Saturday, December 31, 2011

സ്ത്രീ സംവരണനിയമം ഇനിയും ബാക്കി

2011ലും സ്ത്രീകള്‍ക്കായുള്ള നിയമനിര്‍മാണങ്ങളുടെ ബാക്കിപത്രത്തില്‍ മുഖ്യം പാസാകാത്ത സ്ത്രീസംവരണ നിയമംതന്നെ. നിയമരംഗത്ത് കാര്യമായ സ്ത്രീപക്ഷചലനങ്ങളില്ലാതെ കടന്നുപോയ വര്‍ഷത്തില്‍ ചില പുതിയ നിയമനിര്‍മാണങ്ങള്‍ക്കുള്ള മുന്നൊരുക്കങ്ങള്‍ മാത്രമാണ് പ്രതീക്ഷ നല്‍കുന്നത്. എന്നാല്‍ , നിലവിലുള്ള നിയമങ്ങളിലെ സ്ത്രീരക്ഷാ വകുപ്പുകള്‍തന്നെ ഭേദഗതി ചെയ്യാനുള്ള നീക്കം ആശങ്കയും പകരുന്നു.

സ്ത്രീകള്‍ക്ക് നിയമനിര്‍മാണസഭകളില്‍ മൂന്നിലൊന്നു സീറ്റുകള്‍ സംവരണംചെയ്യുന്ന ബില്‍ പാര്‍ലമെന്റില്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ടിട്ട് 15 വര്‍ഷമായി. 2010ല്‍ അന്താരാഷ്ട്ര വനിതാദിനത്തിന്റെ പിറ്റേന്ന് രാജ്യസഭ പാസാക്കിയ ഈ നിയമം ഇപ്പോഴും ലോക്സഭയില്‍ പാസാക്കാനായിട്ടില്ല. ലോക്സഭയില്‍ ബില്‍ അവതരിപ്പിക്കാന്‍പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. 2011ല്‍ സ്ത്രീജീവിതത്തില്‍ മാറ്റമുണ്ടാക്കിയേക്കാവുന്ന നിയമങ്ങളൊന്നും പാസാക്കപ്പെട്ടിട്ടില്ല. എന്നാല്‍ , തൊഴിലിടങ്ങളിലെ സ്ത്രീപീഡനം തടയാനുള്ള ബില്‍ തയ്യാറായിട്ടുണ്ട്. ഈ വര്‍ഷം അത് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയിലുണ്ട്. തൊഴിലിടങ്ങളിലെ പീഡനം തടയാന്‍ പ്രത്യേക നിയമം ഇന്ത്യയിലില്ല. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകള്‍ പ്രയോഗിച്ചാണ് പ്രതികളെ ശിക്ഷിക്കുന്നത്. 1997ലെ വിശാഖ കേസിലെ സുപ്രീംകോടതി വിധിയില്‍ തൊഴിലിടങ്ങളിലെ പീഡനം എങ്ങനെ നേരിടണം എന്നതിന് ഏറെ മാര്‍ഗനിര്‍ദേശങ്ങളുണ്ടായിരുന്നു. എന്നാല്‍ , നിയമനിര്‍മാണം ആ വഴിക്കുണ്ടായില്ല. ഇപ്പോള്‍ നിയമം തയ്യാറായി. കഴിഞ്ഞ ലോക്സഭയില്‍ അവതരിപ്പിക്കപ്പെട്ട ബില്‍ ഇപ്പോള്‍ അവസാനഘട്ട പരിഗണനയിലാണ്. വീട്ടുജോലിചെയ്യുന്നവരെ നിയമപരിധിയില്‍നിന്ന് ഒഴിവാക്കിയതും പരാതിക്കാരെ ശിക്ഷിക്കാന്‍ വകുപ്പ് ചേര്‍ത്തതും എതിര്‍പ്പിനിടയാക്കിയിട്ടുണ്ടെങ്കിലും നിയമം പൊതുവേ സ്വാഗതംചെയ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ 1983ല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട 498 എ വകുപ്പാണ് 2011ല്‍ വെല്ലുവിളി നേരിട്ട സ്ത്രീരക്ഷാനിയമം. ഭര്‍തൃവീട്ടിലെ പീഡനം തടയാന്‍ സഹായിക്കുന്ന വകുപ്പാണിത്. നിയമത്തിലെ കര്‍ക്കശവ്യവസ്ഥയുടെ പേരില്‍ നിയമം മാറ്റാന്‍ നീക്കം നടക്കുന്നു. ദേശീയ ലോ കമീഷന്‍തന്നെ ഒരു ചോദ്യാവലിയിലൂടെ നിയമത്തില്‍ വരുത്തേണ്ട മാറ്റത്തെപ്പറ്റി പൊതുജനാഭിപ്രായം തേടിയത് ഈ വര്‍ഷമാണ്. (ഒരു നിയമകവചം വാള്‍മുനയില്‍  കാണുക.)

സമൂഹത്തില്‍ സ്ത്രീകള്‍ക്ക് ഇന്നും കല്‍പ്പിച്ചുകിട്ടുന്ന രണ്ടാംപദവി മറികടക്കാനുതകുന്ന കാര്യമായ വിധികള്‍ അധികം ഇക്കൊല്ലം ഉണ്ടായിട്ടില്ല. എടുത്തുപറയാവുന്ന ഏകവിധി എയര്‍ ഇന്ത്യയിലെ എയര്‍ ഹോസ്റ്റസുമാര്‍ സ്ഥാനക്കയറ്റത്തില്‍ അവര്‍ നേരിടുന്ന വിവേചനത്തിനെതിരെ സുപ്രീംകോടതിയില്‍ നിന്നുനേടിയ വിധിയാണ്. ഫ്ളൈറ്റ് സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് പുരുഷന്മാരെ മാത്രമേ നിയമിക്കാവൂ എന്ന വ്യവസ്ഥക്കെതിരെയായിരുന്നു എയര്‍ഹോസ്റ്റസുമാരുടെ പോരാട്ടം. വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി നവംബര്‍ 17ന് ഈ വ്യവസ്ഥ റദ്ദാക്കി. മുമ്പ് അമ്പതുകഴിഞ്ഞാല്‍ പറക്കാന്‍ പാടില്ലെന്നും തൂക്കം കൂടിയാല്‍ രാജിവയ്ക്കണമെന്നും മറ്റുമുള്ള വിവേചനവ്യവസ്ഥകള്‍ക്കെതിരെ കോടതി വിധി നേടിയ ചരിത്രമുള്ള എയര്‍ഹോസ്റ്റസ് സമൂഹത്തിന് ഈ വിധിയിലൂടെ ഒരുകാര്യത്തില്‍കൂടി തുല്യത നേടാനായി.

സുപ്രീംകോടതിയില്‍ ഒരു വനിതാ ജഡ്ജികൂടി എത്തിയെന്ന പ്രത്യേകത 2011നുണ്ട്. മുംബൈ ഹൈക്കോടതി ജഡ്ജി രഞ്ജനാ ദേശായിയാണ് ആഗസ്തില്‍ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കപ്പെട്ടത്. നിലവിലുള്ള ജ. ഗ്യാന്‍സുധ മിശ്രയ്ക്കൊപ്പം ഇവര്‍കൂടി എത്തിയതോടെ സുപ്രീംകോടതിയില്‍ ആകെയുള്ള ജഡ്ജിമാരില്‍ രണ്ട് സ്ത്രീകളായി. സുപ്രീംകോടതിയില്‍ രണ്ട് വനിതാജഡ്ജിമാര്‍ ഒരേ സമയമുണ്ടാകുന്നത് ആദ്യമായാണ്. ഇന്നേവരെ ആകെ അഞ്ചു സ്ത്രീകള്‍ (ജ. ഫാത്തിമ ബീവീ, ജ. സുജാത മനോഹര്‍ , ജ. റുമാപാല്‍ , ജ. ഗ്യാന്‍സുധ മിശ്ര, ജ. രഞ്ജന ദേശായി) മാത്രമേ സുപ്രീംകോടതിയില്‍ ജഡ്ജിമാരായിട്ടുള്ളൂ. സുപ്രീംകോടതി നിലവില്‍ വന്ന 1950 മുതല്‍ ഇതുവരെ ജഡ്ജിമാരായ 134 പേരില്‍ ബാക്കി 129 പേരും പുരുഷന്മാരായിരുന്നു. കേരള ഹൈക്കോടതിക്ക് വനിതാ ആക്ടിങ് ചീഫ് ജസ്റ്റിസിനെ ലഭിച്ചത് ഈ വര്‍ഷമാണ്. ജ. മഞ്ജുള ചെല്ലൂര്‍ നവംബറിലാണ് സ്ഥാനമേറ്റത്. ജ. കെ ഹേമയാണ് കേരള ഹൈക്കോടതിയില്‍ ഇപ്പോഴുള്ള മറ്റൊരു വനിതാ ജഡ്ജി.

അഡ്വ. കെ ആര്‍ ദീപ deshabhimani

അഡ്വ. കെ ആര്‍ ദീപയുടെ ബ്ലോഗ് പെണ്‍നീതി 

വെറുതെ കൈയാമം; സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം

മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ ചോദ്യം വാഗ്ദാനംചെയ്ത് പണംതട്ടുന്നുവെന്ന പരാതിയില്‍ അറസ്റ്റ്ചെയ്യപ്പെട്ടയാളെ അന്യായമായി കൈയാമംവച്ചെന്ന് പരാതി. പരാതി ന്യായമെന്നു കണ്ട സുപ്രീംകോടതി പ്രതിക്ക് നഷ്ടപരിഹാരമായി രണ്ടുലക്ഷം രൂപ നല്‍കാന്‍ വിധിച്ചു.

മധ്യപ്രദേശില്‍നിന്നുള്ള ഹര്‍ദീപ് സിങ്ങാണ് നീതിതേടി സുപ്രീം കോടതിയിലെത്തിയത്. ചില കുട്ടികള്‍ക്ക് ചോദ്യം നല്‍കാമെന്ന് സിങ് വാഗ്ദാനംചെയ്തതായി കലക്ടര്‍ക്ക് പരാതി കിട്ടി. കലക്ടര്‍ ഒരാള്‍വഴി പണം കൊടുത്തയച്ച് സിങ്ങിനെ കുടുക്കിയെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. സിങ്ങിന്റെ വീട് പൊലീസ് റെയ്ഡ്ചെയ്തു. അറസ്റ്റ്ചെയ്ത സിങ്ങിനെ വീട്ടില്‍നിന്ന് കൈയാമംവച്ച് കൊണ്ടുപോയി ഒരു രാത്രി മുഴുവന്‍ ലോക്കപ്പില്‍ സൂക്ഷിച്ചു. കൈയാമംവച്ച സിങ്ങിന്റെ ചിത്രം പല പത്രത്തിലും അച്ചടിച്ചുവന്നു. കേസ് 10 വര്‍ഷം നീണ്ടു. ഒടുവില്‍ കോടതി സിങ്ങിനെ വിട്ടയച്ചു. കേസ് നീണ്ടതുമൂലവും കൈയാമംവച്ച് മാനഹാനി ഉണ്ടാക്കിയതിനും നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിങ് കേസുകള്‍ പലതും കൊടുത്തു. കലക്ടര്‍ക്കെതിരെയും കേസ് കൊടുത്തു. പല കേസിലും സിങ്ങിനെതിരായിരുന്നു വിധി. കേസിലെ കാലതാമസത്തിന് സിങ്ങാണ് ഉത്തരവാദിയെന്നും അതുകൊണ്ട് അക്കാര്യത്തില്‍ നഷ്ടപരിഹാരം നല്‍കാനാവില്ലെന്നുമായിരുന്നു മധ്യപ്രദേശ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി. എന്നാല്‍ ഡിവിഷന്‍ ബെഞ്ച് കേസ് പരിഗണിച്ചപ്പോള്‍ അഞ്ചുകൊല്ലത്തെ കാലതാമസം സര്‍ക്കാരിന്റെ വീഴ്ചകൊണ്ടാണെന്നു കണ്ടെത്തി. സാക്ഷികളെ ഹാജരാക്കുന്നതില്‍ കാലതാമസം ഉണ്ടായി. കേസ് വേഗത്തില്‍ തീര്‍ന്ന് കുറ്റവിമുക്തനായിരുന്നെങ്കില്‍ സിങ്ങിന് സ്വന്തം അന്തസ്സ് സംരക്ഷിക്കാന്‍ കഴിഞ്ഞേനെ. എന്നാല്‍ കേസില്‍ പ്രതിയായതോടെ സിങ്ങിന് കാര്യമായ അസ്വാതന്ത്ര്യം ഉണ്ടായിട്ടില്ലെന്ന് കോടതി കണ്ടു. സിങ് ജയിലിലായിരുന്നില്ല. ജാമ്യം കിട്ടി പുറത്തായിരുന്നു. ഇതെല്ലാം പരിഗണിച്ച് ഡിവിഷന്‍ ബെഞ്ച് സിങ്ങിന് 70,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചു.

എന്നാല്‍ സിങ് ഈ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കലക്ടര്‍ക്കെതിരായ ഹര്‍ജിയിലെ അപ്പീലും സിങ് നല്‍കിയിരുന്നു. ആ കേസുകളൊക്കെ തള്ളിയ കോടതി നഷ്ടപരിഹാരപ്രശ്നം പ്രത്യേകം പരിഗണിക്കുകയായിരുന്നു. കേസിന്റെ കാലതാമസം സംബന്ധിച്ച ഡിവിഷന്‍ ബെഞ്ച് നിരീക്ഷണങ്ങള്‍ സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കൈയാമംവയ്ക്കാന്‍ കോടതിവാറന്റ് ഉണ്ടായിരുന്നില്ല. കൈയാമംവച്ച സിങ്ങിന്റെ ചിത്രം പത്രങ്ങളില്‍വന്ന് എട്ടുദിവസത്തിനുള്ളില്‍ സിങ്ങിന്റെ സഹോദരി മരിച്ചു. മകനെപ്പോലെ കരുതിയിരുന്ന തന്നെ ഒരു കുറ്റവാളിയായി കാണേണ്ടിവന്നതിന്റെ ആഘാതത്തിലാണ് സഹോദരി മരിച്ചതെന്ന് സിങ് പറയുന്നു. ഇക്കാര്യങ്ങളൊക്കെ പരിഗണിക്കുമ്പോള്‍ സിങ്ങിനുണ്ടായ വ്യഥയ്ക്കും അപമാനത്തിനും പര്യാപ്തമായൊരു നഷ്ടപരിഹാരമല്ല ഹൈക്കോടതി നിശ്ചയിച്ചതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. നഷ്ടപരിഹാരം രണ്ടുലക്ഷം രൂപയായി ഉയര്‍ത്തുകയാണെന്ന് കോടതിവിധിയില്‍ പറഞ്ഞു. ഈ തുക മധ്യപ്രദേശ് സര്‍ക്കാര്‍ സിങ്ങിനു നല്‍കണം- ജ. അഫ്ത്താബ് അലം, ജ. രഞ്ജന പ്രസാദ് ദേശായി എന്നിവരുള്‍പ്പെട്ട ബെഞ്ച് 2011 ഡിസംബര്‍ അഞ്ചിന്റെ വിധിന്യായത്തില്‍ പറഞ്ഞു.

അഡ്വ. കെ ആര്‍ ദീപ deshabhimani

അഡ്വ. കെ ആര്‍ ദീപയുടെ ബ്ലോഗ് പെണ്‍നീതി 

സഹനത്തിന്റെ ചരിത്രഗാഥ

സാമ്രാജ്വത്വത്തിനും ജന്മിത്തത്തിനുമെതിരെ നിസ്വവര്‍ഗം ചോരകൊണ്ടെഴുതിയ ചരിത്രമാണ് കരിവെള്ളൂര്‍ . ഉരിയരിപോലും നിഷേധിക്കപ്പെട്ട ജന്മിമാര്‍ക്കെതിരെയുള്ള കര്‍ഷകരുടെ ചെറുത്തുനില്‍പ്പ്. രണ്ടാം ലോക മഹായുദ്ധം വിതച്ച വിനാശകരമായ കെടുതിയില്‍ വിറങ്ങലിച്ച ജനത ഭക്ഷ്യക്ഷാമത്തിലും പകര്‍ച്ചവ്യാധിയിലും വീര്‍പ്പുമുട്ടി. പ്രതിരോധപ്രവര്‍ത്തനവുമായി കമ്യൂണിസ്റ്റ് പാര്‍ടിയും കര്‍ഷകസംഘവും രംഗത്തെത്തി. ഭക്ഷ്യവസ്തുക്കള്‍ ന്യായവിലയ്ക്ക് വിതരണം ചെയ്യാന്‍ പ്രൊഡ്യൂസേഴ്സ് ആന്‍ഡ് കണ്‍സ്യൂമേഴ്സ് കോ- ഓപ്പറേറ്ററീവ് സൊസൈറ്റിയുടെ പ്രവര്‍ത്തനം വ്യാപകമാക്കി. 1946 നവംബര്‍ 16ന് കമ്യൂണിസ്റ്റ് പാര്‍ടിയും കര്‍ഷകസംഘവും കോഴിക്കോട്ട് മലബാര്‍ ഭക്ഷ്യസമ്മേളനം നടത്തി. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും കര്‍ശനമായി തടയുക, മിച്ചനെല്ല് സ്റ്റോറില്‍ അളക്കുക എന്നീ പ്രമേയം പാസാക്കി. നാട് പട്ടിണിയില്‍ ഉഴലുമ്പോള്‍ കരിവെള്ളൂരില്‍നിന്ന് നെല്ലുകടത്തരുതെന്ന് ചിറക്കല്‍ തമ്പുരാനോട് കര്‍ഷകസംഘം അഭ്യര്‍ഥിച്ചു. ന്യായമായ ആവശ്യം തമ്പുരാന്‍ നിരാകരിച്ചു.

1946 ഡിസംബര്‍ 16ന് കര്‍ഷകസംഘം പ്രവര്‍ത്തകര്‍ കരിവെള്ളൂര്‍ സെന്‍ട്രല്‍ എല്‍പി സ്കൂളില്‍ രഹസ്യമായി സമ്മേളിച്ചു. നെല്ലുകടത്തുന്നത് തടയാന്‍ തീരുമാനിച്ചു. ഡിസംബര്‍ 20ന് കുണിയന്‍ കളപ്പുരയില്‍നിന്ന് നെല്ലുകടത്താന്‍ നിറതോക്കുമായി എംഎസ്പിക്കാരും ജന്മിഗുണ്ടകളും എത്തിയ വിവരമറിഞ്ഞ പൊന്നന്‍ കുമ്പ കൃഷ്ണന്‍ മാസ്റ്റരുടെ വീട്ടിലേക്കോടി. അദ്ദേഹം ഉടന്‍ എ വിയുടെ അടുത്തെത്തി. കേട്ടവര്‍ കേട്ടവര്‍ വാര്‍ത്ത പടര്‍ത്തി. പാടത്തും പണിസ്ഥലത്തുമുള്ളവര്‍ പടയണിയായി എത്തി. എ വി, കൃഷ്ണന്‍ മാസ്റ്റര്‍ , പയങ്ങപ്പാടന്‍ കുഞ്ഞിരാമന്‍ , സദാനന്ദപൈ, പുതിയടത്ത് രാമന്‍ , പഴയപുരയില്‍ കണ്ണന്‍ , തിടില്‍ കണ്ണന്‍ , തോട്ടത്തില്‍ കുഞ്ഞപ്പു, കരുത്തുമ്മാട കൊടക്കല്‍ വീട്ടില്‍ രാമന്‍ നായര്‍ , പുഞ്ചക്കര കുഞ്ഞിരാമന്‍ , കെ വി കുഞ്ഞിക്കണ്ണന്‍ തുടങ്ങി നിരവധിപേര്‍ കുണിയന്‍ പുഴക്കരയിലേക്ക് കുതിച്ചു.

തീ തുപ്പാന്‍ സജ്ജമാക്കിയ യന്ത്രത്തോക്കുകളുടെ സംരക്ഷണയില്‍ ജന്മിഗുണ്ടകള്‍ നെല്ലുകടത്താന്‍ ശ്രമിക്കുന്നു. "നെല്ലുകടത്തരുത്" സമരസഖാക്കള്‍ ഒരേസ്വരത്തില്‍ ആജ്ഞാപിച്ചു. ഉരുക്കും മനുഷ്യമാംസവും നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. എ വി, കൃഷ്ണന്‍മാസ്റ്റര്‍ , പുതിയടത്ത് രാമന്‍ എന്നിവര്‍ ചോരയില്‍ കുളിച്ചു. ആദ്യവെടിയില്‍ പതിനാലുകാരനായ കീനേരി കുഞ്ഞമ്പു പിടഞ്ഞുവീണു. പിന്നാലെ തിടില്‍ കണ്ണനും. കുണിയന്‍ പുഴ കുരുതിക്കളമായി. വെടിയേറ്റ് നിരവധി പേര്‍ക്ക് മാരക പരിക്കേറ്റു. തിടില്‍ കണ്ണനും കീനേരികുഞ്ഞമ്പുവിനുമൊപ്പം മൃതപ്രായരായ എ വി, കൃഷ്ണന്‍ മാസ്റ്റര്‍ , പുതിയടത്ത് രാമന്‍ എന്നിവരെ പച്ചോലയില്‍ പൊതിഞ്ഞ് ചീനയില്‍ പയ്യന്നൂരിലെത്തിച്ചു. മൂന്നുദിവസം ദാഹജലം പോലും നല്‍കാതെ ഭീകരമായി മര്‍ദിച്ചു. കരിവെള്ളൂരില്‍ നരവേട്ട. വീടുകളില്‍ പൊലീസ് തേര്‍വാഴ്ച. വിറങ്ങലിച്ച മനസുകള്‍ക്ക് സാന്ത്വനവുമായി പി കൃഷ്ണപ്പിള്ള, ഇ എം എസ് അടക്കമുള്ള ജനനായകരെത്തി ആത്മവീര്യം നല്‍കി. കുണിയന്‍ പുഴക്കരയില്‍ കുരുതികൊടുത്ത ധീരസ്മരണയിലാണ് കരിവെള്ളൂരിന്റെ കുതിപ്പ്.
(രാജേഷ് കടന്നപ്പള്ളി)

deshabhimani 311211

തലമുറകളുടെ സംഗമം; പോരാളികളുടെയും

ഹര്‍കിഷന്‍സിങ് സുര്‍ജിത് നഗര്‍ : പ്രായം തളര്‍ത്താതെ പഴയകാല നായകര്‍ , പുതിയ ആവേശവുമായി പുതിയവര്‍ . തലമുറകളുടെ സംഗമാവുകയാണ് സിപിഐ എം ജില്ലാസമ്മേളന നഗരി. വിവിധ സമരങ്ങളുടെ മുന്നണിപ്പോരാളികളായി ജില്ലയില്‍ നിറഞ്ഞുനില്‍ക്കുന്നവരാണ് പ്രതിനിധികളായി പങ്കെടുക്കുന്നത്. ജില്ലയില്‍ സിപിഐ എം കെട്ടിപ്പടുക്കുന്നതില്‍ മുന്‍നിന്ന് പ്രവര്‍ത്തിച്ച പി വി വര്‍ഗീസ് വൈദ്യര്‍തന്നെയാണ് പ്രതിനിധികള്‍ക്കിടയിലെ കാരണവര്‍ . കോഴിക്കോട് ജില്ലാകമ്മിറ്റിയംഗമായി പ്രവര്‍ത്തിച്ച വര്‍ഗീസ് വൈദ്യര്‍ (88) വയനാട് ജില്ലാകമ്മിറ്റി രൂപീകരണം മുതല്‍ ജില്ലാനേതൃത്വത്തിലുണ്ട്. ബത്തേരിയിലെ മുന്‍ എംഎല്‍എകൂടിയാണ്. 60 ദിവസം ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്.

ജില്ലാ സെക്രട്ടറിയറ്റംഗം പി കുഞ്ഞിക്കണ്ണനാണ് പ്രായത്തില്‍ രണ്ടാമത്. 83 വയസ്സുണ്ട്. കണ്ണൂര്‍ ജില്ലയിലെ കണ്ണപുരത്തുനിന്ന് വയനാട്ടിലെത്തിയ കുഞ്ഞിക്കണ്ണന്‍ വയനാട്ടുകാര്‍ക്ക് "സഖാവ്" ആണ്. കോഴിക്കോട് ജില്ലാകമ്മിറ്റിയംഗമായും പ്രവര്‍ത്തിച്ച അദ്ദേഹം എല്ലാ ജില്ലാസമ്മേളനങ്ങളിലും പങ്കെടുത്തു. തോട്ടം തൊഴിലാളികള്‍ക്കിടയില്‍ അവരിലൊരാളായി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇന്നും ഓടിനടക്കുന്ന പി കുഞ്ഞിക്കണ്ണന്‍ പ്രായംതളര്‍ത്താത്ത പോരാളിയാണ്. ഒരുവര്‍ഷം ജയില്‍വാസവും അനുഭവിച്ചു. എസ്എഫ്ഐ പ്രവര്‍ത്തകന്‍കൂടിയായ ജംഷീദാണ് (22) പ്രായം കുറഞ്ഞ പ്രതിനിധി.

28 ജില്ലാകമ്മിറ്റിയംഗങ്ങള്‍ ഉള്‍പ്പെടെ 203 പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. പ്രതിനിധികളില്‍ 44 പേര്‍ സ്ത്രീകളാണ്. മര്‍ദനങ്ങളും ജയില്‍വാസവും അനുഷ്ടിച്ചവരും പ്രതിലോമ രാഷ്ട്രീയത്തോടേറ്റുമുട്ടിയും പൊലീസിന്റെ കള്ളക്കേസിലും കുടുങ്ങി ഒളിവില്‍ കഴിയേണ്ടിവന്നവരും സമ്മേളനത്തിലുണ്ട്. ജില്ലയിലെ ആദിവാസി സമരമുന്നേറ്റങ്ങളില്‍ അവരുടെ നായകസ്ഥാനത്തുനിന്ന ഒട്ടേറെപ്പേര്‍ പ്രതിനിധികളായും സംഘാടകാരായും സമ്മേളന നഗരിയലുണ്ട്. ഇവരിലേറെപ്പേര്‍ക്കും അനുഭവം നല്‍കിയ കരുത്താണ് സമ്പത്ത്. ഭൂമിക്കുവേണ്ടിയുള്ള വന്‍ പ്രക്ഷോഭങ്ങളായിരുന്നു കഴിഞ്ഞകാലത്ത് വയനാട്ടിനെ ശ്രദ്ധേയമാക്കിയത്. ഒരുപിടി മണ്ണും കിടന്നുറങ്ങാന്‍ ഒരുവീടും എന്ന സ്വപ്നത്തിലേക്ക് ആദിവാസി വിഭാഗത്തെ നയിച്ചവരില്‍ ഏറെപ്പേരും ജയില്‍വാസവും അനുഷ്ടിച്ചവരാണ്. വയനാട് എന്ന ജില്ല സങ്കല്‍പം മാത്രമായിരുന്ന കാലം മുതല്‍ ഈ മണ്ണില്‍ അവകാശസമരങ്ങള്‍ക്ക് കൊടിപിടിച്ച നേതാക്കളുടെ നിര ഇപ്പോഴും സജീവമായി സംഘടനാരംഗത്തുണ്ട്.

ആദ്യപഥികരായി ഇവര്‍ അഞ്ചുപേര്‍ ...

ഹര്‍കിഷന്‍സിങ് നഗര്‍ (ബത്തേരി): അവരുടെ ഓര്‍മകളില്‍ ഇപ്പോഴും കടലിരമ്പമായി ഇന്നലെകളുണ്ട്. 1973ല്‍ വയനാട് കേന്ദ്രീകരിച്ച് സിപിഐ എം ആദ്യജില്ലാകമ്മിറ്റി രൂപീകരിച്ചതുമുതല്‍ സമരസജ്ജമായ നാളുകള്‍ ...വെല്ലുവളികള്‍ നേരിട്ട് സിപിഐ എം നടത്തിയ പ്രവര്‍ത്തനങ്ങളില്‍ ഊര്‍ജം പകര്‍ന്നവര്‍ . പ്രായം തളര്‍ത്താത്ത സമരവീര്യവുമായി അവരിന്നും പൊതുരംഗത്ത് സജീവം. ആദ്യജില്ലാകമ്മിറ്റി മുതല്‍ ജില്ലാനേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന അഞ്ചുപേര്‍ ഇക്കുറിയും സമ്മേളനത്തിനെത്തി. സംസ്ഥാന കമ്മിറ്റിയംഗം പി എ മുഹമ്മദ്, ജില്ലാ സെക്രട്ടറിയറ്റംങ്ങളായ പി കുഞ്ഞിക്കണ്ണന്‍ , കെ വി മോഹനന്‍ , ജില്ലാകമ്മിറ്റിയംഗങ്ങളായ പി വി വര്‍ഗീസ്വൈദ്യര്‍ , വി പി ശങ്കരന്‍നമ്പ്യാര്‍ എന്നിവര്‍ .

റവന്യൂ ജില്ല രൂപീകരണത്തിന് മുമ്പുതന്നെ പാര്‍ടി ജില്ലാകമ്മിറ്റി രൂപീകരിച്ച് മാതൃകയായപ്പോള്‍ അമരത്ത് ഇവരുണ്ടായിരുന്നു. "ഇല്ലാത്ത ജില്ലയ്ക്ക് വല്ലാത്ത സെക്രട്ടറി"- വയനാട് ജില്ല രൂപീകരിക്കുന്നതിനുമുമ്പുതന്നെ പാര്‍ടി ജില്ലാകമ്മിറ്റി രൂപീകരിച്ചപ്പോള്‍ കോണ്‍ഗ്രസ്സുകാര്‍ നടത്തിയ പ്രചാരണം ഇങ്ങനെയായിരുന്നുവെന്ന് പി കുഞ്ഞിക്കണ്ണനും വി പി ശങ്കരന്‍ നമ്പ്യാരും ഓര്‍മിക്കുന്നു. സി പി മൂസാന്‍കുട്ടിയായിരുന്നു ജില്ലാസെക്രട്ടറി. വയനാട് ജില്ല രൂപീകരിക്കാന്‍ഗപാകുന്നില്ലെന്നായിരുന്നു കോണ്‍ഗ്രസ്സുകാര്‍ പറഞ്ഞത്. എന്നാല്‍ വയനാട്ടുകാരുടെ ആഗ്രഹം സഫലമാക്കി 1980 നവംബര്‍ ഒന്നിന് ഇ കെ നായനാര്‍ സര്‍ക്കാര്‍ വയനാട് ജില്ല രൂപീകരിച്ചു. 1956 വരെ മലബാര്‍ ജില്ലയുടെ ഭാഗമായി ഒരുതാലൂക്ക് മാത്രമാണുണ്ടായിരുന്നത്. കേരളപ്പിറവിയോടെ നോര്‍ത്ത് വയനാട് താലൂക്ക് കണ്ണൂര്‍ ജില്ലയിലും സൗത്ത് വയനാട് താലൂക്ക് കോഴിക്കോട് ജില്ലയിലും ഉള്‍പ്പെടുത്തി. തലശേരിയില്‍ ചേര്‍ന്ന പാര്‍ടി പ്രത്യേകസമ്മേളനം വയനാട് ജില്ല രൂപീകരിക്കണമെന്ന് സംസ്ഥാനസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

തുടര്‍ന്ന് പാര്‍ടി ജില്ലാകമ്മിറ്റി രൂപീകരിച്ചു. മാനന്തവാടിയിലെ രാമര്‍ സറാപ്പിന്റെ വീട്ടിലായിരുന്നു ആദ്യജില്ലാസമ്മേളനം ചേര്‍ന്നതെന്ന് അന്ന് കെഎസ്വൈഎഫ് നേതാവായിരുന്ന കെ വി മോഹനന്‍ ഓര്‍ക്കുന്നു. 13 അംഗ ജില്ലാകമ്മിറ്റിയെയാണ് തെരഞ്ഞെടുത്തത്. സി പി മൂസാന്‍കുട്ടിയെ കൂടാതെ, പി വി വര്‍ഗീസ് വൈദ്യര്‍ , പി എ മുഹമ്മദ്, കെ പത്മനാഭന്‍ , പി കുഞ്ഞിക്കണ്ണന്‍ എന്നിവരായിരുന്നു സെക്രട്ടറിയറ്റംഗങ്ങള്‍ . കെ വി മോഹനന്‍ കമ്മിറ്റിയംഗമായി. വര്‍ഗീസ്വൈദ്യരും കുഞ്ഞിക്കണ്ണനും കോഴിക്കോട് ജില്ലാകമ്മിറ്റിയംഗങ്ങളായിരുന്നു. പത്മനാഭനും മൂസാന്‍കുട്ടിയും കണ്ണൂര്‍ ജില്ലാകമ്മിറ്റിയംഗങ്ങളും. 1961 മുതല്‍ കോഴിക്കോട് ജില്ലാകമ്മിറ്റിയംഗമായിരുന്നു പി കുഞ്ഞിക്കണ്ണന്‍ . വയനാട് ജില്ല രൂപീകരണസമയത്ത് സൗത്ത് വയനാട് താലൂക്കില്‍ പി വി വര്‍ഗീസ് വൈദ്യരും നോര്‍ത്തില്‍ കെ പത്മനാഭനുമായിരുന്നു സെക്രട്ടറിമാര്‍ . മുന്നൂറില്‍താഴെ അംഗങ്ങള്‍മാത്രമായിരുന്നു രൂപീകരണസമയത്ത് ജില്ലയിലെ പാര്‍ടി അംഗങ്ങള്‍ എന്ന് പി എ മുഹമ്മദ് പറഞ്ഞു. ഇപ്പോള്‍ 6900 അംഗങ്ങളുണ്ട്.

സിപിഐ എം നേതൃത്വത്തില്‍ നടത്തിയ സമരങ്ങളാണ് ജില്ലയില്‍ പാര്‍ടി സ്വാധീനം വര്‍ധിപ്പിക്കാനിടയായതെന്ന് 25 വര്‍ഷം ജില്ലാസെക്രട്ടറിയുടെ ചുമതല നിര്‍വഹിച്ച പി എ മുഹമ്മദ് പറഞ്ഞു. തോട്ടം തൊഴിലാളികളും ആദിവാസി ജനവിഭാഗത്തില്‍പ്പെട്ടവരുടെയും മുന്നേറ്റത്തിന് എണ്ണമറ്റ പേരാട്ടങ്ങളാണ് ജില്ലയില്‍ ഉയര്‍ന്നുവന്നത്. ജില്ലാകമ്മിറ്റി രൂപീകരിച്ചതിനുശേഷം പതിമൂന്നാമത് സമ്മേളനമാണ് ബത്തേരിയിലേത്. 2007ല്‍ പനമരത്തുനടന്ന സമ്മേളനംവരെയും പി എ ആയിരുന്നു സെക്രട്ടറി.

deshabhimani 311211

തോട്ടങ്ങള്‍ തൊഴിലാളികളെ ഏല്‍പ്പിക്കണം

ഹര്‍കിഷന്‍സിങ് സുര്‍ജിത്നഗര്‍(ബത്തേരി): തോട്ടം മേഖലയിലെ മുതലാളിത്ത കുത്തക അവസാനിപ്പിക്കണമെന്ന് സിപിഐ എം ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. നിയമങ്ങള്‍ ലംഘിച്ചാണ് പല വന്‍കിട കമ്പനികളും പ്രവര്‍ത്തിക്കുന്നത്. ഇത്തരം തോട്ടങ്ങള്‍ പിടിച്ചെടുത്ത് തൊഴിലാളികളുടെ നേതൃത്വത്തിലുള്ള സഹകരണ സംഘങ്ങളെ ഏല്‍പ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

തോട്ടം തൊഴിലാളികളുടെ സ്ഥിതി ഏറ്റവും പരിതാപകരമാണ്. ഏറ്റവും താഴ്ന്ന കൂലിനിരക്കാണ് ഇവര്‍ക്ക് ലഭിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയില്‍ ലഭിക്കുന്ന കൂലി പോലും ഇവര്‍ക്ക് ലഭിക്കുന്നില്ല. തോയിലതോട്ടങ്ങില്‍ കേവലം 146.41 രൂപയാണ് കൂലി. സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച മിനമം കൂലി 200 രൂപയാണ്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള പാടികളില്‍ ജീവിത സൗകര്യങ്ങള്‍ ശോചനീയമാണ് ഒറ്റമുറിയും അടുക്കളയും മാത്രമുള്ളപാടിയിലാണ് മുതിര്‍ന്നവരും വിവാഹിതരുമായ മക്കളടക്കമുള്ള തൊഴിലാളികുടുംബങ്ങള്‍ തമാസിക്കുന്നത്. തോട്ടങ്ങളില്‍ നേരത്തെ ഉണ്ടായിരുന്ന ആശുപത്രികളും ഡിസ്പന്‍സറികളും കമ്പനികള്‍ പിന്‍വലിച്ചതുമൂലം സര്‍ക്കാര്‍ ആശുപത്രികളെയും സ്വകാര്യ ആശുപത്രികളെയും ആശ്രയിക്കേണ്ട സ്ഥിതിയാണ്. താഴ്ന്ന കൂലിയും ജീവിത നിലവാരവും മൂലം തോട്ടം തൊഴിലാളികളുടെ പുതിയ തലമുറ ഈ മേഖല വിട്ടു പോകുകയാണ്. വയനാട്ടിലെ ഏറ്റവും കടുത്ത ചൂഷണത്തിന് ഇരകളാകുന്ന വിഭാഗങ്ങളാണിന്ന് തോട്ടം തൊഴിലാളികള്‍ .

തോട്ടമായതിനാല്‍ മാത്രം ഭൂപരിഷ്കരണ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട തോട്ടം ഭൂമിയുടെ അഞ്ച് ശതമാനം ടൂറിസം ഉള്‍പ്പടെയുള്ള വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ പ്രഖ്യാപനം ഭൂപരിഷ്കരണ നിയമത്തിന്റെ അന്തഃസത്തയെ വെല്ലുവിളിക്കുന്നതാണ്. സംസ്ഥാനത്താകെ 24000 ഏക്കര്‍ ഭൂമിയാണ് ഇങ്ങനെ വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനും കൈമാറാനും തോട്ടം ഉടമകള്‍ക്ക് ലഭിക്കുക. റിയല്‍ എസ്റ്റേറ്റ് ലോബിയാണ് ഇതിനുപിന്നിലുളളത്. തോട്ടമായി നിലനിര്‍ത്താന്‍ കഴിയില്ലെങ്കില്‍ ഭൂമി സര്‍ക്കാറിന് വിട്ടു കൊടുക്കുകയാണ് തോട്ടമുടമകള്‍ ചെയ്യേണ്ടത്. ആയിരക്കണക്കിന് ആദിവാസികളും കര്‍ഷകതൊഴിലാളികളും ഭൂരഹിതരായി തുടരുമ്പോള്‍ തോട്ടം ഉടമകള്‍ക്ക് ഭൂമി വിട്ടു കൊടുക്കുന്നതിനെ ശക്തമായി എതിര്‍ത്ത് പരാജയപ്പെടുത്തണം.

വന്‍കിട കമ്പനിയായ ഹാരിസണ്‍ മലയാളം കമ്പനി 63000 ഹെക്ടര്‍ ഭൂമി സംസ്ഥാനത്ത് കൈവശം വെക്കുന്നതില്‍ 26000 ഹെക്ടറും വയനാട്ടിലാണ്. വിദേശ കമ്പനികള്‍ക്ക് ഇന്ത്യാ രാജ്യത്ത് കൃഷി ഭൂമി വാങ്ങാനോ കൈവശം വെക്കാനോ നിയമപരമായി അവകാശമില്ല. പാട്ടക്കാലാവധി കഴിഞ്ഞ ഭൂമിയും ഈ കമ്പനി കൈവശം വെക്കുകയാണ്. ഈ ഭൂമി നിയമപ്രകാരം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് റവന്യു കമീഷണര്‍ സജിത്ത് ബാബു കമ്മീഷന്‍ സര്‍ക്കാറിനു നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ വന്‍കിട കമ്പനികള്‍ നിയമവിരുദ്ധമായി കൈവശം വെക്കുക്കുന്ന തോട്ടങ്ങള്‍ തൊഴിലാളികളുടെ നേതൃത്വത്തിലുള്ള സഹകരണ സംഘങ്ങള്‍ രൂപീകരിച്ച് അവക്ക് വിട്ടു കൊടുക്കാന്‍ കേരള സര്‍ക്കാര്‍ നിയമം നിര്‍മിക്കണം.

തോട്ടങ്ങളിലുള്ള മിച്ച ഭൂമിയും തിരശുഭൂമിയും ഭൂരഹിത ആദിവസികള്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും വിതരണം ചെയ്യണം. തോട്ടം തൊഴിലാളികള്‍ക്ക മിനിമം കൂലി ലഭിക്കണം. നിലവിലുള്ള മിനിമം കൂലി 200രൂപയില്‍ നിന്ന 300 രൂപയായി വര്‍ദ്ധിപ്പിക്കണം. പതിറ്റാണ്ടുകള്‍ പഴക്കമുള്ള പാടികള്‍ക്കു പകരം ആധുനിക ക്വാട്ടേഴ്സുകള്‍ നിര്‍മ്മിക്കണം. തോട്ടങ്ങളില്‍ ആശുപത്രിയും ഉന്നത നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും വേണം. തോട്ടം തൊഴിലാളികള്‍ക്കുള്ള പെന്‍ഷന്‍ തുക മിനമം കൂലിയുടെ 50 ശതമാനമാക്കി നിശ്ചയിക്കണം. കാലപരിധി കഴിഞ്ഞ തോട്ടങ്ങള്‍ റീപ്ലാന്റ് ചെയ്യുകയും ആധൂനികവല്‍ക്കരിക്കുകയും വേണം. ഫാക്ടറികള്‍ നവീകരിക്കണം. തോട്ടങ്ങളുടെ ഉല്‍പാദനവും ഉല്‍പാദന ക്ഷമതയും വര്‍ദ്ധിപ്പിക്കണം. ചെറുകിട ഇടത്തരം തോട്ടങ്ങളില്‍ തോട്ടത്തില്‍ നിന്നുള്ള വരുമാനം തൊഴിലാളികളുടെ ക്ഷേമത്തിനും തോട്ടത്തിന്റെ നവീകരണത്തിനും വേണ്ടി ഉപയോഗിക്കുന്നു വെന്ന് ഉറപ്പുവരുത്തണം. തോട്ടങ്ങള്‍ മുറിച്ചു വില്‍ക്കുന്നതും തോട്ടവിളകള്‍ക്കു പകരം ഇതരവിളകളിലേക്ക് മാറ്റുന്നതും ഭൂ പരിഷ്കരണനിയമത്തിന്റെയും ഭൂ സംരക്ഷണനിയമത്തിന്റെ വ്യവസ്ഥകള്‍ പ്രകാരം കര്‍ക്കശമായി നിയന്ത്രിക്കണം. നിയമലംഘിക്കുന്നവരില്‍ നിന്നും തോട്ട ഭൂമി തിരിച്ചെടുത്ത് തോട്ടങ്ങളെ സംരക്ഷിക്കാന്‍ സംവിധാനം ഉണ്ടാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. തോട്ടം തൊഴിലാളികളുടെ കൂലി പ്രശനം അടിയന്തിരമായി പരിഹരിക്കണമെന്നും സമ്മേളനം മറ്റൊരുപ്രമേയത്തില്‍ ആവശ്യപ്പെട്ടു.

കിഴക്കന്‍ മേഖലയിലെ കൃഷിക്കാര്‍ക്ക് പട്ടയം ലഭ്യമാക്കണം: സിപിഐ എം

ഈരാറ്റുപേട്ട: കാഞ്ഞിരപ്പള്ളിയുടെ കിഴക്കന്‍ മേഖലകളില്‍ കാലങ്ങളായി ഭൂമി കൈവശംവച്ച് കൃഷിചെയ്യുന്നവര്‍ക്ക് പട്ടയം ലഭ്യമാക്കാന്‍ ആവശ്യമായ നിയമനിര്‍മാണം നടത്തണമെന്ന് സിപിഐ എം കോട്ടയം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ സംസ്ഥാനസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പുഞ്ചവയല്‍ , മുരിക്കുംവയല്‍ , പാക്കാനം, പുലിക്കുന്ന്, കോസടി, കൊമ്പുകുത്തി, ആനക്കല്ല്, മൂഴിക്കല്‍ തുടങ്ങിയ സെറ്റില്‍മെന്റ്വാസികളായ കൃഷിക്കാര്‍ കാലങ്ങളായി പട്ടയത്തിനുവേണ്ടി മുറവിളി കൂട്ടുകയാണ്. 1975ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ കൊണ്ടുവന്ന ആദിവാസി ഭൂസംരക്ഷണ നിയമത്തിന്റെ മറവില്‍ ഇവര്‍ കുടിയിറക്കുഭീഷണി നേരിട്ടുവരികയായിരുന്നു. എന്നാല്‍ , അതിനുശേഷം നടന്ന പ്രക്ഷോഭങ്ങളുടെയും നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന നിയമനിര്‍മാണങ്ങളുടെയും ഫലമായി കുടിയിറക്കുഭീഷണി അവസാനിച്ചു. ഏതെങ്കിലും ആദിവാസിക്ക് ഭൂമി കൈവശമില്ലെങ്കില്‍ സര്‍ക്കാര്‍ വാസയോഗ്യമായ ഭൂമി നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം സുപ്രീംകോടതിയും അംഗീകരിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായി കഴിഞ്ഞ സര്‍ക്കാര്‍ ആദിവാസികള്‍ക്ക് പട്ടയവും കൈവശരേഖയും നല്‍കി. എന്നാല്‍ , കാലങ്ങളായി അവിടെ താമസിക്കുന്ന മറ്റു കൃഷിക്കാര്‍ക്ക് പട്ടയം നല്‍കാന്‍ ഇനിയും കഴിഞ്ഞിട്ടില്ലെന്നും ഇതിന് നടപടി സ്വീകരിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

യുഡിഎഫിന്റെ സപ്തധാരാ പദ്ധതി ഉപേക്ഷിക്കണം

ഈരാറ്റുപേട്ട: ജല, വൈദ്യുതി വിതരണ മേഖലകളെ സമ്പൂര്‍ണമായി സ്വകാര്യവല്‍ക്കരിച്ച് ജനങ്ങള്‍ക്കാകെ ദുരിതം വിതയ്ക്കുന്ന യുഡിഎഫിന്റെ സപ്തധാരാ പദ്ധതി ഉപേക്ഷിക്കണമെന്ന് സിപിഐ എം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വെള്ളവും വെളിച്ചവും എത്തിക്കാന്‍ സര്‍ക്കാരുകള്‍ പ്രതിജ്ഞാബദ്ധമാണ്. ആഗോളവല്‍ക്കരണ-സ്വകാര്യവല്‍ക്കരണ നയങ്ങള്‍ തുടരുന്ന സര്‍ക്കാര്‍ സേവനമേഖലയെ പൂര്‍ണമായും തകര്‍ക്കും. ഈ രംഗത്തേക്ക് സ്വകാര്യമേഖലയ്ക്ക് കടന്നുവരാന്‍ സംവിധാനമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും പ്രമേയം ചൂണ്ടിക്കാട്ടി.

വേമ്പനാട്ടുകായലിനെ മാലിന്യവിമുക്തമാക്കണം

ഈരാറ്റുപേട്ട: ലോകോത്തര നീര്‍ത്തടങ്ങളിലൊന്നായ വേമ്പനാട്ടുകായലിനെ മാലിന്യവിമുക്തമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കേരളത്തിലെ നാലു ജില്ലകളിലെ ജനജീവിതത്തെ സഹായിക്കുന്ന ഈ കായല്‍ സംസ്ഥാനത്തെ ഉള്‍നാടന്‍ മത്സ്യസമ്പത്തിന്റെ കലവറയുമായിരുന്നു. തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടര്‍ ഇടുന്നതിനാല്‍ ജലമലിനീകരണം രൂക്ഷമാണ്. കക്കാ ഡ്രഡ്ജിങ് മത്സ്യസമ്പത്തിന്റെ പ്രകൃതിദത്തമായ പ്രജനനത്തിനുള്ള ആവാസവ്യവസ്ഥയും തകര്‍ക്കുന്നു. കൃഷിയുടെ ഏകോപനം സാധ്യമാക്കുന്നതിനുള്ള കലണ്ടര്‍ പ്രകാരം ക്രമീകരിക്കാന്‍ കഴിഞ്ഞാല്‍ തണ്ണീര്‍മുക്കം ബണ്ട് നിശ്ചിതകാലയളവ് തുറന്നിടാന്‍ സാധിക്കും. ഹൗസ്ബോട്ടുകള്‍ വേമ്പനാട്ടുകായലില്‍ ജലമലിനീകരണം രൂക്ഷമാക്കുകയാണ്. ആയിരത്തഞ്ഞൂറിലധികം ഹൗസ്ബോട്ടുകളാണ് ഒരു നിബന്ധനയുമില്ലാതെ കായലില്‍ ഓടിക്കുന്നത്. ഇതിലെ മാലിന്യങ്ങള്‍ പൂര്‍ണമായും തള്ളുന്നത് കായലിലാണ്. കൂട്ടമായി എല്ലാത്തരം മാലിന്യവും ഇവിടെ തള്ളുന്നത് ജലമലിനീകണം രൂക്ഷമാക്കിയിരിക്കുകയാണെന്ന് പ്രമേയത്തില്‍ പറഞ്ഞു.

deshabhimani 311211

നഷ്ടം 12 കോടി: ഉല്‍പ്പാദനം മരവിപ്പിച്ചു; സ്പിന്നിങ് മില്ലുകള്‍ തകര്‍ച്ചയിലേക്ക്

കോട്ടക്കല്‍ : ടെക്സ്റ്റൈല്‍സ് കോര്‍പറേഷന്റെ കീഴിലുള്ള മില്ലുകള്‍ തകര്‍ച്ചയിലേക്ക്. ഗുണമേന്മയുള്ള കോമ്പൗണ്ട് നൂല്‍ ഉല്‍പ്പാദനം മരവിപ്പിച്ചതും വ്യവസായ വകുപ്പിന്റെ അനാസ്ഥയുമാണ് സംസ്ഥാനത്തെ സ്പിന്നിങ്മില്ലുകളുടെ നില പരിതാപകരമാക്കിയത്. പരുത്തി കിട്ടാനില്ലെന്ന പേരില്‍ മില്ലുകളില്‍ പോളിയസ്റ്റര്‍ നൂലുകളാണ് ഇപ്പോള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ഗുണമേന്മയുള്ള കോമ്പൗണ്ട് കോട്ടണ്‍ നൂലുകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ വാങ്ങിയ യന്ത്രങ്ങള്‍ തുരുമ്പെടുത്തു. അതേസമയം സ്വകാര്യമില്ലുകളില്‍ പരുത്തി ഉപയോഗിച്ച് കോട്ടണ്‍ നൂലുകള്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. പരുത്തി കിട്ടാനില്ലെന്ന് പ്രചരിപ്പിച്ച് സര്‍ക്കാരിന്റെ മില്ലുകളില്‍ സ്വകാര്യകമ്പനികള്‍ക്ക് പോളിയസ്റ്റര്‍ നൂല്‍ ഉല്‍പ്പാദിപ്പിച്ചുനല്‍കാനുള്ള ശ്രമമാണ് വ്യവസായവകുപ്പിന്റേത്.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ടെക്സ്റ്റൈല്‍സ് കോര്‍പറേഷന്റെ കീഴില്‍ ഗുണമേന്മയുള്ള നൂല്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് നിരവധി മില്ലുകള്‍ നവീകരിച്ചു. ബാലരാമപുരം, കോമളപുരം, ഉദുമ, പിണറായി, കോഴിക്കോട് കോട്ടണ്‍ മില്‍ എന്നിവ പൂര്‍ണമായും ചെങ്ങന്നൂര്‍ പ്രഭ്രാറാം, കോട്ടയം ടെക്സ്റ്റൈല്‍സ്, എടരിക്കോട് ടെക്സ്റ്റൈല്‍സ്, തൃശൂര്‍ സീതാറാം ടെക്സ്റ്റൈല്‍സ് എന്നിവ ഭാഗികമായും നവീകരിച്ചു. 108 കോടി രൂപ ചെലവിലായിരുന്നു പ്രവൃത്തി. തുടര്‍ന്ന് മില്ലുകള്‍ ലാഭകരമാവുകയും തൊഴിലാളികളുടെ ശമ്പള പരിഷ്കരണം നടപ്പാക്കുകയുംചെയ്തു.

എന്നാല്‍ കഴിഞ്ഞ എട്ട് മാസത്തിനുള്ളില്‍ കേരളത്തിലെ മില്ലുകള്‍ 12 കോടി രൂപ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യവസായവകുപ്പ് അധികൃതര്‍ പറഞ്ഞു. പോളിയസ്റ്റര്‍ നൂല്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ഫൈബര്‍ കേരളത്തിലെ മില്ലുകളിലേക്ക് വിതരണംചെയ്യുന്നത് ബിര്‍ളയുടെ നിയന്ത്രണത്തിലുള്ള ഇന്തോരാമ പോളിയസ്റ്റര്‍ ഏജന്‍സിയാണ്. ടെന്‍ഡര്‍പോലും ക്ഷണിക്കാതെയാണ് ഇതിന് അനുമതി നല്‍കിയിരിക്കുന്നത്. നൈയിലോ ഫൈബറിന് മാര്‍ക്കറ്റില്‍ കിലോക്ക് 97 രൂപ വിലയുള്ളപ്പോള്‍ 120 രൂപക്കാണ് ഫൈബര്‍ വാങ്ങുന്നത്. ഫൈബര്‍ പോളിയസ്റ്റര്‍ നൂലാക്കി മാറ്റിവില്‍ക്കുന്നത് കോയമ്പത്തൂരിലെ കണ്ണന്‍ എന്ന നീലകണ്ഠനാണ്. ഇതും ടെന്‍ഡര്‍ ക്ഷണിക്കാതെ മാര്‍ക്കറ്റ് വിലയേക്കാള്‍ 15 രൂപ കുറച്ചാണ് നല്‍കുന്നത്. വ്യവസായവകുപ്പിന്റെ അനുമതിയോടെയാണ് ഈ ക്രമക്കേടെന്നും ആക്ഷേപമുണ്ട്.

deshabhimani 311211

ഉമ്മന്‍ചാണ്ടിയെ ബഹിഷ്‌കരിക്കണമെന്ന് ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷന്‍

സഭാതര്‍ക്കത്തില്‍ മുഖ്യമന്ത്രി വാക്കുപാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സഭാ പരിപാടികളില്‍ നിന്നും ഉപരോധം ഏര്‍പ്പെടുത്തുന്നു. സഭയുടെ ഔദ്യേഗിക പരിപാടികളില്‍ നിന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും മറ്റ് യുഡിഎഫ് മന്ത്രിമാരെയും ഒഴിവാക്കണമെന്ന തീരുമാനം മാസങ്ങള്‍ക്ക് മുന്‍പുതന്നെ നിലവില്‍ വന്നിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളിലേക്ക് തന്നെ ക്ഷണിക്കുകയേ വേണ്ടെന്നാണ് സഭയുടെ പരമാദ്ധ്യന്റെ അറിയിപ്പ്.  ഈ നിലപാട് യുഡിഎഫിനെയും സര്‍ക്കാരിനെയും കൂടുതല്‍ പ്രതിരോധത്തിലാക്കുമെന്ന് തീര്‍ച്ച.

സഭയുടെ കീഴിലുള്ള പള്ളികളിലെ പെരുന്നാളുകളും കൂദാശകളും അടുത്തുവരുന്ന സാഹചര്യത്തില്‍ സഭാദ്ധ്യക്ഷന്റെ പുതിയ നിലപാട് ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. അടുത്ത ദിവസം മുഖ്യമന്ത്രിയുടെ തൊട്ടടുത്ത ഇടവകയായ നിലയ്ക്കല്‍ പള്ളിയില്‍ നടക്കുന്ന ചടങ്ങില്‍ നിന്നും പരമാദ്ധ്യന്റെ നിര്‍ദ്ദേശ പ്രകാരം ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയിട്ടുണ്ട്. പുതിയ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പ്രമുഖ മലയാള പത്രത്തില്‍ പ്രസിദ്ധീകരിച്ച സപ്ലിമെന്റില്‍ ആശംസ എന്ന നിലയില്‍ മാത്രം മുഖ്യമന്ത്രിയുടെ പേര് ഉള്‍പ്പെടുത്തി പരാതി ഒഴിവാക്കുകയായിരുന്നു സഭാ നേതൃത്വം. പുതുപ്പള്ളി പള്ളിയുടെ കീഴിലുള്ള സിബിഎസ് സി സ്‌കൂളിന്റെ കെട്ടിടത്തിന്റെ ഉദ്ഘാടനം മുന്‍പുതന്നെ മന്ത്രിമാരെ ഉള്‍പ്പെടുത്തി നിര്‍വ്വഹിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുക്കും എന്ന കാരണത്താല്‍ ഈ പരിപാടിയില്‍ നിന്നും സഭാ നേതൃത്വത്തിലുള്ള എല്ലാവരും ഒഴിവായി.

വാകത്താനം പള്ളിയുടെ കൂദാശ അടുത്ത ദിവസം തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഇതില്‍ നിന്നും മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്നും അല്ലാത്ത സാഹചര്യത്തില്‍ താന്‍ ഒഴിവാകുമെന്നും അദ്ധ്യക്ഷന്‍ പള്ളി അധികാരികളെ അറിയിച്ചതായാണ് സൂചന. ഇതേ തുടര്‍ന്ന് പൊതുസമ്മേളനം ഒഴിവാക്കി കൂദാശ ചടങ്ങുകള്‍ നടത്താനാണ് തീരുമാനം.

 കോലഞ്ചേരി പള്ളി പ്രശ്‌നത്തില്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടുന്നില്ലെന്നതും യുഡിഎഫ് യാക്കോബായ സഭയ്ക്ക് വേണ്ടി ഒത്തുകളിക്കുന്നു എന്നതുമായിരുന്നു ഇത്തരം കര്‍ശന നടപടികളിലേക്ക് കടക്കാന്‍ ഓര്‍ത്തഡോക്‌സ് സഭയെ പ്രേരിപ്പിച്ചത്.

കഴിഞ്ഞ ദിവസങ്ങളില്‍ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ ബാബുവും യാക്കോബായ സഭയുമായി ചര്‍ച്ചയ്ക്ക് തയ്യാറായിരുന്നു. എന്നാല്‍ തങ്ങളെ ഇതിലേക്ക് ക്ഷണിക്കുക പോലും ചെയ്തിരുന്നില്ലെന്നാണ് ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വത്തിന്റെ വിശദീകരണം. കൂടുതല്‍ കര്‍ക്കശമായ നിലപാടിലേക്ക് ഓര്‍ത്തഡോക്‌സ് സഭ കടന്ന സാഹചര്യത്തില്‍ പിറവത്ത് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് കൂടുതല്‍ വിയര്‍ക്കുമെന്ന് തീര്‍ച്ച.

സരിത കൃഷ്ണന്‍ janayugom 311211

ഭക്ഷ്യസുരക്ഷാ ബില്‍ ലക്ഷ്യമിടുന്നത് അമേരിക്കന്‍ മോഡല്‍ കൃഷിരീതി

ജനങ്ങള്‍ക്ക് ഭക്ഷണം ഉറപ്പുവരുത്താനെന്ന പേരില്‍ കൃഷിഭൂമി കുത്തകകളുടെ കൈകളിലെത്തിച്ച് അമേരിക്കന്‍ മാതൃകയിലുള്ള കൃഷിരീതി നടപ്പാക്കാനാണ് ഭക്ഷ്യസുരക്ഷാ ബില്‍ ലക്ഷ്യമിടുന്നതെന്ന് സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഭക്ഷ്യസുരക്ഷാ ബില്ലിന്റെ കാണാപ്പുറങ്ങള്‍ എന്ന സെമിനാര്‍ അഭിപ്രായപ്പെട്ടു. ജനങ്ങളുടെ വാങ്ങല്‍ശേഷി ഉയര്‍ത്തുന്ന വിധമുള്ള കാര്‍ഷിക ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും വര്‍ധിപ്പിച്ചുമാത്രമേ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനാകൂ എന്ന് സെമിനാറില്‍ സംസാരിച്ച നേതാക്കള്‍ ചൂണ്ടിക്കാട്ടി.

ബില്‍ വ്യവസ്ഥചെയ്യുന്നതനുസരിച്ച് രാജ്യത്തെ ജനങ്ങള്‍ക്കു മുഴുവന്‍ നല്‍കാന്‍ കഴിയുന്നവിധം ഭക്ഷ്യധാന്യം ഉല്‍പ്പാദിപ്പിക്കുന്നില്ല. ഇതിനായി 6 കോടി ടണ്‍ ഭക്ഷ്യധാന്യം അധികമായി ഉല്‍പ്പാദിപ്പിക്കണം. കൂടാതെ സബ്സിഡി നിരക്കില്‍ ഇത് വിതരണംചെയ്യാന്‍ 95,000 കോടി രൂപ കണ്ടെത്തണം. 1950ല്‍ ആളോഹരി ഭക്ഷ്യോല്‍പ്പാദനം 152 കിലോ ആയിരുന്നത് 2010ല്‍ 151 കിലോയായി കുറഞ്ഞു. ഇതേ നിരക്കില്‍ ആളോഹരി ഭക്ഷ്യലഭ്യത നിലനിര്‍ത്താന്‍ 2020ല്‍ 1,140 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം വേണ്ടിവരും. എന്നാല്‍ ഇപ്പോഴത്തെ കണക്കനുസരിച്ച് 640 ലക്ഷം ടണ്‍ മാത്രമാണുള്ളത്. 800 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം അധികമായി ഉല്‍പ്പാദിപ്പിക്കണം. എന്നാല്‍ കാര്‍ഷിക ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കാത്ത കേന്ദ്രസര്‍ക്കാരിന് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനാകില്ലെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യ ലക്ഷ്യമിട്ട കാര്‍ഷിക വളര്‍ച്ചയുടെ അടുത്തെങ്ങും എത്താനാകാത്ത സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ഭക്ഷണം ഉറപ്പുവരുത്താനാകില്ലെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത മുന്‍ കേന്ദ്രമന്ത്രി പി സി തോമസ് പറഞ്ഞു. ബില്‍ നടപ്പാക്കണമെങ്കില്‍ വന്‍തുക കണ്ടെത്തേണ്ടിവരും. ഇതുസംബന്ധിച്ച് ഭരണകക്ഷിയില്‍തന്നെ ഭിന്നതയുണ്ട്. വേണ്ടത്ര ചര്‍ച്ചയില്ലാതെയാണ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. കാര്‍ഷികമേഖലയ്ക്കായി പ്രത്യേകം ബജറ്റ് വേണം. ഇതുവഴി കൃഷിക്ക് കൂടുതല്‍ ശ്രദ്ധകൈവരും. പൊതുബജറ്റ് കൃഷിക്ക് വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ കാര്‍ഷിക രംഗവും പൊതുവിതരണ സമ്പ്രദായവും സ്വകാര്യ കുത്തകകള്‍ക്ക് തീറെഴുതാനുള്ള മറയാണ് ബില്ലെന്ന് വിഷയം അവതരിപ്പിച്ച കേരള കര്‍ഷകസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ വി രാമകൃഷ്ണന്‍ പറഞ്ഞു. സാമൂഹ്യാവശ്യാര്‍ഥമുള്ള കൃഷിക്കുപകരം കച്ചവടാര്‍ഥമുള്ള കൃഷി സമ്പ്രദായം നടപ്പാക്കാനാണ് ശ്രമം. ഇത് അമേരിക്കന്‍ മാതൃകയിലുള്ളതാണ്. അമേരിക്കയില്‍ കൃഷിഭൂമി കമ്പനികളുടെ കീഴിലായി. ഇന്ത്യയിലും ഇതിനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നു. കൃഷിഭൂമി തുണ്ടുകളായതാണ് കാര്‍ഷിക ഉല്‍പ്പാദനം കുറയാന്‍ കാരണമെന്ന പ്രചാരണം ഇതിന് പശ്ചാത്തലമൊരുക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

ബില്ലിലൂടെ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഭക്ഷണം നല്‍കേണ്ടത് ഭരണകൂടത്തിന്റെ നിയമപരമായ ബാധ്യതയായി മാറുമെങ്കിലും ഇതിനുപിന്നില്‍ കോണ്‍ഗ്രസിന് സ്ഥാപിത താല്‍പര്യങ്ങളുണ്ടെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത കിസാന്‍സഭ നേതാവ് അഡ്വ. പി കെ ചിത്രഭാനു പറഞ്ഞു. ബില്‍ രാജ്യത്തെ നിലവിലുള്ള ഭൂവുടമാ സമ്പ്രദായത്തില്‍ മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ബില്‍ രാജ്യത്തെ പൊതുവിതരണ സമ്പ്രദായത്തെ തകര്‍ക്കുമെന്ന് സെമിനാറില്‍ മോഡറേറ്ററായ സിപിഐ എം സംസ്ഥാനകമ്മറ്റിയംഗം സി കെ സദാശിവന്‍ എംഎല്‍എ പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ഡി ലക്ഷ്മണന്‍ സ്വാഗതം പറഞ്ഞു.

deshabhimani 311211

മുഖ്യമന്ത്രി ഒളിച്ചുകളിക്കുന്നു: ഡിവൈഎഫ്ഐ

കണ്ണൂര്‍ : സര്‍ക്കാര്‍ സര്‍വീസിലെ ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്താതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒളിച്ചുകളിക്കുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പിഎസ്സി റാങ്ക് ലിസ്റ്റിന്റെ പേരില്‍ പുകമറ സൃഷ്ടിക്കാനാണ് ശ്രമം. ഡിസംബര്‍ 31ന് അവസാനിക്കുന്ന 138 റാങ്ക്ലിസ്റ്റുകളുടെ കാലാവധി മാര്‍ച്ച് 31വരെ നീട്ടണമെന്ന് രാജേഷ് ആവശ്യപ്പെട്ടു.

തൊഴിലില്ലാത്തവര്‍ക്കുവേണ്ടി വികാരംകൊള്ളുന്ന മുഖ്യമന്ത്രി സ്വന്തംവകുപ്പിലെ ഒഴിവുകള്‍ പോലും നികത്തുന്നില്ല. യുവജനങ്ങളുടെ പ്രതീക്ഷകള്‍ തകര്‍ത്ത് പെന്‍ഷന്‍ പ്രായം ഉയര്‍ത്താനും നീക്കം നടക്കുന്നു. പെന്‍ഷന്‍ പ്രായം ഏകീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിക്കുന്നതില്‍ യുഡിഎഫ് സര്‍ക്കാര്‍ വരുത്തുന്ന കാലതാമസമാണ് നിയമനത്തിന് തടസ്സം. നിയമനത്തിന് മതിയായ സമയം ലഭിച്ചിട്ടും നടപടിയുണ്ടായില്ല. 435 റാങ്ക്ലിസ്റ്റുകള്‍ നിലവിലുണ്ട്. സര്‍ക്കാര്‍ തീരുമാനിച്ചാല്‍ ഒരാഴ്ചകൊണ്ട് മുഴുവന്‍ ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്ത് നിയമനം നടത്താം. പല വകുപ്പിലും റാങ്ക്ലിസ്റ്റ് ഉണ്ടായിട്ടും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ താല്‍ക്കാലികക്കാരെ തിരുകിക്കയറ്റുന്നു. ഇന്‍ഫര്‍മേഷന്‍ വകുപ്പില്‍ അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തസ്തികയില്‍ 22 ഒഴിവുകളിലേക്ക് കരാര്‍ നിയമനം നടത്താന്‍ ഇന്റര്‍വ്യു നടത്തി. സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ ബോര്‍ഡില്‍ 25 പേരെ താല്‍ക്കാലികമായി നിയമിക്കുന്നു. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്ന കാര്യം പഠിക്കാന്‍ ധനമന്ത്രി കണ്‍വീനറായി മന്ത്രിസഭാസമിതിയെ നിയോഗിച്ചു. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നതിനെപ്പറ്റി മുഖ്യമന്ത്രി സര്‍ക്കാരിന്റെ നയം വ്യക്തമാക്കണം. അടുത്തവര്‍ഷം 43,000 പേര്‍ സര്‍വീസില്‍നിന്ന് വിരമിക്കും. പെന്‍ഷന്‍പ്രായം വര്‍ധിപ്പിച്ചാല്‍ വര്‍ഷങ്ങളോളം നിയമനം നടക്കില്ല. റാങ്ക്ലിസ്റ്റിലുള്ളവരെയും ലിസ്റ്റില്‍ വരാനിരിക്കുന്നവരെയും തമ്മിലടിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. റാങ്ക്ലിസ്റ്റ് തയ്യാറാക്കുന്നതിലെ കാലതാമസം ഒഴിവാക്കണമെന്നും രാജേഷ് ആവശ്യപ്പെട്ടു.

പിഎസ്സിയെ ഭീഷണിപ്പെടുത്തുന്നത് തെറ്റ്: അഡ്വ. ടി പി കേളുനമ്പ്യാര്‍

കൊച്ചി: പബ്ലിക് സര്‍വീസ് കമീഷനെ ഭീഷണിപ്പെടുത്തുന്നതരത്തില്‍ സര്‍ക്കാര്‍ പെരുമാറുന്നത് ഭരണഘടനാ ലംഘനമാണെന്ന് നിയമജ്ഞനും പ്രമുഖ അഭിഭാഷകനുമായ അഡ്വ. ടി പി കേളുനമ്പ്യാര്‍ പറഞ്ഞു. ഭരണഘടനാസ്ഥാപനങ്ങള്‍ ഭരണഘടനയ്ക്ക് അനുസൃതമായേ പ്രവര്‍ത്തിക്കാവൂ എന്നതാണ് കര്‍ശന നിയമം. ഒരു ഭരണഘടനാസ്ഥാപനം മറ്റൊരു ഭരണഘടനാസ്ഥാപനത്തെ കണ്ണുരുട്ടി ഭയപ്പെടുത്താനോ ആക്രമിക്കാനോ മുതിരുന്നത് ഭരണഘടനയോടുള്ള അവഹേളനമാണ്.

ഭരണഘടനയുടെ 315-ാം ഖണ്ഡികപ്രകാരമാണ് പബ്ലിക് സര്‍വീസ് കമീഷന്‍ രൂപീകരിച്ചത്. 32-ാം ഖണ്ഡികപ്രകാരമാണ് പബ്ലിക് സര്‍വീസ് കമീഷന്‍ അവരുടെ ജോലികള്‍ നിര്‍വഹിക്കുന്നത്. പബ്ലിക് സര്‍വീസ് കമീഷന് ചട്ടങ്ങള്‍ ഉണ്ടാക്കാമെന്ന് ഹൈക്കോടതിയും സുപ്രീംകോടതിയും വിധിച്ചിട്ടുണ്ട്. ഈ ചട്ടങ്ങള്‍ക്കെതിരായി, ചട്ടങ്ങള്‍ നിര്‍മിച്ച സ്ഥാപനംതന്നെ പ്രവര്‍ത്തിക്കുന്നത് ഭരണഘടനാവിരുദ്ധമാണ്. ഈ ചട്ടങ്ങള്‍ മറികടന്നു പ്രവര്‍ത്തിക്കണമെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ അധികാരസ്വരത്തില്‍ പറയുന്നത്. ഇങ്ങനെയുള്ള കാര്യങ്ങളില്‍ ഒന്നുകില്‍ സര്‍ക്കാര്‍ നിയമ വകുപ്പിനോടോ അഡ്വക്കറ്റ് ജനറലിനോടോ നിയമോപദേശം തേടണം. സര്‍ക്കാര്‍ പബ്ലിക് സര്‍വീസ് കമീഷനോട് പെരുമാറുന്ന രീതി തീര്‍ത്തും തെറ്റാണ്, നിയമവിരുദ്ധവുമാണ്. അഭ്യര്‍ഥിക്കാം; ആജ്ഞാപിക്കരുത്. കണ്ണുരുട്ടലും കൈചുരുട്ടലും അസംബന്ധമാണ്- കേളുനമ്പ്യാര്‍ പറഞ്ഞു.

deshabhimani news

ജയിലില്‍ കഴിയുമ്പോള്‍ പിള്ളയുടെ ഫോണില്‍ ആയിരത്തിലേറെ കോളുകള്‍

ജയിലില്‍ കഴിയവേ ആര്‍ ബാലകൃഷ്ണപിള്ള മകനായ മന്ത്രി കെ ബി ഗണേശ്കുമാര്‍ , മരുമകന്‍ ടി ബാലകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരുമായി മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടതായി റിപ്പോര്‍ട്ട്. പുറത്തേക്ക് വിളിച്ചതും വന്നതുമായി ആയിരത്തിലേറെ കോളാണ് ഉള്ളത്. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ആവശ്യപ്പെട്ടപ്രകാരം പൊലീസ് ഹൈടെക് എന്‍ക്വയറി സെല്ലാണ് വെള്ളിയാഴ്ച അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മന്ത്രിമാര്‍ , യുഡിഎഫ് നേതാക്കള്‍ , ബന്ധുക്കള്‍ തുടങ്ങിയവരുടെ പേരുകളും റിപ്പോര്‍ട്ടില്‍ ഉള്ളതായി അറിയുന്നു. മാധ്യമപ്രവര്‍ത്തകരെയും വിളിച്ചിട്ടുണ്ട്. പലരെയും നിരന്തരം വിളിച്ചു. മൊത്തം കോളിന്റെ വിവരം, ഇന്‍കമിങ്, ഔട്ട്ഗോയിങ്, മെസേജ് എന്നിങ്ങനെ വ്യത്യസ്തമായ നാലു ഫയലായാണ് റിപ്പോര്‍ട്ട്. പേരുവിവരങ്ങളും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. പിള്ള ജയിലില്‍ കിടന്ന മെയ് 12-19, ജൂണ്‍ 12-ജൂലൈ നാല്, ആഗസ്ത് 4, 5 എന്നീ തീയതികളില്‍ ഫോണ്‍ ചെയ്ത വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്.

പൂജപ്പുര, കുഞ്ചാലുംമൂട്, രാജീവ്ഗാന്ധി ബയോടെക്നോളജി എന്നിവിടങ്ങളിലെ ടവറുകളുടെ കീഴിലാണ് ബാലകൃഷ്ണപിള്ളയുടെ ഫോണില്‍നിന്ന് കോളുകള്‍ വന്നതും പോയതുമെന്ന് നൂറോളം പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല തുടങ്ങിയവരെ വിളിച്ചിരുന്നതായി നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു.
ജയിലിനകത്ത് ഫോണ്‍ ഉപയോഗിച്ചതിന് ബാലകൃഷ്ണപിള്ളയ്ക്ക് കൂടുതല്‍ ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി ജോയ് കൈതാരത്താണ് കോടതിയെ സമീപിച്ചത്. ബാലകൃഷ്ണപിള്ളയുടെ സഹായി കൃഷ്ണപിള്ളയെയും ശിക്ഷിക്കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. ജയിലില്‍ കിടന്ന ദിവസങ്ങളില്‍ ബാലകൃഷ്ണപിള്ളയുടെ സ്വന്തം ഫോണായ 9447155555 നമ്പരില്‍ ബന്ധപ്പെട്ടവരുടെ വിവരം അനേഷിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. ഇതു പരിഗണിച്ചാണ് മജിസ്ട്രേട്ട് വി പി ഇന്ദിരാദേവി കോളിന്റെ വിവരം നല്‍കാന്‍ ഹൈടെക് സെല്ലിനോട് നിര്‍ദേശിച്ചത്.

deshabhimani 311211

കമ്യൂണിസ്റ്റുകാരെ ന്യൂനപക്ഷവിരുദ്ധരായി മതന്യൂനപക്ഷങ്ങള്‍ കാണരുത്: കെ ടി ജലീല്‍

സ. ഇ ബാലാനന്ദന്‍ നഗര്‍(ഈരാറ്റുപേട്ട): മതന്യൂനപക്ഷ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ എക്കാലവും നിലകൊണ്ട കമ്യൂണിസ്റ്റുകാരുടെ സേവനങ്ങള്‍ക്ക് നന്ദി പ്രകടിപ്പിച്ചില്ലെങ്കിലും അവരെ ന്യൂനപക്ഷവിരുദ്ധരായി മതന്യൂനപക്ഷങ്ങള്‍ കാണരുതെന്ന് കെ ടി ജലീല്‍ എംഎല്‍എ പറഞ്ഞു. സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി "മതന്യൂനപക്ഷവും കേരള സമൂഹവും" എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ സോഷ്യലിസ്റ്റ് ചേരിക്കുണ്ടായ തിരിച്ചടിയുടെ പ്രതിഫലനമാണ് മുസ്ലീം വിഭാഗങ്ങള്‍ ലോകമാകെ ഇന്ന് പീഡിപ്പിക്കപ്പെടുന്നതിന്റെ പ്രധാന കാരണം. സോഷ്യലിസ്റ്റ് ചേരിയുടെ തകര്‍ച്ച മുതലെടുത്ത് മുസ്ലീം രാജ്യങ്ങളില്‍ സാമ്രാജ്യത്വം നടത്തിയ ഇടപെടലുകളാണ് ഇവിടങ്ങളിലെല്ലാം ഭീകരവാദവും ഭരണ അട്ടിമറികള്‍ക്കും ഇടയാക്കിയത്. ഇന്ത്യയില്‍ അടുത്തകാലത്തുണ്ടായ വര്‍ഗീയ കലാപങ്ങള്‍ക്കും മതഭീകരവാദത്തിനു പിന്നിലും സാമ്രാജ്യത്വശക്തികളുടെ ഇടപെടലാണ്. സ്വാതന്ത്ര്യാനന്തരം ഇന്ത്യ വിഭജിക്കപ്പെട്ടപ്പോഴത്തെ കലാപങ്ങളില്‍ പോലും തകരാതെ സംരക്ഷിച്ച ബാബ്റി മസ്ജിദ് പില്‍ക്കാലത്ത് തകര്‍ത്തത് സോഷ്യലിസ്റ്റ് ചേരിയുടെ ശക്തിക്ഷയം മുതലെടുത്താണ്.

ആദ്യ കമ്യൂണിസ്റ്റ് ഭരണകാലത്താണ് കേരളത്തില്‍ മുസ്ലീം വിഭാഗത്തിന് ഭൂരിപക്ഷമുള്ള മലപ്പുറം ജില്ല രൂപീകരിച്ചത്. അന്ന് കോണ്‍ഗ്രസുകാര്‍ അതിനെ ശക്തമായി എതിര്‍ത്തു. ജില്ല രൂപീകരിച്ചാല്‍ തിരൂര്‍ കടപ്പുറത്ത് പാകിസ്ഥാന്‍ പടക്കപ്പല്‍ എത്തുമെന്നാണ് കോണ്‍ഗ്രസ് പ്രചരിപ്പിച്ചത്. ഇതിനെ ചെറുത്ത് ജില്ലയ്ക്ക് വേണ്ടി ശക്തമായ നിലപാട് സ്വീകരിച്ച സി എച്ച് മുഹമ്മദ് കോയയ്ക്ക് പിന്‍ബലമേകിയത് കമ്യൂണിസ്റ്റുകാരുടെ നെഞ്ചൂക്കിന്റെ ബലമാണ്. ഇന്ത്യയിലും കേരളത്തിലും എക്കാലവും മതന്യൂനപക്ഷങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ നിലകൊണ്ടത് കമ്യൂണിസ്റ്റ് ചേരിയാണ്. കേരളത്തില്‍ കോണ്‍ഗ്രസിന്റെ അഗവണനയില്‍ നിന്നാണ് മുസ്ലീംലീഗും കേരള കോണ്‍ഗ്രസും പിറവി കൊണ്ടത്. ന്യൂനപക്ഷ വിഭാഗങ്ങളോട് എക്കാലവും കോണ്‍ഗ്രസാണ് അവഗണന കാണിച്ചിട്ടുള്ളതെന്നതിന് മുഖ്യതെളിവാണിത്. ലോകമാകെ ആദരിക്കപ്പെടുന്ന മദര്‍ തെരേസ മിഷനറി പ്രവര്‍ത്തനത്തിന് കേന്ദ്രമാക്കിയത് കൊല്‍ക്കത്തയാണ്. അന്നും ഇന്നും മിഷനറിപ്രവര്‍ത്തനങ്ങള്‍ക്ക് ഒരു തടസവും നേരിട്ടില്ല. എന്നാല്‍ ഗ്രഹാം സ്റ്റെയിന്‍സിനെയും കുടുംബത്തെയും അഗ്നിക്ക് ഇരയാക്കിയത് കോണ്‍ഗ്രസ് ഭരണത്തിലിരുന്ന ഗുജറാത്തിലാണ്. കേരളത്തിലും മതന്യൂനപക്ഷങ്ങളെ ഭൂരിപക്ഷ വര്‍ഗീയശക്തികളില്‍ നിന്ന് എക്കാലവും സംരക്ഷിച്ചു പോരുന്നത് കമ്യൂണിസ്റ്റുകാരാണ്. എന്നാല്‍ , ഇതില്‍ നിന്നെല്ലാം രാഷ്ട്രീയമുതലെടുപ്പ് നടത്തി അതിന്റെ ഗുണഭോക്താവായത് കോണ്‍ഗ്രസാണ്. ഇത് മതന്യൂനപക്ഷങ്ങള്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ഗരാജ്യം ലഭിച്ചില്ലെങ്കിലും ഭൂമിയില്‍ മനുഷ്യനായി ജീവികാനുള്ള അവകാശവും അവസരവും നിഷേധിക്കുന്നതിനെതിരെയാണ് ന്യൂനപക്ഷങ്ങള്‍ ശക്തമായി നിലകൊള്ളേണ്ടതെന്ന് ജോസഫ് പുലിക്കുന്നേല്‍ പറഞ്ഞു. കൈസ്ര്തവസമൂഹം വിയര്‍പ്പു ചീന്തി പണിതുയര്‍ത്തിയ ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ന്യൂനപക്ഷാവകാശ നിയമത്തിന്റെ മറവില്‍ കത്തോലിക്കാസഭയും മെത്രാന്മാരും കൈക്കലാക്കി. ഇതര മതവിഭാഗങ്ങളുടെ സ്വത്തുവകകള്‍ നിയന്ത്രിക്കാന്‍ വഖഫ്ബോര്‍ഡും ദേവസ്വം ബോര്‍ഡും പോലുള്ള സംവിധാനങ്ങള്‍ ഉള്ളപ്പോള്‍ ക്രൈസ്തവ ആരാധനാലയങ്ങളുടെ കാര്യത്തില്‍ ഇത്തരം സംവിധാനമില്ല. ഇതിനായി നിയമം നടപ്പാക്കുന്നതിനെ സഭയും മെത്രാന്മാരും എതിര്‍ക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ഈ സ്വത്തുക്കള്‍ കൈവശം വെച്ച് രാഷ്ട്രീയ ഇടപെടല്‍ നടത്തി അധികാരത്തില്‍ ഇടപെടാനാണ് സഭാനേതാക്കള്‍ ശ്രമിക്കുന്നതെന്നും പുലിക്കുന്നേല്‍ പറഞ്ഞു.

ചര്‍ച്ചകളിലൂടെയും ആശയപ്രചാരണത്തിലൂടെയും എതിര്‍പ്പിന്റെ മഞ്ഞുമലകള്‍ ഉരുക്കി മതന്യൂനപക്ഷങ്ങളും സിപിഐ എമ്മുമായുള്ള ബന്ധം ശക്തിപ്പെടുത്തിയാലേ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ പരിപൂര്‍ണമായി സംരക്ഷിക്കാന്‍ കഴിയൂവെന്ന് ഡോ. ബി ഇക്ബാല്‍ പറഞ്ഞു. ന്യൂനപക്ഷ അവകാശങ്ങള്‍ക്കു വേണ്ടി നിയമത്തിന്റെ മറവില്‍ശബ്ദമുയര്‍ത്തുന്നവര്‍ ന്യൂനപക്ഷ ജനസാമാന്യത്തിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യവും ഒരുക്കണമെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സി എസ് സുജാത പറഞ്ഞു.

മാര്‍ക്സിയന്‍ ആദര്‍ശങ്ങള്‍ക്ക് പ്രസക്തിയേറുന്നു

ശാസ്താംകോട്ട: മാര്‍ക്സിയന്‍ ആദര്‍ശങ്ങള്‍ക്ക് പുതിയ കാലക്രമത്തില്‍ പ്രസക്തിയേറുന്നുവെന്ന് സെമിനാര്‍ . സിപിഐ എം ജില്ലാസമ്മേളനത്തോടനുബന്ധിച്ച് "അറബ് വസന്തവും ലോക ജനാധിപത്യവും" എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറിലാണ് ഈ അഭിപ്രായമുയര്‍ന്നത്. സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും വിജയമാണ് അറബ്വസന്തം. വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ എന്ന ആശയം ലോകം മുഴുവന്‍കേട്ടു. കേരളത്തില്‍പ്പോലും വാള്‍സ്ട്രീറ്റ് അനുകൂലപ്രകടനം ഉണ്ടായി. ജനാധിപത്യം എന്നത് ആള്‍ക്കൂട്ടത്തിന്റെ ആഘോഷമാണ്. ഒരുമനസ്സോടെ ആയുധമെടുക്കാതെ ആള്‍ക്കൂട്ടത്തിന് അപാരമായ ശക്തിയുണ്ടെന്ന് അറബ് വസന്തം തെളിയിച്ചിരിക്കുന്നു. അതിനാല്‍ ഇതിന് കാലികപ്രാധാന്യം മാത്രമല്ല മൗലികമായ പ്രാധാന്യവും ഉണ്ടെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു.

കോടതികള്‍ പൊതുയിടങ്ങള്‍ പരിമിതിപ്പെടുത്താന്‍ ശ്രമിക്കുന്നു. എന്നാല്‍ , കോടതികള്‍ക്കുള്ള ഈ ദുരുദ്ദേശം വ്യക്തിപരമല്ല മറിച്ച് മൂലധന ആഗോളവല്‍ക്കരണദര്‍ശനമാണ്. കേരളത്തിലെ ആഗോളവല്‍ക്കരണകാലത്തെ പൊതുയോഗം ഇല്ലാതാക്കാന്‍ കോടതി പരിശ്രമിച്ചത് വ്യക്തിവിരോധം തീര്‍ക്കാനായിരുന്നില്ല. സഞ്ചാരസ്വാതന്ത്ര്യത്തിന്റെ ചരിത്രം അറിയാത്തതിനാലാണ് കോടതി സഞ്ചാരസ്വാതന്ത്ര്യത്തെ മുന്‍നിര്‍ത്തി സംസാരസ്വാതന്ത്ര്യത്തിന് പരിമിതി നല്‍കിയത്. ലോകമെമ്പാടും ജനങ്ങള്‍ സംഘടിച്ച് ജനവിരുദ്ധ ഭരണകൂടത്തെ ചെറുക്കുമ്പോള്‍ ജനാധിപത്യം പൂത്തുലഞ്ഞുനില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന ഇന്ത്യയില്‍ പൊതുയിടങ്ങള്‍ നിഷേധിക്കുകയാണ് കോടതിയും ഭരണകൂടങ്ങളുമെന്ന് സെമിനാറില്‍ അഭിപ്രായമുയര്‍ന്നു.

അറബ്വസന്തം ആത്മാഭിമാനത്തിനുള്ള പോരാട്ടം

ശാസ്താംകോട്ട: അറബ് വസന്തം ഒരു ജനതയുടെ ആത്മാഭിമാനം വീണ്ടെടുക്കാനുള്ള പരിശ്രമമാണെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി "അറബ് വസന്തവും ലോക ജനാധിപത്യവും" എന്ന വിഷയത്തില്‍ ഭരണിക്കാവില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ജനക്കൂട്ടത്തെ സാമ്രാജ്യത്വം ഭയപ്പെടുന്നു. അതുകൊണ്ടുതന്നെ ആള്‍ക്കൂട്ടത്തെ തെരുവില്‍നിന്ന് ആട്ടിയോടിക്കാനാണ് ജുഡീഷ്യറിയും മുതലാളിത്ത ഭരണകൂടവും ശ്രമിക്കുന്നതെന്ന് സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. ആള്‍ക്കൂട്ടമെല്ലാം ജനാധിപത്യത്തെ ശക്തിപ്പെടുത്തില്ല. വിമോചന സമരത്തിന്റെ ആള്‍ക്കൂട്ടവും വര്‍ഗീയതയുടെ വെളിച്ചത്തില്‍ എത്തുന്ന ആള്‍ക്കൂട്ടവും ഇതിന് ഉദാഹരണമാണെന്ന് സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം പി രാജേന്ദ്രന്‍ പറഞ്ഞു. ചരിത്രത്തെ മാറ്റിമറിക്കാന്‍ തൊഴിലാളിവര്‍ഗത്തിനേ കഴിയൂ എന്ന കണ്ടെത്തലാണ് മാര്‍ക്സിസത്തിന്റെ അന്തഃസത്തയ്ക്ക് പ്രസക്തിയേറാന്‍ കാരണമെന്ന് പുരോഗമന കലാസാഹിത്യ സംഘം ജില്ലാസെക്രട്ടറി പി കെ ഗോപന്‍ അഭിപ്രായപ്പെട്ടു. സിഐടിയു ജില്ലാ പ്രസിഡന്റ് ഇ കാസിം അധ്യക്ഷനായി.

മതരാഷ്ട്രീയം സാമൂഹ്യമുന്നേറ്റത്തെ പിറകോട്ടടിക്കുന്നു: ഡോ. കെ എന്‍ പണിക്കര്‍

കോട്ടയം: മതരാഷ്ട്രീയവും മതവ്യവസായവുമാണ് കേരളത്തിന്റെ സാമൂഹ്യമുന്നേറ്റത്തെ പിറകോട്ടടിക്കുന്നതെന്ന് ഡോ. കെ എന്‍ പണിക്കര്‍ പറഞ്ഞു. കേരള യുക്തിവാദി സംഘം 27-ാം സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മതങ്ങളുടെ രാഷ്ട്രീയബന്ധം അധികാരകേന്ദ്രങ്ങളെ സ്വാധീനിക്കുകയും മതവ്യവസായികള്‍ വിശ്വാസത്തെ കച്ചവടത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നു. വര്‍ഗീയവത്ക്കരണത്തേക്കാള്‍ കൂടുതല്‍ മതവല്‍ക്കരണമാണ് കേരളത്തില്‍ . സാമൂഹ്യവ്യവസ്ഥയില്‍ അക്രമാസക്തി വളര്‍ത്തുന്നത് മതമണ്ഡലത്തില്‍ വരുന്ന മാറ്റങ്ങളാണ്. ഈ മാറ്റങ്ങള്‍ സാമ്പത്തിക പ്രശ്നങ്ങളിലാണ് കേന്ദ്രീകരിക്കുന്നത്. മതങ്ങള്‍ രാഷ്ട്രീയത്തെ സ്വാധീനിക്കുന്നതിന്റെ ഫലമാണ് പാഠപുസ്തക വിവാദം. എന്തു പഠിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടത് വിദ്യാഭ്യാസരംഗത്തുള്ളവരാണ്. ചരിത്രവസ്തുതകള്‍ വളച്ചൊടിക്കാന്‍ മതം നടത്തുന്ന ശ്രമം ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

യുക്തിവാദിസംഘം സംസ്ഥാന പ്രസിഡന്റ് യു കലാനാഥന്‍ അധ്യക്ഷനായി. പെരിയവര്‍ മണിയമ്മ സര്‍വകലാശാല വി സി ഡോ. രാമചന്ദ്ര, ദ്രാവിഡകഴകം സംസ്ഥാനസെക്രട്ടറി അറിവ്ക്കരശ്, ആര്‍ജക്സംഘ് ഉത്തര്‍പ്രദേശ് പ്രസിഡന്റ് രഘുനാഥ്സിങ്ങ് എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ. പി കെ ചിത്രഭാനു സ്വാഗതവും യുക്തിവാദിസംഘം സംസ്ഥാന സെക്രട്ടറി ടി കെ ശശീധരന്‍ നന്ദിയും പറഞ്ഞു. വനിതാസമ്മേളനം തഞ്ചാവുര്‍ എസ് യു വി എന്‍ജിനീയറിങ്ങ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. പര്‍വീണ്‍ ഉദ്ഘാടനം ചെയ്തു. യുക്തിവാദി സംഘം സംസ്ഥാന സെക്രട്ടറി സി എസ് എലിസബത്ത് അധ്യക്ഷയായി. മിനി കെ ഫിലിപ്പ്, സി എം എല്‍സ എന്നിവര്‍ സംസാരിച്ചു. അഡ്വ. കെ ഡി ഉഷ അധ്യക്ഷയായി. വൈകിട്ട് സാംസ്കാരിക സമ്മേളനം ഡോ.രാജന്‍ ഗുരുക്കള്‍ ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച സമ്മേളനം തുടരും.

പൊതുയോഗത്തിന് അനുമതി നല്‍കിയില്ല ആര്‍ ബി ശ്രീകുമാറിന്റെ പ്രഭാഷണം തടയാന്‍ പൊലീസ് ശ്രമം

കണ്ണൂര്‍ : എന്‍ അബ്ദുള്ള കള്‍ച്ചറല്‍ ഫോറം പൊതുയോഗത്തിന് പൊലീസ് അനുമതി നിഷേധിച്ചു. കണ്ണൂര്‍ സിറ്റിയില്‍ സംഘടിപ്പിച്ച "ഗുജറാത്ത് വെളിപ്പെട്ടതും വെളിപ്പെടാത്തതും" വിഷയത്തില്‍ പ്രഭാഷണത്തിനാണ് പൊലീസ് അനുമതി നിഷേധിച്ചത്. മുസ്ലിംലീഗിന്റെ സമ്മര്‍ദഫലമായാണ് ഇതെന്ന് സംശയമുയര്‍ന്നിട്ടുണ്ട്. ഗുജറാത്ത് റിട്ട. എഡിജിപി ആര്‍ ബി ശ്രീകുമാര്‍ പങ്കെടുക്കേണ്ട പരിപാടിക്ക് രണ്ടാഴ്ച മുമ്പേ അപേക്ഷിച്ചതാണ്. അവസാന നിമിഷം അനുമതി നിഷേധിക്കുകയായിരുന്നു. കണ്ണൂര്‍ ഡിഐജി ശ്രീജിത്ത് ഫോണില്‍ ശ്രീകുമാറിനോട് പങ്കെടുക്കരുതെന്ന് പറഞ്ഞിരുന്നു. പൊലീസ് തടസ്സം നിന്നതിനാല്‍ സിറ്റിയിലെ എന്‍എന്‍എസ് ഓഡിറ്റോറിയത്തിലാണ് സംഘടിപ്പിച്ചത്.

ഹിന്ദുക്കളുടെ പ്രതികാരാഗ്നി മൂന്ന് ദിവസം ആളിക്കത്തിക്കാന്‍ തടസ്സം നില്‍ക്കരുതെന്ന് മുഖ്യമന്ത്രി നരേന്ദ്രമോഡി പറഞ്ഞപ്പോള്‍ ഡിജിപ്പിയുള്‍പ്പെടെയുള്ള പൊലീസുദ്യോഗസ്ഥര്‍ മൗനം പാലിച്ചതാണ് ഗുജറാത്തില്‍ രണ്ടായിരത്തോളംപേര്‍ കൊല്ലപ്പെടാനിടയാക്കിയതെന്ന് ആര്‍ ബി ശ്രീകുമാര്‍ സെമിനാറില്‍ പറഞ്ഞു. സെമിനാറിന് അനുമതി നിഷേധിച്ചതില്‍ സിപിഐ എം കണ്ണൂര്‍ ഏരിയാ സെക്രട്ടറി എന്‍ ചന്ദ്രന്‍ പ്രതിഷേധിച്ചു.

വര്‍ഗീയതയെ എതിര്‍ക്കാന്‍ അധ്വാനവര്‍ഗത്തിനേ കഴിയൂ: സുനിത്ചോപ്ര

പഴയങ്ങാടി: അധ്വാനിക്കുന്ന വര്‍ഗത്തിനുമാത്രമേ വര്‍ഗീയതയെ എതിര്‍ക്കാന്‍ കഴിയുകയുള്ളൂവെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സുനിത്ചോപ്ര പറഞ്ഞു. കര്‍ഷകരും തൊഴിലാളികളുമാണ് ഉദാത്തമായ മൗലികത ഉയര്‍ത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പഴയങ്ങാടിയില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡോ. അംബേദ്കറിനെപ്പോലെയുള്ളവര്‍ നിലകൊണ്ടത് പിന്നോക്കക്കാരുടെ ക്ഷേമത്തിനാണ്. ഇ എം എസും എ കെ ജിയുമുള്‍പ്പെടെയുള്ളവര്‍ പോരാടിയതും വര്‍ഗീയതയെ എതിര്‍ത്തുകൊണ്ടുള്ള മനുഷ്യാവകാശത്തിനുവേണ്ടിത്തന്നെ. സാമ്രാജ്യത്വം പല രീതിയിലും വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുകയാണ്. ഇതിനുവേണ്ടി ഭീകരതയെയും വളര്‍ത്തുന്നു. ഗുജറാത്തിലും പശ്ചിമബംഗാളിലുമൊക്കെ കാണുന്നത് ഇതാണ്. മമതാ ബാനര്‍ജി ഭീകരതക്കുവേണ്ടിയുള്ള കരുതല്‍ ശേഖരവുമായി മാവോയിസ്റ്റുകളെ സംരക്ഷിക്കുകയാണ് -അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റംഗം ഒ വി നാരായണന്‍ അധ്യക്ഷനായി. എം പ്രകാശന്‍ , പി കെ നാരായണന്‍ , ടി വി രാജേഷ് എംഎല്‍എ എന്നിവര്‍ സംസാരിച്ചു. പി പി ദാമോദരന്‍ സ്വാഗതം പറഞ്ഞു.

സമീപകാല കോടതിവിധികള്‍ക്ക് സാമ്രാജ്യത്വ മുഖം

കൊട്ടാരക്കര: സമീപകാലത്തെ കോടതി വിധികള്‍ പലതും ജനങ്ങളുടെ മൗലികാവകാശങ്ങളിലുള്ള കടന്നുകയറ്റമാണെന്ന് സെമിനാര്‍ ചൂണ്ടിക്കാട്ടി. ബന്ദും പൊതുസ്ഥലങ്ങളിലെ യോഗവും നിരോധിച്ച്ുകൊണ്ടുള്ള പല കോടതി വിധികളും ഇതിന് ഉദാഹരണമാണെന്ന് സിപിഐ എം ജില്ലാസമ്മേളനത്തോടനുബന്ധിച്ച് കൊട്ടാരക്കരയില്‍ സംഘടിപ്പിച്ച സെമിനാറില്‍ അഭിപ്രായമുയര്‍ന്നു. "ജനാധിപത്യ വ്യവസ്ഥയും ജുഡീഷ്യറിയും" എന്നതായിരുന്നു സെമിനാറിന്റെ വിഷയം.

ഇത്തരം വിധികള്‍ ജനങ്ങളുടെ സ്വാതന്ത്ര്യത്തെയും പരമാധികാരത്തെയും കവരുന്നു. ജനങ്ങള്‍ക്ക് പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കാന്‍ നിലകൊണ്ട ജുഡീഷ്യറിയുടെ തുടര്‍ നിലപാടാണ് ഇത്തരം വിധികള്‍ . സമരങ്ങളും ജനങ്ങള്‍ക്ക് സംഘടിക്കാനുള്ള അവകാശങ്ങളും ഇല്ലാതാക്കി ജനാധിപത്യം നിഷേധിക്കുന്ന സാമ്രാജ്യത്വത്തിന്റെ പുതിയ മുഖമാണ് സമീപകാലത്തെ മിക്ക കോടതിവിധികളെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.


പൗരാവകാശത്തിന്മേല്‍ ജുഡീഷ്യറിയുടെ ഇടപെടലിനെതിരെ ജാഗ്രതവേണം

കൊട്ടാരക്കര: ജുഡീഷ്യറിയുടെ പൗരാവകാശത്തിന്മേലുള്ള ഇടപെടലിനെതിരെ ജനങ്ങള്‍ ജാഗ്രത കാട്ടണമെന്ന് ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ സംസ്ഥാന ജനറല്‍സെക്രട്ടറി ഇ കെ നാരായണന്‍ പറഞ്ഞു. സിപിഐ എം ജില്ലാസമ്മേളനത്തിനു മുന്നോടിയായി ജനാധിപത്യ വ്യവസ്ഥയും ജുഡീഷ്യറിയും എന്ന വിഷയത്തില്‍ കൊട്ടാരക്കര കച്ചേരിമുക്കില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ മൗലികാവകാശങ്ങളെ തകര്‍ക്കാനുള്ള ജുഡീഷ്യറിയുടെ ഇടപെടലുകള്‍ക്കെതിരെ ജനങ്ങള്‍ രംഗത്തുവരണമെന്നും അദ്ദേഹം പറഞ്ഞു. വിവേചനപരമായ നിലപാടാണ് പലപ്പോഴും കോടതികള്‍ സ്വീകരിക്കുന്നതെന്ന് അഡ്വ. അയിഷാപോറ്റി എംഎല്‍എ ചൂണ്ടിക്കാട്ടി. പൗരാവകാശം തടഞ്ഞുള്ള വിധിയെ വിമര്‍ശിച്ചതിനാണ് എം വി ജയരാജനെതിരെ നടപടി സ്വീകരിച്ചത്. ജനങ്ങളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ച അദ്ദേഹത്തെ പുഴു എന്നുപോലും കോടതി വിശേഷിപ്പിച്ചു. അഡ്വ. വി രവീന്ദ്രന്‍നായര്‍ അധ്യക്ഷനായി.

deshabhimani news

കോപ്പിയടിച്ച സ്വാശ്രയ എംബിബിഎസ് വിദ്യാര്‍ഥികളെ സിന്‍ഡിക്കറ്റ് ജയിപ്പിച്ചു

എംബിബിഎസ് പരീക്ഷയില്‍ കോപ്പിയടിച്ചതായി തെളിഞ്ഞ സ്വാശ്രയ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികളെ കലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കറ്റ് വിജയികളായി പ്രഖ്യാപിച്ചു. കോപ്പിയടി നടത്തിയെന്ന മെഡിക്കല്‍ കോളേജ് അധ്യാപക വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് സിന്‍ഡിക്കറ്റ് തള്ളി. കോപ്പിയടിച്ചവരുടെ ഫലംതടഞ്ഞുവച്ചത് റദ്ദാക്കാനും പരീക്ഷ അംഗീകരിക്കാനുമാണ് നവംബര്‍ 22 നു ചേര്‍ന്ന സിന്‍ഡിക്കറ്റ് യോഗം തീരുമാനിച്ചത്. സ്വാശ്രയകോളേജിന് അനുകൂലമായ തീരുമാനത്തിനുപിന്നില്‍ അഴിമതിയുള്ളതായി ആരോപണമുയര്‍ന്നിട്ടുണ്ട്. പാലക്കാട് കരുണ മെഡിക്കല്‍ കോളേജിലെ 36 വിദ്യാര്‍ഥികളുടെ തട്ടിപ്പാണ് ഭരണസ്വാധീനത്തിന്റെ പിന്‍ബലത്തില്‍ അംഗീകരിച്ചത്.

യുഡിഎഫിന് പൂര്‍ണ സ്വാധീനമുള്ള നോമിനേറ്റഡ് സിന്‍ഡിക്കറ്റാണ് കലിക്കറ്റ് സര്‍വകലാശാലയില്‍ നിലവിലുള്ളത്. ഈ സിന്‍ഡിക്കറ്റ് തട്ടിക്കൂട്ടിയ രാഷ്ട്രീയക്കാരടങ്ങിയ സമിതിയുടെ റിപ്പോര്‍ട്ട് മറയാക്കിയാണ് പരീക്ഷ സാധുവാക്കിയത്. മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദിന്റെ ഭാര്യാസഹോദരന്‍ ഡോ. ടി പി അഹമ്മദ്, കെപിസിസി നിര്‍വാഹകസമിതി അംഗം അഡ്വ. പി എം നിയാസ് എന്നിവരായിരുന്നു സമിതി അംഗങ്ങള്‍ . ഈ വര്‍ഷം ഏപ്രിലില്‍ നടന്ന ഒന്നാംവര്‍ഷ എംബിബിഎസ് പരീക്ഷയിലാണ് തിരിമറിയും വ്യാപക ക്രമക്കേടും നടന്നത്. കരുണ മെഡിക്കല്‍ കോളേജിലെ രജിസ്റ്റര്‍ നമ്പര്‍ 2355 മുതല്‍ 2391 വരെയുള്ളവരുടെ ഉത്തരക്കടലാസുകളിലായിരുന്നു അപാകത. അനാട്ടമി, ഫിസിയോളജി പരീക്ഷകളില്‍ കൂട്ടകോപ്പിയടി നടന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന മൂല്യനിര്‍ണയക്യാമ്പിലാണ് കോപ്പിയടിച്ചുവെന്ന് പ്രാഥമികമായി കണ്ടെത്തിയത്. പരീക്ഷക്കടലാസ് പരിശോധിച്ച അധ്യാപകര്‍ ഇക്കാര്യം സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളറെ രേഖാമൂലം അറിയിക്കുകയും നടപടി ആവശ്യപ്പെടുകയും ചെയ്തു.

തുടര്‍ന്ന്, കോഴിക്കോട് മെഡിക്കല്‍ കോളേജ് അനാട്ടമി വിഭാഗം അഡീഷണല്‍ പ്രൊഫ. ഡോ. കെ എസ് കൃഷ്ണകുമാരി (ചെയര്‍മാന്‍), തൃശൂര്‍ മെഡിക്കല്‍ കോളേജ് അനാട്ടമി വിഭാഗം മേധാവി ഡോ. വി കെ ഗിരിജാമണി, കോഴിക്കോട് മെഡിക്കല്‍ കോളേജ് ഫിസിയോളജി വിഭാഗം മേധാവി ഡോ. ജീന്‍ മാളിയേക്കല്‍ എന്നിവരെ അന്വേഷണകമീഷനായി നിയമിച്ചു. ഇവരുടെ തെളിവെടുപ്പിലും തട്ടിപ്പ് വ്യക്തമായി. ചുമതലയുള്ള ഉദ്യോഗസ്ഥരെത്തുംമുമ്പ് ചോദ്യപേപ്പര്‍ വിതരണം ചെയ്തതായും ചോദ്യക്കവര്‍ നേരത്തെ പൊട്ടിച്ചതായും അന്വേഷകസംഘം റിപ്പോര്‍ട്ട് നല്‍കി. പുസ്തകത്തിലെ ഭാഗം അതേപടി ഉത്തരക്കടലാസില്‍ പകര്‍ത്തിയതും തെറ്റുകള്‍ ഒരേപോലെ ആവര്‍ത്തിച്ചതുമടക്കം ചൂണ്ടിക്കാട്ടി. കൂട്ട കോപ്പിയടി നടന്നുവെന്ന് സമിതി ഏകകണ്ഠമായി രേഖപ്പെടുത്തി. ഈ റിപ്പോര്‍ട്ട് പരിഗണിക്കുന്നതിനുമുമ്പ് സര്‍വകലാശാല സിന്‍ഡിക്കറ്റ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പിരിച്ചുവിട്ടു. തുടര്‍ന്നുവന്ന സിന്‍ഡിക്കറ്റാണ് കോണ്‍ഗ്രസ്, ലീഗ് അംഗങ്ങളെവച്ച് റിപ്പോര്‍ട്ട് പരിശോധിച്ച് സ്വാശ്രയകോളേജിന് അനുകൂല തീരുമാനമെടുത്തത്. സര്‍വകലാശാലയുടെയും പരീക്ഷയുടെയും വിദ്യാഭ്യാസമേഖലയുടെയാകെയും വിശ്വാസ്യത തകര്‍ക്കുന്നതാണ് യുഡിഎഫ് സിന്‍ഡിക്കറ്റിന്റെ തീരുമാനം.
(പി വി ജീജോ)

deshabhimani 311211

കോളവിരുദ്ധ പ്രചാരണവുമായി ന്യൂയോര്‍ക്ക് നഗരസഭ

2003 ഒക്ടോബറിന്റെ ആദ്യനാളുകളില്‍ കൗതുകകരമായ ഒരു റിപ്പോര്‍ട്ട് പുറത്തുവന്നു. അമേരിക്കയിലെ ശവപ്പെട്ടി നിര്‍മാതാക്കള്‍ പെട്ടിയുടെ വലുപ്പം കൂട്ടുന്നതായി. അമേരിക്ക നേരിടുന്ന വലിയ ആരോഗ്യപ്രശ്നത്തിന്റെ ഒരു പ്രത്യാഘാതം മാത്രമാണ് ഈ വാര്‍ത്ത. ഏതാണ്ട് മൂന്നില്‍ ഒരാള്‍ അമേരിക്കയില്‍ അമിതവണ്ണം മൂലം കഷ്ടപ്പെടുകയാണ്. 1.2 കോടി ആണ് അമിതവണ്ണം ഉള്ള കുട്ടികളുടെ എണ്ണം. ശീതളപാനീയങ്ങളാണ് അമിതവണ്ണത്തിന്റെ കാരണങ്ങളിലെ പ്രധാന വില്ലന്‍ . ശീതളപാനീയങ്ങളുടെ അമിത ഉപയോഗംമൂലം സര്‍ക്കാരിന് ആരോഗ്യമേഖലയിലുള്ള ചെലവുകള്‍ ഭീമമായി വര്‍ധിക്കുന്നത് ഇപ്പോള്‍ അമേരിക്കയില്‍ പ്രധാന പ്രശ്നമായിരിക്കയാണ്. കൊക്കകോളയും പെപ്സിയും അടങ്ങുന്ന ശീതളപാനീയ നിര്‍മാണരംഗത്തെ കുത്തകകള്‍ അമേരിക്കന്‍ സര്‍ക്കാരിന്റെ ആരോഗ്യനയംതന്നെ അട്ടിമറിച്ചാണ് ആരോഗ്യപ്രതിസന്ധിയിലേക്ക് അമേരിക്കയെ എത്തിച്ചിരിക്കുന്നത്. പ്രമേഹരോഗം(ടൈപ് 2) മൂലം വര്‍ഷം സര്‍ക്കാരിന് 10,000 കോടി ഡോളറിന്റെ ചെലവ് വരുന്നു എന്നതുംകൂടെ കൂട്ടിവായിക്കുമ്പോള്‍ മനസ്സിലാകും അമേരിക്കയെ അടക്കിവാഴുന്ന ബഹുരാഷ്ട്രഭീമന്മാര്‍ എത്രകോടിയാണ് സര്‍ക്കാരിന് പാഴ്ചെലവ് വരുത്തിവയ്ക്കുന്നതെന്ന്.

ഇപ്പോള്‍ കൊക്കകോളയുടെയും പെപ്സിയുടെയും പരസ്യങ്ങളെ വെല്ലുന്ന ശക്തമായ പ്രചാരണത്തിലൂടെ ന്യൂയോര്‍ക്ക് നഗരസഭ ഇതിനെ നേരിടാന്‍ തീരുമാനിച്ചിരിക്കുന്നു. അര ലിറ്റര്‍ കോളയോ പെപ്സിയോ മറ്റ് ഏതു ശീതളപാനീയവും കുടിക്കുന്നത് വര്‍ഷം 22.5 കിലോ പഞ്ചസാര കഴിക്കുന്നതിനുസമാനമാണ്. നമ്മളില്‍ പലരും പഞ്ചസാര കൂടുതല്‍ കഴിക്കുന്നത് അതേപറ്റി അറിയാതെയാണ്. പഞ്ചസാര കലര്‍ന്ന ശീതളപാനീയങ്ങള്‍ കഴിക്കുന്നത് അമിതവണ്ണത്തിനും പ്രമേഹത്തിനും കാരണമാകും. എന്നിങ്ങനെ നിരവധി പരസ്യങ്ങള്‍ ന്യൂയോര്‍ക്ക് നഗരത്തിലെമ്പാടും ഒരുക്കിയിരിക്കുന്നു. പത്രങ്ങളിലും ഇന്റര്‍നെറ്റിലും എല്ലാം ഈ പരസ്യങ്ങള്‍ കാണാന്‍ സാധിക്കും.

ന്യൂയോര്‍ക്ക് നഗരത്തിന്റെ ഭക്ഷ്യ ദിനമായ ഒക്ടോബര്‍ 24ന്, മായം കലരാത്തതും ആരോഗ്യത്തിനു ഹാനികരമല്ലാത്തതുമായ ഭക്ഷണം മാത്രമേ കഴിക്കാവൂ എന്ന ആഹ്വാനത്തോടെ ആരോഗ്യവകുപ്പ് അതിന്റെ പുതിയ ഭക്ഷ്യ അവബോധനപ്രചാരണം തുടങ്ങി. അതിന്റെ ഭാഗമായി എല്ലാ ശീതളപാനീയങ്ങള്‍ക്കുമെതിരെ 2009ല്‍ തുടങ്ങിവച്ച ബോധവല്‍ക്കരണ പരിപാടികള്‍ കൂടുതല്‍ ശക്തമായി തുടരാന്‍ തീരുമാനിച്ചു. 2,77,000 ഡോളര്‍ ചെലവാക്കി മൂന്നുവര്‍ഷം കൊണ്ട് നിര്‍മിച്ചതാണ് ഈ പരസ്യങ്ങള്‍ . മൂന്നുമാസത്തേക്ക് ന്യൂയോര്‍ക്ക് സിറ്റിയില്‍ റെയില്‍വേ കമ്പാര്‍ട്ട്മെന്റുകളില്‍ തുടര്‍ച്ചയായി പരസ്യം ചെയ്യും. നിങ്ങള്‍ തടി കൂട്ടാന്‍ തീരുമാനിച്ചിട്ടുണ്ടോ എന്ന ചോദ്യത്തോടെയാണ് ഒരു പരസ്യം ഒരുക്കിയിരിക്കുന്നത്. പച്ചവെള്ളമോ സാധാരണ സോഡയോ കൊഴുപ്പുകുറഞ്ഞ പാലോ മാത്രമേ കുടിക്കാവൂ എന്ന് പരസ്യം പറയുന്നു.

ദരിദ്രര്‍ക്കു നല്‍കുന്ന ഫുഡ് സ്റ്റാമ്പുകള്‍ (റേഷന്‍ സംവിധാനം) ഉപയോഗിച്ച് ശീതളപാനീയങ്ങളും മറ്റും വാങ്ങുന്നത് തടയാന്‍ നഗരസഭ നടത്തിയ ശ്രമം കുത്തകകള്‍ പരാജയപ്പെടുത്തിയിരുന്നു. ന്യൂയോര്‍ക്ക് നഗരസഭാ അധികൃതര്‍ പറയുന്നത് 7.5 കോടി ഡോളര്‍ തൊട്ട് 13.5 കോടി ഡോളര്‍ വരെയാണ് ഫുഡ് സ്റ്റാമ്പ് ഉപഭോക്താക്കള്‍ അമിതവണ്ണത്തിന്റെ പ്രധാനപ്പെട്ട കാരണമായ കോളകള്‍ക്കും ശീതളപാനീയങ്ങള്‍ക്കും ചെലവാക്കുന്നതെന്നാണ്.

ന്യൂയോര്‍ക്കില്‍നിന്ന് റെജി പി ജോര്‍ജ് deshabhimani 311211

സൗദിയുമായി അമേരിക്കയ്ക്ക് 1.59 ലക്ഷം കോടിയുടെ ആയുധക്കരാര്‍

റിയാദ്: ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക സൗദി അറേബ്യക്ക് 3000 കോടി ഡോളറിന്റെ (1.59 ലക്ഷം കോടിയിലധികം രൂപ) ആയുധങ്ങള്‍ നല്‍കുന്നതിന് കരാര്‍ ഒപ്പിട്ടു. 84 ബോയിങ് യുദ്ധവിമാനങ്ങളും പടക്കോപ്പുകളും സൗദിക്ക് നല്‍കുന്നതിനും നിലവിലുള്ള 70 വിമാനം ആധുനികവല്‍ക്കരിക്കുന്നതിനും മറ്റുമുള്ള കരാര്‍ കഴിഞ്ഞ ശനിയാഴ്ച റിയാദിലാണ് ഒപ്പിട്ടത്. കാര്യമായ വിദേശ ഭീഷണി നേരിടാത്ത സൗദി അറേബ്യ ഇത്ര ഭീമമായ ആയുധ ഇടപാടു നടത്തുന്നത് രാജ്യത്തിന്റെ പ്രതിരോധശേഷി പരമാവധി വളര്‍ത്തുന്നതിനാണെന്ന് അവകാശപ്പെടുന്നുണ്ട്. എന്നാല്‍ , ഇറാനെതിരെ സുന്നി അറബ് രാഷ്ട്രങ്ങളുടെ പടയൊരുക്കം ലക്ഷ്യമിട്ടാണ് അമേരിക്കന്‍ നീക്കമെന്ന് വ്യക്തമായിട്ടുണ്ട്. ആയുധക്കരാര്‍ ഗള്‍ഫ് മേഖലയ്ക്ക് ശക്തമായ സന്ദേശമാണെന്നാണ് അമേരിക്ക വ്യാഴാഴ്ച പ്രഖ്യാപിച്ചിട്ടുള്ളത്.

അമേരിക്കയും ഇറാനും തമ്മിലുള്ള ശത്രുത മൂര്‍ഛിക്കുന്നതിനിടെയാണ് ഒബാമ ഭരണകൂടം തങ്ങളുടെ ചൊല്‍പ്പടിയിലുള്ള സുന്നി അറബ് രാജ്യങ്ങളെയും ഇസ്രയേലിനെയും ആയുധമണിയിക്കുന്നത്. സൗദിക്ക് മൊത്തം 6000 കോടി ഡോളറിന്റെ (3,00,000 കോടി രൂപ) ആയുധങ്ങള്‍ വിലക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ കരാര്‍ . 15-20 വര്‍ഷംകൊണ്ടു പൂര്‍ണമായും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയില്‍ ആദ്യ കൈമാറ്റം 2015ഓടെ തുടങ്ങും. ഇതേസമയം, ആണവപദ്ധതിയുടെ പേരില്‍ ഉപരോധം ശക്തിപ്പെടുത്തിയാല്‍ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പു നല്‍കിയിരിക്കെ അമേരിക്കയുടെ രണ്ടു യുദ്ധക്കപ്പല്‍ ഹോര്‍മുസിലൂടെ അറബിക്കടലിലെത്തി. ഇറാനുമായി ആശയവിനിമയം നടത്തി പതിവ് ഗതാഗതത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്. ഇറാന്‍ ശനിയാഴ്ച ഇസ്രയേലിലും മേഖലയില്‍ അമേരിക്കയുടെ താവളങ്ങളിലും എത്തിക്കാന്‍ ശേഷിയിലുള്ള ദീര്‍ഘദൂര മിസൈലുകള്‍ അഭ്യാസത്തിന്റെ ഭാഗമായി പരീക്ഷിക്കുന്നുണ്ട്.

deshabhimani 311211

അഴിമതിയില്‍ മുങ്ങിത്താണ്

വേറിട്ട ഭരണമെന്ന മുദ്രാവാക്യവുമായി അധികാരത്തിലേറിയ ബിജെപി സര്‍ക്കാര്‍ ശതകോടികളുടെ അഴിമതിയില്‍പ്പെട്ട് തകരുന്നുവെന്നതാണ് കര്‍ണാടകത്തിലെ കഴിഞ്ഞ ഒരുവര്‍ഷം തെളിയിക്കുന്നത്. 16,085 കോടിയുടെ അനധികൃതഖനനവുമായി ബന്ധപ്പെട്ട് സംസ്ഥാന ബിജെപിയിലെ "സര്‍വാധികാരി" ബി എസ് യെദ്യൂരപ്പയ്ക്ക് മുഖ്യമന്ത്രി സ്ഥാനത്തുനിന്നും പടിയിറങ്ങേണ്ടിവന്നു. പിന്നാലെ കരുത്തരായ റെഡ്ഡി സഹോദരങ്ങള്‍ക്കും സമാനകേസില്‍ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നു. ബംഗളൂരു നഗരത്തിലെ ഭൂമി കുംഭകോണക്കേസുകളുമായി ബന്ധപ്പെട്ട് യെദ്യൂരപ്പ രണ്ടര മാസത്തോളം ജയിലിലുമായി.

സംസ്ഥാനത്തിന്റെ ജൈവസമ്പത്ത് കൊള്ളയടിച്ച പണം വാരിയെറിഞ്ഞും ഓപ്പറേഷന്‍ കമല വഴിയും എംഎല്‍എമാരെ കൂറുമാറ്റി ഒപ്പം നിര്‍ത്തിയ ബിജെപി ഇപ്പോഴും പ്രതിസന്ധിയിലാണ്. അഴിമതിക്കേസുകളില്‍പ്പെട്ട് ആറ് മന്ത്രിമാര്‍ കോടതികള്‍ കയറിയിറങ്ങുന്നു. അധികാരം നിലനിര്‍ത്തലും സമ്പത്ത് വര്‍ധിപ്പിക്കലിനും മാത്രമായി ഭരണം വിനിയോഗിച്ചപ്പോള്‍ സംസ്ഥാനത്തിന്റെ സാമൂഹ്യ, അടിസ്ഥാന വികസനപ്രശ്നങ്ങള്‍ക്കൊന്നും പരിഹാരം കാണാന്‍ ബിജെപി സര്‍ക്കാരിന് കഴിഞ്ഞില്ല. റെയ്ച്ചൂരിലെ പട്ടിണിമരണവും കോലാര്‍ സ്വര്‍ണഖനി അടച്ചുപൂട്ടിയതിനെത്തുടര്‍ന്ന് മുപ്പതിനായിരത്തോളം കുടുംബങ്ങളുടെ പട്ടിണിയും കോലാറില്‍ തന്നെ അരങ്ങേറുന്ന പ്രാകൃതമായ തോട്ടിപ്പണിയും ഇതിന് ഉദാഹരണം. ലക്ഷക്കണക്കിന് ഏക്കര്‍ കൃഷിഭൂമി വന്‍കിട കുത്തക കമ്പനികള്‍ക്കായി ഏറ്റെടുക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെയുള്ള പ്രതിഷേധം ഇനിയും കെട്ടടങ്ങിയിട്ടില്ല.

യെദ്യൂരപ്പയ്ക്കു പുറമെ വന്‍കിട വ്യവസായമന്ത്രി മുരുകേഷ് നിരാനി, ആഭ്യന്തരമന്ത്രി ആര്‍ അശോക്, വനംമന്ത്രി സി പി യോഗേശ്വര്‍ , ഭവനമന്ത്രി വി സോമണ്ണ, മെഡിക്കല്‍ വിദ്യാഭ്യാസമന്ത്രി എസ് എ രാമദാസ്, മുന്‍മന്ത്രി കൃഷ്ണയ്യഷെട്ടി എന്നിവരാണ് അഴിമതിക്കേസുകളില്‍ നിയമനടപടി നേരിടുന്നത്. ഇവര്‍ക്കുപുറമെ അഞ്ച് ബിജെപി എംഎല്‍എമാരും ഭൂമി കുംഭകോണക്കേസുകളില്‍ പ്രതികളായി. മന്ത്രിമാരുടെയും എംഎല്‍എമാരുടെയും അഴിമതി അനസ്യൂതം തുടരുമ്പോഴും ഇതിനെതിരെ നടപടിയെടുക്കേണ്ട ലോകായുക്തയില്‍ നിയമനം നടത്താതെ മരവിപ്പിച്ച് ഇല്ലാതാക്കാനുള്ള നീക്കമാണ് ബിജെപി സര്‍ക്കാര്‍ നടത്തുന്നത്. ജൂലൈയില്‍ ലോകായുക്ത സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റവിചാരണ ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതോടെയാണ് യെദ്യൂരപ്പ രാജിവച്ചത്. ഒരാഴ്ചയിലേറെക്കാലം കേന്ദ്രനേതാക്കളെ മുള്‍മുനയില്‍ നിര്‍ത്തിയാണ് യെദ്യൂരപ്പ പടിയിറങ്ങിയത്. പിന്നാലെ വന്ന ഡി വി സദാനന്ദഗൗഡയ്ക്കാകട്ടെ യെദ്യൂരപ്പയുടെ പ്രതിപുരുഷനായി പ്രവര്‍ത്തിക്കാന്‍ മാത്രമേ കഴിയുന്നുള്ളൂ.

ആന്ധ്രയിലെ ഒബല്ലാപുരം ഖനന അഴിമതിക്കേസില്‍ കരുത്തനായ ജനാര്‍ദനറെഡ്ഡി സിബിഐയുടെ പിടിയിലായി. 5,100 കോടിയുടെ അഴിമതിയില്‍ കുടുങ്ങി ജയിലിലാണ് റെഡ്ഡി. ആന്ധ്ര, കര്‍ണാടക അതിര്‍ത്തിയില്‍ വന്‍തോതില്‍ സര്‍ക്കാര്‍ഭൂമിയും കര്‍ഷകരുടെ ഭൂമിയും സ്വന്തമാക്കിയെന്ന പരാതിയില്‍ കേസ് നടക്കുന്നു. റെഡ്ഡി സഹോദരങ്ങളുടെ വിശ്വസ്തനായ ബി ശ്രീരാമലു ബിജെപിയില്‍നിന്ന് രാജിവച്ചതും തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ നാണംകെടുത്തിയതും പോയവര്‍ഷത്തെ കാഴ്ച. ജാമ്യത്തിലിറങ്ങിയശേഷം മുഖ്യമന്ത്രിപദം വീണ്ടെടുക്കാന്‍ യോഗവും പൂജയും നടത്തുന്ന യെദ്യൂരപ്പയുടെ വിമതനീക്കം കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാരിന്റെ അടിത്തറയിളക്കുമെന്ന് ഉറപ്പ്.
(പി വി മനോജ്കുമാര്‍)

deshabhimani 311211

വീണ്ടും ആ കറുത്ത നാളുകള്‍

പശ്ചിമബംഗാളിനെ സംബന്ധിച്ച് അടിമുടി മാറ്റങ്ങള്‍ സംഭവിച്ച വര്‍ഷമാണ് കടന്നുപോയത്. ഇക്കാലയളവില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും വലിയ രാഷ്ട്രീയ, സാമൂഹ്യ മാറ്റങ്ങള്‍ക്ക് വിധേയമായ സംസ്ഥാനമാണ് പശ്ചിമബംഗാള്‍ . വര്‍ഷങ്ങളായി നിലനിന്ന ശാന്തമായ ജനജീവിതവും സജീവമായ സമ്പദ്വ്യവസ്ഥയും മൂല്യങ്ങളും അട്ടിമറിക്കപ്പെട്ടു. അക്രമത്തിന്റെയും അരാജകത്വത്തിന്റെയും പഴയ നാളുകള്‍ ബംഗാളിലേക്ക് തിരിച്ചുവരുന്നുവോ എന്ന സംശയം അനുദിനം ശക്തിപ്പെടുകയാണ്. മുപ്പത്തിനാലു വര്‍ഷത്തെ ഇടതുമുന്നണി ഭരണം അവസാനിപ്പിച്ചാണ് തൃണമൂല്‍ കോണ്‍ഗ്രസും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും സഖ്യമന്ത്രിസഭ രൂപീകരിച്ചത്.

2009ലെ ലോക്സഭാ തെരഞ്ഞെടുപ്പു മുതല്‍തന്നെ ഇടതുപക്ഷത്തിനെതിരെ ശക്തമായ ആക്രമണം പ്രതിലോമ രാഷ്ട്രീയശക്തികളും അവരുടെ പ്രചാരകരായ മാധ്യമങ്ങളും ആരംഭിച്ചിരുന്നു. 2009 മെയ് മുതല്‍ 2011 മെയ് വരെ നാനൂറോളം ഇടതുമുന്നണി പ്രവര്‍ത്തകരെയാണ് തൃണമൂല്‍ കോണ്‍ഗ്രസുകാരും മാവോയിസ്റ്റുകളും ചേര്‍ന്ന് കൊലപ്പെടുത്തിയത്. 2011ലെ ആദ്യ അഞ്ച് മാസങ്ങളില്‍ നിരവധി ആക്രമണങ്ങളെ സിപിഐ എം പ്രവര്‍ത്തകര്‍ക്കും മറ്റ് ഇടതു പാര്‍ടി പ്രവര്‍ത്തകര്‍ക്കും നേരിടേണ്ടിവന്നു. സംസ്ഥാനഭരണം മാറുന്നുവെന്ന സൂചന ലഭിച്ചതോടെ സംസ്ഥാനത്താകെ സിപിഐ എം ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ ശക്തമായ ആക്രമണം ആരംഭിച്ചു. അത് ഇപ്പോഴും തുടരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് ഫലമറിഞ്ഞ 2011 മെയ് 13 മുതല്‍ ഡിസംബര്‍ ഒന്നുവരെ 48 ഇടതുമുന്നണി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു.

മമത ബാനര്‍ജി അധികാരത്തിലെത്തിയതോടെ സിപിഐ എമ്മിനും ഇടതുപക്ഷത്തിനുമെതിരെ ആക്രമണം നടത്തുന്നവര്‍ക്ക് എല്ലാവിധ സംരക്ഷണവും ലഭിക്കുന്നു. ഇടതുമുന്നണി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നുവെന്നതു മാത്രമല്ല രാഷ്ട്രീയമാറ്റത്തിന്റെ ഫലം. പശ്ചിമബംഗാള്‍ ഇതുവരെ അനുഭവിച്ചിരുന്ന സുരക്ഷ, ശാന്തി, ക്ഷേമസംവിധാനങ്ങള്‍ എല്ലാം തകരുകയാണ്. ഭരണത്തിന്റെ തണലില്‍ പുതിയൊരു ചൂഷകസംഘം വളര്‍ന്നുവരുന്നു. അധോലോകസംഘങ്ങളെയെല്ലാം കൂട്ടിച്ചേര്‍ത്താണ് തൃണമൂല്‍ കോണ്‍ഗ്രസ് വളര്‍ന്നുവന്നത്. അധികാരം കിട്ടിയപ്പോള്‍ ഈ സാമൂഹ്യവിരുദ്ധസംഘങ്ങള്‍ അവരുടെ താല്‍പ്പര്യങ്ങള്‍ക്കായി ജനജീവിതം പന്താടുകയാണ്. ഭൂപരിഷ്കരണത്തിലൂടെ കര്‍ഷകര്‍ക്ക് ലഭിച്ച ഭൂമി ബലമായി പിടിച്ചെടുക്കുക, തൊഴില്‍ ചെയ്യുന്നവരില്‍നിന്ന് പ്രതിമാസം പിഴ ഈടാക്കുക, പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നവരില്‍നിന്ന് വന്‍ തുക കോഴ വാങ്ങുക, സൈക്കിള്‍റിക്ഷക്കാരില്‍ നിന്നുപോലും ചട്ടമ്പിഫീസ് പിരിക്കുക തുടങ്ങി ബംഗാളില്‍ കേട്ടുകേള്‍വിയില്ലാതിരുന്ന സാമൂഹ്യവിപത്തുകളാണ് തൃണമൂല്‍ ഭരണത്തില്‍ നടമാടുന്നത്.

കാര്‍ഷികമേഖലയില്‍ ഏറ്റവും തിളങ്ങിനിന്ന ബംഗാളില്‍ ഇപ്പോള്‍ കര്‍ഷക ആത്മഹത്യകള്‍ നിത്യസംഭവമായി. സര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവിലയ്ക്ക് നെല്ല് സംഭരിക്കാതെ ഇടനിലക്കാര്‍ക്ക് കുറഞ്ഞ വിലയ്ക്ക് കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങി കൊള്ളലാഭമെടുക്കാന്‍ അവസരമൊരുക്കുന്നു. കഴിഞ്ഞ വര്‍ഷം ക്വിന്റലിന് 1400 രൂപ വരെ വില കിട്ടിയിരുന്ന നെല്ല് അറുനൂറും എഴുനൂറും രൂപയ്ക്ക് വിറ്റഴിക്കേണ്ട കര്‍ഷകന്റെ മാനസികാവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. മമതാ ഭരണത്തില്‍ ഇതുവരെ 17 കര്‍ഷകര്‍ ആത്മഹത്യചെയ്തു.
പശ്ചിമബംഗാളിലെ ജനജീവിതത്തിന്റെ ഏതെങ്കിലും മേഖലയില്‍ സ്വാഗതാര്‍ഹമായ പരിവര്‍ത്തനം സൃഷ്ടിക്കാന്‍ പുതിയ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നത് മമതയുടെ കുഴലൂത്തുകാരായ മാധ്യമങ്ങളും സമ്മതിക്കുന്നു. നിയമവാഴ്ചയുടെയും ഭരണസംവിധാനത്തിന്റെയും പരാജയം വിളിച്ചറിയിക്കുന്ന സംഭവങ്ങളും നടന്നു. കൊല്‍ക്കത്ത എഎംആര്‍ഐ ആശുപത്രിയില്‍ തീപിടിത്തത്തിനിടയാക്കിയ സംഭവത്തില്‍ സര്‍ക്കാരിന്റെ വീഴ്ചകള്‍ ഇതിനകം പുറത്തുവന്നുകഴിഞ്ഞു. തീപിടിത്തത്തില്‍ 93 പേര്‍ മരിച്ചു. ദക്ഷിണ 24 പര്‍ഗാനാസ് ജില്ലയിലെ മാഗ്രാഹട്ടില്‍ വിഷമദ്യം കഴിച്ച് അവശരായവര്‍ക്ക് യഥാസമയം ചികിത്സ നല്‍കാത്തതുമൂലം 173 പേരാണ് മരിച്ചത്.

ജനങ്ങള്‍ക്ക് ആശ്വാസമേകുന്ന ഏതെങ്കിലുമൊരു നടപടി പുതിയ സര്‍ക്കാരില്‍നിന്നുണ്ടായില്ല. വിലക്കയറ്റത്തില്‍ നട്ടംതിരിയുന്ന ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തിയില്ല. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ വ്യവസായവല്‍ക്കരണത്തിന് അനുകൂലമായ നിലപാടെടുത്തില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷയുണ്ടെന്ന ബോധം അപ്രത്യക്ഷമായി. ഗൂര്‍ഖാലാന്‍ഡ് ടെറിട്ടോറിയല്‍ അഡ്മിനിസ്ട്രേഷന്‍ ബില്‍ , സിംഗൂര്‍ ഭൂമി പുനരധിവാസ വികസന ബില്‍ എന്നിവ മമത സര്‍ക്കാര്‍ പാസാക്കി. പക്ഷേ, രണ്ടും പ്രാവര്‍ത്തികമാക്കാനായില്ല. ഗൂര്‍ഖാലാന്‍ഡ് ബില്ലില്‍ തുടര്‍നടപടികളുണ്ടായില്ല. സിംഗൂര്‍ ബില്ല് നടപ്പാക്കുന്നത് കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടു. മാവോയിസ്റ്റ് പ്രശ്നത്തിന് രാഷ്ട്രീയപരിഹാരം ഉണ്ടാക്കുമെന്നാണ് മമത അവകാശപ്പെട്ടത്. എന്നാല്‍ , ജംഗല്‍മഹലില്‍ സംഘര്‍ഷം വര്‍ധിക്കുകയും മാവോയിസ്റ്റ് നേതാവ് കിഷന്‍ജിയുടെ കൊലപാതകത്തില്‍ കലാശിക്കുകയുംചെയ്തു. മാവോയിസ്റ്റുകളും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ച വഴിമുട്ടി. വിദ്യാഭ്യാസമേഖലയിലെ ജനാധിപത്യസംവിധാനം അട്ടിമറിക്കാന്‍ ബില്ല് കൊണ്ടുവന്നു. പഞ്ചായത്തിരാജ് ഭരണസംവിധാനം അട്ടിമറിക്കപ്പെട്ടു. ഒരു ജനാധിപത്യ സംവിധാനത്തില്‍ വളര്‍ന്നുവികസിക്കേണ്ട ഗ്രാമീണ സമ്പദ്വ്യവസ്ഥ മമതയുടെ ഏകാധിപത്യത്തില്‍ സ്തംഭിച്ചുനില്‍ക്കുന്നു. ഇത് സംസ്ഥാനത്തിന്റെ കാര്‍ഷിക, വ്യാവസായിക മേഖലകളെ പിന്നോട്ടടിക്കുന്നത് സമീപഭാവിയില്‍ കാണേണ്ടിവരും. അശാന്തമായ എഴുപതുകള്‍ക്കുശേഷം പശ്ചിമബംഗാള്‍ കടന്നുപോകുന്ന ഏറ്റവും ഇരുണ്ട കാലഘട്ടമാണിത്. അതിന്റെ തുടക്കമാണ് 2011ല്‍ കണ്ടത്.
(വി ജയിന്‍)

deshabhimani 311211

തിഹാറിലേക്ക് ഇനി ആരൊക്കെ?

2011നെ അഴിമതിയുടെ വര്‍ഷമെന്ന് വിശേഷിപ്പിക്കാം. ഒരു കേന്ദ്രമന്ത്രിയും രണ്ട് പ്രമുഖ എംപിയും അഴിമതിക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ജയിലിലായ വര്‍ഷം. അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് രണ്ട് സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് സ്ഥാനം നഷ്ടപ്പെട്ടു. ഒരു മുന്‍ കേന്ദ്രമന്ത്രിയെ അഴിമതിക്കേസില്‍ കോടതി ശിക്ഷിച്ചു. അതിലൊരാള്‍ ജയിലിലും പോയി. കേന്ദ്ര ഭരണത്തിലെ പ്രമുഖരും ഉദ്യോഗസ്ഥരും കോര്‍പറേറ്റ് ലോബിയും ചേര്‍ന്നുള്ള കൂട്ടുകെട്ട് രാജ്യത്തെ ഒന്നാകെ വില്‍ക്കുന്ന വിധമാണ് കാര്യങ്ങള്‍ നീക്കിയത്.

കേന്ദ്ര ഖജനാവിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടം വരുത്തിയ 2ജി സ്പെക്ട്രം അഴിമതി തന്നെയാണ് 2011ലും നിറഞ്ഞുനിന്നത്. ഇടതുപക്ഷപാര്‍ടികളും മറ്റ് പ്രതിപക്ഷപാര്‍ടികളും സ്പെക്ട്രം അഴിമതി പാര്‍ലമെന്റിലും മറ്റും സജീവ ചര്‍ച്ചയാക്കിയതോടെ യുപിഎ സര്‍ക്കാര്‍ പലവട്ടം ആടിയുലഞ്ഞു. ഡിഎംകെ നേതാവ് എ രാജയ്ക്ക് ടെലികോം മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നു. രാജ, കനിമൊഴി തുടങ്ങിയവരെ സംരക്ഷിക്കുന്നതിന് കേന്ദ്രം പരമാവധി ശ്രമിച്ചെങ്കിലും സുപ്രീംകോടതി ശക്തമായി രംഗത്തുവന്നതോടെ സിബിഐ നടപടിയെടുക്കാന്‍ നിര്‍ബന്ധിതമായി. ആദ്യം രാജയും പിന്നീട് കനിമൊഴിയും തീഹാര്‍ ജയിലിലായി. ഇതോടൊപ്പം മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ് ബെഹുവടക്കമുള്ള ഉദ്യോഗസ്ഥ പ്രമുഖരും കോര്‍പറേറ്റ് തലവന്മാരും തിഹാറിലെ അന്തേവാസികളായി. മാസങ്ങളോളം ജയിലില്‍ കഴിഞ്ഞ ശേഷം കനിമൊഴിയും മറ്റ് പ്രതികളും ജാമ്യത്തില്‍ പുറത്തുവന്നെങ്കിലും രാജയും ബെഹുവുമൊക്കെ ഇപ്പോഴും തിഹാറില്‍ തന്നെയാണ്. ആഭ്യന്തരമന്ത്രി പി ചിദംബരത്തിന് സ്പെക്ട്രം ഇടപാടിലുണ്ടായിരുന്ന പങ്ക് മറനീക്കി പുറത്തുവന്നെങ്കിലും സര്‍ക്കാര്‍ സംരക്ഷണവലയം തീര്‍ത്തിരിക്കയാണ്. എന്നാല്‍ , സുപ്രീംകോടതിയും കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയും എങ്ങനെ നീങ്ങുമെന്നതിനെ ആശ്രയിച്ചിരിക്കും ചിദംബരത്തിന്റെ ഭാവി. അതുകൊണ്ട് തന്നെ സ്പെക്ട്രം അഴിമതി 2012ലും പ്രമുഖ വിഷയമായി നിറഞ്ഞുനില്‍ക്കും.

കോമണ്‍വെല്‍ത്ത് അഴിമതിയാണ് 2011ല്‍ രാജ്യത്തെ ഞെട്ടിച്ച് പുറത്തുവന്ന മറ്റൊരു വന്‍ക്രമക്കേട്. രാജ്യത്തിന് അഭിമാനമായി മാറേണ്ടിയിരുന്ന കായികമാമാങ്കം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുരേഷ് കല്‍മാഡിയടക്കമുള്ള അഴിമതി വീരന്മാരുടെ കൊള്ളയടിയിലൂടെ നാണക്കേടായി മാറി. ഗെയിംസ് തുടങ്ങുന്നതിന് മുമ്പുതന്നെ അഴിമതിസൂചനകള്‍ വെളിപ്പെട്ടു. പ്രതിപക്ഷപാര്‍ടികള്‍ പാര്‍ലമെന്റില്‍ വിഷയം ശക്തമായി ഉന്നയിച്ചതോടെ സര്‍ക്കാരിന് അന്വേഷണത്തിന് ഉത്തരവിടേണ്ടി വന്നു. ഇതോടെ സുരേഷ് കല്‍മാഡിയടക്കമുള്ളവര്‍ തിഹാര്‍ ജയിയിലിലായി. കോടികളുടെ നഷ്ടമാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് രാജ്യത്തിന് വരുത്തിവച്ചത്. അഴിമതിയില്‍ കുടുങ്ങി രണ്ട് സംസ്ഥാന മുഖ്യമന്ത്രിമാര്‍ പുറത്തുപോയി. മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാനും കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയും. ആദര്‍ശ് ഫ്ളാറ്റ് ഇടപാടാണ് ചവാന്റെ കസേര തെറിപ്പിച്ചത്. ഭൂമി ഇടപാട് ഉള്‍പ്പെടെയുള്ള അഴിമതി പരമ്പരകളില്‍ പ്രതിയായതാണ് യെദ്യൂരപ്പയുടെ രാജിക്ക് വഴിയൊരുക്കിയത്. എസ് എം കൃഷ്ണ, വിലാസ്റാവു ദേശ്മുഖ് തുടങ്ങി കേന്ദ്രമന്ത്രിമാരുടെ വലിയൊരു നിര തന്നെ ആരോപണങ്ങളുടെ നിഴലിലാണ്. 2012ലും പല വമ്പന്മാരും പുറത്തേക്ക് പോകുമെന്ന് വ്യക്തം. മുന്‍കേന്ദ്രമന്ത്രി സുഖ്റാമിനെ അഴിമതിക്കേസില്‍ കോടതി ശിക്ഷിച്ചതിനും 2011 സാക്ഷിയായി.
(എം പ്രശാന്ത്)

deshabhimani 311211

ഇന്ത്യയുടെ വിദേശകടം കുത്തനെ ഉയരുന്നു

ഇന്ത്യയുടെ വിദേശകടം സെപ്തംബര്‍ അവസാനം 32660 കോടി ഡോളറായി ഉയര്‍ന്നു. സാമ്പത്തികവര്‍ഷത്തിന്റെ ആരംഭത്തില്‍ 30600 കോടി ഡോളറായിരുന്നു വിദേശകടം. 6.6 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയ വര്‍ധനവ്.

2011-12 സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാം ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ ഹ്രസ്വകാലകടം മൊത്തം കടത്തിന്റെ 21.9 ശതമാനമായിരുന്നു. 78.1 ശതമാനം ദീര്‍ഘകാല കടമാണ്.
രൂപയുടെ മൂല്യമിടിയുന്നതിന്റെ ഫലമായി വിദേശകടത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വര്‍ധന ഉത്കണ്ഠാജനകമാണെന്നും കടം വാങ്ങുന്ന കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ ലാഭത്തെ അത് ബാധിക്കുമെന്നും ധനമന്ത്രാലയത്തിന്റെ കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ അഞ്ചുമാസങ്ങളില്‍ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് 16 ശതമാനത്തോളമാണ്. 2006 മാര്‍ച്ചിനും 2011 മാര്‍ച്ചിനുമിടയില്‍ വാണിജ്യാവശ്യങ്ങള്‍ക്കായി വിദേശത്തു നിന്നും വാങ്ങുന്ന കടത്തില്‍ പ്രതിവര്‍ഷം 27.4 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്.

മൊത്തമുള്ള വിദേശകടത്തില്‍ 24.3 ശതമാനം ഗവണ്‍മെന്റ് വാങ്ങിയതും 75.7 ശതമാനം ഗവണ്‍മെന്റിതര സ്ഥാപനങ്ങള്‍ വാങ്ങിയതുമാണ്. കടത്തിന്റെ 55.8 ശതമാനവും അമേരിക്കന്‍ ഡോളറില്‍ കൊടുത്തുതീര്‍ക്കേണ്ടതാണ്. 18.2 ശതമാനം ഇന്ത്യന്‍ രൂപയിലും 12.1 ശതമാനം ജാപ്പനീസ് യെന്നിലും മടക്കി നല്‍കണം. കടത്തില്‍ 30.3 ശതമാനം വാണിജ്യാവശ്യങ്ങള്‍ക്കായി വാങ്ങിയതാണ്. എന്‍ ആര്‍ ഐ നിക്ഷേപങ്ങള്‍ 16 ശതമാനമാണ്. വിവിധാവശ്യങ്ങള്‍ക്കായുള്ള കടം 15 ശതമാനം വരും.

സെപ്തംബര്‍ അവസാനത്തിലെ കണക്കുപ്രകാരം ഇന്ത്യയുടെ വിദേശനാണയ കരുതല്‍ശേഖരം കടത്തിന്റെ 95.4 ശതമാനമാണ്. സാമ്പത്തിക വര്‍ഷാരംഭത്തില്‍ ഇത് 99.5 ശതമാനമായിരുന്നു.

നടപടിക്രമമനുസരിച്ച് ഒരു സാമ്പത്തികവര്‍ഷം അവസാനിക്കുന്ന മാര്‍ച്ചിലും വര്‍ഷത്തിന്റെ ആദ്യത്തെ മൂന്നുമാസങ്ങള്‍ അവസാനിക്കുന്ന ജൂണിലും റിസര്‍വ് ബാങ്കാണ് വിദേശകടത്തിന്റെ കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത്. സെപ്തംബര്‍, ഡിസംബര്‍ മാസങ്ങളില്‍ അവസാനിക്കുന്ന രണ്ടും മൂന്നും പാദങ്ങളിലെ കണക്കുകള്‍ വിദേശമന്ത്രാലയവും പുറത്തുവിടുന്നു.

അതേസമയം, 2008നു ശേഷം രൂപയ്ക്ക് ഏറ്റവും ഇടിവുണ്ടായ വര്‍ഷമാണ് അവസാനിക്കുന്നത്. വെള്ളിയാഴ്ച രൂപയുടെ ഡോളറുമായുള്ള വിനിമയമൂല്യം 53.08/09ലാണ് അവസാനിച്ചത്. ഈ വര്‍ഷം രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് 15.8 ശതമാനമാണ്. ആഗോള സാമ്പത്തികമാന്ദ്യം അനുഭവപ്പെട്ട 2008ല്‍ 19.1 ശതമാനം ഇടിവുണ്ടായി. ഈ വര്‍ഷം ഡിസംബര്‍ 15നാണ് രൂപയുടെ ഏറ്റവും കുറഞ്ഞ വിനിമയമൂല്യം രേഖപ്പെടുത്തിയത്- 54.30. റിസര്‍വ് ബാങ്കിന്റെ ഇടപെടലിനെത്തുടര്‍ന്ന് സ്ഥിതി അല്‍പ്പം മെച്ചപ്പെടുമെങ്കിലും വീണ്ടും മൂല്യം ഇടിയുകയാണ്.

യൂറോപ്യന്‍ സാമ്പത്തികമേഖലയുടെ തകര്‍ച്ചയില്‍ ഇന്ത്യയുടെ സാമ്പത്തികതകര്‍ച്ചയ്ക്ക് വേണ്ടത്ര മാധ്യമശ്രദ്ധ കിട്ടാതെ പോകുകയാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ സെന്‍സെക്‌സ് 24.6 ശതമാനമാണ് ഇടിഞ്ഞത്. ലോകത്ത് ഏറ്റവും മോശമായി പ്രവര്‍ത്തിക്കുന്ന ഓഹരിവിപണിയായി ഇത് മാറിക്കഴിഞ്ഞു.

janayugom 311211

ലോക്പാലിനെ എന്നും അട്ടിമറിച്ചത് കോണ്‍ഗ്രസ്: യെച്ചൂരി

ലോക്പാല്‍ ബില്ലിനെ എന്നും പരാജയപ്പെടുത്തിയത് ഭരണപക്ഷത്തുള്ളവരാണെന്ന് സിപിഐ എം നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. മന്‍മോഹന്‍സിങ്ങിന്റെ കാലത്തും ഇതിന് മാറ്റമില്ലെന്ന് പാര്‍ലമെന്റ് മന്ദിരത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ യെച്ചൂരി ചൂണ്ടിക്കാട്ടി. രാജ്യസഭയുടെ വികാരം മാനിച്ച് സമ്മേളനം നീട്ടണമെന്ന് ചെയര്‍മാന്‍ ഹമീദ് അന്‍സാരിക്ക് കേന്ദ്ര സര്‍ക്കാരിനെ ഉപദേശിക്കാമായിരുന്നു. സര്‍ക്കാരില്‍നിന്ന് ഇതുസംബന്ധിച്ച് ഉപദേശമൊന്നും കിട്ടാത്തതുകൊണ്ടാണ് സഭ നിര്‍ത്തിവയ്ക്കുന്നതെന്ന് അദ്ദേഹത്തിന് പറയാമായിരുന്നുവെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു.

ലോക്പാല്‍ : സര്‍ക്കാര്‍ ഒഴിയണമെന്ന് പ്രതിപക്ഷം

ന്യൂഡല്‍ഹി: രാജ്യസഭയില്‍ സര്‍ക്കാര്‍ ലോക്പാല്‍ ബില്‍ അട്ടിമറിച്ചത് ആസൂത്രണംചെയ്ത പദ്ധതിയിലൂടെയാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. യുപിഎ സര്‍ക്കാരിന് അധികാരത്തില്‍ തുടരാനുള്ള ധാര്‍മികമായ അവകാശം നഷ്ടപ്പെട്ടെന്നും പ്രതിപക്ഷ കക്ഷിനേതാക്കള്‍ പറഞ്ഞു. ബില്‍ രാജ്യസഭയില്‍ പാസാക്കാന്‍ കഴിയാത്തത് യുപിഎ സര്‍ക്കാരിന്റെ ധാര്‍മിക പരാജയമാണെന്ന് സിപിഐ എം നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. രാഷ്ട്രീയമായും ധാര്‍മികമായും പരാജയപ്പെട്ട മന്‍മോഹന്‍സിങ് സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും രാജിവച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്നും ബിജെപി ലോക്സഭാ നേതാവ് സുഷമ സ്വരാജും രാജ്യസഭാനേതാവ് അരുണ്‍ ജെയ്റ്റ്ലിയും പറഞ്ഞു.

വ്യാഴാഴ്ച രാജ്യസഭയില്‍ നടന്ന സംഭവവികാസങ്ങള്‍ പാര്‍ലമെന്ററി ജനാധിപത്യത്തിലെ കറുത്തപൊട്ടായി ചരിത്രത്തില്‍ രേഖപ്പെടുത്തുമെന്ന് സീതാറാം യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒന്നും ആകസ്മികമായി സംഭവിച്ചതല്ല. സര്‍ക്കാര്‍ ആസൂത്രണംചെയ്ത നാടകമാണ് രാജ്യസഭയില്‍ അരങ്ങേറിയത്. സഖ്യകക്ഷികളെ കരുവാക്കിയാണ് കോണ്‍ഗ്രസ് തന്ത്രം മെനഞ്ഞത്. തൃണമൂല്‍ കോണ്‍ഗ്രസ്, പുറത്തുനിന്നു പിന്തുണയ്ക്കുന്ന ആര്‍ജെഡി എന്നീ കക്ഷികളെ ബില്ലിനെതിരെ തിരിച്ചുവിട്ടു. ബില്‍ മന്ത്രിസഭ പരിഗണിച്ചപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് എതിര്‍പ്പ് ഉയര്‍ത്തിയിരുന്നില്ല. ലോക്സഭയില്‍ പാസാക്കിയപ്പോഴും എതിര്‍ത്തില്ല. രാജ്യസഭയുടെ പരിഗണനയ്ക്ക് വന്നപ്പോഴാണ് പൊടുന്നനെ 20 ഭേദഗതിയുമായി തൃണമൂല്‍ രംഗത്തെത്തിയത്. ചര്‍ച്ചയ്ക്ക് മറുപടി പറയുന്ന മന്ത്രി നാരായണസ്വാമിയുടെ കൈവശമുണ്ടായിരുന്ന ബില്ലിന്റെ പകര്‍പ്പ് ആര്‍ജെഡിയിലെ രാജ്നീതി പ്രസാദ് കീറി നടുത്തളത്തില്‍ എറിയുകയും ചെയ്തു. മന്ത്രിയോ കോണ്‍ഗ്രസ് അംഗങ്ങളോ ഇതില്‍ ഒരു പ്രതിഷേധവും ഉയര്‍ത്തിയില്ല. ചര്‍ച്ച ബോധപൂര്‍വം നീട്ടി അര്‍ധരാത്രി സഭ നിര്‍ത്തുകയായിരുന്നു സര്‍ക്കാരിന്റെ തന്ത്രം. ആദ്യഘട്ടത്തില്‍ അരുണ്‍ ജെയ്റ്റ്ലി, സീതാറാം യെച്ചൂരി തുടങ്ങിയവരോട് സമയം പാലിക്കാന്‍ ആവശ്യപ്പെട്ട സഭാ അധ്യക്ഷന്‍ പിന്നീട് ഒരു അംഗം മാത്രമുള്ള രാംവിലാസ് പസ്വാനും മറ്റും 20 മിനിറ്റ് നല്‍കി. നാല് അംഗം മാത്രമുള്ള ആര്‍ജെഡിയിലെ രണ്ട് പേര്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കിയതും മറ്റു കക്ഷികളെ അത്ഭുതപ്പെടുത്തി.

വൈകിട്ട് മൂന്നിന് തന്നെ വോട്ടെടുപ്പ് സമയം അറിയിക്കണമെന്ന് യെച്ചൂരി ചെയര്‍മാനെ ചേംബറില്‍ പോയി കണ്ട് ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷം പല ഘട്ടത്തിലും ഈ ആവശ്യമുന്നയിച്ചു. ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ചെയര്‍മാനോ സര്‍ക്കാരോ തയ്യാറായില്ല. രാഷ്ട്രപതിയുടെ അനുമതിയുണ്ടെങ്കില്‍ മാത്രമേ രാജ്യസഭാ സമ്മേളനം വ്യാഴാഴ്ച അര്‍ധരാത്രിക്ക് ശേഷം നീട്ടാനാകൂ എന്ന സര്‍ക്കാരിന്റെ വാദവും പൊള്ളയാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. 2003ല്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം വാജ്പേയി സര്‍ക്കാര്‍ 2004ലേക്ക് നീട്ടിയിരുന്നു. ആദ്യസമ്മേളനത്തിന്റെ ആദ്യദിവസം രാഷ്ട്രപതിയുടെ അഭിസംബോധന വേണമെന്നതു ശരിയാണ്. എന്നാല്‍ , നിലവിലുള്ള സമ്മേളനം നീട്ടുന്നതില്‍ തെറ്റില്ലെന്ന് 2010ല്‍ സുപ്രീംകോടതിയും അഭിപ്രായപ്പെട്ടിട്ടുണ്ട്. സമ്മേളനം രണ്ടോ മൂന്നോ ദിവസം കൂടി നീട്ടി ഭേദഗതികള്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി ബില്‍ പാസാക്കാമായിരുന്നു. വ്യാഴാഴ്ച രാത്രി 11.30ന് രാജ്യസഭ നിര്‍ത്തിവച്ചപ്പോള്‍ ചെയര്‍മാന്റെ ചേംബറില്‍ നടന്ന യോഗത്തില്‍ പ്രതിപക്ഷം ഒന്നടങ്കം സമ്മേളനം നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ , മന്ത്രിമാരായ പവന്‍കുമാര്‍ ബന്‍സലും കപില്‍സിബലുമാണ് ഈ നിര്‍ദേശത്തെ ശക്തമായി എതിര്‍ത്തത്. അതിന്റെ ഫലമായാണ് ചെയര്‍മാന്‍ സഭ നിര്‍ത്തിവച്ചത്.
(വി ബി പരമേശ്വരന്‍)

ഏക ഉത്തരവാദി സര്‍ക്കാര്‍ : പിബി

പ്രത്യേക ലേഖകന്‍ ന്യൂഡല്‍ഹി: ശക്തവും ഫലപ്രദവുമായ ലോക്പാല്‍ രാജ്യത്തിന് പ്രദാനംചെയ്യുന്നതില്‍ പരാജയപ്പെട്ടതിന്റെ പൂര്‍ണ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.

രാജ്യസഭ നിര്‍ത്തിവയ്ക്കുന്നതിലേക്ക് നയിച്ച യുപിഎ സര്‍ക്കാരിന്റെ നടപടികള്‍ വ്യക്തമാക്കുന്നത്പാര്‍ലമെന്റിനോടുള്ള അവരുടെ അവജ്ഞയാണ്. പാര്‍ലമെന്ററി ജനാധിപത്യ തത്വങ്ങളാണ് ഇതിലൂടെ ലംഘിച്ചത്. ബില്‍ ശക്തമാക്കുന്നതിന് പ്രതിപക്ഷം കൊണ്ടുവന്ന സുപ്രധാന ഭേദഗതികള്‍ പാസാക്കുന്നത് തടയാന്‍ സര്‍ക്കാരിന് ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. അതിനാല്‍ വോട്ടെടുപ്പ് ഒഴിവാക്കി സഭ അനിശ്ചിതകാലത്തേക്ക് പിരിയാന്‍ പ്രേരിപ്പിക്കുകയായിരുന്നു. ലോക്പാലിനെ സര്‍ക്കാരിന്റെ നിയന്ത്രണത്തിലാക്കുന്നതിനുള്ള വ്യവസ്ഥകള്‍ ബില്ലിന്റെ ഭാഗമാക്കിയപ്പോള്‍തന്നെ സര്‍ക്കാരിന്റെ ഉദ്ദേശ്യത്തില്‍ സംശയമുണ്ടായിരുന്നു. ലോക്പാലിനെ കേവലം സര്‍ക്കാര്‍ സ്ഥാപനമാക്കാനായിരുന്നു നീക്കം. ഇരുസഭകളിലും സിപിഐ എം ഭേദഗതികള്‍ കൊണ്ടുവന്നു. ലോക്പാലിന് ഭരണഘടനാപദവി നല്‍കുന്നതിന് പാര്‍ടി അനുകൂലമാണ്. ഭരണഘടനയുടെ ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരായ ചട്ടങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനെയാണ് എതിര്‍ത്തത്. സംസ്ഥാനങ്ങളില്‍ ലോകായുക്ത സ്ഥാപിക്കുന്നത് നിര്‍ബന്ധമാക്കുന്ന വിധത്തില്‍ സഭയുടെ വികാരം പ്രകടിപ്പിച്ചുകൊണ്ടുള്ള പ്രമേയത്തെ കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ സിപിഐ എം പിന്തുണച്ചിരുന്നു. എന്നാല്‍ , ലോകായുക്തയെക്കുറിച്ച് ബില്ലിന്റെ മൂന്നാം അധ്യായത്തിലുള്ള എല്ലാ വ്യവസ്ഥകളും മാര്‍ഗരേഖയായി പരിഗണിക്കണമെന്നും സ്വന്തം നിയമനിര്‍മാണം നടത്താന്‍ കഴിയുംവിധം സംസ്ഥാനങ്ങളുടെ അധികാരം സംരക്ഷിക്കണമെന്നും സിപിഐ എം നിര്‍ദേശിച്ചിരുന്നു. ശക്തമായ ലോക്പാലിനായുള്ള പോരാട്ടം പാര്‍ടി തുടരും. സര്‍ക്കാരിന്റെ നടപടിയില്‍ ശക്തമായി അപലപിക്കാനും പ്രതിഷേധിക്കാനും പൊളിറ്റ്ബ്യൂറോ ആഹ്വാനംചെയ്തു.

സര്‍ക്കാരിന്റെ തട്ടിപ്പ് വ്യക്തമായെന്ന് അണ്ണ സംഘം

ന്യൂഡല്‍ഹി: ലോക്പാല്‍ ബില്ലിന്റെ കാര്യത്തില്‍ രാജ്യസഭയില്‍ അരങ്ങേറിയത് നാടകമാണെന്ന് അണ്ണ ഹസാരെ സംഘം. ശക്തമായ അഴിമതിവിരുദ്ധസ്ഥാപനം രൂപീകരിക്കാന്‍ സര്‍ക്കാരിന് താല്‍പ്പര്യമില്ലെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

സിബിഐയുടെ സ്വാതന്ത്ര്യം, ലോക്പാല്‍സമിതിയെ തെരഞ്ഞെടുക്കുന്നതിലും നീക്കുന്ന രീതിയിലും മാറ്റം, ലോകായുക്ത ഒഴിവാക്കല്‍ എന്നീ മൂന്ന് ഭേദഗതി അംഗീകരിച്ചിരുന്നെങ്കില്‍ ബില്‍ പാസാകുമായിരുന്നു. പ്രതിപക്ഷ ഭേദഗതികള്‍ അംഗീകരിച്ചിരുന്നെങ്കില്‍ ശക്തമായ ബില്‍ ഉറപ്പാക്കാനും കഴിയുമായിരുന്നു. രാജ്യസഭയില്‍ വോട്ടെടുപ്പ് തടഞ്ഞതില്‍നിന്ന് സര്‍ക്കാരിന്റെ തട്ടിപ്പ് വ്യക്തമായി. ലോക്സഭ ഇപ്പോള്‍ പാസാക്കിയ ബില്‍ ദുര്‍ബലമെന്നുമാത്രമല്ല അപകടകരവുമാണ്. അഴിമതിവിരുദ്ധസമിതി പൂര്‍ണമായും സര്‍ക്കാരിന്റെ നിയന്ത്രണത്തിലാകും. സിബിഐയെ സ്വതന്ത്രമാക്കല്‍ അടക്കം നല്ല ഭേദഗതികള്‍ പ്രതിപക്ഷം കൊണ്ടുവന്നിരുന്നു. എന്നാല്‍ , സര്‍ക്കാര്‍ അംഗീകരിച്ചില്ല. ബില്‍ അട്ടിമറിക്കാന്‍ ആര്‍ജെഡിയുമായി സര്‍ക്കാര്‍ ഗൂഢാലോചന നടത്തി. നടപടികള്‍ തടസ്സപ്പെടുത്താന്‍ അംഗങ്ങളെ സര്‍ക്കാര്‍ വാടകയ്ക്കെടുക്കുകയായിരുന്നുവെന്നും കെജ്രിവാള്‍ പറഞ്ഞു. പ്രശാന്ത് ഭൂഷണ്‍ , ശാന്തിഭൂഷണ്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ലോക്പാല്‍ ലോകായുക്ത ബില്‍ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ വീണ്ടും രാജ്യസഭയുടെ പരിഗണനയ്ക്ക് വരും. പ്രതിപക്ഷം അവതരിപ്പിച്ച 187 ഭേദഗതികളില്‍ സ്വീകരിക്കേണ്ടവ ഉള്‍പ്പെടുത്തി ബില്‍ വീണ്ടും രാജ്യസഭയുടെ പരിഗണനയ്ക്ക് വയ്ക്കുമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി പവന്‍കുമാര്‍ ബെന്‍സല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഭേദഗതികള്‍ പരിശോധിച്ച് തീരുമാനമെടുക്കാന്‍ സമയമില്ലാത്തതുകൊണ്ടാണ് വ്യാഴാഴ്ച ബില്‍ പാസാക്കാത്തതെന്നും ബെന്‍സല്‍ അവകാശപ്പെട്ടു.

അതേസമയം, ലോക്പാല്‍ ബില്‍ പാസാക്കാന്‍ അടുത്ത സമ്മേളനത്തിലെങ്കിലും സര്‍ക്കാര്‍ ഇച്ഛാശക്തി കാട്ടുമോ എന്നചോദ്യം ബാക്കിയാണ്. മുമ്പ് ഒമ്പതു തവണ പാര്‍ലമെന്റില്‍ വച്ച ബില്‍ ആറുതവണയും ലോക്സഭയില്‍ മാത്രം അവതരിപ്പിച്ചതിനാല്‍ ലാപ്സായിരുന്നു. ലോക്പാല്‍ ലോകായുക്ത ബില്ലിന് ആ ഗതിയുണ്ടാകില്ല. സ്ഥിരംസമിതിയായ രാജ്യസഭയിലും അവതരിപ്പിച്ചതിനാല്‍ ബില്‍ ലാപ്സാകില്ല. എന്നാല്‍ , പ്രതിപക്ഷം കൊണ്ടുവരുന്ന ഭേദഗതികള്‍ രാജ്യസഭ അംഗീകരിച്ചാല്‍ അത് വീണ്ടും ലോക്സഭയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കണം. അല്ലാത്തപക്ഷം ഇരുസഭകളുടെയും സംയുക്ത സമ്മേളനം വിളിച്ചുചേര്‍ത്ത് ബില്‍ പാസാക്കേണ്ടി വരും. അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ബജറ്റ് സമ്മേളനം പതിവിലും നീളാനാണ് സാധ്യത. ബജറ്റ് സമ്മേളനത്തില്‍ രാജ്യസഭയ്ക്ക് ഭേദഗതികളോടെ ബില്‍ വീണ്ടും പരിഗണിക്കാമെന്നും സര്‍ക്കാര്‍ അതിന് തയ്യാറാകണമെന്നും സിപിഐ എം രാജ്യസഭാ നേതാവ് സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. ബജറ്റ് സമ്മേളനത്തില്‍ ബില്‍ പരിഗണനയ്ക്ക് വച്ചാല്‍ അതിനെ സ്വാഗതംചെയ്യുമെന്ന് ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്ലിയും വ്യക്തമാക്കി.


യുപിഎയില്‍ ഭിന്നതയുണ്ടെന്ന് ചിദംബരം

ന്യൂഡല്‍ഹി: ലോക്പാല്‍ ബില്‍ വിഷയത്തില്‍ യുപിഎ ഘടക കക്ഷികള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന് ആഭ്യന്തരമന്ത്രി പി ചിദംബരം. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ എതിര്‍പ്പിന് ഒരു സ്ഥിരസ്വഭാവമുണ്ടെന്ന് താന്‍ പറയില്ല. തീര്‍ത്തും ദുര്‍ബലമായ ബില്ലാണ് ബിജെപി ആഗ്രഹിച്ചിരുന്നത്. ഇന്നലെ ലഭ്യമായ സമയത്തിനുള്ളില്‍ ഒരാള്‍ക്കും 187 ഭേദഗതി പരിശോധിച്ച് തീരുമാനമെടുക്കാന്‍ സാധിക്കില്ല. ബില്‍ രാജ്യസഭയില്‍ പരാജയപ്പെട്ടിട്ടില്ല. അതുകൊണ്ട് സുരക്ഷിതമാണ്. പരാജയപ്പെട്ടിരുന്നെങ്കില്‍ അവസ്ഥ മോശമാകുമായിരുന്നു. ബജറ്റ് സമ്മേളനത്തില്‍ ബില്‍ പാസാക്കും. - ചിദംബരം പറഞ്ഞു.

deshabhimani 311211

പി എസ് സി വിവാദം തുറന്നുകാട്ടുന്നത് യു ഡി എഫ് നിക്ഷിപ്ത രാഷ്ട്രീയം

കാലാവധി അവസാനിക്കുന്ന പി എസ് സി റാങ്ക് ലിസ്റ്റിന് അടുത്തവര്‍ഷം ഏപ്രില്‍ 30 വരെ സമയം നീട്ടിക്കൊടുക്കാന്‍ ഇന്നലെ കമ്മിഷന്റെ അടിയന്തര യോഗം തീരുമാനിച്ചു. മന്ത്രിസഭയുടെ ശുപാര്‍ശ അംഗീകരിച്ചാണ് മൂന്നാം തവണയും റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടിക്കൊടുക്കുന്നത്. റാങ്ക് ലിസ്റ്റിന്റെ കാലാവധി പരമാവധി മൂന്നുവര്‍ഷക്കാലത്തേക്കേ നീട്ടിനല്‍കാനാവു. ഇപ്പോള്‍ കാലാവധി നീട്ടിനല്‍കിയ ലിസ്റ്റിന് ഇതിനകം നാലരവര്‍ഷം നീട്ടിക്കൊടുത്തിട്ടുണ്ട്. ഇപ്പോള്‍ കാലാവധി നീട്ടിക്കൊടുത്ത ലിസ്റ്റിനെതിരെ നിയമ തടസങ്ങള്‍ ഉയര്‍ന്നുവരാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല. അതെന്തുതന്നെയായാലും റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവരും പ്രായപരിധികൊണ്ട് ഇനിയും മറ്റൊരു അവസരം ലഭിക്കാന്‍ സാധ്യതയില്ലാത്തവരുമായ തൊഴില്‍ അന്വേഷകര്‍ക്ക് കമ്മിഷന്റെ ഇന്നലത്തെ തീരുമാനം ആശ്വാസകരമാണെന്നതില്‍ രണ്ടുപക്ഷമില്ല. റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുന്നതു സംബന്ധിച്ച് പി എസ് സിയും ഗവണ്‍മെന്റും തമ്മില്‍ ഉണ്ടായ ഉരസലുകളില്‍ രാഷ്ട്രീയം കുത്തിത്തിരുകാന്‍ നടത്തുന്നശ്രമം, അത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തന്നെ ഭാഗത്തു നിന്നായാല്‍പോലും അപലപനീയമാണ്.

റാങ്ക് ലിസ്റ്റിന്റെ കാലാവധി മതിയായ കാരണം കൂടാതെ നീട്ടുന്നത് 2003 ലെ ഹൈക്കോടതി വിധിയൂടെ നിഷേധമാണ്. ഗവണ്‍മെന്റിന്റെ ഭരണപരമായ പരാജയമാണ് ഇപ്പോള്‍ കാലാവധി നീട്ടണമെന്ന ആവശ്യത്തിന്റെ പിന്നില്‍. ഇക്കൊല്ലം ഏപ്രില്‍ മുതല്‍ നവംബര്‍വരെയുള്ള എട്ടുമാസക്കാലത്തിനിടയില്‍ കാലാവധി രണ്ടുതവണ നീട്ടിക്കൊടുത്തിരുന്നു. സൗകര്യാനുസരണം നിയമനം നടത്താന്‍ ഉദ്യോഗാര്‍ഥികളുടെ ശേഖരമായി റാങ്ക് ലിസ്റ്റുകള്‍ മാറ്റരുതെന്ന് സുപ്രിം കോടതിയും നിരീക്ഷിച്ചിരുന്നു. ഇത്തരത്തില്‍ കാലാവധി നീട്ടിനല്‍കുന്നത് പുതുതായി എത്തുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം നിഷേധിക്കാന്‍ ഇടവരുത്തുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പബ്ലിക് സര്‍വീസ് കമ്മിഷന്‍ ഒരു ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ കോടതി വിധികള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥമാണ്. ഇപ്പോഴത്തെ കാലാവധി നീട്ടിക്കൊണ്ടുള്ള തീരുമാനം ഭരണകൂടത്തിന്റെ ഇച്ഛാനുസരണമെന്ന് വ്യാഖ്യാനിക്കപ്പെടാനും കോടതിയില്‍ ചോദ്യം ചെയ്യപ്പെടാനുമുള്ള സാധ്യതയുണ്ട്.

കഴിഞ്ഞ എട്ടുമാസങ്ങള്‍ക്കുള്ളില്‍ 19,109 ഒഴിവുകള്‍ നികത്താനാവശ്യമായ നിയമനോപദേശങ്ങള്‍  നല്‍കിയിട്ടുണ്ട്. ഇതില്‍ രണ്ടായിരവും ഡിസംബര്‍ മാസത്തില്‍ മാത്രമാണ് എന്നിരിക്കെ കമ്മിഷനെ ഒറ്റപ്പെടുത്തി പ്രതികൂട്ടിലാക്കാനുള്ള സര്‍ക്കാരിന്റെ നീക്കം രാഷ്ട്രീയപ്രേരിതമാണ്. നിലവിലുള്ള റാങ്ക് ലിസ്റ്റില്‍ നിന്നും ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്, ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ എന്നിവരെ നിയമിക്കാനുള്ള പ്രക്രിയകളും പുരോഗമിച്ചുവരികയാണ്. ഈ വസ്തുതകളപ്പാടെ നിരാകരിച്ച് അംഗവൈകല്യമുള്ള ഉദ്യോഗാര്‍ഥികളുടെ പ്രശ്‌നം ഊന്നിപ്പറഞ്ഞ് മുഖ്യമന്ത്രി നടത്തുന്ന ആരോപണങ്ങള്‍ രാഷ്ട്രീയ ഗ്യാലറിയില്‍ നിന്നുള്ള കയ്യടി ലക്ഷ്യംവച്ചാണ്. അത്തരം വിലകുറഞ്ഞ പ്രചരണങ്ങള്‍ അവസാനിപ്പിച്ച് പി എസ് സിയുടെ കമ്പ്യൂട്ടര്‍വല്‍ക്കരണം ഒറ്റത്തവണ രജിസ്‌ട്രേഷന്‍ തുടങ്ങിയ നവീകരണ പദ്ധതികള്‍ ത്വരിതപ്പെടുത്താന്‍ പിന്തുണ നല്‍കലാണ് കമ്മിഷന്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാവാന്‍ സഹായകമാവുക.
ഓരോ സര്‍ക്കാര്‍ വകുപ്പുകളിലും നിലവിലുള്ള ഒഴിവുകള്‍ സമയബന്ധിതമായി പി എസ് സി ക്കു റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ വകുപ്പുതലവന്മാര്‍ കുറ്റകരമായ കാലതാമസവും അനാസ്ഥയുമാണ് കാണിക്കുന്നത്. ഇതാണ് നിയമന നടപടികള്‍ക്കു മുഖ്യതടസമായി നിലനില്‍ക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, ജലവിഭവം, പൊതുമരാമത്ത് എന്നിങ്ങനെ കൂടുതല്‍ ഒഴിവുകളും അവസരങ്ങളുമുള്ള വകുപ്പുകളാണ് ഇത്തരത്തില്‍ വീഴ്ച വരുത്തുന്നതിന്റെ മുന്‍പന്തിയില്‍. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ മേലധികാരികള്‍ക്കുള്ള താല്‍പര്യക്കുറവ് സുവിധിതമാണ്. അത്തരം തസ്തികകളില്‍ സ്വന്തക്കാരായ താല്‍ക്കാലികക്കാരെ സ്ഥിരമായി കൊണ്ടുനടക്കുന്നത് പതിവും വ്യാപകവുമാണ്.

നാളിതുവരെ റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നതില്‍ തണുത്ത സമീപനം തുടര്‍ന്നു വന്നിരുന്ന യു ഡി എഫ് സര്‍ക്കാരിന് പെട്ടെന്നുളവായ ജാഗ്രതയ്ക്കും സടകുടഞ്ഞെണീറ്റ നീതിബോധത്തിനും പിന്നില്‍ തൊഴിലില്ലാത്തവരോടുള്ള പ്രേമത്തിനുമപ്പുറം പ്രായോഗികമായ രാഷ്ട്രീയ കാരണങ്ങള്‍ പലതാണ്. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരാണ് കേരളത്തില്‍ ആദ്യമായി തസ്തികകള്‍ വെട്ടിക്കുറച്ച് തൊഴില്‍ രഹിതരോട് ഏറ്റവും നിഷ്ഠൂരമായി പെരുമാറിയത്. ഇപ്പോള്‍ ഒന്നാമത്തെ പ്രശ്‌നം യു ഡി എഫ് സര്‍ക്കാരിന്റെ നിലനില്‍പ്പുതന്നെ. പിറവം തിരഞ്ഞെടുപ്പ് യു ഡി എഫിന്റെയും മുഖ്യമന്ത്രിയുടെയും ഉറക്കം കെടുത്തുന്നു. രണ്ടാമത്തെ പ്രശ്‌നവും നിലനില്‍പിന്റെതുതന്നെ. അത് മറ്റൊരുതരം നിലനില്‍പാണെന്നുമാത്രം. കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും നേതാക്കളെ ചുറ്റിപറ്റി സഞ്ചരിക്കുന്ന ഉപഗ്രഹങ്ങളാണ് ഇവിടെ കഥാപാത്രങ്ങള്‍. എണ്ണമറ്റ റാങ്ക് ഹോള്‍ഡേഴ്‌സ് സംഘടനകളുടെ അമരത്തെല്ലാം ഇവരെ കാണാം. തൊഴിലില്ലായ്മയുടെ ദുരിതദിനങ്ങള്‍ക്ക് അറുതിവരുത്താന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റാങ്ക് ഹോള്‍ഡേഴ്‌സാണ് ഇവരുടെ ഇരകള്‍. തൊഴിലവകാശത്തിന്റെ പേരില്‍ അഴിമതി തൊഴിലാക്കിയ ഇവരുടെ നിലനില്‍പും യു ഡി എഫ് ഭരണത്തിന്റെ നിലനില്‍പും വേര്‍പെടുത്താനാവാതെ ഇഴചേര്‍ന്നിരിക്കുന്നു.

ഉമ്മന്‍ചാണ്ടി ഉന്നയിക്കുന്ന മറ്റൊരു പ്രശ്‌നം റിട്ടയര്‍മെന്റ് സമയത്തിന്റെ ഏകീകരണമാണ്. മാര്‍ച്ച് മാസത്തില്‍ റിട്ടയര്‍മെന്റെന്ന വ്യവസ്ഥ ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതിന് തടസമേയല്ല. അത് ഒഴിവുകള്‍ മുന്‍കൂട്ടി നിര്‍ണയിക്കുന്നതിനും റിപ്പോര്‍ട്ടു ചെയ്യുന്നതിനും കൂടുതല്‍ സഹായകമാവും. യു ഡി എഫ് ഭരണം കുത്തിപ്പൊക്കിയ പി എസ് സി വിവാദം അവരുടെ തന്നെ നിക്ഷിപ്ത രാഷ്ട്രീയ ലക്ഷ്യങ്ങളെയാണ് തുറന്നു കാണിക്കുന്നത്.

janayugom editorial 311211

ഡല്‍ഹി മെട്രോയെ ഒഴിവാക്കുന്നത് വമ്പന്‍ അഴിമതിക്ക് കളമൊരുക്കാന്‍

കൊച്ചി മെട്രോ പദ്ധതിയില്‍ നിന്ന് ഡല്‍ഹി മെട്രോ റയില്‍ കോര്‍പ്പറേഷനെ ഒഴിവാക്കുന്നത് ആരംഭത്തില്‍ തന്നെ അഴിമതിക്ക് കളമൊരുക്കാനാണെന്ന് സൂചന. മെട്രോ റയിലിന് മുന്നോടിയായി ആരംഭിച്ച പ്രാരംഭ വികസന പദ്ധതികളില്‍ ഏറ്റെടുത്തവ ദ്രുതഗതിയില്‍ മുന്നോട്ട് പോകുന്നത് പലരുടെയും നെഞ്ചിടിപ്പ് വര്‍ദ്ധിപ്പിച്ചുകഴിഞ്ഞു.

കൊച്ചിയിലെ നോര്‍ത്ത് മേല്‍പ്പാലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ റയില്‍വെ ഓവര്‍ ബ്രിഡ്ജിന്റെ ഭാഗം പൊളിച്ചു നീക്കുന്നതിന് റയില്‍വെ തടസങ്ങള്‍ സൃഷ്ടിക്കുകയാണെന്ന രീതിയില്‍ പ്രചാരണം നടത്തിയിരുന്നു. ഇതിന്റെ പേരില്‍ മേല്‍പ്പാലം പണി നീട്ടിക്കൊണ്ട് പോകാനും ശ്രമം നടന്നിരുന്നു. ഇതടക്കമുള്ള കാര്യങ്ങള്‍ ഡല്‍ഹി മെട്രോ റയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഇ ശ്രീധരന്‍ കൈക്കൊണ്ട സുദൃഡ തീരുമാനങ്ങള്‍ പലരുടെയും അതൃപ്തിക്ക് ഇടയാക്കിയിരുന്നു. സബ് കോണ്‍ട്രാക്ടുകളില്‍ കണ്ണുവച്ചിട്ടുള്ള ലോബിയുടെ ശക്തമായ ഇടപെടലാണ് ശ്രീധരനെ പുറകോട്ട് വലിക്കുന്നതെന്നാണ് സൂചന.

ഇപ്പോള്‍ അടിസ്ഥാന സൗകര്യവികസന പദ്ധതികളില്‍ തുടങ്ങിയവ മാത്രം പൂര്‍ത്തിയാക്കി പിന്‍മാറ്റം നടത്താനാണ് ഡല്‍ഹി മെട്രോ റയില്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചിട്ടുള്ളത്. പുതിയ ജീവനക്കാരെ കൊച്ചി ഓഫീസില്‍ ഇനി നിയമിക്കേണ്ടന്നും ഡി എം ആര്‍ സി തീരുമാനമെടുത്തുകഴിഞ്ഞു.

കൊച്ചി മെട്രോയുടെ പണി തുടങ്ങാന്‍ വൈകുംതോറും ലക്ഷക്കണക്കിന് രൂപയാണ് നഷ്ടം വരുന്നതായി കണക്കാക്കിയിട്ടുള്ളത്. എന്നാല്‍ മെട്രോ റയിലുമായി ബന്ധപ്പെട്ട് ജനറല്‍ കണ്‍സള്‍ട്ടന്റിനെ നിയമിച്ചാല്‍ എത്രയും വേഗം ജോലികള്‍ തുടങ്ങാമെന്ന് കൊച്ചി മെട്രോ റയില്‍ കോര്‍പ്പറേഷന്‍ എം ഡി ടോം ജോസ് പറയുന്നു. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ രണ്ടുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്നാണ് എംഡി അവകാശപ്പെടുന്നത്. ഇതേസമയം തന്നെ ട്രെയിന്‍, വാഗണ്‍, കോച്ചുകള്‍ എന്നിവയുടെ ടെണ്ടര്‍ വിളിക്കുമെന്ന് അധികൃതര്‍ പറയുന്നു. ഇത്തരത്തിലാണെങ്കില്‍ നാലുവര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാകുമെന്നാണ് കൊച്ചി മെട്രോ റയില്‍ അവകാശപ്പെടുന്നത്.

ഓപ്പണ്‍ ടെണ്ടറുകള്‍ വിളിക്കുകവഴി 300 കോടി രൂപയുടെ ലാഭമാണ് കൊച്ചി മെട്രോ കോര്‍പ്പറേഷന് ഉണ്ടാവുകയെന്ന് അധികൃതര്‍ അവകാശപ്പെടുമ്പോഴും ഈ അവകാശവാദത്തിന് പിന്നില്‍ സദ്ദുദ്ദേശമല്ല ഉള്ളതെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. ഡല്‍ഹി മെട്രോ റയില്‍ കോര്‍പ്പറേഷന്‍ കൊച്ചി പദ്ധതിയില്‍ നിന്ന് പിന്‍മാറിയാല്‍ ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ വായ്പ്പ നല്‍കുന്നതിന് മുന്നോട്ടുവരുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

ഡല്‍ഹി സഹായമില്ലാതെ ചെന്നൈ, ബംഗളൂരു കമ്പനികള്‍ക്ക് പണം നല്‍കിയത് കൊച്ചി മെട്രോ റയില്‍ സ്വന്തമായി പണി മുന്നോട്ട് കൊണ്ടുപോകുന്നതിനെ അനുകൂലിക്കുന്നവര്‍ ചൂണ്ടികാണിക്കുന്നുണ്ടെങ്കിലും കൊച്ചി മെട്രോ റയിലിന്റെ പ്രഖ്യാപനത്തിനു ശേഷം വന്ന കാലതാമസം വായ്പയടക്കമുള്ള കാര്യങ്ങള്‍ക്ക് പ്രശ്‌നമാകുമെന്ന് ചൂണ്ടിക്കാണിക്കുന്നു.
കൊച്ചി മെട്രോ റയില്‍ പദ്ധതിക്ക് കേന്ദ്ര അംഗീകാരം ലഭിക്കുമോയെന്ന് പരിശോധിക്കപ്പെടുന്നതിന് മുന്നോടിയായുള്ള പ്ലാനിംഗ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡ് യോഗം ജനുവരി 10ന് നടക്കാന്‍ പോകുന്നതേയുള്ളു. തുടക്കത്തില്‍ സ്വകാര്യ കുത്തക ബാങ്കില്‍ അക്കൗണ്ട് തുടങ്ങി ആരംഭിച്ച വിവാദം കൊച്ചി മെട്രോ റയിലിനെ പിന്തുടരുകയാണ്.

ജനയുഗം 311211

പെട്രോള്‍ വില 2.25 രൂപ കൂട്ടും

പുതുവര്‍ഷപ്പുലരിയില്‍ പെട്രോളിന് കൂടുതല്‍ വില നല്‍കേണ്ടി വരും. ലിറ്ററിന് ഒന്നരമുതല്‍ രണ്ടേകാല്‍ രൂപവരെ വര്‍ധിപ്പിക്കാനാണ് നീക്കം. വെള്ളിയാഴ്ച ചേരുന്ന പൊതുമേഖല എണ്ണക്കമ്പനികളുടെ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമാകും. ഡിസംബര്‍ 31ന് അര്‍ധരാത്രി മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും.

പെട്രോള്‍വില ഡിസംബര്‍ 15നു തന്നെ കൂട്ടേണ്ടിയിരുന്നെന്നാണ് എണ്ണക്കമ്പനികള്‍ അവകാശപ്പെടുന്നത്. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ തീരുമാനം നീട്ടി. ഭക്ഷ്യപണപ്പെരുപ്പം കുറഞ്ഞ സാഹചര്യത്തില്‍ വിലകൂട്ടുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ല. ഡോളറുമായി രൂപയുടെ വിനിമയമൂല്യത്തിലെ ഇടിവാണ് പുതിയ വിലവര്‍ധന നീക്കത്തിന് എണ്ണക്കമ്പനികള്‍ പറയുന്ന ന്യായം. അസംസ്കൃത എണ്ണയുടെ ഇറക്കുമതി ചെലവ് കണക്കിലെടുക്കുമ്പോള്‍ ലിറ്ററിന് 1.90 രൂപയെങ്കിലും വര്‍ധിപ്പിക്കണം. നികുതി നിരക്കുകള്‍ കൂടി ചേര്‍ത്താല്‍ 2.28 രൂപ ഒരു ലിറ്ററിന് കൂട്ടണമെന്നുമാണ് വാദം.

deshabhimani 311211

Friday, December 30, 2011

ഇന്ദിരാഭവന്‍ ഇനി നസ്റുള്‍ ഭവന്‍ ; പേരുമാറ്റത്തില്‍ പ്രതിഷേധം

പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും സിപിഐ എം നേതാവുമായിരുന്ന ജ്യോതിബസു 20 വര്‍ഷം താമസിച്ച ഇന്ദിരാഭവന്റെ പേരുമാറ്റി ഖാസി നസ്റുള്‍ ഇസ്ലാം സ്മാരകമാക്കാന്‍ മമതാ ബാനര്‍ജി സര്‍ക്കാര്‍ തീരുമാനിച്ചു. വിപ്ലവകവിയായ ഖാസി നസ്റുള്‍ ഇസ്ലാമിന്റെ പേരിലുള്ള മ്യൂസിയമായും ഗവേഷണകേന്ദ്രമായും ഇന്ദിരാഭവനെ മാറ്റുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചു. ജ്യോതിബസു ഉപയോഗിച്ചിരുന്ന വീട്ടുപകരണങ്ങളും മറ്റ് വസ്തുക്കളും കുടുംബാംഗങ്ങള്‍ക്കോ പാര്‍ടിക്കോ കൈമാറും.

ഇന്ദിരാഗാന്ധി കൊല്‍ക്കത്തയില്‍ വരുമ്പോള്‍ താമസിച്ചിരുന്ന കെട്ടിടമായതുകൊണ്ടാണ് ഇന്ദിരാഭവന്‍ എന്ന് പേരിട്ടത്. ഇന്ദിരയുടെ മരണശേഷം 1989 മുതല്‍ മുഖ്യമന്ത്രി ജ്യോതിബസുവാണ് ഇവിടെ താമസിച്ചിരുന്നത്. 2010 ഫെബ്രുവരിയില്‍ മരിക്കുന്നതുവരെ ഈ വീട്ടിലാണ് അദ്ദേഹം താമസിച്ചത്. ജ്യോതിബസുവിന്റെ മരണശേഷം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസായി മാറ്റാനാണ് ഇടതുമുന്നണി സര്‍ക്കാര്‍ ആലോചിച്ചിരുന്നത്. ഖാസി നസ്റുള്‍ ഇസ്ലാമിന് സ്മാരകമുണ്ടാകുന്നത് സന്തോഷമുള്ള കാര്യമാണെങ്കിലും ഇന്ദിരാഭവന്റെ പേരുമാറ്റുന്ന കാര്യം സിപിഐ എമ്മുമായി ആലോചിക്കാതിരുന്നത് പ്രതിഷേധാര്‍ഹമാണെന്ന് സംസ്ഥാന സെക്രട്ടറി ബിമന്‍ ബസു പറഞ്ഞു. ഇന്ദിരാഭവന്റെ പേരു മാറ്റിയത് ധിക്കാരമാണെന്ന് പിസിസി അധ്യക്ഷന്‍ പ്രദീപ് ഭട്ടാചാര്യ പറഞ്ഞു. കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥിവിഭാഗമായ ഛാത്ര പരിഷത്തുകാര്‍ റൈറ്റേഴ്സ് ബില്‍ഡിങ്ങിനു മുമ്പില്‍ കരിങ്കൊടി പ്രകടനം നടത്തി. ഇവരെ പൊലീസ് അറസ്റ്റുചെയ്തു.

deshabhimani 301211

കൊച്ചി മെട്രോ: ഡിഎംആര്‍സി പിന്‍മാറുന്നു

കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ കൂടുതല്‍ ജോലികള്‍ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ തയാറാവാത്തതിനെ തുടര്‍ന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍(ഡിഎംആര്‍സി) പദ്ധതിയില്‍ നിന്ന് പിന്‍മാറുന്നു. ഇപ്പോള്‍ നടക്കുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ ഡിഎംആര്‍സിയുടെ കൊച്ചിയിലെ ഓഫീസ് അടച്ചുപൂട്ടുമെന്ന് റിപ്പോര്‍ട്ടുണ്ട്. പുതിയ ജീവനക്കാരെ നിയമിക്കാതെ നിലവിലെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും.

അഞ്ച് പ്രാഥമിക അടിസ്ഥാന വികസന പദ്ധതികളാണ് കൊച്ചിയില്‍ ഡിഎംആര്‍സി ഏറ്റെടുത്തത്. നോര്‍ത്ത് മേല്‍പ്പാലം, കെഎസ്ആര്‍ടിസിയ്ക്ക് സമീപമുള്ള സലീം രാജന്‍ മേല്‍പ്പാലം എന്നിവയുടെ നിര്‍മ്മാണമാണ് ഇപ്പോള്‍ കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തില്‍ നടക്കുന്നത്. സ്വന്തം നിലയില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഡല്‍ഹി മെട്രോയുടെ പുതിയ തീരുമാനം. ഡിഎംആര്‍സിയ്ക്ക് കൊച്ചി പദ്ധതിയ്ക്കായി ഓപ്പണ്‍ ടെന്‍ഡറില്‍ പങ്കെടുക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ടെന്‍ഡറില്‍ പങ്കെടുക്കില്ലെന്ന് ഡല്‍ഹി മെട്രോ വ്യക്തമാക്കി. ഡല്‍ഹി മെട്രോ മേധാവി ഇ ശ്രീധരന്‍ ഇതുസംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കത്ത് എഴുതിയിട്ടുണ്ട്.

കൊച്ചിമെട്രോ: ആഗോള ടെന്‍ഡറിനുള്ള നിര്‍ദേശമുണ്ടെന്ന് മുഖ്യമന്ത്രി

തിരു: കൊച്ചിമെട്രോയുടെ തുടര്‍ നടപടികള്‍ നടത്തുന്നതിന് ആഗോള ടെന്‍ഡര്‍ എന്ന നിര്‍ദേശം വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ തലവന്‍ ഇ ശ്രീധരന്റെ സേവനം ആവശ്യമാണ്. കൊച്ചി മെട്രോയെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. തിരുവനന്തപുരത്ത് മന്ത്രി സഭായോഗ തീരുമാനം വിശദീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയ തീരുമാനം സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിച്ചു. മാര്‍ച്ച് 31ന് മുന്‍പ് എല്ലാ ഒഴിവുകളും പിഎസ് സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. ഒഴിഞ്ഞ് കിടക്കുന്ന പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകളില്‍ പിഎസ് സി എത്രയും വേഗം അഡൈ്വസ് നടത്തണമെന്നും മന്ത്രിസഭാ യോഗം പിഎസ് സിയോട് ആവശ്യപ്പെട്ടു. നഗരങ്ങളിലും മറ്റുമുള്ള മാലിന്യപ്രശ്നം പരിഹരിക്കാന്‍ വികേന്ദ്രീകൃത രീതിയിലുള്ള മാലിന്യ സംസ്കരണം പ്രേല്‍സാഹിപ്പിക്കുമെന്നും നഗരങ്ങളില്‍ മാലിന്യ സംസ്കരണയൂണിറ്റുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

deshabhimani news

കാര്‍ഷിക പ്രതിസന്ധി പരിഹരിക്കാന്‍ പ്രക്ഷോഭത്തിനൊരുങ്ങുക

ഹര്‍കിഷന്‍സിങ് സുര്‍ജിത് നഗര്‍ : വയനാട്ടിലെ കാര്‍ഷിക പ്രതിസന്ധി പരിഹരിക്കാന്‍ കര്‍ഷക-കര്‍ഷക തൊഴിലാളി പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ പോരാട്ടത്തിനൊരുങ്ങാന്‍ സിപിഐഎം ജില്ലാസമ്മേളനം ആഹ്വാനം ചെയ്തു.

ഇടവേളക്കുശേഷം ജില്ലയില്‍ കര്‍ഷക ആത്മഹത്യ വീണ്ടും ആവര്‍ത്തിച്ചിരിക്കുകയാണ്. ഉത്പാദനചെലവ് ദിനംപ്രതി വര്‍ധിക്കുകയും കാര്‍ഷികവായ്പ നിഷേധിക്കപ്പെടുകയും വരുമാനം കുറയുകയും ചെയ്യുന്നതുമൂലം നൂറുകണക്കിന് കര്‍ഷകകുടുംബങ്ങള്‍ കടക്കെണിയിലമരുകയാണ്.1999-2006 നേക്കാള്‍ രൂക്ഷമായ പ്രതിസന്ധിയിലേക്കാണ് കാര്‍ഷികമേഖല കൂപ്പുകുത്തുന്നത്. കാര്‍ഷികോത്പന്നങ്ങളുടെ വിലത്തകര്‍ച്ച, രാസവളവില വര്‍ധന, കാര്‍ഷികവായ്പ ലഭിക്കാത്തതിനാല്‍ സ്വകാര്യവായ്പകളോടുള്ള ആശ്രിതത്വം, വിളരോഗങ്ങള്‍മൂലമുള്ള ഉത്പാദന തകര്‍ച്ച, കാലാവസ്ഥ വ്യതിയാനം, തൊഴില്‍തേടിയുള്ള വന്‍തോതിലുള്ള കുടിയേറ്റംമൂലം കര്‍ഷകതൊഴിലാളി മേഖലയിലെ രൂക്ഷമായ ആള്‍ക്ഷാമവും വര്‍ധിച്ചുവരുന്ന കൂലി ചെലവും വിലക്കയറ്റവും ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ വാണിജ്യവല്‍ക്കരണംമൂലം നിയന്ത്രണാതീതമാകുന്ന ജീവിത ചെലവുകള്‍ തുടങ്ങിയവയാണ് കാര്‍ഷിക പ്രതിസന്ധിയുടെ കാരണങ്ങള്‍ .

2006 ല്‍ അധികാരമേറ്റ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച ആശ്വാസ നടപടികളാണ് കര്‍ഷകര്‍ക്ക് ആത്മവിശ്വാസം നല്‍കി അവരെ കടക്കെണയില്‍നിന്ന് രക്ഷിച്ചത്. അവധി വ്യാപാരവും ഊഹകച്ചവടവും കാര്‍ഷികോത്പന്നങ്ങളുടെ വില തകര്‍ത്തു. ഇടത്തട്ടുകാരും കാര്‍ഷികവ്യവസായ കുത്തകകളും കര്‍ഷകരെ കൊള്ളയടിക്കുകയാണ്. ഇഞ്ചിയുടെയും വാഴയുടേയും വില കുത്തനെ ഇടിഞ്ഞത് കര്‍ഷകരെ കടക്കെണിയിലാക്കി. രാസവള വില കുത്തനെ വര്‍ദ്ധിപ്പിച്ചത് കര്‍ഷകജീവിതം ദുസഹമാക്കി. ഗ്രാമീണ സമ്പദ്ഘടന തകര്‍ന്നതിനാല്‍ കൃഷിക്കാര്‍ കൃഷി ഉപേക്ഷിച്ചു. ഈ സാഹചര്യത്തില്‍ കാര്‍ഷിക പ്രതിസന്ധി പരിഹരിക്കാന്‍ കര്‍ഷകരുടെ വിശാല ഐക്യം രൂപപ്പെടുത്തി ഉദാരവത്കരണ നയം തിരുത്താന്‍ കേന്ദ്രസര്‍കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തണം. അതോടൊപ്പം കാര്‍ഷിക മേഖലയെ തകര്‍ക്കുന്ന സര്‍കാര്‍ നയങ്ങള്‍ക്കെതിരെ കര്‍ഷകരുടേയും തൊഴിലാളികളുടേയും ഉത്പാദക സഹകരണസംഘങ്ങള്‍ രൂപീകരിച്ച് കാര്‍ഷിക വ്യവസായങ്ങള്‍ ആരംഭിക്കുകയും വന്‍കിടകാര്‍ഷികോത്പാദന വ്യവസ്ഥ വളര്‍ത്തിയെടുക്കുകയും വേണം. ബ്രഹ്മഗിരി മാതൃകയില്‍ കര്‍ഷകര്‍ ആരംഭിക്കുന്ന കാര്‍ഷിക സംസ്കരണ വ്യവസായങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം കേന്ദ്രസംസ്ഥാന സര്‍കാരുകള്‍ ലഭ്യമാക്കണം. ഉത്പന്നങ്ങള്‍ സംഭരിച്ച് സംസ്കരിക്കുയും ഉപഭോഗ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനം ഇടത്തട്ടുകാരെ ഒഴിവാക്കി കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ലഭ്യമാക്കുകയാണ് ബ്രഹ്മഗിരിയുടെ ലക്ഷ്യം. ഈ മാതൃകയില്‍ ജില്ലയിലെ എല്ലാ കാര്‍ഷികഉത്പന്നങ്ങങളും അടിസ്ഥാനമാക്കി സംസ്കരണ വ്യവസായങ്ങള്‍ ആരംഭിക്കണം. ഈ ലക്ഷ്യം നേടിയെടുക്കാന്‍ കക്ഷി രാഷ്ട്രീയത്തിനതീതമായി കര്‍ഷകരുടേയും കര്‍ഷകതൊഴിലാളികളുടേയും വന്‍ മുന്നേറ്റം രൂപപ്പെടുത്താന്‍ കര്‍ഷക-കര്‍ഷകതൊഴിലാളി പ്രസ്ഥാനങ്ങള്‍ മുന്‍കൈയെടുക്കണം.

ദരിദ്ര ഇടത്തരം കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടേയും മുഴുവന്‍ കടബാധ്യതകളും കേന്ദ്ര സര്‍കാര്‍ ഏറ്റെടുക്കുകയും പലിശരഹിത വായ്പ ലഭ്യമാക്കുകയും വേണം. ധനികകര്‍ഷകര്‍ക്ക് നാല് ശതമാനം പലിശക്ക് ദീര്‍ഘകാല വായ്പ അനുവദിക്കണം. കാര്‍ഷികോത്പാദനം തകരുകയും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ പ്രതിസന്ധിയിലാകുകയും ചെയ്യുന്ന സാഹചര്യത്തത്തില്‍ കര്‍ഷകനും കര്‍ഷകതൊഴിലാളിക്കും എല്ലാപരിരക്ഷയും സര്‍ക്കാര്‍ നല്‍കണം. പ്രകൃതിക്ഷോഭവും രോഗങ്ങളുംമൂലം വിള നശിച്ചാലും വിലത്തകര്‍ച്ചയുണ്ടായാലും നഷ്ടപരിഹാരം നല്‍കുകയും ആദായവില നല്‍കി ഉത്പന്നങ്ങള്‍ സംഭരിക്കുകയും വേണം. രാസവള സബ്സിഡി പുനസ്ഥാപിക്കണം. ഭക്ഷ്യവിളകര്‍ഷകര്‍ക്ക് ഉത്പാദനബോണസ് നല്‍കുകയും കര്‍ഷകതൊഴിലാളികള്‍ക്കും ദരിദ്രകര്‍ഷകര്‍ക്കും ക്ഷേമ പദ്ധതികളും പ്രതിമാസപെന്‍ഷനും അനുവദിക്കണം. ഈ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി അതിശക്തമായ കര്‍ഷക പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരാന്‍ കര്‍ഷക-കര്‍ഷകതൊഴിലാളി പ്രസ്ഥാനങ്ങള്‍ നേതൃത്വം നല്‍കണമെന്ന് പി കൃഷ്ണപ്രസാദ് അവതരിപ്പിച്ച പ്രമേയം ആഹ്വാനംചെയ്തു.

മാധ്യമങ്ങള്‍ സാമൂഹ്യദൗത്യം നിര്‍വഹിക്കണം: ദക്ഷിണാമൂര്‍ത്തി

കെ ശ്രീധരന്‍നഗര്‍ (ബത്തേരി): നിലവിലുള്ള സാമൂഹ്യവ്യവസ്ഥയെ മാറ്റിമറിക്കുന്നതിനാണ് മാധ്യമങ്ങള്‍ ശ്രമിക്കേണ്ടതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം വി വി ദക്ഷിണാമൂര്‍ത്തി പറഞ്ഞു. സിപിഐ എം ജില്ലാസമ്മേളനത്തോടനുബന്ധിച്ച് പഞ്ചായത്ത് കമ്യൂണിറ്റിഹാളിലെ കെ ശ്രീധരന്‍നഗറില്‍ മാര്‍ക്സിസത്തിന്റെ പ്രസക്തി എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. മുതലാളിത്തം ഗുരുതരമായ പ്രതിസന്ധിയെ നേരിടുമ്പോള്‍ മാര്‍ക്സിസന്റെ പ്രസക്തി വര്‍ധിക്കുന്നു. എന്നാല്‍ മാര്‍ക്സിസത്തിനെതിരെ തെറ്റായ പ്രചാരവേലയാണ് മുതലാളിത്ത ശക്തികള്‍ നടത്തുന്നത്. ലാഭം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന മുതാളിത്ത ലോകത്തിന് മനുഷ്യജീവന് ഒരു വിലയും കല്‍പ്പിക്കാനാവില്ല. ഇതിന് തെളിവാണ് നാറ്റോസേന ഗദ്ദാഫിയെ വധിച്ചതും വിയറ്റ്നാമിലും നാഗസാക്കിയിലും ഹിരോഷിമയിലും നടന്ന കൂട്ടക്കൊലകളും. അമേരിക്കന്‍ സാമ്രാജ്യത്വം തകര്‍ച്ചയില്‍നിന്ന് കരകയറുന്നതിന് പൊതുമേഖലയെ ആശ്രയിക്കുന്ന അവസ്ഥയിലേക്കെത്തിയെന്ന് ദക്ഷിണാമൂര്‍ത്തി പറഞ്ഞു. തെറ്റായ ആഗോളവല്‍ക്കരണനയങ്ങള്‍ പിന്തുടരുന്നതിനാണ് ഇന്ത്യന്‍ ഭരണാധികാരികള്‍ ശ്രമിക്കുന്നത്. ഇതിനെ തൊഴിലാളിവര്‍ഗം ജാഗ്രതയോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിയുടെ കാരണം കണ്ടെത്താന്‍ ഹസാരെയ്ക്കായില്ല: എം എം നാരായണന്‍

കെ ശ്രീധരന്‍നഗര്‍ (ബത്തേരി): എന്തുകൊണ്ട് അഴിമതിയെന്ന ചോദ്യം ചോദിക്കാത്തതാണ് അണ്ണാഹസാരെയുടെ സമരത്തിന്റെ പരാജയമെന്ന് സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തിയ പ്രൊഫ. എം എം നാരായണന്‍ പറഞ്ഞു. ചരിത്രത്തെ അവഗണിക്കുന്നത് മുതലാളിത്തമാണ്. സംസ്കാരത്തെ ആള്‍ക്കൂട്ടത്തിന്റെതാക്കി മാറ്റാനാണ് മുതലാളിത്തം ശ്രമിക്കുന്നത്. അമേരിക്കന്‍ സാമ്രാജ്യത്വമെന്ന ഇരുട്ടിന്‍മേല്‍ പുതിയ സൂര്യോദയം കാണുന്നതാണ് ഇന്നത്തെ അവസ്ഥ. സാമ്പത്തികത്തിലൂന്നിയ സാമ്രാജ്യത്വം സംസ്കാരത്തിന് വില കല്‍പ്പിക്കുന്നില്ല. ഇറാക്കില്‍ നടക്കുന്നത് സംസ്കാരങ്ങള്‍ തമ്മിലുള്ള പ്രശ്നമാണ്. സംസ്കാരത്തിന് വില കല്‍പ്പിക്കുന്നതാണ് മാര്‍ക്സ്. സാമ്രാജ്യത്വം പ്രതിസന്ധിയില്‍ അകപ്പെടുമ്പോള്‍ മാര്‍ക്സിസത്തിന്റെ പ്രസക്തി വര്‍ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പി കൃഷ്ണപ്രസാദ് അധ്യക്ഷനായി. കെ ശോഭന്‍കുമാര്‍ സ്വാഗതവും കെ എന്‍ രാജപ്പന്‍ നന്ദിയും പറഞ്ഞു.

deshabhimani 301211

2011 ലെ പ്രധാന സംഭവങ്ങള്‍

സംഭവബഹുലമായ ഒരു വര്‍ഷത്തിനാണ് തിരശീല വീഴുന്നത്. സാമ്രാജ്യത്വം ചരിത്രത്തിലെ ഏറ്റവും വലിയ ഭീഷണിനേരിട്ട കാലമെന്ന നിലയിലാകും 2011നെ ഭാവി അടയാളപ്പെടുത്തുക. മുതലാളിത്ത പ്രതിസന്ധി മൂര്‍ധന്യാവസ്ഥയിലേക്ക് കടക്കുകയും ലോകത്താകമാനം സാമ്രാജ്യത്വത്തിനെതിരായ പുത്തനുണര്‍വുണ്ടാകുകയും ചെയ്ത വര്‍ഷം. മാര്‍ക്സും മാര്‍ക്സിസവും കൂടുതല്‍ ചര്‍ച്ചാവിഷയമാകുന്നതിനും പോയവര്‍ഷം സാക്ഷിയായി......

99 % സംഘടിക്കുമ്പോള്‍

വാര്‍ത്തകളുടെ പ്രവാഹത്തില്‍ അര്‍ഹിക്കുന്ന പ്രാധാന്യം നേടാതെ പോയ സംഭവമാണ് ഡിസംബര്‍ 12ന് അമേരിക്കയില്‍ നടന്ന തുറമുഖ ഉപരോധം. വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രക്ഷോഭകര്‍ അന്നേദിവസം അമേരിക്കയുടെ പടിഞ്ഞാറന്‍ തീരത്തെ എല്ലാ തുറമുഖവും സ്തംഭിപ്പിച്ചു. പുലര്‍ച്ചെ ആരംഭിച്ച ഉപരോധത്തില്‍ പ്രതികൂല കാലാവസ്ഥ വകവയ്ക്കാതെ പതിനായിരങ്ങള്‍ പങ്കുചേര്‍ന്നു. കോര്‍പറേറ്റുകളുടെ ആര്‍ത്തിക്കും കൊള്ളയ്ക്കും എതിരായി ആരംഭിച്ച വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രക്ഷോഭം സുസ്ഥിരമായ പ്രസ്ഥാനമായി മാറുന്നുവെന്നതിന്റെ തെളിവുകൂടിയായിരുന്നു ഈ ജനമുന്നേറ്റം. താല്‍ക്കാലിക പ്രതിഭാസമാണ് ഈ പ്രക്ഷോഭമെന്നും വൈകാതെ കെട്ടടങ്ങുമെന്നും വലതുപക്ഷം ആദ്യം കരുതി. എന്നാല്‍ , മുതലാളിത്തവിരുദ്ധപ്രക്ഷോഭകര്‍ ചേര്‍ന്ന് രൂപംനല്‍കിയ കനഡ ആസ്ഥാനമായ അഡ്ബസ്റ്റേഴ്സ് ഫൗണ്ടേഷന്‍ തുടക്കമിട്ട പ്രക്ഷോഭം ഓരോദിവസം കഴിയുന്തോറും ശക്തിയാര്‍ജിക്കുകയാണ്. മാത്രമല്ല, പ്രക്ഷോഭത്തെ അക്കാദമിക് സമൂഹമടക്കം അംഗീകരിച്ചിരിക്കുന്നു. ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍ വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തെക്കുറിച്ച് കോഴ്സ്തന്നെ ആരംഭിച്ചു.

"ദി ഒക്യുപൈഡ് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍" എന്ന പത്രത്തിന്റെ പിറവിക്കും പ്രക്ഷോഭം വഴിതെളിച്ചു. സെപ്തംബര്‍ 17നാണ് ന്യൂയോര്‍ക്കിലെ സുക്കോട്ടി ഉദ്യാനത്തില്‍ പ്രക്ഷോഭകര്‍ ആദ്യമായി ഒത്തുചേര്‍ന്നത്. ജനമുന്നേറ്റം ശക്തിയാര്‍ജിച്ചിട്ടും മുഖ്യധാരാമാധ്യമങ്ങള്‍ ഇതിനെ അവഗണിച്ചു. പ്രക്ഷോഭത്തിന്റെ വാര്‍ത്തകള്‍ നല്‍കിയ ചുരുക്കം മാധ്യമങ്ങള്‍തന്നെ ഇതിനെ വഴിതെറ്റിയ യുവാക്കളുടെ രോഷപ്രകടനമായി ചിത്രീകരിക്കാന്‍ ശ്രമിച്ചു. ഇതോടെ ബദല്‍മാധ്യമത്തിന്റെ ആവശ്യകത പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്ന ഏതാനും യുവാക്കള്‍ക്ക് ബോധ്യമായി. അങ്ങനെയാണ് ഒക്ടോബര്‍ ഒന്നിന് "ദി ഒക്യുപൈഡ് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍" പിറവിയെടുത്തത്.

കൃത്യമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അമേരിക്കയിലെ സാധാരണക്കാര്‍ വാള്‍സ്ട്രീറ്റിനെ പ്രതിക്കൂട്ടില്‍ കയറ്റിയിരിക്കുന്നത്. ഇവയാകട്ടെ, അമേരിക്ക ഇന്ന് നേരിടുന്ന സാമ്പത്തിക- സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതും. രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുള്ള ഏറ്റവും കൊടിയ ദാരിദ്ര്യത്തിലേക്കും തൊഴിലില്ലായ്മയിലേക്കും അമേരിക്കയെ എത്തിച്ചത് വാള്‍സ്ട്രീറ്റിന്റെ ലാഭക്കൊതിയാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു. കഴിഞ്ഞ ഏതാനും ദശകങ്ങളില്‍ അമേരിക്കന്‍ സാമൂഹികജീവിതത്തില്‍ ഉടലെടുത്ത അന്തരം ഭയാനകമാണ്. രാജ്യത്തെ സ്വത്തിന്റെ 40 ശതമാനവും കൈയാളുന്നത് ഒരു ശതമാനം മാത്രം വരുന്ന അതിസമ്പന്നരാണ്. ജനസംഖ്യയുടെ 80 ശതമാനത്തിന് അവകാശപ്പെട്ടത് മൊത്തം സമ്പത്തിന്റെ ഏഴ് ശതമാനംമാത്രമാണ്. ഈ അന്തരം കൂടിവരികയാണ്. 25 വര്‍ഷംമുമ്പ് ഒരു ശതമാനംവരുന്ന സമ്പന്നരുടെ കൈവശമുണ്ടായിരുന്ന സ്വത്ത് 33 ശതമാനമായിരുന്നു.

വരുമാനത്തിന്റെ കാര്യത്തിലും ഇതേതോതില്‍ അന്തരം വര്‍ധിച്ചുവരുന്നു. 1976ല്‍ ഒരു ശതമാനം സമ്പന്നര്‍ക്ക് ലഭിച്ചിരുന്നത് മൊത്തം ദേശീയവരുമാനത്തിന്റെ ഒമ്പത് ശതമാനമായിരുന്നു. ഇപ്പോഴിത് 24 ശതമാനമായി മാറി. ഓഹരികള്‍ , ബോണ്ടുകള്‍ , മ്യൂച്ചല്‍ ഫണ്ടുകള്‍ എന്നിങ്ങനെയുള്ള നിക്ഷേപങ്ങളുടെ 50 ശതമാനവും ഒരു ശതമാനംമാത്രം വരുന്ന അതിസമ്പന്നരുടേതാണ്. 50 ശതമാനം ജനങ്ങള്‍ക്ക് നിക്ഷേപങ്ങളിലുള്ള പങ്ക് 0.5 ശതമാനം മാത്രം. രാജ്യത്തെ വായ്പഭാരത്തിന്റെ 73 ശതമാനവും 90 ശതമാനം വരുന്ന ജനങ്ങളുടെ ചുമലിലാണ്. ഒരു ശതമാനം സമ്പന്നരുടെ ബാധ്യതയാകട്ടെ മൊത്തം കടത്തിന്റെ അഞ്ച് ശതമാനംമാത്രവും.

ഇത്തരത്തില്‍ പൊറുക്കാന്‍ കഴിയാത്ത സാമ്പത്തിക ഉച്ചനീചത്വം നിലനില്‍ക്കുന്ന സമൂഹത്തെയാണ് മൂന്നുവര്‍ഷംമുമ്പ് മാന്ദ്യം ബാധിച്ചത്. ഇതിന്റെ ഉത്തരവാദിത്തവും വാള്‍സ്ട്രീറ്റിനുതന്നെ. വാള്‍സ്ട്രീറ്റ് സൃഷ്ടിച്ച കുമിളകള്‍ പൊട്ടുകയും വായ്പ എടുത്തവരുടെ തിരിച്ചടവുശേഷി ഇല്ലാതാവുകയും ചെയ്തതോടെ ബാങ്കുകള്‍ പാപ്പരായി. അന്ന് സര്‍ക്കാര്‍ ലക്ഷക്കണക്കിന് കോടി ഡോളര്‍ ഒഴുക്കിയാണ് വാള്‍സ്ട്രീറ്റിനെ തകര്‍ച്ചയില്‍നിന്ന് രക്ഷിച്ചത്. ഈ പണമാകട്ടെ, സാധാരണ നികുതിദായകരുടേതും. വാള്‍സ്ട്രീറ്റ് മേധാവികള്‍ക്ക് ഒന്നും നഷ്ടപ്പെട്ടില്ല. എന്നാല്‍ , ചെലവുചുരുക്കല്‍ നടപടികളുടെ ഭാഗമായി 2.9 കോടിപേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ഇന്നിപ്പോള്‍ അമേരിക്കയില്‍ ആറിലൊരാള്‍ ദരിദ്രനാണ്. തൊഴിലില്ലായ്മ പത്ത് ശതമാനത്തോട് അടുക്കുന്നു.

അതേസമയം, സാമൂഹികസുരക്ഷാ പദ്ധതികള്‍ക്കായി പണം കണ്ടെത്താന്‍ സര്‍ക്കാര്‍ നികുതി ചുമത്താന്‍ ശ്രമിച്ചപ്പോള്‍ വാള്‍സ്ട്രീറ്റ് എതിര്‍ക്കുകയാണ്. തങ്ങളുടെ ചെലവില്‍ സാധാരണക്കാര്‍ക്ക് പരിരക്ഷ നല്‍കേണ്ടെന്ന വാദമാണ് അവര്‍ ഉയര്‍ത്തുന്നത്. പ്രതിപക്ഷപാര്‍ടിയായ റിപ്പബ്ലിക്കന്മാര്‍ക്കുപുറമെ ഭരണകക്ഷിയായ ഡെമോക്രാറ്റുകളിലെ ഗണ്യമായ വിഭാഗവും വാള്‍സ്ട്രീറ്റിന്റെ ഈ വാദത്തെ അതിശക്തമായി പിന്തുണയ്ക്കുന്നു.

കോര്‍പറേറ്റുകള്‍ ഒഴുക്കുന്ന പണമാണ് അമേരിക്കന്‍ തെരഞ്ഞെടുപ്പുകളില്‍ വിധി നിര്‍ണയിക്കുന്നത്. അതുകൊണ്ടുതന്നെ ഇവരില്‍നിന്ന് കൂടുതല്‍ പണം സമാഹരിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ഥികളാണ് വിജയിക്കുന്നത്. ഇത്തരത്തില്‍ ഭരണത്തില്‍ വരുന്നവര്‍ക്ക് സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാറില്ല. മാത്രമല്ല, വാള്‍സ്ട്രീറ്റിലെ ഏതു തട്ടിപ്പിനും സര്‍ക്കാര്‍ സംരക്ഷണം നല്‍കുകയും ചെയ്യുന്നു. രാജ്യത്തിന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ മുഴുകുന്നവര്‍ക്ക് പരിരക്ഷ ലഭിക്കുന്നു. അമേരിക്കയിലെ വന്‍കിട കോര്‍പറേറ്റുകള്‍ കരുതുന്നതാകട്ടെ രാജ്യം തകര്‍ന്നാലും തങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ലെന്നാണ്. അതുകൊണ്ടുതന്നെ രാജ്യം നിലനില്‍ക്കണോ കോര്‍പറേറ്റുകള്‍ തടിച്ചുകൊഴുക്കണോ എന്ന ചോദ്യമാണ് വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രക്ഷോഭകര്‍ ഉയര്‍ത്തുന്നത്.
(സാജന്‍ എവുജിന്‍)

വളര്‍ത്തിയ കൈകൊണ്ട് സംഹാരവും

കമ്യൂണിസത്തിനെതിരെ കുരിശുയുദ്ധം നയിക്കാന്‍ അമേരിക്ക പോറ്റിവളര്‍ത്തിയ ഒസാമ ബിന്‍ ലാദന്‍ എന്ന ഭീകരനേതാവിനെ ഒടുവില്‍ അമേരിക്കതന്നെ സംഹരിച്ചതിനും പോയവര്‍ഷം സാക്ഷിയായി. മെയ് ഒന്നിനായിരുന്നു പാകിസ്ഥാനിലെ അബോട്ടാബാദില്‍ ഒളിവില്‍ കഴിഞ്ഞ ലാദനെ അമേരിക്കന്‍സേന വധിച്ചത്. നീണ്ട പത്തുവര്‍ഷത്തെ പ്രയത്നത്തിനൊടുവില്‍ അമേരിക്ക ലക്ഷ്യം നേടുകയായിരുന്നു. ഇസ്ലാമാബാദില്‍നിന്ന് 120 കിലോമീറ്റര്‍ അകലെ, സൈനികകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന അബോട്ടാബാദ് നഗരത്തിലെ ബഹുനില മന്ദിരത്തില്‍ കുടുംബസമേതം കഴിയവെയാണ് ലാദന്‍ കമാന്‍ഡോ ആക്രമണത്തില്‍
കൊല്ലപ്പെട്ടതും തുടര്‍ന്ന് കടലില്‍ സംസ്കരിക്കപ്പെട്ടതും. വളര്‍ത്തിയ കൈകൊണ്ട് സംഹാരവും മതത്തിന് രാഷ്ട്രീയത്തിന്റെയും ഭീകരതയുടെയും രൂപമാറ്റം വരുത്തിച്ച് നിരപരാധികളെ കൂട്ടക്കൊലചെയ്യാന്‍ നേതൃത്വം നല്‍കിയ ബിന്‍ ലാദന്റെ മരണം മനുഷ്യരാശിക്ക് ആശ്വാസമായിരുന്നു. എന്നാല്‍ , അമേരിക്കന്‍ സാമ്രാജ്യത്വം അതിന്റെ രാഷ്ട്രീയ- സാമ്പത്തിക- അധിനിവേശ താല്‍പ്പര്യങ്ങള്‍ക്കായി സൃഷ്ടിച്ച് വലുതാക്കിയ വിഷവിത്തായിരുന്നു ലാദന്‍ . ഒടുവില്‍ വളര്‍ത്തിയ കൈക്കുനേരെ തിരിഞ്ഞപ്പോഴാണ് ലാദന്റെ നാശം അമേരിക്കയ്ക്ക് അനിവാര്യമായത്. പാകിസ്ഥാന്‍ എന്ന പരമാധികാര രാഷ്ട്രത്തില്‍ അവരുടെ അനുവാദമില്ലാതെ കടന്നുചെന്ന് വിചാരണയോ തെളിവെടുപ്പോ ഇല്ലാതെ കൊലപ്പെടുത്തി എന്നത് അമേരിക്കയുടെ അപ്രമാദിത്ത സ്വഭാവം വീണ്ടും വെളിവാക്കുന്നതായിരുന്നു. അമേരിക്കയുടെ ഈ നിലപാട് വന്‍ പ്രതിഷേധത്തിനും ഇടയാക്കി. 2001 സെപ്തംബര്‍ 11ന് ലോകവ്യാപാരകേന്ദ്രത്തിനും പെന്റഗണിനും നേരെ നടന്ന ഭീകരാക്രമണത്തോടെയാണ് ലാദന്‍ നോട്ടപ്പുള്ളിയായത്.

തിരിച്ചുവരവില്‍ റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ടി

റഷ്യയില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ശക്തമായ തിരിച്ചുവരവിന് പോയവര്‍ഷം സാക്ഷിയായി. ഡിസംബറില്‍ റഷ്യന്‍ പാര്‍ലമെന്റിന്റെ അധോസഭയായ ഡ്യൂമയിലേക്ക് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ വോട്ട് 12 ശതമാനത്തില്‍നിന്ന് 19 ശതമാനമായി ഉയര്‍ന്നു. സീറ്റ് 57ല്‍നിന്ന് 92 ആയി വര്‍ധിച്ചു. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നിട്ടും കമ്യൂണിസ്റ്റ് പാര്‍ടിക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത് ശ്രദ്ധേയമായ പുരോഗതിയായി. 450 അംഗസംഖ്യയുള്ള ഡ്യൂമയില്‍ പുടിന്റെ പാര്‍ടിക്ക് 49.54 ശതമാനം വോട്ട് നേടി തൃപ്തിപ്പെടേണ്ടി വന്നു. നാലു കൊല്ലംമുമ്പ് 64.3 ശതമാനം ആയിരുന്നതാണ് 49.54 ശതമാനം ആയി കുറഞ്ഞത്. സോഷ്യലിസവും കമ്യൂണിസവും മരിച്ചുകഴിഞ്ഞെന്നും മാര്‍ക്സിസം- ലെനിനിസം കാലഹരണപ്പെട്ടെന്നും വിളിച്ചുകൂവിയ വലതുപക്ഷ പിന്തിരിപ്പന്‍ ശക്തികള്‍ക്കുള്ള ശക്തമായ തിരിച്ചടികൂടിയായി തെരഞ്ഞെടുപ്പു ഫലം. 2008ല്‍ പൊട്ടിപ്പുറപ്പെട്ട സാമ്പത്തിക കുഴപ്പത്തിന്റെ പ്രത്യാഘാതങ്ങള്‍ റഷ്യയെയും ബാധിച്ചപ്പോള്‍ പുടിന്‍ ഉള്‍പ്പെട്ട ചില കമ്യൂണിസ്റ്റ് ഇതര നേതാക്കള്‍പോലും ജനസ്വാധീനം വര്‍ധിപ്പിക്കാന്‍വേണ്ടി പഴയ സോഷ്യലിസ്റ്റ് സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയില്‍ ഖേദം പ്രകടിപ്പിച്ചതിനും പോയവര്‍ഷം സാക്ഷിയായി. ലോകത്തിലാകെ കണ്ടുവരുന്ന പോരാട്ടങ്ങളുടെയും മാറ്റങ്ങളുടെയും പ്രതിധ്വനിതന്നെയാണ് റഷ്യയിലും കാണാനാകുന്നത്.

കമ്പോളദൈവം പരാജയപ്പെടുന്നു

കമ്പോളത്തില്‍ തകര്‍ച്ച, ആശയക്കുഴപ്പം, പരിഭ്രാന്തി- ഇതൊന്നും മുതലാളിത്തവിരുദ്ധര്‍ പ്രചരിപ്പിക്കുന്നതല്ല. പേരുകേട്ട മുതലാളിത്തപണ്ഡിതര്‍തന്നെ ഉരുവിടുന്നതാണ്. രണ്ട് ദശകമായി, കൃത്യമായി പറഞ്ഞാല്‍ സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം ലോകത്ത് പുതിയൊരു ദൈവം ഉടലെടുത്തിരുന്നു. സ്വതന്ത്രകമ്പോളമെന്ന െദൈവം. ഇതിനെ ആരാധിക്കുന്നവര്‍ക്കാണ് ലോകത്തെ നയിക്കാനുള്ള അര്‍ഹതയെന്ന് പ്രചാരണം പൊടിപൊടിച്ചു. എന്നാല്‍ "വളര്‍ച്ചയുടെ" കുമിളകള്‍ പൊട്ടുകയും തൊഴിലില്ലായ്മ പെരുകുകയും സാമ്പത്തിക പ്രതിസന്ധികള്‍ അടിക്കടി ഉണ്ടാവുകയും ചെയ്തതോടെ കമ്പോളദൈവത്തെ വിശ്വാസികള്‍ ഓരോരുത്തരായി കൈവിടുകയാണ്. 1929ല്‍ ആരംഭിച്ച്, മുപ്പതുകളില്‍ ലോകമാകെ പടര്‍ന്ന മഹാമാന്ദ്യം സാമ്പത്തിക- ധനകാര്യപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ശക്തമായി ഇടപെടണമെന്ന വാദത്തിന് കരുത്തേകിയിരുന്നു. പക്ഷേ, രണ്ടാംലോകമഹായുദ്ധത്തിനുശേഷം ഡോളര്‍ ആഗോളകറന്‍സിയായി മാറുകയും അമേരിക്ക ലോകത്തിന്റെ ആധിപത്യം പിടിച്ചെടുക്കാന്‍ ശ്രമം ശക്തമാക്കുകയും ചെയ്തു.

"കാര്യക്ഷമമായ കമ്പോളത്തിന്റെ" തീരുമാനത്തിനായി എല്ലാം വിട്ടുകൊടുക്കണമെന്ന സിദ്ധാന്തം അമേരിക്കന്‍മുതലാളിത്ത പണ്ഡിതര്‍ പ്രചരിപ്പിച്ചു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ "സര്‍വതന്ത്രസ്വതന്ത്രമായ കമ്പോളം" എന്ന വാദത്തിന് മേല്‍ക്കൈ ലഭിച്ചു. 2008ല്‍ പ്രകടമായ ആഗോളസാമ്പത്തികത്തകര്‍ച്ച മറികടക്കാന്‍ ഇതേ പണ്ഡിതര്‍ നിര്‍ദേശിച്ച കുറിപ്പടി ഇതായിരുന്നു-ധനികരുടെ നികുതികള്‍ വെട്ടിക്കുറയ്ക്കുക, സാമൂഹ്യസുരക്ഷ പദ്ധതികള്‍ നിര്‍ത്തലാക്കുക. അമേരിക്കയില്‍ ബറാക് ഒബാമ അധികാരത്തില്‍ വന്ന സമയത്ത് കമ്പോളദൈവവും പൂജാരിമാരും ആരാധകരും ഹതാശരായിരുന്നു. ഇവരെ രക്ഷിക്കാന്‍ 7.77 ലക്ഷം കോടി ഡോളറിന്റെ സൗജന്യങ്ങളാണ് ഒബാമ അനുവദിച്ചത്. യൂറോപ്യന്‍രാജ്യങ്ങളും സമാന നടപടികള്‍ സ്വീകരിച്ചു. എന്നാല്‍ , ഈ ചികിത്സ മേമ്പൊടിക്കേ ഫലിച്ചുള്ളുവെന്ന് രണ്ട് വര്‍ഷത്തിനകം ബോധ്യമായി.

ഇക്കൊല്ലം ഗ്രീസിലായിരുന്നു ആദ്യം കുഴപ്പം. കടക്കെണിയിലായ ഗ്രീസിന് യൂറോപ്യന്‍ യൂണിയന്‍ രക്ഷാപദ്ധതിയില്‍നിന്ന് ധനസഹായം ലഭിക്കണമെങ്കില്‍ സര്‍ക്കാര്‍ ചെലവുകള്‍ വന്‍തോതില്‍ ചുരുക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ സെന്‍ട്രല്‍ ബാങ്കും ഐഎംഎഫും നിബന്ധന വച്ചു. ഇത് അംഗീകരിച്ച് വായ്പ എടുക്കാനുള്ള ജോര്‍ജ് പാപ്പന്‍ഡ്ര്യൂ സര്‍ക്കാരിന്റെ ശ്രമത്തിനെതിരെ രാജ്യത്ത് ശക്തമായ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു. പൊതുപണിമുടക്കുകള്‍ ആവര്‍ത്തിച്ചു. നില്‍ക്കക്കള്ളിയില്ലാതെ പാപ്പന്‍ഡ്ര്യൂ നവംബറില്‍ പ്രധാനമന്ത്രിസ്ഥാനം ഒഴിഞ്ഞു. പകരം ലൂക്കാസ് പാപ്പദമോസിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും സാമ്പത്തിക രക്ഷാപദ്ധതി എങ്ങുമെത്തിയിട്ടില്ല. കടക്കെണി, പെരുകുന്ന തൊഴിലില്ലായ്മ, പണപ്പെരുപ്പം എന്നിവയുടെ രൂപത്തില്‍ പ്രതിസന്ധി ക്രമേണ ഫ്രാന്‍സ്, ബ്രിട്ടന്‍ , ഇറ്റലി, പോര്‍ച്ചുഗല്‍ , സ്പെയിന്‍ തുടങ്ങി പ്രധാന യൂറോപ്യന്‍ രാജ്യങ്ങളിലും അനുദിനം രൂക്ഷമാകുന്നു.

യൂറോ അംഗീകരിച്ച് യൂറോസോണില്‍ ഇനിയും അംഗമാകാത്ത ബ്രിട്ടനും യൂറോസോണ്‍ രാജ്യങ്ങളും തമ്മില്‍ കടുത്ത ഭിന്നത ഉടലെടുത്തിരിക്കുകയാണ്. പ്രതിസന്ധിയുടെ ഉത്തരവാദിത്തം ഇവര്‍ പരസ്പരം ആരോപിക്കുന്നു. പ്രതിസന്ധി കൈകാര്യംചെയ്യാന്‍ ആവിഷ്കരിച്ച നികുതികരാറില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള കാമറോണ്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഇതരയൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രതിഷേധം ഇരമ്പുകയാണ്. കരാറില്‍ പങ്കാളിയായാല്‍ ലണ്ടന്‍ കേന്ദ്രമായ വ്യവസായങ്ങളെല്ലാം തകരുമെന്നാണ് കാമറോണ്‍ സര്‍ക്കാരിന്റെ വാദം. ബ്രിട്ടനില്‍ ഇപ്പോള്‍ത്തന്നെ തൊഴില്‍രഹിതരുടെ എണ്ണം 30 ലക്ഷത്തോളമായി. സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ നവംബര്‍ 30ന് രാജ്യത്ത് ട്രേഡ് യൂണിയനുകള്‍ ആഹ്വാനംചെയ്ത പണിമുടക്ക് 1979നുശേഷമുള്ള ഏറ്റവും വിപുലമായ പ്രക്ഷോഭമായി.

ഇറ്റാലിയന്‍ സമ്പദ്ഘടന കഴിഞ്ഞ സെപ്തംബറില്‍ അവസാനിച്ച മൂന്നു മാസത്തിനുള്ളില്‍ രണ്ട് ശതമാനം ചുരുങ്ങി. മൊത്തം ആഭ്യന്തരവരുമാനത്തിന്റെ 118 ശതമാനമാണ് ഇറ്റലിയുടെ കടം. സ്പെയിനും പോര്‍ച്ചുഗലും രക്ഷാപദ്ധതി കാത്തിരിക്കുകയാണ്. യൂറോമേഖലയില്‍ ഏറ്റവും കടുത്ത തൊഴിലില്ലായ്മ സ്പെയിനിലാണ്, 21.5 ശതമാനം.

അറബ്വസന്തം പ്രതീക്ഷയില്‍നിന്ന് ആശങ്കയിലേക്ക്

ഏകാധിപത്യത്തിനും ദുര്‍ഭരണത്തിനും എതിരായി അറബ്രാജ്യങ്ങളില്‍ ഉയര്‍ന്നുവന്ന ജനകീയപ്രക്ഷോഭങ്ങള്‍ പിന്നിടുന്ന വര്‍ഷത്തിന്റെ ആദ്യമാസങ്ങളെ പ്രതീക്ഷാനിര്‍ഭരമാക്കിയിരുന്നു. എന്നാല്‍ , പിന്നീടുള്ള നാളുകളില്‍ ഈ പ്രതീക്ഷ ആശങ്കയ്ക്ക് വഴിമാറി. അറബ് വസന്തം എന്ന പേരില്‍ ഉയര്‍ന്നുവന്ന ജനകീയപ്രക്ഷോഭങ്ങളുടെ മറവില്‍ ഈ മേഖലയില്‍ പാവഭരണാധികാരികളെ അധികാരത്തില്‍ പ്രതിഷ്ഠിക്കാനാണ് അമേരിക്കയും ബ്രിട്ടനും മറ്റ് പാശ്ചാത്യശക്തികളും ശ്രമിക്കുന്നത്. എണ്ണയുടെയും ധാതുസമ്പത്തിന്റെയും വന്‍നിക്ഷേപമുള്ള അറബ്-ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പുരോഗമനശക്തികള്‍ ഭരണം കൈയാളുന്നത് സാമ്രാജ്യത്വത്തിന് ചിന്തിക്കാന്‍ കഴിയുന്ന കാര്യമല്ല.

ടുണീഷ്യയില്‍ 2010 ഡിസംബര്‍ 18ന് തിരികൊളുത്തിയ ജനകീയപ്രക്ഷോഭം തീര്‍ച്ചയായും ഏകാധിപതികള്‍ക്കും അഴിമതിക്കാര്‍ക്കും എതിരായിട്ടുള്ളതായിരുന്നു. മുഹമ്മദ് ബൗദ് അസീസ് എന്ന തൊഴില്‍രഹിതനായ യുവബിരുദധാരി വഴിയോരക്കച്ചവടക്കാരനായി. എന്നാല്‍ , വ്യാപാരലൈസന്‍സ് എടുത്തിട്ടില്ലെന്ന പേരില്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. കസ്റ്റഡിയില്‍നിന്ന് ഇറങ്ങിവന്നശേഷം മുഹമ്മദ് തെരുവില്‍വച്ച് തീകൊളുത്തി ജീവനൊടുക്കുകയാണ് ചെയ്തത്. ഈ ജ്വാലകള്‍ കാട്ടുതീപോലെ പടര്‍ന്നു. ടുണീഷ്യയില്‍നിന്ന് ഈജിപ്ത്, അള്‍ജീരിയ, ജോര്‍ദാന്‍ , യെമന്‍ , സിറിയ, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളിലെല്ലാം കലാപം ഉയര്‍ന്നു. ടുണീഷ്യയില്‍നിന്ന് പലായനം ചെയ്യേണ്ടിവന്ന പ്രസിഡന്റ് സൈനെല്‍ അബിദിന്‍ ബിന്‍ അലിക്ക് അഭയം നല്‍കിയത് അമേരിക്കയുടെ സഖ്യകക്ഷിയായ സൗദി അറേബ്യയാണ്. ടുണീഷ്യയില്‍ ഒക്ടോബര്‍ 23ന് നടന്ന തെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം സീറ്റ് നേടിയത് അന്നഹ്ദ എന്ന ഇസ്ലാമിക കക്ഷിയാണ്. അന്നഹ്ദയുടെ തലവന്‍ റഷീദ് ഗനൂഷി പാശ്ചാത്യര്‍ക്ക് പ്രിയങ്കരനും. തെരഞ്ഞെടുപ്പില്‍ പാശ്ചാത്യമാധ്യമങ്ങളുടെ അകമഴിഞ്ഞ സഹകരണം ഗനൂഷിക്ക് ലഭിച്ചു. ഫ്രാന്‍സിന്റെ മുന്‍കോളനിയായ ടുണീഷ്യയില്‍ തുടര്‍ന്നും ഇടപെടാനുള്ള അവസരമാണ് പാശ്ചാത്യരാജ്യങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്.

ഈജിപ്തിലാകട്ടെ അമേരിക്കയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സൈനിക ജനറല്‍മാരാണ് ഹുസ്നി മുബാറക്കിന്റെ പതനത്തിനുശേഷം അധികാരം കൈയാളുന്നത്. മുബാറക് ഭരണത്തിലിരുന്നപ്പോള്‍തന്നെ യഥാര്‍ഥത്തില്‍ അധികാരം നിയന്ത്രിച്ചിരുന്നത് സൈന്യമാണ്. ജനകീയപ്രക്ഷോഭം അലയടിച്ചപ്പോള്‍ തന്ത്രപരമായ നിഷ്ക്രിയത്വം പാലിച്ച സൈനികനേതൃത്വം "ജനങ്ങളും സൈന്യവും ഒന്നിച്ചിരിക്കുന്നു" എന്ന മുദ്രാവാക്യം ഉയരാന്‍ ഇടയാക്കി. വിപ്ലവത്തില്‍ പങ്കാളികളാകാന്‍ തയ്യാറാകാതിരുന്നപ്പോള്‍തന്നെ ജനകീയാവകാശങ്ങള്‍ സംരക്ഷിക്കുന്നുവെന്ന പേരില്‍ സൈന്യം കൈയടി നേടുകയായിരുന്നു. എന്നാല്‍ , മുബാറക് അധികാരം ഒഴിഞ്ഞതോടെ സൈന്യത്തിന്റെ മട്ടുമാറി. ഇപ്പോള്‍ പ്രക്ഷോഭകര്‍ക്കുനേരെ കടുത്ത പീഡനം അഴിച്ചുവിട്ടിരിക്കുകയാണ്. രാജ്യവ്യാപകമായി 12,000ല്‍പരം ആളുകളാണ് വിചാരണ നേരിടുന്നത്. മുബാറക്കിന്റെ 30 വര്‍ഷം നീണ്ട ഭരണത്തില്‍പോലും ഇത്രയേറെ രാഷ്ട്രീയത്തടവുകാര്‍ ഉണ്ടായിട്ടില്ല. മതനിരപേക്ഷസ്വഭാവം കൈവെടിഞ്ഞാണ് പൊലീസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ക്രൈസ്തവരുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നു. കോപ്ടിക് ക്രൈസ്തവര്‍ ഇതിനെതിരെ പ്രക്ഷോഭത്തിലാണ്. സംഘര്‍ഷത്തില്‍ നിരവധി കോപ്ടിക് ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. ഭരണഘടന രൂപീകരിക്കാന്‍ അവകാശമുള്ള ഇടക്കാല സര്‍ക്കാരിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇസ്ലാമിക് ബ്രദര്‍ഹുഡ് ആണ് മേല്‍ക്കൈ നേടിയിരിക്കുന്നത്. ഇതിനിടെ സൈന്യത്തിന്റെ അതിക്രമങ്ങള്‍ക്കെതിരെ പ്രക്ഷോഭം തുടരുകയാണ്. കെയ്റോയിലെ തഹ്രിര്‍ ചത്വരത്തില്‍ പ്രക്ഷോഭകാരിയായ സ്ത്രീയെ സൈനികര്‍ നഗ്നയാക്കി മര്‍ദിച്ചതിനെതിരെ രാജ്യമെമ്പാടും വനിതകള്‍ തെരുവിലിറങ്ങിയിരിക്കുന്നു. ഇങ്ങനെ ഈജിപ്തിലെ സ്ഥിതി കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലാണ്.

ബഹ്റൈനില്‍ ഉയര്‍ന്ന ജനകീയപ്രക്ഷോഭത്തെ ഭരണാധികാരികള്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സേനയുടെ സഹായത്തോടെ നിഷ്ഠൂരമായി അടിച്ചമര്‍ത്തി. പ്രക്ഷോഭകര്‍ക്ക് വൈദ്യസഹായം നല്‍കിയവരെപ്പോലും ജയിലിലടച്ചു. മതനിരപേക്ഷതയുടെ പ്രതീകമായി അറബ്ലോകത്ത് ഉദയംകൊണ്ട ബാത്തിസ്റ്റ് പ്രസ്ഥാനം പുതിയ സംഭവവികാസങ്ങളുടെ ഫലമായി കടുത്ത ഭീഷണി നേരിടുകയാണ്. സിറിയയില്‍ ബാത്ത് ഭരണം അട്ടിമറിക്കാന്‍ കലാപകാരികള്‍ക്ക് വിദേശശക്തികള്‍ സഹായം നല്‍കുകയാണ്. ഇത് സിറിയയില്‍ രൂക്ഷമായ ആഭ്യന്തരസംഘര്‍ഷം സൃഷ്ടിച്ചിരിക്കുന്നു. അറബ് രാജ്യങ്ങളിലെ ജനകീയപ്രക്ഷോഭത്തെ ഏറ്റവും അപലപനീയമായ തരത്തില്‍ പാശ്ചാത്യര്‍ ദുര്‍വിനിയോഗംചെയ്തത് ലിബിയയിലാണ്. അവിടെ പാശ്ചാത്യര്‍ നഗ്നമായി ഇടപെട്ട് ഭരണാധികാരിയായിരുന്ന മുഅമ്മര്‍ ഗദ്ദാഫിയെ വകവരുത്തി.

പലസ്തീന്റെ പോരാട്ടം വഴിത്തിരിവില്‍

ആറ് പതിറ്റാണ്ടിലധികമായി സ്വതന്ത്രരാഷ്ട്രത്തിനായി പലസ്തീന്‍ ജനത നടത്തുന്ന പോരാട്ടം പോയവര്‍ഷം വഴിത്തിരിവിലെത്തി. രാഷ്ട്രപദവിക്കും ഐക്യരാഷ്ട്രസംഘടനയില്‍ പൂര്‍ണ അംഗത്വത്തിനുമായി പലസ്തീന്‍ യുഎന്നിനെ സമീപിച്ചിരിക്കുകയാണ്. അമേരിക്കന്‍ മധ്യസ്ഥതയില്‍ ഇസ്രയേലുമായി നടത്തിവന്ന ചര്‍ച്ചകള്‍ വിഫലമാകുന്ന സാഹചര്യത്തിലാണിത്. ഇതിന്റെ തുടര്‍ച്ചയായി യുഎന്നിന്റെ സാംസ്കാരിക വിദ്യാഭ്യാസ ഏജന്‍സിയായ യുനസ്കോയില്‍ പലസ്തീന് അംഗത്വം ലഭിച്ചു. ഒക്ടോബര്‍ 31ന് യുനസ്കോ ആസ്ഥാനത്ത് നടന്ന വോട്ടെടുപ്പില്‍ , അമേരിക്കന്‍ ഭീഷണി തള്ളിയാണ് ഭൂരിപക്ഷം രാഷ്ട്രങ്ങളും പലസ്തീന് അനുകൂലമായ നിലപാടെടുത്തത്. പലസ്തീന്‍ പ്രദേശങ്ങളില്‍ രണ്ട് സര്‍ക്കാരുകള്‍ക്ക് ഇടയാക്കി പരസ്പരം പോരടിച്ചുനിന്ന ഹമാസും ഫത്തായും യോജിക്കുന്നതിനും 2011 സാക്ഷിയായി.

രാക്ഷസത്തിരമാലകള്‍ ജപ്പാനെ വിഴുങ്ങിയപ്പോള്‍

രാക്ഷസത്തിരമാലകള്‍ ജപ്പാന്‍ എന്ന ദ്വീപ്രാഷ്ട്രത്തെ വിഴുങ്ങിയപ്പോള്‍ ലോകംകണ്ട ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നായി അത്. മാര്‍ച്ച് 11നാണ് ലോകത്തെ നടുക്കിയ ആ ദുരന്തം. പസഫിക് സമുദ്രത്തിലുണ്ടായ, റിക്ടര്‍ സ്കെയിലില്‍ 8.9 തീവ്രതയിലുള്ള ഭൂകമ്പത്തെ തുടര്‍ന്ന് ജപ്പാന്റെ വടക്കുകിഴക്കന്‍ ഭാഗത്ത് 2100 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തീരത്തെ ഗ്രാമ- നഗരങ്ങളെയാണ് സുനാമി വിഴുങ്ങിയത്. ജപ്പാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സുനാമി കവര്‍ന്നത് 20,000 ലേറെ ജീവനായിരുന്നു. തുറമുഖങ്ങളും കപ്പലുകളും വിമാനങ്ങളും വീടുകളും ഒഴുകിപ്പോയി. ആണവനിലയങ്ങളും എണ്ണ ശുദ്ധീകരണശാലകളും കത്തി നശിച്ചു. ഫുക്കുഷിമ ആണവനിലയത്തില്‍നിന്നുള്ള ആണവച്ചോര്‍ച്ചയും ലോകത്തിലാകെ ഭീതിയുയര്‍ത്തി. ആണവദുരന്തഭീതിയില്‍ മൂന്നുലക്ഷത്തോളം ജനങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്.

ലോകം ഞെട്ടിയ വെളിപ്പെടുത്തലുകള്‍

അമേരിക്കന്‍ കുടിലതകളും മറ്റ് രാജ്യങ്ങളില്‍ അവര്‍ നടത്തുന്ന കടന്നുകയറ്റവും പ്രതിലോമ പ്രവര്‍ത്തനങ്ങളും ലോകത്തിനുമുന്നില്‍ തുറന്നുകാട്ടിയ വിക്കിലീക്സ് വെളിപ്പടുത്തലുകളില്‍ കൂടുതലും പോയ വര്‍ഷമാണ്. അമേരിക്കന്‍ സര്‍ക്കാരിന്റെ നയതന്ത്ര രഹസ്യങ്ങള്‍ അടങ്ങുന്ന ലക്ഷക്കണക്കിന് കേബിളുകളാണ് പുറത്തുവിട്ടത്. ഇന്ത്യന്‍ രാഷ്ട്രീയത്തെയും വിക്കിലീക്സ് വെളിപ്പെടുത്തലുകള്‍ പിടിച്ചുകുലുക്കി. യുപിഎ സര്‍ക്കാര്‍ വിശ്വസവോട്ട് നേടാന്‍ എംപിമാരെ വിലയ്ക്കെടുത്തതിന്റെയും ആണവകരാറിന്റെ മറവില്‍ നടന്ന ഇടപാടുകളുടെയും വിശദവിവരങ്ങള്‍ വിക്കിലീക്്സ് തെളിവുസഹിതം പുറത്തുവിട്ടു. ആണവകരാര്‍ വിഷയത്തില്‍ ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്ന് കോടിക്കണക്കിന് രൂപ ഒഴുക്കിയാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തിയതെന്നും പുറത്തുവന്ന രേഖകള്‍ വ്യക്തമാക്കുന്നു. കേരളരാഷ്ട്രീയത്തില്‍ അമേരിക്കന്‍ ചാരസംഘടന സിഐഎ പുലര്‍ത്തുന്ന താല്‍പ്പര്യവും നടത്തിയ ഇടപെടലുകളും ഇടതുപക്ഷം പലപ്പോഴും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ശരിവയ്ക്കുന്നതായിരുന്നു വിക്കിലീക്സിന്റെ വെളിപ്പെടുത്തല്‍ . ഇന്ത്യയിലെ മുക്കിലും മൂലയിലും നടക്കുന്ന കാര്യങ്ങള്‍ വരെ അമേരിക്ക സൂക്ഷ്മതയോടെ നിരീക്ഷിച്ചുവരികയാണെന്ന് നയതന്ത്രജ്ഞരുടെ സന്ദേശങ്ങള്‍ വെളിപ്പെടുത്തുന്നു. കള്ളപ്പണങ്ങള്‍ നിക്ഷേപിക്കാനുള്ള രഹസ്യയിടങ്ങളെന്ന് പേരുകേട്ട സ്വിസ് ബാങ്ക് അക്കൗണ്ടുകളില്‍ ഏറ്റവും കൂടുതല്‍ പണം നിക്ഷേപിച്ചിരിക്കുന്നത് ഇന്ത്യക്കാരാണെന്ന് വിക്കിലീക്സ് പുറത്തുവിട്ടു. കള്ളപ്പണം നിക്ഷേപിച്ചവരുടെ പേരുവിവരങ്ങള്‍ കണ്ടെത്തുന്നതില്‍ ഇന്ത്യ അധികം താല്‍പര്യം കാണിക്കുന്നില്ലെന്ന് വ്യക്തമാക്കിയ വിക്കിലീക്സ്, കള്ളപ്പണ നിക്ഷേപകരുടെ വിവരങ്ങള്‍ പുറത്തുവിടുമെന്ന് വ്യക്തമാക്കി. വെളിപ്പെടുത്തലുകള്‍ മൂലം പ്രതികൂട്ടിലായ അമേരിക്ക വെറുതെയിരുന്നില്ല. വിക്കിലീക്സിനുനേരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി. വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെയെ പിടികൂടാന്‍ പല തന്ത്രങ്ങളും പ്രയോഗിച്ചു. അവസാനം സ്വീഡനില്‍ വെച്ച് അസാഞ്ചെയെ അറസ്റ്റുചെയ്തു.

ജോബ്സിന്റെ വിടവാങ്ങല്‍

ഒരു യുഗത്തിന്റെ അന്ത്യത്തിനായിരുന്നു ഒക്ടോബര്‍ അഞ്ച് സാക്ഷിയായത്. കംപ്യൂട്ടറുകളുടെയും മൊബൈല്‍ ഫോണുകളുടെയും ലോകത്തെ അടിമുടി മാറ്റിമറിച്ച "ആപ്പിളി"ന്റെ സ്ഥാപകനും മുന്‍ സിഇഒയുമായ സ്റ്റീവന്‍ പോള്‍ ജോബ്സ് അഥവാ സ്റ്റീവ് ജോബ്സ് ലോകത്തോടു വിടവാങ്ങി. 1976ലാണ് സ്റ്റീവ് ജോബ്സ് സുഹൃത്തുക്കള്‍ക്കൊപ്പം "ആപ്പിളി"ന് തുടക്കംകുറിച്ചത്. എന്നാല്‍ , 1985ല്‍ അട്ടിമറിയിലൂടെ കമ്പനിയില്‍നിന്ന് പുറത്തായി. 1997ലാണ് കമ്പനിയുടെ മേധാവിയായി തിരിച്ചെത്തിയത്. മുങ്ങിത്താണുകൊണ്ടിരുന്ന "ആപ്പിളി"ന്റെ ഉയര്‍ച്ചയുടെ കാലമായിരുന്നു പിന്നീട്. സാങ്കേതികലോകത്ത് ഒന്നാംസ്ഥാനത്ത് തുടരുമ്പോഴാണ് 2011 ആഗസ്തില്‍ സ്റ്റീവ് ജോബ്സ് "ആപ്പിളി"ന്റ സിഇഒ സ്ഥാനം ഒഴിഞ്ഞത്.

സാമ്രാജ്യത്വ ക്രൂരത

നാല്‍പ്പത്തിരണ്ട് വര്‍ഷം ലിബിയ ഭരിച്ച കേണല്‍ മു അമ്മര്‍ ഗദ്ദാഫിയെ നാറ്റോ സൈന്യത്തിന്റെ പിന്‍ബലത്തോടെ വിമതര്‍ വധിച്ചത് ഒക്ടോബര്‍ 20നാണ്. അമേരിക്കയുടെയും പാശ്ചാത്യരാജ്യങ്ങളുടെയും ചൊല്‍പ്പടിക്ക് നില്‍ക്കാത്ത ഗദ്ദാഫി അവസാനംവരെ പൊരുതി. ഗദ്ദാഫിയുടെ മൃതദേഹത്തോടുപോലും സാമ്രാജ്യത്വവും അവരുടെ പിണിയാളുകളും നീതികാട്ടിയില്ല. റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയ മൃതദേഹം കോള്‍ഡ് സ്റ്റോറേജിലാണ് സൂക്ഷിച്ചത്. ടുണീഷ്യയിലും ഈജിപ്തിലും നടന്ന പോരാട്ടങ്ങളില്‍ ഭരണാധികാരികളെ പിന്തുണച്ച സാമ്രാജ്യത്വം ലിബിയയില്‍ വിമതര്‍ക്കൊപ്പം ചേര്‍ന്നതിന് കാരണം ഗദ്ദാഫിയോടുള്ള പക മാത്രമായിരുന്നില്ല; അവിടുത്തെ എണ്ണസമ്പത്തില്‍കൂടി നോട്ടമിട്ടായിരുന്നു. ഗദ്ദാഫിക്കുശേഷം ലിബിയയില്‍ ശക്തമായ ഒരു ഭരണസംവിധാനം ഇതുവരെ നിലവില്‍ വന്നിട്ടില്ല. 1969ലാണ് ഗദ്ദാഫി ലിബിയയുടെ ഭരണമേറ്റെടുക്കുന്നത്. സാമ്രാജ്യത്വ വിരുദ്ധനിലപാടുകളിലൂടെയാണ് അദ്ദേഹം ലോകശ്രദ്ധ നേടുന്നത്. എണ്ണവ്യവസായത്തെ ദേശസാല്‍ക്കരിച്ചതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഭരണപരിഷ്കാരമായി ചൂണ്ടിക്കാട്ടുന്നത്.

സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍

സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം മൂന്ന് വനിതകള്‍ സ്വന്തമാക്കി എന്ന അപൂര്‍വതയും പോയ വര്‍ഷത്തിന്റെ പ്രത്യേകതയായി. ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയയുടെ പ്രസിഡന്റ് എലെന്‍ ജോണ്‍സണ്‍ സര്‍ലീഫ്, ലൈബീരിയക്കാരി തന്നെയായ ലെയ്മാ ഗബോവീ, യെമനിലെ ജനാധിപത്യപ്രക്ഷോഭത്തിന്റെ വീരനായികയും മാധ്യമപ്രവര്‍ത്തകയുമായ തവാക്കുര്‍ കര്‍മാന്‍ എന്നിവരാണ് നോര്‍വീജിയന്‍ പുരസ്കാരം പങ്കിട്ടത്. സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം സ്വീഡിഷ് കവി റ്റൊമാസ് ട്രോണ്‍സ്ട്രോമര്‍ കരസ്ഥമാക്കി. വൈദ്യശാസ്ത്ര നൊബേല്‍ അമേരിക്കക്കാരനായ ബ്രൂസ് ബ്യൂട്ട്ലറും ജൂള്‍സ് ഹോഫ്മാനും (ഫ്രാന്‍സ്) റാള്‍ഫ് സ്റ്റെയിന്‍മാനും (കനഡ) പങ്കിട്ടു. രസതന്ത്രത്തിനുള്ള പുരസ്കാരം ലഭിച്ചത് ഇസ്രയേലി ശാസ്ത്രജ്ഞനായ ഡാനിയേല്‍ ഷെക്ട്മാനായിരുന്നു. ഭൗതികശാസ്ത്രത്തില്‍ സോള്‍ പെര്‍മുട്ടറും ബ്രയാന്‍ പി ഷ്മിഡ്റ്റും ആഡം ജി റൈസും പുരസ്കാരം സ്വന്തമാക്കി.

വിടപറഞ്ഞത് പ്രിയ നേതാവ്

വെല്ലുവിളികള്‍ അതിജീവിച്ച് രണ്ട് പതിറ്റാണ്ടോളം ഉത്തരകൊറിയയെ നയിച്ച കിം ജോങ് ഇല്‍ വിടപറഞ്ഞത് ഡിസംബര്‍ 17നായിരുന്നു. വര്‍ക്കേഴ്സ് പാര്‍ടി ഓഫ് കൊറിയ (ഡബ്ല്യൂപികെ) ജനറല്‍ സെക്രട്ടറിയും ദേശീയ പ്രതിരോധ കമീഷന്‍ ചെയര്‍മാനും കൊറിയന്‍ ജനകീയസേനയുടെ (കെപിഎ) സുപ്രീം കമാന്‍ഡറുമായിരുന്നു അദ്ദേഹം. പാശ്ചാത്യരാജ്യങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുത്ത ഇല്‍ അമേരിക്കയുടെ കുതന്ത്രങ്ങളെയും ഭീഷണികളെയും സധൈര്യം നേരിട്ടു. ഊര്‍ജ- പ്രതിരോധ ആവശ്യങ്ങള്‍ക്കായി ആണവസമ്പുഷ്ടീകരണം ഉത്തരകൊറിയ സജീവമാക്കിയത് ഇക്കാലത്താണ്. ആണവായുധം നിര്‍മിക്കുന്നുവെന്നാരോപിച്ച് അമേരിക്കയും കൂട്ടാളികളും സാമ്പത്തിക ഉപരോധമടക്കം ഏര്‍പ്പെടുത്തിയെങ്കിലും ഇല്‍ പിന്മാറിയില്ല. 2006 ഒക്ടോബറില്‍ ഉത്തരകൊറിയ ആദ്യ ആണവപരീക്ഷണം നടത്തി. എല്ലാഭീഷണിയും എതിര്‍പ്പുകളും അതിജീവിച്ച് 2009ലും പരീക്ഷണം ആവര്‍ത്തിച്ചു. തന്റെ രാജ്യത്ത് പ്രശ്നങ്ങള്‍ കുത്തിപ്പൊക്കാന്‍ അമേരിക്ക നടത്തുന്ന ശ്രമങ്ങളെ തുറന്നെതിര്‍ക്കാന്‍ കിം ജോങ് ഇല്‍ എല്ലായ്പ്പോഴും ചങ്കൂറ്റം കാട്ടി. അമേരിക്കന്‍ നേതൃത്വത്തിലുള്ള സാമ്രാജ്യത്വ അധിനിവേശത്തെ കരളുറപ്പോടെ പ്രതിരോധിച്ച രാഷ്ട്രനേതാവെന്ന നിലയ്ക്ക് കിം ജോങ് ഇല്ലിനെ ചരിത്രം അടയാളപ്പെടുത്തും.

deshabhimani 301211