Showing posts with label സ്ത്രീ. Show all posts
Showing posts with label സ്ത്രീ. Show all posts

Thursday, July 1, 2021

ചൈനയ്‌ക്കെതിരായ യുഎസ്‌ ഭീഷണികൾ

കൊള്ളമുതലിൽ കഴുകൻ കണ്ണുകളുള്ള സഖ്യശക്തികളെയും അന്താരാഷ്ട്ര മാധ്യമസന്നാഹങ്ങളെയും പ്രസാധക ഗൃഹങ്ങളെയും പണം പറ്റുന്ന വലതുപക്ഷ ബുദ്ധിജീവികളെയും സിഐഎ പോലുള്ള ചാരസംവിധാനങ്ങളെയും പൗരാവകാശലംഘനങ്ങൾക്ക്‌ കുപ്രസിദ്ധമായ എഫ്‌ബിഐയെയും ഉപയോഗിച്ച്‌ അമേരിക്ക സോഷ്യലിസ്റ്റ്‌ രാജ്യങ്ങൾക്കെതിരെ പതിറ്റാണ്ടുകളായി നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങൾ കുപ്രസിദ്ധങ്ങളാണ്‌. ചൈനയും ക്യൂബയും വടക്കൻ കൊറിയയും വിയത്‌നാമും മറ്റും രാഷ്ട്രീയ‐സൈനിക‐സാമ്പത്തിക ഉപരോധങ്ങളുടെ  എത്രയോ കെടുതികൾ അനുഭവിക്കുകയും ശ്രമകരമായി അതിജീവിക്കുകയും ചെയ്‌തു. എണ്ണസമ്പന്നമായ വെനസ്വേലയാണ്‌ മറ്റൊരു ഇര.

കോവിഡ്‌ മഹാമാരി ഭൂഗോളത്തെ പിടിച്ചുകുലുക്കുംവിധം സംഹാര താണ്ഡവമാടിയപ്പോൾ ചൈനയ്‌ക്കെതിരെ തുറന്നുവിട്ട വ്യാജപ്രചാരണങ്ങൾ ലോകം കണ്ടു. ഈ പശ്ചാത്തലത്തിലാണ്‌ ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർടി (സിപിസി)യെ തകർക്കാൻ തയ്യാറാക്കിയ പുതിയ പദ്ധതിയെയും വിലയിരുത്തേണ്ടത്‌. പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ട്രംപിന്റെ വിജയത്തിലെ  മുഖ്യ ബുദ്ധികേന്ദ്രങ്ങളിലൊരാളും തുടർന്ന്‌ പ്രത്യുപകാരമായി 2017 ആഗസ്‌ത്‌ 18 വരെ പ്രസിഡന്റിന്റെ മുഖ്യ തന്ത്രജ്ഞനായി അവരോധിക്കപ്പെടുകയും ചെയ്‌ത സ്റ്റീവ്‌  ബാനൺ, ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർടിയെ നേരിടാനും മറിച്ചിടാനും ട്രംപ്‌ ഗവൺമെന്റ്‌ സംയോജിതമായ ‘യുദ്ധപദ്ധതി’ ഏകോപിപ്പിച്ചതായി പറഞ്ഞു. ട്രംപിന്റെ സ്വന്തം ചാനലെന്ന്‌ അറിയപ്പെടുന്ന ‘ഫോക്‌സ്‌ ന്യൂസ്‌’ നടത്തിയ അഭിമുഖത്തിലായിരുന്നു ഈ തുറന്നടിക്കൽ. വെള്ളക്കൊട്ടാരത്തിലെ ഒന്നാം നിരക്കാരനായിരുന്ന ബാനൺ നടത്തിയ വെളിപ്പെടുത്തലിൽ ഇന്ത്യയെ യുഎസ്‌ അട്ടിമറി നീക്കത്തിന്റെ അഭേദ്യ ഭാഗമാക്കാനുള്ള ഗൂഢോദ്ദേശ്യവും  തെളിഞ്ഞിട്ടുണ്ട്‌.

ടിബത്തൻ  അതിർത്തിയിൽ ഇന്ത്യയിലെ കൂട്ടാളികളെ സഹായിക്കുകകൂടി  പുതിയ പദ്ധതിയുടെ ഭാഗമാണ്‌. നവംബറിൽ നടക്കാനിരിക്കുന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ട്രംപിന്റെ  ജയംകൂടി ലക്ഷ്യമിട്ട്‌ ക്രൈസ്‌തവ പ്രതീകങ്ങൾ ഉപയോഗിച്ചാണ്‌ ബാനൺ പദ്ധതിയുടെ വിശദാംശങ്ങൾ ഫോക്‌സ്‌ ന്യൂസിനോട്‌ ആഹ്ലാദപൂർവം വിവരിച്ചതെന്നതും പ്രധാനം. സിപിസിക്കെതിരെ  ‘അന്തിമ നാശത്തിന്റെ നാല്‌ കുതിരക്കാർ’ അടങ്ങുന്ന പ്രസിഡന്റിന്റെ തനതായ യുദ്ധ കൗൺസിലിനാണ്‌ രൂപംനൽകിയിട്ടുള്ളതത്രെ. സ്‌റ്റേറ്റ്‌ സെക്രട്ടറി മൈക്‌ പോംപിയോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ റോബർട്ട്‌ ഒബ്രീൻ, എഫ്‌ബിഐ മുൻ ഡയറക്ടർ   ക്രിസ്റ്റഫർ ആഷർ വ്രേ, അറ്റോർണി ജനറൽ വില്യം പെൽഹാം ബാർ എന്നിവർ. അതിൽ ഒബ്രീനും  വ്രേയും ബാറും ചൈനയ്‌ക്കെതിരെ  കടുത്ത ഭീഷണി ചുഴറ്റിയ  മൂന്ന്‌ അതിക്രമ  പ്രസംഗങ്ങൾ നടത്തിക്കഴിഞ്ഞു. സിപിസിക്കെതിരെ വിവരസാങ്കേതികവിദ്യാ, വാർത്താ, ധനകാര്യ യുദ്ധങ്ങൾക്കാണ്‌ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്‌.  തുടർന്ന്‌ കൂട്ടാളികൾക്കൊപ്പം തെക്കൻ ചൈനാ കടലിൽ നിലപാടെടുക്കുകയും ചെയ്യും.  കഴിഞ്ഞദിവസം ചൈനയെ വിമർശിച്ച്‌ ദേശീയ പ്രതിരോധ അധികാര നിയമ( എൻഡിഎഎ)ത്തിന്‌ അമേരിക്കൻ  പ്രതിനിധിസഭ ഭേദഗതി പാസാക്കിയത്‌ ഇതോട്‌ ചേർത്താണ്‌ വിലയിരുത്തേണ്ടത്‌.

ചൈനീസ്‌ കോൺസുലേറ്റ്‌

ഹൂസ്റ്റണിലെ ചൈനീസ്‌ കോൺസുലേറ്റ്‌ 48 മണിക്കൂർ മാത്രം  സാവകാശം നൽകി അടച്ചുപൂട്ടാനും മൂന്നു ദിവസത്തിനുള്ളിൽ ടെക്‌സാസ്‌ നഗരത്തിലെ അതിന്റെ എല്ലാ പ്രവർത്തനവും അവസാനിപ്പിക്കാനും  അമേരിക്ക പുറപ്പെടുവിച്ച   അന്ത്യശാസനം പോലുള്ള ഉത്തരവ്‌ അത്യന്തം പ്രകോപനപരമാണ്‌. അമേരിക്കൻ ബൗദ്ധിക സ്വത്തും സ്വകാര്യ വ്യക്തിവിവരങ്ങളും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന  ന്യായീകരണമാണ്‌ അതിനു നിരത്തിയത്‌. തീരുമാനം അറിയിച്ച സ്‌റ്റേറ്റ്‌  ഡിപ്പാർട്ട്‌‌മെന്റ്‌  ചൈനക്കാർ തങ്ങളുടെ  പൗരന്മാരുടെ തൊഴിൽ വലിയതോതിൽ കവരുന്നതായും  ആരോപിച്ചു. കോൺസുലേറ്റ് സാധാരണപോലെ പ്രവർത്തിച്ചുവരികയായിരുന്നുവെന്നും അതിനാൽ അന്താരാഷ്‌ട്ര നിയമങ്ങളുടെ കടുത്ത ലംഘനമാണ്‌ അമേരിക്കയുടേതെന്നുമാണ്‌  ചൈനീസ് വിദേശ  വക്താവ് വാങ്‌  വെൻബിൻ പ്രതികരിച്ചത്‌.  തീരുമാനം പിൻവലിച്ചില്ലെങ്കിൽ ശക്തമായ തിരിച്ചടി നേരിടേണ്ടിവരും. നയതന്ത്ര പ്രതിനിധികളുടെ എണ്ണമെടുത്താൻ ചൈനയിൽ കൂടുതൽ അമേരിക്കക്കാരുണ്ടെന്നത്‌ മറക്കരുത്‌.   ചൈന‐ യുഎസ് ബന്ധം  അട്ടിമറിക്കുന്ന നീചവും നീതിരഹിതവുമായ ഇത്തരം നീക്കത്തെ ശക്തമായി അപലപിക്കുന്നു.  തെറ്റായ തീരുമാനം ഉടൻ പിൻലിക്കണമെന്നും അല്ലെങ്കിൽ  പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും വാങ് വെൻബിൻ മുന്നറിയിപ്പു നൽകി.

കുറച്ചുകാലമായി, അമേരിക്കൻ ഭരണകൂടം ചൈനീസ്‌  വ്യവസ്ഥയെ അപകീർത്തിപ്പെടുത്തുകയും അകാരണമായി  കടന്നാക്രമിക്കുകയും സംശയത്തിന്റെ നിഴലിൽ നിർത്തുകയുമാണ്‌. യുഎസിലെ ചൈനീസ് നയതന്ത്ര, കോൺസുലേറ്റ് ഉദ്യോഗസ്ഥരെയും പ്രതിനിധികളെയും  ഉപദ്രവിക്കുന്നതും  ചൈനീസ് വിദ്യാർഥികളെ ഭീഷണിപ്പെടുത്തുന്നതും  ചോദ്യം ചെയ്യുന്നതും അവരുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുക്കുന്നതും ശീലമാക്കിയ മട്ടാണ്‌. ചൈനീസ്‌ വംശജരായ മാധ്യമപ്രവർത്തകരോടും നിറഞ്ഞ അസഹിഷ്‌ണുത തന്നെ. നിസ്സാര കാര്യങ്ങൾക്കുപോലും  തടങ്കലിലാക്കുന്ന സംഭവങ്ങളും  അപൂർവമല്ല.  യുഎസിലെ  ചൈനീസ്‌ എംബസിയിലും കോൺസുലേറ്റുകളിലും അടുത്തിടെ വധഭീഷണികളും എത്തി. സ്‌ഫോടകവസ്‌തുക്കളും കണ്ടെടുക്കുകയുണ്ടായി. തെരഞ്ഞെടുപ്പ്‌ മുന്നിൽ കണ്ട്‌ ട്രംപും ഉപദേശകരുമെടുത്തു ചുഴറ്റുന്ന ചൈനീസ്‌ വിരുദ്ധത തുറന്നു കാണിക്കുകകൂടി സാമ്രാജ്യത്വവിരുദ്ധ ശക്തികളുടെ അടിയന്തര കടമയാണ്‌.

ശാസ്‌ത്രത്തിലും 
വിസ്‌മയക്കുതിപ്പ്‌

ശാസ്‌ത്ര, സാങ്കേതികവിദ്യാ രംഗങ്ങളിൽ ചൈനയുടെ കുതിച്ചുചാട്ടം അത്ഭുതാവഹമാണ്‌. രാജ്യത്തിന്റെ പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനും ശാസ്‌ത്ര, സാങ്കേതികവിദ്യാ മേഖലകളിൽ കുതിപ്പ്‌ അനിവാര്യമാണെന്ന ബോധ്യത്തിലൂന്നിയുള്ള പ്രവർത്തനമാണ്‌ ഇതിന്‌ അടിസ്ഥാനം. ഈ മേഖലയിലെ ഗവേഷണത്തിനും പഠനങ്ങൾക്കും നൽകുന്ന ഊന്നലും പ്രോത്സാഹനവും വലിയ കുതിപ്പിന്‌ കരുത്തായി. തൊണ്ണൂറുകൾക്കുശേഷം അതിശയകരമായ വളർച്ചയാണ്‌ ഈ രംഗത്തുണ്ടായത്‌. ശാസ്‌ത്ര–-സാങ്കേതിക രംഗത്ത്‌ വൻനിക്ഷേപം ഇക്കാലത്തുണ്ടായി. ശാസ്‌ത്രസാങ്കേതിക വിദഗ്‌ധരുടെ എണ്ണവും നാലിരട്ടിയിലേറെ വർധിച്ചു. 1956ൽ ശാസ്‌ത്ര ആസൂത്രണ കമീഷന്റെ രൂപീകരണമാണ്‌ ചൈനയുടെ ആധുനിക ശാസ്‌ത്രസാങ്കേതിക മേഖലയ്‌ക്ക്‌ വഴിത്തിരിവായത്‌. 56–-67 കാലത്തേക്കായി ദീർഘകാല പദ്ധതി തന്നെ തയ്യാറാക്കി നടപ്പാക്കി, വലിയ തുടക്കമിട്ടു.

പിന്നീടങ്ങോട്ട്‌ തിരിഞ്ഞുനോക്കേണ്ടി വന്നില്ല. വ്യവസായം, അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയ രംഗങ്ങളിലടക്കം വൻ പുരോഗതി നേടാൻ ഇത്‌ മൂലമായി. ഇലക്‌ട്രോണിക്, എൻജിനിയറിങ്‌ മേഖലകളിലും ചൈന ഇന്ന്‌ ലോകശക്തിയാണ്‌. പേറ്റന്റുകളുടെ കാര്യത്തിൽ അമേരിക്കയെയും പിന്തള്ളി. ശാസ്‌ത്രസാങ്കേതിക സ്ഥാപനങ്ങൾ, ഗവേഷണസ്ഥാപനങ്ങൾ എന്നിവയുടെ എണ്ണവും കുതിച്ചുയർന്നു. പടുകൂറ്റൻ നിർമിതികൾ, അതിവേഗ യാത്രായാനങ്ങൾ, കമ്പ്യൂട്ടർ ആപ്ലിക്കേഷനുകൾ, നിർമിതബുദ്ധി തുടങ്ങിയവയിലും ചൈന മുൻനിരയിലാണ്‌. ശാസ്‌ത്രസാങ്കേതിക രംഗത്തെ സ്വയംപര്യാപ്‌തതയാണ്‌ അവർ ലക്ഷ്യമിടുന്നത്‌. ഈ രംഗത്തേക്ക്‌ കൂടുതൽ യുവാക്കളെയും വനിതകളെയും ആകർഷിക്കാനുള്ള പദ്ധതികളും ഏറെ ഗുണകരമായി. കാർഷികമേഖലയിലും ശാസ്‌ത്രനേട്ടങ്ങൾ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നു.  ബഹിരാകാശ ഗവേഷണത്തിൽ മറ്റു രാജ്യങ്ങളുടെ സഹായമില്ലാതെയുള്ള ചൈനയുടെ മുന്നേറ്റം അത്ഭുതകരമാണ്‌. ഏറ്റവുമൊടുവിൽ സ്വന്തമായ ബഹിരാകാശനിലയം നിർമിച്ച്‌ അവിടെ ആളുകളെയും എത്തിച്ചു അവർ. ടിയാൻഗോങ് എന്ന ആകാശനിലയത്തിൽ മൂന്നു യാത്രികരെ എത്തിച്ചത്‌ ദിവസങ്ങൾക്കുമുമ്പാണ്‌. 

നാസയുടെ നേതൃത്വത്തിലുള്ള അന്താരാഷ്‌ട്ര ബഹിരാകാശനിലയ പദ്ധതിയിൽ ചൈനയെ സഹകരിപ്പിക്കാത്തതിനുള്ള മധുരപ്രതികാരംകൂടിയാണ്‌ ഇത്‌. തങ്ങളുടെ പദ്ധതിയുമായി മറ്റു രാജ്യങ്ങളെ സഹകരിപ്പിക്കുമെന്ന്‌ ചൈന പ്രഖ്യാപിച്ചു. റഷ്യയും താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌. അടുത്ത 11 ദൗത്യങ്ങളിലൂടെ  നിലയം പൂർത്തീകരിക്കുകയാണ്‌ ചൈനയുടെ ലക്ഷ്യം. ഇതിനായി 18 യാത്രികരെയാണ്‌ തെരഞ്ഞെടുത്തിരിക്കുന്നത്‌.

ചൊവ്വയിൽ സുരക്ഷിതമായി മനുഷ്യനെ ഇറക്കാനും ദീർഘകാലം താമസിക്കാനുമുള്ള ദൗത്യങ്ങളിലേക്കും ചൈന ചിന്തിച്ചുതുടങ്ങി. ഇതിന്റെ ഭാഗമായി ചൊവ്വാ പര്യവേക്ഷണവും ആരംഭിച്ചു. ആദ്യ ശ്രമത്തിൽത്തന്നെ ലാൻഡറും റോവറും ചൊവ്വയിൽ ഇറക്കി. കഴിഞ്ഞ ഫെബ്രുവരിയിൽ ചൊവ്വാ പഥത്തിൽ എത്തിയ ടിയാവെൻ–-1 പേടകത്തിൽനിന്ന്‌ കൃത്യതയോടെ ചൊവ്വയുടെ ‘ഉട്ടോപ്യ’യിലാണ്‌ ഇവ ഇറങ്ങിയത്‌. 2029 ചൊവ്വയിൽനിന്ന്‌ സാമ്പിളുമായി മടങ്ങുന്ന മറ്റൊരു ദൗത്യത്തിനും രൂപംനൽകിയിട്ടുണ്ട്‌.

1964ലാണ്‌ ചൈന ബഹിരാകാശ പദ്ധതികൾക്ക്‌ തുടക്കമിട്ടത്‌. തുടർന്ന്‌ ഒട്ടേറെ ദൗത്യം. 2003ൽ ആദ്യ ചൈനാക്കാരൻ ബഹിരാകാശത്ത്‌ എത്തി. 21 മണിക്കൂർ ചെലവഴിച്ചു. 2007 ആദ്യ ഓർബിറ്റർ ചന്ദ്രനെ ചുറ്റി. 2012 ആദ്യ ചൈനക്കാരിയെ ബഹിരാകാശത്ത്‌ എത്തിച്ചു. കഴിഞ്ഞവർഷം ചാങ്‌–-3 ചന്ദ്രനിൽ ഇറങ്ങി, ആറരയടി കുഴിച്ച്‌ രണ്ട്‌ കിലോ സാമ്പിൾ ശേഖരിച്ചു. അതുമായി ഡിസംബർ 17ന്‌ ഭൂമിയിൽ വിജയകരമായി തിരിച്ചെത്തി. ചന്ദ്രന്റെ മറുപുറത്തെപ്പറ്റി പഠിക്കുന്ന മറ്റൊരു ദൗത്യവും മുന്നേറുകയാണ്‌. ഭൂമിയുടെ സമീപം കടന്നുപോകുന്ന ഉൽക്കകളെപ്പറ്റി പഠിക്കാനുള്ള ഉപഗ്രഹം ചൈന വിക്ഷേപിച്ചത്‌ കഴിഞ്ഞ മാസമാണ്‌.

ദിലീപ്‌ മലയാലപ്പുഴ 

ഏഷ്യയുടെ 
കായികവിളക്ക്‌

‘ചാമ്പ്യന്മാർ പിറക്കുന്നത്‌ ജിംനേഷ്യങ്ങളിലല്ല. അവരവരുടെ സ്വപ്‌നങ്ങളിലൂടെ, അതിയായ ആഗ്രഹങ്ങളിലൂടെ, ഭാവനാപരമായ ഉൾക്കാഴ്‌ചകളിലൂടെ..’

മുഹമ്മദലി (ബോക്‌സിങ് ഇതിഹാസം)

ഇടിക്കൂട്ടിലെ ഇതിഹാസം മുഹമ്മദലി പറഞ്ഞത്‌ ചൈനയെ ഉദ്ദേശിച്ചല്ല. പക്ഷേ, ലോക കായികശക്തിയായി ചൈന വളർന്നതിന്‌ പിന്നിൽ ഇവയെല്ലാമുണ്ട്‌. അമേരിക്കയും സോവിയറ്റ്‌ യൂണിയനും ജർമനിയും കൊടികുത്തി വാണിരുന്ന  സ്‌പോർട്‌സിൽ, അതിന്റെ  ആഗോള പ്രശസ്‌തി വൈകിയാണ്‌ ചൈന തിരിച്ചറിഞ്ഞത്‌. പക്ഷേ ആ തിരിച്ചറിവ്‌ നൽകിയ ഊർജം ചെറുതായിരുന്നില്ല. ഏഷ്യയിൽ ഒതുങ്ങിനിന്നിരുന്ന കായിക മികവുകൾ തേച്ചുമിനുക്കി ലോകത്തിനുമുന്നിൽ അവതരിപ്പിച്ചപ്പോൾ അതൊരു ചരിത്രമായി. 2008ൽ ഒളിമ്പിക്‌സിന്‌ ആതിഥേയരായതോടെ ചൈനയുടെ ശക്തി ലോകം തിരിച്ചറിഞ്ഞു.

Image Credit: Olympics.com

തലസ്ഥാനമായ ബീജിങ്ങിൽ നടന്ന ആ ഒളിമ്പിക്‌സിൽ ചരിത്രത്തിലാദ്യമായി ചൈന ഓവറോൾ ചാമ്പ്യൻപട്ടമണിഞ്ഞു. 51 സ്വർണവും 21 വെള്ളിയും 28 വെങ്കലുമടക്കം 100 മെഡൽ. ലോകം അത്ഭുതത്തോടെയാണ്‌ ഈ നേട്ടത്തെ നോക്കിക്കണ്ടത്‌.  സംഘാടന മികവിലും പ്രകടനമികവിലും  അമേരിക്കയെ പിന്തള്ളിയ ഒളിമ്പിക്‌സ്‌. ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണക്കുതിപ്പ്‌.

ആ നേട്ടം ഒറ്റ രാത്രികൊണ്ട്‌ ഉണ്ടായതല്ല. അതിൽ മുഹമ്മദലി പറഞ്ഞ സ്വപ്‌നമുണ്ടായിരുന്നു. ഭാവനാപൂർണമായ പദ്ധതിയും ആസൂത്രണ മികവുമുണ്ടായിരുന്നു. കേന്ദ്രീകൃതവും സുസംഘടിതവുമായ മുന്നേറ്റം. 1988ലെ ഒളിമ്പിക്‌സിൽ അഞ്ച്‌ സ്വർണമടക്കം നേടി പതിനൊന്നാം സ്ഥാനത്തായിരുന്നു. 20 വർഷത്തെ അധ്വാനത്തിനൊടുവിൽ ചൈന ലോക കായിക ഭൂപടം മാറ്റിവരച്ചു.

വിപ്ലവകരമായ മാറ്റത്തിന്‌ വഴിയൊരുക്കിയത്‌ 1995ലെ കായിക നിയമമാണ്‌. സ്‌പോർട്‌സ്‌ പൂർണമായും സർക്കാരിന്‌ കീഴിലാക്കിയതാണ്‌ നിയമത്തിന്റെ കാതൽ. താരങ്ങൾ രാജ്യസ്‌നേഹവും കൂട്ടായ്‌മയും സോഷ്യലിസവും പാലിക്കണമെന്ന്‌ നിയമം അനുശാസിക്കുന്നു. സർക്കാർ നിയന്ത്രണത്തിലെ ഏകീകൃത കായിക സംവിധാനം പുതിയ മുന്നേറ്റത്തിന്‌ അടിത്തറയായി. 

സർക്കാർ നേരിട്ട്‌ പദ്ധതികൾക്ക്‌ നേതൃത്വം നൽകി. സ്‌പോർട്‌സിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ്‌ പാഠ്യപദ്ധതികൾ തയ്യാറാക്കി. കുട്ടികളെ ചെറുപ്രായത്തിൽ കളികളിലേക്ക്‌ കൊണ്ടുവന്നു. എല്ലാ കുട്ടികൾക്കും തുടക്കത്തിൽ വ്യായാമത്തിന്റെ പാഠങ്ങൾ പകർന്ന്‌ കായികവിനോദങ്ങളിലേക്ക്‌ ആകർഷിച്ചു. കൃത്യവും ചിട്ടയുമായ പരിശീലനം. അടിസ്ഥാനസൗകര്യ വികസനത്തിൽ വൻ കുതിപ്പുണ്ടായി. സ്‌പോർട്‌സിനായി ബജറ്റിൽ വൻ തുകമാറ്റിവച്ചു. മൂവായിരത്തോളം ആധുനിക സ്‌പോർട്‌സ്‌ സ്‌കൂളുകളിലായി നാല്‌ ലക്ഷത്തിലേറെ കായികതാരങ്ങൾ സദാസജ്ജരായി.

2008 ഒളിമ്പിക്‌സ്‌ വേദി എട്ടുവർഷം മുമ്പ്‌ പ്രഖ്യാപിക്കപ്പെട്ടതോടെ ചൈന ഒളിമ്പിക്‌സിനായി കണ്ണുവച്ചു. കായികരംഗത്ത്‌ സോവിയറ്റ്‌ യൂണിയൻ പിന്തുടർന്ന നല്ല മാതൃകകൾ ചൈന സ്വീകരിച്ചു. നാടിനായി ഒരു കായികസംസ്‌കാരമുണ്ടായി. സ്‌പോർട്‌സിലെ നേട്ടം രാജ്യത്തിന്റെയാകെ നേട്ടമായി അവതരിപ്പിച്ചു. എല്ലാം സർക്കാർ നേരിട്ട്‌ നിയന്ത്രിച്ചു. ഏത്‌ ഇനത്തിലും മികച്ചവർ എന്ന ഒറ്റമാനദണ്ഡം പാലിച്ചു. പണവും പരിശീലനവും ഉറപ്പാക്കി. കളിക്കളങ്ങളും ആധുനിക പരിശീലന കേന്ദ്രങ്ങളും നിറഞ്ഞു. മികവുകാട്ടാറുള്ള പരമ്പരാഗത ഇനങ്ങളിൽ മെഡൽ ഉറപ്പാക്കുന്ന പരിശീലനം. അതിനൊപ്പം മറ്റ്‌ ഇനങ്ങളിലും പരീക്ഷണം. ബാഡ്‌മിന്റൺ, ടേബിൾടെന്നീസ്‌, ജിംനാസ്‌റ്റിക്‌സ്‌, ഡൈവിങ്, ഭാരോദ്വഹനം, അമ്പെയ്‌ത്ത്‌ തുടങ്ങിയ  ഇനങ്ങളിൽ കൂടുതൽ ശ്രദ്ധിച്ചു. പരമ്പരാഗത ഇനങ്ങളിൽ ആർക്കും മേധാവിത്വം വിട്ടുകൊടുക്കാതിരിക്കുന്നതാണ്‌ രീതി. അതോടൊപ്പം പുതിയ ഇനങ്ങളിലേക്ക്‌ കൂടുതൽ ശ്രദ്ധയും. ആ കരുതലിന്റെ ഫലമായിരുന്നു 2008ലെ ബീജിങ് ഒളിമ്പിക്‌സ്‌ കമ്യൂണിസ്‌റ്റ്‌, സോഷ്യലിസ്‌റ്റ്‌ പ്രത്യയശാസ്‌ത്രത്തിന്റെ അടിത്തറയിൽ ചൈന വികസന പുരോഗതിയിലേക്ക്‌ ചുവടുവച്ചപ്പോൾ സ്‌പോർട്‌സും മാറിനിന്നില്ല. ആ അടിത്തറയിൽതന്നെ കളികളും കളിക്കാരും ലോകം വെട്ടിപ്പിടിച്ചു.

ഏഷ്യാ ഭൂഖണ്ഡം ലോക കായികഭൂപടത്തിൽ എവിടെയുമുണ്ടായിരുന്നില്ല. ട്രാക്കിൽ ആഫ്രിക്കയും ഫീൽഡ്‌ ഇനങ്ങളിൽ യൂറോപ്പും മേധാവിത്വം പുലർത്തിയകാലം. അതിനിടെയാണ്‌ ഏഷ്യൻ കായികശക്തിയായി ചൈനയുടെ വളർച്ച. ഏഷ്യയെ കായികശക്തിയായി ലോകം അംഗീകരിച്ചത്‌ ചൈനയുടെ കുതിപ്പിലൂടെയാണ്‌. ആ അർഥത്തിൽ ചൈനയാണ്‌ ഏഷ്യയുടെ വഴികാട്ടി, ഭൂഖണ്ഡത്തിന്റെ കായിക വിളക്ക്‌.

ഇന്നിപ്പോൾ കായികരംഗത്ത്‌ ചൈന കൈവയ്‌ക്കാത്ത മേഖലകളില്ല.  പുതിയ നൂറ്റാണ്ടിൽ  അമേരിക്കയുടെ ആധിപത്യത്തെ വെല്ലുവിളിക്കാൻ മറ്റാരുമില്ല. എല്ലാ കായിക പദ്ധതികളിലും ചൈന കായികതാരങ്ങളോട്‌ പറയുന്നത്‌ പുതിയ ലക്ഷ്യത്തിലേക്ക്‌ കുതിക്കാനാണ്‌. ആ ഓർമപ്പെടുത്തലാണ്‌ വിജയത്തിന്റെ അടിസ്ഥാനം, ഇന്ന്‌ മാത്രമല്ല നാളേയും.

ആർ രഞ്‌ജിത്‌ 

അതിവേഗം പായുന്നു, 
ദെങ്ങിന്റെ സ്വപ്നം

ചെെനയുടെ സാമ്പത്തിക പുരോഗതിക്ക് വഴിയൊരുക്കി പരിഷ്കാരങ്ങളുടെ സൂത്രധാരൻ ദെങ് സിയാഒപിങ് കണ്ട സ്വപ്നമാണ് ചെെനയിലെ അതിവേഗ റെയിൽ. ജപ്പാൻ സന്ദർശനത്തിനിടെ ഷിങ്കാൻസൺ കണ്ടപ്പോഴാണ് ചെെനയിലും അതിവേഗം പായുന്ന തീവണ്ടിയെന്ന ആഗ്രഹം ഉടലെടുത്തത്. ആ സ്വപ്നമാണ് നാലു പതിറ്റാണ്ട് അപ്പുറം ചെെനയെ ലോകത്തിന്റെ നെറുകയിൽ നിർത്തുന്നവയിൽ ഒന്നായി മാറിയത്. വികസനത്തിന്റെ സോഷ്യലിസ്റ്റ്‌ മാതൃക തീർക്കുന്ന ചൈനയിലെ‌ അതിവേഗ റെയിൽ ഗതാഗതം ഇന്ന്‌ ലോകത്തിലെ ഏറ്റവും വലുതാണ്‌. ലോക അതിവേഗ റെയിൽ ഗതാഗതത്തിന്റെ 60 ശതമാനവും ചൈനയിലാണ്‌.

കുറഞ്ഞ ചെലവിൽ വേഗയാത്ര

ഈ തീവണ്ടികളുടെ വരവോടെ കുറഞ്ഞ ചെലവിൽ ഏറ്റവും വേഗം സുഖകരമായ യാത്രയെന്ന നേട്ടത്തിൽ ചെെനയെത്തി. ബീജിങ്ങിൽനിന്ന്‌ ഷാങ്ഹായിലേക്കുള്ള യാത്രസമയം 37 മണിക്കൂറിൽനിന്ന്‌ നാലായാണ് കുറഞ്ഞത്. ഏറ്റവും കുറവ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നതും ചെെനയാണ്. 480 കിലോമീറ്റർ വേഗതയിൽ പായുമ്പോഴും ഒരു നാണയം വിജയകരമായി തുലനം ചെയ്യാൻ കഴിയുന്നത്ര സുഖകരമായി യാത്ര ചെയ്യാൻ കഴിയും. 2008ൽ ആദ്യ അതിവേഗ റെയിൽ ആരംഭിച്ച ചെെനയിൽ നിലവിൽ 43,000 കിലോമീറ്റർ വ്യാപിച്ച ശൃംഖലയാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ 80 ശതമാനത്തിലധികം ഉൾക്കൊള്ളുന്നതാണിത്‌. 2035ഓടെ 70,000 കിലോമീറ്ററിലേക്ക് ഉയർത്താനാണ് ലക്ഷ്യമിടുന്നത്. രണ്ടാമതുള്ള സ്പെയിനിൽ അതിവേഗ റെയിൽ ശൃംഖല 3200 കിലോമീറ്ററോളം മാത്രമാണ്.

നൂറോളം രാജ്യത്തിന്‌ സഹായം

അതിവേഗ റെയിൽ പദ്ധതി തുടങ്ങിയപ്പോൾ വിദേശ സാങ്കേതിക വിദ്യയെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ, ചെെനയുടെ റെയിൽ മാതൃകയോട് പൂർണമായും ഇണങ്ങാത്തവ ആയിരുന്നു അവ. തുടർന്ന് ചെെനീസ് എൻജിനിയർമാർ അതിനെ പുനർനിർമിക്കുകയായിരുന്നു. നിലവിൽ സ്വതന്ത്രമായി വികസിപ്പിച്ചെടുത്തതാണ് ഉപയോഗിക്കുന്നത്. ഇപ്പോൾ ചെെനയുടെ റെയിൽ ഉൽപ്പന്നങ്ങളും സാങ്കേതികവിദ്യയും നൂറോളം രാജ്യത്തിലേക്ക് കയറ്റിയയക്കുന്നുണ്ട്. മറ്റു രാജ്യങ്ങൾ ചെെനയുടെ അതിവേഗ റെയിൽ നിർമാണമാതൃക പിന്തുടരുന്നത് നന്നായിരിക്കുമെന്നാണ് ലോക ബാങ്കിന്റെ റിപ്പോർട്ടിൽ പറയുന്നത്.

കെ എ നിധിൻനാഥ് 

Monday, May 31, 2021

മൈഥിലി ശിവരാമൻ: പ്രതിബദ്ധതയുടെ പ്രതീകം - എ കെ പത്മനാഭൻ എഴുതുന്നു

മെെഥിലി ശിവരാമൻ അമേരിക്കയിൽനിന്ന്‌ ചെന്നൈയിൽ തിരിച്ചെത്തിയത്‌ 1968ലാണ്‌. അമേരിക്കയിൽ ഉപരിപഠനത്തിനിടെ അവർ ഐക്യരാഷ്ട്രസംഘടനയിൽ ജോലിയും ചെയ്‌തു. അതിനിടെ രഹസ്യമായി ക്യൂബയും സന്ദർശിച്ചു. അമേരിക്കൻ ജീവിതാനുഭവങ്ങളാണ്‌ മൈഥിലിയെ ഇടതുപക്ഷ ചിന്താഗതിക്കാരിയാക്കി മാറ്റിയത്‌. സാമ്രാജ്യത്വത്തിന്റെ സ്വഭാവം അവർ ശരിയായി മനസ്സിലാക്കി. കറുത്തവംശജർക്കുനേരെ അമേരിക്കയിൽ  നടക്കുന്ന അതിക്രമങ്ങളും വിയത്‌നാം യുദ്ധവും മൈഥിലിയുടെ രാഷ്ട്രീയബോധത്തെ സ്വാധീനിച്ചു.

കീഴ്‌ വെൺമണിയിൽ 44 കർഷകത്തൊഴിലാളികളെ ചുട്ടുകൊന്നത്‌ 1968 ഡിസംബർ 25നാണ്‌. ഏതാനും ദിവസങ്ങൾക്കുള്ളിൽ അവിടെ എത്തിയ മൈഥിലി  അതിക്രൂരമായ സംഭവത്തിന്റെ പൂർണമായ വിവരങ്ങൾ പുറംലോകത്തെ അറിയിച്ചു. ഇതിനുശേഷം, ഭൂപ്രഭുത്വത്തിനെതിരായി കിഴക്കൻ തഞ്ചാവൂരിൽ നടന്ന സമരങ്ങളെക്കുറിച്ച്‌ പഠിക്കുകയും എഴുതുകയും ചെയ്‌തു. 1969ൽ ചെന്നൈയിൽ നടന്ന കർഷകരുടെ മഹാപ്രകടനത്തോടനുബന്ധിച്ചാണ്‌ മൈഥിലിയെ ഞാൻ നേരിട്ട്‌ പരിചയപ്പെട്ടത്‌. 2002 വരെ ചെന്നൈയിൽ മാത്രമല്ല, തമിഴ്‌നാട്ടിലാകെ നിറഞ്ഞുനിന്ന  മുഴുവൻസമയ പ്രവർത്തകയായിരുന്നു അവർ. ട്രേഡ്‌ യൂണിയൻ രംഗത്തും മഹിളാപ്രസ്ഥാനം രൂപീകരിക്കുന്നതിലും വലിയ പങ്കുവഹിച്ചു. വർക്കിങ്‌ വിമൻസ്‌ കോ–-ഓർഡിനേഷൻ കമ്മിറ്റിയുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്‌ നിർണായക നേതൃത്വം വഹിച്ചു. സ്‌ത്രീത്തൊഴിലാളികൾക്കുനേരെയുള്ള അതിക്രമങ്ങൾ ചെറുക്കുന്നതിലും മുൻനിരയിൽനിന്ന്‌ പ്രവർത്തിച്ചു.

ചെന്നൈ നഗരത്തിൽ സാമ്പത്തികമായി പരാധീനത അനുഭവിക്കുന്നവർ താമസിക്കുന്ന മേഖലകളിൽ മഹിളാ സംഘടനയുടെയും സിപിഐ എമ്മിന്റെയും പ്രവർത്തനം വ്യാപിക്കുന്നതിലും പൊലീസുകാരുടെയും ഗുണ്ടകളുടെയും ആക്രമണങ്ങളിൽനിന്ന്‌ അവരെ സംരക്ഷിക്കുന്നതിലും നേതൃത്വം നൽകി. രാഷ്ട്രീയ, താത്വിക പഠനക്ലാസുകൾ നടത്തുന്നതിലും അവർ ശ്രദ്ധേയമായ പങ്കുവഹിച്ചു.

ധർമപുരിയിലെ വാച്ചാത്തി എന്ന ആദിവാസിഗ്രാമത്തിൽ 1992ൽ നടന്ന അതിക്രമങ്ങൾ പുറത്തുകൊണ്ടുവരുന്നതിനും കുറ്റവാളികൾക്ക്‌ ശിക്ഷ ഉറപ്പാക്കുന്നതിനും മൈഥിലി നേതൃത്വം നൽകി.  ഡിമൻഷ്യ(ഓർമ നഷ്ടപ്പെടൽ) രോഗം ബാധിച്ച്‌  കുറച്ച്‌ മാസങ്ങളായി സ്ഥിതി വളരെ മോശമായിരുന്നു. ഒടുവിൽ കോവിഡും ബാധിച്ചു. 1970കൾ മുതൽ മൈഥിലിയോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞ ആളെന്ന നിലയിൽ, അവരെക്കുറിച്ച്‌ ഒറ്റവാചകത്തിൽ പറഞ്ഞാൽ  ‘‘മൈഥിലിയെന്നത്‌ പ്രതിബദ്ധതയും കൂറുമാണ്‌’’. കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിന്‌ എന്നും അഭിമാനിക്കാൻ കഴിയുന്ന തരത്തിൽ നേതൃനിരയിൽ പ്രവർത്തിച്ച സഖാവിനെയാണ്‌ നഷ്ടമായത്‌.

എ കെ പത്മനാഭൻ 

Friday, May 28, 2021

ശാരദാമണി: സ്ത്രീപഠന മേഖലയ്ക്ക് നഷ്ടമായത് കരുത്തുറ്റ നേതാവിനെ

കൊച്ചി> ഡോ . കെ ശാരദാമണിയുടെ നിര്യാണത്തോടെ ഇന്ത്യയിലെ സ്ത്രീപഠന മേഖലയ്ക് കരുത്തുറ്റൊരു നേതാവിനെയാണ് നഷ്ടമായതെന്ന് ഇന്ത്യൻ അസോസിയേഷൻ ഫോർ വിമെൻസ് സ്റ്റഡീസ് അഭിപ്രായപ്പെട്ടു.

സമ്പദ്ഘടനയിലെ സ്ത്രീകളുടെ സംഭാവന, ശാസ്ത്ര സാങ്കേതിക വിഷയങ്ങളിലെ സ്ത്രീ പക്ഷസമീപനം, ജാതി-ലിംഗപദവി ബന്ധങ്ങൾ, സ്ത്രീകൾ അനുഭവിക്കുന്ന അടിച്ചമർത്തലുകൾ , വീട്ടിനുള്ളിലെ അദ്ധ്വാന -ലിംഗപദവി ബന്ധങ്ങൾ എന്നിങ്ങനെയുള്ള വിവിധ വിഷയങ്ങളിലെ സ്ത്രീ വാദവിശകലനങ്ങൾക്ക് തുടക്കം കുറിച്ച മാർഗദർശി ആയിരുന്നു ഡോ .ശാരദാമണി. ഇന്ത്യൻ അസോസിയേഷൻ ഫോർ വിമൻസ് സ്റ്റഡീസ് രൂപീകരിക്കാനുള്ള പ്രവർത്തനങ്ങളിൽ പങ്കെടുത്ത അവർ സംഘടനയുടെ ഒന്നാം ദേശീയ സമ്മേളനം മുതൽ ആജീവനാന്ത അംഗമായി സജീവപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നു-അസോസിയേഷൻ  പ്രസിഡന്റ് ഡോ ഇഷിതാ മുഖോപാധ്യായയും  ജനറല്‍ സെക്രട്ടറി മിനി സുകുമാറും അനുശോചന കുറിപ്പില്‍ പറഞ്ഞു.

കുടുംബം, ഗൃഹ വ്യവസ്ഥകൾ തുടങ്ങിയ സങ്കല്പനങ്ങളെ സ്ത്രീവാദ സമീപനങ്ങളിലൂടെ വിശകലനാത്മകമായി സമീപിച്ച ആദ്യകാല സംരംഭമായ 1984 -ലെ ഏഷ്യൻ - തെക്കനേഷ്യൻ രാജ്യാന്തര സമ്മേളനത്തിന്റെ പ്രധാന സംഘാടകയായിരുന്നു. കേരളത്തിലെ അടിമജാതികളായ പുലയരുടെ ആവിർഭാവം , മരുമക്കത്തായതിന്റെ രൂപാന്തരം തുടങ്ങിയ സുപ്രധാന ഗവേഷണ കൃതികളിലൂടെ കേരളത്തിലെ സ്ത്രീ പഠന - ദളിത് പഠന ഗവേഷണങ്ങൾക്ക് തുടക്കം കുറിച്ചു . കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയവുമായി ചേർന്ന് നിന്നുകൊണ്ടുതന്നെ ശക്തമായ സാമൂഹ്യ- രാഷ്ട്രീയ വിമര്ശനങ്ങൾ ഉയർത്തി . ചെറുപ്പക്കാരായ ഗവേഷകർക്കും സ്ത്രീവാദ - സാമൂഹ്യ പ്രവർത്തകർക്കും ശക്തമായ പിന്തുണയും പ്രോത്സാഹനവും സ്നേഹവും നൽകിക്കൊണ്ട് പ്രസാദാത്മകമായ സാന്നിധ്യമായി നിലകൊണ്ടു . സമ്പൂർണമായ ഒരു ജീവിതത്തിലൂടെ സമൂഹത്തിനു ഗണ്യമായ സംഭാവനകൾ നൽകി. ഡോ . ശാരദാമണിയെക്കുറിച്ചുള്ള   ഓർമകൾ ഞങ്ങൾ വിലപ്പെട്ടതായി കരുതുന്നു.

ശാരദാമണി പാരിസിലെ സോർബോൺ സർവകലാശാലയിൽ നടത്തിയ പി എച്  ഡി ഗവേഷണത്തിന്റെ ഫലമാണ് 'കേരളത്തിലെ അടിമജാതികളായ പുലയരുടെ ആവിർഭാവം' എന്ന കൃതി. കേരളത്തിലെ മരുമക്കത്തായ വ്യവസ്ഥയിൽ വന്ന മാറ്റങ്ങൾ , സ്ത്രീകളുടെ സ്വത്തവകാശം , ദായക്രമം , ഭൂമിയുടെ അവകാശ ബന്ധങ്ങളിലുണ്ടായ മാറ്റം എന്നിവയുടെ അന്യോഅന്യ ബന്ധങ്ങൾ വിശകലനം ചെയ്യുന്ന 'മരുമക്കത്തായത്തിന്റെ  രൂപാന്തരം ' കേരളത്തിലെ ലിംഗപദവി പഠനങ്ങൾക്ക് വഴികാട്ടിയായി. 1980 കളിൽ  പ്രമുഖ സ്ത്രീവാദ സാമ്പത്തിക വിദഗ്ധരായ ദേവകി ജെയിൻ , മൈത്രേയി കൃഷ്ണരാജ് എന്നിവരോടൊപ്പം നാല് സുപ്രധാന ദേശീയ ശില്പശാലകളിൽ പങ്കാളിയായി . 'സ്ത്രീകളും തൊഴിലും , സ്ത്രീകളും ദാരിദ്ര്യവും , സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തവും ജീവിതവൃത്തിയിലെ മാറ്റങ്ങളും , സ്ത്രീകളും സാങ്കേതിക വിദ്യയും  എന്ന ഈ നാല് ശില്പശാലകൾ വളരെ പ്രാധാന്യമുള്ളവയാണ് . ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റിയൂട്ടിലെ ദീർഘകാല ഔദ്യോഗിക ജോലിയിലും പ്ലാനിങ് കമീഷൻ മീറ്റിംഗുകളിലും ശാരദാമണി നടത്തിയ ശക്തമായ സ്ത്രീപക്ഷ ഇടപെടലുകൾ നയവിദഗ്ധരും  രാഷ്ട്രീയപ്രവർത്തകരും ശ്രദ്ധാപൂർവം കണക്കിലെടുത്തു

ശാരദാമണിയുടെ ഏറ്റവും ശ്രദ്ധേയമായ സംഭാവന, ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ തൊഴിൽ-അദ്ധ്വാന ബന്ധങ്ങളെ ഗവേഷണങ്ങളിലൂടെ  ദൃശ്യമാക്കിയതും സ്ത്രീകളുടെ കൂലിവേലയും കൂലിയില്ലാ അദ്ധ്വാനവും സമ്പത്ഘടനയിൽ പ്രധാനമാണെന്ന് സ്ഥാപിച്ചെടുത്തതുമാണ് . 1990 കളിൽ കൃഷി , ഡയറി , സെറികൾച്ചർ വകുപ്പുകളിൽ ജെൻഡർ ട്രെയിനിങ് നടപ്പാക്കാൻ മുൻ കൈയെടുത്തതും എടുത്തു പറയേണ്ടതാണ് .

ഇന്ത്യയിലെ മുൻനിര ഫെമിനിസ്റ്റും സാമ്പത്തിക ശാസ്ത്രജ്ഞയും എന്ന നിലയിൽ ഡോ. ശാരദാമണി എക്കാലവും ഓർമ്മിക്കപ്പെടും. ഇന്ത്യയിലെ സ്ത്രീപഠന പ്രസ്ഥാനവും സ്ത്രീ വാദികളുടെ നിരവധി തലമുറകളും എക്കാലവും ശാരദാമണിയെ സ്മരിക്കുമെന്ന് അനുശോചന കുറിപ്പില്‍ പറഞ്ഞു.

Tuesday, May 18, 2021

മൂന്ന് വനിതാമന്ത്രിമാര്‍ ചരിത്രത്തില്‍ ആദ്യം; 17 പേര്‍ മന്ത്രിയാകുന്നത് ആദ്യമായി

കൊച്ചി> മന്ത്രിസഭയില്‍ മൂന്നു വനിതകളെ ഉള്‍പ്പെടുത്തുന്നത് കേരള ചരിത്രത്തില്‍ ആദ്യം.ഇത്രയും പുതുമുഖങ്ങള്‍  ഉള്‍പ്പെട്ട മന്ത്രിസഭയും പുതിയ ചരിത്രം. 17 പേര്‍ ആദ്യമായി മന്ത്രിമാരാകുന്നവരാണ്. മുഖ്യമന്ത്രിയടക്കം നാലുപേര്‍ മാത്രമാണ് മുമ്പ് മന്ത്രിസഭകളില്‍ അംഗമായിട്ടുള്ളത്.

സിപിഐ എമ്മില്‍ നിന്ന് പ്രൊഫ. ആര്‍ ബിന്ദു, വീണാ ജോര്‍ജ് എന്നിവരും സിപിഐ പ്രതിനിധിയായ ജെ ചിഞ്ചു റാണിയുമാണ് മന്ത്രിസഭയിലെ വനിതകള്‍.കഴിഞ്ഞ തവണ രണ്ടു വനിതകളായിരുന്നു മന്ത്രിസഭയില്‍. രണ്ട് വനിതകള്‍ ഒന്നിച്ചു മന്ത്രിമാരാകുന്നത് അന്നാദ്യമായിട്ടായിരുന്നു.

മന്ത്രിമാരില്‍ മൂന്നുപേര്‍ മാത്രമാണു മുമ്പ് മന്ത്രിമാരായിട്ടുള്ളവര്‍. ജനതാദളിലെ കെ കൃഷ്ണന്‍ കുട്ടിയും എന്‍സിപി മന്ത്രി എ കെ  ശശീന്ദ്രനും കഴിഞ്ഞ പിണറായി മന്ത്രിസഭയിലും അംഗമായിരുന്നു.കെ രാധാകൃഷ്ണന്‍ നായനാര്‍ മന്ത്രിസഭയില്‍ മന്ത്രിയും പിന്നീട് സ്പീക്കറുമായി.

മന്ത്രിമാരില്‍ സിപിഐ എമ്മിലെ പി രാജീവ്, കെ എന്‍ ബാലഗോപാല്‍ ,ആര്‍ ബിന്ദു, മുഹമ്മദ്‌ റിയാസ്,ജെ ചിഞ്ചു റാണി, ജി ആര്‍ അനില്‍, പി പ്രസാദ്, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ എംഎല്‍എയാകുന്നതും ആദ്യം. പി രാജിവ് കെ എന്‍ ബാലഗോപാല്‍ എന്നിവര്‍ മുന്‍ രാജ്യസഭാംഗങ്ങള്‍.

Monday, February 15, 2021

ആരോഗ്യരംഗത്ത് മറ്റൊരു നാഴികക്കല്ല്; 1603 സബ് സെന്ററുകളെ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കി ഉയര്‍ത്തുന്നു; ഉദ്ഘാടനം 16ന്

ആരോഗ്യരംഗത്ത് മറ്റൊരു നാഴികക്കല്ലായി സംസ്ഥാനത്തെ 1603 സബ് സെന്ററുകളെ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി ഫെബ്രുവരി 16ന് വൈകുന്നേരം 3 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ നിര്‍വഹിക്കുന്നു. തിരുവനന്തപുരം 125, കൊല്ലം 107, പത്തനംതിട്ട 76, ആലപ്പുഴ 111, കോട്ടയം 102, ഇടുക്കി 85, എറണാകുളം 126, തൃശൂര്‍ 142, പാലക്കാട് 133, മലപ്പുറം 166, കോഴിക്കോട് 109, വയനാട് 121, കണ്ണൂര്‍ 143, കാസര്‍ഗോഡ് 57 എന്നിങ്ങനെയാണ് ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററുകള്‍ സജ്ജമാക്കിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സബ് സെന്ററുകളെ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കി മാറ്റുന്നതിന് 112.27 കോടി രൂപയാണ് അനുവദിച്ചത്. വെല്‍നെസ് സെന്ററുകളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് 1603 മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍മാരെയാണ് നിയമിച്ചുവരുന്നു. ബി.എസ്.സി. നഴ്സുമാരെയാണ് മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍മാരായി നിയമിക്കുന്നത്. ആരോഗ്യ ഉപ കേന്ദ്രങ്ങളായ സബ് സെന്ററുകളെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി രോഗീ സൗഹൃദമായ കുടുംബാരോഗ്യ കേന്ദ്രം പോലെയാണ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കുന്നത്. ഇതിലൂടെ പ്രാഥമിക പരിശോധന, മരുന്നുകള്‍, ആരോഗ്യ ഉപദേശം എന്നിവ ലഭ്യമാക്കി തൊട്ടടുത്ത പ്രദേശങ്ങളില്‍ തന്നെ പ്രാഥമിക ചികിത്സ ഉറപ്പാക്കുന്നു.

സബ് സെന്ററുകള്‍ ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററുകളായി മാറുന്നതോടെ വലിയ സേവനങ്ങളാണ് ലഭ്യമാക്കാനാകുന്നത്. മികച്ച ഭൗതിക സാഹചര്യങ്ങള്‍, വൈകുന്നേരം വരെയുള്ള ആരോഗ്യ സേവനങ്ങള്‍, ലാബ് സൗകര്യം, ജീവിതശൈലീ രോഗ നിയന്ത്രണം, പകര്‍ച്ചവ്യാധി നിയന്ത്രണം, പാലിയേറ്റീവ് കെയര്‍, ശ്വാസ്, ആശ്വാസ് ക്ലിനിക് തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാകുന്നു. 

എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും നാപ്കിന്‍ വെന്‍ഡിംഗ് മെഷീനും ഇന്‍സിനറേറ്ററും

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും നാപ്കിന്‍ വെന്‍ഡിംഗ് മെഷീനും ഇന്‍സിനറേറ്ററും സ്ഥാപിക്കുന്നതിനാവശ്യമായ നിര്‍ദേശം നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. സ്ത്രീ സൗഹൃദ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കുന്നതിന്റെ ആദ്യപടിയായി പ്രധാനപ്പെട്ടതും കൂടുതല്‍ സ്ത്രീ ജീവനക്കാര്‍ ജോലി ചെയ്യുന്നതുമായ വിവിധ വകുപ്പുകളുടെ കാര്യാലയങ്ങളിലാണ് സാനിറ്ററി നാപ്കിന്‍ വെന്‍ഡിംഗ് മെഷീനും എല്ലാ ടോയ്ലെറ്റുകളിലും ഇന്‍സിനറേറ്ററുകളും സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയത്. അതാത് വകുപ്പുകളുടെ ജെന്‍ഡര്‍ ബഡ്ജറ്റില്‍ നിന്നും തുക വിനിയോഗിച്ചായിരിക്കും ഇവ സ്ഥാപിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

സ്ത്രീ സൗഹൃദ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തൊഴില്‍ സ്ഥലങ്ങളില്‍ ആര്‍ത്തവ കാലത്ത് ഉദ്യോഗസ്ഥരായ സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് നാപ്കിന്‍ വെന്‍ഡിംഗ് മെഷീനും ഇന്‍സിനറേറ്ററും തൊഴിലിടങ്ങളില്‍ സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയത്. സ്ത്രീകള്‍ ഇക്കാര്യത്തില്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് ഇത് ഒരു പരിധിവരെ സഹായകമാകുന്നതാണ.് അംഗീകൃത ഏജന്‍സി വഴിയോ ഇ.ഒ.ഐ. ക്ഷണിച്ചോ ആണ് ഇവ ഓഫീസുകളില്‍ സ്ഥാപിക്കുന്നത്.  

Saturday, January 9, 2021

‘യുപിയിൽ നിയമവാഴ്‌ച തകർന്നു, സ്‌ത്രീകൾക്കും ദളിതർക്കും എതിരെ ദിവസവും അതിക്രമങ്ങൾ' : സുഭാഷിണി അലി

നിയമവാഴ്‌ച പൂർണമായും ഇല്ലാതായ ഉത്തർപ്രദേശിൽ കാട്ടുനീതിയാണ്‌ നടപ്പാക്കുന്നതെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം സുഭാഷിണിഅലി. ബദായൂമിൽ അങ്കണവാടി ജീവനക്കാരിയെ പൂജാരിയും കൂട്ടാളികളും കൂട്ടബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയത്‌ ആദിത്യനാഥ്‌ സർക്കാരിന്റെ നെറ്റിയിലെ തീരാകളങ്കമായി മാറിയെന്നും സുഭാഷിണി അലി ലഖ്‌നൗവിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സംസ്ഥാനത്ത്‌ സ്‌ത്രീകൾക്കും ദളിതർക്കും എതിരെ ദിവസവും അതിക്രമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്‌. ഇത്‌ തടയാൻ ശ്രമിക്കാതെ പ്രതിപക്ഷത്തെയും രാഷ്ട്രീയഎതിരാളികളെയും അടിച്ചമർത്താനാണ്‌  സർക്കാരിന്‌ ഉത്സാഹം. ഭരണഘടനാവിരുദ്ധമായ നിയമനിർമാണങ്ങൾ നടത്തിയും വ്യാജ കേസുകൾ കെട്ടിച്ചമച്ചും അന്യായമായി ആളുകളെ തടങ്കലിലാക്കിയും ജനാധിപത്യ, ഭരണഘടനാമൂല്യങ്ങൾ  പൂർണമായും ഇല്ലാതാക്കുകയാണ്‌ ലക്ഷ്യം.

ഗാസിയാബാദിലെ മുറാദ്‌നഗറിൽ ശ്‌മശാനം തകർന്ന്‌ 24 പേർ മരിച്ചത്‌ സർക്കാരിന്റെ അഴിമതിക്കുള്ള ഒന്നാന്തരം തെളിവാണ്‌. കർഷകരുടെ ആദായം വർധിപ്പിച്ചെന്ന്‌ അവകാശപ്പെടുന്ന സർക്കാർ തുച്ഛമായ വിലയ്‌ക്ക്‌ വിളകൾ വിൽക്കാൻ അവരിൽ ബലം പ്രയോഗിക്കുന്നുഅവകാശങ്ങൾക്കുവേണ്ടി സമരം ചെയ്യുന്ന കർഷകർക്കും കർഷകസംഘടനാനേതാക്കൾക്കും എതിരെ ഗുണ്ടാആക്റ്റ്‌ ചുമത്തി കേസെടുക്കുന്നു‌. ജനാധിപത്യമൂല്യങ്ങൾ സംരക്ഷിക്കാൻ പുരോഗമന ചിന്താഗതിക്കാരായ എല്ലാവരും രംഗത്തിറങ്ങണമെന്നും സുഭാഷിണി അലി ആവശ്യപ്പെട്ടു.

ബദായൂം കൂട്ടബലാത്സംഗക്കൊല : കുടുംബത്തിന്‌ നഷ്ടപരിഹാരം നൽകണം: സിഐടിയു

യുപിയിലെ ബദായൂമിൽ കൂട്ടബലാത്സംഗംചെയ്‌തു ‌കൊന്ന അങ്കണവാടി ജീവനക്കാരിയുടെ കുടുംബത്തിന്‌ മതിയായ നഷ്ടപരിഹാരം നൽകണമെന്ന്‌ അഖിലേന്ത്യ ഫെഡറേഷൻ ഓഫ്‌ അംഗൻവാടി വർക്കേഴ്‌സ്‌ ആൻഡ്‌ ഫെഡറേഷൻ(സിഐടിയു) ആവശ്യപ്പെട്ടു. രാജ്യമെമ്പാടും പ്രതിഷേധിക്കാൻ ഫെഡറേഷൻ ആഹ്വാനം ചെയ്‌തു. കേസ്‌ അതിവേഗ കോടതിയിൽ വിചാരണ നടത്തണം. ഇരയുടെ കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്നും ഫെഡറേഷൻ പ്രസിഡന്റ്‌ ഉഷാറാണിയും ജനറൽ സെക്രട്ടറി എ ആർ സിന്ധുവും ആവശ്യപ്പെട്ടു. നേതാക്കൾ  കുടുംബാംഗങ്ങളെ സന്ദർശിച്ചു‌. എഡിഎമ്മിനെ കണ്ട്‌ നിവേദനം നൽകി.

സ്‌ത്രീ ഒറ്റയ്‌ക്ക്‌ ക്ഷേത്രത്തിൽ പോയതാണ്‌ ദുരന്തത്തിന്‌ കാരണമായതെന്ന്‌ പറഞ്ഞ ദേശീയ വനിത കമീഷൻ അംഗം ചന്ദ്രമുഖീ ദേവിയെ തൽസ്ഥാനത്തുനിന്ന്‌ നീക്കണമെന്ന്‌ ഫെഡറേഷൻ ആവശ്യപ്പെട്ടു. ഇരയുടെ കുടുംബാംഗത്തിന്‌ ജോലി നൽകണം. നിയമപോരാട്ടത്തിൽ ‌ എല്ലാ സഹായവും നൽകുമെന്നും നേതാക്കൾ പറഞ്ഞു.

Monday, December 28, 2020

ഇവർ കുട്ടികളല്ല; നാടിൻ നായികമാർ ; തദ്ദേശ സ്ഥാപനങ്ങളുടെ തലപ്പത്ത്‌ സിപിഐ എം നിയോഗിച്ച മിടുക്കികൾ

ഇവർ കുട്ടികളല്ല; നാടിൻ നായികമാർ ; തദ്ദേശ സ്ഥാപനങ്ങളുടെ തലപ്പത്ത്‌ സിപിഐ എം നിയോഗിച്ച മിടുക്കികൾ; നാടിന്റെ മിടിപ്പറിയുന്ന അഭിമാന താരങ്ങൾ

തലസ്ഥാന കോർപറേഷനിലടക്കം തദ്ദേശ സ്ഥാപനങ്ങളുടെ തലപ്പത്ത്‌ ഇക്കുറി സിപിഐ എം നിയോഗിച്ച ചെറുപ്പക്കാരികൾ നാടിന്റെ അഭിമാന താരങ്ങൾ. അഞ്ചിടത്ത്‌ 25 വയസ്സിന്‌ താഴെയുള്ള മിടുക്കികളാണ്‌ നാടിന്റെ അമരക്കാരാകുന്നത്‌‌.

ആര്യ രാജേന്ദ്രൻ

(തിരുവനന്തപുരം)

തിരുവനന്തപുരം കോർപറേഷൻ മേയറാകുന്ന ആര്യ, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന കീർത്തി കൂടി സ്വന്തമാക്കുകയാണ്‌. 21 കാരിയായ ആര്യ മുടവൻമുഗൾ വാർഡിലെ കൗൺസിലറാണ്‌. ബാലസംഘം സംസ്ഥാന പ്രസിഡന്റ്‌, എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം, സിപിഐ എം കേശവദേവ്‌ റോഡ്‌ ബ്രാഞ്ചംഗം എന്നീ നിലകളിൽ തിളങ്ങിയ ആര്യ ബിഎസ്‌സി ഗണിതം രണ്ടാം വർഷ വിദ്യാർഥിനിയാണ്‌.

രേഷ്‌മ മറിയം റോയി‌

(അരുവാപ്പുലം, പത്തനംതിട്ട)

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത്‌ പ്രസിഡന്റാകുകയാണ്‌ അരുവാപ്പുലത്തുനിന്ന്‌ രേഷ്‌മ മറിയം റോയി‌. ഊട്ടുപാറ വാർഡിലാണ്‌ ജയിച്ചത്‌. 15 വർഷമായി യുഡിഎഫ്‌ ഭരണമായിരുന്ന അരുവാപ്പുലത്ത്‌, ഇനി രേഷ്‌മ നയിക്കുന്ന നാളുകൾ. സിപിഐ എം ഊട്ടുപാറ ബ്രാഞ്ചംഗവും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗവും എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റംഗവുമാണ്. ഊട്ടുപാറ തുണ്ടിയാംകുളത്ത്‌ റോയി ടി മാത്യുവിന്റെയും മിനി റോയിയുടെയും ഇളയ മകൾ.

രാധിക മാധവൻ

(മലമ്പുഴ, പാലക്കാട്‌)

മലമ്പുഴ പഞ്ചായത്തിൽ ഇരുപത്തിമൂന്നുകാരി രാധിക മാധവൻ പ്രസിഡന്റാവും. ആനക്കല്ല‌്‌, കൊല്ലംകുന്ന്‌ കോളനിയിൽ മാധവന്റെയും ശാന്തയുടെയും മകളാണ്‌. പാലക്കാട്‌ ഗവ. വിക്ടോറിയ കോളേജിൽനിന്ന്‌ മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം. ആനക്കല്ല‌്‌ ട്രൈബൽ സ്‌കൂളിൽ ഗസ്‌റ്റ്‌ അധ്യാപികയായിരുന്നു.

അനസ്‌ റോസ്‌ന സ്‌റ്റെഫി

(പൊഴുതന, വയനാട്‌)

ഇരുപത്തിമൂന്നുകാരി അനസ്‌ റോസ്‌ന സ്‌റ്റെഫി വയനാട്ടിലെ പൊഴുതന പഞ്ചായത്തിന്റെ പ്രസിഡന്റാകും. ഇഗ്‌നോയിൽ ഡിസാസ്‌റ്റർ മാനേജ്‌മെന്റിൽ പിജി ചെയ്യുന്നതിനിടയിലാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥിയായത്‌. ജനറൽ സീറ്റിൽ മത്സരിച്ചാണ്‌‌ അനസ്‌ റോസ്‌ന വിജയിച്ചത്‌.  പൊഴുതന സുഗന്ധഗിരി ചടച്ചിക്കുഴിയിൽ സുനിലിന്റെയും -സുജയുടെയും മകളാണ്‌.



ശാരുതി

(ഒളവണ്ണ, കോഴിക്കോട്‌)

കോഴിക്കോട് ഒളവണ്ണ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റായി 22കാരി ശാരുതി സ്ഥാനമേൽക്കും. പൊതുപ്രവർത്തന രംഗത്ത്‌ സജീവമായ ശാരിതി ബുള്ളറ്റിൽ സഞ്ചരിച്ച്‌ ശ്രദ്ധ നേടി. അവസാനവർഷ നിയമ വിദ്യാർഥിയാണ്‌. -ഇരിങ്ങല്ലൂരിലെ റേഷൻ കടക്കാരന് കോവിഡ് ബാധിച്ചപ്പോൾ കടയുടെ പ്രവർത്തനം ഏറ്റെടുത്തത്‌ ഏറെ പ്രശംസ നേടി. ഒന്നാം വാർഡിൽനിന്നാണ്‌ ജയിച്ചത്‌. സിപിഐ എം ഇരിങ്ങല്ലൂർ ബ്രാഞ്ചംഗം. അച്ഛൻ പറശേരി മനോഹരൻ, അമ്മ എം റജീന.

രേഷ്‌മയ്‌ക്കും റെക്കോഡ്‌

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത്‌ പ്രസിഡന്റെന്ന റെക്കോഡ് അരുവാപ്പുലത്തിന്റെ രേഷ്‌മയ്‌ക്ക്‌. ഇരുപത്തൊന്ന്‌ വയസ്സും രണ്ടു മാസവുംമാത്രം പ്രായമുള്ള രേഷ്‌മ മറിയം റോയി‌യെ പഞ്ചായത്ത്‌ പ്രസിഡന്റായി സിപിഐ എം നിയോഗിച്ചു. നവംബറിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസത്തിന്റെ‌ തലേന്നാണ്‌ 21 വയസ്സ്‌ തികഞ്ഞത്‌. ഊട്ടുപാറ വാർഡിൽ ജയിച്ചപ്പോൾ രേഷ്‌മ നടന്നുകയറിയത്‌ ചരിത്രത്തിലേക്ക്‌ കൂടിയാണ്‌.

Monday, November 2, 2020

സ്ത്രീ വിരുദ്ധത സൂക്ഷിക്കുന്ന മുല്ലപ്പള്ളിയെ കോണ്‍ഗ്രസ് ചികിത്സയ്ക്ക് അയക്കണം: ഡിവൈഎഫ്‌ഐ

 സ്ത്രീ വിരുദ്ധത ജീവിതത്തില്‍ കൊണ്ടുനടക്കുകയും തുടര്‍ച്ചയായി അത്തരം പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്യുന്ന മുല്ലപ്പള്ളിയെ കോണ്‍ഗ്രസ് ചികിത്സക്ക് അയക്കണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 'ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീ ആത്മാഭിമാനമുണ്ടെങ്കില്‍  മരിക്കണമെന്ന' മുല്ലപ്പള്ളിയുടെ പ്രസ്താവന അത്യന്തം അപമാനകരമാണ്.

കേരളത്തിലെ ഒരു തല മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് ഇത്തരത്തില്‍ നിന്ന്യമായ പരാമര്‍ശങ്ങള്‍ നടത്തുന്നത്. ഒരു സമൂഹത്തെ മുന്നോട്ട് നയിക്കേണ്ട  ഒരു രാഷ്ട്രീയ നേതാവിന്  ചേര്‍ന്ന പരാമര്‍ശമാണോ നടത്തിയതെന്ന് അദ്ദേഹവും കോണ്‍ഗ്രസ് പാര്‍ട്ടിയും വിലയിരുത്തേണ്ടതാണ്.

സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ തുടര്‍ച്ചയായി പറയുകയും മാപ്പ് പറയുകയും ചെയ്യുന്നത് ശീലമാക്കുകയാണ് അദ്ദേഹം. ഇത്തരം പരാമര്‍ശങ്ങള്‍ കൊണ്ടുണ്ടാകുന്ന അപകടം ഒരു മാപ്പ് കൊണ്ട് ഇല്ലാതാക്കാന്‍ കഴിയുന്നതല്ല. അദ്ദേഹത്തില്‍ നിന്നും മാത്രമല്ല കോണ്‍ഗ്രസ് രാഷ്ട്രീയ നേതൃത്വത്തില്‍ നിന്നും ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നുണ്ട്. അത് സമൂഹത്തില്‍ വിളിച്ചുവരുത്തുന്ന അപകടം ചെറുതല്ല.

സമൂഹത്തിന് മാതൃകയാകേണ്ടവര്‍ തന്നെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തുന്നത് സാംസ്‌കാരിക കേരളത്തിന് അപമാനകരമാണെന്നും സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

മുല്ലപ്പള്ളിയുടെ പ്രസ്താവന സ്ത്രീകളെ അപമാനിക്കുന്നതും പൊതു സമൂഹത്തില്‍ സ്ത്രീ പദവിയെ ഇകഴ്ത്തുന്നതും: ലോയേഴ്‌സ് യൂണിയന്‍

തിരുവനന്തപുരം> കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി  രാമചന്ദ്രന്റെ സ്ത്രീ വിരുദ്ധ പ്രസ്താവന സ്ത്രീകളെ അപമാനിക്കുന്നതും  പൊതു സമൂഹത്തില്‍ സ്ത്രീ പദവിയെ ഇകഴ്ത്തുന്നതുമാണെന്ന് ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍(എഐഎല്‍യു) സംസ്ഥാന വനിതാ സബ് കമ്മിറ്റി. അധികാര സ്ഥാനീയരില്‍ നിന്നും കൊടിയ പീഡനത്തിനും ചൂഷണത്തിനും ഇരയായ ഒരു സ്ത്രീയെ മുഖ്യ പ്രതിപക്ഷ കക്ഷിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ പരസ്യമായും സംസ്‌കാര ശൂന്യമായ പദപ്രയോഗങ്ങള്‍ ഉപയോഗിച്ച് അപഹസിച്ചതും ഞെട്ടലുളവാക്കുന്ന ഒന്നാണ്.

സ്ത്രീകള്‍ക്കെതിരായ ലൈംഗിക  അക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും എതിരായി ശക്തമായ ചെറുത്ത് നില്‍പ്പും പ്രതിഷേധവും ഉയര്‍ന്ന് വരേണ്ട ഒരു കാലത്ത് പുരോഗമനപരമായ ഇടപെടലുകളാണ് പൊതു സമൂഹം ഉത്തരവാദപ്പെട്ട രാഷ്ട്രീയ നേതൃത്വത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.   ബലാത്സംഗത്തിന് ഇരയാകുന്ന സ്ത്രീകള്‍ ആത്മഹത്യ ചെയ്യണമെന്ന പ്രസ്താവന വികലമായ പുരുഷാധിപത്യ മന:സ്ഥിതിയെ ആണ് വെളിവാക്കുന്നത്.

 ബലാത്സംഗം പോലെ അത്യന്തം ഹീനമായ ഒരു കുറ്റ കൃത്യത്തെ ലളിതവല്‍ക്കരിക്കും വിധം മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ പ്രസ്താവന കേരളീയ സമൂഹത്തിന് തന്നെ അപമാനകരമാണ്. ബലാത്സംഗത്തിന് ഇരയായ സ്ത്രീക്ക് നിയമ പരിരക്ഷയും സംരക്ഷണവുമാണ് ആവശ്യം.  പകരം അവളില്‍ അശുദ്ധി ആരോപിച്ച് പരസ്യ വിചാരണ നടത്തുന്നത് സ്ത്രീത്വത്തെ അപമാനിക്കലാണ്. നിയമപരമായി കുറ്റകരവും പ്രാകൃതവുമാണ് ഇത്തരം നിലപാടുകള്‍ . ഉത്തരവാദപ്പെട്ട സ്ഥാനങ്ങള്‍ വഹിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ ഇത്തരം തരംതാണ പരാമര്‍ശങ്ങള്‍ പൊതു സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കുവാനേ ഉപകരിക്കു. മുല്ലപ്പളളി രാമചന്ദ്രനെതിരായി നിയമനടപടികള്‍ സ്വീകരിക്കണമെന്ന്‍  ലോയേഴ്‌സ് യൂണിയന്‍ വനിതാ സബ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ അഡ്വ. അയിഷാ പോറ്റി കണ്‍വീനര്‍ അഡ്വ. ലതാ തങ്കപ്പന്‍ എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

സ്ത്രീ വിരുദ്ധ പരാമര്‍ശം: മുല്ലപ്പള്ളിക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം> കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ വനിത കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.രാഷ്ട്രീയ നേതാക്കള്‍ അടിക്കടി സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി രംഗത്തു വരുന്നത് സാംസ്‌കാരിക കേരളത്തിന് അപമാനമാണ്.

കേരളപ്പിറവിദിനത്തില്‍ പോലും സ്ത്രീ സമൂഹത്തിനെതിരെ നടക്കുന്ന അതിനീചമായ പരാമര്‍ശങ്ങള്‍ രാഷ്ട്രീയ വിദ്വേഷത്തിന്റെ പേരിലായാല്‍ക്കൂടി അനുവദിച്ചുകൂടാ. ഇത്തരക്കാരെ നിലയ്ക്ക് നിര്‍ത്താന്‍ രാഷ്ട്രീയ നേതൃത്വത്തിന് കരുത്തുണ്ടാകണമെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ പറഞ്ഞു.

മുല്ലപ്പള്ളി രാമചന്ദ്രന്‍ അടിയന്തരമായി താന്‍ നടത്തിയ നീചമായ സ്ത്രീവിരുദ്ധ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും  ജോസഫൈന്‍ ആവശ്യപ്പെട്ടു.

Sunday, November 1, 2020

"ഒരിക്കൽ പീഡിപ്പിക്കപ്പെട്ടാൽ ആത്മാഭിമാനമുള്ള സ്‌ത്രീ ആത്മഹത്യചെയ്യും'; കടുത്ത സ്‌ത്രീവിരുദ്ധ പരാമർശവുമായി മുല്ലപ്പള്ളി

തിരുവനന്തപുരം > അഭിസാരികയെ കൊണ്ടുവന്ന്‌ കഥപറിയിപ്പിക്കാൻ സർക്കാർ നോക്കുകയാണെന്ന്‌ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. യുഡിഎഫിന്റെ വഞ്ചനാദിനത്തോനുബന്ധിച്ച്‌ നടന്ന പരിപാടിയിലായിരുന്നു മുല്ലപ്പള്ളിയുടെ തികഞ്ഞ സ്‌ത്രീവിരുദ്ധമായ പ്രസ്‌താവന.

സംസ്ഥാനം മുഴുവന്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന് വിലപിച്ച് കൊണ്ടിരിക്കുന്നവരാണ് ആ സ്ത്രീയെന്നും മുല്ലപ്പള്ളി പറഞ്ഞു.  'ഒരു സ്ത്രീയെ ഒരിക്കല്‍ പീഡിപ്പിച്ചുവെന്ന് പറഞ്ഞാല്‍ നമുക്ക് മനസ്സിലാക്കാം. ആത്മാഭിമാനമുള്ള ഒരു സ്ത്രീ ഒന്നുകില്‍ അവര്‍ മരിക്കും അല്ലെങ്കില്‍ ഒരിക്കല്‍ പോലും ആവര്‍ത്തിക്കാതിരിക്കതിരിക്കാനുള്ള സാഹചര്യമാണ് നമ്മുടെ സമൂഹത്തിലുള്ളത്. പക്ഷേ തുടരെ തുടരെ സംസ്ഥാനം മുഴുവന്‍ എന്നെ ബലാത്സംഗത്തിന് വിധേയമാക്കിക്കൊണ്ടിരിക്കുന്നുവെന്ന് വിലപിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ത്രീയെ നിര്‍ത്തിക്കൊണ്ട് നിങ്ങള്‍ രംഗത്തുവരാന്‍ പോകുന്നുവെന്നാണ് എന്നോട് ഉന്നതനായ പോലീസ് ഉദ്യോഗസ്ഥന്മാര്‍ പറഞ്ഞിരിക്കുന്നത്.'- ഇതായിരുന്നു മുല്ലപ്പള്ളിയുടെ വാക്കുകള്‍

ബലാത്സംഗം ചെയ്യപ്പെട്ട സ്‌ത്രീകള്‍ ആത്മഹത്യ ചെയ്യണമെന്ന് പറയുന്നത് അപകടകരമായ മനസ്‌: കെ കെ ശൈലജ

തിരുവനന്തപുരം > ആരായാലും ശരി സ്ത്രീ വിരുദ്ധ നിലപാട് മനസില്‍ വച്ച് സൂക്ഷിക്കുന്നത് അപകടകരമാണെന്ന് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. ഇടയ്ക്കിടയ്ക്ക് ഇങ്ങനെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തുന്നത് ശരിയല്ല. പ്രത്യേകിച്ചും വലിയ നേതാക്കള്‍. ഉള്ളിലുള്ളതല്ലേ പുറത്ത് വരാന്‍ പറ്റൂ. ബലാത്സംഗം എന്ന് പറയുന്നത് സ്ത്രീകളെ ബലമായി കീഴ്‌പ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്ന ഒന്നാണ്. മനുഷ്യ സമൂഹത്തിന് തന്നെ ഏറ്റവും അസഹനീയവും ഗുരുതരവുമായ കുറ്റകൃത്യമാണിത്. അതിനെ ഇങ്ങനെ വ്യാഖ്യാനിക്കുന്നത് എങ്ങനെയാണെന്നും മന്ത്രി പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.

ബലാത്സംഗം ചെയ്യപ്പെട്ട സ്‌ത്രീകള്‍ അന്തസുണ്ടെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നത്. സ്ത്രീയുടെ കുറ്റമാണോ ബലാത്സംഗം. സ്ത്രീകളുടെ അന്തസ് കുറവ് കൊണ്ടാണോ ആത്മഹത്യ ചെയ്യാത്തത്. അതിന് വിധേയയാകുന്ന സ്ത്രീ ഒരിക്കലും കുറ്റവാളിയല്ല. ബലാത്സംഗം ചെയ്യുന്ന ആളുകളാണ് കുറ്റവാളി. അവര്‍ ശിക്ഷിക്കപ്പെടണം. വലിയ ശാരീരികവും മാനസികവുമായ പ്രയാസമാണ് അവര്‍ അനുഭവിക്കുന്നത്. ആ സ്‌ത്രീകള്‍ ഉടന്‍ ആത്മഹത്യ ചെയ്യണമെന്ന് പറയുന്നത് അപകടകരമായിട്ടുള്ള മനസുള്ളവര്‍ക്കേ കഴിയൂ. ഇത് അങ്ങയറ്റത്തെ തെറ്റാണ്.

ഖേദം പ്രകടിപ്പിച്ചത് നല്ല കാര്യം. പക്ഷെ ഇടയ്ക്കിടയ്ക്ക് സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുന്നത് ശരിയല്ല. രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ ഇത്തരം പ്രവണതകളെ പ്രതിരോധിക്കാനാണ് ശ്രമിക്കേണ്ടത്. അവരെ ആശ്വസിപ്പിക്കാനും സംരക്ഷിക്കാനുമൊക്കെയാണ് നോക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി. 

Thursday, October 29, 2020

ഇടതുപക്ഷ കേരളം, സുരക്ഷിത കേരളം ; സ്‌ത്രീകളുടെ ഐക്യനിര നവംബർ ഒന്നിന്‌

 ‘ഇടതുപക്ഷ കേരളം സുരക്ഷിത കേരളം’ എന്ന മുദ്രാവാക്യമുയർത്തി കേരളപ്പിറവി ദിനമായ നവംബർ ഒന്നിന്‌  രാവിലെ 10ന്‌  തെരുവോരങ്ങളിൽ സംഘടിപ്പിക്കുന്ന സ്ത്രീകളുടെ ഐക്യനിര വിജയിപ്പിക്കാൻ ഇടതുപക്ഷ മഹിളാ സംഘടനകൾ ആഹ്വാനം ചെയ്തു.

എല്ലാ യൂണിറ്റ്, വില്ലേജ്, ഏരിയ,  ജില്ലാ കേന്ദ്രങ്ങളിലും അഞ്ച്‌  വീതം സ്ത്രീകളെ അണിനിരത്തി സാമൂഹ്യ അകലം പാലിച്ചായിരിക്കും  ഐക്യനിര. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ, കേരള മഹിളാ സംഘം, മഹിളാ ജനതാ എസ്, നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ്‌, ലോക്‌താന്ത്രിക് ജനത, മഹിളാ കോൺഗ്രസ്‌ എസ്, ജനാധിപത്യ വനിതാ കോൺഗ്രസ്‌, നാഷണൽ വനിതാ ലീഗ്, കേരള വനിതാ കോൺഗ്രസ്‌ ബി,  കേരള മഹിളാ കോൺഗ്രസ്‌ എം എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഐക്യനിര സംഘടിപ്പിക്കുന്നത്.  എൽഡിഎഫ്‌ സർക്കാരിന്റെ  സ്ത്രീപക്ഷ വികസന കാഴ്ചപ്പാടുകളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചും സർക്കാർ കൈക്കൊള്ളുന്ന സുരക്ഷാനടപടികളെ സംബന്ധിച്ച് സ്ത്രീകളിൽ അവബോധമുണ്ടാക്കാനുമാണ് പരിപാടി ലക്ഷ്യമിടുന്നത്.

സംസ്ഥാനത്തിന്റെ തെരുവോരങ്ങളിലാകെ നടക്കുന്ന ഐക്യനിര വൻ വിജയമാക്കണമെന്ന്‌ കൺവീനർ അഡ്വ. പി സതീദേവി  അഭ്യർഥിച്ചു.

Monday, October 26, 2020

കുറച്ച് സീറ്റും വോട്ടുമാണ് പ്രധാനമെന്ന് കാണരുത്; ചെന്നിത്തലയുടെ വഴിവിട്ട പ്രസ്താവനയെക്കുറിച്ച് കോണ്‍ഗ്രസുകാര്‍ ചിന്തിക്കണം: മുഖ്യമന്ത്രി

 കേന്ദ്ര ഏജന്‍സികളെ സംബന്ധിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്‌താവന രാ‌‌ഷ്ട്രീയത്തിന്റെ ആദ്യാക്ഷരം അറിയാവുന്ന ആര്‍ക്കും മനസിലാക്കാന്‍ കഴിയാത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രഏജന്‍സികളെ സംബന്ധിച്ച കോണ്‍ഗ്രസ് നിലപാടാണ് രാഹുല്‍ഗാന്ധിയും സോണിയാഗാന്ധിയും ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ വ്യക്തമാക്കിയത്. ഒരു അഖിലേന്ത്യാപാര്‍ടിയുടെ ഭാഗമായി നില്‍ക്കുമ്പോള്‍ അഖിലേന്ത്യാ നേതൃത്വം പറയുന്ന കാര്യത്തെ തള്ളിപ്പറയാന്‍ സാധാരണനിലയില്‍ സംസ്ഥാന നേതൃനിരയിലുള്ളവര്‍ തയ്യാറാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സിബിഐയെ ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗിക്കുന്നതിനെതിരെ സോണിയാഗാന്ധി വിമര്‍ശിച്ചതും, സിബിഐയെ പിന്താങ്ങിയ ചെന്നിത്തലയുടെ നിലപാടും സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേന്ദ്രഏജന്‍സികളെ സംബന്ധിച്ച രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയെ ഒരു ബിജെപി നേതാവ് വിമര്‍ശിച്ചിരുന്നു. ഇതുവരെ എല്ലാക്കാര്യത്തിനും തങ്ങള്‍ക്കൊപ്പം ഒരുമിച്ചുനിന്ന കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ നിലപാട് മാറിയോ എന്നാണ് ബിജെപി നേതാവ് ചോദിച്ചത്. ആ ചോദ്യത്തിനുള്ള വ്യക്തത വരുത്തലാണ് പ്രതിപക്ഷ നേതാവില്‍ നിന്നുണ്ടായത്. ദേശീയതലത്തില്‍ നിന്ന് വ്യത്യസ്തമായി ബിജെപിയുമായി കഴിയാവുന്ന ഇടങ്ങളില്‍ ഒന്നിച്ച് പോകുകയാണ് കേരളത്തിലെ കോണ്‍ഗ്രസ്. അതിന് രാഹുല്‍ഗാന്ധിയുടെ പ്രസ്താവന തടസമാണെന്ന് ബിജെപി നേതാവ് സൂചിപ്പിച്ചപ്പോഴാണ് ദേശീയ നേതൃത്വത്തെ ചെന്നിത്തല തള്ളിയത്.

രാജ്യത്ത് മതനിരപേക്ഷത പലരീതിയില്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ കേരളം ഒരു പ്രത്യേക തുരുത്തായി നിലകൊള്ളുന്നു. മതനിരപേക്ഷതയ്ക്ക് ഒരുപോറല്‍പോലും ഏല്‍ക്കാതെ നമുക്ക് മുന്നോട്ട് പോകാന്‍ കഴിയുന്നു. ആ മതനിരപേക്ഷതയെ അപകടപ്പെടുത്താനുള്ള നീക്കമാണ് വര്‍ഗീയ-തീവ്രവാദ ശക്തികളുമായുള്ള കൂടിച്ചേരല്‍.

കുറച്ച് വോട്ടും കുറച്ച് സീറ്റുമാണ് പ്രധാനമെന്ന് കരുതാന്‍ പാടില്ല. കേരളീയ സമൂഹം ഇത്തരത്തിലുള്ള വഴിവിട്ട നീക്കങ്ങളെല്ലാം തിരിച്ചറിയുന്ന സമൂഹമാണ്. പ്രതിപക്ഷ നേതാവിന്റെ ഇത്തരം വഴിവിട്ട പ്രസ്താവനകളടക്കം എത്രകണ്ട് ആ പാര്‍ടിക്ക് യോജിച്ചതാണെന്ന് ചിന്തിക്കുന്ന കോണ്‍ഗ്രസുകാര്‍ ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാളയാര്‍: കുടുംബത്തിനൊപ്പം തന്നെയാണ് നിലകൊള്ളുന്നത്; നിയമപോരാട്ടത്തിന് മുന്നിട്ടിറങ്ങിയതും സര്‍ക്കാര്‍

തിരുവനന്തപുരം> വാളയാര്‍ കേസില്‍ എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയുണ്ടെന്നും ആരെയും പറ്റിക്കുന്ന നിലപാട് മുഖ്യമന്ത്രി എന്ന നിലയ്ക്ക് തനിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടികളുടെ അമ്മയ്ക്ക് നീതി ലഭിക്കണം എന്ന നിലപാടാണ് സര്‍ക്കാരിന്. അവര്‍ക്കൊപ്പമാണ് നമ്മളെല്ലാവരും ഉള്ളത്. ഒരു വര്‍ഷം മുന്‍പ് അവര്‍ വന്ന് കണ്ടപ്പോഴും ഈ കാര്യങ്ങള്‍ പറഞ്ഞിരുന്നു. അത് പാലിക്കാനാണ് ശ്രമിച്ചത്.

പ്രതികളെ വെറുതെ വിട്ടതിനെതിരായ നിയമപോരാട്ടത്തിന് സര്‍ക്കാരാണ് മുന്‍കയ്യെടുത്തത്. പ്രതികളെ വിട്ടയച്ചതിനെതിരെ 2019 ല്‍ തന്നെ സര്‍ക്കാര്‍  അപ്പീല്‍ നല്‍കി. മരണപ്പെട്ട കുട്ടികളുടെ അമ്മയുടെ ഹര്‍ജികളുമുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത് സര്‍ക്കാര്‍ ആവശ്യപ്പെട്ട പ്രകാരമാണ്. സര്‍ക്കാരിന്റെ ആവശ്യത്തിന്റെ ഗൗരവം മനസിലാക്കിയാണ് ഹൈക്കോടതി അപൂര്‍വ ഇടപെടല്‍ നടത്തിയത്

വിചാരണ നടത്തി പ്രതികളെ വിട്ടയച്ച കേസില്‍ വീണ്ടും മറ്റൊരേജന്‍സിയെ വച്ച് അന്വേഷണം സാധിക്കില്ല. എന്നാല്‍ വിചാരണ കോടതിയില്‍ സംഭവിച്ച വീഴ്ചകള്‍ ചൂണ്ടിക്കാട്ടി വിചാരണ കോടതി വിധി റദ്ദാക്കിയാല്‍ പുനര്‍ വിചാരണ സാധിക്കും.ഇതിനാണ് പരിശ്രമിക്കുന്നത്

ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി കാത്തിരിക്കുകയല്ല സര്‍ക്കാര്‍ ചെയ്തത്. അപ്പീല്‍ ഹൈക്കോടതി പരിഗണിക്കാന്‍ കാലതാമസം ഉണ്ടാകും.ഇതൊഴിവാക്കാന്‍ കേസ് വേഗത്തില്‍ പരിഗണിക്കണമെന്ന് സര്‍ക്കാര്‍ അര്‍ജന്റ് എംഒ ഫയല്‍ ചെയ്തു. നവംബര്‍ ഒന്‍പതിന് കേസ് പരിഗണിക്കുമെന്ന് ഹൈക്കോടതി വ്യക്തമാകുകയും ചെയ്തുവെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.

കേസില്‍ വിചാരണ വേളയിലെ വീഴ്ച പരിശോധിക്കാന്‍ വിരമിച്ച ജില്ലാ ജഡ്ജി പി കെ ഹനീഫയെ കമ്മീഷനായി നിയമിച്ചു. റിപ്പോര്‍ട്ട് ലഭിച്ചു. അത് നിയമസഭയുടെ മേശപ്പുറത്ത് വെച്ചു. കമ്മീഷന്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പൊലീസുകാര്‍ക്കെതിരെ കുറേക്കൂടി കര്‍ശനമായ നടപടിയെടുക്കും. മാതാവ് സര്‍ക്കാരില്‍ വിശ്വാസമാണെന്ന് ഇന്നും പറഞ്ഞു. ആ കുടുംബത്തിന് നീതി ലഭ്യമാക്കാന്‍ ഇനിയും സര്‍ക്കാര്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു

Sunday, October 25, 2020

ചരിത്രത്തിലാദ്യം; ഫയർ ആൻഡ്‌ റെസ്‌ക്യൂ ഹോം ഗാർഡുകളായി സ്ത്രീകളെ നിയമിക്കാൻ ഉത്തരവായി

 ചരിത്രത്തിലാദ്യമായി ഫയർ ആൻഡ്‌ റെസ്‌ക്യൂ സർവീസിൽ ഹോം ഗാർഡുകളായി സ്ത്രീകളെ നിയമിക്കാൻ ഉത്തരവായതായി മുഖ്യമന്ത്രി പിണറായി വിജയൻ. അതിനുപുറമേ, 30% വനിതാസംവരണവും സ്ത്രീകൾക്കായി ഉറപ്പാക്കി.

അഗ്നിരക്ഷാ വകുപ്പിലും പൊലീസിലും നിയമിക്കുന്ന ഹോം ഗാർഡുകളെ നിലവിൽ ദുരന്തസ്ഥലങ്ങളിൽ രക്ഷാ പ്രവർത്തനത്തിന്‌ നിയോഗിച്ചു വരുന്നുണ്ട്‌. സ്ത്രീ ശാക്തീകരണത്തിനായ് നിരവധി പദ്ധതികളാണ് സർക്കാർ ഇതിനോടകം നടപ്പിലാക്കിയത്. ആ നയത്തിൻ്റെ ഭാഗമായാണ് ഹോം ഗാർഡുകളായി സ്ത്രീകളെ നിയമിക്കാനും സംവരണം ഏർപ്പെടുത്താനും തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാളയാര്‍: പുനര്‍വിചാരണയും തുടരന്വേഷണവും ആവശ്യപ്പെട്ടത് സംസ്ഥാന സര്‍ക്കാര്‍; കോടതി ഉത്തരവ് വരാനിരിക്കെ വ്യാജ പ്രചാരണം

 വാളയാർ പീഡന കേസിൽ തുടരന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി  അടിയന്തിരമായി പരിഗണിക്കാൻ തീരുമാനിച്ചത് സര്‍ക്കാരിന്റെ പ്രത്യേക ഹര്‍ജിയില്‍. കേസ് നവംബര്‍ 9 ന് വാദം കേള്‍ക്കാനായി മാറ്റിയിരിക്കുകയാണ്. വിചാരണ കോടതി വിട്ടയച്ച പ്രതികളെ വീണ്ടും അറസ്റ്റു ചെയ്യുക എന്ന അത്യപൂര്‍വ്വ ഉത്തരവും സര്‍ക്കാരിന്റെ ആവശ്യപ്രകാരം ഹൈക്കോടതിയില്‍ നിന്നുണ്ടായിരുന്നു.

അന്വേഷണത്തിലും വിചാരണയിലും ഗുരുതരമായ വീഴ്ചകള്‍ ഉണ്ടായി എന്ന് സര്‍ക്കാര്‍ തന്നെ  കോടതിയില്‍ നിലപാടെടുത്തിരിക്കെയാണ് വാളയാര്‍ പ്രശ്നം മുന്‍നിര്‍ത്തി ചില സംഘടനകള്‍ സര്‍ക്കാരിനെതിരെ പ്രചാരണം സംഘടിപ്പിക്കുന്നത്.

പ്രതികളെ വിട്ടയച്ച വിചാരണ കോടതി ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീലിലാണ് തുടരന്വേഷണവും പുനര്‍ വിചാരണയും ആവശ്യപ്പെട്ടിട്ടുള്ളത്.  അപ്പീൽ സമർപ്പിക്കാൻ സർക്കാർ ഹൈക്കോടതിയിൽ സ്‌പെഷ്യൽ ഗവ. പ്ലീഡറായ നിക്കോളാസ് ജോസഫിന് പ്രത്യേക ചുമതല നൽകുകയായിന്നു.

വിചാരണ കോടതി വിട്ടയച്ച 4 പ്രതികളെയും അറസ്റ്റ് ചെയ്യാൻ പ്രത്യേക ഹർജിയിൽ ഡിവിഷൻ ബഞ്ച് ഉത്തരവിടുകയും ചെയ്തു. ഉത്തരവുണ്ടായ ദിവസം തന്നെ പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇത്തരത്തില്‍ ഒരു കേസില്‍ വിചാരണ കോടതി വിട്ടയച്ച പ്രതികളെ വീണ്ടും അറസ്‌റ്റ്‌ ചെയ്യാനുള്ള ഹൈക്കോടതി ഉത്തരവ്‌ അത്യപൂർവമാണ്.

വിചാരണ കോടതിയിലെ കേസ് നടത്തിപ്പ് സംബന്ധിച്ച വീഴ്ചകൾ വിലയിരുത്തി അവിടുത്തെ സ്പെഷ്യൽ പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ നീക്കിയിരുന്നു. കേസിൽ പുനർവിചാരണയും തുടരന്വേഷണവും എന്നാണു സര്‍ക്കാര്‍ ആവശ്യം. കുട്ടികളുടെ അമ്മയുടെ ഹര്‍ജിയും ഹൈക്കോടതിയിലുണ്ട്. അതില്‍ പുനർവിചാരണയും സ്പെഷ്യൽ പ്രോസിക്യൂട്ടർ നിയമനവും മാത്രമാണ് ആവശ്യപ്പെടുന്നത്.

ഹൈക്കോടതിയിൽ 2014ലെ ക്രിമിനൽ കേസുകളിലാണ് ഇപ്പോള്‍ അന്തിമവാദം നടക്കുന്നത്. ആ നിലയ്ക്ക് വാളയാര്‍ കേസ് പരിഗണിയ്ക്കാന്‍ വര്‍ഷങ്ങള്‍ എടുക്കും എന്നതായിരുന്നു സ്ഥിതി. ഇത് കണക്കിലെടുത്ത് കേസിൽ അടിയന്തിര പരിഗണന വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടുകയായിരുന്നു. സർക്കാരിന്റെ ഈ  പ്രത്യേക അപേക്ഷ പരിഗണിച്ചാണ് നവംബർ 9 ന് കേസിൽ അന്തിമവാദം കേൾക്കാൻ ജസ്റ്റീസ് മാരായ എ ഹരിപ്രസാദ് എം.ആർ.അനിത എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ച് തീരുമാനിച്ചത്. വിചാരണ കോടതിയിലെ രേഖകൾ പ്രത്യേക ദൂതൻ മുഖേന എത്തിക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

വിചാരണ കോടതിയുടെ വീഴ്‌ചകളും സർക്കാർ ഡിവിഷൻ ബഞ്ചിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഗ്രാമപ്രദേശത്തു നിന്നു എത്തിയ സാക്ഷികൾ നൽകിയ മൊഴികളിൽ പോരായ്‌മ ഉണ്ടെങ്കിൽ വിചാരണ കോടതി ഫലപ്രദമായ ഇടപെടൽ നടത്തണമായിരുന്നുവെന്ന് സുപ്രീം കോടതി വിധിന്യായങ്ങൾ ഉദ്ധരിച്ച് സർക്കാർ ചൂണ്ടിക്കാട്ടുന്നു. സമൂഹത്തിലെ അടിത്തട്ടിൽ നിന്നുള്ള ആളുകൾ ഉൾപ്പെടുന്ന കേസുകളിൽ വിചാരണ കോടതി മൂകസാക്ഷിയായി ഇരിക്കാൻ പാടില്ലന്ന സുപ്രീം കോടതി വിധിയും സർക്കാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കേസിൽ വിചാരണ നേരിട്ട 4 പ്രതികളെയാണ് വിചാരണ കോടതി വിട്ടയച്ചത്. പ്രതിസ്ഥാനത്തുള്ള മൈനർക്കെതിരായ നടപടികൾ ജുവനൈൽ കോടതിയുടെ പരിഗണനയിലാണ്.

ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത് കൂടാതെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ, കേസ്‌ ആദ്യം  അന്വേഷിച്ച എസ്‌ഐക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു. കുടുംബത്തിന്‌ ആശ്വാസമായി നഷ്‌ട‌പരിഹാരം നൽകി വീട്‌ നിർമാണം പൂർത്തിയാക്കി. വിധി വന്നശേഷം പൊലീസിന്റെ വീഴ്‌ച കണ്ടെത്താൻ അന്വേഷണത്തിനും  സർക്കാർ ഉത്തരവിട്ടു. കൂടാതെ ശിശുക്ഷേമസമിതി (സിഡബ്ല്യുസി) ജില്ലാ  ചെയർമാനെതിരെ നടപടിയെടുത്തു. കേസ്‌ അന്വേഷണത്തിലെ വീഴ്ച കണ്ടെത്താൻ ജുഡീഷ്യൽ കമീഷനെയും നിയമിച്ചു.

ഈ വസ്തുതകളെല്ലാം ഒളിപ്പിച്ചാണ് ചില സംഘടനകളും മാധ്യമങ്ങളും ചേര്‍ന്ന്‍ സര്‍ക്കാരിനെതിരെ വ്യാജ പ്രചരണം നടത്തുന്നത്.

Sunday, October 4, 2020

ഹാഥ്‌രാസ് സംഭവം: പെണ്‍കുട്ടിയുടെ മാതാപിതാക്കളെ സിപിഐ എം നേതാക്കള്‍ സന്ദര്‍ശിച്ചു

 ലക്‌നൗ> ഉത്തര്‍പ്രദേശിലെ ഹാഥ്‌രാസില്‍ ബലാത്സംഗം ചെയ്തു കൊന്ന ദളിത് പെണ്‍കുട്ടിയുടെ മാതാപിതാക്കളെ സിപിഐ എം നേതാക്കള്‍ സന്ദര്‍ശിച്ചു. മൂന്ന് മണിക്കൂറിലധികം നീണ്ട കാത്തിരിപ്പിനൊടുവിലാണ്  നേതാക്കള്‍ ഇവരെ കണ്ടത്.


സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും അഖിലേന്ത്യാ കിസാന്‍ സഭ ദേശീയ ജോയിന്റ് സെക്രട്ടറിയുമായ വിജൂ കൃഷ്ണന്‍, പാര്‍ടി കേന്ദ്രകമ്മിറ്റി അംഗവും സിഐടിയു ദേശീയ സെക്രട്ടറിയുമായ എ ആര്‍ സിന്ധു, അഖിലേന്ത്യാ കര്‍ഷക തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറി  ബി വെങ്കട്, കര്‍ഷക തൊഴിലാളി യൂണിയന്‍ ദേശീയ ജോയിന്റ് സെക്രട്ടറി വിക്രം സിങ്ങ്, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ട്രഷറര്‍ പുണ്യവതി, സംഘടനയുടെ ജോയിന്റ് സെക്രട്ടറി  ആശാ ശര്‍മ എന്നിവരാണ് സംഘത്തിലുള്ളത്.

ഇവര്‍ക്കൊപ്പം ഉത്തര്‍പ്രദേശില്‍ നിന്നുള്ള വര്‍ഗ ബഹുജന സംഘടനാ നേതാക്കളും പെണ്‍കുട്ടിയുടെ വീട്ടിലെത്തി.

‘പെണ്‍കുട്ടികളെ സംസ്‌ക്കാരത്തോടെ വളര്‍ത്തണം; പീഢനങ്ങൾ അവസാനിപ്പിക്കാൻ സർക്കാരിനാകില്ല': ന്യായീകരിച്ച്‌ ബിജെപി എംഎൽഎ

 ലഖ്‌നൗ > ഹാഥ്‌രാസില്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ടതിന് പിന്നാലെ വിവാദ പ്രസ്‌താവനയുമായി ഉത്തര്‍പ്രദേശ് ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗ്. ബൈരിയ മണ്ഡലത്തിലെ എംഎല്‍എയാണ് ഇയാള്‍.

‘പെണ്‍കുട്ടികളെ നല്ലരീതിയില്‍ സംസ്‌ക്കാരത്തോടെ വളര്‍ത്തിയാല്‍ ഇതുപോലെയുള്ള സംഭവങ്ങള്‍ അവസാനിപ്പിക്കാം’ എന്നാണ് ബിജെപി എംഎല്‍എയുടെ വിവാദ പരാമര്‍ശം. ”എല്ലാ മാതാപിതാക്കളും പെണ്‍മക്കളെ നല്ല മൂല്യങ്ങള്‍ പഠിപ്പിക്കണം. സര്‍ക്കാറിന്റെയും നല്ല മൂല്യങ്ങളുടെയും സംയോജനം മാത്രമാണ് രാജ്യത്തെ മനോഹരമാക്കുന്നത്,” ഇയാള്‍ പറഞ്ഞു. സര്‍ക്കാര്‍ സംരക്ഷണം നല്‍കിയാലും പീഡനങ്ങള്‍ അവസാനിക്കില്ല. അതിന് അച്ഛനമ്മമാര്‍ പെണ്‍കുട്ടികള്‍ക്ക് ‘ നല്ല മൂല്യങ്ങള്‍’ പഠിപ്പിച്ച് ‘അടക്ക’ത്തോടെ വളര്‍ത്തണമെന്നാണ് ഇയാള്‍ പറയുന്നത്.

ഹാഥ്‌രാസില്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് ദളിത് യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിന്റെയും പൊലീസിന്റെയും നടപടിക്കതിരെ വ്യാപകമായി പ്രതിഷേധം ഉയരുമ്പോഴാണ് ബിജെപി എംഎല്‍എയുടെ വിവാദ പ്രസ്‌താവന. സെപ്‌തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.

കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ചൊവ്വാഴ്ച ഡല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്.

പ്രത്യേക അന്വേഷണസംഘം പെൺകുട്ടിയുടെ വീട്ടുകാരുടെ മൊഴിയെടുക്കുന്നു; കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷമേ മടങ്ങൂവെന്ന്‌ സിപിഐ എം നേതാക്കൾ

ലഖ്‌നൗ > ഹാഥ്‌രാസിൽ ബലാത്സംഗത്തിന്‌ ഇരയായി കൊലചെയ്യപ്പെട്ട പെൺകുട്ടിയുടെ വീട്ടിൽ പ്രത്യേക അന്വേഷണസംഘം  കുടുംബാംഗങ്ങളുടെ മൊഴി എടുക്കുന്നു. നാല്‌ മണിക്കൂറായി പെൺകുട്ടിയുടെ വീട്ടുകാരിൽനിന്ന്‌ മൊഴി എടുത്തുകൊണ്ടിരിക്കുകയാണ്‌ സംഘം. ഇന്നലെ മുഖ്യമന്ത്രി യോഗി സിബിഐയ്‌ക്ക്‌ കൈമാറിയെന്ന്‌ പ്രഖ്യാപിച്ചെങ്കിലും രാവിലെയോടെ അന്വേഷണസംഘം പെൺകുട്ടിയുടെ വീട്ടിൽ എത്തുകയായിരുന്നു.

പെൺകുട്ടിയുടെ വീട്ടുകാരെ കോവിഡ്‌ ടെസ്‌റ്റിന്‌ വിധേയമാക്കണമെന്ന്‌ സംഘം ആവശ്യപ്പെട്ടതിനനുസരിച്ച്‌ മെഡിക്കൽ സംഘം എത്തിയിട്ടുണ്ട്‌. ബന്ധുക്കളെ കാണാനെത്തിയ സിപിഐ എം, സിഐടിയു, മഹിളാ അസോസിയേഷൻ നേതാക്കൾക്ക്‌ ഇതുവരെ ബന്ധുക്കളെ കാണാനോ സംസാരിക്കാനോ ഇതുവരെ കഴിഞ്ഞിട്ടില്ല. കുടുംബാംഗങ്ങളെ കണ്ടശേഷം മാത്രമേ ഹാഥ്‌രാസിൽ നിന്ന്‌ മടങ്ങൂ എന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും അഖിലേന്ത്യാ കിസാൻ സഭ ദേശീയ ജോയിൻ്റ് സെക്രട്ടറിയുമായ വിജൂ കൃഷ്ണൻ പറഞ്ഞു. പാർടി കേന്ദ്രകമ്മിറ്റി അംഗവും സിഐടിയു ദേശീയ സെക്രട്ടറിയുമായ എ ആർ സിന്ധു, അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി ബി വെങ്കട്, കർഷക തൊഴിലാളി യൂണിയൻ ദേശീയ ജോയിൻ്റ് സെക്രട്ടറി വിക്രം സിങ്ങ്, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ട്രഷറർ പുണ്യവതി, ജോയിൻ്റ് സെക്രട്ടറി ആശാ ശർമ എന്നിവരാണ്‌ പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിക്കുന്നത്‌.

(ഹാഥ്‌രാസിൽനിന്ന്‌ ദേശാഭിമാനി ഡൽഹി ബ്യൂറോ ചീഫ്‌ സാജൻ എവുജിൻ)

രാജ്യം മുഴങ്ങുന്നു ; നീതി, ഹാഥ്‌രസ്‌... സിബിഐ അന്വേഷണം ശുപാർശ ചെയ്‌ത്‌ സംസ്ഥാന സർക്കാർ, വിശ്വാസമില്ലെന്ന്‌ കുടുംബം

 

ഹാഥ്‌രസിൽ കൂട്ടബലാത്സംഗം ചെയ്‌തുകൊന്ന പെൺകുട്ടിക്ക്‌ നീതി ലഭ്യമാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഡൽഹി ജന്തർ മന്ദിറിൽ നടന്ന പ്രതിഷേധം. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ തുടങ്ങിയവർ

ഹാഥ്‌രസില്‍ ദളിത് പെണ്‍കുട്ടിയെ മേല്‍ജാതിക്കാര്‍ കൂട്ടബലാത്സം​ഗംചെയ്ത് കൊലപ്പെടുത്തിയത് തേച്ചുമായ്ച്ചുകളയാനുള്ള യുപിയിലെ യോ​ഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നീക്കത്തിൽ രാജ്യവ്യാപകമായി രോഷം അണപൊട്ടി. മൃതദേഹം രഹസ്യമായി കത്തിച്ചുകളഞ്ഞതിനു പിന്നാലെ പെണ്‍കുട്ടിയുടെ കുടുംബത്തെ രണ്ടുദിവസം മാധ്യമങ്ങളില്‍നിന്ന് മറച്ച് പൊലീസ് കാവലില്‍‌‌ വച്ചു.  ദേശീയതലത്തില്‍ സമ്മര്‍ദം ശക്തമായതോടെ സര്‍ക്കാര്‍ മുട്ടുമടക്കി. മുഖംരക്ഷിക്കാനായി ഹാഥ്‌രസ്‌ ജില്ലാ പൊലീസ്‌ മേധാവി അടക്കം അഞ്ച്‌  ഉദ്യോഗസ്ഥരെ സസ്‌പെൻഡ്‌ ചെയ്‌തു.  മാധ്യമങ്ങളെ കാണാന്‍ ശനിയാഴ്‌ച വൈകിട്ട്‌ പെണ്‍കുട്ടിയുടെ ബന്ധുക്കളെ അനുവദിച്ചു. രാഹുല്‍​ഗാന്ധിയും പ്രിയങ്കയും രാത്രി എട്ടോടെ പെൺകുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചു.

സംഭവത്തിൽ സിബിഐ അന്വേഷണത്തിന്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ ശുപാർശ ചെയ്‌തു. സിബിഐയിൽ വിശ്വാസമില്ലെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നും പെൺകുട്ടിയുടെ സഹോദരൻ വ്യക്തമാക്കി. ആദിത്യനാഥിന്റെ ഏകപക്ഷീയ നടപടിയില്‍ ബിജെപിക്ക് ഉള്ളിലും എതിര്‍സ്വരമുയര്‍ന്നു.

വാൽമീകി സമുദായം തെരുവിൽ ഇറങ്ങിയയോടെ‌ ആഗ്രയിൽ അടക്കം പല ഭാഗത്തും സംഘർഷമുണ്ടായി. ശുചീകരണജോലി ബഹിഷ്‌കരിക്കുമെന്ന്‌ വാൽമീകി സമുദായം പ്രഖ്യാപിച്ചു. ഡൽഹി, കൊൽക്കത്ത ഉൾപ്പെടെ പ്രധാനനഗരങ്ങളിൽ ആയിരങ്ങൾ പ്രതിഷേധിച്ചു. ഗാന്ധിജയന്തി ദിനത്തിൽ ഡൽഹി ജന്തർ മന്ദറിൽ നൂറുകണക്കിനുപേർ പ്രതിഷേധത്തിൽ അണി ചേർന്നു. കത്തിച്ച മെഴുകുതിരികളുമായി റാലി നടത്തി. ഇടതുപക്ഷമടക്കമുള്ള രാഷ്ട്രീയപാർടികളും യുവജന–-മഹിള സംഘടനകളും സാമൂഹ്യപ്രവർത്തകരും പ്രതിഷേധങ്ങൾക്ക്‌ നേതൃത്വം നൽകി.

ഉമാഭാരതി അടക്കമുള്ള ബിജെപി നേതാക്കളും യോ​ഗിസര്‍ക്കാരിനെതിരെ പരസ്യപ്രതികരണം നടത്തി. ദളിത്‌ എംപിമാരും എംഎൽഎമാരും ശക്തമായ നടപടി ആവശ്യപ്പെട്ട് രം​ഗത്തെത്തി. പെൺകുട്ടി ബലാത്സംഗത്തിന് വിധേയയായിട്ടില്ലെന്ന്‌  നിയമവിരുദ്ധ പ്രസ്‌താവന നടത്താൻപോലും പൊലീസ്‌ മുതിർന്നു. സ്വമേധയാ കേസെടുത്ത അലഹബാദ്‌ ഹൈക്കോടതി ഉയർന്ന റവന്യൂ–-പൊലീസ്‌ അധികാരികൾ 12ന്‌ ഹാജരാകണമെന്ന്‌ നിര്‍ദേശിച്ചു. കേസ്‌ ശരിയായി അന്വേഷിക്കുകയാണെന്നും പ്രത്യേകസംഘത്തിന്റെ റിപ്പോർട്ട്‌ ഞായറാഴ്‌ച വൈകിട്ട്‌ ലഭിക്കുമെന്നും  ഡിജിപി എച്ച്‌ സി അവസ്‌തി, അഡീഷണൽ ചീഫ്‌ സെക്രട്ടറി(ആഭ്യന്തരം) അവനീഷ്‌ കുമാർ അവസ്‌തി എന്നിവർ  കുടുംബാംഗങ്ങളെസന്ദർശിച്ച് അറിയിച്ചു.

സംസ്‌കരിച്ചത്‌ ഏത്‌ മൃതദേഹം

ആരുടെ മൃതദേഹമാണ്‌ കത്തിച്ചതെന്ന്‌ ഹാഥ്‌രസിലെ പെൺകുട്ടിയുടെ സഹോദരൻ ചോദിച്ചു. "എന്റെ സഹോദരിയുടെ മൃതദേഹം തന്നെയാണോ അവർ കത്തിച്ചുകളഞ്ഞതെന്ന്‌ സംശയമുണ്ട്‌. അവളെ അവസാനമായി കാണണമെന്ന് പൊലീസിനോടും മറ്റ്‌ അധികാരികളോടും കേണപേക്ഷിച്ചതാണ്‌. പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട്‌ ചോദിച്ചു. ഇംഗ്ലീഷിൽ ആയതിനാൽ നിങ്ങൾക്ക്‌ വായിക്കാൻ കഴിയില്ലെന്ന്‌ പറഞ്ഞ്‌ അത്‌ നിഷേധിച്ചു'–-സഹോദരൻ മാധ്യമങ്ങളോട്‌ പറഞ്ഞു.

ഹാഥ്‌രസിലെ ബലാത്സം​ഗക്കൊല : കുടുംബത്തെ ‘പൂട്ടിയിട്ട്‌’ പൊലീസ്

ഹാഥ്‌രസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത്‌ പെൺകുട്ടിയുടെ കുടുംബത്തെ യുപി സര്‍ക്കാര്‍ മാധ്യമങ്ങളില്‍നിന്ന്‌ മറച്ചുപിടിച്ചത് രണ്ടുദിവസം. കുടുംബാം​ഗങ്ങളെ വീടിനുപുറത്തിറങ്ങാന്‍ പൊലീസ് അനുവദിച്ചില്ല. മൊബൈൽ പൊലീസ്‌ പിടിച്ചെടുത്ത്‌ പരിശോധിച്ചു. അവരെ കാണാനെത്തിയ എംപിയെയും രാഷ്ട്രീയനേതാക്കളെയും ഗ്രാമത്തിന്‌ പുറത്ത്‌ തടഞ്ഞു. ജില്ലാ മജിസ്‌ട്രേറ്റ്‌ അടക്കമുള്ളവർ ഇവരെ  ഭീഷണിപ്പെടുത്തുന്ന  ദൃശ്യം പുറത്തുവന്നതോടെയാണ്‌ പൊലീസ്‌ കുടുംബത്തെ ‘പൂട്ടിയിട്ടത്‌’. 

പൊലീസ്‌ രണ്ടുദിവസം വീട്ടിൽ തടഞ്ഞുവച്ചെന്ന്‌ പെൺകുട്ടിയുടെ സഹോദരൻ ശനിയാഴ്‌ച പറഞ്ഞു. വീടിനുള്ളിലും പൊലീസുകാരുണ്ടായിരുന്നു. മൊബൈൽ ഉദ്യോഗസ്ഥർ‌ വാങ്ങി‌ പരിശോധിച്ചു. കേസ്‌ ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട്‌‌ ഗ്രാമ അധികാരിയുടെ ഭാഗത്തുനിന്ന്‌ സമ്മർദമുണ്ടായെന്നും ബന്ധുക്കള്‍ പറഞ്ഞു. 48 മണിക്കൂർ അടച്ചിട്ട ഗ്രാമ അതിർത്തി ശനിയാഴ്‌ച രാവിലെ തുറന്നു‌.

പെൺകുട്ടിയുടെ വീട്ടിലേക്ക്‌ പോകാനെത്തിയ തൃണമൂൽ എംപിമാരായ ഡെറിക്‌ ഒബ്രിയാനും പ്രതിമ മൊണ്ഡലും വെള്ളിയാഴ്‌ച പൊലീസിന്റെ കൈയേറ്റത്തിനിരയായി. പെൺകുട്ടിയുടെ വീട്ടിലേക്ക്‌ പോകാൻശ്രമിച്ച എബിപി ന്യൂസ്‌ റിപ്പോർട്ടറെയും ക്യാമറാമാനെയും  പൊലീസ്‌  തടഞ്ഞ്‌ തിരിച്ചയച്ചു. ഇന്ത്യടുഡേ റിപ്പോർട്ടർ തനുശ്രീപാണ്ഡെ പെൺകുട്ടിയുടെ സഹോദരനോട്‌ ഫോണിൽ സംസാരിച്ചത്‌ ബിജെപി അനുകുല ഓൺലൈൻ മാധ്യമങ്ങൾ പുറത്തുവിട്ടു. ഫോൺസംഭാഷണം പൊലീസ്‌ ചോർത്തി പുറത്തുവിട്ടതാണെന്ന്‌ ഇന്ത്യടുഡേ ഗ്രൂപ്പ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.

എസ്‌പിയടക്കം 5‌ പേർക്ക്‌ സസ്‌പെൻഷൻ

ഹാഥ്‌രസിലെ ദളിത്‌ പെൺകുട്ടിയുടെ ബലാത്സം​ഗക്കൊലയില്‍ യുപി പൊലീസിന്റെ ദുരൂഹ നടപടികളില്‍ രാജ്യവ്യാപക പ്രതിഷേധമുയര്‍ന്നതോടെ എസ്‌പി അടക്കം അഞ്ച്‌ പൊലീസുകാർക്ക്‌ സസ്‌പെൻഷൻ. ഹാഥ്‌രസ്‌ എസ്‌പി വിക്രാന്ത്‌ വീർ, സർക്കിൾ ഓഫീസർ രാംശബ്‌ദ്, ഇൻസ്‌പെക്‌ടർ ദിനേഷ്‌ കുമാർ വർമ, സബ്‌ ഇൻസ്‌പെക്‌ടർ ജഗ്‌വീർസിങ്, ഹെഡ്‌ കോൺസ്‌റ്റബിൾ മഹേഷ്‌പാൽ എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍. ഇവരുടെ ഭാ​ഗത്ത് വീഴ്ചയുണ്ടായെന്ന് പ്രത്യേക അന്വേഷണസംഘം പ്രാഥമിക റിപ്പോർട്ട് നല്‍കിയെന്ന് യുപി സര്‍ക്കാര്‍  പറയുന്നു.

അറസ്‌റ്റിലായ പ്രതികള്‍ക്കൊപ്പം പെൺകുട്ടിയുടെ കുടുംബാംഗങ്ങളെയും പോളിഗ്രാഫ്‌, നാർക്കോ അനാലിസിസ് പരിശോധനകൾക്ക്‌ വിധേയമാക്കുമെന്നും‌ സർക്കാർ വക്താവ്‌ പറഞ്ഞു. ബലാത്സം​ഗം നടന്നുവെന്ന് പറഞ്ഞതിന്റെ പേരിലാണ്‌ കുടുംബാംഗങ്ങളുടെ നുണപരിശോധന.

ഉദ്യോഗസ്ഥർ മുമ്പും ആരോപണവിധേയർ

കുടുംബത്തിന്റെ അനുമതിയില്ലാതെ മൃതദേഹം സംസ്‌കരിച്ച എസ്‌പി വിക്രാന്ത്‌ വീർ  ഉന്നാവോ കൂട്ടബലാത്സംഗക്കേസിലും സമാന ആരോപണം നേരിട്ടു. ഉന്നാവോ പെൺകുട്ടിയെ പ്രതികൾ തീവച്ചുകൊന്ന സംഭവത്തിൽ മൃതദേഹം വിട്ടുനല്‍കാന്‍ അന്ന്‌ ഉന്നാവോ എസ്‌പി ആയിരുന്ന വിക്രാന്ത് അനുവദിച്ചില്ലെന്ന് കുടുംബം പരാതിപ്പെട്ടിരുന്നു.

ഹാഥ്‌രസില്‍ ബലാത്സംഗം നടന്നിട്ടില്ലെന്ന് അവകാശപ്പെട്ട എഡിജി(ക്രമസമാധാനം) പ്രശാന്ത്‌ കുമാറും വിവാദ നായകനാണ്‌. ഡിസംബറിൽ മീററ്റിലും മുസഫർനഗറിലും പൊലീസ്‌ നടപടിയിൽ ഏഴ്‌ പൗരത്വവിരുദ്ധ പ്രക്ഷോഭകർ കൊല്ലപ്പെട്ടപ്പോൾ പ്രശാന്ത്‌ കുമാറിനായിരുന്നു ചുമതല.  ജില്ലാ മജിസ്‌ട്രേറ്റായ പ്രവീൺകുമാർ ലാക്‌സ്‌കർ പെൺകുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുന്ന ദൃശ്യം പുറത്തുവന്നിരുന്നു. മാർച്ചിൽ കോവിഡ്‌ മാനദണ്ഡത്തിന്റെ പേരില്‍ ജില്ലയിലെ പള്ളികളിൽ ബാങ്ക്‌ വിളിക്കുന്നത് ഇയാൾ‌ നിരോധിച്ചത്‌ വിവാദമായി. ഇതിനിടെ, അലഹബാദ്‌ ഹൈക്കോടതി ഹാഥ്‌രസ്‌ സംഭവത്തില്‍  സ്വമേധയാ കേസെടുത്തു.

ബംഗാളിൽ 2 ബലാത്സംഗക്കൊല; ബിഹാറിൽ ദളിത്‌ പെൺകുട്ടി, മധ്യപ്രദേശിൽ ദളിത്‌ യുവതി

പശ്‌ചിമ ബംഗാളിലെ പശ്‌ചിമ മേദിനിപ്പുർ ജില്ലയിൽ രണ്ടുയുവതികളെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തി. ഡംബർ, ഘട്ടർ എന്നിവിടങ്ങളിലാണ്‌ ദരിദ്ര കുടുംബങ്ങളിലെ പെൺകുട്ടികളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത്‌. 18 വയസുള്ള പെൺകുട്ടിയും ചെറുപ്പക്കാരിയായ വീട്ടമ്മയുമാണ്‌ കൊല്ലപ്പെട്ടത്‌. ഇരുവരുടെയും മൃതദേഹം വീടുകൾക്കടുത്തുള്ള വയലിൽനിന്നാണ്‌ കണ്ടെത്തിയത്‌.

ബിഹാറിൽ ദളിത്‌ പെൺകുട്ടി

ബിഹാറിലെ ഗയയിൽ കൂട്ടബലാത്സംഗത്തിന്‌ ഇരയായ ദളിത്‌ പെൺകുട്ടി ആത്മഹത്യ ചെയ്‌തു. മൃതദേഹം ഗയ മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തി. ഉത്തർപ്രദേശിലെ ബലിയയിൽ 15 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തു. ബലിയക്കു സമീപം സിക്കന്ദർപുരിലാണ്‌ സംഭവം.

മധ്യപ്രദേശിൽ ദളിത്‌ യുവതി

മധ്യപ്രദേശിൽ കൂട്ട ബലാത്സംഗത്തിന്‌ ഇരയായ ദളിത്‌ യുവതി ആത്മഹത്യ ചെയ്‌തു. സംഭവത്തിൽ പൊലീസുകാരൻ അറസ്റ്റിൽ. നാലു ദിവസംമുമ്പ്‌ നൽകിയ പരാതിയിൽ കേസെടുക്കാൻ പൊലീസ്‌ തയ്യാറാകാത്തതിനെത്തുടർന്ന്‌ വെള്ളിയാഴ്‌ചയാണ്‌‌ മുപ്പത്തിരണ്ടുകാരി‌ ആത്മഹത്യ ചെയ്‌തത്‌.

Friday, October 2, 2020

‘ഹാഥ്‌രസ്‌ ’ചോദിക്കുന്നു ഇന്ത്യ ആരുടേതാണ്‌

 ഉത്തർപ്രദേശിലെ ഹത്രാസിൽ മേൽജാതിക്കാർ ബലാൽസംഗം ചെയ്‌തും ക്രൂരപീഡനങ്ങൾക്ക്‌ ഇരയാക്കിയും കൊലപ്പെടുത്തിയ പത്തൊമ്പതുകാരിയായ ദളിത്‌ പെൺകുട്ടി രാജ്യത്തിന്റെ മനഃസാക്ഷിക്കുമുന്നിൽ നടുക്കുന്ന ചോദ്യമായി നിൽക്കുകയാണ്‌. മനുഷ്യത്വം മരവിച്ച അക്രമികൾക്കു മുന്നിൽ ജീവിതം ബലിയർപ്പിക്കേണ്ടിവന്ന ആ പെൺകുട്ടിയുടെ മൃതദേഹത്തോടുപോലും സംസ്ഥാന സർക്കാർ കാട്ടിയ ക്രൂരത അങ്ങേയറ്റം വേദനിപ്പിക്കുന്നതും പ്രതിഷേധാർഹവുമാണ്‌. സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക്‌ ആട്ടിയോടിക്കപ്പെട്ട നിസ്വരും ദുർബലരുമായ മനുഷ്യർക്ക്‌ രാജ്യം എന്ത്‌ പരിഗണനയും സംരക്ഷണവുമാണ്‌ ഉറപ്പുനൽകുന്നതെന്ന്‌ ഖേദത്തോടെ‌ ചോദിക്കേണ്ട സന്ദർഭമാണിത്‌.

കന്നുകാലികൾക്ക്‌ പുല്ലരിയാൻ അമ്മയോടൊപ്പം പോയ പെൺകുട്ടിയെ ഗ്രാമത്തിലെ മേൽജാതി കുടുംബങ്ങളിൽപ്പെട്ട നാല്‌ യുവാക്കൾ പിടിച്ചുകൊണ്ടുപോയി മനുഷ്യസ്‌നേഹികൾക്ക്‌ ആലോചിക്കാൻപോലും സാധിക്കാത്ത ക്രൂരപീഡനങ്ങൾക്ക്‌ ഇരയാക്കുകയായിരുന്നു. സംഭവം പുറത്തുപറയാതിരിക്കാൻ പെൺകുട്ടിയുടെ നാവ്‌ അരിഞ്ഞ‌ശേഷമാണ്‌‌‌ പ്രതികൾ രക്ഷപ്പെട്ടത്‌. പുല്ലിലെ വലിച്ചിഴച്ച പാടുകൾ നോക്കി അന്വേഷിച്ചു പോയ അമ്മ കണ്ടത്‌ ചോരയിൽ കുഴഞ്ഞുകിടക്കുന്ന മകളെയാണ്‌. രണ്ടാഴ്‌ചയോളം അത്യാസന്ന നിലയിൽ കഴിഞ്ഞ പെൺകുട്ടി ഡൽഹിയിലെ സഫ്‌ദർജംഗ്‌ ഹോസ്‌പിറ്റലിൽ ചൊവ്വാഴ്‌ച പുലർച്ചെ മരണത്തിന്‌ കീഴടങ്ങി. പെൺകുട്ടിയുടെ മൃതദേഹത്തിന്‌ നേരെ സംസ്ഥാന സർക്കാരും ജില്ലാ മജിസ്‌ട്രേട്ട്‌ അടക്കമുള്ള അധികാരികളും പൊലീസും നടത്തിയ അതിക്രമം ബലാൽസംഗക്കാരെപ്പോലും നാണിപ്പിക്കുന്നതായിരുന്നു. ഡൽഹിയിൽനിന്ന്‌ ഗ്രാമത്തിലെത്തിച്ച മൃതദേഹം അന്ത്യകർമങ്ങൾ നടത്താൻ വീട്ടുകാരെ അനുവദിക്കാതെ പൊലീസ്‌ ബലം പ്രയോഗിച്ച്‌ രാത്രിതന്നെ സംസ്‌കരിച്ചു. മൃതദേഹം പെൺകുട്ടിയുടെ വീട്ടിലേക്ക്‌ കൊണ്ടുപോകാനും അനുവദിച്ചില്ല. പ്രതിഷേധിച്ചവരെ പൊലീസ്‌ ലാത്തിച്ചാർജ്‌ ചെയ്‌തതായും ആരോപണമുണ്ട്‌.

മകളുടെ മൃതദേഹം പകൽ സമയത്ത്‌ പരമ്പരാഗത ആചാരങ്ങളോടെ സംസ്‌കരിക്കണമെന്ന മാതാപിതാക്കളുടെ ആവശ്യം അധികൃതർ അംഗീകരിച്ചില്ലെന്ന്‌ പെൺകുട്ടിയുടെ സഹോദരൻ പറയുന്നു. ‘‘ അവളുടെ മുഖം അവസാനമായൊന്ന്‌ കാണാൻ കഴിഞ്ഞില്ല. സംസ്‌കരിച്ചത്‌ സഹോദരിയുടെ മൃതദേഹമാണോ എന്നുപോലും അറിയില്ല’’ എന്ന സഹോദരന്റ വൈകാരികമായ വാക്കുകൾ കുടുംബം അനുഭവിക്കുന്ന തീവ്രവേദനയുടെ ആഴം വ്യക്തമാക്കുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതിനിധിയായെത്തിയ ബിജെപി നേതാവിന്റെ നിർദേശാനുസരണമാണ്‌ എല്ലാം നടന്നതെന്ന്‌ ദൃക്‌സാക്ഷികൾ പറയുന്നു.

ആദിത്യനാഥിന്റെ ഭരണത്തിൽ അക്രമത്തിന്റെയും പൊലീസ്‌ അതിക്രമങ്ങളുടെയും തലസ്ഥാനമായി മാറിയിരിക്കുകയാണ്‌ ഉത്തർപ്രദേശ്‌. ദളിതരും ന്യൂനപക്ഷങ്ങളും സ്‌ത്രീകളും നിരന്തരം ആക്രമിക്കപ്പെടുന്നു. ബലാൽസംഗങ്ങളും സ്‌ത്രീ പീഡനങ്ങളും നിത്യസംഭവമായി. അക്രമികൾക്ക്‌ എല്ലാ സംരക്ഷണവും നൽകുന്ന നിലപാടാണ്‌ പൊലീസും സംസ്ഥാന സർക്കാരും സ്വീകരിക്കുന്നത്‌. ബിജെപി എംഎൽഎ ശിക്ഷിക്കപ്പെട്ട ഉന്നാവോ സംഭവമടക്കം സ്‌ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങളുടെ എത്രയോ ഉദാഹരണങ്ങളുണ്ട്‌.  ഹാഥ്‌രസ്‌ സംഭവത്തിന്റെ നടുക്കം മാറുംമുമ്പ്‌ യുപിയിലെ ബൽറാംപുർ ജില്ലയിൽ ഇരുപത്തിനാലുകാരിയായ ദളിത്‌ യുവതി ബലാൽസംഗത്തിന്‌ ഇരയായതാണ്‌ ഒടുവിലത്തെ വാർത്ത.

സമൂഹത്തിൽ സ്‌ത്രീകൾക്ക്‌ നേരെയുള്ള അതിക്രമങ്ങൾ ദിവസംതോറും വർധിക്കുകയാണ്‌. പ്രണയാഭ്യർഥന നിഷേധിക്കുന്ന പെൺകുട്ടികളെ നിരന്തരം ആക്രമിക്കുന്നു. പ്രായഭേദമന്യെ സ്‌ത്രീകൾ ബലാൽസംഗത്തിന്‌ ഇരയാകുന്നു. കടുത്ത ജാതിവിവേചനവും മേൽജാതി ആധിപത്യവും നിലനിൽക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ദളിത്‌ സ്‌ത്രീകൾ ഒരു ജീവിതസുരക്ഷയുമില്ലാതെയാണ്‌ കഴിയുന്നത്‌. മേൽജാതിക്കാരുടെ പീഡനങ്ങൾക്കും ക്രൂരതകൾക്കും ഏത്‌ നിമിഷവും ഇരയാകാമെന്ന ഭീതിയിലാണ്‌ അവർ. ഇവരെ മനുഷ്യരായി കാണാൻ മനസ്സില്ലാത്ത സമ്പന്നരുടെയും മേൽജാതി ജന്മികളുടെയും ആധിപത്യമാണ്‌ പല സംസ്ഥാനങ്ങളിലും നിലനിൽക്കുന്നത്‌.

സമ്പത്തും സ്വാധീനശക്തിയുമില്ലാത്ത ദരിദ്രനാരായണൻമാരായ മനുഷ്യരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം രാജ്യം ഭരിക്കുന്നവർക്കുണ്ട്‌. എന്നാൽ, അതിക്രമങ്ങൾക്കെതിരെ  പ്രതിഷേധിക്കാൻപോലും അനുവദിക്കില്ലെന്ന കടുത്ത നിലപാടിലാണ്‌ മോഡി സർക്കാരും ആദിത്യനാഥ്‌ അടക്കമുള്ള പല മുഖ്യമന്ത്രിമാരും. അതിക്രമങ്ങൾക്കിരയാകുന്നവരെയും കുടുംബങ്ങളെയുംവരെ പൊലീസിനെ വിന്യസിച്ച്‌ സമ്മർദത്തിലാക്കുന്നു. ഹാഥ്‌രസ്‌ സംഭവത്തിൽ പെൺകുട്ടിയുടെ മൃതദേഹം വീട്ടുകാർക്ക്‌ വിട്ടുകൊടുക്കാതെ രാത്രിതന്നെ സംസ്‌കരിച്ചത്‌ യുപി പൊലീസിന്റെ എണ്ണമറ്റ അതിക്രമങ്ങളിൽ ഒന്നുമാത്രം.

ഹാഥ്‌രസിലെ പെൺകുട്ടി, വിലാപവും ചോദ്യവുമായി രാജ്യത്തിനു മുന്നിൽ നിൽക്കുകയാണ്‌. എന്നെപ്പോലുള്ള സാധാരണക്കാരായ പെൺകുട്ടികളെ ആരാണ്‌ സംരക്ഷിക്കുക എന്നാണവൾ ചോദിക്കുന്നത്‌. ഇന്ത്യ ആരുടേതാണ്‌ എന്ന ചോദ്യത്തിന്‌ രാജ്യം ഭരിക്കുന്നവർ മറുപടി പറയേണ്ടതുണ്ട്‌.

deshabhimani editorial 021020

‘ഇന്ത്യ ബലാത്സംഗങ്ങളുടെ നാടായി’; സ്‌ത്രീകൾക്കെതിരായ അതിക്രമത്തിൽ മദ്രാസ്‌ ഹൈക്കോടതി

 ‘വിശുദ്ധ ഇന്ത്യ’ ഇപ്പോൾ ബലാത്സംഗം ചെയ്യുന്നവരുടെ നാടായി മാറിയെന്ന്‌ മദ്രാസ്‌ ഹൈക്കോടതി.  15 മിനിറ്റിൽ ഒരു ബലാത്സംഗം നടക്കുകയാണ്‌. രാജ്യത്ത് സ്ത്രീകൾക്ക് സുരക്ഷിതത്വമില്ലാത്ത അവസ്ഥയാണ്‌. അതീവ നിരാശാജനകമായ സാഹചര്യമാണെിതെന്നും മദ്രാസ് ഹൈക്കോടതി ജസ്റ്റിസ്‌ കിരുബാകരൻ പറഞ്ഞു. രാജ്യത്ത് സ്‌ത്രീകൾക്കുനേരെ‌ നടക്കുന്ന  ലൈംഗികാതിക്രമങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു പ്രതികരണം.‌

തിരുപ്പൂരിൽ അതിഥിത്തൊഴിലാളിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസുമായി ബന്ധപ്പെട്ട സത്യവാങ്‌മൂലം പരിഗണിക്കവേയായിരുന്നു  കോടതിയുടെ നിരീക്ഷണം. അസമിൽനിന്നുള്ള അതിഥിത്തൊഴിലാളിയായ ഇരുപത്തിരണ്ടുകാരിയെ ജോലി നൽകാമെന്നുപറഞ്ഞ് പല്ലടത്ത്‌ പ്രദേശവാസികളായ‌ അഞ്ചുപേർ ചേർന്ന്‌ ബലാത്സംഗം ചെയ്യുകയായിരുന്നു.

സംഭവത്തിൽ കോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ട്‌ മുതിർന്ന അഭിഭാഷകനായ എ പി സൂര്യപ്രകാശമാണ്‌ സത്യവാങ്‌മൂലം നൽകിയത്‌. സംഭവത്തിൽ ഡിജിപിയോട്‌ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാൻ ജസ്റ്റിസുമാരായ എൻ കിരുബാകരൻ, പി വേൽമുരുകൻ എന്നിവരടങ്ങിയ ബെഞ്ച്‌ ഉത്തരവിട്ടു.

എന്തിനീ ക്രൂരത; മക്കളേ മാപ്പ്‌ ; യുപിയിൽ രണ്ട്‌ ദളിത്‌ പെൺകുട്ടികൾകൂടി കൊല്ലപ്പെട്ടു

 ലഖ്‌നൗ> ഉത്തർപ്രദേശിലെ ഹാഥ്‌രാസിൽ  കൂട്ടബലാത്സംഗത്തിനിരയായി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. യുപി പോലീസ് നടത്തുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്നും വീടിന് പുറത്തും പരിസരത്തുമായി പോലീസ് കാവൽ നിൽക്കുകയാണെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.

അതേസമയം സംഭവത്തിൽ ലഖ്‌നൗവിലെ ഹസ്രത്ഗഞ്ചിൽ പ്രതിഷേധിച്ച സമാജ്‌വാദി പാർട്ടി പ്രവർത്തകർക്ക് നെരെ പോലീസ് ലാത്തിവീശി.

തെരഞ്ഞെടുപ്പിന് മുൻപ് ദളിത് വിഭാഗത്തിന്റെ  സഹായം തേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ദളിത് പെൺകുട്ടി ക്രൂരമായി കൊല ചെയ്യപ്പെട്ടപ്പോൾ മൗനം പാലിക്കുകയാണെന്ന് ഭീം ആർമി മേധാവി ചന്ദ്ര ശേഖർ ആസാദ്പറഞ്ഞു.

പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ അലഹബാദ് ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്‌. . സംഭവത്തിൽ ഉന്നത സർക്കാർ ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ ലഖ്‌നൗ ബഞ്ച് നോട്ടീസ് അയച്ചു.

പെൺകുട്ടി മരിച്ച സംഭവം ദേശീയ ശ്രദ്ധയാകർഷിച്ചതോടെ ഡൽഹിയിലെ ഇന്ത്യ ഗേറ്റ് പരിസരത്ത് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രദേശത്ത് ആളുകൾ കൂട്ടം കൂടരുതെന്നും പ്രതിഷേധത്തിന് അനുമതി ലഭിച്ചാൽ പോലും 100 പേരിൽ കൂടുതൽ കൂടാൻ പാടില്ലെന്നും പോലീസ് വ്യക്തമാക്കി.

ഉത്തർപ്രദേശില്‍ പ്രതിഷേധം പടരുന്നു; സിപിഐ എം സംസ്ഥാന സെക്രട്ടറി അറസ്റ്റില്‍

ലഖ്നൌ> ഉത്തർപ്രദേശിലെ ഹാഥ്‌രാസിൽ യുവതിയെ  കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെതിരെ പ്രതിഷേധം വ്യാപകമായി. കൊലചെയ്യപ്പെട്ട പെൺകുട്ടിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും പ്രതികളെ സംരക്ഷിച്ച പോലീസുകാരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സിപിഐ എം പ്രതിഷേധം സംഘടിപ്പിച്ചു.

ലഖ്നൗവിലെ ഗാന്ധിപ്രതിമക്ക് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധത്തിന് നേതൃത്വം നൽകിയ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും ഉത്തർപ്രദേശ് സംസ്ഥാന സെക്രട്ടറിയുമായ സ. ഹീരാലാൽ യാദവിനെ ഉൾപ്പെടെ നിരവധി പ്രവര്‍ത്തകരെ  പോലീസ് അറസ്റ്റ് ചെയ്തു.

യുവതി കൊല്ലപ്പെട്ട സംഭവത്തിൽ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. യുപി പോലീസ് നടത്തുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്നും വീടിന് പുറത്തും പരിസരത്തുമായി പോലീസ് കാവൽ നിൽക്കുകയാണെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.

അതേസമയം സംഭവത്തിൽ ലഖ്‌നൗവിലെ ഹസ്രത്ഗഞ്ചിൽ പ്രതിഷേധിച്ച സമാജ്‌വാദി പാർട്ടി പ്രവർത്തകർക്ക് നെരെ പോലീസ് ലാത്തിവീശി.

ഹത്രസിന്‌ പിറകെ യുപിയിൽ വീണ്ടും കൂട്ടബലാത്സംഗം : ദളിത്‌ വിദ്യാർഥിനി മരിച്ചു

ലഖ്‌നൗ > ഹത്രാസിൽ അതിക്രൂര ബലാത്സംഗത്തിനിരയായ 19 വയസ്സുകാരി കൊല്ലപ്പെട്ടതിന്‌ പിന്നാലെ ഉത്തർപ്രദേശിൽ വീണ്ടും കൂട്ടബലാത്സംഗത്തിനിരയായി ദളിത്‌ വിദ്യാർഥിനി (22) മരിച്ചു. ബൽറാംപൂരിലാണ്‌ സംഭവം.

മയക്കുമരുന്ന്‌ കുത്തിവച്ച ശേഷമായിരുന്നു പീഡിപ്പിച്ചത്‌. ബലാത്സംഗത്തിന്‌  ശേഷം പെൺകുട്ടിയുടെ ഇരുകാലുകളും തല്ലി ഒടിച്ചു.

 അഡ്‌മിഷനുമായി ബന്ധപ്പെട്ട്‌ കോളേജിൽ പോയി മടങ്ങുമ്പോഴാണ്‌ മൂന്നുപേർ ചേർന്ന്‌ പെൺകുട്ടിയ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതെന്നാണ്‌ വിവരം. സംഭവത്തിൽ മൂന്ന്‌ പേരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു.

എന്തിനീ ക്രൂരത; മക്കളേ മാപ്പ്‌ ; യുപിയിൽ രണ്ട്‌ ദളിത്‌ പെൺകുട്ടികൾകൂടി കൊല്ലപ്പെട്ടു

ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിൽ അതിക്രൂരമായ ആക്രമണങ്ങളിൽ രണ്ട്‌ ദളിത്‌ പെൺകുട്ടികൾകൂടി കൊല്ലപ്പെട്ടു. ബദോഹിയിൽ പതിനഞ്ചുകാരിയെ ഇഷ്ടികയും കല്ലും ഉപയോഗിച്ച്‌ തല തകർത്ത്‌ കൊന്നു. ബൽറാംപുരിൽ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന്‌ ഇരയാക്കിയ ഇരുപത്തിരണ്ടുകാരി മരിച്ചു.  



ഹാഥ്‌രസിൽ ഹീനമായ ആക്രമണത്തിന് ഇരയായി ദളിത്‌ പെൺകുട്ടി മരിച്ചതിൽ ജനരോഷം അലയടിക്കവെയാണ് വീണ്ടും‌ നിഷ്‌ഠുര കൃത്യങ്ങൾ‌. കിഴക്കൻ ഉത്തർപ്രദേശിലെ ഭദോഹിയിൽ  കൃഷിയിടത്തിലാണ്‌ ‌തല തകർന്ന നിലയിൽ പതിനഞ്ചുകാരിയുടെ മൃതദേഹം കണ്ടെത്തിയത്‌. 


ബൽറാംപുരിൽ ബുധനാഴ്‌ച കോളേജിലേക്ക്‌ പോയ രണ്ടാംവർഷ ബികോം വിദ്യാർഥിനിയെ നാലംഗ സംഘം കാറിൽ  തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന്‌ കുത്തിവച്ച്‌ ബലാത്സംഗം ചെയ്‌തശേഷം കാലുകൾ അടിച്ചുതകർത്തു. രാത്രി റിക്ഷയിൽ കയറ്റി വീട്ടിലേക്ക്‌ വിട്ടു. നിൽക്കാനോ സംസാരിക്കാനോ കഴിയാത്ത അവസ്ഥയിൽ വീട്ടിലെത്തിയ പെൺകുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു.  വിദഗ്‌ധ ചികിത്സയ്‌ക്കായി‌ ലഖ്‌നൗവിലേക്ക്‌ കൊണ്ടുപോകവെ പെൺകുട്ടി മരിച്ചു.  ഒരു കടയുടെ പിന്നിലുള്ള മുറിയിൽവച്ചാണ്‌ പെൺകുട്ടിയെ ഉപദ്രവിച്ചതെന്ന്‌ പൊലീസ്‌ പറഞ്ഞു.


അതേസമയം ഹാഥ്‌രസിൽ ക്രൂര പീഡനത്തിനിരയായി മരിച്ച പെൺകുട്ടി ബലാത്സംഗത്തിനോ കൂട്ടബലാത്സംഗത്തിനോ ഇരയായിട്ടില്ലെന്ന വിചിത്രവാദവുമായി യുപി പൊലീസ് രംഗത്തെത്തി‌. ഫോറൻസിക്‌ പരിശോധനയിൽ ബീജത്തിന്റെ അംശം കണ്ടെത്താനായില്ലെന്നാണ്‌ പൊലീസ്‌ ഭാഷ്യം. പെൺകുട്ടിയുടെ കുടുംബത്തിനുനേരെ ഭീഷണിയും സമ്മർദ്ദവും ഉയർന്നു. പെൺകുട്ടി കോവിഡ്‌ ബാധിച്ച്‌ മരിച്ചതാണെന്ന്‌ സമ്മതിക്കാൻ അധികൃതർ ഭീഷണിപ്പെടുത്തുകയാണെന്ന്‌ കുടുംബം ആരോപിച്ചു.

സ്‌ത്രീകളുടെ മൃതദേഹം കണ്ടെത്തി

ഗൊരഖ്‌പുരിൽ സ്‌ത്രീയുടെ മൃതദേഹം പെട്ടിയിലടച്ച്‌  ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. 30 വയസ്സ്‌ തോന്നിക്കുന്ന മൃതദേഹത്തിൽ പ്രത്യക്ഷത്തിൽ മുറിവുകളൊന്നുമില്ലെന്ന് പൊലീസ്‌ പറഞ്ഞു. പെട്ടിയിലുണ്ടായിരുന്ന പായ്‌ക്കറ്റിൽ വസ്‌ത്രങ്ങളും താലിമാലയും മരുന്നുകളും കണ്ടെത്തി.

Monday, September 28, 2020

സ്ത്രീകള്‍ക്കെതിരായ അധിക്ഷേപം: വിഷയം സര്‍ക്കാര്‍ ഗൗരവത്തോടെ തന്നെ കാണുന്നു: മുഖ്യമന്ത്രി

 തിരുവനന്തപുരം> നവ മാധ്യമ സങ്കേതങ്ങള്‍ ഉപയോഗിച്ച് സ്ത്രീകള്‍ക്കെതിരെ ഹീനമായ ആക്രമണം നടത്തുന്ന സംഭവങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് തമ്പാനൂര്‍, മ്യൂസിയം പൊലീസ് സ്റ്റേഷനുകളിലായി നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്ത ആള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 364 A (1), 509, കേരളാ പോലീസ് ആക്റ്റ് 120 (O) എന്നീ വകുപ്പുകളാണ് ചുമത്തിയത്. വിവാദമായ വീഡിയോ നീക്കം ചെയ്യണമെന്ന് യൂട്യൂബ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റൊരു വ്യക്തിക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് ഭാഗ്യലക്ഷ്മി നല്‍കിയ പരാതിയിലും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇന്ത്യന്‍ ശിക്ഷാനിയമം 364 A (1) (iv), 506, 509, കേരളാ പോലീസ് ആക്റ്റ് 120 (O) എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഐ.റ്റി ആക്റ്റിലെ ബന്ധപ്പെട്ട വകുപ്പുകള്‍ കൂടി രണ്ട് കേസുകളിലും ഉള്‍പ്പെടുത്താന്‍ കോടതിയുടെ അനുമതി തേടിയിട്ടുണ്ട്. അനുവാദം ലഭിച്ചാല്‍ ഉടന്‍തന്നെ ആ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയശേഷം കേസിന്റെ അന്വേഷണം തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് സ്റ്റേഷന് കൈമാറും.

ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും ആക്രമിച്ചെന്നും കാണിച്ച് ഭാഗ്യലക്ഷ്മിയും വിജയ്.പി.നായരും പ്രത്യേകം പ്രത്യേകം നല്‍കിയ പരാതികളില്‍ തമ്പാനൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി

സ്‌ത്രീകൾക്കെതിരായ കടന്നാക്രമണം; നിലവിലുള്ള നിയമങ്ങൾ പര്യാപ്‌തമല്ലെങ്കിൽ നിയമ നിർമ്മാണം ആലോചിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം > സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങളും അവഹേളനങ്ങളും അപകീർത്തി പ്രചാരണവും അക്ഷന്തവ്യമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. സഭ്യതയുടെയും മര്യാദയുടെയും മാനവികതയുടെ തന്നെയും പരിധി വിട്ട് സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ച സംഭവങ്ങൾ അതീവ ഗൗരവത്തോടെയാണ് കാണുന്നത്.

ലഭ്യമായ മാധ്യമ സൗകര്യങ്ങൾ ദുരുപയോഗം ചെയ്ത് സ്ത്രീത്വത്തിനുനേരെ കടന്നാക്രമണം നടത്തുന്നവർക്കെതിരെ കർക്കശമായ നിയമ നടപടി കൈക്കൊള്ളും. നിലവിലുള്ള നിയമ സാധ്യതകൾ അതിന് പര്യാപ്തമല്ല എങ്കിൽ തക്കതായ നിയമ നിർമ്മാണം ആലോചിക്കും. നിലവിൽ ഉയർന്ന പരാതിയിൽ സമഗ്രമായ അന്വേഷണത്തിനും നടപടിക്കും നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ നിയമം കയ്യിലെടുക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും അഭ്യർത്ഥിക്കുന്നു.

അവഹേളിക്കപ്പെട്ട വനിതകൾക്കൊപ്പമാണ് ഈ നാടിന്റെ വികാരം. ഇരകൾക്ക് നീതി ലഭിക്കാനും മനോരോഗം പോലെ സ്ത്രീകൾക്കെതിരെ ഹീനമായ അധിക്ഷേപം ചൊരിഞ്ഞതിന് അർഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കാനും സർക്കാർ ഇടപെടും - മുഖ്യമന്ത്രി പറഞ്ഞു.