Saturday, July 31, 2010

എസ്എഫ്ഐ മുന്നേറ്റത്തിന് രാഷ്ട്രീയ പ്രാധാന്യം ഏറെ

തൃശൂര്‍: കലിക്കറ്റ് സര്‍വകലാശാലയിലെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ നേടിയ വന്‍ വിജയത്തിന് രാഷ്ട്രീയ പ്രാധാന്യം ഏറെ. തൃശൂര്‍, പാലക്കാട് ജില്ലയിലടക്കം ചരിത്രം തിരുത്തിക്കുറിച്ച മുന്നേറ്റമാണ് എസ്എഫ്്ഐ നേടിയത്. പിന്തിരിപ്പന്‍ കൂട്ടുകെട്ടുകള്‍, മാനേജ്മെന്റുകളുടെ നിഷേധാത്മക നിലപാടുകള്‍, സംഘടനാ പ്രവര്‍ത്തനത്തിനു തന്നെ വിലങ്ങുതടിയായ കോടതികളുടെ ഇടപെടലുകള്‍, മാധ്യമങ്ങളും ഇടയലേഖനങ്ങളും നടത്തിയ പ്രചാരണങ്ങള്‍ തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളെ മറികടന്നാണ് പുരോഗമന വിദ്യാര്‍ഥി പ്രസ്ഥാനം ആധിപത്യം നിലനിര്‍ത്തിയത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എസ്എഫ്ഐയുടെ ഈ വിജയത്തിന് രാഷ്ട്രീയ പ്രാധാന്യമുണ്ട്.

സര്‍വകലാശാലക്കു കീഴില്‍ സംഘടനാടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പു നടന്ന 65 കോളേജുകളില്‍ 51 ലും എസ്എഫ്ഐക്കാണ് ഭൂരിപക്ഷം. നിരവധി കോളേജുകളില്‍ മുഴുവന്‍ സീറ്റിലും വിജയവും നേടാനായി. പാലക്കാട് തെരഞ്ഞെടപ്പു നടന്ന മുഴുവന്‍ കോളേജുകളിലും എസ്എഫ്ഐക്കാണ് യൂണിയന്‍. മത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും കോളേജുകള്‍ക്കും മേല്‍കൈയുള്ള ജില്ലയില്‍ സംഘടനാടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പു നടന്ന 16ല്‍ 13 കോളേജുകളിലും യൂണിയന്‍ ഭരണം എസ്എഫ്ഐക്കു ലഭിച്ചു. 135 ജനറല്‍ സീറ്റുകളില്‍ 116ഉം എസ്എഫ്ഐ നേടി. ക്ളാസ് പ്രതിനിധികളില്‍ 54ല്‍ 52 ഉം. 12 സീറ്റുമായി എബിവിപിയാണ് രണ്ടാം സ്ഥാനത്ത്. 11 സീറ്റിലൊതുങ്ങിയ കെഎസ്യു നാണംകെട്ട പരാജയമാണ് ഏറ്റുവാങ്ങിയത്. 16 കോളേജുകളിലെ 14,500 വിദ്യാര്‍ഥികളില്‍ 80 ശതമാനം പേരും എസ്എഫ്ഐക്ക് വോട്ടുചെയ്തുവെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഇടതുപക്ഷത്തിനെതിരായി ഇടയലേഖനങ്ങള്‍ ഇറങ്ങിക്കൊണ്ടിരിക്കുന്ന കാലത്തും തൃശൂര്‍ അതിരൂപതയുടെ കീഴിലുള്ള സെന്റ് തോമസ് കോളേജിലും ഇരിങ്ങാലക്കുട രൂപതയുടെ കീഴിലുള്ള ക്രൈസ്റ്റ് കോളേജിലും എസ്എഫ്ഐ തൂത്തുവാരിയ വിജയം നേടിയെന്നതും ശ്രദ്ധേയമാണ്. കോഗ്രസും ലീഗും എന്‍ഡിഎഫുമായി ബന്ധമൊന്നുമില്ലെന്ന് വീമ്പു പറയുമ്പോഴും ഇവരുടെ കെഎസ്യുവിനും എംഎസ്എഫിനും എന്‍ഡിഎഫിന്റെ വിദ്യാര്‍ഥി വിഭാഗമായ ക്യാമ്പസ് ഫ്രണ്ടുമായി പരസ്യമായ കൂട്ടുകെട്ടുണ്ടാക്കാന്‍ ഒരു മടിയുമുണ്ടായില്ല. പെരുവല്ലൂര്‍ മദര്‍ കോളേജില്‍ കെഎസ്യു, എംഎസ്എഫ്, ക്യാംപസ് ഫ്രണ്ട് കൂട്ടുകെട്ടായിരുന്നു. വടക്കേക്കാട് ഐസിഎ കോളേജില്‍ കെഎസ്യു-ക്യാമ്പസ് ഫ്രണ്ട് സഖ്യവും എസ്എഫ്ഐയും തുല്യ സീറ്റ് നേടി. പിന്നീട് നറുക്കെടുപ്പിലൂടെയാണ് കെഎസ്യുവിന് യൂണിയന്‍ ലഭിച്ചത്. എം ഇ എസ് അസ്മാബി കോളേജില്‍ ജമാ അത്തെ ഇസ്ളാമിയുടെ എസ്ഐഒ പാനലില്‍ മത്സരിച്ച ക്യാമ്പസ് ഫ്രണ്ടുമായി കെഎസ്യു സഖ്യത്തിലായിരുന്നു. എന്നാല്‍ ഈ അവിശുദ്ധ കൂട്ടുകെട്ടിനെയെല്ലാം വിദ്യാര്‍ഥികള്‍ തള്ളിക്കളഞ്ഞതാണ് ഈ തെരഞ്ഞെടുപ്പിന്റെ മറ്റൊരു രാഷ്ട്രീയ പ്രാധാന്യം.

ഡിഗ്രി, പിജി വിദ്യാര്‍ഥികളില്‍ 90 ശതമാനത്തിലധികവും വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വോട്ടര്‍മാരാണ്. ഭൂരിഭാഗം വിദ്യാര്‍ഥികളുടെയും രാഷ്ട്രീയ നിലപാട് ഏതു ദിശയിലേക്കെന്ന് വ്യക്തമാക്കുന്നതു കൂടിയാണ് യൂണിയന്‍ തെരഞ്ഞെടുപ്പ്.

deshabhimani 31072010

ഭരണം താരതമ്യംചെയ്താല്‍ ജനങ്ങള്‍ എല്‍ഡിഎഫിനൊപ്പം: വി എസ്

സംസ്ഥാന സര്‍ക്കാരിന്റെ നാലുവര്‍ഷത്തെ ജനക്ഷേമകരമായ ഭരണവും കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധഭരണവും താരതമ്യംചെയ്ത് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ എല്‍ഡിഎഫിന് പിന്നില്‍ അണിനിരക്കുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങളെ ന്യായീകരിക്കുന്ന ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും ചുട്ടമറുപടി ലഭിക്കും. ജനവിരുദ്ധവും രാജ്യദ്രോഹകരവുമായ കേന്ദ്രനയങ്ങള്‍ തുറന്നുകാട്ടിയും സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനും എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ചിട്ടുള്ള തെക്കന്‍മേഖലാജാഥ അരൂക്കുറ്റി വടുതല ജങ്ഷനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു വി എസ്.

അങ്ങേയറ്റം ജനവിരുദ്ധനയങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്. ഇതിന്റെ ഫലമായി ജനജീവിതം ദുസ്സഹമായി. ഇന്ധനവിലയും മറ്റും അടിക്കടി വര്‍ധിപ്പിച്ചും റിലയന്‍സ്പോലുള്ള വന്‍കിട കുത്തകകമ്പനികളെ നിരന്തരം സഹായിച്ചും കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. അതേസമയം വന്‍തോതിലുള്ള അഴിമതിയുടെ കാര്യത്തില്‍ കേന്ദ്രത്തിലെ കോണ്‍ഗ്രസ് ഭരണം മുന്നിലെത്തുകയും ചെയ്തു. ഒരുലക്ഷം കോടി രൂപയുടെ സ്പെക്ട്രം അഴിമതി, ആയിരക്കണക്കിന് കോടി രൂപ മറിഞ്ഞ ക്രിക്കറ്റ് കോഴവിവാദം എന്നിവയെല്ലാം കേന്ദ്രത്തിലെ അഴിമതിക്ക് ഉത്തമ ഉദാഹരണങ്ങളാണ്. ഇതിനെയെല്ലാം ന്യായീകരിക്കുന്ന സമീപനമാണ് കേരളത്തില്‍ പ്രതിപക്ഷം പിന്തുടരുന്നത്.

കര്‍ഷക ആത്മഹത്യ ഇല്ലാതാക്കിയെന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ മികച്ച ഭരണനേട്ടം. അതോടൊപ്പം സമൂഹത്തിലെ മഹാഭൂരിപക്ഷംവരുന്ന പാവങ്ങള്‍ക്ക് സുരക്ഷിതമായ ജീവിതം ഉറപ്പ് നല്‍കാനും എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടികളെടുത്തു. 38 ലക്ഷം കുടുംബങ്ങള്‍ക്ക് രണ്ടുരൂപ നിരക്കില്‍ അരി വിതരണം ചെയ്യുന്നു. മുഴുവന്‍ സാമൂഹിക സുരക്ഷാപെന്‍ഷനുകളും 300 രൂപയാക്കി ഉയര്‍ത്തി. സാധാരണ രോഗങ്ങള്‍ക്ക് 30,000 രൂപയുടെവരെ സൌജന്യ ചികിത്സ ഉറപ്പാക്കി. ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കും അര്‍ബുദം പോലുള്ള മാരകരോഗങ്ങള്‍ക്കും 70,000 രൂപയുടെവരെ സൌജന്യ ചികിത്സ നല്‍കുന്നു.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നഷ്ടത്തിലായിരുന്ന മുഴുവന്‍ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളും ഈ സര്‍ക്കാര്‍ ലാഭത്തിലാക്കി. മത്സ്യത്തൊഴിലാളികളുടെ ജീവിതം സുരക്ഷിതമാക്കുന്നതിനുള്ള സമഗ്ര ബില്ല് വ്യാഴാഴ്ച സംസ്ഥാന നിയമസഭ പാസാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സീറ്റുകള്‍ സംവരണം ചെയ്തു. നെല്‍കൃഷി ഉപേക്ഷിച്ചുപോയവരെ ഉള്‍പ്പെടെ തിരികെ കൃഷിയിലേക്ക് കൊണ്ടുവരാനും 60,000ത്തിലേറെ ഏക്കര്‍ പ്രദേശത്ത് പുതുതായി നെല്‍കൃഷി വ്യാപിപ്പിക്കാനും സര്‍ക്കാരിന്റെ സമഗ്രമായ കാര്‍ഷികനയം സഹായിച്ചു. നെല്ലിന് രാജ്യത്ത് എവിടെയും ലഭിക്കാത്ത ഉയര്‍ന്ന വില നല്‍കാനും നെല്ല് നേരിട്ട് സംഭരിക്കാനും സംവിധാനമുണ്ടാക്കിയെന്ന് വി എസ് പറഞ്ഞു.

deshabhimani 30072010

തെരഞ്ഞെടുപ്പുകാലത്തെ ആദിവാസി സ്നേഹം

അട്ടപ്പാടിയെന്നും ആദിവാസി ഭൂമിയെന്നും ഒച്ചവച്ച് പ്രതിപക്ഷം ബഹിഷ്കരിച്ചതോടെ പന്ത്രണ്ടാം കേരള നിയമസഭയുടെ പതിനഞ്ചാം സമ്മേളനം സമാപിച്ചിരിക്കുന്നു. ഇനി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ്. ആ തെരഞ്ഞെടുപ്പിലേക്ക് യുഡിഎഫിന് കരുതിവച്ച വെടിമരുന്നൊന്നുമില്ല. സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരുമായി നേരിട്ട് ബന്ധപ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനമികവിന്റെയും ജനസേവനത്തിന്റെയും അഞ്ചുവര്‍ഷമാണ് പിന്നിടുന്നത്.

1991ല്‍ അധികാരത്തിലേറിയ യുഡിഎഫ് സര്‍ക്കാര്‍ അന്നത്തെ ജില്ലാ കൌണ്‍സിലുകളെ നിര്‍വീര്യമാക്കുകയും പിന്നീട് ഇല്ലാതാക്കുകയുമാണ് ചെയ്തതെങ്കില്‍ അധികാര വികേന്ദ്രീകരണം അതിന്റെ ഉദാത്തമായ മൂല്യങ്ങള്‍ ചോര്‍ന്നുപോകാതെ നടപ്പാക്കുകയും അതിന്റെ ഫലം ജനങ്ങള്‍ക്ക് അനുഭവവേദ്യമാക്കുകയുംചെയ്തത് എല്‍ഡിഎഫ് സര്‍ക്കാരുകളാണ്. 2006ല്‍ റെക്കോഡ് ഭൂരിപക്ഷവുമായി അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ നാലുവര്‍ഷം പിന്നിടുമ്പോള്‍, എല്ലാ കുപ്രചാരണങ്ങളെയും മറികടന്ന് ജനങ്ങളില്‍ അസൂയാവഹമായ സ്വീകാര്യത ആര്‍ജിച്ചിരിക്കുന്നു. അഞ്ചുകൊല്ലം കൂടുമ്പോഴത്തെ ഭരണമാറ്റത്തെക്കുറിച്ച് കിനാവുകണ്ട യുഡിഎഫിന് ഇന്ന് ആത്മവിശ്വാസമോ പ്രതീക്ഷയോ ഇല്ല. ഉയര്‍ത്തിക്കൊണ്ടുവന്ന എതിര്‍പ്പുകളും കുപ്രചാരണങ്ങളും ദയനീയമായി തകരുകമാത്രമല്ല, ഇത്രയേറെ കാര്യങ്ങള്‍ചെയ്ത ഒരു സര്‍ക്കാരിനെ എന്തിന് എതിര്‍ക്കണം എന്ന ചോദ്യത്തിന് ദുര്‍ബലമായ മറുപടി നല്‍കാന്‍പോലും കഴിയാത്ത സ്ഥിതിയിലേക്ക് യുഡിഎഫ് എത്തുകയും ചെയ്തു. ഈ ദുരവസ്ഥയാണ്, തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, കൃത്രിമ ശ്വാസോച്ഛാസമെങ്കിലും ലഭിക്കാനുള്ള വെപ്രാളത്തിലേക്ക് യുഡിഎഫിനെ നയിക്കുന്നത്. അത്തരമൊരു വൃഥാശ്രമമാണ് ഏതാനും നാളുകളായി ചില മാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നതും വ്യാഴാഴ്ച നിയമസഭയില്‍ യുഡിഎഫ് ഏറ്റുപിടിച്ച് കത്തിച്ചതുമായ അട്ടപ്പാടി-ആദിവാസി ഭൂമിപ്രശ്നം.

ആദിവാസിഭൂമി അന്യാധീനപ്പെട്ടിട്ടുണ്ടെങ്കില്‍ കൈവശപ്പെടുത്തിയത് ഏതു തമ്പുരാനായാലും തിരിച്ചുപിടിക്കുക തന്നെ വേണം. 1999ലെ നിയമപ്രകാരം 1986നുശേഷം ആദിവാസികളുടെ ഭൂമി കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന് സാധുതയില്ല. അത്തരം നിയമ വിരുദ്ധമായ കൈയേറ്റങ്ങള്‍ അട്ടപ്പാട്ടിയിലെ കാറ്റാടിയന്ത്രം സ്ഥാപിച്ച കമ്പനിയോ മറ്റാരെങ്കിലുമോ നടത്തിയിട്ടുണ്ടെങ്കില്‍ അത് കണ്ടുപിടിക്കുകയും കുറ്റക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരികയും ചെയ്യണമെന്ന കര്‍ക്കശ നിലപാടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ എടുത്തിട്ടുള്ളത്. അട്ടപ്പാടിയില്‍ കാറ്റാടിയന്ത്രത്തില്‍നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ ഒരുവര്‍ഷം കഴിഞ്ഞു. 27 കാറ്റാടിയന്ത്രത്തില്‍നിന്നായി 14.2 മെഗാവാട്ട് വൈദ്യുതിയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. അട്ടപ്പാടിയിലെ ഷോളയൂരിനടുത്ത നല്ലശിങ്ക സദാസമയവും കാറ്റ് ലഭിക്കുന്ന പ്രദേശമാണ്. കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിക്കുന്നതിന് ഏറ്റവും അനുയോജ്യം. നിലവിലുള്ള വ്യവസ്ഥകള്‍ പ്രകാരം കാറ്റാടിയന്ത്രങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് സ്ഥാപിക്കാം. അതില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി കരാറിലേര്‍പ്പെട്ട് വൈദ്യുതി ബോര്‍ഡ് വാങ്ങും. ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും അനുമതി ലഭിക്കാന്‍ പദ്ധതി സ്ഥാപിക്കുന്ന സ്ഥലത്തിന്റെ ആധാരമുള്‍പ്പെടെയുള്ള രേഖകള്‍ അപേക്ഷയോടൊപ്പം ഹാജരാക്കണം. അങ്ങനെ രേഖ പരിശോധിച്ച് നല്‍കുന്ന അനുമതി, ഭൂവുടമാവാശം സ്ഥാപിക്കുന്നതിന് തെളിവല്ല. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവില്‍ കൃത്യമായി രേഖപ്പെടുത്തുന്നുമുണ്ട്.

ഒരു കമ്പനി കാറ്റാടി യന്ത്രപദ്ധതി സമര്‍പ്പിച്ച് അനുമതിക്കപേക്ഷിച്ചു. സര്‍ക്കാര്‍ അനുമതി നല്‍കി. അവിടെ ഉല്‍പ്പാദനം തുടങ്ങുകയും ചെയ്തു. പദ്ധതി നില്‍ക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നമുണ്ടെങ്കില്‍ അത് പ്രത്യേകം പരിശോധിക്കേണ്ടതാണ്. അത്തരമൊരു പരിശോധന സംസ്ഥാന സര്‍ക്കാര്‍തന്നെയാണ് ഇവിടെ നടത്തിയത്. കലക്ടറും ആര്‍ഡിഒയും പലവട്ടം തെളിവെടുത്തശേഷം അട്ടപ്പാടിയിലെ ഭൂമി കൈമാറ്റത്തില്‍ ചില അപാകതകള്‍ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കി. വിശദമായ അന്വേഷണം വേണമെന്നാണ് അതിലെ ശുപാര്‍ശ. അതിന്റെ അടിസ്ഥാനത്തില്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും സെക്രട്ടറിമാരടങ്ങുന്ന സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചു. അക്കാര്യം നിയമസഭയില്‍ പ്രഖ്യാപിച്ചു. പ്രതിപക്ഷം ഇപ്പോള്‍ പറയുന്നത്, അത്തരമൊരന്വേഷണമൊന്നും വേണ്ട; കലക്ടറുടെ റിപ്പോര്‍ട്ടിനുമേല്‍ തന്നെ നടപടിയെടുക്കണമെന്നാണ്.

അതെന്തു ന്യായമാണ്?

86നുശേഷം ഭൂമി കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടോ, കൈമാറ്റത്തില്‍നിന്ന് സംരക്ഷണം അര്‍ഹിക്കുന്ന ഭൂമി ഉള്‍പ്പെട്ടിട്ടുണ്ടോ, ആദിവാസി ഭൂമി എത്രകണ്ട് അന്യാധീനപ്പെട്ടു, ആധാരങ്ങള്‍ ആധികാരികമോ എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ നിഷ്കൃഷ്ടമായി പരിശോധിച്ച് തീര്‍പ്പുകല്‍പ്പിക്കേണ്ട പ്രശ്നത്തില്‍ അതൊന്നും വേണ്ട; ഇപ്പോള്‍തന്നെ നടപടിവേണം എന്ന് ശഠിക്കുന്നത് ആരെ സംരക്ഷിക്കാനാണ്? എന്തു മറച്ചുവയ്ക്കാനാണ്?

വയനാട്ടില്‍ ആദിവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമി, കോടതി ഒഴിഞ്ഞുപോകാനാവശ്യപ്പെട്ടിട്ടും കെട്ടിപ്പിടിച്ച് കൈവശം വയ്ക്കുന്ന മാന്യനും നിയമസഭയില്‍ യുഡിഎഫ് ബെഞ്ചിലിരിപ്പുണ്ട്. വയനാട്ടില്‍ ജീവിക്കാന്‍ ഒരുതുണ്ട് ഭൂമിക്കുവേണ്ടി സമരംചെയ്ത ആദിവാസി ജോഗിയെ വെടിവച്ചുകൊന്നവര്‍ യുഡിഎഫുകാര്‍ തന്നെയാണ്. അത്തരക്കാര്‍ക്ക് ഒരു സുപ്രഭാതത്തില്‍ ആദിവാസികളോടും അവരുടെ ഭൂമിയോടും പ്രണയം തോന്നുന്നതിന്റെ രസതന്ത്രം ആര്‍ക്കും മനസ്സിലാകാത്തതല്ല. സംസ്ഥാനത്തെ ആദിവാസി ഭൂവിതരണം അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് പ്രതിപക്ഷത്തിന്റേതെന്ന സംശയം ഒട്ടും അസ്ഥാനത്തല്ല. അട്ടപ്പാടിയില്‍ല്‍ അന്യാധീനപ്പെട്ട ‘ഭൂമി തിരിച്ചുപിടിക്കുമെന്നും ഉന്നതതല സംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചശേഷം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും റവന്യൂമന്ത്രിയും പട്ടിക വിഭാഗ ക്ഷേമമന്ത്രിയും ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടും കുറ്റം കണ്ടെത്തിയാല്‍ ഒരാളെയും വിടില്ല എന്ന് പ്രഖ്യാപിച്ചിട്ടും അതിലേക്കുള്ള നടപടികള്‍ പുരോഗമിച്ചിട്ടും പ്രതിപക്ഷത്തിന് ബോധ്യപ്പെടുന്നില്ലെങ്കില്‍ അത് മറ്റുചില അസുഖങ്ങളുടെ ഭാഗമാണ്. ആര്‍ക്കുവേണ്ടിയാണ് ഈ നാടകമെന്ന് അവര്‍ തുറന്നു പറയേണ്ടതുണ്ട്. ഒപ്പം തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് ഈ മരുന്ന് പോരാ എന്ന് അവര്‍ തിരിച്ചറിയുകയും വേണം.

ദേശാഭിമാനി മുഖപ്രസംഗം 30072010

ബീഫ് നിരോധനം, സംഝോത സ്ഫോടനം, വ്യാജ ഏറ്റുമുട്ടല്‍ വാര്‍ത്തകള്‍

ബിജെപി സര്‍ക്കാരിന് തിരിച്ചടി ഗോവധനിരോധന ബില്‍ രാഷ്ട്രപതിക്കയച്ചു

ബംഗളൂരു: പശു, കിടാവ്, പോത്ത്, എരുമ, കാള തുടങ്ങിയവയുടെ കശാപ്പും വില്‍പ്പനയും ഇറച്ചി ഉപയോഗവും നിരോധിച്ച് കര്‍ണാടക നിയമസഭ പാസാക്കിയ ഗോവധ നിരോധന ബില്‍ ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്കയച്ചു. ബില്ലിനെതിരെ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളടക്കം രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജിന്റെ നീക്കം ബിജെപി സര്‍ക്കാരിന് തിരിച്ചടിയായി. കന്നുകാലികളെ മാംസവില്‍പ്പനയ്ക്കായി കൊല്ലുന്നവര്‍ക്ക് ഏഴുവര്‍ഷംവരെ തടവും 50,000 രൂപവരെ പിഴയും വ്യവസ്ഥചെയ്യുന്ന ബില്‍ നിയമമാകാന്‍ ഗവര്‍ണറുടെ അംഗീകാരംകൂടി വേണം. ബില്ലിലെ വ്യവസ്ഥകള്‍ ഭരണഘടന വിഭാവനംചെയ്യുന്ന മൌലിക അവകാശങ്ങള്‍ ലംഘിക്കുന്നുണ്ടോ എന്നു പരിശോധിക്കാനാണ് രാഷ്ട്രപതിക്ക് കൈമാറിയതെന്ന് ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു. ബില്‍ സര്‍ക്കാരിന് തിരിച്ചയച്ചതായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും ഓഫീസ് വ്യക്തമാക്കി.

പ്രതിപക്ഷ ബഹളത്തിനിടെ ലെജിസ്ളേറ്റീവ് കൌണ്‍സിലില്‍ ഈ മാസം ആദ്യം ശബ്ദവോട്ടോടെയാണ് ബില്‍ പാസാക്കിയത്. അധോസഭയായ ലെജിസ്ളേറ്റീവ് അസംബ്ളി ബില്ലിന് മാര്‍ച്ചില്‍ അംഗീകാരം നല്‍കി. ബീഫും ബീഫ് ഉല്‍പ്പന്നങ്ങളും കൈവശം വയ്ക്കുന്നതും കൈമാറ്റംചെയ്യുന്നതും കന്നുകാലികളെ മാംസത്തിനായി വില്‍ക്കുന്നതും മറ്റു സംസ്ഥാനത്തേക്ക് കടത്തുന്നതും ബില്ല് നിരോധിക്കുന്നു. കന്നുകാലി മാംസവില്‍പ്പന, മാസം കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങള്‍ക്ക് 25,000 രൂപവരെ പിഴ ലഭിക്കും. കന്നുകാലികളെ വാങ്ങുന്നവരും ശിക്ഷിക്കപ്പെടും.

പശുക്കളെ കൊല്ലുന്നതു നിരോധിച്ച് 1994ല്‍ ഗുജറാത്തിലാണ് ബിജെപി സര്‍ക്കാര്‍ ആദ്യം നിയമം കൊണ്ടുവന്നത്. പൌരന്മാരുടെ മൌലികാവകാശങ്ങളെ ലംഘിക്കുന്നതാണ് നിയമമെന്ന് ചൂണ്ടിക്കാട്ടി 1998ല്‍ ഹൈക്കോടതി ഗോവധ നിരോധനം ഭരണഘടനാവിരുദ്ധമാണെന്ന് വിധിച്ചു. എന്നാല്‍, സുപ്രീം കോടതി നിയമം നിലനില്‍ക്കുന്നതാണെന്ന് വിലയിരുത്തി. തുടര്‍ന്ന് 2003ല്‍ പശു, കിടാവ്, എരുമ, കാള എന്നിവയെ കൊല്ലുന്നത് നിരോധിച്ച് നിയമം പാസാക്കി. ഈ നിയമത്തിന്റെ പിന്‍ബലത്തിലാണ് കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാര്‍ ബില്‍ കൊണ്ടുവന്നത്.

സംഝോത സ്ഫോടനക്കേസ് ഹിന്ദുത്വ ഭീകരരുടെ പങ്ക് അന്വേഷിക്കും

ന്യൂഡല്‍ഹി: ഹിന്ദുത്വ ഭീകരവാദികളുടെ പങ്ക് തെളിഞ്ഞ മെക്ക മസ്ജിദ്, മലേഗാവ് സ്ഫോടനവുമായി സംഝോത എക്സ്പ്രസ് സ്ഫോടനത്തിനുള്ള ബന്ധം അന്വേഷിക്കുന്നു. മധ്യപ്രദേശിലെ ബിജെപി സര്‍ക്കാരിന്റെ നിസ്സഹകരണത്തെ തുടര്‍ന്ന് വഴിമുട്ടിയ സഝോത സ്ഫോടനക്കേസ് അന്വേഷണം ഹരിയാന പൊലീസില്‍ നിന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഏറ്റെടുത്തതോടെ വഴിത്തിരിവാകുകയാണ്. അന്വേഷണം വഴിമുട്ടിയ സാഹചര്യത്തിലാണ് എന്‍ഐഎ കേസ് ഏറ്റെടുക്കുന്നതെന്ന് ആഭ്യന്തരമന്ത്രി പി ചിദംബരം അറിയിച്ചു. സ്ഫോടനത്തില്‍ ഹിന്ദു ഭീകരര്‍ക്ക് പങ്കുണ്ടോയെന്ന് ഇപ്പോള്‍ പറയാനാവില്ല. ഉത്തരവാദികളെ കണ്ടെത്തുന്നതിനാണ് എന്‍ഐഎയെ ഏല്‍പ്പിച്ചത്. മെക്കമസ്ജിദ്, മലേഗാവ് സ്ഫോടനങ്ങളുമായി സംഝോത എക്സ്പ്രസ് സ്ഫോടനത്തിന് പങ്കുണ്ടോയെന്ന് എന്‍ഐഎ അന്വേഷിക്കും. സംഝോത സ്ഫോടനത്തിനു പുറമെ ഹൈദരാബാദിലെ ഡിലോയിറ്റ് ആക്രമണപദ്ധതിയെക്കുറിച്ചും എന്‍ഐഎ അന്വേഷിക്കും- ചിദംബരം പറഞ്ഞു.

2007 ഫെബ്രുവരി 18ന് ഹരിയാനയിലെ പാനിപ്പത്തില്‍ സംഝോത എക്സപ്രസ് ട്രെയിനിലുണ്ടായ സ്ഫോടനത്തില്‍ 68 പേരാണ് കൊല്ലപ്പെട്ടത്. ഇന്തോ- പാക് സമാധാനശ്രമങ്ങളുടെ ഭാഗമായി ഇന്ത്യയില്‍നിന്ന് പാകിസ്ഥാനിലേക്ക് ആരംഭിച്ച ട്രെയിന്‍ സര്‍വീസ് അട്ടിമറിക്കുന്നതിന്റെ ഭാഗമായായിരുന്നു സ്ഫോടനം. മരിച്ചവരില്‍ പാകിസ്ഥാന്‍കാരും ഇന്ത്യക്കാരും ഉള്‍പ്പെട്ടിരുന്നു. നാല്‍പ്പതുമാസത്തോളം ഹരിയാന പൊലീസ് അന്വേഷിച്ച കേസാണ് ഇപ്പോള്‍ എന്‍ഐഎയ്ക്ക് കൈമാറുന്നത്. മധ്യപ്രദേശിലെ ബിജെപി സര്‍ക്കാരിന്റെ നിസ്സഹകരണം അന്വേഷണത്തിന് തടസ്സമാകുന്നതായി ഹരിയാന പൊലീസ് പരാതിപ്പെട്ടിരുന്നു. സ്ഫോടനത്തിന് ഉപയോഗിച്ച സാമഗ്രികള്‍ മധ്യപ്രദേശിലെ ഇന്‍ഡോറിലെ കോത്താരി മാര്‍ക്കറ്റില്‍നിന്ന് ശേഖരിച്ചതാണെന്ന് ഹരിയാന പൊലീസ് കണ്ടെത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പലവട്ടം പൊലീസ് സംഘം ഇന്‍ഡോറിലെത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. മലേഗാവ്, മെക്കമസ്ജിദ് സ്ഫോടനങ്ങള്‍ക്ക് ഉപയോഗിച്ച ബോംബുകള്‍ തയ്യാറാക്കിയ രാംജി കല്‍സാഗ്രെയും സന്ദീപ് ഡാങ്കെയും ഇന്‍ഡോര്‍ സ്വദേശികളാണ്. ഇരുവരും ഇപ്പോള്‍ ഒളിവിലാണ്. സംഝോത എക്സ്പ്രസിലുപയോഗിച്ച ബോംബുകളും ഇവര്‍ തന്നെ നിര്‍മിച്ചതാകാമെന്നാണ് പൊലീസിന്റെ അനുമാനം. മധ്യപ്രദേശിലെ ദേവസില്‍നിന്നുള്ള സംഘപരിവാര്‍ പ്രവര്‍ത്തകനായ സുനില്‍ ജോഷിയാണ് സ്ഫോടനം ആസൂത്രണംചെയ്തതെന്ന സൂചനകളും പൊലീസിന് ലഭിച്ചിരുന്നു. എന്നാല്‍, ജോഷി പിന്നീട് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടു.
(എം പ്രശാന്ത്)

കേസ് ഗുജറാത്തിന് പുറത്തേക്ക് മാറ്റണം: സിബിഐ

ന്യൂഡല്‍ഹി/ അഹമ്മദാബാദ്: സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ തുടര്‍നടപടികളും വിചാരണയും ഗുജറാത്തിന് പുറത്തേക്ക് മാറ്റണമെന്ന് സിബിഐ ആവശ്യപ്പെട്ടു. ഗുജറാത്തില്‍ സ്വതന്ത്ര അന്വേഷണം അസാധ്യമാണെന്ന് വെള്ളിയാഴ്ച സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അന്വേഷണപുരോഗതി റിപ്പോര്‍ട്ടില്‍ സിബിഐ ചൂണ്ടിക്കാട്ടി. സൊഹ്റാബുദ്ദീന്‍ കേസിലെ മുഖ്യസാക്ഷിയായ തുളസി പ്രജാപതിയെ ഏറ്റുമുട്ടല്‍ നാടകത്തിലൂടെ വധിച്ച കേസ് ഏറ്റെടുക്കാനും സിബിഐ അനുമതിതേടി. ഇതിനിടെ, വ്യാജ ഏറ്റുമുട്ടല്‍ കേസിലെ മുഖ്യസാക്ഷി തുളസിറാം പ്രജാപതിയെ കൊലപ്പെടുത്തിയ കേസില്‍ ഐപിഎസ് ഓഫീസറടക്കം ഏഴ് പൊലീസുകാര്‍ക്കെതിരെ ഗുജറാത്തിലെ ബനസ്കാന്ത ജില്ലാ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ബനസ്കാന്ത ജില്ലാ എസ്പിയായിരുന്ന വിപുല്‍ അഗര്‍വാളിനും ആറ് പൊലീസുകാര്‍ക്കുമെതിരെയാണ് സിഐഡി കുറ്റപത്രം സമര്‍പ്പിച്ചത്. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തി. സൊഹ്റാബുദ്ദീന്‍ കേസില്‍ ജൂലൈ 31നകം ആദ്യ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സുപ്രീംകോടതി സിബിഐയോട് നിര്‍ദേശിച്ചിരുന്നത്. കേസില്‍ അറസ്റിലായ ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി അമിത് ഷാ ചോദ്യംചെയ്യലിനോട് ഒരുതരത്തിലും സഹകരിക്കുന്നില്ലെന്നും ധാര്‍ഷ്ട്യത്തോടെയാണ് പെരുമാറുന്നതെന്നും സിബിഐ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു. മൂന്നുദിവസത്തെ ചോദ്യം ചെയ്യലിനിടെ ഒന്നിനും ഉത്തരം നല്‍കാത്ത സാഹചര്യത്തില്‍ ഷായെ ഇപ്പോള്‍ ചോദ്യംചെയ്തിട്ട് കാര്യമില്ലെന്നും സിബിഐ കോടതിയെ ബോധിപ്പിച്ചു. സബര്‍മതി ജയിലില്‍ കഴിയുന്ന ഷായെ വെള്ളിയാഴ്ചയും നാലു മണിക്കൂര്‍ ചോദ്യംചെയ്തു.

സൊറാബുദ്ദീന്‍ കൊലക്കേസില്‍ അറസ്റ്റിലായി സബര്‍മതി ജയിലില്‍ കഴിയുന്ന ഐപിഎസ് ഓഫീസര്‍മാരായ ഡി ജി വന്‍സാരയെയും എം എന്‍ ദിനേഷിനെയും പ്രജാപതി കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യാന്‍ സിഐഡി ട്രാന്‍സ്ഫര്‍ വാറന്റ് സമ്പാദിച്ചു. പ്രജാപതി കൊല്ലപ്പെടുമ്പോള്‍ ഗുജറാത്ത് അതിര്‍ത്തി മേഖലാ ഐജിയായിരുന്നു വന്‍സാര. ദിനേഷ് രാജസ്ഥാനിലെ ഉദയ്പൂരില്‍ എസ്പിയും. 2005 നവംബര്‍ 22ന് സൊഹ്റാബുദ്ദീനെയും കൌസര്‍ബിയെയും പിടികൂടുമ്പോള്‍ പ്രജാപതിയും ഒപ്പമുണ്ടായിരുന്നു. ബസില്‍ സഞ്ചരിക്കുന്ന വിവരം ഗുജറാത്ത് ഡിജിപി ഡി ജി വന്‍സാരയ്ക്ക് നല്‍കിയതും പ്രജാപതിയാണ്. സൊഹ്റാബുദ്ദീനും കൌസര്‍ബിയും കൊല്ലപ്പെട്ടത് എങ്ങനെയാണെന്ന് വ്യക്തമായി അറിയാവുന്ന പ്രജാപതിയെ ചില കേസുകളില്‍ പ്രതിചേര്‍ത്ത് ഉദയ്പുര്‍ ജയിലിലാക്കി. 2006 ഡിസംബര്‍ 26ന് കോടതിയില്‍നിന്ന് മടക്കിക്കൊണ്ടുപോകവെ രക്ഷപ്പെട്ട പ്രജാപതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നാണ് ഗുജറാത്ത് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, ഇതും ഗുജറാത്ത് പൊലീസ് ആസൂത്രണം ചെയ്ത ഏറ്റുമുട്ടല്‍ നാടകമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ബനസ്കാന്ത എസ്പിയായിരുന്ന വിപുല്‍ അഗര്‍വാളുമായി ചേര്‍ന്ന് വന്‍സാരയാണ് ഏറ്റമുട്ടല്‍ പദ്ധതി തയ്യാറാക്കിയത്.

സൊഹ്റാബുദ്ദീനെയും ഭാര്യ കൌസര്‍ബിയെയും കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം ഫെബ്രുവരിയിലാണ് സിബിഐ ഏറ്റെടുത്തത്. എന്നാല്‍, തുളസി പ്രജാപതി വധം കൂടി ചേര്‍ത്താലേ കേസന്വേഷണം പൂര്‍ണമാകൂവെന്നാണ് സിബിഐയുടെ വിലയിരുത്തല്‍. പ്രജാപതി കേസില്‍ അമിത് ഷായുടെ പങ്ക് സംബന്ധിച്ച തെളിവുകള്‍ ഉറപ്പിക്കാനായാല്‍ സൊഹ്റാബുദ്ദീന്‍ കേസ് ശക്തമാകുമെന്നും സിബിഐ കണക്കുകൂട്ടുന്നു. അമിത് ഷാ വ്യാജഏറ്റുമുട്ടലിന് പദ്ധതിയിട്ടതും കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചതും മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ അറിവോടെയായിരുന്നോയെന്നും സിബിഐ പരിശോധിക്കുന്നുണ്ട്. ഇതേസമയം, കേസില്‍ തന്നെ ചോദ്യംചെയ്യാന്‍ സിബിഐ നടപടി തുടങ്ങിയെന്ന വാര്‍ത്ത ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ ചൊടിപ്പിച്ചു. തന്നെ പേടിപ്പിക്കാനാകില്ലെന്നും തെറ്റായ നീക്കത്തിനെതിരെ പോരാടുമെന്നും മോഡി പറഞ്ഞു.

deshabhimani 31072010

വീണ്ടും എസ്എഫ്ഐ

കലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളില്‍ വ്യാഴാഴ്ച നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐയുടെ തേരോട്ടം

എസ്എഫ്ഐ നേതാക്കള്‍ക്ക് ആശുപത്രിക്കിടക്കയില്‍ ജയം

തൃശൂര്‍: തല പിളര്‍ന്ന് രക്തം വാര്‍ന്ന് നിലത്ത് വീഴുമ്പോഴും പതറാതെ മുന്നേറിയ രാഹുലിനും ഹരികൃഷ്ണനും സരീഷിനും ഈ തെരഞ്ഞെടുപ്പ് വിജയം അചഞ്ചലമായ രാഷ്ട്രീയ നിലപാടിന്റേത്.തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നുറപ്പായ എബിവിപിക്കാരുടെ ആക്രമണത്തിലാണ് തൃശൂര്‍ കേരളവര്‍മ കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകരായ ഇവര്‍ക്ക് ഗുരുതരമായി പരിക്കേറ്റത്. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് രാഹുല്‍ കോളേജ് യൂണിയന്‍ ചെയര്‍മാനായും കെ പി ഹരികൃഷ്ണന്‍ യൂണിവേഴ്സിറ്റി യൂണിയന്‍ കൌസിലറായും വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. വിജയമറിഞ്ഞ എസ്എഫ്ഐ പ്രവര്‍ത്തകര്‍ വൈകിട്ട് നഗരത്തില്‍ ആഹ്ളാദപ്രകടനം നടത്തിയശേഷം ജില്ലാ ആശുപത്രിയിലെത്തി മൂവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചു. ബുധനാഴ്ച രാവിലെ കോളേജ് ഗേറ്റിനുമുന്നില്‍ വിദ്യാര്‍ഥികളോട് വോട്ട് അഭ്യര്‍ഥിക്കുമ്പോഴാണ് മാരകായുധങ്ങളുമായെത്തിയ എബിവിപി സംഘം എസ്എഫ്ഐ പ്രവര്‍ത്തകരായ മൂവരേയും ആക്രമിച്ചത്. ഉശിരന്മാരായ പ്രവര്‍ത്തകരെ അരിഞ്ഞുവീഴ്ത്തി എസ്എഫ്ഐയെ തകര്‍ക്കാമെന്നുളള എബിവിപിയുടെ നിഗൂഢ ലക്ഷ്യത്തിന് രക്തസാക്ഷി ഇ കെ ബാലന്റെ ക്യാമ്പസ് തിരിച്ചടിയേകി. മുഴുവന്‍ സീറ്റിലും വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് കേരളവര്‍മയില്‍ എസ്എഫ്ഐ വിജയം ആവര്‍ത്തിച്ചത്. 1200 വോട്ടുകള്‍ പോള്‍ ചെയ്തത്തില്‍ ആയിരത്തിലധികം വോട്ടുകള്‍ എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ നേടി.

16ല്‍ 13 കോളേജ് യൂണിയനും സ്വന്തം എസ്എഫ്ഐ തൂത്തുവാരി

തൃശൂര്‍: കലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളില്‍ വ്യാഴാഴ്ച നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐയുടെ തേരോട്ടം. ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന 16 കോളേജുകളില്‍ 13ലും വിജയിച്ചാണ് എസ്എഫ്ഐയുടെ മുന്നേറ്റം. 12 കോളേജുകളില്‍ മുഴുവന്‍ സീറ്റും തൂത്തുവാരി. ജില്ലയിലെ 23 യൂണിവേഴ്സിറ്റി യൂണിയന്‍ കൌസിലര്‍മാരില്‍ 20ഉം നേടി. കെഎസ്യുവിന് രണ്ടും എബിവിപിക്ക് ഒന്നും മാത്രമാണ് ലഭിച്ചത്. ആകെയുള്ള 135 ജനറല്‍ സീറ്റുകളില്‍ എസ്എഫ്ഐ 110 നേടി. കെഎസ്യു 13ഉം എബിവിപി 12 സീറ്റിലും ഒതുങ്ങി.

തൃശൂര്‍ സെന്റ് തോമസ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ്, കേരളവര്‍മ, ഗുരുവായൂര്‍ ശ്രീകൃഷ്ണ, എം ഡി കോളേജ് പഴഞ്ഞി, ഐഇഎസ് ചിറ്റിലപ്പിള്ളി, ഗവ. കോളേജ് കുട്ടനെല്ലൂര്‍, എസ് എന്‍ കോളേജ് നാട്ടിക, എംഇഎസ് അസ്മാബി, കെകെടിഎം പുല്ലൂറ്റ്, മദര്‍ കോളേജ് പെരുവല്ലൂര്‍, വ്യാസ കോളേജ് വടക്കാഞ്ചേരി, എന്നീ കോളേജുകളില്‍ മുഴുവന്‍ സീറ്റിലും എസ്എഫ്ഐ വിജയിച്ചു. പനമ്പിള്ളി ഗവ. കോളേജില്‍ ജനറല്‍ ക്യാപ്റ്റന്‍ മാത്രമാണ് നഷ്ടപ്പെട്ടത്. എബിവിപിയും കെഎസ്യുവും അവിശുദ്ധ സഖ്യമുണ്ടാക്കിയ എല്‍ത്തുരുത്ത് സെന്റ് അലോഷ്യസില്‍ ഒറ്റ വോട്ടിനാണ് എസ്എഫ്ഐ പരാജയപ്പെട്ടത്. കുന്നംകുളം വിവേകാനന്ദയില്‍ കോളേജ് യൂണിയന്‍ എബിവിപി നിലനിര്‍ത്തി. ഐസിഎ വടക്കേക്കാടില്‍ നറുക്കെടുപ്പിലൂടെ എട്ടില്‍ ആറ് സീറ്റ് ജയിച്ചതുമാത്രമാണ് ജില്ലയില്‍ കെഎസ്യുവിന്റെ നാമമാത്ര വിജയം.

സെന്റ് തോമസ് കോളേജില്‍നിന്ന് യുയുസിയായി എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം ശീതള്‍ ഡേവിസും ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍നിന്ന് ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ എസ് അനൂപ് (ചെയര്‍മാന്‍) സുജിത് വി എസ് (യുയുസി) കെ വി ലിനി (വൈസ് ചെയര്‍മാന്‍) ഗവ. കോളേജ് യുയുസിയായി നിബിന്‍ ശ്രീനിവാസും തെരഞ്ഞെടുക്കപ്പെട്ടു. മാനേജ്മെന്റിന്റെ ഒറ്റപ്പെടുത്തലിന്റെയും വിദ്വേഷം വിളമ്പുന്ന ഇടയന്മാരുടെ ലേഖനങ്ങളുടെയും കാലത്ത് വലതുപക്ഷ രാഷ്ട്രീയത്തിന്റെ തട്ടകങ്ങളില്‍ എസ്എഫ്ഐക്ക് അനുകൂലമായ വിധിയെഴുത്ത് പ്രതിലോമ ശക്തികള്‍ക്ക് തിരിച്ചടിയായി. എസ്എഫ്ഐയുടെ ചരിത്രവിജയം വരാന്‍ പോകുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പുതുതലമുറയുടെ മനസ്സ് വ്യക്തമാക്കുന്നതാണ്.

കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് എസ്എഫ്ഐക്ക് ഉജ്വലവിജയം

പാലക്കാട്: ജില്ലയിലെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ഉജ്വല വിജയം. കലാലയ ജനാധിപത്യത്തിനും മതസൌഹാര്‍ദത്തിനും എസ്എഫ്ഐ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് എസ്എഫ്ഐ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. എസ്എഫ്ഐ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ വിദ്യാര്‍ഥികള്‍ അംഗീകരിച്ചു എന്നതിന്റെ തെളിവാണ് തെരഞ്ഞെടുപ്പുവിജയം. തെരഞ്ഞെടുപ്പ് നടന്ന എല്ലാ കോളേജുകളിലും എസ്എഫ്ഐ വിജയിച്ചു. ആകെ 16ല്‍ 14 യുയുസി എസ്എഫ്ഐക്കാണ്. മണ്ണാര്‍ക്കാട് എംഇഎസ്, നെന്മാറ എന്‍എസ്എസ് എന്നീ കോളേജില്‍ പിന്നീട് തെരഞ്ഞെടുപ്പ് നടക്കും. ആലത്തൂര്‍ എസ്എന്‍, ചിറ്റൂര്‍ ഗവ. കോളേജ്, വിടിബി ശ്രീകൃഷ്ണപുരം എന്നിവിടങ്ങളില്‍ എസ്എഫ്ഐ എതിരില്ലാതെ വിജയിച്ചു.

പാലക്കാട് വിക്ടോറിയ കോളേജില്‍ രണ്ട് യുയുസി ഉള്‍പ്പെടെ വന്‍ വിജയമാണ് എസ്എഫ്ഐക്കുണ്ടായത്. മുഖ്യ എതിരാളികളായ എബിവിപിയെക്കാള്‍ 600 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. പട്ടാമ്പി കോളേജില്‍ എല്ലാ സീറ്റിലും എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ഷൊര്‍ണൂര്‍ എസ്എന്‍ കോളേജില്‍ നാല് സീറ്റില്‍ എതിരാളികളുണ്ടായിരുന്നില്ല. മത്സരിച്ച ബാക്കി എല്ലാ സീറ്റിലും ഉജ്വലവിജയം നേടി. പാര്‍ലമെന്ററിരൂപത്തില്‍ തെരഞ്ഞെടുപ്പ് നടന്ന ഒറ്റപ്പാലം എന്‍എസ്എസ് കോളേജില്‍ 44ല്‍ 31 ക്ളാസ്റെപ്രസെന്റേറ്റീവും തുടര്‍ന്ന് എല്ലാ യൂണിയന്‍ പാനലും വിജയിച്ചു. ചെമ്പൈ സ്മാരക സര്‍ക്കാര്‍ സംഗീത കോളേജില്‍ ഏഴ് സീറ്റും എസ്എഫ്ഐ നേടി. കൊഴിഞ്ഞാമ്പാറ ഗവ. കോളേജില്‍ ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് സീറ്റില്‍ വിജയിച്ച് കോളേജ് യൂണിയന്‍ നിലനിര്‍ത്തി. കോട്ടായി ഐഎച്ച്ആര്‍ഡി, വടക്കഞ്ചേരി ഐഎച്ച്ആര്‍ഡി, കല്ലേപ്പുള്ളി ഐഎച്ച്ആര്‍ഡി എന്നീ കോളേജുകളിലും എസ്എഫ്ഐ ഉജ്വലവിജയം കരസ്ഥമാക്കി.

തെരഞ്ഞെടുപ്പുവിജയത്തെത്തുടര്‍ന്ന് വിവിധ കേന്ദ്രങ്ങളില്‍ എസ്എഫ്ഐ ആഹ്ളാദപ്രകടനം നടത്തി. പാലക്കാട് നഗരത്തില്‍ നടന്ന പ്രകടനം എസ്എഫ്ഐ ജില്ലാസെക്രട്ടറി പി പി സുമോദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനകമ്മിറ്റിയംഗം ഷെഫീഖ്, ജില്ലാ ജോയിന്റ് സെക്രട്ടറി കൃഷ്ണദാസ്, ഷാജന്‍ എന്നിവര്‍ സംസാരിച്ചു. പട്ടാമ്പിയില്‍ ജില്ലാ പ്രസിഡന്റ് പി വി രതീഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം അമ്മു, സജീഷ്, പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. എസ്എഫ്ഐക്ക് ഉജ്വലവിജയം സമ്മാനിച്ച പ്രബുദ്ധരായ വിദ്യാര്‍ഥികളെ ജില്ലാ സെക്രട്ടറിയറ്റ് അഭിവാദ്യം ചെയ്തു. തിങ്കളാഴ്ച എല്ലാ ക്യാമ്പസുകളിലും ആഹ്ളാദപ്രകടനം നടത്താന്‍ സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.

വീണ്ടും എസ്എഫ്ഐ

കോഴിക്കോട്: കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഇക്കുറിയും എസ്എഫ്ഐക്ക് ചരിത്രവിജയം. സംഘടനാ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന 16 കോളേജുകളില്‍ 14 എണ്ണവും എസ്എഫ്ഐ വിജയിച്ചു. മടപ്പള്ളി ഗവ. കോളേജ്, ഗവ. കോളേജ് മുചുകുന്ന് എന്നിവിടങ്ങളില്‍ മുഴുവന്‍ സീറ്റിലും നേരത്തെതന്നെ എതിരില്ലാതെ ജയിച്ചിരുന്നു. കോഴിക്കോട് ഗുരുവായൂരപ്പന്‍കോളേജ് എബിവിപിയില്‍നിന്നും കോഴിക്കോട് ദേവഗിരി കോളേജ് കെഎസ്എയുവില്‍നിന്നും പിടിച്ചെടുത്തു. മൊകേരി ഗവ. കോളേജ്, സികെജി ഗവ. കോളേജ് പേരാമ്പ്ര, എസ്എന്‍ കോളേജ് വടകര, എസ്എന്‍ഡിപി കോളേജ് കൊയിലാണ്ടി, എസ് എന്‍ കോളേജ് ചേളന്നൂര്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് മീഞ്ചന്ത, ഗവ. കോളേജ് കോടഞ്ചേരി, ഐഎച്ച്ആര്‍ഡി നാദാപുരം എന്നീ ക്യാമ്പസുകളില്‍ എസ്എഫ്ഐ ഉജ്വല വിജയം നേടി. ഫാറൂഖ്കോളേജില്‍ മാത്രമാണ് കെഎസ്യു-എംഎസ്എഫ് സഖ്യത്തിന് ജയിക്കാനായത്. ഫാറൂഖ് കോളേജില്‍ ജന. ക്യാപറ്റന്‍ സ്ഥാനം എസ്എഫ്ഐക്കാണ്. കോഴിക്കോട് ഐഎച്ച്ആര്‍ഡി കോളേജില്‍ നാല് സീറ്റ്വീതം എസ്എഫ്ഐയും യുഡിഎസ്എഫും നേടി.

മാനേജ്മെന്റിന്റെയും ആര്‍എസ്എസിന്റെയും സഹായത്താല്‍ ഭീഷണിയും സംഘര്‍ഷാവസ്ഥയും സൃഷ്ടിച്ച് തെരഞ്ഞെടുപ്പ് വിജയിക്കാമെന്ന എബിവിപിയുടെ വ്യാമോഹത്തിന് മതേതരമായി ചിന്തിക്കുന്ന വിദ്യാര്‍ഥികള്‍ നല്‍കിയ കനത്ത തിരിച്ചടിയാണ് ഗുരുവായൂരപ്പന്‍ കോളേജില്‍ എസ്എഫ്ഐ നേടിയ ഉജ്വലവിജയം. ഇടയലേഖനത്തിലൂടെയും മാനേജ്മെന്റിന്റെ ഇടപെടലിലൂടെയും എസ്എഫ്ഐയെ പരാജയപ്പെടുത്തി കെഎസ്യുവിന്റെ യൂണിയന്‍ നിലനിര്‍ത്താനുള്ള ശ്രമത്തിനും വിദ്യാര്‍ഥികള്‍ തിരിച്ചടി നല്‍കുകയായിരുന്നു. മതസൌഹാര്‍ദത്തിനും കലാലയ ജനാധിപത്യത്തിനും എസ്എഫ്ഐയോടൊപ്പം അണിചേരുക എന്ന മുദ്രാവാക്യത്തിന് പിന്തുണയേകി എസ്എഫ്ഐക്ക് ചരിത്രവിജയം സമ്മാനിച്ച മുഴുവന്‍ വിദ്യാര്‍ഥികളെയും എസ്എഫ്ഐ ജില്ലാ കമ്മിറ്റി അഭിവാദ്യം ചെയ്തു.

ജില്ലയില്‍ എസ്എഫ്ഐക്ക് മുന്നേറ്റം

മലപ്പുറം: ജില്ലയിലെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് മുന്നേറ്റം. എംഎസ്എഫ്, കെഎസ്യു, എസ്ഐഒ, ക്യാമ്പസ് ഫ്രണ്ട് സഖ്യത്തിനെതിരെ ഒറ്റയ്ക്ക് മത്സരിച്ചാണ് എസ്എഫ്ഐ വിജയംനേടിയത്. മഞ്ചേരി എന്‍എസ്എസ്, പൊന്നാനി എംഇഎസ്, വളാഞ്ചേരി എംഇഎസ്, മഞ്ചേരി എച്ച്എം കോളേജ്, ഐഎച്ച്ആര്‍ഡി കോളേജ് എടപ്പാള്‍ എന്നീ കോളേജ് യൂണിയനുകള്‍ എസ്എഫ്ഐ നേടി. ഇതില്‍ വളാഞ്ചേരി എംഇഎസ് കോളേജ്, മഞ്ചേരി എച്ച്എം കോളേജ് എന്നിവ എംഎസ്എഫ്-കെഎസ്യു സഖ്യത്തില്‍ നിന്ന് പിടിച്ചെടുക്കുകയായിരുന്നു. ദീര്‍ഘകാലം എംഎസ്എഫ് കുത്തകയാക്കിയിരുന്ന മലപ്പുറം ഗവ. കോളേജില്‍ വന്‍ മുന്നേറ്റമാണ് എസ്എഫ്ഐ നടത്തിയത്. ഇവിടെ ജനറല്‍ ക്യാപ്റ്റന്‍ സീറ്റും അസോസിയേഷന്‍ സീറ്റുകളും നേടി. യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്ഐഒ, ക്യാമ്പസ് ഫ്രണ്ട് ഉള്‍പ്പെടെയുള്ള വര്‍ഗീയ സംഘടനകളെ കൂട്ടുപ്പിടിച്ചാണ് എംഎസ്എഫ്-കെഎസ്യു സഖ്യം മത്സരിച്ചത്.

deshabhimani 30072010

Friday, July 30, 2010

സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം

സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം

കോടതി വിലക്കുണ്ടായിട്ടും കരിങ്കല്‍ ക്വാറി പ്രവര്‍ത്തിക്കുന്നുവെന്നു പരാതിപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാരിനെ ഹൈക്കോടതി വിമര്‍ശിച്ചു. സര്‍ക്കാര്‍ മാഫിയയുടെ നിയന്ത്രണത്തിലാണോയെന്നും രാഷ്ട്രീയക്കാര്‍ക്കും പണമുള്ളവര്‍ക്കും മാത്രമേ നീതി ലഭിക്കുകയുള്ളോയെന്നും ജസ്റ്റിസ് സിരിജഗന്‍ വാക്കാല്‍ ചോദിച്ചു. നീതി നടപ്പാക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടാല്‍ പട്ടാളത്തെ വിളിക്കാവുന്നതാണെന്നും കോടതി തുടര്‍ന്നു.

എല്ലാവസ്തുതകളും കോടതി പരിശോധിക്കണം കോടിയേരി

പൊലീസ് കക്ഷിയല്ലാത്ത കേസിലാണ് കോടതി സര്‍ക്കാരിനെ കുറ്റം പറയുന്നതെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. യാഥാര്‍ഥ്യങ്ങള്‍ മനസിലാക്കാതെയാണ് ചോദ്യങ്ങള്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ക്രമസമാധാനമുള്ള സംസ്ഥാനമാണ് കേരളം. മാവോയിസ്റ്റുകളെ നേരിടാന്‍ പോലും കേന്ദ്രസര്‍ക്കാര്‍ പട്ടാളത്തെ ഇറക്കിയിട്ടില്ല. സദുദ്ദേശപരമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാല്‍ അംഗീകരിക്കും.എല്ലാവസ്തുതകളും കോടതി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമപരമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

deshabhimani news

കുഞ്ഞാലിക്കുട്ടിയുടെ വേവലാതി

എന്‍ഡിഎഫി (പോപ്പുലര്‍ ഫ്രണ്ട്)ന്റെ ലക്ഷ്യമെന്തെന്ന് മുഖ്യമന്ത്രി വി എസ് ചൂണ്ടിക്കാണിച്ചപ്പോള്‍, മുസ്ളിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്ക് വേദനിച്ചിരിക്കുന്നു. മുഖ്യമന്ത്രി മുസ്ളിം സമുദായത്തെ ഒന്നടങ്കം പ്രതിക്കൂട്ടിലാക്കുന്ന കൌശലം പ്രയോഗിച്ചത്രേ. മാതൃഭൂമി ദിനപത്രത്തില്‍ ജൂലൈ 26ന് പ്രസിദ്ധീകരിച്ച കുഞ്ഞാലിക്കുട്ടിയുടെ ലേഖനത്തില്‍ മുഖ്യമന്ത്രി ഇപ്രകാരം പറഞ്ഞതായി ഉദ്ധരിക്കുന്നു: "അടുത്ത ഇരുപത് വര്‍ഷംകൊണ്ട് കേരളത്തെ ഇസ്ളാമിക രാജ്യമാക്കാനാണ് ശ്രമം.'' ആരാണ് അങ്ങനെ ശ്രമിക്കുന്നത്? മുസ്ളിംലീഗ് ശ്രമിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. സുന്നി വിഭാഗമോ മുജാഹിദ് വിഭാഗമോ എംഇഎസ് എന്ന സംഘടനയോ ഇങ്ങനെ ശ്രമം നടത്തുന്നതായി പറഞ്ഞിട്ടില്ല. എന്‍ഡിഎഫ് (നാഷണല്‍ ഡെവലപ്മെന്റ് ഫ്രണ്ട്), പോപ്പുലര്‍ ഫ്രണ്ട്, സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) എന്നീ പേരുകളില്‍ അറിയപ്പെടുന്ന തീവ്രവാദസംഘടനയുടെ ലക്ഷ്യം അതാണെന്ന് വ്യക്തമായും അറിഞ്ഞതുകൊണ്ടാകും മുഖ്യമന്ത്രി അങ്ങനെ പറഞ്ഞതെന്ന് മനസ്സിലാക്കാന്‍ കുഞ്ഞാലിക്കുട്ടിക്ക് പക്ഷേ മനസ്സില്ല. മുസ്ളിം സമുദായത്തെ ഒന്നടങ്കം മുഖ്യമന്ത്രി കുറ്റപ്പെടുത്തിയതായി ദുര്‍വ്യാഖ്യാനിച്ചാലേ കുഞ്ഞാലിക്കുട്ടിയുടെ രഹസ്യ അജന്‍ഡ നടപ്പാക്കാന്‍ കഴിയൂ.

മുസ്ളിംലീഗിന്റെ ശക്തികേന്ദ്രമെന്ന് വിശേഷിപ്പിക്കുന്ന മലപ്പുറംജില്ലയില്‍ 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള പ്രഗത്ഭരായ മുസ്ളിംലീഗ് നേതാക്കള്‍ ദയനീയമായി പരാജയപ്പെട്ടു. ഇത് കടുത്ത ഞെട്ടലുളവാക്കിയ തോല്‍വിയാണ്. അതുമുതല്‍ തുടങ്ങിയതാണ് മുസ്ളിം സമുദായത്തില്‍നിന്ന് ഒറ്റപ്പെട്ടതിന്റെ നിരാശയില്‍നിന്ന് കരകയറാനുള്ള ലീഗിന്റെ ശ്രമം. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ മുസ്ളിം സമുദായത്തെയാകെ ഒന്നിച്ചണിനിരത്താനുള്ള നിരന്തരനീക്കമാണുണ്ടായത്. സ്കൂള്‍സമയം എട്ടരമണിക്ക് ആരംഭിക്കുന്ന രീതിയില്‍ മാറ്റംവരുത്താന്‍ തീരുമാനിച്ചതായി ലീഗ് പ്രചാരവേല സംഘടിപ്പിച്ചു. അത് മദ്രസ തകര്‍ക്കാനാണെന്ന വ്യാഖ്യാനമായി. കോണ്‍ഗ്രസും ഈ പ്രചാരവേലയില്‍ പങ്കാളിയായി. മുസ്ളിം സംഘടനകളെ ഒന്നായി ക്ഷണിച്ചുവരുത്തി 'മദ്രസ തകര്‍ക്കുന്നതിനെതിരെ' സമരപ്രഖ്യാപനം നടത്താന്‍ ഒരുക്കം നടത്തി. പാഠപുസ്തകത്തില്‍ നിരീശ്വരവാദം കുത്തിച്ചെലുത്തുന്നു എന്ന ആരോപണമുന്നയിച്ചു. മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും മുസ്ളിം സംഘടനാ നേതാക്കളെ വിളിച്ച് സത്യാവസ്ഥ ബോധ്യപ്പെടുത്തി. സ്കൂള്‍സമയത്തില്‍ മാറ്റംവരുത്താന്‍ തീരുമാനിച്ചിട്ടില്ല. വിവാദവിഷയമായ പാഠപുസ്തകത്തില്‍ മുസ്ളിം മതനേതാക്കള്‍ നിര്‍ദേശിക്കുന്ന രീതിയില്‍ മാറ്റംവരുത്തി. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള ആത്മാര്‍ഥശ്രമവും അവരെ ബോധ്യപ്പെടുത്തി. അതോടെ മുസ്ളിംലീഗ് ബോധപൂര്‍വം സൃഷ്ടിച്ച ആശയക്കുഴപ്പവും അമര്‍ഷവും ആവിയായിപ്പോയി.

മുസ്ളിം സമുദായത്തെ ഒറ്റക്കെട്ടായി അണിനിരത്തുന്നതിന്റെ പേരിലാണ് ഇന്ത്യന്‍ നാഷണല്‍ ലീഗ് നേതാക്കളുമായി മുസ്ളിംലീഗ് സംസാരിച്ചത്. ജമാഅത്തെ ഇസ്ളാമിയുടെ നേതാക്കളുമായി 12 തവണ ഐക്യചര്‍ച്ച നടത്തി. എന്‍ഡിഎഫിനെയും അതോടൊപ്പമുള്ളവരെയും ലീഗിനൊപ്പം നിര്‍ത്താനുള്ള കരുക്കളെല്ലാം സാമര്‍ഥ്യത്തോടെ നീക്കുകയും ചെയ്തു. ഈ ലക്ഷ്യം സാധിക്കാനാണ് വി എസ് മുസ്ളിം സമുദായത്തെ ആകമാനം കുറ്റപ്പെടുത്തിയതായി കുപ്രചാരവേല സംഘടിപ്പിക്കുന്നത്.

പോപ്പുലര്‍ ഫ്രണ്ടും പിഡിപിയും മുസ്ളിം സമുദായത്തിന് ബാധ്യതയാണെന്നാണ് കുഞ്ഞാലിക്കുട്ടി ഇപ്പോള്‍ പറയുന്നത്. എന്നുമുതലാണ് ഈ ബോധോദയം കുഞ്ഞാലിക്കുട്ടിക്കുണ്ടായതെന്ന് വ്യക്തമാക്കിയതായി കാണുന്നില്ല. മലപ്പുറം ജില്ലയില്‍ സിനിമാഹാള്‍ കത്തിച്ച സംഭവങ്ങളില്‍ എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ ക്രിമിനല്‍ കേസുണ്ടായപ്പോള്‍, പ്രതികളെ ജാമ്യത്തിലെടുക്കാനും കേസ് പിന്‍വലിക്കാനും അറിയപ്പെടുന്ന മുസ്ളിംലീഗ് നേതാക്കള്‍ ഇടപെട്ടതിന്റെ വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നതാണ്. രണ്ടാം മാറാട് കലാപത്തില്‍ ഒമ്പതുപേര്‍ കൊല്ലപ്പെട്ടു. കൊലപാതകം ആസൂത്രിതമാണെന്നും അതിനുപിറകില്‍ എന്‍ഡിഎഫാണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി. അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണി അന്വേഷണത്തിനായി ജുഡീഷ്യല്‍ കമീഷനെ നിയമിച്ചു. കമീഷന്‍ സമഗ്രമായ റിപ്പോര്‍ട്ട് തയ്യാറാക്കി. അപ്പോള്‍ എല്‍ഡിഎഫ് മന്ത്രിസഭ അധികാരത്തില്‍വന്നു. റിപ്പോര്‍ട്ട് ലഭിച്ചത് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ കൈയിലാണ്. റിപ്പോര്‍ട്ട് മന്ത്രിസഭ പൂര്‍ണമായും അംഗീകരിച്ചു. മാറാട് കലാപത്തില്‍ പങ്കാളികളായ പ്രതികള്‍ക്ക് കേരളത്തിനു പുറത്തുനിന്ന് പണവും ആയുധവും ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ ഉറവിടം കണ്ടെത്താന്‍ വിശദമായ അന്വേഷണം നടത്താനായി സിബിഐയെ ചുമതലപ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. അതനുസരിച്ച് മാറാട് കലാപം അന്വേഷിക്കാന്‍ സിബിഐയെ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് എഴുതി. പ്രതികരണമില്ലാതായപ്പോള്‍ രണ്ടുതവണ ഓര്‍മിപ്പിച്ച്കത്തെഴുതി. സിബിഐ അന്വേഷണം നിഷേധിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിയത് മുസ്ളിംലീഗ് നേതാക്കളാണെന്ന് ആര്‍ക്കാണറിയാത്തത്.

എന്‍ഡിഎഫ് ക്രിമിനലുകളെ രക്ഷിക്കാന്‍ മുസ്ളിംലീഗ് നേതൃത്വം സഹായിച്ചതിന്റെ നിരവധി തെളിവ് ഇതിനകം ലഭിച്ചുകഴിഞ്ഞതാണ്. മുസ്ളിം തീവ്രവാദികള്‍ക്ക് ലഭിക്കുന്ന പണത്തിന്റെയും ആയുധത്തിന്റെയും ഉറവിടം കണ്ടെത്തുന്നതില്‍ ലീഗ് നേതാക്കള്‍ക്കുള്ള വെപ്രാളമാണ് പലതവണ പ്രകടിപ്പിച്ചുകണ്ടത്. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎഫ് യുഡിഎഫിനെ കൈമെയ് മറന്ന് സഹായിച്ചത് യുഡിഎഫ് നേതാക്കള്‍ക്ക് നിഷേധിക്കാന്‍ കഴിയുന്നതല്ല. ജയിച്ചതിലുള്ള ആഹ്ളാദപ്രകടനത്തിലും എന്‍ഡിഎഫ് മുന്‍നിരയില്‍ ഉണ്ടായിരുന്നു.

തീവ്രവാദത്തിനെതിരായ ആത്മാര്‍ഥവും ഫലപ്രദവുമായ നടപടി സ്വീകരിച്ചതുകൊണ്ടാണല്ലോ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രതിഷേധപ്രകടനം തെരുവുകളില്‍ നടത്തിയത്. സംസ്ഥാന പൊലീസിനും എന്‍ഐഎക്കുമിടയില്‍ തട്ടിക്കളിക്കുന്ന ഒരു വിഷയം മാത്രമായി ഇടതുസര്‍ക്കാരിന്റെ തീവ്രവാദവിരുദ്ധപോരാട്ടം ആവിയായിപ്പോയെന്നാണ് കുഞ്ഞാലിക്കുട്ടി കാണുന്നത്. ആവിയായിപ്പോയതെന്താണെന്ന് കുഞ്ഞാലിക്കുട്ടിക്ക് നന്നായി ബോധ്യപ്പെട്ടതുകൊണ്ടാണ് ഈ വിധത്തില്‍ പറയാനിടയായത്. കേരളത്തിലെ ആറു തീവ്രവാദക്കേസ് കേരള സര്‍ക്കാര്‍ അറിയാതെ എന്‍ഐഎ ഏറ്റെടുത്തത് അസാധാരണമായ നടപടിക്രമമായിമാത്രമേ കാണാന്‍ കഴിയൂ. മുംബൈ ഭീകരാക്രമണം ഉണ്ടായതിനുശേഷമാണ് എന്‍ഐഎ രൂപീകരിച്ചത്. എന്‍ഐഎ അന്വേഷിക്കേണ്ടുന്ന ലക്ഷണമൊത്ത കേസായിരുന്നു മുംബൈ ഭീകരാക്രമണം. 166 പേര്‍ ക്രൂരമായി കൊല്ലപ്പെട്ട സംഭവം. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഒരാള്‍ ഭീകരവിരുദ്ധസ്ക്വാഡിന്റെ തലവന്‍ ഹേമന്ത് കാര്‍ക്കറെ. മലേഗാവ് സ്ഫോടനത്തിന്റെ പിറകില്‍ ആര്‍എസ്എസാണെന്ന് കണ്ടുപിടിച്ചത് ഹേമന്ത് കാര്‍ക്കറെ ആയിരുന്നു. ഇതൊക്കെയായിട്ടും മുംബൈ ഭീകരാക്രമണത്തെപ്പറ്റി കുഞ്ഞാലിക്കുട്ടിക്ക് ആക്ഷേപമൊന്നുമില്ല. എന്‍ഐഎ ഏറ്റെടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തം. അവിടെ കോണ്‍ഗ്രസാണ് ഭരിക്കുന്നത്. നിലമ്പൂരില്‍ നിര്‍ത്തിയിട്ട ട്രെയിന്‍ ഓട്ടത്തില്‍ അട്ടിമറിക്കാനാണ് ബ്രേക്ക് മുറിച്ചത്. റെയില്‍വകുപ്പ് കേന്ദ്രത്തിന്റേതാണ്. അട്ടിമറിശ്രമത്തില്‍ ദുരൂഹതയുണ്ട്. കേരള പൊലീസ് അന്വേഷിക്കുന്നു. ഈ കേസ് എന്‍ഐഎ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുന്നത് തട്ടിക്കളിയാണെന്ന് പറയുന്നതാണ് തീവ്രവാദികള്‍ക്കുള്ള സഹായം. അധ്യാപകന്റെ കൈവെട്ടിയ കേസില്‍ പ്രതികളെ പിടികൂടിയതാണോ തട്ടിക്കളി.

പിഡിപി മുസ്ളിം സമുദായത്തിന് ഭാരമാണെന്നാണ് കുഞ്ഞാലിക്കുട്ടി പറയുന്നത്. എന്നുമുതലാണ് ഭാരമായതെന്നുകൂടി വ്യക്തമാക്കണം. കോയമ്പത്തൂര്‍ സ്ഫോടനത്തില്‍ 53 പേര്‍ കൊല്ലപ്പെട്ടു. ഇതിന്റെ പിറകില്‍ മഅ്ദനിയുണ്ടെന്ന് കോയമ്പത്തൂര്‍ പൊലീസ് ആരോപിച്ചു. മഅ്ദനിയെ അറസ്റുചെയ്ത് കോയമ്പത്തൂര്‍ ജയിലിലടച്ചു. അന്ന് മഅ്ദനി കുറ്റക്കാരനാണെന്ന ആരോപണത്തിന് വിധേയനായി ജയിലില്‍ കിടക്കുകയായിരുന്നു. 2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഅ്ദനിയുടെ അറസ്റ്റും ജയില്‍വാസവും യുഡിഎഫിന്റെ തുരുപ്പുചീട്ടായിരുന്നു. മഅ്ദനിയെ കോയമ്പത്തൂര്‍ പൊലീസിന് പിടിച്ചുകൊടുത്തത് നായനാരാണെന്ന് വികാരപരമായി ചിത്രീകരിച്ച് യുഡിഎഫ് നേതാക്കള്‍ കുപ്രചാരണം വ്യാപകമായി സംഘടിപ്പിച്ചു. മുസ്ളിംവികാരം എല്‍ഡിഎഫിനെതിരെ ആളിക്കത്തിക്കാന്‍ ശ്രമം നടന്നു. മുസ്ളിംവീടുകളില്‍ കയറി നോട്ടീസ് വിതരണംചെയ്തു. മാത്രമല്ല, പൊതുയോഗങ്ങളില്‍ ആവേശകരമായ പ്രസംഗം നടന്നു. യുഡിഎഫ് തെരഞ്ഞെടുപ്പില്‍ ജയിക്കുമെന്നും മന്ത്രിസഭ രൂപീകരിക്കുമെന്നും ഉറപ്പിച്ചുപറഞ്ഞു. കോയമ്പത്തൂര്‍ ജയിലില്‍ പോയി മഅ്ദനിയെ മോചിപ്പിച്ച് ആനയിച്ച് തിരുവനന്തപുരത്ത് കൊണ്ടുവന്ന് മാലയിട്ട് സ്വീകരിച്ചതിനുശേഷമായിരിക്കും എ കെ ആന്റണി സത്യപ്രതിജ്ഞ നിര്‍വഹിക്കുകയെന്നും ഉറപ്പിച്ച്പറഞ്ഞു. യുഡിഎഫ് അധികാരത്തിലെത്തിയെങ്കിലും മഅ്ദനിയുടെ മോചനം നടന്നില്ലെന്നുമാത്രമല്ല, മഅ്ദനിക്ക് ന്യായമായും അനുവദിക്കേണ്ടതായ പരോള്‍പോലും അനുവദിച്ചില്ല. യുഡിഎഫിന്റെ കൊടിയ വഞ്ചനയും നന്ദികേടും പിഡിപി തിരിച്ചറിഞ്ഞു. അതാണ് യുഡിഎഫിനുള്ള പിന്തുണ ആ പാര്‍ടി പിന്‍വലിക്കാന്‍ കാരണമെന്ന് അവര്‍ വെളിപ്പെടുത്തി. മഅ്ദനി കുറ്റക്കാരനല്ലെന്നു കണ്ട് കോടതി വിട്ടയച്ചു. ചെന്നൈ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീലിലും മഅ്ദനി കുറ്റക്കാരനല്ലെന്ന് വിധിക്കയുണ്ടായി. കുറ്റവിമുക്തനായ, ജയില്‍മോചിതനായ മഅ്ദനിക്ക് തിരുവനന്തപുരത്ത് അതിഗംഭീരമായ സ്വീകരണം ലഭിച്ചു. കോടിയേരി ഉള്‍പ്പെടെയുള്ള മന്ത്രിമാരും എല്‍ഡിഎഫ് നേതാക്കളും സ്വീകരണത്തില്‍ പങ്കെടുത്തു എന്നത് സത്യം. ഈ സ്വീകരണയോഗത്തിലാണ് തീവ്രവാദം ഉപേക്ഷിച്ചതായും ഭാവിജീവിതത്തില്‍ മതനിരപേക്ഷസമീപനം സ്വീകരിക്കുമെന്നും മഅ്ദനി പ്രഖ്യാപിച്ചത്. മഅ്ദനി എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു. വസ്തുത ഇതായിരിക്കെ കുറ്റവാളിയാണെന്ന ആരോപണത്തിന് വിധേയനായ മഅ്ദനി യുഡിഎഫിന് സ്വീകാര്യനും കുറ്റവിമോചിതനായ മഅ്ദനി അസ്വീകാര്യനുമായതിന്റെ പൊരുള്‍ അറിയാന്‍ പ്രയാസമൊന്നുമില്ല. യുഡിഎഫിന് പിന്തുണ നല്‍കിയാല്‍ മഹാനും യുഡിഎഫിനെ എതിര്‍ത്താല്‍ ഭീകരവാദിയുമാകുകയും ചെയ്യുന്ന മറിമായം കുഞ്ഞാലിക്കുട്ടിക്ക് ചേര്‍ന്നതുതന്നെ.

അടുത്ത വിഷയം 1992 ഡിസംബര്‍ ആറിന് സംഘപരിവാര്‍ ശക്തികള്‍ ബാബറി മസ്ജിദ് തകര്‍ത്ത സംഭവമാണ്. ലാഘവബുദ്ധിയോടെയാണ് മുസ്ളിംലീഗ് ഈ സംഭവത്തെ കാണുന്നത്. കേരളത്തില്‍ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ബിജെപിയുടെ പിന്തുണ ലഭിക്കാന്‍ അത്യാവശ്യമായിരിക്കാം. എന്നാല്‍, മഹാത്മാഗാന്ധിയെ വധിച്ചശേഷം ഇന്ത്യയുടെ മതനിരപേക്ഷനിലപാടിന് കടുത്ത ആഘാതമേല്‍പ്പിച്ച സംഭവമായിട്ടാണ് ബാബറി മസ്ജിദ് തകര്‍ത്തതിനെ ഞങ്ങളുടെ പാര്‍ടി കാണുന്നത്. സംഭവം മുന്‍കൂട്ടി കണ്ടുകൊണ്ട് ദേശീയോദ്‌ഗ്രഥന സമിതിയുടെ യ്പോഗം ചേർന്നു.യോഗ്ഗത്തിൽ അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു അദ്ധ്യക്ഷനായിരുന്നു. സിപിഐഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഹർകിഷൻ‌സിംഗ് സുർജിത്ത് പ്രമേയം അവതരിപ്പിച്ചു. ബിജെപി യോഗത്തിൽ പങ്കെടുത്തിരുന്നില്ല. ബാബറി മസ്‌ജിദ് സംരക്ഷിക്കാൻ ബലപ്രയോഗം ഉൾപ്പെടെ എല്ലാ നടപടിക്കും നിരുപാധിക പിന്തുണ നൽകുന്നതായിരുന്നു പ്രമേയം. പ്രമേയം യോഗം ഏകകണ്ഠമായി പാസ്സാക്കി. എന്നാൽ നിർഭാഗ്യകരമെന്നു പറയട്ടെ, 1992 ഡിസംബർ ആറിന് ബാബറി മസ്‌ജിദിന്റെ കല്ലുകൾ ഇളക്കിമാറ്റി സംഘപരിവാർ ക്രിമിനലുകൾ മസ്‌ജിദ് തകർക്കുന്നത് ക്രമസമാധാനം പാലിക്കാൻ ബാധ്യസ്ഥരായ സൈനികർ നോക്കി നിന്നു. കല്യാൺസിങ്ങിന്റെ ഭരണത്തിൽ ബാബറി മസ്‌ജിദ് തകർക്കപ്പെട്ടു. മസ്‌ജിദിന്റെ സമീപത്തേക്കുള്ള റോഡിൽ സംഘപരിവാർ ക്രിമിനലുകൾ ടയർ കത്തിച്ച് നിരത്തിയതിനാൽ പട്ടാളത്തിന് സ്ഥലത്തെത്താൻ കഴിഞ്ഞില്ല എന്ന വിശദീകരണമാണുണ്ടായത്. ഈ സംഭവത്തെപ്പറ്റിയാണ് കുഞ്ഞാലിക്കുട്ടി പറയുന്നത്. മസ്‌ജിദ് തകർത്തപ്പോൾ തെരുവിൽ പ്രതിഷേധത്തിന്റെ തീക്കാറ്റ് ഉയർത്തുന്നതിനു പകരം ജനാധിപത്യമാർഗം അവലംബിക്കാനും ആത്മസംയമനം പാലിക്കാനുമാണ് മുസ്ലീം ലീഗും അതിന്റെ നായകൻ ശിഹാബ് തങ്ങളും ആഹ്വാനം ചെയ്തത്. അന്ന് കേരളം ശാന്തമായി നിന്നു. അതിന്റെ ഫലമായി ബാബറി മസ്‌ജിദ് പുനർ നിർമ്മിക്കണമെന്ന് കേരള നിയമസഭ ഏകകണ്ഠമായി ആവശ്യപ്പെട്ടു. അതാണ് മഹത്തായ കാര്യമായി കുഞ്ഞാലിക്കുട്ടി ഉയർത്തിക്കാണിക്കുന്നത്. എന്നിട്ടെന്തുണ്ടായി? മുസ്ലീം ലീഗിന്റെ നേതാവ് കേന്ദ്ര മന്ത്രിസഭയിൽ അംഗമായി ആറുവർഷം മന്ത്രിക്കസേരയിൽ ഇരുന്നിട്ടും പുനർനിർമ്മാണം നടന്നില്ലോ. യുഡി‌എഫ് ഭരണത്തിൽ വർഗീയ കലാപത്തിൽ 18 പേർ കൊല്ലപ്പെടുകയും ചെയ്‌തു. വീണ്ടും യുഡി‌എഫ് ഭരണത്തിലാണ് മാറാട് സംഭവമുണ്ടായത്.

“തൊണ്ണൂറ് ശതമാനം എൻ‌ഡി‌എഫുകാരും പിഡിപിക്കാരും സിപിഐ എമ്മിലുണ്ടായിരുന്ന മുസ്ലീം യുവാക്കളാണ്.ന്യൂനപക്ഷങ്ങളിൽ ഒരു വിഭാഗം സിപിഎമ്മിൽ അണിനിരന്ന മധ്യതിരുവിതാംകൂറിലും കണ്ണൂരിലെ ചില കേന്ദ്രങ്ങളിലുമാണ് പോപ്പുലർ ഫ്രണ്ട് ശക്തിപ്പെട്ടതെന്ന് പരിശോധിച്ചാലറിയാം.” പച്ചക്കള്ളം പറയാൻ മാത്രമല്ല എഴുതാനും മടിയില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി തെളിയിച്ചിരിക്കുന്നു. മുസ്ലീം സമുദായത്തിന്റെ മുഴുവൻ പ്രാതിനിധ്യവും അവകാശപ്പെട്ട മുസ്ലീം ലീഗ് നേതൃത്വം ഇത്രയേറെ മുസ്ലീം ചെറുപ്പക്കാർ സിപിഐ എമ്മിൽ ഉണ്ടായിരുന്നു എന്ന് സമ്മതിച്ചത് നല്ലതു തന്നെ.”ഒരു മതന്യൂനപക്ഷത്തെ മുഴുവൻ തീവ്രവാദികളായി ചിത്രീകരിക്കുന്നത് ക്രൂരമാണ് . സിപിഐ എമ്മിന്റെ പാരമ്പര്യമാണ് കൈവെട്ടുപണി “. കുഞ്ഞാലിക്കുട്ടി ഇതു പറയുമ്പോൾ ചില വസ്തുതകൾ ഓർക്കാതിരിക്കാൻ വയ്യ. മലേഗാവ് സ്‌ഫോടനമുണ്ടായപ്പോൾ ആരെയാണ് അറസ്‌റ്റ് ചെയ്‌തത്. ഹൈദരാബാദിൽ മക്കാ മസ്‌ജിദ് സ്‌ഫോടനമുണ്ടായപ്പോൾ മുസ്ലീം ചെറുപ്പക്കാരെയാണ് അറസ്‌റ്റ് ചെയ്‌ത് ജയിലിലടച്ചത്. ഏഴുമാസത്തിനു ശേഷം ആഎ‌എസ്‌എസ് -ബജ്രംഗ്‌ദൾ ക്രിമിനലുകളാണ് ആക്രമണത്തിനു പിറകിലെന്ന് അന്വേഷണ സംഘത്തിനു ബോധ്യമായി. നിരപരാധികളായ മുസ്ലീം യുവാക്കളെ ഏഴുമാസം ജയിലിലടച്ചു പീഡിപ്പിച്ചത് ആന്ധ്രയിലെ കോൺഗ്രസ് സർക്കാരാണെന്ന് കുഞ്ഞാലിക്കുട്ടി ഓർക്കുന്നത് നല്ലതാണ്. അജ്‌മീരിലെ ബോംബു സ്‌ഫോടനം നടാത്തിയതും സംഘ പരിവാർ ക്രിമിനലുകളാണ്. എന്നാൽ മുസ്ലീം യുവാക്കളെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. കേരളത്തിൽ കുറ്റക്കാരെന്ന് പ്രഥമദൃഷ്‌ട്യാ ബോധ്യപ്പെട്ടവരെ മാത്രമേ പിടികൂടിയിട്ടുള്ളൂ. വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിൽ മാത്രമേ കുറ്റവാളികളെന്ന് സംശയിക്കുന്നവരെ ജയിലിൽ അടച്ചിട്ടുള്ളൂ. എന്നിട്ടും എൻ‌ഡി‌എഫിനെ വെള്ള പൂശാനാണ് കുഞ്ഞാലിക്കുട്ടിയുടെ വൃഥാശ്രമം. സി പി എമ്മും ലീഗും കേരള കോൺ‌ഗ്രസുമെല്ലാം ഒരു പോലെയാണെന്നും എല്ലാ സമുദായവും അൽ‌പ്പമെങ്കിലും തുല്യമായി നിൽ‌ക്കുന്നത് ഇന്ത്യൻ നാഷണൽ കോൺ‌ഗ്രസ്സിലാണെന്നും ഒരു പുതിയ കണ്ടു പിടുത്തം നടത്താനും കുഞ്ഞാലിക്കുട്ടി ശ്രമിച്ചതായി കാണുന്നു. ഇത് വിചിത്രം തന്നെ. അങ്ങനെയാണെങ്കിൽ സമുദായത്തിന്റെ പേരെന്തിന് ഉൾപ്പെടുത്തണം. ഇന്ത്യൻ യൂണിയൻ ലീഗ് എന്ന് പേരിൽ മാറ്റം വരുത്തുന്നതല്ലേ നല്ലത് ?1906 ൽ രൂപീകരിച്ച ലീഗിന്റെ തുടർച്ചയാണ് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് എന്ന അവകാശം എന്നു മുതലാണ് ഉപേക്ഷിച്ചത് എന്നതു മതേതര സിദ്ധാന്തം അംഗീകരിക്കുന്നുണ്ടോ? സീസർക്കുള്ളത് സീസർക്കും ദൈവത്തിനുള്ളത് ദൈവത്തിനും എന്നുള്ള സിദ്ധാന്തം അംഗീകരിച്ച് ഇഹലോകത്തിലെ ഭൌതിക കാര്യങ്ങളിൽ മാത്രം ഇടപെടുന്ന നിലപാട് അംഗീകരിക്കാൻ തയ്യാറാവുമോ ? സെക്കുലർ എന്ന് നെറ്റിയിൽ എഴുതി ഒട്ടിച്ചുവച്ചാൽ പോരാ, പ്രവർത്തനത്തിൽ മത നിരപേക്ഷ നിലപാട് സ്വീകരിക്കണം.

സി.പി.ഐ എം മതന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതാണ് യഥാര്‍ത്ഥ ജനാധിപത്യമെന്ന് അംഗീകരിക്കുന്നവരാണ്. അതുകൊണ്ടാണ് 1957ല്‍ ഇ.എം.എസ് അധികാരത്തില്‍ വന്നപ്പോള്‍ ക്ഷേത്രം പുതുക്കിപ്പണിയാന്‍ കളക്ടറുടെ അനുമതി വേണ്ട, പള്ളി പുതുക്കിപ്പണിയാന്‍ മാത്രം വേണം എന്ന നയം മാറ്റിയത്. മലപ്പുറം നേര്‍ച്ച നടത്താന്‍ പോലീസ് സംരക്ഷണം നല്‍കിയത്. മലപ്പുറം ജില്ല അനുവദിച്ചപ്പോള്‍ അത് ഇന്ത്യയിലെ പാക്കിസ്ഥാനാണെന്ന് ഒരു വിഭാഗം ആക്ഷേപിച്ചിരുന്നു. അത് അവഗണിച്ചാണ് മലപ്പുറം ജില്ല ഇ.എം.എസ് സര്‍ക്കാര്‍ അനുവദിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് പള്ളിയില്‍ പോകാന്‍ വെള്ളിയാഴ്ച പ്രത്യേകസമയം അനുവദിച്ച് സ്കൂള്‍ സമയത്തില്‍ മാറ്റം വരുത്തി. അറബിക്, ഉര്‍ദു ഭാഷ പഠിപ്പിക്കാന്‍ സൌകര്യം ഏര്‍പ്പെടുത്തി. ഇപ്പോള്‍ സച്ചാര്‍ കമ്മീഷന്‍ ശുപാര്‍ശ നടപ്പിലാക്കാന്‍ മുന്‍‌കൈ എടുത്തു. മദ്രസ അധ്യാപകര്‍ക്ക് ക്ഷേമനിധിയും പെന്‍ഷനും അനുവദിച്ചു. മുസ്ലീം പെണ്‍കുട്ടികള്‍ക്ക് ബിരുദാനന്തരപഠനത്തിനുള്‍പ്പെടെ സ്കോളര്‍ഷിപ്പും ഹോസ്റ്റലില്‍ താമസിച്ചുപഠിക്കാനുള്ള ധനസഹായവും നല്‍കി. കേരളത്തിലെ മുഴുവന്‍ മുസ്ലീം വിഭാഗത്തിന്റെയും പ്രാതിനിധ്യം മുസ്ലീം ലീഗ് അവകാശപ്പെടേണ്ടതില്ല. അത് മുസ്ലീം ജനസാമാന്യം തിരിച്ചറിഞ്ഞതാണ്. 2006ലെ തെരഞ്ഞെടുപ്പില്‍ അത് തെളിഞ്ഞതാണ്. താരതമ്യപഠനം നടത്തുമ്പോള്‍ കേരള നിയമസഭയില്‍ സി.പി.ഐ അംഗങ്ങളുടെ മതവും കുഞ്ഞാലിക്കുട്ടി അറിഞ്ഞിരിക്കുന്നത് നല്ലതാണ്. നിങ്ങള്‍ മുസ്ലീം നാമധാരികള്‍ എന്നാണ് വിളിക്കുന്നതെങ്കിലും നിങ്ങളുടെ സാക്ഷ്യപത്രമില്ലാതെ തന്നെ മുസ്ലീം ലീഗിലുള്ളതിനേക്കാളും മുസ്ലീം എം.എല്‍.എമാര്‍ സി.പി.ഐ എമ്മില്‍ ഉണ്ടെന്ന യാഥാര്‍ത്ഥ്യമെങ്കിലും അംഗീകരിക്കണം.

വി വി ദക്ഷിണാമൂര്‍ത്തി ദേശാഭിമാനി 30072010

പുതിയ 56 വ്യാപാരകരാര്‍ കാര്‍ഷികമേഖലയെ തകര്‍ക്കും

പാര്‍ലമെന്റിന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും അനുമതിയില്ലാതെ മറ്റ് രാജ്യങ്ങളുമായി സ്വതന്ത്രവ്യാപാര കരാറുകളില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടരുതെന്ന് കര്‍ഷകസംഘടനകള്‍. യൂറോപ്യന്‍ യൂണിയനടക്കം 56 രാജ്യങ്ങളുമായി സ്വതന്ത്രവ്യാപാര കരാറില്‍ ഒപ്പിടാനുള്ള കേന്ദ്രതീരുമാനം രാജ്യത്തെ കാര്‍ഷികമേഖലയെ തകര്‍ക്കുമെന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന ഇടതുപക്ഷ കര്‍ഷകസംഘടനകളുടെ വട്ടമേശ സമ്മേളനം വിലയിരുത്തി.

ലോകവ്യാപാര സംഘടനയെക്കുറിച്ചും ഇന്ത്യന്‍ കര്‍ഷകരില്‍ അത് സൃഷ്ടിക്കുന്ന പ്രത്യാഘാതത്തെക്കുറിച്ചും ധവളപത്രം ഇറക്കുക, സ്വതന്ത്രവ്യാപാര കരാര്‍ വിഷയത്തില്‍ നടന്നുവരുന്ന ചര്‍ച്ചകളുടെ വിശദാംശം പുറത്തുവിടുക, സംസ്ഥാന സര്‍ക്കാരുകള്‍, കര്‍ഷകപ്രതിനിധികള്‍, വിദഗ്ധര്‍, ശാസ്ത്രജ്ഞര്‍ എന്നിവരുമായി കൂടിയാലോചനകള്‍ നടത്തുക എന്നീ ആവശ്യങ്ങളും സമ്മേളനം മുന്നോട്ടുവച്ചു.

യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍, ഇസ്രയേല്‍ എന്നീ രാജ്യങ്ങളുമായടക്കം ഒപ്പുവയ്ക്കാന്‍ ഒരുങ്ങുന്ന 56 സ്വതന്ത്രകരാര്‍ കാര്‍ഷികമേഖലയെ തകര്‍ക്കുമെന്ന് കിസാന്‍സഭ അധ്യക്ഷന്‍ എസ് രാമചന്ദ്രന്‍പിള്ള സമ്മേളനത്തില്‍ പറഞ്ഞു. കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ദോഷകരമായ ആസിയന്‍ കരാറിനു പിന്നാലെയാണ് പുതിയ കരാറിനൊരുങ്ങുന്നത്. ലോകവ്യാപാര കരാറിനായുള്ള ദോഹവട്ടം ചര്‍ച്ചകള്‍ വിജയത്തിലെത്താത്ത പശ്ചാത്തലത്തിലാണ് പുതിയ കരാറുകളിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നത്. അമേരിക്കയും യൂറോപ്യന്‍ യൂണിയനുമടക്കമുള്ള വികസിത രാഷ്ട്രങ്ങളും ഇന്ത്യയിലെ ഭരണവര്‍ഗവുമാണ് ഇതിന് താല്‍പ്പര്യം പ്രകടിപ്പിക്കുന്നതെന്നും എസ് ആര്‍ പി പറഞ്ഞു.

യൂറോപ്യന്‍ യൂണിയനുമായി ഒപ്പുവയ്ക്കുന്ന കരാര്‍ പക്ഷപാതപരമാണെന്ന് സമ്മേളനം വിലയിരുത്തി. കരാര്‍ നടപ്പാകുന്നതോടെ 90 ശതമാനം കാര്‍ഷിക ഉല്‍പ്പന്നങ്ങളും തീരുവരഹിതമായി ഇറക്കുമതി ചെയ്യേണ്ടിവരും. നിലവില്‍ യൂറോപ്പില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ ശരാശരി തീരുവ 114 ശതമാനമാണ്. കയറ്റുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടേതാവട്ടെ 15.9 ശതമാനം മാത്രമാണ്. യൂറോപ്പിലേക്ക് ഇന്ത്യ കയറ്റുമതിചെയ്യുന്ന ഉല്‍പ്പന്നങ്ങളില്‍ 30 ശതമാനവും ഇപ്പോള്‍ത്തന്നെ തീരുവരഹിതമാണ്. അതുകൊണ്ട് സ്വതന്ത്രകരാര്‍ യൂറോപ്പിലെ കാര്‍ഷികമേഖലയ്ക്ക് ദോഷകരമല്ല. ഇറക്കുമതി തീരുവരഹിതമാകുന്നതോടെ യൂറോപ്പിലെ സബ്സിഡി ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയിലേക്ക് ഒഴുകും. മത്സരത്തില്‍ ഇന്ത്യന്‍ കര്‍ഷകര്‍ പിന്തള്ളപ്പെടും. ഗോതമ്പ്, ക്ഷീരകര്‍ഷകര്‍ക്കാവും കടുത്ത മത്സരം നേരിടേണ്ടി വരിക. ബൌദ്ധികസ്വത്തവകാശ വിഷയത്തില്‍ ട്രിപ്സ് പ്ളസ് വ്യവസ്ഥകള്‍ നിലവില്‍ വരുന്നതോടെ കര്‍ഷകര്‍ക്ക് വിത്തുകള്‍ക്കു മേലുള്ള അവകാശം നഷ്ടപ്പെടും. കുറഞ്ഞ നിരക്കില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ ലഭ്യമാകാത്ത അവസ്ഥയും വരും- സമ്മേളനം വിലയിരുത്തി.

അഖിലേന്ത്യാ കിസാന്‍സഭ ജനറല്‍സെക്രട്ടറി കെ വരദരാജന്‍, കര്‍ഷകസംഘടനാ നേതാക്കളായ സി കെ ചന്ദ്രപ്പന്‍, അതുല്‍കുമാര്‍ അഞ്ജന്‍, ബീര്‍സിങ് മഹാതോ, രാജേഷ്കുമാര്‍ രാജു എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

ദേശാഭിമാനി 30072010

വിലക്കയറ്റം - മൂന്നാം ദിവസവും പ്രക്ഷുബ്ധം

വിലക്കയറ്റപ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിഷേധാത്മക നിലപാട് തുടരുന്ന സാഹചര്യത്തില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും പാര്‍ലമെന്റ് പ്രക്ഷുബ്ധം. വോട്ടോടുകൂടിയ ചര്‍ച്ചയ്ക്ക് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം ഇരുസഭയും സ്തംഭിപ്പിച്ചു. വിലക്കയറ്റം നിയന്ത്രിക്കാന്‍ ഒന്നും ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകാത്തതില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ- മതനിരപേക്ഷ പാര്‍ടി എംപിമാര്‍ പാര്‍ലമെന്റിന് മുമ്പില്‍ ധര്‍ണ നടത്തി. അമ്പതോളം എംപിമാര്‍ പ്രകടനമായെത്തിയാണ് ധര്‍ണ നടത്തിയത്. 184-ാം വകുപ്പനുസരിച്ച് വോട്ടെടുപ്പില്‍ അവസാനിക്കുന്ന ചര്‍ച്ചക്ക് അനുമതി നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് സുഷമസ്വരാജ് ലോക്സഭയില്‍ ആവശ്യപ്പെട്ടു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ച് നല്‍കിയ റൂളിങ്ങില്‍ മറ്റേതെങ്കിലും വകുപ്പിലുള്ള ചര്‍ച്ച അനുവദിക്കാമെന്ന് സ്പീക്കര്‍ പറഞ്ഞിരുന്നുവെന്നും സുഷമ പറഞ്ഞു. സ്പീക്കറുമായി ഏറ്റുമുട്ടാന്‍ ആഗ്രഹമില്ലെന്ന് പറഞ്ഞ ഐക്യജനതാദള്‍ നേതാവ് ശരദ് യാദവ്, ചോദ്യോത്തരവേള നിര്‍ത്തി വിലക്കയറ്റചര്‍ച്ച ആരംഭിക്കണമെന്നാവശ്യപ്പെട്ടു. പ്രതിപക്ഷം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിട്ടും ചര്‍ച്ച അനുവദിക്കാത്ത സര്‍ക്കാര്‍ നടപടിയെ എസ്പി നേതാവ് മുലായംസിങ് യാദവ് വിമര്‍ശിച്ചു.
ബിഎസ്പിയും ഇതിനെ പിന്തുണച്ചു. എന്നാല്‍, വോട്ടെടുപ്പില്ലാത്ത 193-ാം വകുപ്പനുസരിച്ചുള്ള ചര്‍ച്ചമാത്രമേ നടത്താനാകൂ എന്ന് പാര്‍ലമെന്ററി മന്ത്രി പവന്‍ കുമാര്‍ ബന്‍സല്‍ പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുധീപ് ബന്ദോപാധ്യായ 193-ാം വകുപ്പനുസരിച്ച് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അതിനാണ് മുന്‍ഗണന നല്‍കുന്നതെന്നും പറഞ്ഞത് പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. എല്ലാ പ്രതിപക്ഷ അംഗങ്ങളും നടുത്തളത്തിലേക്ക് നീങ്ങിയതോടെ സഭ 12 മണിവരെ നിര്‍ത്തി. തുടര്‍ന്ന് സഭ സമ്മേളിച്ചെങ്കിലും ബഹളം തുടര്‍ന്നു. ഈ സാഹചര്യത്തില്‍ സഭ വെള്ളിയാഴ്ചത്തേക്ക് ചേരാനായി പിരിഞ്ഞു. രാജ്യസഭയും ബഹളത്തെതുടര്‍ന്ന് വെള്ളിയാഴ്ചത്തേക്ക് ചേരാന്‍ പിരിഞ്ഞു. ബഹളത്തിനിടയിലും ജാര്‍ഖണ്ഡില്‍ ജൂ ഒന്നിന് ഏര്‍പ്പെടുത്തിയ രാഷ്ട്രപതിഭരണത്തിന് ഇരുസഭയും അംഗീകാരം നല്‍കി. ചര്‍ച്ച കൂടാതെയാണ് ഇത് അംഗീകരിച്ചത്. ലോക്സഭയില്‍ ആഭ്യന്തര സഹമന്ത്രി അജയ്മാക്കനും രാജ്യസഭയില്‍ മുല്ലപ്പള്ളി രാമചന്ദ്രനുമാണ് ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. ഇതിനിടെ ബിജെപി അംഗങ്ങള്‍ രാഷ്ട്രപതി പ്രതിഭ പാട്ടീലിനെ കണ്ട് വിലക്കയറ്റം തടയാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിക്കണമെന്ന് ആവശ്യപ്പെട്ടു. പാര്‍ലമെന്റ് മന്ദിരത്തില്‍നിന്ന് പ്രകടനമായി രാഷ്ട്രപതിഭവനിലെത്തിയാണ് ബിജെപി എംപിമാര്‍ നിവേദനം നല്‍കിയത്. എല്‍ കെ അദ്വാനി, നിതിന്‍ ഗഡ്കരി, സുഷമസ്വരാജ്, അരു ജെയ്റ്റ്ലി എന്നവര്‍ നേതൃത്വം നല്‍കി.

വിലക്കയറ്റം പാര്‍ലമെന്റിനുമുന്നില്‍ എംപിമാരുടെ ധര്‍ണ

വിലക്കയറ്റം തടയുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ പാര്‍ടികളും മതനിരപേക്ഷ കക്ഷികളും പാര്‍ലമെന്റിന് മുമ്പില്‍ ധര്‍ണ നടത്തി. വിലക്കയറ്റപ്രശ്നത്തില്‍ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുവാദം നല്‍കാത്ത പശ്ചാത്തലത്തില്‍ നടന്ന ധര്‍ണയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രോഷമിരമ്പി. വ്യാഴാഴ്ച രാവിലെ 10ന്് പാര്‍ലമെന്റിന്റെ പ്രധാന കവാടത്തിനുമുന്നിലാണ് ധര്‍ണ നടത്തിയത്. ഗാന്ധി പ്രതിമയ്ക്കുമുന്നില്‍ ഒത്തുകൂടിയ അമ്പതോളം എംപിമാര്‍ പ്രകടനമായാണ് പ്രധാനകവാടത്തിലെത്തിയത്. അവശ്യസാധനങ്ങളുടെ വില കുറയ്ക്കാന്‍ നടപടി സ്വീകരിക്കുക, അവശ്യസാധനങ്ങള്‍ റേഷന്‍കടവഴി വിതരണംചെയ്യുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ളക്കാര്‍ഡുകളുമായാണ് എംപിമാര്‍ എത്തിയത്. വിലക്കയറ്റം തടയാന്‍ കഴിയാത്ത സര്‍ക്കാര്‍ തകരട്ടെ തുടങ്ങിയ മുദ്രാവാക്യങ്ങളും ധര്‍ണയില്‍ ഉയര്‍ന്നു.

മുന്‍ പ്രധാനമന്ത്രിയും ജെഡി-എസ് നേതാവുമായ ദേവഗൌഡ, സീതാറാം യെച്ചൂരി, വൃന്ദ കാരാട്ട്, മുഹമ്മദ് അമീന്‍, ബസുദേവ് ആചാര്യ (സിപിഐ എം), ഗുരുദാസ്ദാസ് ഗുപ്ത, ഡി രാജ (സിപിഐ), അര്‍ജുന്‍ ചര സേഥി (ബിജെഡി), നമ്മ നാഗേശ്വരരാവു (ടിഡിപി), തമ്പിദുരൈ (എഐഎഡിഎംകെ) എന്നിവരുടെ നേതൃത്വത്തിലാണ് ധര്‍ണ നടന്നത്. വിലക്കയറ്റം തടയുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണപരാജയമാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. സര്‍ക്കാരിന്റെ നയത്തിനെതിരെയുള്ള പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം അറിയിച്ചു. ധര്‍ണയ്ക്ക് ഐക്യദാര്‍ഢ്യവുമായി ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവും ജെഡിയു നേതാവ് ശരത്യാദവും എത്തി. ഇടതുപക്ഷത്തിന്റെ ധര്‍ണയ്ക്ക് തൊട്ടുമുമ്പ് സമാജ്വാദി പാര്‍ടി എംപിമാര്‍ പാര്‍ലമെന്റിന്റെ പ്രധാനകവാടത്തിനുമുന്നില്‍ പ്രകടനം നടത്തി. മുലായംസിങ് യാദവ് നേതൃത്വം നല്‍കി.

ദേശാഭിമാനി 30072010

Thursday, July 29, 2010

സ്വതന്ത്രനെ ഭയപ്പെടുന്നതാര്?

അള്‍ത്താരകള്‍ വീണ്ടും രാഷ്ട്രീയവേദികളാകുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനു മുന്നോടിയായി കത്തോലിക്കാ മെത്രാന്‍ സമിതിയാണ് ഇടയലേഖനവുമായി പ്രചാരണ പരിപാടിക്ക് തുടക്കമിടുന്നത്. ഉത്തമരും പ്രാപ്തരും പൊതുനന്മയ്ക്കായി പ്രവര്‍ത്തിക്കുന്നവരും മൂല്യബോധമുള്ളവരും വിശ്വാസികളും തിരഞ്ഞെടുക്കപ്പെടണമെന്ന ആഹ്വാനം അസ്ഥാനത്തല്ല. പക്ഷേ എന്താണ് സത്യമെന്നതുപോലെ ആരാണ് വിശ്വാസി എന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരം കണ്ടെത്താനാവില്ല. തീവ്രമായ വിശ്വാസമുള്ളവരുടെ കൂട്ടായ്മയാണ് സംഘപരിവാര്‍. വിശ്വാസത്തിന്റെ തീക്ഷ്ണതയില്‍ അവര്‍ മതതീവ്രവാദികളാകുന്നു. ന്യൂമന്‍ കോളജിലെ അധ്യാപകനെ വെട്ടിയ അക്രമികളും വിശ്വാസികളാണ്. വ്യക്തിപരമായ വൈരാഗ്യമല്ല, വിശ്വാസപരമായ പകയാണ് അക്രമത്തിനു പ്രേരകമായത്. ഇത്തരം വിശ്വാസികള്‍ക്കും സഭയുടെ പിന്തുണ ലഭിക്കുമോയെന്ന് ഇടയലേഖനം വ്യക്തമാക്കുന്നില്ല. ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ മാത്രമാണ് വിശ്വാസികളെങ്കില്‍ അത്തരക്കാരെല്ലാം ഉത്തമരും മൂല്യബോധമുള്ളവരും ആയിരിക്കുമെന്ന് സഭയ്ക്കുറപ്പുണ്ടോ? ഉണ്ടെങ്കില്‍ത്തന്നെ സഭാവിശ്വാസികള്‍ മാത്രം വോട്ടു ചെയ്താല്‍ വിശ്വാസികളായ സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമോ?

മതനിരപേക്ഷതയുടെ അടിസ്ഥാനത്തിലാണ് ജനാധിപത്യം പ്രവര്‍ത്തിക്കുന്നത്. മതത്തിന്റെ സ്വാധീനം തിരഞ്ഞെടുപ്പിലുണ്ടായാല്‍ പി സി തോമസിന്റെ അനുഭവമുണ്ടാകും. വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ഉത്തമരെ കണ്ടെത്താനാവില്ല. ദൈവത്തിന്റെ അസ്തിത്വത്തെക്കുറിച്ചുള്ള അറിവ് വിശ്വാസത്തിന്റെ ഉരകല്ലാണ്. ആ അറിവ് വേണ്ടതിലധികം ഉള്ളയാളാണ് ലൂസിഫര്‍. ദൈവത്തെ മുഖാമുഖം വെല്ലുവിളിച്ച ലൂസിഫര്‍ ദൈവമുണ്ടെന്ന് വിശ്വസിക്കുന്നയാളാണ്. ഭൂമിയിലെ വിശ്വാസികളില്‍ അധികവും ദൈവത്തില്‍ വിശ്വസിക്കുകയും ലൂസിഫറിനെ അനുസരിക്കുകയും ചെയ്യുന്നവരാണ്. അത്തരക്കാരുടെ കപടവേഷം തിരിച്ചറിയാന്‍ സഭാധികാരികള്‍ക്ക് കഴിയുന്നില്ല. ദൈവനാമം വൃഥാ പ്രയോഗിക്കരുതെന്ന കല്‍പനയെ ലംഘിച്ചുകൊണ്ട് ദൈവനാമത്തില്‍ ആണയിടുന്നവര്‍ വിശ്വാസികളെന്ന ലേബലില്‍ അള്‍ത്താരയിലെ വൈദികപ്രീതിക്ക് പാത്രമാകുന്നു.

ഇത്തരം വളച്ചുകെട്ടുകള്‍ ഒഴിവാക്കി കമ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തണമെന്ന് വിശ്വാസികളെ ഉദ്‌ബോധിപ്പിക്കുന്നതിനുള്ള ആര്‍ജവമാണ് സഭാപിതാക്കന്മാര്‍ പ്രകടിപ്പിക്കേണ്ടത്. അപ്പോള്‍ ഇടയലേഖനം രാഷ്ട്രീയലേഖയാകും. വിശ്വാസത്തെ മാറ്റി നിര്‍ത്തി രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടുന്നതാണ് ആരോഗ്യകരം. പള്ളിയില്‍ പോകുകയോ ദൈവനാമത്തില്‍ പ്രതിജ്ഞയെടുക്കുകയോ ചെയ്യാത്ത സോണിയ ഗാന്ധിയും റാഹുല്‍ ഗാന്ധിയും എ കെ ആന്റണിയും നയിക്കുന്ന കോണ്‍ഗ്രസിന് വോട്ടു ചെയ്യണമെന്ന് പള്ളിയില്‍ വരുന്ന വിശ്വാസികളോട് ബലിമധ്യേ കാര്‍മികന്‍ പറയുന്നത് രാഷ്ട്രീയമായി മാത്രമല്ല വിശ്വാസപരമായും അനുചിതമാണ്. മതേതര സമൂഹത്തില്‍ മതവിശ്വാസികളുടെ അതിരുവിട്ട ഇടപെടല്‍ അപകടത്തിനു കാരണമാകും. വിശ്വാസത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കുന്നതും അപകടമാണ്. ജനാധിപത്യത്തിലെ അക്രമംപോലും മൂവാറ്റുപുഴയിലെപ്പോലെ വിശ്വാസപരമാകരുത്; മതേതരമാകണം.

വിശ്വാസികളെ കബളിപ്പിക്കുന്നതിനുവേണ്ടിയാണ് പാര്‍ട്ടികള്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കുന്നതെന്ന് ഇടയലേഖനത്തില്‍ പറയുന്നു. ആട്ടിന്‍തോലിട്ട ചെന്നായയെ ആദ്യം തിരിച്ചറിയുന്നത് ഇടയനാണ്. അങ്ങനെ തുറന്നു പറയുന്നില്ലെങ്കിലും സ്വതന്ത്രരെ തിരഞ്ഞെടുക്കുന്നത് അപകടമാണെന്ന് ഇടയര്‍ വിശ്വാസികളെ ഉദ്‌ബോധിപ്പിക്കുന്നു. കടുത്ത രാഷ്ട്രീയ ചേരിതിരിവിനിടയിലും അപൂര്‍വമായി സ്വതന്ത്രര്‍ തിരഞ്ഞെടുക്കപ്പെടുന്നത് പൊതുസമ്മതിയുടെ അടിസ്ഥാനത്തിലാണ്. ജനാധിപത്യത്തില്‍ പൊതുസമ്മതിയെന്നത് പ്രധാനപ്പെട്ട ഘടകമാണ്. പൊതുസമ്മതിയെ വെല്ലുവിളിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന മതപരമായ വിഭാഗീയത മതേതര സമൂഹത്തിന് സ്വീകാര്യമല്ല.

പൊതുസമ്മതരായ വ്യക്തികളെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി രാഷ്ട്രീയകക്ഷികള്‍ രംഗത്തിറക്കുന്നത് സമ്മതിദായകരെ കബളിപ്പിക്കുന്നതിനുവേണ്ടിയല്ല. രാഷ്ട്രീയപരിമിതികള്‍ക്കപ്പുറം ചിലരെ ജനസഭകളിലെത്തിക്കുകയെന്ന ഉദ്ദേശ്യം അതിലുണ്ട്. രാഷ്ട്രീയപരിമിതികള്‍ക്കപ്പുറം വിജയത്തിനാവശ്യമായ ജനസമ്മതി അവരിലൂടെ ആര്‍ജിക്കുകയെന്നത് മറ്റൊരു ഉദ്ദേശ്യം. തുല്യശക്തികള്‍ ഏറ്റുമുട്ടുമ്പോള്‍ അപ്രതീക്ഷിതമായി ഗോളടിക്കുന്നവനാണ് സ്വതന്ത്രന്‍. സംശുദ്ധമായ ജീവിതത്തിലൂടെയും മാതൃകാപരമായ പ്രവര്‍ത്തനത്തിലൂടെയുമാണ് അവര്‍ അതിനുള്ള ശക്തിയാര്‍ജിക്കുന്നത്. പരിഹസിച്ച് തള്ളപ്പെടേണ്ടവരല്ല അവര്‍.

മെത്രാന്മാര്‍ക്ക് മാത്രമല്ല സ്വതന്ത്രന്‍ അനഭിമതനാകുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും സ്വതന്ത്രര്‍ക്കെതിരെ രംഗത്തുവന്നു. രാഷ്ട്രീയത്തിലെ പിടിച്ചുപറിക്കാരെന്നാണ് മന്‍മോഹന്‍ സിങ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ വിശേഷിപ്പിച്ചത്. ഗുവാഹതിയില്‍ സ്ഥിരതാമസമെന്ന് വ്യാജരേഖയുണ്ടാക്കി അസമില്‍നിന്ന് രാജ്യസഭയിലെത്തുന്ന മന്‍മോഹന്‍ സിങ്ങിന് ജനങ്ങളുടെ വോട്ടുനേടി ലോക്‌സഭയിലെത്തുന്ന സ്വതന്ത്രരോട് അമര്‍ഷം തോന്നുന്നതില്‍ അത്ഭുതമില്ല. പക്ഷേ മന്‍മോഹനും സോണിയയും മുംബൈയില്‍ സ്വതന്ത്രരെ ആക്ഷേപിക്കുമ്പോള്‍ ഗാന്ധിനഗറില്‍ എല്‍ കെ അഡ്വാനിക്കെതിരെ മല്ലിക സാരാഭായ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയായിരുന്നു. സ്വതന്ത്രര്‍ക്കെതിരെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ആക്ഷേപം ബിജെപി നേതാവിന് പ്രയോജനപ്പെട്ടു.

മന്‍മോഹന്‍ സിങ് സ്‌പോയ്‌ലേഴ്‌സ് എന്ന് പരിഹാസത്തോടെ വിളിച്ച സ്വതന്ത്രരെ നൂറ്റമ്പതിലേറെത്തവണ ലോക്‌സഭയിലെത്തിച്ചവരാണ് ഇന്ത്യയിലെ വോട്ടര്‍മാര്‍. അവര്‍ അത്ര നിസാരക്കാരായിരുന്നില്ല. ആദ്യത്തെ ലോക്‌സഭയില്‍ സ്വതന്ത്രരുടെ എണ്ണം 36 ആയിരുന്നു. ആചാര്യ ജെ ബി കൃപലാനി, വി കെ കൃഷ്ണമേനോന്‍, മിനു മസാനി, വി പി സിങ് എന്നിങ്ങനെ ലോക്‌സഭയിലെ സ്വതന്ത്രാംഗങ്ങളുടെ നിര വളരെ പ്രശസ്തമാണ്. കേരളത്തില്‍നിന്നുള്ള സ്വതന്ത്രാംഗങ്ങളില്‍ കൃഷ്ണമേനോനു പുറമേ ആനി മസ്‌ക്രീനും എസ് കെ പൊറ്റെക്കാട്ടും സേവ്യര്‍ അറക്കലും ഉള്‍പ്പെടുന്നു. എറണാകുളത്തുനിന്ന് മൂന്നു പ്രാവശ്യം സ്വതന്ത്രാംഗമായി ലോക്‌സഭയിലെത്തിയ ഞാനും അക്കൂട്ടത്തിലുണ്ട്. സവിശേഷമായ സാഹചര്യങ്ങളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ ചിലപ്പോള്‍ ജയിച്ചേക്കാമെന്നല്ലാതെ തുടര്‍ച്ചയായി ജയിക്കുന്ന അവസ്ഥ ഉണ്ടാകാറില്ല. ഡോ. കാര്‍ണി സിങ് ബിക്കാനീറില്‍നിന്ന് അഞ്ചു പ്രാവശ്യം ജയിച്ചിട്ടുണ്ട്. പക്ഷേ അദ്ദേഹം ബിക്കാനീറിലെ മഹാരാജാവായിരുന്നു. മൂന്ന് പ്രവശ്യം ജയിച്ചിട്ടുള്ളയാളാണ് പി വി ശാസ്ത്രി. പക്ഷേ ഓരോ തവണയും വ്യത്യസ്തമായ മണ്ഡലങ്ങളിലാണ് അദ്ദേഹം മത്സരിച്ചത്.

രാഷ്ട്രീയ സമവാക്യങ്ങളില്‍ വരുത്തുന്ന തന്ത്രപരമായ കൂട്ടിച്ചേര്‍ക്കലാണ് സ്വതന്ത്രന്‍ എന്ന പേരില്‍ അറിയപ്പെടുന്ന പ്രതിഭാസം. ഒപ്പത്തിനൊപ്പമുള്ള റിലേ ഓട്ടത്തില്‍ വിജയത്തിലേക്കുള്ള അവസാനത്തെ കുതിപ്പാണ് രാഷ്ട്രീയേതരമായ പൊതുസമ്മതി കൈമുതലായുള്ള സ്വതന്ത്രന്‍ നടത്തുന്നത്. പാര്‍ലമെന്ററി ജനാധിപത്യത്തിന് അപരിചിതമായ ഒന്നല്ല ഇക്കാര്യം. ഇടതുപക്ഷകക്ഷികള്‍ തങ്ങള്‍ക്ക് മുന്നേറാന്‍ കഴിയാത്ത കളങ്ങളില്‍ ചാതുരിയോടെ പുത്തന്‍ കരുക്കള്‍ നിരത്തി വിജയം ഉറപ്പിക്കാറുണ്ട്. സമ്മതിദായകരില്‍നിന്ന് ഒന്നും ഒളിച്ചുവയ്ക്കുന്നില്ല. വോട്ടു ചെയ്യാതെ മാറിനില്‍ക്കുന്നവരെയും ബൂത്തിലേക്കാകര്‍ഷിക്കാന്‍ ഈ ഏര്‍പ്പാടിലൂടെ ചിലപ്പോള്‍ കഴിയാറുണ്ട്.

വിജയാനന്തരം സ്വതന്ത്രന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്നാണ് ഇടയലേഖനത്തില്‍ പറയുന്നത്. സ്വതന്ത്രനായി ജയിച്ചു ചെല്ലുന്നയാള്‍ ഏതെങ്കിലും പാര്‍ട്ടിയില്‍ അംഗമായാല്‍ കൂറുമാറ്റനിരോധനനിയമപ്രകാരം അയോഗ്യനാകും. ഒരു പാര്‍ട്ടിയുടെയും വിപ്പ് അയാള്‍ക്ക് ബാധകമല്ല. തിരഞ്ഞെടുപ്പിനുമുമ്പ് എങ്ങനെയായിരുന്നുവോ അങ്ങനെതന്നെയായിരിക്കും അയാള്‍ അതിനുശേഷവും. പാര്‍ട്ടിയുടെ അച്ചടക്കത്തിനു വിധേയമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്തവരും എന്നാല്‍ പൊതുസമ്മതിയുള്ളവരുമായ നിരവധിയാളുകള്‍ നമ്മുടെ നാട്ടിലുണ്ട്. അത്തരം ആളുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് കടന്നുവരുന്നത് നല്ലതാണ്. അതിനുള്ള അവസരമാണ് ഇടയലേഖനത്തിലൂടെ സഭാധികാരികള്‍ വിശ്വാസികള്‍ക്ക് നിഷേധിക്കുന്നത്. ജനങ്ങളെ ഇടതും വലതുമായി വേര്‍തിരിച്ച് വിധി പറയുന്നതിനുള്ള ദിവസം ഇനിയും സമാഗതമായിട്ടില്ല. അല്ലെങ്കില്‍ത്തന്നെ ദൈവത്തിന്റെ ഇടതും വലതും നമുക്ക് തിരിച്ചറിയാന്‍ കഴിയില്ലല്ലോ! ഹൃദയം ഒന്നേയുള്ളു. അത് ഇടതുവശത്ത് സ്ഥാപിച്ച ദൈവം ഇടതുപക്ഷത്തെ പൂര്‍ണമായും തള്ളിക്കളയാനിടയില്ല.

സെബാസ്റ്റ്യന്‍ പോളിന്റെ ബ്ലോഗ് ഇവിടെ

മെത്രാന്‍ സഭയുടെ ഇടയലേഖനം ജനാധിപത്യത്തോടുള്ള വെല്ലുവിളി

കേരളത്തില്‍ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളത്തിലെ വോട്ടര്‍മാര്‍ക്ക് കേരളാ കത്തോലിക്ക മെത്രാന്‍ സമിതി നല്‍കിയ ഇടയലേഖനത്തിലൂടെയുള്ള ആഹ്വാനം ശക്തമായ എതിര്‍പ്പിന് വഴിവെച്ചിരിക്കുകയാണ്. സഭാ നേതൃത്വം പ്രത്യക്ഷമായി രാഷ്ട്രീയത്തിലിടപെട്ടുകൊണ്ട് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫിന്റെ ചട്ടുകമായി മാറിയോ എന്ന സംശയമാണ് ഇതു വായിച്ചാല്‍ ഉണ്ടാവുക. യുഡിഎഫ് എന്നോ എല്‍ഡിഎഫ് എന്നോ ഇടയലേഖനത്തില്‍ വ്യക്തമായി പറയുന്നില്ലെങ്കിലും ഒമ്പതു ഖണ്ഡികകളിലായി അജഗണങ്ങള്‍ക്ക് വിശദീകരിച്ചു കൊടുക്കുന്ന ഇടയലേഖനത്തിന്റെ താല്‍പര്യം വളരെ വ്യക്തമാണ്. യുഡിഎഫിനെ ജയിപ്പിക്കുക, അവര്‍ക്കുവേണ്ടി തിരഞ്ഞെടുപ്പു പ്രവര്‍ത്തനം നടത്തുക, എല്‍ഡിഎഫിലെ വിവിധ കക്ഷി സ്ഥാനാര്‍ത്ഥികളെയും അവര്‍ പിന്താങ്ങുന്ന സ്വതന്ത്രരേയും തോല്‍പിക്കുക ഇതാണ് വരികള്‍ക്കിടയിലൂടെ സഭ നല്‍കുന്ന ആഹ്വാനം.

ഇടയലേഖനം ജനാധിപത്യത്തിലെ നന്മയേയും തിന്മയേയും കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഈ നിലപാടിനോട് താത്വികമായി വിയോജിക്കേണ്ട കാര്യമില്ല. എന്നാല്‍ അതിലെ പ്രായോഗികമായ നിര്‍ദ്ദേശങ്ങളോടാണ് എതിര്‍പ്പ് ഉയര്‍ന്നിട്ടുള്ളത്. അവയെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. അധികാരവികേന്ദ്രീകരണം ജനാധിപത്യത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കുമെന്ന് ഇടയലേഖനത്തില്‍ പറയുന്നുണ്ട്. അത് സഭയുടെ സാമൂഹിക പ്രബോധനത്തിന്റെ അടിസ്ഥാന തത്വങ്ങളിലൊന്നാണെന്നും ഇതില്‍ പറയുന്നു. തുടര്‍ന്ന് ലേഖനത്തില്‍ ഇങ്ങനെയൊരു ഭാഗമുണ്ട്: "ജനാധിപത്യം ഫലപ്രദമാകുന്നത് ജനങ്ങള്‍ ഭരണഘടനാധിഷ്ഠിതമായ സ്ഥാപനങ്ങളോട് സഹകരിക്കുന്നതിനേയും സംവിധാനങ്ങള്‍ അവയുടെ യഥാര്‍ത്ഥ ഘടന സംരക്ഷിക്കാന്‍ ജാഗ്രത പുലര്‍ത്തുന്നതിനേയും ആശ്രയിച്ചാണിരിക്കുന്നത്''. ഈ പ്രതിപാദനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ജനാധിപത്യപരമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതിനാണ്. എന്നാല്‍ സഭാനേതൃത്വം മറച്ചു വയ്ക്കാനാഗ്രഹിക്കുന്ന ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഉള്ളറകളിലേക്ക് കടന്നുചെല്ലാന്‍ ഇടയലേഖനം തയ്യാറാവുന്നില്ല. സ്വാതന്ത്യ്രത്തിനുശേഷം 63 വര്‍ഷങ്ങള്‍ പിന്നിടുന്ന ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അവസ്ഥയെക്കുറിച്ചും ജനാധിപത്യത്തിന്റെ ശ്രീകോവിലായി അറിയപ്പെടുന്ന പാര്‍ലമെന്റിനെക്കുറിച്ചും അന്വേഷിക്കേണ്ട ബാധ്യത സഭയടക്കം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ അത്തരം കാര്യങ്ങള്‍ സഭാ വിശ്വാസികള്‍ അറിയേണ്ട കാര്യമില്ലെന്നാണോ ലേഖന കര്‍ത്താക്കള്‍ കരുതുന്നത്?

പതിനഞ്ചാം ലോക്സഭ രൂപപ്പെട്ടപ്പോള്‍ നാഷണല്‍ ഇലക്ഷന്‍ വാച്ചും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസും ചേര്‍ന്ന് പാര്‍ലമെന്റ് അംഗങ്ങളെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് തയ്യാറാക്കുകയുണ്ടായി. 535 പാര്‍ലമെന്റ് അംഗങ്ങളുടെ സത്യവാങ്മൂലങ്ങള്‍ പരിശോധിച്ചപ്പോള്‍ 153 അംഗങ്ങള്‍ ക്രിമിനല്‍ കുറ്റാരോപണത്തിന് വിധേയരായവരാണ്. ഗൌരവതരമായ കുറ്റങ്ങളില്‍ ഏര്‍പ്പെട്ടവരുടെ എണ്ണം 74 ആണ്. അതില്‍ കോണ്‍ഗ്രസും ബിജെപിയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. അക്രമത്തെക്കുറിച്ചും ലക്ഷ്യം നേടാന്‍ ഏതു മാര്‍ഗവും ഉപയോഗിക്കുന്ന രീതിയെക്കുറിച്ചും അവ വ്യക്തി ജീവിതത്തിനും പൊതുജീവിതത്തിനും അപകടകരമാണെന്നു തിരിച്ചറിയുന്ന സഭ ഇന്ത്യയിലെ പരമോന്നത ജനപ്രതിനിധിസഭയിലേക്ക് ക്രിമിനലുകളെ തിരഞ്ഞെടുത്തുവിടുന്ന കോണ്‍ഗ്രസ് സംസ്കാരത്തോട് എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന ചോദ്യം വിശ്വാസികളില്‍നിന്നു തന്നെ ഉയര്‍ന്നുവരുന്നുണ്ട്.

ലോക്സഭയിലെ കോടിപതികളില്‍ മുന്‍പന്തിയിലുള്ള പത്തുപേരില്‍ അഞ്ചുപേരും കോണ്‍ഗ്രസ്സുകാരാണ്. അഞ്ചു കോണ്‍ഗ്രസ്സ് മെമ്പര്‍മാരുടെ മൊത്തം ആസ്തി 464 കോടി രൂപയാണ്. ഇത് രേഖ പ്രകാരമുള്ള കണക്കു മാത്രമാണ് എന്നു കൂടി നാം ഓര്‍ക്കണം. കോടിക്കണക്കിന് കൃഷിക്കാരുടെയും തൊഴിലാളികളുടെയും അര്‍ഹമായ പ്രാതിനിധ്യം ഇന്ത്യന്‍ പാര്‍ലമെന്റിലില്ല.

ഇത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ദൌര്‍ബല്യമാണ്. മറ്റൊരര്‍ഥത്തില്‍ ഭരണകൂടത്തിനകത്ത് ഏത് വര്‍ഗ്ഗത്തിനാണ് ആധിപത്യം എന്നതിന്റെ തെളിവു കൂടിയാണ്. ദരിദ്രരെക്കുറിച്ച് വിലപിക്കുന്ന കത്തോലിക്കാസഭ ദരിദ്ര ജനകോടികളുടെ പ്രാതിനിധ്യം ഇന്ത്യന്‍ ജനാധിപത്യത്തിലില്ല എന്ന സത്യം എന്തേ വിളിച്ചു പറയാന്‍ മടിക്കുന്നു? സത്യപ്രഘോഷണം സഭയുടെ ദൌത്യമാണെന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന നേതൃത്വമെന്തേ ഇതു കണ്ടില്ലെന്നു നടിക്കുന്നു. സാമ്രാജ്യത്വമൂലധനം ഇന്ത്യയിലെ നാനാമേഖലകളിലേക്കും ഒഴുകിപ്പരക്കുന്നതും നാം കാണുന്നുണ്ട്. കാര്‍ഷിക - വ്യാവസായിക - ബാങ്കിംഗ് - ചെറുകിട കച്ചവട - മാധ്യമമേഖലകളിലെല്ലാം വിദേശ നിക്ഷേപത്തിന് ഇന്ത്യാ ഗവണ്‍മെന്റ് അനുമതി നല്‍കുകയാണ്. സാമ്രാജ്യത്വപ്രേരിതമായ ആഗോളവല്‍കരണനയങ്ങളാണ് ഇന്ത്യന്‍ ഭരണവര്‍ഗ്ഗം നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഫലമായി ആയിരക്കണക്കായ കര്‍ഷകര്‍ ആത്മഹത്യ ചെയ്യേണ്ടിവന്ന സാഹചര്യം സഭയുടെ മുന്‍ ഇടയലേഖനങ്ങളില്‍ പറഞ്ഞുവച്ചത് കുഞ്ഞാടുകളെക്കൊണ്ട് വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ടു ചെയ്യിപ്പിക്കുവാനുള്ള തത്രപ്പാടില്‍ മറന്നുപോയോ? ആസിയാന്‍ കരാര്‍ മല്‍സ്യബന്ധനമേഖലയിലെ തൊഴിലാളികളുടെ ജീവിതത്തില്‍ പ്രതികൂലമായ പ്രത്യാഘാതം ഉളവാക്കുമെന്ന് സഭാനേതൃത്വം തന്നെ നേരത്തേ പറഞ്ഞുവെച്ചിട്ടുണ്ട്. ഇത്തരം നയങ്ങള്‍ക്ക് ഉത്തരവാദിയായ കോണ്‍ഗ്രസ് ഇന്ത്യന്‍ ജനാധിപത്യത്തെ പരിപോഷിപ്പിക്കുന്ന പാര്‍ട്ടിയാണോ?

അധികാരവികേന്ദ്രീകരണത്തിന്റെ മേഖലയിലേക്ക് കടന്നാല്‍ ജനവഞ്ചനയുടെ പുതിയ അദ്ധ്യായങ്ങളാണ് കോണ്‍ഗ്രസ് പാര്‍ട്ടി സൃഷ്ടിച്ചത്. 73ഉം 74ഉം ഭരണഘടനാ ഭേദഗതിയിലൂടെയാണല്ലോ തദ്ദേശ സ്ഥാപനങ്ങളെ സ്വയംഭരണ സ്ഥാപനങ്ങളാക്കി മാറ്റിയത്. ഇതിനുശേഷം പതിനാറുവര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും അധികാരം താഴോട്ടു നല്‍കിയിട്ടില്ല. എന്നാല്‍ അധികാരവികേന്ദ്രീകരണം ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള അഖിലേന്ത്യാ പുരസ്കാരം തന്നെ കേരളത്തിനു ലഭിച്ചിരിക്കുകയാണ്. അതും ഒന്നാം സ്ഥാനം. വസ്തുത ഇതായിരിക്കേ ഇടയലേഖനത്തില്‍ പറയുന്നതു നോക്കുക: "ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍, കേരളത്തിലേതുപോലെ ഇടുങ്ങിയ കക്ഷി രാഷ്ട്രീയത്തിന്റെ കടന്നുകയറ്റം ത്രിതല പഞ്ചായത്തുകളുടെ വിവിധ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടെന്നു തോന്നുന്നില്ല. കക്ഷി രാഷ്ട്രീയത്തിന്റെ അതിപ്രസരംമൂലം യഥാര്‍ത്ഥ വികസനത്തിനും, ദരിദ്രര്‍ക്കും അര്‍ഹിക്കുന്നവര്‍ക്കുംവേണ്ട സഹായം ലഭിക്കുന്നതിനും തടസ്സമാകുന്ന അനുഭവങ്ങള്‍ ധാരാളമാണ്''. ഇത് സത്യമല്ലെന്നു മാത്രമല്ല കോണ്‍ഗ്രസ്സും ബിജെപിയുംപോലുള്ള പാര്‍ടികള്‍ നയിക്കുന്ന സംസ്ഥാന ഗവണ്‍മെന്റുകള്‍ കേരളം നടപ്പാക്കിയതുപോലെ അധികാരവികേന്ദ്രീകരണം നടപ്പാക്കിയിട്ടില്ല എന്നതാണ് വസ്തുത. ഇത് കുറെക്കൂടി വിശദമാക്കാം.

കേന്ദ്ര ഗവണ്‍മെന്റിന്റെ കീഴിലുള്ള പഞ്ചായത്തിരാജ് മന്ത്രാലയം 2009-10ല്‍ അതിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓരോ സംസ്ഥാന ഗവണ്‍മെന്റും താഴോട്ടു നല്‍കിയിട്ടുള്ള ഗവണ്‍മെന്റ് ഡിപ്പാര്‍ട്ടുമെന്റുകളുടെ അധികാര കൈമാറ്റവും ഫണ്ടും ഉദ്യോഗസ്ഥ വിന്യാസവും വിശദമായിത്തന്നെ ഈ റിപ്പോര്‍ട്ടില്‍ പരിശോധിക്കുന്നുണ്ട്. കോണ്‍ഗ്രസ്സ് ഐ ഭരിക്കുന്ന സംസ്ഥാനങ്ങളെക്കുറിച്ചുമാത്രം അതിനകത്തു പറയുന്നതു നോക്കുക. ആന്ധ്രയിലെ കോണ്‍ഗ്രസ് ഗവണ്‍മെന്റ് നിയമപ്രകാരം ഗ്രാമപഞ്ചായത്തുകള്‍ക്കു നല്‍കിയിട്ടുള്ള 21 അധികാരങ്ങളില്‍ പത്തെണ്ണത്തില്‍ മാത്രമാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. അതില്‍ത്തന്നെ 75 മുതല്‍ 80 ശതമാനംവരെ ഫണ്ടുകള്‍ സംസ്ഥാന ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലാണ്. ഉദ്യോഗസ്ഥന്മാരാകട്ടെ ഗവണ്‍മെന്റ് ഡിപ്പാര്‍ട്ടുമെന്റുകളുടെ പൂര്‍ണ്ണ നിയന്ത്രണത്തില്‍ത്തന്നെ തുടരുകയാണ്. കോണ്‍ഗ്രസ് ഐ ഭരിക്കുന്ന മറ്റൊരു സംസ്ഥാനമാണ് അരുണാചല്‍പ്രദേശ്. പഞ്ചായത്ത് രാജ് സ്ഥാപനങ്ങള്‍ക്ക് നികുതികള്‍ വസൂലാക്കാനുള്ള ഒരധികാരവും നല്‍കിയിട്ടില്ല. ഫണ്ടുകള്‍ ഗവണ്‍മെന്റ് ഡിപ്പാര്‍ട്ടുമെന്റുകള്‍ തന്നെയാണ് ഇപ്പോഴും കൈകാര്യം ചെയ്യുന്നത്. ഇവിടേയും ഉദ്യോഗസ്ഥന്മാരെ കൈമാറിയിട്ടില്ല.

ആസാമിലാകട്ടെ 1994ല്‍ പാസ്സാക്കിയ നിയമം അനുസരിച്ച് വ്യാപാരം, വിനോദം, മാര്‍ക്കറ്റുകള്‍ തുടങ്ങിയ മേഖലകളില്‍നിന്ന് നികുതികളും സെസ്സും പിരിക്കാന്‍ അധികാരം നല്‍കിയിട്ടുണ്ടെങ്കിലും അത് ഇതുവരെയും നടപ്പാക്കപ്പെട്ടിട്ടില്ല. പേരിനു മാത്രമുള്ള ഉദ്യോഗസ്ഥരെയാണ് കൈമാറ്റം ചെയ്തിട്ടുള്ളത്.

ഹരിയാനയില്‍ ഉദ്യോഗസ്ഥ പുനര്‍വിന്യാസം പറയത്തക്ക നിലയില്‍ ഒന്നും നടത്തിയിട്ടില്ല. പഞ്ചാബില്‍ പഞ്ചായത്ത് ഭൂമി ലേലം ചെയ്തു കിട്ടുന്ന വരുമാനം മാത്രമാണ് ഗ്രാമപഞ്ചായത്തുകള്‍ക്കുള്ളത്. ഫണ്ടുകള്‍ കൈമാറുന്നുമില്ല. ഒരു ഉദ്യോഗസ്ഥനേയും പഞ്ചായത്തിരാജ് സ്ഥാപനങ്ങളിലേക്ക് വിന്യസിച്ചിട്ടുമില്ല.

പോണ്ടിച്ചേരിയില്‍ സര്‍ക്കാര്‍ ഫണ്ടുകള്‍ ഇപ്പോഴും സംസ്ഥാന ഗവണ്‍മെന്റു തന്നെയാണ് കൈകാര്യം ചെയ്യുന്നത്. പഞ്ചായത്തുകള്‍ക്ക് നാമമാത്രമായ അധികാരം മാത്രമാണുള്ളത്. ഉദ്യോഗസ്ഥ പുനര്‍വിന്യാസം ഒന്നും നടത്തിയിട്ടില്ല.

പഞ്ചായത്തീരാജ് സ്ഥാപനങ്ങളുടെ മറ്റു സംസ്ഥാനങ്ങളിലെ ദയനീയമായ അവസ്ഥയാണ് മേല്‍ വിവരിച്ചത്. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ മതസ്ഥാപനങ്ങളുള്ള സഭയ്ക്ക് ഇതൊന്നും അറിയാത്തതല്ല. അവ സഭയിലെ കുഞ്ഞാടുകളോട് വിശദീകരിച്ചാല്‍ തങ്ങളുടെ രാഷ്ട്രീയമായ ഉദ്ദേശ്യം നടപ്പാക്കാന്‍ കഴിയാതെവരും എന്ന തിരിച്ചറിവാണ് ഇതില്‍നിന്നും സഭാധികാരികളെ പിന്തിരിപ്പിക്കുന്നത്. അധികാരവും പണവും ഉദ്യോഗസ്ഥന്മാരേയും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് വിട്ടുകൊടുത്തില്ലെന്നു മാത്രമല്ല കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ പേരില്‍ കൊടിയ അഴിമതിയും നടമാടുന്നുണ്ട്. ഇടതുപക്ഷത്തിന്റെ പിന്തുണയോടെ ഒന്നാം യുപിഎ ഗവണ്‍മെന്റ് അധികാരത്തിലുള്ള അവസരത്തിലാണ് ദേശീയ തൊഴിലുറപ്പു പദ്ധതി നടപ്പാക്കി തുടങ്ങിയത്. നടപ്പിലാക്കുന്ന ഏജന്‍സി പഞ്ചായത്തീരാജ് സ്ഥാപനങ്ങളാണ്. തൊഴിലുറപ്പു പദ്ധതി മേല്‍പറഞ്ഞ സംസ്ഥാനങ്ങളില്‍ നടപ്പാക്കിയതുമായി ബന്ധപ്പെട്ട് കേന്ദ്ര ഗവണ്‍മെന്റിനു ലഭിച്ച പരാതികള്‍ ഞെട്ടിപ്പിക്കുന്നവയാണ്. ഗ്രാമീണമേഖലയില്‍ പാവങ്ങള്‍ക്ക് തൊഴിലും വരുമാനവും ഉറപ്പു ചെയ്യുന്ന ഈ പദ്ധതി ശരിയാംവണ്ണം നടപ്പിലാക്കാന്‍ പോലും കോണ്‍ഗ്രസ് ഐ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. ഓരോ സംസ്ഥാനത്തും അംഗീകൃത മിനിമം കൂലിയാണ് നല്‍കേണ്ടതെങ്കിലും അതുപോലും നല്‍കാത്തതിനെക്കുറിച്ചുള്ള പരാതികള്‍ നിരവധിയാണ്. വ്യാജമായ രജിസ്റ്ററുകളുണ്ടാക്കി പണം തട്ടിയ സംഭവങ്ങളും ആളുകളെകൊണ്ട് ജോലി ചെയ്യിപ്പിക്കുന്നതിനുപകരം കരാറുകാര്‍ക്ക് പണി ഏല്‍പിച്ചതുമായ പരാതികളും നിരവധിയാണ്. ആസാമിലെ ഒരു സംഘടന നല്‍കിയ പരാതിയില്‍ പറയുന്നത് 20 കോടി രൂപയുടെ ഫണ്ടു ദുരുപയോഗം നടന്നു എന്നാണ്. കേരളത്തിലെ പഞ്ചായത്തുകളില്‍ രാഷ്ട്രീയ അതിപ്രസരമുണ്ടെന്ന് കുറ്റപ്പെടുത്തുന്ന സഭാ നേതൃത്വം കോണ്‍ഗ്രസ് ഐ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ അഴിമതിയും ക്രമക്കേടും ജനങ്ങളുടെ രാഷ്ട്രീയ പ്രബുദ്ധതയുടെ കുറവുകൊണ്ടാണെന്നെങ്കിലും സമ്മതിക്കുമോ?

കേരളത്തില്‍ അധികാരവികേന്ദ്രീകരണം ഫലവത്താക്കുന്നതിന്റെ ഭാഗമായാണ് 1997ല്‍ നായനാര്‍ ഗവണ്‍മെന്റ് ജനകീയാസൂത്രണം ആരംഭിച്ചത്. ലോകശ്രദ്ധയാകര്‍ഷിച്ച ഈ പരീക്ഷണം വഴി റോഡ്, കുടിവെള്ളം, ഭവനം, വിദ്യാഭ്യാസം, ആരോഗ്യം, പട്ടികവിഭാഗ വികസനം, വനിതാ വികസനം, സാമൂഹിക വികസനം തുടങ്ങിയ മേഖലകളിലെല്ലാം ജനകീയ പങ്കാളിത്തത്തോടെ വികസന മാതൃകകള്‍ സൃഷ്ടിക്കുകയുണ്ടായി. എന്നാല്‍ തുടര്‍ന്ന് അധികാരത്തില്‍ വന്ന യുഡിഎഫ് ഗവണ്‍മെന്റ് ജനകീയ പങ്കാളിത്തത്തെ ദുര്‍ബലപ്പെടുത്തി. 2006ല്‍ വീണ്ടും എല്‍ഡിഎഫ് അധികാരത്തില്‍ വന്നതിനെ തുടര്‍ന്നാണ് ജനകീയാസൂത്രണം പുനഃസ്ഥാപിച്ചത്. ഇതുമാത്രമല്ല നാലുവര്‍ഷംകൊണ്ട 6497 കോടി രൂപയാണ് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതിവിഹിതമായി സംസ്ഥാന ഗവണ്‍മെന്റ് നല്‍കിയത്. ഇതിനുപുറമെ പൊതു ഗ്രാന്റായി 1390 കോടി രൂപയും ആസ്തി സംരക്ഷണത്തിന് 1624 കോടി രൂപയും ലഭ്യമാക്കി. അതോടൊപ്പം തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതികളിലെ സ്ത്രീ പങ്കാളിത്തം 50%മാക്കി ഉയര്‍ത്തി. അത് എല്‍ഡിഎഫിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയുടെ ഫലമാണ്. പാര്‍ലമെന്റിലും നിയമസഭകളിലും മൂന്നിലൊന്ന് സ്ത്രീകള്‍ക്ക് സംവരണം ചെയ്യാനുള്ള ബില്‍ കോണ്‍ഗ്രസ് മരവിപ്പിച്ചിരിക്കുകയാണ്. രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ വനിതകള്‍ക്കു നല്‍കിയ സന്ദേശം ഉദ്ധരിച്ചുകൊണ്ട് സ്ത്രീ പുരുഷ തുല്യപങ്കാളിത്തത്തെക്കുറിച്ച് പറയുന്ന മെത്രാന്‍ സമിതി സ്ത്രീകളെയും സമൂഹത്തെയും വഞ്ചിച്ചുകൊണ്ടുള്ള യുപിഎ ഗവണ്‍മെന്റിന്റെ കരണംമറിച്ചില്‍ ഇടയലേഖനത്തില്‍ സൂചിപ്പിക്കുന്നതുപോലുമില്ല. സ്ത്രീകള്‍ക്ക് തുല്യനീതി നടപ്പാക്കുന്നതില്‍നിന്നും ഒളിച്ചോടുന്ന കോണ്‍ഗ്രസ്സിനെ എന്തുകൊണ്ടാണ് കത്തോലിക്കാസഭ തള്ളിപ്പറയാത്തത്?

സാമൂഹ്യപരിഷ്കരണരംഗത്ത് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കുന്ന മാതൃകാപരമായ ഒന്നാണ് ഇ എം എസ് സമ്പൂര്‍ണ്ണ ഭവന പദ്ധതി. അതനുസരിച്ച് അഞ്ചുലക്ഷം ഭവനരഹിതരും ഒന്നരലക്ഷം ഭൂരഹിത ഭവനരഹിതരുമുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. അവര്‍ക്കെല്ലാം തദ്ദേശ സ്ഥാപനങ്ങള്‍ വഴി ഘട്ടംഘട്ടമായി വീടു നല്‍കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റിനെ അഭിനന്ദിക്കാനെങ്കിലും സഭാ നേതൃത്വം തയ്യാറാകേണ്ടതല്ലേ? കമ്യൂണിസ്റ്റ് വിരുദ്ധ ജ്വരം ബാധിച്ച സഭാനേതൃത്വത്തിന് ജനോപകാരപ്രദമായ എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ നടപടികള്‍പോലും കാണാന്‍ കഴിയുന്നില്ല. ബൈബിളിലെ നല്ല ശമരിയാക്കാരന്റെ കഥ നമുക്കോര്‍ക്കാം. വഴിയില്‍ മൃതപ്രയനായി പരിക്കേറ്റു കിടന്ന വ്യാപാരിയെ പുരോഹിതനും ശുശ്രൂഷകനും തിരിഞ്ഞു നോക്കാതെ കടന്നുപോകുകയും വിജാതിയനായ ശമരിയാക്കാരന്‍ അയാളെ ശുശ്രൂഷിക്കുകയും ജീവന്‍ രക്ഷപ്പെടുത്തുകയും ചെയ്തപ്പോള്‍ സ്വന്തം നാട്ടുകാരനായ പുരോഹിതനെക്കാളും ദേവാലയ ശുശ്രൂഷകനെക്കാളും ആ വിജാതിയനായ ശമരിയാക്കാരനാണ് യഥാര്‍ത്ഥ അയല്‍ക്കാരനെന്നാണ് യേശു പഠിപ്പിച്ചത്. യേശുവിന്റെ വചനം ഉദ്ഘോഷിക്കുന്ന സഭാപിതാക്കന്മാര്‍ നല്ല ശമരിയാക്കാരന്റെ ഉപമ മറന്നുപോയോ?

സഭാനേതൃത്വത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കു നടക്കുന്ന ജനാധിപത്യ പ്രക്രിയയില്‍ സഭാവിശ്വാസികളെ പങ്കെടുപ്പിക്കുക മാത്രമല്ലെന്ന് ഇടയലേഖനത്തിലെ 9-ാം ഖണ്ഡിക വായിക്കുമ്പോഴാണ് നമുക്കു ബോധ്യപ്പെടുക. അതിങ്ങനെയാണ് "ദൈവ വിശ്വാസികളും നല്ലവരുമായ പലരും നിരീശ്വര പ്രത്യയശാസ്ത്ര പാര്‍ടികളുടെ പിന്തുണയോടെ സ്വതന്ത്രന്മാരായി മല്‍സരിച്ച് വിജയിച്ചെങ്കിലും പിന്നീട് അവര്‍ സ്വതന്ത്രന്മാരല്ലാതായി തീര്‍ന്ന അനുഭവം ഏറെയുണ്ടല്ലോ? അവരെ പാര്‍ട്ടി അംഗങ്ങളാക്കാനും അവര്‍ മുമ്പു നിലകൊണ്ടിരുന്ന സനാതനമൂല്യങ്ങള്‍ക്ക് എതിരാക്കാനുംവേണ്ടി ഒരുക്കിയ വിദഗ്ധമായ കെണിയാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി സ്ഥാനം. എല്ലാ പാര്‍ടികളും വെറും രാഷ്ട്രീയ പാര്‍ടികള്‍ മാത്രമല്ല എന്ന തിരിച്ചറിവ് ഇവിടെയേറെ പ്രധാനപ്പെട്ടതാണ്. കേവല കക്ഷി രാഷ്ട്രീയത്തിനുപരി, ദൈവവിശ്വാസത്തിനും അനുഷ്ഠാനത്തിനും ജനാധിപത്യ - സനാതന മൂല്യങ്ങള്‍ക്കും മതസൌഹാര്‍ദ്ദത്തിനുമെതിരായ പ്രത്യയശാസ്ത്ര നിലപാടുകളുള്ളവരുടെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാകുന്നതും അത്തരം സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതും അപകടകരമായിരിക്കും''.

ഇതിലൂടെ സഭാ നേതൃത്വത്തിന്റെ രാഷ്ട്രീയ അജണ്ടയാണ് മറനീക്കി പുറത്തുവരുന്നത്. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കെതിരായും യുഡിഎഫിനനുകൂലമായും വിശ്വാസികളെ അണിനിരത്തുകയാണ് അവരുടെ ഉദ്ദേശ്യം. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പിന്തുണയോടെ മല്‍സരിച്ചു വിജയിച്ച സ്വതന്ത്രനായിട്ടുള്ള ഒരു ജനപ്രതിനിധിയോടും സിപിഐ എം അവരുടെ ഈശ്വര വിശ്വാസം ഉപേക്ഷിക്കണമെന്ന് ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. എന്നു മാത്രവുമല്ല സിപിഐ എമ്മിന്റെ കൂടെയുള്ള ജനങ്ങളില്‍ ഏറിയ പങ്കും ഈശ്വരവിശ്വാസികളാണ് താനും. അപ്പോള്‍ എല്‍ഡിഎഫ് പിന്തുണയ്ക്കുന്ന ദൈവവിശ്വാസികളായ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കുപോലും വോട്ടു ചെയ്യരുതെന്ന സഭാ നേതൃത്വത്തിന്റെ കല്‍പന യുഡിഎഫിനോടുള്ള അന്ധമായ വിധേയത്വമല്ലാതെ മറ്റെന്താണ്?

പ്രസ്തുത ഇടയലേഖനം ജൂലൈ 18ന് ഞായറാഴ്ച പള്ളികളിലൊത്തുകൂടിയ വിശ്വാസികള്‍ക്ക് ബാധ്യസ്ഥമായ നിബന്ധനയാണ്. ദൈവത്തിന്റെ ആഗ്രഹം എന്ന നിലയ്ക്കാണ് തിരഞ്ഞെടുപ്പില്‍ ഇന്ന വിഭാഗത്തിനുമാത്രമേ വോട്ടു ചെയ്യാന്‍ പാടുള്ളൂ എന്ന നിബന്ധന മുന്നോട്ടുവച്ചിട്ടുള്ളത്. നിരീശ്വര വിശ്വാസികളെ തദ്ദേശ ഭരണം ഏല്‍പിക്കുവാന്‍ പാടില്ല എന്ന നിര്‍ദ്ദേശം ഇതിലടങ്ങിയിട്ടുണ്ട്. എന്നുമാത്രമല്ല നിരീശ്വര പ്രസ്ഥാനങ്ങള്‍ പിന്തുണയ്ക്കുന്ന ദൈവവിശ്വാസികള്‍ക്കുപോലും വോട്ടു ചെയ്യരുതെന്ന ആഹ്വാനവുമുണ്ട്. ഇത് ഒട്ടേറെ പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്ന ഒന്നാണ്. ഒന്നാമതായി മതത്തേയും ഈശ്വര വിശ്വാസത്തേയും ഉപയോഗിച്ച് വോട്ടു പിടിക്കുന്നത് നിലവിലുള്ള ജനപ്രാതിനിധ്യനിയമപ്രകാരം കുറ്റകരമാണ്. അങ്ങനെ വോട്ടുപിടിച്ചു ജയിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ അയോഗ്യരുമാണ്.

മതസംഘടനകള്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷതയ്ക്ക് കടകവിരുദ്ധമാണ്. ലോകത്തിലെ മതരാഷ്ട്രങ്ങളില്‍ മതാനുഷ്ഠാനം നിര്‍ബന്ധിതമാണ്. എന്നാല്‍ ഇന്ത്യയില്‍ എല്ലാ മതങ്ങളിലും വിശ്വസിക്കാനും, ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനും പൌരന് അവകാശമുണ്ട്. മതത്തില്‍ വിശ്വസിക്കാതിരിക്കുന്നവരും, അവര്‍ പിന്തുണയ്ക്കുന്ന മതവിശ്വാസികളും തദ്ദേശഭരണ സ്ഥാപനങ്ങളുടെ തലപ്പത്ത് തെരഞ്ഞെടുക്കപ്പെടാന്‍ പാടില്ല എന്നു പറയുന്നത് അതുകൊണ്ടുതന്നെ ഭരണഘടനാവിരുദ്ധവുമാണ്. ഈശ്വരവിശ്വാസികളും നിരീശ്വരവിശ്വാസികളും തമ്മില്‍ യാതൊരു വിവേചനവും പാടില്ലെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. ജനാധിപത്യപ്രക്രിയയില്‍ ഈശ്വരവിശ്വാസികള്‍ക്ക് യാതൊരു പ്രാമുഖ്യവും ഭരണഘടന കല്‍പിച്ചിട്ടുമില്ല. ഭരണഘടനാ നിര്‍മ്മാണ അസംബ്ളിയിലെ നടപടിക്രമങ്ങള്‍ നോക്കുക. 1949 ഒക്ടോബര്‍ 17ന് ആമുഖത്തെക്കുറിച്ച് ചര്‍ച്ച ചെയ്തപ്പോള്‍ആദ്യ വാചകത്തിന് എച്ച് വി കാമത്ത് ഒരു ഭേദഗതി നിര്‍ദ്ദേശിച്ചു. ദൈവത്തിന്റെ നാമത്തില്‍ ഇന്ത്യന്‍ ഭരണഘടന ആരംഭിക്കണമെന്നായിരുന്നു അത്. ആ ഭേദഗതി വോട്ടിനിട്ട് തള്ളുകയാണ് ചെയ്തത്. ചര്‍ച്ചയില്‍ ഇടപെട്ടുകൊണ്ട് തിരു-കൊച്ചി സംസ്ഥാനത്തെ പ്രതിനിധീകരിച്ച് സഭയിലംഗമായിരുന്ന എ താണുപിള്ള പറഞ്ഞ അഭിപ്രായം ഇവിടെ എടുത്തുപറയേണ്ടതുണ്ട്: "ഞാനൊരു തികഞ്ഞ ദൈവവിശ്വാസിയാണെങ്കിലും കാമത്തിന്റെ ഭേദഗതി സ്വീകരിക്കുകയാണെങ്കില്‍ അത് വിശ്വാസത്തിന്റെ കാര്യത്തില്‍ ഒരു നിര്‍ബന്ധം പിടിക്കലാകില്ലേ? ഇത് ഒരു വ്യക്തിയുടെ വിശ്വാസത്തിനുള്ള സ്വാതന്ത്യ്രമെന്ന മൌലികാവകാശത്തെ ബാധിക്കും. ഭരണഘടനാപ്രകാരം ഒരു വ്യക്തിക്ക് ദൈവത്തില്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള അവകാശമുണ്ട്''.

മത സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ആത്മീയതയുടെയും വിശ്വാസ സമൂഹത്തിന്റെ ക്ഷേമത്തിന്റെയും പരിധിയ്ക്കകത്ത് ഒതുങ്ങി നില്‍ക്കേണ്ടതാണ്. ആത്മീയ നേതാക്കള്‍ക്ക് വ്യക്തിപരമായി രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാം. എന്നാല്‍ രാഷ്ട്രത്തിന്റെ പ്രവര്‍ത്തനത്തിലോ തിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ മേഖലയിലോ മതസംഘടനകള്‍ കടന്നു കയറരുത്. മറിച്ചാണെങ്കില്‍ മതത്തിന്റെ പേരില്‍ അത് ജനങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താനിടയാക്കും. മതത്തിന്റെ അടിസ്ഥാനത്തിലുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ ഐക്യത്തിനും രാഷ്ട്രത്തിന്റെ അഖണ്ഡതയ്ക്കും വെല്ലുവിളി ഉയര്‍ത്തുന്ന സമകാലിക രാഷ്ട്രീയത്തില്‍ വിശേഷിച്ചും ഇത് വലിയ പ്രത്യാഘാതമാണ് ഉളവാക്കുക. കത്തോലിക്ക സഭ നടത്തുന്ന ഈ ഇടപെടലുകള്‍ക്ക് പകരമായി. ഹിന്ദു സന്ന്യാസിമാരും മുസ്ളീം മതപണ്ഡിതരും ഇതേപോലെ ആഹ്വാനങ്ങള്‍ പുറപ്പെടുവിച്ചാല്‍ ഇന്ത്യയുടെ മതനിരപേക്ഷതയുടെ ഭാവി എന്തായിരിക്കും?

ജനങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നതിനുവേണ്ടി മതസ്ഥാപനങ്ങളെ ഉപയോഗിച്ച് നടത്തുന്ന ഏതൊരു പ്രവര്‍ത്തനവും നിയമങ്ങള്‍ വഴി വിലക്കിയിട്ടുണ്ട്. അങ്ങനെ നോക്കിയാല്‍ ഇന്ത്യന്‍ പീനല്‍ കോഡിന്റെ 505 (2,3) വകുപ്പുകളുടെ ലംഘനം ആണ് ഈ ഇടയ ലേഖനങ്ങള്‍. 1988ല്‍ പാസ്സാക്കിയ മതസ്ഥാപനങ്ങള്‍ ദുരുപയോഗം തടയല്‍ നിയമത്തിന്റെ 3 ജി വകുപ്പിന്റെ നഗ്നമായ ലംഘനം കൂടിയാണ്. 1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ ജനപ്രതിനിധികളുടെ അയോഗ്യതകള്‍ നിര്‍ണ്ണയിച്ച 153 (എ) വകുപ്പും ഇവിടെ പ്രസക്തമാണ്. കാരണം ജനപ്രാതിനിധ്യ നിയമത്തിലെ അയോഗ്യതാ വ്യവസ്ഥകള്‍ കേരള പഞ്ചായത്ത് രാജ് സംവിധാനത്തിനും ബാധകമാണ്. കേരള പഞ്ചായത്ത്രാജ് നിയമത്തിലെ 29 (ഇ) വകുപ്പനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിനോ ദൃഢപ്രതിജ്ഞ എടുക്കുന്നതിനോ അവകാശമുണ്ട്. ദൃഢപ്രതിജ്ഞ ചെയ്യുന്നവര്‍ക്ക് ഒരു മത സംഘടന അയോഗ്യത കല്‍പിക്കുന്ന സ്ഥിതിയാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. അതിനാല്‍ തദ്ദേശ തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷനു തന്നെ ഇക്കാര്യത്തില്‍ ഇടപെടാവുന്നതാണ്. സ്വതന്ത്രവും നീതിപൂര്‍വ്വഹവുമായ തെരഞ്ഞെടുപ്പിന് തടസ്സമാകുന്ന ഇടയലേഖനത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടിയെടുക്കാവുന്നതാണ്. ഇങ്ങനെ നോക്കിയാല്‍ രാഷ്ട്രീയമായും ഭരണഘടനാപരമായും നിയമപരമായും വലിയ പ്രത്യാഘാതം ഉളവാക്കുന്നതാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് "കേരളത്തിലെ വോട്ടര്‍മാര്‍ക്ക് കെസിബിസി നല്‍കുന്ന ആഹ്വാനം'' എന്ന തലക്കെട്ടിലുള്ള ഇടയലേഖനം.

പി ജയരാജന്‍ chintha weekly 30072010

ഭീകരവിരുദ്ധ യുദ്ധത്തിന്റെ തനിനിറം

ഭീകരതയ്‌ക്കെതിരായ യുദ്ധം എന്ന പേരില്‍ അമേരിക്കന്‍ ഐക്യനാടുകളുടെ നേതൃത്വത്തില്‍ നടന്നുവരുന്ന സൈനിക ആഭാസത്തിന്റെ പൊള്ളത്തരം ഒരിക്കല്‍ക്കൂടി വെളിച്ചത്തുകൊണ്ടുവരുന്നതാണ്‌, ഇക്കഴിഞ്ഞ ദിവസത്തെ സൈനിക രഹസ്യ ചോര്‍ച്ച. വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെ, ഭീകരവാദികളെ ഊട്ടിവളര്‍ത്തിയവര്‍ തന്നെ അതിനെതിരെ പടപ്പുറപ്പാടു നടത്തുന്നതിലെ അപഹാസ്യത ഒരു ദശകത്തോളമായി ലോകം കണ്ടുകൊണ്ടിരിക്കുന്നു. അങ്ങേയറ്റം ഇരട്ടത്താപ്പു നിറഞ്ഞതും ആത്മാര്‍ഥത തൊട്ടുതീണ്ടാത്തതുമായ ഈ സൈനിക നടപടിയുടെ പ്രചോദനം യുദ്ധവെറി മാത്രമാണെന്ന്‌ പല കേന്ദ്രങ്ങളും നേരത്തെ ചൂണ്ടിക്കാണിച്ചതാണ്‌. ഇക്കാര്യം ബോധ്യപ്പെട്ടതുകൊണ്ടുതന്നെ, `ഭീകരതയ്‌ക്കെതിരായ യുദ്ധം' തുടങ്ങിയപ്പോള്‍ കൂടെയുണ്ടായിരുന്ന പലരും ഫലത്തില്‍ അതിനോടു സലാം പറഞ്ഞിരിക്കുന്നു. ഇപ്പോള്‍ അങ്കിള്‍ സാമും സാമിന്റെ കാല്‍ച്ചുവട്ടില്‍ കിടക്കുന്ന ഏതാനും തൊമ്മിരാഷ്‌ട്രങ്ങളുമാണ്‌ അഫ്‌ഗാനിസ്ഥാനിലും ഇറാഖിലുമൊക്കെയായി നടന്നുവരുന്ന, അധിനിവേശത്തിന്റെ തുടര്‍നടപടികളില്‍ പങ്കാളികളായുള്ളത്‌. മാനവരാശിയുടെ രക്ഷയ്‌ക്കെന്ന പേരില്‍ അവര്‍ കാട്ടിക്കൂട്ടുന്ന തട്ടിപ്പുകളുടെയും ക്രൂരതകളുടെയും സ്ഥിരീകരണമാണ്‌, അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക രഹസ്യ ചോര്‍ച്ചയിലൂടെ ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്‌.

`ഭീകരതയ്‌ക്കെതിരായ യുദ്ധ'വുമായി ബന്ധപ്പെട്ട തൊണ്ണൂറ്റി രണ്ടായിരത്തോളം രഹസ്യ സൈനിക രേഖകളാണ്‌ വിക്കിലീക്ക്‌സ്‌ എന്ന വെബ്‌ സൈറ്റ്‌ പുറത്തുകൊണ്ടുവന്നിരിക്കുന്നത്‌. അഫ്‌ഗാനിസ്ഥാനിലെ അധിനിവേശ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടുപോവുന്നതിന്‌ സ്വന്തം ജനതയ്‌ക്കും ലോകത്തിനും മുന്നില്‍ അമേരിക്കന്‍ ഭരണകൂടം നിരന്തരമായി പറഞ്ഞുകൊണ്ടിരുന്ന നുണകളെ തുറന്നുകാട്ടുന്നതാണ്‌ ഈ രേഖകള്‍. അമേരിക്കയും നാറ്റോ സൈന്യവും അഫ്‌ഗാനില്‍ നടത്തിക്കൊണ്ടിരിക്കുന്ന നരവേട്ടയുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ അവയിലുണ്ട്‌. അഫ്‌ഗാന്‍ അധിനിവേശത്തില്‍ ജീവന്‍ നഷ്‌ടമായ സിവിലിയന്‍മാരുടെ എണ്ണം പുറത്തുവന്നതിനേക്കാള്‍ എത്രയോ അധികമാണെന്ന്‌ രേഖകള്‍ വെളിപ്പെടുത്തുന്നു. ഒസാമ ബിന്‍ ലാദനേയും മുല്ലാ ഒമറിനേയും ലക്ഷ്യമിട്ടുള്ള യുദ്ധത്തില്‍ അഫ്‌ഗാന്‍ ഗ്രാമങ്ങളെ ചുട്ടുപൊടിക്കുകയായിരുന്നു, അമേരിക്കന്‍ പട്ടാളക്കാര്‍. തകര്‍ന്നു തരിപ്പണമായ ഒരു രാജ്യത്ത്‌, തങ്ങളുടെ ഇച്ഛയ്‌ക്കൊത്തു ചലിക്കുന്ന പാവ സര്‍ക്കാരിനെ അവരോധിക്കാനായെന്നതില്‍ കവിഞ്ഞ്‌ എന്തെങ്കിലും `നേട്ടം' ചൂണ്ടിക്കാട്ടാന്‍ അമേരിക്കയ്‌ക്കാവില്ല. മുല്ല ഒമറും ഒസാമയും ഹിന്ദുക്കുഷിലെയോ വസീരിസ്ഥാനിലെയോ ഒളിയിടങ്ങളിലുണ്ടെന്ന്‌ അമേരിക്കന്‍ നേതാക്കള്‍ തന്നെ നാഴികയ്‌ക്കു നാല്‍പ്പതുവട്ടമെന്നോണം ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നു. `ഭീകരതയ്‌ക്കെതിരായ യുദ്ധം' തുടങ്ങിയ ശേഷം ലോകമെങ്ങും കൂടുതല്‍ ഭീകരാക്രമണങ്ങള്‍ നടക്കുകയും ഭീകര സംഘടനകള്‍ മുളച്ചുപൊന്തുകയുമാണുണ്ടായത്‌. എല്ലാ അര്‍ഥത്തിലും തോറ്റുപോയ ഈ `യുദ്ധം' ജനതകള്‍ക്കു മേലുള്ള തെമ്മാടിത്തം മാത്രമായി തുടര്‍ന്നുകൊണ്ടുപോവുകയാണ്‌, അമേരിക്ക ചെയ്‌തുകൊണ്ടിരിക്കുന്നതെന്ന്‌ വിക്കിലീക്ക്‌സ്‌ പ്രസിദ്ധീകരിച്ച രേഖകള്‍ വ്യക്തമാക്കുന്നു.

ഇതിനേക്കാളെല്ലാം ഗൗരവമാര്‍ന്നതാണ്‌, `ഭീകരതയ്‌ക്കെതിരായ യുദ്ധ'ത്തില്‍ പാകിസ്‌ഥാന്റെ ഇരട്ടമുഖത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍. യുദ്ധത്തില്‍ അമേരിക്കയുടെ മുഖ്യ പങ്കാളിയായ പാകിസ്ഥാന്‍ കോടിക്കണക്കിനു ഡോളറിന്റെ യു എസ്‌ സഹായവും ആയുധങ്ങളും പറ്റിക്കൊണ്ടിരിക്കുകയും അവ താലിബാനെയും മറ്റ്‌ ഭീകര സംഘടനകളെയും ശക്തിപ്പെടുത്താന്‍ ഉപയോഗിക്കുകയുമാണെന്ന്‌ രേഖകള്‍ വ്യക്തമാക്കുന്നു. രഹസ്യ സൈനിക റിപ്പോര്‍ട്ടുകളിലൂടെ ഇക്കാര്യം അറിഞ്ഞിട്ടും പാകിസ്ഥാനുള്ള സഹായം തുടരുകയാണ്‌ അമേരിക്കന്‍ ഭരണാധികാരികള്‍ ചെയ്‌തത്‌. ഭീകരതയെ ഇല്ലാതാക്കുകയല്ല, മേഖലയെ കലുഷിതമാക്കി നിര്‍ത്തുകയും അതുവഴി ആയുധക്കച്ചവടം കൊഴുപ്പിക്കുകയുമാണ്‌ യാങ്കികളുടെ ലക്ഷ്യമെന്നതിന്‌ മറ്റെന്തു തെളിവാണ്‌ വേണ്ടത്‌?

തങ്ങളുടെ സ്ഥാപിത താല്‍പര്യം സംരക്ഷിക്കുവാന്‍ ഭീകരതയെ ഉത്‌പാദിപ്പിക്കുകയും വളര്‍ത്തുകയും ചെയ്യുന്ന അമേരിക്കയുടെ മുഖമാണ്‌ അനാവൃതമാക്കപ്പെട്ടിരിക്കുന്നത്‌. ഇന്ത്യയ്‌ക്കെതിരായി നിരന്തരം നീക്കങ്ങള്‍ ആസൂത്രണം ചെയ്യുന്ന പാകിസ്ഥാന്‌ ആയുധവും പണവും നല്‍കുന്നതില്‍ നിന്ന്‌ പിന്തിരിയുകില്ലെന്ന്‌ അമേരിക്ക പ്രഖ്യാപിക്കുമ്പോള്‍ അമേരിക്കന്‍ ദാസ്യത്തില്‍ അഭിരമിക്കുന്ന ഇന്ത്യന്‍ ഭരണാധികാരികള്‍ മൗനം പാലിക്കുകയാണ്‌.

`ഭീകരതയ്‌ക്കെതിരായ യുദ്ധ'ത്തിന്റെ പൂച്ചുപുറത്തായിട്ടും അതു തിരുത്താനോ മാനവരാശിയോടു ചെയ്‌ത തെറ്റുകള്‍ക്കു മാപ്പുപറയാനോ അമേരിക്ക തയ്യാറല്ല. മറിച്ച്‌ സൈനിക രഹസ്യം ചോര്‍ന്നതിനെക്കുറിച്ച്‌ അന്വേഷണം നടത്താനാണ്‌ അവര്‍ ഒരുങ്ങുന്നത്‌. അഫ്‌ഗാന്‍ നയത്തില്‍ പിഴവൊന്നുമില്ലെന്നും അതു തുടരുമെന്നും പാകിസ്ഥാനുള്ള സൈനിക സഹായം കുറയ്‌ക്കില്ലന്നും ഒബാമ ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നു. മുന്‍ഗാമികളുടെ പാപഭാണ്ഡം വലിച്ചെറിയാന്‍ കരുത്തില്ലാത്ത, ദുര്‍ബലനായ ഭരണാധികാരിയാണ്‌ താനെന്ന്‌ തെളിയിച്ചുകഴിഞ്ഞിരിക്കുന്നു ബാരക്‌ ഒബാമ. അങ്ങനെയൊരാളില്‍നിന്ന്‌ സൂര്യോദയങ്ങള്‍ പ്രതീക്ഷിക്കാനാവില്ല.

ജനയുഗം മുഖപ്രസംഗം 29072010

കേരളത്തിലെ സന്നദ്ധസംഘടനകള്‍ക്ക് ലഭിച്ചത് 2342 കോടി വിദേശഫണ്ട്

സര്‍ക്കാരിതര സംഘടനകള്‍ക്കെന്ന പേരില്‍ 2005 മുതലുള്ള മൂന്ന് വര്‍ഷം വിദേശത്തുനിന്ന് കേരളത്തിലേക്ക് ഒഴുകിയെത്തിയത് 2341.47 കോടി രൂപ. 2005-06 ല്‍ കേരളത്തിലെ 1565 സംഘടനയ്ക്കായി 656.27 കോടിയും 2006-07ല്‍ 1533 സംഘടനകള്‍ക്കായി 884.39 കോടിയും 2007-08ല്‍ 1512 സംഘടനകള്‍ക്കായി 800.81 കോടിയുമാണ് സംഭാവനാരൂപത്തില്‍ എത്തിയത്. ലോക്സഭയില്‍ ചോദ്യത്തിന് ഉത്തരമായി ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനാണ് വിശദാംശം വെളിപ്പെടുത്തിയത്. 2008 മുതലുള്ള കണക്ക് കേന്ദ്രത്തിന്റെ പക്കലില്ല. വിദേശനിയന്ത്രണ നിയമപ്രകാരം (എഫ്സിആര്‍എ) രജിസ്റര്‍ ചെയ്ത സംഘടനകള്‍ക്ക് ലഭിച്ച വിദേശഫണ്ടിന്റെ കണക്ക് മാത്രമാണ് കേന്ദ്രത്തിന്റെ പക്കലുള്ളത്. അതല്ലാതെ വിദേശത്ത് നിന്ന് സംഘടനകള്‍ക്ക് പണം വരുന്നുണ്ടോയെന്ന കാര്യത്തില്‍ കേന്ദ്രം അജ്ഞരാണ്. വിദേശഫണ്ട് സന്നദ്ധസംഘടനകള്‍ എങ്ങനെ വിനിയോഗിക്കുന്നുവെന്ന് നിരീക്ഷിക്കാനും സംവിധാനമില്ല. എന്‍ജിഓകള്‍ നല്‍കുന്ന ഓഡിറ്റ് റിപ്പോര്‍ട്ട് പരിശോധിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞു.

ഇന്ത്യയില്‍ ഏതാണ്ട് 19,000 ത്തോളം എന്‍ജിഓകള്‍ക്ക് വിദേശഫണ്ട് ലഭിക്കുന്നുണ്ട്. 2005-06 ല്‍ 7877.57 കോടി രൂപയും 2006-07 ല്‍ 11336.97 കോടിയും 2007-08 ല്‍ 9663.46 കോടി രൂപയും വിദേശഫണ്ടായി ലഭിച്ചു. പരാതികളുടെ അടിസ്ഥാനത്തില്‍ 41 സംഘടനകളെ വിദേശഫണ്ട് സ്വീകരിക്കുന്നതില്‍നിന്ന് വിലക്കിയിട്ടുണ്ട്. വിദേശഫണ്ട് വാങ്ങുന്നതില്‍ സര്‍ക്കാര്‍ വിലക്കിയ സംഘടനകളില്‍ കേരളത്തിലെ നാല് എന്‍ജിഓകളുണ്ട്. കൊച്ചിയിലെ ആക്ഷന്‍ ഫോര്‍ പീപ്പിള്‍സ് പാര്‍ട്ടിസിപ്പേഷന്‍, ഇടുക്കി പുളിയന്‍മലയിലെ സോഷ്യല്‍ ആക്ഷന്‍ മൂവ്മെന്റ്, പത്തനംതിട്ട പന്നിവിഴയിലെ സൊസൈറ്റി ഫോര്‍ ആക്ഷന്‍ വിത്ത് ദി പുവര്‍, ഇസ്ളാമിയ കോളേജ് കുറ്റ്യാടി എന്നീ സംഘടനകള്‍ക്കാണ് വിലക്ക്.

deshabhimani 29072010

ലോട്ടറി പ്രശ്നത്തില്‍ ഒമ്പത് ചോദ്യങ്ങള്‍

അന്യസംസ്ഥാന ലോട്ടറി സംബന്ധിച്ച് പ്രതിപക്ഷം നിയമസഭയിലുന്നയിച്ച അഴിമതി ആരോപണങ്ങള്‍, നിയമവിരുദ്ധ ലോട്ടറി സ്ഥാപനങ്ങളുമായി ചേര്‍ന്നുള്ള തങ്ങളുടെ കള്ളക്കളി പുറത്തുകാണാതിരിക്കാനുള്ള പുകമറ സൃഷ്ടിക്കല്‍ മാത്രമാണ്. വസ്തുതകള്‍ സൂക്ഷ്മമായി പഠിച്ചാല്‍, ലോട്ടറി മാഫിയയുടെ രക്ഷകര്‍, ഇന്ന് ആരോപണവുമായി വന്ന കോണ്‍ഗ്രസും അതിന്റെ കേന്ദ്രഗവണ്‍മെന്റുമാണ് എന്നു കാണാന്‍ വിഷമമില്ല. ഈ സത്യം ജനങ്ങളറിയുന്നതിലുള്ള കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും അസ്വസ്ഥതയാണ് അഴിമതി ആരോപണങ്ങള്‍ക്കു പിന്നിലുള്ളത്. ഇതുമായി ബന്ധപ്പെട്ട് ഒമ്പത് ചോദ്യങ്ങള്‍ ഞങ്ങള്‍ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയുടെ മുമ്പില്‍ വയ്ക്കുന്നു. ഈ ചോദ്യങ്ങള്‍ക്ക് സത്യസന്ധമായി ഉമ്മന്‍ചാണ്ടി മറുപടി പറയുമെങ്കില്‍ ജനങ്ങള്‍ക്ക് യാഥാര്‍ഥ്യം ബോധ്യപ്പെടും.

ഒന്ന്: അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ നടപടി എടുക്കാന്‍ സംസ്ഥാന ഗവണ്‍മെന്റിന് അധികാരമുണ്ടെന്നാണല്ലോ ഉമ്മന്‍ചാണ്ടിയുടെയും കൂട്ടരുടെയും വാദം. എങ്കില്‍പിന്നെ നടപടി അധികാരം സംസ്ഥാനത്തിനു നല്‍കണമെന്നാവശ്യപ്പെടുന്ന കഴിഞ്ഞ ആഗസ്തിലെ സര്‍വകക്ഷി നിവേദനത്തില്‍ ഉമ്മന്‍ചാണ്ടി എന്തിന് ഒപ്പുവച്ചു?

രണ്ട്: സുപ്രീംകോടതിയിലെ ലോട്ടറി കേസ് കേരള ഗവണ്‍മെന്റിന് അനുകൂലമായി നീങ്ങിയ ഘട്ടത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പാര്‍ടിയുടെ നേതൃത്വത്തിലുള്ള കേന്ദ്രഗവമെന്റ് ലോട്ടറി എന്നതില്‍ ഓണ്‍ലൈന്‍ ലോട്ടറിയും പെടും എന്ന നിര്‍വചനത്തോടെ കേന്ദ്ര ലോട്ടറി നിയന്ത്രണച്ചട്ടങ്ങള്‍ ധൃതിപിടിച്ച് ഭേദഗതിപ്പെടുത്തിയത് ആര്‍ക്കുവേണ്ടിയായിരുന്നു?

മൂന്ന്: കേന്ദ്രം പുറപ്പെടുവിച്ച ആ ചട്ടമല്ലേ കേരളത്തിന്റെ ഓണ്‍ലൈന്‍ ലോട്ടറി നിരോധനത്തെ ത്രിശങ്കുവിലാക്കിയതും ഒരു പ്രൊമോട്ടര്‍ക്ക് ഒരു ദിവസം 24 നറുക്കെടുപ്പുവരെ നടത്താം എന്ന അവസ്ഥ ഉണ്ടാക്കിവച്ചതും?

നാല്: കേരളം ഓണ്‍ലൈന്‍ ലോട്ടറി നിരോധിച്ച് ചട്ടമുണ്ടാക്കിയപ്പോള്‍ അതിനെ അത്തരം ലോട്ടറിക്കാര്‍ക്കുവേണ്ടി ചോദ്യംചെയ്തുകൊണ്ട് കോടതിയില്‍ ഹാജരായത് താങ്കളുടെ പാര്‍ടിയിലെ പ്രമുഖനായ പി ചിദംബരമല്ലേ?

അഞ്ച്: ആ ചിദംബരം ആഭ്യന്തരമന്ത്രിയായപ്പോഴല്ലേ, ഓണ്‍ലൈനെ നിയമവിധേയമാക്കുംവിധമുള്ള ചട്ടഭേദഗതി വരുത്തിയത്?

ആറ്: അന്യസംസ്ഥാന ലോട്ടറിക്കെതിരെ സംസ്ഥാനത്തിന് നടപടി എടുക്കാന്‍ അവകാശമില്ലെന്നുമാത്രമല്ല, നടപടി എടുക്കുന്ന കാര്യം കേന്ദ്രം പരിഗണിക്കണമെന്നു നിര്‍ദേശിക്കാന്‍ കോടതിക്ക് അവകാശമില്ല എന്നുപോലും സുപ്രീംകോടതിയുടെ ഡിവിഷന്‍ ബെഞ്ചിനുമുമ്പില്‍ വാദിച്ചത് ഉമ്മന്‍ചാണ്ടിയുടെ പാര്‍ടിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അല്ലേ. ആരുടെ താല്‍പ്പര്യത്തിലുള്ളതായിരുന്നു ആ വാദം? ആ വാദമല്ലേ കേരളത്തെ കേസില്‍ തോല്‍പ്പിച്ചത്?

ഏഴ്: ഓണ്‍ലൈന്‍ ലോട്ടറി നിരോധിച്ചതും അന്യസംസ്ഥാന ലോട്ടറികളുടെ നിയമലംഘനത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തിയതും ആ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രജിസ്ട്രേഷന്‍ ക്യാന്‍സല്‍ ചെയ്യാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ കാണിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസയച്ചതും യുഡിഎഫ് ഗവണ്‍മെന്റല്ല, എല്‍ഡിഎഫ് ഗവണ്‍മെന്റാണ് എന്നത് കാണുന്നില്ലേ?

എട്ട്: ഓണ്‍ലൈന്‍ ലോട്ടറിക്കാര്‍ക്കെതിരായ നടപടികള്‍ പിന്‍വലിക്കുമെന്ന് വിശദീകരിക്കുകയും ഇനി നടപടി എടുക്കില്ല എന്ന് ഉറപ്പുനല്‍കുകയും ചെയ്യുന്ന സത്യവാങ്മൂലം സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നില്ലേ യുഡിഎഫ് ഗവമെന്റ് ചെയ്തത്?

ഒമ്പത്: കേരളത്തിന്റെ താല്‍പ്പര്യത്തെ അപകടപ്പെടുത്തുന്നതും ലോട്ടറി സ്ഥാപനങ്ങളുടെ താല്‍പ്പര്യങ്ങളെ സംരക്ഷിക്കുന്നതുമായ ഈ സത്യവാങ്മൂലത്തിലെ അപകടം മുന്‍നിര്‍ത്തി അത് ഭേദഗതിപ്പെടുത്താനനുവദിക്കണമെന്ന് സുപ്രീംകോടതിയോട് അപേക്ഷിച്ചത് എല്‍ഡിഎഫ് ഗവണ്‍മെന്റാണെന്ന സത്യം നിഷേധിക്കാനാകുമോ?

ഈ ഒമ്പത് ചോദ്യങ്ങള്‍ക്ക് പൊതുജനസമക്ഷം മറുപടി പറയാന്‍ ഉമ്മന്‍ചാണ്ടി തയ്യാറായാല്‍ ലോട്ടറിക്കാര്യത്തില്‍ കള്ളക്കളി നടത്തിയതാരാണെന്ന് വ്യക്തമാകും. അന്യസംസ്ഥാന ലോട്ടറിക്കെതിരെ നടപടിയെടുക്കുന്നതില്‍നിന്ന് സംസ്ഥാന ഗവണ്‍മെന്റിനെ വിലക്കുന്നത് കേന്ദ്രനിയമത്തിന്റെ നാലാംവകുപ്പാണ്. അത് നീക്കിയാല്‍ ആ നിമിഷം ഇത്തരം ലോട്ടറികള്‍ സംസ്ഥാനത്തിന് അടച്ചുപൂട്ടാവുന്നതേയുള്ളൂ. അക്കാര്യത്തില്‍ പൂര്‍ണ പ്രതിബദ്ധതയുള്ളതുകൊണ്ടാണ് കേരള ഗവണ്‍മെന്റ് വിജിലന്‍സ് അന്വേഷണം നടത്തിയത്; നിയമലംഘനം ചൂണ്ടിക്കാട്ടി കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഇതിനെയാണ് പേപ്പര്‍ ലോട്ടറിക്കാര്‍ ഹൈക്കോടതിയില്‍ ചോദ്യംചെയ്തത്. അപ്പോഴാണ് മറ്റൊരു സംസ്ഥാനത്തിലെ ലോട്ടറിക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്രത്തിനേ അധികാരമുള്ളൂ എന്ന് ഹൈക്കോടതി പറഞ്ഞത്. സംസ്ഥാനത്തിന് അധികാരം സ്ഥാപിച്ച് കിട്ടാന്‍ എല്‍ഡിഎഫ് ഗവമെന്റ് സുപ്രീംകോടതിയില്‍ പോയി. സുപ്രീംകോടതിയാകട്ടെ, കേന്ദ്രം ഉടന്‍ നടപടിയെടുക്കണമെന്ന് നിര്‍ദേശിക്കുകയാണ് ചെയ്തത്. പക്ഷേ ഇതുവരെ കേന്ദ്രനടപടിയില്ല!

ഓണ്‍ലൈന്‍ ലോട്ടറി കേസുകളുമായി കൂട്ടിച്ചേര്‍ത്ത് ഈ കേസുകളും പരിഗണിച്ചാല്‍ കാലതാമസമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന ഗവണ്‍മെന്റ് വിധിതീര്‍പ്പ് നേരത്തെ ആക്കിയെടുത്തതാണ്. പക്ഷേ, കേന്ദ്രം അനങ്ങുന്നില്ല. ഒരു പ്രൊമോട്ടര്‍ക്ക് 24 നറുക്കെടുപ്പുവരെ ദിവസവും നടത്താമെന്ന നിലയ്ക്ക് കേന്ദ്രം ചട്ടത്തില്‍ ഇളവുവരുത്തിയ പശ്ചാത്തലമുപയോഗിച്ച് അരുണാചലില്‍നിന്ന് ചിലര്‍ നല്‍കിയ അപേക്ഷ തള്ളുകയാണ് കേരളം ചെയ്തത്. എന്നാല്‍, സുപ്രീംകോടതി ഇടപെട്ട് പാലക്കാട്ടെ അസിസ്റ്റന്റ് കൊമേഴ്സ്യല്‍ ടാക്സ് കമീഷണര്‍ക്ക് അത് അയച്ചുകൊടുക്കുകയാണ് ചെയ്തത്. രജിസ്ട്രേഷന്‍ നിഷേധിക്കാന്‍ സംസ്ഥാനത്തിന് കഴിയാത്ത സാഹചര്യത്തില്‍ സംസ്ഥാനത്തിന് അനുകൂലമായ നിലപാട് കേന്ദ്രം എടുക്കണമെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും കേന്ദ്രത്തോട് അഭ്യര്‍ഥിച്ചു. എന്നാല്‍, ലോട്ടറിക്കാര്‍ക്കുവേണ്ടിയുള്ള നിലപാടാണ് കേന്ദ്രം എടുത്തത്. സുപ്രീംകോടതിയില്‍ കേസ് കേരളത്തിന് അനുകൂലമാകുന്നു എന്നുവന്ന ഘട്ടത്തിലാണ് കേന്ദ്രം സെക്രട്ടറിതല പഠനഗ്രൂപ്പിന്റെ റിപ്പോര്‍ട്ടുകൊണ്ട് ആ സാധ്യതയും പൊളിച്ചത്.

ഇത്തരമൊരു സാഹചര്യത്തിലാണ് കേരള ഗവണ്‍മെന്റ് വിളിച്ചുകൂട്ടിയ സര്‍വകക്ഷിയോഗം സംസ്ഥാനത്തിന് നടപടിയെടുക്കാനുള്ള അധികാരം ആവശ്യപ്പെട്ടത്; ഓണ്‍ലൈന്‍ ലോട്ടറി നിയമവിധേയമാക്കരുതെന്ന് ആവശ്യപ്പെട്ടത്; സുപ്രീംകോടതിയില്‍ അന്യസംസ്ഥാന ലോട്ടറിക്കെതിരായ സംസ്ഥാന നിലപാടിനെ പിന്തുണയ്ക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ഈ ആവശ്യങ്ങളടങ്ങിയ നിവേദനത്തില്‍ ഒപ്പുവച്ചവര്‍തന്നെ, സംസ്ഥാനത്തിന് നടപടി അധികാരമുണ്ടെന്ന് പറയുമ്പോള്‍ അത് കാപട്യമല്ലാതെ മറ്റെന്താകാന്‍? ഇത് മുന്‍നിര്‍ത്തി നിയമസഭയില്‍ അഴിമതി ആരോപണമുന്നയിക്കുന്നത് തെരഞ്ഞെടുപ്പ് അടുത്തതുകൊണ്ടല്ലാതെ, മറ്റെന്തുകൊണ്ടാകാന്‍?

ദേശാഭിമാനി മുഖപ്രസംഗം 29072010

Wednesday, July 28, 2010

കാതില്‍ മുഴങ്ങുന്നു,കൌസറിന്റെ വിലാപം...

പിറക്കാത്ത മകനൊപ്പം വെന്തൊടുങ്ങിയ കൌസര്‍ ബാനുവിന്റെ രോദനം ഫര്‍സാന അയൂബിന്റെ കാതുകളില്‍ ഇപ്പോഴും മുഴങ്ങുന്നു. ഓര്‍ക്കാന്‍ ഭയക്കുന്ന ആ ദിവസത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി മൌനം. ഗുജറാത്തിലെ നരോദ പാട്യയില്‍ കൌസര്‍ ബാനുവിന്റെ നിറവയര്‍ വെട്ടിമുറിച്ച് ഗര്‍ഭസ്ഥശിശുവിനെ കത്തിച്ച ക്രൂരത ഇന്നും ഫര്‍സാനയുടെ കണ്‍മുന്നിലുണ്ട്. ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റ്യൂഷന്‍ സെന്ററില്‍ ഗുജറാത്തിലെ വംശഹത്യയുടെ പേടിസ്വപ്നം പേറുന്നവര്‍ക്കായി സിറ്റിസസ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഫര്‍സാനയുടെ മൌനം പതിയെ വാക്കുകള്‍ക്കും പൊടുന്നനെ കണ്ണീരിനും വഴിമാറി. സ്വന്തം കുടുംബത്തിലെ ഏഴുപേര്‍ കണ്‍മുന്നില്‍ പിടഞ്ഞുമരിച്ചതിന്റെ നോവൊടുങ്ങാത്ത ഹൃദയവുമായാണ് ഷക്കീല ഫിറോസ്ബായ് സംസാരിച്ചത്. തന്റെ മകളെ സംഘപരിവാര്‍ ഭീകരര്‍ ബലാത്സംഗം ചെയ്തുകൊന്നതിന് ദൃക്സാക്ഷിയാണിവര്‍.

2002 ഫെബ്രുവരിയില്‍ 28ന് ഗുജറാത്തില്‍ ഭരണകൂടം ആസൂത്രണം ചെയ്ത വംശഹത്യയുടെ ഭാഗമായ നരോദ പാട്യയിലെ അതിക്രമങ്ങളുടെ ബാക്കിപത്രമാണ് ഫര്‍സാനയും ഷക്കീല ഫിറോസും. ഗുല്‍ബര്‍ഗില്‍ കോഗ്രസിന്റെ മുന്‍ എംപി ഇഹ്സാന്‍ ജഫ്രിയടക്കം എഴുപതോളംപേരെ കൂട്ടക്കൊല ചെയ്തതിന് സാക്ഷികളാണ് ജന്നത് കല്ലുഭായ് ഷേഖും രൂപ ബഹന്‍ മോഡിയും. വംശഹത്യാകേസുകളില്‍ സാക്ഷിയായതിന്റെ പേരില്‍ ഇപ്പോഴും സംഘപരിവാറിന്റെ നോട്ടപ്പുള്ളികളായ 97 സ്ത്രീകളുടെ വേദനയാണ് പങ്കുവച്ചത്. ഗുജറാത്ത് സര്‍ക്കാരിനൊപ്പം നീതിപീഠവും തങ്ങളോട് കാട്ടുന്ന പീഡനത്തിന്റെ കഥകള്‍ അവര്‍ വിവരിച്ചു. വിചാരണയ്ക്കിടെ ജഡ്ജിമാരില്‍നിന്ന് പലര്‍ക്കും അപഹാസ്യവും അശ്ളീലവുമായ ചോദ്യങ്ങള്‍ നേരിടേണ്ടിവന്നു. ലൈംഗികാതിക്രമങ്ങള്‍ക്കിരയായ തങ്ങള്‍ക്ക് വനിതാ അഭിഭാഷകരെ നിയോഗിക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. ഇപ്പോഴും സംഘപരിവാറിന്റെ ഭീഷണിയില്‍ കഴിയുന്ന സാക്ഷികളുടെയും ഇരകളുടെയും സംരക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ചടങ്ങില്‍ പങ്കെടുത്ത വൃന്ദ കാരാട്ട് എംപി ആവശ്യപ്പെട്ടു. ഇരകള്‍ക്കായി പ്രവര്‍ത്തിക്കുന്ന പൌരാവകാശ പ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദ്, അരുണ റോയ്, മോഡി ഭരണത്തിന്റെ ക്രൂരതകള്‍ സാക്ഷ്യപ്പെടുത്തിയ മുന്‍ ഗുജറാത്ത് ഡിജിപി ആര്‍ ബി ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 'കമ്മിറ്റി ഫോര്‍ എലിമിനേഷന്‍ ഓഫ് ഡിസ്ക്രിമിനേഷന്‍ എഗയ്ന്‍സ്റ്റ് വിമന്‍‌ന് മുന്നില്‍ സിറ്റിസന്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചടങ്ങില്‍ പ്രകാശനം ചെയ്തു.
(വിജേഷ് ചൂടല്‍)

ദേശാഭിമാനി 28072010

ഭക്ഷ്യധാന്യം നശിക്കുന്നത് ക്രിമിനല്‍കുറ്റം: സുപ്രീംകോടതി

ജനങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ ഭക്ഷ്യധാന്യങ്ങള്‍ കെട്ടിക്കിടന്ന് നശിക്കുന്നത് ക്രിമിനല്‍കുറ്റമാണെന്ന് സുപ്രീംകോടതി. ധാന്യങ്ങള്‍ നശിക്കുന്നത് തടയാനാകുന്നില്ലെങ്കില്‍ ദരിദ്രജനങ്ങള്‍ക്ക് അത് വിതരണംചെയ്യാന്‍ കേന്ദ്രം തയ്യാറാകണമെന്ന് സുപ്രീംകോടതി തുറന്നടിച്ചു. ഒരൊറ്റ ധാന്യമണിപോലും പാഴായിപ്പോകാന്‍ അനുവദിക്കരുതെന്നും ധാന്യങ്ങള്‍ നശിക്കുന്നത് തടയാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് കേന്ദ്രം രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. പൊതുവിതരണസംവിധാനത്തിലെ അപാകം ചൂണ്ടിക്കാട്ടി പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കെ ജസ്റിസുമാരായ ദല്‍ബീര്‍ ഭണ്ഡാരി, ദീപക് വര്‍മ എന്നിവരടങ്ങിയ ബെഞ്ചാണ് സര്‍ക്കാരിനെ വിമര്‍ശിച്ചത്.

പൊതുവിതരണസംവിധാനം സാര്‍വത്രികമാക്കുന്നതടക്കം പത്ത് വിഷയത്തിലാണ് കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയത്. ജനങ്ങള്‍ പട്ടിണി കിടക്കുന്ന രാജ്യത്ത് ധാന്യങ്ങള്‍ പാഴാകുന്നത് കുറ്റമാണ്. പല സ്ഥലത്തും ധാന്യങ്ങള്‍ നശിക്കുന്നതായി സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു. ധാന്യങ്ങള്‍ സംഭരിച്ച് സൂക്ഷിക്കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നടപടിയെന്ന നിലയില്‍ സര്‍ക്കാര്‍ ഒരുക്കണം. ഹ്രസ്വകാലനടപടിയെന്ന നിലയില്‍ ഗോഡൌണുകള്‍ വാടകയ്ക്കോ മറ്റോ കിട്ടുമോയെന്ന് പരിശോധിക്കണം. അല്ലെങ്കില്‍ വെള്ളംകയറില്ലെന്ന് ഉറപ്പുള്ള ടെന്റുകളില്‍ ധാന്യങ്ങള്‍ സൂക്ഷിക്കണം. ഒരു ധാന്യമണിപോലും പാഴാകില്ലെന്ന് ഉറപ്പാക്കാവുന്നവിധത്തിലാകണം നടപടി- കേന്ദ്ര ഭക്ഷ്യസെക്രട്ടറിക്ക് നല്‍കിയ നിര്‍ദേശത്തില്‍ കോടതി പറഞ്ഞു.

പൊതുവിതരണസംവിധാനം (പിഡിഎസ്) എപിഎല്ലുകാര്‍ക്കുകൂടി ലഭ്യമാക്കാനോ അല്ലെങ്കില്‍ നിലവിലുള്ള ബിപിഎല്‍ വിഭാഗത്തെ കൂടുതല്‍ വിപുലപ്പെടുത്താനോ സര്‍ക്കാര്‍ തയ്യാറാകണമെന്നും കോടതി നിര്‍ദേശിച്ചു. പിഡിഎസ് അഴിമതി തടയാന്‍ നടപടിയുണ്ടാകണമെന്നും കോടതി പറഞ്ഞു. കെട്ടിക്കിടക്കുന്ന ധാന്യങ്ങള്‍ നീക്കുന്നതിന്റെ ഭാഗമായി എപിഎല്‍ വിഭാഗക്കാര്‍ക്ക് കൂടുതല്‍ അരിയും ഗോതമ്പും വിതരണം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക മന്ത്രിസമിതി തീരുമാനിച്ചു. 30 ലക്ഷം ടണ്‍ അരിയും ഗോതമ്പും കുറഞ്ഞ വിലയ്ക്ക് 11.5 കോടി വരുന്ന എപിഎല്‍ കുടുംബത്തിന് വിതരണംചെയ്യാനാണ് തീരുമാനം. 10 മുതല്‍ 35 കിലോവരെ അരിയും ഗോതമ്പും എപിഎല്‍ കുടുംബങ്ങള്‍ക്ക് അധികമായി ലഭിക്കും. ഗോതമ്പ് കിലോയ്ക്ക് 6.10 രൂപ നിരക്കിലും അരി കിലോയ്ക്ക് 8.30 രൂപയ്ക്കുമാകും നല്‍കുക. സ്വകാര്യവ്യക്തികളില്‍നിന്ന് ഗോഡൌണുകള്‍ കൂടുതല്‍ കാലത്തേക്ക് വാടകയ്ക്ക് വാങ്ങാനും തീരുമാനമായിട്ടുണ്ട്. രാജ്യത്ത് നിലവില്‍ ഒരുകോടിയോളം ടണ്‍ ഭക്ഷ്യധാന്യം കെട്ടിക്കിടന്ന് നശിക്കുന്നതായാണ് റിപ്പോര്‍ട്ട്.
(എം പ്രശാന്ത്)

ദേശാഭിമാനി 28072010

അധഃസ്ഥിതരെയും ജനാധിപത്യത്തെയും വഞ്ചിക്കുന്ന നടപടി

അധഃസ്ഥിതരെ മുന്‍നിരയിലേയ്‌ക്ക്‌ കൊണ്ടുവരുന്നതിനായാണ്‌ സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ജനാധിപത്യ വേദികളിലേയ്‌ക്കും ഉദ്യോഗസ്ഥ തസ്‌തികകളിലേയ്‌ക്കും സംവരണം ഏര്‍പ്പെടുത്താന്‍ ഭരണഘടനാ ശില്‍പ്പികള്‍ ശുപാര്‍ശ ചെയ്‌തത്‌. ആ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഉദ്യോഗ മണ്ഡലങ്ങളിലും പാര്‍ലമെന്ററി സ്ഥാനങ്ങളിലും നിശ്ചിതമായ സ്ഥാനങ്ങള്‍ പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കായി സംവരണം ചെയ്‌തു. അത്തരം സംവരണ സ്ഥാനങ്ങളില്‍ അര്‍ഹതയില്ലാത്തവര്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകളുമായി നുഴഞ്ഞു കയറുന്നത്‌ കടുത്ത അപരാധമാണ്‌. പട്ടികജാതിക്കാരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന ക്രൂരമായ പ്രവൃത്തിയാണത്‌. പാര്‍ലമെന്റ്‌ അംഗമായി പതിറ്റാണ്ടിലേറെക്കാലം തിരഞ്ഞെടുക്കപ്പെടുകയും അതിന്റെ ആനുകൂല്യങ്ങള്‍ പറ്റുകയും ചെയ്‌ത കോണ്‍ഗ്രസ്‌ നേതാവ്‌ കൊടിക്കുന്നില്‍ സുരേഷ്‌ ചെയ്‌തത്‌ ഇത്തരമൊരു കടുത്ത അപരാധവും ആര്‍ക്കും ന്യായീകരിക്കാനാവാത്ത ക്രൂരതയുമാണെന്നാണ്‌ ഹൈക്കോടതി വിധിന്യായത്തിലൂടെ തെളിയിക്കപ്പെടുന്നത്‌. പട്ടികജാതിക്കാര്‍ക്ക്‌ അവകാശപ്പെട്ട അവസരം വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ മുഖേന സുരേഷ്‌ കൈവശപ്പെടുത്തി. ഭരണഘടനാ ശില്‍പ്പികള്‍ എന്താണോ ലക്ഷ്യം വെച്ചത്‌ അതിനെ ധ്വംസിക്കുന്ന പ്രവൃത്തിയാണ്‌ സുരേഷ്‌ നടത്തിയത്‌. കോണ്‍ഗ്രസ്‌ പാര്‍ട്ടിയും അത്തരം നികൃഷ്‌ട പ്രവൃത്തിക്ക്‌ കൂട്ടുനിന്നുവെന്നത്‌ പട്ടികജാതി-പട്ടികവര്‍ഗക്കാരായ അവശ, അധഃസ്ഥിത ജനവിഭാഗങ്ങളോടുള്ള കോണ്‍ഗ്രസിന്റെ നിലപാടും സമീപനവും തെളിയിക്കുന്നു. പട്ടികജാതിക്കാരുടെ അവകാശങ്ങള്‍ അന്യായമായ നിലയില്‍ അര്‍ഹതയില്ലാത്തവര്‍ കവര്‍ന്നെടുക്കുന്നതില്‍ കോണ്‍ഗ്രസിന്‌ അഭിപ്രായ ഭിന്നതയില്ലെന്നാണ്‌ ഇത്തരം അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്‌.

1989 ലും 91 ലും 96 ലും 98 ലും 99 ലും 2004 ലും 2009 ലും നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ പട്ടികജാതി സംവരണമണ്ഡലത്തിലെ യു ഡി എഫ്‌ സ്ഥാനാര്‍ഥിയായിരുന്നൂ കൊടിക്കുന്നില്‍ സുരേഷ്‌. 96 ലും 99 ലും നടന്ന തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടുകയും മറ്റു തിരഞ്ഞെടുപ്പുകളില്‍ വിജയിക്കുകയും ചെയ്‌തു. അതായത്‌ ഒന്നര ദശകത്തോളം പട്ടികജാതിക്കാരെ പ്രതിനിധീകരിക്കേണ്ട മണ്ഡലത്തിന്റെ പ്രതിനിധിയായിരുന്നു കൊടിക്കുന്നില്‍സുരേഷ്‌. പക്ഷേ അത്‌ വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ പിന്‍ബലത്തിലായിരുന്നു എന്ന്‌ ഹൈക്കോടതിതന്നെ പ്രസ്‌താവിക്കുമ്പോള്‍ കൊടിക്കുന്നില്‍ സുരേഷും കോണ്‍ഗ്രസും ഐക്യജനാധിപത്യ മുന്നണിയും പട്ടികജാതി-പട്ടികവര്‍ഗ സമൂഹത്തോട്‌ നടത്തിയ വഞ്ചനയുടെ യഥാര്‍ഥ ചിത്രമാണ്‌ വെളിവാക്കപ്പെടുന്നത്‌.

സുരേഷ്‌ ജനിക്കുന്നതിനും മുമ്പു തന്നെ മാതാപിതാക്കള്‍ ക്രൈസ്‌തവ മതത്തിലേയ്‌ക്കു പരിവര്‍ത്തനം നടത്തിയിരുന്നു. സുരേഷിന്റെ എസ്‌ എസ്‌ എല്‍ സി ബുക്ക്‌ അടക്കമുള്ള ആധികാരിക രേഖകളില്‍ അദ്ദേഹം ക്രൈസ്‌തവ മതത്തില്‍പെടുന്ന ആളാണ്‌ എന്ന്‌ രേഖപ്പെടുത്തിയിരിക്കുന്നു. ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഒരാളാണ്‌ എസ്‌ സി വിഭാഗത്തിനായി സംവരണം ചെയ്യപ്പെട്ട അടൂര്‍, മാവേലിക്കര ലോക്‌സഭാ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച്‌ പാര്‍ലമെന്റില്‍ പോയത്‌. ബോധപൂര്‍വ്വം നടത്തിയ ഈ കുതന്ത്രം പട്ടികജാതി സമൂഹങ്ങളെ കബളിപ്പിക്കല്‍ അല്ലെങ്കില്‍ മറ്റെന്താണ്‌?

വിവരാവകാശ നിയമം നിലവില്‍ വന്നതുകൊണ്ടാണ്‌ യഥാര്‍ഥ വസ്‌തുതകള്‍ മനസ്സിലാക്കുവാന്‍ കഴിഞ്ഞതും പ്രശ്‌നം നിയമത്തിന്റെ മുന്നില്‍ എത്തിക്കുവാന്‍ കഴിഞ്ഞതും. സത്യസന്ധമായ വിവരങ്ങള്‍ ലഭ്യമായതോടെയാണ്‌ രണ്ടുപതിറ്റാണ്ടിലേറെയായി നടന്ന പട്ടികജാതിക്കാരോടുള്ള വഞ്ചന വ്യക്തമായിരിക്കുന്നത്‌.

കോണ്‍ഗ്രസിലെ തന്റെ എതിരാളികള്‍ നടത്തിയ ഗൂഢാലോചനയുടെയും ആസൂത്രിത നീക്കങ്ങളുടെയും ഫലമായാണ്‌ ഹൈക്കോടതി വിധിയുണ്ടായതെന്നാണ്‌ കൊടിക്കുന്നില്‍ സുരേഷ്‌ പറഞ്ഞത്‌. നിയമ വ്യവസ്ഥയോടും നീതിന്യായ സംവിധാനത്തോടുമുള്ള അനാദരവും അതിനെക്കുറിച്ചുള്ള അജ്ഞതയുമാണ്‌ അദ്ദേഹത്തിന്റെ പ്രസ്‌താവനയില്‍ നിഴലിക്കുന്നത്‌. കോണ്‍ഗ്രസില്‍ ആഭ്യന്തര സംഘര്‍ഷങ്ങള്‍ ഉണ്ടാവാം. കുതികാല്‍ വെട്ടലും ചതിയും സ്വാഭാവിക പ്രവൃത്തികളായിരിക്കാം. പക്ഷേ ഇത്‌ ജൂഡീഷ്യറിയുടെ വിധിപ്രസ്‌താവമാണ്‌. ജുഡീഷ്യറിയെയും കോണ്‍ഗ്രസ്‌ ഗ്രൂപ്പിസത്തെയും കൂട്ടിയിണക്കി സ്വന്തം തെറ്റില്‍ മാന്യത കണ്ടെത്താന്‍ ശ്രമിക്കുന്നത്‌ അപലപനീയമാണ്‌. രേഖകളും വസ്‌തുതകളും ആഴത്തില്‍ പഠിക്കുകയും പരിഗണിക്കുകയും ചെയ്‌തതിനുശേഷമാണ്‌ തിരഞ്ഞെടുപ്പ്‌ റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതിയുടെ സുദീര്‍ഘ വിധി പ്രസ്‌താവമെന്നത്‌ ശ്രദ്ധേയമാണ്‌. അത്തരം വിധിപ്രസ്‌താവങ്ങളെ വസ്‌തുതകള്‍കൊണ്ട്‌ പ്രതിരോധിക്കാന്‍ കഴിയാതെ വരുമ്പോള്‍ അബദ്ധ ജഡില പ്രസ്‌താവനകള്‍ ഉന്നയിക്കുന്നതില്‍ അദ്‌ഭുതമില്ല.

ഇക്കാര്യത്തില്‍ നിയമ വ്യവഹാരങ്ങള്‍ ഇനിയും തുടര്‍ന്നേക്കാം. പക്ഷേ അശരണരും അവശരും അധസ്ഥിതരുമായ ജനവിഭാഗത്തിന്റെ അവകാശം കവര്‍ന്നെടുക്കുന്നതിനെതിരായ പോരാട്ടത്തിലെ നിര്‍ണായക ചുവടുവെയ്‌പ്പാണ്‌ ഈ ഹൈക്കോടതിവിധി. അവകാശങ്ങള്‍ അര്‍ഹതയുള്ളവരില്‍ നിന്ന്‌ തട്ടിയെടുക്കുന്നത്‌ കടുത്ത നീതിനിഷേധം തന്നെയാണ്‌ എന്നതാണ്‌ പരമപ്രധാനമായ കാര്യം.

ജനയുഗം മുഖപ്രസംഗം 28072010

പ്രസക്തമായൊരു വാര്‍ത്ത

കൊടിക്കുന്നിലിന്റെ ഉറക്കം കെടുത്തുന്ന വേഷപ്പകര്‍ച്ചകള്‍

ജനിച്ചത് ക്രിസ്ത്യന്‍ ചേരമറായി. പുണ്യാഹം നടത്തി ഹിന്ദു ചേരമറായി. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഹിന്ദു പുലയയും. എഐസിസി സെക്രട്ടറി കൊടിക്കുന്നില്‍ സുരേഷ് കോടതിയില്‍ നല്‍കിയ രേഖകളിലാണ് ഈ വേഷപ്പകര്‍ച്ച. ഹിന്ദു മതത്തിലേക്കു മാറിയശേഷവും ക്രൈസ്തവ കോളേജില്‍ പഠിക്കാന്‍ ക്രിസ്ത്യന്‍ ചേരമറായി മാറുകയുംചെയ്തു. ജോസഫിന്റെ മകനായി 1962ല്‍ ജനിച്ച ജെ മണിയനെ ഐരൂപ്പാറ മലങ്കരപ്പള്ളിയിലാണ് മാമോദീസമുക്കിയത്. അച്ഛന്‍ മരിച്ച ശേഷം '78ല്‍ സുരേഷ് എന്ന പേരില്‍ ഹിന്ദു ചേരമറായി. എന്നാല്‍, '80വരെ പ്രീഡിഗ്രിക്കു പഠിച്ചപ്പോള്‍ക്രിസ്ത്യന്‍ മാനേജ്മെന്റിന്റെ കോളേജില്‍ ക്രിസ്ത്യന്‍ ചേരമായി തുടര്‍ന്നു. ഒടുവില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്ഥിരമായി താമസിക്കുന്ന കൊട്ടാരക്കരയില്‍ താലൂക്ക്ഓഫീസില്‍നിന്നു വാങ്ങിയ ജാതിതെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിലാണ് ഹിന്ദു പുലയയായത്. ഇതിനിടയ്ക്ക് അച്ഛന്‍ ജോസഫിന്റെ പേര് കുഞ്ഞനെന്നും മാറ്റി.

പുലസമുദായാംഗമാണെന്നു തെളിയിക്കാന്‍ കെപിഎംഎസിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടന്ന സംഗമത്തില്‍ പങ്കെടുത്തതിന്റെ മനോരമ വാര്‍ത്തയും ചിത്രവുമായിരുന്നു ഒരു തെളിവ്. സോണിയഗാന്ധി ഉദ്ഘാടനംചെയ്യുന്ന ചടങ്ങില്‍ കെപിസിസി പ്രസിഡന്റിനോടും പ്രതിപക്ഷനേതാവിനോടും ഒപ്പമാണ് സുരേഷും നിന്നിരുന്നത്. ഇത് തെളിവായി സ്വീകരിച്ച് സുരേഷ് പുലയയാണെന്നു പറഞ്ഞാല്‍ സോണിയയെയും ചെന്നിത്തലയെയും പുലയരായി പരിഗണിക്കേണ്ടിവരുമെന്ന വാദിഭാഗം അഭിഭാഷകന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കെപിഎംഎസ് മുന്‍ സെക്രട്ടറി പുന്നല ശ്രീകുമാറിനെ ഇതു തെളിയിക്കാന്‍ സാക്ഷിയായി കൊണ്ടുവന്നത് ഗുണത്തേക്കാളേറെ ദോഷംചെയ്തു. സുരേഷ് വിവാഹം കെപിഎംഎസില്‍ രജിസ്റ്റര്‍ചെയ്തിരുന്നില്ലെന്ന് പുന്നല വിസ്താരത്തില്‍ സമ്മതിച്ചു. പട്ടികജാതിക്കാരുടെ ഇത്തരം ഒട്ടേറെ അവകാശങ്ങള്‍ വ്യാജന്മാര്‍ അനുഭവിക്കുന്നുണ്ടെന്നും പുന്നല സമ്മതിച്ചു.

ഹിന്ദുമതത്തിലേക്കു മാറിയെങ്കിലും ചേരമര്‍ സമുദായത്തില്‍ രജിസ്റ്റര്‍ചെയ്യാത്ത സുരേഷ് ചേരമര്‍ വിഭാഗക്കാരാനാണെന്നു പറഞ്ഞ് ചേരമര്‍ പ്രസിഡന്റ് രാജരത്നം നല്‍കിയ സര്‍ട്ടിഫിക്കറ്റായിരുന്നു മറ്റൊരു തെളിവ്. വിവാഹച്ചടങ്ങും ഫോട്ടോകളുമായിരുന്നു മറ്റൊരു തെളിവ്. ഒരു കൃഷ്ണന്‍നായര്‍ കര്‍മിയായ വിവാഹച്ചടങ്ങില്‍ പേരിനുപോലും കെപിഎംഎസ് പ്രവര്‍ത്തരോ, ചേരമര്‍ നേതാക്കളോ ഇല്ലായിരുന്നു. നേതാക്കളുടെ ബാഹുല്യത്തില്‍ ഇവര്‍ പുറംതള്ളപ്പെട്ടുപോയതാകാമെന്നായിരുന്നു ഇതുസംബന്ധിച്ച ചോദ്യത്തിന് സുരേഷ് നല്‍കിയ ഉത്തരം. സഹോദരി ലീല ഹിന്ദു ചേരമറാണെന്നു തെളിയിക്കാന്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റും ഇത്തരത്തില്‍പ്പെട്ടതുതന്നെ. '61ല്‍ ജനിച്ച ലീല 1977ല്‍ മൂന്നാം ക്ളാസില്‍ ചേര്‍ന്ന് മൂന്നാംദിവസം സ്കൂളില്‍ നിന്ന് വിടുതല്‍ചെയ്ത സര്‍ട്ടിഫിക്കറ്റായിരുന്നു ഇത്. ഇളയ സഹോദരി ക്രീസ്റ്റീന സുരേഷ് ലോക്സഭാംഗമായശേഷം 1989ലാണ് മതം മാറിയതെന്നും വ്യക്തമായി.
(ഡി ദിലീപ്)

ദേശാഭിമാനി 28072010

Tuesday, July 27, 2010

അമേരിക്കയ്ക്ക് കനത്ത ആഘാതം

ഒരുലക്ഷത്തില്‍പ്പരം രഹസ്യരേഖകളുടെ ചോര്‍ച്ചയും പരസ്യപ്പെടുത്തലും അമേരിക്കന്‍ ഐക്യനാടുകള്‍ക്ക് കനത്ത ആഘാതമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. 2001 സെപ്തംബര്‍ 11ന്റെ ഭീകരാക്രമണത്തിനുശേഷമുണ്ടായ ഏറ്റവും വലിയ തിരിച്ചടിയായിവേണം ഈ സംഭവത്തെ വിലയിരുത്താന്‍. ലോകത്തില്‍തന്നെ ഏറ്റവും മികച്ച രഹസ്യാന്വേഷണസംവിധാനമാണെന്ന് അവകാശപ്പെട്ട ഫെഡറല്‍ രഹസ്യഅന്വേഷണ ഏജന്‍സിയെപ്പറ്റി ഊറ്റംകൊണ്ട അമേരിക്കയ്ക്ക് 'വിക്കിലീക്ക്സ്' എന്ന മാധ്യമത്തിന് മുന്നില്‍ ലജ്ജിച്ച് തലതാഴ്ത്തേണ്ടിവന്നിരിക്കുന്നു. മുംബൈ ഭീകരാക്രമണം ഉണ്ടായപ്പോള്‍ വിദഗ്ധമായ അന്വേഷണം നടത്താന്‍ ഫെഡറല്‍ ഏജന്‍സിയുടെ സഹായം നല്‍കാമെന്ന് അമേരിക്ക അഭിമാനത്തോടും അല്‍പ്പം അഹങ്കാരത്തോടും ഇന്ത്യയെ അറിയിച്ചിരുന്നു. ആ അഹങ്കാരത്തിനാണ് ഇപ്പോള്‍ അടിയേറ്റത്.

ഏകധ്രുവലോകത്തിന്റെ നായകസ്ഥാനം ഉദ്ഘോഷിച്ച് സൈനികശക്തി ഉപയോഗിച്ച് ഏത് രാജ്യത്തെയും കീഴ്പ്പെടുത്താനാണ് അമേരിക്ക ശ്രമിച്ചത്. ആ ധാരണയിലാണ് ഇറാഖിനെ ആക്രമിച്ച് കീഴ്പ്പെടുത്തി എണ്ണപ്പാടം ഊറ്റിയെടുക്കാന്‍ യുദ്ധം ആരംഭിച്ചത്. രണ്ടാഴ്ചയ്ക്കകം യുദ്ധം അവസാനിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. സ്വതന്ത്ര പരമാധികാരരാഷ്ട്രത്തിന്റെ ഭരണാധികാരിയായ സദ്ദാംഹുസൈനെ പിടികൂടി തൂക്കിലേറ്റി. നീണ്ട എട്ടുവര്‍ഷം കടന്നുപോയത് ഇറാഖിലെ ജനതയുടെ ചെറുത്തുനില്‍പ്പ് തുടരുകയാണ്. വമ്പിച്ച കടബാധ്യതയും സാമ്പത്തികത്തകര്‍ച്ചയുമാണ് കൈമുതലായി കിട്ടിയത്. അഫ്ഗാനിസ്ഥാനിലും അമേരിക്കയുടേത് നടുക്കടലില്‍ അകപ്പെട്ട് കരകാണാനാകാതെ കാലിട്ടടിക്കുന്ന നിലയാണ്. ഭീകരതയ്ക്കെതിരായ ആഗോളയുദ്ധം പ്രഖ്യാപിച്ചിട്ട് വര്‍ഷങ്ങള്‍ പലതും കടന്നുപോയെങ്കിലും ഭീകരാക്രമണത്തിന് തെല്ലും ശമനമുണ്ടായിട്ടില്ല.

അഫ്ഗാനിസ്ഥാനില്‍ താലിബാനെ വളര്‍ത്തിയത് അമേരിക്കന്‍ സാമ്രാജ്യത്വമാണ്. പ്രസിഡന്റ് നജീബുള്ളയെ കൊന്ന് വിളക്കുകാലില്‍ കെട്ടിത്തൂക്കി കാക്കയും കഴുകനും കൊത്തിത്തിന്നുന്നത് കണ്ട് ആഹ്ളാദിച്ച അമേരിക്കന്‍ ഭരണാധികാരികള്‍ താലിബാനെതിരെ വാളെടുക്കുന്നത് കൌതുകമുള്ള കാഴ്ചയാണ്. താലിബാന്‍കാര്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്ന് അഫ്ഗാനിസ്ഥാനില്‍ ആക്രമണം നടത്തി തിരികെപോയി രക്ഷപ്പെടുന്നു. ഇത് നേരിടാനാണ് അഫ്-പാക്തന്ത്രത്തിന് രൂപം നല്‍കിയത്.

എന്നാല്‍, ഇപ്പോള്‍ പുറത്തുവന്ന രഹസ്യരേഖകള്‍ വെളിപ്പെടുത്തുന്ന വിവരം അമേരിക്കന്‍ ഭരണാധികാരികളുടെ ഉറക്കംകെടുത്തുന്നതാണ്. താലിബാന്‍ ഭീകരരെയും അല്‍ ഖായ്ദയെയും നേരിടാന്‍ വര്‍ഷതോറും 100 കോടി ഡോളര്‍വീതം പാകിസ്ഥാന് അമേരിക്ക നല്‍കിവരുന്നു. ഈ പണം കൈപ്പറ്റുന്നത് താലിബാന്‍ ഭീകരരെ സഹായിക്കാനാണെന്ന രഹസ്യമാണ് പുറത്തുവന്നിരിക്കുന്നത്. പാകിസ്ഥാനിലെ രഹസ്യാന്വേഷണ സംഘടനയായ ഐഎസ്ഐയുടെ സഹായത്തോടെയും ഒത്താശയോടെയുമാണ് താലിബാന്‍ ശക്തിപ്പെടുന്നത്. ഭീകരവിരുദ്ധയുദ്ധത്തില്‍ പാകിസ്ഥാന്‍സേന ഒരേസമയം ശത്രുവായും സഹായിയായും പ്രവര്‍ത്തിച്ചിരുന്നു എന്നതാണ് പുറത്തുവന്ന രഹസ്യം. പാകിസ്ഥാനിലെ ഐഎസ്ഐ ഒരേസമയം അല്‍ ഖായ്ദയോടൊപ്പം ചേര്‍ന്ന് ആക്രമണങ്ങള്‍ സംഘടിപ്പിക്കുകയും ഭീകരതയ്ക്കെതിരെ നിലപാടെടുക്കുന്നതായി യജമാനന്മാരെ ബോധ്യപ്പെടുത്തുകയുമായിരുന്നു. താലിബാന്‍ നേതൃത്വവുമായി ഐഎസ്ഐ മേധാവികള്‍ നിരന്തരം ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടിരുന്നു. പാകിസ്ഥാന്‍ ഭരണാധികാരികളില്‍നിന്ന് ഇതിനൊക്കെ സഹായം ലഭിച്ചിരുന്നു.

ഈ വിവരം അമേരിക്കയ്ക്ക് മാത്രമല്ല ഇന്ത്യക്കും ഉല്‍ക്കണ്ഠയ്ക്ക് ഇടനല്‍കുന്നതാണ്. ഇതിലും ഗൌരവമുള്ളതാണ് നമ്മുടെ പ്രതിരോധമന്ത്രി എ കെ ആന്റണി വെളിപ്പെടുത്തിയ കാര്യം. പാകിസ്ഥാന് അമേരിക്ക ഈയിടെ നല്‍കിയ ആധുനിക സൈനികസഹായം ഇന്ത്യക്കെതിരെ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രതിരോധമന്ത്രി വെളിപ്പെടുത്തിയ സുപ്രധാനവിവരം. ഇന്ത്യയുടെ അതിര്‍ത്തി സംരക്ഷിക്കാന്‍ ഇന്ത്യന്‍ സേനയ്ക്ക് വേണ്ടതൊക്കെ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കയുമായി തന്ത്രപരമായ ബന്ധം സ്ഥാപിച്ച രാജ്യമാണ് ഇന്ത്യ. പാകിസ്ഥാന്‍ തുടക്കംമുതലേ അമേരിക്കയുടെ പട്ടാളകൂട്ടുകെട്ടില്‍ അംഗമായിരുന്നു. പാകിസ്ഥാനെയും ഇന്ത്യയെയും ചൈനക്കെതിരെ ഉപയോഗിക്കുക എന്നതാണ് അമേരിക്കയുടെ ലക്ഷ്യം. അതോടൊപ്പം അയല്‍രാജ്യങ്ങളെ തമ്മിലടിപ്പിച്ച് യുദ്ധഭീതി സൃഷ്ടിക്കേണ്ടതും അമേരിക്കയുടെ ആവശ്യമാണ്. യുദ്ധസാമഗ്രിവ്യവസായം തഴച്ചുവളരേണ്ടതും അതിനായി അസമാധാനം നിലനില്‍ക്കേണ്ടതും ബഹുരാഷ്ട്രകുത്തകകളുടെയും അതുവഴി സാമ്രാജ്യത്വത്തിന്റെയും ആവശ്യമാണ്. അമേരിക്കന്‍ സാമ്രാജ്യത്വം നാളിതുവരെ ഏതെങ്കിലും ഒരു രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കാന്‍ എന്തെങ്കിലും ചെയ്ത ചരിത്രമില്ല. അവര്‍ മനുഷ്യരാശിയെ ക്രൂരമായി കൊന്നൊടുക്കിയ ചരിത്രമേ ഉള്ളൂ. പരമാധികാരരാഷ്ട്രങ്ങളുടെ ഭരണാധികാരികളെ പരസ്യമായും രഹസ്യമായും കൊന്നൊടുക്കിയ ചരിത്രമേയുള്ളു.

അനുഭവങ്ങളില്‍നിന്ന് പാഠം പഠിക്കാതെ അമേരിക്കന്‍ദാസ്യവേലയില്‍ ഏര്‍പ്പെടുന്ന യുപിഎ സര്‍ക്കാരിന് അമേരിക്കയില്‍നിന്ന് പുറത്തുവന്ന രഹസ്യരേഖ ഒരു പാഠമായിരിക്കേണ്ടതാണ്. വൈകിയെങ്കിലും വിവേകമുദിച്ചാല്‍ നന്ന്. അമേരിക്കയുമായുള്ള തന്ത്രപരമായ ബന്ധം ഉപേക്ഷിച്ച് അയല്‍രാഷ്ട്രങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കുകയാണ് വേണ്ടത്.

ദേശാഭിമാനി മുഖപ്രസംഗം 28072010