Showing posts with label മൽസ്യമേഖല. Show all posts
Showing posts with label മൽസ്യമേഖല. Show all posts

Friday, March 5, 2021

പ്രതിസന്ധികൾ തടസ്സമായില്ല ; തീരത്തിന്‌ നൽകിയത്‌ 4950 കോടി

തീരമേഖലയിൽ അഞ്ചുവർഷത്തിൽ 4950 കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസനപദ്ധതികൾ.  മത്സ്യവകുപ്പ്‌ ഏറ്റെടുത്തത്‌ 2884.3 കോടി രൂപയുടെ തീര പശ്ചാത്തല വികസനപദ്ധതികൾ. 587.32 കോടിയുടെ പദ്ധതികൾക്ക്‌ കിഫ്‌ബി സഹായമായി‌.  മത്സ്യബന്ധന തുറമുഖങ്ങൾക്കും തീരറോഡുകൾക്കുമായി 1478.37 കോടി നീക്കിവച്ചു. ഓഖി, പ്രളയം, കോവിഡ്‌ പ്രതിസന്ധികൾക്കിടയിലാണ്‌ മത്സ്യബന്ധനമേഖലയിൽ ചരിത്രത്തിലില്ലാത്ത വികസനം.

തീരവാസികൾക്കായി‌ 39,501 വീടിന്റെ നിർമാണം ഏറ്റെടുത്തു. 18,867 എണ്ണം പൂർത്തിയായി. പുനർഗേഹം പദ്ധതിയിൽ 18,685 വീട്‌ നിർമിക്കുന്നു. 2997 എണ്ണം‌ പൂർണമായി. ആറു ജില്ലയിൽ 1140 അപ്പാർട്ട്‌മെന്റ്‌ അടങ്ങിയ ഫ്‌ളാറ്റ്‌ സമുച്ചയങ്ങളുടെ നിർമാണവും  വിവിധ ഘട്ടത്തിലാണ്‌. പുറമെ, 5477 കുടുംബത്തിന്‌ കക്കൂസ്‌ നിർമാണത്തിന്‌ 20,000 രൂപവീതം നൽകി.

മത്സ്യബന്ധന തുറമുഖങ്ങൾക്കും മത്സ്യം കരയ്ക്കടുപ്പിക്കൽ കേന്ദ്രങ്ങൾക്കുമായി 813.90 കോടി നീക്കിവച്ചു. 25 തുറമുഖത്തിന്റെ വികസനം ഏറ്റെടുത്തു. 209 കോടിയിൽ മുതലപ്പൊഴി, ചേറ്റുവ, തലായി, കൊയിലാണ്ടി, മഞ്ചേശ്വരം എന്നിവിടങ്ങളിൽ പുതിയ തുറമുഖം നിർമിച്ചു. തങ്കശ്ശേരി, താനൂർ, വെള്ളയിൽ, പുതിയാപ്പ, ചെല്ലാനം, ബേപ്പൂർ, അർത്തുങ്കൽ തുറമുഖങ്ങളുടെ നിർമാണം പൂർത്തിയാക്കി. കിഫ്ബിയുടെ 209.04 കോടിയിൽ പരപ്പനങ്ങാടി, ചെത്തി ഹാർബറുകളുടെ നിർമാണം പുരോഗമിക്കുന്നു.

താഴംപള്ളി, താന്നി, കായംകുളം ചേറ്റുവ, പുറത്തൂർ, തലായ്, മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖങ്ങളോട്‌ അനുബന്ധിച്ചാണ്‌‌ തീരസംരക്ഷണ പ്രവർത്തന ങ്ങൾ. - പൊന്നാനിയിലെ പുറത്തൂർ തീരസംരക്ഷണത്തിന്‌ 7.14 കോടിയാണ്‌ അടങ്കൽ. പൂന്തുറയിൽ കിഫ്‌ബി സഹായത്തോടെ 19.7 കോടിയിൽ നൂതന കടൽ തടയണ പദ്ധതി നിർമാണമായി. അഞ്ചുവർഷത്തിൽ 1500ൽപ്പരം തീരറോഡുകളുടെ നവീകരണം ഏറ്റെടുത്തു. 704.05 കോടി നീക്കിവച്ചു‌.

17 കോടി ചെലവിൽ മൂന്ന്‌ മത്സ്യമാർക്കറ്റ്‌ ആധുനികവൽക്കരിച്ചു.  65 മത്സ്യമാർക്കറ്റ്‌കൂടി നവീകരിക്കുന്നതിന് 193.46 കോടിയുടെ പദ്ധതിക്ക്‌ കിഫ്ബി സഹായമുണ്ട്‌.തീര സ്‌കൂളുകൾ വിദ്യാർഥിസൗഹൃദമായി. 65 കോടിയിൽ 57 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യമുയർത്തി. 2.80 കോടിയിൽ 40 സ്‌കൂളിൽ സ്മാർട്ട് ക്ലാസ്‌ റൂം ഒരുക്കി. 50 സ്‌കൂളിന്‌ സ്‌പോർട്‌സ്‌ കിറ്റ്‌ നൽകി. അഞ്ചു സ്‌കൂളിന്‌ പുതിയ കളിക്കളമൊരുക്കി. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ 4000 വിദ്യാർഥിനികൾക്ക് സൈക്കിൾ നൽകി. 31 കോടി രൂപ ചെലവിൽ തീരത്തെ 19 ആശുപത്രിയുടെ അടിസ്ഥാന സൗകര്യമുയർത്തി.

ജി രാജേഷ്‌ കുമാർ 

Monday, March 1, 2021

'പ്രതിപക്ഷ നേതാവിൻ്റെ വെല്ലുവിളി ഞാൻ ഏറ്റെടുക്കുന്നു'; ആരോപിച്ച എന്തെങ്കിലും കാര്യം തെളിയിക്കാമോ എന്ന്‌ മന്ത്രി മേഴ്‌സിക്കുട്ടി അമ്മ

കൊല്ലം > ആഴക്കടൽ മൽസ്യ ബന്ധനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഉയർത്തിക്കൊണ്ടു വന്ന ആക്ഷേപം തികച്ചും ആസൂത്രിതവും ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെൻ്റിനെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഉള്ളതുമാണ് എന്ന് വ്യക്തമാക്കിയിട്ടും വീണ്ടും നുണപ്രചരണമെന്ന ഗീബൽസിയൻ തന്ത്രമാണ് പയറ്റിക്കൊണ്ടിരിക്കുന്നതെന്ന്‌ മന്ത്രി മേഴ്‌സിക്കുട്ടി അമ്മ. ഫിഷറീസ് മന്ത്രി രണ്ട് പ്രാവശ്യം ഫയൽ കണ്ടു എന്നതാണ് ഇന്നത്തെ കണ്ടെത്തൽ. ആദ്യത്തെ ആക്ഷേപം അമേരിക്കയിൽ വച്ച് ചർച്ച നടത്തി, ഇവിടെ വന്ന് ആഴക്കടൽ മൽസ്യബന്ധനത്തിന് അനുമതി നൽകി എന്നതായിരുന്നു.

അമേരിക്കയിൽ ചർച്ച നടത്തി എന്നത് തികച്ചും അസംബന്ധമായ പ്രചാരവേലയാണ് എന്ന് വ്യക്തമാക്കിയപ്പോൾ, കണ്ടതിൻ്റെ രേഖ പുറത്ത് വിടുന്നു എന്നതായി. അത് ഓഫീസിൽ വന്ന് നിവേദനം നൽകുന്നതാണെന്ന് വ്യക്തമായപ്പോൾ ഫയൽ കണ്ടു എന്നതായി. ഫയൽ കാണുന്നതിൽ എന്താണ് അസാധാരണത്വം.ആരെങ്കിലും നിവേദനം നൽകിയാൽ കാണാൻ പാടില്ലേ?.എന്ത് തീരുമാനമെടുത്തു എന്നതാണ് പ്രധാനം. ഫിഷറീസ് വകുപ്പിൻ്റെ ആഴക്കടൽ മത്സ്യ ബന്ധനം സംബന്ധിച്ച് നിലപാട് വ്യക്തമാണെന്നിരിക്കെ നയത്തിന് വിരുദ്ധമായ തീരുമാനം എടുക്കുന്ന പ്രശ്നം ഉദിക്കുന്നില്ല.

പ്രതിപക്ഷ നേതാവിൻ്റെ വെല്ലുവിളി ഞാൻ ഏറ്റെടുക്കുകയാണ്. ഫിഷറീസ് വകുപ്പ് ഇക്കാര്യത്തിൽ എന്തെങ്കിലും അനുകൂലമായ തീരുമാനം എടുത്തു എന്ന് അങ്ങേയ്ക്ക് തെളിയിക്കാമോ?. ഇല്ലെങ്കിൽ ഈ അധമമായ പ്രചാരവേല പ്രതിപക്ഷ നേതാവ് നടത്തുന്നത് തരംതാണതും, ഹീനവുമാണെന്ന് ആവർത്തിച്ച് വ്യക്തമാക്കുകയാണ്. ചില കുത്തക മാധ്യമങ്ങളുടെ പിന്തുണയോടെ ആടിനെ പട്ടിയാക്കുന്ന പണി അവസാനിപ്പിക്കണം.

ഇതുമായി ബന്ധപ്പെട്ട വസ്തുത എന്താണ്?.

ഒരു അമേരിക്കൻ കമ്പനി ആഴക്കടൽ മൽസ്യ ബന്ധനം, പ്രോസസ്സിംഗ്, ഗവേഷണം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഒരു കൺസപ്റ്റ് നോട്ട് എൻ്റെ ഓഫീസിൽ വന്ന് നൽകുന്നു.ഗവൺമെൻ്റിൻ്റെ നയം വ്യക്തമാക്കി, നടപടി ക്രമം പാലിച്ച് ഫിഷറീസ് വകുപ്പ് സെക്രട്ടറി ഈ കമ്പനിയുടെ വിശ്വാസ്യതയെക്കുറിച്ച് കേന്ദ്ര വിദേശമന്ത്രാലയത്തോട് ആരായുന്നു.വിദേശമന്ത്രാലയം അത് അന്വേഷിച്ച് വിവരം സെക്രട്ടറിക്ക് കൈമാറുന്നു. ആ വിവരം അനുസരിച്ച് ഇവർ അവകാശപ്പെടുന്ന ഒരു കാര്യവും നടത്താൻ ശേഷിയുള്ളവരല്ല എന്ന് വ്യക്തമാണ്.

മൽസ്യബന്ധന വകുപ്പ് ഇതുമായി ബന്ധപ്പെട്ട് ഒരു തീരുമാനവും എടുത്തിട്ടില്ല എന്നിരിക്കെ ഇക്കൂട്ടർ വീണ്ടും 2020 ജനുവരിയിൽ നടന്ന വ്യവസായ നിക്ഷേപക സംഗമത്തിൽ ഇവരുടെ പ്രൊപ്പോസൽ സമർപ്പിക്കുന്നു. ഇതിൽ എന്താണ് ഫിഷറീസ് വകുപ്പിൻ്റെ പങ്ക്. ബോധപൂർവ്വമായി ഒരു പൊതുമേഖലാ സ്ഥാപനം പ്രതിപക്ഷ നേതാവിൻ്റെ ജാഥ തുടങ്ങിയതിന് ശേഷം ഫെബ്രുവരി രണ്ടിന് ഒരു വമ്പൻ പദ്ധതിയ്ക്ക് എം.ഒ.യു ഒപ്പുവയ്ക്കുന്നുവെന്ന് പറയുന്നത് തികച്ചും അസാധാരണമാണ്.

ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിയോ, വകുപ്പോ അറിയാതെ തികച്ചും രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടു കൂടി നടത്തിയ ഈ നീക്കം ഗവൺമെൻ്റ് റദ്ദാക്കുകയും ചെയ്തു. ഇപ്പോൾ പ്രചാരവേല മൽസ്യനയത്തിലെ ഖണ്ഡിക 2. 9 നെക്കുറിച്ചാണ്. 2019ലെ മൽസ്യനയത്തിൽ പുറംകടലിൽ ബഹുദിന മൽസ്യ ബന്ധനം നടത്തുന്ന യാനങ്ങൾക്ക് സംരക്ഷണം നൽകും എന്നു പറഞ്ഞത് നിലവിലുള്ള മൽസ്യബന്ധന യാനങ്ങളുടെ സംരക്ഷണത്തെക്കുറിച്ചു മാത്രമാണ്.

മൽസ്യനയത്തിലെ 2. 9 എന്ന ഖണ്ഡിക നീക്കം ചെയ്യണമെന്ന് ബോട്ട് ഉടമ സംഘടനകൾക്കും, ശ്രീ. ഷിബു ബേബി ജോണിനും അഭിപ്രായമുണ്ടോ എന്ന് ആവർത്തിച്ച് ആരാഞ്ഞിട്ടും പ്രതികരണമുണ്ടായില്ല.  ഇത്തരം കള്ളക്കളി മൽസ്യത്തൊഴിലാളി സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാം എന്ന ലക്ഷ്യത്തിലാണെങ്കിൽ അത് നടക്കില്ല എന്നാണ് എനിയ്ക്ക് പറയാനുള്ളത്.

മൽസ്യത്തൊഴിലാളികൾ ഈ സർക്കാർ നൽകിയ നല്ല നയങ്ങളുടെ ഗുണഭോക്താക്കളാണ്. പിടിക്കുന്ന മത്സ്യത്തിന് ന്യായവില ഉറപ്പാക്കുക, മൽസ്യബന്ധനോപകരണങ്ങളുടെ ഉടമസ്ഥാവകാശം ഉറപ്പാക്കുക, മെച്ചപ്പെട്ട ഭവനസമുച്ചയങ്ങൾ അവർക്ക് വേണ്ടി നിർമ്മിക്കുക. മൽസ്യത്തൊഴിലാളിയുടെ മക്കൾ പഠിക്കുന്ന ഫിഷറീസ് സ്ക്കൂളുകൾ അറിവിൻ്റെ മാതൃകാ കേന്ദ്രങ്ങളാക്കുക, ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങൾ അവർക്ക് ലഭ്യമാക്കുക, മൽസര പരീക്ഷകളിൽ അവരെ സജ്ജരാക്കി എ.ബി.ബി.എസും, എഞ്ചിനീയറിംഗും ഉൾപ്പെടെയുള്ള പ്രൊഫഷണൽ കോഴ്സുകളിൽ പ്രവേശനം ലഭിക്കുന്നതിന് അവരെ പ്രാപ്തരാക്കുക.

മൽസ്യത്തൊഴിലാളി ഇൻഷുറൻസ് 10 ലക്ഷമാക്കി ഉയർത്തി, പ്രകൃതിക്ഷോഭങ്ങളുമായി മല്ലിടുമ്പോഴൊക്കെ അവർക്ക് സൗജന്യ റേഷനും, സാമ്പത്തിക സഹായവും ലഭ്യമാക്കുക, കടലിൽ അപകടത്തിൽ പെടുന്ന മത്സ്യത്തൊഴിലാളികളുടെ സംരക്ഷണത്തിനായി മൂന്ന് മറൈൻ അംബുലൻസുകളുടെ സർവ്വീസ് ആരംഭിക്കുക, മൽസ്യത്തൊഴിലാളി സംഘങ്ങൾക് ആധുനീക സജ്ജീകരണങ്ങളോടുകൂടിയ ബോട്ടുകൾ നൽകുക, കടലിൽ നിന്ന് 50 മീറ്ററിനുള്ളിൽ താമസ്സിക്കുന്ന മൽസ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി പുനർ ഗേഹം പദ്ധതിയിലൂടെ ഭവനങ്ങൾ നൽകുക തുടങ്ങി നിരവധി പദ്ധതികളാണ് മൽസ്യത്തൊഴിലാളികൾക്കായി സർക്കാർ നടപ്പാക്കിയിട്ടുള്ളത്.

ഇതാണ് വസ്‌തുത എന്നിരിക്കെ ചില മാധ്യമ കുത്തകളുടെ പിന്തുണയോടെ എന്ത് അധമവും ഹീനവുമായ പ്രചരണം അഴിച്ചുവിടുന്നത് പ്രതിപക്ഷ നേതാവിന് ചേരുന്നതല്ല. ഈ സർക്കാരിനെക്കുറിച്ച് ഒന്നും പറയാനില്ലാതിരിക്കെ മുങ്ങിത്താഴുബോൾ നടത്തുന്ന ഇത്തരം ഹീനമായ പ്രചാരവേലകളെ അർഹിക്കുന്ന അവഞ്ജയോടെ മൽസ്യത്തൊഴിലാളികൾ തള്ളിക്കളയുക തന്നെ ചെയ്യും - മന്ത്രി ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു.

Saturday, February 27, 2021

പരമ്പരാഗത തൊഴിലാളികൾക്കായി 10 ആഴക്കടൽ മത്സ്യബന്ധന യാനം

സംസ്ഥാനത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ആഴക്കടൽ മത്സ്യബന്ധന രീതികളിൽ‌ പ്രാപ്‌തരാക്കും. ഇതിന്റെ ആദ്യഘട്ടമായി 10 ആഴക്കടൽ മത്സ്യബന്ധനയാനം നൽകും. ഇവ നിർമിക്കാനുള്ള ധാരണപത്രത്തിൽ മാർച്ച്‌ രണ്ടിന്‌ മത്സ്യഫെഡും കൊച്ചിൻ ഷിപ്പിയാർഡും ഒപ്പിടുമെന്ന്‌ ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ശാസ്ത്രീയമായ രീതിയിൽ മീൻ പിടിക്കാനുള്ള അവസരമാണ്‌‌ പരമ്പരാഗത തൊഴിലാളികൾക്ക്‌ ലഭ്യമാകുക.

ആഴക്കടലിനെ ഇളക്കി മറിക്കാതെ ചൂണ്ട, ഗിൽനെറ്റ് എന്നിവ ഉപയോഗിച്ചുള്ള മത്സ്യബന്ധനമാണ് ഇതിലൂടെ സാധ്യമാകുക. സുരക്ഷിതമല്ലാത്ത പരമ്പരാഗത യാനങ്ങളിൽ ആഴക്കടൽ മത്സ്യബന്ധനം നടത്തുന്നവരെ ഘട്ടംഘട്ടമായി സുരക്ഷിതമായ യന്ത്രവൽക്കൃത മത്സ്യബന്ധന രീതിയിലേക്ക് മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഫിഷറീസ് വകുപ്പും മത്സ്യഫെഡും സംയുക്തമായാണ് നടപ്പാക്കുന്നത്.

ആധുനിക സൗകര്യങ്ങളെല്ലാമുള്ള ബോട്ട് കൊച്ചിൻ ഷിപ്പിയാർഡ് നിർമിച്ചു നൽകും. നിർമാണച്ചെലവ്, വല, ഇൻഷുറൻസ്, കടൽ സുരക്ഷാ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടെ ഒരു ബോട്ടിന് 1.64 കോടി രൂപയാണ് ചെലവ്. 48 ലക്ഷം രൂപ കേന്ദ്ര–- സംസ്ഥാന സർക്കാരുകളുടെ സബ്സിഡി. ബാക്കി ബാങ്ക് വായ്പയായി ലഭ്യമാക്കും. മത്സ്യത്തൊഴിലാളി പ്രാഥമിക സഹകരണ സംഘങ്ങളിൽ അംഗങ്ങളായ പത്ത് വീതം മത്സ്യത്തൊഴിലാളികൾ അടങ്ങുന്ന ഗ്രൂപ്പുകളാണ്‌ ഗുണഭോക്താക്കൾ.

തിരുവനന്തപുരം ജില്ലയിൽ മാമ്പള്ളി -നെടുങ്കണ്ട മത്സ്യത്തൊഴിലാളി സഹകരണ സംഘം, മര്യനാട് -പെരുമാതുറ മത്സ്യത്തൊഴിലാളി സഹകരണ സംഘം, ചിറയിൻകീഴ് -മുതലപ്പൊഴി മത്സ്യത്തൊഴിലാളി സഹകരണ സംഘം, വലിയതുറ സെന്റ്‌ ആൻസ്‌ തോപ്പ്‌ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം, കൊല്ലം ജില്ലയിൽ വെള്ളനാതുരുത്ത് -പണ്ടാരത്തുരുത്ത് മത്സ്യത്തൊഴിലാളി സഹകരണ സംഘം, ജോനകപ്പുറം -മൂതാക്കര മത്സ്യത്തൊഴിലാളി സഹകരണ സംഘം, കോഴിക്കോട് ജില്ലയിൽ പുതിയങ്ങാടി- എലത്തൂർ മത്സ്യത്തൊഴിലാളി സഹകരണ സംഘം, കൊല്ലം മൂടാടി- ഇരിങ്ങൽ മത്സ്യത്തൊഴിലാളി സഹകരണ സംഘം  എന്നിവയ്‌ക്കാണ്‌ യാനങ്ങൾ കൈമാറുക.

കൊല്ലം, എറണാകുളം ജില്ലകളിലെ ഓരോ സംഘങ്ങളെകൂടി പദ്ധതിയുടെ ഭാഗമാക്കും. എട്ട് മാസത്തിനുള്ളിൽ യാനങ്ങൾ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി അറിയിച്ചു. ഇതിലൂടെ മത്സ്യബന്ധനോപകരണത്തിന്റെ ഉടമകളായി മത്സ്യത്തൊഴിലാളികളെ മാറ്റുക എന്ന സർക്കാരിന്റെ നയം സാധ്യമാക്കൽകൂടി ലക്ഷ്യമിടുന്നതായി മന്ത്രി വ്യക്തമാക്കി.

ഫിഷറീസ് വകുപ്പിന്റെ അഞ്ച് വർഷത്തെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ പ്രസിദ്ധീകരണം മന്ത്രി പ്രകാശനം ചെയ്തു. മത്സ്യഫെഡ് മാനേജിങ്‌ ഡയറക്ടർ ലോറൻസ് ഹാരോൾഡ് ഏറ്റുവാങ്ങി. ഫിഷറീസ് ജോയിന്റ് ഡയറക്ടർ (പ്രോജക്ട്‌സ്‌) സ്മിത ആർ നായർ, ഫിഷറീസ്‌ ഡയറക്ടർ (മറൈൻ) എം താജുദീൻ എന്നിവരും പങ്കെടുത്തു.

Thursday, February 25, 2021

റാവു പതിച്ചുനൽകി ചെന്നിത്തല കൈയടിച്ചു

 എന്താണ്‌ ആഴക്കടൽ?

തീരത്തുനിന്ന്‌ 22.2 കിലോമീറ്ററിനും 370 കിലോമീറ്ററിനും  ഇടയിലുള്ള സ്‌പെഷ്യൽ സാമ്പത്തികമേഖലയാണ്‌ ആഴക്കടൽ. ഇത്‌ പൂർണമായും കേന്ദ്രസർക്കാരിന്റെ അധീനതയിലാണ്‌‌.

വിദേശ ട്രോളറിന്‌ അനുമതി 
നൽകിയത്‌ ആര്‌?

ആഴക്കടൽ മേഖലയിൽ മീൻപിടിക്കാൻ വിദേശ
ട്രോളറുകൾക്ക്‌ ആദ്യമായി ലൈസൻസ്‌ നൽകിയത്‌ 1991ലെ കോൺഗ്രസ്‌ സർക്കാരാണ്‌. അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു  800ൽപ്പരം ട്രോളറുകൾക്കായി 170 ലൈസൻസാണ്‌ നൽകിയത്‌.  ഒമ്പത്‌ സംസ്ഥാനത്തായി 7,500ൽപ്പരം കിലോമീറ്റർ ദൈർഘ്യമുള്ള ഇന്ത്യൻ സമുദ്രാതിർത്തിയിലെ  മത്സ്യസമ്പത്ത്‌ വിദേശകമ്പനികൾക്ക്‌ തൂത്തുവാരാൻ അനുമതി നൽകി. 

കൈയടിച്ച്‌ പാസാക്കിയ എംപി ആര്‌?

അക്കാലത്ത്‌ രമേശ്‌ ചെന്നിത്തല കോൺഗ്രസ്‌ എംപിയായിരുന്നു; കേരളത്തിൽ യുഡിഎഫ്‌ സർക്കാരും. ലോക്‌സഭയിൽ ഭൂരിപക്ഷം തികയ്‌ക്കാൻ പാടുപെട്ടിരുന്ന റാവുവിന്‌ ഓരോ എംപിയും വിലപ്പെട്ടതായിരുന്നു. ഈ സാഹചര്യം ഉപയോഗിച്ച്‌ നയം തിരുത്തിക്കാൻ കേരളത്തിൽനിന്നുള്ള കോൺഗ്രസ്‌ എംപിമാർക്ക്‌ കഴിയുമായിരുന്നു. അന്നൊന്നും മിണ്ടാത്ത ചെന്നിത്തലയാണ്‌ ഇപ്പോൾ തീരത്തിനുവേണ്ടി കരയുന്നത്‌.

കടപ്പുറം ഇളകി; പക്ഷേ 
കോൺഗ്രസ്‌ ഇളകിയോ?

മത്സ്യമേഖലയെ ആശ്രയിച്ച്‌ കഴിയുന്ന ദശലക്ഷക്കണക്കിന്‌ തൊഴിലാളികളുടെ ജീവിതമാർഗം നശിപ്പിക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ ട്രേഡ്‌ യൂണിയനുകളും മത്സ്യത്തൊഴിലാളികളുടെ പ്രസ്ഥാനങ്ങളും രംഗത്തുവന്നു. ഇടതുപാർടികൾ പാർലമെന്റിന്‌ അകത്തും പുറത്തും ശക്തമായി പ്രതിഷേധിച്ചു.  നാഷണൽ ഫിഷ്‌ വർക്കേഴ്‌സ്‌ ഫോറത്തിന്റെ ആഹ്വാനപ്രകാരം 1994 ഫെബ്രുവരി നാലിന്‌ ബന്ദ്‌ ആചരിച്ചു.

പുതിയ ലൈസൻസ്‌ നൽകില്ലെന്ന്‌ അന്ന്‌ മന്ത്രിയായിരുന്ന തരുൺ ഗോഗോയ് (പിന്നീട്‌ അസം മുഖ്യമന്ത്രി)‌ 1994 ഡിസംബർ 15ന്‌ പാർലമെന്റിൽ പറഞ്ഞു. നയം പുനഃപരിശോധിക്കാൻ മുരാരി കമ്മിറ്റിയെ നിയോഗിച്ചു. എന്നാൽ വാക്ക്‌ പാലിക്കാതെ സർക്കാർ വീണ്ടും ലൈസൻസ്‌  നൽകി.

മീൻകൊള്ള തുടരുന്നു; 
മിണ്ടിയോ?

അനുമതി പത്രത്തിന്റെ അടിസ്ഥാനത്തിൽ ആഴക്കടലിൽ മീൻപിടിക്കാൻ സൗകര്യം നൽകിയത്‌ 2002ൽ വാജ്‌പേയ്‌ സർക്കാർ.  കേന്ദ്ര മത്സ്യവകുപ്പിൽനിന്നാണ്‌ അനുമതി നൽകുന്നത്‌. ഇതുമറയാക്കി  വിദേശട്രോളറുകൾ വൻതോതിൽ കടന്നുവന്ന്‌ മത്സ്യസമ്പത്ത്‌ അരിച്ചുപെറുക്കി. വ്യവസ്ഥകൾ ലംഘിച്ച്‌ മീൻ കടലിൽനിന്നു തന്നെ വിദേശകപ്പലുകളിലേ‌ക്ക്‌ മാറ്റി. പിടിച്ചതിന്റെ നൂറിലൊന്നുപോലും ഇന്ത്യൻ തുറമുഖങ്ങളിലെത്തിയില്ല. ഇക്കാര്യം 2017 ആഗസ്‌ത്‌ ഒന്നിന്‌ രാജ്യസഭയിൽ കെ കെ രാഗേഷ്‌ തുറന്നുകാട്ടി.

വൻകിട ട്രോളറുകൾക്ക്‌ 
അനുമതി

150ൽ കൂടുതൽ നോട്ടിക്കൽ മൈലുകൾക്കപ്പുറത്ത് ആഴക്കടലിൽ നങ്കൂരമടിക്കുന്ന വലിയ കപ്പലുകൾ മത്സ്യം പിടിച്ച്‌ കപ്പലിൽനിന്നു തന്നെ സംസ്‌കരിച്ച്‌ പായ്ക്കറ്റുകളാക്കി ചെറിയ ബോട്ടുകളിലേക്ക് മാറ്റുകയും ചെയ്യുന്നു.

177 ഇനം മത്സ്യങ്ങൾ 
യഥേഷ്ടം ഇറക്കുമതി ചെയ്യാം

തായ്‌ലൻഡ്‌, ഇന്തോനേഷ്യ, ഫിലിപ്പീൻസ്‌ പോലുള്ള രാജ്യങ്ങളിൽനിന്ന്‌ വിലക്കുറവിൽ മത്സ്യം ഇറക്കുമതി ചെയ്യുന്നു. ഇന്ത്യൻ മത്സ്യവിപണി തകർച്ചയെ നേരിടും. ഇറക്കുമതി വർധിച്ചു, കയറ്റുമതി പഴയപടിയെന്നാണ്‌ പുതിയ റിപ്പോർട്ട്‌. വിദേശ മീൻപിടിത്ത കപ്പലുകൾ യഥേഷ്ടം കടന്നുവരുന്നതിനാൽ, 12 നോട്ടിക്കൽ മൈലിനപ്പുറം പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക്‌ പ്രവേശനമില്ല.

പ്രത്യേക ടൂറിസം സോണുകളിൽ മത്സ്യത്തൊഴിലാളികൾക്ക്‌ പ്രവേശനമില്ല. പവിഴപ്പാര്‌ (ക്വാറൽ റീഫ്‌) സംരക്ഷിക്കാനായി 32 കടൽ പ്രദേശം മറൈൻ പ്രൊട്ടക്ടഡ്‌ എരിയ. ഇവിടെ ട്രോളിങ്‌ ആകാം, നമ്മുടെ ബോട്ടുകൾക്ക്‌ വിലക്ക്‌.മത്സ്യഇറക്കുമതി ഏറ്റവും ദോഷം‌ കേരളത്തിന്‌. നെത്തോലി, മത്തി, അയല, വറ്റ, ചെമ്മീൻ തുടങ്ങി ആവശ്യക്കാരുള്ളവ ധാരാളം ഉൽപ്പാദിപ്പിക്കുന്നു.ആസിയനിൽ ബാക്കിയുള്ള നിബന്ധനകളുൾപ്പെട്ട കരാർ അടുത്തിടെ കേന്ദ്രമന്ത്രി നിർമല സീതാരാമന്റെ നേതൃത്വത്തിൽ ഒപ്പിട്ടു.

താരിഖ്‌ അൻവറിന്‌ 
ഓർമയുണ്ടോ; 
മീനാകുമാരി 
സമിതിയെ

മത്സ്യമേഖലയെ കുത്തകകൾക്ക്‌ പൂർണമായും തീറെഴുതുകയെന്ന ലക്ഷ്യത്തോടെ രണ്ടാം യുപിഎ സർക്കാർ 2013 ആഗസ്‌തിൽ ഡോ. ബി മീനാകുമാരി അധ്യക്ഷയായി സമിതിയെ നിയോഗിച്ചു.  ഇപ്പോൾ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ്‌ അൻവർ ആയിരുന്നു ഫിഷറീസിന്റെ ചുമതലയുള്ള സഹമന്ത്രി. ഈ സമിതി റിപ്പോർട്ട്‌ സമർപ്പിച്ചത്‌ 2014ൽ ഒന്നാം നരേന്ദ്രമോഡിസർക്കാരിന്റെ കാലത്ത്‌. വിദേശ ട്രോളറുകൾക്കടക്കം സ്വകാര്യ കുത്തകകൾക്ക് ഇന്ത്യയുടെ തീരമേഖലയിൽ മീൻപിടിക്കാൻ അനുമതി നൽകാൻ കമീഷൻ ശുപാർശ ചെയ്തു.

ചെറുകിട ബോട്ടുകൾ മീൻപിടിക്കുന്ന മേഖല 200  മുതൽ 500 മീറ്റർവരെ ആഴത്തിലാണ്‌. എന്നാൽ ഇവിടെ മത്സ്യബന്ധനം നിരോധിക്കാൻ നിർദേശിച്ചു.  ഇത്‌  ചെറുകിട മത്സ്യത്തൊഴിലാളികളുടെ അതിജീവനപ്രശ്നമായി മാറി. വൻപ്രക്ഷോഭം ഉയർന്നു.

മീനാകുമാരി കമീഷന്റെ പരിഗണനാവിഷയങ്ങൾ നിശ്ചയിച്ചത് യുപിഎ സർക്കാരിന്റെ കാലത്താണ്. കമീഷൻ റിപ്പോർട്ട് വന്നപ്പോൾ കോൺഗ്രസിന്റെ നയം ബിജെപി സർക്കാർ കൂടുതൽ ആവേശത്തോടെ നടപ്പാക്കി.

ഉമ്മൻചാണ്ടി മറന്ന ആസിയാൻ

കോൺഗ്രസ്‌ പ്രധാനമന്ത്രി മൻമോഹൻസിങ്ങും വാണിജ്യമന്ത്രി ആനന്ദ്‌ ശർമയും നാട്ടുകാരെ പറ്റിച്ചേ എന്നുപറഞ്ഞ്‌ ഒപ്പിട്ട കരാറാണ്‌ ‘ആസിയൻ’‌. 2009 ആഗസ്‌ത്‌ 13ന്‌ ഒപ്പിട്ട കരാർ 2010 ജനുവരി മുതൽ നിലവിൽവന്നു. ഏഷ്യൻ രാജ്യവുമായി ഒപ്പിട്ട ഈ വ്യാപാര കരാറിനെതിരെ ശക്തമായി രംഗത്തുവന്നത്‌ ഇടതുപക്ഷം മാത്രം. അന്ന്‌  ഉമ്മൻചാണ്ടി പ്രധാനമന്ത്രിയെ കണ്ടശേഷം പറഞ്ഞു:‌ ‘‘എല്ലാം പറഞ്ഞുശരിയാക്കി, കേരളവുമായി ചർച്ച ചെയ്തേ കരാർ ഒപ്പിടൂ.’’ എന്നാൽ,  കരാർ ഒപ്പിട്ട വിവരം മാധ്യമങ്ങൾ പോലും അറിഞ്ഞില്ല.  കരാർ വ്യവസ്ഥകൾ നടപ്പാക്കാൻ പല നിയമങ്ങളും  കേന്ദ്രസർക്കാർ ഭേദഗതി ചെയ്‌തു. 

ആഴക്കടല്‍ മത്സ്യബന്ധനത്തിന് ഒരു കോര്‍പറേറ്റുകളെയും അനുവദിക്കില്ല എന്നത് സര്‍ക്കാര്‍ നയം: മുഖ്യമന്ത്രി

തിരുവനന്തപുരം > ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാറിമാറി ഉന്നയിച്ച ഓരോ ആരോപണങ്ങളും അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പമാണ്. അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി സാധ്യമായതെല്ലാം ചെയ്യും. ഇഎംസിസി ഇന്റര്‍നാഷണല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി ആഴക്കടല്‍ മത്സ്യബന്ധനത്തിന് കേരള സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ഇത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ തകര്‍ക്കുമെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. അതില്‍നിന്ന് ചില തിരുത്തലുകള്‍ അദ്ദേഹം പിന്നീട് വരുത്തി. അദ്ദേഹം ഉന്നയിച്ച ഓരോ ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് സംഭവങ്ങളുടെ നാള്‍വഴി പരിശോധിച്ചാല്‍ അത് തെളിയും.

അസെന്റ് കേരള 2020ല്‍ 117 താല്‍പര്യപത്രങ്ങളും 34 ധാരണാപത്രങ്ങളും സംരംഭകരുമായി സര്‍ക്കാര്‍ ഒപ്പുവെച്ചിട്ടുണ്ട്. കേരളത്തില്‍ നിക്ഷേപം നടത്താന്‍ താല്‍പര്യപ്പെട്ടുവരുന്ന സംരംഭകരുമായി ഒരു സ്റ്റാന്‍ഡേര്‍ഡ് ഫോര്‍മാറ്റിലുള്ള ധാരണാപത്രമാണ് ഒപ്പുവെച്ചിട്ടുള്ളത്. അതില്‍ കേരള സര്‍ക്കാര്‍, സര്‍ക്കാര്‍ നയങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും അനുസൃതമായുള്ള പ്രോത്സാഹനവും പിന്തുണയും നല്‍കുമെന്നാണ് പറഞ്ഞിട്ടുള്ളത്.

ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശ കോര്‍പ്പറേറ്റുകള്‍ ഉള്‍പ്പെടെയുള്ള ഒരുവിധ കോര്‍പ്പറേറ്റുകളെയും അനുവദിക്കില്ല എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ഫിഷറീസ് നയം.

ആ നിലയ്‌ക്ക് കെഎസ്‌ഐഡിസി എംഡി ഒപ്പിട്ട ധാരണാപത്രം ആഴക്കടല്‍ മത്സ്യബന്ധനത്തിന് പ്രോത്സാഹനം നല്‍കുന്ന ഒന്നല്ല. എംഡി സര്‍ക്കാരിനെ അറിയിക്കാതെയാണ് ധാരണാപത്രം ഒപ്പുവെച്ചത്. സര്‍ക്കാര്‍ നയങ്ങള്‍ക്കു വിരുദ്ധമായ ഒരു കാര്യത്തിന് പിന്തുണ ലഭ്യമാകില്ല. അതിനാല്‍ തന്നെ ആഴക്കടല്‍ മത്സ്യബന്ധനത്തിന് കേരള സര്‍ക്കാര്‍ പിന്തുണയും സഹകരണവും നല്‍കുന്നു എന്ന ആരോപണത്തിന് വസ്തുതകളുടെ പിന്‍ബലമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തീര്‍ത്തും തെറ്റിദ്ധാരണാജനകമായ കാര്യങ്ങള്‍ ഉത്തരവാദപ്പെട്ട സ്ഥാനം വഹിക്കുന്ന പ്രതിപക്ഷ നേതാവ് പൊതുമണ്ഡലത്തില്‍ ഉന്നയിക്കുമ്പോള്‍ മത്സ്യത്തൊഴിലാളികളും പൊതുസമൂഹവും തെറ്റിദ്ധരിപ്പിക്കപ്പെടാന്‍ ഇടയുണ്ട്. ആ കാരണത്താല്‍ അതീവ ജാഗ്രതയുടെ ഭാഗമായി സര്‍ക്കാര്‍ ഈ ധാരണാപത്രം റദ്ദാക്കാന്‍ കെഎസ്‌ഐഡിസി മാനേജിങ് ഡയറക്ടര്‍ക്ക് വ്യവസായമന്ത്രി നിര്‍ദേശം നല്‍കിക്കഴിഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ ചെയ്ത എന്തെങ്കിലും തെറ്റായ കാര്യമല്ല റദ്ദാക്കുന്നത്. പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണയുടെ ഒരു കണികപോലും അവശേഷിക്കരുത് എന്ന നിര്‍ബന്ധമുള്ളതുകൊണ്ടാണ് ധാരണാപത്രം റദ്ദാക്കിയതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കൈമാറാത്ത ഭൂമി എങ്ങനെ റദ്ദാക്കാനാകും; ചെന്നിത്തലയ്‌ക്ക് ഇപിയുടെ മറുപടി

കണ്ണൂര്‍ > ചേര്‍ത്തല ഫുഡ് പാര്‍ക്കില്‍ ഇഎംസിസിയ്ക്ക് ഭൂമി കൈമാറിയിട്ടില്ലെന്ന് മന്ത്രി ഇ പി ജയരാജന്‍. ഭൂമി കൊടുത്താലല്ലേ റദ്ദാക്കേണ്ട പ്രശ്‌നം വരികയുള്ളൂ. ചേര്‍ത്തല ഫുഡ് പാര്‍ക്കില്‍ നിബന്ധനകള്‍ പാലിച്ച് ആര് വന്ന് ഭൂമി ചോദിച്ചാലും കൊടുക്കും. ഇവിടെ നിബന്ധനകള്‍ ഇഎംസിസിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇഎംസിസി പണം അടയ്ക്കുകയോ അവര്‍ക്ക് ഭൂമി വിട്ടുകൊടുക്കുകയോ ചെയ്തിട്ടില്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്ക് മറുപടിയായി ഇ പി പറഞ്ഞു.

നിക്ഷേപകര്‍ മുന്നോട്ടുവരുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേത്. ഇഎംസിസിയുടെ ആളുകള്‍ തന്റെയടുത്ത് വന്ന് പ്രോജക്ടിനെക്കുറിച്ച് സംസാരിച്ചു. പ്രതിപക്ഷ നേതാവിന്റെ അടുത്തുനിന്നാണ് തങ്ങള്‍ വരുന്നതെന്നാണ് അവര്‍ പറഞ്ഞത്. മാധ്യമങ്ങള്‍ ആശയക്കുഴപ്പമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. വിവാദമുണ്ടാക്കുകയാണ് ചിലരുടെ ലക്ഷ്യം. ആ ഗുഢോലോചനയ്ക്ക് സര്‍ക്കാര്‍ വഴങ്ങിക്കൊടുക്കില്ലെന്നും ഇ പി പറഞ്ഞു.

ചർച്ച നടത്തിയത്‌ ഓർമയില്ലെന്ന്‌ 
വി മുരളീധരൻ

ആഴക്കടൽ മത്സ്യബന്ധനം സംബന്ധിച്ച്‌ ഇഎംസിസി ഉടമ ഷിജു വർഗീസുമായി ചർച്ച നടത്തിയോയെന്ന് ഓർമയില്ലെന്ന്‌ കേന്ദ്രസഹമന്ത്രി വി മുരളീധരൻ. ചർച്ച നടത്തിയിട്ടില്ലെന്ന്‌ കഴിഞ്ഞ ദിവസം ഉറപ്പിച്ചുപറഞ്ഞ മുരളീധരനാണ്‌ ഇപ്പോൾ ഓർമക്കുറവ്‌ വന്നത്‌.

അമേരിക്കയിൽ പോയപ്പോൾ പലരെയും കണ്ടിട്ടുണ്ട്. ആരുമായും ഒദ്യോഗികമായി ചർച്ച നടത്തിയിട്ടില്ല. കൂടുതൽ കാര്യങ്ങൾ എംബസി രേഖകൾ പരിശോധിച്ചാൽ മനസ്സിലാവും –-മുരളീധരൻ വാർത്താലേഖകരോട്‌ പറഞ്ഞു

ധാരണാപത്രം അനുമതിയല്ല; ചെന്നിത്തലയുടെ വാദം തെറ്റ്‌

തിരുവനന്തപുരം > നിക്ഷേപത്തിന്‌ താൽപ്പര്യം അറിയിച്ച്‌ സർക്കാരുമായി ധാരണാപത്രം ഒപ്പിട്ടാൽ, പദ്ധതി യാഥാർഥ്യമാകില്ല. തുടർന്ന്‌ നിയമവകുപ്പിന്റെയും മറ്റ്‌ ബന്ധപ്പെട്ട വകുപ്പുകളുടെയും അനുമതി വേണ്ടിവരും. നയപരമായ കാര്യങ്ങൾ ഉണ്ടെങ്കിൽ മന്ത്രിസഭയുടെ പരിഗണനയ്‌ക്ക്‌ വിടും. അവിടെയും അംഗീകരിച്ച്‌ നിബന്ധനകൾ പൂർത്തിയാക്കിയാൽ മാത്രമാണ്‌‌ അന്തിമാനുമതി ലഭിക്കുക. ഇവിടെ മത്സ്യബന്ധനയാനം നിർമിക്കാൻ ഇഎംസിസിയും കെഎസ്‌ഐഎൻസിയുമായി ഒപ്പിട്ട ധാരണാപത്രം വകുപ്പ്‌ സെക്രട്ടറിപോലും അറിഞ്ഞിട്ടില്ല. ഇതിനെയാണ്‌ പ്രതിപക്ഷ നേതാവ്‌ കരാർ എന്ന്‌ പറഞ്ഞ്‌ ആക്ഷേപിക്കുന്നത്‌. 

അസെൻഡ്‌ സംഗമത്തിൽ ഇഎംസിസിയുമായി ഇതടക്കം രണ്ട്‌ ധാരണാപത്രമാണ്‌ സംഗമത്തിൽ ഒപ്പിട്ടത്‌. രണ്ടാമത്തേത്‌ ഭക്ഷ്യ സംസ്‌കരണ യൂണിറ്റ്‌ നിർമിക്കാനുള്ളതാണ്‌. യൂണിറ്റ്‌ ആരംഭിക്കാൻ സ്ഥലം അനുവദിക്കണമെന്ന കമ്പനിയുടെ അപേക്ഷ പരിഗണിച്ച്‌ ഈ മാസം ആദ്യം‌ പള്ളിപ്പുറം ഫുട്‌പാർക്കിൽ നാല്‌ ഏക്കർ അനുവദിക്കാമെന്ന്‌ അറിയിച്ച്‌ കെഎസ്‌ഐഡിസി കത്തും നൽകി‌. ഏക്കറിന് 1.37 കോടി പാട്ടത്തുകയായി നിശ്‌ചയിച്ചു ഇതിന്റെ 20 ശതമാനം ആദ്യം അടയ്ക്കണം. എന്നാൽ  കമ്പനി ഇതുവരെ സ്ഥലത്തിന് പണം അടയ്ക്കുക  പോലും ചെയ്തിട്ടില്ല.

സമുദ്രോൽപ്പന്ന സംഭരണവും സംസ്‌കരണവും കയറ്റുമതിയും ലക്ഷ്യമിട്ടാണ്‌ പള്ളിപ്പുറത്ത് മെഗാ മറൈൻ ഫുഡ്പാർക്കിന്‌ സംസ്ഥാന സർക്കാർ രൂപം നൽകിയത്‌. 130 കോടി രൂപ ചെലവിൽ 68 ഏക്കറിലുള്ള പാർക്കിൽ 30 പേർക്കാണ്‌ ഇതുവരെ ഭൂമി അനുവദിച്ചത്‌. ഏഴു സംരംഭം പ്രവർത്തനം ആരംഭിച്ചു.

5000 കോടിയുടെ അഴിമതിയെന്ന്‌ പറഞ്ഞിട്ടില്ല: ചെന്നിത്തല

തിരുവനന്തപുരം > ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട്‌ 5000 കോടിരൂപയുടെ അഴിമതിക്കഥ വിഴുങ്ങി പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല. അഴിമതി നടന്നെന്നല്ല, 5000 കോടി രൂപയുടെ കരാർ എന്ന്‌ മാത്രമാണ്‌ താൻ പറഞ്ഞതെന്നാണ്‌ ചെന്നിത്തല ഇപ്പോൾ പറയുന്നത്‌.

അമേരിക്കൻ കമ്പനിയും സംസ്ഥാന പൊതുമേഖലാ സ്ഥാപനവും നടത്തിയ ധാരണപത്രം കരാറായി  വളച്ചൊടിച്ച്‌   5000 കോടിരൂപയുടെ അഴിമതി നടന്നുവെന്നാണ്‌ ചെന്നിത്തല കഴിഞ്ഞ ദിവസം കൊല്ലത്ത്‌ വാർത്താസമ്മേളനത്തിൽ ആരോപിച്ചത്‌. ഇതിന്‌ മുഖ്യമന്ത്രിയും മന്ത്രിമാരും വ്യക്തമായ മറുപടി പറഞ്ഞതോടെ ചെന്നിത്തല വെട്ടിലായി. ധാരണപത്രം ഒപ്പിട്ട കെഎസ്‌ഐഎൻസി എംഡി, ചെന്നിത്തലയുടെ പഴയ  പ്രൈവറ്റ്‌ സെക്രട്ടറിയായിരുന്ന വാർത്തയും പുറത്തുവന്നു.  ഇതോടെയാണ്‌ 5000 കോടിരൂപയുടെ അഴിമതി ആരോപണം അദ്ദേഹം വിഴുങ്ങിയത്‌. ഇക്കാര്യം  മാധ്യമങ്ങൾ വളച്ചൊടിച്ചെന്നും അദ്ദേഹം പറയുന്നു. 

അഴിമതി ആരോപണം  ഉന്നയിക്കുകയും അതിൽനിന്ന്‌ തടിയൂരുകയും ചെയ്യുന്നത്‌ ചെന്നിത്തലയുടെ സ്ഥിരം പരിപാടിയാണ്‌. പള്ളിപ്പുറത്തെ ടെക്നോസിറ്റിക്ക്‌  ഏറ്റെടുത്ത ഭൂമിയിൽ കളിമൺ ഖനനത്തിന്‌ അനുമതി നൽകിയെന്ന്‌ പറഞ്ഞ്‌ പിന്നാലെ തിരുത്തിയിരുന്നു. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ്‌ ആരോപണം  ഉന്നയിച്ചതെന്നാണ്‌ അദ്ദേഹം പിന്നീട്‌ പറഞ്ഞത്‌.  സ്‌പ്രിംഗ്‌ളർ ആരോപണം ഉന്നയിച്ച കൂട്ടത്തിൽ  87 ലക്ഷം റേഷൻകാർഡ്‌ വിവരങ്ങൾ ചോർത്തിയെന്നതും മാധ്യമങ്ങളുടെ തലയിലിട്ട്‌ തടിയൂരിയിരുന്നു.

Sunday, February 21, 2021

ആഴക്കടൽ മത്സ്യബന്ധനത്തിനു വിദേശ കുത്തകകളെ അനുവദിക്കാൻ ലോക്‌സഭയിൽ കയ്യടിച്ച കേരള എം.പി ആര്‌?; പത്ത്‌ ചോദ്യങ്ങളുമായി സമൂഹമാധ്യമങ്ങൾ

കേരള തീരത്ത്‌ ആഴക്കടൽ മത്സ്യബന്ധത്തിന്‌ വിദേശ കുത്തകകളെ അനുവദിക്കുന്നുവെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിൽ പത്ത്‌ ചോദ്യങ്ങളുമായി സമൂഹമാധ്യമങ്ങൾ. ഇന്ത്യൻ അതിർത്തിയിൽ ആഴക്കടൽ മത്സ്യബന്ധനത്തിന്‌ അനുമതി നൽകിയതും, ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഫിഷറീസ്‌ നയവും അടക്കമുള്ളവയെ സംബന്ധിച്ച്‌ ചോദ്യങ്ങളുണ്ട്‌. 1991 ൽ കോൺഗ്രസ്‌ കേന്ദ്രം ഭരിച്ചപ്പോൾ വിദേശട്രോളറുകൾക്ക്‌ ആദ്യമായി ലൈസൻസ്‌ നൽകിതിൽ കയ്യടിച്ച കേരള എം.പി, മത്സ്യബന്ധനമേഖലയിലെ പ്രശ്നങ്ങൾ രൂക്ഷമാക്കിയ നടപടികൾ ഏതൊക്കെ? തുടങ്ങിയ കൃത്യമായ ചോദ്യങ്ങളിലൂടെയാണ്‌ "പത്ത്‌ പിഎസ്‌സി ചോദ്യങ്ങൾ'.

പത്ത് PSC ചോദ്യങ്ങൾ. ഏജ് ഓവറായവർക്കും ഒന്നു ശ്രമിക്കാം:

1. 1991ൽ നരസിംഹറാവു സർക്കാർ ആഴക്കടൽ മത്സ്യബന്ധനത്തിനു വിദേശകുത്തകകളെ അനുവദിച്ചുകൊണ്ടു നിയമമിറക്കിയപ്പോൾ ലോകസഭയിലെ തടിബെഞ്ചിൽ കയ്യടിച്ചു നിയമം പാസ്സാക്കിയ കേരള എംപി ആര്?

(A) രമേഷ് പിഷാരടി

(B) രമേശ് ചെന്നിത്തല

(C) എം.റ്റി. രമേശ്

(D) ഇവരാരുമല്ല

2. പരമ്പരാഗത മത്സ്യത്തൊഴിലാളികളെ തീരാദാരിദ്ര്യത്തിലേക്കു തള്ളിയിട്ട നരസിംഹറാവുവിന്റെ ആഴക്കടൽ മത്സ്യബന്ധനനയത്തിലൂടെ 170 ആഴക്കടൽ ലൈസൻസുകളാൺ നൽകപ്പെട്ടത്. 1994ൽ ഇതിനെതിരെ ദേശീയതലത്തിൽ നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറം രൂപീകരിച്ചു സമരം ചെയ്ത ദേശീയ പാർടി ഏതാണ്?

(A) ഇടതുപക്ഷ പാർടികൾ

(B) തൃണമൂൽ കോൺഗ്രസ്

(C) 20-20

(D) ആം ആദ്മി പാർടി

3. നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറം ഉയർത്തിയ ശക്തമായ സമരത്തെത്തുടർന്നു 1997ൽ മുരാരി കമ്മിറ്റിയെ നിയോഗിച്ചു. എന്തായിരുന്നു മുരാരി കമ്മിറ്റിയുടെ നിർദേശം?

(A) മത്സ്യത്തൊഴിലാളികളുടെ കണ്ണിൽ പൊടിയിടുക.

(B) കയ്യും കെട്ടി വെറുതെയിരിക്കുക.

(C) ആഴക്കടല്‍ മത്സ്യബന്ധനത്തിനനുവദിച്ച എല്ലാ വിദേശകമ്പനികളുടെയും ലൈസന്‍സുകള്‍  ആറുമാസത്തിനുള്ളില്‍ റദ്ദാക്കുവാനും പുതിയ നയം കൊണ്ടുവരാനും.

(D) ഇതൊന്നുമല്ല.

4. മത്സ്യബന്ധനമേഖലയിലെ പ്രശ്നങ്ങൾ രൂക്ഷമാക്കിയ നടപടികൾ ഏതൊക്കെ?

(A) 1991ൽ നരസിംഹറാവു സർക്കാർ ആഴക്കടൽ മത്സ്യബന്ധനം വിദേശക്കുത്തകൾക്ക് തീറെഴുതിയത്

(B) 1994ലെ ഗാട്ട് സ്വതന്ത്രവ്യാപാരക്കരാർ

(C) 2009ലെ ആസിയാൻ സ്വതന്ത്രവ്യാപരക്കരാർ

(D) ഇവയെല്ലാം മത്സ്യബന്ധമേഖലയെ പ്രതിസന്ധിയിലാക്കി

5. മത്സ്യബന്ധനമേഖലയെ പ്രതിസന്ധിയിലാഴ്ത്തിയ നടപടികൾ സ്വീകരിച്ചപ്പോൾ കേന്ദ്രത്തിൽ അധികാരത്തിലിരുന്ന പാർടിയേത്?

(A)  ഭാരതീയ ജനതാ പാർടി

(B) ഇന്ത്യൻ നാഷണൽ കോൺഗ്രസ്

(C) ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്

(D) ജമാത്തെ ഇസ്ലാമി

6. "വിദേശ ട്രോളറുകള്‍ക്കോ,  കോര്‍പ്പറേറ്റുകളുടെ യാനങ്ങള്‍ക്കോ, ആഴക്കടല്‍ മത്സ്യബന്ധനം നടത്താനുള്ള അനുവാദം നല്‍കാതിരിക്കാനും ഇന്ത്യയുടെ സമുദ്രാതിര്‍ത്തിയില്‍ അവയെ പ്രവേശിപ്പിക്കാതിരിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തും" ഏതു മുന്നണിയുടെ ഫിഷറീസ് നയത്തിലെയാണ് ഈ വരികൾ?

(A) ഐക്യ ജമായത്ത മുന്നണി

(B) ഇടതുപക്ഷ ജനാധിപത്യ മുന്നണി

(C) പാക്കിസ്ഥാനി പീപ്പ്‌ൾസ് പാർടി

(D) അവാമി ലീഗ്

7. ചരിത്രത്തിലാദ്യമായി 2018ൽ മത്സ്യബന്ധനത്തൊഴിലാളികളെ ഈ നാടിന്റെ സൈന്യമായി വിശേഷിപ്പിച്ച്, അവരെ ആദരിച്ച കേരള മുഖ്യമന്ത്രി ആരാണ്?

(A) പിണറായി വിജയൻ

(B) പട്ടം താണുപ്പിള്ള

(C) സി. കേശവൻ

(D) ആർ. ശങ്കർ

8. എന്തിനാണ് KSINC എന്ന സ്ഥാപനം EMCC ഇന്റെർനാഷണൽ എന്ന അമേരിക്കൻ കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടത്?

(A) കൈ നനയാതെ മീൻപിടിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കാൻ

(B) 2004ൽ അപ്രത്യക്ഷമായ സുനാമി ഫണ്ട് കണ്ടുപിടിക്കാൻ

(C) കടലിലെ തിരയെണ്ണാൻ

(D) ആഴക്കടൽ മത്സ്യബന്ധനയാനങ്ങൾ കുറഞ്ഞവിലയ്ക്ക് നിർമിച്ച് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കു കൈമാറുവാൻ.

9. എന്തിനാണ് EMCC ഇന്റെർനാഷണലിന് KINFRA വ്യവസായപ്പാർക്കിൽ നാലേക്കർ അനുവദിച്ചത്?

(A) കരയിലിരുന്നുകൊണ്ട് ആഴക്കടൽ മത്സ്യബന്ധനം നടത്താൻ

(B) ഭക്ഷ്യസംസ്കരണശാല സ്ഥാപിച്ച് മൂല്യവർദ്ധിത മത്സ്യോത്പന്നങ്ങൾ വിപണനം ചെയ്യാൻ

(C) പ്രതിപക്ഷനേതാവിന് സ്ഥിരം പത്രസമ്മേളനം നടത്താനുള്ള വേദിയൊരുക്കാൻ

(D) ഇതൊന്നുമല്ല

10. പ്രതിപക്ഷനേതാവ് ഇപ്പോൾ ഉന്നയിച്ചിരിക്കുന്ന ആരോപണത്തിന് എന്താണാധാരം?

(A) കൈരേഖ

(B) സിനിമാനടി രേഖ

(C) ഇതുവരെ ഉന്നയിച്ചു പൊളിഞ്ഞു പോയ ആരോപണങ്ങൾക്ക് എന്തെങ്കിലും രേഖയുണ്ടായിരുന്നോ?

(D) ഒരു രേഖയുമില്ല

[കോൺഗ്രസ്സിന്റെ ഉഡായിപ്പ് PSC പേപ്പർ പോലെയല്ല. ചോദ്യങ്ങളും ഉത്തരങ്ങളും വസ്‌തുതാപരമാണ്.]

കടല്‍ വിദേശകുത്തകകള്‍ക്ക് തീറെഴുതി കൊടുത്ത കോണ്‍ഗ്രസാണ് ഇപ്പോള്‍ കുപ്രചരണവുമായി എത്തിയിരിക്കുന്നത്: പിപി ചിത്തരഞ്ജന്‍

ആലപ്പുഴ> ചരിത്രത്തിലിന്നോളം കണ്ടിട്ടില്ലാത്ത വിധത്തിലുള്ള വികസന - ക്ഷേമ - ആശ്വാസ നടപടികളുമായി മുന്നേറുന്ന പിണറായി വിജയന്‍ സര്‍ക്കാരിനെയും, വിശിഷ്യാ ഫിഷറീസ് വകുപ്പിനെയും ഇകഴ്ത്തി കാട്ടാനുള്ള ഗൂഢശ്രമമാണ് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്നതെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി പി ചിത്തരഞ്ജന്‍ . ആഴക്കടല്‍ മത്സ്യബന്ധനത്തെ സംബന്ധിച്ച നിലപാട് 2019-ല്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച നയത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. നയത്തിന്റെ രണ്ടാം അധ്യായത്തില്‍ 2.2-ല്‍ 'വിദേശ ട്രോളറുകള്‍ക്കോ,  കോര്‍പ്പറേറ്റുകളുടെ യാനങ്ങള്‍ക്കോ, ആഴക്കടല്‍ മത്സ്യബന്ധനം നടത്താനുള്ള അനുവാദം നല്‍കാതിരിക്കാനും ഇന്ത്യയുടെ സമുദ്ര അതിര്‍ത്തിയില്‍ അവയെ പ്രവേശിപ്പിക്കാതിരിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും എന്നാണ്.

സംസ്ഥാനത്ത് നിലവില്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ആഴക്കടല്‍ മത്സ്യബന്ധനത്തിന് പര്യാപ്തരാക്കുക എന്നതും സംസ്ഥാന സര്‍ക്കാരിന്റെ ഫിഷറീസ് നയത്തില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. വസ്തുത ഇതായിരിക്കെ സര്‍ക്കാരും ഏതോ അമേരിക്കന്‍ കമ്പനിയും തമ്മില്‍ ഈ വിഷയത്തില്‍ കരാറില്‍ ഒപ്പിട്ടു എന്ന വ്യാജവാര്‍ത്തയാണ് യുഡിഎഫ് പ്രചരിപ്പിക്കുന്നത്.

 1991-ല്‍ രാജ്യത്ത് ഉദാരവല്‍ക്കരണ നയം നടപ്പിലാക്കി കടല്‍ വിദേശകുത്തകകള്‍ക്ക് തീറെഴുതി കൊടുത്ത കോണ്‍ഗ്രസാണ് ഇപ്പോള്‍ ഇത്തരത്തിലൊരു കുപ്രചരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ മേഖലയില്‍ ആസിയാന്‍ കരാറും ഗാട്ട് കരാറും മത്സ്യബന്ധന മേഖലയിലെ പ്രശ്‌നങ്ങള്‍ ഏറെ സങ്കീര്‍ണമാക്കുകയും വിദേശ ട്രോളറുകള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കകുകയുമാണ് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ചെയ്തത്.

കേരളത്തില്‍ തുടര്‍ഭരണം ഉറപ്പായതോടെ ജനങ്ങള്‍ക്കിടയില്‍ പിണറായി സര്‍ക്കാരിനുള്ള ജനസമ്മതിയിലും പിന്തുണയിലും അസൂയപൂണ്ട പ്രതിപക്ഷ നേതാവും യുഡിഎഫ് നേതൃത്വവും രാഷ്ട്രീയ ലക്ഷ്യങ്ങള്‍വെച്ചാണ് ഇപ്പോഴുള്ള വിവാദങ്ങള്‍ പടച്ചുണ്ടാക്കിയിരിക്കുന്നത്. പരമ്പരാഗത മത്സ്യത്തൊഴിലാളികളെ  സംബന്ധിച്ച് എന്നും അവരുടെ ജീവിതപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ആത്മാര്‍ത്ഥമായി ഇടപെട്ടിട്ടുള്ളത്  ഇടതുപക്ഷ ജനാധിപത്യമുന്നണിയാണെന്ന തിരിച്ചറിവോടെ, 27ന് ആഹ്വാനം ചെയ്ത ഹര്‍ത്താലും കുപ്രചരണങ്ങളും കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹം പുച്ഛിച്ച് തള്ളുമെന്നും ഇത്തരത്തിലുള്ള നുണപ്രചാരങ്ങളില്‍ നിന്ന് പ്രതിപക്ഷം പിന്മാറണമെന്നും ചിത്തരഞ്ജന്‍ പത്രസമ്മേളനത്തിലൂടെ ആവശ്യപ്പെട്ടു.

മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (സിഐടിയു) നേതാക്കളായ എച്ച്.ബേസില്‍ലാല്‍, ആന്റണി ഷീലന്‍ എന്നിവരും പത്രസമ്മേളനത്തില്‍  പങ്കെടുത്തു.

തിരതല്ലും സന്തോഷം; 
ചേർത്തു‌പിടിച്ച്‌ സർക്കാർ

കൊല്ലം: കടലിന്റെ മക്കളെ ചേർത്തു‌പിടിച്ച്‌ സർക്കാർ. സന്തോഷം തിരതല്ലിയ നിമിഷത്തിൽ അവർ സർക്കാരിന്റെ കരുതൽ അനുഭവിച്ചറിഞ്ഞു. ഓഖി ദുരന്തത്തിൽ ജീവനോപാധികൾ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് എഫ്ആർപി ബോട്ടുകളുടെയും അനുബന്ധ സുരക്ഷാ ഉപകരണങ്ങളും വിതരണംചെയ്‌തു. നീണ്ടകര ഹാർബറിൽ നടന്ന ചടങ്ങിൽ മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ ഉദ്‌ഘാടനം നിർവഹിച്ചു. തെരഞ്ഞെടുക്കപ്പെട്ട പാരമ്പര്യ മത്സ്യത്തൊഴിലാളികളായ 15 ഗ്രൂപ്പുകളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.

നാല് അംഗങ്ങൾ ഉൾപ്പെട്ട ഗ്രൂപ്പുകളിലെ മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധന യാനങ്ങളും അനുബന്ധ ഉപകരണങ്ങളും സുരക്ഷാ ഉപകരണങ്ങളും ഉൾപ്പെടെ എട്ടുലക്ഷം രൂപയുടെ സാമഗ്രികളാണ് പൂർണമായും സർക്കാർ സബ്‌സിഡിയിൽ നൽകിയത്‌. ഒബിഎം എൻജിൻ, ഗിൽനെറ്റ്, ലോംഗ് ലൈൻ, ആങ്കറുകൾ, ലൈഫ് ബോയ്, ജിപിഎസ്, എക്കോ സൗണ്ടർ, മത്സ്യബന്ധനവല എന്നിവയാണ്‌ ഓഖി  പാക്കേജിന്റെ ഭാഗമായി വിതരണംചെയ്ത അനുബന്ധ ഉപകരണങ്ങൾ.

മത്സ്യഫെഡ് ഫിഷ്‌റ്റേറിയൻ  മൊബൈൽ മാർട്ട്, അന്തിപ്പച്ചയുടെ പുതിയ വാഹനവും മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ എം നൗഷാദ് എംഎൽഎ അധ്യക്ഷനായി. മത്സ്യഫെഡ് ചെയർമാൻ പി പി ചിത്തരഞ്ജൻ, മത്സ്യഫെഡ് ഡയറക്ടർ ബോർഡ് അംഗം ടി മനോഹരൻ, ഫിഷറീസ് ജോയിന്റ്‌  ഡയറക്ടർ എൻ എസ് ശ്രീലു, മത്സ്യഫെഡ് മാനേജിങ്‌ ഡയറക്ടർ ലോറൻസ് ഹറോൾഡ്, ഫിഷറീസ് ജോയിന്റ്‌ ഡയറക്ടർ എം ശ്രീകണ്ഠൻ, മത്സ്യഫെഡ് ജില്ലാ മാനേജർ മണിയപ്പൻ, എക്സിക്യൂട്ടീവ് എൻജിനീയർ ഇ ലിൻഡ, ജില്ലാ പഞ്ചായത്ത്അംഗം സി പി സുധീഷ് കുമാർ,  ചവറ ബ്ലോക്ക് പഞ്ചായത്ത്‌അംഗം ജോയി ആന്റണി , കെ ലതീശൻ, കെ എം രാജഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.

തീരത്ത്‌‌ സമാനതകളില്ലാത്ത വികസനം: മേഴ്‌സിക്കുട്ടിഅമ്മ

സമാനതകളില്ലാത്ത വികസനമാണ്  തീരമേഖലയിൽ നടപ്പാക്കുന്നതെന്ന്‌ മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ പറഞ്ഞു. ഓഖി ദുരന്തത്തിൽ ജീവനോപാധികൾ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് എഫ്ആർപി ബോട്ടുകളും അനുബന്ധ സുരക്ഷാ ഉപകരണങ്ങളും വിതരണം ചെയ്യുകയായിരുന്നു മന്ത്രി. 

പുതിയ എൻജിൻ വാങ്ങി മത്സ്യ ബന്ധനത്തിനായി കടലിൽ പോകുന്നവർക്ക് സബ്സിഡി നിരക്കിൽ മണ്ണെണ്ണ ലഭ്യമാക്കും. കടലിൽ പോകുന്ന യാനങ്ങൾക്ക് രജിസ്ട്രേഷനും അനുബന്ധ ഉപകരണങ്ങളും നിർബന്ധമാണ്‌. മത്സ്യമേഖലയിൽ കൊണ്ടുവന്ന മാറ്റങ്ങൾ തൊഴിലാളികൾക്ക് ഗുണം ചെയ്യുന്നതരത്തിലാണ്. ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്നും മത്സ്യതൊഴിലാളികളെ സംരക്ഷിക്കാൻ കഴിയുന്നുണ്ട്. നിയമങ്ങൾ വന്നതോടെ തൊഴിലാളികൾക്ക്‌ വരുമാനം കൂടി. ഇടനിലക്കാരായ ചിലരാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ഏത് സമയത്ത് മീൻ വിൽപ്പനക്കായി യാനങ്ങൾ ഹാർബറിൽ എത്തിയാലും ഒരേ വില ലഭ്യമാകുന്ന തരത്തിലാണ് ഇപ്പോൾ കാര്യങ്ങൾ. മത്സ്യ വിപണന മേഖലയിലെ കണക്കുകൾ  സർക്കാരിന്റെ കൈയിൽ ഉണ്ട്. ചെറുമീനുകളെ പിടിച്ചു കൊണ്ടുവരുന്ന യാനങ്ങൾക്ക് കർശന പിഴ ഈടാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

മഹാകാര്യമെന്ന മട്ടില്‍ പ്രതിപക്ഷ നേതാവ് ചിലത് പറയുന്നു; മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ല: മുഖ്യമന്ത്രി

 തിരുവനന്തപുരം> മത്സ്യത്തൊഴിലാളികളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താനും മത്സ്യബന്ധന മേഖലയ്ക്കാകെ പുരോഗതി ഉണ്ടാക്കാനുമുള്ള ഇടപെടല്‍ മാത്രമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഒരു മഹാകാര്യമെന്ന മട്ടില്‍ ചിലത് പറഞ്ഞുകേട്ടു. ഒരുകാര്യം ആദ്യം തന്നെ വ്യക്തമാക്കട്ടെ. മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന ഒരു നടപടിയും ഈ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവില്ല. അത് തീരദേശങ്ങളിലെ ജനങ്ങള്‍ അവരുടെ ജീവിതാനുഭവത്തിലൂടെ തിരിച്ചറിയുന്നുണ്ട്. എന്തെങ്കിലും കുപ്രചാരണം നടത്തി അവരുടെ മനസ്സുകളെ സര്‍ക്കാരിനെതിരെ തിരിച്ചുകളയാമെന്ന ഒരു വ്യാമോഹവും വേണ്ടതില്ല.

മത്സ്യമേഖലയില്‍ കൃത്യമായി നയം രൂപീകരിച്ച് അത് നടപ്പാക്കുന്ന സര്‍ക്കാരാണിത്. 2019 ജനുവരിയില്‍ നടപ്പാക്കിയ ഫിഷറീസ് നയത്തില്‍ ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് വ്യക്തമായ നിലപാടുകള്‍ പറഞ്ഞിട്ടുണ്ട്. അത് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്:

1. വിദേശ ട്രോളറുകള്‍ക്കോ, തദ്ദേശീയ കോര്‍പ്പറേറ്റുകളുടെ യാനങ്ങള്‍ക്കോ, ആഴക്കടല്‍ മത്സ്യബന്ധനം നടത്താനുള്ള അനുവാദം നല്‍കാതിരിക്കാനും, ഇന്ത്യയുടെ സമുദ്ര അതിര്‍ത്തിയില്‍ അവയെ പ്രവേശിപ്പിക്കാതിരിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തും.

2. സംസ്ഥാനത്തിന്റെ തീരക്കടലില്‍ യന്ത്രവല്‍കൃത മത്സ്യബന്ധന യാനങ്ങള്‍ക്ക് നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കും. എന്നാല്‍, കാലഹരണപ്പെടുന്ന യാനങ്ങള്‍ക്ക് പകരമായി പുതിയ യാനങ്ങള്‍ക്കുള്ള അനുമതി പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രം നല്‍കും.

ഇതാണ് സര്‍ക്കാറിന്റെ നയം. ഇതോടൊപ്പം അതേ നയത്തില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ സംരക്ഷണത്തിനായി സ്വീകരിച്ച നിലപാടുകള്‍ പറയുന്നുണ്ട്.

മത്സ്യത്തൊഴിലാളികള്‍ പിടിക്കുന്ന മത്സ്യത്തിന്റെ വില നിശ്ചയിക്കുന്നതിനും സ്വതന്ത്രമായി വില്‍പനയില്‍ ഏര്‍പ്പെടുന്നതിനുമുള്ള അവകാശം അവര്‍ക്ക് ഉറപ്പു വരുത്തും.

ഏതെങ്കിലും കോര്‍പ്പറേറ്റുകള്‍ക്ക് മത്സ്യത്തൊഴിലാളികളെ തീറെഴുതിക്കൊടുക എന്ന നയം കൊണ്ടുവന്നത് ആരാണെന്ന് പ്രതിപക്ഷ നേതാവിന് ഓര്‍മയില്ലേ? കോണ്‍ഗ്രസ് നേതാവ് നരസിംഹറാവു പ്രധാനമന്ത്രിയായപ്പോഴാണ് ആഴക്കടലില്‍നിന്ന് മത്സ്യസമ്പത്ത് അരിച്ചെടുത്ത് കൊണ്ടുപോകാന്‍ വിദേശ ഭീമന്‍മാര്‍ക്ക് അവസരം നല്‍കിയത്. അതിനെതിരെ പോരാടിയ പാരമ്പര്യമാണ് ഈ സര്‍ക്കാരിനെ നയിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി എക്കാലവും വിട്ടുവീഴ്ചയില്ലാതെ പോരാടിയ ചരിത്രമുള്ള, ഇന്നും ആ പോരാട്ടം തുടരുന്ന രാഷ്ട്രീയമാണ് ഈ സര്‍ക്കാരിന്റെ നയങ്ങളെ സ്വാധീനിക്കുന്നത്. മത്സ്യബന്ധനത്തിനായി ആഴക്കടല്‍ വിദേശ കുത്തകകളൂടെ ലാഭക്കൊതിക്ക് തുറന്നു കൊടുത്ത കോണ്‍ഗ്രസിന്റെ നയമല്ല, ഈ സര്‍ക്കാരിന്റേത്. ഇത്രയും കാലത്തെ പ്രവര്‍ത്തനം അര്‍ത്ഥസങ്കയ്ക്കിടയില്ലാത്തവിധം തെളിയിച്ചതാണ്.

വിദേശ ട്രോളറുകള്‍ക്കോ തദ്ദേശീയ കോര്‍പ്പറേറ്റുകളുടെ ട്രോളറുകള്‍ക്കോ ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്നതിന് അനുമതിപത്രം നല്‍കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. കേരള സര്‍ക്കാരിന്റെയും മത്സ്യത്തൊഴിലാളി സംഘടനകളുടെയും നിരന്തരമായ എതിര്‍പ്പിനെ തുടര്‍ന്ന് 2017ലെ കേന്ദ്ര സമുദ്ര മത്സ്യബന്ധന നയത്തില്‍ ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശ സ്വദേശ കമ്പനികള്‍ക്ക് നല്‍കിവന്നിരുന്ന അനുമതിപത്രം നിര്‍ത്തലാക്കുമെന്ന് കേന്ദ്ര സര്‍ക്കാരിന് പ്രാഖ്യാപിക്കേണ്ടി വന്നു. സംസ്ഥാന സര്‍ക്കാരിന്റെ ആഴക്കടല്‍ മത്സ്യബന്ധനത്തോടുള്ള നിലപാട് ഇതില്‍ നിന്നും വ്യക്തമാണ്.

പരമ്പരാഗത മത്സ്യബന്ധനത്തിന് ഉതകുന്ന ആഴക്കടല്‍ മത്സ്യബന്ധനം മത്സ്യത്തൊഴിലാളികളെ മത്സ്യബന്ധന ആഴക്കടല്‍ യാനങ്ങളുടെ ഉടമസ്ഥരാക്കി പ്രാത്സാഹിപ്പിക്കലാണ് സംസ്ഥാന ഫിഷറീസ് നയത്തിലെ മറ്റൊരു പ്രധാന ലക്ഷ്യം. ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശീയ തദ്ദേശീയ കോര്‍പ്പറേറ്റുകളെയോ കമ്പനികളെയോ കേരള തീരത്ത് അനുവദിക്കുകയില്ല എന്ന സംസ്ഥാന ഫിഷറീസ് നയത്തിലെ സുവ്യക്തമായ നിലപാടില്‍ നിന്നും വ്യതിചലിച്ച് ഒരു പദ്ധതിക്കും അനുമതി നല്‍കില്ല. ഇത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പൊതുവായ നയമാണ്. കൃത്യമായ ഉറപ്പാണ്. അതില്‍നിന്ന് ഒരിഞ്ച് പിന്നോട്ടുപോകാന്‍ ഈ സര്‍ക്കാരിനെ കിട്ടില്ല. അതുകൊണ്ട് ഞങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ക്കെതിരാണ് എന്ന പുകമറ സൃഷ്ടിച്ച് എന്തെങ്കിലും തെരഞ്ഞെടുപ്പ് നേട്ടം ഉണ്ടാക്കാം എന്ന വ്യാമോഹം ആര്‍ക്കും വേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

കേരളതീരം കുത്തകകൾക്കില്ല ; മത്സ്യത്തൊഴിലാളികൾക്ക്‌ പ്രതികൂലമായ ഒരു നടപടിയുമുണ്ടാകില്ല

ആഴക്കടൽ മത്സ്യബന്ധനത്തിന് വിദേശ, തദ്ദേശ കുത്തകകളെയോ കമ്പനികളെയോ കേരളതീരത്ത് അനുവദിക്കില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ല. സർക്കാരിന്റെ സുവ്യക്തമായ നയമാണിത്‌. സംസ്ഥാന ഫിഷറീസ് നയത്തിൽനിന്ന്‌ വ്യതിചലിച്ച് ഒരു പദ്ധതിക്കും അനുമതി നൽകില്ല. ഇത് കൃത്യമായ ഉറപ്പാണ്. ഒരിഞ്ച് പിന്നോട്ടുപോകില്ല. സർക്കാർ മത്സ്യത്തൊഴിലാളികൾക്കെതിരാണെന്ന പുകമറ സൃഷ്ടിച്ച് എന്തെങ്കിലും തെരഞ്ഞെടുപ്പ് നേട്ടം ഉണ്ടാക്കാമെന്ന വ്യാമോഹം ആർക്കും വേണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കഴിഞ്ഞ ദിവസം വ്യവസായമന്ത്രിക്ക്‌ ലഭിച്ച നിവേദനത്തിലെ ഉള്ളടക്കം അതേപടി പ്രതിപക്ഷ നേതാവിന്‌ ലഭിച്ചു. ഇതാണ്‌ കരാറെന്ന പേരിൽ പ്രചരിപ്പിക്കുന്നത്‌. ഇതിൽ ദുരൂഹതയുണ്ട്‌. പ്രതിപക്ഷ നേതാവിന്‌ ഈ വിവരങ്ങൾ എങ്ങനെ കിട്ടിയെന്ന്‌ അദ്ദേഹമാണ്‌ വ്യക്തമാക്കേണ്ടത്‌.

മത്സ്യത്തൊഴിലാളികളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താനും മത്സ്യബന്ധന മേഖലയ്ക്കാകെ പുരോഗതിയുണ്ടാക്കാനുമുള്ള  ഇടപെടലാണ് സർക്കാർ നടത്തുന്നത്. അത് തീരദേശ ജനങ്ങൾ  ജീവിതാനുഭവത്തിലൂടെ തിരിച്ചറിയുന്നുമുണ്ട്. കുപ്രചാരണത്തിലൂടെ  അവരുടെ മനസ്സ്‌ സർക്കാരിനെതിരെ തിരിക്കാമെന്ന്‌ വ്യാമോഹിക്കേണ്ടാ.

ഏതെങ്കിലും സർക്കാർ, പൊതുമേഖലാ സ്ഥാപനം ധാരണപത്രമുണ്ടാക്കിയാൽ, അത്‌ പിന്നീടാണ്‌ സർക്കാരിന്റെ പരിശോധനയിൽ വരിക. കരാർ ഒപ്പിടുന്ന ഘട്ടമെത്തുമ്പോൾ സർക്കാരിൽ വിഷയമെത്തും. നയവ്യതിയാനമോ സംസ്ഥാന താൽപ്പര്യങ്ങൾക്ക്‌ വിരുദ്ധമായ  കാര്യങ്ങളോ ഉണ്ടെങ്കിൽ നിരാകരിക്കുകയാണ്‌ രീതി. മത്സ്യമേഖലയിൽ കൃത്യമായി നയം രൂപീകരിച്ച് നടപ്പാക്കുന്ന സർക്കാരാണിത്. വിദേശ ട്രോളറുകൾക്കോ തദ്ദേശീയ കുത്തക യാനങ്ങൾക്കോ ആഴക്കടൽ മത്സ്യബന്ധനം നടത്താൻ അനുവാദം നൽകില്ലെന്നത് 2019 ജനുവരിയിൽ നടപ്പാക്കിയ ഫിഷറീസ് നയത്തിലെ സുപ്രധാന പ്രഖ്യാപനമാണ്‌.  ഇന്ത്യയുടെ സമുദ്രാതിർത്തിയിൽ അവയുടെ  പ്രവേശം നടക്കുന്നില്ലെന്ന്‌ ഉറപ്പാക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തുമെന്നത്‌ ശക്തമായ നിലപാടാണ്‌.  സംസ്ഥാനത്തിന്റെ തീരക്കടലിൽ യന്ത്രവൽക്കൃത മത്സ്യബന്ധന യാനങ്ങൾക്ക് നിയന്ത്രണം ഫലപ്രദമായി നടപ്പാക്കും. കാലഹരണപ്പെടുന്ന യാനങ്ങൾക്ക് പകരം പുതിയ യാനങ്ങൾക്കുള്ള അനുമതി പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കുമാത്രം നൽകുമെന്നും നയത്തിൽ ഉറപ്പിച്ചു.

പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ സംരക്ഷണത്തിനായുള്ള നിലപാടുകളും നയത്തിന്റെ ഭാഗമാക്കി. മത്സ്യത്തൊഴിലാളികൾ പിടിക്കുന്ന മീനിന്റെ വില നിശ്ചയിക്കാനും സ്വതന്ത്രമായി വിൽക്കാനുമുള്ള അവകാശം അവർക്ക് ഉറപ്പുവരുത്തുമെന്ന്‌ പ്രഖ്യാപിച്ചു. നടപ്പാക്കുകയും ചെയ്തു. ഇതെല്ലാം മത്സ്യത്തൊഴിലാളികളോടുള്ള സംസ്ഥാന സർക്കാരിന്റെ സമീപനത്തിന്റെ നേർചിത്രമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിന്റെ ഫിഷറീസ് നയം തിരുത്തിയിട്ടില്ല; പ്രതിപക്ഷ നേതാവ് ഇത്രയും തരം താഴണോ: മേഴ്‌സിക്കുട്ടി അമ്മ

തിരുവനന്തപുരം> കേരളത്തില്‍ ശക്തമായ ഫിഷറീസ് നയമുണ്ടെന്നും അതിനെ വെല്ലുവിളിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും  മന്ത്രി മോഴ്‌സിക്കുട്ടി അമ്മ.സര്‍ക്കാര്‍ എങ്ങനെ വിദ്യാര്‍ഥികളെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാക്കും എന്നത്  സംബന്ധിച്ച യുഎന്നിന്റെ ആഗോളതലത്തിലുള്ള ചര്‍ച്ചയ്ക്കായാണ് ന്യൂയോര്‍ക്കില്‍ പോയതെന്നും മന്ത്രി പറഞ്ഞു.അമേരിക്കയില്‍ വച്ച് ധാരണയുണ്ടാക്കി എന്ന് ചെന്നിത്തല പറഞ്ഞത് അസംബന്ധമണെന്നാണ് താന്‍ പറഞ്ഞത്. എന്തോ കണ്ടുപിടിത്തം എന്ന നിലയില്‍, പ്രതിപക്ഷ നേതാവ് തരം താഴാണോ എന്നും  മന്ത്രി ചോദിച്ചു.

'മത്സ്യനയം തിരുത്തിയെന്നാണ് വീണ്ടും അദ്ദേഹം പറഞ്ഞത്. ശ്രദ്ധ പതിയാത്ത മേഖലകള്‍ ഓഖിയുടെ പശ്ചാത്തലത്തില്‍ ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച ചെയ്ത് അംഗീകരിച്ച നയം ക്യാബിനറ്റ് അംഗീകരിച്ച്  നിയമസഭയില്‍ വച്ച രേഖയാണ്‌. എല്ലാ എംഎല്‍എ മാരുടെ കയ്യിലും ഈ രേഖയുണ്ട്.

പ്രതിനിധികള്‍ വന്ന് സംസാരിച്ചിരുന്നു. എന്നാല്‍ അത് നടക്കില്ലെന്നും സര്‍ക്കാരിന്റെ നയം വേറെയാണെന്നും മറുപടി നല്‍കി'; മന്ത്രി പറഞ്ഞു.

കേരളത്തെ സംബന്ധിച്ച് മത്സ്യനയം സുതാര്യമാണ്. അതിന് വിരുദ്ധമായി ഒന്നും ചെയ്യാന്‍ അനുവദിക്കില്ല.ഗുജറാത്തില്‍ നിരവധി ആഴക്കടല്‍ ട്രോളറിന് അനുമതി നല്‍കുകയും പിന്നീട്  വലിയ തോതില്‍ ചൂഷണം നടക്കുകയും തീരത്തെ മത്സ്യത്തൊഴിലാളികള്‍ ദാരിദ്രത്തിലാവുകയും ചെയ് തതിന്റെ പശ്ചാത്തലത്തില്‍ ഈ രീതി തടയാന്‍ താനടക്കമുള്ള ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ ശക്തമായി സമരം ചെയ്യുകയും ഇന്ത്യ ഗവണ്‍മെന്റിനെ കൊണ്ട് ഇത്തരത്തില്‍  അംഗീകാരം  നല്‍കുന്നത് തടയാന്‍ തീരുമാനമെടുപ്പിക്കുകയുമായിരുന്നു.

കേരളത്തിലും അത്തരം നയം പാസാക്കി.അതിനാല്‍ ഇതിനെ വെല്ലുവിളിക്കാന്‍ ഒരു ശക്തിയേയും അനുവദിക്കില്ല. ഫിഷറീസ് വകുപ്പാണ് രജിസ്‌ട്രേഷന്‍ നല്‍കേണ്ടത്. ആരെങ്കിലും എംഒയു ഒപ്പുവെച്ചു എന്ന് വിചാരിച്ച് ആര്‍ക്കും ട്രോളര്‍ ഇറക്കാന്‍ കഴിയില്ല. കേരളത്തിന്റെ ഫിഷറീസ് നയം ശക്തമായി നടപ്പിലാക്കും.

 ചില മാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്. അത്ര വരെ തരം താഴണോ, ആക്ഷേപിക്കാന്‍ എന്തിനിത്ര ആര്‍ത്തി. ഈ അഭ്യാസം കേരളത്തില്‍ വേവില്ലെന്ന് വിനയപൂര്‍വ്വം പറയുന്നുവെന്നും മന്ത്രി വ്യക്തമാക്കി

ഒരു കരാറില്‍ പോലും സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ടിട്ടില്ല; ചെന്നിത്തല ഉണ്ടയില്ലാ വെടി പൊട്ടിക്കുന്നു: മേഴ്‌സിക്കുട്ടി അമ്മ

കൊച്ചി> പ്രതിപക്ഷ നേതാവ് ഉണ്ടയില്ലാ വെടി പൊട്ടിക്കുകയാണെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. 'കുറെ നാളായി അദ്ദേഹം വെടിവയ്ക്കുകയാണ്. അതെല്ലാം പാഴായിപ്പോവുകയാണ്. ഇഎംസിസിക്ക് ട്രോളര്‍ കൊടുക്കാന്‍ കരാറായി എന്നാണ് പറയുന്നത്. മന്ത്രി അമേരിക്കയില്‍ പോയി ചര്‍ച്ച നടത്തി എന്നാണ് പറയുന്നത്. ഒരു കരാറില്‍ പോലും സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ഒപ്പിട്ടിട്ടില്ല'; മന്ത്രി വ്യക്തമാക്കി.

 നിവേദനങ്ങളും ആവശ്യങ്ങളുമായി നിരവധി പേര്‍ വരും. അത്തരക്കാരോടുള്ള സര്‍ക്കാര്‍ നയത്തിന് യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്നതിന് എതിരെയാണ് സര്‍ക്കാരിന്റെ എക്കാലത്തേയും നിലപാട്.യുപിഎ സര്‍ക്കാരിന്റെ കാലത്താണ് വിദേശ ട്രോളറുകള്‍ക്ക് അനുമതി നല്‍കിയിരുന്നത്. ആ നയത്തോട് അന്നും ഇന്നും ഇടതുപക്ഷത്തിന്  എതിര്‍പ്പാണ്.  അതിനാല്‍ ചെന്നിത്തല പറയുന്നത് അസംബന്ധമാണ്.

ആദ്യം പറയുന്നത് അമേരിക്കയില്‍ പോയി ചര്‍ച്ച നടത്തി എന്നാണ്. പിന്നീട് പറയുന്നു  ഇവിടെ വച്ച് ചര്‍ച്ച നടത്തിയെന്ന്. ഓരോ നിമിഷവും കാര്യങ്ങള്‍  മാറ്റി പറയുകയാണ്. സ്വയം തെറ്റ് തിരുത്തി ചെന്നിത്തല മാപ്പ് പറയുമെന്നാണ് വിചാരിക്കുന്നത്. രാഹുല്‍ ഗാന്ധി 24ാം തീയതി കൊല്ലത്ത്  മത്സ്യത്തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തുന്നു. അതിന് മുന്നോടിയായുള്ള റിഹേഴ്‌സലാണിതെന്നും മന്ത്രി പറഞ്ഞു

ആഴക്കടല്‍ മത്സ്യബന്ധനം: ആരോപണത്തിനു പിന്നില്‍ ഗൂഢാലോചന- ഇ പി ജയരാജന്‍

മട്ടന്നൂര്‍ > ആഴക്കടല്‍ മത്സ്യബന്ധനത്തിന് അമേരിക്കന്‍ കമ്പനിക്ക് കരാര്‍ നല്‍കിയെന്ന ആരോപണത്തിനു പിന്നില്‍ ഗൂഢാലോചനയെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍. അപേക്ഷ മാത്രമാണ് ലഭിച്ചത്. അപേക്ഷയില്‍ പറയുന്ന കാര്യങ്ങളാണ് സര്‍ക്കാരിനെതിരെ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മട്ടന്നൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇ പി.

ബ്ലാക്ക്‌മെയില്‍ രാഷ്ട്രീയമാണ് പ്രതിപക്ഷം നടത്തുന്നത്. അതു വിലപ്പോവില്ല. കെഎസ്‌ഐഡിസി ഭക്ഷ്യസംസ്‌‌കരണത്തിനാണ് ഭൂമി അനുവദിച്ചതെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

ചെന്നിത്തലയുടെ വാദം തെറ്റ്‌ ; ആഴക്കടൽ മത്സ്യബന്ധന കരാർ ഉണ്ടാക്കിയിട്ടില്ല: വിജയരാഘവൻ

കോഴിക്കോട്‌> ആഴക്കടൽ മത്സ്യബന്ധന കരാർ ഉണ്ടാക്കിയെന്ന  പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ  ആരോപണം തെറ്റാണെന്ന്‌ എ വിജയരാഘവൻ.  ആഴക്കടൽ മത്സ്യബന്ധന കരാർ ഉണ്ടാക്കിയില്ലെന്ന് മന്ത്രി  മേഴ്‌സിക്കുട്ടിയമ്മ തന്നെ വ്യക്തമാക്കിയതാണ്‌.വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സർക്കാരിന്  ഒരു കമ്പനി കത്ത് കൊടുത്തു. അത് പരിശോധിക്കാൻ പറഞ്ഞു. അതിൽ കൂടുതൽ ഒന്നും ചെയ്തില്ല.അതിലെന്താണ്‌ തെറ്റുള്ളത്‌.

 മൽസ്യബന്ധനമേഖല നവീകരിക്കേണ്ടതുണ്ട്. വിദേശ ട്രോളറുകൾ വരുന്നതിനെതിരായ നിലപാടാണ് സംസ്ഥാന സർക്കാരിനുള്ളത്‌. സർക്കാർ ഒരഒ കരാറിൽോ ധാരണാ പത്രത്തിലോ ഒച്ചുവെച്ചിട്ടില്ല.  വിജയരാഘവൻ പറഞ്ഞു.

വിദേശട്രോളറുകൾ
 ആനയിച്ചത്‌ 
റാവു സർക്കാർ ; അന്ന് കെെയടിച്ചവരിൽ രമേശ് ചെന്നിത്തലയും

 ഉദാരവൽക്കരണത്തിലൂടെ ഇന്ത്യൻ അതിർത്തിയിൽ ആഴക്കടൽ മത്സ്യബന്ധനത്തിന്‌ അനുമതി നൽകിയത്‌ കോൺഗ്രസ്‌ കേന്ദ്രം ഭരിച്ചപ്പോൾ.  വിദേശട്രോളറുകൾക്ക്‌ ആദ്യമായി ലൈസൻസ്‌ നൽകിയത് 1991ൽ അധികാരമേറ്റ നരസിംഹറാവു സർക്കാര്‍. ലോക്‌സഭാംഗമായി രമേശ്‌ ചെന്നിത്തലയുമുണ്ടായിരുന്നു അന്ന്‌ പാർലമെന്റിൽ. എണ്ണൂറിൽപ്പരം ട്രോളറുകൾക്കായി അനുവദിച്ചത് 170 ലൈസൻസ്‌. ഇതിനെതിരെ മത്സ്യത്തൊഴിലാളികൾ രാജ്യവ്യാപകമായി ഉയർത്തിയ  പ്രക്ഷോഭവും  കോൺഗ്രസ്‌ ​ഗൗനിച്ചില്ല.

ഒമ്പത്‌ സംസ്ഥാനത്തായി 7,500ൽപ്പരം കിലോമീറ്ററില്‍ ഇന്ത്യൻ സമുദ്രാതിർത്തിയിലെ മത്സ്യസമ്പത്ത്‌ തൂത്തുവാരാനുള്ള കോർപറേറ്റ്‌മോഹത്തിനാണ് റാവു‌ പച്ചക്കൊടി കാട്ടിയത്. ഇന്ത്യൻ മേഖലയിൽ മത്സ്യബന്ധനത്തിന്‌ വിദേശട്രോളറുകൾ പാട്ടത്തിനെടുക്കാൻ അനുവദിക്കുക, ആഭ്യന്തര–-വിദേശ കമ്പനികളുടെ സംയുക്തസംരംഭങ്ങൾക്ക്‌ അനുമതി നൽകുക, വിദേശട്രോളറുകൾ അനുവദിക്കുക എന്നിവയായിരുന്നു റാവു സർക്കാർ അംഗീകരിച്ച ആഴക്കടൽ മത്സ്യബന്ധന നയത്തിലെ (ഡിഎസ്‌എഫ്‌) പ്രധാന ഘടകങ്ങൾ. ട്രേഡ്‌ യൂണിയനുകളും മത്സ്യത്തൊഴിലാളി പ്രസ്ഥാനങ്ങളും ഇതിനെതിരെ രം​ഗത്തത്തി.

ഇടതുപക്ഷം പാർലമെന്റിന്‌ അകത്തും പുറത്തും  പ്രതിഷേധമുയര്‍ത്തി.  നാഷണൽ ഫിഷ്‌ വർക്കേഴ്‌സ്‌ ഫോറത്തിന്റെ ആഹ്വാനപ്രകാരം 1994 ഫെബ്രുവരി നാലിന്‌ ബന്ദ്‌ ആചരിച്ചു. പുതിയ ലൈസൻസ്‌ നൽകില്ലെന്ന്‌ മന്ത്രിയായിരുന്ന തരുൺ ഗൊഗോയ്‌ 1994 ഡിസംബർ 15ന്‌ പാർലമെന്റിൽ പറഞ്ഞു. നയം പുനഃപരിശോധിക്കാൻ മുരാരി കമ്മിറ്റിയെ നിയോഗിച്ചു. എന്നാല്‍, വാക്ക്‌ പാലിക്കാതെ സർക്കാർ വീണ്ടും ലൈസൻസ്‌  നൽകി. നടപടികളോട്‌ കോൺഗ്രസും പൂർണമായും യോജിച്ചു

സാജൻ എവുജിൻ 

‘നിവേദനം’ കരാറാക്കി 
രാഷ്‌ട്രീയ ബ്ലാക്ക്‌മെയിലിങ്‌ ; ചെന്നിത്തലയുടെ മുൻ പ്രൈവറ്റ്‌ സെക്രട്ടറിയുടെ നീക്കം സംശയാസ്‌പദം

ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ ചുരുളഴിയുന്നത്‌ സർക്കാരിനെതിരെ മത്സ്യത്തൊഴിലാളികളെ ഇളക്കിവിടാനുള്ള വൻ ഗൂഢാലോചന. വ്യവസായ മന്ത്രിക്ക്‌ ഈ മാസം 11ന്‌ നൽകിയ ഒരു നിവേദനം കരാറായി വ്യാഖ്യാനിച്ചാണ്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല രംഗത്ത്‌ വന്നത്‌. സർക്കാരോ ഏതെങ്കിലും വകുപ്പോ ഇതുവരെ ആലോചിക്കുകപോലും ചെയ്യാത്ത കാര്യമാണ്‌ കരാർ എന്ന വ്യാജേന ചെന്നിത്തല ആരോപണത്തിന്‌ വിഷയമാക്കിയത്‌. കേരളം ഇതുവരെ ദർശിക്കാത്ത ക്രൂരമായ രാഷ്‌ട്രീയ വേട്ടയാടലിനാണ്‌ ചെന്നിത്തലയുടെ നേതൃത്വത്തിൽ കളമൊരുങ്ങിയത്‌. 

ഇഎംസിസി ഇന്റർനാഷണൽ(ഇന്ത്യ)എന്ന കമ്പനിയുമായി സർക്കാർ ഒരുവിധത്തിലുള്ള കരാറോ, ധാരണപത്രമോ ഇതുവരെ ഉണ്ടാക്കിയിട്ടില്ല. ഈ കമ്പനിയെ പ്രതിനിധാനംചെയ്‌ത്‌ എത്തിയ രണ്ട്‌ പേരാണ്‌ ഫിഷറീസ്‌ മന്ത്രിയെയും വ്യവസായ മന്ത്രിയെയും കണ്ടത്‌. അവർ നൽകിയ നിവേദനം എങ്ങനെ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ പക്കലെത്തിയതിലാണ്‌ ദുരൂഹത. മന്ത്രിമാരെ സന്ദർശിച്ച ചിത്രം പ്രതിപക്ഷ നേതാവിന്‌ കിട്ടിയതിലും ചോദ്യമുയർത്തുന്നു. ഇതെല്ലാം ആരോപണം കൊഴുപ്പിക്കാനുള്ള കരുനീക്കത്തിന്റെ ഭാഗമാണ്‌.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിശദീകരണത്തോടെ ചെന്നിത്തലയുടെ ആരോപണത്തിന്റെ മുനയൊടിഞ്ഞെങ്കിലും ഇതിന്‌ പിന്നിലെ ഗൂഢനീക്കങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും. ഇഎംസിസി എന്ന കമ്പനി പ്രതിനിധികളും രമേശ്‌ ചെന്നിത്തലയും മാത്രമാണോ ഗൂഢാലോചനയിൽ പങ്കുവഹിച്ചതെന്ന്‌ വ്യക്തമാകേണ്ടതുണ്ട്‌. ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ പ്രൈവറ്റ്‌ സെക്രട്ടറിയായിരുന്ന ഐഎഎസ്‌ ഉദ്യോഗസ്ഥനാണ്‌ ട്രോളർ നിർമാണത്തിന്‌ കമ്പനിയുമായി ധാരണപത്രം ഒപ്പിട്ടത്‌. സർക്കാരോ മുഖ്യമന്ത്രിയുടെ ഓഫീസോ അറിയാതെയായിരുന്നു ഈ നടപടി.

ഇതുവരെ രണ്ട്‌ ട്രോളർ മാത്രം നിർമിച്ചിട്ടുള്ള കേരള ഷിപ്പിങ്‌ ആൻഡ്‌ ഇൻലാന്റ്‌ നാവിഗേഷൻ കോർപറേഷൻ 400 ആഴക്കടൽ ട്രോളറും അഞ്ചു കപ്പലും നിർമിക്കാൻ ധാരണപത്രം ഒപ്പിട്ടതാണ്‌ വിചിത്രം. കൊച്ചിൻ ഷിപ്‌യാർഡിന്‌ പോലും ഇതിനുള്ള ശേഷിയില്ല. ഒരു ട്രോളർ നിർമിക്കാൻ ഷിപ്‌യാർഡിന്‌ എട്ടുമുതൽ 11 മാസംവരെ സമയം വേണം. അപ്പോഴാണ്‌ 400 ട്രോളർ നിർമിക്കാൻ കെഎസ്ഐഎൻസി തയ്യാറെടുത്തത്‌. ചെന്നിത്തലയുടെ മുൻ പ്രൈവറ്റ്‌ സെക്രട്ടറിയുടെ ഈ നീക്കവും സംശയാസ്‌പദമാണ്‌.

ഫിഷറീസ്‌ മന്ത്രി മേഴ്‌സിക്കുട്ടി അമ്മ അമേരിക്കയിൽവച്ച്‌ ചർച്ച നടത്തിയെന്ന്‌ കഴിഞ്ഞ ദിവസം പറഞ്ഞ ചെന്നിത്തല, സെക്രട്ടറിയറ്റിലെ ഓഫീസിൽ മന്ത്രിക്ക്‌ നിവേദനം കൈമാറുന്ന ചിത്രമാണ്‌ പുറത്തുവിട്ടത്‌.

ആരോപണത്തിന്‌ പ്രത്യേക ഉദ്ദേശ്യം

ആഴക്കടലൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന്‌ പ്രത്യേക ഉദ്ദേശ്യമുണ്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ തീരദേശം, മലനാട്‌, ഇടനാട്‌ വ്യത്യാസമില്ലാതെ എൽഡിഎഫിനെ പിന്തുണച്ചു. നേരത്തെ എൽഡിഎഫിനൊപ്പമല്ലാതിരുന്ന ജനവിഭാഗങ്ങളും നല്ലതോതിൽ എൽഡിഎഫിനെ പിന്താങ്ങുന്ന മനോഭാവം സ്വീകരിച്ചു.

സമൂഹത്തിലെ പിന്നണിയിലുള്ള മത്സ്യത്തൊഴിലാളികളടക്കമുള്ള വിഭാഗങ്ങളെ പിന്തുണയ്‌ക്കുകയും സഹായിക്കുകയും ചെയ്യുന്ന നിലപാടാണ്‌‌ സർക്കാർ സ്വീകരിച്ചത്‌. തെരഞ്ഞെടുപ്പിലെ കുറച്ച്‌ വോട്ടുനോക്കിയുള്ള സമീപമായിരുന്നില്ല അത്‌. വർഗപരമായ നിലപാടായിരുന്നു. ഈ നടപടികൾക്ക്‌ വലിയ സ്വീകാര്യതയുണ്ടായി. വലിയതോതിലുള്ള എൽഡിഎഫ്‌ അനുകുല ചിന്ത സൃഷ്ടിച്ചു‌. അതിനെ ഇല്ലാതാക്കാനുള്ള ചിന്തകളുടെ ഭാഗമാണ്‌ ഇത്തരം കുപ്രചാരണങ്ങളും അതിന്‌ കൊഴുപ്പുകൂട്ടാനുള്ള ശ്രമങ്ങളും–- മുഖ്യമന്ത്രി പറഞ്ഞു.

ധാരണാപത്രം യാനം നിർമിക്കാൻ; മത്സ്യബന്ധനത്തിനല്ല: എംഡി

ഇഎംസിസി കമ്പനി‌ക്ക്‌ ട്രോളറുകൾ ഉണ്ടാക്കുന്നതിന്‌ അടിസ്ഥാനസൗകര്യം ഒരുക്കാൻമാത്രമാണ്‌ കേരള ഷിപ്പിങ്‌ ആൻഡ്‌ ഇൻലാൻഡ്‌ ‌ നാവിഗേഷൻ കോർപറേഷനുമായുള്ള (കെഎസ്‌ഐഎൻസി) ധാരണാപത്രമെന്ന്‌ എംഡി പ്രശാന്ത്‌ നായർ. ട്രോളറുകൾ എവിടെ മത്സ്യബന്ധനം നടത്തുമെന്നോ ഭാവിയിൽ കടലിൽ ഇറക്കാൻ സർക്കാർ അനുമതിക്ക്‌ അപേക്ഷിച്ചു എന്നോ ധാരണാപത്രത്തിലില്ലെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

നാനൂറ്‌ ട്രോളറുകൾ സംസ്ഥാനത്ത്‌ നിർമിക്കുന്നതിന്‌ സാങ്കേതികസഹായം നൽകാനാണ്‌ ഫെബ്രുവരി രണ്ടിന്‌ കെഎസ്‌ഐഎൻസി എംഡി പ്രശാന്ത്‌ നായരും ഇഎംസിസി പ്രസിഡന്റ്‌ ഷിജു വർഗീസും  ധാരണാപത്രം ഒപ്പിട്ടത്‌. ഇത്തരം ധാരണാപത്രം ഉദ്യോഗസ്ഥതലത്തിലാണ്‌ ഒപ്പിടുന്നത്‌. ആ ചടങ്ങിൽ മന്ത്രിമാർ ഉണ്ടാകാറില്ല. ട്രോളറുകളുടെ വിശദമായ രൂപരേഖയോ അഡ്വാൻസ്‌ തുകയോ നൽകാത്തതിനാൽ പ്രാരംഭജോലികൾപോലും ആരംഭിച്ചില്ല.

മാരിടൈം മേഖലയിൽ ഉത്തരവാദിത്തത്തോടെ ജോലികൾ പൂർത്തിയാക്കുന്ന കമ്പനി എന്നനിലയ്‌ക്കാണ്‌ ഈ ജോലി കമ്പനിക്ക്‌ ലഭിച്ചത്‌. ഇതുമായി ബന്ധപ്പെട്ട്‌ ഉയർന്ന വിവാദം തെറ്റിദ്ധാരണാജനകമാണ്‌.  മത്സ്യബന്ധന മേഖലയുമായി കെഎസ്‌ഐഎൻസിക്ക്‌ ബന്ധമില്ലെന്നും പ്രശാന്ത്‌ നായർ വ്യക്തമാക്കി.