രഥമ പരിഗണന നല്‍കിയതോടെ ധനസഹായമായി 75,000 രൂപ ലഭിച്ചു. ഈ തുക ഉപയോഗിച്ച് 60 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള മനോഹരമായ കോക്രീറ്റ് വീട് വളരെപെട്ടെന്ന് നിര്‍മിക്കാനായി. സര്‍ക്കാര്‍ ഉത്തരവിലൂടെ ഇ എം എസ് ഭവന പദ്ധതിയുടെ വിസ്തൃതി വര്‍ധിപ്പിച്ചതോടെ വീടിന്റെ വലുപ്പം അല്‍പമൊന്ന് കൂട്ടി. രണ്ടും മുറികളും അടുക്കളയും ഹാളും വീടിനോട് ചേര്‍ന്ന് ബാത്ത്റൂമുമായപ്പോള്‍ നാലംഗങ്ങള്‍ മാത്രമുള്ള സന്തുഷ്ട കുടുംബത്തിനുള്ള സൌകര്യങ്ങളായി. സ്വന്തം കായികാധ്വാനത്തോടൊപ്പം സമ്പാദ്യവും വീടിനായി ചെലവഴിച്ചു. പണി പൂര്‍ത്തിയാകുന്നതോടെ 1.75 ലക്ഷം രൂപയാകുമെന്ന് കരുണാകരന്‍ പറഞ്ഞു. ഇ എം എസ് ഭവന പദ്ധതിയില്ലായിരുന്നെങ്കില്‍ ഇത്തരമൊരു വീട് ഞങ്ങളുടെ ജീവിതത്തില്‍ കെട്ടാന്‍ കഴിയുമായിരുന്നില്ല. ഇ എം എസിന്റെ പേരും ഫോട്ടോയുമുള്‍പ്പെട്ട സ്റ്റിക്കര്‍ പതിക്കുന്നതില്‍ ഞങ്ങള്‍ക്കഭിമാനമുണ്ട്. കരുണാകരനും ശാന്തകുമാരിയും ഒരേ സ്വരത്തില്‍ പറഞ്ഞു.

ദേശാഭിമാനി 190311

Wednesday, February 2, 2011

പതിനായിരങ്ങള്‍ക്ക് കിടപ്പാടം

തൃശൂര്‍: വികസനരംഗത്ത് എല്‍ഡിഎഫ് ഭരണത്തില്‍ ശ്രദ്ധേയമായ നേട്ടമുണ്ടായ മേഖലയാണ് ഭവനനിര്‍മാണം. എല്ലാവര്‍ക്കും ഒരു തുണ്ട് ഭൂമിയും കിടപ്പാടവും എന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ നിദര്‍ശനമായിരുന്നു. അഞ്ചു വര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കുന്നത് ഈ രംഗത്ത് അഭൂതപൂര്‍വമായ മുന്നേറ്റം സൃഷ്ടിച്ചുകൊണ്ടാണ്. കേരളം സമ്പൂര്‍ണ ഭവന സംസ്ഥാനമായി മാറുന്നതിന്റെ പടിവാതില്‍ക്കലാണ്. സ്വപ്നതുല്യമായ സാക്ഷാല്‍ക്കാരത്തിന്റെ അടയാളമായി ജില്ലയിലെ കൊടകര ആദ്യ സമ്പൂര്‍ണ ഭവന മണ്ഡലമായി. ഭൂപരിഷ്കരണത്തിനും കാര്‍ഷികബന്ധ നിയമത്തിനും ശേഷമുള്ള ഏറ്റവും വലിയ സാമൂഹ്യ വിപ്ളവമായി ഇതുമാറുകയാണ്. ആധുനിക കേരളത്തിന്റെ ശില്‍പ്പിയായ ഇ എം എസിന്റെ പേരില്‍ തുടങ്ങിയ സമ്പൂര്‍ണ ഭവന പദ്ധതിയാണ് ഇപ്പോള്‍ പൂര്‍ത്തിയാവുന്നത്. മൊത്തം നാലായിരം കോടി രൂപയുടേതാണ് പദ്ധതി.

കേരളത്തില്‍ അഞ്ചുലക്ഷം ഭവനരഹിത കുടുംബങ്ങളും ഒന്നരലക്ഷം ഭൂരഹിത ഭവനരഹിത കുടുംബങ്ങളും ഉണ്ടെന്നാണ് കണക്ക്. ഇതില്‍ രണ്ടുലക്ഷം കുടുംബങ്ങള്‍ക്ക് പതിനൊന്നാം പദ്ധതിയുടെ ആദ്യ രണ്ടുവര്‍ഷത്തില്‍ വിവിധ പദ്ധതികളില്‍ക്കൂടി വീടു നല്‍കിക്കഴിഞ്ഞു. ഒടുവില്‍ തദ്ദേശ സ്ഥാപനങ്ങള്‍ നടത്തിയ പരിശോധനകളില്‍ 3.75 ലക്ഷം ഭവനരഹിതരുടെയും 1.46 ലക്ഷം ഭൂരഹിതരുടെയും പട്ടിക തയ്യാറാക്കിയാണ് സമ്പൂര്‍ണ ഭവന പദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇ എം എസ് പദ്ധതി കൂടാതെ വീടൊന്നിന് 38,500 രൂപ സാമ്പത്തികസഹായം നല്‍കുന്ന ഇന്ദിര ആവാസ് യോജന പദ്ധതിയും വീടൊന്നിന് 75,000 രൂപ നല്‍കി, പഴയ ലക്ഷം വീട് പുനരുദ്ധരിക്കുന്ന എം എന്‍ ഭവന പദ്ധതിയും ജവഹര്‍ലാല്‍ നെഹ്റു നഗരപുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായുള്ള ബിഎസ്യുപി, ഐഎച്ച്എസ്ഡിപി പദ്ധതികളും ഇതോടൊപ്പം കേരളം പ്രയോജനപ്പെടുത്തുന്നുണ്ട്.

ഇ എം എസ് ഭവനപദ്ധതിയുടെ പ്രകാരം വീടുവയ്ക്കാന്‍ രണ്ടു സെന്റു ഭൂമിയെങ്കിലുമുള്ളവര്‍ക്ക് ആനുകൂല്യം ലഭിക്കും. ജനറല്‍ വിഭാഗത്തിന് 75,000 രൂപയും പട്ടിക ജാതിക്കാര്‍ക്ക് 1,00,000 രൂപയും പട്ടികവര്‍ഗക്കാര്‍ക്ക് 1,25,000 രൂപയും വീടുവയ്ക്കാന്‍ നല്‍കുന്നു. ഗുണഭോക്താക്കള്‍ സംഖ്യ തിരിച്ചടക്കേണ്ടതില്ല. ഈ മാര്‍ച്ചിനു മുമ്പുതന്നെ ലക്ഷ്യം പൂര്‍ത്തിയാക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു തദ്ദേശ സ്ഥാപനങ്ങള്‍. എന്നാല്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം യുഡിഎഫ് അധികാരത്തില്‍ വന്ന കേന്ദ്രങ്ങളില്‍ സമ്പൂര്‍ണ ഭവനപദ്ധതി അട്ടിമറിക്കും വിധമുള്ള അലംബാവം കാട്ടുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ജില്ലയില്‍ ഇ എം എസ് ഭവന പദ്ധതിയുടെ ഗുണഭോക്താക്കള്‍ 5983 പേരാണ്. ഇതില്‍ 3,000 ത്തോളം നിര്‍മാണം പൂര്‍ത്തിയായി ക്കഴിഞ്ഞു. മെത്തം 18,983 ഭവനരഹിതരാണ് ജില്ലയിലുള്ളത്. കൊടകര മണ്ഡലത്തില്‍ പുതുതായി 5000 വീടുകള്‍ നിര്‍മിച്ചുകൊടുത്താണ് സമ്പൂര്‍ണ ഭവന മണ്ഡലമായി പ്രഖ്യാപിച്ചത്.

സ്വന്തമായി സ്ഥലമുള്ളവര്‍ക്ക് വീടുവയ്ക്കാന്‍ സാമ്പത്തിക സഹായം നല്‍കുന്ന ഒന്നാംഘട്ടം പിന്നിടുന്നതോടെ റേഷന്‍കാര്‍ഡുള്ളവരും ഭൂമിയില്ലാത്തവരുമായവര്‍ക്ക് സ്ഥലവും വീടുവയ്ക്കാന്‍സഹായവും നല്‍കും. മൂന്നാംഘട്ടത്തില്‍ റേഷന്‍കാര്‍ഡും ഭൂമിയും ഇല്ലാത്തവര്‍ക്കും സ്വന്തമായി കിടപ്പാടം നല്‍കി അവരെ വീടിന്റെയും മണ്ണിന്റെയും അവകാശികളാക്കും. 430 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടിന് ചുരുങ്ങിയത് 150 തൊഴില്‍ദിനങ്ങളാണ് കണക്കാക്കുന്നത്. ആഗോളവല്‍ക്കരണത്തിന്റെയും സാമ്പത്തിക മാന്ദ്യത്തിന്റെയും കെടുതികള്‍ക്ക് എതിരായുള്ള ബദല്‍ സാമ്പത്തിക ചെറുത്തുനില്‍പ്പ് കൂടിയാണ് ഇത്തരം തൊഴില്‍ സംരംഭങ്ങള്‍.

വിജ്ഞാന്‍ സാഗറിന്റെ ചിറകരിയാന്‍ യുഡിഎഫ്

തൃശൂര്‍: ശാസ്ത്ര സാങ്കേതിക വൈജ്ഞാനികരംഗത്ത് ജില്ലയുടെ സ്വപ്നപദ്ധതിയായ വിജ്ഞാന്‍ സാഗര്‍ പദ്ധതി ഉപേക്ഷിക്കാന്‍ ജില്ലാ പഞ്ചയത്തിലെ യുഡിഎഫ് ഭരണസമിതിയുടെ ഗൂഢനീക്കം. വിദ്യാഭ്യാസരംഗത്ത് ഏറെ പ്രതീക്ഷയുണര്‍ത്തുന്ന പദ്ധതിയായ വിജ്ഞാന്‍ സാഗറിന് 2011-12 വര്‍ഷത്തെ പദ്ധതിയില്‍ തുക വകയിരുത്താത്ത യുഡിഎഫ് ഭരണസമിതിയുടെ തീരുമാനമാണ് പദ്ധതിയുടെ സാധ്യതക്ക് മങ്ങലേല്‍പ്പിച്ചിരിക്കുന്നത്. രാജ്യത്തിനുതന്നെ മാതൃകയായ പദ്ധതി എല്‍ഡിഎഫ് ഭരണസമിതി ആരംഭിച്ചുവെന്ന കാരണത്താലാണ് ഇപ്പോള്‍ അട്ടിമറിക്കുന്നത്. അതിവിപുലമായ ഈ ശാസ്ത്ര വൈജ്ഞാനിക മ്യൂസിയം സംസ്ഥാനത്തിന്റെ വിദ്യാഭ്യാസതലസ്ഥാനം എന്ന നിലയിലേക്കുയരുന്ന ജില്ലക്ക് മുതല്‍ക്കൂട്ടാകുമായിരുന്നു. ആരോഗ്യമേഖലയിലെ എല്ലാ ശാഖകളെയും ഉള്‍പ്പെടുത്തിയ കേരള ആരോഗ്യ സര്‍വകലാശാല, പുത്തൂരില്‍ ആരംഭിക്കുന്ന ലോകോത്തര കേന്ദ്രസര്‍വകലാശാല, സയന്‍സ് സിറ്റി എന്ന പേരില്‍ ഉന്നത ശാസ്ത്ര വിദ്യാഭ്യാസകേന്ദ്രം എന്നിവക്കൊപ്പം നാടിന്റെ അഭിമാനമായി ഉയരേണ്ട പദ്ധതിയാണ് യുഡിഎഫ് നേതൃത്വം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്.

20 കോടിയുടെ ബൃഹദ്പദ്ധതിയായ വിജ്ഞാന്‍സാഗര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി മ്യൂസിയം-പാര്‍ക്കിന്റെ ആദ്യഘട്ടത്തിന് തുടക്കമിടാനും കഴിഞ്ഞ എല്‍ഡിഎഫ് ഭരണസമിതിക്കായിരുന്നു. അറിവിന്റെ പുത്തന്‍ വാതായനങ്ങള്‍ തുറക്കാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്ന പദ്ധതിയില്‍ 89 ലക്ഷം രൂപയോളം ചെലവഴിച്ച് നിര്‍മിച്ച അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്കും തുറന്നു. കഴിഞ്ഞ ഓഗസ്ത് ഒന്നിന് സ്പീക്കര്‍ കെ രാധാകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്്. രാമവര്‍മപുരം ഡയറ്റിനു സമീപം സര്‍ക്കാര്‍ നല്‍കിയ പത്തേക്കര്‍ സ്ഥലത്താണ് വിജ്ഞാന്‍സാഗര്‍ പദ്ധതി നടപ്പാക്കുന്നത്. വിജ്ഞാന്‍സാഗറിന്റെ ഭാഗമായി വാനനിരീക്ഷണകേന്ദ്രം, ബട്ടര്‍ഫ്ളൈ ഗാര്‍ഡന്‍, എന്‍ഡേഞ്ചേഴ്സ് സ്പീഷീസ് ഗാര്‍ഡന്‍, ശാസ്ത്ര മ്യൂസിയം എന്നിവയാണ് അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്കില്‍ സജ്ജമാക്കുന്നത്.

ഇന്ത്യയില്‍ ആദ്യമായി ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഒരുങ്ങുന്ന വിജ്ഞാനകേന്ദ്രത്തിന്റെ സന്ദേശം വിദ്യാര്‍ഥികളിലെത്തിക്കാന്‍ മൊബൈല്‍ ഒബ്സര്‍വേറ്ററി സ്കൂളുകളിലെത്തിക്കും. പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ ആരംഭിക്കുന്നതിന് സ്ഥലം വാങ്ങാന്‍ നീക്കിവച്ച മൂന്നേമുക്കാല്‍ കോടി രൂപ വകമാറ്റി ചെലവഴിക്കാനുള്ള നീക്കവും സാംസ്കാരികപദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഏഴുലക്ഷം രൂപയോളം വകമാറ്റാനുള്ള ശ്രമവും കഴിഞ്ഞദിവസം ചേര്‍ന്ന ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് പിന്‍വലിക്കേണ്ടിവന്നു.

ദേശാഭിമാനി 020211

Saturday, October 16, 2010

കിടപ്പാടങ്ങള്‍ തീര്‍ക്കുമ്പോള്‍

ഒരു സര്‍ക്കാരിന്റെ നേട്ടം വിലയിരുത്തുന്നത്, എറ്റവും അര്‍ഹരായ ജനവിഭാഗങ്ങള്‍ക്ക് ആ സര്‍ക്കാരിനെക്കൊണ്ട് എന്തു പ്രയോജനമുണ്ടായി എന്ന് പരിശോധിച്ചാണ്. നാലരവര്‍ഷം തികയ്ക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന് അക്കാര്യത്തില്‍ അഭിമാനകരമായ പലതും ചൂണ്ടിക്കാണിക്കാനുണ്ട്. അതില്‍ ഏറ്റവും തിളങ്ങിനില്‍ക്കുന്നു പാവപ്പെട്ടവര്‍ക്ക് കിടപ്പാടം നിര്‍മിച്ചു നല്‍കുന്നതില്‍ ഉണ്ടായ പുരോഗതി.

എല്ലാ ഭവനരഹിത കുടുംബങ്ങള്‍ക്കും വീട് നല്‍കി കേരളത്തെ ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ ഭവന സംസ്ഥാനമാക്കാന്‍ ലക്ഷ്യമിട്ടാണ് പതിനൊന്നാം പദ്ധതിക്കാലത്ത് ഇ എം എസ് സമ്പൂര്‍ണ പദ്ധതി വിഭാവനംചെയ്തത്. ഭൂരഹിത ഭവനരഹിത കുടുംബങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കണമെന്നും തീരുമാനിച്ചു. ജനകീയാസൂത്രണത്തിന്റെ ഭാഗമായി ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് വീട് നിര്‍മിച്ചു കൊടുക്കുന്ന ഉത്തരവാദിത്തം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് ഏറ്റെടുത്തത്. ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് വീടുവയ്ക്കുന്നതില്‍ ഗണ്യമായ പുരോഗതി നേടാന്‍ അതിലൂടെ കഴിഞ്ഞു. തുടര്‍ന്നാണ് സമ്പൂര്‍ണ ഭവനപദ്ധതി എന്ന ലക്ഷ്യം പതിനൊന്നാം പദ്ധതിയില്‍ പൂര്‍ത്തീകരിക്കാനുള്ള തീരുമാനമുണ്ടായത്.

ഭവനരാഹിത്യം ഇന്ന് രാജ്യം നേരിടുന്ന സുപ്രധാന പ്രശ്നമാണ്. ഏറ്റവുമൊടുവിലത്തെ കാനേഷുമാരിയനുസരിച്ച് ഇന്ത്യയില്‍ 130 ലക്ഷം കുടുംബങ്ങള്‍ക്ക് കിടപ്പാടമില്ല. തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ ഒരുലക്ഷം കുടുംബങ്ങള്‍ വീടില്ലാത്തവരാണ്. കൊടിയ തണുപ്പിലും ചൂടിലും വെയിലിലും മഴയിലും കടത്തിണ്ണയിലും പുറമ്പോക്കിലും ജീവിക്കേണ്ടിവരുന്ന പട്ടിണിപ്പാവങ്ങളുടെ നാട് എന്ന വിശേഷണം ഇന്നും ഇന്ത്യയ്ക്കുമേലുണ്ട്. അത്തരമൊരു രാജ്യത്ത്, എല്ലാവര്‍ക്കും വീട് എന്നത് ഒരു സ്വപ്നം മാത്രമായേ കണക്കാക്കാനാവൂ. ആ സ്വപ്നമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള ഇടപെടലിലൂടെ കേരളത്തില്‍ യാഥാര്‍ഥ്യമാകുന്നത്.

2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വച്ച പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്ന് പാര്‍പ്പിടം സംബന്ധിച്ചുള്ളതാണ്. അതാകട്ടെ, ഇടതുപക്ഷം നേതൃത്വം നല്‍കിയ സര്‍ക്കാരുകള്‍ ഭൂപരിഷ്കരണം മുതലിങ്ങോട്ട് നടപ്പാക്കിയ നയസമീപനത്തിന്റെ തുടര്‍ച്ചയുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ നല്‍കിയ കൂട്ടത്തിലാണ് ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് വീടു നല്‍കുന്നതിനുള്ള ചുമതലയും ഏല്‍പ്പിച്ചത്. ഇതിന്റെ ഫലമായി ഭവന നിര്‍മാണ മേഖലയില്‍ അഭൂതപൂര്‍വമായ വളര്‍ച്ചയുണ്ടായി. ഒമ്പതാം പദ്ധതിക്കാലത്ത് 5.5 ലക്ഷവും 10-ാം പദ്ധതിക്കാലത്ത് 3 ലക്ഷവും വീടുകള്‍ ദുര്‍ബല ജനവിഭാഗങ്ങള്‍ക്കു നിര്‍മിച്ചു നല്‍കുകി. പതിനൊന്നാം പദ്ധതിയില്‍ ലക്ഷ്യം സമ്പൂര്‍ണ ഭവനപദ്ധതി യായി.

സംസ്ഥാനത്ത് അഞ്ചു ലക്ഷം ഭവനരഹിത കുടുംബങ്ങളുണ്ടെന്നും അതില്‍ 1.5 ലക്ഷം ഭൂരഹിത കുടുംബങ്ങളാണെന്നുമാണ് സ്ഥിതിവിവരക്കണക്കുകളില്‍ വ്യക്തമായത്. അത്രയും കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചുനല്‍കിയാല്‍ കേരളം ഭവനരഹിതരില്ലാത്ത സംസ്ഥാനമാകും എന്ന ചിന്തയാണ് ഇ എം എസ് സമ്പൂര്‍ണ ഭവനപദ്ധതിക്ക് അടിസ്ഥാനമായത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ആഭിമുഖ്യത്തിലുള്ള വിവിധ ഭവനപദ്ധതികളെയടക്കം പ്രയോജനപ്പെടുത്തിയാണ് ഇ എംഎസ് ഭവനപദ്ധതി മുന്നേറുന്നത്. 5000 കോടിയിലേറെ ചെലവു വരുന്നതാണ് ഇ എം എസ് സമ്പൂര്‍ണ ഭവനപദ്ധതി. തദ്ദേശഭരണ സ്ഥാപനങ്ങള്‍ സഹകരണ ബാങ്കുകളില്‍ നിന്നെടുക്കുന്ന വായ്പകളാണ് ഇതിന്റെ മുഖ്യ സ്രോതസ്സ്. 10 വര്‍ഷംകൊണ്ടു തിരിച്ചടയ്ക്കുന്ന ഈ വായ്പയുടെ പലിശ സംസ്ഥാന സര്‍ക്കാരാണ് നല്‍കുക. പൊതുജനങ്ങളുടെയും ഉദാരമതികളായ വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയില്‍നിന്നുമുള്ള സംഭാവന സ്വീകരിക്കാന്‍ ഇഎം എസ് ഭവനനിധി രൂപീകരിച്ചിട്ടുണ്ട്. പഞ്ചായത്തുതലത്തിലും ഇത്തരത്തില്‍ സംഭാവന സ്വീകരിക്കാനുള്ള സംവിധാനമുണ്ട്. നിരവധി പഞ്ചായത്തുകളില്‍ നടന്ന ജനകീയ സംഗമങ്ങള്‍ ആവേശകരമായ അനുഭവങ്ങളായി. പണമായും നിര്‍മാണ വസ്തുക്കളായും സംഭാവന നല്‍കാന്‍ കക്ഷി-ജാതി-മത ഭേദമില്ലാതെ ജനങ്ങള്‍ തയ്യാറാവുന്നതിന്റെ റിപ്പോര്‍ട്ടുകളാണ് ജനകീയ സംഗമങ്ങളില്‍നിന്നു ലഭിച്ചത്. ഒരു ദിവസത്തെ ശമ്പളം ഇ എം എസ് സമ്പൂര്‍ണ ഭവനപദ്ധതിക്കു സംഭാവനചെയ്യാന്‍ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുമെടുത്ത തീരുമാനം പൊതുസമൂഹത്തില്‍നിന്ന് പദ്ധതിക്കു ലഭിക്കുന്ന പിന്തുണയ്ക്ക് തെളിവാണ്.

ഭവനരഹിത കുടുംബത്തിന് വീട് ലഭ്യമാക്കുക എന്നത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ് എന്ന ബോധ്യത്തിന്റെ പിന്‍ബലത്തിലാണ് സമ്പൂര്‍ണ ഭവനപദ്ധതി ജനകീയ പദ്ധതിയാകുന്നത്. അനുയോജ്യമായ പ്ളാന്‍ തെരഞ്ഞെടുക്കാന്‍, സ്കെച്ച് തയ്യാറാക്കാന്‍,രജിസ്റര്‍ ചെയ്യേണ്ട രേഖകള്‍ തയ്യാറാക്കാന്‍, ഒറ്റ ദിവസംകൊണ്ട് പെര്‍മിറ്റ് ലഭ്യമാക്കാന്‍ എല്ലാംതന്നെ നിര്‍വഹണ ഉദ്യോഗസ്ഥരും വിവിധ സാങ്കേതിക മേഖലകളിലെ പ്രവര്‍ത്തകരുടെ സംഘടനകളും നല്‍കുന്ന സന്നദ്ധ സേവനം പഴയ കാലത്തെ സാക്ഷരതാ പ്രവര്‍ത്തനത്തെ ഓര്‍മിപ്പിക്കുന്നു. ലഭ്യമായ അവസരം പരമാവധി പ്രയോജനപ്പെടുത്താന്‍ വേണ്ട ആവേശവും ആത്മധൈര്യവും ഗുണഭോക്താക്കള്‍ക്കു നല്‍കാന്‍ കഴിയുന്നുണ്ട്. അര്‍ഹരായ മുഴുവന്‍ ഭവനരഹിത കുടുംബങ്ങള്‍ക്കും വീടു നല്‍കുക എന്ന ദൌത്യം ലക്ഷ്യത്തോടടുക്കുകയാണ്. ഭവനരഹിത കുടുംബങ്ങളുടെ പൂര്‍ണമായ ലിസ്റ് തയ്യാറാക്കി ഐഎവൈ പദ്ധതിയുടെയും എം എന്‍ ലക്ഷം വീട് പുനരുദ്ധാരണ പദ്ധതിയുടെയും സാധ്യതകള്‍കൂടി ഉപയോഗപ്പെടുത്തി എല്ലാവര്‍ക്കും വീടു നല്‍കുകയാണ്.

2010 ആഗസ്ത് അവസാനത്തെ കണക്കുകളനുസരിച്ച് 2007 ഏപ്രില്‍ മുതല്‍ക്കുള്ള പതിനൊന്നാം പദ്ധതിക്കാലത്ത് ഇതുവരെ 3.14 ലക്ഷം വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. 1.29 ലക്ഷം വീടുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. തദ്ദേശഭരണ സ്ഥാപനങ്ങള്‍ പദ്ധതിവിഹിതത്തില്‍നിന്ന് 1669 കോടി രൂപ ആദ്യ മൂന്നു വര്‍ഷങ്ങളില്‍ ചെലവഴിച്ചു. സഹകരണ ബാങ്കുകളില്‍നിന്ന് 1889 കോടി രൂപയാണ് വായ്പയെടുക്കുന്നത്. ഇവ രണ്ടും ചേര്‍ന്ന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ 3558 കോടി രൂപയാണ് ചെലവഴിച്ചത്. ഇതിനുപുറമെ ഐഎവൈ, ലക്ഷം വീട്, ഭവനശ്രീ തുടങ്ങിയ കേന്ദ്ര-സംസ്ഥാന പദ്ധതികള്‍ക്കായി 760 കോടി രൂപയും ചെലവഴിച്ചു. നിര്‍മാണത്തിലിരിക്കുന്ന വീടുകളുടെ പൂര്‍ത്തീകരണവും അവശേഷിക്കുന്ന ഭവനരഹിത കുടുംബങ്ങള്‍ക്കുകൂടി വീടു നല്‍കുന്ന പ്രവര്‍ത്തനവും ലക്ഷ്യമിട്ട പ്രകാരംതന്നെ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന പൂര്‍ണവിശ്വാസമാണ് തദ്ദേശ സ്വയംഭരണ മന്ത്രി പാലോളി മുഹമ്മദ് കുട്ടി കഴിഞ്ഞ ദിവസം പ്രകടിപ്പിച്ചത്.

എല്‍ഡിഎഫ് ഗവമെന്റിന്റെ ചരിത്ര നേട്ടമാണിത്. മറ്റൊരു സര്‍ക്കാരിനും കഴിയാത്തതാണ്. പഞ്ചായത്ത്-നഗരസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ജനങ്ങളുടെ മുന്നില്‍ തലയുയര്‍ത്തിപ്പിടിച്ചു ചൂണ്ടിക്കാണിക്കാനാവുന്നതാണിത്.

ദേശാഭിമാനി മുഖപ്രസംഗം

Tuesday, October 5, 2010

തലചായ്ക്കാനൊരിടം: സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാവുന്നു

കാല്‍നൂറ്റാണ്ടിനു മുമ്പാണ് അന്തിചായാന്‍ ഒരിടം ലഭിക്കുക എന്നത് ഒരു മനുഷ്യാവകാശമായി ഐക്യരാഷ്ട്രസഭ അംഗീകരിച്ചത്. ഈ അവകാശത്തെക്കുറിച്ച് മാനവരാശിയെ ഓര്‍മ്മപ്പെടുത്തുന്നതിനായി അന്താരാഷ്ട്ര പാര്‍പ്പിടദിനം വിവിധങ്ങളായ പരിപാടികളോടെ ഒരു കേന്ദ്ര മുദ്രാവാക്യത്തെ ആധാരമാക്കി ലോകമെങ്ങും ആചരിക്കുന്നതിനും ഐക്യരാഷ്ട്രസഭയുടെ പാര്‍പ്പിട വിഭാഗം തീരുമാനിച്ചു. ഇത്തവണത്തെ പാര്‍പ്പിടദിന മുദ്രാവാക്യം മികച്ച നഗരം മികവുറ്റ ജീവിതം (Better city Better life) എന്നുളളതാണ്.

ഒക്‌ടോബര്‍ മാസത്തെ ആദ്യത്തെ തിങ്കളാഴ്ചയാണ് അന്താരാഷ്ട്ര പാര്‍പ്പിട ദിനമായി ആചരിക്കപ്പെടുന്നത്. കഴിഞ്ഞ ഒന്നര ദശാബ്ദങ്ങളായി നഗരങ്ങളുടെ സുസ്ഥിരവികസനവും സുരക്ഷിതത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഐക്യരാഷ്ട്രസഭ പാര്‍പ്പിടദിന മുദ്രാവാക്യമായി സ്വീകരിച്ചുപോരുന്നത്. ലോകജനസംഖ്യയുടെ 50 ശതമാനം ഇപ്പോള്‍ താമസിക്കുന്നത്് നഗരങ്ങളിലും പട്ടണങ്ങളിലുമാണ് എന്ന വസ്തുതയാണ് അത്തരം മുദ്രാവാക്യങ്ങള്‍ തെരഞ്ഞെടുക്കാന്‍ ഐക്യരാഷ്ട്രസഭയെ പ്രേരിപ്പിക്കുന്നത്. 2030-ഓടെ ഇത് മൂന്നില്‍രണ്ടായി വര്‍ദ്ധിക്കുമെന്നും കണക്കാക്കപ്പെടുന്നു. നഗരങ്ങളിലെ ആവാസ സംവിധാനം ആധുനിക സമൂഹത്തിന്റെ പ്രധാനപ്പെട്ട വേവലാതികളിലൊന്നായി മാറിയിരിക്കുന്നു. അടിസ്ഥാന അവകാശങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടപ്രശ്‌നങ്ങള്‍, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയവയുടെ അഭാവം നിമിത്തം നരകതുല്യമാകന്നു ജനലക്ഷങ്ങളുടെ ജീവിതത്തിന്റെ പ്രശ്‌നങ്ങള്‍, നഗരജീവിതത്തെയാകമാനം ബാധിക്കുന്ന മലിനീകരണവും ക്രിമിനല്‍ സംസ്‌കാരവും എന്നിങ്ങനെ നഗരവത്ക്കരണത്തിന്റെ അനിവാര്യമായ ദുരന്തങ്ങള്‍ സമൂഹത്തിലെ പാര്‍ശ്വവത്കൃതരും ദുര്‍ബലരുമായ ജനവിഭാഗത്തെയാണ് കൂടുതല്‍ ബാധിക്കുന്നത്. കുടിവെളളം, ശുചിത്വം, ആരോഗ്യസംരക്ഷണം എന്നിങ്ങനെ മൂന്നാം ലോകരാജ്യങ്ങളിലെ സാമൂഹ്യപ്രശ്‌നങ്ങള്‍ കൂടുതലും ബാധിക്കുന്നത് നഗരങ്ങളെയാണ്. നമ്മുടെ ഭൂമി അഭിമുഖീകരിക്കുന്ന ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും നഗരങ്ങളെയാണ് ഏറ്റവും ആദ്യം ആക്രമിക്കുക. ഗ്രാമങ്ങള്‍ അതിവേഗം നഗരങ്ങളായിക്കൊണ്ടിരിക്കുകയാണ്. നമുക്ക് ഇഷ്ടമായാലും ഇല്ലെങ്കിലും ജീവിതസൗകര്യങ്ങളോടുളള മനുഷ്യന്റെ ആഭിമുഖ്യം ഈ നഗരവത്ക്കരണ പ്രക്രിയയ്ക്ക് ആക്കം കൂട്ടുകതന്നെ ചെയ്യും. സുസ്ഥിരമായ  വികസനത്തെ സഹായിക്കുകയും ധനിക-ദരിദ്ര അന്തരം ഭയാനകമായ ഒരു സാമൂഹ്യവിപത്താകാതെ സൂക്ഷിക്കുകയും ചെയ്യുക, വികസനം, പ്രകൃതിയ്ക്ക് മാരകമായ മുറിവുകളേല്‍പിച്ചുകൊണ്ടാവരുത് എന്ന് ഉറപ്പുവരുത്തുക എന്നിവയെല്ലാമാണ് ഗവണ്‍മെന്റുകളടക്കം വ്യവസ്ഥാപിത സ്ഥാപനങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത്.

നഗര ജീവിതത്തിന്റെ നിലവാരം വര്‍ദ്ധിപ്പിക്കുക, മനുഷ്യവിഭവത്തില്‍ മുതല്‍ മുടക്കുക, സുസ്ഥിരമായ സാമ്പത്തികാവസരങ്ങള്‍ വികസിപ്പിക്കുക, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയെ ഭരണസംവിധാനത്തിലും സാംസ്‌കാരിക ധാരയിലും ബോധപൂര്‍വ്വം പങ്കാളികളാക്കുക തുടങ്ങിയ നടപടികള്‍ ഇത്തവണത്തെ പാര്‍പ്പിടദിനാചരണത്തിന്റെ ഭാഗമായി പ്രാദേശിക സര്‍ക്കാരുകള്‍ ശ്രദ്ധിക്കേണ്ട ചിലവിഷയങ്ങള്‍ എന്ന നിലയില്‍ ഐക്യരാഷ്ട്രസഭ മുന്നോട്ട് വെയ്ക്കുന്നുണ്ട്. എങ്കില്‍പോലും ചേരികളിലും തെരുവുകളിലും മനുഷ്യോചിതമല്ലാത്ത സാഹചര്യങ്ങളില്‍ രാപ്പാര്‍ക്കാന്‍ വിധിക്കപ്പെട്ടവരുടെ കൂരയുടെ പ്രശ്‌നം തന്നെയാണ് പാര്‍പ്പിട ദിനചിന്തയിലെ മുഖ്യഘടകം. 1985-ലാണ് ഐക്യരാഷ്ട്രസഭ പാര്‍പ്പിടദിനം ആചരിക്കാന്‍ തീരുമാനിച്ചത്. 1986-ലെ പാര്‍പ്പിടദിന മുദ്രാവാക്യം 'പാര്‍പ്പിടം എന്റെ അവകാശമാണ്' എന്നതായിരുന്നു.

പാര്‍പ്പിടദാരിദ്ര്യം പരിഹരിക്കുന്നതിന് കേരളം കൈകൊണ്ടിട്ടുളള വിവിധങ്ങളായ പരിഹാര സംരംഭങ്ങള്‍ കേരളത്തിലെ മുഴുവന്‍ ദരിദ്ര കുടുംബങ്ങള്‍ക്കും വീട് വെച്ചുനല്‍കുന്നതിനായുളള ഇ എം എസ് ഭവനപദ്ധതിയില്‍ എത്തിനില്‍ക്കുകയാണിപ്പോള്‍. നമുക്കറിയാവുന്നതുപോലെ, േകരളത്തിലെ പാവപ്പെട്ടവരുടെ പാര്‍പ്പിടപ്രശ്‌നം പരിഹരിക്കുന്നതിനുളള സര്‍ക്കാര്‍ശ്രമങ്ങളുടെ സുപ്രധാനമായ വഴിത്തിരിവും നാഴികക്കല്ലും 1971-ല്‍ ആരംഭിച്ച 'ലക്ഷംവീട് പദ്ധതി'യാണ്. ദേശവ്യാപകമായി മൂന്ന് പഞ്ചവത്സര പദ്ധതികളിലും കൂടി ആകെ നിര്‍മ്മിച്ചുനല്‍കിയത് 4 ലക്ഷം ഭവനങ്ങള്‍ മാത്രമായിരുന്നു. കേരളത്തിലും ആയിരത്തില്‍താഴെ വീടുകള്‍ മാത്രമെ സര്‍ക്കാര്‍ മുന്‍കൈയില്‍ അതുവരെ നിര്‍മ്മിച്ചുനല്‍കിയിരുന്നുളളു. അപ്പോഴാണ് കാല്പനികമെന്ന് വിശേഷിപ്പിക്കപ്പെട്ട ലക്ഷ്യബോധത്തോടെ കേരളത്തില്‍ ഒരു ലക്ഷം വീടുകള്‍ നിര്‍മ്മിച്ചുനല്‍കാന്‍ അന്നത്തെ ഭവനമന്ത്രിയായിരുന്നó സഖാവ് എം എന്‍ ഗോവിന്ദന്‍നായര്‍ ബൃഹത്പദ്ധതി തയ്യാറാക്കി ലോകത്തിനുതന്നെ  മാതൃകയായത്.

കേന്ദ്രസര്‍ക്കാര്‍, സംസ്ഥാനസര്‍ക്കാര്‍, പഞ്ചായത്തുകള്‍. സര്‍ക്കാര്‍ ജീവനക്കാര്‍, സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍, അധ്യാപകര്‍, സഹകരണസ്ഥാപനങ്ങള്‍ എന്നിങ്ങനെ സമസ്ത മേഖലകളെയും ജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ലക്ഷംവീട് പദ്ധതി വിജയിപ്പിച്ചത്. സ. എം എന്‍ ഗോവിന്ദന്‍നായരുടെ ജന്മശതാബ്ദി വര്‍ഷമായ 2010-ലെ പാര്‍പ്പിട ദിനാചരണവേളയില്‍ ആ മഹാനായ മനുഷ്യസ്‌നേഹിയെ നമുക്ക് നന്ദിപൂര്‍വ്വം സ്മരിക്കാം. ഇന്നിപ്പോള്‍ ദശാബ്ദങ്ങള്‍ക്ക് ശേഷം ലക്ഷംവീടുകള്‍ മിക്കതും ജീര്‍ണ്ണാവസ്ഥയിലാണ്. സമയബന്ധിതമായി മുഴുവന്‍ വീടുകളും പുനര്‍നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

ദാരിദ്ര്യരേഖയ്ക്ക് താഴെയുളള മുഴുവന്‍ കുടുംബങ്ങള്‍ക്കും വീടു നിര്‍മ്മിച്ചുകൊടുക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ രൂപംകൊടുത്ത ഇ എം എസ് ഭവനപദ്ധതി, ഭവനദാരിദ്ര്യം ഉന്മൂലനം ചെയ്യുന്നതിന് വേണ്ടി സര്‍ക്കാര്‍ രൂപംകൊടുത്ത പദ്ധതികളിലെ മറ്റൊരു നാഴികക്കല്ലാണ്. മൂന്നേമുക്കാല്‍ ലക്ഷം വരുന്ന ഭവനരഹിത കുടുംബങ്ങളുടേയും 1.46 ലക്ഷം വരുന്ന ഭവനരഹിത, ഭൂരഹിത കുടുംബങ്ങളുടേയും പാര്‍പ്പിട സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുളള പദ്ധതിയാണിത്. ഇന്ദിര ആവാസ്‌യോജനപോലുളള കേന്ദ്രസര്‍ക്കാര്‍ പദ്ധതികളും എം എന്‍ ലക്ഷംവീട് പുനര്‍നിര്‍മ്മാണ പദ്ധതിപോലുളള സംസ്ഥാനപദ്ധതികളും എല്ലാം ഈ സമ്പൂര്‍ണ്ണ ഭവനപദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് ഉപയോഗെപ്പടുത്തുന്നുണ്ട്.

എം എന്‍ ലക്ഷംവീട് പുനര്‍നിര്‍മ്മാണപദ്ധതിയും ഇ എം എസ് ഭവനപദ്ധതിയും നടപ്പിലാക്കുന്നത് സര്‍ക്കാരിന്റെയോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയോ ഫണ്ട് മാത്രം ആശ്രയിച്ചുകൊണ്ടല്ല. ലക്ഷംവീട് പദ്ധതിയില്‍ ചെയ്തതുപോലെ സാമൂഹ്യമായ പങ്കാളിത്തം അനിവാര്യമായും ഉറപ്പുവരുത്തുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. തൊഴിലുറപ്പു പദ്ധതിപോലുളള സംവിധാനങ്ങളെയും പരമാവധി പ്രയോജനപ്പെടുത്താനും ഗവണ്‍മെന്റ് തീരുമാനിച്ചിട്ടുണ്ട്. നേരിട്ട് വീടു നിര്‍മ്മിച്ചു നല്‍കുന്നതില്‍ മാത്രമല്ല ഗവണ്‍മെന്റ് ശ്രദ്ധകേന്ദ്രീകരിച്ചത്. പാവപ്പെട്ടവരുടെ ഭവനനിര്‍മ്മാണവുമായി ബന്ധപ്പെട്ട പരോക്ഷ പരിപാടികളും ഭവനദാരിദ്ര്യം ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിത്തന്നെയായിരുന്നു. ദുര്‍ബലവിഭാഗക്കാരുടെ 15 വ്യത്യസ്ത പദ്ധതികളില്‍പ്പെട്ട ഭവനനിര്‍മ്മാണ വായ്പ പൂര്‍ണ്ണമായും എഴുതിത്തളളി 41500 കുടുംബങ്ങള്‍ക്ക് ഈ സര്‍ക്കാര്‍ ഒരു താങ്ങായി മാറി. 183 കോടി രൂപയാണ് ഇങ്ങനെ എഴുതിത്തളളിയത്.

ഭവനനര്‍മ്മാണരംഗത്തെ ചെലവു കുറയ്ക്കാന്‍ ഉദ്ദേശിച്ചുകൊണ്ടാണ് സിമന്റും കമ്പിയും മണലും ദാരിദ്ര്യരേഖയ്ക്ക് താഴെയുളളവര്‍ക്ക് മാര്‍ജിന്‍ഫ്രീ ആയി നല്‍കുന്ന 'കലവറ'കള്‍ ഈ ഗവണ്‍മെന്റ് ആരംഭിച്ചത്. കലവറകള്‍ വമ്പിച്ചതോതില്‍ ജനങ്ങള്‍ ഉപയോഗപ്പെടുത്തുന്നുവെന്ന് അവകാശവാദമുന്നയിക്കാനാവില്ലെങ്കിലും നിര്‍മ്മാണ സാമഗ്രികളുടെ മാര്‍ക്കറ്റ് വില കുത്തനെ ഉയരാതെ പിടിച്ചുനിര്‍ത്താന്‍ ഒരളവുവരെ അവയ്ക്കു കഴിയുന്നുണ്ട്.

നിര്‍മ്മാണരംഗത്ത് പരിസ്ഥിതിക്ക് ഇണങ്ങുന്നതും ചെലവു കുറഞ്ഞതുമായ നിര്‍മ്മാണ സാങ്കേതികവിദ്യയുടെ പ്രചരണം ലക്ഷ്യം വെച്ചുകൊണ്ടുളള നിരവധി പരിശീലന പരിപാടികള്‍ നിര്‍മ്മിതികേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയിട്ടുണ്ട്. ഈ രംഗത്ത് അന്താരാഷ്ട്ര നിലവാരത്തിലുളള ഒരു ഗവേഷണ സ്ഥാപനം - ലാറിബേക്കറുടെ സ്മരണ നിലനിര്‍ത്തുന്നതിനായി രൂപം നല്‍കിയിട്ടുളള ലാറിബേക്കര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ഹാബിറ്റാറ്റ് സ്റ്റഡീസ് LaBISHaS  തുടങ്ങുന്നതിനും കേരള സര്‍ക്കാരിന് കഴിഞ്ഞു.

നഗരപ്രദേശങ്ങളില്‍ ജോലിചെയ്യുകയും നഗരാതിര്‍ത്തിക്കുപുറത്ത് വളരെ ദൂരെ താമസിക്കേണ്ടിവരികയും ചെയ്യുന്ന പാവപ്പെട്ട തൊഴിലാളികള്‍ക്കു വേണ്ടി  അത്താണി എന്നപേരില്‍ തുച്ഛമായ വാടകയ്ക്ക് ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന അത്താണി പദ്ധതി മാതൃകാപരമായ ഒന്നാണ്. നിര്‍മ്മിക്കുന്ന ഫ്‌ളാറ്റുകളുടെ മൂന്നിലൊന്ന് സ്ത്രീകള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു എന്ന ഒരു പ്രത്യേകതയും 'അത്താണി'ക്കുണ്ട്. തിരുവനന്തപുരത്ത് പൂജപ്പുരയിലും എറണാകുളത്ത് തൃക്കാക്കരയിലും ഇതിന്റെ ആദ്യഘട്ടം ആരംഭിച്ചുകഴിഞ്ഞു.

പാര്‍പ്പിടരംഗത്ത് കാതലായ പദ്ധതികള്‍ കൊണ്ടുവരാന്‍ കഴിഞ്ഞു എന്നതില്‍ അന്താരാഷ്ട്ര പാര്‍പ്പിടദിനം ആചരിക്കുന്ന ഈ വേളയില്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന് അഭിമാനമുണ്ട്

ബിനോയ് വിശ്വം ജനയുഗം 04102010

Tuesday, September 21, 2010

വീട് ഇവിടെ സ്വപ്നമല്ല; സാമൂഹ്യ ദൌത്യം

സ്വന്തമായി ഒരുതുണ്ടുഭൂമിയെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കിയ ഭൂപരിഷ്കരണത്തിന്റെ അനിവാര്യമായ തുടര്‍ച്ചയാവുകയാണ് ഇ എം എസ് സമ്പൂര്‍ണ ഭവനപദ്ധതി. ഭൂമിയുണ്ടായിട്ടും തലചായ്ക്കാന്‍ ഒരിടം ഇല്ലാതെ ജീവിതം തള്ളിനീക്കുന്നവര്‍ക്ക് സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും കൈത്താങ്ങിലൂടെ സ്വന്തമായി ഒരു വീട്.

പതിനൊന്നാംപദ്ധതിയില്‍ 2009ല്‍ തുടക്കംകുറിച്ച ഇ എം എസ് ഭവനപദ്ധതിയില്‍ അപേക്ഷകരായത് അഞ്ചുലക്ഷംപേര്‍. വീടിന് അപേക്ഷയുമായി ഓടിനടക്കുന്ന പതിവുകാഴ്ച ഇവിടെയില്ല. പകരം നമ്മുടെ നാട്ടില്‍ എല്ലാവര്‍ക്കും ഒരു കിടപ്പാടം ഒരുക്കാന്‍ വീടില്ലാത്തവരെത്തേടി പഞ്ചായത്തും ഉദ്യോഗസ്ഥരും എത്തുകയാണിന്ന്. ഒമ്പതാം പദ്ധതിക്കാലത്ത് 5.5 ലക്ഷവും പത്താം പദ്ധതിക്കാലത്ത് മൂന്നു ലക്ഷവും വീടുകള്‍ നിര്‍മിച്ചു നല്‍കിയതിന്റെ തുടര്‍ച്ചയായി സംസ്ഥാനത്തെ മുഴുവന്‍ ഭവനരഹിതരെയും കണ്ടെത്തി വീടു നിര്‍മിച്ചു നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇ എംഎസ് ഭവനപദ്ധതി ജനങ്ങളിലേക്കെത്തുന്നത്. കണക്കെടുപ്പില്‍ ലഭിച്ച അപേക്ഷകളില്‍ 5.21 ലക്ഷം പേര്‍ ഭൂമിയുള്ള ഭവനരഹിതരാണ്. 1.46 ലക്ഷം പേരാണ് ഭൂമിപോലും ഇല്ലാത്ത ഭവനരഹിതര്‍. ഭൂമിയുള്ള ഭവനരഹിതര്‍ക്ക് വീടും ഭൂമിയില്ലാത്ത ഭവനരഹിതര്‍ക്ക് ഭൂമി കണ്ടെത്തി വീടും വച്ചുനല്‍കലും പൂര്‍ത്തിയാവുന്നതോടെ കേരളം ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ ഭവനസംസ്ഥാനമായി മാറും.

2011 മാര്‍ച്ചിനുമുന്‍പ് മുഴുവന്‍ അപേക്ഷകര്‍ക്കും വീടുവച്ചുനല്‍കി പദ്ധതി വിജയത്തിലെത്തിക്കുകയാണ് ലക്ഷ്യം. പഞ്ചായത്ത് നല്‍കിയ ഗുണഭോക്തൃലിസ്റ്റിന്റെയും ഉദ്യോഗസ്ഥര്‍ നടത്തിയ സര്‍വേയുടെയും അടിസ്ഥാനത്തില്‍ തികച്ചും അര്‍ഹരായ അപേക്ഷകരെ കണ്ടെത്തുകയായിരുന്നു പദ്ധതിയുടെ ആദ്യഘട്ടം. നാലുഘട്ടമായാണ് പദ്ധതിക്ക് പണം അനുവദിക്കുന്നത്. 440 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന വീടുകള്‍ക്ക് പട്ടികവര്‍ഗത്തിന് 1.25 ലക്ഷവും പട്ടികജാതിക്ക് ഒരു ലക്ഷവും പൊതുവിഭാഗത്തിന് 75,000 രൂപയുമാണ് ധനസഹായം. ഭൂരഹിതര്‍ക്ക് പഞ്ചായത്ത് കൂടി മുന്‍കൈയെടുത്ത് ഭൂമി വാങ്ങി വീടുവച്ചുനല്‍കും. വീടുനിര്‍മിക്കാന്‍ ഉദ്ദേശിച്ച് പഞ്ചായത്തിന് ഭൂമിവാങ്ങുന്നതിന് എത്ര പണവും വിനിയോഗിക്കാം. പദ്ധതിക്ക് 5000 കോടി രൂപയാണ് ചെലവ്. തദ്ദേശഭരണസ്ഥാപനങ്ങള്‍ സഹകരണസംഘങ്ങളില്‍നിന്ന് എടുക്കുന്ന വായ്പയാണ് പണത്തിന്റെ മുഖ്യസ്രോതസ്സ്. ആദ്യഘട്ടത്തില്‍ പദ്ധതിക്കായി തദ്ദേശസ്ഥാപനങ്ങള്‍ എടുക്കുന്ന വായ്പ ഒരുവര്‍ഷത്തിനകം അടച്ചുതീര്‍ക്കണം എന്നായിരുന്നു തീരുമാനം. പിന്നീട് അത് മൂന്നുവര്‍ഷമായി. ഇപ്പോള്‍ അപേക്ഷകരുടെ എണ്ണം വര്‍ധിച്ചതിനാല്‍ പത്തുവര്‍ഷത്തിനകം തിരിച്ചടയ്ക്കണം എന്നാണ് നിഷ്കര്‍ഷിച്ചിട്ടുള്ളത്. വായ്പയുടെ പലിശ സര്‍ക്കാര്‍ നല്‍കും. ഈ വായ്പയോടൊപ്പം പൊതുജനങ്ങള്‍, ഉദാരമതികളായ വ്യക്തികള്‍, സന്നദ്ധസംഘടനകള്‍ പണമായും സേവനമായും നല്‍കുന്ന സംഭാവനകള്‍ എന്നിവയും ഉപയോഗപ്പെടുത്താം.

പദ്ധതി പ്രവൃത്തിപഥത്തിലേക്കെത്തുമ്പോള്‍ ഭവനരഹിതകുടുംബത്തിന് വീട് ലഭ്യമാക്കുക എന്നത് സമൂഹത്തിന്റെകൂടി ഉത്തരവാദിത്തമായി മാറുകയാണ്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ നിലവിലുള്ള ഇന്ദിര ആവാസ് യോജന, എം എന്‍ ലക്ഷംവീട് പുനരുദ്ധാരണ പദ്ധതി എന്നിവയോടൊപ്പം പദ്ധതിപ്പണം വിനിയോഗിച്ചും ഐഎവൈ പദ്ധതിയുടെ സഹായത്തോടെയും മൂന്നു ലക്ഷംവീടുകളാണ് സംസ്ഥാനത്ത് പൂര്‍ത്തിയാക്കിയത്. ഇതിനായി തദ്ദേശസ്ഥാപനങ്ങള്‍ മാത്രം നല്‍കിയത് 1080 കോടിരൂപ. ഇതില്‍ 503.34 കോടി രൂപയും ചെലവഴിച്ചത് പട്ടികജാതി വിഭാഗത്തിന്. 112.25 കോടി രൂപ പട്ടികവര്‍ഗത്തിനും. ഇപ്പോള്‍ വായ്പ ഉപയോഗിച്ച് പദ്ധതിപ്രകാരം സംസ്ഥാനത്ത് 1.1 ലക്ഷവും എം എന്‍ ലക്ഷംവീട് പുനരുദ്ധാരണ പദ്ധതിയില്‍ 1792ഉം നഗരഭവനപദ്ധതികളുടെ ഭാഗമായി 7771ഉം വീടുകളുടെ നിര്‍മാണമാണ് നടന്നുവരുന്നത്. നഗരഭവനപദ്ധതിയില്‍ സംസ്ഥാനത്ത് 8462 വീടാണ് പൂര്‍ത്തിയാക്കിയത്.
(ടി എന്‍ സീന)

ദേശാഭിമാനി 21092010

Saturday, September 18, 2010

ആസൂത്രണ പങ്കാളിത്തത്തിന് ആദ്യമേ നിര്‍ദേശം

വികേന്ദ്രീകൃത ജനാധിപത്യമെന്ന ആശയം ആദ്യമായി ശിപാര്‍ശ ചെയ്തത് ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി ബല്‍വന്ത്റായ് മേത്തയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി പ്രാദേശിക ഭരണസംവിധാനത്തെക്കുറിച്ച് പഠിക്കാന്‍ ചുമതലപ്പെടുത്തിയ ബല്‍വന്ത്റായ് മേത്ത കമ്മിറ്റി കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാം, നാഷണല്‍ എക്സ്റ്റന്‍ഷന്‍ സര്‍വീസ് എന്നിവയെക്കുറിച്ച് വിശദമായി പഠിച്ചു. 1957 ജനുവരിയില്‍നിയോഗിച്ച കമ്മിറ്റി നവംബറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഗ്രാമപഞ്ചായത്തുകളും എന്‍ഇഎസ് ബ്ളോക്ക് അടിസ്ഥാനത്തില്‍ പഞ്ചായത്ത് സമിതികളും ജില്ലാതലത്തില്‍ ജില്ലാപരിഷത്തുകളുമായിരുന്നു കമ്മിറ്റിയുടെ ശിപാര്‍ശ. എന്നാല്‍ ഇവയിലേക്ക് നേരിട്ടുള്ള തെരഞ്ഞെടുപ്പിനെ കമ്മിറ്റി അനുകൂലിച്ചില്ല. ജില്ലാപരിഷത്തിലേക്ക് തെരഞ്ഞെടുപ്പും മറ്റുള്ളവയിലേക്ക് നാമനിര്‍ദേശവുമായിരുന്നു ശിപാര്‍ശ. ആസൂത്രണത്തിലും വികസനപ്രവര്‍ത്തനങ്ങളിലും ത്രിതല സ്ഥാപനങ്ങളെ പങ്കാളികളാക്കാനുള്ളതായിലരുന്നു കമ്മിറ്റിയുടെ നിര്‍ദേശങ്ങളില്‍ പ്രധാനം. കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ 1958 ജനുവരിയില്‍ ദേശീയ വികസന സമിതി അംഗീകരിച്ചു.

സാമ്പത്തികാധികാരങ്ങളുടെ വികേന്ദ്രീകരണത്തെക്കുറിച്ച് ഏറെനാള്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇതേക്കുറിച്ച് പഠിക്കാന്‍ 1963ല്‍ കെ സന്താനം കമ്മിറ്റിയെ നിയോഗിച്ചത്. ഈ കമ്മിറ്റിയുടെ ശിപാര്‍ശയെത്തുടര്‍ന്ന് ഭൂനികുതിയും കെട്ടിടനികുതിയും പിരിക്കാനുള്ള അധികാരം പഞ്ചായത്തുകള്‍ക്ക് നല്‍കി. കേന്ദ്രത്തിലെ ആദ്യ കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനെത്തുടര്‍ന്ന് പഞ്ചായത്ത് രാജ് സ്ഥാനപങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായി. 1977ലെ ജനതാപാര്‍ടി സര്‍ക്കാര്‍ പഞ്ചായത്ത് രാജ് സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിന് വേണ്ട നടപടികളെക്കുറിച്ച് പഠിച്ച് നിര്‍ദേശം സമര്‍പിക്കാന്‍ അശോക് മേത്ത ചെയര്‍മാനായി കമ്മിറ്റിയെ നിയോഗിച്ചു. ദ്വിതല പഞ്ചായത്ത് സംവിധാനമായിരുന്നു ഈ കമ്മിറ്റിയുടെ നിര്‍ദേശം. താഴെത്തലത്തില്‍ മണ്ഡല്‍ പഞ്ചായത്തുകളും മുകളില്‍ ജില്ലാപഞ്ചായത്തും. പദ്ധതി ആസൂത്രണത്തിനും അവയുടെ ഏകീകരണത്തിനും സാങ്കേതിക വിദഗ്ധരുടെ ലഭ്യതക്കും സാധ്യത കൂടുതലുള്ളിനാല്‍ ആസൂത്രണം ജില്ലാപരിഷത്തുകളെ ഏല്‍പിക്കണമെന്നായിരുന്നു ഈ കമ്മിറ്റിയുടെ കണ്ടെത്തല്‍. ജനസംഖ്യാനുപാതികമായി പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് പഞ്ചായത്തുകളില്‍ സംവരണം ഏര്‍പ്പെടുത്തണമെന്നായിരുന്നു മറ്റൊരു പ്രധാന നിര്‍ദേശം. കക്ഷിരാഷ്ട്രീയാടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് എന്ന നിര്‍ദേശവും ഈ കമ്മിറ്റിയുടേതായിരുന്നു. അശോക് മേത്ത കമ്മിറ്റിറിപ്പോര്‍ട്ടിന്റെ അടുസ്ഥാനത്തില്‍ കര്‍ണാടക, ആന്ധ്ര, ബംഗാള്‍ സംസ്ഥാനങ്ങളിലെ നിയമസഭകള്‍ അനുബന്ധ നിയമനിര്‍മാണം നടത്തി.

അശോക് മേത്ത കമ്മിറ്റിക്ക് ഇഎംഎസ് എഴുതിയ വിയോജനക്കുറിപ്പ് ഏറെ ശ്രദ്ധേയമായിരുന്നു. ജനകീയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ നിര്‍ണായക സ്ഥാനമാണ് പഞ്ചായത്ത് രാജ് സ്ഥാപനങ്ങള്‍ക്കുള്ളതെന്ന് 1985ല്‍ നിയോഗിക്കപ്പെട്ട ജിവികെ റാവു കമ്മിറ്റി കണ്ടെത്തി. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കക്ഷിരാഷ്ട്രീയാടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പുവേണ്ടെന്നായിരുന്നു ഈ കമ്മിറ്റിയുടെ നിര്‍ദേശം. പഞ്ചായത്ത് രാജ് സ്ഥാപനങ്ങളെ ഭരണഘടനാസ്ഥാനപങ്ങളാക്കണമെന്നായിരുന്നു മറ്റൊരു നിര്‍ദേശം. രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ ഭരണഘടനയുടെ 64, 65 ഭേദഗതികള്‍ പഞ്ചായത്തീരാജ്, നഗരപാലിക ബില്‍ എന്ന പേരില്‍ അവതരിപ്പിച്ചെങ്കിലും ഇവ രാജ്യ സഭയില്‍ പരാജയപ്പെട്ടു. വികേന്ദ്രീകരണത്തിന്റെ മറവില്‍ ഫെഡറല്‍ സംവിധാനത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതായിരുന്നു ഈ ബില്‍. 1991ലെ 73,74 ഭരണഘടനാഭേദഗതിയാണ് ഇന്ത്യയിലെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഇന്നത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാര്‍ഗരേഖ.

ദേശാഭിമാനി 18092010

Saturday, September 4, 2010

ദാഹമകന്ന് മഹാനഗരം

കൊച്ചി: കുടിവെള്ളത്തിനായി നഗരം സ്തംഭിപ്പിച്ച് അറസ്റ്റ് വരിക്കേണ്ടി വന്നിട്ടുണ്ട് വൈപ്പിന്‍ ഞാറയ്ക്കല്‍ ആറാട്ടുവഴിയിലെ രാധാ രവിക്കും രാജമ്മയ്ക്കും സതിക്കുമെല്ലാം. അതെല്ലാം പഴങ്കഥയല്ലേയെന്ന് ഇവര്‍ ഒരേസ്വരത്തില്‍ പറയുന്നു. അറുപത്തെട്ടുകാരിയായ കാരോത്ത് വീട്ടില്‍ തിലോത്തമ പാതിരാവിലും ഉറക്കമൊഴിഞ്ഞ് കുടിവെള്ള ലോറികള്‍ കാത്തിരുന്നത് ഇന്നുംമറന്നിട്ടില്ല. ഇപ്പോള്‍ മുറ്റത്തെ ടാപ്പില്‍ വെള്ളമെത്തുമ്പോള്‍ ആ കണ്ണുകളിലും സന്തോഷത്തിന്റെ തിളക്കമേറെ. കൊച്ചി നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലെയും പൈപ്പിന്‍ ചോട്ടില്‍ ഒഴിഞ്ഞ കുടങ്ങളുടെ നീണ്ട നിരയില്ല. പ്രതിഷേധം എങ്ങുമില്ല. മലിനജലം പരത്തുന്ന പകര്‍ച്ചവ്യാധി ഭീഷണി ഒട്ടുമില്ല. ഹഡ്കോ കുടിവെള്ള പദ്ധതിയാണ് കൊച്ചിയുടെയും പരിസരപ്രദേശങ്ങളുടെയും ദാഹമകറ്റിയത്. യുഡിഎഫ് കാലത്ത് ഇഴഞ്ഞുനീങ്ങിയ പദ്ധതി എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇഛാശക്തിയില്‍ ലക്ഷ്യമിട്ടതിനേക്കാള്‍ 21 കോടി രൂപ കുറവില്‍ പൂര്‍ത്തിയാക്കി.

ഗോശ്രീ പാലങ്ങള്‍ വരുംമുമ്പേ 95-ല്‍ തുടക്കമിട്ട പദ്ധതി പാലം തീര്‍ന്നിട്ടും യാഥാര്‍ഥ്യമായിരുന്നില്ല. 58.5 കോടി രൂപയാണ് ആദ്യം ലക്ഷ്യമിട്ടിരുന്നതെങ്കിലും പിന്നീട് പുതുക്കി 136.16 കോടിയാക്കി. എന്നാല്‍ 115 കോടി രൂപയ്ക്ക് 2007 ഒക്ടോബറില്‍ പദ്ധതി പൂര്‍ത്തിയാക്കി. പ്രതിദിനം 60 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് പദ്ധതിവഴി കൂടുതലായി നഗരത്തിലും സമീപപ്രദേശങ്ങളിലുമെത്തിയത്. 30 ശതമാനം വര്‍ധന. പ്രതിദിനം 108 ദശലക്ഷം ലിറ്റര്‍ വെള്ളം ഒഴുക്കുന്നതിനുള്ള പൈപ്പുകള്‍ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചുവെങ്കിലും ആലുവയിലെ ശുദ്ധീകരണ ടാങ്കിന്റെ സംഭരണശേഷി കുറവായിരുന്നതാണ് ജലവിതരണം 60 ദശലക്ഷം ലിറ്ററിലാക്കിയത്. 45 വര്‍ഷം മുമ്പ് സ്ഥാപിച്ച 900 മില്ലിമീറ്റര്‍ പൈപ്പുകള്‍ക്കും പിന്നീട് ഇണക്കിയ 1050 മില്ലിമീറ്റര്‍ പൈപ്പുകള്‍ക്കും പകരം 1200 മില്ലിമീറ്റര്‍ വ്യാസമുള്ള പൈപ്പുകള്‍ സ്ഥാപിച്ചു. കായലിനടിയിലൂടെയും കൂറ്റന്‍ പൈപ്പ് സ്ഥാപിച്ചു. വടുതല, എളംകുളം, പള്ളുരുത്തി എന്നിവിടങ്ങളില്‍ ജലസംഭരണികളും പമ്പിങ് സ്റ്റേഷനുകളും നിര്‍മിച്ച് കുടിവെള്ളക്ഷാമത്തെ കൊച്ചി പമ്പകടത്തി. ഭാവിയെ മുന്‍നിര്‍ത്തി 201 കോടി രൂപയുടെ ജനോറം കുടിവെള്ളപദ്ധതി ഇപ്പോള്‍ ത്വരിതഗതിയിലാണ്.

2011 അവസാനം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിവഴി പെരിയാറിനു പുറമെ മൂവാറ്റുപുഴയാറില്‍നിന്നും കൊച്ചിയിലേക്ക് കുടിവെള്ളമെത്തും. മരട്, ചെല്ലാനം, കുമ്പളം, കുമ്പളങ്ങി പഞ്ചായത്തുകളിലും പടിഞ്ഞാറന്‍ കൊച്ചിയിലുമായി പ്രതിദിനം നൂറ് ദശലക്ഷം ലിറ്റര്‍ വെള്ളമാണ് ഇതുവഴി ലഭ്യമാകുക. പിറവത്തുനിന്ന് മരടിലെ ജലശുദ്ധീകരണശാലയിലേക്ക് വെള്ളമെത്തിച്ച് വിതരണം ചെയ്യുന്നതാണ് പദ്ധതി. ശുദ്ധീകരണശാലയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാണ്. ചെല്ലാനം, കുമ്പളം, മരട് എന്നിവിടങ്ങളില്‍ ടാങ്കുകളും ഉയരും. ഇതിനായുള്ള പൈപ്പിണക്കലും സജീവമാണ്. ജിഡയുടെ ആഭിമുഖ്യത്തില്‍ 32 കോടി രൂപയുടെയും 16 കോടി രൂപയുടെയും പദ്ധതികളും വിവിധ ഘട്ടത്തിലാണ്. 2011 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടുള്ള ആദ്യപദ്ധതി എളങ്കുന്നപ്പുഴ, ഞാറയ്ക്കല്‍, നായരമ്പലം പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ വെള്ളമെത്തിക്കും. 16 കോടി രൂപയുടെ പദ്ധതി കടമക്കുടി പഞ്ചായത്തിനു വേണ്ടിയുള്ളതാണ്.
(ഷഫീഖ് അമരാവതി)

അച്ഛന് ഭൂമി, മക്കള്‍ക്ക് വീട്

കോട്ടയം: ജന്മിചൂഷണത്തിന് അറുതിവരുത്തി അറുപതുകളില്‍ ഇ എം എസ് സര്‍ക്കാര്‍ നടപ്പാക്കിയ കുടികിടപ്പ് നിയമപ്രകാരം അച്ഛന് പത്ത് സെന്റ് ഭൂമി. 2006 ല്‍ വി എസ് സര്‍ക്കാരിന്റെ കാലത്ത് പഞ്ചായത്ത് നടപ്പാക്കിയ കുടില്‍ രഹിത പദ്ധതിപ്രകാരം അതേഭൂമിയില്‍ നാലുമക്കള്‍ക്കും വീട്. ഇടതുപക്ഷം തലമുറകള്‍ക്ക് ഹൃദയപക്ഷമാകുന്നതിന്റെ നേര്‍സാക്ഷ്യം. കോട്ടയം അയ്മനം പഞ്ചായത്തിലെ കുടമാളൂര്‍ മാമ്പള്ളില്‍ വേലായുധന്‍, മക്കളായ കുട്ടന്‍, കുഞ്ഞുമണി, ശശി എന്നിവര്‍ക്കാണ് ഇടതുഭരണം ജീവിതം നല്‍കിയത്.

വേലായുധന്റെ മൂത്തമകന്‍ നാരായണന്റെ മരണത്തോടെ അനാഥമായ കുടുംബത്തിനും വീടായി. കൈപ്പുഴയില്‍നിന്ന് മാമ്പള്ളിയിലെത്തിയ വേലായുധന്‍ കുടമാളൂര്‍ കാരയ്ക്കാട്ട് ഇല്ലത്തെ കുടിയാനായിരുന്നു. ഇദ്ദേഹം നേരത്തെ മരിച്ചു. തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു വേലായുധന്‍. പകലന്തിയോളം അധ്വാനിച്ചാല്‍ പട്ടിണി മിച്ചം കിട്ടിയകാലം. കടം വാങ്ങിയും മറ്റും അരി കൊണ്ടുവരുമായിരുന്നു. തോര്‍ത്തില്‍ കിഴികെട്ടി അരിയുമായി വരുന്ന വേലായുധനെ ഭാര്യയും മക്കളും കാത്തിരിക്കും. ഭക്ഷണത്തിന് മാത്രമല്ല, എന്തിനും ദാരിദ്യ്രമായിരുന്നു. സ്വന്തമായി ഭൂമിയുമില്ല. ദുരിതങ്ങളുടെ കുത്തൊഴുക്കില്‍ ആശ്വാസത്തിന്റെ കൈത്താങ്ങായത് ഇ എം എസ് സര്‍ക്കാര്‍ നടപ്പാക്കിയ കുടികിടപ്പ് ബില്‍. നിയമം പ്രാബല്യത്തില്‍ വന്നതോടെ താമസിക്കുന്ന സ്ഥലത്തെ പത്ത് സെന്റ് ഭൂമിയുടെ ഉടമയായി വേലായുധന്‍. മറ്റുകാര്യങ്ങളിലും ജീവിതം മെച്ചപ്പെട്ടു. മക്കള്‍ വിവാഹിതരാകുന്നതിനനുസരിച്ച് ഇതേ ഭൂമിയില്‍ തന്നെ കുടില്‍ കെട്ടി താമസമാക്കി. അടച്ചുറപ്പുള്ള വീടില്ലാത്തത് ദുരിതമായി തുടര്‍ന്നു. മാനം കറുക്കുമ്പോള്‍ നെഞ്ച് വേവും. ഇരവീശ്വരം പാടത്തെ വെള്ളം ഈ പ്രദേശത്ത് ഒഴുകിയെത്തും. കാല്‍ഭാഗം മണ്ണുകൊണ്ടും ബാക്കി പലക കൊണ്ടും നിര്‍മിച്ച കുടിലുകളില്‍ വെള്ളം കയറും.വെള്ളം കയറിയാല്‍ ഇഴജന്തുക്കളും കുടിലില്‍ താമസത്തിനെത്തും. പായത്തുമ്പില്‍നിന്ന് പാമ്പിനെ തട്ടിക്കളയുന്നത് ഇവര്‍ക്ക് പതിവായിരുന്നു. വെള്ളം കയറിയാല്‍ മക്കളെയുമെടുത്ത് നീന്തണം. പിന്നെ ദിവസങ്ങളോളം ദുരിതാശ്വാസ ക്യാമ്പുകളില്‍. ഈ ദുരിതത്തിലും കൈപിടിച്ചത് ഇടതുപക്ഷം.

പ്രസിഡന്റ് കെ കെ ഷാജിമോന്റെ നേതൃത്വത്തില്‍ 2006 ല്‍ അയ്മനം പഞ്ചായത്ത് നടപ്പാക്കിയ കുടില്‍രഹിത പദ്ധതിപ്രകാരം നാലുപേര്‍ക്കും വീട് ലഭിച്ചു. വാര്‍ഡ് മെംബര്‍ ഉഷാബാലചന്ദ്രന്റെ പരിശ്രമവുമുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ പ്ളാന്‍ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി. രണ്ട് സെന്റ് ഭൂമിയുള്ളവര്‍ക്ക് വീട് വയ്ക്കാന്‍ അപേക്ഷ ക്ഷണിച്ചപ്പോള്‍ കുടികിടപ്പ് ഭൂമി തുണച്ചു. അങ്ങിനെ 10 സെന്റില്‍ നാലു വീട്! അന്നും ഇന്നും എങ്ങിനെയെന്ന് ചോദിച്ചാല്‍ അവര്‍ പറയും പിറന്നുവീണത് മുതലുള്ള കഷ്ടപ്പാടുകള്‍ പടിയിറങ്ങി. കോരിച്ചൊരിയുന്ന മഴയിലും വേവലാതി യില്ലാതെ ഉറങ്ങാമെന്നായി. ഞങ്ങള്‍ മാറി. എല്ലാരീതിയിലും. ഇന്ന് മനുഷ്യരോട് സംസാരിക്കാം.
(വി കെ രഘുപ്രസാദ്)

കുടിയേറ്റത്തൊഴിലാളി ക്ഷേമപദ്ധതി ആനുകൂല്യങ്ങള്‍ പുതുക്കി നിശ്ചയിച്ചു

കേരള അന്തര്‍ സംസ്ഥാന കുടിയേറ്റത്തൊഴിലാളി ക്ഷേമപദ്ധതിയിലെ ആനുകൂല്യങ്ങള്‍ പുതുക്കി നിശ്ചയിച്ചതായി തൊഴില്‍മന്ത്രി പി കെ ഗുരുദാസന്‍ അറിയിച്ചു. പുതുക്കിയ പദ്ധതി അനുസരിച്ച് കുടിയേറ്റ തൊഴിലാളികള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കും. ഒരു കുടിയേറ്റ തൊഴിലാളിക്ക് പ്രതിവര്‍ഷം ചികിത്സാചെലവ് 25,000 രൂപ വരെ ലഭിക്കും. നിശ്ചിത കാലയളവില്‍ കേരളത്തില്‍ ജോലി ചെയ്തശേഷം വിരമിക്കുമ്പോള്‍ 25,000 രൂപ ഓരോ തൊഴിലാളിക്കും നല്‍കും. അപകടത്തില്‍ മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപയും സ്വാഭാവിക മരണത്തിന് 10,000 രൂപയും നല്‍കും. മരിക്കുന്ന തൊഴിലാളികളെ അവരുടെ സ്വന്തം നാട്ടിലെത്തിക്കുന്നതിന് 15,000 രൂപ വരെ ലഭ്യമാക്കും. അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ക്ക് പ്രതിവര്‍ഷം 3000 രൂപ വരെ വിദ്യാഭ്യാസസഹായം നല്‍കാനും വ്യവസ്ഥയുണ്ട്.

കേന്ദ്രനിയമമായ 1979ലെ ഇന്റര്‍ സ്റ്റേറ്റ് മൈഗ്രന്റ് വര്‍ക്ക്മെന്‍ (റെഗുലേഷന്‍ ഓഫ് എംപ്ളോയ്മെന്റ് ആന്‍ഡ് കണ്ടീഷന്‍സ് ഓഫ് സര്‍വീസ്) ആക്ടിന്റെയും ബന്ധപ്പെട്ട ചട്ടങ്ങളുടെയും വ്യവസ്ഥകള്‍ പ്രകാരം ലഭിക്കുന്ന തൊഴില്‍ പരിരക്ഷയ്ക്ക് പുറമെയാണിത്. ഈ നിയമത്തിന് വിധേയമായി കേരളത്തില്‍ പണിയെടുക്കാന്‍ കരാറുകാര്‍ വഴി ജോലിക്കെത്തുന്ന തൊഴിലാളികള്‍ ചെറിയൊരുവിഭാഗം മാത്രമാണ്്. കേന്ദ്രനിയമത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കാനുള്ള നടപടികളും ഗവമെന്റ് സ്വീകരിക്കും. ക്ഷേമപദ്ധതി അനുസരിച്ച് കുടിയേറ്റ തൊഴിലാളികള്‍ പ്രതിവര്‍ഷം 30 രൂപയും കേരള കെട്ടിടനിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡും സംസ്ഥാന ഗവമെന്റും 30 രൂപ വീതവും പദ്ധതിക്കുവേണ്ടി അംശാദായമടയ്ക്കും. സംസ്ഥാന ഗവമെന്റ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് 10 കോടി രൂപ അനുവദിച്ചു. നിര്‍മാണതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കീഴിലാണ് കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതി നടപ്പാക്കുന്നത്. ലേബര്‍ കമീഷണര്‍ അധ്യക്ഷനായി വിവിധ തൊഴിലാളി സംഘടനാ പ്രതിനിധികളടങ്ങിയ ഉപദേശകസമിതിയാണ് ക്ഷേമപദ്ധതിയുടെ മോണിറ്ററിങ് നടത്തുന്നത്. ബന്ധപ്പെട്ട ലേബര്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പദ്ധതിയില്‍ അംഗങ്ങളെ ചേര്‍ക്കുന്ന പ്രക്രിയ ആരംഭിച്ചിട്ടുണ്ട്.

ദേശാഭിമാനി 04092010

Monday, August 30, 2010

ഇത് പഞ്ചായത്ത് തന്ന നിധി

'സ്വന്തമായി വീടെന്ന ആഗ്രഹം സഫലമായതിന്റെ ആഹ്ളാദത്തിലാണ് കൂലിപ്പണിക്കാരനായ നെന്മണിക്കര എരവളപ്പില്‍ ചിന്നരാജുവിന്റെ ഭാര്യ ഷീബ. ഇപ്പോള്‍ ഇവര്‍ക്ക് എല്ലാ സൌകര്യങ്ങളുമുള്ള വീടുണ്ട്. രണ്ടു രൂപക്ക് അരിയും കിട്ടുന്നു.

'എല്ലാം ഈ സര്‍ക്കാരിന്റെയും പഞ്ചായത്തിന്റെയും സഹായം കൊണ്ടാണ്. ഒരിക്കലും ഇതു ഞങ്ങള്‍ മറക്കില്ല'- ഷീബ പറഞ്ഞു.

കുനിശേരി ലക്ഷം വീടു കോളനിയിലുണ്ടായിരുന്നത് ഇടിഞ്ഞു വീഴാറായ മുപ്പതോളം ഇരട്ട വീടുകളാണ്. സമ്പൂര്‍ണഭവന പദ്ധതി കോളനിയുടെ മുഖച്ഛായ മാറ്റി. ഇപ്പോള്‍ എല്ലാവര്‍ക്കും സ്വന്തംവീടുകളായി. 'കൂലിപ്പണിക്കാരായ ഞങ്ങള്‍ക്ക് പഞ്ചായത്തു നല്‍കിയത് നിധിയാണ്'- കെട്ടേക്കാട്ടില്‍ കൃഷ്ണന്റെ ഭാര്യ അമ്മിണിയുടെ വാക്കുകളില്‍ കോളനിവാസികളുടെയെല്ലാം മനോവികാരം.

എല്ലാവര്‍ക്കും വീട്, വൈദ്യുതി, കുടിവെള്ളം, തെരുവുവിളക്കുകള്‍. തൃശൂര്‍ ജില്ലയിലെ കൊടര മണ്ഡലത്തില്‍പ്പെട്ട നെന്മണിക്കരപഞ്ചായത്തില്‍ ഇന്ന് ആഹ്ളാദത്തിന്റെ തുടിപ്പുളാണ്. നിശ്ചയദാര്‍ഢ്യത്തിന്റെയും ഇച്ഛാശക്തിയുടെയും ഫലമായി ഈ പഞ്ചായത്ത് കൈവരിച്ചത് ഇന്ത്യയിലെ ആദ്യത്തെ മാതൃക പഞ്ചായത്ത് എന്ന ഖ്യാതി. ഇക്കഴിഞ്ഞ ജൂണ്‍ 20ന് മന്ത്രി ഡോ. തോമസ് ഐസക്കാണ് നെന്മണിക്കരയെ മാതൃക പഞ്ചായത്തായി പ്രഖ്യാപിച്ചത്. ഇതിന് ജനം നന്ദി പറയുന്നത് എല്‍ഡിഎഫ് ഭരണസമിയോടും.

സിപിഐ എമ്മിലെ ഷൈലജ മോഹനനാണ് പഞ്ചായത്തു പ്രസിഡന്റ്. പ്രൊഫ. സി രവീന്ദ്രനാഥ് എംഎല്‍എ രൂപം നല്‍കിയ സുസ്ഥിര കൊടകര വികസന പദ്ധതിയുടെ ഭാഗമായാണ് പഞ്ചായത്ത് ഈ അപൂര്‍വനേട്ടം കൈവരിച്ചത്. എല്ലാവര്‍ക്കും വീട്, വൈദ്യുതി, കുടിവെള്ളം, എല്ലാ വഴികളിലും പൂര്‍ണ വോള്‍ട്ടതയുള്ള തെരുവുവിളക്കുകള്‍ എന്നിവ സജ്ജമാക്കിയാണ് ന്മെണിക്കര രാജ്യത്തിനുതന്നെ മാതൃകയായത്. 14 വാര്‍ഡുകളും 11.41 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണവുമുള്ള പഞ്ചായത്തിലെ ജനസംഖ്യ 21,212. പുതുതായി 572 വീട്ടുകാര്‍ക്കുകൂടി സ്വന്തമായി പാര്‍പ്പിടമൊരുക്കിയാണ് നെന്മണിക്കര സമ്പൂര്‍ണ ഭവന പഞ്ചായത്തായത്. ഇഎംഎസ് ഭവന പദ്ധതി, എം എന്‍ പദ്ധതി, ഇന്ദിര ആവാസ് യോജന, പട്ടിക വിഭാഗ ഭവന പദ്ധതികള്‍ തുടങ്ങിയവയെല്ലാം ഇതിനു പ്രയോജനപ്പെടുത്തി. വീടുകള്‍ക്കു മാത്രം നാലരകോടി ചെലവാക്കി. വൈദ്യുതിയും വെള്ളവുമടക്കമുള്ള അടിസ്ഥാന ആവശ്യങ്ങള്‍ക്ക് ഏഴരക്കോടിയും.

നിലവില്‍ വീടില്ലാത്ത 96 കുടംബങ്ങള്‍ കൂടിയുണ്ട്. സ്വന്തമായി ഭൂമിയില്ലാത്ത ഇവര്‍ക്ക് വീടിനുള്ള പദ്ധതിക്കും പഞ്ചായത്ത് തുടക്കം കുറിച്ചിട്ടുണ്ട്. രണ്ടു സെന്റു വീതം സ്ഥലം വാങ്ങി വീടുവെക്കാനോ, ഫ്ളാറ്റ് നിര്‍മിക്കാനോ ആണ് ആലോചന. പശ്ചാത്തല വികസനം, മഴുവന്‍ പേര്‍ക്കും തൊഴില്‍ നല്‍കുകഎന്ന അടുത്ത ലക്ഷ്യം പൂര്‍ത്തിയാക്കാനായി പ്രത്യേക മാസ്റ്റര്‍ പ്ളാന്‍ തയ്യാറാക്കിക്കഴിഞ്ഞു. വികേന്ദ്രീകൃത തൊഴില്‍ ലഭ്യത യാഥാര്‍ഥ്യമാക്കാനുള്ള കര്‍മപരിപാടികള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്.സംഘകൃഷി കേര കര്‍ഷകരിലേക്കു കൂടി വ്യപിപ്പിക്കാനും ശ്രമിക്കുന്നു.
(വി എം രാധാകൃഷ്ണന്‍)

deshabhimani 30082010

Friday, August 27, 2010

'വറുതിയുടെ കാലം പോയില്ലേ'

'ഓണത്തിന് കൈനീട്ടം വാങ്ങാന്‍ കശുവണ്ടി മുതലാളിയുടെ ഗേറ്റിനുമുന്നില്‍ കാത്തുനിന്ന കാലമുണ്ടായിരുന്നു. ജോലിയും കൂലിയുമില്ലാതെ തിരുവോണ നാളിലും പട്ടിണി കിടന്നു. പകലന്തിയോളം ജോലി ചെയ്താല്‍പോര, കൂലി കിട്ടണമെങ്കില്‍ സമരവുംചെയ്യണം. അക്കാലമൊക്കെ പോയില്ലേ'-

കശുവണ്ടി വികസന കോര്‍പറേഷന്റെ കിളികൊല്ലൂര്‍ രണ്ടാം നമ്പര്‍ ഫാക്ടറിയിലെ ഗ്രേഡിംഗ് തൊഴിലാളിയായ ഗീത (38)യ്ക്ക് പുതുജീവന്‍ കൈവന്ന ആഹ്ളാദം. ഇത്തവണ ബോണസ് 4543 രൂപയാണ് കിട്ടിയത്. കഴിഞ്ഞ തവണത്തെക്കാള്‍ 750 രൂപ അധികം. അതും ചിങ്ങം പിറന്ന് രണ്ടാം നാളില്‍ തന്നെ ലഭിച്ചു. ഫാക്ടറി മുറ്റത്ത് അത്തപ്പൂക്കളമൊരുക്കിയാണ് ഗീതയുള്‍പ്പെടെയുള്ള തൊഴിലാളികള്‍ അഹ്ളാദം പങ്കുവച്ചത്.

രണ്ടര ലക്ഷം തൊഴിലാളികള്‍ തൊഴിലെടുക്കുന്ന കൊല്ലം ജില്ലയിലെ കശുവണ്ടി മേഖല ഇപ്പോള്‍ ഉണര്‍വിലാണ്. കശുവണ്ടി വികസന കോര്‍പറേഷന്റെയും കാപ്പക്സിന്റെയും ഫാക്ടറികളില്‍ കഴിഞ്ഞ വര്‍ഷം അവധി ദിനങ്ങളൊഴികെ എല്ലാ ദിവസവും തൊഴിലുണ്ടായി. ഡിസംബര്‍വരെയുള്ള സംസ്ക്കരണത്തിന് തോട്ടണ്ടി സംഭരിച്ചുകഴിഞ്ഞു. സര്‍ക്കാരില്‍ നിന്നുള്ള പ്രവര്‍ത്തന മൂലധനം ഉപയോഗിച്ച് തോട്ടണ്ടി വാങ്ങിയാണ് തുടര്‍ച്ചയായി തൊഴില്‍ദിനങ്ങള്‍ നല്‍കിയത്. തൊഴിലാളിക്ക് ആനുകൂല്യങ്ങള്‍ കുടിശ്ശിക തീര്‍ത്ത് നല്‍കി. പിരിഞ്ഞുപോയവര്‍ക്ക് 98 മുതല്‍ 2006 വരെയുള്ള കാലത്തെ ഗ്രാറ്റുവിറ്റി ഒന്നായി വിതരണംചെയ്തു. പെന്‍ഷന്‍ മുന്നൂറാക്കി. ഒരു തൊഴിലാളിക്ക് പ്രസവാനുകുല്യം കുറഞ്ഞത് 12000 രൂപ ലഭിക്കും. പ്രസവാവധിയാണെങ്കില്‍ 84 ദിവസം ഹാജര്‍ ഇല്ലെങ്കിലും ബോണസ് ലഭിക്കും. പെന്‍ഷന്‍, ചികിത്സാ സഹായം, മരണാനന്തര സഹായം, മക്കള്‍ക്ക് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ്, വിവാഹ ധനസഹായം എന്നിവയ്ക്കായി ക്ഷേമബോര്‍ഡ് വഴി 49.13 കോടിയാണ് സര്‍ക്കാര്‍ വിതരണംചെയ്തത്.

തികച്ചും വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഫാക്ടറികളുടെ മുഖഛായ തന്നെ മാറി. ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി പുതിയ കെട്ടിടങ്ങളും ഇലക്ട്രിക് ബോര്‍മകളും സ്ഥാപിച്ചു. ഫാക്ടറികളില്‍ കുഞ്ഞുങ്ങളെ സൂക്ഷിക്കാന്‍ തൊട്ടില്‍പുരയും പ്രാഥമികാവശ്യത്തിനുള്ള സൌകര്യവും ഒരുക്കി. അനാരോഗ്യകരമായ സാഹചര്യത്തില്‍നിന്ന് വ്യത്യസ്തമായി സ്ത്രീകളിപ്പോള്‍ തൊപ്പിയും മാസ്ക്കും കൈയുറയും ധരിച്ചാണ് തൊഴിലെടുക്കുന്നത്.

പരമ്പരാഗത വ്യവസായങ്ങളായ കയറിന്റെയും കൈത്തറിയുടെയും സ്ഥിതിയും വ്യത്യസ്തമല്ല. കയര്‍ മേഖലയുടെ പുനരുദ്ധാരണം ലക്ഷ്യമാക്കി തൊണ്ട് സംഭരണം ഉള്‍പ്പെടെ 3.62 കോടിയുടെ വികസന പദ്ധതികളാണ് ജില്ലയില്‍ പുരോഗമിക്കുന്നത്. അടഞ്ഞുകിടന്ന കയര്‍ സംഘങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാര്‍ 2.20 കോടിയാണ് അനുവദിച്ചത്. നൂറ് കയര്‍ സംഘങ്ങള്‍ക്ക് ഉല്‍പ്പാദന വികസനത്തിനായി 62.38 ലക്ഷം നല്‍കി. 15 സംഘങ്ങള്‍ക്ക് അടിസ്ഥാന സൌകര്യ വികസനത്തിന് 19.25 ലക്ഷം അനുവദിച്ചു. പ്രായം കൂടിയ തൊഴിലാളികള്‍ക്ക് ത്രിഫ്റ്റ് ഇനത്തില്‍ 20.22 ലക്ഷം വിതരണംചെയ്തു. ത്രിഫ്റ്റ് ഷെയറായി 14.56 ലക്ഷവും സഹായം നല്‍കി. കൊല്ലം, പരവൂര്‍, കുണ്ടറ മേഖലയില്‍ തൊണ്ട് സംഭരണത്തിന് കസോര്‍ഷ്യം രൂപീകരിച്ച് 15 ലക്ഷം അനുവദിച്ചു. മങ്ങാട് കയര്‍ ക്ളസ്റ്റര്‍ രൂപീകരിച്ച് എട്ട് സംഘങ്ങള്‍ക്ക് ആട്ടോമാറ്റിക് കയര്‍പിരി യന്ത്രം നല്‍കി. യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കിവരുന്നു.

കൈത്തറി മേഖലയുടെ പുനരുദ്ധാരണത്തിന് വ്യവസായ വകുപ്പ് 1.14 കോടിയുടെ പദ്ധതിയാണ് നടപ്പാക്കിയത്. പ്രൈമറി സംഘങ്ങളുടെ റിബേറ്റ് കുടിശ്ശിക പൂര്‍ണമായി വിതരണംചെയ്തു. കേസില്‍പ്പെട്ട് പ്രവര്‍ത്തനം നിലച്ച 15 ഫാക്ടറികളിലെ അഞ്ഞുറിലേറെ തൊഴിലാളികളുടെ ഇഎസ്ഐ, പിഎഫ് കുടിശ്ശിക സര്‍ക്കാര്‍ ഒടുക്കി. ഫാക്ടറികള്‍ക്ക് പ്രവര്‍ത്തന മൂലധനമായി 28.41 ലക്ഷം നല്‍കി. ആറ് പ്രാഥമിക സംഘങ്ങള്‍ക്ക് 12.60 ലക്ഷം ഓഹരി പങ്കാളിത്ത സഹായം അനുവദിച്ചു. ഇതുവഴി 700 തൊഴിലാളികള്‍ക്ക് ജോലിസ്ഥിരത ഉറപ്പായി. കൈത്തറി സംഘങ്ങള്‍ക്ക് ഫ്രീലും സംസ്ക്കരണ യൂണിറ്റും സ്ഥാപിക്കാനും കെട്ടിട അറ്റകുറ്റപ്പണിക്കും സഹായം നല്‍കി. കൈത്തറി തൊഴിലാളികളുടെയും കുടുംബാംഗങ്ങളുടെയും ചികിത്സയ്ക്കും തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസത്തിനുമുള്ള ഇന്‍ഷ്വറന്‍സ് അംശാദായം സര്‍ക്കാര്‍ ഒടുക്കിവരുന്നു. പുതിയ കൈത്തറി ഉല്‍പ്പന്ന നിര്‍മാണത്തിന് ഒരു ലക്ഷമാണ് പ്രോത്സാഹന സഹായം. അംശാദായ മിതത്വ ഫണ്ടിലേക്കുള്ള തൊഴിലാളി വിഹിതം സര്‍ക്കാര്‍ നല്‍കി. മൂന്ന് വര്‍ഷത്തിനിടെ സംഘങ്ങളെ പങ്കുെടുപ്പിച്ച് നടത്തിയ ഓണം-വിഷു മേളകളില്‍ 73 ലക്ഷത്തിന്റെ വില്‍പ്പന നടന്നു. മേളയില്‍ പങ്കെടുത്ത സംഘങ്ങള്‍ക്ക് ഗ്രാന്‍ഡായി 5000 രൂപ വീതംനല്‍കി.

കങ്ങഴയില്‍ ഇനി പുറമ്പോക്കുനിവാസികളില്ല

കയറിക്കിടക്കാന്‍ ഒരു കൂര. 24 വര്‍ഷമായി റോഡ് പുറമ്പോക്കില്‍ കഴിഞ്ഞിരുന്ന കങ്ങഴ തങ്കപ്പനും കുടുംബത്തിനും സ്വപ്നമായിരുന്നു. ഇന്ന് സ്വന്തമായി ഭൂമിയും വീടും ലഭിച്ചതോടെ പഞ്ചായത്തിനോടും എല്‍ഡിഎഫ് സര്‍ക്കാരിനോടുമുള്ള ഈ കുടുംബത്തിന്റെ നന്ദി വാക്കുകളില്‍ ഒതുങ്ങുന്നില്ല. കറുകച്ചാല്‍-മണിമല റോഡിന്റെ പുറമ്പോക്കില്‍ എലയ്ക്കാട്ട് ഭാഗത്തായിരുന്നു ഈ കുടുംബം. വര്‍ഷങ്ങള്‍ക്കുമുമ്പ് ചിറ്റാറില്‍നിന്നും തൊഴില്‍ തേടിയെത്തിയതാണ് തങ്കപ്പന്‍. സ്വന്തമായി വീടില്ലാത്തതിനാല്‍ റോഡ് പുറമ്പോക്കില്‍ കുടില്‍കെട്ടി താമസിച്ചു. ഭാര്യയും രണ്ടാണ്‍മക്കളുമടങ്ങുന്നതാണ് തങ്കപ്പന്റെ കുടുംബം. ആണ്‍മക്കള്‍ രണ്ടുപേരും ജോലിക്കിറങ്ങിയിട്ടും സ്വന്തമായി മണ്ണും വീടും സാധ്യമായില്ല. കങ്ങഴ പഞ്ചായത്ത് പുറമ്പോക്ക് നിവാസികളെ പുനരധിവസിപ്പിക്കാന്‍ നടപ്പാക്കിയ പദ്ധതിയാണ് ഇവരെ തുണച്ചത്.

പുറമ്പോക്കിലുള്ള 19 കുടുംബങ്ങളെയും പുനരധിവസിപ്പിക്കാന്‍ പഞ്ചായത്ത് തീരുമാനിച്ചു. 1997ല്‍ മുണ്ടത്താനം ചെളികുഴിയില്‍ 1.7 ഏക്കര്‍ സ്ഥലം കണ്ടെത്തി. ഒരു കുടുംബത്തിന് മൂന്നുസെന്റ്വീതം നല്‍കി. ഇതിനുപുറമെയാണ് ഓരോ കുടുംബത്തിനും വീട്വയ്ക്കാന്‍ ഇ എം എസ് ഭവനപദ്ധതിയില്‍ 75,000 രൂപ നല്‍കിയത്. തകിടിയില്‍ ജോസണ്‍, പുളിച്ചുമാക്കല്‍ അന്നമ്മ, പുളിഞ്ചുവള്ളിപ്പടി ഔസേപ്പ് ജോണ്‍ അടക്കമുള്ള 19 കുടുംബങ്ങള്‍ക്കും ഇപ്പോള്‍ തലചായ്ക്കാനിടമായി. കക്കൂസ് നിര്‍മിക്കാന്‍ 2,000 രൂപ കൂടി പഞ്ചായത്ത് അധികം നല്‍കി.

സ്വന്തമായി വീടും സ്ഥലവും ഉണ്ടാകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്ന് അറുപത്തെട്ടുകാരനായ ഔസേഫ് ജോണ്‍ നിറകണ്ണുകളോടെ പറഞ്ഞു. പഞ്ചായത്തിനെ കുടില്‍രഹിത പഞ്ചായത്താക്കുകയായിരുന്നു എല്‍ഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഐഎവൈ പദ്ധതി, എം എന്‍ കോളനി നവീകരണം, ഇ എം എസ് ഭവനപദ്ധതി, പുറമ്പോക്ക് പുനരധിവാസ പദ്ധതി എന്നിവയിലൂടെ നാലുവര്‍ഷംകൊണ്ട് 301 വീടുകള്‍ നല്‍കി. 2010-11 സാമ്പത്തികവര്‍ഷം 98,25,000 രൂപ ചെലവഴിച്ച് ഇ എം എസ് ഭവന പദ്ധതിയില്‍ 131 കുടുംബങ്ങള്‍ക്ക് വീട് നല്‍കുന്നതോടെ പഞ്ചായത്ത് കുടില്‍രഹിത പഞ്ചായത്താകുമെന്ന് പ്രസിഡന്റ് എം പി നാരായണന്‍നായര്‍ പറഞ്ഞു.

കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ മണ്ണുപുരയിടം, മുക്കുമരം, മലോട്ടുപാറ കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. അമ്പതില്‍പ്പരം കുടുംബങ്ങള്‍ക്ക് ശുദ്ധജലം എത്തിയ്ക്കുന്ന കൂവപ്പുഴ ജലസേചന പദ്ധതി പൂര്‍ത്തീകരണത്തിലാണ്. നാല് അങ്കണവാടികള്‍ക്ക് കെട്ടിടം പണിയാന്‍ മൂന്നുലക്ഷം രൂപവീതം നല്‍കി. ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ 10 ലക്ഷം രൂപയുടെ വിവിധ പദ്ധതികള്‍ നടപ്പാക്കി. ആയുര്‍വേദാശുപത്രിയ്ക്ക് മരുന്നുവാങ്ങാന്‍ പ്രതിവര്‍ഷം 80,000 രൂപ ചെലവഴിച്ചു. കരനെല്‍കൃഷിയടക്കമുള്ള വിവിധ പദ്ധതികള്‍ക്ക് 40 ലക്ഷം, കന്നുകാലികള്‍ക്ക് പോഷകാഹാര വിതരണം, തൊഴുത്തുനിര്‍മാണം എന്നിവയ്ക്കായി 10 ലക്ഷം, പത്തനാട് ഗവ. എല്‍പി സ്കൂളില്‍ വിവിധ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് 12 ലക്ഷം, ഗ്രാമീണ റോഡുകളുടെ വികസനത്തിന് 25 ലക്ഷം തുടങ്ങി വികസനത്തിന്റെ പുതുചരിത്രം രചിച്ചു മുന്നേറുകയാണ് കങ്ങഴ പഞ്ചായത്ത്.

ദേശാഭിമാനി 27082010

Tuesday, July 20, 2010

ജമാ അത്തെ ഇസ്ളാമിക്കായി വിദൂഷകവേഷം കെട്ടുന്ന ഗവേഷകര്‍

ജമാഅത്തെ ഇസ്ളാമിയുടെ മതമൌലികവാദ സ്വഭാവം സമീപകാലത്ത് കൂടുതല്‍ തുറന്നുകാട്ടപ്പെട്ടതോടുകൂടി ആ സംഘടനയ്ക്ക് പൊതുജനമദ്ധ്യത്തില്‍ നില്‍ക്കക്കള്ളിയില്ലാതായി. അവരുടെ പ്രസിദ്ധീകരണസ്ഥാപനങ്ങളായ മാധ്യമം പത്രവും വാരികയും എടുത്തണിഞ്ഞ പ്രഛന്ന ഇടതുപക്ഷത്തിന്റെയും ദളിത് സ്നേഹത്തിന്റെയുമൊക്കെ മുഖംമൂടി അനാവരണം ചെയ്യപ്പെട്ടതോടെ അവര്‍ അവാച്യമായ പ്രതിസന്ധിയിലായി. ആശയതലത്തില്‍ നിരായുധരായി നിലംപരിശാക്കപ്പെട്ട അവര്‍ പ്രതിരോധത്തിനായി കല്ലുവെച്ച നുണപ്രചരണത്തെയാണ് അന്തിമാശ്രയമായി കരുതിയിരിക്കുന്നത്.

സിപിഐ എമ്മിന്റെ മതനിരപേക്ഷ നിലപാടിനുനേരെയാണ് ജമാ അത്തെ ഇസ്ളാമിക്കാരുടെ ആക്രമണം. സിപിഐ (എം) സ്വീകരിച്ച മതനിരപേക്ഷ നിലപാട് മൃദുഹിന്ദുത്വ നിലപാടാണെന്ന് വളച്ചൊടിക്കാനാണ് അവരും അവര്‍ക്കായി പേന ഉന്തുന്നവരും നിരന്തരം ശ്രമിക്കുന്നത്. ഫാസിസ്റ്റ്-മതമൌലികവാദ സംഘടനകളുടെ പ്രധാന സവിശേഷതയാണല്ലോ നട്ടാല്‍ കുരുക്കാത്ത ഏതു കള്ളവും ആരെപ്പറ്റിയും പ്രചരിപ്പിക്കും എന്നത്. ഒരു ഉളുപ്പുമില്ലാതെ ആ നുണ നൂറല്ല പതിനായിരം തവണ ആവര്‍ത്തിക്കും എന്നുള്ളതും! കണ്‍മുമ്പിലുള്ള വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യങ്ങളെയും ചരിത്ര വസ്തുതകളേയും തമസ്കരിച്ചുകൊണ്ട് അവര്‍ നടത്തുന്ന അസത്യ പ്രചാരണങ്ങള്‍ അവരെത്തന്നെ തിരിഞ്ഞുകുത്തുന്നു.

കണ്ണടച്ച് പാലുകുടിക്കുന്ന പൂച്ച, താന്‍ കണ്ണടച്ചു പിടിച്ചിരിക്കുന്നതുകൊണ്ട് ലോകം മുഴുവന്‍ ഇരുളിലാണെന്നും താന്‍ ചെയ്യുന്ന പ്രവൃത്തി ആരും അറിയുന്നില്ലെന്നും സങ്കല്‍പിക്കുന്നു. അതുപോലെയാണ് ജമാ അത്തെ ഇസ്ളാമിക്കുവേണ്ടി പ്രബന്ധം ചമച്ച ഡോ. ടി ടി ശ്രീകുമാറിന്റെയും അവസ്ഥ. മാധ്യമം ആഴ്ചപ്പതിപ്പിന്റെ 2010 ജൂലൈ 12ന്റെ ലക്കത്തിന്റെ കവര്‍സ്റ്റോറി, മാതൃഭൂമി പത്രത്തിന്റെ പഴയ ഒരു വാര്‍ത്തയെയാണ് ആശ്രയിച്ചിരിക്കുന്നത്. 'ബാബറിമസ്ജിദ് പൊളിച്ചുമാറ്റി പ്രശ്നം തീര്‍ക്കണം. ഇ എം എസ്' എന്ന വാര്‍ത്തയുടെ ഫോട്ടോ കോപ്പി എടുത്തുകൊടുത്തിട്ടുണ്ട്. 'ഒന്നുകില്‍ ന്യൂനപക്ഷത്തിന്റെ നെഞ്ചത്ത്, അല്ലെങ്കില്‍...' എന്ന അടിക്കുറിപ്പും നല്‍കിയിട്ടുണ്ട്.

"ബാബറി മസ്ജിദ് പൊളിച്ചുമാറ്റി പ്രശ്നം തീര്‍ക്കണം'' എന്ന് ഇ എം എസ് തിരൂരില്‍ പ്രസംഗിച്ചു എന്നാണ് മാതൃഭൂമി ലേഖകന്‍ റിപ്പോര്‍ട്ടുചെയ്തത്.

വാര്‍ത്ത അച്ചടിച്ചുവന്നത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഇ എം എസ് അത് നിഷേധിക്കുകയുണ്ടായി. അങ്ങനെ ഒരു കാര്യം താന്‍ പറഞ്ഞിട്ടേ ഇല്ലെന്നും മാതൃഭൂമി വാര്‍ത്ത തനി കള്ളമാണെന്നും ഇ എം എസ് വ്യക്തമാക്കുകയുണ്ടായി. രാമജന്മഭൂമി എന്നപേരില്‍ ഹൈന്ദവ ബഹുജനങ്ങളെയും ബാബറി മസ്ജിദ് എന്നപേരില്‍ മുസ്ളിം ജനവിഭാഗങ്ങളെയും തമ്മിലടിപ്പിക്കരുതെന്ന് ഇരുവിഭാഗങ്ങളിലൂംപെട്ട പ്രമാണിമാരോട് അഭ്യര്‍ത്ഥിക്കുകയാണ് താന്‍ ചെയ്തതെന്ന് ഇ എം എസ് വിശദീകരിച്ചു.

1987 ജനുവരി 15ന്റെ ദേശാഭിമാനിയില്‍ ഇ എം എസിന്റെ പ്രസ്താവനയുടെ പൂര്‍ണരൂപം നല്‍കിയിട്ടുണ്ട്. അത് ഇവിടെ കൊടുത്തിട്ടുണ്ട്. അതില്‍ ഇ എം എസ് യോഗത്തില്‍ പ്രസംഗിച്ചത് എന്താണെന്നും മാതൃഭൂമി ലേഖകന്‍ ഭാവനയില്‍നിന്ന് എഴുതിയത് എന്താണെന്നും വിശദീകരിച്ചിട്ടുണ്ട്.

ബാബറി മസ്ജിദ് പ്രശ്നം ദേശീയ രാഷ്ട്രീയത്തില്‍ സജീവമായി ചര്‍ച്ചചെയ്യപ്പെടുന്ന സമയമായിരുന്നു അത്. അന്ന് സിപിഐ എമ്മിന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന ഇ എം എസ് എന്തു പറയുന്നു എന്ന് ദേശീയ മാധ്യമങ്ങളെല്ലാം കാതുകൂര്‍പ്പിച്ചു നില്‍ക്കുന്ന സമയമാണ്. കേരളത്തിലാവട്ടെ, മലയാള മനോരമയുള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ഇ എം എസ് പറയുന്നത് വളച്ചൊടിക്കാന്‍ കച്ചകെട്ടിയിരുന്ന സമയവും. എന്നാല്‍ മാതൃഭൂമി ലേഖകനൊഴികെ മറ്റാരും ഇങ്ങനെ ഒരു പച്ചക്കള്ളം എഴുതിവിടാന്‍ ധൈര്യപ്പെട്ടില്ല.

മാതൃഭൂമിയുടെ കോഴിക്കോട് എഡിഷനില്‍ പ്രാധാന്യത്തോടെ കൊടുത്ത ഈ വാര്‍ത്ത അന്നത്തെ തിരുവനന്തപുരം എഡിഷന്റെ അകത്തെ പേജില്‍ ഒരു കോളത്തില്‍ ഒതുങ്ങുകയായിരുന്നു. എന്താണ് അതിന്റെ അര്‍ത്ഥം? ആ വാര്‍ത്ത തനി കള്ളവും കെട്ടിച്ചമച്ചതുമാണെന്ന ബോധ്യം മാതൃഭൂമിയുടെ മറ്റ് എഡിഷനുകളില്‍ പ്രവര്‍ത്തിച്ചവര്‍ക്കുണ്ടായിരുന്നു. അല്ലാതെ അവരൊക്കെ മാധ്യമരംഗത്തെ മന്ദബുദ്ധികളല്ലല്ലോ?

അന്നത്തെ കേരള രാഷ്ട്രീയത്തിന്റെ ചിത്രംകൂടി അനുസ്മരിച്ചാലേ മാതൃഭൂമി ലേഖകന്റെ യഥാര്‍ത്ഥ പൂച്ച് മനസ്സിലാക്കാനാവൂ. 1987ജനുവരിയില്‍ കെ കരുണാകരന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് മന്ത്രിസഭയാണ് അധികാരത്തിലിരുന്നത്. അഴിമതിയില്‍മുങ്ങി, ഭൂരിപക്ഷ - ന്യൂനപക്ഷ വര്‍ഗീയതകളെ മാറിമാറി പ്രീണിപ്പിച്ച്, സര്‍ക്കാര്‍ അങ്ങേയറ്റം നാണംകെട്ടു നില്‍ക്കുന്ന സമയമാണ്. അതിനെല്ലാം ഉപരിയായി ബാബറിമസ്ജിദ് പ്രശ്നം മതസൌഹാര്‍ദ്ദ അന്തരീക്ഷത്തിന് കനത്ത ഭീഷണിയായി നിലനില്‍ക്കുകയാണ്.

ഇന്നത്തെപ്പോലെ അന്നും യുഡിഎഫിലെ രണ്ടാമത്തെ കക്ഷി മുസ്ളീം ലീഗാണ്. ഇബ്രാഹിം സുലൈമാന്‍സേഠ് ആണ് അന്ന് മുസ്ളീംലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റ്. ബാബറിമസ്ജിദ് പ്രശ്നത്തിന്റെപേരില്‍ റിപ്പബ്ളിക്ദിനം ബഹിഷ്കരിക്കുമെന്ന് സേഠ് പ്രഖ്യാപിച്ച സമയമാണ്. ബഹിഷ്കരണാഹ്വാനത്തിന്റെപേരില്‍ മുസ്ളീംലീഗില്‍ കടുത്ത ഭിന്നത നിലനില്‍ക്കുന്ന സമയവും.

യുഡിഎഫിലെ ഘടകകക്ഷികളായി അന്ന് സാമ്പത്തിക സംവരണത്തിനായി വാദിക്കുന്ന എന്‍ഡിപിയും സാമുദായിക സംവരണത്തിനായി നിലകൊള്ളുന്ന എസ്ആര്‍പിയും ഉണ്ട്. ഇവര്‍ക്കെല്ലാം പരസ്പരവിരുദ്ധമായ ഉറപ്പുകള്‍ കരുണാകരന്‍ കൊടുക്കുന്ന കാലം. വര്‍ഗീയതയെ അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുന്ന ഭരണമായിരുന്നു സംസ്ഥാനത്ത് ഉണ്ടായിരുന്നത് എന്ന് അര്‍ത്ഥം.

ബാബറി മസ്ജിദ് പ്രശ്നത്തില്‍ സംഘപരിവാറിന്റെ മുഖപത്രംപോലെയാണ് അന്ന് മാതൃഭൂമി പ്രവര്‍ത്തിച്ചത് എന്ന് അതിന്റെ പഴയ ലക്കങ്ങള്‍ സാക്ഷ്യംപറയുന്നു. അങ്ങേയറ്റം സംഘര്‍ഷാത്മകമായ സാഹചര്യത്തെ പരമാവധി മുതലെടുത്ത് സര്‍ക്കുലേഷന്‍ വര്‍ദ്ധിപ്പിക്കാനാണ് അവര്‍ യത്നിച്ചത്. വര്‍ഗീയ സാഹചര്യത്തെ പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള മസാലകള്‍ മാതൃഭൂമി പേജുകളില്‍ നിരത്താന്‍ ലേഖകര്‍ പാടുപെടുന്ന സമയമായിരുന്നു അത്. അതിനായി അര്‍ദ്ധസത്യത്തെയും അസത്യത്തെയും കൂട്ടുപിടിക്കുന്നത് മ്ളേച്ഛമല്ലെന്ന് അവര്‍ കരുതി. ആര്‍ജവത്തേക്കാള്‍ ആര്‍ജ്ജനത്തിന് പ്രാധാന്യം കല്‍പിച്ചു എന്നു സാരം.

ഇ എം എസിന്റെ പ്രസംഗത്തിന്റെപേരില്‍ ഇത്തരം ഒരു കള്ളം എഴുതാന്‍ മാതൃഭൂമി ലേഖകന്‍ ധൈര്യം കാണിച്ചതിന്റെ പശ്ചാത്തലം ഇതാണ്.

മാതൃഭൂമി കള്ളം എഴുതിയതോ അന്നേ നിഷേധിക്കപ്പെട്ട ആ 'വാര്‍ത്ത' ജമാ അത്തെ ഇസ്ളാമിക്കാര്‍ തലയിലേറ്റി നടക്കുന്നതോ ആരിലും അത്ഭുതം ഉണ്ടാക്കില്ല. എന്നാല്‍ ഗവേഷകരുടെ വേഷത്തില്‍ ചില ഡോക്ടര്‍മാര്‍ ഈ കള്ളത്തെ ആശ്രയിക്കുന്നതാണ് അതിശയകരം.

ജമാ അത്തുകാര്‍ നല്‍കിയ പത്രത്താളിന്റെപേരില്‍ ഒരു പ്രമുഖരാഷ്ട്രീയ പാര്‍ടിയേയും സമാരാധ്യനായ അതിന്റെ നേതാവിനെയും അപവദിക്കുംമുമ്പ് ആ ദിവസത്തെ മറ്റു പത്രങ്ങളെങ്കിലും പരിശോധിക്കാനുള്ള ബാധ്യത ഈ 'ഗവേഷക'നില്ലേ? ഇ എം എസിന്റെയും സിപിഐ എമ്മിന്റെയും ഭാഗത്തുനിന്ന് ഇതുസംബന്ധിച്ച് വിശദീകരണം എന്തെങ്കിലും വന്നോ എന്ന് പരിശോധിക്കാനുള്ള ക്ഷമ ഈ ഗവേഷകന്‍ കാണിക്കേണ്ടതല്ലേ? ഇവരൊക്കെയാണ് രാഷ്ട്രീയ സദാചാരത്തെപ്പറ്റി പേജുകള്‍ എഴുതിനിറയ്ക്കുന്നത് എന്നത് നമുക്കുമുമ്പിലുള്ള കറുത്ത ഹാസ്യമാണ്. ജമാഅത്തെ ഇസ്ളാമിയെ വെള്ളപൂശാന്‍ ഗവേഷണംനടത്തുന്ന ഇത്തരക്കാരെ വിദൂഷകന്റെ തൊപ്പിയണിയിച്ചായിരിക്കും കാര്യവിവരമുള്ള വായനക്കാര്‍ സ്വീകരിക്കുക. വിഖ്യാത സാഹിത്യകാരന്‍ സഞ്ജയന്റെ ഭാഷയില്‍ എല്ലാ അസത്യങ്ങളും അശ്ളീലങ്ങളാണ്. ആ നിലയ്ക്ക് അസത്യങ്ങളും അബദ്ധ ധാരണകളും മുഴച്ചുനില്‍ക്കുന്ന ശ്രീകുമാറിന്റെ ലേഖനവും അങ്ങേയറ്റം അശ്ളീലമാണെന്ന് പറയാതെ വയ്യ.

ഗിരീഷ് ചേനപ്പാടി chintha weekly 23072010

Friday, July 16, 2010

ആരാധനാലയം ആയുധപ്പുരകളാക്കുന്നത് ചെറുക്കണം

ഭീകരവാദത്തിന്റെ പേരില്‍ ആരാധനാലയങ്ങള്‍ ആയുധപ്പുരകളാക്കുന്നവര്‍ക്കെതിരെ മതന്യൂനപക്ഷങ്ങളിലെ മഹാഭൂരിപക്ഷം വരുന്ന മതനിരപേക്ഷ ചിന്താഗതിക്കാരും മതവിശ്വാസികളും അണിനിരക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനെന്ന പേരിലാണ് ഭീകരവാദം ചിലര്‍ ഉയര്‍ത്തുന്നത്. അവരുടെ ദുഷ്ടലാക്ക് മതവിശ്വാസികള്‍ തിരിച്ചറിയണം. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കു മാത്രമെ മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനാകൂ. അതാണ് നമ്മുടെ നാടിന്റെ ചരിത്രം.സിപിഐ എം ഹരിപ്പാട് ഏരിയാകമ്മിറ്റി ഓഫീസിനുവേണ്ടി പണിയുന്ന ഇഎംഎസ് സ്മാരകമന്ദിരത്തിനു ശിലയിട്ടു സംസാരിക്കുകയായിരുന്നു പിണറായി.

അധ്യാപകന്റെ കൈവെട്ടിയെടുത്തത് മതത്തിന്റെ പേരില്‍ നാട്ടില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നവര്‍ മുസ്ളിംപള്ളികള്‍ ആയുധപ്പുരകളാക്കുകയാണ്. ഇവരെ രാഷ്ട്രീയമായി സംരക്ഷിക്കുന്നത് മുസ്ളിംലീഗും യുഡിഎഫുമാണ്.ലീഗിന്റെ സമ്മേളനം നടക്കുമ്പോള്‍ കാസര്‍കോട് ടൌണില്‍ ലീഗിന്റെ മറവില്‍ എന്‍ഡിഎഫുകാര്‍ അഴിഞ്ഞാടി. അന്ന് അവരെ ന്യായീകരിക്കാനും സംരക്ഷിക്കാനും ഓടിയെത്തിയത് ലീഗിന്റെയും യുഡിഎഫിന്റെയും നേതാക്കളായിരുന്നു. നാട്ടില്‍ വളര്‍ന്നുവരുന്ന ഭീകരതയ്ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കാന്‍ കേന്ദ്രസര്‍ക്കാരിനു കഴിയുന്നില്ല.

ഭീകരവാദത്തിനുപിന്നില്‍ ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവരാണ് എന്നുപ്രചരിപ്പിക്കാനും ശ്രമം നടക്കുന്നു. മുസ്ളിം വിഭാഗത്തില്‍പ്പെട്ടവര്‍ മാത്രമല്ല ഭീകരതയ്ക്കു പിന്നിലെന്ന് മലേഗാവ് , അജ്മീര്‍, ഹൈദരാബാദ് തുടങ്ങിയ സംഭവങ്ങള്‍ തെളിയിക്കുന്നു. ഹൈദരാബാദില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ചില ശക്തമായ നടപടികളെടുത്തു. അതുപക്ഷേ മുസ്ളിംസമുദായത്തിനെതിരെയായിരുന്നു. എന്നാല്‍ മുസ്ളിം മതഭീകരതയുടെ ആപത്തു കാണാതിരുന്നുകൂടാ. വന്‍തോതില്‍ പണവും ആയുധങ്ങളും അവര്‍ക്കു ലഭിക്കുന്നു. വിദേശരാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ അവര്‍ക്കു പണം കിട്ടുന്നുണ്ട്. ഇതിനെകുറിച്ച് കേന്ദ്രം അന്വേഷിക്കണം എന്ന് സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതിനെ കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ വിമര്‍ശിച്ചിരിക്കുന്നു. വിദേശത്തുനിന്നു പണം കിട്ടുന്നതിനെപ്പറ്റി അന്വേഷിക്കേണ്ടത് കേന്ദ്രഏജന്‍സികളാണ്. സംസ്ഥാനത്തിന് അതിനു കഴിയില്ലെന്നും പിണറായി പറഞ്ഞു.

deshabhimani 16072010

Wednesday, June 9, 2010

കിടപ്പാടം പദ്ധതിക്ക് ഇടങ്കോലിടരുത്

ഒരുതുണ്ട് ഭൂമിയും അതിലൊരു പാര്‍പ്പിടവും സാധാരണ മനുഷ്യന്റെ സ്വപ്നമാണ്. നിത്യവൃത്തിക്കുപോലും ബുദ്ധിമുട്ടുന്ന, പുറമ്പോക്കുകളിലും ചേരികളിലും രാപ്പാര്‍ക്കുന്ന ആയിരങ്ങളുണ്ട് നമ്മുടെ നാട്ടില്‍. അവര്‍ക്ക് സുരക്ഷിതമായ വീട് എന്നത് ജനങ്ങളെ സ്നേഹിക്കുന്ന സര്‍ക്കാരിന്റെ കടമയാണ്. കേരളത്തെ ഭവനരഹിതരില്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമാക്കിത്തീര്‍ക്കാനുള്ള ആ മഹത്തായ കടമയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളത്.

1957ലെ ഇ എം എസ് സര്‍ക്കാര്‍ തുടക്കമിട്ട വിപ്ളവകരമായ നിയമനിര്‍മാണങ്ങളില്‍ ഏറ്റവും പ്രധാനം ഭൂപരിഷ്കരണ മായിരുന്നു. ഇന്ത്യയിലാദ്യമായി ഒരു സംസ്ഥാനത്ത് ജന്മിസമ്പ്രദായം അവസാനിപ്പിക്കാന്‍ കഴിഞ്ഞു. ഭൂപരിഷ്കരണംമൂലം ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് കിടപ്പാടം ലഭിച്ചു. പക്ഷേ, കുടികിടപ്പവകാശമായി ലഭിച്ച ഭൂമി വീണ്ടും തുണ്ടുവല്‍ക്കരിക്കപ്പെട്ടു. രണ്ടും മൂന്നും സെന്റ് ഭൂമി ഉണ്ടായിരുന്നെങ്കിലും സ്വന്തമായി ഒരു കിടപ്പാടം എന്ന സ്വപ്നം അവശേഷിച്ചു. പല പദ്ധതികള്‍ നടപ്പാക്കിയെങ്കിലും വര്‍ധിച്ചുവരുന്ന ഭവന ആവശ്യം നിറവേറ്റാന്‍ പര്യാപ്തമല്ലാതായതിനാല്‍ ഭവനരഹിത കുടുംബങ്ങളുടെ എണ്ണം കൂടിവന്നു.

കേരളത്തില്‍ ഭവനനിര്‍മാണമേഖലയില്‍ ജനകീയാസൂത്രണത്തിലൂടെയാണ് അഭൂതപൂര്‍വമായ വളര്‍ച്ചയുണ്ടാക്കിയത്. ഒന്‍പതാം പദ്ധതിക്കാലത്ത് 5.5 ലക്ഷവും പത്താംപദ്ധതിയില്‍ 3 ലക്ഷവും വീടുകള്‍ ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് നിര്‍മിച്ചുനല്‍കി. ഇതിന്റെ തുടര്‍ച്ചയായാണ് പതിനൊന്നാം പദ്ധതിക്കാലത്ത് സമ്പൂര്‍ണ ഭവനപദ്ധതി നടപ്പാക്കാനുള്ള ആശയം ഉയര്‍ന്നത്. കേരളത്തിലെ ആദ്യത്തെ ജനകീയ സര്‍ക്കാര്‍ അധികാരമേറ്റതിന്റെ 50-ാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് കേരളത്തിലെ പ്രഥമ മുഖ്യമന്ത്രിയായ ഇ എം എസിന്റെ നാമധേയത്തില്‍ പദ്ധതി നടപ്പാക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. സംസ്ഥാനത്ത് അഞ്ചുലക്ഷം ഭവനരഹിത കുടുംബങ്ങളുണ്ടാകുമെന്നാണ് കണക്കാക്കിയത്. ഇതില്‍ 1.35 ലക്ഷം ഭൂരഹിത കുടുംബങ്ങളാണ്. ഇത്രയും കുടുംബങ്ങള്‍ക്ക് വീട് ലഭ്യമാക്കിയാല്‍ കേരളം ഭവനരഹിതരില്ലാത്ത സംസ്ഥാനമാകും. ഈ ലക്ഷ്യം വച്ചാണ് ഇ എം എസ് സമ്പൂര്‍ണ ഭവനപദ്ധതി വിഭാവനം ചെയ്തത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ആഭിമുഖ്യത്തിലുള്ള ഇതര ഭവനപദ്ധതികളെ കൂടി ലക്ഷ്യ പൂര്‍ത്തീകരണത്തിന് കഴിയാവുന്നത്ര ഉപയോഗിക്കാനും ഗവണ്‍മെന്റ് തീരുമാനിച്ചു. പദ്ധതിയുടെ ആദ്യവര്‍ഷങ്ങളില്‍ത്തന്നെ മൂന്നുലക്ഷത്തിലേറെ വീടുകള്‍ നിര്‍മിച്ചു. ഭവനപദ്ധതിക്കു നല്‍കുന്ന സഹായം പട്ടികവര്‍ഗത്തിന് 1.25 ലക്ഷം, പട്ടികജാതിക്ക് 1 ലക്ഷം, പൊതുവിഭാഗത്തിന് 75,000 എന്ന തോതില്‍ വര്‍ധിപ്പിച്ചു. ഭൂരഹിതര്‍ക്ക് ഭൂമി നല്‍കാനുള്ള ധനസഹായവും വര്‍ധിപ്പിച്ചു. ഇന്ദിര ആവാസ് യോജന, എം എന്‍ ലക്ഷം വീട് പദ്ധതികളിലെ ഗുണഭോക്താക്കള്‍ക്കും ഇതേ തുക തന്നെ ലഭ്യമാക്കുന്നു. അതിനാവശ്യമായ അധികതുക ത്രിതല പഞ്ചായത്തുകള്‍ നല്‍കുന്നു.

5000 കോടിയോളം രൂപയാണ് പദ്ധതി പൂര്‍ത്തീകരണത്തിന് വേണ്ടത്. സഹകരണസ്ഥാപനങ്ങളില്‍നിന്ന് വായ്പയെടുത്താണ് പദ്ധതി നടപ്പാക്കുന്നത്. പലിശ ഗവമെന്റ് സബ്സിഡിയായി നല്‍കുന്നു. ഇതിനകം വമ്പിച്ചൊരു ജനകീയമുന്നേറ്റമാക്കാന്‍ ഈ പദ്ധതിക്ക് കഴിഞ്ഞു. പല പഞ്ചായത്തുകളും ഇതിനകം ലക്ഷ്യം പൂര്‍ണമായി കൈവരിച്ചുകഴിഞ്ഞു. ഇന്ത്യയിലാകെ, ഒരുപക്ഷേ ലോകത്തിലെ തന്നെ ഏറ്റവും വലിയ സാമൂഹ്യക്ഷേമ പദ്ധതിയായി മാറുകയാണ് ഇ എം എസ് ഭവനപദ്ധതി.

ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഭവനരഹിതരുടേത്. ഇക്കാര്യം കേന്ദ്രഗവമെന്റ് എത്ര ലാഘവത്തോടെയാണ് കൈകാര്യംചെയ്യുന്നതെന്ന് നോക്കുക. 11-ാം പദ്ധതിക്കാലത്ത് വെറും 10,000 കോടി രൂപയാണ് ഭവനപദ്ധതിക്ക് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി കേന്ദ്ര ഗവണ്‍മെന്റ് നീക്കി വച്ചത്. ഇന്ദിര ആവാസ് യോജനയില്‍ ഒരു വീടിന് 38,500 രൂപയാണ് കേന്ദ്രം വകയിരുത്തിയത്. അതില്‍ത്തന്നെ കേന്ദ്രവിഹിതം വെറും 28,875 രൂപമാത്രം. വീടൊന്നിന് 9625 രൂപ സംസ്ഥാനം കണ്ടെത്തണം.

ഇ എം എസ് സമ്പൂര്‍ണ ഭവനപദ്ധതിപോലൊന്ന് കേന്ദ്ര ഗവണ്‍മെന്റിനോ അവരെ നയിക്കുന്ന കോണ്‍ഗ്രസിനോ സ്വപ്നം കാണാന്‍ പോലും കഴിയില്ല. തമിഴ്നാട് സര്‍ക്കാര്‍ ഇ എം എസ് ഭവനപദ്ധതിയില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് ഭവനപദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്. പക്ഷേ കേരളത്തിലെ പോലെ സമഗ്രമല്ല. നിലവിലുള്ള മേല്‍ക്കൂരമാറ്റി പണിയുന്നതിനാണ് തമിഴ്നാടിന്റെ മുന്‍ഗണന.

കേരളത്തിന്റെ അഭിമാനമായി മാറിയ ഇ എം എസ് പദ്ധതിയെ അപകീര്‍ത്തിപ്പെടുത്താനും അത് നടപ്പാക്കുമ്പോഴുള്ള സാങ്കേതികമായ പ്രശ്നങ്ങളെ പെരുപ്പിച്ച് പദ്ധതിയാകെ പരാജയമാണെന്ന് വരുത്തിത്തീര്‍ക്കാനും കേരളത്തിലെ ഒന്നാമത്തെ പത്രമെന്നവകാശപ്പെടുന്ന മലയാളമനോരമ രംഗത്തിറങ്ങിയത് ഇന്നാട്ടിലെ ഭവനരഹിതരായ പാവങ്ങളോടുള്ള വെല്ലുവിളിയും ക്രൂരതയുമാണ്. പദ്ധതിക്കെതിരെ നിരന്തരം വാര്‍ത്തകള്‍ നല്‍കുകയാണാ പത്രം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അമൂല്യമായ ഒരു നേട്ടത്തെ ഇകഴ്ത്തിക്കാട്ടി യുഡിഎഫിന് രാഷ്ട്രീയനേട്ടമുണ്ടാക്കിക്കൊടുക്കാനുള്ള വിടുപണിയിലാണവര്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

ചുവപ്പുനാടയുടെയും സാങ്കേതികമായ ഭരണനടപടിക്രമങ്ങളുടെയും പ്രശ്നം ഇന്നാട്ടില്‍ പുതിയതല്ല. അത്തരം പ്രശ്നങ്ങള്‍കൊണ്ട് പദ്ധതി തടസ്സപ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ മനോരമ തന്നെ സമ്മതിക്കുന്നുമുണ്ട്. എന്നിട്ടും പദ്ധതി അട്ടിമറിക്കപ്പെട്ടു എന്നമട്ടില്‍ കള്ളക്കണക്കുമായി പ്രചാരണത്തിനിറങ്ങിയിരിക്കുന്നു. ഇത് രാഷ്ട്രീയശത്രുതയായോ മാധ്യമപ്രവര്‍ത്തനത്തിന്റെ വിമര്‍ശനാത്മകരൂപമായോ കാണാനാകില്ല. മറിച്ച് രാഷ്ട്രീയലക്ഷ്യത്തോടെയുള്ള അട്ടിമറി പ്രവര്‍ത്തനമാണ്. പാവങ്ങള്‍ക്ക് വീടുകിട്ടുന്നത് മുടക്കാനുള്ള നീചമായ ഇടപെടലാണ്. കയറിക്കിടക്കാന്‍ കൂരയില്ലാത്തവരുടെ സങ്കടം പത്രത്തിന്റെ ശക്തികൊണ്ട് ദന്തഗോപുരങ്ങള്‍ പണിയുന്നവര്‍ക്ക് മനസ്സിലാകില്ല. സര്‍ക്കാരിനെ വിമര്‍ശിക്കുന്നതും പ്രതിപക്ഷരാഷ്ട്രീയം കളിക്കുന്നതും ഒരു വലിയ പദ്ധതിയെ അട്ടിമറിച്ചുകൊണ്ടല്ലെന്ന് മനസ്സിലാക്കി കുപ്രചാരണങ്ങളില്‍നിന്ന് പിന്മാറണമെന്ന് ഞങ്ങളുടെ സഹജീവിയോടഭ്യര്‍ഥിക്കുന്നു. പാവങ്ങള്‍ക്ക് സ്വന്തമായി ഒരു കൂര കിട്ടിക്കോട്ടെ; അതിന് ഇടങ്കോലിടരുത്.

ദേശാഭിമാനി മുഖപ്രസംഗം 09062010