Showing posts with label നവോത്ഥാനം. Show all posts
Showing posts with label നവോത്ഥാനം. Show all posts

Monday, March 1, 2021

ആ പ്രസംഗത്തിന്‌ 100 വയസ്സ്‌ - കെ ജെ തോമസ് എഴുതുന്നു

പൊയ്‌കയിൽ ശ്രീകുമാരഗുരു ശ്രീമൂലം പ്രജാസഭയിൽ 
നടത്തിയ ആദ്യപ്രസംഗത്തിന്‌ ഇന്ന്‌ 100 വയസ്സ്‌

ജാതീയതയും അന്ധവിശ്വാസവും അനാചാരങ്ങളുംകൊണ്ട് ഭ്രാന്താലയമായി കഴിഞ്ഞിരുന്ന നാടിനെ ആധുനിക കേരളമാക്കി മാറ്റിയെടുത്തതിൽ സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനങ്ങൾക്കും നേതാക്കൾക്കുമുള്ള പങ്ക്‌ വളരെ വലുതാണ്‌. സുദീർഘമായ ആ ചരിത്രത്തിലെ ശ്രദ്ധേയമായ ഒരേടാണ്‌ പൊയ്‌കയിൽ ശ്രീകുമാരഗുരുവിന്റേത്‌. അയിത്ത ജാതിക്കാരെന്ന്‌ മുദ്രയടിക്കപ്പെട്ട്‌ മനുഷ്യത്വരഹിതമായി മാറ്റിനിർത്തിയ ഒരു ജനതയെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ കൈപിടിച്ചുകൊണ്ടുവന്ന മഹാനായ സാമൂഹ്യപരിഷ്‌കർത്താവായിരുന്നു പൊയ്‌കയിൽ ശ്രീകുമാരഗുരു. പൊയ്‌കയിൽ അപ്പച്ചനെന്നും പൊയ്‌കയിൽ യോഹന്നാനെന്നും അദ്ദേഹം അറിയപ്പെട്ടിരുന്നു. ചരിത്രത്തിൽ ഇടംപിടിക്കാതെപോയ മനുഷ്യരുടെ സങ്കടങ്ങളും സംഘർഷങ്ങളും വൈകാരികതലത്തിൽ മനസ്സിലാക്കുകയും അവയോട്‌ വളരെവേഗം ഐക്യപ്പെടുകയും ചെയ്ത ഉൽപ്പതിഷ്‌ണുവായിരുന്നു അദ്ദേഹം.

അധഃസ്ഥിത ജനവിഭാഗത്തിന്‌ വിദ്യാഭ്യാസം, തൊഴിൽ, സമ്പത്ത്, സഞ്ചാരസ്വാതന്ത്ര്യം, വസ്ത്രം തുടങ്ങിയവ നിഷേധിച്ച ദുഷിച്ച സാമൂഹ്യ വ്യവസ്ഥയ്ക്കെതിരായി മധ്യതിരുവിതാംകൂറിൽ ശക്തവും പ്രായോഗികവുമായ പോരാട്ടം നയിച്ച വ്യക്തിയായിരുന്നു അദ്ദേഹം. അവഗണിക്കപ്പെട്ട ജനവിഭാഗത്തിന്റെ വിമോചനത്തിനും ജാതികേന്ദ്രീകൃത സാമൂഹ്യവ്യവസ്ഥയ്‌ക്കുമെതിരെ അതിശക്തമായ പ്രക്ഷോഭം നയിച്ച ശ്രീകുമാരുഗുരു ശ്രീമൂലം അസംബ്ലിയിൽ ആദ്യപ്രസംഗം നടത്തിയത്‌ 1921 മാർച്ച്‌ ഒന്നിനായിരുന്നു.

‘‘കീഴാള സമുദായത്തിലുള്ള മുഴുവൻ കുടുംബങ്ങൾക്കും ഭൂമി പതിച്ചുകൊടുക്കാതെ മറ്റ് സഹായത്തിലുള്ളവർക്ക് ഭൂമി പതിച്ചുകൊടുക്കാൻ പാടില്ല. കീഴാളവിഭാഗത്തിൽപ്പെട്ട ഭൂരഹിതരുടെ കണക്ക് എടുക്കുകയും രണ്ടേക്കർമുതൽ 10 ഏക്കർവരെ സ്ഥലം പതിച്ചുനൽകുകയും വേണം. റിസർവ് വനങ്ങളുള്ള കൃഷിക്ക് ഉപയുക്തമായ ഭൂമി ഈ വിഭാഗം ആളുകൾക്ക് കൃഷിക്കായി കൊടുക്കണം. കുറെ വർഷങ്ങൾക്കുശേഷമേ അവരിൽനിന്ന് കരം ഈടാക്കാവൂ’’. ഇതായിരുന്നു അദ്ദേഹത്തിന്റെ ആദ്യപ്രസംഗത്തിലെ പ്രധാന ആവശ്യങ്ങൾ. ചരിത്രം തിരുത്തിയെഴുതിയ ആ പ്രസംഗത്തിന്‌ ഇന്ന്‌ 100 വയസ്സ്.‌ അതുളവാക്കിയ സാമൂഹിക–-സാംസ്‌കാരിക മുന്നേറ്റം തിരുവിതാംകൂറിന്റെ ചരിത്രത്തിന്റെ ഭാഗം.

തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും പലയിടത്തായി ഏതാണ്ട് ഒരേ സമയം അവകാശബോധത്തിൽ അധിഷ്ഠിതമായ ഇത്തരം സാമൂഹ്യപരിഷ്കരണ മുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ട്‌. ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികൾ, അയ്യൻകാളി, വൈകുണ്‌ഠസ്വാമി, ബ്രഹ്‌മാനന്ദ ശിവയോഗി, വാഗ്‌ഭടാനന്ദൻ, സഹോദരൻ അയ്യപ്പൻ, ആറാട്ടുപുഴ വേലായുധപ്പണിക്കർ, പണ്‌ഡിറ്റ്‌ കറുപ്പൻ തുടങ്ങിയ ഉൽപ്പതിഷ്‌ണുക്കളുടെ ഗണത്തിൽ അതുല്യസ്ഥാനമാണ്‌ ശ്രീ കുമാരഗുരുവിനുള്ളത്‌. ശ്രീനാരായണഗുരുവിന്റെയും അയ്യൻകാളിയുടെയും പ്രവർത്തനങ്ങൾ കൊണ്ടാണ്‌ അധഃസ്ഥിത ജനതയുടെ ശബ്ദത്തിന് സംഘടിതരൂപം കൈവന്നത്‌. അധികാരിവർഗത്തിന് അവരുടെ ശബ്ദം കേട്ടില്ലെന്നു നടിക്കാനോ അവകാശങ്ങൾ നിഷേധിക്കാനോ കഴിയാതെ വന്നപ്പോഴാണ്‌ ദളിത് സമൂഹത്തിൽനിന്ന് ആദ്യമായി 1910ൽ അയ്യൻകാളിയും 1921ൽ കുമാര ഗുരുവും ശ്രീമൂലം പ്രജാസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്‌. ക്രിസ്തുമതം സ്വീകരിച്ച ദളിതരുടെ പ്രശ്നങ്ങൾ സഭയിൽ അദ്ദേഹം അവതരിപ്പിച്ചു. ഗവൺമെന്റ് ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുമ്പോൾ അതിൽ ദളിത് ക്രൈസ്തവരെക്കൂടി ഉൾപ്പെടുത്തണമെന്നും കുമാര ഗുരു വാദിച്ചു.

കുടുംബത്തിലെയും സമൂഹത്തിലെയും പുരുഷാധിപത്യത്തെ ആദ്യമായി തുറന്നെതിർത്ത നവോത്ഥാന നായകൻ കുമാരഗുരുവാണ്‌. അധ്വാനത്തിലും സാമ്പത്തിക സ്വാതന്ത്ര്യത്തിലും സ്ത്രീക്കും പുരുഷനും തുല്യപങ്കാളിത്തമാണ്‌ അദ്ദേഹം വിഭാവനം ചെയ്‌തത്‌. സ്ത്രീപുരുഷന്മാർക്കിടയിൽ പരസ്പരസ്നേഹവും വിശ്വാസവും ആദരവും ഉണ്ടാകണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. സ്‌ത്രീ പുരുഷന്റെ അടിമയാണെന്ന ചിന്ത ഉണ്ടാകരുത്. കുടുംബത്തിൽ സ്ത്രീക്കും പുരുഷനും തുല്യപങ്കാളിത്തമാണ്‌ ഉള്ളത്‌. പുരുഷൻ സ്ത്രീയെ മർദിക്കരുതെന്നും ശാരീരികമായോ മാനസികമായോ അവരെ ഒറ്റപ്പെടുത്തരുതെന്നും അപ്പച്ചൻ ഓർമിപ്പിച്ചുകൊണ്ടേയിരുന്നു.മദ്യം, പുകയില ഉപയോഗം എന്നിവയ്ക്ക് അദ്ദേഹം കർശനമായ വിലക്കുകൽപ്പിച്ചു.

ശ്രീകുമാരഗുരുവിന്റെ പ്രവർത്തനങ്ങൾ തിരുവിതാംകൂറിൽ നവോത്ഥാന മുന്നേറ്റത്തിന്‌ ഊർജവും ചൈതന്യവും കരുത്തും പകർന്നു. മാറുമറയ്ക്കാനും മുട്ടിനുതാഴെ വസ്ത്രം ധരിക്കാനും സ്വാതന്ത്ര്യമില്ലാതിരുന്ന ഒരുകാലത്ത് അതിനെ ലംഘിച്ചുകൊണ്ട് ശുഭ്രവസ്ത്രം ധരിച്ച് വൃത്തിയോടെ പൊതുഇടങ്ങളിലെ തന്റെ യോഗങ്ങളിൽ എത്താൻ അദ്ദേഹം സ്ത്രീകളോട് ആഹ്വാനം ചെയ്തു. പൊതു ഇടങ്ങളിൽ പ്രവേശനം നിഷേധിച്ചിരുന്ന ഒരു ജനതയ്ക്ക് ആത്മവിശ്വാസവും അവകാശബോധവും നൽകി പൊതുസ്ഥലങ്ങളിൽ പ്രവേശിപ്പിക്കുകയും സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യപദവി നൽകുകയും ചെയ്യുകയായിരുന്നു പൊയ്കയിൽ കുമാരഗുരു. അതു മാത്രമല്ല, പിആർഡിഎസ് നേതൃത്വത്തിലേക്ക് അവരെ ഉയർത്തിക്കൊണ്ടുവരാനും അദ്ദേഹത്തിനു കഴിഞ്ഞു.

1930കളിൽ ശ്രീമൂലം പ്രജാസഭയിൽ സ്ത്രീപ്രാതിനിധ്യം വേണമെന്ന് ആവശ്യമുയർത്തിയത് പിആർഡിഎസിലെ വനിതാ പ്രവർത്തകരായിരുന്നു. പുറത്ത്‌ ഇത്തരം ആവശ്യം ഉന്നയിക്കുക മാത്രമല്ല, സഭയുടെ വിവിധ മണ്ഡലങ്ങളിൽ സ്ത്രീകൾക്ക് നേതൃപദവിയും കുമാരഗുരു നൽകി. ഗുരുവിന്റെ ഭാര്യ വി ജാനമ്മ 46 വർഷം സഭയെ നയിച്ച ധീരവനിതയാണ്‌. ലിംഗപരമായ വിവേചനങ്ങളും അധീശത്വവും നിലനിന്ന കാലഘട്ടത്തിൽ അതിനെതിരെ സാംസ്കാരികമായ ചെറുത്തുനിൽപ്പുകളും പുതിയ ലിംഗസമത്വ സങ്കൽപ്പങ്ങളും ആവിഷ്കരിക്കാൻ പിആർഡിഎസിന്‌ കഴിഞ്ഞു.

പുരോഗമന ഇന്ത്യ തള്ളിക്കളഞ്ഞ തുരുമ്പെടുത്ത സാമൂഹ്യവ്യവസ്ഥ തിരികെ കൊണ്ടുവരാനാണ് സംഘപരിവാർ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ശ്രമിക്കുന്നത്. പുതിയ വിദ്യാഭ്യാസപരിഷ്കാരം നടപ്പാക്കുന്നതോടെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പൂട്ട് വീഴുകയും പാവപ്പെട്ടവന് അക്ഷരം നിഷേധിക്കപ്പെടുകയും ചെയ്യും. മനുസ്മൃതി കത്തിച്ച് ഇന്ത്യൻ ഭരണഘടനയ്ക്ക് അംബേദ്കർ രൂപംനൽകിയെങ്കിൽ ഇന്ന് ഇന്ത്യൻ ഭരണഘടനയെ അസ്ഥിരപ്പെടുത്തി മനുസ്മൃതി തിരികെ കൊണ്ടുവരാനാണ് ഇക്കൂട്ടർ പരിശ്രമിക്കുന്നത്. ഈ പശ്ചാത്തലത്തിൽ കുമാരഗുരുവിന്റെ പ്രവർത്തനങ്ങളുടെ പ്രസക്തി വർധിക്കുകയാണ്‌.

അസാധാരണ വായനയ്‌ക്ക്‌ ഉടമയായിരുന്നു അദ്ദേഹം. കിട്ടുന്നതെല്ലാം വായിച്ചു. ഈ വായനയ്‌ക്കിടയിലൊന്നും ‘തന്റെ വർഗത്തെപ്പറ്റി ഒരക്ഷരംപോലും എങ്ങും കാണാനില്ലല്ലോ’ എന്ന്‌ അദ്ദേഹം പരിതപിച്ചു. വായനയുടെ ധൈഷണികതയും അടിച്ചമർത്തപ്പെട്ട ഒരു ജനതയുടെ രോഷവും രോദനവും പാവപ്പെട്ടവരോട്‌ ഉപരിവർഗത്തിന്റെ നിന്ദ്യമായ സമീപനത്തോടുള്ള പ്രതിഷേധവുമെല്ലാം ഈ വാക്കുകളിൽ നിഴലിക്കുന്നു. ക്രൂരമായ ആക്രമണത്തിൽ മരണത്തെ മുഖാമുഖം കണ്ടപ്പോഴും ദളിത്‌ ജനവിഭാഗത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ച ധീരനായ പോരാളിയുടെ സ്‌മരണ എക്കാലവും നിലനിൽക്കും.

കെ ജെ തോമസ്

Wednesday, November 7, 2018

ഒ രാജഗോപാലും ശബരിമലയില്‍ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ടു; നിലപാടുമാറ്റത്തിന്റെ തെളിവുമായി രേഖ പുറത്ത്

 ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിയ്ക്കണമെന്ന ശക്തമായ ആവശ്യമുയര്‍ത്തി ബിജെപി നേതാവ് ഒ രാജഗോപാല്‍ 19 കൊല്ലം മുമ്പെഴുതിയ ലേഖനം പുറത്ത്. മാതൃഭൂമി 1999ല്‍ പ്രസിദ്ധീകരിച്ച ശബരിമല സപ്ലിമെന്റിന്റെ രണ്ടു പേജുകളിലായി പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ തലക്കെട്ട്‌ തന്നെ  സ്ത്രീകളെ ശബരിമല ദര്‍ശനത്തിന് അനുവദിയ്ക്കണം എന്നാണ് . ''ശബരിമലയിൽ ആരാധന നടത്തുന്നതിന്‌ സ്‌ത്രീകൾക്കെതിരെ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ എടുത്തുമാറ്റേണ്ടതാണെന്ന്‌ ഞാൻ വിശ്വസിക്കുന്നു. സമൂഹത്തിൽ സ്‌ത്രീകൾക്കു പുരുഷൻമാരോടൊപ്പം എല്ലാ രംഗത്തും സ്ഥാനം നൽകിവരുന്ന ഈ കാലഘട്ടത്തിൽ ഈ ആവശ്യത്തിനു പ്രത്യേകമായ പ്രസക്തിയുണ്ട്‌.''-രാജഗോപാല്‍ വാദിക്കുന്നു.

ഓ രാജഗോപാലിന്റെ ലേഖനത്തിൽനിന്ന്‌

എന്നാൽ എനിക്ക്‌ മനസിലാവാത്ത ഒരു കാര്യം എന്തുകൊണ്ട്‌ അയ്യപ്പഭക്തകളായ സഹോദരിമാരെ അയ്യപ്പസന്നിധിയിൽനിന്നും അകറ്റിനിർത്തുന്നു എന്നതാണ്. വന്യമൃഗങ്ങൾ നിറഞ്ഞ നിബിഡമായ വനമായിരുന്നകാലത്ത് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾക്ക്‌ ഇന്നും എത്രമാത്രം പ്രസക്തിയുണ്ടെന്ന്‌ ബന്ധപ്പെട്ടവർ ആലോചിക്കേണ്ടതാണ്. തിക്കും തിരക്കുമാണ് സ്‌ത്രീകളെ അകറ്റി നിർത്താൻ കാരണമെങ്കിൽ സ്‌ത്രീകൾക്കു പ്രത്യേകമായി പോകാനും തൊഴാനും ഉള്ള സൗകര്യം ഉണ്ടാക്കുകയാണ് വേണ്ടത്‌. നിയന്ത്രണമേർപ്പെടുത്തുകയും എന്നാൽ അത്‌ ലംഘിച്ചുകൊണ്ട് പോകുന്നത് തടയാൻ കഴിയാതിരിക്കുകയും ചെയ്യുന്ന ഇപ്പോഴത്തെ അവസ്ഥയ്‌ക്കുപകരം പരിശുദ്ധിയോടെ സ്‌ത്രീകൾക്കു തൊഴാൻ കഴിയുന്ന അന്തരീഷം ഉണ്ടാകുകയാണ്‌ വേണ്ടത്‌. ''-രാജഗോപാല്‍ എഴുതുന്നു.

ആദ്ധ്യാത്മിക കാര്യങ്ങളിൽ സ്‌ത്രീകൾ ആരുടെയും പിന്നിലല്ല എന്നത്‌ തെളിയിക്കപ്പട്ട കാര്യമാണ്‌. ഭാരതത്തിൽ ഇന്നു ജീവിച്ചിരിക്കുന്ന ആദ്ധ്യാത്മിക ആചാര്യരിൽ എന്തുകൊണ്ടും അഗ്രിമസ്ഥാനം അലങ്കരിക്കുന്നത്‌ കേരളീയ വനിതയായ സദ്‌ഗുരു മാതാ അമൃതാനന്ദമയീ ദേവിയാണ്‌.

ഇന്നലെവരെ ക്ഷേത്രത്തിൽ പൂജാരിമാരായി സ്‌ത്രീകളെ സ്വീകരിച്ചിരുന്നില്ലെങ്കിൽ ഇന്ന്‌ സ്ഥിതി മാറിയിരിക്കുകയാണ്‌. അമ്മയുടെ നേതൃത്വത്തിലും നിർദേശപ്രകാരവും വനിതകളെ പൂജാരിമാരായി ഇപ്പോൾ നിയമിച്ചിട്ടുണ്ട്‌. ഭക്തജനങ്ങൾ അത്‌ അംഗീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഈ സാഹചര്യത്തിൽ ശബരിമലയിൽ ആരാധന നടത്തുന്നതിന്‌ സ്‌ത്രീകൾക്കെതിരെ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ എടുത്തുമാറ്റേണ്ടതാണെന്ന്‌ ഞാൻ വിശ്വസിക്കുന്നു. സമൂഹത്തിൽ സ്‌ത്രീകൾക്കു പുരുഷൻമാരോടൊപ്പം എല്ലാ രംഗത്തും സ്ഥാനം നൽകിവരുന്ന ഈ കാലഘട്ടത്തിൽ ഈ ആവശ്യത്തിനു പ്രത്യേകമായ പ്രസക്തിയുണ്ട്‌. ‐ -രാജഗോപാല്‍ സമര്‍ത്ഥിയ്ക്കുന്നു.

സുപ്രീം കോടതി വിധിവരുംവരെയും വന്നതിനു തൊട്ടുപിന്നാലെയും വരെ ശബരിമലയില്‍ സ്ത്രീപ്രവേശനത്തെ പിന്തുണച്ചിരുന്ന ആര്‍ എസ്എസ്-‐ബിജെപി നേതാക്കള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തിയ ചുവടുമാറ്റമാണ് ഇപ്പോഴത്തെ നിലപാടെന്ന് കൂടുതല്‍ വ്യതമാക്കുന്നതാണ് ഈ ലേഖനം.

ലേഖനത്തിന്റെ പൂർണരൂപം 1

ലേഖനത്തിന്റെ പൂർണരൂപം (ഭാഗം 2)

Tuesday, November 6, 2018

സി കേശവൻ മുഴക്കി, ഐക്യകേരളത്തിന്റെ കാഹളം

935 ജൂൺ ഏഴിന‌്  ആലപ്പുഴ കിടങ്ങാംപറമ്പ‌്  ക്ഷേത്ര മൈതാനത്തു വച്ച‌്  ദിവാൻ സി പിയുടെ പൊലീസ‌് ശ്രീനാരായണഗുരുവിന്റെയും ഗാന്ധിജിയുടെയും കാൾ മാർക്സിന്റെയും ആശയങ്ങളിൽ ആകൃഷ്ടനായ  ഒരു നിരീശ്വരവാദിയെ അറസ‌്റ്റുചെയ‌്തു. പേര‌് സി  കേശവൻ. കുറ്റം രാജ്യദ്രോഹം. 

അതേവർഷം മെയ‌് 11ന‌്  നടത്തിയ, ഐക്യകേരളത്തിന്റെ  കാഹളമെന്നു ചരിത്രം വിശേഷിപ്പിക്കുന്ന കോഴഞ്ചേരി പ്രസംഗത്തിന്റെ പേരിലായിരുന്നു അറസ‌്റ്റ‌്. എല്ലാവർക്കും ആരാധനാ സ്വാതന്ത്ര്യം, പ്രായപൂർത്തി വോട്ടവകാശം, എല്ലാവർക്കും സർക്കാർജോലി തുടങ്ങിയ പൗരാവകാശങ്ങൾ  ഈഴവർക്കും മറ്റു പിന്നോക്കക്കാർക്കും നിഷേധിച്ചു സവർണഭരണം നടത്തിയ ദിവാനെതിരെ ‘സർ സി പി എന്ന ജന്തുവിനെ നമുക്കാവശ്യമില്ല’  എന്നു പറഞ്ഞു നടത്തിയ പ്രസംഗമായിരുന്നു പ്രകോപനം. ക്രൈസ്തവ മഹാജനസഭയുടെ ആഭിമുഖ്യത്തിൽ ചേർന്ന ക്രൈസ്തവ ഈഴവ മുസ്‌ലീം രാഷ്‌ട്രീയ സമ്മേളനമായിരുന്നു വേദി.

സി പി യുടെ ചോറ്റുപട്ടാളത്തെ വെല്ലുവിളിച്ച‌്  ‘അന്ധകാരമയമായ ഇൗ സമയത്ത‌്’ എന്നുതുടങ്ങുന്ന  ആ പ്രസംഗം, പിറക്കാൻ പോകുന്ന ഐക്യകേരളം ഏതുതരത്തിലുള്ളതാകണമെന്ന വ്യക്തമായ കാഴ‌്ചപ്പാടായിരുന്നു. സവർണ മേൽക്കോയ‌്മയും ഉച്ചനീചത്വങ്ങളും ഇല്ലാത്തതും അന്ധവിശ്വാസമുക്തവും പൗരാവകാശങ്ങൾ സംരക്ഷിക്കുന്നതുമായ കേരളത്തെയാണ‌് കോഴഞ്ചേരി പ്രസംഗത്തിൽ സി കേശവൻ വിഭാവനം ചെയ‌്തത‌്. ആ പ്രസംഗം നിവേദനങ്ങളും പ്രമേയങ്ങളുമായി ഒതുങ്ങിനിന്നിരുന്ന നിവർത്തനപ്രക്ഷോഭത്തെ രാജവാഴചയ‌്ക്കും ദിവാൻഭരണത്തിനുമെതിരായ പ്രത്യക്ഷസമരത്തിന്റെ കുത്തൊഴുക്കിനു വഴിതുറന്നുകൊടുത്തു.

വസ്തുക്കരം വോട്ടവകാശത്തിനു മാനദണ്ഡമാക്കിയ 1932 ലെ ഭരണപരിഷ്‌കാര വിളംബരത്തിനു ശേഷവും ഭൂമി കൈവശമുണ്ടായിരുന്ന ക്രിസ്ത്യാനിക്കും ഈഴവനും മുസ്ലീമിനും വോട്ടവകാശം ലഭിച്ചിരുന്നില്ല. കാരണം അവർ കരം ഒടുക്കേണ്ടിയിരുന്നത് പഴയ ജന്മിമാരുടെ പേരിലായിരുന്നു. ഇതിലെ അനീതിക്കെതിരായ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രസംഗം.

സവർണർക്കു മാത്രമേ കാര്യക്ഷമതയുള്ളുവെന്ന വാദം ദിവാന്റെ  ഭരണകാലഘട്ടത്തിൽ മേൽക്കൈ നേടിയിരുന്നു.  ഉദ്യോഗം നോക്കുന്നതിനു തങ്ങൾക്കു മാത്രമേ കാര്യക്ഷമതയുള്ളുവെന്നും  തങ്ങൾക്കു ഉദ്യോഗം തന്നില്ലെങ്കിൽ തങ്ങൾ പടവെട്ടിയവരും വാളിന്റെ തുമ്പത്ത്‌ രാജ്യം പിടിച്ചവരുമാണെന്ന‌് ഓർമ വേണമെന്നുമൊക്കെ ഉയർത്തിയ വീരവാദത്തെ അദ്ദേഹം സവിസ‌്തരം ഖണ്ഡിക്കുന്നുണ്ട‌് പ്രസംഗത്തിൽ. കൊല്ലം സെഷൻസ‌് കോടതി കോഴഞ്ചേരി  പ്രസംഗത്തിന്റെ പേരിൽ സി കേശവനെ ഒരവർഷം  കഠിനതടവിനു ശിക്ഷിച്ചു.  ഇതിനെതിരെ അപ്പീൽ നൽകിയപ്പോൾ ശിക്ഷ രണ്ടു വർഷമായി വർധിപ്പിക്കുകയായിരുന്നു.

കൊല്ലം ജില്ലയിലെ മയ്യനാട്ടിൽ ഒരു സാധാരണ ഈഴവകുടുംബത്തിൽ സി കേശവൻ ജനിച്ചത്. 1933ൽ എസ‌്എൻഡിപി യോഗം ജനറൽ സെക്രട്ടറിയായി.  തിരു– കൊച്ചി സംസ്ഥാനത്ത‌് പട്ടം താണുപിള്ളയുടെ ആദ്യ മന്ത്രിസഭയിൽ അദ്ദേഹം അംഗമായി. 1951ൽ തിരു– കൊച്ചി മുഖ്യമന്ത്രിയും. 1969 ജൂലൈ ഏഴിന‌് അന്തരിച്ചു.

ലെനി ജോസഫ്

ക്ഷേത്രപ്രവേശനവും മന്നത്ത‌് പത്മനാഭനും

ശബരിമല ക്ഷേത്രത്തിൽ ഏത് പ്രായത്തിലുള്ള സ്ത്രീയെയും വിലക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന സുപ്രീംകോടതിവിധി വലിയ ചർച്ചയ്ക്കാണ് ഇടയാക്കിയിരിക്കുന്നത്. ഇത്തരമൊരു ഘട്ടത്തിൽ മന്നത്ത് പത്മനാഭനുണ്ടായിരുന്നെങ്കിൽ  എങ്ങനെയായിരിക്കും പ്രതികരിക്കുകയെന്നത് ഭൂതകാലാനുഭവത്തിന്റെ സഹായത്താൽ പരിശോധിക്കുന്നത് ഉചിതമായിരിക്കും. സമുദായവ്യത്യാസമില്ലാതെ ഒരു ജനത നടത്തിയ കൂട്ടായ പോരാട്ടമാണ് കേരളത്തിലെ ക്ഷേത്രങ്ങളിൽ ജാതിവ്യത്യാസമില്ലാതെ എല്ലാവർക്കും പ്രവേശിക്കാൻ കഴിയുന്ന സ്ഥിതിവിശേഷം ഉണ്ടാക്കിയത്. അതിൽ എൻഎസ്എസിന്റെ സ്ഥാപക ജനറൽ സെക്രട്ടറിയായ മന്നത്ത് പത്മനാഭനും സ്ഥാപക പ്രസിഡന്റായ കെ കേളപ്പനും പ്രമുഖ സ്ഥാനം വഹിച്ചവരാണ്. അവരിരുവരും ജാത്യാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരായ സമരത്തിലെ പ്രധാനികളായിരുന്നു. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങളുണ്ടാകുമ്പോഴും കേളപ്പന്റെയും മന്നത്തിന്റെയും നവോത്ഥാനസമരത്തിലെ സംഭാവനകളെ ചെറുതാക്കി കാണുന്നതിനെ നമ്മളാരും ഇഷ്ടപ്പെടുന്നില്ല.

അക്കാലത്തെ നായർ തറവാടുകളിലെ മനുഷ്യർ നമ്പൂതിരിമാരുടെ ദാസ്യവേലക്കാരെപോലെയാണ് പരിഗണിക്കപ്പെട്ടത്. നമ്പൂതിരിമാരുടെ താൽപ്പര്യസംരക്ഷണത്തിനായി ഉണ്ടാക്കിയ പലവിധ ആചാരാനുഷ്ഠാനങ്ങൾക്കൊത്താണ് നായർ വിഭാഗത്തിൽപ്പെട്ടവർ ജീവിക്കേണ്ടിവന്നത്. അജ്ഞതയുടെ ഇരുൾ മൂടിയതും സാമൂഹ്യതിന്മകൾ പ്രബലവുമായ അന്തരീക്ഷത്തിലാണ് വ്യത്യസ്ത ജനവിഭാഗങ്ങൾക്കിടയിൽ അതിനെതിരായൊരു പ്രതികരണം ഉയർന്നുവരുന്നത്. ശ്രീനാരായണഗുരു, അയ്യൻകാളി, വാഗ്ഭടാനന്ദൻ, ബ്രഹ്മാനന്ദ ശിവയോഗി, ചട്ടമ്പി സ്വാമികൾ, കുമാരനാശാൻ, വി ടി, ഇ എം എസ് തുടങ്ങിയവരെല്ലാമതിന്റെ മുന്നിൽത്തന്നെ നിലയുറപ്പിച്ചവരായിരുന്നു. സമുദായോദ്ധാരണമെന്നത് അന്നത്തെ കാലത്ത് അവരുയർത്തിയ വലിയ പരിഷ്കരണ മുദ്രാവാക്യമായിരുന്നു.

താലികെട്ട്,  കുതിരകെട്ട്, വെടിക്കെട്ട്, കേസുകെട്ട്

നായർ സമുദായത്തിലെ പരിഷ്കരണ പ്രവർത്തനങ്ങൾക്കാണ് മന്നത്ത് പത്മനാഭൻ പ്രധാനമായും നേതൃത്വം നൽകിയത്. എന്നാലത് കേവലമായ നായർ സമുദായത്തിൽ മാത്രമായി ഒതുങ്ങിയിരുന്നുമില്ല. നായർ കുടുംബങ്ങളുടെ തകർച്ചയ്ക്ക് കാരണം താലികെട്ട്,  കുതിരകെട്ട്, വെടിക്കെട്ട്, കേസുകെട്ട് എന്നിങ്ങനെയുള്ള നാലുകെട്ടുകളാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. താലികെട്ടെന്നാൽ ഇന്നത്തെ വിവാഹങ്ങളായിരുന്നില്ല. പടുവൃദ്ധന്മാരായ നമ്പൂതിരിമാർ നായർ പെൺകുട്ടികളുടെ കഴുത്തിൽ താലികെട്ടുന്ന ചടങ്ങാണത്. പലപ്പോഴും പെൺകുട്ടികൾ താലികെട്ടുവേളയിൽ അമ്മമാരുടെ മടിയിലിരിക്കുന്നത്രയും ചെറുതായിരിക്കും. നമ്പൂതിരിമാർ ശൂദ്രന്മാരായിക്കാണുന്ന നായന്മാരെ വേളി കഴിക്കാറില്ല. നായർ സ്ത്രീകളുമായി സംബന്ധം മാത്രമാണുണ്ടാകുക. താലികെട്ടിന്റെ ഭാഗമായി നായർ തറവാട്ടുകാർ കരക്കാരെ മുഴുവൻ വിളിച്ച് നാലുദിവസം തുടർച്ചയായി സദ്യകൊടുക്കണമായിരുന്നു. അതിലൂടെ പല കുടുംബങ്ങളും വലിയ കടക്കാരായ് മാറിയിട്ടുണ്ടത്രെ. കാളയുടെയും കുതിരയുടെയും വലിയ രൂപങ്ങൾ മരത്തിലുണ്ടാക്കി ആളുകൾ തോളുകളിലെടുത്തും രഥത്തിൽവച്ച് വലിച്ചും കൊണ്ടുപോകുന്നതാണ് കുതിരകെട്ട് അല്ലെങ്കിൽ കെട്ടുകാഴ്ച. അതിന് വലിയ പണച്ചെലവ് വരുമായിരുന്നു. ഉത്സവകാലത്ത് കരക്കാർതമ്മിൽ മത്സരിച്ച് വെടിക്കെട്ടിനുവേണ്ടിയും ധാരാളം പണം ചെലവാക്കിയിരുന്നു. തറവാട്ടുകാർ തമ്മിലുള്ള കോടതി കേസുകളായിരുന്നു മറ്റൊന്ന്. കേസുകെട്ടുകളെന്നാണ് അതിനെ വിശേഷിപ്പിച്ചത്. ഇതൊക്കെയാണ് മന്നം വിശേഷിപ്പിച്ച നാലുകെട്ടുകൾ.

നമ്പൂതിരി മേധാവിത്വം

നമ്പൂതിരിയായ അച്ഛനെ നായർസ്ത്രീയിലെ മക്കൾ തൊടുന്നത് അശുദ്ധിയായി കണ്ടിരുന്നതാണ് നായർ തറവാടുകളിലെ ഭൂതകാലം. കാമപൂർത്തീകരണത്തിനായിമാത്രം നായർ വീടുകളിലെത്തുന്ന നമ്പൂതിരിമാർ അവർക്ക് പിറക്കുന്ന മക്കളോട് ഒരു ബന്ധവും സൂക്ഷിച്ചിരുന്നില്ല. മകന് നമ്പൂതിരിയായ അച്ഛനെ അച്ഛനെന്ന് വിളിക്കാനുള്ള അവകാശമുണ്ടായിരുന്നില്ല, അച്ഛനെ തമ്പുരാനെന്ന് വിളിക്കേണ്ടിയിരുന്നു.  അത്തരം ആചാരങ്ങൾക്കെതിരായ പ്രതികരണം ഉയർന്നതിനെക്കുറിച്ച് മന്നം എഴുതിയതിങ്ങനെയാണ്, “നായന്മാർക്ക് വിവാഹബന്ധമില്ലെന്നും അവരുടെ അച്ഛൻ ആരാണെന്ന് നിശ്ചയമില്ലെന്നും അവർ വേശ്യാപുത്രന്മാരാണെന്നും അവരുടെ സന്തതികൾക്ക് അച്ഛനിൽനിന്ന് സംരക്ഷണം ആഗ്രഹിക്കാൻ അവകാശമില്ലെന്നും ഹൈക്കോടതിയിലെ ബ്രാഹ്മണ ജഡ്ജിമാരിൽ ചിലർ വിധിയെഴുതിയ വസ്തുത ജനസാമാന്യം ഗ്രഹിച്ചുകഴിഞ്ഞപ്പോൾ അവരുടെ തണുത്ത രക്തത്തിലും ചൂടുകേറാതിരുന്നില്ല’’. മന്നത്ത് പത്മനാഭന്റെ അച്ഛൻ സമ്പന്നകുടുംബത്തിൽനിന്നുള്ള നമ്പൂതിരിയായിരുന്നു. പക്ഷേ മന്നത്ത് വളർന്നതാകട്ടെ പ്രയാസകരമായ ചുറ്റുപാടിലായിരുന്നു.

നമ്പൂതിരിമേധാവിത്വത്തിന്റെ ദുരിതങ്ങൾ ചെറുപ്രായത്തിൽത്തന്നെ അനുഭവിക്കേണ്ടിവന്ന അനേകായിരങ്ങളിൽ ഒരാളായിരുന്നു മന്നത്ത് പത്മനാഭനും. അതുകൊണ്ടുകൂടിയാകാം നമ്പൂതിരിമാരുടെ മേധാവിത്വത്തിനെതിരെ ശക്തമായ ഭാഷാപ്രയോഗങ്ങൾ അദ്ദേഹത്തിൽനിന്നുണ്ടായത്. അദ്ദേഹം പറഞ്ഞത് നായർ നമ്പൂതിരിയെക്കാൾ താണവനല്ലെന്നും പുലയനെക്കാൾ ഉയർന്നവനല്ലെന്നുമായിരുന്നു.  “എനിക്ക് പൂണൂലിനെ വലിയ ഭയവും വെറുപ്പുമാണ്. ഈ പൂണൂലാണ് ഭാരതഭൂമിയെ ജാതി സങ്കുലമാക്കിത്തീർത്ത ഭയങ്കര വസ്തു’’ എന്ന് വിളിച്ചുപറഞ്ഞ അക്കാലത്തെ അപൂർവമാളുകളിലൊരാളായും മന്നത്ത് പത്മനാഭൻ മാറുകയുണ്ടായി. ക്ഷേത്രാചാരങ്ങൾ ലഘിക്കുന്നതിൽ മന്നത്തിനൊരു പ്രത്യേക ഉത്സാഹംതന്നെയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വലിയമ്മാവനായ ചിറമുറ്റത്ത് വേലുപ്പിള്ള മരിച്ചപ്പോൾ പുലമാറാതെ പെരുന്നയിൽ സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിൽ കയറിയെന്നപേരിൽ മന്നത്തിനെതിരെ നമ്പൂതിരിമാർ മഹാരാജാവിന് പരാതികൊടുത്തിരുന്നു. ക്ഷേത്രത്തിൽ പ്രവേശനം നിഷേധിക്കപ്പെട്ടവർക്കുവേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ ശബ്ദമുയർന്നത്. അദ്ദേഹം ചോദിച്ചു, “നികൃഷ്ട ജന്തുക്കളെന്ന് കരുതപ്പെടുന്ന പട്ടികൾക്കും പൂച്ചകൾക്കും മതിലിനകത്തും നാലമ്പലത്തിലും പ്രവേശനമുണ്ട്...തീണ്ടൽ ആർക്കാണ്? ഈശ്വരനോ മനുഷ്യനോ? ഈശ്വരന് തീണ്ടലുണ്ടെന്ന് സ്ഥാപിക്കാൻ സാധ്യമല്ല. മനുഷ്യനെ മനുഷ്യന് തീണ്ടലുണ്ടെന്നതിൽപ്പരം ഒരു പാപം ഉണ്ടെന്ന് തോന്നുന്നില്ല.’’  ഇങ്ങനെയുള്ള നിരവധി ചോദ്യങ്ങളോടെയായിരുന്നു 1922ൽ ശ്രീമൂലം പ്രജാസഭയിൽ അദ്ദേഹം പ്രസംഗിച്ചത്. ക്ഷേത്രഭരണത്തിൽ സ്ത്രീകൾക്കും പ്രാതിനിധ്യം വേണമെന്ന് വാദിച്ചവരിലൊരാളായിരുന്നു മന്നമെന്നത് വിസ്മരിക്കരുത്.

വൈക്കം സത്യഗ്രഹം

വൈക്കം ക്ഷേത്രത്തിന്റെ വഴിയിലൂടെ താണജാതിക്കാർക്ക് നടക്കുന്നതിനുവേണ്ടിയായിരുന്നു വൈക്കം സത്യഗ്രഹം. അസ്പൃഷ്ടരെന്ന് വിളിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് ക്ഷേത്രപരിസരത്തുകൂടി സഞ്ചരിക്കുന്നതിന് അക്കാലത്ത് വിലക്കായിരുന്നു. അതിനെതിരായി ശ്രീനാരായണഗുരുവുൾപ്പെടെയുള്ള സാമൂഹ്യപരിഷ്കർത്താക്കളുടെ അനുഗ്രഹാശിസ്സുകളോടെയാണ് സമരം നടന്നത്. വൈക്കം ക്ഷേത്രപരിസരത്തെ തീണ്ടൽപലകയ്ക്കപ്പുറത്തേക്ക് യാത്രചെയ്യാൻ ജാതിശ്രേണിക്ക് പുറത്തുള്ള, നമ്പൂതിരിമാർ നികൃഷ്ടജന്മങ്ങളായ് കരുതുന്ന, ഈഴവർ, തീയർ, പുലയർ തുടങ്ങിയവർക്ക്  സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. അതിനെതിരായി കൈപിടിക്കുന്നവർക്ക് നേതൃത്വം നൽകാൻ മന്നത്ത് പത്മനാഭനും ഉണ്ടായിരുന്നുവെന്നത് ചരിത്രത്തിന്റെ ഭാഗമാണ്.  ഇരുപത് മാസം  നീണ്ടുനിന്ന വൈക്കം സമരത്തിന്റെ ഫലമായാണ് ക്ഷേത്രത്തിന് സമീപത്തെ വഴികളിൽനിന്ന് തീണ്ടൽ പലകകൾ എടുത്തുമാറ്റപ്പെടുന്നത്. എന്നിട്ടും അതുവഴി നടക്കാൻ അവർണവിഭാഗത്തിൽപ്പെട്ടവർ ഭയപ്പെട്ടിരുന്നു. നമ്പൂതിരിമാരുടെ ഗുണ്ടകളുടെ ആക്രമണത്തെയെന്നപോലെ ദൈവകോപമുണ്ടാകുമെന്ന ഭയവും അവരിലുണ്ടായിരുന്നു.

സമരാനന്തരം വഴിനടക്കാനുള്ള അവകാശം ലഭിച്ചതോടെ മന്നത്ത് പത്മനാഭൻ സംതൃപ്തനായിരുന്നില്ല. ഏതാനും മുഴം റോഡ് തുറന്നുകിട്ടാനുള്ള അവകാശത്തിനല്ല സത്യഗ്രഹം ആരംഭിച്ചതെന്നും തീണ്ടലിനെയും തൊടീലിനെയും ഈ രാജ്യത്തുനിന്ന് ബഹിഷ്കരിക്കാനും പ്രാഥമിക പൗരാവകാശസമത്വമെങ്കിലും സ്ഥാപിക്കാനുംവേണ്ടിയായിരുന്നു സമരമെന്നും നായർ സർവീസ് സൊസൈറ്റിയുടെ സർവീസ് മാസികയിൽ അദ്ദേഹം എഴുതുകയുണ്ടായി. ഗുരുവായൂർ ക്ഷേത്രപ്രവേശനസമരത്തിന്റെ  പ്രധാന നേതാക്കളായിരുന്നു കെ  കേളപ്പൻ, എ കെ ജി, കൃഷ്ണപിള്ള, മന്നത്ത് പത്മനാഭനുമുൾപ്പെടെയുള്ളവർ. ഗുരുവായൂർ ക്ഷേത്രപ്രവേശന സമരത്തിന്റെ പ്രചാരണാർഥം എ കെ ജിയുടെ നേതൃത്വത്തിൽ ഗുരുവായൂരിൽനിന്ന് തിരുവനന്തപുരത്തേക്കുണ്ടായ ജാഥയിൽ പലയിടത്തും മന്നം പ്രസംഗിക്കുകയുണ്ടായി.

നമ്പൂതിരിമാർ നായന്മാരെ ശൂദ്രരായാണ് കണ്ടിരുന്നത്. കേരളത്തിലെ ആദ്യകാല സർക്കാർ രേഖകളിൽ നായർ എന്ന പദമായിരുന്നില്ല ഉപയോഗിച്ചിരുന്നത്, മലയാള ശൂദ്രർ എന്നായിരുന്നു. ഭൃത്യപണിക്കാർ എന്നർഥമുള്ള ശൂദ്രരെന്ന പദത്താൽ തങ്ങളെ വിളിക്കരുതെന്നത് കേരളത്തിലെ നായർ സമുദായക്കാരുടെ ആവശ്യങ്ങളിലൊന്നായിരുന്നു. നീണ്ടകാലത്തിനുശേഷമാണ് പ്രസ്തുതയാവശ്യം അനുവദിക്കപ്പെട്ടത്. പേരിലും ആചാരത്തിലും മനുഷ്യർ അപമാനിക്കപ്പെടരുതെന്ന ചിന്തയാണ് സാമൂഹ്യപരിഷ്കരണ പ്രസ്ഥാനത്തിന്റെ പ്രവർത്തകരെ നയിച്ചിരുന്നത്. അത് മന്നത്ത് പത്മനാഭന്റെ പ്രവൃത്തികളിൽ കാണാനാകും. അന്ധമായി അനുഷ്ഠിക്കപ്പെടുന്ന ആചാരങ്ങൾക്കെതിരായി ദേശീയ പ്രസ്ഥാനത്തിന്റെ നാളുകളിൽ നിരന്തരപ്രവർത്തനം അദ്ദേഹം ഏറ്റെടുത്തിരുന്നു. വൈക്കത്തെ പെരുമശ്ശേരി കാവിലെ കുളത്തിൽ കുളിച്ച സത്യഗ്രഹികളെ അയിത്തജാതിക്കാരെന്നാക്ഷേപിച്ച് ആക്രമിക്കാൻ നോക്കിയപ്പോൾ ക്ഷേത്രഭാരവാഹികൾക്കെതിരെ മടിയേതുമില്ലാതെ ശബ്ദിച്ചവരിലൊരാൾ മന്നമായിരുന്നു.  പല ക്ഷേത്രങ്ങളിലും ക്ഷേത്രങ്ങളിലെ പലയിടത്തും ഇപ്പോഴും നമ്പൂതിരിമാർക്ക് മാത്രമേ പ്രവേശനമുള്ളൂ. വൈദിക ബ്രാഹ്മണ്യത്തിന്റെ ആലകുഴിയിൽ ആണ്ടിരിക്കുന്നവർ അക്കാലത്തെ മന്നത്തിന്റെ വാക്കുകൾ ഇക്കാലത്തെ സംഭവങ്ങളുമായി ചേർത്തുവച്ചുനോക്കുക, “മണിയടിച്ച് തൊഴാനോ മണ്ഡപത്തിൽ കയറിയിരുന്ന് ഈശ്വരഭജനം ചെയ്യാനോ  അവകാശമുണ്ടെന്ന് വിചാരിക്കുന്നതുപോലും പാപമാണെന്ന് വിശ്വസിക്കുന്നകൂട്ടർക്ക് ബ്രാഹ്മണരെപോലെ ഈശ്വരനെ നേരിട്ട് പൂജിക്കണമെന്ന് തോന്നാത്തതിൽ അത്ഭുതമില്ല.’’

സാമൂഹ്യ ഉച്ചനീചത്വങ്ങൾക്കെതിരായ പോരാട്ടം
നവോത്ഥാനപ്രസ്ഥാനങ്ങളുടെ ചരിത്രവും വർത്തമാനവും ഇന്നത്തെ കേരളീയസമൂഹത്തിൽ ഗൗരവപൂർവം പരിശോധിക്കേണ്ടതാണ്. ജാതി‐ജന്മി‐നാടുവാഴി മേധാവിത്വത്തിനെതിരായി കേരളത്തിൽ ഉയർന്നുവന്ന പ്രതിഷേധപ്രസ്ഥാനങ്ങൾക്ക് പലരൂപങ്ങളുണ്ടായിരുന്നു. സമുദായ പ്രസ്ഥാനങ്ങളിൽപ്പെട്ടവരിൽ പലർക്കും ജാതിചൂഷണങ്ങളിലെ വർഗപരമായ കാരണങ്ങൾ തിരിച്ചറിയാനായില്ല. വർഗപ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചവരിലൊരുകൂട്ടർ ജാതിചൂഷണത്തെയും അതിന്റെ വർഗപരമായ ബന്ധങ്ങളെയും മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടു. അതാകട്ടെ പിൽക്കാലത്തെ കേരളീയ സാമൂഹ്യമുന്നേറ്റത്തിനായുള്ള പോരാട്ടങ്ങളുടെ ശക്തിയെ പരിമിതപ്പെടുത്തുകയാണ് ചെയ്തത്. കേരളത്തിന്റെ മുന്നേറ്റത്തിൽ സാമ്പത്തീക അസമത്വങ്ങൾക്കെതിരായ സമരങ്ങൾക്കെന്നപോലെ സാമൂഹ്യ ഉച്ചനീചത്വങ്ങൾക്കെതിരായ പോരാട്ടങ്ങൾക്കും വലിയ പങ്കാണുള്ളത്. ഒന്നിനെ മറ്റൊന്നിൽനിന്ന് അടർത്തി മാറ്റി പരിശോധിക്കുകയെന്നത് അസാധ്യമാണ്. ശബരിമല ക്ഷേത്രത്തിൽ എല്ലാ പ്രായത്തിലുംപെട്ട സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതിവിധി സുപ്രധാന സംഭവമായാണ് ചരിത്രം വിലയിരുത്തുക. അതിനെക്കുറിച്ച് അഭിപ്രായം പറയുന്നവർ തീർച്ചയായും മന്നത്ത് പത്മനാഭനെപോലുള്ള സാമൂഹ്യപരിഷ്കർത്താക്കളുടെ വാക്കുകൾ ശ്രദ്ധിക്കുന്നത് ഉചിതമായിരിക്കും.

ഡോ. വി ശിവദാസൻ

(http://www.deshabhimani.com/articles/temple-entry-proclamation-and-mannathu-padmanabhan/761966)

Sunday, November 4, 2018

ചരിത്രരേഖ സാക്ഷി; ഇന്നത്തെ വാദങ്ങള്‍ക്ക് അന്നേ മറുപടി

നിയമനിർമാണത്തിനുപോലും മുതിരാതെ എത്രയോ അനാചാരങ്ങൾ വെറും സർക്കാർ ഉത്തരവിലൂടെ നീക്കംചെയ്‌ത നാടാണ്‌ തിരുവിതാംകൂർ. ക്ഷേത്രങ്ങളിൽ വരുന്ന മാറ്റങ്ങൾ തങ്ങളുടെ താൽപ്പര്യങ്ങളെയും വരുമാനത്തെയും ഹനിക്കും എന്ന്‌ തന്ത്രിമാരും മറ്റും ഭയക്കുന്നുണ്ടാകാം. അവരുടെ എതിർപ്പിനുപിന്നിൽ ഇതാകാം കാരണം.

-ചങ്ങനാശേരി പരമേശ്വരൻപിള്ള
ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരുവിതാംകൂർ ഘടകം ആദ്യ പ്രസിഡന്റ്,1934 ഏപ്രിൽ 21

കോടതിക്കോ സർക്കാരിനോ മാറ്റാൻ പറ്റുന്ന ആചാരങ്ങളല്ല ശബരിമലയിലേത്. ആചാരാനുഷ‌്ഠാനങ്ങളുടെ അവസാനവാക്ക് തന്ത്രിയാണ് .

-രമേശ്‌ ചെന്നിത്തല, പ്രതിപക്ഷ നേതാവ് ,2018. ഒക്ടോബർ 24

എൺപത് കൊല്ലംമുമ്പ് "അവർണ'രുടെ ക്ഷേത്ര പ്രവേശനത്തിനെതിരെ യാഥാസ്ഥിതികർ ഉയർത്തിയ വാദങ്ങളാണ് കേരളത്തിൽ ശബരിമലയിലെ സ്ത്രീ പ്രവേശനവിഷയത്തിൽ ബിജെപിയുടെയും കോൺഗ്രസിന്റെയും നേതാക്കൾ ഇന്ന് ഉയർത്തുന്നത്. മുപ്പതുകളിൽ ഈ വാദങ്ങൾക്ക് ശക്തമായി മറുപടി നൽകിയത് പിന്നീട് കോൺഗ്രസ് നേതാക്കളായി മാറിയവരായിരുന്നു എന്ന് ചരിത്രരേഖകൾ വ്യക്തമാക്കുന്നു. 1934 ൽ പ്രസിദ്ധീകരിച്ച ക്ഷേത്രപ്രവേശനകമ്മിറ്റി റിപ്പോർട്ട് ഈ ചരിത്രവസ്തുതയുടെ ഉജ്വല സാക്ഷ്യമാകുന്നു. ആ  റിപ്പോർട്ടിന്റെ ഉള്ളടക്കത്തിലൂടെ...

ശബരിമലയിലെ സ്‌ത്രീപ്രവേശനത്തിനെതിരെ ഇന്ന്‌ ഉയരുന്നത്  86 കൊല്ലംമുമ്പ‌് അവർണരെ ക്ഷേത്രത്തിൽ കയറ്റുന്നതിനെതിരെ ഉയർന്ന അതേ വാദങ്ങൾ. 1932ൽ ക്ഷേത്രപ്രവേശനത്തെപ്പറ്റി പഠിക്കാൻ  ദിവാൻ സർ സി പി രാമസ്വാമി അയ്യർ നിയോഗിച്ച കമ്മിറ്റി മുമ്പാകെ ഏറ്റവും യാഥാസ്ഥിതികരായ മതവാദികൾ ഉയർത്തിയ അതേ വാദങ്ങളാണ്‌ കേരളത്തിൽ ഇന്ന്‌ കോൺഗ്രസിന്റെയും ബിജെപിയുടെയും നേതാക്കൾ ഉയർത്തുന്നത്‌. അന്ന്‌ ഈ വാദങ്ങൾക്ക്‌ ഏറ്റവും ശക്തമായ ഭാഷയിൽ മറുപടി നൽകിയത്‌ സി പി നിയമിച്ച കമ്മിറ്റിയിൽ അംഗമായിരുന്ന ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ളയായിരുന്നുവെന്നും കമ്മിറ്റി റിപ്പോർട്ട് ഉൾക്കൊള്ളുന്ന ചരിത്രരേഖകൾ വ്യക്തമാക്കുന്നു.

തിരുവിതാംകൂറിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ ഘടകം രൂപംകൊണ്ടപ്പോൾ അതിന്റെ പ്രസിഡന്റായിരുന്നു ചങ്ങനാശ്ശേരി പരമേശ്വരൻപിള്ള. എൻഎസ്‌എസിന്റെ സ്‌ഥാപകനേതാവായിരുന്ന അദ്ദേഹം എൻഎസ്‌എസിന്റെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്നു. സ്‌ത്രീ പ്രവേശനത്തിനെതിരെ പ്രതിഷ്ഠയുടെ ചൈതന്യവും ആചാരത്തിന്റെ പ്രാമാണ്യവും പറഞ്ഞ്‌ കോൺഗ്രസിന്റെയും എൻഎസ്‌എസിന്റെയും നേതാക്കൾ ഇന്ന് ഉയർത്തുന്ന എല്ലാ വാദങ്ങളെയും അന്നേ ഖണ്‌ഡിക്കുകയാണ്‌ പരമേശ്വരൻ പിള്ളയും ഒപ്പംനിന്ന എം ഗോവിന്ദനും ചെയ്തത്. റിട്ടയേഡ് ജില്ലാ ജഡ്ജിയും തിരുവതാംകൂറിലെ ഈഴവരിൽ ആദ്യത്തെ നിയമബിരുദധാരിയും പ്രഥമ മുൻസിഫും ആയിരുന്നു ഗോവിന്ദൻ.  എസ്എൻഡിപി യോഗത്തിന്റെ ജനറൽ സെക്രട്ടറിയും പ്രസിഡന്റും ആയും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

നവംബർ 12ന‌്  ക്ഷേത്രപ്രവേശന വിളംബരത്തിന്റെ എൺപത്തിരണ്ടാം വാർഷികം ആഘോഷിക്കുകയാണ‌് കേരളം. ഒരു വ്യാഴവട്ടക്കാലത്തിലേറെ നിരന്തരമായി നടന്ന അയിത്തോച്ചാടന  ‌സമരത്തെ തുടർന്നാണ‌്  1936 ൽ ഐതിഹാസികമായ  ക്ഷേത്ര പ്രവേശന വിളംബരം ഉണ്ടായത‌്.  ‘അവർണ'രുടെ ക്ഷേത്ര പ്രവേശനത്തിനെതിരെ അന്ന‌് യാഥാസ്ഥിതികർ ശക്തമായി രംഗത്തുവന്നിരുന്നു.  ശബരിമലയിലെ സ്‌ത്രീപ്രവേശനത്തിനെതിരെ ഇന്ന്‌ ഉയർത്തുന്നതും  82 കൊല്ലംമുൻപത്തെ അതേ വാദങ്ങൾ തന്നെയാണ‌്.

അന്നത്തെ കമ്മിറ്റിയിൽ അംഗമായിരുന്ന പുന്നശ്ശേരി നമ്പി നീലകണ്ഠ ശർമയാണ് ക്ഷേത്രപ്രവേശന വിഷയത്തിൽ ഏറ്റവും യാഥാസ്ഥിതികമായ നിലപാടെടുത്തത്. കോൺഗ്രസിന്റെയും ബിജെപിയുടെയും നേതാക്കൾ സ്ത്രീ പ്രവേശനത്തിനെതിരെ ഇന്ന് ഉയർത്തുന്ന വാദങ്ങളെല്ലാം കമ്മിറ്റി അംഗമായ നമ്പി അന്ന് അദ്ദേഹത്തിന്റെ കുറിപ്പിൽ പറയുന്നു.

ഏറെ യാഥാസ്ഥിതികരടങ്ങിയതും അവർണരുടെ ക്ഷേത്രപ്രവേശനത്തെ എതിർത്ത മുൻ ദിവാൻ വി എസ്‌ സുബ്രഹ്‌മണ്യ അയ്യർ ചെയർമാനുമായ കമ്മിറ്റി ക്ഷേത്രപ്രവേശനത്തിന്‌ എതിരായ നിലപാടാണ്‌ പൊതുവിൽ എടുത്തത്‌. ഹിന്ദുത്വ പരിഷത്തിന്റെ അഭിപ്രായം മാനിച്ചുമാത്രമേ ഈ കാര്യത്തിൽ തീരുമാനമെടുക്കാനാവു എന്ന്‌ നിർദേശിച്ചു.കമ്മിറ്റി അംഗമായിരുന്ന കവി ഉള്ളൂർ എസ്‌ പരമേശ്വരയ്യർ അടക്കം ഈ നിലപാടിനൊപ്പം നിന്നു. എന്നാൽ, ചങ്ങനാശ്ശേരി പരമേശ്വരൻപിള്ളയും മറ്റൊരംഗമായ മുൻ ജില്ലാ ജഡ്ജി എം ഗോവിന്ദനും ചേർന്ന്‌ ഭൂരിപക്ഷ തീരുമാനത്തിനെതിരെ ശക്തമായ വിയോജിപ്പ്‌  രേഖപ്പെടുത്തി വിശദമായ കുറിപ്പുതന്നെ നൽകി. 78 പേജുള്ള ഈ കുറിപ്പും മറ്റംഗങ്ങളുടെ യോജിപ്പും വിയോജിപ്പുമുള്ള കുറിപ്പുകളും ചേർത്താണ്‌ അന്തിമ റിപ്പോർട്ട്‌ പുറത്തിറക്കിയത്‌. സമിതി ഒത്തുതീർപ്പ്‌ എന്ന നിലയിൽ അവർണർക്ക്‌ അനുവദിച്ച പരിമിതമായ ക്ഷേത്ര പ്രവേശനാനുമതിയും പരമേശ്വരൻപിള്ളയും ഗോവിന്ദനും  തള്ളിക്കളഞ്ഞു. രാജാവ്‌ നിയമിച്ച കമ്മിറ്റിക്ക്‌ അന്തിമ തീരുമാനമെടുക്കാം എന്നും ഇത്തരമൊരു വിഷയം ഇനി മറ്റൊരു സമിതിക്ക്‌ വിടേണ്ടകാര്യമില്ലെന്നും ആറുവർഷം തിരുവിതാംകൂർ ഹൈക്കോടതി ജഡ്‌ജി കൂടിയായിരുന്ന പരമേശ്വരൻപിള്ളയും തിരുവിതാംകൂറിൽ ഈഴവരിൽനിന്ന് ആദ്യം നിയമബിരുദം നേടിയ എം ഗോവിന്ദനും വ്യക്തമാക്കുന്നു.

വിഗ്രഹാരാധന തന്നെ അൽപ്പജ്ഞാനികൾക്ക്

ശ്രുതികളും സ്‌മൃതികളുമല്ല ആഗമ ശാസ്‌ത്രങ്ങളാണ്‌  ക്ഷേത്രത്തിന്റെ നിർമാണവും സമർപ്പണവും പ്രതിഷ്‌ഠയും പൂജയും നിർണയിക്കുന്നതെന്ന വാദത്തെയും കുറിപ്പിൽ  ഖണ്‌ഡിക്കുന്നു. അവർണർ പ്രവേശിച്ചശേഷം ശുദ്ധികലശം വൈകിയാൽ വിഗ്രഹ ചൈതന്യം നശിക്കുമെന്നുള്ള വാദവും  പരിശോധിക്കുന്നു. യഥാർഥത്തിൽ ബിംബാരാധന തന്നെ അജ്ഞാനികൾക്കുള്ളതാണ്. ജ്ഞാനികൾക്കും ആത്‌മീയമായി പുരോഗമിച്ചവർക്കും വിഗ്രഹാരാധന വേണ്ട. കുളാർണവ ധർമയിൽനിന്ന്‌ ശ്ലോകങ്ങൾ ഉദ്ധരിച്ച്‌ അവർ ചൂണ്ടിക്കാട്ടുന്നു. മറ്റുതരത്തിൽ ദൈവത്തെ സങ്കൽപ്പിക്കാൻ കഴിയാത്തവർക്കാണ്‌ ആരാധനയ്‌ക്ക്‌ വിഗ്രഹം വേണ്ടത്‌. അങ്ങനെയുള്ള വിഗ്രഹത്തിലെ ചൈതന്യത്തെപ്പറ്റിയും മറ്റും പറയുന്നത്‌ അതുകൊണ്ടുതന്നെ അസംബന്ധമാണ്‌.

നചരൂപം വിനാ ദേവോ
ധാതും കേതാപി ശക്യതേ
സർവരൂപവിവൃത്താ ഹി
ബുദ്ധി: കുത്രാസ്യ തിഷ്‌ഠതി

വിഷ്‌ണുസംഹിതയിലെ ഈ ശ്ലോകം തങ്ങളുടെ വാദം സമർഥിക്കാൻ അവർ  ഉദ്ധരിക്കുന്നു. (ഒരുവന്‌ ദൈവത്തെ ഒരു ബിംബമില്ലാതെ സങ്കൽപ്പിക്കാൻ കഴിയാതെ വരുമ്പോഴാണ്‌ വിഗ്രഹാരാധന വേണ്ടിവരുന്നത് എന്നർഥം). ആഗമങ്ങളിലോ പുരാണങ്ങളിലോ ഒരിടത്തും വിഗ്രഹത്തിൽ ദിവ്യശക്തി ഉറഞ്ഞുകൂടുന്നതായി പറയുന്നില്ല. അഥവാ ഉണ്ടെങ്കിൽ തന്നെ അവർണരുടെയോ മറ്റാരുടെയെങ്കിലുമോ സാന്നിധ്യംകൊണ്ട്‌ വിഗ്രഹചൈതന്യം നശിക്കുമെന്നും ഒരു ആധികാരിക ഗ്രന്ഥവും പറയുന്നില്ല.

റിപ്പോര്‍ട്ടില്‍ വിഗ്രഹത്തിലെ ചൈതന്യം സംബന്ധിച്ച് പറയുന്നത്

‘‘ഹിന്ദുമതത്തെ സനാതന ധർമമെന്നു വിളിക്കുന്നു. മാറ്റമില്ലാത്തതും ശാശ്വതവുമായതൊക്കെയേ ഹിന്ദുമതത്തിന്റെ ഭാഗമാകൂ. ആചാരങ്ങളും രീതികളും കാലത്തിനും സ്ഥലത്തിനും സാഹചര്യത്തിനും അനുസരിച്ച്‌ മാറുന്നവയാണ്‌. അവയൊന്നും സനാതനമല്ല. അവയ്‌ക്ക്‌ മതത്തിന്റെ പിൻബലവുമില്ല. ധർമശാസ്‌ത്രങ്ങളിൽ ഉള്ളതെല്ലാം മതവുമായി ബന്ധപ്പെട്ടകാര്യങ്ങളുമല്ല’’ ‐ പരമേശ്വരൻപിള്ളയും എം ഗോവിന്ദനും പറയുന്നു.

ഉദാഹരണമായി മലവിസർജനം ചെയ്യുന്നതും മൂത്രമൊഴിക്കുന്നതും എങ്ങനെവേണം എന്നതിനെപ്പറ്റി മനുസ്‌മൃതിയിൽ പറയുന്നത്‌ കുറിപ്പിൽ  ഉദ്ധരിക്കുന്നു. ഒപ്പം ശങ്കരസ്‌മൃതയിൽ അതിനുശേഷം ചെയ്യേണ്ട ശുചിത്വ പരിപാടിയെപ്പറ്റി പറയുന്നതും ചേർക്കുന്നു. ഇലകൊണ്ട്‌ തുടയ്‌ക്കണമെന്നും ബ്രാഹ്മണർ 12 വട്ടവും ക്ഷത്രിയർ ഒമ്പതുവട്ടവും മണ്ണുകൊണ്ട്‌ അവിടം വൃത്തിയാക്കണമെന്നും പറയുന്നു. പിന്നീട്‌ കൈകൾ മണ്ണുകൊണ്ട്‌ വൃത്തിയാക്കിയശേഷം കഴുകണം. അതിനുശേഷം 17 തവണ വെള്ളംകൊണ്ട്‌ വായിൽ കവിൾക്കൊള്ളണം എന്നെല്ലാം  സ്‌മൃതിയിൽ പറയുന്നു. ഇതിനൊക്കെ മതവുമായി എന്തു ബന്ധം?. ഒരു പ്രാകൃത കാലത്ത് മനുഷ്യനെ വ്യക്തിശുദ്ധി പഠിപ്പിയ്ക്കാനും മറ്റും ഇതൊക്കെ ആവശ്യമായിരുന്നു. ആചാരങ്ങളും ഇതുപോലെയാണ്. ഒന്നും എല്ലാക്കാലത്തേക്കും ഉള്ളതല്ല.

വരുമാനം കുറയുമെന്ന് തന്ത്രിമാർ ഭയക്കുന്നുണ്ടാകാം

325 സവർണരെ വിസ്‌തരിച്ചതിൽ 238 പേരും ക്ഷേത്രപ്രവേശനത്തെ അനുകൂലിച്ചു.  എതിർത്ത 87 പേരിൽ 59 പേരും ബ്രാഹ്മണരോ അമ്പലവാസി സമുദായങ്ങളിൽ പെടുന്നവരോ ആയിരുന്നു. ‘‘ഈ സമുദായങ്ങളൊക്കെ നിലവിലെ സ്ഥിതി തുടരാനാഗ്രഹിക്കുന്നു. അത്‌ ഏതെങ്കിലും മതഗ്രന്ഥം പറയുന്നതുകൊണ്ടല്ല. അവരുടെ ജീവിതോപാധിയെ ബാധിയ്ക്കുന്നതുകൊണ്ടാണ്. ക്ഷേത്രങ്ങളിൽ വരുന്ന മാറ്റങ്ങൾ തങ്ങളുടെ താൽപ്പര്യങ്ങളെയും വരുമാനത്തെയും ഹനിക്കും എന്ന്‌ അവർ ഭയക്കുന്നുണ്ടാകാം"അശുദ്ധി അവസാനിച്ചാൽ പിന്നെ ശുദ്ധികലശം സാധ്യമല്ലല്ലോ? തന്ത്രിമാരുടെ എതിർപ്പിനു പിന്നിൽ ഇതാകാം കാരണമെന്നും പരമേശ്വരൻപിള്ളയും ഗോ വിന്ദനും  പറയുന്നു.

റിപ്പോര്‍ട്ടില്‍ തന്ത്രിമാരെപ്പറ്റി പറയുന്ന ഭാഗം

‘‘തന്ത്രികളുടെ കാര്യമെടുക്കാം. ശുദ്ധികലശം പോലുള്ള ശുദ്ധി കർമങ്ങളിലൂടെയാണ്‌ അവർ വലിയ വരുമാനം ഉണ്ടാക്കുന്നത്‌. അവർണരെ ക്ഷേത്രത്തിൽ കയറ്റിയാൽ ശുദ്ധികലശം കുറയും. തന്ത്ര സമുച്ചയത്തിൽ പറയുന്ന വ്യവസ്‌ഥകൾ പ്രകാരം ബിംബത്തിന്‌ ഏതെങ്കിലും നിമിത്തത്താൽ അശുദ്ധി വരുമ്പോഴാണ്‌ ശുദ്ധികലശം നടത്തുന്നത്‌. ജനങ്ങൾ കൂടുതൽ അറിവുള്ളവരാകുകയും പുരോഗമനാശയങ്ങൾ ശക്തിപ്പെടുകയും ചെയ്യുമ്പോൾ ഇത്തരം കാര്യങ്ങൾക്ക്‌ അവർ ശാസ്‌ത്രീയ മാർഗങ്ങൾ സ്വീകരിക്കും. നൂറുകണക്കിന്‌ രൂപ മുടക്കിയുള്ള ശുദ്ധികർമങ്ങൾക്കു പകരം രണ്ടു ചക്രം കൊടുത്താൽ കിട്ടുന്ന ഏതെങ്കിലും  അണുനാശിനി വാങ്ങി അവർ രക്തവും മൂത്രവും മറ്റും വീണുണ്ടാകുന്ന അശുദ്ധി അകറ്റും. അതായത്‌ തന്ത്രിമാർക്ക്‌ വരുമാനം സ്ഥിരമായി നിലയ്‌ക്കും. അതുകൊണ്ട്‌ നിലവിലുള്ള അന്ധവിശ്വാസങ്ങൾ നിലനിൽക്കുന്നതാണ്‌ അവർ ഇഷ്‌ടപ്പെടുക. നിലവിലെ വ്യവസ്‌ഥകളിലേക്ക്‌ കടന്നുകയറുന്നത‌് അവർ സഹിക്കില്ല’’.

‘തന്ത്ര സമുച്ചയത്തിൽ പറയുന്ന വ്യവസ്‌ഥകൾ പ്രകാരം ബിംബത്തിന്‌ ഏതെങ്കിലും നിമിത്തത്താൽ അശുദ്ധി വരുമ്പോഴാണ്‌ ശുദ്ധികലശം നടത്തുന്നത്‌. ജനങ്ങൾ കൂടുതൽ അറിവുള്ളവരാകുകയും പുരോഗമനാശയങ്ങൾ ശക്തിപ്പെടുകയും ചെയ്യുമ്പോൾ ഇത്തരം കാര്യങ്ങൾക്ക്‌ അവർ ശാസ്‌ത്രീയ മാർഗങ്ങൾ സ്വീകരിക്കും. നൂറുകണക്കിന്‌ രൂപ മുടക്കിയുള്ള ശുദ്ധികർമങ്ങൾക്കു പകരം രണ്ടു ചക്രം കൊടുത്താൽ കിട്ടുന്ന ഏതെങ്കിലും  അണുനാശിനി വാങ്ങി അവർ രക്തവും മൂത്രവും മറ്റും വീണുണ്ടാകുന്ന അശുദ്ധി അകറ്റും. അതായത്‌ തന്ത്രിമാർക്ക്‌ വരുമാനം സ്‌ഥിരമായി നിലയ്‌ക്കും.'??

മനുസ്‌മൃതി കൃത്യമായി പിന്തുടരുകയാണെങ്കിൽ ബ്രാഹ്മണർക്ക്‌ വിന്ധ്യന്‌ ഇപ്പുറം  വന്ന്‌ ജീവിക്കാനേ കഴിയില്ലെന്ന്‌ മനുവിന്റെ ശ്ലോകം ഉദ്ധരിച്ച്‌ വിയോജനക്കുറിപ്പ് ചൂണ്ടിക്കാട്ടുന്നു. വിന്ധ്യന്‌ തെക്ക്‌ മ്ലേച്ഛന്മാരാണ്‌ വസിക്കുന്നത്‌. അവരുമായി സമ്പർക്കം വന്നാൽ ബ്രാഹ്മണരും "പതിത'രാകും. അതുകൊണ്ട്‌ തെക്കേ ഇന്ത്യയിൽ ബ്രാഹ്മണരേ ഇല്ലെന്ന്‌ നമ്മൾ കരുതേണ്ടിവരും‐ കുറിപ്പിൽ  പരിഹസിക്കുന്നു.

ബ്രാഹ്മണർ വേദം പഠിക്കുകയും പഠിപ്പിക്കുകയുംമാത്രം ചെയ്യേണ്ടവരാണെന്ന മനുവിന്റെ ശാസനവും  അദ്ദേഹം ഉദ്ധരിക്കുന്നു. വേദം പഠിയ്‌ക്കൽ ജീവിതം സമർപ്പിക്കാതെ മറ്റ്‌ തൊഴിൽചെയ്യാൻ ശ്രമിക്കുന്ന ബ്രാഹ്മണൻ ശൂദ്രനാകുമെന്ന മനുവചനം ആരെങ്കിലും ഇന്ന്‌ അംഗീകരിക്കുമോ എന്നും പരമേശ്വരൻപിള്ളയും ഗോവിന്ദനും  ആരായുന്നു. മൊഴി നൽകാൻ വന്ന ബ്രാഹ്മണരിലൊരാൾ മൂന്നു തലമുറയായി പലിശയ്ക്കു പണം കടംകൊടുക്കുന്ന കുടുംബാംഗം ആണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

ബ്രാഹ്മണരുടെ ആചാര ലംഘനം പറയുന്ന ഭാഗം

ബ്രാഹ്മണർക്ക്‌ കടൽയാത്രയ്‌ക്കുള്ള വിലക്കും കടൽകടന്നവർക്ക്‌ ക്ഷേത്രപ്രവേശനം നിഷേധിക്കുന്ന വ്യവസ്‌ഥകളും ഒക്കെ ആരെങ്കിലും ഇന്ന്‌ അംഗീകരിക്കുമോ? 12 വയസ്സിൽ കൂടുതൽ പ്രായമുള്ള യുവതിയെ വിവാഹം കഴിച്ചാൽ ബ്രാഹ്മണർ പതിതരാകുമെന്നും സ്‌മൃതി വചനങ്ങളില്ലേ? ഇങ്ങനെയൊക്കെ സ്‌മൃതികളും ഗ്രന്ഥങ്ങളുംപ്രകാരം ‘പതിതരായ’ വരെല്ലാം കയറുന്ന ക്ഷേത്രത്തിൽ അവർണർ എന്നു മുദ്രകുത്തപ്പെട്ടവരെ വിലക്കുന്നതിലെ അസംബന്ധവും നിരവധി ഉദ്ധരണികളുടെ അകമ്പടിയോടെ അവർ  വിവരിക്കുന്നു. വർണാശ്രമാചാരത്തിന്റെ പേരിൽ താഴ്‌ന്ന ജാതികൾക്ക്‌ നേരെ നടന്ന കൊടിയഅന്യായങ്ങളും പരമേശ്വരൻപിള്ളയും ഗോവിന്ദനും  ചൂണ്ടിക്കാട്ടുന്നു.

ക്ഷേത്രപ്രവേശന കാര്യത്തിൽ തീരുമാനം ഹിന്ദുമതപരിഷത്തിന്‌ വിടണം എന്ന കമ്മിറ്റിയുടെ പൊതുനിർദേശത്തെയും പരമേശ്വരൻപിള്ളയും എം ഗോവിന്ദനും ചേർന്നെഴുതിയ കുറിപ്പിൽ കുടഞ്ഞെറിയുന്നു.

അനാചാരങ്ങൾ മാറ്റാൻ സർക്കാർ ഉത്തരവ് മതി

നിയമനിർമാണത്തിനുപോലും മുതിരാതെ എത്രയോ അനാചാരങ്ങൾ വെറും സർക്കാർ ഉത്തരവിലൂടെ നീക്കംചെയ്‌ത നാടാണ്‌ തിരുവിതാംകൂർ എന്ന്‌  അവർ ഓർമിപ്പിക്കുന്നു. ക്ഷേത്രങ്ങളിലെ മൃഗബലി നിർത്തൽ ചെയ്യാനും ചേർത്തലയിലെ പൂരപ്പാട്ട്‌ നിർത്താനും ദേവദാസി സമ്പ്രദായം അവസാനിപ്പിക്കാനും ചക്കാല നായർ വിഭാഗത്തെ ക്ഷേത്രത്തിൽ കയറ്റാനും പൊതുറോഡുകളിൽ എല്ലാവർക്കും സഞ്ചാരാനുമതി നൽകാനും സമുദ്ര യാത്ര നടത്തിയവരെ ക്ഷേത്രത്തിൽ പ്രവേശിപ്പിയ്ക്കാനും ഇത്തരത്തിൽ ഉത്തരവേ വേണ്ടിവന്നുള്ളു.  ആഗമങ്ങളിൽ പറഞ്ഞതിനു വിരുദ്ധമായി ഈ തീരുമാനങ്ങൾ എടുക്കാൻ ഒരു ഹിന്ദുമത പരിഷത്തിന്റെയും അനുമതി തേടിയിട്ടില്ല.ഇതിൽ ചിലതൊന്നും ആഗമ ശാസ്ത്രത്തിൽ പറഞ്ഞിരുന്നതല്ലെന്ന  യാഥാസ്ഥിതികരുടെ വാദത്തിനുള്ള മറുപടിയും കുറിപ്പിലുണ്ട്.

നിയമനിർമാണത്തിനുപോലും മുതിരാതെ എത്രയോ അനാചാരങ്ങൾ വെറും സർക്കാർ ഉത്തരവിലൂടെ നീക്കം ചെയ്‌ത നാടാണ്‌ തിരുവിതാംകൂർ.   ആഗമങ്ങളിൽ പറഞ്ഞതിനു വിരുദ്ധമായി ഈ തീരുമാനങ്ങൾ എടുക്കാൻ ഒരു ഹിന്ദുമത പരിഷത്തിന്റെയും അനുമതി തേടിയിട്ടില്ല.

"ദേവദാസികളുടെ നൃത്തവും പാട്ടും ആഗമശാസ്ത്രത്തിൽ പറയുന്നതാണല്ലോ. സമുദ്രയാത്രാവിലക്ക് ധർമ ശാസ്ത്രത്തിലും പറയുന്നു. അതൊക്കെ ഒറ്റ ഉത്തരവിലൂടെ മാറ്റിയില്ലേ ?. ചുരുക്കത്തിൽ ഏറ്റവും യാഥാസ്ഥിതികരായ ചില ബ്രാഹ്മണരുടെ എതിർപ്പ്‌ മാത്രമാണ്‌ അവശേഷിക്കുന്നത്‌. ‘ഏതാനും പേരുടെ അന്ധവിശ്വാസപരമായ ചിന്തകൾക്കാണോ  മഹാരാജാവിന്റെ 17 ലക്ഷം പ്രജകളുടെ ആത്‌മാഭിമാനത്തിനേറ്റ മുറിവിനാണോ പ്രാധാന്യം’’ ‐ കുറിപ്പിൽ ചോദിക്കുന്നു.

ദൈവത്തിന്റെ സ്വന്തം സൃഷ്‌ടികൾ കാണാൻ എത്തിയാൽ ദൈവത്തിന്റെ ചൈതന്യം നഷ്ടപ്പെടുമെന്നുള്ള വാദം  അസംബന്ധമാണ്‌. കൂടുതൽ പേർ ആരാധിക്കാനെത്തിയാൽ പ്രതിഷ്‌ഠയിലെ ദൈവസാന്നിധ്യത്തിന്‌ തിളക്കമേറുകയേയുള്ളു.

‘എന്തുള്ളൂ ഭേദമിതുകളിൽപ്പാർക്കുന്ന
ജന്തുക്കൾതാനും സഹജരല്ലോ.
അന്തണനെച്ചമച്ചുള്ളൊരു
കൈയല്ലോ
ഹന്ത! നിർമിച്ചു ചെറുമനേയും.’

എന്നു തുടങ്ങുന്ന  കുമാരനാശാന്റെ ദുരവസ്ഥയിലെ വരികള്‍
ഉദ്ധരിച്ചാണ്‌ പരമേശ്വൻപിള്ളയും  ഗോവിന്ദനും കുറിപ്പ്‌ അവസാനിപ്പിക്കുന്നത്‌.

ആരായിരുന്നു ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ളയും എം ഗോവിന്ദനും?

കേരളത്തിൽ കോൺഗ്രസിന്റെയും എൻഎസ്എസിന്റെയും സ്ഥാപകനേതാക്കളിൽ ഒരാൾ മാത്രമായിരുന്നില്ല ചങ്ങനാശ്ശേരി പരമേശ്വരൻപിള്ള. അയ്യൻകാളിക്കൊപ്പം കല്ലുമാല സമരത്തിൽ അണിചേർന്ന സാമൂഹ്യപരിഷ‌്കർത്താവ് കൂടിയായിരുന്നു അദ്ദേഹം.
പുലയ സ്ത്രീകൾക്ക് മാറ് മറയ്ക്കുന്നതിന് കല്ലുമാലയേ ധരിക്കാവൂ എന്ന ദുരാചാരത്തിനെതിരെ കല്ലുമാലകൾ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്ത്  1915 ൽ കൊല്ലം കന്റൊൺമെന്റ് മൈതാനിയിൽ സംഘടിപ്പിക്കപ്പെട്ട യോഗത്തിൽ അധ്യക്ഷൻ ചങ്ങനാശേരി പരമേശ്വരൻ പിള്ളയായിരുന്നു. യോഗത്തിൽ  പുലയസ്ത്രീകൾ കല്ലുമാലകൾ മാറിൽനിന്ന് അറുത്തെറിയുകയും പകരം മാറുമറയ്ക്കാൻ റൗക്കകൾ ധരിക്കുകയും ചെയ്തു.

വൈക്കം സത്യഗ്രഹത്തിന്റെ ഭാഗമായി നടന്ന സവർണജാഥയിൽ മന്നത്ത് പത്മനാഭനോടൊപ്പം ചങ്ങനാശേരിയും പങ്കെടുത്തു.  നായർ സർവീസ് സൊസൈറ്റിയുടെ രണ്ടാമത്തെ പ്രസിഡന്റും സ്ഥാപക പ്രമുഖരിൽ പ്രധാനിയുമായിരുന്നു. 1926 ൽ തിരുവിതാംകൂറിലെ ഹൈക്കോടതിയിൽ ന്യായാധിപനായി നിയമിതനായി. ആറു വർഷം  ഹൈക്കോടതിയിൽ പ്രവർത്തിച്ചശേഷം  പൊതുരംഗത്തേക്കുതന്നെ തിരിച്ചെത്തി. നാലുതവണ തിരുവിതാംകൂർ ജനപ്രതിനിധി സഭകളിൽ അംഗമായി.

1938 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ തിരുവിതാംകൂർ ഘടകമായ ശാഖ തിരുവനന്തപുരത്ത് സഥാപിതമായപ്പോൾ അതിന്റെ ആദ്യ പ്രസിഡന്റ് പരമേശ്വരൻപിള്ള. 1940 ജൂൺ 30 ന് അന്തരിച്ചു.

ശ്രീനാരായണഗുരുവുമായി അടുത്ത സമ്പർക്കം പുലർത്തിയിരുന്ന എം ഗോവിന്ദൻ ഗുരുവിന്റെ പ്രമുഖ ശിഷ്യരിൽ ഒരാളായിരുന്നു.
തിരുവിതാംകൂറിലെ ഈഴവരിൽ ആദ്യത്തെ നിയമബിരുദധാരിയും പ്രഥമ മുൻസിഫും ആയിരുന്നു അദ്ദേഹം. വിവേകോദയം മാസികയുടെ ആദ്യത്തെ പത്രാധിപർ, ഈഴവ റഗുലേഷന്റെ പ്രമുഖശിൽപ്പി, ശ്രീമൂലം പ്രജാസഭാ മെമ്പർ,  ഹരിജന സേവാസംഘം പ്രസിഡന്റ്, എസ്എൻഡിപി യോഗത്തിന്റെ ജനറൽ സെക്രട്ടറി, പ്രസിഡന്റ് തുടങ്ങിയ  നിലകളിൽ പ്രവർത്തിച്ചു. 1958 നവംബർ 17 ന് അന്തരിച്ചു.

ചെന്നിത്തലയുടെ നിലപാട് അന്നത്തെ ഏറ്റവും യാഥാസ്ഥിതികരുടേത്

പല അഭിപ്രായക്കാരുമുണ്ടായിരുന്ന ക്ഷേത്രപ്രവേശന അന്വേഷണ കമീഷനിൽ  തന്ത്ര ശാസ്ത്ര പ്രമുഖനായ താരനല്ലൂര്‍  നമ്പൂതിരിപ്പാടിന്റെ പ്രതിനിധി എന്ന നിലയിലാണ് പുന്നശ്ശേരി നമ്പി നീലകണ്‌ഠ ശർമാവിനെ കമ്മിറ്റിയില്‍  ഉൾപ്പെടുത്തിയത്. സരസ്വതിയ്ക്ക് അയിത്തമില്ലെന്നു പ്രഖ്യാപിച്ച് അവര്‍ണര്‍ക്ക്  സംസ്കൃതം വിദ്യാഭ്യാസം  നല്‍കാന്‍ പോലും മടിയ്ക്കാതിരുന്ന അദ്ദേഹം  പക്ഷെ പിന്നോക്കവിഭാഗങ്ങളിൽ പെട്ടവരുടെ ക്ഷേത്രപ്രവേശനത്തെ  ശക്തമായിത്തന്നെ എതിര്‍ത്തിരുന്നു.

പുന്നശ്ശേരി നമ്പി നീലകണ്ഠ ശര്‍മ്മാവ്

‘അവർണർ' കയറുന്നതോടെ വിഗ്രഹചൈതന്യം പോകുമെന്നും ക്ഷേത്രം ഉപയോഗശൂന്യമാകുമെന്നും തീവ്രമായി ഉന്നയിച്ചത് നമ്പിയാണ് .ആ നിലപാടിനെ ഏറ്റവും ശക്തമായി എതിർത്ത പുരോഗമനവാദികളായിരുന്നു  ചങ്ങനാശേരി പരമേശ്വരൻപിള്ള അടക്കമുള്ള അന്നത്തെ കോൺഗ്രസ് നേതാക്കൾ. എന്നാൽ, ഇന്നത്തെ കോൺഗ്രസ് നേതാക്കൾ ഒന്നൊഴിയാതെ അന്നത്തെ നമ്പിയുടെ നിലപാടിനൊപ്പം നിൽക്കുന്ന തലതിരിഞ്ഞ  കാഴ്ചയാണ് എൺപത് വർഷത്തിനുശേഷം  കേരളം കാണുന്നത് .

‘‘ക്ഷേത്രത്തിലെ ആചാരങ്ങൾക്കും പ്രമാണങ്ങൾക്കും വിരുദ്ധമായി അവർക്ക് അതിരുവിട്ട‌് അകത്ത‌് പ്രവേശം കൊടുക്കുന്നതുകൊണ്ട് ക്ഷേത്രത്തിന‌് അശുദ്ധിതട്ടുകയും പൂജ മുതലായതു നടത്താൻ പാടില്ലാതാകുകയും ദേവസാന്നിധ്യം നശിക്കുകയും ചെയ്യുമെന്ന് തീർച്ചയാണ് ''

ക്ഷേത്രപ്രവേശന കമീഷൻ റിപ്പോർട്ടിൽ തന്റെ കുറിപ്പ് ഉപസംഹരിച്ചുകൊണ്ട് പുന്നശ്ശേരി നമ്പി നീലകണ്‌ഠ ശർമാവ് പറഞ്ഞു.

സ്ത്രീകൾ കയറിയാൽ ക്ഷേത്രചൈതന്യം നശിക്കുമെന്നും പൂജ നടത്താനാകാതെ അമ്പലം പൂട്ടേണ്ടിവരുമെന്ന്‍ ഇന്നുയരുന്ന വാദം അവര്‍ണരുടെ പ്രവേശനത്തിനെതിരെ അദ്ദേഹം അന്ന് ഉയര്‍ത്തി.

അദ്ദേഹത്തിന്റെ കുറിപ്പിൽ പറയുന്നു:

പുന്നശ്ശേരി നമ്പിയുടെ നിലപാട്

''അവർണ്ണർ അറിവില്ലായ്മ നിമിത്തമൊ മറ്റോ ആഗ്രഹിക്കുന്നുണ്ടെങ്കിലും ആ അധർമ്മപ്രവൃത്തി നടത്തി അവർക്കുതന്നെ ദോഷം വരുത്തുവാൻ ഗവൺമെന്റ് ഒരുവിധവും വഴി വെച്ചുകൊടുക്കരുതാത്തതാകുന്നു. പ്രജകളെ അധർമ്മമാറ്റത്തിൽ നിന്നു പിൻമടക്കേണ്ടതു ഗവർണ്മെന്റിന്റെ ചുമതലയാണ്. ആയതു ചെയ്യാതിരുന്നാൽ രാജാവിന്നും പ്രജകൾക്കും രാജ്യത്തിന്നും വലിയ അനർത്ഥങ്ങൾ വന്നുചേരുന്നതാണെന്നു മാത്രമ ല്ല, അവർണ്ണരുടെ പ്രവേശം നിമിത്തം തൽക്കാലം പല വിപ്ലവങ്ങൾക്കും ഇടയാകയും ക്രമേണ ക്ഷേത്രം നിരുപയോഗമായിത്തീരുകയും ചെയ്യുമെന്നതിന്നു സംശയമില്ല.''

അന്ന് ഈ നിലപാട് സി പി രാമസ്വാമി അയ്യർക്കുപോലും സ്വീകാര്യമായില്ല. ക്ഷേത്ര പ്രവേശന ഉത്തരവ് പിന്നാലെ വന്നു. അന്ന് പുന്നശ്ശേരി നമ്പി ഉന്നയിച്ച ശുദ്ധിവാദം ശരിയെങ്കിൽ ഇന്ന് കേരളത്തിലെ ക്ഷേത്രങ്ങളിലൊന്നും ചൈതന്യം അവശേഷിക്കുന്നില്ല. അവർണരുടെ പ്രവേശത്തോടെ അത് ഇല്ലാതായിട്ടുണ്ടാകണം.!

ശ്രീകുമാര്‍ ശേഖര്‍

(http://www.deshabhimani.com/special/historical-records-about-temple-entry/761731)

മാറാത്ത ക്ഷേത്രാചാരമില്ല, മാറ്റാനാകാത്തതുമില്ല‐ രാജൻ ഗുരുക്കൾ എഴുതുന്നു

ക്ഷേത്രാചാരം ചിരപുരാതനമാണെന്നും അതുമാറ്റാനാകില്ലെന്നും ശഠിക്കുന്നത‌്  ക്ഷേത്രാചാര ചരിത്രത്തെപ്പറ്റി  ഒരുചുക്കുമറിയാത്തതുകൊണ്ടാണ്.  മാറാത്തതും മാറ്റാനാകാത്തതുമായി ഒരാചാരവുമില്ല. ഒരുമാറ്റത്തിനും വിധേയമായിക്കൂടെന്നു കരുതുന്ന മന്ത്രോച്ചാരണംപോലും പ്രാദേശിക ഭാഷാമൊഴിയനുസരിച്ചു  മാറി.  പ്രാതിസാഖ്യനിഷ്കർഷകളുടെ ശിക്ഷയും  പരിരക്ഷയുമുണ്ടായിട്ടും വേദോച്ചാരണം  മാറിയതിനെപ്പറ്റിയാണു പറയുന്നത്. പിന്നെയാണോ ക്ഷേത്രാചാരങ്ങളുടെ കാര്യം.

പരമ്പരാഗതമെന്നുകരുതുന്ന ആചാരങ്ങളൊക്കെ മാറിമാറി വന്നവയാണ്. അടുത്തകാലത്തുമാറിയതും അക്കൂട്ടത്തിലുണ്ടാകും. പക്ഷേ എല്ലാം ചിരപുരാതനം എന്നാണറിയപ്പെടുക. ക്ഷേത്രാചാരങ്ങളൊക്കെ പരശുരാമനുണ്ടാക്കിയതാണെന്നും അവ ചിട്ടപ്പെടുത്തിയത‌് ശങ്കരാചാര്യരാണെന്നും ഒരുപറച്ചിലുണ്ട്.  പരശുരാമനൊരു  പുരാണ കഥാപാത്രവും അവതാരവുമൊക്കെയാണ്. ശങ്കരനാകട്ടെ   അദ്വൈതവേദാന്തിയും. ക്ഷേത്രാരാധനയെന്നല്ല വൈദികമീമാംസകരുടെ ക്രിയകളോടുപോലും  പൊരുത്തപ്പെടാത്ത ശങ്കരനെന്തു ചിട്ടപ്പെടുത്തിയെന്നാ? ബ്രഹ്മജ്ഞാനിയായ ഉപനിഷദിക്കെന്തു ദൈവാരാധന?

ക്ഷേത്രാരാധന ആരാധനയുടെ നീണ്ട ചരിത്രത്തിലൂടെ പരിണമിച്ചുണ്ടായ സ്ഥാപനമാണ‌്  ക്ഷേത്രം. ഒരുപാടുകാലം ആരാധന കാട്ടിലെ മരച്ചോട്ടിലായിരുന്നു.  ക്ഷേത്ര വാസ്തുവിദ്യ രൂപപ്പെട്ടത‌്‌ ബൗദ്ധവിഹാരങ്ങളുടെയും ചൈത്യങ്ങളുടെയും മാതൃക പിന്തുടർന്നാണ്‌. ശിലയിലോ പഞ്ചലോഹത്തിലോ ബിംബം പണിത് അവഗാഹംചെയ്ത് അഷ്ടബന്ധമിട്ടുറപ്പിച്ച‌്, വലത്ത‌് സപ്തമാതൃക്കളെയും ഗണപതിയെയും ഭൈരവനെയും സ്ഥാനംചെയ്തു മന്ത്രങ്ങളും ക്രിയകളുംവഴി ആവാഹിത ചൈതന്യമായി ദേവസാന്നിധ്യം ഉറപ്പിച്ച‌് അഞ്ചു പ്രാകാരങ്ങളും കെട്ടി ക്ഷേത്രം നിർമിക്കുന്ന രീതി ദക്ഷിണേന്ത്യയിലാകെ പ്രചാരത്തിലായിട്ട‌് ആയിരത്തിരുനൂറു കൊല്ലത്തിലധികമായില്ല. കേരളത്തിലത്തരം ക്ഷേത്രങ്ങളുണ്ടാകുന്നത് ഒമ്പതാംനൂറ്റാണ്ടിലാണ്. അവ നമ്പൂതിരിഗ്രാമങ്ങളുടെ സിരാകേന്ദ്രങ്ങളായിരുന്നു. വൈദികരായ നമ്പൂതിരി ഭൂവുടമകൾക്ക‌്‌ അക്കാലത്ത‌് ക്ഷേത്രാരാധനയില്ല. അതിനാലവരാരും ക്ഷേത്രത്തിലെ നിത്യപൂജകളിലിടപെട്ടിരുന്നില്ല. എന്നാലവരുടെ അധികാരസ്ഥാപനമായിരുന്നു അന്ന് ക്ഷേത്രം. അതുകൊണ്ട‌് ക്ഷേത്രശുദ്ധി നിശ്ചയിച്ചതും  ശുദ്ധികർമങ്ങളൊക്കെ ചെയ്തതും വൈദികരായിരുന്നു. അതുകൊണ്ടുതന്നെ തന്ത്രവൃത്തികളെല്ലാം വൈദികമോ അവയുടെ വകഭേദങ്ങളോ ആയി.

ശുദ്ധിസങ്കല്പം

ദേവചൈതന്യം വരുത്തിയ ക്ഷേത്രബിംബത്തിന്റെ ശുദ്ധം മാറിക്കൂടാ. അതിന‌് പ്രാകാരങ്ങളഞ്ചും  ശുദ്ധമായിരിക്കണം. ബിംബശുദ്ധിയും പ്രാസാദശുദ്ധിയും ഉറപ്പുവരുത്തുന്നതിനാണ‌്‌ ക്ഷേത്രാചാരങ്ങളോരോന്നും കല്പിച്ചത്. അവയെ ക്ഷേത്രാഗമങ്ങളെന്നു പറയും. വൈദികവും വൈദികേതരവുമായ മന്ത്രങ്ങളും ക്രിയകളും ചേർന്നതാണവ. ബ്രാഹ്മണങ്ങളിൽനിന്നാണീ വാങ്മയത്തിന്റെ തുടക്കം. അവ പ്രയോഗ പാരമ്പര്യപാഠങ്ങളായി പല വൈദികരും  രേഖപ്പെടുത്തിവച്ചിട്ടുണ്ട്. കുഴിക്കാട്ടുപച്ച, മാടമ്പുപച്ച, കാരിമുക്കുപച്ച  തുടങ്ങിയവ ഉദാഹരണം. പിൽക്കാലത്ത‌് രചിക്കപ്പെട്ട പല ശൈവ, വൈഷ്ണവ ആഗമങ്ങളിലെ പ്രസക്തഭാഗങ്ങളെടുത്ത‌് പ്രയോഗപാഠമായി പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. തന്ത്രസമുച്ചയം അത്തരം ഒരു സമഗ്ര തന്ത്രഗ്രന്ഥമാണ്.

ശുദ്ധം മാറിയ ക്ഷേത്രത്തെ ശുദ്ധമാക്കുന്ന തന്ത്രിമാരുടെ ക്രിയകളിന്നും പ്രാചീന  വൈദികകാലത്തെ പശുപാലകസമൂഹത്തിന്റെ ക്രിയകളുടെ തുടർച്ചയാണ്. പഞ്ചഗവ്യമാണിന്നും ശുദ്ധം വരുത്താനുള്ള മുഖ്യവസ്തു.  ബിംബം ശുദ്ധം മാറിയാലതിനെ അവഗാഹക്കുറ്റിയിലാക്കി ചാണകവും  ഗോമൂത്രവും പാലും തൈരും നെയ്യും  നിറച്ച്‌ അടച്ചുവയ‌്ക്കും. പഞ്ചഗവ്യം പൂജിച്ചും നേദിച്ചും ചെയ്യുന്നവയാണ‌് മിക്ക ശുദ്ധിക്രിയകളും.   പശുവിനെയും കിടാവിനെയും ക്ഷേത്രാങ്കണത്തിൽ രണ്ടാഴ്ചയോളം കെട്ടിയിട്ടു ഗോമൂത്രവും ചാണകവും വീഴ്ത്തുന്ന  ഗോനിവാസമെന്ന  ക്രിയയിലൂടെയാണ‌് പ്രാസാദശുദ്ധി വരുത്തുക. നാൽപ്പാമരത്തൊലി, പുണ്യാഹച്ചുണ്ട, അക്ഷതം, കുശപ്പുല്ല്, താമരവളയം, ദർഭമുഷ്ടി, പുറ്റുമണ്ണ് തുടങ്ങിയ പലതും ശുദ്ധിക്രിയകൾക്ക് ഉപയോഗിക്കും.  പക്ഷേ വിധിപ്രകാരം ശുദ്ധിവരുത്താനൊരുപാടു കലശങ്ങളും  പ്രായശ്ചിത്ത ഹോമങ്ങളും ദാനങ്ങളും ഒക്കെയായി ദിവസങ്ങളോളം നീളുന്ന ക്രിയ  വേണം. ദേശമംഗലത്തും തരണനല്ലൂരും പറമ്പൂരുമൊക്കെ ഇവയുടെ വരിക്കണക്കുണ്ട്. ഗോപുരത്തിലൊരിത്തിരി ഉണ്ണിമൂത്രം വീണതിന‌് സർവകർമങ്ങളും നിർത്തി ആയിരത്തൊന്നു കലശമാടി ശുദ്ധിവരുത്തിയതിന്റെ വരിക്കണക്കു കാണാം.  അതായിരുന്നു ഒരുകാലത്തെ ക്ഷേത്രാചാരം.  ഇന്ന‌് കലശം വെറും വെള്ളമൊഴിച്ചുകഴുകുന്ന വെറും ധാരകോരലായി  ചുരുങ്ങിയില്ലേ? ഏതശുദ്ധിക്കും ഇന്ന് എളുപ്പവിദ്യയായ പുണ്യാഹം മതിയെന്നായില്ലേ?

ബിംബശുദ്ധിയും പ്രാസാദശുദ്ധിയും ഒരിക്കലും പാലിക്കാനാകാത്ത ക്ഷേത്രമാണ് ശബരിമലയിലേത്. പതിനെട്ട‌് കുന്നുകളാണതിന്റെ അന്തപ്രാകാരം. അത്ര വലിയൊരിടത്തെങ്ങനെ പ്രാസാദശുദ്ധി ഉറപ്പാക്കും?

മാറാത്ത ആചാരമില്ല

ക്ഷേത്രാചാരങ്ങളെല്ലാം സാമൂഹ്യാചാരങ്ങളുടെ ഭാഗമാണ്. അതുകൊണ്ട‌്  കാലാകാലങ്ങളിലെ സാമൂഹ്യ പരിവർത്തനങ്ങൾക്കനുസരിച്ച് അവ മാറിക്കൊണ്ടിരുന്നു. ജാതി വ്യവസ്ഥയ‌്ക്ക‌് മേൽക്കൈ ഉണ്ടായിരുന്ന സമൂഹത്തിലെ ക്ഷേത്രങ്ങളെല്ലാം സവർണരുടേതായിരുന്നു. അവരൊക്കെ അയിത്തം നോക്കുകയും തീണ്ടാപ്പാടകലം പാലിക്കുകയും ചെയ്യുന്നവരായതുമൂലം അവരുടെ ദൈവങ്ങളും അപ്രകാരം സങ്കല്പിക്കപ്പെട്ടു. സവർണക്ഷേത്രങ്ങളിലെ ബിംബശുദ്ധിയും പ്രാസാദശുദ്ധി യും ഉറപ്പുവരുത്തിയത‌് പ്രധാനമായും തീണ്ടുന്ന ജാതിക്കാരെ അകറ്റിനിർത്തിയായിരുന്നല്ലോ. അയിത്താചാരം ക്ഷേത്രാചാരങ്ങളുടെ ഭാഗമായിരുന്നു. പുലയരും ഈഴവരും തീണ്ടി ശുദ്ധംമാറിയതിന‌് നിർമാല്യം മുട്ടിച്ച് മുളയിട്ടും  ദാനങ്ങളും പ്രായശ്ചിത്തഹോമവും  ചെയ്തും കലശങ്ങളാടിയും  ബിംബശുദ്ധിയും പ്രാസാദശുദ്ധിയും വരുത്തിയതിന്റെ വരിക്കണക്കുകളൊരുപാടുണ്ട്. കാലം മാറി. ക്ഷേത്രാചാരത്തിലെ ദുരാചാരത്തിനെതിരെ പ്രക്ഷോഭങ്ങളുയർന്നു. ക്ഷേത്രപ്രവേശനവിളംബരമുണ്ടായി. ജാതിക്കോമരങ്ങളടങ്ങി. പിന്നീടവരെവിടെയെങ്കിലും ചെന്നു തുള്ളിനിന്നോ?

തീണ്ടാർന്ന പെണ്ണുങ്ങളശുദ്ധമെന്ന ധാരണയും ഇതേ സാമൂഹ്യവ്യവസ്ഥയുടെ ഭാഗമാണ്. പ്രാചീന ഗോത്രവർഗത്തിലെ ഋതുമതി ഉർവരതയുടെ മൂർത്തരൂപവും മാസംതോറും നവീ കരിക്കപ്പെടുന്ന പരിശുദ്ധയുമാണ്. ശുദ്ധം മാറിയ ക്ഷേത്രം മുളയിട്ടു ശുദ്ധമാക്കുന്ന ആചാരം ഉർവരതയുടെ ഭാഗമായി മനസ്സിലാക്കാം. ഇന്ന‌് ആർത്തവത്തിന‌് അയിത്തം കല്പിക്കുന്നതും അതനുസരിച്ച‌് അവകാശം നിഷേധിക്കുന്നതും  ഭരണഘടനാവിരുദ്ധമെന്ന‌് സുപ്രീംകോടതി വ്യക്തമാക്കിക്കഴിഞ്ഞു.

ഐഡന്റിറ്റി ക്രൈസിസ് 

മാറാത്തതോ മാറ്റാനാകാത്തതോആയ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇല്ല. ആചാരം മാറ്റാനാകില്ലെന്നു ബഹളംവയ‌്ക്കുന്നവരുടെ കണ്മുമ്പിൽത്തന്നെ ശബരിമലക്ഷേത്രാചാരങ്ങളെത്ര മാറി. പമ്പയെ മലിനമാക്കുന്നുവെന്നുവന്നതോടെ ‘ചിരപുരാതന’ പമ്പാസദ്യയെന്ന ആചാരം മാറ്റിച്ചില്ലേ? മലയിറങ്ങുന്നവരുടെ വിഴുപ്പ് പമ്പയിലുപേക്ഷിക്കുന്ന പുതിയദുരാചാരവും  നിർത്തിച്ചില്ലേ? കറുപ്പിനുപകരം ഗുരുസ്വാമിമാത്രം നീലയും കാവിയും ഉടുക്കുന്നത‌് അടുത്തകാലത്തു തുടങ്ങിയതാണ്‌. ഏതു വിധിപ്രകാരമാണത്? ആചാരമെന്ന പേരിലിങ്ങനെ പുതിയ കോപ്രായങ്ങളുണ്ടാകുന്നതും ഇല്ലാതാകുന്നതും ഈ ബഹളക്കാരറിയുന്നുണ്ടോ? അജ്ഞതയാണിവരുടെ ദോഷം. പരമ്പരാഗത ശാസ്ത്രവുമറിയില്ല, സയൻസുമറിയില്ല. രണ്ടുംകെട്ട ഇക്കൂട്ടരാണ‌് കേട്ടപാതി കേൾക്കാത്തപാതി ഹാലിളകി ആചാരസംരക്ഷകരായി ഓടുന്നത്. ആചാരങ്ങളിവരുടെ ഐഡന്റിറ്റിയായി മാറിയിരിക്കുന്നു.  ദുരാചാരങ്ങളെ കെട്ടിപ്പിടിച്ചേ നിലനിൽപ്പുള്ളൂ എന്ന അവസ്ഥ. ഐഡന്റിറ്റിയില്ലാ താകുന്ന പ്രതിസന്ധിയാണിത്‌.

സുപ്രീംകോടതിവിധിയോ ഭരണഘടനയോ മനുഷ്യാവകാശമോ അല്ല അയ്യപ്പന്റെ ബ്രഹ്മചര്യയാണ‌് പ്രധാനം എന്നുവന്നാലെന്തു ചെയ്യും? ഇതുവിശ്വാസത്തിന്റെ  പ്രശ‌്നമല്ല. യൗവനയുക്തകളുടെ പ്രവേശനം അയ്യപ്പന്റെ ബ്രഹ്മചര്യയ‌്ക്കു വിഘാതമാകുമെന്നു ഭയപ്പെടുന്നത‌്‌ വിശ്വാസമില്ലായ്മയല്ലേ വ്യക്തമാക്കുന്നത്? ഒരുതരം ആചാര മൗലികവാദമല്ലേ ഇത്? ആനുകാലികസമൂഹത്തിനും സംസ്കാരത്തി നും ചേരാത്ത ആചാരങ്ങളെ മുറുകെ പിടിക്കുന്നത് ഒരു സമുദായത്തിനും ഭൂഷണമല്ല. വിശ്വാസത്തിന്റെ പേരിലായാലും  വ്യക്തിപരമായാലും നീതിക്കുനിരക്കാത്ത ആചാരം ഭരണഘടനാവിരുദ്ധമാണ്.

രാജൻ ഗുരുക്കൾ
(പ്രമുഖ ചരിത്രകാരനാണ്‌ ലേഖകൻ)

ആർഎസ‌്എസ് നിലപാട‌് ഇരട്ടത്താപ്പ‌്: രാം പുനിയാനി

പാലക്കാട‌്: മുസ്ലിംസ‌്ത്രീകൾ ഭരണഘടന അനുസരിക്കണമെന്ന‌് വാദിക്കുന്ന ആർഎസ‌്എസ് ഹിന്ദുസ‌്ത്രീകൾ ഭരണഘടനയ‌്ക്കു പകരം ആചാരം പാലിക്കണമെന്ന‌് ശഠിക്കുന്നത‌്  ഇരട്ടത്താപ്പാണെന്ന് പ്രശസ്ത ചിന്തകൻ ഡോ. രാം പുനിയാനി പറഞ്ഞു.

പട്ടികജാതി ക്ഷേമസമിതി സംസ്ഥാന സമ്മേളനം പാലക്കാട്ട‌് ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാരാഷ്ട്രയിൽ ഹാജി അലി ദർഗയിൽ കയറണമെന്ന‌് ആവശ്യപ്പെട്ട‌് മുസ്ലിംസ‌്ത്രീ കോടതിയിൽ പോയി അനുകൂലവിധി സമ്പാദിച്ചപ്പോൾ പ്രധാനമന്ത്രി ഉൾപ്പെടെ പിന്തുണച്ചു. എന്നാൽ ശബരിമലയിൽ മനുസ‌്മൃതി അനുസരിക്കാനാണ‌് ആർഎസ‌്എസ് പറയുന്നത‌്.

സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയാണ് ഭരണഘടന അനുശാസിക്കുന്നത‌്. എന്നാൽ  ഭരണഘടനതന്നെ മാറ്റിയെഴുതണമെന്നാണ‌് ആർഎസ‌്എസ്സിന്റെ ആവശ്യം. ജനാധിപത്യവും ഭരണഘടനയും പാശ‌്ചാത്യരീതിയെന്ന‌് ആരോപിച്ച‌്  മനുസ‌്മൃതി തിരികെ കൊണ്ടുവരാനാണ‌് ആർഎസ‌്‌എസ് ശ്രമം. ഇത‌് നാടിനെ അസമത്വത്തിലേക്ക‌് തിരികെ കൊണ്ടുപോകും. ശൂദ്രർക്കും സ‌്ത്രീകൾക്കും അടിമത്തം അടിച്ചേൽപ്പിച്ചതിന്റെ പേരിലാണ‌് ഡോ. അംബേദ‌്കർ മനുസ‌്മൃതി കത്തിക്കാൻ ആഹ്വാനം നൽകിയത്. 

ഹിന്ദു അപകടത്തിലാണെന്ന‌് ബ്രാഹ്മണ്യവാദികളും  ഇസ്ലാം അപകടത്തിലാണെന്ന‌് നവാബുമാരും പറയുന്നു.  ജാതിവ്യവസ്ഥ ഇല്ലാതായാൽ വരേണ്യവിഭാഗത്തിന‌്കോട്ടം തട്ടുമെന്ന ഭീതിയാണ‌് ഇതിന‌് പിന്നിൽ.  നാല‌് വർഷമായി രാജ്യത്ത‌് ദളിത‌് വിഭാഗത്തിന‌് നേരെ അക്രമം കൂടുതൽ തീവ്രമായി.  മതത്തിന്റെ പേരിലുള്ള രാഷ‌്ട്രീയമാണ് രാജ്യത്തെ  ജാതിവ്യവസ്ഥയെ ഇല്ലാതാക്കാൻ തടസ്സമായി നിൽക്കുന്നത‌്.  ജനാധിപത്യമൂല്യങ്ങൾക്ക‌് ഒരു വിലയുമില്ലാത്ത സ്ഥിതിയായി– രാം പുനിയാനി പറഞ്ഞു.

ഭരണഘടനയെ മറികടന്ന‌് ഹിന്ദുരാഷ‌്ട്രം സ്ഥാപിക്കാനുള്ള ശ്രമം: രാജൻ ഗുരുക്കൾ

ആലപ്പുഴ: ശബരിമലയുടെ മറവിൽ കലാപവും വൈകാരികതയും സൃഷ‌്ടിച്ച‌് രാഷ‌്ട്രീയ നേട്ടമുണ്ടാക്കാനാണ‌് സംഘപരിവാർ ശ്രമമെന്ന‌് ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ‌് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ പറഞ്ഞു. ഭരണഘടനയെ മറികടന്ന‌് ഹിന്ദുരാ‌ഷ‌്ട്രം സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു. സംസ‌്കൃതസംഘം, പുരോഗമനകലാസാഹിത്യസംഘം, ഗ്രന്ഥശാലാസംഘം എന്നിവ സംയുക്തമായി എൻജിഒ ഹാളിൽ സംഘടിപ്പിച്ച ‘കോടതിവിധി, ആചാരം, വിശ്വാസം സെമിനാർ’ ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

അധികാരം പിടിച്ചെടുക്കാനുള്ള സമരമാണിപ്പോൾ നടക്കുന്നത‌്. 2006ൽ സംഘപരിവാറുമായി ബന്ധമുള്ളവർ തന്നെ കോടതിയിൽ യുവതീപ്രവേശനം ആവശ്യപ്പെട്ട‌് കേസ‌് കൊടുത്തത‌്. എന്നാൽ കേരളത്തിൽ സംഘപരിവാറിന്റെ ലക്ഷ്യം നടക്കില്ല. ചെറിയൊരു വിഭാഗം മാത്രമാണ‌് സംഘപരിവാറിന്റെ നുണപ്രചരണങ്ങൾ വിശ്വസിച്ചിരിക്കുന്നത‌്. വൈകാരികമായി കാര്യങ്ങളെ കാണുന്നവരെ യുക്തി പറഞ്ഞ‌് ബോധിപ്പിക്കുക പ്രയാസമാണ‌്. ഇവരെ ബോധവത‌്കരിക്കാൻ വീടുകൾ കയറി സംസാരിക്കണമെന്നും രാജൻ ഗുരുക്കൾ പറഞ്ഞു.

ശബരിമലയിലെ ചരിത്രവും ആചാരങ്ങളും വിശ്വാസങ്ങളും അറിയാത്തവരാണ‌്  സമരം ചെയ്യുന്നത‌്. ശബരിമല കോലാഹലങ്ങൾക്കുള്ള ഇടമല്ല. കാടിന്റെ നിശബ്ദമായ മര്യാദയാണ‌് അവിടെയുള്ളത‌്. മൃഗങ്ങളെയും പരിഗണിച്ചാണ‌് കറുപ്പുടുത്ത‌് വിശ്വാസികൾ പോകുന്നത‌്. എന്നാൽ ഇപ്പോൾ അങ്ങനെയല്ല, വ്യത്യസ‌്ത നിറങ്ങളും ബഹളവുമായി. മന്ത്രവും തന്ത്രവും അറിയാത്തവരാണ‌് അയ്യപ്പന‌് പൂജ ചെയ്യുന്നത‌്. ആചാരങ്ങൾ മനുഷ്യൻ സൃഷ‌്ടിക്കുന്നതാണെന്നും അതിന‌് അതത‌് കാലത്തെ സാമൂഹിക വ്യവസ്ഥകൾക്കനുസരിച്ച‌് മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കലാപമുണ്ടാക്കാനുള്ള സംഘപരിവാർ നീക്കത്തിലും സംസ്ഥാന സർക്കാർ പക്വമായാണ‌് പെരുമാറുന്നതും ഇത്രയും ഉറച്ച നിലപാട‌് ഉയർത്തിപ്പിടിക്കുന്ന സർക്കാർ മുമ്പുണ്ടായിട്ടില്ലെന്നും രാജൻ ഗുരുക്കൾ പറഞ്ഞു.

യോഗത്തിൽ ഡോ. ബിച്ചു എക‌്സ‌് മലയിൽ അധ്യക്ഷയായി. കണ്ണൂർ സർവകലാശാല മുൻ രജിസ‌്ട്രാർ കെ എച്ച‌് സുബ്രഹ്മണ്യൻ മുഖ്യപ്രഭാഷണം നടത്തി.  മുൻ ദേവസ്വം ബോർഡംഗം കെ രാഘവൻ, സംസ‌്കൃതസംഘം സംസ്ഥാന കൺവീനർ ടി തിലകരാജ‌്, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി എ എ ബഷീർ, കെഎസ‌്ടിഎ ജില്ലാ സെക്രട്ടറി ഡി സുധീഷ‌്, പുരോഗമനകലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി ടി എ സുധാകരക്കുറുപ്പ‌്, ലൈബ്രറി കൗൺസിൽ സെക്രട്ടറി മാലൂർ ശ്രീധരൻ, കെ സോമനാഥപിള്ള എന്നിവർ സംസാരിച്ചു. സംസ‌്കൃതസംഘം ജില്ലാ കൺവീനർ എ യു കിരൺ സ്വാഗതവും ജോ. കൺവീനർ ജി ആനന്ദൻപിള്ള നന്ദിയും പറഞ്ഞു.

ഭരണഘടന ഉയർത്തിപ്പിടിക്കുക: കെ എസ‌് ഭഗവാന്‍

തൃശൂർ: ശബരിമലയിലേക്ക് പ്രായഭേദമെന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതിവിധി എന്തുവിലകൊടുത്തും പ്രബുദ്ധകേരളീയർ സംരക്ഷിക്കണമെന്ന് കന്നട സാഹിത്യകാരൻ കെ എസ് ഭഗവാൻ. ഇന്ത്യൻ ജനാധിപത്യത്തിന്റെ നെടുംതൂണായ ഭരണഘടനയെ ഉയർത്തിപ്പിടിക്കണം.  സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ‘ജാഗ്രത' സാംസ്കാരിക ജാഥകൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നൂറ്റാണ്ടുകൾക്കു മുന്നേ ഭ്രാന്താലയമായിരുന്ന  രാജ്യത്ത് നവോത്ഥാനത്തിന്റെ വെളിച്ചം പകർന്നത് മഹാത്മാ ജ്യോതി റാവു ഫൂലെ (മഹാരാഷ്ട്ര), ശ്രീനാരായണ ഗുരു (കേരള), പെരിയാർ രാമസ്വാമി (തമിഴ്നാട്), ബി ആർ അംബേദ്കർ എന്നിവരുടെ നേതൃത്വത്തിലാണ്. ജാതിയും മതവും സംസ്കാരശൂന്യതയുമായി ഇഴഞ്ഞുനീങ്ങിയിരുന്ന രാജ്യത്തെ സംസ്കാരസമ്പന്നതയിലേക്ക് ഉയർത്തിയത് ഈ മഹാന്മാരാണ്.  ഇത് ഇല്ലാതാക്കാനാണ് ഹിന്ദുവർഗീയവാദികൾ കൊണ്ടുപിടിച്ച ശ്രമം നടത്തുന്നത്.  ആചാരാനുഷ്ഠാനങ്ങളെ ആദ്യമായി വിമർശിച്ചത് ബുദ്ധനാണെന്ന്   ഓർക്കണം. ഹിന്ദു ദൈവങ്ങൾ എക്കാലത്തും സവർണർക്കൊപ്പമാണ് നിലകൊണ്ടിട്ടുള്ളത്. ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നിവരിൽ 85 ശതമാനംപേരും ശൂദ്രവിഭാഗത്തിൽപ്പെട്ടവരാണ്. എന്നാൽ, ശൂദ്രർ അടിമകൾക്ക് തുല്യരും പിതൃശൂന്യരുമാണെന്നാണ‌്  ഒരു മറയുമില്ലാതെ മനുസ്മൃതി പറയുന്നത്.

ജനാധിപത്യ ബോധമുള്ള ആർക്കും ഇതംഗീകരിക്കാൻ കഴിയില്ല. ഇതിനെതിരെ എന്തുവിലകൊടുത്തും പോരാടി വിജയം നേടിയേപറ്റൂ.  ആചാരങ്ങളിലും വിശ്വാസങ്ങളിലും ശാസ്ത്രീയ മാറ്റം വരുത്തി, എല്ലാവർക്കും തുല്യ പ്രാധാന്യംനൽകിയുള്ള സംസ്കാരമാണ് നാം ഉയർത്തിപ്പിടിക്കേണ്ടത്. ശൂദ്രവിഭാഗത്തിൽപ്പെട്ട സാധാരണക്കാരന്റെ മോചനത്തിന് കേരളത്തിലും ഇന്ത്യയിലാകെയും പുതിയ മനുഷ്യത്വ–- ജനാധിപത്യ–- സമത്വ സംസ്കാരം ഉയർന്നുവരണം. ഭരണഘടന ഉറപ്പുനൽകുന്ന സമത്വത്തെ തിരസ്കരിക്കാൻ ആർക്കും കഴിയില്ലെന്നും ഭഗവാൻ പറഞ്ഞു.

ശബരിമലയിൽ നടക്കുന്നത‌് വ്യാജപ്പയറ്റ‌്: പ്രൊഫ. എം എം നാരായണൻ

സ‌്ത്രീ പ്രവേശത്തിന്റെ പേരിൽ ശബരിമലയിൽ നടക്കുന്നത‌് വ്യാജപ്പയറ്റാണെന്ന‌് പുരോഗമന കലാസാഹിത്യ സംഘം നേതാവ‌് പ്രൊഫ. എം എം നാരായണൻ. ഇന്ത്യൻ ഭരണഘടനയ‌്ക്കു പകരം മനുസ‌്മൃതിയെ ഉയർത്താനാണ‌് അവിടെ ശ്രമം നടക്കുന്നത‌്. ഇന്ത്യൻ പാരമ്പര്യത്തിനു പറ്റിയതല്ല ഭരണഘടനയെന്നാണ‌് തീവ്ര വലതുപക്ഷം പറയുന്നത‌്.  ഭരണഘടന പിച്ചിച്ചീന്താതെ സംഘപരിവാറിന‌് അധീശത്വം നടത്താൻ കഴിയില്ലെന്ന‌് അദ്ദേഹം പറഞ്ഞു. ‘ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82‌ാം വാർഷികം ’എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എറണാകുളം പബ്ലിക‌് ലൈബ്രറിയും ഓൾ ഇന്ത്യ ലോയേഴ‌്സ‌് യൂണിയനും ചേർന്നാണ‌് പരിപാടി സംഘടിപ്പിച്ചത‌്.

ഇന്ത്യയിലെ മറ്റുപ്രദേശങ്ങളെ അപേക്ഷിച്ച‌് കേരളത്തിൽ കുറച്ചു വൈകിയാണ‌് നവോഥാനം സംഭവിച്ചത‌്. സമുദായ സംഘടനകൾ നവോഥാനത്തിന്റെ പ്രവാചകരായി. പലതലങ്ങളുള്ള സാമൂഹ്യ പ്രക്രിയയായിരുന്നു കേരള നവോഥാനം. 1937 ൽ കേരളത്തിൽ കമ്യൂണിസ‌്റ്റ‌് പാർടിയുടെ ആദ്യഘടകം രൂപീകരിച്ചു. രണ്ടു പതിറ്റാണ്ടു കഴിഞ്ഞപ്പോൾ അധികാരം പിടിക്കാൻ കഴിയുന്ന അവസ്ഥയിലേക്ക‌് കമ്യൂണിസ‌്റ്റ‌് പാർടി വളർന്നു. ജനകീയ നവോഥാനത്തിന്റെ ഉൽപ്പന്നമാണ‌് കേരളം. കേരളത്തിലെ ആദ്യ സർക്കാർ ഇതിനെ നിയമപരമായി ഊട്ടിയുറപ്പിച്ചു. ഈ രാഷ‌്ട്രീയത്തെ തിരുത്തി ജാതിയെ പുനഃസ്ഥാപിക്കാനുള്ള ശ്രമമായിരുന്നു വിമോചന സമരം. രണ്ടാം വിമോചന സമരത്തിനുള്ള ശ്രമം ഇപ്പോൾ നടക്കുന്നതും ഇതേ പശ‌്ചാത്തലത്തിലാണ‌്.

ഇതുവരെയുള്ളതിൽ നിന്ന‌് വ്യത്യസ‌്തമായ ജീവിതം സാധ്യമാണെന്ന‌് മലയാളികളെ പഠിപ്പിച്ചത‌് ഭൂപരിഷ‌്കരണമാണ‌്. ഇതേ തുടർന്നാണ‌് ഇവിടെ ജനങ്ങളുടെ ജീവിതം മെച്ചപ്പെട്ടത‌്. പുതിയ കാലത്തെ ചൂഷണങ്ങൾക്കെതിരെ ഇരകളെ സംഘടിപ്പിച്ച‌് സമരം നടത്തിയാൽ മാത്രമേ പ്രതിരോധം തീർക്കാനാവൂ എന്ന‌് പ്രൊഫ. എം എം നാരായണൻ പറഞ്ഞു. പബ്ലിക‌് ലൈബ്രറി വൈസ‌് പ്രസിഡന്റ‌് അശോക‌് എം ചെറിയാൻ അധ്യക്ഷനായി. കെ പി അജിത‌്കുമാർ, അഡ്വ. എസ‌് കൃഷ‌്ണമൂർത്തി, അഡ്വ. നാസർ തുടങ്ങിയവർ സംസാരിച്ചു

ശിവദാസന്റെ ദുരൂഹ മരണം അന്വേഷിക്കണം: സിപിഐ എം

ശിവദാസന്റെ ദുരൂഹമരണത്തിൽ ആർഎസ‌്എസിന്റെ പങ്ക‌് അന്വേഷിക്കണമെന്ന‌്ശി സിപിഐ എം പന്തളം  എരിയ ആക്ടിങ‌് സെക്രട്ടറി ഇ ഫസൽ ആവശ്യപ്പെട്ടു.

ളാഹയിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട പന്തളത്തെ അയ്യപ്പ ഭക‌്തൻ ശിവദാസന‌് തന്റെ വീട്ടിലേക്ക‌് കയറാൻ ആർഎസ‌്എസിന്റെ സജീവ പ്രവർത്തകനായ സന്ദീപും കുടുംബവും അനുവദിച്ചിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട‌്  ആഗസ‌്ത‌് 23ന‌് സന്ദീപും ആർഎസ‌്എസ‌് പ്രവർത്തകരും ചേർന്ന‌് ശിവദാസനെ ക്രൂരമായി മർദിച്ചിരുന്നു. പന്തളം പൊലീസ‌‌് ഇതുമായി ബന്ധപ്പെട്ട‌് ശിവദാസന്റെ മൊഴി രേഖപ്പെടുത്തി. ശിവദാസന്റെ വീട്ടിലെത്തിയ പന്തളത്തെ സംഘപരിവാർ നേതാവായ അരുൺ എന്ന ക്രിമിനൽ ശിവദാസനുനേരെ വധഭീഷണി മുഴക്കിയതായി ആക്ഷേപം ഉണ്ട‌്. സംഘപരിവാറിന്റെ നിരന്തരമായ ഭിഷണിയെ തുടർന്ന‌് താമസിച്ചുകൊണ്ടിരുന്ന മുളമ്പുഴയിൽ നിന്ന‌്  ഈ കുടുംബം തുമ്പമൺ, മണ്ണാകടവിലേക്ക‌് വാടകയ‌്ക്ക‌് വീട‌് എടുത്ത‌് താമസം മാറി.

ഒക‌്ടോബർ 18ന‌് രാവിലെയാ‌ണ‌് ശിവദാസൻ ശബരിമലയിലേക്ക‌് പോകുന്നത‌്. നിലയ‌്ക്കലിൽ പൊലീസ‌് നടപടി ഉണ്ടാകുന്നത‌് 16, 17 തീയതികളിലും. 18ന‌് ദർശനം നടത്തിയ ശേഷം 19ന‌് വീട്ടിലേക്ക‌് ഇദ്ദേഹം ഫോൺ വിളിച്ചിരുന്നു. പൊലീസ‌് നടപടിമൂലമാണ‌് ശിവദാസന്റെ മരണമെന്ന‌് ആർഎസ‌്എസ‌് പ്രഖ്യാപിച്ച‌് ബലിദാനിയെ സൃഷ‌്ടിക്കുകയാണ‌്.

ശിവദാസനെ വഴിനടക്കാൻ അനുവദിക്കാതിരുന്ന ആർഎസ‌്എസ‌ുകാരെക്കുറിച്ചും അദ്ദേഹത്തെ ആക്രമിച്ച‌് കൊലപ്പെടുത്താൻ ശ്രമിച്ച ആർഎസ‌്എസ‌ുകാരെക്കുറിച്ചും അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന‌് കൊന്നുകളയുമെന്ന‌് ഭീഷണിമുഴക്കിയ ആർഎസ‌്എസ‌് നേതാവിനെക്കുറിച്ചും സമഗ്രമായി അന്വേഷണം നടത്തണമെന്ന‌് സിപിഐ എം പന്തളം ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.

കൈയ്യും കാലും തല്ലിയൊടിച്ച് കൊക്കയില്‍ തള്ളും; ശിവദാസന്‍ ആര്‍എസ്എസിന്റെ നിരന്തര ഭീഷണി നേരിട്ട വ്യക്തി

പന്തളം > പൊലീസ് മര്‍ദ്ദിച്ചുകൊന്നതായി സംഘപരിവാര്‍ വ്യാജ പ്രചരണം നടത്തുന്ന ശിവദാസന്‍ ആര്‍എസ്എസ് ക്രിമിനലുകളുടെ നിരന്തര ഭീഷണി നേരിട്ട വ്യക്തിയെന്ന് രേഖ. ഒരിക്കല്‍ ഇവര്‍ക്കെതിരെ പൊലിസില്‍ പരാതി നല്‍കിയ ശിവദാസനെ രണ്ടുമാസം മുമ്പ് വീണ്ടും ആര്‍ എസ് എസുകാര്‍ മര്‍ദ്ദിച്ചിരുന്നു. സമീപവാസിയായ നാണുവിന്റെ കുടുംബവുമായി ശിവദാസന് നിരന്തരം പ്രശ്‌നങ്ങളുണ്ടായിരുന്നു. നാണുവും മക്കളായ സജീവും നന്ദീപും സജീവ ആര്‍ എസ്എസ് പ്രവര്‍ത്തകരാണ്.  ശിവദാസനെ വീട്ടില്‍ കയറി  ഭീഷണിപ്പെടുത്തിയതായും ഭാര്യയെ മര്‍ദ്ദിച്ചതായും കേസുണ്ട്. ഈ കേസുകള്‍ നിലനില്‍ക്കെയാണ് ആഗസ്ത് 23 ന് പന്തളം മഹാദേവ ക്ഷേത്രത്തിനു മുന്നിലിട്ട് മര്‍ദ്ദിച്ചതെന്നും  നാട്ടുകാര്‍ പറയുന്നു.മര്‍ദ്ദനത്തെ തുടര്‍ന്ന്   ആദ്യം പന്തളത്തെ സ്വകാര്യാശുപത്രിയിലും പിന്നീട് അടൂര്‍ താലൂക്ക് ആശുപത്രിയിലും ശിവദാസന്‍ ചികിത്സ തേടിയിരുന്നു.

ശിവദാസന്‍ പൊലീസിന് നല്‍കിയ പരാതിയുടെ പകര്‍പ്പ്‌

ശിവദാസനെതിരെ നാണുവിന്റെ കുടുംബം അക്രമം നടത്തിയതായി ആദ്യ കേസ് ഉണ്ടായത് ഏപ്രിലിലാണ്.  ടൂവീലറില്‍ ലോട്ടറി കച്ചവടം നടത്തുന്ന തന്നെ,അയല്‍ വാസികളായ നാണുവും കുടുംബവും  വഴിനടക്കാന്‍ അനുവദിക്കുന്നില്ലെന്നും,വഴിയില്‍ തടഞ്ഞ് ഉപദ്രവിക്കുന്നു എന്നും ശിവദാസന്‍ 2018 ഏപ്രില്‍ 26നു  പന്തളം പോലീസില്‍ പരാതിപ്പെട്ടിരുന്നു.വാഹനം കത്തിക്കും എന്ന ഭീഷണി ഉള്ളതായും പരാതിയില്‍ പറയുന്നുണ്ട്.

പരാതി പിന്‍വലിക്കണം എന്ന ആവശ്യവുമായി ഇദ്ദേഹത്തിന്റെ വീട്ടിലെത്തിയ പന്തളത്തെ പ്രമുഖ ആര്‍.എസ്.എസ് നേതാവ് കൈയ്യും കാലും തല്ലി ഒടിച്ച് കൊക്കയില്‍ തള്ളും എന്ന് ഭീഷണിപെടുത്തിയതായും ആരോപണം ഉയര്‍ന്നിരുന്നു.

പെരുംനുണ പ്രചരിപ്പിക്കുന്ന സംഘപരിവാർ

ശബരിമലയിൽ ചോര ചിന്തിയെങ്കിലും കുഴപ്പം ഉണ്ടാക്കാൻ പദ്ധതി തയ്യാറാക്കിയിരുന്നു എന്ന് സംഘപരിവാറിനോട് ചേർന്നുനിൽക്കുന്ന രാഹുൽ ഈശ്വർ വെളിപ്പെടുത്തിയിട്ടുണ്ട്.  സുപ്രീംകോടതിവിധി നടപ്പാക്കുന്നതിനെതിരെ തെരുവിലിറങ്ങി അക്രമപ്പേക്കൂത്താടാനും ശബരിമലയെ കലാപഭൂമിയാക്കാനും ശ്രമിച്ചത് ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്റെ സ്ഥാനമുറപ്പിക്കാനുള്ള സൂത്രവിദ്യയായി ചിത്രീകരിക്കുന്നവരുമുണ്ട്. എന്നാൽ, ഇന്നലെ വരെ ഉണ്ടായ നിലപാടിൽനിന്ന് കരണംമറിഞ്ഞ‌് ആർഎസ‌്എസ് ശബരിമലയിൽ ചാടി  വീണത്, അതിന്റെ തൊണ്ണൂറിലേറെ വർഷം നീളുന്ന ചരിത്രത്തിൽ ഇതുവരെ സാധിക്കാത്ത ഒരു കാര്യം നേടാം എന്ന വ്യാമോഹത്തോടെയാണ്. കേരളം എന്ന മതനിരപേക്ഷ ഭൂമിയിൽ വർഗീയതയുടെയും വിദ്വേഷത്തിന്റെയും കൃഷി നടത്തി വിളവുകൊയ്യാമെന്ന അതിമോഹമാണവരെ  നയിക്കുന്നത്. തുലാമാസപൂജയുടെ അഞ്ചുദിവസം ശബരിമല കലാപക്കളമാക്കാൻ   കഴിയാത്തതിൽ അവർ നിരാശരാണ്. പൊലീസിന്റെ  ജാഗ്രതയും സംയമനവും അക്രമികളെ കൃത്യമായ തെളിവുകളോടെ പിടികൂടുന്ന അനുഭവവും അവർക്ക‌് വല്ലാതെ അലോസരമുണ്ടാക്കുന്നു. അത് തരണംചെയ്യാനുള്ള വെപ്രാളമാണ്, വെള്ളിയാഴ്ച പത്തനംതിട്ട ജില്ലയിൽ ഹർത്താൽ നടത്തി അവർ പ്രകടിപ്പിച്ചത്.

ബിജെപി രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പാർടിയാണ‌്. ഏതു രാഷ്ട്രീയ പാർടിക്കും ജനങ്ങളോട് ഉത്തരവാദിത്തമുണ്ട്. കുറഞ്ഞ അളവിൽ സത്യസന്ധതയും മര്യാദയും കാണിച്ചെങ്കിലും ബിജെപി ആ ഉത്തരവാദിത്തം നിർവഹിക്കും എന്ന് കരുതിയ ശുദ്ധാത്മാക്കളുണ്ടെങ്കിൽ അവരെയും നൈരാശ്യത്തിന്റെ പടുകുഴിയിൽ തള്ളുന്ന പ്രകടനമാണ് ആ പാർടിയിൽനിന്ന് കഴിഞ്ഞ ദിവസം ഉണ്ടായത്. യുക്തിബോധത്തിന്റെ കണികയെങ്കിലും ഉള്ളവർക്ക് ഒറ്റ നോട്ടത്തിൽ നെറ്റി ചുളിക്കാവുന്ന ഒരു കള്ളപ്രചാരണമാണ് ഹർത്താലിനാധാരമായി അവർ നടത്തിയത്.  കാണാതായ പന്തളം സ്വദേശി ശിവദാസന്റെ മൃതദേഹം ളാഹയിൽ കണ്ടെത്തിയപ്പോൾ, ശബരിമലയിൽ തീർഥാടനത്തിനെത്തിയ ശിവദാസൻ പൊലീസ്‌ നടപടിയിൽ കൊല്ലപ്പെട്ടതാണെന്ന നുണയുമായാണ് ബിജെപിയും അതുൾപ്പെടുന്ന സംഘപരിവാറും രംഗത്തുവന്നത്.

സർക്കാർ അയ്യപ്പഭക്തരെ കൊന്നൊടുക്കുകയാണെന്നു പറയാൻപോലും ബിജെപി സംസ്ഥാന പ്രസിഡന്റ്‌ പി എസ്‌ ശ്രീധരൻപിള്ള തയ്യാറായി.   ഒക്ടോബർ  16, 17 തീയതികളിലാണ് പൊലീസ് നടപടിയുണ്ടായത്.  18 മുതലാണ് ശിവദാസനെ കാണാതായതെന്ന‌്  ബന്ധുക്കൾ പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാണ്.  19ന് അദ്ദേഹം വീട്ടിലേക്ക് വിളിച്ചതായും മകൻ  മൊഴി നൽകുന്നു.  പത്തനംതിട്ട‐നിലയ‌്ക്കൽ റോഡിൽ  നിലയ‌്ക്കലിൽനിന്ന‌് 16 കിലോമീറ്റർ അകലെ ളാഹയിൽനിന്നാണ്‌ മൃതദേഹം കണ്ടെത്തിയത്‌. അക്രമികൾക്കെതിരെ പൊലീസ് നടപടിയുണ്ടായത്   നിലയ‌്ക്കൽ–- പമ്പ റോഡിലാണ്. മരിച്ചയാളുടെ ഇരുചക്രവാഹനവും മൃതദേഹം ലഭിച്ച സ്ഥലത്തുനിന്ന്‌ കണ്ടെടുത്തു.

ഒരുതരത്തിലും ബന്ധമില്ലാത്ത ഒരു സംഭവം, അയ്യപ്പഭക്തനെ പൊലീസ് കൊന്നു എന്ന നിലയിൽ പ്രചരിപ്പിക്കുകയും അത് വച്ച് ഒരു ജില്ലയിലെ ജനങ്ങളുടെ ജീവിതം സ്തംഭിപ്പിക്കുകയും എന്ന ഹീനകുത്യമാണ്, ലജ്ജയില്ലാതെ ബിജെപി ചെയ‌്തത‌്.  ഇതൊന്നും കേരളത്തിലെ ജനങ്ങൾ വിശ്വസിക്കില്ല എന്ന് അവർക്കു നന്നായറിയാം. എന്നാൽ, മെനഞ്ഞെടുത്ത ആ കഥ സാമൂഹ്യ മാധ്യമങ്ങളിലൂടെയും അല്ലാതെയും വ്യാപകമായി പ്രചരിപ്പിച്ച‌്  കേരളത്തിലെ മാർക്സിസ്റ്റ്  സർക്കാർ അയ്യപ്പഭക്തരെ കൊന്നൊടുക്കുകയാണ് എന്ന പെരുംനുണ  ലോകത്തിനു മുന്നിലേക്ക് എറിഞ്ഞുകൊടുക്കുക, അതിന്റെ അനാഥമായ ആവർത്തനത്തിലൂടെ കേരളത്തെ കുറിച്ച് വ്യാജചിത്രം സൃഷ്ടിക്കുക എന്നതാണ് പദ്ധതി. തങ്ങളുടെ നിഗൂഢ രാഷ്ട്രീയദുർമോഹങ്ങൾ സാധ്യമാക്കാനുള്ള പരിസരം അങ്ങനെ ഒരുക്കാം എന്ന ചിന്തയാണ് അവരെ നയിക്കുന്നത്.

ഇത്തരം വ്യാജ പ്രചാരണങ്ങൾ സംഘപരിവാർ നടത്തുന്നത് ആദ്യമല്ല. ഫുടബോൾ മത്സരത്തിൽ ജയിച്ചതിന്റെ  ആഹ്ലാദപ്രകടന ദൃശ്യം ആർഎസ്എസുകാരൻ കൊല്ലപ്പെട്ടതിലുള്ള ആഹ്ലാദപ്രകടനമാണ് എന്ന് പറഞ്ഞു നാട്ടിലാകെ പ്രചരിപ്പിച്ചത് ബിജെപിയുടെ മുൻ സംസ്ഥാന അധ്യക്ഷനാണ്. ലോകത്തിന്റെ ഏതോ കോണിൽ ചത്തു കിടക്കുന്ന പശുക്കളുടെ ചിത്രംവച്ച് കേരളത്തിലെ ഗോഹത്യ എന്ന് പ്രചരിപ്പിച്ചത് അതേ ബിജെപിയുടെ മറ്റൊരു നേതാവാണ്. ആ നേതാവുമുണ്ട്, ഇപ്പോൾ ശബരിമലയിൽ പൊലീസ‌് ആളെ കൊന്നു എന്ന നുണയുടെ പ്രചാരണത്തിന്റെ മുൻപന്തിയിൽ.

എന്തും ചെയ്യാനും പറയാനും മടിയില്ലാത്ത സംഘമായി ആർഎസ്എസ് അഴിഞ്ഞാടുകയാണ്.  ശിവദാസന്റെ മരണം ഉപയോഗിച്ച്‌  നുണപ്രചാരണത്തിലൂടെ കലാപം സൃഷ്ടിക്കാനുള്ള ആസൂത്രിതശ്രമം   എല്ലാ തെളിവുകളോടെയും പുറത്തുവന്നിട്ടും അതിൽനിന്ന് പിന്മാറാനോ ഖേദം പ്രകടിപ്പിക്കാനോ അവർ തയ്യാറാകുന്നില്ല എന്നതിലുണ്ട്, ആ സംഘത്തിന്റെ വ്യാജമുഖം അത്രയും. അപകടകരമായ കളിയാണ് നടക്കുന്നത്. വിശ്വാസത്തെ ആയുധമാക്കി നിരപരാധികളുടെ ചോര വീഴ‌്ത്തി രാഷ്ട്രീയനേട്ടം കൊയ്യാനുള്ള ഈ കളി തിരിച്ചറിഞ്ഞ‌് ജനങ്ങളുടെ ശക്തമായ പ്രതികരണം  ഉയരേണ്ടതുണ്ട്. വിശ്വാസികളുടെ പേര് പറഞ്ഞു അഴിഞ്ഞാടുന്ന ഇവർ നാടിന്റെ ശത്രുക്കളാണ് എന്ന തിരിച്ചറിവാണ് ഉണ്ടാകേണ്ടത്. നുണപ്രചാരകരെ ജനങ്ങൾക്കിടയിൽ ഒറ്റപ്പെടുത്തുന്നതിനൊപ്പം നിയമനടപടികളും അവർക്കെതിരെ ഉണ്ടാകണം.

deshabhimani editorial 031118

ബിജെപിയുടെ മര്‍ദന ഉപകരണമാണ‌് വര്‍ഗീയവല്‍ക്കരിക്കപ്പെട്ട ആള്‍ക്കൂട്ടം: ചുള്ളിക്കാട്

പൊലീസും പട്ടാളവുമല്ല വർഗീയവൽക്കരിക്കപ്പെട്ട ആൾക്കൂട്ടങ്ങളാണ്  ഇപ്പോൾ ബിജെപിയുടെ മർദന ഉപകരണമെന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞു. ഇതാണ് പുതിയ കാലഘട്ടത്തിലെ ഫാസിസത്തിന്റെ  തന്ത്രം. നവോത്ഥാന നായകരും പ്രസ്ഥാനങ്ങളും പടുത്തുയർത്തിയ പുരോഗമനകാലഘട്ടത്തിന്റെ നേട്ടങ്ങൾ   തകർക്കുകയും ചാതുർവർണ്യവ്യവസ്ഥയുടെ ഇരുണ്ട നാളുകളിലേക്ക് നാടിനെ എത്തിക്കുകയുമാണ് ഇവരുടെ ലക്ഷ്യം.  ഡിവൈഎഫ്‌ഐ കൊല്ലം ജില്ലാ സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു ചുള്ളിക്കാട്.

ജനാധിപത്യം വന്നപ്പോൾ സവർണാധിപത്യം തകർന്നു. സാമൂഹ്യമായ ഭിന്നിപ്പ് നിലനിർത്തുക സവർണവിഭാഗത്തിന്റെ  നിലനിൽപ്പിന്റെ  പ്രശ്‌നമായിരുന്നു. ശ്രീനാരായണഗുരുവും അയ്യൻകാളിയും ചട്ടമ്പിസ്വാമിയും ഉൾപ്പെട്ട നവോത്ഥാന നായകർ മുതൽ കമ്യൂണിസ്റ്റ് പാർടിയും ഇടതുപക്ഷ  പുരോഗമനപ്രസ്ഥാനങ്ങളും വരെ  ചോരയും നീരും നൽകിയതിന്റെ ഫലമായാണ് പുതിയ കേരളം രൂപം കൊണ്ടത്. ഇത് നിലനിൽക്കണം. സവർണർക്ക് സമ്പത്ത് പൂർണമായി കൈവശം വയ്ക്കാനും അവർണനെ അടിമയാക്കി നിലനിർത്താനും  രാജ്യം സ്വാതന്ത്ര്യം നേടുംമുമ്പ്  ശ്രമം തുടങ്ങിയ ആർഎസ്എസ് ഇപ്പോൾ  ഇതിനുവേണ്ടി  കരുവാക്കുന്നത് ശബരിമലയാണ്. മാനവികശേഷിയും പ്രകൃതിവിഭവങ്ങളും കോർപറേറ്റുകൾക്ക് ലഭ്യമാക്കാനുള്ള ഏജൻസിയായി കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നു. ചൂഷണതന്ത്രങ്ങളും  മൂലധന താൽപ്പര്യവും ഒരുമിച്ച് കൊണ്ടുപോകുന്ന കോർപറേറ്റ് താൽപ്പര്യത്തിന് സംഘടിതരൂപം നൽകുന്നതാണ്  സംഘപരിവാർ  അജൻഡ–ചുള്ളിക്കാട് പറഞ്ഞു.

പന്തളത്ത് ആര്‍എസ്എസ് പയറ്റുന്നത്‌ അയോധ്യയിൽ പരാജയപ്പെട്ട വ്യാജബലിദാനി പ്രയോഗം

കൊച്ചി > വ്യാജബലിദാനികളെ സൃഷ്ടിച്ച് സമരങ്ങള്‍ക്ക് കൊഴുപ്പ് പകരുക എന്ന അയോധ്യയില്‍ പരാജയപ്പെട്ട തന്ത്രമാണ് സംഘപരിവാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പന്തളത്ത് പയറ്റിയത്.  ലക്ഷണമൊത്ത നുണകളിലൂടെ ‘ബലിദാനികളെ സൃഷ്‌ടിച്ച്‌’ വർഗീയ വികാരം ആളിക്കത്തിക്കാൻ സംഘപരിവാർ ആദ്യം ശ്രമിച്ചത് അയോധ്യാ പ്രക്ഷോഭ കാലത്താണ്. ന്യൂമോണിയ ബാധിച്ച്‌ മരിച്ചവരെ പോലും അന്ന് ബലിദാനിയാക്കി. ഉത്തർപ്രദേശിൽ മാത്രം 12 ‘ബലിദാനി’കളെയാണ്‌ സംഘപരിവാർ അയോധ്യയിലെ വെടിവെയ്പ്പിന്റെ പേരിൽ കൃത്രിമമായി സൃഷ്‌ടിച്ചത്‌. രണ്ട് മാധ്യമപ്രവര്‍ത്തകരുടെ ഇടപെടലിലൂടെ പൊളിഞ്ഞടുങ്ങിയ ആ നീക്കത്തിന്റെ പുതിയ പതിപ്പാണ്‌ പന്തളത്ത് പരീക്ഷിച്ചു നോക്കിയത്. പത്തനംതിട്ടയിലെ ളാഹയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ശിവദാസനെ ശബരിമല സ്‌ത്രീപ്രവേശന വിരുദ്ധ സമരത്തിന്റെ ബലിദാനിയാക്കാനുള്ള കുതന്ത്രം മരിച്ചയാളുടെ ഭാര്യയുടെയും മകന്റെയും മൊഴികൾ പുറത്തുവന്നതോടെ സമ്പൂർണമായും പരാജയപ്പെട്ടിരിക്കുന്നു.

അയോധ്യയിൽ വെടിവെയ്പ്പ്‌ നടന്നതിന്‌ ദിവസങ്ങൾക്ക്‌ ശേഷമാണ്‌ ആസാംഗഢിലെ അനിരുദ്ധ്‌ വർമ്മ ന്യൂമോണിയ ബാധിച്ച്‌ മരിക്കുന്നത്‌. വിഎച്ച്‌പി പുറത്തിറക്കിയ പട്ടികയനുസരിച്ച്‌ അനിരുദ്ധ്‌ വർമ്മയും അയോധ്യാ വെടിവെയ്‌പ്പിലെ ‘ബലിദാനി’യായിരുന്നു. ഠാക്കുർ ലാൽ സിങ്, അശുതോഷ്‌ ദാസ്‌, രാംദേവ്‌ യാദവ്‌, ബാബാ രാഘവ്‌ ദാസ്‌ എന്നീ നാലുപേർ ജീവിച്ചിരിക്കെത്തന്നെ സംഘപരിവാറിന്റെ ‘ബലിദാനി’ പട്ടികയിലെത്തി. സംഭവത്തിന്‌ പതിനേഴ്‌ വർഷം മുൻപ്‌ മരിച്ച മംഗിലാൽ സത്യനാരായണും ‘അയോധ്യാ ബലിദാനി’ പട്ടികയിൽ ഇടംപിടിച്ചു.

ബാബറി മസ്‌ജിദ്‌ ധ്വംസനത്തിലേക്ക്‌ നയിച്ച സംഘപരിവാറിന്റെ രാമജന്മഭൂമി പ്രക്ഷോഭകാലത്ത്‌ കർസേവക്കിടെ പൊലീസ്‌ വെടിവെയ്‌പ്പിൽ കൊല്ലപ്പെട്ടവരുടേതെന്ന പേരിൽ വിശ്വഹിന്ദു പരിഷത്ത്‌ അവതരിപ്പിച്ച ബലിദാനി ലിസ്റ്റിൽ ജീവിച്ചിരിക്കുന്നവരും മറ്റു കാരണങ്ങളാൽ മരണപ്പെട്ടവരും ഉൾപ്പെട്ടിരുന്നു എന്ന വാർത്ത അന്ന്‌ പുറത്തുകൊണ്ടുവന്നത്‌ ഫ്രണ്ട്‌ലൈൻ ദ്വൈവാരികയാണ്‌. ‘മരിച്ചവർ തിരിച്ചു വന്നെ’ന്ന വാർത്ത രാജ്യം അതിനുമുൻപ്‌ കേട്ടിട്ടുണ്ടായിരുന്നില്ല. ഇന്ന്‌ ഫ്രണ്ട്‌ലൈനിന്റെ ഡൽഹി ബ്യൂറോ ചീഫും സീനിയർ അസോസിയേറ്റ്‌ എഡിറ്ററുമായ വെങ്കിടേഷ്‌ രാമകൃഷ്‌ണനും എസ്‌ പി സിങ്ങും ചേർന്നാണ്‌ അന്ന്‌ ആ വാർത്ത റിപ്പോർട്ട്‌ ചെയ്‌തത്‌.

‘മരിച്ചവർ തിരിച്ചുവരുമ്പോൾ’(When The Dead Came Back) എന്ന തലക്കെട്ടിൽ ഫ്രണ്ട്‌ലൈനിൽ വന്ന ആ വാർത്തയുടെ റിപ്പോർട്ടിങ്‌ അനുഭവത്തെപ്പറ്റി ദേശാഭിമാനി ഓണം വിശേഷാല്‍പ്രതിയിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ വെങ്കിടേഷ്‌ രാമകൃഷ്‌ണൻ പറയുന്നതിങ്ങനെ:

മുലായം സിങ്ങുമായുള്ള ഒരു കൂടിക്കാഴ്ചയില്‍ അദ്ദേഹമാണ് ഉറപ്പിച്ചുപറയുന്നത് 21 പേരേ കൊല്ലപ്പെട്ടുള്ളൂ എന്ന്. അങ്ങനെയിരിക്കെ ഹിന്ദി പത്രപ്രവര്‍ത്തകനായ ശീതള്‍ പി സിങ് വിളിക്കുന്നു. അമര്‍ ഉജാലയിലെ സ്റ്റോറി എന്റെ ശ്രദ്ധയില്‍പ്പെടുത്താനാണ് ശീതള്‍ വിളിക്കുന്നത്. കൊല്ലപ്പെട്ടു എന്ന് വിഎച്ച്പി പറയുന്ന ഒരാള്‍ ജീവിച്ചിരിക്കുന്നുണ്ട് എന്നതാണ് അത്. ഒരാളെ ജീവനോടെ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ വിഎച്ച്പിയുടെ പട്ടിക മുഴുവനായി അന്വേഷിക്കണമെന്ന് ഞങ്ങള്‍ക്ക് തോന്നി. പക്ഷേ ഇതിനുവേണ്ട അന്വേഷണം നടത്താനുള്ള റിസോഴ്സസ് ഞങ്ങളുടെ രണ്ടു പേരുടെ പക്കലുമില്ല. ഞാന്‍ റാമിനെ വിളിച്ചു. യുപിയില്‍ മാത്രം 26 പേരുണ്ട്. ആ വിലാസങ്ങള്‍ മുഴുവന്‍ അന്വേഷിക്കണം. അന്വേഷിച്ചാല്‍ ചിലപ്പോള്‍ ഒരു വലിയ സ്റ്റോറിയുണ്ടായേക്കാം. ചിലപ്പോള്‍ ഒന്നുമുണ്ടാകില്ല. നിങ്ങള്‍ക്ക് അതിന് താല്‍പ്പര്യമുണ്ടോയെന്നായിരുന്നു എന്റെ ചോദ്യം. ഏതാണ്ട് ഒരു മണിക്കൂറിനുശേഷം റാം എന്നെ വിളിച്ചു. ലഖ്നൌവിലേക്ക് ചെല്ലാനും അത് അന്വേഷിക്കാനും റാം പറഞ്ഞു. ചെലവിനെക്കുറിച്ചുള്ള എന്റെ ആശങ്ക പരിഹരിക്കാമെന്നും പറഞ്ഞു. ഉടന്‍ ഞാന്‍ എസ് പി സിങ്ങിനെ വിളിച്ച് രാത്രിയില്‍ ലഖ്നൌവില്‍ എത്താന്‍ പറഞ്ഞു. രാത്രി ലഖ്നൌവിലെത്തി. ഒരു മാരുതി ഓമ്നി വാടകയ്ക്ക് എടുത്ത് യാത്ര തുടങ്ങി. ഉത്തര്‍പ്രദേശ് മുഴുവന്‍ അതിലാണ് യാത്രചെയ്തത്. മൂന്നുദിവസം താമസിച്ചതും കാറിനുള്ളില്‍തന്നെയാണ്. അന്നത്തെ കാലത്ത് ഏതാണ്ട് 28,000 രൂപയാണ് കാര്‍ വാടക മാത്രമായത്. ഡല്‍ഹിയില്‍ എത്തുന്ന സമയം റാമിനെ വിളിച്ച് പറഞ്ഞിരുന്നു. ഐഎന്‍എസില്‍ (ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി ആസ്ഥാനം) എനിക്കും എസ് പി സിങ്ങിനും ഒരു മുറി ബുക്ക് ചെയ്തിരുന്നു. അവിടെ ഇരുന്ന് കൈകൊണ്ടെഴുതിയാണ് ഫാക്സ് ചെയ്തത്. പക്ഷേ അത് ഒരു ഭയങ്കര അനുഭവമായിരുന്നു. 38 പേജുണ്ടായിരുന്നു സ്റ്റോറി. ഈ കോപ്പി വായിച്ചിട്ട് റാം വിളിച്ചു. സാധാരണ ഗതിയില്‍ ഏത് കോപ്പി ഫയല്‍ ചെയ്താലും റാമിന് ഒരുപാട് ചോദ്യങ്ങള്‍ ഉണ്ടാകും എന്നത് ഹിന്ദുവില്‍ പലരും അടക്കം പറയുന്ന കാര്യമാണ്. ഇത് വായിച്ചിട്ട് റാം പറഞ്ഞത്, 'വെങ്കിടേഷ്, ഐ ഹാവ് നോ ക്വസ്റ്റ്യന്‍സ്' എന്നാണ്.

മരിച്ചതായി വി എച്ച് പി വ്യാജരേഖ ചമച്ച കര്‍സേവകരുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി ഫ്രണ്ട്‌ലൈൻ ലേഖനത്തിനൊപ്പം കൊടുത്ത ചാര്‍ട്ട്

മരിച്ചതായി വി എച്ച് പി വ്യാജരേഖ ചമച്ച കര്‍സേവകരുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി ഫ്രണ്ട്‌ലൈൻ ലേഖനത്തിനൊപ്പം കൊടുത്ത ചാര്‍ട്ട്


1990 ഒക്‌ടോബർ 30, നവംബർ 2 തീയതികളിൽ അയോധ്യയിൽ കർസേവകർക്കെതിരെ പൊലീസ്‌ വെടിവെയ്പ്പുണ്ടായി. ഈ വെടിവെയ്പ്പിൽ 15 പേർ കൊല്ലപ്പെട്ടതായി ഡിസംബർ 27ന്‌ ചന്ദ്രശേഖർ സർക്കാർ പാർലമെന്റിൽ പ്രസ്‌താവിച്ചു. ഈ പതിനഞ്ചു പേർക്കു പുറമേ ഒരാളെങ്കിലും മരിച്ചതായി തെളിയിക്കാൻ സർക്കാർ ബിജെപിയെ വെല്ലുവിളിച്ചു. ഇതിനു മറുപടിയായാണ്‌ ഫെബ്രുവരി 20ന്‌ 59 ‘ബലിദാനികളുടെ’ പട്ടികയുമായി വിശ്വഹിന്ദു പരിഷത്ത്‌ രംഗത്തെത്തിയത്‌. അയോദ്ധ്യയിൽ രണ്ടു ദിവസങ്ങളിലായുണ്ടായ വെടിവെയ്‌പ്പിൽ 36 പേർ കൊല്ലപ്പെട്ടതായും രാജ്യത്തിന്റെ മറ്റ്‌ ഭാഗങ്ങളിലായി കർസേവക്കുള്ള തയ്യാറെടുപ്പിനിടെ 23 പേർ കൊല്ലപ്പെട്ടതായും സംഘപരിവാർ അവകാശപ്പെട്ടു. ഇത്‌ ആദ്യ പട്ടിക മാത്രമാണെന്നും ഇതിലുമധികമാളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു വിഎച്ച്‌പി നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

ഉത്തർപ്രദേശിൽ മാത്രം 23 പേർ കൊല്ലപ്പെട്ടെന്നായിരുന്നു സംഘപരിവാർ അവകാശവാദം. ഇതിൽ 11 പേർ സർക്കാർ പുറത്തുവിട്ട പട്ടികയിലുള്ളവരാണ്‌. ബാക്കി 12 പേർക്കും അയോധ്യയിലെ വെടിവെയ്പ്പുമായി നേരിട്ട്‌ ബന്ധമൊന്നുമില്ലെന്ന്‌ വെങ്കിടേഷ്‌ രാമകൃഷ്‌ണൻ ഫ്രണ്ട്‌ലൈനു വേണ്ടി നടത്തിയ അന്വേഷണത്തിൽ ബോധ്യപ്പെട്ടു. ഈ ‘ബലിദാനി’കളിൽ നാലുപേർ ലിസ്റ്റ്‌ പുറത്തുവരുമ്പോഴും ജീവനോടെയുണ്ടായിരുന്നു! അയോധ്യയിലേക്ക്‌ പോയിട്ടേയില്ലാത്തവരും പതിനേഴ്‌ വർഷം മുൻപ്‌ മരിച്ചയാളും ന്യൂമോണിയ ബാധിച്ച്‌ മരിച്ച ഒരാളും ലിസ്റ്റിൽ ഉൾപ്പെട്ടു. വൃദ്ധർ, ഒറ്റക്ക്‌ ജീവിക്കുന്നവർ, കൃത്യമായ മേൽവിലാസമില്ലാത്തവർ, നാട്‌ വിട്ട്‌ സഞ്ചരിക്കുന്നവർ, ഉത്തർപ്രദേശിലെ കുഗ്രാമങ്ങളിലുള്ളവർ തുടങ്ങിയവരെയാണ്‌ ‘ബലിദാനി’യാക്കിമാറ്റാൻ സംഘപരിവാർ തെരഞ്ഞെടുത്തത്‌. മരിച്ചവരെ അന്വേഷിച്ച്‌ ആരെങ്കിലും ചെല്ലുമെന്ന്‌ സംഘപരിവാർ കരുതിയിട്ടുണ്ടാവില്ല. എന്നാൽ ഒരോ വ്യാജബലിദാനിയുടെയും വിവരങ്ങൾ സഹിതം ഫ്രണ്ട്‌ലൈൻ വാർത്ത പ്രസിദ്ധീകരിച്ചതോടെ ഈ നുണ പൊളിഞ്ഞു. പിന്നീട്‌ കൂടുതൽ ‘ബലിദാനി’കളുടെ വിവരങ്ങളുമായി സംഘപരിവാർ നേതാക്കളാരും രംഗത്തുവന്നില്ല.

ഒക്‌ടോബർ 18നാണ്‌ ശിവദാസൻ ശബരിമലയിലേക്ക്‌ പോയതെന്നും 19ന്‌ വീട്ടിലേക്ക്‌ ഫോൺ ചെയ്‌തതായും ഭാര്യ ലളിതയും മകൻ ശരത്തും പൊലീസിൽ മൊഴിനൽകിയിരുന്നു. 19 വരെ ജീവനോടെ ഉണ്ടായിരുന്ന ശിവദാസൻ അതിന്‌ രണ്ടു ദിവസം മുൻപ്‌ 16, 17 തീയതികളിൽ അക്രമികൾക്കെതിരെ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ കൊല്ലപ്പെട്ടു എന്നാണ്‌ സംഘപരിവാറിന്റെ ഉയർത്തുന്ന വാദം. ശബരിമലയിൽ പ്രകോപനം സൃഷ്‌ടിച്ച്‌ അനിഷ്‌ടസംഭവങ്ങൾ ക്ഷണിച്ചുവരുത്താനുള്ള തന്ത്രം പാളിയതോടെയാണ്‌ പുതിയ കള്ളക്കഥയുമായി ആർഎസ്‌എസ്‌ എത്തിയത്‌. ശബരിമലയെ കേരളത്തിലെ അയോധ്യയാക്കി മാറ്റാനുള്ള ശ്രമം വ്യക്തമാക്കും വിധം ‘വ്യാജബലിദാനി’ മുതൽ രഥയാത്രവരെ, അയോധ്യയിൽ പയറ്റിയ തന്ത്രങ്ങളോരോന്നും പൊടിതട്ടിയെടുക്കുകയാണ്‌ ബിജെപിയും ആർഎസ്‌എസും.

പച്ചക്കള്ളം പ്രചരിപ്പിച്ച‌് ഹർത്താൽ ; സമൂഹമധ്യത്തിൽ നാണം കെട്ട‌് ബിജെപി

പന്ത‌ളത്തെ ശിവദാസന്റെ മരണത്തെ വർഗീയമുതലെടുപ്പിന‌് ഉപയോഗിച്ച ബിജെപി സമൂഹമധ്യത്തിൽ നാണം കെടുന്നു. പൊലീസ‌് ലാത്തിച്ചാർജിലാണ‌് ശിവദാസൻ മരിച്ചതെന്ന‌ നുണ പ്രചരിപ്പിച്ച‌് സംസ്ഥാനത്ത‌് കലാപമുണ്ടാക്കാനുള്ള ശ്രമം പൊളിഞ്ഞതോടെ ബിജെപി നേതൃത്വത്തിന‌് ഉത്തരംമുട്ടി.

‘അയ്യപ്പഭക്തനെ പൊലീസ‌് മർദിച്ചുകൊന്നു’ എന്ന‌് പ്രചരിപ്പിച്ചാണ‌് പത്തനംതിട്ട ജില്ലയിൽ ഹർത്താൽ  നടത്തിയത‌്. ശിവദാസന്റെ കുടുംബത്തിന്റെ പോലും പിന്തുണയില്ലാതെ നടത്തിയ ഹർത്താലിനെതിരെ  സംസ്ഥാനത്താകെ പ്രതിഷേധമുയർന്നിരുന്നു. ശബരിമലദർശനത്തിനായി 18ന‌് വീട്ടിൽനിന്ന‌് പുറപ്പെട്ട ശിവദാസൻ  17 ന‌് നടന്ന ലാത്തിച്ചാർജിൽ കൊല്ലപ്പെട്ടെന്നായിരുന്നു പ്രചാരണം.

എന്നാൽ, അദ്ദേഹം 18ന‌് ആണ‌് പോയതെന്നും  19ന‌് വീട്ടിലേക്ക‌് വിളിച്ചിരുന്നുവെന്നും മകനും ഭാര്യയും ഉൾപ്പെടെ വെളിപ്പെടുത്തിയതോടെ പള്ളക്കള്ളം പൊളിഞ്ഞു. നാണംകെട്ടിട്ടും  ഹർത്താൽ പിൻവലിക്കാതെ രാഷ്ട്രീയനാടകം കളിച്ച ബിജെപി പ്രവർത്തകർ ഇപ്പോൾ ചോദ്യങ്ങൾക്ക‌് മറുപടിയില്ലാതെ ഓടിയൊളിക്കുകയാണ‌്. സാമൂഹ്യമാധ്യമങ്ങളിലും ദേശീയതലത്തിലും ബിജെപിയുടെ നടപടികൾക്കെതിരെ പ്രതിഷേധം അലയടിക്കുകയാണ‌്. 

‘എല്ലാ മലയാളമാസവും ഒന്നിന‌് ശബരിമലയ‌്ക്ക‌് പോകുന്ന ശിവദാസൻ, ഇത്തവണ മൂന്നിന‌് പോയത‌് എന്തുകൊണ്ടാണ‌്’ എന്ന‌് അന്വേഷിക്കണമെന്നാണ‌് സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ പുതിയ വാദം. ബന്ധുക്കൾപോലും ബിജെപിയുടെ പച്ചക്കള്ളം തള്ളിക്കളഞ്ഞില്ലേ എന്ന ചോദ്യത്തിന‌് ‘ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട‌്,എല്ലാം പൊലീസിന്റെ ഗൂഢാലോചനയാണ‌്’ എന്നായിരുന്നു മറുപടി.തിരുവനന്തപുരം പ്രസ‌്ക്ലബ്ബിന്റെ മീറ്റ‌് ദി പ്രസിലായിരുന്നു സുരേന്ദ്രന്റെ ഉരുണ്ടുകളി.  ‘നുണകൾ പ്രചരിപ്പിച്ച‌് എന്തിനായിരുന്നു ഹർത്താൽ’ എന്ന ചോദ്യത്തിന‌് ‘പത്തനംതിട്ടയിൽ മാത്രം നടത്തിയാൽ പോരായിരുന്നു; സംസ്ഥാനത്ത‌് മുഴുവൻ നടത്തേണ്ടതായിരുന്നു’ എന്നും മറുപടി നൽകി.

ശബരിമലയും സ്ത്രീപ്രവേശവും

ശബരിമലയിലെ സ്‌ത്രീ പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ സിപിഐ എം  നിലപാട് വിശദീകരിച്ച് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. സ്ത്രീകളെ വിവേചനത്തോടെ പൊതുഇടങ്ങളില്‍നിന്നും ആരാധനാസ്ഥലങ്ങളില്‍നിന്നും മാറ്റിനിര്‍ത്താനും അവരെ അടിമപ്പെടുത്താനും പുരുഷാധിപത്യം നിലനിര്‍ത്താനുമുള്ള പഴഞ്ചന്‍വര്‍ഗവ്യവസ്ഥയുടെ ശബ്ദമാണ് സ്ത്രീകളെ ശബരിമലയില്‍ കയറ്റരുത് എന്ന വാദക്കാര്‍ ഉയര്‍ത്തുന്നതെന്ന് അദ്ദേഹം 2016ല്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞു.

'ജീവശാസ്ത്രപരമായി സ്ത്രീകള്‍ക്ക് ചില പ്രത്യേകതകളുണ്ട്. അതിലൊന്നാണ് മാസമുറ. ഇത് പോരായ്‌മയായി കണക്കാക്കുന്ന നിലവിലുള്ള മനോഭാവം ഉപേക്ഷിക്കണം. ആത്മവിശ്വാസം, മനോധൈര്യം, ആത്മാഭിമാനം ഇതെല്ലാം ഇല്ലാതാക്കാനുള്ള ഒന്നായി മാസമുറയടക്കമുള്ള ജൈവപ്രക്രിയകളെ പെരുപ്പിച്ചുകാട്ടുന്നത് അവസാനിപ്പിക്കണം. മാസമുറയുടെ പേരുപറഞ്ഞ് സ്ത്രീക്ക് അവസരം നിഷേധിക്കാന്‍ പാടില്ല. അവരുടെ പ്രാപ്‌തി വര്‍ധിപ്പിക്കാനുള്ള മാര്‍ഗം സൃഷ്‌ടിക്കുകയാണ് ആവശ്യം. സ്വന്തം ആരോഗ്യസ്ഥിതി ബന്ധപ്പെട്ടവര്‍തന്നെ വിലയിരുത്തി മലകയറട്ടെ''ലേഖനത്തില്‍ പറഞ്ഞു.

    ന്യൂനപക്ഷഭൂരിപക്ഷ സമുദായ വ്യത്യാസമെന്യേ സാമൂഹ്യപ്രശ്‌നങ്ങളിലും നിയമപരിഷ്‌കാര വിഷയങ്ങളിലും പുരോഗമനപരമായ നിലപാട് സ്വീകരിക്കുന്ന പ്രസ്ഥാനമാണ് സിപിഐ എം. ആ സമീപനംതന്നെയാണ് ശബരിമലയിലെ സ്ത്രീപ്രവേശനത്തിലും പാര്‍ടി പിന്തുടരുന്നത്
   
ക്രിസ്‌ത്യന്‍മുസ്‌ളിം സ്‌‌ത്രീകളുമായി ബന്ധപ്പെട്ട വിഷയമായിരുന്നെങ്കില്‍ കമ്യൂണിസ്റ്റുകാര്‍ ഇടപെടുമായിരുന്നോ എന്ന ചോദ്യം ഉയര്‍ത്തുന്നവര്‍ക്കുള്ള മറുപടിയും ലേഖനത്തിലുണ്ട്:

'സ്ത്രീപ്രവേശനത്തിന് സിപിഐ എം അനുകൂലമാണ്. ഇക്കാര്യം പാര്‍ടി സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ ഞാന്‍ പരസ്യമായി വ്യക്തമാക്കിയപ്പോള്‍ ചില കോണുകളില്‍നിന്ന് എതിര്‍ശബ്ദം ഉയര്‍ന്നു. ക്രിസ്ത്യന്‍മുസ്‌ളിം സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയമായിരുന്നെങ്കില്‍ കമ്യൂണിസ്റ്റുകാര്‍ ഇടപെടുമായിരുന്നോ എന്ന ചോദ്യം ഉയര്‍ന്നു. അവരുടെ സന്ദേഹം നീക്കാനായി സിപിഐ എം ഇടപെടലിന്റെ ചില അനുഭവങ്ങള്‍ ഓര്‍മപ്പെടുത്തുകയാണ്.

കേരളത്തിലെ ക്രിസ്‌ത്യന്‍ സ്‌‌ത്രീകള്‍ക്ക് കോടതിവിധിയനുസരിച്ച് കിട്ടിയ പിന്തുടര്‍ച്ചാ സ്വത്തവകാശം ദുര്‍ബലപ്പെടുത്തുന്നതിന് യുഡിഎഫ് കാലത്ത് നിയമസഭയില്‍ നിയമം പാസാക്കാന്‍ പരിശ്രമിച്ചു. അതിനെതിരെ സഭയ്ക്കകത്തും പുറത്തും സിപിഐ എം നിലപാടെടുത്തു. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് 1993 നവംബര്‍ 24നും 25നും തിരുവനന്തപുരത്ത് ക്രിസ്ത്യന്‍ സ്ത്രീകളും പുരോഗമനവാദികളായ ക്രിസ്ത്യന്‍ പുരുഷന്മാരുംചേര്‍ന്ന് സെമിനാര്‍ നടത്തി. അതിനെ പിന്തുണച്ച് ഇ എം എസ് പരസ്യമായി രംഗത്തുവന്നു. മാര്‍പാപ്പമുതല്‍ വികാരിവരെയുള്ള പൌരോഹിത്യശ്രേണിയാകെ ചരിത്രത്തിലിന്നോളം പുരുഷന്മാര്‍ കൈയടക്കിയിരിക്കുന്നതിനെതിരായി സെമിനാര്‍ പ്രതികരിച്ചു. ആരാധനയില്‍ അള്‍ത്താര അലങ്കരിക്കാനും സദ്യക്ക് ഭക്ഷണം വിളമ്പാനും അവസരമുണ്ടെങ്കിലും സ്ത്രീക്ക് ദിവ്യപൂജയിലോ മറ്റ് കൂദാശകളിലോ പങ്കില്ലെന്നും സെമിനാര്‍ ചൂണ്ടിക്കാട്ടി. അത് ലോകം കേള്‍ക്കേണ്ട പ്രശ്‌നമാണെന്ന് ഇഎംഎസ് ഉറക്കെ പറഞ്ഞു.

    സ്‌‌‌‌‌ത്രീകളെ വിവേചനത്തോടെ പൊതുഇടങ്ങളില്‍നിന്നും ആരാധനാസ്ഥലങ്ങളില്‍നിന്നും മാറ്റിനിര്‍ത്താനും അവരെ അടിമപ്പെടുത്താനും പുരുഷാധിപത്യം നിലനിര്‍ത്താനുമുള്ള പഴഞ്ചന്‍വര്‍ഗവ്യവസ്ഥയുടെ ശബ്‌ദ‌മാണിത്

അതുപോലെ ശരിയത്ത് നിയമത്തിന്റെ മറവില്‍ സ്ത്രീകളെ ഇഷ്ടംപോലെ മൊഴിചൊല്ലി ഉപേക്ഷിക്കാനുള്ള മുസ്‌ളിം പുരുഷന്മാരുടെ സ്വേച്ഛാപരമായ സ്വാതന്ത്യ്രത്തിനെതിരെയും സിപിഐ എമ്മും ഇ എം എസും നിലപാട് സ്വീകരിച്ചിരുന്നു. വിവാഹമോചിതകളായ മുസ്‌ളിംസ്ത്രീകള്‍ക്ക് ജീവിക്കാന്‍വേണ്ട സംഖ്യ നല്‍കാന്‍ അവരുടെ മുന്‍ ഭര്‍ത്താക്കന്മാര്‍ക്ക് ബാധ്യതയുണ്ടെന്ന് സുപ്രീംകോടതി വിധിച്ചു. അതിനെതിരെ യാഥാസ്ഥിതിക മുസ്‌ളിംപ്രമാണിമാര്‍ ശബ്ദമുയര്‍ത്തി. ഇന്ത്യയിലെ സിവില്‍ നിയമമല്ല, മുസ്‌ളിം സമുദായത്തിന്റേതായ ശരിയത്ത് നിയമമാണ് തങ്ങള്‍ക്ക് ബാധകം എന്നവര്‍ വാദിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ സംഘടിപ്പിച്ച പ്രക്ഷോഭത്തിന് കീഴ്‌പ്പെട്ട് രാജീവ്ഗാന്ധിയുടെ ഗവണ്‍മെന്റ് ഒരു പുതിയ നിയമം പാര്‍ലമെന്റില്‍ പാസാക്കി. ഇതിനെതിരെ സ്ത്രീകളും പുരോഗമനവാദികളായ പുരുഷന്മാരുമടക്കം മുസ്‌ളിം സമുദായത്തിലെ ഒരു വിഭാഗം പ്രതിഷേധശബ്ദമുയര്‍ത്തിയപ്പോള്‍ സിപിഐ എം അവര്‍ക്കൊപ്പം നിന്നു.''ലേഖനം ചൂണ്ടിക്കാട്ടുന്നു.

ലേഖനത്തിന്റെ പൂർണ്ണരൂപം

ശബരിമലയില്‍ സ്ത്രീപ്രവേശനത്തിന് നിലനില്‍ക്കുന്ന വിലക്ക് വ്യത്യസ്ത തലങ്ങളില്‍ സജീവ ചര്‍ച്ചയായിരിക്കുകയാണ്. ഇതില്‍ ആചാരവും ആരാധനാക്രമവുംമാത്രമല്ല അതിനുമപ്പുറം ഭരണഘടന, സാമൂഹ്യനീതി, രാഷ്ട്രീയം തുടങ്ങിയ തലങ്ങളും ഉള്‍ക്കൊള്ളുന്നു. പത്തുവയസ്സിനും 50 വയസ്സിനും ഇടയിലുള്ള സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് നീക്കാന്‍ ആവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷനും അഞ്ച് അഭിഭാഷകരും നല്‍കിയ പൊതുതാല്‍പ്പര്യഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഹര്‍ജിക്കാര്‍ സ്ത്രീകളാണ്. 2006 മുതല്‍ കോടതിയുടെ മുമ്പിലുള്ള ഹര്‍ജിയില്‍ ഉന്നയിക്കപ്പെട്ട വിഷയം ഭരണഘടനാപരമായ ചോദ്യങ്ങളുയര്‍ത്തുന്നതാണെന്ന് സമീപസമയത്ത് കേസ് പരിഗണിച്ചപ്പോള്‍ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. പതിറ്റാണ്ടുകളായി തുടരുന്ന ആചാരത്തിന്റെയും വിശ്വാസത്തിന്റെയും പേരിലാണെങ്കിലും അയ്യപ്പദര്‍ശനത്തിന് സ്ത്രീകളെ വിലക്കാന്‍ സര്‍ക്കാരിനോ ദേവസ്വംബോര്‍ഡിനോ ഭരണഘടനാപരമായ അവകാശമില്ലെന്ന് സുപ്രീംകോടതി വാക്കാല്‍ നിരീക്ഷിച്ചത് മാധ്യമങ്ങള്‍ ശ്രദ്ധേയമായി റിപ്പോര്‍ട്ട് ചെയ്തു.

സ്ത്രീപ്രവേശനത്തിനനുകൂലമായി 2006ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. എന്നാല്‍, കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡും സ്ത്രീവിരുദ്ധ നിലപാടാണ് കൈക്കൊണ്ടത്. സ്ത്രീകള്‍ അയ്യപ്പദര്‍ശനം നടത്തിയാല്‍ മല ഇടിഞ്ഞുവീഴുമെന്ന മട്ടിലാണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും സംസ്ഥാനത്തെ ചില ബിജെപി–ആര്‍എസ്എസ് നേതാക്കളും പ്രതികരിച്ചത്. ഇതിനെ വികാരപരമായ പ്രശ്നമായി അവതരിപ്പിച്ച് ഭക്തജനങ്ങളെ ഇളക്കിവിടാനുള്ള ഗൂഢപരിശ്രമത്തിലാണ് ഇവരെന്ന് വിളിച്ചറിയിക്കുന്നതാണ് ചിങ്ങപ്പുലരിയില്‍ ശബരിമല സന്നിധാനത്ത് നടത്തിയ ഉപവാസപ്രാര്‍ഥനാ യജ്ഞം. സന്നിധാനത്ത് സമരപരിപാടി വിലക്കി സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അത് ലംഘിച്ചാണ് കോണ്‍ഗ്രസ് നേതാവ് പ്രയാറിന്റെ നേതൃത്വത്തില്‍ പന്തല്‍കെട്ടി 12 മണിക്കൂര്‍ സമരം നടത്തിയത്. സ്ത്രീപ്രവേശനത്തെ പല്ലും നഖവുമുപയോഗിച്ച് നേരിടുമെന്നാണ് കോണ്‍ഗ്രസ്–ബിജെപി പ്രതിനിധികള്‍ പ്രസംഗിച്ചത്. ദേവസ്വംബോര്‍ഡിന്റെ അധീനതയിലുള്ള 1255 ക്ഷേത്രങ്ങളിലെ ക്ഷേത്രോപദേശകസമിതികളെക്കൂടി യോജിപ്പിച്ചാണ് താന്‍ ഇത്തരമൊരു സമരം സന്നിധാനത്ത് നടത്തിയതെന്ന് ബോര്‍ഡ് പ്രസിഡന്റ് അവകാശപ്പെടുന്നുണ്ട്. ഈ സമരം നടത്തിയതാകട്ടെ ശബരിമലവികസന കാര്യത്തില്‍ ഉന്നതതല കൂടിയാലോചനയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ അവിടെ എത്തുന്നതിന് 24 മണിക്കൂര്‍ മുമ്പും. സ്ത്രീപ്രവേശനത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ വിരുദ്ധ രാഷ്ട്രീയ അജന്‍ഡയാക്കാനുള്ള ഉദ്ദേശ്യമായിരുന്നോ എന്ന് സംശയിക്കണം.

രാജ്യത്തെ ഏറ്റവും വലിയ നീതിന്യായസ്ഥാപനമായ സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ ഭരണഘടനാപരമായി സമാധാനത്തോടെ തീരുമാനമെടുക്കാന്‍ കോടതിക്ക് അവസരം നല്‍കുകയാണ് അഭികാമ്യം. അതിനുപകരം ഒരുകൂട്ടം ഭക്തന്മാരെ മതത്തിന്റെയും ആചാരത്തിന്റെയുംപേരില്‍ തെറ്റിദ്ധരിപ്പിച്ച് സമരത്തിനിറക്കുന്നത് നല്ല പ്രവണതയല്ല. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ നിലപാട് കെപിസിസിയുടെയും കോണ്‍ഗ്രസിന്റെയും പ്രതിപക്ഷത്തിന്റെയും ഔദ്യോഗികനിലപാടാണോ? ഒരുപക്ഷേ അതായതുകൊണ്ടാകാം പ്രയാറിനെ തിരുത്താന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരനോ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയോ തയ്യാറാകാത്തത്. സ്ത്രീയുടെ തുല്യപദവിയെ അംഗീകരിക്കാത്ത രാഷ്ട്രീയപ്രമാണമാണോ കെപിസിസിയുടേതെന്ന് സുധീരന്‍ വ്യക്തമാക്കണം. സ്ത്രീവിവേചനത്തിന്റെയും സ്ത്രീപുരുഷസമത്വത്തിന്റെയും വിഷയമുള്ളതിനാല്‍ മഹിളാകോണ്‍ഗ്രസിന്റെ നിലപാട് അവര്‍ വ്യക്തമാക്കട്ടെ.

ശബരിമലയിലെ സ്ത്രീവിലക്കിനെ കേവലം ആചാരത്തിന്റെ വിഷയമായി ചുരുക്കാന്‍ പറ്റില്ല. ഫ്യൂഡല്‍ ചിന്തയുടെ പുനഃസ്ഥാപനത്തിന് നിലകൊള്ളുന്നവര്‍ക്കേ ആചാരത്തിന്റെ പ്രശ്നമായി ഇതിനെ സ്വീകരിക്കാനാകൂ. പുരുഷന്മാരുടെ ആധിപത്യത്തിലും സ്ത്രീകളുടെ അടിമത്തത്തിലും അധിഷ്ഠിതമായ ആശയങ്ങള്‍ക്ക് പിറവി നല്‍കിയത് നാടുവാഴിത്ത വര്‍ഗസമൂഹമാണ്. ഇതിന്റെ ഫലമായി ഒരു ഘട്ടംവരെ കേരളത്തിലടക്കം ക്ഷേത്രപ്രവേശനം സവര്‍ണര്‍ക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത്തരം അനീതിയും വിവേചനവും പൊളിച്ചടുക്കാന്‍ ഇവിടത്തെ നവോത്ഥാനപ്രസ്ഥാനവും പില്‍ക്കാലത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനവും വലിയ പങ്കുവഹിച്ചു. ആര്‍എസ്എസ് നയിക്കുന്ന മോഡി ഭരണത്തിന്റെ തണലില്‍ വര്‍ഗ–വര്‍ണ–ലിംഗ അസമത്വങ്ങള്‍ വര്‍ധിപ്പിക്കാനുള്ള നീക്കം ശക്തമാണ്. ഈ പശ്ചാത്തലത്തില്‍വേണം ശബരിമലയിലെ സ്ത്രീപ്രവേശനത്തിന്റെ വ്യാപ്തി മനസ്സിലാക്കാനും പരിഹരിക്കാന്‍ ഇടപെടാനും.

സ്ത്രീപ്രവേശനത്തിന് സിപിഐ എം അനുകൂലമാണ്. ഇക്കാര്യം പാര്‍ടി സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ ഞാന്‍ പരസ്യമായി വ്യക്തമാക്കിയപ്പോള്‍ ചില കോണുകളില്‍നിന്ന് എതിര്‍ശബ്ദം ഉയര്‍ന്നു. ക്രിസ്ത്യന്‍–മുസ്ളിം സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയമായിരുന്നെങ്കില്‍ കമ്യൂണിസ്റ്റുകാര്‍ ഇടപെടുമായിരുന്നോ എന്ന ചോദ്യം ഉയര്‍ന്നു. അവരുടെ സന്ദേഹം നീക്കാനായി സിപിഐ എം ഇടപെടലിന്റെ ചില അനുഭവങ്ങള്‍ ഓര്‍മപ്പെടുത്തുകയാണ്. കേരളത്തിലെ ക്രിസ്ത്യന്‍ സ്ത്രീകള്‍ക്ക് കോടതിവിധിയനുസരിച്ച് കിട്ടിയ പിന്തുടര്‍ച്ചാ സ്വത്തവകാശം ദുര്‍ബലപ്പെടുത്തുന്നതിന് യുഡിഎഫ് കാലത്ത് നിയമസഭയില്‍ നിയമം പാസാക്കാന്‍ പരിശ്രമിച്ചു. അതിനെതിരെ സഭയ്ക്കകത്തും പുറത്തും സിപിഐ എം നിലപാടെടുത്തു. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് 1993 നവംബര്‍ 24നും 25നും തിരുവനന്തപുരത്ത് ക്രിസ്ത്യന്‍ സ്ത്രീകളും പുരോഗമനവാദികളായ ക്രിസ്ത്യന്‍ പുരുഷന്മാരുംചേര്‍ന്ന് സെമിനാര്‍ നടത്തി. അതിനെ പിന്തുണച്ച് ഇ എം എസ് പരസ്യമായി രംഗത്തുവന്നു. മാര്‍പാപ്പമുതല്‍ വികാരിവരെയുള്ള പൌരോഹിത്യശ്രേണിയാകെ ചരിത്രത്തിലിന്നോളം പുരുഷന്മാര്‍ കൈയടക്കിയിരിക്കുന്നതിനെതിരായി സെമിനാര്‍ പ്രതികരിച്ചു. ആരാധനയില്‍ അള്‍ത്താര അലങ്കരിക്കാനും സദ്യക്ക് ഭക്ഷണം വിളമ്പാനും അവസരമുണ്ടെങ്കിലും സ്ത്രീക്ക് ദിവ്യപൂജയിലോ മറ്റ് കൂദാശകളിലോ പങ്കില്ലെന്നും സെമിനാര്‍ ചൂണ്ടിക്കാട്ടി. അത് ലോകം കേള്‍ക്കേണ്ട പ്രശ്നമാണെന്ന് ഇ എം എസ് ഉറക്കെ പറഞ്ഞു.

അതുപോലെ ശരിയത്ത് നിയമത്തിന്റെ മറവില്‍ സ്ത്രീകളെ ഇഷ്ടംപോലെ മൊഴിചൊല്ലി ഉപേക്ഷിക്കാനുള്ള മുസ്ളിം പുരുഷന്മാരുടെ സ്വേച്ഛാപരമായ സ്വാതന്ത്യ്രത്തിനെതിരെയും സിപിഐ എമ്മും ഇ എം എസും നിലപാട് സ്വീകരിച്ചിരുന്നു. വിവാഹമോചിതകളായ മുസ്ളിംസ്ത്രീകള്‍ക്ക് ജീവിക്കാന്‍വേണ്ട സംഖ്യ നല്‍കാന്‍ അവരുടെ മുന്‍ ഭര്‍ത്താക്കന്മാര്‍ക്ക് ബാധ്യതയുണ്ടെന്ന് സുപ്രീംകോടതി വിധിച്ചു. അതിനെതിരെ യാഥാസ്ഥിതിക മുസ്ളിംപ്രമാണിമാര്‍ ശബ്ദമുയര്‍ത്തി. ഇന്ത്യയിലെ സിവില്‍ നിയമമല്ല, മുസ്ളിംസമുദായത്തിന്റേതായ ശരിയത്ത് നിയമമാണ് തങ്ങള്‍ക്ക് ബാധകം എന്നവര്‍ വാദിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ സംഘടിപ്പിച്ച പ്രക്ഷോഭത്തിന് കീഴ്പ്പെട്ട് രാജീവ്ഗാന്ധിയുടെ ഗവണ്‍മെന്റ് ഒരു പുതിയ നിയമം പാര്‍ലമെന്റില്‍ പാസാക്കി. ഇതിനെതിരെ സ്ത്രീകളും പുരോഗമനവാദികളായ പുരുഷന്മാരുമടക്കം മുസ്ളിം സമുദായത്തിലെ ഒരു വിഭാഗം പ്രതിഷേധശബ്ദമുയര്‍ത്തിയപ്പോള്‍ സിപിഐ എം അവര്‍ക്കൊപ്പം നിന്നു.

ഇങ്ങനെ ന്യൂനപക്ഷ–ഭൂരിപക്ഷ സമുദായ വ്യത്യാസമെന്യേ സാമൂഹ്യപ്രശ്നങ്ങളിലും നിയമപരിഷ്കാര വിഷയങ്ങളിലും പുരോഗമനപരമായ നിലപാട് സ്വീകരിക്കുന്ന പ്രസ്ഥാനമാണ് സിപിഐ എം. ആ സമീപനംതന്നെയാണ് ശബരിമലയിലെ സ്ത്രീപ്രവേശനത്തിലും പാര്‍ടി പിന്തുടരുന്നത്. ബ്രാഹ്മണാധിപത്യകാലത്താണ് സ്ത്രീവിലക്കുണ്ടായത്. ക്ഷേത്രാധികാരികളും തന്ത്രിമാരുംചേര്‍ന്ന് അന്നത്തെ വ്യവസ്ഥയ്ക്ക് കീഴ്പ്പെട്ടാണ് വിലക്കേര്‍പ്പെടുത്തിയത്. അതിന് പില്‍ക്കാലത്ത് നല്‍കിയ ന്യായം ദുര്‍ഗമമായ മലമുകളില്‍ സ്ഥിതിചെയ്തിരുന്ന ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് കടന്നുചെല്ലാനുള്ള പ്രയാസമായിരുന്നു. ആചാരവിശ്വാസം അടിച്ചേല്‍പ്പിക്കപ്പെട്ട മറ്റൊരു ഘടകം. എന്നാല്‍, ഇന്ന് യാത്രാവഴികള്‍ സുഗമമായി. ശബരിമലയുടെ പ്രശസ്തി വളരുകയും തീര്‍ഥാടകരുടെ പ്രവാഹം വര്‍ധിക്കുകയും ചെയ്തു. കഴിഞ്ഞ മണ്ഡലകാലത്ത് നാലുകോടി ഭക്തര്‍ വന്നതില്‍ 50 വയസ്സിന് മുകളിലുള്ള അഞ്ചുലക്ഷം അമ്മമാര്‍ മലചവിട്ടിയെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞിട്ടുണ്ട്. അങ്ങനെ അഞ്ചുലക്ഷം സ്ത്രീകള്‍ ഒരു മണ്ഡലകാലത്ത് മാത്രം അയ്യപ്പനെ ദര്‍ശിച്ചു. ഇതുകൊണ്ട് ഭൂമികുലുക്കമൊന്നും ഉണ്ടായില്ലല്ലോ. ഈ ചോദ്യം ഉയര്‍ത്തുമ്പോള്‍ സ്ത്രീവിലക്കിനെ ന്യായീകരിക്കുന്നവര്‍ യുക്തിയില്ലാത്ത ആചാരവിശ്വാസത്തെയാണ് തൊടുന്യായമായി മുന്നോട്ടുവയ്ക്കുന്നത്.

41 ദിവസത്തെ വ്രതമെടുത്തുവേണം ശബരിമലദര്‍ശനം നടത്താനെന്നും അതിന് മാസമുറയുള്ള സ്ത്രീകള്‍ക്ക് കഴിയില്ലെന്നുമാണ് ബ്രാഹ്മണസഭാനേതാവും എന്‍ഡിഎ നിയമസഭാസ്ഥാനാര്‍ഥിയുമായിരുന്ന അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാട് അഭിപ്രായപ്പെടുന്നത്. നിയമസഭാതെരഞ്ഞെടുപ്പിനുമുമ്പായി വെള്ളാപ്പള്ളി നടേശന്‍ നയിച്ച സമത്വമുന്നേറ്റ യാത്രയ്ക്ക് കാസര്‍കോട്ട് ദീപംകൊളുത്തിയ നേതാവാണ് അക്കീരമണ്‍. ഇദ്ദേഹത്തിന്റെ വിഡ്ഢിത്തം നിറഞ്ഞ വാദമുഖങ്ങള്‍ ആവര്‍ത്തിക്കുകയാണ് പ്രയാറും കൂട്ടരും.

സ്ത്രീകളെ വിവേചനത്തോടെ പൊതുഇടങ്ങളില്‍നിന്നും ആരാധനാസ്ഥലങ്ങളില്‍നിന്നും മാറ്റിനിര്‍ത്താനും അവരെ അടിമപ്പെടുത്താനും പുരുഷാധിപത്യം നിലനിര്‍ത്താനുമുള്ള പഴഞ്ചന്‍വര്‍ഗവ്യവസ്ഥയുടെ ശബ്ദമാണിത്.  ജീവശാസ്ത്രപരമായി സ്ത്രീകള്‍ക്ക് ചില പ്രത്യേകതകളുണ്ട്. അതിലൊന്നാണ് മാസമുറ. ഇത് പോരായ്മയായി കണക്കാക്കുന്ന നിലവിലുള്ള മനോഭാവം ഉപേക്ഷിക്കണം. ആത്മവിശ്വാസം, മനോധൈര്യം, ആത്മാഭിമാനം– ഇതെല്ലാം ഇല്ലാതാക്കാനുള്ള ഒന്നായി മാസമുറയടക്കമുള്ള ജൈവപ്രക്രിയകളെ പെരുപ്പിച്ചുകാട്ടുന്നത് അവസാനിപ്പിക്കണം. മാസമുറയുടെ പേരുപറഞ്ഞ് സ്ത്രീക്ക് അവസരം നിഷേധിക്കാന്‍ പാടില്ല. അവരുടെ പ്രാപ്തി വര്‍ധിപ്പിക്കാനുള്ള മാര്‍ഗം സൃഷ്ടിക്കുകയാണ് ആവശ്യം. സ്വന്തം ആരോഗ്യസ്ഥിതി ബന്ധപ്പെട്ടവര്‍തന്നെ വിലയിരുത്തി മലകയറട്ടെ.

സ്ത്രീകളെ ശബരിമലയില്‍ കണ്ടാല്‍ പുരുഷന്മാരുടെ നിയന്ത്രണം വിട്ടുപോയി ഭക്തന്മാര്‍ ഭക്തി ഉപേക്ഷിച്ച് ലൌകികചിന്തയിലാണ്ടുപോകുമെന്ന അക്കീരമണിന്റെ വാദം അയ്യപ്പഭക്തന്മാരെയാകെ അധിക്ഷേപിക്കുന്നതാണ്.

ആരോഗ്യം, സാക്ഷരത, സ്ത്രീപുരുഷാനുപാതം, ആയുര്‍ശേഷി എന്നീ തലങ്ങളില്‍ കേരളത്തിലെ സ്ത്രീകളുടെ അവസ്ഥ പുരുഷന്മാരോട് കിടപിടിക്കുന്നതും ദേശീയശരാശരിയെക്കാള്‍ ഉയര്‍ന്നതുമാണ്. പുരുഷന്റെ തുല്യപങ്കാളിയെന്നനിലയില്‍ സ്ത്രീയുടെ പദവി മെച്ചപ്പെടുത്താന്‍കൂടി ഉപകരിക്കും ശബരിമലയിലെ സ്ത്രീപ്രവേശനം. ജനസംഖ്യയുടെ പകുതിയില്‍ അല്‍പ്പം കൂടുതലോ കുറവോ വരുന്ന ഒരു വിഭാഗമാണ് സ്ത്രീകള്‍. അതുകൊണ്ട് പൊതുയിടങ്ങളിലും ആരാധനാലയങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും സ്ത്രീകളെ ഒഴിച്ചുനിര്‍ത്തുന്ന വിലക്ക് നല്ല പ്രവണതയല്ല. വിഭിന്നങ്ങളായ ന്യായവാദങ്ങളെ വിലയിരുത്തി ശബരിമല കേസില്‍ സുപ്രീംകോടതി തീര്‍പ്പുകല്‍പ്പിക്കട്ടെ. അതിനുമുമ്പ് സങ്കുചിത മതവികാരവും ആചാരവിശ്വാസങ്ങളുടെ പേരില്‍ കപടവൈകാരികതയും ഇളക്കിവിടാനുള്ള ശ്രമം എത്രയുംവേഗം അവസാനിപ്പിക്കുന്നുവോ അത്രയും നന്ന്

കോടിയേരി ബാലകൃഷ്ണന്‍ Saturday Aug 20, 2016

ശബരിമലയിലെ സ്‌‌ത്രീപ്രവേശനം; ചരിത്രവിധിയുടെ നാള്‍വഴികള്‍

കൊച്ചി > ശബരിമലയിലെ സ്‌‌ത്രീപ്രവേശനത്തില്‍ 12 വര്‍ഷം നീണ്ടുനിന്ന കേസിലാണ് വിധി പ്രസ്‌താവം വന്നിരിക്കുന്നത്.

നാള്‍വഴികള്‍

2006 ജൂലൈ 28 : ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനത്തിന് ഉള്ള നിയന്ത്രണം നീക്കണം എന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ഭക്തി പശ്രീജ സേത്തി സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കുന്നു.

2006 ഓഗസ്റ്റ് 18 : ഇന്ത്യന്‍ യങ് ലോയേഴ്‌‌‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വൈ കെ സബര്‍വാള്‍, ജസ്റ്റിസ് എസ് എച്ച് കപാഡിയ, ജസ്റ്റിസ് സി കെ ഠക്കര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് പരിഗണിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി കെ കെ വേണുഗോപാല്‍ ചീഫ് ജസ്റ്റിസ് കോടതിയില്‍ ഹാജര്‍ ആയി ഹര്‍ജി ഫയലില്‍ സ്വീകരിക്കരുത് എന്ന് ആവശ്യപ്പെട്ടു. എതിര്‍പ്പ് തള്ളി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയച്ചു.

2007 ജൂലൈ 11 : ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതിയുടെ രണ്ട് അംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വരുന്നു. ജസ്റ്റിസ് മാരായ എസ് ബി സിന്‍ഹ, എച്ച് എസ് ബേദി എന്നിവര്‍ അടങ്ങിയ ബെഞ്ച് ആറാം നമ്പര്‍ കോടതിയില്‍ കേസ് പരിഗണിച്ചു. മറുപടി സത്യവാങ്മൂലം നല്‍കാന്‍ കൂടുതല്‍ സമയം വേണം എന്ന് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ ആര്‍ സതീഷ് കോടതിയില്‍ ആവശ്യപെടുന്നു. കേസില്‍ കക്ഷി ചേരാന്‍ എന്‍എസ്എസിനെ കോടതി അനുവദിച്ചു.

2007 സെപ്റ്റംബര്‍ 25 : ജസ്റ്റിസുമാരായ എസ് ബി സിന്‍ഹ, എച്ച് എസ് ബേദി എന്നിവര്‍ അടങ്ങിയ ബെഞ്ചിന് മുമ്പാകെ ഹര്‍ജി വീണ്ടും വരുന്നു. ഹര്‍ജി പരിഗണിക്കുന്നത് നാല് ആഴ്ചത്തേക്ക് മാറ്റി വയ്ക്കണം എന്ന് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ആവശ്യപെടുന്നു. കോടതി ആവശ്യം അംഗീകരിച്ചു.

2007 നവംബര്‍ 13 : ശബരിമല കേസില്‍ സംസ്ഥാന സര്‍ക്കാര്‍ (വി എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍) സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. സര്‍ക്കാരിന്റെ സ്റ്റാന്റിംഗ് കൗണ്‍സില്‍ ആര്‍ സതീഷ് ആണ് സത്യവാങ്മൂലം ഫയല്‍ ചെയ്തത്. ശബരിമലയില്‍ എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കണം എന്ന് വ്യക്തമാക്കി നിയമവകുപ്പിലെ ജോയിന്റ് സെക്രട്ടറി റാങ്കില്‍ ഉള്ള ഉദ്യോഗസ്ഥന്‍ ഒപ്പ് വച്ച സത്യവാങ്മൂലം ആണ് സതീഷ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്.


2007 നവംബര്‍ 16 : ജസ്റ്റിസ് മാരായ എസ് ബി സിന്‍ഹ, എച്ച് എസ് ബേദി എന്നിവര്‍ അടങ്ങിയ ബെഞ്ച് വീണ്ടും കേസ് പരിഗണിച്ചു. സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണം എന്ന് എന്‍എസ്എസ് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. ആവശ്യം കോടതി അംഗീകരിച്ചു.

2008 മാര്‍ച്ച് 3 : കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ ഒരു ചെറിയ മാറ്റം. ജസ്റ്റിസ് എസ് ബി സിന്‍ഹയ്ക്ക് ഒപ്പം ജസ്റ്റിസ് വി എസ് സിര്‍പുര്‍ക്കര്‍ ബെഞ്ചിലെ അംഗം ആയി. ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജി മൂന്ന് അംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടണം എന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടു. ജസ്റ്റിസ് സിര്‍പ്പുക്കര്‍ ഈ ആവശ്യത്തോട് യോജിച്ചു. തുടര്‍ന്ന് ഹര്‍ജി മൂന്ന് അംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ട് ജസ്റ്റിസ് എസ് ബി സിന്‍ഹയും ജസ്റ്റിസ് വി എസ് സിര്‍പുര്‍ക്കറും ഉത്തരവ് ഇറക്കി.

2016 ജനുവരി 11: എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ശബരിമല സ്ത്രീപ്രവേശന കേസ് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വീണ്ടും വരുന്നു. ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റിസ് പി സി ഘോഷ്, ജസ്റ്റിസ് എന്‍ വി രമണ എന്നിവര്‍ അടങ്ങിയ മൂന്ന് അംഗ ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്. ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന് വേണ്ടി ആര്‍ പി ഗുപ്ത കോടതിയില്‍ ഹാജര്‍ ആയി. ഗുപ്തയുടെ വാദം കോടതിയില്‍ നടന്നു.

രണ്ട് പ്രധാനപ്പെട്ട കാര്യങ്ങള്‍ കൂടി അന്ന് സുപ്രീം കോടതിയില്‍ നടന്നു. സംസ്ഥാന സര്‍ക്കാരിന് (ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്) വേണ്ടി ഹാജര്‍ ആയ സ്റ്റാന്റിംഗ് കൗണ്‍സില്‍ ലിസ് മാത്യു, സംസ്ഥാന സര്‍ക്കാരിന് ഒരു പുതിയ അഫിഡവിറ്റ് സമര്‍പ്പിക്കാന്‍ അനുമതി തേടി. 2007 ലെ സര്‍ക്കാര്‍ നിലപാടില്‍ മാറ്റം ഉണ്ടോ എന്ന് കോടതി ലിസിനോട് ചോദിക്കുന്നു. ഉണ്ടെന്ന് വാക്കാല്‍ മറുപടി. പുതിയ അഫിഡവിറ്റ് ഫയല്‍ ചെയ്യാന്‍ ലിസിന് കോടതി അനുമതി നല്‍കി. രണ്ടാമത്തെ കാര്യം, ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി സീനിയര്‍ അഭിഭാഷകന്‍ രാമമൂര്‍ത്തിയെ അമിക്കസ് ക്യുറി ആയി നിയമിച്ചു.

2016 ജനുവരി 15 : ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് നൗഷാദ് അഹമ്മദ് ഖാന്‍ തനിക്ക് വധ ഭീഷണികള്‍ ലഭിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ പ്രത്യേക അപേക്ഷ സമര്‍പ്പിക്കുന്നു. ശബരിമല കേസിനെ സംബന്ധിച്ച് ജനുവരി 11 ന് നടന്ന വാദത്തിന്റെ റിപ്പോര്‍ട്ടുകള്‍ വാര്‍ത്ത ചാനലുകള്‍ സംപ്രേക്ഷണം ചെയ്തതിന് ശേഷം ആണ് 500 ല്‍ അധികം വധഭീഷണി ലഭിച്ചു എന്നായിരുന്ന അപേക്ഷയിലെ പരാതി. പരാതി ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ അഭിഭാഷകന്‍ ആര്‍ പി ഗുപ്ത മെന്‍ഷന്‍ ചെയ്തു.

2016 ജനുവരി 18 : നൗഷാദ് അഹമ്മദ് ഖാന് എതിരായ വധഭീഷണികളെ സംബന്ധിച്ച പരാതി സുപ്രീം കോടതി പരിഗണിച്ചു. ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റിസ് പി സി ഘോഷ്, ജസ്റ്റിസ് എന്‍ വി രമണ എന്നിവര്‍ അടങ്ങിയ മൂന്ന് അംഗ ബെഞ്ച് ഭീഷണികളെ ശക്തമായി അപലപിച്ചു. ഖാന് സുരക്ഷ ഉറപ്പാക്കാന്‍ ഡല്‍ഹി പോലീസിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. നൗഷാദ് അഹമ്മദ് ഖാന് ലഭിച്ച വധഭീഷണികളെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി. ഇത്തരം ഭീഷണികള്‍ പരസ്യമായി തള്ളിപറയാന്‍ സംസ്ഥാന സര്‍ക്കാരിനോടും, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടും സുപ്രീം കോടതി നിര്‍ദേശിച്ചു.

2016 ഫെബ്രുവരി 5 : സംസ്ഥാന സര്‍ക്കാര്‍ (ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍) സുപ്രീം കോടതിയില്‍ പുതിയ സത്യവാങ്മൂലം നല്‍കി. ശബരിമലയിലെ വിശ്വാസങ്ങളും ആചാരങ്ങളും മാനിക്കണം എന്നും, സ്ത്രീ പ്രവേശനത്തിനുള്ള നിയന്ത്രണം തുടരണം എന്നും ആയിരുന്നു സ്റ്റാന്റിംഗ് കൗണ്‍സില്‍ ലിസ് മാത്യു സര്‍ക്കാരിന് വേണ്ടി ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലെ ആവശ്യം.


2016 ഫെബ്രുവരി 12 : ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റിസ് പി സി ഘോഷ്, ജസ്റ്റിസ് എന്‍ വി രമണ എന്നിവര്‍ അടങ്ങിയ മൂന്ന് അംഗ ബെഞ്ച് ശബരിമല കേസ് പരിഗണിച്ചു. ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ നൗഷാദ് അഹമ്മദ് ഖാന് ലഭിച്ച വധഭീഷണികളെ കുറിച്ച് ഡല്‍ഹി പോലീസ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഡല്‍ഹി പോലീസ് സുപ്രീം കോടതിക്ക് കൈമാറി. ഖാന് പ്രത്യേക സുരക്ഷ ഏര്‍പെടുത്തിയിട്ടുള്ളതായി ഡല്‍ഹി പോലീസ് കോടതിയെ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ പുതിയ സത്യവാങ്മൂലത്തെ കുറിച്ച് സര്‍ക്കാരിന്റെ സീനിയര്‍ അഭിഭാഷകന്‍ വി ഗിരി സുപ്രീം കോടതിയെ ധരിപ്പിച്ചു. സീനിയര്‍ അഭിഭാഷകന്‍ രാജു രാമചന്ദ്രനെ സുപ്രീം കോടതി കേസിലെ അമിക്കസ് ക്യുറി ആയി നിയമിച്ചു. ഇതോടെ കേസില്‍ രണ്ട് അമിക്കസ് ക്യുറിമാര്‍ ആയി. സീനിയര്‍ അഭിഭാഷകര്‍ ആയ രാജു രാമചന്ദ്രനും, രാമമൂര്‍ത്തിയും.

2016 ഏപ്രില്‍ 11 : ശബരിമല സ്ത്രീ പ്രവേശന കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ മാറ്റം. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് പി സി ഘോഷ്, ജസ്റ്റിസ് എന്‍ വി രമണ എന്നിവര്‍ മാറി. ജസ്റ്റിസ് ഗോപാല്‍ ഗൗഡ ജസ്റ്റിസ് കുര്യന്‍ ജോസഫ് ജസ്റ്റിസ് എന്നിവര്‍ ബെഞ്ചില്‍ പുതുതായി വന്നു. പുതിയ ബെഞ്ച് കേസില്‍ വിശദമായി വാദം കേട്ട് തുടങ്ങി.

2016 ഏപ്രില്‍ 13, ഏപ്രില്‍ 18, ഏപ്രില്‍ 22, മെയ് 2 എന്നീ തീയ്യതികളില്‍ ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഗോപാല്‍ ഗൗഡ, ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്നിവര്‍ അടങ്ങിയ ബെഞ്ച് ഉച്ചക്ക് രണ്ട് മുതല്‍ നാല് മണി വരെ ശബരിമല കേസില്‍ വാദം കേട്ടു. കെ കെ വേണുഗോപാല്‍, വി ഗിരി, രാജു രാമചന്ദ്രന്‍, ഇന്ദിര ജയ്സിംഗ്, രാമമൂര്‍ത്തി തുടങ്ങി വിവിധ അഭിഭാഷകര്‍ ഈ ദിവസങ്ങളില്‍ വിവിധ കക്ഷികള്‍ക്ക് ആയി വാദിച്ചു.

ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് ഗോപാല്‍ ഗൗഡയും സ്ത്രീ പ്രവേശനത്തിന് അനുകൂലം ആയ പല പരാമര്‍ശങ്ങളും നടത്തിയപ്പോള്‍, വിശ്വാസങ്ങളിലും ആചാരങ്ങളിലും കോടതി ഇടപെടേണ്ടത് ഇല്ല എന്ന നിലപാട് ആണ് ജസ്റ്റിസ് കുര്യന്‍ ജോസഫ് സ്വീകരിച്ചത്.


2016 ജൂലൈ 11: ശബരിമല സ്ത്രീപ്രവേശന കേസിലെ സുപ്രീം കോടതി ബെഞ്ചില്‍ വീണ്ടും മാറ്റം. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് ഗോപാല്‍ ഗൗഡയും ജസ്റ്റിസ് കുര്യന്‍ ജോസഫും മാറി. ജസ്റ്റിസ് സി നാഗപ്പന്‍, ജസ്റ്റിസ് ആര്‍ ഭാനുമതി എന്നിവര്‍ ബെഞ്ചില്‍ പുതുതായി വന്നു.


2016 നവംബര്‍ 7 : ജസ്റ്റിസ് മാരായ ദീപക് മിശ്ര, സി നാഗപ്പന്‍, ആര്‍ ഭാനുമതി എന്നിവര്‍ അടങ്ങിയ ബെഞ്ച് ശബരിമല സ്ത്രീ പ്രവേശന കേസ് പരിഗണിക്കുന്നു. ജയ്ദീപ് ഗുപ്ത സര്‍ക്കാരിന് വേണ്ടി ഹാജര്‍ ആകുന്നു. സംസ്ഥാന സര്‍ക്കാര്‍ (പിണറായി വിജയന്‍ സര്‍ക്കാരിന്റെ) നിലപാട് കോടതിയെ അറിയിക്കുന്നു.

ജയ്ദീപ് ഗുപ്ത അന്ന് കോടതിയില്‍ വിശദീകരിച്ചത് ഇങ്ങനെ ' ഈ റിട്ട് ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ 2016 ഫെബ്രുവരി 5 ന് അധിക (മററശശീിേമഹ) സത്യവാങ് മൂലം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇത് പിന്‍വലിക്കാന്‍ അനുമതി നല്‍കണം. 2007 നവംബര്‍ 13 ന് സംസ്ഥാന സര്‍ക്കാര്‍ ഫയല്‍ ചെയ്ത സത്യവാങ് മൂലത്തില്‍ പറഞ്ഞിരിക്കുന്നത് ആണ് സര്‍ക്കാരിന്റെ നിലപാട്. അതിന് അനുസൃതം ആകും സര്‍ക്കാരിന്റെ വാദം'.

2017 ഫെബ്രുവരി 20 : ശബരിമല കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ ചെറിയ മാറ്റം. ജസ്റ്റിസ് സി നാഗപ്പന് പകരം ജസ്റ്റിസ് അശോക് ഭൂഷണ്‍ ബെഞ്ചിലെ അംഗം ആയി. ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റിസ് ആര്‍ ഭാനുമതി ജസ്റ്റിസ് അശോക് ഭൂഷണ്‍ എന്നിവര്‍ വിവിധ കക്ഷികളുടെ വാദം കേട്ട ശേഷം ഹര്‍ജികള്‍ ഭരണഘടന ബെഞ്ചിന് വിട്ട് കൊണ്ടുള്ള വിധി പുറപ്പടിവിക്കാന്‍ ആയി മാറ്റി.

2017 ഒക്ടോബര്‍ 13 : ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനത്തിന് ഉള്ള നിയന്ത്രണം നീക്കണം എന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജി ഭരണഘടന ബെഞ്ചിന് വിട്ട് കൊണ്ട് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് ഉത്തരവ് പുറപ്പടിവിക്കുന്നു.

ഭരണഘടന ബെഞ്ച് പരിഗണിക്കേണ്ട വിഷയങ്ങള്‍ക്കും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് രൂപം നല്‍കി.