Showing posts with label ടൂറിസം. Show all posts
Showing posts with label ടൂറിസം. Show all posts

Thursday, March 20, 2014

കുമ്പളങ്ങിക്കാര്‍ക്ക് കായലും അന്യമാക്കി "മാതൃകാ ടൂറിസം ഗ്രാമം"

കൊച്ചി: ""നേരത്തെ ഇവിടെ 50 ഏക്കറിലേറെ കായല്‍മുഖപ്രദേശം ഉണ്ടായിരുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് എവിടെ വേണമെങ്കിലും വള്ളമടുപ്പിക്കാനുമാകുമായിരുന്നു. എന്നാല്‍, വികസനമെന്നപേരില്‍ സ്വന്തംനാട്ടില്‍ കെ വി തോമസ് ടൂറിസംപദ്ധതി "നടപ്പാക്കിയതോടെ" ഞങ്ങളെപ്പോലുള്ളവര്‍ വഴിയാധാരമാകുകയാണ് ചെയ്തത്്"". തോമസിന്റെ ഗ്രാമമായ കുമ്പളങ്ങിയിലെ മത്സ്യത്തൊഴിലാളി കല്ലഞ്ചേരി ആലുംപറമ്പില്‍ എ ആര്‍ ജോസഫി(55)ന്റെ വാക്കുകളില്‍ ഉപജീവനമാര്‍ഗം ഇല്ലാതായതിന്റെ വേദനയും രോഷവുമായിരുന്നു. തോമസിന്റെ ഒത്താശയില്‍ ഇവിടെ ഭൂമി കൈക്കലാക്കിയ മുതലാളിമാര്‍ കായല്‍മുഖപ്രദേശം കൈയേറി മതില്‍കെട്ടിയതോടെയാണ് ഈ അവസ്ഥയുണ്ടായതെന്നും ഇദ്ദേഹം പറയുന്നു. ടൂറിസംവില്ലേജ് എന്ന വികസനപദ്ധതിയുടെ മറവില്‍ തോമസ് തന്റെ നാടിനെയല്ല, തനിക്ക് വേണ്ടപ്പെട്ട ചില മുതലാളിമാരെമാത്രമാണ് വളര്‍ത്തിയതെന്ന് പ്രദേശത്തെ കോണ്‍ഗ്രസുകാരന്‍കൂടിയായ കല്ലഞ്ചേരി പുന്നയ്ക്കല്‍ വീട്ടില്‍ ജേക്കബും (63) സാക്ഷ്യപ്പെടുത്തുന്നു. ഈ നാടിന് പദ്ധതിവഴി ഒരുനേട്ടവും ഉണ്ടായിട്ടില്ലെന്നും ഇദ്ദേഹം തുടര്‍ന്നു.

എ കെ ആന്റണി മന്ത്രിസഭയില്‍ ടൂറിസംമന്ത്രിയായിരിക്കെയാണ് തോമസ് കുമ്പളങ്ങിയെ മാതൃകാ ടൂറിസം ഗ്രാമമായി പ്രഖ്യാപിച്ചത്. പദ്ധതിയുടെ മറവില്‍ സര്‍ക്കാര്‍ച്ചെലവില്‍ റോഡ് ടാര്‍ചെയ്തു. തുടര്‍ന്ന് ഈ പദ്ധതി വഴിയുണ്ടാക്കിയ പ്രചാരണത്തിന്റെ മറവില്‍ തന്റെ ഒരേക്കര്‍ ഭൂമി വന്‍ വിലയ്ക്ക് വിറ്റഴിക്കുകയാണ് തോമസ് ചെയ്തതെന്നും ജോസഫ് പറയുന്നു. ഇതുവാങ്ങി റിസോര്‍ട്ട് കെട്ടിയവരാണ് നിര്‍മാണം പാടില്ലാത്ത കായല്‍ തീരം കൈയേറി ഭിത്തി പണിത് തൊഴിലാളികള്‍ക്ക് അവകാശപ്പെട്ട കായല്‍ അഭിമുഖപ്രദേശത്തേക്കുള്ള പ്രവേശനം ആദ്യം നിഷേധിച്ചത്. തോമസിന്റെ ഒത്താശയിലായിരുന്നു ഇത്. പിന്നാലെയെത്തിവരും ഇതുതുടര്‍ന്നു. ഇപ്പോള്‍ തുറന്ന കായല്‍ അഭിമുഖപ്രദേശം കേവലം രണ്ട് ഏക്കറോളമായി ചുരുങ്ങി. നേരത്തെ വള്ളത്തില്‍ മത്സ്യബന്ധനത്തിന് പോയിരുന്നുവെങ്കിലും നിര്‍ത്തേണ്ടിവന്നുവെന്നും ജോസഫ് സാക്ഷ്യപ്പെടുത്തുന്നു. മലിനീകരണം അധികരിച്ചതോടെ കായലില്‍ കക്ക വാരാനുമാവാത്ത സ്ഥിതിയായി. കായലില്‍ അമ്ലത ഏറിയതോടെ മുങ്ങിയാല്‍ കണ്ണും ശരീരഭാഗങ്ങളും ചൊറിയും. ഇപ്പോള്‍ ചീനവലയില്‍നിന്ന് ലഭിക്കുന്ന തുച്ഛമായ മീന്‍ വിറ്റാണ് ജോസഫിന്റെ കുടുംബം കഴിയുന്നത്. തോമസ് പ്രഖ്യാപിച്ച ടൂറിസംപദ്ധതികൊണ്ട് ഇവിടത്തുകാര്‍ക്ക് ഒരുഗുണവും ഉണ്ടായിട്ടില്ലെന്ന് ജേക്കബും വ്യക്തമാക്കുന്നു. ""ഞാന്‍ പക്കാ കോണ്‍ഗ്രസുകാരനാണെങ്കിലും ഉള്ളതു തുറന്നുപറയാന്‍ ഒരു മടിയുമില്ല. റിസോര്‍ട്ടും മറ്റും നടത്തുന്ന ഏതാനും മുതലാളിമാര്‍ക്കാണ് ഇതുകൊണ്ടുള്ള ഗുണം. അല്ലാതെ നാട്ടുകാര്‍ക്ക് എന്തുനേട്ടം""- ജേക്കബ് ചോദിക്കുന്നു. ""പണ്ട് ഞാന്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പുകമ്മിറ്റി ഭാരവാഹിയൊക്കെയായിരുന്നു. ഇപ്പോഴും കോണ്‍ഗ്രസ്തന്നെ""- ജേക്കബ് വ്യക്തമാക്കുന്നു. തോമസിന്റെ ഒത്താശയില്‍ പ്രദേശത്ത് വേറെയും കൈയേറ്റങ്ങള്‍ നടക്കുന്നുണ്ട്. പടിഞ്ഞാറ് കല്ലഞ്ചേരി കായലിനെയും കിഴക്കേ കുമ്പളങ്ങി കായലിനെയും ബന്ധിച്ചിരുന്ന തോട് അപ്പാടെ കൈയേറി. കായല്‍ പ്രദേശമാകട്ടെ എക്കല്‍ അടിഞ്ഞ് ഉപയോഗശൂന്യമായും തുടങ്ങിയിട്ടുണ്ട്.

ഷഫീഖ് അമരാവതി deshabhimani

Friday, November 23, 2012

ടൂറിസംമേഖലയ്ക്ക് അനുവദിച്ച 19 കോടി കേരളം പാഴാക്കി


ഒന്നര വര്‍ഷത്തിനിടെ ടൂറിസം പദ്ധതികള്‍ക്ക് കേന്ദ്രം അനുവദിച്ച 19.05 കോടി രൂപ കേരളം പാഴാക്കി. 2012-13ല്‍ കഴിഞ്ഞ സെപ്തംബര്‍ വരെ കേന്ദ്രം രണ്ട് പദ്ധതികള്‍ക്കായി 1.71 കോടി രൂപ അംഗീകരിക്കുകയും 1.42 കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു. 2011-12ല്‍ 23.76 കോടി രൂപയുടെ ഏഴ് പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി 17.63 കോടിയും അനുവദിച്ചു. ഈ തുകയാണ് ചെലവഴിക്കാതെ സംസ്ഥാനം പാഴാക്കിയത്. ഡോ. ടി എന്‍ സീമയ്ക്ക് നല്‍കിയ മറുപടിയില്‍ ടൂറിസം സഹമന്ത്രി ചിരഞ്ജീവിയാണ് ഇക്കാര്യം അറിയിച്ചത്.

റെയില്‍വേയിലെ 13,28,199 ജീവനക്കാരില്‍ സ്ത്രീകള്‍ 84,931 (6.39 ശതമാനം) മാത്രമാണെന്ന് പി കരുണാകരനെ റെയില്‍വേ സഹമന്ത്രി അധീര്‍രഞ്ജന്‍ ചൗധരി അറിയിച്ചു. റെയില്‍വേയില്‍ പട്ടികജാതി, പട്ടികവര്‍ഗ, ഒബിസി ഒഴിവുകള്‍ ഇപ്രകാരം: ഗ്രൂപ്പ് സി വിഭാഗത്തില്‍ പട്ടികജാതി ഒഴിവ് 527, പട്ടികവര്‍ഗം 1158, മറ്റ് പിന്നോക്കവിഭാഗം 287. ഗ്രൂപ്പ് ഡി വിഭാഗത്തില്‍ യഥാക്രമം 321, 1278, 235. ഗ്രൂപ്പ് എ, ബി വിഭാഗങ്ങളില്‍ ഒഴിവുകള്‍ നിലനില്‍ക്കുന്നില്ലെന്ന് മന്ത്രി അറിയിച്ചു. നെടുമ്പാശേരിയില്‍ ഹാള്‍ട്ട് റെയില്‍വേ സ്റ്റേഷന്‍ നിര്‍മാണം തുടങ്ങാത്തത് ലെവല്‍ ക്രോസ് അടച്ചുപൂട്ടാനുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം സംസ്ഥാനസര്‍ക്കാര്‍ പാലിക്കാത്തതിനാലാണെന്ന് അധീര്‍രഞ്ജന്‍ ചൗധരി കെ പി ധനപാലനെയും പി ടി തോമസിനെയും അറിയിച്ചു. 2010-11ലെ ബജറ്റിലാണ് സ്റ്റേഷന്‍ നിര്‍മാണത്തിന് അംഗീകാരം നല്‍കിയത്. നമ്പര്‍ 64 ലെവല്‍ക്രോസ് അടയ്ക്കണമെന്നായിരുന്നു പദ്ധതിക്കുള്ള നിബന്ധന. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇതിന് തയ്യാറായില്ലെന്ന് മന്ത്രി അറിയിച്ചു.

കേരളത്തില്‍ പട്ടികവര്‍ഗവിഭാഗത്തില്‍ പെടുന്ന 5.5 ശതമാനം പേര്‍ക്ക് ഭൂമിയില്ലെന്ന് കെ എന്‍ ബാലഗോപാലിനെ ആദിവാസിക്ഷേമ സഹമന്ത്രി റാണി നര അറിയിച്ചു. ഇടുക്കിയിലും തമിഴ്നാട്ടിലെ തേനിയിലും അമേരിക്കയ്ക്ക് ന്യൂട്രിനോ പരീക്ഷണത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് വിദേശസഹമന്ത്രി ഇ അഹമ്മദ് എം പി അച്യുതനെ അറിയിച്ചു. എന്‍ആര്‍ഇജി പദ്ധതിയില്‍(2012-13) കേരളത്തില്‍ ജോലിചെയ്യുന്നവരില്‍ 92.57 ശതമാനവും സ്ത്രീകളാണെന്ന് ഗ്രാമവികസനസഹമന്ത്രി പ്രദീപ് ജയിന്‍ ആദിത്യ അറിയിച്ചു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സ്ത്രീപ്രാതിനിധ്യമാണിത്. പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതിയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ (2000 മുതല്‍ 2012 സെപ്തംബര്‍ 30 വരെ) 95031.50 കോടി രൂപ ചെലവില്‍ 360385.98 കിലോമീറ്റര്‍ റോഡ് നിര്‍മിച്ചതായി എം ബി രാജേഷ്, കെ പി ധനപാലന്‍ എന്നിവരെ ഗ്രാമവികസന സഹമന്ത്രി ലാല്‍ചന്ദ് കഠാരിയ അറിയിച്ചു.

deshabhimani

Wednesday, August 29, 2012

ഐ എസ് ആര്‍ ഒ ക്ക് സുരക്ഷാഭീഷണി


തലസ്ഥാനത്ത് വേളിമലകള്‍ മുതല്‍ കടലോരത്ത് തുമ്പ, വേളി പ്രദേശങ്ങള്‍ വരെ വ്യാപിച്ചു കിടക്കുന്ന ഐ എസ് ആര്‍ ഒയുടെ സൈനിക തന്ത്രപ്രധാനമായ സ്ഥാപനങ്ങള്‍ക്കു നേരെ സംസ്ഥാന ടൂറിസം വകുപ്പും കേരളത്തിലെ സൂപ്പര്‍ ഭൂമാഫിയയായ ഇന്‍കെലും ചേര്‍ന്ന് വന്‍ സുരക്ഷാ ഭീക്ഷണി ഉയര്‍ത്തുന്നു.വേളി കടലോരത്ത് ടൂറിസം വകുപ്പും ഇന്‍കെലും ചേര്‍ന്ന് തുടങ്ങാനിരിക്കുന്ന നിശാകാല വിനോദമേഖലയും ബഹുനില ഹോട്ടലുകളുമടക്കമുള്ള ഒരു 'മിനി പാശ്ചാത്യ റിപ്പബ്ലിക്' ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളുടെ സുരക്ഷിതത്വത്തിന് വന്‍ ഭീഷണി ഉയര്‍ത്തുമെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ ആശങ്ക പ്രകടിപ്പിക്കുന്നു.

വേളിമലയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ റിസര്‍ച്ച് കോംപ്ലക്‌സ്, തുമ്പയിലെ റോക്കറ്റ് വിക്ഷേപണകേന്ദ്രം, ആക്കുളത്തെ ദക്ഷിണവ്യോമ കമാന്‍ഡ് എന്നീ യുദ്ധതന്ത്രപ്രധാന കേന്ദ്രങ്ങളോടു തൊട്ടുരുമ്മി അന്താരാഷ്ട്ര ഭീകരന്മാരുടേയും വിദേശ ലൈംഗികവാണിഭ സംഘങ്ങളുടേയും സാര്‍വദേശീയ മയക്കുമരുന്ന് കള്ളക്കടത്തു രാജാക്കന്മാരുടേയും ഒരു വിഹാരഭൂമി സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഉയരുന്നത്. ബഹിരാകാശ കേന്ദ്രങ്ങള്‍ക്കും വ്യോമസേനാ താവളത്തിനും മാത്രമല്ല വന്‍ ദേശീയസുരക്ഷാ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ കേന്ദ്ര ആഭ്യന്തര വകുപ്പിന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയതായി അറിയുന്നു.

തായ്‌ലണ്ടിലെ സെക്‌സ് ടൂറിസത്തിന്റെ ചുവടൊപ്പിച്ച് വേളി കടലോരത്ത് നിശാകാല ജീവിതത്തിന് ഒരു പ്രത്യേകമേഖല തന്നെയുണ്ടാക്കുന്നതടക്കമുളള പ്രോജക്റ്റ് റിപ്പോര്‍ട്ട് സംസ്ഥാന ടൂറിസം വകുപ്പിന് സമര്‍പ്പിച്ചു കഴിഞ്ഞു. ഈ 'രാത്രീഞ്ചരമേഖല' വൈകിട്ട് ആറ് മുതല്‍ പുലരും വരെ തുറന്ന് പ്രവര്‍ത്തിക്കും. അന്താരാഷ്ട്ര മയക്കുമരുന്നുകള്ളക്കടത്തുകാര്‍ക്കും ഫൈവ് സ്റ്റാര്‍ ലൈംഗികവാണിഭ സംഘങ്ങള്‍ക്കും ഈ 'നൈറ്റ് ലൈഫ് സോണി'ല്‍ വിളയാടാന്‍ സൗകര്യമുണ്ടാവും.

ഇതിനുപുറമേ പഞ്ചനക്ഷത്ര ഹോട്ടലുകള്‍, ബാറുകള്‍, തിയേറ്ററുകള്‍, ഷോപ്പിംഗ് മാളുകള്‍, മള്‍ട്ടി പ്ലക്‌സുകള്‍, ജാസ്-നഗ്നനൃത്ത ക്ലബ്ബുകള്‍ തുടങ്ങിയവയും തായ്‌ലണ്ടിലേയും അമേരിക്കയിലെ ലാസ്‌വേഗസ് മാതൃകയിലുമുണ്ടാവും. ഇന്‍ഡോര്‍ ഗെയിംസ്, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ എന്നിവയും പദ്ധതിയുടെ ഭാഗമാണ്.

ഇതിനുവേണ്ടി വേളിയിലെ 40,000 ചതുരശ്ര അടിസ്ഥലമാണ് ഏറ്റെടുക്കുന്നതെന്നാണ് പ്രോജക്ട് റിപ്പോര്‍ട്ടില്‍ പറയുന്നതെങ്കിലും മുഖ്യമായും പെണ്‍വാണിഭ-വിദേശചാരത്താവളമാകാന്‍ പോകുന്ന പദ്ധതിക്ക് ഒരു ചതുരശ്ര കിലോമീറ്ററിലധികം സ്ഥലം വേണ്ടിവരുമെന്നാണ് കേന്ദ്ര അന്വേഷണ  ഏജന്‍സികളുടെ കണ്ടെത്തല്‍. ഇത്ര വിശാലമായ ഒരു ഭൂപ്രദേശം സൈനിക തന്ത്ര പ്രാധാന്യമുള്ള കേന്ദ്രങ്ങള്‍ക്ക് സമീപം തുടങ്ങാന്‍ അനുമതി നല്‍കുന്നത് വന്‍ സുരക്ഷാ അട്ടിമറിക്കിടയാക്കുമെന്നും രഹസ്യാന്വേഷണ വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇന്‍കെലും ടൂറിസ്റ്റ് റിസോര്‍ട്ട് കേരള ലിമിറ്റഡും ചേര്‍ന്ന് നടപ്പാക്കാനിരിക്കുന്ന പദ്ധതി ഉയര്‍ത്തുന്ന സുരക്ഷാഭീഷണി തങ്ങള്‍ അതീവ ഗൗരവമായാണ് കാണുന്നതെന്ന് ഐ എസ് ആര്‍ ഒ വൃത്തങ്ങള്‍ 'ജനയുഗ'ത്തോടു പറഞ്ഞു.
(കെ രംഗനാഥ്)

janayugom 290812

Friday, June 22, 2012

തൊഴിലാളികളുടെമേല്‍ കെട്ടിവയ്ക്കാന്‍ ഗൂഢശ്രമം


റിസം മേഖലയെ സ്തംഭിപ്പിച്ച് ഹൗസ് ബോട്ടുടമകള്‍ നടത്തുന്ന അനാവശ്യ സമരത്തിന്റെ ഉത്തരവാദിത്തം തൊഴിലാളികളുടെമേല്‍ കെട്ടിവയ്ക്കാന്‍ ഗൂഢശ്രമം. മഴ ശക്തമായതും പകര്‍ച്ചപ്പനി പടര്‍ന്നുപിടിക്കുകയും ചെയ്തതോടെ ജില്ലയിലെ ടൂറിസം മേഖലയിലേക്ക് വിനോദ സഞ്ചാരികളുടെ വരവില്‍ ഗണ്യമായ കുറവുണ്ടായി. ഈസാഹചര്യം മുതലെടുത്ത് പഞ്ഞമാസത്തില്‍ തൊഴിലാളികള്‍ക്ക്് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കാതിരിക്കാനുള്ള ഗൂഢലക്ഷ്യമാണ് സമരത്തിനുപിന്നിലെന്ന് ആരോപണം. ഹൗസ് ബോട്ടുടമകളുടെ സമരത്തെത്തുടര്‍ന്ന് ബുധനാഴ്ചയും ജില്ലയിലെ ടൂറിസം മേഖല നിശ്ചലമായി. മഴടൂറിസത്തിന് പ്രാധാന്യമുള്ള ജില്ലയില്‍ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നുപിടിച്ചതോടെ ആഭ്യന്തര- വിദേശ വിനോദ സഞ്ചാരികളുടെ വരവില്‍ വന്‍ കുറവുണ്ടായി. ടൂറിസം മേഖലയിലെ വറുതി നേരിടാന്‍ ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ സര്‍ക്കാര്‍ ഡ്രീം സീസണായി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആകര്‍ഷകമായ ടൂറിസം പാക്കേജുകളും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഹൗസ് ബോട്ടുടമകള്‍ സമരം പ്രഖ്യാപിച്ചതോടെ ടൂര്‍ കമ്പനികളും ടൂര്‍ ഓപ്പറേറ്റര്‍മാരും റിസോര്‍ട്ടുടമകളും പ്രതിസന്ധിയിലായി. സമരം ജില്ലാ കേന്ദ്രത്തിലെ വ്യാപാര മേഖലയെ ബാധിച്ചിട്ടുണ്ട്. പഴം, പച്ചക്കറി, ഇറച്ചി വ്യാപാര മേഖലയെയും ഹോട്ടല്‍ കച്ചവടത്തെയും ടാക്സി സര്‍വീസിനെയും സമരം സാരമായി ബാധിച്ചു. സമരത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമാക്കാന്‍ ഹൗസ്ബോട്ടുടമകള്‍ ഇനിയും തയ്യാറായിട്ടില്ല. ടൂറിസം മേഖലയില്‍ തൊഴിലാളി പിന്തുണയില്ലാത്ത ചില സംഘടനകളും സാഹചര്യം മുതലെടുക്കാന്‍ രംഗത്തെത്തിയിട്ടുണ്ട്.

ശമ്പളവര്‍ധനയോ മറ്റ് ഏതെങ്കിലും ആവശ്യം ഉന്നയിച്ചോ ടൂറിസം മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ പണിമുടക്കിയിട്ടില്ലെന്ന് ഹൗസ് ബോട്ട് ആന്‍ഡ് റിസോര്‍ട്ട് വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) ജില്ലാ സെക്രട്ടറി പി കെ സജീവ്കുമാര്‍ പറഞ്ഞു. തൊഴില്‍ വേതനം സംബന്ധിച്ച് തൊഴിലാളി സംഘടനകളും ഹൗസ് ബോട്ട് ഉടമകളുടെ സംഘടനയും തമ്മില്‍ ഉണ്ടാക്കിയ കരാറിന്റെ കാലാവധി ആഗസ്ത് 31 വരെയയുണ്ട്. ഈ സാഹചര്യത്തില്‍ ശമ്പള വര്‍ധന എന്ന ആവശ്യം ഉന്നയിച്ച് യൂണിയന്‍ ഹൗസ് ബോട്ട് ഉടമ സംഘടനയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ തൊഴിലാളികള്‍ക്ക് ശമ്പളമായി 4500 രൂപയും 125 രൂപ ബാറ്റയുമാണ് നല്‍കുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനയും വിലക്കയറ്റവും കണക്കിലെടുത്ത് തൊഴിലാളികള്‍ക്ക് ഇടക്കാല ആശ്വാസം അനുവദിക്കാന്‍ തൊഴിലാളി യൂണിയനും ഹൗസ് ബോട്ട് ഉടമ സംഘടനയും തമ്മില്‍ ധാരണയായി. ശമ്പള വര്‍ധന സംബന്ധിച്ച് പിന്നീട് ചര്‍ച്ചചെയ്യാമെന്നും ധാരണയെത്തി. ഇതനുസരിച്ചുള്ള തുക തൊഴിലാളികള്‍ക്ക് വിതരണംചെയ്തു തുടങ്ങിയപ്പോഴാണ് പൊടുന്നനെ സമരവുമായി ഹൗസ് ബോട്ട് ഉടമ സംഘടന രംഗത്തെത്തിയത്. അതേസമയം പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സമരം ശക്തമാക്കാന്‍ തീരുമാനിച്ചതായി അസോസിയേഷന്‍ പ്രസിഡന്റ് ജേക്കബ് സാമുവല്‍ പ്രസ്താവനയില്‍ അറിയിച്ചു.

deshabhimani 210612

Saturday, January 21, 2012

ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ 2010ല്‍ അമേരിക്കയില്‍ ചെലവിട്ടത് 2.86 ലക്ഷം കോടി ഡോളര്‍

2010ല്‍ അമേരിക്ക സന്ദര്‍ശിച്ച ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ ശരാശരി രണ്ട് ലക്ഷം രൂപ വീതം താമസത്തിനായി ചെലവഴിച്ചിട്ടുണ്ടെന്ന് കണക്കുകള്‍. ഇതേവര്‍ഷം ഷോപ്പിംഗിനായി ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ 2.86 ലക്ഷം കോടി ഡോളര്‍ ചെലവഴിച്ചതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യ, ചൈന, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ സാധിച്ചാല്‍ വരും വര്‍ഷങ്ങളില്‍ ലോകത്തിലെ ഏറ്റവും മികച്ച വിനോദസഞ്ചാര മേഖലയായി അമേരിക്കയെ മാറ്റാന്‍ സാധിക്കുമെന്ന് പ്രസിഡന്റ് ബറാക് ഒബാമ അറിയിച്ചു. ഈ മൂന്ന് രാജ്യങ്ങള്‍ പോലെ ധ്രുതഗതിയില്‍ വളരുന്ന സാമ്പത്തിക ശക്തികളില്‍ നിന്നും വിനോദസഞ്ചാരികള്‍ എത്തുന്നത് സാമ്പത്തിക മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിസനിയമങ്ങള്‍ ലഘൂകരിക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഫ്‌ളോറിഡയിലെ ഡിസ്‌നി ലാന്‍ഡില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നായി 2010ല്‍ ഏകദേശം 15 ലക്ഷം കോടി ഡോളര്‍ വിനോദസഞ്ചാര മേഖലയില്‍ എത്തുന്നുണ്ടെന്നും അതുവഴി ആയിരക്കണക്കിന് തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്റര്‍നാഷണല്‍ ട്രേഡ് അഡ്മിനിസ്‌ട്രേഷന്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് 2010ല്‍ ആറുലക്ഷത്തിലേറെ ഇന്ത്യക്കാരാണ് ടൂറിസ്റ്റ് വിസയില്‍ അമേരിക്കയിലെത്തിയത്. 2003നെ അപേക്ഷിച്ച് 139 ശതമാനം വര്‍ധനവാണ് 2010ല്‍ ഉണ്ടായത്. 2016 ആകുമ്പോഴേക്കും നിലവിലുള്ളതില്‍ അമ്പത് ശതമാനം അധികം ഇന്ത്യക്കാര്‍ അമേരിക്കയില്‍ വിനോദസഞ്ചാരത്തിനായി എത്തിച്ചേരുമെന്നാണ് കണക്കു കൂട്ടല്‍. ഇന്ത്യയെ അപേക്ഷിച്ച് ചൈനയില്‍ നിന്നും ബ്രസീലില്‍ നിന്നും യഥാക്രമം 135 ശതമാനവും 274 ശതമാനവും വീതമാനവും വീതം അധിക വിനോദസഞ്ചാരികളാണ് അമേരിക്കയില്‍ എത്തിച്ചേര്‍ന്നത്.

janayugom 210112

Thursday, December 15, 2011

ടൂറിസം മേഖല പ്രതിസന്ധിയിലേക്ക്

സാമ്പത്തിക മാന്ദ്യവും മുല്ലപ്പെരിയാര്‍ പ്രശ്‌നവും തിരിച്ചടിയായതോടെ സംസ്ഥാനത്തി ന്റെ ടൂറിസം മേഖല പ്രതിസന്ധിയിലേക്ക്. ടൂറിസം സീസണ്‍ ആരംഭിക്കുന്ന സെപ്തംബര്‍-ഒക്‌ടോബര്‍ മാസം മുതല്‍ ആരംഭിക്കുന്ന കേരളത്തിലേക്കുള്ള സഞ്ചാരികളുടെ വരവ് ഇക്കുറി കാര്യമായി ഉണ്ടായിട്ടില്ല.

ആഗോള സാമ്പത്തിക പ്രതിസന്ധി മൂലം ഏറ്റവും വെല്ലുവിളി നേരിടുന്നത് ടൂറിസം മേഖലയാണ്. സാമ്പത്തിക പ്രതിസന്ധി ഇന്ത്യയില്‍ കാര്യമായി ബാധിക്കാത്തതിനാല്‍ വലിയ പ്രതിസന്ധി സംസ്ഥാനത്തെ ടൂറിസം മേഖയക്ക് സംഭവിക്കില്ലെന്ന പ്രതീക്ഷയിലായിരുന്നു അധികൃതര്‍. എന്നാല്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നം ഉയര്‍ന്നതോടെ അധികൃതരുടെ ഈ പ്രതീക്ഷകള്‍ക്കെല്ലാം മങ്ങലേറ്റിരിക്കുകയാണ്. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തെ തുടര്‍ന്ന് ഇടുക്കി ജില്ലയിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ സംഘര്‍ഷം ഉടലെടുത്തതോടെയാണ് ടൂറിസം മേഖലക്ക് സംസ്ഥാനത്ത് തിരിച്ചടി നേരിട്ടത്.

സംഘര്‍ഷം ആരംഭിച്ചപ്പോള്‍ തന്നെ ഇവിടങ്ങളില്‍ നിന്ന് സഞ്ചാരികള്‍ ഒഴിഞ്ഞ് പോയി തുടങ്ങിയിരുന്നു. പല സ്ഥലങ്ങളിലും സഞ്ചാരികള്‍ പുറത്തിറങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ്. ഇതോടെ സംസ്ഥാനത്തിന്റെ പ്രധാന ടൂറിസ്റ്റ് ജില്ലയായ ഇടുക്കിയില്‍ സഞ്ചാരികളുടെ വരവ് ഏറെക്കുറെ നിലച്ചിട്ടുണ്ട്. പ്രധാന ടൂര്‍ ഓപ്പറേറ്റിംഗ് കമ്പനികളുടെ മുന്‍കൂര്‍ ബുക്കിംഗുകളില്‍ കാര്യമായി കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ടൂര്‍ പാക്കേജുകളും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഗണ്യമായി കുറഞ്ഞു. എത്തുന്ന സഞ്ചാരികള്‍ പോലും ഇടുക്കി ഉള്‍പ്പെടെയുള്ള പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളിലേക്ക് പോകാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നില്ല. ജില്ലയിലെ ഹോം സ്റ്റേകള്‍ മിക്കവയും സഞ്ചാരികളെ കിട്ടാതെ ഒഴിഞ്ഞ് കിടക്കുകയാണ്.

ടൂറിസം രംഗത്ത് ഉണ്ടായിട്ടുള്ള ഈ പ്രതിസന്ധി സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലക്ക് കാര്യമായ തിരിച്ചടി സൃഷ്ടിക്കുന്നതിനൊപ്പം ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് ജീവനക്കാരുടെ ജീവിതവും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സീസണില്‍ മികച്ച നേട്ടം ഉണ്ടാക്കാന്‍ കഴിയുമെന്ന് കരുതി സര്‍ക്കാരിന്റെ മാനദണ്ഡങ്ങളെല്ലാം പാലിച്ച് ഹോം സ്റ്റേകള്‍ ആരംഭിച്ചവര്‍ പലരും ഇപ്പോള്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. ഹൗസ് ബോട്ട് ഉടമകള്‍, തൊഴിലാളികള്‍ ടൂറിസം ഗൈഡുകള്‍, ടൂര്‍ ഓപ്പറേറ്റിംഗ് കമ്പനികളിലെ ജീവനക്കാര്‍ തുടങ്ങി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെയെല്ലാം ജീവിതത്തില്‍ കടുത്ത പ്രതിസന്ധിയാണ് ഇപ്പോള്‍ നിഴലിക്കുന്നത്.
സഞ്ചാരികള്‍ക്ക് സുരക്ഷിതമായി സംസ്ഥാനത്ത് എത്താന്‍ കഴിയുന്ന സാഹചര്യം ഉണ്ടെങ്കില്‍ മാത്രമേ നിലവിലെ സാഹചര്യത്തില്‍ കേരളത്തിലേക്ക് കൂടുതല്‍ സഞ്ചാരികളെ എത്തിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ടൂര്‍ ഓപ്പറേറ്റിംഗ് കമ്പനിയായ ഗ്രീന്‍വേ മാനേജിംഗ് ഡയറക്ടര്‍ പ്രശാന്ത് പറയുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സഞ്ചാരികള്‍ക്ക് നിര്‍ഭയമായി സംസ്ഥാനത്ത് എത്താന്‍ സാധിക്കുന്നില്ല. ഇത് ഉറപ്പ് നല്‍കാന്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ക്കും കഴിയുന്നില്ല.

സാമ്പത്തിക മാന്ദ്യം യൂറോപ്പിനെ കാര്യമായി പിടികൂടിയിരിക്കുന്നതിനാല്‍ ഇവിടെ നിന്നുള്ള സഞ്ചാരികളുടെ എണ്ണം ഈ വര്‍ഷത്തില്‍ കുറയാനാണ് സാധ്യത. ആഭ്യന്തര ടൂറിസ്റ്റുകളെ ആകര്‍ഷിപ്പിച്ച് മാത്രമേ ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ ടൂറിസം മേഖലക്ക് പിടിച്ച് നില്‍ക്കാന്‍ സാധിക്കൂ. എന്നാല്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നം ഉയര്‍ന്നതോടെ ആ പ്രതീക്ഷയും മങ്ങിയിരിക്കുകയാണ്.

ജി ഗിരീഷ്‌കുമാര്‍ janayugom 151211

Sunday, October 9, 2011

ചൂഷണം അവസാനിപ്പിച്ചില്ലെങ്കില്‍ തേക്കടി തകരും: മന്ത്രി ഗണേഷ്കുമാര്‍

കുമളി: വിനോദ സഞ്ചാരികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ തേക്കടി തകരുമെന്ന് മന്ത്രി കെ ബി ഗണേഷ്കുമാര്‍ പറഞ്ഞു. കുമളിയില്‍ സംസ്ഥാന ടൂറിസം വാരാഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സ്വാഭാവിക വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയില്‍ വളരുന്ന തേക്കടിയില്‍ ബോട്ട് ടിക്കറ്റ് കരിഞ്ചന്ത നടത്തുന്നവരും, വ്യാജ ഗൈഡുമാരും, ചില വ്യാപാരികളും ചൂഷണം വിദേശികളെ ചെയ്യുന്നു. ഇത് അവസാനിച്ചില്ലെങ്കില്‍ കോവളം, വര്‍ക്കല, ആലപ്പുഴ എന്നിവയുടെ പട്ടികയിലേക്ക് തേക്കടിയും മാറും. വഞ്ചിതരാകുന്ന വിദേശികള്‍ പിന്നീട് വരാന്‍ ഇഷ്ടപ്പെടില്ല. ഇവര്‍ മറ്റുള്ളവരോട് തേക്കടിയില്‍ പോകരുതെന്ന് പറയും. തേക്കടിയില്‍ എത്തുന്ന സഞ്ചാരികളില്‍ നിന്നും ഓട്ടോ റിക്ഷകള്‍ 250-400 രൂപാ വരെ ഈടാക്കുന്നതായും മന്ത്രി പറഞ്ഞു. ഇത് ഒഴിവാക്കുന്നതിന് വനം-പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കുമളി ടൗണിലും പരിസരപ്രദേശങ്ങളിലും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംഭരിച്ച് റീസൈക്കിള്‍ ചെയ്യുന്നതിനുള്ള പദ്ധതി തയാറാക്കും. തേക്കടി തടാകം മാലിന്യ വിമുക്തമാക്കുന്നതിന് മാലിന്യ നിര്‍മാര്‍ജന പ്ലാന്റ് നിര്‍മിക്കും. ടിക്കറ്റ് കരിഞ്ചന്ത തടയാന്‍ ഇന്റര്‍നെറ്റ് വഴി ബുക്കിങ് ഏര്‍പ്പെടുത്തും. കുമളി ടൗണില്‍ ഇതിനായി അഞ്ച് കേന്ദ്രങ്ങള്‍ സ്ഥാപിച്ച് ടിക്കറ്റ് നല്‍കും. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ടിക്കറ്റ് മെഷീന്‍ നല്‍കും. രാജീവ് ഗാന്ധി നേച്ചര്‍ ഹിസ്റ്ററി മ്യൂസിയമാക്കും, ആനവച്ചാലില്‍ ചുറ്റും വോക്ക്വേ നിര്‍മിക്കും. 60 ലക്ഷം രൂപാ ചെലവില്‍ തേക്കടിയില്‍ പുതി ഡബിള്‍ ഹള്ളുള്ള ബോട്ട് വാങ്ങുമെന്നും മന്ത്രി പറഞ്ഞു.

വനമേഖലയിലേക്കുള്ള വാഹനങ്ങളുടെ പെരുപ്പം കുറയ്ക്കാന്‍ നടപടി സ്വീകരിക്കും. വനംവകുപ്പ് പുതിയ വാഹനങ്ങള്‍ വാങ്ങി തേക്കടി ചെക്പോസ്റ്റില്‍ നിന്നും സഞ്ചാരികളെ തേക്കടിയില്‍ എത്തിക്കും. വാഹനങ്ങള്‍ക്ക് പുറത്ത് പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തും. ഇ എസ് ബിജിമോള്‍ എംഎല്‍എ അധ്യക്ഷയായി. പി ടി തോമസ് എംപി മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പള്‍ സിസിഎഫ് ആര്‍ രാജരാജവര്‍മ സ്വാഗതവും, ഫീല്‍ഡ് ഡയറക്ടര്‍ സുബ്രഹ്മണ്യന്‍ നന്ദിയും പറഞ്ഞു.

deshabhimani 091011

Friday, September 30, 2011

ടൂറിസം നയം: നിര്‍ദ്ദേശങ്ങള്‍ നല്‍കാം; ഇംഗ്ലീഷ് അറിയാമെങ്കില്‍ മാത്രം

സംസ്ഥാനത്ത് ഔദ്യോഗിക ഭാഷയായി മലയാളത്തെ അംഗീകരിച്ച കാര്യം സംസ്ഥാന  വിനോദ സഞ്ചാര വകുപ്പ് ഇനിയും അറിഞ്ഞിട്ടില്ല. വിനോദ സഞ്ചാര വകുപ്പ് കഴിഞ്ഞ ദിവസം വിനോദ സഞ്ചാര വികസന നയത്തിന്റെ കരട് പ്രസിദ്ധീകരിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇംഗ്ലിഷ് ഭാഷയിലാണ് കരട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കരട് നിര്‍ദ്ദേശങ്ങളുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങള്‍ പറയേണ്ടവരില്‍ ഭൂരിഭാഗവും ഇംഗ്ലിഷ് ഭാഷയില്‍ വേണ്ടത്ര പ്രാവീണ്യമില്ലാത്തവരാണെന്ന സാമാന്യ ബുദ്ധിപോലും വകുപ്പ് അധികൃതര്‍ക്ക് ഉണ്ടായില്ലെന്നത് ഏറെ ആശ്ചര്യമുളവാക്കുന്നു.

മത്സ്യത്തൊഴിലാളികള്‍പോലുള്ള അടിസ്ഥാന ജനവിഭാഗമാണ് ഈ നയത്തില്‍ തങ്ങളുടെ അഭിപ്രായം പറയേണ്ടത്. ഇതില്‍ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാന്‍ കഴിയുന്നവര്‍ വളരെ ചുരുക്കമാണ്. ഇനി ഇംഗ്ലീഷ് മറ്റാരെയെങ്കിലുംകൊണ്ട് പരിഭാഷപ്പെടുത്തണമെങ്കില്‍ അതിന് സമയം കൂടുതല്‍ വേണം. പക്ഷേ നിര്‍ദ്ദേശം നല്‍കാന്‍ അനുവദിച്ചിരിക്കുന്നത് വെറും രണ്ടുദിവസം മാത്രവും. അതാകട്ടെ ഇന്ന് (സെപ്റ്റംബര്‍ 30) അവസാനിക്കുകയും ചെയ്യും.

കരട് പ്രസിദ്ധീകരിച്ചിരിക്കുന്നത് വെബ് സൈറ്റില്‍ മാത്രമാണെന്നതാണ് വേറൊരു വിരോധാഭാസം. 50 ശതമാനം കംപ്യൂട്ടര്‍ സാക്ഷരതപോലും ഇല്ലാത്ത സംസ്ഥാനത്ത് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ വളരെ ചെറിയൊരു വിഭാഗം മാത്രമാണെന്നത് സര്‍ക്കാര്‍ കാണാതെ പോകുന്നു. ഈ സാഹചര്യത്തില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി രണ്ട് മാസം നീട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ സര്‍ക്കാരിന് പരാതി നല്‍കിക്കഴിഞ്ഞു. കേരള സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷന്‍, തീരദേശ മഹിളാവേദി, എന്‍ എ പി എം, പി യു സി എല്‍ കേരളഘടകം, ഗാന്ധിസ്മാരക ഗ്രാമസേവാ കേന്ദ്രം, കുട്ടനാട് വികസന സമിതി, കാസര്‍കോഡ് ജില്ലാ പരിസ്ഥിതി സമിതി, നെയ്തല്‍ കടലാമ സംരക്ഷണ സമിതി, കമ്പനി - ദി അദര്‍ ഡയറക്ഷന്‍, വിഷ്വല്‍ സെര്‍ച്ച് തുടങ്ങിയ സംഘനകളാണ് പരാതി നല്‍കിയത്.

വിനോദ സഞ്ചാര നയം മലയാളത്തില്‍ തര്‍ജ്ജിമ ചെയ്ത് പ്രസിദ്ധീകരിക്കുക, കരട് സംബന്ധിച്ച പൊതുജനങ്ങളുടെ അഭിപ്രായം കൂടി കണക്കിലെടുക്കുക, കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും പ്രത്യേകിച്ച് വിനോദ സഞ്ചാര വികസന മേഖലകള്‍ ഉള്‍പ്പെട്ടിട്ടുള്ള പഞ്ചായത്തുകളില്‍ കരട് നയം എത്തിക്കുക തുടങ്ങിയ ആവശ്യങ്ങളും ഇവര്‍ മുന്നോട്ടുവച്ചിട്ടുണ്ട്.

janayugom 300911

Saturday, January 1, 2011

ഇടതുസര്‍ക്കാര്‍ ചെയ്തതും ചെയ്യുന്നതും 5

ആഹ്ളാദത്തിന്റെ പുതുവത്സരമേകി കോട്ടണ്‍മില്‍

കോഴിക്കോട്: ആഹ്ളാദത്തിന്റെ പുതുവത്സരം സമ്മാനിച്ച് മലബാര്‍ സ്പിന്നിങ് ആന്‍ഡ് വീവീങ് മില്‍ (തിരുവണ്ണൂര്‍ കോട്ടണ്‍ മില്‍) പുനര്‍ നിര്‍മാണ പൂര്‍ത്തീകരണം ഉദ്ഘാടനംചെയ്തു. സ്ഥാപനത്തിലെ തൊഴിലാളികളും നാട്ടുകാരും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പങ്കെടുത്ത വര്‍ണാഭമായ ചടങ്ങില്‍ മന്ത്രി എളമരം കരീമാണ് ഉദ്ഘാടനം ചെയ്തത്. തെയ്യവും കോല്‍ക്കളിയും ഉള്‍പ്പെടെ വാദ്യഘോഷങ്ങളുടെയുംവെടിക്കെട്ടിന്റെയും അകമ്പടിയോടെയാണ് ഉദ്ഘാടനം ജനങ്ങള്‍ ആഘോഷിച്ചത്. മുഖ്യാതിഥികളെ ഘോഷയാത്രയോടെ ആനയിച്ചു. യുഡിഎഫ് സര്‍ക്കാര്‍ അടച്ചുപൂട്ടിയ സ്ഥാപനം തുറന്നുപ്രവര്‍ത്തിച്ച് ലാഭത്തിലെത്തിയതിന്റെ ആഹ്ളാദം തൊഴിലാളികളും നാട്ടുകാരും മറച്ചുവെച്ചില്ല. സ്ഥാപനത്തിന് ജീവവായു നല്‍കിയ സര്‍ക്കാരിനും മന്ത്രി എളമരം കരീമിനും അഭിവാദ്യമര്‍പ്പിച്ച് ബാനറുകളും ബോര്‍ഡുകളും നിറഞ്ഞിരുന്നു.

പി എം എ സലാം എംഎല്‍എ അധ്യക്ഷനായി. മേയര്‍ എ കെ പ്രേമജം, കലക്ടര്‍ പി ബി സലീം, കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി ഉഷാദേവി, കൌസിലര്‍ സല്‍മാ റഹ്മാന്‍, ആയിശാബി, കെ സി അബു, ടി വി ബാലന്‍, ടി മൊയ്തീന്‍കോയ, ടി വി ഉണ്ണികൃഷ്ണന്‍, ടി ദാസന്‍, കെ എം കുട്ടികൃഷ്ണന്‍, കെ ഗംഗാധരന്‍, കാനങ്ങോട്ട് ഹരിദാസ്, കെ ഉദയകുമാര്‍ എന്നിവര്‍ സംസാരിച്ചു. റിയാബ് സെക്രട്ടറി കെ പത്മകുമാര്‍ ആമുഖഭാഷണം നടത്തി. കെഎസ്ടിസി എംഡി എം ഗണേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെഎസ്ടിസി ചെയര്‍മാന്‍ പി നന്ദകുമാര്‍ സ്വാഗതവും യൂണിറ്റ് ഇന്‍ ചാര്‍ജ് പി ഒ ജോര്‍ജ് നന്ദിയും പറഞ്ഞു.

നെയ്ത്ത് ഉടന്‍ തുടങ്ങും

കോഴിക്കോട്: തിരുവണ്ണൂര്‍ കോട്ടണ്‍മില്ലിനെ അതിന്റെ പ്രതാപകാലത്തിലേക്ക് എത്തിക്കാന്‍ നെയ്ത്ത് ഉടന്‍ തുടങ്ങുമെന്ന് മന്ത്രി എളമരം കരീം പറഞ്ഞു. ഇതുസംബന്ധിച്ച് സ്വാഗതപ്രസംഗത്തില്‍ ടെക്സ്റ്റൈല്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ പി നന്ദകുമാര്‍ നടത്തിയ അഭ്യര്‍ഥനയ്ക്കുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന ബജറ്റ് വിഹിതത്തില്‍നിന്ന് വീവിങ് യന്ത്രം സ്ഥാപിക്കാനാവശ്യമായ തുക കണ്ടെത്തും. നൂറിലേറെ പേര്‍ക്ക്കൂടി സ്ഥാപനത്തില്‍ തൊഴില്‍ ലഭിക്കും. ജീവനക്കാരുടെ ശമ്പള വര്‍ധന അംഗീകരിച്ചതായും മന്ത്രി അറിയിച്ചു. തൊഴിലാളി യൂണിയനുകളും മാനേജ്മെന്റുമായി നടന്ന ചര്‍ച്ചയില്‍ ഇതുസംബന്ധിച്ച് കരാര്‍ ആയി. ഒരു തൊഴിലാളിക്ക് മാസം കുറഞ്ഞത് 3025 രൂപയുടെ വര്‍ധന ലഭിക്കും. ശമ്പളവര്‍ധനയ്ക്ക് 2010 മെയ് മാസം മുതല്‍ പ്രാബല്യമുണ്ടാകും. മാത്രമല്ല, സ്ഥാപനത്തില്‍ ഒരു വര്‍ഷത്തിനുമുകളിലായി ജോലി ചെയ്യുന്ന ട്രെയ്നിമാരെ താല്‍ക്കാലിക ജീവനക്കാരാക്കിയതായും മന്ത്രി പറഞ്ഞു. ഇവര്‍ക്ക് സ്ഥിരം തൊഴിലാളികളുടേതായ എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. മന്ത്രിയുടെ പ്രഖ്യാപനം തൊഴിലാളികള്‍ മുദ്രാവാക്യം വിളിയോടെയാണ് സ്വീകരിച്ചത്.

പൂങ്കുളത്ത് ബാംബു പ്ളൈ ഫാക്ടറി യാഥാര്‍ഥ്യമായി

നാദാപുരം: നാദാപുരത്തെ ആദ്യ പൊതുമേഖല വ്യവസായ സംരംഭം യാഥാര്‍ഥ്യമായി. വ്യവസായ വകുപ്പിന്റെ കീഴിലുള്ള ബാംബൂ കോര്‍പറേഷന്റെ ബാംബൂ പ്ളൈ നിര്‍മാണ യൂണിറ്റ് വളയം കല്ലുനിരക്കടുത്തെ പൂങ്കുളത്ത് ഉദ്ഘാടന സജ്ജമായി. അമ്പത് ലക്ഷത്തോളം രൂപ ചെലവില്‍ നിര്‍മിച്ച ഫാക്ടറിയുടെ ഉദ്ഘാടനം ജനുവരി രണ്ടാം വാരം വ്യവസായ മന്ത്രി എളമരം കരീം നിര്‍വഹിക്കും. പ്ളാറ്റന്റ് ബാംബൂ പ്ളൈ നിര്‍മിക്കാനുള്ള ഫീഡര്‍ യൂണിറ്റാണ് പൂങ്കുളത്ത് ആരംഭിക്കുന്നത്. ബാംബൂ കോര്‍പറേഷന്‍ വിലയ്ക്കെടുത്ത ഒരു ഏക്കര്‍ സ്ഥലത്താണ് ഫാക്ടറി നിര്‍മിച്ചത്. കെട്ടിടം നിര്‍മിക്കാന്‍ മന്ത്രി ബിനോയ് വിശ്വത്തിന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് ആറര ലക്ഷം രൂപ ചെലവഴിച്ചു. ഇവിടെ വൈദ്യുതി എത്തിക്കാന്‍ പതിനൊന്ന് ലക്ഷം രൂപയാണ് ചെലവ് വന്നത്. ക്രോസ് കട്ടിങ് മെഷീന്‍, നോട്ട് റിമൂവിങ്, പ്ളാറ്റനറി, സ്ളിറ്റിങ്, പ്ളൈനര്‍, എഡജ്കട്ടിങ്, കെമിക്കല്‍ ട്രീറ്റ്മെന്റ് എന്നിങ്ങനെ ആധുനിക രീതിയിലുള്ള യന്ത്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.

ഈ വര്‍ഷം നിലമ്പൂര്‍ ഫോറസ്റ്റ് ഡിവിഷനിലെ നെല്ലിക്കുന്ന്, വെള്ളക്കട്ട, വയനാട് വഴിക്കടവ് വനങ്ങളില്‍ നിന്ന് മുള ശേഖരിച്ചാണ് പൂങ്കുളത്തെ ഫാക്ടറിയില്‍ സംസ്കരിക്കുക. അടുത്തഘട്ടം കണ്ണൂര്‍ ജ ജില്ലയിലെ കണ്ണവം വനത്തില്‍ നിന്ന് മുള ശേഖരിക്കും. പ്രതിദിനം ആയിരം അടി മുള സംസ്കരിക്കും. പതിനഞ്ച് സ്ത്രീകള്‍ക്ക് ഇവിടെ തൊഴില്‍ ലഭ്യമാകും. ജില്ലാ കുടുംബശ്രീ മിഷന്‍ വഴിയാണ് നിയമനം നടത്തുക. പൊതുമേഖലയില്‍ നാദാപുരം നിയോജക മണ്ഡലത്തിലെ വ്യവസായ സംരംഭമാണ് ഇവിടെ യാഥാര്‍ഥ്യമാകുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വ്യവസായ വനം വകുപ്പുകളുടെ സംയക്ത സംരംഭമായാണ് ബാംബൂ പ്ളൈവുഡ് ഫാക്ടറി ആരംഭിക്കുന്നത്. പൂങ്കുളത്ത് നിന്ന് സംസ്കരിക്കുന്ന മുള അങ്കമാലിയെ ബാംബൂ ബോര്‍ഡ് ഫാക്ടറിയില്‍ എത്തിച്ച് പ്ളൈവുഡ് നിര്‍മിക്കും വാതിലുകള്‍ക്കും ഫര്‍ണിച്ചറുകള്‍ക്കും ആവശ്യമായ പ്ളൈവുഡാണ് ഇവിടെ സജ്ജമാകുക.ഫറോക്കിലുള്ള ഷോറൂം വഴിയായിരിക്കും ഉല്‍പന്നങ്ങളുടെ വിതരണം.

തറക്കല്ലിടല്‍ ചടങ്ങ് ചരിത്രമാക്കാന്‍ നാടൊരുങ്ങി

കോഴിക്കോട്: ചാലിയത്താരംഭിക്കാന്‍ പോകുന്ന കപ്പല്‍ രൂപകല്‍പ്പനാ കേന്ദ്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ് ചരിത്രസംഭവമാക്കാനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയാവുകയാണെന്ന് വ്യവസായമന്ത്രി എളമരം കരീം, സ്വാഗതസംഘം ചെയര്‍മാന്‍കൂടിയായ എം കെ രാഘവന്‍ എംപി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജനുവരി നാലിന് ചൊവ്വാഴ്ച രാവിലെ 10.30ന് കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണിയാണ് തറക്കല്ലിടുക. കോഴിക്കോടിന്റെയും ചാലിയത്തിന്റെയും വികസനത്തില്‍ വന്‍ കുതിപ്പിന് വഴിയേകുന്ന പദ്ധതിയുടെ ശിലാസ്ഥാപന ചടങ്ങിനായി വിപുലമായ പന്തല്‍ സൌകര്യം തയാറാക്കുന്നുണ്ട്. ചടങ്ങില്‍ എളമരം കരീം അധ്യക്ഷനാകും. കേന്ദ്ര മന്ത്രിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, ഇ അഹമ്മദ്, സംസ്ഥാന മന്ത്രിമാരായ കെ പി രാജേന്ദ്രന്‍, ബിനോയ് വിശ്വം, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടികെഎ നായര്‍ തുടങ്ങിയവരും ചടങ്ങില്‍ സംസാരിക്കും.

ഉദ്ഘാടനത്തിന്റെ പ്രചാരണാര്‍ഥം മണ്ണൂര്‍വളവ്, ഫറോക്ക് കവല, ബേപ്പൂര്‍ എന്നിവിടങ്ങളില്‍ ജനുവരി മൂന്നിന് വൈകിട്ട് കലാപരിപാടികള്‍ അവതരിപ്പിക്കും. കരകാട്ടം, നാഗസ്വരം, മയിലാട്ടം തുടങ്ങിയവയാണ് പരിപാടികള്‍. അലങ്കരിച്ച ജങ്കാറില്‍ വൈകിട്ട് നാല് മുതല്‍ ആറ് വരെ ചാലിയാറിലൂടെ സഞ്ചരിച്ചും കലാപരിപാടികളുണ്ടാകും. രാത്രി ഒമ്പത് വരെ ബേപ്പൂര്‍ ജങ്കാര്‍പോയിന്റിലും കലാപരിപാടികള്‍ തുടരും. ഉദ്ഘാടനദിവസം കോഴിക്കോട് നഗരത്തില്‍നിന്നും ബേപ്പൂര്‍ ഭാഗത്തുനിന്നും വരുന്നവര്‍ ജങ്കാറിലാണ് ചാലിയത്തെത്തേണ്ടത്. വാഹനങ്ങള്‍ ബേപ്പൂര്‍ ഭാഗത്ത് പാര്‍ക്ക് ചെയ്യണം. ചാലിയം ജങ്കാര്‍ പോയിന്റ് മുതല്‍ വേദി വരെ നാടന്‍കലാരൂപങ്ങളും നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരും അണിനിരക്കും. നേവിയുടെ ബാന്‍ഡ്വാദ്യം ചടങ്ങിന് പൊലിമയേകും. ജില്ലാ കലക്ടര്‍ പി ബി സലീം, ജില്ലാ പഞ്ചായത്തംഗം ഒ ഭക്തവത്സലന്‍, മസഗോ ഡോക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ക്യാപ്റ്റന്‍ രമേശ്ബാബു എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

നിറനിറഞ്ഞ് നെല്ലറ

പാലക്കാട്: കേരളത്തിന്റെ നെല്ലറയ്ക്ക് പുത്തനുണര്‍വ് പകര്‍ന്നാണ് 2010 വിടവാങ്ങുന്നത്. സമഗ്രകാര്‍ഷിക വികസനം ലക്ഷ്യമിട്ട് സര്‍ക്കാരും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും കരുത്തോടെ പ്രവര്‍ത്തിച്ചപ്പോള്‍ പാലക്കാടിന് ലഭിച്ചത് നൂറുമേനി. നെല്ലിന്റെ താങ്ങുവില 13 രൂപയാക്കി വര്‍ധിപ്പിച്ചതും കര്‍ഷകരുടെ പെന്‍ഷന്‍ 300 രൂപയാക്കി ഉയര്‍ത്തിയതും കൃഷിയിലേക്ക് കര്‍ഷകരെ തിരിച്ചുകൊണ്ടുവന്നു. 25.7 കോടി രൂപയാണ് 2010 ല്‍ സര്‍ക്കാര്‍ പാലക്കാട്് ജില്ലയ്ക്ക് അനുവദിച്ചത്. സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി എട്ടുകോടി രൂപ മുടക്കി ജില്ലയിലെ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ സൌജന്യ വൈദ്യുതി അനുവദിക്കുകയും ചെയ്തു.

ജില്ലയുടെ കാര്‍ഷികരംഗത്ത് 30 ശതമാനത്തോളം വളര്‍ച്ചയാണ് 2010 ല്‍ നേടിയത്. നെല്‍കൃഷിയെ പ്രോത്സാഹിപ്പിക്കാനായി നടപ്പാക്കിയ പദ്ധതികളെല്ലാം പൂര്‍ണവിജയമായിരുന്നു. നെല്‍കൃഷി രംഗത്ത് തൊഴിലാളിക്ഷാമം പരിഹരിക്കാന്‍ ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് 'തൊഴില്‍സേന' രൂപീകരിച്ചതും 'ഉഴവ്കൂലി' പദ്ധതി നടപ്പിലാക്കിയതും കാര്‍ഷികരംഗത്തിന് കരുത്തേകി. 21 ബ്ളോക്കുകളിലാണ് തൊഴില്‍സേന രൂപീകരിച്ചത്. നെല്‍കൃഷി പരിശീലനം, കളനിയന്ത്രണം എന്നിവയിലും നടീല്‍യന്ത്രം, മെതിയന്ത്രം തുടങ്ങിയവ ഉപയോഗിക്കുന്നതിനും ആളുകളെ പരിശീലിപ്പിച്ച് സജ്ജരാക്കുന്ന പദ്ധതിയാണ് തൊഴില്‍സേന. നിലം ഉഴുത് നടീല്‍ നടത്തുന്നതിന് ഒരു ഹെക്ടറിന് 2,500 രൂപ മുന്‍കൂര്‍ നല്‍കുന്ന പദ്ധതിയാണ് ഉഴവ്കൂലി. ഉഴവ്കൂലി വാങ്ങി കൃഷിയിറക്കുന്നവരുടെ നെല്‍വിളകള്‍ക്ക് 12,000 രൂപവരെ ഇന്‍ഷുറന്‍സും നല്‍കി. സംസ്ഥാന ഭക്ഷ്യസുരക്ഷാപദ്ധതി, ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതി, രാഷ്ട്രീയ നെല്‍കൃഷി വികസന പദ്ധതി എന്നിവ നെല്‍കൃഷിക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിയ പദ്ധതികളാണ്.

സംസ്ഥാന ഭക്ഷ്യസുരക്ഷാ പദ്ധതിയിലൂടെ 350 ഹെക്ടര്‍ സ്ഥലത്ത് കരനെല്‍കൃഷിയിറക്കി. വനിതാഗ്രൂപ്പുകളുമായി സഹകരിച്ച് 100 ഹെക്ടറില്‍ വ്യാവസായികാടിസ്ഥാനത്തില്‍ പച്ചക്കറികൃഷി ഇറക്കുകയും 50 ഹെക്ടറില്‍ ഇടവിളയിറക്കുകയും ചെയ്തു. ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതിയിലുള്‍പ്പെടുത്തി 250 പ്രദര്‍ശന നെല്‍കൃഷി തോട്ടങ്ങളും 150 ഒറ്റഞാര്‍ കൃഷിത്തോട്ടങ്ങളും നിര്‍മിച്ചു. 2500 മെട്രിക്ട അത്യുല്‍പ്പാദന ശേഷിയുള്ള നെല്‍വിത്ത് വിതരണം ചെയ്തു. 1400 ഹെക്ടറില്‍ രണ്ടു സീസണിലായി ഇരുപ്പൂ മുണ്ടകന്‍ കൃഷിയിറക്കി. രാഷ്ട്രീയ കൃഷിവികാസ് യോജനയിലൂടെ 135 ഹെക്ടര്‍ സ്ഥലത്ത് കരനെല്‍കൃഷിയിറക്കി. 85 നാളികേര ക്ളസ്റ്ററുകള്‍ രൂപീകരിച്ച് ഉല്‍പ്പാദനോപാദികള്‍ വിതരണം ചെയ്തു. 100 ഹെക്ടറില്‍ പച്ചക്കറി കൃഷിയിറക്കി. മറ്റ് പദ്ധതികളിലൂടെ ജില്ലയില്‍ 63,660 ഹെക്ടര്‍ സ്ഥലത്ത് സുസ്ഥിര നെല്‍കൃഷി വികസന പദ്ധതി നടപ്പാക്കി. 200 ഹെക്ടര്‍ തരിശ് നിലത്തില്‍ കൃഷിയും മൂന്നാംവിളയുടെ കാലയളവില്‍ 250 ഹെക്ടര്‍ സ്ഥലത്ത് പയര്‍ കൃഷിയുമിറക്കി. 30ഗ്രാമങ്ങളില്‍ വ്യാവസായികാടിസ്ഥാനത്തില്‍ പച്ചക്കറികൃഷി നടപ്പാക്കി. 49 സ്കൂളുകളിലും പച്ചക്കറികൃഷി നടപ്പാക്കി. എരുമയൂര്‍ പഞ്ചായത്തില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കര്‍ഷകര്‍ക്ക് ഹെക്ടറിന് 10,000 രൂപ നല്‍കി.

ടൂറിസം മേഖലയിലും മുന്നോട്ട്

പാലക്കാട്: ഗ്രാമീണതയും ഹരിതഭംഗിയും ഒത്തുചേര്‍ന്ന പാലക്കാടിന്റെ സൌന്ദര്യം വരും നാളുകളില്‍ കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കും. ജില്ലയുടെ ടൂറിസം രംഗത്ത് വിപ്ളവകരമായ മാറ്റങ്ങള്‍ക്കായിരുന്നു 2010 സാക്ഷ്യം വഹിച്ചത്. മലമ്പുഴയുടെ നവീകരണം, മംഗലം ഡാം സൌന്ദര്യവല്‍ക്കരണം, കാഞ്ഞിരപ്പുഴ ഗാര്‍ഡന്‍, കോട്ടായിയിലെ ചെമ്പൈസ്മാരക സംഗീതഹാള്‍ എന്നിങ്ങനെ ടൂറിസം മേഖലയുടെ കുതിച്ചുചാട്ടത്തിന് വഴിവയ്ക്കുന്ന പദ്ധതികള്‍ക്കാണ് ജില്ലയില്‍ തുടക്കമിട്ടത്. മലമ്പുഴയുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ജലവിഭവ വകുപ്പ് 16.75 കോടി രൂപയാണ് വകയിരിത്തിയിരിക്കുന്നത്. നവീകരണം പൂര്‍ത്തിയാകുന്നതോടെ മലമ്പുഴ പ്രതാപകാലം വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രണ്ട് ഘട്ടങ്ങളിലായാണ് മലമ്പുഴയുടെ നവീകരണം പൂര്‍ത്തിയാക്കുക. ആദ്യഘട്ടത്തില്‍ ഗാര്‍ഡനിലെ ലാന്‍ഡ് സ്കേപ്പിങ്ങും പുതിയ ചെടികള്‍ നട്ടുപിടിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഗാര്‍ഡനിലെ മൂന്ന് ഫൌണ്ടനുകളും നവീകരിക്കുന്നുണ്ട്. ഡാമിന്റെ സൌന്ദര്യം പ്ളാറ്റ്ഫോമിലൂടെ കാണാനുള്ള സൌകര്യം സജ്ജമാക്കും. അതിനുപുറമെ 30 ചെറിയ കടകള്‍ ഉള്‍ക്കൊള്ളുന്ന ഷോപ്പിങ് കോര്‍ട്ടും തയ്യാറാക്കുന്നുണ്ട്. ടോയ്ലറ്റ് ബ്ളോക്കുകള്‍, സഞ്ചാരികള്‍ക്ക് മഴയും വെയിലും കൊള്ളാതെ കയറി നില്‍ക്കാവുന്ന ഗസിബോ എന്നിവയും ഒരുക്കുന്നുണ്ട്. ജപ്പാന്‍ ഗാര്‍ഡനു സമീപം പുതിയ സ്വിമ്മിങ്പൂള്‍ യാഥാര്‍ഥ്യമാക്കും. മാങ്കോ ഗാര്‍ഡന്റെ നവീകരണം അവസാനഘട്ടത്തിലാണ്. ഗാര്‍ഡന് ചുറ്റും ഇരിക്കാനുള്ള സൌകര്യം, ഗസിബോ എന്നിവയാണ് ഇവിടെ ഒരുക്കുന്നത്. ഇതിനുപുറമെ ഡിടിപിസി 4.82 കോടി ചെലവഴിച്ച് മലമ്പുഴ ഗാര്‍ഡന്‍ നവീകരണം പുരോഗമിക്കുകയാണ്.

ജില്ലയുടെ ഹെറിറ്റേജ് മ്യൂസിയം മലമ്പുഴ റോക്ക് ഗാര്‍ഡന് സമീപം നിര്‍മിക്കുന്നുണ്ട്. ഇവിടെ ചരിത്രം, സംസ്കാരം, സാഹിത്യം, കല, കാര്‍ഷിക വ്യവസ്ഥ തുടങ്ങിയവ അടയാളപ്പെടുത്തുന്ന വസ്തുക്കളും മാതൃകകളും വിവരങ്ങളും ക്രമീകരിക്കും. കര്‍ണാടക സംഗീത ചക്രവര്‍ത്തി ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മരണക്കായ് കോട്ടായിയില്‍ സംഗീതഹാളിന്റെ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. കാഞ്ഞിരപ്പുഴ ഉദ്യാനനവീകരണം ഉടന്‍ ആരംഭിക്കും. ഇതിന് ടൂറിസം വകുപ്പ് 51 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കുഞ്ചന്‍ നമ്പ്യാരുടെ കലക്കത്ത് ഭവനോട് ചേര്‍ന്ന് നിര്‍മിച്ച നാട്യശാല സാംസ്കാരിക രംഗത്തെ പ്രധാന നേട്ടമാണ്. രാപ്പാടി ഓഡിറ്റോറിയം നവീകരണം പൂര്‍ത്തിയാക്കി. ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിലെ തസ്രാക്ക് ഗ്രാമം പുനഃസൃഷ്ടിക്കുകയാണ്. ഭാവിയില്‍ ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്ക് നോവലിലെ കൂമന്‍കാവ് ബസ്സ്റ്റോപ്പ്, അറബിക്കുളം, ഞാറ്റുപുര, അള്ളാപ്പിച്ച മൊല്ലാക്കയുടെ ഓത്തുപള്ളി എന്നിവ നോവലിലെ പോലെ അനുഭവിക്കാന്‍ കഴിയും.
(ദേശാഭിമാനി പാലക്കാട് ജില്ലാ വാര്‍ത്ത‌)

ആഴക്കടല്‍ മത്സ്യബന്ധനം: മുദാക്കരയില്‍ പരിശീലനം തുടങ്ങി


കൊല്ലം: പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ആധുനിക സാങ്കേതികവിദ്യയിലൂടെ ആഴക്കടല്‍ മത്സ്യബന്ധനത്തിന് പ്രാപ്തമാക്കുന്ന പദ്ധതിക്ക് കൊല്ലം മുദാക്കരയില്‍ തുടക്കമായി. ആഴക്കടല്‍ മത്സ്യസമ്പത്ത് പരമാവധി ചൂഷണം ചെയ്ത് ഗുണമേന്മ നഷ്ടപ്പെടാതെ മത്സ്യം കരയ്ക്കെത്തിക്കുന്നതിനു ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായുള്ള പരിശീലനം കഴിഞ്ഞദിവസം തുടങ്ങി. ആദ്യഘട്ടത്തില്‍ പത്ത് പേരടങ്ങുന്ന നാല് ഗ്രൂപ്പുകളിലായി 40 പേര്‍ക്കാണ് പരിശീലനം നല്‍കുന്നത്. നേരത്തെ ഗ്രനേഡയില്‍ (വെസ്റ്റ് ഇന്‍ഡീസ്) നിന്നുള്ള സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തില്‍ നല്‍കിയ പരിശീലനത്തില്‍നിന്ന് വൈദഗ്ധ്യം നേടിയ ഫിഷറീസ് ഉദ്യോഗസ്ഥരും പൂന്തുറയിലുള്ള മത്സ്യത്തൊഴിലാളികളുമാണ് മുദാക്കരയില്‍ ക്ളാസെടുക്കുക.

പരമ്പരാഗത ഫൈബര്‍ വഞ്ചികളും പദ്ധതിയുടെ ഭാഗമായി ആധുനികവല്‍ക്കരിക്കും. വഞ്ചികളില്‍ പ്രത്യേകം റീല്‍ ഘടിപ്പിച്ചാകും ചൂണ്ടയിടല്‍. നിലവില്‍ 250-300 ചൂണ്ടകള്‍ വലിച്ചെടുക്കാന്‍ അഞ്ചുമണിക്കൂര്‍ വേണ്ടിവരും. എന്നാല്‍, റീല്‍ ഉപയോഗിക്കുമ്പോള്‍ അരമണിക്കൂറിനുള്ളില്‍ ചൂണ്ട പിടിച്ചെടുക്കാനാകും. ഇത്തരത്തില്‍ ലഭ്യമാകുന്ന മത്സ്യം കടലില്‍വച്ചു തന്നെ കുടലും മറ്റും കളഞ്ഞ് വൃത്തിയാക്കി കയറ്റുമതിക്ക് ആവശ്യമായ ഗുണമേന്മ നിലനിര്‍ത്തും. ഐസ് അലിഞ്ഞ് മത്സ്യം കേടാകുന്നത് ഒഴിവാക്കാന്‍ വൃത്തിയാക്കി മത്സ്യത്തിനുള്ളിലേക്ക് ഐസ് ജെല്‍ പാക്ക് കടത്തി ഫ്രീസ് ചെയ്തുവയ്ക്കുന്നതിനും വള്ളത്തില്‍ സൌകര്യമൊരുക്കും. വയര്‍ലെസ് സൌകര്യവും വള്ളത്തിലുണ്ടാകും. ആദ്യഘട്ടത്തില്‍ 10 വള്ളങ്ങളാണ് പരിഷ്കരിക്കുക. പദ്ധതി വിജയമാകുന്നതോടെ ഇത് വ്യാപകമാക്കും. മത്സ്യഫെഡിന്റെ എറണാകുളത്തെ ഫാക്ടറിയിലാണ് വള്ളങ്ങള്‍ പരിഷ്കരിക്കുന്നതിന് ആവശ്യമായ യന്ത്രങ്ങള്‍ നിര്‍മിക്കുന്നത്.

ജയിലുകള്‍ നവീകരണത്തിന്റെ പാതയില്‍: മന്ത്രി കോടിയേരി

ഇന്ത്യയിലെ മറ്റു ജയിലുകളില്‍നിന്ന് വ്യത്യസ്തമായി കേരളത്തിലെ ജയിലുകളില്‍ വിപുലമായ സൌകര്യങ്ങളാണ് സംസ്ഥാനസര്‍ക്കാര്‍ ഏര്‍പ്പെടുത്തിവരുന്നതെന്ന് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്കായി പണിത പുതിയ രണ്ട് മൂന്നുനില ബ്ളോക്കുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് നാലരവര്‍ഷംമുന്‍പ് 3000 പേര്‍ക്കുമാത്രം താമസിക്കാന്‍ സൌകര്യമുണ്ടായിരുന്ന ജയിലുകളില്‍ 6000 തടവുകാരെയാണ് കുത്തിനിറച്ചു പാര്‍പ്പിച്ചിരുന്നത്. എന്നാല്‍, ഇന്ന് പുതുതായി സ്ഥാപിച്ച ഒമ്പതു ജയിലില്‍ ഉള്‍പ്പെടെ ഏഴായിരത്തിലധികം പേരെ പാര്‍പ്പിക്കാന്‍ സൌകര്യമുണ്ട്.

ജയിലിലെ തടവുകാര്‍ക്കും മനുഷ്യാവകാശം ഉണ്ടെന്ന് അംഗീകരിച്ചുകൊണ്ട് പ്രാകൃതനിയമങ്ങള്‍ ഇല്ലാതാക്കാനും ജയിലുകളെ മാനസിക പരിവര്‍ത്തനത്തിനുള്ള കേന്ദ്രങ്ങളാക്കി മാറ്റാനും കഴിഞ്ഞിട്ടുണ്ട്. ഭക്ഷണക്രമത്തിലും പരോള്‍വ്യവസ്ഥകളിലും കഴിഞ്ഞ നാലരവര്‍ഷത്തിനിടയില്‍ ഉണ്ടായ മാറ്റങ്ങള്‍ എടുത്തുപറയേണ്ടതാണ്. 13-ാം ധനകമീഷന്‍ ജയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 154 കോടിരൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇപ്രകാരം പ്രതിവര്‍ഷം 38 കോടിരൂപ വീതം സംസ്ഥാനത്തിനു ലഭിക്കും. ജയില്‍ വകുപ്പില്‍ അടിസ്ഥാനപരമായ മാറ്റത്തിനാണ് ഗവണ്‍മെന്റ് മുന്‍കൈയെടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് അതിസുരക്ഷാ ജയില്‍ സ്ഥാപിക്കുന്നതിനും നടപടി ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം സംസ്ഥാന ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തോടൊപ്പം ജയില്‍ജീവനക്കാരുടെ ശമ്പളപരിഷ്കരണവും നടപ്പാക്കും. ജയിലുകളില്‍ കര്‍ശനമായ അച്ചടക്കം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും അദ്ദേഹം അറിയിച്ചു.

ദേശാഭിമാനി 1111