Showing posts with label അഭയ കേസ്. Show all posts
Showing posts with label അഭയ കേസ്. Show all posts

Thursday, December 24, 2020

മരിച്ചത്‌ കന്യാസ്‌ത്രീയാണ്‌. അവരെ കൊന്നത്‌ കന്യാസ്‌ത്രീയും പുരോഹിതനും ; പ്രതികൾ ദയ അർഹിക്കുന്നില്ല: കോടതി

 സിസ്റ്റർ അഭയയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതികൾ ദയ അർഹിക്കുന്നില്ലെന്ന്‌ ശിക്ഷാ വിധിക്കിടെ വിധിന്യായത്തിൽ കോടതി വ്യക്തമാക്കി. മരിച്ചത്‌ കന്യാസ്‌ത്രീയാണ്‌. അവരെ കൊന്നത്‌ കന്യാസ്‌ത്രീയും പുരോഹിതനുമാണെന്നതും ഒരിക്കലും പൊറുക്കാനാവില്ല. കേസ്‌ അട്ടിമറിക്കാൻ ശ്രമിച്ച ക്രൈം ബ്രാഞ്ച്‌ ഉദ്യോഗസ്ഥരെയും കോടതി രൂക്ഷമായി വിമർശിച്ചു. ഇതുപോലെയുള്ള സംഭവങ്ങൾ സംസ്ഥാന പൊലീസിൽ ഉണ്ടാവാതിരിക്കാൻ പൊലീസ്‌ മേധാവി നടപടികളെടുക്കണമെന്നും 227 പേജുള്ള വിധിന്യായത്തിൽ ജഡ്‌ജി കെ സനിൽകുമാർ ചൂണ്ടിക്കാട്ടി.

അഭയയുടെ ദേഹത്തുള്ള ആറു മുറിവ്‌ മൽപ്പിടിത്തത്തിലൂടെ ഉണ്ടായതാണെന്നും തെളിഞ്ഞിട്ടുണ്ട്‌. തലയിലേറ്റ ആഴമുള്ള മുറിവ്‌ ഏതോ മാരകായുധം ഉപയോഗിച്ച്‌ സംഭവിച്ചതാണെന്ന്‌ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്‌. നഖംകൊണ്ടുള്ള മുറിവും അക്രമത്തിലേറ്റ പരിക്കാണ്‌. അഭയ മാന്യമായി ജീവിക്കുന്ന കുട്ടിയാണ്‌. മരണത്തിന്‌ ദിവസങ്ങൾക്കു‌മുമ്പ്‌‌ വളരെ സന്തോഷവതിയായാണ്‌ അഭയയെ കണ്ടതെന്ന്‌ ഹോസ്റ്റൽ അന്തേവാസികൾ മൊഴി നൽകിയിട്ടുണ്ട്‌. അതിനാൽ അഭയ ആത്മഹത്യ ചെയ്യേണ്ട കാരണവുമില്ല. മുങ്ങുന്നതിനു‌മുമ്പ്‌‌ തലയ്ക്ക്‌ ഏറ്റ ആഴമേറിയ മുറിവാണ്‌ മരണകാരണമെന്നും തെളിഞ്ഞിട്ടുണ്ട്‌.

സംഭവദിവസം അടുക്കള ഭാഗത്ത്‌ പിടിവലി നടന്നതായുള്ള ലക്ഷണവും അഭയയുടെ ചെരിപ്പും മറ്റും കിടന്നതും കൊലപാതകത്തിലേക്ക്‌‌ വിരൽ ചൂണ്ടുന്നു. പ്രതികളെ സംഭവസ്ഥലത്ത്‌ കണ്ടെന്ന മുഖ്യസാക്ഷി രാജുവിന്റെ മൊഴി വിശ്വസനീയമാണ്‌. പ്രതികൾ ഈ സമയത്ത് അവിടെ എത്തേണ്ട കാര്യമില്ല. ഫാ. തോമസ്‌ കോട്ടൂരിന്റെ സ്‌കൂട്ടർ രാത്രി കോൺവന്റിന്‌ പുറത്ത്‌ കാണാറുണ്ടെന്ന സാക്ഷിമൊഴിയും വിശ്വസനീയമാണ്‌.

തോമസ്‌ കോട്ടൂരും സെഫിയും ഭാര്യാ ഭർത്താക്കന്മാരെ പോലെയാണ്‌ ജീവിച്ചിരുന്നതെന്ന മൊഴികളും വിശ്വസനീയമാണ്‌. ഇവർ സ്വഭാവ ദൂഷ്യമുള്ളവരാണെന്നും തെളിഞ്ഞിട്ടുണ്ട്‌. സെഫി സ്ഥിരമായി ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന്‌ മെഡിക്കൽ റിപ്പോർട്ടുണ്ട്‌. കൊലപാതകത്തിനുശേഷം ഇത്‌ പുറത്തുവരാതിരിക്കാനാണ്‌ കന്യാചർമം തുന്നിച്ചേർത്തത്‌. കളർകോട്‌ വേണുഗോപാൽ എന്ന സാക്ഷിയോട്‌ പ്രതികൾ നടത്തിയ കുറ്റസമ്മത മൊഴിയും ശക്തമായ തെളിവാണ്‌–- വിധിന്യായത്തിൽ പറഞ്ഞു.

തോമസ്‌ കോട്ടൂർ നമ്പർ സി 4334; സെഫി സി 15

തോമസ്‌ കോട്ടൂർ സി 4334. സിസ്‌റ്റർ സെഫി സി 15. അഭയ കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ച രണ്ടുപേരും ഇനി ജയിലിൽ അറിയപ്പെടുക ഈ ‘കൺവിക്‌റ്റ്‌’ നമ്പരിൽ. ജയിൽ വസ്‌ത്രമണിഞ്ഞ രണ്ടുപേർക്കും 14 ദിവസം ക്വാറന്റൈൻ. അതിനു‌ശേഷം ഇവരെ മറ്റ്‌ ബ്ലോക്കുകളിലേക്ക്‌ മാറ്റും. പൂജപ്പുര സെൻട്രൽ ജയിലിൽ ക്വാറന്റൈൻ കേന്ദ്രമായ എട്ടാം നമ്പർ ബ്ലോക്കിലാണ്‌ തോമസ്‌ കോട്ടൂരിനെ പാർപ്പിച്ചത്‌. സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലിൽ ക്വാറന്റൈനുവേണ്ടി മാറ്റിവച്ച  ബ്ലോക്കിലാണ്‌. നമ്പർ പതിച്ച വസ്‌ത്രം രണ്ട്‌പേർക്കും നൽകി. ജയിലിൽ പ്രവേശിപ്പിക്കുന്ന തടവുകാരെ, കോവിഡ്‌ നെഗറ്റീവാണെങ്കിലും ആദ്യം ക്വാറന്റൈനിൽ അയക്കും.  

നിരവധി ജീവിതങ്ങൾ രക്ഷിക്കാൻ പ്രാർഥന നടത്തുന്നയാളായതിനാൽ കുറഞ്ഞ ശിക്ഷ നൽകണമെന്ന്‌, വിധി പറയുംമുമ്പ്‌ തോമസ്‌ കോട്ടൂർ കോടതിയിൽ പറഞ്ഞു. ക്യാൻസർ രോഗത്തിന്‌ ചികിത്സയിലാണ്‌. മറ്റ്‌ രോഗപീഡകളുമുള്ളതിനാൽ ശിക്ഷ കുറയ്ക്കണമെന്നും അഭ്യർഥിച്ചു.  92 വയസ്സായ അച്ഛനെയും 88 വയസ്സായ അമ്മയെയും  പരിരക്ഷിക്കേണ്ടതിനാൽ കുറഞ്ഞ ശിക്ഷ നൽകണം എന്നാണ്‌ സിസ്റ്റർ സെഫി കോടതിയിൽ പറഞ്ഞത്‌. തന്റെ വരുമാനത്തിലാണ് മാതാപിതാക്കള്‍ ജീവിക്കുന്നതെന്നും തനിക്ക് നിരവധി രോ​ഗമുണ്ടെന്നും അവര്‍ പറഞ്ഞു.

പ്രതികൾക്ക്‌ പരമാവധി ശിക്ഷ നൽകണമെന്ന്‌ പ്രോസിക്യൂട്ടർ എം നവാസ്‌ പറഞ്ഞു. എല്ലാവരുടെയും വാദം കേട്ടശേഷം പിരിഞ്ഞ കോടതി അരമണിക്കൂറിനു‌ശേഷം വീണ്ടും ചേർന്നാണ്‌ ശിക്ഷ പ്രഖ്യാപിച്ചത്.

കേസ് അട്ടിമറിക്കാന്‍  മുന്‍ ജഡ്ജി ശ്രമിച്ചെന്ന്‌ റിട്ട. സിജെഎം

അഭയ കേസ് അട്ടിമറിക്കാൻ മുൻ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ ശ്രമം നടത്തിയതായി എറണാകുളം മുൻ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട്‌ വി ടി രഘുനാഥ്. 2006ൽ സിബിഐയുടെ മൂന്നാം റഫർ റിപ്പോർട്ട് പരിഗണിച്ച അന്നത്തെ എറണാകുളം സിജെഎം ആയിരുന്നു ഇദ്ദേഹം.  ചാനലിലാണ്‌ വെളിപ്പെടുത്തൽ നടത്തിയത്‌. സിബിഐ കണ്ടെത്തലുകളിൽ സംശയം തോന്നിയ താൻ പയസ് ടെൻത് കോൺവെന്റിൽ സ്ഥലം സന്ദർശിക്കാൻ തീരുമാനിച്ചിരുന്നതായി വി ടി രഘുനാഥ്‌ വാര്‍ത്താചാനലിനോട് വെളിപ്പെടുത്തി. ഉത്തരവിറങ്ങിയതിനുപിന്നാലെ അന്നത്തെ രജിസ്ട്രാറും പിന്നീട് ഹൈക്കോടതി ജഡ്ജിയുമായ എ വി രാമകൃഷ്ണപിള്ള വിളിച്ച് പോകരുതെന്ന്‌ ആവശ്യപ്പെട്ടു. ഒരു ഹൈക്കോടതി ജഡ്ജിയുടെ നിർദേശപ്രകാരമാണ് വിളിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.

"അഭയ കേസുമായി ബന്ധപ്പെട്ട ഫയലുകൾ എന്റെ കോടതിയിൽനിന്ന് ഹൈക്കോടതിയിലെ പ്രത്യേക ദൂതൻ വന്ന് കൊണ്ടുപോയി. സ്ഥലം സന്ദർശിക്കാനുള്ള  ഉത്തരവ് ഹൈക്കോടതി പിന്നീട്  റദ്ദാക്കി. പിന്നാലെ തന്നെ എറണാകുളം സബ്ജഡ്ജായി സ്ഥലം മാറ്റുകയും ചെയ്‌തു. 

കേസിലുൾപ്പെട്ട ഉന്നതരുടെ സ്വാധീനം ഇതിൽ ഉണ്ടായിരിക്കാം. എന്റെ മുന്നിൽ കേസ്‌ എത്തുമ്പോൾ  സാക്ഷി രാജുവിന്റെ പേര് ഉണ്ടായിരുന്നില്ല. പുതിയ സിബിഐ സംഘം അന്വേഷണം ഏറ്റെടുത്തശേഷമാണ് സാക്ഷിപ്പട്ടികയിൽ രാജു എത്തിയത്'- വി ടി രഘുനാഥ് പറഞ്ഞു.

വിജയ്‌ 

Wednesday, December 23, 2020

അഭയവധക്കേസ്‌: ഫാദർ തോമസ്‌ കോട്ടൂരിന്‌ ഇരട്ട ജീവപര്യന്തം; സിസ്‌റ്റർ സെഫിക്ക്‌ ജീവപര്യന്തം ശിക്ഷ

സിസ്‌റ്റർ അഭയവധക്കേസിൽ പ്രതികളായ ഫാദർ തോമസ്‌ കോട്ടൂരിന്‌ ഇരട്ടജീവപര്യന്തവും  സിസ്‌റ്റർ സെഫിക്ക്‌  ജീവപര്യന്തം ശിക്ഷയും  വിധിച്ചു. ഇതിന്‌ പുറമെ 5 ലക്ഷം രൂപ വീതം പിഴയും തെളിവ്‌ നശിപ്പിക്കലിന്‌ 7 വർഷം  ശിക്ഷയും വിധിച്ചിട്ടുണ്ട്‌. സിബിഐ തിരുവനന്തപുരം പ്രത്യേക കോടതി ജഡ്‌ജി കെ സനിൽകുമാർ ആണ്‌ ശിക്ഷ വിധിച്ചത്‌. ശിക്ഷ ഒരുമിച്ച്‌ അനുഭവിച്ചാൽ മതി.

രാവിലെ 11ന്‌ കേസിന്റെ ശിക്ഷാവിധിയിൽ വാദം കേട്ടു . തുടർന്ന്‌ ശിക്ഷ വിധിക്കുകയായിരുന്നു. പ്രതികൾക്ക്‌ പരമാവധി ശിക്ഷ നൽകണമെന്ന്‌ പ്രോസിക്യൂഷൻ വാദിച്ചു.  പ്രായവും കാൻസർ രോഗവും പരിഗണിച്ച്‌ പരമാവധി ശിക്ഷ കുറച്ചു തരണമെന്ന്‌ തോമസ്‌ കോട്ടൂരും വൃക്ക, പ്രമേഹ രോഗങ്ങൾ ഉണ്ടെന്നും നിരപരാധിയാണെന്നും സെഫിയും കോടതിയെ അറിയിച്ചു.   ശിക്ഷാവിധി കേൾക്കാൻ പ്രതികളെ  രാവിലെ ജയിലിൽനിന്ന്‌ കോടതിയിലെത്തിച്ചിരുന്നു.

ഇരുപത്തിയെട്ട്‌ വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ്‌   സിസ്‌റ്റർ അഭയ വധക്കേസിൽ വിധിവരുന്നത്‌.  മൊഴിമാറ്റിയും തെളിവുനശിപ്പിച്ചും‌ നിയമവ്യവസ്ഥയെ അപഹസിച്ച അഭയ കൊലപാതക കേസിൽ ഒന്നാം പ്രതി ഫാദർ തോമസ്‌ കോട്ടൂർ, മൂന്നാം പ്രതി സിസ്‌റ്റർ സെഫി എന്നിവർ കുറ്റക്കാരെന്ന്‌ കോടതി ഇന്നലെ വിധിച്ചിരുന്നു.

രണ്ടാം പ്രതി ഫാദർ ജോസ്‌ പുതൃക്കലിനെ കോടതി നേരത്തേ വെറുതെ വിട്ടു. കോവിഡ്‌ പരിശോധനയ്‌ക്കുശേഷം ഫാദർ തോമസ്‌ കോട്ടൂരിനെ പൂജപ്പുര സെൻട്രൽ ജയിലിലും സിസ്‌റ്റർ സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലിലും അടച്ചിരുന്നു.

1992 മാർച്ച് 27നാണ്‌ അഭയയെ ദുരൂഹസാഹചര്യത്തിൽ പയസ്കോ‌ ടെൻത്‌ കോൺ‌വന്റിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടത്‌. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും സിബിഐയും അന്വേഷിച്ചെങ്കിലും ആത്മഹത്യയെന്ന്‌ റിപ്പോർട്ട്‌ നൽകി. കോടതിയുടെ രൂക്ഷവിമർശനത്തെ തുടർന്ന്‌ മൂന്നാം തവണയാണ്‌‌ സിബിഐ  പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്‌. സിബിഐ പ്രതികളെ അറസ്‌റ്റ്‌ ചെയ്‌തു. തോമസ്‌ കോട്ടൂരിനും ജോസ്‌ പുതൃക്കലിനും സിസ്‌റ്റർ സെഫിയുമായുള്ള അവിഹിതബന്ധം അഭയ കണ്ടതാണ്‌ കൊലയ്‌ക്ക്‌ കാരണമെന്ന്‌ സിബിഐ കണ്ടെത്തി. അഭയയെ കൈക്കോടാലിയുടെ പിടികൊണ്ട്‌ തലയ്‌ക്കടിച്ച്‌ അബോധാവസ്ഥയിലാക്കി കിണറ്റിൽ തള്ളിയെന്നും കുറ്റപത്രത്തിൽ പറഞ്ഞു. 2009 ജൂലൈ 17ന് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട്‌ കോടതിയിലാണ്‌   സിബിഐ കൊച്ചി യൂണിറ്റ്‌ ഡിവൈഎസ്‌പി നന്ദകുമാർനായർ കുറ്റപത്രം സമർപ്പിച്ചത്‌.

  2019 ആഗസ്ത്‌ 26ന്‌‌ തിരുവനന്തപുരം സിബിഐ കോടതിയിൽ വിചാരണ ആരംഭിച്ചു‌.   133 പ്രോസിക്യൂഷൻ സാക്ഷികളിൽ 49 പേരെ വിസ്തരിച്ചു.  പത്തുപേർ മൊഴി മാറ്റി.  സംഭവം നേരിൽക്കണ്ട മോഷ്‌ടാവായിരുന്ന  രാജുവിന്റെയും സെഫി  കൃത്രിമമായി കന്യകാചർമംവച്ചുപിടിപ്പിച്ചുവെന്ന ഡോക്ടർമാരുടെയും മൊഴികൾ നിർണായകമായി. പ്രോസിക്യൂഷനു‌വേണ്ടി സിബിഐ പ്രോസിക്യൂട്ടർ എം നവാസ്‌ ഹാജരായി.

Tuesday, December 22, 2020

അഭയവധകേസ്‌: ഫാദർ തോമസ് കോട്ടൂരും,സിസ്റ്റർ സെഫിയും കുറ്റക്കാർ

തിരുവനന്തപുരം> സിസ്റ്റർ അഭയവധക്കേസിൽ പ്രതികളായ ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ കുറ്റക്കാരാണെന്ന്‌ വിധി. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വിധിപറഞ്ഞത്‌. കൊലക്കുറ്റം തെളിഞ്ഞതായും സാക്ഷി മൊഴികൾ വിശ്വസനീയമാണെന്നും കോടതി പറഞ്ഞു. തെളിവ്‌ നശിപ്പിച്ചതിനും ഇരുവരും കുറ്റക്കാരാണ്‌. പ്രതികൾക്കുള്ള ശിക്ഷ നാളെ  പ്രസ്‌താവിക്കും.

പ്രതികളായ ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ

സിസ്‌റ്റർ  അഭയ കൊല്ലപ്പെട്ട്‌ 28 വർഷത്തിനുശേഷമാണ്‌ വിധി പറയുന്നത്‌.  കോട്ടയം പയസ്‌ ടെൻത്‌ കോൺവന്റിൽ 1992 മാർച്ച് 27നാണ് അഭയ കൊല്ലപ്പെട്ടത്.പ്രതികൾ തമ്മിലുള്ള അവിഹിതബന്ധം സിസ്റ്റർ അഭയ കാണാൻ ഇടയായതാണ് അഭയയെ കൊലപ്പെടുത്താൻ കാരണമെന്നാണ് പ്രോസിക്യൂഷൻ കേസ്.

നീതി ലഭിച്ചുവെന്നും ദൈവത്തിന്‌ നന്ദിയെന്നും അഭയയുടെ സഹോദരൻ ബിജു തോമസ്‌ പറഞ്ഞു. വിധികേട്ട്‌ പ്രതികൾ കോടതിയിൽ പൊട്ടിക്കരഞ്ഞു.

കേസിൽ നേരത്തെ പ്രതിചേർക്കപ്പെട്ടിരുന്ന ഫാ. ജോസ് പുതൃകയിലിനെ പിന്നീട് കുറ്റവിമുക്തനാക്കിയിരുന്നു  ആത്മഹത്യയാണെന്ന് പൊലീസ് എഴുതി തള്ളിയ കേസ് ക്രൈംബ്രാഞ്ചും പിന്നീട്‌ നിരവധി നിയമ പോരാട്ടത്തിനൊടുവിൽ സിബിഐയും ഏറ്റെടുത്തു. അഭയ കൊല്ലപ്പെട്ടതാണെന്ന്‌ കണ്ടെത്തിയതും സിബിഐയാണ്‌.  

2018 മാർച്ച്‌ ഏഴിന്‌ തിരുവനന്തപുരം സിബിഐ കോടതിയാണ്‌ ഫാദർ ജോസ്‌ പുതൃകയിലിനെ കേസിൽനിന്ന്‌ ഒഴിവാക്കിയത്‌. മറ്റ്‌ രണ്ട്‌ പ്രതികളായ ഫാദർ തോമസ്‌ കോട്ടൂർ, സിസ്‌റ്റർ സെഫി എന്നിവർ സുപ്രീംകോടതിയിൽ നൽകിയ വിടുതൽ 2019 ജൂലൈ 15ന്‌ തള്ളിയിരുന്നു. തുടർന്ന്‌ ആഗസ്‌ത്‌ 26ന്‌ സിബിഐ കോടതിയിൽ കേസിന്റെ വിചാരണ ആരംഭിച്ചു. ഡിസംബർ പത്തിന്‌ വാദം പൂർത്തിയായി.

സിബിഐയുടെ കുറ്റപത്രത്തിൽ 133 പ്രോസിക്യൂഷൻ സാക്ഷികളാണ് ആകെയുള്ളത്. 28 വർഷം കാലപ്പഴക്കമുള്ള കേസ് ആയതിനാൽ പല സാക്ഷികളും മരിച്ചുപോയതിനാൽ പ്രോസിക്യൂഷന് 49 സാക്ഷികളെ മാത്രമേ കോടതിയിൽ വിസ്തരിക്കാൻ കഴിഞ്ഞുള്ളൂ. പ്രതിഭാഗത്തിന് ഒരു സാക്ഷിയെ പോലും വിസ്തരിക്കാൻ കഴിഞ്ഞില്ല

കള്ളം പറയാത്ത തെളിവുകള്‍; സത്യം പറഞ്ഞ കള്ളന്‍

 ഭൗതികത്തെളിവുകളെല്ലാം നശിപ്പിക്കപ്പെട്ട സിസ്റ്റര്‍ അഭയക്കേസില്‍ സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും ശാസ്ത്രീയ അന്വേഷണവുമാണ് നീതിയുടെ വാതില്‍ തുറന്നുകൊടുത്തത്.

മരിക്കുമ്പോള്‍ അഭയ ധരിച്ചിരുന്ന വസ്ത്രങ്ങള്‍, ചെരിപ്പ്, ശിരോവസ്ത്രം തുടങ്ങിയവയെല്ലാം ക്രൈം ബ്രാഞ്ച്  ഉദ്യോഗസ്ഥര്‍ നശിപ്പിച്ചിരുന്നു. 1992 മാര്‍ച്ച് 27ന് കൊല നടന്നദിവസം പയസ് ടെന്‍ത് ഹോസ്റ്റലില്‍ എത്തിയ എ എസ്ഐ അഗസ്റ്റിന് തെളിവുകള്‍ നശിപ്പിച്ചതിലുള്ള പങ്കും സിബിഐക്ക് വ്യക്തമായി.  സിബിഐ ചോദ്യംചെയ്യലിന് വിളിപ്പിച്ച ഇദ്ദേഹം  പിന്നീട് ആത്മഹത്യ ചെയ്തു.   ഉന്നത രാഷ്ട്രീയ നേതാക്കളും മത നേതാക്കളും തെളിവുകള്‍ നശിപ്പിക്കുന്നതിന് സ്വാധീനം ചെലുത്തിയെന്ന ആരോപണം ഉയര്‍ന്ന കേസില്‍ നിര്‍ണ്ണായ പ്രോസിക്യൂഷന്‍ സാക്ഷികള്‍ പോലും  കൂറുമാറി. നാര്‍ക്കോ അനാലിസിസ്  ഫലം പരിശോധിച്ച ബംഗ്ലൂരിലെ ലാബില്‍ ഒരു ന്യായാധിപന്‍ സന്ദര്‍ശനം  നടത്തിയതു തെളിവു നശിപ്പിക്കാനെന്ന് ആരോപണമുയര്‍ന്നു.  കന്യകയെന്നു സ്ഥാപിക്കാന്‍ സിസ്റ്റര്‍ സെഫി പ്ലാസ്റ്റിക് സര്‍ജറി നടത്തിയെന്നും അന്വേഷണസംഘം കണ്ടെത്തി.

ക്രൈംബ്രാഞ്ചിന്റെ ആത്മഹത്യാ തിയറി

ആത്മഹത്യാ പ്രവണതയുടെയും വിഷാദരോഗത്തിന്റെയും കഥകളാണ് ലോക്കല്‍ പൊലീസില്‍ നിന്ന് കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ചിന് പറയാനുണ്ടായിരുന്നത്. പാരമ്പര്യമായി മാനസികരോഗമുള്ളവരാണ് അഭയയുടെ കുടുംബമെന്ന നിലപാടിലായിരുന്നു ക്രൈംബ്രാഞ്ച്  എസ് പി കെ ടി മൈക്കിള്‍. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് കിണറ്റില്‍ ചാടി മരിച്ചതാണെന്ന കാര്യത്തില്‍ അദ്ദേഹത്തിന് ഒരു സംശയവുമുണ്ടായിരുന്നില്ല.

പഠിക്കാന്‍ പുലര്‍ച്ചെ എഴുന്നേറ്റ ശേഷം വെള്ളം കുടിക്കാന്‍ അടുക്കളയില്‍ വന്ന അഭയയുടെ ചെരുപ്പുകളില്‍ ഒന്ന് ഡൈനിങ് റൂമില്‍ തുറന്നുകിടന്ന ഫ്രിഡ്ജിന്റെ സമീപത്ത് കിടന്നിരുന്നു. മറ്റൊന്ന് കിണറിനടുത്തും.  ശിരോവസ്ത്രം കതകില്‍ ഉടക്കിക്കിടന്നിരുന്നു.  അടപ്പില്‍ ദ്വാരമുള്ള കുപ്പി തറയില്‍  കിടന്നിരുന്നു. അതില്‍നിന്നു വെള്ളം ഒഴുകുന്നുണ്ടായിരുന്നു. വര്‍ക്ക് ഏരിയയുടെ മൂലയ്ക്ക് എന്നും ചാരി വയ്ക്കാറുള്ള കൈക്കോടാലി അഭയയുടെ മരണശേഷം അവിടെ ഇല്ലായിരുന്നു. പുറത്തേക്കുള്ള വാതില്‍ ഓടാമ്പലിട്ട് അടച്ചിരുന്നു.

ഇതെല്ലാം സംഭവിച്ചത് വിഷാദരോഗബാധിതയായ അഭയയ്ക്ക് പെട്ടെന്ന് ആത്മഹത്യചെയ്യാന്‍ തോന്നിയതുമൂലമാണെന്നായിരുന്നു എസ് പി പറഞ്ഞത്. താഴേക്ക് ഇറങ്ങി വന്ന അഭയയ്ക്ക് ഇരുട്ടും ഏകാന്തതയുമൊക്കെ അനുഭവപ്പെട്ടപ്പോള്‍ താന്‍ ഏറെക്കാലം മനസ്സില്‍ താലോലിച്ച സ്വപ്നം സഫലീകരിക്കാനുള്ള സുവര്‍ണ്ണാവസരമായി തോന്നിയെന്നും ആ മാനസികാവസ്ഥയിലാണ് അടുക്കളയിലെ അലങ്കോലമായ സാഹചര്യം അവര്‍  സൃഷ്ടിച്ചതെന്നുമായിരുന്നു ആത്മഹത്യാ തിയറി.  പെട്ടെന്ന് ആത്മഹത്യ ചെയ്യണമെന്നു തോന്നിയ അഭയ കിണറിന്റെ ചുറ്റുമതിലില്‍ കയറിയിരിക്കുകയും ഊര്‍ന്നു താഴേക്കിറങ്ങുകയും ചെയ്തെന്നും  അങ്ങനെയാണ് കാല്‍ ഉരഞ്ഞ് മുറിവുണ്ടായതെന്നുമാണ് കെ ടി മൈക്കിള്‍ പറഞ്ഞത്.

എന്നാല്‍ കാല്‍ താഴേയ്ക്കായാണ് അഭയയുടെ ശരീരം കിണറ്റിലേക്കു വീണതെന്നും അത്തരത്തില്‍ വീഴുന്നയാളുടെ തലയുടെ ഉച്ചിയില്‍ മുറിവുണ്ടാകില്ലെന്നും പിന്നീട് കേസ് അന്വേഷിച്ച സിബിഐ ഡിവൈസ്പി വര്‍ഗീസ് പി തോമസ് കണ്ടെത്തി. നാല് ഇഞ്ചോളം നീളത്തിലും വ്യാസത്തിലും ആഴത്തിലുമുള്ള പരിക്ക് ഭാരമുള്ള വസ്തുകൊണ്ട് അടിച്ചതിന്റേതാണെന്ന് ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞു. പിന്നീട് സ്വയം വിരമിച്ച വര്‍ഗീസ് പി തോമസ് പറഞ്ഞത് മേലുദ്യോഗസ്ഥന്‍ കേസ് ആത്മഹത്യയാക്കണമെന്ന് നിര്‍ബന്ധിച്ചതുകൊണ്ടാണ് താന്‍ ഒഴിഞ്ഞതെന്നാണ്.

നീതിമാനായ കള്ളന്‍

പ്രതികള്‍ക്ക് ശിക്ഷയിലേക്കുള്ള വീഥിയൊരുക്കിയത് അടയ്‌ക്കാ രാജു എന്നു പേരുള്ള കള്ളന്റെ സത്യസന്ധതയും നീതിബോധവും.   സംഭവദിവസം രാത്രി കമ്പി മോഷ്ടിക്കാന്‍ മഠത്തില്‍ കയറിയ താന്‍ , മഠത്തിന്റെ  ഗോവണിയില്‍ രണ്ടു പുരുഷന്‍മാരെ കണ്ടിരുന്നെന്നും അതിലൊന്ന് ഫാ. തോമസ് കോട്ടൂര്‍ ആയിരുന്നെന്നുമായിരുന്നു അയാളുടെ മൊഴി. അന്നു മോഷണം നടത്താതെ തിരിച്ചുപോയ താന്‍ പിറ്റേന്നു രാവിലെ മഠത്തിനു പുറത്ത് പൊലീസിനെയും ഫയര്‍ ഫോഴ്സിനെയും കണ്ടപ്പോഴാണ് മരണം നടന്നവിവരം അറിഞ്ഞതെന്നും അയാള്‍ മൊഴി നഇകി.  സിസ്റ്റര്‍ അഭയയുടെ ശിരോവസ്ത്രം കിടന്നതിനെയും  ചെരുപ്പുകള്‍  തറയില്‍ വീണു കിടന്നതിനെയും പറ്റി  മൊഴി നല്‍കിയ കന്യാസ്ത്രീകളും അടുക്കള ജീവനക്കാരിയുമെല്ലാം കൂറുമാറിയപ്പോഴാണ്  കേസ് തെളിയിച്ചതിലെ  നിര്‍ണ്ണായക ഘടകമായി രാജു മാറുന്നത്. സമ്മര്‍ദ്ദമുണ്ടായിട്ടും രാജു മൊഴിമാറ്റായെ അവസാനം വരെ ഉറച്ചുനിന്നു.

ആക്ഷന്‍ കൗണ്‍സില്‍

അഭയയുടെ കൊലപാതകത്തിനു ശേഷം മുന്‍ കോട്ടയം മുനിസിപ്പല്‍ ചെയര്‍മാന്‍ പി സി ചെറിയാന്‍ മടുക്കാനി ചെയര്‍മാനും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കണ്‍വീനറുമായ സമരസമിതി ശക്തമായ സമരങ്ങള്‍ നടത്തി. ഒട്ടേറെ എതിര്‍പ്പുകള്‍ സമരസമിതിക്ക് അതിജീവിക്കേണ്ടി വന്നു. കേസ് ആത്മഹത്യയാക്കാനുള്ള  ലോക്കല്‍ പൊലീസിന്റെയും  ക്രൈം ബ്രാഞ്ചിന്റെയും നീക്കത്തിനെതിരെ സമരസമിതി പോരാടി.    കേസ് അവസാനിപ്പിക്കാന്‍ മൂന്നു തവണ  കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും അതിനെതിരെയും ജോമോന്‍ നിയമപോരാട്ടം നടത്തി.

ലെനി ജോസഫ് 

'കുഞ്ഞിന്റെ അപ്പനായിട്ട് പറയുകയാ; എന്റെ കുഞ്ഞിന് നീതി കിട്ടി': പ്രധാന സാക്ഷി രാജു

തിരുവനന്തപുരം> 28 വര്‍ഷങ്ങള്‍ക്ക് ശേഷം അഭയ കൊലക്കേസില്‍ നീതി നടപ്പാകുമ്പോള്‍ കേസില്‍ നിര്‍ണായക മൊഴി നല്‍കിയ രാജുവിനും ആശ്വാസം.  രാജു മോഷണത്തിന് കയറുമ്പോള്‍ കോണ്‍വെന്റിന്റെ ഗോവണയില്‍ രണ്ട് പുരുഷന്‍മാരെ കണ്ടുവെന്നും അതില്‍ ഒന്ന് ഇപ്പോള്‍ കുറ്റക്കാരനായി കണ്ടെത്തിയ ഫാ. തോമസ് കോട്ടൂര്‍ ആയിരുന്നു എന്നുമാണ്  അദ്ദേഹം  മൊഴി നല്‍കിയത്.

ഒരു കളളന്റെ മൊഴിയെ വിശ്വാസത്തിലെടുക്കാന്‍ കഴിയില്ല എന്ന് കേസില്‍ പ്രതിഭാഗം വാദിച്ചപ്പോള്‍ ,'കള്ളനാണെങ്കിലും താന്‍ പറയുന്നത് സത്യമാണെന്നായിരുന്നു' രാജു കോടതിയില്‍ വിളിച്ചു പറഞ്ഞത്.

 'എന്റെ കുഞ്ഞിന് നീതി കിട്ടി, കുഞ്ഞിന്റെ അപ്പനായിട്ട് പറയുകയാണ്';  പ്രധാന സാക്ഷിയായ രാജു മാധ്യമങ്ങളോട് പ്രതികരിച്ചു

'കൊച്ചിന് ഒരു നീതി കിട്ടണം. നീതി കിട്ടിയില്ലേ അതുമതി. എനിക്കും പെമ്പിള്ളേരുണ്ട്. എന്റെ അയല്‍വക്കത്തും ഉണ്ട്. അവര്‍ക്കാര്‍ക്കും ഒരു ദോഷമുണ്ടാകരുത്. ഇത്രയും വയസ്സ് വരെ വളര്‍ത്തിയിട്ട് പെട്ടെന്ന് കാണാതാകുമ്പോഴത്തെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ. അതുകൊണ്ട് എന്റെ കുഞ്ഞിന് നീതി കിട്ടണം. അതെന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. എനിക്ക് വളരെയധികം സന്തോഷമുണ്ട്'; രാജു പറഞ്ഞു.

ദൈവമാണ്  രാജുവിന്റെ രൂപത്തില്‍ ദൃക്സാക്ഷിയായതെന്ന്  അഭയക്കായി പോരാടിയ പൊതുപ്രവര്‍ത്തകന്‍  ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ വിധി വന്ന ശേഷം അഭിപ്രായപ്പെട്ടിരുന്നു.

'ഒരുപാട് പേര് എന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചതാണ്. കോടികളാണ് ഓഫര്‍ ചെയ്തത്. ഞാന്‍ ഒന്നും വാങ്ങിയില്ല. ഒരു രൂപ പോലും എനിക്ക് വേണ്ട. ഞാനിപ്പഴും കോളനിക്ക് അകത്താണ് കിടക്കുന്നത്. എന്റെ കുഞ്ഞിന് നീതി കിട്ടി. കുഞ്ഞിന്റെ അപ്പനായിട്ട് പറയുകയാണ്'; രാജു പറഞ്ഞു.

സിസ്റ്റര്‍  അഭയ കൊല്ലപ്പെട്ട് 28 വര്‍ഷത്തിനുശേഷമാണ് കോടതി ഇപ്പോള്‍ വിധി പറയുന്നത്.  കോട്ടയം പയസ് ടെന്‍ത് കോണ്‍വന്റില്‍ 1992 മാര്‍ച്ച് 27നാണ് അഭയ കൊല്ലപ്പെട്ടത്.

പ്രതികള്‍ തമ്മിലുള്ള അവിഹിതബന്ധം സിസ്റ്റര്‍ അഭയ കാണാന്‍ ഇടയായതാണ് അഭയയെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

സിസ്റ്റർ അഭയ കൊലക്കേസ്‌:കുറ്റപത്രത്തിൽ 133 പ്രോസിക്യൂഷൻ സാക്ഷികൾ; രാജു കൂറുമാറാത്ത ദൃക്‌സാക്ഷി

കോട്ടയം> സിസ്‌റ്റർ അഭയ കഴിഞ്ഞ കാൽനൂറ്റാണ്ടിലേറെയായി മലയാളികൾക്ക്‌ ഒരു കണ്ണീർക്കണം‌. കോട്ടയം ബിസിഎം കോളേജിലെ രണ്ടാം വർഷ പ്രീ-ഡിഗ്രി വിദ്യാർത്ഥിനിയും ക്‌നാനായ കത്തോലിക്കാ സഭയുടെ കീഴിലുള്ള സെന്റ് ജോസഫ് കോൺഗ്രിഗേഷനിലെ കന്യാസ്‌ത്രീയുമായ സിസ്റ്റർ അഭയ (21) യുടെ മൃതദേഹം 1992 മാർച്ച് 27 നാണ്‌ കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ കാണപ്പെട്ടത്‌.പ്രതികൾ തമ്മിലുള്ള അവിഹിതബന്ധം സിസ്റ്റർ അഭയ കാണാൻ ഇടയായതാണ് അഭയെ കൊലപ്പെടുത്താൻ കാരണമെന്നാണ് പ്രോസിക്യൂഷൻ കേസ്.

കോട്ടയം അരീക്കര ഐക്കരക്കുന്നേൽ തോമസിന്റെയും ലീലാമ്മയുടെയും ഏക മകളാണ് അഭയ. അച്ഛനമ്മമാർ നാല്‌ വർഷം മുമ്പ്‌ മരിച്ചു. കേസ് അന്വേഷണം അട്ടിമറിച്ച് അഭയയുടെ മരണം ആത്മഹത്യയാക്കാൻ ലോക്കൽ പൊലീസ്‌ ശ്രമിച്ചെന്നാരോപിച്ച്‌ 1992 മാർച്ച് 31ന് കോട്ടയം മുനിസിപ്പൽ ചെയർമാൻ പി സി ചെറിയാൻ മടുക്കാനി പ്രസിഡന്റും ജോമോൻ പുത്തൻപുരയ്ക്കൽ കൺവീനറുമായി ആക്ഷൻ കൗൺസിൽ രൂപീകരിച്ചതിനെ തുടർന്ന് കൗൺസിൽ നേതൃത്വത്തിൽ കോട്ടയത്തും തലസ്ഥാനത്തുമായി സമരപരമ്പര നടന്നു.

ലോക്കൽ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും കേസ്‌ അന്വേഷിച്ചു. 1993 ജനുവരി 30 ന് കോട്ടയം ആർഡിഒ കോടതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ച്‌ റിപ്പോർട്ട് നൽകി. അതിന്‌ എട്ടു മാസം മുമ്പ്‌ 1992 മെയ് 15 ന് കോട്ടയം പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ മുഖ്യമന്ത്രി കെ കരുണാകരനെ നേരിൽ കണ്ട് ജോമോൻ സിസ്റ്റർ അഭയയുടെ മരണം സിബിഐയ്‌ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി. മൂന്ന്‌ ദിവസം കഴിഞ്ഞ്‌ 1992 മെയ് 18ന് സിബിഐ അന്വേഷണം ശുപാർശ ചെയ്‌ത്‌ മുഖ്യമന്ത്രി ഉത്തരവിട്ടു. അഭയക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്  34 ഓളം സംഘടനകളും വ്യക്തികളും സംസ്ഥാന സർക്കാരിന് നിവേദനം നൽകിയിരുന്നു.

1993 മാർച്ച് 29 ന് എറണാകുളം ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്‌തു. കൊച്ചി യൂണിറ്റ് ഡിവൈഎസ്‌പി വർഗീസ്‌ പി തോമസിന്റെ നേതൃത്വത്തിലുള്ള സിബിഐ സംഘം അഭയയുടെ മരണം ആത്മഹത്യയാണെന്ന ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് തള്ളി കൊലപാതകമാണെന്ന് ആറ്‌ മാസത്തിനുള്ളിൽ കണ്ടെത്തി. കേസ് ഡയറിയിൽ കൊലപാതകമാണെന്ന് രേഖപ്പെടുത്തുകയും ചെയ്‌തു. എന്നാൽ സിബിഐ അന്വേഷണ ഉദ്യോഗസ്ഥന്റെ നിഗമനത്തിന്  കടക വിരുദ്ധമായി അഭയയുടെ മരണം ആത്മഹത്യയാക്കാൻ സിബിഐ എസ്‌ പി വി ത്യാഗരാജൻ തന്റെ മേൽ സമ്മർദം ചെലുത്തിയെന്നും അതിന് വഴങ്ങാതെ വന്നപ്പോൾ പീഡിപ്പിച്ചെന്നും സിബിഐ ഡിവൈഎസ്‌പി വർഗീസ്‌ പി തോമസ് 1994 മാർച്ച് 7 ന് എറണാകുളത്ത് പത്രസമ്മേളനത്തിൽ വെളിപ്പെടുത്തിയത് വിവാദമായി. അതോടെ കേസ്‌ ദേശീയ ശ്രദ്ധ പിടിച്ചുപറ്റി.

ഈ വിഷയം പാർലമെന്റിൽ എം പി മാർ ഉന്നയിച്ചതിനെ തുടർന്ന്  പ്രധാനമന്ത്രി പി വി നരസിംഹറാവുവിന്റെ നിർദ്ദേശപ്രകാരം സിബിഐയുടെ ചുമതലയുള്ള മന്ത്രി മാർഗരറ്റ് ആൽവയ്‌ക്ക്‌ പാർലമെന്റിൽ മറുപടി പറയേണ്ടി വന്നു. തുടർന്ന്,‌ സിബിഐ എസ്‌ പി വി ത്യാഗരാജൻ പീഡിപ്പിച്ചതിൽ പ്രതിഷേധിച്ച്‌ ഡി.വൈ.എസ്.പി വർഗീസ്‌ പി തോമസ്,‌ ഡി.ഐ.ജി ആകാൻ ഒൻപത് വർഷം സർവീസ് നിലനിൽക്കെ 1993 ഡിസംബർ 31 ന് രാജിവച്ച സംഭവം വലിയ വാർത്തയായി. അതിനിടെ വർഗീസ്‌ പി തോമസിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ അഭയക്കേസിന്റെ മേൽനോട്ട ചുമതലയിൽ നിന്നും സിബിഐ കൊച്ചി യൂണിറ്റ് എസ്‌ പി സ്ഥാനത്ത് നിന്നും വി ത്യാഗരാജനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജോമോൻ 1994 മാർച്ച് 17 ന് ഹൈക്കോടതിയിൽ ഹർജി നൽകി.

1994 ജൂൺ 2 ന് സിബിഐ ഡയറക്ടർ കെ വിജയരാമറാവുവിനെ എം പിമാരായ ഒ.രാജഗോപാൽ, ഇ.ബാലാനന്ദൻ, പി.സി.തോമസ്, ജോമോൻ എന്നിവർ നേരിൽ കണ്ട് പരാതി നൽകിയതിനെ തുടർന്ന് ത്യാഗരാജനെ അഭയക്കേസിന്റെ മേൽനോട്ടത്തിൽ നിന്നും ഒഴിവാക്കി  ചെന്നൈയിലേക്ക് സ്ഥലംമാറ്റി. അതോടൊപ്പം സിബിഐ ഡിഐജിയും പിന്നീട് സ്‌പെഷ്യൽ ഡയറക്ടറും ആയിരുന്ന എം എൽ ശർമയുടെ നേതൃത്വത്തിലുള്ള സംഘം അഭയക്കേസ് അന്വേഷിക്കാനും ഉത്തരവായി. എം എൽ ശർമയുടെ നേതൃത്വത്തിലുള്ള സിബിഐ സംഘം കോട്ടയത്ത് എത്തി പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ ജയ്‌പൂരിലെ ഫോറൻസിക് വിദഗ്‌ധരുടെ സാന്നിധ്യത്തിൽ ‘ഡമ്മി പരീക്ഷണം’ നടത്തി. എന്നാൽ അഭയയുടെ മരണം കൊലപാതകമാണെങ്കിലും പ്രതികളെ പിടിക്കാൻ സിബിഐ എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ലെന്ന്‌ കാണിച്ച്‌ അന്വേഷണം അവസാനിപ്പിക്കാൻ അനുമതി ചോദിച്ച്‌ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ 1996 ഡിസംബർ 6 ന് റിപ്പോർട്ട് കൊടുത്തു.

തുടർന്ന്‌ ഈ കേസിന്റെ അന്വേഷണം അവസാനിപ്പിച്ച് സിബിഐ മൂന്ന് പ്രാവശ്യം കോടതിയിൽ റിപ്പോർട്ട് കൊടുത്തു. അപ്പോഴെല്ലാം എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി എഫ്ഐആറിലെ പരാതിക്കാരിയായ ആലുവ മൗണ്ട് കാർമ്മൽ കോൺവെന്റിലെ സിസ്റ്റർ ബെനികാസിയക്ക് നോട്ടീസ് നൽകിയിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്ക്‌ പരാതി കൊടുത്ത സിസ്റ്റർ ബെനികാസിയ കേസ്‌ അന്വേഷിക്കുന്ന ഒരു ഘട്ടത്തിലും സിബിഐക്ക് മൊഴി കൊടുത്തില്ല. 2008ൽ ഇവർ മരിച്ചു. 2007 മെയ് 9 നും18 നും സിബിഐ ഡയറക്ടർ വിജയ ശങ്കരനെ നേരിൽ കണ്ട്‌ ജോമോൻ നൽകിയ പരാതിയിന്മേൽ സിബിഐ സ്‌പെഷ്യൽ സംഘം അഭയ കേസ്‌ അന്വേഷണം നടത്താൻ സിബിഐ ഡയറക്ടർ ഉത്തരവിട്ടു. എസ്‌ പി ആർ ‌എം കൃഷ്ണയുടെയും ഡി.വൈ.എസ്.പി ആർ കെ അഗർവാളിന്റെയും നേതൃത്വത്തിലുള്ള സിബിഐ സംഘം കോട്ടയത്ത് ക്യാമ്പ് ചെയ്‌ത്‌ അന്വേഷണം നടത്തി,  പ്രതികളെന്ന്‌ ആരോപിക്കപ്പെട്ടവരെ ബെംഗളൂരുവിൽ നാർകോ  അനാലിസിസ് ടെസ്റ്റ് നടത്തി. നാർകോ റിസൽട്ട് കോടതിയിൽ ഹാജരാക്കാൻ ജോമോന്റെ ഹർജിയിന്മേൽ ഹൈക്കോടതി ഉത്തരവിട്ടു. പിന്നീട് കേസിന്റെ അന്വേഷണം ഡൽഹി യൂണിറ്റിൽ നിന്നും കൊച്ചി യൂണിറ്റിലേക്ക് മാറ്റിയതിനെ തുടർന്ന് കൊച്ചി യൂണിറ്റ് സിബിഐ ഡി.വൈ.എസ്.പി നന്ദകുമാർ നായർ 2008 നവംബർ  ഒന്നിന് അന്വേഷണം ഏറ്റെടുത്തു.

പ്രതികളുടെ അറസ്‌റ്റ്‌ 2008ൽ

അങ്ങനെ കേസിലെ പ്രതികളെന്ന്‌ ആരോപിക്കപ്പെട്ട ഫാ.തോമസ് കോട്ടൂർ, ഫാ.ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരെ ഡി.വൈ.എസ്.പി നന്ദകുമാർനായരുടെ നേതൃത്തിലുള്ള സിബിഐ സംഘം 2008 നവംബർ 18 ന്, സംഭവം നടന്ന്‌ 16 വർഷങ്ങൾക്ക് ശേഷം അറസ്റ്റ് ചെയ്‌തു. മൂന്ന്‌ പ്രതികൾക്കുമെതിരെ 2009 ജൂലൈ 17 ന് നന്ദകുമാർനായരാണ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കണം എന്ന് ആവശ്യപ്പെട്ട് 2011 മാർച്ച് 16 ന് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്  കോടതിയിൽ പ്രതികൾ വിടുതൽ ഹർജി നൽകി. കുറ്റപത്രം നൽകി രണ്ട്‌ വർഷം കഴിഞ്ഞാണ് പ്രതികൾ കോടതിയിൽ വിടുതൽ ഹർജി നൽകിയത്.

അതിനിടെ, അഭയ കേസിൽ തെളിവ് നശിപ്പിച്ച ക്രൈംബ്രാഞ്ച് എസ്‌ പി കെ ടി മൈക്കിൾ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരേ സിബിഐ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള‌ ജോമോന്റെ ഹർജിയിൽ 2014 മാർച്ച് 19 ന് ഹൈക്കോടതി ഉത്തരവ് ഇട്ടു. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് അഭയ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ സാമുവലിനെ പ്രതിയാക്കി 2015 ജൂൺ 30 ന് തിരുവനന്തപുരം സിബിഐ കോടതിയിൽ തുടരന്വേഷണ  റിപ്പോർട്ട് നൽകി. അതേസമയം, കേസിൽ തെളിവ് നശിപ്പിച്ചതിന് ക്രൈംബ്രാഞ്ച് എസ്‌ പി ആയിരുന്ന കെ ടി മൈക്കിളിനെ നാലാം പ്രതിയാക്കി തിരുവനന്തപുരം സിബിഐ കോടതി സ്‌പെഷ്യൽ ജഡ്‌ജി ജെ.നാസർ 2018 ജനുവരി 22 ന് ഉത്തരവ് ഇട്ടു. ഈ ഉത്തരവിനെതിരെ കെ ടി മൈക്കിൾ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ സിബിഐ കോടതി ഉത്തരവ് റദ്ദ്‌ ചെയ്‌ത്,‌ കേസിന്റെ വിചാരണ വേളയിൽ ക്രിമിനൽ നടപടി ക്രമമനുസരിച്ച്‌ കെ ടി മൈക്കിളിനെതിരെ തെളിവ് ലഭിച്ചാൽ കോടതിക്ക് പ്രതിയാക്കാമെന്ന് 2019 ഏപ്രിൽ 9 ന് ഉത്തരവ് ഇട്ടു. അതേസമയം, വിചാരണ കൂടാതെ കുറ്റവിമുക്തരാക്കണമെന്നുള്ള പ്രതികളുടെ ഹർജി സിബിഐ കോടതിയിൽ പരിഗണിച്ചപ്പോഴെല്ലാം പ്രതികൾ ഓരോ കാരണം പറഞ്ഞ്‌ വിടുതൽ ഹർജിയിൽ വാദം പറയുന്നത് ഒമ്പത് വർഷത്തോളം നീട്ടിക്കൊണ്ടുപോയി. ഒടുവിൽ സിബിഐ കോടതി പ്രതികളായ ഫാ. കോട്ടൂരിന്റെയും ഫാ. പൂതൃക്കയിലിനെയും സിസ്റ്റർ സെഫിയുടെയും വിടുതൽ ഹർജിയിൽ അന്തിമ വാദം കേട്ട് ഒരുമിച്ച്‌ വിധി പറഞ്ഞു.

ഒന്നാം പ്രതിയും മൂന്നാം പ്രതിയും വിചാരണ നേരിടാൻ പര്യാപ്‌തമായ തെളിവുകൾ ഉണ്ടെന്ന് കണ്ടെത്തി, തിരുവനന്തപുരം സിബിഐ കോടതി ജഡ്‌ജി ജെ നാസർ 2018 മാർച്ച് 7 ന് രണ്ട്‌ പ്രതികളുടെയും വിടുതൽ ഹർജി തള്ളി ഉത്തരവിട്ടു. അതേ സമയം രണ്ടാം പ്രതി ഫാ. പൂതൃക്കയിലിനെ   വിചാരണ കൂടാതെ വെറുതെ വിടാനും കോടതി ഉത്തരവിട്ടു. കോട്ടയം പാറമ്പുഴ കൊശമറ്റം കോളനിയിലുള്ള നൈറ്റ് വാച്ച്മാൻ ചെല്ലമ്മ ദാസ് (64) സിബിഐക്ക് നൽകിയ മൊഴിയിൽ തീയതി രേഖപ്പെടുത്താഞ്ഞതിന്റെ ആനുകൂല്യത്താലാണ് രണ്ടാം പ്രതിയെ സിബിഐ കോടതി വെറുതെ വിട്ടത്. വാച്ച്മാൻ 2014 ഫെബ്രുവരി 28 ന്‌ മരിച്ചു. ഇക്കാരണത്താൽ വിചാരണ ഘട്ടത്തിൽ പ്രോസിക്യൂഷൻ ദൃക്‌സാക്ഷിയെ സിബിഐ കോടതിയിൽ വിസ്തരിക്കാൻ കഴിയാതെ പോയി.

രാജു അവശേഷിക്കുന്ന ദൃക്‌സാക്ഷി

അതേ സമയം മറ്റൊരു ദൃക്‌സാക്ഷി രാജു അഭയ മരിച്ച ദിവസം പുലർച്ചെ അഞ്ചിന്‌ ‘രണ്ട് വൈദികരെ കോൺവെന്റിന്റെ സ്റ്റെയർകേസിൽ  കണ്ടു’ എന്ന കാര്യം സിബിഐയ്‌ക്ക് 2007 ജൂലൈ 11 ന് മൊഴി കൊടുത്തത് സിബിഐ കോടതി മുഖവിലയ്‌ക്കെടുത്തില്ല.‌ ഇക്കാരണത്താലാണ് രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ സിബിഐ കോടതി വെറുതെ വിട്ടത്‌. ഇത്‌ ചൂണ്ടിക്കാട്ടി ജോമോൻ ഹൈക്കോടതിയിൽ നൽകിയ അപ്പീൽ തള്ളാൻ ഹൈക്കോടതി കാരണം പറഞ്ഞത് പ്രോസിക്യൂഷനാണ് അപ്പീൽ ഫയൽ ചെയ്യേണ്ടതെന്നും സിബിഐ അപ്പീൽ ഹൈക്കോടതിയിൽ ഫയൽ ചെയ്‌തിട്ടില്ലെന്നുമാണ്‌. രണ്ടാം പ്രതി ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ വിട്ടതിനെതിരെ സിബിഐ സുപ്രിം കോടതിൽ അപ്പീൽ നൽകുമെന്ന് സിബിഐ കോടതിയിൽ പ്രോസിക്യൂട്ടർ ഡിസംബർ 10ന് അറിയിച്ചിട്ടുണ്ട്‌. ഒന്നും മൂന്നും പ്രതികളെ വിചാരണ കൂടാതെ വെറുതെ വിടണമെന്നുള്ള പ്രതികളുടെ ആവശ്യം സിബിഐ കോടതിയും ഹൈക്കോടതിയും തള്ളിയതിനെതിരെ പ്രതികൾ സുപ്രിം കോടതിയിൽ നൽകിയ സ്‌പെഷ്യൽ ലീവ്‌ പെറ്റീഷനിൽ പ്രമുഖ അഭിഭാഷകരായ മുഖൽ റോത്തിക്കി, മനു അഭിഷേക് സിംഗ്‌‌വി എന്നിവർ ഹാജരായെങ്കിലും 2019 ജൂലൈ 15 ന് പ്രതികളുടെ ഹർജി സുപ്രിം കോടതിയിൽ ജ. അബ്‌ദുൾ നാസർ അധ്യക്ഷനായ ബെഞ്ച് ഫയലിൽ പോലും സ്വീകരിക്കാതെ തള്ളി സിബിഐ കോടതിയിൽ വിചാരണ നേരിടാൻ ഉത്തരവിട്ടു.

പ്രതികളുടെ ഹർജി തള്ളിയതിനെ തുടർന്ന് കുറ്റം തിരുവനന്തപുരം സിബിഐ കോടതി സ്‌പെഷ്യൽ ജഡ്‌ജി കെ സനൽ കുമാർ 2019 ആഗസ്റ്റ് 5 ന് പ്രതികളെ വായിച്ചു കേൾപ്പിച്ചു. അങ്ങനെ 2019 ആഗസ്റ്റ് 26 മുതൽ സിബിഐ കോടതിയിൽ അഭയ കേസിന്റെ വിചാരണ ആരംഭിച്ചു. ഇതിനിടെ, കോവിഡ്‌ –- 19 വൈറസിന്റെ പശ്‌ചാത്തലത്തിൽ വിചാരണ നിർത്തിവയ്ക്കണമെന്ന പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിൽ ഒക്‌ടോബർ 20 മുതൽ അഭയ കേസിന്റെ വിചാരണ സിബിഐ കോടതിയിൽ പുനരാരംഭിച്ചു. സിബിഐയുടെ കുറ്റപത്രത്തിൽ 133 പ്രോസിക്യൂഷൻ സാക്ഷികളാണ് ആകെയുള്ളത്.

28 വർഷം കാലപ്പഴക്കമുള്ള കേസ് ആയതിനാൽ പല സാക്ഷികളും മരിച്ചുപോയതിനാൽ പ്രോസിക്യൂഷന് 49 സാക്ഷികളെ മാത്രമേ കോടതിയിൽ വിസ്തരിക്കാൻ കഴിഞ്ഞുള്ളൂ. പ്രതിഭാഗത്തിന് ഒരു സാക്ഷിയെ പോലും വിസ്തരിക്കാൻ കഴിഞ്ഞില്ല. ഡിസംബർ 10 ന് പ്രോസിക്യൂഷൻ വാദവും പ്രതിഭാഗ വാദവും പൂർത്തിയാക്കുമ്പോൾ അഭയ കൊല്ലപ്പെട്ടിട്ട് 28  വർഷവും 9 മാസവും തികഞ്ഞു. തിരുവനന്തപുരം സിബിഐ കോടതി സ്‌പെഷ്യൽ ജഡ്‌ജി കെ സനൽ കുമാറാണ്‌ 22 ന് വിധി പറയാൻ ഉത്തരവ് ഇട്ടത്‌.

കൂറുമാറിയ സാക്ഷിക്കെതിരേ ക്രിമിനൽ കേസ്‌

വിചാരണ വേളയിൽ പ്രതിഭാഗത്തേക്ക്‌ കൂറുമാറി മൊഴി മാറ്റി പറഞ്ഞ പ്രോസിക്യൂഷൻ രണ്ടാം സാക്ഷി സഞ്ജു പി മാത്യുവിനെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്യുമെന്ന്‌ സിബിഐ കോടതിയെ അറിയിച്ചിരുന്നു. ജോമോൻ പുത്തൻപുരയ്ക്കൽ പ്രോസിക്യൂഷൻ 24ാം സാക്ഷിയാണ്. പ്രോസിക്യൂഷന് വേണ്ടി വാദിച്ചത് സിബിഐ പ്രോസിക്യൂട്ടർ എം നവാസാണ്. ഒന്നാം പ്രതി ഫാ. കോട്ടൂരിന്‌ വേണ്ടി അഡ്വ.ബി.രാമൻപിള്ളയും മൂന്നാം പ്രതി സിസ്റ്റർ സെഫിക്ക് വേണ്ടി അഡ്വ.ജെ ജോസും വാദിച്ചു. അതിനിടെ, മൂന്നാം പ്രതി സിസ്റ്റർ സെഫി ഹൈമനോപ്ളാസ്റ്റിക് സർജറി നടത്തി കന്യകയാണെന്ന് സ്ഥാപിച്ചത്  കേസിൽ നിന്നും രക്ഷപ്പെടാൻ ആയിരുന്നു എന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

സിസ്റ്റർ സെഫിയെ സിബിഐ അറസ്റ്റ് ചെയ്‌തതിന് ശേഷം വൈദ്യപരിശോധനയ്ക്ക് 2008 നവംബർ 25 ന് വിധേയയാക്കിയപ്പോൾ സിസ്റ്റർ സെഫി കന്യകയാണെന്ന് സ്ഥാപിച്ച് എടുക്കാൻ വേണ്ടി കന്യകാചർമ്മം കൃതിമമായി വച്ചു പിടിപ്പിക്കാനായി  ഹൈമനോപ്ളാസ്റ്റിക് സർജറി നടത്തിയത് വൈദ്യപരിശോധനയിൽ കണ്ടെത്തിയെന്ന് ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിലെ പൊലീസ് സർജനും 29-ാം സാക്ഷിയുമായ ഡോ.രമയും ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പലും 19-ാം സാക്ഷിയുമായ ഡോ.ലളിതാംബിക കരുണാകരനും സിബിഐ കോടതിയിൽ മൊഴി നൽകിയത് അന്തിമ വാദത്തിൽ പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

ബിജി കുര്യൻ

28 വർഷം നീണ്ട കാത്തിരിപ്പ്‌... അഭയ കൊലക്കേസ്‌ നാൾ വഴികൾ

കൊച്ചി> നീണ്ട 28 വർഷത്തിന്‌ ശേഷമാണ്‌ സിസ്‌റ്റർ അഭയ കൊല്ലപ്പെട്ട കേസേിൽ  വിധി വരുന്നത്‌.  .  കോട്ടയം പയസ്‌ ടെൻത്‌ കോൺവന്റിൽ 1992 മാർച്ച് 27നാണ് അഭയ കൊല്ലപ്പെട്ടത്. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയാണ്‌ കേസിൽ വിധി പറയുന്നത്‌. സിസ്റ്റർ സെഫി, ഫാദർ തോമസ് കോട്ടൂർ എന്നിവരാണ്‌ ഒന്നും മൂന്നും പ്രതികൾ . രണ്ടാംപ്രതി ഫാ. ജോസ്‌ പൂതൃക്കയിലെ കോടതി വിട്ടയച്ചിരുന്നു. നാലാംപ്രതി എഎസഐ വിവി അഗസ്‌റ്റിൽ വിചാരണക്കിടെ മരിച്ചതോടെ കുറ്റപത്രത്തിൽനിന്നും ഒഴിവാക്കപ്പെട്ടു.

ലോക്കൽ പൊലീസ്‌  അന്വേഷണം തുടങ്ങിയ കേസ്‌ പിന്നീട്‌ ക്രൈം ബ്രാഞ്ചും തുടർന്ന്‌ സിബിഐയും അന്വേഷിച്ചു.മകളുടെ കൊലപാതകികളെ പുറത്തുകൊണ്ടുവരാൻ കാത്തിരുന്നിരുന്ന  അഭയയുടെ അച്‌ഛനും  അമ്മയും വിചാരണ കാലയളവിൽ  മരിച്ചു.28 വർഷം കാലപ്പഴക്കമുള്ള കേസ് ആയതിനാൽ പല സാക്ഷികളും മരിച്ചുപോയതിനാൽ പ്രോസിക്യൂഷന് 49 സാക്ഷികളെ മാത്രമേ കോടതിയിൽ വിസ്തരിക്കാൻ കഴിഞ്ഞുള്ളൂ. പ്രതിഭാഗത്തിന് ഒരു സാക്ഷിയെ പോലും വിസ്തരിക്കാൻ കഴിഞ്ഞില്ല

നാൾ വഴികൾ

1992 മാർച്ച് 27 - പയസ് ടെൻത് കോൺവെന്റ്‌ വളപ്പിലെ കിണറ്റിൽ അഭയയെ മരിച്ച നിലയിൽ കണ്ടെത്തി.

ഏപ്രിൽ 14 - കേസ് ക്രൈം ബ്രാഞ്ചിനു കൈമാറി

1993 ജനുവരി 30 - അഭയയുടെ മരണം ആത്മഹത്യയാണെന്ന ക്രൈം ബ്രാഞ്ച് റിപ്പോർട്ട് കോടതിയിൽ.

1993 മാർച്ച് 29 - കേസ് സിബിഐ ഏറ്റെടുക്കുന്നു. സിബിഐ ഡിവൈഎസ്പി വർഗീസ് പി തോമസിനു അന്വേഷണ ചുമതല.

1993 - ആത്മഹത്യ എന്ന വാദം തെറ്റാണെന്നു സിബിഐ കണ്ടെത്തൽ.

1994 ജനുവരി 19 - അഭയ ആത്മഹത്യ ചെയ്തതാണ് എന്നു റിപ്പോർട്ട് നൽകാൻ സിബിഐ നിർബന്ധിക്കുന്നതായി വർഗീസ് പി തോമസ് എന്ന ഉദ്യോഗസ്ഥൻ്റെ വെളിപ്പെടുത്തൽ.

1994 മാർച്ച് 17 - സിബിഐ ഫോറൻസിക് പരിശോധനയും ഡമ്മി പരിശോധനയും. മരണം കൊലപാതകം എന്നു കണ്ടെത്തൽ.

1996 നവംബർ 26- കേസ് എഴുതിത്തള്ളണമെന്നു സിബിഐ ആവശ്യം കോടതിയിൽ

1999 ജൂലൈ 12- കൊലപാതകമെന്ന് സിജെഎം കോടതിയിൽ സിബിഐ റിപ്പോർട്ട്. നിർണായക തെളിവുകളെല്ലാം പോലീസ് നശിപ്പിച്ചതിനാൽ പ്രതികളെ പിടിക്കാനായില്ലെന്നും വാദം.

2001 ജൂൺ 23- പുനരന്വേഷണത്തിന് പുതിയ ടീമിനെ നിയമിക്കാൻ സിബിഐയ്ക്ക് കോടതി നിർദ്ദേശം. ബ്രെയ്ൻ ഫിംഗർ പ്രിന്റിംഗ് അടക്കം നൂതന കുറ്റാന്വേഷണ മാർഗങ്ങൾ ഉപയോഗിക്കണമെന്നും ഉത്തരവ്.

2001 മേയ് 18- കേസിൽ കൂടുതൽ അന്വേഷണം നടത്താൻ സിബിഐയോട് ഹൈക്കോടതി.

2001 ആഗസ്റ്റ് 16- സിബിഐ ഡിഐജി നന്ദകിഷോറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം പുനരന്വേഷണത്തിന് കോട്ടയത്ത്.

2005 ആഗസ്റ്റ് 30- സിബിഐ മൂന്നാം റിപ്പോർട്ട് സമർപ്പിച്ചു.

2006 ആഗസ്റ്റ് 21- കേസിൽ തുടരന്വേഷണം നടത്താൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഉത്തരവ്.

2007 ഏപ്രിൽ-മേയ്: അഭയയുടെ ആന്തരികാവയവ പരിശോധനാ റിപ്പോർട്ടിൽ തിരുത്തൽ നടന്നുവെന്ന വെളിപ്പെടുത്തലോടെ കേസ് വീണ്ടും സജീവമാകുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരുന്ന രജിസ്റ്ററിൽ നിന്ന് അഭയയുടെ റിപ്പോർട്ട് കാണാതായെന്ന് കോടതിയിൽ പോലീസ് സർജൻ്റെ റിപ്പോർട്ട്.

2007 മേയ് 22- ഫോറൻസിക് റിപ്പോർട്ടിൽ തിരുത്തൽ നടന്നതായി തുരുവനന്തപുരം സിജെഎം കോടതി.

2008 ഒക്ടോബർ 23: അഭയക്കേസ് സിബിഐയുടെ കേരള ഘടകം അന്വേഷിക്കണമെന്ന് ഹൈക്കോടതി.

2008 നവംബർ 18: സഞ്ജു മാത്യു വിശദമായ മൊഴി നൽകി.

2008 നവം. 18: കേസിലെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരും രണ്ടാം പ്രതി ഫാ. ജോസ് പൂത്തൃക്കയിലും കസ്റ്റഡിയിൽ.

2008 നവംബർ 19: കേസിലെ മൂന്നാം പ്രതി സിസ്റ്റർ സെഫി കസ്റ്റഡിയിൽ.

2008 നവംബർ 19: അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കുന്നു. കൂടുതൽ ചോദ്യം ചെയ്യലിനായി സിബിഐ കസ്റ്റഡിയിൽ.

2008 നവംബർ 24: അഭയക്കേസ് അന്വേഷിച്ച മുൻ എഎസ്ഐ വി വി അഗസ്റ്റിൻ ആത്മഹത്യ ചെയ്തു. ആത്മഹത്യാക്കുറിപ്പിൽ സിബിഐ മർദ്ദിച്ചതായി ആരോപണം.

2008 ഡിസംബർ 29: പ്രതികളുടെ ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് തള്ളിക്കളയുന്നു.

2008 ഡിസംബർ 2: പ്രതികളെ പോലീസ് കസ്റ്റഡിയിൽ വയ്ക്കാൻ മുഖ്യജുഡിഷ്യൽ മജിസ്‌ട്രേറ്റ് തീരുമാനിക്കുന്നു.

2009 ജൂലായ് 17- സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.

2011 മാർച്ച് 16- വിചാരണ കൂടതെ കുറ്റവിമുക്തരാക്കണം എന്ന് ആവശ്യപ്പെട്ട് മൂന്നു പ്രതികളും എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ

2014 മാർച്ച് 19- തെളിവ് നശിപ്പിച്ചുവെന്ന ആരോപണത്തിൽ ക്രൈം ബ്രാഞ്ച് എസ്പി കെ ടി മൈക്കിൾ ഉൾപ്പെടെയുള്ളവര്‍ക്കെതിരെ അന്വേഷണം വേണമെന്ന് ഹൈക്കോടതി.

2015 ജൂൺ 30- ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ സാമുവലിനെ പ്രതിയാക്കി തിരുവനന്തപുരം സിബിഐ കോടതിയിൽ റിപ്പോര്‍ട്ട്.

2018 മാർച്ച് 7- ഒന്നാം പ്രതിയുടെയും മൂന്നാം പ്രതിയുടെയും വിടുതൽ ഹർജി തള്ളി.

2019 ആഗസ്റ്റ് 26- അഭയ കേസിന്‍റെ വിചാരണ സിബിഐ കോടതയിൽ ആരംഭിച്ചു.

2020 ഒക്‌ടോബർ 20- സിബിഐ കോടതിയിൽ വിചാരണ പുനരാരംഭിച്ചു.

2020 ഡിസംബര്‍ 22- അഭയ കേസിൽ വിധി